2010-11-25

കോടികളില്‍ നീരാ(റാ)ടുമ്പോള്‍ഒരു കോടി രൂപ ഒരു സ്യൂട്ട്‌ കേസില്‍ കൊള്ളുമോ? 17 വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ ജനാധിപത്യവും അതിന്റെ കാവലാളുകളും സജീവമായി ചര്‍ച്ച ചെയ്‌ത ചോദ്യമാണിത്‌. രൂപയുടെ മൂല്യം കുറച്ചുകൊണ്ട്‌ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പല തലമുറ പിന്നിട്ട ഇക്കാലത്ത്‌ ഒരു കോടി രൂപയെന്നത്‌ അത്ര വലിയ തുകയല്ല. ഒരു കോടിയെ നൂറ്‌ ലക്ഷമെന്ന്‌ അഴിച്ച്‌ വായിച്ചാല്‍ ചിലപ്പോള്‍ അല്‍പ്പം വലിപ്പം തോന്നിയേക്കാമെന്ന്‌ മാത്രം. 1993 ജനുവരിയില്‍ പക്ഷേ, ഒരു കോടി അല്‍പ്പം വലിയ തുക തന്നെയായിരുന്നു. 


പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുണ്ടാക്കിയ ന്യൂനപക്ഷ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ കൈമറിഞ്ഞ തുക. ഝാര്‍ഖണ്ഡ്‌ വികാസ്‌ മോര്‍ച്ചയിലെ എം പിമാരായിരുന്ന സൂരജ്‌ മണ്ഡല്‍, ഷിബു സോറന്‍, സൈമണ്‍ മറാന്‍ഡി, ശൈലേന്ദ്ര മഹാതോ എന്നിവരെ 30 ലക്ഷം രൂപ വീതം നല്‍കി നരസിംഹ റാവു, ബുട്ടാ സിംഗ്‌ തുടങ്ങിയ നേതാക്കള്‍ വിലക്കെടുത്തു. താനടക്കം നാല്‌ എം പിമാര്‍ക്ക്‌ 30 ലക്ഷം വീതം ലഭിച്ചുവെന്ന്‌ കോടതിയില്‍ ഏറ്റുപറഞ്ഞത്‌ ശൈലേന്ദ്ര മഹാതോ തന്നെയാണ്‌. ഈ കേസില്‍ നരസിംഹ റാവുവിനെയും ബൂട്ടാ സിംഗിനെയും വിചാരണക്കോടതി ശിക്ഷിച്ചുവെങ്കിലും മഹാതോയുടെ മൊഴി വിശ്വസനീയമല്ലെന്നും അതിന്‌ സ്വതന്ത്ര തെളിവുകള്‍ ഹാജരാക്കാന്‍ കേസന്വേഷിച്ച സി ബി ഐക്ക്‌ കഴിഞ്ഞില്ല എന്നും പറഞ്ഞ്‌ ഡല്‍ഹി ഹൈക്കോടതി ഇവരെ വെറുതെവിട്ടു. സോറന്‍ പിന്നീട്‌ കേന്ദ്ര മന്ത്രിയും ഝാര്‍ഖണ്ഡ്‌ മുഖ്യമന്ത്രിയുമായി. ബൂട്ടാ സിംഗ്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി തുടരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ റിബലായി മത്സരിച്ചിട്ട്‌ പോലും ബൂട്ടാ സിംഗിനെ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത്‌ നിന്ന്‌ മാറ്റാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. ബൂട്ടയുടെ നാവില്‍ നിന്ന്‌ വരാനിടയുള്ള വിവരങ്ങളെ അത്രത്തോളം ഭയക്കുന്നുണ്ടാകണം.

ജെ എം എം കോഴയെന്ന്‌ പ്രസിദ്ധമായ 1. 2 കോടിയുടെ ഇടപാട്‌ പ്രസിദ്ധമാകുന്നത്‌ എം പിമാരെ വിലക്കു വാങ്ങി സര്‍ക്കാറിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ നടത്തിയ ശ്രമം പരസ്യമായതോടെയാണ്‌. കുതിരക്കച്ചവടം എന്ന ഓമനപ്പേരില്‍ മുന്‍കാലങ്ങളിലും ഇതൊക്കെ നടന്നിട്ടുണ്ടാകാമെങ്കിലും ജെ എം എം കോഴ ഇടപാട്‌ നാടകീയതയുടെ സകല സീമകളും ഭേദിക്കുന്നതായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ച തുടങ്ങുന്ന ദിവസം അപ്രത്യക്ഷരായ എം പിമാര്‍ വോട്ടെടുപ്പിന്‌ തൊട്ടുമുമ്പ്‌ സഭയില്‍ ഹാജരാകുന്നത്‌ മദ്യപിച്ച്‌ അവശരായ നിലയിലാണ്‌. നീതിന്യായ സംവിധാനം നൂലിഴ കീറി തെളിവ്‌ പരിശോധിച്ചപ്പോള്‍ കുറ്റവാളികള്‍ക്കെതിരെ തെളിവില്ലെന്ന്‌ കണ്ടുവെങ്കിലും 1. 2 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടുവെന്നത്‌ ഏറെക്കുറെ വിശ്വാസയോഗ്യമായി നിലനില്‍ക്കുന്നുണ്ട്‌. എവിടെ നിന്നാണ്‌ ഇത്രയും പണം വന്നത്‌ എന്ന ചോദ്യത്തിന്‌ അന്നുമിന്നും ഉത്തരമില്ല. 


മരിക്കുവോളം ഭൂപ്രഭുവായി തുടര്‍ന്നിരുന്ന നരസിംഹറാവുവിന്‌ സ്വന്തം നിലക്ക്‌ ഇത്രയും പണമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ സര്‍ക്കാറിനെ നിലനിര്‍ത്തുക എന്നത്‌ റാവുവിന്റെ മാത്രം ആവശ്യമായിരുന്നില്ല. അതുകൊണ്ട്‌ പലര്‍ ചേര്‍ന്ന്‌ സമാഹരിച്ചതാകും പണമെന്ന്‌ കരുതാം. അങ്ങനെ സമാഹരിക്കുമ്പോള്‍ അത്‌ സ്വന്തം പോക്കറ്റില്‍ നിന്നെടുക്കാന്‍ മാത്രം മണ്ടന്‍മാരാണോ രാഷ്‌ട്രീയ നേതാക്കള്‍? അധികാരത്തില്‍ നിന്ന്‌ പിന്നീട്‌ ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച മറ്റാരെങ്കിലും നല്‍കിയതാവണം പണം. അതാര്‌ എന്നത്‌ അന്വേഷണ വിഷയമേ ആയിരുന്നില്ല. എവിടെ നിന്ന്‌ വന്നുവെന്നോ എങ്ങോട്ട്‌ പോയെന്നോ അറിയാത്ത 1. 2 കോടി രൂപ!
15 വര്‍ഷത്തിനു ശേഷം ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുണ്ടാക്കിയ ന്യൂനപക്ഷ സര്‍ക്കാര്‍ വിശ്വാസ വോട്ട്‌ തേടിയപ്പോഴും ഒരു കോടി രൂപ പ്രത്യക്ഷപ്പെട്ടു. അതും പാര്‍ലിമെന്റിന്റെ മേശപ്പുറത്ത്‌. കെട്ടുകളാക്കിയ പച്ചനോട്ടുകള്‍ കോരിച്ചൊരിഞ്ഞ്‌ സഭയെ മാത്രമല്ല, സഭാ നടപടികള്‍ തത്സമയം കണ്ടുകൊണ്ടിരുന്ന ജനത്തെയും ബി ജെ പിയുടെ അംഗങ്ങള്‍ അമ്പരപ്പിച്ചു. സര്‍ക്കാറിനെ നിലനിര്‍ത്താനായി എം പിമാരെ വിലക്കു വാങ്ങുന്നതിന്‌ കൈമാറിയതാണ്‌ പണമെന്ന്‌ ബി ജെ പി ആരോപിച്ചു. ബി ജെ പിയിലെ ചില നേതാക്കളും ഒരു ദൃശ്യമാധ്യമവും ചേര്‍ന്ന്‌ സൃഷ്‌ടിച്ച ഒളിക്യാമറാ നാടകത്തിന്റെ ബാക്കിപത്രമാണ്‌ ഈ പണമെന്നും ആരോപണമുണ്ടായി. തുക ലോക്‌സഭയുടെ സെക്രട്ടറി ജനറല്‍ എണ്ണിത്തിട്ടപ്പെടുത്തി സ്വീകരിച്ചു. ഈ തുക എവിടെ നിന്ന്‌ വന്നുവെന്ന്‌ ഇനിയും ജനങ്ങള്‍ക്ക്‌ അറിയില്ല. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണവുമുണ്ടായില്ല. ലോക്‌സഭാ സെക്രട്ടറി ജനറല്‍ സ്വീകരിച്ചതുകൊണ്ട്‌ പണം സര്‍ക്കാര്‍ ഖജാനയിലേക്ക്‌ മുതല്‍ക്കൂട്ടിയെന്ന്‌ സമാധാനിക്കാം.

കര്‍ണാടകത്തില്‍ സര്‍ക്കാറിനെ വീഴ്‌ത്താനും നിലനിറുത്താനും നടന്ന ശ്രമങ്ങളിലെല്ലാം കോടികളുടെ കണക്കുകള്‍ അകമ്പടിയായുണ്ട്‌. യെദിയൂരപ്പ സര്‍ക്കാറിനെതിരെ നീങ്ങാന്‍ ബി ജെ പിയിലെ വിമതര്‍ക്ക്‌ ജനതാദളും (എസ്‌) കോണ്‍ഗ്രസും കോടികള്‍ നല്‍കിയെന്ന്‌ ബി ജെ പി ആരോപിക്കുന്നു. വിമത എം എല്‍ എമാര്‍ താമസിച്ച ഹോട്ടലിലെ ബില്ലടച്ചത്‌ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണയുടെ ബന്ധുവാണെന്ന്‌ തെളിവ്‌ നിരത്തി സ്ഥാപിക്കുന്നു. സര്‍ക്കാറിനെ നിലനിര്‍ത്താന്‍ തങ്ങളുടെ എം എല്‍ എമാരെ ബി ജെ പി വിലക്കു വാങ്ങുകയാണെന്ന്‌ ജനതാദളും (എസ്‌) കോണ്‍ഗ്രസും ആരോപിച്ചു. 15 മുതല്‍ 50 വരെ കോടി യാണ്‌ എം എല്‍ എമാരുടെ പ്രൈസ്‌ ബാന്‍ഡായി ബി ജെ പി നിശ്ചയിച്ചതെന്നും ഈ പാര്‍ട്ടികള്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങളില്‍ ഒഴുകി നിറയുന്ന കോടികള്‍ സര്‍ക്കാറിനെക്കൊണ്ട്‌ പിന്നീട്‌ പ്രയോജനമുണ്ടാക്കാമെന്ന്‌ കരുതുന്നവര്‍ നല്‍കുന്നതാകാതെ തരമില്ല.

കോണ്‍ഗ്രസിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാര്‍ധയില്‍ സംഘടിപ്പിച്ച റാലിയുടെ ഒരുക്കങ്ങള്‍ക്കായി പിരിച്ച കോടികളുടെ കണക്ക്‌ പുറത്തുവിട്ടത്‌ മഹാരാഷ്‌ട്ര പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി അധ്യക്ഷന്‍ മാണിക്‌ റാവു താക്കറെ തന്നെയാണ്‌. മുഖ്യമന്ത്രിയായിരുന്ന അശോക്‌ ചവാന്‍ സമാഹരിച്ചത്‌ രണ്ട്‌ കോടി രൂപയാണ്‌. പതിനൊന്ന്‌ കാബിനറ്റ്‌ മന്ത്രിമാരോട്‌ പിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത്‌ പത്ത്‌ ലക്ഷം രൂപ വീതവും. ഒരു റാലിയുടെ സംഘാടനത്തിനാണ്‌ 310 ലക്ഷം രൂപ മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്‌ ഘടകം പിരിച്ചെടുത്തത്‌. ഇങ്ങനെ ലഭിക്കുന്ന പണത്തിന്‌ നല്‍കേണ്ടിവരുന്ന പ്രത്യുപകാരം എന്തായിരിക്കും? സഹസ്ര കോടികള്‍ മൂല്യം വരുന്ന വഖ്‌ഫ്‌ സ്വത്ത്‌ മുകേഷ്‌ അംബാനിക്ക്‌ തുച്ഛ വിലക്ക്‌ കൈമാറിയതുപോലുള്ള ഇടപാടുകളുടെ പ്രതിഫലമാകില്ലേ ഈ പണം?

