2010-09-23

സമാധാനത്തിന്റെ ക്രമം



ബാബരി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ്‌ ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച്‌ വിധി പറയുമ്പോള്‍ ഏറെ ശ്രദ്ധേയമാവുന്നത്‌ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടാണ്‌. ബാബരി മസ്‌ജിദുമായി ബന്ധപ്പെട്ട നിര്‍ണായക സംഭവവികാസങ്ങളുണ്ടായപ്പോഴൊക്കെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറായിരുന്നു കേന്ദ്രത്തില്‍. കര്‍സേവക്ക്‌ ലഭിച്ച അനുമതിയുടെ മറവില്‍ സംഘ്‌പരിവാറിന്റെ നേതൃത്വത്തില്‍ ബാബരി മസ്‌ജിദിന്റെ മിനാരങ്ങള്‍ തച്ചുതകര്‍ക്കുമ്പോള്‍ പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സര്‍ക്കാറായിരുന്നു ഭരണത്തില്‍. ഇന്ന്‌ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിലിരിക്കുന്നു. കാഞ്ഞ വെള്ളത്തില്‍ ഒരിക്കല്‍ വീണതുകൊണ്ടുതന്നെ ബി ജെ പി, ആര്‍ എസ്‌ എസ്‌, വി എച്ച്‌ പി എന്നിത്യാദി കക്ഷികളെ വിശ്വസിക്കരുതെന്ന മുന്നറിയിപ്പ്‌ ദിഗ്‌വിജയ്‌ സിംഗിനെപ്പോലുള്ള നേതാക്കള്‍ കേന്ദ്ര സര്‍ക്കാറിന്‌ നല്‍കുന്നുണ്ട്‌. കേന്ദ്ര സര്‍ക്കാറാവട്ടെ, വിധിയെത്തുടര്‍ന്ന്‌ ക്രമസമാധാന പ്രശ്‌നമുണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന തിരക്കിലുമാണ്‌. വിധിയോട്‌ വൈകാരിക പ്രതികരണങ്ങളുണ്ടാവരുതെന്നും നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാന്‍ സന്നദ്ധമാവണമെന്നും ഇരുപക്ഷവും പുറപ്പെടുവിക്കുന്ന പ്രസ്‌താവനകളില്‍ ആശ്വാസം കൊള്ളുകയും ചെയ്യുന്നു.

പാരീസിലെ സൗത്ത്‌ ഏഷ്യന്‍ പൊളിറ്റിക്‌സ്‌ ആന്‍ഡ്‌ ഹിസ്റ്ററിയിലെ പ്രൊഫസറായ ഡോ. ക്രിസ്റ്റഫ്‌ ജാഫ്രെലോട്ട്‌ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇവിടെ ഏറെ പ്രസക്തമാണ്‌. രണ്ട്‌ സമുദായങ്ങളെ എതിര്‍ചേരിയില്‍ നിര്‍ത്തി മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി കളിച്ച രാഷ്‌ട്രീയമാണ്‌ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ വഴിവെച്ചതെന്ന്‌ അഭിപ്രായപ്പെട്ട ജാഫ്രെലോട്ട്‌, ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവായി ബാബരി കേസിലെ വിധി മാറാമെന്ന്‌ വിലയിരുത്തുന്നു. മുസ്‌ലിംകളെ മുഖ്യധാരയിലേക്ക്‌ തിരികെക്കൊണ്ടുവരാനുള്ള അവസരമാണിതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസില്‍ രാഷ്‌ട്രീയം കലര്‍ന്നതും അത്‌ വിപല്‍ ഫലങ്ങള്‍ ഉളവാക്കിയതും ഏറെക്കുറെ തുടക്കം മുതല്‍ ഈ കേസില്‍ കക്ഷിയായ ഹാഷിം അന്‍സാരി പറയുന്നത്‌ കൂടി കണക്കിലെടുക്കുമ്പോള്‍ ഡോ. ക്രിസ്റ്റഫ്‌ ജാഫ്രെലോട്ടിന്റെ അഭിപ്രായപ്രകടനങ്ങള്‍ കൂടുതല്‍ പ്രസക്തവുമാണ്‌. 


വിഭജനത്തിന്റെ `പാപഭാരം' പേറേണ്ടിവന്ന ഇന്ത്യയിലെ മുസ്‌ലിംകള്‍ കൂടുതല്‍ പാര്‍ശ്വവത്‌കരിക്കപ്പെടാന്‍ ബാബരി മസ്‌ജിദിന്റെ തകര്‍ച്ച വഴിവെച്ചുവെന്നത്‌ വസ്‌തുത മാത്രമാണ്‌. ഭൂരിപക്ഷ സമുദായത്തിന്റെ പേരില്‍ അക്രമാസക്ത വര്‍ഗീയത വളര്‍ത്താനും അതുവഴി അധികാരത്തിലേക്കുള്ള വഴി തുറക്കാനും സംഘ്‌ പരിവാറിന്‌ സാധിച്ചത്‌ ന്യൂനപക്ഷ വിഭാഗത്തെ നിസ്സഹായരാക്കി. അതുണ്ടാക്കിയ ഭീതി ഒരു വശത്ത്‌. ഏത്‌ സ്‌ഫോടനങ്ങളുടെയും പിറകില്‍ മുസ്‌ലിം നാമധാരിയുണ്ടാവുമെന്ന പൊതുധാരണ സൃഷ്‌ടിക്കപ്പെട്ടത്‌ മൂലമുണ്ടായ അരക്ഷിതാവസ്ഥയും അപകര്‍ഷതാബോധവും മറുഭാഗത്ത്‌. ഇതിനിടയിലൂടെ 18 വര്‍ഷം തള്ളിനീക്കുമ്പോഴും ബാബരി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ കോടതി വിധി അംഗീകരിക്കാമെന്ന്‌ തന്നെയാണ്‌ മുസ്‌ലിം സംഘടനകളെല്ലാം പറഞ്ഞിരുന്നത്‌. അത്‌ അവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നുമുണ്ട്‌. 


എന്നാല്‍ വിശ്വാസത്തിന്റെ പ്രശ്‌നമായതിനാല്‍ കോടതി വിധി അംഗീകരിക്കാനാവില്ലെന്നും ഏത്‌ കോടതി വിധിച്ചാലും രാമക്ഷേത്രം പണിയുക തന്നെ ചെയ്യുമെന്നും പ്രഖ്യാപിച്ച്‌ സംഘ്‌പരിവാര്‍ നേരത്തെ സൃഷ്‌ടിച്ച അക്രമാസക്ത വര്‍ഗീയത നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ കോടതി വിധിയെ അംഗീകരിക്കുമെന്ന സംഘ്‌ പരിവാറിന്റെ ഇപ്പോഴത്തെ അവകാശവാദത്തെ സംശയത്തോടെ തന്നെ കാണണം. ഉചിതമായ ഒരു രാഷ്‌ട്രീയ സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ആയുധം മാറ്റിവെക്കുകയാണോ അവരെന്ന്‌ സംശയിക്കണം.

ഇവിടെയാണ്‌ കഴിഞ്ഞ പതിനെട്ട്‌ വര്‍ഷം ഭരണകൂടവും നീതിന്യായ വ്യവസ്ഥയും എന്താണ്‌ ചെയ്‌തുകൊണ്ടിരുന്നത്‌ എന്ന അന്വേഷണം ആവശ്യമായി വരുന്നത്‌. ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട കേസ്‌ എവിടെ എത്തിനില്‍ക്കുന്നു. നീണ്ട പതിനേഴ്‌ വര്‍ഷത്തിന്‌ ശേഷം ജസ്റ്റിസ്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എല്‍ കെ അഡ്വാനി മുതല്‍ കല്യാണ്‍ സിംഗ്‌ വരെയുള്ള 68 നേതാക്കളെ പേരെടുത്ത്‌ പറഞ്ഞ്‌ കുറ്റപ്പെടുത്തി. ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമായാണ്‌ ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടത്‌ എന്നും കണ്ടെത്തി. പള്ളി പൊളിച്ചതിന്റെ മുഖ്യ ഉത്തരവാദിത്വം രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിനാണെന്നും പറഞ്ഞു. ഈ റിപ്പോര്‍ട്ട്‌ പാര്‍ലിമെന്റില്‍ വെച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും ഒപ്പം സമര്‍പ്പിച്ചിരുന്നു. പള്ളി തകര്‍ത്തതില്‍ കുറ്റക്കാരെന്ന്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ നേതാക്കളുടെ കാര്യത്തില്‍ എന്ത്‌ നടപടി സ്വീകരിക്കുമെന്ന്‌ നടപടി റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ പരാമര്‍ശിച്ചതേയില്ല. കമ്മീഷന്റെ ചില നിഗമനങ്ങളോട്‌ യോജിക്കുന്നുവെന്ന്‌ നടപടി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മതത്തെ രാഷ്‌ട്രീയത്തില്‍ നിന്ന്‌ വേര്‍തിരിച്ച്‌ നിര്‍ത്താന്‍ നടപടി സ്വീകരിക്കും, വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിന്‌ നിയമം കൊണ്ടുവരും തുടങ്ങിയ പൊതു പരാമര്‍ശങ്ങളും നടപടി റിപ്പോര്‍ട്ടിലുണ്ട്‌. വലിയ മനുഷ്യക്കുരുതിക്ക്‌ വഴിവെച്ച ഒരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ കാര്യത്തില്‍ നടപടി റിപ്പോര്‍ട്ട്‌ മൗനം പാലിച്ചു.

ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്ന്‌ പാര്‍ലിമെന്റില്‍ ഉറപ്പ്‌ നല്‍കിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ എന്ത്‌ നടപടി സ്വീകരിക്കുന്നുവെന്നത്‌ പ്രധാനമാണ്‌. വര്‍ഗീയ സംഘര്‍ഷം തടയാന്‍ നിയമം കൊണ്ടുവരുന്നുണ്ട്‌. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നിയമനടപടിയായി അതിനെ പിന്നീട്‌ വ്യാഖ്യാനിക്കാം. എന്നാല്‍ കുറ്റവാളികളെന്ന്‌ ആരോപിക്കപ്പെടുന്നവര്‍ക്കോ പള്ളി തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ക്കോ എതിരെ എന്തെങ്കിലും നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമോ? ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഇല്ലെന്ന്‌ മറുപടി പറയേണ്ടിവരും. അതുകൊണ്ട്‌ കൂടിയാണ്‌ ന്യൂനപക്ഷത്തെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനുള്ള അവസരമെന്ന്‌ ഡോ. ക്രിസ്റ്റഫ്‌ ജാഫ്രെലോട്ടിനെപ്പോലുള്ളവര്‍ ഈ സാഹചര്യത്തെ വിലയിരുത്തുന്നത്‌.

പള്ളി തകര്‍ത്തത്‌ സംബന്ധിച്ച കോടതികളുടെ നടപടിക്രമങ്ങളും ശ്രദ്ധേയമാണ്‌. രജിസ്റ്റര്‍ ചെയ്‌ത എഫ്‌ ഐ ആറുകളെ സംബന്ധിച്ച തര്‍ക്കം മുതലിങ്ങോട്ട്‌ നിരവധിയായ നിയമയുദ്ധങ്ങള്‍ ഇക്കാര്യത്തിലുണ്ടായി. എല്‍ കെ അഡ്വാനി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസുകള്‍ ആദ്യം വിചാരണക്കോടതിയും പിന്നീട്‌ അലഹബാദ്‌ ഹൈക്കോടതിയും റദ്ദാക്കി. ഏറ്റവും ഒടുവില്‍ 23 പേര്‍ക്ക്‌ കൂടി കുറ്റപത്രം നല്‍കി വിചാരണ തുടങ്ങാനിരിക്കുകയാണ്‌. ഇക്കാലത്തിനിടെ പലതവണ ഈ കേസ്‌ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ജഡ്‌ജി ഇല്ലാതെയായി. ജഡ്‌ജിമാരെ നിശ്ചയിച്ച്‌ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ട കേസായി നീതിന്യായ വ്യവസ്ഥ ഇതിനെ കണ്ടതുമില്ല. അത്‌ എന്തുകൊണ്ടാണെന്ന്‌ ചോദിക്കരുത്‌. നീതിന്യായ വ്യവസ്ഥയാണ്‌. അതിന്റെ വേഗം തീരുമാനിക്കാനുള്ള അധികാരം അതിന്‌ തന്നെയാണ്‌. നീതി വൈകുന്നത്‌ നീതി നിഷേധത്തിന്‌ തുല്യമാണെന്നത്‌ ചൊല്ല്‌ മാത്രവും. പാര്‍ശ്വവത്‌കരിക്കപ്പെട്ട ഒരു ജനതയില്‍ വിശ്വാസരാഹിത്യം ജനിപ്പിക്കുക കൂടിയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌ എന്നത്‌ ആരുടെയും സ്വാസ്ഥ്യം കെടുത്തുന്നുമില്ല. മസ്‌ജിദ്‌ തകര്‍ക്കാന്‍ വേണ്ട സാഹചര്യമൊരുക്കി ഭരണകൂടവും ആ കേസില്‍ വിചാരണ നടപടികള്‍ പരമാവധി വൈകിപ്പിച്ച്‌ നീതിന്യായ സംവിധാനവും ന്യൂനപക്ഷങ്ങളില്‍ കൂടുതല്‍ അകല്‍ച്ച സൃഷ്‌ടിക്കുകയാണ്‌ ചെയ്‌തത്‌. ഇതിനെല്ലാം പരിഹാരമുണ്ടാവേണ്ടത്‌ അനിവാര്യമാണ്‌. ഇപ്പോള്‍ വിധി വരുന്ന കേസ്‌ സൃഷ്‌ടിക്കാന്‍ ഇടയുള്ള ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച്‌ വേവലാതി കൊള്ളുന്ന കേന്ദ്ര ഭരണകൂടം ഇക്കാര്യത്തെക്കുറിച്ച്‌ ഉത്‌കണ്‌ഠ പ്രകടിപ്പിക്കുന്നതേയില്ല.

