2014-11-28

നാനാവതിയുടെ നാനാര്‍ത്ഥങ്ങള്‍


സര്‍ക്കാര്‍ ഷോക്കേസിന് അലങ്കാരമാകുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. 2002ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സമബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് 58 പേര്‍ കൊല്ലപ്പെട്ട സംഭവവും തുടര്‍ന്ന് അരങ്ങേറിയ കലാപവും അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജ. ജി ടി നാനാവതി കമ്മീഷന്റെ റിപ്പോര്‍ട്ടാണ് ഏതാനും ദിവസം മുമ്പ് സംസ്ഥാന സര്‍ക്കാറിന് കൈമാറിയത്. 12 കൊല്ലം നീണ്ട നടപടിക്രമങ്ങള്‍ക്കും 24 തവണത്തെ കാലാവധി നീട്ടിനല്‍കലിനും ശേഷം സമര്‍പ്പിക്കപ്പെട്ട 2000 പേജുള്ള റിപ്പോര്‍ട്ടും അനുബന്ധ രേഖകളും, നിയമപരമായ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി, റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ടിനൊപ്പം  ഗുജറാത്ത് നിയമസഭയില്‍ വെക്കും. റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന ഒറ്റവാചകത്തില്‍, നടപടി റിപ്പോര്‍ട്ട് ഒതുങ്ങാനാണ് സാധ്യത.


സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ കോച്ചിന് തീപിടിച്ച് 58 പേര്‍ മരിച്ച സംഭവത്തില്‍ കമ്മീഷന്‍ 2008ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭരണ സംവിധാനത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും അതുവഴി സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനും വേണ്ടി മുന്‍കൂട്ടി ആലോചിച്ച് തയ്യാറാക്കിയ ആക്രമണമാണ് സബര്‍മതി എക്‌സ്പ്രസിന് നേര്‍ക്കുണ്ടായതെന്ന് കണ്ടെത്തിയ കമ്മീഷന്‍, സംസ്ഥാനത്ത് വര്‍ഗീയകലാപം സൃഷ്ടിച്ച് സ്വാധീനമുറപ്പിക്കാന്‍ നരേന്ദ്ര മോദിയും ഇതര സംഘ്പരിവാര നേതാക്കളും ആസൂത്രണം ചെയ്തതാണ് തീവെപ്പ് എന്ന ആരോപണം തള്ളിക്കളഞ്ഞിരുന്നു. ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം, ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും ചോര്‍ന്ന് കിട്ടുന്ന (പ്രസക്തഭാഗങ്ങളുടെ ആസൂത്രിതമായ ചോര്‍ച്ചയാണെന്ന് തന്നെ കരുതണം) വിവരങ്ങളനുസരിച്ചാണെങ്കില്‍ ആയിരത്തിലധികം പേരുടെ ജീവനെടുത്ത, പതിനായിരങ്ങളെ വഴിയാധാരമാക്കിയ വംശഹത്യയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാറിനോ യാതൊരു പങ്കുമില്ലെന്നാണ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് നിരാകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ഉറപ്പ്.


റിട്ടയേഡ് ജസ്റ്റിസ് ജി ടി നാനാവതിയെ സംബന്ധിച്ച്, സര്‍ക്കാര്‍ അലമാരയില്‍ ഭദ്രമായിരിക്കുന്ന റിപ്പോര്‍ട്ട് പുതുമയല്ല. 1984ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് അരങ്ങേറിയ സിഖ് വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എന്‍ ഡി എ സര്‍ക്കാര്‍ നിയോഗിച്ചതിനെത്തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടാണ് ആദ്യത്തേത്. ആ റിപ്പോര്‍ട്ടില്‍ ജി ടി നാനാവതി രേഖപ്പെടുത്തിയ കാര്യങ്ങള്‍ കുറച്ചേറെ കൗതുകം ജനിപ്പിക്കുന്നുണ്ട്; ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാറിനോ സംഘ്പരിവാരത്തിന്റെ നേതാക്കള്‍ക്കോ പങ്കില്ലെന്നും ഗോധ്ര സംഭവത്തെത്തുടര്‍ന്നുണ്ടായ വൈകാരിക വിക്ഷോഭത്തിന്റെ പ്രതിഫലനമായിരുന്നു അതെന്നുമാണ് നിഗമനമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. സിഖ്‌വിരുദ്ധ വികാരം ഇന്ദിരാവധത്തെത്തുടര്‍ന്ന് പെട്ടെന്ന് രൂപപ്പെട്ടതല്ലെന്നാണ് അന്നത്തെ റിപ്പോര്‍ട്ടില്‍ റിട്ടയേഡ് ജസ്റ്റിസ് ജി ടി നാനാവതി വിലയിരുത്തിയത്.


പഞ്ചാബിലെ സ്ഥിതി, 1981 മുതല്‍ വഷളായിവരികയായിരുന്നുവെന്നും ഹിന്ദുക്കളായ നിരവധി പേരെ സിഖ് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടിനൊടുവിലുള്ള പൊതു വിലയിരുത്തലില്‍ ജി ടി നാനാവതി പറയുന്നു. ഈ സാഹചര്യത്തെ മുതലെടുപ്പിന് ഉപയോഗിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചത് സിഖുകാര്‍ക്കെതിരായ വികാരം ഉണര്‍ത്തിയിരുന്നുവെന്നും സിഖുകാരെ ഒരു പാഠം പഠിപ്പിക്കണമെന്ന തോന്നല്‍  ചിലയാളുകളുടെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്നും ഇന്ദിരാ വധം അതിനൊരു കളമൊരുക്കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട 1984 ഒക്‌ടോബര്‍ 31ന് തന്നെ, കൂടിയാലോചനകള്‍ നടന്നിരുന്നുവെന്നതിനും ആക്രമണം സംഘടിപ്പിക്കാന്‍ കഴിവുള്ളവരെ ബന്ധപ്പെട്ടിരുന്നുവെന്നതിനും തെളിവുണ്ടെന്ന് ജി ടി നാനാവതി രേഖപ്പെടുത്തി. ആക്രമണങ്ങള്‍ ആസൂത്രിതമായിരുന്നു. അക്രമികള്‍ക്ക് പോലീസിനെ ഭയമുണ്ടായിരുന്നില്ല. ഈ പ്രവൃത്തിയുടെ പേരില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പ് അവര്‍ക്കുണ്ടായിരുന്നു. സിഖ് പുരുഷന്‍മാരെ വീടിന് പുറത്തേക്ക് കൊണ്ടുവന്ന് മര്‍ദിക്കുകയും തീയിടുകയും ചെയ്തത് ആസൂത്രിതമായ രീതിയിലായിരുന്നുവെന്നും നാനാവതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളും പ്രാദേശിക പ്രവര്‍ത്തകരും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം രേഖപ്പെടുത്തി; ആക്രമണങ്ങള്‍ക്കൊരു പൊതുസ്വഭാവം പലേടത്തുമുണ്ടായിരുന്നുവെന്നും.


രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ വെടിവെച്ച് കൊന്ന സംഭവം അക്രമത്തിന് പൊടുന്നനെയുള്ള പ്രേരണയായെങ്കിലും കാലങ്ങളായി നിലനിന്ന വിദ്വേഷത്തിന്റെ പ്രകടനമായി വേണം സിഖ് വംശഹത്യയെ കാണേണ്ടത് എന്നാണ് ജി ടി നാനാവതി രേഖപ്പെടുത്തിയത്. 2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍, ഗോധ്ര സംഭവത്തെത്തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള രോഷത്തെ മാത്രമേ നാനാവതി കാരണമായി കാണുന്നുള്ളൂ. മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം 'കലാപം' വ്യാപിക്കാന്‍ കാരണമായെന്നും. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം  ദ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, 'നിഷ്ഠൂരവും അതിക്രൂരവുമായ സംഭവങ്ങള്‍ 'കലാപ'ത്തിനിടെ ഉണ്ടായില്ലേ' എന്ന ചോദ്യത്തിന് ജി ടി നാനാവതി നല്‍കുന്ന മറുപടി പഴയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അര്‍ഥവത്താണ്. നിഷ്ഠൂരവും  അതിക്രൂരവുമെന്ന് വിശേഷിപ്പിക്കുന്നതിലൂടെ താങ്കള്‍ എന്താണ് അര്‍ഥമാക്കുന്നത് എന്ന് അറിയില്ലെന്ന് നാനാവതി മറുപടി നല്‍കുന്നു. അത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന് അറിയില്ലെന്നും 'കലാപ'ത്തിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് മുഴുവനായി തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.


