2013-01-20

പൊടിപ്പുകളുണ്ടായത് സംഘില്‍ നിന്ന് തന്നെയോ!!!



മഹാരാഷ്ട്രയിലെ മലേഗാവില്‍ 2006ലുണ്ടായ സ്‌ഫോടനത്തിന് പിറകില്‍ തീവ്ര ഹിന്ദുത്വ ഭീകരവാദികളാണെന്ന ആരോപണത്തിന് ബലമേകിക്കൊണ്ട് ചില അറസ്റ്റുകള്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) അടുത്തിടെ നടത്തി. സംഝോത എക്‌സ്പ്രസ്സില്‍ സ്‌ഫോടനം നടത്തിയ കേസില്‍ ആരോപണവിധേയരായവര്‍ തന്നെയാണ് ഈ കേസിലും അറസ്റ്റിലായിരിക്കുന്നത്. 2006 സെപ്തംബറില്‍ മലേഗാവ്, 2007 ഫെബ്രുവരിയില്‍ സംഝോത എക്‌സ്പ്രസ്, 2007 മെയില്‍ ഹൈദരാബാദിലെ മക്ക മസ്ജിദ്, 2007 ഒക്‌ടോബറില്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ, 2008 സെപ്തംബറില്‍ വീണ്ടും മലേഗാവ് എന്നീ സ്‌ഫോടനങ്ങള്‍ക്ക്  പിറകില്‍ പ്രവര്‍ത്തിച്ചത് തീവ്ര ഹിന്ദുത്വ ഭീകരവാദികളാണെന്ന ആരോപണമാണ് ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോഴുയര്‍ത്തുന്നത്. ഈയൊരു നിഗമനത്തിലേക്ക് അന്വേഷണ ഏജന്‍സിയെ എത്തിച്ചതിന്  പിറകിലെ ഏറ്റവും പ്രധാന ഘടകം നവകുമാര്‍, ജിതിന്‍ ചാറ്റര്‍ജി, ഓംകാര്‍നാഥ് എന്നീ പേരുകളില്‍ കൂടി അറിയപ്പെടുന്ന സ്വാമി അസിമാനന്ദ്, മജിസ്ട്രറ്റ് മുമ്പാകെ നല്‍കിയ കുറ്റസമ്മത മൊഴിയാണ്.


സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ രജീന്ദര്‍ ചൗധരിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2006ല്‍ മലേഗാവില്‍ ബോംബ് സ്ഥാപിച്ചുവെന്ന് കരുതപ്പെടുന്ന മോഹന്‍ എന്നയാളെയും അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുമെന്നും യഥാര്‍ഥ കുറ്റവാളികള്‍ നിയമത്തിന് മുന്നിലെത്തുമെന്നും പ്രതീക്ഷിക്കാം.


'ഇസ്‌ലാമിക' ഭീകരവാദത്തിന്റെ സൃഷ്ടികളായി മുദ്രകുത്തപ്പെട്ടിരുന്നവയാണ് ഈ സ്‌ഫോടനങ്ങളെല്ലാം. ഇന്ത്യന്‍ മുജാഹിദീന്‍, ഹര്‍ക്കത്തുല്‍ ജിഹാദി, ലശ്കറെ ത്വയ്യിബ, സിമി തുടങ്ങിയ സംഘടനകളുടെ പേരില്‍ തരാതരം പോലെ ആരോപിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്തരം ആരോപണങ്ങള്‍ക്ക് സാധുത നല്‍കിക്കൊണ്ട് മുസ്‌ലിം യുവാക്കള്‍ അറസ്റ്റിലാകുകയും ചെയ്തു. ഒരു സമുദായത്തിലെ അംഗങ്ങളാകെ ഭീകരവാദികളായി ചിത്രീകരിക്കപ്പെടുകയോ അല്ലെങ്കില്‍ സംശയിക്കപ്പെടുകയോ ചെയ്യുന്ന സ്ഥിതി ഇത്തരം അറസ്റ്റുകള്‍ സൃഷ്ടിച്ചു. അല്ലെങ്കില്‍ അങ്ങനെ പ്രചരിപ്പിക്കുന്നതിന് ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് വലിയ അവസരമാണ് ഈ അറസ്റ്റുകള്‍ തുറന്ന് നല്‍കിയത്. ഇപ്പോള്‍ പുതിയ നിഗമനങ്ങളുമായി എന്‍ ഐ എ രംഗത്ത് വരുമ്പോള്‍, ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ രാജ്യത്തെ തീവ്ര ഹിന്ദുത്വ ശൃംഖല വലിയ പങ്ക് വഹിച്ചതായി വിലയിരുത്തേണ്ടിവരും. ഇപ്പോള്‍ അറസ്റ്റിലായ ഏതാനും പേരില്‍ മാത്രം ഒതുങ്ങുന്നതാണോ അതിന്റെ ഉത്തരവാദിത്വമെന്നത് പരിശോധിക്കേണ്ടിയും വരും. എന്നാല്‍ അത്തരമൊരു പരിശോധന നടക്കുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്.


