2013-07-22

ചൂതാട്ടക്കാരന്റെ കുമ്പസാരം



കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ വലിയൊരു തിരിച്ചുവരവ് നടപ്പ് സാമ്പത്തിക വര്‍ഷം ആരും പ്രതീക്ഷിക്കുന്നില്ല. രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും കൂടുതല്‍ ഇടിയാന്‍ പാകത്തിലുള്ള ദുര്‍ബലാവസ്ഥയില്‍ തുടരുകയും ചെയ്യുന്നു. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനായി പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുമ്പോഴും പ്രതീക്ഷിച്ച ഒഴുക്ക് ഉണ്ടാകുന്നില്ല. കൊടിയ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന്, മുന്‍കാലങ്ങളില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയ മേഖലകളില്‍ ചിലതെങ്കിലും മുരടിച്ചു. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന തോതില്‍ തുടരുന്നു, അതിന് ആധാരമായ അവശ്യ വസ്തുക്കളുടെതടക്കം വിലയിലുണ്ടായ വര്‍ധന സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലുമാക്കുന്നു. സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതിലധികമൊന്നും വേണ്ടതില്ല. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇത് നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുമുണ്ട്. വാണിജ്യ, വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ അസോചമിന്റെ യോഗത്തില്‍ പങ്കെടുക്കവേ കഴിഞ്ഞ ദിവസം മാത്രമാണ് അദ്ദേഹം അത് തുറന്നു പറഞ്ഞത് എന്നു മാത്രം.


രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്കിലുണ്ടായ കുറവും ആശങ്കപ്പെടുത്തുന്ന ഘടകങ്ങളല്ലെന്നും സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കരണ നടപടികള്‍ ഇവ മറികടക്കാന്‍ സഹായിക്കുമെന്നും ധനമന്ത്രി പി ചിദംബരം ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. രാജ്യത്ത് നിക്ഷേപമിറക്കിയവരുടെയും നിക്ഷേപമിറക്കാന്‍ ഉദ്ദേശിക്കുന്നവരുടെയും മനോവീര്യം നിലനിര്‍ത്താന്‍ ഈ ആവര്‍ത്തനങ്ങള്‍ സഹായിച്ചേക്കാം. അതു പോലും പരിഗണിക്കാതെ രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് വൈകിയാണെങ്കിലും പ്രധാനമന്ത്രി തുറന്നു പറയുമ്പോള്‍ കാര്യങ്ങള്‍ കൈപ്പിടിയില്‍ നിന്ന് വഴുതുകയാണെന്ന് വ്യക്തം. അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കേന്ദ്ര സര്‍ക്കാറിനും പിടിവള്ളിയായുള്ളത് സാമ്പത്തിക വളര്‍ച്ച ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെങ്കില്‍ തങ്ങള്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തണമെന്ന വാദമാണ്. എതിര്‍ ചേരിക്ക് നേതൃത്വം നല്‍കാന്‍ നരേന്ദ്ര മോഡി എത്തുകയും തീവ്ര ഹിന്ദുത്വ അജന്‍ഡ തിരിച്ചെടുക്കുകയും ചെയ്തതിലൂടെ അത് കോണ്‍ഗ്രസിന് സമ്മാനിച്ച ചെറിയ മുന്‍തൂക്കം അവഗണിക്കുന്നില്ല. എങ്കിലും സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുറന്നിട്ട പുതിയ സൗകര്യങ്ങളും അതിനെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഭക്ഷ്യ സുരക്ഷ പോലുള്ള ജനപ്രിയ പദ്ധതികള്‍ നടപ്പാക്കലും തന്നെയാണ് കോണ്‍ഗ്രസിന് പ്രചാരണ രംഗത്ത് ഉപയോഗിക്കാന്‍ സാധ്യതയുള്ള വിഷയങ്ങള്‍.


ഈ സാഹചര്യത്തിലാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിസന്ധിയെ ഉത്കണ്ഠ ജനിപ്പിക്കും വിധത്തില്‍ അഭിമുഖീകരിക്കുകയാണെന്ന തുറന്നു പറച്ചില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. 1984ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ആരംഭിക്കുകയും രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് വിശാലമാക്കുകയും 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് ധനകാര്യ വകുപ്പിന്റെ  ചുമതലയേറ്റെടുത്ത ശേഷം ഊര്‍ജിതമാക്കുകയും ചെയ്തതാണ് സാമ്പത്തിക പരിഷ്‌കരണ നടപടികള്‍. ഇവയെ തീര്‍ത്തും എതിര്‍ക്കുന്ന ഒരു ഭരണ സംവിധാനത്തിന് പോലും തിരിച്ചുനടത്തം എളുപ്പമല്ലാത്ത വിധത്തിലേക്കാണ് ധനമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍ സിംഗ് കാര്യങ്ങളെ എത്തിച്ചത്.


താനൊരു ചൂതാട്ടത്തിന് ഇറങ്ങുകയാണെന്ന് അന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു. ചൂതാട്ടത്തിന് പല പ്രത്യേകതകളുണ്ട്. സംഘടിപ്പിക്കപ്പെടുന്നവരുടെ ഇംഗിതത്തിന് അനുസരിച്ച് പുരോഗമിക്കുമെന്നതാണ് അതില്‍ പ്രധാനം. പുതുതായി എത്തുന്ന കളിക്കാരന് തുടക്കത്തില്‍ വലിയ പ്രോത്സാഹനം നല്‍കി, കൂടുതല്‍ ആവേശത്തോടെ കളിയില്‍ തുടരാന്‍ പ്രേരിപ്പിക്കും. ഈ കളിക്കാരന് പിന്നീട് കൈനഷ്ടമുണ്ടാകുമെന്ന് ഉറപ്പ്. കൈനഷ്ടം തിരിച്ചെടുക്കാനും കൂടുതല്‍ ലാഭം നേടാനുമുദ്ദേശിച്ചാകും പുത്തന്‍കൂറ്റുകാരന്റെ പിന്നത്തെ കളി. ഒടുവില്‍ പാപ്പരായി പുറത്താകുമ്പോള്‍, ചൂതാട്ടത്തിന്റെ സംഘാടകര്‍ തന്നെ ഇയാളെ വേട്ടയാടുകയും ചെയ്യും. രാജ്യത്തെ, ഏറെക്കുറെ ഈ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു മന്‍മോഹന്‍ സിംഗിന്റെ ചൂതാട്ടം.
1991ല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് മുമ്പ് രാജ്യത്തിന്റെ ശരാശരി വളര്‍ച്ചാ നിരക്ക് നാലര ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ച് ശതമാനത്തിലെത്തിയപ്പോള്‍ ഏതാണ്ട് പഴയ കാലത്തിലേക്ക് രാജ്യം തിരിച്ചെത്തിയെന്ന് അര്‍ഥം. പുതിയ കാലത്തെ നിക്ഷേപ സാഹചര്യങ്ങളും ഉത്പാദന, വിപണന സമ്പ്രദായങ്ങളും കണക്കാക്കുമ്പോള്‍ അഞ്ച് ശതമാനം വളര്‍ച്ചാ നിരക്കെന്നത് പഴയ (നാലരയുടെ കാലത്തെ) സാമ്പത്തിക ആരോഗ്യം ഇപ്പോഴില്ല എന്ന് തന്നെയാണ് കാണിക്കുന്നത്. അതേസമയം അന്നത്തേതിനേക്കാള്‍ വേഗത്തിലും വലിപ്പത്തിലും രാജ്യത്തിന്റെ സമ്പത്ത് പുറത്തേക്ക് ഒഴുകുന്നുമുണ്ട്. കൈനഷ്ടം തിരിച്ചെടുക്കാന്‍ കളിക്കുന്ന ചൂതാട്ടക്കാരന്‍, കൂടുതല്‍ നഷ്ടങ്ങള്‍ക്ക് സാക്ഷിയായി നില്‍ക്കുന്ന സ്ഥിതി.