ഗുജറാത്ത് വംശഹത്യാ കാലത്ത് അബദ്ധത്തില്‍ പത്രം വായിക്കുകയോ ടെലിവിഷന്‍ ന്യൂസ് കാണുകയോ ചെയ്ത ആര്‍ക്കും, അരങ്ങേറിയ കൊടിയ ക്രൂരതകളെക്കുറിച്ച് അറിയാവുന്നതേയുള്ളൂ. എന്നിട്ടും 12 വര്‍ഷം ഇതേക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ മേധാവിക്ക് അതറിയില്ലെന്ന് പറഞ്ഞാല്‍, സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ സമഗ്രതയും സത്യസന്ധതയും മനസ്സിലാക്കാവുന്നതേയുള്ളൂ.


വംശഹത്യ അരങ്ങേറിയപ്പോള്‍ നരേന്ദ്ര മോദി മന്ത്രിസഭയിലെ രണ്ട് അംഗങ്ങളെ (അശോക് ഭട്ടും ഐ കെ ജഡേജയും) അഹമ്മദാബാദ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിച്ചതിന് പിറകിലെ യുക്തി ഈ അന്വേഷണ കമ്മീഷന്‍ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് 58 പേര്‍ മരിച്ചതിന് പിറകെ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വെച്ച്, ഭൂരിപക്ഷ വിഭാഗത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്നും ന്യൂനപക്ഷത്തെ ഒരു പാഠം പഠിപ്പിക്കണമെന്നും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പറഞ്ഞുവെന്ന ആരോപണത്തിന്റെ വസ്തുതയും അന്വേഷിച്ച് കാണാന്‍ ഇടയില്ല. അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ പോലീസ് സേനയെ കാഴ്ചക്കാരായി നിര്‍ത്താന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതിന് ഈ നിര്‍ദേശമാണോ കാരണമെന്നും പരിശോധിച്ചിട്ടുണ്ടാകില്ല. അതൊക്കെ പരിശോധിച്ചിരുന്നുവെങ്കില്‍, 'കലാപ'ക്കാലത്തെ പോലീസ് വിന്യാസവുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിച്ചു കളഞ്ഞുവെന്ന സര്‍ക്കാര്‍ അറിയിപ്പിനെ ദഹനക്കേടൊന്നും കൂടാതെ ഈ കമ്മീഷന്‍ സ്വീകരിക്കുമായിരുന്നില്ല. രേഖകള്‍ ഹാജരാക്കണമെന്ന് പലകുറി ആവശ്യപ്പെട്ടതിന് ശേഷമാണ് അവ നശിപ്പിച്ചു കളഞ്ഞുവെന്ന വിവരം സര്‍ക്കാര്‍ അറിയിച്ചത് എന്ന് വികാരരഹിതമായാണ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ നാനാവതി പറയുന്നത്.


ആസൂത്രിതമായ ആക്രമണവും അതിന് അവസരമൊരുക്കും വിധത്തിലുള്ള പോലീസിന്റെ പ്രവര്‍ത്തനവും 2002 ഫെബ്രുവരി അവസാനത്തിലും മാര്‍ച്ച് ആദ്യത്തിലും ഗുജറാത്തില്‍ പ്രകടമായിരുന്നു. ആക്രമണങ്ങളില്‍ പലതിനും പൊതു സ്വഭാവവുമുണ്ടായിരുന്നു. ആയുധങ്ങളും കത്തിക്കാനുള്ള പെട്രോളുമൊക്കെ അക്രമികള്‍ക്ക് യഥേഷ്ടം വിതരണം ചെയ്യപ്പെടുകയും ചെയ്തു. പഞ്ചാബില്‍ തീവ്രവാദികള്‍, ഹിന്ദുക്കളെ വധിച്ചതടക്കം കാരണങ്ങളാല്‍ സിഖുകാര്‍ക്കെതിരെ വികാരം നിലനിന്നിരുന്നുവെന്ന് വിലയിരുത്തിയ നാനാവതി കമ്മീഷന്‍, രാജ്യത്ത് സംഘ്പരിവാരം വര്‍ഗീയത ആളിക്കത്തിക്കാന്‍ വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങളും തീവ്രവാദികളെന്ന സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരായ വികാരം ഉത്തേജിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും തെല്ലും പരിഗണിക്കുന്നതേയില്ല. ഗോധ്രയിലെ അക്രമമുണര്‍ത്തിവിട്ട 'കലാപം' ഗോധ്രയില്ലാതിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.


ഗോധ്ര സംഭവത്തെയും തുടര്‍ന്നുണ്ടായ 'കലാപ'ത്തെയും കുറിച്ച് അന്വേഷിക്കാന്‍ 2002 മാര്‍ച്ച് ആറിന് കമ്മീഷനെ നിയോഗിക്കുമ്പോള്‍ തന്നെ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ വസ്തുതാപരമായിരുന്നുവെന്നാണ്- പുറത്തുവന്ന വിവരങ്ങളെ അവലോകനം ചെയ്യുമ്പോള്‍- കമ്മീഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച കെ ജി ഷായെയാണ് ആദ്യം ഏകാംഗ കമ്മീഷനായി നിയോഗിച്ചത്.  കെ ജി ഷായ്ക്ക്, നരേന്ദ്ര മോദിയുമായുള്ള അടുപ്പത്തെക്കുറിച്ച് പരാതികളുയര്‍ന്നപ്പോള്‍ ജി ടി നാനാവതിയെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. കെ ജി ഷാ നിര്യാതനായപ്പോള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച അക്ഷയ് എച്ച് മേത്തയെ ഉള്‍പ്പെടുത്തി കമ്മീഷന്‍ പുനസ്സംഘടിപ്പിച്ചു. വംശഹത്യാക്കേസുകളിലൊന്നില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ബാബു ബജ്‌രംഗി, 'നമ്മുടെ ആളാണ്' എന്ന് ഒളി ക്യാമറക്ക് മുന്നില്‍ തുറന്നുപറഞ്ഞത് അക്ഷയ് എച്ച് മേത്തയെക്കുറിച്ചാണ്. ഇത്തരം പരാമര്‍ശങ്ങളൊന്നും കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അഭിമുഖത്തില്‍ ജി ടി നാനാവതി പറയുന്നു.


ജുഡീഷ്യല്‍ കമ്മീഷനായി ജി ടി നാനാവതി ചുമതലയേറ്റ ശേഷമാണ് അദ്ദേഹത്തിന്റെ രണ്ട് മക്കളെ സര്‍ക്കാര്‍ അഭിഭാഷകരായി നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമിച്ചത്. എല്ലാവരും 'നമ്മുടെ ആളുകളാ'കുമ്പോള്‍ കമ്മീഷന്‍ പ്രവര്‍ത്തനത്തെ അത് ഒരു തരത്തിലും ബാധിക്കില്ലെന്ന് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഔദ്യോഗികമായി പുറത്തുവരുമ്പോള്‍ ഏവര്‍ക്കും ബോധ്യപ്പെടും.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടിക്കൊടുത്തപ്പോള്‍ തന്നെ വംശഹത്യയുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും കറ, നരേന്ദ്ര മോദിയുടെ കുപ്പായത്തില്‍ നിന്ന് മാഞ്ഞുതുടങ്ങിയിരുന്നു. അതേക്കുറിച്ചൊക്കെ ഓര്‍ക്കുന്നതും ഓര്‍മിപ്പിക്കുന്നതും പ്രധാനമന്ത്രിയെ കളങ്കപ്പെടുത്താനുള്ള ശ്രമമായോ രാജ്യത്തിനെതിരായ നീക്കമായോ ചിത്രീകരിക്കപ്പെട്ടേക്കാമെന്ന ഭീതിയിലേക്ക് ജനത ആഴ്ന്നതിന്റെ കൂടി ഫലമായിരുന്നു ഈ മാഞ്ഞുപോകല്‍. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ജയം ആവര്‍ത്തിക്കുകയും പ്രതിപക്ഷനിര കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തതോടെ, നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അപ്രസക്തമായിരുന്നു. പ്രസക്തമല്ലാത്ത റിപ്പോര്‍ട്ട് എന്നതുകൊണ്ടാകണം, മോദിക്ക് വേണ്ടി പാചകം ചെയ്ത റിപ്പോര്‍ട്ടാണിതെന്ന ഏതാനും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണത്തോടെ  അത് കാലം ചെയ്യുന്നത്.

2014-11-23

കുഞ്ഞു സി പി ഐക്കെന്ത് മാണി?


