2010-05-27

എന്തിനോടാണ്‌ സോളിഡാരിറ്റിതദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ്‌ ഒരു വര്‍ഷത്തിനിടെ നടക്കാനിരിക്കെ പതിവിലും നേരത്തെ രാഷ്‌ട്രീയ കരുനീക്കങ്ങള്‍ സജീവമാകുന്ന കാഴ്‌ചയാണ്‌ സംസ്ഥാനത്ത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയം നേരത്തെ കച്ച മുറുക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നുണ്ടാവണം. കേരള കോണ്‍ഗ്രസ്‌(ജോസഫ്‌) പൊടുന്നനെ മുന്നണി വിട്ടതും അഞ്ച്‌ വര്‍ഷം കൂടുമ്പോള്‍ മുന്നണിയെ മാറ്റിപ്പരീക്ഷിക്കുക എന്ന കേരളത്തിലെ പതിവ്‌ ആവര്‍ത്തിക്കുമെന്ന പ്രചാരണവും ഈ തയ്യാറെടുപ്പിന്‌ മറ്റൊരു പ്രേരണയാണ്‌. അഞ്ചാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിയതും ഇനി നടപ്പാക്കാന്‍ പോകുന്നതുമായ പദ്ധതികള്‍ വിശദീകരിച്ച്‌ വ്യാപകമായി പരസ്യം ചെയ്യുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. 
ഒഴിവാക്കാമായിരുന്ന വിവാദങ്ങളും ഭൂമി ഏറ്റെടുക്കല്‍ പോലുള്ള കാര്യങ്ങളില്‍ കാട്ടിയ അനാവശ്യ തിടുക്കവും മറ്റും നീക്കിനിര്‍ത്തിയാല്‍ വി എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാറിനെ ഭേദപ്പെട്ടത്‌ എന്ന്‌ തന്നെ വിലയിരുത്തേണ്ടി വരും. പക്ഷേ, ഭരണത്തിന്റെ മികവിനേക്കാള്‍ ഉപരി തിരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിക്കാവുന്ന അടിയൊഴുക്കുകള്‍ ഇവിടെയുണ്ടാവാറുണ്ട്‌. അത്തരം അടിയൊഴുക്കുകള്‍ക്ക്‌ നേരത്തെ അരങ്ങൊരുങ്ങുന്നുവെന്നതാണ്‌ ഇക്കുറിയുള്ള പ്രത്യേകത.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ഡി പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി മുതല്‍ ബി ജെ പി വിട്ടിറങ്ങിയ കെ രാമന്‍ പിള്ള വരെയുള്ളവരെ നിരത്തി സി പി എം നടത്തിയ പരീക്ഷണം അമ്പേ പാളിയിരുന്നു. തിരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ കാരണം മഅ്‌ദനിയായിരുന്നുവെന്ന്‌ വിളിച്ചുപറയാനുള്ള മര്യാദകേട്‌ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കാട്ടിയില്ല എന്നേയുള്ളൂ. പി ഡി പിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പ്രതിപക്ഷം നടത്തിയ പ്രചാരണങ്ങള്‍ ബഹുജനങ്ങളുടെ മനസ്സില്‍ അനാവശ്യ സംശയങ്ങള്‍ക്ക്‌ വഴിവെച്ചുവെന്നും അത്‌ മറികടക്കും വിധത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇടതു മുന്നണിക്ക്‌ സാധിച്ചില്ല എന്നുമായിരുന്നു സി പി എമ്മിന്റെ വിലയിരുത്തല്‍. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കൊപ്പം നിലയുറപ്പിച്ച ക്രിസ്‌ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ ഒപ്പമില്ല എന്ന്‌ സി പി എം നേതൃത്വം തിരിച്ചറിയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായത്‌ അതാണ്‌. അപ്പോള്‍ പിന്നെ ഇപ്പോഴും ഒപ്പം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ പിണക്കാതെ മറ്റ്‌ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുക എന്നതാണ്‌ പിണറായി വിജയന്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്ന തന്ത്രം.ഈ തന്ത്രത്തിന്‌ അടിത്തറയിടുന്നത്‌ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം മാണി ഗ്രൂപ്പില്‍ ലയിക്കാന്‍ തീരുമാനിക്കുന്നതോടെയാണ്‌. ഇടതു മുന്നണിയില്‍ പ്രത്യേകിച്ചൊരു പ്രശ്‌നം അഭിമുഖീകരിക്കാതിരിക്കെ പി ജെ ജോസഫ്‌ എന്തുകൊണ്ട്‌ മാണിയില്‍ ലയിക്കാന്‍ തീരുമാനിച്ചു? ഈ ചോദ്യത്തിന്‌ അണിയറയില്‍ ചരടുവലികള്‍ നടന്നുവെന്ന ഉത്തരമാണ്‌ ലഭിക്കുക. ആ ചരടുവലിയില്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തിന്‌ പങ്കുണ്ട്‌ എന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. ഇത്‌ സി പി എമ്മിന്‌ മാത്രമല്ല കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമൊക്കെ ബോധ്യമുണ്ട്‌. ഈ ചരടുവലിയില്‍ നിലവിലുള്ള സമവാക്യങ്ങളൊക്കെ മാറാം. ഓരോ പാര്‍ട്ടിയുടെയും നിയമസഭാ സീറ്റുകളുടെ എണ്ണം മാറാം. മന്ത്രി സ്ഥാനങ്ങള്‍ മാറാം. അത്തരം മാറ്റങ്ങള്‍ നഷ്‌ടങ്ങള്‍ സൃഷ്‌ടിച്ചേക്കാം. അതിന്‌ തടയിടണമെങ്കില്‍ ഇപ്പോഴേ തുടങ്ങേണ്ടതുണ്ട്‌. ആ തുടക്കത്തിന്റെ അലയിളക്കങ്ങളാണ്‌ കാണുന്നതെല്ലാം. എന്‍ എസ്‌ എസ്‌ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന മാന്യമായ നിലപാട്‌ കണക്കിലെടുക്കണമെന്നും എസ്‌ എന്‍ ഡി പി യോഗത്തിന്റെ അണികളുമായി നല്ല ബന്ധം നിലനിര്‍ത്തണമെന്നുമൊക്കെയുള്ള പിണറായി വിജയന്റെ ഉപദേശം അതാണ്‌. ജമാഅത്തെ ഇസ്‌ലാമിയുമായി പൊടുന്നനെ ചര്‍ച്ചക്കൊരുങ്ങിപ്പുറപ്പെടാന്‍ മുസ്‌ലിം ലീഗ്‌ തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല.മാണി - ജോസഫ്‌ ലയനത്തിന്‌ ശേഷമുള്ള ആദ്യത്തെ രാഷ്‌ട്രീയ ബലാബലം തദ്ദേശഭരണ തിരഞ്ഞെടുപ്പാണ്‌. അതില്‍ സ്വന്തം നില ഭദ്രമാക്കാനായില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിലപേശല്‍ ശേഷി കുറയുമെന്ന്‌ മുസ്‌ലിം ലീഗ്‌ കണക്ക്‌ കൂട്ടുന്നു. രാഷ്‌ട്രീയ പാര്‍ട്ടിയുമായി രംഗത്തെത്താന്‍ വെമ്പി നില്‍ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ മനസ്സിലിരുപ്പ്‌ അറിയേണ്ടത്‌ ഇവിടെ ലീഗിന്‌ പ്രധാനമായി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ മാത്രം വോട്ട്‌ ജമാഅത്തെ ഇസ്‌ലാമിക്കില്ല. നിയമസഭയാണെങ്കില്‍ ഒത്തുപിടിച്ചാല്‍ ചില മണ്ഡലങ്ങളിലെങ്കിലും ഫലത്തെ സ്വാധീനിക്കും വിധത്തില്‍ ജമാഅത്തെ ഇസ്‌ലാമി മാറിയേക്കാം. പത്തും പതിനഞ്ചും വോട്ടുകള്‍ വരെ നിര്‍ണായകമാവുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പാവുമ്പോള്‍ സ്ഥിതി വ്യത്യസ്‌തമാണ്‌. പലേടത്തെയും അത്താഴം മുടക്കാന്‍ അവര്‍ക്ക്‌ സാധിക്കുമെന്ന്‌ ലീഗിന്‌ അറിയാം. 
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വേണ്ടത്ര മികവ്‌ കാട്ടാന്‍ സാധിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പെത്തുമ്പോള്‍ മുന്നണിയിലെ രണ്ടാം സ്ഥാനത്തിന്‌ ഇളക്കമുണ്ടായാലോ? ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്‌ട്രീയ ചര്‍ച്ചക്ക്‌ മുസ്‌ലിം ലീഗ്‌ തീരുമാനിച്ചതിന്റെ സാഹചര്യം ഇതാണ്‌. മധ്യ തിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസ്‌ മാണി, ജോസഫ്‌ സംയുക്തത്തിന്‌ പിറകില്‍ സഭ അടിയുറച്ചുനില്‍ക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട്‌ മലബാറില്‍ സാമുദായിക അടിത്തറ ഉറപ്പിക്കുക എന്നതും ലക്ഷ്യമായിരുന്നു. അല്ലാതെ മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ പറയുന്നതു പോലെ ജമാഅത്തുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്ന്‌ അവരെ വിളിച്ചുവരുത്തി മുഖത്തു നോക്കി പറയാന്‍ വേണ്ടിയൊന്നുമല്ല ചര്‍ച്ച നടത്തിയത്‌.സോളിഡാരിറ്റി എന്ന യുവജന സംഘടനയുണ്ടാക്കിയ കാലം മുതല്‍ രാഷ്‌ട്രീയ അരങ്ങേറ്റത്തിന്‌ തക്കം പാര്‍ത്ത്‌ കഴിയുകയാണ്‌ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി ഘടകം. ഇടക്കാലത്ത്‌ രാഷ്‌ട്രീയ പ്രവേശം പ്രഖ്യാപിച്ച്‌ എറണാകുളത്ത്‌ വലിയ സമ്മേളനം വിളിച്ചുചേര്‍ത്തുവെങ്കിലും അഖിലേന്ത്യാ നേതൃത്വം വഴിമുടക്കുകയായിരുന്നു. പൂതിയ സാഹചര്യത്തില്‍ രാഷ്‌ട്രീയ പ്രവേശത്തിനുള്ള സമയം വര്‍ധിച്ചുവെന്ന വിലയിരുത്തലാണ്‌ സോളിഡാരിറ്റി നേതൃത്വവും അതിന്റെ ഇംഗിതങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ജമാഅത്തിന്റെ നിലവിലുള്ള നേതൃത്വവും കരുതുന്നത്‌. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ചില വാര്‍ഡുകളില്‍ സ്വതന്ത്രരായി സോളിഡാരിറ്റി പ്രവര്‍ത്തകരും നേതാക്കളും മത്സരിച്ചിരുന്നു. ഇക്കുറി രാഷ്‌ട്രീയ സംഘടനയുടെ ബാനറില്‍ തന്നെ മത്സരിക്കണമെന്നതാണ്‌ അവരുടെ ആവശ്യം. അതുണ്ടാവുമോ ഇല്ലയോ എന്നതാണ്‌ അറിയാനുള്ളത്‌. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സീറ്റുകളില്‍ അമ്പത്‌ ശതമാനം വനിതാ സംവരണമാക്കിയിട്ടുണ്ട്‌. ഇതും ജമാഅത്തെ ഇസ്‌ലാമിക്കും സോളിഡാരിറ്റിക്കും അനുകൂല ഘടകമാണ്‌. 
മുസ്‌ലിം ലീഗിന്‌ ലഭിക്കുന്ന വനിതാ സംവരണ സീറ്റുകളിലേക്കെല്ലാം സ്ഥാനാര്‍ഥികളെ കണ്ടെത്തുക ആ പാര്‍ട്ടിക്ക്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമാവും. കുറ്റിപ്പുറത്ത്‌ വനിതാ വിഭാഗത്തിന്റെ സമ്മേളനം നടത്തി തലയെടുപ്പോടെ നില്‍ക്കുന്ന ജമാഅത്തിന്റെ സഹായം ചിലപ്പോള്‍ ലീഗിന്‌ ആവശ്യമായി വന്നേക്കും. ജമാഅത്ത്‌ ഒരു രാഷ്‌ട്രീയ സംഘടനയുമായി രംഗത്തുവന്നാല്‍ അവരുമായി യാതൊരു ബന്ധവും ലീഗിനുണ്ടാവില്ല എന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ച്‌ പറഞ്ഞതിന്‌ പൊരുളുണ്ടാവാതെ വരില്ലല്ലോ!
മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിന്റെ വക്താക്കളെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ജമാഅത്താവട്ടെ തലതൊട്ടപ്പനായ മൗലാന അബുല്‍ അഅ്‌ല മൗദൂദിയെ വരെ തള്ളിപ്പറയാന്‍ സന്നദ്ധമായി നില്‍ക്കുന്നു. ബന്ധം അവസാനിപ്പിച്ചെന്ന മുസ്‌ലിം ലീഗിന്റെ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ലെന്നും ഇതിന്‌ മുമ്പ്‌ പലതവണ ബന്ധം അവസാനിപ്പിച്ചിട്ടുണ്ടെന്നും വിശദീകരിക്കുന്നു. പുതിയ ബന്ധത്തിന്‌ തടസ്സമൊന്നുമില്ലെന്ന്‌ പരോക്ഷമായെങ്കിലും സൂചിപ്പിക്കുന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്‌ പൊരുളുണ്ടെന്ന്‌ തന്നെയാണ്‌ ഈ വാക്കുകളും സൂചിപ്പിക്കുന്നത്‌. 

പക്ഷേ, ഇവിടെ ജമാഅത്തിന്‌ കുറേ കാര്യങ്ങളില്‍ കൂടി വിശദീകരണം നല്‍കേണ്ടിവരും. മൗദൂദിയെ തള്ളുകയും കൊള്ളുകയും ചെയ്യുക എന്നത്‌ അവരുടെ കാര്യമെന്ന്‌ പറഞ്ഞ്‌ സമാധാനിക്കാം. പക്ഷേ, പൊതുസമൂഹം അഭിമുഖീകരിക്കുന്ന രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ ജമാഅത്ത്‌ പിന്തുടരുന്നു എന്ന്‌ പറയുന്ന നിലപാടുകള്‍ മാറിയോ എന്നത്‌ പ്രശ്‌നമാണ്‌. ബാബരി മസ്‌ജിദ്‌ തകര്‍ത്തതിനെക്കുറിച്ച്‌ അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ 17 വര്‍ഷത്തിനു ശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചപ്പോഴെങ്കിലും പി വി നരസിംഹറാവുവിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്‌ തയ്യാറായി. ഇന്നോളം അതിനുപോലും തയ്യാറാവാത്ത പാര്‍ട്ടിയാണ്‌ മുസ്‌ലിം ലീഗ്‌. അമേരിക്കയുമായുണ്ടാക്കിയ ആണവ സഹകരണ കരാര്‍, ഇസ്‌റാഈലുമായുള്ള ആയുധ ഇടപാട്‌ തുടങ്ങിയ കാര്യങ്ങളിലൊക്കെ ഡോ. മന്‍മോഹന്‍ സിംഗിന്‌ ഓശാന പാടുന്നവരുമാണ്‌. 
റിലയന്‍സ്‌ ഔട്ട്‌ലെറ്റുകള്‍ക്കെതിരെ സോളിഡാരിറ്റിക്കാര്‍ സമരം നടത്തുമ്പോള്‍ ആഭ്യന്തര കുത്തകകള്‍ക്കൊപ്പം ബഹുരാഷ്‌ട്ര കുത്തകകളെക്കൂടി ചില്ലറ വില്‍പ്പന മേഖലയിലേക്ക്‌ കൊണ്ടുവരാന്‍ നടക്കുന്ന ആലോചനകളെ പിന്തുണക്കുന്നവരാണ്‌. ഏറ്റുമുട്ടലുകളെന്ന പേരില്‍ നിരവധി പേരെ പോലീസുകാര്‍ കൊന്നിട്ടപ്പോള്‍, എ ഐ സി സി സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗിന്‌ തോന്നിയ വികാരം പോലും ഉണ്ടാകാത്തവരാണ്‌. പ്രഖ്യാപിത നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ വൈരുധ്യങ്ങളുടെ പട്ടിക ഇനിയും നീളും. മുസ്‌ലിം ലീഗുമായി രാഷ്‌ട്രീയ ചര്‍ച്ചക്ക്‌ ഒരുമ്പെട്ടിറങ്ങിയവര്‍, അത്‌ അവര്‍ വിളിച്ചിട്ട്‌ പോയതാണെങ്കില്‍ കൂടി, ഇത്തരം കാര്യങ്ങളിലെ നിലപാടുകള്‍ കൂടി ഭാവിയില്‍ പറഞ്ഞുതരേണ്ടതായി വരും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ രഹസ്യ ധാരണയുണ്ടാക്കിയാലും ഇതെല്ലാം വേട്ടയാടാനുണ്ടാവുകയും ചെയ്യും.ഇവിടെ നിന്നാണ്‌ സഖാവ്‌ പിണറായി വിജയന്റെ രാഷ്‌ട്രീയ തന്ത്രം തുടങ്ങുക. കളമശ്ശേരി ബസ്‌ കത്തിക്കലെന്ന മുന്‍ മാതൃകകളില്ലാത്ത `അതിഭീകര' കൃത്യം നടത്തിയ കേസില്‍ സൂഫിയാ മഅ്‌ദനി പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ സഖ്യത്തിന്റെ പ്രേതം അടുത്ത തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെയും മുന്നണിയെയും വേട്ടയാടുമെന്ന്‌ പിണറായി വിജയന്‌ നന്നായി അറിയാം. അതിലും വലിയൊരു ഭൂതത്തെ കുടത്തില്‍ നിന്ന്‌ തുറന്നുവിടാതെ പി ഡി പിയുടെ അപഹാരം ഒഴിവാകില്ലെന്നും. അപ്പോഴാണ്‌ ലീഗ്‌ - ജമാഅത്ത്‌ നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയത്‌. തുറന്നുകിട്ടിയ പഴുത്‌ ഉപയോഗിക്കാതിരിക്കാന്‍ മാത്രം വിഡ്‌ഢിയല്ല സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി. ജമാഅത്തിനും എന്‍ ഡി എഫിനും (ഇപ്പോള്‍ എസ്‌ ഡി പി ഐ) എതിരെ ആഞ്ഞടിച്ചു. സി പി എമ്മിന്റെ മറ്റു നേതാക്കള്‍ ലഭ്യമായ അവസരങ്ങളിലൊക്കെ ഇത്‌ ഏറ്റുപിടിച്ചു. മഅ്‌ദനിയുടെ സാന്നിധ്യം മൂലം അകന്നുവെന്ന്‌ വിലയിരുത്തപ്പെടുന്ന ഭൂരിപക്ഷ സമുദായത്തെ ഒപ്പം കൂട്ടാന്‍ ഇത്‌ ഉപകാരപ്പെട്ടേക്കുമെന്നുതന്നെയാണ്‌ അവര്‍ കണക്കുകൂട്ടുന്നത്‌. 
1987ല്‍ ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സാമുദായിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെ അധികാരത്തില്‍ വന്നതിന്റെ ഓര്‍മകള്‍ അവര്‍ക്കുണ്ടാവാതിരിക്കില്ല. അന്ന്‌ ലീഗും സമസ്‌ത കേരള കോണ്‍ഗ്രസുകളും എന്‍ ഡി പിയും ഒക്കെ അണിനിരന്ന, കെ കരുണാകരനെന്ന തന്ത്രശാലി നേതൃത്വം നല്‍കിയ യു ഡി എഫിനെയാണ്‌ തറപറ്റിച്ചത്‌. വര്‍ഗീയത തൊട്ടുതീണ്ടാത്ത മുന്നണിയെന്നായിരുന്നു അന്ന്‌ എല്‍ ഡി എഫിനെ ഇ എം എസ്‌ വിശേഷിപ്പിച്ചത്‌. എന്നാല്‍ അത്‌ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന്‌ പില്‍ക്കാലത്ത്‌ വിലയിരുത്തലുണ്ടായി. എങ്കിലും തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ വിജയം കാണാന്‍ അന്ന്‌ ഇ എം എസിന്‌ സാധിച്ചു. അത്തരം ഓര്‍മകള്‍ ഉള്ളതുകൊണ്ടാവണം നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്ര എളുപ്പമല്ലെങ്കിലും എല്‍ ഡി എഫ്‌ തിരിച്ചുവരുമെന്ന്‌ പിണറായി വിജയന്‍ അടുത്തു നടന്ന മീറ്റ്‌ ദി പ്രസ്സില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്‌. സെമി ഫൈനല്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പാണ്‌. അടവുകളും തന്ത്രങ്ങളും അതിനു ശേഷമേ മൂര്‍ത്തമായി രംഗത്തുവരൂ.