എന്നാല്‍ ഇത് മനസ്സിലാക്കിയാണോ കേന്ദ്ര സര്‍ക്കാറും മന്‍മോഹന്‍ - ചിദംബരം - മൊണ്ടേക് സിംഗ് അലുവാലിയ സഖ്യം മുന്നോട്ടുപോകുന്നത് എന്നതില്‍ സംശയുണ്ട്. ഇത് മനസ്സിലാക്കിക്കൊണ്ട് ചൂതാട്ടം തുടരുകയാണോ എന്നതിലാണ് കൂടുതല്‍ സംശയം. രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഏറെ ഉയര്‍ന്നു നിന്ന കാലത്ത്, റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി, വിപണിയിലേക്കുള്ള പണമൊഴുക്ക് നിയന്ത്രിക്കുകയാണ് ധന മന്ത്രാലയം ചെയ്തത്. പൊതുവിപണിയില്‍ ഇടപെട്ടും അവധി വ്യാപാരത്തെ നിയന്ത്രിച്ചും പൂഴ്ത്തിവെപ്പ് തടഞ്ഞും വിലക്കയറ്റം നിയന്ത്രിക്കാനും പണപ്പെരുപ്പം വരുതിയിലാക്കാനും ശ്രമിച്ചില്ലെന്ന് അര്‍ഥം. വിപണിയിലേക്കുള്ള പണമൊഴുക്ക് നിയന്ത്രിച്ചത് വിപണിയെ ദോഷകരമായി ബാധിക്കുകയും നിര്‍മാണ മേഖലയിലെ വളര്‍ച്ചാ മുരടിപ്പിന് കാരണമാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ രൂപയുടെ മൂല്യം ഏണിപ്പടികള്‍ തകര്‍ന്നതു പോലെ താഴേക്ക് പതിച്ചപ്പോഴും ധനമന്ത്രാലയവും റിസര്‍വ് ബേങ്കും സ്വീകരിക്കുന്നത് സൂക്ഷ്മമായ സാമ്പത്തിക ഉപകരണങ്ങളെയാണ്. ഹ്രസ്വകാല വായ്പാ നിരക്ക് വര്‍ധിപ്പിച്ചത് അതുകൊണ്ടാണ്. ബേങ്കുകളിലും റിസര്‍വ് ബേങ്കിലും നീക്കിയിരിപ്പ് കൂടുതല്‍ ഉണ്ടായാല്‍, നാണയ വിപണിയില്‍ രൂപയുടെ ആരോഗ്യം മെച്ചപ്പെടുമെന്ന സിദ്ധാന്തം. ഹ്രസ്വകാല വായ്പാ നിരക്ക് വര്‍ധിപ്പിച്ച തീരുമാനം വന്നതിനു പിറ്റേന്ന് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നിടുള്ള ദിവസങ്ങളില്‍ രൂപ ദുര്‍ബലയാകുന്നതാണ് കണ്ടത്. അണക്കെട്ടിന്റെ ചോര്‍ച്ച, തുണിതിരുകി അടക്കാന്‍ ശ്രമിക്കുന്നത് പോലെ നിരര്‍ഥകമായിരുന്നു നടപടികള്‍ എന്നര്‍ഥം.


സാമ്പത്തികമാന്ദ്യത്തിന്റെ കയത്തില്‍ നിന്ന് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവന്നുവെന്നാണ് അവിടുത്തെ ഭരണകൂടം കണക്കാക്കുന്നത്. ഡെട്രോയിറ്റ് പോലുള്ള നഗരങ്ങള്‍ പാപ്പരായി, ഉപേക്ഷിക്കപ്പെട്ട് തുടരുമ്പോഴും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളിലെ വര്‍ധന, നിര്‍മാണ മേഖലയില്‍ ചെറുതായെങ്കിലുമുണ്ടായ വളര്‍ച്ചാ വര്‍ധന എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് മാന്ദ്യത്തില്‍ നിന്ന് തിരിച്ചെത്തി എന്ന് അവര്‍ അവകാശപ്പെടുന്നത്. ഈ അവകാശവാദത്തിന്റെ ബലത്തില്‍, സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഡോളറിന് കരുത്തേകാന്‍ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ശ്രമിച്ചു. ആ ശ്രമമാണ് ഇന്ത്യന്‍ രൂപയെ കൊടുങ്കാറ്റിലകപ്പെട്ട കരിയിലയുടെ അവസ്ഥയിലെത്തിച്ചത്. കൂറേക്കൂടി ശക്തമായ നടപടികള്‍ ഫെഡറല്‍ റിസര്‍വ് സ്വീകരിച്ചാല്‍ എന്താകും സ്ഥിതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അത്രത്തോളം ആശ്രിതത്വം, ചൂതാട്ടത്തിന്റെ രണ്ട് ദശാബ്ദത്തിനിടെ രൂപക്കുണ്ടായിരിക്കുന്നു.


