2011-09-29

ഡിഫിക്കൊരു കത്ത്‌ (രാജേഷ്‌ വഴി)



ഡെമോക്രാറ്റിക്‌ യൂത്ത്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ (ഡി വൈ എഫ്‌ ഐ) കണ്ണൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കവെ ലോക്‌സഭാംഗം കൂടിയായ എം ബി രാജേഷ്‌ നടത്തിയ പ്രസംഗം ചര്‍ച്ചയായത്‌ അതിന്റെ വ്യാഖ്യാനത്തെച്ചൊല്ലിയായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നില്ലെന്നും കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച്‌ ജനങ്ങളുടെ മനസ്സിലേക്ക്‌ എത്തിക്കും വിധത്തില്‍ അവതരിപ്പിക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയ രാജേഷ്‌, കുഞ്ഞാലിക്കുട്ടി, ആര്‍ ബാലകൃഷ്‌ണ പിള്ള തുടങ്ങിയവരുടെ കാര്യങ്ങള്‍ പറഞ്ഞ്‌ കൈയടി നേടാന്‍ ശ്രമിക്കരുതെന്ന്‌ ഉപദേശിക്കുകയും ചെയ്‌തു. ഇത്തരം വിഷയങ്ങളുണ്ടെങ്കിലും ജനങ്ങളെ വലിയ തോതില്‍ ബാധിക്കുന്ന നയപരമായ പ്രശ്‌നങ്ങള്‍ പഠിച്ച്‌ നെല്ലും പതിരും തിരിച്ച്‌ ജനമനസ്സുകളില്‍ എത്തിക്കുകയും അതിലൂടെ അവരില്‍ രാഷ്‌ട്രീയ മാറ്റം സൃഷ്‌ടിക്കുകയും ചെയ്യുന്നതിന്‌ പ്രാമുഖ്യം നല്‍കണമെന്നാണ്‌ രാജേഷ്‌ ഉദ്ദേശിച്ചത്‌. 


പക്ഷേ, കുഞ്ഞാലിക്കുട്ടി, ആര്‍ ബാലകൃഷ്‌ണ പിള്ള തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുന്നത്‌ എളുപ്പത്തില്‍ കൈയടി നേടാനാണെന്ന പരാമര്‍ശം വി എസ്‌ അച്യുതാനന്ദനു നേര്‍ക്കുള്ള ഒളിയമ്പായി വ്യാഖ്യാനിക്കപ്പെട്ടു. ഈ രണ്ട്‌ പേരുടെ കാര്യത്തില്‍ വി എസ്‌ അച്യുതാനന്ദനോളം താത്‌പര്യം സി പി എമ്മോ ആ പാര്‍ട്ടിയിലെ മറ്റ്‌ നേതാക്കളോ കാണിക്കാതിരിക്കുന്ന പശ്ചാത്തലത്തില്‍ അത്തരമൊരു വ്യാഖ്യാനമുണ്ടായത്‌ സ്വാഭാവികം മാത്രം.

വ്യാഖ്യാതാവോ വ്യാഖ്യാനം വലിയ വാര്‍ത്തയാക്കാന്‍ ശ്രമിച്ച മാധ്യമങ്ങളിലെ ഉന്നതസ്ഥാനീയരോ പ്രതീക്ഷിച്ച വിധത്തില്‍ ദിവസങ്ങള്‍ നീളുന്ന ഒരു ചൂടന്‍ ചര്‍ച്ചക്ക്‌ അത്‌ വഴിയൊരുക്കിയില്ലെന്നതാണ്‌ പരമാര്‍ഥം. കുഞ്ഞാലിക്കുട്ടി, ബാലകൃഷ്‌ണ പിള്ള പ്രശ്‌നങ്ങള്‍ കൈയടി നേടാനുള്ളതാണെന്ന്‌ കരുതുന്നവര്‍ പരമ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ പ്രതികരിച്ചതോടെ വ്യാഖ്യാതാക്കളുടെ നിലപാട്‌ ഒരു പരിധിവരെ ന്യായീകരിക്കപ്പെടുകയും ചെയ്‌തു. 


വ്യാഖ്യാനം മാറ്റി നിര്‍ത്തി പ്രസംഗത്തിന്റെ ഉള്ളടക്കമെടുക്കാം. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ സംഘടന തയ്യാറാകുന്നില്ലെന്ന കുറ്റപ്പെടുത്തല്‍ എം ബി രാജേഷിനെ സംബന്ധിച്ച്‌ സ്വയം വിമര്‍ശം കൂടിയാണ്‌. കാരണം അദ്ദേഹം ഇപ്പോഴും ഡി വൈ എഫ്‌ ഐയുടെ തലപ്പത്തുണ്ടെന്നത്‌ തന്നെ. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത്‌ പ്രവര്‍ത്തിക്കുന്നതിന്‌ സംഘടനയെയും പ്രവര്‍ത്തകരെയും ഉത്തേജിപ്പിക്കാന്‍ സാധിച്ചില്ല എന്ന കുറ്റസമ്മതം കൂടിയാണ്‌ രാജേഷ്‌ നടത്തിയത്‌.

പനി, മരുന്നുക്ഷാമം, മരുന്ന്‌ വില തുടങ്ങിയ പ്രശ്‌നങ്ങളെച്ചൊല്ലി നിയമസഭയില്‍ ഇടതുപക്ഷ എം എല്‍ എമാര്‍ നടത്തിയ പ്രകടനം മേല്‍ച്ചൊന്ന കുറ്റസമ്മതത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതായിരുന്നു. പനി ബാധിച്ച്‌ മരിച്ചവരില്‍ ഏറെയും മദ്യപാനികളായിരുന്നുവെന്ന കേന്ദ്ര വിദഗ്‌ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശം ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ്‌ ഉദ്ധരിച്ചതിനെച്ചൊല്ലിയാണ്‌ ബഹളമുണ്ടായത്‌. മരിച്ചവരെ മദ്യപാനികളെന്ന്‌ ആക്ഷേപിക്കുന്നതിലെ ഭരണകൂട ക്രൂരത തര്‍ക്കിക്കേണ്ട വിഷയം തന്നെയാണ്‌. ഇതിനിടയില്‍ മരുന്നിന്റെ വലിയ വില സംബന്ധിച്ച പരാമര്‍ശങ്ങള്‍ സഭയില്‍ നടന്നിരുന്നു. തിരുവനന്തപുരത്തെ റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന്‌ 702 രൂപക്ക്‌ ലഭിക്കുന്ന മരുന്ന്‌ പുറത്തെ വിപണിയില്‍ ലഭിക്കുന്നത്‌ പതിനായിരത്തിലേറെ രുപക്കാണെന്ന്‌ ആരോഗ്യ മന്ത്രി തന്നെ പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി ക്രമക്കേടുകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ മരുന്ന്‌ സംഭരിച്ച്‌ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ സംഘടനയുടെ പ്രതിനിധികള്‍ വിട്ടുനിന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു.

ഇതേ പ്രശ്‌നം വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന എല്‍ ഡി എഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ ഉയര്‍ന്നു വന്നിരുന്നു. അന്നും ഇന്നും എം എല്‍ എയായ എ ഐ വൈ എഫ്‌ നേതാവ്‌ വി എസ്‌ സുനില്‍കുമാറാണ്‌ പ്രശ്‌നം സജീവമായി ഏറ്റെടുത്തിരുന്ന ഒരാള്‍. മറ്റൊന്ന്‌ സി പി എം നേതാവ്‌ എം വി ജയരാജനും. മരുന്നുകളുടെ ചില്ലറ വില്‍പ്പനക്കാരുടെ സംഘടനയുണ്ടാക്കി മൊത്ത വിതരണക്കാരുടെ സംഘടനയുടെ കളികള്‍ അവസാനിപ്പിക്കാനായിരുന്നു ജയരാജന്റെ നേതൃത്വത്തില്‍ സി പി എം ശ്രമിച്ചത്‌. സുനില്‍ കുമാറാകട്ടെ നിയമസഭക്കകത്തും പുറത്തും പരാതിയും നിവേദനവുമൊക്കെയായി നടന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സി പി എമ്മിന്റെ മുന്‍കൈയില്‍ ഏറ്റെടുത്ത വിഷയത്തില്‍ ഒന്നും സംഭവിച്ചില്ല എന്നത്‌ ഇന്ന്‌ വസ്‌തുതയായി മുന്നിലുണ്ട്‌. പാവപ്പെട്ട രോഗികളെ പിഴിയുന്ന കുത്തക കമ്പനികളെയും അവരുടെ മൊത്ത വിതരണ എജന്റുമാരെയും നിലക്ക്‌ നിര്‍ത്താന്‍ സാധിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌? ഡി വൈ എഫ്‌ ഐ അടക്കമുള്ള യുവജന സംഘടനകളൊന്നും ഈ വിഷയം ഏറ്റെടുക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌? 


വ്യാപാരാധിഷ്‌ഠിത ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച ലോക വ്യാപാര സംഘടനയുടെ നിബന്ധനകളും അതില്‍ വരുത്തിയ ഭേദഗതികളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്‌ മരുന്നിന്റെ വില കൂടാന്‍ കാരണമായിട്ടുണ്ട്‌. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 702 രൂപക്ക്‌ ലഭിക്കുന്ന മരുന്നിന്‌ പുറത്തെ വിപണിയില്‍ പതിനായിരത്തിലേറെ രൂപ നല്‍കേണ്ടി വരുന്ന സാഹചര്യം അതുകൊണ്ടുണ്ടായതല്ല. ആര്‍ക്കും എന്തുമാകാമെന്ന അവസ്ഥ സംജാതമായതുകൊണ്ടാണ്‌. അവശ്യ ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം പോലെ ജനങ്ങളുമായി നേരിട്ട്‌ ബന്ധമുള്ള പ്രശ്‌നമാണിത്‌. പുതിയ കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തില്‍ ഇതൊരു പ്രചാരണ വിഷയമായി തിരഞ്ഞെടുത്ത്‌ ജനകീയ പ്രതിരോധം സൃഷ്‌ടിക്കാന്‍ ഡി വൈ എഫ്‌ ഐയോ മറ്റേതെങ്കിലും യുവജന സംഘടനകളോ തയ്യാറാകുമോ?

തകര്‍ന്നു കിടക്കുന്ന റോഡുകള്‍ ഇന്ന്‌ മാത്രമല്ല കഴിഞ്ഞ എല്‍ ഡി എഫ്‌ സര്‍ക്കാറിന്റെ കാലത്തും പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇടത്‌ മുന്നണിക്കുണ്ടായ വലിയ പരാജയത്തിന്റെ കാരണങ്ങളിലൊന്ന്‌ തകര്‍ന്ന റോഡുകളാണെന്ന്‌ സി പി എം തന്നെ വിലയിരുത്തുകയും ചെയ്‌തു. ഇപ്പോള്‍ വീണ്ടും റോഡുകളാകെ തകര്‍ന്ന്‌ തരിപ്പണമായപ്പോള്‍ മലബാറിലെ ചില പ്രദേശങ്ങളിലെങ്കിലും സാധാരണക്കാര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കുഴികള്‍ മണ്ണിട്ട്‌ നികത്താന്‍ തയ്യാറായി. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ യൂനിറ്റ്‌ കമ്മിറ്റിയുള്ള ഡി വൈ എഫ്‌ ഐക്ക്‌ എന്തുകൊണ്ട്‌ ഇത്തരമൊരു പ്രതിഷേധത്തെ വ്യാപിപ്പിക്കാന്‍ സാധിച്ചില്ല. ഒന്നോ രണ്ടോ ദിവസത്തെ ശ്രമദാന പ്രതിഷേധത്തിന്‌ സംഘടനാ നേതൃത്വം ആഹ്വാനം ചെയ്‌തിരുന്നുവെങ്കില്‍ നാട്ടിലെ കുറച്ച്‌ റോഡുകളിലെ കുഴികളെങ്കിലും മണ്ണിട്ട്‌ തൂര്‍ക്കാമായിരുന്നു. അല്‍പ്പ ദിവസത്തേക്കെങ്കിലും നാട്ടുകാര്‍ക്ക്‌ ഒരാശ്വാസമാകുകയും ചെയ്‌തേനെ. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മാത്രമല്ല അതിനോട്‌ പ്രതികരിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും ഇത്തരം സംഘടനകള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക്‌ വിട്ടു നല്‍കിയതിനെത്തുടര്‍ന്ന്‌ അടിക്കടി വില ഉയരുന്ന അവസ്ഥ നിലനില്‍ക്കുകയാണ്‌. കഴിഞ്ഞ തവണ ലിറ്ററിന്‌ 3.14 രൂപ കമ്പനികള്‍ വര്‍ധിപ്പിച്ചപ്പോള്‍ രാത്രിക്ക്‌ രാത്രി ട്രെയിന്‍ തടഞ്ഞ്‌ പ്രതിഷേധം രേഖപ്പെടുത്താന്‍ മടി കാട്ടിയില്ല ഡി വൈ എഫ്‌ ഐ. കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി എന്‍ജിന്റെ മുന്നില്‍ പ്രതിഷേധത്തിന്റെ കനലിനിടയിലും അഭിമാനം സ്‌ഫുരിക്കുന്ന മുഖവുമായി യുവജന നേതാക്കള്‍ നില്‍ക്കുന്ന ചിത്രവും ദൃശ്യവും ജനങ്ങള്‍ക്ക്‌ മുന്നിലെത്തി. മോട്ടോര്‍ വാഹന പണിമുടക്ക്‌, ഹര്‍ത്താല്‍, ആദായ നികുതി ഓഫീസിലേക്ക്‌ (കേന്ദ്ര സര്‍ക്കാറിന്‌ കീഴിലുള്ള ഇതര ഓഫീസുകളിലേക്കുമാകാം) മാര്‍ച്ച്‌ എന്നിവയോടെ പെട്രോള്‍ വില വര്‍ധനയിലുള്ള പ്രതിഷേധം അവസാനിച്ചു. 


സമരം മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതം പൊടിപ്പും തൊങ്ങലും വെച്ച്‌ വിവരിക്കുന്ന അരാഷ്‌ട്രീയ വാദികള്‍ക്ക്‌ മറ്റൊരു അവസരം കൂടി നല്‍കിയതിനപ്പുറത്ത്‌ യാതൊരു ആഘാതവും സൃഷ്‌ടിക്കപ്പെട്ടില്ല. വില ഉയര്‍ന്നു തുടരുന്നു. സമരങ്ങള്‍ അവസാനിക്കുകയും ചെയ്‌തു. ട്രെയിനുകളില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്‌ത്‌ വില വര്‍ധനക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താന്‍ ഡി വൈ എഫ്‌ ഐയെ പോലുള്ള യുവജന സംഘടനകള്‍ക്ക്‌ സാധിക്കില്ലേ! അത്തരമൊരു സമരം സംഘടിപ്പിച്ച്‌ വിജയിപ്പിക്കാന്‍ മാത്രമുള്ള സംഘടനാ ശേഷിയില്ലെങ്കില്‍ പിന്നെ സമരങ്ങളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടും. അവിടെ അന്നാ ഹസാരെമാര്‍ക്ക്‌ കൂടുതല്‍ ഇടം ലഭിക്കുകയും ചെയ്യും.

രാജേഷിന്റെ പ്രസംഗത്തില്‍ കുറ്റസമ്മതത്തിന്‌ പുറമെ ശ്രദ്ധേയമായത്‌ ഡി വൈ എഫ്‌ ഐ അംഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മദ്യപാനാസക്തിയെക്കുറിച്ചായിരുന്നു. സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ കൊടിയും പിടിച്ച്‌ മദ്യഷാപ്പിന്‌ മൂന്നില്‍ വരി നിന്ന സംഭവം വരെയുണ്ടായെന്ന്‌ രാജേഷ്‌ തുറന്ന്‌ പറഞ്ഞു. യുവാക്കളുടെ കര്‍മശേഷിയെ പുരോഗമനോന്മുഖമായി വളര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ട്‌ രൂപവത്‌കരിച്ച സംഘടന ദയനീയമായ പരാജയമാണെന്ന്‌ ഇതിലും ഭംഗിയായി പറയാന്‍ സാധിക്കില്ല. ആ പരാജയത്തിന്‌ താനടക്കമുള്ള നേതാക്കള്‍ക്കുള്ള പങ്ക്‌ സമ്മതിക്കാനും ഇതിലും ഉചിതമായ മാര്‍ഗമില്ല. 


അംഗങ്ങള്‍ക്ക്‌ സംഘടനയെയോ അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയോ കുറിച്ച്‌ ബോധ്യമില്ലാതിരിക്കുമ്പോഴാണല്ലോ കൊടിയും പിടിച്ച്‌ മദ്യഷാപ്പിന്‌ മുന്നിലെ വരിയില്‍ അണിയാകുക. ഒന്നുകില്‍ ഇത്തരം കാര്യങ്ങള്‍ സംഘടനാ നേതൃത്വം അണികളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്തവര്‍ മറ്റ്‌ കാരണങ്ങളാല്‍ സംഘടനയില്‍ അംഗങ്ങളായി. രണ്ടായാലും മോശം സംഘടനക്ക്‌ തന്നെ. രാജേഷ്‌ തുറന്നു പറഞ്ഞതുകൊണ്ട്‌ ഡി വൈ എഫ്‌ ഐയുടെ കാര്യം ജനമറിഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസൊഴികെ, മറ്റ്‌ യുവജന സംഘടനകളിലും വലിയ മാറ്റത്തിന്‌ സാധ്യതയില്ല. പി സി ചാക്കോ പ്രസിഡന്റ്‌ സ്ഥാനമൊഴിഞ്ഞതിനു ശേഷം വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ച ചരിത്രം യൂത്ത്‌ കോണ്‍ഗ്രസിനില്ല. അതുകൊണ്ട്‌ അവിടെ ആരും ഒന്നും കാര്യമാക്കാനിടയില്ല, ഭാരവാഹി തര്‍ക്കമൊഴിച്ച്‌.