2010-05-26

ബാലകൃഷ്‌ണന്റെ കോളക്കണ്ണീര്‍അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം സക്കറിയക്കെന്നതുപോലെ ടി ബാലകൃഷ്‌ണനുമുണ്ട്‌. പക്ഷേ, വ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന സര്‍ക്കാറിന്റെ നയരൂപവത്‌കരണവുമായി ബന്ധപ്പെട്ട നിര്‍ണായക സ്ഥാനത്ത്‌ ഇരിക്കവെ പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ക്ക്‌ ഒന്നിലധികം വ്യാഖ്യാനങ്ങളുണ്ടാവുക സ്വാഭാവികം. കോഴിക്കോട്ട്‌ വ്യവസായികളുമായി നടത്തിയ ആശയ വിനിമയത്തിനിടെ പ്ലാച്ചിമടയിലെ കൊക്ക കോളയുടെ കമ്പനി പൂട്ടിപ്പോയതില്‍ തനിക്കുള്ള അഗാധമായ ദുഃഖം ടി ബാലകൃഷ്‌ണന്‍ മറയില്ലാതെ രേഖപ്പെടുത്തിയതിനെക്കുറിച്ച്‌ ഭിന്നാഭിപ്രായങ്ങളുയര്‍ന്നത്‌ അതുകൊണ്ടാണ്‌. 
സംസാരിക്കുന്നത്‌ വ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്‌. സംസ്ഥാനത്ത്‌ വ്യവസായ വികസനം സാധ്യമാക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതി ഉറപ്പ്‌ വരുത്തുകയും വേണ്ട, ഭാരിച്ച ചുമതല വഹിക്കുന്നവരില്‍ ഒരാളാണ്‌ അദ്ദേഹം. സംസാരിക്കുന്നത്‌ വ്യവസായികളോടാണ്‌. പണമിറക്കാന്‍ അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്തുണ്ടോ, ഇറക്കുന്ന പണം ലാഭത്തോടെ തിരിച്ചുപിടിക്കാന്‍ സഹായകമായ അന്തരീക്ഷം സൃഷ്‌ടിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ തുടങ്ങിയ കാര്യങ്ങളാണ്‌ വ്യവസായികള്‍ക്ക്‌ അറിയേണ്ടത്‌. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ കോളക്കമ്പനി പൂട്ടിപ്പോയതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നത്‌ വേണമെങ്കില്‍ ഒരു തന്ത്രമായി വ്യാഖ്യാനിക്കാം. സംസ്ഥാന സര്‍ക്കാര്‍ വ്യവസായങ്ങളുടെ കാര്യത്തില്‍ ഏറെ ഉത്‌കണ്‌ഠാകുലമാണെന്ന്‌ തെളിയിക്കാനുള്ള തന്ത്രം. പക്ഷേ, ഇത്തരം തന്ത്രം ആശാസ്യമാണോ എന്നതാണ്‌ പ്രശ്‌നം. അല്ലെങ്കില്‍ ഇത്തരം തന്ത്രം ജനങ്ങളെ സംബന്ധിച്ച്‌ പ്രതികൂലമായ സന്ദേശങ്ങളെന്തെങ്കിലും നല്‍കുന്നുണ്ടോ എന്നതും.പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി കാരണങ്ങളൊന്നുമില്ലാതെ പൂട്ടിപ്പോയതല്ല. ഭൂഗര്‍ഭ ജലം അമിതമായി ചൂഷണം ചെയ്യുകയും കോളയുടെ നിര്‍മാണത്തിന്റെ ബാക്കിയായ നിക്കല്‍, കാഡ്‌മിയം തുടങ്ങി മാരക രാസവസ്‌തുക്കളടങ്ങിയ മാലിന്യം കര്‍ഷകര്‍ക്ക്‌ വളമായി വിതരണം ചെയ്യുകയും ചെയ്‌തത്‌ പുറത്തുവന്നതോടെ ഉയര്‍ന്ന ജനരോഷത്തിന്റെ ഭാഗമായി പൂട്ടിപ്പോയതാണ്‌. ബാലകൃഷ്‌ണന്‍ പറയുന്നതുപോലെ കമ്പനി പൂട്ടിയതുകൊണ്ട്‌ നൂറോളം പേര്‍ തൊഴില്‍രഹിതരായിട്ടുണ്ട്‌, സംസ്ഥാന സര്‍ക്കാറിന്‌ നികുതി ഇനത്തില്‍ നഷ്‌ടമുണ്ടായിട്ടുമുണ്ട്‌. ഏതാനും പേര്‍ക്ക്‌ തൊഴില്‍ നല്‍കുകയും സര്‍ക്കാറിന്‌ നികുതി വരുമാനം ലഭ്യമാക്കുകയും ചെയ്യുന്നതുകൊണ്ട്‌ ഒരു കമ്പനി തുടര്‍ന്നുകൊണ്ടുപോകേണ്ട ആവശ്യമുണ്ടോ എന്ന അടിസ്ഥാന പ്രശ്‌നം തന്നെയാണ്‌ സമരം തുടങ്ങിയ കാലത്തു മുതല്‍ ഇന്നുവരെ ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്നത്‌. 
കൊറിയന്‍ കമ്പനിയായ പോസ്‌കോക്ക്‌ സ്റ്റീല്‍ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ ഭൂമി ഏറ്റെടുക്കുന്നതിനെ ഒറീസ്സയിലെ ആദിവാസികള്‍ എതിര്‍ക്കുമ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത്‌ ഇതേ പ്രശ്‌നമാണ്‌. മധ്യേന്ത്യയിലെ മറ്റ്‌ ഖനികളുടെ കാര്യത്തിലും പശ്ചിമ ബംഗാളിലെ സിംഗൂര്‍, നന്ദിഗ്രാം എന്നിവിടങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നത്‌ ഇതൊക്കെ തന്നെയാണ്‌. ആരെ കൂടിയൊഴിപ്പിച്ചാലും വികസന പദ്ധതികള്‍ വേണമെന്ന നിലപാടാണ്‌ പൊതുവെ ഭരണകൂടങ്ങള്‍ സ്വീകരിച്ചുവരുന്നത്‌. പ്രകൃതി സ്രോതസ്സുകളുടെ അധികാരം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന്‌ ഇതിനൊപ്പം ആവര്‍ത്തിക്കുകയും ചെയ്യും. പ്രകൃതി സ്രോതസ്സുകളുടെ അധികാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന്‌ പറയുമ്പോള്‍ തദ്ദേശവാസികള്‍ക്കാണെന്നാണ്‌ വിവക്ഷ. എന്നാല്‍ ഈ അധികാരം ലംഘിച്ചുകൊണ്ട്‌ വ്യവസായ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുന്നതിനാണ്‌ ഭരണകൂടങ്ങള്‍ ശ്രമിച്ചുവരാറ്‌. ഏതാണ്ട്‌ അതേ നിലപാടാണ്‌ ടി ബാലകൃഷ്‌ണന്റെ ദുഃഖ പ്രകടനത്തിലും ദ്യോതിക്കുന്നത്‌.സെക്രട്ടറിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത്‌ സര്‍ക്കാറിന്റെതല്ലെന്നും വ്യവസായ വകുപ്പ്‌ മന്ത്രി എളമരം കരീം ഉടനടി വ്യക്തമാക്കിയിട്ടുണ്ട്‌. ഭൂഗര്‍ഭ ജലം അമിതമായി ചൂഷണം ചെയ്‌തുകൊണ്ട്‌ കൊക്ക കൊള കമ്പനി പ്ലാച്ചിമടയില്‍ പ്രവര്‍ത്തിക്കുന്നതിനോട്‌ സര്‍ക്കാറിന്‌ യോജിപ്പില്ല എന്ന്‌ മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. എങ്കിലും കോള കമ്പനി പൂട്ടിപ്പോയതില്‍ ദുഃഖിക്കുന്ന മനസ്സുമായി ഒരാള്‍ വ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത്‌ ഇരിക്കുമ്പോള്‍ അദ്ദേഹം ആസൂത്രണം ചെയ്യാനിടയുള്ള പദ്ധതികള്‍ എന്തടിസ്ഥാനത്തിലുള്ളതായിരിക്കുമെന്നത്‌ പ്രധാന പ്രശ്‌നമാണ്‌. ആ പദ്ധതികള്‍ സര്‍ക്കാറിനെ സ്വാധീനിക്കുമെന്നതും ഉറപ്പ്‌. അതിന്‌ തെളിവുകള്‍ ധാരാളമുണ്ട്‌. 
 ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ എന്ന ആശയം യഥാര്‍ഥത്തില്‍ ടി ബാലകൃഷ്‌ണന്‍ എന്ന ഉദ്യോഗസ്ഥന്റെ തലയില്‍ നിന്നുദിച്ചതാണ്‌. ആദ്യത്തെ വര്‍ഷം അഞ്ച്‌ കോടി രൂപയാണ്‌ ഫെസ്റ്റിവലിന്‌ സര്‍ക്കാര്‍ ചെലവഴിച്ചത്‌. തിരികെക്കിട്ടിയത്‌ 90 കോടി രൂപ. രണ്ടാം വര്‍ഷം പത്ത്‌ കോടി രൂപ അനുവദിച്ചു. ട്രഷറിയിലേക്ക്‌ തിരിച്ചെത്തിയത്‌ 120 കോടി രൂപ. എല്ലാ ചെലവിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ധനമന്ത്രി ടി എം തോമസ്‌ ഐസക്ക്‌ മൂന്നാം വര്‍ഷം ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌ കൈയയച്ച്‌ സഹായം നല്‍കി - 20 കോടി രൂപ. ലാഭകേന്ദ്രീകൃതമായ ഒരു ആശയം ഏതളവിലാണ്‌ ഭരണാധികാരികളെ സ്വാധീനിക്കുക എന്നതിന്‌ ഇതു മാത്രം മതി തെളിവിന്‌.ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന 1996-2001ലെ ഇടതു മുന്നണി സര്‍ക്കാറിന്റെ കാലത്ത്‌ വിനോദ സഞ്ചാര വകുപ്പ്‌ സെക്രട്ടറിയായിരുന്നു ടി ബാലകൃഷ്‌ണന്‍. പിന്നീട്‌ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ടി ബാലകൃഷ്‌ണന്‍ വിനോദ സഞ്ചാര വകുപ്പില്‍ തുടര്‍ന്നു. സംസ്ഥാനത്ത്‌ വിനോദ സഞ്ചാരം വ്യവസായമായി വികസിപ്പിക്കുന്നതില്‍ വലിയ പങ്കാണ്‌ ഈ ഉദ്യോഗസ്ഥന്‍ വഹിച്ചതെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ശരിയാവാനാണ്‌ സാധ്യത. കാരണം കേരളം വിനോദ സഞ്ചാര മേഖലയില്‍ വ്യാപകമായി വിപണനം ചെയ്യാന്‍ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ 20 കൊല്ലം ആയിട്ടേയുള്ളൂ. ഇക്കാലയളവില്‍ തന്നെയാണ്‌ മൂന്നാറിലും വയനാട്ടിലുമൊക്കെ വന്‍തോതില്‍ റിസോര്‍ട്ടുകള്‍ ആരംഭിച്ചത്‌. വനവും സര്‍ക്കാര്‍ ഭൂമിയും കയ്യേറി നിര്‍മിച്ചവയെന്ന്‌ ആരോപണം ഉയര്‍ന്നിരിക്കുന്നതില്‍ ഭൂരിഭാഗവും ഈ റിസോര്‍ട്ടുകളെക്കുറിച്ചാണ്‌. അവയെ പൊളിച്ചു നീക്കുന്നതിനോ പിടിച്ചെടുക്കുന്നതിനോ സ്വീകരിച്ച നടപടികള്‍ എവിടെയും എത്തിയിട്ടില്ല എന്നതും ഓര്‍ക്കുക. 
ഒരുപക്ഷേ, ഒന്നാം മൂന്നാര്‍ ദൗത്യത്തിനിടെ പൊളിച്ചുനീക്കപ്പെട്ട റിസോര്‍ട്ടുകളും ടി ബാലകൃഷ്‌ണന്റെ മനസ്സില്‍ ദുഃഖമായി അവശേഷിക്കുന്നുണ്ടാവണം. അത്‌ അദ്ദേഹം പ്രകടിപ്പിക്കുന്നില്ല എന്ന്‌ മാത്രം. ഇത്തരം ഉദ്യോഗസ്ഥരുടെ രാഷ്‌ട്രീയം സംസ്ഥാനം ഭരിക്കുന്ന ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്നതാണ്‌ പ്രധാന പ്രശ്‌നം. അത്‌ ഒരു ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമായി തള്ളിക്കളയുന്നത്‌ ഉചിതമായിരിക്കുകയില്ല. ഇത്തരം ഉദ്യോഗസ്ഥര്‍ മര്‍മപ്രധാന സ്ഥാനങ്ങളിലിരുന്ന്‌ തീരുമാനങ്ങളെടുക്കുമ്പോള്‍ `ദുഃഖിക്കുന്ന മനസ്സ്‌' മുന്നോട്ടുവെക്കുന്ന രാഷ്‌ട്രീയം സ്വാധീനം ചെലുത്തുമെന്നത്‌ ഉറപ്പാണ്‌. ഇതിനകം സംസ്ഥാനത്ത്‌ വലിയ തര്‍ക്കങ്ങള്‍ക്ക്‌ വഴിവെച്ച ഭൂമി ഇടപാടുകള്‍ക്ക്‌ പിന്നില്‍ ഇത്തരം ദുഃഖിക്കുന്ന മനസ്സുകളുണ്ടായിരുന്നോ എന്നത്‌ ആലോചിക്കേണ്ടത്‌ സര്‍ക്കാറാണ്‌. അല്ലെങ്കില്‍ ദുഃഖിക്കുന്ന മനസ്സുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ചിന്തിക്കാതെ സ്വീകരിക്കാന്‍ നേതാക്കളോ പാര്‍ട്ടികളോ തയ്യാറായിട്ടുണ്ടോ എന്നും ആലോചിക്കണം.കോള കമ്പനി പൂട്ടിപ്പോയെങ്കിലും കൊക്ക കൊള കേരളത്തില്‍ സുലഭമായി വ്യാപാരം ചെയ്യപ്പെടുന്നുണ്ടെന്ന്‌ ബാലകൃഷ്‌ണന്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്ത്‌ 200 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൊക്ക കോളക്ക്‌ ഇന്ത്യയില്‍ 13 സംസ്ഥാനങ്ങളില്‍ ഫാക്‌ടറികളുണ്ട്‌. 1.25 ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്നുണ്ടെന്നും ബാലകൃഷ്‌ണന്‍ പറയുന്നു. ഈ കണക്കുകള്‍ ശരിയാവണം. ഇതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കേണ്ടതുണ്ട്‌. കൊക്ക കൊള അടക്കം ശീതള പാനീയങ്ങളില്‍ കീടനാശിനിയുടെ അംശം അനുവദനീയമായ പരിധിയില്‍ അധികമുണ്ടെന്ന്‌ പറഞ്ഞത്‌ പാര്‍ലിമെന്റിന്റെ സംയുക്ത സമിതിയാണ്‌. കോളകളുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ വിശദാംശങ്ങള്‍ ബോട്ടിലില്‍ രേഖപ്പെടുത്തണമെന്ന്‌ നിര്‍ദേശിച്ചത്‌ സുപ്രീം കോടതിയാണ്‌. വര്‍ഷം പലതു കഴിഞ്ഞിട്ടും നിര്‍മാണ വസ്‌തുക്കളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നത്‌ നിര്‍ബന്ധമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപവത്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ സാധിച്ചിട്ടില്ല. കരട്‌ നിര്‍ദേശങ്ങള്‍ വൈകാതെ രൂപവത്‌കരിക്കുമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ സുപ്രീം കോടതിയെ അറിയിച്ചത്‌. 
അതുമാത്രമല്ല സംഭവിച്ചത്‌, കോളകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിയോഗിച്ച സമിതിയില്‍ കോള കമ്പനികളുടെ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. നിര്‍മാണ സാമഗ്രികളുടെ വിശദവിവരം കോളക്കുപ്പിയില്‍ രേഖപ്പെടുത്തണമെന്നത്‌ നിര്‍ബന്ധമാക്കിയാല്‍ ബുദ്ധിമുട്ടുണ്ടാവുക കമ്പനികള്‍ക്ക്‌ തന്നെയാണ്‌. എന്തൊക്കെ രാസവസ്‌തുക്കളാണ്‌ ഉപയോഗിക്കുന്നത്‌ എന്നത്‌ പരസ്യമാവും. അത്തരം രാസവസ്‌തുക്കള്‍ ഉണ്ടാക്കാന്‍ ഇടയുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ചകളുയരും. അത്‌ കോളയുടെ വിപണനത്തെ ബാധിക്കും. ഇങ്ങനെ കോളക്കമ്പനികള്‍ക്ക്‌ നഷ്‌ടമുണ്ടാവുന്നതില്‍ ദുഃഖിക്കുന്ന ഉദ്യോഗസ്ഥരും നേതാക്കളും ഡല്‍ഹിയിലുണ്ട്‌. അതുകൊണ്ടാണ്‌ നിര്‍മാണ സാമഗ്രികളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതില്‍ കാലതാമസമുണ്ടാവുന്നത്‌.
കൊക്ക കോള പോലുള്ള വന്‍കിട കമ്പനികള്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്‌തു കൊടുക്കാന്‍ സാധിക്കാത്തതില്‍ ദുഃഖിക്കുന്ന മനസ്സ്‌ ടി ബാലകൃഷ്‌ണനു മാത്രമല്ല ഉള്ളത്‌. അത്തരം മനസ്സുകളുടെ വലിയ ശൃംഖല തന്നെ നിലനില്‍ക്കുന്നുണ്ട്‌. ആ മനസ്സുകളുടെ രാഷ്‌ട്രീയം രാജ്യത്ത്‌ നടപ്പാക്കപ്പെടുന്നുമുണ്ട്‌. അതിന്‌ ഒത്താശ ചെയ്യുകയാണ്‌ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറുമെന്ന ആക്ഷേപം നിലനില്‍ക്കുന്നുമുണ്ട്‌. ഈ ആക്ഷേപത്തെ സാധൂകരിക്കുന്നതാണ്‌ ബാലകൃഷ്‌ണന്റെ ദുഃഖം.ഭൂപരിഷ്‌കരണ നിയമം കാലഹരണപ്പെട്ടുവെന്നും നിയമം അടിയന്തരമായി ഭേദഗതി ചെയ്യണമെന്നുമാവശ്യപ്പെട്ട്‌ കുറിപ്പ്‌ തയ്യാറാക്കി വിതരണം ചെയ്‌തയാളാണ്‌ ടി ബാലകൃഷ്‌ണന്‍. അന്നും വ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുതന്നെയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന ഒരു പാര്‍ട്ടി നയിക്കുന്ന, ഇതേ നിയമത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന മറ്റൊരു പാര്‍ട്ടി രണ്ടാം കക്ഷിയായ ഒരു മുന്നണിയുടെ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ്‌ ഈ ആശയം ബാലകൃഷ്‌ണന്‍ മുന്നോട്ടുവെച്ചത്‌. അതും വ്യക്തിപരമായ അഭിപ്രായമാണെന്ന്‌ പറഞ്ഞ്‌ തള്ളിക്കളഞ്ഞിരുന്നു. നേരത്തെ സ്വീകരിച്ച രാഷ്‌ട്രീയ നിലപാടിന്റെ തുടര്‍ച്ചയായി വേണം ബാലകൃഷ്‌ണന്റെ പുതിയ ദുഃഖ പ്രകടനത്തെയും കാണാന്‍. 
സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ഒരു ജനവിഭാഗത്തിന്റെ കുടിവെള്ളം മുട്ടിക്കുകയും അവരുടെ കൃഷിയിടങ്ങളെ തങ്ങളുടെ വിഷമാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലമാക്കി മാറ്റുകയും ചെയ്‌ത കമ്പനി പൂട്ടിപ്പോയതില്‍ ദുഃഖിക്കുന്ന ഉദ്യോഗസ്ഥന്‍ ആ കമ്പനിയെപ്പോലെ തന്നെ സാമൂഹ്യ വിപത്താണെന്ന്‌ തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു. അത്‌ വ്യക്തിപരമായ അഭിപ്രായമാണെന്ന്‌ പറഞ്ഞൊഴിയുന്ന ഭരണകൂടം ഈ വിപത്തിനെ പരോക്ഷമായി അംഗീകരിക്കുകതന്നെയാണ്‌ ചെയ്യുന്നതും.

