2010-03-30

വിധവാ ശാപം ആര്‍ക്കൊക്കെ?


സാകിയ ജഫ്‌രിയുടെ പരാതി ഞങ്ങളുടെ വേദ പുസ്‌തകമാണ്‌'' - ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്‌തതിനു ശേഷം മാധ്യമങ്ങളോട്‌ സംസാരിച്ച സംഘത്തലവന്‍ ആര്‍ കെ രാഘവന്‍ പറഞ്ഞ വാചകമാണിത്‌. ഈ വാചകത്തിന്‌ രണ്ട്‌ അര്‍ഥമുണ്ട്‌. ഒന്ന്‌. സാകിയ ജഫ്‌രിയുടെ പരാതിയെ അത്രമേല്‍ വിശുദ്ധമായി പ്രത്യേക അന്വേഷണ സംഘം കാണുന്നു. അതുകൊണ്ടുതന്നെ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തും. 




രണ്ട്‌. സാകിയയുടെ പരാതി മാത്രമാണ്‌ പ്രത്യേക അന്വേഷണ സംഘം പരിഗണിക്കുന്നത്‌. അതിനു പുറത്തുള്ള കാര്യങ്ങളൊന്നും അന്വേഷണ പരിധിയില്‍ വരുന്നതല്ല. ഈ അന്വേഷണത്തിനിടെ മറ്റ്‌ സംഭവങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചാല്‍ അക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സംഘം തയ്യാറാവില്ല. മോഡിയെ ചോദ്യം ചെയ്‌തതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നിലപാട്‌ എന്തായിരിക്കുമെന്ന്‌ കാണാന്‍ അടുത്ത മാസം 30 വരെ കാത്തിരിക്കുക.



ഗുല്‍ബര്‍ഗ സൊസൈറ്റിയിലുണ്ടായ കൂട്ടക്കുരുതി തടയുന്നതില്‍ അലംഭാവം കാട്ടി അല്ലെങ്കില്‍ വംശഹത്യക്ക്‌ ഒരുമ്പെട്ടിറങ്ങിയവരെ തടയാതിരിക്കാന്‍ മന്ത്രിസഭാംഗങ്ങള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ഗൂഢാലോചന നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ മോഡിയെ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തത്‌. ഇന്ത്യയിലെ ഏറ്റവും `ശക്തനായ' മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനെടുത്ത തീരുമാനവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്‌തു. മോഡിയെ ചോദ്യം ചെയ്യാന്‍ പ്രത്യേക സംഘം ആദ്യം തീരുമാനിച്ച തീയതിയില്‍ അദ്ദേഹം ഹാജരാവാതിരുന്നത്‌ (അങ്ങനെയൊരു തീയതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നില്ല എന്നാണ്‌ മോഡി പറയുന്നത്‌) കോണ്‍ഗ്രസിന്റെ വിമര്‍ശത്തിന്‌ കാരണമായി. മോഡി ചോദ്യം ചെയ്യലിന്‌ വിധേയനായത്‌ മുഖ്യമന്ത്രിയുടെ ഉയര്‍ന്ന ഓഫീസിന്‌ കളങ്കമായെന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെടുകയും ചെയ്‌തു.



2002 ഫെബ്രുവരി അവസാനം ആരംഭിച്ച്‌ മാര്‍ച്ച്‌ പകുതിയോളം തുടര്‍ന്നതാണ്‌ ഗുജറാത്തിലെ വംശഹത്യ. 2004ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തി. 2009ല്‍ കോണ്‍ഗ്രസിന്‌ വര്‍ധിച്ച ആധിപത്യമുള്ള രണ്ടാം യു പി എ സര്‍ക്കാറും. ഈ ആറ്‌ കൊല്ലത്തിനിടെ ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും ചെയ്‌തിട്ടുണ്ടോ എന്നത്‌ ഇപ്പോള്‍ ആലോചിക്കേണ്ടതാണ്‌. 




പാര്‍ലിമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന്‌ എം പിമാര്‍ കോഴ വാങ്ങുന്ന സംഭവം പുറത്തുവന്നത്‌ ഒളി ക്യാമറ ഓപ്പറേഷനിലൂടെയാണ്‌. വലിയ വിവാദമായി. കോഴ ആവശ്യപ്പെട്ട എം പിമാരെ പാര്‍ലിമെന്റ്‌ അംഗീകരിച്ച പ്രമേയത്തിലൂടെ പുറത്താക്കി. ഈ സംഭവത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം വേറെ നടക്കുകയും ചെയ്യുന്നു. ആയുധക്കമ്പനികളുടെ ഇടനിലക്കാരെന്ന വ്യാജേന സൈനിക ഉദ്യോഗസ്ഥരെയും ബി ജെ പിയുടെ മുന്‍ പ്രസിഡന്റ്‌ ബംഗാരു ലക്ഷ്‌മണിനെയും സമീപിച്ചവര്‍ കോഴ വാഗ്‌ദാനം ചെയ്‌ത്‌ ഒളി ക്യാമറയില്‍ പകര്‍ത്തി. വിവാദം കൊഴുത്തു. ബംഗാരു ലക്ഷ്‌മണിനെ ബി ജെ പി പുറത്താക്കി. കോഴ വാങ്ങിയ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുന്നു.



ഇതുപോലൊരു ഒളി ക്യാമറാ ഓപ്പറേഷന്‍ ഗുജറാത്ത്‌ വംശഹത്യയെക്കുറിച്ചുള്ള മാധ്യമ അന്വേഷണത്തിന്റെ ഭാഗമായി തെഹല്‍ക്ക മാസിക നടത്തിയിരുന്നു. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്തായിരുന്നു ഇത്‌. ബറോഡയിലെ മഹാരാജ സായാജിറാവു സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥനും സംഘ്‌ പരിവാര്‍ പ്രവര്‍ത്തകനുമായ ധിമാന്ത്‌ ഭട്ട്‌ ഒളി ക്യാമറയോട്‌ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇവയായിരുന്നു.



``ഗോധ്രക്കു ശേഷം (സബര്‍മതി എക്‌സ്‌പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക്‌ തീപ്പിടിച്ച്‌ 59 പേര്‍ മരിച്ച സംഭവം) ഇത്തരമൊരു പ്രതികരണത്തിന്റെ പ്രത്യേകമായ അന്തരീക്ഷം പരിവാറിനുള്ളില്‍ സൃഷ്‌ടിക്കപ്പെട്ടിരുന്നു. ആര്‍ എസ്‌ എസ്‌, വി എച്ച്‌ പി, ബജ്‌രംഗ്‌ദള്‍, ബി ജെ പി, ദുര്‍ഗ വാഹിനി എന്നിവയുടെ ഉയര്‍ന്ന നേതാക്കളാണ്‌ ഈ അന്തരീക്ഷം സൃഷ്‌ടിച്ചത്‌. ഇതില്‍ ഞങ്ങള്‍ക്ക്‌ നരേന്ദ്ര മോഡിയുടെ പിന്തുണ ലഭിച്ചിരുന്നു. ഹിന്ദുക്കളെ ഇതുപോലെ ചുട്ടെരിക്കാന്‍ ഗൂഢാലചന നടന്നാല്‍ അതിന്‌ അര്‍ഹിക്കുന്ന മറുപടി നല്‍കണം. നമ്മള്‍ ഒന്നും ചെയ്യാതിരുന്നാല്‍, വേണ്ടും വിധത്തില്‍ പ്രതികരിക്കാതിരുന്നാല്‍, മറ്റൊരു ട്രെയിനിന്‌ തീവെക്കപ്പെടും. ഇതായിരുന്നു ആശയം, ചിന്ത വന്നത്‌ മോഡിയില്‍ നിന്നാണ്‌... ഞാന്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു''.

തെഹല്‍ക്ക: എവിടെ സര്‍?

ഭട്ട്‌: അത്‌ ബറോഡയില്‍ തന്നെയാണ്‌ നടന്നത്‌. ഒരു രഹസ്യ സ്ഥലത്ത്‌

തെഹല്‍ക്ക: ഗോധ്രക്കു ശേഷം?

ഭട്ട്‌: ഉടനെ തന്നെ. ഗോധ്ര സംഭവം നടന്ന അന്ന്‌. രണ്ട്‌ യോഗങ്ങളുണ്ടായിരുന്നു. ഒന്ന്‌ അഹമ്മദാബാദില്‍, ഒന്ന്‌ ബറോഡയില്‍. എന്ത്‌ നടപടി സ്വീകരിക്കണമെന്നതായിരുന്നു ആലോചന. എല്ലാവരും പങ്കെടുത്തിരുന്നു. ബി ജെ പി, ആര്‍ എസ്‌ എസ്‌, പരിഷത്ത്‌ (വി എച്ച്‌ പി)...ഒട്ടും വൈകരുതെന്ന്‌ തീരുമാനിച്ചു. പ്രതികരിക്കണം...എല്ലാവരുടെയും വികാരമതായിരുന്നു, ഏകകണ്‌ഠമായി. പ്രതിരോധത്തിലാവേണ്ട കാര്യമില്ല, ഇന്ന്‌ രാത്രി തന്നെ തുടങ്ങണം.

തെഹല്‍ക്ക: മുതിര്‍ന്ന നേതാക്കളുടെ യോഗമായിരുന്നോ, അതോ പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗമായിരുന്നോ?

ഭട്ട്‌: യഥാര്‍ഥത്തില്‍ അത്‌ പ്രാദേശിക നേതാക്കളായിരുന്നു...സന്ദേശം വന്നത്‌ ഉയര്‍ന്ന നേതാക്കളില്‍ നിന്നായിരുന്നു...പ്രാദേശിക നേതാക്കള്‍ അത്‌ നടപ്പാക്കി, പ്രവര്‍ത്തകര്‍ വ്യാപിപ്പിച്ചു.



ആലോചിച്ചുറപ്പിച്ച്‌ നടത്തിയ മനുഷ്യക്കുരുതിയായിരുന്നു നടന്നതെന്ന്‌ മറ്റ്‌ പരിവാര്‍ അംഗങ്ങള്‍ തുറന്നുപറയുന്നത്‌ തെഹല്‍ക്ക ഒളിക്യാമറയില്‍ പകര്‍ത്തിയിരുന്നു. വംശഹത്യക്ക്‌ ശേഷം അതിന്‌ നേതൃത്വം നല്‍കിയവര്‍ക്ക്‌ സംരക്ഷണം നല്‍കിയതില്‍ മോഡിക്കുള്ള പങ്കും തുറന്നുപറയുന്നുണ്ടായിരുന്നു ബാബു ബജ്‌രംഗിയെപ്പോലുള്ളവര്‍. ഇത്‌ പുറത്തുവന്നതിനു ശേഷവും കൂട്ടക്കുരുതിയില്‍ മോഡിക്കും അന്നത്തെ മന്ത്രിമാര്‍ക്കും പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്ക്‌ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുക എന്ന ചിന്തപോലും ഉണ്ടായതേയില്ല. ഒരു ഒളി ക്യാമറാ ഓപ്പറേഷനെ അത്രമേല്‍ വിശ്വാസത്തിലെടുക്കേണ്ട കാര്യമില്ലെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടാവണം.



എന്നാല്‍ ഈ ഒളിക്യാമറാ സംഭവം പുറത്തുവരും മുമ്പുതന്നെ മോഡിക്ക്‌ വംശഹത്യയിലുള്ള പങ്കിന്‌ തെളിവ്‌ നല്‍കപ്പെട്ടിരുന്നു. മോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത്‌ പോലീസില്‍ അഡീഷനല്‍ ഡി ജി പിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ നനാവതി - ഷാ കമ്മീഷന്‍ മുമ്പാകെ നല്‍കിയ സത്യവാങ്‌മൂലത്തിലൂടെയായിരുന്നു അത്‌. അക്രമികളായ ഹിന്ദുക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന്‌ മോഡി നിര്‍ദേശിച്ചുവെന്നാണ്‌ സത്യവാങ്‌മൂലത്തില്‍ പറയുന്നത്‌. ഹിന്ദുക്കളുടെ രോഷം ഒഴുകിപ്പോകാന്‍ അനുവദിക്കുക എന്നതായിരുന്നു മോഡിയുടെ നിര്‍ദേശം. ഗോധ്രാ സംഭവത്തിനു ശേഷം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അന്ന്‌ ഡി ജി പിയായിരുന്ന കെ ചക്രവര്‍ത്തി പങ്കെടുത്തിരുന്നു. യോഗത്തിനു ശേഷം തന്നോട്‌ ചക്രവര്‍ത്തി പറഞ്ഞ വാചകം സത്യവാങ്‌മൂലത്തില്‍ ശ്രീകുമാര്‍ ഉദ്ധരിക്കുന്നത്‌ ഇങ്ങനെയാണ്‌ ``വര്‍ഗീയ കലാപത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ പോലീസ്‌ നടപടിയെടുക്കുന്നുണ്ട്‌. അത്‌ പാടില്ല. ഹിന്ദുക്കളുടെ രോഷം ഒഴുകിപ്പോകാന്‍ അനുവദിക്കണമെന്ന്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.''




