2009-07-22

അപമാന സ്‌തംഭം


മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍ കലാമിനെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ച്‌ അമേരിക്കന്‍ വിമാനക്കമ്പനിയായ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയത്‌ മൂന്നു മാസത്തോളം കഴിഞ്ഞാണ്‌ പുറത്തുവന്നത്‌. മുന്‍ രാഷ്‌ട്രപതിമാരെ വി ഐ പി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷാ പരിശോധനകള്‍ ആവശ്യമില്ലെന്നും കാണിച്ച്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ കലാമിനെ പരിശോധനക്ക്‌ വിധേയനാക്കുകയായിരുന്നു. വിവരം പുറത്തുവരികയും വ്യോമയാന വകുപ്പ്‌ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ അമേരിക്കന്‍ കമ്പനി ഖേദപ്രകടനം നടത്തിയിട്ടുണ്ട്‌. ഇതോടെ ഇതു സംബന്ധിച്ച നടപടികള്‍ അവസാനിച്ചേക്കും. പക്ഷേ, എന്തിനാണ്‌ കലാമിനെ സുരക്ഷാ പരിശോധനക്ക്‌ വിധേയനാക്കിയത്‌ എന്നതില്‍ വിശദീകരണം ആവശ്യമാണ്‌. അമേരിക്കന്‍ കമ്പനിയുടെ മേലുദ്യോഗസ്ഥര്‍ അവരുടെ യുക്തിക്കും ബുദ്ധിക്കും യോജിച്ച തീരുമാനമെടുത്തതുകൊണ്ടുമാത്രമാണ്‌ കലാമിനെ സുരക്ഷാ പരിശോധനക്ക്‌ വിധേയനാക്കിയത്‌ എന്ന്‌ വിശ്വസിക്കുക പ്രയാസമാണ്‌.


ഏപ്രില്‍ 21ന്‌ കോണ്ടിനന്റല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ അമേരിക്കയിലെ ന്യൂ ജഴ്‌സിയിലേക്ക്‌ പോകാനെത്തിയ കലാമിനെ സുരക്ഷാ പരിശോധനക്ക്‌ വിധേയനാക്കുന്നത്‌ സംബന്ധിച്ച്‌ വിമാനക്കമ്പനിയുടെ ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കലാം മുന്‍ രാഷ്‌ട്രപതിയും ഇന്ത്യയിലെ പ്രഥമ ഗണനീയനായ ശാസ്‌ത്രജ്ഞന്‍മാരില്‍ ഒരാളുമാണെന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മനസ്സിലായിരുന്നുവെന്നതാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഇക്കാര്യങ്ങള്‍ അറിയിച്ച ശേഷവും പരിശോധനക്ക്‌ വിധേയനാക്കാന്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ മികച്ച സൗഹൃദം നിലനില്‍ക്കുകയും അമേരിക്കയുമായുണ്ടാക്കുന്ന ആണവ കരാറിനെ കലാം പരസ്യമായി പിന്തുണക്കുകയും ചെയ്‌തിരുന്ന സമയത്താണ്‌ ഈ പരിശോധന നടന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. അതുകൊണ്ടാണ്‌ പരിശോധനക്ക്‌ വിധേയനാക്കണമെന്ന തീരുമാനത്തിന്റെ പിന്നിലെ മനോവികാരത്തെക്കുറിച്ച്‌ സംശയങ്ങള്‍ ഉയരുന്നത്‌.


അബ്‌ദുല്‍ കലാം എന്ന പേരാണോ ദേഹപരിശോധനക്ക്‌ പ്രേരകമായത്‌ എന്ന സംശയം സീതാറാം യെച്ചൂരി രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. ഈ സംശയം അസ്ഥാനത്താണെന്ന്‌ കരുതുക വയ്യ. അല്ലെങ്കില്‍ സംശയം അസ്ഥാനത്താണെന്ന്‌ കരുതാന്‍ മുന്‍കാല അനുഭവങ്ങള്‍ അനുവദിക്കുന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ ഒപ്പം കൂട്ടിയിരുന്നു. 35 മാധ്യമ പ്രവര്‍ത്തകരാണ്‌ പ്രധാനമന്ത്രിക്കൊപ്പം അമേരിക്ക സന്ദര്‍ശിക്കാനിരുന്നത്‌. എന്നാല്‍ അസോമിയ പ്രതിദിന്‍ എന്ന അസമീസ്‌ പത്രത്തിന്റെ പത്രാധിപര്‍ ഹൈദര്‍ ഹുസൈന്‌ അമേരിക്ക വിസ നിഷേധിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഒരു മാധ്യമ പ്രവര്‍ത്തകനാണ്‌ വിസ നിഷേധിക്കപ്പെട്ടത്‌. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മറുപടി. എന്തുകൊണ്ട്‌ വിസ നിഷേധിക്കപ്പെട്ടുവെന്നത്‌ വ്യക്തമാക്കപ്പെട്ടില്ല.


പക്ഷേ, ഒരു ദശകത്തിലേറെയായി അസോമിയ പ്രതിദിനിന്റെ പത്രാധിപരായിരിക്കുന്ന ഹൈദര്‍ ഹുസൈന്‌ കാര്യങ്ങള്‍ ബോധ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. `വടക്കു കിഴക്കന്‍ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്‌ എന്റെത്‌. വിവിധ മത, രാഷ്‌ട്രീയ നേതൃത്വങ്ങള്‍ എനിക്ക്‌ വേണ്ട ബഹുമാനവും നല്‍കുന്നുണ്ട്‌. ഇന്നുവരെ ന്യൂനപക്ഷ വിഭാഗക്കാരനാണ്‌ ഞാന്‍ എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ട്‌. ന്യൂനപക്ഷ വിഭാഗക്കാരനായതുകൊണ്ടാണ്‌ അമേരിക്ക വിസ നിഷേധിച്ചത്‌. അത്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. പക്ഷേ, പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാന്‍ തിരഞ്ഞെടുത്ത ഒരു മാധ്യമ പ്രവര്‍ത്തകന്‌ അമേരിക്ക വിസ നിഷേധിക്കുമ്പോള്‍ രാജ്യത്തിന്റെ ഭരണകൂടം കൈയും കെട്ടി നോക്കിയിരിക്കുകയാണ്‌. ഇതാണ്‌ ഞാന്‍ ന്യൂനപക്ഷ വിഭാഗക്കാരനാണെന്ന തോന്നല്‍ ഉളവാക്കിയത്‌'' ഈ പ്രതികരണം ഇന്ത്യന്‍ ഭരണ വിഭാഗത്തില്‍ മാറ്റമൊന്നുമുണ്ടാക്കിയില്ല.


ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ്‌ അബ്ബാസ്‌ വൈദ്യശാസ്‌ത്ര സെമിനാറില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക്‌ പോകാന്‍ ശ്രമിച്ചപ്പോഴുണ്ടായ അനുഭവവും സമാനമാണ്‌. അമേരിക്കന്‍ വിസ ലഭിക്കുന്നതിനു വേണ്ട നിയമപരമായ കാര്യങ്ങളെല്ലാം അദ്ദേഹം ചെയ്‌തിരുന്നു. പക്ഷേ, താങ്കളുടെ അപേക്ഷ വാഷിംഗ്‌ടണിന്റെ അനുമതിക്കായി നല്‍കിയിരിക്കുകയാണെന്നും ഇക്കുറി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുമെന്ന്‌ കരുതുന്നില്ലെന്നുമാണ്‌ കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ്‌ അബ്ബാസിനെ അറിയിച്ചത്‌. മുമ്പ്‌ അമേരിക്കയില്‍ പലതവണ സന്ദര്‍ശനം നടത്തിയ തനിക്ക്‌ വിസ നിഷേധിക്കപ്പെട്ടത്‌ അനാവശ്യമായ സംശയങ്ങളുടെ തുടര്‍ച്ചയാണെന്ന്‌ അബ്ബാസ്‌ കരുതുന്നു. താനൊരു മുസ്‌ലിമായതുകൊണ്ടാണ്‌ വിസ നിഷേധിച്ചതെന്ന്‌ ന്യായമായും കരുതേണ്ടിവരുന്നുവെന്നും അദ്ദേഹം പറയുന്നു.


ഇത്‌ പുറത്തുവന്ന സംഭവങ്ങള്‍ മാത്രം. പുറത്തുവരാത്ത എത്രയോ ഇങ്ങനെയുണ്ടായിട്ടുണ്ടാവും. മുസ്‌ലിം പേരുകളെ ഭീകരവാദവുമായി ചേര്‍ത്ത്‌ വായിക്കുന്നതിന്റെ ഏറ്റവും ലഘുവായ ഉദാഹരണങ്ങള്‍ മാത്രമാണിവ. ഇതിനോടൊന്നും പ്രതികരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറാവാറില്ല. ഹൈദര്‍ ഹുസൈനോട്‌ ചെയ്‌തതുപോലെ അവര്‍ കൈ മലര്‍ത്തിക്കാട്ടും. ചോദ്യം ചെയ്യപ്പെടുന്നത്‌ ഇന്ത്യന്‍ പൗരന്റെ അന്തസ്സാണ്‌. അശോക സ്‌തംഭത്തിന്റെ തുല്യം ചാര്‍ത്തി ഇന്ത്യന്‍ ഭരണ സംവിധാനങ്ങള്‍ കൈമാറുന്ന രേഖകളുടെ വിശ്വാസ്യതയാണ്‌. എങ്കിലും പരമാധികാരിയായ അമേരിക്കന്‍ സാമ്രാജ്വത്വത്തെ എതിര്‍പ്പോ അതൃപ്‌തിയോ അറിയിക്കാന്‍ ഇവിടുത്തെ വിധേയന്‍മാര്‍ തയ്യാറാവില്ല. കാരണം മേലാവില്‍ നിന്ന്‌ അപ്രീതിയുണ്ടാവുന്നത്‌ ഭരണത്തിന്‌ നേതൃത്വം നല്‍കുന്നവര്‍ സഹിക്കാന്‍ ഇടയില്ലെന്നതു തന്നെ. ഈ വിധേയത്വം സമ്മാനിക്കുന്ന ഹുങ്കിന്റെ ബലത്തിലാണ്‌ മുന്‍ രാഷ്‌ട്രപതി കലാമിന്റെ ദേഹ പരിശോധന നടത്താന്‍ ഒരു വിമാനക്കമ്പനിയുടെ ഉദ്യോഗസ്ഥന്‍ കല്‍പ്പിക്കുന്നത്‌.


മൂന്നു മാസം മുമ്പ്‌ നടന്ന ഈ സംഭവം വാര്‍ത്തയാകുമ്പോഴാണ്‌ ഇന്ത്യന്‍ അധികൃതര്‍ അറിഞ്ഞത്‌ എന്ന്‌ വിശ്വസിക്കുക പ്രയാസം. അറിഞ്ഞിട്ടും കാര്യങ്ങള്‍ പുറത്തുവരാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടാവണം. അമേരിക്കന്‍ വിമാനക്കമ്പനിയെ പിണക്കാന്‍ മന്‍മോഹനോ പ്രഫുല്‍ പട്ടേലിനോ താത്‌പര്യമുണ്ടാവില്ലല്ലോ. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും രാജ്യം തന്നെ അപമാനിക്കപ്പെടുകയാണെന്ന്‌ രാജ്യസഭാംഗങ്ങള്‍ അഭിപ്രായപ്പെടുകയും ചെയ്‌തതോടെ നിര്‍ബന്ധിതാവസ്ഥയില്‍ വിമാനക്കമ്പനിയോട്‌ വിശദീകരണം ചോദിക്കാന്‍ തയ്യാറായതാണ്‌ കേന്ദ്ര സര്‍ക്കാര്‍. കലാമിനോട്‌ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ മാപ്പ്‌ വിമാനക്കമ്പനി അധികൃതരോട്‌ പറയാന്‍ നിര്‍ദേശിക്കുമെന്നാണ്‌ വ്യോമയാന മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്‌. വിമാനക്കമ്പനി മാപ്പ്‌ പറഞ്ഞതോടെ കൂടുതല്‍ നടപടികള്‍ കൂടാതെ ഈ അധ്യായം അവസാനിക്കും.


ഇന്ത്യയിലെ വിമാനത്താവളത്തില്‍ വെച്ചാണ്‌ കലാമിന്‌ ഈ ദുര്യോഗമുണ്ടായത്‌. അമേരിക്കന്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങുന്ന മുസ്‌ലിം പേരുകാരനായ ഒരാള്‍ക്ക്‌ എന്ത്‌ സ്വീകരണമായിരിക്കും ലഭിക്കുക എന്നതിന്റെ സൂചന കൂടിയായി ഇതിനെ കാണണം. അമേരിക്കന്‍ ഇംഗിതങ്ങള്‍ക്ക്‌ വഴങ്ങുകയും രാജ്യത്തിന്റെ പരമാധികാരം, പൗരന്റെ അന്തസ്സ്‌ എന്നിവയേക്കാള്‍ അധികം യാങ്കികളുടെ താത്‌പര്യങ്ങള്‍ക്ക്‌ പ്രധാന്യം കല്‍പ്പിക്കുകയും ചെയ്യുന്ന ഭരണ നേതൃത്വം നിലവിലിരിക്കെ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം.


അമേരിക്കന്‍ പ്രസിഡന്റായ ശേഷം ഈജിപ്‌തില്‍ വെച്ച്‌ ലോക മുസ്‌ലിംകളെയാകെ അഭിസംബോധന ചെയ്‌ത്‌്‌ ഒബാമ നടത്തിയ പ്രസംഗം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുസ്‌ലിം സമൂഹത്തെയാകെ ഭീകരവാദികളായി അമേരിക്ക കാണുന്നില്ലെന്നും ഭീകരവാദത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത്‌ ശരിയല്ലെന്നുമൊക്കെ വലിയ വായില്‍ ഒബാമ പ്രസംഗിച്ചിരുന്നു. ഈ വാക്കുകളും പ്രവൃത്തിയും തമ്മില്‍ ബന്ധമൊന്നുമില്ലെന്നതിന്റെ കൂടി തെളിവായി വേണം കലാം സംഭവത്തെ കാണാന്‍. സോവിയറ്റ്‌ യൂനിയന്റെ തകര്‍ച്ചക്കു ശേഷം ലോകത്തിന്റെയാകെ സാമ്പത്തിക, സൈനിക മേധാവിത്വം കൈയടക്കാന്‍ ഒരുമ്പെട്ടിറങ്ങിയ അമേരിക്കക്ക്‌ പ്രധാനമായും വെല്ലുവിളി ഉയര്‍ത്തിയത്‌ മുസ്‌ലിം രാജ്യങ്ങളായിരുന്നു. എണ്ണ ഉത്‌പാദനത്തിന്റെ ഭൂരിഭാഗവും ഈ രാജ്യങ്ങളില്‍ നിന്നായതുകൊണ്ട്‌ എല്ലാവരെയും എതിര്‍ ചേരിയില്‍ നിര്‍ത്തുക അമേരിക്കക്ക്‌ പ്രയാസവുമായി.


ഭീകരവാദികളെന്നും തീവ്രവാദികളെന്നും മുദ്രകുത്തി ഇല്ലാതാക്കുക എന്ന തന്ത്രം അമേരിക്ക ആവിഷ്‌കരിച്ചത്‌ അതോടെയാണ്‌. അഫ്‌ഗാനും ഇറാഖുമായിരുന്നു ആദ്യത്തെ ഇരകള്‍. ലോകവ്യാപാര കേന്ദ്രത്തിന്‌ നേര്‍ക്കുണ്ടായ ആക്രമണം ഉചിതമായ ഒരു മറയും സൃഷ്‌ടിച്ചുനല്‍കി. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുക എന്നതിലപ്പുറം ഒരു രാജ്യത്തെയോ സംസ്‌കാരത്തെയോ മതവിഭാഗത്തെയോ ഇല്ലാതാക്കുക എന്നതിനാണ്‌ അവര്‍ പ്രാമുഖ്യം നല്‍കിയത്‌. ഈ തന്ത്രത്തിന്റെ തുടര്‍ച്ച തന്നെയാണ്‌ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്ന രീതിയും.


ലണ്ടനിലും ആസ്‌ത്രേലിയയിലുമൊക്കെ മുസ്‌ലിമായതുകൊണ്ടു മാത്രം കരുതല്‍ തടങ്കലില്‍ വെക്കപ്പെട്ടതിന്റെ കഥകള്‍ നമ്മുടെ മുന്നിലുണ്ട്‌. ലണ്ടനിലെ ഗ്ലാസ്‌ഗോ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തിന്റെ പേരില്‍ ബംഗളൂരു സ്വദേശിയായ ഡോ. സബീല്‍ അഹമ്മദിനെ ആസ്‌ത്രേലിയയില്‍ ജയിലില്‍ അടച്ചത്‌ സമകാലിക ചരിത്രമാണ്‌. തെളിവുകളൊന്നും കൂടാതെ സബീലിനെ ജയിലില്‍ വെച്ചതിന്‌ ആസ്‌ത്രേലിയന്‍ കോടതി അവിടുത്തെ പോലീസിനെ വിമര്‍ശിച്ചിരുന്നു. സബീലിനെ സ്വതന്ത്രനാക്കുകയും ചെയ്‌തു. വ്യക്തമായ കാരണങ്ങളില്ലാതെ ഒരു ഇന്ത്യന്‍ പൗരനെ തടങ്കലില്‍ വെച്ചതില്‍ ഔദ്യോഗികമായി അതൃപ്‌തി അറിയിക്കാന്‍ പോലും ഇന്ത്യന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. ഒരു `ഭീകരനു' വേണ്ടി വാദിച്ചതിന്റെ പാപഭാരം എന്തിന്‌ മന്‍മോഹന്‍ സിംഗ്‌ ചുമക്കണം?

2009-07-18

സാമന്ത സായൂജ്യം


സൈനികേതര ആണവമേഖലയിലെ സഹകരണത്തിന്‌ അമേരിക്കയുമായി കരാര്‍ ഒപ്പിടുമ്പോള്‍ ഉയര്‍ന്നു കേട്ടിരുന്ന ആശങ്കകള്‍ യാഥാര്‍ഥ്യമാവുന്നുവെന്നാണ്‌ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ശീതയുദ്ധകാലത്ത്‌ ചേരിചേരാ പ്രസ്ഥാനത്തിന്‌ രൂപം നല്‍കുകയും അമേരിക്കയുമായി സൗഹൃദം പുലര്‍ത്തുന്നതില്‍ ദീര്‍ഘകാലം വിമുഖത കാട്ടുകയും ചെയ്‌ത ഇന്ത്യയെ വളഞ്ഞു പിടിക്കുകയാണ്‌ അവരിപ്പോള്‍. അതിന്‌ ആയുധമാവുന്നത്‌ ആണവകരാറെന്ന ബ്രഹ്മാസ്‌ത്രവും. യു എസ്‌ വിദേശകാര്യ സെക്രട്ടറി ഹില്ലാരി ക്ലിന്റണ്‍, ഇപ്പോള്‍ നടത്തുന്ന ഇന്ത്യാ സന്ദര്‍ശനം ഈ പരോക്ഷ അധിനിവേശത്തില്‍ സുപ്രധാനമാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ആണവ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന്‌ സ്വീകരിക്കേണ്ട തുടര്‍ നടപടികളും പ്രതിരോധ മേഖലയില്‍ ഒപ്പുവെക്കേണ്ട മൂന്ന്‌ കരാറുകളുമാണ്‌ ഹില്ലാരിയുയെ സന്ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം.


