2013-06-10

ഇന്റലിജന്‍സിന്റെ കളികള്‍, മോഡിയുടേതും


ഭരണകൂടം സ്വന്തം ജനങ്ങളുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തുന്നത് പുതിയ കാര്യമല്ല. ഭരണകൂടത്തിന് ജനങ്ങളുടെ മേല്‍ വിശ്വാസം നഷ്ടപ്പെടുന്നത് കൊണ്ടല്ല, ജനങ്ങള്‍ക്ക് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതു കൊണ്ടാണ് ഇത്തരം ചാര പ്രവര്‍ത്തനം അനിവാര്യമായി വരുന്നത്. വിശ്വാസരാഹിത്യം തങ്ങളുടെ സ്ഥിരതക്ക് ഭീഷണിയാകും വിധത്തില്‍ വളര്‍ന്നു വരുമോ എന്ന് അറിയുകയും അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ പാകത്തില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ് ഈ ചാരപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. അതിനപ്പുറത്ത് ഭീകരവാദ/തീവ്രവാദ പ്രസ്ഥാനങ്ങള്‍ വേരുകള്‍ ആഴ്ത്തുന്നുണ്ടോ, ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് അവരില്‍ അനുതാപമുണ്ടാകുന്നുണ്ടോ എന്ന കണ്ടെത്തല്‍ കൂടി ഇത്തരം ചാര പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ നിന്ന് പൗരന്‍മാരുടെ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തിയെടുക്കാന്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ഭരണകൂടം വരെ തയ്യാറാകുന്നതും ഈ വിവരശേഖരണം ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ അനിവാര്യമാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ തുറന്ന് പറയുന്നതും ഭരണകൂടം ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നതിന് തെളിവാണ്. ഒരുപക്ഷേ, ശത്രു രാജ്യത്തിന്റെ രഹസ്യങ്ങള്‍ ശേഖരിക്കാന്‍ ചെലവഴിക്കുന്ന സമ്പത്തിനേക്കാള്‍ (മനുഷ്യ വിഭവശേഷിയായാലും പണമായാലും) ഏറെ അധികം സ്വന്തം ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഭരണകൂടങ്ങള്‍ ചെലവിടുന്നുണ്ടാകണം.


കേന്ദ്ര ഇന്റലിജന്‍സ്, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ എന്നിവ ഇന്ത്യയില്‍ നടത്തുന്ന പ്രവര്‍ത്തനവും മറ്റൊന്നല്ല. ഈ വിവരശേഖരണത്തിന്റെ പ്രധാന ന്യൂനത, ഭരണത്തിലിരിക്കുന്ന കക്ഷിക്ക്/കക്ഷികള്‍ക്ക്/വ്യക്തികള്‍ക്ക് ഹിതകരമായവയാകും പ്രധാനമായും സമര്‍പ്പിക്കപ്പെടുക എന്നതാണ്. ആഗോളതലത്തില്‍ തന്നെ ചില പ്രത്യേക വിഭാഗങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രധാന ലക്ഷ്യമാണ്. 'ഇസ്‌ലാമിക തീവ്രവാദ'മെന്നത്, ആവര്‍ത്തിച്ച് പറഞ്ഞ് ഉറപ്പിക്കപ്പെട്ടതിന് ശേഷം, മുസ്‌ലിംകള്‍ വിവരശേഖരണ ഏജന്‍സികളുടെ ലക്ഷ്യങ്ങളില്‍ പ്രധാന ഇനമാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍പ്പോലും അതങ്ങനെയാകുന്നുവെന്നതാണ് കൗതുകകരമായ വസ്തുത. അതുകൊണ്ട് തന്നെ വിവരശേഖരണം സൃഷ്ടിച്ച ഇരകളില്‍ ഭൂരിഭാഗവും അവര്‍ തന്നെ. ഇന്ത്യയിലെ സാഹചര്യവും ഏറെ ഭിന്നമല്ല. മുസ്‌ലിംകളോ ഇടത് തീവ്രവാദ പ്രസ്ഥാനവുമായി ബന്ധമുള്ളവരോ അതിനോട് അനുഭാവം മനസ്സിലെങ്കിലും സൂക്ഷിക്കുന്നവരോ ഇരകളാക്കപ്പെടുന്നു. അതുകൊണ്ടാണ് ആദിവാസികേന്ദ്രങ്ങളില്‍ വാര്‍ത്താ ശേഖരണാര്‍ഥമെത്തുന്നവര്‍ പോലും പൊടുന്നനെ മാവോയിസ്റ്റ് അനുഭാവികളായി ചിത്രീകരിക്കപ്പെടുന്നതും കസ്റ്റഡിയിലാകുന്നതും.