മഴ തീര്‍ന്നെങ്കിലും മരം പെയ്യുന്നപോലെ സി പി ഐ - സി പി എം തര്‍ക്കം തുടരുന്നുണ്ട്. പ്രത്യയശാസ്ത്രപ്രശ്‌നങ്ങളില്‍ സി പി എമ്മുമായുള്ള സംവാദം തുടരുമെന്ന സി പി ഐ നേതാക്കളുടെ പ്രഖ്യാപനത്തെ അങ്ങനെ കണ്ടാല്‍ മതിയാകും. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നേര്‍ക്കുയര്‍ന്ന ആരോപണം ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ നിന്ന് മാറിനിന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരം ദിവസം പിന്നിടുമ്പോഴേക്കും പിന്‍വലിച്ചത് മുതല്‍ ഉയര്‍ന്ന ഒത്തുതീര്‍പ്പ് സമരമെന്ന ആക്ഷേപത്തെ, ബലപ്പെടുത്താന്‍ സി പി ഐ നേതാക്കള്‍ അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ സഹായിച്ചിരുന്നു. പിന്നീട് സി പി എം പ്രഖ്യാപിച്ച നികുതി നിഷേധ സമരം എങ്ങുമെത്താതായതിന് പിറകിലും ഒത്തുതീര്‍പ്പാണോ എന്ന സംശയം ഉയര്‍ത്താനും ബാര്‍ കോഴ ആരോപണമുണ്ടായപ്പോള്‍ കെ എം മാണിയോട് സി പി എം മൃദു സമീപനം സ്വീകരിച്ചുവെന്ന ശങ്കയെ ബലപ്പെടുത്താനും സി പി ഐ നേതാക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ സഹായിച്ചു.


ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി മാറി മാറി ഇരിക്കുന്ന മുന്നണികളുടെ നേതാക്കള്‍ക്കിടയില്‍ അതാര്യമായ ചില ധാരണകള്‍ നിലനില്‍ക്കുന്നുവെന്ന സന്ദേഹം മുന്‍പുതന്നെ പ്രബലമാണ്. ഒരു മുന്നണി ഭരിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന വിജിലന്‍സ് കേസുകള്‍ രണ്ടാം മുന്നണി അധികാരത്തിലെത്തുമ്പോള്‍ ഇല്ലാതാകുന്നതും, ഭരിക്കുന്ന മുന്നണിയുടെ പ്രതിനിധികളെക്കുറിച്ച് പ്രതിപക്ഷ മുന്നണിയുടെ പ്രതിനിധികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രതിപക്ഷ മുന്നണി ഭരണത്തിലെത്തുമ്പോള്‍ അന്വേഷിക്കപ്പെടാതെ പോകുന്നതുമൊക്കെ പതിവാകുന്നത് അണിയറയില്‍ ഉരുത്തിരിയുന്ന ധാരണകളുടെ ഫലമാണെന്ന് തന്നെ കരുതണം. അതേക്കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ സഹായിച്ചു സി പി ഐ - സി പി എം തര്‍ക്കം എന്നത് അതിന്റെ ഗുണഫലമായി കാണാം.


ഇതിനപ്പുറത്തുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ കൂടി തര്‍ക്കത്തെയും തര്‍ക്കത്തിലേക്ക് നയിച്ച സംഗതികളെയും കണക്കിലെടുക്കുമ്പോള്‍ വിലയിരുത്തേണ്ടതുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരം പിടിച്ചതോടെ ബി ജെ പിക്കുണ്ടായ ഉണര്‍വ്, കേരളത്തിലും പ്രതിഫലിക്കാനുള്ള സാധ്യത മുന്‍കൂട്ടി കാണേണ്ടതുണ്ട്. ബംഗാളിലെ ഇടത് കേന്ദ്രങ്ങളില്‍, പ്രത്യേകിച്ച് സി പി എമ്മിന് സ്വാധീനമുണ്ടായിരുന്ന മേഖലകളില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുണ്ടാക്കിയ മുന്നേറ്റവും പിന്നീട് സി പി എം ഓഫീസുകള്‍ ബി ജെ പി ഓഫീസുകളായി മാറുന്ന സാഹചര്യവും മുന്നില്‍നില്‍ക്കുന്നു. ഇതിനെയൊക്കെ കൂടുതല്‍ ഗൗരവത്തിലെടുക്കേണ്ട ബാധ്യത, പലകാരണങ്ങളാല്‍ സി പി എമ്മിനാണ്.


കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് സി പി എം എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. സംഘടനാ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനെന്ന പേരില്‍ സമാഹരിച്ച വലിയ സമ്പത്തുണ്ട് പാര്‍ട്ടിക്ക്. സി പി എമ്മിന്റെ നിയന്ത്രണത്തില്‍ തുടരുന്ന സഹകരണമേഖലയിലും പുറത്തുമുള്ള നിരവധി  സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. ഇതിന്റെയൊക്കെ നിലനില്‍പ്പ് ആ പാര്‍ട്ടിയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അത് സാധിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ അവസരം ലഭിക്കുക തന്നെ വേണമെന്ന് അവര്‍ തിരിച്ചറിയുന്നുമുണ്ട്. കേരളത്തില്‍ വളരാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ ഫലം കണ്ടാല്‍, വലിയ ചോര്‍ച്ചയുണ്ടാകുക സി പി എമ്മിന്റെ വോട്ടു ബേങ്കിനായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈഴവരില്‍ നിന്നും പട്ടിക വിഭാഗക്കാരില്‍ നിന്നുമാണ് എക്കാലത്തും സി പി എമ്മിന് വലിയ പിന്തുണ ലഭിക്കുന്നത്. ആ വിഭാഗങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ട് ബി ജെ പി നടത്തുന്ന നീക്കങ്ങള്‍ (ശിവഗിരിയിലെയും കായല്‍ സമര വാര്‍ഷിക സമ്മേളനത്തിലെയും നരേന്ദ്ര മോദി സാന്നിധ്യം ഓര്‍ക്കുക) കുറച്ചൊക്കെ ഫലം കാണുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തം വോട്ടു ബേങ്കിനെ സംബന്ധിച്ച് സി പി എം നേതൃത്വത്തിന് തന്നെയും ആശങ്കകളുണ്ടാകാം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് അധികാരത്തിലെത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ വോട്ടു ബേങ്കിന്റെ ശിഥിലീകരണത്തിന് വേഗം കൂടാനിടയുണ്ടെന്നതിന് ബംഗാള്‍ സാക്ഷി.


ഇതൊക്കെക്കൂടി പരിഗണിച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ ആഴത്തില്‍ പരിശോധിക്കാന്‍ സി പി എം തയ്യാറെടുക്കുന്നതും ആഗോളവത്കരണവും സാമ്പത്തിക പരിഷ്‌കരണ നടപടികളും സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വിശകലനം ചെയ്ത് നയപരിപാടികളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ആലോചിക്കുന്നതും.  മാലിന്യ നിര്‍മാജനം, പച്ചക്കറിക്കൃഷിയുടെ വ്യാപനം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കല്‍ തുടങ്ങി പാര്‍ട്ടിയുടെ കേരള ഘടകം വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതും അതുകൊണ്ടൊക്കെയാണ്. വിജയം കാണുമോ ഇല്ലയോ എന്നതിനേക്കാള്‍, ശ്രമങ്ങള്‍ സി പി എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നതാണ് ഇപ്പോള്‍ പ്രസക്തം; അത്തരം ശ്രമങ്ങളെന്തെങ്കിലും സി പി ഐയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല എന്നതും.


ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം സി പി ഐ വിശകലനം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വം വിറ്റതാണോ അല്ലയോ എന്നതില്‍ മാത്രമാണ്. ഇടതുപക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിലുണ്ടായ വലിയ തിരിച്ചടിയെക്കുറിച്ചോ, തിരിച്ചുവരവിന് സ്വീകരിക്കേണ്ട അടവുനയങ്ങളെക്കുറിച്ചോ ഗൗരവത്തിലെന്തെങ്കിലും സി പി ഐ ആലോചിച്ചതായി കാണുന്നില്ല. ആഗോളവത്കരണ - സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയോടുള്ള നിലപാട് എന്തായിരിക്കണമെന്ന് ആലോചിക്കേണ്ടതുണ്ടോ എന്ന ചിന്തപോലും ആ പാര്‍ട്ടിയിലുണ്ടായതായി തോന്നുന്നില്ല. നിലവിലുള്ള മുന്നണി സമവാക്യം തുടരുകയും അതിലൂടെ വല്ലപ്പോഴുമെങ്കിലും സാധ്യമാകുന്ന അധികാരപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതിനപ്പുറത്തുള്ള വിപ്ലവമൊന്നും സി പി ഐ ഉദ്ദേശിക്കുന്നേയില്ലെന്ന് ചുരുക്കം. കെ എം മാണിയോട് സി പി എം സ്വീകരിച്ച മൃദുസമീപനം സി പി ഐ നേതൃത്വത്തെ ചൊടിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല.


