2011-06-23

'ധര്‍മ'ക്ഷേത്രേ കുരുക്ഷേത്രേ




ഇന്ദ്രപ്രസ്ഥത്തില്‍ ഒരു ചൂത് കളികൂടി കഴിഞ്ഞു. വ്യാസസൃഷ്ടിയായ മഹാഭാരതത്തിലേതെന്ന പോലെ അംഗബലമുള്ള കൗരവര്‍ ബുദ്ധിബലമുള്ള പാണ്ഡവരെ കൗശലം കൊണ്ട് കീഴ്‌പ്പെടുത്തി. ചൂതില്‍ തോറ്റവര്‍ക്ക് പുതിയ രാഷ്ട്രതന്ത്രത്തിന്റെ കാലത്ത് വനവാസ, അജ്ഞാതവാസ ശിക്ഷകളില്ല. അതുകൊണ്ട് തന്നെ തോറ്റിറങ്ങിയയുടന്‍ അവര്‍ ധാര്‍ത്തരാഷ്ട്രന്‍മാരുടെ കള്ളനീക്കങ്ങളെക്കുറിച്ച് അത്യുച്ചത്തില്‍ രോഷം കൊള്ളുന്നു. കള്ളത്തരം കാട്ടിയവരെ തകര്‍ക്കുമെന്ന പ്രഖ്യാപനത്തോടെ ധര്‍മപുത്രര്‍ അന്നം മുടക്കി സമരം ചെയ്യാന്‍ പോകുന്നു. സമരമാരംഭിക്കുന്നതിന് മുമ്പുള്ള അമ്പത്  ദിവസം അദ്ദേഹം എന്ത് ചെയ്യും. രാജ്യമെമ്പാടും സഞ്ചരിച്ച് സ്വന്തം അക്ഷൗഹിണിയിലേക്ക് ആളെക്കൂട്ടാന്‍ ശ്രമിക്കുമായിരിക്കും. ഈ ദിവസങ്ങളിലെല്ലാം രാഷ്ട്രതന്ത്രത്തിലെ കൗശലത്തിന്റെ സ്ഥാനത്തെക്കുറിച്ച് ദുര്യോധനാദി കൗരവര്‍ ഉറക്കെ വിളിച്ച് പറയും. ചൂതിലെ ജയം ഭരണത്തിന്റെതും അധികാരത്തിന്റെതുമായി പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കും. അതിന് സാമന്തരെ കൂട്ടുപിടിക്കും. വേണ്ടിവന്നാല്‍ ഇത്രനാളും എതിരാളികളായി കണ്ടിരുന്നവരുമായി ചങ്ങാത്തം സ്ഥാപിക്കും. 


കുരുക്ഷേത്ര ഭൂമിയില്‍ പിതാമഹനെയും ഗുരുവിനെയും ഭ്രാതാവിനെയും അര്‍ധ സഹോദരന്‍മാരെയും വധിച്ച് പാണ്ഡവര്‍ വിജയശ്രീലാളിതരായി ഇന്ദ്രപ്രസ്ഥത്തില്‍ പ്രവേശിക്കുന്നുവെന്നതാണ് മഹാഭാരത കഥ. നന്മയുടെ പക്ഷത്ത് പാണ്ഡവരായിരുന്നുവെന്ന് പൊതുവെ പറയും. നന്മയുടെ പക്ഷത്തായിരുന്നില്ലെങ്കില്‍ ഭഗവാന്‍ കൃഷ്ണന്‍ പാണ്ഡവപക്ഷത്തുണ്ടാകുമായിരുന്നില്ലല്ലോ! പക്ഷേ, ഏത് രാജ്യത്തിന് വേണ്ടിയായിരുന്നു കുരുക്കളും പാണ്ഡവരും യുദ്ധം ചെയ്തത്? അതിന്‍മേല്‍ അവര്‍ക്ക് എന്തവകാശമാണുണ്ടായിരുന്നത്? പാണ്ഡുവും ധൃതരാഷ്ട്രരും ഹസ്തിനപുരം ഭരിച്ചിരുന്നു. ഇവരുടെ മക്കളെന്ന നിലക്കാണ് രാജ്യാധികാരത്തില്‍ ഇരുകൂട്ടരും അവകാശം ഉന്നയിച്ചിരുന്നത്. കൗരവാദി നൂറ്റുവരും ദുശ്ശളയും പാണ്ഡവരും ധൃതരാഷ്ട്രരുടെയോ പാണ്ഡുവിന്റെയോ മക്കളായിരുന്നില്ല എന്നാണ് തുടക്കത്തിലെ കഥ. അപ്പോള്‍ പിന്നെ അവകാശവാദത്തിന്റെയും യുദ്ധത്തിന്റെയും പിടിച്ചെടുക്കലിന്റെയുമൊക്കെ അര്‍ഥമെന്തായിരുന്നു? ഈ അസംബന്ധത്തിന്റെ തുടര്‍ച്ച പലകുറി ആവര്‍ത്തിച്ചു. ഇപ്പോള്‍ ലോക്പാലിന്റെ പേരില്‍ ഒരുവട്ടം കൂടി.   


അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധികളും ലോക്പാലിന്റെ പേരില്‍ നടത്തിയ ആശയ സംവാദങ്ങള്‍ ഏറെക്കുറെ ചൂതാട്ടത്തിന്റെ മട്ടിലായിരുന്നു. സര്‍ക്കാറിനും നീതിന്യായ സംവിധാനത്തിനുമൊക്കെ മുകളില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന അധികാരകേന്ദ്രം ഉണ്ടാകണമെന്ന വാദത്തില്‍ ഉറച്ചു നിന്ന് അന്നാ ഹസാരെയും കൂട്ടരും കരുക്കള്‍ നീക്കി. പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ്, പാര്‍ലിമെന്റിനുള്ളിലെ എം പിമാരുടെ പ്രവര്‍ത്തനം, നീതിന്യായ വ്യവസ്ഥ തുടങ്ങി ചിലത് പുറത്ത് നിര്‍ത്തണമെന്ന് സര്‍ക്കാറും വാദിച്ചു. ലോക്പാലിനെ തീരുമാനിക്കാനുള്ള സമിതിയില്‍ സര്‍ക്കാറിന് മേധാവിത്വം വേണമെന്നും നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ അധികാരത്തിന്റെ തണലും നിയമം നിര്‍മിക്കാന്‍ വേണ്ട ഭൂരിപക്ഷവുമുള്ളതുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. 


നേരത്തെ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവെച്ച കരട് ബില്ലില്‍ പ്രധാനമന്ത്രിയെ ലോക്പാലിന് കീഴില്‍ കൊണ്ടുവരാന്‍ വ്യവസ്ഥ ചെയ്തിരുന്നു. പുതിയ കരടില്‍ അതുപോലുമില്ലെന്ന തിരിച്ചറിവില്‍ അഞ്ചംഗ സംഘം സത്യഗ്രഹ സമരത്തിന് തയ്യാറെടുക്കുന്നു. സത്യഗ്രഹത്തിന് പകരം കുരുക്ഷേത്ര യുദ്ധത്തിന് കൂടുതല്‍ തയ്യാറെടുക്കുകയാണ് വേണ്ടതെന്ന് അഭിപ്രായമുള്ളവരും കൂട്ടത്തിലുണ്ട്. വനവാസത്തിനോ അജ്ഞാതവാസത്തിനോ പോകുകയല്ല ഇപ്പോള്‍ തന്നെ ദുര്യോധനന്റെ ഊരുഭംഗം വരുത്തുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട ഭീമസേനനെപ്പോലുള്ളവര്‍. 


ഫലശൂന്യത എന്നത് തന്നെയാണ് ഈ ചൂതിന് ശേഷവും ഇനിയുണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനും ശേഷം സംഭവിക്കാന്‍ പോകുന്നത് എന്നത് കാണികളായ രാജ്യവാസികള്‍ക്ക് ഉറപ്പിക്കാം. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമാണ് ലോക്പാലിന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള എത്ര സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. മനുഷ്യാവകാശ കമ്മീഷനുകള്‍ക്കെല്ലാം ഈ സ്വഭാവമാണ്. എല്ലാ സംസ്ഥാനങ്ങളിലും വിവിധ വിഭാഗങ്ങള്‍ക്കായി ഇത്തരം അവകാശ കമ്മീഷനുകളുണ്ട്. എടുത്തു പറയാവുന്ന എന്ത് പ്രയോജനമാണ് ഇവ പ്രദാനം ചെയ്തത് എന്ന് ആലോചിക്കുന്നത് കൗതുകകരമായിരിക്കും. 


കേരളത്തില്‍ പഞ്ചായത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ അടുത്തിടെ പറഞ്ഞ പഴകിപ്പുളിച്ച കേസിന്റെ കാര്യമെടുക്കുക. സംസ്ഥാന വനിതാ കമ്മീഷന്‍ പലകുറി പരിഗണിച്ച കേസാണിത്. പ്രത്യേകിച്ച് എന്തെങ്കിലും ഇതുവരെ സംഭവിച്ചിട്ടില്ല. സ്ഥലനാമങ്ങളുടെ പേരുകളില്‍ പ്രസിദ്ധമായ മറ്റ് ലൈംഗിക കൈയേറ്റ കേസുകള്‍ എടുക്കുക. എല്ലാം സംസ്ഥാന വനിതാ കമ്മീഷന്‍ പരിഗണിച്ചതാണ്. ഏതെങ്കിലുമൊന്നില്‍ നീതി നടപ്പാക്കപ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ നമ്മുടെ കമ്മീഷന് സാധിച്ചോ? ഇത്തരം കമ്മീഷനുകളെല്ലാം വിവിധ കേസുകള്‍ പരിഗണിക്കവെ നിയമ, നീതിനിര്‍വഹണ സംവിധാനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സര്‍ക്കാറുകള്‍ക്ക് ശിപാര്‍ശകള്‍ നല്‍കുന്നുണ്ട്. ഇത്തരം നിര്‍ദേശങ്ങളില്‍ ഒരു ശതമാനമെങ്കിലും നടപ്പാക്കപ്പെടുന്നുണ്ടോ? 


ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്നില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ പരിതപിക്കുന്നത് അടുത്തിടെ കണ്ടു. അര്‍ധ ജുഡീഷ്യല്‍ സംവിധാനമെന്ന നിലയില്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്താനുള്ള അധികാരം കമ്മീഷനുണ്ട്. പക്ഷേ, കമ്മീഷനുകള്‍ അതിന് തുനിയാറില്ല. നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് തോന്നാറുമില്ല. ലോക്പാല്‍ ഇതുപോലെയാകില്ലെന്ന് പ്രതീക്ഷിക്കുക. 
നിയമത്തിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാറുദ്യോഗസ്ഥരുള്‍പ്പെടെ പൊതുസേവകര്‍ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കുമെന്നതാണ് കരട്  ബില്ലിലെ മറ്റൊരു വ്യവസ്ഥ. ലോക്പാല്‍ ആദ്യമായി മുന്നോട്ടുവെക്കപ്പെട്ട 1969കളിലാണെങ്കില്‍ ഇത്തരമൊരു വ്യവസ്ഥക്ക് സാംഗത്യമുണ്ടായേനേ. 


ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ഏതൊരാളും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നും അത് ഓരോ വര്‍ഷവും പുതുക്കണമെന്നും വ്യവസ്ഥ വെക്കാന്‍ ബുദ്ധിമുട്ടില്ല. അതിന് വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനമൊരുക്കാന്‍ പ്രയാസവുമില്ല. ഇത് ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തില്‍ പരസ്യപ്പെടുത്താനും സാധിക്കും. ഈ വ്യക്തി ഏതെങ്കിലും വിധത്തിലുള്ള സ്ഥാവര, ജംഗമ സ്വത്തുക്കള്‍ സമാഹരിക്കുമ്പോള്‍ അത് സ്വമേധയാ ഈ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുന്ന വിധത്തില്‍ വിവര ശൃംഖല രൂപപ്പെടുത്താനും ബുദ്ധിമുട്ടില്ല. സെന്‍ട്രി മുതല്‍ മന്ത്രി വരെയുള്ള ലക്ഷക്കണക്കായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ടോ എന്ന് എളുപ്പത്തില്‍ പരിശോധിച്ച് നിജപ്പെടുത്താനും സാധിക്കും. കൈക്കൂലിയായി വാങ്ങുന്ന പണം വീട്ടുവളപ്പില്‍ കുഴിച്ചിടാന്‍ തീരുമാനിക്കുന്ന തിരിമുറിഞ്ഞ കള്ളന്‍മാരുടെ കാര്യത്തില്‍ ഇതൊന്നും സാധിക്കില്ലെന്ന് സമ്മതിക്കുന്നു. യജുര്‍ മന്ദിരത്തില്‍ സായിബാബ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചത് പുറത്താരും അറിഞ്ഞിരുന്നില്ലല്ലോ ഇതുവരെ? അത് സ്വാഭാവികമായി പുറത്തുവരും. അതിന് കാത്തിരിക്കുകയേ നിര്‍വാഹമുണ്ടാകൂ. അന്നാ ഹസാരെയും കൂട്ടരും നിര്‍ദേശിക്കും വിധത്തില്‍ ലോക്പാലുണ്ടായാല്‍പ്പോലും ഇത്തരക്കാരെ കണ്ടെത്താന്‍ സാധിക്കില്ല. 


