2014-08-27

ലളിതഗണിതത്തിനപ്പുറം


ബീഹാറിലെ പത്ത് സീറ്റിലടക്കം രാജ്യത്തെ 18 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം സാധാരണ നിലക്ക് വലിയ ചര്‍ച്ചകള്‍ക്ക് പാത്രമാകേണ്ട ഒന്നല്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ 40ല്‍ 31 സീറ്റ് നേടി വലിയ മുന്നേറ്റം, ബി ജെ പിയും ലോക് ജനശക്തി പാര്‍ട്ടിയും (രാം വിലാസ് പാസ്വാന്റെ പാര്‍ട്ടി) ചേര്‍ന്ന സഖ്യം നടത്തിയിരുന്നു. ഭിന്നിച്ചു നിന്നാല്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നത് വര്‍ഗീയശക്തികളാണെന്ന തിരിച്ചറിവില്‍ (സ്വന്തം നിലനില്‍പ്പ് അപകടത്തിലാണെന്ന തിരിച്ചറിയല്‍ കൂടിയാണത്) ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സഖ്യത്തിലാകുകയും കോണ്‍ഗ്രസ് അതിനൊപ്പം നില്‍ക്കുകയും ചെയ്തു ബീഹാറില്‍ ഇക്കുറി. ആ പരീക്ഷണം വിജയിച്ചോ ഇല്ലയോ എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ശ്രദ്ധേയമാക്കുന്നത്. ഇരുമ്പയിര് ഖനനത്തില്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന റെഡ്ഢി സഹോദരന്‍മാരുടെ (ജനാര്‍ദന, കരുണാകര, സോമശേഖര) പണത്തിന്റെ പ്രഭാവത്തില്‍ ജയം നിശ്ചയിക്കപ്പെടുന്ന ബെല്ലാരിയില്‍ കോണ്‍ഗ്രസ് ഇക്കുറി നേടിയ വിജയം രാഷ്ട്രീയത്തിന് പുറത്താണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ ജയിക്കാനായി എന്നതില്‍ കൗതുകമുണ്ട്. അതുകൊണ്ട് ബീഹാര്‍ മാത്രമേ പ്രസക്തമാകുന്നുള്ളൂ.


'എന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ദ്രപ്രസ്ഥം വാഴാന്‍ തുടങ്ങിയാല്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്' എന്ന പ്രതീതി സൃഷ്ടിക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിക്ക് സാധിച്ചിരുന്നു. വന്‍കിട കമ്പനികള്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ ആനുകൂല്യങ്ങള്‍ രാജ്യത്താകമാനം ലഭിക്കാനിടയുണ്ട് എന്ന പ്രതീക്ഷയില്‍ ആഭ്യന്തര കുത്തകകള്‍ മോദിക്ക് വേണ്ട പിന്തുണ, പണമായും അല്ലാതെയും, നല്‍കുകയും ചെയ്തു. അതിന്റെ ഫലമായാണ് കോണ്‍ഗ്രസേതരകക്ഷി, ആദ്യമായി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്ന സ്ഥിതി രാജ്യത്തുണ്ടായത്. മോദി പ്രധാനമന്ത്രിയായി പ്രതിജ്ഞ ചെയ്ത ശേഷം 100 ദിനം പിന്നിടുമ്പോള്‍, വലിയ മാറ്റങ്ങളെന്ന വാഗ്ദാനത്തില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്നുകൊണ്ടിരിക്കുന്നു. സാധാരണക്കാരന് ജീവിതം കുറേക്കൂടി സുഗമമാക്കും വിധത്തിലുള്ള നടപടികളൊന്നും മോദി സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇക്കാലം വരെ ഉണ്ടായിട്ടില്ല. ജീവിതഭാരം വര്‍ധിക്കാനാണ് പോകുന്നത് എന്ന തോന്നല്‍ പൊതുവെ നിലനില്‍ക്കുകയും ചെയ്യുന്നു. പക്ഷേ, തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പാകത്തിലൊരു വികാരമായി അത് രൂപപ്പെട്ടുവെന്ന് കരുതാനാകില്ല.


 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച നിതീഷിന്റെ ജനതാദള്‍ യുനൈറ്റഡ് 20 ശതമാനം വോട്ട് നേടിയിരുന്നു. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ 15 ശതമാനവും കോണ്‍ഗ്രസ് എട്ട് ശതമാനവും വോട്ട് നേടി. ഇത് മൂന്നും ചേര്‍ത്താല്‍ മറികടക്കാവുന്നത്ര വോട്ട് മാത്രമേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി - എല്‍ ജെ പി സഖ്യത്തിന് ഉണ്ടായിരുന്നുള്ളൂ. ആ ലളിത ഗണിതം പ്രയോഗത്തിലായപ്പോള്‍ പത്തില്‍ ആറ് സീറ്റ് ജെ ഡി (യു) - ആര്‍ ജെ ഡി - കോണ്‍ഗ്രസ് സഖ്യത്തിന്; നാല് സീറ്റില്‍ ബി ജെ പിയും. മതേതര പാര്‍ട്ടികളുടെ വിശാലസഖ്യമുണ്ടായാല്‍ വര്‍ഗീയകക്ഷികള്‍ അധികാരത്തിലെത്തുന്നത് തടയാനാകുമെന്ന ഗുണപാഠം ബീഹാര്‍ നല്‍കുന്നുണ്ടെന്നും അതുകൊണ്ട് ഇത്തരം സഖ്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലുമുണ്ടാകണമെന്നുമുള്ള വാദം ശക്തമാണ്. ഇത് മനസ്സിലാക്കാന്‍ ബീഹാര്‍ പരീക്ഷണത്തിന്റെയൊന്നും ആവശ്യമില്ല.


ഉത്തര്‍ പ്രദേശില്‍ മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും ചേര്‍ന്നു നിന്നിരുന്നുവെങ്കില്‍ നരേന്ദ്ര മോദി ഇന്ന് ഇന്ത്യന്‍ യൂനിയന്‍ ഭരിക്കില്ലായിരുന്നു. അത്തരം സഖ്യങ്ങള്‍ സാധ്യമാക്കാന്‍ ബീഹാര്‍ പരീക്ഷണം ഏതെങ്കിലും വിധത്തില്‍ പ്രചോദനമാകുമോ എന്നതാണ് ഭാവി രാഷ്ട്രീയത്തെ രൂപപ്പെടുത്തുക.
പ്രാദേശിക താത്പര്യങ്ങള്‍, പിന്തുണക്കുന്ന ജാതി വിഭാഗങ്ങളുടെ ഇംഗിതങ്ങളോട് ചേര്‍ന്ന് നില്‍ക്കേണ്ട ബാധ്യത എന്നിവയും അതിനേക്കാള്‍ ഉപരിയായി നേതൃനിരയിലുള്ളവരുടെ അഹംബോധവും കണക്കിലെടുക്കുമ്പോള്‍ ഇത്തരം സഖ്യങ്ങള്‍ പ്രാവര്‍ത്തികമാകുക എന്നത് പ്രയാസമുള്ള കാര്യമാണ്. ലാലു യാദവ് മുന്‍കൈ എടുത്താല്‍ ഉത്തര്‍ പ്രദേശില്‍ ബി എസ് പിയുമായി സഖ്യമാകാമെന്ന മുലായം സിംഗ് യാദവിന്റെ വാഗ്ദാനം മായാവതി തള്ളിക്കളഞ്ഞത്, ഈ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്താണ്. ആ നിലപാടിലൊരു മാറ്റം മായാവതിക്കുണ്ടാകുമോ?  വര്‍ഗീയതക്കും കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുടരുന്ന കമ്പോളാധിഷ്ഠിത നയങ്ങള്‍ക്കും എതിരെ പാര്‍ട്ടികളുടെ ഐക്യനിര രൂപപ്പെടുത്താന്‍ ശ്രമമുണ്ടായ കാലത്തൊക്കെ ഇത്തരം സംഗതികള്‍ തടയായിരുന്നിട്ടുമുണ്ട്. പുതിയ സാഹചര്യങ്ങള്‍ ഇതിലൊരു മാറ്റമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല തന്നെ.
ലോക്‌സഭയില്‍ മലപ്പുറവും പൊന്നാനിയും മാത്രം സ്വന്തമായുള്ള, മുസ്‌ലിം ലീഗ് പോലും പ്രാദേശിക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ എതിരാളിയായ സി പി എമ്മുമായി ദേശീയതലത്തില്‍ സഖ്യമുണ്ടാകണമെന്ന് പ്രമേയത്തിലൂടെ ആഗ്രഹിക്കുമ്പോള്‍ പ്രത്യേകിച്ചും.


പക്ഷേ, ലളിതഗണിതത്തിന്റെ മറുപുറത്ത് നാല് സീറ്റ് ബീഹാറില്‍ നേടാന്‍ ബി ജെ പിക്ക് സാധിച്ചുവെന്ന വസ്തുതയുണ്ട്. നിതീഷ് - ലാലു സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് കൂടിയിട്ടും നാലിടത്ത് ജയിക്കാന്‍ അവര്‍ക്കായെങ്കില്‍, ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ അവര്‍ക്കായെന്നാണ് അര്‍ഥം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ  പത്ത് നിയമസഭാ മണ്ഡലത്തില്‍ ലഭിച്ച വോട്ട് ഇക്കുറി അവര്‍ക്ക് ലഭിച്ചിട്ടില്ല എങ്കില്‍പ്പോലും. അതിനേക്കാള്‍ പ്രധാനം മതനിരപേക്ഷ നിലപാടുകളുള്ള പാര്‍ട്ടികള്‍ യോജിച്ച് തങ്ങളെ എതിര്‍ക്കാനുള്ള സാധ്യത സംഘ് പരിവാര്‍ മുന്‍കൂട്ടിക്കാണുന്നുവെന്നതാണ്. അതുകൊണ്ടാണ് ജാതിഭേദമില്ലാതെ ഹിന്ദു സമുദായത്തിന്റെ ഐക്യം അഞ്ച് വര്‍ഷത്തിനുള്ളില്‍ സാധ്യമാക്കണമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തത്. അത്തരമൊരു ഐക്യമുണ്ടാക്കാന്‍ പാകത്തില്‍ അവര്‍ തന്ത്രങ്ങള്‍ ഒരുക്കുന്നതും.


കേരളത്തിലും കര്‍ണാടകത്തിലും കാറ്റുപിടിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട 'ലവ് ജിഹാദാ'ണ് ഉത്തര്‍ പ്രദേശില്‍ സംഘ് പരിവാരത്തിന്റെ പുതിയ ആയുധം. ഹിന്ദു സമുദായാംഗങ്ങളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വഞ്ചിക്കാനും മതം മാറ്റിക്കാനും സംഘടിത ശ്രമം നടക്കുന്നുവെന്നാണ് പ്രചാരണം. ജാതിക്ക് പുറത്തുള്ള വിവാഹം, കുടുംബത്തിനും ഗോത്രത്തിനുമുണ്ടാക്കിയ 'മാനക്കേട്' ദമ്പതികളെ കൊന്ന് പരിഹരിക്കുന്നത് അപൂര്‍വ കാഴ്ചയല്ല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍. ഇത്തരത്തില്‍ വിവാഹിതരാകുന്നവരെ കൊന്നു കളയണമെന്ന് പ്രമേയം പാസ്സാക്കുന്ന ജാതി പഞ്ചായത്തുകളും കുറവല്ല. അവിടെയാണ് 'ലവ് ജിഹാദ്' അരങ്ങേറുന്നുവെന്ന പ്രചാരണം സംഘ് പരിവാര്‍ ഊര്‍ജിതമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മുസഫര്‍ നഗറില്‍ രൂപപ്പെടുത്തിയെടുത്ത വര്‍ഗീയ സംഘര്‍ഷത്തിന് അടിസ്ഥാനമായതും ഇത്തരം പ്രചാരണമായിരുന്നു. രാജ്യത്തെയും സ്ത്രീകളെയും പശുക്കളെയും രക്ഷിക്കാന്‍ നരേന്ദ്ര ഭായിയെ അധികാരത്തിലെത്തിക്കൂ എന്ന് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു അന്ന്. അതേ നിലവാരത്തിലുള്ള പ്രചാരണഘോഷങ്ങള്‍, വിവിധ ജാതി വിഭാഗങ്ങളിലുണ്ടാക്കാന്‍ ഇടയുള്ള ചേരിതിരിവ് ഹിന്ദു ഐക്യമെന്ന ലക്ഷ്യത്തിലേക്കുള്ള പാത സുഗമമാക്കുമെന്ന് സംഘ് പരിവാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ആസൂത്രിതമായി സൃഷ്ടിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും അതില്‍ ഉതിരുന്ന ചോരയും ഈ 'ഐക്യ'ത്തിന് പശയാകുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.


