2014-01-25

വാചാടോപത്തിന്റെ ആചാരം


ബജറ്റ് പ്രസംഗം വായിച്ച് തീര്‍ക്കുക എന്ന ആചാരം, കഴിഞ്ഞ പത്ത് വര്‍ഷം ഉണ്ടായിരുന്നില്ലെങ്കില്‍ കേരളത്തില്‍ വിശേഷമായെന്തെങ്കിലും സംഭവിക്കുമായിരുന്നോ? നിയമസഭയിലെ നടപടിക്രമം പാലിക്കപ്പെട്ടില്ല എന്നതിനപ്പുറത്ത് വലിയ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാകുമായിരുന്നില്ല എന്നു വേണം കരുതാന്‍. ഭരണപരമായ ചെലവുകള്‍ നടത്തിക്കൊണ്ടുപോകുന്നതിന് വര്‍ഷത്തിലൊരിക്കല്‍, (ഭരണം മാറുന്ന വര്‍ഷങ്ങളില്‍ രണ്ട് വട്ടം) അരങ്ങേറുന്ന ഈ ആചാരം വേണ്ടിവരുന്നുണ്ട്. അത് പോലും വിവിധ വകുപ്പുകള്‍ക്ക് പണം ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്ന ബില്ലുകള്‍, നിയമസഭയില്‍ പാസ്സാക്കിക്കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ.


അതിനപ്പുറത്ത് ബജറ്റുകള്‍ക്ക് പ്രസക്തി വേണമെങ്കില്‍ ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കാനും ഭാവനാസമ്പന്നമായി പ്രവര്‍ത്തിക്കാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ധനവകുപ്പ് കൈകാര്യം ചെയ്യുന്ന നേതാവിനും സാധിക്കണം. അതുണ്ടായിട്ടേയില്ല എന്നതാണ് കഴിഞ്ഞ പത്ത് വര്‍ഷത്തെ (ഒരു പക്ഷേ അതിന് മുമ്പത്തെ ദശകത്തെയും) അനുഭവം. ലോകം സാമ്പത്തിക മാന്ദ്യത്തിലാഴുകയും അതിന്റെ ആഘാതം രാജ്യത്തെ ബാധിക്കുകയും ചെയ്ത കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ടി എം തോമസ് ഐസക്ക്, റോഡ് നിര്‍മാണമുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ പാകത്തില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത് മാത്രമാണ് പത്ത് വര്‍ഷത്തിനിടെ വേറിട്ടുനില്‍ക്കുന്ന അനുഭവം. അതും സര്‍ക്കാറിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്ന പ്രതീതി സൃഷ്ടിക്കാനും മാന്ദ്യമെന്ന മാനസിക ആഘാതത്തില്‍ നിന്ന് വിപണിയെ മാറ്റിനിര്‍ത്താനും മാത്രമുള്ള പ്രഖ്യാപനമായി ശേഷിച്ചു. പദ്ധതി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി ആ സര്‍ക്കാറിനുണ്ടായില്ല.


മറ്റ് ബജറ്റുകള്‍, ഏതാണ്ടെല്ലാം, വിവിധ വകുപ്പുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും അവയെല്ലാം നടപ്പാക്കാന്‍ പോകൂന്നുവെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ തുക വകയിരുത്തുകയും മാത്രമാണ് ചെയ്തത്. വര്‍ഷാരംഭത്തിലെ സമ്മേളനത്തില്‍ നടക്കുന്ന മറ്റൊരു ആചാരമായ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഏതാണ്ടെല്ലാം ബജറ്റുകളില്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യും. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ പാകത്തില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകാറില്ല. ഇവ നടപ്പാക്കാനെന്ന പേരില്‍ കടമെടുക്കുന്ന പണം, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ തുടങ്ങി സര്‍ക്കാറിന്റെ നടത്തിപ്പിന് വേണ്ടി ചെലവഴിക്കപ്പെടുകയും ചെയ്യുന്നു. വരുമാനം വര്‍ധിപ്പിക്കുന്നതിന് സ്വീകരിക്കാവുന്ന മാര്‍ഗങ്ങള്‍ പോലും ഇക്കാലത്തിനിടെ സ്വീകരിക്കപ്പെട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഭൂ നികുതിയായി, 1960-61ല്‍ ലഭിച്ചത് ആകെ വരുമാനത്തിന്റെ നാല് ശതമാനമായിരുന്നുവെങ്കില്‍, 2012-13ല്‍ അത് 0.5 ശതമാനം മാത്രമായിരുന്നു. ഭൂമി വിലയിലുണ്ടായ വര്‍ധന, ക്രയവിക്രയങ്ങളുടെ തോത് കൂടിയത് എന്നിവയൊക്കെ കണക്കിലെടുക്കുമ്പോള്‍, ഭൂനികുതിയില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറുകള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. മൊത്തം സാമ്പത്തിക വളര്‍ച്ചയിലേക്ക് വലിയ സംഭാവന നല്‍കിയത് കെട്ടിട നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് മേഖലകളാണ് എന്ന വൈരുധ്യം കൂടി ഇവിടെയുണ്ട്. വാഹന നികുതിയുടെ കാര്യത്തിലും ഇത്  തന്നെയാണ് സ്ഥിതി. വാഹനങ്ങളുടെ എണ്ണം കൂടി, ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു, എന്നിട്ടും ഇതില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കുന്ന വരുമാനം വര്‍ധിച്ചിട്ടില്ല.


ഈ ഇനങ്ങളില്‍ ചെറിയമാറ്റം വരുത്താന്‍ പന്ത്രണ്ടാമത്തെ ബജറ്റില്‍ കെ എം മാണി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, രണ്ട് തീരുമാനങ്ങളും സംസ്ഥാനത്ത് ഭൂരിപക്ഷമായ ഇടത്തരക്കാരെ ബാധിക്കും വിധത്തിലായെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഭൂമിയുടെ ന്യായവില പുതുക്കി, ഏകീകൃത സ്റ്റാമ്പ് ഡ്യൂട്ടി (ആറ് ശതമാനം) പ്രാബല്യത്തിലാക്കുന്നതോടെ ഏറ്റവുമധികം ബാധ്യതയുണ്ടാകുക വീട്ടാവശ്യത്തിന് ഭൂമി വാങ്ങുന്നവര്‍ക്കാണ്.  ചെറുകാറുകളുടെ വില്‍പ്പന നികുതി, ഓട്ടോ - ടാക്‌സി നികുതി വര്‍ധിപ്പിച്ചത് മൂലം നിരക്കിലുണ്ടാകുന്ന വര്‍ധന, ആഡംബര ബസ്സുകളെന്ന പേരില്‍ അറിയപ്പെടുന്ന ദീര്‍ഘദൂര സ്വകാര്യ ബസ്സുകളുടെ നിരക്കിലുണ്ടാകുന്ന വര്‍ധന എന്നിവയൊക്കെ ഇടത്തരക്കാരെയാകും ബാധിക്കുക.  ഇത്തരം നികുതികളുടെ പരിഷ്‌കരണം നേരത്തെ മുതല്‍ ആരംഭിച്ചിരുന്നുവെങ്കില്‍, പൊടുന്നനെ വലിയ വര്‍ധനയുണ്ടായെന്ന പ്രതീതി സൃഷ്ടിക്കപ്പെടില്ലായിരുന്നു. റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാനും സാധിക്കുമായിരുന്നു. ഇപ്പോള്‍ വരുത്തിയ വര്‍ധന, ഉപഭോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെങ്കിലും സര്‍ക്കാര്‍ ഖജാനയിലേക്ക് വലിയ തോതില്‍ ഒഴുക്കുണ്ടാക്കില്ലെന്നത് കണക്കുകളില്‍ നിന്ന് വ്യക്തമാണ്.


