2009-09-24

കീറിയ ഖദറാണേ...ലളിത ജീവിതമാണേ...


കന്നുകാലി ക്ലാസ്‌, വിശുദ്ധ പശുക്കള്‍ എന്നീ തരൂരിയന്‍ പ്രയോഗങ്ങള്‍ കൊണ്ട്‌ വിവാദ സമുദ്ധമായി മാറിയതാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നിര്‍ദേശിക്കുകയും രണ്ടാം യു പി എ സര്‍ക്കാര്‍ നടപ്പാക്കാന്‍ നിഷ്‌കര്‍ഷിക്കുകയും ലളിത ജീവിത സിദ്ധാന്തം. രാജ്യം ഒരു വരള്‍ച്ചയെ അഭിമുഖീകരിക്കുകയും അത്‌ നേരിടുന്നതിനുള്ള ദുരിതാശ്വാസ നിധിയിലേക്ക്‌ പാര്‍ട്ടിയുടെ എം പിമാരും എം എല്‍ എമാരും ശമ്പളത്തിന്റെ ഇരുപത്‌ ശതമാനം സംഭാവന ചെയ്യുകയും വേണമെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദേശിച്ചതിന്റെ പിറകെയാണ്‌ ചിലവു ചുരുക്കല്‍, ലളിത ജീവിതം തുടങ്ങിയവക്കുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ആരംഭിച്ചത്‌.


മന്ത്രിമാരുടെയും എം പിമാരുടെയും ആഭ്യന്തര വിമാന യാത്രകള്‍ ഇക്കോണമി ക്ലാസ്സിലേക്ക്‌ മാറ്റുക എന്നതായിരുന്നു ചിലവു ചുരുക്കലിന്റെ ഏറ്റവും പ്രത്യക്ഷമായ നടപടി. ഇതു സംബന്ധിച്ച ചോദ്യത്തോട്‌ പ്രതികരിക്കവെയാണ്‌ കന്നുകാലി ക്ലാസ്‌, വിശുദ്ധ പശു തുടങ്ങിയ പ്രയോഗങ്ങള്‍ ശശി തരൂരിന്റെ ഭാഗത്തു നിന്നുണ്ടായത്‌. അത്‌ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിനെ പ്രതിനിധീകരിക്കുന്നുവെന്ന്‌ കരുതുക.


ചിലവു ചുരുക്കലും ലളിത ജീവിതവും മന്ത്രിമാരെയും എം പിമാരെയും ശീലിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും മാതൃക കാട്ടുന്ന കാഴ്‌ച രാജ്യം കണ്ടിരുന്നു. കോണ്‍ഗ്രസിന്റെ യുവരാജാവ്‌ ലുധിയാന മുതല്‍ ഡല്‍ഹി വരെ ട്രെയിനിലെ ചെയര്‍കാറില്‍ സഞ്ചരിച്ചതിന്‌ വലിയ മാധ്യമ ശ്രദ്ധ ലഭിച്ചു. അദ്ദേഹം സഞ്ചരിച്ച ബോഗിക്കു നേര്‍ക്ക്‌ കല്ലേറുണ്ടായത്‌ പ്രചാരണത്തിന്റെ ആക്കം കൂട്ടുകയും ചെയ്‌തു. ലളിത ജീവിതം നയിക്കുക എന്നത്‌ രാഷ്‌ട്രീയപ്രവര്‍ത്തകനെന്ന നിലയില്‍ തങ്ങളുടെ കര്‍ത്തവ്യമാണെന്ന വചനം അദ്ദേഹത്തിന്റെതായി പുറത്തുവന്നു. ഈ പ്രഘോഷണങ്ങള്‍ക്കും നാട്യങ്ങള്‍ക്കുമപ്പുറത്ത്‌ ലളിത ജീവിത സിദ്ധാന്തത്തിന്‌ അര്‍ഥമേതുമില്ല തന്നെ.


യു പി എ സര്‍ക്കാര്‍ ലളിത ജീവിത സിദ്ധാന്തം അവതരിപ്പിച്ചതിന്‌ ശേഷമാണ്‌ രാഹുല്‍ ഗാന്ധിയുടെ തമിഴ്‌നാട്‌ പര്യടനമുണ്ടായത്‌. ഡല്‍ഹിയില്‍ നിന്ന്‌ പ്രത്യേക ഹെലിക്കോപ്‌റ്ററാണ്‌ പര്യടനത്തിന്‌ അദ്ദേഹം ഉപയോഗിച്ചത്‌. മണിക്കൂറിന്‌ 1,10,000 രൂപ വാടകയുള്ള ബീച്ച്‌ ക്രാഫ്‌റ്റ്‌ ഹെലിക്കോപ്‌റ്റര്‍. യൂത്ത്‌ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനമായിരുന്നു രാഹുലിന്റെ സന്ദര്‍ശനോദ്ദേശ്യം. അതുകൊണ്ട്‌ ഹെലിക്കോപ്‌റ്റര്‍ വാടക യൂത്ത്‌ കോണ്‍ഗ്രസ്‌ നല്‍കും. തമിഴ്‌നാട്‌ പര്യടനത്തിന്‌ ഹെലിക്കോപ്‌റ്റര്‍ വാടക മാത്രം ഒരു കോടി രൂപ വരും.
യൂത്ത്‌ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന്‌ ഈ പണം നല്‍കുന്നു, അതുകൊണ്ട്‌ പോതുഖജനാവിന്‌ കോട്ടമില്ല എന്ന്‌ വാദിക്കാം. പക്ഷേ, യൂത്ത്‌ കോണ്‍ഗ്രസിന്‌ ഈ പണം എവിടെ നിന്ന്‌ കിട്ടുന്നുവെന്നത്‌ ആലോചിക്കണം.


സ്വന്തമായി കച്ചവടമോ മറ്റ്‌ വ്യവസായമോ നടത്തി ലാഭമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല യൂത്ത്‌ കോണ്‍ഗ്രസ്‌. അംഗത്വ ഫീസിനത്തില്‍ ലഭിക്കുന്ന തുച്ഛമായ തുകയും ജനങ്ങളില്‍ നിന്ന്‌ പിരിച്ചെടുക്കുന്നുവെന്ന്‌ പറയുന്ന പണവുമാണ്‌ സംഘടനയുടെ വരുമാന സ്രോതസ്സ്‌. ഇതുകൊണ്ട്‌ യുവരാജാവിന്റെ തുടരുന്ന യാത്രകള്‍ക്ക്‌ പണം കണ്ടെത്താനാവില്ല. വന്‍കിട വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന്‌ നിര്‍ലോഭമായ ധനസഹായം യൂത്ത്‌ കോണ്‍ഗ്രസിനുണ്ട്‌. ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്‌ വ്യവസായ ഗ്രൂപ്പുകള്‍ പണം നല്‍കുമ്പോള്‍ അത്‌ വെറുതെയാവാന്‍ വഴിയില്ല. ആ നിലക്ക്‌ സാധാരണക്കാരായ ജനങ്ങളുടെ ചിലവില്‍ കൂടിയാണ്‌ യുവരാജാവിന്റെ പര്യടനം എന്ന്‌ കരുതേണ്ടിവരും.


ഇസെഡ്‌ പ്ലസ്‌ കാറ്റഗറിയിലാണ്‌ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ. ഇതിന്‌ വേണ്ട ചിലവ്‌ വഹിക്കുന്നത്‌ ഭരണകൂടമാണ്‌. തമിഴ്‌നാട്‌ പര്യടനത്തില്‍ രാഹുലിന്‌ പഴുതൊന്നുമില്ലാത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. ഇതിന്‌ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച ലക്ഷങ്ങള്‍ വേറെ വരും. അത്‌ പൊതു ഖജാനയില്‍ നിന്നാണ്‌. രാജ്യത്തെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവ്‌ എന്ന നിലക്ക്‌ സുരക്ഷാ ക്രമീകരണങ്ങള്‍ അനിവാര്യമാണ്‌. അതുകൊണ്ട്‌ അത്‌ അധികച്ചെലവായി കാണാനും കഴിയില്ല. ഇത്രയും ചെലവുകള്‍ ദിനേനയെന്നോണം സംഭവിക്കുമ്പോഴാണ്‌ ചിലവു ചുരുക്കലിനെക്കുറിച്ചും ലളിത ജീവിതത്തെക്കുറിച്ചും അദ്ദേഹം വാചാലനാവുന്നത്‌.


രാജ്യഭരണം നടത്തുന്നതിനോ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനോ നടത്തിയ സന്ദര്‍ശനമായിരുന്നില്ല രാഹുലിന്റേത്‌. യൂത്ത്‌ കോണ്‍ഗ്രസിനെ പുനരുദ്ധരിക്കാനുള്ള യാത്ര. അങ്ങിനെ എങ്കില്‍ അതിന്‌ വേണ്ട സുരക്ഷാ ക്രമീകരണമൊരുക്കുന്നതിന്റെ ചിലവു കൂടി യൂത്ത്‌ കോണ്‍ഗ്രസ്‌ വഹിക്കേണ്ടതുണ്ട്‌. ഇത്‌ ഒരു നേതാവിന്റെ കാര്യത്തില്‍ പാലിക്കേണ്ടതല്ല. ഭരണ നേതൃത്വത്തിലുള്ള നേതാക്കളൊക്കെ പാര്‍ട്ടി പരിപാടികള്‍ക്കായി പോവുമ്പോള്‍ അതിന്റെ എല്ലാ ചിലവും പാര്‍ട്ടി വഹിക്കുക എന്ന രീതി പ്രാബല്യത്തിലാക്കണം. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക്‌ പറക്കുന്ന കേരളത്തിലെ മന്ത്രിമാര്‍ ഏതെങ്കിലും കേന്ദ്രമന്ത്രിയെ കാണാതെ മടങ്ങാറില്ല. കേന്ദ്ര മന്ത്രിയെ കണ്ട്‌ ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുന്നതോടെ ഡല്‍ഹി സന്ദര്‍ശനം ഔദ്യോഗികമായി മാറും. അതോടെ യാത്രക്കുള്ള പണം സംസ്ഥാന ഖജനാവില്‍ നിന്ന്‌ ചിലവഴിക്കുന്നതിനുള്ള തടസ്സം നീങ്ങുകയും ചെയ്യും.


രാഷ്‌ട്രീയ പ്രവര്‍ത്തനം എന്നത്‌ രാജ്യ സേവനത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിന്‌ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതില്‍ തെറ്റില്ലെന്നും വാദമുയരാം. അത്‌ അംഗീകരിക്കാവുന്നതുമാണ്‌. പക്ഷേ, രാഷ്‌ട്രീയ പ്രവര്‍ത്തനം രാഷ്‌ട്ര സേവനമാണെന്ന്‌ ഉറപ്പിച്ചുപറയാന്‍ കഴിയാതെ വരുമ്പോഴാണ്‌ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാനുള്ള യാത്രകള്‍ ഔദ്യോഗികമാക്കുന്നതിന്‌ ഇത്തരം ചില തന്ത്രങ്ങള്‍ സ്വീകരിക്കേണ്ടിവരുന്നത്‌.


സ്വയം പ്രഖ്യാപിത ലളിത ജീവിതത്തിന്റെ വക്താക്കളുടെ കാര്യത്തില്‍ മറ്റു ചിലതു കൂടി അന്വേഷിക്കേണ്ടതുണ്ട്‌. എന്തുകൊണ്ട്‌ ഇവര്‍ ഇതിനു വേണ്ടി നിലകൊള്ളുന്നുവെന്നതാണ്‌ അതില്‍ പ്രധാനം. ഇക്കോണമി ക്ലാസ്സിലെയോ ട്രെയിനിലെ ചെയര്‍കാറിലെയോ യാത്രയാണ്‌ ലളിത ജീവിതത്തിന്റെ മാനദണ്ഡമായി ഉയര്‍ത്തിക്കാണിക്കുന്നത്‌. ജീവിതത്തിന്റെ നിത്യനിദാന ചെലവുകളെക്കുറിച്ചൊന്നും ആയുസ്സില്‍ ചിന്തിക്കേണ്ടതില്ലാത്തവര്‍ക്ക്‌ ജീവിതം എത്ര ലളിതമാക്കിയാലും അത്‌ ആര്‍ഭാടം തന്നെയായി തുടരും. രാഹുല്‍ ഗാന്ധിയെന്ന 39കാരന്‍ ഇന്നോളം ജീവിച്ചത്‌ സര്‍ക്കാര്‍ ചിലവിലാണ്‌. ഇന്നത്തെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിന്റെ നിലവെച്ചു നോക്കിയാല്‍ അദ്ദേഹം തുടര്‍ന്നും അങ്ങനെ തന്നെ ജീവിക്കും.


അമേരിക്കയിലും ഇംഗ്ലണ്ടിലും പഠനം പൂര്‍ത്തിയാക്കിയ ഈ യുവാവ്‌ എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടതായി രേഖകളില്ല. പക്ഷേ, അദ്ദേഹത്തിന്റെ പേരില്‍ രണ്ട്‌ കോടി 25 ലക്ഷത്തിന്റെ സ്വത്തുണ്ട്‌. ഡല്‍ഹിയിലെ സാകേത്‌ മാളിലെ രണ്ട്‌ കടമുറികള്‍, ഹരിയാനയിലെ ഫരിദാബാദിലും ഡല്‍ഹിയിലെ മെഹ്‌റൗളിയിലുമായുള്ള പത്ത്‌ ഏക്കര്‍ സ്ഥലം എന്നിവ ഉള്‍പ്പെടെയാണിത്‌. 11,20,880 രൂപയാണ്‌ അദ്ദേഹം ആദായ നികുതി ഇനത്തില്‍ നല്‍കിയിരിക്കുന്നത്‌. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മൂന്നു മാസം താമസിച്ചതിന്റെ വാടക സ്വന്തം പോക്കറ്റില്‍ നിന്നാണ്‌ നല്‍കിയതെന്ന്‌ വാദിക്കുമ്പോള്‍ ശശി തരൂരിന്‌ വരുമാന സ്രോതസ്സായി ചൂണ്ടിക്കാണിക്കാന്‍ ഐക്യരാഷ്‌ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറി സ്ഥാനത്തു വരെ ചെയ്‌ത ജോലികളുണ്ടായിരുന്നു. ലളിത ജീവിതത്തിന്റെ വക്താവായി ചമയുകയും സ്വയം കോടികളുടെ ആസ്‌തിയുള്ള ആളായിരിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിക്ക്‌ എന്താണ്‌ വരുമാന സ്രോതസ്സായി ചൂണ്ടിക്കാണിക്കാനുണ്ടാവുക. പരമ്പരാഗത സ്വത്തായി കിട്ടിയതാണിതൊക്കെ എന്ന്‌ വാദിച്ചാല്‍ അധികാരത്തിലിരിക്കെ നെഹ്‌റു കുടുംബം കോടികളുടെ സ്വത്ത്‌ സമ്പാദിച്ചുവെന്ന്‌ അംഗീകരിക്കുകയാവും ഫലം.


ലഭ്യമായ എല്ലാ സൗകര്യങ്ങളുടെയും മുകളിലിരുന്ന്‌ ലളിത ജീവിതത്തെക്കുറിച്ച്‌ പ്രസംഗിക്കുക മാത്രമാണ്‌ ഇവര്‍ ചെയ്യുന്നത്‌. അതിന്‌ പരമാവധി പ്രചാരം നല്‍കാന്‍ ശ്രമിക്കുകയും. രാഹുല്‍ എന്ന പേര്‌ പ്രതിനിധി മാത്രമേ ആകുന്നുള്ളൂ. നമ്മുടെ ജനപ്രതിനിധിമാരുടെ സ്വത്തിന്റെ കണക്കുകള്‍ പരിശോധിച്ചാലും ഇതേ വൈരുദ്ധ്യം കാണാനാവും. ഇവരെല്ലാം ലളിത ജീവിതത്തിന്റെ വക്താക്കളായി ചമയുകയും ഈ സിദ്ധാന്തം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച സോണിയ, രാഹുല്‍ ഗാന്ധിമാരുടെ അപദാനങ്ങള്‍ വാഴ്‌ത്തുകയും ചെയ്യുന്നുണ്ട്‌. ഇവര്‍ തന്നെയാണ്‌ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദുരിതം വിവരിക്കാന്‍ കലാവതിമാരുടെ കഥ പാര്‍ലിമെന്റില്‍ പറയുന്നത്‌.


കലാവതി പ്രതിനിധീകരിക്കുന്ന മഹാരാഷ്‌ട്രയിലെ വിദര്‍ഭ മേഖലയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും കര്‍ഷക ആത്മഹത്യകള്‍ തടയാനും ശ്രമങ്ങള്‍ പോലുമുണ്ടായില്ല. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വിദര്‍ഭ പാക്കേജ്‌ പ്രഖ്യാപിച്ചുവെന്നതാണ്‌ ആകെയുണ്ടായത്‌. പാക്കേജിന്റെ നടത്തിപ്പ്‌ പരിധിവിട്ട അഴിമതിക്ക്‌ മാത്രമാണ്‌ വഴിവെച്ചത്‌ എന്നത്‌ അധികം പ്രായമാവാത്ത വാര്‍ത്തയാണ്‌. പ്രഖ്യാപിച്ച പദ്ധതിയുടെ പ്രയോജനമെങ്കിലും കലാവതിമാര്‍ക്ക്‌ ലഭ്യമാക്കാന്‍ ശ്രമമുണ്ടാവുന്നില്ല. ആസിയാന്‍ അംഗ രാജ്യങ്ങളുമായി ചുങ്കമില്ലാത്ത വ്യാപാരത്തിന്‌ കരാറുണ്ടാക്കാനും ലോകവ്യാപാര സംഘടനയുടെ ദോഹവട്ട ചര്‍ച്ച പൂര്‍ത്തിയാക്കി കാര്‍ഷിക സബ്‌സിഡി വെടിടിക്കുറക്കാനുമാണ്‌ തിടുക്കപ്പെടുന്നത്‌. കാര്‍ഷിക, ഗ്രാമീണ മേഖലകളില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇവരെ ലേശം പോലും അസ്വസ്ഥരാക്കുന്നുമില്ല.


അത്തരമൊരു അവസ്ഥയില്‍ എളുപ്പത്തില്‍ ചെയ്യാനാവുക ലളിത ജീവിതത്തെക്കുറിച്ച്‌ പ്രസംഗിക്കുകയാണ്‌. ട്രെയിനിന്റെ ചെയര്‍കാറില്‍ സഞ്ചരിച്ച്‌ വലിയ വാര്‍ത്തകള്‍ സൃഷ്‌ടിക്കുകയാണ്‌. ജന സേവനത്തിനായി സഹിക്കുന്ന ത്യാഗത്തെക്കുറിച്ച്‌ ജനങ്ങളില്‍ മതിപ്പുണ്ടാക്കുകയാണ്‌. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന്‌ വഴിതിരിച്ചുവിടുക എന്നതാണ്‌ തന്ത്രം. പ്രത്യക്ഷമായും പരോക്ഷമായും കോളനികള്‍ സൃഷ്‌ടിക്കുന്നവരൊക്കെ സ്വീകരിക്കുന്ന തന്ത്രം ഇതാണ്‌. രാജ്യം നേരിടുന്ന വരള്‍ച്ച, അത്‌ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഇവയെല്ലാം പൊതുശ്രദ്ധയില്‍ നിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. ലളിത ജീവിത സിദ്ധാന്തത്തിന്റെ പ്രയോഗവും പ്രാധാന്യവും വലിയ ചര്‍ച്ചയായിരിക്കുന്നു. വരള്‍ച്ച, വിലക്കയറ്റം, കര്‍ഷക ആത്മഹത്യ തുടങ്ങി `രാജ്യസൗന്ദര്യ'ത്തെ ഹനിക്കുന്ന സംഗതികള്‍ വീണ്ടും പ്രധാന വിഷയങ്ങളായി വരുമ്പോള്‍ പുതിയ നാട്യങ്ങളുമായി ഇത്തരക്കാര്‍ വീണ്ടുമെത്തും. ജനങ്ങളെ അതില്‍ രമിപ്പിക്കാന്‍ വിവിധ വിഭാഗങ്ങള്‍ ബദ്ധശ്രദ്ധരാവുകയും ചെയ്യും. അതിനായി കാത്തിരിക്കുക

2009-09-20

അണ്‍പാര്‍ലിമെന്ററി `ക്ലാസിക്‌' തമിഴ്‌


മാതൃഭാഷയില്‍ തല ഉയര്‍ത്തി നിന്ന്‌ സംസാരിക്കുക - മലയാളിക്കില്ലാത്തതും തമിഴനും തെലുങ്കനും ഉള്ളതുമായ സവിശേഷമായ ഗുണമാണിത്‌. ഏത്‌ അന്താരാഷ്‌ട്ര വേദിയിലും സ്വന്തം ഭാഷയില്‍ അവര്‍ സംസാരിക്കും. സ്വന്തം ഭാഷ പഠിക്കുന്നതും അതില്‍ തട്ടുതടവില്ലാതെ സംസാരിക്കുന്നതും അഭിമാനകരമാണെന്ന തിരിച്ചറിവ്‌ അവര്‍ക്കുണ്ട്‌. താന്‍ ജനിച്ചുവീണ മണ്ണിന്റെ തനത്‌ സമ്പാദ്യങ്ങളിലൊന്നാണ്‌ ഭാഷയെന്നും അത്‌ നഷ്‌ടപ്പെട്ടാല്‍ തന്റെ വേരുകളാണ്‌ നഷ്‌ടമാവുന്നത്‌ എന്നുമുള്ള ബോധ്യവും അവര്‍ക്കുണ്ട്‌. അതുകൊണ്ടുകൂടിയാണ്‌ ശ്രീലങ്കയില്‍ ഇത്രമാത്രം രക്തപ്പുഴ ഒഴുകിയത്‌.


