2011-08-25

പ്രേതങ്ങളുടെ താഴ്‌വരജസ്വന്ത്‌ സിംഗ്‌ ഖര്‍ലയെ ഓര്‍മയുണ്ടോ? തട്ടുതകര്‍പ്പന്‍ ചലച്ചിത്രത്തിലെ സംഭാഷണം പോലെ ഓര്‍മ കാണില്ല എന്ന്‌ തന്നെയാണ്‌ മറുപടി. സാധാരണ ജനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഭരണകൂടത്തിന്റെ കാര്യത്തിലും മറുപടിയില്‍ മാറ്റമുണ്ടാകില്ല. അഴിമതിവിരുദ്ധ നിരാഹാര സമരം ദേശീയ ചിഹ്നങ്ങളുടെ അകമ്പടിയോടെ ഉന്മാദത്തോടടുത്ത ആഘോഷമായി കൊണ്ടാടിക്കൊണ്ടിരിക്കെ തീരെ ഓര്‍മ കാണില്ല. പക്ഷേ, ചില കുഴിമാടങ്ങള്‍ ഇത്തരമാളുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണമാകും. ജമ്മു കാശ്‌മീരില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവ്‌ ചെയ്‌ത 38 സ്ഥലങ്ങള്‍ കണ്ടെത്തിയെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കുമ്പോഴാണ്‌ ജസ്വന്ത്‌ സിംഗ്‌ ഖര്‍ലയെന്ന മുന്‍ ബേങ്കര്‍ ഓര്‍മകളില്‍ പുനര്‍ജനിക്കുന്നത്‌. ഖര്‍ലയുടെ കുഴിമാടത്തിന്‌ (അങ്ങനെയൊന്ന്‌ എവിടെയെങ്കിലും കാണുമായിരിക്കും) അന്നാ ഹസാരെയുടെ നിരാഹാര സമര വേദിയായ രാംലീല മൈതാനവുമായി പരോക്ഷമായ ഒരു ബന്ധമുണ്ട്‌. അവിടെ പാറിപ്പറപ്പിക്കുന്ന പതാകകളിലുടെ ധ്വനിപ്പിക്കുന്ന ദേശീയത നിലനിര്‍ത്താന്‍ വേണ്ടി ഭരണകൂടം കാട്ടിയ ഭീകരതയുമായും ബന്ധമുണ്ട്‌.

അഴിമതി വേരോടെ പിഴുതെറിയാന്‍ പാകത്തിലുള്ള ലോക്‌പാലെന്ന മുദ്രാവാക്യത്തിലേക്ക്‌ അന്നാ ഹസാരെയെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു കേസ്‌ സുപ്രീം കോടതിയില്‍ നിലവിലുണ്ട്‌. ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ച കള്ളപ്പണം കണ്ടെത്താനും അത്‌ നാട്ടിലേക്ക്‌ കൊണ്ടുവരാനും നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിന്ന്‌ വിരമിച്ചവരും ചില അഭിഭാഷകരും ചേര്‍ന്ന്‌ നല്‍കിയ ഹരജിയാണ്‌ കേസിന്‌ ആധാരം. ഹരജി സമര്‍പ്പിച്ചവരില്‍ ഒരാള്‍ പഞ്ചാബിലെ മുന്‍ ഡി ജി പി കന്‍വര്‍ പാല്‍ സിംഗ്‌ ഗില്‍ (കെ പി എസ്‌ ഗില്‍) ആണ്‌. ഖാലിസ്ഥാന്‍ തീവ്രവാദ പ്രസ്ഥാനത്തെ അടിച്ചമര്‍ത്തി പഞ്ചാബിനെ സമാധാനത്തിലേക്ക്‌ നയിച്ച സൂപ്പര്‍ പോലീസ്‌ ഉദ്യോഗസ്ഥനെന്ന വിശേഷണം ഗില്ലിനുണ്ട്‌. എന്നാല്‍ ഈ അടിച്ചമര്‍ത്തിലിനിടെ എത്ര നിരപരാധികളെ കൊന്നൊടുക്കിയെന്നതിന്‌ കണക്കില്ല. ഗില്ലിന്‌ മുമ്പ്‌ തന്നെ ഇത്തരം കൊലപാതകങ്ങള്‍ പഞ്ചാബില്‍ ആരംഭിച്ചിരുന്നു. 1984 മുതല്‍ 1995 വരെ ഇത്തരത്തില്‍ പോലീസ്‌ നടത്തിയ കൊലപാതകങ്ങളുടെ കണക്കെടുപ്പ്‌ നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പിന്നീട്‌ ശ്രമിച്ചിരുന്നു. ഒരിക്കലും കൃത്യമായി നടത്താനാകാത്ത കണക്കെടുപ്പ്‌. 


1988 മുതല്‍ 1990 വരെയും 1991 മുതല്‍ 1995ല്‍ സര്‍വീസില്‍ നിന്ന്‌ വിരമിക്കുന്നത്‌ വരെയും പഞ്ചാബില്‍ ഡി ജി പിയായിരുന്നു ഗില്‍. അക്കാലത്താണ്‌ കൊടും ക്രൂരതകള്‍ തുടര്‍ച്ചയായി അരങ്ങേറിയതും. വീടുകളില്‍ നിന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ വിളിച്ചിറക്കിക്കൊണ്ടുപോകുന്ന യുവാക്കള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്ത ദിവസങ്ങള്‍ക്ക്‌ ശേഷം ബന്ധുക്കള്‍ പത്രങ്ങളില്‍ വായിക്കും. അങ്ങനെ വായിച്ചറിയാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്‍മാരാണെന്ന്‌ കാലം തെളിയിച്ചു. കാരണം പോലീസ്‌ ഉദ്യോഗസ്ഥര്‍ വിളിച്ചിറക്കിക്കൊണ്ടുപോയ മക്കള്‍/സഹോദരര്‍/ഭര്‍ത്താക്കന്‍മാര്‍ എവിടെയെന്നറിയാതെ വര്‍ഷങ്ങള്‍ മനമുരുകിക്കഴിയേണ്ട അവസ്ഥ അവര്‍ക്കുണ്ടായില്ലല്ലോ! ഇങ്ങനെ കഴിയുന്ന മാതാപിതാക്കള്‍ ഇപ്പോഴും പഞ്ചാബിലുണ്ട്‌. സര്‍ക്കാറിന്റെയും കോടതിയുടെയും മുന്നില്‍ അപേക്ഷകളുമായി അലയുന്നുമുണ്ട്‌. 


ഇങ്ങനെ കാണാതായ മൂന്ന്‌ സഹപ്രവര്‍ത്തകരെ അന്വേഷിക്കാനിറങ്ങിയതോടെയാണ്‌ ജസ്വന്ത്‌ സിംഗ്‌ ഖര്‍ലയുടെ ജീവിതം മാറിമറിഞ്ഞത്‌. കാണാതായവരുടെ എണ്ണം ആയിരങ്ങള്‍ വരുമെന്ന്‌ കണ്ടെത്തി. പോലീസുകാര്‍ കൊന്ന്‌ കത്തിച്ചുകളഞ്ഞവരുടെ പേരും വയസ്സും വിലാസവുമടങ്ങുന്ന ഫയല്‍ അമൃത്‌സറിലെ ഓഫീസില്‍ നിന്ന്‌ പുറത്തെത്തിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പിന്നീട്‌ കണക്കെടുപ്പ്‌ നടത്തിയത്‌.

ദേശീയ അഖണ്ഡത നിലനിര്‍ത്തുന്നതിന്‌ ഭരണകൂടം സ്വീകരിച്ച ലഘുമാര്‍ഗങ്ങളിലൊന്നായിരുന്നു ഈ കാണാതാക്കല്‍. ജീവന്‍ നഷ്‌ടപ്പെടുമെന്ന ഭീതി സൃഷ്‌ടിച്ച്‌ ഖാലിസ്ഥാന്‍ വാദത്തില്‍ നിന്ന്‌ ജനങ്ങളെ അകറ്റുക എന്ന രീതി. ഖാലിസ്ഥാന്‍ വാദവുമായോ അതിന്‌ വേണ്ടി പ്രവര്‍ത്തിച്ച തീവ്രവാദികളുമായോ യാതൊരു ബന്ധവുമില്ലാതിരുന്ന ആയിരക്കണക്കിന്‌ യുവാക്കള്‍ ഇതിന്‌ ബലിയാടായി. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയതുകൊണ്ടാണ്‌ കെ പി എസ്‌ ഗില്‍ സൂപ്പര്‍ പോലീസ്‌ ഉദ്യോഗസ്ഥനായത്‌. ഒന്നാം ലോക മഹായുദ്ധ കാലത്ത്‌ ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ സായുധ കലാപത്തിന്‌ പദ്ധതിയിട്ട ഘദര്‍ പാര്‍ട്ടിയില്‍ അംഗമായിരുന്ന ഹര്‍ണാം സിംഗിന്റെ ചെറുമകനായ ഖര്‍ലക്ക്‌ ആയിരങ്ങളെ കൊന്ന്‌ ചുട്ടെരിച്ച ക്രൂരത സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിനുത്തരവാദികളായവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ അദ്ദേഹം ഉറച്ചു. 


1995ല്‍ സ്വന്തം വീടിന്റെ മുന്നില്‍ നിന്ന്‌ പോലീസിന്റെ ഏജന്റുമാര്‍ ഖര്‍ലയെ തട്ടിക്കൊണ്ടുപോയി. പിന്നീട്‌ ഖര്‍ലയെ ആരും കണ്ടിട്ടില്ല. കൊന്ന്‌ കത്തിച്ചിട്ടുണ്ടാകണം. ഈ കേസില്‍ ഏതാനും പോലീസ്‌ ഉദ്യോഗസ്ഥരെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കോടതി ശിക്ഷിച്ചു. ഖര്‍ലയെ തട്ടിക്കൊണ്ടുപോയി വധിച്ചതിന്റെ മുഖ്യ ആസൂത്രകന്‍ കെ പി എസ്‌ ഗില്ലാണെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. ഇതിന്‌ തെളിവായി സാക്ഷിമൊഴികളുമുണ്ടായി. പക്ഷേ, സൂപ്പര്‍ ഉദ്യോഗസ്ഥനെതിരെ കേസുണ്ടായില്ല. ചുട്ടെരിക്കപ്പെട്ട ആയിരങ്ങളുടെ ജീവനെടുത്തതിന്‌ ഇപ്പോഴും ഉത്തരവാദികളുമില്ല.

ഇതിന്റെ ആവര്‍ത്തനമാണോ ജമ്മു കാശ്‌മീരിലുമുണ്ടായത്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കൂട്ടമായി മൃതദേഹം മറവ്‌ ചെയ്‌ത 38 സ്ഥലങ്ങള്‍ വടക്കന്‍ കാശ്‌മീരില്‍ മാത്രം കണ്ടെത്തിയിട്ടുണ്ട്‌. രണ്ടായിരത്തിലേറെപ്പേരെ ഇവിടെ മറവ്‌ ചെയ്‌തതായും കണ്ടെത്തി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജ്ഞാതരായ തീവ്രവാദികളാണിവരൊക്കെ എന്ന്‌ പോലീസും സൈന്യവും വാദിച്ചു. എന്നാല്‍ ഇവരില്‍ 574 പേര്‍ പ്രദേശവാസികളായ സാധാരണക്കാരായിരുന്നുവെന്ന്‌ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്‌. മൃതദേഹങ്ങളുടെ ശേഷഭാഗങ്ങള്‍ കണ്ട്‌ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതാണ്‌ ഇവരെ. തീവ്രവാദം ശക്തമാകുകയും അടിച്ചമര്‍ത്തലിന്‌ സൈന്യം നിയോഗിക്കപ്പെടുകയും ചെയ്‌തതിനു ശേഷം ആയിരക്കണക്കിന്‌ യുവാക്കളെ കാശ്‌മീരില്‍ നിന്ന്‌ കാണാതായിട്ടുണ്ട്‌. 


പഞ്ചാബിലുണ്ടായത്‌ പോലെ പോലീസ്‌ ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്ന്‌ കൂട്ടിക്കൊണ്ടു പോയതിന്‌ ശേഷം കാണാതായവരും കുറവല്ല. ഇവരില്‍ എത്ര പേര്‍ ഈ കുഴിമാടങ്ങളിലേക്ക്‌ തള്ളപ്പെട്ടുവെന്നാണ്‌ ഇനിയത്തെ ചോദ്യം. വടക്കന്‍ മേഖലയില്‍ മാത്രമല്ല ജമ്മു കാശ്‌മീരിന്റെ ഇതര ഭാഗങ്ങളിലും ഇത്തരം കുഴിമാടങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇതേക്കുറിച്ച്‌ അന്വേഷിച്ചാല്‍ അജ്ഞാതമായ കുഴിമാടങ്ങള്‍ കൂടുതല്‍ കണ്ടെത്തിയേക്കാം, അവിടെ അന്ത്യനിദ്ര കൊള്ളുന്ന അജ്ഞാതരായ നിരവധി പേര്‍ വെറെയുമുണ്ടാകാം.

പോലീസും സൈന്യവും പറയുന്നത്‌ പോലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജ്ഞാതരായ തീവ്ര/ഭീകര വാദികള്‍ ഇതിലുണ്ടാകും. എന്നാല്‍ ഇത്രയുമധികം പേര്‍ ഉണ്ടാകില്ലെന്ന്‌ ഉറപ്പ്‌. കാരണം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട തീവ്ര/ഭീകര വാദികളെക്കുറിച്ചുള്ള കണക്കുകള്‍ അഭിമാനത്തോടെ പുറത്തുവിടാറുണ്ട്‌ നമ്മുടെ സൈന്യം. അതുകൊണ്ട്‌ അത്തരക്കാരുടെ കണക്ക്‌ കൃത്യമായി അധികൃതരുടെ കൈകളിലുണ്ടാകും. മാത്രമല്ല, പണത്തിനും സ്ഥാനക്കയറ്റത്തിനുമൊക്കെ വേണ്ടി നിരപരാധികളായ യുവാക്കളെ അതിര്‍ത്തി പ്രദേശത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി വെടിവെച്ച്‌ കൊന്ന്‌ നുഴഞ്ഞുകയറിയ ഭീകരവാദികളായി ചിത്രീകരിച്ച സംഭവങ്ങളും കുറവല്ല. അടുത്തിടെയായി അത്തരം സംഭവങ്ങള്‍ ചിലതെങ്കിലും പുറത്തുവരുന്നുണ്ട്‌ എന്ന്‌ മാത്രം. ജനാധിപത്യ രീതിയിലുള്ള ഭരണ സംവിധാനം പേരിന്‌ മാത്രമായെങ്കിലും നിലനില്‍ക്കാന്‍ തുടങ്ങിയതിന്‌ ശേഷമാണ്‌ ഇത്തരം സംഭവങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്‌. ജഗ്‌മോഹനെപ്പോലുള്ള ഗവര്‍ണര്‍മാരെ സര്‍വാധികാരികളാക്കി രാഷ്‌ട്രപതി ഭരണം നടക്കുകയും സൈന്യം ക്രമസമാധാന പാലനം നടത്തുകയും ചെയ്‌തിരുന്ന കാലത്ത്‌ ഇത്തരം എത്ര സംഭവങ്ങളുണ്ടായിട്ടുണ്ടാകും! അതിന്റെ ഇരകളാണ്‌ കാണാതായവരും ഇന്നും മനമുരുകിക്കഴിയുന്ന അവരുടെ ബന്ധുക്കളും.

കുഴിമാടങ്ങള്‍ കഥ പറയാന്‍ തുടങ്ങിയാല്‍ അത്‌ പഞ്ചാബിലും കാശ്‌മീരിലും മാത്രമായി ഒതുങ്ങില്ല. മണിപ്പൂര്‍, അസം, നാഗാലാന്‍ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രേതങ്ങള്‍ ഉയര്‍ന്ന്‌ വന്നേക്കാം. വിഘടന ആവശ്യം തീവ്രമായി ഉന്നയിക്കുകയും ആ ആവശ്യം നേടിയെടുക്കാന്‍ സായുധമായി സമരം ചെയ്യാന്‍ മടിക്കാതിരിക്കുകയും ചെയ്‌ത സംഘടനകളുടെ സാന്നിധ്യം ഈ പ്രേതസൃഷ്‌ടിയുടെ കാരണമായി ഭരണകൂടത്തിന്‌ ചൂണ്ടിക്കാണിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഗുജറാത്തിലും ഉത്തരാഖണ്ഡിലും ഉത്തര്‍ പ്രദേശിലും മഹാരാഷ്‌ട്രയിലുമൊക്കെ ഇത്തരം കുഴിമാടങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. മറവ്‌ ചെയ്യുന്ന മൃതദേഹങ്ങളുടെ എണ്ണത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. സുഹ്‌റാബുദ്ദീന്‍ ശൈഖ്‌, തുള്‍സി റാം പ്രജാപതി എന്നീ പേരുകളില്‍ ചിലതൊക്കെ ഇടക്ക്‌ പുറത്തുവരുന്നുണ്ട്‌ എന്ന്‌ മാത്രം. കുറ്റവാളികളാരെന്ന്‌ കണ്ടെത്തുന്ന കേസുകള്‍ തുലോം കുറവാണെന്നതാണ്‌ ഇത്തരം സംഭവങ്ങളിലെ പ്രത്യേകത.

കൂട്ടക്കൊലകളില്‍ ആരോപണ വിധേയനായ ഗില്‍ ഇന്ന്‌ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ കുരിശുയുദ്ധം നടത്തുന്നയാളാണ്‌. അഴിമതിക്കെതിരായ സഹന സമരം ആഘോഷിക്കപ്പെടുന്ന വേളയായിരുന്നില്ലെങ്കില്‍ കാശ്‌മീരില്‍ കൂട്ടക്കുഴിമാടങ്ങള്‍ കുറേക്കൂടി വലിയ വാര്‍ത്തയെങ്കിലുമാകുമായിരുന്നു. ഇവിടെ മറവ്‌ ചെയ്യപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടിയെങ്കിലും വേഗത്തിലുണ്ടാകുമായിരുന്നു. കൊലകളുടെ ഉത്തരവാദികളെ കണ്ടെത്തുക എന്നത്‌ വിദൂരത്തില്‍ പോലുമുള്ള സാധ്യതയല്ല. മറവ്‌ ചെയ്യപ്പെട്ടവരെ തിരിച്ചറിഞ്ഞാല്‍ കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ കുറേപ്പേര്‍ തുടരുന്ന അലച്ചിലെങ്കിലും ഒഴിവാക്കാനാകും.