2010-05-20

റിയല്‍ എസ്റ്റേറ്റിന്റെ അവകാശികള്‍

ഭൂമിക്കു മേലുള്ള അവകാശം രാജ്യത്താകെ പ്രശ്‌നമായി ഉയര്‍ന്നുവരികയാണ്‌. ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളിലെ സിംഗൂരും നന്ദിഗ്രാമും കേരളത്തിലെ മൂലമ്പിള്ളിയും കിനാലൂരും നമ്മുടെ മുന്നില്‍ വലിയ പ്രശ്‌നമായി ഉയര്‍ന്നു നില്‍ക്കുന്നത്‌ സവിശേഷ രാഷ്‌ട്രീയ സാഹചര്യങ്ങളാലാണ്‌. ദന്തേവാഡയിലും മറ്റും ചോരപ്പുഴകളൊഴുക്കി മാവോയിസ്റ്റുകള്‍ പോരടിക്കുന്നതിന്റെ പ്രധാന കാരണവും ഭൂമി തന്നെയാണ്‌. എന്നാല്‍ മാവോയിസ്റ്റുകള്‍ക്ക്‌ ഭരണകൂടം ഭീകരവാദികളെന്ന മുദ്ര ചാര്‍ത്തിക്കൊടുത്തതിനാലും കോര്‍പ്പറേറ്റ്‌ മൂലധനത്തെ പിന്തുണക്കുന്ന ദേശീയ മാധ്യമ ശൃംഖലകള്‍ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രം നല്‍കുന്നതിനാലും ഭൂമിയുടെ അവകാശം എന്ന അടിസ്ഥാന പ്രശ്‌നം പൊതുമധ്യത്തിലേക്ക്‌ എത്തുന്നില്ല എന്ന്‌ മാത്രം. 
എല്ലായിടത്തും പൊതുവായി ഉള്ളത്‌ വികസനാവശ്യത്തിന്‌ ഭൂമി ഏറ്റെടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നതാണ്‌. എന്നാല്‍ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഛത്തീസ്‌ഗഢിലെയോ ഒറീസ്സയിലെയോ ഝാര്‍ഖണ്ഡിലെയോ അവസ്ഥകളുമായി കേരളത്തെ താരതമ്യം ചെയ്യാനാവില്ല. ആദിവാസി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ഓടിച്ചോ, ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ചോ ഭൂമി ഏറ്റെടുക്കുക എന്നതാണ്‌ മധ്യേന്ത്യന്‍ മേഖലയില്‍ ഭരണകൂടം സ്വീകരിക്കുന്ന തന്ത്രം. നമ്മുടെ സംസ്ഥാനത്തെ ആദിവാസി ഭൂമി, സമര്‍ഥരും കൈയൂക്കുള്ളവരുമായ കുടിയേറ്റക്കാര്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുതന്നെ സ്വന്തമാക്കിക്കഴിഞ്ഞു. ആ ഭൂമി തിരിച്ചെടുത്ത്‌ നല്‍കാനുള്ള നിയമം, പകരം ഭൂമി നല്‍കാനുള്ളതാക്കി മാറ്റിയെഴുതുകയും അതനുസരിച്ച്‌ ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ തുടരുകയും ചെയ്യുന്നുണ്ട്‌. എന്നാലും ഇതുവരെ ആദിവാസികള്‍ക്കുള്ള ഭൂവിതരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.വികസന പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുകയും വലിയ സംഘര്‍ഷത്തിന്‌ കാരണമാവുകയും ചെയ്‌ത രണ്ടിടങ്ങള്‍ മൂലമ്പിള്ളിയും കിനാലൂരുമാണ്‌. മൂലമ്പിള്ളിയില്‍ ഒഴിപ്പിച്ചത്‌ കുടിയൊഴിയാന്‍ സമ്മതം അറിയിച്ചവരെയാണ്‌. വ്യക്തമായ പുനരധിവാസ പാക്കേജ്‌ നല്‍കാതെ കുടിയൊഴിയാന്‍ തയ്യാറല്ലെന്ന്‌ പറഞ്ഞവരെ ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ചു. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. പാഠപുസ്‌തകങ്ങള്‍ പോലും എടുക്കാന്‍ അനുവദിക്കാതെ നടത്തിയ ഒഴിപ്പിക്കല്‍. മനുഷ്യത്വമില്ലാത്ത ഈ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തിയവര്‍ പോലും പിന്നീട്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനെ സര്‍വാത്‌മനാ സ്വാഗതം ചെയ്‌തു. രാജ്യത്തിനാകെ മാതൃകയാണ്‌ മൂലമ്പള്ളിയിലെ പുനരധിവാസ പാക്കേജ്‌ എന്ന്‌ ഉദ്‌ഘോഷിക്കുകയും ചെയ്‌തു. അപ്പോള്‍ കേരളത്തില്‍ സാമാന്യേനയുള്ള പ്രശ്‌നം കൂടിയൊഴിപ്പിക്കലോ ഭൂമിയുടെ അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കമോ അല്ല. മാന്യമായ ഒരു പുനരധിവാസ പാക്കേജ്‌ ഉണ്ടാവുക എന്നതാണ്‌. 
വിപണി വിലയും ഒരു ദശകത്തിനിടെ ഉണ്ടാവാന്‍ ഇടയുള്ള വര്‍ധനയും തട്ടിച്ചുനോക്കി ഉചിതമായ വില നിശ്ചയിച്ച്‌ നല്‍കിയാല്‍ ഒഴിപ്പിച്ചെടുക്കല്‍ കേരളത്തെ സംബന്ധിച്ച്‌ വലിയ പ്രശ്‌നമല്ലെന്ന്‌ അര്‍ഥം. ഇതല്ലെങ്കില്‍ പകരം ഭൂമിയും വികസനത്തിന്റെ ഭാഗമായെത്തുന്ന സ്ഥാപനങ്ങളില്‍ കുടുംബത്തിലൊരാള്‍ക്കെങ്കിലും ജോലിയും ലഭിച്ചാല്‍ കുടിയൊഴിപ്പിക്കല്‍ എളുപ്പമാവും. കൂടുതല്‍ ലാഭകരമായ ഒത്തുതീര്‍പ്പുകളിലേക്ക്‌ എത്തിക്കുക എന്നതാണ്‌ ഭൂമി ഏറ്റെടുക്കലിനെതിരെ ഉയരുന്ന ഭൂരിഭാഗം സമരങ്ങളുടെയും ലക്ഷ്യം. കുന്നിടിക്കല്‍, ജലസ്രോതസ്സുകള്‍ ഇല്ലാതാവല്‍ തുടങ്ങി ഉന്നയിക്കപ്പെടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളൊക്കെ സമര വിജയത്തിനായുള്ള ചില പൊടിക്കൈകള്‍ മാത്രം. അതിലപ്പുറം പരിസ്ഥിതി പ്രശ്‌നങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ അപൂര്‍വം ആളുകള്‍ മാത്രമാണ്‌.വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ എന്ന `സ്വപ്‌ന പദ്ധതി'ക്കായി കൂടിയൊഴിക്കപ്പെട്ട മൂലമ്പിള്ളിക്കാര്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യം ലഭിച്ചോ ഇല്ലയോ എന്നത്‌ ഇപ്പോള്‍ അവരുടെ മാത്രം പ്രശ്‌നമായി തുടരുന്നു. ഇതുതന്നെയാണ്‌ മറ്റിടങ്ങളിലും സംഭവിച്ചത്‌. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ ഭൂമി ഏറ്റെടുത്തപ്പോള്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെന്ന്‌ വിലപിക്കുന്നവരുടെ കൂടെ ഇപ്പോള്‍ ആരുമുണ്ടാവാന്‍ ഇടയില്ല. കൊച്ചി വിമാനത്താവളം ലാഭത്തില്‍ നിന്ന്‌ ലാഭത്തിലേക്ക്‌ കുതിക്കുന്ന സ്ഥാപനമാണ്‌. ആ സ്ഥാപനം മൂലമുണ്ടായ വികസനത്തിന്റെ ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ആനുകൂല്യം ഇനിയും ലഭിച്ചില്ലെന്ന ഏതാനും പേരുടെ പരാതിക്ക്‌ സ്ഥാനമുണ്ടാവില്ല തന്നെ. തിരുവനന്തപുരത്ത്‌ കഴക്കൂട്ടത്ത്‌ ടെക്‌നോ പാര്‍ക്കിന്‌ ഭൂമി ഏറ്റെടുത്തപ്പോഴും ഇതേ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടിയൊഴിപ്പിക്കപ്പെട്ട പാവങ്ങളുടെ കഥക്കപ്പുറത്ത്‌ ടെക്‌നോപാര്‍ക്ക്‌ ഇന്ന്‌ സംസ്ഥാനത്തിന്റെ അഭിമാന ശിലകളിലൊന്നാണ്‌. കിനാലൂരില്‍ വ്യവസായ പാര്‍ക്കിലേക്ക്‌ നാലുവരി റോഡ്‌ നിര്‍മിക്കാനുള്ള പദ്ധതിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ അവസാനത്തിലും ഇത്തരം ചില കാഴ്‌ചകളാണ്‌ കാത്തിരിക്കുന്നത്‌. ഇപ്പോഴത്തെ സര്‍ക്കാറിന്റെ കാലത്ത്‌ ഇതൊന്നും നടന്നുവെന്ന്‌ വരില്ല. പക്ഷേ, അടുത്ത സര്‍ക്കാറിന്റെ കാലത്ത്‌ ഇതേ മാതൃകയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടുപോവുമെന്ന്‌ ഉറപ്പിക്കാം. കാരണം കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ്‌ വ്യവസായം പോലെ തഴച്ചുവളര്‍ന്ന മറ്റൊന്ന്‌ ഇപ്പോഴില്ല. സമീപ ഭാവിയില്‍ ഉണ്ടാവുമെന്ന്‌ കരുതാനും വയ്യ.കിനാലൂരില്‍ വ്യവസായ പാര്‍ക്കിന്‌ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ തന്നെ അവിടെ ഭൂമി വാങ്ങിക്കൂട്ടിയവര്‍ ധാരാളമുണ്ട്‌. വ്യവസായ പാര്‍ക്ക്‌ വന്നാല്‍ ഭൂമിയുടെ വില വര്‍ധിക്കുമെന്നും അന്ന്‌ വിറ്റ്‌ ലാഭമെടുക്കാമെന്നും പ്രതീക്ഷിച്ച്‌ തന്നെയാണ്‌ അവര്‍ ഭൂമി വാങ്ങിയത്‌. വ്യവസായ പാര്‍ക്ക്‌ വരാനുള്ള സാധ്യതയെക്കുറിച്ച്‌ മുന്‍കൂര്‍ വിവരം ഭൂമി വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ നല്‍കുകയും ക്രയവിക്രയം നടത്തിക്കൊടുക്കുകയും ചെയ്യുന്നതിന്‌ ബ്രോക്കര്‍മാര്‍ ധാരാളമുണ്ടിവിടെ. അത്തരക്കാര്‍ക്ക്‌ വേണ്ട വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന്‌ ലഭിക്കുകയും ചെയ്യും. ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, മന്ത്രിയുടെ പാര്‍ട്ടിയിലെ നേതാക്കള്‍ തുടങ്ങി ഏത്‌ മാര്‍ഗത്തില്‍ നിന്ന്‌ വിവരങ്ങള്‍ ലഭിക്കുമോ ആ മാര്‍ഗം ബ്രോക്കര്‍മാര്‍ ഉപയോഗിക്കും. 