ഭരണ നേതൃത്വത്തിന് ഹിതകരമായ വിവര ശേഖരണം മാത്രമല്ല, ഇവിടെ നടക്കുന്നത്. ഭരണകൂടത്തിനോ അതിന് നേതൃത്വം നല്‍കുന്നവര്‍ക്കോ ഉപയോഗിക്കാന്‍ പാകത്തില്‍ വ്യാജ വിവരങ്ങള്‍ ചമച്ച് നല്‍കുന്നുമുണ്ടെന്ന് സംശയിക്കണം. നേരത്തെ തന്നെ ഉയര്‍ന്ന സംശയം സ്ഥിരീകരിക്കുകയാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. 2004 ജൂണ്‍ 15നാണ് ഇശ്‌റത്ത് ജഹാന്‍, മലയാളിയായ ജാവീദ് ഗുലാം ശൈഖ്, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവര്‍ അഹമ്മദാബാദ് വിമാനത്താവളത്തിന് അടുത്തുവെച്ച് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ സംഘാംഗങ്ങളായ നാല് പേരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നതായിരുന്നു പോലീസ് പുറത്തുവിട്ട വിവരം. ആദ്യ ദിനങ്ങളില്‍ പോലീസിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. വൈകാതെ ചോദ്യങ്ങളുയര്‍ന്നു. മുംബൈ സ്വദേശിയായ ഇശ്‌റത്തിന്റെ ബന്ധുക്കളും ജാവീദിന്റെ പിതാവ് ഗോപിനാഥ പിള്ളയും നടത്തിയ നിയമയുദ്ധം, ഏറ്റുമുട്ടലെന്ന ഗുജറാത്ത് പോലീസിന്റെ വാദത്തെ പൊളിച്ചുകളഞ്ഞു.


ഇശ്‌റത്തിനെയും ജാവീദിനെയും മുംബൈയില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന്, നേരത്തെ തന്നെ ഗുജറാത്ത് പോലീസിന്റെ പിടിയാലിയാരുന്ന മറ്റ് രണ്ട് പേര്‍ക്കൊപ്പം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായിരിക്കുന്നു. അംജദ് അലി റാണയും സീഷന്‍ ജോഹറും പാക്കിസ്ഥാന്‍ സ്വദേശികളാണെന്നാണ്, കൊല നടത്തിയ കാലത്ത് ഗുജറാത്ത് പോലീസ് പറഞ്ഞിരുന്നത്. ഇത് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരോപണവിധേയരാണ്, വിചാരണക്കുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു.


ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന വാദം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ തന്നെ ഇവരെ നാല് പേരെ ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള ഭീകരവാദികളായി ചിത്രീകരിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആധികാരികതയും തര്‍ക്ക വിഷയമായിരുന്നു. സംസ്ഥാന ഇന്റലിജന്‍സല്ല ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര ഇന്റലിജന്‍സിന്റെ ഗുജറാത്തിലെ ഡയറക്ടറായിരുന്ന രാജേന്ദ്ര കുമാറെന്ന ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നു. സംസ്ഥാന ഇന്റലിജന്‍സ്, നരേന്ദ്ര മോഡിയുടെ കീഴില്‍ വരുന്നതാകയാല്‍ അവര്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനിടയുണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ആധികാരികമാണെന്നും അതുകൊണ്ടു തന്നെ ഏറ്റുമുട്ടലിലാണ് നാല് പേരെയും വധിച്ചതെന്നും ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചിരുന്നു. ഈ വാദം തന്നെയാണ് ബി ജെ പി കേന്ദ്ര നേതൃത്വവും ഏറ്റുപാടിയിരുന്നത്. കേന്ദ്ര ഇന്റലിജന്‍സിന്റെ ഗുജറാത്തിലെ ഡയറക്ടര്‍ ആസ്ഥാനത്തേക്ക് കൈമാറുകയും അവിടെ നിന്ന് സംസ്ഥാന പോലീസിന് നീട്ടിനല്‍കുകയും ചെയ്ത പ്രസ്തുത റിപ്പോര്‍ട്ടിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്തില്ല.


