2014-09-30

'ആള്‍ദൈവം' അഴിയെണ്ണുമ്പോള്‍


രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും വിതരണം ചെയ്തതിലെ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്നു എസ്സാര്‍ എന്ന കമ്പനി. എസ്സാര്‍ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാരായ രവി റൂയിയയും അംശുമാന്‍ റൂയിയയും കേസില്‍ വിചാരണ നേരിടുന്നുമുണ്ട്. ഈ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഷാഹി റൂയിയയുടെ സാന്നിധ്യമുണ്ടായിരുന്നു അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈ എടുത്ത് സംഘടിപ്പിച്ച 'മേക് ഇന്‍ ഇന്ത്യ' സമ്മേളനത്തില്‍.  കൃഷ്ണ - ഗോദാവരി ബേസിനില്‍ നിന്ന് പ്രകൃതി വാതകം ഖനനം ചെയ്യാനുണ്ടാക്കിയ കരാറിലൂടെയും അതിന് ശേഷം പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിച്ചതിലൂടെയും അനര്‍ഹമായ ലാഭം കൈക്കലാക്കിയ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രകൃതി വാതക വില വര്‍ധിപ്പിച്ചതിനെച്ചൊല്ലി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പേരുമുണ്ടായിരുന്നു.  ഈ അംബാനിയുമുണ്ടായിരുന്നു 'മേക് ഇന്‍ ഇന്ത്യ' സമ്മേളനത്തില്‍. വരും കാലത്ത് സൃഷ്ടിക്കാന്‍ പോകുന്ന ലക്ഷത്തിലധികം തൊഴിലവസരങ്ങളെക്കുറിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തുകയും ചെയ്തു.


അധികാരത്തിലെ പങ്കാളിത്തമുപയോഗിച്ചല്ല ഇവരാരും അഴിമതി നടത്തിയതും അനര്‍ഹമായ ലാഭമുണ്ടാക്കിയതും. അധികാരത്തിലുള്ള വലിയ സ്വാധീനം ഉപയോഗപ്പെടുത്തിയും അധികാരികളെത്തന്നെ നിശ്ചയിക്കാന്‍ പാകത്തില്‍ വളര്‍ന്ന സാമ്പത്തിക ശേഷി ഉപയോഗപ്പെടുത്തിയുമാണ്. ഈ കേസുകളൊക്കെ നിലനില്‍ക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് തന്നെ സര്‍ക്കാര്‍ മേളകളിലേക്ക് ഇവര്‍ക്കായി ചുവപ്പ് പരവതാനി വിരിക്കുന്ന അധികാരി വര്‍ഗം, സാമ്പത്തിക ശേഷിക്ക് കീഴ്‌പ്പെട്ട് നില്‍ക്കുന്നവരാണ് തങ്ങളെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. 2007 മുതല്‍ 2009 വരെയുള്ള കാലത്ത് മാതാ അമൃതാനന്ദമയി മഠത്തിന് ക്രമവിരുദ്ധമായി നികുതി ഇളവ് നല്‍കിയിട്ടുണ്ടെന്ന് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കപ്പെട്ട കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദേശത്തു നിന്ന് ലഭിച്ച സംഭാവനകളുടെ കണക്ക് മഠം സമര്‍പ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. കണക്ക് സമര്‍പ്പിച്ചുവെന്നും അത് ആഭ്യന്തര മന്ത്രാലയം സൈറ്റില്‍ ഉള്‍പ്പെടുത്താത്തതാണെന്നുമാണ് മഠത്തിന്റെ വിശദീകരണം. ഈ വിശദീകരണം സ്വീകാര്യമാണോ അല്ലയോ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടില്ല. ഈ മഠാധിപതിയുടെ കാല്‍തൊട്ട് വണങ്ങുന്നതിന് ഇത്തരം റിപ്പോര്‍ട്ടുകളൊന്നും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് തടസ്സമായുണ്ടായില്ല.


1991 മുതല്‍ 1996 വരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്തപ്പോള്‍ വരുമാനത്തില്‍ കവിഞ്ഞ് 53 കോടി രൂപ സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുമാരി ജെ ജയലളിതയെ പ്രത്യേക കോടതി നാല് വര്‍ഷത്തെ തടവിനും 100 കോടി രൂപ പിഴക്കും ശിക്ഷിച്ചതിനെ നിയമവ്യവസ്ഥയുടെ വിജയമായി വ്യാഖ്യാനിക്കുമ്പോള്‍ അതേ സംവിധാനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് നിലനില്‍ക്കുന്ന ഒരുപാട് സംഗതികളുണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായാല്‍ ശിക്ഷ ഉറപ്പെന്ന തിരിച്ചറിവ് ജയലളിതക്കുണ്ടായിരുന്നുവെന്ന് തന്നെ വിചാരിക്കണം. അതുകൊണ്ടാണ് വിചാരണ പരമാവധി നീട്ടിക്കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെ പല വിധ അപേക്ഷകളുമായി മദ്രാസ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും പലകുറി സമീപിച്ചത്. 1991 - 96 കാലത്തെ ശേഷിപ്പുകളായുള്ള പലവിധ കേസുകള്‍ വരും കാലത്തും ജയലളിതക്ക് തിരിച്ചടിയേകാനുണ്ടാകും, ഭരണനേതൃത്വത്തിലേക്കുള്ള തിരിച്ചുവരവ് ഒരുപക്ഷേ, അസാധ്യമാക്കിക്കൊണ്ട്.


വിദേശത്തുനിന്ന് സംഭാവനയായി ലഭിച്ച പണത്തെക്കുറിച്ചുള്ളതാണ് ഈ കേസുകളിലൊന്ന്. ഇത് വരുമാനമായി ജയലളിത കാണിച്ചുവെങ്കിലും സമ്മാനമായതിനാല്‍ അതിനുള്ള നികുതി നല്‍കിയില്ലെന്നാണ് കേസ്. സമ്മാനം എവിടെ നിന്ന് വന്നുവെന്നത് പിന്നീട് അന്വേഷിക്കപ്പെട്ടു. യുനൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗമായ കാമല്‍ ദ്വീപുകളില്‍ നിന്നാണ് സമ്മാനമായി പണമെത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന ദേശമാണ് കാമല്‍ ദ്വീപ്. സമ്മാനത്തിന്റെ നികുതി നല്‍കിയില്ല എന്നത് മാത്രമല്ല, കള്ളപ്പണം സ്വീകരിച്ചുവെന്നത് കൂടി ഒരുപക്ഷേ, ജയലളിതക്ക് മേല്‍ കുറ്റമായി പതിക്കുമെന്ന് ചുരുക്കം. ഇങ്ങനെ കള്ളപ്പണം സൂക്ഷിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുന്ന രാജ്യങ്ങളില്‍ നിന്നാണ് രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് പങ്കാളിത്തമുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റുത്സവത്തിലെ ടീമുകളിലേക്ക് പണമൊഴുകിയത്. അതേക്കുറിച്ചുള്ള അന്വേഷണം എവിടെയെങ്കിലുമെത്തിയോ എന്ന് ചിന്തിക്കേണ്ട ബാധ്യതയില്ലാത്തതിനാല്‍ ജയലളിതയുടെ കേസ് ആഘോഷമാകും.