ചുരുക്കത്തില്‍ കിനാലൂരില്‍ നാമിന്ന്‌ കാണുന്നത്‌ വലിയൊരു ശൃംഖലയുടെ വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങളുടെ ഫലമാണെന്ന്‌ പറയേണ്ടിവരും. അതിന്‌ ഏതെങ്കിലും മന്ത്രിയെയോ ഭരണത്തെയോ പാര്‍ട്ടിയെയോ മാത്രം കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. റിയല്‍ എസ്റ്റേറ്റ്‌ സംസ്‌കാരത്തെ എളുപ്പത്തില്‍ സ്വീകരിച്ച, ഊഹക്കച്ചവടത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തുനിയുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികളാണ്‌ മന്ത്രിയും പാര്‍ട്ടിയുമെല്ലാം. കിനാലൂരില്‍ വ്യവസായ പാര്‍ക്ക്‌ വരുന്നുവെന്ന്‌ കേട്ടറിഞ്ഞ്‌ സ്ഥലം വാങ്ങാനെത്തിയവര്‍ക്ക്‌ സ്വന്തം സ്ഥലം കൈമാറാന്‍ സന്നദ്ധത കാട്ടിയ നാട്ടുകാര്‍ക്ക്‌ ഇതില്‍ ഉത്തരവാദിത്വമില്ലേ? അതിനു ശേഷം ഭൂമാഫിയ ഭൂമി വാങ്ങിക്കൂട്ടിയെന്ന്‌ ആരോപിക്കുന്നതില്‍ അര്‍ഥമെന്താണുള്ളത്‌?എറണാകുളം നഗരത്തോട്‌ ചേര്‍ന്നുള്ള വൈപ്പില്‍ ദ്വീപുകളുടെ കാര്യമെടുക്കുക. സഹോദരന്‍ അയ്യപ്പന്റെ കാലം മുതല്‍ തുടങ്ങിയതാണ്‌ വൈപ്പിനിലേക്ക്‌ പാലം വേണമെന്ന ആവശ്യം. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഗോശ്രീ അതോറിറ്റി സ്ഥാപിച്ച്‌ പാലം പണി തുടങ്ങി. പത്ത്‌ വര്‍ഷത്തിനപ്പുറമെങ്കിലും പാലം വരുമെന്ന്‌ ഉറപ്പായതോടെ ഇതേ റിയല്‍ എസ്റ്റേറ്റുകാര്‍ വൈപ്പിനില്‍ ഭൂമി വാങ്ങാന്‍ തുടങ്ങി. വില കൂടുതല്‍ കിട്ടുമെന്ന്‌ കണ്ടപ്പോള്‍ നാട്ടുകാര്‍ ഭൂമി വിറ്റു. കുടിവെള്ളവും റോഡ്‌ സൗകര്യവുമില്ലാതെ വര്‍ഷങ്ങള്‍ വലഞ്ഞ നാട്ടുകാര്‍ക്ക്‌ എങ്ങനെയും വിറ്റൊഴിഞ്ഞ്‌ പോയാല്‍ മതിയെന്ന അവസ്ഥയുണ്ടായിരുന്നു. അത്‌ റിയല്‍ എസ്റ്റേറ്റുകാര്‍ മുതലെടുത്തു. വൈപ്പിനില്‍ ജനിച്ച്‌ അവിടെത്തന്നെ ജീവിക്കുന്നവരുടെ എണ്ണം ഇന്ന്‌ കുറഞ്ഞിരിക്കുന്നു. കുടിയേറ്റക്കാര്‍ രമ്യഹര്‍മ്യങ്ങളും ഫ്‌ളാറ്റുകളും പണിതുയര്‍ത്തിയപ്പോള്‍ സ്വയം കുടിയൊഴിയാന്‍ നിര്‍ബന്ധിതരാവുന്ന ജനതയാണ്‌ ഇന്ന്‌ വൈപ്പിനിലുള്ളത്‌. ഇതും ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വന്തം ജന്മദേശത്തു നിന്നുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണ്‌. പക്ഷേ, ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. സംഘടിച്ച്‌ ചെറുക്കാനാവില്ല. അസംതുലിതമായ വികസനത്തിന്റെ ഇരകളെന്ന്‌ നമുക്കിവരെ വിളിക്കാമെന്ന്‌ മാത്രം.കിനാലൂരില്‍ നാലുവരി റോഡിന്‌ ഭൂമി വിട്ടുകൊടുക്കാന്‍ മടിക്കുന്നവരുടെ ഇപ്പോഴത്തെ പ്രശ്‌നം സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയാവാനാണ്‌ സാധ്യത. പൊന്നും വിലക്ക്‌ (ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന വിലക്ക്‌ ഇങ്ങനെയാണ്‌ വിളിപ്പേര്‌) ഇപ്പോള്‍ ഭൂമി നല്‍കുന്നതിലും നല്ലത്‌ വികസന പദ്ധതി പ്രാവര്‍ത്തികമായി ഭൂമിക്ക്‌ വില കുറേക്കൂടി വര്‍ധിച്ചശേഷം വില്‍ക്കുന്നതല്ലേ എന്ന്‌ ചിന്തിക്കുക സ്വാഭാവികം. നാമെല്ലാം ഊഹ വിപണിയുടെ ഉപഭോക്താക്കളോ ഊഹ വിപണിയുടെ സാധ്യതകളില്‍ അഭിരമിച്ച്‌ ജീവിക്കുന്നവരോ ആണെന്നതാണ്‌ വസ്‌തുത. അത്‌ അറിഞ്ഞ്‌ പെരുമാറാനുള്ള ഔചിത്യം സര്‍ക്കാര്‍ കാട്ടുന്നില്ല എന്നതാണ്‌ പ്രശ്‌നം. പത്ത്‌ വര്‍ഷത്തിനപ്പുറം ലഭിക്കാനിടയുള്ള വില കണക്കാക്കി സര്‍ക്കാര്‍ ഒരു പേശലിന്‌ ഇറങ്ങിയിരുന്നുവെങ്കില്‍ ചാണക വെള്ളമൊഴിക്കലും പോലീസിന്റെ മര്‍ദനവും ഒഴിവാക്കാമായിരുന്നു. അങ്ങനെയൊരു വാങ്ങല്‍ നടത്തിയിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടം വരുത്തിയെന്ന ആരോപണം നേരിടേണ്ടിവരുമെന്ന്‌ മാത്രം. വാര്‍ഷിക കണക്കെടുപ്പില്‍ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ കുറ്റപ്പെടുത്തലുമുണ്ടാവും. മാറിവരുന്ന സര്‍ക്കാര്‍ എതിര്‍പക്ഷത്തിന്റെതാണെങ്കില്‍ ഒരു വിജിലന്‍സ്‌ അന്വേഷണവുമുണ്ടായേക്കാം. പക്ഷേ, കാര്യങ്ങള്‍ ആ വഴിക്ക്‌ ആലോചിക്കേണ്ട കാലമായിരിക്കുന്നു.
റിയല്‍ എസ്റ്റേറ്റ്‌, നിര്‍മാണ മേഖലകള്‍ക്കും ഊഹ വിപണിക്കും എല്ലാ സഹായവും ചെയ്‌തു കൊടുക്കുന്ന ഭരണ വ്യവസ്ഥയാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌. ബോംബെ സ്റ്റോക്‌ എക്‌സ്‌ചേഞ്ചിലെയും നാഷനല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലെയും സൂചികകള്‍ ഇടിയുമ്പോള്‍ അത്‌ തടയുന്നതിന്‌ ബദ്ധശ്രദ്ധമാണ്‌ കേന്ദ്ര സര്‍ക്കാര്‍. അത്തരമൊരു വികസന സങ്കല്‍പ്പത്തിന്റെ ബാക്കി മാത്രമേ കേരളത്തിലും ഉണ്ടാവാന്‍ ഇടയുള്ളൂ. ഇത്തരം പദ്ധതികള്‍ കേരളത്തില്‍ നിന്ന്‌ അന്യമായി നിന്നാലോ; വികസനവിരുദ്ധരെന്ന്‌ മുദ്രകുത്തപ്പെടുകയും ചെയ്യും. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ്‌ അച്യുതാനന്ദനെ എതിരാളികളും കൂട്ടാളികളും ഒരേപോലെ വിശേഷിപ്പിച്ചത്‌ വികസനവിരുദ്ധനെന്നായിരുന്നു. ദുബൈയിലെ ടീകോമിന്‌ ഭൂമിയില്‍ സ്വതന്ത്രാവകാശം നല്‍കി സ്‌മാര്‍ട്ട്‌ സിറ്റി പ്രാബല്യത്തിലാക്കാത്തതിന്‌ ഇപ്പോഴും വി എസ്സിനെ കുറ്റപ്പെടുത്തുന്നുമുണ്ട്‌. 
ജനങ്ങളില്‍ നിന്ന്‌ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ടീ കോമിന്‌ സ്വതന്ത്ര അവകാശം നല്‍കുന്നതിലെ അനൗചിത്യം ഇവിടെ പ്രശ്‌നമാവുന്നില്ല. 
ചുരുക്കത്തില്‍ വ്യത്യസ്‌ത രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ക്ക്‌ വളക്കൂറുള്ള മണ്ണായി ഭൂമി മാറുന്നുവെന്നേയുള്ളൂ. അതുകൊണ്ടാണ്‌ കിനാലൂരില്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവരും മൂന്നാറില്‍ ചെല്ലുമ്പോള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുന്നതിനെതിരെ സമരത്തിന്‌ കൈകോര്‍ക്കുന്നത്‌. ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെതിരെ മാത്രമല്ല മൂന്നാറിലെ സമരം. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്‌ എതിരെകൂടിയാണ്‌. വിനോദ സഞ്ചാരത്തിന്റെ നാഡികളായ റിസോര്‍ട്ടുകള്‍ ഒഴിപ്പിച്ചാല്‍, കോടികളുടെ ഒഴുക്ക്‌ തടയപ്പെടും. ഇതുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെ ബാധിക്കും. എല്ലാവരുടെയും വരുമാനം കുറയും. അതുകൊണ്ടാണ്‌ പള്ളിയും പട്ടക്കാരും സി പി എമ്മുമായി ചേര്‍ന്ന്‌ പോലും സമരം നടത്തുന്നത്‌. 
എല്ലാ സമരങ്ങളുടെയും അവസാനം നഷ്‌ടങ്ങളുടെ പട്ടികയുമായി ചിലരുണ്ടാവും. അവര്‍ക്ക്‌ നെടുമ്പാശ്ശേരിയിലായാലും മൂലമ്പള്ളിയിലായാലും കിനാലൂരിലായാലും ഒരേ ഛായയായിരിക്കും. അവരുടെ രോദനങ്ങള്‍ക്ക്‌ വിലയുണ്ടാവുകയുമില്ല. ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചവരോ അതിനെതിരെ സമരം ചെയ്‌തവരോ ഈ രോദനങ്ങള്‍ക്കൊപ്പമുണ്ടാവുകയുമില്ല. ഇവരെ അഭിമുഖീകരിച്ച്‌ ഭൂമി ഏറ്റെടുക്കലിന്‌ സുതാര്യവും വ്യക്തവുമായ നയനിലപാടുകള്‍ രൂപവത്‌കരിക്കാനും പുനരധിവാസ പാക്കേജുകള്‍ നടപ്പാക്കാനും സാധിക്കുമോ?