2011-08-24

ശ്രീ പത്മനാഭനെ താറടിക്കുന്നവര്‍ശ്രീ പപ്പനാവന്റെ നാല്‌ ചക്രമെന്നത്‌ തിരുവിതാംകൂറില്‍ അന്തസ്സിന്റെ പ്രതീകമായിരുന്നു. രാജാവിന്റെ വേലക്കാരനാണ്‌ എന്നതിന്റെ തെളിവായിരുന്നു ചക്രം. അതാണ്‌ അന്തസ്സിന്റെ അടിസ്ഥാനം. രാജഭരണം ഇല്ലാതായിട്ടും ഈ അന്തസ്സ്‌ നിലനിന്നു. ജനാധിപത്യ ഭരണ സംവിധാനത്തിന്‌ കീഴിലുള്ള ജോലിക്ക്‌ ലഭിക്കുന്ന വേതനം ശ്രീ പപ്പനാവന്റെ ചക്രമായി സങ്കല്‍പ്പിച്ച്‌ സംതൃപ്‌തി അടയുന്നവര്‍ കുറവല്ല. അടിയാള മനോഭാവമോ രാജാധികാരത്തെക്കുറിച്ചുള്ള കാല്‍പ്പനിക സങ്കല്‍പ്പങ്ങളില്‍ രമിക്കലോ തുടരുന്നുവെന്നതിന്‌ തെളിവാണിത്‌. ഈ തുടര്‍ച്ച സവര്‍ണ ഹൈന്ദവ ചിന്താധാരയുമായി ബന്ധപ്പെട്ടതാണ്‌. കാരണം തീണ്ടലും തൊടീലുമൊക്കെ നിലനിന്ന കാലത്ത്‌ രാജാവിന്റെ വേലക്കാരനാകാനും ചക്രം ലഭിക്കാനും `ഭാഗ്യ'മുണ്ടായിരിക്കുക സവര്‍ണര്‍ക്ക്‌ മാത്രമാണ്‌. അതേ ചിന്താധാര തന്നെയാണ്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ കണ്ടെടുത്ത സ്വത്തുക്കളുടെ കാര്യത്തിലും പുലരുന്നത്‌ എന്ന്‌ നിസ്സംശയം പറയാം.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സഹസ്ര കോടികള്‍ മൂല്യം വരുന്ന സ്വത്തുക്കള്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്നത്‌ സംബന്ധിച്ച്‌ അവ്യക്തതകള്‍ നിലനില്‍ക്കുന്നില്ല. സ്വത്ത്‌ ക്ഷേത്രത്തിന്റെ വകയാണെന്നും അത്‌ അവിടെ നിന്ന്‌ നീക്കരുത്‌ എന്നും വാദിക്കുന്നവര്‍ പോലും ഇത്‌ സമാഹരിക്കപ്പെട്ടത്‌ ദരിദ്ര ജനങ്ങളുടെ മേല്‍ ചുമത്തപ്പെട്ട മനുഷ്യത്വരഹിതമായ ചുങ്കങ്ങളിലൂടെയാണെന്ന്‌ സമ്മതിക്കും. പത്മനാഭദാസന്‍മാരായി ഭരണം നടത്താന്‍ തീരുമാനിച്ചതു കൊണ്ടാണ്‌ സ്വത്തുക്കള്‍ ക്ഷേത്ര നിലവറയില്‍ സൂക്ഷിക്കാന്‍ തിരുവിതാംകൂര്‍ രാജവംശം തീരുമാനിച്ചത്‌ എന്നാണ്‌ ഒരു വാദം. രാജാക്കന്‍മാര്‍ കാണിക്കയായി നല്‍കിയതാണ്‌ ഇത്രയും സ്വത്തുക്കളെന്ന മറ്റൊരു വാദവും നിലവിലുണ്ട്‌. ഇത്‌ രണ്ടും വിശ്വാസത്തിന്റെ പേരില്‍ സമ്മതിച്ചാല്‍പ്പോലും അന്ന്‌ ലഭ്യമായ ഏറ്റവും നല്ല ലോക്കര്‍ എന്ന നിലയിലാണ്‌ നിലവറകള്‍ ഉപയോഗിക്കപ്പെട്ടത്‌ എന്നത്‌ അംഗീകരിക്കേണ്ടിവരും. വിവിധ രാജവംശങ്ങള്‍ ക്ഷേത്രങ്ങളെ സുരക്ഷിതമായ ലോക്കറുകളായി സൂക്ഷിച്ചിരുന്നുവെന്നതിന്‌ ഇതര ദേശങ്ങളില്‍ നിന്ന്‌ തെളിവുകള്‍ ലഭ്യവുമാണ്‌.

പത്മനാഭദാസന്‍മാരായി ഭരണം നടത്താന്‍ തീരുമാനിക്കുകയും സ്വത്തുക്കള്‍ ക്ഷേത്ര നിലവറയിലേക്ക്‌ മാറ്റുകയും ചെയ്‌തതാണെങ്കില്‍ ഭരണകാര്യങ്ങള്‍ക്ക്‌ ആവശ്യമായി വന്ന ഘട്ടങ്ങളില്‍ ഇതെടുത്ത്‌ ഉപയോഗിച്ചിട്ടുണ്ടാകണം. കാണിക്കയായി നല്‍കി എന്ന വാദം വിശ്വസിക്കുക പ്രയാസമാണ്‌. നിലവറകളിലെ സ്വത്തിന്റെ കൃത്യമായ കണക്ക്‌ തങ്ങളുടെ പക്കലുണ്ടെന്നാണ്‌ രാജവംശത്തിന്റെ ഇപ്പോഴത്തെ തലമുറ പറയുന്നത്‌. അങ്ങനെയെങ്കില്‍ പത്മനാഭസ്വാമിക്ക്‌ കാണിക്കയായി നല്‍കിയ വകകള്‍ തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ തന്നെ അളന്ന്‌ തിട്ടപ്പെടുത്തിക്കാണണം. അല്ലെങ്കില്‍ കാണിക്കയായി നല്‍കുന്നതിന്റെ കണക്ക്‌ രേഖപ്പെടുത്തിവെച്ചിട്ടുണ്ടാകണം. രണ്ടായാലും നിലവറയിലെ സ്വത്ത്‌ തിട്ടപ്പെടുത്തുന്നതിന്‌ രാജഭരണം മടികാണിച്ചിരുന്നില്ല. അപ്പോള്‍ പിന്നെ ഇപ്പോള്‍ നടക്കുന്ന തിട്ടപ്പെടുത്തലിനെ എതിര്‍ക്കുന്നതിന്‌ അടിസ്ഥാനമില്ലെന്ന്‌ സമ്മതിക്കേണ്ടിവരും. 


ക്ഷേത്ര നിലവറകളെ ഖജനാവാക്കി തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഉപയോഗിച്ചുവെന്ന വാദത്തിനാണ്‌ കുറേക്കൂടി യുക്തിഭദ്രതയുള്ളത്‌. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ ഭരണ സംവിധാനത്തിനും ഇത്‌ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന്‌ സമ്മതിക്കേണ്ടിവരും. ഇതിനൊന്നും വഴങ്ങാതെ നിലവറകളിലെ സ്വത്തിന്റെ കണക്ക്‌ താലോലിച്ച്‌ നിര്‍വൃതി അടയുകയാണ്‌ ഇപ്പോഴത്തെ മാര്‍ത്താണ്ഡവര്‍മയും ബന്ധുക്കളും. ജനക്ഷേമം മുന്‍നിര്‍ത്തി ഭരണം നടത്തിയവരാണ്‌ തിരുവിതാംകൂര്‍ രാജവംശമെന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നുണ്ട്‌. ആ അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ ജനക്ഷേമകരമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിന്‌ നിലവറകളിലെ സ്വത്ത്‌ ഉപയോഗിക്കാമെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയാണ്‌ ചെയ്യേണ്ടത്‌. 


മൂല്യം കണക്കാക്കാന്‍ സാധിക്കാത്ത സ്വത്ത്‌ തങ്ങളുടെ അധീനതയില്‍ ഇപ്പോഴുമുണ്ടെന്ന നിര്‍വൃതിയില്‍ മാര്‍ത്താണ്ഡ വര്‍മയും കൂട്ടരും തുടരുമ്പോള്‍ നിലവറകളിലെ പരിശോധന പോലും ഹൈന്ദവ വിശ്വാസത്തിനെതിരായ നീക്കമായി ചിത്രീകരിക്കാനാണ്‌ സംഘ്‌ പരിവാര്‍ സംഘടനകളുടെ ശ്രമം. ഈ രണ്ട്‌ കൂട്ടരും യോജിച്ചതിന്റെ ഫലമായിരുന്നു അടുത്തിടെ അരങ്ങേറിയ ദേവപ്രശ്‌നം. സ്വത്തിന്റെ സംരക്ഷണം ദേവന്റെ പ്രശ്‌നമല്ല, മനുഷ്യന്റെ പ്രശ്‌നമാണെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. 


ക്ഷേത്ര നിലവറകളിലെ സ്വത്തുക്കള്‍ക്ക്‌ സ്ഥാനഭ്രംശം സംഭവിച്ചത്‌ വലിയ പിഴയായി പ്രശ്‌നത്തില്‍ കണ്ടു. ബി നിലവറ തുറക്കുന്നത്‌ കൊടിയ ദുരന്തത്തിന്‌ വഴിവെക്കുമെന്നും പ്രശ്‌ന വിധിയുണ്ടായി. ഇങ്ങനെ വിധിക്കാന്‍ പ്രശ്‌നം നടത്തിയ പണ്ഡിതര്‍ക്ക്‌ കാരണങ്ങളുണ്ടാകാം. അതിനെല്ലാം അടിസ്ഥാനം വിശ്വാസങ്ങളാണ്‌. വിശ്വാസമെന്നാല്‍ അടിസ്ഥാനപരമായി ദൈവത്തിലുള്ള വിശ്വാസം. അതിന്‌ ശേഷമേ നക്ഷത്രങ്ങളുടെ സ്ഥാനവും മറ്റും ഗണിച്ചുള്ള ജ്യോതിഷത്തിലുള്ള വിശ്വാസത്തിന്‌ സ്ഥാനമുണ്ടാകൂ. തന്റെ വിശ്വാസത്തെ ചോദ്യം ചെയ്‌ത ഹിരണ്യ കശിപുവിനോട്‌ പ്രഹ്‌ളാദന്‍ പറയുന്നത്‌ ദൈവം എവിടെയുമുണ്ടെന്നാണ്‌. അങ്ങനെയെങ്കില്‍ അവന്‍ വന്ന്‌ നിന്നെ രക്ഷിക്കട്ടെ എന്ന്‌ വെല്ലുവിളിക്കുന്ന ഹിരണ്യ കശിപുവിനെ വധിക്കാന്‍ നരസിംഹാവതാരം എത്തുന്നത്‌ തൂണ്‌ പിളര്‍ന്നാണ്‌. 


തൂണിലും തുരുമ്പിലുമിരിക്കുന്ന ദൈവത്തിന്‌ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ (നരസിംഹമായി അവതരിച്ച വിഷ്‌ണു ഭഗവാന്‍ തന്നെയാണത്രേ ശ്രീ പത്മനാഭ സ്വാമി) ഏതാനും നിലവറകളുടെ കാര്യത്തിലും അതിലെ സ്വത്തുക്കളിരിക്കുന്ന സ്ഥാനത്തിന്റെ കാര്യത്തിലും പ്രത്യേകിച്ച്‌ നിര്‍ബന്ധങ്ങളുണ്ടെന്ന്‌ ഏത്‌ പണ്ഡിതന്‍ പറഞ്ഞാലും അതിന്‌ എന്തൊക്കെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാലും വിശ്വാസിയായ ഒരാള്‍ക്ക്‌ ബോധ്യപ്പെടില്ല തന്നെ.

അപ്പോള്‍ പ്രശ്‌നം ദേവന്റെയോ വിശ്വാസത്തിന്റെയോ അല്ല. കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെങ്കിലും സ്വത്തുണ്ടെന്ന വിശ്വാസത്തില്‍ രമിക്കുന്ന, രാജരക്തത്തിന്റെ വരേണ്യതയില്‍ ഇപ്പോഴും ഊറ്റം കൊള്ളുന്ന ഒരു വിഭാഗത്തിന്റെയും ക്ഷേത്ര നിലവറയാണെന്നത്‌ കൊണ്ടു തന്നെ അതിനെ വിശ്വാസവുമായി ബന്ധിപ്പിച്ച്‌ മുതലെടുക്കാന്‍ അവസരമുണ്ടാകുമെന്ന്‌ കരുതുന്ന വര്‍ഗീയവാദികളുടെയും പ്രശ്‌നമാണ്‌. താണ ജാതിയെന്നും അന്യ മതക്കാരെന്നും പറഞ്ഞ്‌ അകറ്റിനിര്‍ത്തുമ്പോള്‍ തന്നെ അവരെ പിഴിഞ്ഞൂറ്റാന്‍ മടി കാട്ടാതിരുന്ന പഴയ സവര്‍ണ മേല്‍ക്കോയ്‌മയുടെ പുതുമുഖമാണിത്‌. 


പായസമെന്ന പേരില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ സ്വത്തുക്കള്‍ മാര്‍ത്താണ്ഡവര്‍മ കടത്തിയിരുന്നുവെന്ന പരാതിയെക്കുറിച്ച്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ പുറപ്പെട്ടവരുടെ മനസ്സുകളിലും ഈ സവര്‍ണ മനോഭാവം തന്നെയാണ്‌ നിലനില്‍ക്കുന്നത്‌. അങ്ങനെയൊരു പരാതി ഉയരാന്‍ ഇടയുണ്ടോ എന്ന ആലോചനപോലുമില്ലാതെ എതിര്‍പ്പുമായി രംഗത്തുവന്നതിന്റെ അര്‍ഥം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതിനേക്കാളേറെ ഇവര്‍ രാജവംശത്തെ വിശ്വസിക്കുന്നുവെന്നതാണ്‌.

ക്ഷേത്ര നിലവറകള്‍ തുറക്കുകയും സ്വത്തുക്കളുടെ കണക്ക്‌ പുറത്തുവരികയും ചെയ്‌ത സമയത്ത്‌ ഇതേക്കുറിച്ചെല്ലാം തങ്ങള്‍ക്ക്‌ അറിയാമായിരുന്നുവെന്ന്‌ പറഞ്ഞത്‌ ഇതേ മാര്‍ത്താണ്ഡവര്‍മ തന്നെയാണ്‌. സ്വത്തുക്കളുടെ കണക്ക്‌ തങ്ങളുടെ പക്കലുണ്ടെന്ന്‌ പറഞ്ഞതും മറ്റാരുമല്ല. സ്വത്ത്‌ വിവരം ഇത്രകാലം രഹസ്യമാക്കിവെച്ചത്‌ എന്തിനാണെന്ന്‌ മാത്രം പറഞ്ഞില്ല. പുറത്തറിഞ്ഞാല്‍ മോഷ്‌ടിക്കപ്പെട്ടാലോ എന്ന ഭീതിമൂലമാണെന്ന്‌ വാദത്തിനു വേണ്ടി സമ്മതിക്കാം. നിലവറ തുറന്ന്‌ സ്വത്ത്‌ തിട്ടപ്പെടുത്തണമെന്ന്‌ ഉത്തരവിട്ടത്‌ സുപ്രീം കോടതിയാണ്‌. അതിന്‌ വേണ്ടിയുള്ള ഹരജി സമര്‍പ്പിക്കപ്പെട്ടപ്പോള്‍ സ്വത്തുക്കളുടെ കണക്ക്‌ തങ്ങളുടെ പക്കലുണ്ടെന്ന്‌ കോടതിയെ അറിയിക്കാന്‍ ഇവര്‍ തയ്യാറാകാതിരുന്നത്‌ എന്തുകൊണ്ടാണ്‌? വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത്‌ സുരക്ഷാ പ്രശ്‌നമുണ്ടാക്കാന്‍ ഇടയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയാല്‍ അത്‌ കോടതി കണക്കിലെടുക്കുമായിരുന്നുവല്ലോ. അതിന്‌ തയ്യാറാകാതിരുന്നത്‌ കോടതിയില്‍ വിശ്വാസമില്ലാത്തതു കൊണ്ടാകണം. സ്വത്ത്‌ തിട്ടപ്പെടുത്തുന്നതില്‍ പത്മനാഭ സ്വാമിയുടെ പേരില്‍ എതിര്‍പ്പുന്നയിക്കുന്നതിന്റെ പിറകില്‍ മറ്റ്‌ കാരണങ്ങളുണ്ടോ എന്ന ചിന്തയാണ്‌ നേരത്തെ പറഞ്ഞ പരാതി ജനിപ്പിക്കുന്നത്‌. തിട്ടപ്പെടുത്തപ്പെട്ടാല്‍ പിന്നെ പായസ രൂപത്തില്‍ അത്‌ പുറത്തേക്ക്‌ കൊണ്ടുവരിക പ്രയാസമാകുമല്ലോ!

കാണിക്കയായി ലഭിക്കുന്ന സ്വത്തുക്കള്‍ മനുഷ്യന്‍ ഉപയോഗിക്കുന്നതിന്‌ ചിലയിടത്തെങ്കിലും പ്രശ്‌നങ്ങളില്ല എന്ന്‌ കരുതണം. അതുകൊണ്ടാണല്ലോ ശബരി മലയിലെ കോടികളുടെ നടവരവ്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ സ്വതന്ത്രമായി ചെലവഴിക്കുന്നത്‌. ആ നടവരവുള്ളതുകൊണ്ടാണ്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലെയും ജീവനക്കാര്‍ക്ക്‌ മുടങ്ങാതെ ശമ്പളം നല്‍കിപ്പോരുന്നത്‌. ഒരു വ്യത്യാസമുണ്ട്‌; ശബരിമലയില്‍ കാണിക്ക നല്‍കുന്നത്‌ സാധാരണക്കാരാണ്‌. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ രാജാവിന്റെ കാണിക്കയാണ്‌. സാധാരണക്കാരന്റെ കാണിക്കയും രാജാവിന്റെ കാണിക്കയും തമ്മില്‍ വ്യത്യാസമുണ്ടോ? 


ഉണ്ടെന്ന്‌ വേണം കരുതാന്‍. അല്ലെങ്കില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണിക്ക മുതല്‍ തിട്ടപ്പെടുത്തുന്നതില്‍പ്പോലും എതിര്‍പ്പുയരേണ്ട കാര്യമില്ലല്ലോ. സ്ഥിതി ഇതാണെങ്കില്‍ മാര്‍ത്താണ്ഡവര്‍മയും പരിവാരങ്ങളും സംഘ്‌പരിവാര്‍ സംഘടനകളുടെ പ്രഭൃതികളും രാജവംശത്തിന്റെ വിശ്വാസ്യതയില്‍ ഇപ്പോഴും കുറവില്ലാത്ത രാഷ്‌ട്രീയക്കാരും ശ്രീ പത്മനാഭ സ്വാമിയെ അപകീര്‍ത്തിപ്പെടുത്തുകയാണ്‌. രാജാവിന്റെ കാണിക്കക്ക്‌ മൂല്യം കൂടുതല്‍ കണക്കാക്കുകയും അത്‌ സ്ഥലം മാറ്റിവെക്കുന്നതില്‍ പോലും അനിഷ്‌ടം പ്രകടിപ്പിക്കുകയും ചെയ്യുന്ന തീര്‍ത്തും വിവേചനം കാണിക്കുന്ന ദൈവമായി താറടിക്കുകയാണ്‌. കുചേലന്റെ ഒരു പിടി അവിലിനെപ്പോലും അമൂല്യമായി കണ്ട ദൈവാംശത്തെ നിഷേധിക്കുകയാണ്‌. ഇതിനെതിരെ രംഗത്തുവരികയാണ്‌ യഥാര്‍ഥ വിശ്വാസികളുടെ കടമ. ഒരു പിടി അവിലിന്‌ പകരമായി സമ്പത്തും സമൃദ്ധിയും നല്‍കിയ ദൈവത്തെയാണ്‌ (അതും ശ്രീ പത്മനാഭ സ്വാമി തന്നെയാണ്‌) വിശ്വസിക്കുന്നത്‌ എങ്കില്‍ ഈ സ്വത്ത്‌ അതിന്റെ യഥാര്‍ഥ അവകാശികളുടെ പിന്‍മുറക്കാരുടെ ഉന്നമനത്തിന്‌ വേണ്ടി കൈമാറുകയാണ്‌ വേണ്ടത്‌. അതാണ്‌ യഥാര്‍ഥ വിശ്വാസിക്ക്‌ ചെയ്യാവുന്ന സ്വാമി സേവ. അതിന്‌ വേണ്ടി ശ്രമിക്കാത്തവരോട്‌ ശ്രീ പത്മനാഭ സ്വാമീ പൊറുക്കണേ!