ബി ജെ പിയുടെ പ്രത്യയശാസ്ത്രം രാജ്യത്തിന് സ്വീകാര്യമാക്കുകയാണ് ലക്ഷ്യമെന്ന് ബി ജെ പിയുടെ പുതിയ പ്രസിഡന്റ് അമിത് ഷാ പ്രഖ്യാപിക്കുകയും പാക്കിസ്ഥാനുമായൊരു സംഘര്‍ഷം വളര്‍ത്തിയെടുത്ത് രാജ്യസ്‌നേഹത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കാന്‍ അവസരമൊരുക്കക്കുകയും ചെയ്യുമ്പോള്‍ ബീഹാറിലെ പരീക്ഷണമോ ഇതരയിടങ്ങളില്‍ അതിന്റെ ആവര്‍ത്തനമോ കൊണ്ട് ഫലമുണ്ടാകുമോ എന്നതില്‍ സംശയമുണ്ട്. തിരഞ്ഞെടുപ്പ് ജയങ്ങള്‍ക്കും അധികാരലബ്ധിക്കുമപ്പുറത്ത്, സംഘ് പരിവാര്‍ അജന്‍ഡയുടെ സ്ഥാപനത്തിനുള്ള ശ്രമങ്ങളെ ഗൗരവത്തോടെ കാണാന്‍ ഈ നേതാക്കളും അവരുണ്ടാക്കുന്ന സഖ്യങ്ങളും തയ്യാറുണ്ടോ എന്നതാണ് പ്രധാനം. നരേന്ദ്ര മോദി നേതൃത്വത്തിലേക്ക് വന്നപ്പോഴാണ്  ബി ജെ പിയുമായുള്ള സഖ്യമവസാനിപ്പിക്കാന്‍ നിതീഷ് കുമാര്‍ തയ്യാറായത്. അതിനു മുമ്പ് സംഘ് പരിവാരത്തിന്റെ അജന്‍ഡകള്‍ ഒട്ടും അലട്ടിയിരുന്നില്ല നിതീഷിനെയോ ജനതാദളി (യു) നെയോ. പാടലീപുത്രത്തില്‍ വേരുറപ്പിക്കാന്‍ ആ കൂട്ടുകെട്ട് എത്രത്തോളം സംഘ് പരിവാരം മുതലാക്കി എന്നതിന്റെ തെളിവാണ് ലോക്‌സഭയിലേക്ക് എത്തിയ 31ഉം ഇപ്പോള്‍ നിയമസഭയിലേക്ക് എത്തിയ നാലും. ജനതാദളുമായുള്ള സഖ്യത്തിലൂടെ അധികാരം പിടിച്ചതിന് പിറകെയാണ് കര്‍ണാടകത്തില്‍ താമര പൂര്‍ണമായി വിരിഞ്ഞതും അത്രയും കാലം കോണ്‍ഗ്രസിനും ജനതക്കുമിടയില്‍ പങ്കിട്ടു നിന്നിരുന്ന സമുദായങ്ങളിലേക്ക് ബി ജെ പി കടന്നു കയറിയതും. ആന്ധ്രാ പ്രദേശിന്റെ മണ്ണില്‍ തെലുഗുദേശം പാര്‍ട്ടിക്ക് അധികാരം നല്‍കി, പിന്നണിയില്‍ ഇപ്പോള്‍ നില്‍ക്കുന്ന ബി ജെ പി അഞ്ച് വര്‍ഷത്തിനപ്പുറമൊരു ബിഹാര്‍ ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്.


ഒന്നിച്ചുനിന്നില്ലെങ്കില്‍ ഇനി വിലാസമുണ്ടാകില്ലെന്ന പ്രായോഗികബുദ്ധി മാത്രമേ ബീഹാറില്‍ പ്രതിഫലിക്കുന്നുള്ളൂ. അതിനൊരു അടിത്തറയൊരുക്കാനും ജനവിശ്വാസമാര്‍ജിക്കാനുമുള്ള ശ്രമം മാത്രമാണ് മതനിരപേക്ഷ പാര്‍ട്ടികളുടെ സഖ്യമെന്ന വിലാസം. അതിനെ നിതീഷിന്റെയും ലാലുവിന്റെയും പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ പോലും പൂര്‍ണമായി ഉള്‍ക്കൊണ്ടുവെന്ന് പറഞ്ഞുകൂടാ. ഇത്തരമൊരു സഖ്യം അടിത്തട്ടിലുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ഭാവിയില്‍ മുതലെടുക്കാന്‍ സംഘ് പരിവാരത്തിന് സാധിക്കുകയും ചെയ്യും. ഇതൊക്കെ മനസ്സിലാക്കിയുള്ള വിശാല രാഷ്ട്രീയ അജന്‍ഡയും അത് താഴേത്തലങ്ങളിലെത്തിക്കാനുള്ള പ്രവര്‍ത്തനപരിപാടിയുമൊക്കെയാണ് അനിവാര്യം. ഇത്തരം സഖ്യങ്ങളുടെ നിലനില്‍പ്പ് കേവലം അധികാരം ലക്ഷ്യമിട്ട് മാത്രമുള്ളതല്ലെന്ന ബോധ്യം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുകയും.


അതിന് സാധിക്കുന്നില്ലെങ്കില്‍ ഹിന്ദുക്കളുടെ ഐക്യത്തിനും രാജ്യസുരക്ഷക്കും വേണ്ടി തങ്ങള്‍ ശ്രമിക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താനും അധികാരമുറപ്പാക്കാനും വേണ്ടി സഖ്യങ്ങളുണ്ടാക്കുന്നുവെന്ന പ്രചാരണം ഫലപ്രദമായി നടത്താന്‍ സംഘ് പരിവാരത്തിന് സാധിക്കും.

2014-08-24

ഒരു ആന്റണി റിപ്പോര്‍ട്ട് (തമാശക്ക്)


തീവ്രവാദം ശക്തമായിരുന്ന കാലത്ത് ജമ്മു കാശ്മീരില്‍ നിന്ന് കുടിയൊഴിഞ്ഞു പോന്ന പണ്ഡിറ്റുകള്‍ക്കായി ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാറുകള്‍ അഥവാ കോണ്‍ഗ്രസ് പാര്‍ട്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് 500 കോടിയുടെ പദ്ധതി, നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം സംഘ് പരിവാരത്തിന്റെ നേതാക്കള്‍ നിരന്തരമായി ചോദിക്കുന്നതാണിത്. ജമ്മു കാശ്മീരിലെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായി പാക്ക് ഹൈക്കമ്മീഷനര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ഇന്ത്യാ-പാക് സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ നടപടി ചര്‍ച്ചയായപ്പോള്‍, അതില്‍ പങ്കെടുത്ത ബി ജെ പിയുടെ ദേശീയ, പ്രാദേശിക നേതാക്കളെല്ലാം ഈ ചോദ്യം ഉന്നയിക്കുന്നത് കേട്ടു. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് 1,600 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നും താഴ്‌വരയിലേക്ക് തിരികെവരുന്ന പണ്ഡിറ്റ് കുടുംബങ്ങള്‍ക്ക് വേണ്ട സഹായമൊക്കെ നല്‍കുമെന്നും 2008ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കോടിയുടെ കണക്കില്‍ നോക്കുകയാണെങ്കില്‍ മോദിയുടെ 500നേക്കാള്‍ വലുപ്പമുണ്ട് മന്‍മോഹന്റെ 1,600ന്.


2008ലെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കുടിയേറിയ പണ്ഡിറ്റുകള്‍ക്കായി ജമ്മു കാശ്മീര്‍ സര്‍വീസില്‍ 3000 തസ്തികകള്‍ സൃഷ്ടിച്ച് പ്രത്യേക ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. 2,148 നിയമന ഉത്തരവുകള്‍ ഇതനുസരിച്ച് പുറപ്പെടുവിച്ചെങ്കിലും 1,441 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. ഒഴിഞ്ഞുകിടക്കുന്ന 1,554 തസ്തികകളെക്കുറിച്ച് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിനെയും പണ്ഡിറ്റുകള്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ട കമ്മീഷനറെയും അറിയിച്ചിട്ടുണ്ട്. പണ്ഡിറ്റുകള്‍ക്കായി 505 ഇടക്കാല വാസ ഗേഹങ്ങള്‍ താഴ്‌വരയില്‍ ഒരുക്കുകയും ചെയ്തു. പണ്ഡിറ്റുകള്‍ ഒഴിഞ്ഞുപോയ സ്ഥലങ്ങളില്‍ അനധികൃത നിര്‍മാണം നടത്തിയതിന് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം നിര്‍മാണങ്ങള്‍ തടയുന്നതിന് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. ജമ്മു കാശ്മീര്‍ നിയമസഭയെ സംസ്ഥാന റവന്യു സഹമന്ത്രിയായിരുന്ന നസീര്‍ അസ്‌ലം വാണി, 2012ല്‍ അറിയിച്ചതാണ് ഇക്കാര്യങ്ങളൊക്കെ.


'കാശ്മീരി പണ്ഡിറ്റുകള്‍ക്കായി 500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച്, വര്‍ഷങ്ങളായി അവരോട് കാട്ടുന്ന അവകാശനിഷേധത്തിന് ഞങ്ങളിതാ അറുതി വരുത്താന്‍ പോകുന്നു'വെന്ന് സംഘ് പരിവാര നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ 2008ല്‍ പ്രഖ്യാപിച്ച പദ്ധതിയെക്കുറിച്ചും അതിന്റെ ഭാഗമായെടുത്ത പരിമിതമായ നടപടികളെക്കുറിച്ചും ജനത്തോട് പറയാന്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചു? അതിനുള്ള ഓര്‍മ ഏത്ര കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായി? 'കേരളമെന്നൊരു സംസ്ഥാനമുണ്ട്, അവിടെ മലപ്പുറമെന്നൊരു ജില്ലയുണ്ട്, 100 ശതമാനം മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശമാണിത്, വിവാഹപ്രായം 16 ആക്കിക്കൊണ്ട് അവിടുത്തെ ജില്ലാ പഞ്ചായത്ത് നിയമം കൊണ്ടുവന്നു'വെന്നൊക്കെ ദേശീയ ടെലിവിഷന്റെ ചര്‍ച്ചയില്‍ ബി ജെ പി നേതാവ് പറഞ്ഞപ്പോള്‍ വിവാഹ പ്രായം കുറച്ച് നിയമം കൊണ്ടുവരാന്‍ ജില്ലാ പഞ്ചായത്തിന് സാധിക്കില്ല എന്നെങ്കിലും പറയാന്‍ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത നേതാവിന് സാധിക്കാതെ പോയത് എന്തുകൊണ്ട്?