കെട്ടിട നികുതിയാണ് വര്‍ധിപ്പിച്ച മറ്റൊരിനം. 17 വര്‍ഷത്തിന് ശേഷമാണ് കെട്ടിട നികുതി പരിഷ്‌കരിക്കുന്നത് എന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കുന്നുണ്ട്. 1100 ചതുരശ്ര അടിയില്‍ അധികം വലിപ്പമുള്ള വീടുകളുടെ കെട്ടിട നികുതിയാണ് ഇരട്ടിയാക്കിയത് എന്നും സാധാരണക്കാരെ ഇത് ബാധിക്കില്ലെന്നും സര്‍ക്കാറിനും ഭരണത്തിന് നേതൃത്വം നല്‍കുന്ന യു ഡി എഫിനും വാദിക്കാം. സംസ്ഥാനത്ത് വളര്‍ന്നുവന്ന, തീര്‍ത്തും പ്രതിലോമകരമായ വീട് നിര്‍മാണ രീതി കൊണ്ട് കൂടിയാണെങ്കിലും ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരുടെയും വീടുകളുടെ വലുപ്പം ഇതിലധികമായിരിക്കുമെന്നുറപ്പ്. നികുതി ഭാരം ഇവര്‍ പേറേണ്ടിയും വരും. കാലാകാലങ്ങളിലുള്ള പരിഷ്‌കാരമില്ലാതിരുന്നതാണ് ഇവിടെയും പ്രശ്‌നം. അത്തരം പരിഷ്‌കാരമുണ്ടായിരുന്നുവെങ്കില്‍ ആവശ്യത്തിലപ്പുറത്തുള്ള നിര്‍മാണം ഒഴിവാക്കാന്‍ ഇടത്തരക്കാര്‍ നേരത്തെ തന്നെ ശ്രമിക്കുമായിരുന്നു.


ഇതിലപ്പുറത്ത് ഈ ബജറ്റ്, ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന മറ്റൊരു മേഖല കൃഷിയാണ്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ കുടിയേറ്റ, മലയോര കര്‍ഷകരെ സര്‍ക്കാറിന് എതിരാക്കിയ സാഹചര്യത്തില്‍ കാര്‍ഷികമേഖലയെ കെ എം മാണി, ബജറ്റിലൂടെ സവിശേഷമായി അഭിമുഖീകരിക്കുമെന്ന് ഉറപ്പായിരുന്നു. 25 വിളകളെ ഇന്‍ഷ്വര്‍ ചെയ്ത് പ്രീമിയത്തിന്റെ 90 ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്നതാണ് കാര്‍ഷിക മേഖലക്കുള്ള വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്. വരുമാനം ഉറപ്പ് നല്‍കുന്നതിന് പദ്ധതി, വായ്പകള്‍ ലഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഗ്രീന്‍ കാര്‍ഡ് എന്നു തുടങ്ങി മറ്റ് പ്രഖ്യാപനങ്ങളും. കാര്‍ഷിക മേഖലക്ക് പലിശ ഇളവുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റിലുമുണ്ടായിരുന്നു. ഈ പ്രഖ്യാപനങ്ങള്‍ നടപ്പായോ, നടപ്പായെങ്കില്‍ എന്ത് ഫലമേകി എന്നൊക്കെ അവലോകനം ചെയ്യാതെയാണ് പുതിയ നിര്‍ദേശങ്ങള്‍.


ഇത്തരം സംഗതികള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ഉതകുന്നതോ എന്നതിലും സംശയം നിലനില്‍ക്കുന്നു. കൃഷിഭൂമിയുടെ വിസ്തൃതി കുറയുന്നു, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം കുറയുന്നു, കൃഷി നടത്താന്‍ ഒരുങ്ങിയാല്‍ തന്നെ കാലാവസ്ഥാ വ്യതിയാനവും ജലസേചന സൗകര്യമില്ലായ്മയും ചതിക്കുന്നു എന്നു തുടങ്ങി പരിഹാരത്തിന് ആഴത്തിലുള്ള നടപടികള്‍ വേണ്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതേക്കുറിച്ചെല്ലാം ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കള്‍ സംസാരിക്കാറുണ്ടെങ്കിലും ബജറ്റുകളില്‍ അതൊന്നും പ്രതിഫലിക്കാറില്ല. കെ എം മാണിയുടെ ബജറ്റ് പ്രസംഗവും ആ പതിവ് തെറ്റിച്ചില്ല.
നികുതി വര്‍ധനകള്‍, കാര്‍ഷിക മേഖലക്ക് കാര്യമായി ചിലത് ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കല്‍ എന്നിവക്കപ്പുറത്ത് ഈ ബജറ്റ് പ്രസംഗം, ആണ്ടാരംഭത്തിലേക്ക് മാറ്റപ്പെട്ട ആചാരം മാത്രമാണ്.


സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മൂന്ന് ത്രിവേണി സ്റ്റോറുകള്‍ പുതുതായി ആരംഭിക്കുമെന്നത് മുതല്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ന്യൂസ് ആര്‍ക്കൈവ്‌സ് വിഭാഗത്തിന് പണമനുവദിക്കുന്നതു വരെ നുള്ളുനുറുങ്ങ് കാര്യങ്ങളൊക്കെ പരാമര്‍ശിച്ചു പ്രസംഗത്തില്‍. ഇതൊക്കെ അതാത് വകുപ്പുകള്‍ക്ക് തീരുമാനിച്ച് നടപ്പാക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ്. 'എല്ലാവരെയും ഞങ്ങള്‍ പരിഗണിച്ചിട്ടുണ്ട്' എന്ന തോന്നല്‍ സൃഷ്ടിക്കുക എന്ന, മുന്നണി രാഷ്ട്രീയ സംവിധാനത്തിന്റെ പൊതു രീതി ആവര്‍ത്തിക്കപ്പെടുകയാണ് ഇവിടെ. ഇത്തരം പരിഗണനകള്‍ വേണ്ടെന്നല്ല, അത് ബജറ്റുമായി കൂട്ടിയിണക്കുമ്പോള്‍ സംഭവിക്കുന്ന ഗൗരവനഷ്ടം ചൂണ്ടിക്കാട്ടുക മാത്രമാണ്. പ്രതിമാ, സംസ്‌കാരിക കേന്ദ്ര ദൗത്യങ്ങള്‍ക്കൊക്കെ (ജാതി, മതം, സമുദായം എന്നിവ തിരിച്ചുള്ളത്) പണം അനുവദിക്കാന്‍ സംസ്‌കാരിക വകുപ്പിനൊരു വിഹിതം നീക്കിവെച്ചാല്‍ മതിയാകും. അതിനപ്പുറത്തുള്ള ആലോചനകള്‍ക്ക് സമയം നീക്കിവെക്കുകയാണ് ധനമന്ത്രി (മാര്‍), ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്.


തൊഴിലില്ലായ്മ, മുന്‍കാലങ്ങളെപ്പോലെ വലിയ തലവേദന സൃഷ്ടിക്കുന്ന വിഷയമല്ല കേരളത്തിലിപ്പോള്‍. പുതുതായി തുറന്ന് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ള കഴിവുകളുടെ വികസനത്തില്‍ ശ്രദ്ധയൂന്നുന്നില്ലെന്നതാണ് പ്രശ്‌നം. അതിലേക്ക് വലിയ തോതിലുള്ള സംഭാവന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന സൂചന ഈ ബജറ്റ് നല്‍കുന്നു. തൊലിപ്പുറത്തുള്ള ചില നിര്‍ദേശങ്ങള്‍ മാത്രമാണ് ബജറ്റ് ഈ മേഖലയില്‍ മുന്നോട്ടുവെക്കുന്നത്. കോളജുകള്‍ക്ക് സ്വയംഭരണം, അത് തല്‍ക്കാലം അക്കാദമികത്തില്‍ ഒതുങ്ങുന്നുവെങ്കിലും, അനുവദിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇത്തരം ഉദ്യമങ്ങളില്‍ വരുംകാലത്ത് സ്വകാര്യമേഖലക്കായിരിക്കും നിര്‍ണായക സ്ഥാനമെന്ന് പറയാതെ പറയുകയാണ് കെ എം മാണി.


മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന, കെ എം മാണിയുടെ ധനഭരണം സംസ്ഥാനത്തെ ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട് എന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ നികുതി വര്‍ധനയിലൂടെ അധിക വിഭവ സമാഹരണത്തിന് മുതിര്‍ന്നത് തന്നെ ധനസ്ഥിതി അത്രക്ക് മോശമായതിനാലാണ്. എന്നിട്ടും പ്രതീക്ഷിക്കുന്ന കമ്മി 2053 കോടിയാണ്. 2014-15ല്‍ പൊതുകടമായി 13,721 കോടി രൂപ സ്വീകരിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 11,844 കോടിയാണ് കടമായി സ്വീകരിച്ചത്. കൂടുതല്‍ കടം സ്വീകരിക്കുകയും അത് മൂലധന ചെലവിലേക്കല്ലാതെ ഒഴുക്കിവിടുകയും ചെയ്യുമെന്ന് അര്‍ഥം.  ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങി സാക്ഷരതയില്‍ പിന്നാക്കം നില്‍ക്കുകയും മനുഷ്യവിഭവശേഷിയുടെ വികസനത്തിലെ മുന്നേറ്റം കുറവായിരിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍ പോലും റവന്യൂ മിച്ചമുണ്ടാക്കുകയും പൊതു കടമായി സ്വീകരിക്കുന്ന പണത്തിലെ വലിയ ഭാഗം അടിസ്ഥാന സൗകര്യത്തിലേതുള്‍പ്പെടെ വികസനങ്ങള്‍ക്കായി ചെലവിടുകയും ചെയ്യുമ്പോഴാണ് കേരളത്തിന് കൈയടക്കമില്ലാതെ പോകുന്നത്.


ഈ ബജറ്റില്‍ പ്രഖ്യാപിച്ച വലിയ പദ്ധതികളിലൊന്ന് തിരുവനന്തപുരം - ചെങ്ങന്നൂര്‍ - ഹരിപ്പാട് സബ് അര്‍ബന്‍ റെയില്‍പാതയാണ്. മറ്റൊന്ന് കാലടിയില്‍ നിന്ന് ശബരിമലയേലിക്കുള്ള ഹരിവരാസനമെന്ന പുതിയ പാതയും. കെ പി സി സി പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ മണ്ഡലമെന്നതാണ് പാത ഹരിപ്പാട് അവസാനിക്കാന്‍ കാരണമെന്നതില്‍ തര്‍ക്കമില്ല. ഈ പാതക്കായി ഒരു ലക്ഷം രൂപ നീക്കിവെച്ച ധനമന്ത്രി, ബാക്കി തുക അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതി വിഹിതത്തില്‍ നീക്കിവെച്ച 1,225 കോടിയില്‍ നിന്ന് അനുവദിക്കുമെന്നാണ് പ്രഖ്യാപനം. മറ്റ് നിരവധി പദ്ധതികള്‍ക്കും ഈ 1,225 കോടിയാണ് സ്രോതസ്സ്. ഇത് തന്നെയാണ് ധന മാനേജ്‌മെന്റിലും പദ്ധതി നടത്തിപ്പിലുമുള്ള പിടിപ്പുകേടിന് തെളിവ്. ഒരു പദ്ധതി ആലോചിക്കുമ്പോള്‍ തന്നെ അതിന് വേണ്ട വിഭവസമാഹരണം എങ്ങനെ എന്ന് ചിന്തിക്കേണ്ടതുണ്ട്. അതിന് പകരമൊരു ബജറ്റ് ഹെഡുണ്ടാക്കി, ചില്ലറത്തുക അനുവദിക്കുമ്പോള്‍ പദ്ധതി പ്രഖ്യാപനമായി വര്‍ഷങ്ങളോളം നിലകൊള്ളും.   മുന്‍കാല ബജറ്റുകളിലും കെ എം മാണി, ഈ സര്‍ക്കാറിന്റെ കാലത്ത് അവതരിപ്പിച്ച മൂന്ന് ബജറ്റുകളിലും ഇത്തരം പദ്ധതികള്‍ ധാരാളമുണ്ട്. അതുകൊണ്ടുകൂടിയാണ് ബജറ്റ് പ്രസംഗമെന്നത് നിയമസഭാ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണം മാത്രമായി ചുരുങ്ങിപ്പോകുന്നതും. കാത്തിരിക്കാം അടുത്തയാണ്ടത്തെ ആചാരത്തിന് വേണ്ടി. അതൊരുപക്ഷേ, കെ എം മാണിയുടെ പതിമൂന്നാമത്തേതാകാം.

2014-01-16

തൊപ്പിയും ചൂലും


തൊപ്പിയും ചര്‍ക്കയുമായിരുന്നു ഒരു കാലത്ത് പ്രതീകങ്ങള്‍. ഈസ്റ്റ് ഇന്ത്യാ കമ്പനിയായെത്തി, അധികാരമുറപ്പിച്ച ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്റെ പ്രതീകങ്ങള്‍. ചര്‍ക്കയില്‍ നൂറ്റ നൂല്, കടല്‍ കടന്നെത്തുന്ന തുണിയെ പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ സഹായിക്കുന്ന ഒന്നായി വീക്ഷിക്കപ്പെട്ടു. പൂര്‍ണമായ സ്വദേശിവത്കരണത്തിലൂടെ വിദേശിയെ ഒറ്റപ്പെടുത്തുകയും അതുവഴി ബ്രിട്ടന് പുറത്തേക്കുള്ള വഴി തുറന്നു കൊടുക്കുകയുമായിരുന്നു ഉദ്ദേശ്യം. നികുതികള്‍ ഒടുക്കാതിരിക്കുന്നതിലൂടെ സര്‍ക്കാറിന്റെ വരുമാന മാര്‍ഗം കൂടി തടയുന്നതോടെ ബ്രിട്ടന് നില്‍ക്കക്കള്ളിയില്ലാതാകും. അഹിംസാമാര്‍ഗത്തിലൂടെ സ്വാതന്ത്ര്യം. ഇതിലേക്ക് ജനതയെ ആകെ ഒന്നിപ്പിക്കുക എന്നതായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങള്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങള്‍ മൂലം പല കുറി വിഫലമാക്കപ്പെട്ടു. സമരങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍, സമരം തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാക്കി. ലക്ഷ്യം പോലെ മാര്‍ഗവും സംശുദ്ധമാകണമെന്ന തന്റെ സിദ്ധാന്തം തന്നെയാണ് ശരിയെന്നും അത് തെളിയിക്കുന്ന രീതിയിലാകണം സ്വാതന്ത്ര്യ സമരമെന്നുമുള്ള എം കെ ഗാന്ധിയുടെ നിലപാട് പിടിവാശി മാത്രമാണെന്നും ബ്രിട്ടീഷുകാരെ എത്രയും പെട്ടെന്ന് പുറന്തള്ളി സ്വാതന്ത്ര്യം കരഗതമാക്കുകയാണ് വേണ്ടതെന്നുമുള്ള വാദക്കാര്‍ അന്നത്തെ കോണ്‍ഗ്രസില്‍ ധാരാളമുണ്ടായിരുന്നു. സുഭാഷ് ചന്ദ്ര ബോസ് മുതലിങ്ങോട്ട് ജവഹര്‍ലാല്‍ നെഹ്‌റുവരെയുള്ളവരില്‍ ഏറിയും കുറഞ്ഞും ഈ അഭിപ്രായം പ്രകടവുമായിരുന്നു.