മസ്‌ജിദ്‌ നിലനിന്ന സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച കേസിനെപ്പോലെ തന്നെ പ്രധാനമാണ്‌ മസ്‌ജിദ്‌ തകര്‍ത്തത്‌ സംബന്ധിച്ച കേസും. ആ കേസ്‌ കാര്യക്ഷമമായി നടക്കുന്നുവെന്ന്‌ ഉറപ്പാക്കേണ്ടത്‌ ന്യൂനപക്ഷത്തിന്റെ വിശ്വാസം വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്‌. ജഡ്‌ജിമാരില്ലാതെയും മറ്റും കേസ്‌ അനന്തമായി നീളുമ്പോള്‍ നിയമനടപടിയില്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ ദൗര്‍ബല്യമാണെന്ന തോന്നലാണ്‌ സൃഷ്‌ടിക്കപ്പെടുക. അത്‌ ഉചിതമാവില്ല തന്നെ. ബാബരി മസ്‌ജിദ്‌ മാത്രമല്ല സംഘ്‌ പരിവാറിന്റെ പട്ടികയിലുള്ളത്‌. മഥുര മുതല്‍ വരാണസി വരെ നിരവധി അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു നേരത്തെ. ഇതെല്ലാം ഇപ്പോള്‍ കെട്ടി ഒതുക്കി വെച്ചിരിക്കുന്നുവെന്നേയുള്ളൂ. അവര്‍ക്ക്‌ ഉചിതമെന്ന്‌ തോന്നുന്ന ഒരു ഘട്ടത്തില്‍ എല്ലാം പുറത്തിറക്കും. ഇന്ത്യയെപ്പോലൊരു രാജ്യത്ത്‌ ഏത്‌ കല്ലിനും ഒരു കഥ പറയാനുണ്ടാവുമെന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഓര്‍ക്കുക. ഏതെങ്കിലുമൊരു കല്ലിന്റെ കഥ പറഞ്ഞ്‌ വിശ്വാസത്തിന്റെ പേരില്‍ കലഹമുയര്‍ത്താന്‍ സാധിക്കുമെന്നതാണ്‌ അതിന്റെ പരിഭാഷ. അത്തരം സാഹചര്യങ്ങളെ കരുതിയിരിക്കണമെന്നത്‌ കൂടിയാണ്‌ ഈ സാഹചര്യത്തിന്റെ പ്രസക്തി. ദൃഢമായ രാഷ്‌ട്രീയ നിലപാടുകള്‍ ആവശ്യമാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്‌.

വിധി വന്നാല്‍ ഉണ്ടാകാന്‍ ഇടയുള്ള ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച്‌ മാത്രമാണ്‌ കേന്ദ്ര സര്‍ക്കാര്‍ ജാഗരൂകരാവുന്നത്‌. അതിനപ്പുറത്ത്‌ അനീതിയുടെ ചരിത്രം തിരുത്തേണ്ടതുണ്ടെന്ന തോന്നലേയില്ല. രാഷ്‌ട്രീയ നേതാക്കള്‍ക്കോ നിയമജ്ഞര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ, അവര്‍ എത്ര പരിണതപ്രജ്ഞരായാലും, പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇതെന്ന്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ പരാമര്‍ശിക്കുമ്പോള്‍ അത്‌ ശരിയാണെന്ന്‌ നടപടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്‌ കേന്ദ്ര സര്‍ക്കാര്‍. എന്നിട്ടും കോടതി വിധിയെ കാത്തിരിക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യം തന്നെയാണ്‌ ബാബരി മസ്‌ജിദുമായി ബന്ധപ്പെട്ട ഇതുവരെയുള്ള എല്ലാ സംഭവങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. അനീതിയുടെ ചരിത്രം തിരുത്തേണ്ടതാണെന്ന തോന്നല്‍ ഇല്ലാത്തതും അതുകൊണ്ടാണ്‌.

2010-09-16

ജാതിക്കണക്കിലെ കെണികള്‍



അനന്ത പപ്പനാവന്റെ നാല്‌ ചക്രം കിട്ടുന്നതിന്റെ അന്തസ്സ്‌... രാജ ഭരണത്തിന്‍ കീഴില്‍ ഒരു ജോലി തരാവുന്നതിനെ പരാമര്‍ശിച്ച്‌ പഴയ തിരുവിതാംകൂറില്‍ നടപ്പുണ്ടായിരുന്നതും ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷവും തിരുവനന്തപുരത്തെ പഴമക്കാര്‍ പറയുന്നതുമായ ചൊല്ലാണിത്‌. പത്‌മനാഭ സ്വാമിയുടെ ദാസന്‍മാരായി സ്വയം പ്രഖ്യാപിച്ച തിരുവിതാംകൂര്‍ രാജ കുടുംബത്തോടുള്ള നിസ്സീമമായ വിധേയത്വം പ്രകടമാണ്‌ ഈ വാക്കുകളില്‍. പക്ഷേ, തൊഴില്‍ സുരക്ഷിതത്വം, അധികാര ശ്രേണിയുടെ കീഴ്‌ത്തലക്കലെങ്കിലും ലഭിക്കുന്ന ഇടം പ്രദാനം ചെയ്യുന്ന സാമൂഹിക അന്തസ്സ്‌ എന്നിവ ഇതില്‍ അന്തര്‍ലീനമായുണ്ട്‌. 


തിരുവിതാംകൂര്‍ രാജവംശത്തിന്റെ കാലത്ത്‌ തമിഴ്‌ ബ്രാഹ്‌മണന്‍മാര്‍ക്കായിരുന്നു അധികാര ശ്രേണിയില്‍ ഇടം കിട്ടിയിരുന്നത്‌. ഇവര്‍ക്കൊപ്പം മലയാളികള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം അവകാശപ്പെട്ടാണ്‌ മലയാളി മെമ്മോറിയല്‍ എന്ന പ്രസ്ഥാനം രൂപപ്പെട്ടത്‌. മലയാളി മെമ്മോറിയലിന്‌ ശേഷം നായന്‍മാര്‍ക്കും സുറിയാനി ക്രിസ്‌ത്യാനികള്‍ക്കും അധികാര സ്ഥാനങ്ങളില്‍ പങ്കാളിത്തം ലഭിച്ചു. ഇതോടെ ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയലുണ്ടായി. ഈഴവരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. വിവിധ വിഭാഗങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കണമെന്ന ചിന്താഗതിക്ക്‌ നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന്‌ ചുരുക്കം.

ഈ ചിന്താഗതിയുടെ തുടര്‍ച്ചയായാണ്‌ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന എഴുതിത്തയ്യാറാക്കിയപ്പോള്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം അനുവദിക്കണമെന്ന്‌ നിര്‍ദേശിച്ചത്‌. ഇന്ന്‌ കാണുന്ന സംവരണ സംവിധാനമെല്ലാം അതിനെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇതില്‍ തന്നെ ഏറ്റവും ശ്രദ്ധേയവും വിവാദവുമായത്‌ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ `മറ്റ്‌ പിന്നാക്ക വിഭാഗങ്ങള്‍'ക്ക്‌ 27 ശതമാനം സംവരണം അനുവദിച്ചതായിരുന്നു. 


രാജ്യത്തിന്റെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റും വിധത്തിലുള്ള ആഘാതം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സൃഷ്‌ടിക്കുകയും ചെയ്‌തു. 1977ല്‍ രാജ്യത്താദ്യമായി അധികാരത്തിലേറിയ കോണ്‍ഗ്രസേതര സര്‍ക്കാറാണ്‌ പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതി പഠിച്ച്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്‌. 1980ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുവെങ്കിലും അത്‌ നടപ്പാക്കാന്‍ ഇന്ദിരാ ഗാന്ധിയുടെയും രാജീവ്‌ ഗാന്ധിയുടെയും നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്‌ സര്‍ക്കാറുകള്‍ തയ്യാറായില്ല. 1989ല്‍ അധികാരത്തിലേറിയ വി പി സിംഗ്‌ സര്‍ക്കാറാണ്‌, പുറത്തു നിന്ന്‌ പിന്തുണച്ചിരുന്ന ബി ജെ പിയുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ തീരുമാനിച്ചത്‌. 1993ലാണ്‌ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പൂര്‍ണമായും പ്രാബല്യത്തിലായത്‌. അന്നു മുതല്‍ 2008 ജനുവരി ഒന്നുവരെയുള്ള 15 വര്‍ഷത്തെ നിയമന കണക്കുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

15 വര്‍ഷം 27 ശതമാനം സംവരണം നല്‍കിയ ശേഷവും കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലുള്ള പിന്നാക്ക വിഭാഗക്കാരുടെ എണ്ണം ശരാശരി 6.87 ശതമാനം മാത്രമാണ്‌. ഇതില്‍ തന്നെ ഗ്രൂപ്പ്‌ `എ'യില്‍പെടുന്ന തസ്‌തികകളുടെ കണക്ക്‌ കൂടുതല്‍ ശ്രദ്ധേയമാണ്‌. ഗ്രൂപ്പ്‌ എ എന്നാല്‍ നേരിട്ട്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്ന ഏറ്റവും ഉയര്‍ന്ന തസ്‌തിക. 15 വര്‍ഷത്തിനിടെ 91,881 പേരെയാണ്‌ ഈ തസ്‌തികയില്‍ നിയമിച്ചത്‌. പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ 5,031 പേര്‍ മാത്രം, 27 ശതമാനം സംവരണമനുസരിച്ചായിരുന്നുവെങ്കില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ലഭിക്കേണ്ടത്‌ 24,800ഓളം തസ്‌തികകളാണ്‌. വലിയ അന്തരം എന്തുകൊണ്ട്‌ എന്ന ചോദ്യം പ്രസക്തമാണ്‌. ഒന്നുകില്‍ ഉയര്‍ന്ന തസ്‌തകയിലേക്ക്‌ വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ള പിന്നാക്ക വിഭാഗക്കാര്‍ വേണ്ടത്ര ഇല്ലാതിരുന്നതാവണം. അല്ലെങ്കില്‍ സംവരണം ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടതാവണം. രണ്ടായാലും പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്ന്‌ സാരം.