സിംഹള ഭാഷ പഠിക്കാത്തവര്‍ക്ക്‌ സര്‍ക്കാര്‍ ജോലിയിലും ഉന്നത പഠനത്തിലും അവസരമുണ്ടാവില്ലെന്ന്‌ സിംഹളര്‍ക്ക്‌ ഭൂരിപക്ഷമുള്ള ഭരണകൂടം വ്യക്തമാക്കിയപ്പോള്‍ അത്‌ തങ്ങളുടെ വേരറുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന്‌ ലങ്കയിലെ തമിഴര്‍ തിരിച്ചറിഞ്ഞു. ഇതടക്കമുള്ള വിവേചനങ്ങള്‍ക്കെതിരെ ആയുധമെടുത്തും അല്ലാതെയും അവര്‍ പോരാടി. അതിലെ ഏറ്റവും പ്രബലമായ സായുധ വിഭാഗത്തെയാണ്‌ അടുത്തിടെ മഹിന്ദ രജപക്‌സെയുടെ സൈന്യം അടിച്ചമര്‍ത്തിയത്‌. അതിനൊപ്പം നിസ്സഹായരായ ആയിരക്കണക്കിന്‌ സാധാരണക്കാരായ തമിഴ്‌ വംശജരെ ഭൂമുഖത്തു നിന്ന്‌ തുടച്ചുനീക്കുകയും ചെയ്‌തു. ഫലസ്‌തീന്‍ മണ്ണില്‍ അനധികൃത കുടിയേറ്റം നടത്തി ആ മണ്ണിന്റെ അവകാശികളെ തുരത്താന്‍ ഇസ്‌റാഈല്‍ സ്വീകരിച്ച തന്ത്രം പോലെ തമിഴ്‌ ഭൂരിപക്ഷ പ്രദേശങ്ങളില്‍ സിംഹളരെ കുടിയിരുത്തുന്ന തിരക്കിലാണ്‌ രജപക്‌സെ ഭരണകൂടം. ശ്രീലങ്കന്‍ സൈന്യത്തിന്റെ ആക്രമണം മൂലം കുടിയൊഴിഞ്ഞ്‌ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന തമിഴ്‌ വംശജര്‌ തിരിച്ചെത്തുമ്പോഴേക്കും ഈ കുടിയേറ്റം പൂര്‍ണമായിട്ടുണ്ടാവും.


സ്വതന്ത്ര ഇന്ത്യയില്‍ ഫെഡറല്‍ ഭരണ സമ്പ്രദായം സ്ഥാപിക്കണമെന്ന നിര്‍ദേശത്തോട്‌ ജഹവര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭ ഭായ്‌ പട്ടേലും അനുകൂലമായി പ്രതികരിച്ചിരുന്നുവെങ്കില്‍ വിഭജനം ഉണ്ടാകുമായിരുന്നില്ല എന്ന ബി ജെ പി നേതാവ്‌ ജസ്വന്ത്‌ സിംഗിന്റെ - `ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം'- പുസ്‌തകത്തിലെ പരാമര്‍ശം അടുത്തിടെ വലിയ വിവാദമാണ്‌ സൃഷ്‌ടിച്ചത്‌. ഫെഡറല്‍ ഭരണ സമ്പ്രദായം വേണമെന്ന മുഹമ്മദലി ജിന്നയുടെ വാദത്തെ അംഗീകരിക്കാതിരിക്കുക വഴി പാക്കിസ്ഥാന്‍ എന്ന രാജ്യം നെഹ്‌റുവും പട്ടേലും ചേര്‍ന്ന്‌ ജിന്നക്ക്‌ സമ്മാനിക്കുകയായിരുന്നുവെന്നാണ്‌ ജസ്വന്ത്‌ നിരീക്ഷിക്കുന്നത്‌. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഫെഡറല്‍ ഭരണക്രമമാണ്‌ ഇന്ത്യയിലുണ്ടായത്‌. ഇന്ന്‌ കാണുന്ന സംസ്ഥാനങ്ങള്‍, അവയ്‌ക്ക്‌ ലഭ്യമായിരിക്കുന്ന സ്വയം ഭരണാധികാരങ്ങള്‍ എന്നിവക്കെല്ലാം പോറ്റി ശ്രീരാമുലുവിന്റെ ജീവനോട്‌ കടപ്പാടുണ്ട്‌.


ഇന്നു കാണുന്ന തരത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്‌കരിക്കുന്നതിനോട്‌ സ്വാതന്ത്ര്യാനന്തരം രാജ്യഭാരം കൈയാളിയ ജഹവര്‍ ലാല്‍ നെഹ്‌റുവിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിനോ ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഭരണത്തിലും രാഷ്‌ട്രീയ നേതൃത്വത്തിലും ഹിന്ദി മേഖലയിലുള്ളവര്‍ ആധിപത്യം നേടിയിരുന്നു. ഇത്‌ ഭാവിയില്‍ വലിയ അപകടങ്ങള്‍ക്ക്‌ വഴിവെക്കുമെന്ന തിരിച്ചറിവുണ്ടായത്‌ ആന്ധ്രാ പ്രദേശിലെ തെലുങ്കര്‍ക്കാണ്‌. തെലുങ്കെന്ന ഭാഷയെയും സംസ്‌ക്കാരത്തെയും സംരക്ഷിക്കണമെന്നും തെലുങ്ക്‌ ഭാഷ സംസാരിക്കുന്നവരെ ഏകോപിപ്പിച്ച്‌ സംസ്ഥാനം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദീര്‍ഘനാളത്തെ പ്രക്ഷോഭത്തിന്‌ ശേഷം ഈ ആവശ്യം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അംഗീകരിച്ചു.


പക്ഷേ, പിന്നീടും ഇതിന്‌ നടപടിയൊന്നുമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ്‌ പോറ്റി ശ്രീരാമുലു നിരാഹര സമരം പ്രഖ്യാപിച്ചത്‌. ആരുമത്‌ ഗൗരവത്തോടെ എടുത്തില്ല. പക്ഷേ, സമരം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആന്ധ്രയിലെയും മദ്രാസിലെയും ജനങ്ങള്‍ ശ്രീരാമുലുവിന്റെ പിറകില്‍ അണിനിരന്നു. 1952 ഒക്‌ടോബര്‍ 19ന്‌ ശ്രീരാമുലു അന്തരിച്ചു. ഇതോടെ സമരത്തിന്റെ നിയന്ത്രണം നഷ്‌ടമായി. തെലുങ്ക്‌ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളുടെ ഏകോപനം ആവശ്യപ്പെട്ട്‌ ജനം തെരുവിലിറങ്ങി. പോലീസിനെ ഉപയോഗിച്ച്‌ നേരിടാന്‍ ഭരണകൂടം ശ്രമിച്ചു. വെടിവെപ്പില്‍ ഏഴ്‌ ജീവനുകള്‍ പൊലിഞ്ഞു. സമരത്തിന്റെ തീഷ്‌ണത കുറക്കാന്‍ ഇതുകൊണ്ടൊന്നും സാധിച്ചില്ല. തുടര്‍ന്നാണ്‌ ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ രൂപവത്‌കരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തീരുമാനിച്ചത്‌.


ഹിന്ദി എന്ന ഭാഷയുടെ ചരടില്‍ കോര്‍ത്തെടുത്താലേ രാജ്യത്തെ ജനതതി ദേശീയ ഐക്യത്തില്‍ അടിയുറച്ചുനില്‍ക്കൂ എന്ന മിഥ്യാ ബോധമുണ്ടായിരുന്നു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌. ഹിന്ദി മേഖലയിലുള്ളവര്‍ക്കാണ്‌ അന്നും ഇന്നും കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ മേധാവിത്വം. (നെഹ്‌റു കുടുംബവുമായുള്ള രക്തബന്ധം മാത്രമാണ്‌ ഇതിനെ അതിലംഘിക്കാവുന്ന യോഗ്യത) ഈ മേധാവിത്വത്തിന്റെ പ്രകടനം കൂടിയായിരുന്നു രാജ്യത്ത്‌ ഹിന്ദി പഠനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്‌. ഇംഗ്ലീഷും ഹിന്ദിയും പിന്നെ പ്രാദേശിക ഭാഷയുമെന്ന ത്രിഭാഷ പദ്ധതി ആവിഷ്‌കരിച്ചു. ഇതിനെതിരെ ഉണര്‍ന്നത്‌ തമിഴനായിരുന്നു. ഹിന്ദി മേഖലയുടെ സാമന്തരാജ്യമല്ല തങ്ങളെന്നും സ്വന്തം ഭാഷ മാത്രം പഠിച്ചാലും നിലനില്‍ക്കാന്‍ ത്രാണിയുള്ളവരാണ്‌ തങ്ങളെന്നുമുള്ള ആത്മബോധത്തിന്റെ പ്രകടനം.


1965ല്‍ തമിഴ്‌നാട്‌ ഭരിച്ചിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കാന്‍ ശ്രമിച്ചു. സി എന്‍ അണ്ണാദുരൈയുടെയും ഇപ്പോഴത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കരുണാനിധിയുടെയും നേതൃത്വത്തില്‍ നടന്ന ഹിന്ദി വിരുദ്ധ സമരം തമിഴ്‌നാടിന്റെ രാഷ്‌ട്രീയത്തെ മാറ്റിമറിച്ചു. 1965 ജനുവരി 26ന്‌ ഹിന്ദി വിരുദ്ധ പ്രകടനക്കാര്‍ക്കു നേരെ കോണ്‍ഗ്രസ്‌ സര്‍ക്കാറിന്റെ പോലീസ്‌ നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം ഇപ്പോഴും നിജപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികളുള്‍പ്പെടെ നൂറിലേറെപ്പേര്‍ മരിച്ചുവെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. 1967ല്‍ തമിഴ്‌ ജനത കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന്‌ തൂത്തെറിഞ്ഞു.


ഭാഷയെച്ചൊല്ലിയുള്ള മറ്റൊരു തര്‍ക്കത്തിന്‌ അരങ്ങൊരുങ്ങുന്ന സാഹചര്യത്തിലാണ്‌ ഈ ചരിത്രം ശ്രദ്ധേയമാവുന്നത്‌. പാര്‍ലിമെന്റില്‍ തമിഴില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന ഡി എം കെ നേതാവും കേന്ദ്ര രാസവസ്‌തു, വളം മന്ത്രിയുമായ എം കെ അഴഗിരിയുടെ ആവശ്യം ലോക്‌സഭാ സെക്രട്ടേറിയറ്റ്‌ തള്ളിക്കളഞ്ഞിരിക്കുന്നു. മന്ത്രിയായതു കൊണ്ട്‌ ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കണമെന്നത്‌ നിര്‍ബന്ധമാണത്രെ. സഭാ നടപടികള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണമെന്നത്‌ ഭരണഘടനയുടെ 120-ാം വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നു. സഭാ നടപടികളില്‍ പ്രധാനമാണ്‌ മന്ത്രിമാര്‍ നല്‍കുന്ന മറുപടി. അത്‌ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌.


ഇംഗ്ലീഷില്‍ പറയുന്ന മറുപടി യന്ത്രസഹായത്തോടെ ഹിന്ദിയിലേക്കും മറിച്ചും തര്‍ജമ ചെയ്‌ത്‌ കേള്‍പ്പിക്കാന്‍ സംവിധാനം പാര്‍ലിമെന്റിലുണ്ട്‌. 1964ല്‍ കൊണ്ടുവന്നതാണിത്‌. പിന്നീട്‌ പതിനാല്‌ പ്രാദേശിക ഭാഷകളിലെ പ്രസംഗങ്ങളും തര്‍ജമ ചെയ്യാന്‍ സംവിധാനമുണ്ടാക്കി. മലയാളം മുതല്‍ നേപ്പാളി വരെയുള്ള ഭാഷകളില്‍ സംസാരിക്കാനുള്ള അവകാശം പക്ഷേ, പാര്‍ലിമെന്റ്‌ അംഗങ്ങള്‍ക്കേയുള്ളൂ. മന്ത്രിമാര്‍ക്കില്ല. അതായത്‌ സുപ്രധാനമായ നടപടികളെല്ലാം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയിരിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌.


മന്ത്രിയായ അഴഗിരി തമിഴില്‍ സംസാരിക്കുകയും അത്‌ പാര്‍ലിമെന്റിലെ യന്ത്രസംവിധാനം തര്‍ജമ ചെയ്‌ത്‌ അംഗങ്ങളിലെത്തിക്കുകയും ചെയ്യുന്നതിന്‌ പ്രത്യേകിച്ച്‌ തടസ്സമൊന്നുമില്ല. അപ്പോള്‍ പിന്നെ ഇത്തരം നിര്‍ബന്ധത്തിന്റെ കാരണം എന്തായിരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത്‌ പ്രണാബ്‌ കുമാര്‍ മുഖര്‍ജി കാരണം വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. താങ്കള്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ ഹിന്ദി തട്ടുംതടവും കൂടാതെ സംസാരിക്കാന്‍ കഴിയില്ല എന്നത്‌ പരിമിതിയാണെന്നും ഹിന്ദി അറിയാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുക എളുപ്പമല്ലെന്നുമായിരുന്നു പ്രണാബിന്റെ മറുപടി. ഇതുതന്നെയാണ്‌ അഴഗിരിയുടെ കാര്യത്തിലും സംഭവിക്കുന്നത്‌.


രാജ്യത്ത്‌ സുസ്ഥിരമായ ഭരണ സംവിധാനമുണ്ടാവുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ തമിഴ്‌നാട്‌. അവിടെ നിന്നുള്ള ഒരംഗം കേന്ദ്ര മന്ത്രിസഭയില്‍ അംഗമാവുമ്പോള്‍ അയാള്‍ക്ക്‌ സ്വന്തം ഭാഷയില്‍ സംസാരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്‌. അല്ലെങ്കില്‍ അധികാരത്തിന്റെ ഭാഗമാവാന്‍ ഇംഗ്ലീഷോ ഹിന്ദിയോ അറിയാവുന്നവര്‍ക്കേ യോഗ്യതയുള്ളൂ എന്ന നിബന്ധന അടിച്ചേല്‍പ്പിക്കുകയാണ്‌. വി എസ്‌ അച്യുതാനന്ദനെപ്പോലെ അറിവും കഴിവും ആറ്‌ പതിറ്റാണ്ടുകാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയവുമുള്ള ഒരു നേതാവിന്‌ പോലും ഒരുപക്ഷേ കേന്ദ്രമന്ത്രിസഭയില്‍ അംഗമാവാന്‍ കഴിഞ്ഞേക്കില്ല എന്ന്‌ സാരം. സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ അനുമതിയില്ലാത്തതു മൂലം ചോദ്യോത്തരവേളയിലും മറ്റും പാര്‍ലിമെന്റില്‍ നിന്ന്‌ ഒരു മന്ത്രിക്ക്‌ മാറി നില്‍ക്കേണ്ടിവരുമ്പോള്‍ അത്‌ അയാളിലും അയാള്‍ സംസാരിക്കുന്ന ഭാഷയെ ജീവവായുവായി കാണുന്ന ജനതയിലും ഉണ്ടാക്കുന്ന അവമതിപ്പ്‌ എത്രത്തോളമാണെന്ന്‌ കൂടി ആലോചിക്കണം.


സ്വന്തം ദേശത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള മുറവിളിയാണ്‌ ആദ്യം. അത്‌ പിന്നീട്‌ സംഘടിതമായ പ്രക്ഷോഭത്തിലേക്ക്‌ വഴിമാറും. ഇത്‌ ഫലം കാണാതെ വരുമ്പോള്‍ എന്തിന്‌ ഈ യൂനിയന്റെ ഭാഗമായി നില്‍ക്കുന്നുവെന്ന തോന്നല്‍ ശക്തമാവും. അപ്പോള്‍ അവര്‍ സ്വയം ഭരണത്തെക്കുറിച്ച്‌ ചിന്തിക്കും. അതിന്‌ വേണ്ടി പ്രവര്‍ത്തിക്കും. ഭരണകൂടം അതിനെ വിഘടനവാദമെന്നോ തീവ്രവാദമെന്നോ പേരിട്ട്‌ വിളിക്കും. സൈനിക ശക്തിയുപയോഗിച്ച്‌ അടിച്ചമര്‍ത്താന്‍ ശ്രമിക്കും. ലോകത്തിന്റെ പലഭാഗത്തും അരങ്ങേറിവരുന്ന പതിവ്‌ സംഭവമാണിത്‌. ഇന്ത്യയില്‍ വടക്കു കിഴക്കന്‍ മേഖലയിലാകെ ഇത്തരം ആവശ്യങ്ങളുണ്ട്‌, അത്‌ സാധിച്ചെടുക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്ട്‌. അവയൊക്കെ കേന്ദ്ര സര്‍ക്കാറിന്റെ കണ്ണില്‍ തീവ്രവാദ, വിഘടനവാദ സംഘടകളുമാണ്‌.


സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട്‌ പിന്നിട്ടശേഷം അധികാരത്തിലേക്കുള്ള പാതയില്‍ സ്വന്തം ഭാഷ തടസ്സമാണെന്ന്‌ തിരിച്ചറിയുന്ന ഒരു ജനത ഏത്‌ വിധത്തില്‍ ചിന്തിക്കണമെന്ന്‌ ഭരണകൂടം തന്നെ പറഞ്ഞു തരേണ്ടിവരും. ഈ ജനതയുടെ കൂടി ഭാഗധേയമാണ്‌ ഹിന്ദിയിലും ഇംഗ്ലീഷിലും നടപടികള്‍ തുടര്‍ന്നുകൊണ്ടുപോവുന്ന ദ്വിജന്‍മാര്‍ തീരുമാനിക്കുന്നത്‌. അവര്‍ തിരഞ്ഞെടുത്തയച്ച പ്രതിനിധികളുടെ കൂടി പിന്തുണയോടെയാണ്‌ ഭരണം മുന്നോട്ടുപോവുന്നത്‌. അവര്‍ ഖജനാവിലേക്ക്‌ ഒടുക്കുന്ന പണം കൂടി നിത്യനിദാന ചിലവുകള്‍ക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. എന്നിട്ടും അവരുടെ പ്രതിനിധിക്ക്‌ ഭരണനടപടികള്‍ സ്വന്തം ഭാഷയില്‍ മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ലെന്ന സ്ഥിതിയുണ്ടാവുമ്പോള്‍ ദേശീയതയുടെ നിര്‍വചനം മാറ്റി എഴുതാന്‍ ശ്രമങ്ങളുണ്ടായാല്‍ കുറ്റം പറയാനാവില്ല. ശ്രീലങ്കയില്‍ ഉദയം കൊള്ളുകയും തമിഴ്‌ ജനത ആവേശത്തോടെ സ്വീകരിക്കുകയും ചെയ്‌ത തമിഴ്‌ ഈഴം എന്ന സങ്കല്‍പ്പത്തിന്‌ കീഴില്‍ വരുന്നത്‌ തമിഴ്‌ ഭാഷ സംസാരിക്കുന്ന മുഴുവന്‍ പ്രദേശങ്ങളുമാണ്‌. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ ഭരണനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ എന്ന്‌ ഭരണഘടന ചൂണ്ടിക്കാട്ടി ഉത്തരവിടുന്നവര്‍ ഇതറിയാത്തവരാണോ? പോറ്റി ശ്രീരാമുലുവിനെക്കുറിച്ച്‌ അറിയാത്തവരാണോ? ആണെങ്കില്‍ പ്രശ്‌നം തായ്‌ത്തടിക്കാണ്‌, ശിഖരങ്ങള്‍ക്കല്ല.

