2012-01-17

ഭൂമി ഇടപാടും പ്രതിച്ഛായാ പ്രതിസന്ധിയും



സി പി എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്‌ മൂന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങളില്‍ അവസാനം നടന്നവയുടെ സമാപന സമ്മേളനങ്ങളില്‍ വി എസ്‌ അച്യുതാനന്ദന്‍ പ്രസംഗിച്ച വേദികളില്ലെല്ലാം കൗതുകകരമായ ഒന്നുണ്ടായിരുന്നു. ഭൂമി ഇടപാട്‌ സംബന്ധിച്ച്‌ വിജിലന്‍സ്‌ രജിസ്റ്റര്‍ ചെയ്‌ത കേസിനെക്കുറുച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം. കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കളുടെ അഴിമതിയും മറ്റ്‌ കൊള്ളരുതായ്‌മകളും പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായി കള്ളക്കേസെടുക്കുന്നുവെന്ന്‌ പറയുന്ന വി എസ്‌ അച്യുതാനന്ദന്‍, ബന്ധുവിന്‌ ഭൂമി അനുവദിച്ചതിന്‌ സ്വീകരിച്ച നടപടിക്രമങ്ങളും അതേച്ചൊല്ലി ആക്ഷേപമുയര്‍ന്നപ്പോള്‍ തന്റെ തന്നെ സര്‍ക്കാര്‍ അത്‌ റദ്ദാക്കിയതും പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. അര നൂറ്റാണ്ടിലേറെ നീണ്ട കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ജീവിതം, ദീര്‍ഘനാളത്തെ ആഗ്രഹ പൂര്‍ത്തീകരണമായ അഞ്ച്‌ വര്‍ഷത്തെ മുഖ്യമന്ത്രി സ്ഥാനം, അധികാരത്തില്‍ തിരിച്ചെത്തുന്നതിന്റെ വക്കോളം എല്‍ ഡി എഫിനെക്കൊണ്ടെത്തിച്ച ജനകീയ പിന്തുണ എന്നിവക്കെല്ലാമൊടുവില്‍ 88-ാം വയസ്സില്‍ സ്വന്തം ഭാഗം സ്വയം ന്യായീകരിക്കേണ്ടിവരുന്ന അവസ്ഥ കുറച്ചേറെ സങ്കടകരമാണ്‌. യു ഡി എഫ്‌ സര്‍ക്കാര്‍ വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിച്ച്‌ കേസ്‌ ചമച്ചതാണെന്ന വി എസ്സിന്റെ അഭിപ്രായം വാദത്തിന്‌ വേണ്ടി സ്വീകരിക്കുക.

ജില്ലകള്‍ തോറും അദാലത്തുകള്‍ നടത്തുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്നിലാണ്‌ വി എസ്സിന്റെ ബന്ധുവായ സോമന്റെ അപേക്ഷ എത്തുന്നത്‌ എന്ന്‌ കരുതുക. സാധാരണനിലക്ക്‌ എത്താന്‍ ഇടയില്ല. കോണ്‍ഗ്രസിന്റെയോ യു ഡി എഫിന്റെയോ നേതാക്കളില്‍ ആരെയെങ്കിലും സ്വാധീനിച്ച്‌ അപേക്ഷ എത്തിച്ചുവെന്ന്‌ സങ്കല്‍പ്പിക്കുക. വിമുക്ത ഭടനായ തനിക്ക്‌ 1977ല്‍ അനുവദിച്ച ഭൂമി ഇതുവരെ ഉടമസ്ഥതയില്‍ കിട്ടിയില്ലെന്ന പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാനും പരാതി ന്യായമെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കുമെന്ന്‌ ഉറപ്പ്‌. ഈ നിര്‍ദേശം അഴിമതിക്കുള്ള ഗൂഢാലോചനയാണെന്ന്‌ കരുതാന്‍ സാധിക്കുമോ? ഏതാണ്ട്‌ ഇത്‌ തന്നെയാണ്‌ മുഖ്യമന്ത്രിയായിരിക്കെ വി എസ്‌ അച്യുതാനന്ദനും ചെയ്‌തത്‌.

1977ല്‍ ഭൂമി അനുവദിച്ചുവെങ്കിലും അതിന്റെ കൈവശാവകാശം ലഭ്യമായിട്ടില്ലെന്നും അത്‌ ലഭ്യമാക്കി ക്രയവിക്രയം ചെയ്യാന്‍ അനുവാദം നല്‍കണമെന്നുമായിരുന്നു വി എസ്സിന്റെ മുന്നിലെത്തിയ പരാതി. വിമുക്ത ഭടന്‍മാര്‍ക്ക്‌ അനുവദിക്കുന്ന ഭൂമി 25 വര്‍ഷത്തിന്‌ ശേഷമേ ക്രയവിക്രയം ചെയ്യാനാകൂ. 1977ല്‍ അനുവദിച്ച ഭൂമി ഇത്രയും കാലം കൈവശക്കാരന്‌ ലഭ്യമാകാത്ത സാഹചര്യത്തില്‍ 25 വര്‍ഷ കാലാവധി 2002ല്‍ കഴിഞ്ഞതായി കണക്കാക്കി ക്രയവിക്രയം നടത്തുന്നതിന്‌ അനുവാദം കൊടുക്കാന്‍ തടസ്സമില്ല. പരാതിക്കാരന്‍ വി എസ്സിന്റെ ബന്ധുവാണെന്നതാണ്‌ കേസിന്‌ കാരണമാകുന്നത്‌. ബന്ധുവിന്‌ വേണ്ടി വി എസ്‌ അച്യുതാനന്ദന്‍ ജില്ലാ കലക്‌ടറോട്‌ നേരിട്ട്‌ സംസാരിച്ചുവെന്നും ആരോപണമുണ്ട്‌. വിമുക്ത ഭടന്‍മാര്‍ക്ക്‌ അനുവദിക്കാവുന്ന ഭൂമിയുടെ പരിധിക്കപ്പുറത്ത്‌ അനുവദിക്കപ്പെട്ടുവെന്ന പരാതിയും നിലനില്‍ക്കുന്നു. 


ഇതിനെല്ലാം തെളിവുണ്ടാകണം. 1977ല്‍ ഭൂമി അനുവദിച്ചതിന്‌ തെളിവ്‌ വേണം. വി എസ്സിനെ കേസില്‍ കുടുക്കാന്‍ യു ഡി എഫ്‌ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെങ്കില്‍ 1977ല്‍ ഭൂമി അനുവദിച്ചത്‌ സംബന്ധിച്ച രേഖകള്‍ സര്‍ക്കാര്‍ ഫയലില്‍ നിന്ന്‌ കാണാതായിക്കാണുമെന്ന്‌ ഉറപ്പ്‌. ജില്ലാ കലക്‌ടറുമായി വി എസ്‌ ഫോണില്‍ സംസാരിച്ചിരുന്നോ എന്നതിന്‌ ഫയലിലെ കുറിപ്പുകള്‍ തെളിവാണെന്ന്‌ യു ഡി എഫ്‌ അവകാശപ്പെടുന്നു. സംസാരിച്ചുവെന്നല്ലാതെ എന്ത്‌ സംസാരിച്ചുവെന്നത്‌ വ്യക്തമല്ല. പരാതി ന്യായമെങ്കില്‍ പരിശോധിച്ച്‌ വേണ്ട നടപടി സ്വീകരിക്കണമെന്നാണ്‌ താന്‍ റവന്യൂ വകുപ്പിനോട്‌ ആവശ്യപ്പെട്ടതെന്നും ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചത്‌ മന്ത്രിസഭയായിരുന്നുവെന്നും വി എസ്‌ വിശദീകരിക്കുന്നുണ്ട്‌. വിജിലന്‍സ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ റവന്യൂ മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്‍, മുതിര്‍ന്ന നാല്‌ ഐ എ എസ്‌ ഉദ്യോഗസ്ഥര്‍ എന്നിവരും ആരോപണവിധേയരായുണ്ട്‌.