രാജ്യസ്വാതന്ത്ര്യം പരമമായ ലക്ഷ്യമാകുകയും അതിലേക്ക് സ്വീകരിക്കേണ്ട മാര്‍ഗത്തെച്ചൊല്ലി ഭിന്നത നിലനില്‍ക്കുകയും ചെയ്യുന്ന കാലത്തു തന്നെ, കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കേണ്ട നയത്തെക്കുറിച്ചും സ്വതന്ത്രമായുണ്ടാകുന്ന രാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളുണ്ടായി. ഭൂരിപക്ഷ മതത്തിന്റെ യഥാര്‍ഥ പ്രാതിനിധ്യം വഹിക്കുന്നതാകണം കോണ്‍ഗ്രസ് എന്നും സ്വതന്ത്ര ഭാരതം ഹിന്ദു രാഷ്ട്രമാകണമെന്നും ഉള്ള അഭിപ്രായങ്ങള്‍ ആ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. ബാലഗംഗാധര തിലകിനെപ്പോലുള്ള നേതാക്കള്‍ ഉയര്‍ത്തിവിട്ട ഈ ആശയങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ സാമാന്യം ശക്തമായ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഗാന്ധിയെയും നെഹ്‌റുവിനെയും പോലുള്ള നേതാക്കള്‍, അമരത്ത് തുടരുന്ന കാലത്തോളം അത്തരം ആശയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഉദയം. ആര്‍ എസ് എസ് ആശയങ്ങളോട് താദാത്മ്യം പ്രാപിക്കുന്നവര്‍ കോണ്‍ഗ്രസില്‍ തുടരുകയും സമ്മേളനങ്ങളില്‍ അത്തരം ആശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു (സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പാരമ്പര്യം അവകാശപ്പെട്ട് സംഘ് പരിവാറും നരേന്ദ്ര മോദിയുമൊക്കെ ഇപ്പോള്‍ രംഗത്തുവരുന്നത് ഈ ചരിത്രമുള്ളതുകൊണ്ടാണ്). അതുകൊണ്ടാണ് കോണ്‍ഗ്രസിലും അതിന്റെ നേതാക്കളിലും സംശയാലുക്കളായവര്‍ മുസ്‌ലിം ലീഗ് രൂപവത്കരിച്ചതും അന്തിമമായി രാജ്യം വിഭജിക്കപ്പെട്ടതും. ഇക്കാലത്ത്, ഭിന്നിപ്പുകള്‍ വളര്‍ത്തുന്നതിലും പിളര്‍പ്പിന് വഴിയൊരുക്കുന്നതിലും ബ്രിട്ടീഷ് ഭരണകൂടം നല്‍കിയ സംഭാവനകള്‍ മറക്കുന്നില്ല.


സഹസ്രാബ്ദങ്ങളിലൊരിക്കല്‍ പിറന്നുവീഴാനിടയുള്ളയാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന എം കെ ഗാന്ധിയുടെ നേതൃത്വം നിലനില്‍ക്കെ, ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മൗലാന അബുല്‍കലാം ആസാദിനെയും ഡോ. ബി ആര്‍ അംബേദ്കറിനെയുമൊക്കെപ്പോലെ തലപ്പൊക്കമുള്ളയാളുകള്‍ നേതൃത്വത്തിലുണ്ടായിരിക്കെ, സ്വാതന്ത്ര്യമെന്ന വലിയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിലേക്ക് മുന്നേറുമ്പോഴാണ് കോണ്‍ഗ്രസില്‍ ഇത്തരം ഭിന്നതകളുണ്ടായത്. ആ ഭിന്നതകള്‍ പരമാവധി പ്രത്യാഘാതമുണ്ടാക്കി, ചരിത്രത്തിലെ ഏറ്റവും ഭീതിദവും ക്രൂരവുമായ ദിനങ്ങള്‍ സമ്മാനിച്ചു. സ്വാതന്ത്ര്യാനന്തരം നാല് ദശകത്തോളം രാജ്യഭാരം നിരന്തരം വഹിച്ച കാലത്ത് (ഇടക്കാലത്ത് രണ്ട് വര്‍ഷം നീണ്ട ജനതാ പരീക്ഷണം മറക്കുന്നില്ല) കോണ്‍ഗ്രസ് ദുര്‍ബലമാകുകയും പിളരുകയും യഥാര്‍ഥ കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമാകുകയുമൊക്കെ ചെയ്തു.


തൊപ്പിയും ചൂലും പുതിയ പ്രതീകങ്ങളായി ഉയര്‍ന്ന് വരുന്ന ഘട്ടമായതിനാലാണ് ഇത്രയും ചരിത്ര വിചാരം ചെയ്യേണ്ടിവന്നത്. അഴിമതി തുടച്ചു നീക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ചൂല്‍ തിരഞ്ഞെടുപ്പ് അടയാളമാക്കി, സ്വരാജ് മുദ്രാവാക്യമുയര്‍ത്തി, പരുത്തിത്തുണിയുടെ തൊപ്പിയും വെച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നിരിക്കുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ്, ഒട്ടൊരു കൗതുകം മാത്രമായി ഇതര ഇന്ത്യന്‍ വിഭാഗങ്ങള്‍ കണ്ടിരുന്ന ആ പാര്‍ട്ടി, ഡല്‍ഹിയിലെ വലിയ ജയത്തോടെ വലിയ സാന്നിധ്യമായി മാറിയിരിക്കുന്നു. പല പ്രമുഖരും ആം ആദ്മിയിലേക്ക് കടക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ചിലരൊക്കെ പ്രവേശം പ്രഖ്യാപിച്ചു. ചിലര്‍ അംഗത്വവുമെടുത്തു. ഒഴുക്കിനെ പ്രതിരോധിക്കേണ്ടത് എങ്ങനെ എന്ന് ആലോചിക്കുന്ന ആം ആദ്മി, ഇതര പാര്‍ട്ടികളില്‍ നിന്ന് പ്രവേശിക്കാന്‍ എത്തുന്നവരുടെ പൂര്‍വ ചരിത്രം പരിശോധിച്ച ശേഷം അനുവാദം നല്‍കാമെന്ന് അറിയിക്കുന്നു.
അധികാരത്തിലേറിയ ഡല്‍ഹിയില്‍പ്പോലും സംഘടനാ രൂപം പൂര്‍ണമായിട്ടില്ല ആം ആദ്മിക്ക്. മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഘടകങ്ങളുടെ രൂപവത്കരണം വിവിധ ഘട്ടങ്ങളില്‍ നില്‍ക്കുന്നു. തങ്ങളുടെത് ജനകീയ പ്രസ്ഥാനമെന്ന നിലയില്‍ നിന്ന് പാര്‍ട്ടിയിലേക്ക് രൂപാന്തരം പ്രാപിക്കുന്നതേയുള്ളൂവെന്ന് ആം ആദ്മിയുടെ നേതാക്കള്‍ തന്നെ സമ്മതിക്കുകയും ചെയ്യുന്നു. അതിനിടെയാണ് അംഗത്വവിതരണത്തെക്കുറിച്ചുള്ള വലിയ കണക്കുകള്‍ പുറത്തുവരുന്നത്. മുംബൈയില്‍ രണ്ട് ദിവസം കൊണ്ട് അഞ്ച് ലക്ഷം പേര്‍ അംഗത്വമെടുത്തു. റിപ്പബ്ലിക് ദിനം വരെയുള്ള കാലയളവില്‍ രാജ്യത്താകെ അംഗസംഖ്യ ഒരുകോടിയാക്കുമെന്നത് പോലുള്ള കണക്കുകള്‍. ഇതിനെ പിന്‍പറ്റിയാണ് കേരളത്തില്‍ സാറാ ജോസഫ് മുതല്‍ കെ എം ഷാജഹാന്‍ വരെയുള്ളവരുടെ പാര്‍ട്ടി പ്രവേശവും മറ്റുള്ളവരുടെ പ്രവേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും.