2009-09-16

ഓരോ വിശുദ്ധര്‍ക്കും ഓരോ കാരണങ്ങള്‍


അഭയ കേസില്‍ ആരോപണവിധേയരായ ഫാദര്‍ തോമസ്‌ കോട്ടൂര്‍, ഫാദര്‍ ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍കോ അനാലിസിസ്‌ പരിശോധനക്ക്‌ വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്‌തത്‌ നിയമ വ്യവഹാര രംഗത്ത്‌ പുതിയ തര്‍ക്കങ്ങള്‍ക്ക്‌ വഴിതെളിച്ചിട്ടുണ്ട്‌. ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്‌തത്‌ വിചാരണയെ ബാധിക്കുമെന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി അഭിപ്രായപ്പെട്ടു. എഡിറ്റ്‌ ചെയ്‌ത സി ഡിയാണ്‌ ബാംഗ്ലൂരിലെ ലാബ്‌ സി ബി ഐക്ക്‌ നല്‍കിയിരിക്കുന്നതെന്ന ആരോപണമുയര്‍ന്നിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലുണ്ട്‌. അതായത്‌ സി ഡിയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയാണ്‌ എന്നര്‍ഥം. സി ഡിയിലെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്‌തത്‌ നിയമവിരുദ്ധമാണോ, ധാര്‍മികതക്ക്‌ യോജിച്ചതാണോ എന്നീ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്‌. ഇതിനൊപ്പം ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്‌ ഇവ മാധ്യമങ്ങള്‍ക്ക്‌ കൈമാറിയത്‌ ആര്‌ എന്നതും അവരുടെ ലക്ഷ്യമെന്ത്‌ എന്നതും.


സി ബി ഐയാണ്‌ സി ഡികള്‍ കൈമാറിയത്‌ എന്ന്‌ പ്രതിഭാഗം ആരോപിക്കുന്നു. പ്രതിഭാഗം തന്നെയാണ്‌ എന്ന്‌ സി ബി ഐയും പറയുന്നു. ഗുണ്ടാ വിവാദങ്ങള്‍ തണുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറാണ്‌ പുറത്തുവിട്ടതെന്നും വാദമുണ്ട്‌. കേസ്‌ നടത്തിപ്പിന്റെ ഭാഗമായി ഈ സി ഡികള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിനായി പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ച്‌ പകര്‍പ്പ്‌ കൈമാറാന്‍ കോടതി ഉത്തരവിട്ട്‌ അധികം വൈകാതെയാണ്‌ സി ഡികള്‍ ചാനലുകളില്‍ എത്തിയത്‌ എന്നത്‌ വസ്‌തുതയാണ്‌. കൈമാറിയത്‌ ആരായാലും അവര്‍ക്ക്‌ വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന്‌ കരുതണം.


കൈമാറിയത്‌ സി ബി ഐയാണെങ്കില്‍


സി ബി ഐക്ക്‌ ഏറെ മാനക്കേടുണ്ടാക്കിയതാണ്‌ സിസ്റ്റര്‍ അഭയ കേസ്‌. 1992 മാര്‍ച്ച്‌ 27നാണ്‌ അഭയയെ കോണ്‍വെന്റിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. കൃത്യം ഒരു വര്‍ഷത്തിന്‌ ശേഷം സി ബി ഐ കേസ്‌ അന്വേഷണം ഏറ്റെടുത്തു. ഡി വൈ എസ്‌ പി വര്‍ഗീസ്‌ പി തോമസിനായിരുന്നു അന്വേഷണച്ചുമതല. അഭയയെ കൊലപ്പെടുത്തിയതാണെന്ന്‌ കണ്ടെത്തിയ അദ്ദേഹത്തിന്‌ മേല്‍ സി ബി ഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മര്‍ദം ചെലുത്തിയെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. അന്വേഷണം തുടരാന്‍ കഴയാതെ വന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവെച്ചു. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ്‌, അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടുവെന്നും വാര്‍ത്ത വന്നിരുന്നു.


പിന്നീട്‌ വന്ന സി ബി ഐ സംഘങ്ങള്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പലതവണ ശ്രമിച്ചു. കൊലപ്പെടുത്തിയതാണെന്ന്‌ കണ്ടെത്തിയെന്നും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ രണ്ട്‌ വട്ടം സി ബി ഐ കോടതിയെ സമീപിച്ചു. കോടതി അനുവദിക്കാതിരുന്നതിനാല്‍ അന്വേഷണം തുടരേണ്ടിവരികയായിരുന്നു. ഇക്കാലത്തിനിടെ അന്വേഷണ സംഘങ്ങള്‍ പലതവണ മാറി. ഒന്നും നടന്നില്ലെന്ന്‌ മാത്രം. ഇത്തരത്തില്‍ സി ബി ഐയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ എത്തി. ഇതിനിടെയാണ്‌ അഭയയുടെ ആന്തരാവയവങ്ങള്‍ രാസപരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയെന്ന റിപ്പോര്‍ട്ട്‌ പുറത്തുവരുന്നതും കോടതി നടപടികള്‍ കൂടുതല്‍ ശക്തമാകുന്നതും. ഒടുവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ്‌ അന്വേഷണം ഏറ്റെടുത്ത സി ബി ഐയുടെ കേരള കേഡറിലെ ഉദ്യോഗസ്ഥര്‍ ഫാദര്‍ കോട്ടൂര്‍, ഫാദര്‍ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍കോ പരിശോധനക്ക്‌ വിധേയമാക്കി. തുടര്‍ന്ന്‌ മൂവരെയും അറസ്റ്റ്‌ ചെയ്‌തു.


പതിനാറ്‌ കൊല്ലമായി കുഴക്കുന്ന കേസില്‍ നിര്‍ണായക തെളിവായി സി ബി ഐ കാണുന്നത്‌ നാര്‍കോ ഫലത്തെയാണ്‌. ഈ പരിശോധനാ ഫലം രേഖപ്പെടുത്തിയ സി ഡിയിലാണ്‌ എഡിറ്റിംഗ്‌ നടന്നിരിക്കുന്നത്‌. നാര്‍കോ പരിശോധനാ ഫലം തെളിവായി സ്വീകരിക്കാമോ എന്നത്‌ സംബന്ധിച്ച്‌ ഇന്ത്യയില്‍ വ്യക്തമായ നിയമവുമില്ല. ഈ സാഹചര്യത്തില്‍ ടേപ്പ്‌ കോടതി തെളിവായി സ്വീകരിക്കാനുള്ള സാധ്യത കുറവ്‌. പരിശോധന പൂര്‍ണമായും റെക്കോഡ്‌ ചെയ്‌ത സി ഡി കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ വിശ്വാസ്യത നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സി ബി ഐക്ക്‌ മുന്നിലുള്ള ഏക പോംവഴി സി ഡി പരസ്യപ്പെടുത്തുക എന്നതാണ്‌. പരിശോധനയില്‍ കൊലപാതകത്തെക്കുറിച്ച്‌ പ്രതികള്‍ പറയുന്നുണ്ടെന്നും തങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്‌തുവെന്നും സി ബി ഐ വരുത്തുന്നു. ഇതിനൊപ്പം സി ഡി എഡിറ്റിംഗിനെക്കുറിച്ചുള്ള സംശയങ്ങള്‍ പൊതുമധ്യത്തിലെത്തിക്കുക എന്നതും ലക്ഷ്യമാവാം.


നാര്‍കോ സി ഡി ഒരു ചെറിയ കാര്യമല്ല. സുപ്രീം കോടതിയിലെ ഒരു ജസ്റ്റിസ്‌ ആരും ആവശ്യപ്പെടാതെ എത്തി കണ്ട്‌ ബോധ്യപ്പെട്ട സി ഡിയാണിത്‌. സഭാ നേതൃത്വവുമായി പുലര്‍ത്തുന്ന അടുപ്പം അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്‌. ഈ സാഹചര്യത്തില്‍ എഡിറ്റ്‌ ചെയ്‌ത്‌ കളഞ്ഞ ഭാഗങ്ങളില്‍ മറ്റു ചിലതുണ്ടെന്ന്‌ സി ബി ഐ സംശയിക്കുന്നുണ്ടാവാം. ആരോപണവിധേയരായവര്‍ സഭയിലെ അധികാരഘടന പരിശോധിച്ചാല്‍ ഏറെ താഴേക്കിടയിലുള്ളവരാണ്‌. കൊലക്ക്‌ ഉത്തരവാദികളാണിവരെങ്കില്‍ പുറത്താക്കി സഭക്ക്‌ കൈകഴുകാന്‍ പ്രയാസമില്ല. ദത്ത്‌ വിവാദത്തില്‍ ഉള്‍പ്പെട്ട ബിഷപ്പ്‌ ജോണ്‍ തട്ടുങ്കലിനെ സഭ പുറത്താക്കിയത്‌ ആഴ്‌ചകള്‍ക്കകമാണ്‌. പ്രധാനമന്ത്രിയുടെ ഓഫീസ്‌ പോലും ഇടപെടാന്‍ ശ്രമിക്കത്തക്ക വലിപ്പം അഭയ കേസില്‍ ഇപ്പോള്‍ ആരോപണവിധേയരായ മൂവര്‍ക്കുമില്ല. ഗൂഢമായ മറ്റു ചില കാര്യങ്ങള്‍ കൂടി അഭയ കേസിലുണ്ടെന്ന സംശയം ഇവിടെ ശക്തവുമാണ്‌. എഡിറ്റ്‌ ചെയ്‌ത്‌ നീക്കിയ ഭാഗത്ത്‌ ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ പരാമര്‍ശമുണ്ടോ എന്ന്‌ സി ബി ഐ സംശയിച്ചാല്‍ തെറ്റില്ല.


ഹൈക്കോടതി ഇടപെട്ടിട്ടു പോലും സി ഡിയുടെ പൂര്‍ണരൂപം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ എഡിറ്റ്‌ ചെയ്‌ത രൂപം പരസ്യപ്പെടുത്തി സമ്മര്‍ദം ചെലുത്തുക എന്ന തന്ത്രത്തിലേക്ക്‌ സി ബി ഐ തിരിയാനുള്ള സാധ്യത ഏറെയാണ്‌. സുപ്രീം കോടതി ജസ്റ്റിസ്‌ നേരിട്ട്‌ കണ്ട്‌ സി ഡിക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ സാഹചര്യത്തില്‍ ആരെ വിശ്വസിക്കാന്‍ കഴിയും എന്നതില്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക്‌ ആശങ്കയുണ്ടാവുക സ്വാഭാവികം. എഡിറ്റ്‌ ചെയ്‌ത സി ഡി, മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുകയും വിചാരണക്ക്‌ തടസ്സമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ എഡിറ്റ്‌ ചെയ്യാത്ത മുഴുവന്‍ ദൃശ്യങ്ങളും അടങ്ങിയ സി ഡി പരിശോധിക്കുക എന്നത്‌ മാത്രമാണ്‌ കോടതിക്ക്‌ മുന്നിടലുള്ള ഏക പോംവഴി.


കൈമാറിയത്‌ പ്രതിഭാഗമാണെങ്കില്‍


അഭയ കൊല്ലപ്പെട്ട നാള്‍ മുതല്‍ ഇന്നോളം പ്രതിസ്ഥാനത്ത്‌ സഭയുണ്ട്‌. ആരോപണവിധേയരെ സംരക്ഷിക്കാന്‍ ആളും അര്‍ഥവും സ്വാധീനവും ഉപയോഗിക്കുന്നുമുണ്ട്‌. എന്നിട്ടും പതിനേഴ്‌ വര്‍ഷത്തിന്‌ ശേഷം പൗരോഹിത്യ ശ്രേണിയിലുള്ളവര്‍ പിടിയിലായത്‌ വലിയ മാനക്കേടാണ്‌ ഉണ്ടാക്കിയത്‌. ഇത്‌ നീക്കാന്‍ ഏക പോംവഴി ആരോപണവിധേയരായ മൂന്നു പേരും ക്രൂരമായ പീഡനത്തിന്‌ ഇരയായെന്നും അതിലൂടെയാണ്‌ ഇവരാണ്‌ പ്രതികളെന്ന്‌ സി ബി ഐ ആരോപിക്കുന്നതെന്നും വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുക എന്നതാണ്‌. അതിനുള്ള ഏറ്റവും നല്ലവഴി ഈ ദൃശ്യങ്ങള്‍ പുറത്തുവിടുക തന്നെയാണ്‌.


സോവിയറ്റ്‌ ചാര സംഘടനയായിരുന്ന കെ ജി ബി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിരുന്ന പ്രാകൃത രീതിയുടെ തുടര്‍ച്ചയാണ്‌ ഇന്നത്തെ നാര്‍കോ അനാലിസിസ്‌. പ്രത്യേക ഡോസില്‍ മയക്കുമരുന്നു നല്‍കി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു കെ ജി ബിയുടെ തന്ത്രം. കെ ജി ബി അംഗങ്ങളാരെങ്കിലും അമേരിക്കക്ക്‌ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്ന്‌ കണ്ടെത്താനാണ്‌ പ്രധാനമായും ഈ രീതി ഉപയോഗിച്ചിരുന്നത്‌. മയക്കുമരുന്ന്‌ ഉണ്ടാക്കുന്ന ശാരിരിക അസ്വസ്ഥതകള്‍ ഏറെയാണ്‌. ചിലര്‍ ഛര്‍ദിക്കും. ചിലര്‍ മലമൂത്ര വിസര്‍ജനം നടത്തും. ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ ബാധിച്ചവരാണെങ്കില്‍ മരണം വരെ സംഭവിക്കാം. ഏറെക്കുറെ ഇതു തന്നെയാണ്‌ ഇപ്പോഴത്തെ നാര്‍കോ അനാലിസിസിലും ചെയ്യുന്നത്‌. പരിശോധനയെ അതിജീവിക്കാന്‍ ശാരീരിക ശേഷിയുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുന്നുവെന്ന വ്യത്യാസം മാത്രം.


മയക്കുമരുന്നിന്റെ ആഘാതത്തില്‍ സിസ്റ്റര്‍ സെഫിയും ഫാദര്‍ പൂതൃക്കയിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നത്‌ ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. ഇടക്ക്‌ സെഫിക്ക്‌ ശ്വസനസഹായി നല്‍കുന്നതും ദൃശ്യത്തിലുണ്ട്‌. മൂന്നാം മുറ പോലെ തന്നെയാണ്‌ നാര്‍കോ പരിശോധനയുമെന്ന്‌ സി ഡികള്‍ പുറത്തുവിടുന്നതിലൂടെ വ്യക്തമാക്കാന്‍ പ്രതിഭാഗത്തിന്‌ സാധിക്കും. കോടതി വിചാരണയെയോ ശിക്ഷയെയോ അപേക്ഷിച്ച്‌ സഭക്കും പുരോഹിതര്‍ക്കും പ്രശ്‌നം വിശ്വാസിസമൂഹത്തോട്‌ മറുപടി പറയുക എന്നതാണ്‌. ഇത്രയും കൊടിയ പീഡനത്തിനിരയാവുന്ന ആള്‍ എന്തും സമ്മതിച്ചുപോകുമെന്ന്‌ വിശ്വാസികള്‍ക്കു മുമ്പാകെ വാദിക്കാന്‍ സഭക്ക്‌ കഴിയും. നാളെ നാര്‍കോ റിപ്പോര്‍ട്ട്‌ തെളിവായി സ്വീകരിച്ച്‌ കോടതി ഇവരെ കുറ്റക്കാരെന്ന്‌ വിധിച്ചാല്‍ ക്രൂരമായ പീഡനത്തിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടി കോടതി വിധിയെ വിമര്‍ശിച്ച്‌ വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാന്‍ സഭാ നേതൃത്വത്തിന്‌ സാധിച്ചേക്കും.


രണ്ടോ മൂന്നോ സ്വാശ്രയ സ്ഥാപനങ്ങളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നപ്പോള്‍ രണ്ടാം വിമോചന സമരത്തിന്‌ ആഹ്വാനം ചെയ്‌ത സഭാ നേതൃത്വമാണ്‌ ഇവിടെയുള്ളത്‌. അവരുടെ മുന്നിലേക്കാണ്‌ രണ്ട്‌ പുരോഹിതന്‍മാരെയും ഒരു കന്യാസ്‌ത്രീയെയും ഇത്തരത്തില്‍ പരിശോധനക്ക്‌ വിധേയരാക്കുന്നതിന്റെ ദൃശ്യങ്ങള്‍ എത്തിയത്‌. മറ്റൊരു കേസിലായിരുന്നുവെങ്കില്‍ ന്യൂനപക്ഷ പീഡനത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരില്‍ ഒരു കുരിശ്‌ യുദ്ധത്തിന്‌ തന്നെ സഭ ആഹ്വാനം ചെയ്യുമായിരുന്നു. ഇത്രയും പ്രകോപനപരമായ ദൃശ്യങ്ങള്‍ മണിക്കൂറുകളോളം ചാനലുകളില്‍ കിടന്ന്‌ കളിച്ചിട്ടും സഭാ നേതൃത്വം കാര്യമായി പ്രതികരിച്ചില്ലെന്നത്‌ ശ്രദ്ധേയമാണ്‌. ഈ ദൃശ്യങ്ങള്‍ പുറത്തുവരണമെന്ന്‌ അവര്‍ ആഗ്രഹിച്ചിരുന്നില്ലേ?


കൈമാറിയത്‌ സര്‍ക്കാറാണെങ്കില്‍


സംസ്ഥാന സര്‍ക്കാറിന്‌ കീഴിലുള്ള സി ഡിറ്റില്‍ നിന്നാണ്‌ ദൃശ്യങ്ങള്‍ ചോര്‍ന്നത്‌ എന്ന്‌ ആരോപണമുണ്ട്‌. എഡിറ്റിംഗ്‌ നടന്നിട്ടുണ്ടോ എന്ന്‌ പരിശോധിക്കാന്‍ സി ഡികള്‍ ഹൈക്കോടതി കൈമാറിയത്‌ സി ഡിറ്റിനായിരുന്നു. പോള്‍ വധവും ഗുണ്ടാ വിവാദവും കൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ വിഷയം മാറ്റാന്‍ സി ഡി ചോര്‍ത്തി നല്‍കി എന്ന വാദം തള്ളിക്കളയാനാവില്ല. വസ്‌തുതകള്‍ പിന്നില്‍ നില്‍ക്കുകയും വിവാദങ്ങള്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന കാലത്ത്‌ അതേ തന്ത്രം സര്‍ക്കാറും പ്രയോഗിച്ചിരിക്കാം. ഒരു വിവാദത്തെ മറികടക്കാന്‍ കൂടുതല്‍ ശക്തമായ മറ്റൊരു വിവാദം ഉയര്‍ത്തി വിടുക എന്ന തന്ത്രം.