ഇടത് ഐക്യമെന്ന ആശയത്തിന്റെ മറവില്‍ വലിയ പാര്‍ട്ടിയില്‍ നിന്ന് ചോദിച്ചുവാങ്ങാവുന്ന സീറ്റുകളുടെ എണ്ണം, വലിയ പാര്‍ട്ടിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി ജയിച്ചുകയറാവുന്ന സീറ്റുകളുടെ എണ്ണം, ഭൂരിപക്ഷം ലഭിച്ചാല്‍ കിട്ടാവുന്ന മന്ത്രിസ്ഥാനമടക്കമുള്ള പദവികളുടെ എണ്ണം എന്ന കണക്കിനപ്പുറത്ത് ഒറ്റപ്പെട്ട സമരങ്ങളിലും മൂന്നാണ്ട് കൂടുമ്പോഴത്തെ പാര്‍ട്ടി സമ്മേളനങ്ങളിലുമൊതുങ്ങും സി പി ഐയുടെ സമകാലീന ചരിത്രം. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് അരിയെത്തിക്കാന്‍ കൃഷിയിറക്കിയതാകും ഈ ചരിത്രത്തിലെ ഏക അപവാദം. എണ്ണത്തിന്റെ കണക്ക് സ്ഥായിയായി നിലനില്‍ക്കേണ്ടത്, പാര്‍ട്ടിയുടെ നിലനില്‍പ്പിന് അനിവാര്യമായതിനാല്‍ രണ്ടാം സ്ഥാനം അപഹരിക്കാന്‍ പാകത്തിലുള്ള ഏതെങ്കിലും പാര്‍ട്ടി മുന്നണിയിലേക്ക് വരുന്നതിനെ അവര്‍ എതിര്‍ത്തുകൊണ്ടേയിരിക്കും.


വോട്ട് ബാങ്കിലുണ്ടാകാനിടയുള്ള ചോര്‍ച്ചയോ കേരളത്തില്‍ വളര്‍ച്ച ലക്ഷ്യമിട്ട് ബി ജെ പി നടത്തുന്ന നീക്കങ്ങളോ അവര്‍ക്കൊരു തലവേദനയാകാന്‍ സാധ്യതയുമില്ല. ചോരാന്‍ തക്ക വലുപ്പമുള്ള വോട്ട് ബേങ്ക് ഇല്ലാത്തതുകൊണ്ടും പ്രതിലോമശക്തികളുടെ കടന്നുവരവിനെ ചെറുക്കാന്‍ തക്ക സംഘടനാ സംവിധാനമില്ലാത്തതുകൊണ്ടും തലവേദനിച്ചതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും കാര്യമുണ്ടാകുമെന്ന് തോന്നുന്നുമില്ല. അപ്പോള്‍പിന്നെ മൂന്നണിയിലെ മുഖ്യശക്തിയെ, അവര്‍ തന്നെ തുറന്നുനല്‍കുന്ന അവസരങ്ങളുപയോഗപ്പെടുത്തി, പ്രതി സ്ഥാനത്തു നിര്‍ത്തുകയും സമൂഹമധ്യത്തില്‍ പ്രതിച്ഛായ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് സി പി ഐക്ക് കരണീയമായുള്ളത്. കെ എം മാണിക്കെതിരായ കോഴ ആരോപണത്തില്‍ തങ്ങള്‍ ശക്തമായ നിലപാടെടുക്കുമെന്നും ചെയ്ത സമരങ്ങളൊക്കെ വിജയിപ്പിച്ച ചരിത്രമാണ് തങ്ങള്‍ക്കുള്ളതെന്നും ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഇടതുമുന്നണിയെക്കൊണ്ട് തീരുമാനിപ്പിച്ചത് തങ്ങളാണെന്നും പന്ന്യന്‍ രവീന്ദ്രനടക്കം നേതാക്കള്‍ ആവര്‍ത്തിക്കുന്നതില്‍ ഇതിലപ്പുറം കാര്യം കാണേണ്ടതുമില്ല.


കേരള കോണ്‍ഗ്രസ് പലതുണ്ടെങ്കിലും അതിലെ വലിയ പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് (എം) നിലകൊള്ളുന്നത് കെ എം മാണി എന്ന നേതാവുള്ളതുകൊണ്ടും ക്രൈസ്തവസഭകളുടെ പിന്തുണ മാണിക്കും പാര്‍ട്ടിക്കുമുള്ളതുകൊണ്ടുമാണ്. നേതൃസ്ഥാനത്തു നിന്നോ മന്ത്രി സ്ഥാനത്തു നിന്നോ മാണി നീങ്ങിനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ കേരള കോണ്‍ഗ്രസി (എം) ല്‍ പിളര്‍പ്പിന്റെ വിത്തുകള്‍ മുളയ്ക്കുമെന്ന് ഉറപ്പാണ്. ആ പാര്‍ട്ടിയുടെ ചരിത്രം അതിന് തെളിവ് നല്‍കും. പിളരുന്തോറും വളരുമെന്ന മാണിയുടെ സിദ്ധാന്തമാകില്ല ഇനിയൊരു പിളര്‍പ്പുണ്ടായാല്‍ സംഭവിക്കുക. ഈഴവരും പട്ടികവിഭാഗക്കാരും കഴിഞ്ഞാല്‍ ബി ജെ പി, കേരളത്തില്‍ ലക്ഷ്യമിടുന്നത് ക്രൈസ്തവ വിഭാഗങ്ങളെയാണ്. ബി ജെ പിയോട് അയിത്തം കല്‍പ്പിക്കേണ്ടതില്ലെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ വരികള്‍ക്കിടയിലൂടെ പലവട്ടം പറഞ്ഞുകഴിഞ്ഞു. 'ലവ് ജിഹാദ്' പോലുള്ള അസംബന്ധ പ്രചാരണങ്ങളുണ്ടായപ്പോള്‍ സംഘ് പരിവാരത്തിനൊപ്പം നില്‍ക്കാന്‍ കത്തോലിക്കാ സഭ മടികാട്ടിയിട്ടില്ലെന്നതും ഓര്‍ക്കുക.


കറചേരാത്ത കാപട്യക്കാരനെന്ന ആക്ഷേപവും അഴിമതിക്കാരനെന്ന ആരോപണവും നേരിടുന്നുണ്ടെങ്കിലും ആ ഗോപിക്കുറി ചാര്‍ത്തി കെ എം മാണിയെ നീക്കിനിര്‍ത്തിയാല്‍ പ്രയോജനം ആര്‍ക്കെന്ന ചോദ്യം സി പി എം സ്വയം ഉന്നയിക്കുന്നുണ്ടാകണം. കോഴ ആരോപണത്തിനും അതേക്കുറിച്ച് നടത്തേണ്ട അന്വേഷണമേതെന്ന കാര്യത്തിനുമപ്പുറത്ത് പ്രായോഗിക രാഷ്ട്രീയത്തില്‍ ഈ ചോദ്യത്തിനുള്ള സ്ഥാനം സി പി ഐക്ക് മനസ്സിലാകാതെ പോകുന്നതില്‍ അത്ഭുതവുമില്ല. ഒരിക്കലും തെളിയാത്ത ആരോപണങ്ങളുടെ കൂമ്പാരത്തില്‍ മറ്റൊന്നായി മാത്രമേ ബാര്‍ കോഴ അവസാനിക്കൂ എന്ന യാഥാര്‍ഥ്യം കൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.


ബാറുടമകളില്‍ നിന്ന് അഞ്ച് കോടി ആവശ്യപ്പെട്ടു, അതിലൊരു കോടി കൈപ്പറ്റി എന്നതിനേക്കാള്‍ വലിയ കാര്യങ്ങളുണ്ട് കെ എം മാണിയെക്കുറിച്ചും അദ്ദേഹമുള്‍ക്കൊള്ളുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെക്കുറിച്ചും ആലോചിക്കുമ്പോള്‍. വലിയ പദ്ധതികള്‍ പ്രഖ്യാപിച്ച് അതിന്റെ സാധ്യതാ പഠനത്തിന് ഏജന്‍സികളെ കരാറേല്‍പ്പിക്കുന്നതിനു പിറകിലെ കളികള്‍. അത്തരം പദ്ധതികളുടെ മറവില്‍ നടത്തപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് വ്യവഹാരങ്ങള്‍. അതിലൊക്കെ മറിയുന്ന കോടികളും അതിന്റെ കമ്മീഷനും. ഇതിലൊക്കെ പൊതുഖജാനക്കുണ്ടാക്കുന്ന നഷ്ടങ്ങള്‍. കൂട്ടിയ നികുതി, കൈക്കൂലി വാങ്ങി കുറച്ചുകൊടുക്കുന്നുവെന്ന ആരോപണങ്ങള്‍. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തില്‍ അലിഞ്ഞ് ഇല്ലാതാകുകയാണ് ഇതെല്ലാം. കടുത്ത നിരാശയെത്തുടര്‍ന്ന് ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുമ്പോള്‍ അത് ഏറ്റെടുക്കുന്നിലല്ലോ എന്ന് വിലപിക്കുന്നതില്ലല്ല, ഇതൊക്കെ സ്വയം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിലാണ് മിടുക്ക് കാട്ടേണ്ടത്. അതിന് സാധിക്കുന്നില്ലല്ലോ എന്നാണ് സ്വയം വിമര്‍ശിക്കേണ്ടതും സി പി എമ്മിനെ വിമര്‍ശിക്കേണ്ടതും. വോട്ടുബേങ്ക് രാഷ്ട്രീയത്തിനപ്പുറത്ത്, ജനങ്ങളുടെ പിന്തുണയാര്‍ജിക്കാന്‍ സി പി എമ്മിന് ഉപകാരപ്പെടുന്നതും മറ്റൊന്നാകില്ല.
   