ലോക്പാലിന്റെ കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലീസിന്റെ അധികാരമുണ്ടാകുമെന്നതാണ് മറ്റൊരു വ്യവസ്ഥ. ഉത്തര്‍ പ്രദേശില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കിയെന്ന് ആരോപിക്കപ്പെടുന്നവരും കേരളത്തില്‍ കൊലക്കേസില്‍ അറസ്റ്റിലായയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരുമായ പോലീസുകാരുടെ കൂട്ടത്തില്‍ നിന്ന് തന്നെയാകില്ലേ അന്വേഷണ ഉദ്യോഗസ്ഥരെ നിശ്ചയിക്കുക? എല്ലാവരും അത്തരക്കാരാണെന്നല്ല, അത്തരക്കാര്‍ കൂടി ഉള്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് മാത്രം. പ്രോസിക്യൂഷന്‍ വിംഗുണ്ടാകും നിര്‍ദിഷ്ട ലോക്പാലിന് കീഴില്‍. പെണ്‍വാണിഭക്കേസില്‍ കൈക്കൂലി കൊടുത്ത് ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പോലീസ് ചോദ്യം ചെയ്തയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വക്കീലായി നിയമിച്ച രീതി ഈ പ്രോസിക്യൂഷന്‍ വിംഗിലുമുണ്ടാകില്ലെന്ന് ഉറപ്പാക്കാനാകുമോ? ഒരു ലോക്പാല്‍ കൊണ്ട് വൃത്തിയാക്കാവുന്ന തൊഴുത്തല്ല നമ്മുടെ മുന്നിലുള്ളത് എന്ന തിരിച്ചറിവ് അന്നാ ഹസാരെ പക്ഷത്തിന് നഷ്ടമായിരിക്കുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. തൊഴുത്തിന്റെ ഏതൊക്കെ ഭാഗങ്ങള്‍ ആളുകയറാത്തതായി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. 


മാറിയ കാലവും സാങ്കേതിക വിദ്യയുമൊക്കെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് രണ്ട് കൂട്ടര്‍ക്കും ചിന്തകളില്ല. നിയമങ്ങളില്ലാത്തതല്ല, അത് മറികടന്ന് പ്രവര്‍ത്തിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുകയും ഈ പ്രവര്‍ത്തനം വൈകാതെ മാഫിയയായി രൂപാന്തരപ്പെടുകയുമാണ് ചെയ്യുന്നത്. അതിന് മറുമരുന്നാകും ലോക്പാലെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ മൗഢ്യമെന്ന് മാത്രമേ കരുതാനാകൂ. മാലിന്യ നിര്‍മാര്‍ജനത്തിന് മുനിസിപ്പാലിറ്റിയോ കോര്‍പ്പറേഷനോ നടപടി സ്വീകരിക്കുന്നില്ല എന്ന് നിലവിളിക്കുന്ന നഗരവാസികളുടെ കാര്യമെടുക്കൂ. മാലിന്യം ഉത്പാദിപ്പിക്കുന്നവന് അത് സംസ്‌കരിക്കാനുള്ള ബാധ്യതയോ ഉത്തരവാദിത്വമോ ഇല്ല. അതിന് അവന്‍ ശ്രമിക്കേണ്ടതുപോലുമില്ല. കോര്‍പ്പറേഷനോ മുനിസിപ്പാലിറ്റിയോ അതിന് വഴിയൊരുക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് തന്നെയാണ് അഴിമതിയെന്ന ശൃംഖലയുടെയും സ്ഥിതി. പണം കൊടുത്ത് കാര്യം നേടാന്‍ സന്നദ്ധരായി നില്‍ക്കുന്നവര്‍ക്ക് അഴിമതി തടയുന്നതിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടതില്ലല്ലോ! 


സങ്കീര്‍ണമായ സാഹചര്യങ്ങളൊന്നും അറിയാതെയല്ല അന്നാ  ഹസാരെ പക്ഷവും സര്‍ക്കാറും ചൂതുകളിച്ചത്. ബഹുവിധ അഴിമതി ആരോപണങ്ങളില്‍ വലയുന്ന സര്‍ക്കാറിന് തങ്ങളെന്തെങ്കിലും ചെയ്തുവെന്ന് വരുത്തേണ്ടതുണ്ട്. അതിന് സഹായകമാകും ലോക്പാലെന്ന് അവര്‍ കരുതുന്നു. അന്നാ ഹസാരെയുടെ നിരാഹാര സമരത്തിന്റെ മറയത്ത് മറ്റ് ചിലരുണ്ട്. അവര്‍ക്ക് അധികാരത്തിലേക്ക് വഴിയൊരുങ്ങണമെങ്കില്‍ സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കണം. അവര്‍ നേരിട്ട് രംഗത്തുവരുന്നതിനേക്കാള്‍ ഫലപ്രദം പൊതുസ്വീകാര്യനെന്ന പ്രതിച്ഛായ സൃഷ്ടിച്ച് മറ്റൊരാളെ രംഗത്തിറക്കുകയാണ്. കാരണം ഇപ്പോഴുയര്‍ന്ന ചില ആരോപണങ്ങളുടെ പിന്‍കാലം അന്വേഷിച്ചാല്‍ ഈ മറയത്തു നില്‍ക്കുന്നവരും ഗുണഭോക്താക്കളായുണ്ടാകുമെന്ന് ഉറപ്പ്. മാത്രവുമല്ല, കോടികള്‍ കൈക്കൂലിയായി നല്‍കിയ ഇതേ കമ്പനികളില്‍ നിന്നാണ് ഇപ്പോഴും പിന്നീടും തങ്ങളുടെ സ്വന്തം ഖജാനയിലേക്ക് പണമൊഴുകേണ്ടത് എന്ന തിരിച്ചറിവുമുണ്ട്.


 സംഭവിക്കേണ്ടതെല്ലാം സംഭവിക്കും. കര്‍മം ചെയ്യുക എന്നത് മാത്രമാണ് ഓരോരുത്തരും ചെയ്യുന്നത്. ഒരു വ്യത്യാസം മാത്രം - ഫലം ഇച്ഛിക്കുന്നുണ്ട്. അവകാശപ്പെടാന്‍ അര്‍ഹതയില്ലാത്ത അധികാരമെന്ന ഫലം. കുരുക്ഷേത്രത്തിലേത് പോലെ.

2011-06-22

യശഃശരീരന്റെ ഇന്ദ്രജാലം


വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്ന് പൊതു ഖജനാവിലേക്ക് മുതല്‍ക്കൂട്ടണമെന്നായിരുന്നു ആവശ്യം. ഈ പ്രധാന ആവശ്യത്തില്‍ ഊന്നിയാണ് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ബാബ രാംദേവ് സത്യഗ്രഹ സമരം ആരംഭിച്ചത്. വയറിലെ തിരയിളക്കങ്ങള്‍ ആവര്‍ത്തിച്ച് കാണിച്ച് നമ്മുടെ വാര്‍ത്താ ചാനലുകള്‍ രാംദേവിന്റെ ശേഷികളെ ബോധ്യപ്പെടുത്തി നല്‍കാന്‍ ശ്രമിച്ചു. കാവി വേഷധാരിയായ യോഗാചാര്യന്റെ സമരത്തെ പരോക്ഷമായി പിന്തുണച്ചിരുന്ന ബി ജെ പിയും സംഘ്പരിവാറിലെ ഇതര അംഗങ്ങങ്ങളും പിന്നീട് പരസ്യമായി രംഗത്തുവന്നു. സത്യഗ്രഹം തത്കാലത്തേക്ക് അവസാനിപ്പിച്ചുവെങ്കിലും തന്റെ സമരം തുടരുമെന്നാണ് രാംദേവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാംലീല മൈതാനത്തു നിന്ന് രാംദേവിനെ പോലീസിനെ ഉപയോഗിച്ച് ഒഴിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഹരിദ്വാറില്‍ തുടര്‍ന്ന സമരത്തെ തിരിഞ്ഞുനോക്കിയതേയില്ല. അത് കൊണ്ടുകൂടിയാണ് സമരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായത് എന്നതാണ് വസ്തുത. രാംദേവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതും ഒരുപക്ഷേ വയറില്‍ വിദ്യയുള്ള സ്വാമിയെ ഒത്തുതീര്‍പ്പിന് പ്രേരിപ്പിച്ചുണ്ടാകണം. 


അനധികൃതമായി സമ്പാദിച്ചതോ നികുതി വെട്ടിച്ച് കടത്തിയതോ ആയ കോടിക്കണക്കിന് രൂപ ഇന്ത്യന്‍ പൗരന്‍മാര്‍ വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അത് രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരണമെന്നതിലും. ലീച്ച്‌റ്റെന്‍സ്റ്റീനെന്ന ചെറു ദ്വീപ് രാജ്യത്തെ ബേങ്കില്‍ കള്ളപ്പണം സൂക്ഷിച്ച ഏതാനും പേരുടെ വിവരങ്ങള്‍ ഇതിനിടെ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചു. ഇതില്‍ 18 പേരില്‍ നിന്ന് നികുതിയും പിഴയും ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എന്നാല്‍ കള്ളപ്പണക്കാരാരൊക്കെ എന്ന വിവരം പുറത്തുവിട്ടില്ല. പേരുകള്‍ പരസ്യമാക്കി മാനഹാനിയുണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടല്ല. വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുമെന്ന ന്യായം പറയാനുമുണ്ടായിരുന്നു. എത്ര മൂടിവെച്ചാലും ചില കാര്യങ്ങള്‍ പുറത്തുവരും. അതുകൊണ്ട് നികുതിയും പിഴയും അടക്കാന്‍ നോട്ടീസ് നല്‍കപ്പെട്ടയാളുകളുടെ വിവരങ്ങള്‍ പുറത്തുവന്നു. ഇനിയും വിവരങ്ങള്‍ പുറത്തുവന്നേക്കും. ഇതെല്ലാം മൂടിവെച്ച കാര്യങ്ങളാണ്. 


ഇതിന് സമാന്തരമായി മറ്റ് ചില കാര്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നു പോകുന്നുണ്ട്. അതേക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല. കാവി വേഷധാരിയായ രാംദേവോ, പിന്തുണ നല്‍കാന്‍ രാജ്ഘട്ടില്‍ സമൂഹനൃത്തം നടത്തിയ ബി ജെ പിയോ ആര്‍ഷഭാരത മൂല്യബോധത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന, അച്ചടക്കത്തിന്റെ പര്യായ ശബ്ദമെന്ന് അവകാശപ്പെടുന്ന ആര്‍ എസ് എസ്സോ ഇത് കണ്ട മട്ട് കാണിക്കില്ല. വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചവരെ സംരക്ഷിക്കുക എന്നത് സ്വന്തം ബാധ്യതയായി കണക്കാക്കുന്ന കോണ്‍ഗ്രസിനോ അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ക്കോ ഇതൊരു പ്രശ്‌നമായി തോന്നുകയുമില്ല. പറയുന്നത് സത്യസായി ബാബയെക്കുറിച്ചും അദ്ദേഹത്തിന്റെ യജുര്‍ മന്ദിരത്തില്‍ നിന്ന് കണ്ടെടുത്ത സ്വത്തുക്കളെക്കുറിച്ചും അവിടെ നിന്ന് കടത്തപ്പെടുന്ന കോടികളെക്കുറിച്ചുമാണ്. യജുര്‍ മന്ദിരത്തില്‍ നിന്ന് ലഭിച്ചതെല്ലാം സത്യസായി ബാബക്ക് സംഭാവനയായി ലഭിച്ചതാണെന്ന് കരുതാം. നേരിട്ട് വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ നടത്തിയിരുന്നില്ല എന്നതുകൊണ്ട് ആ വഴിക്ക് ധനസമ്പാദം സത്യസായി  ബാബക്ക് സാധിക്കില്ലല്ലോ. 


ബാബക്ക് സംഭാവനയായി ലഭിക്കുന്ന പണമാണ് സത്യസായിയുടെ പേരിലുള്ള വിവിധ ട്രസ്റ്റുകളുടെ മൂലധനമമെന്നും അതുപയോഗിച്ചാണ് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നത് എന്നുമാണ് ട്രസ്റ്റുകളുടെ ഭാരവാഹികള്‍ വിശദീകരിക്കുന്നത്. സത്യസായിക്ക് സംഭാവനയായി ലഭിക്കുന്നത് ട്രസ്റ്റുകളിലേക്ക് മുതല്‍ക്കൂട്ടുകയും അത് വിവിധ ജനക്ഷേമ പരിപാടികള്‍ക്കായി ചെലവഴിക്കുകയും ചെയ്യപ്പെടുന്നുവെന്നാണ് ഈ വിശദീകരണത്തിലൂടെ മനസ്സിലാകുക. അങ്ങനെയെങ്കില്‍ ഔദ്യോഗികമായി പുറത്തുവന്ന കണക്കുകളില്‍ പറയുന്ന 11.56 കോടി രൂപ ഈച്ചപോലും കടക്കാതെ കാത്തിരുന്ന യജുര്‍ മന്ദിരത്തിന്റെ ചുവരലമാരകളില്‍ ഈ ആള്‍ദൈവം അട്ടിയിട്ട് സൂക്ഷിച്ചത് എന്തിനാണ്? 98 കിലോ സ്വര്‍ണവും 317 കിലോ വെള്ളിയും രഹസ്യമായി സൂക്ഷിച്ചത് എന്തിനാണ്? ഇങ്ങനെ രഹസ്യമായി പണം സൂക്ഷിക്കുന്നത് നിയമവിധേയമാണോ? 


സത്യസായി ബാബക്ക് സംഭാവനമായി ലഭിക്കുന്ന പണത്തിന് ആദായ നികുതി ഒഴിവാക്കിക്കൊടുത്തിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. കണക്കിലേറെപ്പണം സൂക്ഷിച്ചിരിക്കുന്നുവെന്ന വ്യക്തമായ തെളിവ് ലഭിച്ചാല്‍ പോലും സത്യസായി ബാബ ജീവച്ചിരിക്കെ, പ്രശാന്തി നിലയത്തിലോ യജുര്‍ മന്ദിരത്തിലോ തിരച്ചില്‍ നടത്താന്‍ ഇന്ത്യാ മഹാരാജ്യത്തിലെ ഒരു ഏജന്‍സിയും തയ്യാറാകുമായിരുന്നില്ല. പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ വന്ന് നമ്രശിരസ്‌കരരായി നില്‍ക്കുന്ന സംവിധമായിരുന്നു അത്. ഇനിയൊരുപക്ഷേ, ബാബയെ സംസ്‌കരിച്ച സ്ഥലത്തുയരുന്ന സ്മാരകത്തിന് മുന്നില്‍പ്പോലും ഇവരെത്തി തൊഴുതു നില്‍ക്കും. ഇതൊക്കെ അറിയാമായിരുന്നിട്ടും ഇത്രമാത്രം സ്വത്ത് തീര്‍ത്തും രഹസ്യമായി സൂക്ഷിക്കാന്‍ ഈ ആള്‍ദൈവം നിശ്ചയിച്ചത് എന്തുകൊണ്ടായിരിക്കും? 


സംഭാവനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നത് കൊണ്ടാണ് അതിനെ നികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ ഇക്കാണായ പണവും സ്വര്‍ണവും വെള്ളിയും രത്‌നങ്ങളും വജ്രങ്ങളും യാതൊതു വിധ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വേണ്ടി ചെലവാക്കാന്‍ സത്യസായി ബാബ തയ്യാറായിരുന്നില്ല എന്ന് ഇപ്പോള്‍ വ്യക്തമാണ്. അതായത് ഒരിറ്റ് വിയര്‍പ്പ് പോലും വീഴ്ത്താതെ ലഭിച്ച വലിയ സമ്പത്ത് സംഭാവനയുടെ കണക്കില്‍പ്പോലും പെടുത്താതെ സൂക്ഷിച്ചിരുന്നു സായിബാബ.  ഇത് കള്ളപ്പണമല്ലാതെ മറ്റെന്താണ്? വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ച പണത്തിന് 18 പേരില്‍ നിന്ന് നികുതിയും പിഴയും ഈടാക്കിയതുപോലെ ഇവിടെയും നടപടി സ്വീകരിക്കുമോ കേന്ദ്ര സര്‍ക്കാറും അതിന് കീഴിലുള്ള ആദായ നികുതി വകുപ്പും! ആലംബഹീനര്‍ക്ക് അത്താണിയൊരുക്കാന്‍ വിനിയോഗിക്കുമെന്ന വിശ്വാസത്തില്‍ അനുയായികള്‍ നല്‍കിയ വലിയ സമ്പത്ത് അതിന് ചെലവഴിക്കാതെ സ്വന്തം അറയില്‍ ഒളിപ്പിച്ചുസൂക്ഷിച്ചത് വിശ്വാസവഞ്ചനയല്ലേ? വിശ്വാസവഞ്ചനക്ക് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമോ നമ്മുടെ ഭരണകൂടം? 


എവിടെ നിന്നാണ് ഇത്രയും ധനം യജുര്‍ മന്ദിരത്തിലേക്ക് എത്തിയത് എന്നതിന് എന്തെങ്കിലും രേഖകളുണ്ടോ എന്ന് പരിശോധിച്ച് ദാതാക്കളാരൊക്കെ എന്ന് പരസ്യപ്പെടുത്തുകയെങ്കിലും വേണം. ട്രസ്റ്റിലേക്ക് കൈമാറിയിരുന്നില്ല എന്നത് കൊണ്ടുതന്നെ ഈ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രശാന്തി നിലയത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് രശീത് ട്രസ്റ്റ് ഭാരവാഹികളെ ഏല്‍പ്പിക്കാനാണ് നമ്മുടെ അധികാരികള്‍ തീരുമാനിച്ചത്. ഇതിലൊന്നും ബാബ രാംദേവിനോ ബി ജെ പിക്കോ പ്രയാസം തോന്നാന്‍ ഇടയില്ല. സായിബാബയുടെ 'സമ്പാദ്യ'മായി മാത്രമേ അവരൊക്കെ ഇതിനെ കാണാന്‍ ഇടയുള്ളൂ. യജുര്‍ മന്ദിരത്തില്‍ നിന്ന് കണ്ടെടുത്തതിന് പിറകെ പുട്ടപര്‍ത്തിയില്‍ നിന്ന് കോടികള്‍ പുറത്തേക്ക് ഒഴുകുന്നുവെന്നാണ് തുടര്‍ന്നുള്ള വാര്‍ത്തകള്‍. എവിടെ നിന്നാണ് ഈ കോടികള്‍? എവിടേക്കാണ് ഇതൊക്കെ കൊണ്ടുപോകുന്നത്? ആര്‍ക്കും ചോദ്യങ്ങളില്ല, ആര്‍ക്കും ഉത്തരങ്ങള്‍ ആവശ്യവുമില്ല. സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച പി എന്‍ ഭവഗതിയെപ്പോലുള്ളവരുടെ മേല്‍നോട്ടമുള്ളപ്പോഴാണ് ഇത്തരം കള്ള ഇടപാടുകള്‍ നടക്കുന്നത് എന്നത് സംഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. കാറില്‍ കടത്തിയ 35.5 ലക്ഷവും ബസ്സില്‍ കടത്തിയ അഞ്ച് കോടി രൂപയും മാത്രമേ പിടിക്കപ്പെട്ടിട്ടുള്ളൂ. ഇതിലുമെത്രയധികം ഇവിടെ നിന്ന് കടത്തിക്കൊണ്ട് പോയിട്ടുണ്ടാകും. പണം മാത്രമാകുമോ കടത്തിയിട്ടുണ്ടാകുക? 


പുട്ടപര്‍ത്തിയിലും രാജ്യത്തെ ഇതര ഭാഗങ്ങളിലും ഭൂമി ഇടപാടുകള്‍ ധാരാളം നടത്തിയിട്ടുണ്ട് സത്യസായി ട്രസ്റ്റ്. അയ്യായിരം കോടിയിലേറെ രൂപയുടെ ഭൂമി പുട്ടപര്‍ത്തിയുടെ പരിസരത്ത് ഉണ്ടെന്ന് സത്യസായി ബാബ ഏതാനും വര്‍ഷം മുമ്പ് പറഞ്ഞതായി അടുത്ത ഒരു അനുയായി വെളിപ്പെടുത്തിയിരുന്നു. ബാബയുടെ പേരില്‍, അല്ലെങ്കില്‍ അറിവോടെ ബിനാമിയായി നടത്തിയ ഭൂമി ഇടപാടുകള്‍ എത്രയുണ്ടാകും? ബാബ മരിച്ച് രണ്ട് മാസത്തോളമായിട്ടും യജുര്‍ മന്ദിരം തുറക്കാത്തത് ദുരൂഹമാണെന്ന തോതില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ യജുര്‍ മന്ദിരത്തിനകത്ത് എന്താണുള്ളത് എന്നത് കൗതുകത്തോടെ വലിയൊരു വിഭാഗം ശ്രദ്ധിച്ചിരുന്നു, ചുരുങ്ങിയത് സത്യസായിയുടെ അനുയായികളെങ്കിലും. ഇത്തരത്തില്‍ വിവിധ കോണുകളില്‍ നിന്ന് സൂക്ഷ്മമായി വീക്ഷിക്കപ്പെടുന്നതിനിടെയാണ് ലക്ഷങ്ങളും കോടികളും കടത്തിക്കൊണ്ടുപോയത്/പോകാന്‍ ശ്രമമുണ്ടായത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരമൊരു അവസ്ഥയില്‍ പണം കടത്താന്‍ ശ്രമിച്ചവര്‍ ഇതിലും വലിയ സൗകര്യം ലഭിച്ചിരുന്ന കാലത്ത് എത്രത്തോളം കടത്തിയിട്ടുണ്ടാകും.! 


സായിബാബയുടെ സമ്പത്തിന്റെയോ സംഭാവനയായി ലഭിച്ച പണത്തിന്റെയോ വിനിയോഗത്തെക്കുറിച്ചല്ല, മറിച്ച് നടക്കുന്ന പകല്‍ക്കൊള്ളയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രസക്തമാകുന്നത്. അതിന് നമ്മുടെ സര്‍ക്കാറുകള്‍ നടപടിയെടുക്കുമോയെന്നതും. 'മാധവ സേവ മാനവ' സേവയെന്ന് ഉദ്‌ഘോഷിച്ചും വായുവില്‍ നിന്ന് ഭസ്മവും ആഭരണവുമെടുക്കുന്ന ഇന്ദ്രജാലത്തിലൂടെ ആളുകളെ അമ്പരിപ്പിച്ചും വലിയ അനുയായിവൃന്ദത്തെ സൃഷ്ടിച്ചെടുത്ത സത്യസായിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്നവരുടെ മനസ്സില്‍പ്പോലും പ്രകാശം പരത്താന്‍ സാധിച്ചില്ല എന്നത് കൂടി വ്യക്തമാകുകയാണ് ഇതിലൂടെ. 


സത്യസായിക്ക് അതൊന്നും ലക്ഷ്യമേ ആയിരുന്നില്ലെന്ന് യജുര്‍ മന്ദിരത്തില്‍ നിന്ന് കണ്ടെടുത്ത ഇതര വസ്തുക്കള്‍ സാക്ഷ്യം പറയും. ആള്‍ദൈവം സ്വന്തം ശരീരത്തില്‍ നിന്ന് വിവിധ തരത്തിലുള്ള സുഗന്ധം വമിക്കണമെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു. അലമാരകളില്‍ ലോകോത്തരമായ സുഗന്ധ ദ്രവ്യങ്ങള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിച്ചത് അതുകൊണ്ടാണല്ലോ. മുടിയുടെ സൗന്ദര്യത്തിലും ബദ്ധശ്രദ്ധനായിരുന്നു ആള്‍ദൈവം. ഹെയര്‍ സ്‌പ്രേകളുടെ ശേഖരം സാക്ഷി. സ്വര്‍ണം കെട്ടിച്ച വെള്ളിക്കട്ടിലിലുറങ്ങി, സ്വര്‍ണത്താമ്പാളങ്ങളില്‍ ഉണ്ട്, രത്‌നഖജിതമായ സ്വര്‍ണക്കുമ്പിളില്‍ നിന്ന് വെള്ളം കുടിച്ച് ജീവിക്കുകയും പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നുവെന്ന ധാരണ ജനിപ്പിക്കുകയും ചെയത വൈരുധ്യാത്മക ആത്മീയവാദിക്ക്, ഉചിതരായ ശിഷ്യരെ ലഭിച്ചുവെന്ന് പരലോകത്തിരുന്ന് അഭിമാനിക്കാം. വ്യാജ പ്രതിച്ഛായയില്‍ മയങ്ങി ഭജനകള്‍ ആലപിക്കുന്നവര്‍ക്ക് അത് തുടരുകയും ചെയ്യാം. എന്തെന്നാല്‍ കള്ളപ്പണത്തെക്കുറിച്ചോ, കള്ളക്കടത്തിനെക്കുറിച്ചോ ആരും കൂടുതല്‍ അന്വേഷിക്കില്ല. ചക്കരക്കുടത്തില്‍ കൈയിടാന്‍ അവസരം ലഭിക്കാതെ നിരാശരായ ചില ട്രസ്റ്റ് അംഗങ്ങളോ പ്രശാന്തി നിലയം ഭാരവാഹികളോ ചോര്‍ത്തിക്കൊടുത്ത വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പോലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് കൂടി അവസരം കൊടുത്ത് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായ ട്രസ്റ്റ് അംഗങ്ങള്‍ കാര്യങ്ങള്‍ ഭംഗിയാക്കും. കാരണം അവര്‍ക്ക് മുന്നില്‍ പ്രശാന്തി നിലയത്തിലുയരുന്ന സ്മാരകം പൊന്‍മുട്ടയിടുന്ന താറാവായിട്ടുണ്ട്.

2011-06-18

വാതകത്തില്‍ അലിഞ്ഞ കോടികള്‍



ഒരു കുടം കൂടി തുറക്കാന്‍ പോകുകയാണ്‌. അതില്‍ നിന്ന്‌ പുറത്തുവരുന്ന അഴിമതി ഭൂതം ഡോ. മന്‍മോഹന്‍ സിംഗ്‌ നേതൃത്വം നല്‍കുന്ന രണ്ടാം യു പി എ സര്‍ക്കാറിനൊപ്പം നമ്മുടെ നീതിന്യായ സംവിധാനത്തെക്കൂടി പിടിച്ചുലച്ചേക്കും. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന ബഹുമതി ഇപ്പോള്‍ കരസ്ഥമായിരിക്കുന്നത്‌ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്‌ട്രം അനുവദിച്ചതിന്റെ ഭാഗമായി നടന്ന ഇടപാടിനാണ്‌. അതിലേക്ക്‌ പുതിയ ഏടുകള്‍ ചേര്‍ക്കപ്പെടുന്നുമുണ്ട്‌. എന്നാല്‍ പ്രകൃതിവാതക ഖനനത്തിന്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ അനുവാദം നല്‍കിയതും പിന്നീട്‌ വാതകത്തിന്റെ വില നിശ്ചയിച്ചതുമായ ഇടപാടുകള്‍ പരിശോധിക്കപ്പെടുകയാണെങ്കില്‍ അഴിമതിപ്പട്ടം ടെലികോം ഇടപാടിന്‌ നഷ്‌ടമാകുമെന്നാണ്‌ സൂചനകള്‍. പ്രകൃതി വാതക ഖനനം നടത്തുന്നതിന്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ അനുവാദം നല്‍കിയത്‌ സംബന്ധിച്ച്‌ പരിശോധന നടത്തിയ ശേഷം കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പ്രാഥമിക റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ കൈമാറിയിട്ടുണ്ട്‌. ഇതിന്‍മേല്‍ സര്‍ക്കാറിനുള്ള വിശദീകരണം കേട്ടതിനു ശേഷം അന്തിമ റിപ്പോര്‍ട്ട്‌ തയ്യാറാക്കും. അതോടെ മാത്രമേ ഈ ഇടപാടിലെ അഴിമതിയെക്കുറിച്ചും പൊതുഖജനാവിനുണ്ടായ നഷ്‌ടത്തെക്കുറിച്ചും വ്യക്തമായ രൂപം ലഭിക്കുകയുള്ളൂ. പ്രാഥമിക റിപ്പോര്‍ട്ട്‌ ഒന്നുറപ്പിക്കുന്നു, ആശാസ്യമല്ലാത്തത്‌ ചിലത്‌ നടന്നുവെന്ന്‌. 