ഏതെങ്കിലുമൊരു വഴിപോക്കന്റെതല്ല ഈ സത്യവാങ്‌മൂലം. എ ഡി ജി പി പദവിയിലിരിക്കുന്ന ഒരാളുടെതാണ്‌. കൊലയും കൊള്ളയും കൊള്ളിവെപ്പും നടത്തിയവര്‍ മോഡിയടക്കമുള്ള മന്ത്രിമാരുമായും പോലീസ്‌ ഉദ്യോഗസ്ഥരുമായും ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നോ എന്ന്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടതും ഇദ്ദേഹമാണ്‌. ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളടങ്ങുന്ന സി ഡി അദ്ദേഹം കമ്മീഷന്‍ മുമ്പാകെ ഹാജരാക്കുകയും ചെയ്‌തു. ഇത്രയുമായിട്ടും സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ മോഡിക്കെതിരെ നടപടിയോ അന്വേഷണമോ ആവശ്യപ്പെട്ടില്ല. ഈ ആവശ്യമുന്നയിച്ച്‌ പ്രക്ഷോഭം സംഘടിപ്പിക്കാനും മുതിര്‍ന്നില്ല. 




മതേതരത്വം എന്നത്‌ ഭരണഘടനയുടെ അടിസ്ഥാന ശിലകളില്‍ ഒന്നായി അംഗീകരിച്ച രാജ്യത്തെ ഒരു സംസ്ഥാനം ഭരിക്കുന്നയാളാണ്‌ ഹിന്ദുക്കളായ അക്രമികളെ ഒന്നും ചെയ്യരുതെന്ന്‌ നിര്‍ദേശിച്ചുവെന്ന്‌ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ ആരോപിച്ചത്‌. ഇതേക്കുറിച്ച്‌ അന്വേഷിക്കണമെന്നോ വസ്‌തുത പുറത്തുകൊണ്ടുവരണമെന്നോ മതേതരത്വ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്‌ ഓരോ ശ്വാസത്തിനൊപ്പവും ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ തോന്നിയതേയില്ല, അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍, കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷവും. സാകിയ ജഫ്‌രി എന്ന വൃദ്ധ, അവരുടെ ജീവന്‍ കയ്യില്‍പ്പിടിച്ച്‌ എട്ട്‌ വര്‍ഷത്തോളം കോടതി കയറിയിറങ്ങേണ്ടിവന്നു ഒരു സംഭവത്തിലെങ്കിലും അന്വേഷണവും ചോദ്യം ചെയ്യലും നടക്കാന്‍. അപ്പോഴും ഈ പരാതിയെ വേദപുസ്‌തകമാക്കി മാത്രമാണ്‌ അന്വേഷണം.



ക്യാമറ മുന്നിലുണ്ടെന്ന്‌ അറിയാതെ ധിമാന്ത്‌ ഭട്ട്‌ തുറന്നു പഞ്ഞതിനും സത്യവാങ്‌മൂലത്തില്‍ ആര്‍ ബി ശ്രീകുമാര്‍ രേഖപ്പെടുത്തിയതിനും പിറകെ പോകേണ്ടതില്ലെന്നാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം. അന്ന്‌ ഗുജറാത്ത്‌ മന്ത്രിസഭയില്‍ അംഗമായിരുന്ന ഐ കെ ജഡേജയെ ഡി ജി പിയുടെ ഓഫീസിലേക്ക്‌ നിയോഗിച്ച്‌ പോലീസിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചതിനെക്കുറിച്ചും അന്വേഷണമൊന്നും ഉണ്ടാവാന്‍ ഇടയില്ല.
ജീവിത സായന്തനത്തിലെത്തിയ ഒരു വിധവയുടെ ഇച്ഛാശക്തി കൊണ്ട്‌ മാത്രമാണ്‌ ഇപ്പോഴുണ്ടായ നടപടികള്‍. അവര്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. 





ഇതൊക്കെയാണെങ്കിലും മോഡിയൊരുക്കിയ ഭീതിയുടെ താഴ്‌വരയില്‍ എല്ലാം ഭദ്രമാണെന്ന്‌ ബി ജെ പി വിശ്വസിക്കുന്നു. തെഹല്‍ക്കയുടെ ഒളിക്യാമറ ഉയര്‍ത്തുമായിരുന്ന കൊടുങ്കാറ്റിനെ, കോണ്‍ഗ്രസ്‌ പോലും ഏറ്റെടുക്കാതെ, തടയാന്‍ കഴിഞ്ഞ നരേന്ദ്ര മോഡി അവര്‍ക്ക്‌ `വിരാട്‌ പുരുഷന്‍' തന്നെയാണ്‌. നിയമത്തിന്‌ മുഖ്യമന്ത്രിയടക്കം ആരും അതീതരല്ലെന്ന്‌ മോഡിയും പാര്‍ട്ടി നേതാക്കളും ആവര്‍ത്തിക്കുന്നതില്‍, നിയമം തങ്ങളുടെ ഉള്ളം കൈയിലാണ്‌ എന്ന ധാര്‍ഷ്‌ട്യം കൂടിയുണ്ട്‌. വംശഹത്യയുമായി ബന്ധപ്പെട്ട പലകേസുകളിലും സാക്ഷികള്‍ ഇല്ലാതിരുന്നതോ ഉണ്ടായിരുന്ന സാക്ഷികള്‍ കൂറുമാറിയതോ അതുകൊണ്ടാണ്‌. പ്രലോഭനം, ഭീഷണി എന്തും പ്രയോഗിക്കപ്പെടും. അതിനു മുന്നില്‍ നിയമങ്ങള്‍ അപ്രസക്തമാവുമെന്ന്‌ ഉറപ്പുള്ളതുകൊണ്ടാണ്‌ നിയമത്തിന്‌ അതീതരല്ല തങ്ങള്‍ എന്ന്‌ ആവര്‍ത്തിക്കുന്നത്‌. അത്‌ ചോദ്യം ചെയ്യാന്‍ ആരുമുണ്ടാവില്ലെന്നതിന്‌ എതിര്‍പക്ഷത്തുണ്ടെന്ന്‌ കരുതുന്നവര്‍ ഇത്രകാലം പുലര്‍ത്തിയ മൗനം സാക്ഷി.

2010-03-26

ബച്ചനോളം വരില്ല ബട്‌ല

ഭരണകൂടം എന്നത്‌ രാജ്യത്തിന്റെ പര്യായപദമായി മാറ്റിയെടുക്കുക എന്നത്‌ എല്ലാ ഫാസിസ്റ്റ്‌ സംവിധാനങ്ങളുടെയും രീതിയാണ്‌. രാജ്യസ്‌നേഹം, ദേശീയത തുടങ്ങിയ വികാരങ്ങളെ അധിഷ്‌ഠിതമാക്കിയാവും ഈ പര്യായം പ്രതിഷ്‌ഠിക്കപ്പെടുക. ഇത്‌ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാല്‍ ഭരണകൂടത്തിനെതിരെ ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും രാജ്യത്തിനെതിരായി വ്യാഖ്യാനിക്കാന്‍ പ്രയാസമുണ്ടാവില്ല. 




കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളും ഇതേ തന്ത്രം ഒരു പരിധിവരെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. ആശയാടിത്തറ സമസ്ഥിതി വാദമായതുകൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളുടെ ഈ നടപടി ഫാസിസ്റ്റ്‌ സംവിധാനങ്ങളെ അപേക്ഷിച്ച്‌ ന്യായീകരിക്കപ്പെടും. അപ്പോഴും ഭരണകൂടത്തിനെതിരെ ഉയരുന്ന ശബ്‌ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്‌ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നീ ചവച്ചുതേഞ്ഞ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്‌ എന്നതിന്‌ ഉദാഹരണങ്ങള്‍ ഏറെ ചൂണ്ടിക്കാണിക്കാനാവും. അടുത്തിടെ ചൈനയില്‍ നടന്ന ഉയിഗൂര്‍ പ്രശ്‌നത്തില്‍ പോലും യഥാര്‍ഥ കാരണമന്വേഷിക്കും മുമ്പ്‌ രാജ്യത്തിനെതിരായ വാളെടുക്കലായി പ്രചരിപ്പിക്കാന്‍ അവിടുത്തെ ഭരണകൂടം മുന്‍കൈ എടുത്തിരുന്നു.



മതം, ജാതി, ഭാഷ, സംസ്‌കാരം എന്നിവയിലെല്ലാം ആവോളം വൈവിധ്യം നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഈ പ്രവണത കുറേക്കൂടി വ്യാപകമാണ്‌. ഭരണകൂടമാണ്‌ രാജ്യമെന്ന വ്യാജബോധം സാമാന്യ ജനങ്ങളില്‍ സൃഷ്‌ടിക്കാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്‌. ഇത്‌ രൂഢമൂലമാക്കുന്നതില്‍ ഹിന്ദു വര്‍ഗീയ സംഘടനകള്‍ വലിയ പങ്ക്‌ വഹിച്ചിട്ടുമുണ്ട്‌. ഇപ്പോള്‍ വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടി ഈ വ്യാജ ബോധത്തിന്റെ പിടിയിലായിരിക്കുന്നുവെന്നതാണ്‌ വസ്‌തുത. അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ 2008 സെപ്‌തംബര്‍ 19ന്‌ ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ നടന്നുവെന്ന്‌ പോലീസ്‌ പറയുന്ന ഏറ്റുമുട്ടല്‍ സംഭവം. 




ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ ആതിഫ്‌ അമീനിനെയും മുഹമ്മദ്‌ സാജിദിനെയും വധിച്ചുവെന്നും ഇവര്‍ക്കൊപ്പം ബട്‌ല ഹൗസിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടുവെന്നുമാണ്‌ പോലീസ്‌ പറഞ്ഞത്‌. ഡല്‍ഹി പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്‌ധനെന്ന്‌ (സു/കു) പ്രസിദ്ധി നേടിയ മോഹന്‍ ചന്ദ്‌ ശര്‍മ ബട്‌ല ഹൗസില്‍ വെച്ച്‌ വെടിയേറ്റ്‌ ആശുപത്രിയില്‍വെച്ച്‌ മരിച്ചതോടെ നടന്നത്‌ ഏറ്റുമുട്ടലാണെന്ന വാദത്തിന്‌ പതിവില്‍ കവിഞ്ഞ വിശ്വാസ്യത കൈവരികയും ചെയ്‌തു.



ഏറ്റുമുട്ടല്‍ നടന്നുവെന്ന വാദത്തെ അന്നു തന്നെ പ്രദേശവാസികള്‍ ചോദ്യം ചെയ്‌തിരുന്നു. പിന്നീട്‌ മനുഷ്യാവകാശ പ്രവര്‍ത്തകരും ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സര്‍വകലാശാലയിലെ അധ്യാപകരുമൊക്കെ പ്രശ്‌നം ഏറ്റെടുത്തു. എന്നാല്‍ നമ്മുടെ വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികളൊന്നും പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടിരുന്നില്ല. തുടക്കത്തില്‍ ഇടപെട്ട സി പി ഐയും സി പി എമ്മും പിന്നീടങ്ങോട്ട്‌ താത്‌പര്യം നിലനിര്‍ത്തിയില്ല. ബട്‌ല സംഭവത്തെച്ചൊല്ലിയുള്ള സംശയങ്ങള്‍ തുടരുന്നതിനിടെ അടുത്ത ദിവസം ആതിഫിന്റെയും സാജിദിന്റെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നു. യുവാക്കളെ പോലീസ്‌ വെടിവെച്ചുകൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന വാദത്തിന്‌ പ്രഥമദൃഷ്‌ട്യാ ബലമേകുന്നതാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. സാജിദിന്റെ തലയില്‍ തോക്ക്‌ ചേര്‍ത്തുവെച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന സംശയം റിപ്പോര്‍ട്ട്‌ ബലപ്പെടുത്തുന്നു. യുവാക്കള്‍ മരിക്കുന്നതിന്‌ മുമ്പ്‌ അവര്‍ക്ക്‌ മര്‍ദനമേറ്റുവെന്ന്‌ സംശയിക്കാവുന്ന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്‌.



ഈ വിവരങ്ങള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും നമ്മുടെ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളൊന്നും ഈ പ്രശ്‌നം ഗൗരവത്തില്‍ എടുത്തതായി കാണുന്നില്ല. ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിനും അവരുടെ സഖ്യകക്ഷികള്‍ക്കും കൂടുതല്‍ അന്വേഷണത്തിന്‌ താത്‌പര്യമുണ്ടാവില്ല. കാരണം ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ ഡല്‍ഹി പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നേരിട്ടെത്തി നിരീക്ഷിച്ച്‌ നടത്തിയ ഓപ്പറേഷനായിരുന്നു ബട്‌ല ഹൗസിലേത്‌. അതുകൊണ്ടുതന്നെ സുതാര്യമായ അന്വേഷണത്തിലൂടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ അവര്‍ ശ്രമിക്കില്ല. ഇത്‌ സംബന്ധിച്ച വാര്‍ത്തകളെയും ഒറ്റപ്പെട്ട കോണുകളില്‍ നിന്നുയരുന്ന അന്വേഷണ ആവശ്യങ്ങളെയും സ്വാഭാവിക മരണത്തിന്‌ വിട്ടുകൊടുക്കുക എന്ന തന്ത്രമാവും അവര്‍ സ്വീകരിക്കുക. 




