2009-08-30

പൊഖ്‌റാനിലേത്‌ പൊയ്‌വെടി?


1998ല്‍ പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ രണ്ടാമത്തെ അണ്വായുധ പരീക്ഷണങ്ങളെ സംബന്ധിച്ച്‌ ആണവ ശാസ്‌ത്രജ്ഞനായ കെ സന്താനം ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക്‌ പ്രാധാന്യം ഏറെയാണ്‌. രാഷ്‌ട്രീയ, ആണവശാസ്‌ത്ര മേഖലകളില്‍ ഇന്ത്യ സ്വീകരിക്കുന്ന നയനിലപാടുകളുമായി ഈ വെളിപ്പെടുത്തല്‍ ബന്ധപ്പെടുന്നുമുണ്ട്‌. 1998 മെയ്‌ 11, 13 തീയതികളിലായി അഞ്ച്‌ പരീക്ഷണങ്ങളാണ്‌ ഇന്ത്യ നടത്തിയത്‌. അതില്‍ ഏറ്റവും പ്രധാനം അണുസംയോജനത്തിലൂടെ വന്‍തോതില്‍ ഊര്‍ജോത്‌പാദനം നടത്തുന്ന പ്രക്രിയയാണ്‌ - ആയുധാവശ്യത്തിനുള്ള അണു സംയോജനമാവുമ്പോള്‍ അത്‌ പൊതുവില്‍ ഹൈഡ്രജന്‍ ബോംബ്‌ എന്നറിയപ്പെടും.


അണു വിഭജനത്തിലൂടെ വന്‍തോതില്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുകയും അത്‌ ആയുധാവശ്യത്തിന്‌ ഉപയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയുടെ പരീക്ഷണം 1974ലാണ്‌ ഇന്ത്യ നടത്തിയത്‌. പിന്നീട്‌ 24 വര്‍ഷത്തിന്‌ ശേഷം അണ്വായുധ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്‌ അന്ന്‌ നിലനിന്നിരുന്ന രാഷ്‌ട്രീയ സാഹചര്യങ്ങളുടെ കൂടി സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു. ബാബരി മസ്‌ജിദ്‌ ആസൂത്രിതമായി തകര്‍ക്കുകയും അതിന്‌ മുമ്പും പിമ്പുമായി നടത്തിയ തീവ്ര ഹൈന്ദവ പ്രചാരണത്തിലൂടെ അധികാരത്തിന്റെ വഴിയിലേത്തുകയും ചെയ്‌ത ബി ജെ പി ഹൈന്ദവതയെ ദേശീയതയുമായി മിശ്രണം ചെയ്യാന്‍ ശ്രമിച്ചതിന്റെ പ്രകടനം കൂടിയായിരുന്നു പൊഖ്‌റാനിലേത്‌. രണ്ടാമത്തെ അണ്വായുധ പരീക്ഷണം കഴിഞ്ഞ്‌ കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍, 1999 മെയില്‍, കാര്‍ഗിലിലെ പാക്കിസ്ഥാന്റെ കടന്നുകയറ്റവും ഇന്ത്യയുടെ പ്രത്യാക്രമണവുമുണ്ടാകുന്നു. ഈ രണ്ട്‌ സംഗതികള്‍ 1999 ഒക്‌ടോബറില്‍ എ ബി വാജ്‌പയിയെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത്‌ എത്തിക്കുകയും ചെയ്‌തു.


അഞ്ചാണ്ട്‌ നീണ്ട ഭരണത്തിനിടെ അമേരിക്കയുമായി ഏറെ അടുപ്പം പുലര്‍ത്താന്‍ വാജ്‌പയ്‌ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അതിന്‌ ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനാണ്‌ അടുത്തിയെ ബി ജെ പിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ജസ്വന്ത്‌ സിംഗ്‌. എന്നാല്‍ ഹൈന്ദവതയും ദേശീയതയും മിശ്രണം ചെയ്‌ത്‌ സൃഷ്‌ടിച്ച തെറ്റിദ്ധാരണ ദീര്‍ഘകാലം നിലനില്‍ക്കുന്നതായിരുന്നില്ല. 2004ല്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു പി എ, ഇടതു പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലേറി. വാജ്‌പയ്‌ സര്‍ക്കാര്‍ അമേരിക്കയുമായി തുടങ്ങിവെച്ച സംബന്ധം ബാന്ധവമായി രൂപപ്പെടുത്താനാണ്‌ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിച്ചത്‌. അതിന്റെ പരിണതിയാണ്‌ സൈനികേതര ആണവ സഹകരണത്തിനുള്ള കരാര്‍.


1974ലെ ആദ്യ അണ്വായുധ പരീക്ഷണത്തിന്‌ ശേഷം ഇന്ത്യക്ക്‌ മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ കാലാവധി അവസാനിക്കുന്നു. ഇന്ത്യക്ക്‌ അന്താരാഷ്‌ട്ര ആണവ സമൂഹവുമായി വിപണനത്തിന്‌ അവസരമൊരുങ്ങുന്നു. അമേരിക്ക, ഫ്രാന്‍സ്‌, റഷ്യ തുടങ്ങിയ ആണവ ശക്തികളില്‍ നിന്ന്‌ റിയാക്‌ടറുകളും സാങ്കേതികവിദ്യയും വാങ്ങാന്‍ അവസരമൊരുങ്ങുന്നു. രാജ്യം നേരിടുന്ന ഊര്‍ജ പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ പോകുന്നു. തുടങ്ങിയ സവിശേഷതകളാണ്‌ കരാറിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടപ്പെട്ടത്‌.


എതിര്‍വാദങ്ങളും ഉയര്‍ന്നിരുന്നു. പല മേഖലകളിലുമുള്ള അധികാരാവകാശങ്ങള്‍ ഇല്ലാതാക്കുന്ന വ്യവസ്ഥകള്‍ കരാറിലുണ്ടെന്നായിരുന്നു ആക്ഷേപം. ആണവ ഇന്ധനത്തിന്റെ സമ്പുഷ്‌ടീകരണത്തിനും പുനഃസംസ്‌കരണത്തിനുമുള്ള നൂതന സാങ്കേതിക വിദ്യ കൈമാറാന്‍ വ്യവസ്ഥയില്ല. അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗീകരിച്ച ഹൈഡ്‌ നിയമത്തിന്റെ പ്രത്യക്ഷവും ഗൂഢവുമായ വ്യവസ്ഥകള്‍ ഇന്ത്യ പാലിക്കേണ്ടിവരും. നിയമ വ്യവസ്ഥകള്‍ വരും കാലത്ത്‌ അമേരിക്കന്‍ ഭരണകൂടങ്ങള്‍ ഏത്‌ വിധത്തില്‍ വ്യാഖ്യാനിക്കുമെന്ന്‌ ഉറപ്പില്ല തുടങ്ങിയ വാദങ്ങള്‍ ഉയര്‍ന്നു. ഈ അമേരിക്കന്‍വിരുദ്ധ - അനുകൂല വാദഗതികള്‍ക്കിടയില്‍ പാര്‍ലിമെന്റിലും പുറത്തും വാഗ്‌ദാനങ്ങളും ഉറപ്പുകളും വാരി വിതറി ഡോ. മന്‍മോഹന്‍ സിംഗ്‌ ആണവ കരാറില്‍ ഒപ്പ്‌ വെച്ചു. കോണ്‍ഗ്രസും അധികാരമെന്ന ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സഖ്യകക്ഷികളും കരാറിനെ പിന്തുണക്കുകയും ചെയ്‌തു.


കരാറില്‍ ഒപ്പ്‌ വെച്ചുവെങ്കിലും അത്‌ പ്രാബല്യത്തിലാക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നതേയുള്ളൂ. ഇതിനിടെയാണ്‌ രണ്ടാം പൊഖ്‌റാന്‍ പരീക്ഷണത്തിന്‌ മേല്‍നോട്ടം വഹിച്ചവരില്‍ പ്രധാനിയായ കെ സന്താനം ഹൈഡ്രജന്‍ ബോംബിന്റെ പ്രയോഗക്ഷമത പരീക്ഷിച്ചത്‌ പൂര്‍ണ വിജയമായിരുന്നില്ല എന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്‌.


ആണവ കരാറിനെ എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടിയിരുന്ന മുഖ്യ പ്രശ്‌നങ്ങളില്‍ ഒന്ന്‌ ഭാവിയില്‍ ഇന്ത്യ അണ്വായുധപരീക്ഷണം നടത്തുന്നതിനെ തടയുന്ന വ്യവസ്ഥകള്‍ ഹൈഡ്‌ നിയമത്തിലുണ്ട്‌ എന്നതായിരുന്നു. ഇത്തരമൊരു വ്യവസ്ഥ അമേരിക്കന്‍ കോണ്‍ഗ്രസ്‌ പാസ്സാക്കിയ ഈ നിയമത്തിലുണ്ട്‌ എന്നത്‌ വസ്‌തുതയുമാണ്‌. (അമേരിക്ക പരസ്യപ്പെടുത്തിയ ഈ രേഖ, ഇന്റര്‍നെറ്റിലും മറ്റും എളുപ്പത്തില്‍ ലഭ്യമാണ്‌) ഹൈഡ്‌ നിയമത്തില്‍ ഇത്തരമൊരു വ്യവസ്ഥയില്ലെന്നാണ്‌ കരാറിനെ പിന്തുണച്ചിരുന്നവര്‍ ആദ്യം പറഞ്ഞത്‌. വ്യവസ്ഥയുണ്ടെന്നത്‌ അംഗീകരിക്കേണ്ടിവന്നപ്പോള്‍ ഇന്ത്യ ആണവ പ്രതിരോധ ശേഷി കൈവരിച്ചു കഴിഞ്ഞുവെന്നും ഇനിയൊരു പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നുമുള്ള വാദം ഉയര്‍ത്തി.


1998ലെ രണ്ടാം പൊഖ്‌റാന്‍ പരീക്ഷണത്തിന്റെ വിജയത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്‌ ഈ വാദം ഉന്നയിച്ചത്‌. ഈ വാദങ്ങളിലാണ്‌ സന്താനത്തിന്റെ വെളിപ്പെടുത്തല്‍ വിള്ളല്‍ വീഴ്‌ത്തുന്നത്‌. രണ്ടാം പൊഖ്‌റാന്‍ പൂര്‍ണ വിജയമായിരുന്നില്ല എന്ന്‌ സന്താനം പറയുമ്പോള്‍ ഇന്ത്യ വേണ്ടത്ര പ്രതിരോധ ശേഷി കൈവരിച്ചുകഴിഞ്ഞുവെന്ന വാദവും പൊളിയുകയാണ്‌.


സന്താനത്തിന്റെ വാദത്തെ തള്ളിക്കളഞ്ഞ്‌, 1998ല്‍ പ്രതിരോധ വകുപ്പിന്റെ ഉപദേഷ്‌ടാവായിരുന്ന മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍ കലാം, അന്ന്‌ പ്രതിരോധ സെക്രട്ടറിയായിരുന്ന ബ്രിജേഷ്‌ മിശ്ര, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്‌കര്‍, നാവിക സേനാ മേധാവി സുരീഷ്‌ മേത്ത തുടങ്ങിയവര്‍ രംഗത്തുവന്നിട്ടുണ്ട്‌. അമേരിക്കന്‍ അനുകൂല നിലപാടെടുക്കുകയോ ആണവ കരാറിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയോ ചെയ്‌തവരാണ്‌ ഇവരെല്ലാം എന്നത്‌ അവഗണിക്കാനാവില്ല. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന്‌ പ്രതിസന്ധിയിലായ യു പി എ സര്‍ക്കാറിനെ പിന്തുണക്കാന്‍ സമാജ്‌വാദി പാര്‍ട്ടി തീരുമാനിച്ചത്‌ ആണവ കരാറില്‍ രാജ്യത്തിന്‌ പ്രതികൂലമായി ഒന്നുമില്ല എന്നും കരാര്‍ ഏറെ സവിശേഷമാണ്‌ എന്നും അബ്‌ദുല്‍ കലാം നല്‍കിയ സര്‍ട്ടിഫിക്കറ്റ്‌ ഉയര്‍ത്തിപ്പിടിച്ചാണ്‌. ആണവ കരാര്‍ ഒപ്പ്‌ വെക്കുന്നതിന്‌ മുന്നോടിയായി നടന്ന തന്ത്രപ്രധാന ചര്‍ച്ചകളിലെല്ലാം മന്‍മോഹന്‍ സിംഗിന്റെ ദുതന്‍മാരില്‍ ഒരാളായിരുന്നു അനില്‍ കകോദ്‌കര്‍.


കരാറിനെ ആവുംവിധം എതിര്‍ത്ത പി കെ അയ്യങ്കാര്‍ (ആണവോര്‍ജ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍, 1974ലെ ആദ്യ അണ്വായുധ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കിയയാള്‍) കെ സന്താനത്തിന്റെ വാദഗതിയെ പിന്തുണച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌. സന്താനം പറയുന്നത്‌ ശരിവെച്ച മറ്റൊരു മുതിര്‍ന്ന ആണവ ശാസ്‌ത്രജ്ഞനായ എ ഗോപാലകൃഷ്‌ണനും ആണവ കരാറിന്റെ നിശിത വിമര്‍ശകരില്‍ ഒരാളായിരുന്നു. ഇത്തരത്തില്‍ സന്താനത്തിന്റെ വാദത്തെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും രണ്ടാക്കി വിഭജിച്ച്‌ നിര്‍ത്താം. പക്ഷേ, സന്താനത്തെ ഈ രണ്ട്‌ കള്ളികളിലും പെടുത്താനാവില്ല. ആണവ ശാസ്‌ത്ര മേഖലയില്‍ ഗവേഷണം നടത്തുകയും പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ (ഡി ആര്‍ ഡി ഒ) ഭാഗഭാഗാക്കാകുകയും ചെയ്‌ത ഇദ്ദേഹം ആണവ കരാറിനെ ഇതുവരെ വിമര്‍ശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്ക്‌ ആധികാരികത കൂടുതല്‍ നല്‍കേണ്ടിവരും.


ആണവ കരാര്‍ പ്രാബല്യത്തിലാക്കുന്നതിനുള്ള തുടര്‍ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്‌ സന്താനത്തിന്റെ വെളിപ്പെടുത്തലുണ്ടായിട്ടുള്ളത്‌. കരാര്‍ പ്രാബല്യത്തിലായ ശേഷം ഇക്കാര്യം പറയുന്നതുകൊണ്ട്‌ പ്രയോജനമുണ്ടാവില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത്‌. ആണവ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന്‌ മുന്നോടിയായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട മൂന്ന്‌ സുപ്രധാന കരാറുകളില്‍ ഇന്ത്യയെക്കൊണ്ട്‌ അമേരിക്ക ഒപ്പ്‌ വെപ്പിച്ചു കഴിഞ്ഞു. ആണവ നിര്‍വ്യാപന രംഗത്ത്‌ ഇന്ത്യയുടെ കൂടുതല്‍ ഊര്‍ജിതമായ ഇടപെടല്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഊര്‍ജിതമായ ഇടപെടല്‍ എന്ന്‌ യു എസ്‌ ഭരണകൂടം പറയുമ്പോള്‍ ആണവ നിര്‍വ്യാപന കരാറിലും (എന്‍ പി ടി), സമഗ്ര ആണവ പരീക്ഷണ നിരോധന കരാറിലും (സി ടി ബി ടി) ഒപ്പ്‌ വെക്കുക എന്നു തന്നെയാണ്‌ അതിന്‌ അര്‍ഥം. ഇതുകളില്‍ ഒപ്പുവെക്കാന്‍ വൈകാതെ ഇന്ത്യന്‍ ഭരണകൂടം തീരുമാനമെടുത്തേക്കുമെന്ന ആശങ്ക പ്രബലമാണ്‌. ആണവ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ ഹൈഡ്‌ നിയമം ഇന്ത്യക്ക്‌ ബാധകമാവും. പിന്നീട്‌ അണ്വായുധ പരീക്ഷണങ്ങള്‍ നടത്തുന്നത്‌ കരാര്‍ റദ്ദാക്കപ്പെടാന്‍ വരെ കാരണമായേക്കാം. മറ്റ്‌ കരാറുകളില്‍ ഒപ്പ്‌ വെക്കാന്‍ തീരുമാനിച്ചാല്‍ കൂടുതല്‍ പരുങ്ങലിലാവും.


തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ നടത്തി തെറ്റുകുറ്റങ്ങള്‍ തീര്‍ത്ത്‌ വിപുലമായ അണ്വായുധ ശേഖരമുണ്ടാക്കിവെക്കുക എന്നതല്ല സന്താനത്തിന്റെ വാദഗതിയുടെ പൊരുള്‍. ഏറ്റവും ചുരുങ്ങിയ ആണവ പ്രതിരോധ ശേഷി ആര്‍ജിക്കുക എന്നതും അതിന്റെ കൃത്യത പരീക്ഷണങ്ങളിലൂടെ ഉറപ്പാക്കുക എന്നതുമാണ്‌. അതിന്‌ തയ്യാറാകേണ്ടതിന്റെ ആവശ്യകത അമേരിക്കയുമായി ഇപ്പോഴുണ്ടാക്കുന്ന സൗഹൃദത്തില്‍ തന്നെയുണ്ട്‌. ഒരു കാലത്ത്‌ തോളില്‍ കൈയിട്ട്‌ നടന്ന രാജ്യങ്ങളുടെയെല്ലാം കാലില്‍ പിന്നീട്‌ ചവിട്ടിയ ചരിത്രമാണ്‌ അമേരിക്കയുടെത്‌. അഫ്‌ഗാനിസ്ഥാന്‍, ഇറാഖ്‌, പാക്കിസ്ഥാന്‍ എന്നു തുടങ്ങി ഉദാഹണങ്ങള്‍ നിരവധിയാണ്‌. ശത്രുപക്ഷത്ത്‌ പ്രതിഷ്‌ഠിച്ചിരുന്ന കാലത്തുപോലും സോവിയറ്റ്‌ യൂനിയനെയും ചൈനയെയും എതിരിടാന്‍ അമേരിക്ക ശ്രമിക്കാതിരുന്നത്‌ അവരുടെ പ്രതിരോധ ശേഷിയെ ഭയന്നിരുന്നതുകൊണ്ടാണ്‌. 1971ലെ ഇന്ത്യാ - പാക്‌ യുദ്ധകാലത്ത്‌ പാക്കിസ്ഥാനെ സഹായിക്കാന്‍ തീരുമാനിച്ച അമേരിക്ക, ബ്രഷ്‌നേവിന്റെ കപ്പല്‍ വ്യൂഹത്തെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ട്‌ പത്തി മടക്കിയ കഥ ഓര്‍ക്കാം.


ഭാവിയില്‍ സ്വന്തം സൈനിക, സാമ്പത്തിക കമ്പോളങ്ങളുടെ വ്യാപനത്തിന്‌ ഒരു തടസ്സമായി ഇന്ത്യയെ കാണുന്നപക്ഷം അമേരിക്ക കാലില്‍ ചവിട്ടാന്‍ മടിക്കില്ലെന്ന്‌ ഉറപ്പ്‌. അന്ന്‌ ഇടറാതെ അവരോട്‌ ഏറ്റു നില്‍ക്കണമെങ്കില്‍ സ്വന്തം പ്രതിരോധത്തെ പാളിച്ച കൂടാതെ കാക്കേണ്ടതുണ്ട്‌. അതുകൊണ്ടുകൂടിയാണ്‌ സന്താനം ഇപ്പോള്‍ നല്‍കുന്ന മുന്നറിയിപ്പ്‌ പ്രധാനമാവുന്നത്‌.


ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം പ്രതീക്ഷിച്ച വിജയമായിരുന്നില്ല എന്ന്‌ സന്താനം പറയുമ്പോള്‍ അണുസംയോജനത്തിന്‌ ഇന്ത്യയുടെ പക്കലുള്ള സാങ്കേതിക വിദ്യയുടെ കാര്യക്ഷമതയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. ബോംബ്‌ പരീക്ഷിച്ചില്ലെങ്കില്‍ കൂടി ഈ സാങ്കേതിക വിദ്യയുടെ പിഴവ്‌ തീര്‍ത്തു വെക്കേണ്ടത്‌ ഊര്‍ജ മേഖലയെ സംബന്ധിച്ച്‌ ഇന്ത്യക്ക്‌ നിര്‍ണായകമാണ്‌. ആണവ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ കൈമാറുന്നതിന്‌ അടുത്തിടെ അവസാനിച്ച ജി- എട്ട്‌ ഉച്ചകോടി ചില നിബന്ധനകള്‍ മുന്നോട്ടുവെച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. അല്ലെങ്കില്‍ അമേരിക്കന്‍ കമ്പനികള്‍ ഉത്‌പാദിപ്പിച്ച്‌ നല്‍കുന്ന ഊര്‍ജം അവര്‍ നിശ്ചയിക്കുന്ന വിലക്ക്‌ വാങ്ങി അവര്‍ സൃഷ്‌ടിക്കുന്ന വിതരണ ശൃംഖലകളിലൂടെ കൈമാറി അഷ്‌ടി നടത്തേണ്ടിവരും നമുക്ക്‌. പരോക്ഷമോ പ്രത്യക്ഷമോ ആയ പൂര്‍ണ അടിമത്തത്തില്‍.