2014-11-14

എണ്ണിയെണ്ണിക്കുറയുന്നു ട്രഷറിയും...


ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനോ അടച്ച ബാറുകള്‍ തുറക്കാനോ വേണ്ടി ധനമന്ത്രി കെ എം മാണി അഞ്ച് കോടി കോഴ ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി നല്‍കിയെന്നുമുള്ള പ്രത്യക്ഷ ആരോപണവും, മറ്റ് പലര്‍ക്കും നല്‍കിയിട്ടുണ്ടെന്ന പരോക്ഷ ആരോപണവും,  ഈ ആരോപണങ്ങളില്‍ നടത്തേണ്ട അന്വേഷണത്തിന്റെ രീതി സംബന്ധിച്ച് പ്രതിപക്ഷ മുന്നണിയില്‍ തുടരുന്ന തര്‍ക്കങ്ങളും, അതിന്റെ ഉപോത്പന്നമായി കഴിഞ്ഞ സമരങ്ങള്‍ എന്തുകൊണ്ട് പാളി എന്ന വിശകലനങ്ങളുമൊക്കെയായി ബഹളമുഖരിതമാണ് സമൂഹം. സോളാര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന ആരോപണം, നിലവാരമില്ലെന്ന കാരണത്താല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കണമോ വേണ്ടയോ എന്ന കോണ്‍ഗ്രസിലെ തര്‍ക്കം എന്ന് തുടങ്ങി വേണ്ടതിലും വേണ്ടാത്തതിലുമൊക്കെയുണ്ടായ ബഹളങ്ങള്‍ കാരണം മറച്ചുവെക്കപ്പെട്ട ഒന്നുണ്ട് - അത്യന്തം ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സമ്പദ് സ്ഥിതി. അതിന്റെ ഗുണഫലം ഇപ്പോള്‍ ആരോപണവിധേയനായ കെ എം മാണിക്കും നേരത്തെ മുതല്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറിനുമാണ്.


കടപ്പത്രങ്ങള്‍ പൊതുവിപണിയില്‍ ലേലം ചെയ്ത് സമാഹരിക്കുന്ന പണം കൊണ്ട് നിത്യനിദാനച്ചെലവ് നടത്തിക്കൊണ്ടുപോകേണ്ട നിലയില്‍ ഖജാന ശൂന്യമായിരിക്കുന്നു. ഭരണച്ചെലവിന് ബജറ്റില്‍ വകയിരുത്തിയ തുകക്കൊപ്പം പദ്ധതിച്ചെലവിന് നീക്കിവെച്ചത് കൂടി ചെലവിട്ട ശേഷമാണ് കടപ്പത്രങ്ങള്‍ ഇറക്കുന്നത് എന്നത് സ്ഥിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. ആകെ എടുക്കാവുന്ന കടത്തിന്റെ അറുപത് ശതമാനത്തോളം (7,900 കോടി) ഇതിനകം എടുത്തുകഴിഞ്ഞു. സാമ്പത്തികവര്‍ഷം തീരാന്‍ നാല് മാസം ബാക്കിനില്‍ക്കെ 5,500 കോടി കൂടിയേ ഇനി കടമെടുക്കാന്‍ സാധിക്കൂ. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ (ഫെബ്രുവരി, മാര്‍ച്ച്) എക്കാലത്തെയും പോലെ പദ്ധതിച്ചെലവ് വര്‍ധിക്കും, ഖജാനക്ക് മുന്നില്‍ മാറാനെത്തുന്ന ബില്ലുകള്‍ കുന്ന് കൂടുകയും ചെയ്യും. ഈ ഘട്ടത്തില്‍ എന്ത് മാന്ത്രികവടി വീശിയാകും ധനമന്ത്രി കെ എം മാണി, സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം സംരക്ഷിച്ച് നിര്‍ത്തുക എന്നത് കണ്ടറിയണം.


ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തിന് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഈ വലിയ ആഘാതം അതിന്റെ ഗൗരവത്തില്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് ആവര്‍ത്തിക്കുന്ന തര്‍ക്കങ്ങള്‍ നല്‍കുന്ന യഥാര്‍ഥ സംഭാവന. തര്‍ക്കങ്ങളോട് പ്രതികരിക്കാനും ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അതിനെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളില്‍ മുഴുകാനും മാത്രമേ സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവര്‍ക്ക് സമയമുണ്ടാകുന്നുള്ളൂ. ഇത് ഫലത്തില്‍ സമ്പദ് സ്ഥിതിക്കുണ്ടാകുന്ന ആഘാതത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തും തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. അതിന് പിറകെ സഞ്ചരിക്കാന്‍ മന്ത്രിമാര്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. എങ്കിലും ധനസ്ഥിതി ഭദ്രമായി മുന്നോട്ടുകൊണ്ടുപോകാന്‍ തോമസ് ഐസക്കിന് സാധിച്ചിരുന്നു.


നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചും മറ്റും ട്രഷറിയില്‍ പണമില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. പദ്ധതി നടത്തിപ്പില്‍ വേണ്ടത്ര ജാഗ്രത കാട്ടാത്ത ഇതര മന്ത്രാലയങ്ങളും, പതിവ് ആലസ്യത്തില്‍ തുടര്‍ന്ന ഉദ്യോഗസ്ഥ സംവിധാനവുമാണ് ധനസ്ഥിരതക്കനുസരിച്ചുള്ള പുരോഗതി സംസ്ഥാനത്തിന് നിഷേധിച്ചത്. കരാറുകാര്‍ക്ക് വലിയ കുടിശ്ശികയില്ലാത്ത വിധം ബില്ലുകള്‍ മാറി നല്‍കിയിട്ടും സംസ്ഥാനത്തെ റോഡുകള്‍ ഇടത് ഭരണകാലത്ത് തകര്‍ന്ന് കിടന്നത് മാത്രം മതി ഉദാഹരണത്തിന്. ദിവസേന അടയ്ക്കുന്ന റോഡിലെ കുഴികളുടെ എണ്ണം പ്രസിദ്ധീകരിക്കേണ്ട ഗതികേടില്‍ ധനമന്ത്രിയെത്തിയതും ഓര്‍ക്കാം.


കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സ്ഥിതിയാകെ മാറിയിരിക്കുന്നു. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ തുടരുന്നു, അതിലേക്ക് എവിടെ നിന്ന് പണം കൊണ്ടുവരുമെന്ന് ഊഹം പോലുമില്ലാതെയിരിക്കുന്നു സര്‍ക്കാര്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ പാകത്തില്‍ യഥാസമയം ഫണ്ട് അനുവദിക്കാന്‍ സാധിക്കുന്നില്ല, പലപ്പോഴും ഫണ്ട് വെട്ടിച്ചുരുക്കേണ്ടിയും വരുന്നു. അനുവദിക്കപ്പെട്ട ഫണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെലവാക്കിയില്ല എന്ന മട്ടിലായിരിക്കും ഇത് പലപ്പോഴും ചിത്രീകരിക്കപ്പെടുക. യഥാസമയം പണം കൈമാറ്റം ചെയ്യപ്പെടാത്തിടത്തോളം അവര്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല എന്ന വസ്തുത മറച്ചുപിടിക്കപ്പെടും. കരാറുകാരുടെ കുടിശ്ശിക പെരുകിയിരിക്കുന്നു. അത് റോഡുകളുടെ അറ്റകുറ്റപ്പണിയെയും മറ്റ് വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
ഭൂരഹിതര്‍ക്കെല്ലാവര്‍ക്കും ഭൂമി, വീടില്ലാത്തവര്‍ക്കൊക്കെ വീട് തുടങ്ങിയ പദ്ധതികള്‍ തുടങ്ങിയിടത്ത് നില്‍ക്കുകയോ സ്തംഭിക്കുകയോ ചെയ്തിരിക്കുന്നു. പാതി പൂര്‍ത്തിയായ ചെറുവീടിന് മുന്നില്‍ സര്‍ക്കാറിന്റെ വിഹിതം കാത്ത് കഴിയുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് തുടങ്ങുക എന്ന പദ്ധതി ഉദാഹരണമായി എടുക്കുക. കോളജുകള്‍ ആരംഭിച്ചിടത്തൊക്കെ കെട്ടിടങ്ങളുടെ അപര്യാപ്തത, മറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, അധ്യാപകരുടെ ക്ഷാമം എന്നിങ്ങനെ ബുദ്ധിമുട്ടുകള്‍ തുടരുകയാണ്. ഇടുക്കി മെഡിക്കല്‍ കോളജില്‍ അനാട്ടമി പഠിക്കാന്‍ അസ്ഥികൂടമില്ലാത്തത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, 'ഏതെങ്കിലുമൊരു അജ്ഞാത മൃതദേഹം കുഴച്ചിട്, ചീയുമ്പോള്‍ എല്ലെടുക്കാ'മെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പഠിച്ച് വരുന്നവരായിരിക്കും ഭാവിയില്‍ നമ്മളെ ചികിത്സിക്കുക എന്ന ഭവിഷ്യത്തിനെക്കുറിച്ച് മന്ത്രിമാരോ ഉദ്യോഗസ്ഥരോ ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. തിരക്കുപിടിച്ച് കോളജുകള്‍ തുടങ്ങി മേനി നടിക്കാനുള്ള ശ്രമത്തിനൊപ്പം പണക്ഷാമവും കൂടിയാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്.


എന്തുകൊണ്ടിതൊക്കെ സംഭവിക്കുന്നുവെന്ന ചോദ്യത്തിന് വരവും ചെലവുമൊപ്പിച്ച് ബജറ്റ് തയ്യാറാക്കാന്‍ ഈ ടേമില്‍ കെ എം മാണിക്ക് സാധിക്കുന്നില്ല എന്നതാണ് മുഖ്യ ഉത്തരം. ഒപ്പം ധനസ്ഥിതിയെ അപകടപ്പെടുത്തും വിധത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സൗകര്യവും സൗജന്യവും ചെയ്തു കൊടുക്കുന്നുവെന്നതും. കൊച്ചി മെട്രോക്ക് അനുവദിക്കപ്പെട്ട പണം എച്ച് ഡി എഫ് സിയുടെയും ആക്‌സിസിന്റെയും അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനെടുത്ത തീരുമാനം മാത്രം മതി ഉദാഹരണത്തിന്. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായി നടപ്പാക്കപ്പെടുന്ന പദ്ധതിക്ക് അനുവദിക്കപ്പെടുന്ന പണം സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കുന്നതിന് തടസ്സമെന്തെങ്കിലുമുള്ളതായി അറിവില്ല. നികുതി പിരിച്ചെടുക്കുന്നതില്‍ കാണിക്കുന്ന അലംഭാവവും പ്രകടമാണ്. നികുതിക്കും കുടിശ്ശിക വരുത്തിയതിനുള്ള പിഴക്കും സ്റ്റേ വ്യാപകമായി അനുവദിക്കപ്പെട്ടത് സര്‍ക്കാറിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിച്ചു. സ്റ്റേ ഉത്തരവ് നീക്കി, പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുകയാണെന്ന് ധനമന്ത്രാലയം ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്. അതെത്രത്തോളം ഫലം കണ്ടാലും നിലവില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമാകില്ല. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുകയും ബജറ്റിലേത് പോലെ നികുതി നിരക്കുകളില്‍ വര്‍ധന കൊണ്ടുവരികയും ചെയ്തതിന് ശേഷമാണ് പൊതുവിപണിയില്‍ നിന്ന് കടമെടുക്കേണ്ട അവസ്ഥ തുടരുന്നത് എന്നത് സ്ഥിതി എത്രത്തോളം ദയനീയമാണെന്നതിന് തെളിവാണ്.


ബജറ്റ് കണക്കുകള്‍ എത്രത്തോളം പാളിപ്പോകുന്നുണ്ടെന്ന് മനസ്സിലാക്കണമെങ്കില്‍ പ്രഖ്യാപിക്കുന്ന എസ്റ്റിമേറ്റും തുടര്‍ന്നുള്ള ബജറ്റില്‍ സമര്‍പ്പിക്കുന്ന പുതുക്കിയ എസ്റ്റിമേറ്റും മാത്രം പരിശോധിച്ചാല്‍ മതിയാകും. 2012 -13ല്‍ വായിച്ചു തീര്‍ത്ത ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന കമ്മിയേക്കാള്‍ വലിയ മാറ്റം 2013 -14ല്‍ വായിച്ചുതീര്‍ത്ത ബജറ്റിലെ പുതുക്കിയ കണക്കിലുണ്ട്. ധന ഉത്തവാദ നിയമത്തില്‍ പറയും പ്രകാരം റവന്യൂ കമ്മി ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെന്ന് 2014 -15ലെ ബജറ്റ് വായനയില്‍ ധനമന്ത്രി പറഞ്ഞിട്ടുണ്ട്. ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ ഒന്നര ശതമാനം റവന്യൂ കമ്മിയും 3.1 ശതമാനം ധനക്കമ്മിയും മന്ത്രി പ്രതീക്ഷിക്കുന്നു. പുതുക്കിയ കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമേ ഇത് എത്രത്തോളം വര്‍ധിച്ചുവെന്ന് മനസ്സിലാക്കാനാകൂ.


സന്തുലിതമായ കണക്കുകള്‍ സൂക്ഷിക്കുകയും ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പദ്ധതികള്‍ വിഭാവനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ബജറ്റ് അര്‍ഥപൂര്‍ണമാകൂ. അതിനുപകരം ചെറുതും വലുതുമായ നൂറുകണക്കിന് പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെറു തുക വീതം എല്ലാറ്റിനും വകയിരുത്തുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ ബജറ്റുകളിലൊക്കെ മന്ത്രി മാണി സ്വീകരിച്ചത്. അതുകൊണ്ടാണ് അതൊരു ബജറ്റ് വായന മാത്രമായി ചുരുങ്ങിപ്പോയതും.


അടുത്ത വര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. 2015 ഫെബ്രുവരിയിലോ മാര്‍ച്ചിലോ മാണി വായിച്ച് തീര്‍ക്കാനൊരുങ്ങുന്ന ബജറ്റ് നേരത്തെ അവതരിപ്പിച്ചതിനേക്കാളൊക്കെ മോശമാകാന്‍ ഇക്കാരണം മാത്രം മതി. കൂടുതല്‍ ജനപ്രിയമാകുക എന്നാല്‍, കൂടുതല്‍ പദ്ധതി പ്രഖ്യാപിച്ച് ചെറു വഹകള്‍ നീക്കിവെക്കുക എന്നതോ, ആര്‍ക്കും താത്പര്യം ജനിപ്പിക്കാത്ത സൗജന്യങ്ങള്‍ അനുവദിക്കുക എന്നതോ ആണെന്ന് കാലം മാറിയത് തിരിച്ചറിയാത്ത രാഷ്ട്രീയ നേതൃത്വം വിശ്വസിക്കുന്നു. (ഇക്കാര്യത്തില്‍ ഇടത്, വലത് ഭേദമില്ല) 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് രണ്ട് രൂപക്ക് ഒരു കിലോ അരി റേഷന്‍ കടകളിലൂടെ നല്‍കുമെന്ന് പ്രഖ്യാപിച്ചത് ഉദാഹരണം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഈ പ്രഖ്യാപനത്തിന് സാധിച്ചില്ല എന്നതിന് തിരഞ്ഞെടുപ്പ് ഫലം തെളിവ്.