ഇശ്‌റത്തും ജാവീദും അംജദും ജോഹറും ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരായിരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യാജ സൃഷ്ടിയായിരുന്നുവെന്നാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനി(സി ബി ഐ)ലെ ഉദ്യോഗസ്ഥരുടെ നിഗമനം. അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഐ പി എസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്ര കുമാറിനെ അവര്‍ ചോദ്യം ചെയ്തിരുന്നു.
ഈ കേസില്‍ മാത്രമല്ല ഇത്തരം ദുരൂഹമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുള്ളത്. സൈക്കിള്‍ റിപ്പയര്‍ കട നടത്തിയിരുന്ന സാദിഖ് ജമാല്‍ എന്ന യുവാവിനെ അഹമ്മദാബാദിലെ തെരുവില്‍ ഗുജറാത്ത് പോലീസ് വെടിവെച്ചിട്ടത് 2003 ജനുവരി 13നാണ്. 'ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകനായിരുന്നു സാദിഖ് ജമാല്‍', എന്ന കേന്ദ്ര ഇന്റലിജന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടാണ് ഈ കൊലക്കും ന്യായീകരണമായുണ്ടായിരുന്നത്. സാദിഖ് ജമാലിനെ വെടിവെച്ചു കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് അന്വേഷണങ്ങളില്‍ ഇപ്പോള്‍ തെളിയുന്നത്. അപ്പോള്‍ പിന്നെ  ഈ കൊലക്ക് കാരണമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആധികാരിതകയും സംശയിക്കണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാദിഖിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.


2002ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ കുറഞ്ഞത് എട്ട് ഏറ്റുമുട്ടല്‍ കൊലകളെങ്കിലും അഹമ്മദാബാദിലെ തെരുവുകളിലുണ്ടായി. ഇവയിലെല്ലാം കൊല്ലപ്പെട്ടവരുടെ ലശ്കറെ ത്വയ്യിബ ബന്ധം വ്യക്തമാക്കുന്ന കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടാണ്, നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ ഗുജറാത്ത് പോലീസും ഭരണകൂടവും ഉപയോഗിച്ചിരുന്നത്. കുറഞ്ഞത് മൂന്ന് കേസുകളിലെങ്കിലും (സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസാണ് മൂന്നാമത്തേത്) ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കിയതായിരുന്നുവെന്ന ആരോപണം ഇപ്പോള്‍ ശക്തമാണ്. മറ്റ് ഏറ്റുമുട്ടല്‍ കൊലകളും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍, ഇത്തരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ എന്തുകൊണ്ട് ചമക്കപ്പെട്ടുവെന്ന് അന്വേഷണം നടക്കേണ്ടതുണ്ട്.


നരേന്ദ്ര മോഡിയെ വധിക്കാന്‍ ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകര്‍ നിരന്തരമെത്തുന്നുവെന്ന പ്രതീതി ജനിപ്പിക്കും വിധത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെട്ടത് യാദൃച്ഛികമാകുമെന്ന് വിലയിരുത്തിയാല്‍ ഭോഷ്‌കാകും. 2002ലെ ഗുജറാത്ത് വംശഹത്യ, മോഡിയുടെ പ്രതിച്ഛായയെ വലിയ തോതില്‍ ബാധിച്ചിരുന്നു. വംശഹത്യക്ക് എല്ലാ പിന്തുണയും നല്‍കിയെന്ന ആരോപണം നേരിടുകയും ചെയ്യുന്നു. ഭീതിയുടെ അന്തരീക്ഷം മുതലെടുത്ത് ഗുജറാത്തില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയെങ്കിലും പ്രതിച്ഛായാ നഷ്ടം വലുതാണ്. ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടിയിറങ്ങുമ്പോഴും എന്‍ ഡി എയിലെ ഘടകകക്ഷികളില്‍ ചിലതെങ്കിലും മോഡിയെ അംഗീകരിക്കാതിരിക്കുന്നതിന് കാരണവും മറ്റൊന്നല്ല. മോശം പ്രതിച്ഛായ ഇല്ലാതാക്കാന്‍ ഫലപ്രദമായ ആയുധമായി ഏറ്റുമുട്ടല്‍ കൊലകളെ നരേന്ദ്ര മോഡി ഉപയോഗിച്ചിരുന്നുവോ? ആ തന്ത്രത്തിന് കേന്ദ്ര ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥര്‍ അരു നിന്നുവോ? ലശ്കറെ ത്വയ്യിബ നിരന്തരം വേട്ടയാടുന്ന നേതാവ് എന്നതിനപ്പുറം ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രീതി പിടിച്ചുപറ്റാന്‍ പറ്റിയ ആയുധം മറ്റൊന്നുണ്ടോ?


ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് കേന്ദ്രം ഭരിക്കുന്നവരുടെ ബാധ്യതയാണ്. ഇന്റലിജന്‍സ് ഏജന്‍സികളിലെയും പോലീസിലെയും എന്തിന് പട്ടാളത്തിലെപ്പോലും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ സമ്പൂര്‍ണാധികാര ലബ്ധി ലാക്കാക്കി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ നിലവിലുണ്ട്. നരേന്ദ്ര മോഡിക്ക് വേണ്ടി കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി എന്നതും ആ റിപ്പോര്‍ട്ട്, വിശ്വസിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ആസ്ഥാനം തയ്യാറായി എന്നതും രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന ആരിലും ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്. ഇത്രയൊക്കെയായിട്ടും മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വതമോ ആ പാര്‍ട്ടി നയിക്കുന്ന കേന്ദ്ര ഭരണകൂടമോ ഒരന്വേഷണത്തിനും തയ്യാറാകുന്നതേയില്ല. മലേഗാവ് സ്‌ഫോടനക്കേസില്‍ മുസ്‌ലിം ചെറുപ്പക്കാരെ ആരോപണവിധേയരാക്കി അറസ്റ്റ് ചെയ്തതിന് പിറകില്‍ മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിലും അടുത്തിടെ കൂടുതല്‍ വ്യക്തത കൈവന്നിട്ടുണ്ട്. ഇക്കാര്യത്തിലും സമഗ്രമായ അന്വേഷണത്തിന് നടപടികളുണ്ടായിട്ടില്ല.


ജനങ്ങള്‍ക്കുമേല്‍ ചാരപ്രവര്‍ത്തനം നടത്തുന്ന ഏജന്‍സികളെ, അവയുടെ വീഴ്ചകള്‍ പുറത്തുവന്നാല്‍പ്പോലും തള്ളിപ്പറയാന്‍ ഭരണകൂടത്തിന് മടിയുണ്ടാകും. അതുകൊണ്ടാകും അന്വേഷണം നടത്തി, കുറ്റക്കാരുണ്ടെങ്കില്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കാത്തത്. ഈ വിഭാഗങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന ഒരു നടപടിക്കും രാജ്യം (ഇപ്പോള്‍ രാജ്യമെന്നാല്‍ ഭരണകൂടമാണ്) തയ്യാറാകരുതല്ലോ? ഭീകരതയെ ചെറുക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് പൗരന്‍മാരുടെയാകെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്ന അമേരിക്കന്‍ മാതൃകയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഇന്റലിജന്‍സ് ഏജന്‍സികളെ തള്ളിപ്പറയുമെന്ന് പ്രതീക്ഷിക്കുന്നതും തെറ്റ് തന്നെ.


2013-06-07

ചെന്നിത്തലയുടെ തിരുമുറിവുകള്‍


കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം കയ്യാലപ്പുറത്തെ തേങ്ങയായി ഇരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം, ഉപമുഖ്യമന്ത്രി സ്ഥാനത്തോടെയായിരിക്കുമെന്നും ആഭ്യന്തര വകുപ്പ് കൈയാളിക്കൊണ്ടായിരിക്കുമെന്നുമുള്ള വാര്‍ത്തകളുടെയൊക്കെ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുന്നത്. വാര്‍ത്ത മാധ്യമ സൃഷ്ടിയായാലും അല്ലെങ്കിലും കെ പി സി സി അധ്യക്ഷ പദത്തിലെത്തിയ ശേഷം രമേശ് ചെന്നിത്തല അഭിമുഖീകരിക്കുന്ന വലിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നുവെന്നതാണ് വസ്തുത. മന്ത്രിസഭയിലേക്ക്, ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ എത്തിയാല്‍ പോലും പരിഹരിക്കപ്പെടാത്ത പ്രതിസന്ധി. ഉന്നത/രണ്ടാം സ്ഥാനം ലഭിക്കുക എന്ന ഏക ഉദ്ദേശ്യത്തില്‍ വിലപേശിയ നേതാവെന്ന പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടുവെന്നതാണ് അതില്‍ പ്രധാനം. മന്ത്രിയാകേണ്ട, കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നാല്‍ മതിയെന്ന് തീരുമാനിച്ചാലും പ്രയാസം തീരില്ല. രണ്ട് ടേമിലധികം കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന എ ഐ സി സി തീരുമാനം ലംഘിച്ച് തുടരുമ്പോള്‍ പദവിയില്ലാതെ അര നിമിഷം കഴിയാന്‍ വയ്യാത്ത നേതാവായി ചിത്രീകരിക്കപ്പെടുകയും ചെയ്യും.