2011-08-18

ഉണ്ണാവ്രതം (ദേശീയതയില്‍ മുക്കിയത്‌)ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരത്തെയും ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിക്കുകയാണ്‌ അന്നാ ഹസാരെ. തന്റെ നേതൃത്വത്തില്‍ നടക്കുന്നത്‌ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന്‌ ശക്തമായ ലോക്‌പാല്‍ ആവശ്യപ്പെട്ടുള്ള ആദ്യത്തെ സത്യഗ്രഹ സമരത്തിന്‌ പിറകെ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ സത്യഗ്രഹ സമരം സ്വാതന്ത്ര്യ ദിനത്തിന്‌ പിറ്റേന്ന്‌ ആരംഭിക്കാനുള്ള തീരുമാനത്തിന്‌ പ്രേരണയായതും ഇത്തരം സൂചകങ്ങളെ ഉപയോഗിക്കാനാകുമെന്ന തോന്നലാകണം. കരുതല്‍ തടങ്കല്‍, അറസ്റ്റ്‌, തിഹാര്‍ ജയിലിലെ താമസം, മോചിപ്പിക്കാനുള്ള ഉത്തരവ്‌ എത്തിയതിനു ശേഷവും ജയിലില്‍ തന്നെ തുടരാനുള്ള തീരുമാനം ഇതൊക്കെ ജനങ്ങള്‍ക്കിടയില്‍ ഉണര്‍ത്തുന്ന ഓര്‍മകള്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ളതായിരിക്കും. ഒരു സമരത്തിന്‌ തുടക്കമിടാനും സ്വന്തം പ്രതിച്ഛായ ഉയര്‍ത്തിനിര്‍ത്താനും ഇതിലധികം വികാരവാഹിയായ ഒരു തൂണ്‌ അന്നാ ഹസാരെക്ക്‌ കിട്ടാനില്ല.

അഴിമതി അതിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്ന തിരിച്ചറിവ്‌ നഗരവാസികളിലും ഇടത്തരക്കാരിലും ശക്തമായുണ്ട്‌. ഇവര്‍ അഴിമതിയെ തിരിച്ചറിയുകയോ സ്വയം അതിന്റെ ഭാഗമായി നേട്ടങ്ങള്‍ അനുഭവിക്കുകയോ ചെയ്യാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. എങ്കിലും അതിനെതിരെ പ്രതികരിക്കാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. അവര്‍ക്കിടയിലേക്കാണ്‌ അന്നാ ഹസാരെ എന്ന താരതമ്യേന ഗ്രാമീണനായ ഒരാള്‍ പഴയ സമരമുറ പൊടിതട്ടിയെടുത്ത്‌ രംഗപ്രവേശം ചെയ്യുന്നത്‌. അഴിമതിയും ക്രമക്കേടും തടയുന്നതിന്‌ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ പരാജയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു ഭാഗത്ത്‌. സ്വന്തം കാലുകള്‍ ചെളിയില്‍ നിന്ന്‌ വലിച്ചെടുക്കാന്‍ തത്രപ്പെടുന്നതിനിടെ എതിരാളിയുടെ അഴിമതിക്കെതിരെ ശബ്‌ദിക്കാന്‍ അര്‍ഹത നഷ്‌ടപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ മറ്റൊരു ഭാഗത്ത്‌. ഇവ രണ്ടും കൂടിയായപ്പോള്‍ ഹസാരെയുടെ സ്വീകാര്യത പൊടുന്നനെ വര്‍ധിക്കുകയും ചെയ്‌തു. 
നഗരവാസികളും ഇടത്തരക്കാരുമാണ്‌ തങ്ങളുടെ പ്രധാന ഉപഭോക്താക്കളെന്ന്‌ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്ന മാധ്യമ ശൃംഖലകള്‍ ഹസാരെയുടെ സമരത്തെ ഉപയോഗിക്കാന്‍ നിശ്ചയിക്കുക കൂടി ചെയ്‌തപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. 


കാര്യങ്ങള്‍ ഇത്രയൊന്നും അനുകൂലമല്ലാതിരുന്ന ഒരു കാലത്ത്‌ അഴിമതി ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അലയൊലി സൃഷ്‌ടിച്ചിരുന്നു. 1984ല്‍ 49.01 ശതമാനം വോട്ടും 404 സീറ്റുമായി രാജീവ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ അധികാരത്തിലിരുന്ന കാലം. ബൊഫോഴ്‌സ്‌ തോക്കിടപടില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നു. അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍ത്തും ദുര്‍ബലമായിരുന്ന പ്രതിപക്ഷം 1987 മുതല്‍ 89 വരെയുള്ള രണ്ട്‌ വര്‍ഷം രാജീവ്‌ ഗാന്ധി സര്‍ക്കാറിനെ വെള്ളം കുടിപ്പിച്ചു. സംയുക്ത പാര്‍ലിമെന്ററി സമിതിയെ അന്വേഷണത്തിന്‌ നിയോഗിക്കേണ്ടിവന്നു. വ്യക്തി വൈശിഷ്‌ട്യവും ഉയര്‍ന്ന ധാര്‍മിക നിലവാരവും പ്രകടിപ്പിച്ച വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌ എന്ന നേതാവിന്റെ ചുറ്റും പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചുനിന്നു. 


1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പരാജയം രുചിച്ചു. പിന്നീടിന്നോളം കോണ്‍ഗ്രസിന്‌ ഒറ്റക്ക്‌ ഭൂരിപക്ഷം കിട്ടുന്ന സ്ഥിതി ഉണ്ടായിട്ടുമില്ല. കേവലം അഴിമതി എന്ന ഒരൊറ്റ അജന്‍ഡയില്‍ അധിഷ്‌ഠിതമല്ല തന്റെ രാഷ്‌ട്രീയമെന്ന്‌ വി പി സിംഗ്‌ പിന്നീട്‌ തെളിയിച്ചു. അതോടെ ഒപ്പം നിന്നിരുന്ന പല പാര്‍ട്ടികളുടെയും തനിനിറം പുറത്തുവന്നു. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ പിന്നാക്കം നിന്നിരുന്ന വിഭാഗങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ വി പി സിംഗ്‌ തീരുമാനിച്ചപ്പോള്‍ അത്‌ ഇന്ത്യാ ചരിത്രത്തിലെ നിര്‍ണായക സംഭവമായി. എന്നാല്‍ ഈ രാഷ്‌ട്രീയത്തെ, അധഃസ്ഥിതനെ അധികാരത്തിന്റെ ഭാഗമാക്കാന്‍ നിശ്ചയിച്ചുറപ്പിച്ച ചിന്താധാരയെ അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി ജെ പി അയോധ്യ പ്രശ്‌നം ഉയര്‍ത്തി, എല്‍ കെ അഡ്വാനി രഥയാത്ര ആരംഭിച്ചു. വര്‍ഗീയ വിഷം വമിപ്പിക്കുകയും പലേടത്തും കാലപത്തിന്‌ വഴിയൊരുക്കുകയും ചെയ്‌ത രഥയാത്ര ബീഹാറില്‍ വെച്ച്‌ തടയുകയും അഡ്വാനിയെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തതോടെ കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ ബി ജെ പി പിന്‍വലിച്ചു. ഒരു വര്‍ഷവും ഒരു മാസവും അധികാരത്തിലിരുന്ന വി പി സിംഗ്‌ സര്‍ക്കാര്‍ നിലം പതിക്കാന്‍ കാരണം അത്‌ മുന്നോട്ടുവെച്ച രാഷ്‌ട്രീയ ചിന്താധാരയോടുള്ള ശക്തമായ എതിര്‍പ്പായിരുന്നു.

കാല്‍ നൂറ്റാണ്ടിന്‌ ശേഷം അഴിമതി വീണ്ടും കേന്ദ്ര പ്രശ്‌നമായി വരുമ്പോള്‍, അതിന്‌ ഏറെ വലിപ്പം വെച്ചിരിക്കുന്നു. ഈ കാല്‍ നൂറ്റാണ്ടിനിടെ ബൊഫോഴ്‌സ്‌ കോഴക്കേസില്‍ ഒരാളെപ്പോലും ശിക്ഷിക്കാന്‍ നമ്മുടെ ഭരണ സംവിധാനത്തിന്‌ സാധിച്ചില്ല. മുഖ്യ ഇടനിലക്കാരനെന്ന്‌ ആരോപിക്കപ്പെട്ടിരുന്ന ഒട്ടാവിയോ ക്വത്‌റോച്ചിയെ വിചാരണക്ക്‌ ഹാജരാക്കാന്‍ പോലും കഴിഞ്ഞില്ല. ബൊഫോഴ്‌സ്‌ ഇടപാടില്‍ കൈമറിഞ്ഞ കോഴപ്പണം നിക്ഷേപിക്കപ്പെട്ടുവെന്ന്‌ കരുതപ്പെടുന്ന സ്വിസ്‌ ബേങ്ക്‌ അക്കൗണ്ടുകള്‍ പരിശോധിക്കപ്പെട്ടതുമില്ല. ഇപ്പോള്‍ അഴിമതിയെ വേരോടെ പിഴുതെറിയാന്‍ പാകത്തിലുള്ള ലോക്‌പാല്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി അന്നാ ഹസാരെ സമരം ചെയ്യുമ്പോള്‍ ഇതിനപ്പുറമുള്ള രാഷ്‌ട്രീയ അജന്‍ഡയൊന്നും പ്രത്യക്ഷത്തില്‍ ഇല്ല. എന്നാല്‍ ഇത്തരമൊരു സമരത്തിന്‌ അരങ്ങൊരുക്കുകയോ അതിന്റെ ഫലം കൊയ്യാന്‍ തയ്യാറാകുകയോ ചെയ്യുന്ന രാഷ്‌ട്രീയ അജന്‍ഡകള്‍ പ്രത്യക്ഷമാണ്‌ താനും.

ലോക്‌പാലെന്ന ആവശ്യവുമായി ഹസാരെ സമരത്തിനൊരുങ്ങും മുമ്പ്‌ വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം രാജ്യത്ത്‌ തിരിച്ചെത്തിക്കാന്‍ നടപടി വേണമെന്ന്‌ അഭ്യര്‍ഥിച്ച്‌ കോടതി നടപടികള്‍ ആരംഭിച്ചിരുന്നു. ബി ജെ പി നേതാവ്‌ കൂടിയായ പ്രമുഖ അഭിഭാഷകന്‍ രാം ജെത്‌മലാനി, സിഖ്‌ തീവ്രവാദം അടിച്ചമര്‍ത്താനെന്ന പേരില്‍ നിര്‍ദാക്ഷിണ്യം കൂട്ടക്കുരുതികള്‍ നടത്താന്‍ നേതൃത്വം നല്‍കിയ പോലീസ്‌ ഉദ്യോഗസ്ഥന്‍ കെ പി എസ്‌ ഗില്‍, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ജെ എം ലിംഗ്‌ദോ തുടങ്ങിയവരായിരുന്നു കോടതിയെ സമീപിച്ചത്‌. അതിന്‍മേല്‍ കോടതി കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഇതര അഴിമതികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായതും ലോക്‌പാലെന്ന ആവശ്യവുമായി അന്നാ ഹസാരെ രംഗത്തുവന്നതും. 


ലോക്‌പാല്‍ ബില്‍ കൊണ്ടുവരാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമം തുടങ്ങിയ ശേഷമാണ്‌ ഹസാരെയുടെ സമരം ആരംഭിച്ചത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഏപ്രിലിലെ സമര കാലത്തും ഇപ്പോഴും ഹസാരെയുടെ ശ്രമങ്ങള്‍ക്ക്‌ പൂര്‍ണ പിന്തുണയുമായി രംഗത്തുവന്നത്‌ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘായിരുന്നു. കര്‍ണാടകത്തിലും ഭരണത്തിലിരിക്കുന്ന ഇതര സംസ്ഥാനങ്ങളിലും അഴിമതി, അടിച്ചമര്‍ത്തല്‍, കൂട്ടക്കുരുതി ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ ബി ജെ പിക്ക്‌ രംഗത്തുവരിക പ്രയാസമായിരുന്നു. അതുകൊണ്ടാവണം ആര്‍ എസ്‌ എസ്‌ ആ ചുമതല ഏറ്റെടുത്തത്‌. സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ നേരിട്ട്‌ രംഗത്തുവരാന്‍ ആര്‍ എസ്‌ എസ്‌ തയ്യാറായില്ല. ആര്‍ എസ്‌ എസ്‌ നേരിട്ട്‌ രംഗത്തുവരികയോ ആ പിന്തുണ പ്രത്യക്ഷത്തില്‍ സ്വീകരിക്കുകയോ ചെയ്യുന്നത്‌ സമരത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കുമെന്നത്‌ വ്യക്തമായിരുന്നു. എന്നാല്‍ ചില വ്യക്തികളുടെ സാന്നിധ്യത്തിലൂടെ, സമര വേദിയില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിലൂടെ കപട ദേശീയതയുടെ പരിസരം സൃഷ്‌ടിക്കപ്പെട്ടിരുന്നുവെന്നത്‌ ഒരൊറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്‌.

ബാബ രാം ദേവിന്റെ സമര പ്രഹസന വേദിയിലും ഇതേ സൂചകങ്ങള്‍ ശക്തമായിരുന്നു. രാം ദേവിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ എത്തിയത്‌ ശ്രീ ശ്രീ രവിശങ്കര്‍ എന്ന `ആള്‍ ദൈവ'മായിരുന്നു. ഇവിടെ അന്നാ ഹസാരെയുടെ സമര മുഖത്തും രവിശങ്കറിന്റെ സാന്നിധ്യമുണ്ട്‌. അഴിമതി എന്ന ഒരൊറ്റ അജന്‍ഡയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന അന്നാ ഹസാരെ സംഘത്തിന്‌ (കിരണ്‍ ബേദി, ശാന്തി ഭൂഷണ്‍, പ്രശാന്ത്‌ ഭൂഷണ്‍, അരവിന്ദ്‌ കേജ്‌രിവാള്‍ തുടങ്ങിയവര്‍) സമാന്തരമായി നടക്കുന്ന രാഷ്‌ട്രീയ നീക്കങ്ങളെക്കുറിച്ച്‌ ബോധ്യമുണ്ടായിക്കൊള്ളണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബോധ്യമുണ്ടെങ്കില്‍ തന്നെ അതിനെ അവഗണിക്കാനാണ്‌ സാധ്യത. 


സമര വേദികളില്‍ വന്ദേ മാതരം, മുദ്രാവാക്യം പോലെ ഉയരുന്നത്‌ ജനങ്ങള്‍ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന ആശയത്തെ സര്‍വാത്മനാ സ്വീകരിച്ചതിന്റെ തെളിവായി അവര്‍ വിലയിരുത്തുന്നുണ്ടാകണം. എന്നാല്‍ വ്യക്തമായ രാഷ്‌ട്രീയ പരിപാടിയുടെ അടിസ്ഥാനത്തിലല്ലാതെ സൃഷ്‌ടിക്കപ്പെടുന്ന ആള്‍ക്കൂട്ടത്തെ സ്വന്തം ആശയ ധാരയിലേക്ക്‌ എത്തിക്കുക എന്നത്‌ പ്രയാസമില്ലാത്ത സംഗതിയാണെന്ന്‌ തിരിച്ചറിയുന്നവരുടെ ബോധപൂര്‍വമായ ഇടപെടല്‍ ഇതിന്‌ പിന്നിലുണ്ട്‌ എന്നത്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്തരമൊരു രാഷ്‌ട്രീയ ചേരിതിരിവിന്‌ അനുഗുണമാകും വിധത്തിലുള്ള വിഡ്‌ഢിത്തരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ആദ്യത്തെ സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ബില്ലിന്‌ രൂപം നല്‍കുന്നതിന്‌ അന്നാ പക്ഷത്തെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപവത്‌കരിച്ചത്‌ തന്നെ യു പി എയുടെ രാഷ്‌ട്രീയ പരാജയമായിരുന്നു. ആ പരാജയത്തിന്റെ രണ്ടാം ഖണ്ഡമാണ്‌ രാം ദേവിന്റെ കാര്യത്തില്‍ കണ്ടത്‌. ഇപ്പോള്‍ അതിന്റെ മൂന്നാം ഖണ്ഡം ആവര്‍ത്തിക്കുന്നു. അഴിമതിക്കെതിരായ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്‌ ഭരണകൂടമെന്നും അത്‌ സ്വന്തം തെറ്റുകളെ മറച്ചുവെക്കാനാണെന്നുമുള്ള വിശ്വാസം ജനങ്ങളില്‍ ദൃഢമാകാന്‍ കാരണമായി. അതിനെ ദേശീയതയില്‍ ചാലിച്ച്‌ മുതലെടുക്കാനാണ്‌ ഇപ്പോള്‍ ശ്രമം നടക്കുന്നത്‌. ആ നിയോഗം ഏറ്റെടുക്കുക എന്നത്‌ മാത്രമാണ്‌ അന്നാ ഹസാരെയില്‍ നിക്ഷിപ്‌തമായിരിക്കുന്നത്‌. 


ബി ജെ പി അവരുടെ രാഷ്‌ട്രീയ സ്വാധീനം ഉറപ്പിച്ചത്‌ നഗരങ്ങളിലാണെന്നത്‌ അവര്‍ക്ക്‌ ലഭിക്കുന്ന വോട്ട്‌ പരിശോധിച്ചാല്‍ മനസ്സിലാകും. ഇടത്തരക്കാരാണ്‌ അവരുടെ വോട്ട്‌ ബേങ്ക്‌ എന്നതും. അതുകൊണ്ടാണ്‌ രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ചുള്ള സമരം എന്ന ആശയം ഉടലെടുക്കുന്നതും. ആദ്യത്തെ സമരത്തിലൂടെ ലഭിച്ച പ്രതിച്ഛായ നിലനില്‍ക്കുന്നതിനാല്‍ പുനെക്ക്‌ സമീപമുള്ള സ്വന്തം ഗ്രാമത്തില്‍ ഹസാരെ രണ്ടാം സമരം ആരംഭിച്ചാലും വാര്‍ത്താ പ്രാധാന്യം ലഭിക്കുമായിരുന്നു. പക്ഷേ, നാമിപ്പോള്‍ കാണുന്ന വിധത്തിലുള്ള നഗര വാസികളുടെ പങ്കാളിത്തം ലഭിക്കുമായിരുന്നില്ല. അത്തരം പിന്തുണ ഉറപ്പാക്കുകയും ദേശീയതയുടെ അന്തരീക്ഷം ബോധപൂര്‍വം സൃഷ്‌ടിക്കുകയും ചെയ്യുക എന്നത്‌ രാഷ്‌ട്രീയ ആവശ്യമായിരുന്നു. അതിന്‌ അന്നാ ഹസാരെയും കൂട്ടരും നിന്നുകൊടുത്തുവെന്നതാണ്‌ വസ്‌തുത. അതിനപ്പുറത്ത്‌ അഴിമതി തുടച്ചു നീക്കാനൊന്നും ആരും ഉദ്ദേശിക്കുന്നില്ല. 


