2014-07-14

കൊ.. രാജാവ് തി.. മന്ത്രി


ഐ പി എസ് ഉദ്യോഗസ്ഥനും ഗുജറാത്ത് ക്രൈം ബ്രാഞ്ചിലെ ഡെപ്യൂട്ടി കമ്മീഷനറുമായിരുന്ന അഭയ് ചുദസാമ, വ്യവസായികളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഘത്തിന്റെ നേതാവായിരുന്നുവെന്നാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) കണ്ടെത്തല്‍. ഈ സംഘത്തില്‍ അംഗമായിരുന്ന സുഹ്‌റാബുദ്ദീന്‍ ശൈഖ്, കളം മാറിച്ചവിട്ടുമെന്ന തോന്നലുണ്ടായപ്പോള്‍ അഭയ് ചുദസാമയും ഗുജറാത്ത് പോലീസിലെ മറ്റ് ഏതാനും ഉദ്യോഗസ്ഥരും ചേര്‍ന്നു വെടി വെച്ചുകൊന്നുവെന്ന കേസ് വിചാരണാഘട്ടത്തിലാണ്. ഒരു വ്യവസായ ഗ്രൂപ്പിന്റെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്ന്, ഏറ്റുമുട്ടലെന്ന് തോന്നിപ്പിക്കാവുന്ന സാഹചര്യമൊരുക്കിയാണ് സുഹ്‌റാബുദ്ദീനെ വെടിവെച്ചു കൊന്നത്.


ആന്ധ്രാ പോലീസിന്റെ സഹായത്തോടെ ഹൈദരാബാദില്‍ നിന്ന് ഗുജറാത്ത് പോലീസ് സുഹ്‌റാബുദ്ദീനെ കൂട്ടിക്കൊണ്ടുവരുമ്പോള്‍ സാക്ഷിയായിരുന്നു ഭാര്യ കൗസര്‍ബിയും സുഹൃത്ത് തുള്‍സി റാം പ്രജാപതിയും. കൗസര്‍ബിയെ ചുട്ടെരിച്ച് ചാരം പുഴയിലൊഴുക്കി, വലിയ തെളിവ് ഇല്ലാതാക്കിയ ഗുജറാത്ത് പോലീസ്, തുള്‍സി റാം പ്രജാപതിക്ക് കുറച്ച് സമയം കൂടി നല്‍കി. ചുദസാമയുടെ സംഘത്തില്‍ അംഗമായിരുന്ന തുള്‍സി റാം പ്രജാപതി, രഹസ്യം സൂക്ഷിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ഗുജറാത്ത് പോലീസിന്. ആ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് രാജസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന തുള്‍സി റാമിനെ അഹമ്മദാബാദ് കോടതിയില്‍ ഹാജരാക്കാനായി കൂട്ടിക്കൊണ്ടുവരുമ്പോള്‍ ട്രെയിനില്‍ വെച്ച് വെടിവെച്ചു കൊന്ന്, ഏറ്റുമുട്ടലായി ചിത്രീകരിച്ചത്. ഇതിന്റെയൊക്കെ ആസൂത്രകരുടെ പട്ടികയില്‍, ബി ജെ പിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അമിത് ഷായുടെ പേരുണ്ട്.


പറഞ്ഞു പഴകിയ ഈ കഥ പ്രസക്തമാകുന്നത്, വ്യക്തികളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി സ്വന്തം ഇംഗിതം നടപ്പാക്കുന്ന രീതി പുതിയ രൂപത്തില്‍ ആവര്‍ത്തിക്കുന്നതുകൊണ്ടാണ്. രാജ്യത്തിന്റെ പരമാധികാര സ്ഥാനവും ആ സ്ഥാനത്തെ നിയന്ത്രിക്കുമെന്ന് കരുതപ്പെടുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനവും കൈക്കലാക്കിയ ശേഷവും ഭയപ്പെടുത്തി വരുതിയിലാക്കല്‍ തുടരുന്നതുകൊണ്ടാണ്. പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്ര  മോദിയുടെ യാത്ര, സുഗമമാക്കാന്‍ പാകത്തില്‍ ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ വര്‍ഗീയമായും അല്ലാതെയും ഇടപെട്ട് വിജയം കണ്ട അമിത് ഷാ, ബി ജെ പിയുടെ അമരത്തേക്കെത്തുമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തന്നെ ഉറപ്പായിരുന്നു. പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റും ഒരേ സംസ്ഥാനക്കാരാകുന്നത്, പാര്‍ട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങളെ ബാധിക്കുമെന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും ബി ജെ പിയിലെ തന്നെ ഒരു വിഭാഗത്തിന്റെയും അഭിപ്രായത്തെ മറികടക്കാന്‍, നരേന്ദ്ര  മോദിക്ക് ഏതാനും ദിവസങ്ങള്‍ വേണ്ടിവന്നുവെന്നതേയുള്ളൂ.


രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റുണ്ടാകുമ്പോള്‍, ആ നിയമനം മാധ്യമങ്ങളില്‍ വിശകലനം ചെയ്യപ്പെടുക സ്വാഭാവികം. നിയമിക്കപ്പെട്ട വ്യക്തിയുടെ 'യോഗ്യത'കള്‍ വിശകലനത്തില്‍ ഉള്‍പ്പെടുകയും ചെയ്യും. അത്തരമൊരു ലേഖനമാണ് റാണ അയ്യൂബ്, ഡി എന്‍ എയില്‍ എഴുതിയത്. പ്രസിദ്ധം ചെയ്ത് മണിക്കൂറുകള്‍ക്കകം ഈ ലേഖനം പിന്‍വലിക്കാന്‍ പത്രത്തിന്റെ മാനേജ്‌മെന്റ് തീരുമാനിച്ചു.


ഡോ. സുഭാഷ് ചന്ദ്ര ചെയര്‍മാനായ എസ്സല്‍ ഗ്രൂപ്പിന്റെ കീഴില്‍ വരുന്നതാണ് ഡി എന്‍ എ. രാജ്യത്തെ വലിയ മാധ്യമ നെറ്റ്‌വര്‍ക്കായ സീ ന്യൂസും എസ്സല്‍ ഗ്രൂപ്പിന്റെത്. അടിസ്ഥാന സൗകര്യ വികസനം, സിനിമാ നിര്‍മാണം എന്നു തുടങ്ങി മറ്റ് നിരവധി മേഖലകളിലും എസ്സല്‍ ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രതികൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കണമെങ്കില്‍ 100 കോടി രൂപയുടെ പരസ്യങ്ങള്‍ സീ ഗ്രൂപ്പിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജിന്‍ഡാല്‍ ഗ്രൂപ്പിനെ ഭീഷണിപ്പെടുത്തിയെന്ന കേസ് നേരിടുന്നുണ്ട് സുഭാഷ് ചന്ദ്രയും സീ വാര്‍ത്തയുടെ പത്രാധിപന്‍മാരും. സാമ്പത്തിക നേട്ടങ്ങള്‍ക്കായി വാര്‍ത്തയെ ദുരുപയോഗം ചെയ്യുക എന്നതും അതിന്റെ അനുകൂലമോ പ്രതികൂലമോ ആയ ഫലങ്ങള്‍ അനുഭവിക്കുക എന്നതും എസ്സല്‍, സീ ഗ്രൂപ്പുകളെ സംബന്ധിച്ച് പുത്തരിയല്ലെന്ന് ചുരുക്കം. അതുകൊണ്ടു തന്നെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ അമിത് ഷായുടെ പങ്കാളിത്തം പരാമര്‍ശിക്കുന്ന ലേഖനം ഡി എന്‍ എയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശിക്കുക എന്നത് സുഭാഷ് ചന്ദ്രക്കോ, അദ്ദേഹത്തിനൊപ്പം അടിയുറച്ചു നില്‍ക്കുന്ന പത്ര അധിപന്‍മാര്‍ക്കോ വലിയ കാര്യമല്ല. ഇങ്ങനെ പിന്‍വലിച്ചതിന് എന്ത് പ്രതിഫലം കിട്ടി/കിട്ടുന്നുവെന്നത് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സുഹ്‌റാബുദ്ദീനെപ്പോലെ ഗുജറാത്തിലെ തെരുവുകളില്‍ പൊലിഞ്ഞ ജീവനുകളുടെ കഥ ഓര്‍മിപ്പിച്ചുള്ള ഭീഷണിപ്പെടുത്തലായിരുന്നോ എന്നത് പുറത്തുവരാന്‍ ഇടയില്ല.