പ്രധാന പ്രതിപക്ഷമായ ബി ജെ പി രാജ്യസ്‌നേഹം, ദേശീയത എന്നിവയില്‍ വിട്ടുവീഴ്‌ചയില്ലാത്തവരാണ്‌. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന്‌ പോലീസ്‌ ആരോപിക്കുന്ന യുവാക്കളെ ഏതുവിധത്തില്‍ കൊലപ്പെടുത്തുന്നതിലും അവര്‍ തെറ്റ്‌ കാണില്ല. ബാക്കിയുള്ള പാര്‍ട്ടികള്‍ എന്തുകൊണ്ട്‌ ഇക്കാര്യത്തില്‍ നിലപാട്‌ സ്വീകരിക്കുന്നില്ല എന്ന പ്രശ്‌നം വിശകലനം ചെയ്യുമ്പോഴാണ്‌ ഭീകരബന്ധം ആരോപിക്കപ്പെടുന്ന കേസുകളില്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെ രാജ്യസ്‌നേഹവുമായി മാത്രം ചേര്‍ത്ത്‌ കാണുന്ന നിലപാടുകളിലേക്ക്‌ അവര്‍ എത്തിപ്പെട്ടോ എന്ന സംശയം ബലപ്പെടുന്നത്‌. ബട്‌ല സംഭവം നടക്കുമ്പോള്‍ യു പി എ സര്‍ക്കാറിനെ പുറത്തുനിന്ന്‌ പിന്തുണച്ചിരുന്നു ഇടതുപാര്‍ട്ടികള്‍. തുടക്കത്തില്‍ സജീവമായി ഇടപെട്ട ഇക്കൂട്ടര്‍ക്ക്‌ അന്ന്‌ വേണമെങ്കില്‍ സുതാര്യമായ അന്വേഷണത്തിന്‌ യു പി എ സര്‍ക്കാറിനു മേല്‍ സമ്മര്‍ദം ചെലുത്താമയിരുന്നു. പക്ഷേ, അവര്‍ അതിന്‌ തയ്യാറായില്ല. ഇപ്പോള്‍ സംശയങ്ങള്‍ വര്‍ധിച്ച ഘട്ടത്തില്‍ ഇവര്‍ രംഗത്തില്ല. സമാജ്‌വാദി, ബി എസ്‌ പി പോലുള്ള (കൊല്ലപ്പെട്ട രണ്ട്‌ യുവാക്കളും ഉത്തര്‍ പ്രദേശിലെ അസംഗഢുകാരാണ്‌) പാര്‍ട്ടികളും സമ്മര്‍ദമുയര്‍ത്താന്‍ തയ്യാറാവുന്നില്ല.



ഒരു ബട്‌ല ഹൗസ്‌ സംഭവത്തില്‍ ഇത്‌ ഒതുങ്ങിനില്‍ക്കുന്നില്ല. ഇന്ത്യയില്‍ ഏറ്റവും അധികം `ഏറ്റുമുട്ടല്‍' കൊലപാതകങ്ങള്‍ നടന്നത്‌ പഞ്ചാബിലാണ്‌. ഖാലിസ്ഥാന്‍ തീവ്രവാദം ശക്തമായിരുന്ന കാലത്ത്‌ അതിന്റെ മറവില്‍ ജെ എച്ച്‌ റിബേറോയും കെ പി എസ്‌ ഗില്ലും നേതൃത്വം കൊടുത്ത്‌ നടത്തിയ ആസൂത്രിതമായ കൊലപാതകങ്ങള്‍. വീടുകളില്‍ നിന്ന്‌ അര്‍ധ സൈനികരോ പോലീസോ വിളിച്ചിറക്കിക്കൊണ്ടുപോവുന്ന മകനോ സഹോദരനോ ഭര്‍ത്താവോ ദിവസങ്ങള്‍ക്കു ശേഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അറിയേണ്ടിവന്ന സ്‌ത്രീകള്‍ ധാരാളമുണ്ട്‌ ഇവിടെ. അന്നും പിന്നീടും ഇത്തരം സംഭവങ്ങളില്‍ ഭരണകൂടമോ നീതിന്യായ സംവിധാനമോ ഇടപെട്ടതായി അറിവില്ല. വിഘടനവാദത്തിന്റെ പേരില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളെ രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പേരില്‍ നമ്മള്‍ വകവെച്ചുകൊടുത്തുവെന്ന്‌ സാരം. 




നിലനിന്നിരുന്ന ഭരണകൂടത്തിന്റെ നയനിലപാടുകളെ ചോദ്യം ചെയ്‌തിരുന്ന പാര്‍ട്ടികള്‍ പോലും ഇക്കാര്യത്തില്‍ കൈ തൊടാതെ മാറി നിന്നു. അനിയന്ത്രിതമായ അധികാരാവകാശങ്ങള്‍ കൈയാളിക്കൊണ്ട്‌ മണിപ്പൂരിലും മറ്റും സൈന്യം നടത്തിയ `ഏറ്റുമുട്ടല്‍'കൊലപാതകങ്ങളുടെ കാര്യത്തിലും ഇതേ നിസ്സംഗത തുടരുകയാണ്‌. മണിപ്പൂര്‍ പോലീസിലെ കമാന്‍ഡോ ഫോഴ്‌സും പ്രത്യേക അധികാരങ്ങളുള്ള സൈനികരും നീതിന്യായ സംവിധാനത്തെ മറികടന്ന്‌ കൊലപാതകങ്ങള്‍ നടത്തുന്നത്‌ മണിപ്പൂരില്‍ വ്യാപകമാണെന്ന്‌ തുറന്നു പറഞ്ഞത്‌ ഇത്തരമൊരു സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തിയ ജഡ്‌ജി തന്നെയാണ്‌. എന്നിട്ടും മനുഷ്യാവകാശ സംഘടനകളുടെ ഏകോപിത സംഘടന നടത്തുന്ന പ്രക്ഷോഭങ്ങളല്ലാതെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭം മണിപ്പൂരില്‍ വേണ്ടത്ര അളവില്‍ ഉണ്ടാവുന്നില്ല എന്നത്‌ വസ്‌തുതയാണ്‌.



കാശ്‌മീരികള്‍, മുസ്‌ലിംകള്‍, ആദിവാസികള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ എന്നിവരാണ്‌ പോലീസ്‌ `ഏറ്റുമുട്ടലുകളിലെ'?ഇരകള്‍. തീവ്രവാദികള്‍/ഭീകരവാദികള്‍/അധോലോക സംഘാംഗങ്ങള്‍ എന്നീ പേരുകളിലൊന്ന്‌ ഇത്തരത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കെല്ലാം ലഭിക്കുന്നുണ്ട്‌. ഇത്തരക്കാരാണെങ്കില്‍ തന്നെ, നീതിപൂര്‍വമായ വിചാരണക്കുള്ള അവസരം നിഷേധിച്ച്‌ പോലീസ്‌/സൈനികര്‍ എങ്ങനെ വെടിവെച്ചുകൊല്ലും എന്ന ചോദ്യം ഉയരാറേയില്ല. ബട്‌ല ഹൗസ്‌ പോലുള്ള സംഭവങ്ങളില്‍ ഇത്തരം ചോദ്യം ഉയര്‍ത്തിയാല്‍ അത്‌ രാജ്യ സ്‌നേഹം ചോദ്യം ചെയ്യലാവുമെന്ന്‌ ഉറപ്പ്‌. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയിലെ അംഗങ്ങളെ നീതിന്യായ നടപടിക്രമങ്ങള്‍ക്കു വിട്ടുകൊടുക്കാതെ പരസ്യമായി തൂക്കിലേറ്റുകയാണ്‌ വേണ്ടതെന്ന്‌ പരസ്യമായി വാദിക്കുന്ന നേതാക്കളുണ്ടാവുമ്പോള്‍ പ്രത്യേകിച്ചും.



ഭരണകൂടത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്ക്‌ നീതിന്യായ സംവിധാനത്തിന്റെതുള്‍പ്പെടെ എല്ലാ പരിരക്ഷയും ലഭിക്കുന്നുമുണ്ട്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ചോദ്യം ചെയ്യാന്‍, സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. മാര്‍ച്ച്‌ 21ന്‌ ഹാജരാവാന്‍ നിര്‍ദേശിച്ച്‌ മോഡിക്ക്‌ നോട്ടീസ്‌ നല്‍കിയെന്നാണ്‌ മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ട്‌. മാര്‍ച്ച്‌ 21ന്‌ മോഡി ഹാജരായില്ല. അന്ന്‌ ഹാജരാവാന്‍ തന്നോടാരും നിര്‍ദേശിച്ചിരുന്നില്ലെന്ന്‌ പിന്നീട്‌ പ്രസ്‌താവനയിറക്കി. ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നോ ഇല്ലയോ എന്ന്‌ വ്യക്തമാക്കാന്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറായില്ല. 




മോഡിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതില്‍ രാഷ്‌ട്രീയ നേട്ടമുള്ള കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനു പോലും മോഡി ഹാജരാകാത്തതില്‍ അസ്വാഭാവികത തോന്നിയില്ല. കോണ്‍ഗ്രസ്‌ വക്താവ്‌ തന്റെ പതിവ്‌ വാര്‍ത്താ സമ്മേളനത്തില്‍ ഒരു അപലപനം നടത്തിയെന്ന്‌ മാത്രം. രാജ്യത്തെ നിയമ സമ്പ്രദായത്തെ പൂര്‍ണമായി ബഹുമാനിക്കുന്നുവെന്ന്‌ അവകാശപ്പെട്ട ബി ജെ പി പറഞ്ഞത്‌ മോഡിക്കും പ്രത്യേക സംഘത്തിനും യോജിച്ച ഒരു ദിവസം നിശ്ചയിച്ച്‌ ചോദ്യം ചെയ്യലാവാമെന്നാണ്‌. ഇതില്‍ ആര്‍ക്കും പരാതിയുണ്ടാവാന്‍ ഇടയില്ല. കാരണം ഭരണകൂടത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍, അതും നരേന്ദ്ര മോഡിയെപ്പോലെ `ഉയര്‍ന്ന' നേതാവ്‌, അദ്ദേഹത്തിന്റെ സൗകര്യം കൂടി നോക്കേണ്ട ബാധ്യത പ്രത്യേക അന്വേഷണ സംഘത്തിനില്ലേ എന്ന ചോദ്യം മാത്രമേ ശേഷിക്കൂ.



കേരളത്തില്‍ നിന്ന്‌ നോക്കുമ്പോള്‍ നമുക്കിതൊന്നും തീരെ പ്രസക്തമായ കാര്യങ്ങളല്ല തന്നെ. ബട്‌ല ഹൗസ്‌ സംഭവം നടക്കുമ്പോള്‍ `ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍', `രണ്ട്‌ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ വധിച്ചു' എന്നൊക്കെ വലിയ വലിപ്പത്തില്‍ നമ്മള്‍ പറഞ്ഞിരുന്നു. രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ അനുഗുണമായ വാര്‍ത്തകള്‍. ഒന്നര വര്‍ഷത്തിനു ശേഷം അവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ സംശയങ്ങള്‍ ബലപ്പെടുത്തുമ്പോള്‍ അത്‌ വലിയകാര്യമല്ല. കേരള വിനോദ സഞ്ചാരത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡറാവാന്‍ ക്ഷണിച്ച ശേഷം ഒഴിവാക്കി അമിതാഭ്‌ ബച്ചനെ അപമാനിച്ചതിനും അത്‌ അദ്ദേഹത്തിന്‌ സൃഷ്‌ടിച്ചിട്ടുണ്ടാവാന്‍ ഇടയുള്ള മനോവിഷമത്തിനുമുള്ള വലിപ്പം ബട്‌ല ഹൗസില്‍ കൊല്ലപ്പെട്ട രണ്ട്‌ യുവാക്കളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനുണ്ടാവില്ലല്ലോ!

2010-03-22

ബാ കൃ പി തെറ്റോ ശരിയോ?