ആണവ കരാറില്‍ ഇരുരാജ്യങ്ങളുടെയും തലവന്‍മാര്‍ ഒപ്പുവച്ചുവെങ്കിലും അത്‌ പ്രാബല്യത്തിലാക്കാന്‍ ഏറെക്കുറെ ഒരു വര്‍ഷം കൂടി വേണ്ടിവരുമെന്നാണ്‌ കരുതുന്നത്‌. സൈനിക, സൈനികേതര ആണവ മേഖലയുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ ഉറപ്പുകള്‍ നേടിയെടുക്കാന്‍ അമേരിക്കയും ഇന്ധന സമ്പുഷ്‌ടീകരണവും പുനസ്സംസ്‌കരണവും സംബന്ധിച്ച്‌ അമേരിക്കയില്‍ നിന്ന്‌ കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാന്‍ ഇന്ത്യയും ശ്രമിച്ചുവരികയാണ്‌. ആണവ ഇന്ധനങ്ങളുടെ പുനസ്സംസ്‌കരണത്തിന്‌ അനുവാദം നല്‍കുന്നത്‌ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അടുത്തമാസം ആരംഭിക്കുമെന്നാണ്‌ ഇരുരാജ്യങ്ങളും അറിയിച്ചിരിക്കുന്നത്‌. അമേരിക്കയില്‍ നിന്ന്‌ വാങ്ങുന്ന ആണവ ഇന്ധനം ഊര്‍ജോത്‌പാദനത്തിന്‌ വിനിയോഗിച്ച ശേഷം വീണ്ടും സംസ്‌കരിച്ച്‌ ഇന്ധനമാക്കുന്നതിനുള്ള അനുമതിയാണ്‌ ഇന്ത്യ ആവശ്യപ്പെടുന്നത്‌. ഇത്തരം പുനസ്സംസ്‌കരണത്തിനിടയില്‍ സൈനികാവശ്യത്തിനുള്ള ഇന്ധനം വേര്‍തിരിച്ചെടുക്കാനാവും. ഇതുകൊണ്ടാണ്‌ പുനസ്സംസ്‌കരണത്തിന്‌ അനുമതി നല്‍കുന്നത്‌ സംബന്ധിച്ച്‌ തര്‍ക്കം നിലനിര്‍ത്തുന്നത്‌. ഇതിനൊപ്പം ഇന്ധന സമ്പുഷ്‌ടീകരണത്തിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നത്‌ സംബന്ധിച്ച തര്‍ക്കങ്ങളും ഉണ്ടായേക്കാം.


ആണവ നിര്‍വ്യാപന കരാറില്‍ (എന്‍ പി ടി) ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ക്ക്‌ ഇന്ധന സമ്പുഷ്‌ടീകരണത്തിനുള്ള സാങ്കേതിക വിദ്യ കൈമാറരുതെന്ന്‌ അടുത്തിടെ ചേര്‍ന്ന ജി എട്ട്‌ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ തീരുമാനമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി ജി എട്ട്‌ ഉച്ചകോടിയല്ലെന്നും അതുകൊണ്ട്‌ ആ തീരുമാനം ബാധകമാവില്ലെന്നുമുള്ള ധനകാര്യ മന്ത്രി പ്രണാബ്‌ കുമാര്‍ മുഖര്‍ജിയുടെ വാദം മുഖവിലക്കെടുക്കാം. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയും (ഐ എ ഇ എ), ആണവ സാമഗ്രികളുടെ വിതരണക്കാരായ രാജ്യങ്ങളുടെ സംഘടന (എന്‍ എസ്‌ ജി)യുമാണ്‌ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്‌ എന്ന വാദവും അംഗീകരിക്കാം. പക്ഷേ, ഐ എ ഇ എയുടെയും എന്‍ എസ്‌ ജിയുടെയും നിലപാടുകള്‍ തീരുമാനിക്കുന്നത്‌ ജി എട്ട്‌ രാജ്യങ്ങള്‍ തന്നെയാണെന്ന വസ്‌തുത തള്ളിക്കളയാവുന്നതല്ല. ഈ രാജ്യങ്ങളുടെ സമ്മര്‍ദത്തിന്‌ വഴങ്ങി ഐ എ ഇ എയും എന്‍ എസ്‌ ജിയും പുതിയ നിബന്ധനകള്‍ നിഷ്‌കര്‍ഷിക്കാനുള്ള സാധ്യത ഏറെയാണ്‌.


മാത്രമല്ല ആണവായുധ നിര്‍വ്യാപനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന്‌ ഹില്ലാരി ക്ലിന്റന്‍ ആവര്‍ത്തിക്കുമ്പോള്‍ ജി എട്ട്‌ ഉച്ചകോടിയില്‍ തീരുമാനിച്ചതിന്റേ അതേ പാതയിലാണ്‌ അമേരിക്ക നീങ്ങുന്നത്‌ എന്ന്‌ ഏറെക്കുറെ വ്യക്തമാണ്‌. നിര്‍വ്യാപന കരാറിലും സമഗ്ര അണ്വായുധ പരീക്ഷണ നിരോധ കരാറിലും (സി ടി ബി ടി) ഇന്ത്യ ഒപ്പുവെക്കണമെന്ന്‌ നേരിട്ട്‌ ആവശ്യപ്പെടുന്നില്ലെന്ന്‌ മാത്രം. വൈകാതെ അത്തരം ആവശ്യം മുന്നോട്ടുവെക്കാന്‍ അമേരിക്ക തയ്യാറാവുമെന്ന്‌ തന്നെ കരുതണം. ആണവ കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെങ്കിലും അതിന്‌ ശേഷം അമേരിക്കന്‍ കമ്പനികള്‍ സ്ഥാപിക്കുന്ന ആണവ റിയാക്‌ടറുകള്‍ എവിടെയൊക്കെ ആയിരിക്കുമെന്ന്‌ വ്യക്തമാക്കാന്‍ അമേരിക്ക ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. അത്‌ ഹില്ലാരിയുടെ സന്ദര്‍ശന കാലത്ത്‌ ഉണ്ടാവുമെന്ന്‌ കരുതുന്നു.


ഗുജറാത്തും ആന്ധ്രാ പ്രദേശും കര്‍ണാടകവുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്‌. പതിനായിരം മെഗാവാട്ട്‌ വൈദ്യുതി ഈ നിലയങ്ങളില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുമെന്ന ഉറപ്പും അമേരിക്കന്‍ കമ്പനികള്‍ക്ക്‌ നല്‍കേണ്ടിവരും. അമേരിക്കന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വില നല്‍കി വേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. വൈകാതെ ഇന്ത്യന്‍ ഊര്‍ജ മേഖല അമേരിക്കന്‍ നിയന്ത്രണത്തില്‍ വരുമെന്ന്‌ തന്നെയാണ്‌ ഇതിനര്‍ഥം.
ആണവ കരാറും ഊര്‍ജ മേഖലയിലേക്കുള്ള അമേരിക്കന്‍ കമ്പനികളുടെ കടന്നുവരവും ഏറെ മുമ്പേ ആസൂത്രണം ചെയ്‌ത പദ്ധതിയുടെ ഭാഗമാണെന്നും ഇവിടെ വ്യക്തമാവുന്നുണ്ട്‌. ഒരുപക്ഷെ 1998ല്‍ ഇന്ത്യ നടത്തിയ രണ്ടാമത്തെ അണുപരീക്ഷണവും അതിന്‌ ശേഷം പ്രധാനമന്ത്രി എ ബി വാജ്‌പയ്‌ നടത്തിയ അമേരിക്കന്‍ സന്ദര്‍ശവുമായി വരെ ഈ ആസൂത്രണത്തിന്‌ ബന്ധമുണ്ടെന്ന്‌ കരുതേണ്ടിവരും. ഇതിനെല്ലാം ശേഷമാണ്‌ ഇന്ത്യയിലെ വൈദ്യുതി മേഖലയെ ഉത്‌പാദനം, പ്രസരണം, വിതരണം എന്നിവയാക്കി തിരിച്ച്‌ മൂന്ന്‌ കമ്പനികളും ലാഭകേന്ദ്രങ്ങളുമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ വൈദ്യുതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നത്‌.


2001ല്‍ അവതരിപ്പിച്ച ബില്ല്‌ 2003ല്‍ അംഗീകരിക്കപ്പെട്ടു. ഉത്‌പാദന, വിതരണ മേഖലകളില്‍ സ്വകാര്യ മേഖലയെ കൂടുതലായി പങ്കാളികളാക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. നിയമം പാസ്സാക്കി ഇത്ര കാലമായിട്ടും ആഭ്യന്തര കുത്തക കമ്പനികള്‍ ഊര്‍ജോത്‌പാദന മേഖലയില്‍ കാര്യമായി ഇടപെട്ടിട്ടില്ല. ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുക എന്നത്‌ അവരെ സംബന്ധിച്ച്‌ ഏറെക്കുറെ അപ്രാപ്യവുമാണ്‌. അതുകൊണ്ടുതന്നെ 2003ലെ വൈദ്യുതി നിയമത്തിലൂടെ പാതയൊരുക്കിയത്‌ അമേരിക്കന്‍ കമ്പനികള്‍ക്കാണെന്ന്‌ കരുതുന്നതില്‍ തെറ്റില്ല. 2005ല്‍ തന്നെ ആണവകരാറിനുള്ള ശ്രമങ്ങള്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ ആരംഭിച്ചിരുന്നുവെന്നത്‌ കൂടി ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്‌.


തുടക്കത്തില്‍ ഉത്‌പാദന രംഗത്ത്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ വൈകാതെ വിതരണ രംഗത്തേക്ക്‌ കൂടി കടന്നുവരും. അവരുടെ വൈദ്യുതി, അവര്‍ നിശ്ചയിക്കുന്ന വിലക്ക്‌ വാങ്ങേണ്ടിവരും ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ റിയാക്‌ടറുകള്‍ വാങ്ങി സ്ഥാപിക്കാന്‍ തീരുമാനിച്ചാല്‍ അതിന്‌ ചെലവഴിക്കേണ്ടിവരിക പതിനായിരക്കണക്കിന്‌ കോടി രൂപയായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്‌ കേന്ദ്രം തയ്യാറാവാന്‍ ഇടയില്ല. അതറിഞ്ഞുകൊണ്ടാണ്‌ എവിടെയൊക്കെ റിയാക്‌ടറുകള്‍ സ്ഥാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ വ്യക്തമാക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്‌. കരാര്‍ പ്രാബല്യത്തിലായാല്‍ അധികം വൈകാതെ ഇന്ത്യന്‍ ഊര്‍ജ വിപണിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. ഒപ്പം ഇന്ത്യയുമായി ആണവ സഹകരണ കരാറുണ്ടാക്കിയ റഷ്യ, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളാനും അവര്‍ ലക്ഷ്യമിടുന്നു.


ഈ ലാഭമെടുക്കലിന്‌ പിറകെയാണ്‌ പ്രതിരോധ മേഖലയുമായുണ്ടാക്കുന്ന കരാറുകള്‍. 1974ല്‍ നടത്തിയ ആദ്യത്തെ അണ്വായുധപരീക്ഷണത്തിന്‌ ശേഷം ഇന്ത്യക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം എന്‍ എസ്‌ ജിയുടെ തീരുമാനത്തോടെ ഇല്ലാതാക്കപ്പെട്ടത്‌. ഇന്ത്യയുമായി ആയുധ ഇടപാടുകള്‍ നടത്തുന്നതിന്‌ ഇതോടെ അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ക്ക്‌ സൗകര്യം ലഭിച്ചു. പക്ഷേ, അമേരിക്ക ആഭ്യന്തരമായി നിര്‍മിച്ച ചില നിയമങ്ങള്‍ ഇതിന്‌ തടസ്സമാണ്‌. ആ നിയമത്തിന്‌ അനുസരിച്ചുള്ള പ്രതിരോധ കരാറുകളില്‍ ഇന്ത്യയെക്കൊണ്ട്‌ ഒപ്പിടുവിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കിണഞ്ഞ്‌ ശ്രമിക്കുന്നത്‌ അതിനാലാണ്‌. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ അവസാനകാലത്ത്‌ ഇന്ത്യയില്‍ ഒരു ഭരണമാറ്റമുണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട്‌ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വലിയ സമ്മര്‍ദമാണ്‌ ചെലുത്തിയിരുന്നത്‌. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ, ഇടതുപാര്‍ട്ടികളുടെ മൂക്കുകയറില്ലാതെ അധികാരത്തിലെത്തിയത്‌ അവര്‍ക്ക്‌ ഏറെ സന്തേഷം പകര്‍ന്നട്ടുണ്ട്‌. പ്രതിരോധ കരാറുകള്‍ എളുപ്പത്തില്‍ പ്രാബല്യത്തിലാക്കാമെന്നും ഇന്ത്യന്‍ ആയുധ വിപണി വൈകാതെ തുറന്നു കിട്ടുമെന്നും അവര്‍ കരുതുന്നു. അതിനുള്ള പ്രധാന തടസ്സം എന്‍ഡ്‌ യൂസ്‌ വെരിഫിക്കേഷനുള്ള കരാറാണ്‌. അമേരിക്ക നല്‍കുന്ന ആയുധങ്ങളും ആയുധ നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യയും സാമഗ്രികളും നിര്‍ദിഷ്‌ട ആവശ്യങ്ങള്‍ക്ക്‌ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന്‌ ഉറപ്പാക്കുന്നതാണ്‌ ഈ കരാര്‍. ഇത്‌ ഉറപ്പാക്കുന്നതിന്‌ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ കഴിയും. ആയുധ വിപണി മാത്രമല്ല, സേനാ കേന്ദ്രങ്ങളും ആയുധ ശേഖരണ ശാലകളും അമേരിക്കക്ക്‌ മുന്നില്‍ തുറന്നിടണമെന്ന്‌ അര്‍ഥം.


ആണവ ഇന്ധനങ്ങളുടെ പുനസ്സംസ്‌കരണത്തിനുള്ള അനുമതി ഇന്ത്യക്ക്‌ അമേരിക്ക നല്‍കിയാലും എന്‍ഡ്‌ യൂസ്‌ വെരിഫിക്കേഷന്‍ കരാര്‍ ബാധകമാവും. പുനസ്സംസ്‌കരണത്തിനിടെ ഉത്‌പാദിപ്പിക്കാവുന്ന പ്ലൂട്ടോണിയം ആയുധാവശ്യങ്ങള്‍ക്ക്‌ ഇന്ത്യ ഉപയോഗിക്കുന്നില്ല എന്ന്‌ ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ നടത്താന്‍ അവര്‍ക്ക്‌ കഴിയും. സൈനികേതര ആണവ നിലയങ്ങള്‍ ഐ എ ഇ എയുടെ പരിശോധനക്ക്‌ വിധേയമാക്കുമ്പോള്‍ സൈനിക ആണവ സംവിധാനങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പരിശോധനക്ക്‌ വിധേയമാക്കേണ്ടിവരുന്ന അവസ്ഥ. ഇന്ത്യനന്‍ ആണവ, സൈനിക മേഖലയെ ആകെ അമേരിക്കക്ക്‌ തുറന്ന്‌ നല്‍കുക എന്നതായിരിക്കും ഫലം. ഇന്ത്യാ-അമേരിക്ക നയതന്ത്ര ബന്ധം സുഗമമായി മുന്നേറുന്ന ഒരു അവസ്ഥയില്‍ ഇതൊന്നും ഉണ്ടാവണമെന്നില്ല. പക്ഷേ, അതില്‍ ഉലച്ചിലുണ്ടായാല്‍ പരിശോധനകളുടെ പേരില്‍ ഇന്ത്യയെ ക്രൂശിക്കാന്‍ അമേരിക്കക്ക്‌ എളുപ്പമായിരിക്കും.


അവിടെയാണ്‌ വിദേശനയത്തിന്റെ പ്രസക്തി ഉയര്‍ന്നുവരുന്നത്‌. അന്താരാഷ്‌ട്ര ബന്ധങ്ങളുടെ കാര്യത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളുടെ ചുവടു പിടിച്ച്‌ മാത്രമേ നയ, നിലപാടുകള്‍ സ്വീകരിക്കാന്‍ ഇന്ത്യക്ക്‌ കഴിയൂ. സ്വതന്ത്ര വിദേശനയമെന്നത്‌ മരീചികയാവുമെന്ന്‌ ചുരുക്കം. വാണിജ്യ, വ്യാപാര മേഖലകളില്‍ ഇതിനകം തന്നെ അമേരിക്കന്‍ ഇംഗിതങ്ങള്‍ക്ക്‌ വഴിപ്പെട്ടു കഴിഞ്ഞ രാജ്യം ഈ മേഖലകളില്‍ കൂടി ഈ വഴി സ്വീകരിക്കുന്നതോടെ സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്ക്‌ എന്ന ഭരണഘടനയിലെ പരാമര്‍ശത്തിന്‌ പ്രത്യേക അര്‍ഥമൊന്നുമുണ്ടാവില്ല. യു എസ്‌ ഭരണകൂടത്തില്‍ നിന്ന്‌ ഉത്തരവുകള്‍ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന അപ്രഖ്യാപിത കോളനിയുടെ അന്തസ്സ്‌ മാത്രമേ നമുക്കുണ്ടാവൂ. ഇന്ത്യയുടെ വിവിധ വിപണികളില്‍ നിന്നുള്ള ലാഭം കപ്പമാക്കി അമേരിക്ക വരവുവെച്ചോളും. ഇസ്റ്റ്‌ ഇന്ത്യാ കമ്പനി നേരിട്ട്‌ കപ്പം സ്വീകരിച്ചപ്പോള്‍ യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക പരോക്ഷമായി അത്‌ ഈടാക്കുന്നുവെന്ന വ്യത്യാസമേയുണ്ടാവൂ.


പ്രതിരോധ മേഖലയില്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റൊരു കരാര്‍ അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയില്‍ നിന്ന്‌ ഇന്ധനം നിറക്കാന്‍ അനുമതി നല്‍കുക എന്നതാണ്‌. ഈ അനുമതി ഇന്ത്യക്ക്‌ തിരിച്ചുമുണ്ടാവും. മറ്റു രാജ്യങ്ങളിലൊന്നും ആക്രമണം നടത്താത്ത ഇന്ത്യക്ക്‌ ഈ അനുമതി കൊണ്ട്‌ പ്രത്യേകിച്ച്‌ നേട്ടമൊന്നുമില്ല. പക്ഷേ, അഫ്‌ഗാനിസ്ഥാനില്‍ ആക്രമണം ശക്തമാക്കുകയും ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിടുകയും ചെയ്യുന്ന അമേരിക്കക്ക്‌ ഇന്ത്യയില്‍ നിന്ന്‌ ഇന്ധനം നിറക്കാന്‍ അനുമതി ലഭിക്കുന്നത്‌ ഗുണകരമാണ്‌. ആക്രമണത്തിന്‌ ഇന്ത്യന്‍ സഹായം ലഭിച്ചാല്‍ അധിനിവേശ വിരുദ്ധ പോരാളികളുടെ ലക്ഷ്യ സ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനവും ഉയരും. ഇന്ന്‌ പാക്കിസ്ഥാനില്‍ നടക്കുന്ന പൊട്ടിത്തെറികള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കും.