ഈ അവസ്ഥ മാറ്റി, സ്വതന്ത്ര കറന്‍സിയായി രൂപയെ മാറ്റിയെടുക്കണമെങ്കില്‍ കര്‍ശനമായ നടപടികള്‍ക്ക് നമ്മുടെ ഭരണകൂടം തയ്യാറാകേണ്ടതുണ്ട്. അതിലേറ്റവും പ്രധാനം ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി, വലിയ ലാഭം സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള സൗകര്യം ഇല്ലാതാക്കുകയാണ്. അതിന്  തയ്യാറായാല്‍, ആഭ്യന്തര വിപണിയെ സംരക്ഷിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഇന്ത്യയെന്ന് അമേരിക്കന്‍ മേലാവിന്റെ ആരോപണം ശക്തമാകും. മേലാവിന്റെ അപ്രീതി സമ്പാദിക്കാന്‍ മന്‍മോഹനോ ചിദംബരമോ അലുവാലിയയോ തയ്യാറാകില്ലെന്ന് ഉറപ്പ്. വിലക്കയറ്റം നാട്ടുകാര്‍ക്കുണ്ടാക്കുന്ന പൊറുതിമുട്ടിനേക്കാള്‍ മേലാവിന്റെ ഇംഗിതങ്ങള്‍ക്കാണ് ചൂതാട്ടക്കാരന്‍ എപ്പോഴും മുന്‍ഗണന നല്‍കുക.
കൂടുതല്‍ വിദേശനിക്ഷേപമാണ് പ്രതിസന്ധി നേരിടാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് ഡോ. മന്‍മോഹന്‍ സിംഗ്  പറയുന്നത് അതുകൊണ്ടാണ്. അതിന് അവസരമൊരുക്കും വിധത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതും.


പ്രകൃതി വാതകത്തിനുള്ള വില വര്‍ധിപ്പിക്കണമെന്ന റിലയന്‍സിന്റെ ആവശ്യത്തിന് വഴങ്ങുന്ന സര്‍ക്കാര്‍, അടുത്ത നിമിഷം പെട്രോളിയം മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത് ഉദാഹരണമാണ്. പ്രകൃതി വാതകത്തിന് വില ഉയര്‍ത്തുമ്പോള്‍, അത് ഇന്ധനമായ വൈദ്യുതോത്പാദനത്തിന് ചെലവേറും. ഉപഭോക്താവ് കൂടുതല്‍ വില വൈദ്യുതിക്ക് നല്‍കേണ്ടിയും വരും. വൈദ്യുതിയെ ആശ്രയിക്കുന്ന എല്ലാ വ്യവസായങ്ങള്‍ക്കും ഉത്പാദനച്ചെലവ് വര്‍ധിക്കും. അതിന്റെ ഭാരവും സാധാരണക്കാരോ കര്‍ഷകരോ ഇടത്തരക്കാരോ ഒക്കെ വഹിക്കേണ്ടിയും വരും. പക്ഷേ, പ്രകൃതി വാതക വില ഉയര്‍ത്തിയാലേ ഈ മേഖലയില്‍ നിന്നുള്ള ലാഭത്തിലേക്ക് കണ്ണെറിയുന്നവര്‍ക്ക് തൃപ്തിയാകൂ. അങ്ങനെ കണ്ണെറിഞ്ഞിരിക്കുന്നവര്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തി നല്‍കുകയും വേണം. ഇതേ മാതൃകയിലാകും പ്രതിസന്ധിയെ നേരിടാനുള്ള തുടര്‍നടപടികള്‍ വരുംകാലത്ത് ഉണ്ടാകുക. അതിനുള്ള മുന്‍കൂര്‍ ജാമ്യമാണ് സാമ്പത്തിക മാന്ദ്യത്തിന്റെ, ഉത്കണ്ഠ ജനിപ്പിക്കുന്ന പ്രതിസന്ധി ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന പ്രധാനമന്ത്രിയുടെ തുറന്നുപറച്ചില്‍.
നിക്ഷേപകരുടെ ആത്മവീര്യം നിലനിര്‍ത്താന്‍ ആശങ്കക്ക് വകയില്ലെന്ന് പറയുന്ന ചിദംബരവും ഉത്കണ്ഠ ജനിപ്പിക്കുന്ന പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കുന്ന മന്‍മോഹന്‍ സിംഗും അഭിസംബോധന ചെയ്യുന്നത് ഒരേ വിഭാഗത്തെ തന്നെയാണ്. അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്ക് വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കള്‍ മാത്രമാണ്, വോട്ടര്‍മാര്‍ കൂടിയായ നാട്ടുകാര്‍. അവര്‍ക്ക് എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍ കഷണങ്ങളാണ് തൊഴിലുറപ്പോ ഭക്ഷ്യസുരക്ഷയോ പോലുള്ള പദ്ധതികള്‍. അത് ഭുജിച്ച് കാത്തിരിക്കുക. വറുതിയുടെ പുതിയ കാലത്തിനായി. ചൂതാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കും.

2013-07-16

ദേശീയവാദികള്‍ കാറില്‍ യാത്രചെയ്യുമ്പോള്‍


''ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കുറ്റബോധം തോന്നേണ്ട കാര്യമില്ല.'' ''കാറില്‍ യാത്ര ചെയ്യുകയാണ്. ഡ്രൈവര്‍ ഓടിക്കുന്നു. ഒരു നായ്ക്കുട്ടി കാറിനടിയില്‍പ്പെട്ടു. ആര്‍ക്കായാലും വേദനയുണ്ടാകില്ലേ? വേദനയുണ്ടാകും. അതുപോലെ, സംസ്ഥാനത്ത് എവിടെ ഒരു മോശം സംഭവമുണ്ടായാലും എനിക്ക് ദുഃഖം തോന്നും'' - ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ വംശഹത്യയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞതാണിത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ബി ജെ പിയുടെ മുഖ്യ പ്രചാരക സ്ഥാനം ഏറ്റെടുത്ത ശേഷം നരേന്ദ്ര മോഡി അനുവദിച്ച ആദ്യ അഭിമുഖം. മോഡി സംസാരിച്ചതില്‍ ഏറെയും ഹിന്ദിയിലുമാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നതിന് മുന്നോടിയായി ഗുജറാത്തില്‍ സംഘടിപ്പിച്ച സദ്ഭാവനാ ദൗത്യത്തിന്റെ ആദ്യ വേദിയിലാണ് നരേന്ദ്ര മോഡി ആദ്യമായി ഹിന്ദിയില്‍ പ്രസംഗിക്കുന്നത്. അതുവരെ ഗുജറാത്തിയില്‍ മാത്രമാണ് പ്രസംഗിച്ചിരുന്നത്. ഭാഷണം ഹിന്ദിയിലേക്ക് മാറ്റിയത്, ലക്ഷ്യം ദേശീയ രാഷ്ട്രീയമാണെന്നതിന് തെളിവായി അന്നു തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തിലെ ഹിന്ദി ഭാഷണത്തിന് അതിനപ്പുറത്ത് പ്രാധാന്യമുണ്ട്. അഭിമുഖത്തിലെ വാക്കുകള്‍ പ്രത്യക്ഷത്തില്‍ ദോഷരഹിതമാണെന്ന് തോന്നാം. 2002 ഫെബ്രുവരി അവസാനത്തിലും മാര്‍ച്ച് ആദ്യത്തിലുമായി അരങ്ങേറിയ വംശഹത്യ, ആയിരത്തിലധികം പേരുടെ ജീവനെടുത്തതാണ്. അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന ലാഘവത്വം, അന്നുമിന്നും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന, ഭാവിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന ഒരാള്‍ക്ക് യോജിച്ചതാണോ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. കാറിനടിയില്‍ നായ്ക്കുട്ടി പെട്ടാലുണ്ടാകുന്ന വേദനയാണോ ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട വംശഹത്യയിലുണ്ടാകുക എന്ന ചോദ്യവും ഉയരുന്നു. ഹിന്ദിയില്‍ സംസാരിച്ച മോഡി, ഉപയോഗിച്ച വാക്ക് 'കുത്താ കി ബച്ച' എന്നാണ്. ഹിന്ദിയില്‍ 'കുത്താ കി ബച്ച' എന്ന പ്രയോഗം നല്ല വാമൊഴി വഴക്കമല്ലെന്ന് ആ ഭാഷയെക്കുറിച്ച് സാമന്യജ്ഞാനമുള്ളവര്‍ക്കൊക്കെ അറിയാം. അതേക്കുറിച്ച് അറിയാതെയാകില്ല നരേന്ദ്ര മോഡിയുടെ പ്രയോഗം. വംശഹത്യയും തുടര്‍ന്നിങ്ങോട്ട് ഗുജറാത്തില്‍ അരങ്ങേറിയ സംഭവവികാസങ്ങളും ഓര്‍മയിലുള്ളവര്‍ക്ക് ആ പ്രയോഗത്തില്‍ അത്ഭുതം തോന്നാനും ഇടയില്ല.