തനിക്ക്‌ ലഭിച്ച പരാതി പരിശോധിച്ച്‌ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച്‌ റവന്യൂ വകുപ്പിന്‌ കൈമാറി, റവന്യൂ വകുപ്പിന്റെ തീരുമാനം മന്ത്രിസഭ അംഗീകരിച്ച ശേഷം ഉത്തരവിറക്കി എന്ന വി എസ്സിന്റെ വിശദീകരണം സൂക്ഷ്‌മമായി ശ്രദ്ധിച്ചാല്‍ തനിക്ക്‌ ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്ന്‌ ധ്വനിപ്പിക്കുന്നത്‌ പോലെ തോന്നും. തന്നേക്കാള്‍ ഉത്തരവാദിത്വം റവന്യു വകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്നയാള്‍ക്കാണെന്നും മന്ത്രിസഭ കൂട്ടായി ആലോചിച്ച്‌ തീരുമാനമെടുത്തതിനാല്‍ ഉത്തരവാദിത്വം മന്ത്രിമാരായിരുന്നവര്‍ക്കെല്ലാമുണ്ടെന്നും വാദിക്കുന്നത്‌ പോലെ തോന്നാം. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനത്തിന്‌ തന്നെ മാത്രം ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്‌ പിറകിലെ രാഷ്‌ട്രീയമാണ്‌ വി എസ്‌ ചൂണ്ടിക്കാട്ടുന്നത്‌. 


പക്ഷേ, കഴിഞ്ഞ ഇടത്‌ സര്‍ക്കാറിന്റെ അഞ്ച്‌ വര്‍ഷമെടുത്ത്‌ പരിശോധിച്ചാല്‍ ഏറ്റവുമധികം ഉയര്‍ന്ന്‌ നില്‍ക്കുന്നത്‌ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്‌മയാണ്‌. അത്‌ സൃഷ്‌ടിച്ചതില്‍ വലിയൊരു പങ്ക്‌ വി എസ്സിന്‌ ഉണ്ട്‌ താനും. വലിയ തര്‍ക്കത്തിന്‌ കാരണമായ എച്ച്‌ എം ടി ഭൂമി ഇടപാട്‌ ഓര്‍ക്കുക. സ്വന്തം ഗ്രൂപ്പുകാരനായ മന്ത്രി എസ്‌ ശര്‍മയെയും വ്യവസായ മന്ത്രി എളമരം കരീമിനെയും വലിയ പ്രതിസന്ധിയിലേക്ക്‌ തള്ളിവിട്ട്‌ അവസാന നിമിഷം സൈബര്‍ പാര്‍ക്കിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന്‌ വി എസ്‌ പിന്‍വാങ്ങി. അതോടെ സൃഷ്‌ടിക്കപ്പെട്ട തര്‍ക്കക്കടലില്‍ നിന്ന്‌ ഇടത്‌ മുന്നണി രക്ഷപ്പെട്ടത്‌ ഏറെക്കാലത്തിന്‌ ശേഷം മാത്രമാണ്‌. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം, യോജിച്ച്‌ എടുത്ത തീരുമാനത്തിന്റെ ഉത്തരവാദിത്വം താനടക്കം എല്ലാവര്‍ക്കുമുണ്ടെന്ന പൊതു തത്വം എന്നിവയൊന്നും വി എസ്സിന്‌ ആ ഘട്ടത്തില്‍ വിഷയമായതേയില്ല. 88-ാം വയസ്സില്‍ ഒരു കേസിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ അദ്ദേഹത്തിന്‌ ഓര്‍മയില്‍ വരുന്നുള്ളൂ. ആ സ്വാര്‍ഥതയാണ്‌ കമ്മ്യൂണിസ്റ്റുകാരന്‍, നേതാവ്‌ എന്നീ നിലകളിലെല്ലാം വി എസ്‌ പരാജയമാകാന്‍ കാരണം.

ആര്‍ ബാലകൃഷ്‌ണ പിള്ള, പി കെ കുഞ്ഞാലിക്കുട്ടി, ടോമിന്‍ തച്ചങ്കരി തുടങ്ങി തന്നോട്‌ പകയുള്ള പലരും ഈ കേസിന്‌ പിറകിലുണ്ടെന്നാണ്‌ വി എസ്‌ പറയുന്നത്‌. ശരിയായിരിക്കാം. ഇവരടക്കം പലര്‍ക്കും (അതില്‍ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ കൂടിയുണ്ടാകും) ഈ ഒറ്റയാനെ തളക്കണമെന്ന തോന്നല്‍ ഉണ്ടായാല്‍ അത്ഭുതമില്ല. ഇടമലയാര്‍ കേസില്‍ പിള്ളക്ക്‌ ശിക്ഷ വാങ്ങിക്കൊടുത്തപ്പോള്‍, കേരളത്തില്‍ മന്ത്രിയായി വിലസാനുള്ള അവസരം കൂടിയാണ്‌ വി എസ്‌ ഇല്ലാതാക്കിയത്‌. ചുരുങ്ങിയ ദിനങ്ങള്‍ പൂജപ്പുര ജയിലില്‍ കഴിഞ്ഞതിനേക്കാള്‍ വലിയ ദ്രോഹം മന്ത്രി സ്ഥാനം നഷ്‌ടപ്പെട്ടതാണെന്ന്‌ പിള്ള കതുന്നുണ്ടാകും. ഐസ്‌ ക്രീം കേസ്‌ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചെറിയ കുറ്റപ്പെടുത്തലുണ്ടായാല്‍ മന്ത്രി സ്ഥാനം നഷ്‌ടമാകാന്‍ സാധ്യതയുണ്ടെന്ന തോന്നല്‍ പി കെ കുഞ്ഞാലിക്കുട്ടിയെയും വിദ്വേഷിയാക്കിയേക്കാം. തച്ചങ്കരിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. എന്തിന്‌ പാമൊലിന്‍ അഴിമതിക്കേസില്‍ തന്നെ കുടുക്കാന്‍ വി എസ്‌ ശ്രമിച്ചുവെന്ന്‌ കരുതുന്ന ഉമ്മന്‍ ചാണ്ടിക്കും വിരോധം തോന്നിയേക്കാം. 


പൊടുന്നനെ നിയമസഭാ തിരഞ്ഞെടുപ്പുണ്ടായാല്‍ വി എസ്സിന്റെ ജന പിന്തുണയാകും മറികടക്കേണ്ടിവരുന്ന പ്രധാന വെല്ലുവിളിയെന്ന്‌ കരുതുന്ന യു ഡി എഫ്‌ നേതൃത്വം കൂട്ടായി ആലോചിച്ച്‌ തയ്യാറാക്കിയ സംഹാര പദ്ധതിയുമാകാം ഈ കേസ്‌. അതൊക്കെ സ്ഥാപിക്കപ്പെടണം. അതിനുള്ള ശ്രമമാണ്‌ സമ്മേളനങ്ങളിലെ പ്രസംഗങ്ങളിലൂടെ വി എസ്‌ നടത്തുന്നത്‌. കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന പ്രഖ്യാപനവും അതുകൊണ്ടാണ്‌.

വി എസ്‌ എന്ന സമുന്നത വ്യക്തിത്വം ഒറ്റക്ക്‌ നടത്തുന്ന ശ്രമം പക്ഷേ, പ്രതിരോധത്തിന്‌ തികയുമോ എന്ന്‌ സംശയം. കേസ്‌ രജിസ്റ്റര്‍ ചെയ്‌തുവെന്നത്‌ കൊണ്ട്‌ പ്രതിപക്ഷ നേതാവ്‌ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന്‌ സി പി എം പൊളിറ്റ്‌ ബ്യൂറോ അഭിപ്രായപ്പെട്ടതായി വാര്‍ത്തകളുണ്ട്‌. വി എസ്സിനെതിരായ ആരോപണത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന്‌ അവര്‍ പറഞ്ഞതായി വാര്‍ത്തയില്ല. സി പി എമ്മിന്റെ കേരള ഘടകം വി എസ്സിന്‌ വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങുമോ എന്നതും സംശയമാണ്‌. രണ്ടിലേറെ ഏക്കര്‍ ഭൂമി ഒരാള്‍ക്ക്‌ പതിച്ച്‌ നല്‍കാന്‍ തീരുമാനിക്കുകയും അത്‌ പിന്നീട്‌ റദ്ദാക്കുകയും ചെയ്‌തതിനാല്‍ കേസ്‌ തീര്‍ത്തും ദുര്‍ബലമാണെന്നും അതിനാല്‍ വലിയ ഗൗരവം കല്‍പ്പിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനിച്ചതാകുമോ? സാധ്യതയില്ല. 