ഊര്‍ജോത്‌പാദനത്തേക്കാളും അമേരിക്കയില്‍ നിന്ന്‌ ലഭിക്കാനിടയുള്ള ആയുധത്തേക്കാളും പ്രധാനമാണ്‌ ജീവിക്കാനുള്ള അവകാശമെന്നത്‌ മന്‍മോഹന്‍ സിംഗും കൂട്ടരും മറന്നുപോയിരിക്കുന്നു. ഇതേക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ അലോസരപ്പെടുത്താതിരിക്കാനുള്ള ജനവിധിയും അവര്‍ സ്വന്തമാക്കിയിരിക്കുന്നു. അതുകൊണ്ട്‌ ബരാക്‌ ഒബാമക്കും ഹില്ലാരി ക്ലിന്റനും സിന്ദാബാദ്‌ വിളിക്കുക മാത്രമേ നമുക്ക്‌ കരണീയമായുള്ളൂ.

2009-07-15

വിശുദ്ധ വി എസ്‌ (സി സി)


പറയുന്നത്‌ ചെയ്യാതിരിക്കുക, ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ച്‌ ഉറച്ച ശബ്‌ദത്തില്‍ ആവര്‍ത്തിച്ച്‌ പറയുക, ആഗ്രഹങ്ങളെ ഗൂഢമായി സൂക്ഷിക്കുക-സാധാരണ മലയാളികളുടെ പൊതു സ്വഭാവമാണിത്‌ എന്ന്‌ പറഞ്ഞാല്‍ (അപവാദങ്ങള്‍ അപൂര്‍വമല്ല) തെറ്റാവില്ല. ഇത്തരം ഒരു സമൂഹത്തില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന നേതാക്കള്‍ക്കും അവരുടെ കൂട്ടായ്‌മ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കും ഇതേ സ്വാഭാവങ്ങളുണ്ടാവുക സ്വാഭാവികം. സി പി എമ്മില്‍ ദശകങ്ങളായി തുടരുന്ന വിഭാഗീയതയിലും അതിന്റെ തുടര്‍ച്ചയായി വി എസിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയിലും പ്രതിഫലിക്കുന്നതും മറ്റൊന്നല്ല. വിഭാഗീയതയില്‍ പക്ഷം ചേരുകയും ജനപക്ഷത്ത്‌ നിന്ന വി എസ്സിനെതിരെ നടപടി എടുത്തതില്‍ വിലപിക്കുകയും ചെയ്യുന്നവരും ഇതേ ഗണത്തിലാണ്‌.


കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്‌ ഇത്‌ ആദ്യമായല്ല. സി പി ജോഷി, പി സുന്ദരയ്യ, സി രാജേശ്വര റാവു, എസ്‌ എ ഡാങ്കെ തുടങ്ങി പ്രഗത്ഭരായ നേതാക്കളെല്ലാം നടപടികള്‍ ഏറ്റുവാങ്ങിയവരാണ്‌. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കുന്നതിന്‌ പാര്‍ട്ടി സ്വീകരിക്കേണ്ട നയപരിപാടികളെക്കുറിച്ചുള്ള ആശയ സംവാദത്തിനൊടുവിലാണ്‌ ഇവരെല്ലാം നടപടികള്‍ ഏറ്റുവാങ്ങിയത്‌. ഇവിടെ അച്യുതാനന്ദന്റെ കാര്യത്തില്‍ അത്തരം പ്രത്യയശാസ്‌ത്ര പ്രശ്‌നങ്ങളൊന്നും ഉയരുന്നില്ല. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്നത്‌ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെക്കുറെ ഒരു മരീചിക മാത്രമാണെന്ന്‌ വി എസ്സും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചവരും ഏറെക്കുറെ അംഗീകരിക്കുന്നുവെന്ന്‌ വ്യക്തം. കേരളത്തില്‍ പാര്‍ട്ടിയിലും പാര്‍ലിമെന്ററി സ്ഥാനങ്ങളിലും അധികാരം ഉറപ്പിക്കാന്‍ നടക്കുന്ന `സമര'ത്തിന്റെ തുടര്‍ച്ച മാത്രമാണ്‌ ഇപ്പോഴത്തെ നടപടികള്‍. അത്‌ ഏറെക്കുറെ കൃത്യമായി സി പി എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിട്ടുമുണ്ട്‌.


സംസ്ഥാനത്തെ പാര്‍ട്ടി സംവിധാനം ഏറെക്കുറെ പൂര്‍ണമായി പിണറായി വിജയന്റെ പക്ഷത്തു നില്‍ക്കുമ്പോള്‍ അധികാരം ഉറപ്പിക്കാനുള്ള സമരത്തിന്റെ ഭാഗമാണെന്ന്‌ അറിയാമെങ്കില്‍ കൂടി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക്‌ കഴിയുമായിരുന്നില്ല എന്നതും വ്യക്തമാണ്‌. വി എസ്സിനെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അത്‌ അദ്ദേഹം സ്വീകരിച്ച ജനപക്ഷ നിലപാടുകളെ തള്ളിക്കളയലാണെന്ന്‌ വ്യാഖ്യാനിക്കപ്പെടുക സ്വാഭാവികം മാത്രം. എസ്‌ എന്‍ സി ലാവ്‌ലിന്‍ കേസില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകളെ പൂര്‍ണമായും തള്ളിക്കളയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഈ ഘട്ടത്തിലാണ്‌ മേല്‍ച്ചൊന്ന മലയാളികളുടെ പൊതുസ്വഭാവവും അതിനെ പ്രതിഫലിപ്പക്കുന്ന നേതാക്കളും അവരുടെ പാര്‍ട്ടിയും പ്രസക്തമാവുന്നത്‌.


ജനപക്ഷ നിലപാടുകള്‍


2006ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പ്‌ അധികാര പദവികളിലൊന്നും വി എസ്‌ ഉണ്ടായിരുന്നില്ല. എം എല്‍ എ, പ്രതിപക്ഷ നേതാവ്‌ എന്നീ സ്ഥാനങ്ങളില്‍ മാത്രമാണ്‌ അദ്ദേഹമുണ്ടായിരുന്നത്‌. മുഖ്യമന്ത്രി പദം അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, ഒരിക്കലും തുറന്നുപറയാന്‍ തയ്യാറായില്ല. 1987ല്‍ അധികാരത്തില്‍ വന്ന നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ സമീപകാല ചരിത്രത്തില്‍ തെറ്റില്ലാത്ത ഭരണം കാഴ്‌ചവെച്ച ഒന്നായിരുന്നു. 1990ല്‍ നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക്‌ വന്‍ജയം നേടിക്കൊടുത്തതില്‍ സര്‍ക്കാറിന്റെ പ്രകടനം വലിയ പങ്ക്‌ വഹിച്ചിരന്നു. വി എസ്‌ മുഖ്യമന്ത്രിയാവാന്‍ ആദ്യം ശ്രമിച്ചത്‌ അക്കാലത്താണ്‌. അന്നും അത്‌ തുറന്ന്‌ പറയാന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം തയ്യാറായില്ല. പാര്‍ട്ടിസ്ഥാനങ്ങളും പാര്‍ലിമെന്ററി രംഗത്തെ സ്ഥാനങ്ങളും പരസ്‌പരം മാറണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയാണ്‌ ചെയ്‌തത്‌. സെക്രട്ടറിക്കുള്ള മേല്‍ക്കോയ്‌മ അന്നും ഇന്നും ഒരുപോലെയാണ്‌ സി പി എമ്മില്‍. അതുകൊണ്ടുതന്നെ വി എസ്സിന്റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. ഭരണത്തിന്റെ മികവില്‍ അധികാരം നിലനിര്‍ത്താനാവുമെന്നും ബംഗാളിലെപ്പോലെ തുടര്‍ച്ചയായ ഇടതു ഭരണം സാധ്യമാവുമെന്നും അദ്ദേഹം തുടര്‍ന്ന്‌ വാദിച്ചു. കാലാവധി പൂര്‍ത്തിയാവും മുമ്പ്‌ നിയമസഭ പിരിച്ചുവിട്ട്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടാന്‍ സി പി എം തീരുമാനിച്ചത്‌ ഈ വാദം അംഗീകരിച്ചുകൊണ്ടാണ്‌.


വി എസ്സിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടു. എല്‍ ടി ടി ഇ രാജീവിനെ വധിച്ചപ്പോള്‍ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. പാര്‍ട്ടിയിലെയും പാര്‍ലിമെന്ററി രംഗത്തെയും സ്ഥാനങ്ങള്‍ പരസ്‌പരം മാറണമെന്ന്‌ നിര്‍ദേശിച്ച്‌ തിരഞ്ഞെടുപ്പിനിറങ്ങിയ വി എസ്‌, സംഘടനാ തിരഞ്ഞെടുപ്പു വന്നപ്പോള്‍ നിലപാട്‌ മാറ്റി. കോഴിക്കോട്‌ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിച്ചു. നായനാരോട്‌ തോറ്റു. മുഖ്യമന്ത്രി പദമില്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം തനിക്കുണ്ടാവണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു സഖാവിന്‌.


1996ലെ തിരഞ്ഞെടുപ്പില്‍ വി എസ്‌ തന്നെയായിരുന്നു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. മുന്നണി ജയിച്ചപ്പോള്‍ വി എസ്‌ മാരാരിക്കുളത്ത്‌ തോറ്റു. വി എസ്സിന്റെ കൂടി പങ്കാളിത്തത്തോടെ ആരംഭിച്ച വിഭാഗീയത അദ്ദേഹത്തെ തിരിഞ്ഞുകൊത്തി. 2001ല്‍ മലമ്പുഴയില്‍ മത്സരിക്കാനെത്തുമ്പോഴും ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വി എസ്‌ തന്നെയായിരുന്നു. അവിടെ കഷ്‌ടിച്ച്‌ ജയിച്ചുവെങ്കിലും മുന്നണി തോറ്റു. 2006ല്‍ തിരഞ്ഞെടുപ്പ്‌ അടുത്തപ്പോഴേക്കും കാര്യങ്ങള്‍ വി എസ്സിന്റെ കൈയില്‍ നിന്ന്‌ പോയിരുന്നു. മത്സരിക്കണമെന്നും മുഖ്യമന്ത്രിയാവണമെന്നുമുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും പി ബി യോഗത്തില്‍ അദ്ദേഹം അത്‌ തുറന്ന്‌ പറഞ്ഞില്ല. മത്സരിക്കാനില്ലെന്ന്‌ പാര്‍ട്ടി സെക്രട്ടറിയും പി ബി അംഗവുമായ പിണറായി വ്യക്തമാക്കിയപ്പോള്‍ താനും മത്സരിക്കാനില്ലെന്ന്‌ വി എസ്‌ പറഞ്ഞു.


പ്രതിപക്ഷ നേതാവ്‌ എന്ന നിലക്ക്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ മേന്‍മ പരിഗണിച്ച്‌ വി എസ്‌ തന്നെ ഇടതുമുന്നണിയെ തിരഞ്ഞെടുപ്പില്‍ നയിക്കണമെന്ന്‌ പറയാനുള്ള ബുദ്ധി പോളിറ്റ്‌ ബ്യൂറോ കാട്ടിയില്ല. അറുപതാണ്ടോളം പാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഇതുവരെ അധികാര സ്ഥാനത്തൊന്നും എത്താതിരുന്ന നേതാവിന്‌ മുഖ്യമന്ത്രിയാവാന്‍ ഒരവസരം നല്‍കാമെന്ന സൗമനസ്യം സംസ്ഥാന നേതൃത്വവും കാട്ടിയില്ല. വി എസ്സിനെ മത്സരിപ്പിക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രവര്‍ത്തന മികവിനുള്ള അംഗീകാരം പാര്‍ട്ടി അറിഞ്ഞ്‌ നല്‍കുമെന്ന പ്രതീക്ഷ അസ്ഥാനത്തായപ്പോള്‍ മൗനത്തിന്റെ മതിലിനുള്ളിലിരുന്ന്‌ വി എസ്‌ പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ പ്രത്യേക പി ബി ചേര്‍ന്ന്‌ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.


സീറ്റ്‌ നിഷേധിക്കപ്പെട്ടപ്പോഴുയര്‍ന്ന പ്രതിഷേധങ്ങളെല്ലാം വി എസിന്റെ ജനപക്ഷ നിലപാടുകള്‍ക്കുള്ള അംഗീകാരമായി വിലയിരുത്തപ്പെട്ടു. ജനപക്ഷ നിലപാടുകളിലൊന്ന്‌ കൊക്ക കോള, പെപ്‌സി കമ്പനികള്‍ നടത്തിയ ജലചൂഷണത്തിനെതിരെയുള്ളതായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ പ്ലാച്ചിമടയിലെ കോള കമ്പനിക്കു മുന്നിലും പുതുശ്ശേരിയിലെ പെപ്‌സി കമ്പനിയുടെ മുന്നിലും സമരങ്ങള്‍ക്കെത്തിയിരുന്നു വി എസ്‌. അന്നോളം ആദിവാസികളും സാധാരണക്കാരും നടത്തിവന്ന സമരത്തിന്റെ തലം വി എസ്സിന്റെ സാന്നിധ്യമുണ്ടായതോടെ ഉയര്‍ന്നു. പ്ലാച്ചിമടയില്‍ ജലചൂഷണം മാത്രമായിരുന്നില്ല പ്രശ്‌നം. വിഷാംശമടങ്ങുന്ന കമ്പനി മാലിന്യം പുറന്തള്ളിയതും ഈ മാലിന്യം വളമായി കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്‌തതും ഇതുണ്ടാക്കിയ നാശങ്ങളുമൊക്കെയുണ്ടായിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം വി എസ്‌ ഒരിക്കല്‍ പോലും പ്ലാച്ചിമടയില്‍ പോയതായി അറിവില്ല.


വന്‍കിടക്കാരും സ്വകാര്യ കമ്പനികളും നടത്തുന്ന അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെയായിരുന്നു മറ്റൊരു ജനപ്രിയ സമരം. ഇത്തരം ഭൂമി പിടിച്ചെടുക്കാന്‍ മൂന്നാറില്‍ നടപടി തുടങ്ങിയെങ്കിലും പാര്‍ട്ടി ഓഫീസുകളുടെ പട്ടയം വിവാദമയപ്പോള്‍ സി പി ഐയും സി പി എമ്മും പ്രകടിപ്പിച്ച എതിര്‍പ്പും പിടിച്ചെടുക്കുന്നതിനേക്കാള്‍ തകര്‍ത്തൊടുക്കാനുള്ള ഉദ്യോഗസ്ഥരുടെ താത്‌പര്യവും കൂടിയായപ്പോള്‍ അത്‌ പാതിവഴിയില്‍ മുടങ്ങി. സംസ്ഥാനത്ത്‌ മൂന്നാറില്‍ മാത്രമായിരുന്നില്ല കയ്യേറ്റം. മൂന്നാറിലേത്‌ മുടങ്ങിയെങ്കിലും മറ്റിടങ്ങളിലേത്‌ തുടരാന്‍ തടസ്സമില്ലായിരുന്നു. പക്ഷേ, അതിന്‌ നടപടിയുണ്ടായില്ല. കയ്യേറ്റങ്ങള്‍ക്കെതിരെ ശബ്‌ദിച്ച മുഖ്യമന്ത്രി അതിന്‌ തയ്യാറായതുമില്ല. കയ്യേറ്റ ഭൂമി പിടിച്ചെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ നല്‍കുമെന്ന്‌ പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെ ചെങ്ങറയില്‍ ഹാരിസണ്‍ എസ്റ്റേറ്റില്‍ അവകാശം സ്ഥാപിച്ച്‌ സമരം നടത്തുന്നവരെ റബ്ബര്‍ കള്ളന്മാര്‍ എന്ന്‌ വിളിക്കുന്നത്‌ പിന്നീട്‌ കേള്‍ക്കുകയും ചെയ്‌തു.


ജനപക്ഷ നിലപാടെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്ന മറ്റൊന്ന്‌ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടതാണ്‌. ഈ കേസില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ അംഗീകരിക്കുക. കരാര്‍ നടപ്പാക്കുന്ന കാലത്ത്‌ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‌ പങ്കുണ്ടെന്നതും. ഇത്‌ ഉന്നയിക്കുന്ന വി എസ്സിന്റെ നിലപാടിനെയും അംഗീകരിക്കുക. പക്ഷേ, കരാറിന്‌ തുടക്കമിട്ട ജി കാര്‍ത്തികേയന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ സി ബി ഐ കോടതി ആവശ്യപ്പെട്ടിട്ടും ഈ ആവശ്യം അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന വി എസ്‌ അച്യുതാനന്ദന്‍ ഉന്നയിക്കാതിരിക്കുമ്പോള്‍ ഉദ്ദേശ്യശുദ്ധിയില്‍ സംശയം തോന്നിപ്പോവും.


ലാവ്‌ലിന്‍ കേസിന്‌ തുടക്കമാവുന്നത്‌ സി എ ജി റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെയാണ്‌. ക്യാന്‍സര്‍ സെന്ററിനുള്ള പണം ലഭ്യമാക്കാന്‍ കഴിയാത്തത്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. ഈ പണം നേടിയെടുക്കാന്‍ നടപടി സ്വീകരിക്കുക എന്ന ചുമതല പിണറായിക്കു ശേഷം വൈദ്യുതി മന്ത്രിയായിരുന്ന എസ്‌ ശര്‍മക്കുണ്ടായിരുന്നു. എന്തുകൊണ്ട്‌ ശര്‍മ അതിന്‌ ശ്രമിച്ചില്ല എന്നത്‌ അന്വേഷിക്കണമെന്ന്‌ ഒരിക്കല്‍ പോലും വി എസ്‌ ആവശ്യപ്പെട്ടിട്ടില്ല. ലാവ്‌ലിനിലെ ജനപക്ഷ നിലപാട്‌ പിണറായി വിജയനെതിരെ മാത്രമാണെന്നും അത്‌ പാര്‍ട്ടിയിലെയും പാര്‍ലിമെന്ററി രംഗത്തെയും സ്ഥാനമുറപ്പിക്കാന്‍ മാത്രമുള്ളതാണെന്നും വിലയിരുത്തേണ്ടിവരും. മറ്റ്‌ ജനപക്ഷ നിലപാടുകളിലൂം ഈ വൈരുധ്യം കാണാനാവും. പരസ്യമായി പറയുന്നതല്ല, ലക്ഷ്യമെന്ന്‌ ചുരുക്കം.