പൊതുവില്‍ ബി ജെ പിയടക്കമുള്ള സംഘ് പരിവാര്‍, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളോട് പുലര്‍ത്തുന്ന സമീപനവും മോഡിയുടെ പ്രയോഗത്തെ സാധൂകരിക്കും വിധത്തിലുള്ളതാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിലിഭിത്തില്‍ മത്സരിച്ച വരുണ്‍ ഗാന്ധി, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ മുഴുവന്‍ പാക്കിസ്ഥാനിലേക്ക് നാട് കടത്തണമെന്ന് പ്രചാരണ യോഗത്തില്‍ ആഹ്വാനം ചെയ്തപ്പോള്‍, പറയാതെ പറഞ്ഞത് ഇതേ പ്രയോഗമാണ്. വരുണ്‍ ഗാന്ധിയെ ന്യായീകരിക്കാനും സാക്ഷികളെ മുഴുവന്‍ കൂറുമാറ്റിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുത്താനും സംഘ്പരിവാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത് ആ മനോഭാവത്തെ അവര്‍ അംഗീകരിക്കുന്നുവെന്നതു കൊണ്ടാണ്.


അഭിമുഖത്തില്‍ താനൊരു ഹിന്ദു ദേശീയവാദിയാണെന്ന് നരേന്ദ്ര മോഡി പറയുന്നു. ജനനം കൊണ്ട് ഹിന്ദുവാണ്. രാജ്യസ്‌നേഹിയുമാണ്. അതുകൊണ്ട് ഹിന്ദു ദേശീയവാദി. രാജ്യത്തെ സ്‌നേഹിക്കുന്ന, ഭരണഘടനയില്‍ വിഭാവനം ചെയ്യുന്നത് പോലൊരു നിലനില്‍പ്പ് രാജ്യത്തിന് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആരും ദേശീയവാദിയാണ്. പക്ഷേ, അത്തരമൊരു ദേശീയവാദത്തെക്കുറിച്ചല്ല സംഘ്പരിവാര്‍ പറയുന്നത്. അവരുടെത് സാംസ്‌കാരിക ദേശീയതയാണ്. ഹൈന്ദവ സംസ്‌കാരത്തില്‍ അധിഷ്ഠിതമായ ദേശീയത എന്നര്‍ഥം. അത്തരം ദേശീയതയെക്കുറിച്ചാണ് മോഡി സംസാരിക്കുന്നത്. അതുകൊണ്ടാണ് ഹിന്ദു ദേശീയവാദിയെന്ന് പ്രത്യേകം സ്പഷ്ടമാക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ ആധിപത്യവും അവരുടെ സംസ്‌കാര, പാരമ്പര്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ജീവിതചര്യകളും ഉള്‍ക്കൊള്ളുന്ന ദേശീയതയെയാണ് ഇവിടെ വിവക്ഷിക്കുന്നത്. ആ ദേശീയതയുടെ സ്ഥാപനത്തിലേക്കുള്ള മാര്‍ഗങ്ങളായിരുന്നു വംശഹത്യയും തുടര്‍ന്ന് അരങ്ങേറിയ 'ഏറ്റുമുട്ടല്‍' കൊലകളും. അതിനെ അംഗീകരിക്കാത്തവര്‍ക്കുള്ള വിശേഷണ പദം കൂടിയാണ് മോഡിയുടെ 'കുത്താ കി ബച്ച'.


ഭരണകൂടത്തിന്റെ നയങ്ങളെ, അതെത്രത്തോളം ജനവിരുദ്ധമായാലും, എതിര്‍ക്കുന്നവരെ ദേശീയതക്ക് എതിരു നില്‍ക്കുന്നവരും ഐക്യാഖണ്ഡതക്ക് വിഘാതം സൃഷ്ടിക്കുന്നവരുമായി ചിത്രീകരിക്കാറുണ്ട്. സി പി ഐ (മാവോയിസ്റ്റ്) യുടെ പ്രവര്‍ത്തകര്‍, അവരുടെ ആക്രണാധിഷ്ഠിത സമര മാര്‍ഗത്തെ ഉള്‍ക്കൊള്ളാനാകില്ല എങ്കില്‍പ്പോലും, ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ പലതും ഭരണകൂടത്തിന്റെ അവഗണനയുടെയോ അതിരുകടന്ന ലാഭേച്ഛയുടെയോ കുത്തക കമ്പനികളുടെ താത്പര്യസംരക്ഷണത്തിന് സ്വീകരിക്കുന്ന അതിരുകടന്ന നടപടികളുടെയോ ഫലമാണെന്നത് വസ്തുതയാണ്. ഈ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവരെ ഭീകരവാദികളെന്ന് മുദ്രകുത്തുന്നതിന് ദേശീയത എന്ന വികാരത്തിന്റെ മറ ഫലപ്രദമായി ഉപയോഗിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ തീര്‍ത്തും അവഗണിച്ച് മുന്നോട്ടുപോയ ഭരണകൂടത്തിനെതിരെ സമരം ചെയ്യാനിറങ്ങിയവരെ തീവ്രവാദികളായി മുദ്രകുത്തി, അവിടെ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമം പ്രാബല്യത്തിലാക്കി അടിച്ചമര്‍ത്തലിന് നേതൃത്വം നല്‍കുമ്പോഴും ന്യായീകരണത്തിന്റെ അടിസ്ഥാനം ദേശീയത തന്നെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ കേന്ദ്ര ഭരണത്തിന് ദീര്‍ഘകാലം നേതൃത്വം നല്‍കിയ കോണ്‍ഗ്രസും ബി ജെ പിയും ഇതര വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങളും ഏറെക്കുറെ ഒരേ നിലപാട് തന്നെ സ്വീകരിക്കുകയും ചെയ്യും.