എന്തായാലും നാള്‍ക്കുനാള്‍ സങ്കീര്‍ണമായി വികസിക്കുകയാണ്‌ അഭയ കേസ്‌. നഷ്‌ടങ്ങള്‍ ഒരു കുടുംബത്തിന്‌ മാത്രം. പുതിയ സങ്കീര്‍ണതകള്‍ വരുംകാലത്ത്‌ രൂപപ്പെട്ടേക്കാം. അപ്പോഴും നഷ്‌ടം ഈ കുടുംബത്തില്‍ ഒതുങ്ങി നില്‍ക്കും.

2009-09-15

പാഠം ഒന്ന്‌ - ലേലം


ആറു മുതല്‍ പതിനാലു വരെ പ്രായമുള്ള കുട്ടികള്‍ക്കെല്ലാം നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ബില്‍ പാര്‍ലിമെന്റ്‌ അംഗീകരിച്ചു. രണ്ടാം യു പി എ സര്‍ക്കാറിന്റെ ആദ്യത്തെ 100 ദിവസത്തെ പ്രവര്‍ത്തനത്തിലെ പ്രധാന നേട്ടമായി ഭരണമുന്നണി തന്നെ ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണിത്‌. പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമായി മാറും. ബില്ലിനെക്കുറിച്ച്‌ അഭിപ്രായവ്യത്യാസം ഉന്നയിക്കുന്നവര്‍ കുറവല്ല.


ന്യൂനപക്ഷ മതവിഭാഗങ്ങളാണ്‌, പ്രത്യേകിച്ച്‌ ക്രൈസ്‌തവ സഭകള്‍, ഭിന്നാഭിപ്രായം പ്രകടിപ്പിച്ചവയില്‍ ഒന്ന്‌. മറ്റൊന്ന്‌ വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ധരാണ്‌. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ 25 ശതമാനം സീറ്റ്‌ നീക്കിവെക്കണമെന്ന ബില്ലിലെ വ്യവസ്ഥയെയാണ്‌ ന്യൂനപക്ഷ വിഭാഗങ്ങള്‍ ചോദ്യം ചെയ്യുന്നത്‌. സ്‌കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റിയില്‍ ജനപ്രതിനിധികള്‍ക്ക്‌ പങ്കാളിത്തം നല്‍കണമെന്ന വ്യവസ്ഥക്കെതിരെ ക്രിസ്‌തീയ സഭാ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്‌. നിലവില്‍ തന്നെ വിവിധ പഠനരീതികള്‍ നിലനില്‍ക്കുന്ന രാജ്യത്ത്‌ പുതിയ ബില്‍ പുതിയ വര്‍ഗ വിവേചനത്തിന്‌ കാരണാവാന്‍ ഇടയുണ്ടെന്ന ഭീതിയാണ്‌ വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ധര്‍ പങ്കുവെക്കുന്നത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും നിവേദനം നല്‍കിയിട്ടുണ്ട്‌ ഇക്കൂട്ടര്‍.


നിര്‍ദിഷ്‌ട നിയമം പ്രാബല്യത്തിലാവുക അടുത്ത അധ്യയന വര്‍ഷത്തിലായിരിക്കും. അത്‌ എത്തരത്തിലായിരിക്കുമെന്നതിന്റെ സൂചനകള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന്‌ ലഭിച്ചുതുടങ്ങുന്നുണ്ട്‌. കേരളത്തിലെ പേരുകേട്ട സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്ന എല്‍ കെ ജിയിലേക്ക്‌ കുട്ടികളെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. എല്‍ കെ ജി പ്രവേശനത്തിന്‌ കുഞ്ഞുങ്ങളെയും രക്ഷിതാക്കളെയും അഭിമുഖ പരീക്ഷക്ക്‌ വിധേയരാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി പല കാലങ്ങളിലായി നിരവധി വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. ഇവയില്‍ ചിലതെല്ലാം സുപ്രീം കോടതി ശരിവെച്ചിട്ടുമുണ്ട്‌. പക്ഷേ, അതൊന്നും കേരളത്തിന്‌ ബാധകമല്ലെന്ന മട്ടിലാണ്‌ ഇവിടെ എല്‍ കെ ജി പ്രവേശം നടക്കുന്നത്‌.


കൊച്ചിയിലെ പ്രശസ്‌തമായ സ്വകാര്യ സ്‌കൂളില്‍ എല്‍ കെ ജി പ്രവേശത്തിനുള്ള അഭിമുഖ പരീക്ഷ കഴിഞ്ഞ ദിവസം നടന്നു. നാലു വയസ്സിലേക്ക്‌ കടക്കുന്ന കുഞ്ഞിനും മാതാപിതാക്കള്‍ക്കും അഭിമുഖ പരീക്ഷയുണ്ട്‌. കുഞ്ഞിനോടുള്ള ചോദ്യങ്ങള്‍ ലളിതമാണ്‌. അമ്മയുടെയും അച്ഛന്റെയും പേര്‌ പറയുക. ഇപ്പോള്‍ `പഠിക്കുന്ന' (ഡേ കെയറോ, അങ്കണവാടിയോ ഏതാണെങ്കില്‍ അത്‌) സ്ഥാപനത്തിന്റെ പേരും അവിടുത്തെ ടീച്ചറുടെ പേരും പറയുക തുടങ്ങിയവയാണ്‌ ചോദ്യങ്ങള്‍. പക്ഷേ, ചോദ്യങ്ങളെല്ലാം ആംഗലേയത്തിലാണെന്നതാണ്‌ പ്രധാനം. നാല്‌ വയസ്സിലേക്ക്‌ കടക്കുന്ന കുഞ്ഞ്‌ ഇംഗ്ലീഷില്‍ തന്നെ മറുപടി നല്‍കണം. ചോദ്യോത്തരം കഴിഞ്ഞാല്‍ കുഞ്ഞിന്‌ ചോക്ലേറ്റ്‌ സമ്മാനിക്കും. ചോക്ലേറ്റ്‌ സ്വീകരിച്ചാല്‍ ഉടന്‍ നന്ദി പ്രകാശിപ്പിക്കണം. ചോക്ലേറ്റ്‌ സ്വീകരിച്ച്‌ `താങ്ക്‌ യു' എന്ന്‌ പ്രതിവചിച്ചില്ലെങ്കില്‍ ആചാരമര്യാദകള്‍ അറിയില്ലെന്ന കാരണത്താല്‍ നാലാം വയസ്സിലേക്ക്‌ കടക്കുന്ന കുഞ്ഞ്‌ അയോഗ്യനാവും.


എന്തുകൊണ്ട്‌ ഈ സ്‌കൂള്‍ തിരഞ്ഞെടുക്കുന്നുവെന്നതാണ്‌ മാതാപിതാക്കളോടുള്ള പ്രധാന ചോദ്യം. ഈ സ്‌കൂള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇവിടുത്തെ നാട്ടുനടപ്പും കുഞ്ഞിന്റെ പഠനത്തിന്‌ ഭാവിയില്‍ വേണ്ടിവരുന്ന ചെലവുമെല്ലാം രക്ഷിതാക്കള്‍ അറിഞ്ഞിട്ടുണ്ടോ എന്ന്‌ കണ്ടെത്താനാണ്‌ ഈ ചോദ്യം. കുഞ്ഞും മാതാപിതാക്കളും അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചതുകൊണ്ടു മാത്രം പ്രവേശം ലഭിക്കണമെന്നില്ല. അതിന്‌ ശിപാര്‍ശ വേറെ വേണ്ടിവരും.


ഉദിക്കുന്ന വിദ്യ എന്ന്‌ അര്‍ഥം വരുന്ന പേരുള്ള സ്‌കൂളില്‍ പ്രവേശം ലഭിക്കണമെങ്കില്‍ ഡൊണേഷന്‍ (`സംസ്‌കാരശൂന്യരായ ആളുകള്‍' ഇതിനെ തലവരി എന്ന്‌ വിളിക്കും) നല്‍കണം. കൊച്ചിയിലെ ഈ സ്‌കൂളില്‍ തലവരി 20,000 രൂപയാണ്‌. മറ്റ്‌ സ്‌കൂളുകള്‍ വരും ദിവസങ്ങളില്‍ അഭിമുഖ പരീക്ഷക്ക്‌ തയ്യാറെടുക്കുന്നുണ്ട്‌. ക്രിസ്‌ത്യന്‍ മിഷണറിക്ക്‌ കീഴിലുള്ള ഒരു സ്‌കൂളില്‍ 25,000 രൂപയാണ്‌ ഡൊണേഷന്‍. മറ്റ്‌ ചിലവുകളെല്ലാം ചേരുമ്പോള്‍ എല്‍ കെ ജി പ്രവേശത്തിന്‌ വേണ്ടിവരുന്നത്‌ 50,000 രൂപ.


ഈ നടപ്പ്‌ സമ്പ്രദായത്തിന്റെ നടുവിലേക്കാണ്‌ ആറു മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമെന്ന നിയമവുമായി ഭരണകൂടം എത്തുന്നത്‌. മേല്‍പ്പറഞ്ഞ സ്‌കൂളുകളിലെല്ലാം എല്‍ കെ ജിയിലാണ്‌ പ്രവേശം. അവിടെ എല്‍ കെ ജിയില്‍ ചേരുന്നവരെ മാത്രമേ ഒന്നാം ക്ലാസ്സിലേക്ക്‌ പരിഗണിക്കൂ. ആറു വയസ്സുള്ള ഒരു കുട്ടിക്ക്‌ ഇവിടെ ഒന്നാം ക്ലാസ്സില്‍ പ്രവേശമുണ്ടാകില്ലെന്ന്‌ ഉറപ്പ്‌. നഴ്‌സറി സ്‌കൂളുകളിലെ പ്രവേശത്തിന്‌ അഭിമുഖം നടത്തുന്നത്‌ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി പ്രവേശത്തിന്‌ ബദല്‍ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകളുടെ പരിസരത്ത്‌ താമസിക്കുന്നവര്‍ക്ക്‌ മുന്‍ഗണന നല്‍കണമെന്നതായിരുന്നു ബദല്‍ നിര്‍ദേശങ്ങളില്‍ പ്രധാനം. ആറു വയസ്സുകാരന്‌ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തുമ്പോള്‍ സ്‌കൂളിന്റെ പരിസരത്ത്‌ താമസിക്കുന്നവര്‍ക്ക്‌ മുന്‍ഗണന നല്‍കുക എന്ന ഈ നിര്‍ദേശം കൂടുതല്‍ നിര്‍ണായകമാണ്‌. ഏറെ അകലെയുള്ള സ്‌കൂളിലേക്ക്‌ കുഞ്ഞുങ്ങളെ പറഞ്ഞയക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത രക്ഷാകര്‍ത്താക്കള്‍ക്ക്‌ ആശ്വാസം നല്‍കുന്ന നിര്‍ദേശം. പക്ഷേ, അത്തരത്തിലൊരു കുടുംബത്തിന്‌ മേല്‍പ്പറഞ്ഞ സ്‌കൂളുകളിലൊന്നും പ്രവേശം ലഭിക്കില്ലെന്ന്‌ ഉറപ്പ്‌. കാരണം ഈ കുടുംബത്തിലെ കുഞ്ഞിന്‌ ഇംഗ്ലീഷ്‌ അഭിമുഖ പരീക്ഷയില്‍ വിജയിക്കാന്‍ കഴിയില്ലതന്നെ.


നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന്‌ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര നിയമം 25 ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവെക്കണമെന്ന്‌ നിര്‍ദേശിക്കുന്നുണ്ട്‌. ഈ സീറ്റില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥിയുടെ പഠനച്ചെലവ്‌ ഭരണകൂടം വഹിക്കും. പഠനച്ചെലവ്‌ മാത്രമേ വഹിക്കാന്‍ കഴിയൂ. തലവരിയും അനുബന്ധ ചെലവുകളും ചേരുമ്പോള്‍ വരുന്ന അമ്പതിനായിരത്തിനടുത്തുള്ള തൂക ഭരണകൂടത്തിന്‌ വഹിക്കാന്‍ കഴിയില്ല. ഇത്രയും തുക നല്‍കിയാലേ കുട്ടികള്‍ക്ക്‌ പ്രവേശം നല്‍കൂ എന്ന്‌ തുറന്നുപറയാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും കഴിയില്ല. നിയമപരമായ ബാധ്യത നിറവേറ്റാനായി 25 ശതമാനം സീറ്റ്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ നീക്കിവെക്കാന്‍ ഈ സ്‌കൂളുകള്‍ തയ്യാറായി എന്ന്‌ കരുതുക. ഇങ്ങനെ പ്രവേശിപ്പിക്കുന്ന കുട്ടികളെ തലവരി നല്‍കി സീറ്റുറപ്പാക്കിയവര്‍ക്കൊപ്പമിരുത്താന്‍ സ്‌ക്കൂള്‍ അധികൃതര്‍ തയ്യാറാകില്ല. നിയമപരമായ ബാധ്യത നിറവേറ്റാനായി പ്രവേശിപ്പിച്ച കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യേകം ക്ലാസ്സൊരുക്കുകയാവും ചെയ്യുക. പൊതുധാരയില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുന്ന `സംവരണ വിഭാഗ'മായി ഇവര്‍ മാറും. അത്തരമൊരു അന്തരീക്ഷത്തില്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ എത്ര രക്ഷിതാക്കള്‍ തയ്യാറാകുമെന്ന്‌ കണ്ടറിയണം.


നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കൊണ്ടുവന്ന നിയമം രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാന്‍ പര്യാപ്‌തമല്ല എന്ന വിദ്യാഭ്യാസ വിദഗ്‌ധരുടെ നിരീക്ഷണം ശരിവെക്കപ്പെടുന്ന അവസ്ഥയാണ്‌ സംജാതമാകുന്നത്‌. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ അര നൂറ്റാണ്ട്‌ മുമ്പുതന്നെ രേഖപ്പെടുത്തുകയും ഇപ്പോള്‍ നിയമം മൂലം നിര്‍ബന്ധിതമാക്കുകയും ചെയ്യുന്ന ആശയം പ്രാവര്‍ത്തികമാകണമെങ്കില്‍ മറ്റ്‌ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്‌ എന്ന്‌ വ്യക്തമാവുകയാണ്‌. സ്വകാര്യ സ്‌കൂളുകള്‍ ഈടാക്കുന്ന ഡൊണേഷന്‍ നിര്‍ത്തലാക്കേണ്ടിവരും. എല്‍ കെ ജി പ്രവേശത്തിനുള്ള അഭിമുഖ പരീക്ഷ തടയേണ്ടിവരും. രാഷ്‌ട്രീയത്തിന്റെയും അധികാരത്തിന്റെയും ഉന്നത ശ്രേണിയില്‍ പിടിപാടുള്ളവര്‍ നടത്തുന്ന സ്വകാര്യ സ്‌കൂളുകളില്‍ ഇടപെടാന്‍ ഭരണകൂടങ്ങള്‍ മടിക്കുമെന്നുറപ്പ്‌.


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പാകത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍ വ്യാപിപ്പിക്കുകയാണ്‌ ഇതിനൊരു പോംവഴി. അവിടെ സ്വകാര്യ സ്‌കൂളുകളിലേതിനോട്‌ കിടപിടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരേണ്ടിയുംവരും. ഇക്കാര്യങ്ങള്‍ ഇന്നത്തെ നിലയില്‍ നടക്കുമെന്ന്‌ കരുതാനാകില്ല. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്‌ നല്ലപോലെ പങ്കാളിത്തമുള്ള കേരളത്തില്‍ പോലും സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്‌. ഇവിടേക്ക്‌ കുഞ്ഞുങ്ങളെ അയക്കാന്‍ രക്ഷിതാക്കള്‍ താത്‌പര്യം കാണിക്കുന്നുമില്ല.


സര്‍ക്കാര്‍ കാര്യം മുറപോലെ നടന്നാല്‍ മതിയെന്ന്‌ അധ്യാപകര്‍ തീരുമാനിക്കുന്നതും അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാതിരിക്കുന്നതുമാണ്‌ രക്ഷിതാക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന്‌ അകറ്റുന്നത്‌. സര്‍ക്കാറിന്റെ ധനസഹായത്തോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എയിഡഡ്‌ സ്‌കൂളുകളുടെ അവസ്ഥയും വ്യത്യസ്‌തമല്ല. ഭാവിയില്‍ കുട്ടികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന നിരവധിയായ പ്രവേശനപ്പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും വേണ്ട ശേഷിയും ശേമുഷിയും വേണമെങ്കില്‍ കേന്ദ്ര സിലബസ്സിലെ പഠനം അനിവാര്യമെന്ന്‌ രക്ഷിതാക്കള്‍ ചിന്തിക്കുന്നു. സമ്പന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക്‌ ഉയര്‍ന്ന പഠന രീതിയും മികച്ച ഭൗതിക സൗകര്യവും ലഭ്യമാകുന്നു. താഴേക്കിടയിലുള്ളവര്‍ക്ക്‌ അത്‌ ലഭ്യവുമല്ല. ഈ വേര്‍തിരിവ്‌ തന്നെയാണ്‌ കേരളത്തിലെ സ്‌കൂളുകള്‍ എല്‍ കെ ജി പ്രവേശത്തിന്‌ നടത്തുന്ന അഭിമുഖ പരീക്ഷയിലും നിഴലിക്കുന്നത്‌.


വിദ്യാഭ്യാസത്തെ സമ്പത്ത്‌ നിര്‍ണയിക്കുന്ന രീതിയാണ്‌ ആദ്യം മാറേണ്ടത്‌. ദൗര്‍ഭാഗ്യവശാല്‍ സ്വകാര്യ മേഖലയെ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ പിന്‍മാറുകയും ചെയ്യുന്ന തരത്തിലാണ്‌ നിര്‍ദിഷ്‌ട നിയമം പോലും ആവിഷ്‌കരിച്ചിരിക്കുന്നത്‌. സ്വകാര്യ സ്‌കൂളുകളില്‍ 25 ശതമാനം സംവരണം ഏര്‍പ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ അവസരം നല്‍കിയാല്‍ പിന്നെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ആവശ്യമില്ലല്ലോ.


സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കപ്പെടുകയല്ല സംഭവിക്കുന്നത്‌. മറിച്ച്‌ നിര്‍ബന്ധിതമായ ഒഴിവാക്കലാണ്‌ നടപ്പാക്കപ്പെടുന്നത്‌. സമ്പത്തോ ഉയര്‍ന്ന വിദ്യാഭ്യാസ പശ്ചാത്തലമോ ഇല്ലാത്ത കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ഒഴിവാക്കല്‍. അതിന്റെ പ്രത്യക്ഷ തെളിവാണ്‌ എല്‍ കെ ജിയിലേക്കുള്ള ആംഗലേയ അഭിമുഖപ്പരീക്ഷ. ഡൊണേഷന്‍ ഉള്‍പ്പെടെ പ്രവേശത്തിലുള്ള പണത്തിന്റെ സാന്നിധ്യം മറ്റൊരു തെളിവും. തിരഞ്ഞെടുപ്പിന്റെ ഈ മാനദണ്ഡങ്ങള്‍ക്ക്‌ പുറത്തുള്ളവര്‍ക്ക,്‌ തത്‌കാലത്തേക്ക്‌ സര്‍ക്കാര്‍ സ്‌കൂളുകളെ ആശ്രയിക്കാന്‍ സാധിക്കും. പക്ഷേ, പൂട്ടിപ്പോവുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം കുടും. അകലെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളെ, രക്ഷിതാക്കളും കുട്ടികളും ആശ്രയിക്കേണ്ടിവരും. ഇത്‌ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം കൂട്ടും. നിര്‍ബന്ധിതമായ ഒഴിവാക്കല്‍ എന്ന ലക്ഷ്യത്തിലേക്ക്‌ നാം അടുക്കുകയും ചെയ്യും.

2009-09-09

എന്തരോ മഹാനുഭാവലു!