ഔദ്യോഗികം (സോഷ്യല്‍ ഡെമോക്രാറ്റ്‌)


തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്നത്‌ മരീചികയാണെന്ന്‌ തിരിച്ചറിഞ്ഞവര്‍ കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും ചേരുംപടി ചേര്‍ത്ത്‌, സമ്മിശ്ര സമ്പദ്‌വ്യവസ്ഥ അംഗീകരിച്ച്‌ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇത്‌ ഇന്നോ ഇന്നലെയോ സ്വീകരിച്ചതുമല്ല. പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസോടെ തുടങ്ങിവെക്കുകയും 2005ല്‍ ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിക്കുകയും ചെയ്‌ത നയപരിഷ്‌കാരങ്ങള്‍ സോഷ്യല്‍ ഡെമോക്രസിയിലേക്കുള്ള മാറ്റത്തിന്റെ നാന്ദിയായിരുന്നു. ഈ നയങ്ങള്‍ 2008ലെ കോയമ്പത്തൂര്‍ കോണ്‍ഗ്രസ്‌ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.


വരട്ടുതത്വവാദം ഉപേക്ഷിക്കണമെന്നും വിദേശനിക്ഷേപമുള്‍പ്പെടെ ഉപയോഗപ്പെടുത്തി വ്യവസായവത്‌കരണം കൊണ്ടുവരണമെന്നും അഞ്ച്‌ വര്‍ഷം മുമ്പ്‌ പരസ്യമായി പ്രഖ്യാപിച്ച ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യക്കെതിരെ പാര്‍ട്ടി നടപടി എടുക്കാതിരുന്നത്‌ അതുകൊണ്ടാണ്‌. പക്ഷേ, ഇത്‌ തുറന്ന്‌ സമ്മതിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറല്ല. കമ്മ്യൂണിസത്തിലും മാര്‍ക്‌സിസത്തിലും അടിയുറച്ച്‌, തൊഴിലാളികളുടെയും മറ്റ്‌ അടിസ്ഥാന വര്‍ഗത്തിന്റെയുമൊപ്പം തുടരുന്നുവെന്ന്‌ നടിച്ചില്ലെങ്കില്‍ നിലവില്‍ പാര്‍ട്ടിക്ക്‌ വേരോട്ടമുള്ള സംസ്ഥാനങ്ങളില്‍ കൂടി തിരിച്ചടിയുണ്ടാവുമെന്ന്‌ അവര്‍ ഭയക്കുന്നു.


നിക്ഷേപം ആകര്‍ഷിക്കുകയും വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ നിലമൊരുക്കുകയും ചെയ്യുമ്പോള്‍ തൊഴിലാളി, അടിസ്ഥാന വര്‍ഗങ്ങളുടെ താത്‌പര്യങ്ങളുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ വേണ്ടിവരും. നയവ്യതിയാനം പരമാവധി മൂടിവെച്ച്‌ ഈ ഒത്തുതീര്‍പ്പുകള്‍ നടപ്പാക്കുകയാണ്‌ ഔദ്യോഗിക നേതൃത്വങ്ങള്‍. എ ഡി ബി വായ്‌പ സ്വീകരിക്കാനുള്ള തീരുമാനം ഇതൊടൊപ്പം ചേര്‍ക്കാം. അന്താരാഷ്‌ട്ര കരാറുകളിലെ കമ്മീഷനുകള്‍ ഇന്ത്യയില്‍ അംഗീകരിക്കപ്പെടുന്നത്‌ ആഗോളവത്‌കരണ കാലത്തിലാണ്‌. ലാവ്‌ലിന്‍ ഇടപാടിലെ കമ്മീഷന്‍ സി പി എം അംഗീകരിക്കുന്നത്‌ ആഗോളവത്‌കരണത്തിന്റെ പാര്‍ശ്വഫലങ്ങളെ അംഗീകരിക്കുന്നതുകൊണ്ടുമാണ്‌. നോക്കുകൂലി ഇല്ലാതാക്കി, തൊഴിലാളി സംഘടനകള്‍ക്ക്‌ നിയന്ത്രണം കൊണ്ടുവരാന്‍ പാര്‍ട്ടി മുന്‍കൈ എടുക്കുന്നതിലും പുതിയ നയങ്ങളുടെ സ്വാധീനമുണ്ട്‌.


മൂന്നാറിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളെ പ്രത്യക്ഷത്തില്‍ സ്വാഗതം ചെയ്‌തുവെങ്കിലും സ്വകാര്യ നിക്ഷേപകര്‍ അകലുന്നതിലുള്ള അങ്കലാപ്പ്‌ ഔദ്യോഗികപക്ഷത്തിനുണ്ടായിരുന്നു. തിരിച്ചുപിടിക്കല്‍ അട്ടിമറിക്കപ്പെടുന്നതിനെ പരോക്ഷമായി തുണച്ചത്‌ അതുകൊണ്ടാണ്‌. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ചിലരെങ്കിലും ഇപ്പോഴും നഷ്‌ടപരിഹാരം കിട്ടാതെ ഉഴലുമ്പോഴും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രദേശത്തേക്കുള്ള റെയില്‍പാതക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ കുടുംബങ്ങളെ തെരുവിലേക്ക്‌ വലിച്ചെറിഞ്ഞപ്പോഴും സി പി എം നേതൃത്വത്തിന്‌ വേദനിക്കാതിരുന്നത്‌ അതുകൊണ്ടാണ്‌. ചെങ്ങറയിലെ ഭൂസമരത്തെ കായികശേഷി കൊണ്ട്‌ നേരിടാന്‍ പാര്‍ട്ടി ഒരുങ്ങിയതും മറ്റൊന്നുകൊണ്ടല്ല.


പാര്‍ട്ടിക്ക്‌ സ്വാധീനമുള്ള പശ്ചിമ ബംഗാളില്‍ വ്യവസായവത്‌കരണത്തിന്‌ വിദേശ നിക്ഷേപത്തെ ആശ്രയിച്ചപ്പോള്‍ സമ്പന്നരെ കൂട്ടുപിടിച്ച്‌ പാര്‍ട്ടിക്കു കീഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനാണ്‌ കേരളത്തില്‍ തീരുമാനിച്ചത്‌. പാര്‍ട്ടിക്ക്‌ ആസ്‌തി വര്‍ധിച്ചപ്പോള്‍ ഇതിന്‌ കൂടെ നിന്ന സമ്പന്ന വിഭാഗങ്ങളെ പിണക്കാതെ നോക്കേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടായി. അതുകൊണ്ടാണ്‌ ഫാരിസ്‌ അബൂബക്കര്‍മാരും ലിസ്‌ ചാക്കോച്ചന്‍മാരും സാന്റിയാഗോ മാര്‍ട്ടിന്‍മാരും വാര്‍ത്തകളില്‍ നിറഞ്ഞത്‌.


ഇതൊക്കെ വസ്‌തുതകളായി നിലനില്‍ക്കെ അധ്വാനിക്കുന്നവരുടെയും അടിസ്ഥാന വര്‍ഗത്തിന്റെയും പ്രതിനിധിയായി പാര്‍ട്ടി തുടരുന്നുവെന്ന്‌ അവകാശപ്പെടുകയാണ്‌ നേതൃത്വം. മാര്‍ക്‌സിസ്റ്റ്‌, കമ്മ്യൂണിസ്റ്റ്‌ സ്വഭാവവും ലെനിനിസ്റ്റ്‌ സംഘടനാ ചട്ടക്കൂടും നിലനിര്‍ത്തുന്നുവെന്ന്‌ നടിക്കുകയും ചെയ്യുന്നു. അതിനുള്ള എളുപ്പവഴികളാണ്‌ അച്ചടക്ക നടപടികള്‍. പാര്‍ട്ടിയെയും അതിന്റെ ആനുകൂല്യം അനുഭവിക്കുന്ന പ്രവര്‍ത്തകരെയും ഒരുമിപ്പിച്ച്‌ നിര്‍ത്തുകയും എതിരാളിയുടെ പിഴവ്‌ മുതലെടുത്ത്‌ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്യുക എന്ന അതിജീവന തന്ത്രത്തിന്റെ തുടര്‍ച്ച ഇനിയും കാണും. അപ്പോഴും നയവ്യതിയാനം അംഗീകരിക്കില്ല. കമ്മ്യൂണിസ്റ്റ്‌, മാര്‍ക്‌സിസ്റ്റ്‌ നിലപാടുകളില്‍ ഉറച്ച്‌ ജനകീയ ജനാധിപത്യ വിപ്ലവം ലക്ഷ്യമാക്കുന്നുവെന്ന്‌ ആവര്‍ത്തിക്കും. പാര്‍ട്ടിയിലെയും പാര്‍ലിമെന്ററി രംഗത്തെയും അധികാര സ്ഥാനങ്ങള്‍ ലക്ഷ്യമിട്ട്‌ പുതിയ ചേരികള്‍ ഉയര്‍ന്നുവരികയും ചെയ്യും. വി എസ്സിന്റെ ജനപക്ഷത്തിന്‌ പകരം മറ്റെന്തെങ്കിലുമൊരു പക്ഷം അപ്പോഴുമുണ്ടാവും. പറച്ചിലും പ്രവൃത്തിയും തമ്മില്‍ വലിയ ബന്ധമൊന്നുമുണ്ടായില്ലെങ്കിലും.


വിമര്‍ശകരും എതിരാളികളും


സി പി എമ്മിലെ ചേരികളെപ്പോലെ തന്നെ പറച്ചിലും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാത്തവരാണ്‌ ഇക്കൂട്ടരും. മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക പരിഷ്‌കാരത്തെയും ഉദാരവത്‌കരണനയത്തെയും ആവുന്നത്ര പിന്തുണക്കുന്നവര്‍ എ ഡി ബി വായ്‌പക്കെതിരായ വി എസ്‌ അച്യുതാനന്ദന്റെ നിലപാടുകളെ പിന്തുണക്കുന്ന കാഴ്‌ചയാണ്‌ വിമര്‍ശക പക്ഷത്ത്‌ കണ്ടത്‌. ഇസ്‌റാഈല്‍ പ്രതിരോധ ഇടപാടില്‍ അറുന്നൂറ്‌ കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണമുണ്ടായപ്പോള്‍, എ കെ ആന്റണിയുടെ വിശദീകരണക്കുറിപ്പ്‌ മാത്രം നല്‍കി സായൂജ്യമടഞ്ഞ പത്രം ലാവ്‌ലിന്‍ കേസിനായി ഇക്കാലത്തിനിടെ ചെലവഴിച്ചത്‌ എത്രമാത്രം സ്ഥലമായിരുന്നുവെന്ന്‌ പരിശോധിച്ചാല്‍ മാത്രം മതി കാപട്യത്തിന്റെ അളവ്‌ അറിയാന്‍.


വി എസ്‌ പാര്‍ട്ടിയില്‍ ശക്തനായിരിക്കെ അദ്ദേഹത്തിന്റെ മകന്‍ എസ്‌ എഫ്‌ ഐയുടെ സമരാഹ്വാനം ലംഘിച്ച്‌ കൊല്ലം ടി കെ എം എന്‍ജിനിയറിംഗ്‌ കോളജില്‍ പ്രൊഫഷണല്‍ കോഴ്‌സിന്റെ പരീക്ഷ എഴുതിയത്‌ ഒന്നാം പേജില്‍ നിരത്തിയവര്‍ ഇപ്പോള്‍ വി എസ്സിന്റെ സ്‌തുതിപാഠകരാവുന്നു. വെട്ടിനിരത്തല്‍ സമരത്തിന്റെ പേരില്‍ ആക്ഷേപിച്ചവര്‍ അദ്ദേഹത്തെ ജനപക്ഷ നേതാവാക്കുന്നു. എതിരാളികളില്‍ പ്രമുഖരെല്ലാം പാര്‍ട്ടിയെക്കൊണ്ട്‌ പ്രയോജനമുണ്ടായവരോ അതിന്റെ മുന്‍ നേതാക്കളോ ആണ്‌. ഇതില്‍ ഒഞ്ചിയത്തെ `വിമതന്‍'മാരെ മാറ്റി നിര്‍ത്താം. അവര്‍ക്ക്‌ മാത്രമേ ജനകീയ സമരങ്ങളുടെ പിന്‍ബലമോ ജനപിന്തുണയുടെ കരുത്തോ അവകാശപ്പെടാനാവൂ. പാര്‍ട്ടിയെ ഉപയോഗിച്ച്‌ സ്ഥാനങ്ങളിലെത്തുകയും അധികാരപ്പോരില്‍ പുറംതള്ളപ്പെട്ടപ്പോള്‍ വി എസ്സിന്‌ പിന്തുണ അറിയിച്ച്‌ രംഗത്തെത്തുകയും ചെയ്‌തവരാണ്‌ ഭൂരിഭാഗവും.


വി എസ്സിനെ പിന്തുണച്ച്‌ അഭിപ്രായ പ്രകടനം നടത്തുന്നവരെ അവര്‍ സി പി എമ്മിന്‌ അനഭിമതരാവുന്നതിന്‌ മുമ്പ്‌ ഏതെങ്കിലും സമരമുഖത്ത്‌ കണ്ടിട്ടുണ്ടോ എന്ന്‌ പരിശോധിച്ച്‌ നോക്കുക. നയപരിപാടിയില്‍ സി പി എമ്മിനേക്കാള്‍ വലതുപക്ഷത്തുള്ളവരിലൂടെ ആശയ സംവാദത്തിന്‌ തയ്യാറാവുകയും വലതുപക്ഷത്തെ സഹായിക്കുകയും ചെയ്യുക എന്നതിനപ്പുറത്ത്‌ ഇവര്‍ക്ക്‌ പ്രവര്‍ത്തന മേഖലയില്ല. മേഖലയുണ്ടെങ്കില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുകയുമില്ല. കാരണം അധികാരപ്പോരില്‍ കക്ഷിചേര്‍ന്ന്‌ തര്‍ക്കം കൊഴുപ്പിക്കുന്നവര്‍ എന്നതിനപ്പുറത്ത്‌ എന്തെങ്കിലും സ്ഥാനം ജനം ഇവര്‍ക്ക്‌ വകവെച്ചുനല്‍കും എന്ന്‌ പ്രതീക്ഷിക്കുന്നത്‌ അബദ്ധമാവും. ദാവീദിനെ എതിര്‍ത്ത ഗോലിയാത്തിന്‌ ചരിത്രത്തില്‍ ഒരു സ്ഥാനമുണ്ട്‌. പക്ഷേ എല്ലാവര്‍ക്കും ഗോലിയാത്തുമാരാവാന്‍ കഴിയില്ല എന്നത്‌ മറവിയിലാണ്‌ എന്ന്‌ മാത്രം.


അഴിമതിക്കേസില്‍ എല്ലാക്കാലത്തും പ്രതിസ്ഥാനത്തിന്‌ വേണ്ടി വാദിച്ചിരുന്ന കോണ്‍ഗ്രസും സഖ്യകക്ഷികളും ലാവ്‌ലിന്‍ നിധിപോലെ കൊണ്ടുനടക്കുന്നതില്‍ അത്ഭുതമില്ല. ലക്ഷ്യം അധികാരം മാത്രമാണെന്നത്‌ വസ്‌തുത മാത്രം. ജി കാര്‍ത്തിയേകന്റെ പങ്ക്‌ അന്വേഷിക്കണമെന്ന സി ബി ഐ കോടതി വിധി അവരുടെ വാദങ്ങളുടെ തീവ്രത കുറച്ചുവെന്ന്‌ മാത്രം.


വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളും അഭിനേതാക്കളും ഉള്‍ക്കൊള്ളുന്ന ചലച്ചിത്രം തുടരുകയാണ്‌. പല ക്ലൈമാക്‌സുകള്‍ കഴിഞ്ഞിട്ടും അവസാനിക്കാതെ. പുതിയ ക്ലൈമാക്‌സുകള്‍ ഇനിയുമുണ്ടാവും. ചലച്ചിത്രം തുടരുമ്പോള്‍തന്നെ അതിനുള്ള തിരക്കഥ തയ്യാറാവുന്നുണ്ട്‌. പാര്‍ട്ടി അച്ചടക്കം പാലിച്ച്‌ മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരുന്ന വി എസ്സിനെ അല്‍പ്പകാലം നമ്മള്‍ കാണും. പാര്‍ട്ടിയും അധികാരവും പണവും കൈയിലുള്ള സി പി എമ്മിലെ ഔദ്യോഗികപക്ഷത്തിനെതിരെ നീക്കാവുന്ന പുതിയ ആയുധം തയ്യാറാവും വരെ. പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്‌ത്‌ നിലപാടെടുക്കാത്ത പുതിയ ആയുധം. അത്‌ ലഭിക്കും വരെ ചെറിയ ഇടവേള.

സംഭാവനകള്‍ കൂമ്പാരമാവുമ്പോള്‍


രാഷ്‌ട്രീയത്തിലെ പണത്തിന്റെ സ്വാധീനം അപകടരമാം വിധത്തില്‍ വര്‍ധിച്ചിരിക്കുന്നുവെന്നത്‌ സമ്മതിക്കാത്തവരില്ല. പണം കൊണ്ട്‌ അമ്മാനമാടുന്ന രാഷ്‌ട്രീയ നേതാക്കള്‍ പോലും. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ വിശ്വാസ വോട്ട്‌ തേടിയപ്പോള്‍ എം പിമാരെ വിലക്കുവാങ്ങുന്നതിന്‌ നല്‍കിയതെന്ന്‌ ആരോപിച്ച്‌ ബി ജെ പി അംഗങ്ങള്‍ ഒരു കോടി രൂപ ലോക്‌സഭയുടെ മേശപ്പുറത്ത്‌ ചൊരിഞ്ഞത്‌ അവിശ്വസനീയതയോടെയാണ്‌ രാജ്യം കണ്ടുനിന്നത്‌. ഈ പണം എവിടെ നിന്ന്‌ വന്നു, ആര്‌ നല്‍കി, എം പിമാരെ വിലക്ക്‌ വാങ്ങാന്‍ യഥാര്‍ഥത്തില്‍ ശ്രമം നടന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിച്ചിട്ടില്ല. അതിന്‌ ഉത്തരം ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുകയും വേണ്ട. ഈ സംഭവത്തിന്‌ പിറകില്‍ പ്രവര്‍ത്തിച്ചവരെല്ലാം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനാല്‍ കൂടുതല്‍ പണം കൈമാറി പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്തിരിക്കുന്നുവെന്ന്‌ കരുതേണ്ടിവരും. രാഷ്‌ട്രീയത്തില്‍ പണത്തിന്റെ ആവശ്യകത കൂടി വരികയാണെന്ന്‌ മറ്റാര്‌ തിരിച്ചറിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ധനമന്ത്രി സ്ഥാനത്തേക്ക്‌ അവര്‍ നിയോഗിച്ച പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും തിരിച്ചറിയുന്നുണ്ട്‌.


രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ നല്‍കുന്ന സംഭാവനകള്‍ക്ക്‌ നികുതി ഇളവ്‌ നല്‍കാനുള്ള നിര്‍ദേശം ബജറ്റില്‍ മുഖര്‍ജി ഉള്‍ക്കൊള്ളിച്ചത്‌ അതുകൊണ്ടാണ്‌. പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്തുള്ള ബി ജെ പിയോ സോഷ്യലിസ്റ്റ്‌ അജണ്ടയില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന പാര്‍ട്ടികളോ ഈ നിര്‍ദേശത്തില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടില്ല. സി പി എം പ്രതിനിധിയായി ബജറ്റ്‌ ചര്‍ച്ചയില്‍ സംസാരിച്ച കാസര്‍ക്കോട്‌ എം പി പി കരുണാകരന്‍ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തു. സി പി എമ്മിന്റെ കേരളത്തിലെ നേതൃത്വം പണാധിപത്യത്തിന്‌ വഴിപ്പെട്ടാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തുന്ന വി എസ്‌ അച്യുതാനന്ദന്‍ പക്ഷം പ്രധാനമായി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നിതാണ്‌. ഇതിനിടയിലും ബജറ്റ്‌ നിര്‍ദേശത്തെ എതിര്‍ക്കാന്‍ സി പി എം തയ്യാറാവുന്നുവെന്നതില്‍ കൗതുകം ദര്‍ശിക്കാം.രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്ഥാപനവത്‌കരിക്കപ്പെടുകയും ഏറെക്കുറെ കുത്തക കമ്പനികളെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലമാണിത്‌. പതിവ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തന്നെ കോടിക്കണക്കിന്‌ രൂപ പാര്‍ട്ടികള്‍ക്ക്‌ ആവശ്യമായി വരുന്നു. തിരഞ്ഞെടുപ്പുകളാവുമ്പോള്‍ ഈ കണക്ക്‌ ദശ കോടികളോ ശതകോടികളോ ആയി മാറും. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടി ചെലവഴിച്ചത്‌ 3,000 കോടിയാണെന്നാണ്‌ ഏകദേശ കണക്ക്‌. ഓരോ പാര്‍ലിമെന്റ്‌ മണ്ഡലത്തിലെയും പ്രവര്‍ത്തനത്തിന്‌ രണ്ട്‌ കോടി രൂപ വീതമാണ്‌ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മിറ്റി നല്‍കിയത്‌ എന്നത്‌ പരസ്യമായ രഹസ്യമാണ്‌. വടകര മണ്ഡലത്തിലേക്കുള്ള പണവുമായി വന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ട്രെയിനില്‍ ഉറങ്ങിപ്പോയതും 25 ലക്ഷം രൂപ കാണാതായതും കേരളത്തില്‍ അല്‍പ്പകാലം വിവാദമായിരുന്നു. ഒരു മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന പണം 25 ലക്ഷമായി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിജപ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ രണ്ട്‌ കോടി നല്‍കിയെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ പരസ്യമായി സമ്മതിക്കാന്‍ കഴിയില്ല.


25 ലക്ഷം കാണാതായത്‌ സംബന്ധിച്ച്‌ കേസോ ഉത്തരവാദിയായ നേതാവിനെതിരെ നടപടിയോ ഉണ്ടാവാത്തതിന്റെ കാരണം അതാണ്‌. കാണാതായ പണത്തെക്കുറിച്ച്‌ പത്ര വാര്‍ത്തകള്‍ വന്നപ്പോള്‍ അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ആരും തയ്യാറായില്ല. ഈ പ്രശ്‌നം രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന്റെ എതിരാളികള്‍ പോലും തയ്യാറായില്ല എന്നത്‌ പണത്തിന്റെ ആധിപത്യത്തിന്‌ തെളിവുമാണ്‌.
ആകെയുള്ള 543ല്‍ 450ലേറ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ മത്സരിച്ചിരുന്നു. അതായത്‌ മണ്ഡലങ്ങളിലേക്ക്‌ മാത്രമായി 900 കോടി രൂപ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കി. സംസ്ഥാന നേതൃത്വങ്ങള്‍ നടത്തിയ ചെലവ്‌ പുറമെ. നേതാക്കളുടെ പര്യടനത്തിനും അതിന്റെ ക്രമീകരണങ്ങള്‍ക്കുമായി ചെലവിട്ട കോടികള്‍ വേറെ. ബി ജെ പിയും ഏതാണ്ട്‌ ഇതേ അളവില്‍ പണം ചെലവഴിച്ചിട്ടുണ്ട്‌. നിര്‍ണായക സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ ചെലവ്‌ കുറച്ചിട്ടുണ്ടാവുമെന്ന്‌ മാത്രം. മറ്റ്‌ ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ ചെലവഴിച്ചതുകൂടി കണക്കിലെടുക്കുമ്പോള്‍ തുക 3,000 കോടിയില്‍ നിന്നേക്കില്ല.


വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതിലധികം പണം വേണ്ടിവരുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ അറിയാം. അതിന്‌ വഴിയൊരുക്കുകയാണ്‌ പുതിയ ബജറ്റ്‌ നിര്‍ദേശത്തിലൂടെ പ്രണാബ്‌ മുഖര്‍ജി ചെയ്‌തിരിക്കുന്നത്‌. ഈ തിരിച്ചറിവുള്ളതുകൊണ്ടാണ്‌ ബി ജെ പിയടക്കമുള്ള പാര്‍ട്ടികള്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കാത്തതും.
പൊതുജനങ്ങളില്‍ നിന്ന്‌ രസീത്‌ നല്‍കി പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ച്‌ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുക എന്ന രീതി അവസാനിച്ചിട്ട്‌ കാലമേറെയായി. വ്യവസായികളില്‍ നിന്നും മറ്റ്‌ വന്‍കിടക്കാരില്‍ നിന്നും വന്‍തുകകള്‍ സ്വീകരിക്കുകയാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത്‌. ഇതില്‍ കുറച്ച്‌ പണം ജനങ്ങളില്‍ നിന്ന്‌ പിരിച്ചെടുത്തതായി കാണിച്ച്‌ കണക്കൊപ്പിക്കും. ബാക്കി തുക കണക്കില്‍ ഉള്‍ക്കൊള്ളിക്കാതെ സൂക്ഷിക്കും. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ പണം കൈമാറുന്ന വ്യവസായികള്‍ക്ക്‌ നിയമാനുസൃതമായ ഇളവ്‌ അനുവദിക്കാനാണ്‌ പ്രണാബിന്റെ ബജറ്റ്‌ നിര്‍ദേശം. പാര്‍ട്ടികള്‍ക്ക്‌ സംഭാവനയായി നല്‍കുന്ന തുക ആദായനികുതിയും മറ്റും കണക്കാക്കുമ്പോള്‍ ഒഴിവാക്കും. കൂടുതല്‍ പണം സംഭാവനയായി നല്‍കാന്‍ വ്യവസായികളെയും മറ്റും പ്രേരിപ്പിക്കാനാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സമ്പത്ത്‌ ഏറുമ്പോള്‍ പൊതുഖജനാവിലേക്ക്‌ നികുതി ഇനത്തില്‍ ലഭിക്കേണ്ട പണം നഷ്‌ടമാവും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നീക്കിവെക്കേണ്ട പണത്തില്‍ കുറവുണ്ടാവും. ഇത്തരത്തിലുണ്ടാവുന്ന കുറവുകള്‍ നികത്താന്‍ കൂടിയാണ്‌ പൊതമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതും കടമെടുക്കുന്നതും മറ്റും.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കുന്ന സംഭാവനകള്‍ക്ക്‌ നികുതി ഇളവ്‌ കൊടുക്കുന്ന പതിവ്‌ നേരത്തെയുണ്ട്‌. അതുകൊണ്ട്‌ വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും മറ്റും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള സംഭാവനക്കായി പണം നീക്കിവെക്കുകയും ചെയ്‌തിരുന്നു. നാട്ടിലെ ജനങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കുമെന്നതിനാല്‍ ഈ ഇളവിന്‌ സാധൂകരണമുണ്ട്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സംഭാവന കൊടുക്കുമ്പോള്‍ ഇളവ്‌ ലഭിക്കുമെന്ന്‌ വന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ മാറ്റിവെക്കുന്ന പണം കൂടി രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഹുണ്ടികയിലേക്ക്‌ നല്‍കാന്‍ വ്യവസായികളും വന്‍കിടക്കാരും തയ്യാറാവും. നികുതി ഇളവ്‌ മാത്രമല്ല, ഭരണ സംവിധാനത്തിന്റെ ഭാഗത്തുനിന്നുള്ള മറ്റ്‌ ആനുകൂല്യങ്ങളും അവര്‍ പ്രതീക്ഷിക്കും. നിയമവിധേയമായി നേടാവുന്ന ആനുകൂല്യങ്ങളാവില്ല പ്രതീക്ഷിക്കുക.


കനത്ത സംഭാവനകള്‍ രണ്ട്‌ കൈയും നീട്ടി സ്വീകരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ അധികാരത്തിലെത്തിയാല്‍ ഇത്തരം ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ നല്‍കാതിരിക്കാനും കഴിയില്ല. രാജ്യത്ത്‌ വന്‍തോതില്‍ വികസിച്ച, അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്‌ ടെലികോം. മൊബൈല്‍ ഫോണുകള്‍ മൂന്നാം തലമുറയിലേക്ക്‌ കടക്കുകയാണ്‌. മൂന്നാം തലമുറ സേവനങ്ങള്‍ ആരംഭിക്കാനുള്ള ലൈസന്‍സിന്റെ ലേലം കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ തന്നെ വിവാദമായിരുന്നു. കുറഞ്ഞ തുകക്ക്‌ ലേലം ചെയ്യാന്‍ വകുപ്പ്‌ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. പുതിയ യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും കുറഞ്ഞ തുകക്ക്‌ ലേലം ചെയ്യാനാണ്‌ ടെലികോം വകുപ്പ്‌ ശിപാര്‍ശ ചെയ്‌തത്‌. ഇത്‌ ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ധനവകുപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ലൈസന്‍സുകള്‍ കുറഞ്ഞ തുകക്ക്‌ ലേലം ചെയ്യുമ്പോള്‍ പ്രയോജനം ലഭിക്കുക ഈ മേഖലയിലെ സ്വകാര്യ കമ്പനികള്‍ക്കാണ്‌. എന്നിട്ടും എന്തുകൊണ്ട്‌ കുറഞ്ഞ തുക നിശ്ചയിക്കാന്‍ നീക്കം നടക്കുന്നുവെന്ന ചോദ്യത്തിന്‌ ഒരു ഉത്തരം നേരത്തെ പറഞ്ഞ സംഭാവനകളാണ്‌. ഇപ്പോള്‍ ലേലത്തുക ഇരട്ടിയാക്കാന്‍ (ഏറെക്കുറെ 4,200 കോടി രൂപ) ധനവകുപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പതിനായിരക്കണക്കിന്‌ കോടി വിറ്റുവരവുള്ള സ്വകാര്യ കമ്പനികളെ സംബന്ധിച്ച്‌ ഏറെ വലിയ തുകയല്ല അത്‌. സംഭാവനയുടെ കനം സ്വാധീനം ചെലുത്തുന്നുണ്ടെന്ന്‌ അര്‍ഥം.ലോക്‌സഭക്കൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ്‌ നടന്ന ആന്ധ്രാ പ്രദേശില്‍ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വന്‍തോതില്‍ ഭൂമി കൈമാറ്റം ചെയ്‌തതായി ആരോപണം ഉയര്‍ന്നിരുന്നു. വന്‍തുക വിലമതിക്കുന്ന ഭൂമി സൗജന്യമായി പതിച്ച്‌ നല്‍കുകയാണ്‌ വൈ എസ്‌ രാജശേഖര റെഡ്‌ഢി സര്‍ക്കാര്‍ ചെയ്‌തത്‌. ഭൂരഹിതരായ ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ ദാരിദ്ര്യത്തില്‍ തുടരുമ്പോഴാണ്‌ ഇത്തരത്തില്‍ ഭൂമി അനുവദിക്കപ്പെട്ടത്‌. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ നല്‍കിയ സംഭാവനക്കുള്ള പ്രത്യുപകാരമായിരുന്നു ഇതെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്‌ അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഈ ഭൂമി കൈമാറ്റങ്ങളെക്കുറിച്ചൊന്നും പരിശോധന ഉണ്ടാവില്ലെന്ന്‌ ഉറപ്പായിരിക്കുന്നു. ഇത്‌ ഉദാഹരണം മാത്രമാണ്‌. ഇതുപോലെ സഹസ്ര കോടികളുടെ ഇടപാടുകള്‍ ധാരാളം നടക്കുന്ന രാജ്യത്ത്‌ സംഭാവനകള്‍ നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക്‌ കിട്ടുന്ന ആനുകൂല്യങ്ങള്‍ നിരവധിയായിരിക്കും. പ്രണാബിന്റെ ബജറ്റിലെ നിര്‍ദേശം പ്രാബല്യത്തിലാവുന്നതോടെ കൂടുതല്‍ സംഭാവനകള്‍ എത്തും. വ്യവസായികള്‍ക്ക്‌ കൂടുതല്‍ (അനധികൃത) ആനുകൂല്യങ്ങളും. വ്യക്തികള്‍ക്കായി കൈമാറ്റം ചെയ്യപ്പെടുന്ന കൈക്കൂലിയും ഇടപാടുകളുടെ ഭാഗമായുള്ള കമ്മീഷനുകളും പുറമെയാണ്‌. ഇസ്‌റാഈല്‍ കമ്പനിയില്‍ നിന്ന്‌ മിസൈല്‍ വാങ്ങാന്‍ കരാറുണ്ടാക്കിയപ്പോള്‍ കമ്മീഷനായി കൈമാറ്റം ചെയ്യപ്പെട്ടത്‌ 600 കോടിയാണെന്ന ആരോപണം ഉയര്‍ന്നത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ കാലത്താണ്‌.രാഷ്‌ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും പണത്തിന്റെ സ്വാധീനം വര്‍ധിക്കുന്നത്‌ തടയാന്‍ ടി എന്‍ ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണറായിരിക്കെയാണ്‌ ചില മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്‌. പ്രചാരണത്തിന്‌ ചിലവഴിക്കാവുന്ന തുക നിജപ്പെടുത്തുകയും ചെലവ്‌ കണക്ക്‌ ബോധിപ്പിക്കണമെന്നത്‌ നിര്‍ബന്ധമാക്കുകയും ചെയ്‌തു. ഈ നിബന്ധനകള്‍ നിലനില്‍ക്കെയാണ്‌ തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കോടികള്‍ ഒഴുക്കുന്നത്‌. പാര്‍ട്ടികളുടെ പ്രചാരണ ചെലവ്‌ സ്വതന്ത്രമായി കണക്കാക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിരീക്ഷകരെ നിയോഗിക്കുന്നുണ്ട്‌. ഒഴുകുന്ന കോടികളെക്കുറിച്ച്‌ നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ തന്നെയും ബോധ്യപ്പെടാന്‍ പ്രയാസമില്ല. പക്ഷേ, ഹാജരാക്കിയ കണക്കുകള്‍ തെറ്റാണെന്ന്‌ കാണിച്ച്‌ ഏതെങ്കിലും സ്ഥാനാര്‍ഥിയോടോ രാഷ്‌ട്രീയ പാര്‍ട്ടിയോടോ കമ്മീഷന്‍ വിശദീകരണം ചോദിച്ചതായി അറിവില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിയമം ലംഘിക്കുന്നത്‌ കാണാതിരിക്കുമ്പോള്‍ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക്‌ പാരിതോഷികം ലഭിക്കുന്നു എന്ന്‌ കരുതേണ്ടിവരും.


അഴിമതിയുടെ ഒരു ചക്രം പൂര്‍ത്തിയാവുകയാണ്‌ ഇവിടെ. പുറത്താവുന്നത്‌ സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവരാണ്‌. അവര്‍ ഭൂരഹിതരും ദരിദ്രരുമായി തുടരും. അവര്‍ക്ക്‌ തൊഴിലുറപ്പ്‌ പദ്ധതിയും ഇന്ദിരാ ഭവന നിര്‍മാണ പദ്ധതിയും ഭരണകൂടം സമ്മാനമായി നല്‍കും. അടുത്ത തിരഞ്ഞെടുപ്പില്‍ പണമൊഴുക്കി വോട്ടുകള്‍ സ്വന്തമാക്കുകയും അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അതിനൊഴുകുന്ന കോടികള്‍ ലോക്‌സഭയുടെ മേശപ്പുറത്ത്‌ ചൊരിയപ്പെട്ടാലും നടപടികള്‍ ഉണ്ടാവുകയുമില്ല.

2009-07-08

മോഡിമാര്‍ ചെയ്യാന്‍ പോകുന്നത്‌


ലോക്‌സഭാ തിരഞ്ഞെടുപ്പും അതിലെ ജനവിധിയും രാജ്യത്തെ വര്‍ഗീയ ശക്തികളുടെ അജന്‍ഡകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നതിന്റെ സൂചനകള്‍ ഗുജറാത്ത്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്ന്‌ കഴിഞ്ഞ ദിവസം പുറത്തുവന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ പതിവുപോലെ ഇതിന്‌ വലിയ പ്രാധാന്യം നല്‍കിയതുമില്ല. സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ വലിയ കാന്‍വാസൊരുക്കുക എന്നതിനപ്പുറം മുന്‍കൂട്ടി കാര്യങ്ങള്‍ കണ്ട്‌ പ്രവര്‍ത്തിക്കുക എന്ന പാഠം ഇവര്‍ മറന്നിട്ട്‌ കാലം കുറച്ചധികമാവുകയും ചെയ്‌തിരിക്കുന്നു. സംസ്ഥാനത്ത്‌ മതാടിസ്ഥാനത്തില്‍ നടക്കുന്ന ധ്രുവീകരണത്തെക്കുറിച്ച്‌ പഠിക്കാന്‍ ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതാണ്‌ ആദ്യത്തെ സംഭവം. രണ്ടാമത്തേത്‌ മഹാരാഷ്‌ട്ര നിയമസഭയിലാണ്‌ അരങ്ങേറിയത്‌. സംസ്ഥാനത്ത്‌ മുസ്‌ലിംകളായ ആണ്‍കുട്ടികളും ഹിന്ദുക്കളായ പെണ്‍കുട്ടികളും തമ്മില്‍ നടക്കുന്ന വിവാഹങ്ങളെക്കുറിച്ച്‌ ക്രൈം ബ്രാഞ്ചിനെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ എന്‍ സി പി നേതാവ്‌ കൂടിയായ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ജയന്ത്‌ പാട്ടീല്‍ പ്രഖ്യാപിച്ചു.


പ്രത്യക്ഷത്തില്‍ കുഴപ്പമില്ലെന്ന്‌ തോന്നുന്ന രണ്ട്‌ സംഭവങ്ങളാണിവ. വിവാഹങ്ങളെക്കുറിച്ച്‌ എന്തുകൊണ്ട്‌ അന്വേഷണം എന്ന ഉത്‌കണ്‌ഠയോ കൗതുകമോ ഉണ്ടായെന്ന്‌ വരാം. ഗുജറാത്തിലെ ജുഡീഷ്യല്‍ കമ്മീഷന്റെ കാര്യം നോക്കുക. 2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസ്സിന്റെ ആറാം നമ്പര്‍ ബോഗിക്ക്‌ തീപ്പിടിച്ച്‌ 58 പേര്‍ മരിച്ച സംഭവത്തിന്‌ ശേഷം അരങ്ങേറിയ ആസൂത്രിതമായ വംശഹത്യയാണ്‌ ഈ കമ്മീഷന്റെ നിയമനത്തിന്‌ ആധാരം. ഈ കൊടും ക്രൂരതക്ക്‌ ശേഷം സംസ്ഥാനത്ത്‌ മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരണമുണ്ടാകുന്നുവെന്ന്‌ സര്‍ക്കാറിതര സംഘടനകള്‍ ആരോപിച്ചിരുന്നു. വംശഹത്യ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നതിനിടെ കോടതികളിലും ഈ ആരോപണം ഉയര്‍ന്നു. ഇതൊന്നും ശാസ്‌ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള ആരോപണമല്ലെന്നാണ്‌ മോഡി സര്‍ക്കാറിന്റെ നിലപാട്‌. മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരണം നടക്കുന്നുണ്ടോ എന്ന്‌ ശാസ്‌ത്രീയമായി പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ സാഹചര്യം ഇതാണെന്ന്‌ ഗുജറാത്ത്‌ ഹൈക്കോടതിയില്‍ നിന്ന്‌ വരിമിച്ച ജഡ്‌ജി ബി ജെ സേതനയെ കമ്മീഷനായി നിയോഗിച്ച വിജ്ഞാപനത്തില്‍ പറയുന്നു.