2009-08-26

ഗുണ്ടാ വിപണി


`കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം' എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ പാടിയിട്ട്‌ രണ്ട്‌ നൂറ്റാണ്ടിലേറെയായി. സാഹചര്യങ്ങള്‍ മാറി. പക്ഷേ, ഈ വരിയില്‍ പറഞ്ഞുവെച്ച കാര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല. മുത്തൂറ്റ്‌ ഗ്രൂപ്പിന്‌ കീഴിലുള്ള വ്യവസായ സ്ഥാപനങ്ങളിലൊന്നിന്റെ തലവനായിരുന്ന പോള്‍ എം ജോര്‍ജിന്റെ കൊലപാതകത്തിലും ഈ വരി അര്‍ധവത്താണ്‌. കനകം (ധനം) ഇതിലൊരു ഘടകമായിട്ടുണ്ടെന്ന്‌ ഉറപ്പ്‌. കാമിനി ഉണ്ടോ ഇല്ലയോ എന്നതില്‍ സംശയങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. പോലീസ്‌ പിന്തുടരുന്ന അന്വേഷണ രീതിയും അവര്‍ ഇതിനകം പുറത്തുപറഞ്ഞ കാര്യങ്ങളും നിരവധി സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്‌. പക്ഷേ, ഇതേ കഥ പാടിപ്പതിയുകയാവും ചെയ്യുക എന്നത്‌ ഏറെക്കുറെ ഉറപ്പായിരിക്കുന്നു. കൊലപാതകത്തില്‍ `ക്വട്ടേഷന്‍' സംഘത്തിന്‌ പങ്കുണ്ട്‌ എന്നത്‌ ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്‌. കൊലയയുടെ കാരണത്തെക്കുറിച്ചാണ്‌ അവ്യക്തത നിലനില്‍ക്കുന്നത്‌. അന്വേഷണം, കോടതി നടപടികള്‍ എന്നിവയിലൂടെ ഉടലെടുത്തേക്കാവുന്ന നാടകീയതകള്‍ക്കായി കാത്തിരിക്കാം.


`ക്വട്ടേഷന്‍' സംഘം എന്ന വാക്കാണ്‌ ഏറെ പ്രധാനം. ഗുണ്ടാ സംഘം, അധോലോക സംഘം എന്നിവയൊക്കെ മലയാളികള്‍ക്ക്‌ സുപചരിചിതമായ വാക്കുകളാണ്‌. ഗുണ്ട എന്നത്‌ ഹിന്ദിയില്‍ നിന്ന്‌ ഉദയം കൊണ്ട്‌ ലോകത്താകമാനം സ്വീകാര്യത കൈവരിച്ച വാക്കാണ്‌. അക്രമം പ്രവര്‍ത്തിക്കാന്‍ മടിയില്ലാത്ത, അതിനു വേണ്ട കായിക ശേഷി ആര്‍ജിച്ച ആളെ കുറിക്കുന്നതാണ്‌ ഈ പദം. അധോലോകമെന്നത്‌ അണ്ടര്‍വേള്‍ഡ്‌ എന്ന ആംഗലേയ പദത്തിന്റെ മലയാള തത്തുല്യമാണ്‌. മുംബൈയുമായി ബന്ധപ്പെട്ടാണ്‌ ഈ വാക്ക്‌ പ്രചുരപ്രചാരം നേടിയത്‌. ഹാജി മസ്‌താന്‍ മുതല്‍ ദാവൂദ്‌ ഇബ്രാഹീം വരെയുള്ള അധോലോക നായകന്‍മാരുടെയും അവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളുടെയും ക്രൂരതകള്‍ വിവരിക്കുന്ന സംഭവങ്ങള്‍ നിരവധി. ഇവരെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകള്‍ക്കും പഞ്ഞമില്ല. പിന്നീട്‌ വന്‍നഗരങ്ങളെ കേന്ദ്രീകരിച്ചെല്ലാം അധോലോക സംഘത്തെക്കുറിച്ചുള്ള കഥകളുണ്ടായി. കേരളത്തില്‍ ഏറ്റവും ആദ്യം കൊച്ചിയാണ്‌ അധോലോക സംഘത്തിന്റെ പേരില്‍ അറിയപ്പെട്ടത്‌.


ഇതില്‍ നിന്ന്‌ മറ്റൊരു ഘട്ടത്തിലേക്കുള്ള `വളര്‍ച്ച'യായി വേണം ക്വട്ടേഷന്‍ സംഘം എന്ന വാക്കിനെ കാണാന്‍. ഒരു നിശ്ചിത ജോലി പറഞ്ഞുറപ്പിക്കുന്ന തുകക്ക്‌ ചെയ്‌ത്‌ തീര്‍ക്കുക എന്നതാണ്‌ ക്വട്ടേഷന്‍ എടുക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പറഞ്ഞുറപ്പിച്ച പ്രതിഫലത്തിന്‌ ഒരു കുറ്റകൃത്യം ചെയ്യുക എന്നതാണ്‌ ക്വട്ടേഷന്‍ സംഘത്തിന്റെ ജോലി. പരമ്പരാഗത ഗുണ്ടാ, അധോലോക സങ്കല്‍പ്പങ്ങളില്‍ നിന്ന്‌ ഇവക്ക്‌ വ്യത്യാസമുണ്ട്‌. ഉദാരീകൃതമായ ധനവിപണിയുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ്‌ അത്‌. പ്രതിഫലം പറ്റി കുറ്റകൃത്യം ചെയ്യുക എന്ന രീതി മുമ്പുമുണ്ടായിരുന്നു. പക്ഷേ, അതിന്‌ സംഘടിതമായ രീതിയും ഒരു പരിധിവരെ നിയമപരമായ പിന്‍ബലവും ലഭിച്ചുവെന്നതാണ്‌ ധനവിപണി ഉദാരവത്‌കരിച്ചതോടെ സംഭവിച്ചത്‌.


1990കളുടെ മധ്യത്തോടെയാണ്‌ ഇത്തരം സംഘങ്ങള്‍ കേരളത്തില്‍ സജീവമാവുന്നത്‌. 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും ഉദാവത്‌കരണത്തിന്റെയും ഫലങ്ങള്‍ കേരളത്തിലേക്ക്‌ എത്തിത്തുടങ്ങിയ കാലഘട്ടത്തില്‍. വിപണി തുറന്നു നല്‍കിയതോടെ ഇന്ത്യയില്‍ ഏറെ വികസിച്ച ഒന്ന്‌ വാഹന വിപണിയായിരുന്നു. മോട്ടോര്‍ സൈക്കിളുകളും കാറുകളും നിര്‍മിക്കുന്ന കമ്പനികള്‍ ഈ വലിയ ഉപഭോഗ സമൂഹത്തെ ലക്ഷ്യമിട്ടു. അവര്‍ക്ക്‌ വിപണിയില്‍ സ്വാധീനം ഉറപ്പാക്കണമെങ്കില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ പക്കല്‍ പണം ആവശ്യമായിരുന്നു. അല്ലെങ്കില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക്‌ പണം ലഭ്യമാവുന്ന വഴിയെങ്കിലും തുറന്നു കിട്ടണമായിരുന്നു. പരമ്പരാഗത ബേങ്കിംഗ്‌ രീതികള്‍ ഇവിടെ അപ്രായോഗികമായി. ധനവിപണിയെ നിയന്ത്രിച്ചിരുന്ന നിയമങ്ങള്‍ തടസ്സമായി. ഇത്തരം തടസ്സങ്ങള്‍ നീക്കിക്കൊടുക്കുകയാണ്‌ സര്‍ക്കാര്‍ ആദ്യം ചെയ്‌തത്‌.


സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വാഹന വിപണിയുമായി ബന്ധിപ്പിച്ചു. പൊതുമേഖലാ ബേങ്കുകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഉദാരമായ രീതിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വായ്‌പകള്‍ ലഭ്യമാക്കി. ഇതിലൂടെ വാഹന വിപണി സജീവമായി. പക്ഷേ, വായ്‌പകളുടെ തിരിച്ചടവ്‌ മുടങ്ങിയത്‌ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. അപ്പോഴാണ്‌ `ക്വട്ടേഷന്‍ സംഘ'മെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സംഘടിത വിഭാഗം കൂടുതല്‍ സജീവമായത്‌. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ചെല്ലും ചെലവും നല്‍കി ഇത്തരം സംഘങ്ങളെ വളര്‍ത്തി. വായ്‌പയുടെ തിരിച്ചടവില്‍ വീഴ്‌ചവരുത്തിയവരുടെ വാഹനങ്ങള്‍ ബലം പ്രയോഗിച്ച്‌ പിടിച്ചെടുക്കാന്‍ ഇവരെ നിയോഗിച്ചു. വായ്‌പയുടെ തിരിച്ചടവ്‌ മുടങ്ങിയാല്‍ പൊതമേഖലാ ബേങ്കുകള്‍ സ്വീകരിക്കുന്നത്‌ നിയമ വിധേയമായ മാര്‍ഗമാണ്‌. കോടതി നടപടിയിലൂടെ വാഹനം ജപ്‌തി ചെയ്യുക, അല്ലെങ്കില്‍ വായ്‌പക്ക്‌ ജാമ്യം നിന്നയാളുടെ പക്കല്‍ നിന്ന്‌ പണം ഈടാക്കന്‍ ശ്രമിക്കുക എന്നിങ്ങനെയുള്ള മാര്‍ഗങ്ങള്‍. ഇത്‌ സമയം ഏറെ എടുക്കുന്ന പ്രക്രിയയാണ്‌. കോടതിച്ചെലവ്‌ വേറെയും വേണ്ടിവരും. വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ സ്വകാര്യ സേനയെ സജ്ജമാക്കുകയായിരുന്നു എളുപ്പം. വായ്‌പ തിരിച്ചടക്കുന്നതില്‍ വീഴ്‌ച വരുത്തിയതിന്റെ പേരില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത്‌ നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയില്ല. ഈ പഴുത്‌ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന്‌ കൂടുതല്‍ സഹായകരമാവുകയും ചെയ്‌തു.


കൊച്ചിയില്‍ വാഹനം പിടിച്ചെടുക്കാനെത്തിയ സംഘത്തിന്റെ കുത്തേറ്റ്‌ തിലകന്‍ എന്ന മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തിലായിരുന്നു ഇത്‌. അന്നാണ്‌ ക്വട്ടേഷന്‍ സംഘത്തിന്റെ അതിക്രമങ്ങളെക്കുറിച്ച്‌ കേരളം ആദ്യമായി അറിയുന്നത്‌. വന്‍കിട ധനകാര്യ സ്ഥാപനങ്ങളുടെ ചുവടു പിടിച്ച്‌ നമ്മുടെ നാട്ടിലെ ചെറുകിട ധനകാര്യ സ്ഥാപനങ്ങളും വട്ടിപ്പലിശക്കാരും ഇതേ മാര്‍ഗത്തില്‍ ചരിച്ചു. വീടുകളില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തുക, സ്‌ത്രീകളുടെ മുടി മുറിക്കുക തുടങ്ങിയ രീതിയായിരുന്നു ചെറുകിട സംഘങ്ങള്‍ അവലംബിച്ചത്‌. ധനവിപണിയുടെ ഉപോത്‌പന്നമായ ഈ സംഘങ്ങള്‍ പിന്നീട്‌ വലിയ കുറ്റകൃത്യങ്ങളുടെ ലോകത്ത്‌ സജീവമാവുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. ചിട്ടി വ്യവസായ രംഗത്തെ മത്സരത്തിനൊടുവില്‍ വാഹനാപകടം സൃഷ്‌ടിച്ച്‌ ആളുകളെ കൊലപ്പെടുത്തിയ കണിച്ചുകുളങ്ങര സംഭവം ക്വട്ടേഷന്‍ സംഘങ്ങളുടെ പുതിയ സാധ്യതകള്‍ കാണിച്ചുതന്നു. ഭാര്യയുടെ കാമുകനായ യുവാവിനെ വധിച്ച്‌ മൃതദേഹം കഷണങ്ങളാക്കി വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കാന്‍ ഗുണ്ടകളുടെ സഹായം തേടിയ ഡി വൈ എസ്‌ പി അധികാര സ്ഥാനങ്ങളുമായി ഇത്തരക്കാര്‍ക്കുള്ള ബന്ധത്തിന്‌ ദൃഷ്‌ടാന്തവുമായി.


ഇത്തരം സംഘങ്ങളുടെ ഒരു ശ്രേണി തന്നെ സംസ്ഥാനത്ത്‌ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്‌ ഭീതിദമായ വസ്‌തുത. ഇവക്ക്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. കുടുംബത്തിലെയും സമുഹത്തിലെയും സാഹചര്യങ്ങള്‍ മൂലം ചെറുപ്പത്തില്‍ തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്ത്‌ എത്തിപ്പെടുകയും ക്രിമിനല്‍ സ്വഭാവത്തിലേക്ക്‌ മാറുകയും ചെയ്‌തവരും ഉന്നത വിദ്യാഭ്യാസത്തിന്‌ വരെ അവസരം ലഭിച്ചവരും ചേരുന്ന ഒന്നായി ക്വട്ടേഷന്‍ സംഘങ്ങള്‍ മാറിയിട്ടുണ്ട്‌. സാധാരണ സമൂഹത്തില്‍ നടക്കുന്നതുപോലെ കൈമാറ്റം ഇവിടെയും നടക്കുന്നു. അത്‌ ക്രിമിനല്‍ സ്വഭാവത്തിന്റേതാണെന്ന്‌ മാത്രം. അപ്പോള്‍ പുതിയ കുറ്റകൃത്യ രീതികള്‍ ആസൂത്രണം ചെയ്യപ്പെടും. അവയില്‍ ചെറിയൊരു ഭാഗം മാത്രമേ പലപ്പോഴും പുറത്തുവരാറുള്ളൂ. അല്ലെങ്കില്‍ (കു)പ്രസിദ്ധമായ ചില കേസുകളുടെ കാര്യത്തില്‍ മാത്രമേ വലിയ ചര്‍ച്ചകള്‍ ഉണ്ടാവുകയുള്ളൂ.


ധനവിപണി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക്‌ വിധേയമാവുകയാണ്‌. വികസിക്കുകയുമാണ്‌. ആ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ കായിക ശേഷിക്കൊപ്പം ബുദ്ധിയും വിദ്യാഭ്യാസവും രൂപത്തിലുള്ള മോടിയും ആവശ്യമായി വരും. അത്തരമൊരു ഘട്ടത്തിലാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ നില്‍ക്കുന്നത്‌. പഠനത്തിലൊക്കെ മികവ്‌ കാട്ടിയിരുന്നവര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാക്കളായി മാറുന്ന സാഹചര്യം ഇതാണ്‌. ലഭിക്കുന്ന പ്രതിഫലത്തിന്റെ തോത്‌, ജോലി ഏല്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പേര്‌ ഇവയൊക്കയാവും തുടക്കത്തില്‍ ഇത്തരക്കാരെ ആകര്‍ഷിക്കുക. വൈകാതെ ഏത്‌ കുറ്റകൃത്യവും അറപ്പില്ലാതെ ചെയ്യാമെന്ന അവസ്ഥയിലേക്ക്‌ ഇവര്‍ മാറുകയും ചെയ്യും.


സംഘടിതവും ആസൂത്രിതവുമായ കുറ്റകൃത്യങ്ങള്‍ക്ക്‌ തയ്യാറെടുക്കുന്നവരെ തടയാന്‍ നിയമങ്ങള്‍ക്ക്‌ കുറവൊന്നുമില്ല. കേരളത്തില്‍ നിലവിലുള്ള ഗുണ്ടാ നിയമം കരുതല്‍ തടങ്കലിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌. പക്ഷേ, അധികാരിവര്‍ഗവുമായുള്ള പരിധിയില്‍ കവിഞ്ഞ അടുപ്പം നിയമങ്ങളെ അപ്രസക്തമാക്കും. വ്യക്തിബന്ധമാവില്ല പലപ്പോഴും ഉണ്ടാവുക. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനവുമായി രാഷ്‌ട്രീയ, ഉദ്യോഗസ്ഥ വൃന്ദത്തിനുള്ള ബന്ധമായിരിക്കും സഹായകമാവുക. ഇവിടെയും ധനവിപണി തന്നെയാണ്‌ മുഖ്യ പങ്ക്‌ വഹിക്കുക. കുറ്റകൃത്യത്തെക്കാളും അതിലെ പ്രതികളെക്കാളും പ്രധാനമായിരിക്കും സ്ഥാപനത്തിന്റെ സല്‍പ്പേര്‌, അവര്‍ മുന്നോട്ടുവെക്കുന്ന വികസന പദ്ധതികള്‍ തുടങ്ങിയവ. പോള്‍ ജോര്‍ജിനെ വധിച്ച കേസില്‍ ദുരൂഹത നിലനില്‍ക്കുന്നത്‌ ഇതുകൊണ്ടാണ്‌.


പലിശക്ക്‌ പണം നല്‍കിത്തുടങ്ങി പിന്നീട്‌ അത്‌ വ്യവസായമായി വളര്‍ത്തിയ മുത്തൂറ്റ്‌ കുടുംബം ഇപ്പോള്‍ കേരളത്തിലെ പ്രബല വ്യവസായി സമൂഹമാണ്‌. അടിസ്ഥാന സൗകര്യ വികസനം മുതല്‍ മാധ്യമ വ്യവസായം വരെ എത്തി നില്‍ക്കുന്ന പ്രവര്‍ത്തന മേഖല അവര്‍ക്കുണ്ട്‌. അതിന്റെ സല്‍പ്പേരിന്‌ കോട്ടം തട്ടാതെ നോക്കേണ്ടത്‌ ഭരണകൂടത്തിന്റെ പോലും ബാധ്യതയായി മാറിയിരിക്കുന്നു. പോള്‍ എം ജോര്‍ജ്‌ വധക്കേസില്‍ പോലീസ്‌ വളരെ സൂക്ഷിച്ച്‌ കേസ്‌ നിര്‍മിച്ചെടുക്കുന്നത്‌ അതുകൊണ്ടാണ്‌.


ധനവിപണിയുടെ അതിരുകളില്ലാത്ത സ്വാധീനം വളര്‍ത്തുന്നതില്‍ പൊതു സമൂഹം വഹിക്കുന്ന പങ്കും കാണാതിരുന്നുകൂട. ഉപഭോക്തൃവത്‌കരണം അത്രത്തോളമാണ്‌. വിപണിയുടെ പ്രലോഭനങ്ങള്‍ക്ക്‌ എളുപ്പത്തില്‍ വശംവദരാവുകയും ത്രാണിക്കപ്പുറത്തുള്ളത്‌ ആഗ്രഹിക്കുകയും അത്‌ ഏത്‌ വിധേനയും സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിന്റെ കൂടി ബാക്കിയാണ്‌ ഇത്തരം സംഘങ്ങളും അവര്‍ സൃഷ്‌ടിക്കുന്ന കുറ്റകൃത്യങ്ങളും. കനകം മൂലം, കാമിനി മൂലം...

2009-08-25

നയരേഖയില്ലാത്തതോ പ്രശ്‌നം


ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സി പി എമ്മും ഇടതു മുന്നണിയും ആരംഭിച്ച തിരുത്തല്‍ നടപടികള്‍ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. അച്യുതാനന്ദനെ പി ബിയില്‍ തരംതാഴ്‌ത്തുകയും മുഖ്യമന്ത്രി എന്ന നിലക്ക്‌ അദ്ദേഹത്തിന്‌ പിന്തുണ നല്‍കാന്‍ സംസ്ഥാന കമ്മിറ്റിയോട്‌ നിര്‍ദേശിക്കുകയും ചെയ്‌തതായിരുന്നു സി പി എം പാര്‍ട്ടിതലത്തില്‍ സ്വീകരിച്ച ആദ്യനടപടി. സംഘടനാതലത്തിലുള്ള നടപടികള്‍ പി ബി ആവിഷ്‌കരിച്ചിരിക്കുന്ന ശുദ്ധീകരണ രേഖ നടപ്പാക്കുന്നതോടെ മാത്രമേ പൂര്‍ത്തിയാവൂ. അതിന്‌ മുമ്പ്‌ ഭരണം ദിശാബോധമുള്ളതാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള നടപടികള്‍ സ്വീകരിക്കുകയാണ്‌ സി പി എം. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി നയരേഖ മുന്നോട്ടുവെച്ചിരിക്കുന്നത്‌ അതിനാണ്‌. ഇത്‌ ഇടതുമുന്നണി അംഗീകരിച്ച്‌ സര്‍ക്കാറിന്റെ കാര്യപരിപാടിയായി മാറുന്നതോടെ ജനപിന്തുണ തിരിച്ചുപിടിക്കാനാകുമെന്നാണ്‌ സി പി എം കരുതുന്നത്‌.


സാമൂഹികക്ഷേമ പദ്ധതികള്‍ക്കൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുപയുക്തമായ വന്‍കിട പദ്ധതികള്‍ നടപ്പാക്കണമെന്നാണ്‌ നയരേഖ നിര്‍ദേശിക്കുന്നത്‌. ഇതില്‍ പുതുമയില്ല. കേരളത്തില്‍ ഇടതുപക്ഷം ഭരണത്തില്‍ വന്നപ്പോഴൊക്കെ മുന്നോട്ടുവെച്ച ഒരു സമവാക്യമാണിത്‌. സംസ്ഥാനത്ത്‌ ഇന്ന്‌ നിലവിലുള്ള സാമൂഹികക്ഷേമ പദ്ധതിയില്‍ മഹാഭൂരിപക്ഷവും ഇടതു സര്‍ക്കാറുകള്‍ ആസൂത്രണം ചെയ്‌തതോ നടപ്പാക്കിയതോ ആണെന്നതും വസ്‌തുതയാണ്‌. മുമ്പത്തേതില്‍ നിന്ന്‌ വ്യത്യസ്‌തമായി ചില വന്‍കിട പദ്ധതികള്‍ പേരെടുത്ത്‌ പറഞ്ഞ്‌ അവയുള്‍പ്പെടെയുള്ളവ നടപ്പാക്കുന്നതിന്‌ ശ്രമിക്കണമെന്ന നിര്‍ദേശം നല്‍കിയെന്ന്‌ മാത്രം. കൊച്ചിയിലെ സൈബര്‍ സിറ്റി (എച്ച്‌ എം ടി ഭൂമി കൈമാറ്റം സംബന്ധിച്ച്‌ വിവാദമുയര്‍ന്ന പദ്ധതി), സ്‌മാര്‍ട്ട്‌ സിറ്റി, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെയുള്ളവയാണ്‌ പേരെടുത്ത്‌ പറഞ്ഞിരിക്കുന്നത്‌.