എസ്‌ എന്‍ സി ലാവ്‌ലിന്‍ അഴിമതിക്കേസ്‌ വലിയ വാര്‍ത്തയായ ദിവസങ്ങളിലൊന്നില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌, അഴിമതിക്കേസുകളില്‍ കോടതി വിധി വരും വരെ നിരപരാധികളെന്ന്‌ അവകാശപ്പെടാന്‍ ആര്‍ ബാലകൃഷ്‌ണ പിള്ളയെയും കെ കരുണാകരനെയും പോലുള്ളയാളുകള്‍ക്ക്‌ അവസരമുണ്ട്‌ എന്ന മറുപടി വി എസ്‌ നല്‍കിയത്‌ ഔദ്യോഗിക വിഭാഗമെന്ന്‌ അറിയപ്പെടുന്നവരുടെ മനസ്സില്‍ നിന്ന്‌ എളുപ്പത്തില്‍ മായുമോ? ജനകീയ ആസൂത്രണ പദ്ധതിയുടെ നടത്തിപ്പിന്‌ വിദേശ ഏജന്‍സിയുടെ പക്കല്‍ നിന്ന്‌ പണം സ്വീകരിച്ചുവെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞുമുന്നയിച്ച്‌ സജീവമാക്കി നിര്‍ത്തിയ നാളുകള്‍ തോമസ്‌ ഐസക്കിനെപ്പോലുള്ളവര്‍ക്ക്‌ മറക്കാനാകുമോ? ലാവ്‌ലിന്‍ ഇടപാടില്‍ മന്ത്രിസഭാ തീരുമാനമുണ്ടായിരുന്നില്ലേ, ആ നിലക്ക്‌ കൂട്ടുത്തരവാദിത്വമില്ലേ എന്ന്‌ ആരെങ്കിലും തിരിഞ്ഞുനിന്ന്‌ ചോദിച്ചാല്‍ വി എസ്സിന്‌ മറുപടിയുണ്ടാകുമോ? ജനകീയാസൂത്രണ പദ്ധതി പാര്‍ട്ടിയില്‍ ആലോചിച്ച്‌ നടപ്പാക്കിയതല്ലേ, താങ്കള്‍ കൂടി പങ്കെടുത്ത കമ്മിറ്റിയിലല്ലേ ആലോചന നടന്നത്‌, കൂട്ടുത്തരവാദിത്വം ബാധകമല്ലേ എന്ന്‌ ചോദ്യമുയര്‍ന്നാല്‍...

ഇത്തരം വലിയ മാനങ്ങളുള്ള കേസല്ല ഇപ്പോള്‍ വി എസ്സിനെതിരെയുള്ളത്‌. സ്വന്തം ബന്ധുവിന്‌ കുറച്ച്‌ ഭൂമി അനുവദിക്കാന്‍ മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്‌തുവെന്നതാണ്‌ കേസ്‌. ഇത്‌ കോടതിക്ക്‌ മുമ്പാകെ തെളിയക്കപ്പെടുകയാണെങ്കില്‍ (സത്യമല്ല തെളിവുകളാണ്‌ കോടതിക്ക്‌ പ്രധാനം) എന്തായിരിക്കും പിന്നീട്‌ വി എസ്സിന്റെ സ്ഥാനം! ലാവ്‌ലിന്‍ കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന്‌ സി പി എം കേന്ദ്ര നേതൃത്വം നിലപാട്‌ സ്വീകരിച്ചപ്പോള്‍ വിയോജിച്ചയാളാണ്‌ വി എസ്‌. വ്യക്തി അഴിമതി കാട്ടിയെന്ന്‌ ആരോപണമുയര്‍ന്നാല്‍ അതിനെ രാഷ്‌ട്രീയമായി നേരിടുന്നതിലെ ഔചിത്യമില്ലായ്‌മയാണ്‌ അന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌. അഴിമതി ആരോപണത്തിന്‌ വിധേയനായ പാര്‍ട്ടി സെക്രട്ടറിക്കൊപ്പം വേദി പങ്കിടാന്‍ പോലും മടി കാട്ടുകയും ചെയ്‌തു. ഓര്‍മകളുണങ്ങും മുമ്പ്‌ തനിക്കെതിരായ ആരോപണത്തെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന്‌ സ്വയം പ്രഖ്യാപിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്‌ നിര്‍മിച്ചടുത്ത പ്രതിച്ഛായയാണ്‌. 


മകനെ ഉയര്‍ന്ന സ്ഥാനത്ത്‌ നിയമിച്ചതിലെ ക്രമവിരുദ്ധത, സി ഡിറ്റ്‌ കേന്ദ്രം റിലയന്‍സിന്‌ കൈമാറിയതിലെ അപാകം എന്നിങ്ങനെ വി എസ്സിനെ ലക്ഷ്യമിട്ടുള്ള ആരോപണങ്ങള്‍ പല ഘട്ടങ്ങളിലായി നില്‍ക്കുകയാണ്‌. പ്രതിച്ഛായാ നിര്‍മിതിക്ക്‌ തുണയായി നിന്നവര്‍ തന്നെ അതിനെ തച്ചുതകര്‍ക്കാന്‍ ഇവയെല്ലാം ഉപയോഗിക്കുന്നു. പ്രതിച്ഛായാ നിര്‍മിതി സി പി എമ്മില്‍ പ്രതിസന്ധികള്‍ സൃഷ്‌ടിച്ചിരുന്നു. അതുടക്കപ്പെടുമ്പോള്‍ ആ പാര്‍ട്ടിയിലുണ്ടാകുന്ന പ്രതിഫലനമെന്ത്‌ എന്നതില്‍ കൗതുകം ബാക്കി. 

2012-01-10

`ലൗ ജിഹാദി'ന്റെ രണ്ടാം വരവ്‌



കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്ന്‌ 2011 ജൂണ്‍ മുതല്‍ നവംബര്‍ വരെ കാണാതായത്‌ 84 പെണ്‍കുട്ടികളെ. ഇവരില്‍ 69 പേരെ കണ്ടെത്തി. ബാക്കിയുള്ള 15 പേര്‍ക്ക്‌ എന്ത്‌ സംഭവിച്ചു? പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ പെണ്‍കുട്ടികളെ വില്‍ക്കുകയാണ്‌ - ബി ജെ പിയുടെ പ്രതിനിധിയായി നിയമസഭയിലെത്തിയ മല്ലിക പ്രസാദ്‌ ഇക്കഴിഞ്ഞ മാസം കര്‍ണാടക നിയമസഭയില്‍ പറഞ്ഞതാണിത്‌. ഉഡുപ്പിയില്‍ നിന്ന്‌ ഈ വര്‍ഷം 64 പെണ്‍കുട്ടികളെ കാണാതായി. ഇവരില്‍ 42 പേരെയാണ്‌ കണ്ടെത്താനായത്‌. പെണ്‍കുട്ടികള്‍ കാണാതാകുന്നതില്‍ മയക്കുമരുന്ന്‌ മാഫിയക്ക്‌ പങ്കുണ്ട്‌. പല കുട്ടികളും ആത്മഹത്യ ചെയ്‌തു. മതപരിവര്‍ത്തനം നടക്കുന്നതിനെക്കുറിച്ച്‌ പരാതിപ്പെടുന്നവരെ പോലീസ്‌ ഭീഷണിപ്പെടുത്തുന്നു - തീര ജില്ലയായ ദക്ഷിണ കന്നഡയില്‍ നിന്ന്‌ തന്നെയുള്ള ബി ജെ പിയുടെ പ്രതിനിധിയും ഡെപ്യൂട്ടി സ്‌പീക്കറുമായ എന്‍ യോഗിഷ്‌ ഭട്ടിന്റെ വിവരണമാണിത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക നിയമസഭയുടെ ശൂന്യവേളയില്‍ നടന്നത്‌ `ലൗ ജിഹാദി'നെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചയായിരുന്നുവെന്ന്‌ പിറ്റേന്ന്‌ പുറത്തിറങ്ങിയ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. `ലൗ ജിഹാദി'നെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