1947 ആഗസ്‌ത്‌ 15ന്‌ ഗുജറാത്തിലുണ്ടായിരുന്ന മത വിഭാഗങ്ങള്‍, അവര്‍ അധിവസിച്ചിരുന്ന പ്രദേശങ്ങള്‍ എന്നിവയെ ആധാരമാക്കി പഠനം നടത്താനാണ്‌ നിര്‍ദേശം. തുടര്‍ന്നുള്ള ഓരോ പത്തു വര്‍ഷത്തിലും സംസ്ഥാനത്തേക്കുണ്ടായ കുടിയേറ്റത്തിന്റെ തോത്‌ കണക്കാക്കണം. ഈ സമയങ്ങളില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരണമുണ്ടായോ എന്നും പഠിക്കണം. സംസ്ഥാനത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിട്ടുണ്ടോ എന്ന്‌ അറിയാനും അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാനുമുള്ള നിര്‍ദോഷമായ നിര്‍ദേശം എന്ന്‌ വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. പക്ഷേ, ഗുജറാത്തിന്റെയും മോഡിയുടെയും ചരിത്രം അതിന്‌ അനുവദിക്കുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ വര്‍ഗീയ വിഭജനം ശക്തമായി നിലനിന്നിരുന്ന സംസ്ഥാനമാണ്‌ ഗുജറാത്ത്‌ എന്നത്‌ അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്‌. ഭൂരിപക്ഷം വരുന്ന ഹിന്ദു വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമായിരുന്നു. ഗോവധ നിരോധം ആദ്യം പ്രാബല്യത്തിലാക്കിയ സംസ്ഥാനം കൂടിയാണ്‌ ഗുജറാത്ത്‌. ഈ വസ്‌തുതകളെ മുന്നില്‍ നിര്‍ത്തിവേണം മോഡി സര്‍ക്കാറിന്റെ പുതിയ പഠനത്തെ കാണാന്‍.


2002ലെ വംശഹത്യക്കു ശേഷം മത വിഭാഗങ്ങളുടെ ധ്രൂവീകരണം സംസ്ഥാനത്ത്‌ ശക്തമായിട്ടുണ്ടെന്നത്‌ വസ്‌തുതയാണ്‌. ഹൈന്ദവ വര്‍ഗീയവാദികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയോടെ നടത്തിയ കൊടും കുരുതിയില്‍ പൊലിഞ്ഞത്‌ രണ്ടായിരത്തോളം ന്യൂനപക്ഷ ജീവനുകളായിരുന്നു. ബലാത്സംഗത്തിന്‌ ഇരയായവരും അംഗഭംഗം വന്നവരും നിരവധി. വീടും സ്വത്തും നഷ്‌ടപ്പെട്ട്‌ അഭയാര്‍ഥികളായവര്‍ പതിനായിരങ്ങള്‍. അക്രമികള്‍ക്ക്‌ കൂട്ടുനിന്ന സര്‍ക്കാര്‍, അനീതിക്ക്‌ ഇരയായവര്‍ക്ക്‌ സഹായമെത്തിക്കാന്‍ ശ്രമിക്കുമെന്ന്‌ കരുതുന്നതില്‍ അര്‍ഥമില്ല. വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ തെളിവില്ലെന്ന കാരണത്താല്‍ കോടതികള്‍ തുടര്‍ച്ചയായി തള്ളിക്കളഞ്ഞപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. ഏതു നിമിഷവും പുതിയ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതിയില്‍ കഴിഞ്ഞ ന്യൂനപക്ഷങ്ങള്‍ തങ്ങളിലേക്ക്‌ തന്നെ ഒതുങ്ങിക്കൂടാന്‍ തീരുമാനിക്കുക സ്വാഭാവികം. അതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലേക്ക്‌ താമസം മാറ്റിയവരും നിരവധി.


ഇതിനൊരു മറുവശമുണ്ട്‌. ഭീതിയില്‍ കഴിയുന്ന ന്യൂനപക്ഷങ്ങളെ സംഘടിതമായി കുടിയൊഴിപ്പിച്ചതാണത്‌. കൊലക്കത്തിയുടെ മുന്നിലാണെന്ന്‌ ഭീഷണിപ്പെടുത്തുമ്പോള്‍ കുടിയൊഴിയാതിരിക്കുന്നതെങ്ങനെ? ഇങ്ങനെ കുടിയൊഴിയേണ്ടിവന്നവര്‍ സ്വന്തം മതത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക്‌ മാറുകയാണ്‌ ചെയ്‌തത്‌. ഈ സാഹചര്യം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്ന മോഡി സര്‍ക്കാര്‍ ഇത്രയും നാള്‍ യാതൊന്നും ചെയ്‌തില്ല. അക്രമത്തിന്‌ ഇരയായവര്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നത്‌ വൈകിപ്പിക്കുകയും ചെയ്‌തു.മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം എന്തുകൊണ്ട്‌ സംഭവിക്കുന്നുവെന്ന്‌ പഠിച്ചു മനസ്സിലാക്കേണ്ട കാര്യമൊന്നുമില്ലെന്ന്‌ ചുരുക്കം. എല്ലാവരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടം ഭൂരിപക്ഷ വര്‍ഗീയതക്കൊപ്പം നില്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഒരു ഭാഗത്തേക്ക്‌ ചേരിതിരിയുന്നത്‌ സ്വാഭാവികം മാത്രമാണ്‌. വര്‍ഗീയ അജന്‍ഡയുടെ കൂടെ നിന്നാല്‍ പ്രയോജനമുണ്ടെന്ന്‌ മനസ്സിലാക്കുന്ന ഭൂരിപക്ഷം അതിനെ അടിസ്ഥാനമാക്കിയും ചേരിതിരിയും. ഇത്‌ അറിയാതെയല്ല കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്‌. എന്താവും കമ്മീഷന്റെയും പഠനത്തിന്റെയും ഉദ്ദേശ്യം?


അതറിയണമെങ്കില്‍ കമ്മീഷനായി നിയമിക്കപ്പെട്ട ഹൈക്കോടതി മുന്‍ ജഡ്‌ജി ബി ജെ സേതനയുടെ ചരിത്രം കൂടി അറിയണം. വംശഹത്യക്കിടെ നടന്ന ബെസ്റ്റ്‌ ബേക്കറി കൂട്ടക്കൊലക്കേസില്‍ ആരോപണവിധേയരായ 21 പേരെയും വിട്ടയച്ച അതിവേഗ കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി ബഞ്ചിന്‌ നേതൃത്വം നല്‍കിയത്‌ ഇതേ സേതനയായിരുന്നു. ഈ വിധി തള്ളിക്കളഞ്ഞ സുപ്രീം കോടതി മുംബൈയില്‍ പ്രത്യേക കോടതി സ്ഥാപിച്ച്‌ കേസ്‌ വിചാരണ ചെയ്യാന്‍ നിര്‍ദേശിച്ചു. പ്രത്യേക കോടതി 21 പ്രതികളെയും ശിക്ഷിക്കുകയും ചെയ്‌തു. ഗുജറാത്ത്‌ ഹൈക്കോടതിയിലെ സഹജഡ്‌ജി പി ബി മജുംദാരെ കയ്യേറ്റം ചെയ്‌തതിലും ആരോപണവിധേയനായിരുന്നു സേതന. മജുംദാരുടെ പരാതി പരിഗണിച്ച സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ സേതനയെ സ്ഥലം മാറ്റി. ഈ ഉത്തരവ്‌ സ്വീകരിക്കാതിരുന്ന സേതന രാജിവെച്ച്‌ ഒഴിഞ്ഞു. ഈ സേതനയെ കമ്മീഷനായി നിയോഗിച്ച നരേന്ദ്ര മോഡി 2011 ജനുവരി 31നകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌ 2012ലാണെന്നത്‌ ഓര്‍ക്കുക.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ഇറക്കാനുള്ള വര്‍ഗീയ കാര്‍ഡ്‌ തയ്യാറാക്കുകയാണ്‌ മോഡി. 1947 മുതല്‍ ഗുജറാത്തിലേക്ക്‌ ന്യൂനപക്ഷങ്ങള്‍ കുടിയേറിയതിന്റെ കണക്ക്‌, അത്‌ സാമൂഹിക രംഗത്ത്‌ ഉളവാക്കിയ അസംതുലിതാവസ്ഥ, ന്യൂനപക്ഷ വിഭാഗങ്ങള്‍ സാമ്പത്തികമായി മുന്നേറ്റം കൈവരിച്ചത്‌ മൂലം ഭൂരിപക്ഷ വിഭാഗങ്ങളിലുണ്ടായ അപകര്‍ഷതാ ബോധം, അതുളവാക്കിയ ധ്രുവീകരണം എന്നിവയാവും സേതനയുടെ റിപ്പോര്‍ട്ടിലുണ്ടാവുക എന്ന്‌ ഇപ്പോഴേ പ്രവചിക്കാം. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ ഏതൊക്കെ എന്ന്‌ കൃത്യമായി അളന്ന്‌ തിരിച്ച്‌ രേഖപ്പെടുത്തുകയും ചെയ്യും കമ്മീഷന്‍. 2002 ആവര്‍ത്തിക്കാന്‍ അവസരം കിട്ടിയാല്‍ എവിടെയൊക്കെ സംഘടിതമായ ആക്രമണം നടത്താമെന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ വിവരം മോഡിക്കും സംഘ്‌ പരിവാറിനും ലഭിക്കുമെന്ന്‌ ചുരുക്കം. ഗുജറാത്തില്‍ ഭരണം തുടരാനും കേന്ദ്രത്തില്‍ ഒറ്റക്ക്‌ അധികാരം പിടിക്കാനും ചോരപ്പുഴകള്‍ വേണ്ടിവരുമെന്ന്‌ നരേന്ദ്ര മോഡി മുന്‍കൂട്ടി കാണുന്നുവെന്ന്‌ ഭയക്കണം.


മഹാരാഷ്‌ട്രയിലേതും സമാനമായ അജന്‍ഡ തന്നെയാണ്‌. ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച്‌ വിവാഹം കഴിക്കാനും ലൈംഗികമായി ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാനും മുസ്‌ലിം ആണ്‍കുട്ടികളെ ചില സംഘടനകള്‍ പ്രേരിപ്പിക്കുന്നുവെന്ന എസ്‌ എം എസ്‌ സന്ദേശം ഏറെക്കുറെ ആറ്‌ മാസം മുമ്പ്‌ കേരളത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നതാണ്‌. ഇതിനായി ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്നും ഹിന്ദു പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കരുതിയിരിക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ നേതാക്കള്‍ തന്നെയാണ്‌ ഈ സന്ദേശങ്ങള്‍ അയച്ചിരുന്നത്‌. കേരളത്തില്‍ ഈ പ്രചാരണം ഏശിയില്ല. മഹാരാഷ്‌ട്രയിലും സമാനമായ പ്രചാരണം നടന്നുവെന്ന്‌ വേണം കരുതാന്‍. അതിന്റെ തുടര്‍ച്ചയായാണ്‌ ഈ വിഷയം ബി ജെ പിയിലെ രണ്ട്‌ എം എല്‍ എമാര്‍ നിയമസഭയില്‍ ഉന്നയിച്ചത്‌.


വ്യക്തമായ തെളിവുകളൊന്നുമില്ലാതെ ഉന്നയിക്കപ്പെട്ട ഈ ആരോപണത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിടേണ്ട ആവശ്യം മഹാരാഷ്‌ട്ര സര്‍ക്കാറിനുണ്ടായിരുന്നില്ല. പക്ഷേ, ക്രൈം ബ്രാഞ്ചിനെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ നിയമസഭയില്‍ അറിയിക്കുകയാണ്‌ ആഭ്യന്തര മന്ത്രിയായ ജയന്ത്‌ പാട്ടീല്‍ ചെയ്‌തത്‌. അതുവഴി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രം ഉദ്ദേശിച്ചുള്ള ഒരു ആരോപണത്തിന്‌ അംഗീകാരം നല്‍കുകയാണ്‌ മഹാരാഷ്‌ട്രയിലെ എന്‍ സി പി - കോണ്‍ഗ്രസ്‌ സഖ്യ സര്‍ക്കാര്‍ ചെയ്‌തത്‌. ആഭ്യന്തരമന്ത്രിയുടെ നിലപാടിനെ തള്ളിക്കളയാന്‍ കോണ്‍ഗ്രസിന്റെയോ എന്‍ സി പിയുടെയോ നേതൃത്വം തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്‌.


മഹാരാഷ്‌ട്രയില്‍ വരുന്ന ഒക്‌ടോബറോടെ നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്നു. വലിയ വെല്ലുവിളി നേരിടുന്ന ബി ജെ പി - ശിവസേനാ സഖ്യത്തിന്‌ വര്‍ഗീയത ആളിക്കത്തിക്കേണ്ടത്‌ അനിവാര്യമാണ്‌. അതിന്‌ മുന്നോട്ടുവെക്കുന്ന ആയുധങ്ങളിലൊന്നായി വേണം ഈ ആരോപണത്തെ കാണാന്‍. ആരോപണത്തിന്‌ അംഗീകാരം നല്‍കി അന്വേഷണത്തിന്‌ ഉത്തരവിടുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുക എന്ന നിലപാട്‌ കോണ്‍ഗ്രസ്‌ - എന്‍ സി പി സര്‍ക്കാറും സ്വീകരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക്‌ മത്സരിക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചാല്‍ സംസ്ഥാനത്ത്‌ പിടിച്ചുനില്‍ക്കാന്‍ എന്‍ സി പിക്ക്‌ ഭൂരിപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കേണ്ടി വന്നേക്കും. അത്‌ പാര്‍ട്ടി മുന്‍കൂട്ടിക്കാണുന്നതിന്റെ പ്രതീകം കൂടിയാവാം ജയന്ത്‌ പാട്ടീലിന്റെ പ്രഖ്യാപനം. എന്തായാലും വര്‍ഗീയതയെ നേരിടുന്നുവെന്ന്‌ പറയുന്നവര്‍ തന്നെ അതിന്റെ ഉപയോക്തക്കളാവുന്ന കാഴ്‌ചയാണ്‌ ഇവിടെ.


ക്ഷീണാവസ്ഥയിലായ ബി ജെ പി. അവര്‍ നേതൃത്വം നല്‍കുന്ന എന്‍ ഡി എ നേരിട്ട തകര്‍ച്ച. നിലവിലുള്ള ഘടകകക്ഷികളില്‍ പ്രധാനപ്പെട്ട ജനതാദള്‍ യുനൈറ്റഡ്‌, സഖ്യം ഉപേക്ഷിച്ചേക്കുമെന്ന സൂചന. ബി ജെ പിക്ക്‌ അധികാരത്തിലേക്ക്‌ തിരിച്ചെത്താനുള്ള പാത ദുര്‍ഘടമാണ്‌. തീവ്ര വര്‍ഗീയ നിലപാടുകളിലൂടെ വലിയൊരു ധ്രുവീകരണമുണ്ടാവേണ്ടത്‌ അധികാരം പിടിക്കാന്‍ അനിവാര്യമാവുന്നു. ഹിന്ദുത്വയില്‍ ഊന്നണമെന്ന ആര്‍ എസ്‌ എസ്സിന്റെ കല്‍പ്പന ഇവിടെ അര്‍ഥവത്തുമാണ്‌. ഗുജറാത്തും മഹാരാഷ്‌ട്രയും പുതിയ പരീക്ഷണശാലകളാവാനുള്ള സാധ്യത ഏറെയാണ്‌. കരുതിയിരിക്കേണ്ടവര്‍ അലംഭാവം കാട്ടുമ്പോള്‍ പരീക്ഷണത്തിനുള്ള ശ്രമങ്ങള്‍ക്ക്‌ വേഗം കൂടുകയും ചെയ്‌തേക്കാം.

2009-07-06

മന്‍മോഹനല്ല മുഖര്‍ജി


ഡോ. മന്‍മോഹന്‍ സിംഗ്‌, പി ചിദംബരം എന്നിവരില്‍ നിന്ന്‌ താന്‍ എങ്ങനെ വ്യത്യസ്‌തനാകുന്നു എന്ന്‌ തെളിയിക്കുന്നതാണ്‌ പ്രണാബ്‌ കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച രണ്ടാം യു പി എ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്‌. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും റെയില്‍വേ ബജറ്റും മുന്നോട്ടുവെച്ച സര്‍വതന്ത്ര സ്വകാര്യവത്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും പാതയില്‍ നിന്ന്‌ ഒരു പരിധിവരെ മാറി നടക്കുകയാണ്‌ പ്രണാബ്‌ മുഖര്‍ജി ചെയ്‌തത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയുടെ വികാരം ഉള്‍ക്കൊണ്ടതാവാം ഇതിന്‌ കാരണം. ഇതേ പാത വരും വര്‍ഷങ്ങളില്‍ തുടരുമോ എന്നത്‌ വ്യക്തമല്ല. പക്ഷേ, ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ഏതളവില്‍ ബാധിച്ചേക്കാമെന്ന്‌ മനസ്സിലാക്കി പ്രതികരിക്കാന്‍ ധനമന്ത്രി തയ്യാറായിരിക്കുന്നു.


പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുമെന്ന്‌ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. പക്ഷേ, അതിന്‌ നിശ്ചിതമായ ഒരു രീതി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌. 51 ശതമാനം ഓഹരി സര്‍ക്കാറില്‍ നിലനിര്‍ത്തി, ബാക്കി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാനാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ പങ്കാളിത്തം നല്‍കാതെ ഓഹരി വില്‍ക്കാനും അതിലൂടെ വരുമാനം ഉണ്ടാക്കാനുമാണ്‌ ധനമന്ത്രി ലക്ഷ്യമിടുന്നത്‌. ഇത്‌ ഇതുവരെ തുടര്‍ന്നുവന്ന ഓഹരി വിറ്റഴിക്കല്‍ രീതികളില്‍ നിന്നുള്ള മാറ്റമായി കാണേണ്ടിവരും.