വി എസ്‌ അച്യുതാനന്ദനെതിരായ ഒളിയമ്പെന്ന വ്യാഖ്യാനത്തില്‍ തട്ടി ചര്‍ച്ചകള്‍ വഴിമാറിപ്പോയി. അതിനപ്പുറത്ത്‌ രാജേഷിന്റെ കുറ്റപ്പെടുത്തലും ആത്മവിമര്‍ശവും കുറേക്കൂടി ഭേദപ്പെട്ട ആശയ സംഘട്ടനത്തിന്‌ വഴിയൊരുക്കേണ്ടതായിരുന്നു. ജനകീയ പ്രശ്‌നമെന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ത്‌? അത്‌ മുന്‍കാലത്ത്‌ ഏതളവില്‍ ഏറ്റെടുത്തിരുന്നു? ഏത്‌ ഘട്ടത്തിലാണ്‌ മാന്ദ്യമുണ്ടായത്‌? മാന്ദ്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടാകേണ്ടേ? ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതിന്‌ കാരണമായ നയനിലപാടുകളെക്കുറിച്ച്‌ ജനങ്ങളെ കൂടുതല്‍ ബോധവത്‌കരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെ? തുടങ്ങി നിരവധിയായ ചോദ്യ കോണുകള്‍ നിലനിന്നിരുന്നു. സ്വാശ്രയവും കല്ലേറും പോലീസിന്റെ കിരാത നടപടിയും മാത്രമായി അധികകാലം മുന്നോട്ടുപോകുക പ്രയാസമാണ്‌. ഇന്ധനവിലയില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലുകള്‍ ക്രമാതീതമായി ഉയരാനും സാധിക്കില്ല. അപ്പോള്‍ പുതിയ വഴികള്‍ വേണം. കുറ്റപ്പെടുത്തലിനും സ്വയം വിമര്‍ശത്തിനുമിടയില്‍ ഭാവനാ സമ്പത്ത്‌ കൂടി അനിവാര്യം.

2011-09-27

മന്‍മോഹന്‌ മനംമാറ്റമോ!!!



പ്രകാശ രശ്‌മികളേക്കാള്‍ വേഗം പരമാണുകണമായ ന്യൂട്രിനോക്കുണ്ടെന്ന വാദം ഉയര്‍ന്നത്‌ ഭൗതികശാസ്‌ത്ര ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചു. തുടര്‍പരീക്ഷണങ്ങളിലൂടെ തങ്ങളുടെ നിഗമനം തെറ്റല്ലെന്ന്‌ തെളിയിക്കാനുള്ള ശ്രമത്തിലാണ്‌ ശാസ്‌ത്രജ്ഞര്‍. പ്രപഞ്ചത്തില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത്‌ പ്രകാശ രശ്‌മികളാണെന്ന നിഗമനം പല ശാസ്‌ത്ര സിദ്ധാന്തങ്ങളുടെയും അടിത്തറയാണ്‌. ഈ വേഗത്തെ സെക്കന്‍ഡിന്റെ ആയിരത്തിലൊരംശം കൊണ്ട്‌ ന്യൂട്രിനോ മറികടക്കുന്നുവെന്നാണ്‌ പുതിയ കണ്ടെത്തല്‍. 


 സെക്കന്‍ഡിന്റെ ആയിരത്തിലൊരംശമെന്നത്‌ സാമാന്യേന അവഗണനപോലും അര്‍ഹിക്കാത്തൊരു സമയഖണ്ഡമാണ്‌. പക്ഷേ, ശാസ്‌ത്രത്തിന്‌ അതങ്ങനെ തള്ളിക്കളയാനാകില്ല. നിശ്ചിത അളവ്‌ ദ്രവ്യത്തെ പൂര്‍ണമായും ഊര്‍ജമാക്കി മാറ്റുന്ന ഘട്ടത്തില്‍ ദ്രവ്യത്തിന്റെ ഭാരത്തെ പ്രകാശവേഗത്തിന്റെ വര്‍ഗം കൊണ്ട്‌ ഗുണിച്ചാല്‍ കിട്ടുന്ന തുകക്ക്‌ തുല്യമായിരിക്കും ഊര്‍ജത്തിന്റെ തോത്‌ എന്ന ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിന്റെ അടിത്തറ ഇളകുമോ എന്ന ശങ്ക പുതിയ കണ്ടെത്തലോടെ ഉയര്‍ന്നിട്ടുണ്ട്‌. ന്യൂട്രിനോക്ക്‌ പ്രകാശ രശ്‌മിയേക്കാള്‍ വേഗമുണ്ടെന്ന്‌ സ്ഥിരീകരിച്ചാല്‍ ഇത്‌ മാത്രമല്ല, ഭൗതിക ശാസ്‌ത്രത്തില്‍ എഴുതിയതും പഠിച്ചതുമായ പല കാര്യങ്ങളും മായ്‌ക്കേണ്ടിവരും. അതുകൊണ്ട്‌ തന്നെ ഏറെ അത്ഭുതത്തോടെയാണ്‌ ശാസ്‌ത്ര കുതുകികള്‍ പുതിയ നിഗമനത്തെ കാണുന്നത്‌.

ഇതിലും വലിയ അത്ഭുതമാണ്‌ ഐക്യരാഷ്‌ട്ര സഭയുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ നടത്തിയ പ്രസംഗത്തില്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ സൃഷ്‌ടിച്ചത്‌. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‌ ഊന്നല്‍ നല്‍കാന്‍ ലോക ബേങ്ക്‌ തയ്യാറാകണമെന്ന പ്രസ്‌താവനയിലൂടെ ധനമന്ത്രി പ്രണാബ്‌ കുമാര്‍ മുഖര്‍ജി പ്രധാനമന്ത്രി സൃഷ്‌ടിച്ച അത്ഭുതത്തിന്റെ മാറ്റ്‌ കൂട്ടുകയും ചെയ്‌തു. ദീര്‍ഘകാലമായി പിന്തുടരുകയും 1991ല്‍ ഇന്ത്യയുടെ ധനമന്ത്രി സ്ഥാനത്ത്‌ അവരോധിക്കപ്പെട്ട നാള്‍ മുതല്‍ നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്‌ത ആഗോളവത്‌കരണ നയങ്ങളെ വിമര്‍ശിച്ചതിലൂടെയാണ്‌ മന്‍മോഹന്‍ സിംഗ്‌ ഇന്ത്യക്കാരെയും വികസിത രാഷ്‌ട്രങ്ങളുടെ സാമ്പത്തിക നേതൃത്വങ്ങളെയും അമ്പരപ്പിച്ചത്‌. മഹ്‌മൂദ്‌ അഹ്‌മദി നജാദുമായി കൂടിക്കാഴ്‌ച നടത്തിയ മന്‍മോഹന്‍ ഇറാന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിക്കുകയും പുറത്തു നിന്നുള്ള സൈനിക ഇടപെടലിലൂടെ സമൂഹത്തിന്റെ ക്രമം മാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്‌തു. നാറ്റോ നടത്തിയ ബോംബ്‌ വര്‍ഷത്തിലൂടെ ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്‌ടനാക്കുകയും സിറിയയില്‍ സമാന നടപടിക്ക്‌ അമേരിക്ക ആലോചിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്‌ ഈ മുന്നറിയിപ്പ്‌ ഇന്ത്യ നല്‍കുന്നത്‌.

2003ല്‍ അകാരണമായി ഇറാഖിനെ ആക്രമിച്ച്‌ സദ്ദാം ഹുസൈനെ അധികാരഭ്രഷ്‌ടനാക്കുകയും പിന്നീട്‌ പിടികൂടി പ്രാകൃതമായി തൂക്കിലേറ്റുകയും ചെയ്‌തപ്പോഴും പരോക്ഷമായ സൈനിക ഇടപെടലിലൂടെ ലോകത്ത്‌ പല ഭാഗങ്ങളിലും അമേരിക്ക ചോരപ്പുഴകള്‍ സൃഷ്‌ടിക്കുകയും ചെയ്‌തപ്പോള്‍ തോന്നാതിരുന്ന രോഷം ഇന്ത്യക്ക്‌ ഇപ്പോഴുണ്ടാകാന്‍ കാരണമെന്ത്‌? ഇറാനുമേലുള്ള ഉപരോധം പൂര്‍ണ തോതില്‍ നടപ്പാക്കണമെന്ന അമേരിക്കന്‍ നിര്‍ദേശം പാലിച്ച്‌ അവിടേക്കുള്ള ഇന്ധന കയറ്റുമതി നിര്‍ത്താന്‍ തീരുമാനിച്ച മന്‍മോഹന്‍ സിംഗ്‌ നിലപാട്‌ മാറ്റത്തിന്റെ സൂചന നല്‍കുന്നത്‌ എന്തുകൊണ്ട്‌? സാമ്പത്തിക പരിഷ്‌കരണത്തിന്റെ കാര്യത്തിലുള്ള നിഷ്‌കര്‍ഷ ബോധ്യപ്പെട്ടതിനാല്‍ ബരാക്‌ ഒബാമ പോലും വണങ്ങി നിന്ന ഇന്ത്യന്‍ പ്രധാനമന്ത്രി പൊടുന്നനെ ആഗോളവത്‌കരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ വാചാലനായത്‌ എന്തുകൊണ്ട്‌? ആശ്ചര്യ ചിഹ്നങ്ങള്‍ അകമ്പടി സേവിക്കുന്ന ചോദ്യചിഹ്നങ്ങള്‍.

നിലപാട്‌ മാറ്റം ദ്യോതിപ്പിക്കാന്‍ എന്ത്‌ കൊണ്ട്‌ തയ്യാറാകുന്നുവെന്നതിനുള്ള മറുപടി സൂചന മന്‍മോഹന്‍ സിംഗിന്റെ ഐക്യരാഷ്‌ട്ര സഭയിലെ പ്രസംഗത്തില്‍ തന്നെയുണ്ട്‌. ആഗോള സമ്പദ്‌വ്യവസ്ഥ പ്രശ്‌നച്ചുഴിയിലാണെന്നും അതില്‍ നിന്ന്‌ കരയകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര വിപണി സംരക്ഷിക്കാന്‍ പാകത്തിലുള്ള നയങ്ങള്‍ വികസിത രാഷ്‌ട്രങ്ങള്‍ സ്വീകരിച്ചേക്കാമെന്നും ഭയക്കുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. സ്വന്തം വിപണി സംരക്ഷിക്കാന്‍ പാകത്തില്‍ വ്യാപാര, വാണിജ്യ ഇടപാടുകള്‍ക്ക്‌ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും നല്‍കുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആഭ്യന്തര വിപണി സംരക്ഷണത്തിന്‌ ശ്രമങ്ങള്‍ ആരംഭിക്കുകയും അതിന്റെ ചൂട്‌ സ്വന്തം ഇരിപ്പിടത്തില്‍ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക്‌. 


ഡോളറിന്റെ കരുത്ത്‌ നിലനിര്‍ത്താന്‍ അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ്‌ ഇടപെട്ടതോടെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു. ഒരു ഡോളറിന്‌ അമ്പത്‌ രൂപയോളം നല്‍കേണ്ട സ്ഥിതി. ആഭ്യന്തര ഉപഭോഗത്തിന്‌ വേണ്ട അസംസ്‌കൃത എണ്ണയുടെ 70 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക്‌ വിനിമയ മൂല്യത്തിലുണ്ടായ ഇടിവ്‌ വലിയ തലവേദന സൃഷ്‌ടിക്കും. വിലകള്‍ ഉയരുന്നത്‌ തുടരുകയും ജനം ദുരിതത്തില്‍ നിന്ന്‌ ദുരിതത്തിലേക്ക്‌ വലിച്ചെറിയപ്പെടുകയും ചെയ്യും. അതിന്റെ പ്രത്യാഘാതം താനും പാര്‍ട്ടിയും മുന്നണിയും പേറേണ്ടിവരുമെന്ന്‌ രണ്ട്‌ ദശകത്തെ രാഷ്‌ട്രീയ പരിചയം മന്‍മോഹന്‍ സിംഗിനെ ഓര്‍മിപ്പിക്കുന്നു. വികസിത രാഷ്‌ട്രങ്ങള്‍ ഈ നയം തുടര്‍ന്നാല്‍ വരും നാളുകളില്‍ ഇതര മേഖലകളിലും മുരടിപ്പ്‌ ശക്തമാകും. അതിനൊക്കെ തടയിടാന്‍ പാകത്തില്‍ അന്താരാഷ്‌ട്ര സാമ്പത്തിക മേഖലയില്‍ ഇടപെടാനാണ്‌ മന്‍മോഹന്‍ സിംഗ്‌ ശ്രമിക്കുന്നത്‌.

സാമ്പത്തിക മേഖലയിലെ ഇടപെടലുകള്‍ വിദേശകാര്യത്തില്‍ സ്വീകരിക്കുന്ന നയങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ട്‌ നില്‍ക്കുന്നുവെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തിയത്‌ അമേരിക്കയാണ്‌. സാമ്പത്തികത്തില്‍ അധിഷ്‌ഠിതമായ വിദേശനയം എന്ന കാഴ്‌ചപ്പാടിലേക്ക്‌ ഇന്ത്യയടക്കമുള്ള രാഷ്‌ട്രങ്ങളെ നയിക്കുന്നതില്‍ വലിയ പങ്ക്‌ അവര്‍ വഹിക്കുകയും ചെയ്‌തു. അതേത്തുടര്‍ന്നാണ്‌ ചിരകാല സുഹൃത്തുക്കളെപ്പോലും തഴഞ്ഞ്‌ അമേരിക്കക്കൊപ്പം തുഴയാന്‍ ഇന്ത്യ തയ്യാറായത്‌. കടക്കെണിയില്‍ ഉഴലുന്ന അമേരിക്കയടക്കമുള്ള വികസിത രാഷ്‌ട്രങ്ങളെ അന്താരാഷ്‌ട്ര നിയമ, കരാര്‍ മര്യാദകള്‍ പാലിക്കുന്നതിന്‌ പ്രേരിപ്പിക്കാന്‍ വിദേശ നയത്തെ തന്നെ ആയുധമാക്കാനാണ്‌ മന്‍മോഹന്‍ ശ്രമിക്കുന്നത്‌ എന്ന്‌ കരുതണം. കിഴക്കന്‍ ജറൂസലം തലസ്ഥാനമായുള്ള ഫലസ്‌തീന്‍ രാഷ്‌ട്രത്തിന്‌ അത്യുച്ചത്തില്‍ പിന്തുണ പ്രഖ്യാപിച്ചതും രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിച്ച്‌ പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നതിനെ വിമര്‍ശിച്ചതും അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും കണ്ണിലെ കരടായ ഇറാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതുമൊക്കെ അതിന്റെ സൂചനകളാണ്‌.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ കരകയറുന്നതിനും തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്‌ടിക്കുന്നതിനുമൊക്കെ ഇന്ത്യയെന്ന വലിയ കമ്പോളത്തിന്റെ സഹായം അമേരിക്കയും യൂറോപ്പും പ്രതീക്ഷിക്കുന്നുണ്ട്‌. ഒരു റെയില്‍ കോച്ച്‌ ഫാക്‌ടറിയുടെ നിര്‍മാണച്ചുമതല അമേരിക്കന്‍ കമ്പനിക്ക്‌ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാന്‍ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ബരാക്‌ ഒബാമ നടത്തിയ ശ്രമം മാത്രം മതി എത്രത്തോളം ഹതാശയരായാണ്‌ അവര്‍ ഇന്ത്യന്‍ കമ്പോളത്തിന്റെ സാധ്യതകള്‍ക്ക്‌ പിറകെ പരക്കംപായുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍. അമേരിക്കയും യൂറോപ്പും പുലര്‍ത്തുന്ന അമിത പ്രതീക്ഷകള്‍ സാക്ഷാത്‌കരിക്കുന്നതിനുള്ള ബാധ്യതയൊന്നും ഇന്ത്യക്കുണ്ടാകില്ലെന്നാണ്‌, ആഗോളവത്‌കരണത്തിന്റെ ദൂഷ്യഫലങ്ങളാണ്‌ ഇപ്പോള്‍ ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന പ്രഖ്യാപനത്തിലൂടെ മന്‍മോഹന്‍ പറഞ്ഞുവെക്കുന്നത്‌. 


സാമ്പത്തിക, സമൂഹിക, രാഷ്‌ട്രീയ മേഖലകളില്‍ യോജിച്ചുള്ള വളര്‍ച്ചയായിരുന്നു ആഗോളവത്‌കരണത്തിന്റെ ലക്ഷ്യം. അതെല്ലായിപ്പോഴും ഗുണഫലങ്ങള്‍ നല്‍കുമെന്ന മുന്‍വിധിയില്‍ രാജ്യങ്ങള്‍ തുടരുകയും ചെയ്‌തു. ഇപ്പോള്‍ അനിവാര്യമായ ദുഷ്യഫലങ്ങളുണ്ടാകുമ്പോള്‍ അതും യോജിച്ച്‌ പങ്കിടാന്‍ തയ്യാറാകണം. അല്ലാതെ സ്വന്തം തടി സംരക്ഷിച്ച്‌ നിര്‍ത്താനാണ്‌ ശ്രമിക്കുന്നതെങ്കില്‍ പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തിലാക്കി ചൂഷണ സന്നദ്ധത സ്വയം പ്രഖ്യാപിക്കാനുള്ള വിശാലമനസ്‌കത ഇന്ത്യ ഇനി കാണിക്കില്ലെന്ന്‌ കൂടി മന്‍മോഹന്‍ വ്യക്തമാക്കുകയാണ്‌. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അടുത്ത ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന്‌ അമേരിക്ക ശഠിക്കുന്നുണ്ടെന്നത്‌ കൂടി ഓര്‍ക്കുമ്പോള്‍ മന്‍മോഹന്റെ വാക്കുകള്‍ക്ക്‌ കൂടുതല്‍ അര്‍ഥങ്ങളുണ്ടാകുന്നു.