കൃഷ്‌ണ - ഗോദാവരി ബേസിനിലെ ഡി ആറ്‌ ബ്ലോക്കില്‍ എണ്ണ ഖനനം നടത്തുന്നതിനുള്ള കരാര്‍ നേടിയത്‌ മുകേഷ്‌ അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡാണ്‌. ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി ആദ്യമുണ്ടാക്കിയ കരാറില്‍ മൂലധന ചെലവായി കാണിച്ചത്‌ 240 കോടി ഡോളറായിരുന്നു. ഇത്‌ പിന്നീട്‌ 850 കോടി ഡോളറായി പുതുക്കി നിശ്ചയിച്ചു. ഇങ്ങനെ ചെലവ്‌ പെരുപ്പിച്ച്‌ കാട്ടിയതു മൂലം പൊതു ഖജനാവിന്‌ കോടികളുടെ നഷ്‌ടമുണ്ടായെന്നാണ്‌ സി എ ജി പറയുന്നത്‌. ഇങ്ങനെ നഷ്‌ടമുണ്ടാക്കും വിധത്തില്‍ ഉത്‌പന്ന പങ്കിടല്‍ കരാറു (പ്രൊഡക്‌ഷന്‍ ഷെയറിംഗ്‌ എഗ്രിമെന്റ്‌ - പി എസ്‌ എ) ണ്ടാക്കിയതില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നതാണ്‌ ഇനി അറിയേണ്ടത്‌. പി എസ്‌ എയാണ്‌ ഇതില്‍ പ്രധാനം. എണ്ണ, പ്രകൃതി വാതക നിക്ഷേപം ഉണ്ടോ ഇല്ലയോ എന്ന്‌ കണ്ടെത്താനും ഉണ്ടെങ്കില്‍ ഉത്‌പാദനം ആരംഭിക്കുന്നതിനും വേണ്ട നിക്ഷേപം വലുതാണ്‌. ഈ തുക നിക്ഷേപിക്കാനുള്ള ചുമതല സ്വകാര്യ കമ്പനിക്കാണ്‌. ഇങ്ങനെ നിക്ഷേപിക്കുന്ന തുക തിരിച്ചെടുക്കുന്നതിന്‌ ഉത്‌പന്നത്തില്‍ ഒരു ഭാഗം കമ്പനിക്ക്‌ ഉപയോഗിക്കാം. വിറ്റുവരവ്‌ അവരുടെത്‌ മാത്രം. ബാക്കി ഭാഗം വിറ്റു കിട്ടുന്നതിന്റെ നിശ്ചിത ശതമാനം കമ്പനിക്കാണ്‌. ബാക്കി പൊതു ഖജനാവിനും. 80 ശതമാനം പൊതു ഖജനാവിനും 20 ശതമാനം കമ്പനിക്കുമെന്നതാണ്‌ സാധാരണ പിന്തുടരുന്ന പങ്കിടല്‍ മാതൃക. ഇതാണ്‌ പി എസ്‌ എ കൊണ്ടുദ്ദേശിക്കുന്നത്‌. 



ഇവിടെ നിക്ഷേപത്തുക പെരുപ്പിച്ചുകാട്ടാന്‍ റിലയന്‍സിന്‌ അവസരമൊരുക്കുമ്പോള്‍ അതിന്‌ ആനുപാതികമായ പ്രകൃതി വിഭവം അവര്‍ക്ക്‌ സൗജന്യമായി ലഭിക്കുകയാണ്‌. അത്‌ വിറ്റഴിച്ച്‌ റിലയന്‍സ്‌ ലാഭമുണ്ടാക്കും. മുകേഷ്‌ അംബാനി പുതിയ കൊട്ടാരങ്ങള്‍ കെട്ടി ഉയര്‍ത്തുകയും ചെയ്യും. സി എ ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്‌ വരുന്നതിന്‌ ഏറെക്കാലം മുമ്പ്‌ തന്നെ ചെലവ്‌ പെരുപ്പിച്ച്‌ കാണിച്ചുവെന്ന വിവരം കേന്ദ്ര എണ്ണ മന്ത്രാലയത്തിനും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ഓഫീസിനും അറിയാമായിരുന്നു. ആദ്യ ഘട്ടത്തില്‍ 40 യൂനിറ്റ്‌ വാതകത്തിന്റെ ഉത്‌പാദനത്തിന്‌ 240 കോടി ഡോളര്‍ ചെലവ്‌ വരുമെന്ന്‌ അറിയിച്ച റിലയന്‍സ്‌, രണ്ടാം ഘട്ടത്തില്‍ 80 യൂനിറ്റ്‌ ഉത്‌പാദനത്തിന്‌ ചെലവായി കാണിച്ചത്‌ 850 കോടി ഡോളറാണ്‌. ഉത്‌പാദനം ഇരട്ടിക്കുമ്പോള്‍ ചെലവ്‌ നാലിരട്ടിയാകുന്നതിലെ പൊരുത്തക്കേട്‌ ചൂണ്ടിക്കാണിച്ച്‌ ലോക്‌സഭാംഗമായ തപന്‍ സെന്‍ 2006ലും 2007ലും പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയോ സര്‍ക്കാറോ ഇടപെടാന്‍ തയ്യാറാകാതെ മാറി നിന്നു. മുകേഷ്‌ അംബാനിക്കുണ്ടാകുന്ന ലാഭം ഇല്ലാതാക്കേണ്ട കാര്യം അവര്‍ക്കുണ്ടായിരുന്നില്ല എന്ന്‌ അനുമാനിക്കേണ്ടിവരും. അംബാനിയുടെ ലാഭത്തിലൊരു ഭാഗം തങ്ങള്‍ക്ക്‌ ലഭിക്കുമെന്ന്‌ ഉറപ്പുള്ളതുകൊണ്ടുമാകാം മാറി നിന്നത്‌. അവസരം മുതലെടുക്കാന്‍ മുകേഷ്‌ അംബാനി ഒട്ടും മടിച്ചതുമില്ല. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ മുപ്പത്‌ ശതമാനം ഓഹരി 760 കോടി ഡോളറിന്‌ ബ്രിട്ടീഷ്‌ പെട്രോളിയത്തിന്‌ വിറ്റു. കെ ജെ ബേസിനില്‍ ഇടപെടാന്‍ ബ്രിട്ടീഷ്‌ പെട്രോളിയത്തിന്‌ വഴിയൊരുങ്ങുകയും ചെയ്‌തു. റിലയന്‍സുമായി മാത്രമല്ല, കെയിന്‍ എനര്‍ജി തുടങ്ങിയ കമ്പനികളുമായും ഇതേ പി എസ്‌ എയാണ്‌ ഉണ്ടാക്കിയത്‌. ഖജനാവിനുണ്ടായ നഷ്‌ടം സി എ ജി കണക്ക്‌ കൂട്ടിക്കഴിയുമ്പോള്‍ ഇത്രയധികം പൂജ്യങ്ങള്‍ താന്‍ ജീവിതത്തിലിന്നോളം കണ്ടിട്ടില്ലെന്ന്‌ സ്‌പെക്‌ട്രം കേസില്‍ പറഞ്ഞ സുപ്രീം കോടതി ജഡ്‌ജിക്ക്‌ പുതിയ ആശ്ചര്യത്തിന്‌ വക കിട്ടിയേക്കും.

റിലയന്‍സ്‌ കേസില്‍ അഴിമതിയുടെ ഒരു ഘട്ടം മാത്രമേയാകുന്നുള്ളൂ പി എസ്‌ എ. രണ്ടാം ഘട്ടം പ്രകൃതി വാതകത്തിന്റെ വില നിശ്ചയിച്ചതിലാണ്‌. ഒരു മില്യന്‍(പത്ത്‌ ലക്ഷം) ബ്രിട്ടീഷ്‌ തെര്‍മല്‍ യൂനിറ്റ്‌ (എം ബി ടി യു) വാതകത്തിന്‌ 2.34 ഡോളറാണ്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ആദ്യം നിശ്ചയിച്ച വില. ഇത്രയും വാതകത്തിന്റെ ഉത്‌പാദനച്ചെലവ്‌ 1.43 ഡോളറാണെന്ന്‌ വ്യക്തമാക്കിയാണ്‌ വില പ്രഖ്യാപിച്ചത്‌. ഇതനുസരിച്ച്‌ വാതകം വാങ്ങാന്‍ മുകേഷിന്റെ സഹോദരന്‍ അനിലിന്റെ ഉടസ്ഥതയിലുള്ള റിലയന്‍സ്‌ കമ്പനിയും നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും (എന്‍ ടി പി സി) റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസുമായി കരാറുണ്ടാക്കി. ഈ വിലക്ക്‌ വില്‍ക്കുമ്പോള്‍ പോലും അമ്പത്‌ ശതമാനം ലാഭമുറപ്പായിരുന്നു. അധികം വൈകാതെ കരാറില്‍ പാകപ്പിഴകളുണ്ടെന്നും കൂടുതല്‍ വില നല്‍കണമെന്നും മുകേഷ്‌ അംബാനി ഗ്രൂപ്പ്‌ ആവശ്യപ്പെട്ടു. 


ഇത്‌ സംബന്ധിച്ച തര്‍ക്കം നടക്കുന്നതിനിടെ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭാ സമിതി ഒരു മില്യന്‍ ബ്രിട്ടീഷ്‌ തെര്‍മല്‍ യൂനിറ്റ്‌ വാതകത്തിനുള്ള വില 4.2 ഡോളറായി നിശ്ചയിച്ച്‌ നല്‍കി. എന്തിനാണ്‌ ഇത്രയും ഉയര്‍ന്ന വില നിശ്ചയിച്ച്‌ നല്‍കിയത്‌ എന്ന്‌ ചോദിക്കരുത്‌. നേരത്തെയുണ്ടാക്കിയ കരാറില്‍ പറയുന്ന വിലക്ക്‌ വാതകം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ അനില്‍ അംബാനി ഗ്രൂപ്പ്‌ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചു. ഇത്‌ ചോദ്യം ചെയ്‌ത്‌ മുകേഷ്‌ അംബാനി സുപ്രീം കോടതിയെ സമീപിച്ചു. പ്രകൃതി വാതകം പ്രകൃതി വിഭവമാണെന്നും രാജ്യത്തിന്റെ പൊതുസ്വത്തായ ഈ വിഭവത്തിന്റെ വില നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ അധികാരമുണ്ടെന്നുമായിരുന്നു അന്ന്‌ ചീഫ്‌ ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി ബഞ്ച്‌ വിധിച്ചത്‌. മുകേഷ്‌ അംബാനി ഗ്രൂപ്പ്‌, അവര്‍ തന്നെ പറയുന്നത്‌ പ്രകാരം, 1.43 ഡോളര്‍ ചെലവഴിച്ച്‌ ഉത്‌പാദിപ്പിക്കുന്ന ഒരു എം ബി ടി യു വാതകത്തിന്‌ 4.2 ഡോളര്‍ വില ലഭിക്കണമെന്ന വാശി കേന്ദ്ര സര്‍ക്കാറിനുണ്ടായി. ഇതേ വാശി സുപ്രീം കോടതിക്കും. അനില്‍ അംബാനി ഗ്രൂപ്പ്‌ ഉയര്‍ന്ന വിലക്ക്‌ വാതകം വാങ്ങി താപ വൈദ്യുതി നിലയങ്ങളിലും മറ്റും ഉപയോഗിക്കും. ഈ വൈദ്യുതി സര്‍ക്കാര്‍ വാങ്ങി ജനങ്ങള്‍ക്ക്‌ നല്‍കും. ഇന്ധന വിലക്കനുസരിച്ച്‌ വൈദ്യുതി വില അനില്‍ അംബാനി കൂട്ടും. അതിനനുസരിച്ച്‌ ജനങ്ങളില്‍ നിന്ന്‌ സര്‍ക്കാര്‍ പിരിക്കും. ഫലത്തില്‍ ഈ ഇടപാടിന്റെ ബാധ്യതയും ജനങ്ങളുടെ തലയിലാണ്‌ വരുന്നത്‌. നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ കൂടിയ വിലക്ക്‌ വാതകം വാങ്ങുമ്പോഴും ബാധ്യത ജനങ്ങള്‍ക്കാണ്‌.

സുപ്രീം കോടതിയുടെ ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തു നിന്ന്‌ വിരമിക്കാന്‍ ഏതാനും ദിവസം മാത്രം ശേഷിക്കെയാണ്‌ ഈ കേസില്‍ വിധി പറയാന്‍ കെ ജി ബാലകൃഷ്‌ണന്‍ തീരുമാനിച്ചത്‌. രാജ്യത്തെ പ്രമുഖ വ്യവസായികളായ സഹോദരന്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പ്രഖ്യാപിച്ച്‌ ചരിത്രത്തില്‍ ഇടം നേടാനായിരുന്നു കെ ജി ബാലകൃഷ്‌ണന്റെ ഉദ്ദേശ്യമെന്ന്‌ വിശ്വസിക്കുക പ്രയാസമാണ്‌. അതിനപ്പുറത്ത്‌ കാരണങ്ങളുണ്ടാകണം ഈ തിടുക്കത്തിന്‌. കേന്ദ്ര സര്‍ക്കാറിന്‌ വില നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന്‌ മാത്രമാണ്‌ വിധി. അതുകൊണ്ട്‌ പ്രത്യക്ഷത്തില്‍ വിധിയില്‍ അപാകം കാണാനാകുകയുമില്ല. കോടികളുടെ ലാഭം മുകേഷിന്‌ ഉണ്ടാകുമെന്ന്‌ ജഡ്‌ജിമാര്‍ക്ക്‌ അറിയാമായിരുന്നുവെന്ന വസ്‌തുത കാണാതിരുന്നുകൂടാ. കൂടിയ വിലക്ക്‌ പ്രകൃതി വാതകം വില്‍ക്കാന്‍ അനുവാദം ലഭിച്ചതിന്‌ ശേഷമാണ്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ മുപ്പത്‌ ശതമാനം ഓഹരി ബ്രിട്ടീഷ്‌ പെട്രോളിയത്തിന്‌ മുകേഷ്‌ അംബാനി വിറ്റത്‌. കൂടിയ വിലക്ക്‌ വില്‍ക്കാനുള്ള അനുവാദം ലഭിച്ചില്ലായിരുന്നുവെങ്കില്‍ 30 ശതമാനം ഓഹരിക്ക്‌ 760 കോടി ഡോളര്‍ നല്‍കാന്‍ ബ്രിട്ടീഷ്‌ പെട്രോളിയം തയ്യാറാകുമായിരുന്നില്ല. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ ഓഹരി വില കൂട്ടുക എന്ന ഉദ്ദേശ്യം കൂടി കേന്ദ്ര സര്‍ക്കാറിനും സുപ്രീം കോടതിക്കുമുണ്ടായിരുന്നോ എന്ന്‌ സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.