ഈ സാഹചര്യത്തില്‍ വേണം ജാതി അടിസ്ഥാനത്തില്‍ ജനസംഖ്യാ കണക്കെടുപ്പ്‌ നടത്തണമെന്ന ആവശ്യത്തെ കാണാന്‍. അത്‌ അംഗീകരിക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും പ്രകടിപ്പിച്ച എതിര്‍പ്പിനെ വിലയിരുത്താന്‍. സമ്മര്‍ദങ്ങള്‍ക്ക്‌ വഴങ്ങിയാണെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ജാതി സെന്‍സസ്‌ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അത്‌ ഇപ്പോള്‍ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനൊപ്പമാവില്ല, മറിച്ച്‌ പ്രത്യേകമായാവും നടക്കുക. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ സെപ്‌തംബര്‍ വരെയുള്ള കാലത്ത്‌. പതിനൊന്ന്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാനേഷുമാരിക്കൊപ്പം ജാതി സംബന്ധമായ കണക്കെടുപ്പ്‌ നടക്കുന്നുണ്ട്‌. പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളുടെത്‌ മാത്രം. അതിനൊപ്പം മറ്റ്‌ പിന്നാക്ക വിഭാഗങ്ങളുടെയും സവര്‍ണ വിഭാഗങ്ങളുടെയും കണക്ക്‌ കൂടി എടുക്കുക എന്നതാണ്‌ ലളിതമായി പറഞ്ഞാല്‍ നടപടിക്രമം. അതിന്‌ വേണ്ടിയാണ്‌ പ്രത്യേകം കണക്കെടുപ്പ്‌ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. 


സാമ്പ്രദായികമായ സെന്‍സസിന്റെ നടപടിക്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്‌. അതിന്റെ അന്തിമ ഘട്ടം അടുത്ത ഫെബ്രുവരിയിലാണ്‌ നടക്കുക. അതിനൊപ്പം ജാതിക്കണക്ക്‌ കൂടി ശേഖരിക്കാന്‍ ബുദ്ധിമുട്ട്‌ എന്താണ്‌ എന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്തിന്‌ പ്രത്യേകം കണക്കെടുപ്പ്‌ എന്ന വിശദീകരണവും നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ പിന്നാക്ക വിഭാഗങ്ങളുടെ കണക്കെടുപ്പ്‌ കഴിയുന്നത്ര വൈകിപ്പിക്കുക എന്നതിലപ്പുറം ലക്ഷ്യമൊന്നും കേന്ദ്ര സര്‍ക്കാറിനുണ്ടെന്ന്‌ കരുതാനാവില്ല.

സാമ്പ്രദായിക സെന്‍സസില്‍ നിന്ന്‌ ലഭിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ വേര്‍തിരിച്ച്‌ വ്യക്തമായ തിട്ടപ്പെടുത്തലുകള്‍ക്ക്‌ ചുരുങ്ങിയത്‌ രണ്ട്‌ വര്‍ഷമെങ്കിലും വേണ്ടിവരും. അതിന്‌ ശേഷം നടക്കുന്ന ജാതി സെന്‍സസിന്റെ വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ഒരു വര്‍ഷമെങ്കിലും പിന്നെയുമെടുക്കും. അതായത്‌ അഞ്ച്‌ വര്‍ഷത്തേക്കെങ്കിലും ജാതി സെന്‍സസില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാവില്ല എന്ന്‌ ചുരുക്കം. അത്രയും കാലത്തേക്ക്‌ തലവേദന മാറ്റിവെക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. സാമ്പ്രദായിക സെന്‍സസിനൊപ്പം ഈ കണക്കെടുപ്പ്‌ നടത്തിയാല്‍ മൂന്ന്‌ വര്‍ഷത്തിനകം കണക്കുകള്‍ ലഭിക്കാന്‍ ഇടയുണ്ട്‌. അതായത്‌ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌. തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ഇത്തരം കണക്കുകള്‍ പുറത്തുവന്നാല്‍ ഉണ്ടാവാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ കോണ്‍ഗ്രസ്‌ നേതൃത്വം മുന്‍കൂട്ടി കാണുന്നു. 


ഇപ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന 27 ശതമാനം സംവരണം 1931ല്‍ നടന്ന ജാതി സെന്‍സസിലെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ആ കണക്കില്‍ നിന്ന്‌ കാതലായ വ്യത്യാസമുണ്ടാവാന്‍ സാധ്യത ഏറെയും. പിന്നാക്ക വിഭാഗങ്ങളുടെ എണ്ണം കൃത്യമായി നിര്‍ണയിക്കപ്പെടുകയും ഇത്രയും കാലം ലഭ്യമാവാതിരുന്ന പ്രാതിനിധ്യത്തിന്റെ പേരില്‍ അവര്‍ ആര്‍ക്കെങ്കിലും നേര്‍ക്കൊക്കെ വിരല്‍ ചൂണ്ടുകയും ചെയ്‌താല്‍, രാഷ്‌ട്രീയ ചരിത്രത്തില്‍ മറ്റൊരു വലിയ മാറ്റത്തിന്റെ നാന്ദിയാവും അത്‌. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യത്തിന്‌ വേണ്ടി മാത്രമാവില്ല മുറവിളിയുണ്ടാവുക. നിയമ നിര്‍മാണ സഭകളിലെ അര്‍ഹിക്കുന്ന പ്രാതിനിധ്യത്തിനു കൂടിയാവും. അതിനോട്‌ മുഖം തിരിച്ച്‌ നില്‍ക്കാന്‍ സാധിക്കുകയുമില്ല. ജാതി സെന്‍സസ്‌ പരമാവധി നീട്ടിക്കൊണ്ടുപോവുക എന്നതല്ലാതെ മറ്റു മാര്‍ഗമൊന്നും കോണ്‍ഗ്രസിന്‌ മുന്നിലില്ലതന്നെ.

തൊണ്ണൂറായിരത്തിലേറെ എ ഗ്രേഡ്‌ തസ്‌തികകളില്‍ 15 വര്‍ഷത്തിനിടെ നിയമനം നടത്തിയപ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ആകെ ലഭിച്ചത്‌ അയ്യായിരത്തില്‍ ചില്ലറ മാത്രം. പതിനേഴ്‌ ശതമാനമാണ്‌ പട്ടിക ജാതിക്കാര്‍ക്ക്‌ ലഭിച്ച സംവരണം. പട്ടിക വര്‍ഗക്കാര്‍ക്ക്‌ 6.83 ശതമാനവും. രണ്ടും കൂട്ടിയാല്‍ 21,600 അവസരങ്ങള്‍. സംവരണ വിഭാഗങ്ങള്‍ക്ക്‌ ആകെ ലഭിച്ചത്‌ 26,000ത്തോളം അവസരം മാത്രം. അതായത്‌ 64,000 സ്ഥാനങ്ങളും ലഭിച്ചത്‌ മുന്നാക്ക വിഭാഗങ്ങള്‍ക്കാണ്‌. പുതിയ കണക്കെടുപ്പില്‍ പിന്നാക്ക വിഭാഗങ്ങള്‍ ആകെ ജനസംഖ്യയുടെ 40 ശതമാനമാണെന്നാണ്‌ കണ്ടെത്തുന്നതെങ്കില്‍! 27 ശതമാനം സംവരണം പോലും കൃത്യമായി ലഭ്യമാക്കിയിട്ടില്ല എന്ന്‌ കൂടി തിരിച്ചറിയുന്ന ആ വിഭാഗത്തിന്റെ രാഷ്‌ട്രീയമായ പ്രതികരണം എന്തായിരിക്കും?

ജാതി സെന്‍സസ്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ പാര്‍ലിമെന്റിനകത്തും പുറത്തും പ്രക്ഷോഭം നയിച്ച ലാലു പ്രസാദ്‌ യാദവ്‌, മുലായം സിംഗ്‌ യാദവ്‌, ശരദ്‌ യാദവ്‌ തുടങ്ങിയ നേതാക്കളെല്ലാം പുതിയ കണക്കുകള്‍ രാഷ്‌ട്രീയത്തില്‍ തങ്ങള്‍ക്ക്‌ എങ്ങനെ ഗുണകരമാക്കാം എന്ന്‌ തന്നെയാണു ആലോചിക്കുന്നത്‌. ലക്ഷ്യം അതാണെങ്കിലും അവരുടെ ശ്രമങ്ങള്‍ സാമൂഹികമായ മാറ്റങ്ങള്‍ക്ക്‌ തുടക്കമിടുമെന്ന്‌ നിസ്സംശയം പറയാം. 1977ലെ ജനതാ പരിവാറിന്റെയും 1989ലെ ജനതാദളിന്റെയും ഭാഗമായിരുന്നു ഇവരെല്ലാം. ഇപ്പോള്‍ വേറിട്ടാണ്‌ നില്‍പ്പ്‌, സവര്‍ണ ഹൈന്ദവതയുടെ തോളില്‍ ശരത്‌ യാദവ്‌ കൈയിട്ടിട്ടുമുണ്ട്‌. പക്ഷേ, സാമൂഹിക നീതിയില്‍ അധിഷ്‌ഠിതമായ രാഷ്‌ട്രീയത്തിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ഇവര്‍ക്കൊക്കെ സാധിക്കും. അത്‌ സാധിക്കാത്തത്‌ കോണ്‍ഗ്രസിനാണ്‌. 


1977വരെ തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക അന്തസ്സ്‌ ഉയര്‍ത്തുന്നതിന്‌ നടപടികള്‍ സ്വീകരിക്കേണ്ടതിനെക്കുറിച്ച്‌ അവര്‍ ആലോചിച്ചു പോലുമില്ല. ജനതാ സര്‍ക്കാറിന്‌ ശേഷമുള്ള ഒമ്പത്‌ വര്‍ഷം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിവെക്കുകയും ചെയ്‌തു. ഇപ്പോള്‍ 2007ല്‍ കൈമാറിയ രംഗനാഥ്‌ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അടയിരിക്കുന്നു. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ (ഭാഷാ ന്യൂനപക്ഷങ്ങളടക്കം) 15 ശതമാനം സംവരണമാണ്‌ മിശ്ര കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തിരിക്കുന്നത്‌. അധികാര ശ്രേണിയുടെ വിവിധ തലങ്ങളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പല രീതിയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്‌ രാജ്യത്തിന്‌. അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്‌ തീവ്രവാദം മുതല്‍ വിഘടനവാദം വരെയുള്ളവ തഴക്കുന്നത്‌. അര്‍ഹിക്കുന്നത്‌ ലഭിക്കാതിരിക്കുകയും സ്വന്തമായുള്ളത്‌ പോലും നഷ്‌ടമാവുന്ന അവസ്ഥ സംജാതമാവുകയും ചെയ്‌തപ്പോഴാണ്‌ മാവോയിസ്റ്റുകള്‍ സ്വാധീനം ശക്തമാക്കിയത്‌. 


ഇവയെ എല്ലാം നേരിടാന്‍ കോടികള്‍ ചെലവഴിക്കുന്നുണ്ട്‌ സര്‍ക്കാര്‍. എന്നിട്ടും നിയമം മൂലം നിശ്ചയിക്കപ്പെട്ട സംവരണം അര്‍ഹിക്കുന്ന വിഭാഗത്തിന്‌ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇവര്‍ ജാതി സെന്‍സസ്‌ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അത്‌ഭുതവുമില്ല. ഭരണഘടനയുടെ ആമുഖത്തില്‍ ഹൈന്ദവ, കുത്തക, ഉപഗ്രഹ രാജ്യം എന്ന്‌ തിരുത്തി എഴുതണമെന്ന അരുന്ധതി റോയിയുടെ അഭിപ്രായം വിശാലമായ ആശയപ്രപഞ്ചമാണ്‌ തുറന്നിടുന്നത്‌.