ഇതിന് ഉത്തരം പറയേണ്ടത് മാനനീയ എ കെ ആന്റണിജിയാണ്. അടുത്ത കാലത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പരാജയം നേരിട്ടപ്പോഴൊക്കെ അന്വേഷണക്കമ്മീഷനാകുകയും പാര്‍ട്ടിയിലെ 'മൂന്നണ' അംഗത്തിന് പോലും ദഹിക്കാത്ത വിധത്തില്‍ കാരണങ്ങള്‍ നിരത്തുകയും ചെയ്ത മഹദ്‌സാന്നിധ്യമാണ് അദ്ദേഹം. ആര്‍ക്കും ദഹിക്കാനിടയില്ല എന്നതുകൊണ്ടാകണം അന്വേഷണ റിപോര്‍ട്ടുകള്‍ പരസ്യപ്പെടുത്തുകയോ പാര്‍ട്ടി അംഗങ്ങളിലേക്ക് പ്രസരിപ്പിക്കുകയോ ചെയ്യാന്‍ എ ഐ സി സി നേതൃത്വം മെനക്കെടാതിരുന്നത്. ഇത്തരം കാരണങ്ങളേ നിരത്താനിടയുള്ളൂ എന്ന തിരിച്ചറിവിലാകണം, 2014ലെ കൊടിയ തോല്‍വിയെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ എ കെ ആന്റണിയെ തന്നെ ഹൈക്കമാന്‍ഡ് നിയോഗിച്ചു. രണ്ട് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയ ആന്റണി കമ്മിറ്റി, മൂന്നാം മാസം റിപോര്‍ട്ട് സമര്‍പ്പിച്ച് കൃതകൃത്യതക്കുള്ള പ്രത്യേക അഭിനന്ദനം വാങ്ങിയെടുത്തു. ഈ റിപോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടില്ല, പരസ്യപ്പെടുത്തുമെന്ന് തോന്നുന്നുമില്ല. അതുകൊണ്ട് തന്നെ ചോര്‍ന്നുകിട്ടിയ വിവരങ്ങളെ ആശ്രയിക്കുക മാത്രമേ കരണീയമായുള്ളൂ.


യു പി എ സര്‍ക്കാറും കോണ്‍ഗ്രസ് പാര്‍ട്ടിയും ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടുവെന്നും അത് ഭൂരിപക്ഷ സമുദായത്തെ ബി ജെ പിക്ക് (നരേന്ദ്ര മോദിക്ക്) അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് ആന്റണി കമ്മിറ്റിയുടെ പ്രധാന കണ്ടെത്തല്‍. ന്യൂനപക്ഷത്തിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിച്ചതുമില്ലെന്ന് അതേ ശ്വാസത്തില്‍ കമ്മിറ്റി പറഞ്ഞുവെക്കുന്നു. യു പി എ സര്‍ക്കാറും കോണ്‍ഗ്രസ് പാര്‍ട്ടിയും ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന ആക്ഷേപം സംഘ് പരിവാരം (നരേന്ദ്ര മോദി) രാജ്യത്താകെ ഉന്നയിച്ചപ്പോള്‍ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ എ കെ ആന്റണിയടക്കമുള്ള നേതാക്കള്‍ക്ക് സാധിച്ചില്ല എന്നതാണ് യഥാര്‍ഥ വസ്തുത. കാശ്മീരിലെ പണ്ഡിറ്റുകള്‍ക്കായി പ്രഖ്യാപിച്ച 1,600 കോടിയുടെ പാക്കേജിനെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ ഇപ്പോള്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിക്കുന്നില്ല എന്നത് അതിന്റെ ചെറിയ ഉദാഹരണം മാത്രം.


രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ സവിശേഷമായി ശ്രദ്ധിച്ച് നടപ്പാക്കാന്‍ ശ്രമിച്ച പദ്ധതികളും രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക്  ഏര്‍പ്പെടുത്താന്‍ ശ്രമിച്ച ഉപ സംവരണവുമാണ് പ്രീണനത്തിന്റെ വലിയ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടത്. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ നടപ്പാക്കിയവയില്‍ പ്രധാനം മദ്‌റസാ നവീകരണമാണ്, അത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കന്നി ബജറ്റിലും ഇടം പിടിച്ചിട്ടുണ്ട്. മറ്റൊന്ന് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ ജില്ലകള്‍ക്കായി പ്രഖ്യാപിച്ച ബഹുതല വികസന പദ്ധതികളാണ്. ഈ പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനമുണ്ടാകുമെന്ന ചെറിയ കാര്യം ബോധ്യപ്പെടുത്താന്‍ പോലും കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് സാധിച്ചില്ല എന്നതാണ് യഥാര്‍ഥ പരാജയം. സാമൂഹിക, സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച കമ്മീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംവരണമെന്ന് ബോധ്യപ്പെടുത്താനും സര്‍ക്കാറിനും പാര്‍ട്ടിക്കും സാധിച്ചില്ല.


ഈ ബോധ്യപ്പെടുത്തല്‍ സാധിക്കണമെങ്കില്‍ ജനങ്ങളുമായി ബന്ധമുള്ള നേതാക്കളുണ്ടാകണം, കോണ്‍ഗ്രസെന്ന വലിയ പാര്‍ട്ടിക്ക് രാജ്യത്തെല്ലായിടത്തേക്കും പ്രവഹിക്കാന്‍ സാധിക്കും വിധത്തിലുള്ള ധമനികളുണ്ടാകണം. ബീഹാറില്‍ അതില്ലാതായിട്ട് രണ്ട് ദശകമെങ്കിലുമായി. ഉത്തര്‍ പ്രദേശിലെ സ്ഥിതി പരിതാപകരമാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ നേട്ടം കോണ്‍ഗ്രസിന് ഉണ്ടായിട്ട് കൂടി ഉത്തര്‍പ്രദേശിലെ സംഘടനാ സംവിധാനം മെച്ചപ്പെടുത്താന്‍ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ ശ്രമിച്ചതായി അറിവില്ല. അത്തരം ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ നിയോഗിക്കപ്പെട്ടത് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായ രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം ബീഹാറില്‍ തുടര്‍ച്ചയായി കാണിച്ച മണ്ടത്തരങ്ങള്‍ ആന്റണി കമ്മിറ്റി മനഃപൂര്‍വം കാണാതിരിക്കും. ഉത്തര്‍ പ്രദേശിലും ഭിന്നമല്ല. ഭട്ടാപര്‍സുല്‍ മാത്രം മതി ഉദാഹരണത്തിന്. ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്ത ജനങ്ങളെ പോലീസ് തല്ലുകയും സ്ത്രീകളെ കൈയേറ്റം ചെയ്യുകയും ചെയ്തപ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളൊക്കെ ലംഘിച്ച്, ബൈക്കിന് പിറകില്‍ സഞ്ചരിച്ച് സ്ഥലത്തെത്തിയിരുന്നു രാഹുല്‍ ഗാന്ധി. അതിനുശേഷം ഉത്തര്‍ പ്രദേശിലെ ഈ ഗ്രാമത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്തെങ്കിലും ചെയ്യാനായോ? അവിടുത്തെ ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെടാന്‍ സാധിച്ചോ എ ഐ സി സിയുടെ വൈസ് പ്രസിഡന്റിന്?


ഇരകളാക്കപ്പെടുന്നവരുടെ വേദനകളെ അവഗണിച്ചും വികസന പദ്ധതികളുമായി മുന്നോട്ടുപോകണമെന്ന നയം സ്വീകരിക്കുന്ന പാര്‍ട്ടിക്ക് ഒരിക്കലും അത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമെന്ന് പ്രഖ്യാപിക്കുകയും സാധാരണക്കാരെ പുറംതള്ളുന്ന പദ്ധതികളുമായി മുന്നോട്ടുപോകുകയും ചെയ്ത കോണ്‍ഗ്രസും യു പി എയും വലിയ പരാജയം പ്രതീക്ഷിച്ചിരുന്നു. സഹസ്ര കോടികളുടെ അഴിമതി ആരോപണം ആ പരാജയത്തിന് ആക്കം കൂട്ടുകയും ചെയ്തു. അത് മനസ്സിലാക്കാന്‍ വലിയ തെളിവെടുപ്പിന്റെയൊന്നും ആവശ്യമില്ല തന്നെ. ഇനിയൊരു തിരിച്ചുവരവ്, അത് എത്രത്തോളം അസാധ്യമെന്ന് ആന്റണിക്കും സമശീര്‍ഷരായ മറ്റ് നേതാക്കള്‍ക്കും മാത്രമേ മനസ്സിലാകാത്തതുള്ളൂ, ഉണ്ടാകണമെങ്കില്‍ ഇക്കാലം വരെ സ്വീകരിച്ച നയനിലപാടുകളുടെ പോസ്റ്റ്‌മോര്‍ട്ടമാണ് ആവശ്യം. അത് നടക്കണമെങ്കില്‍, പാര്‍ട്ടിയോടും ജനങ്ങളോടും കൂറുള്ള പുതിയ നേതൃനിര ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരമൊരു നേതൃനിരയെക്കുറിച്ച് ആന്റണിയെപ്പോലുള്ള നേതാക്കള്‍ ആലോചിക്കുന്നുണ്ടാകില്ല. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലുമൊരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഇവരാരും ശ്രമിച്ചതായി അറിവില്ല. പിതാവ് ആനപ്പുറത്തിരുന്നിരുന്നുവെന്ന യോഗ്യതയുള്ളവര്‍ക്ക് മാത്രമേ സ്ഥാനലബ്ധിയുണ്ടായിട്ടുള്ളൂ.


ധമനികള്‍ നശിച്ച് ചോരയോട്ടം നിലച്ചതോടെ സംഘടനയുടെ അംഗങ്ങള്‍ക്ക് വൈകല്യമുണ്ടായിരിക്കുന്നു. ചോരയോട്ടമുള്ള ധമനികളില്‍ തടസ്സങ്ങളുണ്ടാക്കാന്‍ പാകത്തില്‍ നേതൃത്വം തീരുമാനങ്ങളെടുക്കുന്നു. എല്‍ ഡി എഫിന്റെ അഞ്ച് വര്‍ഷത്തെ ഭരണം യു ഡി എഫിന് അധികാരം സമ്മാനിക്കുമെന്ന കേരളത്തിലെ അനുഭവം ദേശീയതലത്തിലുമുണ്ടാകുമെന്ന മുഢ സ്വര്‍ഗത്തിലാണ് ആന്റണിയെന്ന് തോന്നുന്നു. അതുകൊണ്ടാണ് തോല്‍വിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപോര്‍ട്ട് തിരുത്തലുകള്‍ നിര്‍ദേശിക്കാതെ, നേതൃത്വത്തെ പ്രീണിപ്പിക്കും വിധത്തില്‍ തയ്യാറാക്കപ്പെടുന്നത്. അല്ലെങ്കില്‍ സംഘടനയുടെ അവസാന നേതൃശ്രേണി എന്ന യശസ്സ്, തങ്ങള്‍ക്കിരിക്കട്ടെ എന്ന സ്വാര്‍ഥബുദ്ധിയോടെയുമാകാം.  കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളാര് എന്നത് പോലെ അവസാന നേതാക്കളാര് എന്നൊരു ചോദ്യം ഭാവിയിലെ പൊതുപരീക്ഷകളിലുണ്ടായാല്‍ ഉത്തരമായി ജീവിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ!