എം ജി രാമചന്ദ്രന്റെ കൈ പിടിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ ജയലളിത താരമായിരുന്നു. എം ജി ആറിന്റെ ശവമഞ്ചത്തില്‍ നിന്ന് പുറത്തേക്ക് എറിയപ്പെടുമ്പോള്‍, തിരസ്‌കാരത്തിന്റെ നാളുകള്‍ ജയയെ കാത്തിരിക്കുന്നുവെന്ന തോന്നലുണ്ടായി. ജനം താരത്തിനൊപ്പമെന്ന് മനസ്സിലായപ്പോള്‍ ജാനകി രാമചന്ദ്രന്‍, എ ഐ എ ഡി എം കെയുടെ ചുക്കാന്‍ ജയക്ക് തിരികെ നല്‍കി. കോണ്‍ഗ്രസിന്റെ പിന്തുണയോടെ 1991ല്‍ അധികാരം പിടിച്ച അവര്‍, 2001ല്‍ രണ്ടാം വരവിലേക്ക് എത്തുമ്പോഴേക്കാണ് രാഷ്ട്രീയവും ഭരണവും ഏറെക്കുറെ പഠിച്ചത്.  ഇതൊക്കെയാണെങ്കിലും ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ അവര്‍ക്കുണ്ടായിരുന്ന സ്ഥാനം ഏറെക്കുറെ ഒരു 'ആള്‍ദൈവ'ത്തിന്റെതായിരുന്നു.


'പുരട്ചി തലൈവി' എന്ന ആദ്യകാലത്തെ വിശേഷണം അവസാനിപ്പിച്ച് അമ്മ എന്ന വിശേഷണം നേതാക്കളും അണികളും നല്‍കി, അവരത് പൂര്‍ണമനസ്സോടെ സ്വീകരിച്ചു. 'ആള്‍ദൈവ'മെന്ന നിലയിലേക്ക് താനെത്തുന്നുവെന്ന തോന്നല്‍ അവര്‍ക്കുമുണ്ടായെന്ന് ചുരുക്കം. 'അമ്മ' എന്ന വാക്ക് പിന്‍ചേര്‍ത്ത് ഈ ഭരണ കാലത്ത് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് പിന്നിലെ മനസ്സ് മറ്റൊന്നല്ല. ജയിലിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് കുറഞ്ഞ വിലക്ക് സിമന്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് 'അമ്മ' വിശേഷണം ചേര്‍ത്ത് അവതരിപ്പിച്ചത്.


പുറത്തു നിന്ന് അധികാരത്തെ സ്വാധീനിക്കുന്ന 'ആള്‍ദൈവ'വും അധികാരം കൈയടക്കുന്ന 'ആള്‍ദൈവ'വും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. പുറത്തു നിന്ന് അധികാരത്തെ സ്വാധീനിക്കുന്ന 'ആള്‍ദൈവ'ത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേക്കും ബന്ധം നീളും. 'ആള്‍ദൈവ'ത്തിന്റെ അണികളുടെ വോട്ട് നഷ്ടപ്പെടാന്‍ ഇടയാകരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഒരു പാര്‍ട്ടിയും അവരെ അലോസരപ്പെടുത്തും വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ മിനക്കെടില്ല. അധികാരം കൈയാളുന്ന 'ആള്‍ദൈവ'ത്തെ വൈരനിര്യാതന ബുദ്ധിയോടെ പിന്തുടരാന്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യമുള്ള രാഷ്ട്രീയ സംവിധാനങ്ങളുണ്ടാകും. ജയിലിലേക്ക് പോകേണ്ടിവന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ ജയയുടെയും കൂട്ടാളികളുടെയും ചെയ്തികളോളം പ്രാധാന്യം ഈ പിന്തുടരലിനുണ്ട്. അങ്ങനെ പിന്തുടര്‍ന്നവര്‍ ഇതിലും വലിയ കോഴ ആരോപണങ്ങള്‍ നേരിടുന്നവരോ കോഴക്ക് കളമൊരുക്കിയവരോ ആണ് എന്നതാണ് കൗതുകകരം.


അതുകൊണ്ട് തന്നെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നേതാവിനെ തിരസ്‌കരിക്കണമെന്ന ആഹ്വാനം എ ഐ എ ഡി എം കെക്കൊപ്പം നില്‍ക്കുന്ന തമിഴ് ജനതയെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുമെന്ന് കരുതുക വയ്യ. മുഖ്യമന്ത്രി പദത്തിലെ മൂന്നാമൂഴത്തില്‍ മികച്ച പ്രതിച്ഛായയുണ്ടായിരുന്നു ജയലളിതക്ക് എന്ന് എതിരാളികള്‍ പോലും സമ്മതിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 39ല്‍ 37 സീറ്റ് എ ഐ എ ഡി എം കെ നേടിയത് അതിന് തെളിവുമാണ്. അത്തരത്തിലൊരാളെ അധികാര രാഷ്ട്രീയത്തിന്റെ പടിയിറക്കിവിടാന്‍ നടന്ന വലിയ ഗൂഢാലോചന എന്ന ആക്ഷേപം തമിഴ് ജനതയിലേക്ക് എത്തിക്കാന്‍ ജയക്കും പാര്‍ട്ടിക്കും നിഷ്പ്രയാസം സാധിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം ആവര്‍ത്തിക്കാന്‍ എ ഐ എ ഡി എം കെയെ അത് സഹായിക്കുകയും ചെയ്യും. വരാനിരിക്കുന്ന കേസുകളില്‍ എതിര്‍ വിധികളുണ്ടാകുകയും എ ഐ എ ഡി എം കെയില്‍ മറ്റൊരു അധികാരകേന്ദ്രമുണ്ടാകുകയും ചെയ്താല്‍ മാത്രമേ ഇതിലൊരു മാറ്റമുണ്ടാകാന്‍ സാധ്യതയുള്ളൂ.