'ഇസ്‌ലാമിക' ഭീകരവാദത്തെക്കുറിച്ച് പറയുമ്പോള്‍ പേരെടുത്ത് പറയാറുള്ള സംഘടനകളെല്ലാം മുന്‍നിരയിലുള്ളവ മാത്രമായാണ് (ഫ്രണ്ടല്‍ ഓര്‍ഗനൈസേഷന്‍സ്) വ്യവഹരിക്കപ്പെടുക. ആക്രമണം യഥാര്‍ഥത്തില്‍ ആസൂത്രണം ചെയ്യുകയും അത്തരം ആക്രമണങ്ങളുടെ ലക്ഷ്യം നിര്‍ണയിക്കുകയും  ചെയ്യുന്ന അടിസ്ഥാന ധാര മറ്റൊന്നുണ്ടെന്ന് ധരിപ്പിക്കുകയാണ് ഇത്തരം വ്യവഹാരങ്ങളുടെ ലക്ഷ്യം. ഒരു സമുദായമാകെ ഭീകരവാദികളായി ചിത്രീകരിക്കപ്പെടുന്നതിന് ഈ വ്യവഹാരം വലിയ അളവില്‍ സംഭാവന ചെയ്തിട്ടുണ്ട്. ഇവിടെ അഞ്ചോ ആറോ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ തീവ്ര ഹിന്ദുത്വ ഭീകരവാദ ശൃംഖലകളാണെന്ന് എന്‍ ഐ എ ആരോപിക്കുമ്പോഴും അതിന്റെ പിതൃത്വം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അഭിനവ് ഭാരത് എന്ന സംഘടനയുടെ മുകളിലാണ്. പ്രഗ്യാ സിംഗും കേണല്‍ ശ്രീകാന്ത് പുരോഹിതുമൊക്കെ (2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ ആദ്യം അറസ്റ്റിലായവര്‍) നേതൃത്വത്തിലിരുന്ന സംഘടനയാണ് അഭിനവ് ഭാരത്. ഇത്രയും സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കാന്‍ പാകത്തില്‍ വളര്‍ന്നിരുന്നോ ആ സംഘടന എന്നത് അന്വേഷിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ വളര്‍ന്നിരുന്നുവെങ്കില്‍ അതിന് സാമ്പത്തിക സഹായം ലഭിച്ചിരുന്നത് എവിടെ നിന്നാണെന്നും അന്വേഷിക്കേണ്ടതുണ്ട്.


ഇസ്‌ലാമിക സംഘടനകള്‍ ആരോപണവിധേയമായ കേസുകളിലെല്ലാം സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. സാമ്പത്തികമോ അല്ലാത്തതോ ആയ സഹായം നല്‍കിയെന്ന് ആരോപിക്കപ്പെടുന്നവരെ വിദേശത്തു നിന്ന് തിരികെയെത്തിക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നു. അത്തരം ചില അറസ്റ്റുകളുടെ ദുരൂഹത ഇനിയും തീര്‍ന്നിട്ടുമില്ല. ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിന് സാമ്പത്തികമോ അല്ലാത്തതോ ആയ സഹായം ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇവിടെ, തീവ്ര ഹിന്ദുത്വ സംഘടനകള്‍ ആരോപണവിധേയമായ കേസുകളില്‍ അത്തരം അന്വേഷണം നടക്കുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്. ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മുസ്‌ലിം ചെറുപ്പക്കാരില്‍ പലരുടെയും സ്ഥലം  ഉത്തര്‍ പ്രദേശിലെ അഅ്‌സംഗഢായതോടെ, (ഇസ്‌ലാമിക) ഭീകരവാദത്തിന്റെ ഇന്ത്യയിലെ ഈറ്റില്ലമെന്ന പേര് അഅ്‌സംഗഢിന് നല്‍കാന്‍ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ തയ്യാറായിരുന്നു.