രാജ്യത്തിന്റെ ധനക്കമ്മിയും വരുമാനക്കമ്മിയും ഉയരുന്നത്‌ ഗുരുതരമായ സാമ്പത്തിക പ്രശ്‌നമായി വിലയിരുത്തിക്കൊണ്ടുള്ള ധനകാര്യ മാനേജ്‌മെന്റാണ്‌ സാമ്പത്തിക പരിഷ്‌കാര നടപടികളുടെ വക്താക്കളായ ചിദംബരം അടക്കമുള്ള മന്ത്രിമാര്‍ പിന്തുടര്‍ന്നിരുന്നത്‌. ഇതില്‍ നിന്ന്‌ മാറിനില്‍ക്കുന്നു പ്രണാബ്‌. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ 6.8 ശതമാനമായി ധനക്കമ്മി ഉയരുമെന്നു ധനമന്ത്രി പ്രഖ്യാപിക്കുന്നു. ധനക്കമ്മി വര്‍ധിക്കുമെന്ന ന്യായം പറഞ്ഞ്‌ സാമൂഹികക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവ്‌ വെട്ടിച്ചുരുക്കുന്നില്ല.


വരുമാനക്കമ്മിയെക്കുറിച്ചും അദ്ദേഹം വ്യാകുലപ്പെടുന്നില്ല. പരോക്ഷ നികുതികളുടെ വര്‍ധനയിലൂടെ 2,000 കോടി രൂപ മാത്രമാണ്‌ അധിക വരുമാനം ലക്ഷ്യമിടുന്നത്‌. ബജറ്റ്‌ ചെലവ്‌ പത്ത്‌ ലക്ഷം കോടിയിലേറെയാണ്‌. ആകെ പ്രതീക്ഷിക്കുന്ന വരുമാനം ആറു ലക്ഷം കോടിയിലേറെ മാത്രം. അതായത്‌ വലിയൊരു കമ്മി പ്രതീക്ഷിക്കുന്നുണ്ട്‌. ധനകാര്യ മാനേജ്‌മെന്റ്‌ എന്നത്‌ ഒരു സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയുണ്ടാക്കേണ്ടതല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുണ്ടാക്കേണ്ടതാണെന്ന കാഴ്‌ചപ്പാടാണ്‌ ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്‌. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയില്‍ പ്രണാബിന്‌ വിശ്വാസമുണ്ട്‌. വരുമാനക്കമ്മി വരും വര്‍ഷങ്ങളില്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്‌. അതിനാലാണ്‌ വരുമാനക്കമ്മിയെക്കുറിച്ച്‌ അദ്ദേഹം അത്രയധികം വ്യാകുലപ്പെടാത്തത്‌ എന്ന്‌ കരുതേണ്ടിവരും.


ആദ്യ യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ ഗ്രാമീണ തൊഴിലുറപ്പ്‌ പോലുള്ള പദ്ധതികള്‍ക്ക്‌ തുക നീക്കിവെക്കാന്‍ ഇടക്കാല ബജറ്റില്‍ ധനമന്ത്രി തയ്യാറായിരുന്നു. പക്ഷേ, അത്‌ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഏത്‌ വിധത്തില്‍ ഉപയുക്തമാവുമെന്നത്‌ സംബന്ധിച്ച്‌ വ്യക്തതയുണ്ടായിരുന്നില്ല. പൊതുബജറ്റില്‍ ഇത്തരം അവ്യക്തതകള്‍ നീങ്ങുന്നുണ്ട്‌. പ്രതിസന്ധിയുടെ ആഘാതം ഏറെ അനുഭവിക്കേണ്ടിവരിക തൊഴിലാളികളും സാധാരണക്കാരുമാണെന്ന തിരിച്ചറിവ്‌ ബജറ്റ്‌ നിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്‌ അടിസ്ഥാനമായിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഗ്രാമീണ, നഗര മേഖലകളിലെ നിര്‍മാണ മേഖലക്ക്‌ കൂടുതല്‍ തുക നീക്കിവെക്കാന്‍ പ്രണാബ്‌ തയ്യാറായത്‌. ഭാരത്‌ നിര്‍മാണ്‍ പദ്ധതിക്ക്‌ അനുവദിച്ചിരിക്കുന്ന തുക 49 ശതമാനമാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ്‌ നിര്‍മാണ്‍ പദ്ധതിയുടെ വിഹിതം 59 ശതമാനം വര്‍ധിപ്പിച്ചു. രാജീവ്‌ ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതിക്ക്‌ 7000 കോടി രൂപ നീക്കിവെച്ചു. ഗ്രാമീണ ഭവന നിര്‍മാണ പദ്ധതിയായ ഇന്ദിരാ ആവാസ്‌ യോജനക്ക്‌ 63 ശതമാനം തുക അധികമായി അനുവദിച്ചു. ഗ്രാമീണ തൊഴില്‍ ഉറപ്പ്‌ പദ്ധതിക്ക്‌ 39,100 കോടി രൂപയാണ്‌ വകയിരുത്തിയത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ 144 ശതമാനം അധികമാണ്‌ ഈ തുക. പദ്ധതിയനുസരിച്ചുള്ള കുറഞ്ഞ കൂലി 100 രൂപയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും മന്ത്രി നടത്തി. ദേശീയപാതാ വികസനത്തിനുള്ള തുക 24 ശതമാനവും ജലസേചന പദ്ധതികളുടെ നിര്‍മാണത്തിനുള്ള തുകയില്‍ 75 ശതമാനവും വര്‍ധിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു നഗര വികസന പദ്ധതിക്ക്‌ 87 ശതമാനം അധിക വിഹിതമാണ്‌ അനുവദിച്ചത്‌. ഇത്തരം നിര്‍ദേശങ്ങളെല്ലാം സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ വര്‍ധിപ്പിക്കുന്നതിനുള്ള പരോക്ഷ നടപടികളായി കാണേണ്ടിവരും.


സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ ഉയര്‍ത്തുന്നതിന്‌ ധന, ഊഹ, റിയല്‍ എസ്റ്റേറ്റ്‌ വിപണികളെ സജീവമാക്കി നിര്‍ത്താനാണ്‌ മുന്‍കാലങ്ങളില്‍ ശ്രമിച്ചിരുന്നത്‌. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ ധനവിപണിയെ ഊര്‍ജസ്വലമാക്കാമെന്ന്‌ ധനമന്ത്രി കണക്കു കൂട്ടുന്നു. ദേശീയപാതാ വികസനം, ജലസേചന പദ്ധതികളുടെ നിര്‍മാണം ത്വരിതപ്പെടുത്തല്‍, പ്രധാനമന്ത്രിയുടെ റോഡ്‌ വികസന പദ്ധതി തുടങ്ങിയവക്ക്‌ കൂടുതല്‍ പണം അനുവദിക്കുന്നതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ തൊഴിലുകള്‍ സംജാതമാകും. അത്‌ ചെറുകിട, ഇടത്തരം വിപണികളില്‍ കൂടുതല്‍ പണം എത്തിക്കും. സമ്പന്ന വിഭാഗങ്ങള്‍ ആശ്രയിക്കുന്ന വന്‍കിട വിപണികളിലെ ധനമൊഴുക്കിനേക്കാള്‍ ഉപരി ചെറുകിട, ഇടത്തരം വിപണികളില്‍ പണമെത്തിക്കാനാണ്‌ ധനമന്ത്രി ലക്ഷ്യമിട്ടത്‌ എന്നത്‌ പ്രധാനപ്പെട്ട ഒരു നയ വ്യതിയാനമായി കാണേണ്ടിവരും. സാമ്പത്തിക വളര്‍ച്ചയുടെ നിരക്ക്‌ ഉയര്‍ത്തുന്നതില്‍ നിര്‍മാണ മേഖലക്കുള്ള പങ്ക്‌ ധനമന്ത്രി കുറച്ചു കാണുന്നില്ല. അതിനു കൂടി ലക്ഷ്യമിട്ടാണ്‌ ഗ്രാമ, നഗര പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനായി ഇത്തരത്തില്‍ കൂടുതല്‍ പണം നീക്കിവെച്ചിരിക്കുന്നത്‌. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക്‌ നികുതി ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറായതും ഗ്രാമീണ മേഖലയെയും ഇടത്തരം നഗരങ്ങളെയും ലക്ഷ്യമിട്ടു തന്നെയാണ്‌.


കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുത്തനെയുണ്ടായ ഇടിവ്‌ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മേഖലയില്‍ നാല്‌ ശതമാനം വളര്‍ച്ചാ നിരക്ക്‌ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്‌. കാര്‍ഷിക മേഖലയിലെ വായ്‌പക്കായി 3.25 ലക്ഷം കോടി രൂപയാണ്‌ നീക്കിവെച്ചിരിക്കുന്നത്‌. കൃത്യമായ വായ്‌പാ തിരിച്ചടവ്‌ നടത്തുന്നവര്‍ക്ക്‌ പലിശ നിരക്ക്‌ ഇളവ്‌ ചെയ്യാനുള്ള നിര്‍ദേശവും ഈ മേഖലക്കു ഗുണകരമാണ്‌. പക്ഷേ, വളം സബ്‌സിഡിയുടെ രീതി മാറ്റാനുള്ള നിര്‍ദേശം ആശങ്ക ജനിപ്പിക്കുന്നുണ്ട്‌. കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ സബ്‌സിഡി ലഭ്യമാക്കാനാണ്‌ പുതിയ നിര്‍ദേശം. കമ്പനികള്‍ സബ്‌സിഡി നിരക്കില്‍ വളം വിതരണം ചെയ്യുകയും സബ്‌സിഡി തുക കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്ന രീതി മാറും. അര്‍ഹരായ കര്‍ഷകര്‍ക്ക്‌ മാത്രമായി സബ്‌സിഡി പരിമിതപ്പെടുത്താനുള്ള ശ്രമത്തിന്റെ മുന്നോടിയായി വേണം ഈ നടപടിയെ കാണാന്‍.


സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം പട്ടിക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുമ്പോള്‍ തന്നെ അവരെ പ്രത്യേകം അഭിസംബോധന ചെയ്യാനും ബജറ്റ്‌ ശ്രമിച്ചിരിക്കുന്നു. പട്ടിക വിഭാഗങ്ങള്‍ക്ക്‌ മുന്‍തൂക്കമുള്ള ആയിരം ഗ്രാമങ്ങള്‍ തിരഞ്ഞെടുത്ത്‌ ആദര്‍ശ ഗ്രാമങ്ങളായി വികസിപ്പിക്കുമെന്ന പ്രഖ്യാപനം ഉദാഹരണം. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ വിഹിതം 1000 കോടിയില്‍ നിന്ന്‌ 1,740 കോടിയായി ഉയര്‍ത്തി. ഇതില്‍ 994 കോടി രൂപ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരഞ്ഞെടുത്ത ജില്ലകളില്‍ ബഹുതല വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു മാത്രമുള്ളതാണ്‌. എല്ലാതരം വിദ്യാഭ്യാസ വായ്‌പകള്‍ക്കും പലിശ സബ്‌സിഡി നല്‍കാനുള്ള തീരുമാനവും സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചതും പൊതുവെ സ്വാഗതം ചെയ്യപ്പെടും.


വന്‍തോതിലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും വേഗത്തിലുള്ള ഉദാരവത്‌കരണത്തിനുമാണ്‌ സാമ്പത്തിക സര്‍വേ നിര്‍ദേശിച്ചിരുന്നത്‌. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളുടെ ആദായ നികുതി മാനദണ്ഡം പരിഷ്‌കരിക്കണമെന്ന്‌ സര്‍വേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ആനുകൂല്യത്തിന്‌ ധനമന്ത്രി തയ്യാറായില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്ക്‌ വ്യക്തമായ മാനദണ്ഡവും സാമ്പത്തിക സര്‍വേ നിര്‍ദേശിച്ചിരുന്നു. ഇത്‌ പൂര്‍ണമായി അംഗീകരിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനമായി ഉയര്‍ത്തുക, ബേങ്കിംഗ്‌, ചില്ലറ വില്‍പ്പന മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുക എന്നീ നിര്‍ദേശങ്ങളും സാമ്പത്തിക സര്‍വേ മുന്നോട്ടുവെച്ചിരുന്നു. ഈ നിര്‍ദേശങ്ങളെ പാടേ തള്ളിക്കളയുകയാണ്‌ പ്രണാബ്‌ ചെയ്‌തത്‌. ബേങ്കിംഗ്‌, ഇന്‍ഷ്വറന്‍സ്‌ രംഗം പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന നയപരമായ പ്രഖ്യാപനം അദ്ദേഹം നടത്തുകയും ചെയ്‌തു.


ചെറിയൊരു പിന്‍നടത്തമാണ്‌ പ്രണാബ്‌ മുഖര്‍ജി നടത്തുന്നത്‌ എന്നത്‌ വ്യക്തമാണ്‌. അത്‌ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്‌ തന്നെ മനസ്സിലാക്കാനാവും. ബേങ്കിംഗ്‌ മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന്‌ പ്രഖ്യാപിച്ച അദ്ദേഹം 40 വര്‍ഷം മുമ്പ്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ബേങ്കിംഗ്‌ മേഖലയെ ദേശസാത്‌കരിച്ചുകൊണ്ട്‌ നടത്തിയ വിപ്ലവകരമായ പരിഷ്‌കാരത്തെ പ്രത്യേകം എടുത്തു പറഞ്ഞു. ഇന്ദിരാ ഗാന്ധി ദീര്‍ഘ വീക്ഷണത്തോടെ നടപ്പാക്കിയ ഈ പരിഷ്‌കാരം മൂലമാണ്‌ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ബേങ്കിംഗ്‌ മേഖലയെ ബാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബേങ്കിംഗ്‌ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ കഴിഞ്ഞ യു പി എ സര്‍ക്കാറില്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്‌ ശ്രമിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ്‌ മൂലമാണ്‌ അന്ന്‌ അത്‌ നടക്കാതെ പോയത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ബേങ്കിംഗ്‌ മേഖലയെ ബാധിക്കാതിരുന്നത്‌ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ തങ്ങള്‍ എതിര്‍ത്തതുകൊണ്ടാണെന്ന്‌ ഇടതുപക്ഷം അവകാശപ്പെടുകയും ചെയ്‌തിരുന്നു. ഈ വാദത്തെ സാധൂകരിക്കുന്നത്‌ കൂടിയാണ്‌ പ്രണാബിന്റെ പ്രഖ്യാപനം.


പടിഞ്ഞാറിന്റെ സമ്പദ്‌മേഖലയെ അന്ധമായി അനുകരിച്ചിരുന്ന ഒരു കാലത്തില്‍ നിന്ന്‌ പരിഷ്‌കാരങ്ങളെ പൂര്‍ണമായി തള്ളിക്കളയാതെ, അടിസ്ഥാന പ്രശ്‌നങ്ങളെയും അടിസ്ഥാന ജനവിഭാഗങ്ങളെയും അഭിമുഖീകരിക്കുന്ന ഒരു കാലത്തിലേക്ക്‌ ചുവടുമാറ്റാനാണ്‌ പ്രണാബ്‌ ശ്രമിക്കുന്നത്‌. സമ്മിശ്ര സമ്പദ്‌വ്യവസ്ഥയെന്ന കോണ്‍ഗ്രസിന്റെ പഴയ സിദ്ധാന്തത്തിന്റെ ലാഞ്ചനകള്‍ ഈ ബജറ്റില്‍ കാണാനാകും. ഡോ. മന്‍മോഹന്‍ സിംഗിന്റെ അജന്‍ഡകളില്‍ നിന്ന്‌ തെന്നിമാറുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ അപ്രതീക്ഷിത നേട്ടത്തിന്‌ ശേഷം രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച ഗ്രാമീണ അജന്‍ഡക്ക്‌ പ്രാധാന്യം ലഭിക്കുകയാണ്‌. കോണ്‍ഗ്രസില്‍ വരാനിരിക്കുന്ന അരിയിട്ടുവാഴ്‌ചക്കു കളമൊരുങ്ങുകയാണെന്നതാണ്‌ ഈ ബജറ്റിന്റെ രാഷ്‌ട്രീയം. അതുകൊണ്ടുതന്നെ വരും ബജറ്റുകളില്‍ പ്രണാബ്‌ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകള്‍ ഇതില്‍ നിന്ന്‌ ഭിന്നമാകാന്‍ ഇടയില്ല.

2009-07-02

ഈ ബെല്ലോടെ നാടകത്തിന്റെ അവസാന രംഗം...


ഒരു `സ്വാശ്രയ നാടക'ത്തിന്റെ കൂടി അന്തിമ രംഗം ആടിത്തീരുകയാണ്‌. അഞ്ചു വര്‍ഷമായി ഓരോ അധ്യയന വര്‍ഷത്തിന്റെയും ആരംഭത്തിലെ പതിവ്‌ കാഴ്‌ചയായ നാടകം. സ്വാശ്രയ സ്ഥാപനങ്ങളിലേക്കും സെക്രട്ടേറിയറ്റിന്‌ മുന്നിലേക്കും മാര്‍ച്ച്‌ നടത്താന്‍ എസ്‌ എഫ്‌ ഐക്കാരില്ലെന്നതുമാത്രമാണ്‌ ആകെയുള്ള മാറ്റം. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ നീതിപൂര്‍വകമായ ഫീസ്‌ മാത്രമേ ഈടാക്കാന്‍ അനുവദിക്കൂ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവന ആദ്യം വന്നു. കോളജ്‌ നടത്തിക്കൊണ്ടുപോകാന്‍ പാകത്തില്‍ നിരക്ക്‌ വര്‍ധിപ്പിക്കണമെന്ന്‌ മാനേജുമെന്റുകള്‍ മറുപടി നല്‍കി. തുടര്‍ന്ന്‌ മന്ത്രിയുടെ അധ്യക്ഷതയില്‍ മാനേജ്‌മെന്റ്‌ പ്രതിനിധികളുമായി ചര്‍ച്ച. ഫീസ്‌ സംബന്ധിച്ച്‌ ഏറെക്കുറെ ധാരണയിലെത്തുകയും കരാറൊപ്പിടാന്‍ തീരുമാനിക്കുകയും ചെയ്‌തു. പൊടുന്നനെ എതിര്‍പ്പുകളുന്നയിച്ച്‌ സി പി ഐ വിദ്യാര്‍ഥി സംഘടനയായ എ ഐ എസ്‌ എഫ്‌ രംഗത്തെത്തി, പിന്നാലെ സി പി ഐയും. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ഒപ്പിടുന്നത്‌ മാറ്റിവെക്കാന്‍ മെഡിക്കല്‍ മാനേജുമെന്റുകള്‍ തീരുമാനിച്ചു. നാടകത്തില്‍ വരാനിരിക്കുന്ന രംഗങ്ങള്‍ ഇവയാണ്‌.