മോദി അധികാരത്തിലെത്തിയതിനു ശേഷം, ആദ്യത്തെ ഇടപെടല്‍ നടന്നത് ടി വി 18 എന്ന മാധ്യമ ശൃംഖലയിലാണ്. രാജ്ദീപ് സര്‍ദേശായിയും ഭാര്യ സാഗരിക ഘോഷും നേതൃത്വത്തിലുണ്ടായിരുന്ന വാര്‍ത്താ ചാനല്‍ ഐ ബി എന്‍ അടക്കം ടി വി 18 ശൃംഖലയെയാകെ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഏറ്റെടുത്തു. മുകേഷിന്റെ വ്യവസായ ശൃംഖലക്കെതിരെ വാര്‍ത്തകള്‍ നല്‍കിയതുകൊണ്ടു മാത്രമായിരുന്നില്ല ഈ ഏറ്റെടുക്കലെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും. മുകേഷിനെയും അദാനിയെയും പോലുള്ളവര്‍ രക്ഷാധികാരിയുടെ സ്ഥാനത്തുകണ്ട നരേന്ദ്ര മോദിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയതു കൊണ്ടുകൂടിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദിയുമായി രാജ്ദീപ് സര്‍ദേശായി നടത്തിയ സംഭാഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. '24 മണിക്കൂറും സംപ്രേഷണം നടത്തുന്ന വാര്‍ത്താ ചാനലുണ്ടല്ലോ നിങ്ങളുടെ കൈയില്‍, നിങ്ങളെന്തൊക്കെയാണ് പറയുന്നത്, നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളൂ' എന്നൊക്കെ ഭീഷണിയുടെ സ്വരത്തില്‍ പറയുന്നുണ്ട് നരേന്ദ്ര മോദി. ഇപ്പോള്‍ നിങ്ങളെന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളൂ, അധികാരത്തിലെത്തുകയാണെങ്കില്‍ കാണിച്ചുതരാമെന്ന സൂചന മോദിയുടെ വാക്കുകളിലുണ്ട്. അതിനെ അര്‍ഥവത്താക്കി നല്‍കുകയാണ് ടി വി 18 ശൃംഖല ഏറ്റെടുക്കുന്നതിലൂടെ മുകേഷ് അംബാനി ചെയ്തത്. കൂട്ടത്തില്‍ തനിക്കെതിരെ തുറക്കുന്ന ഒരു വായ അടക്കാനും സാധിച്ചു.


ഈ ഏറ്റെടുക്കലിന്റെ യഥാര്‍ഥ രാഷ്ട്രീയത്തെക്കുറിച്ച് വലിയ ചര്‍ച്ചയൊന്നും രാജ്യത്തുണ്ടായില്ല. ഏത് വിധത്തിലാണ് ഏറ്റെടുക്കല്‍ സാധ്യമായത്, അതിലെ നാടകീയത എത്രത്തോളമായിരുന്നു, തീരുമാനം പുറത്തറിഞ്ഞപ്പോഴുണ്ടായ വൈകാരിക പ്രതികരണങ്ങള്‍ എന്തൊക്കെയായിരുന്നു എന്നു തുടങ്ങി, മുന്‍കാലത്ത് അംബാനിക്കെതിരെ എഴുതിയ മാധ്യമത്തോട് റിലയന്‍സിന്റെ മാനേജര്‍മാര്‍ എങ്ങനെ പ്രതികരിച്ചുവെന്നൊക്കെ ചിലര്‍ രേഖപ്പെടുത്തി. അംബാനിക്ക് പിറകിലെ മോദിയുടെ സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞവര്‍ അപൂര്‍വം. 2002ലെ ഗുജറാത്ത് വംശഹത്യയെ, നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ഉപാധിയാക്കി അന്നു മുതല്‍ ഇന്നോളം സര്‍ദേശായിയുള്‍പ്പെടെയുള്ളവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് സമര്‍ഥിക്കുന്ന സംഘ് പരിവാര്‍ ബുദ്ധിജീവികളുടെ ലേഖനങ്ങള്‍ സുലഭമാണ്. വ്യാഴവട്ടത്തിലധികം കാലം നീണ്ട പകവീട്ടലാണോ ടി വി 18 ശൃംഖല ഏറ്റെടുക്കാന്‍ റിലയന്‍സിനെ ഉപയോഗപ്പെടുത്തിയതിലൂടെ മോദി നടപ്പാക്കിയത് എന്ന് സംശയിക്കണം. അങ്ങനെയെങ്കില്‍ പുതിയ ഏറ്റെടുക്കലുകള്‍ക്കുള്ള (ഷണ്ഡീകരണത്തിനുള്ള) കരുനീക്കങ്ങള്‍ ആരംഭിച്ചുകാണണം. ഇക്കാലമത്രയും മോദിയെ പ്രത്യക്ഷത്തില്‍ എതിര്‍ത്തവരെ തന്നെ 'വിഷ'മിറക്കാന്‍ ഉപയോഗപ്പെടുത്താനും ശ്രമിച്ചേക്കാം. (ഗുജറാത്ത് വംശഹത്യയെച്ചൊല്ലി സര്‍ദേശായിക്കൊപ്പം വിമര്‍ശിക്കപ്പെട്ട ബര്‍ഖ ദത്ത്, ഐ ബി എന്നിന്റെ അമരക്കാരിയായി വരുന്നുവെന്ന റിപോര്‍ട്ട് ഓര്‍ക്കുക) അത്തരം ശ്രമങ്ങളുടെയൊക്കെ ഭാഗമായി വേണം, മോദിയുടെ വലംകൈയായ, വ്യാജ ഏറ്റുമുട്ടല്‍ പരമ്പരകളിലൂടെ മോദിയുടെ പ്രതിച്ഛായാ നിര്‍മിതിക്ക് വിജയകരമായി കരുനീക്കിയ അമിത് ഷായെക്കുറിച്ചുള്ള ലേഖനം പിന്‍വലിപ്പിച്ചതിനെ കാണാന്‍.


അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, ഏകാധിപതിയായ ഇന്ദിരാ ഗാന്ധിയാണ് ഇതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടത്. മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നേരിട്ട് നിയോഗിക്കുകയായിരുന്നു അന്നത്തെ ഭരണകൂടം. സെന്‍സര്‍ ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമേ അന്ന് പത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിരുന്നുള്ളൂ. 24 മണിക്കൂര്‍ വാര്‍ത്താ സംപ്രേഷണം നടക്കുന്ന ഇക്കാലത്ത്, അത്തരം സെന്‍സറിംഗിന് പ്രായോഗികമായി പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ എതിര്‍ക്കുമെന്ന് ഉറപ്പുള്ളതോ വഴങ്ങാന്‍ പ്രയാസമുള്ളതോ ആയ മാധ്യമങ്ങളെ സ്വന്തം പക്ഷത്തേക്ക് വാങ്ങിയടുപ്പിക്കുകയാണ് എളുപ്പം. ഭീഷണിക്ക് മുന്നില്‍ വഴങ്ങുന്നവയെ ആ നിലക്ക് നിലനിര്‍ത്തുകയുമാകാം. അടിയന്തരാവസ്ഥയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച്, നടപ്പാക്കിയതാണ് സെന്‍സര്‍ഷിപ്പെങ്കില്‍, നരേന്ദ്ര മോദിയുടെ കാലത്ത് അത് അപ്രഖ്യാപിതമായി നടപ്പാക്കപ്പെടുന്നു. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയായിരുന്നു, അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളെന്ന്, തീവ്ര ഹിന്ദുത്വത്തില്‍ മോദിയുടെ ഗുരുവായ അഡ്വാനി വിലയിരുത്തിയിട്ടുണ്ട്. മുട്ടിലിഴയാന്‍ പറഞ്ഞാല്‍ സാഷ്ടാംഗം പ്രണമിച്ച് നില്‍ക്കും ഇന്ത്യന്‍ മാധ്യമങ്ങളെന്ന് പുതിയ കാലത്ത് തെളിയിക്കാന്‍ ഒരുങ്ങുകയാണ് നരേന്ദ്ര മോദി. അമിത് ഷായെ വിമര്‍ശിക്കുന്ന ലേഖനം പിന്‍വലിക്കപ്പെടുമ്പോള്‍, മോദി ലക്ഷ്യമിടുന്ന കാലത്തേക്ക് വലിയ ദൂരമില്ലെന്ന് കരുതേണ്ടിവരും.


അടിയന്തരാവസ്ഥയല്‍ ഇന്ദിരാഗാന്ധിയെയും ഭരണത്തെയും വിമര്‍ശിക്കുന്ന വാര്‍ത്തകളോ ലേഖനങ്ങളോ മാത്രമായിരുന്നില്ല മാധ്യമങ്ങളില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ടിരുന്നത്. ഭരണത്തിന്റെ ഓരോ തലത്തിലുമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിമര്‍ശങ്ങളെ അതിജീവിക്കാന്‍ സെന്‍സര്‍ഷിപ്പിനെ ഉപയോഗിച്ചു. ആക്ഷേപഹാസ്യ സിനിമകള്‍ പോലും പെട്ടിയിലായി. ഇന്ദിരക്ക് ചുറ്റും രൂപപ്പെട്ട, സകല അതിക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച, സഞ്ജയ് ഗാന്ധി സംഘത്തിലെ അംഗങ്ങളിലാരെയെങ്കിലും പരോക്ഷമായി കുറ്റപ്പെടുത്തുന്നത് പോലും സെന്‍സര്‍ ചെയ്യപ്പെട്ടു. ആശയവിനിമയ സൗകര്യങ്ങള്‍ വര്‍ധിക്കുകയും സ്വതന്ത്ര ഇടങ്ങള്‍ സ്വയം സൃഷ്ടിക്കാന്‍ അവസരമുണ്ടാകുകയും ചെയ്ത ഇക്കാലത്ത് ഇതുപോലൊരു സെന്‍സര്‍ഷിപ്പ് അസാധ്യമാണ്. അപ്പോള്‍ പിന്നെ വരുതിയിലാക്കല്‍ തന്നെയാണ് പോംവഴി. അത് ക്രിമിനല്‍ കേസില്‍ ആരോപണവിധേയനായ അമിത് ഷായുടെ കാര്യത്തില്‍പ്പോലും സംഭവിക്കുന്നുവെങ്കില്‍, മോദി അധികാരത്തിലേറി രണ്ട് മാസം പിന്നിടും മുമ്പേ നടക്കുന്നുവെങ്കില്‍, അതിനോടൊക്കെ സ്വയം സ്വീകരിക്കുന്ന മൗനം പ്രതികരണമാകുന്നുവെങ്കില്‍, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെ  അംഗീകരിക്കാന്‍ പാകത്തിലേക്ക് മനസ്സ് വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നാണ് അര്‍ഥം. മംഗളം, ശുഭം.