ഇതിനൊപ്പം പ്രധാനമാണ് എതിര്‍ ചേരിയുടെ ദൗര്‍ബല്യങ്ങള്‍. മക്കളായ സ്റ്റാലിനും അഴഗിരിക്കുമിടയില്‍ പാര്‍ട്ടി ക്ഷയിക്കുന്നത് കണ്ടിരിക്കുകയാണ് ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് എം കരുണാനിധി. എടുത്തുകാണിക്കാനൊരു നേതാവില്ലാതെ, സംഘടനാ സംവിധാനങ്ങള്‍ ക്ഷയിച്ച് മണ്‍മറയാന്‍ കാത്തിരിക്കുന്നു കോണ്‍ഗ്രസ്. വൈ കോവാലസ്വാമിയുടെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനേക്കാളൊക്കെ പ്രധാനമാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ ദ്രാവിഡ രാഷ്ട്രീയത്തിനുണ്ടായ പിന്നാക്കം പോക്ക്. എല്‍ ടി ടി ഇക്കെതിരെ ശ്രീലങ്കന്‍ സൈന്യം അവസാനത്തെ ആക്രമണം നടത്തുമ്പോള്‍ ഇന്ത്യ കാഴ്ചക്കാരായി നോക്കിനില്‍ക്കുന്നുവെന്ന് ആരോപിച്ച് എം കരുണാനിധി തന്നെ നിരാഹാര സമരം നടത്തിയിട്ടും ജനപിന്തുണ നേടാന്‍ ഡി എം കെക്ക് സാധിച്ചില്ല.


ബ്രാഹ്മണാധിപത്യത്തിനെതിരെ തമിഴന്റെ സ്വത്വം ഒന്നിപ്പിച്ചെടുത്ത ദ്രാവിഡ പ്രസ്ഥാനം, പില്‍ക്കാലത്ത് വ്യക്തി/കുടുംബ കേന്ദ്രീകൃത അധികാര രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. കരുണാനിധിയും എം ജി ആറും ജയലളിതയുമൊക്കെ അതിലെ ബിംബങ്ങളാണ്. അതില്‍ മനം മടുത്ത ഇതര സ്വത്വങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുന്നത് പിന്നീട് കണ്ടു. പട്ടാളി മക്കള്‍ കക്ഷി, വിടുതലൈ ചിരുത്തൈകള്‍ കക്ഷി തുടങ്ങിയവയൊക്കെ അതിന്റെ പ്രതിഫലനങ്ങളായിരുന്നു. ജയയുടെ പ്രതിച്ഛായ കൂടി മങ്ങുന്നതോടെ ഈ വിഘടനം കൂടുതല്‍ വ്യാപകമാകാനുള്ള സാധ്യത ഏറെയാണ്. ഭിന്നിച്ച് ക്ഷീണിക്കുന്ന ഡി എം കെ, ഇല്ലാതാകുന്ന കോണ്‍ഗ്രസ്, നേതാവ് ജയിലിലാകുന്നതോടെ ഇടറാന്‍ ഇടയുള്ള എ ഐ എ ഡി എം കെ - ഇവയൊക്കെ സൃഷ്ടിക്കുന്ന വിള്ളലുകളിലേക്ക് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരിറക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഉറപ്പ്.  പാകത്തിലൊരു താര ബിംബത്തെ മുന്നില്‍ നിര്‍ത്താന്‍ സാധിച്ചാല്‍ അവര്‍ക്കതിന് വലിയ പ്രയാസമുണ്ടാകില്ല. വംശഹത്യക്ക് അധ്യക്ഷത വഹിച്ചയാള്‍, തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് രജനീകാന്തിനെ കാണാനെത്തിയത് മറക്കാതിരിക്കുക. ഇതൊക്കെ സംഭവിച്ചാലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പാകില്ല, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാകും തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക.


53 കോടിയുടെ അനധികൃത സമ്പാദ്യത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയെ ലക്ഷം കോടി ഉള്‍ക്കൊള്ളുന്ന അഴിമതികളുടെ ഭാഗഭാഗാക്കായവരും അതിന്റെ പ്രയോജനം കിട്ടിയ വ്യവസായികളുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്നവരുമൊക്കെ ചേര്‍ന്ന് എതിര്‍ക്കുകയും നിയമവ്യവസ്ഥയുടെ വിജയം ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന വൈരുധ്യമാകും ഇനിയത്തെ തമിഴ് രാഷ്ട്രീയം. സ്വാധീനങ്ങള്‍ക്കൊപ്പിച്ച് ഇഴയുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്യുന്ന അന്വേഷണങ്ങള്‍ക്കും നീളുന്ന കോടതി നടപടികള്‍ക്കുമൊക്കെ ഇതില്‍ വലിയ പങ്ക് വഹിക്കാനുമുണ്ടാകും. സംഘടിതമായ അഴിമതി വികസനത്തിന്റെ ഉപോത്പന്നമാകുകയും അതിന്റെ നേതാക്കള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയും ചെയ്യുന്ന, പുറത്തുനിന്ന് അധികാരത്തെ സ്വാധീനിക്കുന്ന ആള്‍ദൈവങ്ങള്‍ക്ക് മുന്നില്‍ മന്ത്രിമാര്‍ പഞ്ചപുച്ഛമടക്കുകയും ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ 'ശക്തി' കൂടിയാണിത്.

2014-09-16

റായിയുടെ കണക്കും രാഷ്ട്രീയവും


കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സ്ഥാനത്തു നിന്ന് വിരമിച്ച വിനോദ് റായിയുടെ പുറത്തിറങ്ങാന്‍ പോകുന്ന സര്‍വീസ് കഥയില്‍ ഉണ്ടാകാന്‍ ഇടയുള്ള പരാമര്‍ശങ്ങളും അദ്ദേഹം അടുത്തിടെ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും സ്‌പെക്ട്രം വിതരണം, കല്‍ക്കരിപ്പാടങ്ങള്‍ പാട്ടത്തിന് നല്‍കല്‍, കൃഷ്ണ - ഗോദാവരി ബേസിനിലെ പ്രകൃതി വാതക ഖനനം തുടങ്ങിയവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ വീണ്ടും സജീവമാക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുകയും സംഘടനയെ ശക്തിപ്പെടുത്തി, രാജ്യത്തെ ജനാധിപത്യ പ്രക്രിയയിലെ ശക്തമായ സാന്നിധ്യമായി തുടരാന്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഉഴലുകയും ചെയ്യുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇത് കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പ്. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരോപണങ്ങളുടെ തിരിച്ചുവരവ് എന്നത് ശ്രദ്ധേയമാണ്. ടെലികോം, കല്‍ക്കരി അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപണവിധേയര്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ പല കുറി വസതിയില്‍ സന്ദര്‍ശിച്ചുവെന്നുമുള്ള ആക്ഷേപം സുപ്രീം കോടതിയുടെ മുന്നില്‍ ഇരിക്കെക്കൂടിയാണ് റായിയുടെ പരാമര്‍ശങ്ങള്‍ വലിയ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നതും.