മാനേജ്‌മെന്റുകളുമായി വിദ്യാഭ്യാസ മന്ത്രിയുണ്ടാക്കിയ ധാരണകളെക്കുറിച്ച്‌ മന്ത്രിസഭയും ഇടതുമുന്നണിയും പതിവ്‌ ചര്‍ച്ച നടത്തും. ചില ചില്ലറ മാറ്റങ്ങളോടെ ധാരണകള്‍ അംഗീകരിക്കും. സ്വീകാര്യമല്ലാത്ത വ്യവസ്ഥകള്‍ ഇടതു മുന്നണി മുന്നോട്ടുവെച്ചാല്‍ പാറശ്ശാല മുതല്‍ തലശ്ശേരിവരെയുള്ള പള്ളികളില്‍ സഭാ നേതാക്കളുടെ ഇടയലേഖന വായന നടക്കും. അതോടെ സര്‍ക്കാര്‍ അനുരഞ്‌ജനത്തിന്‌ തയ്യാറാവും. തുടര്‍ന്ന്‌ കരാറില്‍ ഒപ്പ്‌ വെക്കുകയും ചെയ്യും. കരാറിനെ എതിര്‍ക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ എ ഐ എസ്‌ എഫ്‌ നേതാക്കള്‍ (ചിലപ്പോള്‍ എസ്‌ എഫ്‌ ഐ നേതാക്കളും) വാര്‍ത്താ സമ്മേളനം നടത്തുന്നതോടെ ഇക്കൊല്ലത്തെ `സ്വാശ്രയ നാടക'ത്തിന്‌ തിരശ്ശീല വീഴും. കരാര്‍ മാനേജുമെന്റുകളെ സഹായിക്കുന്നതും പാവപ്പെട്ടവരെ അവഗണിക്കുന്നതും ആണെന്നാരോപിച്ച്‌ സെക്രട്ടേറിയറ്റിന്‌ മുന്നിലേക്ക്‌ കെ എസ്‌ യു നടത്തുന്ന ഒരു പ്രകടനം ക്ലൈമാക്‌സിന്‌ കൊഴുപ്പ്‌ കൂട്ടുന്നതിനായി ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്‌.ഇടതു, വലതു മുന്നണികള്‍ ഭരണത്തിലിരിക്കുമ്പോള്‍ അഭിനേതാക്കള്‍ മാറുന്നുവെന്ന വ്യത്യാസമേയുള്ളൂ. ചില അഭിനേതാക്കള്‍ സ്വീകരിക്കുന്ന വേഷത്തിലും മാറ്റമുണ്ടാവും. വലതു മുന്നണിയാണ്‌ ഭരണത്തിലെങ്കില്‍ കരാറിനെ തീക്ഷ്‌ണമായി എതിര്‍ത്ത്‌ തെരുവിലിറങ്ങുന്ന വേഷമായിരിക്കും എസ്‌ എഫ്‌ ഐക്ക്‌. എതിര്‍പ്പ്‌ വാര്‍ത്താ സമ്മേളനത്തിലൊതുക്കും കെ എസ്‌ യു. ഇടതുമുന്നണിയാണ്‌ ഭരണത്തിലെങ്കില്‍ ഈ സംഘടനകള്‍ വേഷം പരസ്‌പരം മാറും. ഉന്നത വിദ്യാഭ്യാസത്തിന്‌ യോഗ്യരായ പാവപ്പെട്ടവര്‍ക്ക്‌ കൂടുതല്‍ അവസരമൊരുക്കും വിധത്തില്‍ സ്വാശ്രയ കോളജുകളുടെ ഫീസ്‌ നിരക്ക്‌ നിശ്ചയിക്കണമെന്നാണ്‌ ഇരുമുന്നണികളുടെയും നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കാറ്‌. പക്ഷേ, പ്രാബല്യത്തില്‍ വരുന്നത്‌ ഇതാകാറില്ലെന്നു മാത്രം.സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശം, ഫീസ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം കേരളത്തില്‍ മാത്രമുള്ള ഒന്നല്ല. ഏറെക്കാലം മുമ്പ്‌ തന്നെ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ച കര്‍ണാടക, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമയുദ്ധങ്ങള്‍ നടന്നിരുന്നു, ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഉണ്ണിക്കൃഷ്‌ണന്‍, ടി എം എ പൈ, പി എ ഇനാംദാര്‍ തുടങ്ങിയ പേരുകളില്‍ പ്രമാദമായ കേസുകളും വിധികളും ഇതേത്തുടര്‍ന്നുണ്ടായിട്ടുണ്ട്‌. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഈ വിധികളില്‍ അനുകൂലമായവ ഉയര്‍ത്തിക്കാട്ടാന്‍ വിദ്യാര്‍ഥി സംഘടനകളും മാനേജുമെന്റുകളും ശ്രമിക്കുകയും ചെയ്യും. മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഭിന്നമായ ചില കാര്യങ്ങള്‍ കേരളത്തിലുണ്ട്‌. ലാഭം മാത്രം മുന്നില്‍ കാണുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ സൗകര്യപൂര്‍വം മറക്കാന്‍ ശ്രമിക്കുന്ന ചില യാഥാര്‍ഥ്യങ്ങള്‍. രാഷ്‌ട്രീയ പാര്‍ട്ടികളും ഇത്‌ മറക്കാന്‍ ഇഷ്‌ടപ്പെടുന്നുവെന്നതാണ്‌ വൈരുധ്യം.2001ലെ എ കെ ആന്റണി സര്‍ക്കാറാണ്‌ സംസ്ഥാനത്ത്‌ സ്വകാര്യ സ്വാശ്രയ കോളജുകള്‍ ആരംഭിക്കുന്നതിന്‌ അനുമതി നല്‍കിയത്‌. കേരളത്തിലെ വിദ്യാര്‍ഥികള്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും പോയി ലക്ഷങ്ങള്‍ മുടക്കി പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നുവെന്നും ആ പണം കേരളത്തില്‍ തന്നെ നിലനിര്‍ത്തുന്നതിന്‌ സ്വാശ്രയ കോളജുകള്‍ അനിവാര്യമാണെന്നുമായിരുന്നു വാദം. ഇതു സംബന്ധിച്ച്‌ വിവിധ വിഭാഗങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ അനിഷേധ്യമായ സ്ഥാനം അലങ്കരിക്കുന്ന ക്രൈസ്‌തവസഭകള്‍ക്ക്‌ ചര്‍ച്ചകളില്‍ മുന്‍തൂക്കമുണ്ടായതില്‍ അത്ഭുതമില്ല. അമ്പത്‌ ശതമാനം സീറ്റില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന മെറിറ്റ്‌ ലിസ്റ്റിലെ വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശം അനുവദിക്കണമെന്നും അവരില്‍ നിന്ന്‌ സര്‍ക്കാര്‍ കോളജിലെ ഫീസ്‌ മാത്രമേ ഈടാക്കാവൂ എന്നും ആന്റണി സര്‍ക്കാര്‍ വ്യവസ്ഥ വെച്ചു. സഭയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതംഗീകരിച്ചു.


മാന്യന്‍മാര്‍ തമ്മിലുള്ള കരാറായാതിനാല്‍ ഇക്കാര്യം രേഖീയമാക്കേണ്ടെന്ന്‌ തീരുമാനിച്ചുവെന്നാണ്‌ ആന്റണി പിന്നീട്‌ പറഞ്ഞത്‌. കോളജുകള്‍ അനുവദിച്ചു കഴിഞ്ഞതോടെ പലരുടെയും നിറം മാറാന്‍ തുടങ്ങി. ആദ്യം നിറം മാറിയത്‌ സഭയുടെ നിയന്ത്രണത്തില്‍ തന്നെയുള്ള കോളജ്‌ മാനേജ്‌മെന്റിന്റെതാണ്‌. കോളജ്‌ നടത്തിക്കൊണ്ടുപോകാന്‍ പാകത്തില്‍ ഫീസ്‌ ഈടാക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അവര്‍ ഹൈക്കോടതിയെ സമീപിച്ചു, അനുകൂല വിധി നേടി. പിന്നീട്‌ യു ഡി എഫ്‌ സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന്‌ നിയമം കൊണ്ടുവന്നു. അത്‌ കോടതി സ്റ്റേ ചെയ്‌തു. യു ഡി എഫിന്റെ സ്വാശ്രയ നയത്തിനെതിരെ പോരടിച്ചിരുന്ന ഇടതുപക്ഷം തുടര്‍ന്ന്‌ അധികാരത്തിലെത്തി. അവര്‍ പുതിയ നിയമം കൊണ്ടുവന്നു. അതും കോടതി സ്റ്റേ ചെയ്‌തു. നിയമമുണ്ടാക്കിയതിലെ പാളിച്ചയാണ്‌ സ്റ്റേ ചെയ്യാന്‍ കാരണമെന്ന്‌ അതാത്‌ കാലത്ത്‌ എതിര്‍ മുന്നണികള്‍ ആരോപിക്കുകയും ചെയ്‌തു.അമ്പത്‌ ശതമാനം സര്‍ക്കാര്‍ സീറ്റ്‌ അനുവദിക്കാമെന്നത്‌ അംഗീകരിച്ചിരുന്നുവെന്ന കാര്യം മാനേജ്‌മെന്റുകളും ഈ പ്രശ്‌നത്തില്‍ രണ്ടാം വിമോചന സമരത്തിന്‌ വരെ ആഹ്വാനം നല്‍കിയ ബിഷപ്പുമാരും ഓര്‍ക്കാറേയില്ല. ഇപ്പോള്‍ ഇടത്‌, വലത്‌ മുന്നണികളും ഇക്കാര്യം ഓര്‍ക്കുന്നില്ല. രണ്ട്‌ നിയമങ്ങള്‍ സംസ്ഥാന നിയമസഭ പാസ്സാക്കിയിരുന്നുവെന്നതും ഇവരുടെ ഓര്‍മകളില്‍ ഉണ്ടെന്ന്‌ തോന്നുന്നില്ല. അതുണ്ടായിരുന്നുവെങ്കില്‍ നിയമം ചോദ്യംചെയ്‌ത്‌ സമര്‍പ്പിച്ച ഹരജികളില്‍ വൈകാതെ തീര്‍പ്പുണ്ടാകണമെന്ന്‌ കാണിച്ച്‌ ഒരപേക്ഷയെങ്കിലും സുപ്രീം കോടതിയില്‍ നല്‍കുമായിരുന്നല്ലോ. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നാണ്‌ ഇടക്കാലത്ത്‌ ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നത്‌. ഇടത്‌ പിന്തുണയോടെ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇതിന്‌ ശ്രമിക്കാന്‍ അവര്‍ തയ്യാറായില്ല.


ഇപ്പോള്‍ കോണ്‍ഗ്രസിന്റെ 13 എം പിമാര്‍ ലോക്‌സഭയിലുണ്ട്‌. ആറ്‌ കേന്ദ്രമന്ത്രിമാരും. സ്വാശ്രയ മേഖലയെ നിയന്ത്രിക്കുന്നതിന്‌ നിയമം കൊണ്ടുവരാന്‍ ഇവര്‍ക്ക്‌ സമ്മര്‍ദം ചെലുത്താം. അവര്‍ അത്‌ ചെയ്യുമെന്ന്‌ പ്രതീക്ഷിക്കാന്‍ വയ്യ. വിദേശ സര്‍വകലാശാലകള്‍ക്ക്‌ അനുമതി നല്‍കാനും വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം അനുവദിക്കാനും മന്‍മോഹന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുമ്പോള്‍ ഈ ആവശ്യം മുന്നോട്ടുവെക്കാന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം പിമാര്‍ക്ക്‌ കഴിയുകയേ ഇല്ല.


പ്രവേശത്തിന്‌ തലവരി വാങ്ങുന്ന സംഭവവും മറവിയുടെ പട്ടികയിലുണ്ട്‌. സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലും തലവരി നിലനില്‍ക്കുന്നുവെന്നത്‌ ആരോപണമല്ല. തലവരി വാങ്ങുന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്ന ഭീഷണികള്‍ ഇടക്കിടെ സര്‍ക്കാര്‍ പുറപ്പെടുവിക്കാറുണ്ട്‌. ഇക്കാലത്തിനിടെ തലവരി വാങ്ങിയ ഒരു കേസ്‌ പോലും പുറത്തുവന്നിട്ടില്ല എന്ന വസ്‌തുത മുന്നില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാറിന്റെ ഭീഷണിയുടെ ആഴം ബോധ്യമാവും. സര്‍ക്കാറിനെതിരെ മാത്രമല്ല തലവരിക്കെതിരെയും ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു ക്രിസ്‌തീയ സഭ. എന്നാല്‍ ഈ ഇടയലേഖനം മറക്കാനാണ്‌ സഭകള്‍ക്ക്‌ കീഴിലുള്ള സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഇഷ്‌ടപ്പെടുന്നത്‌. ഈ കോളജുകളിലെ അടിസ്ഥാന സൗകര്യത്തെക്കുറിച്ചോ അധ്യാപന നിലവാരത്തെക്കുറിച്ചോ ആരും ഉത്‌കണ്‌ഠ പ്രകടിപ്പിച്ച്‌ കാണാറില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ പാട്ടിലാക്കുക മാനേജ്‌മെന്റുകള്‍ക്ക്‌ പ്രയാസമുള്ള കാര്യവുമല്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടാല്‍ ജാതി, മത വികാരത്തിന്റെ പരിച ഫലപ്രദമായി ഉപയോഗിക്കപ്പെടും. ഈടാക്കുന്ന ഫീസിന്‌ ആനുപാതികമായ നിലവാരം കോളജുകള്‍ക്ക്‌ ഉണ്ടെന്ന്‌ ഉറപ്പാക്കാന്‍ പോലും കഴിയാത്ത സര്‍ക്കാറുകള്‍ ആരോടാണ്‌ പ്രതിബദ്ധത കാട്ടുന്നത്‌ എന്ന്‌ മനസ്സിലാക്കുക എളുപ്പമാണ്‌.അമ്പത്‌ ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ്‌ അംഗീകരിച്ചാല്‍ കോളജുകള്‍ നടത്തിക്കൊണ്ടുപോകുന്നതിന്‌ മാനേജ്‌മെന്റ്‌ സീറ്റില്‍ വലിയ തുക ഫീസായി ഈടാക്കേണ്ടിവരുമെന്നും അങ്ങനെവന്നാല്‍ കോളജുകളിലേക്ക്‌ കുട്ടികളെ കിട്ടില്ലെന്നുമുള്ള വാദമാണ്‌ ആന്റണി സര്‍ക്കാറിന്റെ കാലത്ത്‌ മാനേജ്‌മെന്റുകള്‍ ഉന്നയിച്ചത്‌. ലക്ഷങ്ങള്‍ തലവരി നല്‍കി സീറ്റ്‌ വാങ്ങാന്‍ രക്ഷാകര്‍ത്താക്കള്‍ ധാരാളമുള്ളപ്പോള്‍ മാനേജ്‌മെന്റ്‌ സീറ്റില്‍ ഫീസുയര്‍ന്നാല്‍ കുട്ടികളെ കിട്ടില്ലെന്നത്‌ അവിശ്വസനീയമാണ്‌. ഉയര്‍ന്ന ഫീസിനൊപ്പം തലവരി കൂടി വാങ്ങാന്‍ സൗകര്യം ലഭിക്കണമെന്നതായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ജനങ്ങളുടെ മുമ്പാകെ കൂട്ടായി ഉന്നയിക്കാന്‍ നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയ്യാറാവാത്തതാണ്‌ സ്വാശ്രയ പ്രശ്‌നത്തെ ഇത്രത്തോളം വലുതാക്കിയത്‌. മാനേജ്‌മെന്റുകള്‍ വാക്ക്‌ മാറിയതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായതെന്ന വസ്‌തുത ജനകീയ വിഷയമാക്കാന്‍ ശ്രദ്ധിച്ചതുമില്ല.


നിയമപരമായി നേരിടുന്നതിന്‌ പകരം സാമൂഹികമായ ഒരു സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിച്ചതുമില്ല. പകരം വിദ്യാര്‍ഥികളെ തെരുവിലേക്ക്‌ ഇറക്കിവിട്ടു. സമരം അക്രമാസക്തമായപ്പോള്‍ മാനേജ്‌മെന്റുകള്‍ക്ക്‌ മേല്‍ക്കോയ്‌മയുണ്ടായി. സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശത്തിന്‌ വേണ്ടിയുള്ള സമരം ക്രൈസ്‌തവര്‍ക്കെതിരായ സമരമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ സഭാ നേതൃത്വങ്ങള്‍ക്ക്‌ അവസരമുണ്ടാക്കിക്കൊടുത്തു. ന്യൂനപക്ഷ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു എന്ന മുറവിളിക്ക്‌ വിശ്വാസ്യത കൈവരികയും ചെയ്‌തു. ഇതില്‍ കൊടിഭേദമില്ലാതെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പങ്കാളികളാണ്‌. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ അവസരങ്ങള്‍ നിലനിര്‍ത്തണമെന്ന പ്രഖ്യാപനത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ ഇനിയെങ്കിലും യോജിച്ച്‌ നീങ്ങാനുള്ള ഇച്ഛാശക്തി കാട്ടുകയാണ്‌ വേണ്ടത്‌.


കോളജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ പാകത്തിലുള്ള വരുമാനം മാനേജ്‌മെന്റുകള്‍ക്ക്‌ ഉറപ്പാക്കിക്കൊണ്ട്‌ പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണം. ലാഭമുണ്ടാക്കാനല്ല കോളജുകള്‍ എന്ന വസ്‌തുത അതിന്റെ നടത്തിപ്പുകാരെക്കൊണ്ട്‌ അംഗീകരിപ്പിക്കണം. അല്ലെങ്കില്‍ സമഗ്രവും നീതിയുക്തവുമായ ഒരു കേന്ദ്ര നിയമത്തിന്‌ വേണ്ടി ശ്രമിക്കണം. മാനേജുമെന്റുകളുടെയും അവരെ പിന്തുണക്കുന്ന മത നേതൃത്വത്തിന്റെയും എതിര്‍പ്പുണ്ടാവും. പക്ഷേ, ശ്രമം ആത്മാര്‍ഥമാണെങ്കില്‍ ജനങ്ങളുടെ പിന്തുണ ഉണ്ടാവുമെന്ന്‌ ഉറപ്പ്‌. ക്രൈസ്‌തവ വിഭാഗങ്ങള്‍ (സഭാ നേതൃത്വം എന്ന്‌ തിരുത്തി വായിക്കണം) ഇടതുമുന്നണിയില്‍ നിന്ന്‌ അകന്നത്‌ തോല്‍വിക്ക്‌ കാരണമായെന്ന്‌ സി പി എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയ സാഹചര്യത്തില്‍ ഇതിനെല്ലാമുള്ള സാധ്യത വിരളമാണ്‌. പാര്‍ട്ടിയെയും മുന്നണിയെയും മറികടന്ന്‌ പാവങ്ങളടെ പടത്തലവനാകുന്ന വി എസ്‌ പോലും ഇക്കാര്യത്തില്‍ മൗനം തുടരുമ്പോള്‍ പ്രത്യേകിച്ചും.ഇനി അടുത്ത അധ്യയന വര്‍ഷാരംഭത്തിലെ നാടകത്തിന്‌ തിരക്കഥ എഴുതിത്തുടങ്ങാം. അഭിനേതാക്കളില്‍ കാര്യമായ മാറ്റം വേണ്ട എന്നത്‌ സൗകര്യമാണ്‌. പുതിയൊരു ഫീസ്‌ ഘടന ആലോചിക്കണമെന്ന്‌ മാത്രം. ഒപ്പം വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ പ്രൊഫഷണല്‍ ബിരുദധാരി ആത്മഹത്യചെയ്‌തു എന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നതിന്‌ കാത്തിരിക്കാം.