2014-07-12

ത്രാണിയുള്ളവര്‍ക്ക് തുടരാം


ആസൂത്രണകമ്മീഷനെ അപ്രസക്തമാക്കുകയും പഞ്ചവത്സര പദ്ധതികളെ അപ്രസക്തമാക്കുകയും ചെയ്യാനിടയുണ്ട്, നരേന്ദ്ര മോദി സര്‍ക്കാറെന്ന സൂചനകള്‍ക്കിടയിലാണ് അരുണ്‍ ജെയ്റ്റ്‌ലി ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ സമ്മിശ്ര സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് വലിയ മാറ്റം ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്നിരുന്നു. 1991 മുതലിങ്ങോട്ട് അധികാരത്തിലേറിയ സര്‍ക്കാറുകളൊക്കെ മന്‍മോഹന്‍ തുറന്നിട്ട പാതയിലൂടെ ചരിക്കുക മാത്രമാണ് ചെയ്തത്. ആ പാതയില്‍ ചരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും സര്‍ക്കാറുകള്‍ക്ക് മുന്നിലുണ്ടായിരുന്നതുമില്ല. ആ പാതയിലൂടെ ചരിക്കുമ്പോള്‍ തന്നെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് കൂടി പരിഗണന നല്‍കുക എന്നതായിരുന്നു ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ രീതി. കൂട്ടുകക്ഷി സര്‍ക്കാറായിരുന്നു അധികാരത്തിലെന്നത് കൊണ്ട് തന്നെ, മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന സാമ്പത്തിക പരിഷ്‌കരണവാദികള്‍ക്ക് സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് പരിഗണന നല്‍കേണ്ടി വരികയാണ് ചെയ്തത്. ഇത്തരം സമ്മര്‍ദങ്ങളൊന്നുമില്ലാതിരിക്കെ, പരിഷ്‌കരണ പരിപാടികള്‍ക്കും നിക്ഷേപ അനുകൂല അന്തരീക്ഷത്തിന്റെ സൃഷ്ടിക്കും വേഗം കൂട്ടാന്‍ ബി ജെ പി സര്‍ക്കാര്‍ (എന്‍ ഡി എ സര്‍ക്കാര്‍ എന്ന് വേണമെങ്കില്‍ വായിക്കാം) ശ്രമിക്കുമെന്ന് ഉറപ്പായിരുന്നു. അതിന്റെ സൂചനകള്‍ ജെയ്റ്റ്‌ലിയുടെ ബജറ്റില്‍ കാണുന്നുണ്ട്. വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിന് പുറത്താണുണ്ടാകുക എന്ന് സബ്‌സിഡികളുടെ ക്രമീകരണം (വെട്ടിക്കുറക്കല്‍) പിന്നീട് പ്രത്യേകമായി ഉണ്ടാകുമെന്ന് പറഞ്ഞതില്‍ നിന്ന് വ്യക്തവുമാണ്.


രണ്ട് ദിവസം മുമ്പ് അവതരിപ്പിച്ച റെയില്‍വേ ബജറ്റ്, സ്വകാര്യവത്കരണ ശ്രമങ്ങളുടെ വേഗം കൂട്ടാനും നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ആവും വിധം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. റെയില്‍വേ പ്ലാറ്റ്‌ഫോമുകളുടെ ശുചീകരണം മുതല്‍ പ്ലാറ്റ്‌ഫോമുകളിലെ ഫുട് ഓവര്‍ ബ്രിഡ്ജുകളുടെയും എലിവേറ്ററുകളെടും നിര്‍മാണം പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാക്കുന്നതുവരെയുള്ള പ്രഖ്യാപനങ്ങള്‍ സദാനന്ദ ഗൗഡ നടത്തി.