ഇവ്വിധം അന്വേഷിക്കാനും റിപോര്‍ട്ട് തയ്യാറാക്കാനും അത് പരസ്യപ്പെടുത്താതിരിക്കാനും വിവരങ്ങള്‍ ചോര്‍ത്തിനല്‍കാനുമൊക്കെ, വിശാലമായ ജനാധിപത്യം നിലനില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവകാശമുണ്ടെന്നതില്‍ തര്‍ക്കമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായി തുടങ്ങിയ അടവ്, ന്യൂനപക്ഷ പ്രീണനമെന്ന തോന്നലുണ്ടാക്കി എന്നും അത് ഭൂരിപക്ഷത്തില്‍ ഏകീകരണമുണ്ടാക്കിയെന്നും എഴുതിവെക്കുമ്പോള്‍, ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താന്‍ ഏത് അടവും പയറ്റുന്ന സംഘ് പരിവാരത്തിനും നരേന്ദ്ര മോദി - അമിത് ഷാ കൂട്ടുകെട്ടിനും ഏതളവില്‍ സഹായകമാകുമെന്ന ചെറിയ രാഷ്ട്രീയ ചിന്തയെങ്കിലുമുണ്ടാകേണ്ടിയിരുന്നു എ കെ ആന്റണിക്ക്. ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിന് മേല്‍ക്കൈ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഈ പരാമര്‍ശങ്ങളെ ഏത് വിധത്തിലാണ് ഉപയോഗിക്കുക എന്ന് ആന്റണി ചിന്തിച്ചിരുന്നുവെങ്കില്‍ കോണ്‍ഗ്രസുണ്ടായാലും ഇല്ലെങ്കിലും ഇന്ത്യന്‍ യൂനിയന് ഗുണം ചെയ്‌തേനേ...

2014-08-18

ചെങ്കോട്ടയിലെ മുന്നറിയിപ്പ്


രാജ്യത്തിന്റെ പ്രധാനമന്ത്രി, സ്വാതന്ത്ര്യ ദിനത്തില്‍ നടത്തുന്ന പ്രഭാഷണം ആത്മാര്‍ഥതയില്ലാത്ത വാഗ്‌ധോരണിയോ ആവര്‍ത്തിക്കപ്പെടുന്ന പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയോ ആകാറാണ് പതിവ്. സ്വാതന്ത്ര്യത്തിനായി ത്യാഗങ്ങള്‍ ചെയ്തവരെക്കുറിച്ചുള്ള ഓര്‍മ പുതുക്കല്‍, സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി ഏക മനസ്സോടെ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഹ്വാനം എന്നിവ ഇത്തരം പ്രസംഗങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. ഓര്‍മ പുതുക്കലും ആഹ്വാനവുമുണര്‍ത്തുന്ന വികാരങ്ങള്‍ക്കപ്പുറത്ത്, പ്രസംഗത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളപ്പെടാറുണ്ടോ എന്നത് തര്‍ക്കവിഷയമാണ്. അന്തഃസത്ത ഉള്‍ക്കൊള്ളപ്പെടണമെന്ന നിര്‍ബന്ധം, പ്രസംഗം തയ്യാറാക്കുന്നവര്‍ക്കോ അത് അവതരിപ്പിക്കുന്നവര്‍ക്കോ ഉണ്ടോ എന്നതും. വാക്കുകള്‍ പ്രയോഗത്തിലേക്ക് എത്താറുണ്ടോ എന്ന് ചിന്തിക്കാനൊന്നും മിനക്കെടാതെ 100 കോടി ജനം (ബാക്കി കോടികള്‍ക്ക് അങ്ങനെ ചിന്തിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല) ജീവിതദുരിതം ലഘൂകരിക്കാനുള്ള യത്‌നത്തില്‍ മുഴുകുകയാണ് പതിവ്.


രാജാധികാരത്തിന്റെ അവശിഷ്ടമായ ചെങ്കോട്ടയില്‍, സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തിയവരൊക്കെ, എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിച്ചു തീര്‍ക്കുകയാണ് പതിവ്. പ്രധാനമന്ത്രി എന്ന നിലക്കുള്ള അവകാശാധികാരങ്ങളുടെ പ്രകടനമായി ഈ പ്രഭാഷണം പൂര്‍ത്തിയാക്കുമ്പോള്‍ പോലും, പരമാധികാരിയാണെന്ന തോന്നല്‍ ജനമനസ്സില്‍ സ്ഥാപിച്ചെടുക്കാന്‍ ബോധപൂര്‍വം അവരൊന്നും ശ്രമിച്ചിരുന്നില്ല. അത്തരം ശ്രമങ്ങള്‍ക്ക് പാകത്തിലായിരുന്നുമില്ല, (533ല്‍ 414 സീറ്റ് നേടി രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ കാലത്തു പോലും) ഇക്കാലമത്രയും രാജ്യത്തെ രാഷ്ട്രീയ സാഹചര്യം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപതിയെന്ന ദുഷ്‌പേര് സമ്പാദിച്ച ഇന്ദിരാ  ഗാന്ധി പോലും അതിന് ശ്രമിച്ചതായി തോന്നുന്നില്ല. നേടിയെടുത്ത സ്വാതന്ത്ര്യം യഥാര്‍ഥ സ്വാതന്ത്ര്യമാകണമെങ്കില്‍ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ 'നാം' വരുത്തേണ്ട മാറ്റത്തെക്കുറിച്ചാണ് 1976ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഇന്ദിര പറഞ്ഞത്.


പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സ്വാതന്ത്ര്യ ദിന പ്രഭാഷണത്തെക്കുറിച്ച് വളരെ നേരത്തെ തന്നെ ഊഹങ്ങളും അഭ്യൂഹങ്ങളും വാര്‍ത്തകളായി എത്തിയിരുന്നു. സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പാകത്തില്‍, സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയെന്നുവരെയായിരുന്നു വാര്‍ത്തകള്‍. മോദി ഏത് വേഷത്തിലെത്തും? എന്തൊക്കെ പ്രഖ്യാപനങ്ങള്‍ നടത്തും? സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വേഗം കൂട്ടാന്‍ പാകത്തിലുള്ള പ്രഖ്യാപനങ്ങളുണ്ടാകുമോ? എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും മറുപടികളായി വാര്‍ത്തകള്‍ പാറി നടന്നു. പതിവു രീതികളെയാകെ മാറ്റിമറിച്ചുള്ളതായിരുന്നു പ്രഭാഷണമെന്നതാണ്  ചെങ്കോട്ടയിലെ 'ഇവന്റി'ന് ശേഷം കാറ്റ് പിടിക്കുന്ന വിശകലനം. എഴുതി വായിക്കുന്ന രീതി ഒഴിവാക്കി, സ്വതസിദ്ധമായ ശൈലിയില്‍ തട്ടും തടവുമില്ലാതെ പ്രസംഗിച്ചുവെന്നതാണ് മാറ്റങ്ങളിലൊന്ന്. ജാതീയതയുടെയും വര്‍ഗീയതയുടെയും പ്രാദേശികതയുടെയും വിഷം ഇല്ലാതാക്കണമെന്നതില്‍ തുടങ്ങി, ഇന്ത്യ നിര്‍മാണ കേന്ദ്രമാകണമെന്നും അതിനുള്ള മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണമെന്നതുമടക്കം രാഷ്ട്ര പുരോഗതി ലാക്കാക്കിയുള്ള ഉദ്്‌ബോധനങ്ങള്‍ ഏറെ സവിശേഷമായിരുന്നുവെന്നതാണ് രണ്ടാമത്തേത്. 'നീ എവിടെപ്പോകുന്നു? നിന്റെ കൂട്ടുകാരാരൊക്കെ?' എന്ന് പെണ്‍മക്കളോട് ചോദിക്കുന്ന മാതാപിതാക്കള്‍ ആണ്‍കുട്ടികളോട് ഇങ്ങനെ ചോദിക്കുന്നുണ്ടോ എന്ന ചോദ്യവും  അങ്ങനെയുള്ള ചോദ്യങ്ങളുണ്ടായാല്‍ ബലാത്സംഗങ്ങള്‍ നിയന്ത്രിക്കാനാകുമെന്ന ഉപദേശവും പ്രകീര്‍ത്തിക്കപ്പെടുന്നു.


ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ മോദിയെത്തിയ വേഷം ആദ്യം പരിശോധിക്കണം. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബന്ധിനി കൊണ്ടൊരു തലപ്പാവ്. മേല്‍ക്കുപ്പായമായി ബന്ധ്ഗല. കീഴ്ക്കുപ്പായമായി ചുരിദാര്‍. ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന തുകല്‍ച്ചെരുപ്പ്. സമുദായ മഹിമ വെളിപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് രാജസ്ഥാനിലും ഗുജറാത്തിലും ബന്ധിനി കൊണ്ടുള്ള തലപ്പാവ് ഉപയോഗിച്ചിരു(രിക്കു)ന്നത്. സമുദായ മഹിമ അധികാരം നിര്‍ണയിച്ചിരുന്ന കാലത്ത് രാജസ്ഥാനിലെ രാജ കുടുംബാംഗങ്ങള്‍ വിശേഷാവസരങ്ങളില്‍ ഉപയോഗിച്ചിരുന്നതും ബന്ധിനി തലപ്പാവുകളാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രചാരണ യാത്രയിലാകെ മോദി, പ്രസരിപ്പിച്ചിരുന്ന സര്‍വാധികാര വാഞ്ഛയുടെ പ്രകടനം ഈ തലപ്പാവടക്കമുള്ള വേഷവിധാനത്തിലുണ്ടായിരുന്നു. പ്രചാരണ യോഗങ്ങളിലെ അംഗവിക്ഷേപങ്ങള്‍, ഈ വേഷത്തില്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അത് അധികാര സ്ഥാപനത്തിന്റെ ലക്ഷണം കൂടിയായി. എല്ലാ ജില്ലകളിലും മാതൃകാ ഗ്രാമങ്ങള്‍ സ്ഥാപിക്കാനുള്ള ആഹ്വാനത്തിനിടെ, പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു - ''2019ല്‍ ഞാന്‍ തിരഞ്ഞെടുപ്പിനെ നേരിടും. അതിനടുത്ത അഞ്ച് വര്‍ഷങ്ങളില്‍ കൂടുതല്‍ മാതൃകാ ഗ്രാമങ്ങളുണ്ടാകണം...''(സംശയമുള്ളവര്‍ക്ക് പ്രസംഗത്തിന്റെ റെക്കോര്‍ഡ് പരിശോധിക്കാവുന്നതാണ്) ഇതേ 'ഞാന്‍' തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളമുണ്ടായിരുന്നത്. കിരീടധാരണം കഴിഞ്ഞ 'ഞാനാ'ണെന്ന് വേഷവിധാനത്തിലൂടെ രാജ്യത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ചെങ്കോട്ടയില്‍. പാര്‍ട്ടിയെയും അതിന്റെ പ്രതിനിധികളായി ലോക്‌സഭയിലെത്തിയവരെയും ഇക്കാര്യം നേരത്തെ തന്നെ ബോധ്യപ്പെടുത്തിക്കഴിഞ്ഞതാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി ജെ പി. എം പിമാരുടെ യോഗങ്ങള്‍ വിളിച്ച, പ്രധാനമന്ത്രി തീര്‍ത്തും ഏകപക്ഷീയമായാണ് പെരുമാറിയതെന്ന് പേര് വെളിപ്പെടുത്താതെ മാധ്യമങ്ങളോട് പറഞ്ഞത് എം പിമാര്‍ തന്നെയാണ്.