കടം കാര്‍ന്ന കാതലുമായി നില്‍ക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളേക്കാള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ക്കിടയിലും പിടിച്ചുനില്‍ക്കുന്ന ഇറാനെപ്പോലുള്ള രാജ്യങ്ങളുടെ മികവ്‌ വൈകിയാണെങ്കിലും 89 തികഞ്ഞ സാമ്പത്തിക ശാസ്‌ത്രബുദ്ധി തിരിച്ചറിയുന്നു. ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ സാമ്പത്തിക, വിദേശകാര്യ മേഖലകളില്‍ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുമായി ചേര്‍ന്നുള്ള അച്ചുതണ്ടിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നുമുണ്ട്‌. സിറിയക്കെതിരായ സൈനിക നടപടിക്ക്‌ രക്ഷാസമിതിയുടെ അംഗീകാരം വാങ്ങാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളെ ഈ രാജ്യങ്ങള്‍ക്കൊപ്പം നിന്ന്‌ ചെറുക്കാന്‍ ഇന്ത്യ സന്നദ്ധമായത്‌ ഭാവി ലോകക്രമത്തെക്കുറിച്ച്‌ അവ്യക്തമായതെങ്കിലും ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. ഔദ്യോഗികമായി 2008ല്‍ ആരംഭിക്കുകയും അവസാനിച്ചുവെന്ന ഔദ്യോഗിക പ്രഖ്യാപനത്തെ മറികടന്ന്‌ തുടരുകയും ചെയ്യുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും എട്ട്‌ ശതമാനത്തോളം വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്താന്‍ സാധിച്ച സമ്പദ്‌വ്യവസ്ഥ മന്‍മോഹന്‍ സിംഗിന്‌ പിറകില്‍ കരുത്തായുണ്ട്‌. ഫ്രാന്‍സ്‌, യു കെ, യു എസ്‌ തുടങ്ങിയ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക്‌ ഇടിയുകയും ജര്‍മനി സ്‌തംഭനാവസ്ഥയിലെത്തുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഇന്ത്യക്ക്‌ എട്ട്‌ ശതമാനത്തോളം വളര്‍ച്ച കൈവരിക്കാനായത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.

ഒരു വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ എഴുപതും എണ്‍പതും ശതമാനമായി പൊതുക്കടമുയര്‍ന്ന ജഗന്നിയന്താവെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയും സഖ്യത്തിലെ പടിഞ്ഞാറന്‍ രാഷ്‌ട്രങ്ങളും സാമ്പത്തിക കരുത്തിന്റെ പാതയിലേക്ക്‌ തിരിച്ചെത്തണമെങ്കില്‍ വര്‍ഷം കുറേ വേണ്ടിവരുമെന്ന്‌ മന്‍മോഹന്‍ സിംഗിന്‌ അറിയാം. അതുകൊണ്ട്‌ കൂടിയാണ്‌ പതിവില്‍ കവിഞ്ഞ ഉറപ്പോടെ സംസാരിക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ തയ്യാറായത്‌. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ശ്രദ്ധയൂന്നാനും വികസ്വര രാഷ്‌ട്രങ്ങള്‍ക്ക്‌ വേണ്ട മൂലധന പിന്തുണ നല്‍കാനും ലോക ബേങ്ക്‌ തയ്യാറാകണമെന്ന ആവശ്യം പ്രണാബ്‌ കുമാര്‍ മുഖര്‍ജി ഉന്നയിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഇനി തങ്ങള്‍ പറയുന്നത്‌ കൂടി കേള്‍ക്കേണ്ട ബാധ്യത ലോക സമ്പദ്‌വ്യവസ്ഥക്കുണ്ടെന്ന്‌ വ്യക്തമാക്കുകയാണ്‌ ഇന്ത്യന്‍ നേതാക്കള്‍. ലോകക്രമത്തില്‍ മാറ്റങ്ങളുണ്ടാകാന്‍ പോകുന്നുവെന്ന അഭ്യൂഹമുയരാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അതിന്റെ നാന്ദി പോലെയാണ്‌ മന്‍മോഹന്‍ സിംഗിന്റെ തള്ളിപ്പറച്ചിലുകള്‍. നയപരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ പ്രകാശ രശ്‌മിയുടെയോ ന്യൂട്രിനോയുടെയോ വേഗം തത്‌കാലം വേണ്ടെന്ന്‌ മന്‍മോഹന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന്‌ വേണം മനസ്സിലാക്കാന്‍. 

2011-09-22

`തീവ്ര'യില്‍ നിന്ന്‌ `മിത'യിലേക്ക്‌



അധികാര രാഷ്‌ട്രീയത്തിന്റെ സാധ്യതകള്‍ പരിഗണിച്ച്‌ പ്രതിച്ഛായാ നിര്‍മിതിയും അതിന്റെ ഉടച്ചുവാര്‍ക്കലും പതിവുള്ള പാര്‍ട്ടിയാണ്‌ ബി ജെ പി. ചില അജന്‍ഡകള്‍ തത്‌കാലത്തേക്ക്‌ മാറ്റിവെക്കുന്നതും പതിവാണ്‌. ബി ജെ പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം രൂപം കൊണ്ട കാലത്ത്‌ ഘടകകക്ഷികളുടെ ബുദ്ധിമുട്ട്‌ പരിഗണിച്ച്‌ അയോധ്യയിലെ രാമ ക്ഷേത്രം, ഏക സിവില്‍ കോഡ്‌, ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി തുടങ്ങി തങ്ങള്‍ക്ക്‌ പ്രിയപ്പെട്ട അജന്‍ഡകള്‍ മാറ്റിവെക്കുകയാണെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ കാലാകാലത്ത്‌ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ മാത്രം, അടിസ്ഥാനശിലയായ വര്‍ഗീയ അജണ്ടയില്‍ വെള്ളം ചേര്‍ക്കില്ല തന്നെ. 


എ ബി വാജ്‌പയ്‌ ബി ജെ പിയുടെ മിത മുഖവും എല്‍ കെ അഡ്വാനി തീവ്ര മുഖവുമാണെന്ന മട്ടിലൊരു പ്രചാരണം മുന്‍കാലത്ത്‌ നടന്നിരുന്നു. പൊതുവില്‍ മതേതര നിലപാടുകള്‍ പുലര്‍ത്തിയിരുന്ന പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളുമായുള്ള ബാന്ധവമുറപ്പിക്കലിന്‌ ഈ പ്രചാരണം ഏറെ ഗുണം ചെയ്‌തു. അഡ്വാനിയെ നേതാവായി അംഗീകരിക്കാനാകില്ല വാജ്‌പയ്‌ ആണെങ്കില്‍ നോക്കാമെന്ന്‌ ഇത്തരം പാര്‍ട്ടികളുടെ നേതാക്കള്‍ അന്ന്‌ പറഞ്ഞിരുന്നു. പിന്നീട്‌ എല്‍ കെ അഡ്വാനി നിലപാട്‌ മയപ്പെടുത്തിയതായി പ്രചാരണം വന്നു. കറാച്ചിയില്‍ മുഹമ്മദലി ജിന്നയുടെ ഖബറിടം സന്ദര്‍ശിക്കുകയും ജിന്ന മതേതരവാദിയായ നേതാവായിരുന്നുവെന്ന്‌ പറയുകയും ചെയ്‌തതോടെയാണ്‌ ഈ പ്രചാരണം ശക്തമായത്‌. ജിന്നയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ ബി ജെ പിയുടെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ എല്‍ കെ അഡ്വാനിയെ നീക്കാന്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘ്‌ നിര്‍ദേശിക്കുകയും അത്‌ നടപ്പാകുകയും ചെയ്‌തുവെന്ന റിപ്പോര്‍ട്ടുകളോടെ `തീവ്ര' യില്‍ നിന്ന്‌ `മിത' യിലേക്കുള്ള അഡ്വാനിയുടെ രൂപാന്തരം പൂര്‍ണമാകുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അണി നിരക്കാന്‍ ജനതാദള്‍ (യുനൈറ്റഡ്‌) അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ സന്നദ്ധമാകുകയും ചെയ്‌തുവെന്നത്‌ ചരിത്രത്തിലേക്ക്‌ ഇന്നലെ മറിഞ്ഞ ഏടാണ്‌.

ഇപ്പോഴിതാ സദ്‌ഭാവന ദൗത്യവും അതിന്റെ ഭാഗമായ ഉപവാസവുമൊക്കെയായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തിയിരിക്കുന്നു. ഉപവാസ വേദിയില്‍ മുസ്‌ലിംകളടക്കം എല്ലാ മത വിഭാഗങ്ങളുടെയും മുഴുവന്‍ സമയ പ്രാതിനിധ്യം ഉറപ്പാക്കി, താന്‍ ആരോടും വിവേചനം കാട്ടുന്നവല്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ തന്നോടുണ്ടായിരുന്ന അകല്‍ച്ച മാറിയെന്നും തെളിയിക്കാന്‍ മോഡി ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ ലോഭമില്ലാതെ ഒഴുകിയ പണവും മോഡിയുടെയും കൂട്ടരുടെയും സംഘാടന മികവും ചേര്‍ന്നപ്പോള്‍ ഉപവാസം ആഘോഷമായിത്തന്നെ മാറി. പാര്‍ട്ടിയുടെയും ഒരു പക്ഷേ, കേന്ദ്ര സര്‍ക്കാറിന്റെയും അമരക്കാരനാകുമെന്ന്‌ പ്രതീക്ഷിക്കുന്ന നേതാവിനെ കണ്ട്‌ വണങ്ങാന്‍ എല്‍ കെ അഡ്വാനി മുതല്‍ താഴേക്ക്‌ ഭാവി സാധ്യതകളില്‍ താത്‌പര്യമുള്ള ബി ജെ പി നേതാക്കളെല്ലാമെത്തി. 


ശിരോമണി അകാലി ദള്‍ നേതാവ്‌ പ്രകാശ്‌ സിംഗ്‌ ബാദല്‍ നേരിട്ടെത്തുകയും എ ഐ എ ഡി എം കെയുടെ പ്രതിനിധികളെ അയക്കാന്‍ ജയലളിത സന്നദ്ധയാകുകയും ചെയ്‌തത്‌ മോഡിയെ സംബന്ധിച്ച്‌ ശുഭ സൂചനയായി വിലയിരുത്തപ്പെടുകയും ചെയ്‌തു. ഉപവാസാരംഭത്തിലും അന്ത്യത്തിലും ഹിന്ദിയില്‍ നടത്തിയ സുദീര്‍ഘ പ്രഭാഷണത്തില്‍ `ആറ്‌ കോടി ഗുജറാത്തി'കളെ നരേന്ദ്ര മോഡി പേര്‍ത്തും പേര്‍ത്തും വിളിച്ചിരുന്നു. എന്നാല്‍ തന്റെ അജണ്ടകള്‍ രാജ്യത്തിന്‌ മുമ്പാകെ അവതരിപ്പിക്കുയായിരുന്നു ഉദ്ദേശ്യമെന്ന്‌ ഹിന്ദി തിരഞ്ഞെടുത്തതില്‍ നിന്ന്‌ വ്യക്തം. ആറ്‌ കോടി ഗുജറാത്തികളേ എന്ന വിളി ഭാവിയില്‍ 125 കോടി ഇന്ത്യക്കാരേ എന്നാക്കി മാറ്റാന്‍ പാകത്തില്‍ എന്നെ ഉയര്‍ത്തൂ എന്നാണ്‌ നരേന്ദ്ര മോഡി പറയാതെ പറഞ്ഞത്‌.

സദ്‌ഭാവന ദൗത്യത്തിനും അതിന്‌ മുന്നോടിയായ ഉപവാസത്തിനും മോഡി തിരഞ്ഞെടുത്ത സമയം ഏറെ പ്രസക്തമാണ്‌. സാകിയ ജഫ്‌രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വംശഹത്യയില്‍ മോഡിക്കും മറ്റ്‌ ഉയര്‍ന്ന രാഷ്‌ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്ക്‌ പരിശോധിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു, സഞ്‌ജീവ്‌ ഭട്ട്‌, രാഹുല്‍ ശര്‍മ, രജനീഷ്‌ റായ്‌ എന്നീ ഐ പി എസ്‌ ഉദ്യോഗസ്ഥ ത്രയം വലിയ തുറന്ന്‌ പറച്ചിലുകള്‍ക്ക്‌ തയ്യാറാകുന്നു, ഏഴര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന സര്‍ക്കാറുമായി ആലോചിക്കാതെ ലോകായുക്തയെ നിയമിച്ച്‌ ഗവര്‍ണര്‍ കമല ബെനിവാള്‍ പോര്‍ മുഖം തുറക്കുന്നു, മോഡി സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കാന്‍ കോണ്‍ഗ്രസ്‌ ധൈര്യം കാട്ടുന്നു എന്നിങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തുനില്‍ക്കെ മോഡിയും കൂട്ടരും നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്‌. ഒപ്പമുണ്ടായിരുന്നവരില്‍ ചിലരെങ്കിലും (മായാ കൊദ്‌നാനി, അമിത്‌ ഷാ) നിയമത്തിന്റെ വാളിന്‌ മുന്നില്‍ നില്‍ക്കുകയുമാണ്‌. പത്ത്‌ വര്‍ഷത്തോളം നിശ്ശബ്‌ദ സഹനം തുടര്‍ന്നിരുന്ന ഉദ്യോഗസ്ഥ വൃന്ദത്തില്‍ നിന്നുയര്‍ന്ന ചെറിയ അപശബ്‌ദമാകണം കൂടുതല്‍ ഭയപ്പെടുത്തുന്നത്‌. ഈ പാത പിന്തുടര്‍ന്ന്‌ കൂടുതല്‍ പേര്‍ രംഗത്തുവന്നാല്‍ താന്‍ കെട്ടിയുയര്‍ത്തിയ രക്തം മണക്കുന്ന കോട്ടയില്‍ വിള്ളലുണ്ടാകുമെന്ന്‌ മോഡിക്ക്‌ വ്യക്തമായറിയാം. അത്തരമൊരു സാഹചര്യത്തിലേക്ക്‌ കാര്യങ്ങളെത്തും മുമ്പ്‌ പരിവര്‍ത്തനം സംഭവിച്ച ഒരാളായി സ്വയം ചിത്രീകരിക്കുന്നത്‌ ഗുണകരമാകുമെന്ന്‌ കണക്ക്‌ കൂട്ടുന്നുമുണ്ടാകും.

മുസ്‌ലിംകളടക്കം വിവിധ മത, സമുദായ പ്രതിനിധികളെ ഉപവാസപ്പന്തലിലെത്തിച്ച്‌ തന്റെ ഭരണകാലത്ത്‌ ഗുജറാത്ത്‌ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്‌ ഉച്ചത്തില്‍ അവകാശ വാദം നടത്തിയതിന്‌ അപ്പുറത്ത്‌ പ്രത്യേകിച്ച്‌ എന്തെങ്കിലും പരിവര്‍ത്തനം മോഡിക്ക്‌ സംഭവിച്ചുവെന്നോ സംഭവിക്കുമെന്നോ കരുതുന്നത്‌ മൗഢ്യമാണ്‌. വിഭാഗീയ ചിന്താഗതിയുള്ള, ചോര കൊണ്ട്‌ കണക്ക്‌ തീര്‍ക്കണമെന്ന്‌ വാദിച്ച, അങ്ങനെ കണക്ക്‌ തീര്‍ക്കാന്‍ യത്‌നിച്ചവരെയും അതിന്‌ അവസരമൊരുക്കാന്‍ കൂട്ടുനിന്നവരെയും ഇപ്പോഴും സംരക്ഷിക്കുന്ന, അങ്ങനെ ഒഴുകിയ ചോരയില്‍ തന്റെ കസേര ഉറപ്പിച്ച ഒരു വര്‍ഗീയ വാദി മനുഷ്യത്വത്തിന്റെയും സദ്‌ഭാവനയുടെയും പാതയില്‍ നിന്ന്‌ ഏറെ അകലെത്തന്നെയാണ്‌. ഉപവാസത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും നടത്തിയ പ്രസംഗങ്ങള്‍ ഇത്‌ ശരിവെക്കുകയും ചെയ്യുന്നു. 


ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടി തന്റെ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല, ഭൂരിപക്ഷങ്ങള്‍ക്ക്‌ വേണ്ടിയും ചെയ്യില്ല. ഗുജറാത്തികള്‍ക്ക്‌ വേണ്ടി മാത്രമാണ്‌ ഭരണം നടത്തുക. ഇതാണ്‌ തന്റെ സിദ്ധാന്തമെന്ന്‌ മോഡി പറഞ്ഞു. സംഘ്‌ പരിവാര്‍ മുന്നോട്ടുവെക്കുന്ന വര്‍ഗീയ അജന്‍ഡ ഇതിലും ഭംഗിയായി പൊതിഞ്ഞ്‌ അവതരിപ്പിക്കാന്‍ അറിയാത്തതുകൊണ്ടാണ്‌ ശബ്‌ദ നിയന്ത്രണത്തിലൂടെ നാടകീയത സൃഷ്‌ടിച്ച്‌ താന്‍ ആറ്‌ കോടി ഗുജറാത്തികള്‍ക്ക്‌ വേണ്ടിയാണ്‌ ഭരിക്കുന്നത്‌ എന്ന്‌ മോഡി പറഞ്ഞുവെക്കുന്നത്‌. എല്ലാവരെയും തുല്യരായി കാണുന്ന ഭരണാധികാരി എന്നത്‌ ക്ലാസിക്കല്‍ സങ്കല്‍പ്പമാണ്‌. മറിച്ച്‌ വോട്ട്‌ ബേങ്കുകള്‍ സൃഷ്‌ടിച്ച്‌ തിരഞ്ഞെടുപ്പ്‌ വിജയം ഉറപ്പാക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ പ്രതിനായകരും. അറുപത്‌ വര്‍ഷമായി രാജ്യത്ത്‌ നടക്കുന്നത്‌ വോട്ട്‌ ബേങ്ക്‌ രാഷ്‌ട്രീയമാണെന്നും അതിന്‌ വിരാമം കുറിക്കാനാണ്‌ തന്റെ ശ്രമമെന്നും മോഡി പറയുന്നു.

രാജ്യത്തെ സാമൂഹിക, സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ക്ക്‌ വിരുദ്ധമായതും സവര്‍ണ വര്‍ഗീയതയില്‍ അധിഷ്‌ഠിതവുമാണ്‌ ഈ ചിന്താഗതി. ആ നിലക്ക്‌ മുസ്‌ലിംകളടക്കം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക്‌ മാത്രമല്ല ദളിത്‌, പട്ടിക വിഭാഗങ്ങള്‍ക്ക്‌ കൂടി വെല്ലുവിളിയാകുന്നത്‌. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക്‌ സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ്‌ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ 27 ശതമാനം സംവരണം അനുവദിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ വി പി സിംഗ്‌ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സവര്‍ണ വിഭാഗത്തില്‍ നിന്ന്‌ വലിയ എതിര്‍പ്പാണ്‌ ഉയര്‍ന്നത്‌. ആ എതിര്‍പ്പിന്റെ മുന്‍നിരയിലുണ്ടായിരുന്നു സംഘ്‌ പരിവാര്‍. അവരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംവരണ വിരുദ്ധ വിഭാഗം (യൂത്ത്‌ ഫോര്‍ ഇക്വാളിറ്റി) ഇന്നും സജീവമാണ്‌. അന്നാ ഹസാരെയുടെ സമരത്തിലും മറ്റും ഈ വിഭാഗത്തിനുണ്ടായിരുന്ന പങ്കാളിത്തം പലരും പരാമര്‍ശിച്ചിട്ടുമുണ്ട്‌. 


മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയത്‌ പുതിയ വോട്ട്‌ ബേങ്ക്‌ സൃഷ്‌ടിച്ചുവെന്നത്‌ വസ്‌തുതയാണ്‌. പക്ഷേ, വോട്ട്‌ ബേങ്കിന്റെ സൃഷ്‌ടിക്ക്‌ കാരണമാകുമെന്നതുകൊണ്ട്‌ സാമൂഹികമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ സാധിക്കുമോ? വോട്ട്‌ ബേങ്ക്‌ രാഷ്‌ട്രീയത്തിന്‌ താനെതിരാണെന്ന മോഡിയുടെ പ്രഖ്യാപനത്തിന്റെ അന്തരാര്‍ഥം താന്‍ ഇത്തരം സംവരണ വ്യവസ്ഥകള്‍ക്കും മറ്റുമെതിരാണെന്നതാണ്‌. ആര്‍ഷ ഭാരത സംസ്‌കൃതി എന്നൊക്കെയുള്ള പേരില്‍ സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന വര്‍ണാശ്രമ ധര്‍മത്തില്‍ അധിഷ്‌ഠിതമായ ആശയങ്ങളോട്‌ എത്രമാത്രം പ്രതിജ്ഞാ ബദ്ധനാണെന്ന്‌ മോഡി വ്യക്തമാക്കുകയാണ്‌ ഇതിലൂടെ. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളോട്‌ നരേന്ദ്ര മോഡിക്കുള്ള എതിര്‍പ്പും വിയോജിപ്പും പ്രത്യേകിച്ച്‌ വിശദീകരിക്കേണ്ടതില്ല. അതിനപ്പുറത്തൊരു ചുവടുകൂടി വെക്കുകയാണ്‌ ദേശീയ രാഷ്‌ട്രീയത്തിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുന്നോടിയായി തന്റെ നയം വ്യക്തമാക്കുമ്പോള്‍ ഈ `വിരാട്‌ പുരുഷ'ന്‍. ദളിതര്‍ക്ക്‌ സവര്‍ണര്‍ക്കൊപ്പം ഇരിക്കാന്‍ ഇന്നും അനുവാദമില്ലാത്ത ഗുജറാത്തിലെ സാമൂഹിക വ്യവസ്ഥ രാജ്യത്താകെ നടപ്പായി കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകണം അദ്ദേഹം. ഗുജറാത്തിനെപ്പോലെ രാജ്യത്തെ മാറ്റുമെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ പ്രത്യേകിച്ചും.

2002ലെ വംശഹത്യ (മോഡിയുടെ ഭാഷയില്‍ വര്‍ഗീയ കലാപം) തന്നെ വേദനിപ്പിച്ചുവെന്നും ആ വേദന ഇപ്പോഴുമുണ്ടെന്നാണ്‌ മോഡി അവകാശപ്പെടുന്നത്‌. വംശഹത്യയുടെ ഇരകളെ സഹായിക്കുന്നതില്‍ വരുത്തിയ അലംഭാവം സര്‍ക്കാര്‍ സംവിധാനത്തിന്റെ പതിവ്‌ രീതികൊണ്ട്‌ സംഭവിച്ചതാണെന്ന്‌ വകവെച്ച്‌ കൊടുക്കുക. എന്നാല്‍ കൊടും ക്രൂരതകള്‍ക്ക്‌ ആരോപണ വിധേയരായവരെ സംരക്ഷിക്കാന്‍ ഇത്രയും കാലം നടത്തിയ പരിശ്രമങ്ങള്‍ കണക്കിലെടുത്താല്‍ വേദനയുടെ തരിമ്പ്‌ പോലും ഈ `മനുഷ്യ സ്‌നേഹി'ക്ക്‌ ഉണ്ടായിട്ടില്ല എന്ന്‌ വ്യക്തം. വംശഹത്യയുടെ കാര്യത്തില്‍ മാത്രമല്ല, കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം നടന്നത്‌. മോഡിയെ വധിക്കാനെത്തിയ ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരെന്ന പേരില്‍ പോലീസ്‌ വെടിവെച്ച്‌ കൊന്ന നിരപരാധികളുടെ കാര്യത്തിലും ആരോപണ വിധേയരെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു ഈ മുഖ്യമന്ത്രി. എന്തിന്‌ സ്വന്തം സഹപ്രവര്‍ത്തകനായിരുന്ന ഹരേണ്‍ പാണ്ഡ്യയെ വെടിവെച്ച്‌ കൊലപ്പെടുത്തിയവരെ കണ്ടെത്താന്‍ പോലൂം (കൊലക്ക്‌ പിന്നില്‍ മോഡിയുടെ കൈകളാണെന്ന പാണ്ഡ്യയുടെ പിതാവ്‌ വിതല്‍ഭായിയുടെ ആരോപണം ഓര്‍മിക്കുന്നു) സര്‍വശക്തനായ ഈ നേതാവിന്‌ സാധിച്ചില്ല. സംഘ്‌ പരിവാറില്‍ ഭാഗമായിരുന്ന തനിക്കൊപ്പമിരുന്നിരുന്ന മുന്‍ മന്ത്രിയുടെ കൊലയാളികളെപ്പോലും പിടികൂടാന്‍ സാധിക്കാത്ത ഒരു നേതാവാണ്‌ തന്റെ സുവര്‍ണ ഭരണകാലത്തെക്കുറിച്ച്‌ സ്വയം സ്‌തുതി ഗീതം പാടുന്നത്‌.

സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ പതിനൊന്ന്‌ ശതമാനത്തില്‍ നിലനിര്‍ത്താന്‍ സാധിച്ചു, കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത്‌ ആരംഭിച്ച്‌ തൊഴിലവസരം വര്‍ധിപ്പിക്കാനായി, കാര്‍ഷിക ഉത്‌പാദനം വര്‍ധിപ്പിച്ചു എന്ന്‌ തുടങ്ങി നിരവധി മേഖലകളിലെ നേട്ടങ്ങള്‍ എടുത്ത്‌ പറഞ്ഞിരുന്നു മോഡി. ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, ഇതിന്‌ നല്‍കേണ്ടി വന്ന വിലയെക്കുറിച്ചുള്ള കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല. 1947 മുതല്‍ 2004 വരെ സംസ്ഥാനത്ത്‌ നടപ്പാക്കിയ വികസന പദ്ധതികള്‍ മൂലം 20 ലക്ഷം പേര്‍ സ്വന്തം മണ്ണില്‍ നിന്ന്‌ പറിച്ചെറിയപ്പെട്ടുവെന്നാണ്‌ കണക്ക്‌. ഇവരില്‍ ഭൂരിപക്ഷത്തിനും പുനരധിവാസമൊരുക്കാന്‍ ഭരണകൂടം തയ്യാറായില്ലെന്നും. 2002 മുതലുള്ള പത്ത്‌ വര്‍ഷം കൊണ്ട്‌ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ 11 ശതമാനത്തില്‍ നിലനിര്‍ത്താന്‍ പാകത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കിയെങ്കില്‍ പിഴുതെറിയപ്പെട്ട ജനങ്ങളുടെ എണ്ണം കുറവാകാന്‍ ഇടയില്ലല്ലോ! `നാവടക്കൂ, പണിയെടുക്കൂ' എന്ന്‌ ഭരണകൂടം മുദ്രാവാക്യം മുഴക്കിയ അടിയന്തരാവസ്ഥക്കാലത്തും അച്ചടക്കവും വികസന മുന്നേറ്റവുമുണ്ടായിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ആറ്‌ പതിറ്റാണ്ട്‌ നീണ്ട ചരിത്രത്തില്‍ നല്ല ഭരണം കാഴ്‌ചവെക്കാന്‍ സാധിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ്‌ താനെന്ന്‌ അവകാശപ്പെട്ടാണ്‌ സദ്‌ഭാവനാ ദൗത്യവുമായി മോഡി മുന്നോട്ടുപോകുന്നത്‌. ``ചെറിയൊരു കൂട്ടത്തെ അപേക്ഷിച്ച്‌ വന്‍ ജനക്കൂട്ടം ഏറെ എളുപ്പത്തില്‍ വലിയ നുണകളുടെ ഇരകളായി മാറും.'' അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ ഈ ഉദ്ധരണി മോഡിക്ക്‌ കൂട്ടായിരിക്കും.

2011-09-16

ഉമിത്തീയില്‍ നിന്നൊരു കത്ത്‌



പ്രിയപ്പെട്ട ശ്രീ മോഡി,

`ഗുജറാത്തിലെ ആറ്‌ കോടി ജനങ്ങള്‍'ക്ക്‌ തുറന്ന കത്തെഴുതുക എന്നത്‌ താങ്കള്‍ തിരഞ്ഞെടുത്തത്‌ എന്നെ സന്തോഷിപ്പിക്കുന്നു. ഇത്‌ താങ്കളുടെ മനസ്സ്‌ കാണാനൊരു ജാലകം എനിക്ക്‌ നല്‍കുന്നു, മാത്രമല്ല ഇതേ മാധ്യമത്തിലൂടെ താങ്കള്‍ക്ക്‌ മറുപടിയെഴുതാന്‍ എനിക്കൊരു അവസരവും നല്‍കിയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹോദരാ, സാകിയ നാസിം ഇഹ്‌സാനും ഗുജറാത്ത്‌ സര്‍ക്കാറുമായുള്ള പ്രത്യേക അനുമതി ഹരജിയുടെ ഭാഗമായ ക്രിമിനല്‍ അപ്പീലില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി എത്തിച്ചേര്‍ന്ന തീരുമാനത്തെയും പുറപ്പെടുവിച്ച വിധിയെയും താങ്കള്‍ തീര്‍ത്തും തെറ്റായി വ്യാഖ്യാനിച്ചുവെന്ന്‌ തോന്നുന്നു. താങ്കള്‍ തിരഞ്ഞെടുത്ത ഉപദേഷ്‌ടാക്കള്‍ ഒരിക്കല്‍ കൂടി താങ്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കാനാണ്‌ സാധ്യത. നിങ്ങളെ തിരഞ്ഞെടുക്കപ്പെട്ട നേതാവായി കാണുന്ന `ആറ്‌ കോടി ഗുജറാത്തുകാരെ' നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതിന്‌ ഇത്‌ കാരണമായി.

ഗുജറാത്തിയായ ഒരു ഇളയ സഹോദരന്‍ എന്ന നിലയില്‍ സുപ്രീം കോടതിയുടെ തീരുമാനത്തെയും ഉത്തരവിനെയും വിശദീകരിച്ച്‌ തരാന്‍ എന്നെ അനുവദിക്കുക. ഈ വിധി സംശയാതീതമാംവിധം മഹത്തരമാണെന്ന്‌ രാഷ്‌ട്രീയത്തിലെ ഒരു വിഭാഗം വിശേഷിപ്പിക്കുകയും ആവേശഭരിതമായ ആഘോഷങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്‌. താങ്കളുടെ കത്തില്‍ ഇങ്ങനെ പറയുന്നു ``സുപ്രീം കോടതിയുടെ ഉത്തരവില്‍ നിന്ന്‌ ഒരു കാര്യം പ്രകടമാണ്‌. 2002ലെ കലാപത്തിന്‌ ശേഷം എനിക്കും ഗുജറാത്ത്‌ സര്‍ക്കാറിനുമെതിരെ ഉന്നയിക്കപ്പെട്ട അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ സൃഷ്‌ടിച്ച അനാരോഗ്യകരമായ അന്തരീക്ഷം ഇല്ലാതായിരിക്കുന്നു.'' ഞാനൊരു കാര്യം സ്‌പഷ്‌ടമാക്കട്ടെ, ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലൊരിടത്തും സാകിയ ജഫ്‌രിയുടെ പരാതിയിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതോ വ്യാജമോ ആണെന്ന്‌ പറഞ്ഞിട്ടില്ല. 


ഗുജറാത്ത്‌ വംശഹത്യയുടെ ആശയറ്റ ഇരകള്‍ക്ക്‌ നീതി ലഭ്യമാക്കുന്നതിനുള്ള ദിശയില്‍ വളരെ വലിയ ചുവടുവെപ്പാണ്‌ ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ്‌ എന്നതാണ്‌ സത്യവും വസ്‌തുതയും. താങ്കള്‍ക്ക്‌ വ്യക്തമായി അറിവുള്ളത്‌ പോലെ, തന്റെ പരാതി പ്രഥമ വിവര റിപ്പോര്‍ട്ടായി (എഫ്‌ ഐ ആര്‍) രജിസ്റ്റര്‍ ചെയ്യണമെന്ന അപേക്ഷയുമായാണ്‌ സാകിയ ബഹുമാനപ്പെട്ട ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഈ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക അനുമതി ഹരജയിലൂടെ സാകിയ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിച്ചു. പരാതി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോടെ സുപ്രീം കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന്‌ ഇവര്‍ ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ പ്രഗത്ഭനായ അഭിഭാഷകനെ അമികസ്‌ ക്യൂറിയായി (കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെടുന്ന അഭിഭാഷകന്‍) നിയോഗിച്ചു. 


ദൈര്‍ഘ്യമേറിയ ക്ലേശകരമായ ഇത്തരം നടപടികള്‍ക്ക്‌ ശേഷം സാകിയയുടെ അപ്പീല്‍ അനുവദിക്കുക മാത്രമല്ല സുപ്രീം കോടതി ചെയ്‌തത്‌, അവരുടെ പരാതി എഫ്‌ ഐ ആറായി സങ്കല്‍പ്പിച്ച്‌ ക്രിമിനല്‍ പ്രോസീജിയര്‍ കോഡിലെ 173(2) വകുപ്പനുസരിച്ച്‌ റിപ്പോര്‍ട്ട്‌ ഫയല്‍ ചെയ്യാന്‍ പ്രത്യേക സംഘത്തോട്‌ നിര്‍ദേശിക്കുക കൂടിയാണ്‌. താങ്കളുടെയും താങ്കളുടെ സഹോദരീ സഹോദരന്‍മാരായ ആറ്‌ കോടി ഗുജറാത്തികളുടെയും പ്രയോജനത്തിനായി സ്‌പഷ്‌ടമാക്കട്ടെ, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 173 (2) പ്രകാരം സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടാണ്‌ സാമാന്യ ജനങ്ങള്‍ പറയുന്ന കുറ്റപത്രം അഥവാ അന്തിമ റിപ്പോര്‍ട്ട്‌. ശേഖരിച്ച എല്ലാ തെളിവുകളും അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ടും അധികാരപ്പെട്ട മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കാനും പ്രത്യേക സംഘത്തോട്‌ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. ക്രിമിനല്‍ പ്രോസീജിയര്‍ കോഡിന്റെ രീതിയനുസരിച്ച്‌ സുപ്രീം കോടതിക്ക്‌ സ്വീകരിക്കാവുന്ന സാധ്യമായ ഏറ്റവും നല്ല വഴി ഇതായിരുന്നു. രാജ്യത്തെ നിയമം അതിന്റെ മാര്‍ഗം സ്വീകരിക്കാന്‍ പാകത്തില്‍ ഇതിനെ താങ്കള്‍ സ്വാഗതം ചെയ്യുമെന്ന്‌ എനിക്കുറപ്പുണ്ട്‌. 


സുപ്രീം കോടതി സാകിയക്ക്‌ നല്‍കിയത്‌ അവര്‍ യഥാര്‍ഥത്തില്‍ ആവശ്യപ്പെട്ടതിലും വളരെയേറെയാണ്‌. സംശയാതീതമാം വിധം മഹത്തരമെന്ന വ്യാജ സ്‌തുതിക്ക്‌ വിധേയമാകുന്ന ഈ ഉത്തരവ്‌ യഥാര്‍ഥത്തില്‍ വളരെ ബുദ്ധിപൂര്‍വം എഴുതപ്പെട്ടതാണ്‌. അത്‌ 2002ലെ കൊടുംക്രൂരത ആസൂത്രണം ചെയ്‌തവരെയും സാധ്യമാക്കിയവരെയും പ്രതിഫലത്തിന്റെ ദിനത്തിലേക്ക്‌ കുറച്ച്‌ കൂടി അടുപ്പിക്കുന്നു. ഇപ്പോഴത്തെ വ്യാജ വീരസ്യം എളുപ്പത്തില്‍ പറ്റിക്കാവുന്ന ഗുജറാത്ത്‌ ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള സമര്‍ഥമായ ശ്രമമാണ്‌. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ആത്മവിശ്വാസത്തിന്റെ വ്യാജ ബോധം നിറക്കാനും. ഉത്തരവ്‌ യഥാര്‍ഥത്തില്‍ ഇറക്കിവെക്കുന്നത്‌ പൂര്‍ത്തിയാകുകയും നീതിന്യായ പ്രത്യാഘാതം ഉണ്ടാകുകയും ചെയ്യുമ്പോള്‍ നമ്മള്‍ വളരെ വ്യത്യസ്‌തമായ ഒരു ചിത്രം കാണും.

താങ്കളെപ്പോലുള്ളവര്‍ ദുരുദ്ദേശ്യത്തിനായി ബോധപൂര്‍വമായോ അശ്രദ്ധമൂലമോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ `ആറ്‌ കോടി ഗുജറാത്തി'കളില്‍ ഒരാളെന്ന നിലയില്‍ എനിക്ക്‌ കടുത്ത വേദന തോന്നുന്നു, വഞ്ചിക്കപ്പെടുന്നതായും. അഡോള്‍ഫ്‌ ഹിറ്റ്‌ലറുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന, നാസി ജര്‍മനിയിലെ പ്രചാരണ വിഭാഗം മന്ത്രിയായിരുന്ന പോള്‍ ജോസഫ്‌ ഗീബല്‍സ്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കിയ സിദ്ധാന്തം കുറച്ച്‌ കാലത്തേക്ക്‌ ഭൂരിഭാഗം ജനങ്ങളിലും തീര്‍ച്ചയായും ഫലം കാണും. എന്നാല്‍ ഗീബല്‍സിന്റെ പ്രചാരണം കൊണ്ട്‌ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്‌ഢികളാക്കാന്‍ സാധിക്കില്ലെന്ന്‌ ചരിത്രത്തിലെ അനുഭവത്തില്‍ നിന്ന്‌ നമുക്കെല്ലാം അറിയാവുന്നതാണ്‌.