അന്നാ ഹസാരെ മുന്നോട്ടുവെക്കുന്ന രീതിയില്‍ ലോക്‌പാല്‍ നിയമം കൊണ്ടുവന്നാലും അഴിമതി നിലനില്‍ക്കുമെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. അന്നാ ഹസാരെ ഉദ്ദേശിക്കുന്ന വിധത്തില്‍ ലോക്‌പാലിന്‌ പരമാധികാരം നല്‍കുന്നത്‌ തന്നെ അഴിമതിക്ക്‌ കളമൊരുക്കലായി മാറുകയും ചെയ്യും.
അഴിമതി എന്നത്‌ ടെലികോം, ആദര്‍ശ്‌, കോമണ്‍വെല്‍ത്ത്‌ എന്ന്‌ തുടങ്ങിയ ബിംബങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നത്‌ മാത്രമല്ല. ആദിവാസികളുടെയും കര്‍ഷകരുടെയും ഭൂമി ബലം പ്രയോഗിച്ച്‌ ഏറ്റെടുക്കുന്നതും സ്വകാര്യ കുത്തക കമ്പനികള്‍ക്ക്‌ കൈമാറുന്നതും അഴിമതിയാണ്‌. അതിനെതിരെ കൂടിയാണ്‌ സമരമെന്ന്‌ അന്നാ ഹസാരെയും കൂട്ടരും പ്രഖ്യാപിച്ചാല്‍ ഇപ്പോള്‍ തുണയേകുന്നവരില്‍ എത്ര പേര്‍ ഒപ്പമുണ്ടാകും? സ്വകാര്യ ഗുണ്ടാ സേനയുണ്ടാക്കി ആളുകളെ കൊന്നൊടുക്കാന്‍ ലൈസന്‍സ്‌ നല്‍കിയ ഭീകരതയിലേക്ക്‌ വഴിമാറിയ ഭരണകൂട അഴിമതിക്കെതിരെയാണ്‌ സമരമമെന്ന്‌ പ്രഖ്യാപിച്ചാല്‍ ആര്‍ എസ്‌ എസ്‌ തുടര്‍ന്ന്‌ പിന്തുണക്കുമോ? കൊടിയ അഴിമതിയുടെ ചരിത്രത്തെ വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്‌ടിച്ച്‌ കുഴിച്ചുമൂടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൂടിയാണ്‌ സമരമെന്ന്‌ പ്രഖ്യാപിച്ചാല്‍ സുഷമ സ്വരാജും അരുണ്‍ ജെയ്‌റ്റ്‌ലിയും വാതോരാതെ അന്നാ മന്ത്രമുരുവിടുന്നത്‌ തുടരുമോ?

2011-08-11

ഉമ്മന്റെ സുവിശേഷം
പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ 2.32 കോടിയുടെ നഷ്ടം സംസ്ഥാന ഖജനാവിനുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് ചാര്‍ജ് ചെയ്ത കേസില്‍ ഇറക്കുമതി നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പങ്ക് കൃത്യമായി അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി പി കെ ഹനീഫ നല്‍കിയ നിര്‍ദേശം പതിവ് പോലെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. അന്നത്തെ ധനമന്ത്രി ഇന്ന് മുഖ്യമന്ത്രിയാണ്. ഇതിന് മുമ്പ് മുഖ്യമന്ത്രിയായപ്പോള്‍ പാമൊലിന്‍ കേസ് എഴുതിത്തള്ളാന്‍ തീരുമാനിച്ചയാള്‍. കോടതി നിര്‍ദേശമനുസരിച്ച് സംസ്ഥാന വിജിലന്‍സ് നടത്തുന്ന തുടരന്വേഷണത്തില്‍ ഇടപെടാന്‍ സാധിക്കും വിധത്തിലുള്ള അധികാര സ്ഥാനത്ത് ഉമ്മന്‍ ചാണ്ടി തുടരരുത് എന്നും അതിനാല്‍ രാജിയല്ലാതെ പോംവഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. 


വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് പ്രാഥമികമായി ആവശ്യപ്പെട്ട ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ആ ആവശ്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചതിന് പിറകെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെടുന്നു. വിജിലന്‍സ് വകുപ്പ് ഒഴിയാന്‍ തീരുമാനിച്ചതിലൂടെ കോടതി ഉത്തരവിനെ ഉമ്മന്‍ ചാണ്ടി അംഗീകരിച്ചിരിക്കയാണെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് അര നിമിഷം തുടര്‍ന്ന് കൂടെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാജി ആവശ്യവുമായി ഇടതു ഘടകകക്ഷികളും രംഗത്തുണ്ട്. കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ രാജി വേണ്ടെന്ന് നിലവില്‍ ഹൈക്കമാന്‍ഡിന്റെ ചുമതല കൂടി വഹിക്കുന്ന എ കെ ആന്റണി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റണി അങ്ങനെ പറഞ്ഞ സാഹചര്യത്തില്‍ 'അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിത'മെന്ന ധാര്‍മികതാ വാദവുമായി വി എം സുധീരന്‍ രംഗത്തുവരാന്‍ സാധ്യതയില്ലെന്ന് കരുതാം. 


അല്ലെങ്കില്‍ തന്നെ ഇത്രയും ചെറിയൊരു കേസില്‍, കൂടുതല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചുവെന്ന ഒറ്റക്കാരണത്താല്‍ രാജി വെക്കേണ്ട കാര്യമുണ്ടോ? പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കളുടെ യോഗത്തില്‍ വെച്ച് രാജി സന്നദ്ധത അറിയിച്ചതു തന്നെ മണ്ടത്തരമാണ്. അതൊരു പഴുതായി എടുക്കാന്‍ താത്പര്യമുള്ളവര്‍ കുറവല്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. അഴിമതി ആരോപണമുയര്‍ന്നാല്‍ ഭീരുക്കളെപ്പോലെ രാജി വെച്ച് പോകുന്ന ചരിത്രമല്ല കോണ്‍ഗ്രസ് നേതാക്കളുടെത് എന്നതെങ്കിലും ഉമ്മന്‍ ചാണ്ടി മനസ്സിലാക്കേണ്ടതുണ്ട്. പഞ്ചസാര കുംഭകോണമെന്ന വാക്ക് കേട്ടതോടെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച എ കെ ആന്റണി പോലും നിലപാട് മാറ്റിയിരിക്കുന്നു. അദ്ദേഹം അംഗമായ കേന്ദ്ര മന്ത്രിസഭക്കെതിരെ ഉയരാത്ത കോഴയാരോപണങ്ങള്‍ കുറവ്. എന്നിട്ടെന്തെങ്കിലും ഈഷല്‍ ഇപ്പോള്‍ എ കെ ആന്റണിക്കുണ്ടോ? കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് കണക്കില്‍ ആന്റണിയുമായി അകന്നിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ മാതൃക സ്വീകരിക്കാവുന്നതാണ്. 


ആദര്‍ശ് ഫഌറ്റ് കുംഭകോണം കത്തിയുയര്‍ന്നപ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്റെ രാജി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതാണ് സമീപകാല കോണ്‍ഗ്രസ് ചരിത്രത്തിലെ ഏക അപവാദം. ചവാന്‍ രാജി സന്നദ്ധത അറിയിക്കുകയും പാര്‍ട്ടി അത് അംഗീകരിക്കുകയും ചെയ്തതല്ല. മറിച്ച് കോലാഹലങ്ങള്‍ പരിധി വിടുകയാണെന്ന് കണ്ടപ്പോള്‍ പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടതാണ്. അത് കടന്ന കൈയായിപ്പോയെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. നേതാക്കളില്‍ ചിലര്‍ അത് പരസ്യമായി പറയുകയും ചെയ്യുന്നുണ്ട്. ഇതേ കേസില്‍ ആരോപണം നേരിടുന്ന വിലാസ് റാവു ദേശ്മുഖും സുശീല്‍ കുമാര്‍ ഷിന്‍ഡെയും കേന്ദ്ര മന്ത്രിമാരായി തുടരുന്നു. 


ലോക്‌സഭാംഗവും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയുടെ മുന്‍ ചെയര്‍മാനുമായ സുരേഷ് കല്‍മാഡിയുടെ കാര്യമെടുക്കുക. ആരോപണങ്ങളുടെ നീണ്ട നിര ഉയരുകയും കോടികളുടെ കോഴ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ തന്നെ അഴിമതി അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടും സുരേഷ് കല്‍മാഡിയെ സംഘാടക സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. നിയമപരമായ തടസ്സങ്ങളുണ്ടെന്നായിരുന്നു വാദം. കഴിഞ്ഞ ജനുവരിയില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും അജയ് മാക്കന്‍ കായിക മന്ത്രിയാകുകയും ചെയ്തതിന് തൊട്ടുപിറകെ സംഘാടക സമിതി പിരിച്ചുവിട്ടു. അറസ്റ്റിലാകുവോളം കല്‍മാഡി കോണ്‍ഗ്രസ് നേതാവായി തുടര്‍ന്നു. അറസ്റ്റിലായപ്പോള്‍ എം പി സ്ഥാനം രാജി വെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല. പകരം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കല്‍മാഡി ഇപ്പോഴും എം പിയായി തുടരുന്നുണ്ട്. ഇതേ കേസില്‍ ആരോപണം നേരിടുന്നുണ്ട് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. പ്രധാനമന്ത്രി നിയോഗിച്ച ഷുംഗ്ലു കമ്മിറ്റിയും ഇപ്പോള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും പറയാവുന്ന ഭാഷയില്‍ ഷീലയുടെ പങ്ക് പറഞ്ഞുവെച്ചിട്ടുണ്ട്. എന്നിട്ട് ഷീല ദീക്ഷിത് രാജിവെച്ചോ? 


പാമോലിന്‍ കേസ് തന്നെ എടുത്താലും കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണ്. ഈ കേസില്‍ ആരോപണവിധേയനായി വിചാരണ നേരിടാന്‍ തയ്യാറായി നില്‍ക്കെയാണ് പി ജെ തോമസിനെ, അഴിമതി നിയന്ത്രിക്കുന്നതിന് രാജ്യത്ത് നിലവിലുള്ള ഏറ്റവും വലിയ ഏജന്‍സിയായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ഒരാളെ സി വി സിയായി നിയമിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന വിമര്‍ശം പ്രധാമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ആഭ്യന്തര മന്ത്രി പി ചിദംബരവും കണക്കിലെടുത്തതേയില്ല. ഒടുവില്‍ സുപ്രീം കോടതി വിധി വന്നപ്പോഴാണ് തോമസ് പുറത്തേക്ക് പോയത്. അഴിമതിക്കേസില്‍ ആരോപണവിധേയനാണെന്നത്  കണക്കിലെടുത്തല്ല, മറിച്ച് നിയമനം നിയമപരമല്ലെന്ന് കണ്ടെത്തിയാണ് തോമസിനെതിരെ സുപ്രീം കോടതി വിധിച്ചത്. പിന്നെ വെറും 2.32 കോടി ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസില്‍ വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് പരിഗണിച്ച് ഉമ്മന്‍ ചാണ്ടി രാജി വെക്കേണ്ടതുണ്ടോ? 


നിലവിലുള്ള രാഷ്ട്രീയ അഴിമതി സാഹചര്യത്തെക്കുറിച്ച് വേണ്ട വിധത്തില്‍ ബോധ്യമില്ലാത്തതുകൊണ്ടാണ് ഇടതുപക്ഷ നേതാക്കള്‍ രാജി ആവശ്യമുന്നയിക്കുന്നത്. അത് പ്രതിപക്ഷത്തിന്റെ കടമയും ബാധ്യതയും എന്ന നിലയില്‍ മാത്രമേ കാണേണ്ടതുള്ളൂ. പാവപ്പെട്ട മലയാളികള്‍ ഭക്ഷ്യ എണ്ണയുടെ ദൗര്‍ലഭ്യം മൂലം ദസറയും ദീപാവലിയും ആഘോഷിക്കാന്‍ ബുദ്ധിമുട്ടുമല്ലോ എന്ന തീവ്ര മനോവിഷമം മൂലമാണ് 1991-92 കാലത്ത് 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. അതിലെന്ത് ക്രമക്കേടുണ്ടായാലും ഉദ്ദേശ്യശുദ്ധി ഒന്നു കൊണ്ട് തന്നെ മലയാളികള്‍ ക്ഷമിക്കും. ഗണേശോത്സവത്തെ ദേശീയ ബോധത്തിന്റെ ഭാഗമാക്കി ഹൈന്ദവ ദേശീയ ബോധത്തിന് വിത്തിട്ട ബാലഗംഗാധര തിലകിന്റെ പാത അനുകരിച്ച് എല്ലാ ഹൈന്ദവ ഉത്സവങ്ങളെയും മാര്‍ക്കറ്റ് ചെയ്ത് രാഷ്ട്രീയ അടിത്തറ വ്യാപിപ്പിക്കാന്‍ സംഘ് പരിവാര്‍ ശ്രമം തുടങ്ങിയ ഒരു കാലത്താണ് ദസറയും ദീപാവലിയും ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് ഭക്ഷ്യ എണ്ണ വേണ്ടുവോളമില്ലല്ലോ എന്ന മനോവേദന കെ കരുണാകരനെന്ന മുഖ്യമന്ത്രിക്കുണ്ടായത്. അത്തരമൊരു തീരുമാനമെടുത്തതില്‍ രാഷ്ട്രീയമായ തെറ്റ് സംഭവിച്ചോ ഇല്ലയോ എന്ന് വേണമെങ്കില്‍ ഇപ്പോള്‍ കാര്യവിചാരം ചെയ്യാം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും യശശ്ശരീരനായ പി വി നരസിംഹറാവുവിന്റെ മേല്‍ ചൊരിഞ്ഞതുപോലൊരു തന്ത്രം ഇവിടെയും സ്വീകരിക്കാം. അതിനപ്പുറത്ത് അഴിമതിയെക്കുറിച്ചോ ക്രമക്കേടിനെക്കുറിച്ചോ ചിന്തിക്കേണ്ട കാര്യമില്ല. 


ഇനി രാജി ആവശ്യമുയര്‍ത്തുന്ന സി പി എമ്മാദി പ്രതിപക്ഷകക്ഷികള്‍ ഈ കേസില്‍ ചില്ലറ രാഷ്ട്രീയത്തിനപ്പുറത്ത് കാണുന്ന ഭാവി എന്താണ്? ഇപ്പോള്‍ തന്നെ കേസിന് പ്രായം 20 പൂര്‍ത്തിയായി. അന്വേഷണം മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കി ഉമ്മന്‍ ചാണ്ടിക്ക് പങ്കൊന്നുമില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിക്കും. ഇനി ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തലെങ്കിലോ? അദ്ദേഹത്തെ ആരോപണവിധേയരുടെ പട്ടികയില്‍ ഉചിതമായ സ്ഥാനത്തു ചേര്‍ത്ത് കുറ്റപത്രം പുതുക്കി നല്‍കി വിചാരണ തുടങ്ങാം. അതിന്റെ വിധി വരുമ്പോള്‍ കുറ്റക്കാരനാണെന്ന് വിധിച്ചാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. അവിടെയും തീര്‍ന്നില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാം. ഇതിനിടയില്‍ നേരത്തെ, കെ കരുണാകരന്‍ ചെയ്തത് പോലെ നിരവധിയായ നിയമ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിവിധ കോടതികളില്‍ ഹരജികള്‍ നല്‍കി വിചാരണ വൈകിപ്പിക്കുകയും ആകാം. അങ്ങനെ കേസിന്റെ നടപടികളെല്ലാം പൂര്‍ത്തിയായി അവസാന തീര്‍പ്പാകുമ്പോഴേക്കും കൊല്ലം പലതെടുക്കും. 


ഇടമലയാര്‍ കേസില്‍ സംഭവിച്ചത് പോലെ കേസിന്റെ പഴക്കവും ആരോപണവിധേയരുടെ പ്രായാധിക്യവും കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്താകും സുപ്രീം കോടതിയുടെ വിധിയുണ്ടാകുക. ഇപ്പോള്‍ ബാലകൃഷ്ണ പിള്ളക്ക് അനുവദിക്കുന്നത് പോലെ പരോളിന്റെ മേല്‍ പരോളും പിന്നെ സ്വകാര്യ ആശുപത്രിയിലെ പഞ്ചനക്ഷത്ര ചികിത്സയുമൊക്കെ അനുവദിച്ച് തരാന്‍ അന്നുമാളുണ്ടാകും. ഇതേ പരമാവധി സംഭവിക്കാനുള്ളൂ. അതിന് വേണ്ടി ഇന്ന് ഉമ്മന്‍ ചാണ്ടി രാജി വെക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതിന് മുറിപ്പത്തല്‍ മാത്രമേ ഉത്തരമായുള്ളൂ. 


അല്‍പ്പം കടന്ന ചിന്തയാണെങ്കിലും മറ്റു സാധ്യതകള്‍ കൂടി മുന്നിലുണ്ട്. പാമൊലിന്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തുന്നത് എന്ന് കരുതുക. പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കണമെങ്കില്‍  ഗവര്‍ണറുടെ അനുമതി വേണം. അത് നല്‍കാതിരിക്കാം. മന്ത്രിയായിരിക്കെ, ഉത്തമ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത് എന്ന് ബോധ്യപ്പെട്ടുവെന്നും അതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്നും മന്ത്രിസഭ ഗവര്‍ണറോട് ശിപാര്‍ശ ചെയ്താല്‍ മതി. ഇന്നത്തെ സാഹചര്യത്തില്‍ മന്ത്രിസഭയുടെ ശിപാര്‍ശ തള്ളി അനുമതി നല്‍കാന്‍ ഗവര്‍ണര്‍ സന്നദ്ധനാകില്ല. ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് വി എസ് അച്യുതാനന്ദനോ വി എസ് അച്യുതാനന്ദന്റെ പ്രതിച്ഛായ നിര്‍മിതി അനുകരിക്കാന്‍ തയ്യാറാകുന്ന സി പി എം നേതാക്കളില്‍ ആരെങ്കിലുമോ കോടതിയില്‍ പോകും. 


സംഗതി ഭരണഘടനാ പ്രശ്‌നമായതിനാല്‍ തീരുമാനം വൈകുമെന്ന് ഉറപ്പ്. ഇതില്‍ തീര്‍പ്പുണ്ടാകുകയും ഗവര്‍ണറുടെ തീരുമാനം അസാധുവാക്കപ്പെടുകയും ചെയ്താല്‍ തന്നെ വിചാരണ തടസ്സപ്പെടുത്താന്‍ പാകത്തിലുള്ള മറ്റ് ഹരജികള്‍ തയ്യാറാക്കാവുന്നതേയുള്ളൂ. അത് ഏതൊക്കെ വിധത്തിലാകാമെന്നത് ഇതേ കേസില്‍ കെ കരുണാകരന്‍ സമര്‍പ്പിച്ച ഹരജികളുടെ മാതൃകകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അങ്ങനെ ഹരജികള്‍ സമര്‍പ്പിച്ച് സമര്‍ഥമായി മുന്നോട്ടുനീങ്ങിയാല്‍ ആരോപണവിധേയ സ്ഥാനത്തു നിന്ന് സ്വാഭാവികമായി ഒഴിവാകാന്‍ സാധിക്കുമെന്ന് കെ കരുണാകരന്‍ തെളിയിച്ചിട്ടുമുണ്ട്. 
പ്രതിപക്ഷം രാജി ആവശ്യം ആവര്‍ത്തിക്കും. രാജി വെക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കും. സെക്രട്ടേറിയറ്റിന് മുന്നിലേക്കും ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലേക്കും പ്രകടനം നടത്തും. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ കരിങ്കൊടി കാണിക്കും. അത് പതിവില്ലാത്തതല്ലല്ലോ! എല്ലാറ്റിനും ഒരു മറുപടി മാത്രം നല്‍കിയാല്‍ മതിയാകും ''നിയമം നിയമത്തിന്റെ വഴിക്ക് പോകും, നീതിന്യായ സംവിധാനത്തില്‍ എനിക്ക് വിശ്വാസമുണ്ട്!''