അതിലൊരു പടി കൂടി കടന്ന് ഹൈന്ദവ ദേശീയതക്ക് വേണ്ടി വാദിക്കുമ്പോള്‍, രാജ്യ വിഭജനത്തിന് കാരണക്കാരായെന്ന ആരോപണം സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ നേരിടുന്ന ന്യൂനപക്ഷ സമുദായത്തെ പുറന്തള്ളണമെന്ന വാദം തന്നെയാണ് സംഘ്പരിവാര്‍ ഉയര്‍ത്തുന്നത്. (ദ്വിരാഷ്ട്ര വാദം ആദ്യമുയര്‍ത്തിയത്, ഹിന്ദു മഹാസഭയുടെയും അഭിനവ് ഭാരത് സൊസൈറ്റിയുടെയും സ്ഥാപക നേതാവായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറാണെന്നത് മറച്ചുവെച്ചാണ് ന്യൂനപക്ഷ സമുദായത്തെ രാജ്യ വിഭജനത്തിന്റെ കാരണക്കാരായി ചിത്രീകരിക്കുന്നത് എന്നതു കൂടി ഓര്‍ക്കുക) അവരുടെ ജീവന്, ഹിന്ദു ദേശീയവാദിയുടെ രാജ്യത്ത് ലഭിക്കുന്ന വിലയാണ് മോഡിയുടെ പ്രയോഗത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഗുജറാത്തില്‍ ഒരു പതിറ്റാണ്ടായി ഈ വില തന്നെയാണ് നിലനില്‍ക്കുന്നത് എന്നതും വ്യക്തം. അതുകൊണ്ടാണ് വംശഹത്യാക്കേസുകള്‍ അട്ടിമറിക്കാന്‍ നരേന്ദ്ര മോഡി ഭരണകൂടം സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിച്ചത്.


കാറിനടിയില്‍ നായ്ക്കുട്ടി പെട്ടാല്‍ യാത്രക്കാരന് വേദനയുണ്ടാകും. പക്ഷേ, നായ്ക്കുട്ടിയുടെ ജീവനെടുത്തത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ടാണോ എന്ന് ആരും അന്വേഷിക്കാറില്ലല്ലോ! കാറിന് മുന്നില്‍പ്പെടുന്ന നായ്ക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കണമെന്ന് യാത്രക്കാരന്‍ പറയുകയുമില്ല!
ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍, ന്യൂനപക്ഷ സമുദായാംഗങ്ങളെ ഹിന്ദു വര്‍ഗീയവാദികളായ അക്രമികള്‍ തടഞ്ഞുവെച്ചപ്പോള്‍, ജീവന്‍ രക്ഷിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭരണവാഹനത്തിലെ മുഖ്യ യാത്രക്കാരനായ നരേന്ദ്ര മോഡിയെ നിരന്തരം വിളിച്ചിരുന്നു പാര്‍ലിമെന്റ് മുന്‍ അംഗം ഐസാന്‍ ജഫ്‌രി. കൊലയും കൊള്ളയും ബലാത്സംഗവും നടത്താനെത്തിയ ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കാന്‍ മുഖ്യ യാത്രക്കാരന്‍ ചെറുവിരലനക്കിയില്ല. അക്രമിക്കൂട്ടത്തെ അമര്‍ച്ച ചെയ്യാന്‍ നിയമപാലന വാഹനത്തിന്റെ ഡ്രൈവര്‍മാരായ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാനും തയ്യാറായില്ല മുഖ്യ യാത്രക്കാരന്‍. അക്രമികള്‍ക്ക് കിരാത വാഴ്ച നടത്താന്‍ അവസരമൊരുക്കി, ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണം നിലനില്‍ക്കുകയും ചെയ്യുന്നു.


തെളിവുകള്‍ നശിപ്പിക്കാന്‍, സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാന്‍, ആരോപണവിധേയര്‍ക്ക് കേസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ഒക്കെ ശ്രമിച്ച് കേസുകള്‍ അട്ടിമറിച്ചപ്പോള്‍ 'കുത്താ കി ബച്ച' കാറിനടിയില്‍പ്പെട്ടാല്‍ ഹിന്ദു ദേശീയവാദി ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ് ചെയ്തത് എന്ന് നമ്മള്‍ മനസ്സിലാക്കണം. അതൊരു തെറ്റാണോ? 'അല്ല എന്നതിനാല്‍' കുറ്റബോധത്തിന്റെ അശേഷം ആവശ്യമില്ല തന്നെ. കൂട്ടക്കുരുതി തടയാന്‍, ഗുജറാത്തിലേക്ക് സൈന്യത്തെ അടിയന്തരമായി നിയോഗിക്കണമെന്ന, അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ നിര്‍ദേശം തള്ളിക്കളഞ്ഞപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പയി കണ്ട ജീവന്റെ മൂല്യവും മോഡിയുടെ ഇപ്പോഴത്തെ പ്രയോഗത്തോടെ വ്യക്തമാകുന്നുണ്ട്.


വംശഹത്യാനന്തരം 2002 മുതല്‍ 2007 ആദ്യം വരെ ഗുജറാത്തിലെ തെരുവുകളില്‍ അരങ്ങേറിയ 22 ഏറ്റുമുട്ടല്‍ (വ്യാജ?) കൊലകളെക്കുറിച്ചും (അതില്‍ മൂന്നെണ്ണം വ്യാജമായി സൃഷ്ടിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്) കാര്‍ യാത്രക്കാരനും നായ്ക്കുട്ടിയും എന്ന ഉപമ ഏറെ പറഞ്ഞുതരുന്നുണ്ട്. അതുകൊണ്ടാണ് നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് സ്ഥാപിച്ചെടുക്കാന്‍ നരേന്ദ്ര മോഡിയും ബി ജെ പിയും ഇപ്പോഴും ശ്രമിക്കുന്നത്. സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ചു കൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന് സാക്ഷി പറയാന്‍ തയ്യാറായ തുള്‍സി റാം പ്രജാപതിയെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചതും കാര്‍ യാത്രക്കാരനുണ്ടായ വേദനകൊണ്ടു തന്നെ. ഡ്രൈവര്‍ പിടിക്കപ്പെട്ടാല്‍, യാത്രക്കാരന്റെ ഉദ്ദേശ്യം പുറത്താകുകയും കേസില്‍ ആരോപണവിധേയനാകുകയും ചെയ്യുമെന്ന മനോവേദന കൊണ്ട്. ഇതര ഏറ്റുമുട്ടല്‍ കേസുകളുടെ അന്വേഷണം തടസ്സപ്പെടുത്താന്‍ പരമാവധി ശ്രമം നടത്തിയതിന് പിന്നിലും യാത്രക്കാരന്റെ ഇതേ വേദന തന്നെയായിരുന്നു.


വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോഡി പറഞ്ഞതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ഇനിയും സംശയമുള്ള വ്യാഖ്യാനപടുക്കള്‍ക്കായി ഒന്നര വര്‍ഷം മുമ്പ് സദ്ഭാവനാ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ ഹിന്ദി പ്രസംഗത്തിലെ ഒരു വാക്യം ഉദ്ധരിക്കാം. 'ഏതെങ്കിലും അവയവം രോഗബാധിതമാണെങ്കില്‍ ശരീരത്തിന് പൂര്‍ണ ആരോഗ്യമുണ്ടെന്ന് പറയാനാകുമോ' എന്നായിരുന്നു സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പരാതികളെ പരാമര്‍ശിച്ച് മോഡി അന്ന് പറഞ്ഞത്. ഇപ്പോഴത്തെ പ്രയോഗവും കുറ്റബോധമില്ലെന്ന വ്യക്തമാക്കലും കൂടിയാകുമ്പോള്‍, രോഗബാധിതമായ അവയവങ്ങള്‍ മുറിച്ചു മാറ്റി ആരോഗ്യം നിലനിര്‍ത്തുന്നതിനെക്കുറിച്ചാണോ കവി പറഞ്ഞത് എന്ന് സംശയിക്കണം. ശസ്ത്രക്രിയ സുശ്രുത സംഹിതയില്‍ പറയുന്നു, അതും സംസ്‌കൃതത്തില്‍. സംഘ് പരിവാര്‍ വീക്ഷണമനുസരിച്ചാണെങ്കില്‍ ശസ്ത്രക്രിയ ഹിന്ദു ദേശീയവാദികള്‍ക്ക് പ്രിയംകരമാകണം.

2013-07-02

ജനായത്തം മഹാശ്ചര്യം, സാമൂതിരിമാര്‍ക്ക് പണം


അട്ടപ്പാടിയില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം (ആലങ്കാരിക ഭാഷയില്‍ മാത്രമാണ് പോഷകാഹാരക്കുറവ്, യഥാര്‍ഥത്തില്‍ പട്ടിണിയാണ്) മരിക്കുന്നുവെന്ന വാര്‍ത്ത വസ്തുതയാണെന്ന് ഇതുവരെ കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ? അങ്ങനെ അംഗീകരിച്ചാല്‍ അത് ഭരണ പരാജയമാണെന്ന് സമ്മതിക്കലാകുമെന്നതിനാല്‍, ഒരു സര്‍ക്കാറും (ഇപ്പോഴത്തേത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണെന്ന് മാത്രം) അംഗീകരിക്കാന്‍ ഇടയില്ല. പക്ഷേ, ഇത്തരമൊരു ദുരന്തം അട്ടപ്പാടിയില്‍ അരങ്ങേറാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ലഭിച്ചിരുന്നു. സി എ ജി റിപ്പോര്‍ട്ടിലും മറ്റും പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിച്ചത് ചൂണ്ടിക്കാട്ടിയത് ഉദാഹരണം. തൊഴിലില്ലാതായ ആദിവാസികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയപ്പോള്‍ മന്ത്രിമാരായവര്‍ക്കൊക്കെ നല്‍കിയ നിവേദനത്തില്‍ അട്ടപ്പാടിയില്‍ പട്ടിണി മരണം നടക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതിന് കടലാസിലെഴുതിയ അക്ഷരത്തിന്റെ വില പോലും കല്‍പ്പിക്കപ്പെട്ടില്ല. കുഞ്ഞുങ്ങളുടെ മരണം വാര്‍ത്തയായതോടെ അട്ടപ്പാടിയിലേക്ക് മന്ത്രിമാരുടെ നിരന്തര സന്ദര്‍ശനമുണ്ടായി. പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടു. അതേ പാക്കേജ് തന്നെ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും സന്ദര്‍ശിച്ചപ്പോള്‍ ആവര്‍ത്തിച്ചു. അതിനൊപ്പം കൗതുകകരമായ ഒരു കണ്ടെത്തലും അവതരിപ്പിക്കപ്പെട്ടു. ഭൂമി അന്യാധീനപ്പെട്ടതാണ് ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കേന്ദ്ര മന്ത്രി കണ്ടെത്തിയതാണ് അത്.

ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടതും അത് തിരികെ നല്‍കാന്‍ നിയമം കൊണ്ടുവന്നതും ആ നിയമം ഭേദഗതി ചെയ്ത് പകരം ഭൂമി നല്‍കാന്‍ വ്യവസ്ഥ ചെയ്തതും കണ്ടവരാണ് നമ്മള്‍. പകരം ഭൂമി നല്‍കാനുള്ള നിയമം കൊണ്ടുവന്ന് ഒന്നര ദശകമാകുമ്പോഴാണ് കേന്ദ്ര മന്ത്രിയുടെ കണ്ടെത്തലുണ്ടാകുന്നത്. ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന പ്രഖ്യാപനം ആവര്‍ത്തിച്ചിട്ടുണ്ട്. ഭൂരഹിതരെ കണ്ടെത്താന്‍ പുതിയ പരിശോധന നടക്കുന്നു. ഇത് അട്ടപ്പാടിയുടെ കാര്യം. ഭൂമി അന്യാധീനപ്പെട്ട ഇതര മേഖലകളിലെ ആദിവാസികളുടെ കാര്യമോ? അതേക്കുറിച്ച് എന്തെങ്കിലും ആലോചന ഏതെങ്കിലും തലത്തില്‍ നടക്കുന്നുണ്ടാകുമോ?