2010-09-14

അച്ഛാ താല്‍ മേല്‍



ടൈമിംഗ്‌ - ക്രിക്കറ്റ്‌ കളിയുടെ തത്സമയ സംപ്രേഷണം അബദ്ധത്തിലെങ്കിലും കണ്ടുപോയവര്‍ക്ക്‌ ഏറെ പരിചിതമായ വാക്കായിരിക്കും ഇത്‌. ആംഗലേയ വിവരണക്കാര്‍ മിനുട്ടില്‍ ഒരു തവണയെങ്കിലും ഈ വാക്ക്‌ ഉപയോഗിക്കാതെ വരില്ല. അത്രയേറെ പ്രാധാന്യം ഈ വാക്കിന്‌ കളിയിലുണ്ടെന്ന്‌ ചുരുക്കം. പാഞ്ഞുവരുന്ന ഏറുകാരന്റെ കൈയില്‍ നിന്ന്‌ അടരുന്ന പന്ത്‌ ഇങ്ങേത്തലക്കലെത്തുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള വേഗം, പന്ത്‌ കൈവിടുന്നതിന്‌ തൊട്ടുമുമ്പ്‌ കൈക്കുഴയുടെ ചലനത്തിലൂടെ ഏറുകാരന്‍ പന്തിന്റെ സഞ്ചാരപഥത്തില്‍ വരുത്താന്‍ ഇടയുള്ള ചാഞ്ചാട്ടം, അടിച്ചുറപ്പിച്ച മണ്ണില്‍ കുത്തി ഉയരുമ്പോള്‍ വേഗത്തിലും സഞ്ചാര പഥത്തിലും വരാനിടയുള്ള മാറ്റം എന്നിവ മനസ്സിലാക്കി ബാറ്റ്‌ വീശണം. ബാറ്റിന്റെ മധ്യഭാഗം പന്തിന്റെ പിറകില്‍ കൊള്ളും വിധത്തില്‍ ചലിപ്പിക്കാന്‍ സാധിക്കുമ്പോള്‍ ബാറ്റ്‌സ്‌മാന്റെ ടൈമിംഗ്‌ കൃത്യമായിരുന്നുവെന്ന്‌ വിവരണക്കാരന്‍ പറയും. `അച്ഛാ താല്‍ മേല്‍, ക്യാ ടൈമിംഗ്‌' എന്ന്‌ രാഷ്‌ട്രഭാഷയില്‍ പ്രവീണനായ വിവരണക്കാരന്‍ വിശേഷിപ്പിക്കും. ടൈമിംഗ്‌ തെറ്റിയാലോ കുറ്റി തെറിപ്പിച്ചുകൊണ്ട്‌ പന്ത്‌ പറക്കാം. ബാറ്റിന്റെ വശങ്ങളിലെവിടെയെങ്കിലും കൊള്ളുന്ന പന്ത്‌ വായുവില്‍ ഉയരാം. എതിര്‍ ടീമിലെ അംഗം അത്‌ പിടിച്ചാല്‍ ബാറ്റ്‌സ്‌മാന്‌ തലയും താഴ്‌ത്തി പവലിയനിലേക്ക്‌ മടങ്ങേണ്ടിവരും. എറിയുന്നതിലും അടിക്കുന്നതിലും ടൈമിംഗ്‌ പ്രധാനമാണെന്ന്‌ ചുരുക്കം.

കളിയില്‍ മാത്രമല്ല മറ്റെല്ലാറ്റിലും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ടൈമിംഗ്‌ പ്രധാനമാണ്‌. പി ഡി പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ കാര്യത്തിലും കര്‍ണാടക ആഭ്യന്തര മന്ത്രി വി എസ്‌ ആചാര്യയുടെ കാര്യത്തിലും ഇത്‌ ബാധകം തന്നെ. മികച്ച ടൈമിംഗിലൂടെ മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വെക്കാനും അതിലൂടെ പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനുമാണ്‌ വി എച്ച്‌ ആചാര്യ ശ്രമിക്കുന്നത്‌. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി ജെ പി ഒറ്റക്ക്‌ അധികാരമേല്‍ക്കുന്ന കാഴ്‌ചയാണ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ കണ്ടത്‌. കര്‍ണാടകത്തിലെ കരുത്തരില്‍ കരുത്തനായ രാഷ്‌ട്രീയ സ്വയം സേവക്‌ ബി എസ്‌ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാക്കി. കര്‍ണാടകത്തില്‍ സുസ്ഥിരവും ക്ഷേമോന്‍മുഖവുമായ ഭരണം നടത്തി ബി ജെ പിയുടെ വേര്‌ മറ്റ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടി ആഴത്തില്‍ പിടിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. രണ്ട്‌ വര്‍ഷത്തിനിപ്പുറം കാര്യങ്ങളാകെ പരിതാപകരമായ നിലയിലാണ്‌. 


മന്ത്രിസഭാംഗങ്ങളും സഹോദരന്‍മാരുമായ ജി ജനാര്‍ദന്‍ റെഡ്‌ഢി, ജി കരുണാകര്‍ റെഡ്‌ഢി എന്നിവര്‍ അനധികൃത ഖനനം, ഇരുമ്പയിരിന്റെ കള്ളക്കടത്ത്‌ എന്നീ ആരോപണങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. അനധികൃത ഖനനത്തിന്‌ വിഘാതമാകുമെന്ന്‌ കണ്ടപ്പോള്‍ യെദിയൂരപ്പക്ക്‌ മൂക്കുകയറിടാന്‍ റെഡ്‌ഢി സഹോദരന്‍മാര്‍ സംഘടിപ്പിച്ച കരുത്ത്‌ കാണിക്കല്‍ നാടകം കേന്ദ്ര നേതൃത്വം ഇടപെട്ട്‌ പരിഹരിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ അടുത്തയാളെന്ന്‌ കേള്‍വികേട്ട ശോഭ കരന്ദലജെക്ക്‌ രാജി വെക്കേണ്ടിവന്നു. മറ്റൊരു മന്ത്രി ഭൂമി ഇടപാടിലാണ്‌ കുടുങ്ങിയത്‌. സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടം വരുത്തിയെന്ന ആരോപണമുയര്‍ന്നതോടെ കൃഷ്‌ണയ്യ ഷെട്ടി രാജി വെച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജുകളിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട്‌ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി രാമചന്ദ്ര ഗൗഡ രാജിവെച്ചിരിക്കുന്നു. ഇതിനിടെ വേറെയുമുണ്ടായി വിവാദങ്ങള്‍. ലൈംഗികാപവാദം മുതല്‍ കേട്ടുകേള്‍വിയുള്ള എല്ലാവിധ ആരോപണങ്ങളും മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നു.

റെഡ്‌ഢി സഹോദരന്‍മാരുടെ വെല്ലുവിളിക്കു മുന്നില്‍ തളര്‍ന്ന യെദിയൂരപ്പക്കാവട്ടെ പിന്നെയങ്ങോട്ട്‌ തല പൊക്കാന്‍ സാധിച്ചിട്ടില്ല. ലോകായുക്ത ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്‌ഡെ രാജി വെച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം തീര്‍ക്കാന്‍ സാക്ഷാല്‍ എല്‍ കെ അഡ്വാനി തന്നെ ഇടപെടേണ്ടിവന്നു. ഗവര്‍ണര്‍ എച്ച്‌ ആര്‍ ഭരദ്വാജുമായുള്ള പോര്‌ വേറെ. അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ചതിന്‌ മുഖ്യമന്ത്രി ഉപാധികളൊന്നും കൂടാതെ മാപ്പ്‌ ചോദിക്കണമെന്ന്‌ ഗവര്‍ണര്‍ പരസ്യമായി ആവശ്യപ്പെടുന്നതു വരെ കാര്യങ്ങളെത്തി നില്‍ക്കുന്നു. സ്വയം കൃതാനര്‍ഥങ്ങള്‍ കൊണ്ട്‌ ഒരു സര്‍ക്കാര്‍ എത്രത്തോളം പരിഹാസ്യമാവാമോ അത്രയും എത്തിനില്‍ക്കുന്നു യെദിയൂരപ്പ മന്ത്രിസഭ. കാലാവധിയില്‍ ബാക്കിയുള്ള മൂന്ന്‌ വര്‍ഷത്തിനിടെ ഇനി എന്തൊക്കെ വരാനിരിക്കുന്നുവെന്നത്‌ കണ്ടറിയുക തന്നെ വേണം. ഇത്തരമൊരു സാഹചര്യത്തില്‍ കളിക്കാവുന്ന ഏറ്റവും നല്ല കാര്‍ഡ്‌ വര്‍ഗീയതയാണ്‌. ഗോവധം നിരോധിക്കാന്‍ ബില്ല്‌ കൊണ്ടുവന്നത്‌ ആ ഉദ്ദേശ്യത്തോടെയാണ്‌. നിയമസഭ പാസാക്കിയ ബില്ലിന്‌ ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. ഹൈന്ദവ രീതിമര്യാദയനുസരിച്ച്‌ പശുക്കളെ കൊല്ലുന്നതിലും വലിയ പാപം വേറെയില്ലെന്ന്‌ (ലൈംഗിക അപവാദം മുതല്‍ അഴിമതി വരെയുള്ളവയെല്ലാം നിസ്സാരം) ഗവര്‍ണറെ പഠിപ്പിക്കാന്‍ ശ്രമിച്ചു ബി ജെ പി നേതൃത്വം. അപ്പോള്‍ വരുന്നു എച്ച്‌ ആര്‍ ഭരദ്വാജിന്റെ മറുപടി - ``ഞാന്‍ ബ്രാഹ്‌മണനാണ്‌. ഹൈന്ദവ രീതിമര്യാദകളെക്കുറിച്ച്‌ എന്നെ പഠിപ്പിക്കേണ്ട''. ഇവിടെ അമ്പരക്കുകയല്ലാതെ ബി ജെ പി നേതാക്കള്‍ക്ക്‌ മറ്റ്‌ മാര്‍ഗമില്ല.

ആവനാഴിയില്‍ അവശേഷിക്കുന്ന ഏക അസ്‌ത്രം പി ഡി പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിയാണ്‌. അത്‌ ഉപയോഗിക്കുന്നതില്‍ ടൈമിംഗ്‌ ശരിയാവുന്നുണ്ടോ എന്ന പരീക്ഷണമാണ്‌ വി എസ്‌ ആചാര്യ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. മഅ്‌ദനിയുടെ പോലീസ്‌ കസ്റ്റഡി അവസാനിക്കുന്നതിന്‌ തലേന്നായിരുന്നു ആദ്യത്തെ പരീക്ഷണം. ഐ പി എല്‍ മത്സരത്തിന്‌ മുമ്പ്‌ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന്‌ സമീപം നടന്ന ഇരട്ട സ്‌ഫോടനങ്ങളില്‍ മഅ്‌ദനിക്ക്‌ പങ്കുണ്ട്‌ എന്നത്‌ ഒന്നെറിഞ്ഞുനോക്കി. ടൈമിംഗ്‌ ശരിയായില്ലെന്ന്‌ മണിക്കൂറുകള്‍ കഴിയും മുമ്പേ ആചാര്യക്ക്‌ ബോധ്യപ്പെട്ടു. ഉടന്‍ തിരുത്തി, താന്‍ പറഞ്ഞത്‌ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്‌തതാണ്‌. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്‌ഫോടനത്തില്‍ മഅ്‌ദനിക്ക്‌ പങ്കുണ്ടോ എന്നത്‌ അന്വേഷിക്കുകയാണെന്നാണ്‌ പറഞ്ഞതെന്ന്‌ വിശദീകരിച്ചു. എന്തുകൊണ്ട്‌ പിന്നാക്കം പോയെന്ന്‌ പിറ്റേന്ന്‌ ബംഗളൂരു സിറ്റി പോലീസ്‌ കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രി വാര്‍ത്താ ലേഖകരോട്‌ സംസാരിച്ചപ്പോഴാണ്‌ ജനങ്ങള്‍ക്ക്‌ തിരിഞ്ഞത്‌. 


ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്‌ഫോടനവുമായി മഅ്‌ദനിക്ക്‌ ബന്ധമുണ്ടെന്നത്‌ സംബന്ധിച്ച്‌ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന്‌ ബിദ്‌രി വെടിപ്പായി പറഞ്ഞു. കൂടെ നില്‍ക്കുമെന്ന്‌ കരുതിയ പോലീസ്‌ ഉദ്യോഗസ്ഥന്‍ തിരിഞ്ഞുനില്‍ക്കുമെന്ന്‌ മനസ്സിലായതോടെയാണ്‌ ആചാര്യ പറഞ്ഞതു വിഴുങ്ങാന്‍ നിര്‍ബന്ധിതനായത്‌.
ഇപ്പോഴിതാ, പുതിയ ആരോപണവുമായി ആചാര്യ രംഗത്ത്‌ വന്നിരിക്കുന്നു. ബംഗളൂരു സ്‌ഫോടനത്തിന്‌ പുറമെ മറ്റ്‌ എട്ട്‌ കേസുകളില്‍ കൂടി മഅ്‌ദനിക്ക്‌ ബന്ധമുണ്ട്‌. കേസുകളേതൊക്കെ എന്ന്‌ പറയാന്‍ അദ്ദേഹം തയ്യാറായില്ല. കേസുകളേതൊക്കെ എന്ന്‌ പറഞ്ഞാല്‍ പിറ്റേന്ന്‌ തിരുത്തേണ്ടിവന്നാലോ! കര്‍ണാടകത്തിലെ ചില രാഷ്‌ട്രീയ നേതാക്കളുമായി മഅ്‌ദനിക്ക്‌ ബന്ധമുണ്ടെന്നും അതേക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്നും ആചാര്യ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌. മഅ്‌ദനിക്ക്‌ ബന്ധമുണ്ടാവാന്‍ ഇടയുള്ള അല്ലെങ്കില്‍ അദ്ദേഹം മുമ്പ്‌ കണ്ടിരിക്കാന്‍ ഇടയുള്ള കര്‍ണാടകത്തിലെ രാഷ്‌ട്രീയ നേതാക്കളാരൊക്കെയാവും? ജനതാദള്‍ നേതാവായിരുന്ന സി എം ഇബ്‌റാഹീം, കോണ്‍ഗ്രസ്‌ നേതാവ്‌ ഹാരിസ്‌ എന്ന്‌ തുടങ്ങി നിയതമായ പേരുകള്‍ നമുക്ക്‌ കണ്ണുമടച്ച്‌ പറയനാവും. 