ഫെഡറല്‍ ഭരണക്രമത്തിന്റെ കാര്യക്ഷമമായ നടപ്പാക്കല്‍ ഇന്ത്യാ ചരിത്രത്തില്‍ ഏറെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക്‌ വഴിവെച്ചതാണ്‌. വിവിധ മേഖലകള്‍ക്ക്‌ അര്‍ഹിക്കുന്ന സ്വയം ഭരണാധികാരം ഉറപ്പാക്കിക്കൊണ്ടുള്ള ഫെഡറല്‍ ക്രമം എന്ന ആവശ്യം അംഗീകരിക്കപ്പെടാതിരുന്നതാണ്‌ സ്വാതന്ത്ര്യത്തോടൊപ്പം വിഭജനത്തിന്റെ വേദന കൂടി സമ്മാനിച്ചത്‌ എന്ന വാദം ശക്തമാണ്‌. ബി ജെ പി നേതാവായിരുന്ന ജസ്വന്ത്‌ സിംഗിന്റെ വിവാദ പുസ്‌തകത്തില്‍ ഇത്‌ സംബന്ധിച്ചുണ്ടായ ചില പരാമര്‍ശങ്ങള്‍ വലിയ തര്‍ക്കത്തിന്‌ വഴിവെച്ചു. ജസ്വന്ത്‌ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയാണ്‌ തങ്ങളുടെ അസഹിഷ്‌ണുത ബി ജെ പി നേതൃത്വം പ്രകടിപ്പിച്ചത്‌. ജിന്നയെ മതേതരവാദിയെന്ന്‌ വിശേഷിപ്പിച്ചതില്‍ കുപിതരായി എല്‍ കെ അഡ്വാനിയെ ബി ജെ പി അധ്യക്ഷ സ്ഥാനത്തു നിന്ന്‌ നീക്കാന്‍ മുന്‍കൈ എടുത്ത ആര്‍ എസ്‌ എസ്സിന്റെ ശാഠ്യം ജസ്വന്ത്‌ സിംഗിന്റെ കാര്യത്തിലുമുണ്ടായിരുന്നു. വിഭജനത്തിന്‌ കാരണമായത്‌ മുസ്‌ലിംകളും ജിന്നയുമാണെന്ന്‌ ആവര്‍ത്തിച്ച്‌ സ്ഥാപിച്ച്‌ ഫെഡറല്‍ ഭരണ സമ്പ്രദായത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചകളോട്‌ മുഖം തിരിക്കുക എന്നതായിരുന്നു സംഘ നിലപാട്‌.



ഭൂരിപക്ഷ വര്‍ഗീയതയുടെ ആധിപത്യത്തിന്‌ ആര്‍ എസ്‌ എസ്‌, ജനസംഘ്‌, ബി ജെ പി എന്നിവ ലക്ഷ്യമിട്ടപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ മടി കാണിക്കാതിരുന്ന കോണ്‍ഗ്രസ്‌, ഫെഡറല്‍ ഭരണക്രമത്തെ വേണ്ടത്ര അംഗീകരിച്ചിരുന്നില്ല. സ്വാതന്ത്ര്യത്തിന്‌ ശേഷം ബഹുഭൂരിപക്ഷ കാലം ഇന്ത്യാ മഹാരാജ്യം ഭരിച്ച കോണ്‍ഗ്രസ്‌ ഉപദേശീയതാ വാദങ്ങള്‍ സജീവമായി ഉയരാന്‍ പാകത്തിലാണ്‌ ഭരണം മുന്നോട്ടുകൊണ്ടുപോയത്‌ എന്ന്‌ നിസ്സംശയം പറയാനാവും. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്‌കരിക്കുന്നതിന്‌ പ്രക്ഷോഭം പലതു വേണ്ടിവന്നു. ഭൂരിപക്ഷ ഭാഷയുടെ അടിച്ചേല്‍പ്പിക്കല്‍ തടയാന്‍ രംഗത്തിറങ്ങിയ തമിഴ്‌ ജനതയെ പോലീസിന്റെ ബുള്ളറ്റുകളാണ്‌ എതിരേറ്റത്‌. 




കൂടുതല്‍ സ്വയം ഭരണാധികാരവും പഞ്ചാബി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ ഏകീകരിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയ അകാലികള്‍ വളരെപ്പെട്ടെന്ന്‌ വിഘടനവാദികളായി മാറി. അവരെ അത്തരത്തില്‍ ചിത്രീകരിക്കുന്നതിന്‌ കാട്ടിയ അമിത താത്‌പര്യം മൂലം പൊലിഞ്ഞ ജീവനുകള്‍ നിരവധി. ഭീകരവാദിയായി ചിത്രീകരിച്ച്‌ ആരെയും വെടിവെച്ചുകൊന്ന്‌ ഏറ്റുമുട്ടലായി ചിത്രീകരിക്കുന്ന പതിവ്‌ ഇന്ത്യയില്‍ വ്യാപകമാക്കിയതും പഞ്ചാബിന്റെ കാര്യത്തില്‍ സ്വീകരിച്ച തെറ്റായ നിലപാടുകളുടെ തുടര്‍ച്ചയായിരുന്നു. പൂര്‍ണമായ അവഗണനയില്‍ മനംമടുത്ത്‌ വടക്ക്‌ കിഴക്കന്‍ മേഖലയിലുള്ളവര്‍ സ്വയം ഭരണത്തിനോ സ്വാതന്ത്ര്യത്തിനോ വാദമുയര്‍ത്തിയപ്പോള്‍ അവിടങ്ങളില്‍ സൈന്യത്തിന്‌ പ്രത്യേക അധികാരം നല്‍കി അടിച്ചമര്‍ത്തലിന്‌ വേഗം കൂട്ടുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്‌. ഇപ്പോഴും സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കാനുള്ള ഇച്ഛാശക്തി കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്നില്ല.



കോണ്‍ഗ്രസ്‌ സര്‍ക്കാറുകള്‍ പിന്തുടര്‍ന്ന നിഷേധ നിലപാടുകളുടെ ചരിത്രത്തില്‍ നിന്നുകൊണ്ടുവേണം ഇന്ന്‌ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന കേന്ദ്ര - സംസ്ഥാന പദ്ധതിത്തര്‍ക്കത്തെ കാണാന്‍. അതിനു മുമ്പ്‌ ആര്‍ ബാലകൃഷ്‌ണ പിള്ള എന്ന കേരള കോണ്‍ഗ്രസ്‌, നായര്‍ സര്‍വീസ്‌ സൊസൈറ്റി (എന്‍ എസ്‌ എസ്‌) നേതാവിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ച വിവാദ പ്രസംഗത്തെക്കൂടി ഓര്‍ക്കണം. 1982-87 കാലത്തെ കെ കരുണാകരന്‍ മന്ത്രിസഭയില്‍(കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കിയ യു ഡി എഫ്‌ മന്ത്രിസഭ) വൈദ്യുതി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്നു ബാലകൃഷ്‌ണ പിള്ള. ഇക്കാലത്ത്‌ കേന്ദ്രം ഭരിച്ചത്‌ ഇന്ദിരയും അവരുടെ വധത്തിനു ശേഷം മകന്‍ രാജീവ്‌ ഗാന്ധിയും നയിച്ച കോണ്‍ഗ്രസ്‌ സര്‍ക്കാറുകളായിരുന്നു. 




ഇന്ദിര പ്രധാനമന്ത്രിയായിരിക്കെയാണ്‌ കേന്ദ്രം കേരളത്തോട്‌ കാട്ടുന്ന അവഗണനയെക്കുറിച്ചുള്ള ബാലകൃഷ്‌ണ പിള്ളയുടെ വിവാദ പ്രസംഗം. കാര്യങ്ങള്‍ ഇത്തരത്തില്‍ പോയാല്‍ പഞ്ചാബ്‌ മോഡല്‍ സമരത്തിന്‌ തയ്യാറാവേണ്ടിവരുമെന്നായിരുന്നു പ്രസംഗത്തിന്റെ ചുരുക്കം. പഞ്ചാബ്‌ മോഡല്‍ സമരമെന്നാല്‍ വിഘടനം ലക്ഷ്യമിടുന്ന സമരം എന്ന ഭൂരിപക്ഷ വ്യാഖ്യാനത്തിന്‌ പിള്ളയുടെ വാക്കുകളും വിധേയമായി. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്‌ത ഒരു മന്ത്രി വിഘടനവാദ സമരത്തിന്‌ ആഹ്വാനം ചെയ്യുന്നതിലെ ഗൗരവം ചോദ്യം ചെയ്യപ്പെട്ടു. പിള്ള പ്രതിനിധാനം ചെയ്യുന്ന കേരള കോണ്‍ഗ്രസിനോ എന്‍ എസ്‌ എസ്സിനോ വിഘടന വാദ സമരം സംഘടിപ്പിക്കാനുള്ള ത്രാണിയൊന്നുമില്ലെന്ന്‌ ഏവര്‍ക്കും അറിയാം. എങ്കിലും വാദം വിഘടനത്തിന്‌ വേണ്ടിയാവുമ്പോള്‍ പൊറുക്കാവതല്ലല്ലോ. ബാലകൃഷ്‌ണ പിള്ളക്ക്‌ രാജി വെക്കേണ്ടിവന്നു. 




അന്നും ഫെഡറല്‍ അധികാരക്രമത്തിന്റെ കാര്യക്ഷമതക്കുറവിനെക്കുറിച്ച്‌ ചര്‍ച്ചകളുണ്ടായില്ല. എന്തിനും കേന്ദ്രത്തെ കുറ്റം പറയാന്‍ തിടുക്കം കാട്ടിയിരുന്ന സി പി എം പോലും പിള്ളയുടെ വാക്കുകളില്‍ ആലോചിക്കേണ്ട ചില പ്രശ്‌നങ്ങളെങ്കിലുമുണ്ടെന്ന്‌ വിലയിരുത്തിയില്ല. കരുണാകരന്‍ മന്ത്രിസഭക്ക്‌ ഒരു പ്രതിസന്ധി സമ്മാനിക്കുക എന്ന കേവല രാഷ്‌ട്രീയത്തില്‍ അവരും ഒതുങ്ങി നിന്നു.



ഇപ്പോഴത്തെ തര്‍ക്കമാരംഭിക്കുന്നത്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ച ബജറ്റോടെയാണ്‌. രണ്ട്‌ രൂപക്ക്‌ അരി നല്‍കുന്ന പദ്ധതി കൂടുതല്‍ പേരിലേക്ക്‌ വ്യാപിപ്പിക്കുമെന്ന്‌ മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയനുസരിച്ച്‌ കുറഞ്ഞ വിലക്ക്‌ ലഭിക്കുന്ന അരി രണ്ട്‌ രൂപക്ക്‌ നല്‍കി കേരളത്തിന്റെ സ്വന്തം പദ്ധതിയായി അവതരിപ്പിക്കുകയാണ്‌ ഐസക്ക്‌ എന്ന ആരോപണവുമായി കേന്ദ്ര സഹമന്ത്രി കെ വി തോമസ്‌ രംഗത്തെത്തി. ഇതിന്‌ തോമസ്‌ ഐസക്ക്‌ മറുപടി നല്‍കിയതോടെ തര്‍ക്കം വിവാദത്തിന്റെ തലത്തിലേക്ക്‌ ഉയര്‍ന്നു. നഗരങ്ങളിലേക്ക്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതി വ്യാപിപ്പിച്ച്‌ അയ്യങ്കാളി തൊഴില്‍ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തെച്ചൊല്ലിയായി അടുത്ത തര്‍ക്കം. കേന്ദ്രം പ്രഖ്യാപിച്ച നഗര തൊഴിലുറപ്പ്‌ പദ്ധതി പേരുമാറ്റി അവതരിപ്പിച്ചുവെന്നായി ആരോപണം. 




മറ്റ്‌ ചില പദ്ധതികളെക്കുറിച്ചും കോണ്‍ഗ്രസ്‌ നേതാക്കന്‍മാരായ കേന്ദ്ര മന്ത്രിമാര്‍ ആക്ഷേപമുന്നയിച്ചു. കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളെ കേരള ബജറ്റില്‍ ഉള്‍പ്പെടുത്തി കയ്യടി നേടാന്‍ ശ്രമം നടന്നുവെന്ന്‌ പ്രത്യക്ഷത്തില്‍ തോന്നല്‍ ഉളവാക്കപ്പെടുകയും ചെയ്‌തു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യങ്ങള്‍ അനുഭവിച്ചാല്‍ മതി അതില്‍ ഇടപെടാന്‍ ശ്രമിക്കേണ്ട എന്ന വികാരം കൂടി മന്ത്രിമാരുടെ പ്രസ്‌താവനകള്‍ ജനിപ്പിച്ചിരുന്നു. 
കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന അരി സംസ്ഥാന സബ്‌സിഡി കൂടി ഉള്‍പ്പെടുത്തി കിലോക്ക്‌ രണ്ടു രൂപ നിരക്കില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക്‌ ലഭ്യമാക്കുക എന്നതാണ്‌ സംസ്ഥാന ബജറ്റിലെ നിര്‍ദേശത്തിന്റെ ലക്ഷ്യം. അതിലെ തെറ്റെന്തെന്ന്‌ മാത്രം ആരോപണം ഉന്നയിച്ച കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കുന്നില്ല. 