ഇപ്പോള്‍ മുഖ്യ വേദി അലങ്കരിക്കുന്ന മൂന്ന്‌ പ്രധാന ആരോപണങ്ങളില്‍ കോടികളുടെ കണക്ക്‌ ഇനിയും ഉയരുന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഒരുക്കങ്ങളിലെ അഴിമതിയില്‍ 5,000 മുതല്‍ 8,000 വരെ കോടിയുടെ അഴിമതി നടന്നുവെന്നാണ്‌ സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. (കേരളത്തിന്റെ വാര്‍ഷിക പദ്ധതി അടങ്കല്‍ 10,000 കോടിയായത്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ മാത്രമാണ്‌. അഴിമതിയില്‍ ഒലിച്ചുപോകുന്നതിന്റെ വലിപ്പം മനസ്സിലാക്കാനാണ്‌ ഈ താരതമ്യം.) രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ്‌ അനുവദിച്ചതില്‍ സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടമായതായി കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ കണക്കാക്കുന്നത്‌ 1. 76 ലക്ഷം കോടി രൂപയാണ്‌. ആറ്‌ മുതല്‍ പതിനാല്‌ വരെ വയസ്സ്‌ പ്രായമുള്ളവര്‍ക്ക്‌ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‌ അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ വേണ്ടിവരുന്ന തുക 1. 27 ലക്ഷം കോടി രൂപയാണെന്ന്‌ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കണക്കാക്കിയിട്ടുണ്ട്‌. ഭക്ഷ്യസുരക്ഷാ ബില്ല്‌ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ മുന്നിലുള്ള പ്രധാന തടസ്സം പണമാണ്‌. ദാരിദ്ര്യ രേഖയുടെ താഴെയുള്ളവരുടെ എണ്ണം പരമാവധി കുറച്ചുവെച്ച്‌ സബ്‌സിഡി പരിമിതപ്പെടുത്തി ചെലവ്‌ കുറക്കാന്‍ ശ്രമിക്കുകയാണ്‌ ഭക്ഷ്യ - പൊതുവിതരണ, ധന മന്ത്രാലയങ്ങള്‍. അപ്പോഴാണ്‌ 1. 76 ലക്ഷം കോടി രൂപ ഖജനാവിന്‌ നഷ്‌ടമാകുന്നത്‌.

ആദര്‍ശ്‌ കുംഭകോണത്തിലെ കോടികള്‍ കണക്കാക്കിയിട്ടില്ല. 31 നിലകളിലായി പണിത നൂറിലേറെ അപ്പാര്‍ട്ട്‌മെന്റുകളാണ്‌ വിറ്റത്‌. മുംബൈക്കടുത്ത്‌ കണ്ണായ സ്ഥലത്ത്‌ നിര്‍മിച്ച അപ്പാര്‍ട്ട്‌മെന്റൊന്നിന്‌ രണ്ട്‌ കോടിയിലേറെയാണ്‌ വിപണിവില. ഇത്തരം അപ്പാര്‍ട്ട്‌മെന്റുകളാണ്‌ ഓരോന്നും 60 ലക്ഷത്തിനും മറ്റും വിറ്റഴിച്ചതായി രേഖകളില്‍ കാണുന്നത്‌. ഗുണിച്ചും ഹരിച്ചും തിട്ടപ്പെടുത്തുകയും കെട്ടിടം നിര്‍മിച്ച സ്ഥലത്തിന്റെ വിപണി വില കൂടി കണക്കാക്കുകയും ചെയ്‌താല്‍ ഇവിടെയും ബഹുകോടികളുണ്ടാകണം കളത്തിന്‌ പുറത്ത്‌.

സംഘടിതമായ സാമ്പത്തിക കുറ്റകൃത്യ ശൃംഖലയുടെ ഭരണത്തിന്‍ കീഴിലാണ്‌ ജനങ്ങളെന്ന്‌ നിസ്സംശയം പറയാം. അവര്‍ക്ക്‌ എല്ലാ സഹായങ്ങളും ചെയ്യാനുതകും വിധത്തിലുള്ള നയങ്ങളാണ്‌ 1991 മുതല്‍ രാജ്യത്ത്‌ നടപ്പാക്കിവരുന്നത്‌. ഇന്ത്യയില്‍ നിന്ന്‌ നികുതി വെട്ടിച്ച്‌ വിദേശത്തെ ബേങ്ക്‌ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന പണത്തിന്റെ അളവ്‌ 1991 മുതല്‍ വര്‍ധിച്ചുവെന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. 1948 മുതല്‍ 2008 വരെയുള്ള കാലത്ത്‌ 20 ലക്ഷം കോടി രൂപ വിദേശത്തെ ബേങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ ഒഴുകിയെന്നാണ്‌ ഏകദേശ കണക്ക്‌. ഇതില്‍ പത്ത്‌ ലക്ഷം കോടിയും 1991ന്‌ ശേഷമാണെന്ന്‌ പഠനം ചൂണ്ടിക്കാട്ടുന്നു. ഈ പണം ഉപയോഗിച്ച്‌ കൂടുതല്‍ കൊള്ള നടത്താനുള്ള അവസരവും ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്‌തു കൊടുത്തിട്ടുണ്ട്‌. വിദേശത്ത്‌ രജിസ്റ്റര്‍ ചെയ്‌ത സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനുള്ള അനുമതി ഉദാഹരണമാണ്‌. കോഴയുടെ കണ്ണഞ്ചിപ്പിക്കുന്ന കണക്കുകള്‍ അടുത്തിടെ പുറത്തുവിട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ എന്ന ക്രിക്കറ്റ്‌ ആഭാസത്തിലേക്ക്‌ കോടികള്‍ ഒഴുകിയത്‌ കള്ളപ്പണം സൂക്ഷിക്കാന്‍ അനുവാദമുള്ള മൗറീഷ്യസ്‌ പോലുള്ള രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനികളില്‍ നിന്നാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌.

ഇപ്പറഞ്ഞ കേസുകളിലെല്ലാം അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്‌. സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌, സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്‍, ആദായ നികുതി വകുപ്പ്‌, റവന്യു ഇന്റലിജന്‍സ്‌ എന്നു വേണ്ട രാജ്യത്ത്‌ അന്വേഷണാധികാരമുള്ള ഏജന്‍സികളെല്ലാം അന്വേഷിക്കുന്നു. അന്വേഷണങ്ങള്‍ക്ക്‌ കോടതികളുടെ മേല്‍നോട്ടമുണ്ട്‌. അന്വേഷണ പുരോഗതിയില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ കോടതികള്‍ പരസ്യ ശാസനകള്‍ നടത്തുന്നുമുണ്ട്‌. എന്നിട്ടോ? ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന ചവച്ചു ജീര്‍ണിച്ച വാക്കുപയോഗിച്ച്‌ വിശേഷിപ്പിക്കുന്ന പാര്‍ലിമെന്റിന്റെ മുമ്പാകെ, ലക്ഷക്കണക്കിന്‌ ജനങ്ങളെ സാക്ഷികളാക്കി ചൊരിഞ്ഞ 100 ലക്ഷത്തിന്റെ നോട്ടുകള്‍ എവിടെ നിന്ന്‌ വന്നുവെന്ന്‌ കണ്ടെത്താന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. ജെ എം എമ്മിന്റെ എം പിമാരെ വിലക്ക്‌ വാങ്ങാന്‍ ഉപയോഗിച്ച 120 ലക്ഷം എവിടെ നിന്ന്‌ വന്നുവെന്നത്‌ പുറത്തുവന്നിട്ടില്ല. ഒന്നും പുറത്തുവരികയില്ല. നീര റാഡിയമാര്‍ക്കും ലളിത്‌ മോഡിമാര്‍ക്കും ഭരണ, പ്രതിപക്ഷ പാര്‍ട്ടികളില്‍ സ്വാധീനമുണ്ട്‌. ഫയലെഴുത്തുകാരില്‍ പിടിപാടുണ്ട്‌. നയങ്ങളും നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടി എല്ലാറ്റിനെയും ന്യായീകരിക്കാന്‍ നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും സാധിക്കുകയും ചെയ്യും. കോടികളുടെ കണക്കുകളില്‍ രമിച്ച്‌, ലോകത്തെ വന്‍ശക്തിയായി ഇന്ത്യ മാറുന്നതില്‍ അഭിമാനിക്കുന്ന രാജ്യസ്‌നേഹികളാകുക എന്നതാണ്‌ പോംവഴി. കള്ളപ്പണം വെളുപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു മുമ്പ്‌. അതുപോലെ ഈ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പലതും വരുംകാലത്ത്‌ നിയമവിധേയമായി മാറും. അക്കാലം മുന്നില്‍ കണ്ട്‌ ഈ ശൃംഖലകളുടെ സാധ്യതകള്‍ വിനിയോഗിക്കാന്‍ പഠിക്കുക. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ നാട്‌ ഓടുകയാണ്‌. നടുവേ ഓടാന്‍ മടിക്കരുതെന്നാണ്‌ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്‌.

2010-11-22

കുത്തകകളുടെ കാവല്‍ നായ്‌രാജ്യത്ത്‌ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനും സി ഡി എം എ, ജി പി ആര്‍ എസ്‌ സൗകര്യങ്ങള്‍ ഒരേസമയം നല്‍കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനുമുള്ള ലൈസന്‍സുകള്‍ അനുവദിച്ചതിലെ അണിയറ നാടകങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്‌. 1,700 താഴെ കോടി രൂപക്ക്‌ 122 ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ലൈസന്‍സ്‌ സമ്പാദിച്ച കമ്പനികളില്‍ ചിലത്‌ ചില വന്‍കിടക്കാരുടെ ബിനാമികളായിരുന്നുവെന്നതും നേരത്തെ പുറത്തുവന്ന വിവരങ്ങളാണ്‌. മറ്റ്‌ ചില കമ്പനികള്‍ 2 ജി ലൈസന്‍സ്‌ ലഭിച്ചതോടെ തങ്ങളുടെ ഓഹരികള്‍ വന്‍ തുകക്ക്‌ വിദേശ കമ്പനികള്‍ക്ക്‌ വിറ്റു പതിന്‍മടങ്ങ്‌ ലാഭമുണ്ടാക്കി. വന്‍കിട, ചെറുകിട ഭേദമില്ലാതെ കമ്പനികളെല്ലാം കൈ നനയാതെ മീന്‍ പിടിച്ചുവെന്ന്‌ അര്‍ഥം. 


അഴിമതി നടന്നുവെന്ന ആരോപണം ഉയരുകയും സി ബി ഐ അന്വേഷണം ആരംഭിക്കുകയും ചെയ്‌തതുകൊണ്ടു മാത്രമാണ്‌ മൂന്നാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ്‌ ലേലം ചെയ്‌തു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌. അല്ലായിരുന്നുവെങ്കില്‍ കുത്തക കമ്പനികളും മന്ത്രിയും ഇടനിലക്കാരും തീരുമാനിച്ചതുപോലെ ചുളുവിലക്ക്‌ ഈ ലൈസന്‍സുകളും കൈമാറ്റം ചെയ്യപ്പെടുമായിരുന്നു. മൂന്നാം തലമുറ ലൈസന്‍സ്‌ നാല്‌ കമ്പനികള്‍ക്കായി ലേലം ചെയ്‌തു നല്‍കിയപ്പോള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ ലഭിച്ചത്‌ 67,000 കോടി രൂപ. ഇതുമായി തട്ടിച്ചുനോക്കിയാണ്‌ 2 ജി ഇടപാടില്‍ 1.76 ലക്ഷം കോടി രൂപ സര്‍ക്കാറിന്‌ നഷ്‌ടമായെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ചൂണ്ടിക്കാട്ടുന്നത്‌.

1.76 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടമെന്ന്‌ പറഞ്ഞാല്‍ 2 ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആരംഭിച്ച കമ്പനികള്‍ക്ക്‌ വന്‍തുക നേട്ടമുണ്ടായെന്ന്‌ അര്‍ഥം. അല്ലെങ്കില്‍ ലൈസന്‍സ്‌ സ്വന്തമാക്കി മറിച്ചുവിറ്റ ഇടനിലക്കാരായ കമ്പനികള്‍ വന്‍ നേട്ടമുണ്ടാക്കി എന്ന്‌ സാരം. ടാറ്റ, റിലയന്‍സ്‌, വീഡീയോകോണ്‍, യൂനിടെക്ക്‌ തുടങ്ങിയ വന്‍കിടക്കാര്‍ നേട്ടമുണ്ടാക്കിയവരുടെ പട്ടികയിലുണ്ട്‌. രാജ്യത്തിന്റെ ധനസ്ഥിതി പരിഗണിച്ച്‌ ഭക്ഷ്യസബ്‌സിഡി പോലും പരിമിതപ്പെടുത്തുന്ന കാലത്താണ്‌ ഇത്രയും വലിയ തുക കുത്തക കമ്പനികള്‍ക്ക്‌ സമ്മാനിക്കപ്പെട്ടത്‌. കമ്പനികള്‍ക്ക്‌ വന്‍തുക ലാഭമുണ്ടായിട്ടുണ്ടെങ്കില്‍ അതിലൊരു വിഹിതം രാഷ്‌ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങള്‍ക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകണം. അതെത്രയെന്ന്‌ ഊഹിക്കാന്‍ മാത്രമേ സാധിക്കൂ. 1.76 ലക്ഷം കോടിയുടെ ലാഭം കമ്പനികള്‍ക്ക്‌ നേടിക്കൊടുത്ത ഇടപാടാകുമ്പോള്‍ കോഴപ്പണം ആയിരം കോടിയെങ്കിലും വരാതെ തരമില്ല. അതുകൊണ്ടാണ്‌ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന വിശേഷണം ഈ ഇടപാടിന്‌ ലഭിക്കുന്നത്‌.