ആചാര്യയുടെ പുതിയ പരീക്ഷണം ഇതാണ്‌. ബംഗളൂരു സ്‌ഫോടന പരമ്പരയടക്കം വിവിധ കേസുകളില്‍ ആരോപണവിധേയനായ മഅ്‌ദനിയുമായി പ്രതിപക്ഷത്തുള്ള ചില നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന്‌ വരുത്തുക. സംശയത്തിന്റെ മറ സൃഷ്‌ടിച്ച്‌ പാര്‍ട്ടിയും മന്ത്രിസഭയും നേരിടുന്ന പ്രതിച്ഛായാ ദോഷം മാറ്റാന്‍ പറ്റുമോ എന്ന്‌ ശ്രമിക്കുക. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ ഭീകരവാദിയുമായി ബന്ധമുണ്ട്‌ എന്നതിനപ്പുറം മറ്റെന്ത്‌ ആരോപണം വേണം? കൂടുതല്‍ കേസുകളുടെ കാര്യം മാധ്യമങ്ങളോട്‌ പറയാന്‍ ആചാര്യ തിരഞ്ഞെടുത്ത സമയം കൂടി കണക്കിലെടുക്കണം. മഅ്‌ദനിയുടെ ജാമ്യാപേക്ഷയില്‍ അതിവേഗ കോടതി വിധി പറയുന്നതിന്റെ തലേ ദിവസം. ഒന്നുകൂടി എറിഞ്ഞ്‌ നോക്കുകയാണ്‌. എട്ട്‌ കേസുകള്‍ വേറെയുമുണ്ടെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന നീതിന്യായ വ്യവസ്ഥയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തിയാലോ?
മഅ്‌ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത്‌ കര്‍ണാടക പോലീസ്‌ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലൊന്നും എട്ട്‌ കേസുകളെക്കുറിച്ച്‌ പരാമര്‍ശിക്കാതെ സഹകളിക്കാര്‍ ആചാര്യയുടെ പന്തിനോട്‌ പുറംതിരിഞ്ഞ്‌ നില്‍ക്കുകയാണ്‌. എട്ട്‌ കേസുകളെക്കുറിച്ച്‌ പരാമര്‍ശിച്ചില്ല എന്നത്‌ മാത്രമല്ല, മഅ്‌ദനിയെ ഉള്‍പ്പെടുത്തിയ കേസില്‍ തന്നെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാതെ അവര്‍ അലംഭാവം കാട്ടുകയും ചെയ്‌തു. 



കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മഅ്‌ദനിക്കെതിരെ കൂടുതല്‍ തെളിവ്‌ ലഭിച്ചുവെന്നാണ്‌ പോലീസിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്‌. ഈ തെളിവുകള്‍ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ കോടതി തിരിച്ചുചോദിക്കുകയായിരുന്നു. മന്ത്രിയുടെ ടൈമംഗ്‌ മനസ്സിലാക്കി കളിക്കുന്നതിന്‌ പോലീസുകാര്‍ക്ക്‌ സാധിക്കുന്നില്ല എന്ന്‌ ചുരുക്കം. ബംഗളൂരു സ്‌ഫോടനക്കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ വേണമെങ്കില്‍ വേണ്ട നിര്‍ദേശം നല്‍കാവുന്നതാണ്‌. കളിക്കാരുടെ ഒത്തൊരുമയുണ്ടെങ്കിലേ കളിയില്‍ ജയിക്കാനാവൂ എന്ന്‌ ഓര്‍മിപ്പിക്കാവുന്നതാണ്‌. ബി ജെ പിയെ സംബന്ധിച്ച്‌ കര്‍ണാടകത്തിലെ രാഷ്‌ട്രീയ സാഹചര്യം ഇത്‌ ആവശ്യപ്പെടുന്നുമുണ്ട്‌. ജനസംഘിലൂടെ വളര്‍ന്ന വി എസ്‌ ആചാര്യക്ക്‌ കളി ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈ ഫിസിഷ്യന്‌ ബുദ്ധിമുട്ടുണ്ടാവില്ല താനും.

പാര്‍ട്ടിക്കും മന്ത്രിസഭക്കും വേണ്ടി ഇപ്പോള്‍ ചെയ്യുന്നത്‌ ഭാവിയില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്‌ വഴിവെക്കാനും മതി. ഇപ്പോള്‍ മന്ത്രിസഭയില്‍ രണ്ടാമനാണ്‌. അനധികൃത ഖനനത്തിന്റെ പേരില്‍ ഇനിയൊരു പോരിന്‌ റെഡ്‌ഢി സഹോദരന്‍മാര്‍ മുതിര്‍ന്നാല്‍ യെദിയൂരപ്പയെ താഴെ ഇറക്കാതെ അവര്‍ പിന്‍മാറില്ല. അതിന്‌ വേണ്ട പണവും സ്വാധീനവും അവര്‍ക്കുണ്ട്‌. അങ്ങനെയൊരു സാഹചര്യം വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഈ പ്രതിച്ഛായാ രക്ഷകനെയല്ലാതെ മറ്റൊരാളെ പാര്‍ട്ടി നേതൃത്വം നിയോഗിക്കില്ല. ചുരുക്കത്തില്‍ മഅ്‌ദനി എന്ന അവസാന അസ്‌ത്രത്തിന്‌ കൃത്യമായ ടൈമിംഗ്‌ ഉണ്ടാവുകയാണ്‌ വേണ്ടത്‌. അത്‌ ഇക്കുറിയുണ്ടായില്ലെങ്കില്‍ അടുത്ത തവണ നോക്കാം. കേസുകള്‍ക്ക്‌ പഞ്ഞമുണ്ടാവില്ല തന്നെ.

2010-09-09

ടിന്റുമോന്റെ പ്രസക്തി



ഒരു മദ്യ ദുരന്തം കൂടി കടന്നുപോവുകയാണ്‌. ദുരന്തങ്ങളില്‍ പോലും തമാശകള്‍ക്കുള്ള സാധ്യത ഒഴിവാക്കാത്ത മലയാളികളുടെ മൊബൈലുകളില്‍ നിന്ന്‌ പറന്ന ഒരു സന്ദേശം ഇങ്ങനെ - `മലപ്പുറം മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ അഞ്ച്‌ ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചുവെന്ന്‌ ടി വിയില്‍ വാര്‍ത്ത. ഇത്‌ കണ്ട ടിന്റുമോന്‍ അമ്മയോട്‌, അമ്മേ ഇനി അച്ഛന്‍ കുടിച്ചുവന്നാല്‍ ചീത്ത വിളിക്കേണ്ട, കിട്ടിയാല്‍ അഞ്ച്‌ ലക്ഷമാ...!'

ദുരന്തത്തിന്‌ ഇരയായവരെല്ലാം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരാണ്‌. ചിലരെങ്കിലും തൊഴില്‍ തേടി അയല്‍ സംസ്ഥാനത്തു നിന്ന്‌ കേരളത്തിലെത്തിയവരും. ഇവരുടെ വിയോഗം ചില കുടുംബങ്ങളുടെയെങ്കിലും നിലനില്‍പ്പിനെ തന്നെ ബാധിക്കും. അതുകൊണ്ട്‌ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ പൂര്‍ണമായും തള്ളിക്കളയാനാവില്ല. പക്ഷേ, മറ്റേതെങ്കിലും അപകടത്തോട്‌ മദ്യ ദുരന്തത്തെ താരതമ്യം ചെയ്യാനാവില്ല. ഇത്‌ കൊള്ളലാഭം കൊതിക്കുന്ന കരാറുകാരും അവര്‍ക്ക്‌ ഒത്താശ ചെയ്യുന്ന സര്‍ക്കാറും മനഃപൂര്‍വം സൃഷ്‌ടിച്ച ഒന്നാണ്‌. ആ നിലക്ക്‌ ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ച്‌ ലക്ഷത്തെ ധനസഹായമെന്നല്ല, പിഴയൊടുക്കല്‍ എന്ന്‌ വേണം വിശേഷിപ്പിക്കാന്‍. ആ പിഴയൊടുക്കലിന്റെ സാധ്യതകളിലേക്കാണ്‌ ടിന്റുമോന്‍ `ഫലിതം' വഴി തുറക്കുന്നത്‌. മദ്യത്തിന്‌ അടിപ്പെടുകയും അതുവഴി വീടിനും നാടിനും ശാപമായി മാറുകയും ചെയ്‌ത ചിലരുടെ കാര്യത്തിലെങ്കിലും അഞ്ച്‌ ലക്ഷം നഷ്‌ടപരിഹാരം ലഭിക്കുന്നതാണ്‌ ഉചിതമെന്ന്‌ ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല. 


1996 ഏപ്രില്‍ ഒന്നിന്‌ മുമ്പ്‌ (അന്നാണ്‌ എ കെ ആന്റണി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാരായ നിരോധം പ്രാബല്യത്തിലായത്‌) ചാരായ ഷാപ്പുകളായിരുന്നു മദ്യ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍. സര്‍ക്കാര്‍ വര്‍ഷാവര്‍ഷം ലേലം ചെയ്‌ത്‌ നല്‍കുന്ന ചാരായ ഷാപ്പുകള്‍ വന്‍തുക കൊടുത്ത്‌ സ്വന്തമാക്കുന്നവര്‍, തങ്ങളുടെ ലാഭത്തിന്റെ അളവ്‌ വര്‍ധിപ്പിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ സ്‌പിരിറ്റ്‌ എത്തിച്ചു വിതരണം ചെയ്‌തിരുന്നു. ഈഥൈല്‍ ആള്‍ക്കഹോള്‍ എന്ന റെക്‌ടിഫൈഡ്‌ സ്‌പിരിറ്റ്‌ നേര്‍പ്പിച്ചുണ്ടാക്കുന്നതായിരുന്നു ചാരായം. കര്‍ണാടകത്തിലെയും മഹാരാഷ്‌ട്രയിലെയും പഞ്ചസാര ഫാക്‌ടറികളില്‍ നിന്ന്‌ റെക്‌ടിഫൈഡ്‌ സ്‌പിരിറ്റ്‌ കടത്തിക്കൊണ്ടുവന്ന്‌ ഷാപ്പുകളിലൂടെ വിതരണം ചെയ്യുക എന്നതായിരുന്നു കരാറുകാരുടെ പണി. ഇങ്ങനെ കൊണ്ടുവന്നതില്‍ മീഥൈല്‍ ആള്‍ക്കഹോളുമുണ്ടായപ്പോഴാണ്‌ കുടിച്ചവര്‍ പിടഞ്ഞുവീണത്‌, നിരവധി പേരുടെ കാഴ്‌ച പോയത്‌. പുനലൂര്‍, വൈപ്പിന്‍, മട്ടാഞ്ചേരി തുടങ്ങി പലയിടത്തും ചാരായ ദുരന്തം ആവര്‍ത്തിച്ചു. ചാരായം കുടിച്ച്‌ ആരോഗ്യം തകര്‍ന്നവര്‍ ആയിരക്കണക്കിന്‌ വേറെ. 