എന്തുകൊണ്ടിത്തരമൊരു ദുരവസ്ഥ? ആലോചിക്കേണ്ടത് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഐ ഗ്രൂപ്പും തന്നെയാണ്. ഉമ്മന്‍ ചാണ്ടിയെന്ന നേതാവിനെ തീരെ ചെറുതാക്കിക്കണ്ടുവെന്നതാണ് ചെന്നിത്തലയുടെ ആദ്യത്തെ പാളിച്ച. സമുദായ സന്തുലനമെന്ന എന്‍ എസ് എസ്, എസ് എന്‍ ഡി പി മുറവിളിക്ക് പരിഹാരം മന്ത്രിസഭയില്‍ രണ്ടാമനായി താനെത്തുക എന്നതല്ലാതെ മറ്റൊന്നുമില്ലെന്ന് ധരിച്ച് വശായതും. പൊതുവെ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം നേരിടാറുണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി. അതിനുമപ്പുറത്ത് സമുദായ നേതാക്കളുമായി ചങ്ങാത്തം പുലര്‍ത്തി, അവരുടെ സൗകര്യത്തിനനുസരിച്ച് പാര്‍ട്ടി പരിപാടികള്‍ പോലും മാറ്റി, പ്രതിച്ഛായ സ്വയം കളഞ്ഞുകുളിച്ചുവെന്നതാണ് മൂന്നാമത്തെ പ്രശ്‌നം.


കെ കരുണാകരന്റെ സ്വന്തമാളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പൊടുന്നനെ വളര്‍ന്ന രമേശ് ചെന്നിത്തല, മുരളീധരന്റെ രംഗപ്രവേശത്താല്‍ അസ്വസ്ഥനായി ജി കാര്‍ത്തികേയന്‍, എം ഐ ഷാനവാസ് എന്നിവര്‍ക്കൊപ്പം തിരുത്തല്‍വാദിയായി മാറിയതും വാഹനാപകടത്തിലേറ്റ പരുക്കിന്റെ ചികിത്സക്ക് ലീഡര്‍ അമേരിക്കയിലേക്ക് പോയ കാലത്ത്, അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കാന്‍ എ ഗ്രൂപ്പിനൊപ്പം നിന്നതും  അത്ര പഴയ ചരിത്രമല്ല. അന്നും ലീഡറോട് നേരിട്ടേറ്റുമുട്ടാന്‍ എ കെ ആന്റണിക്ക് പിന്‍ബലമായി നിന്നയാളാണ് ഉമ്മന്‍ ചാണ്ടി. പിന്നീട് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ, തനിക്ക് നേതാവാകാന്‍ സമയമായെന്ന് തോന്നിയപ്പോള്‍, പഴയ കൂറ് മാറ്റിവെച്ച് രംഗത്തുവന്നയാളുമാണ് ഉമ്മന്‍ ചാണ്ടി. ആന്റണിയുടെ പേരില്‍ ഗ്രൂപ്പ് നിലനില്‍ക്കുന്നുവെന്നേയുള്ളൂ, ഏറെക്കാലമായി അത് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പാണ്. ഗ്രൂപ്പിലെ അതൃപ്തരെ ഒതുക്കാനും അടുപ്പമുള്ളവരെ വളര്‍ത്താനും ശ്രദ്ധിച്ച്, തന്റെ അധീശത്വം ഭംഗിയായി നിലനിര്‍ത്തുന്നുണ്ട് ഉമ്മന്‍ ചാണ്ടി. അത്തരമൊരാളോട് നേര്‍ക്കുമ്പോള്‍ കരുതലോടെ നീങ്ങാന്‍ കഴിഞ്ഞില്ല രമേശ് ചെന്നിത്തലക്ക്, മാറ്റാന്റെ അടവ് മുന്‍കൂട്ടി കണ്ട് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പാകത്തില്‍ ആരും ക്യാമ്പിലുണ്ടായിരുന്നുമില്ല.