2010-05-17

മിണ്ടരുത്‌, ശുട്ടിടുവേന്‍

ഇവരെ നിഷേധിക്കുക. ഇവരുടെ വാക്കുകള്‍ക്ക്‌ പ്രചാരണം നല്‍കാതിരിക്കുക. ഇവരുടെ പ്രത്യയശാസ്‌ത്രം ജനങ്ങളുടെ അടുത്തെത്തിക്കാന്‍ വഴിയൊരുക്കാതിരിക്കുക. അവരില്‍ ജനങ്ങള്‍ക്ക്‌ അനുതാപമുണര്‍ത്തും വിധത്തില്‍ സംസാരിക്കുകയോ എഴുതുകയോ ചെയ്യരുത്‌. എന്തെന്നാല്‍ അത്‌ കുറ്റകരമാണ്‌. പത്ത്‌ വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റം. ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ പുതിയ നിയമത്തിലെ ഏറ്റവും പുതിയ വാചകങ്ങള്‍ ഇതാണ്‌. 
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക്‌ കൊടും വെല്ലുവിളി ഉയര്‍ത്തി ദണ്ഡകാരണ്യമെന്ന 90,000 ചതുരശ്ര കിലോമീറ്റര്‍ വനമേഖല ഭരിക്കുകയും ചില പ്രദേശങ്ങളില്‍ നിന്നെങ്കിലും ചിദംബരത്തെപ്പോലുള്ള പ്രൊഫഷണല്‍ രാഷ്‌ട്രീയക്കാരുടെ നിയന്ത്രണം ഇല്ലാതാക്കുകയും ചെയ്‌ത സി പി ഐ(മാവോയിസ്റ്റ്‌) എന്ന സംഘടനയെ സൈനിക ബലം ഉപയോഗിച്ച്‌ വേരറുക്കാമെന്ന ഉറച്ച വിശ്വാസം ചോരയില്‍ മുങ്ങുകയും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ പോലും വിമര്‍ശമുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ നിലവിലുള്ള നിയമങ്ങള്‍ ഓര്‍മിപ്പിച്ച്‌ ചിദംബരം പുതിയ സിവിശേഷം നടത്തുന്നത്‌.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം നിരോധിക്കുകയും ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്‌ത ഒരു സംഘടനയെ പിന്തുണക്കുകയോ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നത്‌ ശരിയല്ലെന്നതാണ്‌ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നത്‌. രാജ്യത്തെ സ്‌നേഹിക്കുകയും സമാധാനപൂര്‍ണമായ ജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നവരാരും ഇത്തരം സംഘടനയെ പിന്തുണക്കില്ല എന്നാണ്‌ ഈ പ്രസ്‌താവന പരോക്ഷമായി സൂചിപ്പിക്കുന്നത്‌. പിന്തുണക്കുന്നവര്‍ അവര്‍ ബുദ്ധിജീവികളോ എഴുത്തുകാരോ ആരായാലും രാജ്യദ്രോഹികളാണ്‌. അവരെ പത്തുവര്‍ഷത്തേക്കെങ്കിലും തടവിലിട്ടില്ലെങ്കില്‍ പിന്നെ ഭരണകൂടത്തിന്‌ എന്താണ്‌ പ്രസക്തി?രാജ്യത്തെ അക്കാദമിക്‌ സമൂഹത്തിലെ ചെറിയ വിഭാഗമെങ്കിലും സി പി ഐ (മാവായോസ്റ്റ്‌)യെ പിന്തുണക്കുന്നുണ്ട്‌ എന്ന ആശങ്ക കേന്ദ്ര സര്‍ക്കാറിന്‌ നേരത്തെയുണ്ട്‌. മാറ്റം ലക്ഷ്യമിടുന്ന ചിന്തകളെ മറയില്ലാതെ പിന്തുണക്കാന്‍ തയ്യാറാവാറുള്ള ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവരിലായിരുന്നു ഭരണകൂടത്തിന്‌ കടുത്ത സംശയമുണ്ടായിരുന്നത്‌. ഇത്തരം ആളുകള്‍ ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടയിലാണ്‌ എല്ലാ ചാരക്കണ്ണുകളെയും മറികടന്ന്‌ അരുന്ധതി റോയി എന്ന എഴുത്തുകാരി ദണ്ഡകാരണ്യ വനത്തിനുള്ളില്‍ പ്രവേശിക്കുകയും മാവോയിസ്റ്റ്‌ പ്രവര്‍ത്തകരുമായും കാടുകയറി അവര്‍ക്കൊപ്പം ചേര്‍ന്ന ആദിവാസികളുമായും സംസാരിച്ച്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. 
ബുക്കര്‍ സമ്മാന ജേതാവ്‌ എന്ന നിലയില്‍ ഇന്ത്യയില്‍ അറിയപ്പെടാന്‍ തുടങ്ങിയ അരുന്ധതി പിന്നീട്‌ പല നിര്‍ണായക പ്രശ്‌നങ്ങളിലും ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്കെതിരെ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്‌ യഥാര്‍ഥത്തില്‍ മധ്യേന്ത്യയില്‍ നിന്ന്‌ ആദിവാസികളെ കുടിയിറക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഈ മേഖലയിലുള്ള ധാതുക്കളുടെ ഖനനത്തിന്‌ ഇതിനകം ബഹുരാഷ്‌ട്ര കമ്പനികളുമായി ഒപ്പുവെച്ച കരാറുകളൊക്കെ യാഥാര്‍ഥ്യമാക്കുകയാണ്‌ കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശ്യമെന്നും അരുന്ധതി ആരോപിച്ചിരുന്നു. വിവിധ കമ്പനികളുമായി ഒപ്പുവെച്ച ധാരണാപത്രങ്ങളുടെ വിവരങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു.മുമ്പത്തെ അവതാരത്തില്‍ സാമ്പത്തികം കൈകാര്യം ചെയ്‌തിരുന്ന ചിദംബരത്തിന്‌ കരാറുകളെക്കുറിച്ചും ധാരണാ പത്രങ്ങളെക്കുറിച്ചും കൂടുതല്‍ വിവരമുണ്ടാവുക സ്വാഭാവികം. അതെല്ലാം നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക നേട്ടത്തെക്കുറിച്ചും അറിവുണ്ടാവും. ഇവയെക്കെ നടപ്പാവണമെങ്കില്‍ മാവോയിസ്റ്റ്‌ ശല്യം ഒഴിയണം. അപ്പോഴാണ്‌ ഇവരോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ എഴുത്തും സംസാരവും ഉണ്ടാകുന്നത്‌; ദിഗ്‌വിജയ്‌ സിംഗിനെപ്പോലെ ജനങ്ങളുമായുള്ള ബന്ധം തീര്‍ത്തും ഉപേക്ഷിക്കാത്ത കോണ്‍ഗ്രസിലെ അപൂര്‍വം നേതാക്കള്‍ ഗ്രീന്‍ ഹണ്ടിനെതിരെ സംസാരിക്കുന്നത്‌. വായമൂടിക്കെട്ടാതെ മറ്റെന്തു ചെയ്യാന്‍.മാവോയിസ്റ്റുകളാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയെന്ന്‌ മന്‍മോഹന്‍ സിംഗ്‌ ആദ്യം പറഞ്ഞത്‌ അഞ്ചു വര്‍ഷം മുമ്പാണ്‌. ഭരണകൂടങ്ങള്‍ തീര്‍ത്തും അവഗണിക്കുകയും അതുകൊണ്ടുതന്നെ വികനസ പ്രവര്‍ത്തനങ്ങള്‍ എത്തിനോക്കാതിരിക്കുകയും ചെയ്‌ത പ്രദേശങ്ങളിലാണ്‌ ഇവര്‍ സ്വാധീനം ഉറപ്പിച്ചതെന്ന്‌ പിന്നീട്‌ അദ്ദേഹം പലകുറി പറഞ്ഞു. അടുത്ത മഹാരാജാവായി അരിയിട്ടുവാഴിക്കാന്‍ കോണ്‍ഗ്രസുകാര്‍ കൊണ്ടുനടക്കുന്ന രാഹുലും സമാന അഭിപ്രായങ്ങള്‍ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്‌. ആദിവാസികളെയും തീര്‍ത്തും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെയും അര നൂറ്റാണ്ടോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ്‌ സര്‍ക്കാറുകള്‍ തീര്‍ത്തും അവഗണിച്ചുവെന്നാണ്‌ മന്‍മോഹനും രാഹുലും സമ്മതിക്കുന്നത്‌. അത്‌ സമ്മതിക്കുന്നതിന്‌ രക്തം ചിന്തിയും അല്ലാതെയും മാവോയിസ്റ്റുകളും അവരുടെ പൂര്‍വരൂപങ്ങളും ഇത്രകാലം സമരം ചെയ്യേണ്ടിവന്നുവെന്ന്‌ മാത്രം.ഈ ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്ന്‌ കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ പുറംതള്ളാതിരുന്നത്‌ മേഖലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നുവെന്നത്‌ കൊണ്ടുമാത്രമാണ്‌. ഒറിസ്സയില്‍ ഏക്കര്‍ കണക്കിന്‌ ഭൂമി ഏറ്റെടുത്ത്‌ പോസ്‌കോ ഗ്രൂപ്പ്‌ ആരംഭിക്കാന്‍ പദ്ധതിയിട്ട ഇരുമ്പയിര്‌ ഖനിയും സ്റ്റീല്‍ പ്ലാന്റും ഇതുവരെ എവിടെയും എത്തിയില്ല. പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ പത്ത്‌ ശതമാനം പോലും ഏറ്റെടുത്ത്‌ കൈമാറാന്‍ ഒറീസ്സ സര്‍ക്കാറിന്‌ സാധിച്ചിട്ടില്ല. തങ്ങളെപ്പോലുള്ള സാമ്പത്തിക വിദഗ്‌ധര്‍ മുന്നോട്ടുവെക്കുന്ന പദ്ധതികളെ എതിര്‍ത്ത്‌ വികസനത്തെ മുരടിപ്പിക്കുന്നവരാണ്‌ മാവോയിസ്റ്റുകള്‍ എന്ന മന്‍മോഹന്റെയും ചിദംബരത്തിന്റെയും വാദത്തേക്കാള്‍ സ്വീകാര്യത ആദിവാസികളുടെ ഭൂമി നഷ്‌ടപ്പെടുമെന്ന വാദത്തിനുണ്ടായി. 
ഇതിനകം വിവിധ വികസന പദ്ധതികള്‍ക്കായി കൂടിയൊഴിക്കപ്പെട്ട ആദിവാസികളും മറ്റ്‌ ദരദ്ര ജനവിഭാഗങ്ങളും ഭൂമുഖത്തു നിന്ന്‌ തുടച്ചുനീക്കപ്പെടുകയോ തെരുവില്‍ അലയാന്‍ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്‌തതുകൊണ്ടാണ്‌ മാവോയിസ്റ്റുകളുടെ വാദത്തിന്‌ കൂടുതല്‍ വിശ്വാസ്യതയുണ്ടായത്‌. മന്‍മോഹനോളമോ ചിദംബരത്തിനോളമോ ഒരുപക്ഷേ, അവരേക്കാള്‍ അധികമോ വിദ്യാഭ്യാസവും വിജ്ഞാനവും സ്വായത്തമാക്കിയവരുമാണ്‌ മാവോയിസ്റ്റുകളില്‍ ചിലരെങ്കിലുമെന്ന വസ്‌തുതയും മറുന്നുകൂട. ചികിത്സക്കായി ഡല്‍ഹിയില്‍ താമസിക്കുന്നതിനിടെ അറസ്റ്റിലായ കൊബാദ്‌ ഘാന്‍ഡി ഡെറാഡൂണിലെ ഡൂണ്‍ സ്‌ക്കൂളില്‍ നിന്ന്‌ വിദ്യാഭ്യാസം നേടിയയാളാണ്‌. മുന്‍ പ്രധാനമന്ത്രിയും രാഹുലിന്റെ പിതാവുമായ രാജീവ്‌ ഗാന്ധി പഠിച്ച അതേ സ്‌കൂള്‍. അക്കൗണ്ടന്‍സിയില്‍ ലണ്ടനില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയയാളും. മൈക്രോ ബയോളജിയും മാക്രോ എക്കണോമിക്‌സും ഇന്ന്‌ കാണുന്ന പ്രചാരം നേടിയിട്ടില്ലാത്ത കാലത്ത്‌ ഇത്തരം കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിവരുടെ സാന്നിധ്യം ആ പാര്‍ട്ടിയുടെ നേതൃനിരയില്‍ ചെറുതല്ലാതെയുണ്ട്‌.മന്‍മോഹനും ചിദംബരവും അവരുടെ പുര്‍വികരും പാര്‍ലിമെന്റിന്റെ ശീതളിമയില്‍ വിശ്രമിച്ചുകൊണ്ട്‌ തയ്യാറാക്കിയ നിയമങ്ങള്‍ക്ക്‌ വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നുവെന്നത്‌ കൊണ്ടുമാത്രം ഒരു സംഘടനയെ നിരോധിക്കുന്നതില്‍ അര്‍ഥമില്ല. സായുധ സമരത്തെയും രക്തപ്പുഴകള്‍ സൃഷ്‌ടിക്കുന്നതിനെയും വിമര്‍ശിക്കുമ്പോള്‍ തന്നെ അവരുന്നയിക്കുന്ന ന്യായമായ പ്രശ്‌നങ്ങളെ പിന്തുണക്കുന്നവരുടെ വായ മൂടാന്‍ ശ്രമിക്കുന്നത്‌ മൂഢത്വമാണ്‌. അടിയന്തരാവസ്ഥയിലെ കരിനിയമങ്ങളെ ഓര്‍മിപ്പിക്കലാണിത്‌. മാവോയിസ്റ്റുകള്‍ക്ക്‌ സ്വാധീനമുള്ള മേഖലകളിലും രാജ്യത്തിന്റെ വടക്ക്‌ കിഴക്കന്‍പ്രദേശങ്ങളില്‍ നിന്ന്‌ സര്‍ക്കാറിന്റെ നിയന്ത്രണം മറികടന്ന്‌ വാര്‍ത്തകള്‍ പുറത്തുവരുന്നത്‌ ഇപ്പോള്‍ തന്നെ അപൂര്‍വമാണ്‌. എത്തിയാല്‍ തന്നെ ആഴ്‌ചകള്‍ വൈകും. അപ്പോഴേക്കും അതില്‍ നിന്ന്‌ വസ്‌തുതകള്‍ ചോര്‍ന്നുപോയിട്ടുണ്ടാവും. 
ദന്തേവാഡയില്‍ 75 സി ആര്‍ പി എഫുകാരുള്‍പ്പെടെ 76 പോലീസുകാരെ മാവോയിസ്റ്റുകള്‍ കൂട്ടക്കൊല ചെയ്‌തത്‌ വലിയ വാര്‍ത്തയായി. ആറുമാസത്തോളമായി ദണ്ഡകാരണ്യ വനത്തിന്റെ നാലു പാടും സര്‍വായുധസജ്ജരായി നില്‍ക്കുന്ന അര്‍ധ സൈനിക വിഭാഗത്തിന്റെ വെടിയേറ്റ്‌ ആര്‍ക്കെങ്കിലും ജീവഹാനിയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നോ? കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പിന്തുണയോടെ ഛത്തീസ്‌ഗഢില്‍ രൂപവത്‌കരിക്കപ്പെട്ട ഗുണ്ടാപ്പടയായ സാല്‍വ ജുദുമിന്റെ അക്രമങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും റിപ്പോര്‍ട്ട്‌ രാജ്യത്തെ ഏതെങ്കിലും മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടോ? മണിപ്പൂരിലെയും അസമിലെയും ഗ്രാമങ്ങളില്‍ തീവ്രവാദവേട്ടയുടെ പേരില്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ച്‌ എത്ര റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു? ഇവിടങ്ങളിലെല്ലാം ഭരണകൂടത്തിന്റെ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പോ അടിയന്തരാവസ്ഥയോ നിലവിലുണ്ടെന്ന്‌ കരുതണം. അത്‌ എല്ലാവരിലേക്കും വ്യാപിപ്പിക്കാനാണ്‌ ചിദംബരവും കേന്ദ്ര സര്‍ക്കാറും ശ്രമിക്കുന്നത്‌.മാവോയിസ്റ്റുകള്‍ക്ക്‌ വേണ്ടി പ്രചാരണം നടത്തുന്നുവെന്ന്‌ കരുതുന്നവരെ സംഘടനയില്‍ അംഗങ്ങളാണെന്ന്‌ കുറ്റപ്പെടുത്താം. അല്ലെങ്കില്‍ അനുഭാവികളാണെന്ന്‌ ആരോപിക്കാം. അതുമല്ലെങ്കില്‍ അനുഭാവികളുടെ അനുഭാവികളെന്ന്‌ വിളിക്കാം. മൂന്നായാലും ജയില്‍ ശിക്ഷ ഉറപ്പാക്കാനാവും. ഇരകള്‍ക്കു വേണ്ടി കേസ്‌ നടത്താന്‍ ആരെങ്കിലും തയ്യാറായാല്‍ അവരെ ഭരണകൂടം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്‌ മേല്‍പ്പറഞ്ഞ പ്രചാരണങ്ങളിലൂടെ (പ്രവര്‍ത്തന്‍, അനുഭാവി, അനുഭാവിയുടെ അനുഭാവി) ആണെന്ന്‌ പറഞ്ഞത്‌ സുപ്രീം കോടതി തന്നെയാണ്‌. ദന്തേവാഡ ജില്ലയിലെ ഗോംപദ്‌ ഗ്രാമത്തിലെ പത്ത്‌ ആദിവാസികളെ `സുരക്ഷാ' സേന വെടിവെച്ച്‌ കൊന്നുവെന്ന ആരോപണം പരിഗണിക്കുകയായിരുന്നു കോടതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹിമാംശു കുമാര്‍ കോടതിയെ സമീപിക്കുമ്പോള്‍ മാത്രമാണ്‌ ഇത്രയും പേര്‍ കൊല്ലപ്പെട്ടുവെന്ന വിവരം പോലും പുറത്തുവരുന്നത്‌. ഭരണകൂടം ഇതിനകം സ്വീകരിച്ചിരിക്കുന്ന ഈ ബന്തവസ്സ്‌ കൂടുതല്‍ ഫലപ്രദമാക്കുക എന്നതാണ്‌ ചിദംബരത്തിന്റെ ഉദ്ദേശ്യം. 
ഹിമാംശു കുമാറിനെപ്പോലുള്ളവര്‍ കോടതികളെ സമീപിക്കുകയോ അരുന്ധതിയെയോ ബിനായക്‌ സെന്നിനെയോ പോലുള്ളവര്‍ സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. അത്‌ ഇല്ലാതാക്കിയാല്‍ പിന്നെ എല്ലാം ഭദ്രം. അര്‍ധ സൈനിക വിഭാഗത്തെ മാറ്റി സൈന്യത്തെ നിയോഗിച്ചാലും ഹെലിക്കോപ്‌റ്ററുകളില്‍ നിന്ന്‌ ബോംബുകളും ഷെല്ലുകളും ദണ്ഡകാരണ്യത്തിലേക്ക്‌ വര്‍ഷിച്ചാലും ആരും അറിയില്ല. ദണ്ഡകാരണ്യത്തെ മാവോയിസ്റ്റുകളെന്ന കിരാത ശക്തികളുടെ കൈയില്‍ നിന്ന്‌ മോചിപ്പിച്ചുവെന്ന പ്രഖ്യാപനം വൈകാതെ നടത്താം. ധാതു ഖനനത്തിനുള്ള കരാറുകളെല്ലാം യാഥാര്‍ഥ്യമാവുന്നത്‌ കണ്ട്‌ കുളിരണിയാം.മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നവരോട്‌ ഇതാണ്‌ ഭരണകൂടത്തിന്റെ നിലപാടെങ്കില്‍ മറ്റ്‌ ഭീകരവാദ സംഘടനകളുടെ മറവില്‍ പോലീസ്‌ ഏറ്റുമുട്ടല്‍ നാടകങ്ങളും മറ്റും നടത്തുന്നുവെന്ന്‌ സംശയിക്കുകയും അതിന്റെ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നവരുടെ കാര്യത്തില്‍ നിലപാട്‌ എന്തായിരിക്കും. ഇന്ത്യാ ഗേറ്റില്‍ വെച്ച്‌ പരസ്യമായി തൂക്കിലേറ്റുക എന്ന ശിവസേനാ നേതാവ്‌ ബാല്‍താക്കറെയുടെ നിര്‍ദേശം ചിദംബരത്തിന്‌ പരിഗണിക്കാവുന്നതാണ്‌. ഭരണഘടനയെയും അതിലെ വാചകങ്ങളെയും മറക്കുന്നതിന്‌ ബുദ്ധിമുട്ടില്ല. സോഷ്യലിസ്റ്റ്‌, മതേതര രാഷ്‌ട്രമെന്നാണ്‌ ഭരണഘടനയിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. അവിടെയാണ്‌ ഭൂരിപക്ഷ മതത്തിന്റെ ആധിപത്യം ലക്ഷ്യമിട്ട്‌ ചില സംഘടനകള്‍ പ്രവര്‍ത്തിക്കുകയും സ്വന്തം അജന്‍ഡ നിര്‍വിഘ്‌നം നടപ്പാക്കുകയും ചെയ്യുന്നത്‌. വംശഹത്യക്ക്‌ കൂട്ടു നിന്നുവെന്ന്‌ ആരോപിക്കപ്പെടുന്ന ഒരാള്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നത്‌. കമ്പോള ശക്തികള്‍ക്കായി എല്ലാ വാതിലുകളും തുറന്നിട്ട്‌ ദരിദ്രരരെ കൂടുതല്‍ ദാദിദ്ര്യത്തിലേക്ക്‌ തള്ളിവിടുന്നത്‌