ശുചീകരണം പുറം കരാര്‍ നല്‍കുമ്പോള്‍, അതിന് വേണ്ടിവരുന്ന ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനുള്ള സാധ്യത ഏറെയാണ്. തുടക്കത്തില്‍ അമ്പത് സ്റ്റേഷനുകളിലാണ് ശുചീകരണം പുറം കരാര്‍ നല്‍കുന്നത്. ഈ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് വേണ്ട ടിക്കറ്റിന്‍ മേല്‍ ശുചീകരണത്തിന് വേണ്ടി അധിക ചാര്‍ജ് ഈടാക്കാനുള്ള സാധ്യത ഏറെയാണ്. അതുപോലെ തന്നെയാണ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കപ്പെടുന്ന ഫുട് ഓവര്‍ ബ്രിഡ്ജുകളും എലിവേറ്ററുകളുമടക്കമുള്ള സൗകര്യങ്ങളുടെ കാര്യത്തിലും സംഭവിക്കാന്‍ ഇടയുള്ളത്. സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ നല്‍കേണ്ടിവരിക, തുടക്കത്തില്‍ പോക്കറ്റിന് ആഘാതമേല്‍പ്പിക്കാത്ത തുകകളായിരിക്കും. പക്ഷേ, ഇത് മൂലം നഷ്ടപ്പെടുന്ന റെയില്‍വേയിലെ തൊഴിലവസരങ്ങള്‍ വലുതാണ്. കാലക്രമേണ, സര്‍വതും സ്വകാര്യവത്കരിക്കുമ്പോള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ യൂസര്‍ ഫീ പോലെ ഉയര്‍ന്ന തുക നല്‍കേണ്ട അവസ്ഥയും സൃഷ്ടിക്കപ്പെട്ടേക്കാം.


റെയില്‍ ബജറ്റിന്റെ മാതൃക പിന്തുടര്‍ന്ന് കഴിയാവുന്ന മേഖലകളിലെല്ലാം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) അനുവദിക്കുമെന്ന പ്രഖ്യാപനം അരുണ്‍ ജെയ്റ്റ്‌ലി നടത്തിയിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ 100 ശതമാനം എഫ് ഡി ഐ അനുവദിക്കുക എന്ന ശിപാര്‍ശയില്‍ നിന്ന് പിന്നാക്കം പോയെങ്കിലും 49 ശതമാനം അനുവദിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. മറ്റ് മേഖലകളിലെ നിക്ഷേപ പരിധി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മാധ്യമ മേഖലകളൊക്കെ എഫ് ഡി ഐ പരിധിയില്‍ വൈകാതെ വരുമെന്ന് നിശ്ചയം. അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു സ്വകാര്യ പങ്കാളിത്ത മാതൃക വ്യാപകമായി സ്വീകരിക്കപ്പെടുമെന്നതും ഉറപ്പാണ്. ഈ രീതികള്‍, വിവിധ സേവന മേഖലകളില്‍ നിന്നുള്ള സര്‍ക്കാറിന്റെ പിന്‍വാങ്ങല്‍ വേഗത്തിലാക്കുകയും ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യും. കോണ്‍ഗ്രസും ബി ജെ പിയും ഒരുപോലെ സൂക്ഷിക്കുന്ന ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ബജറ്റിന് പുറത്ത്, മോദി സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളായിരിക്കും ഈ ബജറ്റിന്റെ അര്‍ഥം മനസ്സിലാക്കാന്‍ സഹായിക്കുക. തീരുമാനങ്ങളെടുക്കുന്നത് വൈകിയത്, വളര്‍ച്ചാ നിരക്കിനെ ബാധിച്ചുവെന്ന് ആമുഖത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി പറയുന്നുണ്ട്. ജനപ്രിയ പരിപാടികളുടെ തടങ്കലില്‍ തുടരുന്നത് ഗുണകരമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. വിഹിതമായി നീക്കിവെക്കപ്പെട്ട കോടികളേക്കാള്‍ മൂല്യമുണ്ട് അരുണ്‍ ജെയ്റ്റ്‌ലിയുടെ  ഈ വാക്കുകള്‍ക്ക്.


വര്‍ഷങ്ങളായി ഏറിയും കുറഞ്ഞും തുടരുന്ന വിലക്കയറ്റം ആം ആദ്മികള്‍ക്ക് വലിയ ദുരിതം വിതക്കുന്നുണ്ട് എന്നതില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും പോലും സംശയമുണ്ടാകാന്‍ ഇടയില്ല. അഴിമതിക്കൂമ്പാരങ്ങളെക്കുറിച്ചുള്ള കഥകള്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് വഴിവെച്ചതില്‍ വലിയ പങ്ക് ഉയര്‍ന്ന് നില്‍ക്കുന്ന വിലകള്‍ക്കുണ്ടായിരുന്നു. ഇതിനെ അഭിമുഖീകരിക്കാന്‍ ഈ ബജറ്റ് എന്ത് ചെയ്യുന്നുവെന്നതാണ് ജനങ്ങളെ സംബന്ധിച്ച് പ്രധാനം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു നടപടി പോലും ബജറ്റിലില്ല എന്നതാണ് വാസ്തവം. സംഭരണശാലകളില്‍ ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിന് ശേഖരിച്ചിട്ടുണ്ടെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ പൊതുവിപണിയില്‍ ഇടപെടുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. ഭക്ഷ്യ വസ്തുക്കളുടെ സബ്‌സിഡി 'അര്‍ഹരി'ലേക്ക് മാത്രമായി പരിമിതപ്പെടുത്തുമ്പോഴും ഇന്ധന വില വര്‍ധിക്കുമ്പോഴുമുണ്ടാകുന്ന വിലക്കയറ്റത്തെ ഏത് വിധത്തിലാണ് കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നത് എന്ന് ധനമന്ത്രി പറയുന്നില്ല. വര്‍ധിക്കുന്ന വിലകള്‍ക്കനുസരിച്ച് വരുമാനം വര്‍ധിക്കുക എന്നത് മാത്രമായിരിക്കും അതിജീവനത്തിനുള്ള പോംവഴി. അതിന് സാധിക്കാത്തവന്‍, അതിജീവിക്കേണ്ടതില്ല, എന്നത് കോണ്‍ഗ്രസിന്റെ കാലത്ത് കോര്‍പ്പറേറ്റ് സിദ്ധാന്തത്തിന്റെ പ്രയോഗവത്കരണമായിരുന്നുവെങ്കില്‍ ബി ജെ പിയുടെ കാലത്ത് അത് ഫാസിസത്തിന്റെ കുടിയായി മാറുന്നുവെന്ന് മാത്രം.