ഡല്‍ഹി സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ച നടപടികളുടെ പ്രത്യേകതയും കണക്കിലെടുക്കണം. സൗജന്യ വെള്ള വിതരണം, വൈദ്യുതി നിരക്കില്‍ വരുത്തിയ വെട്ടിക്കുറവ്, വൈദ്യുതിക്കമ്പനികളുടെ കണക്ക് ഓഡിറ്റ് ചെയ്യാനുള്ള തീരുമാനം, ചില്ലറ വില്‍പ്പനയിലെ വിദേശ നിക്ഷേപത്തിനുള്ള അനുമതി റദ്ദാക്കല്‍ എന്നിവയാണ് എടുത്തു പറയേണ്ടത്.
ഈ തീരുമാനങ്ങളും അഴിമതിക്കെതിരെ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടും പാര്‍ട്ടിയെ കൂടുതല്‍ കൂടുതല്‍  ജനകീയമാക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടാണ് അതിലേക്കുള്ള ആളൊഴുക്ക് വര്‍ധിക്കുന്നത്. പക്ഷേ, ഇത്തരം നിലപാടുകള്‍ കൊണ്ട് മാത്രമൊരു രാഷ്ട്രീയ സംവിധാനമായി നിലനില്‍ക്കാനാകുമോ എന്നതാണ് പ്രധാന പ്രശ്‌നം. അടിസ്ഥാനപരമായി ആം ആദ്മി പാര്‍ട്ടി ആരെ/എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നതും പ്രധാനമാണ്. ജന്‍ ലോക്പാല്‍ ആവശ്യപ്പെട്ട് അന്നാ ഹസാരെ നടത്തിയിരുന്ന നിരാഹാര വേദിയില്‍ നിന്നാണ് ആം ആദ്മിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ആ വേദിയിലേക്ക് ഒഴുകിയെത്തിയതില്‍ വലിയൊരു വിഭാഗം നഗരങ്ങളിലെ ഇടത്തരക്കാരോ/സമ്പന്ന മധ്യവര്‍ഗക്കാരോ ആയിരുന്നു. ഹസാരെയുടെ സമരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് ഹൈദരാബാദിലും ബംഗളുരുവിലും മുംബൈയിലുമൊക്കെ നടന്ന പ്രകടനങ്ങളില്‍ പങ്കാളികളായവരില്‍ ഭൂരിഭാഗവും സമ്പന്ന മധ്യവര്‍ഗ കുടുംബങ്ങളിലെ ചെറുപ്പക്കാരായിരുന്നു. അതുകൊണ്ടാണ് നമ്മുടെ ദേശീയ ചാനലുകള്‍ ഓരോ നഗരത്തിലെയും പ്രകടനങ്ങളെ തത്സമയം പ്രേക്ഷകരിലെത്തിച്ച്, സ്വന്തം 'വ്യൂവര്‍ഷിപ്പ്' വര്‍ധിപ്പിക്കാന്‍ ശ്രമിച്ചത്.


അന്നാ ഹസാരെയുമായി ഭിന്നിച്ചെങ്കിലും അരവിന്ദ് കെജ്‌രിവാള്‍, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ്, മനീഷ് സിസോദിയ തുടങ്ങിയവര്‍  മുന്നോട്ടുപോയപ്പോള്‍ അവര്‍ക്കൊപ്പം നിന്നതും ഇതേ മധ്യവര്‍ഗമായിരുന്നു. അവരെ ഏത് വിധത്തില്‍ യോജിപ്പിച്ച് നിര്‍ത്തണമെന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ അന്നായുടെ സമരവേദി കാട്ടിത്തന്നിരുന്നു. അത് ആം ആദ്മി പാര്‍ട്ടിയും സ്വീകരിച്ചു. ദേശീയ പതാകകള്‍ പാറിക്കളിക്കുന്ന, വന്ദേമാതരവും ഭാരത് മാതാ കി ജയ്‌യും മുറ തെറ്റാതെ മുഴങ്ങുന്നതായിരുന്നു അന്നായുടെ സമരവേദികള്‍. ആം ആദ്മിയുടെ എല്ലാ പരിപാടികളും ഈ രീതി പിന്തുടരുന്നു. നിലവിളിയോടടുത്ത് നില്‍ക്കും വിധത്തില്‍ വന്ദേമാതരവും ഭാരത് മാത് കീ ജയ്‌യും മുഴക്കപ്പെടുന്നു. കപട ദേശീയതയും  യാഥാര്‍ഥ്യങ്ങളെ വിസ്മരിക്കും വിധത്തിലുള്ള രാജ്യസ്‌നേഹവും സൃഷ്ടിച്ചെടുക്കുന്നതിന് നേരത്തെ സംഘ് പരിവാര്‍ സ്വീകരിച്ചിരുന്ന മാര്‍ഗം തന്നെയാണ് ഇത്. ഇതിലൂടെ അവര്‍ യോജിപ്പിക്കാന്‍ ശ്രമിച്ചത് ഭൂരിപക്ഷമതക്കാരെയാണെന്നത് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാകുമായിരുന്നു. അഴിമതിക്കെതിരായ കുരിശു യുദ്ധം, അഴിമതിയോട് സന്ധി ചെയ്ത നിലവിലുള്ള പാര്‍ട്ടികളെയെല്ലാം പുറന്തള്ളുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്ക് പ്രഥമ സ്ഥാനം നല്‍കി എത്തുന്ന ആം ആദ്മി, യഥാര്‍ഥത്തില്‍ ശ്രമിക്കുന്നത് ഭൂരിപക്ഷത്തിന്റെ ഏകോപനമാണെന്നത് പുറമേക്ക് അത്രത്തോളം പ്രകടമാകുന്നില്ലെന്ന് മാത്രം. വന്ദേതമാര, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ തങ്ങളുടെ പ്രഥമ ലക്ഷ്യത്തിന്റെ ഉദാത്തതക്ക് കീഴില്‍ ഭംഗിയായി മറച്ചുവെക്കാന്‍ സാധിക്കുന്നുണ്ട് ആം ആദ്മിക്ക്.


ജമ്മു കാശ്മീരില്‍, സൈന്യത്തിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന നിയമം തുടരേണ്ടതുണ്ടോ എന്നതില്‍ ജനഹിത പരിശോധന നടത്തണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ട് (ആം ആദ്മി ആകുന്നതിന് മുമ്പേ ഇദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്) നിമിഷങ്ങള്‍ക്കകം ജമ്മുകാശ്മീര്‍  ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രസ്താവന നടത്തി. പ്രശാന്ത് ഭൂഷണിന്റെ അഭിപ്രായത്തെ സംഘ് സംഘടനകള്‍ വിമര്‍ശിക്കുമ്പോഴൊക്കെ, കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നാണ് ആം ആദ്മിയുടെ നിലപാട് എന്ന് കെജ്‌രിവാള്‍ ആവര്‍ത്തിച്ചു. 'പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്, സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തെക്കുറിച്ചാണ് അതിനപ്പുറത്ത് കാശ്മീരിന്റെ കാര്യത്തില്‍ ഒന്നുമദ്ദേഹം പറഞ്ഞിട്ടില്ല' എന്നെങ്കിലും പറയാനുള്ള ധൈര്യം കെജ്‌രിവാള്‍ പ്രകടിപ്പിക്കുന്നില്ല. രാഷ്ട്രീയ നേതാവ് എന്ന നിലക്കുള്ള പരിചയക്കുറവ് ഒരു കാരണമാകാം. അതിനപ്പുറത്ത് തങ്ങള്‍ക്ക് പിന്തുണയേകുമെന്ന് കരുതപ്പെടുന്ന വിഭാഗത്തില്‍ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന എതിര്‍ വികാരമൊഴിവാക്കുക എന്നതാണ് കെജ്‌രിവാളിന്റെ ലക്ഷ്യമെന്ന് തന്നെ കരുതണം. ആ നിലപാടിലാകും ആം ആദ്മി തുടര്‍ന്നും സഞ്ചരിക്കുക എന്നും.
അഴിമതി ഇല്ലാതാക്കുക എന്നതിനപ്പുറത്തൊരു അജന്‍ഡ ആം ആദ്മിക്കില്ലെന്നും അതിനാല്‍ തന്നെ രാഷ്ട്രീയ സംവിധാനമായി നിലനില്‍ക്കുന്നത് എങ്ങനെ എന്നും സംശയങ്ങളുന്നയിക്കുന്നവരുണ്ട്. നയരൂപവത്കരണത്തിന് സമയമുണ്ടെന്ന് ധരിക്കുക. എന്നാല്‍ എന്ത് ആശയങ്ങളെ അടിസ്ഥാനമാക്കിയാകും നയരൂപവത്കരണം നടക്കുക എന്നതിലേക്കുള്ള സൂചന കാശ്മീര്‍ നമുക്ക് നല്‍കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേക അധികാരങ്ങളുടെ കാര്യമെടുത്താല്‍, രാജ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള നിലപാടേ ആം ആദ്മിക്കെടുക്കാനാകൂ എന്ന് ചുരുക്കം.