``വെറുപ്പിനെ ഒരിക്കലും വെറുപ്പുകൊണ്ട്‌ ജയിക്കാനാകില്ല'' എന്ന താങ്കളുടെ തിരിച്ചറിവിനെ ഞാന്‍ പൂര്‍ണമായും പിന്തുണക്കുന്നു. ഈ സംസ്ഥാനത്തെ കഴിഞ്ഞ ഒരു ദശകമായി സേവിക്കുന്ന താങ്കള്‍ക്കും 23 വര്‍ഷമായി ഇന്ത്യന്‍ പോലീസ്‌ സര്‍വീസില്‍ സേവനമനുഷ്‌ഠിക്കുന്ന എനിക്കുമല്ലാതെ മറ്റാര്‍ക്കാണ്‌ ഇത്‌ ഇത്രയും നന്നായി അറിയുക. ഗുജറാത്തിലെ വിവിധ വേദികളില്‍ വെറുപ്പിന്റെ നൃത്തം സംവിധാനം ചെയ്‌ത്‌ അരങ്ങേറ്റം ചെയ്യപ്പെട്ട 2002ലെ ആ ദിവസങ്ങളില്‍ താങ്കളെ സേവിക്കേണ്ട ദൗര്‍ഭാഗ്യം എനിക്കുണ്ടായി. നമ്മളോരോരുത്തരും വഹിച്ച പങ്കിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ട ഉചിതമായ വേദി ഇതല്ല. ഉചിതവും അധികാരപ്പെട്ടതുമായ വേദി ലഭിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌. അവിടെ വെറുപ്പിന്റെ ബലതന്ത്രം സംബന്ധിച്ചുള്ള നമ്മുടെ അറിവുകള്‍ ഗുജറാത്തിന്റെ അധികാരം കേന്ദ്രീകരിച്ചുള്ള യഥാര്‍ഥ രാഷ്‌ട്രീയത്തെ വെളിപ്പെടുത്തും. താങ്കളും സര്‍ക്കാറിനകത്തും പുറത്തുമുള്ള -താങ്കളുടെ സുഹൃത്തുക്കളും ഇതിന്റെ പേരില്‍ എന്നെ കൂടുതലായി വെറുക്കില്ലെന്ന്‌ പ്രതീക്ഷിക്കുന്നു.

``നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തവരുടെ വിശ്വാസ്യത ആഗാധ ഗര്‍ത്തത്തിലായിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ഇത്തരക്കാരെ ഇനിയൊരിക്കലും വിശ്വസിക്കില്ല'' എന്ന്‌ താങ്കള്‍ പറയുമ്പോള്‍ അതിനോട്‌ യോജിക്കാന്‍ എനിക്ക്‌ സാധിക്കില്ല. പക്ഷേ, എന്റെ പ്രിയപ്പെട്ട സഹോദരാ, ആരാണ്‌ നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത്‌ എന്നതില്‍ താങ്കള്‍ക്ക്‌ തീര്‍ത്തും തെറ്റ്‌ പറ്റിയിരിക്കുന്നു. സത്യം പുറത്തുകൊണ്ടുവരുന്നതിനും നീതി ഉറപ്പാക്കുന്നതിനും വേണ്ടി അവിരാമം പോരാടുന്ന അശരണരായ ഇരകളല്ല ഗുജറാത്തിന്‌ അപമാനം കൊണ്ടുവന്നത്‌, മറിച്ച്‌്‌ രാഷ്‌ട്രീയ, തിരഞ്ഞെടുപ്പ്‌ വിളവെടുപ്പിനായി വെറുപ്പ്‌ വിതച്ച്‌ വളര്‍ത്തിയയാളുകളുടെ നികൃഷ്‌ടമായ പ്രവൃത്തികളാണെന്ന്‌ എന്റെ മനസ്സ്‌ പറയുന്നു. ദയവായി ഇതേക്കുറിച്ച്‌ ചിന്തിക്കൂ. ആത്മപരിശോധന ചിലപ്പോഴെങ്കിലും വെളിപാടുകള്‍ക്ക്‌ വഴിതുറക്കാറുണ്ട്‌.

``ഗുജറാത്തിന്റെ സമാധാനവും ഐക്യവും സൗഹാര്‍ദവുമുള്ള അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍'' താങ്കള്‍ കാണിക്കുന്ന ശുഷ്‌കാന്തിയും അതിന്‌ നടത്തുന്ന ശ്രമങ്ങളും എന്നെ ആഴത്തില്‍ സ്‌പര്‍ശിച്ചു. 2002ന്‌ ശേഷം ഗുജറാത്തില്‍ വര്‍ഗീയ അക്രമങ്ങള്‍ വലിയ തോതിലുണ്ടായിട്ടില്ല എന്നതില്‍ താങ്കളോടും ബന്ധുക്കളോടും നന്ദിയുണ്ട്‌. ഇതിന്റെ കാരണം നമ്മുടെ `ആറ്‌ കോടി ഗുജറാത്തി' കള്‍ക്ക്‌ വ്യക്തമായിട്ടുണ്ടാകണമെന്നില്ല. ഐ പി എസ്സില്‍ എന്റെ 24-ാമത്തെ വര്‍ഷമാണിത്‌. സംസ്ഥാനം വ്യാപകമായ വര്‍ഗീയ അക്രമങ്ങള്‍ക്ക്‌ സാക്ഷിയായ കാലത്താണ്‌ ഗുജറാത്ത്‌ കേഡറിലേക്ക്‌ എന്നെ നിയോഗിച്ചത്‌. അഗ്‌നിയാല്‍ ജ്ഞാന സ്‌നാനം ചെയ്യപ്പെട്ടതുകൊണ്ട്‌ അന്ന്‌ മുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും വെറുപ്പിന്റെ വിഭാഗീയ രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന താങ്കളെപ്പോലുള്ളവരുമായി ഇടപെടാനും ശ്രമിച്ചുവരികയാണ്‌. 


വര്‍ഗീയ അക്രമം കൊണ്ട്‌ ഏതെങ്കിലും പാര്‍ട്ടിക്ക്‌ തിരഞ്ഞെടുപ്പില്‍ പ്രയോജനമുണ്ടാകുന്ന രാഷ്‌ട്രീയ അവസ്ഥ ഗുജറാത്ത്‌ മറികടന്ന്‌ കഴിഞ്ഞിരിക്കുന്നുവെന്നാണ്‌ എന്റെ നിരീക്ഷണം. കാരണം വര്‍ഗീയ ചേരിതിരിവ്‌ ഇവിടെ ഏതാണ്ട്‌ പൂര്‍ണമായിക്കഴിഞ്ഞു. വിഭാഗീയ രാഷ്‌ട്രീയത്തിന്റെ പരീക്ഷണം ഗുജറാത്തിന്റെ പരീക്ഷണ ശാലയില്‍ വളരെ വിജയകരമായിരുന്നു. `ആറ്‌ കോടി ഗുജറാത്തി' കളുടെ ഹൃദയത്തിലും മനസ്സിലും വിള്ളലുണ്ടാക്കുന്നതില്‍ താങ്കളും താങ്കളെപ്പോലെയുള്ളവരും വലിയതോതില്‍ വിജയിച്ചു. കൂടുതല്‍ വര്‍ഗീയ അക്രമം നടത്തേണ്ട ആവശ്യം ഗുജറാത്തില്‍ ഇനി ഇല്ല തന്നെ.

ഏത്‌ സാഹചര്യത്തിലും സമയത്തും ഉത്തമ വിശ്വാസത്തില്‍ പ്രവര്‍ത്തിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്‌ നമ്മുടേത്‌ പോലുള്ള ഭരണഘടനാ ജനാധിപത്യത്തില്‍. 2002 ഫെബ്രുവരി 27ലെ വിധിനിയന്ത്രിതമായ പ്രഭാതത്തില്‍ ഗോധ്രയില്‍ സംഭവിച്ച അപലപനീയമായ സംഭവത്തോട്‌ പൊടുന്നനെയുണ്ടായ പ്രതികരണമാണ്‌ ഗുജറാത്ത്‌ കൂട്ടക്കുരുതി എന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന്റെ ഇരകളായി തീര്‍ന്നിട്ടുണ്ട്‌ ഒട്ടേറെ സുഹൃത്തുക്കള്‍. ന്യൂട്ടന്റെ നിയമം മുമ്പൊരിക്കലും ഇത്രത്തോളം ദുരുപയോഗം ചെയ്‌തിട്ടുണ്ടാകില്ല. ന്യൂട്ടന്റെ ഭൗതികശാസ്‌ത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവിനെയും ധാരണയെയും ആശ്രയിച്ച്‌ നിങ്ങളത്‌ രാഷ്‌ട്രീയത്തിലും ഭരണത്തിലും പ്രയോഗിക്കുകയായിരുന്നു കൂട്ടക്കുരുതി അതിന്റെ ഉച്ചസ്ഥായിയിലെത്തിയപ്പോള്‍. 


ഭരണഘടനാ ജനാധിപത്യത്തിലെ മതേതര ഭരണകൂടത്തിന്‌ വിഭാഗീയമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന ഭരണത്തെ സംബന്ധിച്ച്‌ സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട തത്വം അന്ന്‌ നിങ്ങള്‍ മനഃപൂര്‍വം മറന്നു, അതാണ്‌ ഇപ്പോള്‍ ഞങ്ങളില്‍ പലരും ശ്രദ്ധയില്ലായ്‌മമൂലം മറക്കുന്നതും. ന്യൂട്ടന്റെ സിദ്ധാന്തമനുസരിച്ചുള്ള പ്രതിപ്രവര്‍ത്തനത്തിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട്‌ നിയന്ത്രിക്കുക എന്നത്‌ ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്‌. അല്ലാതെ നിരപരാധികളായ വ്യക്തികളെ ആസൂത്രിതമായി ലക്ഷ്യമിടുന്നത്‌ സംവിധാനം ചെയ്‌ത്‌ സാധ്യമാക്കുക എന്നതല്ല!

അത്‌ എന്തായാലും, മഹാത്‌മയുടെ ഭൂമിയില്‍ സദ്‌ഭാവന പരത്തുക എന്ന താങ്കളുടെ പ്രഖ്യാപിത ലക്ഷ്യത്തോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമെന്ന നിലയില്‍ സദ്‌ഭാവനാ മിഷനില്‍ താങ്കള്‍ക്കൊപ്പം ചേരാന്‍ ഞാന്‍ തയ്യാറാണ്‌. എന്നാല്‍ അതിനുള്ള നല്ല വഴി സത്യം പുറത്തുവരാന്‍ സഹായിക്കുകയും നീതിയുടെ അന്തസ്സത്തയും സൗമനസ്യവും നിലനില്‍ക്കാന്‍ അനുവദിക്കുകയുമാണ്‌.

പക്ഷേ, മുന്നറിയിപ്പെന്നോണം പറയട്ടെ സ്വാഭാവികവും ഹൃദയത്തില്‍തട്ടിയുള്ളതുമായ സൗമനസ്യം നമുക്ക്‌ ആവശ്യപ്പെടാവുന്ന ഒന്നല്ല, വാങ്ങാവുന്നതോ ഭീഷണിപ്പെടുത്തി ഈടാക്കാവുന്നതോ അല്ല. അത്‌ അര്‍ഹതപ്പെട്ടതാകാന്‍ ശ്രമിക്കാന്‍ മാത്രമേ സാധിക്കൂ. അത്ര എളുപ്പമുള്ള ദൗത്യമല്ല അത്‌. മഹാത്മയുടെ ഭൂമി മായാനിദ്രയില്‍ നിന്ന്‌ പതുക്കെയാണെങ്കിലും ഉണരുകയാണെന്നത്‌ തീര്‍ച്ചയാണ്‌.
സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും കാഴ്‌ചപ്പാടുകളോട്‌ ഉത്തരവാദിത്വം തോന്നേണ്ടതില്ലെന്ന്‌ ഗുജറാത്തിലെ ഏറ്റവും അധികാരമേറിയ വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക്‌ തോന്നുന്നുണ്ടാകും. എന്നാല്‍ സ്വാഭാവിക സൗമനസ്യമില്ലാത്ത അധികാരം കഠാരകള്‍ നീണ്ടുനില്‍ക്കുന്ന, തിരിച്ച്‌ വരാന്‍ സാധിക്കാത്ത പാതയാണെന്ന്‌ ചരിത്രം പലകുറി തെളിയിച്ചിട്ടുണ്ട്‌. 



സദ്‌ഭാവത്തിന്‌ മുന്നോടിയായി സംഭവിക്കേണ്ടതാണ്‌ സമഭാവം. ന്യായബോധവും സൗമനസ്യവുമുള്ള ഭരണം താങ്കളുടെ വിശ്വാസത്തിലെ ആദ്യത്തെ ഖണ്ഡികയും മതവിശ്വാസത്തിന്റെ അവസാനത്തെ ഖണ്ഡികയുമാകണം. സത്യം എല്ലായ്‌പ്പോഴും കയ്‌പ്പേറിയതും വിഴുങ്ങാന്‍ പ്രയാസമുള്ളതുമായിരിക്കും. ഈ കത്ത്‌ അതെഴുതിയതിന്റെ യഥാര്‍ഥ അന്തസ്സത്തയില്‍ താങ്കള്‍ ഉള്‍ക്കൊള്ളുമെന്ന്‌ പ്രതീക്ഷിക്കുന്നു. താങ്കളുടെ പതിവനുസരിച്ച്‌ നേരിട്ടോ അല്ലാതെയോ ഉള്ള പ്രതികാര നടപടിക്ക്‌ താങ്കളോ ഏജന്റുമാരോ തയ്യാറാകില്ലെന്നും കരുതുന്നു.

എവിടെയെങ്കിലും സംഭവിക്കുന്ന അനീതി എല്ലായിടത്തുമുള്ള നീതിക്ക്‌ നേര്‍ക്കുയരുന്ന വെല്ലുവിളിയാണെന്ന മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ ജൂനിയറിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു. നീതിക്ക്‌ വേണ്ടി പൊരുതുന്ന അശരണരായ ഇരകളുടെ ആത്മവീര്യം ഇടക്ക്‌ ദുര്‍ബലമായേക്കാം, എന്നാല്‍ ഗീബല്‍സിയന്‍ പ്രചാരണത്തിലൂടെ അത്‌ അടിച്ചമര്‍ത്താനാകില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം ലോകത്തൊരിടത്തും എളുപ്പമായിട്ടില്ല...ക്ഷയിക്കാത്ത ക്ഷമയും പരാജയപ്പെടാത്ത സ്ഥിരോത്സാഹവും ഈ പോരാട്ടം എല്ലാ കാലത്തും ആവശ്യപ്പെടുന്നു. ഗുജറാത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി കുരിശുയുദ്ധം നടത്തുന്നവരുടെ ആത്മവീര്യം ഈ കവിത സംഗ്രഹിക്കുന്നുണ്ട്‌. ബറോഡയിലെ എം എസ്‌ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഭുചുംഗ്‌ സോനം എഴുതിയ വരികള്‍

എനിക്ക്‌ തത്വങ്ങളുണ്ട്‌, അധികാരമില്ല
നിങ്ങള്‍ക്ക്‌ അധികാരമുണ്ട്‌, തത്വങ്ങളില്ല
നിങ്ങള്‍ നിങ്ങളായതുകൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തുതീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അതുകൊണ്ട്‌ യുദ്ധം തുടങ്ങാം...

എനിക്ക്‌ സത്യമുണ്ട്‌, സൈന്യമില്ല
നിങ്ങള്‍ക്ക്‌ സൈന്യമുണ്ട്‌, സത്യമില്ല
നിങ്ങള്‍ നിങ്ങളായത്‌ കൊണ്ടും
ഞാന്‍ ഞാനായതുകൊണ്ടും
ഒത്തുതീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അതുകൊണ്ട്‌ യുദ്ധം തുടങ്ങാം...

നിങ്ങളെന്റെ തല തല്ലിത്തകര്‍ത്തേക്കാം
ഞാന്‍ പൊരുതും
നിങ്ങളെന്റെ എല്ലുകള്‍ പൊടിച്ചേക്കാം
ഞാന്‍ പൊരുതും
നിങ്ങളെന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം
ഞാന്‍ പൊരുതും

സത്യം എന്നിലോടുന്നു
ഞാന്‍ പൊരുതും
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്‌
ഞാന്‍ പൊരുതും
അവസാന ശ്വാസം വരെ
ഞാന്‍ പൊരുതും
അവിടെ വരെ ഞാന്‍ പൊരുതും
നിങ്ങളുടെ നുണകള്‍ കൊണ്ട്‌ നിങ്ങള്‍
തീര്‍ത്ത കൊട്ടാരം
തകര്‍ന്ന്‌ വീഴും വരെ
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്‌
എന്റെ സത്യത്തിന്റെ മാലാഖക്ക്‌ മുന്നില്‍
മുട്ടുകുത്തും വരെ

എല്ലാവരോടും നീതിബോധവും കൃപയുമുള്ളവനാകുവാന്‍ വേണ്ട ശക്തി ദയാപരനായ ദൈവം താങ്കള്‍ക്ക്‌ നല്‍കട്ടെ!

സത്യമേവ ജയതേ!
ആശംസകളോടെ
വിശ്വാസപൂര്‍വം
സഞ്‌ജീവ്‌ ഭട്ട്‌

2011-09-15

അടിമയുടെ വില



ഉപജീവന മാര്‍ഗം തേടിയുള്ള കുടിയേറ്റവും അത്‌ സൃഷ്‌ടിക്കുന്ന ദുരിതങ്ങളും വ്യക്തമായി അറിയുന്ന ജനതതിയുടെ മുന്‍നിരയില്‍ തന്നെയായിരിക്കും മലയാളികളുടെ സ്ഥാനം. കൊളംബിലേക്കും മലയായിലേക്കും ബര്‍മയിലേക്കുമൊക്കെയുണ്ടായ കുടിയേറ്റം നമ്മുടെ സാമ്പത്തിക, സമൂഹിക സാഹചര്യങ്ങളെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്‌. പ്രവാസം മതിയാക്കി നാട്ടിലെ മണ്ണിലേക്ക്‌ മടങ്ങിയവര്‍ ധാരാളം. പ്രവാസിയായി തുടങ്ങി കുടിയേറ്റക്കാരനിലേക്ക്‌ വളര്‍ന്ന്‌ പൗരത്വത്തിലുറച്ചവരും കുറവല്ല.