ശതമാനക്കണക്കിലുള്ള വളര്‍ച്ചാനിരക്കിനെ വലിയ സംഗതിയായി കാണുന്ന അരുണ്‍ ജെയ്റ്റ്‌ലിയും ബി ജെ പിയും രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം തിരിച്ചെടുക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്നത്, വിദേശ - സ്വദേശ മൂലധന ശക്തികളെ സ്വാഗതം ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ക്കിടയിലെ വൈരുധ്യമാണ്. ധനക്കമ്മി, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.1 ശതമാനമാക്കുക എന്ന, മുന്‍ഗാമിയുടെ (പി ചിദംബരം) ലക്ഷ്യം  കൈവരിക്കുമെന്ന് ജെയ്റ്റ്‌ലി പ്രഖ്യാപിക്കുന്നു. പക്ഷേ, അധിക വിഭവ സമാഹരണത്തിന് പ്രത്യേക ശ്രമങ്ങളൊന്നും ബജറ്റിലില്ല. കോര്‍പ്പറേറ്റ് നികുതിയില്‍ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ല. ഓഹരി വിപണിയിലേക്ക് നിയന്ത്രണമേതും കൂടാതെ ഒഴുകുകയും ലാഭമെടുത്ത് തിരിച്ചൊഴുകുകയും ചെയ്യുന്ന മൂലധനത്തിന് ചുങ്കമേറ്റാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, മ്യൂച്വല്‍ ഫണ്ട് പോലുള്ളവയുടെ ആദായ വിതരണത്തില്‍, കമ്പനികള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നാമമാത്ര നികുതി എടുത്ത് കളയുകയും ചെയ്തിരിക്കുന്നു. അധിക വിഭവ സമാഹരണത്തിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് പരോക്ഷമായെങ്കിലും പ്രയാസമുണ്ടാക്കാന്‍ ധനമന്ത്രി തയ്യാറല്ല.


ഊര്‍ജ കമ്പനികള്‍ക്ക് യു പി എ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമ്പൂര്‍ണ നികുതിയൊഴിവ് (ടാക്‌സ് ഹോളിഡേ) നീട്ടി നല്‍കുമെന്ന് പറയുമ്പോള്‍ ഗുണം ലഭിക്കുന്നത് അംബാനിക്കും അദാനിക്കുമൊക്കെയാണ്. ഈ ഇളവിന്റെ ചെറിയരളവ് പോലും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ അവര്‍ തയ്യാറാകില്ല. അങ്ങനെ തയ്യാറായിരുന്നുവെങ്കില്‍ ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് കുറയുമായിരുന്നുവല്ലോ! നികുതിയൊഴിവ് നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാനല്ല, കൂടുതല്‍ ഉത്പാദനത്തിന് വേണ്ട മൂലധന നിക്ഷേപം നടത്താനാണ് എന്ന് മോദി സര്‍ക്കാറിന് വാദിക്കാം. ഈ നികുതിയൊഴിവ് കിട്ടിയിട്ട് വേണം അംബാനിക്കും അദാനിക്കും മൂലധന നിക്ഷേപം നടത്താനുള്ള വഹ സമ്പാദിക്കാനെന്ന് നമ്മള്‍ വിശ്വസിക്കുകയും ചെയ്യാം!