പുതു തലമുറയിലെ ചെറുപ്പക്കാര്‍ക്ക്‌ തൊഴിലവസരം പ്രദാനം ചെയ്യാന്‍ സഹായിക്കുമെന്നതുകൊണ്ട്‌ മാത്രമല്ല, വന്‍കിട കമ്പനികളെ കേരളത്തിലേക്ക്‌ കൊണ്ടുവരാന്‍ സാധിക്കുമെന്നതിനാല്‍ കൂടിയാവണം സൈബര്‍ സിറ്റി, സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതികളുടെ കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷയുള്ളത്‌. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതിലൂടെ തിരുവനന്തപുരം ജില്ലയിലും സംസ്ഥാനത്തൊട്ടാകെയും ഉണ്ടാവാന്‍ ഇടയുള്ള വികസന സാധ്യതകളും പാര്‍ട്ടി മുന്നില്‍ കാണുന്നുണ്ടാവണം.


കുടുംബശ്രീക്ക്‌ 100 കോടി രൂപയുടെ സഹായം നല്‍കുന്നതും സ്‌ത്രീകള്‍ക്ക്‌ തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം അനുവദിക്കുന്നതും സ്‌ത്രീ ശാക്തീകരണ നടപടികളുടെ ഭാഗമായി കാണുമ്പോള്‍ തന്നെ അതിനൊരു രാഷ്‌ട്രീയ ലക്ഷ്യം കൂടിയുണ്ട്‌. ജനസംഖ്യയില്‍ അമ്പത്‌ ശതമാനത്തില്‍ അല്‍പ്പം അധികം വരുന്ന സ്‌ത്രീകളുടെ പിന്തുണ ആര്‍ജിക്കുക എന്നതു തന്നെ. എം എന്‍ - ഇ എം എസ്‌ ഭവന നിര്‍മാണ പദ്ധതികളിലൂടെ പത്ത്‌ ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുക, ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവരുടെ പട്ടികയില്‍ 32 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയവയാണ്‌ നിര്‍ദേശിക്കപ്പെട്ട മറ്റ്‌ ജനകീയ പരിപാടികള്‍. വ്യവസായ സംരംഭങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നതിന്‌ സെല്ലുണ്ടാക്കാനും ഇതിന്റെ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക്‌ ഉദ്യോഗസ്ഥതലത്തില്‍ നിന്ന്‌ തടസ്സങ്ങളില്ലാതെ നോക്കാനും നിര്‍ദേശമുണ്ട്‌.


നയരേഖ വലിയ എതിര്‍പ്പുകളില്ലാതെ ഇടതുമുന്നണിയും അംഗീകരിച്ചേക്കും. പക്ഷേ, ഇത്‌ നടപ്പാക്കി എടുക്കുക എന്നതില്‍ വിജയം കാണാന്‍ മന്ത്രിമാര്‍ക്ക്‌ കഴിയുമോ എന്നതിലാണ്‌ ആശങ്കയുള്ളത്‌. വ്യവസായങ്ങള്‍ക്കുള്ള ക്ലിയറന്‍സ്‌ സെല്ലിന്റെ കാര്യമെടുക്കാം. ഈ പദ്ധതി കഴിഞ്ഞ എല്‍ ഡി എഫ്‌ സര്‍ക്കാറില്‍ സുശീലാ ഗോപാലന്‍ വ്യവസായ മന്ത്രിയായിരിക്കെ നടപ്പാക്കിയിരുന്നതിന്റെ മറ്റൊരു രൂപം മാത്രമാണ്‌. അന്ന്‌ വ്യവസായങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നതിന്‌ ഏകജാലക സംവിധാനം കൊണ്ടുവന്നിരുന്നു. വ്യവസായ സംരംഭങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നതിന്‌ സെല്ലുണ്ടാക്കാനും ഇതിന്റെ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക്‌ ഉദ്യോഗസ്ഥതലത്തില്‍ നിന്ന്‌ തടസ്സങ്ങളില്ലാതെ നോക്കാനും നിര്‍ദേശമുണ്ട്‌.


പുതുതായി തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക്‌ ആദ്യത്തെ അഞ്ച്‌ വര്‍ഷം യൂനിറ്റിന്‌ അമ്പത്‌ പൈസ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കി. ഈ സൗജന്യം പ്രയോജനപ്പെടുത്തിയത്‌ ഇരുമ്പുരുക്ക്‌ കമ്പനികളായിരുന്നു. കഞ്ചിക്കോട്ട്‌ വ്യവസായ മേഖലയിലുള്‍പ്പെടെ നിരവധി ഫാക്‌ടറികള്‍ മുളച്ചുപൊന്തി. വൈദ്യുതി സൗജന്യമുള്ള അഞ്ചു വര്‍ഷം കഴിഞ്ഞ മുറക്ക്‌ അവയില്‍ പലതും പൂട്ടി. യൂനിറ്റിന്‌ അമ്പത്‌ പൈസ എന്ന നാമമാത്ര ചാര്‍ജ്‌ പോലും കുടിശ്ശികയാക്കിയാണ്‌ പല സ്ഥാപനങ്ങളും പ്രവര്‍ത്തനം അവസാനിപ്പിച്ചത്‌. ആ ഇനത്തില്‍ മാത്രം വൈദ്യുതി ബോര്‍ഡിന്‌ ലഭിക്കാനുള്ളത്‌ ശതകോടികളാണ്‌. ഇപ്പോഴും പ്രവര്‍ത്തനം തുടരുന്ന കമ്പനികള്‍ വന്‍ അന്തരീക്ഷ മലിനീകരണമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇവ ആരംഭിച്ച കാലത്ത്‌ മലിനീകരണത്തിനെതിരെ സമരം ചെയ്‌തിരുന്നവരെ സി പി എം എതിര്‍ത്തിരുന്നു. ഇപ്പോള്‍ കഞ്ചിക്കോട്ടും മറ്റും കമ്പനികള്‍ക്കെതിരെ സമരം നടത്തുന്നത്‌ സി പി എമ്മാണ്‌.


വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ കുറവല്ല, മറിച്ച്‌ വരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്‌? അവ സൃഷ്‌ടിക്കാനിടയുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്‌? എന്ന്‌ മുന്‍കൂട്ടി കാണാനുള്ള കഴിവില്ലായ്‌മയാണ്‌ പ്രശ്‌നം. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ പരിഹാര നടപടികള്‍ സ്വീകരിക്കുകയുമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപവത്‌കരിക്കാന്‍ ഉദ്ദേശിക്കുന്ന ഏകീകൃത അനുമതി സെല്‍ ഈ മുന്‍കാല അനുഭവങ്ങള്‍ ഓര്‍ത്തുവെക്കുന്നത്‌ നന്നായിരിക്കും. അല്ലെങ്കില്‍ വിരുദ്ധ താത്‌പര്യങ്ങളുടെ സംഘട്ടനത്തിന്‌, അനുമതി സെല്‍ വേദിയാവുകയാവും ഫലം. ഈ സര്‍ക്കാര്‍ നടപ്പാക്കിയ ശ്രദ്ധേയമായ പദ്ധതികളിലൊന്നായിരുന്നു കര്‍ഷക കടാശ്വാസ കമ്മീഷന്‍. നിയമംമൂലം സ്ഥാപിതമായ കമ്മീഷന്‌ ഫണ്ടോ ഓഫീസോ വേണ്ടത്ര ജീവനക്കാരെയോ അനുവദിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. കമ്മീഷന്‍ ചെയര്‍മാന്‍ പി എ അബ്‌ദുല്‍ ഗഫൂര്‍ പരസ്യമായി രോഷം പ്രകടിപ്പിച്ചപ്പോഴാണ്‌ സര്‍ക്കാര്‍ ഉണര്‍ന്നത്‌. കേന്ദ്ര സര്‍ക്കാര്‍ കടാശ്വാസം പ്രഖ്യാപിച്ചതോടെ കമ്മീഷന്റെ പ്രവര്‍ത്തനം പരിമിതപ്പെട്ടു.


കര്‍ഷകര്‍ക്ക്‌ കൂടുതല്‍ സഹായം ചെയ്യാന്‍ പാകത്തില്‍ കടാശ്വാസ കമ്മീഷന്‍ പുനഃക്രമീകരിക്കാന്‍ നടപടിയുണ്ടായിട്ടില്ല. തുടങ്ങിവെക്കുന്ന പരിപാടികള്‍ ഏകോപിപ്പിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും ശ്രദ്ധയുണ്ടായില്ല എന്ന്‌ ചുരുക്കം. എം എന്‍, ഇ എം എസ്‌ ഭവന പദ്ധതികള്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതാണ്‌. അതിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മൂന്നുവര്‍ഷം വേണ്ടരീതിയില്‍ നടന്നില്ല എന്നാണ്‌ പത്ത്‌ ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിര്‍ദേശിക്കുമ്പോള്‍ വ്യക്തമാകുന്നത്‌. പദ്ധതികളില്ലാത്തതല്ല, ഉദ്യോഗസ്ഥവൃന്ദത്തെ ഉപയോഗിച്ച്‌ വേണ്ട രീതിയില്‍ അത്‌ നടപ്പാക്കിയെടുക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ വസ്‌തുത. ഈ പോരായ്‌മ പരിഹരിക്കേണ്ടത്‌ മന്ത്രിമാരാണ്‌. അതിനുള്ള ഭരണശേഷിയും ഭാവനാശേഷിയും ആര്‍ജിക്കാന്‍ കഴിയുമോ എന്നതാണ്‌ വെല്ലുവിളി.


നയരേഖ ആവിഷ്‌കരിക്കാന്‍ ചേര്‍ന്ന സി പി എം സംസ്ഥാന സമിതിയില്‍ ഏറ്റവും വിമര്‍ശം ഏറ്റുവാങ്ങേണ്ടിവന്നത്‌ എം എ ബേബിക്കായിരുന്നു. സ്വാശ്രയ കരാറാണ്‌ വിമര്‍ശത്തിന്‌ കാരണമായത്‌. പക്ഷേ, സ്വാശ്രയ സ്ഥാപനങ്ങളുടെ കാര്യത്തില്‍ തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികള്‍ എന്താണെന്ന കാര്യത്തില്‍ നയരേഖ മൗനം പാലിക്കുന്നു. മുന്നണിയുമായും സി പി എമ്മുമായും അകന്ന സഭാ നേതൃത്വത്തെ അനുനയിപ്പിക്കുക എന്നതു തന്നെയാണ്‌ ഈ മൗനത്തിന്റെ ലക്ഷ്യമെന്ന്‌ കരുതണം. ദേവസ്വം ജി സുധാകരനില്‍ നിന്ന്‌ മാറ്റാനുള്ള തീരുമാനവും ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. ദേവസ്വം വകുപ്പ്‌ എന്നാല്‍ ഈജിയന്‍ തൊഴുത്താണെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയും അത്‌ നേരെയാക്കാന്‍ ശ്രമിക്കുകയും ചെയ്‌തപ്പോള്‍ സുധാകരന്‍ എന്‍ എസ്‌ എസ്സിനെപ്പോലുള്ള ചിലരെ വെറുപ്പിച്ചിട്ടുണ്ട്‌. ഇത്‌ ഇല്ലാതാക്കാന്‍ കടന്നപ്പള്ളിയിലൂടെ സാധിക്കുമെന്ന്‌ സി പി എം കരുതുന്നു. ഇത്‌ രണ്ടും രേഖപ്പെടുത്താത്ത നയപ്രഖ്യാപനങ്ങളായി വേണം കാണാന്‍.


രേഖയാക്കിയതും അല്ലാത്തതുമായ നയങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണോ എന്നതു സംബന്ധിച്ച സംശയങ്ങള്‍ ബാക്കിയാണ്‌. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായതും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ തോല്‍വികള്‍ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്‌. ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍പ്പോലും കനത്ത തിരിച്ചടികളുണ്ടാകുന്നു. പ്രകടമായ രാഷ്‌ട്രീയ ചായ്‌വ്‌ ഇല്ലാത്തവരില്‍ നിന്ന്‌ മാത്രമല്ല, പരമ്പരാഗതമായി ഇടതിനൊപ്പം നില്‍ക്കുന്നവരില്‍ നിന്നുപോലും പാര്‍ട്ടിയും മുന്നണിയും അകലുന്നതിന്‌ തെളിവാണിത്‌. ഇത്‌ എന്തുകൊണ്ട്‌ എന്ന ആലോചനയാണ്‌ നടക്കാതെ പോകുന്നത്‌. അത്‌ കണ്ടെത്തി പരിഹരിക്കാത്തിടത്തോളം ഏത്‌ നയരേഖ പ്രവര്‍ത്തിപഥത്തിലെത്തിച്ചിട്ടും കാര്യമുണ്ടാവില്ല.


മൂന്നു വര്‍ഷത്തെ ഭരണത്തിനിടെ ചില നല്ല കാര്യങ്ങളെങ്കിലും ഇടതു സര്‍ക്കാര്‍ ചെയ്‌തിട്ടുണ്ട്‌ എന്നത്‌ ആരും അംഗീകരിക്കും. പക്ഷേ, ഇവയെ കവച്ചുവെക്കുന്ന വലിയ തര്‍ക്കങ്ങള്‍ മുന്നണിയിലും മന്ത്രിസഭയിലും ഉണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏറെക്കുറെ രണ്ട്‌ കൊല്ലം മുമ്പ്‌ കേരള സര്‍ക്കാര്‍ ആലോചിച്ചു. പക്ഷേ, പദ്ധതി നടത്തിപ്പിന്റെ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനാണ്‌ പ്രാമുഖ്യം ലഭിച്ചത്‌. ഭക്ഷ്യസുരക്ഷാ പദ്ധതി തുടങ്ങിയേടത്തു തന്നെ നില്‍ക്കാനും തര്‍ക്കം കാരണമായി. ഇപ്പോഴത്തെ നിലയാണെങ്കില്‍ നയരേഖയില്‍ സി പി എം നിര്‍ദേശിച്ച കാര്യങ്ങളിലും തര്‍ക്കങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌.


കാര്‍ഷിക മേഖലയെക്കുറിച്ച്‌ പരാമര്‍ശമില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്‌. ആസിയാന്‍ കരാറില്‍ ഒപ്പ്‌ വെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മനുഷ്യച്ചങ്ങലക്ക്‌ തീരുമാനമായിട്ടുണ്ട്‌. പ്രതിഷേധം വേണം, അതിനൊപ്പം കരാര്‍ യാഥാര്‍ഥ്യമാവുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ സംസ്ഥാന സര്‍ക്കാറിനു സ്വീകരിക്കാന്‍ കഴിയുന്ന നടപടികളും ആലോചിക്കണം. അത്തരം ആലോചനകളൊന്നും നടക്കുമെന്ന്‌ തോന്നുന്നില്ല. കാര്‍ഷിക മേഖല (പ്രത്യേകിച്ച്‌ വയനാട്ടിലേത്‌) നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി കാര്‍ഷികോത്‌പന്ന സംസ്‌കരണ കേന്ദ്രം വയനാട്ടില്‍ സ്ഥാപിക്കുമെന്ന്‌ ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച്‌ പിന്നീട്‌ ആലോചനകള്‍ ഉണ്ടായില്ല. ഇപ്പോള്‍ നയരേഖയും മൗനമാണ്‌. അപ്പോള്‍ പിന്നെ ആസിയാന്‍ കരാര്‍ മുന്നില്‍ കണ്ട്‌ നടപടികള്‍ ഉണ്ടാകുമെന്ന്‌ കരുതുന്നത്‌ അബദ്ധമായിരിക്കും.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുണ്ടാക്കിയ നേട്ടത്തിന്‌ മുഖ്യ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയാണ്‌. ഗ്രാമങ്ങളിലെ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ ഒരാള്‍ക്ക്‌ വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ അനുവദിക്കുന്ന പദ്ധതി. ഈ പദ്ധതിയനുസരിച്ച്‌ കേരളം ലഭ്യമാക്കിയ ശരാശരി തൊഴില്‍ ദിനങ്ങള്‍ 45 മാത്രമാണ്‌. കേന്ദ്ര ധനസഹായത്തോടെയുള്ള ഈ പദ്ധതി പൂര്‍ണമായി നടപ്പാക്കാന്‍ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌ എന്ന ചോദ്യത്തിന്‌ ആസൂത്രണവും ഏകോപനവും ഇല്ലാത്തതു കൊണ്ട്‌ എന്ന മറുപടി മാത്രമേ നല്‍കാനുള്ളൂ. ഇപ്പോള്‍ കാര്‍ഷിക മേഖലയിലെ ജോലികള്‍ കൂടി ചെയ്യാന്‍ പാകത്തില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതി പുനരാവിഷ്‌കരിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ പ്രയോജനമെങ്കിലും പൂര്‍ണ തോതില്‍ ലഭ്യമാക്കാന്‍ നയരേഖക്കാര്‍ ശ്രമിക്കുമോ?

2009-08-19

തൊട്ടാല്‍ പൊള്ളും ജിന്ന


പാക്കിസ്ഥാന്റെ രാഷ്‌ട്രപിതാവ്‌ ഖാഇദേ അഅ്‌സം മുഹമ്മദ്‌ അലി ജിന്നയുടെ പേരില്‍ ബി ജെ പിയില്‍ ഒരാള്‍ കൂടി അച്ചടക്ക നടപടിക്ക്‌ വിധേയനായിരിക്കുന്നു. സംഘടനയുടെ ആരംഭകാലം മുതല്‍ അതിന്റെ ഭാഗമാവുകയും പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ ഉണ്ടായപ്പോഴൊക്കെ നിര്‍ണായക സ്ഥാനം അലങ്കരിക്കുകയും ചെയ്‌ത ജസ്വന്ത്‌ സിംഗ്‌. ഈ പട്ടികയിലെ ആദ്യത്തെ പേരുകാരന്‍ ബി ജെ പി സ്ഥാപക നേതാക്കളില്‍ ഒരാളായ എല്‍ കെ അഡ്വാനിയാണ്‌. 2005ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴാണ്‌ ജിന്നയെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ അഡ്വാനി നടത്തിയത്‌. 1947 ആഗസ്‌ത്‌ 11ന്‌ കോണ്‍സ്റ്റിറ്റിയൂവന്റ്‌ അസംബ്ലിയില്‍ ജിന്ന നടത്തിയ പ്രസംഗം അഡ്വാനി ഉദ്ധരിച്ചു. മതേതര ഭരണ സംവിധാനത്തെയാണ്‌ അന്ന്‌ ജിന്ന അനുകൂലിച്ചത്‌. ഹിന്ദുവും മുസ്‌ലിമും തമ്മില്‍ വ്യത്യാസമില്ലാത്ത രാജ്യത്തെയും. ഈ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ ജിന്ന മതേതരവാദിയായിരുന്നുവെന്ന്‌ അഡ്വാനി പറഞ്ഞത്‌. കറാച്ചിയില്‍ ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ച അഡ്വാനി `ചരിത്രത്തിന്റെ സ്രഷ്‌ടാവ്‌' എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. പാക്കിസ്ഥാന്‍ മതേതര രാഷ്‌ട്രമാകണമെന്ന്‌ നിലപാടെടുത്ത ജിന്നയെ അഡ്വാനി പ്രകീര്‍ത്തിക്കുകയും ചെയ്‌തു.
അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിനായി രഥയാത്രക്ക്‌ പുറപ്പെടുകയും ആര്‍ എസ്‌ എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളോട്‌ ചേര്‍ന്ന്‌ നില്‍ക്കുകയും ചെയ്യുന്ന അഡ്വാനിയില്‍ നിന്ന്‌ ഇത്തരം പരാമര്‍ശങ്ങളുണ്ടായത്‌ സംഘ പരിവാരത്തില്‍ വലിയ അങ്കലാപ്പാണ്‌ സൃഷ്‌ടിച്ചത്‌. രാജ്യത്തിന്റെ വിഭജനത്തിന്‌ കാരണക്കാരനായി ജിന്നയെ പ്രതിഷ്‌ഠിക്കുകയും അദ്ദേഹമുള്‍ക്കൊള്ളുന്ന സമുദായത്തെ പ്രതിക്കൂട്ടിലാക്കുകയും അതുവഴി ഭൂരിപക്ഷ മത വിഭാഗത്തിന്റെ ഐക്യം സാധിച്ചെടുക്കുകയും ചെയ്യുക എന്ന അജന്‍ഡക്കേറ്റ തിരിച്ചടിയായി ഈ പ്രസ്‌താവനയെ ആര്‍ എസ്‌ എസ്‌ വിലയിരുത്തി. ആര്‍ എസ്‌ എസ്സിന്റെ സമ്മര്‍ദത്തെ ചെറുത്തുനില്‍ക്കാനുള്ള ത്രാണി ഒരു കാലത്തും ബി ജെ പിക്കുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ അഡ്വാനി ഒഴിയുന്നതാണ്‌ വൈകാതെ കണ്ടത്‌. താന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ശരിയായിരുന്നുവെന്ന്‌ അഡ്വാനി ആവര്‍ത്തിച്ചതാണ്‌ ആര്‍ എസ്‌ എസിനെ ഏറെ പ്രകോപിപ്പിച്ചത്‌.