കേരള യാത്രക്ക് മുന്നോടിയായി പത്രങ്ങളിലെഴുതിയ ലേഖനത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ വിമര്‍ശിച്ചതോടെ തുടങ്ങി പാളിച്ചകള്‍. വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയാണ്, കൊള്ളയും പിടിച്ചുപറിയും സ്ത്രീ പീഡനവും സംസ്ഥാനത്ത് പെരുകുന്നു എന്നിങ്ങനെ ലേഖനത്തിലെഴുതിയപ്പോള്‍ അത് ഉമ്മന്‍ ചാണ്ടിയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ലക്ഷ്യമിട്ടാണെന്ന് ആരെയും പറഞ്ഞ് മനസ്സിലാക്കേണ്ടതില്ല. ഈ വിമര്‍ശത്തെ അംഗീകരിച്ച് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകുമോ? തന്റെ ഭരണം പരാജയമായിരുന്നുവെന്നും ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭയെ ശക്തിപ്പെടുത്തി ഭരണം കാര്യക്ഷമമാക്കിയെന്നുമുള്ള ഖ്യാതി സ്വീകരിക്കാന്‍ മാത്രം സഹൃദയനാകുമോ ഉമ്മന്‍ ചാണ്ടി? ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും, എട്ടാണ്ടിലേറെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് വാണരുളിയിട്ടും മനസ്സിലായിട്ടില്ലെന്ന് വന്നാല്‍ ആ രാഷ്ട്രീയ ബുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടും.


കോണ്‍ഗ്രസ് തര്‍ക്കത്തിലുണ്ടായ വാര്‍ത്താ പ്രളയത്തില്‍ ഉമ്മന്‍ ചാണ്ടി സ്വീകരിച്ച, മാധ്യമ സൃഷ്ടിയാണ് എല്ലാമെന്നും മാധ്യമങ്ങള്‍ക്ക് സ്വന്തം വിശ്വാസ്യതയില്‍ താത്പര്യമില്ലെങ്കില്‍ തനിക്കെന്ത് ചെയ്യാനാകുമെന്നുമൊക്കെയുള്ള നിലപാട് യഥാര്‍ഥത്തില്‍ സൂക്ഷ്മമായി പഠിക്കേണ്ടത് ചെന്നിത്തലയും ഐ ഗ്രൂപ്പുമാണ്. ഭാവിയില്‍ അപകടങ്ങളൊഴിവാക്കാന്‍ അത് നന്നായിരിക്കും. കേരള യാത്ര സമാപിച്ച് ദിവസങ്ങള്‍ക്കകമാണ് 'രമേശ് മന്ത്രിസഭയിലേക്ക്' എന്ന വാര്‍ത്ത കേരളത്തിലെ ഏറ്റവും സര്‍ക്കുലേഷനുള്ള പത്രം മുഖ്യ വാര്‍ത്തയായി നല്‍കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും അടുപ്പമുള്ള പത്രത്തില്‍ അത്തരമൊരു വാര്‍ത്ത മുഖ്യ വാര്‍ത്തയായി വരുമ്പോള്‍ തന്നെ അതിലെ അപകടം ചെന്നിത്തലക്ക് മനസ്സിലാകേണ്ടതായിരുന്നു.


പിന്നീട് എല്ലാ മാധ്യമങ്ങളും ആ വാര്‍ത്ത ഏറ്റെടുത്തു. വലിയ ചര്‍ച്ചയായി, എ, ഐ ഭേദമില്ലാതെ എല്ലാ നേതാക്കളും പ്രതികരണവുമായി രംഗത്തുവന്നു. ബഹളങ്ങള്‍ക്കിടെ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും ചര്‍ച്ച നടത്തി, തൊട്ടുപിറകെ വാര്‍ത്ത വന്നു; ഉപമുഖ്യമന്ത്രി പദത്തില്‍ തീരുമാനമായെന്ന്. പിറ്റേന്ന് രാവിലെ ഉപമുഖ്യമന്ത്രിപദത്തിന്റെ കാര്യം മുന്നണിയില്‍ ആലോചിച്ചിട്ടില്ലെന്നും അത്തരമൊരു സ്ഥാനമുണ്ടെങ്കില്‍ അതിന്റെ ആദ്യ അവകാശം തങ്ങള്‍ക്കാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ഏറ്റവും സര്‍ക്കുലേഷനുള്ള പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലിനോട് പ്രതികരിച്ചു. ഇത്രയുമായപ്പോഴെങ്കിലും നേരം വെളുക്കേണ്ടതായിരുന്നു രമേശ് ചെന്നിത്തലക്കും ഐ ഗ്രൂപ്പിനും. അതുണ്ടായില്ല, അതിന്റെ ക്ഷീണമാണ് ഇപ്പോള്‍ തേച്ചാലും കുളിച്ചാലും മാറാത്ത വിധം നിലനില്‍ക്കുന്നത്.