താജ്‌ ഹോട്ടല്‍ ഗ്രൂപ്പ്‌

ഇന്ത്യയിലെ ഒന്നാം നമ്പര്‍ വ്യവസായികളായ ടാറ്റ ഗ്രൂപ്പിന്റെ സ്വന്തം. പഞ്ച നക്ഷത്ര സൗകര്യങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്ന ഹോട്ടല്‍ ശൃംഖല. മുംബൈയില്‍ ഭീകരരുടെ ആക്രമണത്തിന്‌ ഇരയായതില്‍ പ്രധാനം ഈ ശൃംഖലയില്‍പ്പെട്ട ഹോട്ടലായിരുന്നു. ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പിന്‌ മറ്റ്‌ നിരവധി വ്യവസായങ്ങളുണ്ട്‌. വാഹന നിര്‍മാണം, വിവര സാങ്കേതിക വിദ്യാ കമ്പനി, തേയിലത്തോട്ടങ്ങള്‍, തേയില സംസ്‌കരണത്തിനും വിതരണത്തിനുമുള്ള ശൃംഖല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ടാറ്റ കൈവെക്കാത്ത മേഖലകള്‍ അപൂര്‍വം. മിസൈലുകള്‍ അടക്കം പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കാന്‍ ഇസ്‌റാഈല്‍ കമ്പനിയായ എയ്‌റോസ്‌പേസ്‌ ഇന്‍ഡസ്‌ട്രീസുമായി ടാറ്റ അഡ്‌വാന്‍സ്‌ഡ്‌ സിസ്റ്റംസ്‌ കരാറുണ്ടാക്കിയത്‌ ഏതാനും മാസം മുമ്പ്‌ മാത്രം.


ഐ ടി സി മയൂര


ബ്രിട്ടീഷ്‌ ടുബാകോ എന്ന പേരില്‍ തുടങ്ങി ഇന്ത്യന്‍ ടുബാകോയായി രൂപാന്തരം പ്രാപിച്ച കമ്പനിയുടെ സ്വന്തമാണ്‌. ഗോള്‍ഡ്‌ ഫ്‌ളേക്ക്‌ മുതല്‍ ബര്‍ക്‌ലി വരെയുള്ള സിഗരറ്റുകള്‍ വിപണിയിലെത്തിക്കുന്ന കമ്പനിയാണിത്‌. പേപ്പര്‍ ബോര്‍ഡ്‌ നിര്‍മാണം, കാര്‍ഷികോത്‌പന്നങ്ങളുടെ സംസ്‌കരണം, ബ്രാന്‍ഡഡ്‌ ഉത്‌പന്നങ്ങളുടെ വിതരണം, എളുപ്പത്തില്‍ ചെലവാകുന്ന ഉപഭോക്തൃ വസ്‌തുക്കളുടെ നിര്‍മാണം എന്നിവയിലെല്ലാം ഇവര്‍ക്ക്‌ സ്ഥാപനങ്ങളുണ്ട്‌. വിവര സാങ്കേതിക വിദ്യാ കമ്പനിയും നടത്തുന്നു.


ടാറ്റ ഗ്രൂപ്പിന്റെ അറ്റാദായം ആയിരക്കണക്കിന്‌ കോടിയാണ്‌. ഐ ടി സി ഗ്രൂപ്പിന്റെ 2008ലെ അറ്റാദായം 475 കോടി ഡോളറാണ്‌. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ എം കൃഷ്‌ണയും സഹമന്ത്രി ശശി തരൂരും നാലു മാസത്തോളമായി താമസിച്ചിരുന്ന ഹോട്ടലുകളാണ്‌ മേല്‍പ്പറഞ്ഞ താജും മയൂരയും. അവയുടെ ഉടമസ്ഥരായ ഗ്രൂപ്പുകള്‍ എത്രത്തോളം വലുതാണെന്ന്‌ സൂചിപ്പിക്കാനാണ്‌ ഇത്രയും വിവരിച്ചത്‌. കൃഷ്‌ണ താമസിച്ചത്‌ ഡല്‍ഹിയിലെ ഐ ടി സി മയൂര ഹോട്ടലിന്റെ പതിനാറാം നിലയിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ്‌. ബില്‍ ക്ലിന്റണും ജോര്‍ജ്‌ ബുഷും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ താമസിച്ച അതേ സ്യൂട്ട്‌. പ്രതിദിന വാടക ഒരു ലക്ഷത്തിലേറെ വരും. തരൂര്‍ താമസിച്ച താജ്‌ ഹോട്ടലിലെ മുറിക്ക്‌ പ്രതിദിനം അമ്പതിനായിരം രൂപയാണ്‌ വാടക.


രാജ്യം ഗുരുതരമായ വരള്‍ച്ച നേരിടുകയും കര്‍ഷകരും ഗ്രാമവാസികളും കടുത്ത ദുരിതം പേറുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയിലെ രണ്ട്‌ അംഗങ്ങള്‍ പഞ്ചനക്ഷത്ര സൗകര്യത്തില്‍ താമസിക്കുന്നത്‌ വിമര്‍ശത്തിന്‌ കാരണമായി. ഇതേത്തുടര്‍ന്ന്‌ ഇരുവരോടും താമസം മാറ്റാന്‍ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജി നിര്‍ദേശം നല്‍കിയതോടെയാണ്‌ ഇത്‌ വാര്‍ത്തയാകുന്നത്‌. സ്വന്തം കീശയില്‍ നിന്ന്‌ പണം കൊടുത്താണ്‌ പഞ്ചനക്ഷത്ര സൗകര്യത്തില്‍ താമസിച്ചതെന്ന്‌ കൃഷ്‌ണയും തരൂരും വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനുള്ള സാമ്പത്തിക ശേഷി ഇരുവര്‍ക്കുമുണ്ടെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ഇവര്‍ സമര്‍പ്പിച്ച സ്വത്ത്‌ വിവരത്തില്‍ നിന്ന്‌ മനസ്സിലാക്കാം. കൃഷ്‌ണ പതിനെട്ട്‌ കോടിയുടെ സ്വത്താണ്‌ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയത്‌. തരൂര്‍ 15 കോടിയുടെതും.


ക്ലിന്റനെയും ബുഷിനെയും പോലുള്ള ആളുകള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ താമസിപ്പിക്കുന്ന ഹോട്ടല്‍ മുറിയില്‍ സ്വന്തം കീശയില്‍ നിന്ന്‌ പണം നല്‍കി നാല്‌ മാസത്തോളം താമസിക്കാന്‍ നമ്മുടെ നേതാക്കള്‍ക്ക്‌ ശേഷിയുണ്ടാകുന്നു എന്നത്‌ സന്തോഷം നല്‍കുന്ന കാര്യം തന്നെ. കാരണം ഇത്രയും പണം സ്വന്തം കീശയില്‍ നിന്ന്‌ ചെലവഴിക്കാന്‍ ശേഷിയുള്ളവര്‍ മറ്റ്‌ അഴിമതികള്‍ക്ക്‌ നില്‍ക്കാനുള്ള സാധ്യത കുറവാണ്‌. എം പി എന്ന നിലയിലും കേന്ദ്ര മന്ത്രി എന്ന നിലയിലും ജനങ്ങളെ സേവിക്കാന്‍ സ്വന്തം പണം ചെലവഴിച്ച്‌ ഡല്‍ഹിയില്‍ താമസിച്ചതിനെ മഹാമനസ്‌കതയായും വിലയിരുത്താം!


ഇതൊക്കെയാണെങ്കിലും ചില പൊരുത്തക്കേടുകള്‍ കാണാതെ വയ്യ. എം പിമാര്‍ക്കും മന്ത്രിമാര്‍ക്കും താമസിക്കാന്‍ ഫ്‌ളാറ്റുകളും ബംഗ്‌ളാവുകളുമായി സൗകര്യങ്ങള്‍ ഏറെയുണ്ട്‌ ഡല്‍ഹിയില്‍. ആദ്യവട്ടം എം പിയാവുന്നവര്‍ക്കാണ്‌ ഫ്‌ളാറ്റ്‌. തുടര്‍ച്ചയായി നാല്‌ തവണ എം പിയായാല്‍ ബംഗ്ലാവിന്‌ അര്‍ഹതയാകും. ജനപ്രതിനിധികള്‍ക്ക്‌ മാത്രമല്ല, ദേശീയ അംഗീകാരമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ക്ക്‌ താമസിക്കാന്‍ വരെ സര്‍ക്കാര്‍ ബംഗ്ലാവ്‌ അനുവദിക്കുന്നുണ്ട്‌. പാര്‍ലിമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികള്‍ക്ക്‌ അംഗബലം അനുസരിച്ച്‌ പാര്‍ലിമെന്റ്‌ കെട്ടിടത്തില്‍ ഓഫീസും അനുവദിക്കുന്നു. ഇത്രയുമൊക്കെ സൗകര്യമുണ്ടായിട്ടും ഈ രണ്ട്‌ മന്ത്രിമാര്‍ക്ക്‌ ഒരിടം ലഭിച്ചില്ല എന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം.


എസ്‌ എം കൃഷ്‌ണ രാജ്യസഭാംഗമായി ഡല്‍ഹിയിലെത്തിയപ്പോള്‍ തന്നെ ബംഗ്ലാവ്‌ അനുവദിച്ചു. വിദേശകാര്യ മന്ത്രിയായിരിക്കെ നട്‌വര്‍ സിംഗ്‌ താമസിച്ചിരുന്ന ഈ ബംഗ്ലാവ്‌ അദ്ദേഹത്തിന്‌ പിടിച്ചില്ല. അറ്റകുറ്റപ്പണി ചെയ്യാന്‍ നിര്‍ദേശിക്കുകയാണ്‌ ചെയ്‌തത്‌. കൃഷ്‌ണ വിദേശകാര്യ മന്ത്രിയായപ്പോള്‍ മറ്റൊരു ബംഗ്ലാവ്‌ അനുവദിച്ചു. അതും അറ്റകുറ്റപ്പണി ചെയ്‌ത ശേഷമേ താമസിക്കാനാവൂ എന്ന്‌ പറഞ്ഞാണ്‌ അദ്ദേഹം ഐ ടി സി മയൂരയിലെ ലക്ഷം വാടകയുള്ള സ്യൂട്ടിലേക്ക്‌ മാറിയത്‌. ശശി തരൂരിന്‌ അനുവദിച്ച ബംഗ്ലാവിലും അറ്റകുറ്റപ്പണി നടക്കുകയാണ്‌.
രണ്ട്‌ കേന്ദ്രമന്ത്രിമാര്‍, അതും വിദേശകാര്യം പോലെ സുപ്രധാന വകുപ്പ്‌ കൈകാര്യം ചെയ്യുന്നവര്‍, അവര്‍ക്കുള്ള ബംഗ്ലാവിന്റെ അറ്റകുറ്റപ്പണി മൂന്നുമാസമായിട്ടും പൂര്‍ത്തിയായിട്ടില്ല എന്ന്‌ പറഞ്ഞാല്‍ ഇന്ത്യയിലെ സാധാരണ വോട്ടര്‍ക്ക്‌ ദഹിക്കാന്‍ പ്രയാസമാണ്‌. അധികാരത്തിന്റെ ബലത്തില്‍ എന്തും നൊടിയിടകൊണ്ട്‌ സാധിക്കുന്ന രാജ്യമാണിത്‌. അതിന്‌ ഉദാഹരണങ്ങള്‍ നിരവധിയുണ്ടുതാനും. എന്നിട്ടും കൃഷ്‌ണക്കും തരൂരിനും മാത്രം അത്‌ സാധിച്ചില്ല. ഇതേ സര്‍ക്കാര്‍ തന്നെയാണ്‌ റെയില്‍വേ മന്ത്രിയായിട്ടും എം പി ഫ്‌ളാറ്റില്‍ തുടരാന്‍ തീരുമാനിച്ച മമതാ ബാനര്‍ജിയെ നിര്‍ബന്ധിച്ച്‌ ബംഗ്ലാവിലേക്ക്‌ മാറ്റിയത്‌. അപ്പോള്‍ ബംഗ്ലാവുകളില്ലാത്തതോ അതിന്റെ അറ്റകുറ്റപ്പണി തീരാത്തതോ അല്ല പ്രശ്‌നം. വ്യക്തികളുടെ കാഴ്‌ചപ്പാടാണ്‌ പ്രശ്‌നം.


വിദേശ വകുപ്പ്‌ കൈകാര്യം ചെയ്യുന്നവര്‍ക്ക്‌ വിദേശത്തു നിന്നുള്ള ഉന്നതര്‍ സന്ദര്‍ശകരുണ്ടാവും. അവരെ ഉചിതമായ രീതിയില്‍ സ്വീകരിച്ച്‌ സല്‍ക്കരിക്കേണ്ടിവരും. അതിന്‌ വേണ്ട സൗകര്യങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ ഉണ്ടാകേണ്ടതുമുണ്ട്‌. ഇത്തരം സ്വീകരിക്കലും സന്ദര്‍ശനവുമൊക്കെ നട്‌വര്‍ സിംഗ്‌ വിദേശകാര്യ മന്ത്രിയായിരിക്കുമ്പോഴുമുണ്ടായിട്ടുണ്ട്‌. അതേ ബംഗ്ലാവില്‍ കൃഷ്‌ണ കുറവുകള്‍ കണ്ടപ്പോള്‍ വ്യക്തികളുടെ കാഴ്‌ചപ്പാട്‌ തന്നെയാണ്‌ പ്രശ്‌നമെന്ന്‌ വ്യക്തമാകുന്നു. സ്വന്തം കീശയില്‍ നിന്ന്‌ പണം ചെലവാക്കിയാണ്‌ താമസിച്ചതെന്ന്‌ വ്യക്തമാക്കിയ ശശി തരൂര്‍ കേരള ഹൗസില്‍ താമസിക്കാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ട്‌ തുറന്നു പറഞ്ഞിട്ടുണ്ട്‌. എല്ലാ ദിവസവും വ്യായാമം ചെയ്യണം. അതിന്‌ ജിം നിര്‍ബന്ധമാണ്‌. ആ സൗകര്യമില്ലാത്ത ഒരിടത്ത്‌ താമസിക്കുക എന്നത്‌ ആലോചിക്കാന്‍ പോലും വയ്യ. രാജ്യത്തുള്ളവര്‍ക്കെല്ലാം എല്ലാ ദിവസവും ജിമ്മില്‍ പോയി വ്യായാമം ചെയ്യാന്‍ സൗകര്യമുണ്ടാകുന്ന ഒരു കാലത്തെക്കുറിച്ചാണ്‌ തരൂര്‍ ചിന്തിക്കുന്നത്‌. ഈ ചിന്ത മനസ്സിലുള്ളതുകൊണ്ടാണ്‌ അദ്ദേഹം മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെ കേരള ഹൗസില്‍ താമസിക്കാതെ താജ്‌ ഹോട്ടല്‍ തേടിപ്പോയത്‌. നേതാക്കള്‍ മാതൃക കാട്ടേണ്ടവരാണ്‌. വ്യായാമത്തിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കടമ അവര്‍ക്കുണ്ട്‌. അത്‌ മനസ്സിലാക്കിയ നേതാവാണ്‌ ശശി തരൂര്‍. അതുകൊണ്ടാണ്‌ തിരുവനന്തപുരത്തുകാര്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നല്‍കി അദ്ദേഹത്തെ തിരഞ്ഞെടുത്തത്‌.


സ്വന്തം കീശയില്‍ നിന്ന്‌ വാടക നല്‍കി എന്ന കൃഷ്‌ണയുടെയും തരൂരിന്റെയും അവകാശവാദം വാദത്തിന്‌ വേണ്ടി ഖണ്ഡിച്ച്‌ നോക്കാം. സാധാരണക്കാരായ ആളുകള്‍ ഒരു ഹോട്ടലില്‍ ചെന്ന്‌ മുറിയുണ്ടോ എന്ന്‌ അന്വേഷിച്ച്‌ അതിന്റെ വാടക ചോദിച്ച്‌ താങ്ങാവുന്നതാണോ എന്ന്‌ സ്വയം വിലയിരുത്തി തീരുമാനിച്ചു താമസിക്കുകയാണ്‌ പതിവ്‌. കൃഷ്‌ണയോ തരൂരോ ചെയ്യുക ഇതാവാന്‍ തരമില്ല. അവര്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തും. സെക്രട്ടറിമാര്‍ ഹോട്ടലില്‍ വിളിച്ച്‌ എം പിക്ക്‌ അല്ലെങ്കില്‍ മന്ത്രിക്ക്‌ താമസിക്കാന്‍ മുറി വേണമെന്ന്‌ പറയും. ഭരിക്കുന്ന പാര്‍ട്ടിയുടെ എം പി, അല്ലെങ്കില്‍ മന്ത്രി എന്ന നിലക്ക്‌ ഹോട്ടല്‍ നടത്തിപ്പുകാര്‍ ഏറ്റവും മുന്തിയ സൗകര്യം നല്‍കും. അത്‌ വാടക പ്രതീക്ഷിച്ചിട്ടാണെന്ന്‌ കരുതുന്നത്‌ മൗഢ്യം.


വരും കാലത്ത്‌ ഇവരെക്കൊണ്ട്‌ പല പ്രയോജനവുമുണ്ടാവുമെന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിയില്ലാത്തവരല്ല നമ്മുടെ വ്യവസായികള്‍. അതുകൊണ്ട്‌ എത്രകാലം വേണമെങ്കിലും വാടക കൂടാതെ താമസിക്കാനുള്ള സൗകര്യം അവര്‍ നല്‍കും. പാര്‍ട്ടികളുടെ ഫണ്ടിലേക്ക്‌ പ്രതിവര്‍ഷം കോടികള്‍ സംഭാവന ചെയ്യുന്ന ഈ കമ്പനികള്‍ക്ക്‌ വാടകയിനത്തിലുള്ള ഒന്നോ രണ്ടോ കോടികള്‍ വലിയ പ്രശ്‌നമാവില്ല തന്നെ. കേന്ദ്രമന്ത്രി പോലും താമസിക്കാന്‍ ഇഷ്‌ടപ്പെടുന്ന ഹോട്ടലാണ്‌ തങ്ങളുടെത്‌ എന്ന്‌ കാണിച്ച്‌ വേണമെങ്കില്‍ വിദേശത്ത്‌ അവര്‍ പരസ്യവും ചെയ്യും.


താജ്‌ ഹോട്ടല്‍ ശൃംഖല നടത്തുന്ന ടാറ്റയും മയൂര നടത്തന്ന ഐ ടി സിയും ഇന്ത്യയിലും പുറത്തുമായി നടത്തുന്ന വാണിജ്യ, വ്യവസായങ്ങളുടെ ചെറിയ രൂപം തുടക്കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഈ മേഖലയിലൊക്കെ അധികാരത്തിലിരിക്കുന്നവരുടെ സഹായം ഇവര്‍ക്ക്‌ വേണ്ടിവരും. അപ്പോള്‍ മന്ത്രിസഭയിലുള്ളവരുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കും. മിസൈലുകളുള്‍പ്പെടെ പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കാന്‍ ഇസ്‌റാഈല്‍ കമ്പനിയുമായി ചേര്‍ന്ന്‌ സംയുക്ത സംരംഭം ആരംഭിക്കുന്ന ടാറ്റക്ക്‌ വിദേശകാര്യ സഹമന്ത്രിയുടെ സഹായം എത്രത്തോളം ഗുണകരമാണെന്ന്‌ അറിയാന്‍ ഏറെയൊന്നും ആലോചിക്കേണ്ടതില്ല. വ്യവസായികള്‍ ആഗ്രഹിക്കുന്ന സഹായം അവരുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ്‌. അത്തരം സഹായങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്ക്‌ ഗുണകരമാകണമെന്നുമില്ല. ചില്ലുമേടകള്‍ അനുവദിക്കുന്നവര്‍ കല്ലുകള്‍ കൈയില്‍ കൊടുക്കുകയും ചെയ്യും. മേടകളുടെ സൗജന്യം അനുഭവിക്കുന്നവര്‍ കല്ലെറിയാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും.