ഇന്ത്യ നിര്‍മാണ കേന്ദ്രമാകണം, അതിന് പാകത്തില്‍ മനുഷ്യ വിഭവ ശേഷി വികസിപ്പിക്കണമെന്ന പ്രഖ്യാപനം യഥാര്‍ഥത്തില്‍ പുതുമയില്ലാത്തതാണ്. രണ്ടാം യു പി എ സര്‍ക്കാറില്‍ ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച അവസാന രണ്ട് ബജറ്റുകളെടുത്താല്‍ മനുഷ്യ വിഭവ ശേഷിയുടെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും അതിന് നീക്കിവെക്കുന്ന തുകയെക്കുറിച്ചും പ്രഖ്യാപനങ്ങളുണ്ട്. പ്രകൃതി വിഭവങ്ങളുടെ പരമാവധി ചൂഷണം ഉറപ്പാക്കി, വ്യാവസായിക വളര്‍ച്ചയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലുള്ള മുന്നോട്ടുപോക്കും സാധ്യമാക്കുക എന്നത് കാലങ്ങളായി സര്‍ക്കാറുകള്‍ പിന്തുടരുന്ന നയമാണ്. അതിന് വേണ്ടിയാണ് വിദേശ മൂലധനത്തെ ആകര്‍ഷിക്കാന്‍ പാകത്തില്‍ തൊഴില്‍, പരിസ്ഥിതി, നിര്‍മാണ നിയമങ്ങളിലൊക്കെ മാറ്റങ്ങള്‍ വരുത്തിയത്, ഇപ്പോഴും വരുത്തിക്കൊണ്ടേയിരിക്കുന്നത്. യു പി എ സര്‍ക്കാറിന്റെ കാലത്തെ വലിയ അഴിമതിയായി വിശേഷിപ്പിക്കപ്പെടുന്ന കല്‍ക്കരി ഖനികളുടെ പാട്ടം, ഈ കാഴ്ചപ്പാടിന്റെ നടപ്പാക്കലിന്റെ ഉപോത്പന്നം മാത്രം. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രം അനുവദിച്ചതിലെ അഴിമതിയും ഇതേ കാഴ്ചപ്പാടിന്റെ ഉപോത്പന്നമാണ്. അദാനിക്കും അംബാനിക്കുമൊക്കെ അനര്‍ഹമായ ലാഭമുണ്ടാക്കാന്‍ പാകത്തില്‍ ഭൂമിയും വിഭവങ്ങളും കൈമാറ്റം ചെയ്തു, മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് സര്‍ക്കാര്‍ എന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയതിന്റെ കാരണവും മറ്റൊരു നയമല്ല.


പ്രധാനമന്ത്രിയായി ചുമതലയേറ്റ 'ഞാന്‍' ഡല്‍ഹിയില്‍ പല സര്‍ക്കാറുകളെ കണ്ടുവെന്നും ആ രീതി ഒഴിവാക്കാന്‍ ശ്രമിച്ചുവരികയാണെന്നും  പ്രഭാഷണത്തില്‍ മോദി പറയുന്നുണ്ട്. വികേന്ദ്രീകരണത്തിന്റെ ഭാഗമായി അധികാരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും തീരുമാനങ്ങള്‍ വിവിധ തലങ്ങളില്‍ ഉണ്ടാകുകയും ചെയ്യുക എന്നത് ജനായത്ത സമ്പ്രദായത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയുടെ ഭാഗമായി കാണാന്‍ സാധിക്കുന്നില്ല പുതിയ ഭരണാധികാരിക്ക് എന്നതിന് ഈ പ്രസ്താവനക്കപ്പുറം തെളിവ് ആവശ്യമില്ല. അത്തരമൊരു സംവിധാനത്തെ അംഗീകരിക്കാന്‍ തനിക്ക് സാധിക്കുന്നില്ല എന്ന് തുറന്നു പറയുമ്പോള്‍, മന്ത്രിസഭയില്‍ ആലോചിക്കാതെ തീരുമാനങ്ങളെടുത്ത് നടപ്പാക്കിയ, നിയമസഭ പേരിന് മാത്രം വിളിച്ചു കൂട്ടി പ്രഹസനമാക്കിയ, ഗുജറാത്തിലെ മാതൃകയാണ് തനിക്ക് സ്വീകാര്യം എന്ന് കൂടി വ്യക്തമാക്കുകയാണ് മോദി.


ജനങ്ങള്‍ ജീവിതത്തിലെടുക്കുന്ന ഓരോ ചുവടും രാജ്യത്തിന്റെ താത്പര്യത്തിന് വേണ്ടിയാകണമെന്ന ആഹ്വാനവും സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിലുണ്ട്. രാജ്യത്തിന്റെ താത്പര്യമെന്നാല്‍ രാജ്യം ഭരിക്കുന്നവരുടെ താത്പര്യമെന്ന് മാത്രമാണ് അര്‍ഥം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നരേന്ദ്ര മോദിയുടെ താത്പര്യമോ മോദിയുടെ കാഴ്ചപ്പാടിനനുസരിച്ച് രൂപം കൊള്ളുന്ന ബി ജെ പി താത്പര്യമോ മാത്രമാണ്. അതുള്‍ക്കൊണ്ടുകൊണ്ടാണ് ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിന് രാജ്യത്ത് മേല്‍ക്കൈ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കണമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. രാജ്യ താത്പര്യമെന്ന പേരില്‍ ഭരിക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന ഓരോ ചുവടും ജനങ്ങളുടെ താത്പര്യത്തെ ഏത് വിധത്തിലാണ് ബാധിക്കുന്നത് എന്ന് ആലോചിക്കേണ്ട ആവശ്യമുണ്ടോ? അതേക്കുറിച്ചൊന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലില്ല. രാജാവെടുക്കുന്ന തീരുമാനങ്ങള്‍ പ്രജകള്‍ സ്വീകരിക്കുക, അതിനനുസരിച്ചുള്ള ജീവിതം രാജാവിന്റെ താത്പര്യങ്ങളെ ഹനിക്കുന്നതാകുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യുക. 'ഞാന്‍' വിഭാവനം ചെയ്യുന്ന രാജ്യം ഈ വിധത്തിലാകണമെന്നാണ് വാക്കുകളിലൂടെയും വേഷത്തിലുടെയും മോദി ജനങ്ങളെ അറിയിക്കുന്നത്.


വിഭവങ്ങളുടെ പരമാവധി ചൂഷണത്തിന് നടപടിയെടുക്കുമ്പോള്‍ എതിര്‍പ്പുകളുണ്ടാകരുത്. അടിസ്ഥാന സൗകര്യ വികസനം ലാക്കാക്കി വന്‍കിട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഭൂമിയെച്ചൊല്ലി പരാതികളുന്നയിക്കുകയോ പ്രക്ഷോഭത്തിനൊരുങ്ങുകയോ ചെയ്യരുത്. ഇവിടെയൊക്കെ രാജ്യ താത്പര്യമാണ് മുന്നില്‍ നില്‍ക്കേണ്ടത്. കല്‍ക്കരിപ്പാടങ്ങള്‍ക്കായി ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളുടെയോ ഇനി കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്ന ആദിവാസികളുടെയോ അവസ്ഥയേക്കാള്‍ പ്രധാനമാണ് രാജ്യ താത്പര്യം. അവരുടെ അവസ്ഥയില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍, അത് രാജ്യ താത്പര്യവുമായി ഉതകുന്നതാണോ എന്ന് ആലോചിക്കണം. ഈ മുന്നറിയിപ്പ്, വരികള്‍ക്കിടയിലുണ്ട് എന്നതു  കൊണ്ടു തന്നെ ഈ സ്വാതന്ത്ര്യ ദിന പ്രഭാഷണങ്ങളിലെ വാക്കുകള്‍ പ്രയോഗത്തിലാക്കാനുള്ളതാണ്. ആ തിരിച്ചറിവുള്ളതിനാല്‍ മോദിയുടെ  സ്വാതന്ത്ര്യ ദിന പ്രഭാഷണം പതിവ് രീതിയില്‍ നിന്ന് മാറിയുള്ളതാണെന്ന് സമ്മതിക്കേണ്ടി വരും.  


ജാതീയതയുടെയും വര്‍ഗീയതയുടെയും പ്രാദേശികതയുടെയും വിഷം വമിപ്പിച്ചതുകൊണ്ട് ആരെന്ത് നേടി എന്ന പ്രഭാഷണത്തിലെ ചോദ്യത്തിനുള്ള ആദ്യ ഉത്തരം ചെങ്കോട്ടക്കു മേല്‍ തലപ്പാവണിഞ്ഞു നിന്ന പ്രധാനമന്ത്രി തന്നെയാണ്. ഭൂരിപക്ഷ വികാരം ഒഴുകിപ്പോകാന്‍ വഴിയൊരുക്കണമെന്നും മുസ്‌ലിംകളെ പാഠം പഠിപ്പിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പറഞ്ഞപ്പോള്‍ മോദി ഉപയോഗിച്ച വിഷം തന്നെയാണ് ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ സര്‍ക്കാറുണ്ടായതിനാല്‍, ഭൂരിപക്ഷങ്ങളുടെ ഇംഗിതം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ന്യൂനപക്ഷങ്ങള്‍ തയ്യാറാകണമെന്ന് പറയുമ്പോള്‍ അശോക് സിംഘാളിനെപ്പോലുള്ളവര്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത്. ആ വിഷം തുടര്‍ന്നും ഉപയോഗിക്കാന്‍ തീരുമാനിച്ചതിന്റെ ലക്ഷണങ്ങള്‍ ഉത്തര്‍ പ്രദേശിലുള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടാകുമ്പോള്‍, സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിലെ വിഷ പരാമര്‍ശം സംഘ് പരിവാരം നിര്‍വചിക്കുന്ന ഭൂരിപക്ഷത്തിന് പുറത്തുള്ളവരെ ലാക്കാക്കിയുള്ളതാണ്. രാജ്യ താത്പര്യത്തെ 'ഹനിക്കുന്ന' വിഷത്തെ തിരിച്ചറിയാനുള്ള ആഹ്വാനമാണ്.

2014-08-10

മോദിക്ക് അമേരിക്ക ഇലയിടുമ്പോള്‍


അധികാരവും കച്ചവട സാധ്യതയും വലിയ കറകള്‍ മറയ്ക്കാനോ മറക്കാനോ വഴിയാകാറുണ്ട്. ഗുജറാത്തിലെ നൃശംസമായ വംശഹത്യ തടയാന്‍ സാധിക്കാതിരുന്ന ഭരണാധികാരിക്ക് വിസ നല്‍കേണ്ടെന്നായിരുന്നു ഇത്ര കാലം അമേരിക്കയുടെ തീരുമാനം. ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ വിലക്ക് ആ രാജ്യം പിന്‍വലിച്ചു. മറ്റൊരു രാജ്യത്തിന്റെ, പ്രത്യേകിച്ച് സകല മേഖലകളിലും സഹകരണത്തിന്റെയോ വിധേയത്വത്തിന്റെയോ മുഖം നിലനിര്‍ത്തുന്ന ഇന്ത്യയുടെ, ഭരണാധികാരിക്ക് വിസ നിഷേധിക്കാന്‍ അമേരിക്കക്ക് കഴിയില്ല. നയതന്ത്ര മര്യാദ അതിന് അനുവദിക്കുകയുമില്ല. പക്ഷേ, വിസാ വിലക്ക് നീക്കിയതിന് പിന്നാലെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും മന്ത്രിമാരില്‍ നിന്നും (അവിടുത്തെ ഭാഷയില്‍ സെക്രട്ടറിമാര്‍) ഉണ്ടായ പ്രതികരണങ്ങള്‍ കൗതുകകരമായിരുന്നു. ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കുമ്പോഴോ മറ്റോ ഏര്‍പ്പെടുത്തിയ വിലക്ക്, അങ്ങനെ തുടര്‍ന്നിരുന്നുവെന്നേയുള്ളൂവെന്നും ബരാക് ഒബാമയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അതിലൊരു പങ്കുമില്ലെന്നുമാണ് സര്‍ക്കാര്‍ വക്താവ് പറഞ്ഞത്. അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കുന്ന നരേന്ദ്ര  മോദിയെ, യു എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കണമെന്ന് സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ത്യയെന്ന വലിയ കമ്പോളത്തിന്റെ അധികാരം ലഭിച്ചതോടെ ഗുജറാത്തിലെ വംശഹത്യയോ അതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ നടന്ന ശ്രമങ്ങളോ അതില്‍  മോദിക്കുള്ള പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളോ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ വലിയ നിഷ്ഠയുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ ഭരണനേതൃത്വത്തിന് മുന്നില്‍ ഇല്ലാതായെന്ന് ചുരുക്കം. ഇത്തരം ആരോപണങ്ങളെ ഗൗരവത്തോടെ തുടര്‍ന്നും കാണുമെന്നും 'സാമന്ത'രാജ്യത്തിന്റെ തലവനെന്ന നിലയില്‍ വിസ അനുവദിച്ച് ഔദ്യോഗികമായി സ്വീകരിച്ച് ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കാളിയാക്കുകയാണെന്നും പറയാന്‍ അമേരിക്ക തയ്യാറല്ല. ഏതോ കാലത്ത് ആരോ ഏര്‍പ്പെടുത്തിയ വിസാ വിലക്കെന്ന് ലഘൂകരിക്കുകയും ചെയ്യുന്നു. സന്ദര്‍ശനം പൂര്‍ത്തിയാകുന്നതോടെ, 'ഈ പുമാനെക്കുറിച്ചാണോ നിങ്ങളീ ആരോപണങ്ങളൊക്കെ ഉന്നയിക്കുന്നത്' എന്ന് അമേരിക്കയുടെ നേതാക്കള്‍ ചോദിക്കുന്നത് കേള്‍ക്കാനാകും.