ഇത്രയുമൊക്കെ നടന്ന ശേഷമാണ് മാധ്യമ സൃഷ്ടിയായും മാധ്യമങ്ങള്‍ക്ക് അവരുടെ വിശ്വാസതയിലെ താത്പര്യമില്ലായ്മയായും വാര്‍ത്തകളെ ഉമ്മന്‍ ചാണ്ടി വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ട് ഈ വിശേഷണം എന്നറിയണമെങ്കില്‍ കുറച്ച് കൂടി കാര്യങ്ങള്‍ 'റീവൈന്റ്' ചെയ്താല്‍ മതിയാകും. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന, സി പി എം വിഭാഗീയത പാരമ്യത്തില്‍ നിന്ന, കാലത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് എഴുന്നേറ്റ ശേഷം ''മാധ്യമ സിന്‍ഡിക്കേറ്റെന്ന് ആക്ഷേപിക്കുന്നവര്‍ തന്നെ മാധ്യമങ്ങളെ ഉപയോഗിക്കുക'' എന്ന ആരോപണം വി എസ് ഉന്നയിച്ചിരുന്നു. വി എസിന്റേത് മാത്രമായ അംഗവിക്ഷേപങ്ങളോടെ ആ വാക്കുകള്‍ ഓര്‍ത്തു നോക്കുക. ദീര്‍ഘ വീക്ഷണത്തോടെയുള്ളതായിരുന്നു ആ വാക്കുകളെന്ന് ഉമ്മന്‍ ചാണ്ടിയുടെ, മാധ്യമ സൃഷ്ടി ആരോപണവും വാര്‍ത്തകളുടെ ഒഴുക്കും കാണുമ്പോള്‍ തോന്നിപ്പോകും.


മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗിന് കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ രമേശ് ചെന്നിത്തല സ്വീകാര്യനായിരിക്കും. മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനത്തേക്ക് ചെന്നിത്തലയെ ആനയിക്കുമ്പോള്‍ അത് സമുദായ സന്തുലനത്തിന്റെ കണക്കിലെഴുതലായി മാത്രമേ നിലവിലുള്ള എന്‍ എസ് എസ്, എസ് എന്‍ ഡി പി സമ്മര്‍ദ സാഹചര്യത്തില്‍ വിലയിരുത്താനാകൂ. ലീഗിന്റെ പ്രതിനിധികളില്‍ അഞ്ചാമതൊരാള്‍ മന്ത്രിസഭയില്‍ എത്തിയപ്പോഴാണ് സമുദായ സന്തുലനം തകര്‍ന്നുവെന്ന ആരോപണമുണ്ടായത്. താക്കോല്‍ സ്ഥാനത്തേക്ക് ചെന്നിത്തല എത്തുമ്പോള്‍, സന്തുലനം തകര്‍ന്ന പ്രശ്‌നത്തിനുള്ള പരിഹാരമെന്ന നിലയില്‍ അത് വ്യവഹരിക്കപ്പെടുമെന്ന് ലീഗ് കരുതുന്നു. രമേശ് മന്ത്രിസഭയില്‍ വരുന്നത് കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന്  ജി സുകുമാരന്‍ നായര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മനസ്സിലിരുപ്പ് അതല്ലെന്ന് എല്ലാവര്‍ക്കുമെന്ന പോലെ ലീഗിനുമറിയാം. ലീഗിന്റെ രണ്ടാം സ്ഥാനം തങ്ങളിടപെട്ട് ഇല്ലാതാക്കി എന്ന് അഹങ്കരിക്കാന്‍ എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കും അവസരമുണ്ടാക്കുന്നത് ശരിയല്ലെന്നും അവര്‍ കരുതുന്നുണ്ടാകണം.