എം എല്‍ എമാരുടെ വിവരണത്തില്‍ നിന്ന്‌ `ലൗ ജിഹാദ്‌' എന്ന നിഗമനത്തിലേക്ക്‌ എങ്ങനെ എത്താന്‍ സാധിക്കുമെന്നതാണ്‌ പ്രധാനം. അത്തരമൊരു സാമൂഹിക വിപത്ത്‌ അരങ്ങേറുന്നുവെന്ന കൊടിയ പ്രചാരണം നേരത്തെ തന്നെ നടന്നതുകൊണ്ടാകണം ഈ വിവരണങ്ങളെത്തുടര്‍ന്നുണ്ടായ ചര്‍ച്ച ഉടന്‍ തന്നെ `ലൗ ജിഹാദി' ലെത്തിയത്‌. എം എല്‍ എമാര്‍ അവതരിപ്പിച്ച കണക്കുകളും അതിനെ സാധൂകരിക്കാന്‍ അവര്‍ പറഞ്ഞ കാര്യങ്ങളും തന്നെ ഈ ആരോപണത്തെ ഖണ്ഡിക്കുന്നുണ്ടെന്നത്‌ മുന്നിലേക്ക്‌ വെക്കാന്‍ ആരും തയ്യാറാകുന്നില്ല. കാരണം കാണികളെ/വായനക്കാരനെ സംഭ്രമിപ്പിക്കാന്‍ പാകത്തിലുള്ള ഒന്ന്‌ മുന്നിലുള്ളപ്പോള്‍ അതിനപ്പുറത്തുള്ള ആലോചനയുണ്ടാകില്ല. വര്‍ഗീയ വിഭജനം സാധ്യമാക്കി അധികാരമുറപ്പിക്കുക എന്ന തന്ത്രം കാലങ്ങളായി പയറ്റിക്കൊണ്ടിരിക്കുന്ന ബി ജെ പിയുടെ പ്രതിനിധികള്‍ ഈ ആയുധത്തെ അവഗണിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ തന്നെ അബദ്ധമാകും.

ദക്ഷിണ കന്നഡയുടെ കണക്കെടുക്കുക. കണ്ടെത്താന്‍ ബാക്കിയുള്ളത്‌ 15 പേരെ. പ്രണയ, വിവാഹ വാഗ്‌ദാനം നല്‍കി തങ്ങളെ മതം മാറ്റാന്‍ ശ്രമം നടന്നുവെന്ന്‌ തിരിച്ചെത്തിയ പെണ്‍കുട്ടികളാരും പറഞ്ഞതായി റിപ്പോര്‍ട്ടില്ല. അത്തരത്തിലൊരു റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കില്‍ അതിന്‌ ആവോളം പ്രചാരണം നല്‍കാന്‍ ബി ജെ പിയും ഇതര സംഘ്‌ പരിവാര്‍ സംഘടനകളും ശ്രമിക്കുമായിരുന്നു. അതിന്റെ കോളാമ്പികളാകാന്‍ മാധ്യമങ്ങള്‍ ആവോളം ശ്രമിക്കുകയും ചെയ്‌തേനെ. കാണാതാകലിന്‌ പിന്നില്‍ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച്‌ പറ്റിച്ച്‌ വില്‍ക്കാന്‍ ശ്രമിക്കുന്ന സംഘമാണെന്ന്‌ എം എല്‍ എ തന്നെ ആരോപിക്കുന്നുണ്ട്‌. ഇത്തരം സംഘങ്ങള്‍ ക്രിമിനലുകളാണ്‌. അവര്‍ക്ക്‌ ജാതി മത ഭേദമുണ്ടാകില്ല. പ്രലോഭനത്തിലൂടെ ഇരകളാക്കാന്‍ സാധിക്കുന്നവരെ മുഴുവന്‍ അവര്‍ വില്‍ക്കും. അത്തരം മനുഷ്യക്കടത്ത്‌ സംഘങ്ങള്‍ കര്‍ണാടകത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്‌. 


മുംബൈയിലെയോ കൊല്‍ക്കത്തയിലെയോ ഡല്‍ഹിയിലെയോ ചുവന്ന തെരുവുകളില്‍ ചെന്നാല്‍ ഇതിന്റെ ഇരകളെ കാണാം. ഇരകളെ വില്‍ക്കുന്നവരെയും അതിന്‌ ഇടനിലക്കാരാകുന്നവരെയും കാണാം. അവിടെ ജാതിയോ മതമോ പ്രസക്തമല്ല. ഇക്കാര്യം ഏറെ കൂടുതല്‍ മനസ്സിലാകുക മലയാളികള്‍ക്കായിരിക്കും. വിവിധ സ്ഥലനാമങ്ങളാല്‍ പ്രശസ്‌തമായ ലൈംഗിക അതിക്രമ/കൂട്ട ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്നവരുടെ പട്ടിക ഓര്‍ത്ത്‌ നോക്കുക. ജാതി മത ഭേദം കൂടാതെ വ്യക്തികള്‍ ഈ ചൂഷണത്തിലും ക്രൂരതയിലും ഭാഗഭാക്കായിട്ടുണ്ട്‌. 


രണ്ടാമത്തെ എം എല്‍ എയുടെ വിശദീകരണത്തില്‍ മയക്കുമരുന്ന്‌ മാഫിയയുടെ പങ്കാളിത്തത്തെക്കുറിച്ച്‌ പറയുന്നു. മയക്കുമരുന്ന്‌ വില്‍ക്കുന്ന അധോലോക ശൃംഖലകള്‍ക്ക്‌ തങ്ങളുടെ ഉത്‌പന്നത്തിന്‌ കൂടുതല്‍ ഉപോഭോക്താക്കളെ സൃഷ്‌ടിക്കണമെന്ന ഉദ്ദേശ്യമോ ഉണ്ടാകൂ. ജാതിയോ മതമോ നോക്കി മയക്കുമരുന്ന്‌ വിറ്റ്‌ കച്ചവടം മോശമാക്കാന്‍ അവര്‍ തയ്യാറാകുമെന്ന്‌ അബദ്ധത്തില്‍ പോലും വിചാരിക്കാനാകില്ല. ഈ അധോലോക ശൃംഖലയില്‍ വെറും മരുന്ന്‌ കച്ചവടം മാത്രമല്ല നടക്കുക. ലൈംഗിക ചൂഷണം മുതല്‍ കൊലപാതകം വരെ ഏത്‌ തരത്തിലുള്ള ക്രൂരതകളും നടക്കും. ഇതിലൊന്നിലും സ്‌ത്രീ പുരുഷ ഭേദം പോലും പലപ്പോഴും ഉണ്ടാകില്ല. ഈ സാമുഹിക യാഥാര്‍ഥ്യം അറിഞ്ഞുകൊണ്ട്‌ തന്നെ എല്ലാറ്റിനും പിറകില്‍ `ലൗ ജിഹാദാ'ണെന്ന്‌ കണ്ണുമടച്ച്‌ വാദിക്കുമ്പോള്‍ ഉദ്ദേശ്യശുദ്ധിയില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ ഇടയില്ല.

ഭിന്ന മതങ്ങളിലോ ജാതികളിലോ പെടുന്നവര്‍ പരസ്‌പരം സ്‌നേഹിക്കുകയും വിവാഹം കഴിക്കുന്നതിന്‌ വേണ്ടി മതമോ ജാതിയോ മാറുന്നതും കേരളത്തിലോ രാജ്യത്തോ പുതുമയുള്ളതല്ല. അത്തരം ചില സംഭവങ്ങളില്‍ ഹിന്ദു, ക്രിസ്‌ത്യന്‍ വിഭാഗക്കാര്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കാം. അതിനര്‍ഥം ഹിന്ദു, ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ മതം മാറ്റിക്കുന്നുവെന്നാണോ? മതം മാറാന്‍ തയ്യാറാകുന്ന പെണ്‍കുട്ടിക്ക്‌ പരാതിയില്ലെങ്കില്‍ പിന്നെയെന്തിന്‌ സംഘ്‌ പരിവാര്‍ സംഘടനകള്‍ വക്കാലത്തുമായി രംഗത്ത്‌ വരണം? അത്തരം വക്കാലത്തുകളുടെ പിന്നണി പാടാന്‍ ക്രിസ്‌തീയ പാതിരിമാരുടെ മേല്‍നോട്ടത്തിലിറങ്ങുന്ന അവരുടെ മുഖമാസിക എന്തിന്‌ തയ്യാറാകണം? എസ്‌ എന്‍ ഡി പിയുടെയും എന്‍ എസ്‌ എസ്സിന്റെയും നേതാക്കള്‍ ആഢ്യ കുടുംബത്തിലെ കുട്ടികളെ മതംമാറ്റിക്കാന്‍ സംഘിടത ശ്രമം നടക്കുന്നുവെന്ന്‌ എന്തിന്‌ മുറവിളി കൂട്ടണം? ഈ മുറവിളികളുടെ സ്വാധീനത്തിലെന്ന പോലെ പരിഭ്രാന്തി പരത്തുന്ന നിരീക്ഷണങ്ങള്‍ നടത്താന്‍ ന്യായാസനങ്ങള്‍ എന്തിന്‌ തിടുക്കം കാട്ടണം? 