ഈ സാഹചര്യത്തിലാണ്‌ എ കെ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചത്‌. അതോടെ റെക്‌ടിഫൈഡ്‌ സ്‌പിരിറ്റില്‍ കളര്‍ ചേര്‍ത്ത്‌ വിദേശ മദ്യക്കടകളിലൂടെ വിറ്റഴിക്കുന്ന സ്ഥിതിയുണ്ടായി. കള്ളില്‍ കലര്‍ത്തി ഷാപ്പുകളിലൂടെയും സ്‌പിരിറ്റ്‌ വിറ്റു. അങ്ങനെ ലഹരി വീണ്ടും പൂത്തുനില്‍ക്കുമ്പോഴാണ്‌ കല്ലുവാതില്‍ക്കലും കുപ്പണയുമുണ്ടായത്‌. ഇതോടെ വിദേശ മദ്യ വില്‍പ്പന പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. അങ്ങനെ സ്‌പിരിറ്റ്‌ ഏറെക്കുറെ കള്ളുഷാപ്പുകളിലേക്ക്‌ മാത്രമായി ചുരുങ്ങി. ബിവറേജസ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകളില്‍ കുറഞ്ഞ വിലക്ക്‌ കിട്ടുന്ന ഭൂരിഭാഗം ഇനവും റെക്‌ടിഫൈഡ്‌ സ്‌പിരിറ്റില്‍ കളര്‍ ചേര്‍ത്തവയാണെന്ന വസ്‌തുത മറക്കുന്നില്ല. വില്‍ക്കുന്നത്‌ സര്‍ക്കാറിന്റെ കടകളിലൂടെയായതിനാല്‍ ഈഥൈല്‍ ആള്‍ക്കഹോളിന്‌ പകരം മീഥൈല്‍ ആള്‍ക്കഹോള്‍ കുപ്പിയിലാക്കില്ല എന്ന്‌ പ്രതീക്ഷിക്കാമെന്ന്‌ മാത്രം. ഇതിനകം നടന്നതിനേക്കാളും വലിയ ദുരന്തത്തിന്റെ അരികത്തു കൂടിയാണ്‌ നമ്മള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌ എന്നര്‍ഥം.

തെങ്ങില്‍ നിന്ന്‌ ചെത്തിയിറക്കുന്ന കള്ള്‌ മറ്റുള്ളവയെ അപേക്ഷിച്ച്‌ താരതമ്യേന അപകടം കുറഞ്ഞതായാണ്‌ മുമ്പ്‌ കണ്ടിരുന്നത്‌. പക്ഷേ, കള്ളു ഷാപ്പുകളുടെ ലേലം സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായി മാറുകയും ഷാപ്പുകള്‍ മൊത്തത്തില്‍ കരാറെടുത്ത്‌ വന്‍തുക ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന കരാറുകാര്‍ രംഗത്തെത്തുകയും ചെയ്‌തതോടെ ഈ സ്ഥിതി മാറി. കൃത്രിമക്കള്ളോ വീര്യം കൂടിയ കള്ളോ വിറ്റഴിക്കുന്നത്‌ വ്യാപകമായി. ഇത്തരത്തില്‍ കള്ള്‌ കേരളത്തില്‍ സുലഭമാണെന്ന്‌ സര്‍ക്കാറിനും എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ക്കുമൊക്കെ അറിയാവുന്നതാണ്‌. അവരതിന്‌ കണ്ണടച്ച്‌ അനുമതി നല്‍കുകയാണ്‌ ചെയ്യുന്നത്‌. അത്‌ ഏത്‌ മുന്നണിയുടെ സര്‍ക്കാറായാലും. നാലായിരത്തി അഞ്ഞൂറോളം കള്ളുഷാപ്പുകളുണ്ട്‌ കേരളത്തില്‍. വ്യാവസായിക അടിസ്ഥാനത്തില്‍ കള്ള്‌ ഉത്‌പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കുറവ്‌. പാലക്കാട്‌ ജില്ലയിലെ ചിറ്റൂരാണ്‌ ഇതില്‍ പ്രധാനം. മധ്യ കേരളം മുതല്‍ മലബാറില്‍ കണ്ണൂര്‍ ജില്ലവരെ കള്ളെത്തുന്നത്‌ ചിറ്റൂരില്‍ നിന്നാണ്‌. ഇത്രയും പ്രദേശത്ത്‌ വിതരണം ചെയ്യാനുള്ള കള്ള്‌ ചിറ്റൂരില്‍ ഒരു കാലത്തും ഉത്‌പാദിപ്പിക്കുന്നില്ല. പക്ഷേ, ദിനേന ഇവിടങ്ങളിലെ കള്ളുഷാപ്പുകളില്‍ ചിറ്റൂരില്‍ നിന്ന്‌ കള്ളെത്തുന്നു. ഈ മറിമായം എങ്ങനെ സംഭവിക്കുന്നുവെന്ന്‌ മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ഇതേ മറിമായമാണ്‌ സംസ്ഥാനത്ത്‌ മറ്റിടങ്ങളിലും അരങ്ങേറുന്നത്‌. 


എന്നിട്ടും എല്ലാ വര്‍ഷവും ഷാപ്പുകള്‍ നടത്താന്‍ അനുമതി നല്‍കുന്നുണ്ട്‌. ഉത്‌പാദിപ്പിക്കുന്ന കള്ളിന്റെ അളവിന്‌ ആനുപാതികമാണോ വില്‍പ്പന എന്ന പരിശോധന നടത്താറേയില്ല. കാരണം അത്തരമൊരു പരിശോധന നടത്തിയാല്‍ ഷാപ്പുകളുടെ എണ്ണം കുറയും. എണ്ണം കുറഞ്ഞാല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ എത്തുന്ന പണത്തിന്റെ അളവ്‌ കുറയും. ഏതാനും ആയിരം തൊഴിലാളികള്‍ വഴിയാധാരമാവും. ഇതൊന്നും ഒരു സര്‍ക്കാറിനും അംഗീകരിക്കാവതല്ല. അതുകൊണ്ട്‌ ഇടക്കിടെ ദുരന്തമുണ്ടാവുമ്പോള്‍ ഇരയാവുന്നവരുടെ ബന്ധുക്കള്‍ക്ക്‌ അഞ്ചോ ആറോ ലക്ഷം വീതം കൊടുത്താലും തരക്കേടില്ല, വ്യാപാരം കൊഴുക്കണം എന്ന ചിന്ത മാത്രമേയുള്ളൂ സര്‍ക്കാറിന്‌. ഈ ചിന്തയാണ്‌ കള്ള്‌ കരാറുകാരുടെയും കൃത്രിമക്കള്ള്‌ ഉത്‌പാദകരുടെയും പിടിവള്ളിയും. മലപ്പുറം ദുരന്തത്തെത്തുടര്‍ന്ന്‌ വ്യാപകമായ റെയ്‌ഡ്‌ പ്രഹസനം അരങ്ങേറുകയാണ്‌. ഷാപ്പുകളിലും ഉത്‌പാദന കേന്ദ്രങ്ങളിലുമൊക്കെ പരിശോധന. കൃത്രിമക്കള്ള്‌ ഉണ്ടാക്കാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന എന്തെങ്കിലും തുരുമ്പ്‌ റെയ്‌ഡില്‍ കണ്ടെത്തിയോ? ഉണ്ടാവില്ല. കാരണം അത്ര സുഭദ്രമാണ്‌ ഈ മാഫിയയുടെ ഗോഡൗണുകള്‍. വരും ദിവസങ്ങളില്‍ ചില ഗോഡൗണുകള്‍ പോലീസോ എക്‌സൈസോ ഒക്കെ കണ്ടെത്തിയെന്ന്‌ വരും. പക്ഷേ, അവിടെയെങ്ങും ഒന്നും അവശേഷിച്ചിട്ടുണ്ടാവില്ല. 


കല്ലുവാതുക്കല്‍ മദ്യ ദുരന്തമുണ്ടായതിന്‌ പിറകെയും ഇത്തരം റെയ്‌ഡുകള്‍ വ്യാപകമായി നടന്നിരുന്നു. അന്നും ചില ഉപേക്ഷിക്കപ്പെട്ട ഗോഡൗണുകളും അനധികൃത മദ്യോത്‌പാദന യൂനിറ്റുകളും (മണിച്ചന്റെതല്ല) കണ്ടെത്തിയിരുന്നു. അപ്പോഴും സമാന്തരമായി കള്ള്‌ വില്‍പ്പന നടന്നിരുന്നു. യഥാര്‍ഥത്തില്‍ ചെത്തിയിറക്കുന്നതിലും അനേകം മടങ്ങ്‌ കള്ള്‌ ഷാപ്പുകളില്‍ എത്തിയിരുന്നു. എവിടെ നിന്ന്‌ ഇത്‌ എത്തുന്നുവെന്ന്‌ അന്വേഷണമുണ്ടായില്ല, അന്നും പിന്നീടും. അതാണ്‌ കുറ്റിപ്പുറത്തും വണ്ടൂരിരും തിരൂരിലുമൊക്കെ ദുരന്തത്തിന്‌ കാരണമായത്‌.

ഇത്രയും വലിയ അളവില്‍ വ്യാജക്കള്ള്‌ ഉണ്ടാക്കണമെങ്കില്‍ ചെറിയ സംവിധാനമൊന്നും മതിയാവില്ല. അത്ര രഹസ്യമായി അത്‌ പ്രവര്‍ത്തിപ്പിക്കാനും സാധിക്കില്ല. എന്നിട്ടും കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പൊരുളെന്ത്‌? അതറിയണമെങ്കില്‍ നിലവില്‍ എക്‌സൈസ്‌ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്വത്തിന്റെ കണക്കെടുക്കേണ്ടിവരും. നിശ്ചയിക്കപ്പെട്ട ജോലിക്ക്‌ (ചെയ്യുന്ന ജോലിക്കല്ല) സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഫലവുമായി ഇവരുടെ സ്വത്ത്‌ യോജിച്ചുപോകുന്നുണ്ടോ എന്ന്‌ അന്വേഷിച്ചാല്‍ മതി. പാരമ്പര്യമായി കിട്ടിയ സ്വത്തിനൊക്കെ രേഖകള്‍ വേറെ കാണും. ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളുമൊക്കെ പ്രതി സ്ഥാനത്താണ്‌. മദ്യക്കച്ചവടക്കാരില്‍ നിന്ന്‌ പണം വാങ്ങാത്ത പാര്‍ട്ടികളില്ലെന്ന്‌ കല്ലുവാതുക്കല്‍ ദുരന്തത്തോടെ വ്യക്തമായതാണ്‌. മണിച്ചന്റെ പക്കല്‍ നിന്ന്‌ പണം വാങ്ങിയതിനാണ്‌ ഒരു ജില്ലാ സെക്രട്ടറിയെ തന്നെ സി പി എം ഒഴിവാക്കിയത്‌. വാങ്ങിയ പണത്തിന്‌ രശീത്‌ കൊടുക്കുകയും രേഖ സൂക്ഷിക്കുകയും ചെയ്യുന്ന മര്യാദ സി പി എമ്മിനുണ്ട്‌ എന്നതു കൊണ്ടാണ്‌ അത്‌ പുറത്തുവന്നതും ജില്ലാ സെക്രട്ടറിയായിരുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതും. രശീതോ രേഖയോ ഇല്ലാതെ പണം വാങ്ങുന്ന മറ്റ്‌ പാര്‍ട്ടിക്കാരുടെ കാര്യമോ? അവരില്‍ ചിലര്‍ പേരു കേട്ട അബ്‌കാരികളുമാണ്‌. ഇത്തരക്കാരുടെ സ്വാധീനത്തിനും സമ്മര്‍ദത്തിനും വഴിപ്പെട്ട്‌ കണ്ണടക്കാന്‍ വിധിക്കപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടാവും. 


ചുരുക്കത്തില്‍ അടിമുടി മദ്യത്തില്‍ മുങ്ങി നില്‍ക്കുന്നു, അഴിമതിയിലും. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അടിമുടി അഴിച്ച്‌ പണിയേണ്ടിവരും. അങ്ങനെ വന്നാല്‍ പലര്‍ക്കും പരുക്കേല്‍ക്കും. ആര്‍ക്ക്‌ പരുക്കേറ്റാലും തരക്കേടില്ല ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കണമെന്ന്‌ വിചാരിക്കേണ്ടത്‌ സര്‍ക്കാറാണ്‌, അതിന്‌ നേതൃത്വം നല്‍കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളുമാണ്‌. അത്തരമൊരു ദൃഢനിശ്ചയം ഉണ്ടാവുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ മൗഢ്യവുമാണ്‌. `ഫലിത'ത്തെ വിപുലപ്പെടുത്തിയാല്‍ വല്ലപ്പോഴും ഇരുപത്തിയഞ്ചോ അമ്പതോ ലക്ഷം നഷ്‌ടപരിഹാരമായി കൊടുത്താലെന്ത്‌; സര്‍ക്കാര്‍ ഖജനാവിലേക്ക്‌ വര്‍ഷം തോറും കോടികള്‍ ലഭിക്കില്ലേ!