ആ വിശേഷണത്തിന് പ്രചാരണം നല്‍കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രയാസമേതുമുണ്ടായതുമില്ല. ഇപ്പോള്‍ തീവ്ര ഹിന്ദുത്വ ശൃംഖലയുടെ കണ്ണികളെല്ലാം എത്തിച്ചേരുന്നത് ബി ജെ  പി ഭരണത്തില്‍ ഇരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറിലേക്കാണ്. ഹിന്ദുത്വ ഭീകരവാദത്തിന്റെ ഈറ്റില്ലമെന്ന് ഇന്‍ഡോറിനെ വിശേഷിപ്പിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? അത്തരം വിശേഷണം അസഭ്യവും അസംഗതവുമാണെന്ന പൂര്‍ണ ബോധ്യത്തോടെ ഈ ചോദ്യം ഉന്നയിക്കുന്നത്, വിശേഷണ വിശേഷ്യങ്ങളുടെ കാര്യത്തില്‍ തുടരുന്ന വര്‍ഗീയ അടിത്തറയെ സൂചിപ്പിക്കാന്‍ മാത്രമാണ്.
സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയെ പ്രധാന രേഖയായി കാണുന്ന എന്‍ ഐ എ, അതിലെ ചില പ്രധാന പരാമര്‍ശങ്ങളെ വേണ്ടവിധം പരിണഗിച്ചിട്ടില്ല. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ് കുമാര്‍, ഗൂഢാലോചനകളില്‍ പങ്കാളിയായി എന്ന് കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയില്ല. ഇപ്പോള്‍ 2006ലെ മലേഗാവ് സ്‌ഫോടനക്കേസിലെ അന്വേഷണം, അറസ്റ്റുകളിലേക്ക് എത്തുമ്പോള്‍, സ്വാമി അസിമാനന്ദിന്റെ മൊഴിയിലെ ചില വിവരങ്ങള്‍ സുപ്രധാനമാണ്. സ്‌ഫോടനം നടത്തുന്നതിന് രണ്ട് മുസ്‌ലിം യുവാക്കളുടെ സഹായം ലഭിച്ചുവെന്നാണ് മൊഴിയില്‍ പറയുന്നത്. ഈ യൂവാക്കളെ സംഘടിപ്പിച്ച്  കൊടുത്തത് ഇന്ദ്രേഷ് കുമാറാണെന്നും. ഈ മൊഴി വസ്തുതയാണെങ്കില്‍ മുസ്‌ലിം ചെറുപ്പക്കാരെ സംഘടിപ്പിച്ച് നല്‍കാന്‍ ഇന്ദ്രേഷ് കുമാറിന് സാധിച്ചത് എങ്ങനെ എന്നത് അന്വേഷിക്കപ്പെടണം.


മലേഗാവ് സ്‌ഫോടനത്തെക്കുറിച്ച് ആദ്യമന്വേഷിച്ച മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗം സല്‍മാന്‍ ഫാര്‍സി, ഷബീര്‍ അഹ്മദ്, നൂറുല്‍ഹുദ ദോഹ, റയിസ് അഹ്മദ്, മുഹമ്മദ് അലി, ആസിഫ് ഖാന്‍, ജാവീദ് ശൈഖ്, ഫാറൂഖ് അന്‍സാരി, അബ്‌റാര്‍ അഹ്മദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര പോലീസില്‍ നിന്ന് അന്വേഷണച്ചുമതല ഏറ്റെടുത്ത സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഇവരുടെപങ്കാളിത്തം ഉറപ്പിക്കും വിധത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഞ്ച് വര്‍ഷത്തിലധികം നീണ്ട വിചാരണത്തടവിന് ശേഷം, സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴി പുറത്തായതിനെത്തുടര്‍ന്ന്, ഇവരില്‍ ചിലര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ പുതിയ അറസ്റ്റുകളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത ഒമ്പത് പേര്‍ക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുന്നതിന് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എന്‍ ഐ എ. ആരോപണങ്ങള്‍ പിന്‍വലിക്കപ്പെടുകയാണെങ്കില്‍ ഇവരെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടം തയ്യാറാകുമോ? കൃത്രിമ തെളിവുകള്‍ സൃഷ്ടിച്ച് ഇവരെ കേസില്‍ കുടുക്കിയ മഹാരാഷ്ട്ര പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആ റിപ്പോര്‍ട്ടിനെ ന്യായീകരിച്ച സി ബി ഐയിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ഇച്ഛാശക്തി കാട്ടുമോ? അത്തരം ചില നടപടികള്‍ക്ക് തയ്യാറായാല്‍ മാത്രമേ അന്വേഷണ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത തിരിച്ചെടുക്കാന്‍ സാധിക്കൂ. തീവ്ര ഹിന്ദുത്വ ശൃംഖലകള്‍ക്ക് സര്‍വ വിധ സഹായവും നല്‍കിയ വ്യക്തികളെയും സംഘടനകളെയും കണ്ടെത്താനുള്ള അന്വേഷണത്തിലേക്ക് തിരിയാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ധൈര്യമുണ്ടാകണമെങ്കിലും ഇത്തരം നടപടികള്‍ ആവശ്യമാണ്.