ഈ ഇടപാടുകളില്‍ പങ്കാളികളായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. കുത്തക കമ്പനികളുമായും അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയ നേതാക്കളുമായും അടുപ്പം നിലനിര്‍ത്താന്‍ മത്സരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പങ്ക്‌ പുറത്തുവന്നതാണ്‌ ഏറെ ശ്രദ്ധേയം. ഏറെ മഹത്തരം എന്ന്‌ വിശേഷിപ്പിക്കുന്ന ജോലിയെ ഉപയോഗപ്പെടുത്തി അര്‍ഹതയില്ലാത്ത പല സൗകര്യങ്ങളും പിടിച്ചുപറ്റുന്നവര്‍ മാധ്യമ പ്രവര്‍ത്തകരില്‍ മുമ്പും കുറവല്ല. അതിന്റെ തലം വളരെ വിപുലമായിരിക്കുന്നുവെന്നാണ്‌ കുത്തക കമ്പനികളുടെ ഇടനിലക്കാരിയായ നീര റാഡിയയുമായി ബര്‍ഖ ദത്ത്‌, വീര്‍ സാംഘ്‌വി, പ്രഭു ചാവ്‌ല തുടങ്ങി മാധ്യമ ലോകത്തെ പ്രമുഖര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ആരെ ആക്രമിക്കാനും മടിയില്ലാത്ത, ഏത്‌ ശക്തമായ വിമര്‍ശമുന്നയിക്കാനും അറപ്പില്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ എന്ന നിലക്ക്‌ ശ്രദ്ധ നേടിയവരാണ്‌ ഇവരില്‍ പലരും. മന്ത്രിമാര്‍ ആരൊക്കെയാകണം, വകുപ്പുകള്‍ ഏതൊക്കെ നല്‍കണം എന്ന്‌ തുടങ്ങിയ കാര്യങ്ങളില്‍ സമ്മര്‍ദം ചെലുത്താന്‍ ഇവര്‍ തയ്യാറാകുന്നത്‌ പ്രതിഫലേച്ഛ കൂടാതെയാണെന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം. 


മാധ്യമ സ്ഥാപനങ്ങള്‍ക്ക്‌ പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതില്‍ മാധ്യമ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരന്‌ നേരിട്ട്‌ പങ്കാളിത്തമുണ്ട്‌. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന സംഭവത്തില്‍ സ്ഥാപന നടത്തിപ്പുകാരന്‍ പങ്കാളിയായിക്കൊള്ളണമെന്നില്ല. മുതലാളിയും ആദര്‍ശധീരരായ മാധ്യമ പ്രവര്‍ത്തകരും അറിഞ്ഞുകൊണ്ടുള്ള ഇടപാടുമാകാം. ആരോപണവിധേയരില്‍ ചിലരെങ്കിലും ഉടമസ്ഥ പങ്കാളിത്തം കൂടിയുള്ള മാധ്യമ പ്രവര്‍ത്തകരാണ്‌.
രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിസഭയിലെ ഡി എം കെ പ്രതിനിധികളെ സംബന്ധിച്ച്‌ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഒന്നാം യു പി എ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ടി ആര്‍ ബാലു, എ രാജ എന്നിവരെ ഉള്‍പ്പെടുത്താനാകില്ലെന്ന്‌ പ്രധാനമന്ത്രി നിലപാടെടുത്തുവെന്നായിരുന്നു വാര്‍ത്തകള്‍. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം എ രാജ, ദയാനിധി മാരന്‍, എം കെ അഴഗിരി എന്നിവര്‍ കാബിനറ്റ്‌ മന്ത്രിമാരാക്കാന്‍ നിശ്ചയിക്കപ്പെട്ടു. രാജയെ നീക്കി നിര്‍ത്തണമെന്ന്‌ ആദ്യം നിലപാടെടുത്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അദ്ദേഹത്തിന്‌ ടെലികോം വകുപ്പ്‌ തന്നെ സമ്മാനിക്കുന്ന കാഴ്‌ച പിന്നീട്‌ കണ്ടു. ഇതിന്റെയെല്ലാം അണിയറ നീക്കങ്ങളാണ്‌ മാധ്യമ പ്രവര്‍ത്തകരും കുത്തക കമ്പനികളുടെ ഇടനിലക്കാരിയും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിക്കുന്നത്‌. ഗുലാം നബി ആസാദിനെയും അഹമ്മദ്‌ പട്ടേലിനെയും ഉപയോഗിച്ച്‌ നീക്കങ്ങള്‍ നടത്തുന്നതിനെക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു. ടെലികോം വകുപ്പ്‌ എ രാജക്ക്‌ തന്നെ ലഭിക്കേണ്ടതിന്റെ ആവശ്യകത കുത്തക കമ്പനികളുടെ ഉടമസ്ഥരും അവരുടെ ഇടനിലക്കാരും വ്യക്തമാക്കുന്നു.
ടാറ്റയും അംബാനിയും നീര റാഡിയയോട്‌ സംസാരിക്കുന്നു. നീര റാഡിയ ഡി എം കെ നേതാക്കളുമായും മാധ്യമ പ്രവര്‍ത്തകരുമായും സംസാരിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്‌ നേതാക്കളുമായി സംസാരിക്കുന്നു. ഒടുവില്‍ ലക്ഷ്യം നേടുന്നു. ഈ ശൃംഖലയില്‍ ഇനിയും പുറത്തുവരാത്ത കക്ഷികളുണ്ടാകാം. ഉദ്യോഗസ്ഥര്‍, ഇടത്തരം നേതാക്കള്‍ അങ്ങനെ നിരവധി പേര്‍. ഇവര്‍ക്കെല്ലാം ഏതെങ്കിലും വിധത്തിലുള്ള നേട്ടമുണ്ടായിക്കാണുമെന്ന്‌ ഉറപ്പ്‌. അതായത്‌ അഴിമതിയുടെ സുദൃഢമായ ശൃംഖലയാണ്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ എന്ന്‌ അര്‍ഥം. മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രി അശോക്‌ ചവാന്റെ സ്ഥാനം തെറിപ്പിച്ച ആദര്‍ശ്‌ കുംഭകോണത്തിലും ഇതേ സ്ഥിതി കാണാനാകും. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങി സേനയിലെ ഉദ്യോഗസ്ഥര്‍ വരെ ഉള്‍ക്കൊള്ളുന്ന ശൃംഖല. അഞ്ച്‌ കൊല്ലം കൂടുമ്പോള്‍ ആഘോഷമായി നടത്തിവരുന്ന തിരഞ്ഞെടുപ്പ്‌ മാമാങ്കത്തില്‍ വിജയിച്ച്‌ അധികാരത്തിലെത്തുന്നവരാണ്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ എന്നത്‌ തെറ്റിദ്ധാരണ മാത്രമാണ്‌. അതൊരു മറ മാത്രം. കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ഈ ശൃംഖലകളാണ്‌. എന്തൊക്കെ സൗകര്യങ്ങള്‍, ഏതളവില്‍, എപ്പോള്‍ ജനങ്ങള്‍ക്ക്‌ നല്‍കണം എന്നൊക്കെ തീരുമാനിക്കുന്നത്‌.

രാജ്യത്ത്‌ ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവരുടെ എണ്ണം എത്ര കണ്ട്‌ കുറച്ചുവെക്കാം, അതില്‍ തന്നെ സബ്‌സിഡിക്ക്‌ അര്‍ഹരായവരെ നിശ്ചയിക്കാന്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയാവാം എന്നതു പോലുള്ള കാര്യങ്ങളെക്കുറിച്ച്‌ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും അവരില്‍ നിന്ന്‌ മന്ത്രി സ്ഥാനങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ടവരും കൂലങ്കഷമായി ആലോചിക്കും. ഇപ്പോള്‍ 2 ജിയും ആദര്‍ശുമൊക്കെ ഉയര്‍ത്തി ബഹളമുണ്ടാക്കുന്ന പ്രതിപക്ഷം ഭരണപക്ഷമായി രൂപാന്തരപ്പെട്ടാലും ഇതില്‍ മാറ്റമുണ്ടാകില്ല. കാരണം അത്രയധികമാണ്‌ പണത്തിന്റെ ശക്തി. മുംബൈയില്‍ വഖ്‌ഫ്‌ സ്വത്ത്‌ സ്വന്തമാക്കി 200 കോടി ഡോളര്‍ വരെ ചെലവുള്ള കൊട്ടാരം പണിയുന്ന മുകേഷ്‌ അംബാനിക്ക്‌ ആരെയാണ്‌ വിലക്ക്‌ വാങ്ങിക്കൂടാത്തത്‌? മുകേഷ്‌ അംബാനിക്കു വേണ്ടി എങ്ങനെ ലേഖനമെഴുതണമെന്ന്‌ വീര്‍ സാംഘ്‌വിക്ക്‌ നിര റാഡിയ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്‌. മുകേഷ്‌ അംബാനി വഖ്‌ഫ്‌ സ്വത്ത്‌ കൈയേറിയെന്ന്‌ ചൂണ്ടിക്കാട്ടിയ മഹാരാഷ്‌ട്ര വഖ്‌ഫ്‌ ബോര്‍ഡിലെ ഉദ്യോഗസഥനെ പുകച്ചു പുറത്ത്‌ ചാടിക്കാന്‍ മുന്‍കൈ എടുത്തത്‌ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയായ വിലാസ്‌ റാവു ദേശ്‌മുഖാണ്‌. ഈ ഇടപാട്‌ മാധ്യമങ്ങളില്‍ പ്രമുഖ സ്ഥാനം നേടാതിരിക്കുന്നതിന്‌ എത്ര കോടികള്‍ മഹാരാഷ്‌ട്രയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ചിട്ടുണ്ടാകും!

സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമി പങ്കിടുന്നത്‌ സംബന്ധിച്ച തര്‍ക്കം കേരളത്തിലൊരു ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയില്‍ പിളര്‍പ്പുണ്ടാക്കിയിരുന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. ആരോപണവിധേയനായ മന്ത്രിക്ക്‌ അനുകൂലമായ വാര്‍ത്തകള്‍ നല്‍കുന്നതിനായി മാധ്യമ പ്രവര്‍ത്തകരുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക്‌ ഇറ്റാലിയന്‍ മാര്‍ബിള്‍ ഇറക്കിക്കൊടുത്തുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വാര്‍ത്താ സമ്മേളനങ്ങളിലെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഗിഫ്‌റ്റ്‌ ചെക്കുകള്‍ സമ്മാനിക്കുക എന്നത്‌ പതിവായി മാറിയിരിക്കുന്നു. ഗിഫ്‌റ്റ്‌ ചെക്കില്ലെങ്കില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കില്ലെന്ന്‌ പറയുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങളെത്തി. ഇതിന്റെ വിപുലീകൃത രൂപമായിരുന്നു പെയ്‌ഡ്‌ ന്യൂസ്‌. മാധ്യമ പ്രവര്‍ത്തകര്‍ പണം പറ്റി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതോടെ അത്‌ നേരിട്ട്‌ നടത്താന്‍ മുതലാളിമാര്‍ നിശ്ചയിച്ചതിന്റെ ഫലം. ഒന്നും യാദൃച്ഛികമായി സംഭവിക്കുന്നില്ല. `എല്ലാം ഉള്‍ക്കൊള്ളുന്ന വളര്‍ച്ച'യുടെ ഭാഗമായി നടക്കുന്നതാണ്‌ എല്ലാം. കൂടുതല്‍ പേരെ അഴിമതിയുടെ ഭാഗമാക്കാന്‍ സാധിക്കുമ്പോള്‍ അത്രയും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നു. 


കെട്ടിട നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ്‌ വ്യവസായവുമാണ്‌ വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്തുന്നതില്‍ പ്രധാനം. കുറഞ്ഞ നിരക്കില്‍ ഭൂമി കൈമാറുന്നതില്‍ ആരംഭിക്കുന്ന അഴിമതിയുടെയും ക്രമക്കേടിന്റെയും തെളിവുകള്‍ പുറത്തുവരുമ്പോഴേക്കും ബഹു നിലകളില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ടാകും, പൊളിച്ച്‌ നീക്കാന്‍ സാധിക്കാത്ത ഉയരത്തില്‍. പിന്നെ ക്രമപ്പെടുത്തലാകാം.