അഡ്വാനി പറഞ്ഞതേയുള്ളൂവെങ്കില്‍ ജസ്വന്ത്‌ സിംഗ്‌ പറയുകയും എഴുതുകയും ചെയ്‌തു. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കാനായിരുന്നു ആര്‍ എസ്‌ എസ്‌ വിധിച്ച ശിക്ഷ. ബി ജെ പി അത്‌ നടപ്പാക്കി. അഡ്വാനി പറഞ്ഞതും ജസ്വന്ത്‌ എഴുതിയതും വ്യക്തിപരമായ അഭിപ്രായങ്ങളായി പോലും കണക്കാക്കാന്‍ ആര്‍ എസ്‌ എസിന്‌ സാധിക്കില്ല. കാരണം, സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ അടിത്തറ തോണ്ടാന്‍ മാത്രം ശക്തി ഈ നിലപാടുകള്‍ക്കുണ്ട്‌. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ 1925ല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്‌ രൂപം നല്‍കുമ്പോള്‍ മുതല്‍ അതിന്റെ ആശയാടിത്തറ സാംസ്‌കാരിക ദേശീയതയില്‍ ഊന്നുന്നതാണ്‌. ഇപ്പോഴത്തെ അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍ എന്നിവയെല്ലാം ചേര്‍ന്ന ഭാരതദേശം സ്ഥാപിക്കുക എന്നതാണ്‌ ലക്ഷ്യം. സാംസ്‌കാരിക ദേശീയത, ഭാരത ദേശം എന്നിവയുടെയെല്ലാം അടിസ്ഥാനം ഈ മേഖലകളിലെ ഭൂരിപക്ഷ വിഭാഗമായ ഹൈന്ദവര്‍ക്കുള്ള ആധിപത്യം തന്നെയാണ്‌.


വര്‍ഗശുദ്ധിയും വര്‍ഗശുദ്ധിയുള്ളവന്റെ അധീശത്വവും കാത്തു സൂക്ഷിക്കാനായി എന്തും ചെയ്യാന്‍ മടിക്കാതിരുന്ന ഹിറ്റ്‌ലറാണ്‌ അടിസ്ഥാന മാതൃക. സ്വതന്ത്ര രാജ്യമായി മാറുമ്പോള്‍ രാഷ്‌ട്രീയ അധികാരത്തില്‍ നിന്നും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുമെന്ന മുസ്‌ലിം നേതാക്കളുടെ ആശങ്കകള്‍ക്ക്‌ അടിസ്ഥാനമിട്ടതിന്‌ ഒരു കാരണം ഈ ആശയ പ്രചാരണം കൂടിയായിരുന്നു. വിഭജിച്ച്‌ ഭരിക്കുക എന്ന ബ്രിട്ടീഷ്‌ തന്ത്രം കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി; വിഭജനം എന്ന ദുരന്തം അനിവാര്യവുമായി.
വിഭജനത്തിന്റെ ഉത്തരവാദിത്വം ജിന്നയിലും അതുവഴി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിലും അടിച്ചേല്‍പ്പിക്കുക വഴി ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണം സാധ്യമാക്കുക എന്നതായിരുന്നു പിന്നീടുള്ള അജന്‍ഡ. ആ ലക്ഷ്യം മുന്‍നിര്‍ത്തിക്കൂടിയാണ്‌ ആര്‍ എസ്‌ എസ്‌ അവരുടെ ആദ്യത്തെ രാഷ്‌ട്രീയ രൂപമായ ജനസംഘിന്‌ രൂപം നല്‍കിയത്‌. ലക്ഷ്യത്തോട്‌ അടുക്കാന്‍ പോലും അവര്‍ക്കായില്ല. സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം കോണ്‍ഗ്രസിനോട്‌ ജനങ്ങള്‍ക്കുണ്ടാക്കിയ അടുപ്പം, മതേതര നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഇത്‌ മറികടക്കാനുള്ള ത്രാണി ജനസംഘിനുണ്ടായില്ല. എന്നാല്‍ വിഭജനത്തിന്റെ കാരണക്കാരായി മുദ്രകുത്തിക്കൊണ്ടുള്ള പ്രചാരണം ആര്‍ എസ്‌ എസും അവരുടെ സഹചാരികളായ സംഘടനകളും തുടര്‍ന്നുകൊണ്ടിരുന്നു.


1980ല്‍ ആര്‍ എസ്‌ എസ്സിന്റെ രണ്ടാമത്തെ രാഷ്‌ട്രീയ രൂപമായ ബി ജെ പി ഉദയം കൊണ്ട ശേഷവും. ഇതിന്റെ കടയ്‌ക്കല്‍ കത്തിവെക്കാനാണ്‌ എല്‍ കെ അഡ്വാനി ശ്രമിച്ചത്‌. ജിന്ന മതേതരവാദിയായിരുന്നുവെന്ന്‌ പറയുമ്പോള്‍ അതിന്‌ മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം രൂപവത്‌കരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല എന്നു കൂടി അര്‍ഥമുണ്ട്‌. ഈ ആശയം ഉളവാക്കുമായിരുന്ന ആശയക്കുഴപ്പം പരിഹരിച്ച്‌ കേഡര്‍മാരായ പ്രവര്‍ത്തകരെ കൂടെ നിര്‍ത്തണമെങ്കില്‍ അഡ്വാനിയെ ബി ജെ പി പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ നീക്കാതെ കഴിയുമായിരുന്നില്ല.
ജസ്വന്ത്‌ സിംഗ്‌ ഒരു പടികൂടി കടന്നിരിക്കുന്നു. പാക്കിസ്ഥാന്‍ എന്ന രാഷ്‌ട്രം ജവഹര്‍ലാല്‍ നെഹ്‌റുവും പട്ടേലും ചേര്‍ന്ന്‌ ജിന്നക്കു സമ്മാനിക്കുകയായിരുന്നുവെന്നാണ്‌ ജസ്വന്ത്‌ പറയുന്നത്‌. അധികാര കേന്ദ്രീകരണം വേണമെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉറച്ച നിലപാടും അതിന്‌ പട്ടേല്‍ നല്‍കിയ പിന്തുണയും വിഭജനത്തിന്‌ കാരണമായെന്ന്‌ അദ്ദേഹം തന്റെ `ജിന്ന- ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം' എന്ന പുസ്‌തകത്തില്‍ നിരീക്ഷിക്കുന്നു. ജിന്നയെ ചെകുത്താനായി ചിത്രീകരിച്ചത്‌ ഇന്ത്യയാണെന്നും വിഭജനത്തിന്‌ ഒരു കാരണക്കാരനെ ചൂണ്ടിക്കാട്ടേണ്ടിയിരുന്നത്‌ ഇന്ത്യയുടെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു.


ജിന്ന മുന്നോട്ടുവെച്ച ഫെഡറല്‍ ഭരണ സമ്പ്രദായം അംഗീകരിക്കാന്‍ നെഹ്‌റുവും പട്ടേലും തയ്യാറാവാതിരുന്നതാണ്‌ വിഭജനത്തിന്‌ കാരണമായതെന്ന്‌ പരോക്ഷമായി പറയുകയാണ്‌ ജസ്വന്ത്‌. ജിന്നയടക്കമുള്ള മുസ്‌ലിം ലീഗ്‌ നേതാക്കള്‍ മതത്തെ അടിസ്ഥാനമാക്കി രാജ്യം വേണമെന്ന വിട്ടുവീഴ്‌ചയില്ലാത്ത നിലപാടെടുത്തതുകൊണ്ടു മാത്രമാണ്‌ രാജ്യം വിഭജിക്കപ്പെട്ടത്‌ എന്ന പൊതു പ്രചാരണത്തെ തകര്‍ക്കുന്നതാണിത്‌. വിഭജനത്തിന്‌ ചില രാഷ്‌ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്ന്‌ ഇവിടെ വിവക്ഷിക്കപ്പെടുന്നു. അധികാര കേന്ദ്രീകരണം വേണമെന്ന നെഹ്‌റുവിന്റെ നിലപാട്‌ അംഗീകരിക്കപ്പെട്ടാല്‍ മുസ്‌ലിംകളെപ്പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാതെ പോകുമോ എന്ന ശങ്ക രാഷ്‌ട്രീയമായ നിലപാടായി കാണേണ്ടിവരും.


ഈ നിലപാട്‌ പ്രഖ്യാപിക്കുന്ന ഒരാളോട്‌ സാംസ്‌കാരിക ദേശീയതയിലും ഭാരത ദേശത്തിലും വിശ്വസിക്കുന്ന ആര്‍ എസ്‌ എസിന്‌ യോജിക്കാനാവില്ല. ഇന്ത്യയെ ഇന്ന്‌ കാണുന്ന രൂപത്തില്‍ ഏകോപിപ്പിക്കാന്‍ യത്‌നിച്ച പട്ടേലിനെ തങ്ങളുടെ ആദര്‍ശപുരുഷനായി സങ്കല്‍പ്പിക്കുന്നവയാണ്‌ ആര്‍ എസ്‌ എസും ബി ജെ പിയും. ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാന്‍ തയ്യാറാകാതിരുന്ന നാട്ടു രാജ്യങ്ങളെ സൈനിക നടപടിയിലൂടെ കീഴടക്കാന്‍ കരുത്തുകാട്ടിയ നേതാവ്‌. അതുപോലുള്ള കീഴടക്കലുകളിലൂടെ ഭാരതദേശമെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുക എന്നതാണ്‌ ലക്ഷ്യം. ജിന്നയെ മതേതരവാദിയായും മഹാനായ ദേശീയവാദിയായും വിശേഷിപ്പിക്കുമ്പോള്‍ ഈ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം വിള്ളല്‍ വീഴും. അത്തരം ചര്‍ച്ചകള്‍ സജീവമായാല്‍ സംഘിന്റെയും ബി ജെ പിയുടെയും പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാവും. ബി ജെ പിയിലൂടെ മുന്നോട്ടുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത ഹിന്ദുത്വ അജന്‍ഡയോട്‌ അനുഭാവം പ്രകടിപ്പിക്കുന്നവരായി മാറിയവരില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം അതിരൂക്ഷമായിരിക്കും.


ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയോടെ ദുര്‍ബലാവസ്ഥയിലായ ബി ജെ പിക്ക്‌ കായകല്‍പ്പ ചികിത്സ നടത്താന്‍ ആര്‍ എസ്‌ എസ്‌ ഒരുങ്ങുമ്പോഴാണ്‌ ജസ്വന്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായത്‌ എന്നത്‌ നടപടിയുടെ വേഗം കൂട്ടി എന്നു മാത്രം.


ജിന്നയെക്കുറിച്ച്‌ മുമ്പ്‌ അഡ്വാനിയും ഇപ്പോള്‍ ജസ്വന്തും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പുതുമയല്ല. മരിക്കുവോളം മതേതര നിലപാടുകളില്‍ ഉറച്ചുനിന്നയാളായി നിരവധി ചരിത്രകാരന്‍മാര്‍ ജിന്നയെ രേഖപ്പെടുത്തിയിട്ടുണ്ട്‌. മതേതര, ജനാധിപത്യ രാഷ്‌ട്രമായാണ്‌ അദ്ദേഹം പാക്കിസ്ഥാനെ വിഭാവനം ചെയ്‌തതെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ പാട്രിക്‌ ഫ്രഞ്ച്‌ കണ്ടെത്തുന്നുണ്ട്‌. കടുത്ത നിയന്ത്രണങ്ങളില്ലാത്ത ഫെഡറല്‍ ഭരണ സമ്പ്രദായം നിലനില്‍ക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ഫ്രഞ്ച്‌ പറയുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ ഉണ്ടായപ്പോഴൊന്നും വിവാദങ്ങള്‍ ഉയര്‍ന്നിട്ടില്ല. പക്ഷേ, തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതും ഫാസിസ്റ്റ്‌ വീക്ഷണങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന മാതൃസംഘടനയാല്‍ നിയന്ത്രിക്കപ്പെടുന്നതും ആയ ഒരു പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിലിരിക്കുന്നവര്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അത്‌ പ്രശ്‌നമാവുക സ്വാഭാവികം. പ്രശ്‌നം ആ പാര്‍ട്ടിക്കോ അതിനെ നിയന്ത്രിക്കുന്നവര്‍ക്കോ മാത്രമേയുള്ളൂ. ബാക്കി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക്‌ ഇത്‌ ഓര്‍മപ്പെടുത്തലാണ്‌. പൊതുവെ പ്രചരിപ്പിക്കപ്പെടുന്നതാകണമെന്നില്ല ചരിത്രമെന്നും ചരിത്രമായ സംഭവങ്ങള്‍ക്ക്‌ പല കാരണങ്ങള്‍ ഉണ്ടാകാമെന്നുമുള്ള ഓര്‍മപ്പെടുത്തല്‍. വിഭജനം പോലുള്ള ഒരു ദുരന്തത്തിന്റെ പല കാരണങ്ങളെയും ഒന്നിലേക്ക്‌ മാത്രമായി ചുരുക്കിയിട്ടുണ്ടാകാമെന്ന ഓര്‍മപ്പെടുത്തല്‍. ഇങ്ങനെ വിലയിരുത്തുമ്പോള്‍ ജസ്വന്തിന്റെ പുസ്‌തകരചനയും ബി ജെ പി അദ്ദേഹത്തിനെതിരെ സ്വീകരിച്ച നടപടിയും നന്നായെന്ന്‌ വിലയിരുത്തേണ്ടിവരും.


പ്രായോഗിക രാഷ്‌ട്രീയം പരിഗണിച്ചാല്‍ ബി ജെ പിക്കുമേല്‍ ആര്‍ എസ്‌ എസിന്റെ ആധിപത്യം കൂടുതല്‍ ശക്തമാകുന്നുവെന്ന സൂചന കൂടിയാണിത്‌. പാര്‍ട്ടിയെ നയിക്കാന്‍ പ്രാഗത്‌ഭ്യമുള്ള 75 സ്വയം സേവകുമാരെ തരാന്‍ തയ്യാറാണെന്ന സര്‍സംഘ്‌ ചാലക്‌ മോഹന്‍ ഭഗവതിന്റെ പ്രസ്‌താവന വെറുതെയല്ലെന്ന്‌ വ്യക്തമാക്കുന്നുമുണ്ട്‌. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആര്‍ എസ്‌ എസ്‌ ഉപദേശിക്കാനിടയുള്ള മന്ത്രം തീവ്ര ഹിന്ദുത്വയിലേക്ക്‌ മടങ്ങുക എന്നതല്ലാതെ മറ്റൊന്നുമാവില്ല. അഡ്വാനിയുടെ സിംഹാസനം പോലും ആടിയുലയുന്നുണ്ട്‌. പഴയ വീര്യം പ്രകടിപ്പിക്കാത്ത നേതാവിനെ ആവശ്യമില്ലെന്ന്‌ പ്രഖ്യാപിക്കുന്നവര്‍ `ശത്രു'വിനെ പ്രശംസിക്കുന്നവരെ ശിക്ഷിക്കാതെ വിടില്ലല്ലോ!

2009-08-14

സ്വാതന്ത്ര്യ (വിഭജന) ദിനം


രാജ്യത്തിന്റെ സ്വാതന്ത്ര്യ വാര്‍ഷികം എന്നാല്‍ രാജ്യ വിഭജനത്തിന്റെ വാര്‍ഷികം കൂടിയാണ്‌. പുതിയ തലമുറക്ക്‌ രാജ്യ സ്വാതന്ത്ര്യത്തിന്റെ ഓര്‍മകള്‍ പകര്‍ന്നു ലഭിക്കുന്നത്‌ എളുപ്പത്തിലാണ്‌, സ്വാതന്ത്ര്യ ദിനാഘോഷവുമായി മാധ്യമങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. മാധ്യമങ്ങള്‍ ഇത്രത്തോളം വിപുലമല്ലാതിരുന്ന ഒരു കാലത്ത്‌ ബാല്യം ചെലവഴിക്കപ്പെട്ട ഒരാളുടെ മനസ്സിലേക്ക്‌ ഏത്‌ വിധത്തിലാണ്‌ സ്വാതന്ത്ര്യം, വിഭജനം തുടങ്ങിയ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിപ്പെട്ടിരുന്നത്‌ എന്നത്‌ ഓര്‍ക്കാന്‍ കൗതുകമേറിയ സംഗതിയാണ്‌. അത്തരമൊരു ഓര്‍മയാവുമ്പോള്‍ അത്‌ സ്വാനുഭവമാവുക സ്വാഭാവികം.


സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ആദ്യത്തെ ഓര്‍മ എല്‍ പി സ്‌ക്കൂളിലേതാണ്‌. അമേരിക്കയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത ഗോതമ്പ്‌ അന്ന്‌ സ്‌ക്കൂളുകളില്‍ വിതരണം ചെയ്‌തിരുന്നു (അമേരിക്കന്‍ ഗോതമ്പായിരുന്നു അതെന്ന വിവരം പിന്നീടുണ്ടായത്‌). എല്ലാ ദിവസവും ഉച്ചക്ക്‌ കുട്ടികള്‍ക്ക്‌ ഗോതമ്പിന്റെ ഉപ്പുമാവ്‌. സ്വാതന്ത്ര്യ ദിനത്തില്‍ മാത്രം ഗോതമ്പ്‌ പായസത്തിന്റെ രൂപത്തില്‍ എത്തി. ഓര്‍മിക്കാന്‍ ഇതിലപ്പുറം മറ്റെന്തെങ്കിലും വേണോ. മൂന്ന്‌, നാല്‌ ക്ലാസ്സുകളിലായപ്പോള്‍ സ്വാതന്ത്ര്യ ദിനത്തില്‍ സ്‌ക്കൂള്‍ അസംബ്ലിയെ അഭിസംബോധന ചെയ്‌തുള്ള പ്രസംഗങ്ങള്‍.


മുത്തച്ഛന്‍ രാഘവന്‍ കുട്ടി മേനോന്‍ എഴുതിത്തന്ന ഒന്നര പേജോളം വരുന്ന പ്രസംഗം കാണാപ്പാഠം പഠിച്ച്‌ അവതരിപ്പിച്ചത്‌. അതില്‍ നിന്നാണ്‌ സ്വാതന്ത്ര്യത്തിനോടൊപ്പം വിഭജനവുമുണ്ടായി എന്ന അറിവ്‌. വിഭജനത്തെക്കുറിച്ച്‌ രാഘവന്‍ കുട്ടി മേനോന്‍ (അദ്ദേഹം ഗാന്ധിയനായിരുന്നു, ഖദര്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ) എഴുതിത്തന്നത്‌ കാണാപ്പാഠം പഠിക്കുമ്പോള്‍ അതിലെ ആശയങ്ങളെക്കുറിച്ച്‌ വലിയ വ്യക്തതയൊന്നുമുണ്ടായിരുന്നില്ല. മനപ്പാഠമാക്കുകയല്ല വേണ്ടത്‌, ആശയം മനസ്സിലാക്കി സ്വന്തം നിലയില്‍ പറയുകയാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. പക്ഷേ, മനപ്പാഠമാക്കുക എന്നതു മാത്രമേ നടക്കുമായിരുന്നുള്ളൂ. ഈ മനപ്പാഠം പക്ഷേ, മനസ്സില്‍ കിടക്കുന്നുണ്ട്‌.


സ്വാതന്ത്ര്യത്തെക്കുറിച്ചും അത്‌ നേടിയെടുക്കാന്‍ ഗാന്ധിജി, നെഹ്‌റു ആദിയായ നേതാക്കള്‍ വഹിച്ച പങ്കിനെക്കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. സായുധ സമരത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ശ്രമിച്ച ഭഗത്‌ സിംഗ്‌, ചന്ദ്രശേഖര്‍ ആസാദ്‌, സുഭാഷ്‌ ചന്ദ്രബോസ്‌ എന്നീ ധീര ദേശാഭിമാനികള്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ചിരുന്നു.