ടെലിവിഷന്‍ അഭിമുഖത്തില്‍ വിനോദ്  റായ് പറഞ്ഞ കാര്യങ്ങളില്‍ ഒട്ടുമിക്കതും നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളവയാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെകട്രം അനുവദിക്കാന്‍ ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ടെലികോം മന്ത്രിയായിരുന്ന എ രാജ തീരുമാനിച്ചതും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗുമായി അദ്ദേഹം നടത്തിയ കത്തിടപാടുകളും ഏറെക്കാലം മുമ്പ് പുറത്തുവന്നതാണ്. കത്തുകളുടെ പകര്‍പ്പ് ദി ഹിന്ദു ദിനപ്പത്രമാണ് ആദ്യം പുറത്തുവിട്ടത്. ഈ ആശയവിനിമയത്തിലൂടെ സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് മനസ്സിലാക്കി തടയാന്‍ മന്‍മോഹന്‍ സിംഗിന് സാധിക്കുമായിരുന്നുവെന്നും അത് അദ്ദേഹം ചെയ്തില്ലെന്നും വിനോദ് റായ് പറയുന്നു. ഈ വാദം ടെലികോം അഴിമതി സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയര്‍ന്നകാലത്തു തന്നെ ഉന്നയിക്കപ്പെട്ടതാണ്. ഇടപാടു സംബന്ധിച്ച രേഖകളെല്ലാം സുപ്രീം കോടതി വിളിച്ചുവരുത്തി പരിശോധിക്കുകയും ചെയ്തിരുന്നു.


കല്‍ക്കരിപ്പാടങ്ങള്‍ പാട്ടത്തിന് നല്‍കിയതിലൂടെ ഖജനാവിനുണ്ടായ കോടികളുടെ നഷ്ടത്തിലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മന്‍മോഹന്‍ സിംഗിന് സാധിക്കില്ലെന്ന് വിനോദ് റായ് പറയുന്നു. പ്രധാനമന്ത്രിയായിരിക്കെ കുറച്ച് കാലം കല്‍ക്കരി വകുപ്പിന്റെ ചുമതല മന്‍മോഹനുണ്ടായിരുന്നു. അക്കാലത്ത് നടന്ന ഇടപാടുകള്‍ മാത്രമല്ല, മന്‍മോഹന്‍ നേതൃത്വം നല്‍കിയ മന്ത്രിസഭയുടെ കാലത്ത് ഇക്കാര്യത്തിലെടുത്ത തീരുമാനങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ടാകണം. അത് വിനോദ് റായ് പറയാതെ തന്നെ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആ ഉത്തരവാദിത്വം ശരിയായി നിറവേറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന ആക്ഷേപം കല്‍ക്കരി ഇടപാട് സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്ന കാലത്തു തന്നെ ഉയര്‍ന്നതാണ്.


റിയലന്‍സ് കമ്പനിക്ക് അനര്‍ഹമായ ലാഭമുണ്ടാക്കും വിധത്തില്‍ കൃഷ്ണ - ഗോദാവരി ബേസിനില്‍ നിന്നുള്ള പ്രകൃതി വാതക ഖനനത്തിന് കരാറുണ്ടാക്കിയെന്നതാണ് വിനോദ് റായ് ഉന്നയിക്കുന്ന മറ്റൊരു ആക്ഷേപം. ഇതിലും പുതുമയൊന്നുമില്ല. കൃഷ്ണ- ഗോദാവരി ബേസിനിലെ പ്രകൃതിവാതക ഖനനത്തിന് ആദ്യഘട്ടത്തില്‍ 240 കോടി ഡോളര്‍ ചെലവാകുമെന്ന് അറിയിച്ച റിലയന്‍സ് രണ്ടാം ഘട്ടത്തില്‍ ചെലവ് 850 കോടിയാകുമെന്ന് പറഞ്ഞു. ആദ്യ ഘട്ടത്തിലെ ഉത്പാദനം രണ്ടാം ഘട്ടത്തിലാകുമ്പോള്‍ ഇരട്ടിയാകുമെന്നാണ് റിലയന്‍സ് സര്‍ക്കാറിനെ അറിയിച്ചത്.  ഉത്പാദനം ഇരട്ടിയാകുമ്പോള്‍ ചെലവ് നാലിരട്ടിയാകുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ലോക്‌സഭാംഗമായിരുന്ന തപന്‍ സെന്‍ 2006ലും 2007ലും പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയോ സര്‍ക്കാറോ ഇടപെടാന്‍ തയ്യാറാകാതെ മാറി നിന്നു. അന്ന് മുഖ്യ പ്രതിപക്ഷമായിരുന്ന ബി  ജെ പിക്കും ഈ പൊരുത്തക്കേട് പ്രശ്‌നമായില്ല. മുകേഷ് അംബാനിക്കുണ്ടാകുന്ന ലാഭം ഇല്ലാതാക്കേണ്ട കാര്യം അന്നത്തെ സര്‍ക്കാറിനും മുഖ്യ പ്രതിപക്ഷമായിരുന്ന ബി ജെ പിക്കുമുണ്ടായിരുന്നില്ല എന്ന് കരുതേണ്ടിവരും. യൂനിറ്റിന് 2.34 ഡോളറായിരുന്ന പ്രകൃതിവാതക വില, 4.2 ഡോളറാക്കി വര്‍ധിപ്പിക്കാന്‍ രണ്ടാം യു പി എ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും (ഈ തീരുമാനത്തിലേക്ക് എത്താന്‍ സഹായിച്ച, ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള, സുപ്രീം കോടതി ബഞ്ചിന്റെ ഭൂരിപക്ഷ വിധി മറക്കുന്നില്ല) ബി ജെ പിക്ക് എതിര്‍പ്പുണ്ടായില്ല. ഇനിയും വില കൂട്ടണമെന്ന റിലയന്‍സിന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുകയാണ്. വില കൂട്ടി നല്‍കാനാകില്ലെന്ന് അറിയിക്കാന്‍ തയ്യാറായിട്ടില്ല എന്നത് വളരെ പ്രധാനപ്പെട്ടതാണ്,


മുകേഷ് അംബാനിയടക്കമുള്ള വ്യവസായികളുമായി ബി ജെ പിക്ക്, വിശിഷ്യാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ബന്ധം പരിഗണിക്കുമ്പോള്‍.
സ്‌പെക്ട്രം ലേലം ചെയ്യാതെ നല്‍കിയതിലൂടെ കുറഞ്ഞ ചെലവില്‍ ഫോണ്‍ സൗകര്യം ജനങ്ങള്‍ക്ക് ലഭ്യമാക്കിയെന്ന ന്യായം യു പി എ സര്‍ക്കാറിന് പറയാനാകും. പാടങ്ങള്‍ ലേലം ചെയ്യാതെ നല്‍കിയതിലൂടെ കുറഞ്ഞ നിരക്കില്‍ കല്‍ക്കരി ലഭ്യമാക്കാനാണ് നടപടി സ്വീകരിച്ചതെന്നും ഊര്‍ജ വില പിടിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും വേണമെങ്കില്‍ വാദിക്കാം. കുറഞ്ഞ നിരക്കില്‍ ഊര്‍ജം ലഭിക്കുക എന്നത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, നിക്ഷേപകര്‍ക്ക് കൂടി ഗുണകരമാണ്. എന്നാല്‍ ഇത്തരം വാദങ്ങളൊന്നും പ്രകൃതി വാതക വില കൂട്ടി നല്‍കിയതിന് പറയാനില്ല. പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് മാത്രമല്ല അധികച്ചെലവുണ്ടാകുന്നത്.  ഈ ഇന്ധനം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കും വില കൂടുമെന്നതിനാല്‍ ബാധ്യത സാധാരണക്കാരുടെ ചുമലിലേക്ക് എത്തും. അതുകൊണ്ടാണ് പ്രകൃതി വാതകത്തിന്റെ വില നിശ്ചയിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി, എണ്ണ മന്ത്രിമാരായിരുന്ന വീരപ്പ മൊയ്‌ലി, മുരളി ദേവ്‌റ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്‌രിവാള്‍ തീരുമാനിച്ചത്.