അനുഭവങ്ങളേറെണ്ടെങ്കിലും കെ എം മാണി തയ്യാറാക്കാന്‍ പോകുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങളുടെ,  ഇതുവരെയുള്ള മാലപ്പടക്കങ്ങളെയൊക്കെ വെല്ലുന്നതാകുമെന്ന് ഉറപ്പ്. സമ്പദ് സ്ഥിതി ഭദ്രമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ, ജനപ്രിയമാകാന്‍ വെമ്പുമ്പോള്‍ ഇപ്പോഴത്തേതിനേക്കാള്‍ ഗുരുതരമാകും അടുത്ത സാമ്പത്തിക വര്‍ഷത്തെ അവസ്ഥ. എളുപ്പത്തിലൊന്നും പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള അരാജാകത്വത്തിലേക്ക് സാമ്പത്തിക രംഗത്തെ നയിച്ചുകൊണ്ടിരിക്കുകയാണ്  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. ഉത്പാദനക്ഷമമല്ലാത്ത ആവശ്യങ്ങള്‍ക്കായി കടഭാരം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളൊന്നും ഉന്നയിക്കാന്‍ സാധിക്കാത്തവിധത്തില്‍ പ്രതിപക്ഷം ദുര്‍ബലമാകുകയും സ്വന്തം പാളയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന അജന്‍ഡയിലേക്ക് ചുരുങ്ങുകയും ചെയ്യുമ്പോള്‍ മറച്ചുവെക്കല്‍ സര്‍ക്കാറിനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമല്ല. ഇന്നലെ സോളാര്‍ തട്ടിപ്പ്, നാളെ ബാര്‍ കോഴ, മറ്റന്നാള്‍ മറ്റെന്തെങ്കിലും... തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പ്. അതിലേക്ക് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും സമൂഹവും മുങ്ങുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ പ്രസക്തമല്ലാതാകും. സോളാറും ബാറുമൊക്കെ ഉള്ളി തൊലി പൊളിച്ചതുപോലെയാക്കാന്‍ മിടുക്കുള്ളവരുള്ളപ്പോള്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കപ്പുറത്ത് ഒന്നും സംഭവിക്കുകയുമില്ല.

2014-11-06

ത്രിലോക്പുരികള്‍ ഉണ്ടാവുന്നത്...


കുപ്രസിദ്ധിക്ക് കുറവില്ലാത്ത ദേശമാണ് ഡല്‍ഹിയിലെ ത്രിലോക്പുരി. 1984 ഡിസംബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിന് പിറകെ അരങ്ങേറിയ ആസൂത്രിതമായ സിഖ് വംശഹത്യയിലേക്ക് വലിയ 'സംഭാവന' നല്‍കിയ ദേശം. നാനൂറോളം സിഖുകാരെയാണ് ആ ദിനങ്ങളില്‍ ഇവിടെ ചുട്ടും വെട്ടിയും തള്ളിയത്. 30 കൊല്ലം പൂര്‍ത്തിയായി, നൃശംസത നടമാടിയ ആ നാളുകള്‍ക്ക്. ഉത്തരവാദികളെ കണ്ടെത്തി, നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനോ ആ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്കോ ആയില്ല. വെട്ടാനും ചുടാനും മുന്നിട്ടിറങ്ങിയവരെയും അവര്‍ക്ക് നേതൃത്വം നല്‍കിയവരെയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുറവേതുമുണ്ടായതുമില്ല. കൊലയും കൊള്ളിവെപ്പും കൊള്ളയും നടത്താന്‍ തെരുവിലിറങ്ങിയ അക്രമികള്‍ക്കൊക്കെ വേണ്ട സ്വാതന്ത്ര്യം അനുവദിച്ച് കാഴ്ചക്കാരായി നിന്നിരുന്നു അക്കാലത്തെ പോലീസ് സംവിധാനം. എല്ലാറ്റിനെക്കുറിച്ചും അന്വേഷണങ്ങള്‍ പലതുണ്ടായി. ജുഡീഷ്യല്‍ അന്വേഷണങ്ങളും പലത്. പക്ഷേ, നീതിനിര്‍വഹണമെന്നത് മാത്രം ഉണ്ടായില്ല. ഒരു ക്ഷമാപണമോ മൂന്ന് ദശകം പിന്നിടുമ്പോള്‍ പ്രഖ്യാപിക്കുന്ന ചില ലക്ഷങ്ങളുടെ നഷ്ടപരിഹാരമോ സിഖ് ജനതയുടെ മനസ്സിലുണ്ടാക്കിയ മുറിവ് ഉണക്കാന്‍ പര്യാപ്തമല്ല.


ത്രിലോക്പുരി ഇപ്പോള്‍ വാര്‍ത്തകളിലേക്ക് എത്തുന്നത് മറ്റൊരു സംഘര്‍ഷത്തിന്റെ പേരിലാണ്. ഇരു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ചിലരെ ജീവച്ഛവങ്ങളാക്കി, ചിലര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമത്തിന്റെ പേരില്‍ ഏതാനും പേര്‍ അറസ്റ്റിലായിട്ടുമുണ്ട്. സംഘര്‍ഷത്തിന് അയവുണ്ടാകുകയും സൈ്വരജീവിതം ഉറപ്പാക്കാന്‍ സമുദായഭേദമില്ലാതെ ആളുകള്‍ രംഗത്തെത്തുകയും ചെയ്തതോടെ സ്ഥിതി ശാന്തമായിട്ടുണ്ട്.


 കഴിഞ്ഞ ദീപാവലിക്ക് തലേന്ന് ആരംഭിച്ച സംഘര്‍ഷം, മാധ്യമങ്ങള്‍ വലിയതോതില്‍ വാര്‍ത്തയാക്കിയിരുന്നില്ല. സംഘര്‍ഷങ്ങളെക്കുറിച്ച് തത്സമയ വിവരണം നടത്തി ഇതര ഭാഗങ്ങളെക്കൂടി ഭീതിയുടെയോ സംഘര്‍ഷത്തിന്റെയോ നിഴലിലാക്കേണ്ടതില്ലെന്ന തീരുമാനം നല്ലത് തന്നെ. സംഘര്‍ഷമടങ്ങിയ ശേഷവും അതിന്റെ കാര്യകാരണങ്ങള്‍ വലിയതോതില്‍ മാധ്യമങ്ങള്‍ വിശകലനം ചെയ്തില്ല. സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്ത്? അത് തടയുന്നതിന് ഡല്‍ഹി പോലീസ് ഉചിതമായ സമയത്ത് കാര്യക്ഷമമായി ഇടപെട്ടോ? തുടങ്ങിയ കാര്യങ്ങളില്‍ ചില മാധ്യമങ്ങള്‍ മാത്രം താത്പര്യം പ്രകടിപ്പിച്ചു. എന്തായാലും പ്രത്യക്ഷത്തിലുള്ള സംഘര്‍ഷം അടങ്ങിയ ശേഷം, ത്രിലോക്പുരിയില്‍ നിന്ന് വരുന്ന വിവരങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. ചെറിയൊരു വാക്കുതര്‍ക്കം പോലും  സംഘര്‍ഷത്തിലേക്കും കല്ലേറിലേക്കും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവെപ്പിലേക്കും വളരാന്‍ പാകത്തില്‍ വര്‍ഗീയമായി ഉത്സുകമായിരിക്കുന്നു സമൂഹമെന്നതാണ് ത്രിലോക്പുരി നല്‍കുന്ന സന്ദേശം. ഡല്‍ഹിയില്‍ വേറൊരിടത്ത്, ഒരു വിഭാഗത്തിന്റെ ഘോഷയാത്ര, മറ്റൊരു വിഭാഗം പാര്‍ക്കുന്ന പ്രദേശത്തുകൂടെ പോകാന്‍ പാടില്ലെന്ന് പ്രഖ്യാപിക്കപ്പെടുമ്പോള്‍ ത്രിലോക്പുരി ഒറ്റപ്പെട്ടതല്ലെന്ന് മനസ്സിലാകുന്നു.


ഉത്തര്‍പ്രദേശിലെ മീററ്റില്‍ 'ലവ് ജിഹാദ്' അരങ്ങേറിയെന്നാരോപിച്ച് സംഘ് പരിവാര്‍ സംഘടനകള്‍ രംഗത്തുവന്നതും അത് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വളര്‍ന്നതും അടുത്തിടെയാണ്. മദ്‌റസയില്‍ അധ്യാപികയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും മതം മാറുന്നതിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നായിരുന്നു ആക്ഷേപം. ഇതാണ് 'ലവ് ജിഹാദ്' വ്യാപകമായി അരങ്ങേറുന്നുവെന്നതിന് തെളിവായി സംഘ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. ഏറ്റവുമൊടുവില്‍ ആരോപണങ്ങളൊക്കെ നിഷേധിച്ച് യുവതി രംഗത്ത് വരികയും തന്നെ വീട്ടുതടങ്കലിലാക്കിയ മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കുകയും രാഷ്ട്രീയബന്ധമുള്ള ബന്ധുവിന്റെ പ്രേരണ മൂലമാണ് മുന്‍പ് പരാതി നല്‍കിയത് എന്ന് തുറന്ന് പറയുകയും ചെയ്തു. യുവതിയുടെ പരാതി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്നു, ഉത്തര്‍ പ്രദേശ് പോലീസ്. മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ന്യൂനപക്ഷങ്ങളോട് കാട്ടുന്ന ചായ്‌വിന്റെ ഭാഗമായി, അഖിലേഷ് യാദവ് സര്‍ക്കാറിന്റെ പോലീസ് പക്ഷപാതം കാട്ടുന്നുവെന്നായിരുന്നു അന്ന് സംഘ് പരിവാര്‍ ആക്ഷേപിച്ചിരുന്നത്. യുവതി പുതുതായി പറഞ്ഞ കാര്യങ്ങള്‍ ഉത്തര്‍ പ്രദേശ് പോലീസിന്റെ വാദങ്ങളെ സാധൂകരിക്കുന്നതാണ്. പോലീസ് സംവിധാനം, പതിവിന് വിരുദ്ധമായി വസ്തുതക്കൊപ്പം നിന്നിട്ടും ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച്, ജനങ്ങളില്‍ സംശയം വളര്‍ത്താനും അതിന്റെ ലാഭമെടുക്കാനും സംഘ് പരിവാറിന് സാധിച്ചു.