ചുരുക്കത്തില്‍ ബഹുമുഖമായ അഴിമതിയുടെ അഗ്രം മാത്രമാണ്‌ സി എ ജിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലൂടെ ഇപ്പോള്‍ കാണുന്നത്‌. ടെലികോം അഴിമതിയില്‍ അന്വേഷണം കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചുവെന്ന്‌ കരുതപ്പെടുന്ന നീതിന്യായ വ്യവസ്ഥയെ ഈ ഇടപാടില്‍ എവിടെ നിര്‍ത്തും? ചെലവ്‌ പെരുപ്പിച്ചു കാണിക്കുകയാണെന്ന്‌ ചൂണ്ടിക്കാണിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌ത കത്തുകള്‍ മുന്നിലുണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുകയും പ്രകൃതിവാതകത്തിന്റെ വില കൂട്ടി നല്‍കി ലാഭം വീണ്ടും ഇരട്ടിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്‌ത മന്‍മോഹന്‍ സിംഗിനെയും കൂട്ടരെയും എവിടെ നിര്‍ത്തും? ഒന്നാം യു പി എ സര്‍ക്കാറിന്റെ പകുതിയില്‍ തുടങ്ങി രണ്ടാം യു പി എ സര്‍ക്കാറില്‍ അടുത്തകാലം വരെ എണ്ണ മന്ത്രാലയത്തിന്റെ ചുമതല വഹിച്ച മുരളി ദേവ്‌റക്ക്‌ മുകേഷ്‌ അംബാനിയുമായി അടുത്ത ബന്ധമുണ്ടെന്നത്‌ പകല്‍ പോലുള്ള രഹസ്യമാണ്‌. കോണ്‍ഗ്രസിന്റെ ഫണ്ട്‌ ശേഖരണത്തില്‍ ദേവ്‌റ വഹിച്ച പങ്ക്‌ ഏത്‌ എ ഐ സി സി ഭാരവാഹിയോട്‌ ചോദിച്ചാലും പറഞ്ഞുതരികയും ചെയ്യും. അതുകൊണ്ട്‌ തന്നെ ഒരു രാജയുടെയോ കനിമൊഴിയുടെയോ ഏതാനും സ്വകാര്യ കമ്പനി മുതലാളിമാരുടെയോ ചുമലില്‍ ടെലികോം അഴിമതി കെട്ടിവെച്ചതുപോലെ കാര്യങ്ങള്‍ നടന്നുകൊള്ളണമെന്നില്ല. സി എ ജിയുടെ അന്തിമ റിപ്പോര്‍ട്ട്‌ വരുന്നതിന്‌ മുമ്പ്‌ തന്നെ പ്രതിരോധമൊരുക്കേണ്ടിയിരിക്കുന്നു.

2011-06-16

ഹായ്‌, കാട്ടുപന്നിയെ വെടിവെക്കാം



സര്‍ക്കാര്‍ എന്നത്‌ തുടരുന്ന സംവിധാനമാണ്‌. നിയമസഭയില്‍ ഏത്‌ പാര്‍ട്ടിക്ക്‌/മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിച്ചാലും ആരൊക്കെ മന്ത്രിമാരായാലും ഭരണയന്ത്രത്തിന്‌ മാറ്റങ്ങളുണ്ടാകില്ല. ഭരണയന്ത്രം ഉപയോഗപ്പെടുത്തി പാര്‍ട്ടി/മുന്നണി അല്ലെങ്കില്‍ അതിന്റെ നേതാക്കള്‍ നടപ്പാക്കുന്ന കാര്യപരിപാടികള്‍ക്ക്‌ മാത്രമാണ്‌ മാറ്റമുണ്ടാകുക. നയനിലപാടുകളില്‍ പാര്‍ട്ടികള്‍ക്ക്‌/മുന്നണികള്‍ക്ക്‌ മാറ്റമുണ്ടെങ്കില്‍ മാത്രമേ ഭരണയന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടാകുകയുള്ളൂ. കേരളത്തെ സംബന്ധിച്ച്‌ അധികാരമാറ്റം എന്നത്‌ ഭരണനടപടിക്രമങ്ങളിലെ മാറ്റമായി അനുഭവ വേദ്യമാകാറുണ്ടോ എന്നത്‌ സംശയമാണ്‌. സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തി വിവിധ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാറുണ്ട്‌ ഇടത്‌ മുന്നണി. യു ഡി എഫ്‌ അധികാരത്തില്‍ വരുമ്പോള്‍ ഈ മേഖലയില്‍ കാര്യമായി ശ്രദ്ധിച്ച്‌ കാണാറില്ല. ഇനി പെന്‍ഷന്‍ തുക കൂട്ടാന്‍ തീരുമാനിച്ചാല്‍ തന്നെ അത്‌ കുടിശ്ശിക വരുത്താതെ വിതരണം ചെയ്യാന്‍ മിനക്കെടില്ല. യു ഡി എഫ്‌ അധികാരത്തില്‍ വന്നാല്‍ പൊതു ക്രയവിക്രയങ്ങള്‍ വര്‍ധിക്കുമെന്നും അത്‌ പൊതുവിലൊരു സമ്പന്നതക്ക്‌ വഴിവെക്കുമെന്നുമുള്ള വിശ്വാസം കാലങ്ങളായി നിലവിലുണ്ട്‌. കള്ളപ്പണമൊഴുക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ്‌ ഇത്തരത്തില്‍ പൊതു ക്രയവിക്രയം വര്‍ധിക്കാന്‍ കാരണമെന്ന ആക്ഷേപവും സാധാരണമാണ്‌. അഴിമതിയുടെ തോത്‌ വര്‍ധിക്കുന്നുവെന്നതും യു ഡി എഫ്‌ ഭരണകാലത്തെക്കുറിച്ച്‌ ഉയരാറുള്ള ആക്ഷേപമാണ്‌. ഈ ആക്ഷേപം ഇടത്‌ ഭരണകാലത്തുണ്ടാകാറില്ല. ആക്ഷേപമുയര്‍ത്താന്‍ ത്രാണിയുള്ളവര്‍ ഭരണത്തിലാണ്‌ എന്നതുകൊണ്ടാകാം അത്‌. ഇതൊഴിച്ചു നിര്‍ത്തിയാല്‍ അധികാരമാറ്റം ഭരണത്തിലെ മാറ്റമായി രൂപാന്തരപ്പെടാറില്ലെന്നതാണ്‌ വസ്‌തുത.

ഇക്കുറി അധികാരമാറ്റമുണ്ടായതിനു ശേഷം ആവര്‍ത്തനവിരസത കൂടുതല്‍ അനുഭവപ്പെടുകയാണ്‌. സര്‍ക്കാറിന്‌ മുന്നില്‍ തലവേദനയായി ആദ്യമുയര്‍ന്നത്‌ സ്വാശ്രയമാണ്‌. പിന്നെയിപ്പോള്‍ കൈയേറ്റവും, അതും മൂന്നാര്‍ കേന്ദ്രീകരിച്ചുള്ള കൈയേറ്റം. മാനേജ്‌മെന്റ്‌ അസോസിയേഷന്‍, ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍, ഡീംഡ്‌ സര്‍വകലാശാല, സര്‍ക്കാര്‍ സീറ്റ്‌, മെറിറ്റ്‌ സീറ്റ്‌, മാനേജ്‌മെന്റ്‌ സീറ്റ്‌, മാനേജ്‌മെന്റ്‌ നടത്തുന്ന പ്രവേശനപ്പരീക്ഷ, അത്‌ നടത്തുന്നത്‌ തത്‌കാലത്തേക്ക്‌ തടയല്‍ എന്നിങ്ങനെ പല കുറി ആവര്‍ത്തിച്ച വാക്കുകളും വാചക ഖണ്ഡങ്ങളും നിറയുകയാണ്‌. പരിയാരം സഹകരണ മെഡിക്കല്‍ കോളജിനെക്കുറിച്ച്‌ ആരോപണമുയര്‍ന്നത്‌ മാത്രമാണ്‌ അല്‍പ്പം നാടകീയത നല്‍കുന്ന ഘടകം. പിന്നെ സീറ്റ്‌ വേണ്ടെന്ന പ്രഖ്യാപനങ്ങളും. മാനേജുമെന്റുകളും സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കും. വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളുണ്ടാകും. അധികാരം എതിര്‍പക്ഷത്തായതിനാല്‍ എസ്‌ എഫ്‌ ഐ കുറേക്കൂടി രൂക്ഷമായി പ്രതികരിക്കും. കോടതിയില്‍ കൂടുതല്‍ ഹരജികളുണ്ടാകും. രണ്ടോ മൂന്നോ മാസം കൂടി ഇതെല്ലാം തുടരും. പിന്നെ അടുത്ത അധ്യയനവര്‍ഷാരംഭത്തില്‍ തുടരാമെന്ന ഉപചാരം ചൊല്ലി സര്‍ക്കാറും മാനേജുമെന്റുകളും പിരിയും.

സ്വാശ്രയം വര്‍ഷംതോറും ആവര്‍ത്തിക്കുന്ന നാടകമാണെങ്കില്‍ മൂന്നാര്‍ അഞ്ചാണ്ടിലൊരിക്കല്‍ ആവര്‍ത്തിക്കുന്ന ഒന്നാകണം. മൂന്നാറിലേക്ക്‌ ജെ സി ബികള്‍ കുതിച്ചെത്തിയത്‌ മലയാളികള്‍ എളുപ്പത്തില്‍ മറക്കാനിടയില്ല. `മനോഹര'മായ കോട്ടേജുകളുടെ മേല്‍ക്കൂരക്കു മേല്‍ ഇരുമ്പ്‌ കൂടം പതിക്കുന്നതിന്റെ ദൃശ്യം ശബ്‌ദമുഖരിതമായി ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന കാലം. നിയമവിരുദ്ധമായ കൈയേറ്റം മുഴുവന്‍ ഇതാ സര്‍ക്കാര്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന പ്രതീതി ജനിച്ച ദിനങ്ങള്‍. 


മൂന്നാറില്‍ തലങ്ങും വിലങ്ങും പാഞ്ഞ ജെ സി ബികള്‍, അവക്ക്‌ മാര്‍ഗദര്‍ശികളായി കോട്ടിട്ടയാളുകള്‍... നിയമവിരുദ്ധമായ കാര്യങ്ങള്‍ തടയുന്നതിന്‌ എന്തെങ്കിലു ചെയ്യണമെന്ന ആഗ്രഹം ചെറുതായെങ്കിലും ബാക്കിയുണ്ടായിരുന്ന മറ്റ്‌ ജില്ലകളിലെ ഉദ്യോഗസ്ഥരും കൈയേറ്റം കണ്ടെത്താന്‍ സര്‍വേ ചങ്ങലയുമായി ഇറങ്ങി. പൊളിക്കല്‍ നോട്ടീസ്‌ ലഭിച്ചവര്‍ കോടതിയെ സമീപിച്ചുവെങ്കിലും സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധി അംഗീകരിച്ച്‌ പ്രശ്‌നത്തില്‍ ഇടപെടാന്‍ ജഡ്‌ജിമാര്‍ വിസമ്മതിച്ചു. മതികെട്ടാന്‍ ചോലയിലെ കൈയേറ്റം നേരിട്ടു കാണാന്‍ കാടും മലയും കയറിയ പ്രതിപക്ഷ നേതാവായിരുന്നു വി എസ്‌ അച്യുതാനന്ദന്‍. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ കൈയേറ്റം ഒഴിപ്പിക്കാനും അനധികൃത നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്താനും നടപടി സ്വീകരിച്ചപ്പോള്‍ അതിന്‌ ജഡ്‌ജിമാര്‍ വിശ്വാസ്യത കല്‍പ്പിച്ചതില്‍ കാവ്യനീതിയുണ്ടായിരുന്നു.

എല്ലാം നിലച്ചത്‌ പൊടുന്നനെയായിയിരുന്നു. സി പി ഐയുടെ ജില്ലാ കമ്മിറ്റി ഓഫീസ്‌ നിര്‍മിച്ചിരിക്കുന്നത്‌ സര്‍ക്കാര്‍ ഭൂമിയിലാണെന്ന്‌ ആരോപണമുയരുകയും അതിന്റെ മുന്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ ജെ സി ബി വീഴുകയും ചെയ്‌തതോടെ കാര്യങ്ങള്‍ മാറി. തൊട്ടാല്‍ കൈ വെട്ടുമെന്ന ഭീഷണി, കോട്ടിട്ടയാളും അതിനുമുകളിലുള്ളയാളും മറുപടി പറയണമെന്ന ആവശ്യം. മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ പേരില്‍ നാല്‌ സെന്റ്‌ പട്ടയ ഭൂമിയും മൂന്ന്‌ സെന്റ്‌ വിരിവുമെന്ന കണക്ക്‌. ഇതോടെ കാര്യങ്ങള്‍ താളം തെറ്റി. താളം തെറ്റിച്ചുവെന്ന്‌ പറയുന്നതാകും ഉചിതം. ധന്യശ്രീ റിസോര്‍ട്ട്‌ പൊളിക്കുന്നത്‌ ചോദ്യം ചെയ്‌ത്‌ ഉടമസ്ഥന്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാര്‍ കോടതിയെ സമീപിച്ചപ്പോള്‍ ജഡ്‌ജിമാര്‍ക്ക്‌ അത്‌ പരിഗണിക്കാതിരിക്കാന്‍ സാധിച്ചതുമില്ല. ഇതിനിടയില്‍ ടാറ്റ കൈയേറിയ അമ്പതിനായിരം ഏക്കര്‍ ഭൂമിയെക്കുറിച്ചുള്ള വലിയ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ടാറ്റ കൈയേറിയെന്ന്‌ ആരോപിക്കപ്പെടുന്ന ഭൂമിയില്‍ മുഖ്യമന്ത്രിയായിരുന്ന വി എസ്‌ അച്യുതാനന്ദന്‍ നേരിട്ടെത്തി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ്‌ സ്ഥാപിച്ചു. വനഭൂമിയിലാണ്‌ വി എസ്‌ ബോര്‍ഡ്‌ സ്ഥാപിച്ചത്‌ എന്ന തര്‍ക്കം ഇതിനു പിറകെയും. 