വിനോദ് റായിയുടെ പുതിയ (പഴയ) വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ബി ജെ പി ഈ കേസിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്നത് ദഹിക്കാന്‍ കാലമായിട്ടില്ല.
റിലയന്‍സിന് അനര്‍ഹമായ ലാഭമുണ്ടാക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ശ്രമിച്ചുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ തള്ളിക്കളഞ്ഞുവെന്നും വിലപിക്കുന്ന വിനോദ് റായ്, ഈ റിപ്പോര്‍ട്ട് പരിഗണിച്ച പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്ത് അഭിപ്രായമാണ് പറഞ്ഞത് എന്നതില്‍ മൗനം പാലിക്കുന്നു. പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം പ്രതിപക്ഷത്തിനാണ്. യു പി എ സര്‍ക്കാറിന്റെ കാലത്ത് ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയായിരുന്നു അധ്യക്ഷന്‍. റിലയന്‍സിന് നേട്ടമുണ്ടാക്കുകയും ഖജാനക്ക് നഷ്ടമുണ്ടാക്കുകയും സാധാരണക്കാരന് ഭാരമേറ്റുകയും ചെയ്ത കെ ജി ബേസിന്‍ കരാറിനെക്കുറിച്ച് അര്‍ഥഗര്‍ഭമായ മൗനം അദ്ദേഹം പുലര്‍ത്തിയത് എന്തുകൊണ്ടാകും? വിനോദ് റായിയുടെ പുസ്തകത്തില്‍ അതേക്കുറിച്ച് എന്തെങ്കിലുമുണ്ടാകുമോ എന്ന് അറിയില്ല. ടെലിവിഷന്‍ അഭിമുഖത്തില്‍ ഒന്നുമില്ല. ഒരുപക്ഷേ, ടെലിവിഷന്‍ അവതാരകന്‍ ചോദിക്കാത്തത് കൊണ്ടുമാകാം.


സ്‌പെക്ട്രം വിതരണവും  കല്‍ക്കരിപ്പാടം അനുവദിക്കലും യു പി എക്കൊപ്പം എന്‍ ഡി എക്കും പങ്കാളിത്തമുള്ള സംഗതികളാണ്. ബി ജെ പിയുടെ എക്കാലത്തെയും മികച്ച 'പിരിവുകാരന്‍' പ്രമോദ് മഹാജന്‍ ടെലികോം മന്ത്രിയായിരിക്കെയാണ് ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന നയത്തില്‍ സ്‌പെക്ട്രം വിതരണം തുടങ്ങിയത്. (പ്രവീണ്‍ മഹാജന്റെ കൊലക്കത്തി പാളിയില്ലായിരുന്നുവെങ്കില്‍ ഇന്ന് മോദിയുടെ സ്ഥാനത്ത് മഹാജനിരുന്നേനെ എന്ന് ബി ജെ പി നേതാക്കള്‍ പോലും സമ്മതിക്കും). 1993ല്‍ മന്‍മോഹന്‍ സിംഗ് ധനമന്ത്രിയായിരിക്കെ ഉണ്ടാക്കിയ മാനദണ്ഡങ്ങളനുസരിച്ചാണ് പിന്നീട് വന്ന സര്‍ക്കാറുകളൊക്കെ, എ ബി വാജ്പയിയുടെതടക്കം, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്. അത് മുഴുവന്‍ നിയമവിരുദ്ധമായിരുന്നുവെന്ന് ഇപ്പോള്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഇതില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന് ഒഡീഷയില്‍ പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേടൊന്നുമില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാന്‍ സി ബി ഐ തീരുമാനിക്കുന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷവുമാണ്.


സ്‌പെക്ട്രവും കല്‍ക്കരിയും പ്രകൃതി വാതകവുമൊക്കെ കോര്‍പറേറ്റുകളും ഭരണ, പ്രതിപക്ഷ നേതാക്കളുമൊക്കെ അടങ്ങുന്ന മുറിയിലെ ഇടപാടുകളാണ്. ഖജനാവിന് നഷ്ടമുണ്ടാക്കാന്‍ അരങ്ങൊരുക്കിയവരും അരങ്ങുപയോഗിച്ച് കോര്‍പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുത്തവരുമാണ് ഈ മുറിയിലുള്ളത്. പരിശോധിക്കപ്പെടുന്ന കണക്കിന്റെ കാലയളവ് പരിഗണിക്കുമ്പോള്‍ അതില്‍ ചിലര്‍ കുറ്റക്കാരെന്ന് വരാം. അത് കണക്കെടുക്കുന്ന സി എ ജി സ്ഥാനത്തിരിക്കുമ്പോള്‍ മാത്രം. അവിടെ നിന്നിറങ്ങിയാല്‍ പിന്നെ കണക്കുകള്‍ക്കപ്പുറത്ത് വസ്തുതകളുണ്ടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളേണ്ടതുണ്ട്. അങ്ങനെ ഉള്‍ക്കൊള്ളാനുള്ള ജ്ഞാനമില്ലാത്തയാളല്ല വിനോദ് റായി എന്ന, മികവിന്റെ പര്യായമെന്ന് ബി ജെ പിക്കാര്‍ വിശേഷിപ്പിക്കുന്ന ഈ ഉദ്യോഗസ്ഥന്‍. (ശിവദാസ മേനോന്‍ ധനമന്ത്രിയായിരിക്കെ, ട്രഷറി പൂട്ടല്‍ തുടര്‍ക്കഥയായിരുന്ന കാലത്ത് വകുപ്പ് സെക്രട്ടറിയായിരുന്നത് ഈ ദേഹമായിരുന്നുവെന്നാണ് ഓര്‍മ) അങ്ങനെ ഉള്‍ക്കൊള്ളാതെ ആക്ഷേപമുന്നയിക്കുകയാണെങ്കില്‍ അതിന് പിറകില്‍ രാഷ്ട്രീയം കാണാതെ വയ്യ. മന്‍മോഹന്‍ സിംഗ്, ഉദാര സഹായം ചെയ്ത റിലയന്‍സിന് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് സര്‍ക്കാറും കോടികളുടെ നേട്ടമുണ്ടാക്കിക്കൊടുത്തുവെന്ന സി എ ജി റിപ്പോര്‍ട്ടും വിനോദ് റായിയുടെ കാലത്തുണ്ടായതാണ്. മന്‍മോഹന്‍ സര്‍ക്കാര്‍ തേങ്ങയുടച്ചപ്പോള്‍ ചിരട്ടയുടക്കാന്‍ മോദി സര്‍ക്കാറുമുണ്ടായിരുന്നുവെന്ന്, അവതാരകന്റെ ചോദ്യമില്ലാതെ തന്നെ, ഓര്‍ക്കാന്‍ വിനോദ് റായിക്ക് സാധിക്കാതിരിക്കുമ്പോള്‍ പ്രത്യേകിച്ചും.