എല്ലാ മദ്യദുരന്തങ്ങളുടെയും ഇരകള്‍ സമൂഹത്തിലെ താഴേത്തട്ടിലുള്ളവരാണ്‌. അഷ്‌ടിക്ക്‌ വക കണ്ടെത്താന്‍ അത്യധ്വാനം ചെയ്യുന്നവര്‍. അവരുടെ തൊണ്ടയിലേക്കാണ്‌ സര്‍ക്കാറും രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന്‌ വിഷം ഒഴിച്ചുകൊടുക്കുന്നത്‌. മദ്യം നിരോധിച്ചതുകൊണ്ട്‌ ഈ പ്രവണത അവസാനിക്കുമെന്ന്‌ കരുതാനാവില്ല. നിരോധം നിലവിലുള്ള ഗുജറാത്തിലാണ്‌ അടുത്തിടെ ഉണ്ടായതില്‍ വെച്ച്‌ വലിയ മദ്യ ദുരന്ത്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. നിരോധം പലപ്പോഴും അധോലോക വിപണി സജീവമാവാനും കുറ്റവാളികളുടെ ശൃംഖല ശക്തമാവാനും മാത്രമേ സഹായിക്കൂ. മത സംഘടനകള്‍, ജാതി സംഘടനകള്‍, രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയെല്ലാം ധാരാളമുണ്ട്‌ കേരളത്തില്‍. എന്നിട്ടും മദ്യ വര്‍ജനത്തിന്‌ വേണ്ടിയുള്ള ശക്തമായ പ്രചാരണമോ നടപടികളോ ഉണ്ടാവുന്നില്ല. മദ്യ വില്‍പ്പനയിലൂടെ കോടികള്‍ സമ്പാദിക്കുന്ന സര്‍ക്കാര്‍ അതിലൊരു അംശം പോലും മദ്യത്തിനെതിരായ പ്രചാരണത്തിന്‌ നീക്കിവെക്കുന്നുമില്ല. കള്ള്‌ ഷാപ്പുകളുടെ ബോര്‍ഡുകളിലും മദ്യക്കുപ്പികളിലും മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം എന്ന്‌ എഴുതിവെക്കുന്നിടത്ത്‌ സര്‍ക്കാറിന്റെ ഉത്തരവാദിത്വം തീരുന്നു.

ഒരു ദുരന്തമുണ്ടായപ്പോള്‍ ഷാപ്പുകള്‍ തകര്‍ക്കാനും തീവെക്കാനും പോലീസിനെ തടയാനും യുവജന സംഘടനകളുടെ പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. ഈ ഷാപ്പുകളില്‍ വ്യാജക്കള്ള്‌ വിതരണം ചെയ്യുന്നുണ്ടെന്ന്‌ നേരത്തെ അറിയാമായിരുന്നുവെന്നും മുമ്പും പലരും വിഷക്കള്ള്‌ കുടിച്ച്‌ മരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്‌തില്ലെന്നും ഇവര്‍ ആവേശത്തോടെ പറയുന്നുമുണ്ടായിരുന്നു. വിഷക്കള്ള്‌ ഉണ്ടെന്ന്‌ അറിയാമായിരുന്നിട്ടും ഇത്രയും നാള്‍ ഈ ഷാപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചതിന്‌ ഈ ആവേശക്കാരൊക്കെ ഉത്തരവാദികളല്ലേ? നമുക്ക്‌ ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ നിന്ന്‌ എത്രമാത്രം അകന്നാണ്‌ നാം ജീവിക്കുന്നത്‌ എന്നത്‌ കൂടിയാണ്‌ ഈ ദുരന്തം തെളിയിക്കുന്നത്‌. ഒരു സംഭവമുണ്ടായാല്‍ പൊടുന്നനെ രൂപപ്പെടുന്ന ആള്‍ക്കൂട്ടമെന്നത്‌ മാത്രമായി സാമൂഹിക ഉത്തരവാദിത്വം മാറിയിരിക്കുന്നു. കോണ്‍ഗ്രസ്‌ നേതാവിന്റെ അനാശാസ്യം കണ്ടെത്താന്‍ കാണിച്ച ഉശിര്‌ പോലും വിഷ വില്‍പ്പന തടയുന്നതില്‍ നമുക്കുണ്ടായില്ല. ദുരന്തമുണ്ടായാല്‍ കിട്ടാനിടയുള്ള നഷ്‌ടപരിഹാരത്തെക്കുറിച്ച്‌ ചിന്തിക്കുന്ന ടിന്റുമോന്‍ തന്നെയാണ്‌ മാതൃക.

2010-09-02

സ്വാശ്രയത്തില്‍ ആശ്രയമുണ്ടോ?



സ്വാശ്രയം എന്ന വാക്കിന്‌ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവുമായുള്ള ബന്ധം ഏറെക്കുറെ വിസ്‌മരിക്കപ്പെട്ടിരിക്കുന്നു. പുതിയ കാലത്ത്‌ സ്വാശ്രയം എന്ന വാക്ക്‌ വിദ്യാഭ്യാസ മേഖലയുമായി മാത്രം ബന്ധമുള്ളതാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ ഭാഗമായാണ്‌ മഹാത്മാ ഗാന്ധി സ്വാശ്രയത്വത്തെക്കുറിച്ച്‌ സംസാരിച്ചത്‌; വ്യക്തിയും സമൂഹവും പരാശ്രിതത്വം ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്‌. അങ്ങനെ ജീവിക്കാന്‍ തീരുമാനിച്ചാല്‍ സാമ്രാജ്യത്വത്തിന്‌ ഏത്‌ വിധത്തിലാണ്‌ തിരിച്ചടിയുണ്ടാവുക എന്ന്‌ കാണിച്ചുതന്നത്‌. ചര്‍ക്കയില്‍ നിന്ന്‌ നൂല്‌ നൂറ്റുണ്ടാക്കുന്ന വസ്‌ത്രം ധരിക്കാനും വിദേശ വസ്‌ത്രം ബഹിഷ്‌കരിക്കാനുമൊക്കെ പ്രചരിപ്പിച്ചത്‌ ആശ്രിതത്വം ഒഴിവാക്കാനും അതുവഴി അധിനിവേശ ശക്തിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടക്കാനുമായിരുന്നു. അത്തരത്തില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന വാക്ക്‌ മലയാളികളുടെ മുന്നില്‍ പ്രൊഫനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒന്നായി ചുരുങ്ങി നില്‍ക്കുന്നു. മഹാത്‌മാ ഗാന്ധി സ്വാശ്രയം എന്നുപയോഗിച്ചപ്പോഴുണ്ടായിരുന്ന അര്‍ഥത്തിന്റെ നേരെ എതിരാണ്‌ ഇപ്പോള്‍ ഈ വാക്ക്‌ ദ്യോതിപ്പിക്കുന്നത്‌.

സ്വാശ്രയം കലര്‍പ്പില്ലാത്ത കച്ചവടമാണെന്ന്‌ സുപ്രീം കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയെ ശ്രദ്ധിക്കുന്നവര്‍ക്കൊക്കെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മനസ്സിലായ ഒരു കാര്യം ഇപ്പോഴാണ്‌ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക്‌ മനസ്സിലായത്‌. കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനിന്നിരുന്നു. ഇവയിലെ ഫീസ്‌, വിദ്യാര്‍ഥി പ്രവേശം തുടങ്ങിയ കാര്യങ്ങളിലായി നിരവധി കേസുകളുമുണ്ടായി. ഉണ്ണിക്കൃഷ്‌ണന്‍ കേസ്‌, പി എ ഇനാംദാര്‍ കേസ്‌ തുടങ്ങിയ പേരുകളില്‍ പിന്നീട്‌ ഇവ പ്രശസ്‌തമാവുകയും ചെയ്‌തു. വിദ്യാര്‍ഥി സംഘടനകളും സ്വകാര്യ മാനേജ്‌മെന്റ്‌ അസോസിയേഷനുകളും സ്വന്തം നിലപാടുകളുടെ സാധൂകരണത്തിനായി ഇത്തരം കേസുകളെ പരാമര്‍ശിക്കുകയോ അവയിലുണ്ടായ വിധിയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കുകയോ ചെയ്യുന്നത്‌ പതിവാണ്‌. സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ നീതിന്യായ സംവിധാനം ഇടപെടാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം കുറച്ചായെന്ന്‌ അര്‍ഥം. എന്നിട്ടും കലര്‍പ്പില്ലാത്ത കച്ചവടമായി അത്‌ തുടരുന്നുണ്ടെങ്കില്‍ കുറ്റം ആരുടെതാണ്‌? നിയമനിര്‍മാണ സംവിധാനങ്ങളും ഇക്കാര്യത്തില്‍ വര്‍ഷങ്ങളായി ഇടപെടുന്നുണ്ട്‌. എന്നിട്ടും ഫലമുണ്ടാവുന്നില്ല.

കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാറിന്റെ കാലത്താണ്‌ കേരളത്തില്‍ സ്വകാര്യ മേഖലയില്‍ സ്വാശ്രയ കോളജുകള്‍ അനുവദിക്കപ്പെട്ടത്‌. അന്നു മുതല്‍ ഇന്നോളം പ്രശ്‌നങ്ങളൊഴിഞ്ഞിട്ടില്ല. സ്വകാര്യ മേഖലയില്‍ സ്വാശ്രയ കോളജുകള്‍ അനുവദിക്കുമ്പോള്‍ അമ്പത്‌ ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളജിലേതിന്‌ തുല്യമായ ഫീസ്‌ മാത്രമേ ഈടാക്കാവൂ എന്ന വാക്കാലുള്ള ധാരണ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയും കോളജ്‌ നടത്തുന്നതിന്‌ മുന്നോട്ടുവന്ന മാനേജ്‌മെന്റുകളും തമ്മിലുണ്ടായിരുന്നുവെന്നാണ്‌ പറയുന്നത്‌. അതനുസരിച്ചാണ്‌ രണ്ട്‌ സ്വാശ്രയ കോളജ്‌ സമം ഒരു സര്‍ക്കാര്‍ കോളജ്‌ എന്ന സമവാക്യം ആന്റണി അന്ന്‌ പാടി നടന്നത്‌. വാക്കാലുള്ള കരാര്‍ പിന്നീട്‌ മാറ്റിയ മാനേജ്‌മെന്റുകള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശം മുന്‍നിര്‍ത്തി വാദിച്ചപ്പോള്‍ ഹൈക്കോടതി അത്‌ ന്യായമെന്ന്‌ കണ്ടു. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനും ഫീസ്‌ തീരുമാനിക്കുന്നതിനും മാനേജ്‌മെന്റുകള്‍ക്ക്‌ പൂര്‍ണ അധികാരമുണ്ടെന്ന്‌ കോടതി വിധിച്ചു. ഈ വിധി ചോദ്യം ചെയ്‌ത്‌ അന്നത്തെ യു ഡി എഫ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മാനേജ്‌മെന്റുകള്‍ക്ക്‌ അനുകൂലമായിരുന്നു ഉത്തരവ്‌.