എക്‌സൈസ്, കസ്റ്റംസ് തീരുവകളില്‍ ചെറിയ ഇളവുകള്‍ നല്‍കി, ചെറുകിട, ഇടത്തരം, നാമമാത്ര വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഊര്‍ജമേകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് മറ്റൊരു അവകാശവാദം. തുറന്നിട്ട കമ്പോളത്തിലെക്ക് കുറഞ്ഞ ഇറക്കുമതി തീരുവ മാത്രം നല്‍കി ഉത്പന്നങ്ങളെത്തുമ്പോള്‍, ആഭ്യന്തര ചെറുകിട, ഇടത്തരം, നാമമാത്ര വ്യവസായങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഈ തീരുവ ഇളവുകൊണ്ടു മാത്രം പിടിച്ചുനില്‍ക്കുക അസാധ്യമാണ്. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ പ്രഖ്യാപിച്ച പദ്ധതികളാണ് സവിശേഷതയായി ചൂണ്ടിക്കാട്ടുന്ന മറ്റൊന്നന്ന്. ഇതിലൊന്നുപോലും പുതിയതല്ലെന്ന്, കഴിഞ്ഞ രണ്ട് ബജറ്റ് പ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. യു പി എ സര്‍ക്കാറിന്റെ ഏട്ടിലെ പശു, തൊഴുത്തൊന്ന് മാറി വീണ്ടും ഏട്ടിലെ പശുവായി നില്‍ക്കുന്നുവെന്ന് മാത്രം.


കമ്പോളാധിഷ്ഠിത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കൊപ്പം സാമൂഹികക്ഷേമ പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ യു പി എ സര്‍ക്കാറുകള്‍ ശ്രമിച്ചിരുന്നു, അത് എത്രത്തോളം ഗുണകരമായെന്നതില്‍ സംശയമുണ്ടെങ്കിലും. അത്തരം പുതിയ പദ്ധതികളൊന്നും മോദി സര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ ഇടം കണ്ടിട്ടില്ല. തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് പറയുന്ന ബജറ്റ്, മുതിര്‍ന്നവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 2019 ആകുമ്പോഴേക്കും എല്ലാ വീടുകളെയും സമ്പൂര്‍ണ ശുചിത്വമുള്ളതാക്കാന്‍ പദ്ധതി നടപ്പാക്കും, സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നൊക്കെ പറയുമ്പോള്‍ ഇതൊക്കെ നിലവിലുള്ള സ്‌കീമുകളുടെ തുടര്‍ച്ചമാത്രമാണ്. ചേരിനിര്‍മാര്‍ജനം കോര്‍പ്പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ കൂടി ഭാഗമാക്കുമെന്ന് സഞ്ജയ് ഗാന്ധിയും ജഗ്‌മോഹനും നടപ്പാക്കിയ ചേരിനിര്‍മാര്‍ജനം പുതിയ രൂപത്തില്‍ തേടിയെത്തുകയാണെന്ന് വേണം കരുതാന്‍. നഗരങ്ങളോടുള്ള ചേര്‍ന്നുള്ള ചേരികള്‍ ഒഴിച്ച് സ്ഥലമേറ്റെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇതിലും വലിയൊരവസരം കിട്ടാനില്ല തന്നെ.


യഥാര്‍ഥ പരിഷ്‌കാരമുള്ളത് പദ്ധതികള്‍ക്ക് ജനസംഘിന്റെ നേതാവായ ശ്യാമ പ്രസാദ് മുഖര്‍ജിയുടെയും ആര്‍ എസ് എസ്സിന്റെയും ജന സംഘിന്റെയും നേതാവായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെയും പേരുകള്‍ നല്‍കിയെന്നതാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രതിനിധികളായിരുന്ന ഇക്കൂട്ടരെ ദേശത്തിന്റെ നേതാക്കളായി ഭാവി തലമുറക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഈ നാമകരണം സഹായിക്കും. ഗംഗാ സംരക്ഷണ പദ്ധതിക്കും സ്‌നാനഘട്ട നവീകരണ പദ്ധതിക്കും ആത്മീയ പരിവേഷം നല്‍കുമ്പോഴും നടപ്പാക്കപ്പെടുന്ന അജന്‍ഡ മറ്റൊന്നാണ്. കോണ്‍ഗ്രസും യു പി എയും കൊണ്ടുനടന്ന നയപരിപാടികള്‍ പിന്തുടരുകയും സമാനരീതിയിലെ ബജറ്റ് അവതരിപ്പിക്കുകയും ബജറ്റിന് പുറത്ത് കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാര്‍, കഴിയും വിധം സംഘ് പരിവാര്‍ അജന്‍ഡ ചേര്‍ത്തുവെന്ന് മാത്രം. ഭരണം പുരോഗമിക്കെ, പൊറുതിമുട്ടുന്നവന്‍ പ്രതികരിച്ചാല്‍ അതിനെ ഹിന്ദുത്വ/ദേശീയതക്കെതിരായ വികാരമായി വ്യാഖ്യാനിക്കാന്‍ ഇതൊരുപരിധിവരെ സഹായകമായേക്കും.