2011-08-10

കീറിയ മടിശ്ശീലയെങ്കിലും വേണം...
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കാനും പിന്‍മാറ്റം 2014ല്‍ പൂര്‍ത്തിയാക്കാനും യു എസ് പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമ തീരുമാനിക്കുന്നു. 2008ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സേനാ പിന്‍മാറ്റം ഒബാമയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 2014ല്‍ പൂര്‍ത്തിയാകും വിധത്തില്‍ പിന്‍മാറ്റ പദ്ധതി പ്രഖ്യാപിച്ചത് എന്ന് വേണമെങ്കില്‍ വിശ്വസിക്കാം. ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കുകയും പിന്നീട് പിടികൂടി തൂക്കിലേറ്റുകയും ചെയ്തതിന് ശേഷവും അവിടെ അമേരിക്കന്‍ സേന തുടര്‍ന്നിരുന്നു. ഇവിടെ നിന്നുള്ള സേനാ പിന്‍മാറ്റവും പൂര്‍ത്തിയാക്കുമെന്നായിരുന്നു ഒബാമയുടെ വാഗ്ദാനം. ഇതനുസരിച്ച് ആക്രമണമുഖത്ത് നിന്ന് പിന്‍വലിച്ചുവെങ്കിലും യു എസ് സേന അവിടെ തുടര്‍ന്നു. സൈന്യം അവിടെ തുടരാന്‍ അനുവദിക്കുന്ന കരാറിലൊപ്പിടാന്‍ നൂറി അല്‍ മാലിക്കി ഭരണകൂടത്തില്‍ അമേരിക്കന്‍ ഭരണ നേതൃത്വം സമ്മര്‍ദം ചെലുത്തുകയാണ് ചെയ്തത്. ഇപ്പോള്‍ ആ കരാറിന്റെ കാലാവധി കഴിയുമ്പോള്‍ ഇറാഖ് ഭരണകൂടത്തിന് വേണമെങ്കില്‍ സൈനികര്‍ തുടരാമെന്ന നിലപാടാണ് അമേരിക്കക്ക്. 
ഇതിനിടെയാണ് ലിബിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സേന ആക്രമണം തുടങ്ങിയത്. അഫ്ഗാനിലോ ഇറാഖിലോ ആദ്യ കാലങ്ങളില്‍ പ്രകടിപ്പിച്ച ഉത്സുകത ലിബിയയില്‍ കാണുന്നില്ല. 


പ്രകൃതി വിഭവങ്ങള്‍ വേണ്ടുവോളമുള്ള ഒരു രാജ്യത്തെ ആക്രമിക്കുമ്പോള്‍ പതിവായി കാണുന്ന ഉത്സാഹം കാണുന്നില്ല. ആക്രമണത്തില്‍ പങ്കെടുത്തിരുന്ന ഇറ്റലി ഇടക്ക് ഉടക്കുകയും ചെയ്തു. സാധാരണക്കാരെ കൊന്നൊടുക്കുന്ന ആക്രമണം അവസാനിപ്പിച്ച് മുഅമ്മര്‍ ഗദ്ദാഫിയുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. പതിവില്ലാത്ത വിധത്തില്‍ യു എസ് പ്രതിനിധികള്‍ ഗദ്ദാഫി ഭരണകൂടത്തിലെ അംഗങ്ങളുമായി പലവട്ടം ചര്‍ച്ച നടത്തുകയും ചെയ്തു. 


അമേരിക്കന്‍ ഭരണകൂടത്തിന്റെ ആക്രമണ ത്വര കുറയുകയാണോ എന്ന് സംശയം തോന്നും. ആക്രമണ ത്വര കുറഞ്ഞതല്ല, അതിനുള്ള ശേഷി ഇടിയുന്നതാണ് കാരണമെന്ന് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പറഞ്ഞുതരുന്നു. ആക്രമണം അവസാനിപ്പിച്ച് ചര്‍ച്ച നടത്തണമെന്ന് ഇറ്റലിയെ പ്രേരിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഇവര്‍ മാത്രമല്ല, സഖ്യശക്തികളായ ഇതര രാജ്യങ്ങളും കടക്കെണിയിലാണ്. ആക്രമണത്തിനല്ല, അഷ്ടി നടത്താന്‍ പോലുമുള്ള പണം കൈയിലില്ലെന്ന് വ്യക്തമായിരിക്കുന്നു. പ്രതിപക്ഷത്തുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി കടത്തിന്റെ പരിധി ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ലെങ്കില്‍ കുടിശ്ശികക്കാരായി മാറുമായിരുന്നു അമേരിക്ക. യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്ക് കടപ്പത്രം വാങ്ങി പണം നല്‍കിയില്ലെങ്കില്‍ ഇറ്റലിയുടെ അവസ്ഥയും ഇത് തന്നെ. 


ഇറ്റലിയും ചില ഇതര യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന വിവരം പരസ്യമായിട്ട് മാസങ്ങളായി. എന്നാല്‍ വലിയ കടക്കെണി കുറേക്കാലം മറച്ചുവെക്കാന്‍ അമേരിക്കക്ക് സാധിച്ചു. അത് പരസ്യമായതിന് തൊട്ടുപിറകെ വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ അമേരിക്കയെ നമ്പാനാകില്ലെന്ന സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ സര്‍ട്ടിഫിക്കറ്റും വന്നു. 


ഇതൊന്നും കൂസേണ്ട കാര്യമില്ലെന്നാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും കൂട്ടരും പറയുന്നത്. അമേരിക്ക സാമ്പത്തിക ശക്തിയായി തുടരുമെന്നും തുടര്‍ന്നും ലോക മേധാവിയായി നിലനില്‍ക്കുമെന്നും അവകാശപ്പെടുകയും ചെയ്യുന്നു. ഏതാണ്ട് ഇതേ വിശ്വാസമാണ് നമ്മുടെ ധനകാര്യ നേതാക്കളും പ്രകടിപ്പിക്കുന്നത്. ഇനി അഥവാ അമേരിക്ക മാന്ദ്യം നേരിടുകയും അത് ആഗോള മാന്ദ്യമായി വളരുകയും ചെയ്താലും അത് നേരിടാനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്ന് ധനമന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജി പറയുന്നു. സൂക്ഷ്മ സാമ്പത്തിക ഘടകങ്ങള്‍ വിലയിരുത്തി, വിവിധ മേഖലകളിലെ വളര്‍ച്ചയുടെ തോത് പരിഗണിച്ച് ഒക്കെയാണ് ഇത്തരക്കാര്‍ അവകാശവാദങ്ങള്‍ നിരത്തുന്നത്. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ തന്നെ ഈ അവകാശവാദങ്ങളെ ഖണ്ഡിക്കുന്നുവെന്നതാണ് വസ്തുത. 


കടമെടുക്കാനുള്ള അമേരിക്കയുടെ ശേഷി കുറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കിയ യു എസ് ധനകാര്യ ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ മറ്റ് ചില വിവരങ്ങള്‍ കൂടി വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷേ, അമേരിക്കയെയും ആ സമ്പദ്‌വ്യവസ്ഥയെ അമിതമായി ആശ്രയിക്കുകയും ചെയ്യുന്നവരെ അലട്ടുന്നത് അതായിരിക്കും. കടം തിരിച്ചടക്കാനുള്ള രാജ്യത്തിന്റെ ശേഷി വിലയിരുത്തുന്നത് ഭാവിയില്‍ സമ്പദ്സ്ഥിതി എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തിയാണ്. 2015ലെ അമേരിക്കയുടെ സ്ഥിതി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ വിശദീകരിക്കുന്നു. 2015ല്‍ അമേരിക്കയുടെ പൊതു കടം അവരുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 79 ശതമാനമോ 81 ശതമാനമോ ആയിരിക്കും. പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ 2011ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 85 ശതമാനമോ 93 ശതമാനമോ ആയിരിക്കും പൊതു കടം. അഫ്ഗാനിലെ ആക്രമണത്തിന് നിലവില്‍ ചെലവഴിക്കുന്ന വന്‍തുക 2014ല്‍ സേനാ പിന്‍മാറ്റം പൂര്‍ത്തിയാകുന്നതോടെ ഇല്ലാതാകും. 


അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗം നല്‍കുന്ന കണക്കനുസരിച്ച് അഫ്ഗാന്‍ ആക്രമണത്തിന് ഒരു മാസത്തില്‍ ഖജനാവില്‍ നിന്ന് ചെലവാകുന്നത് 360 കോടി ഡോളറാണ്- വര്‍ഷത്തില്‍ 4320 കോടി ഡോളര്‍. പരുക്കേല്‍ക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന ധനസഹായം, കൊല്ലപ്പെടുന്ന സൈനികരുടെ കുടുംബത്തിന് നല്‍കുന്ന നഷ്ടപരിഹാരം, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ പുറമെ വരും. ഇതെല്ലാം 2014ഓടെ ഇല്ലാതാകും. ഇത്രയും ചെലവ് കുറഞ്ഞാല്‍ പോലും 2015ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 79 ശതമാനമെങ്കിലും പൊതു കടമുണ്ടാകും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് അധികരിക്കുകയും ചെയ്യുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ പ്രവചനം. ഈ പ്രവചനത്തിന് ധനകാര്യ ഏജന്‍സി ആധാരമാക്കുന്നത് കോണ്‍ഗ്രസിന്റെ ഗവേഷണ സമിതികള്‍ നല്‍കുന്ന കണക്കുകള്‍ തന്നെയാണ്. കണക്കുകള്‍ വിലയിരുത്തി മുന്‍കാലത്ത് ഈ ഏജന്‍സി നടത്തിയ പ്രവചനങ്ങള്‍  പാളിയിട്ടുമില്ല. അതുകൊണ്ടാണല്ലോ ലോകത്താകെയുള്ള ഊഹ വിപണികള്‍ ഈ ധനകാര്യ ഏജന്‍സിയുടെ വിലയിരുത്തല്‍ വന്നതോടെ ആടിയുലഞ്ഞത്. 


ഒബാമയോ ഇതര ധനകാര്യ വിദഗ്ധരോ വൈറ്റ് ഹൗസിലെ കസേര ലക്ഷ്യമിട്ട് രംഗത്തുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരും പറയുന്നതുപോലെ ഒന്നുറങ്ങിയെണീറ്റാല്‍ തീരാവുന്ന ക്ഷീണമല്ല അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്കുണ്ടായിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കടം കുറക്കണമെങ്കില്‍ കടുത്ത നടപിടകള്‍ സ്വീകരിക്കേണ്ടിവരും. അതിന് നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തില്‍ അമേരിക്കയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചങ്കുറപ്പുണ്ടാകില്ല. ഇനി ആരെങ്കിലും അതിന് തയ്യാറായാല്‍ തന്നെ വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകും. ഇല്ലാത്ത പണത്തിന്റെ മേല്‍ അമേരിക്ക എന്ന രാജ്യം നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അവിടുത്തെ ജനങ്ങളും ഇതേ രീതിയിലാണ് നിലനില്‍ക്കുന്നത്. ക്രഡിറ്റ് കാര്‍ഡുകളുടെ ബലത്തില്‍. സ്വന്തമായി പണമില്ലെങ്കിലും ജീവിക്കാമെന്ന ഉറപ്പില്‍. ക്രഡിറ്റ് എത്രത്തോളമുയര്‍ന്നാലും പ്രശ്‌നമില്ലെന്ന അഹങ്കാരത്തില്‍. അത് കുറയുന്ന സ്ഥിതിയുണ്ടായാല്‍ എതിര്‍പ്പുയരുക സ്വാഭാവികം. 


സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മൂലം സുഖശീതളിമ നഷ്ടമാകാന്‍ ഇടയായാല്‍ ചുവപ്പു കലര്‍ന്ന വെളുത്ത നിറക്കാര്‍ എത്തിച്ചേരുക ഉന്മാദാവസ്ഥയിലായിരിക്കും. ഇത്തരം സാമൂഹിക സാഹചര്യങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ബജറ്റ് കമ്മിയും കടത്തിന്റെ തോതും കുറച്ചുകൊണ്ടുവരാന്‍ പാകത്തിലുള്ള മാന്ത്രിക ദണ്ഡൊന്നും ഒരു നേതാവിന്റെ പക്കലുമുണ്ടാവില്ല. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ശരാശരി 85 ശതമാനം കടമുള്ള അവസ്ഥ ഒരു ദശത്തോളം തുടരുക എന്നാല്‍ ഇതര മേഖലകളില്‍ ചെലവ് ചെയ്യാനുള്ള ശേഷി പരിമിതപ്പെടുക എന്നാണ് അര്‍ഥം. അതായത് വിവിധ മേഖലകളിലുള്ള വളര്‍ച്ച കുറയും. തൊഴിലവസരങ്ങള്‍ എല്ലായിടത്തും ഇല്ലാതായിക്കൊണ്ടിരിക്കും. അതിന് ആനുപാതികമായി അസംതൃപ്തി വര്‍ധിക്കും. ഇവിടെ ഒന്നു മാത്രമേ ആശ്വാസമായുള്ളൂ. കുന്നുകൂട്ടിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും അന്യ രാജ്യത്തിന്റെ വിഭവ സ്രോതസ്സ് കൈപ്പിടിയിലൊതുക്കുന്നതിനുമായി മറ്റൊരു സമ്പൂര്‍ണ ആക്രമണത്തിന് അടുത്തകാലത്തൊന്നും അമേരിക്ക തയ്യാറാകാന്‍ ഇടയില്ല എന്നത്. 


അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി നേരിടാന്‍ പാകത്തില്‍ ശക്തമാണ് ഇന്ത്യന്‍ വ്യവസ്ഥയെന്ന അവകാശവാദത്തിലും പൊരുത്തക്കേടുകള്‍ ഏറെയാണ്. പ്രതിസന്ധിയുടെ അഗ്രഭാഗം പുറത്തുവരികയും ഓഹരി വിപണികള്‍ ഇടിയുകയും ചെയ്തതോടെ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 40,000 കോടി രൂപ കണ്ടെത്താനുള്ള പരിപാടി കേന്ദ്ര സര്‍ക്കാര്‍ അട്ടത്തുവെച്ചു. പൊതു മേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യവത്കരിക്കാനുള്ള നീക്കം കുറച്ചുകാലത്തേക്ക് തടയപ്പെടുന്നുവെന്നത് നല്ലത് തന്നെ. പക്ഷേ, അധിക വിഭവ സമാഹരണത്തിനുള്ള മാര്‍ഗമായി ബജറ്റില്‍ പ്രണാബ് പ്രഖ്യാപിച്ച പ്രധാന ഇനമായ ഓഹരി വിറ്റഴിക്കല്‍ തത്കാലത്തേക്ക് മാറ്റിവെക്കുമ്പോള്‍ അത് അടുത്ത ധനകാര്യ വര്‍ഷത്തിലുണ്ടാക്കുന്ന പ്രതിസന്ധി എന്തായിരിക്കും. 


നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന കമ്മി കഴിഞ്ഞ ബജറ്റില്‍ പ്രണാബ് കണക്കാക്കിയിട്ടുണ്ട്. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന 40,000 കോടി കൂടി കണക്കിലെടുത്താണ് കമ്മി നിശ്ചയിച്ചത്. ഓഹരി വില്‍പ്പന മാറ്റിവെക്കുന്നതോടെ നടപ്പ് വര്‍ഷത്തെ കമ്മി ഉയരും. അടുത്ത വര്‍ഷത്തെ ബജറ്റില്‍ കമ്മി വീണ്ടും വര്‍ധിക്കാനും കാരണമാകും. ബജറ്റ് കമ്മി കുറക്കാനായി നിലവില്‍ നടപ്പാക്കുകയോ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്ത തൊഴിലുറപ്പ് മുതല്‍ സേനാ നവീകരണം വരെയുള്ള കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനാകില്ല. അപ്പോള്‍ കൂടുതല്‍ തുക കടമെടുക്കേണ്ടിവരും. കമ്മിയും കടവും കൂടുന്ന അമേരിക്കന്‍ പ്രതിഭാസം ഇവിടെയും ആവര്‍ത്തിക്കാന്‍ സാധ്യത ഏറെയാണ്. 


ലാഭമുറപ്പ് നല്‍കുന്ന നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഇന്ത്യയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നതാണ് മറ്റൊരു വാദം. ലാഭമുറപ്പുള്ള സ്ഥലങ്ങളില്‍ നിക്ഷേപം നടത്താന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് താത്പര്യമുണ്ടാകും. പക്ഷേ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നില്‍ക്കുന്ന അമേരിക്ക മുതല്‍ അയര്‍ലന്‍ഡ് വരെയുള്ള രാജ്യങ്ങള്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സര്‍വ സ്വാതന്ത്ര്യവും അനുവദിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. അതിര്‍ വരമ്പുകള്‍ ഇല്ലാതാക്കി ഇതിനകം പ്രാബല്യത്തിലാക്കിയ ആഗോളവത്കരണ നയങ്ങളില്‍ നിന്നെല്ലാം പിന്‍മാറാന്‍ ആ രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും. 2008ലെ മാന്ദ്യ കാലത്ത് അന്താരാഷ്ട്ര ഉടമ്പടികള്‍ക്ക് വിരുദ്ധമായി നിക്ഷേപങ്ങളും പുറം ജോലി കരാറുകളും നിയന്ത്രിക്കാന്‍ അമേരിക്ക നടപടി സ്വീകരിച്ചത് ഉദാഹരണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ജോലി കരാറുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് ഉണ്ടാകില്ലെന്ന് അന്ന് പ്രഖ്യാപിച്ചത് ബരാക് ഒബാമ തന്നെയാണ്. 2008ലുണ്ടായതിനേക്കാള്‍ വലിയ പ്രതിസന്ധി മുന്നില്‍ നില്‍ക്കുമ്പോള്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തന്നെ കരുതണം. അതായത് ലാഭമുറപ്പേകുന്ന ലക്ഷ്യസ്ഥാനമായതുകൊണ്ട് മാത്രം ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ ഒഴുകിക്കൊള്ളണമെന്നില്ല. 


വിപണിയെ ആധാരമാക്കി സമ്പദ് ഘടന ആവിഷ്‌കരിക്കുകയും യാതൊരു നിയന്ത്രണവുമില്ലാതെ ധനകാര്യ ഉത്പന്നങ്ങളുടെ സൃഷ്ടിക്കും വിപണനത്തിനും വഴിയൊരുക്കുകയും ചെയ്ത നയങ്ങള്‍ പരാജയപ്പെടുന്നുവെന്നതാണ് വസ്തുത. ഇതിന് പകരം മുതലാളിത്ത സമ്പദ് വ്യവസ്ഥ പുതിയതൊന്ന് കണ്ടെത്തി പ്രതിഷ്ഠിക്കും. അല്ലെങ്കില്‍ ബദല്‍ രൂപങ്ങള്‍ ഉയര്‍ന്നുവരും. അതിലെത്തും മുമ്പുണ്ടാകുന്ന ആശയക്കുഴപ്പത്തിന്റെ തീവ്രത ഗണിക്കാനാകില്ല.