2006ലെ മലേഗാവ് കൂടി തീവ്ര ഹിന്ദുത്വ ഭീകരവാദത്തിന്റെ സംഭാവന പട്ടികയിലേക്ക് അന്വേഷണ ഏജന്‍സി കൂട്ടിച്ചേര്‍ക്കുമ്പോള്‍ കൗതുകകരമായ മറ്റൊരു വസ്തുത കൂടി പുറത്തുവരുന്നു. 2006 മുതല്‍ 2008 വരെയുള്ള കാലത്ത് കൃത്യമായ ഇടവേളകളില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രഗ്യാ സിംഗും കേണല്‍ ശ്രീകാന്ത് പുരോഹിതും അറസ്റ്റിലായ ശേഷം ആക്രമണങ്ങളുടെ നൈരന്തര്യം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. 2008 നവംബറില്‍, രാജ്യ ബാഹ്യ ശക്തികളുടെ പിന്‍ബലത്തില്‍ പത്ത് ഭീകരവാദികള്‍ നടത്തിയ അസാധാരണമായ  ആക്രമണത്തിന് ശേഷം നിരീക്ഷണം ശക്തമാക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതിനാലാണ് ആക്രമണങ്ങള്‍ കുറഞ്ഞത് എന്നതാണ് ഒരു പക്ഷം. അതു മാത്രമാണോ സംഗതി? ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത് കൂടി ഈ കുറയലിന് കാരണമായിട്ടുണ്ടോ? അതറിയണമെങ്കില്‍ ആക്രമണത്തിന്റെ യഥാര്‍ഥ സംഘാടകരിലേക്കും അത്തരക്കാര്‍ക്ക് സഹായം നല്‍കിയവരിലേക്കും അന്വേഷണം നീളണം.


2002ലെ വംശഹത്യക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ 'വധിക്കാന്‍ പദ്ധതിയിട്ടെത്തുന്ന' മുസ്‌ലിം യുവാക്കള്‍ ഏറ്റുമുട്ടലില്‍ വധിക്കപ്പെടുന്ന വാര്‍ത്ത നിരന്തരം വന്നിരുന്നു. സുഹ്‌റാബുദ്ദീന്‍ ശൈഖിനെ കൊലപ്പെടുത്തിയ ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കപ്പെടുകയായിരുന്നുവെന്ന വസ്തുത പുറത്തു വന്നതിന് ശേഷം മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തുന്നവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന പ്രക്രിയക്ക് വിരാമമായി. എന്തുകൊണ്ട് എന്ന ചോദ്യത്തെ നമ്മുടെ ഭരണകൂടമോ അന്വേഷണ ഏജന്‍സികളോ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. മോഡിയെ വധിക്കാന്‍ ലശ്കറെ ത്വയ്യിബ തയ്യാറാക്കിയ പദ്ധതി നടപ്പാക്കുന്നതിന് ഭീകരവാദികള്‍ ഗുജറാത്തിലേക്ക് എത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന്റെ വസ്തുതയും അന്വേഷിക്കപ്പെട്ടില്ല.
മുംബൈയില്‍ കൊടിയ ആക്രമണം നടത്തിയ ഭീകരരില്‍ ജീവനോടെ പിടിയിലായ അജ്മല്‍ കസബ് തൂക്കിലേറ്റപ്പെട്ടപ്പോഴും ഉന്നയിക്കപ്പെട്ട പ്രധാന പ്രശ്‌നം ആസൂത്രകരാരെയും നിയമത്തിന് മുന്നില്‍ എത്തിക്കാനായില്ല എന്നതായിരുന്നു.  ഇതേ പ്രശ്‌നം തീവ്ര ഹിന്ദുത്വ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിന്റെ കാര്യത്തിലും പ്രസക്തമാണ്. അവയുടെ ആസൂത്രകരെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമ്പോള്‍ മാത്രമേ കാര്യങ്ങള്‍ രാജ്യത്തിന് മുമ്പാകെ വ്യക്തമാകൂ.