എല്ലാ വിഭാഗക്കാരും മതപരിവര്‍ത്തനത്തിന്‌ സംവിധാനമൊരുക്കിയിട്ടുണ്ട്‌. അവിടെയൊക്കെ ഏറിയും കുറഞ്ഞും പരിവര്‍ത്തനം നടക്കുന്നുമുണ്ട്‌. എന്നിട്ടും സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നുണ പ്രചരിപ്പിക്കുന്ന കൊതുകുകളാകാന്‍ എല്ലാവരും തിടുക്കം കൂട്ടി. മറവിയിലേക്ക്‌ മായാന്‍ പ്രായമാകാത്ത കേരളത്തിലെ സാഹചര്യമാണിത്‌. അത്തരം നുണകളെ ആധികാരികമെന്നോണം അവതരിപ്പിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശക്തമായി രംഗത്തുവന്നു. സംഘ്‌ പരിവാറുകാരുടെ കഥകള്‍ക്ക്‌ പിറകില്‍ വസ്‌തുതയുണ്ടോ എന്ന അന്വേഷണത്തിന്‌ ഒരു ഫോണ്‍ കോള്‍ പോലും ചെലവാക്കാതെ പകര്‍ത്തിയെഴുതി മിടുക്കന്‍മാരായി ചമഞ്ഞു. സ്വന്തം ചുറ്റുവട്ടത്ത്‌ ഇത്തരം സംഗതികള്‍ കണ്ടിട്ടുണ്ടോ എന്ന ആലോചനപോലും ഇവര്‍ക്കുണ്ടായില്ല.

ഇന്ത്യയില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളില്‍ ഏറെയും ക്രിസ്‌തീയ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നത്‌ വസ്‌തുതയാണ്‌. പിന്നാക്കം നില്‍ക്കുന്ന മേഖലകളിലേക്ക്‌ പ്രേഷിത പ്രവര്‍ത്തകരെ അയച്ച്‌ വിദ്യാഭ്യാസ, സാമ്പത്തിക പിന്തുണ അവിടുത്തെ ജനവിഭാഗങ്ങള്‍ക്ക്‌ ലഭ്യമാക്കി തങ്ങളുടെ മതത്തിലേക്ക്‌ ആകര്‍ഷിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത്‌. സംഘ്‌ പരിവാറുകാരൊഴികെ മറ്റാരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തെറ്റ്‌ കണ്ടിട്ടില്ല. മതം പ്രചരിപ്പിക്കുന്നതിന്‌ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ സാധിക്കുകയുമില്ല. ക്രിസ്‌തീയ മിഷനറിമാരുടെ പ്രവര്‍ത്തനം ഹിന്ദുമതത്തിന്‌ ഭീഷണിയാകുമെന്ന വിഡ്‌ഢിത്തം വിശ്വസിച്ച സംഘ്‌ പരിവാറുകാര്‍ പലേടത്തും ആക്രമണം അഴിച്ചുവിട്ടു. മധ്യപ്രദേശിലെ ജാബൂവയില്‍ കന്യാസ്‌ത്രീ ആക്രമിക്കപ്പെട്ടത്‌ മുതല്‍ ഒഡീഷയിലെ കന്ദമാലിലുണ്ടായ ആസൂത്രിതമായ വംശഹത്യാ ശ്രമം വരെ നീളുന്നു ആക്രമണങ്ങളുടെ പട്ടിക. ഈ അനുഭവം മുന്നില്‍ നില്‍ക്കുമ്പോഴാണ്‌ കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയുടെ മുഖ മാസിക സംഘ്‌പരിവാറുകാരുടെ `ലൗ ജിഹാദി'ന്‌ ഓശാന പാടിയത്‌. 


ആരോപണം തെറ്റായിരുന്നുവെന്ന്‌ അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്ന്‌ പറയുന്ന കേരള പോലീസ്‌ പ്രചാരണം നടത്തിയ `ഹിന്ദു ജനജാഗ്രുതി' എന്ന വെബ്‌സൈറ്റിനെതിരെ നടപടി സ്വീകരിക്കാന്‍ മുതിരുമ്പോള്‍, നടന്നത്‌ മതവിദ്വേഷം വളര്‍ത്താനുള്ള ശ്രമമായിരുന്നുവെന്ന്‌ മനസ്സിലാകുന്നുവെന്നാണ്‌ സീറോ മലബാര്‍ സഭയുടെ വക്താവ്‌ ഫാദര്‍ പോള്‍ തേലക്കാട്ട്‌ കുമ്പസാരിക്കുന്നത്‌. ഈ കുമ്പസാരം മാത്രം മതിയോ സഭക്ക്‌.
സംഘ്‌പരിവാറിന്റെ പ്രചാരണത്തില്‍ അകപ്പെട്ടുപോകുന്ന കുഞ്ഞാടുകള്‍ സുപ്രധാന സ്ഥാനങ്ങളിലുണ്ടെങ്കില്‍ അവരെ തിരുത്തേണ്ട ബാധ്യതയില്ലേ? വെറും ഓശാന പാടലല്ല കെ സി ബി സിയുടെ മുഖമാസിക നടത്തിയത്‌. കര്‍ണാടക നിയമസഭയിലെ ബി ജെ പിയുടെ പ്രതിനിധികള്‍ ചെയ്‌തതു പോലെ കേരളത്തിലെ ഓരോ ജില്ലയിലെയും കാണാതായ പെണ്‍കുട്ടികളുടെ പട്ടിക പ്രസിദ്ധീകരിച്ച്‌ എല്ലാം `ലൗ ജിഹാദി'ന്റെ ഇരകളാണെന്ന്‌ ആരോപിക്കുകയാണ്‌ ചെയ്‌തത്‌. ഇത്‌ എത്ര രക്ഷകര്‍ത്താക്കളുടെ ഹൃദയത്തില്‍ തീ കോരിയിട്ടിട്ടുണ്ടാകും? അവരുടെയൊക്കെ മനസ്സില്‍ സഹോദര സമുദായത്തെക്കുറിച്ച്‌ വളര്‍ത്തിയ സംശയത്തിന്റെയും വെറുപ്പിന്റെയും അളവെത്രയായിരിക്കും? അതിനൊക്കെ പരിഹാരം കാണാനുള്ള ബാധ്യത കൂടി ഇപ്പോള്‍ കുമ്പസാരക്കൂട്ടില്‍ നില്‍ക്കുന്നവര്‍ക്കുണ്ട്‌. ഏറ്റുപറച്ചിലിന്റെ സ്വരം എസ്‌ എന്‍ ഡി പിയുടെയോ എന്‍ എസ്‌ എസ്സിന്റെയോ ഭാഗത്തു നിന്നുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നില്ല. കാരണം സാമൂഹിക ബോധത്തോടെയുള്ള യാതൊരു ശബ്‌ദവും ഈ സംഘടനകളില്‍ നിന്ന്‌ അടുത്ത കാലത്തൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ബാബരി മസ്‌ജിദ്‌ നില നിന്ന ഭൂമി മൂന്നായി പകുക്കാനുള്ള വിധി അലഹബാദ്‌ ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ന്യായാധിപര്‍ പുറപ്പെടുവിച്ചത്‌ അടുത്ത കാലത്താണ്‌. മസ്‌ജിദിനുള്ളില്‍ ഒരു രാത്രിയില്‍ രഹസ്യമായി വിഗ്രഹങ്ങള്‍ സ്ഥാപിച്ചതാണെന്ന വസ്‌തുത നമ്മുടെ മുന്നിലുണ്ട്‌. ഇവ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു അന്നത്തെ ഉത്തര്‍ പ്രദേശ്‌ (യുനൈറ്റഡ്‌ പ്രൊവിന്‍സസ്‌) മുഖ്യമന്ത്രി ഗോവിന്ദ്‌ ബല്ലഭ്‌ പന്തിന്‌ അയച്ച കത്തുകളെക്കുറിച്ച്‌ അറിവുണ്ട്‌. പ്രധാനമന്ത്രിയുടെ നിര്‍ദേശം അവഗണിക്കപ്പെട്ടതിനെക്കുറിച്ച്‌ അറിയാം. മസ്‌ജിദിന്‌ താഴെ മന്ദിരമുണ്ടായിരുന്നുവെന്ന അവകാശവാദത്തിന്റെ ആധികാരികത തെളിയിക്കാന്‍ ഖനനം നടത്തി പഠിച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ടുകളും മന്ദിരം നിലനിന്നിരുന്നുവെന്ന്‌ തെളിയിക്കാന്‍ പര്യാപ്‌തമായില്ല. 