2010-05-09

നൊ, യുവര്‍ ഓണര്‍ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തു നിന്ന്‌ വിരമിക്കുകയാണ്‌. 2007 ജനുവരി 14ന്‌ ചീഫ്‌ ജസ്റ്റിസായി നിയമിതനായ അദ്ദേഹം, മൂന്ന്‌ വര്‍ഷവും നാല്‌ മാസവും നീണ്ട, താരതമ്യേന ദീര്‍ഘമായ സേവനത്തിന്‌ ശേഷമാണ്‌ വിരമിക്കുന്നത്‌. വിരമിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ തന്റെ നേതൃത്വത്തിലുള്ള ബഞ്ചുകളുടെ പരിഗണനയില്‍ വന്ന ഭരണഘടനാ സാധുതയുമായി ബന്ധപ്പെട്ടതടക്കം നിര്‍ണായക തര്‍ക്കങ്ങളില്‍ വിധി പറയാന്‍ അദ്ദേഹം ശ്രദ്ധാലുവായി. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എന്ന നിലയില്‍ ചരിത്രത്തിന്റെ താളുകളില്‍ സ്വന്തം പേര്‌ തിളങ്ങി നില്‍ക്കുക എന്ന ഉത്‌കടമായ ആഗ്രഹത്തിന്റെ കൂടി ബാക്കിയാണ്‌ ഇത്‌. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തിരുന്നവരൊക്കെ ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച വ്യക്തിപരമായ താത്‌പര്യത്തെ കുറ്റം പറയാനാവില്ല.മുകേഷ്‌, അനില്‍ അംബാനിമാരുടെ തര്‍ക്കത്തില്‍ പ്രകൃതി സ്രോതസ്സുകള്‍ക്കു മേലുള്ള പരമാധികാരം സര്‍ക്കാറിനാണെന്ന വിധി, എം പിമാരുടെ പ്രാദേശിക വികസന നിധിയുടെ ഭരണഘടനാ സാധുത ശരിവെച്ചത്‌, നാര്‍കോ അനാലിസിസ്‌ പോലെ കുറ്റാന്വേഷണത്തിന്‌ ഉപയോഗിക്കുന്ന ശാസ്‌ത്രീയ പരിശോധനകള്‍ ആരോപണവിധേയന്റെ അനുവാദം കൂടാതെ നടത്തുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചത്‌ തുടങ്ങി പ്രധാന ഉത്തരവുകള്‍ അവസാന ദിവസങ്ങളില്‍ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ബഞ്ചുകള്‍ പുറപ്പെടുവിച്ചു. എങ്കിലും പല സുപ്രധാന പ്രശ്‌നങ്ങളിലും അദ്ദേഹത്തിന്റെ കീഴില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ യുക്തമായിരുന്നോ എന്ന ചോദ്യം അവശേഷിക്കേണ്ടിയിരിക്കുന്നു. ചില കാര്യങ്ങളിലെങ്കിലും വലിയ വൈരുധ്യം പ്രകടിപ്പിച്ച ഉത്തരവുകള്‍ ഇക്കാലയളവില്‍ സുപ്രീം കോടതിയില്‍ നിന്ന്‌ ഉണ്ടാവുകയും ചെയ്‌തു.ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസാവുന്ന ആദ്യത്തെ മലയാളി, ആദ്യത്തെ ദളിത്‌ വംശജന്‍ എന്നീ നിലകളില്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണനില്‍ വലിയ പ്രതീക്ഷകള്‍ നിയമനകാലത്ത്‌ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്ഥാനത്തായി എന്ന്‌ ഖേദപൂര്‍വം രേഖപ്പെടുത്തേണ്ട സ്ഥിതിയാണ്‌ അദ്ദേഹം വിരമിക്കുമ്പോഴുള്ളത്‌. വിവരാവകാശ നിയമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിലും ജഡ്‌ജിമാരുടെ സ്വത്ത്‌ വിവരം പരസ്യപ്പെടുത്തുന്ന കാര്യത്തിലും അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ വരുംകാലങ്ങളില്‍ വിമര്‍ശിക്കപ്പെടുമെന്ന്‌ ഉറപ്പാണ്‌. ജനാധിപത്യ വ്യവസ്ഥയില്‍ വിവരങ്ങളുടെ പരമാവധി ലഭ്യത ഉറപ്പാക്കുക എന്ന മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു വിവരാവകാശ നിയമം. അതിന്റെ പരിധിയില്‍ നിന്ന്‌ സൂപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസിനെ തീര്‍ത്തും മാറ്റിനിര്‍ത്തണമെന്ന ഏകപക്ഷീയമായ നിലപാടാണ്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ സ്വീകരിച്ചത്‌. ഇത്‌ വിവരങ്ങള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുക മാത്രമല്ല, ഒരു പരിധിവരെ അഴിമതിക്ക്‌ മറയിടുകയും ചെയ്‌തുവെന്നതാണ്‌ യാഥാര്‍ഥ്യം.മാര്‍ക്ക്‌ ലിസ്റ്റ്‌ തിരുത്തിയ കേസില്‍ ആരോപണവിധേയനായ വിദ്യാര്‍ഥിക്ക്‌ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരംഗം തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന്‌ മദ്രാസ്‌ ഹൈക്കോടതിയിലെ ജഡ്‌ജി രഘുപതി കോടതി മുറിയില്‍ പരസ്യമായി പറഞ്ഞിരുന്നു. രാജ്യത്തെ ജനങ്ങള്‍ അവസാന ആശ്രയമായി കാണുന്ന നീതിന്യായ സംവിധാനത്തെ സ്വാധീനിക്കാന്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരംഗം ശ്രമിച്ചുവെന്നത്‌ ഏറെ ആശങ്ക ജനിപ്പിച്ച വാര്‍ത്തയായിരുന്നു. സമ്മര്‍ദം ചെലുത്തിയത്‌ ആരാണെന്ന്‌ കണ്ടെത്താനോ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകണ്ടില്ല. നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതയുള്ള സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ഇക്കാര്യത്തിലെടുത്ത നിലപാട്‌ വിചിത്രമായിരുന്നു. മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജി രഘുപതി, ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ്‌ ഇത്തരത്തിലൊരു അഭിപ്രായം രേഖപ്പെടുത്തിയത്‌ എന്നായിരുന്നു ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ പ്രതികരണം. 
ഇക്കാര്യത്തില്‍ ജസ്റ്റിസ്‌ രഘുപതിയും ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണനും തമ്മില്‍ നടത്തിയ ആശയ വിനിമയം വിവരാവകാശ നിയമപ്രകാരം കൈമാറണമെന്ന്‌ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിടുകയും ഡല്‍ഹി ഹൈക്കോടതി ഈ ഉത്തരവ്‌ ശരിവെക്കുകയും ചെയ്‌തു. എന്നാല്‍ ഈ ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ്‌ സുപ്രീം കോടതി രജിസ്‌ട്രാര്‍ തീരുമാനിച്ചത്‌. സുപ്രീം കോടതിയുടെ ഹരജി സുപ്രീം കോടതി തന്നെ പരിഗണിക്കുന്ന അപൂര്‍വ സ്ഥിതി. സുപ്രീം കോടതി രജിസ്‌ട്രാറുടെ തീരുമാനം ചീഫ്‌ ജസ്റ്റിസിന്റെ താത്‌പര്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാവുക സ്വാഭാവികം മാത്രമാണല്ലോ.പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ നിര്‍മല്‍ജിത്‌ കൗറിന്റെ വീട്ടുവാതില്‍ക്കല്‍ നിന്ന്‌ കണക്കില്‍പ്പെടാത്ത 15 ലക്ഷം രൂപ കണ്ടെടുത്ത സംഭവത്തിലും സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. ഹൈക്കോടതിയിലെ മറ്റൊരു ജഡ്‌ജിയായ ജസ്റ്റിസ്‌ നിര്‍മല്‍ യാദവിന്‌ കൈക്കൂലിയായി നല്‍കിയ പണം പേരിലെ സാമ്യം മൂലം അബദ്ധത്തില്‍ ജസ്റ്റിസ്‌ നിര്‍മല്‍ജിത്‌ കൗറിന്റെ വീട്ടുപടിക്കല്‍ വെച്ചതാണെന്ന ആരോപണമുണ്ടായി. പണമടങ്ങിയ ബാഗ്‌ കണ്ടെത്തിയ സംഭവം ജസ്റ്റിസ്‌ നിര്‍മല്‍ജിത്‌ കൗര്‍ പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന്‌ നടന്ന അന്വേഷണത്തില്‍ ഈ ആരോപണം ശക്തവുമായി. 
15 ലക്ഷം രൂപ ജസ്റ്റിസ്‌ നിര്‍മല്‍ യാദവിന്‌ കൈക്കൂലിയായി ലഭിച്ചതാണെന്ന നിഗമനത്തിലാണ്‌ പഞ്ചാബ്‌ ഗവര്‍ണറും ചണ്ഡീഗഢ്‌ അഡ്‌മിനിസ്‌ട്രേറ്ററുമായ ജനറല്‍ എസ്‌ എഫ്‌ റോഡ്രിഗ്‌സ്‌ എത്തിയത്‌. സി ബി ഐയും സംസ്ഥാന പോലീസും ഇതേ നിഗമനമാണ്‌ മുന്നോട്ടുവെച്ചത്‌. സുപ്രീം കോടതി തന്നെ നിയോഗിച്ച ഗോഖലെ കമ്മിറ്റിയും സമാന നിഗമനത്തില്‍ എത്തിയിരുന്നു. എന്നിട്ടും സംഭവം മൂടിവെക്കാനാണ്‌ സൂപ്രീം കോടതി ശ്രമിച്ചത്‌. ജസ്റ്റിസ്‌ നിര്‍മല്‍ യാദവിനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുവാദം തേടി സി ബി ഐ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടോ എന്ന്‌ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ഇക്കാര്യം പരമരഹസ്യമാണെന്നും വിവരാവകാശ നിയമത്തിലെ നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഈ വിവരം കൈമാറാനാവില്ലെന്നുമുള്ള മറുപടിയാണ്‌ ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസ്‌ നല്‍കിയത്‌.നീതിന്യായ സംവിധാനത്തിലെ അഴിമതിയെക്കുറിച്ച്‌ വലിയ ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ഇത്തരം നിലപാടുകള്‍ സ്വീകരിച്ചത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യം പ്രസക്തമാണ്‌. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന്‌ ജഡ്‌ജിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ച കേന്ദ്രമന്ത്രിയെ സംരക്ഷിക്കാനുള്ള ബാധ്യത സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്‌ എന്തായിരുന്നു? ജസ്റ്റിസ്‌ രഘുപതിയുടെ വ്യക്തിത്വം ചോദ്യം ചെയ്‌തുകൊണ്ട്‌ കേന്ദ്ര മന്ത്രിയെ സംരക്ഷിക്കുമ്പോള്‍ രാജ്യത്തെ ജഡ്‌ജിമാരുടെ മനോവീര്യത്തെയാകെ അത്‌ ബാധിക്കുമെന്ന വസ്‌തുത ചീഫ്‌ ജസ്റ്റിസ്‌ മറന്നുപോയത്‌ യാദൃച്ഛികമാണോ? 15 ലക്ഷം രൂപ കൈക്കൂലി വാങ്ങാന്‍ ഹൈക്കോടതി ജഡ്‌ജി ശ്രമിച്ചുവെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷണം പോലും വേണ്ടെന്ന വിധത്തില്‍ നിലപാടെടുത്തപ്പോള്‍ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയെയാണ്‌ കുരിശില്‍ കിടത്താന്‍ തീരുമാനിച്ചത്‌. സ്വജനപക്ഷപാതം, അഴിമതിയെ മൂടിവെക്കല്‍ എന്നിവയെല്ലാം ക്രിമിനല്‍ കുറ്റമായി നിര്‍വചിക്കുന്ന നിയമങ്ങളും ആ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിധികള്‍ പുറപ്പെടുവിക്കുന്ന കോടതികളുമാണ്‌ നമ്മുടെത്‌. നിയമത്തെ കോടതി തന്നെ മറികടക്കുമ്പോള്‍ യശോധാവള്യമല്ല ഉണ്ടാവുന്നത്‌.വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സുപ്രധാന നിലപാടുകള്‍ ഇക്കാലയളവില്‍ സുപ്രീം കോടതി സ്വീകരിച്ചിട്ടുണ്ട്‌. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ ന്യായീകരിച്ച നടി ഖുശ്‌ബുവിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ചത്‌, സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതിരുന്നത്‌ എന്നു തുടങ്ങി ആഗോള സാഹചര്യവുമായി ഒട്ടിനില്‍ക്കുന്ന നിരവധി നിലപാടുകള്‍ ചൂണ്ടിക്കാട്ടാനാവും. അതോടൊപ്പം തന്നെ ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഹനിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ ഭരണകൂടത്തിന്‌ അനുകൂലമായ നിലപാടും സ്വീകരിച്ചു. ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ രണ്ട്‌ യുവാക്കളുടെ മരണത്തിന്‌ കാരണമായ ഏറ്റുമുട്ടലിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ഹരജി തള്ളിയതിലും പ്രധാനം ഇത്തരത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിടുന്നത്‌ പോലീസിന്റെ മനോവീര്യത്തെ ബാധിക്കുമെന്ന്‌ കോടതി അഭിപ്രായപ്പെട്ടതാണ്‌. 
ജഡ്‌ജിമാരുട മനോവീര്യം തകര്‍ന്നാലും പോലീസിന്റെ മനോവീര്യം കെടാതെ കാക്കേണ്ടത്‌ കോടതിയുടെ ബാധ്യതയാണ്‌, പ്രത്യേകിച്ച്‌ ഭീകരബന്ധം ആരോപിക്കപ്പെടുന്ന ഒരു കേസില്‍ എന്നര്‍ഥം. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പിക്കാനും സ്വവര്‍ഗ പ്രണയത്തിന്‌ നിയമത്തിന്റെ തുല്യം ചാര്‍ത്തി കൊടുക്കാനും തിരക്ക്‌ കൂട്ടുന്നവര്‍ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്ന പരാതിയില്‍ ഇത്തരമൊരു നിലപാടെടുത്തത്‌ എന്തുകൊണ്ടാണ്‌? തീരുമാനങ്ങള്‍ എല്ലാ കാര്യത്തിലും ആഗോള സാഹചര്യത്തിന്‌ അനുഗുണമാവുക എന്നത്‌ പ്രധാനമാണെന്ന്‌ കോടതിക്ക്‌ അറിയാവുന്നതുകൊണ്ടു തന്നെ.കര്‍ണാടക ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന ജസ്റ്റിസ്‌ പി ഡി ദിനകരനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ചീഫ്‌ ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം സ്വീകരിച്ച നിലപാടുകളും യശസ്സിന്‌ ഗുണകരമായിരുന്നില്ല. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ജസ്റ്റിസ്‌ ദിനകരനെതിരെ ഉയരുകയും അതേക്കുറിച്ച്‌ അന്വേഷിച്ച തിരുവള്ളൂര്‍ ജില്ലാ കലക്‌ടര്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതല്ലെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തു. എന്നിട്ടും ജസ്റ്റിസ്‌ പി ഡി ദിനകരന്‌ സുപ്രീം കോടതിയിലേക്ക്‌ സ്ഥാനക്കയറ്റം നല്‍കുക എന്ന തീരുമാനത്തില്‍ നിന്ന്‌ പിന്നാക്കം പോകാന്‍ സുപ്രീം കോടതി കൊളീജിയത്തിന്‌ ഏറെ സമയം വേണ്ടിവന്നു. ജസ്റ്റിസി ദിനകരന്‌ സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം തിരിച്ചയച്ചപ്പോള്‍ മാത്രമാണ്‌ പുനരാലോചനക്ക്‌ കൊളീജിയം തയ്യാറായത്‌. 
ആരോപണങ്ങളില്‍ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്ന്‌ തോന്നിയപ്പോള്‍ തന്നെ നിയമന ശിപാര്‍ശ പിന്‍വലിച്ച്‌ കൊളീജിയത്തിന്റെയും അതുവഴി സുപ്രീം കോടതിയുടെയും അന്തസ്സ്‌ നിലനിര്‍ത്താന്‍ എന്തുകൊണ്ട്‌ ശ്രമിച്ചില്ല എന്ന ചോദ്യത്തിന്‌ ഇവിടെ പ്രസക്തിയില്ല. കാരണം സുപ്രീം കോടതിയിലേക്ക്‌ ജഡ്‌ജിമാരെ നിയമിക്കുന്നതിന്റെ മാനദണ്ഡം ജനങ്ങള്‍ അറിയേണ്ട ആവശ്യമില്ലെന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ നിലപാട്‌. ജഡ്‌ജിമാരുടെ നിയമനത്തിന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം കൈമാറാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിടുകയും ഡല്‍ഹി ഹൈക്കോടതി അത്‌ ശരിവെക്കുകയും ചെയ്‌തതാണ്‌. എന്നാല്‍ ഇതിലും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ്‌ സുപ്രീം കോടതി രജിസ്‌ട്രാര്‍ തീരുമാനിച്ചത്‌. 
സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസ്‌ സൂക്ഷിക്കുന്ന വിശുദ്ധ രഹസ്യങ്ങളില്‍പ്പെടുന്നതാണ്‌ ജഡ്‌ജിമാരുടെ നിയമനക്കാര്യം. അത്‌ പരസ്യപ്പെടുത്തുന്നത്‌ ശരിയല്ലെന്നാണ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ നിലപാട്‌. ഇത്തരം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവര്‍ ജസ്റ്റിസ്‌ പി ഡി ദിനകരന്റെ കാര്യത്തില്‍ നീതിപൂര്‍വകമായ തീരുമാനമെടുത്തുവെന്ന്‌ വിശ്വസിക്കുക മാത്രമേ തരമുള്ളൂ.ജഡ്‌ജിമാരുടെ സ്വത്ത്‌ വെളിപ്പെടുത്തുന്നതിനുള്ള സമ്മര്‍ദവും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയുടെ തുടര്‍ച്ചയായിരുന്നു. സ്വത്ത്‌ പരസ്യപ്പെടുത്തുന്നതില്‍ അപാകം ദര്‍ശിച്ച സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനെ വിമര്‍ശിച്ചത്‌ സ്വന്തം കുടുംബത്തിലുള്ളവര്‍ തന്നെയായിരുന്നു. അവര്‍ സ്വമേധായ സ്വത്ത്‌ വെളിപ്പെടുത്താന്‍ സന്നദ്ധരായപ്പോള്‍ ചീഫ്‌ ജസ്റ്റിസിന്‌ നിലപാട്‌ മാറ്റേണ്ടിവന്നു. ഇതും നിയമനകാലത്തുണ്ടായിരുന്ന പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ച സംഭവമായി. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളുടെ തള്ളിക്കയറ്റം തടയാന്‍ നിയമ ഭേദഗതി എന്ന ശിപാര്‍ശ പ്രധാനമന്ത്രിയെക്കൊണ്ട്‌ അംഗീകരിപ്പിക്കാന്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‌ സാധിച്ചു. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ എതിര്‍പ്പ്‌ പോലും അവഗണിച്ച്‌ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌ എന്നാണ്‌ ഒടുവില്‍ കിട്ടുന്ന വിവരം. 
സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസിന്‌ പുതിയ സുരക്ഷാ മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതിന്റെ ആനന്ദം വിരമിക്കുമ്പോള്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‌ ഉണ്ടാവും. അടിച്ചമര്‍ത്തലിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രം പേറുന്ന ഒരു സമുദായത്തില്‍ നിന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തേക്ക്‌ ഉയര്‍ന്ന ഒരാളില്‍ നിന്ന്‌ പ്രതീക്ഷിച്ചത്‌ ഇതാണോ എന്ന ചോദ്യം ബാക്കിയാവുന്നു. രാഷ്‌ട്രപതി ഭവനില്‍ കഴിഞ്ഞ കാലത്ത്‌ ഭരണകൂടത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങളോട്‌ വിയോജിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ച്‌ നിരന്തരം ഓര്‍മപ്പെടുത്തുകയും ചെയ്‌ത കെ ആര്‍ നാരായണനെക്കുറിച്ച്‌ ഓര്‍മിക്കാം. രാജ്യത്തെ ആദ്യത്തെ ദളിത്‌ രാഷ്‌ട്രപതിയെ.