വിദേശ മണ്ണിലേക്കുള്ള പറച്ചുനടല്‍ മാത്രമല്ല നടന്നതും നടക്കുന്നതും. ആഭ്യന്തരമായും അത്‌ നടക്കുന്നു. കേരളത്തിന്റെ ഒരു ഭാഗത്തു നിന്ന്‌ മറു ഭാഗത്തേക്ക്‌, അല്ലെങ്കില്‍ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ ഒക്കെ. ലഭ്യമായ തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള സ്ഥാനഭ്രംശത്തിനപ്പുറത്ത്‌ വളക്കൂറുണ്ടെന്ന്‌ തോന്നിക്കുന്ന മണ്ണിലേക്ക്‌ കുടുംബത്തോടെയുള്ള പറിച്ചുനടലുകളും വ്യാപകമാണ്‌. ഇത്തരം കുടിയേറ്റങ്ങളില്‍ പലതും കൈയേറ്റമായിരുന്നുവെന്ന്‌ പിന്നീട്‌ തിരിച്ചറിയപ്പെടുന്നു. 1970കളോടെ ഗള്‍ഫ്‌ രാജ്യങ്ങള്‍ മലയാളികളുടെ പ്രധാന ലക്ഷ്യങ്ങളായി. കാനഡ, അമേരിക്ക, ആസ്‌ത്രേലിയ എന്നു വേണ്ട മലയാളികളുടെ കുടിയേറ്റ ബാന്ധവമില്ലാത്ത അതിരുകള്‍ കുറവ്‌. `വിഷകന്യക' മുതല്‍ `പ്രവാസ'വും `ആട്‌ ജീവിത'വും വരെ നീളുന്ന ലക്ഷണയുക്തമായ സാഹിത്യ രചനകള്‍ കൂടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും മടങ്ങിവരവിന്റെയുമൊക്കെ പ്രതീക്ഷകളും ദുരിതങ്ങളും അനുഭവിപ്പിച്ച്‌ നമ്മുടെ മുന്നിലുണ്ട്‌.

ഒരിടത്ത്‌ ഒഴിവുകളുണ്ടാകുമ്പോള്‍ അത്‌ മറ്റൊരിടത്തു നിന്നത്‌ മൂലമുള്ള നികത്തലിന്‌ വിധേയമാകും. അത്‌ നാം നേരില്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട്‌ മൂന്ന്‌ ദശകങ്ങളെങ്കിലുമായിട്ടുണ്ട്‌. ഇവിടുത്തെ മനുഷ്യവിഭവ ശേഷി അന്യ ദേശങ്ങളിലേക്ക്‌ പോകുകയും അഭ്യസ്‌തവിദ്യരെന്ന്‌ സ്വയം അവകാശപ്പെടുന്നവര്‍ കായിക ജോലികളോട്‌ വിമുഖത പ്രകടിപ്പിക്കുകയും ചെയ്‌തപ്പോഴുണ്ടായ ശൂന്യത നികത്താന്‍ ആദ്യമെത്തിയത്‌ തമിഴ്‌നാട്ടുകാരായിരുന്നു. വൃത്തിഹീനരായ പാണ്ടികളെന്ന്‌ ആക്ഷേപിച്ചുവെങ്കിലും അവരെക്കൊണ്ട്‌ കാര്യങ്ങള്‍ നിവര്‍ത്തിച്ചെടുക്കുന്നതില്‍ നമ്മള്‍ മടി കാണിച്ചില്ല. ആദ്യകാലത്തുണ്ടായിരുന്ന വരുമാനമികവ്‌ പിന്നെപ്പിന്നെ ഇല്ലാതായെന്ന്‌ തോന്നിയതോടെ ഇവരുടെ വരവ്‌ കുറഞ്ഞു. 


അപ്പോഴാണ്‌ രാജ്യത്തിന്റെ വടക്കും വടക്ക്‌ കിഴക്കും മേഖലയില്‍ നിന്നും ആളുകളെത്തിത്തുടങ്ങിയത്‌. പശ്ചിമ ബംഗാള്‍, ഒറീസ, അസം, ഉത്തര്‍ പ്രദേശ്‌, ഝാര്‍ഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌ ഇന്ന്‌ മലയാളികളുടെ തൊഴിലാളികള്‍. ഇവരില്ലെങ്കില്‍ സംസ്ഥാനത്ത്‌ സ്‌തംഭിക്കുന്ന മേഖലകള്‍ ഏതൊക്കെയായിരിക്കുമെന്ന്‌ പ്രവചിക്കുക എളുപ്പമല്ല.

തൊഴില്‍ തേടി വിദേശ രാജ്യങ്ങളില്‍ എത്തിയ മലയാളികള്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്ന കഷ്‌ടതകളെക്കുറിച്ച്‌ വാചാലരാണ്‌ നമ്മള്‍. അവിടെ കാണാതായവര്‍, ഏജന്റോ സ്‌പോണ്‍സറോ ചതിച്ചത്‌ മൂലം ജയിലില്‍ അടക്കപ്പെട്ടവര്‍, കൊടിയ ക്രൂരതകള്‍ക്ക്‌ വിധേയരായവര്‍, മൃതദേഹമായിപ്പോലും നാട്ടിലെ മണ്ണിലേക്ക്‌ എത്താന്‍ സാധിക്കാത്തവര്‍, മരിച്ച്‌ മാസങ്ങളോളം അന്യരാജ്യത്തെ മോര്‍ച്ചറിയില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവര്‍, ലൈംഗിക പീഡനത്തിന്‌ ഇരയായവര്‍ എന്ന്‌ തുടങ്ങി പലരെക്കുറിച്ചും വ്യാകുലപ്പെടുന്നുമുണ്ട്‌. ഇത്തരം സംഗതികളെക്കുറിച്ചുള്ള പൊതു ധാരണ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്‌ താനും. ഏതാണ്ട്‌ സമാനമാണ്‌ അന്യ സംസ്ഥാനത്തു നിന്ന്‌ തൊഴില്‍ തേടി ഇവിടെ എത്തുന്നവരുടെ സ്ഥിതിയും. 


അതിന്റെ മറ്റൊരു അധ്യായമാണ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായത്‌. തൃശൂരിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ നിന്നുണര്‍ന്നുവെങ്കിലും ഭയത്തിന്റെ പിടിയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ സ്ഥിതിയും അതുതന്നെ. രണ്ട്‌ പേരും ഒറീസ സ്വദേശികളാണെന്നത്‌ യാദൃച്ഛികം.
അപകടത്തില്‍പ്പെട്ട്‌ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കൊളജ്‌ ആശുപത്രിയിലെത്തിച്ച യുവാവിന്‌ ചോദിക്കാനും പറയാനും ആരുമില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ മുതല്‍ സ്വീപ്പര്‍ വരെയുള്ളവര്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ്‌ കൈകൊണ്ട്‌ പ്രവര്‍ത്തിപ്പിക്കേണ്ട ശ്വസന സഹായി കൂട്ടിനെത്തിയ ഒറീസക്കാരന്റെ കൈയില്‍ പിടിപ്പിച്ച്‌ അവര്‍ കൈ കഴുകിയത്‌. അതിജീവിക്കാന്‍ ശേഷിയുണ്ടെങ്കില്‍ അതിജീവിക്കും, അല്ലെങ്കില്‍ മരിക്കും. അതിലപ്പുറം ചികിത്സയിലൂടെ പിടിച്ചുനിര്‍ത്താന്‍ മാത്രം `വില' ആ പാവത്തിന്റെ ജീവനുണ്ടെന്ന്‌ ആര്‍ക്കും തോന്നിയില്ല. 



ട്രെയിനില്‍ നിന്ന്‌ വീണ നിലയില്‍ ആശുപത്രിയിലെത്തിക്കപ്പെട്ട പെണ്‍കുട്ടിക്ക്‌ ചികിത്സ ലഭിച്ചുവെന്ന ആശ്വാസമുണ്ട്‌. പക്ഷേ, അവളോട്‌ ക്രൂരത കാട്ടിയത്‌ ആരെന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടായിട്ടില്ല. ഈ കുടുംബത്തിനൊപ്പമുണ്ടായിരുന്ന ഒറീസക്കാരന്‍ തന്നെയായ യുവാവാണ്‌ ഉത്തരവാദിയെന്ന്‌ പോലീസ്‌ പറയുന്നു. അത്‌ ശരിയാണെന്ന്‌ തന്നെ വിശ്വസിക്കാം, പക്ഷേ, ഈ പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പാകത്തിലുള്ള സാമൂഹിക അന്തരീക്ഷം ഇവിടെയില്ലാത്തതു കൊണ്ട്‌ കൂടിയാണ്‌ ഉപദ്രവിക്കപ്പെട്ടത്‌ എന്നത്‌ ഓര്‍ക്കേണ്ടതുണ്ട്‌.

ഏതാനും വര്‍ഷം മുമ്പ്‌ എറണാകുളം നഗരത്തില്‍ അത്യപൂര്‍വമായ ഒരു പ്രകടനം നടന്നു. കെട്ടിടം വീണ്‌ മരിച്ച രണ്ട്‌ അന്യ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹവും വഹിച്ചായിരുന്നു പ്രകടനം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം ആവശ്യപ്പെട്ടായിരുന്നു ഇത്‌. മരിച്ചവര്‍ മരിച്ചു, അവന്റെ ശരീരം നാട്ടിലെത്തിക്കാനുള്ള ബാധ്യത തനിക്കില്ലെന്ന്‌ കെട്ടിടമുടമ കൈയൊഴിഞ്ഞു. തൊഴിലിന്‌ കൊണ്ടുവരിക എന്നതൊഴിച്ചാല്‍ അതിനിടെയുണ്ടാകുന്ന അപകടത്തിനോ ജീവഹാനിക്കോ തങ്ങള്‍ക്ക്‌ ബാധ്യതയില്ലെന്ന്‌ തൊഴിലാളികളെ കൊണ്ടുവന്ന ഇടനിലക്കാരും പറഞ്ഞു. ഇത്തരം കേസുകളില്‍ ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള സഹായം നല്‍കാന്‍ വകുപ്പില്ലെന്ന്‌ സര്‍ക്കാര്‍ വകുപ്പുകളും. പ്രകടനം നടത്തിയ മലയാളികളായ തൊഴിലാളികള്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലേക്ക്‌ തിരിഞ്ഞതോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടായി. 


അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന്‌ അന്ന്‌ അധികാരത്തിലിരുന്ന ഇടത്‌ മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ, ഒന്നും നടന്നില്ല.

ഇപ്പോള്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എന്തെങ്കിലും നടക്കുമെന്ന്‌ കരുതുകയും വേണ്ട. കാരണം ഇങ്ങനെ എത്തുന്ന തൊഴിലാളിസഞ്ചയം ഇവിടുത്തെ വോട്ടര്‍മാരല്ല. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയോ മനുഷ്യാവകാശം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ക്ക്‌ വേണ്ടി വാദിക്കുകയോ ചെയ്യാന്‍ വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികളൊന്നും തയ്യാറാകില്ല. ഇത്തരം പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളോ ലോക തൊഴിലാളി ഐക്യത്തെക്കുറിച്ച്‌ വാചാലരാകുന്നവരോ ഇവരെക്കുറിച്ച്‌ ചിന്തിക്കുകയുമില്ല.

എങ്കിലും സര്‍ക്കാറിന്റെ മറ്റ്‌ ചില വിഭാഗങ്ങള്‍ ഇവരെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ട്‌ എന്നത്‌ പറയാതിരുന്നുകൂടാ. പോലീസാണത്‌. ഇങ്ങനെ എത്തുന്നവരില്‍ എത്ര പേര്‍ മാവോയിസ്റ്റുകളുണ്ട്‌ എന്ന്‌ അവര്‍ പരിശോധിക്കും. സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്ന കടലാസുകളിലേതെങ്കിലും തീവ്ര ആശയങ്ങള്‍ അച്ചടിച്ചിട്ടുണ്ടെന്ന്‌ കണ്ടാല്‍ പിടികൂടും. മര്‍ദിക്കും. മാവോയിസ്റ്റ്‌ പാര്‍ട്ടിയുടെ ദക്ഷിണ മേഖലയിലെ `സ്വയം പ്രഖ്യാപിത കമാന്‍ഡറെ' പിടികൂടിയെന്ന്‌ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി അറിയിക്കുകയും ചെയ്യും. കണ്ടെടുത്ത കടലാസില്‍ ഉണ്ടായിരുന്ന വിധ്വംസക പ്രവര്‍ത്തന പദ്ധതിയെക്കുറിച്ച്‌ തത്സമയ വിവരണവുമായി ചില മാധ്യമ പ്രവര്‍ത്തകരെങ്കിലും രംഗത്തെത്തുകയും ചെയ്യും. 


പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ടാകണം. ഇവര്‍ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി പോലുള്ള അല്‍ഖാഇദ ബന്ധമുള്ള സംഘടനകളുടെ പ്രവര്‍ത്തകരാകാനുള്ള സാധ്യതയെക്കുറിച്ച്‌ പോലീസും ഇന്റലിജന്‍സ്‌ വിഭാഗവും ആഭ്യന്തര വകുപ്പും ഭരണകൂടമാകെയും കൂലങ്കഷമായി ചിന്തിക്കും. ഇവരിലൂടെ ഹവാല പണം എത്താനുള്ള സാധ്യത റവന്യൂ ഇന്റലിജന്‍സ്‌ മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ വരെയുള്ള ഏജന്‍സികള്‍ പഠിക്കും. അതിന്‌ വേണ്ടി ഇത്തരക്കാരെ തൊഴിലിന്‌ വെക്കുന്നവരുമായും ഇടനിലക്കാരുമായും ബന്ധം സ്ഥാപിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്യും. 


രാജ്യ സുരക്ഷ പരമപ്രധാനമായതിനാല്‍ ഇതൊക്കെ വേണ്ടത്‌ തന്നെ എന്ന്‌ സമ്മതിക്കാം. പക്ഷേ, ഇതിനൊപ്പം തന്നെ പ്രധാനമല്ലേ നിസ്സഹായരായ ഇവരുടെ ജീവനും. ജോലിക്കിടെ അപകടമുണ്ടായാല്‍ പരിമിതമായ ചികിത്സാ സഹായത്തിനെങ്കിലും ഇവര്‍ക്ക്‌ അര്‍ഹതയില്ലേ? റോഡപകടത്തല്‍പ്പെട്ടാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സൗജന്യ ചികിത്സയെങ്കിലും നല്‍കേണ്ട ബാധ്യതയില്ലേ? തൊഴില്‍ തേടിയെത്തുന്ന ഇത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്‌ സൈ്വരമായി പുറത്തിറങ്ങി നടക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം ഉറപ്പാക്കേണ്ടതുമല്ലേ?

ഇത്തരം അവകാശങ്ങളെക്കുറിച്ചെല്ലാം വാതോരാതെ സംസാരിക്കാന്‍ മടിക്കാത്ത കൂട്ടരാണ്‌ നമ്മള്‍. എന്നിട്ടും കണ്‍മുന്നില്‍ അടിമ വ്യവസ്ഥക്ക്‌ സമാനമായ ഒരു സമ്പ്രദായം തഴച്ചുവളരുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. ജനാധിപത്യവും മനുഷ്യാവകാശവും സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഭരണകൂടം അടിമ വ്യവസ്ഥയെ പരമാവധി പ്രോത്സാഹിപ്പിക്കും വിധത്തില്‍ മാറിനില്‍ക്കുന്നു. എന്തൊക്കെ അപകടങ്ങള്‍ സംഭവിച്ചാലും എത്രയൊക്കെ ക്രൂരമായി പെരുമാറിയാലും ഇനിയും തൊഴിലാളികള്‍ ഇങ്ങോട്ടെത്തുമെന്നത്‌ ഉറപ്പുണ്ട്‌ എല്ലാവര്‍ക്കും. ബംഗാളിലോ അസമിലോ ഝാര്‍ഖണ്ഡിലോ കിട്ടുന്നതിനേക്കാള്‍ ഭേദപ്പെട്ട കൂലി ഇവിടെ ലഭിക്കും. ആ പ്രലോഭനം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കുറേക്കാലത്തേങ്കിലും ഇങ്ങോട്ട്‌ ആകര്‍ഷിക്കും. അതുള്ളിടത്തോളം തൊഴിലാളി പ്രവാഹത്തിന്‌ തടയുണ്ടാകില്ല. അതിനിടെ മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്യുന്നവരെക്കുറിച്ച്‌ ആലോചിക്കുന്നത്‌ എന്തിന്‌?

പല കാരണങ്ങളാല്‍ പുറം ലോകം അറിഞ്ഞ ഏതാനും സംഭവങ്ങള്‍ മാത്രമാണ്‌ പരാമര്‍ശിച്ചത്‌. അറിയപ്പെടാതെ നടക്കുന്ന ക്രൂരതകള്‍ എത്രയായിരിക്കും. പ്രവാസികള്‍ നേരിടേണ്ടിവരുന്ന ക്രൂരതകള്‍ നമ്മളിവിടെ ചര്‍ച്ച ചെയ്യുകയും പ്രവാസി, വിദേശകാര്യ മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാറിന്റെയും ഇടപെടലിന്‌ വേണ്ടി ആവശ്യപ്പെടുകയും ചെയ്യാറുണ്ട്‌. അതു പോലെ ഒറീസയിലും പശ്ചിമ ബംഗാളിലും ഝാര്‍ഖണ്ഡിലും നടക്കുന്നുണ്ടാകണം. 