നരേന്ദ്ര മോദിയും ബരാക് ഒബാമയും തമ്മില്‍ സെപ്തംബറില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയുടെ അജന്‍ഡ നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പ്രതിരോധ സെക്രട്ടറി ചഗ് ഹാഗെലും ജോണ്‍ മക്കയിനെപ്പോലുള്ള അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രമുഖ അംഗങ്ങളുമൊക്കെ സമീപ ദിവസങ്ങളില്‍ ഇന്ത്യയിലെത്തിയത് അതിനു വേണ്ടിയാണ്.


കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഒന്നും രണ്ടും യു പി എ സര്‍ക്കാറുകള്‍ അമേരിക്കയുമായി അടുത്ത ബന്ധമുണ്ടാക്കുന്നതില്‍ തത്പരരായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ്, ജോര്‍ജ് ബുഷുമായും ബരാക് ഒബാമയുമായും ദൃഢ സൗഹൃദം നിലനിര്‍ത്തിയയാളുമായിരുന്നു. എന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യം കമ്പോളത്തില്‍ ലഭിക്കും വിധത്തില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ മന്‍മോഹന്‍ സിംഗിനും കോണ്‍ഗ്രസിനും സാധിച്ചില്ല. ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുണ്ടാകുകയും പാര്‍ട്ടിയിലും ഭരണത്തിലും തീരുമാനങ്ങളെടുക്കുന്ന അധികാരി മോദിയാകുകയും ചെയ്തത് തങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്ന തിരിച്ചറിവ് അമേരിക്കക്കുണ്ട്.


സിവിലിയന്‍ ആണവ സഹകരണ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പിട്ടിട്ട് വര്‍ഷം ആറ് തികയുന്നു. ഇത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പല കാരണങ്ങളാല്‍ പരാജയപ്പെട്ടു. അപകടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ ബാധ്യത, വിദേശ കമ്പനികള്‍ക്ക് കൂടിയുണ്ടെന്ന് സൂചിപ്പിക്കുന്ന നിയമ വ്യവസ്ഥയാണ് അതിലൊന്ന്. അത്തരമൊരു വ്യവസ്ഥ വേണമെന്ന് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ നിരന്തരം വാദിച്ച പാര്‍ട്ടിയാണ് ബി ജെ പി. ഈ നിയമ വ്യവസ്ഥയടക്കം കരാര്‍ നടപ്പാക്കുന്നതിലുള്ള തടകളൊക്കെ നീക്കേണ്ട ആവശ്യം അമേരിക്കക്കുണ്ട്. അത്   സാധിച്ചാല്‍, വെസ്റ്റിംഗ് ഹൗസിന്റെയും ജനറല്‍ ഇലക്ട്രിക്കല്‍സിന്റെയും റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള ഭൂമി, നരേന്ദ്ര മോദി കണ്ടെത്തിക്കൊള്ളുമെന്ന വിശ്വാസം അമേരിക്കക്കുണ്ട്. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ആയുധങ്ങളോ ആയുധ നിര്‍മാണ സാമഗ്രികളോ ഏത് വിധത്തില്‍ ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാന്‍ അനുമതി നല്‍കുന്ന കരാറും ഇന്റര്‍ ഓപറബിലിറ്റി (ഇരു രാജ്യങ്ങളുടെയും പടയാളികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ള ആയുധ സമാനത കൈവരിക്കല്‍) കരാറുമൊക്കെ ചര്‍ച്ചകളുടെ പലതലങ്ങളില്‍ നില്‍ക്കുകയാണ്. ആയുധങ്ങളോ ആയുധ നിര്‍മാണ സാമഗ്രികളോ അമേരിക്കയില്‍ നിന്നോ ഇസ്‌റാഈലില്‍ നിന്നോ മാത്രം വാങ്ങാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കുക എന്നതാണ് ഇന്റര്‍ ഓപറബിലിറ്റി കരാറിന്റെ യഥാര്‍ഥ ഉദ്ദേശ്യം. ഇതടക്കം 2005 മുതല്‍ ആലോചിച്ചു വരുന്ന സമഗ്ര പ്രതിരോധ സഹകരണ പദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തിലേക്ക് വലിയൊരു ചുവടുവെപ്പ് മോദിയുടെ സന്ദര്‍ശനത്തിലുണ്ടാക്കാനാകുമെന്ന പ്രതീക്ഷ അമേരിക്കക്കുണ്ട്. പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്തിയ മോദി സര്‍ക്കാറിന്റെ നടപടി അവരുടെ പ്രതീക്ഷകള്‍ക്ക് വളമേകുകയും ചെയ്യുന്നു. പ്രതിരോധ മേഖലയിലെ വ്യാപാരം, സാങ്കേതിക വിദ്യ എന്നിവയില്‍ ഇന്ത്യയുടെ പൂര്‍ണ സഹകരണമാണ് ലക്ഷ്യമിടുന്നത് എന്ന് പ്രതിരോധ സെക്രട്ടറി ചഗ് ഹാഗെല്‍ പറഞ്ഞത് അതുകൊണ്ടാണ്.


മോദിയുടെ സന്ദര്‍ശനത്തിനിടെ പ്രധാന ചര്‍ച്ചയാകുന്ന മറ്റൊരു വിഷയം 'ഭീകരവാദ'ത്തെ നേരിടുന്നതിനുള്ള നടപടികളാണ്. ഭീകരാക്രമണങ്ങള്‍ പ്രവചിക്കാന്‍ പാകത്തിലുള്ള വിവരശേഖരണം അമേരിക്ക ഏത് വിധത്തില്‍ നടപ്പാക്കുന്നുവെന്നത് വിശദീകരിക്കുകയും അത് സ്വീകരിക്കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം. ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനിന്റെ ഒളിത്താവളം കണ്ടെത്താന്‍ അമേരിക്കന്‍ സൈന്യവും സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയും (സി ഐ എ) നടപ്പാക്കിയ തന്ത്രമാണ് ഉദാഹരണമായി അവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.  സദ്ദാമിന്റെ ബന്ധുക്കള്‍, സുരക്ഷാഭടന്‍മാരുള്‍പ്പെടെ ഇറാഖ് പ്രസിഡന്റുമായി നിരന്തര സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ എന്നിവരെ നിരീക്ഷിക്കുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്താണ് വിവരങ്ങള്‍ ശേഖരിച്ചത് എന്ന് അമേരിക്ക തന്നെ പറഞ്ഞിട്ടുണ്ട്. ഈ രീതിയിലുള്ള നിരീക്ഷണവും പരിശോധനയും നടത്തിയാല്‍ ഭീകരാക്രമണ സാധ്യത മുന്‍കൂട്ടി അറിയാനും തടയാനും സാധിക്കുമെന്നാണ് സങ്കല്‍പ്പം.


ഇത്തരം മുന്‍കൂട്ടി അറിയലും തടയലും പല കുറി ആവര്‍ത്തിക്കപ്പെട്ടിരുന്നു മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍. അതാണ് സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഇശ്‌റത്ത് ജഹാന്‍, സാദിഖ് ജമാല്‍ തുടങ്ങിയ പേരുകളില്‍ വ്യാജ ഏറ്റുമുട്ടലായി ഇപ്പോള്‍ അറിയപ്പെടുന്നത്. ഇത്തരം ഏറ്റുമുട്ടലുകള്‍ സംഘടിപ്പിക്കുന്നതിന് ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ വ്യാജമായി ചമച്ചിരുന്നുവെന്ന് ഇതിനകം അന്വേഷണ ഏജന്‍സിക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. 2002 മുതല്‍ 2007 വരെയുള്ള കാലത്ത് ഗുജറാത്തില്‍ അരങ്ങേറിയ മുപ്പതോളം ഏറ്റുമുട്ടലുകള്‍ വ്യാജ സൃഷ്ടികളായിരുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ഇതിന് കാര്‍മികത്വം വഹിച്ച 'വെളുത്ത താടി' ഭരണത്തിനും 'കറുത്ത താടി' പാര്‍ട്ടിക്കും നേതൃത്വം നല്‍കുമ്പോള്‍, അമേരിക്കയുടെ നിരീക്ഷണ രീതി രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം. വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് കൈയാളുകളാകുകയും ഇപ്പോള്‍ ആരോപണവിധേയരാകുകയും ചെയ്ത പല ഉദ്യോഗസ്ഥരെയും സര്‍വീസില്‍ തിരിച്ചെടുക്കുകയും സ്ഥാനക്കയറ്റം നല്‍കുകയുമാണ് ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാറുകള്‍. കേന്ദ്ര ഭരണം മോദിയുടെ കൈകളിലെത്തിയതിനു  ശേഷമാണ് ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ തുടങ്ങിയത്. നിരപരാധികളെ ഭീകരാക്രമണക്കേസുകളില്‍ ആരോപണവിധേയരാക്കി അറസ്റ്റ് ചെയ്ത് വര്‍ഷങ്ങള്‍ വിചാരണത്തടവുകാരാക്കിയ കഥ മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറുകള്‍ അധികാരത്തിലിരിക്കെയാണ് ഇത്തരം സംഭവങ്ങളുണ്ടായത്. ഇവയിലൊന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായതുമില്ല. പോലീസ് ഉദ്യോഗസ്ഥര്‍ ഇവ്വിധം പ്രവര്‍ത്തിക്കുന്നത്, പോലീസ് സേനയില്‍ നിലനില്‍ക്കുന്ന വര്‍ഗീയതയുടെ ഫലമാണെന്ന വിലയിരുത്തലുണ്ട്. അതിക്രമങ്ങളില്‍ ആരോപണവിധേയരാകുന്ന ഉദ്യോഗസ്ഥര്‍ സംരക്ഷിക്കപ്പെടുമെന്ന സന്ദേശം ഭരണകൂടം നല്‍കുക കൂടി ചെയ്യുന്ന രാജ്യത്ത്, അമേരിക്കന്‍ മാതൃക സ്വീകരിക്കപ്പെടുക കൂടി ചെയ്താല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത.