2010-05-07

കൈക്കരുത്തറിയിക്കുന്ന കണക്കുകള്‍ജപ്പാനിലെ ഹിരോഷിമയില്‍ നൊടിയിടകൊണ്ട്‌ പൊലിഞ്ഞത്‌ ഒന്നര ലക്ഷത്തിലധികം ജീവനാണ്‌. മൂന്ന്‌ ദിവസത്തിനു ശേഷം നാഗസാക്കിയില്‍ എണ്‍പതിനായിരത്തോളം ജീവനുകളും നിമിഷ നേരം കൊണ്ട്‌ എരിഞ്ഞടങ്ങി. മനുഷ്യ ജീവന്റെ കണക്ക്‌ മാത്രമാണിത്‌. ഭൂമിയുടെ അവകാശികളായ മറ്റു ജീവജാലങ്ങളുടെ നാശത്തിന്റെ കണക്ക്‌ ലഭ്യമല്ല. ലിറ്റില്‍ ബോയ്‌, ഫാറ്റ്‌ മാന്‍ എന്നീ പേരുകളില്‍ അമേരിക്ക വിശേഷിപ്പിച്ച ആണവ ബോംബുകളാണ്‌ നാശം വിതച്ചത്‌. ഹിരോഷിമയില്‍ പ്രയോഗിച്ച ബോംബ്‌ സൃഷ്‌ടിച്ച ആഘാതത്തിന്റെ അളവ്‌ രണ്ടാമതൊന്ന്‌ കൂടി പ്രയോഗിക്കുന്നതിന്‌ അമേരിക്കക്ക്‌ തടസ്സമായില്ല. അണുവികിരണമേറ്റ്‌ പിന്നീട്‌ നരകിച്ചു മരിച്ചവര്‍ നിരവധി. വൈകല്യങ്ങളുമായി ജനിച്ച്‌ ദുരിത ജീവിതം തുടരാന്‍ വിധിക്കപ്പെട്ടവരും അനേകായിരങ്ങളാണ്‌. സര്‍വവിനാശകാരിയായ അത്തരമൊരു ആക്രമണം ഇതുവരെ അമേരിക്ക മാത്രമേ നടത്തിയിട്ടുള്ളൂ. അത്തരമൊരു ആക്രമണം നടത്താന്‍ ആധിപത്യ ദുര മൂത്ത അവര്‍ക്കു മാത്രമേ മനസ്സ്‌ വരുമായിരുന്നുള്ളൂ. ഇന്നലെ ജപ്പാനില്‍ പ്രയോഗിച്ചത്‌ നാളെ നമുക്കുനേരെയും വരാമെന്ന ഭീതി മറ്റു രാജ്യങ്ങളെ ബാധിച്ചു. ബ്രഹ്‌മാസ്‌ത്രം പ്രയോഗിക്കാനുള്ള സാധ്യത തടുക്കണമെങ്കില്‍ ബ്രഹ്‌മാസ്‌ത്രം സ്വന്തമായുണ്ടാവണമെന്ന തീരുമാനത്തിലേക്ക്‌ ഓരോ രാജ്യവും എത്തി. അമേരിക്ക അണുബോംബുണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ സോവിയറ്റ്‌ യൂനിയന്‍ ആ വഴിക്ക്‌ നീങ്ങുകയും 1949ല്‍ ആദ്യത്തെ ആയുധ പരീക്ഷണം നടത്തുകയും ചെയ്‌തു. ബ്രിട്ടന്‍, ഫ്രാന്‍സ്‌, ചൈന എന്നിവയൊക്കെ ഇതേ പാത പിന്തുടര്‍ന്നവരാണ്‌. രണ്ട്‌ അണുബോംബുകള്‍ മാനവരാശിക്കു മേല്‍ പ്രയോഗിച്ച അമേരിക്ക ഒരു വശത്ത്‌ സ്വന്തം ആയുധ ശേഖരം വര്‍ധിപ്പിക്കുകയും മറുഭാഗത്ത്‌ ആണവ നിര്‍വ്യാപനത്തിന്റെ ആവശ്യകത ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. 1968ല്‍ ആണവ നിര്‍വ്യാപന കരാര്‍ (നോണ്‍ പ്രൊലിഫിറേഷന്‍ ട്രീറ്റി - എന്‍ പി ടി) ഒപ്പ്‌ വെക്കുന്നത്‌ ഈ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ്‌. എന്‍ പി ടിക്ക്‌ എന്തുകൊണ്ട്‌ അമേരിക്ക മുന്‍കൈ എടുത്തുവെന്ന ചോദ്യത്തിന്‌ അവരുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ തന്നെ സാക്ഷ്യം പറയും. 1967 ആവുമ്പോഴേക്കും അമേരിക്കയുടെ ആണവ ആവനാഴിയിലുണ്ടായിരുന്ന അസ്‌ത്രങ്ങളുടെ എണ്ണം 31,255 ആയിക്കഴിഞ്ഞിരുന്നു. ഇത്രയും ആയുധങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക്‌ പിന്നെ നിര്‍വ്യാപനത്തെക്കുറിച്ച്‌ സംസാരിക്കാന്‍ മടിയുണ്ടാവില്ല. ലിറ്റില്‍ ബോയ്‌, ഫാറ്റ്‌ മാന്‍ മാതൃകയില്‍ നിന്ന്‌ അപ്പോള്‍ തന്നെ ഏറെ പുരോഗമിച്ചു കഴിഞ്ഞിട്ടുണ്ടാവണം.ഇപ്പോള്‍ എന്‍ പി ടിയിലെ പുനരവലോകനത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ അമേരിക്ക പറയുന്നു അവരുടെ പക്കല്‍ 5,113 ആണവായുധങ്ങളുണ്ടെന്ന്‌. 1967ലെ ശേഖരവുമായി താരതമ്യം ചെയ്യുമ്പോള്‍ ആയുധങ്ങളുടെ എണ്ണത്തില്‍ 80 ശതമാനം കുറവാണ്‌ തങ്ങള്‍ വരുത്തിയതെന്നും നിര്‍വ്യാപനത്തിന്റെയും നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ അമേരിക്കക്കുള്ള പ്രതിജ്ഞാബദ്ധതയാണ്‌ ഇത്‌ കാണിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. കണക്കുകളുടെ താരതമ്യത്തില്‍ ഈ അവകാശവാദം ശരിയായിരിക്കാം. എന്നാല്‍ സാങ്കേതിക വിദ്യയില്‍ കൈവരിച്ച മുന്നേറ്റം കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴുള്ള അയ്യായിരത്തിന്‌ മുമ്പുണ്ടായിരുന്ന മുപ്പതിനായിരത്തിനേക്കാള്‍ പ്രഹര ശേഷിയുണ്ടാവും. ലിറ്റില്‍ ബോയ്‌ ഉപയോഗിച്ച്‌ ഒരു ഹിരോഷിമ തകര്‍ക്കാനേ കഴിഞ്ഞുള്ളൂവെങ്കില്‍ ഇപ്പോള്‍ അമേരിക്കയുടെ കൈവശമുള്ള ലിറ്റില്‍ ബോയ്‌ കുറഞ്ഞത്‌ പത്ത്‌ ഹിരോഷിമകളെയെങ്കിലും തകര്‍ക്കാന്‍ ത്രാണിയുള്ളതാവുമെന്ന്‌ അര്‍ഥം. വേണമെങ്കില്‍ അമേരിക്കയൊഴികെ ഭൂഗോളത്തിലെ മറ്റെല്ലാ സ്ഥലങ്ങളെയും തകര്‍ത്തുപൊടിക്കാന്‍ പാകത്തില്‍ ആയുധങ്ങള്‍ തയ്യാറാണ്‌. 
റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളുടെ പക്കലും ഏതാണ്ട്‌ ഇതിനൊപ്പം ആയുധങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്‌. ഇനിയൊരിക്കല്‍ ആണവായുധം ഉപയോഗിക്കാന്‍ ആരും തയ്യാറായേക്കില്ല. പക്ഷേ, തങ്ങളുടെ ആയുധശേഷി ഉപയോഗിച്ച്‌ മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക്‌ നിര്‍ത്താന്‍ ഇവര്‍ക്ക്‌ സാധിച്ചേക്കും. അതാണ്‌ അമേരിക്കയും സഖ്യ ശക്തികളും കുറേക്കാലമായി ചെയ്‌തുവരുന്നതും.
ഇത്രയും ആയുധങ്ങള്‍ സ്വന്തമാക്കിവെച്ചുകൊണ്ടാണ്‌ ഇറാഖില്‍ സദ്ദാം ഭരണകൂടം മാരക പ്രഹരശേഷിയുള്ള ആയുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ ആ രാജ്യത്തെ അമേരിക്ക ആക്രമിച്ചത്‌. മാരക പ്രഹര ശേഷിയുള്ള ആയുധമെന്നേ പറഞ്ഞുള്ളൂ, അത്‌ ആണവായുധമാണെന്ന്‌ ആരോപണമുണ്ടായിരുന്നില്ല. എന്നിട്ടും ലോകത്തിനാകെ വെല്ലുവിളിയായി സദ്ദാമും ഇറാഖും മാറുന്നുവെന്ന്‌ ആരോപിക്കാനും അതിന്‌ ഐക്യരാഷ്‌ട്ര സഭയുടെയുടെയും രക്ഷാസമിതിയുടെയും അംഗീകാരം വാങ്ങിയെടുക്കാനും അമേരിക്കക്ക്‌ സാധിച്ചു. എന്തുകൊണ്ട്‌ ആരും എതിര്‍ക്കാനുണ്ടായില്ല എന്ന്‌ ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഈ 5,113 എന്ന അക്കം നല്‍കും. ഇറാഖിനെ ആക്രമിക്കാന്‍ ആരംഭിച്ച നാളുകളില്‍ അക്കം ഇതിനും മുകളിലുള്ള ഏതെങ്കിലുമായിരിക്കും.5,113 ആണവായുധങ്ങളേ തങ്ങളുടെ പക്കലുള്ളൂ എന്ന്‌ അമേരിക്ക പറയുന്നു, ലോകം അത്‌ വിശ്വസിക്കുന്നു. അതിലപ്പുറം ഉണ്ടോ ഇല്ലയോ എന്ന്‌ പരിശോധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ മറ്റ്‌ രാജ്യങ്ങളുടെ കാര്യത്തിലാവുമ്പോള്‍ പരിശോധനകള്‍ക്ക്‌ അമേരിക്ക തന്നെ മുന്‍കൈ എടുക്കും. ഇറാഖില്‍ മാരക പ്രഹര ശേഷിയുള്ള ആയുധങ്ങളുണ്ടോ എന്ന്‌ കണ്ടെത്താന്‍ യു എന്‍ ആയുധ പരിശോധകരെ നിയോഗിച്ചത്‌ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സമ്മര്‍ദ ഫലമായിട്ടാണ്‌. അവര്‍ പരിശോധിച്ച്‌ ഒന്നും കണ്ടെത്താതിരുന്നപ്പോള്‍ സദ്ദാം ഭരണകൂടം പരിശോധനകളോട്‌ വേണ്ടവിധത്തില്‍ സഹകരിച്ചില്ല എന്നായി ആരോപണം. മറ്റു രാജ്യങ്ങളില്‍ പരിശോധന അനിവാര്യം. അവിടെയുള്ള ഭരണകൂടങ്ങള്‍ പരിശോധകരുമായി പൂര്‍ണമായി (അമേരിക്കയുടെ തൃപ്‌തിയാണ്‌ പൂര്‍ണതയുടെ മാനദണ്ഡം)സഹകരിക്കേണ്ടതുമുണ്ട്‌. പക്ഷേ, ഇതൊന്നും അമേരിക്കയുടെ കാര്യത്തിലാവുമ്പോള്‍ നിര്‍ബന്ധവുമല്ല. അവരുടെ വാക്കുകള്‍ ലോകം വിശ്വസിച്ചുകൊള്ളണം. അത്‌ മാതൃകയാക്കി മറ്റ്‌ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുകയും വേണം. 
ആയുധങ്ങളുടെ കണക്കുപുസ്‌തകം തങ്ങള്‍ തുറന്നുകാട്ടിയെന്നും ഇന്ത്യയും റഷ്യയും ചൈനയും പാക്കിസ്ഥാനും ഇതേ മാതൃക പിന്തുടരണമെന്നും യു എസ്‌ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ പട്ടികയില്‍ നിന്ന്‌ സഖ്യകക്ഷികളായ ഫ്രാന്‍സ്‌, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളെ ഒഴിവാക്കിയത്‌ പ്രത്യേക ഉദ്ദേശ്യത്തോടെയാവണമെന്നില്ല. പക്ഷേ, മറ്റൊരു രാജ്യത്തെ ഒഴിവാക്കിയതിലെ കൃതഹസ്‌തത കാണാതിരിക്കാനാവില്ല - ഇസ്‌റാഈലിനെ. 
ഇസ്‌റാഈല്‍ രഹസ്യമായി ആണവ പദ്ധതികള്‍ നടത്തുന്നുണ്ടെന്നും ഇതിനകം നിരവധി ആണവായുധങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇത്‌ നിഷേധിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. സാങ്കേതിക വിദ്യാ മേഖലയില്‍, പ്രത്യേകിച്ച്‌ ആയുധ സാങ്കേതിക വിദ്യയില്‍ ലോകത്തുതന്നെ മുന്‍പന്തിയിലുള്ള രാജ്യമാണ്‌ ഇസ്‌റാഈല്‍. റഡാറുകളുടെ കെണിയില്‍പ്പെടാതെ താഴ്‌ന്ന്‌ പറക്കാന്‍ ശേഷിയുള്ള പോര്‍ വിമാനങ്ങള്‍ (സ്റ്റെല്‍ത്ത്‌ ബോംബറുകള്‍) ആദ്യം നിര്‍മിച്ചത്‌ ഇസ്‌റാഈലാണ്‌. അമേരിക്ക പോലും ഇസ്‌റാഈലില്‍ നിന്ന്‌ ഈ സാങ്കേതിക വിദ്യ വാങ്ങുകയായിരുന്നു. ഇസ്‌റാഈലിന്റെ ഈ മേല്‍ക്കൈയും അമേരിക്കയും യൂറോപ്പിലെ രാജ്യങ്ങളും കൈയയച്ച്‌ നല്‍കുന്ന സാമ്പത്തിക പിന്തുണയും കണക്കിലെടുത്താല്‍ ആ രാജ്യം എത്രയോ കാലം മുമ്പ്‌ അണുബോംബ്‌ നിര്‍മിച്ചിട്ടുണ്ടാവണം. എന്നാല്‍ ഇതേക്കുറിച്ച്‌ പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെടാന്‍ അമേരിക്ക തയ്യാറല്ല. അണുബോംബ്‌ സ്വന്തമായുണ്ടോ ഇല്ലയോ എന്ന്‌ വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നില്ല. ഇതേ അമേരിക്കയാണ്‌ അണുബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ വര്‍ഷങ്ങളായി ഇറാന്റെയും ഉത്തര കൊറിയയുടെയും പിന്നാലെ കൂടുന്നത്‌. കമ്മ്യൂണിസ്റ്റ്‌ ഭരണസമ്പ്രദായം നിലനില്‍ക്കുന്ന ഉത്തര കൊറിയ കാര്യങ്ങള്‍ പരമാവധി രഹസ്യമാക്കി സൂക്ഷിക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ്‌. അതുകൊണ്ടുതന്നെ അവര്‍ പരസ്യ പ്രസ്‌താവനകളൊന്നും നടത്താറില്ല, പ്രത്യേകിച്ച്‌ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട കാര്യത്തില്‍. ഇസ്‌റാഈലിന്റെ കാര്യത്തിലെന്നപോലെ ഉത്തര കൊറിയയും ആണവായുധം ഇതിനകം സ്വന്തമാക്കിയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. പക്ഷേ, ഇറാന്‍ ആണവായുധം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടില്ല. ആണവായുധം നിര്‍മിക്കാന്‍ പാകത്തില്‍ യുറേനിയം സമ്പുഷ്‌ടീകരിച്ചെടുക്കാന്‍ നിലവില്‍ ഇറാനിലുള്ള പ്ലാന്റുകള്‍ക്ക്‌ സാധിക്കില്ലെന്നതും വ്യക്തമായ കാര്യമാണ്‌. രാജ്യത്തിന്റെ ഊര്‍ജാവശ്യം നേരിടുന്നതിനാണ്‌ ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന്‌ അവര്‍ ആവര്‍ത്തിക്കുന്നുമുണ്ട്‌. അമേരിക്ക പുറത്തിറക്കിയ ആയുധക്കണക്ക്‌ തൊണ്ടതൊടാതെ വിഴുങ്ങുന്നവര്‍ ഇറാന്റെ പ്രഖ്യാപനങ്ങളെ വിശ്വസിക്കുന്നില്ല. എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ അമേരിക്ക വിശ്വസിക്കാത്തതുകൊണ്ട്‌ എന്ന്‌ മാത്രമേ മറുപടിയുള്ളൂ. 5,113 ആണവായുധങ്ങള്‍ സ്വന്തം ശേഖരത്തിലുള്ള ഒരു രാജ്യമാവുമ്പോള്‍ അവരുടെ പ്രസ്‌താവനകള്‍ വിശ്വസിക്കാതെ തരമില്ലല്ലോ? ന്യായാന്യായങ്ങള്‍ അവരുടെ വിധിതീര്‍പ്പിന്‌ വിധേയവുമാവുമല്ലോ?എന്‍ പി ടിയുടെ സമഗ്രമായ പുനരവലോകനമാണ്‌ ലക്ഷ്യമിടുന്നത്‌ എന്ന്‌ ബരാക്‌ ഒബാമ ഭരണകൂടം ആവര്‍ത്തിക്കുന്നുണ്ട്‌. 1967വരെ അണ്വായുധങ്ങള്‍ പരീക്ഷിച്ച രാജ്യങ്ങള്‍ക്ക്‌ പ്രത്യേക പദവി അനുവദിക്കുന്ന നിലവിലെ എന്‍ പി ടി വിവേചനപരമാണെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌. ഇക്കാരണം ചൂണ്ടിക്കാട്ടി എന്‍ പി ടിയില്‍ ഒപ്പിടാതിരുന്ന ഇന്ത്യ ഇപ്പോള്‍ നടക്കുന്ന പുനരവലോകന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല. പുനരവലോകനത്തിന്റെ ഭാഗമായി 1975വരെ ആണവായുധം പരീക്ഷിച്ച രാജ്യങ്ങള്‍ക്ക്‌ പ്രത്യേക പദവി നല്‍കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവസാനിക്കും. എന്‍ പി ടിയില്‍ ഒപ്പ്‌ വെക്കാന്‍ പിന്നെ മടിയുണ്ടാവില്ല. മറ്റു രാജ്യങ്ങളെ സംബന്ധിച്ച്‌ കരാര്‍ വിവേചനപരമായി നിലനില്‍ക്കുന്നുവെന്ന വസ്‌തുത നമുക്കപ്പോള്‍ പ്രശ്‌നമാവില്ല. അമേരിക്കയുമായുണ്ടാക്കിയ സൗഹൃദം കൊണ്ട്‌ ലഭിച്ച നേട്ടമായി ആഘോഷിക്കപ്പെടുകയും ചെയ്യും.ഏതുവിധത്തിലും ഇന്ത്യയെ എന്‍ പി ടിയില്‍ ഒപ്പ്‌ വെപ്പിക്കാന്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നുണ്ട്‌. എല്ലാം ആധിപത്യം നിലനിര്‍ത്താനുള്ള അമേരിക്കന്‍ ശ്രമത്തിന്റെ ഭാഗം. ഒപ്പം ശത്രുപക്ഷത്ത്‌ നിര്‍ത്തിയിരിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനുള്ള തന്ത്രവും. ആ നിലക്ക്‌ 5,113 ആയുധങ്ങള്‍ പക്കലുണ്ട്‌ എന്ന പ്രഖ്യാപനം കണക്ക്‌ വെളിപ്പെടുത്തല്‍ മാത്രമല്ല, എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പു കൂടിയാണ്‌. ആധിപത്യം അംഗീകരിച്ച,്‌ അമേരിക്കയുടെ വ്യാപാര, വാണിജ്യ, സൈനിക താത്‌പര്യങ്ങള്‍ നിവര്‍ത്തിച്ച്‌ കൊടുക്കുന്നവര്‍ക്ക്‌ ഭൂമിയില്‍ സമാധാനം, അല്ലാത്തവര്‍ക്ക്‌ നരകം.