2009-09-08

കൂടെ നിന്നവര്‍ കാലില്‍ ചവിട്ടുന്നു


2004 മുതല്‍ 2007വരെയുള്ള കാലത്ത്‌ ഒരു ബുഷല്‍ ഗോതമ്പിന്‌ അമേരിക്ക പ്രഖ്യാപിച്ച താങ്ങുവില 3.92 ഡോളറായിരുന്നു. ഒരു ബുഷലെന്നാല്‍ 35 ലിറ്റര്‍. ഓരോ ബുഷലിനും 52 സെന്റ്‌ കര്‍ഷകന്‌ സബ്‌സിഡിയായി നല്‍കും. 52 സെന്റ്‌ എന്നാല്‍ അര ഡോളറില്‍ അല്‍പ്പം അധികം. സ്വന്തം കാര്‍ഷിക മേഖലയെ സംരക്ഷിച്ച്‌ നിര്‍ത്തുന്നതിന്‌ അമേരിക്ക സ്വീകരിച്ചിരിക്കുന്ന നടപടികളുടെ രൂപം ഇതില്‍ നിന്ന്‌ അറിയാം. ഉത്‌പാദനത്തിന്‌ കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ നല്‍കുന്ന സബ്‌സിഡിയാണ്‌ 52 സെന്റ്‌. സംസ്‌കരിച്ചോ അല്ലാതെയോ കയറ്റുമതി ചെയ്യുന്നതിന്‌ സബ്‌സിഡി വേറെയുണ്ട്‌. അതും ഉത്‌പാദകന്‌ നേരിട്ട്‌ കൈമാറുന്ന സമ്പ്രദായമാണ്‌ അമേരിക്കയില്‍. ഇന്ത്യയിലും സബ്‌സിഡികളുണ്ട്‌. അതുപക്ഷേ കര്‍ഷകന്‌ നേരിട്ട്‌ ലഭ്യമാക്കുന്നില്ല. പകരം ഉത്‌പാദനത്തിന്‌ സഹായകമായ വസ്‌തുക്കള്‍ക്ക്‌ സബ്‌സിഡി അനുവദിക്കുകയാണ്‌ ചെയ്യുന്നത്‌. കര്‍ഷകര്‍ക്ക്‌ കുറഞ്ഞ വിലക്ക്‌ രാസവളം ലഭ്യമാക്കുകയും അതുമൂലം വളം നിര്‍മാണ കമ്പനിക്ക്‌ ഉണ്ടാവുന്ന ബാധ്യത സര്‍ക്കാര്‍ നികത്തി നല്‍കുകയും ചെയ്യുന്ന രീതി. ഇതുപോലെ വിത്തിന്‌ സബ്‌സിഡി നല്‍കാറുണ്ട്‌. ഉത്‌പന്നങ്ങള്‍ക്ക്‌ താരതമ്യേന മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനായി തറവില, താങ്ങുവില എന്നിവ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കാറുമുണ്ട്‌.
ഇത്തരം സബ്‌സിഡികളും തറ, താങ്ങു വിലകളും ആഗോള സ്വതന്ത്ര വിപണി പ്രാവര്‍ത്തികമാക്കുന്നതിന്‌ തടസ്സമാണെന്ന വാദം മുമ്പു മുതല്‍ തന്നെ സജീവമാണ്‌.


സ്വതന്ത്ര വിപണിയെ പിന്തുണക്കുന്ന സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ ദാരിദ്ര്യത്തിന്‌ കാരണമായിപ്പോലും ഇവകളെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഇത്തരം ചിന്തകളുടെ ഉത്‌പന്നമായാണ്‌ 1947ല്‍ വ്യാപാരത്തിന്റെയും തീരുവനിരക്കുകളുടെയും കാര്യത്തിലുള്ള പൊതു കരാര്‍ (ജനറല്‍ എഗ്രിമെന്റ്‌ ഓണ്‍ ട്രേഡ്‌ ആന്‍ഡ്‌ താരിഫ്‌ - ഗാട്ട്‌) നിലവില്‍ വന്നത്‌. ഗാട്ടിനെ ആദേശം ചെയ്‌താണ്‌ 1995ല്‍ ലോകവ്യാപാര സംഘടന (ഡബ്ല്യു ടി ഒ) നിലവില്‍ വന്നത്‌. ആഗോള വ്യാപാരം ക്രമീകരിക്കുകയും എല്ലാ വിപണികളിലും എല്ലാ രാജ്യങ്ങള്‍ക്കും സ്വതന്ത്രമായി ഇടപെടാന്‍ അവസരമുണ്ടാക്കുകയുമാണ്‌ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ആദ്യത്തെ പടിയായിരുന്നു ഉറുഗ്വേ വട്ട തീരുമാനങ്ങള്‍. ഇതില്‍ കുറെയൊക്കെ നടപ്പായെങ്കിലും കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തുറന്നു കൊടുക്കലുകള്‍ക്ക്‌ വഴിയൊരുക്കാന്‍ സാധിച്ചില്ല. പുതിയ തുറന്നുകൊടുക്കലുകളുടെ രൂപരേഖയാണ്‌ 2001ല്‍ ദോഹയില്‍ ചേര്‍ന്ന ഡബ്ല്യൂ ടി ഒ അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെ സമ്മേളനം നിശ്ചയിച്ചത്‌. 2005 ജനുവരി ഒന്നിന്‌ പ്രാബല്യത്തിലാവും വിധത്തില്‍ ഇതിന്‌ മാര്‍ഗരേഖ രൂപവത്‌കരിക്കാനും തീരുമാനിച്ചിരുന്നു.


കാര്‍ഷിക മേഖലകള്‍ക്ക്‌ നല്‍കുന്ന സബ്‌സിഡികള്‍ ഒഴിവാക്കുക, കാര്‍ഷികോത്‌പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഏകീകരിക്കുക തുടങ്ങിയവയാണ്‌ പ്രധാനമായും ദോഹ സമ്മേളനം നിര്‍ദേശിച്ചിരുന്നത്‌. സബ്‌സിഡികള്‍ ഒഴിവാക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്യുക എന്ന നിര്‍ദേശം ദോഹ സമ്മേളനത്തില്‍ അംഗീകരിച്ചുവെങ്കിലും അത്‌ നടപ്പാക്കാനാവില്ലെന്ന്‌ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അടക്കമുള്ള വികസിത രാജ്യങ്ങള്‍ പിന്നീട്‌ നിലപാടെടുത്തു. വികസിത രാജ്യങ്ങള്‍ സബ്‌സിഡി കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ക്കും കഴിയില്ലെന്ന്‌ വികസ്വര രാജ്യങ്ങള്‍ വ്യക്തമാക്കിയതോടെ ദോഹ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്‌ അനിശ്ചിതത്വത്തിലായി. കാന്‍കൂണ്‍, ഹോങ്കോങ്‌, ജനീവ എന്നിവിടങ്ങളില്‍ വെച്ച്‌ നാല്‌ തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സ്‌തംഭനാവസ്ഥ പരിഹരിക്കാനായില്ല. ഇന്ത്യയുടെയും ബ്രസീലിന്റെയും നേതൃത്വത്തില്‍ വികസ്വര രാജ്യങ്ങള്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയായിരുന്നു.


കാര്‍ഷിക മേഖലക്കുള്ള സബ്‌സിഡി വികസ്വര രാജ്യങ്ങള്‍ വെട്ടിക്കുറക്കുകയും ഇറക്കുമതിച്ചുങ്കത്തില്‍ ഇളവ്‌ അനുവദിക്കുകയും ചെയ്‌താല്‍ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ഉത്‌പന്നങ്ങളുടെ നിക്ഷേപ സ്ഥലമായി മാറുകയാവും ചെയ്യുക എന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമല്ല. വികസിത രാജ്യങ്ങള്‍ സബ്‌സിഡി നിലനിര്‍ത്തുമെന്ന നിലപാടില്‍ ഉറച്ചുനിന്നാല്‍ അവിടുത്തെ വിപണി വികസ്വര രാജ്യങ്ങള്‍ക്ക്‌ പ്രാപ്യവുമാവില്ല. ചുരുക്കത്തില്‍ അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ക്ക്‌ ഏറെ പ്രയോജനകരമാവുന്ന തരത്തിലേക്ക്‌ ദോഹവട്ട തീരുമാനങ്ങളെ എത്തിക്കാനാണ്‌ ശ്രമം നടന്നത്‌.


2001ലെ ദോഹ സമ്മേളനത്തിന്‌ തൊട്ടടുത്ത വര്‍ഷമാണ്‌ പ്രസിഡന്റായിരുന്ന ജോര്‍ജ്‌ ബുഷ്‌ അമേരിക്കയുടെ പത്ത്‌ വര്‍ഷത്തേക്കുള്ള കാര്‍ഷിക സബ്‌സിഡി പ്രഖ്യാപിച്ചത്‌. പത്ത്‌ വര്‍ഷത്തേക്ക്‌ 19,000 കോടി ഡോളര്‍ സബ്‌സിഡിക്കായി നീക്കിവെച്ചു. 2002വരെയുള്ള പത്ത്‌ വര്‍ഷക്കാലത്ത്‌ നീക്കിവെച്ചിരുന്നത്‌ 11,400 കോടി മാത്രമായിരുന്നു. സബ്‌സിഡിക്കുള്ള തുക വന്‍തോതില്‍ വര്‍ധിപ്പിച്ചതിലൂടെ ദോഹ വട്ട തീരുമാനങ്ങള്‍ തങ്ങള്‍ക്ക്‌ ബാധകമാവില്ലെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ അമേരിക്ക ചെയ്‌തത്‌. യൂറോപ്യന്‍ യൂനിയനാവട്ടെ വാര്‍ഷിക ബജറ്റിലെ 40 ശതമാനം സബ്‌സിഡികള്‍ക്കായി നീക്കിവെക്കുന്ന പതിവ്‌ തുടരുകയും ചെയ്യുന്നു. ഇക്കൂട്ടരാണ്‌ സബ്‌സിഡികള്‍ വെട്ടിക്കുറക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നത്‌. ഇന്ത്യയും ബ്രസീലും മുന്‍കൈയെടുത്ത്‌ രൂപവത്‌കരിച്ച പ്രതിരോധ നിര ഈ സാഹചര്യത്തില്‍ അര്‍ഥവത്തായിരുന്നു.
ഈ പ്രതിരോധ നിരക്ക്‌ ഉദകക്രിയ ചെയ്യുക എന്ന ദൗത്യമാണ്‌ കഴിഞ്ഞ ആഴ്‌ച ഡല്‍ഹിയില്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മയുടെ കാര്‍മികത്വത്തില്‍ ചേര്‍ന്ന ഡബ്ല്യൂ ടി ഒ അംഗ രാജ്യങ്ങളുടെ സമ്മേളനത്തിനുണ്ടായിരുന്നത്‌. അത്‌ ഏറെക്കുറെ സാധിച്ചിട്ടുണ്ട്‌ എന്ന്‌ വേണം കരുതാന്‍.


ഈ മാസം 14 മുതല്‍ ജനീവയില്‍ ചേരുന്ന ഡബ്ല്യൂ ടി ഒയുടെ ഔദ്യോഗിക സമ്മേളനത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും. അവിടെ വെച്ച്‌ ധാരണകളുണ്ടാക്കുകയും അടുത്ത വര്‍ഷത്തോടെ തീരുമാനങ്ങള്‍ നടപ്പാക്കുകയുമാണ്‌ ലക്ഷ്യം. അമേരിക്കയിലെ വന്‍കിട തോട്ടങ്ങള്‍ക്ക്‌ സബ്‌സിഡികള്‍ നല്‍കുന്നത്‌ നിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതി ഒബാമ ഭരണകൂടം നിര്‍ദേശിച്ച സാഹചര്യത്തില്‍ കൂടിയാണ്‌ ദോഹ വട്ട ചര്‍ച്ചകള്‍ തുടരുന്നതിന്‌ ഇന്ത്യ മുന്‍കൈ എടുത്തത്‌. ഈ നിയമ ഭേദഗതി അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗീകരിക്കുമോ എന്ന്‌ വ്യക്തമല്ല. അംഗീകരിച്ചാലും അത്‌ വികസ്വര രാജ്യങ്ങള്‍ക്ക്‌ ഗുണകരമാവുമെന്ന്‌ കരുതാനാവില്ല. അമേരിക്കയിലെ മൊത്തം കാര്‍ഷിക മേഖലയുടെ കുറഞ്ഞ ശതമാനം മാത്രമേ വന്‍കിട തോട്ടങ്ങളായുള്ളൂ. ബാക്കിയുള്ളവ വ്യക്തികളുടെയോ കമ്പനികളുടെയോ കൂട്ടായ്‌മയുടെ കീഴിലുള്ള കൃഷിയാണ്‌. ഇവിടെ സബ്‌സിഡി ഇല്ലാതാക്കാന്‍ ഒബാമ ഭരണകൂടം ശ്രമിക്കില്ലെന്ന്‌ ഉറപ്പ്‌.


വന്‍കിടക്കാര്‍ക്കുള്ള സബ്‌സിഡി കുറക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന അമേരിക്കയുടെ ഉറപ്പ്‌ അടിസ്ഥാനമാക്കി ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ജനീവയില്‍ ചേരുന്ന സമ്മേളനം തീരുമാനിക്കാന്‍ സാധ്യത ഏറെയാണ്‌. ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത്‌ അനിവാര്യമാണെന്ന നിലപാടാണ്‌ ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ഇന്ത്യ സ്വീകരിച്ചത്‌. ഇതേ നിലപാടാവും ജനീവയില്‍ ചേരുന്ന സമ്മേളനത്തില്‍ അമേരിക്കയും മറ്റ്‌ വികസിത രാജ്യങ്ങളും സ്വീകരിക്കുക. സാമ്പത്തിക പ്രതിസന്ധി ഏറെ ബാധിച്ചത്‌ വികസിത രാജ്യങ്ങളെയാണ്‌. ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുമുണ്ട്‌. അപ്പോള്‍ പിന്നെ പ്രതിസന്ധി പരിഹരിക്കാന്‍ ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാക്കണമെന്ന്‌ ഇന്ത്യ വാദിക്കുന്നത്‌ ആര്‍ക്ക്‌ വേണ്ടിയാണെന്ന സംശയം ഉയരുന്നു. വികസിത രാജ്യങ്ങളുടെ ഇംഗിതം നടപ്പാക്കിക്കൊടുക്കാനുള്ള ഉപകരണമായി പ്രവര്‍ത്തിക്കുകയാണ്‌ ഇന്ത്യ. അതിനു വേണ്ടി സ്വന്തം നേതൃത്വത്തില്‍ രൂപവത്‌കരിച്ച പ്രതിരോധ നിര തകര്‍ക്കുകയും ചെയ്‌തിരിക്കുന്നു.


ദോഹവട്ട തീരുമാനങ്ങള്‍ അടുത്ത വര്‍ഷം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഏറെ അനുഭവിക്കേണ്ടിവരുന്ന രാജ്യങ്ങളിലൊന്ന്‌ ഇന്ത്യ തന്നെയായിരിക്കും. ആസിയാനിലെ പത്ത്‌ അംഗ രാജ്യങ്ങളുമായി ഒപ്പ്‌ വെച്ച സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തിലാവുന്നത്‌ അടുത്ത വര്‍ഷമാണ്‌. അതുളവാക്കാന്‍ ഇടയുള്ള ആഘാതത്തെക്കുറിച്ച്‌ നാം പഠിച്ചിട്ടില്ല. അതിന്‌ പുറമെയാണ്‌ ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാവുക. നിലവില്‍ നടപ്പാക്കിയ ഉദാരവത്‌കരണങ്ങളിലൂടെ തന്നെ തകര്‍ന്ന നിലയിലാണ്‌ രാജ്യത്തെ കാര്‍ഷിക മേഖല. കര്‍ഷക ആത്മഹത്യകളുടെ കണക്ക്‌ മാത്രം മതി ഇതിന്‌ തെളിവായി. രാജ്യത്തിന്റെ പകുതി ഭാഗത്തുണ്ടായ വരള്‍ച്ച കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്‌. ഇതിനിടയിലേക്ക്‌ വിദേശ കാര്‍ഷിക ഉത്‌പന്നങ്ങളുടെ കുത്തൊഴുക്കുണ്ടായാല്‍...


കാര്‍ഷികേതര വിപണികളില്‍ കൂടുതല്‍ ഇടപെടലുകള്‍ അനുവദിക്കുക, സേവന മേഖലയില്‍ ഇളവുകള്‍ അനുവദിക്കുക എന്നിവ കൂടി ദോഹ വട്ട തീരുമാനങ്ങളുടെ ഭാഗമായുണ്ട്‌. കാര്‍ഷികേതര വിപണിയിലെ കൂടുതല്‍ തുറന്നു നല്‍കലുകളും ഇന്ത്യയെപ്പോലുള്ള വികസ്വര സമ്പദ്‌ വ്യവസ്ഥകള്‍ക്ക്‌ ദോഷകരമാകാനേ വഴിയുള്ളൂ. ആദ്യഘട്ട തുറന്നു നല്‍കലുകളോടെ രാജ്യത്തെ ചെറുകിട വ്യവസായ മേഖല നാമാവശേഷമായത്‌ തെളിവായി സ്വീകരിക്കാം. പ്രതീക്ഷയുള്ളത്‌ സേവന മേഖലയില്‍ മാത്രമാണ്‌. അത്‌ ഗുണം ചെയ്യുക വിവര സാങ്കേതിക വിദ്യാ മേഖലയിലാണ്‌. നിയമ, വൈദ്യ മേഖലകളിലെ സേവനങ്ങള്‍ക്ക്‌ അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്‌. സാമ്പത്തിക പ്രതിസന്ധി ഗ്രസിച്ചതോടെ ആഭ്യന്തര തൊഴില്‍ മേഖല സംരക്ഷിക്കാനായി ഇത്തരം പുറംജോലി കരാറുകള്‍ ഈ രാജ്യങ്ങള്‍ കുറച്ചു. ഇതില്‍ മാറ്റമുണ്ടാക്കി ഇന്ത്യന്‍ ഐ ടി മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ദോഹവട്ട തീരുമാനം നടപ്പാക്കുന്നതോടെ കഴിഞ്ഞേക്കും.


ഐ ടി മേഖലയിലുണ്ടായ വികസനം നിലവില്‍ തന്നെ വലിയ വര്‍ഗ വിഭജനത്തിന്‌ കാരണമായിട്ടുണ്ട്‌. വികസന പ്രവര്‍ത്തനങ്ങള്‍ നഗര കേന്ദ്രീകൃതമാവുന്നത്‌ വര്‍ധിച്ചു. അസംന്തുലിതാവസ്ഥ കൂടുതല്‍ ശക്തമാവുകയും ചെയ്‌തു. ഐ ടി വ്യവസായങ്ങള്‍ കൂടുതല്‍ പുഷ്‌ടിപ്പെടുന്നതോടെ ഗ്രാമീണ, കാര്‍ഷിക മേഖലകള്‍ കൂടുതല്‍ തഴയപ്പെടുമെന്ന്‌ ഉറപ്പ്‌. ദുര്‍ബലമായ അടിത്തറയില്‍ കെട്ടി നിര്‍ത്തിയ കൊട്ടാരം പോലെയായി മാറുകയാവും ഫലം. അതിലേക്ക്‌ കൂടുതല്‍ അടുക്കുന്നുവെന്നാണ്‌ ഡല്‍ഹിയിലെ ഡബ്ല്യു ടി ഒ സമ്മേളനത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട്‌ സൂചിപ്പിക്കുന്നത്‌. വികസിത രാജ്യങ്ങളുടെ നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ക്കെതിരെ നിലനിന്നിരുന്ന കൂട്ടായ്‌മ തകര്‍ക്കുക വഴി തങ്ങളുടെ പക്ഷം ഏതെന്ന്‌ ഒരിക്കല്‍ കൂടി വ്യക്തമാക്കുകയും ചെയ്‌തിരിക്കുന്നു ഇന്ത്യ. ഇതും ഭാവിയില്‍ രാജ്യത്തിന്‌ ഗുണകരമാകുമെന്ന്‌ കരുതാനാവില്ല.