ഇതിനൊപ്പം ഖേദകരമായ ഒരു സംഗതി എന്ന നിലക്കാണ്‌ രാജ്യ വിഭജനത്തെക്കുറിച്ച്‌ പറഞ്ഞിരുന്നത്‌. രാജ്യം വെട്ടിമുറിച്ചപ്പോഴുണ്ടായ വര്‍ഗീയ കലാപം, വീടും സ്വത്തുമുപേക്ഷിച്ച്‌ ഓടിപ്പോകേണ്ടിവന്ന ലക്ഷക്കണക്കിനാളുകള്‍ എന്നിവയെല്ലാം ചെറു വാചകങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. അതിലേറ്റവും ശ്രദ്ധേയമായിരുന്നത്‌ വിഭജനത്തിന്റെ കാരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ്‌. ഹൈന്ദവര്‍ക്ക്‌ ഭൂരിപക്ഷമുള്ളതിനാല്‍ അധികാരം എല്ലായിപ്പോഴും ആ വിഭാഗത്തിന്റെ പക്കലായിരിക്കുമെന്നും തങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുസ്‌ലിം സമുദായത്തിന്‌ അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുമെന്നും തോന്നിയിരുന്ന മുസ്‌ലിം ലീഗ്‌ നേതാക്കള്‍ ആ വിഭാഗത്തിന്‌ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക രാജ്യത്തിന്‌ വേണ്ടി നിലകൊണ്ടു. വിഭജിപ്പിച്ച്‌ ഭരിക്കുക എന്ന തന്ത്രം പയറ്റിയിരുന്ന ബ്രിട്ടീഷുകാര്‍ ഇതിനെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യ ഒരുമിച്ചു നിന്നാല്‍ ഭാവിയില്‍ അത്‌ തങ്ങള്‍ക്ക്‌ ഭീഷണിയാവുമെന്ന ഭയത്തിന്റെ ഭാഗമായി കൂടിയാണ്‌ ബ്രിട്ടീഷുകാര്‍ വിഭജനത്തിന്‌ കൂട്ടുനിന്നത്‌. ഇന്ത്യയെ വിഭജിക്കാമെന്ന്‌ സമ്മതിച്ച ശേഷമേ സ്വാതന്ത്ര്യം നല്‍കാന്‍ അവര്‍ തയ്യാറായുള്ളൂ. (വാചകങ്ങള്‍ ഇതു തന്നെയല്ല. പക്ഷേ, ആശയം ഇതു തന്നെയാണ്‌)


പ്രത്യേകിച്ച്‌ പുതുമകളില്ലാത്ത ചരിത്രാഖ്യാനം. പക്ഷേ, ഇന്ന്‌ ആലോചിക്കുമ്പോള്‍ ആ വാക്കുകളുടെ സാരം മനസ്സിലാവുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കണമെന്ന്‌ മുസ്‌ലിംകള്‍ ആവശ്യപ്പെട്ടുവെന്ന്‌ രാഘവന്‍ കുട്ടി മേനോന്‍ എഴുതിയിരുന്നില്ല. ആ സമുദായത്തിന്റെ നേതൃത്വം ഉന്നയിച്ച രാഷ്‌ട്രീയ ആവശ്യവും അത്‌ ബ്രിട്ടൂഷുകാര്‍ മുതലെടുത്തതുമാണ്‌ രാജ്യ വിഭജനത്തിലേക്ക്‌ നയിച്ചതെന്ന വ്യക്തതയാണ്‌ പുതിയ തലമുറക്ക്‌ നല്‍കേണ്ടതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ട പ്രസംഗം. ആശയം മനസ്സിലാക്കണമെന്ന ഉപദേശത്തിന്റെ പൊരുളും മനസ്സിലാവുന്നു. ഇതൊന്നും മനസ്സിലാക്കാതെ മനപ്പാഠം പഠിച്ച്‌ ആവര്‍ത്തിക്കുകയായിരുന്നു പതിവ്‌. മനപ്പാഠമാക്കിയത്‌ മനസ്സില്‍ തുടര്‍ന്നിരുന്നതു കൊണ്ട്‌ പിന്നീട്‌ പ്രയോജനമുണ്ടായി.


ഇപ്പോള്‍ ഇങ്ങനെ തന്നെയാണോ പഠിപ്പിക്കുന്നത്‌. അതോ രാജ്യം വര്‍ഗീയമായി വിഭജിക്കപ്പെട്ടുവെന്നോ? വര്‍ഗീയമായി വിഭജിക്കപ്പെട്ടുവെന്ന്‌ പഠിപ്പിക്കുമ്പോള്‍ ആ വിഭജനത്തില്‍ വര്‍ഗീയവാദത്തിന്റെ പങ്ക്‌ പഠിപ്പിക്കും. അപ്പോള്‍ രാഷ്‌ട്രീയമായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ പരാമര്‍ശിക്കപ്പെടില്ല. കേവലം വര്‍ഗീയ വാദത്തിന്റെ അടിസ്ഥാനത്തിലുണ്ടായ വിഭജനമെന്ന്‌ പഠിതാക്കള്‍ ധരിക്കും. അതുകൊണ്ട്‌ കൂടിയാണ്‌ സഹോദര സമുദായത്തെ എളുപ്പത്തില്‍ വര്‍ഗീയ വാദിയായി മുദ്രകുത്താന്‍ തയ്യാറാവുന്നത്‌.
ചരിത്രം പ്രധാനമാണ്‌. അതുകൊണ്ടാണ്‌ ഭരണാധികാരികള്‍ ചരിത്രത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നത്‌, ശ്രമിക്കുന്നത്‌.

2009-08-13

എച്ച്‌ 1 എന്‍ 1 അലമുറ


ഒരു മഹാമാരിയുടെ മുന്നിലാണ്‌ ലോകം. പന്നിപ്പനി എന്ന പൊതുനാമത്തില്‍ അറിയപ്പെട്ടുന്ന എച്ച്‌ 1 എന്‍ 1 എന്ന വൈറസ്‌ ബാധയുടെ. രോഗബാധിതനായ ഒരാളുടെ ഉച്ഛ്വാസത്തിലൂടെ മറ്റൊരാളിലേക്ക്‌ വൈറസ്‌ എത്തുന്നു. അതുകൊണ്ടുതന്നെ സാംക്രമിക ഭീഷണി വലുതാണ്‌. പന്നികളിലാണ്‌ ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്‌. ഇവ പിന്നീട്‌ മനുഷ്യ ശരീരത്തിലേക്ക്‌ കടക്കാനുള്ള ശേഷി കൈവരിച്ചു. 1918ലാണ്‌ ഈ വൈറസിന്റെ ആക്രമണം ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്‌. അതിന്‌ മുമ്പും ഉണ്ടായിട്ടുണ്ടാവാം, പക്ഷേ, തിരിച്ചറിയപ്പെട്ടിട്ടുണ്ടാവില്ല. ഇന്ന്‌ പക്ഷേ, രോഗം മൂര്‍ത്തമായി മുന്നിലുണ്ട്‌. അതുണ്ടാക്കുന്ന ആഘാതം (ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം, മരണം എന്നീ കണക്കില്‍) ദിനേന പുറത്തുവരുന്നുമുണ്ട്‌. എബോള, പക്ഷിപ്പനി, സാര്‍സ്‌ എന്നിങ്ങനെ മുന്‍കാലങ്ങളില്‍ `പ്രസിദ്ധി' നേടിയ രോഗങ്ങളുടെ പട്ടികയിലേക്ക്‌ പന്നിപ്പനിയും എത്തിയിരിക്കുന്നു.


രോഗങ്ങളല്ല, അതിനെ നേരിടാന്‍ നടക്കുന്ന വിപുലമായ ഒരുക്കങ്ങളാണ്‌ കൂടുതല്‍ ശ്രദ്ധേയമാവുന്നത്‌. രോഗകാരണത്തെക്കുറിച്ച്‌ വരെ സംശയങ്ങള്‍ ഉയരാന്‍ ഈ തയ്യാറെടുപ്പ്‌ കാരണമാവുന്നുണ്ട്‌. ഇന്ത്യയിലെ കാര്യം മാത്രമെടുക്കുക. പന്നിപ്പനി ബാധ രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങിയിട്ട്‌ ഒരു മാസത്തിലേറെയായി. വിദേശത്തു നിന്ന്‌ എത്തുന്നവരിലാണ്‌ വൈറസ്‌ ബാധയുടെ സാധ്യത എന്ന്‌ കണക്കാക്കി വിമാനത്താവളങ്ങളില്‍ പരിശോധനക്ക്‌ സംവിധാനമൊരുക്കി. രോഗ ബാധിതരെന്ന്‌ സംശയിക്കുന്നവര്‍ക്ക്‌ കരുതല്‍ തടങ്കലിന്‌ സമാനമായ ആശുപത്രി വാസത്തിന്‌ വിധേയരാവേണ്ടിവന്നു. എന്നിട്ടും വൈറസ്‌ വ്യാപിക്കുന്നത്‌ തടയാനായില്ല. മരണങ്ങളുണ്ടായി. മരണകാരണം എച്ച്‌ 1 എന്‍ 1 തന്നെ എന്ന്‌ ഉറപ്പിച്ച്‌ മരുന്നും മുഖാവരണവും വന്‍തോതില്‍ വാങ്ങി വിതരണം ചെയ്യാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. യാഥാര്‍ഥ്യം ജനങ്ങളില്‍ നിന്ന്‌ മറച്ചുവെക്കപ്പെടുന്നുവെന്നതാണ്‌ ഇതിന്റെയെല്ലാം അന്തിമ ഫലം.


ലോകത്താകെ തുടരുന്ന ഗവേഷണങ്ങളിലൊന്നിനും വൈറസിനെ ചെറുക്കാന്‍ ഫലപ്രദമായ ഔഷധം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ വസ്‌തുത. ചില പ്രതിരോധ മരുന്നുകള്‍ വികസിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, വേഗത്തില്‍ രൂപമാറ്റം നടത്താനുള്ള വൈറസിന്റെ കഴിവ്‌ ഈ മരുന്നുകളെയും നിഷ്‌പ്രഭമാക്കുകയാണ്‌. രോഗബാധ നിര്‍ണയിച്ച്‌ ഈ മരുന്നുകള്‍ നല്‍കാന്‍ ഡോക്‌ടര്‍മാര്‍ക്ക്‌ കഴിയും. പക്ഷേ, മരുന്ന്‌ രോഗിയുടെ ശരീരത്തില്‍ എത്തുമ്പോഴേക്കും വൈറസ്‌ ഈ മരുന്നിന്‌ കീഴ്‌പ്പെടുത്താന്‍ കഴിയാത്ത രൂപത്തിലേക്ക്‌ മാറിയിട്ടുണ്ടാവും. ഇതൊന്നും പുതിയ അറിവുമല്ല. നമ്മുടെ ഭിഷഗ്വരന്‍മാര്‍ കാലങ്ങള്‍ക്കു മുമ്പേ ആര്‍ജിച്ചതാണ്‌.


നമുക്ക്‌ കൂടുതല്‍ പരിചിതമായ അഞ്ചാം പനി, ചിക്കന്‍ പോക്‌സ്‌ തുടങ്ങിയവയുടെ കാര്യം പരിശോധിച്ചാല്‍ കുറേക്കൂടി വ്യക്തമാവും. ഇവക്കൊന്നും മരുന്ന്‌ ലഭ്യമല്ല എന്നതാണ്‌ വാസ്‌തവം. അഞ്ചാം പനി ബാധിച്ച്‌ ചികിത്സ തേടിയെത്തുന്നവര്‍ക്ക്‌ ശരീരോഷ്‌മാവ്‌ നിയന്ത്രിക്കാനുള്ള പാരസെറ്റമോള്‍ മാത്രമാണ്‌ ഡോക്‌ടര്‍മാര്‍ നല്‍കുക. വിശ്രമിക്കാനും നിര്‍ദേശിക്കും. മരുന്ന്‌ കഴിക്കുന്നുണ്ട്‌ എന്ന അറിവ്‌ രോഗിയുടെ മനോബലം ഉയര്‍ത്തും. വിശ്രമം ശരീരത്തിന്റെ സ്വകീയമായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ഇത്‌ വൈറസുകളെ പരാജയപ്പെടുത്തുന്നതോടെ രോഗമുക്തി. അതിന്‌ ദിവസങ്ങള്‍ വേണ്ടിവരും. ചിക്കന്‍ പോക്‌സ്‌ ബാധിച്ചാല്‍ പതിനാല്‌ ദിവസം വിശ്രമം വേണ്ടിവരുമെന്നൊക്കെ പറയുന്നത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്‌.
ഇന്ന്‌ നാം കാണുന്ന എച്ച്‌ 1 എന്‍ 1 ബാധയുടെ കാര്യത്തിലും ഇതു തന്നെയാണ്‌ പ്രതിവിധിയുള്ളത്‌. പിന്നെ എന്തുകൊണ്ട്‌ മരണങ്ങള്‍ എന്ന ചോദ്യത്തിന്‌ വൈദ്യശാസ്‌ത്രം വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്‌.


വൈറസ്‌ബാധിതനായ വ്യക്തിയെ മറ്റ്‌ രോഗാണുക്കള്‍ ആക്രമിക്കാനുള്ള സാധ്യത ഏറെയാണ്‌. മാരകമായ ബാക്‌ടീരിയകളുടെ ആക്രമണത്തിന്റെ സാധ്യത ഏറെയാണ്‌. വൈറസ്‌ ബാധ കണ്ടെത്തുന്ന രോഗിക്ക്‌ ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകളില്‍ ഏറെയും ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ളതാവും. പ്രമേഹം പോലുള്ള രോഗങ്ങള്‍ നിലവിലുള്ള ശരീരത്തിലാണ്‌ എച്ച്‌ 1 എന്‍ 1 വൈറസ്‌ പ്രവേശിക്കുന്നതെങ്കില്‍ അവിടെ മറ്റു രോഗാണുക്കള്‍ക്ക്‌ എളുപ്പത്തില്‍ പ്രവേശനം ലഭിക്കും. പ്രമേഹം മൂലം പ്രതിരോധ ശേഷി കുറഞ്ഞ ശരീരം. അവിടെ വൈറസ്‌ ബാധ കൂടിയാവുമ്പോള്‍ പ്രതിരോധ ശേഷി വീണ്ടും കുറയും. അതിനാലാണ്‌ മറ്റ്‌ രോഗാണുക്കള്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാവുന്നത്‌. അത്തരം കേസുകളില്‍ രോഗബാധ മാരകമാവാന്‍ സാധ്യത ഏറെയാണ്‌. മറ്റൊന്ന്‌ നമ്മുടെ ആതുരാലയങ്ങളുടെ അവസ്ഥയാണ്‌. ആശുപത്രികള്‍ രോഗാണുക്കളുടെ ആവാസ കേന്ദ്രമാണെന്നതില്‍ തര്‍ക്കമില്ല. ശുചിത്വം പാലിക്കുന്നതില്‍ കാണിക്കൂന്ന പിശുക്ക്‌ കൂടിയാവുമ്പോള്‍ രോഗാണുക്കള്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പം. കുടിവെള്ള വിതരണത്തിനുള്ള പൈപ്പും ആശുപത്രികളിലേതടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള കുഴലും ഓരേ ഓടയില്‍ സ്ഥാപിക്കുന്ന ഭരണ സംവിധാനം കൂടിയാവുമ്പോള്‍ കുറേക്കൂടി എളുപ്പമാവും.



ഇവിടെ നിന്നുകൊണ്ടാണ്‌ നാം പന്നിപ്പനിയെന്ന്‌ അലമുറയിടുന്നത്‌. മരുന്നും മുഖാവരണവും വാങ്ങിക്കൂട്ടുന്നത്‌. രോഗമെന്താണ്‌, രോഗകാരിയെന്താണ്‌, പ്രതിവിധി എന്താണ്‌ എന്നൊന്നും വ്യക്തമായ ബോധ്യമില്ലാത്തതുപോലെ. ട്യൂബര്‍ക്കുലോസിസിന്‌ (ക്ഷയം) മരുന്നും പ്രതിരോധ കുത്തിവെപ്പും കണ്ടെത്തിയിട്ട്‌ വര്‍ഷങ്ങളായി. എല്ലാ കുഞ്ഞുങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ്‌ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്‌. എന്നിട്ടും ഇന്ത്യാ മഹാരാജ്യത്ത്‌ ക്ഷയം ബാധിച്ച്‌ പ്രതിവര്‍ഷം മരിക്കുന്നത്‌ നാല്‌ ലക്ഷത്തോളം പേരാണ്‌. ആര്‍ക്കും പരാതിയില്ല. പോളിയോ നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമം തുടങ്ങിയിട്ട്‌ ദശകങ്ങളായി. ആണ്ടിലൊരിക്കല്‍ ഉത്സവമെന്നപോലെ തുള്ളിമരുന്ന്‌ വിതരണം ആഘോഷമായി നടക്കുന്നുമുണ്ട്‌. എന്നിട്ടും പോളിയോ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വേവലാതികളൊന്നുമില്ലാതെ തുള്ളി മരുന്ന്‌ നൂറ്റൊന്ന്‌ ആവര്‍ത്തിക്കാന്‍ നിര്‍ദേശിച്ച്‌ ഭരണകൂടവും പൊതുസമൂഹവും നിസ്സംഗരായി നില്‍ക്കുന്നു.


110 കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്ത്‌ വിരലിലെണ്ണാവുന്നവര്‍ മരിച്ചപ്പോഴേക്കും എച്ച്‌ 1 എന്‍ 1 മുറവിളി ശക്തമാവുന്നു. മരണ കാരണം എച്ച്‌ 1 എന്‍ 1 അല്ലെന്ന്‌ ഡോക്‌ടര്‍മാര്‍ക്കറിയാം. ഇതിനെ പ്രതിരോധിക്കാനെന്ന പേരില്‍ വാങ്ങിക്കൂട്ടുന്ന തമി ഫ്‌ളു എന്ന മരുന്ന്‌ പ്രയോജനപ്രദമല്ലെന്നും അവര്‍ക്കറിയാം. പക്ഷേ, ആരുമൊന്നും പറയില്ല, കാരണം ഇതൊരു അന്താരാഷ്‌ട്ര സംഭവമാണ്‌. ആലപ്പുഴയിലോ കോഴിക്കോട്ടോ ചികുന്‍ ഗുനിയ ബാധിച്ച്‌ (മരണകാരണം അതുതന്നെയാണോ എന്നതില്‍ ശാസ്‌ത്രീയമായ അന്വേഷണം ഇനിയും വേണ്ടിവരും) നിരവധി പേര്‍ മരിക്കുന്നതുപോലുള്ള പ്രാദേശിക സംഭവമല്ല.


രാജ്യത്ത്‌ ആശുപത്രികളും ഡോക്‌ടര്‍മാരും ചികിത്സാ സാമഗ്രികളും ഔഷധങ്ങളും മാത്രമേയുള്ളൂ. രോഗപ്രതിരോധ ശേഷി എന്തെന്ന ബോധം ജനങ്ങളില്‍ സൃഷ്‌ടിക്കാന്‍ ഇതുമാത്രം പോര. അതിന്‌ പൊതുജനാരോഗ്യ പ്രസ്ഥാനം വേണം. എച്ച്‌ 1 എന്‍ 1 ബാധമൂലം രാജ്യത്ത്‌ ആദ്യമായി മരിച്ച (ആരോഗ്യ വകുപ്പിന്റെ കണക്കില്‍) റീദ ശൈഖ്‌ എന്ന പതിനാലുകാരിയുടെ മാതാവിന്റെ വാക്കുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയത്‌ ഇത്തരമൊരു പ്രസ്ഥാനത്തിന്റെ അഭാവം കൊണ്ടാണ്‌. റീദ ശൈഖ്‌ എന്ന കുട്ടി കുറഞ്ഞത്‌ 80 പേരിലെങ്കിലും വൈറസ്‌ പടര്‍ത്തിയെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന്റെ പ്രസ്‌താവനയാണ്‌ അവരെ പ്രകോപിപ്പിച്ചത്‌. റീദ രോഗബാധിതയായ ശേഷം മരിക്കുവോളം അടുത്തുണ്ടായിരുന്ന തനിക്ക്‌ വൈറസ്‌ ബാധയുണ്ടായില്ലെന്ന്‌ അവര്‍ പ്രതികരിച്ചു. മന്ത്രി മാപ്പ്‌ പറഞ്ഞ്‌ തടിയൂരി. സ്വാഭാവികമായ രോഗപ്രതിരോധ ശേഷിയുള്ള ഒരാളെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താനുള്ള ശക്തി വൈറസിനില്ലെന്ന്‌ ഈ വാക്കുകളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ രാജ്യത്തിന്‌ കഴിഞ്ഞില്ല. അതുള്‍ക്കൊണ്ട്‌ ജനങ്ങളുടെ ഭീതി അകറ്റാന്‍ ആരും ശ്രമിച്ചതുമില്ല. തമി ഫ്‌ളൂ ഇറക്കുമതി ചെയ്യാനും മുഖാവരണങ്ങള്‍ വിപണിയില്‍ ആവശ്യത്തിന്‌ ലഭ്യമാക്കാനുമുള്ള തിരക്കിലായിരുന്നു ഭരണകൂടം. എന്തുകൊണ്ട്‌ ഈ തിടുക്കം എന്നറിയണമെങ്കില്‍ തമി ഫ്‌ളൂവിന്റെ കഥ അറിയണം.


റംസ്‌ഫെല്‍ഡിന്റെ തമി ഫ്‌ളു


അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിലീഡ്‌ സയന്‍സസ്‌ എന്ന കമ്പനിയാണ്‌ പന്നിപ്പനിക്കു നല്‍കുന്ന തമി ഫ്‌ളൂ മരുന്നിന്റെ ഉത്‌പാദാകര്‍. അമേരിക്കന്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചായ നാസ്‌ദാഖില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനി. 1997 മുതല്‍ 2001വരെ യു എസ്‌ മുന്‍ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ്‌ എച്ച്‌ റംസ്‌ഫെല്‍ഡായിരുന്നു കമ്പനിയുടെ ചെയര്‍മാന്‍. 1988 മുതല്‍ കമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗവുമായിരുന്നു. 2001ല്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചപ്പോഴാണ്‌ റംസ്‌ഫെല്‍ഡ്‌ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്‌. (മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചിരിക്കുന്നുവെന്ന്‌ ആരോപിച്ച്‌ ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക എടുത്ത തീരുമാനത്തില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു റംസ്‌ഫെല്‍ഡിന്‌ എന്നത്‌ ഓര്‍ക്കുക)


2001ല്‍ റംസ്‌ഫെല്‍ഡ്‌ കമ്പനി വിടുമ്പോള്‍ രണ്ട്‌ കോടിയോളം ഡോളറിന്റെ ഓഹരി അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന്‌ നാസ്‌ദാഖില്‍ ജിലീഡിന്റെ ഓഹരിയൊന്നിന്‌ ഏഴ്‌ ഡോളറായിരുന്നു വില. ഇന്നത്‌ അമ്പത്‌ ഡോളറില്‍ അധികമാണ്‌. റംസ്‌ഫെല്‍ഡിന്‌ മാത്രം ലഭിക്കുന്ന ലാഭത്തിന്റെ തോത്‌ ഊഹിച്ചുനോക്കുക. റംസ്‌ഫെല്‍ഡ്‌ പ്രതിരോധ സെക്രട്ടറിയായ ശേഷമാണ്‌ പക്ഷി, പന്നി ആദിയായ പനികളുടെ കാരണക്കാരായ വൈറസുകളെ ചെറുക്കുന്നതിനുള്ള ഔഷധം വികസിപ്പിക്കുന്നതിന്‌ ജോര്‍ജ്‌ ബുഷ്‌ ധനസഹായം പ്രഖ്യാപിച്ചത്‌ - 710 കോടി ഡോളര്‍. അതില്‍ ഭൂരിഭാഗവും ലഭിച്ചത്‌ ജിലീഡിനായിരുന്നു. ആ ഗവേഷണത്തിന്റെ ഉത്‌പന്നമാണ്‌ തമി ഫ്‌ളൂ. ലോകത്ത്‌ വൈറസ്‌ കാരണമുള്ള സാംക്രമിക രോഗങ്ങളൊന്നും പടരാതിരുന്ന 2005ലാണ്‌ ബുഷ്‌ ധനസഹായം പ്രഖ്യാപിച്ചതും കമ്പനി പുതിയ മരുന്ന്‌ വികസിപ്പിച്ചതും.