സര്‍ക്കാറിനെ പറ്റിച്ച്‌ കുറഞ്ഞ നിരക്കില്‍ ലൈസന്‍സുകള്‍ സ്വന്തമാക്കിയ കമ്പനികള്‍ കരാര്‍ പ്രകാരമുള്ള സേവനം ജനങ്ങള്‍ക്ക്‌ ലഭ്യമാക്കിയില്ലെന്ന്‌ ട്രായ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. അവരുടെ ലൈസന്‍സുകള്‍ റദ്ദാക്കാനാണ്‌ ശിപാര്‍ശ. പക്ഷേ, ലൈസന്‍സ്‌ റദ്ദാക്കിയാല്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്ന സേവനം പോലും ഇല്ലാതാകും. അത്രയും ബുദ്ധിമുട്ടുണ്ടാക്കുന്നത്‌ ശരിയല്ലല്ലോ? അതുകൊണ്ട്‌ എല്ലാം പഴയ പടി തുടരട്ടെ എന്ന്‌ തീരുമാനിക്കാം.

2010-11-15

`സ്വതന്ത്ര' കേരളം?കേരളീയ സമൂഹം അടുത്തിടെ സജീവമായി ചര്‍ച്ച ചെയ്‌തു വരുന്ന വിഷയങ്ങളാണ്‌ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയും അന്യ സംസ്ഥാന ലോട്ടറിയും. രണ്ടും നിരോധിക്കണമെന്ന ആവശ്യമാണ്‌ കക്ഷിരാഷ്‌ട്രീയഭേദമില്ലാതെ നേതാക്കള്‍, പുറമേക്കെങ്കിലും പ്രകടിപ്പിക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ പോലുള്ള പ്രശ്‌നങ്ങളോട്‌ മുന്‍കാലങ്ങളില്‍ പുറംതിരിഞ്ഞുനിന്നിരുന്ന കോണ്‍ഗ്രസോ മുസ്‌ലിം ലീഗോ പോലും ഈ കീടനാശിനിയുടെ നിരോധം ആവശ്യപ്പെടുന്നു. ഇവയിലെ ചില നേതാക്കള്‍, എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ മൂലം രോഗങ്ങളുണ്ടാകുന്നുവെന്നത്‌ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ പറയുന്ന കെ വി തോമസിനെപ്പോലുള്ളവര്‍, ഇപ്പോഴും വിരുദ്ധ നിലപാട്‌ തുടരുന്നുണ്ടെങ്കില്‍ കൂടി. സംസ്ഥാനത്തെ ജനതയിലെ വലിയൊരു വിഭാഗത്തെ, സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്‌ പരിശോധിച്ചാല്‍ എഴുപത്‌ ശതമാനത്തിലേറെ, പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒരേ അഭിപ്രായം പ്രകടിപ്പിച്ചിട്ടും രണ്ട്‌ കാര്യങ്ങളിലും ഒന്നും നടക്കുന്നില്ല. ഇത്‌ ഇന്ത്യന്‍ യൂനിയന്‍ എന്ന സംവിധാനത്തില്‍ നിലനില്‍ക്കുന്ന വലിയ പോരായ്‌മകളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ ഓണ്‍ ലൈന്‍ ലോട്ടറി ഏജന്‍സികള്‍ കൂണുപോലെ മുളച്ചതോടെയാണ്‌ ലോട്ടറി വരുത്തിവെക്കുന്ന വിപത്തിന്റെ ആഴം മലയാളി മനസ്സിലാക്കിയത്‌. ചൂതാട്ടം നിയമവിധേയമാക്കുന്നതാണ്‌ ലോട്ടറി സമ്പ്രദായമെന്നും അത്‌ സമൂഹത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും നേരത്തെ തന്നെ മുറവിളികള്‍ ഉയര്‍ന്നിരുന്നു. ഒറ്റ നമ്പര്‍ ലോട്ടറി പോലുള്ള നിയമവിരുദ്ധമായ ഏര്‍പ്പാടുകള്‍ സജീവമായത്‌ തടയാന്‍ നടപടികളും സ്വീകരിച്ചിരുന്നു. പക്ഷേ, ചൂതാട്ടത്തിന്റെ വലിപ്പം മനസ്സിലാക്കിക്കൊടുത്തത്‌ ഓണ്‍ലൈന്‍ ലോട്ടറികളായിരുന്നു. ഓണ്‍ലൈന്‍ ലോട്ടറികളെക്കുറിച്ചുള്ള വിമര്‍ശം ശക്തമായ സാഹചര്യത്തിലാണ്‌ ഭൂട്ടാന്റെതും അന്യ സംസ്ഥാനങ്ങളുടെതുമായ ലോട്ടറികള്‍ മലയാളികളുടെ പോക്കറ്റുകള്‍ ചോര്‍ത്തുന്നതും സര്‍ക്കാര്‍ ഖജനാവിലേക്ക്‌ ഒടുക്കേണ്ട നികുതി വെട്ടിക്കുന്നതും പുറത്തുവന്നത്‌. എത്ര ലോട്ടറി വിറ്റഴിക്കുന്നുവെന്നോ എത്ര സമ്മാനങ്ങള്‍ നല്‍കുന്നുവെന്നോ സര്‍ക്കാറുകള്‍ക്ക്‌ യാതൊരു നിശ്ചയവുമില്ലാത്ത സ്ഥിതി. ആ സ്ഥിതിക്ക്‌ ഇപ്പോഴും മാറ്റം വന്നിട്ടുമില്ല. യു ഡി എഫ്‌ സര്‍ക്കാര്‍ ലോട്ടറി മാഫിയയെ സഹായിക്കുന്നുവെന്ന്‌ ആരോപിച്ച്‌ വി എസ്‌ അച്യുതാനന്ദനന്റെ നേതൃത്വത്തില്‍ അന്നത്തെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. ഇന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സര്‍ക്കാര്‍ ലോട്ടറി മാഫിയയെ സംരക്ഷിക്കുന്നുവെന്ന വിമര്‍ശം യു ഡി എഫ്‌ ശക്തമായി ഉന്നയിക്കുകയാണ്‌. ഈ വിമര്‍ശത്തിനിടയിലാണ്‌ ഭൂട്ടാന്റെയും അന്യ സംസ്ഥാനങ്ങളുടെയും ലോട്ടറി നിരോധിക്കണമെന്ന കാര്യത്തില്‍ ഇവരെല്ലാം പരസ്യമായെങ്കിലും യോജിക്കുന്നത്‌.

കാസര്‍കോട്ട്‌ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി ഒരു പ്രദേശത്തെ ജനതയുടെ ജീവിതം ദുരുതത്തിലാക്കിയതിന്റെ കാഴ്‌ചകള്‍ പലവുരു മലയാളികളെ മുറിവേല്‍പ്പിച്ചതാണ്‌. എന്‍ഡോസള്‍ഫാന്‍ എന്ന വാക്ക്‌ മനസ്സില്‍ സൃഷ്‌ടിക്കുന്ന ആദ്യത്തെ രൂപം ദുരിതബാധിതരില്‍ ചിലരുടെതാണ്‌. നൂറിലേറെപ്പേര്‍ മരിച്ചു. നിരവധി പേര്‍ `അകാല മരണ'ത്തിലേക്ക്‌ നടന്നുകൊണ്ടിരിക്കുന്നു. വൈകല്യങ്ങളോടെ ജനിച്ചുവീണവര്‍ നിരവധി. ഇത്രയുമൊക്കെ മുന്നില്‍ നില്‍ക്കുമ്പോഴും പാലക്കാട്ടെ മുതലമടയിലെ മാന്തോട്ടങ്ങളിലും ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലും വയനാട്ടിലെ തോട്ടങ്ങളിലും എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഒഴുകി. മുതലമടയില്‍ വൈകല്യങ്ങളോടെ ജനിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ഉപയോഗം നിരോധിക്കാനോ നിയന്ത്രിക്കാനോ സാധിക്കുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാനാണോ എന്ന്‌ പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതികള്‍ നിരവധിയാണ്‌. വാര്‍ത്തകളില്‍ ഈ പ്രശ്‌നം സജീവമായതോടെ പുതിയ പഠന സംഘങ്ങളെ നിയോഗിക്കുന്നുമുണ്ട്‌.

എന്‍ഡോസള്‍ഫാന്‍ ദുരിതം വിതക്കുന്നുവെന്ന്‌ മനസ്സിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ അത്‌ സംസ്ഥാനത്ത്‌ ഉപയോഗിക്കുന്നത്‌ നിരോധിച്ച്‌ ഉത്തരവിറക്കി. എന്നാല്‍ ഈ നിരോധം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. ഭൂരിപക്ഷം വിശ്വസിക്കുന്നു എന്നതു കൊണ്ട്‌ മാത്രം `രാമന്‍ ജനിച്ചത്‌ ഇവിടെ തന്നെയാണ്‌' എന്ന്‌ ഉപ്പിച്ചുപറയാന്‍ യുക്തിവൈഭവമുള്ള ജഡ്‌ജിമാരും ആ വിധിയെ എല്ലാം മറന്ന്‌ സ്വാഗതം ചെയ്യാന്‍ ത്രാണിയുള്ള നേതാക്കളുമുണ്ടായിട്ടും കീടനാശിനിയുടെയും ലോട്ടറിയുടെയും കാര്യത്തില്‍ ആ ഭൂരിപക്ഷ വിശ്വാസം നടപ്പാക്കപ്പെടുന്നില്ല. കീടനാശിനിക്ക്‌ നിരോധം ഏര്‍പ്പെടുത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനാണെന്നതാണ്‌ പ്രധാന വാദം. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം നിയോഗിച്ച സമിതികളെല്ലാം എന്‍ഡോസള്‍ഫാന്‌ നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്‌ ഈ കീടനാശിനി നിരോധിക്കാന്‍ സാധിക്കുകയുമില്ല. ഒരു കീടനാശനി ഉപയോഗിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള അധികാരം പോലും സംസ്ഥാനങ്ങള്‍ക്കില്ലെന്നതാണ്‌ നിലനില്‍ക്കുന്ന വസ്‌തുത. ലോട്ടറിയുടെ കാര്യത്തിലും ഇതാണ്‌ സ്ഥിതി. കീടനാശിനി ജനങ്ങളുടെ ആരോഗ്യത്തെ നേരിട്ട്‌ ബാധിക്കുന്നു. ലോട്ടറി സമൂഹത്തിന്റെ ആരോഗ്യത്തെയാണ്‌ ബാധിക്കുന്നത്‌. ഇത്‌ രണ്ടും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും യുക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്‌ സാധിക്കുന്നില്ല. അല്ലെങ്കില്‍ അതിനുള്ള നിയമപരമായ അധികാരം ലഭിച്ചിട്ടില്ല. ഇന്ത്യന്‍ യൂനിയന്‍ വാഗ്‌ദാനം ചെയ്‌ത ഫെഡറല്‍ സമ്പ്രദായം എത്രത്തോളം അര്‍ഥശൂന്യമാണെന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങള്‍.

രാജ്യത്തിന്റെ ഏതെങ്കിലും പ്രദേശത്ത്‌ അസ്വാഭാവികമായ വിധത്തില്‍ രോഗങ്ങളും ജനിതക വൈകല്യങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയും അതിന്റെ കാരണം ഒരു കീടനാശിനിയാണെന്ന്‌ ആരോപിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഉത്തരവാദിത്വമുള്ള ഭരണകൂടം ചെയ്യേണ്ടത്‌ കീടനാശിനിയുടെ ഉപയോഗം നിരോധിക്കുകയും അത്‌ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നം സൃഷ്‌ടിക്കുന്നുണ്ടോ എന്ന്‌ പഠിക്കുകയുമാണ്‌. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും സമ്പല്‍സമൃദ്ധിയിലേക്ക്‌ (യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഏറ്റവും അധികം തവണ ആവര്‍ത്തിച്ച ഒരു കാര്യം യു എസ്സിലെ ജനങ്ങളുടെ സമ്പല്‍സമൃദ്ധി എന്നതായിരുന്നു) നയിക്കുകയും ചെയ്യുക എന്നതാണല്ലോ ഭരണകൂടത്തിന്റെ ആത്യന്തിക കര്‍ത്തവ്യം. അതിനു വേണ്ടിയാണല്ലോ ആണവ കരാര്‍ പ്രാബല്യത്തിലാക്കുന്നതിനും വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളുണ്ടാക്കുന്നതിനുമെല്ലാം മന്‍മോഹന്‍ സിംഗും സഹപ്രവര്‍ത്തകരും ഉറക്കമൊഴിഞ്ഞ്‌ പണിയെടുക്കുന്നത്‌. 