കേന്ദ്ര വിഹിതമായി ലഭിക്കുന്ന അരി ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന്‌ അനുവാദമില്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്‌. കേന്ദ്രമന്ത്രിമാരുടെ വാദം മുഖവിലക്കെടുത്താല്‍ കേരള സര്‍ക്കാര്‍ സ്വന്തമായി അരി സംഭരിച്ച്‌ അത്‌ രണ്ട്‌ രൂപക്ക്‌ റേഷന്‍ കടകളിലൂടെ ലഭ്യമാക്കുകയാണ്‌ വേണ്ടതെന്നു തോന്നും. അങ്ങനെയാണെങ്കില്‍ കേന്ദ്ര ഭരണകൂടത്തിന്റെ ആവശ്യമെന്ത്‌ എന്ന ചോദ്യം ഉന്നയിക്കേണ്ടിവരും. നഗര തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ പ്രത്യേക പേര്‌ നല്‍കി കൂടുതല്‍ പ്രയോജനപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നതില്‍ തെറ്റെന്തെങ്കിലുമുണ്ടോ? അഥവാ പ്രത്യേക പേര്‌ നല്‍കി പദ്ധതി കൂടുതല്‍ പ്രയോജനകരമാക്കാന്‍ ശ്രമിക്കണമെങ്കില്‍ അതിന്‌ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്‌ പണം കണ്ടെത്തണമെങ്കില്‍ വീണ്ടും കേന്ദ്ര ഭരണകൂടത്തിന്റെ ആവശ്യമെന്ത്‌ എന്ന്‌ ചോദിക്കേണ്ടിവരും.



മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്‌ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാവും. ഡാമിന്റെ ബലക്ഷയമാണ്‌ തര്‍ക്കപ്രശ്‌നം. ഇത്‌ വിശദമായി പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എ എസ്‌ ആനന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ പ്രവര്‍ത്തനത്തിന്‌ വേണ്ട പണം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട്‌ നിര്‍ദേശിച്ചു. തമിഴ്‌നാടും കേരളവും തമ്മിലുള്ള തര്‍ക്കം മാത്രമാണ്‌ ഇതെന്നും അതിനാല്‍ എ എസ്‌ ആനന്ദ്‌ സമിതിയുടെ പ്രവര്‍ത്തനത്തിനുള്ള പണം ആ സംസ്ഥാനങ്ങള്‍ തന്നെ ചെലവഴിക്കണമെന്നുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്‌. സമിതി രൂപവത്‌കരണത്തെ എതിര്‍ക്കുന്ന ഡി എം കെ, കേന്ദ്ര സര്‍ക്കാറില്‍ പങ്കാളിയായതുകൊണ്ടാവണം ഇത്തരമൊരു നിലപാട്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്‌. സമിതി രൂപവത്‌കരണത്തെ ഡി എം കെയും തമിഴ്‌നാടും സ്വാഗതം ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിലപാട്‌ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുമോ? അങ്ങനെയെങ്കില്‍ തമിഴ്‌നാട്ടിലുയരുമായിരുന്ന കലാപക്കൊടി അടക്കിനിര്‍ത്താന്‍ സൈന്യം മതിയാവുമായിരുന്നില്ല. 




കേരളമായതുകൊണ്ട്‌ പ്രശ്‌നമില്ല. സമിതിയെ നിശ്ചയിച്ചാലും ഇല്ലെങ്കിലും വരും കാലത്ത്‌ എപ്പോഴെങ്കിലും മുല്ലപ്പെരിയാര്‍ അണ തകര്‍ന്ന്‌ വലിയ അപകടമുണ്ടായാലും കേന്ദ്ര സര്‍ക്കാറിന്‌ വലിയ പ്രശ്‌നമൊന്നുമില്ല.
ഫെഡറല്‍ ഭരണക്രമത്തെ ബഹുമാനിക്കുന്ന, ഇന്ത്യ യൂനിയന്റെ ഭാഗമായി കേരളത്തെ അംഗീകരിക്കുന്ന, ഇവിടെ നിന്നുള്ള 16 എം പിമാരുടെ പിന്തുണ ലോക്‌സഭയില്‍ ആസ്വദിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെതാണ്‌ ഈ മനോഭാവം. കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തില്‍ കേന്ദ്രത്തിന്‌ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലെന്നാണ്‌ സുപ്രീം കോടതിയിലെടുത്ത നിലപാട്‌ സൂചിപ്പിക്കുന്നത്‌. ഇതേ നിലപാട്‌ മറ്റ്‌ പ്രശ്‌നങ്ങളില്‍ കേന്ദ്രം സ്വീകരിക്കുമോ? പദ്ധതികളും അരിയും ഔദാര്യമായി നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ മഹത്വം പ്രഘോഷിക്കുന്ന കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ബാധ്യസ്ഥരാണ്‌. മറുപടിയില്ലെങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ ആര്‍ ബാലകൃഷ്‌ണ പിള്ളയോട്‌ മാപ്പ്‌ ചോദിക്കാം.



ഔദാര്യ മേമ്പൊടി ചേര്‍ക്കാന്‍ തത്രപ്പെടുന്നവര്‍ മറ്റു ചില കാര്യങ്ങള്‍ മറന്നുപോവുകയും അരുത്‌. കേരളത്തില്‍ നിന്ന്‌ പിരിക്കുന്ന നികുതിയുടെ വിഹിതം കേന്ദ്ര സര്‍ക്കാറിന്‌ കൃത്യമായി ചെന്നുചേരുന്നുണ്ട്‌. കൃത്യമായി ടിക്കറ്റെടുത്ത്‌ ട്രെയിന്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും കേരളം മുമ്പന്തിയിലുണ്ട്‌. ഇതിന്റെയൊക്കെ ബാക്കിയാണ്‌ അനുവദിക്കപ്പെടുന്ന പദ്ധതികളും അരിയും. അതുതന്നെ വേണ്ടത്രയില്ലെന്ന്‌ പരാതി പറയുന്നവരില്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസ്‌ നേതാക്കളും ജനപ്രതിനിധികളുമുണ്ട്‌. വികേന്ദ്രീകൃത ഭരണ സംവിധാനവും കാര്യക്ഷമമായ ഫെഡറല്‍ ക്രമവും നടപ്പാക്കാനാണ്‌ ശ്രമിക്കേണ്ടത്‌.അതിന്‌ ത്രാണിയില്ലാതാവുമ്പോഴാണ്‌ ക്രെഡിറ്റിനു വേണ്ടി വാദിച്ച്‌ മേനി നടിക്കാന്‍ മിനക്കെടുന്നത്‌. 




സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വര്‍ധിപ്പിക്കണമെന്നാണ്‌ പതിമൂന്നാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ. ഇത്‌ നടപ്പാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന്‌ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജി വ്യക്തമാക്കിയിട്ടുമുണ്ട്‌. വിഹിതം വര്‍ധിക്കുമെങ്കിലും കേരളത്തിന്‌ ലഭിക്കുന്ന ധനത്തില്‍ കുറവുണ്ടാവുമെന്നാണ്‌ തോമസ്‌ ഐസക്ക്‌ കണക്കുകള്‍ നിരത്തി വാദിക്കുന്നത്‌. ഇതില്‍ എന്തെങ്കിലും വസ്‌തുതയുണ്ടെങ്കില്‍ തിരുത്തലുകള്‍ ഉണ്ടാവേണ്ടതുണ്ട്‌. അതിനൊന്നും ശ്രമിക്കാതെയാണ്‌ പദ്ധതികളുടെ ക്രെഡിറ്റ്‌ സംബന്ധിച്ച്‌ തര്‍ക്കമുന്നയിക്കുന്നത്‌. ഇതിന്‌ മറുപടി പറയാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി രംഗത്തെത്തുമ്പോള്‍ വിവാദമെന്ന ഉദ്ദിഷ്‌ടകാര്യലബ്‌ധി. കുളം കലങ്ങിത്തന്നെ ഇരിക്കട്ടെ. വലയില്‍ കിട്ടുന്നത്‌ ലാഭമെന്ന്‌ കണക്കാക്കാം രണ്ട്‌ കൂട്ടര്‍ക്കും.

2010-03-14

ക്ഷമിക്കണം, സ്‌ത്രീ വിരുദ്ധനല്ല



വി കെ എന്നുമായി അക്‌ബര്‍ കക്കട്ടില്‍ നടത്തിയ അഭിമുഖം.
കക്കട്ടിലിന്റെ ചോദ്യം ഏതാണ്ട്‌ ഇങ്ങനെ: കഥകളില്‍ നായര്‍ സ്‌ത്രീകളെ അപഹസിക്കും വിധത്തിലാണ്‌ ചിത്രീകരിക്കുന്നത്‌. മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത്‌ നായര്‍ സ്‌ത്രീകള്‍ക്ക്‌ കുടുംബത്തില്‍ കൂടുതല്‍ അധികാരമുണ്ടായിരുന്നു. അക്കാലത്തെ നായര്‍ സ്‌ത്രീകളെ എന്തുകൊണ്ടിങ്ങനെ ചിത്രീകരിക്കുന്നു?



വി കെ എന്നിന്റെ മറുപടി: അക്കാലത്ത്‌ നായര്‍ സ്‌ത്രീകള്‍ക്ക്‌ കുടുംബത്തില്‍ അധികാരമുണ്ടായിരുന്നുവെങ്കിലും അവര്‍ക്കു മേല്‍ അധികാരം പരപുരുഷന്‍മാര്‍ക്കായിരുന്നു.
വി കെ എന്നിന്റെ ആറ്റിക്കുറുക്കിയ ഉത്തരം, ഭൂതകാലത്തിലേക്കു മാത്രമല്ല ഭാവിയിലേക്കും വിരല്‍ ചൂണ്ടുന്നതായിരുന്നു.



ജനാധിപത്യ സമ്പ്രദായത്തിലെ വിപ്ലവകരമായ നിയമ നിര്‍മാണമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വനിതാ സംവരണ ബില്ലിന്‌ രാജ്യസഭ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ്‌ വി കെ എന്നിന്റെ അഭിമുഖ സംഭാഷണത്തിലെ പരാമര്‍ശം ഓര്‍ത്തുപോയത്‌. ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗ സമത്വം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ്‌ കോണ്‍ഗ്രസും ബി ജെ പിയും ഇടതു പാര്‍ട്ടികളും ഒരേ സ്വരത്തില്‍ ഈ ബില്ലിനെ വിശേഷിപ്പിക്കുന്നത്‌. ജനസംഖ്യയില്‍ 50 ശതമാനത്തോളം വരുന്ന സ്‌ത്രീകള്‍ക്ക്‌ ഇത്രയും കാലം നിയമനിര്‍മാണ പ്രക്രിയയില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാതിരുന്നതിലുള്ള മനഃപ്രയാസം ഈ പാര്‍ട്ടികളെല്ലാം പ്രകടിപ്പിക്കുകയും ചെയ്യുന്നു.



സാമൂഹിക അന്തസ്സും അണിയറ ഭരണവും


വനിതകള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 33 ശതമാനം സംവരണം നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്‌. ഇപ്പോഴത്‌ കേരളമടക്കം ചില സംസ്ഥാനങ്ങള്‍ അമ്പത്‌ ശതമാനമാക്കി വര്‍ധിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. ഈ സംവരണത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭൂരിപക്ഷം പേരെയും മുന്നില്‍ നിര്‍ത്തി അധികാരം പ്രയോഗിക്കുന്നതും ചുമതലകള്‍ നിര്‍വഹിക്കുന്നതും ഭര്‍ത്താവോ, പിതാവോ, സഹോദരനോ ആയ പുരുഷനാണ്‌ എന്നതാണ്‌ വസ്‌തുത. വി കെ എന്നിന്റെ മുമ്പത്തെ വാക്യം ചെറുതായൊന്നു തിരുത്തിയാല്‍ പഞ്ചായത്ത്‌ അംഗം, പ്രസിഡന്റ്‌ എന്നീ നിലകളില്‍ സ്‌ത്രീകള്‍ക്ക്‌ അധികാരമുണ്ടെങ്കിലും അവര്‍ക്കു മേല്‍ അധികാരം പുരുഷനാണ്‌. ഈ സാമുഹ്യ വസ്‌തുത നിലനില്‍ക്കെയാണ്‌ ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33 ശതമാനം സീറ്റുകള്‍ സ്‌ത്രീകള്‍ക്ക്‌ സംവരണം ചെയ്യാനായി നടപടികള്‍ പുരോഗമിക്കുന്നത്‌.

തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സംവരണം ചെയ്‌ത 33 ശതമാനം സീറ്റുകളിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട സ്‌ത്രീകളുടെ സാമൂഹിക അന്തസ്സ്‌ വര്‍ധിച്ചുവെന്നും കാലക്രമേണ തീരുമാനങ്ങളെടുക്കാനുള്ള കഴിവ്‌ ഇവര്‍ ആര്‍ജിച്ചുവെന്നുമാണ്‌ 2008ല്‍ കേന്ദ്ര പഞ്ചായത്തി രാജ്‌ മന്ത്രാലയം നടത്തിയ പഠനത്തില്‍ പറയുന്നത്‌. അതുകൊണ്ടു തന്നെ ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33 ശതമാനം സീറ്റ്‌ അവര്‍ക്കായി മാറ്റിവെക്കുന്നത്‌ സ്‌ത്രീ ശാക്തീകരണത്തിന്‌ ഏറെ പ്രയോജനകരമാവുമെന്നാണ്‌ വാദം. ഇതേ പഞ്ചായത്തി രാജ്‌ മന്ത്രാലയം അടുത്തിടെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്‌ മറ്റു ചില സംഗതികളാണ്‌. തിരഞ്ഞെടുക്കപ്പെട്ട സ്‌ത്രീകളെ മുന്നില്‍ നിര്‍ത്തി ഭര്‍ത്താവോ, പിതാവോ അധികാര, അവകാശങ്ങള്‍ കൈയാളുന്ന പതിവ്‌ തുടരുകയാണെന്ന്‌ ഈ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത്‌ സംബന്ധിച്ച്‌ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത്‌. 





സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്‌ട്ര, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ ചുമതലകള്‍ മറ്റാരെങ്കിലും നിര്‍വഹിക്കുന്നത്‌ ശരിയല്ലെന്നും അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. 2008ലെ പഠനത്തില്‍ കണ്ടെത്തിയ സാമൂഹികമായ അന്തസ്സുയര്‍ച്ചയും തീരുമാനങ്ങളെടുക്കാനുള്ള കഴിവ്‌ ആര്‍ജിക്കലും തെറ്റാണെന്ന്‌ തെളിയിക്കുന്നതാണ്‌ പുതിയ സര്‍ക്കുലര്‍. അതുകൊണ്ടുതന്നെ യഥാര്‍ഥത്തില്‍ ശാക്തീകരണം ലക്ഷ്യമിടുന്നുവെങ്കില്‍ ഇത്തരത്തിലുള്ള അണിയറ ഭരണം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ച ശേഷമേ സംവരണം നടപ്പാക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഉദ്ദേശിച്ച പ്രയോജനം ഉണ്ടാവാന്‍ സാധ്യതയില്ല.



തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക്‌ കൂടുതല്‍ പ്രാമുഖ്യം ഉണ്ടായതോടെ സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിയുന്നുണ്ട്‌ എന്നാണ്‌ 2008ലെ കേന്ദ്ര പഠനം പറയുന്നത്‌. കേരളത്തിന്റെ സ്ഥിതി മാത്രമെടുക്കുക. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 33 ശതമാനം വനിതാ സംവരണം നിലവില്‍ വന്നതിന്‌ ശേഷമാണ്‌ ഇപ്പോഴത്തെ വി എസ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്‌. 29,555 സ്‌ത്രീ പീഡന കേസുകളാണ്‌ നാല്‌ വര്‍ഷത്തിനിടെ സംസ്ഥാനത്ത്‌ രേഖപ്പെടുത്തിയത്‌. സ്‌ത്രീ പ്രതിനിധികള്‍ സംസ്ഥാനത്തെമ്പാടും അധികമായി പ്രവര്‍ത്തിച്ചിട്ടും പീഡന കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. പിന്നെ എന്ത്‌ ശാക്തീകരണമാണ്‌ സംവരണം കൊണ്ട്‌ ഉണ്ടാവുന്നത്‌ എന്ന്‌ മനസ്സിലാവുന്നില്ല. പിഡന കേസുകളുടെ എണ്ണം കൂടുന്നത്‌ കൂടുതല്‍ പേര്‍ സംഭവം പുറത്തുപറയാന്‍ തയ്യാറാവുന്നതുകൊണ്ടാണ്‌ എന്ന വാദമുണ്ട്‌. അതൊരു ശാക്തീകരണമായി കാണുന്നുണ്ടോ ആവോ?



ലിംഗ സമത്വം/അവസര സമത്വം



ലിംഗ, അവസര സമത്വം ഉറപ്പാക്കുന്നതിനുള്ള വലിയ ചുവടുവെപ്പായാണ്‌ ബില്ലിനെ പ്രധാനമന്ത്രിയും രാജ്യസഭയിലെ ബി ജെ പി നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലിയും ഒരേ സ്വരത്തില്‍ വിശേഷിപ്പിച്ചത്‌. ആണ്‍, പെണ്‍ അവസരസമത്വത്തിന്റെ കാര്യത്തില്‍ രാജ്യം ഏറെ മുന്നോട്ടുപോയിട്ടുണ്ട്‌. കേരളത്തിന്റെ കാര്യമെടുത്താല്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒരേ നിലവാരത്തിലുള്ള വിദ്യാഭ്യാസ അവസരം ഇവിടെ ലഭ്യമാണ്‌. (അപൂര്‍വമായ അപവാദം മാറ്റി നിര്‍ത്തുക) എസ്‌ എസ്‌ എല്‍ സിക്ക്‌ റാങ്കും ക്ലാസ്സും നിലനിന്നിരുന്ന കാലത്ത്‌ എന്നും മുമ്പന്തിയിലുണ്ടായിരുന്നത്‌ പെണ്‍കുട്ടികളായിരുന്നു. എന്നാല്‍ എന്‍ജിനീയറിംഗ്‌/മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം വരുമ്പോള്‍ ആണ്‍കൂട്ടികള്‍ മുന്നില്‍ നിന്നിരുന്നുവെന്നതും വസ്‌തുതയാണ്‌. എന്തുകൊണ്ട്‌ ഇങ്ങനെ എന്നതിന്റെ ഉത്തരം ചില മേഖലകളില്‍ ആണ്‍കുട്ടികളോളം മികവ്‌ പെണ്‍കുട്ടികള്‍ക്കില്ല എന്നത്‌ തന്നെയാണ്‌. 




സാമ്പ്രദായിക വിദ്യാഭ്യാസ രംഗത്ത്‌ മുന്നിലെത്തുന്ന പെണ്‍കുട്ടികളും സ്‌ത്രീകളും രാഷ്‌ട്രീയ/പൊതു രംഗങ്ങളില്‍ സജീവമാവുന്നതും കുറവാണ്‌. സജീവമായാല്‍ തന്നെ വിശകലന ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കാനുള്ള ത്രാണി പലപ്പോഴും പ്രകടിപ്പിക്കാറുമില്ല. എല്ലാവര്‍ക്കും ലഭ്യമാവുന്ന വിവരങ്ങള്‍ അറിയാനോ വിമര്‍ശ ബുദ്ധിയോടെ സമീപിക്കാനോ അവര്‍ തയ്യാറാവാറില്ല എന്നതാണ്‌ വസ്‌തുത. പുരുഷ മേധാവിത്വ സമൂഹം നിലനില്‍ക്കുന്നതുകൊണ്ടാണ്‌ വിവരങ്ങള്‍ ലഭ്യമാവാത്തതെന്നും വിമര്‍ശ ബുദ്ധിയോടെ സമീപിക്കാന്‍ സാധിക്കാത്തതെന്നും പറയാനാവില്ലല്ലോ. 




കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ വലിയ വിവാദമായ ആണവ കരാറിന്റെ കാര്യമെടുക്കുക. കേരളത്തില്‍ നിന്ന്‌ സി പി എമ്മിന്റെ രണ്ട്‌ വനിതാ പ്രതിനിധികള്‍ ലോക്‌സഭയിലുണ്ടായിരുന്നു. ആണവ കരാര്‍ ചര്‍ച്ച ചെയ്‌തപ്പോഴൊന്നും ഇവര്‍ക്ക്‌ അവസരം നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. കരാര്‍ പഠിച്ചു ദോഷവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാകത്തില്‍ സംസാരിക്കാന്‍ ഇവര്‍ക്ക്‌ സാധിക്കുമെന്ന തോന്നല്‍ സി പി എം നേതൃത്വത്തിന്‌ ഉണ്ടായില്ല എന്നതാണ്‌ ഇതിന്‌ കാരണം. ആ തോന്നല്‍ ജനിപ്പിക്കാന്‍ രണ്ട്‌ പേര്‍ക്കും സാധിച്ചില്ല. പൊതുരംഗത്ത്‌ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വനിതാ സാരഥികളുടെ അവസ്ഥയാണിത്‌. കൂടുതല്‍ സ്‌ത്രീകള്‍ക്ക്‌ അവസരം ലഭിക്കുന്നതോടെ ഈ അവസ്ഥയില്‍ മാറ്റമുണ്ടാവുമെന്ന്‌ ആരെങ്കിലും കരുതുന്നുവെങ്കില്‍ ആ പ്രതീക്ഷ അസ്ഥാനത്താണ്‌.



ലിംഗസമത്വം ഉറപ്പാക്കുന്നതിനും ശാക്തീകരണത്തിനുമാണ്‌ സംവരണമെങ്കില്‍ അത്‌ എല്ലാത്തലത്തിലും ഏര്‍പ്പെടുത്തുകയാണ്‌ വേണ്ടത്‌. മന്ത്രിസഭയില്‍ 33 ശതമാനം സംവരണം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുമോ? എല്ലാ മൂന്നാമത്തെയും തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദം സ്‌ത്രീക്ക്‌ നല്‍കുമോ? യു പി എ സര്‍ക്കാറിന്റെ ഏറ്റവും വലിയ ജനപ്രിയ പദ്ധതിയായ തൊഴിലുറപ്പിന്റെ ഉപഭോക്താക്കള്‍ 33 ശതമാനം സ്‌ത്രീകളാവണമെന്ന്‌ നിര്‍ബന്ധിക്കുമോ? ശാക്തീകരണം ലക്ഷ്യമിടുന്നുവെങ്കില്‍ അത്‌ എല്ലാ തലത്തിലും തരത്തിലും വേണം. അല്ലാതെ ലോക്‌സഭയിലും നിയമസഭകളിലും മാത്രമായിഒതുക്കുന്നതില്‍ അര്‍ഥമില്ല.

രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാട്‌



കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസമില്‍ നിന്ന്‌ അസം യുനൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിയാവാന്‍ ആദിവാസിയായ ലക്ഷ്‌മി ഓറോണ്‍ ശ്രമിച്ചിരുന്നു. ആദിവാസികളുടെ അവകാശങ്ങള്‍ക്കായി നടന്ന ഒരു മാര്‍ച്ചില്‍ പങ്കെടുത്തതിന്‌ പരിഷ്‌കൃതരെന്ന്‌ അവകാശപ്പെടുന്ന പുരുഷപ്രജകള്‍ തെരുവില്‍ നഗ്നയാക്കി ഓടിച്ച സ്‌ത്രീയാണ്‌ ഇവര്‍. തെരുവിലൂടെ നഗ്‌നയായി ഓടേണ്ടിവന്ന സ്‌ത്രീക്ക്‌ ഉണ്ടാവാന്‍ ഇടയുള്ള മാനസിക ആഘാതം ഊഹിക്കാവുന്നതേയുള്ളൂ. ഇത്‌ മറികടന്നാണ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇവര്‍ തീരുമാനിച്ചത്‌. കോണ്‍ഗ്രസോ ബി ജെ പിയോ സി പി എമ്മോ ഇവരെ പിന്തുണച്ചില്ല. രാഷ്‌ട്രീയ ചേരി വ്യത്യസ്‌തമായതിനാല്‍ പിന്തുണക്കാതിരുന്നത്‌ മനസ്സിലാക്കാം. എന്നാല്‍ ഇവര്‍ മത്സരിക്കുന്നതു പോലും മുടക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. 




ലക്ഷ്‌മിക്ക്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കാന്‍ പ്രായമായിട്ടില്ലെന്നായിരുന്നു വരണാധികാരിക്കു മുന്നില്‍ ഉയര്‍ത്തിയ വാദം. ലക്ഷ്‌മി പത്താം ക്ലാസ്‌ പരീക്ഷ എഴുതിയ വര്‍ഷമാണ്‌ പ്രധാന തെളിവായി ചൂണ്ടിക്കാട്ടിയത്‌. അസമിലെ കുഗ്രാമത്തിലുള്ള ആദിവാസി പെണ്‍കുട്ടി ആറാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന്‌ പതിനഞ്ചാം വയസ്സില്‍ പത്താം ക്ലാസ്‌ പരീക്ഷ എഴുതുമെന്ന്‌ സ്ഥിരബുദ്ധിയുള്ളവര്‍ വിശ്വസിക്കാനിടയില്ല. എന്നിട്ടും കോണ്‍ഗ്രസിന്റെ വാദം സ്വീകരിച്ച്‌ വരണാധികാരി ലക്ഷ്‌മിയുടെ പത്രിക തള്ളി. തീര്‍ത്തും പിന്നാക്കമായ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരു യുവതിക്ക്‌ രാഷ്‌ട്രീയ പ്രക്രിയയുടെ ഭാഗമായ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവസരംപോലും നിഷേധിച്ചവര്‍ ഇപ്പോള്‍ സ്‌ത്രീ സംവരണത്തിന്‌ മുന്‍കൈ എടുക്കുന്നു.