2011-09-13

നരേന്ദ്ര മോഡിയും നീതിപീഠവും



വരൂ, കാണൂ ഗുജറാത്തിനെ' എന്ന മട്ടില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി അഭിപ്രായപ്രകടനം നടത്തിയിട്ട്‌ അധിക നാളായില്ല. കര്‍ഷകരും ദരിദ്രരും സ്വന്തം ഭൂമിയില്‍ നിന്ന്‌ പറിച്ചെറിയപ്പെടുന്ന പരാതികള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‌ പ്രവഹിക്കുമ്പോള്‍ ഗുജറാത്തില്‍ നിന്ന്‌ മാത്രം ഇത്തരം പരാതികളില്ലെന്ന്‌ ചൂണ്ടിക്കാട്ടുകയായിരുന്നു ജസ്റ്റിസുമാരായ ജി എസ്‌ സിംഗ്‌വി, എച്ച്‌ എല്‍ ദത്തു എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച്‌. മറ്റ്‌ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഗുജറാത്തില്‍ നിന്ന്‌ പരിശീലനം നേടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ സുപ്രീം കോടതിക്ക്‌ മുന്നിലെത്തുന്ന പരാതികള്‍ പരിഗണിക്കുമ്പോള്‍ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയതില്‍ തെറ്റ്‌ പറയാന്‍ സാധിക്കില്ല. എന്നാല്‍ സ്ഥിതിവിവരക്കണക്കുകളെ മാത്രം അധികരിച്ച്‌ വിലയിരുത്താവുന്ന രാഷ്‌ട്രീയ, സാമൂഹിക സാഹചര്യമാണോ ഗുജറാത്തില്‍ നിലനില്‍ക്കുന്നത്‌ എന്നത്‌ കൂടി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്‌. 


ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ പരാതികളുണ്ടെങ്കില്‍ തന്നെ അത്‌ ഉറക്കെപ്പറയാന്‍ തയ്യാറാകുമോ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഏറെക്കുറെ ഏകപക്ഷീയമായ ഒരു ഭരണ സംവിധാനം നിലനില്‍ക്കുന്ന ഗുജറാത്തിലെ നിവാസികള്‍! എന്നിട്ടും പരാതികളും പ്രക്ഷോഭങ്ങളുമുണ്ടാകുന്നുണ്ട്‌. ബി ജെ പിയുടെ മുന്‍ നേതാവ്‌ കനുഭായ്‌ കല്‍സാരിയയുടെ നേതൃത്വത്തില്‍ മധുവയിലും മറ്റും നടക്കുന്നത്‌ ഉദാഹരണമാണ്‌. സിംഗൂര്‍, നന്ദിഗ്രാം, നോയിഡ, ജഗത്‌സിംഗ്‌പൂര്‍, നിയാംഗിരി തുടങ്ങിയ സ്ഥലങ്ങളിലേതിന്‌ ലഭിച്ചതുപോലുള്ള മാധ്യമ ശ്രദ്ധ ഇവക്ക്‌ ലഭിക്കുന്നില്ല. നര്‍മദയില്‍ ഉയര്‍ന്ന അണക്കെട്ടുകളാല്‍ പറിച്ചെറിയപ്പെട്ട ആദിവാസികള്‍ നടത്തിയ ചെറിയ (വലിയ) സമരങ്ങളാണ്‌ ഭൂമി രാഷ്‌ട്രീയത്തിന്‌ സമകാലിക ഇന്ത്യയില്‍ സ്ഥാനമുണ്ടാക്കിക്കൊടുത്തത്‌ എന്ന്‌ ബഹുമാനപ്പെട്ട ന്യായാധിപന്‍മാര്‍ ഓര്‍ത്തതുമില്ല.

ഇത്തരം ഓര്‍മയില്ലായ്‌മകളും നിയമതത്വങ്ങളുടെയും വസ്‌തുതാന്വേഷണ റിപ്പോര്‍ട്ടുകളുടെയും ഏകകോണിലൂടെ വീക്ഷണവും നീതി നിഷേധത്തിന്‌ കാരണമാകുന്നുണ്ടോ എന്ന സംശയം ശക്തമാണ്‌. ഗുജറാത്ത്‌ വംശഹത്യക്കിടെ കൊടിയ കൂട്ടക്കൊല അരങ്ങേറിയ ഗുല്‍ബര്‍ഗ സൊസൈറ്റിക്കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ ഈ സംശയം ബലപ്പെടുത്തുന്നു. മോഡിക്കെതിരെ അന്വേഷണം നടത്തേണ്ടതില്ല എന്ന്‌ സുപ്രീം കോടതി വിധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌ അഹമ്മദാബാദിലെ വിചാരണക്കോടതിയാണെന്ന്‌ പറയുകയാണ്‌ ചെയ്‌തത്‌. നിയമപരമായ നടപടിക്രമം ഇതായിരിക്കാം. അതുകൊണ്ട്‌ തന്നെ കുറ്റക്കാരാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ നിയമത്തിന്‌ മുന്നില്‍ എത്തുമെന്ന്‌ പ്രതീക്ഷിക്കുകയും ചെയ്യാം. എങ്കിലും ചില സംശയങ്ങള്‍ ബാക്കിവെക്കുന്നുണ്ട്‌ സുപ്രീം കോടതിയുടെ ഉത്തരവ്‌.

കൊലക്കും കൊള്ളിവെപ്പിനും മുഖ്യമന്ത്രിയും മന്ത്രിമാരായിരുന്നവരും പോലീസിലേതുള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും എല്ലാ സഹായവും ചെയ്‌തുവെന്നും ഇതേക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നുമാണ്‌ മുന്‍ എം പി ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയ ജഫ്‌രി സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. നരേന്ദ്ര മോഡി ഉള്‍പ്പെടെ 63 ആളുകളുടെ പേര്‌ പരാമര്‍ശിച്ച്‌ സാകിയ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ്‌ അവര്‍ കോടതികളെ സമീപിച്ചത്‌. ഒടുവില്‍ സുപ്രീം കോടതി സഹായത്തിനെത്തി. സാകിയയുടെ പരാതി അടിസ്ഥാനമുള്ളതാണോ എന്ന്‌ കണ്ടെത്തുന്നതിന്‌ സുപ്രീം കോടതി തന്നെ നേരത്തെ നിയോഗിച്ച ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. നരേന്ദ്ര മോഡിയടക്കമുള്ളവരെ ചോദ്യം ചെയ്‌ത ശേഷം പ്രത്യേക സംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ തൃപ്‌തി തോന്നാതിരുന്ന കോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ വീണ്ടും പഠനത്തിന്‌ നിയോഗിച്ചു. 


പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട്‌ പരിശോധിക്കാനും വേണ്ടിവന്നാല്‍ കേസുമായി ബന്ധപ്പെട്ടവരുമായി ആശയ വിനിമയം നടത്താനും രാജു രാമചന്ദ്രനോട്‌ നിര്‍ദേശിച്ചിരുന്നു. ഇതിന്‌ ശേഷം ഇദ്ദേഹം സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ട്‌ കൂടി പരിഗണിച്ച ശേഷമാണ്‌ സാകിയയുടെ പരാതിപ്രകാരം കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കേണ്ടതുണ്ടോ എന്ന്‌ നിശ്ചയിക്കേണ്ട ചുമതല വിചാരണക്കോടതിക്ക്‌ വിട്ടിരിക്കുന്നത്‌.
2006ല്‍ സാകിയ ആരംഭിച്ച നിയമ പോരാട്ടം കറങ്ങിത്തിരിഞ്ഞ്‌ അഹമ്മദാബാദിലെ വിചാരണക്കോടതിയില്‍ തിരിച്ചെത്തുമ്പോള്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല എന്ന്‌ സാരം. 



ഇക്കാലത്തിനിടെ വംശഹത്യ, വ്യാജ ഏറ്റുമുട്ടല്‍ കൊല തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഗുജറാത്തില്‍ നിന്ന്‌ പുറത്തുവന്നു. ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക്‌ തീപ്പിടിച്ച്‌ 58 പേര്‍ മരിച്ച ദിവസം വൈകിട്ട്‌ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വെച്ച്‌ ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അനുവദിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാകത്തിലുള്ള പാഠം മുസ്‌ലിംകളെ പഠിപ്പിക്കണമെന്നും മോഡി പറഞ്ഞതായി ഐ പി എസ്‌ ഉദ്യോഗസ്ഥനായ സഞ്‌ജീവ്‌ ഭട്ട്‌ വെളിപ്പെടുത്തി. ഈ വിവരം പൗരാവകാശ സംഘടനകള്‍ ഏര്‍പ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയ മുന്‍ ആഭ്യന്തര സഹമന്ത്ര ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയത്‌ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും അതില്‍ നരേന്ദ്ര മോഡിക്ക്‌ പങ്കുണ്ടെന്നും ആരോപണമുണ്ടായി. ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയത്‌ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ്‌ സുഹ്‌റാബുദ്ദീന്‍ ശൈഖിനെയും പിന്നീട്‌ തുള്‍സി റാം പ്രജാപതിയെയും കൊലപ്പെടുത്തി ഏറ്റുമുട്ടലായി ചിത്രീകരിച്ചത്‌ എന്നും പോലീസ്‌ ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി പറഞ്ഞു. 


ഈ കൊലപാതകങ്ങളില്‍ മോഡി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്കും പുറത്തുവന്നു. മുന്‍ മന്ത്രി അമിത്‌ ഷായും ഏതാനും മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും അറസ്റ്റിലാകുകയും ചെയ്‌തു. വംശഹത്യ നടക്കുന്ന സമയത്ത്‌ നരേന്ദ്ര മോഡിയും മന്ത്രിസഭയിലെ ചില അംഗങ്ങളും പോലീസ്‌ ഉദ്യോഗസ്ഥരും ടെലിഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു. കൊലക്കും കൊള്ളിവെപ്പിനും നേരിട്ട്‌ നേതൃത്വം നല്‍കിയവരുമായി നേതാക്കളടക്കമുള്ളവര്‍ സംസാരിച്ചുവെന്ന്‌ തെളിയിക്കുന്നതായിരുന്നു ഈ രേഖകള്‍. അക്രമം അടിച്ചമര്‍ത്താന്‍ പുറപ്പെട്ട തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിലക്കാന്‍ ശ്രമിച്ചുവെന്ന്‌ മറ്റൊരു പോലീസ്‌ ഉദ്യോഗസ്ഥന്‍ രാഹുല്‍ ശര്‍മ പറഞ്ഞു. സര്‍ക്കാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്‌ 2002ലെ വംശഹത്യ അരങ്ങേറിയത്‌ എന്ന്‌ ന്യായമായി സംശയിക്കാന്‍ ഇതിലപ്പുറം എന്തെങ്കിലും ആവശ്യമാണെന്ന്‌ തോന്നുന്നില്ല.

ഗര്‍ഭിണിയെ വയറുപിളര്‍ന്ന്‌ കൊന്നവരെയും മറ്റും സംരക്ഷിക്കാന്‍ നരേന്ദ്ര മോഡി അടക്കമുള്ളവര്‍ എങ്ങനെയാണ്‌ ശ്രമിച്ചത്‌ എന്ന്‌ തെഹല്‍ക്കയുടെ ഒളിക്യാമറ വെളിപ്പെടുത്തുകയും ചെയ്‌തു. വംശഹത്യ, വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ആസൂത്രിതമായി തെളിവ്‌ നശിപ്പിക്കപ്പെട്ടതും പുറത്തുവന്നിട്ടുണ്ട്‌. വംശഹത്യ നടക്കുമ്പോള്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ യാത്രകള്‍, വയര്‍ലെസ്സിലൂടെ കൈമാറിയ സന്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ നശിപ്പിച്ചത്‌ ഉദാഹരണം. നിശ്ചിത കാലപരിധി കഴിഞ്ഞാല്‍ ഇത്തരം രേഖകള്‍ നശിപ്പിക്കുക പതിവാണെന്ന വിശദീകരണമാണ്‌ നരേന്ദ്ര മോഡി സര്‍ക്കാര്‍ നല്‍കിയത്‌. ഇത്തരമൊരു സാഹചര്യത്തില്‍ നരേന്ദ്ര മോഡിയും കൂട്ടാളികളും വംശഹത്യക്ക്‌ കൂട്ടുനിന്നുവോ ഇല്ലയോ എന്ന്‌ കണ്ടെത്താന്‍ നിശ്ചിത രീതിയിലൊരു അന്വേഷണം നടത്തുന്നതിന്‌ (അത്‌ ഗുജറാത്ത്‌ പോലീസ്‌ നടത്തുന്നതാണെങ്കില്‍ കൂടി) നിര്‍ദേശം നല്‍കാന്‍ ഇനിയും കാലതാമസമുണ്ടാകുന്നുവെങ്കില്‍ അത്‌ നീതിയുടെ സംരക്ഷണത്തിന്‌ വേണ്ടിയാണെന്ന്‌ വിശ്വസിക്കുക പ്രയാസമാണ്‌. 


അന്വേഷണം വേണമോ വേണ്ടയോ എന്ന്‌ വിചാരണക്കോടതി തീരുമാനിക്കട്ടെ എന്ന സുപ്രീം കോടതിയുടെ ഉത്തരവ്‌ ഇനിയും കാലവിളംബമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെയും അത്‌ പഠിച്ച്‌ രാജു രാമചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റ്‌ കോടതി പഠിച്ച്‌ പരാതിക്കാരുടെയും മറ്റും വാദങ്ങള്‍ കേട്ട്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടാല്‍ തന്നെ അത്‌ ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യാന്‍ നരേന്ദ്ര മോഡി സര്‍ക്കാറിന്‌ സാധിക്കും. അങ്ങനെയൊരു നിയമയുദ്ധമുണ്ടായാല്‍ അത്‌ കറങ്ങിത്തിരിഞ്ഞ്‌ സുപ്രീം കോടതിയിലെത്തി അന്തിമ വിധിയുണ്ടാകാന്‍ കുറഞ്ഞത്‌ അഞ്ച്‌ വര്‍ഷമെങ്കിലും വേണ്ടിവരും. അപ്പോഴേക്കും ഇപ്പോഴുള്ള തെളിവുകളുടെ തരിമ്പ്‌ പോലും ബാക്കിവെക്കില്ല മോഡി ഭരണകൂടം എന്ന്‌ ഒരു നേരം അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും.

വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ ഗുജറാത്ത്‌ പോലീസ്‌ നടത്തിയ അന്വേഷണം തൃപ്‌തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ പ്രധാനപ്പെട്ട ഒമ്പത്‌ കേസുകളില്‍ പുനരന്വേഷണം നടത്തുന്നതിന്‌ സി ബി ഐ മുന്‍ ഡയറക്‌ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ ഉത്തരവിട്ടത്‌. മുന്‍ മന്ത്രി മായാ കൊദ്‌നാനിയെയോ വി എച്ച്‌ പി നേതാവ്‌ ജയന്ത്‌ പട്ടേലിനെയോ പോലെ താരതമ്യേന കുറഞ്ഞ നിലവാരത്തിലുള്ള നേതാക്കള്‍ ആരോപണവിധേയരായ കേസുകളില്‍ പോലും ഉചിതമായ അന്വേഷണം നടത്താന്‍ ഗുജറാത്ത്‌ പോലീസിന്‌ സാധിച്ചിരുന്നില്ല. കൊദ്‌നാനിയും ജയന്ത്‌ പട്ടേലും അറസ്റ്റിലായത്‌ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ്‌. സാകിയ ജഫ്‌രിയുടെ പരാതിയിലുള്ള ആരോപണ വിധേയരില്‍ പ്രഥമ സ്ഥാനീയന്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്നെയാണ്‌. ആ പരാതിയില്‍, കോടതിയുടെ ഉത്തരവുണ്ടായാല്‍ കൂടി, ഗുജറാത്ത്‌ പോലീസ്‌ നിഷ്‌പക്ഷമായ അന്വേഷണം നടത്തുമെന്ന്‌ വിചാരിക്കുന്നത്‌ പോലും വിഡ്‌ഢിത്തമായിരിക്കും.

വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ ഗുജറാത്തിലെ കോടതികളില്‍ നിഷ്‌പക്ഷവും നീതിപൂര്‍വകവുമായ വിചാരണ നടക്കില്ലെന്ന ആരോപണവും പരിഗണിക്കണം. സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കേസ്‌ അട്ടിമറിക്കാന്‍ പരസ്യമായി ശ്രമം നടന്നതോടെ ബെസ്റ്റ്‌ ബേക്കറി കേസിന്റെ വിചാരണ മുംബൈയില്‍ നടത്താന്‍ സുപ്രീം കോടതി തന്നെ ഉത്തരവിട്ടത്‌ ഈ സാഹചര്യം കണക്കിലെടുത്താണ്‌. ഈ ശ്രേണിയില്‍ വന്നേക്കാവുന്ന ഒരു കോടതിയുടെ പരിഗണനയിലേക്ക്‌ സാകിയ ജഫ്‌രിയുടെ പരാതി തള്ളിവിടുമ്പോള്‍ സുപ്രീം കോടതി ഒന്നുകൂടി ചെയ്‌തു, ഈ കേസില്‍ പരമോന്നത കോടതിയുടെ മേല്‍നോട്ടം ഇനി ആവശ്യമില്ലെന്ന്‌ വ്യക്തമാക്കി. 


വംശഹത്യ അരങ്ങേറിയിട്ട്‌ വര്‍ഷം പത്ത്‌ തികയാന്‍ പോകുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ നീതി ഇനിയും വൈകുന്നത്‌ ആശാസ്യമാണോ എന്ന്‌ ആലോചിക്കണ്ടവര്‍ തന്നെയാണ്‌ കാലവിളംബത്തിന്‌ വഴിയൊരുക്കിക്കൊടുക്കുന്നത്‌. തന്റെ പരാതിയില്‍ അന്വേഷണം നടത്തണമെന്ന 74കാരിയുടെ ആവശ്യമാണ്‌ തീരുമാനം ആവശ്യപ്പെട്ട്‌ ജഡ്‌ജിമാരുടെ മുന്നിലെത്തിയത്‌, ആരെയെങ്കിലും വിചാരണ ചെയ്യണമെന്ന ആവശ്യമല്ല. പരാതി യുക്തിസഹമാകുകയും മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ തന്നെ തുറന്ന്‌ പറച്ചിലുകള്‍ നടത്തുകയും ചെയ്‌തിട്ടും അന്വേഷണത്തിന്‌ ഉത്തരവിടാന്‍ മടിയുണ്ടാകുമ്പോള്‍ അതിന്‌ പിറകില്‍ നിയമ ബാഹ്യമായ എന്തെങ്കിലുമുണ്ടോ എന്ന്‌ തോന്നിപ്പോകുന്നു. വരൂ, പരാതി രഹിതമായ ഗുജറാത്തിനെ കാണൂ എന്ന നിലപാട്‌ ഭൂമി സംബന്ധമായ കേസിലാണെങ്കില്‍പ്പോലും സുപ്രീം കോടതി തന്നെ സ്വീകരിച്ച പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും

2011-09-07

റാന്‍, അടിയനാണേ ചെന്നിത്തല...