ഇത്തരം സങ്കീര്‍ണമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കാട്ടുന്ന തിടുക്കം എന്തുകൊണ്ടാണ്‌ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ കാര്യത്തില്‍ ഉണ്ടാകാതിരിക്കുന്നത്‌. ഈ കീടനാശിനിയുടെ വില്‍പ്പന രാജ്യത്തിന്റെ ഖജനാവിലേക്ക്‌ അത്രമാത്രം മുതല്‍ക്കൂട്ടുന്നുണ്ടോ? അതോ ഈ കീടനാശിനി നിരോധിക്കുന്നത്‌ രാജ്യത്തെ കാര്‍ഷികോത്‌പാദനത്തില്‍ വലിയ ഇടിവിന്‌ കാരണമാകുമെന്ന്‌ ഭയക്കുന്നുണ്ടോ? കീടനാശിനി നിരോധിക്കുന്നതോടെ പ്രതിസന്ധിയിലാവുന്ന വ്യവസായ ശാലകളിലെ തൊഴിലാളികളെക്കുറിച്ചാണോ സര്‍ക്കാറിന്റെ ആശങ്ക? എന്തായാലും ഒരു ജനതയെ മരണത്തിലേക്ക്‌ തള്ളിവിട്ടാകരുതല്ലോ ആശങ്കകള്‍ക്ക്‌ പരിഹാരമുണ്ടാക്കുക.

കേരളത്തിലെ രണ്ടോ മൂന്നോ ജില്ലകളിലെ ചില പ്രദേശങ്ങളിലെ ജനങ്ങളുടെ നിലനില്‍പ്പിനേക്കാള്‍ വലുതാണ്‌ കാര്‍ഷിക ഉത്‌പാദന രംഗത്തെ വളര്‍ച്ചാ നിരക്ക്‌ എന്ന്‌ കേന്ദ്ര സര്‍ക്കാര്‍ കരുതുന്നുണ്ടോ? അതുകൊണ്ടാവണം കീടനാശിനികള്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കാത്തത്‌. ലോട്ടറിയെന്ന ചൂതാട്ടത്തിന്‌ അടിപ്പെടുന്നവര്‍ നിലനില്‍ക്കേണ്ടത്‌ സര്‍ക്കാറിന്റെ നികുതി വരുമാനം നിലനിര്‍ത്താന്‍ അനിവാര്യമണെന്നും വിലയിരുത്തലുണ്ടാകണം. അതുകൊണ്ടാണ്‌ ഏത്‌ ലോട്ടറി പ്രവര്‍ത്തിക്കണം ഏത്‌ പ്രവര്‍ത്തിക്കേണ്ട എന്ന്‌ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കാത്തത്‌. ഇവിടെ അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്‌. ഒരു പ്രദേശത്ത്‌ എന്ത്‌ വളം ഉപയോഗിക്കണം, ഏത്‌ കീടനാശിനി തളിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുന്നു. ലോട്ടറി തുടരണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്‌. ഈ സ്വാതന്ത്ര്യ നിഷേധങ്ങളുടെ ഗുണം അനുഭവിക്കുന്നത്‌ തോട്ടമുടമകളോ ലോട്ടറി രാജാക്കന്‍മാരോ ആണ്‌. അവര്‍ക്ക്‌ സൗകര്യമൊരുക്കുന്നതിനാണ്‌ കേന്ദ്രം ഇത്തരം അധികാരങ്ങള്‍ സ്വന്തമാക്കിവെച്ചിരിക്കുന്നത്‌. കാര്‍ഷിക മേഖലയിലെ സാങ്കേതിക വിദ്യയും ഉപകരണങ്ങളും കൈമാറാമെന്ന്‌ വാഗ്‌ദാനം ചെയ്‌താണ്‌ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അടുത്തിടെ മടങ്ങിയത്‌. ഇതിന്റെ ഗുണഭോക്താക്കളാകുക തദ്ദേശീയരോ വിദേശീയരോ ആയ കുത്തകകളായിരിക്കും. വന്‍തുക നല്‍കി വാങ്ങുന്ന സാങ്കേതിക വിദ്യ മുതലാക്കണമെങ്കില്‍ അവര്‍ക്ക്‌ വിള വര്‍ധിപ്പിക്കേണ്ടിവരും. അതിന്‌ എന്‍ഡോസള്‍ഫാനോ റൗണ്ടപ്പോ, ഇതേ ചേരുവകള്‍ അടങ്ങുന്ന മറ്റ്‌ പേരുള്ള കീടനാശിനികളോ വേണം. 


കാസര്‍ക്കോട്ടെയോ മുതലമടയിലെയോ ഏതാനും പേരുടെ ജീവന്‍ ചൂണ്ടിക്കാട്ടി ആ അവസരം നിഷേധിക്കാന്‍ സാധിക്കില്ല. അതിന്‌ ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരുമ്പെട്ടാല്‍ അനുവദിക്കുകയുമില്ല.
ഭക്ഷ്യവസ്‌തുക്കളില്‍ രാസവസ്‌തുക്കളുടെ സാന്നിധ്യം ഏറുന്നത്‌ ഭാവിയില്‍ ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ അന്താരാഷ്‌ട്ര വിപണിയില്‍ നിന്ന്‌ തിരസ്‌കരിക്കപ്പെടാന്‍ ഇടയാകുമെന്ന്‌ അറിയാത്തവരല്ല ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍. ജൈവ കൃഷി രീതി വ്യാപിപ്പിക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുകയും നിശ്ചിത കാലപരിധിക്കപ്പുറം ജൈവ ഉത്‌പന്നങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌ ചില രാജ്യങ്ങള്‍. എന്നിട്ടും നമ്മുടെ മണ്ണില്‍ ഇവ വ്യാപകമായി ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നുവെന്ന വൈരുധ്യവും നിലനില്‍ക്കുന്നുണ്ട്‌. അതായത്‌ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മുന്നോട്ടുപോക്കല്ല, മറ്റ്‌ രാജ്യങ്ങളിലെ കാര്‍ഷിക അഭിവൃദ്ധിയാണ്‌ നമ്മുടെ ഭരണകര്‍ത്താക്കള്‍ ലക്ഷ്യമിടുന്നത്‌ എന്ന്‌ കരുതേണ്ടിവരും.

സ്വാതന്ത്ര്യം എന്നത്‌ ജനങ്ങളെ സംബന്ധിച്ച്‌ മരീചിക മാത്രമാണെന്ന്‌ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുകയാണ്‌ ലോട്ടറിയും എന്‍ഡോസള്‍ഫാനും. സമാനമായ നിരവധി കാര്യങ്ങള്‍ വേറെയും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. നികുതി വരുമാനം പങ്കിടുന്നതിലെ വിവേചനം, ഇന്ധനങ്ങള്‍ക്കു മേലുള്ള കസ്റ്റംസ്‌, എക്‌സൈസ്‌ തീരുവകള്‍ ഉയര്‍ത്തിനിര്‍ത്തി സ്വന്തം വരുമാനം ഉറപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പന നികുതി ഇളവ്‌ ചെയ്‌ത്‌ ജനങ്ങള്‍ക്ക്‌ ആശ്വാസമേകാന്‍ സംസ്ഥാനങ്ങളോട്‌ നിര്‍ദേശിക്കുന്നതിലെ വൈരുധ്യം എന്നു തുടങ്ങി പലതും. കേന്ദ്ര സര്‍ക്കാറെന്നത്‌ ജന്മിയും സംസ്ഥാനങ്ങളെന്നത്‌ പാട്ടക്കുടിയാന്‍മാരുമാണ്‌. അധികാര വികേന്ദ്രീകരണം എന്നത്‌ പ്രാദേശികഭരണകൂടങ്ങളുടെ തിരഞ്ഞെടുപ്പെന്ന പ്രക്രിയയില്‍ ഒതുങ്ങുന്നു. കേന്ദ്രം അനുവദിക്കുന്നതില്‍ നിന്ന്‌ ഒരു വിഹിതം സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്‌ കൈമാറുകയും റോഡ്‌ നന്നാക്കല്‍, കാന നിര്‍മാണം, ബണ്ട്‌ കെട്ടല്‍ തുടങ്ങിയവക്കായി ചെലവഴിക്കുകയും ചെയ്യുന്നതില്‍ വികേന്ദ്രീകരണം അവസാനിക്കും. 

2010-11-11

സംഘ `ബൈഠക്‌'രാഷ്‌ട്രീയ സ്വയം സേവക്‌ സംഘ്‌ (ആര്‍ എസ്‌ എസ്‌) രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുന്നു. ഇന്നലെ ദേശവ്യാപകമായി കുത്തിയിരിപ്പ്‌ സമരം നടന്നു. കാവി ഭീകരത എന്ന ആരോപണം ഉയരുകയും ആഭ്യന്തര മന്ത്രി പി ചിദംബരം ഔദ്യോഗിക വേദിയിലും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി വേദിയിലും ഉന്നയിക്കുകയും ചെയ്‌ത സാഹചര്യം. ആര്‍ എസ്‌ എസ്സിനെ സ്റ്റുഡന്റ്‌സ്‌ ഇസ്‌ലാമിക്‌ മുവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യയുമായി (സിമി) താരതമ്യം ചെയ്‌ത്‌ എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്‌താവന. എല്ലാറ്റിനുമുപരി രാജസ്ഥാന്‍ പോലീസിലെ ഭീകരവിരുദ്ധ വിഭാഗം മധ്യപ്രദേശില്‍ നിന്നും ഗുജറാത്തില്‍ നിന്നും അറസ്റ്റ്‌ ചെയ്യുന്നവരുടെ ആര്‍ എസ്‌ എസ്‌ ബന്ധം. ഇവയെല്ലാം ആര്‍ എസ്‌ എസ്സിനെ നോവിക്കുന്നുണ്ട്‌. 


ആര്‍ എസ്‌ എസ്സിന്റെ താഴേക്കിടയിലുള്ള പ്രവര്‍ത്തകരെ (പ്രചാരകുമാര്‍) അറസ്റ്റ്‌ ചെയ്യുകയും ചില സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യുകയും ചെയ്‌തപ്പോള്‍ അത്രക്കൊന്നും ചൂട്‌ നേതാക്കള്‍ക്കുണ്ടായില്ല. അവരില്‍ നിന്ന്‌ അകന്നു നില്‍ക്കാനാണ്‌ സംഘ്‌ നേതൃത്വം തയ്യാറായത്‌. ഇപ്പോള്‍ ആര്‍ എസ്‌ എസ്സിന്റെ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ സമിതിയില്‍ അംഗമായ ഇന്ദ്രേഷ്‌ കുമാറിന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടപ്പെട്ടപ്പോഴാണ്‌ യഥാര്‍ഥത്തിലുള്ള ചൂട്‌ നാഗ്‌പൂര്‍ അനുഭവിച്ചുതുടങ്ങിയത്‌. അതിന്റെ പ്രതിഫലനമാണ്‌ ദേശീയതലത്തിലുള്ള പ്രക്ഷോഭം. അടിയന്തരാവസ്ഥക്കാലത്ത്‌ ദേശീയതലത്തിലുള്ള പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്‌ത ശേഷം മൂന്ന്‌ ദശകത്തിന്‌ ശേഷം ഇപ്പോഴാണ്‌ സംഘടന അതിന്‌ തയ്യാറാകുന്നത്‌ എന്നത്‌ കൂടി കണക്കിലെടുക്കുമ്പോള്‍ ഏതളവിലുള്ള ചൂടാണ്‌ സംഘ്‌ നേതൃത്വം അനുഭവിക്കുന്നത്‌ എന്നത്‌ ഏറെക്കുറെ വ്യക്തമാകും.

മഹാരാഷ്‌ട്രയിലെ മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ അഭിനവ്‌ ഭാരത്‌ എന്ന സംഘടനയുടെ നേതാവായ സാധ്വി പ്രഗ്യാ സിംഗിനെയും കേണല്‍ ശ്രീകാന്ത്‌ പുരോഹിതിനെയും ആ സംസ്ഥാനത്തെ ഭീകരവിരുദ്ധ വിഭാഗം അറസ്റ്റ്‌ ചെയ്‌തപ്പോള്‍ തന്നെ ഹിന്ദുത്വവാദികളിലെ ഭീകര സാന്നിധ്യത്തെക്കുറിച്ച്‌ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈന്ദവ ഭീകരവാദമെന്നത്‌ യാഥാര്‍ഥ്യമാണെന്ന്‌ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറോ ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസോ തയ്യാറായിരുന്നില്ല. അജ്‌മീര്‍ ദര്‍ഗയിലും ഹൈദരാബാദിലെ മക്ക മസ്‌ജിദിലുമുണ്ടായ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌തതും നടപ്പാക്കിയതും ഹിന്ദുത്വ തീവ്രവാദ സംഘടനകളിലെ അംഗങ്ങളാണെന്ന്‌ അന്വേഷണ ഏജന്‍സികള്‍ പറഞ്ഞതോടെയാണ്‌ കോണ്‍ഗ്രസിലെ ചില നേതാക്കളെങ്കിലും, ദിഗ്‌വിജയ്‌ സിംഗിനെപ്പോലുള്ളവര്‍, ഭീകരസാന്നിധ്യത്തെക്കുറിച്ച്‌ ആശങ്കകള്‍ ഉറക്കെ പങ്ക്‌വെച്ചത്‌. സംഝോത എക്‌സ്‌പ്രസിലെ സ്‌ഫോടനത്തിന്‌ പിന്നിലും ഇതേ ശക്തികള്‍ തന്നെയാണെന്നതാണ്‌ ഇതിനകം ലഭ്യമാകുന്ന വിവരങ്ങള്‍.