സ്വാശ്രയ കോളജുകളെ നിയന്ത്രിക്കുന്നതിന്‌ നിയമം കൊണ്ടുവരാന്‍ യു ഡി എഫ്‌ സര്‍ക്കാര്‍ പിന്നീട്‌ തീരുമാനിച്ചു. ആ നിയമം ഹൈക്കോടതി സ്റ്റേ ചെയ്‌തു. നിയമം ഭരണഘടനാപരമാണോ അല്ലയോ എന്ന പ്രശ്‌നത്തില്‍ കോടതി നടപടികള്‍ തുടരുകയാണ്‌. 2006ല്‍ അധികാരത്തിലെത്തിയ എല്‍ ഡി എഫ്‌ സ്വാശ്രയ കോളജുകളെ നിയന്ത്രിക്കുന്നതിന്‌ പുതിയ നിയമം കൊണ്ടുവന്നു. വേണ്ടത്ര ആലോചിക്കാതെയാണ്‌ നിയമത്തിലെ വ്യവസ്ഥകള്‍ രൂപകല്‍പ്പന ചെയ്‌തതെന്നും കൂലങ്കഷമായി ചിന്തിച്ച ശേഷമാണ്‌ നിയമ വ്യവസ്ഥകള്‍ രൂപപ്പെടുത്തിയതെന്നും ഇടതു മുന്നണിയില്‍ ഭിന്നവാദം നിലനില്‍ക്കുന്നുണ്ട്‌. രണ്ടായാലും നിയമം നടപ്പാക്കുന്നത്‌ തടഞ്ഞ്‌ ഹൈക്കോടതി വിധി പാസ്സാക്കി. ഇതിലും വ്യവഹാരം പൂര്‍ത്തിയായിട്ടില്ല. എത്ര ഹരജികള്‍ പരിഗണിച്ചുവെന്നോ എന്തൊക്കെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെന്നോ ഉത്തരവുകള്‍ ഏതൊക്കെ യായിരുന്നുവെന്നോ ഓര്‍ത്തിരിക്കാന്‍ കഴിയാത്ത വിധത്തിലാണ്‌ കാര്യങ്ങള്‍. ഇതിനിടെയാണ്‌ സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ്‌ ക്വാട്ടയിലെ സീറ്റുകളിലേക്ക്‌ പ്രവേശനം നടത്തുന്നത്‌ വിവാദമായത്‌. അടിസ്ഥാന യോഗ്യത പോലുമില്ലാത്തവര്‍ക്ക്‌ കൂടുതല്‍ തുക തലവരിയായി നല്‍കി പ്രവേശനം നല്‍കുന്നതായി പരാതിയുണ്ടായി. സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക്‌ ലിസ്റ്റില്‍ നിന്ന്‌ കുട്ടികളെ പ്രവേശിപ്പിക്കണമെന്ന്‌ സര്‍ക്കാറും വിദ്യാര്‍ഥി സംഘടനകളും വാദിച്ചു. സ്വന്തമായി പ്രവേശന പരീക്ഷ നടത്തി കുട്ടികളെ പ്രവേശിപ്പിക്കാമെന്ന്‌ മാനേജ്‌മെന്റുകളും.

കോടതി തന്നെയാണ്‌ ഇവിടെയും തീര്‍പ്പുണ്ടാക്കിയത്‌. മാനേജ്‌മെന്റ്‌ അസോസിയേഷന്‌ പ്രവേശന പരീക്ഷ നടത്താം. പക്ഷേ, പി എ ഇനാംദാര്‍ കേസില്‍ പുറപ്പെടുവിച്ച വിധിയില്‍ പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാവണം പരീക്ഷ. ഇക്കാലത്തിനിടെ കേരളത്തില്‍ `പ്രചുര പ്രചാരം' നേടിയ പി എ മുഹമ്മദ്‌ കമ്മിറ്റിക്ക്‌ മേല്‍നോട്ടവും വേണം. ഇത്‌ രണ്ടും പാലിക്കപ്പെട്ടില്ലെന്നാണ്‌ പുതിയ പരാതിയുണ്ടായത്‌. പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്ന്‌ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവ്‌ ശരിവെക്കവെയാണ്‌ സ്വാശ്രയം കലര്‍പ്പില്ലാത്ത കച്ചവടമാണെന്ന പരാമര്‍ശം സുപ്രീം കോടതി നടത്തിയത്‌.

മാനേജ്‌മെന്റ്‌ അസോസിയേഷനുകള്‍ സ്വന്തം നിലക്ക്‌ പ്രവേശന പരീക്ഷ നടത്താമെന്ന്‌ തീരുമാനിച്ചപ്പോള്‍ അതിന്‌ കോടതി അനുമതി നല്‍കിയത്‌ എന്തുകൊണ്ടാണെന്നാണ്‌ ആദ്യം ചിന്തിക്കേണ്ടത്‌. സ്വന്തം കോളജുകളില്‍ കഴിവും യോഗ്യതയുമുള്ള കുട്ടികള്‍ തന്നെ എത്തണമെന്നും അവര്‍ പഠനത്തിലും പിന്നീട്‌ ആതുര ശുശ്രൂഷയിലും പുലര്‍ത്തുന്ന മികവ്‌ തന്റെ സ്ഥാപനത്തിന്റെ സല്‍പ്പേര്‌ വര്‍ധിപ്പിക്കണമെന്നുമുള്ള സദുദ്ദേശ്യമുണ്ടായിരുന്നു മാനേജ്‌മെന്റുകള്‍ക്ക്‌ എന്ന്‌ അന്ന്‌ കോടതി ധരിച്ചുവശായിരുന്നോ? ലക്ഷങ്ങള്‍ തലവരിയായി നല്‍കാന്‍ ത്രാണിയുള്ള രക്ഷിതാക്കളുടെ, പഠനത്തില്‍ മികവ്‌ കാട്ടാത്ത മക്കള്‍ക്ക്‌ വേണ്ടി സീറ്റുകള്‍ കച്ചവടം ചെയ്‌ത മാനേജ്‌മെന്റുകള്‍ അവരുടെ പ്രവേശം ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന മറ മാത്രമാണ്‌ സ്വന്തം പ്രവേശന പരീക്ഷയെന്ന്‌ അന്ന്‌ മനസ്സിലാവാതെ പോയത്‌ കോടതിക്ക്‌ മാത്രമായിരിക്കണം. അതോ കാര്യങ്ങള്‍ മനസ്സിലായിട്ടും ഒരു വ്യവസായമല്ലേ ലാഭകരമായി നടക്കേണ്ടതല്ലേ എന്ന്‌ ചിന്തിച്ചുപോയോ?
സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത്‌ റാങ്ക്‌ പട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ ലക്ഷങ്ങള്‍ ഫീസും നിക്ഷേപവും നല്‍കി മാനേജ്‌മെന്റ്‌ സീറ്റ്‌ സ്വന്തമാക്കാന്‍ എത്ര പേര്‍ക്ക്‌ സാധിക്കും? വിദ്യാഭ്യാസ വായ്‌പയും മറ്റും എടുത്ത്‌ പഠിക്കാമെന്ന്‌ തീരുമാനിച്ചാല്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്ന തലവരി നല്‍കാനാവുമോ? 



സര്‍ക്കാര്‍ പട്ടികയില്‍ നിന്ന്‌ തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണമന്നത്‌ നിര്‍ബന്ധമായാല്‍ തലവരിയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ മാനേജ്‌മെന്റുകളും നിര്‍ബന്ധിതരാവും. പട്ടികയിലുള്ളവരില്‍ കൂടുതല്‍ നല്‍കാന്‍ ത്രാണിയുള്ളവനെ പിഴിയുക എന്നത്‌ മാത്രമേ സാധ്യമാവൂ. ഇത്തരം കുരുക്കുകളൊന്നുമില്ലാതെ സുഗമവും സുതാര്യവുമായി കാര്യങ്ങള്‍ നടത്തുന്നതിനുള്ള വഴിയായിരുന്നു മാനേജ്‌മെന്റ്‌ അസോസിയേഷന്റെ പ്രവേശന പരീക്ഷ. അതാണ്‌ ഇപ്പോള്‍ കോടതി റദ്ദാക്കിയത്‌. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന്‌ വിദ്യാര്‍ഥികളെ ലഭിച്ചില്ലെങ്കില്‍ പത്ത്‌ ദിവസത്തിനകം കോടതിയെ സമീപിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ അനുവാദമുണ്ട്‌. അതില്‍ കോടതിയൊരു തീരുമാനമെടുക്കുമെന്ന്‌ കരുതുക.

ഇതുകൊണ്ട്‌ മാത്രം പ്രശ്‌നങ്ങള്‍ തീരുന്നില്ല. ആരംഭിച്ച കാലം മുതല്‍ കുത്തഴിഞ്ഞ്‌ കിടക്കുകയാണ്‌ സ്വാശ്രയം എന്ന തൊഴുത്ത്‌. ഓരോ വര്‍ഷവും പുതിയ കരാറുകള്‍, പുതിയ ഫീസ്‌ ഘടന, പുതിയ പ്രവേശന രീതികള്‍ അങ്ങനെ പലതും. ഇപ്പോള്‍ സ്വാശ്രയകോളജില്‍ പഠിക്കുന്ന അഞ്ച്‌ വര്‍ഷത്തെ വിദ്യാര്‍ഥികളെ എടുത്താല്‍ അഞ്ചിനും അഞ്ച്‌ തരം മാനദണ്ഡങ്ങളായിരിക്കും. ഇത്‌ ഏകീകരിക്കുന്നതിനും കാര്യക്ഷമമായ നടത്തിപ്പ്‌ രീതിയുണ്ടാക്കുന്നതിനും ആരാണ്‌ ശ്രമിക്കുക? അത്തരം നടപടികളൊന്നുമില്ലാത്തതുകൊണ്ടാണ്‌ എല്ലാ കൊല്ലവും കേസും പൊല്ലാപ്പുമുണ്ടാവുന്നത്‌. ഈ കോളജുകളിലെ പഠന നിലവാരം നിയമ യുദ്ധങ്ങള്‍ക്കിടയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോവുകയും ചെയ്യുന്നുണ്ട്‌. പോയ വര്‍ഷം കോഴ്‌സ്‌ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥി പിറ്റേ വര്‍ഷം അതേ കോളജില്‍ അധ്യാപകനാവുന്ന അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. ഇത്തരം പഠന സാഹചര്യങ്ങളില്‍ നിന്ന്‌ പുറത്തിറങ്ങുന്നവന്‍/ള്‍ എന്തൊക്കെ അനര്‍ഥങ്ങള്‍ക്ക്‌ വഴിവെക്കില്ല എന്ന്‌ ഭരണ സംവിധാനത്തിന്റെ ഒരു തലത്തിലും ആലോചനയുണ്ടാവില്ല.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി രംഗത്തെത്തുന്നവര്‍ സേവനം മാത്രം ലക്ഷ്യമിടുന്നവരല്ല എന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. ലാഭവിഹിതം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്‌. ന്യായമായൊരു ലാഭവിഹിതം ലഭ്യമാവുന്ന വിധത്തില്‍ ഫീസും മറ്റും തീരുമാനിക്കപ്പെടണം. ലാഭമെന്നത്‌ കോളജ്‌ തുടങ്ങി അടുത്ത വര്‍ഷം തന്നെ കിട്ടണമെന്ന്‌ മാനേജ്‌മെന്റുകള്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍ അത്‌ ആര്‍ത്തിയാണ്‌. കാലക്രമേണ സ്ഥാപനം ലാഭത്തിലാവുകയും പുരോഗതിയിലേക്ക്‌ നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണ്‌ വേണ്ടത്‌. അതിന്‌ പാകത്തിലുള്ള നിയമനിര്‍മാണമാണ്‌ ഉണ്ടാവേണ്ടത്‌. തലവരി കര്‍ശനമായി ഇല്ലാതാക്കപ്പെടണം. മാനേജ്‌മെന്റ്‌ സീറ്റില്‍ പ്രവേശനം നേടേണ്ടിവരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ പഠനത്തിനുള്ള സാമ്പത്തിക സഹായം ലഭ്യമാവുന്ന സ്ഥിതിയുണ്ടാവണം. ഇതൊക്കെ പല രീതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ തന്നെയാണ്‌. കോടതികളും യോജിക്കാന്‍ ഇടയുള്ള കാര്യങ്ങള്‍. പക്ഷേ, ഇവയെല്ലാം ക്രോഡീകരിച്ച്‌ സമഗ്രമായ നിയമ നിര്‍മാണത്തിന്‌ ആരും തയ്യാറല്ല. അപ്പപ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക മാത്രമാണ്‌ കോടതികള്‍ ചെയ്യുന്നത്‌. സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്‌. 


ഇവയെല്ലാം പഠിച്ച്‌ സമഗ്രമായ ഒരു വിധിന്യായം പുറപ്പെടുവിക്കാന്‍ ഒരു ദശകത്തിനിടെ കോടതിക്ക്‌ സാധിച്ചില്ല. കേരളത്തില്‍ മാത്രമല്ല, കര്‍ണാടകം, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വാശ്രയ കോളജുകളെ സംബന്ധിച്ചും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്‌. എന്നിട്ടും സമഗ്രമായ നിയമനിര്‍മാണത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. സ്വാശ്രയം എന്നാല്‍ ആശ്രയിക്കാതെ നിലനില്‍ക്കുക എന്നതാണ്‌. അത്‌ നടക്കുകയാണ്‌ വേണ്ടത്‌. നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കി ആശ്രിതത്വമോ വിധേയത്വമോ ഉണ്ടാക്കുന്നത്‌ ശരിയല്ല. ഇക്കാര്യത്തില്‍ ഗാന്ധിജിക്കൊപ്പമാണ്‌ സര്‍ക്കാറും കോടതികളും.