ഇതൊന്നും നടക്കുന്നില്ലെങ്കിലും 'പ്രതാപി'കളായിരുന്ന രാജാക്കന്‍മാരുടെ പിന്‍തലമുറക്കാരുടെ സുഖസൗഖ്യങ്ങളെക്കുറിച്ച് ഭരണകൂടത്തിന് ഉത്കണ്ഠയുണ്ട്. അവര്‍ക്ക് ചെയ്യാവുന്നത് ചെയ്തു കൊടുക്കണമെന്നതില്‍ യോജിപ്പുമുണ്ട്, നവീന ജനായത്തത്തിലെ 'രാജാക്ക'ന്‍മാര്‍ക്ക്. കോഴിക്കോട് കേന്ദ്രമായി ഭരണം നടത്തിയിരുന്ന സാമൂതിരിയുടെ കുടുംബത്തില്‍ ഇപ്പോഴുള്ള 826 പേര്‍ക്ക് കുറഞ്ഞത് 2,500 രൂപ വീതം പ്രതിമാസം അനുവദിച്ച് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു. മുതിര്‍ന്ന അംഗങ്ങളില്‍ ചിലര്‍ക്ക് മാസത്തില്‍ 8,000 രൂപ വരെ ലഭിക്കും. ഈ വിതരണം വഴി സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷമുണ്ടാകുന്ന ബാധ്യത രണ്ടരക്കോടി വരുമെന്നാണ് കണക്ക്. പതിനായിരത്തിലധികം കോടി രൂപയുടെ വാര്‍ഷിക പദ്ധതിയുള്ള, ഒരുലക്ഷം കോടി രൂപയിലധികം വാര്‍ഷിക ബജറ്റുള്ള ഒരു സംസ്ഥാനത്തെ സംബന്ധിച്ച് രണ്ടരക്കോടിയെന്നത് വലിയ തുകയല്ല. ഏത് ചെറിയ തട്ടിപ്പ് പോലും കോടികളുടെ കണക്കുകളിലേക്ക് വളര്‍ത്താന്‍ പാകത്തില്‍ സാമ്പത്തിക ത്രാണിയുള്ള ഒരു സമൂഹത്തെ സംബന്ധിച്ച് ഇത് തീരെ ചെറിയ തുകയുമാണ്. പണത്തിന്റെ വലിപ്പത്തിലല്ല, നമ്മുടെ ഭരണാധികാരികളുടെ മുന്‍ഗണനാക്രമത്തിലാണ് പ്രശ്‌നം. അത്തരമൊരു മുന്‍ഗണനാ ക്രമം എന്തുകൊണ്ടുണ്ടാകുന്നുവെന്നതാണ് ആലോചിക്കേണ്ടതും.


ഇന്ത്യന്‍ യൂനിയന്‍ നിലവില്‍ വന്നകാലത്ത്, മുന്‍കാല രാജ പരമ്പരയിലെ  കണ്ണികള്‍ക്ക് വര്‍ഷാവര്‍ഷം വലിയ തുക നല്‍കി വന്ന സമ്പ്രദായമുണ്ടായിരുന്നു. രാജ്യത്തെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഉപകാരസ്മരണയായിട്ടും മറ്റുമാണ് ഇത്തരത്തില്‍ പണം നല്‍കിയത്. പ്രിവി പഴ്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ അച്ചാരപ്പണം നിര്‍ത്തലാക്കിയിട്ട് 40 ആണ്ട് കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിക്കാണ് അതിന്റെ ക്രെഡിറ്റ്. ബ്രിട്ടീഷ് ആധിപത്യം അവസാനിക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്ന നാട്ടുരാജാക്കന്‍മാരുടെ എണ്ണം അറുനൂറോളമായിരുന്നു. അയ്യായിരം മുതല്‍ ദശ ലക്ഷങ്ങള്‍ വരെ ഈ രാജ കുടുംബങ്ങള്‍ക്കായി വര്‍ഷത്തില്‍ വിതരണം ചെയ്തു. വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം രൂപ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിക്കാന്‍ അര്‍ഹതയുള്ള അപൂര്‍വം രാജ കുടുംബങ്ങളിലൊന്നായിരുന്നു തിരുവിതാംകൂറിലേത്.


പൗരന്‍മാരെയെല്ലാം തുല്യരായി പരിഗണിക്കണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുകയും ജനാധിപത്യം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍  ജന്മിത്വത്തിന്റെയും രാജാധികാരത്തിന്റെയും ശേഷിപ്പുകളെ സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നതിലെ അനൗചിത്യം വൈകാതെ ചൂണ്ടിക്കാണിക്കപ്പെട്ടു.  ഇത് അവസാനിപ്പിക്കാനുള്ള ആദ്യ ശ്രമം 1969ലാണുണ്ടായത്. അന്ന് പാര്‍ലിമെന്റില്‍ വേണ്ടത്ര ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. 1971ല്‍ ഇത് അംഗീകരിക്കപ്പെട്ടു. പ്രിവി പഴ്‌സ് എന്ന വാര്‍ഷിക വിഹിത സമ്പ്രദായം അവസാനിപ്പിക്കുക മാത്രമല്ല ഭരണഘടനാ ഭേദഗതിയിലൂടെ ചെയ്തത്. രാജാധികാരവുമായി ബന്ധപ്പെട്ട എല്ലാ പ്രതീകങ്ങളും അവസാനിപ്പിക്കുക കൂടിയാണ്. രാജാവ്, റാണി, മഹാരാജാവ് എന്ന് തുടങ്ങിയ പദവികള്‍ ഇതോടെ ഇല്ലാതായി.


2009 ജൂണ്‍ 15ന് സോണിയാ ഗാന്ധി അധ്യക്ഷയായ കോണ്‍ഗ്രസ് പാര്‍ട്ടി മറ്റൊരു തീരുമാനമെടുത്തു. കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ മഹാരാജ, മഹാറാണി, രാജ, റാണി, രാജ്കുമാര്‍, രാജകുമാരി എന്ന് തുടങ്ങിയ വിശേഷണ പദങ്ങള്‍ പേരിനൊപ്പം ചേര്‍ക്കരുത് എന്ന് തീരുമാനിച്ചു. ജന്മിത്വത്തിന്റെ ബാക്കിയായ 'കുന്‍വര്‍' എന്ന വിശേഷണ പദം പോലും ഒഴിവാക്കണമെന്ന് അന്ന് നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടിയിലെ നേതാക്കളും പ്രവര്‍ത്തകരും ഇത്തരം വിശേഷണ പദങ്ങള്‍ ഉപയോഗിക്കുന്നത് വ്യാപകമാകുകയും അത് ജന്മിത്വ മനോഭാവത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അന്ന് വിശദീകരിക്കുകയും ചെയ്തു. പുതിയ കാലത്തെ രാജാക്കന്‍മാര്‍ വിശേഷണ പദങ്ങളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നവരല്ല, മറിച്ച് അംബാനിയെയോ ടാറ്റയെയോ അദാനിയെയോ പോലുള്ളവരാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത് എന്നതാണ് വസ്തുത. പ്രകൃതി വാതക വില ഇരട്ടിയാക്കി അംബാനി മഹാരാജാവിന് സമ്പത്ത് വര്‍ധിപ്പിക്കാന്‍ പുതിയ അവസരം കേന്ദ്ര സര്‍ക്കാര്‍ തുറന്നു നല്‍കുമ്പോള്‍, കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട് കുറേക്കൂടി വ്യക്തമാകുന്നുമുണ്ട്.