2005ല്‍ ജയ്‌പൂരിലെ ഗുജറാത്തി ഗസ്റ്റ്‌ ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ്‌ സ്‌ഫോടനങ്ങള്‍ നടത്താനുള്ള തീരുമാനമെടുത്തതെന്നും ആ യോഗത്തിന്‌ നേതൃത്വം നല്‍കിയത്‌ ഇന്ദ്രേഷ്‌ കുമാറാണെന്നും രാജസ്ഥാന്‍ പോലീസിലെ ഭീകരവിരുദ്ധ വിഭാഗം അജ്‌മീറിലെ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌. മലേഗാവ്‌, അജ്‌മീര്‍ ദര്‍ഗ, മക്ക മസ്‌ജിദ്‌, സംഝോത എക്‌സ്‌പ്രസ്‌ എന്നിവ ലക്ഷ്യങ്ങളായി തിരഞ്ഞെടുത്തതും ഈ യോഗത്തിലാണ്‌. ഈ ആരോപണം പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കും വിധത്തിലുള്ള തെളിവുകള്‍ രാജസ്ഥാന്‍ പോലീസിന്‌ ലഭിച്ചിട്ടുമുണ്ട്‌. ഇന്ദ്രേഷ്‌ കുമാറിനെ ആരോപണവിധേയരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം മുന്നോട്ടുപോയാല്‍ സംഘ്‌ നേതൃത്വത്തിലുള്ള മറ്റാരെങ്കിലുമൊക്കെ സംശയത്തിന്റെ നിഴലിലാകുമെന്ന ശങ്ക ആര്‍ എസ്‌ എസ്‌ നേതൃത്വത്തിനുണ്ട്‌. അതുകൊണ്ടാണ്‌ ദേശീയ പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്യാനും പ്രവര്‍ത്തകരുടെ മനോവീര്യം തിരിച്ചെടുക്കാനും രാജ്യസ്‌നേഹ വികാരം ജ്വലിപ്പിക്കാനും മോഹന്‍ ഭാഗവതും കൂട്ടരും ശ്രമം തുടങ്ങുന്നത്‌. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്‌ട്രീയ ഗൂഢാലോചന നടപ്പില്‍ വരുത്തുകയാണ്‌ രാജസ്ഥാനിലെ അശോക്‌ ഗെഹ്‌ലോട്ട്‌ സര്‍ക്കാറെന്നും അതിന്റെ ഭാഗമാണ്‌ ഇന്ദ്രേഷിനെതിരായ ആരോപണമെന്നും സംഘ്‌ നേതൃത്വം പറയുന്നു. 


വിശദീകരണങ്ങള്‍ക്ക്‌ തയ്യാറാവുകയും ദേശീയതലത്തില്‍ പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയും ചെയ്‌തതിലൂടെ തങ്ങള്‍ സംശയത്തിന്റെ നിഴലിലാണെന്നത്‌ സ്വയം അംഗീകരിക്കുകയാണ്‌ ആര്‍ എസ്‌ എസ്‌ നേതൃത്വം. കാവി ഭീകരത, ഹൈന്ദവ ഭീകരത എന്നീ പ്രയോഗങ്ങളെ എതിര്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഭീകരതക്ക്‌ മതമില്ലെന്നും വഴിതെറ്റിപ്പോയ ഏതെങ്കിലും വ്യക്തികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്‌ സംഘടനയെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ലെന്നും വാദിക്കുന്നു.

മലേഗാവ്‌, അജ്‌മീര്‍ ദര്‍ഗ, മക്ക മസ്‌ജിദ്‌ തുടങ്ങി രാജ്യത്ത്‌ നടന്ന എല്ലാ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നിലും മുസ്‌ലിംകളാണെന്നും അതുകൊണ്ട്‌ ആ സമുദായമാകെ ഭീകരവാദികളാണെന്നും ആരോപണമുണ്ടായപ്പോള്‍ കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ചവരാണ്‌ ഇവര്‍. `ഇസ്‌ലാമിക ഭീകരത' എന്ന പ്രയോഗം രാജ്യാന്തര, ആഭ്യന്തരതലങ്ങളില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയപ്പോള്‍, അതിന്‌ മാധ്യമങ്ങളും ഭരണ വിഭാഗത്തിലെ വര്‍ഗീയ മനസ്‌കരും വേണ്ട പ്രചാരണം നല്‍കിയപ്പോള്‍ സന്തോഷിച്ചവര്‍. ഭീകരതയെ മതവുമായി കൂട്ടിച്ചേര്‍ക്കരുതെന്നും വ്യക്തികള്‍ നടത്തുന്ന ക്രൂരതകള്‍ക്ക്‌ മതത്തെയോ സമുദായത്തെയോ ആകെ പ്രതിസ്ഥാനത്ത്‌ നിര്‍ത്തരുതെന്നും പറഞ്ഞവരെ ഭീകരര്‍ക്ക്‌ ഒത്താശ നല്‍കുന്നവരായി ചിത്രീകരിക്കാനായിരുന്നു സംഘ്‌ നേതാക്കള്‍ക്കും അനുചരന്‍മാര്‍ക്കും തിടുക്കം. 


ഉത്തര്‍പ്രദേശിലെ അസംഗഢിനെ ഭീകരതയുടെ വിളനിലമെന്ന്‌ വിളിച്ചത്‌ ബി ജെ പിയെന്ന, രാജ്യഭാരം ഇടക്കാലത്തേക്കെങ്കിലും കൈയാളിയ, ഉത്തരവാദിത്വമുള്ള പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കളാണ്‌. അന്ന്‌ അതിലൊരു പ്രയാസവും ആര്‍ക്കുമുണ്ടായില്ല. അഅ്‌സംഗഢിലെ ഏത്‌ യുവാവിനെ പോലീസ്‌ എവിടെവെച്ചു വെടിവെച്ച്‌ കൊന്നാലും ന്യായീകരിക്കപ്പെടുമായിരുന്നു. ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ അഅ്‌സംഗഢ്‌ സ്വദേശികളായ യുവാക്കളെ പോലീസ്‌ `ഏറ്റുമുട്ടലി'ല്‍ വധിച്ചതിനെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ചപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിടുന്നത്‌ പോലീസിന്റെ മനോവീര്യത്തെ തകര്‍ക്കുന്നതാകുമെന്നും അതിനാല്‍ അന്വേഷണത്തിന്‌ ഉത്തരവിടാനാകില്ലെന്നും പരമോന്നത നീതിപീഠം തന്നെ പ്രഖ്യാപിക്കുന്നത്‌ വരെ കാര്യങ്ങളെത്തി.

ഇപ്പോള്‍ മധ്യപ്രദേശിലെ ഇന്‍ഡോറുള്‍ക്കൊള്ളുന്ന മാള്‍വ മേഖലയില്‍ നിന്ന്‌ രണ്ടാഴ്‌ചയിലൊരിക്കല്‍ ഒരു ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകന്‍ അറസ്റ്റിലാകുന്നുണ്ട്‌. വിവിധ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട്‌ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ്‌ അറസ്റ്റുകള്‍. രാജസ്ഥാന്‍ പോലീസിലെ ഭീകരവിരുദ്ധ വിഭാഗം, സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ), നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ), ഹരിയാന പോലീസിലെ ഭികരവിരുദ്ധ വിഭാഗം എന്നിവയെല്ലാം മധ്യപ്രദേശിലെ മാള്‍വ മേഖലയെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം നടത്തുന്നത്‌. ഇതിന്‌ പിറകെ നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ നിന്നും അറസ്റ്റുകളുണ്ടാകുന്നു. ഇതില്‍ ഏതെങ്കിലുമൊന്നിനെ പ്രത്യേകിച്ച്‌ മാള്‍വ മേഖലയെ, ആര്‍ എസ്‌ എസ്സിന്‌ നിര്‍ണായക സ്വാധീനമുള്ള രാജ്യത്തെ അപൂര്‍വം പ്രദേശങ്ങളിലൊന്നാണിത്‌, ഹിന്ദുത്വ (കാവി) ഭീകരതയുടെ വിളനിലമെന്ന്‌ വിശേഷിപ്പിച്ചാല്‍ സഹിക്കുമോ സംഘ്‌ നേതൃത്വം? ബി ജെ പി അടക്കമുള്ള സംഘപരിവാരം കൈയും കെട്ടി നോക്കിനില്‍ക്കുമോ?

ഇത്തരം സാധ്യതകളെല്ലാം സംഘ്‌ നേതൃത്വം മുന്‍കൂട്ടിക്കാണുന്നുണ്ട്‌. അതുകൊണ്ടാണ്‌ ദീര്‍ഘ നാളത്തെ ഇടവേളക്ക്‌ ശേഷം ദേശീയ പ്രക്ഷോഭത്തിന്‌ ആര്‍ എസ്‌ എസ്‌ തുനിഞ്ഞത്‌. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലും ഇപ്പോള്‍ ബംഗളൂരു സ്‌ഫോടനക്കേസിലും മഅ്‌ദനി ആരോപണവിധേയനാക്കപ്പെട്ടപ്പോള്‍ പ്രധാന തെളിവായി ഉയര്‍ത്തിക്കാണിക്കപ്പെട്ടത്‌ ചില ഫോണ്‍ വിളികളായിരുന്നു. ബംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരനെന്ന്‌ കര്‍ണാടക പോലീസ്‌ ആരോപിക്കുന്ന തടിയന്റവിട നസീറും മഅ്‌ദനിയും ഫോണില്‍ സംസാരിച്ചതിന്‌ തെളിവുണ്ടെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌. മുംബൈ ആക്രമണക്കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്‌ കസബിനൊപ്പം വിചാരണ ചെയ്യപ്പെട്ട ഫഹീം അന്‍സാരി, സബാഹുദ്ദീന്‍ അഹമ്മദ്‌ എന്നിവര്‍ക്കെതിരായ ആരോപണം കൂടി പരിഗണിക്കുക. മുംബൈ നഗരത്തില്‍ ആക്രമണത്തിന്‌ ഇരയായ സ്ഥലങ്ങളുടെ പ്രത്യേകതകള്‍ വ്യക്തമാക്കുന്ന മാപ്പ്‌ ഇവര്‍ കടലാസില്‍ വരച്ച്‌ കൈമാറിയെന്നാണ്‌ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്‌. ഈ മാപ്പ്‌ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവാദിയുടെ പോക്കറ്റില്‍ നിന്ന്‌ കണ്ടെടുത്തുവെന്നും. അജ്‌മീര്‍ ദര്‍ഗയിലെ സ്‌ഫോടനം ആസൂത്രണം ചെയ്‌ത യോഗത്തിന്റെ സംഘാടകരില്‍ പ്രമുഖനെന്ന്‌ കുറ്റപത്രത്തില്‍ പറയുന്ന ഇന്ദ്രേഷ്‌ കുമാര്‍ അക്കാലത്ത്‌ സര്‍സംഘ്‌ചാലകായിരുന്ന കെ എസ്‌ സുദര്‍ശനുമായി എത്രവട്ടം ഫോണില്‍ സംസാരിച്ചുകാണും. 2009ല്‍ സര്‍സംഘ്‌ചാലക്‌ സ്ഥാനമേറ്റ മോഹന്‍ ഭാഗവതുമായും സംസാരിച്ചുകാണണം. സ്‌ഫോടനം നടക്കുന്നതിന്‌ തൊട്ടുമുമ്പോ പിമ്പോ ഒക്കെ സംസാരിച്ചിരിക്കാം. അത്‌ ആകസ്‌മികവുമാകാം. മഅ്‌ദനിക്കും ഫഹീം അന്‍സാരിക്കും സബാഹൂദ്ദീന്‍ അഹമ്മദിനും ആക്രമണങ്ങളുമായുള്ള ബന്ധം നിശ്ചയിക്കാന്‍ സ്വീകരിച്ച മാനദണ്ഡം ഇവിടെയും പ്രയോഗിച്ചാല്‍ സ്ഥിതി എന്താകും?