ജാതി, മതം, ഭാഷ എന്നീ പരിഗണനകള്‍ക്ക് വശംവദമാകാത്ത പാര്‍ട്ടിയായിരിക്കും ആം ആദ്മിയെന്ന് നേതാക്കള്‍ പറയുന്നുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് സാമൂഹികവും രാഷ്ട്രീയവുമായ മാറ്റത്തിന് പ്രേരകമായ ഘടകമാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നടപ്പാക്കല്‍. ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും സാമൂഹികമായ പിന്നാക്കാവസ്ഥയും അനുഭവിച്ചിരുന്ന വിഭാഗങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുകയും അധികാരത്തിലേക്ക് എത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ച പിന്നീടുള്ള വര്‍ഷങ്ങളില്‍ കണ്ടു. മുലായം സിംഗ് യാദവും മായാവതിയും ലാലു പ്രസാദ് യാദവും നിതീഷ് കുമാറുമൊക്കെ മുഖ്യമന്ത്രിമാരായത് ഈ പ്രക്രിയയുടെ ഭാഗമായാണ്. അതിനെ അഭിമുഖീകരിക്കുകയേ വേണ്ട എന്നാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിരാസമെന്നത് വലിയ വികാരമായി നില്‍ക്കുന്ന ഇന്നത്തെ പ്രത്യേക ഘട്ടത്തില്‍ ജാതി- മത പരിഗണനകള്‍ക്ക് വശംവദരാകാതിരിക്കുക എന്ന മുദ്രാവാക്യത്തിന് പിന്തുണ ലഭിച്ചേക്കാം. പക്ഷേ ആ നിലപാടിന് കരുത്ത് കിട്ടുക എന്ന് പറഞ്ഞാല്‍, ബഹുസ്വരതയെ നിരസിക്കുന്ന, ഇപ്പോള്‍ സംഘ് പരിവാര്‍ മുന്നോട്ടുവെക്കുന്ന, ഏക സിവില്‍ കോഡ്, മെറിറ്റിന് മുന്‍തൂക്കമേകുന്ന സംവരണ2വിരുദ്ധത, ഭൂരിപക്ഷവികാരത്തോടൊപ്പിച്ചും സവര്‍ണപക്ഷത്തോട് ചേര്‍ന്നും നില്‍ക്കുന്ന ചരിത്ര നിര്‍മിതി എന്നു തുടങ്ങിയ അജന്‍ഡകള്‍ക്ക് സ്വീകാര്യത ലഭിക്കുക എന്നാണ് അര്‍ഥം. അതിലേക്കൊക്കെ ആം ആദ്മി പാര്‍ട്ടി സഞ്ചരിച്ചെത്തണമെങ്കില്‍ കാലം കുറേ വേണ്ടിവരും. അതിനിടയില്‍ ഉയര്‍ന്നുവരാനിടയുള്ള ആഭ്യന്തര വൈരുധ്യങ്ങളെ തരണം ചെയ്യാന്‍ ആ പാര്‍ട്ടിക്കാകുമോ? അത്തരം വൈരുധ്യങ്ങള്‍ കടുത്ത വടംവലി വേഗത്തില്‍ സൃഷ്ടിക്കാനിടയുള്ള സാധ്യതയും ഏറെയാണ്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ കൈവരിക്കുന്ന ജനപ്രിയതയുടെ അതേ വേഗത്തില്‍ കാറ്റ് ചോര്‍ന്ന് പോകുന്നത് നാം കാണേണ്ടിവരും.


എന്തൊക്കെയായാലും ഇപ്പോഴത്തെ കാലഗണനക്കനുസൃതമല്ലാത്ത വളര്‍ച്ച, കുടുതല്‍ നെഞ്ചിടിപ്പേറ്റുന്നത് നരേന്ദ്ര മോദിക്കും ബി ജെ പിക്കുമായിരിക്കും. യു പി എ സര്‍ക്കാറിനെതിരെയുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിവിട്ട ജനവികാരം തങ്ങളെത്തുണക്കുമെന്ന് പ്രതീക്ഷിച്ച് അടുപ്പത്തുവെച്ച കലത്തിലാണ് മണ്ണ് വീണത്. ബി ജെ പിയുടെ വോട്ട് പോക്കറ്റുകളില്‍ പ്രധാനം നഗരങ്ങളാണ്. അവിടുത്തെ ഇടച്ചേരിക്കാരെയാണ് വന്ദേമാതരം പാടിച്ചും തൊപ്പി അണിയിച്ചും ആം ആദ്മി തെളിച്ചുകൊണ്ടുപോകുന്നതും. നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്ന സൗജന്യ പ്രചാരണം ആം ആദ്മിയും അരവിന്ദ് കെജ്‌രിവാളും അവസാനിപ്പിച്ചത് ശ്രദ്ധിക്കുക. അതുകൊണ്ട് ഇപ്പോഴത്തെ ഈ വളര്‍ച്ച, ആം ആദ്മിയുടെ അടിസ്ഥാനധാരയെക്കുറിച്ച് മുമ്പുന്നയിച്ച വാദങ്ങളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തന്നെ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണകരമായ ഫലം പ്രദാനം ചെയ്യുമെന്ന് തന്നെ കരുതണം.

2014-01-03

വാതകമാകുന്നു ജനാധിപത്യം


പാചകവാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയെന്ന വാര്‍ത്തയോടെയാണ് 2014 പുലര്‍ന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 230 രൂപയോളവും വാണിജ്യാവശ്യത്തിനുള്ള (ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്നത്) സിലിണ്ടറിന്റെ വില 385 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ ഭാരം 14.2 കിലോഗ്രാമും വാണിജ്യാവശ്യത്തിനുള്ളതിന്റേത് 19 കിലോയുമാണ്. കേന്ദ്ര സര്‍ക്കാറിന്റെയോ പെട്രോളിയം വകുപ്പ് ഭരിക്കുന്ന നേതാവിന്റെയോ അറിവോ അനുമതിയോ ഇല്ലാതെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചുവെന്നും ആധാര്‍ ബന്ധിത ബേങ്ക് അക്കൗണ്ടുകളുള്ളവര്‍ക്ക്, വില വര്‍ധന ബാധകമാകില്ലെന്നുമാണ് ഭരണമുന്നണയിലെ നേതാക്കള്‍ വിശദീകരിക്കുന്നത്. ആധാര്‍ ബന്ധിത ബേങ്ക് അക്കൗണ്ടുകളുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ വര്‍ധിപ്പിച്ച വില നല്‍കി സിലിണ്ടറുകള്‍ വാങ്ങിയാല്‍, സബ്‌സിഡിപ്പണം അക്കൗണ്ടിലേക്ക് തിരികെ എത്തിക്കോളുമെന്നാണ് അര്‍ഥം. കേരളത്തെ സംബന്ധിച്ച്, എല്ലാവര്‍ക്കും ആധാര്‍ നമ്പറുകള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പാചകവാതക സബ്‌സിഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് മാസത്തെ സമയം അനുവദിക്കുമെന്നാണ് ഒടുവില്‍ നല്‍കിയിരിക്കുന്ന വിവരം.