2011-08-06

പുരപ്പുറത്തെ കൗപീനം
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടുമൊരു മാന്ദ്യത്തെ അഭിമുഖീകരിക്കാന്‍ പോകുകയാണെന്ന് മുന്നറിയിപ്പ്. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും അമേരിക്കയുടെതായതിനാല്‍ ഈ മാന്ദ്യം ആഗോളതലത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. 1929 മുതല്‍ 1933 വരെ നീണ്ടുനിന്ന മാന്ദ്യമാണ് പോയ നൂറ്റാണ്ടില്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക അഭിമുഖീകരിച്ച വലിയ മാന്ദ്യം. അതിന് ശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ മാന്ദ്യം 2007 ഡിസംബറില്‍ ആരംഭിച്ച് 2009 വരെ നീണ്ടതായിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഇവ രണ്ടിനെയും കവച്ചു വെക്കുന്ന ഒന്നിനെയാണ് മുന്നില്‍ കാണുന്നതെന്നാണ് അമേരിക്കയിലെ മുന്‍ ധന സെക്രട്ടറി ലോറന്‍സ് സമ്മേഴ്‌സ് അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വിവിധ ധനകാര്യ ഏജന്‍സികളും ഈ ആശങ്ക പങ്ക് വെക്കുന്നുണ്ട്. 


അമേരിക്ക വലിയ മാന്ദ്യത്തിന്റെ അരികിലാണെന്നതല്ല മാന്ദ്യം അവരെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നുവെന്നതാണ് വസ്തുത. 2007ലെ മാന്ദ്യത്തില്‍ നിന്ന് കര കയറാന്‍ സാധിച്ചില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കുറേക്കൂടി തെളിച്ച് പറഞ്ഞാല്‍ സാമ്പത്തിക രംഗത്ത് അമേരിക്കക്കുണ്ടായിരുന്ന മേല്‍ക്കൈ അവസാനിച്ചിരിക്കുന്നു, ഇക്കാര്യം സമ്മതിക്കാന്‍ അവര്‍ക്ക് മടിയുണ്ടാകും. സാമ്പത്തിക ശക്തി എന്ന നിലയില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങളെയും ഇതര അന്താരാഷ്ട്ര സംഘടനകളെയും ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ആ പതിവ് അവസാനിക്കുമോ എന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ് മേല്‍ക്കൈ അവസാനിച്ചുവെന്ന് തുറന്ന് സമ്മതിക്കാന്‍ മടി കാണിക്കുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ആശ്രയിക്കുകയോ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്ത രാജ്യങ്ങളും ഇതേ മടി കാണിക്കുന്നുണ്ട്. 


2007ലെ മാന്ദ്യം ലോകത്തെ അറിയിച്ചത് ലീമാന്‍ ബ്രദേഴ്‌സ് ബേങ്കിന്റെ തകര്‍ച്ചയാണ്. ഭവന നിര്‍മാണ വായ്പകളുടെ തിരിച്ചടവ് വന്‍തോതില്‍ മുടങ്ങിയതോടെയാണ് പ്രതിസന്ധി ആരംഭിക്കുന്നത്. ബെയര്‍ സ്റ്റേണ്‍സ്, ഫ്രഡ്ഡി മാക് എന്ന് തുടങ്ങി നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ പാപ്പരായി. ഈ പ്രതിസന്ധി ഓട്ടോമൊബൈല്‍ വ്യവസായം പോലുള്ള ഇതര മേഖലകളെ ബാധിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗം ഏറെക്കുറെ നിശ്ചലമായി. പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക കണ്ട വഴി വന്‍തോതില്‍ പണം വിപണിയിലേക്ക് ഒഴുക്കുക എന്നതായിരുന്നു. സാമ്പത്തിക സ്ഥാപനങ്ങളില്‍ പലതിന്റെയും ഭൂരിഭാഗം ഓഹരികള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ പണം നല്‍കി. നികുതി ഇളവിലൂടെയും മറ്റ് സാമ്പത്തിക പാക്കേജുകളിലൂടെയും പൗരന്‍മാരുടെ കൈകളില്‍ പണമുണ്ടാകുന്ന അവസ്ഥ സൃഷ്ടിച്ചു. 


ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കെ ആരംഭിച്ച ഉത്തേജന പാക്കേജുകള്‍ ബരാക് ഒബാമ വന്നതിന് ശേഷവും തുടര്‍ന്നു. ഇതിന്റെയൊക്കെ ഒടുവിലാണ് മാന്ദ്യത്തെ അതിജീവിച്ചുവെന്ന പ്രഖ്യാപനം അവര്‍ നടത്തിയത്. യഥാര്‍ഥത്തില്‍ തകര്‍ന്ന തറവാടിന്റെ പൂമുഖം പുതുക്കിപ്പണിത് പഴയ പ്രൗഢി വീണ്ടെടുത്തുവെന്ന് അവകാശപ്പെടുകയായിരുന്നു അവര്‍.  അത്തരമൊരു അവകാശവാദത്തിന് ഏറെയൊന്നും പിടിച്ചുനില്‍ക്കാനാകില്ല. അതാണ് ഇപ്പോള്‍ വലിയ മാന്ദ്യമെന്ന വിശേഷണത്തോടെ പുറത്തേക്ക് വരുന്നത്. 
2007ലെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജുകളായി എണ്‍പതിനായിരവും തൊണ്ണൂറായിരവും കോടികള്‍ അനുവദിച്ചിരുന്നു ജോര്‍ജ് ബുഷും ബരാക് ഒബാമയുമൊക്കെ. തകര്‍ന്ന സാമ്പത്തിക സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് ചെലഴിച്ച കോടികള്‍ വേറെ. ഇതൊന്നും അമേരിക്കയുടെ മടിശ്ശീലയില്‍ നിന്ന് എടുത്തതായിരുന്നില്ല, കടമെടുത്തതായിരുന്നു. കടം കൊടുക്കാന്‍ ശേഷിയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഇതര രാജ്യങ്ങളില്‍ നിന്നോ ഒക്കെ അമേരിക്ക കടമെടുത്തു. 


കടമെടുപ്പും സാമ്പത്തിക ഉത്തേജനവും തുടരുകയും മാന്ദ്യകാലം മാറിയെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ അവിടുത്തെ വിവിധ ബേങ്കുകള്‍ പൂട്ടുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. കെട്ടിടങ്ങള്‍ക്ക് മുന്നില്‍ ലേലത്തിന് വെച്ചിരിക്കുന്നുവെന്ന ബോര്‍ഡുകള്‍ തൂങ്ങുന്നത് പതിവായി. ലേലം കൊള്ളാന്‍ ആളില്ലാത്തതുകൊണ്ട് ബോര്‍ഡുകള്‍ ദ്രവിച്ച് നശിച്ചു. നാള്‍ക്കുനാള്‍ ജീര്‍ണിച്ചുകൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനായി വാങ്ങിക്കൂട്ടിയ കടം രാജ്യത്തിന് താങ്ങാവുന്നതിനപ്പുറത്തുള്ള ഭാരമായി മാറുകയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 


അമേരിക്കന്‍ കോണ്‍ഗ്രസ് നിശ്ചയിച്ച കടത്തിന്റെ പരിധി 14.3 ലക്ഷം കോടി ഡോളറായിരുന്നു. ഈ പരിധി കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ എത്തിയിരുന്നു. തുടര്‍ന്നുള്ള രണ്ട് മാസം ചെലവുകള്‍ ചുരുക്കിയും ആഭ്യന്തര ബില്ലുകളനുസരിച്ചുള്ള തുക അനുവദിക്കുന്നത് നീട്ടിവെച്ചും രണ്ട് മാസം ഒബാമ ഭരണകൂടം കഴിച്ചുകൂട്ടി. അതിന് ശേഷമാണ് കടത്തിന്റെ പരിധി ഉയര്‍ത്താന്‍ ശ്രമിച്ചതും ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2.4 ലക്ഷം കോടിയായി പരിധി ഉയര്‍ത്തിയതും. പതിനെട്ട് മാസത്തിനിടെ ഇത്രയും തുക കൂടി കടമെടുക്കാന്‍ അമേരിക്കക്ക് സാധിക്കും. പരിധി ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പ് വെച്ചതിന് തോട്ടുപിറകെ നടത്തിയ കടമെടുക്കല്‍ പൂര്‍ത്തിയായതോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന് മുകളിലേക്ക് കടമെത്തി. വായ്പകളുടെ തിരിച്ചടവിനായി മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ നിന്ന് പ്രതിവര്‍ഷം അമേരിക്ക നീക്കിവെക്കേണ്ടിവരുന്ന തുക വന്‍തോതില്‍ ഉയരുമെന്നാണ് ഇതിനര്‍ഥം. അതായത് ഇതര മേഖലകള്‍ക്കായി നീക്കിവെക്കേണ്ടിവരുന്ന തുക കുറയും. മാന്ദ്യവിരുദ്ധ പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ പ്രയാസപ്പെടും. കരകയറല്‍ പ്രയാസമാകുമെന്ന് ചുരുക്കം. 


യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കുന്നുവെന്നതും ഇവിടെ പ്രധാനമാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികളിലൊന്ന് ചെലവ് വന്‍തോതില്‍ ചുരുക്കുക എന്നതാണ്. മറ്റൊന്ന് നികുതി വര്‍ധിപ്പിച്ച് വരുമാനം കൂട്ടുക എന്നത്. ആരോഗ്യ രക്ഷാ മേഖലകളില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കുറക്കുക, വയോജന പെന്‍ഷന്‍ വെട്ടിച്ചുരുക്കുക, ഇതര സാമൂഹിക ക്ഷേമ പദ്ധതികള്‍ ചുരുക്കുകയോ റദ്ദാക്കുകയോ ചെയ്യുക എന്നിവയാണ് ചെലവ് ചുരുക്കാന്‍ ചെയ്യേണ്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇത്തരം നടപടികള്‍ സ്വീകരിച്ച്  തങ്ങളെ പിന്തുണക്കുന്നവരുടെ അപ്രീതി സമ്പാദിക്കാന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയോ പ്രസിഡന്റ് ബരാക് ഒബാമയോ താത്പര്യം കാട്ടില്ല. ആദായ നികുതി ഉള്‍പ്പെടെയുള്ളവയില്‍ വര്‍ധന വരുത്തി വേണം വരുമാനം കൂട്ടാന്‍. നികുതി വര്‍ധിപ്പിച്ച് തങ്ങളുടെ വോട്ടര്‍മാരെ പിണക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും താത്പര്യമുണ്ടാവില്ല. ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായതിനാല്‍ ഒറ്റക്കൊരു തീരുമാനമെടുത്ത് നടപ്പാക്കാന്‍ പ്രസിഡന്റ് ഒബാമക്ക് സാധിക്കുകയുമില്ല. 


അതായത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയും വരെ സാമ്പത്തിക മേഖലയില്‍ ഇടപെടലുണ്ടാവില്ല. നിര്‍ണായകമായ ഒരു വര്‍ഷത്തെ നിശ്ചലാവസ്ഥ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുക തന്നെ ചെയ്യും. ഇനി ഇക്കാലയളവില്‍ നടപടികള്‍ സ്വീകരിച്ചാലും രക്ഷപ്പെടല്‍ എളുപ്പമല്ലെന്നതിന് ഗ്രീസ്, സ്‌പെയിന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ തെളിവ്. 


ഉത്തമമായ ഉദാഹരണം ഗ്രീസാണ്. അവിടെ മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാള്‍ ഏറെ വലുതായിരിക്കുന്നു കടം. വായ്പ നല്‍കിയാല്‍ തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല. അതുകൊണ്ട് ആരും കടം നല്‍കാന്‍ തയ്യാറല്ല. ശമ്പളവും, പെന്‍ഷനുമടക്കം വെട്ടിക്കുറച്ച് ചെലവ് ചുരുക്കാന്‍ യൂറോപ്യന്‍ യൂനിയനും ലോക ബേങ്കും നിര്‍ദേശിച്ചു. വലിയ പ്രതിഷേധങ്ങളെ അവഗണിച്ച് സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. അതിനു ശേഷമാണ് ആ രാജ്യത്തിന് വായ്പ നല്‍കാന്‍ യൂറോപ്യന്‍ യൂനിയനും ലോക ബേങ്കും തയ്യാറായത്. ഇതേ സ്ഥിതി അമേരിക്കക്കുമുണ്ടായേക്കാം. വായ്പാ തിരിച്ചടവിനുള്ള ശേഷി കുറഞ്ഞിരിക്കുന്നുവെന്ന് ആഭ്യന്തര ധനകാര്യ ഏജന്‍സികളും ചൈനയെപ്പോലുള്ള രാജ്യങ്ങളും വിലയിരുത്തുന്നു. അതുകൊണ്ടാണ് കട നിലവാരപ്പട്ടികയില്‍ അമേരിക്കയുടെ സ്ഥാനം താഴേക്ക് കൊണ്ടുവരാന്‍ ചൈന തീരുമാനിച്ചത്. കാര്യങ്ങള്‍ പ്രതികൂലമാണെന്ന് രേഖപ്പെടുത്തിക്കൊണ്ട് മാത്രം നിലവിലുള്ള നിലവാരം തുടരാന്‍ യു എസ്സിലെ ആഭ്യന്തര ഏജന്‍സികളില്‍ രണ്ടെണ്ണം നിശ്ചയിച്ചത്.  


ഗ്രീസിലുണ്ടായതുപോലെ ചെലവ് ചുരുക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായാല്‍ അത് സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പ്. ഇത്രനാളും അനുഭവിച്ച സൗഭാഗ്യങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ അമേരിക്കന്‍ ജനതയിലുണ്ടാകുന്ന രോഷം ഗ്രീസിലുണ്ടായതിനേക്കാള്‍ വലുതാകും. സാമൂഹിക രംഗത്ത് പ്രശ്‌നങ്ങള്‍ ആരംഭിച്ചാല്‍ സാമ്പത്തിക സ്ഥിതി ഭദ്രമാക്കി നിര്‍ത്താന്‍ ഒരു സര്‍ക്കാറിനും സാധിക്കുകയുമില്ല. എളുപ്പത്തില്‍ കയറാന്‍ സാധിക്കുന്നതല്ല അമേരിക്ക ഇപ്പോള്‍ പെട്ടിരിക്കുന്ന കെണി. സാമ്പത്തിക രംഗത്തെ മേല്‍ക്കൈ എന്നത് അമേരിക്കയെ സംബന്ധിച്ച്  ഭൂതകാലം മാത്രമായിരിക്കുന്നുവെന്ന് പറയാന്‍ കാരണം അതാണ്. 


യൂറോപ്പിലെ സഖ്യ ശക്തികളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഏകീകൃത കറന്‍സി ഉപയോഗിക്കുന്ന യൂറോ സോണിന് പുറത്തേക്ക് പ്രതിസന്ധി വ്യാപിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കുന്നത് യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡന്റ് തന്നെയാണ്. അതായത് ബ്രിട്ടനും ജര്‍മനിക്കുമൊക്കെ ഭീഷണിയുണ്ടെന്ന് അര്‍ഥം. ഇവ രണ്ടുമാകുമ്പോള്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ വലിയ ചലനങ്ങള്‍ മുന്നില്‍ കാണണം. അമേരിക്കന്‍ സമ്പദ് ശൃംഖല ഏറെ സ്വാധീനിക്കുന്ന ഇന്ത്യയില്‍ ഇത് ആഘാതമുണ്ടാക്കാതിരിക്കില്ല എന്നുറപ്പ്. ആദ്യം പ്രശ്‌നങ്ങള്‍ നേരിടുക കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമ്പത്തിന്റെ വിളനിലമായി അറിയപ്പെടുന്ന വിവര സാങ്കേതിക വിദ്യാ മേഖലയാണ്. അത് നിക്ഷേപകര്‍ മുന്‍കൂട്ടി കാണുന്നുവെന്നതിന്റെ സൂചനയാണ് ഇന്നലെ ഓഹരി വിപണിയില്‍ ഐ ടി കമ്പനികളുടെ മൂല്യം കുത്തനെ കുറഞ്ഞത്. 


അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ജോലികള്‍ ഏറ്റെടുക്കുകയാണ് ഇന്ത്യയിലെ ഐ ടി കമ്പനികള്‍ പ്രധാനമായും ചെയ്യുന്നത്. ഇത്തരം ജോലികള്‍ വരും മാസങ്ങളില്‍ വലിയ തോതില്‍ കുറയുമെന്ന് തന്നെ ഭയക്കണം. ഐ ടി കമ്പനികളുടെ സമ്പന്നതയാണ് വിവിധ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിലനിര്‍ത്തുന്നത്. ഐ ടിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ റിയല്‍ എസ്റ്റേറ്റ് മേഖല തളരും. റിയല്‍ എസ്റ്റേറ്റ് മേഖലയെയും ഐ ടി ഉള്‍ക്കൊള്ളുന്ന സേവന മേഖലയെയുമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നടുംതൂണായി ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന സാമ്പത്തിക പരിഷ്‌കാരവാദികള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവ തളരുന്നതോടെ സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ ശതമാനക്കണക്ക് നിരത്തിയുള്ള പുരോഗമനത്തിന്റെ മേനി പറച്ചില്‍ അവസാനിപ്പിക്കേണ്ടിവരും. ഇവയെ മുഖ്യ സ്ഥാനത്തു നിര്‍ത്തി, ഏതാണ്ട് അമേരിക്കയുടെതിന് സമാനമായി സൃഷ്ടിച്ചെടുക്കുന്ന ധനകാര്യ ശൃംഖല ഉലയുകയും ചെയ്യും. ആ ഉലച്ചിലായിരിക്കും കൂടുതല്‍ പ്രശ്‌നങ്ങള്‍ സാധാരണക്കാര്‍ക്കുണ്ടാക്കുക. 


തങ്ങളുടെ പ്രതിസന്ധി മാറാതെ ആഗോള പ്രതിസന്ധി മാറില്ലെന്ന് വാദിച്ച് മുന്‍കാലത്തെപ്പോലെ ഇതര രാഷ്ട്രങ്ങളുടെ സമ്പത്തും വിഭവങ്ങളും കൂടുതല്‍ ചൂഷണം ചെയ്യാന്‍ അമേരിക്ക ശ്രമിക്കുമെന്നത് ഉറപ്പാണ്. പ്രതിരോധവും ചില്ലറ വില്‍പ്പനയുമുള്‍പ്പെടെ മേഖലകള്‍ തുറന്നുകൊടുത്ത് അവരെ സഹായിക്കാന്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ മുന്നിലുണ്ടാകും. അത് സൃഷ്ടിക്കുന്ന ആഘാതവും അരവയര്‍ നിറയാത്ത ബഹൂഭൂരിപക്ഷം ഇന്ത്യക്കാര്‍ നേരിടേണ്ടിവരും.


മൂലാധാരം: സാമ്പത്തിക പ്രതിസന്ധിയിലേക്ക് അമേരിക്കയെ നയിച്ചത് രണ്ട് ആക്രമണങ്ങളാണ്. അഫ്ഗാനിസ്ഥാനില്‍ തുടങ്ങി ഇപ്പോഴും തുടരുന്ന ആക്രമണവും ഇറാഖ് ആക്രമണവും. അമേരിക്ക പിരിച്ചെടുത്ത കയറില്‍ തൂങ്ങിയാടിയ സദ്ദാം ഹുസൈന്റെ അവസാന ശ്വാസം ശാപം പോലെ ഫലിക്കുന്നുണ്ടാകണം.