അന്നുമുതല്‍ തമി ഫ്‌ളൂവിന്റെ ഉത്‌പാദനം ആരംഭിച്ചതാണ്‌ ജിലീഡ്‌. പക്ഷേ, രോഗമില്ലാതെ ഇതിന്‌ വിപണിയുണ്ടാവില്ലല്ലോ. ചില രാജ്യങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ കുറച്ച്‌ മാര്‍ക്കറ്റുണ്ടായി. ഇപ്പോള്‍ ലോകരാജ്യങ്ങള്‍, പ്രത്യേകിച്ച്‌ മൂന്നാം ലോക രാജ്യങ്ങള്‍ പന്നിപ്പനി ഭീതിയില്‍ വിറക്കുമ്പോള്‍ തമി ഫ്‌ളൂ വന്‍തോതില്‍ വിറ്റഴിയുകയാണ്‌. ജിലീഡ്‌ ലാഭത്തില്‍ നിന്ന്‌ ലാഭത്തിലേക്ക്‌ കുതിക്കുകയും. ചെറുകിട ബയോടെക്‌നോളജി കമ്പനിയായി തുടങ്ങിയ ജിലീഡിന്റെ ഇപ്പോഴത്തെ വിപണി മൂലധനം 2,200 കോടി ഡോളറാണ്‌. പന്നിപ്പനി യദൃച്ഛയാ പൊട്ടിപ്പുറപ്പെട്ടതാണോ? അങ്ങനെയാണെങ്കില്‍ തന്നെ അതിന്റെ പേരിലുണ്ടാക്കിയ ഭീകരാവസ്ഥ യാദൃച്ഛികമല്ല.


രോഗം മാറാന്‍ മാത്രം മരുന്ന്‌ എന്നത്‌ പഴയ സങ്കല്‍പ്പമാണ്‌. ഡോക്‌ടര്‍മാര്‍ മരുന്നു കുറിക്കുമ്പോള്‍ ഓരോ മരുന്നും എന്തിനുള്ളതാണെന്ന്‌ രോഗിയോട്‌ പറയുന്ന പതിവുമുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. എന്തിനാണ്‌ ഈ മരുന്നുകള്‍ എന്ന്‌ തിരിച്ചു ചോദിക്കാനുള്ള അവകാശം രോഗിക്കില്ല. ഡോക്‌ടര്‍ കുറിക്കുന്നു, രോഗി വാങ്ങിക്കുന്നു. നിര്‍മാതാക്കള്‍, ഡോക്‌ടര്‍ക്ക്‌ നല്‍കുന്ന കമ്മീഷന്റെ അടിസ്ഥാനത്തിലാണ്‌ രോഗിക്ക്‌ മരുന്ന്‌. കമ്മീഷന്‍ വര്‍ധിക്കുന്തോറും കുറിപ്പടിയില്‍ മരുന്നുകളുടെ എണ്ണവും അളവും വര്‍ധിക്കും. ഈ ഒരു പശ്ചാത്തലത്തില്‍ എച്ച്‌ 1 എന്‍ 1 വൈറസിനെ ചെറുക്കാന്‍ തമി ഫ്‌ളൂവിന്‌ കഴിയില്ലെന്ന്‌ ഒരു ഡോക്‌ടറും പറയില്ല. ഭരണകൂടവും പറയില്ല. റംസ്‌ഫെല്‍ഡിന്റെ കമ്പനി വാഗ്‌ദാനം ചെയ്യുന്ന കമ്മീഷന്‍ ചെറുതാവാന്‍ ഇടയില്ലല്ലോ.


എച്ച്‌ 1 എന്‍ 1 പ്രതിരോധത്തിന്‌ മരുന്നുണ്ടാക്കുന്ന മറ്റൊരു കമ്പനി ഗ്ലാക്‌സോ സ്‌മിത്‌ക്‌ലൈനാണ്‌. ബ്രിട്ടന്‍ കേന്ദ്രമായ കമ്പനി. ഇവരുടെ റെലെന്‍സ എന്ന മരുന്ന്‌ പക്ഷേ വേണ്ടത്ര പ്രശസ്‌തമായില്ല. റംസ്‌ഫെല്‍ഡിനെപ്പോലെ സ്വാധീന ശക്തിയുള്ള ഒരാളെ ചെയര്‍മാനായോ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമായോ ലഭിച്ചില്ല എന്നതിലപ്പുറം ഇതിന്‌ കാരണങ്ങളില്ല. എങ്കിലും റെലെന്‍സ വാങ്ങുന്നതിന്‌ 60 രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ട്‌. ഉത്‌പാദിപ്പിക്കുന്ന മരുന്നിന്റെ പത്ത്‌ ശതമാനം അവികസിത രാജ്യങ്ങള്‍ക്കായി മാറ്റിവെച്ച്‌ വിപണി മെച്ചപ്പെടുത്താന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. കൂടുതല്‍ കമ്മീഷന്‍ നല്‍കാന്‍ ഗ്ലാക്‌സോ തയ്യാറായാല്‍ തമി ഫ്‌ളൂവിന്‌ ഇപ്പോഴുള്ള പ്രശസ്‌തി വൈകാതെ മങ്ങും. നിലവിലുള്ള രോഗികള്‍ക്ക്‌ മാത്രമല്ല, വായുവിലൂടെ പറന്നെത്തുന്ന വൈറസ്‌ കടന്നു കയറാന്‍ ഇടയുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക്‌ കൂടി വേണ്ട മരുന്ന്‌ സംഭരിക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കുമ്പോള്‍ മത്സരം ശക്തമാവുക തന്നെ ചെയ്യും.


രോഗം പടരാതിരിക്കാനുള്ള മുഖാവരണവും ഇതേ കമ്പനികള്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. മറ്റു ധാരാളം നിര്‍മാതാക്കളും ഈ വിപണി ലക്ഷ്യമാക്കുന്നു. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും വന്നിറങ്ങുന്നവരുടെ ശരീരോഷ്‌മാവ്‌ നിര്‍ണയിച്ച്‌ എച്ച്‌ 1 എന്‍ 1 ബാധ കണ്ടെത്താനുള്ള ഉപകരണവും വിപണിയിലുണ്ട്‌. തെര്‍മന്‍ ഇമേജിംഗ്‌ കാമറ, ഇന്‍ഫ്രാറെഡ്‌ ഫീവര്‍ സ്‌കാനര്‍ എന്നൊക്കെയാണ്‌ പേരുകള്‍. ഇതുകൂടി സജ്ജമായ ശേഷമാണ്‌ വൈറസ്‌ ബാധയും അതേച്ചൊല്ലിയുള്ള ആശങ്കകളും വ്യാപകമായത്‌. ഇത്‌ മറ്റൊരു യാദൃച്ഛികതയായി മാത്രം കണക്കാക്കാനാവുമോ?



2009-08-09

സാര്‍വത്രിക (വിദ്യ) അഭ്യാസം


ഇത്‌ ചരിത്രമുഹൂര്‍ത്തമാണ്‌ - ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്‌ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ബില്‍ പാസ്സാക്കുന്നതിന്‌ മുന്നോടിയായി ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകള്‍ക്ക്‌ മറുപടി പറയവെ മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും വിദ്യ അഭ്യസിക്കാനുള്ള അവസരം ഉറപ്പാക്കുന്നതിന്‌ നിയമം കൊണ്ടുവരുമ്പോള്‍ അത്‌ ചരിത്ര മുഹൂര്‍ത്തം തന്നെയാണ്‌. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം അവകാശപ്പെടാനും ഈ സൗകര്യം നിഷേധിക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാനും രക്ഷിതാക്കള്‍ക്ക്‌ അവകാശം നല്‍കുമ്പോള്‍ പ്രത്യേകിച്ചും. സ്വാതന്ത്ര്യം കിട്ടി അറുപത്തിരണ്ട്‌ കൊല്ലം വേണ്ടിവന്നു ഇത്തരമൊരു നിയമം കൊണ്ടുവരാനെന്നും അതിന്‌ മുന്‍കൈ എടുക്കുന്നത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറാണെന്നുമൊക്കെയുള്ള ധ്വനികള്‍ ചരിത്ര മുഹൂര്‍ത്തമെന്ന കപില്‍ സിബലിന്റെ പ്രയോഗത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്‌.


രാജ്യത്തെ ഓരോ കുടുംബത്തെയും പ്രത്യേകിച്ച്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ നേരിട്ട്‌ ബാധിക്കുന്നതാണ്‌ പുതിയ നിയമം. അതുകൊണ്ടു തന്നെ ഈ ക്രെഡിറ്റെടുക്കല്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ആവശ്യം കൂടിയാണ്‌. കര്‍ഷകരെയും പാവപ്പെട്ടവരെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങളാണ്‌ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ പിന്തുടരുന്നത്‌ എന്ന വിമര്‍ശം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.


എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുന്നതിന്‌ തടസ്സമായി നിന്നത്‌ നിയമത്തിന്റെ അഭാവമായിരുന്നോ എന്നത്‌ അന്വേഷിക്കേണ്ടതുണ്ട്‌. സാര്‍വത്രികമായ വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടന അതിന്റെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ തന്നെ 14 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ഭരണഘടനയുടെ വകുപ്പ്‌ 45. 1950 ജനുവരി 26 (ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസം) മുതല്‍ പത്ത്‌ വര്‍ഷത്തിനകം പതിനാല്‌ വയസ്സുവരെ പ്രായമായവര്‍ക്കെല്ലാം വിദ്യാഭ്യാസ സൗകര്യമുറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്നും ഈ വകുപ്പില്‍ നിര്‍ദേശമുണ്ട്‌.


ഭരണഘടന നിലവില്‍ വന്നതിന്‌ ശേഷം 27 വര്‍ഷം തുടര്‍ച്ചയായി ഇന്ത്യാ മഹാരാജ്യം ഭരിച്ചത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയായിരുന്നു. നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ അന്ന്‌ ഒറ്റക്ക്‌ ഭരിച്ച കോണ്‍ഗ്രസിന്‌ കഴിഞ്ഞില്ല. ഇത്‌ ചരിത്ര മുഹൂര്‍ത്തമാണ്‌ എന്ന കപില്‍ സിബലിന്റെ വാദത്തിന്റെ ബലം അല്‍പ്പം കുറക്കുന്ന സംഗതിയാണിത്‌.


45-ാം വകുപ്പ്‌ വിദ്യാഭ്യാസത്തെക്കുറിച്ച്‌ നേരിട്ട്‌ പരാമര്‍ശിക്കുന്നുവെങ്കില്‍ മൗലികാവകാശങ്ങളായി ഭരണഘടന അംഗീകരിച്ചിരിക്കുന്നവയെല്ലാം എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്നത്‌ പരോക്ഷമായി ഉറപ്പാക്കുന്നുണ്ട്‌. മതം, വംശം, ജാതി, ലിംഗം, ജനന സ്ഥലം എന്നിവയിലധിഷ്‌ഠിതമായ വിവേചനങ്ങളുണ്ടാവില്ല എന്ന ഭരണഘടനാ വ്യവസ്ഥ വിദ്യാഭ്യാസത്തിന്‌ കൂടി ബാധകമാണ്‌. ത്രിപുരയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിക്കുന്ന ആദിവാസിക്കുട്ടി മുതല്‍ കന്യാകുമാരിയിലെ തീരഗ്രാമത്തില്‍ ജനിക്കുന്ന കുട്ടിക്കുവരെ വിവേചനരഹിതമായി വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാക്കാന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ടെന്ന്‌ അര്‍ഥം. ഈ ബാധ്യത നിറവേറ്റാന്‍ ഭരണകൂടത്തിന്‌ സാധിച്ചില്ല. അതുകൊണ്ടാണ്‌ സ്വാതന്ത്ര്യത്തിന്റെ 62-ാം വര്‍ഷത്തില്‍ പുതിയ ബില്‍ പാസ്സാക്കി പുളകം കൊള്ളേണ്ടിവന്നത്‌.


രാജ്യത്ത്‌ നിലനില്‍ക്കുന്ന സാമുഹിക യാഥാര്‍ഥ്യം പരിഗണിക്കുമ്പോള്‍, പുതിയ നിയമം പ്രാബല്യത്തിലാവുന്നതുകൊണ്ടു മാത്രം സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂര്‍ത്തിയാവുമെന്ന്‌ കരുതാനാവില്ല. സര്‍ക്കാര്‍, എയിഡഡ്‌, സ്വകാര്യ സ്‌കൂളുകള്‍ സമൃദ്ധമായുള്ള സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. ഇവിടെപ്പോലും കാടും മേടും ആറും കടന്ന്‌ കിലോമീറ്ററുകള്‍ നടന്ന്‌ സ്‌കൂളുകളില്‍ എത്താന്‍ വിധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ കുറവല്ല. അധിവസിക്കുന്ന പ്രദേശത്തിന്‌ സമീപം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാവുക എന്നത്‌ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ സുപ്രധാനമാണ്‌. കേരളത്തിലേതുപോലുള്ള അവസ്ഥയല്ല മിക്കവാറും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്‌.


പ്രാഥമിക വിദ്യാഭ്യാസത്തിന്‌ പോലുമുള്ള സൗകര്യങ്ങള്‍ നിലവിലുള്ള ഗ്രാമങ്ങള്‍ കുറവ്‌. സെക്കന്‍ഡറി സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഉപജീവനം ലക്ഷ്യമിട്ടുള്ള തൊഴില്‍ കൂടി ചെയ്യുന്നവരാണ്‌. രാവിലെ പാടത്തോ പറമ്പിലോ ജോലി ചെയ്‌ത്‌ ബാക്കി സമയം വിദ്യാഭ്യാസത്തിന്‌ നീക്കിവെക്കുന്നവര്‍. സമീപ പ്രദേശങ്ങളില്‍ സ്‌കൂളുകളില്ലെങ്കില്‍ ഇവര്‍ സ്‌കൂളിലെത്തുന്ന ദിവസങ്ങളുടെ എണ്ണം കുറയും. അധികം വൈകാതെ സ്‌കൂളില്‍പ്പോകുന്നത്‌ നിലക്കുകയും ചെയ്യും. ഈ അവസ്ഥയില്‍ മാറ്റമുണ്ടാവാതെ ആറു വയസ്സ്‌ മുതല്‍ പതിനാലു വയസ്സ്‌ വരെയുള്ള കുട്ടികള്‍ക്കെല്ലാം വിദ്യാഭ്യാസമെന്ന ലക്ഷ്യം കൈവരിക്കാനാവില്ല. കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാവുകയും വിദ്യാഭ്യാസത്തിന്‌ വേണ്ട ഭൗതിക സൗകര്യങ്ങള്‍ ഏറെ അകലെയല്ലാതെ ഉണ്ടാവുകയും വേണം. ഇത്തരമൊരു മാറ്റത്തിന്‌ പുതിയ നിയമം ഏതളവില്‍ സഹായിക്കുമെന്ന്‌ കഴിഞ്ഞ 62 വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിലയിരുത്തല്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല.


സാര്‍വത്രികമായ വിദ്യാഭ്യാസം എന്നത്‌ ഭരണഘടനയുടെ നിര്‍ദേശക തത്വമായി നിലവിലുള്ളപ്പോള്‍ എന്തുകൊണ്ട്‌ പുതിയ നിയമം കൊണ്ടുവരുന്നുവെന്നതും ആലോചിക്കേണ്ടതാണ്‌. സ്വകാര്യ മേഖലയിലേതടക്കം എല്ലാ സ്‌കൂളുകളിലെയും 25 ശതമാനം സീറ്റ്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്യുന്നുവെന്നതാണ്‌ നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്‌. അധികം വൈകാതെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍മാറുമെന്നതിന്റെ ചൂണ്ടുപലകയും. 4,000 കോടി രൂപയുടെ സ്വകാര്യ വിദ്യാഭ്യാസ കമ്പോളമാണ്‌ ഇന്ത്യയിലുള്ളതെന്ന്‌ 2008ല്‍ കണക്കാക്കിയിട്ടുണ്ട്‌. 2012ഓടെ ഇത്‌ 6,800 കോടിയായി ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പ്രധാനമായും ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ളതാണ്‌ ഈ കമ്പോളം. ഇതിനെ സ്‌കൂള്‍ തലത്തിലേക്ക്‌ കൂടുതല്‍ വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശ്യം.


സ്വകാര്യ സ്‌കൂളുകളില്‍ 25 ശതമാനം സീറ്റ്‌ വീതം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണം ചെയ്യുകയും ഇവിടെ പ്രവേശനം നേടുന്നവരുടെ വിദ്യാഭ്യാസച്ചെലവ്‌ വഹിക്കുകയും ചെയ്യുക എന്ന റോളിലേക്ക്‌ സര്‍ക്കാര്‍ പിന്‍വാങ്ങും. സര്‍ക്കാറിന്റെ കീഴില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്‌ കുറയും. സര്‍ക്കാര്‍ എയിഡഡ്‌ സ്ഥാപനങ്ങളും കാലക്രമേണ ഇല്ലാതാവും. കൂടുതല്‍ ആളുകള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതോടെ നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാലക്രമേണ ആവശ്യമില്ലാതെ വരികയും ചെയ്യും.


രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ഏകീകരിക്കാന്‍ പുതിയ നിയമം സഹായകമാവുമെന്ന്‌ ലോക്‌സഭയിലെ മറുപടിയില്‍ കപില്‍ സിബല്‍ വ്യക്തമാക്കുന്നു. നിലവില്‍ പല പാഠ്യപദ്ധതികള്‍ രാജ്യത്ത്‌ നിലവിലുണ്ട്‌. വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്‌ പലത്‌. സി ബി എസ്‌ ഇ, ഐ സി എസ്‌ ഇ, ഐ എസ്‌ സി തുടങ്ങിയ കേന്ദ്ര സിലബസ്സുകള്‍ പുറമെ. പലതരം പാഠ്യപദ്ധതികള്‍ പലതരം പൗരന്‍മാരെ സൃഷ്‌ടിക്കുന്നുവെന്ന പരാതി വ്യാപകമാണ്‌. പക്ഷേ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ ഇവ ഒഴിവാക്കാന്‍ കഴിയില്ല. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക്‌ കേന്ദ്ര സിലബസ്സുകളിലെ പാഠ്യപദ്ധതി പിന്തുടരുക എന്നത്‌ പ്രയാസമേറിയ ദൗത്യമാണ്‌. ഇത്‌ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്‌ വര്‍ധിക്കാനാണ്‌ സാധ്യത.


സ്വകാര്യ മേഖല വിദ്യാഭ്യാസ മേഖല കൈയടക്കുമ്പോള്‍ സ്വാഭാവികമായും കേന്ദ്ര സിലബസ്സിന്‌ പ്രാമുഖ്യം ലഭിക്കാനാണ്‌ സാധ്യത. നിലവില്‍ ലഭിക്കുന്ന വിദ്യാഭ്യാസ സൗകര്യം പോലും നിഷേധിക്കപ്പെടുന്ന സ്ഥിതിയാവും പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടാവുക. എല്ലാ വിഭാഗങ്ങള്‍ക്കും പിന്തുടരാന്‍ പാകത്തിലുള്ളതും നിലവാരം പുലര്‍ത്തുന്നതുമായ ഏകീകൃത പാഠ്യപദ്ധതി ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അതിന്‌ പുതിയ നിയമം സഹായിക്കില്ല.


സി ബി എസ്‌ ഇ സ്‌കൂളുകള്‍ വ്യാപകമാവുകയും ആംഗലേയ ഭാഷാസ്വാധീനം തൊഴില്‍ ലഭിക്കാന്‍ കൂടുതല്‍ സഹായകമാവുകയും ചെയ്‌തതോടെ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി സ്വന്തം ഭാഷ പഠിക്കാന്‍ താത്‌പര്യപ്പെടുന്നവരുടെ എണ്ണം കുറയുന്നുവെന്നതാണ്‌. ഇത്തരം സ്‌കൂളുകളില്‍ രണ്ടാം ഭാഷയുടെ സ്ഥാനമേ മലയാളത്തിന്‌ ലഭിക്കുന്നുള്ളൂ. മലയാളത്തിന്‌ പകരം സ്‌പെഷല്‍ ഇംഗ്ലീഷോ ഫ്രഞ്ചോ രണ്ടാം ഭാഷയായി പഠിക്കാന്‍ താത്‌പര്യപ്പെടുന്നവരാണ്‌ ഇപ്പോഴത്തെ തലമുറ. പുതിയ നിയമത്തിന്റെ ഭാഗമായി സ്വകാര്യവത്‌കരണത്തിന്റെ വേഗം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ മലയാള ഭാഷ അന്യമാവുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങളെത്തും.