2009-09-05

ലൈഫ്‌ ബോയ്‌ സമ്മാനിക്കുന്ന അപമാനം


ഒരു മുഖ്യമന്ത്രി സഞ്ചരിച്ച ഹെലിക്കോപ്‌റ്റര്‍ കാണാതാവുന്നു. കണ്ടെത്തുന്നത്‌ 24 മണിക്കൂറിന്‌ ശേഷം. ഗ്ലോബല്‍ പൊസിഷനിംഗ്‌ സംവിധാനത്തിന്റെ കാലത്താണ്‌ ഈ 24 മണിക്കൂര്‍. വൈ എസ്‌ രാജശേഖര റെഡ്‌ഢി എന്ന ജനകീയ നേതാവിന്റെ വിയോഗത്തിനപ്പുറത്ത്‌ മറ്റ്‌ ചില സുപ്രധാന ചോദ്യങ്ങള്‍ ഈ വാചകങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. നമ്മള്‍ കൊട്ടിഘോഷിക്കുന്ന ഇന്റലിജന്‍സ്‌, അന്വേഷണ സംവിധാനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച ചോദ്യങ്ങളാണത്‌. വൈ എസ്‌ ആര്‍ സഞ്ചരിച്ച ഹെലിക്കോപ്‌റ്റര്‍ കണ്ടെത്തിയപ്പോള്‍ ആ വിവരം കൈമാറാന്‍ അന്വേഷണ സംഘത്തിന്‌ ഒരു ലൈഫ്‌ ബോയ്‌ സോപ്പിനെ ആശ്രയിക്കേണ്ടിവന്നുവെന്നത്‌ ആശയവിനിമയ സങ്കേതങ്ങളില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന്‌ അവകാശപ്പെടുന്നവരെ നാണിപ്പിക്കുന്നത്‌ കൂടിയാണ്‌.


മെബൈലുകള്‍ ഇപ്പോള്‍ സാധാരണക്കാരന്റെ പക്കലുള്ള ആശയവിനിമയ ഉപാധിയാണ്‌. സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരാവുമ്പോള്‍ ഏറ്റവും കുറഞ്ഞത്‌ വയര്‍ലസ്‌ സംവിധാനം ഉണ്ടായിരിക്കും. മറ്റ്‌ സംവിധാനങ്ങള്‍ പുറമെ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ്‌ ആര്‍ ഒ) ഇതിനകം വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ ചിലതെങ്കിലും ഭൗമോപരിതലത്തിന്റെ ചിത്രങ്ങളെടുക്കാന്‍ പര്യാപ്‌തമാണ്‌. ഭൗമോപരിതലത്തിന്റെ ത്രിമാന ദൃശ്യങ്ങള്‍ കാണാന്‍ സഹായിക്കുന്ന `ഭുവന്‍' എന്ന സൈറ്റ്‌ ഐ എസ്‌ ആര്‍ ഒ പ്രാബല്യത്തിലാക്കിയത്‌ ഏതാനും ആഴ്‌ച മുമ്പും. ഇന്ത്യയുടെ പക്കലുള്ള സുഖോയ്‌ വിമാനങ്ങളും പരിശോധനകള്‍ക്ക്‌ ഉപയോഗിക്കാന്‍ കഴിയും. ഭൗമോപരിതലത്തിലേക്ക്‌ താപവികിരണങ്ങള്‍ അയച്ച്‌ ലോഹവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്താനുള്ള സംവിധാനം ഈ വിമാനങ്ങളിലുണ്ട്‌.


ഹെലിക്കോപ്‌റ്ററുകളുടെയും വിമാനങ്ങളുടെയും സഞ്ചാരപഥം നിരന്തരം പിന്തുടരുന്ന എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍, ആകാശത്ത്‌ ചരിക്കുന്ന എല്ലാത്തരം വാഹനങ്ങളുടെയും വരവും പോക്കും കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ എന്നീ സംവിധാനങ്ങള്‍ പുറമെയാണ്‌. നിയന്ത്രണത്തിനും പരിശോധനക്കും അന്വേഷണത്തിനും സഹായിക്കുന്ന ഇത്തരം ഉപകരണങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ചാണ്‌ ബുധനാഴ്‌ച രാവിലെ ഒമ്പതരയോടെ വൈ എസ്‌ രാജശേഖര റെഡ്‌ഢി സഞ്ചരിച്ച വിമാനം കാണാതാവുന്നത്‌.
കാണാതായത്‌ സാധാരണ യാത്രക്കാരനല്ല. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്‌. ആന്ധ്രാ പ്രദേശ്‌ പോലെ പ്രധാനപ്പെട്ട സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. കേന്ദ്ര ഭരണത്തിന്ന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവാണ്‌. പക്ഷേ, 24 മണിക്കൂര്‍ വേണ്ടിവന്നു അദ്ദേഹത്തിന്‌ സംഭവിച്ച ദുരന്തം പുറത്തുവരാന്‍.


ഹെലിക്കോപ്‌റ്റര്‍ കാണാതായിരിക്കുന്നുവെന്ന വിവരം പോലും സ്ഥിരീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ തുടക്കത്തില്‍ സാധിച്ചില്ല. എയര്‍ ട്രാഫിക്‌ കണ്‍ട്രോളുമായുള്ള ബന്ധം നഷ്‌ടപ്പെട്ടപ്പോള്‍ തന്നെ അപകടത്തിനുള്ള സാധ്യത കാണാന്‍ ആര്‍ക്കും സാധിച്ചില്ല എന്ന്‌ സമ്മതിക്കേണ്ടിവരും. അപകടത്തിന്റെ സാധ്യത അറിഞ്ഞശേഷവും തിരച്ചിലിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വൈകി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക്‌ അയച്ച സന്ദേശം ഡെലിവറി ചെയ്‌തുവെന്ന വിവരം ലഭിച്ചപ്പോഴാണ്‌ ഹെലിക്കോപ്‌റ്റര്‍ എവിടെയുണ്ടാവുമെന്ന്‌ ലോക്കേറ്റ്‌ ചെയ്യാനുള്ള ശ്രമം തുടങ്ങിയത്‌. അതുവരെ എല്ലാം നിശ്ചലമായിരുന്നുവെന്ന്‌ ചുരുക്കം. സന്ദേശം സ്വീകരിച്ച മൊബൈല്‍ നല്ലമല വനമേഖലയില്‍ എവിടെയോ ആണെന്ന്‌ കണ്ടെത്താന്‍ മാത്രമേ നമ്മുടെ സാങ്കേതിക വിദ്യക്ക്‌ സാധിച്ചുള്ളൂ. അതുകൊണ്ടാണ്‌ ആറ്‌ ജില്ലകളിലായി (ആന്ധ്ര എന്ന വലിയ സംസ്ഥാനത്തിലെ ജില്ലകള്‍ക്ക്‌ ഏറെക്കുറെ ചെറിയ സംസ്ഥാനങ്ങളുടെ വലുപ്പമുണ്ട്‌) പരന്നുകിടക്കുന്ന നല്ലമല വനമേഖലയിലാകെ തിരച്ചില്‍ നടത്താന്‍ ഹെലിക്കോപ്‌റ്ററുകളെ നിയോഗിച്ചത്‌.


ഒരു മൊബൈല്‍ സന്ദേശം സ്വീകരിക്കുന്നുവെന്നാല്‍ അവിടെ റേഞ്ച്‌ ഉണ്ടെന്നാണ്‌ അര്‍ഥം. റേഞ്ചുള്ള മേഖലയിലെ ഒരു മൊബൈലിന്റെ സഞ്ചാര പഥം പെട്ടെന്ന്‌ നിര്‍ണയിക്കാന്‍ സംവിധാനമുണ്ട്‌. അത്‌ നമ്മുടെ പക്കലില്ലെന്ന്‌ കരുതേണ്ടിവരും. മുംബൈ നഗരത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഉപഗ്രഹ ഫോണുകളിലൂടെ ആക്രമണം ആസുത്രണം നടത്തിയവരുമായി സംസാരിച്ചിരുന്നു. എവിടെ നിന്നാണ്‌ ആസൂത്രകര്‍ സംസാരിച്ചത്‌ എന്നറിയാന്‍ അമേരിക്കന്‍ ഏജന്‍സികളുടെ സഹായം ഇന്ത്യ തേടിയിരുന്നു.


ഹെലിക്കോപ്‌റ്ററുകളും സുഖോയ്‌ വിമാനവും ഐ എസ്‌ ആര്‍ ഒയും യോജിച്ച്‌ ശ്രമിച്ചിട്ടും ഹെലിക്കോപ്‌റ്ററിന്റെ പൊടിപോലും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ജനങ്ങളോട്‌ പരിശോധനക്കിറങ്ങാന്‍ സംസ്ഥാന സര്‍ക്കാറിന്‌ അഭ്യര്‍ഥിക്കേണ്ടിവന്നു. നല്ലമല വനമേഖലയില്‍ പ്രവര്‍ത്തിച്ച്‌ പരിചയമുള്ള സി പി ഐ മാവോയിസ്റ്റിന്റെ മുന്‍ പ്രവര്‍ത്തകരുടെ സഹായവും സര്‍ക്കാര്‍ അനൗദ്യോഗികമായി തേടിയിരുന്നു. നല്ലമല വനമേഖല മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമാണെന്നും വൈ എസ്‌ ആര്‍ മുഖ്യമന്ത്രിയായിരിക്കെ നിരവധി ഏറ്റമുട്ടലുകള്‍ ഇവിടെ നടന്നുവെന്നും മുതിര്‍ന്ന മാവോയിസ്റ്റ്‌ നേതാക്കളെ വധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇത്തരത്തില്‍ തന്ത്രപ്രധാനമായ സ്ഥലത്തേക്ക്‌ ജനങ്ങളെ പരിശോധനക്കായി അയക്കുന്നത്‌ വഴിയുണ്ടാവാന്‍ ഇടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച്‌ ആരും ആലോചിച്ചതേയില്ല. പോലീസിനെ തടയാന്‍ മാവോയിസ്റ്റുകള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കാന്‍ സാധ്യതയുണ്ട്‌. ജനങ്ങള്‍ പ്രവേശിക്കുമ്പോള്‍ ഇത്‌ പൊട്ടിത്തെറിക്കാം. അതുപോലെ നിരവധിയായ പ്രശ്‌നങ്ങള്‍. ഭാഗ്യവശാല്‍ മറ്റ്‌ ദുരന്തങ്ങള്‍ ഉണ്ടായില്ല.


സി ആര്‍ പി എഫ്‌, കോബ്ര, സംസ്ഥാന പോലീസ്‌, വിവിധ ഏജന്‍സികള്‍ എന്നിവരടങ്ങുന്ന വലിയ നിര രംഗത്തെത്തിയതിന്‌ ശേഷമാണ്‌ നാട്ടുകാരുടെയും മുന്‍ മാവോയിസ്റ്റുകളുടെയും സഹായം തേടിയത്‌ എന്നത്‌ ഭരണനേതൃത്വത്തിലുള്ളവര്‍ക്ക്‌ അഭിമാനിക്കത്തക്ക ഒന്നല്ല.


മഴ, മോശം കാലാവസ്ഥ, രാത്രി ബുധനാഴ്‌ച തിരച്ചില്‍ അവസാനിച്ചു. രാത്രി കാഴ്‌ചക്കുള്ള സംവിധാനങ്ങള്‍ വിവിധ സേനാ വിഭാഗങ്ങള്‍ക്ക്‌ ലഭ്യമാക്കിയിട്ടുണ്ടെന്നാണ്‌ അവകാശവാദം. അതൊന്നും ഇവിടെ പ്രയോഗക്ഷമമായില്ല. അയ്യായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമൂള്ള വനമേഖലയില്‍ സൈനികര്‍ പ്രവേശിച്ച്‌ തിരച്ചില്‍ നടത്തുക എന്നതിലുള്ള ബുദ്ധിമുട്ട്‌ മനസ്സിലാക്കുന്നു. പക്ഷേ, രാജ്യത്തിനുണ്ടെന്ന്‌ പറയുന്ന അത്യാധുനിക സാങ്കേതിക വിദ്യകളൊന്നും ഉപയോഗിച്ച്‌ ഹെലിക്കോപ്‌റ്റര്‍ ഉണ്ടാവാന്‍ ഇടയുള്ള മേഖല കണ്ടെത്തി അവിടേക്ക്‌ തിരച്ചില്‍ കേന്ദ്രീകരിക്കാന്‍ ആയില്ല എന്ന പരാജയം ചൂണ്ടിക്കാട്ടുക മാത്രമാണ്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ തിരച്ചില്‍ ആരംഭിച്ചപ്പോഴേക്കും ഹെലിക്കോപ്‌റ്റര്‍ ഉണ്ടാവാന്‍ ഇടയുള്ള സ്ഥലത്തെക്കുറിച്ച്‌ ഏകദേശ സൂചന ലഭിച്ചിരുന്നു. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയുടേതുള്‍പ്പെടെ സഹായം ഇതിനിടെ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. വ്യാഴാഴ്‌ച രാവിലെ ഒമ്പതരയോടെ ഹെലിക്കോപ്‌റ്ററിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തു. ഈ സ്ഥലം കരയിലുള്ള തിരച്ചില്‍ സംഘത്തെ അറിയിക്കാനാണ്‌ ഹെലിക്കോപ്‌റ്ററിലുണ്ടായിരുന്നവര്‍ ലൈഫ്‌ബോയ്‌ സോപ്പിന്റെ സഹായം തേടിയത്‌.


അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ സ്ഥലം തിരിച്ചറിയാന്‍ സഹായിക്കുന്ന ദിശാസൂചി അടക്കമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ കടലാസ്‌ സോപ്പിനൊപ്പം പൊതിഞ്ഞ്‌ ഒട്ടിച്ച്‌ താഴേക്കിടുകയാണ്‌ സൈനികര്‍ ചെയ്‌തത്‌. പോലീസുകാര്‍ കടലാസിലെ വിവരങ്ങള്‍ പിന്തുടര്‍ന്ന്‌ മുന്നോട്ടുപോവുകയും. നല്ലമല പോലുള്ള വിദൂരമായ ഒരു പ്രദേശത്ത്‌ ഒരു ഓപ്പറേഷന്‍ നടത്തേണ്ടിവന്നാല്‍ ആശയവിനിമയത്തിന്‌ സഹായിക്കുന്ന ഉപകരണങ്ങളൊന്നും സൈനികരുടെ പക്കലുണ്ടായിരുന്നില്ല എന്നാണ്‌ ലൈഫ്‌ ബോയ്‌ എപ്പിസോഡ്‌ തെളിയിക്കുന്നത്‌. ഏത്‌ പ്രതിസന്ധി ഘട്ടവും തരണം ചെയ്യാന്‍ പാകത്തിലുള്ള സംവിധനമുണ്ടെന്നും ഏത്‌ ആക്രമണത്തെയും ചെറുക്കാന്‍ സുസജ്ജമാണെന്നും അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ സൈന്യത്തിന്‌ സോപ്പുകട്ടയെ ആശ്രയിക്കേണ്ടിവരുമ്പോള്‍ അവകാശവാദങ്ങളെക്കുറിച്ചെല്ലാം സംശയങ്ങള്‍ ഉയരും.


ഏതാനും മാസം മുമ്പ്‌ ദണ്ഡകാരണ്യ വനമേഖലയില്‍ ഛത്തിസ്‌ഗഢ്‌ അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ വ്യോമസേനയുടെ ഒരു വിമാനം കാണാതായിരുന്നു. വിമാനം കണ്ടെത്താന്‍ പതിവ്‌ പരിശോധനകള്‍ നടന്നു. കണ്ടെത്താനായില്ല. വൈ എസ്‌ ആറിനെപ്പോലെ തലപ്പൊക്കമുള്ളവരൊന്നും വിമാനത്തിലില്ലായിരുന്നതിനാല്‍ പരിശോധനകള്‍ വേഗത്തില്‍ അവസാനിച്ചു. കാണാതായ വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ബന്ധുക്കള്‍ മുറവിളി കൂട്ടിയപ്പോള്‍ ഒരു സര്‍ക്കാറിതര സംഘടനയുടെ സഹായത്തോടെ സൈന്യം സി പി ഐ മാവോയിസ്റ്റ്‌ പ്രവര്‍ത്തകരുടെ സഹായം തേടി. തീവ്രവാദികളായ മാവോയിസ്റ്റുകളെ പിടികൂടാനോ ഇല്ലാതാക്കാനോ യത്‌നിക്കുന്ന ഭരണകൂടത്തിന്റെ ആയുധങ്ങളിലൊന്നാണ്‌ സൈന്യം. ദണ്ഡകാരണ്യ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള മാവോയിസ്റ്റുകള്‍ ദിവസങ്ങള്‍ക്കം വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി വിവരം നല്‍കി. ഇതെല്ലാം കഴിയുമ്പോഴേക്കും നാല്‌ മാസം കഴിഞ്ഞിരുന്നു. തെര്‍മല്‍ ഇമേജിംഗിലൂടെ വിമാന അവശിഷ്‌ടങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സുഖോയ്‌ വിമാനങ്ങളെയൊന്നും ദണ്ഡകാരണ്യയില്‍ രംഗത്തിറക്കിയില്ല. കാണാതായ വിമാനത്തില്‍ പാവപ്പെട്ട സൈനികര്‍ മാത്രമല്ലേയുള്ളൂ.


ഐ എസ്‌ ആര്‍ ഒ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ്‌ എന്ന ഉപഗ്രഹത്തിന്റെ പ്രധാന ഉദ്ദേശ്യം ഭൂമിയുടെ ദൃശ്യങ്ങളെടുക്കുക എന്നതും ഭൗമോപരിതലത്തെ നിരീക്ഷിക്കുക എന്നതുമാണ്‌. ഏതെങ്കിലും പ്രത്യേക ദിശയിലേക്ക്‌ ഉപഗ്രഹത്തെ തിരിക്കാനും ആ മേഖലയെ നിരീക്ഷിക്കാനും സാധിക്കുമെന്നൊക്കെ അവകാശവാദമുണ്ടായിരുന്നു. വൈ എസ്‌ ആര്‍ സംഭവം കാര്‍ട്ടോസാറ്റിന്റെ പരിമിതി വെളിപ്പെടുത്തി. വൈ എസ്‌ ആര്‍ സഞ്ചരിച്ചിരുന്ന ഹെലിക്കോപ്‌റ്റര്‍ കാണാതായി 24 മണിക്കൂര്‍ തികഞ്ഞ ഇന്നലെ രാവിലെ ഒമ്പതര മുതല്‍ പത്തരവരെയുള്ള സമയത്താണ്‌ അപകടം നടന്ന മേഖലക്ക്‌ മുകളിലൂടെ ഉപഗ്രഹം കടന്നുപോയത്‌. ആ സമയത്ത്‌ ചിത്രങ്ങളെടുത്ത്‌ അയക്കാന്‍ മാത്രമേ ഉപഗ്രഹത്തിന്‌ സാധിക്കൂ. ആ ചിത്രങ്ങള്‍ പരിശോധിച്ച്‌ എന്തെങ്കിലും വിവരം ശേഖരിച്ച്‌ നടപടി സ്വീകരിക്കുന്നതിന്‌ സമയം ഏറെ വേണ്ടിവരും.


ഹെലിക്കോപ്‌റ്റര്‍ ഇടിച്ചിറക്കാന്‍ കഴിഞ്ഞിരുന്നുവെന്ന്‌ കരുതുക. ഇതിന്റെ ആഘാതത്തില്‍ വൈ എസ്‌ ആറിനും കുടെയുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിരുന്നുവെന്നും. എങ്കില്‍പ്പോലും അവരെ രക്ഷിക്കാന്‍ നമ്മുടെ രാജ്യത്ത്‌ നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ കഴിയുമായിരുന്നില്ല എന്നാണ്‌ തെളിയുന്നത്‌. കാണാതായത്‌ സൈനികരെപ്പോലുള്ള സാധാരണക്കാരായിരുന്നുവെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ തിരച്ചില്‍ പോലൊന്ന്‌ നടക്കുകയില്ല. ഓരോ സെക്കന്റിലുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ മാധ്യമങ്ങള്‍ മിനക്കെടുകയുമില്ല. അപ്പോള്‍ പിന്നെ ഇത്തരം ശങ്കകള്‍ ഉയരുകയുമില്ല.