2011-08-05

കളി കാര്യമാകുമ്പോള്‍ എന്ത് ചെയ്യും
അന്താരാഷ്ട്ര കരാറുകള്‍ക്ക് മുകളില്‍ ആഭ്യന്തര നിയമങ്ങള്‍ക്ക് വിലയുണ്ടോ? ആണവ ബാധ്യതാ നിയമവും ആണവ ബാധ്യത സംബന്ധിച്ച അന്താരാഷ്ട്ര കരാറും വരും നാളുകളില്‍ മുന്നില്‍ വരുമ്പോള്‍ ഈ ചോദ്യമുയരുമെന്ന് ഉറപ്പ്. അല്ലെങ്കില്‍ അന്താരാഷ്ട്ര കരാറിന് അനുസരിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്യുക എന്ന നിര്‍ദേശം ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ മുന്നോട്ടുവെക്കണം. നിലവിലുള്ള നിയമം തന്നെ വലിയ തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് പാസ്സാക്കിയത് എന്നതിനാല്‍ നിയമ ഭേദഗതി എന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെക്കാന്‍ ഇടയില്ല. രാജ്യസഭയില്‍ യു പി എക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ അഭിപ്രായൈക്യമുണ്ടാക്കിയാലേ നിയമ ഭേദഗതി പാസ്സാക്കാന്‍ സാധിക്കൂ എന്നതും ഭേദഗതി നീക്കത്തിന് തടസ്സമാകും. ആഭ്യന്തര നിയമത്തെ നിലവിലുള്ള നിലയില്‍ തുടരാന്‍ അനുവദിക്കുകയും അന്താരാഷ്ട്ര കരാറില്‍ ഒപ്പ് വെക്കുകയുമാകും ചെയ്യുക. വര്‍ഷാവസാനത്തോടെ കരാര്‍ അംഗീകരിക്കണമെന്ന അമേരിക്കന്‍ കല്‍പ്പന ഹിലാരി ക്ലിന്റണ്‍ നേരിട്ടെത്തി അറിയിച്ച സാഹചര്യത്തില്‍ അമാന്തമുണ്ടാകില്ല. 


അന്താരാഷ്ട്ര കരാറുകള്‍ക്ക് ആഭ്യന്തര നിയമങ്ങളേക്കാള്‍ വിലയുണ്ടോ എന്ന ചോദ്യം ഇപ്പോഴുയരുന്നത് ആണവ പദ്ധതി പോലെ കാര്യപ്പെട്ട കാര്യത്തെച്ചൊല്ലിയല്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന കായിക വിനോദവുമായി ബന്ധപ്പെട്ടാണ്. ഗെയിംസ് ഇന്ത്യയില്‍ നടത്തുന്നതിന് അവകാശവാദം ഉന്നയിച്ചപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും കേന്ദ്ര സര്‍ക്കാറും തമ്മില്‍ കരാറുണ്ടാക്കി. 2003 നവംബറില്‍ എ ബി വാജ്പയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ ഡി എ സര്‍ക്കാര്‍. കളിസ്ഥലമായി തിരഞ്ഞെടുത്ത ഡല്‍ഹിയിലെ പ്രാദേശിക ഭരണകൂടവും ഫെഡറേഷനും തമ്മിലാണ് കരാറുണ്ടാക്കേണ്ടിയിരുന്നത്. അത് പാലിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കരാറിന്റെ ഭാഗമായി. അതുകൊണ്ട് അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ എല്ലാ സാമ്പത്തിക ബാധ്യതകളും കേന്ദ്ര സര്‍ക്കാറിന്റെ ചുമലിലായി. ലോഭമൊന്നും കൂടാതെ പണം അനുവദിക്കേണ്ടിവന്നു. ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് ഗെയിംസ് സംഘാടക സമിതിയുടെ ചെയര്‍മാനാകുമെന്ന കരാറിലെ വ്യവസ്ഥ എന്‍ ഡി എ സര്‍ക്കാര്‍ അംഗീകരിച്ചു. അതുകൊണ്ട് സുരേഷ് കല്‍മാഡി ചെയര്‍മാനായി. 


കേന്ദ്ര സര്‍ക്കാര്‍ ലോഭമില്ലാതെ നല്‍കിയ പണം തന്റെയും കൂട്ടാളികളുടെയും ലാഭം ലാക്കാക്കി കല്‍മാഡി ചെലവഴിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകള്‍ക്കും അഴിമതിക്കും കാരണം അന്നുണ്ടാക്കിയ കരാറാണ്. കായിക മന്ത്രി അജയ് മാക്കന്‍ പാര്‍ലിമെന്റില്‍ സ്വമേധയാ നടത്തിയ പ്രസ്താവനയിലാണ് ഇതൊക്കെ വിശദീകരിച്ചത്. മന്ത്രി സ്വമേധയാ പ്രസ്താവന നടത്തുക എന്നത് നടപടിക്രമമേ ആകുന്നുള്ളൂ. സുരേഷ് കല്‍മാഡിക്ക് സര്‍വ സ്വാതന്ത്ര്യവും നല്‍കിയ പ്രധാനമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കളമൊരുക്കിയെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതാണ് സ്വമേധയാ പ്രസ്താവന നടത്താന്‍ പ്രേരകമായത്. 


പ്രസ്താവന മാക്കന്‍ സ്വമേധയാ തയ്യാറാക്കിയതുമല്ല. സി എ ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ കായിക മന്ത്രി ധരിപ്പിച്ചു. അവിടെ നടന്ന ആലോചനകളുടെ കൂടി ഫലമാണ് മുന്‍ സര്‍ക്കാറുണ്ടാക്കിയ കരാറിനെ കുറ്റം പറയുന്ന പ്രസ്താവന മുന്‍കൂട്ടി നടത്തി പ്രതിരോധം തീര്‍ത്തത്. കായിക മേള നടത്താനാണ് കോമണ്‍വെല്‍ത്ത് ഫെഡറേഷനുമായി കരാറുണ്ടാക്കിയത്.  അതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കാനും. അതിന്റെ ഭാഗമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്ക് കരാര്‍ നല്‍കണമെന്ന് ഫെഡറേഷനും കേന്ദ്ര സര്‍ക്കാറും തമ്മിലുണ്ടാക്കിയ കരാറില്‍ നിര്‍ദേശിക്കാന്‍ ഇടയില്ല. മത്സര ഫലം രേഖപ്പെടുത്തുന്ന യന്ത്ര സംവിധാനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു കമ്പനിക്ക് മുന്‍ഗണന നല്‍കണമെന്നും പറഞ്ഞിട്ടുണ്ടാവില്ല. വിപണി വിലക്ക് തുല്യമായ തുക വാടകയായി നല്‍കി വാഷിംഗ് മെഷീന്‍ സംഘടിപ്പിക്കാനും പറയില്ല. ഗെയിംസ് ദീപശിഖ ലണ്ടനില്‍ നിന്ന് പര്യടനം തുടങ്ങുന്ന ചടങ്ങിന്റെ ആവശ്യങ്ങള്‍ക്കായി ആഡംബര കാറുകള്‍ വാടകക്കെടുക്കുമ്പോള്‍ നിലനില്‍ക്കുന്ന വാടകയുടെ ഇരട്ടിത്തുക നല്‍കണമെന്നും പറഞ്ഞിരിക്കാനിടയില്ല.  ഇത്തരം അനവധിയായ ഇടപാടുകളെക്കുറിച്ചാണ് ആരോപണമുയര്‍ന്നതും അന്വേഷണം നടക്കുന്നതും. അതില്‍ ചില കേസുകളിലാണ് കല്‍മാഡി അടക്കം പത്ത് പേരെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 


ഇത്തരം ഇടപാടുകള്‍ നടത്താന്‍ പാകത്തിലുള്ള സ്വാതന്ത്ര്യം കല്‍മാഡിക്കും കൂട്ടര്‍ക്കും നല്‍കിയത് ആരാണെന്നതാണ് ചോദ്യം. ഗെയിംസ് ഗ്രാമത്തിന്റെ കരാറേറ്റെടുത്ത വിദേശ കമ്പനി ഇടക്കാലത്ത് കടബാധ്യതയെക്കുറിച്ച് വിലപിച്ചപ്പോള്‍ ഉയര്‍ന്ന വില നല്‍കി അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങി സഹായിച്ചതുപോലുള്ള നടപടികളെടുക്കാന്‍ ഡല്‍ഹി സര്‍ക്കാറിന് അനുമതി നല്‍കിയത് ആരെന്നതും. വാഷിംഗ്‌മെഷീന്‍ വാടകക്കെടുത്തത് പോലുള്ള ഇടപാടുകള്‍ സംഘാടക സമിതിയിലെ താഴേക്കിടയിലുള്ളവര്‍ ചെയ്തതാകാനേ തരമുള്ളൂ. അതേക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസോ പണമിടപാടുകള്‍ നിയന്ത്രിക്കുന്ന കേന്ദ്ര ധനമന്ത്രാലയമോ (മാക്കന്‍ പറയുന്ന കരാറനുസരിച്ച് സാമ്പത്തിക ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണ്) അറിഞ്ഞിരിക്കാന്‍ ഇടയില്ല. എന്നാല്‍ വിദേശ നിര്‍മാണ കമ്പനിക്ക് അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയായി കോടികള്‍ മുന്‍കൂര്‍ നല്‍കിയ ഇടപാട് അറിയാതെപോയെന്നും ഫെഡറേഷനുമായുണ്ടാക്കിയിരുന്ന കരാറുണ്ടായിരുന്നതുകൊണ്ട് ഇടപെടാന്‍ സാധിച്ചില്ലെന്നും വിശദീകരിച്ചാല്‍ അജയ് മാക്കനോടും നേതാവായ മന്‍മോഹന്‍ സിംഗിനോടും സഹതപിക്കാന്‍ മാത്രമേ സാധിക്കൂ. 


നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മറ്റും ക്രമക്കേടുകളുണ്ടെന്ന വാര്‍ത്ത 2010ല്‍ ഗെയിംസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യവേദിക്ക് മുന്നിലെ പാലം തകര്‍ന്ന് വീണപ്പോള്‍ മാത്രം പുറത്തുവന്നതല്ല. അതിന് മുമ്പ് തന്നെ പദ്ധതികള്‍ ഇഴയുന്നതിനെക്കുറിച്ചും കരാറുകള്‍ നല്‍കിയതിലെ അപാകങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതറിഞ്ഞുവെങ്കിലും ഒന്നും ചെയ്യാന്‍ സാധിക്കുമയിരുന്നില്ലെന്നാണ് അജയ് മാക്കന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. അത്തരം ഘട്ടങ്ങളിലൊന്നും ഇടപെടാന്‍ സാധിക്കാത്തത്ര കടുത്തതായിരുന്നോ കരാര്‍? ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് സംഘാടക സമിതിയുടെ ചെയര്‍മാനാകുമെന്ന് കരാറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ സുരേഷ് കല്‍മാഡിയെ മാറ്റാന്‍ കഴിയുമായിരുന്നില്ല എന്നും മാക്കന്‍ വാദിക്കുന്നു. പിന്നെ എന്തിനാണ് പ്രധാനമന്ത്രി കൂടി ഉള്‍പ്പെട്ട മന്ത്രിതല സമിതി 2004ല്‍ യോഗം ചേര്‍ന്ന് കായിക മന്ത്രിയെ  ചെയര്‍മാനാക്കാന്‍ നിശ്ചയിച്ചത് എന്ന് വ്യക്തമാക്കേണ്ടിവരും. 


ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് സംഘാടക സമിതി ചെയര്‍മാനാകണമെന്ന വ്യവസ്ഥ കരാറിലുണ്ടെന്നത് പിന്നീടാണ് അറിഞ്ഞതെന്ന് വാദിക്കാം. കായിക മേളയുടെ സുഗമമായ നടത്തിപ്പിന് മന്ത്രി ചെയര്‍മാനാകുന്നതാണ് നല്ലതെന്ന് കോമണ്‍വെല്‍ത്ത് ഫെഡറേഷനെ ബോധ്യപ്പെടുത്താന്‍ പോലും ത്രാണിയില്ലായിരുന്നു മന്‍മോഹനും പ്രണാബും ചിദംബരവുമെല്ലാമടങ്ങുന്ന കേന്ദ്ര മന്ത്രിസഭക്ക് എന്നത് മൂന്ന് നേരം ഭക്ഷണം കഴിച്ച് ശീലിച്ചവര്‍ക്ക് ദഹിക്കാന്‍ ഇടയില്ല. 


ഗെയിംസ് നടത്തിപ്പിനുണ്ടാക്കിയ കരാറിന് മുന്നില്‍ ആഭ്യന്തര നിയമങ്ങളും മേല്‍നോട്ട സംവിധാനങ്ങളുമൊക്കെ നിര്‍വീര്യമായിപ്പോയെന്നാണ് മാക്കന്‍ മുഖാന്തിരം ഡോ. മന്‍മോഹന്‍ സിംഗ് പാര്‍ലിമെന്റിനെയും തദ്വാരാ രാജ്യത്തെ ജനങ്ങളെയും അറിയിച്ചത്. അങ്ങനെയെങ്കില്‍ ആണവ ബാധ്യതയുടെ കാര്യത്തില്‍ മന്‍മോഹന്‍ സിംഗും കൂട്ടരും അന്താരാഷ്ട്ര കരാറില്‍ ഒപ്പിടുന്നതോടെ ആഭ്യന്തര നിയമത്തിന്റെയും മേല്‍നോട്ട സംവിധാനങ്ങളുടെയും സ്ഥിതി എന്തായിരിക്കും? വിദേശ കമ്പനി വിതരണം ചെയ്ത സാമഗ്രികളുടെ തകരാറാണ് അപകടത്തിന് കാരണമെന്ന് ബോധ്യപ്പെട്ടാല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ആണവോര്‍ജ പദ്ധതിയുടെ നടത്തിപ്പുകാരായ ആണവോര്‍ജ കോര്‍പ്പറേഷന് അധികാരമുണ്ടായിരിക്കുമെന്ന് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തില്‍ പറയുന്നു. അപകടത്തിന്റെ കാരണം എന്തായാലും ബാധ്യത നടത്തിപ്പുകാര്‍ക്കായിരിക്കുമെന്നാണ് ഒപ്പിടാന്‍ പോകുന്ന അന്താരാഷ്ട്ര കരാറില്‍ പറയുന്നത്. 


കളിക്കരാറിന് മുന്നില്‍ മുട്ടുവിറച്ച മന്‍മോഹനും അദ്ദേഹത്തിന്റെ പിന്‍മാഗികളും ആണവക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും? ആഭ്യന്തര നിയമത്തിന്റെ സാധുത ഉറപ്പിച്ച് പറയുമോ അന്താരാഷ്ട്ര കരാറുള്ളതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കൈ മലര്‍ത്തുമോ? 


എന്‍ ഡി എ സര്‍ക്കാറുണ്ടാക്കിയ കരാറാണ് കോമണ്‍വെല്‍ത്ത് അഴിമതിക്ക് കാരണമെങ്കില്‍ എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് ആവിഷ്‌കരിച്ച നയമാണ് രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും അനുവദിച്ചതിലെ അഴിമതിക്ക് കാരണമായത്. ഇത് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു മന്‍മോഹന്‍ മുതല്‍ കപില്‍ സിബല്‍ വരെയുള്ളവര്‍. ബി ജെ പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ ഡി എ സര്‍ക്കാര്‍ ഒപ്പ് വെച്ച കരാറും അവര്‍ ആവിഷ്‌കരിച്ച നയങ്ങളും അതേപടി തുടരാനായിരുന്നോ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു പി എ എന്ന മുന്നണിയുണ്ടാക്കി ഇടത് പക്ഷത്തിന്റെ പുറമെ നിന്നുള്ള പിന്തുണയോടെ മന്‍മോഹന്‍ സിംഗ് അധികാരത്തിലേറിയത്.


ഇക്കാര്യത്തില്‍ കോണ്‍ഗ്രിനൊപ്പം മറുപടി പറയേണ്ട ബാധ്യത ഇടത് പാര്‍ട്ടികള്‍ക്കുമുണ്ട്. മന്‍മോഹന്‍ സിംഗിന്റെ നവ ഉദാരവത്കരണ നയങ്ങളെ ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ഫലപ്രദമായി ചെറുത്തുനിന്നുവെന്ന വാദം ഇപ്പോഴും ഇടത് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. അന്ന് തങ്ങളുടെ കടിഞ്ഞാണുണ്ടായിരുന്നുവെന്നാണ് പറയുക. ഈ കടിഞ്ഞാണുള്ള കാലത്ത് തന്നെയാണ് ടെലികോം ഇടപാടും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കരാറുറപ്പിക്കലുമൊക്കെ നടന്നത്. അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്ന് അന്ന് ഇടത് നേതാക്കള്‍ ഒറ്റക്കും തെറ്റക്കും പറഞ്ഞിരുന്നുവെന്നത് ശരി തന്നെ. പക്ഷേ, അത് നിയന്ത്രിക്കാനും കാര്യങ്ങള്‍ നേര്‍വഴിക്ക് നടത്താനുമുള്ള ഉത്തരവാദിത്വവും അധികാരവും അവര്‍ക്ക് അന്നുണ്ടായിരുന്നു. അത് ചെയ്യുന്നതില്‍ വരുത്തിയ വീഴ്ച സ്വയംവിമര്‍ശനപരമായി വിലയിരുത്തുമോ ഇടത് പാര്‍ട്ടികളും നേതാക്കളും? 


എന്‍ ഡി എ സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. ശവപ്പെട്ടി മുതലിങ്ങോട്ട് പാര്‍ട്ടി പ്രസിഡന്റ് കൈയോടെ പിടിക്കപ്പെട്ട ആയുധക്കോഴ വരെ. അത്തരം പതിവുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നത് കൂടിയായിരുന്നുവല്ലോ 2004ലെ അത്യപൂര്‍വ ഭരണ മുന്നണിയുടെ ലക്ഷ്യം. അതില്‍ പാളിച്ചകള്‍ പുറത്തുവരുമ്പോള്‍ കഴുത്തോളം ചെളിയില്‍ നില്‍ക്കും മന്‍മോഹനും കൂട്ടരും. മുട്ടോളം ചെളി ഇടത് കൂട്ടാളികളിലുമുണ്ട്.

2011-08-01

ബ്രീവിക്ക്, സംഘ്, സ്വാമി
ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രീവിക്കില്‍ നിന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയിലേക്ക് എത്ര ദൂരമുണ്ട്? ആര്യ വംശശുദ്ധി ഉറപ്പാക്കാന്‍ ജൂതരെ മുഴുന്‍ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ച അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയില്‍ നിന്ന് രാഷ്ട്രീയ സ്വയം സേവക് സംഘിലേക്ക് ദുരം എത്രയുണ്ടാകും? ഹിറ്റ്‌ലറില്‍ നിന്നും നാസി പ്രസ്ഥാനത്തില്‍ നിന്നും ആര്‍ എസ് എസ് പഠിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവരുടെ നേതാക്കള്‍ തന്നെ തുറന്ന് എഴുതിയിട്ടുണ്ട്. അത് ഏറെ പരിശോധിക്കപ്പെട്ട കാര്യവുമാണ്. യാദൃച്ഛികമായി പുറത്തുവരുന്ന ചില സംഗതികള്‍ ഇക്കാര്യത്തില്‍ പുതിയ അറിവുകള്‍ പ്രദാനം ചെയ്യും. 