ഭൂമിയെച്ചൊല്ലിയുള്ള കേസിനെക്കുറിച്ചുള്ള തര്‍ക്കം കോടതിയില്‍ നില്‍ക്കെ, ശിലാന്യാസം നടത്താന്‍ മസ്‌ജിദ്‌ തുറന്നുകൊടുക്കുന്നത്‌ പിന്നീട്‌ കണ്ടു. കര്‍സേവയുടെ പേരില്‍ മസ്‌ജിദ്‌ ഇടിച്ചുനിരത്താന്‍ അനുവാദം കൊടുക്കുന്നത്‌ രാജ്യവും ഭരണ, നീതിന്യായ സംവിധാനങ്ങളും ദര്‍ശിച്ചു. വസ്‌തുതകളെല്ലാം മുന്നില്‍ നില്‍ക്കെയാണ്‌ രാമക്ഷേത്രം തകര്‍ത്താണ്‌ ബാബരി മസ്‌ജിദ്‌ നിര്‍മിച്ചതെന്ന വാദം ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാന്‍ പാകത്തില്‍ സംഘ്‌ പരിവാര്‍ പ്രചരിപ്പിച്ചത്‌. ആ പ്രചാരണത്തിന്റെ ഊര്‍ജത്തിലാണ്‌ രാജ്യത്ത്‌ ബി ജെ പിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും കൃത്യത അളന്ന്‌ തൂക്കി നീതി നടപ്പാക്കേണ്ട ന്യായാസനം, ന്യായാന്യായങ്ങള്‍ തീരുമാനിക്കുമ്പോള്‍ വിശ്വാസത്തിന്‌ പ്രസക്തിയുണ്ടെന്ന്‌ വിധിക്കുന്നതും കണ്ടു. അതാണ്‌ സംഘടിതവും ആസൂത്രിതവുമായ പ്രചാരണത്തിന്റെ ശക്തി.

ഇവിടെ `ലൗ ജിഹാദി'ന്റെ കാര്യത്തിലും നടന്നത്‌/നടക്കുന്നത്‌ അത്‌ തന്നെയാണ്‌. അതുകൊണ്ടാണ്‌ കേരളത്തില്‍ ഇങ്ങനെയൊന്ന്‌ നടക്കുന്നുണ്ടോ എന്ന പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ പോലും മുന്നിലില്ലാതിരിക്കെ സംഭവത്തിന്‌ പിറകിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കേരള ഹൈക്കോടതി ഒരു ഘട്ടത്തില്‍ പറഞ്ഞത്‌. ശിലാന്യാസത്തിനും കര്‍സേവക്കും സൗകര്യമൊരുക്കിക്കൊടുത്ത രാജ്യത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനം ഈ നികൃഷ്‌ട പ്രചാരണം കൊടുമ്പിരിക്കൊണ്ട കാലത്ത്‌ കുറ്റകരമായ മൗനം പാലിച്ചിരുന്നുവെന്നത്‌ പ്രത്യേകം ഓര്‍ക്കണം. അതും സംഘടിതമായ പ്രചാരണത്തിന്റെ ശക്തിയാണ്‌. അത്‌ തിരിച്ചറിയുന്നതു കൊണ്ടാണ്‌ കുമ്പസാരം മാത്രം മതിയാകില്ലെന്ന്‌ ഓര്‍മിപ്പിക്കേണ്ടിവരുന്നത്‌. ആ പ്രചാരണത്തിന്‌ കൈയാളായി നിന്നവരില്‍ നിന്ന്‌ തിരുത്തിയെഴുത്ത്‌ ആവശ്യപ്പെടുന്നത്‌. 

2012-01-09

എന്തരോ മഹാഭീകരലു!



അയാള്‍ എവിടെയും പോകേണ്ടതില്ല. ഒരിടത്തിരുന്ന്‌ അത്ഭുതങ്ങള്‍ കാണിക്കാന്‍ അയാള്‍ക്ക്‌ സാധിക്കും'' - ജസ്റ്റിസുമാരായ പി സദാശിവം, ജെ ചെലമേശ്വര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച്‌ ഈ നിരീക്ഷണം നടത്തിയത്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിയെക്കുറിച്ചാണ്‌. ഇത്തരമൊരു നിരീക്ഷണത്തോടെ ജാമ്യാപേക്ഷ പരമോന്നത കോടതി തള്ളിക്കളയുമ്പോള്‍ ഒന്നുറപ്പാകുന്നു; മഅ്‌ദനിയുടെ വിചാരണത്തടവ്‌ നീളും. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അനുഭവിച്ച ഒമ്പതര വര്‍ഷത്തെ വിചാരണത്തടവിനോളം നീളരുതേ എന്ന്‌ പി ഡി പി ചെയര്‍മാന്‌ ആഗ്രഹിക്കാമെന്ന്‌ മാത്രം. ബംഗളൂരു സ്‌ഫോടനപരമ്പരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടാലും മഅ്‌ദനിയെന്ന ഈ `ഭീകരന്‍' സ്വതന്ത്രനാകാന്‍ സാധ്യതയുമില്ല.


വിചാരണക്കോടതിയും കര്‍ണാടക ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ്‌ മഅ്‌ദനി സുപ്രീം കോടതിയെ സമീപിച്ചത്‌. ഒരു കാല്‍ നഷ്‌ടപ്പെട്ട, നട്ടെല്ലിന്‌ സാരമായ തകരാറുള്ള ഈ മനുഷ്യന്‍ നിയമ സംവിധാനത്തിന്‌ വെല്ലുവിളിയേ ആകില്ലെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചപ്പോഴാണ്‌ മുന്‍ചൊന്ന നിരീക്ഷണം കോടതി നടത്തിയത്‌. ഒമ്പതര വര്‍ഷത്തെ വിചാരണത്തടവിന്‌ ശേഷം 2007~ഒക്‌ടോബറില്‍ കുറ്റവിമുക്തനായി പുറത്തിറങ്ങിയ മഅ്‌ദനി 2008 ജൂലൈയില്‍ നടന്ന സ്‌ഫോടന പരമ്പരയുടെ ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ്‌ കേസ്‌. ആ നിലക്ക്‌ സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ തെറ്റ്‌ പറയാന്‍ സാധിക്കില്ല. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയാല്‍ സമാന പ്രവൃത്തി ആവര്‍ത്തിച്ചേക്കാമെന്ന സംശയം അസ്ഥാനത്തുമല്ല.


പക്ഷേ, ഇത്തരത്തിലൊരു നിരീക്ഷണം നടത്തുമ്പോള്‍ രാജ്യത്തെ ഭരണസംവിധാനമൊന്നാകെ ആക്ഷേപിക്കപ്പെടുകയാണ്‌. ആഭ്യന്തര സുരക്ഷ പരമപ്രധാനമായി കാണുന്നുവെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ആഭ്യന്തര മന്ത്രി പി ചിദംബരവും ആവര്‍ത്തിക്കാറുണ്ട്‌. അതിന്‌ വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്‌ അവര്‍ വ്യക്തമാക്കുകയും ചെയ്യുന്നു. രഹസ്യാന്വേഷണങ്ങള്‍ പല തട്ടില്‍ നടക്കുന്നു. ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച്‌ കൃത്യത ഉറപ്പാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രീകൃത സംവിധാനമുണ്ട്‌. വേണ്ടിവന്നാല്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിക്ക്‌ വിവരങ്ങള്‍ കൈമാറി ആധികാരികത ഉറപ്പാക്കാനും അവസരം നിലനില്‍ക്കുന്നു. ആഭ്യന്തര വകുപ്പിന്റെ 2011ലെ അവലോകന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ച്‌ സംസാരിക്കവെ രാജ്യത്ത്‌ ഭീകരാക്രമണം നടത്താനുള്ള 16 പദ്ധതികളെങ്കിലും പോയവര്‍ഷം തകര്‍ക്കാന്‍ സാധിച്ചുവെന്നാണ്‌ പി ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞത്‌. അത്രത്തോളം ഭദ്രമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഭരണകൂടം നിലവിലുള്ളപ്പോഴാണ്‌ പരസഹായം കൂടാതെ സഞ്ചാരം അസാധ്യമായ അബ്‌ദുന്നാസര്‍ മഅ്‌ദനി ഒരിടത്തിരുന്ന്‌ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ പരമോന്നത കോടതി നിരീക്ഷണം നടത്തുന്നത്‌.