കൃഷിക്കും ഭക്ഷ്യവസ്തുക്കള്‍ക്കുമുള്ള സബ്‌സിഡി പരിമിതപ്പെടുത്താനുള്ള നിര്‍ദേശത്തെ ഇന്ത്യ എതിര്‍ത്തത്, ലോക വ്യാപാര സംഘടനയുടെ പുതിയ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന് തടസ്സമായിരുന്നു. തന്റെ സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമാണെന്നും അതുകൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചത് എന്നുമാണ് നരേന്ദ്ര മോദി പിന്നീട് പറഞ്ഞത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നടത്താന്‍ ഇടയുള്ള വ്യാപാര - വാണിജ്യ ചര്‍ച്ചകളില്‍ ഇതേ നിലപാട് നരേന്ദ്ര മോദി സ്വീകരിക്കുമോ എന്നതും കൗതുകമുണര്‍ത്തുന്നുണ്ട്. ഇന്‍ഷ്വറന്‍സ്, ബേങ്കിംഗ് മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. റെയില്‍വേയില്‍ സ്വകാര്യ, വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിക്കുന്നുമുണ്ട്. ഇതടക്കമുള്ള പരിഷ്‌കരണ നടപടികള്‍ മാത്രം മതിയാകില്ല, അമേരിക്കന്‍ ഭരണകൂടത്തിന്. ഇന്ത്യയിലെ ഏറ്റവും  വലിയ ഉത്പാദന മേഖല കൃഷിയും കമ്പോളം കാര്‍ഷികോത്പന്നങ്ങളുമാണ്. ഇവിടേക്ക് പ്രവേശിക്കാന്‍ തങ്ങളുടെ കമ്പനികള്‍ക്ക് അനുവാദം ലഭിക്കുക എന്നത് അമേരിക്കയെ സംബന്ധിച്ച് പ്രധാനമാണ്. നിലവില്‍ സബ്‌സിഡി സമ്പ്രദായമുള്ളതിനാല്‍ കമ്പനികള്‍ക്ക് കമ്പോളത്തില്‍ മത്സരിക്കുക പ്രയാസമാകും. അതുകൊണ്ട് തന്നെ ലോക വ്യാപാര സംഘടനയുടെ പുതിയ കരാറിനെ അംഗീകരിക്കാന്‍ ഇന്ത്യക്കുമേല്‍ അവര്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഉറപ്പ്. ഒബാമയുമായുള്ള ചര്‍ച്ചക്കു ശേഷം ഈ വിഷയത്തിലെ നിലപാട് മോദി സര്‍ക്കാര്‍ മാറ്റാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ മോദിയെ കണ്ട, യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ലോക വ്യാപാര സംഘടനയുടെ കരാറിനെ  പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിയുന്നത്ര വേഗം ഇന്ത്യ നിലപാട് മാറ്റുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
ഏതോ കാലത്ത് ആരോ ഏര്‍പ്പെടുത്തിയ വിസാ വിലക്കിനെ അത്ര പ്രധാനമായി കാണേണ്ടതില്ലെന്ന അഭിപ്രായം അമേരിക്കയുടെ ഭരണ നേതൃത്വം പ്രകടിപ്പിക്കുകയും കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ മോദിയെ ക്ഷണിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് വെറുെതയല്ല. പ്രധാനമന്ത്രിയായതോടെ, ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ ഉത്തരവാദിത്വം മറക്കാന്‍ ശീലിച്ചിരിക്കുന്നു പൊതു സമൂഹം. അതോര്‍മിപ്പിക്കുന്നത് കുറ്റകരമാണെന്ന തോന്നല്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ പരാമര്‍ശങ്ങളുടെ പേരില്‍ നടത്തിയ അറസ്റ്റുകളിലൂടെ, ജനിപ്പിക്കാന്‍ മോദി സര്‍ക്കാറിന് സാധിച്ചിട്ടുമുണ്ട്. ഇത് അന്താരാഷ്ട്ര രംഗത്തേക്ക് വ്യാപിപ്പിക്കാന്‍ അമേരിക്കയുമായുണ്ടാക്കുന്ന വ്യാപാര, പ്രതിരോധ സഹകരണ (വിധേയ) കരാറുകളിലൂടെ സാധിക്കുമെന്ന് പ്രതിച്ഛായാ നിര്‍മിതിക്കുള്ള അവസരം പാഴാക്കാത്ത നേതാവ്  വിചാരിക്കുന്നുണ്ടാകണം.

2014-08-07

വ്രതം മുടക്കലിന്റെ സനാതന പാത

വിശ്വാമിത്രന്റെ തപസ്സിളക്കാന്‍ അപ്‌സരസുന്ദരി മേനകയെ ഭൂമിയിലേക്ക് നിയോഗിക്കുന്ന ദേവരാജനുണ്ട് ഹിന്ദു പുരാണത്തില്‍. കൊടും തപസ്സനുഷ്ഠിക്കുന്ന വിശ്വാമിത്രന്‍, തന്നേക്കാള്‍ ശക്തനാകുമെന്ന ഭീതിയാണ് മേനകയെ നിയോഗിച്ച് പ്രലോഭിപ്പിച്ച് തപം മുടക്കാന്‍ ദേവരാജനായ ഇന്ദ്രനെ പ്രേരിപ്പിക്കുന്നത്. ദേവഹിതം നടക്കുമെന്നതില്‍ തര്‍ക്കമില്ലാത്തതിനാല്‍, വിശ്വാമിത്രന്റെ തപസ്സ് മുടങ്ങുകയും ചെയ്തു. കാമമോഹിതനായ ദേവരാജന്‍, പതിവ്രതയായ അഹല്യയെ പ്രാപിക്കാന്‍ മെനഞ്ഞത് ഹീനതന്ത്രമായിരുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തപോചര്യകളില്‍ മുഴുകുന്നതിന്, ദേഹശുദ്ധി വരുത്താന്‍ ഗൗതമ മുനി പുറപ്പെട്ടപ്പോള്‍, ഗൗതമന്റെ രൂപം ധരിച്ച് അഹല്യയുടെ സമീപമെത്തുകയായിരുന്നു ഇന്ദ്രന്‍. തിരിച്ചെത്തിയ ഗൗതമ മുനി, ഇന്ദ്രനെയും അഹല്യയെയും ശപിച്ചു. ശിലയായി മാറിയ അഹല്യക്ക് ശ്രീരാമന്‍ മോക്ഷം നല്‍കുന്ന അഹല്യാമോക്ഷം രാമായണത്തിലെ മഹദ് കാണ്ഡങ്ങളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഇത്തരം തപച്ഛേദങ്ങളുടെ കഥകള്‍ വേറെയുമുണ്ട് ഹിന്ദു പുരാണങ്ങളില്‍. പൂര്‍വജന്മ പ്രവൃത്തികളുമായി ബന്ധിപ്പിച്ച് ഇവക്കൊക്കെ ന്യായീകരണങ്ങളുമുണ്ടാകും, ആധ്യാത്മിക തലത്തില്‍. നേര്‍ക്കുനേര്‍ നോക്കുമ്പോള്‍ അധികാരം നിലനിര്‍ത്തുന്നതിനും സ്വന്തം ഇംഗിതം സാധിച്ചെടുക്കുന്നതിനും വേണ്ടിയുള്ളതാണിതെല്ലാം. അധികാരം പിടിക്കാനുള്ള യുദ്ധത്തില്‍, ശിഖണ്ഡിയെ മുന്‍നിര്‍ത്തി പിതാമഹനെ എയ്തിടുന്നതില്‍ തെറ്റില്ലെന്ന് സ്ഥാപിച്ചുറപ്പിക്കുന്ന ദേവാംശത്തെയും കാണാനാകും. മഹാഭാരതവും രാമായണവും സമാഹൃത സാഹിത്യരൂപമല്ല, സംഭവങ്ങളാണെന്ന് വാദിക്കുന്നവരെ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തലപ്പത്തേക്ക് നിയോഗിക്കുന്ന സംഘ് പരിവാര്‍ ഭരണകൂടം, അധികാര ലബ്ധിക്കോ അതിന്റെ സുസ്ഥാപനത്തിനോ പിന്തുടരാവുന്ന ആര്‍ഷഭാരത സംസ്‌കാര രീതികളായി ഇവയെയൊക്കെ കാണുന്നുവെന്ന് വേണം കരുതാന്‍.


ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ശിവസേനയുടെ എം പിമാര്‍ക്ക് പല പരാതികളുമുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ നല്‍കിയില്ലെന്നത്, സദനില്‍ വിതരണം ചെയ്യുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്നത് അങ്ങനെ പലതും. ഇതില്‍ പ്രകോപിതരായവരാണ് കഴിഞ്ഞ ദിവസത്തെ അതിക്രമങ്ങള്‍ക്ക് പിന്നില്‍. മഹാരാഷ്ട്ര സദന്റെ അടുക്കളയിലെത്തിയ എം പിമാര്‍ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് കലഹിച്ചു. 150 രൂപക്ക് വില്‍ക്കുന്ന ഉച്ച ഭക്ഷണത്തിന്റെ ഭാഗമായ റൊട്ടി കഴിച്ചുകാണിക്കാന്‍ കാന്റീനിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതിനിടയിലാണ് കാന്റീന്‍ സുപ്പര്‍വൈസറായ അര്‍ഷാദ് സുബൈറിന്റെ വായിലേക്ക് ശിവസേനാ എം പി രാജന്‍ വിചാരെ, റൊട്ടി തള്ളിക്കയറ്റിയത്. അന്നവിചാരം മുന്നവിചാരമായതിനാല്‍ വികാരാവേശിതരായ എം പിമാര്‍, വിചാരം കൂടാതെ കാട്ടിയ അതിക്രമമെന്ന് വേണമെങ്കില്‍ ഈ സംഭവത്തെ കാണാം.



പക്ഷേ, നോമ്പനുഷ്ഠിക്കുന്നയാളാണ് താനെന്ന് മൂന്ന് വട്ടം അര്‍ഷാദ് പറഞ്ഞിട്ടും, വായിലേക്ക് റൊട്ടി തള്ളിക്കയറ്റാന്‍ രാജന്‍ വിചാരെ തയ്യാറായെങ്കില്‍, കൂടെയുണ്ടായിരുന്ന മറ്റ് എം പിമാര്‍ അത് തടയാന്‍ ശ്രമിച്ചില്ലെങ്കില്‍ ലഭിച്ച അവസരം മറ്റ് ചിലതിന് വേണ്ടിക്കൂടി ഇവര്‍ ഉപയോഗപ്പെടുത്തിയെന്ന് വേണം മനസ്സിലാക്കാന്‍. ഇക്കാര്യം പാര്‍ലിമെന്റില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍, ബി ജെ പിയുടെ എം പിയായ രമേഷ് ബിധുരി, മുസ്‌ലിംകളൊക്കെ പാക്കിസ്ഥാനിലേക്ക് പോകട്ടെ എന്ന് ആക്രോശിച്ച് നടുത്തളത്തിലിറങ്ങിയത് കൂടി ചേര്‍ക്കുമ്പോള്‍, നിലവാരമില്ലാത്ത ഭക്ഷണത്തിന്റെ പ്രശ്‌നത്തിനൊപ്പം മറ്റ് ചിലത് കൂടി സൂചിപ്പിക്കാനുള്ള അവസരമായി മഹാരാഷ്ട്രാ സദനെ ശിവസേനക്കാര്‍ ഉപയോഗിച്ചുവെന്ന് കരുതണം.