14-07-13ന് പ്രസിദ്ധീകരിച്ചത്‌



2013-01-07

ശശി പറയുന്നതിലും കാര്യമുണ്ട്


കൂട്ട 'മാനഭംഗ'ക്കാരുടെ ശ്രദ്ധക്ക്




ദിനേന 20 രൂപ വരുമാനമില്ലാത്തവര്‍ രാജ്യ ജനസംഖ്യയുടെ അമ്പത് ശതമാനമാണോ എണ്‍പത് ശതമാനമാണോ എന്ന തര്‍ക്കം നടക്കുന്നതിനിടെ 50,000 രൂപ ദിവസ വാടകയുള്ള ഹോട്ടല്‍ മുറിയില്‍ അമ്പത് ദിവസം തുടര്‍ച്ചയായി താമസിക്കാന്‍ മടി കാട്ടാത്തവനാണ് ശശി. ചെലവ് ചുരുക്കണമെന്ന് കേന്ദ്ര ഭരണകൂടം നിര്‍ദേശിച്ചപ്പോള്‍ കന്നുകാലികള്‍ക്കൊപ്പം സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കുന്ന വിശുദ്ധ പശുക്കളെക്കുറിച്ച് പറഞ്ഞ് ജനങ്ങളെയും സ്വന്തം പാര്‍ട്ടിയുടെ നേതൃത്വത്തെയും ഒരേ സമയം പുച്ഛിക്കാന്‍ മാത്രം അഹന്തയുള്ളവനാണ് ശശി. കേന്ദ്ര മന്ത്രിസഭയിലെ സാന്നിധ്യത്തിന്റെ ബലത്തില്‍, ശരത് പവാര്‍ മുതല്‍ നരേന്ദ്ര മോഡി വരെയുള്ളവരുടെ പാത പിന്തുടര്‍ന്ന്, ക്രിക്കറ്റെന്ന വ്യവസായത്തിലിറങ്ങി നിക്ഷേപം നടത്താതെ ലാഭമെടുക്കാന്‍ തുനിഞ്ഞവനുമാണ് ശശി. അമേരിക്കയോട് വിധേയത്വം പുലര്‍ത്തുന്നവനും ഇസ്‌റാഈല്‍ പക്ഷപാതിയുമാണെന്ന ആരോപണം വേറെ. പഴയ മാടമ്പിക്കുടുംബത്തിലെ (അടുത്തകാലത്ത് സാമൂതിരി കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരെ കാണാനെത്തിയപ്പോള്‍ അദ്ദേഹം തന്നെ ഓര്‍ത്തെടുത്ത പാരമ്പര്യം) ഇളംതലമുറക്കാരനായ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂരിനെക്കുറിച്ചു തന്നെയാണ് പറയുന്നത്.


ഏറ്റവുമൊടുവില്‍ നിയമത്തിന് വ്യക്തിയുടെ പേര് നല്‍കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ അമേരിക്കയിലെ രീതികളോടുള്ള തന്റെ ആഭിമുഖ്യം ഒരിക്കല്‍ കൂടി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കയിലങ്ങനെയാണ്, നിയമം, അത് നിര്‍ദേശിക്കുകയോ രൂപകല്‍പ്പന നിര്‍വഹിക്കുകയോ ചെയ്യുന്ന നിയമ നിര്‍മാണ സഭാംഗത്തിന്റെ പേരില്‍ അറിയപ്പെടും. പുതിയൊരു നിയമ നിര്‍മാണത്തിന് പ്രേരക ശക്തിയായ വ്യക്തിയുടെ പേരും നിയമത്തിന് നല്‍കുന്നുണ്ട്. ഇന്ത്യയുമായി സിവിലിയന്‍ ആണവ സഹകരണ കരാറുണ്ടാക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയ നിയമത്തിന്റെ പേര് ഹൈഡ് ആക്ട് എന്നാണ്. ഹെന്റി ജെ ഹൈഡ് എന്ന അമേരിക്കന്‍ ജനപ്രതിനിധിസഭാംഗത്തിന്റെ നാമത്തില്‍ അനശ്വരമായ നിയമം.


ഡല്‍ഹിയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയുടെ നേര്‍ക്കുണ്ടായ ക്രൂരമായ ആക്രമണമുയര്‍ത്തിവിട്ട രോഷം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമം തടയുന്നതിന് നിയമ ഭേദഗതി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. ഭേദഗതി ചെയ്യപ്പെടുന്ന നിയമത്തിന്, ആക്രമണത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് നല്‍കണമെന്നാണ് ശശി തരൂരിന്റെ ആവശ്യം. നിയമം പരിഷ്‌കരിച്ചതു കൊണ്ടോ ശിക്ഷ കടുപ്പമാക്കിയതു കൊണ്ടോ ഇത്തരം ആക്രമണങ്ങള്‍ നിയന്ത്രിക്കാനാകുമോ എന്നത് തര്‍ക്കമുള്ള സംഗതിയാണ്. നടപ്പാക്കുന്നതിനല്ല, പഴുതുകള്‍ ഫലപ്രദമായി ചൂഷണം ചെയ്തും സമ്പത്തും സ്വാധീനവും ഉപയോഗിച്ചും ലംഘിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ യൂനിയനില്‍ നിയമനിര്‍മാണം നടക്കുന്നത് എന്നത് പരിഗണിക്കുമ്പോള്‍ പുതിയ ഭേദഗതി ഏട്ടിലെ പശുവാകുമെന്ന് ഉറപ്പ്. രാഷ്ട്ര നിര്‍മാണത്തിലും സമൂഹത്തിന്റെ പുരോഗമനോന്മുഖമായ മാറ്റത്തിലും നിര്‍ണായക പങ്ക് വഹിച്ച നേതാക്കളുടെ പേര് റോഡുകള്‍ക്കും വിവിധ പദ്ധതികള്‍ക്കുമൊക്കെ നല്‍കുന്ന പതിവ് ഇവിടെയുണ്ട്. മഹാത്മാക്കളുടെ സംഭാവനകള്‍ നിരന്തരം ഓര്‍മപ്പെടുത്തി, ആ പാതയിലൂടെ ചരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. എന്താണ് സംഭവിക്കുന്നത് എന്നതിന് ഡല്‍ഹിയിലെ തെരുവില്‍ പൊലിഞ്ഞ പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ തെളിവ്.