1964ല്‍ സി പി എം നിലവില്‍ വന്നിട്ട്‌ അതിന്റെ പോളിറ്റ്‌ ബ്യൂറോയില്‍ ഒരു സ്‌ത്രീയെത്താന്‍ നാല്‍പ്പത്‌ വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു. അധഃസ്ഥിതരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയില്‍ അംഗമായ കെ ആര്‍ ഗൗരിയമ്മക്ക്‌ പോലും പോളിറ്റ്‌ ബ്യൂറോയില്‍ ഇടം ലഭിച്ചില്ല. പ്രകാശ്‌ കാരാട്ടിന്റെ ഭാര്യ, ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചതുമൂലം ദേശീയ മാധ്യമങ്ങളിലും മറ്റും കിട്ടിയ ഇടം എന്നിവ കൂടി ബൃന്ദയുടെ സ്ഥാനലബ്‌ധിക്കു പിന്നിലുണ്ടെന്ന്‌ സി പി എം നേതാക്കള്‍ പോലും സമ്മതിക്കും. നേതൃത്വത്തിലെ സ്‌ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ 




കോണ്‍ഗ്രസിന്റെ നില കുറേക്കൂടി ഭേദമാണ്‌. അതുപക്ഷെ, കഴിവിന്റെ അടിസ്ഥാനത്തിലാണെന്ന്‌ പറയാന്‍ സാധിക്കില്ല. നെഹ്‌റുവിന്റെ മകളായതു കൊണ്ട്‌ ഇന്ദിര, രാജീവ്‌ ഗാന്ധിയുടെ വിധവയായതു കൊണ്ട്‌ സോണിയ അങ്ങനെ ആരുടെയെങ്കിലുമൊക്കെ കൂട്ടു മേല്‍വിലാസത്തിലാണ്‌ എല്ലാവരും നേതൃത്വത്തിലേക്ക്‌ എത്തിയത്‌. ഇന്ത്യയിലെ ഏറ്റവും ശക്തയായ നേതാവായി എല്ലാവരും വിശേഷിപ്പിക്കുന്ന ഇന്ദിരാ ഗാന്ധിയുടെ തീരുമാനങ്ങളെപ്പോലും ധീരേന്ദ്ര ബ്രഹ്‌മചാരിയെപ്പോലുള്ളവര്‍ സ്വാധീനിച്ചിരുന്നു എന്നതു കൂടി ഓര്‍ക്കുക. നിര്‍ബന്ധിത വന്ധ്യംകരണം സഞ്‌ജയ്‌ ഗാന്ധി നടപ്പാക്കിയപ്പോള്‍ തടയാനാവാതിരുന്ന പ്രധാനമന്ത്രിയാണ്‌ അവരെന്നതും.



മറ്റു രാജ്യങ്ങളിലെ കണക്കുകള്‍



പാക്കിസ്ഥാന്‍ മുതല്‍ അര്‍ജന്റീന വരെയും ഉഗാണ്ട മുതല്‍ എറിത്രിയ വരെയുമുള്ള രാജ്യങ്ങളില്‍ വനിതാ സംവരണം നിലവിലുണ്ട്‌. എന്നിട്ടും അറുപതാണ്ടത്തെ ജനാധിപത്യ ചരിത്രമുള്ള ഇന്ത്യയില്‍ വനിതാ സംവരണമില്ലെന്ന വാദമാണ്‌ ബി ജെ പി നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്‌. വനിതാസംവരണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ അപേക്ഷിച്ച്‌ സങ്കീര്‍ണമാണ്‌ ഇന്ത്യയിലെ സാമുഹിക സ്ഥിതി എന്നത്‌ ബോധപൂര്‍വം മറച്ചുവെക്കുകയാണ്‌ ഇവിടെ. ജനസംഖ്യയുടെ 84 ശതമാനത്തോളം ക്രിസ്‌തുമതക്കാരുള്ള രാജ്യങ്ങളാണ്‌ അര്‍ജന്റീനയും ഉഗാണ്ടയും. പാക്കിസ്ഥാനും ബംഗ്ലാദേശും ഏറെക്കുറെ ഏക മത രാജ്യമാണ്‌. ഇവിടെ വനിതകള്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ ആരുടെയും അവസരങ്ങള്‍ നഷ്‌ടമാവില്ല തന്നെ. 





എന്നാല്‍ ജാതി, മത വൈവിധ്യം ഏറെയുള്ള രാജ്യത്ത്‌ സംവരണം ചില വിഭാഗങ്ങളുടെയെങ്കിലും പ്രാതിനിധ്യം കുറക്കുമെന്നുറപ്പ്‌. 33 ശതമാനം സ്‌ത്രീകള്‍ക്കും 22 ശതമാനം പട്ടികവിഭാഗങ്ങള്‍ക്കും മാറ്റിവെക്കുമ്പോള്‍ പൊതുസീറ്റുകളായുണ്ടാവുക 45 ശതമാനമായിരിക്കും. ഇതില്‍ നിന്നുവേണം 14 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്കും ദളിത്‌, പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം കിട്ടാന്‍. തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ നിലനില്‍ക്കുന്ന പണത്തിന്റെയും കായിക ശക്തിയുടെയും ആധിപത്യം കൂടി കണക്കിലെടുക്കണം. വനിതകള്‍ക്കായി സംവരണം ചെയ്യുന്ന സീറ്റുകള്‍ ഇപ്പോള്‍ ആ മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തിരുന്ന നേതാവിന്റെ ഭാര്യക്കോ മകള്‍ക്കോ ആയിരിക്കും ലഭിക്കുക എന്നത്‌ എറെക്കുറെ ഉറപ്പാണ്‌. ഇത്തരം സ്വാധീനങ്ങള്‍ ഫലിക്കാത്ത സീറ്റുകളില്‍ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള വനിതകള്‍ക്കായിരിക്കും സാധ്യത. തഴയപ്പെടുന്നത്‌ ആരൊക്കെയായിരിക്കുമെന്ന്‌ ഊഹിക്കാന്‍ പ്രയാസമില്ല.



എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ നിന്ന്‌ കടമെടുത്താല്‍ `വനിതാ സംവരണം വിപ്ലവമാണെന്ന്‌ ഘോഷിക്കാനുള്ള സമയമല്ല മന്ദാ' എന്ന്‌ പറയേണ്ടിവരും. അങ്ങനെ ഘോഷിക്കുന്നവര്‍ രാജ്യത്ത്‌ ഇപ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അരാഷ്‌ട്രീയവത്‌കരണത്തിന്‌ 33 ശതമാനം സംവരണം എത്രമാത്രം ആക്കം നല്‍കുമെന്ന്‌ ആലോചിക്കണം. ഏകമത ആധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളെ ഉദാഹരിച്ച്‌ വനിതാ സംവരണത്തെ സാധൂകരിക്കുന്ന ബി ജെ പിയുടെ നിലപാടിനെക്കുറിച്ചും ആലോചിക്കണം.

2010-03-02

മന്‍മോഹന്റെ (യു പി എയുടെ) കടല്‍


പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഉദ്‌ഘോഷിക്കുകയും ഐക്യ പുരോഗമന മുന്നണി (യുനൈറ്റഡ്‌ പ്രോഗ്രസ്സീവ്‌ അലയന്‍സ്‌- യു പി എ) നടപ്പാക്കുന്നുവെന്ന്‌ പറയുകയും ചെയ്യുന്ന വികസനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്‌. ഉപമിച്ചാല്‍ കടല്‍ പോലെ- എല്ലാം ഉള്‍ക്കൊള്ളുന്നത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷത്തേക്കായി കഴിഞ്ഞ ജൂലൈയിലും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി ഇപ്പോഴും ധനമന്ത്രി പ്രണാബ്‌ കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ബജറ്റുകളില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്‌. യു പി എ സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികളുടെ എണ്ണവും അതിനായി നീക്കിവെക്കുന്ന പതിനായിരക്കണക്കിന്‌ കോടികളുടെ കണക്കും പരിഗണിച്ചാല്‍ ഈ അവകാശവാദം ഏറെക്കുറെ ശരിയാണെന്ന്‌ തോന്നും. 




മഹാത്മാ ഗാന്ധിയുടെ പേരിട്ട ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ രണ്ട്‌ ബജറ്റുകളിലുമായി നീക്കിവെച്ചത്‌ ഏറെക്കുറെ ലക്ഷം കോടി രൂപയാണ്‌. ഗ്രാമീണ ഭവന നിര്‍മാണ പദ്ധതിയായ ഇന്ദിരാ ആവാസ്‌ യോജനക്കും ചേരി നിര്‍മാര്‍ജനത്തിനും നഗര മേഖലയിലെ ദാരിദ്ര്യം ഇല്ലാതാക്കാനും ആസൂത്രണം ചെയ്‌ത രാജീവ്‌ ആവാസ്‌ യോജനക്കുമായി പതിനായിരക്കണക്കിന്‌ കോടികള്‍ വേറെ. ആറ്‌ മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യഭ്യാസം ഉറപ്പാക്കുന്നതിനുമുണ്ട്‌ കോടികള്‍. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന്‌ മൂന്നു രൂപയോളം കൂട്ടിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നവര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന അജന്‍ഡയുടെ ഭാഗമായി നീക്കിവെക്കപ്പെട്ട സാമാന്യം വലിയ തുകയെ കാണാതെപോവുന്നത്‌ എന്തുകൊണ്ട്‌ എന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചോദിക്കുന്നത്‌.
എന്താണ്‌ ഈ നീക്കിവെപ്പിന്റെ ഉദ്ദേശ്യമെന്ന്‌ മനസ്സിലായില്ലെങ്കില്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ ചോദ്യം ശരിയാണെന്നു തോന്നിപ്പോവും. നീക്കിവെച്ചിരിക്കുന്ന കോടികളെല്ലാം ഏറെക്കുറെ നിര്‍മാണ മേഖലയയെ ലക്ഷ്യമിട്ടുള്ളതാണെന്നതാണ്‌ വസ്‌തുത. ഇന്ദിരാ ആവാസ്‌ യോജനയാണെങ്കിലും രാജീവ്‌ ആവാസ്‌ യോജനയാണെങ്കിലും ഇവയോട്‌ ചേര്‍ത്തുകെട്ടുമെന്ന്‌ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള തൊഴിലുറപ്പ്‌ പദ്ധതിയാണെങ്കിലും നിര്‍മാണ മേഖലക്കാണ്‌ ഊര്‍ജം പകരുക. 





കെട്ടിട നിര്‍മാണത്തെ തുണക്കുക എന്നാല്‍ സിമന്റ്‌, കമ്പി വ്യവസായങ്ങളെയും ഭവന വായ്‌പകളെയും പ്രോത്സാഹിപ്പിക്കുക എന്നാണ്‌ അര്‍ഥം. ഭവന വായ്‌പയെ പ്രോത്സാഹിപ്പിക്കുന്നത്‌ ധനവിപണിക്കാണ്‌ കരുത്തേകുക. മാന്ദ്യത്തിന്റെ കാലത്തുപോലും 7.5 ശതമാനം വളര്‍ച്ചാ നിരക്ക്‌ കൈവരിക്കാന്‍ ഇന്ത്യയെ സഹായിച്ച പ്രധാന മേഖല നിര്‍മാണ, ധന വിപണികളുടെ കരുത്തായിരുന്നുവെന്ന സ്ഥിതിവിവരം കൂടി അറിയണം. വ്യാവസായിക രംഗത്ത്‌ വളര്‍ച്ചയുണ്ടാക്കിയതും ഈ മേഖലകള്‍ തന്നെ. ചുരുക്കത്തില്‍ റിയല്‍ എസ്റ്റേറ്റ്‌, നിര്‍മാണ മേഖലകള്‍ക്ക്‌ കരുത്തേകുക എന്നതാണ്‌ കടല്‍ പോലുള്ള വികസന അജന്‍ഡ. 0.2 ശതമാനമെന്ന ദയനീയ നിലയിലെത്തി നില്‍ക്കുന്ന കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാന്‍ നിര്‍ദേശിക്കപ്പെടുന്നത്‌ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കലാണ്‌. 




അതായത്‌ ഉത്‌പാദന വ്യവസ്ഥയുടെ ഉടമാവകാശത്തില്‍ നിന്ന്‌ ജനകോടികളെ നീക്കി നിര്‍ത്തി അവരെ കുറഞ്ഞ കൂലിക്ക്‌ ജോലി ചെയ്യുന്ന തൊഴിലാളികളോ റിയല്‍ എസ്റ്റേറ്റ്‌ ശൃംഖലയുടെ കുടിയാന്‍മാരോ ആക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. സാമൂഹിക, സാമ്പത്തിക വികസനത്തില്‍ നിന്ന്‌ അവര്‍ ഒഴിവാക്കപ്പെടുകയായിരിക്കും ഫലം. അതായത്‌ ഇപ്പോള്‍ മുന്നോട്ടുവെക്കപ്പെട്ടിരിക്കുന്ന വികസന നയം ഉള്‍ക്കൊള്ളുകയല്ല, പുറന്തള്ളുകയാണ്‌ ചെയ്യുന്നത്‌ എന്നര്‍ഥം.