ഇന്ത്യന്‍ യൂനിയനില്‍ പ്രിവി പഴ്‌സ്‌ നിര്‍ത്തലാക്കിയിട്ട്‌ 40 ആണ്ട്‌ കഴിഞ്ഞു. കോണ്‍ഗ്രസ്‌ നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിക്കാണ്‌ അതിന്റെ ക്രെഡിറ്റ്‌. പ്രിവി പഴ്‌സ്‌ നിര്‍ത്തലാക്കുകയും ബേങ്ക്‌ ദേശസാത്‌കരണം നടപ്പാക്കുകയും ചെയ്‌തതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാള്‍ വലിയ സോഷ്യലിസ്റ്റായി അക്കാലത്ത്‌ ഇന്ദിര കൊണ്ടാടപ്പെടുകയും ചെയ്‌തിരുന്നു. ബ്രിട്ടീഷ്‌ ആധിപത്യം അവസാനിക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്ന നാട്ടു രാജാക്കന്‍മാരുടെ എണ്ണം അറുനൂറോളമായിരുന്നു. ഇന്ത്യന്‍ യൂനിയനിലോ പാക്കിസ്ഥാനിലോ ലയിക്കുക എന്ന നിര്‍ദേശം ഇവയില്‍ ഭൂരിഭാഗം പേരും സ്വീകരിച്ചു. അതിന്‌ പകരമായി അനുവദിക്കപ്പെട്ടതായിരുന്നു പ്രിവി പഴ്‌സ്‌. ഭരണാവകാശം ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ക്ക്‌ കൈമാറിയതിന്‌ പ്രതിഫലമായി വര്‍ഷത്തില്‍ നിശ്ചിത തുക രാജ കുടുംബങ്ങള്‍ക്ക്‌ നല്‍കുന്നതായിരുന്നു രീതി. അയ്യായിരം മുതല്‍ ദശ ലക്ഷങ്ങള്‍ വരെ ഇങ്ങനെ വര്‍ഷത്തില്‍ വിതരണം ചെയ്‌തു. വര്‍ഷത്തില്‍ പത്ത്‌ ലക്ഷത്തിലധികം രൂപ കേന്ദ്ര സര്‍ക്കാറില്‍ നിന്ന്‌ ലഭിക്കാന്‍ അര്‍ഹതയുള്ള അപൂര്‍വം രാജ കുടുംബങ്ങളിലൊന്നായിരുന്നു തിരുവിതാംകൂറിലേത്‌.

പൗരന്‍മാരെയെല്ലാം തുല്യരായി പരിഗണിക്കണമെന്ന്‌ ഭരണഘടന വ്യവസ്ഥ ചെയ്യുകയും ജനാധിപത്യം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ജന്മിത്വത്തിന്റെയും രാജാധികാരത്തിന്റെയും ശേഷിപ്പുകളെ സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നതിലെ അനൗചിത്യം വൈകാതെ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത്‌ അവസാനിപ്പിക്കാനുള്ള ആദ്യ ശ്രമം 1969ലാണുണ്ടായത്‌. അന്ന്‌ പാര്‍ലിമെന്റില്‍ വേണ്ടത്ര ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. 1971ല്‍ ഇത്‌ അംഗീകരിക്കപ്പെട്ടു. പ്രിവി പഴ്‌സ്‌ എന്ന വാര്‍ഷിക വിഹിത സമ്പ്രദായം അവസാനിപ്പിക്കുക മാത്രമല്ല ഭരണഘടനാ ഭേദഗതിയിലൂടെ ചെയ്‌തത്‌. രാജാധികാരവുമായി ബന്ധപ്പെട്ട എല്ലാ പ്രതീകങ്ങളും അവസാനിപ്പിക്കുക കൂടിയാണ്‌. രാജാവ്‌, റാണി, മഹാരാജാവ്‌ എന്ന്‌ തുടങ്ങിയ പദവികള്‍ ഇതോടെ ഇല്ലാതായി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും ഡി എം കെയുടെയും സമ്മര്‍ദഫലമായിട്ടാണെങ്കിലും ഈ മാറ്റം ഇന്ദിരാ ഗാന്ധി നടപ്പാക്കുമ്പോള്‍ ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലക്ക്‌ പ്രായം 15.

38 വര്‍ഷത്തിന്‌ ശേഷം കോണ്‍ഗ്രസ്‌ പാര്‍ട്ടി മറ്റൊരു തീരുമാനമെടുത്തു. പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന രാജകീയ പ്രതീകങ്ങളെ ഇല്ലാതാക്കാന്‍. 2009 ജൂണ്‍ 15ന്‌ എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്‌ നേതാക്കളോ പ്രവര്‍ത്തകരോ മഹാരാജ, മഹാറാണി, രാജ, റാണി, രാജ്‌കുമാര്‍, രാജകുമാരി എന്ന്‌ തുടങ്ങിയ വിശേഷണ പദങ്ങള്‍ പേരിനൊപ്പം ചേര്‍ക്കരുത്‌ എന്ന്‌ തീരുമാനിച്ചുവെന്നാണ്‌ ദ്വിവേദി പറഞ്ഞത്‌. ജന്മിത്വത്തിന്റെ ബാക്കിയായ `കുന്‍വര്‍' എന്ന വിശേഷണ പദം പോലും ഒഴിവാക്കണമെന്ന്‌ അന്ന്‌ നിര്‍ദേശിച്ചിരുന്നു. പദവി ദ്യോതിപ്പിക്കുന്ന ഇത്തരം വാക്കുകള്‍ പൊതു ജീവിതത്തില്‍ ഉപയോഗിക്കരുത്‌ എന്ന്‌ മുന്‍കാല രാജ കുടുംബങ്ങളില്‍ നിന്ന്‌ പാര്‍ട്ടിയിലെത്തിയവരോട്‌ നിര്‍ദേശിച്ചതായും ദ്വിവേദി വ്യക്തമാക്കിയിരുന്നു. 


പാര്‍ട്ടിയിലെ നേതാക്കളും പ്രവര്‍ത്തകരും ഇത്തരം വിശേഷണ പദങ്ങള്‍ ഉപയോഗിക്കുന്നത്‌ വ്യാപകമാകുകയും അത്‌ ജന്മിത്വ മനോഭാവത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ ഈ തീരുമാനമെന്ന്‌ ദ്വിവേദി അന്ന്‌ വിശദീകരിച്ചിരുന്നു. ഈ തീരുമാനം കോണ്‍ഗ്രസ്‌ പാര്‍ട്ടിയെടുക്കുമ്പോള്‍ രമേശ്‌ ചെന്നിത്തലക്ക്‌ പ്രായം 53. 


ജനാധിപത്യ ഭരണകൂടമെടുത്ത വിപ്ലവകരമായ തീരുമാനത്തിന്റെ പ്രാധാന്യം 15 വയസ്സുകാരന്‌ മനസ്സിലായിക്കൊള്ളണമെന്നില്ല. പക്ഷേ, 53-ാം വയസ്സില്‍ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റായിരിക്കെ, പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വമെടുത്ത തീരുമാനം രമേശ്‌ ചെന്നിത്തല അറിയാതെ പോകാന്‍ ഇടയില്ല. ആ തീരുമാനത്തിന്റെ അര്‍ഥവും വ്യാപ്‌തിയും മനസ്സിലാക്കാന്‍ തക്ക ബുദ്ധിയും ചിന്താശേഷിയും രാഷ്‌ട്രീയ ബോധവും ഉണ്ടാകേണ്ടതുമാണ്‌.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസി (ഇന്ദിരാ ഗാന്ധി) ന്റെ പ്രവര്‍ത്തകനും നേതാവുമെന്ന നിലയില്‍ അതിന്റെ ചരിത്രമെങ്കിലും പഠിക്കേണ്ട ബാധ്യതയുണ്ട്‌ രമേശ്‌ ചെന്നിത്തലക്ക്‌. അതിന്‌ മെനക്കെടാന്‍ സമയമില്ലെങ്കില്‍ സ്വന്തം പാര്‍ട്ടി കാലാകാലങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലറുകളെങ്കിലും വായിക്കണം. അത്തരം സര്‍ക്കുലറുകള്‍ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിക്ക്‌ എത്തുന്നില്ലെങ്കില്‍ പത്രങ്ങളെങ്കിലും വായിക്കണം. അത്‌ ചെയ്‌തിരുന്നുവെങ്കില്‍ ജന്മിത്വ മനോഭാവം പ്രതിഫലിപ്പിക്കുന്ന വിശേഷണ പദങ്ങള്‍ ഒഴിവാക്കണമെന്ന പാര്‍ട്ടി തീരുമാനം അദ്ദേഹം അറിഞ്ഞേനെ!

ഇത്രയും പറയേണ്ടിവന്നത്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പദ്‌ശേഖരവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മാര്‍ത്താണ്ഡവര്‍മയെയും കുടുംബത്തെയും പിന്തുണക്കാന്‍ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല വലിയ വ്യഗ്രത കാട്ടുന്ന പശ്ചാത്തലത്തിലാണ്‌. ഏത്‌ വ്യക്തിക്കും ആരെയും പിന്തുണക്കാം. അതിനെ സമര്‍ഥിക്കും വിധത്തിലുള്ള വാദമുഖങ്ങള്‍ നിരത്തുകയുമാകാം. ഇടമലയാര്‍ കേസില്‍ അഴിമതിക്കാരനെന്ന്‌ സുപ്രീം കോടതി കണ്ടെത്തുകയും ഒരു വര്‍ഷത്തെ കഠിന തടവിന്‌ വിധിക്കുകയും ചെയ്‌ത ആര്‍ ബാലകൃഷ്‌ണ പിള്ളയെ പിന്തുണച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തിയിരുന്നുവല്ലോ. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ കാര്യത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെ നിലപാടിനെ പിന്തുണക്കുന്നതിലല്ല, ഇല്ലാതായ പദവികള്‍ കല്‍പ്പിച്ചുകൊടുത്ത്‌ പൂജ്യരായി പ്രതിഷ്‌ഠിക്കാന്‍ ശ്രമിക്കുന്നതിലാണ്‌ പ്രശ്‌നം. അതിന്‌ പിന്നിലെ രാഷ്‌ട്രീയ ഉദ്ദേശ്യമാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌.

ക്ഷേത്ര നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കള്‍ മാര്‍ത്താണ്ഡ വര്‍മയോ കുടുംബാംഗങ്ങളില്‍ ചിലരോ കടത്തിക്കൊണ്ടുപോയെന്ന ആരോപണം പ്രതിപക്ഷ നേതാവായ വി എസ്‌ അച്യുതാനന്ദന്‍ ഉന്നയിച്ചപ്പോള്‍ പ്രതിഷേധവുമായെത്തിയവരുടെ മുന്‍ നിരയില്‍ രമേശ്‌ ചെന്നിത്തലയുണ്ടായിരുന്നു. `തിരുവിതാംകൂര്‍ രാജ കുടുംബ'(?!!) ത്തിന്റെ സത്യസന്ധതയിലും വിശ്വാസ്യതയിലും ഒരു സംശയവുമില്ലെന്ന മട്ടിലായിരുന്നു രമേശിന്റെ പ്രതികരണം. കെ പി സി സി പ്രസിഡന്റ്‌ എന്ന നിലയില്‍ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ അത്‌ കോണ്‍ഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക പ്രതികരണമായി വേണം കാണാന്‍. തനിക്ക്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണം വി എസ്‌ ആവര്‍ത്തിച്ചു. 


തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി മാര്‍ത്താണ്ഡവര്‍മ കുടുംബം സുപ്രീം കോടതിയിലെത്തിയെങ്കിലും അത്‌ പരിഗണിക്കപ്പെട്ടില്ല. ക്ഷേത്ര നിലവറയിലെ സ്വര്‍ണം ഉരുക്കിക്കടത്തുകയാണ്‌ ചെയ്യുന്നത്‌ എന്നും അതിന്‌ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും വി എസ്‌ ആവര്‍ത്തിച്ചു. ഇതിന്‌ പിറകെയാണ്‌ സ്വത്തിലൊരു ഭാഗം നഷ്‌ടപ്പെട്ടുവെന്നും ഇത്‌ മറച്ചുവെക്കാന്‍ ശ്രമം നടന്നുവെന്നുമുള്ള അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്‌ പുറത്തുവരുന്നത്‌. സ്വര്‍ണവും രത്‌നങ്ങളും പരിശോധിച്ച്‌ കൃത്യമായ പട്ടികയുണ്ടാക്കി സൂക്ഷിക്കണമെന്ന കമ്മീഷന്റെ ആവശ്യത്തെ മാര്‍ത്താണ്ഡവര്‍മ കുടുംബം ശക്തമായി എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഥ ഇത്രത്തോളമെത്തിയപ്പോള്‍ രമേശ്‌ ചെന്നിത്തല പറയുന്നത്‌ `മഹാരാജാവി'(?!)നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാണ്‌. `മഹാരാജാവി'നെ ക്രൂശിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും. തിരുവിതാംകൂര്‍ രാജവംശം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും മാര്‍ത്താണ്ഡവര്‍മ `മഹാരാജാവായി' തുടരുന്നുവെന്നുമാണ്‌ രമേശ്‌ ചെന്നിത്തലയുടെ നിലപാടെന്ന്‌ വേണം കരുതാന്‍. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസി (ഇന്ദിരാഗാന്ധി) ല്‍ രമേശ്‌ ചെന്നിത്തല തുടരാന്‍ പാടില്ല. രാജവംശത്തിന്റെ അവകാശങ്ങളും ചിഹ്നങ്ങളും ഇല്ലാതാക്കി ഭരണഘടന ഭേദഗതി ചെയ്യാന്‍ മുന്‍കൈ എടുത്ത നേതാവ്‌ സ്ഥാപിച്ച പാര്‍ട്ടിയില്‍ രാജഭക്തി ഇപ്പോഴും നിലനിര്‍ത്തുന്ന ഒരാള്‍ക്ക്‌ തുടരാനാകുമോ! ഈ നിലപാടുള്ള ഒരാളെ പാര്‍ട്ടിയിലെ ഒരു സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷ പദവിയിരുത്തുന്നത്‌ ഉചിതമാണോ എന്ന്‌ കോണ്‍ഗ്രസും ചിന്തിക്കേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ പാര്‍ട്ടി 2009ല്‍ ഇക്കാര്യത്തില്‍ ഖണ്ഡിതമായ ഒരു നിലപാട്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍. 


ഒരു നായര്‍ മാത്രമായി ചിത്രീകരിച്ച്‌ തന്നെ മാറ്റിനിര്‍ത്താന്‍ ഗുഢ ശ്രമം നടക്കുന്നുവെന്ന ആരോപണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ രമേശ്‌ ചെന്നിത്തല ഉന്നയിച്ചിരുന്നു. അതൊരു ആരോപണം മാത്രമാണോ എന്ന സംശയം മറ നീക്കുന്ന രാജഭക്തി ജനിപ്പിക്കുന്നുണ്ട്‌. തിരുവിതാംകൂറില്‍ രാജാധികാരം നിലനിന്ന കാലത്ത്‌ അധികാര ശ്രേണിയുടെ കീഴറ്റത്ത്‌ നായന്‍മാരുണ്ടായിരുന്നു. അതിന്റെ കൂറോ രാജദാസന്‍മാരുടെ പിന്‍തലമുറക്കാരനെന്ന `അഭിമാന ബോധ'മോ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടാകണം. അല്ലെങ്കില്‍ പിന്നെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ്‌ `മഹാരാജാവി'നെ പിന്തുണക്കാന്‍ ഇത്ര തിടുക്കമെന്തിന്‌? അതുമല്ലെങ്കില്‍ സവര്‍ണ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ പറ്റിയ ആയുധമായി കെ പി സി സി പ്രസിഡന്റ്‌ ഈ പ്രശ്‌നത്തെ കാണുന്നുണ്ടാകണം. രമേശ്‌ ചെന്നിത്തലയുടെ ആര്‍ എസ്‌ എസ്‌ ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നത്‌ അധിക കാലം മുമ്പല്ല എന്നത്‌ കണക്കിലെടുത്താല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

നിലവറ തുറന്നതും കണക്കെടുത്തതും ക്ഷേത്ര കാര്യത്തിലും വിശ്വാസത്തിലുമുള്ള കൈകടത്തലായി വ്യഖ്യാനിച്ച്‌ വര്‍ഗീയ പ്രചാരണം നടത്താന്‍ സംഘ്‌പരിവാര്‍ ഇതിനകം തന്നെ ശ്രമിക്കുന്നുണ്ട്‌. ദേവ പ്രശ്‌നം പോലുള്ളവ സംഘടിപ്പിക്കപ്പെട്ടത്‌ ആ പ്രചാരണത്തിന്‌ കരുത്തേകാനാണ്‌. ഇതിനിടയില്‍ `മഹാരാജാവി'നെ താറടിക്കുന്നതില്‍ പ്രതിഷേധിക്കാനും `തിരുവിതാംകൂര്‍ രാജവംശ'ത്തിന്റെ സത്യസന്ധതയെ പ്രകീര്‍ത്തിക്കാനും തയ്യാറാകുക വഴി കുളം ഒന്നുകൂടി കലക്കുകയാണ്‌ ചെന്നിത്തല; വര്‍ഗീയ ധ്രുവീകരണമുണ്ടായാലൊരു മീന്‍ പിടിത്തത്തിന്റെ സാധ്യത തേടി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ചെറു ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ കേരള കോണ്‍ഗ്രസ്‌ (മാണി) - മുസ്‌ലിം ലീഗ്‌ അച്ചുതണ്ടിന്റെ പിടിയിലാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്‌. `തിരുവിതാംകൂര്‍ മഹാരാജാവി'ന്റെ ദാസന്‍ കരുക്കള്‍ നീക്കുന്നത്‌ ഇത്‌ കൂടി മനസ്സില്‍വെച്ചാകണം. അതിനൊരു മറ വി എസ്സില്‍ കാണുന്നുവെന്ന്‌ മാത്രം.