നിയമത്തിന്റെ പേരിടല്‍ കര്‍മത്തിന് സ്വീകരിക്കാവുന്ന രീതി നിര്‍ദേശിച്ചപ്പോള്‍, മറ്റൊന്നു കൂടി ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ പേര് പരസ്യപ്പെടുത്തണമെന്ന്. ആറ് 'പുരുഷന്‍'മാര്‍ ലൈംഗികമായി കൈയേറ്റം ചെയ്തിരുന്നു ആ പെണ്‍കുട്ടിയെ. അതി ക്രൂരമായ ഭേദ്യത്തിന് ഇരയാക്കുകയും ചെയ്തു. എന്നിട്ടാണ് ബസ്സില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞത്. ആ കുട്ടിയുടെ പേര് പുറത്ത് പറയണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. പേര് വെളിപ്പെടുത്തി, തിരിച്ചറിയാവുന്ന വിവരങ്ങള്‍ നല്‍കി മരിച്ചുപോയ കുട്ടിയെയും അവരുടെ കുടുംബാംഗങ്ങളെയും വീണ്ടും അപമാനിക്കണമെന്നോ മന്ത്രിയുടെ ഹിതമെന്ന് ചോദ്യങ്ങള്‍. നമ്മുടെ പൊതുബോധവും അതിനൊപ്പിച്ചു തുള്ളുന്ന രാഷ്ട്രീയ സംവിധാനങ്ങളും ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കും. ശശി തരൂരിലെ മനുഷ്യത്വരാഹിത്യത്തെക്കുറിച്ച് ചര്‍ച്ചയും ചെയ്‌തേക്കും. കാരണം ഡല്‍ഹിയിലെ പെണ്‍കുട്ടി നമ്മളെ സംബന്ധിച്ച് മാനം ഭഞ്ജിക്കപ്പെട്ട പെണ്‍കുട്ടിയാണ് - മാധ്യമങ്ങളെ കടമെടുത്താല്‍ കൂട്ട മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി.


ലൈംഗികമായ അതിക്രമങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകളും പെണ്‍കുട്ടികളുമൊക്കെ ഇത്തരക്കാരാണ് - മാനം നഷ്ടപ്പെട്ടവര്‍. അഭിമാനം നഷ്ടപ്പെട്ട ഇത്തരക്കാര്‍ക്ക് സമൂഹ മധ്യത്തില്‍ തലയുയര്‍ത്തി നടക്കാനാകില്ല. അതുകൊണ്ടു തന്നെ അവരെ തിരിച്ചറിയുന്ന വിവരങ്ങളൊന്നും പുറത്തു പറയുന്നത് അഭികാമ്യമല്ല. ഇത് നിയമപ്രകാരം നിശ്ചയിച്ചിട്ടുണ്ട് ഇന്ത്യന്‍ യൂനിയനില്‍..


ഡല്‍ഹിയിലെ അതിക്രമത്തില്‍ ആരുടെ മാനമാണ് യഥാര്‍ഥത്തില്‍ നഷ്ടമായത്. സര്‍വാധികാരങ്ങളുടെയും കേന്ദ്രമായ തലസ്ഥാന നഗരിയില്‍ വ്യക്തികള്‍ക്ക് ഭയം കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യമില്ലെങ്കില്‍ മാനമില്ലാതാകുന്നത് ഭരണകൂടത്തിനാണ്. അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കും നേതാക്കള്‍ക്കുമാണ്. പെണ്‍കുട്ടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി, ലൈംഗികാവശ്യം നിറവേറ്റണമെന്ന മാനസികാവസ്ഥയിലേക്ക്, അത്തരമൊരു ആക്രമണത്തിലൂടെ തന്റെ ലൈംഗികാവശ്യം നിറവേറ്റപ്പെടുമെന്ന തെറ്റിദ്ധാരണയിലേക്ക് ജനതയിലൊരു വിഭാഗത്തെ വളര്‍ത്തിക്കൊണ്ടുവന്ന സംവിധാനങ്ങളുടെ മാനമാണ് നഷ്ടപ്പെടുന്നത്. അക്രമികളായ 'പുരുഷന്‍'മാരുടെ മാനം കൂടിയാണ് ഭഞ്ജിക്കപ്പെടുന്നത്. എന്നിട്ടും നമ്മളെ സംബന്ധിച്ച് 'കൂട്ട മാനഭംഗം' സംഭവിക്കുന്നത് ആ പെണ്‍കുട്ടിക്കാണ്.