എന്നിരുന്നാലും ജന്മിത്വത്തിന്റെയും ചൂഷണത്തിന്റെയും പ്രതീകങ്ങളെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സന്നദ്ധരാകണമെന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാട്ടിയെന്നത് മറക്കാനാകില്ല. അതേ കോണ്‍ഗ്രസിന്റെ നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് സാമൂതിരി കുടുംബത്തിലെ അംഗങ്ങള്‍ക്ക് 'പെന്‍ഷന്‍' അനുവദിച്ച് രാജ ഭരണകാലത്തിന്റെ മഹോന്നത ഉദാരതക്ക് പ്രതിക്രിയ ചെയ്യുന്നത്. സാമൂതിരി കുടുംബം അവരുടെ കീഴിലുണ്ടായിരുന്ന സ്വത്തുക്കള്‍ പൊതു സമൂഹത്തിന്റെ പ്രയോജനത്തിന് വിട്ടുനല്‍കിയെന്നും (മാനാഞ്ചിറ മുതല്‍ സാമൂതിരി സ്‌കൂള്‍ വരെ) ആ ഉദാരമനസ്‌കതയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഖജനാവില്‍ നിന്ന് ആനുകൂല്യം അനുവദിക്കുന്നത് എന്നുമാണ് വിശദീകരണം.


എങ്ങനെയാണ് സാമൂതിരി കുടുംബത്തിന് ഇത്ര സ്വത്തുക്കളുണ്ടായത്? ആദ്യത്തെ സാമൂതിരി പിറന്ന് വീണത് തന്നെ ഇത്രയും സ്വത്തുക്കളുടെ അധിപനായിട്ടല്ലല്ലോ? കുലമഹിമ നിര്‍ണയിച്ച് നല്‍കിയ അധികാരം ആസ്വദിച്ച് സ്വന്തമാക്കിയതാണ് ഇവയെല്ലാം. ജന്മിമാരായ ഉയര്‍ന്ന ജാതിക്കാര്‍ക്ക് കീഴില്‍, മണ്ണിനും മാനത്തിനും അവകാശമില്ലാതിരുന്ന 'അധമര്‍' അധ്വാനിച്ചുണ്ടാക്കിയതിന്റെ നടുക്കഷണം അധികാരത്തിന്റെ ബലത്തില്‍ സ്വന്തമാക്കി, അത് വിപണനം ചെയ്ത് സമ്പാദിച്ച സ്വത്ത് വഹകള്‍. ഉത്പാദനം നടന്നാലുമില്ലെങ്കിലും 'പൊന്നുതമ്പുരാന്റെ' ഓഹരിയില്‍ കുറവുണ്ടാകാറില്ല. എല്ലുമുറിയ പണിയെടുത്തവര്‍ക്കൊന്നും ഭൂമിക്ക് മേല്‍ അവകാശം നല്‍കാതെ വര്‍ഷങ്ങള്‍ അടിമകളാക്കിവെച്ചു. ഓഹരി വിഹിതത്തിന്റെ ഒഴുക്കില്‍ കുറവില്ലാതെ കാത്തു ഈ അടിമത്തം. അങ്ങനെ സ്വന്തമാക്കിയ വഹകള്‍, മറ്റ് നിര്‍വാഹമില്ലാതെ വന്ന ഒരു കാലത്ത് പൊതു സമൂഹത്തിന്റെ പ്രയോജനത്തിന് വിട്ടുനല്‍കിയെന്ന് പറയുന്നതില്‍ എന്ത് ഉദാരത? അതില്‍ ഉദാരത കാണുന്നവര്‍ ചരിത്രം മനഃപൂര്‍വം മറക്കുന്നവരാണ്. അല്ലെങ്കില്‍ ചാലപ്പുറത്തെ നല്ല നായന്‍മാരുടെ കോണ്‍ഗ്രസിന്റെ ചരിത്രം മാത്രം അറിയുന്നവരാണ്.


ഈ വിധേയത്വം സാമൂതിരിയുടെ കാര്യത്തില്‍ മാത്രമല്ല ഉള്ളത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പദ് ശേഖരവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മാര്‍ത്താണ്ഡവര്‍മയെയും കുടുംബത്തെയും പിന്തുണക്കാന്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല കാട്ടിയ വലിയ വ്യഗ്രത മറക്കാറായിട്ടില്ല. ക്ഷേത്ര നിലവറയില്‍ സൂക്ഷിച്ച സ്വത്തുക്കള്‍ മാര്‍ത്താണ്ഡ വര്‍മയോ കുടുംബാംഗങ്ങളില്‍ ചിലരോ കടത്തിക്കൊണ്ടുപോയെന്ന ആരോപണം പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ചപ്പോള്‍ പ്രതിഷേധവുമായെത്തിയവരുടെ മുന്‍ നിരയില്‍ രമേശ് ചെന്നിത്തലയുണ്ടായിരുന്നു. 'തിരുവിതാംകൂര്‍ രാജ കുടുംബ' ത്തിന്റെ സത്യസന്ധതയിലും വിശ്വാസ്യതയിലും ഒരു സംശയവുമില്ലെന്ന മട്ടിലായിരുന്നു രമേശിന്റെ പ്രതികരണം. 'മഹാരാജാവി'നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാണ് അന്ന് ചെന്നിത്തല പറഞ്ഞത്.


അട്ടപ്പാടിയിലെ പാവങ്ങളുടെ നിവേദനം അവഗണിക്കപ്പെട്ട കാലത്ത്, ടീം സോളാറിന്റെ പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വസ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. പുതിയ കാലത്തെ രാജാക്കന്‍മാരുടെ മാത്രമല്ല, ഇടനിലക്കാരുടെ കൂടി ഇംഗിതങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ മടിയില്ലാത്ത ഭരണകൂടം, അവരുടെ മുന്‍ഗാമികളെ നന്ദിയോടെ തന്നെ സ്മരിക്കും. അതിന്റെ പിന്തുടര്‍ച്ചക്കാരുടെ നിവേദനങ്ങള്‍ വേഗത്തില്‍ പരിഗണിച്ച്, ആനുകൂല്യങ്ങള്‍ നല്‍കും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ മുഴങ്ങുന്ന ബീപ് ശബ്ദത്തില്‍ ജനായത്തം അവസാനിക്കും. പിന്നീടുള്ളത് പഴയ 'പൊന്നുതമ്പുരാന്‍ - കുടിയാന്‍' സമ്പ്രദായമാണ്. തമ്പുരാന്‍ തീരുമാനിക്കും കുടിയാന്‍മാര്‍ അനുസരിക്കും. അഞ്ചാണ്ട് കൂടുമ്പോള്‍ കുടിയാന് തീരുമാനമെടുക്കാന്‍ അവസരമുണ്ടാകുമ്പോള്‍  അവന്റെ മുന്നിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഉപജീവനത്തിന്റെയോ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയോ ആകില്ലെന്ന് തമ്പുരാന്‍മാര്‍ ഉറപ്പാക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യം തുടരുമെന്നതിനാല്‍ 'സാമൂതിരി'മാര്‍ക്ക് രണ്ടരക്കോടിയും ആദിവാസിക്കുട്ടികള്‍ക്ക് അമൃത് പൊടിയും ഭരണകൂടത്തിന്റെ ഉചിത വിധിയാകും.