കേരളത്തില്‍ അര നൂറ്റാണ്ടിലേറെ മുമ്പ്‌ ആരംഭിച്ച ഭൂപരിഷ്‌കരണത്തെക്കുറിച്ച്‌ പിന്നീടുയര്‍ന്ന വിമര്‍ശം ഇവിടെ പ്രസക്തമാണ്‌. കുടിയാന്‍മാരും കര്‍ഷക തൊഴിലാളികളുമായിരുന്ന പിന്നാക്ക ദളിത്‌ വിഭാഗങ്ങളില്‍ ഭൂരിപക്ഷത്തിനും പരിഷ്‌കരണത്തിലൂടെ ലഭിച്ചത്‌ അഞ്ച്‌ സെന്റ്‌ ഭൂമിയോ ലക്ഷംവീട്‌ കോളനിയില്‍ വീടോ മാത്രമായിരുന്നു. ഉചിതമായ ഉപജീവനമാര്‍ഗം കണ്ടെത്തി വരും തലമുറക്കെങ്കിലും സാമൂഹിക, സാമ്പത്തിക മേല്‍ഗതി ഉണ്ടാക്കിക്കൊടുക്കാന്‍ പാകത്തില്‍ ഭൂമി ലഭിച്ചില്ല. സാമൂഹികമായ പിന്നാക്കാവസ്ഥ തുടര്‍ന്നു. ഇതിലും ഭീകരമാണ്‌ പേരിനെങ്കിലും ഭൂപരിഷ്‌കരണം നടക്കാത്ത രാജ്യത്തെ മറ്റ്‌ ഭാഗങ്ങളിലെ സ്ഥിതി. അവരെ ലക്ഷ്യമിട്ടാണ്‌ തൊഴിലുറപ്പ്‌ പോലുള്ള പദ്ധതികള്‍ വരുന്നത്‌. നിലവില്‍ വര്‍ഷത്തില്‍ നൂറു ദിവസം ജോലിയും കൂലിയും ഉറപ്പുണ്ട്‌ എന്നത്‌ ആശ്വാസമാണെങ്കിലും ദീര്‍ഘകാലത്തില്‍ ഇവരെ കൂടുതല്‍ കൂടുതല്‍ സാമൂഹികമായും സാമ്പത്തികമായും പുറന്തള്ളാന്‍ മാത്രമേ പദ്ധതി ഉപകരിക്കൂ. നഗരങ്ങളില്‍ നിന്ന്‌ ചേരികള്‍ ഒഴിവാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നവര്‍ ഗ്രാമങ്ങളില്‍ പുതിയ ചേരികള്‍ സൃഷ്‌ടിക്കുകയാണ്‌ ചെയ്യുന്നത്‌.



നിര്‍മാണ മേഖലയെ കേന്ദ്ര ബിന്ദുവാക്കിക്കൊണ്ടുള്ള വികസന പദ്ധതികള്‍ എന്തായിരിക്കും ഭാവിയില്‍ സമ്മാനിക്കുക എന്നറിയണമെങ്കില്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയെ മാത്രം വിലയിരുത്തിയാല്‍ മതിയാവും. തകര്‍ച്ച തുടങ്ങുന്നത്‌ ഭവന വായ്‌പാ രംഗത്ത്‌ ബേങ്കുകള്‍ക്കുണ്ടായ പ്രതിസന്ധിയില്‍ നിന്നാണ്‌. വായ്‌പാ തിരിച്ചടവുകള്‍ മുടങ്ങി കിട്ടാക്കടം പെരുകിയതോടെ ബേങ്കുകളുടെ അടിത്തറ തകര്‍ന്നു. പുതിയ വായ്‌പകള്‍ നല്‍കാന്‍ ബേങ്കുകള്‍ തയ്യാറാവാതെ വന്നതോടെ റിയല്‍ എസ്റ്റേറ്റ്‌ വ്യവസായം തളര്‍ന്നു. വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വില ഇടിഞ്ഞു. നിര്‍മാണം സ്‌തംഭിച്ചു. 75 ഡോളറിന്‌ അമേരിക്കയില്‍ വീട്‌ കിട്ടുമെന്ന തമാശ കേരളത്തില്‍ വ്യാപിച്ചത്‌ ഈ സാഹചര്യത്തിലാണ്‌. വില ഇടിയുകയും നിര്‍മാണം സ്‌തംഭിക്കുകയും ചെയ്‌തതോടെ ഇതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലെല്ലാം തകര്‍ച്ചയുണ്ടായി. ധന വിപണി രോഗഗ്രസ്‌തമായി. വൈകാതെ വാഹന വിപണി ആകെ ഉലഞ്ഞു. സമൂലമായ തകര്‍ച്ച. അമേരിക്കന്‍ ധനവിപണിയെ ആശ്രയിച്ചു നിന്നിരുന്ന സമ്പദ്‌ വ്യവസ്ഥകളിലേക്കെല്ലാം പ്രതിസന്ധി പടര്‍ന്നു. ഈ പ്രതിസന്ധിക്ക്‌ നിദാനമായ വികസന നയമാണ്‌ ഇപ്പോള്‍ ഇന്ത്യ പിന്തുടരുന്നത്‌. 




ഭൂമി വേണ്ടത്ര ലഭ്യമാണെന്നതും മാനവവിഭവശേഷിയിലുള്ള കരുത്തും ഇന്ത്യന്‍ ധനവിപണിയെ തത്‌കാലത്തേക്ക്‌ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടില്ല. പക്ഷേ, അടിസ്ഥാനമായ കാര്‍ഷിക മേഖലക്ക്‌ പ്രാമുഖ്യം നല്‍കാതിരിക്കുകയോ അതിനെ അമിതമായ സ്വകാര്യവത്‌കരണത്തിന്‌ വിധേയമാക്കുകയോ ചെയ്യുമ്പോള്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗം പ്രതിസന്ധിയിലേക്ക്‌ തള്ളപ്പെടും. വളര്‍ച്ചാ നിരക്ക്‌ ഒമ്പതിലോ രണ്ടക്ക സംഖ്യയിലോ എത്തിയേക്കാം. എന്നാല്‍ അതിലും എത്രയോ വലുതായിരിക്കും ദരിദ്രരാക്കപ്പെടുകയോ സാമൂഹികമായ അപകര്‍ഷതാബോധത്തിന്‌ അടിപ്പെടുകയോ ചെയ്യുന്ന ജനങ്ങളുടെ എണ്ണം. ഇവരുടെ അസംതൃപ്‌തി സൃഷ്‌ടിക്കാനിടയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ വേറെയുമുണ്ടാവും. ഇടതു തീവ്രവാദമെന്നോ മാവോയിസ്റ്റ്‌ ഭീകരയെന്നോ ഒക്കെ പേരിട്ട്‌ ഇപ്പോള്‍ തന്നെ നാം ഇതിനെ അഭിസംബോധന ചെയ്യുന്നുണ്ട്‌, അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്‌.



ഈ വിഭാഗങ്ങളെ പുറംതള്ളാന്‍ തന്നെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌ എന്നത്‌ വ്യക്തമാവണമെങ്കില്‍ ആദായ നികുതിയില്‍ ധനമന്ത്രി അനുവദിച്ച ഇളവ്‌ പരിശോധിച്ചാല്‍ മാത്രം മതിയാവും. പ്രതിവര്‍ഷം അഞ്ച്‌ ലക്ഷം വരെ വരുമാനമുള്ളവര്‍ നല്‍കേണ്ട നികുതി പത്ത്‌ ശതമാനമാക്കി നിജപ്പെടുത്തി. മാസം 40,000 രൂപ വരുമാനമുണ്ടെങ്കില്‍ വാര്‍ഷിക വരുമാനം 4,80,000 ആകും. ഇതില്‍ 1.6 ലക്ഷം വരെ നികുതിയില്ല. വിവിധ നിക്ഷേപങ്ങളിലൂടെ ഒരു ലക്ഷം രൂപ നികുതിയില്‍ നിന്ന്‌ ഒഴിവാക്കിയെടുക്കാം. 2,20,000 രൂപക്ക്‌ മാത്രമാണ്‌ പത്ത്‌ ശതമാനം നികുതി നല്‍കേണ്ടത്‌. ഇതില്‍ തന്നെ ദീര്‍ഘകാല സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപം നടത്തിയാല്‍ പിന്നെയും ഇളവ്‌ ലഭിക്കും. ഭവന നിര്‍മാണ വായ്‌പയുണ്ടെങ്കില്‍ പിന്നെയും ഇളവുണ്ട്‌. എല്ലാം കഴിഞ്ഞാല്‍ നികുതിയായി അടക്കേണ്ടിവരുന്ന തുക തുലോം കുറവായിരിക്കും. 




ചുരുക്കത്തില്‍ ഇടത്തരക്കാര്‍ക്കു വേണ്ടിപ്പോലുമല്ല, ഇടത്തരക്കാരില്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെയാണ്‌ ധനമന്ത്രി ലക്ഷ്യമിടുന്നത്‌. അവരുടെ പക്കല്‍ പണമുണ്ടെങ്കിലേ എല്ലാത്തരം വിപണികളിലേക്കും പണമൊഴുകൂ. അത്തരത്തില്‍ പണമൊഴുക്കുന്നവരുണ്ടെങ്കിലേ വ്യാപാരത്തില്‍ അധിഷ്‌ഠിതമായ വളര്‍ച്ചാനിരക്ക്‌ കൈവരിക്കാനാവൂ. അല്ലാത്തവര്‍ക്ക്‌ വലിയ തെരുവിന്റെ പാര്‍ശ്വങ്ങളില്‍ നിന്ന്‌ കാഴ്‌ചകള്‍ കാണാം. ബാക്കിയുള്ളവര്‍ക്ക്‌ പട്ടിണിയൊഴിവാകാന്‍ വര്‍ഷത്തില്‍ നൂറ്‌ ദിനം തൊഴിലും കുറഞ്ഞ കൂലിയും ലഭിക്കും. നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ തയ്യാറാവുന്ന യുനീഖ്‌ ഐഡന്റിന്റി നമ്പറനുസരിച്ച്‌ ദാരിദ്ര്യരേഖക്ക്‌ താഴെയാണെങ്കില്‍ ഭാവിയില്‍ ഭക്ഷ്യ കൂപ്പണും ലഭിക്കും. ഈ കൂപ്പണ്‍ കൊടുത്താല്‍ ഏതു കടയില്‍ നിന്നും സാധനങ്ങള്‍ ലഭിക്കും. യഥാര്‍ഥ വില കൊടുത്ത്‌ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കൊപ്പം സ്ഥാനമുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കരുത്‌. നിങ്ങള്‍ക്ക്‌ പ്രത്യേകം ക്യൂ ഉണ്ടാവും. നിങ്ങള്‍ക്കായുള്ള സാധനങ്ങള്‍ പ്രത്യേകമായി നിരത്തിയിരിക്കുന്ന ഇടങ്ങളുമുണ്ടാവും.



പുതിയ ജന്മി കുടിയാന്‍ സമ്പ്രദായം മാത്രമല്ല, പുതിയ ജാതി വ്യവസ്ഥ കൂടിയാണ്‌ നിശ്ചയിക്കപ്പെടുന്നത്‌. ഫുഡ്‌ കൂപ്പണുമായെത്തുന്നവന്‍ അയിത്തക്കാരനാവുന്ന സ്ഥിതി. എല്ലാം ഉള്‍ക്കൊള്ളുകയല്ല ഇവിടെ ചെയ്യുന്നത്‌. ചിലതൊക്കെ തിരഞ്ഞുമാറ്റാന്‍ അടിസ്ഥാനമിടുകയാണ്‌. ഈ തിരഞ്ഞുമാറ്റലിന്റെ നടപടിക്രമങ്ങള്‍ എല്ലാ നയപരിപാടികളിലുമുണ്ട്‌; ദാരിദ്ര്യരേഖ നിര്‍ണയിച്ചപ്പോഴുണ്ടായിരുന്നു, പിന്നീട്‌ അതിന്റെ മാനദണ്ഡങ്ങള്‍ മാറ്റി നിശ്ചയിച്ചപ്പോഴുണ്ടായിരുന്നു, ഇപ്പോള്‍ റെയില്‍വേ ബജറ്റില്‍ സ്വകാര്യ സംയുക്ത സംരംഭമായി റെയില്‍പാത നിര്‍മിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോഴും അതുണ്ട്‌. ഉള്‍ക്കൊള്ളുന്ന വികസനമെന്ന ആശയത്തിന്റെ ഭാഗമായി നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്‌. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌, കസ്റ്റംസ്‌ ഡ്യൂട്ടികള്‍ വര്‍ധിപ്പിച്ചത്‌ ഈ തിരിച്ചെടുക്കലിന്റെ ഭാഗമാണ്‌. പെട്രോളിയം ഉത്‌പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള നയം തീരുമാനിക്കാന്‍ നിയോഗിച്ച കിരിത്‌ പരീഖ്‌ കമ്മിറ്റിയുടെ ശിപാര്‍ശ ശ്രദ്ധിച്ചാല്‍ ഇത്‌ വ്യക്തമാണ്‌- ഗ്രാമീണ മേഖലയിലുള്ളവരുടെ വരുമാനം വര്‍ധിച്ചിട്ടുണ്ട്‌, അതുകൊണ്ടുതന്നെ അന്താരാഷ്‌ട്ര വിപണി വിലക്കനുസരിച്ച്‌ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ മടിക്കേണ്ടതില്ല.