സാധാരണക്കാരന്റെ ജീവിതത്തിന് ആശ്വാസങ്ങളൊന്നും നല്‍കാനാകാത്ത മോദി സര്‍ക്കാറിന്റെ ആദ്യ മാസങ്ങള്‍ക്ക് ശേഷമെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഴയ ആരോപണങ്ങളുടെ മൂര്‍ച്ചയും ആക്കം കൂട്ടുന്ന വര്‍ഗീയതയുമല്ലാതെ മറ്റൊന്നുമില്ല സംഘ് പരിവാരത്തിന് ആയുധമായി. അവിടെയൊരു ആശ്വാസമാകും വിനോദ് റായിയെപ്പോലുള്ളവരുടെ പഴകിയ വെളിപ്പെടുത്തലുകള്‍. രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുക എന്നതിനപ്പുറത്ത് സി എ ജി റിപ്പോര്‍ട്ടിനെ ഗൗരവത്തോടെ കാണും നമ്മുടെ ഭരണാധികാരികള്‍ എന്ന തെറ്റിദ്ധാരണ വിനോദ് റായിക്ക് ഉണ്ടാകാനിടയില്ല. അഥവാ തെറ്റിദ്ധാരണയുണ്ടെങ്കില്‍, 25,000 കോടി രൂപയുടെ ക്രമക്കേട് വിവരിക്കുന്ന സി എ ജി റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിന്റെ അവസാനദിനം അവസാന മണിക്കൂറില്‍ നിയമസഭയില്‍ വെച്ച ഗുജറാത്തിലേക്ക് നോക്കാം.

2014-09-01

'ലവ് ജിഹാദി'ന്റെ വടക്കന്‍ പതിപ്പ്


വസ്തുതകളുടെ പിന്‍ബലമുണ്ടെങ്കിലും ഇല്ലെങ്കിലും ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്നാണ്, കുറച്ചുകാലമായി ഡല്‍ഹി അറിയപ്പെടുന്നത്. 2013ല്‍ മാത്രം 583 കേസുകള്‍ കോടതിക്ക് മുമ്പാകെ എത്തിയിരുന്നു. ഈ കേസുകളെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് 2014 ജൂലൈ അവസാനം ദി ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ചു. അതിലെ വിവരങ്ങള്‍ ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഗൗരവമേറിയ സാമൂഹികശാസ്ത്ര പഠനം ആവശ്യപ്പെടുന്നതുമാണ്. പരാതിക്കാര്‍ കോടതിയില്‍ ഹാജരാകുന്നത് നിര്‍ത്തുകയോ പരാതിക്കാരെ കണ്ടെത്താന്‍ കഴിയാതിരിക്കുകയോ പരാതി വ്യാജമായിരുന്നുവെന്ന് പരാതിക്കാര്‍ തന്നെ കോടതിയില്‍ തുറന്നു പറയുകയോ ചെയ്ത കേസുകളുടെ എണ്ണം 123 ആണ്. കമിതാക്കള്‍ ഒളിച്ചോടിയതിനെത്തുടര്‍ന്ന് രൂപം കൊണ്ടതാണ് 174 കേസുകള്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ടത്. ഇവയില്‍ 107 എണ്ണത്തിലും തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലാത്സംഗം ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി. വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍, ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍, മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് എന്നിവരുടെ മുമ്പിലെല്ലാം ഒരേ കാര്യമാണ് ഈ 107 കേസുകളില്‍ പെണ്‍കുട്ടികള്‍ പറഞ്ഞത്.


ശേഷിക്കുന്ന കേസുകളില്‍ ഭൂരിഭാഗത്തിലും പ്രണയത്തെത്തുടര്‍ന്ന് ഒളിച്ചോടിയതാണെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രണയ, ഒളിച്ചോട്ട സംഭവങ്ങളിലെ പങ്കാളിക്കെതിരായ പരാതിയില്‍ ഉറച്ചുനിന്നത് രക്ഷിതാക്കളുടെ സമ്മര്‍ദം മൂലമാണെന്ന് മൊഴി നല്‍കിയവരുമുണ്ട്.
പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപോര്‍ട്ട്, അവര്‍ സമര്‍പ്പിച്ച കുറ്റപത്രം, കോടതി രേഖകള്‍, മൊഴിപ്പകര്‍പ്പുകള്‍ തുടങ്ങിയ രേഖകളുടെ വിശദമായ പരിശോധനക്ക് ശേഷമാണ് ഹിന്ദു ഈ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. യഥാര്‍ഥ സംഭവവും രേഖകളിലാക്കപ്പെട്ടതും തമ്മില്‍ വ്യത്യാസങ്ങളുണ്ടായേക്കാം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എന്ന ആരോപണമാണ് ഈ കേസുകളില്‍ ഭൂരിഭാഗത്തിലുമുണ്ടായിരുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനോ അതിക്രമത്തിനോ വിധേയയാക്കിയ ശേഷം മതംമാറ്റിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഈ


കേസുകളിലൊന്നില്‍പ്പോലുമുണ്ടായിട്ടില്ല. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന ആരോപണം കഴിഞ്ഞ യു പി എ സര്‍ക്കാര്‍ നേരിട്ടിരുന്നു. വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ കാലാകാലങ്ങളില്‍ ഈ ആരോപണം നേരിടാറുണ്ട്. സമീപകാലത്ത് ഈ ആരോപണം ഏറ്റവുമധികം അഭിമുഖീകരിച്ചത് ഉത്തര്‍ പ്രദേശ് സര്‍ക്കാറായിരുന്നു. ബദൗനില്‍ രണ്ട് പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ശേഷം മരക്കൊമ്പില്‍ കെട്ടിത്തൂക്കിയെന്ന കേസ് വലിയ ജനരോഷമാണ് ഉണര്‍ത്തിയത്. കീഴ്ജാതിക്കാരോട് ഉയര്‍ന്ന ജാതിക്കാര്‍ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളുടെ ഉദാഹരണങ്ങളിലൊന്നായി ഇത് ചിത്രീകരിക്കപ്പെടുകയും ചെയ്തു. വസ്തുത അവ്യക്തമായി തുടരുകയാണ്.
ഇന്ത്യന്‍ യൂനിയന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം റിപോര്‍ട്ട് ചെയ്യപ്പെട്ട/ചെയ്യപ്പെടുന്ന കേസുകളിലൊന്നില്‍പ്പോലും പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി വിവാഹം കഴിക്കുകയോ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയോ ചെയ്ത ശേഷം മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടേ ഇല്ല. 'ലവ് ജിഹാദ്' എന്ന് സംഘ് പരിവാര്‍ വിളക്കിയെടുത്ത പ്രയോഗത്തില്‍ ഉള്‍പ്പെടുത്താവുന്ന വിധത്തിലൊന്ന് പോലും കേട്ടിട്ടില്ലെന്ന് ചുരുക്കം.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബി ജെ പി അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കുകയും കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്ത ശേഷം 'ലവ് ജിഹാദ്' എന്ന ഗണത്തിലുള്‍പ്പെടുത്താവുന്ന ചില കേസുകള്‍ ഉണ്ടായിട്ടുണ്ട്. മധ്യപ്രദേശില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇസ്‌ലാം സ്വീകരിച്ചുവെന്ന വിവരം മറച്ചുവെച്ച് തന്നെ വിവാഹം ചെയ്തുവെന്നും അതിനു ശേഷം മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും ആരോപിച്ച് പ്രശസ്ത കായിക താരം നല്‍കിയ പരാതി സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയുമാണ്.


കേരളത്തിലും കര്‍ണാടകത്തിലുമാണ് 'ലവ് ജിഹാദ്' എന്ന പ്രയോഗത്തിന്റെ പരീക്ഷണം സംഘ് പരിവാര്‍ ആദ്യം നടത്തിയത്. വെള്ളാപ്പള്ളി നടേശന്‍ മുതല്‍ കത്തോലിക്കാ സഭയുടെ വരെ പിന്തുണ ഈ പരീക്ഷണത്തിന് ഉണ്ടാകുകയും ചെയ്തു. പക്ഷേ, അത്തരത്തിലുള്ള ഒരു സംഭവമെങ്കിലും നടന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയില്ല. പോലീസ് അന്വേഷണം നടക്കുന്നതിന് മുമ്പ്, ഇതേക്കുറിച്ചുള്ള ഹരജി പരിഗണിച്ച കേരള ഹൈക്കോടതിയിലെ ബഹുമാന്യനായ ന്യായാധിപന്‍ നടത്തിയ പരാമര്‍ശങ്ങള്‍, സമൂഹത്തെയാകെ അപകടത്തിലാക്കും വിധത്തില്‍ 'ലവ് ജിഹാദ്' അരങ്ങേറുന്ന പ്രതീതി ജനിപ്പിച്ചുവെന്ന് മാത്രം. അതിനു ശേഷമാണ് കേരളത്തിലെ എല്ലാ ജില്ലാ പോലീസ് സുപ്രണ്ടുമാരുടെയും റിപോര്‍ട്ടുകള്‍ കോടതിക്ക് മുന്നിലെത്തിയതും അനാവശ്യ ഭീതി ജനിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഈ പ്രചാരണമെന്ന് കോടതി തന്നെ നിരീക്ഷിച്ചതും.


കേരളത്തില്‍ നിന്ന് 4,000 പെണ്‍കുട്ടികളെ  കാണാതായെന്നും ഇവരൊക്കെ 'ലവ് ജിഹാദി' ന്റെ ഇരകളാണെന്നുമായിരുന്നു പ്രചാരണം. കര്‍ണാടകത്തില്‍ നിന്ന് കാണാതായ 5,000 പെണ്‍കുട്ടികള്‍ ഇതേ ജിഹാദിന്റെ ഇരകളാണെന്നും പ്രചരിപ്പിക്കപ്പെട്ടു. രാജ്യത്താകെ 30,000 പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ഇരകളാക്കപ്പെട്ടുവെന്നാണ് ഡല്‍ഹിയിലെ സര്‍വകലാശാലാ ക്യാമ്പസുകളിലടക്കം വടക്കേ ഇന്ത്യയില്‍ ഇപ്പോള്‍ നടത്തുന്ന പ്രചാരണം. ഈ കമ്മതിക്കണക്കുകള്‍ മാത്രം മതി പ്രചാരണങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാന്‍. പക്ഷേ, വര്‍ഗീയവിഭജനം സൃഷ്ടിക്കാനും അത് സംഘര്‍ഷമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനും ഈ പ്രചാരണങ്ങള്‍ ധാരാളം മതി. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയെടുത്തത് ഇത്തരമൊരു തീപ്പൊരിയില്‍ നിന്നാണ്. സംഘ് പരിവാര്‍ അനുകൂല സംഘടനകളുടെ ഉത്തര്‍ പ്രദേശിലെ ഘടകങ്ങള്‍ യോഗം ചേര്‍ന്നാണ് 'ലവ് ജിഹാദ്' വ്യാപകമായി നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ചത്. ഈ പദപ്രയോഗമുണ്ടായില്ലെങ്കിലും ബി ജെ പിയുടെ ഉത്തര്‍ പ്രദേശ് ഘടകം ആക്ഷേപത്തോട് യോജിക്കുന്നു. യോഗി ആദിത്യനാഥിനെപ്പോലുള്ള നേതാക്കള്‍, വരുന്ന തിരഞ്ഞെടുപ്പുകളില്‍ മുഖ്യ പ്രചാരണ വിഷയങ്ങളിലൊന്ന് 'ലവ് ജിഹാദ്' ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഇതിന് പിറകെ മധ്യപ്രദേശിലും ഝാര്‍ഖണ്ഡിലുമൊക്കെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ ചുവരെഴുത്ത് വ്യക്തമാണ്.


''നമ്മുടെ ഒരു പെണ്‍കുട്ടിയെ അവര്‍ വലയില്‍ കുടുക്കിയാല്‍ അവരുടെ 100 പെണ്‍കുട്ടികളെ നമ്മള്‍ വലയിലാക്കണ''മെന്ന് യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ വര്‍ഷങ്ങളായി പ്രസംഗിച്ച് നടക്കുന്നുണ്ട്. 2009ലെ തിരഞ്ഞെടുപ്പുകാലത്ത് ആദിത്യനാഥ് നടത്തിയ പ്രസംഗം അടുത്തിടെയാണ് പുറത്തുവന്നത്. 'ലവ് ജിഹാദ്' നടക്കുന്നുവെന്ന് സ്ഥാപിക്കാനും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്ത് പാകാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച ശ്രമം, വിലപ്പോകാന്‍ പാകത്തിലുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ സംഘടിതമായ പ്രചാരണം. ഈ പ്രചാരണത്തിനിടെയുണ്ടാകുന്ന ഏത് ചെറിയ സംഭവവും ഗുജറാത്തിലെ പരീക്ഷണം പോലെ വളര്‍ത്തിയെടുക്കാനാകുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ടാകണം.


നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ആരോപണം പല കാലത്തും ഹിന്ദുത്വ വാദികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആര്യ സമാജത്തെപ്പോലുള്ള സംഘടനകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ആരോപണമുന്നയിച്ച് പ്രക്ഷോഭത്തിനിറങ്ങി. വഴി നടക്കാന്‍ പോലും അവകാശമില്ലാതിരുന്ന, ഹീനരെന്ന് സവര്‍ണര്‍ ആക്ഷേപിച്ചിരുന്ന ജനത, മനുഷ്യനെന്ന പരിഗണന ലഭിക്കാന്‍ വേണ്ടി മതം മാറിയിരുന്ന കാലം ഇവിടെയുണ്ടായിരുന്നു. ഭരണ വിഭാഗത്തിന്റെ പരിഗണന ലഭിക്കാതിരിക്കുകയും പട്ടിണിയിലും രോഗത്തിലും തുടരാന്‍ വിധിക്കപ്പെടുകയും ചെയ്ത ജനത, വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും സഹായം നല്‍കിയ മിഷണറിമാരില്‍ ആകൃഷ്ടരായി മതം മാറിയ ചരിത്രം സ്വാതന്ത്ര്യത്തിനു ശേഷമുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്. ഇതൊക്കെ കാലാകാലങ്ങളില്‍ തങ്ങളുടെ വര്‍ഗീയ അജന്‍ഡയുടെ നടപ്പാക്കലിന് ഉപയോഗപ്പെടുത്തുകയാണ് ഹിന്ദുത്വ വാദികള്‍ ചെയ്യുന്നത്. ജാതി വ്യവസ്ഥ ഇല്ലാതാക്കി സ്വ സമുദായത്തിലെ അംഗങ്ങളെന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്നവര്‍ക്കെല്ലാം തുല്യ അന്തസ്സാണെന്ന് അംഗീകരിച്ച് കൊടുക്കാന്‍ മടിച്ച സവര്‍ണ മാടമ്പിത്തം, അധികാരത്തിന്റെ വഴികളില്‍ ഈ ഹീനരുടെ പിന്തുണകൂടി അനിവാര്യമെന്ന് തിരിച്ചറിഞ്ഞ ഘട്ടത്തിലൊക്കെ വര്‍ഗീയത എന്ന അടവ് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. 1920ല്‍ ഇന്നത്തെ ഉത്തര്‍ പ്രദേശുള്‍ക്കൊള്ളുന്ന മേഖലയില്‍ പ്രയോഗിച്ച തന്ത്രത്തിന്റെ മറ്റൊരു രൂപമാണ് ഏതാനും വര്‍ഷം മുമ്പ് ഒഡിഷയിലെ കണ്ഡമാലില്‍ പ്രയോഗിച്ചത്. അതിനെ മറ്റൊരു വിധത്തില്‍ പ്രയോഗിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴേറ്റെടുത്തിട്ടുള്ള പ്രചാരണം.


ജാതി വ്യവസ്ഥ അതിന്റെ എല്ലാ പ്രാകൃതാംശങ്ങളോടെയും നിലനില്‍ക്കുന്നുണ്ട് ഉത്തരേന്ത്യയില്‍. ജാതി മാറി വിവാഹം കഴിച്ചാല്‍ ദമ്പതികളെ കൊന്നാണെങ്കില്‍പ്പോലും അന്തസ്സ് നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍. അവരുടെ മനസ്സിലേക്ക് നിങ്ങളുടെ മക്കളെ വലയില്‍ കുടുക്കി, മതം മാറ്റിക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുവെന്ന പ്രചാരണം അടിച്ചേല്‍പ്പിക്കാന്‍ സാധിച്ചാല്‍ വിളവെടുക്കാനുള്ള അവസരം കാത്തിരുന്നാല്‍ മതിയെന്ന് സംഘ് പരിവാരം ശരിയായി തന്നെ മനസ്സിലാക്കിയിരിക്കുന്നു. നായര്‍, ഈഴവ സമുദായാംഗങ്ങളെയും ക്രൈസ്തവരെയും മുസ്‌ലിംകള്‍ക്കെതിരെ നിര്‍ത്തുക എന്നതായിരുന്നു കേരളത്തില്‍ 'ലവ് ജിഹാദി' ന് കാറ്റുപിടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലക്ഷ്യമിട്ടത്. അതിന് സമാനമായാണ് ഉത്തരേന്ത്യയിലെ ജാതി വിഭാഗങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിര്‍ത്താന്‍ ശ്രമിക്കുന്നത്.
ആ നിലക്ക് ഈ പ്രചാരണം ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള നീക്കം മാത്രമല്ല, ഉത്തരേന്ത്യയിലെ പിന്നാക്ക - ദളിത് വിഭാഗങ്ങള്‍ക്ക് നേര്‍ക്കുള്ള നീക്കം കൂടിയാണ്. സവര്‍ണ മേല്‍ക്കോയ്മ ഉറപ്പാക്കുന്ന ജാതി വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് തന്നെ, സംഘ് പരിവാരം വിവക്ഷിക്കുന്ന 'ഹിന്ദു' എന്ന നാമത്തിന് കീഴിലേക്ക് ഉത്തരേന്ത്യയിലെ ജാതി വിഭാഗങ്ങളെ കൊണ്ടുവരാന്‍  ഉപയോഗിക്കാവുന്ന ആയുധങ്ങളിലൊന്നാണ് 'ലവ് ജിഹാദ്' എന്ന് മനസ്സിലാക്കിക്കൊണ്ടുള്ള നീക്കം. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ നടപ്പാക്കലോടെ ഉണ്ടായ രാഷ്ട്രീയ ചേരിതിരിവിനെ മറികടക്കാതെ, സ്ഥായിയായ വേരോട്ടമുണ്ടാകില്ലെന്ന തിരിച്ചറിവില്‍ നിന്ന് കൂടിയാണ് ഇത്തരം ആയുധങ്ങളുടെ പ്രയോഗം.


ഗുജറാത്ത് വംശഹത്യയില്‍ ദളിതുകളായിരുന്നു സംഘ് പരിവാറിന്റെയും നരേന്ദ്ര മോദി സംഘത്തിന്റെയും കോടാലി എന്നത് കൂടി ഓര്‍ക്കുമ്പോള്‍ ചുവരെഴുത്തിന് ചോരയുടെ നിറവും മണവുമുണ്ടാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഹിന്ദുക്കളുടെ ഏകീകരണം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പ്രഖ്യാപിച്ചത്, അവസരം ഒരുങ്ങുകയാണെന്ന തിരിച്ചറിവോടെ തന്നെയാകണം.  അവിടെ ഡല്‍ഹി കോടതിക്ക് മുമ്പാകെ വന്ന കേസുകളിലെ വിവരങ്ങളൊന്നും പ്രസക്തമല്ല.