സാമൂഹികമായുണ്ടാവുന്ന പ്രശ്‌നങ്ങളും കുറവാകില്ല. സ്വകാര്യ സ്‌കൂളുകളിലെ സംവരണ സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥിക്ക്‌ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്ന്‌ പഠിക്കാന്‍ അവസരമുണ്ടാവുമോ എന്ന കാര്യത്തില്‍ വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ധര്‍ ഇപ്പോള്‍ തന്നെ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്‌. ആകെയുള്ള സീറ്റില്‍ 25 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ നീക്കിവെക്കണമെന്നേ വ്യവസ്ഥയുള്ളൂ. ഈ സീറ്റില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക്‌ പ്രത്യേകം ക്ലാസ്സ്‌ ആരംഭിക്കാന്‍ സ്വകാര്യ മാനേജുമെന്റുകള്‍ തയ്യാറായേക്കും. പണം കൊടുത്ത്‌ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്ന അതേ സൗകര്യങ്ങള്‍ ഇവര്‍ക്ക്‌ കിട്ടിക്കൊള്ളണമെന്നുമില്ല. ഇത്‌ പുതിയ വര്‍ഗ വിവേചനത്തിന്‌ കാരണമാവും. സര്‍ക്കാറിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ഇപ്പോഴും ദളിത്‌ വിദ്യാര്‍ഥികളെ രണ്ടാംതരക്കാരായി കാണുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട്‌. ദളിത്‌ വിദ്യാര്‍ഥികളെ കക്കൂസ്‌ കഴുകാനും സ്‌ക്കൂള്‍ വളപ്പ്‌ ശുചിയാക്കാനും ഉപയോഗിക്കുന്നുവെന്ന്‌ കണ്ടെത്തിയ സര്‍വെ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌ ഏതാനും മാസം മുമ്പ്‌ മാത്രമാണെന്ന്‌ ഓര്‍ക്കുക.


പുതിയ നിയമം ലോക്‌സഭ പാസ്സാക്കിയതിനെ ചരിത്ര മുഹൂര്‍ത്തമായി വിശേഷിപ്പിച്ച മന്ത്രി(മാര്‍) ഓര്‍ക്കേണ്ട മറ്റൊന്ന്‌ കൂടിയുണ്ട്‌. ഇത്തരം ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക്‌ പലതവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ നമ്മുടെ നിയമ നിര്‍മാണ സഭകള്‍. ബാലവേല നിരോധിക്കാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള നിയമം 1986ലാണ്‌ പ്രാബല്യത്തിലായത്‌. പതിനാലില്‍ താഴെ പ്രായമായ കുട്ടികളെ അപകടകരമായ ജോലികള്‍ ചെയ്യാന്‍ നിയോഗിക്കുന്നത്‌ ഈ നിയമപ്രകാരം കുറ്റകരമാക്കിയിട്ടുണ്ട്‌. പതിനാല്‌ വയസ്സില്‍ താഴെയുള്ള കൂട്ടികള്‍ പടക്ക നിര്‍മാണശാലകളില്‍ പോലും ജോലി ചെയ്യുന്നത്‌ തുടരുകയാണ്‌. ഒന്നും ചെയ്യാന്‍ ഭരണകൂടത്തിന്‌ സാധിക്കുന്നില്ല. കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷനുണ്ടാക്കിയതും ഇതേ നിയമനിര്‍മാണ സഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌. പ്രത്യേകിച്ച്‌ എന്തെങ്കിലും സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. ഇത്തരം ഏട്ടിലെ പശുക്കള്‍ നിരവധിയുണ്ട്‌ തൊഴുത്തില്‍. അവയുടെ കൂട്ടത്തിലേക്ക്‌ പുതിയതൊന്നിനെ ചേര്‍ത്ത ചരിത്ര മുഹൂര്‍ത്തം സംഭാവന ചെയ്‌തവരെ അഭിനന്ദിക്കാം.

2009-08-06

സുന്ദരികളും വാണിഭക്കാരും


സൗന്ദര്യ മത്സരങ്ങളുടെ സംഘാടനത്തോടനുബന്ധിച്ച്‌ ഉണ്ടാവുന്നതാണ്‌ അതിനെതിരായ പ്രതിഷേധങ്ങളും കോടതി നടപടികളും. ഇക്കുറി മിസ്‌ കേരളയെ തിരഞ്ഞെടുക്കാന്‍ മത്സരം നടന്നപ്പോള്‍ പ്രതിഷേധത്തിന്റെ തോതില്‍ കുറവുണ്ടായി, പക്ഷേ കോടതി നടപടികള്‍ മുറപോലെ നടന്നു. സൗന്ദര്യ മത്സരമെന്നത്‌ സ്‌ത്രീകളുടെ അന്തസ്സ്‌ ചോദ്യം ചെയ്യുന്ന ഒന്നാണെന്നും സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നതാണെന്നും ഇന്ത്യാ മഹാരാജ്യത്തിന്റെ സംസ്‌കാരത്തിന്‌ യോജിച്ചതല്ലെന്നും വാദിക്കുന്നവരാണ്‌ പ്രതിഷേധവുമായി രംഗത്തുവരാറ്‌. ഇതേ ആരോപണങ്ങള്‍ തന്നെയാണ്‌ കോടതി വ്യവഹാരങ്ങളിലും ഉയരാറുള്ളത്‌. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ കൂടി പങ്കെടുക്കുന്നുവെന്ന പ്രത്യേക കാരണം കൂടി കോടതിയില്‍ ഇക്കുറി ചൂണ്ടിക്കാട്ടപ്പെടുകയുണ്ടായി.


ഇതൊക്കെ നിലനില്‍ക്കെ സൗന്ദര്യ മത്സരം മുറപോലെ നടക്കും. മിസ്‌ കേരള പിന്നീട്‌ മിസ്‌ ഇന്ത്യയാവാനും ചിലപ്പോള്‍ മിസ്‌ വേള്‍ഡ്‌, മിസ്‌ യൂനിവേഴ്‌സ്‌, മിസ്‌ എര്‍ത്ത്‌ എന്നീ പട്ടങ്ങള്‍ കരസ്ഥമാക്കാനും ശ്രമിക്കും. ഇവരെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷത്തോടെ കൊണ്ടുനടക്കും. സ്‌ത്രീകളുടെ അന്തസ്സ്‌ ഉയര്‍ത്താന്‍ വേണ്ടി യത്‌നിക്കുമെന്നതുപോലുള്ള വലിയ കാര്യങ്ങള്‍ ഇവരുടെ നാവുകളില്‍ നിന്ന്‌ ഉതിരുമ്പോള്‍ അതിന്‌ വലിയ പ്രചാരണം നല്‍കുകയും ചെയ്യും.


സമ്പന്ന ശ്രേണിയിലോ ഇടത്തരക്കാരില്‍ ഉയര്‍ന്നവരിലോ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണെങ്കിലും മാധ്യമങ്ങള്‍ നല്‍കുന്ന സൗന്ദര്യ മത്സര വിവരങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ നിര്‍ബന്ധിതരാവുന്നത്‌ ഭൂരിപക്ഷം വരുന്ന മറ്റുള്ളവരാണ്‌. ഇവരാരും എന്താണ്‌ സൗന്ദര്യമെന്നോ എന്തുകൊണ്ടാണ്‌ സൗന്ദര്യ മത്സരമെന്നോ ആലോചിക്കാറില്ല. കാരണം അന്നന്നത്തെ അന്നം ലക്ഷ്യമാവുമ്പോള്‍ ഇത്തരം ചിന്തകള്‍ അപ്രസക്തമാണ്‌. പക്ഷേ, ഇത്തരക്കാരുടെ ചെലവില്‍ കൂടിയാണ്‌ സൗന്ദര്യമത്സരങ്ങള്‍ നടക്കുന്നത്‌ എന്നതും അതിന്റെ ഉപോത്‌പന്നമായ ലാഭം വന്‍കിട കമ്പനികള്‍ സ്വന്തമാക്കുന്നത്‌ എന്നതുമാണ്‌ യാഥാര്‍ഥ്യം.


സൗന്ദര്യം എന്നതിന്‌ ഭൗതിക, ആത്മീയ തലങ്ങളില്‍ നിര്‍വചനങ്ങള്‍ സുലഭമാണ്‌. അത്‌ എല്ലാ സംസ്‌കാരങ്ങളുടെയും ഭാഗമാണ്‌ താനും. പക്ഷേ, അത്തരം നിര്‍വചനങ്ങളില്‍ നിന്ന്‌ ഭിന്നമാണ്‌ ഇവിടെ പ്രതിപാദിക്കപ്പെടുന്ന സൗന്ദര്യം. അത്‌ പണത്തില്‍ അധിഷ്‌ഠിതമാണ്‌. പണമുണ്ടെങ്കില്‍ ഭൗതിക സൗന്ദര്യം എന്നത്‌ ആര്‍ക്കും സ്വായത്തമാക്കാവുന്ന ഒന്നാണെന്ന്‌ ചുരുക്കം. ശീതീകരിച്ച കാറില്‍ നിന്ന്‌ പരവതാനിയിലേക്ക്‌ ഇറങ്ങുകയും പരവതാനിയില്‍ നിന്ന്‌ കാറിലേക്ക്‌ കയറുകയും ചെയ്യുന്നവര്‍ക്ക്‌ സൗന്ദര്യത്തിന്‌ കുറവുണ്ടാവില്ല. സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ ഉപയോഗിക്കാന്‍ വേണ്ട സാമ്പത്തിക ഭദ്രതയുള്ളതിനാല്‍ കാന്തിയേറുകയും ചെയ്യും.


സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുഖകാന്തി മാത്രമല്ല ശരീര വടിവു കൂടി പ്രധാനമാണ്‌. വ്യായാമം ചെയ്യാനുള്ള യന്ത്രോപകരണങ്ങള്‍ വാങ്ങാന്‍ ഇവര്‍ക്ക്‌ ബുദ്ധിമുട്ടില്ല. അന്നന്നത്തെ അന്നത്തേക്കുറിച്ച്‌ വേവലാതിപ്പെടേണ്ടതില്ല എന്നതിനാല്‍ വ്യായാമത്തിനും വിശ്രമത്തിനും വേണ്ടുവോളം സമയം കിട്ടും. പോഷക സമൃദ്ധമായ ആഹാരത്തിനും പ്രയാസമില്ല. ഇത്തരക്കാരുടെ സൗന്ദര്യ മത്സരത്തെച്ചൊല്ലി പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കുകയാണ്‌ നല്ലത്‌. കാരണം പ്രശ്‌നങ്ങള്‍ മത്സരത്തിന്‌ വേണ്ടതിലധികം പരസ്യം നല്‍കും. കോടതി നടപടികള്‍, പ്രതിഷേധങ്ങള്‍ എല്ലാം കൂടി ലഭിക്കുന്ന പ്രചാരണം കൂടിയാവുമ്പോള്‍ സംഗതികള്‍ കൊഴുക്കും. മനോഹരമായ ശരീരങ്ങള്‍, വിലകൂടിയ വേഷത്തില്‍ പൊതിഞ്ഞ്‌ പ്രദര്‍ശിപ്പിക്കുന്നത്‌ തത്സമയം കാണിക്കാന്‍ ചാനലുകള്‍ മത്സരിക്കുകയും ചെയ്യും. അതോടെ സംഘാടകര്‍ ലക്ഷ്യം നേടും.


ഏക പ്രശ്‌നം മത്സരത്തിന്റെ ഭാഗമായുള്ള നഗ്‌നതാ പ്രദര്‍ശനമാണ്‌. നഗ്‌നത എന്നത്‌ അശ്ലീലമല്ല. പക്ഷേ, അത്‌ ബോധപൂര്‍വം പ്രകടിപ്പിക്കുമ്പോള്‍ സഭ്യേതരമാവും. ഒരു മത്സരത്തിന്റെ ആവശ്യത്തിനായി നഗ്നത പ്രദര്‍ശിപ്പിക്കുമ്പോള്‍ അസഭ്യവും. ഈ അസഭ്യം ഒഴിവാക്കി സൗന്ദര്യ മത്സരം നടത്തുക എന്നത്‌ സംഘാടകര്‍ക്ക്‌ ചിന്തിക്കാന്‍ കഴിയില്ല. കാരണം അന്താരാഷ്‌ട്ര തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവിടെ നിന്ന്‌ ശീലിക്കാതെ കഴിയില്ലല്ലോ.


ഇന്ത്യക്കാരിക്ക്‌ ആദ്യമായി ലോകസുന്ദരിപ്പട്ടം കിട്ടിയിട്ട്‌ ദശകങ്ങള്‍ നിരവധിയായി. അന്ന്‌ അതത്രയൊന്നും വലിയ സംഭവമായില്ല. മാധ്യമ വൈപുല്യം ഇത്രത്തോളമില്ലാതിരുന്നതും കമ്പോള ശക്തികളുടെ സ്വാധീനം കുറവായിരുന്നതുമാണ്‌ അതിന്‌ കാരണം. പിന്നീട്‌ മിസ്‌ യൂനിവേഴ്‌സ്‌, മിസ്‌ വേള്‍ഡ്‌ പട്ടങ്ങള്‍ ഇന്ത്യക്ക്‌ ഒരേസമയം ലഭിക്കുന്നത്‌ 1994ലിലാണ്‌. ഇന്ത്യയില്‍വെച്ച്‌ ആദ്യമായി മിസ്‌ യൂനിവേഴ്‌സ്‌ മത്സരം നടന്നത്‌ 1996ലും. ഈ വര്‍ഷങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്‌. 1991ല്‍ അധികാരത്തിലേറിയ ഡോ. മന്‍മോഹന്‍ സിംഗ്‌ കമ്പോളങ്ങള്‍ തുറന്നു നല്‍കിയതിന്‌ ശേഷമുള്ള വര്‍ഷങ്ങള്‍. കമ്പോളങ്ങള്‍ തുറന്നു നല്‍കിയപ്പോള്‍ ആദ്യമെത്തിയത്‌ സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ നിര്‍മിക്കുന്ന കുത്തക കമ്പനികളായിരുന്നു. ഇവര്‍ക്ക്‌ വിപണി ഉറപ്പാക്കണമെങ്കില്‍ പുത്തന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ജനങ്ങളിലേക്ക്‌ എത്തിക്കേണ്ടിയിരുന്നു. അതിന്‌ തുടക്കമിടുകയായിരുന്നു സുസ്‌മിത, ഐശ്വര്യ ജോഡി.


ബാംഗ്ലൂരില്‍ ലോക സൗന്ദര്യ മത്സരം സംഘടിപ്പിച്ച അമിതാഭ്‌ ബച്ചന്‍ കോര്‍പ്പറേഷന്‍ അതുകൊണ്ട്‌ കുത്തുപാളയെടുത്തുവെങ്കിലും സൗന്ദര്യവര്‍ധ വസ്‌തുക്കളുടെ നിര്‍മാതാക്കളായ കുത്തക കമ്പനികള്‍ ഇന്ത്യന്‍ വിപണികളില്‍ സ്വാധീനം ഉറപ്പിച്ചു. അവിടെയും വഞ്ചനക്ക്‌ കുറവുണ്ടായില്ല. ഉദാഹരണത്തിന്‌ ഷാംപുവിന്റെ കാര്യം എടുക്കുക. ഇന്ത്യന്‍ ദരിദ്ര കോടികള്‍ക്ക്‌ വാങ്ങാന്‍ പാകത്തില്‍ ഗുണം കുറഞ്ഞ, അമിതമായി രാസവസ്‌തുക്കള്‍ ചേര്‍ന്ന ഉത്‌പന്നങ്ങള്‍ കമ്പനികള്‍ വിപണിയിലിറക്കി (ഇവ സാമ്പത്തികമായി വികാസം പ്രാപിച്ച രാജ്യങ്ങളില്‍ വിറ്റഴിക്കാന്‍ കഴിയുമായിരുന്നില്ല എന്നതും വസ്‌തുതയാണ്‌). ഇത്തരം വസ്‌തുക്കള്‍ ഉപയോഗിച്ച്‌ ശീലമായ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഈ കമ്പനികള്‍ പിന്നീട്‌ വന്ന്‌ രാസവസ്‌തുക്കള്‍ നിറഞ്ഞ ഉത്‌പന്നങ്ങളുടെ ദോഷഫലങ്ങള്‍ നിരത്തി. വിലകൂടിയ ഉത്‌പന്നം വാങ്ങാന്‍ പ്രലോഭിപ്പിച്ചു. പ്രകൃതിദത്തമായ ഉത്‌പന്നങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു ജനത സൗന്ദര്യ വര്‍ധക വസ്‌തുക്കളുടെ ഉപഭോക്താക്കളായി മാറി. അതിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതമാണ്‌ ലോക സൗന്ദര്യ മത്സരങ്ങളുടെ പ്രായോജകരാവാന്‍ ഈ കമ്പനികള്‍ ഉപയോഗിക്കുന്നത്‌. ഈ ചക്രത്തില്‍ നഷ്‌ടം സംഭവിച്ചവരുടെ കണക്കെടുക്കുമ്പോള്‍ അധികവും നേരത്തെ സൂപിച്ചിപ്പ അന്നന്നത്തെ അന്നത്തിന്‌ യത്‌നിക്കുന്നവരാണെന്ന്‌ കാണാം.


ഇതിനൊപ്പം സംഭവിച്ച മറ്റൊരു ദുരന്തം കൂടിയുണ്ട്‌. അത്‌ പ്രകൃതിദത്തമായ ഉത്‌പന്നങ്ങളില്‍ നിന്ന്‌ നാം അകന്നുവെന്നതാണ്‌. ഒപ്പം രാജ്യത്ത്‌ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ പൂട്ടിപ്പോവുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്‌തുവെന്നതും. സി ആര്‍ കേശവന്‍ വൈദ്യര്‍ സ്ഥാപിച്ച ചന്ദ്രിക സോപ്പ്‌ ഉദാഹരണമാണ്‌. കുത്തക കമ്പനികളുമായി മത്സരിക്കാന്‍ ത്രാണിയില്ലാതെ വന്നപ്പോള്‍ ഈ കമ്പനി കൈമാറ്റം ചെയ്യപ്പെട്ടു. ചന്ദ്രിക എന്ന പേരിനുണ്ടായിരുന്ന വിപണി മൂല്യം കണ്ടറിഞ്ഞ വിപ്രോ ഈ കമ്പനി സ്വന്തമാക്കി. വെള്ളില താളിയായി ഉപയോഗിക്കുന്നതില്‍ അന്തസ്സ്‌ കുറവ്‌ കാണുന്നവര്‍ ലാക്‌മെ കമ്പനി വെള്ളില പൊടിച്ച്‌ കുപ്പിയിലാക്കി നല്‍കുമ്പോള്‍ അവര്‍ പറയുന്ന വില കൊടുത്ത്‌ വാങ്ങുന്ന മാനസികാവസ്ഥയിലേക്ക്‌ മാറുകയും ചെയ്‌തു. സഭ്യതയുടെയും സംസ്‌കാരത്തിന്റെയും പ്രശ്‌നങ്ങള്‍ക്കുപരി സൗന്ദര്യ മത്സരങ്ങളും അതിന്റെ ഭാഗമായി നടക്കുന്ന വിപണി സ്വന്തമാക്കലും സാമൂഹിക തലത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌ എന്നതിന്‌ തെളിവാണിവ.


ഈ രാഷ്‌ട്രീയം അംഗീകരിക്കാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറാവില്ല. കാരണം അവരുടെ വരുമാന സ്രോതസ്സിലെ ഒരു ഭാഗം സൗന്ദര്യമത്സരങ്ങളുടെ പ്രായോജകരാവുന്ന കമ്പനികളില്‍ നിന്നുള്ളതാണ്‌. ഇത്തരം മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കാഴ്‌ചക്കാര്‍ ഏറുന്നുവെന്നതും വസ്‌തുതയാണ്‌. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്‌ നല്‍കുന്നതാണോ മാധ്യമ പ്രവര്‍ത്തനം എന്നത്‌ ഈ രംഗത്തെ ധാര്‍മികതയുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യം. പ്രായോജകരും സംഘാടകരും മാധ്യമങ്ങളും ഉള്‍പ്പെടുന്ന ദൃഢമായ ഒരു ശ്രേണിയുടെ ഉത്‌പന്നമാണ്‌ ഈ മത്സരങ്ങള്‍. ഈ ശ്രേണി വരുംകാലത്ത്‌ കൂടുതല്‍ ദൃഢമാവുകയേ ഉള്ളൂ. അതുകൊണ്ടുതന്നെ ഇത്തരം മത്സരങ്ങളും അതുണ്ടാക്കുന്ന മാലിന്യവും തുടരും. സ്‌ത്രീ പീഡനം, പെണ്‍വാണിഭം തുടങ്ങി പല രീതിയിലുള്ള മാലിന്യങ്ങളുടെ സൃഷ്‌ടിക്ക്‌ വഴിവെക്കുകയും ചെയ്യും.


പെണ്‍വാണിഭം, ബലാത്‌കാരം എന്നിവ പെരുകുന്നുവെന്ന്‌ അലമുറയിടുന്നവര്‍ തന്നെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും പേരു പറഞ്ഞ്‌ ഇത്തരം മത്സരങ്ങളെ ന്യായീകരിക്കുകയും ചെയ്യും. മോഡലിംഗിന്‌ ഇറങ്ങിത്തിരിച്ച പെണ്‍കുട്ടി കിളിരൂരിലെ പെണ്‍കുട്ടിയായി മാറുമ്പോള്‍ അവകാശ സംരക്ഷണത്തിന്‌ മുറവിളി കൂട്ടുന്നവരുടെ മുന്‍പന്തിയില്‍ സൗന്ദര്യ മത്സരങ്ങള്‍ക്ക്‌ വേണ്ടതിലധികം പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ്‌. ദുരന്ത സൃഷ്‌ടിയിലുള്ള തങ്ങളുടെ പങ്ക്‌ മറച്ചുവെക്കാന്‍ കൂടിയാണ്‌ ഈ അലമുറയിടല്‍.