ഈ സാഹചര്യം എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നതാണ് യഥാര്‍ഥത്തില്‍ ആലോചിക്കേണ്ടത്. ഈ സാഹചര്യ സൃഷ്ടി എത്രത്തോളം ജനാധിപത്യപരമാണെന്നും ആലോചിക്കേണ്ടതുണ്ട്. സബ്‌സിഡി പരിമിതപ്പെടുത്തുക എന്ന യു പി എ സര്‍ക്കാറിന്റെ ലക്ഷ്യവും റിലയന്‍സ്, ഷെല്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ വിപണിയിലേക്ക് ഇറങ്ങാന്‍ അവസരമൊരുക്കി ഭാവിയില്‍ സ്വകാര്യവത്കരണം പൂര്‍ണമാക്കുക എന്ന ഉദ്ദേശ്യവുമാണ് ഈ സാഹചര്യ സൃഷ്ടിയില്‍ ഏറെ പ്രധാനം. എല്ലാ ആനുകൂല്യങ്ങളും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. ഇതൊന്നും അറിയാതെയല്ല, എണ്ണക്കമ്പനികള്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിച്ചുവെന്ന് കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ വിലപിക്കുന്നത്.


ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയം സംബന്ധിച്ച നയം രൂപവത്കരിക്കാന്‍ കിരിത് പരീഖ് ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. പെട്രോളിന്റെ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാറിനുണ്ടായിരുന്ന അധികാരം ഇല്ലാതാക്കി, വിപണിയുടെ ചാഞ്ചാട്ടത്തിന് വിട്ടുകൊടുത്തത് ആ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു. ഡീസലിന്റെ വില നിയന്ത്രണവും നീക്കണമെന്ന് പരീഖ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. അത് അപ്പടി നടപ്പാക്കാതെ, മാസം തോറും അമ്പത് പൈസ വീതം വര്‍ധിപ്പിക്കുക എന്ന മൃദു സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. എല്‍ പി ജിക്കുള്ള സബ്‌സിഡി പരിമിതപ്പെടുത്തണമെന്നും അധികം വൈകാതെ അത് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്നും പരീഖ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ കേളികൊട്ടാണ് ഇപ്പോഴത്തെ വിലവര്‍ധനയും ഭരണാധികാരികളും കോണ്‍ഗ്രസ് നേതാക്കളും പ്രസ്താവനകള്‍ നടത്തി സൃഷ്ടിക്കുന്ന ആശയക്കുഴപ്പവും.


2014 പുലര്‍ന്നപ്പോള്‍ സംഭവിച്ചത്, എല്‍ പി ജി സബ്‌സിഡി, ആധാര്‍ ബന്ധിത ബേങ്ക് അക്കൗണ്ടുള്ളവര്‍ക്ക് മാത്രമാക്കുകയും വാതക വില കമ്പോള കേന്ദ്രിതമാക്കുകയുമാണ്. 14.5 കിലോ തൂക്കം വരുന്ന സിലിണ്ടറൊന്നിന് വില 1200ല്‍ അധികമാകുന്നു. 19 കിലോ തൂക്കം വരുന്ന സിലിണ്ടറൊന്നിന് രണ്ടായിരത്തിലധികവും. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയുടെയും അത് സംസ്‌കരിച്ച് ഉത്പന്നങ്ങളാക്കുന്നതിനും ഉത്പന്നങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനും വേണ്ട ചെലവിന്റെയും അടിസ്ഥാനത്തില്‍ വിപണി വില നിശ്ചയിക്കുകയാണ് ചെയ്യുന്നത്. പെട്രോളിന്റെ കാര്യത്തില്‍ നേരത്തെ സ്വീകരിച്ച രീതി, എല്‍ പി ജിയുടെ കാര്യത്തില്‍ ഇപ്പോള്‍ സ്വീകരിക്കുന്നു. പെട്രോള്‍ വില വിപണിക്ക് വിട്ടുകൊടുത്തതോടെ റിലയന്‍സിനെപ്പോലുള്ള കമ്പനികള്‍ക്ക് നേരത്തെ തുറന്ന്, പിന്നീട് അടച്ച പമ്പുകള്‍ തുറക്കാന്‍ സാധിച്ചു. അവര്‍ക്ക് പാചകവാതകത്തിന്റെ കാര്യത്തില്‍ കൂടി സമാന പങ്കാളിത്തം ലഭിക്കും, കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനത്തോടെ. ലിറ്ററിന് അമ്പത് പൈസ വീതം വര്‍ധിപ്പിച്ച്, ഡീസല്‍ വില വിപണി വിലക്ക് തുല്യമാകുന്നതോടെ അവിടെയും റിലയന്‍സ് പോലുള്ള സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശിക്കാം.


അതോടെ, വലിയ നഷ്ടം നേരിടുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന, വന്‍ ആസ്തികള്‍ സ്വന്തമായുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ സ്വകാര്യ മേഖലക്ക് കൈമാറിത്തുടങ്ങും. ആസുത്രണകമ്മീഷന്‍, തീരെ താഴ്ത്തിവരക്കുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കുള്ള സബ്‌സിഡി സര്‍ക്കാറില്‍ നിക്ഷിപ്തമാക്കി നിലനിര്‍ത്തിക്കൊണ്ട് എണ്ണ മേഖലയെ സമ്പൂര്‍ണ സ്വകാര്യവത്കരണത്തിന് വിധേയമാക്കുകയാകും ചെയ്യുക.
റിലയന്‍സിനും അദാനിക്കും ഷെല്ലിനുമൊക്കെ ഗുണകരമാകുന്ന, അവരിലേക്ക് നിക്ഷേപമൊഴുക്കുകയോ നിക്ഷേപമൊഴുക്കാന്‍ കാത്തുനില്‍ക്കുകയോ ചെയ്യുന്ന ബ്രിട്ടീഷ് പെട്രോളിയം പോലുള്ള അന്താരാഷ്ട്ര കമ്പനികള്‍ക്ക് സഹായകരമാകുന്ന ഈ നയങ്ങളില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരേതൂവല്‍ പക്ഷികളാണ്. അതുകൊണ്ടാണ് വാതകവില വര്‍ധിപ്പിക്കുകയും ആധാറില്ലാത്തവര്‍ മുഴുവന്‍ വിലയും നല്‍കി പാചക വാതകം വാങ്ങണമെന്ന് പറയുകയും ചെയ്യുമ്പോള്‍, ബി ജെ പി വലിയ വായില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ തയ്യാറാകാത്തത്. സര്‍ക്കറിനെ വിമര്‍ശിക്കുന്നതിലല്ല, ഇവര്‍ക്ക് പ്രയാസമുണ്ടാകുന്നത് ആ വിമര്‍ശം റിലയന്‍സിനും അദാനിക്കുമൊക്കെ പ്രയാസമുണ്ടാക്കുമെന്നതിലാണ്.


ആധാര്‍ നടപ്പാക്കുന്നത്, ഭരണപരമായ ഉത്തരവനുസരിച്ചാണ്. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിന്റെ പിന്‍ബലം ഇതിനില്ല. കിരിത് പരീഖിന്റെ റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പെട്രോള്‍ വിലയുടെ നിയന്ത്രണം കമ്പോളത്തിന് വിട്ടുകൊടുത്തത് എക്‌സിക്യൂട്ടീവിന്റെ തീരുമാനമനുസരിച്ചാണ്. ഇപ്പോഴത്തെ തീരുമാനങ്ങളും അങ്ങനെ തന്നെ. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രശ്‌നങ്ങളില്‍പ്പോലും പാര്‍ലിമെന്റിന്റെ അറിവില്ലാതെ തീരുമാനങ്ങളെടുക്കുമ്പോള്‍ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ത് ജനായത്തമാണെന്ന ചോദ്യം സ്വാഭാവികമായി ഉയരും. അതുയര്‍ത്താന്‍ ത്രാണിയുള്ളവരില്ലെന്നതാണ് പ്രശ്‌നം.