2009-09-01

ആരാന്റമ്മയ്‌ക്ക്‌ പ്രാന്തു പിടിച്ചാല്‍


വയനാട്‌ കോയപ്പത്തൊടി വീട്ടില്‍ കബീറിനെ എനിക്ക്‌ അറിയില്ല. സാമാന്യേന അറുപതാണ്ട്‌ നീണ്ടുനില്‍ക്കുന്ന ഈ ആയുസ്സില്‍ കാണാനും ഇടയില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നുപൊങ്ങാനായി റണ്‍വേയിലൂടെ കുതിച്ചുപാഞ്ഞ വിമാനത്തെ തടുത്ത്‌ പിടികൂടിയ കബീറിന്‌ എന്ത്‌ സംഭവിച്ചാലും അത്‌ എന്നെ ബാധിക്കുകയുമില്ല. അവന്‍ തീവ്രവാദിയോ തീവ്രവാദികളുടെ കൂട്ടാളിയോ ആയുധക്കടത്തുകാരനോ കള്ളപ്പണക്കാരനോ ആരായാലും അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടതുമുണ്ട്‌. പക്ഷേ, കബീര്‍ ഒരു സൂചകമാണെങ്കില്‍ അത്‌ പ്രശ്‌നം തന്നെയാണ്‌ - എല്ലാവര്‍ക്കും.


പിടികിട്ടേണ്ടവരുടെ പട്ടികയില്‍പ്പെടുത്തി ഐ ബി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ച ഒരാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി എന്ന വാര്‍ത്തയോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. ആദ്യം ചെറിയ അക്ഷരങ്ങളില്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത പിന്നീട്‌ വലിയ അക്ഷരങ്ങളിലേക്ക്‌ രൂപാന്തരം പ്രാപിച്ചു. സ്‌ഫോടനക്കേസുകളുമായി ബന്ധമുള്ളയാളാണ്‌ കബീര്‍ എന്ന സംഭ്രമജനകമായ വിവരം ലഭിച്ചതോടെയാണ്‌ അക്ഷരങ്ങളുടെ വലുപ്പം വര്‍ധിച്ചത്‌. ഐ ബിയുടെയും റോയുടെയും ഉദ്യോഗസ്ഥര്‍ കബീറിനെ ചോദ്യം ചെയ്‌തുവരികയാണെന്ന വിവരം കൂടി ലഭിച്ചതോടെ കൊടും ഭീകരന്‍ പിടിയിലായെന്ന പ്രതീതിയായി. കബീറിന്റെ നാവില്‍ നിന്ന്‌ വീണുകിട്ടാന്‍ ഇടയുള്ള വിവരങ്ങളെക്കുറിച്ചായി പിന്നത്തെ അഭ്യൂഹം. കോഴിക്കോട്ടെ രണ്ടെണ്ണമടക്കം വിവിധ സ്‌ഫോടനക്കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുകയും ലശ്‌കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന പദവി ചാര്‍ത്തിക്കൊടുക്കുകയും ചെയ്‌ത തടിയന്റവിട നസീര്‍ എന്നയാളുമായി കബീറിന്‌ ബന്ധമുണ്ടെന്ന്‌ സൂചനയുണ്ടെന്നും ചാനലുകള്‍ അറിയിച്ചു. ചാനലുകളുടെ കുത്തിയൊഴുക്കില്‍ സ്വാധീനിക്കപ്പെട്ട പത്രപ്രവര്‍ത്തകര്‍ ദിനാന്ത്യത്തില്‍ ഇവയെല്ലാം ചേര്‍ത്തുവെച്ച്‌ പിറ്റേന്നത്തെ പത്രത്തിലൂടെ വിവരം ജനങ്ങളുടെ മുമ്പാകെ രേഖീയമായി എത്തിച്ചു.


36 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എല്ലാം തിരുത്തേണ്ടിവന്നു. പക്ഷേ, അപ്പോള്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ വലിയ അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെട്ടില്ല. ചില പത്രങ്ങളെങ്കിലും സ്വന്തം അമളി തുറന്നുപറഞ്ഞുകൊണ്ട്‌ വലിയ വാര്‍ത്ത നല്‍കി. രണ്ട്‌ പകലും ഒരു രാത്രിയും നീണ്ട ചോദ്യം ചെയ്യലിന്‌ ശേഷവും കബീറിന്‌ തീവ്രവാദ ബന്ധമുണ്ടെന്നതിന്‌ എന്തെങ്കിലും സൂചന ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചില്ല. ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന്‌ കേസെടുക്കാന്‍ നിര്‍ദേശിച്ച്‌ കബീറിനെ അവര്‍ കേരള പോലീസിന്‌ കൈമാറി. ഏഴാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള 29 കാരന്‍ കബീര്‍ ജ്യേഷ്‌ഠന്‍ നല്‍കിയ വിസ ഉപയോഗിച്ച്‌ കുവൈത്തിലേക്ക്‌ പറക്കാനെത്തിയതാണ്‌. മറ്റ്‌ എമിഗ്രേഷന്‍ രേഖകളോ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സാക്ഷ്യപത്രമോ ഉണ്ടായിരുന്നില്ല. വ്യക്തമായ രേഖകളില്ലാതെ വിദേശ രാജ്യത്തേക്ക്‌ കടക്കാന്‍ ശ്രമിച്ചുവെന്നത്‌ കുറ്റകരമാണ്‌. രേഖകള്‍ പരിശോധിക്കാതെ വിമാനത്തില്‍ കയറാന്‍ അനുമതി നല്‍കിയവരാണ്‌ വലിയ കുറ്റവാളികള്‍.


വയനാടിന്‌ അടുത്തുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന്‌ പകരം കബീര്‍ എന്തുകൊണ്ട്‌ തിരുവനന്തപുരം തിരഞ്ഞെടുത്തുവെന്നത്‌ പ്രധാന ചോദ്യമാണ്‌. വേണ്ടത്ര രേഖകള്‍ കൈയിലില്ലെങ്കിലും തിരുവനന്തപുരത്തു കൂടെ യാത്ര ചെയ്യാനാവുമെന്ന വിവരം ഏഴാം ക്ലാസ്സ്‌ വരെ മാത്രം പഠിച്ച കബീറിന്‌ ലഭിച്ചിട്ടുണ്ട്‌. അങ്ങിനെയെങ്കില്‍ അത്രക്ക്‌ മോശമാണ്‌ തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്യങ്ങള്‍. യാത്രാ രേഖകളില്ലാതെ വിദേശത്തേക്ക്‌ കടക്കാന്‍ കബീര്‍ ശ്രമിച്ചുവെന്നത്‌ അന്വേഷിക്കും മുമ്പ്‌ അന്വേഷിക്കേണ്ടത്‌ വിമാനത്താവളത്തിലെ ഇടപാടുകളെക്കുറിച്ചാണ്‌. അതൊന്നും ഉണ്ടാവാന്‍ പോവുന്നില്ല. പക്ഷേ, കബീര്‍ എന്ന വ്യക്തി സംശയത്തിന്റെ നിഴലില്‍ തുടരും. കാരണം തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടയാളാണ്‌. വേണ്ടത്ര യാത്രാ രേഖകളില്ലാതെ വിദേശത്തേക്ക്‌ കടക്കാന്‍ ശ്രമിച്ചയാളാണ്‌.


കബീര്‍ എന്നൊരാള്‍ക്കെതിരെ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആ കബീര്‍ ഇതല്ലെന്നുമാണ്‌ ഐ ബി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്‌. ഐ ബി അന്വേഷിക്കുന്ന ഒരാള്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടക്കാന്‍ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരം ലഭിക്കുന്നു. പറന്നുയരാന്‍ കുതിക്കുന്ന വിമാനം പിടിച്ചുനിര്‍ത്തി സംശയിക്കുന്നയാളെ പിടികൂടുന്നു. ഇത്രയും ഭാഗത്തില്‍ അപാകതകളില്ല. പക്ഷേ, ലുക്കൗട്ട്‌ നോട്ടീസില്‍ പറയുന്നയാള്‍ ഇയാളല്ലെന്ന്‌ മനസ്സിലാക്കാന്‍ ഐ ബി, റോ ഉദ്യോഗസ്ഥര്‍ രണ്ട്‌ പകലും ഒരു രാത്രിയും എടുത്തുവെന്ന്‌ പറയുന്നത്‌ ദഹനത്തിന്‌ യോഗ്യമല്ല.


ആര്‍ക്കെതിരെയാണോ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌ അയാളുടെ കാര്യത്തില്‍ വേണ്ടത്ര വിവരം ഐ ബിയുടെ പക്കലില്ല എന്നതാണ്‌ ഇതിലൂടെ വ്യക്തമാവുന്നത്‌. ഉണ്ടായിരുന്നെങ്കില്‍ ആ കബീര്‍ ഇതല്ല എന്ന്‌ മനസ്സിലാക്കാന്‍ ഇത്രയും സമയം വേണ്ടിവരുമായിരുന്നില്ല. വേണ്ടത്ര രേഖകളില്ലാതെ വിദേശത്തേക്ക്‌ കടക്കാന്‍ ശ്രമിച്ചയാള്‍ക്ക്‌ കബീര്‍ എന്ന നാമധേയമായതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്‌ എന്ന ധാരണയില്‍ ഐ ബി, റോ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നുവെന്ന്‌ കരുതേണ്ടിവരും. അതാണല്ലോ മേലാളന്‍മാരായ അമേരിക്കന്‍ ഏജന്‍സികള്‍ കാണിച്ചുകൊടുക്കുന്നത്‌.


`ഭീകരവാദി പിടിയില്‍' എന്ന്‌ വലിയ പ്രചാരണം നടത്താന്‍ മാധ്യമങ്ങള്‍ തയ്യാറായതിന്റെ കാരണവും പരിശോധിക്കപ്പെടണം. ഐ ബി ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു എന്ന്‌ പറഞ്ഞാല്‍ അയാള്‍ ഭീകരവാദി തന്നെയെന്ന്‌ മുന്‍കൂര്‍ വിധിക്കുകയാണ്‌. ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ എന്താണ്‌ എന്ന അറിവില്ലായ്‌മയാണ്‌ പ്രശ്‌നം. സന്തോഷ്‌ മാധവനെതിരെ ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌ ഗള്‍ഫിലുള്ള ഒരു സ്‌ത്രീയുടെ പക്കല്‍ നിന്ന്‌ പണം തട്ടി കടന്ന കേസിലാണ്‌. ഏതെങ്കിലും ഒരു ആരോപണത്തിന്റെ പേരില്‍ പിടികൂടാനുണ്ട്‌ എന്ന്‌ മാത്രമാണ്‌ ലുക്ക്‌ ഔട്ട്‌, റെഡ്‌ കോര്‍ണര്‍ നോട്ടീസുകളുടെ അര്‍ഥം. അത്‌ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിലാവണമെന്ന നിര്‍ബന്ധമില്ല. പക്ഷേ, നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഇത്തരം നോട്ടീസുകളെല്ലാം ഭീകരവാദവുമായി ബന്ധപ്പെട്ടത്‌ മാത്രമാണ്‌. സന്തോഷ്‌ മാധവനെതിരായ ഇന്റര്‍പോള്‍ നോട്ടീസും ആദ്യം വാര്‍ത്തയായത്‌ കൊടും ഭീകരന്‍ എന്ന നിലയിലായിരുന്നു.


ഐ ബി അന്വേഷിച്ചുകൊണ്ടിരിക്കുന്നയാള്‍ പിടിയിലാവുമ്പോള്‍ മുന്‍പിന്‍ നോട്ടമില്ലാതെ സ്‌ഫോടനക്കേസുമായും തടിയന്റവിടെ നസീറുമായും ബന്ധിപ്പിക്കുന്നത്‌ യാദൃച്ഛികമാണോ? അല്ലെന്ന്‌ മനസ്സിലാക്കണമെങ്കില്‍ മറ്റൊരു സംഭവം കൂടി ശ്രദ്ധിക്കണം. കോഴിക്കോട്‌ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഹാലിം മഅ്‌ദനിക്കെതിരെ പോലീസില്‍ മൊഴി നല്‍കിയെന്ന വാര്‍ത്ത ടെലിവിഷനുകളില്‍ ബ്രേക്കിംഗ്‌ ന്യൂസായിരുന്നു. മൊഴിയുടെ പകര്‍പ്പിലെ പ്രധാന ഭാഗങ്ങള്‍ മഞ്ഞമഷിപ്പേനകൊണ്ട്‌ (ഓരോന്നിനും അതിന്റേതായ നിറമുണ്ട്‌. മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ക്കിംഗ്‌ മഷിയായി മഞ്ഞ ഉപയോഗിക്കുന്നത്‌ ഇപ്പോള്‍ കൂടുതല്‍ അര്‍ഥവത്താവുന്നു) മാര്‍ക്ക്‌ ചെയ്‌ത്‌ പ്രദര്‍ശിപ്പിച്ച്‌ ലേഖകര്‍ നിരന്നു. കോയമ്പത്തൂര്‍ സ്‌ഫോടനം നമ്മുടെ പണിയാണെന്ന്‌ മഅ്‌ദനി പറഞ്ഞുവെന്ന മൊഴിയും മറ്റും ഉയര്‍ത്തി ഭീകരബന്ധത്തിന്റെ വലുപ്പം വരച്ചുകാട്ടി. പിടിയിലാവുന്നയാള്‍ പോലീസ്‌ മുമ്പാകെ നല്‍കുന്ന മൊഴിക്ക്‌ കോടതിയില്‍ നിയമസാധുതയില്ലെന്ന്‌ അറിയാത്തവരല്ല നാമൊന്നും. ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ ഒരുപക്ഷേ, ഇത്‌ ഓര്‍ത്തിട്ടുണ്ടാവണമെന്നില്ല. പക്ഷേ, വാര്‍ത്ത ബ്രേക്കിംഗ്‌ ന്യൂസായൂം മറ്റും നല്‍കാന്‍ നിശ്ചയിക്കുന്നവര്‍ ഇത്‌ പരിഗണിക്കേണ്ടതല്ലേ. അവര്‍ ഇത്‌ പരിഗണിക്കാതെ ബ്രേക്കിംഗ്‌ ന്യൂസായി നല്‍കാനും ദിനം മുഴുവന്‍ നീളുന്ന ചര്‍ച്ചയാക്കാനും തീരുമാനിച്ചെന്ന്‌ കരുതാനാവില്ല. അപ്പോള്‍ യാദൃച്ഛികത എന്ന ശങ്കക്ക്‌ വിരാമമിടാം.


മത്സരത്തില്‍ മുന്നിലെത്താനുള്ള തത്രപ്പാടാണെന്ന കേവല അനുമാനത്തിലെത്താം. സംഭ്രമം ജനിപ്പിച്ച്‌ കൂടുതല്‍ പ്രേക്ഷകരെ നേടി പരസ്യക്കാരുടെ പട്ടികയില്‍ മുന്നിലെത്താനുള്ള തന്ത്രം. പക്ഷേ, താന്‍ അത്തരമൊരു മൊഴി നല്‍കിയിട്ടില്ല എന്ന്‌ പിന്നീട്‌ ഹാലിം പറയുമ്പോഴും ഇതേ മത്സരബുദ്ധി കാട്ടേണ്ടതല്ലേ. അതുണ്ടാവാറില്ല. കബീറിന്‌ ഭീകര ബന്ധമില്ല എന്ന്‌ ഐ ബി ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ ചാനലുകളില്‍ വലിയ അക്ഷരങ്ങള്‍ മിന്നിമറഞ്ഞില്ല എന്ന്‌ നേരത്തെ പറഞ്ഞത്‌ ഇവിടെ ഓര്‍ക്കാം. അപ്പോള്‍ മത്സരത്തില്‍ ജയിച്ച്‌ ലാഭത്തിന്റെ കണക്കില്‍ മുന്നിലെത്തുക എന്നത്‌ മാത്രമല്ല ഉദ്ദേശ്യം എന്ന്‌ മനസ്സിലാക്കേണ്ടിവരും. കബീറിന്റെ കാര്യത്തില്‍ ഇവിടെയും കാര്യങ്ങള്‍ അവസാനിക്കുന്നില്ല. തീവ്രവാദ ബന്ധമില്ലെന്ന്‌ ഐ ബി ഉറപ്പിച്ചതോടെ കേരള പോലീസിന്റെ റിപ്പോര്‍ട്ട്‌ ഉദ്ധരിച്ച്‌ ഇയാളെ പെണ്‍വാണിഭക്കാരനാക്കുകയാണ്‌ ചിലര്‍ ചെയ്‌തത്‌. പക്ഷേ, പോലീസ്‌ ഇത്തരം ഒരു കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുമില്ല. ഇത്തരത്തില്‍ അപമാനിക്കപ്പെട്ട ഒരു യുവാവിന്റെ തുടര്‍ ജീവിതത്തെക്കുറിച്ച്‌ മാധ്യമങ്ങള്‍ ചിന്തിക്കേണ്ട കാര്യമില്ല. കാരണം കബീര്‍ എന്ന വ്യക്തിക്ക്‌ എന്തു സംഭവിച്ചാലും അത്‌ മാധ്യമങ്ങളെ ബാധിക്കുന്നില്ല തന്നെ.


ഐ ബി, റോ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമാണെന്നാണ്‌ വെയ്‌പ്പ്‌. എന്നിട്ടും കബീറിനെ ഈ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തതിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ചു. തടിയന്റവിടെ നസീറിന്റെ പേരൊക്കെ ഉയര്‍ന്നുവന്നത്‌ അങ്ങനെയാണല്ലോ? വാര്‍ത്തകള്‍ ചോര്‍ത്തിയെടുക്കാന്‍ പാകത്തില്‍ ഐ ബിയിലും റോയിലും വരെ ബന്ധമുള്ള നമ്മുടെ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച്‌ അസൂയ തോന്നേണ്ടതാണ്‌. പക്ഷേ ലഭിച്ച വിവരങ്ങളൊക്കെ തെറ്റാണെന്ന്‌ തെളിയുമ്പോള്‍ തങ്ങള്‍ക്ക്‌ വിവരം തരുന്നവരുടെ വിശ്വാസ്യത മാധ്യമ പ്രവര്‍ത്തകര്‍ ചിന്തിക്കണം. ഇത്തരം തെറ്റായ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരുടെ ഉദ്ദേശ്യമെന്തെന്ന്‌ സര്‍ക്കാറും ആലോചിക്കണം. ശരിയായ ലക്ഷ്യം വെച്ചല്ല ഇത്തരം വിവരങ്ങള്‍ കൈമാറുന്നത്‌ എന്നത്‌ വ്യക്തമാണ്‌.


പോലീസില്‍ ഹാലിം നല്‍കിയ മൊഴിക്ക്‌ നിയമപരമായ നിലനില്‍പ്പില്ലെന്ന്‌ അറിഞ്ഞുകൊണ്ടു തന്നെയാണ്‌ അതിന്റെ പകര്‍പ്പ്‌ പോലീസുകാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറുന്നത്‌. അത്തരം ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യം എന്തായിരിക്കുമെന്ന്‌ മനസ്സിലാക്കാന്‍ വലിയ അന്വേഷണമൊന്നും വേണ്ടതില്ല.


ഇനി കബീര്‍ (കബീര്‍ എന്നത്‌ പൊതുനാമമെന്ന നിലക്ക്‌ വായിക്കുക) മാധ്യമങ്ങള്‍ക്കൊന്നും പരിചയമില്ലാത്ത ആളായി മാറും. അവന്റെ മേലുണ്ടായ ആരോപണങ്ങളെല്ലാം അവന്റെ മാത്രം ബാധ്യതയായി തീരും. എത്ര വിശദീകരിച്ചാലും അവശേഷിക്കുന്ന സംശയത്തിന്റെ നിഴല്‍ അവന്റെ സ്വത്തായി മാറും. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ എന്ന്‌ ചുളിയുന്ന നെറ്റികള്‍ അവനോട്‌ ചോദിച്ചുകൊണ്ടേയിരിക്കും.