എല്ലാറ്റിനുമൊടുവില്‍ കോട്ടിട്ട പൂച്ചകളുടെ ദൗത്യസംഘത്തെ മാറ്റി. പുതിയ ദൗത്യ സംഘം വന്നു. ഉപഗ്രഹ സര്‍വെ നടത്തി സര്‍ക്കാര്‍ ഭൂമി ഏതെന്ന്‌ കണ്ടെത്തുമെന്ന്‌ പ്രഖ്യാപനം വന്നു. ഇതിന്‌ പുറമെ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ നേരിട്ട്‌ റീസര്‍വെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതെല്ലാം നടത്തി സര്‍ക്കാര്‍ ഭൂമി കണ്ടെത്തി പിടിച്ചെടുത്ത്‌ നവീന മൂന്നാര്‍ സ്ഥാപിക്കുമെന്ന്‌ വി എസ്‌ ആവര്‍ത്തിക്കുന്നതും കണ്ടു. ഒന്നും സംഭവിച്ചില്ല.

പുതിയ സര്‍ക്കാറിന്‌ മുന്നിലും മൂന്നാറെത്തിയിരിക്കുന്നു. ചിന്നക്കനാല്‍, പാര്‍വതി മല, ലക്ഷ്‌മി എന്നിങ്ങനെ പണ്ട്‌ കേട്ട സ്ഥലനാമങ്ങളെല്ലാം ഇപ്പോഴുമുണ്ട്‌. ആനയിറങ്കല്‍ അണക്കെട്ടിന്റെ ഓരത്തെ കൈയേറ്റ ദൃശ്യങ്ങള്‍ നമുക്ക്‌ വീണ്ടും കാണിച്ച്‌ തരുന്നു. റിസോര്‍ട്ട്‌ ഉടമകള്‍ (മാഫിയ എന്ന പേര്‌ മനഃപൂര്‍വം ഒഴിവാക്കുന്നു) ഹെലിപാഡ്‌ നിര്‍മിക്കാന്‍ ഒരുങ്ങിയെന്ന്‌ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നേരിട്ട്‌ മനസ്സിലാക്കിയിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന കൈയേറ്റങ്ങളല്ല ഇതെന്ന്‌ ഹെലി പാഡ്‌ നിര്‍മാണ ശ്രമത്തില്‍ നിന്ന്‌ വ്യക്തം. ഇടത്‌ മുന്നണി സര്‍ക്കാറില്‍ സാക്ഷാല്‍ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ തന്നെ കൈയേറ്റങ്ങളും അനധികൃത നിര്‍മാണവും നടന്നിരുന്നു. പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായിരുന്നു. മൂന്നാറിലും ഇടുക്കിയിലും പ്രവര്‍ത്തിക്കുന്ന സി പി എമ്മും കോണ്‍ഗ്രസും അടക്കം രാഷ്‌ട്രീയ പാര്‍ട്ടികളോ അവരുടെ പ്രവര്‍ത്തകരോ അറിയാതെ ഇതൊന്നും നടക്കുമായിരുന്നില്ല. 


അധികാരമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ വി എസ്‌ സര്‍ക്കാറിന്റെ അവസാനകാലത്താണ്‌ കൈയേറ്റം നടന്നത്‌ എന്ന്‌ വാദത്തിന്‌ വേണ്ടി സമ്മതിക്കാം. എങ്കില്‍പ്പോലും അതിനെ തടയേണ്ട ബാധ്യതയുണ്ടായിരുന്നില്ലേ ഭരണ സംവിധാനത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്ക്‌? അവര്‍ അതിന്‌ തയ്യാറാകാതെ വന്നാല്‍ ചൂണ്ടിക്കാട്ടേണ്ട ധാര്‍മിക ഉത്തരവാദിത്വമുണ്ടായിരുന്നില്ലേ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌? തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കൈയേറ്റ പ്രശ്‌നമുയര്‍ത്തി കുടിയേറ്റക്കാരുടെയും (മുന്‍കാലങ്ങളില്‍ കൈയേറിയവര്‍ ഇപ്പോള്‍ കുടിയേറ്റക്കാരാണ്‌) കൈയേറ്റക്കാരുടെയും വോട്ട്‌ നഷ്‌ടപ്പെടുത്താന്‍ ആരും ആഗ്രഹിച്ചില്ല എന്ന്‌ വ്യക്തം. ഇപ്പോള്‍ കൈയേറ്റ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരും അതിനെ എതിര്‍ക്കാന്‍ രംഗത്തുണ്ട്‌.

കൈയേറ്റം തടയുന്നതിനും സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്നതിനും പ്രത്യേക ദൗത്യ സംഘത്തിനെയൊന്നും നിയോഗിക്കാന്‍ ഉദ്ദേശ്യമില്ലെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാണിയില്‍ ജോസഫ്‌ ലയിച്ച്‌ ശക്തിയാര്‍ജിച്ച കേരള കോണ്‍ഗ്രസിന്റെ പാളയത്തിലേക്ക്‌ ജെ സി ബി ഉരുട്ടിക്കളിക്കാന്‍ മാത്രം ബുദ്ധിശൂന്യത കോണ്‍ഗ്രസ്‌ നേതൃത്വം കാണിക്കില്ല. അത്തരമൊരു ബുദ്ധിശൂന്യതക്കുള്ള പാകം നിയമസഭയില്‍ മുന്നണിക്കില്ല താനും. അതുകൊണ്ട്‌ കൈയേറ്റം നിയമംമൂലം തടയുമെന്നാണ്‌ പ്രഖ്യാപനം. കൈയേറ്റം തടയുന്നതിന്‌ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്‌. അതിലേക്ക്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനെ പ്രത്യേകം ക്ഷണിച്ചിരിക്കുന്നു. 


റീസര്‍വെ നടപടികള്‍ കാര്യക്ഷമമാക്കാന്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകും. വ്യാജ പട്ടയങ്ങള്‍ കണ്ടെത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്‌ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിനും രൂപം നല്‍കിയേക്കും. വന്‍കിട കൈയേറ്റങ്ങളെല്ലാം സമയബന്ധിതമായി ഒഴിപ്പിക്കാന്‍ തീരുമാനിച്ചതായി യോഗത്തിന്‌ ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും. മംഗളം, ശുഭം. ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ മൂന്നാര്‍ പര്യടനങ്ങള്‍ ആരംഭിക്കാനും സാധ്യതയുണ്ട്‌. ഇപ്പോള്‍ ഇടുക്കി ജില്ലയിലേക്ക്‌ പ്രവേശിക്കുന്നതിന്‌ വി എസ്സിന്‌ അപ്രഖ്യാപിത വിലക്ക്‌ സി പി എമ്മിന്റെ ജില്ലാ നേതൃത്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പാര്‍ട്ടി സമ്മേളനത്തോടെ ശാക്തിക സമവാക്യങ്ങളില്‍ മാറ്റമുണ്ടായാലേ വിലക്ക്‌ മാറൂ, അതുകൊണ്ടാണ്‌ ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം മാത്രം മൂന്നാര്‍ പര്യടനങ്ങള്‍ക്ക്‌ സാധ്യത കാണുന്നത്‌. അഞ്ചാണ്ടിന്‌ ശേഷം അധികാരം മാറുകയാണെങ്കില്‍ അപ്പോഴും മൂന്നാര്‍ ചോദ്യമായി മുന്നിലുണ്ടാകും.

കൈയേറ്റമൊഴിപ്പിക്കാന്‍ തീരുമാനിക്കുന്ന സര്‍ക്കാര്‍ തന്നെ വനത്തോട്‌ ചേര്‍ന്ന പ്രദേശങ്ങളിലെ കൃഷി സംരക്ഷിക്കുന്നതിന്‌ വന്യമൃഗങ്ങളെ വെടിവെക്കാന്‍ (തുടക്കത്തില്‍ കാട്ട്‌ പന്നിയെ മാത്രം) അനുവാദം നല്‍കുന്നു. വനത്തോട്‌ ചേര്‍ന്ന പ്രദേശങ്ങളില്‍ കൃഷി എത്തിയത്‌ കൈയേറ്റത്തിലൂടെയാണെന്ന്‌ അറിയാതെയല്ല ഈ വെടിവെപ്പ്‌ അനുമതി. കൈയേറ്റം നിലനിര്‍ത്തുന്നതിനൊപ്പം വേട്ട കൂടി പ്രോത്സാഹിപ്പിക്കുകയാണ്‌ സര്‍ക്കാര്‍. വന്യ മൃഗങ്ങളുടെ ശല്യമില്ലാതാകുന്നതോടെ കൂടുതല്‍ കൈയേറ്റത്തിന്‌ അവസരമുണ്ടാക്കുകയും. പ്രഖ്യാപനത്തില്‍ മാറ്റമുണ്ടാകില്ലെന്ന്‌ ഉറപ്പ്‌ തരുന്നു, കൈയേറ്റം തടയും, അതിന്‌ നിയമപരമായി സാധ്യമായ എല്ലാ നടപടിയുമെടുക്കും. ആവര്‍ത്തനവിരസത മാപ്പാക്കുക.

2011-06-08

ഹസാരെ ആന്‍ഡ് കൊ. ക്ലിപ്തം




ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ സുപ്രീം കോടതി ജഡ്ജി സ്ഥാനത്തു നിന്ന് വിരമിച്ചത് 2005ലാണ്. കര്‍ണാടകത്തില്‍ അധികാരത്തിലുണ്ടായിരുന്ന ജനതാ ദള്‍ (സെക്യുലര്‍) - ബി ജെ പി സഖ്യ സര്‍ക്കാര്‍ 2006ല്‍ സന്തോഷ് ഹെഗ്‌ഡെയെ സംസ്ഥാന ലോകായുക്തയായി നിയമിച്ചു. 2008ല്‍ അധികാരത്തില്‍ വന്ന ബി എസ് യെദിയൂരപ്പ സര്‍ക്കാറുമായി കലഹിച്ചാണ് ലോകായുക്ത സ്ഥാനത്ത് സന്തോഷ് ഹെഗ്‌ഡെ തുടര്‍ന്നത്. ബെല്ലാരിയിലെ ഖനികള്‍ അടക്കി വാഴുന്ന, മന്ത്രി സ്ഥാനം അലങ്കരിക്കുന്ന സഹോദരന്‍മാര്‍ ജി കരുണാകര റെഡ്ഢിക്കും ജി ജനാര്‍ദന റെഡ്ഢിക്കുമെതിരെ കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറായതോടെ സന്തോഷ് ഹെഗ്‌ഡെയുടെ വിശ്വാസ്യത വര്‍ധിച്ചു. റെഡ്ഢി സഹോദരന്‍മാര്‍ അനധികൃത ഖനനവും ഇരുമ്പയിരിന്റെ കള്ളക്കടത്തും നടത്തുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കണ്ടതോടെ ലോകായുക്ത സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ചു. 


കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം, കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ജനതാദളി (സെക്യുലര്‍) ന്റെ നേതാക്കള്‍ എന്നിവരെല്ലാം രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ വാക്കില്‍ മാറ്റമില്ലെന്ന് ഉറച്ചു നിന്നു ജനതാ പരിവാര്‍ അധികാരത്തിലിരിക്കെ ലോക്‌സഭാ സ്പീക്കര്‍ പദം അലങ്കലിച്ച കെ എസ് ഹെഗ്‌ഡെയുടെ മകന്‍ സന്തോഷ്. പക്ഷേ, എല്‍ കെ അഡ്വാനിയും ബി ജെ പിയുടെ പ്രസിഡന്റ് നിതിന്‍ ഗാഡ്കരിയും നേരിട്ടെത്തി സംസാരിച്ചതോടെ പിണക്കം മാറി. ലോകായുക്ത സ്ഥാനത്ത് തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. അഡ്വാനി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന്റെ വാക്കുകളെ നിഷേധിക്കാന്‍ സാധിക്കില്ലെന്നും തുറന്നു പറയുകയും ചെയ്തു. 


ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ഇന്ന് കര്‍ണാടകത്തിലെ ലോകായുക്ത സ്ഥാനത്ത് തുടരുക മാത്രമല്ല ലോക് പാല്‍ ബില്ലിലുള്‍പ്പെടുത്തേണ്ട വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംയുക്ത സമിതിയില്‍ അംഗവുമാണ്. നിയമ വിദഗ്ധനാണ് അദ്ദേഹം. രാമകൃഷ്ണ ഹെഗ്‌ഡെ കര്‍ണാടകം ഭരിച്ചപ്പോള്‍ അഡ്വക്കറ്റ് ജനറലായിരുന്നു. 1989ല്‍ കേന്ദ്രത്തില്‍ വി പി സിംഗ് അധികാരത്തിലെത്തിയപ്പോള്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി. പിന്നീട് ജനതാദളിന്റെ നേതൃത്വത്തില്‍ ഐക്യമുന്നണി അധികാരത്തിലെത്തിയപ്പോള്‍ സോളിസിറ്റര്‍ ജനറലുമായി. 1999ല്‍ ബി ജെ പി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ആറ് വര്‍ഷം സുപ്രീം കോടതിയില്‍ സേവനം അനുഷ്ഠിച്ചു. നിയമ മേഖലയിലെ വിശാലമായ ഈ അനുഭവ പരിചയം നിയമ നിര്‍മാണ പ്രക്രിയയില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പ്. 