ലോകത്ത്‌ പുരുഷന്‍മാരുടെ സൗന്ദര്യമത്സരങ്ങളും നടക്കുന്നുണ്ട്‌. അതിന്‌ ഇത്രത്തോളം പ്രശസ്‌തിയില്ല. അതിന്റെ നടത്തിപ്പിനെക്കുറിച്ച്‌ വിവാദങ്ങള്‍ ഉണ്ടാവാറുമില്ല. പുരുഷന്‍മാര്‍ക്ക്‌ അതില്‍ താത്‌പര്യമില്ല എന്നതു തന്നെയാണ്‌ കാരണം. സ്‌ത്രീയെ ശരീരമായി മാത്രം കാണുന്ന പുരുഷന്‍മാരെ ഉദ്ദേശിച്ചാണ്‌ വനിതകളുടെ സൗന്ദര്യ മത്സരം നടത്തപ്പെടുന്നത്‌. അവരാണ്‌ യഥാര്‍ഥ ഉപഭോക്താക്കള്‍ - മത്സരത്തിന്റെയും അതിന്റെ ഉപോത്‌പന്നമായ സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ വിപണിയുടെയും. നടത്തിപ്പുകാര്‍ക്കും പ്രായോജകര്‍ക്കും മാധ്യമങ്ങള്‍ക്കും ഇതറിയാം. രാജ്യത്ത്‌ ഇപ്പോഴും ധനത്തിന്റെ നിയന്ത്രണം, അത്‌ കുടുംബത്തിലായാലും പുറത്തായാലും, ഏറെക്കുറെ പുരുഷന്റെ പക്കലാണ്‌. സ്‌ത്രീകള്‍ക്ക്‌ വേണ്ടിയുള്ള ഉത്‌പന്നമാണെങ്കില്‍ കൂടി പണം ചെലവഴിക്കാനുള്ള അനുവാദം പുരുഷന്റെ പക്കല്‍ നിന്ന്‌ വേണം. മാധ്യമങ്ങളുടെ കാര്യത്തിലും പുരുഷന്‌ തന്നെയാണ്‌ നിയന്ത്രണം. സംപ്രേഷണത്തില്‍ മാത്രമല്ല, എന്ത്‌ കാണണമെന്ന്‌ തീരുമാനക്കുന്നതിലും. അവരെ ലാക്കാക്കിയാണ്‌ ഇത്തരം മത്സരങ്ങള്‍. കച്ചവടം കൊഴുക്കണമെങ്കില്‍ പുരുഷന്‍മാരെ വിധേയരാക്കണം എന്ന്‌ ഇവര്‍ക്കെല്ലാം അറിയാം. `സ്വയംവരം' പോലുള്ള റിയാലിറ്റി ഷോകള്‍ വന്‍ വിജയമാവുന്നതിന്റെ പിന്നിലും മറ്റു കാരണങ്ങള്‍ തേടേണ്ടതില്ല.


കുറിപ്പ്‌: വാണിഭക്കാര്‍ എന്നതിന്‌്‌ പെണ്‍വാണിഭം പ്രസിദ്ധമാവും മുമ്പ്‌ കച്ചവടക്കാര്‍ എന്നായിരുന്നു അര്‍ഥം

2009-08-01

നീതിയും ന്യായാസനങ്ങളും


ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അര്‍ഹരാവയവര്‍ക്ക്‌ വേഗത്തില്‍ നീതി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. ജഡ്‌ജിമാര്‍ അഴിമതി നടത്തുന്നുവെന്ന ആരോപണം പല കോണുകളില്‍ നിന്ന്‌ ഉയരുകയും ചില കേസുകളിലെങ്കിലും അത്‌ അടിസ്ഥാനമില്ലാത്തതല്ലെന്ന്‌ കണ്ടെത്തുകയും ചെയ്‌ത സാഹചര്യത്തില്‍ ജഡ്‌ജിമാരുടെ നിയമനത്തിന്‌ സ്വീകരിക്കേണ്ട പൊതുരീതിയെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്‌. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്‌ജിയായിരുന്ന സൗമിത്ര സെന്നിനെതിരെ ഇംപീച്ച്‌മെന്റിന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ തന്നെ ശിപാര്‍ശ ചെയ്യുകയും ഉണ്ടായി. ഇത്തരം നടപടികള്‍ നടക്കുമ്പോള്‍ തന്നെ ജുഡീഷ്യല്‍ സംവിധാനത്തിനുള്ളിലെ നൈതികത സംബന്ധിച്ച്‌ വേണ്ടത്ര ആലോചനകള്‍ നടക്കുന്നുണ്ടോ എന്നത്‌ സംശയമാണ്‌. പൊതുസമൂഹത്തില്‍ പോലും ഇത്തരം ചര്‍ച്ചകള്‍ സജീവമല്ല.


രണ്ട്‌ സംഭവങ്ങള്‍ ഇതിന്‌ തെളിവായി പരിഗണിക്കാം. ഒന്ന്‌ ഷോപിയാനില്‍ രണ്ട്‌ യുവതികളെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന സംഭവത്തിലെ കോടതി നടപടികളാണ്‌. മറ്റൊന്ന്‌ തമിഴ്‌നാട്ടില്‍ മാര്‍ക്ക്‌ ലിസ്റ്റ്‌ തട്ടിപ്പ്‌ കേസില്‍ ആരോപണവിധേയര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന്‌ കേന്ദ്രമന്ത്രി ഇടപെട്ടു എന്നതും. രണ്ടിടത്തും ഉയര്‍ന്ന നീതിപീഠമോ അതില്‍ ഇരിക്കുന്നവരോ സ്വീകരിച്ച നിലപാടുകള്‍ സംശയമുണര്‍ത്തുന്നു.


ഷോപിയാനില്‍ രണ്ട്‌ യുവതികള്‍ കൊല്ലപ്പെട്ട സംഭവം വലിയ പ്രക്ഷോഭത്തിന്‌ കാരണമായിരുന്നു. പട്ടാളക്കാരോ പോലീസോ ഉള്‍പ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളും കൊലപാതകങ്ങളും അപൂര്‍വമല്ലാത്ത രാജ്യമായതിനാലാണ്‌ പ്രക്ഷോഭത്തിന്‌ ആക്കം കൂടിയത്‌. സംഭവം നടന്നയുടന്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്‌ യുവതികള്‍ മുങ്ങിമരിച്ചതാണെന്നാണ്‌. പ്രക്ഷോഭത്തിന്റെ ഫലമായി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്‍, തെളിവ്‌ നശിപ്പിക്കാന്‍ കൂട്ടുനിന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടുകയും ചെയ്‌തു. ഷോപിയാന്‍ പോലീസ്‌ സൂപ്രണ്ട്‌, ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട്‌, സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍, ഫോറന്‍സിക്‌ ലബോറട്ടറിയിലെ ഉദ്യോഗസ്ഥന്‍ എന്നിവര്‍ തെളിവ്‌ നശിപ്പിച്ചുവെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സര്‍വീസില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.


ഇതിന്‌ ശേഷമാണ്‌ കോടതി നടപടികളുടെ നാടകീയത ആരംഭിക്കുന്നത്‌. ഹൈക്കോടതി അഭിഭാഷകരുടെ സംഘടന സമര്‍പ്പിച്ച പൊതുതാത്‌പര്യ ഹരജി പരിഗണിച്ച ജമ്മു കാശ്‌മീര്‍ ഹൈക്കോടതി കര്‍ശനമായ ചില നടപടികള്‍ക്കാണ്‌ മുതിര്‍ന്നത്‌. തെളിവ്‌ നശിപ്പിച്ചുവെന്ന്‌ ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ്‌ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഇവര്‍ കീഴ്‌ക്കോടതികളില്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷ ഹൈക്കോടതിക്ക്‌ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. അസാധാരണമായ ഒരു നടപടി എന്ന്‌ ഏതൊരാള്‍ക്കും തോന്നുന്നതായിരുന്നു ഇത്‌. പക്ഷേ, ഈ കേസിന്റെ സാഹചര്യം പരിഗണിക്കുമ്പോള്‍ അത്‌ അത്ര അസാധാരണമായിരുന്നില്ല എന്ന്‌ വിലയിരുത്തേണ്ടിവരും.


യുവതികളെ ബലാത്സംഗം ചെയ്‌തുകൊന്നുവെന്ന്‌ ആരോപിക്കപ്പെടുന്നവര്‍ അര്‍ധ സൈനിക വിഭാഗത്തിലോ പോലീസിലോ അംഗങ്ങളാണ്‌. തെളിവ്‌ നശിപ്പിച്ചുവെന്ന്‌ ആരോപിക്കപ്പെടുന്നവരില്‍ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ മുതലുള്ള ഉദ്യോഗസ്ഥരുണ്ട്‌. ഈ കുറ്റകൃത്യം അന്വേഷിക്കുന്നത്‌ സംസ്ഥാന പോലീസാണ്‌. കള്ളനും പോലീസും ഒരേ ഗണത്തില്‍പ്പെടുമ്പോള്‍ അന്വേഷണത്തിന്റെ കാര്യക്ഷമതയില്‍ സംശയങ്ങളുണ്ടാവുക സ്വാഭാവികം. തെളിവ്‌ നശിപ്പിച്ചുവെന്ന ആരോപണം ജില്ലാ പോലീസ്‌ സൂപ്രണ്ടിന്‌ നേര്‍ക്ക്‌ ഉയരുമ്പോള്‍ സംരക്ഷിക്കപ്പെടുന്ന കുറ്റവാളികള്‍ അതിലും ഉയര്‍ന്ന റാങ്കിലുള്ളവരോ അല്ലെങ്കില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവരോ ആണെന്നത്‌ വ്യക്തം. അവരെ കണ്ടെത്തണമെങ്കില്‍ ചില കടുത്ത നടപടികള്‍ വേണമെന്ന്‌ സംസ്ഥാന ഹൈക്കോടതിക്ക്‌ തോന്നിയിട്ടുണ്ടാവണം. അതുകൊണ്ടാണ്‌ അറസ്റ്റിന്‌ ഉത്തരവിട്ടതും ജാമ്യം അനുവദിക്കുന്നതിന്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും.


ഈ വിധി ചോദ്യം ചെയ്‌ത്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയില്‍ വലിയ അതൃപ്‌തി രേഖപ്പെടുത്തുകയാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ബഞ്ച്‌ ചെയ്‌തത്‌. അറസ്റ്റിന്‌ കോടതി എന്തുകൊണ്ട്‌ ഉത്തരവിട്ടു എന്നത്‌ പ്രധാന പ്രശ്‌നമായി സുപ്രീം കോടതിയില്‍ ഉന്നയിക്കപ്പെട്ടു. അറസ്റ്റിന്‌ തക്ക തെളിവുണ്ടെങ്കില്‍ പിന്നെ ഇക്കാര്യത്തിന്‌ കോടതിയുടെ ഉത്തരവ്‌ എന്തിന്‌ എന്നും ചോദ്യം ഉയര്‍ന്നു. രാജ്യത്തെ പോലീസ്‌ സംവിധാനത്തെക്കുറിച്ച്‌ കേട്ടറിവെങ്കിലുമുള്ളവര്‍ ഇത്തരം ചോദ്യം ഉന്നയിക്കില്ല എന്നുറപ്പ്‌. ആരോപണവിധേയനായത്‌ ജില്ലാ പോലീസ്‌ സൂപ്രണ്ടാണെങ്കില്‍ കൂടി അറസ്റ്റ്‌ ചെയ്യാനും ചോദ്യം ചെയ്‌ത്‌ യാഥാര്‍ഥ്യം കണ്ടെത്താനും പാകത്തിലുള്ള ഉയര്‍ന്ന നീതി ബോധം സേനയിലുണ്ടായിരുന്നുവെങ്കില്‍ ഷോപിയാന്‍ പോലുള്ള സംഭവങ്ങള്‍ ഉണ്ടാവുമായിരുന്നില്ലല്ലോ.


തെളിവ്‌ നശിപ്പിച്ചതിന്‌ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ കൂടുതല്‍ ചോദ്യം ചെയ്‌താല്‍ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനും പറഞ്ഞിരുന്നു. ഇതിന്‌ പോലീസ്‌ സ്വയം തയ്യാറാവാത്ത സാഹചര്യത്തില്‍ ഹൈക്കോടതി അതിന്‌ ഉത്തരവിട്ടു. നിയമവ്യവസ്ഥയനുസരിച്ച്‌ കോടതികള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന കാര്യമായിരിക്കില്ല ഇത്‌. പക്ഷേ, നീതി ലഭ്യമാക്കാന്‍ ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന ചില കാര്യങ്ങളെങ്കിലും അതിന്റെ വികാരം മനസ്സിലാക്കി അംഗീകരിക്കപ്പെടേണ്ടതുണ്ട്‌. അല്ലെങ്കില്‍ കാശ്‌മീരില്‍ ഇക്കാലത്തിനിടെ കാണാതായ ആയിരക്കണക്കിന്‌ യുവാക്കളെ സംബന്ധിച്ച കേസുകളുടെ കൂട്ടത്തിലേക്ക്‌ ഇതും വൈകാതെ മാറ്റപ്പെടും. ഇവരെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ട ഹൈക്കോടതി, ഷോപിയാനിലെ ജനങ്ങളോട്‌ പ്രക്ഷോഭം അവസാനിപ്പിച്ച്‌ അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ ആവശ്യം അംഗീകരിച്ച്‌ അവര്‍ പ്രക്ഷോഭം പിന്‍വലിക്കുകയും ചെയ്‌തു. ഒരു ജനതക്ക്‌ ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന്റെ തെളിവാണ്‌ ഇത്‌ കാണിക്കുന്നത്‌. ഈ വിശ്വാസ്യതയുടെ കടക്കല്‍ കത്തിവെക്കുകയാണ്‌ ഫലത്തില്‍ സുപ്രീം കോടതി ചെയ്‌തത്‌.


ജനങ്ങളുടെ വികാരത്തെ അടിസ്ഥാനമാക്കി നീതിനിര്‍വഹണം സാധ്യമാവില്ല എന്നത്‌ അംഗീകരിക്കാം. പക്ഷേ, തെളിവ്‌ നശിപ്പിച്ചുവെന്ന്‌ ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയവര്‍ക്കെതിരായ നടപടി ലഘൂകരിക്കുമ്പോള്‍ അത്‌ പൊതുവികാരം എതിരാക്കുമെന്നുറപ്പ്‌.


തമിഴ്‌നാട്ടില്‍ വ്യാജ മാര്‍ക്ക്‌ ലിസ്റ്റ്‌ കേസില്‍ ആരോപണവിധേയരായ കിരുബ ശ്രീധര്‍, പിതാവ്‌ ഡോ. കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന്‌ തന്നെ സ്വാധീനിക്കാന്‍ ഒരു കേന്ദ്ര മന്ത്രി ശ്രമിച്ചുവെന്ന്‌ മദ്രാസ്‌ ഹൈക്കോടതിയിലെ ജഡ്‌ജി ആര്‍ രഘുപതി കോടതിയില്‍ പരസ്യമായി പറഞ്ഞതാണ്‌. പക്ഷേ, ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമം നടന്നിട്ടില്ല എന്നാണ്‌ സൂപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറയുന്നത്‌. ജഡ്‌ജി രഘുപതി തെറ്റിദ്ധരിച്ചതാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞുവെന്നാണ്‌ ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ചെന്നൈയില്‍ മാധ്യമങ്ങളോട്‌ സംസാരിക്കവെ പ്രസ്‌തുത കേസിന്റെ കാര്യത്തിന്‌ ജഡ്‌ജി രഘുപതിയെ ആരും വിളിച്ചിട്ടില്ലെന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു.


അങ്ങനെയെങ്കില്‍, തന്നെ സ്വാധീനിക്കാന്‍ കേന്ദ്ര മന്ത്രി ശ്രമിച്ചുവെന്ന്‌ ജഡ്‌ജി തുറന്ന കോടതിയില്‍ പറഞ്ഞത്‌ നുണയാണ്‌. ഇത്തരത്തില്‍ നുണ പറയുന്ന ഒരാളെ ജുഡീഷ്യല്‍ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത്‌ എങ്ങനെ എന്ന ചോദ്യത്തിന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ തന്നെയാണ്‌ മറുപടി പറയേണ്ടത്‌. ജഡ്‌ജി തുറന്ന കോടതിയില്‍ പറഞ്ഞത്‌ വസ്‌തുതയാണെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാണ്‌. മാര്‍ക്ക്‌ ലിസ്റ്റ്‌ തട്ടിപ്പ്‌ കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ കേന്ദ്ര മന്ത്രി, കേന്ദ്ര മന്ത്രിയെ സംരക്ഷിച്ച്‌ നിര്‍ത്താന്‍ ചീഫ്‌ ജസ്റ്റിസ്‌? നീതിന്യായ സംവിധാനത്തെക്കുറിച്ച്‌ ഗൗരവമായ സംശങ്ങള്‍ നിലനില്‍ക്കുകയാണ്‌.


വാര്‍ത്താ പ്രാധാന്യം കൊണ്ട്‌ അല്‍പ്പ കാലമെങ്കിലും മാധ്യമങ്ങളുടെ സജീവ ശ്രദ്ധയില്‍ നിന്നതായതുകൊണ്ടാണ്‌ ഇത്‌ രണ്ടും പരാമര്‍ശിക്കപ്പെടുന്നത്‌. വാര്‍ത്ത നിലനില്‍ക്കാന്‍ വേണ്ട അളവില്‍ സെന്‍സേഷനില്ലാത്തതുകൊണ്ട്‌ ശ്രദ്ധിക്കപ്പെടാതെ പോവുന്ന പല സംഭവങ്ങള്‍ ഇതുപോലെയുണ്ടാവാം. അതുകൊണ്ടാണ്‌ ജുഡീഷ്യല്‍ സംവിധാനത്തിലെ നൈതികതയെക്കുറിച്ച്‌ വേണ്ടത്ര ആലോചനകള്‍ നടക്കുന്നില്ല എന്ന്‌ നേരത്തെ പറഞ്ഞത്‌. എല്ലാ സംവിധാനങ്ങളെക്കുറിച്ചും കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന പരാതികളിലൊന്ന്‌ സുതാര്യതയില്ലായ്‌മയാണ്‌. ജുഡീഷ്യല്‍ സംവിധാനത്തിലെ പ്രശ്‌നം സുതാര്യതയില്ലായ്‌മല്ല, അതാര്യതയാണ്‌ എന്നാണ്‌ ഈ രണ്ട്‌ സംഭവങ്ങള്‍ തെളിയിക്കുന്നത്‌.


ഷോപിയാന്‍ സംഭവത്തില്‍ ജമ്മു കാശ്‌മീര്‍ ഹൈക്കോടതി സ്വീകരിച്ച നടപടിയെ നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ തന്നെ നിലനില്‍ക്കുന്ന സവിശേഷ സാഹചര്യത്തിന്റെ കോണില്‍ കൂടി നോക്കാന്‍ പരമോന്നത നീതിപീഠം തയ്യാറായോ എന്നത്‌ സംശയകരമാണ്‌. രണ്ടാമത്തെ സംഭവത്തില്‍ എന്താണ്‌ ഉണ്ടായതെന്ന്‌ പൊതുജനത്തെ അറിയിക്കേണ്ട ബാധ്യത നിയമ നിര്‍മാണ, നീതിന്യായ വിഭാഗങ്ങള്‍ക്കുണ്ടായിരുന്നു. മുന്നണി രാഷ്‌ട്രീയത്തിന്റെതുള്‍പ്പെടെ പലവിധ സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയമായി നിലകൊള്ളുന്ന നിയമനിര്‍മാണ സംവിധാനം അതിന്‌ തയ്യാറാവില്ല എന്നത്‌ ഉറപ്പാണ്‌. ഇത്തരം സാഹചര്യങ്ങളില്‍ ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്ന വിഭാഗം കൂടിയാണ്‌ നീതിന്യായ സംവിധാനം. അത്‌ മുന്‍കൂട്ടി അറിഞ്ഞതിനപ്പുറം അതാര്യമാണെന്ന്‌ വ്യക്തമാവുകയാണ്‌.


അയ്യായിരം കോടതികള്‍ പുതുതായി തുടങ്ങി കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വേഗം കൂട്ടാനാണ്‌ ശ്രമിക്കുന്നതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ അടുത്തിടെ പറഞ്ഞിരുന്നു. അതിന്‌ മുമ്പ്‌ നടക്കേണ്ട പലതുമുണ്ട്‌. ആ വഴിക്കാണ്‌ ആദ്യം ശ്രമമുണ്ടാവേണ്ടത്‌. അല്ലെങ്കില്‍ നിയമ നിര്‍മാണ, ഭരണ നിര്‍വഹണ വ്യവസ്ഥകള്‍ ഇതിനകം പതിച്ചിരിക്കുന്ന സംശയത്തിന്റെ നൂലാമാലകള്‍ നീതിനിര്‍വഹണ സംവിധാനത്തെയും ചുറ്റിമുറുക്കുന്നത്‌ കാണേണ്ടിവരും. ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ വിശ്വാസരാഹിത്യമായിരിക്കും. വിശ്വാസരാഹിത്യം എല്ലായ്‌പോഴും അരാജത്വത്തിലേക്കും കലാപത്തിലേക്കുമാണ്‌ വാതിലുകള്‍ തുറക്കുക.