അജ്ഞാതയാക്കി നിര്‍ത്തി അവളെയും കുടുംബത്തെയും കൂടുതല്‍ മാനഹാനിയില്‍ നിന്ന് സംരക്ഷിക്കാനുള്ള ബാധ്യത നാം ഏറ്റെടുക്കുകയും ചെയ്യുന്നു. ജീവന്‍ സംരക്ഷിക്കാന്‍ കഴിയാത്ത സമൂഹവും ഭരണ സംവിധാനവും മാനത്തിന് കൂടുതല്‍ ഹാനി സംഭവിക്കാതിരിക്കാന്‍ വ്യഗ്രത കാട്ടുന്നു!! ഇവിടെയാണ് ആ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്നു ശശി തരൂരിന്റെ ആവശ്യം പ്രസക്തമാകുന്നത്.


'എന്റെ മകനെ നിങ്ങളെന്തിന് മഴയത്ത് നിര്‍ത്തിയിരിക്കുന്നു' എന്ന് ഹൃദയദ്രവീകരണ ശക്തിയോടെ ചോദിച്ച ഒരു പിതാവിനെ നമുക്കറിയാം. മകന്‍ മരിച്ചോ ജീവിച്ചോ എന്ന് പറഞ്ഞുതരണമെന്ന് അപേക്ഷിച്ച് അധികാര സ്ഥാനങ്ങളുടെയും ന്യായാസനങ്ങളുടെയും മുന്നില്‍ കയറിയിറങ്ങിയ ഈച്ചര വാര്യരെ. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ കൊടിയ പീഡനത്തിന് ഇരയായ രാജന്റെ മൃതദേഹം എന്ത് ചെയ്തുവെന്ന  ആ പിതാവിന്റെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. അങ്ങനെ പല മുദ്രകള്‍ കുത്തിയ ശേഷം മഴയത്ത് നിര്‍ത്തിയിരിക്കുന്ന നിരവധി പേരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോഴുമുയരുന്നുണ്ട്. പഞ്ചാബ്, കാശ്മീര്‍, മണിപ്പൂര്‍, ഗുജറാത്ത് എന്നിങ്ങനെ പല ദേശങ്ങളില്‍ നിന്ന്. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും മുദ്രകള്‍ മായാത്തതിനാല്‍ അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ് അവരില്‍ പലരും. എന്തിന് മഴയത്ത് നിര്‍ത്തിയിരിക്കുന്നുവെന്ന ചോദ്യമുന്നയിക്കുന്ന ബന്ധുമിത്രാദികളും അകറ്റി നിര്‍ത്തപ്പെടുന്നു.


ഇവിടെ ആ പെണ്‍കുട്ടിയെ അജ്ഞാതയാക്കി നിര്‍ത്തുമ്പോള്‍ മാനാഭിമാനങ്ങളെ സംബന്ധിച്ച പരമ്പരാഗത ശീലങ്ങളെ അരക്കിട്ടുറപ്പിച്ച് അവളെയും അവളുടെ കുടുംബാംഗങ്ങളെയും അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച എല്ലാ കേസുകളിലും ഇത് തന്നെ സംഭവിക്കുന്നു. അതുകൊണ്ടു കൂടിയാണ് ഇരകളെ നിരന്തരം ഭീഷണിപ്പെടുത്താന്‍ കുറ്റാരോപിതര്‍ക്കും പ്രതികള്‍ക്കുമൊക്കെ സാധിക്കുന്നത്. രാജ്യം രോഷാകുലമായിരുന്ന ദിവസങ്ങളിലൊന്നില്‍ (2012 ഡിസംബര്‍ 31) ഹരിയാനയിലെ ജിന്ദില്‍ നിന്നുള്ള വാര്‍ത്ത (ഹിന്ദു ദിനപ്പത്രത്തില്‍) ഉദാഹരണമാണ്. മൂന്ന് ഗുണ്ടകളുടെ ലൈംഗിക അതിക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന് തീക്കൊളുത്തി മരിച്ച 16 വയസ്സുള്ള ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആരോപണ വിധേയരുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നതാണ് വാര്‍ത്ത. 16 വയസ്സുള്ള ഈ ദളിത് പെണ്‍കുട്ടി, നമ്മുടെ പൊതു വ്യവഹാരത്തില്‍ കൂട്ട മാനഭംഗത്തിന് ഇരയായവളാണ്. മാനം നഷ്ടപ്പെട്ട പെണ്‍കുട്ടിയും അവളുടെ കുടുംബവും എന്ന ചിത്രീകരണം സൃഷ്ടിക്കുന്ന അകറ്റിനിര്‍ത്തല്‍ തന്നെയാണ് ഈ ഭീഷണിപ്പെടുത്തലിന്റെ കാരണങ്ങളിലൊന്ന്.