പക്ഷേ, സന്തോഷ്  ഹെഗ്‌ഡെയെ എങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംയുക്ത സമിതിയില്‍ പൊതു സമൂഹത്തിന്റെ പ്രതിനിധിയായി ഉള്‍പ്പെടുത്തുക? അല്ലെങ്കില്‍ പൊതു സമൂഹത്തിന്റെ പ്രതിനിധിയെന്ന് സന്തോഷ് ഹെഡ്‌ഡെയെ എങ്ങനെയാണ് വിശേഷിപ്പിക്കുക? അങ്ങനെ വിശേഷിപ്പിക്കപ്പെടുമ്പോള്‍ സന്തോഷ് ഹെഗ്‌ഡെ പ്രതിനിധാനം ചെയ്യുന്ന പൊതു സമൂഹം ഏതാണ്? 


നിയമ രൂപവത്കരണത്തിന് വിദഗ്ധ സമിതി രൂപവത്കരിച്ച് അതില്‍ നിയമവിശാരദനെന്ന നിലക്ക് സന്തോഷ് ഹെഡ്‌ഗെയെ ഉള്‍പ്പെടുത്തി എന്നാണെങ്കില്‍ ഒരു പരിധിവരെ അംഗീകരിക്കാം. പക്ഷേ, വര്‍ഗീയ രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്തുള്ള എല്‍ കെ അഡ്വാനിയെ പിതൃസ്ഥാനത്ത് കാണുകയും അദ്ദേഹത്തിന്റെ ഉപദേശത്തെ തള്ളാന്‍ കഴിയാത്ത മാനസികാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്ന ഒരാളെ നിയമ വിശാരദനായിപ്പോലും ഉള്‍പ്പെടുത്തുന്നത് എങ്ങനെ? രാജ്യത്തെ നിയമനിര്‍മാണ പ്രക്രിയയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധത്തില്‍ അന്നാ ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, അരവിന്ദ് കേജ്‌രിവാള്‍, ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവരെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപവത്കരിച്ച കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അതിന് പിഴ മൂളാന്‍ തുടങ്ങുകയാണ്. 


സത്യഗ്രഹ സമരം തുടങ്ങിയ  ബാബ രാംദേവിനെ പോലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു ഈ അഞ്ച് പേരും. രാംദേവിന്റെ അറസ്റ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് ആവശ്യം. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ സമിതിയിലെ ഈ സ്വതന്ത്ര അംഗങ്ങള്‍ ഏറെക്കുറെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് എന്ന് സാരം. ലോക്പാല്‍  നിയമ നിര്‍മാണ പ്രക്രിയയില്‍ നിന്ന് തത്കാലം പിന്‍വാങ്ങാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കില്ല. അഴിമതി ആരോപണങ്ങളാല്‍ മൂടി നില്‍ക്കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നത്. എങ്കിലും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇവര്‍ നടത്തുന്ന ശ്രമത്തെ ചോദ്യം ചെയ്‌തേ മതിയാകൂ. 


മേല്‍പ്പറഞ്ഞ പൊതു സമൂഹത്തിന്റെ പ്രതിനിധികളെന്ന് മാധ്യമങ്ങള്‍ ചിത്രീകരിക്കുകയും സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന അഞ്ച് പേരില്‍ മൂന്‍ കേന്ദ്ര നിയമ മന്ത്രിയും ജനതാ പരിവാറിന്റെ ഭാഗമായി രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളിയാകുകയും ചെയ്ത ശാന്തിഭൂഷണൊഴികെ മറ്റാര്‍ക്കാണ് ജനങ്ങളുമായി ബന്ധമുള്ളത്? ശാന്തി ഭൂഷണിന്റെ മകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിഭാഷകനാണ്. ആ ജോലി പ്രൊഫഷനായി സ്വീകരിച്ച് നീതിയുടെ പക്ഷത്തു നിന്ന് വാദിക്കുന്നയാള്‍. ടെലികോം അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ കാരണമായ കോടതി നടപടികളില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലവുമാണ്. പൗരാവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു. പക്ഷേ, അതുകൊണ്ട് പ്രശാന്ത് ഭൂഷണ് പൊതു സമൂഹത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടാന്‍ സാധിക്കുമോ? അരവിന്ദ് കേജ്‌രിവാളിന്റെയും അന്നാ ഹസാരെയുടെയും കാര്യത്തില്‍ ഇത് തന്നെയാണ് സ്ഥിതി. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങളെ മാറ്റി നിര്‍ത്തി ഇത്തരമൊരു സമിതി രൂപവത്കരിച്ചപ്പോള്‍ തന്നെ വിമര്‍ശമുയര്‍ന്നതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാറോ കോണ്‍ഗ്രസ് പാര്‍ട്ടിയോ അതിനെ മുഖവിലക്കെടുക്കാന്‍ തയ്യാറായിരുന്നില്ല. 


അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് വാദിക്കുന്ന ഇക്കൂട്ടര്‍ കര്‍ണാടകത്തിലെ ലോകായുക്ത എന്ന നിലയില്‍ സന്തോഷ് ഹെഗ്‌ഡെ സ്വന്തം കര്‍ത്തവ്യം നീതിപൂര്‍വം നിറവേറ്റുന്നുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുള്‍പ്പെടെ 14 മന്ത്രിമാര്‍ക്കെതിരെ അഴിമതി സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞത് ഹെഗ്‌ഡെ തന്നെയാണ്. എല്ലാ മന്ത്രിമാര്‍ക്കും നോട്ടീസ് അയച്ചതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ബെല്ലാരി റെഡ്ഢിമാരുടെ പ്രശ്‌നത്തില്‍ ഹെഗ്‌ഡെയുടെ രാജി നാടകം അരങ്ങേറിയിട്ട് വര്‍ഷമൊന്നായി. കരുണാകര, ജനാര്‍ദന റെഡ്ഢിമാര്‍ ഇപ്പോഴും മന്ത്രിമാരായി തുടരുന്നു. അവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ഭരണം നടക്കുന്നുണ്ട്. കോടതി ഇവര്‍ക്കെതിരെ പുറപ്പെടുവിച്ച ഒമ്പത് സമന്‍സുകള്‍ കൈമാറാന്‍ പോലും കര്‍ണാടക പോലീസിന് സാധിച്ചിട്ടില്ല.  ഇതൊക്കെ സ്വന്തം മൂക്കിന് താഴെ നടക്കുമ്പോഴാണ് നിയമപരമായി സ്ഥാപിതമായ പദവി അലങ്കരിക്കുന്ന ഹെഗ്‌ഡെ പുതിയ നിയമ സംവിധാനത്തിനുവേണ്ടി വാദിക്കുന്നത്. ഇത് ചൂണ്ടിക്കാണിക്കാന്‍ ത്രാണിയില്ലാത്തവരാണോ പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന് അവകാശപ്പെട്ട് സംയുക്ത സമിതിയില്‍ ഇരിക്കുകയും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പുതിയ നിയമ വ്യവസ്ഥ ആവിഷ്‌കരിക്കാന്‍ കൂലംകഷമായി ആലോചിക്കുകയും ചെയ്യുന്നത്! 


ബാബ രാംദേവിന്റെ രാംലീല മൈതാനത്തെ പ്രഹസനം ആര്‍ എസ് എസ് പിന്തുണയോടെ അരങ്ങേറിയതാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. അതിനെ സര്‍ക്കാര്‍ നേരിട്ട രീതിയെ അപലപിച്ച് ലോക്പാല്‍ സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അന്നാ ഹസാരെയും സംഘവും തീരുമാനിക്കുമ്പോള്‍ അത് കരുത്തേകുന്നത് ലോകായുക്ത രൂപവത്കരിക്കാന്‍ പോലും മടി കാട്ടിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കൂടി അംഗമായ സംഘ്പരിവാറിന്റെ അജന്‍ഡക്കാണ്. പരിണതപ്രജ്ഞനായ ശാന്തി ഭൂഷണിനും ഗുജറാത്തിലെ വംശഹത്യ സംബന്ധിച്ച കേസുകളില്‍ മോഡിക്കെതിരെ നിലപാടെടുക്കുന്ന പ്രശാന്ത് ഭൂഷണിനും ഇത് മനസ്സിലായില്ലെന്ന് കരുതാനാകില്ല. 


ഭരണ സംവിധാനത്തെയാകെ ഗ്രസിച്ച അഴിമതി ഒരു പരിധിവരെയെങ്കിലും തടയാന്‍ ലോക്പാലിന് സാധിക്കുമെങ്കില്‍ (ലോക് പാല്‍ വന്നാലും ഇവിടെ ഒന്നും സംഭവിക്കില്ലെന്ന കപില്‍ സിബലിന്റെ പ്രസ്താവനയെ ഓര്‍മിച്ചുകൊണ്ട്) അത് നടപ്പാകണം. അതിന് പൊതുസമുഹത്തിന്റെയാകെ പ്രാതിനിധികളായി ചിത്രീകരിക്കപ്പെടുകയോ അവകാശപ്പെടുകയോ ചെയ്യുന്ന ഇവരുടെ സാന്നിധ്യം സമിതിയില്‍ അനിവാര്യമാണെന്ന് കരുതുക വയ്യ. ലോക് പാല്‍ എന്ന  സങ്കല്‍പ്പം 1969ല്‍ മുന്നോട്ടുവെച്ചത് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തന്നെയായിരുന്നു. അത് ഇതുവരെ പ്രാബല്യത്തിലാക്കാതിരുന്നതിന്റെ ഉത്തരവാദിത്വം അവര്‍ക്കുണ്ട് താനും. നിയമം പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയതിനെ സ്വാഗതം ചെയ്യാം. അതിലൂടെ നിയമനിര്‍മാണ പ്രക്രിയയുടെ വേഗം കൂട്ടിയതിനെയും പിന്തുണക്കാം. അതിനപ്പുറം തങ്ങള്‍ (ഈ അഞ്ച് പേരും അവരെ പിന്തുണക്കുന്ന വരേണ്യ വ്യക്തിത്വങ്ങളും) ഉദ്ദേശിക്കുന്നതേ നടക്കാവൂ എന്ന ഈ വാശി എത്രത്തോളം ഗുണകരമാകും? ആ വാശിക്ക് വഴങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ചെയ്തത്. ഇപ്പോള്‍ വാശിക്ക് പിറകിലെ രാഷ്ട്രീയം പതുക്കെ മറനീക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. 


സെന്‍ട്രി മുതല്‍ മന്ത്രി വരെ എല്ലാവരെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന അന്നാ ഹസാരെയുടെയും കൂട്ടരുടെയും ആവശ്യത്തിന്റെ പ്രായോഗികത ഇതിനകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി, ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാര്‍ തുടങ്ങി ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവരെ ഉള്‍ക്കൊള്ളുന്ന നിയമമാണ് ആവശ്യമെന്ന് നിയമ വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നു. ഇതൊന്നും കണക്കിലെടുക്കാതെ അഞ്ചംഗ സംഘത്തിന്റെ നിര്‍ദേശങ്ങളെ മാത്രം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് ഏത് ജനാധിപത്യ മര്യാദയാണ്? ഇതെല്ലാം നടക്കട്ടെ, അന്നാ ഹസാരെയുടെയും കൂട്ടരുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലോക്പാല്‍ പ്രാബല്യത്തിലാകുകയും ചെയ്യട്ടെ. ഈ പുതിയ രീതി ഭാവിയില്‍ സൃഷ്ടിക്കാന്‍ ഇടയുള്ള അനഭിലഷണീയ പ്രവണതകളെ (രാം ലീലകള്‍ ആവര്‍ത്തിക്കാം) ക്കുറിച്ചുള്ള ആശങ്കകള്‍ തത്കാലം മറക്കാം. ഒന്ന് മാത്രം, പൊതു സമൂഹത്തിന്റെയാകെ പ്രതിനിധികളെന്ന് സ്വയം അവകാശപ്പെടുന്നതും അത്തരത്തില്‍ വിശേഷിപ്പിക്കുന്നതും ഒഴിവാക്കണം. ഇവരോട് വിയോജിക്കുന്നവര്‍ പൊതു സമൂഹത്തിലുണ്ട് എന്ന് അംഗീകരിക്കപ്പെടാനെങ്കിലും.

2011-06-06

മന്‍മോഹന വിഷാദ യോഗം




പോര്‍വിളിയുമായി മുന്നില്‍ നില്‍ക്കുന്നത് ശിഖണ്ഡിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ആയുധങ്ങളുപേക്ഷിച്ച് തേര്‍ത്തട്ടിലിരിക്കാന്‍ തയ്യാറായ ഭീഷ്മാചാര്യരെയാണ് ഇതിഹാസ കാവ്യമായ മഹാഭാരതത്തില്‍ വേദവ്യാസന്‍ ചിത്രീകരിച്ചത്. ആണും പെണ്ണുമല്ലാത്ത ഒരാളോട് യുദ്ധം ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്നായിരുന്നു ഭീഷ്മരുടെ മതം. കുരുക്ഷേത്രത്തിന് അടുത്ത് ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് സംഘപരിവാര്‍ മുന്നില്‍ നിര്‍ത്തിയ ബാബ രാം ദേവെന്ന ശിഖണ്ഡിക്ക് നേര്‍ക്ക് രാത്രിയില്‍ യുദ്ധം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ശീതീകരിച്ച സത്യഗ്രഹ വേദിയിലേക്ക് അര്‍ധരാത്രിക്ക് ശേഷം പോലീസെത്തിയപ്പോള്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധ തന്ത്രമൊരുക്കിയ സംഘപരിവാറിന് ഇരട്ടി നേട്ടം. കള്ളപ്പണക്കാര്‍ക്കെതിരായ സമരത്തെ ജനാധിപത്യവിരുദ്ധമായ രീതിയില്‍ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെടുന്നു. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന നടപടിയാണിതെന്ന് സംഘ്പരിവാറുമായി ഒരു നിലക്കും സന്ധി ചെയ്യാത്തവര്‍ പോലും അഭിപ്രായപ്പെടുന്നു. ഇത് ആത്യന്തികമായി ഗുണകരമാകുക രാം ദേവിനും സംഘ്പരിവാറിനും തന്നെയാണ്. ഒരു ഹിന്ദു സന്യാസി അക്രമരഹിതമായ മാര്‍ഗത്തിലൂടെ നടത്തിയ സമരമാണ് അടിച്ചമര്‍ത്തപ്പെട്ടത് എന്ന പ്രചാരണവും വൈകാതെ സജീവമാകും. അരുണ്‍ ജെയ്റ്റ്‌ലിയുടെയും സുഷമ സ്വരാജിന്റെയും അഡ്വാനിയുടെയുമൊക്കെ വാക്കുകളില്‍ ഇപ്പോള്‍ തന്നെ ഈ പ്രചാരണം ഓളം വെട്ടുന്നത് കാണാം. 