2080ല്‍ യൂറോപ്പിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം സാധ്യമാക്കുന്നതിന് നോര്‍വേക്കാരനായ ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രീവിക്ക് തയ്യാറാക്കിയ ആയിരത്തിയഞ്ഞൂറിലധികം പേജ് വരുന്ന രേഖ ആശയതലത്തിലുള്ള യോജിപ്പിന്റെ പുതിയ കഥകള്‍ പറയുന്നു. ജര്‍മനിയില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ആര്‍ എസ് എസ് നേതാക്കള്‍ പങ്ക് വെച്ചത് ഇതേ യോജിപ്പിന്റെ തലമായിരുന്നുവെന്ന് ഉറപ്പിക്കുകയും ചെയ്യും. 
ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രീവിക്ക് എന്ന ചെറുപ്പക്കാരന്‍ ഒരു അക്രമി മാത്രമായിരുന്നു ആദ്യം, മാനസിക അസ്വാസ്ഥ്യമോ മറ്റ് സമ്മര്‍ദങ്ങളോ മൂലം അക്രമത്തിന് ഒരുമ്പെട്ടിറങ്ങുകയും എണ്‍പതോളം പേരെ വെടിവെച്ചിട്ട കൊടും ക്രൂരത കാട്ടുകയും ചെയ്ത ഒരാള്‍. ഈ സംഭവം ആലോചിച്ചുറപ്പിച്ച് ചെയ്ത ഒന്നാണെന്ന് കണ്ടെത്താന്‍ നോര്‍വേ പോലീസിന് സമയം വേണ്ടിവന്നു. താന്‍ തുടങ്ങുകയും തന്റെ പിന്‍ഗാമികള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന ആഗോള യുദ്ധത്തെക്കൂടി വിവരിക്കുന്ന ബ്രീവിക്കിന്റെ പ്രഖ്യാപനം പോലീസ് കണ്ടെടുത്തു. 


ഈ പ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധേയം യുദ്ധത്തില്‍ പങ്കാളികളാകാന്‍ സാധ്യതയുള്ള സംഘടനകളെക്കുറിച്ച് പ്രതിപാദിക്കുന്നുവെന്നതാണ്. അതില്‍ തന്നെ പ്രമുഖ സ്ഥാനം  ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകള്‍ക്കും തീവ്ര ദേശീയവാദികളായ സംഘടനകള്‍ക്കും നല്‍കിയിട്ടുണ്ട്. യൂറോപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ബ്രീവിക്ക് കരുതുന്ന മുസ്‌ലിംകളെ ഇല്ലാതാക്കുക എന്നതാണ് ഭീകര പ്രവര്‍ത്തനങ്ങളിലൂടെ ആരംഭിച്ച് ആഗോള യുദ്ധത്തിലേക്ക് വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ ഹിന്ദുത്വ സംഘടനകളും തീവ്ര ദേശീയവാദ സംഘടനകളും തന്റെ ആശയഗതി പങ്ക് വെക്കുന്നുവെന്ന് കണ്ടെത്തുകയാണ് ബ്രീവിക്ക്. ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകളെയാകെ പുറത്താക്കാന്‍ യത്‌നിക്കുന്ന സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്ന ഹിന്ദുത്വ സംഘടനകളോടും തീവ്ര ദേശീയ സംഘടനകളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട് ബ്രീവിക്ക്. ഒറ്റപ്പെട്ട അക്രമങ്ങള്‍ക്ക് പകരം നിലവിലുള്ള ഭരണ സംവിധാനത്തിനെതിരെ യുദ്ധം തുടങ്ങാന്‍ ഈ സംഘടനകളെ ഉപദേശിക്കുകയും ചെയ്യുന്നു. ബി ജെ പി, ആര്‍ എസ് എസ്, വി എച്ച് പി, എ ബി വി പി തുടങ്ങിയ പേരുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ബ്രീവിക്ക് കൂടുതല്‍ അറിവുകള്‍ക്കായി ഈ സംഘടനകളുടെ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. 


മുംബൈയില്‍ മൂന്നിടത്തുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിറകെ സുബ്രഹ്മണ്യം സ്വാമി എഴുതിയ ലേഖനത്തില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ബ്രീവിക്കിന്റെത് തന്നെയാണ്. യൂറോപ്പ് മുസ്‌ലിംകളില്‍ നിന്ന് വെല്ലുവിളി നേരിടുന്നുവെന്ന് ബ്രീവിക്ക് പറയുമ്പോള്‍ ഒരു വര്‍ഷത്തിനകം ഹിന്ദൂയിസത്തെ നേരിടാന്‍ ഇസ്‌ലാം തയ്യാറാകുമെന്നാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. ഇസ്‌ലാമിന്റെ അധിനിവേശം ആരംഭിച്ച രാജ്യങ്ങളിലെല്ലാം രണ്ട് ദശകത്തിനുള്ളില്‍ മതപരിവര്‍ത്തനം പൂര്‍ത്തിയായെന്ന് വാദിക്കുന്ന സുബ്രഹ്മണ്യം സ്വാമി ഇന്ത്യ ഇതില്‍ നിന്ന് ഭിന്നമായി നിന്നുവെന്നത് മുസ്‌ലിം മത മൗലികവാദികളെ പ്രകോപിപ്പിക്കുന്നുവെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ശക്തമായ നടപടികള്‍ അവരുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും. 


ഇത് തടയാന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനം ഹൈന്ദവ പാരമ്പര്യം അഭിമാനത്തോടെ അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നതാണ്. ഏകീകൃത സിവില്‍ നിയമം കൊണ്ടുവരിക, സംസ്‌കൃത പഠനവും വന്ദേ മാതരത്തിന്റെ ആലാപനവും നിര്‍ബന്ധമാക്കുക, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ച് പേര് ഹിന്ദുസ്ഥാന്‍ എന്നാക്കുക എന്നീ നിര്‍ദേശങ്ങളും സ്വാമി മുന്നോട്ടുവെക്കുന്നുണ്ട്. ഹിന്ദു മതത്തില്‍ നിന്ന് മറ്റേതെങ്കിലും മതത്തിലേക്കുള്ള പരിവര്‍ത്തനങ്ങള്‍ തടഞ്ഞ് ദേശീയ നിയമം കൊണ്ടുവരണം. പുനഃപരിവര്‍ത്തനം നിരോധിക്കരുത്. വര്‍ണാശ്രമത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥ തിരികെക്കൊണ്ടുവരണമെന്നും സുബ്രഹ്മണ്യം സ്വാമി വാദിക്കുന്നു. 


ജാതിയുടെ കാര്യത്തില്‍ മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ പരിശോധിച്ചാല്‍ ബ്രീവിക്കിനേക്കാള്‍ യാഥാസ്ഥിതിക, മൗലികവാദ നിലപാടുകളാണ് സ്വാമി പുലര്‍ത്തുന്നത് എന്ന് കാണാം. ജീവിതരീതിയെ ആസ്പദമാക്കി ജാതി നിര്‍ണയിക്കുക എന്നത് തൊഴിലിനെ അടിസ്ഥാനമാക്കി ജാതി നിശ്ചയിച്ച പഴയ രീതിയില്‍ നിന്ന് ഭിന്നമല്ല. ഇതിന് വേണ്ടി വാദിക്കുന്നവര്‍ സവര്‍ണ മേല്‍ക്കോയ്മയുടെ വക്താക്കളാണെന്ന് നിസ്സംശയം പറയാം. ആര്യ രക്തത്തിന്റെ മേന്മ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചവരുമായി വലിയ അകലം ഇത്തരക്കാര്‍ക്കില്ല. അടിസ്ഥാനപരമായി ഭിന്നതയുള്ള വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും യോജിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജര്‍മനി നമ്മെ പഠിപ്പിക്കുന്നുവെന്ന് ആര്‍ എസ് എസ്സിന്റെ സര്‍ സംഘ് ചാലകായിരുന്ന മാധവ് സദാശിവ് ഗോള്‍വള്‍ക്കര്‍ എഴുതിയതില്‍ നിന്ന് വലിയ അകലമൊന്നും സുബ്രഹ്മണ്യം സ്വാമിയിലേക്കും ബ്രീവിക്കിലേക്കുമില്ല തന്നെ. 


''ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കാന്‍ തയ്യാറാകണം. ഹിന്ദു മതത്തെ ആദരിക്കാന്‍ പഠിക്കണം. ഹിന്ദു വംശത്തെയും സംസ്‌കാരത്തെയും മാത്രമേ പ്രകീര്‍ത്തിക്കാന്‍ പാടുള്ളൂ. അവര്‍ പ്രത്യേക അസ്തിത്വം ഉപേക്ഷിച്ച് ഹിന്ദു വംശത്തില്‍ ലയിക്കാന്‍ സന്നദ്ധരാകണം. ഹിന്ദു രാജ്യത്തോട് വിധേയത്വം കാട്ടി ജീവിക്കണം. ഒന്നും അവകാശപ്പെടാതെ പ്രത്യേക മുന്‍ഗണനകള്‍ക്കൊന്നും അവകാശമില്ലാതെ പൗരനെന്ന അവകാശം പോലും ഇല്ലാതെ ജീവിക്കണം'' - ഗോള്‍വള്‍ക്കറുടെ പുസ്തകത്തില്‍ തുടരുന്നു. ഇത് തന്നെയാണ് നടപ്പായി കാണണമെന്ന് ബ്രീവിക്ക് ആഗ്രഹിക്കുന്നത്. തീര്‍ത്തും വിധേയരായി ഒരു ജനത തുടരുമെന്ന പ്രതീക്ഷ ഗോള്‍വള്‍ക്കര്‍ക്കുണ്ടായിരുന്നില്ല. അത് ബ്രീവിക്ക് മനസ്സിലാക്കുന്നു. അതുകൊണ്ടാണ് മുസ്‌ലിംകളെ മുഴുവന്‍ ഇല്ലാതാക്കണമെന്ന് വാദിക്കുന്നത്. 


ഹൈന്ദവ പാരമ്പര്യം അഭിമാനത്തോടെ പ്രഖ്യാപിച്ച് രാജ്യത്ത് തുടരാന്‍ മുസ്‌ലിംകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ ഇതര മത വിഭാഗങ്ങള്‍ക്കോ സാധിക്കില്ലെന്ന് സുബ്രഹ്മണ്യം സ്വാമിക്കറിയാം. അതറിഞ്ഞുകൊണ്ട് ഹൈന്ദവ പാരമ്പര്യം അംഗീകരിക്കാത്തവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഹിന്ദുക്കളല്ലാത്തവര്‍ രാജ്യം വിട്ടു പോകണമെന്നാണ് സുബ്രഹ്മണ്യം സ്വാമി ഉദ്ദേശിക്കുന്നത്. അത് സാധ്യമാക്കാന്‍ പാകത്തിലുള്ള ഭരണ വ്യവസ്ഥയുടെ ആവശ്യകത പ്രഘോഷിക്കുകയാണ്. 
ബ്രീവിക്കും സുബ്രഹ്മണ്യം സ്വാമിയും തമ്മില്‍ അകലമുണ്ടാകുന്നത് ഇവിടെയാണ്. രണ്ട് കൂട്ടരും ഊര്‍ജോപാധിയായി കാണുന്ന ഹിന്ദുത്വ വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ കരുതലോടെ വീക്ഷിക്കപ്പെടേണ്ടിവരുന്നതും ഇവിടെയാണ്. 


ബ്രീവിക്ക് തന്റെ ആശയങ്ങളെ അതില്‍ അന്തര്‍ലീനമായിരിക്കുന്ന ക്രൗര്യത്തോടെ പുറമേക്ക് പ്രകടിപ്പിച്ചു. ആശയങ്ങള്‍ ക്രോഡീകരിച്ചതും സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള തുടക്കമെന്ന നിലയില്‍ ആക്രമണം നടത്തിയതും ബ്രീവിക്ക് ഒറ്റക്കാകാന്‍ തരമില്ല. സമാന ആശയഗതിക്കാരായ നിരവധി പേരുടെ പങ്കാളിത്തം ഇതിലുണ്ടാകാം. രാജ്യാതിര്‍ത്തികളുടെ പരിമിതികളില്ലാതെ പലരും ഇതില്‍ പങ്കാളികളായിട്ടുണ്ടാകും. പരിഷ്‌കൃതരെന്നും സംസ്‌കാരചിത്തരെന്നും അവകാശപ്പെടുകയും ആ അവകാശവാദം പൊതുവില്‍ വിശ്വസിക്കപ്പെടണം എന്ന നിര്‍ബന്ധ ബുദ്ധി കാട്ടുകയും ചെയ്യുന്നുവെന്നതു കൊണ്ട് തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത്തരം ഭീകരവാദികളുടെ കാര്യത്തില്‍ ജാഗ്രത കാട്ടിയേക്കും. അങ്ങനെ ജാഗ്രത കാട്ടുന്നില്ലെങ്കില്‍ തങ്ങളുടെ അളവുകോലുകൊണ്ട് ലോകത്തെയാകെ അളക്കുക എന്ന പദ്ധതി സാധ്യമാകില്ലെന്ന തിരിച്ചറിവ് ഈ ഭരണകൂടങ്ങള്‍ക്കുണ്ടാകും. 


എന്നാല്‍ സുബ്രഹ്മണ്യം സ്വാമിയും ഹിന്ദുത്വ വര്‍ഗീയ വാദികളും നടത്തുന്നത് മറ്റു ചില നീക്കങ്ങളാണ്. ആദ്യം അധികാരം പിടിക്കുകയും  അധികാരത്തിന്റെ തണലുപയോഗിച്ച് തങ്ങളുടെ രഹസ്യ അജന്‍ഡകള്‍ നടപ്പാക്കുകയുമാണ് ഇവരുടെ തന്ത്രം. വര്‍ഗീയ വിഭജനത്തിലൂടെ അധികാരത്തിലേക്കുള്ള വഴി സുഗമമാക്കാന്‍ ശ്രമിക്കും. അതിന് പാകത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യും. അധികാരത്തിലെത്തിയാല്‍ ഉന്‍മൂലനത്തിലേക്ക് ശ്രദ്ധ തിരിക്കാം. ഗുജറാത്തില്‍ നരേന്ദ്ര മോഡി പരീക്ഷിച്ചതിനോളം മികച്ച ഉദാഹരണം ഇതിനില്ല തന്നെ. സുബ്രഹ്മണ്യം സ്വാമിയെപ്പോലുള്ളവര്‍ നടത്തുന്നത് അധികാരത്തിലേക്കുള്ള പാത സുഗമമാക്കുന്നതിനുള്ള പ്രചാരണങ്ങളാണ്. ഭൂരിപക്ഷത്തിന്റെ ആധിപത്യം സ്ഥാപിച്ചെടുക്കുന്ന കാലത്ത് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് പറയുകയും അതിലൂടെ ന്യൂനപക്ഷങ്ങളെ ഭീതിയില്‍ ആഴ്ത്തുകയും ചെയ്യുക. ഭീതിയില്‍ തുടരാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വിഭാഗം എപ്പോഴെങ്കിലും പ്രതികരിക്കാന്‍ ശ്രമിക്കും. അത്തരത്തില്‍ ഒറ്റക്കും തെറ്റക്കും പ്രതികരണങ്ങളുണ്ടായാല്‍ വര്‍ഗീയ വിഭജനം എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍.


ബ്രീവിക്ക് തന്റെ ആശയ പദ്ധതികളുടെ ക്രൂര സ്വഭാവം പുറമേക്ക്  പ്രകടിപ്പിച്ചുവെങ്കില്‍ ഇവര്‍ അത് മറച്ചുവെക്കുന്നു. ഈ മറച്ചുവെക്കലാണ് ഹിന്ദുത്വ സംഘടനകളോടും തീവ്ര ദേശീയവാദ സംഘടനകളോടും വിയോജിക്കാന്‍ ബ്രീവിക്കിനെ പ്രേരിപ്പിക്കുന്നത്. ഒറ്റപ്പെട്ട കലാപങ്ങള്‍ സൃഷ്ടിക്കുന്നതും മറ്റും ദോഷഫലമാണ് സൃഷ്ടിക്കുക എന്ന് വിശദീകരിക്കുന്ന ബ്രീവിക്ക് സൈനികമായി സംഘടിക്കാനും നിലവിലുള്ള ഭരണകൂടത്തെ പിഴുതെറിയാനുമാണ് ആവശ്യപ്പെടുന്നത്. അത് ഇന്ത്യന്‍ സാഹചര്യത്തില്‍ എളുപ്പമല്ലെന്ന് ആര്‍ എസ് എസ് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ജനസംഘ്,  ബി ജെ പി എന്നീ വ്യവസ്ഥാപിത രാഷ്ട്രീയ രൂപങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ തയ്യാറായത്. 


ബ്രീവിക്ക് നടത്തിയതുപോലുള്ള അക്രമങ്ങളേക്കാള്‍ ആദ്യം നടക്കേണ്ടത് സാംസ്‌കാരികമായ അധിനിവേശമാണെന്ന തിരിച്ചറിവും സംഘ് നേതൃത്വത്തിനുണ്ട്. ഭൂരിപക്ഷ മതത്തെ മാത്രം പ്രകീര്‍ത്തിക്കുന്ന സ്ഥിതി രാജ്യത്ത് സംജാതമാകുകയാണെങ്കില്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാകും. അതിനോട് യോജിക്കാത്തവരെ പുറംതള്ളാന്‍ എളുപ്പമാകും. എതിര്‍ത്തു നില്‍ക്കുന്നവരെ മാത്രമേ കായികമായി നേരിടേണ്ടിവരികയുള്ളൂ. ആ വഴിക്കാണ് സംഘ് നേതൃത്വം മുന്‍ഗണന നല്‍കുന്നത്. സംസ്‌കൃത പഠനവും വന്ദേമാതരവും നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. ഏകീകൃത സിവില്‍ നിയമത്തിന് വേണ്ടി വാശി പിടിക്കുന്നതും അതിനാലാണ്. 'വിദേശ വംശ'ങ്ങള്‍ യാതൊരു മുന്‍ഗണനകളും അവകാശപ്പെടാന്‍ പാടില്ലെന്നത് സ്വന്തം ആശയമായി സ്വീകരിച്ചിരിക്കുന്നതുകൊണ്ടാണ് ന്യൂനപക്ഷ പ്രീണനങ്ങളെക്കുറിച്ച് പ്രലപിക്കുന്നത്. 


ഹിന്ദുത്വ തീവ്രവാദത്തിന് അധികാരം കൈയാളാന്‍ പാകത്തിലുള്ള അന്തരീക്ഷ സൃഷ്ടിയാണ് ആദ്യം വേണ്ടതെന്ന് നിശ്ചയിച്ച് അതിനായി യത്‌നിക്കുമ്പോള്‍ ബ്രീവിക്കിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനത്തേക്കാള്‍ അപകടമുണ്ട്. കാരണം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളെയാകെ അധിനിവേശിച്ച ശേഷമേ അവര്‍ യഥാര്‍ഥ മുഖം പുറത്ത് കാണിക്കൂ. ഈ അധിനിവേശത്തിനിടെ ഉയരുന്ന ആശങ്കകളെ അടിസ്ഥാനമില്ലാത്തതായി ചിത്രീകരിക്കാനും ഇക്കൂട്ടര്‍ക്ക് സാധിക്കും. അത് പലവട്ടം കണ്ട് കഴിഞ്ഞതുമാണ്. മിത, തീവ്ര ദ്വന്ദ്വം സൃഷ്ടിച്ച് ബി ജെ പി നടത്തിയ രാഷ്ട്രീയ പരീക്ഷണം ഉദാഹരണമാണ്. 
ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രീവിക്കും സുബ്രഹ്മണ്യം സ്വാമിയും പേരില്‍ മാത്രമേ വേറിട്ട് നില്‍ക്കുന്നുള്ളൂ. ആശയ അടിത്തറ ഒന്നാണ്. അതിന്റെ പ്രയോഗത്തില്‍ മാറ്റം വരുന്നുവെന്ന് മാത്രം. കൂടുതല്‍ സമര്‍ഥമായ പ്രയോഗം ഒരുപക്ഷേ സുബ്രഹ്മണ്യം സ്വാമിയുടെതാണ് അദ്ദേഹത്തിന് ഊര്‍ജമായി നില്‍ക്കുന്ന സംഘ്പരിവാരത്തിന്റെതാണ്.