ഇതിന് മുമ്പ് നടന്ന കേരള യാത്രക്കിടെ (നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചെന്നിത്തല നടത്തിയത്) പത്തനംതിട്ടയിലെ പര്യടനം, നായര്‍ മഹാ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു. ചെന്നിത്തല  ഹരിപ്പാട് മത്സരിച്ചതിന്റെ ക്രഡിറ്റും എന്‍ എസ് എസ് അവകാശപ്പെട്ടിരുന്നു. ചെന്നിത്തലക്ക് മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വം തങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്ന അവകാശവാദവും എന്‍ എസ് എസ് പിന്നീട് നടത്തി. കെ പി സി സി പ്രസിഡന്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുന്നതിനേക്കാള്‍  താത്പര്യം ഒരു സമുദായ സംഘടന എടുക്കുന്നുവെങ്കില്‍ ആ നേതാവിന്റെ കാര്യത്തില്‍ ചില്ലറ സംശയം ആര്‍ക്കും തോന്നാം. അത്തരം സംശയം മുസ്‌ലിം ലീഗിനുണ്ടായിട്ടുണ്ടാകണം. അതുകൊണ്ട് കൂടിയാണ് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ക്കൊപ്പം നിന്ന് ഉപമുഖ്യമന്ത്രി പദത്തിന്റെ സാധ്യത അവര്‍ ഇല്ലാതാക്കിയത്.


ഏറെ ചെറുപ്പത്തില്‍ മന്ത്രിയായി, പലവട്ടം എം പിയായി, ഹിന്ദി ഭാഷ വശത്താക്കിക്കൊണ്ട് എ ഐ സി സി നേതാക്കളുമായി മറ്റ് കേരള നേതാക്കള്‍ക്കില്ലാത്ത അടുപ്പം ഉണ്ടാക്കി എന്നിങ്ങനെ പല മേന്മകളുമുണ്ടാകാം രമേശ് ചെന്നിത്തലക്ക്. കെ പി സി സി അധ്യക്ഷപദത്തില്‍ തുടര്‍ന്ന കാലത്തോളം ആരും ചോദ്യം ചെയ്യാനുണ്ടായതുമില്ല. അതൊന്നും പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ അടവുകള്‍ തിരിച്ചറിഞ്ഞ് പയറ്റാനുള്ള പഠിപ്പായില്ലെന്ന് രമേശ് ചെന്നിത്തല ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാകണം. പാര്‍ട്ടിക്കുള്ളിലെ ബന്ധുബലം കൊണ്ടല്ല ഉമ്മന്‍ ചാണ്ടി യുദ്ധം ജയിക്കുന്നത്. പുറത്തുള്ള സുഹൃത്തുക്കളെ കൃത്യ സമയത്ത് ഉപയോഗിച്ചുകൊണ്ടാണ്. അങ്ങനെ ഉപയോഗിക്കുന്നതില്‍ പരാതിയില്ലാത്ത ശക്തരായ ബന്ധുക്കള്‍ ഏറെയുണ്ട് താനും.


പാര്‍ട്ടിയില്‍ ഒന്നാമനെന്ന സ്ഥാനം കോണ്‍ഗ്രസിനെയോ യു ഡി എഫിനെയോ സംബന്ധിച്ച് മുഖ്യമന്ത്രി, മന്ത്രി എന്നീ പദവികളെക്കാള്‍ വലുതല്ല. അതുകൊണ്ടാണ് വെറും എം എല്‍ എയായി തുടര്‍ന്ന കാലത്തും പാര്‍ട്ടി സ്ഥാനങ്ങളൊന്നും ഉമ്മന്‍ ചാണ്ടി സ്വീകരിക്കാതിരുന്നത്. പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലക്കെതിരെ ചെറുവിരലനക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നതും മറ്റൊന്നുകൊണ്ടല്ല. കെ പി സി സി പ്രസിഡന്റ് സ്ഥാനമുപേക്ഷിച്ച് മന്ത്രിയാകാന്‍ പുറപ്പെട്ടാല്‍ ഗതിയെന്താകുമെന്ന് അനുഭവജ്ഞാനമുള്ള കെ മുരളീധരന്‍ മുന്‍കൂട്ടി പറഞ്ഞുകൊടുത്തതാണ്. ആ മുന്നറിയിപ്പ് മുഖവിലക്കെടുത്തിരുന്നുവെങ്കില്‍ അല്‍പ്പം കരുതലോടെ നീങ്ങുമായിരുന്നു. ഇനി ആകെ പറയാവുന്നത്, ഈ പാര്‍ട്ടിയെക്കുറിച്ചും മുന്നണിയെക്കുറിച്ചും നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന് മാത്രം.