ബാല്‍ താക്കറെയുെടയും ഛത്രപതി ശിവജിയുടെയുമൊക്കെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് അക്രമത്തിനിറങ്ങിയ ഹിന്ദുത്വ തീവ്രവാദികള്‍ മുഹ്‌സിന്‍ സാദിഖ് ശൈഖ് എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത് അടുത്തിടെയാണ്. ദളിത് ക്ഷേത്രത്തില്‍ ഉച്ചഭാഷിണി സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്ത ബി ജെ പി നേതാക്കള്‍, ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍  സൃഷ്ടിച്ചെടുത്ത വര്‍ഗീയ സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ല. ദളിതുകളും മുസ്‌ലിംകളും തിങ്ങിപ്പാര്‍ക്കുന്ന മൊറാദാബാദില്‍ ഇതിന് മുമ്പും ക്ഷേത്രത്തില്‍ ഉച്ചഭാഷിണി വെക്കാറുണ്ട്. ആഘോഷാവസരങ്ങളില്‍ ക്ഷേത്ര നടത്തിപ്പുകാര്‍, അധികൃതരുടെ അനുമതി വാങ്ങി ഉച്ചഭാഷിണി വെക്കുകയാണ് പതിവ്. ക്ഷേത്രത്തില്‍ ഉച്ചഭാഷിണി വെക്കാനുള്ള അവകാശത്തെക്കുറിച്ച് ദളിതുകളെ തെറ്റിദ്ധരിപ്പിച്ച്, അതിന് മുന്‍കൈ എടുക്കാന്‍ മുന്നിട്ടിറങ്ങിയ ബി ജെ പി - വി എച്ച് പി നേതാക്കള്‍ അവരുടെ ലക്ഷ്യം നേടിയെന്നാണ് മൊറാദാബാദിലെ സാമൂഹിക ബന്ധങ്ങളില്‍ പൊടുന്നനെയുണ്ടായ മാറ്റം പറഞ്ഞുതരുന്നത്.


ക്ഷേത്രത്തിലേക്ക് പ്രകടനവും മറ്റും പ്രഖ്യാപിച്ച്, വിഷവിത്തിന് വളമിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹറാന്‍പൂരില്‍ പുതിയ സംഭവമുണ്ടാകുന്നത്. ഗുരുദ്വാരയോട് ചേര്‍ന്നുള്ള സ്ഥലത്ത് കെട്ടിടം പണിയാന്‍ ഒരു വിഭാഗം നടത്തിയ ശ്രമവും അതിനോട് മറ്റൊരു വിഭാഗം വിയോജിച്ചതും ഉയര്‍ത്തിവിട്ട സംഘര്‍ഷത്തെ ഇനിയും വളര്‍ത്താനാകുമോ എന്നാണ് സംഘ് പരിവാറിന്റെ കൈകകള്‍ നോക്കുന്നത്. മൊറാദാബാദില്‍ നിന്ന് തത്കാലം ശ്രദ്ധ, സഹറാന്‍പൂരിലേക്ക് മാറ്റുകയാണെന്ന്, നിലവില്‍ മൊറാദാബാദില്‍ 'ഉത്സാഹിക്കുന്ന' ബി ജെ പി നേതാക്കള്‍ തന്നെ പറയുന്നുണ്ട്. ഏറെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില പ്രസ്താവനകള്‍ കൂടി ഇതിനോട് ചേര്‍ത്തുവെക്കേണ്ടതുണ്ട്. ഭൂരിപക്ഷത്തിന്റെ ഇംഗിതങ്ങളെ മാനിച്ച് ജീവിക്കാന്‍ ന്യൂനപക്ഷങ്ങള്‍ തയ്യാറാകണമെന്ന വി എച്ച് പി നേതാവ് അശോക് സിംഘാളിന്റെ പ്രസ്താവനയാണ് ഒന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി 'വികസിപ്പിക്കു'മെന്ന് ബി ജെ പി നേതാവും മന്ത്രിയുമായ ദീപക് ധാവ്‌ലികര്‍ ഗോവ നിയമസഭയില്‍ പറഞ്ഞതാണ് മറ്റൊന്ന്.


അശോക് സിംഘാളിന്റെ പ്രസ്താവനയിലൊരു ഭാഗത്ത് പറയുന്നത്, ന്യൂനപക്ഷങ്ങളുടെ (മുസ്‌ലിംകളുടെ എന്ന് പ്രത്യേകമായി തന്നെ വായിക്കാം) ശക്തിയില്ലാതെ തന്നെ രാജ്യത്ത് സര്‍ക്കാറുണ്ടാക്കാനാകുമെന്ന് തെളിഞ്ഞിരിക്കുന്നു എന്നാണ്. ന്യൂനപക്ഷങ്ങളെ അവഗണിച്ച് മുന്നോട്ടുപോകുന്നതിന്, ഇനി മടിക്കേണ്ടതില്ലെന്ന് പറയാതെ പറയുകയാണ് സിംഘാള്‍. അല്ലെങ്കില്‍ ഈ സന്ദേശമുള്‍ക്കൊണ്ട് സ്വയം മാറാന്‍ ന്യൂനപക്ഷങ്ങള്‍ തയ്യാറായിക്കൊള്ളൂ എന്ന മുന്നറിയിപ്പ്. ഈ വികാരം സംഘ് പരിവാരത്തിനുള്ളിലും അവരുടെ സ്ഥിരം സഖ്യകക്ഷിയായ വംശീയ - വര്‍ഗീയ പാര്‍ട്ടിയിലുമുണ്ടായിട്ടുണ്ട്. അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതിന് സവിശേഷമായ രൂപകല്‍പ്പന തയ്യാറാക്കപ്പെടന്നുണ്ടോ എന്ന് സംശയിക്കണം. വര്‍ഗീയ വിഭജനം കുറേക്കൂടി വിപുലപ്പെടുത്തുന്നതിനൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭീതി വളര്‍ത്തുകയും ചെയ്യുക എന്നത് ഈ രൂപകല്‍പ്പനയുടെ ഭാഗമാണ്. ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ചത് പോലൊരു രുധിരയജ്ഞം ഇന്ത്യന്‍ യൂനിയനില്‍ എളുപ്പമല്ലെന്ന കണക്കുകൂട്ടലിലാകണം സംഘ് പരിവാറും നരേന്ദ്ര മോദി സംഘവും. അതുകൊണ്ടാണ് വിവിധ മേഖലകളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം നടക്കുന്നത്. ഉത്തര്‍ പ്രദേശിന് പിറകെ, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിലും, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വര്‍ഗീയ സംഘര്‍ഷമുണ്ടായി. സംഘര്‍ഷങ്ങള്‍ക്ക് പ്രാദേശിക പ്രശ്‌നങ്ങള്‍ കാരണമായിട്ടുണ്ടാകാം. പക്ഷേ, മൊറാദാബാദിലെയും സഹറാന്‍പൂരിലെയും പോലെ മുതലെടുക്കാന്‍ ശ്രമങ്ങളുണ്ടാകുന്നുണ്ടോ എന്നതാണ് പ്രധാനം.


മഹാരാഷ്ട്ര സദനിലുണ്ടായ കൈയേറ്റത്തെ ഈ സാഹചര്യത്തിലാണ് കാണേണ്ടത്. നോമ്പനുഷ്ഠിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരന്റെ വായിലേക്ക് റൊട്ടി തള്ളിവെക്കുന്നതുകൊണ്ട്, നോമ്പ് നഷ്ടമാകുന്നില്ല. ബലപ്രയോഗത്തിലൂടെ ആഹാരം നല്‍കിയാല്‍ ഇല്ലാതാകുന്നതല്ല, വ്രതമെടുക്കല്‍. മനുഷ്യത്വരഹിതമായ അതിക്രമമായി അതിനെ കാണാം. പക്ഷേ, നോമ്പനുഷ്ഠിക്കുന്നയാളാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞതിന് ശേഷവും  ബലം പ്രയോഗിച്ച് ആഹാരം കഴിപ്പിക്കുമ്പോള്‍ അതില്‍ വര്‍ഗീയമായ അധിക്ഷേപത്തിന്റെ കൂടി വശമുണ്ട്. ആ അധിക്ഷേപം, 'നിങ്ങള്‍ക്കുമേല്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്' എന്ന പ്രഖ്യാപനം കൂടിയാണ്. വര്‍ഗീയ ധ്രുവീകരണം വളര്‍ത്തി, നിലനിര്‍ത്തുന്നതിനൊപ്പം, ന്യൂനപക്ഷത്തെ ഭീതിയുടെ തടവറയിലേക്ക് തള്ളിയിടുക കൂടി ചെയ്യുന്നതിന്റെ ഫലം ഗുജറാത്തില്‍ അനുഭവിച്ചത് ഓര്‍മയിലുണ്ടാകും 'സംഘാ'ടകര്‍ക്ക്.


തപം മുടക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊക്കെ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നതിന് പുരാണങ്ങള്‍ സാക്ഷി. പൂര്‍വ ജന്മത്തിലെ പ്രവൃത്തിയുടെ ഫലമെന്ന ആത്മീയ വിശദീകരണമുണ്ടെങ്കിലും അതിലെ അധികാര നിലനിര്‍ത്തലും ഇംഗിതസാധ്യവും മറക്കുക വയ്യല്ലോ. അതുപോലൊന്നിന്റെ പുനരാവിഷ്‌കരണമാണ് ഇതിലെല്ലാമായി നടക്കുന്നത്. മതനിരപേക്ഷനിലപാടില്‍ രാജ്യത്തെ ഉറപ്പിച്ച് നിര്‍ത്തുകയും എല്ലാ സമുദായങ്ങള്‍ക്കും സ്വതന്ത്രവും ഭീതിയില്ലാത്തതുമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുക എന്നത് ഭരണഘടനാദത്തമാണ്. ആ നിഷ്ഠ മുടക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക്, അധികാരം നിലനിര്‍ത്തലിന്റെയും പിടിച്ചെടുക്കലിന്റെയും ഇംഗിതസാധ്യത്തിന്റെയും ഒക്കെ ലക്ഷ്യങ്ങളുണ്ട്.


സവിശേഷമായി രൂപകല്‍പ്പന ചെയ്ത് നടപ്പാക്കപ്പെടുന്ന പദ്ധതിയുടെ ഭാഗമാണോ ഭിന്ന ദേശങ്ങളില്‍ ഭിന്ന കാരണങ്ങളാലുണ്ടാകുന്ന സംഘര്‍ഷങ്ങളൊക്കെ എന്ന് സംശയിക്കുന്നവരുണ്ടാകാം. മഹാരാഷ്ട്ര സദനിലെ ഒറ്റപ്പെട്ട സംഭവത്തെ, ഭീതി വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് പറയുന്നത് എങ്ങനെ എന്നും സംശയം തോന്നാം. ബൊഫോഴ്‌സ് കോഴയുടെ മറപിടിച്ച് രണ്ടില്‍ നിന്ന് 84ലേക്ക് ലോക്‌സഭാംഗത്വത്തെ വളര്‍ത്തിയെടുത്ത ബി ജെ പി, സഖ്യകക്ഷികളെ കൂടെക്കൂട്ടിയാണെങ്കിലും രാജ്യം ഭരിക്കാനാകുന്ന സ്ഥിതിയിലേക്ക് വളര്‍ന്നതെങ്ങനെ എന്ന ഓര്‍മ സംശയങ്ങള്‍ നീക്കും. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കിയതിനെത്തുടര്‍ന്ന്, ഉണര്‍ന്നെഴുന്നേറ്റ പിന്നാക്ക ജനവിഭാഗങ്ങള്‍, ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുത്തിയ മാറ്റങ്ങളെ അതിജയിക്കലായിരുന്നു പ്രധാനമന്ത്രി സ്ഥാനം ലാക്കാക്കി മേധം തുടങ്ങിയപ്പോള്‍ മോദിക്കു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. അതിലൊരു ചുവട് വെക്കാന്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലായി. ഈ കടന്നുകയറ്റം തിരിച്ചറിഞ്ഞ് പെരുമാറാന്‍ ബീഹാറിലെങ്കിലും ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ശ്രമിക്കുന്നു. ഈ കൂട്ടായ്മ ശക്തിപ്പെടുന്നത് തടയണമെങ്കില്‍ വര്‍ഗീയ വിഭജനം ആഴത്തിലാക്കുക എന്നതല്ലാതെ മറ്റെന്ത് പോംവഴി?  

(ജൂലൈ 28ന് എഴുതിയത്)