അഴിമതി തടയുന്നതിന് കടുത്ത വ്യവസ്ഥകളോടെ ലോക്പാല്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അന്നാ ഹസാരെ ഡല്‍ഹിയില്‍ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ അതിനെ മറയത്തുനിന്ന് നിയന്ത്രിച്ച രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) ലക്ഷ്യമിട്ടത് ഇത് തന്നെയായിരുന്നു. പ്രത്യക്ഷത്തില്‍ ഗാന്ധിയനായി ചമയുന്ന ഹസാരെക്ക് പക്ഷേ, ആര്‍ എസ് എസ്സിന്റെ ലക്ഷ്യത്തെ പ്രത്യക്ഷത്തില്‍ പിന്തുണക്കുക അസാധ്യമായിരുന്നു. കാവി വേഷധാരിയായ ബാബ രാംദേവിന് ഇത്തരം തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു പി എ സര്‍ക്കാര്‍. 
രാത്രി യുദ്ധത്തിന് തുനിഞ്ഞപ്പോള്‍ മാത്രമല്ല തന്ത്രപരമായ പാളിച്ച യു പി എയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിന് സംഭവിച്ചത്. സത്യഗ്രഹ സന്നദ്ധനായി രാം ദേവ് ഡല്‍ഹിയിലെത്തിയപ്പോള്‍ മുതല്‍ പാളിച്ചകളുണ്ടായി. യോഗ ഗുരു എന്ന അവകാശവാദത്തില്‍ വിശ്വസിച്ചും കണക്കില്ലാതെ ഒഴുകുന്ന പണത്തിന്റെ സ്വാധീനത്തില്‍ അകപ്പെട്ടും ഒപ്പം നിന്ന ഏതാനും ആയിരം അനുയായികളുടെ പിന്തുണ മാത്രമേ അപ്പോള്‍ രാം ദേവിനുണ്ടായിരുന്നുള്ളൂ. പ്രണാബ് മുഖര്‍ജി അടക്കം നാല് കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരും ഡല്‍ഹി വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി രാം ദേവുമായി ചര്‍ച്ചക്ക് തയ്യാറായപ്പോള്‍ വലിപ്പം വര്‍ധിച്ചു. ചര്‍ച്ച നടത്തിയെന്നും സത്യഗ്രഹ സമരവുമായി മുന്നോട്ടുപോകാന്‍ അദ്ദേഹം ഉറച്ചിരിക്കയാണെന്നും വീണ്ടും ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും ആഭ്യന്തര മന്ത്രി പി ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ രാംദേവിന്റെ വലിപ്പം വീണ്ടും കൂടി. 


കേന്ദ്ര ഭരണകൂടം പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ മാത്രം വലുതാണ് ഈ സ്വാമിയെന്ന തെറ്റായ ധാരണ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളിലെങ്കിലും സൃഷ്ടിക്കപ്പെട്ടു. എന്നിട്ടും ജനം രാംദേവിനൊപ്പം നില്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്ന സൂചനകളാണ് ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മറ്റും സത്യഗ്രഹം ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. കള്ളപ്പണക്കാരെ കണ്ടെത്തി അനധികൃത സമ്പാദ്യത്തെ രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് അഭിപ്രായപ്പെട്ടവര്‍ പോലും രാംദേവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന പക്ഷക്കാരായിരുന്നു. ഇതൊന്നും അറിയാതെയല്ല രാത്രി യുദ്ധത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. സത്യഗ്രഹം തുടരുകയാണെങ്കില്‍ രാം ലീല മൈതനാത്തേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിക്കാന്‍ ആര്‍ എസ് എസ് പദ്ധതി തയ്യാറാക്കിയിരുന്നു. സംഘ് പരിവാറിലെ വിവിധ സംഘടനകളും ഇതേ രീതിയില്‍ പദ്ധതികള്‍ തയ്യാറാക്കി. ഈജിപ്തിലെയും ടുണീഷ്യയിലെയും ചത്വരങ്ങള്‍ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.  വരും ദിവസങ്ങള്‍ സംഘ് പരിവാറും കേന്ദ്ര സര്‍ക്കാറും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന മുഖമായി രാം ലീല മൈതാനം മാറുമെന്ന ശങ്ക കേന്ദ്ര സര്‍ക്കാറിനെ ദ്രുതഗതിയിലുള്ള നടപടിക്ക് പ്രേരിപ്പിക്കുകയായിരുന്നു. ഈ നടപടി പോലും സംഘ് പരിവാറിന് വേണ്ടത്ര ലാഭമെടുക്കാന്‍ അവസരമൊരുക്കുന്നതായി മാറിയിരിക്കുന്നുവെന്നതാണ് വസ്തുത. 


ശിഖണ്ഡിക്ക് പിറകില്‍ അമ്പ് തൊടുക്കുന്നത് ആര്‍ എസ് എസ്സും പരിവാരങ്ങളുമാണെന്ന് കേന്ദ്ര സര്‍ക്കാറിന് നേരത്തെ അറിയാമായിരുന്നു.  ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ രാം ദേവിനെ അപ്പോള്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമോ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമോ നിഷേധിച്ചുവെന്ന ആരോപണമേ നേരിടേണ്ടിവരുമായിരുന്നുള്ളൂ. അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ രാംദേവിനെ പകല്‍ വെളിച്ചത്തില്‍ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാമായിരുന്നു. ഒരു രാവ് വെളുക്കുവോളം ശീതീകരിച്ച പന്തലില്‍ സമരം തുടര്‍ന്നതുകൊണ്ട് ഒന്നും സംഭവിക്കുമായിരുന്നില്ല. രാത്രി തന്നെ പോലീസ് നടപടി സ്വീകരിക്കാന്‍ നിശ്ചയിച്ചപ്പോള്‍ പഴുതുകള്‍ നിരവധിയുണ്ടായി. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് രാം ദേവ് ചാടുന്നത് സ്ത്രീകളായ അനുയായികളുടെ മധ്യത്തിലേക്കാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അറസ്റ്റ് തടയാന്‍ വിശ്വാസികളായ സ്ത്രീകള്‍ വലയം തീര്‍ത്തു. അവരെ ബലം പ്രയോഗിച്ചു നീക്കിയാണ് രാം ദേവിനെ കസ്റ്റഡിയിലെടുക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഭട്ട പര്‍സൗള്‍ ഗ്രാമത്തിലെ കര്‍ഷക സമരത്തെ മായാവതി സര്‍ക്കാറിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തീരുമാനിച്ചപ്പോള്‍ ഉന്നയിച്ച ആരോപണം ഇവിടെയും സംഘ്പരിവാറിന് ഉയര്‍ത്താന്‍ സാധിക്കും. രാംദേവിന്റെ അനുയായികളായ സ്ത്രീകളെ പോലീസ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപണമുയര്‍ന്നാല്‍! ഭട്ട പര്‍സൗളിനേക്കാള്‍ വലിയ ആഘാതമായിരിക്കും അത് സൃഷ്ടിക്കുക. സ്ത്രീകളെയും കുട്ടികളെയും പോലീസ് ഉപദ്രവിച്ചുവെന്ന ആരോപണം ഇതിനകം രാം ദേവ് ഉയര്‍ത്തിയിട്ടുമുണ്ട്. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തുടരുന്ന മണ്ടത്തരങ്ങള്‍ എന്തൊക്കെ സാധ്യതകളാണ് സംഘ് പരിവാറിന് മുന്നില്‍ തുറന്നിട്ടിരിക്കുന്നത് എന്നത് ഊഹങ്ങള്‍ക്ക് അപ്പുറത്താണ്. 


കേന്ദ്ര മന്ത്രിമാര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയപ്പോള്‍ ഉണ്ടാക്കിയ ധാരണകള്‍ ലംഘിച്ചതുകൊണ്ടാണ് രാംദേവിനെതിരെ നടപടി സ്വീകരിച്ചത് എന്നാണ് കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും ഇപ്പോള്‍ പറയുന്നത്. ചര്‍ച്ച ചെയ്തത് എന്താണെന്നോ ധാരണ എന്തായിരുന്നുവെന്നോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. രാംദേവും അദ്ദേഹത്തിന്റെ കീഴിലുള്ള വിവിധ ട്രസ്റ്റുകളും നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശേഖരിച്ച വിവരങ്ങള്‍ മുന്നില്‍വെച്ച് വിലപേശുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് എന്നാണ് സൂചനകള്‍. എന്നാല്‍ എന്തുകൊണ്ട് ഈ വിവരങ്ങള്‍ പുറത്തുവിട്ടില്ല എന്ന ചോദ്യം ഉയരുമെന്ന് ഉറപ്പ്. ഇനി വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായാല്‍, നിരപരാധിയായ ഹിന്ദു നേതാവിനെ ഭരണകൂടം ക്രൂശിക്കുകയാണെന്ന തോന്നലാകും സൃഷ്ടിക്കപ്പെടുക. രാം ദേവിന്റെ 1994 മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ദിഗ്‌വിജയ് സിംഗിന് കൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇക്കാലത്തിനിടെ പലകുറി രാംദേവിനെതിരെ ആരോപണമുയര്‍ന്നിരുന്നു. കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന് തുടങ്ങി നിരവധിയായ ആരോപണങ്ങള്‍. എന്നിട്ടിത്ര കാലം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് ആദ്യം  പറയേണ്ടിവരും ദിഗ്‌വിജയ് സിംഗ് അടക്കമുള്ള നേതാക്കള്‍ക്ക്. അതുപോലും ഇപ്പോള്‍ പറയുമ്പോള്‍ എതിരാളിയെ ഇല്ലായ്മ ചെയ്യാനുള്ള വില കുറഞ്ഞ തന്ത്രമായി പ്രചരിപ്പിക്കപ്പെടാന്‍ എളുപ്പവുമാണ്. 


കള്ളപ്പണക്കാരെയും അവരുടെ സമ്പാദ്യങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിച്ചതുപോലെത്തന്നെ കപട സന്യാസിമാരെയും ആള്‍ദൈവങ്ങളെയും  അവരുടെ അനധികൃത സമ്പാദ്യങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച നേതാവെന്ന് കോണ്‍ഗ്രസ് ഇപ്പോഴും അഹങ്കാരത്തോടെ വിശേഷിപ്പിക്കുന്ന രാജീവ് ഗാന്ധി നഗ്‌ന സന്യാസിയുടെ 'അനുഗ്രഹ'മായ ചവിട്ടേല്‍ക്കാന്‍ യമുനാ തീരത്തെത്തിയ കഥ പ്രസിദ്ധമാണ്. സത്യസായിബാബയുടെ ട്രസ്റ്റുകള്‍ക്ക് സ്വതന്ത്രമായി പണമിടപാട് നടത്താന്‍ അനുവാദം നല്‍കിയതും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ തന്നെ. സായിബാബക്കെതിരെ ലൈംഗിക പീഡനമുള്‍പ്പെടെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ മൗനം ദീക്ഷിച്ചതും മറ്റൊരു പാര്‍ട്ടിയുടെ സര്‍ക്കാറല്ല. ഇവരില്‍ ചിലര്‍ തിരിഞ്ഞുനില്‍ക്കുമ്പോള്‍ പൂര്‍വകാലത്തെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി അടക്കിയിരുത്താനാകുമെന്നായിരുന്നു വിചാരം. അത് രാംദേവിന്റെ കാര്യത്തിലെങ്കിലും പാളിപ്പോയിരിക്കുന്നു. ഇത് ഒരു സമരത്തിന്റെ കാര്യത്തിലെ പാളിച്ച മാത്രമല്ല. അഴിമതി, കള്ളപ്പണം എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശക്തമായപ്പോള്‍ അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ചിലയിടങ്ങളില്‍ നിന്ന് കൈമാറിക്കിട്ടിയ വിവരങ്ങള്‍ പോലും മറച്ചുവെക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ ജനങ്ങളില്‍ സൃഷ്ടിച്ച വിശ്വാസ രാഹിത്യം മുതലെടുക്കാന്‍ ബി ജെ പിക്കോ സംഘ് പരിവാറിനോ സാധിച്ചിരുന്നില്ല. 


ഭീകരാക്രമണങ്ങളില്‍ ആരോപണവിധേയരായവരുമായി ആര്‍ എസ് എസ്സിനുണ്ടായ ബന്ധം പുറത്തുവന്നത്, കര്‍ണാടകത്തില്‍ ബി ജെ പി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത് എന്നിങ്ങനെ പല കാരണങ്ങള്‍ തടസ്സമായുണ്ടായിരുന്നു. ശിഖണ്ഡിയെ യുദ്ധം ജയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതോടെ ഇത്തരം തടസ്സങ്ങളെല്ലാം നീക്കിക്കിട്ടുകയാണ്. അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അശ്ലീല പ്രഹസനത്തെ രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച മാധ്യമ സംഭവമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാറിന് അവകാശപ്പെടാം.