കുറ്റം കോടതി വഴി തെളിയിക്കപ്പെടും മുമ്പ്‌ പ്രതിയാക്കുക, സാക്ഷികള്‍ പോലീസിന്‌ മുന്നില്‍ നല്‍കിയ മൊഴികള്‍ തെളിവായി ഉയര്‍ത്തിക്കാട്ടി കുറ്റവാളിയെന്ന്‌ ആരോപിക്കുക, അറസ്റ്റിലായയാള്‍ ഭീകരവാദിയാണെന്ന്‌ സ്ഥാപിക്കാന്‍ സാധിക്കും വിധത്തില്‍ തിരഞ്ഞെടുത്ത വിവരങ്ങള്‍ പോലീസിലെ കാവി മനസ്സുകള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുക്കുക, ഇതിലൂടെ സൃഷ്‌ടിക്കപ്പെടുന്ന അന്തരീക്ഷം ഒരു സമുദായത്തെയാകെ പ്രതിക്കൂട്ടിലാക്കാന്‍ വിനിയോഗിക്കുക- ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനം പല കേസുകളിലും മുമ്പ്‌ നമ്മള്‍ കണ്ടിട്ടുണ്ട്‌. അതെല്ലാം അംഗീകരിച്ച്‌ രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തെറ്റായിപ്പോയെന്ന്‌ ഒരുപക്ഷേ, ഇപ്പോള്‍ ആര്‍ എസ്‌ എസ്‌ നേതൃത്വത്തിന്‌ തോന്നുന്നുണ്ടോ? ഉണ്ടാകാന്‍ ഇടയില്ല. കാരണം ഹൈന്ദവ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ ഏത്‌ വഴി സ്വീകരിച്ചാലും തെറ്റില്ല എന്നതാണ്‌ തത്വശാസ്‌ത്രം. അതുകൊണ്ട്‌ തന്നെ `ഹിന്ദുത്വ (കാവി) ഭീകരത' എന്ന പ്രയോഗത്തെ എതിര്‍ക്കാന്‍ തത്രപ്പെടുന്നവര്‍ `ഇസ്‌ലാമിക ഭീകരത' എന്ന പ്രയോഗം ശരിയായിരുന്നില്ലെന്ന്‌ സമ്മതിക്കില്ല.

ഏതാനും ചില സ്‌ഫോടനങ്ങളുടെ പാപഭാരം മാത്രമേ ഇപ്പോള്‍ ആര്‍ എസ്‌ എസ്സുമായി ബന്ധമുള്ളവരുടെ ചുമലിലുള്ളൂ. അതിലെ ചില കണ്ണികള്‍ ഗുജറാത്തിലുമുണ്ടെന്ന വസ്‌തുത പുറത്തുവരുമ്പോള്‍ അവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളും സ്‌ഫോടന ശ്രമങ്ങളും സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. ഇവയിലെല്ലാം സ്‌ഫോടനം നടന്ന്‌ മണിക്കൂറുകള്‍ക്കകം ഉത്തരവാദിത്വം ചില സംഘടനകളുടെ മേല്‍ ചുമത്തപ്പെട്ടിരുന്നു. മുസ്‌ലിം നാമധാരികള്‍ വൈകാതെ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു. മലേഗാവ്‌ പോലുള്ള സ്‌ഫോടനങ്ങളുടെ കാര്യത്തിലും ആദ്യം ഇതേ രീതിയാണ്‌ പിന്തുടരപ്പെട്ടത്‌. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കെ എല്ലാം ഭദ്രമെന്ന്‌ ആശ്വസിക്കാം. മധ്യപ്രദേശിലെ ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ മന്ത്രിസഭ കാട്ടുന്ന `ഊര്‍ജസ്വലത' അതിന്‌ തെളിവുമാണ്‌. മാള്‍വ മേഖലയില്‍ മറ്റ്‌ സംസ്ഥാന പോലീസുകാരെത്തി അറസ്റ്റുകള്‍ തുടരുമ്പോള്‍ കൈവിരല്‍ ചലിപ്പിക്കാന്‍ ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ മന്ത്രിസഭ തയ്യാറാകുന്നില്ല. ആരോപിക്കപ്പെടുന്ന ഭീകരത സംസ്ഥാനത്തുണ്ടോ എന്ന്‌ പരിശോധിക്കാന്‍ പോലും അവര്‍ തയ്യാറല്ല. മലേഗാവ്‌, അജ്‌മീര്‍, ഹൈദരാബാദ്‌ സ്‌ഫോടനങ്ങളില്‍ മുഖ്യ പങ്ക്‌ വഹിച്ചുവെന്ന്‌ പറയപ്പെടുന്ന ആര്‍ എസ്‌ എസ്‌ പ്രചാരക്‌ സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ അജ്ഞാതരാരെന്ന്‌ കണ്ടെത്താന്‍ ശ്രമമില്ല. കേസ്‌ ഏറെക്കുറെ അവസാനിപ്പിച്ചിരിക്കുന്നു. അന്വേഷണം തുടരുന്നത്‌ കൂടുതല്‍ പൊള്ളിക്കുമെന്ന മുന്നറിവുണ്ടാവണം. ഇതെല്ലാം തുടരണമെങ്കില്‍, കൂടുതല്‍ പരുക്കുകളുണ്ടാവാതിരിക്കണമെങ്കില്‍, പ്രവര്‍ത്തകരുടെ വികാരം ഉണര്‍ത്തണമെന്ന്‌ ആര്‍ എസ്‌ എസ്‌ തിരിച്ചറിയുന്നു. അതിന്റെ പ്രതിഫലനമാണ്‌ ദേശീയ പ്രക്ഷോഭം. ആര്‍ഷ ഭാരത സംസ്‌കൃതിക്ക്‌ യോജിച്ചതും അതുതന്നെ.

2010-11-10

മന്നവേന്ദ്രാ വിളങ്ങുന്നു...

``നമുക്കൊരുമിച്ച്‌ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താം. സാങ്കേതിക വിദ്യ ഉപയോഗപ്പടുത്തി കര്‍ഷകരെ ശാക്തീകരിക്കുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണ്‌. കാര്‍ഷികോത്‌പാദനത്തിലും അതുമായി ബന്ധപ്പെട്ട ഗവേഷണത്തിലും യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ നേതാവാണ്‌. കാലാവസ്ഥാ മാറ്റത്തിന്റെയും വറുതിയുടെയും ദോഷഫലങ്ങള്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ഇക്കാലത്ത്‌, നിലനില്‍ക്കുന്ന നിത്യഹരിത വിപ്ലവത്തിന്‌ യോജിച്ച്‌ പ്രവര്‍ത്തിക്കാം''

``പ്രതിരോധം, സാങ്കേതിക വിദ്യാ വികസനം എന്നീ മേഖലകളില്‍ അമേരിക്കക്ക്‌ മേല്‍ക്കൈയുണ്ട്‌. വിവര സാങ്കേതിക വിദ്യയുടെ കാര്യത്തിലും ഞങ്ങള്‍ മുന്നിലാണ്‌. ഈ മേഖലകളില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക ഒരുക്കമാണ്‌. അതിലൂടെ രണ്ട്‌ രാജ്യങ്ങളിലും കൂടുതല്‍ തൊഴിലുകള്‍ സൃഷ്‌ടിക്കാന്‍ സാധിക്കും''
``അമേരിക്കയിലെ സര്‍വകലാശാലകള്‍ മികവിന്‌ പേരുകേട്ടതാണ്‌. അവയുടെ പ്രയോജനം ഇന്ത്യക്ക്‌ ലഭ്യമാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്‌''

``ലോകത്താകെയുള്ള അപകടാവസ്ഥയിലേക്ക്‌ നീങ്ങാവുന്ന ആണവ സാമഗ്രികളെല്ലാം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തെ ഒരുമിച്ച്‌ പിന്തുടരാന്‍ യുനൈറ്റഡ്‌ സ്റ്റേറ്റ്‌സിനും ഇന്ത്യക്കും സാധിക്കും. സമാധാനപരമായ ആണവോര്‍ജത്തിനുള്ള അവകാശം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്‌. എന്നാല്‍ എല്ലാ രാജ്യങ്ങളും അന്താരാഷ്‌ട്ര ബാധ്യതകള്‍ നിറവേറ്റുകയും വേണം. ഇസ്‌ലാമിക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ഇറാന്‍ അടക്കം''

``കളിക്കളത്തിന്റെ വരമ്പിലിരുന്ന്‌ നിങ്ങളെ വെറുതെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അമേരിക്ക ചെയ്യുന്നത്‌. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്‌. തോളോടു തോള്‍ ചേര്‍ന്ന്‌. ഇന്ത്യയുടെ വാഗ്‌ദാനങ്ങളെ ഞങ്ങള്‍ വിശ്വസിക്കുന്നു. നമ്മള്‍ സൃഷ്‌ടിക്കുന്നതാണ്‌ ഭാവിയെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു''

- യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ, ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്‌

`ഉയര്‍ന്നുവരുന്ന ശക്തി'യെന്ന വിശേഷണത്തില്‍ നിന്ന്‌ `ആഗോള ശക്തി'യെന്ന വിശേഷണത്തിലേക്ക്‌ ഇന്ത്യയെ മാറ്റി പ്രതിഷ്‌ഠിച്ചുകൊണ്ടാണ്‌ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഇപ്പറഞ്ഞതുപോലുള്ള വാഗ്‌ദാനങ്ങള്‍ നൂറ്‌ കോടിയിലേറെ വരുന്ന ജനതക്കു മുമ്പാകെ അവതരിപ്പിച്ചത്‌. വന്‍ശക്തിയെന്ന്‌ ഇപ്പോഴും അഹങ്കരിക്കുന്ന അമേരിക്ക, അത്തരമൊരു അവസ്ഥക്ക്‌ ഇടിവുണ്ടായിട്ടുണ്ടെന്ന ബരാക്‌ ഒബാമയുടെ സ്വയം വിമര്‍ശം സന്ദര്‍ശന വേളയില്‍ പ്രകടിപ്പിച്ച വിനയം മാത്രമായി കണക്കാക്കുക, ഇന്ത്യയെ സര്‍വതലങ്ങളിലും സഹായിക്കാന്‍ സന്നദ്ധരായി നില്‍ക്കുന്നുവെന്ന്‌ വേണമെങ്കില്‍ ഇതില്‍ നിന്ന്‌ അനുമാനിക്കാം. പ്രത്യക്ഷത്തില്‍ അത്‌ അങ്ങനെ തന്നെയാണ്‌ താനും. ഇന്ത്യന്‍ കാര്‍ഷിക മേഖല, പ്രത്യേകിച്ച്‌ ഗ്രാമങ്ങളിലെ കാര്‍ഷിക മേഖല, കാലാവസ്ഥാ വ്യതിയാനം, വറുതി എന്നിവമൂലം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ബരാക്‌ ഒബാമ ആകുലനാവുമ്പോള്‍ പ്രാഥമിക അനുമാനത്തില്‍ തെറ്റ്‌ പറയാനാകില്ല.

എന്നാല്‍ ഈ വാഗ്‌ദാനങ്ങള്‍ പ്രയോഗതലത്തിലേക്ക്‌ എത്തുമ്പോള്‍ എന്താണ്‌ സംഭവിക്കുക എന്ന്‌ മുന്‍കൂട്ടി ആലോചിക്കാനുള്ള ബാധ്യത ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുണ്ട്‌. അവരതിന്‌ തയ്യാറാവില്ലെന്ന്‌ മന്‍മോഹന്‍ സിംഗ്‌, ചിദംബരം, പ്രണാബ്‌ കുമാര്‍ മുഖര്‍ജി തുടങ്ങിയ നേതാക്കള്‍ പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന നയങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. അമേരിക്കന്‍ സൗഹൃദം ഇല്ലാതാക്കിക്കൊണ്ട്‌ തങ്ങള്‍ക്ക്‌ ദേശീയ താത്‌പര്യമോ രാജ്യസ്‌നേഹമോ ഇല്ലെന്ന്‌ കോണ്‍ഗ്രസിനെ പുറത്താക്കി അധികാരം പിടിക്കാന്‍ യത്‌നിക്കുന്ന സുഷമാ സ്വരാജ്‌, അരുണ്‍ ജെയ്‌റ്റ്‌ലി, നിതിന്‍ ഗാഡ്‌കരി കൂട്ടവും വ്യക്തമാക്കുന്നുണ്ട്‌. ശീതയുദ്ധകാലത്തുപോലും അമേരിക്കയുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നത്‌ ഹിന്ദുത്വവാദ പാര്‍ട്ടികളാണെന്ന്‌ ബി ജെ പി തെല്ലൊരു അഭിമാനത്തോടെ തന്നെ പ്രഖ്യാപിക്കുന്നത്‌ അതുകൊണ്ടാണ്‌.

നയപരിപാടികള്‍ തീരുമാനിക്കുന്നവര്‍ ഇത്തരത്തില്‍ സമ്പൂര്‍ണ വിധേയത്വം പരസ്യമാക്കി നില്‍ക്കുമ്പോള്‍, ഈ വാഗ്‌ദാനപ്പെരുമഴയുടെ ഉദ്ദേശ്യശുദ്ധിയെച്ചൊല്ലിയുള്ള ശങ്കകള്‍ വലുതാകുന്നു. മുന്‍കാല അനുഭവങ്ങള്‍ അതിന്‌ അടിസ്ഥാനമായി ഉണ്ട്‌ താനും. ഗവേഷണത്തിലും സാങ്കേതിക വിദ്യയിലും സഹായിച്ച്‌ നിത്യഹരിത വിപ്ലവത്തിന്‌ ശ്രമിക്കാമെന്ന്‌ ഒബാമ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം സുവ്യക്തമാണ്‌. അമേരിക്കന്‍ കമ്പനികളില്‍ നിന്ന്‌ സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഇന്ത്യന്‍ കാര്‍ഷിക മേഖലയിലേക്ക്‌ ഒഴുകണം. അതുപയോഗപ്പെടുത്താന്‍ ത്രാണിയുള്ളവര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്‌തുകൊടുക്കണം. ഈ കുത്തൊഴുക്കിനെ ഉപയോഗപ്പെടുത്താന്‍ ശക്തിയില്ലാത്തവന്‍ ഒലിച്ചുപോകുക എന്നത്‌ സ്വാഭാവികം മാത്രം. മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നൊക്കെ അവസാന ശ്വാസനത്തിനൊപ്പം കര്‍ഷകന്റെ കുരലില്‍ നിന്നുയരുന്ന ആര്‍ത്ത നാദം നിലക്കില്ലെന്ന്‌ അര്‍ഥം. 1991 മുതല്‍ ആരംഭിച്ച്‌ അനുസ്യൂതം തുടര്‍ന്ന കമ്പോളം തുറന്നുനല്‍കല്‍ പ്രക്രിയയുടെ ഫലമായിരുന്നു ഈ ആത്മഹത്യകള്‍. ആ നിലക്ക്‌ കൂടുതല്‍ തുറന്നു നല്‍കലുകള്‍ ആത്മാഹുതികളുടെ തോത്‌ വര്‍ധിപ്പിക്കുമെന്ന്‌ ഉറപ്പ്‌.