കേരളത്തിന്റെ ചുറ്റുവട്ടത്തില്‍, ആധാര്‍ രജിസ്‌ട്രേഷനുള്ള അക്ഷയ കേന്ദ്രങ്ങള്‍ ഉണ്ട്. ബേങ്ക് ബ്രാഞ്ചില്ലാത്ത ഗ്രാമങ്ങളും കുറവ്. അതുകൊണ്ട് തന്നെ ആധാറും അതിന്റെ ബേങ്ക് ബന്ധനവും ഏറെക്കുറെ എളുപ്പത്തില്‍ നടക്കുമായിരുന്നു. എന്നിട്ടും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്താകെയുള്ള കണക്കെടുത്താല്‍ ആകെയുള്ള ആറ് ലക്ഷത്തില്‍പ്പരം ഗ്രാമങ്ങളില്‍ 40,000ത്തില്‍ മാത്രമാണ് ബേങ്ക് ശാഖകളുള്ളത്. (2013ല്‍ റിസര്‍വ് ബേങ്ക് തന്നെ നല്‍കിയ കണക്കാണിത്) സാക്ഷരത, കമ്പ്യൂട്ടര്‍ സാക്ഷരത, ഇന്റര്‍നെറ്റ് ബന്ധം എന്നിവയിലും രാജ്യത്തെ ഇതര ഭാഗങ്ങളിലെ ഗ്രാമങ്ങള്‍ പിന്നാക്കമാണ്. അവിടേക്ക് ആധാറും അതിന്റെ ബേങ്ക് ബന്ധനവും വ്യാപിപ്പിക്കുക എന്നത് ഈ നൂറ്റാണ്ടിന്റെ ഏത് പക്ഷത്തിലാണ് സാധ്യമാകുക? അതായത് പാചകവാതകത്തിന്റെ സബ്‌സിഡി ആനുകൂല്യത്തില്‍ നിന്ന് കഴിയാവുന്നത്ര ആളുകളെ എത്രയും പെട്ടെന്ന് ഒഴിവാക്കുക എന്നതു തന്നെയാണ് തന്ത്രമെന്ന് കരുതണം.


പാചകവാതകത്തിന്റെ കാര്യത്തില്‍ മാത്രമൊതുങ്ങുതല്ല ഈ നയം. സര്‍ക്കാറിന്റെ എല്ലാ സാമൂഹികക്ഷേമ പരിപാടികളും ആധാറധിഷ്ഠിതമാകുമെന്നാണ് സങ്കല്‍പ്പം. അതിന് വേണ്ടിയാണ് നന്ദന്‍ നിലേകനി എന്ന ടെക്‌നോക്രാറ്റ്, കാബിനറ്റ് മന്ത്രിയുടെ പദവിയിലിരുന്ന് അക്ഷീണ പ്രയ്തനം നടത്തുന്നത്. നാളെ ഭക്ഷ്യവസ്തുക്കളുടെ സബ്‌സിഡിയും ഇതേപോലെ ക്രമീകരിക്കപ്പെട്ടേക്കും. ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമമാക്കുക എന്നതല്ല, ആനുകൂല്യങ്ങളുടെ തണലില്ലാതെ ജീവിക്കാന്‍ പാകത്തില്‍ ജനങ്ങളെ 'ഉയര്‍ത്തിക്കൊണ്ടുവരിക' എന്നതാണ് ആധുനിക ഭരണകൂടത്തിന്റെ ലക്ഷ്യം. അത് ലാക്കാക്കി പ്രവര്‍ത്തിക്കുമ്പോള്‍ വന്‍കിട വികസന പദ്ധതികളും അത് സൃഷ്ടിച്ചെടുക്കുന്ന തൊഴിലവസരങ്ങളുമൊക്കെയാണ് പ്രധാനം. അതിന് മാതൃക, മന്‍മോഹനൊക്കെ മാതൃകയാക്കുന്ന അമേരിക്കയില്‍ നിന്ന് അടുത്തിടെയുണ്ടായി. ആരോഗ്യ രക്ഷാ പദ്ധതി നടപ്പാക്കാന്‍, പ്രസിഡന്റ് ഒബാമ ആവത് പണിപ്പെട്ടു. ബജറ്റ് പാസ്സാക്കുന്നത് പോലും തടഞ്ഞ്, റിപ്പബ്ലിക്കന്‍മാര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.


ഇവിടെ ജനങ്ങളുടെ പ്രതിഷേധവും അടുത്തുവരാനിരിക്കുന്ന തിരഞ്ഞെടുപ്പും പരിഗണിച്ച്, ചെറിയ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ആധാര്‍ ബന്ധനത്തിന് രണ്ട് മാസം ഇളവ് എന്നൊക്കെ കേന്ദ്ര മന്ത്രി പറയുന്നതിന്റെ അര്‍ഥം അത്രമാത്രമാണ്. കമ്പോളത്തില്‍, അത് ഊഹക്കമ്പോളത്തിലാണെങ്കില്‍ അത്രയും നന്ന്, മത്സരിച്ച് നിലനില്‍ക്കാനും ആ മത്സരത്തില്‍ ഉയരുകയോ താഴുകയോ ചെയ്യുന്ന വിലകളോട് താദാത്മ്യം പ്രാപിക്കാനും ത്രാണിയുള്ളവര്‍ നിലനിന്നാല്‍ മതിയെന്നാണ് നമ്മെ ഭരിക്കുന്നവരുടെ സങ്കല്‍പ്പം. അര്‍ഹതയുള്ളവന്റെ അതിജീവനം മാത്രം ഉദ്ദേശിക്കുന്ന സാമ്പത്തിക ഫാസിസം പ്രാവര്‍ത്തികമാകുമ്പോള്‍ ജനാധിപത്യത്തിനോ അതിന്റെ പ്രയോഗവേദിയായി കല്‍പ്പിക്കപ്പെടുന്ന പാര്‍ലിമെന്റിനോ വലിയ സ്ഥാനമൊന്നുമില്ല. അതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങളൊന്നും പാര്‍ലിമെന്റില്‍ ചര്‍ച്ചയാകാത്തത്. സുപ്രധാന സാമ്പത്തിക തീരുമാനങ്ങളൊക്കെ ബജറ്റിന് പുറത്ത് പ്രഖ്യാപിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്നത്.


തീവ്ര വര്‍ഗീയത അജണ്ടയാക്കുന്ന സംഘ് പരിവാറും അതിന്റെ രാഷ്ട്രീയരൂപത്തിന്റെ നേതൃത്വമേറ്റെടുത്ത നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നിലപാടുകളും ഈ സാമ്പത്തിക ഫാസിസത്തെക്കൂടി പിന്തുണക്കുന്നുണ്ട്. വര്‍ഗീയതയെയും അതിന്റെ ഫാസിസ്റ്റ് മുഖത്തെയും അപേക്ഷിച്ച് ഭേദം സാമ്പത്തിക ഫാസിസമാണെന്ന നിലപാട് തിരഞ്ഞെടുപ്പില്‍  സ്വീകരിക്കാന്‍, യോഗ്യമായൊരു ബദലില്ലാത്തതിനാല്‍, ജനങ്ങള്‍ നിര്‍ബന്ധിതരായേക്കും. തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സാഹചര്യത്തില്‍ വര്‍ഗീയ - ഫാസിസ്റ്റ്‌വിരുദ്ധ ഭരണത്തിന് വേണ്ടി ഇതരകക്ഷികള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനും തയ്യാറായേക്കും. ഈ വിദുര പ്രതീക്ഷയിലാണോ,  അഴിമതി ആരോപണങ്ങളാലും നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വികളാലും ക്ഷീണിതമായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും അവരുടെ മന്ത്രിസ്ഥാനത്തുള്ള നേതാക്കളും ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്? തിരിഞ്ഞുനടത്തം പരാജയമല്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ടാകുമെന്ന കരുതേണ്ടതില്ല. രാഹുല്‍ ഗാന്ധിയുടെ ചില പ്രകടനങ്ങള്‍, അതിനൊരു അപാവദമെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടെന്ന് മാത്രം. എല്ലാ ഗ്രാമങ്ങളിലും വിറകിന് ഉപയോഗിക്കാന്‍ പാകത്തിലുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട് മന്‍മോഹന്‍ സിംഗ്. അതിനായി കാത്തിരിക്കുക, പാചകവാതക വില മറന്നേക്കുക.