ജാമ്യം ലഭിച്ചാല്‍ മഅ്‌ദനി കേരളത്തിലേക്കാണ്‌ മടങ്ങുക. ഇവിടെയും പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും ഷാഡോ പോലീസുമൊക്കെയുണ്ട്‌. എന്നിട്ടും അത്ഭുത സാധ്യത നിലനില്‍ക്കുന്നുവെന്നാണെങ്കില്‍ ചോദ്യംചെയ്യപ്പെടുക ഭരണകൂടത്തിന്റെ ആയുധങ്ങളുടെ പ്രസക്തിയും അവയുടെ അന്തസ്സുമാണ്‌.
ഇടലമയാര്‍ അഴിമതിക്കേസില്‍ ആര്‍ ബാലകൃഷ്‌ണ പിള്ളക്ക്‌ സുപ്രീം കോടതി വിധിച്ച ശിക്ഷ ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച്‌ അട്ടിമറിച്ചുവെന്നതില്‍ തര്‍ക്കമുള്ളവര്‍ കുറവായിരിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരജി സമര്‍പ്പിച്ചപ്പോള്‍ ശിക്ഷ വിധിക്കാനേ തങ്ങള്‍ക്ക്‌ കഴിയൂ അത്‌ നടപ്പാക്കേണ്ടത്‌ ഭരണകൂടമാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്‌. ഇതേ ന്യായം വിചാരണത്തടവുകാരന്റെ ജാമ്യാപേക്ഷക്കും ബാധകമാകേണ്ടതല്ലേ? ജാമ്യത്തിലിറങ്ങുന്ന വ്യക്തി നിയമ സംവിധാനത്തെ അട്ടിമറിക്കും വിധത്തില്‍ പെരുമാറുന്നില്ല എന്ന്‌ ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്‌. ഈ ജോലി എളുപ്പമാക്കുന്നതിനാണ്‌ ജാമ്യത്തിന്‌ ഉപാധികള്‍ കോടതി മുന്നോട്ടുവെക്കുന്നത്‌.


മഅ്‌ദനിയുടെ കാര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടെന്നായിരുന്നു ബഹുമാനപ്പെട്ട ന്യായാധിപന്‍മാരുടെ തീരുമാനം. അതുകൊണ്ട്‌ തന്നെ ഹരജിയില്‍ ഉന്നയിച്ച കാര്യങ്ങളെ പിന്തുണക്കും വിധത്തിലുള്ള കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അഭിഭാഷകന്‌ സാധിച്ചില്ല. ഹരജിയുടെ മെറിറ്റിലേക്ക്‌ കോടതി കടന്നതുമില്ല. സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ ഇടക്കാല ജാമ്യത്തിന്‌ വേണ്ടി സുപ്രീം കോടതിയെ സമീപിക്കാന്‍ മഅ്‌ദനിക്ക്‌ അര്‍ഹതയുണ്ടെന്ന ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌.


ബംഗളൂരു സ്‌ഫോടനക്കേസിന്റെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന്‌, കര്‍ണാടക പോലീസ്‌ ഇതിനകം നടത്തിയ അന്വേഷണങ്ങളെക്കുറിച്ച്‌ (അന്വേഷണം നടത്തി വാര്‍ത്ത തയ്യാറാക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകക്കെതിരെ രാജ്യദ്രോഹത്തിന്‌ കേസെടുത്തത്‌ അടക്കം) ഏകദേശം അറിവുള്ള ആരും പ്രതീക്ഷിക്കില്ല. മാറ്റമുണ്ടാകാന്‍ സാധ്യതയുള്ളത്‌ മഅ്‌ദനിയുടെ കാര്യത്തിലാണ്‌. അതിന്റെ സൂചനകള്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്‌ദനിയെ അറസ്റ്റ്‌ ചെയ്‌ത സമയത്ത്‌ തന്നെ ഉണ്ടായിരുന്നു. 2008ല്‍ തന്നെ നടന്ന അഹമ്മദാബാദ്‌ സ്‌ഫോടന പരമ്പരയില്‍ മഅ്‌ദനിക്ക്‌ പങ്കുണ്ടെന്ന പ്രചാരണമാണ്‌ അന്ന്‌ നടന്നത്‌. സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ദി ഹിന്ദുവിന്റെ ഇന്റര്‍നെറ്റ്‌ എഡിഷന്‍ (ജനുവരി മൂന്ന്‌) പ്രസദ്ധീകരിച്ചതില്‍ അഹമ്മദാബാദിന്‌ പുറമെ ജയ്‌പൂര്‍ സ്‌ഫോടന പരമ്പരയില്‍ കൂടി ആരോപണ വിധേയനാണ്‌ മഅ്‌ദനിയെന്ന്‌ പറഞ്ഞിരുന്നു.  ജനുവരി നാല്‌ ഇറങ്ങിയ ഹിന്ദു പത്രത്തില്‍ പക്ഷേ ഈ രണ്ട്‌ സ്‌ഫോടന പരമ്പരകളിലെ ആരോപണ വിധേയനായി മഅ്‌ദനിയെ ചിത്രീകരിച്ചിട്ടില്ല. ഇന്റര്‍നെറ്റ്‌ എഡിഷനില്‍ തിടുക്കത്തിലാണ്‌ വാര്‍ത്തകള്‍ ചേര്‍ക്കുന്നത്‌. അതുകൊണ്ട്‌ തന്നെ തെറ്റ്‌ വരാന്‍ സാധ്യത ഏറെയാണ്‌. എങ്കിലും 2008ല്‍ നടന്ന അഹമ്മദാബാദ്‌, ജയ്‌പൂര്‍ സ്‌ഫോടന പരമ്പരകളില്‍ ആരോപണ വിധേയനെന്ന വിവരം കൃത്യമായി ചേര്‍ക്കുക എന്ന തെറ്റ്‌ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന്‌ വിശ്വസിക്കുക പ്രയാസം.


ബംഗളുരൂ സ്‌ഫോടന പരമ്പരയുടെ ഗൂഢാലോചനയില്‍ മഅ്‌ദനിക്ക്‌ പങ്കുണ്ടെന്ന ആരോപണത്തിന്റെയും തുടര്‍ന്നുള്ള കേസിന്റെയും ആരംഭം മാധ്യമ വാര്‍ത്തകളില്‍ നിന്നായിരുന്നുവെന്നത്‌ കൂടി ഓര്‍ക്കണം. അതുകൊണ്ട്‌ തന്നെ ബംഗളൂരു കേസില്‍ ഒരു തീരുമാനമുണ്ടാകുന്ന മുറക്ക്‌ ഈ കേസുകള്‍ സജീവമാകാന്‍ സാധ്യതയുണ്ട്‌.


അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരുടെ കാര്യത്തിലെല്ലാം രാജ്യത്തെ നീതിന്യായ സംവിധാനം ഇതേ നിലപാടാണോ സ്വീകരിക്കുക എന്ന ചോദ്യവും പ്രസക്തമാണ്‌. ഹൈദരാബാദിലെ മക്കാ മസ്‌ജിദിലുണ്ടായ സ്‌ഫോടനക്കേസില്‍ ആരോപണ വിധേയരാക്കപ്പെട്ട നിരവധി ചെറുപ്പക്കാരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. ഇവര്‍ക്കും കേസുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ഉപദ്രവിച്ച മറ്റുള്ളവര്‍ക്കും നഷ്‌ടപരിഹാരം നല്‍കാന്‍ ആന്ധ്രാ പ്രദേശ്‌ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇവരെ കള്ളക്കേസില്‍ കുടുക്കുക എന്ന അത്ഭുത പ്രവൃത്തി കാട്ടിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. അതിന്‌ അവരെ പ്രേരിപ്പിച്ച വികാരമെന്തെന്ന ചോദ്യത്തെയും ആരും അഭിമുഖീകരിച്ചില്ല. കോയമ്പത്തൂര്‍ കേസില്‍ മഅ്‌ദനി ഒമ്പതര വര്‍ഷം വിചാരണത്തടവ്‌ അനുഭവിക്കേണ്ടിവന്നതിന്റെ കാരണമെന്തെന്ന്‌ ഒരു നീതിന്യായ സംവിധാനവും അന്വേഷിച്ചതുമില്ല.


അത്ഭുതങ്ങളുടെ പരമ്പര അരങ്ങേറിയ നാടുണ്ട്‌ ഇന്ത്യാ മഹാരാജ്യത്ത്‌. ഏത്‌ ഭീകരാക്രമണത്തോടും കിടപിടിക്കും വിധത്തില്‍ ഒരു വിഭാഗത്തില്‍പ്പെട്ട മനുഷ്യരെ വെട്ടിയും ചുട്ടും കൊന്ന നാട്‌. സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി ആഘോഷിച്ച നാട്‌. ആ കിരാതത്തിന്റെ പത്താം വാര്‍ഷികമെത്തുമ്പോഴും അവിടെ അത്ഭുതങ്ങള്‍ അവസാനിച്ചിട്ടില്ല. ഗുജറാത്ത്‌ വംശഹത്യയുടെ സമയത്ത്‌ രാഷ്‌ട്രീയ നേതാക്കളും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും ആക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരും ടെലിഫോണില്‍ സംസാരിച്ച വിവരങ്ങള്‍ അന്വേഷണത്തിനിറങ്ങിയ ഉദ്യോഗസ്ഥന്‍ ശേഖരിച്ച്‌ സി ഡിയില്‍ സൂക്ഷിച്ചു. ആ സി ഡി കാണാതായതാണ്‌ അത്ഭുതങ്ങളിലൊന്ന്‌. വംശഹത്യാ സമയത്ത്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ ഏതൊക്കെ മേഖലകളില്‍ സഞ്ചരിച്ചുവെന്ന്‌ വിവരിക്കുന്ന രേഖകള്‍ അടങ്ങുന്ന രജിസ്റ്റര്‍ കത്തിച്ചുകളഞ്ഞതാണ്‌ രണ്ടാമത്തേത്‌. പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ വന്ന സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററും കത്തിച്ചുകളഞ്ഞു. ഇത്‌ സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ കേസുകളില്‍ കുടുങ്ങുന്ന അത്ഭുതവും അവിടെ സംഭവിക്കുന്നു.


വംശഹത്യ സംബന്ധിച്ച കേസുകളില്‍ ഇരകളുടെ ഭാഗത്തു നില്‍ക്കേണ്ട സര്‍ക്കാറും അതിനെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകനും ആരോപണവിധേയരുടെയും അവരുടെ പിന്നണിയില്‍ നില്‍ക്കുന്ന ആര്‍ എസ്‌ എസ്‌ സൈദ്ധാന്തികന്റെയും പക്കല്‍ വിവരങ്ങളെത്തിച്ചു കൊടുക്കുന്നുവെന്നതാണ്‌ ഏറ്റവും അവസാനം പുറത്തറിഞ്ഞ അത്ഭുതം. ഈ അത്ഭുതത്തിന്‌ തെളിവായി ഇ മെയില്‍ സന്ദേശങ്ങള്‍ ഐ പി എസ്‌ ഉദ്യോഗസ്ഥനായ സഞ്‌ജീവ്‌ ഭട്ട്‌ സുപ്രീം കോടതിക്ക്‌ മുന്നില്‍ ഹാജരാക്കിയിരുന്നു. സന്ദേശങ്ങള്‍ ഹാക്ക്‌ ചെയ്‌തതിന്‌ ഭട്ടിനെതിരെ കേസുണ്ടായേക്കാം. എന്നാല്‍ കേസ്‌ അട്ടിമറിക്കാന്‍ പാകത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപത്തില്‍ (അത്ഭുതത്തില്‍) അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന സംശയം പോലും ആരും പ്രകടിപ്പിച്ചില്ല.


ഗുജറാത്ത്‌ വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കുള്ള പങ്ക്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സാമൂഹിക പ്രവര്‍ത്തകയായ മല്ലിക സാരാഭായ്‌ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി അട്ടിമറിച്ചത്‌ എങ്ങനെ എന്നത്‌ സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുപറഞ്ഞത്‌ ഗുജറാത്തില്‍ ഡി ജി പിയായിരുന്ന ആര്‍ ബി ശ്രീകുമാറും സസ്‌പെന്‍ഷനിലാണെങ്കിലും സര്‍വീസിലുള്ള സഞ്‌ജീവ്‌ ഭട്ടുമാണ്‌. സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന്‌ കൈമാറുന്ന രഹസ്യ ഫണ്ടില്‍ നിന്ന്‌ പത്ത്‌ ലക്ഷം രൂപ ഇതിനായി വിനിയോഗിച്ചുവെന്നാണ്‌ ഉത്തരവാദിത്വപ്പെട്ട ഈ ഉദ്യോഗസ്ഥര്‍ ആരോപണമുന്നയിച്ചത്‌. ഇതേക്കുറിച്ച്‌ അന്വേഷിക്കണമെന്നും ആര്‍ക്കും തോന്നിയില്ല. ഇതെല്ലാം ഒരിടത്തിരുന്ന്‌ ഒരാള്‍ ചെയ്യുന്ന അത്ഭുതങ്ങളാണ്‌. അത്തരം അത്ഭുതങ്ങള്‍ക്കെല്ലാം നിയമത്തിന്റെ പരിരക്ഷ ലഭിക്കുമ്പോള്‍ ഒരു കാല്‌ നഷ്‌ടപ്പെട്ട, മറ്റൊരു കേസിലാണെങ്കില്‍ക്കൂടി ഒമ്പത്‌ വര്‍ഷം വിചാരണത്തടവ്‌ അനുഭവിക്കേണ്ടിവന്ന മഅ്‌ദനിയുടെ കാര്യത്തില്‍ ജാമ്യം നിഷേധിക്കപ്പെടുമ്പോള്‍ (അതും അപേക്ഷ കേള്‍ക്കാന്‍ പോലും തയ്യാറാകാതെ) നീതിക്ക്‌ കണ്ണില്ലെന്ന ആപ്‌തവാക്യം കൂടുതല്‍ അര്‍ഥവത്താകുന്നുണ്ട്‌.


ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളില്‍ വിചാരണക്കോടതികള്‍ ജാമ്യം അനുവദിക്കാന്‍ വിമുഖത കാട്ടുന്നുവെന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്‌. ഈ ഹരജി സമര്‍പ്പിക്കപ്പെട്ടതിന്‌ തൊട്ടുപിറകെ ടെലികോം അഴിമതിക്കേസില്‍ അറസ്റ്റിലായിരുന്ന ഏതാണ്ടെല്ലാവര്‍ക്കും ജാമ്യം അനുവദിക്കപ്പെട്ടു. പണവും സ്വാധീനവും ഉപയോഗിച്ച്‌ തെളിവ്‌ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത കൂടുതലുള്ള കമ്പനി മുതലാളിമാരാണ്‌ ജാമ്യം ലഭിച്ചവരില്‍ അധികവും. നീതിയുടെ വിശാല താത്‌പര്യം പരിഗണിച്ചും `ജാമ്യമാണ്‌ ചട്ടം, ജയില്‍ അപവാദ'മാണെന്ന സിദ്ധാന്തം കണക്കിലെടുത്തുമൊക്കെയാണ്‌ ഇവര്‍ക്കെല്ലാം ജാമ്യം അനുവദിക്കപ്പെട്ടത്‌. അത്തരം വിശാലതകളുടെയും സിദ്ധാന്തങ്ങളുടെയും ഗുണഭോക്താവാകാന്‍ ഒരു `ഭീകര'നെ അനുവദിച്ച്‌ കൂടല്ലോ!