2010-05-05

ഹെഡ്‌ലിയെക്കുറിച്ച്‌ സംസാരിക്കരുത്‌

മുംബൈയില്‍ ആക്രമണം നടത്തിയവരില്‍ പിടിയിലായ ഏക പ്രതി അമീര്‍ അജ്‌മല്‍ കസബ്‌ ചുമത്തപ്പെട്ട 86 ആരോപണങ്ങളിലും കുറ്റക്കാരനാണെന്ന്‌ പ്രത്യേക വിചാരണക്കോടതി ജഡ്‌ജി എം എല്‍ തഹലിയാനി കണ്ടെത്തി. അപ്രതീക്ഷിതമായി യാതൊന്നും ഇതിലില്ല. ആക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരില്‍ 56 പേരുടെ ജീവനെടുത്തത്‌ കസബിന്റെ തോക്കില്‍ നിന്ന്‌ പാഞ്ഞ വെടിയുണ്ടകളാണെന്ന്‌ കോടതി കണ്ടെത്തിയിട്ടുണ്ട്‌. ഇതൊരു കൂട്ടക്കുരുതി മാത്രമല്ല, രാജ്യത്തിന്റെ പരമാധികാരത്തിന്‌ നേര്‍ക്കുള്ള യുദ്ധം കൂടിയാണെന്ന്‌ കോടതി വ്യക്തമാക്കുന്നു. കസബിന്‌ വിചാരണക്കോടതി വധശിക്ഷ വിധിക്കുമെന്നതില്‍ സംശയമുള്ളവരാരും ഉണ്ടാവാന്‍ ഇടയില്ല. രാജ്യം ഇന്നോളം കണ്ടിട്ടില്ലാത്ത ക്രൂരത നടപ്പാക്കിയവരില്‍ ഒരാള്‍ക്ക്‌ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള വിചാരണ ഉറപ്പാക്കാനും അയാള്‍ക്ക്‌ സ്വന്തം ഭാഗം വാദിക്കാനും അവസരമൊരുക്കിയതിലൂടെ നിയമവാഴ്‌ചയുടെ അന്യാദൃശമായ മാതൃക സൃഷ്‌ടിച്ചുവെന്ന്‌ രാജ്യത്തിന്‌ അഭിമാനിക്കാനും ഈ സംഭവം വക നല്‍കുന്നു.ഇതേ കേസില്‍ ആരോപണവിധേയരായ രണ്ടു പേരെ കോടതി കുറ്റവിമുക്തരാക്കിയിട്ടുമുണ്ട്‌. ബീഹാര്‍ സ്വദേശി സബാഉദ്ദീനും മുംബൈയില്‍ താമസക്കാരനായ ഫഹീം അന്‍സാരിയും. ഇവര്‍ തിരിഞ്ഞു നിന്ന്‌ ഇന്ത്യന്‍ ഭരണകൂടത്തോട്‌ ചോദ്യങ്ങളൊന്നും ചോദിക്കാന്‍ ഇടയില്ല. കാരണം ഉത്തര്‍പ്രദേശിലെ മറ്റൊരു ഭീകരാക്രമണക്കേസിലെ വിചാരണ ഇരുവരെയും കാത്തിരിക്കുന്നു. മുംബൈ ആക്രമണക്കേസിലെ അപ്പീലുകള്‍, യു പി കേസിലെ വിചാരണയും അതിന്റെ അപ്പീലുകളും ഒക്കെ കഴിയുമ്പോഴേക്കും ചോദ്യങ്ങള്‍ ചോദിക്കാനുള്ള ത്രാണി ഇവര്‍ക്കുണ്ടാകില്ല. യു പികേസില്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയാല്‍ പിന്നെ മുംബൈ കേസില്‍ ഇവരുടെ ചോദ്യങ്ങള്‍ക്ക്‌ വിലയുണ്ടാവില്ല. ഇനി ആ കേസിലും കുറ്റക്കാരല്ലെന്ന്‌ വിധിച്ചാലും ഇതിനകം സൃഷ്‌ടിക്കപ്പെട്ട ഭീകരവാദിയുടെ പ്രതിച്ഛായയില്‍ നിന്ന്‌ സമൂഹം ഇവരെ മോചിപ്പിക്കുമെന്ന്‌ തോന്നുന്നില്ല. അതുകൊണ്ടുതന്നെ ചോദിക്കപ്പെടാത്ത ചോദ്യങ്ങളുടെ ഉടമസ്ഥരായി ഇവര്‍ ശിഷ്‌ടകാലം ജീവിക്കേണ്ടിവരും.പക്ഷേ, ഇവര്‍ ചോദിക്കാനിടയുള്ള ചോദ്യങ്ങള്‍ ഇവരുടെ മാത്രം ചോദ്യങ്ങളായി തീരുന്നില്ല. കൊല്ലപ്പെട്ട 166 പേരുടെ ബന്ധുക്കള്‍ക്കും മൂന്ന്‌ ദിനം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആക്രമണത്തിന്റെ രൂക്ഷത കണ്ട്‌ വേദനിച്ചവര്‍ക്കും ഇവര്‍ ഉന്നയിക്കാന്‍ ഇടയില്ലാത്ത ചോദ്യങ്ങളുടെ ഉത്തരം ആവശ്യമായി വന്നേക്കും. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം എന്തിന്‌ ഇവരെ പ്രതികളാക്കി എന്നതാണ്‌. അതിന്‌ മറുപടി പറയേണ്ടത്‌ മഹാരാഷ്‌ട്ര പോലീസും സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങളുമാണ്‌. ആക്രമണ ഗൂഢാലോചനയില്‍ പങ്കാളികളായെന്നതാണ്‌ സബാഉദ്ദീന്റെയും അന്‍സാരിയുടെയും മേല്‍ ചുമത്തപ്പെട്ട കുറ്റം. മുംബൈ നഗരത്തിന്റെ ഭൂപടം തയ്യാറാക്കി ലശ്‌കറെ ത്വയ്യിബക്ക്‌ കൈമാറിയത്‌ ഇവരാണെന്നും പോലീസ്‌ ആരോപിച്ചിരുന്നു. നേപ്പാളില്‍ വെച്ച്‌ ഇവര്‍ ഭൂപടം കൈമാറുന്നത്‌ കണ്ടുവെന്നതിന്‌ സാക്ഷിയെയും ഹാജരാക്കി. ഇവര്‍ തയ്യാറാക്കി നല്‍കിയ ഭൂപടം കസബിന്റെ കൂട്ടാളിയായിരുന്ന അബൂ ഇസ്‌മാഈലിന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന്‌ കണ്ടെടുത്ത്‌ കോടതിക്ക്‌ മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്‌തു. സാധാരണഗതിയില്‍ തീര്‍ത്തും പഴുതില്ലെന്ന്‌ കരുതേണ്ട കേസ്‌.മുംബൈയില്‍ ആക്രമണം നടക്കുന്നതിന്‌ മുമ്പുതന്നെ ഉത്തര്‍പ്രദേശിലെ രാംപൂരില്‍ സി ആര്‍ പി എഫ്‌ ക്യാമ്പ്‌ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്നു സബാഉദ്ദീനും ഫഹീം അന്‍സാരിയും. മുംബൈ ആക്രമണം നടന്ന ശേഷം മഹാരാഷ്‌ട്ര പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇവരാണ്‌ മുംബൈയുടെ മാപ്പ്‌ തയ്യാറാക്കി നല്‍കിയതെന്ന്‌ കണ്ടെത്തിയതും കേസില്‍ പ്രതി ചേര്‍ത്തതും. ഇത്രയും കൃത്യമായി ആസൂത്രണം ചെയ്‌ത്‌ ഒരു ആക്രമണം നടപ്പാക്കണമെങ്കില്‍ രാജ്യത്തിനകത്തു നിന്ന്‌ സഹായിക്കാന്‍ ആളുണ്ടാവാതെ പറ്റില്ലെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. അതാരാണെന്ന അന്വേഷണമാണ്‌ സബാഉദ്ദീനിലും ഫഹീമിലും ഒരു മാപ്പിലും ചെന്ന്‌ എത്തിയത്‌. ഇത്രയും കൊടിയ ആക്രമണം ആസൂത്രണം ചെയ്‌തവര്‍ കടലാസില്‍ തയ്യാറാക്കിയ, വലിയ വിശദാംശങ്ങളൊന്നും അടങ്ങാത്ത മാപ്പിനെ ആധാരമാക്കി എന്നത്‌ കോടതിക്ക്‌ വിശ്വസിക്കാനായില്ല. 
ഉപഗ്രഹ കാമറകളെ ഉപയോഗിച്ച്‌ ഭൂമിയുടെ എല്ലാ ഭാഗത്തെയും ദൃശ്യങ്ങള്‍ മേശപ്പുറത്തെത്തിക്കുന്ന ഇന്റര്‍നെറ്റ്‌ വിസ്‌മയം നമ്മുടെ മുന്നിലുണ്ട്‌. ആക്രമണം ആസൂത്രണം ചെയ്‌തവര്‍ ഉപഗ്രഹ ഫോണുകളും ഇന്റര്‍നെറ്റ്‌ വോയ്‌സ്‌ മെയിലുമുപയോഗിച്ചാണ്‌ ആശയവിനിമയം നടത്തിയിരുന്നതെന്ന്‌ കണ്ടെത്തിയത്‌ മഹാരാഷ്‌ട്ര പോലീസാണ്‌. അമേരിക്കയുടെ എഫ്‌ ബി ഐ സഹായമുണ്ടായിരുന്നുവെന്ന്‌ മാത്രം. ഇത്രയും വിവരമുള്ള പോലീസ്‌ ഒരു കടലാസ്‌ കഷണത്തിലെ മാപ്പ്‌ തെളിവായി ചേര്‍ത്ത്‌ രണ്ട്‌ പേരെ പ്രതി ചേര്‍ത്തത്‌ എന്തിനാണ്‌? അബൂ ഇസ്‌മാഈല്‍ ആക്രമണത്തിനിടെ പോലീസിന്റെ വെടിയേറ്റ്‌ മരിച്ചതാണ്‌. അദ്ദേഹത്തിന്റെ ട്രൗസര്‍ ഏറെക്കുറെ ചോരയില്‍ മുങ്ങിയിരുന്നുവെന്നാണ്‌ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. എന്നിട്ടും മാപ്പില്‍ ചോരക്കറയുണ്ടായിരുന്നില്ല. കേസില്‍ സബാഉദ്ദീനും ഫഹീം അന്‍സാരിക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ ശാഹിദ്‌ ആസ്‌മി ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രോസിക്യൂഷനോ പോലീസിനോ മറുപടിയൊന്നുമുണ്ടായിരുന്നുമില്ല.വിചാരണ ഏറെക്കുറെ പൂര്‍ത്തിയാവാറായപ്പോഴാണ്‌ ഹെഡ്‌ലി എന്ന അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി ഐ എയുടെ പഴയ ഏജന്റ്‌ പുറത്തുവരുന്നത്‌. മുംബൈയില്‍ താമസിച്ച്‌ ആക്രമണം നടന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ച്‌ ലശ്‌കറെ ത്വയ്യിബക്ക്‌ കൈമാറിയത്‌ താനാണെന്ന്‌ ചിക്കാഗോ കോടതിയില്‍ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ ഹെഡ്‌ലി സമ്മതിക്കുന്നുണ്ട്‌. ആക്രമണം നടത്തേണ്ട പ്രദേശങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ ഹെഡ്‌ലി കൈമാറിയിരുന്നുവെന്നത്‌ പുറത്തുവന്നിട്ടുണ്ട്‌. ഹെഡ്‌ലി പറയുന്നതിനനുസരിച്ചാണെങ്കില്‍ വേണ്ടതിലധികം വിവരങ്ങള്‍ ലശ്‌കറിന്‌ കൈമാറിയിട്ടുണ്ട്‌. എന്നിട്ടും ഫഹീം അന്‍സാരിയും സബാഉദ്ദീനും കൈമാറിയ മാപ്പ്‌ ആക്രമണത്തിന്‌ ആധാരമായി എന്ന്‌ വിശ്വസിക്കുക പ്രയാസം. 
എന്നിട്ടും ഇവരെ എന്തിന്‌ പ്രതി ചേര്‍ത്തു? ആക്രമണത്തിന്‌ രാജ്യത്തുള്ളവര്‍ തന്നെയാണ്‌ സഹായിച്ചത്‌ എന്ന്‌ തെളിയിക്കാന്‍ തിടുക്കപ്പെട്ടത്‌ എന്തിനാണ്‌? ഹെഡ്‌ലി ഇക്കാര്യങ്ങളൊക്കെ സമ്മതിച്ച ശേഷവും ഇവരെ പ്രതി സ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്‌തത്‌ എന്തിനാണ്‌? രാജ്യത്തെ നടുക്കിയ സംഭവമായതിനാല്‍ വിധി പറയുന്ന ജഡ്‌ജിക്ക്‌ ഇവരെ ഒഴിവാക്കാന്‍ ബുദ്ധിമുട്ടുണ്ടാവും എന്ന തോന്നല്‍ പോലീസിനോ പ്രോസിക്യൂഷനോ ഉണ്ടായിരുന്നോ?പുറത്തു വരരുത്‌ എന്ന്‌ പോലീസും ഭരണകൂടവും ആഗ്രഹിക്കുന്ന ചില കാര്യങ്ങളെങ്കിലും മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടുണ്ട്‌ എന്നതാണ്‌ ഈ രണ്ട്‌ പേരുടെ പ്രതിപ്പട്ടികയിലെ സാന്നിധ്യവും അവരെ കുറ്റവിമുക്തരാക്കിയ കോടതി വിധിയും വ്യക്തമാക്കുന്നത്‌. അത്‌ ഗൂഢാലോചനയില്‍ ആര്‍ക്കെങ്കിലുമുള്ള പങ്കാവാം. അല്ലെങ്കില്‍ ഹെഡ്‌ലിയുടെ അമേരിക്കന്‍ പൗരത്വമാവാം. കുറ്റസമ്മത മൊഴി രേഖപ്പെടുത്തി വധശിക്ഷയില്‍ നിന്ന്‌ ഒഴിവാകാന്‍ (അതോ വലിയ ശിക്ഷയില്‍ നിന്നോ) ഹെഡ്‌ലിയുമായി കരാറുണ്ടാക്കിയ എഫ്‌ ബി ഐ ആണ്‌ ഈ കേസില്‍ മഹാരാഷ്‌ട്ര പോലീസിനെ സഹായിച്ചിരുന്നത്‌. ആക്രമണത്തിന്റെ ആസൂത്രണത്തില്‍ അമേരിക്കന്‍ പൗരന്‌ പങ്കുണ്ടെന്ന്‌ അവര്‍ നേരത്തെ അറിഞ്ഞിരുന്നോ? ആസൂത്രണത്തിന്റെ ഒരു ഘട്ടമെങ്കിലും അമേരിക്കയില്‍ വെച്ചാണ്‌ നടന്നത്‌ എന്ന്‌ തെളിഞ്ഞാല്‍ ആഗോള ഭീകരതക്കെതിരെ യുദ്ധം ചെയ്യുന്ന യാങ്കികള്‍ക്ക്‌ ക്ഷീണമാവും. അത്‌ ഒഴിവാക്കിക്കൊടുക്കുക എന്ന ദൗത്യം നിറവേറ്റുകയായിരുന്നോ നമ്മുടെ പോലീസും ഭരണകൂടവും? 
ആക്രമണത്തിനു ശേഷമുള്ള ആദ്യ നാളുകളില്‍ ഹെഡ്‌ലിയുടെ പങ്ക്‌ പുറത്തുവന്നിരുന്നുവെങ്കില്‍ അയാളെ കൈമാറാന്‍ അമേരിക്കക്കു മേല്‍ സമ്മര്‍ദം ഏറുമായിരുന്നു. ആഗോള ഭീകരതക്കെതിരെ `വിട്ടുവീഴ്‌ച'യില്ലാത്ത നിലപാടെടുക്കുന്ന രാജ്യത്തിന്‌, ആക്രമണത്തിന്‌ ഉത്തരവാദിയായ ആളെ കൈമാറുക എന്നത്‌ ധാര്‍മിക ബാധ്യതയാവുമായിരുന്നു. അങ്ങനെയൊരു കൈമാറ്റം നടന്നിരുന്നുവെങ്കില്‍ സി ഐ എയുടെ ഈ (പഴയ?) ഏജന്റില്‍ നിന്ന്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേനെ.ഭരണകൂടങ്ങളെ അട്ടിമറിച്ചത്‌, രാഷ്‌ട്ര നേതാക്കളെ വധിച്ചത്‌ അല്ലെങ്കില്‍ വധിക്കാന്‍ ശ്രമിച്ചത്‌ എന്നു തുടങ്ങി തടവിലാക്കിയവരെ അതിക്രൂരമായി പീഡിപ്പിച്ചതുവരെ നീളുന്നു സി ഐ എയുടെ പ്രവര്‍ത്തനങ്ങള്‍. ഇന്ത്യാ - പാക്‌ ബന്ധത്തില്‍ വിള്ളലുകള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളിലും സി ഐ എ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്ന്‌ സംശയിക്കാന്‍ ഈ ചരിത്രം ധാരാളം മതി. ഇതില്‍ ഏതെങ്കിലുമൊന്ന്‌ ഹെഡ്‌ലിയുടെ നാവില്‍ നിന്ന്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞാല്‍, അത്‌ ഏതെങ്കിലും വിധത്തില്‍ ചോര്‍ന്ന്‌ മാധ്യമങ്ങളിലെത്തിയാല്‍... ഇല്ലാതാകുന്നത്‌ അമേരിക്കയുടെ പ്രതിച്ഛായ മാത്രമല്ല, ഇന്ത്യയിലെ അവരുടെ പ്രതിപുരുഷന്‍മാരുടെ നിലനില്‍പ്പ്‌ കൂടിയാണ്‌. നാവില്‍ കനമുള്ളത്‌ എന്തെങ്കിലും ഇല്ലായിരുന്നുവെങ്കില്‍ ഹെഡ്‌ലിയെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട്‌ ചോദ്യം ചെയ്യുന്നതിന്‌ ഇത്രയേറെ തടസ്സങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ ഉന്നയിക്കില്ലായിരുന്നുവെന്ന്‌ വ്യക്തം. 
മുംബൈ ആക്രമണത്തില്‍ ഇരു രാജ്യങ്ങളും പരസ്‌പരം വളരെ സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ ഒബാമയും മന്‍മോഹനും ആലിംഗനബദ്ധരായി പറഞ്ഞത്‌. കസബുള്‍പ്പെടെ ഇന്ത്യയില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യാന്‍ എഫ്‌ ബി ഐ ഉദ്യോഗസ്ഥരെ ഇന്ത്യ അനുവദിക്കുകയും ചെയ്‌തു. എന്നിട്ടും ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ അനുമതി നല്‍കുന്ന കാര്യം സജീവമായി പരിഗണിക്കുന്നു എന്ന പ്രസ്‌താവനയില്‍ വരെയേ അമേരിക്കയില്‍ കാര്യങ്ങളെത്തിയിട്ടുള്ളൂ. ഇത്‌ സഹകരണമല്ല മറിച്ച്‌ മറച്ചുവെക്കലാണ്‌. 166 പേരുടെ (അമേരിക്കക്കാരടക്കം) ജീവനെടുത്ത ആക്രമണം ആസൂത്രണം ചെയ്‌തതില്‍ പങ്കാളിയാണെന്ന്‌ കോടതിയില്‍ കുറ്റസമ്മതം നടത്തിയ ഒരാളെ വിട്ടുതരണമെന്ന്‌ അമേരിക്കയോട്‌ നമ്മുടെ ഭരണകൂടം ആവശ്യപ്പെടുന്നതേയില്ല. ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ദയനീയമായ അപേക്ഷ മാത്രം. മറച്ചുവെക്കലിന്‌ കൂട്ടുനില്‍ക്കലാണിത്‌. ഇതാണ്‌ സബാഉദ്ദീനെയും ഫഹീമിനെയും പ്രതിപ്പട്ടികയില്‍ എത്തിച്ചത്‌ എന്ന്‌ സ്വാഭാവികമായും സംശയിക്കണം. മറ്റൊരു ഭീകരാക്രണക്കേസില്‍ പ്രതികളായ രണ്ട്‌ പേര്‍. അവരെ ഇവിടെക്കൂടി ചേര്‍ക്കുന്നതുകൊണ്ട്‌ ആര്‍ക്കുമൊന്നും നഷ്‌ടപ്പെടാനില്ല. മറിച്ച്‌ ഹെഡ്‌ലിയുടെ കാര്യത്തില്‍ നഷ്‌ടങ്ങള്‍ ഏറെയുണ്ട്‌. സാമ്രാജ്വത്വുമായി ഒരു ദശകത്തിനിടെ ഉണ്ടാക്കിയെടുത്ത സൗഹൃദം, അതുവഴി ഉണ്ടാവാന്‍ പോവുന്ന കോടികളുടെ വ്യാപാരം അങ്ങിനെ പലതും.ബുള്ളറ്റ്‌പ്രൂഫ്‌ ജാക്കറ്റുകളുടെ നിലവാരത്തെക്കുറിച്ചുള്ള ആരോപണം, വേണ്ട സമയത്ത്‌ പോലീസ്‌ സംഘത്തെ ലഭ്യമാക്കിയില്ല എന്ന കാര്‍ക്കറെയുടെ ഭാര്യ കവിതയുടെ ആക്ഷേപം തുടങ്ങി നിരവധി കാര്യങ്ങള്‍ പുറമെയുമുണ്ട്‌. ഇതിലൊക്കെയും മറച്ചുവെക്കല്‍ ആവശ്യമാണ്‌. അതിനെല്ലാം സബാഉദ്ദീനെയും ഫഹീമിനെയും പോലുള്ളവര്‍ വേണം. ഇത്തരക്കാരുടെ മനസ്സിലുണ്ടാകാന്‍ ഇടയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുകയും വ്യക്തമായ മറുപടി നേടിയെടുക്കുകയും ചെയ്യുക എന്നത്‌ പൗരന്‍മാരുടെ കടമയാണ്‌. അതുപക്ഷേ നടക്കാറില്ലെന്ന്‌ മാത്രം. അതുകൊണ്ട്‌ ഇവിടെയും ചോദ്യങ്ങളുണ്ടാവില്ല.