ഈ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കൂടിയാണ് പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുമ്പോള്‍ മനസ്സിലാക്കേണ്ടത്. മനോരമാ ദേവിയെ പിടിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി കൊന്ന പട്ടാളക്കാര്‍ക്ക് മുന്നില്‍ 'ഞങ്ങളെ ബലാത്സംഗം ചെയ്യൂ' എന്ന ബാനറുമായി നഗ്നരായി പ്രകടനം നടത്തിയ സ്ത്രീകള്‍ പറഞ്ഞതും ഇത് തന്നെയാണ് - മാനം നഷ്ടപ്പെടുന്നത് പട്ടാളക്കാരുടെയും പട്ടാളത്തിന്റെയും രാജ്യത്തിന്റെയുമാണെന്ന ലളിതമായ വസ്തുത. നമുക്ക് പക്ഷേ, അത് മനസ്സിലായില്ല, മനസ്സിലായെങ്കില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് പെണ്‍കുട്ടികളും സ്ത്രീകളും മാനഭംഗത്തിന്റെയും കൂട്ടമാനഭംഗത്തിന്റെയും ഇരകളാകുന്നത്. അവര്‍ സമൂഹത്തിന്റെയും ജീവിതത്തിന്റെയും പുറമ്പോക്കിലേക്ക് നീക്കി നിര്‍ത്തപ്പെടുന്നത്. ഇരയായ പെണ്‍കുട്ടിയുടെ പേര് നിയമത്തിന് നല്‍കിയത് കൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിക്കാനില്ല. പക്ഷേ, ആ പെണ്‍കുട്ടിയുടെ പേര് സധൈര്യം പുറത്തു പറയാന്‍ രാജ്യം തയ്യാറാകേണ്ടതുണ്ട്. അവളെ ആക്രമിച്ച് ജീവനെടുത്തവരാണ് സമൂഹത്തിന് മുന്നില്‍ മാനമില്ലാതായവരെന്ന് തുറന്നു സമ്മതിക്കേണ്ടതുമുണ്ട്. അത്തരമൊരു അവസ്ഥയുണ്ടെങ്കില്‍ മാത്രമേ നീതിക്ക് വേണ്ടി പരസ്യമായി രംഗത്തുവരാനുള്ള കരുത്ത് എല്ലാവര്‍ക്കുമുണ്ടാകൂ. പറഞ്ഞത് ശശി തരൂരാണെങ്കില്‍ക്കൂടി, ആ വാക്കുകളുടെ യഥാര്‍ഥ സത്ത മനസ്സിലാക്കേണ്ടതുണ്ട്. അത് മനസ്സിലാക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് തരൂരിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി കൈയൊഴിയുന്നത്.


മുദ്രകുത്തി മഴയത്ത് നിര്‍ത്തപ്പെട്ടവര്‍, മാനം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അജ്ഞാതരാക്കി നിര്‍ത്തപ്പെട്ടവര്‍ അങ്ങനെ പട്ടികകളുടെ എണ്ണം വര്‍ധിക്കുന്തോറും നീതി നിഷേധത്തിന്റെ വലിയ ചരിത്രത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ ശക്തമാകും. ശേഷിക്കുന്ന വിശ്വാസ്യത കൂടി ഇല്ലാതാകുകയും ചെയ്യും. കൂട്ട മാനഭംഗമെന്ന പ്രചാരണം അവസാനിപ്പിക്കാന്‍ മാധ്യമങ്ങളെങ്കിലും തയ്യാറാകണം. സ്വന്തം ശരീരത്തിലും ജീവിതത്തിലുമുള്ള വിശ്വാസം അല്‍പ്പമെങ്കിലും നിലനിര്‍ത്താന്‍ ഒരുപക്ഷേ, അത് സഹായിച്ചേക്കും.