ലോകത്ത്‌ തന്നെ മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന സര്‍വകലാശാലകളുടെ പ്രയോജനം ഇന്ത്യക്കാര്‍ക്ക്‌ സമ്മാനിക്കുമെന്ന്‌ പറഞ്ഞാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല അമേരിക്കക്ക്‌ വേണ്ടി തുറന്നു കൊടുക്കുമെന്നാണ്‌ അര്‍ഥമാക്കുന്നത്‌. തദ്ദേശീയരായ സ്വകാര്യ മുതലാളിമാര്‍ ലാഭമുറപ്പുള്ള കറവക്കായി കൊണ്ടുനടക്കുന്നതാണ്‌ വിദ്യാഭ്യാസ മേഖല. അതിനെ അമേരിക്കയുടെ തൊഴുത്തില്‍ കൂടി കൊണ്ടുപോയി നിര്‍ത്തിക്കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. അമേരിക്കയുടെതടക്കം വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഏറെ വൈകാതെ അവയുടെ ആധിപത്യം പ്രകടമാകുമെന്ന്‌ ഉറപ്പ്‌. ഏത്‌ കാര്യത്തിലും വൈദേശിക സ്‌പര്‍ശമുണ്ടാവുന്നതില്‍ ഉള്‍പ്പുളകം കൊള്ളുന്ന `ലോകത്തെ ഏറ്റവും വലിയ മധ്യവര്‍ഗ വിഭാഗം'?(ഒബാമ തന്നെ ഉപയോഗിച്ച പ്രയോഗം) ഉണ്ടെന്നുള്ളത്‌ ഈ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വൈകാതെ വിദേശ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പഠനത്തിന്‌ ഉതകും വിധത്തില്‍ ആഭ്യന്തര വിദ്യാഭ്യാസ പദ്ധതി പൊളിച്ചെഴുതേണ്ട സ്ഥിതി വരും. നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ തന്നെ ലോകത്തെ ഇതര രാഷ്‌ട്രങ്ങളിലെല്ലാം തൊഴിലുറപ്പാക്കാനോ, അവിടങ്ങളില്‍ നിന്നുള്ള ജോലികള്‍ ആകര്‍ഷിക്കാനോ പാകത്തിലുള്ള മനുഷ്യ വിഭവശേഷി സൃഷ്‌ടിക്കാന്‍ സാധിച്ചിട്ടുണ്ട്‌. എന്നിട്ടും അമേരിക്കയുടെ മികവിന്റെ കേന്ദ്രങ്ങള്‍ക്ക്‌ വാതില്‍ തുറന്നുകൊടുക്കണമെന്ന്‌ പറയുന്നത്‌ അവരുടെ സഹായത്തിന്‌ വേണ്ടി മാത്രമാകാനേ തരമുള്ളൂ.

പ്രതിരോധ മേഖല ഇതിനകം തന്നെ ഏറെക്കുറെ അമേരിക്കയുടെയോ ഇസ്‌റാഈലിന്റെയോ നിയന്ത്രണത്തിലാണ്‌. അത്‌ കൂടുതല്‍ വ്യാപിപ്പിക്കുക എന്നതാണ്‌ ഒബാമ ഉദ്ദേശിക്കുന്നത്‌. ആയുധ വിപണിയാണ്‌ അമേരിക്കന്‍ സമ്പദ്‌ഘടനയുടെ മൂലക്കല്ലുകളില്‍ ഒന്ന്‌. അത്‌ കൂടുതല്‍ ഊര്‍ജസ്വലമാക്കി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുക എന്നതാണ്‌ ഉദ്ദേശ്യം. താന്‍ പ്രസിഡന്റായിരിക്കുന്ന കാലത്തെ നേട്ടങ്ങളല്ല ഒബാമ ലക്ഷ്യമിടുന്നത്‌. വരുന്ന പത്തോ ഇരുപതോ വര്‍ഷത്തേക്ക്‌ അമേരിക്കന്‍ കമ്പനികള്‍ക്ക്‌ കരാറുകള്‍ ഉറപ്പിക്കുകയാണ്‌ അദ്ദേഹം. ആ ദീര്‍ഘദൃഷ്‌ടിക്കു മുന്നിലാണ്‌ മന്‍മോഹന്‍ സിംഗിനെപ്പോലുള്ള നേതാക്കള്‍ കണ്ണടച്ചു നില്‍ക്കുന്നത്‌. പ്രതിഫലമായി പ്രതീക്ഷിക്കുന്നത്‌ വരും വര്‍ഷങ്ങളില്‍ ഇന്ത്യക്ക്‌ വേണ്ടിവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തിലുള്ള സഹായമാണ്‌. ആര്‍ക്കാണ്‌ ഊര്‍ജം ഏറെ വേണ്ടിവരുന്നത്‌? ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്കും നിക്ഷേപമിറക്കാനെത്തുന്ന വിദേശ കമ്പനികള്‍ക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കുമൊക്കെയാണ്‌. ചുരുക്കത്തില്‍ ഇന്ത്യന്‍ വിഭവങ്ങളുടെ സമ്പൂര്‍ണ ചൂഷണം, തദ്ദേശീയര്‍ ചീഞ്ഞ്‌ അമേരിക്കക്ക്‌ വളമാവുന്ന അവസ്ഥ.

കാര്യസാധ്യത്തിന്‌ ഏറെ എളുപ്പമുള്ള വഴി പ്രശംസയാണ്‌. അത്‌ ഇന്ത്യന്‍ ചരിത്രത്തില്‍ നിന്ന്‌ ഒബാമക്ക്‌ പകര്‍ന്നു കിട്ടിയ പാഠമാകണം. മുഖസ്‌തുതിക്ക്‌ പകരമായി എന്തും നല്‍കാന്‍ തയ്യാറായിരുന്നു പുരാതന രാജ പരമ്പര. കാഴ്‌ചവസ്‌തുക്കളും പ്രശംസയും പ്രലോഭനങ്ങളുമൊക്കെ തന്നെയായിരുന്നു ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ആദ്യത്തെ ആയുധങ്ങള്‍. ഇവിടെ ഇന്ത്യന്‍ പാരമ്പര്യത്തെ വാനോളം പുകഴ്‌ത്തി ഒബാമ. ജനാധിപത്യ സമ്പ്രദായത്തിന്റെ കരുത്തിനെ പ്രത്യേകം പരാമര്‍ശിച്ചു. സുതാര്യവും നീതിപൂര്‍വകവുമായി നടക്കുന്ന തിരഞ്ഞെടുപ്പുകളെ പ്രകീര്‍ത്തിച്ചു. മഹാത്‌മാ ഗാന്ധിയെ, അതൊരുപക്ഷേ ആഫ്രിക്കന്‍ വംശജനായതുകൊണ്ടുള്ള പ്രത്യേകതയാവാം, ഓര്‍ക്കാതെ ഒരിടത്തുപോലും സംസാരിച്ചില്ല അദ്ദേഹം. സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറും മുന്നോട്ടുവെച്ച ആശയങ്ങള്‍ എടുത്തുപറഞ്ഞു. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃപാടവത്തെ പുകഴ്‌ത്തി. സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ച്‌ അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ കുളിര്‌ കോരിയിടുന്നതായിട്ടുണ്ടാവണം. വാഴ്‌ത്തു വചനങ്ങളിലൂടെ ലക്ഷ്യമിട്ടതെല്ലാം സാധിച്ചെടുത്തുവെന്ന്‌ തന്നെ കരുതണം. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ സുസ്‌മേര വദനനായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്‌. എല്ലാറ്റിനെയും അംഗീകരിച്ച്‌ കൈയടികള്‍ പല കുറി മുഴങ്ങി അവിടെ. 


ആഭ്യന്തരതലത്തില്‍ മാത്രമല്ല, അന്താരാഷ്‌ട്ര രംഗത്തും ഇന്ത്യന്‍ നിലപാടുകളെ പൂര്‍ണമായും അമേരിക്കന്‍ പക്ഷത്തേക്കെത്തിക്കാന്‍ ഒബാമക്ക്‌ സാധിച്ചിരിക്കുന്നു. ആണവ കരാറെന്ന ഇരയായിരുന്നു ഇതുവരെ ചൂണ്ടയിലുണ്ടായിരുന്നത്‌. ഇപ്പോഴിതാ ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം എന്ന പുല്ല്‌ ഇന്ത്യന്‍ കുതിരക്ക്‌ (അതോ കഴുതക്കോ) മുന്നില്‍ കെട്ടിയിട്ടിരിക്കുന്നു. ഈ പുല്ലിന്‌ വേണ്ടി ഏത്‌ വഴിയിലൂടെയും നടന്നോളുമെന്ന്‌ അമേരിക്കക്ക്‌ നന്നായറിയാം. രക്ഷാസമിതിയുടെ പരിഷ്‌കരണം ഏറെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്‌. വീറ്റോ അധികാരമുള്ള ചൈനയുടെ കൂടി സമ്മതം ആവശ്യമുള്ള പ്രക്രിയ. അതിര്‍ത്തിയെച്ചൊല്ലിയുള്ള തര്‍ക്കത്തിലുപരി, ഏഷ്യന്‍ മേഖലയില്‍ ഇന്ത്യക്ക്‌ കൈവരുന്ന പ്രാമുഖ്യത്തെ വെല്ലുവിളിയായി കാണുന്ന ചൈന, രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനുള്ള അപേക്ഷ അംഗീകരിച്ച്‌ നല്‍കുമെന്ന്‌ കരുതുക പ്രയാസം. അതുകൊണ്ടുതന്നെ തീര്‍ത്തും സുഭദ്രമായ ഒരു പ്രസ്‌താവന, 


`ഉടച്ചുവാര്‍ക്കപ്പെടുന്ന രക്ഷാസമിതിയില്‍ ഇന്ത്യ സ്ഥിരാംഗമായി ഇരിക്കുന്നത്‌ വരും വര്‍ഷങ്ങളിലുണ്ടാവുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു' എന്ന്‌, നടത്താന്‍ ഒബാമക്ക്‌ ഒട്ടും മടിക്കേണ്ട ആവശ്യമില്ല. ഇതിനുള്ള പ്രത്യുപകാരമോ ഇറാനടക്കം അമേരിക്ക ശത്രുപക്ഷത്ത്‌ നിര്‍ത്തുന്നവര്‍ക്കെല്ലാമെതിരെ ഇന്ത്യ നീങ്ങണം. രക്ഷാ സമിതി ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കുന്നുവെന്ന്‌ ഉറപ്പാക്കണം. അതൊരുപക്ഷേ, അമേരിക്ക ഏകപക്ഷീയമായി ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളുടെ നടപ്പാക്കലുമാകാം. പാര്‍ലിമെന്റിലെ പ്രസംഗത്തില്‍ ഇസ്‌ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ ഇറാന്റെ കാര്യം ഒബാമ പ്രത്യേകം പരാമര്‍ശിച്ചു. ഇറാന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചക്കും ഇന്ത്യ സന്നദ്ധമാകരുതെന്ന സന്ദേശം.
അഫ്‌ഗാനിസ്ഥാനില്‍ കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവും പുറത്തിറക്കിയിട്ടുണ്ട്‌. അമേരിക്കന്‍ താത്‌പര്യങ്ങള്‍ക്കനുസൃതമായ ഇത്തരം നിലപാടുകളിലേക്ക്‌ നീങ്ങുമ്പോള്‍, അമേരിക്കയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യസ്ഥാനമായി ഇന്ത്യ പ്രതിഷ്‌ഠിക്കപ്പെടുമെന്ന്‌ ഉറപ്പ്‌. വികസിച്ച്‌ വരാനിടയുള്ള ഈയൊരു കാലത്ത്‌ എന്തായിരിക്കും ഇന്ത്യയുടെ സ്ഥാനം? പാക്കിസ്ഥാന്റെതിന്‌ തുല്യമോ, അതോ അതിലും മോശമോ?