പേരില്‍ സംസ്ഥാനമാണെങ്കിലും രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍ക്കൊള്ളുന്ന മേഖലയുടെ ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന പോലീസിന്റെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. ഡല്‍ഹി പോലീസിന്റെ അലംഭാവമോ കൃത്യനിര്‍വഹണത്തില്‍ വരുത്തിയ വീഴ്ചയോ ത്രിലോക്പുരിയെ അക്രമങ്ങളിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴുയരുന്ന ആക്ഷേപം. അലംഭാവവും കൃത്യനിര്‍വഹണത്തിലെ വീഴ്ചയും മനഃപൂര്‍വമുണ്ടായതാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഏതാനും ദിവസത്തെ ഭരണത്തിന് ശേഷം ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതോടെ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതിനോടാണ് യോജിപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് പിറകെയാണ് ത്രിലോക്പുരി സംഘര്‍ഷഭരിതമായതും പോലീസിന്റെ അലംഭാവവും കൃത്യനിര്‍വഹണ വീഴ്ച ഉണ്ടായതും.


ദീപാവലി ആഘോഷത്തിനൊരുക്കിയ വേദി മറ്റൊരു വിഭാഗത്തിന്റെ പ്രാര്‍ഥനക്ക് തടയാകുമോ എന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വളര്‍ന്നത്. ഈ തര്‍ക്കം പ്രദേശത്തെ മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. തര്‍ക്കത്തെക്കുറിച്ചും അത് പരിധിവിട്ട് വളരാനുള്ള സാധ്യതയെക്കുറിച്ചും പോലീസിന് വിവരം നല്‍കുകയും ചെയ്തിരുന്നു. പോലീസ് പക്ഷേ, സംഘര്‍ഷം വളരുംവരെ നോക്കി നിന്നു. ഡല്‍ഹി നിയമസഭയിലേക്ക് മത്സരിച്ച ബി ജെ പി നേതാവ് തര്‍ക്കമുണ്ടായ സ്ഥലത്തേക്ക് എത്തുന്നത് തടയാന്‍ പോലീസ് ശ്രമിച്ചില്ല. ഉത്തര്‍ പ്രദേശിലെ മഹാപഞ്ചായത്തില്‍ ബി ജെ പിയുടെ എം എല്‍ എമാര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം ഏതളവിലാണ് കാര്യങ്ങളെ മാറ്റിമറിച്ചത് എന്നറിയാത്തവരല്ല ഡല്‍ഹിയിലെ പോലീസുകാര്‍. അതേക്കുറിച്ച് നടക്കുന്ന അന്വേഷണത്തെക്കുറിച്ചും അറിയാത്തവരല്ല. എന്നിട്ടും തര്‍ക്കമുണ്ടായ സ്ഥലത്തേക്ക് ബി ജെ പി നേതാവ് പോകുന്നത് തടയാന്‍ ഡല്‍ഹി പോലീസ് ശ്രമിച്ചില്ല എന്നത്, വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാകുന്നതിനാലല്ല, മറിച്ച് തങ്ങളെ നിയന്ത്രിക്കുന്ന നേതാക്കളുടെ ഇംഗിതം അനുസരിക്കുക എന്നതാണ് ജോലി എന്ന തിരിച്ചറിവിലേക്കെത്തിയതിന്റെ ഫലമാണ്. ഇവരുടെ മുന്‍ഗാമികള്‍ 1984ലെ സിഖ് വംശഹത്യാ കാലത്ത് കാട്ടിയ വിധേയത്വം പുതിയ മേധാവികളോട് കാട്ടുന്നുവെന്ന് മാത്രം.


2002ലെ വംശഹത്യാകാലത്ത് ഗുജറാത്തിലെ പോലീസ് കാട്ടിയതും അതേ വിധേയത്വമായിരുന്നു. രണ്ട് സംഭവങ്ങളിലും അക്രമികള്‍ക്ക് വേണ്ട സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കാന്‍ ഭരണനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നു. 1984ലെയോ 2002ലെയോ പോലെ ത്രിലോക്പുരി വളര്‍ന്നില്ലെങ്കിലും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അനുവദിച്ച് കൊടുക്കണമെന്ന സന്ദേശം പോലീസ് മേധാവികളിലെത്തിയോ എന്ന് സംശയിക്കണം. അതല്ലാതെ സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് പോലീസിനെ തടയുന്ന മറ്റൊന്നുമുണ്ടായിട്ടില്ല തന്നെ.
മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഏറെക്കുറെ തീരുമാനമായപ്പോഴാണ് ത്രിലോക്പുരി സംഘര്‍ഷഭരിതമാകുന്നത്. ഒരു സമുദായത്തിന്റെ ഘോഷയാത്ര, തങ്ങള്‍ താമസിക്കുന്ന പ്രദേശത്തുകൂടി പോകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് ഉറപ്പായ സമയത്താണ്. ഈ പ്രഖ്യാപനത്തിന് പിന്തുണയുമായി ബി ജെ പിയുടെയും സംഘ് പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ ഉടന്‍ രംഗത്തുവരികയും ചെയ്യുന്നു. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസോ ബി ജെ പിയോ തമ്മില്‍ ഭേദമില്ലെന്ന പ്രചാരണം ജനങ്ങളിലെത്തിച്ചാണ് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍, ആം ആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകാനിടയുള്ള വോട്ടുകള്‍ക്ക് തടയിടേണ്ടത് ബി ജെ പിയുടെ ആവശ്യമാണ്. അതിന്  ഏറ്റവും എളുപ്പമുള്ള മാര്‍ഗം വര്‍ഗീയമായ ചേരിതിരിവ് സാധ്യമാക്കുക എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍, പിന്നാക്ക ദളിത് വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. സംഘര്‍ഷമുണ്ടായ ത്രിലോക്പുരിയിലെ ജന സംഖ്യയില്‍ വലിയൊരു വിഭാഗം പിന്നാക്ക, ദളിത് വിഭാഗങ്ങളാണെന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ സംഘ് പരിവാരത്തിന്റെ അജന്‍ഡ വ്യക്തമാകും.


വര്‍ഗീയ, വംശീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക മുതലെടുപ്പിനുള്ള ശ്രമം എക്കാലത്തുമുണ്ടായിരുന്നു. 1984ല്‍ ചുട്ടും വെട്ടിയും സിഖുകാരെ ഇല്ലാതാക്കുമ്പോള്‍ ഡല്‍ഹിയുടെ കമ്പോളത്തെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്ന സമുദായത്തെ അതില്‍ നിന്ന് പുറന്തള്ളുക എന്നത് കൂടിയായിരുന്നു ഉദ്ദേശ്യം. ഏതാണ്ടെല്ലാ മേഖലകളില്‍ നിന്നും സിഖ് വംശജര്‍ വലിയതോതില്‍ പിന്‍വാങ്ങുന്ന കാഴ്ച പിന്നീട് കണ്ടു. അവരൊക്കെ എങ്ങോട്ടുപോയെന്നത് ഇപ്പോഴും അവ്യക്തമാണ്. ത്രിലോക്പുരിയില്‍ ഇപ്പോള്‍ സംഘര്‍ഷമരങ്ങേറുന്നതിന് പിറകില്‍ അത്തരമൊരു അജന്‍ഡകൂടിയുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഡല്‍ഹി മെട്രോയുടെ ഒരു സ്റ്റേഷന്‍ ത്രിലോക്പുരിയില്‍ വരാന്‍ പോകുകയാണ്. അതോടെ പ്രദേശത്തിന്റെ മുഖച്ഛായ മാറും. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് കോടികള്‍ കൊയ്യാനുള്ള നിലമായി ത്രിലോക്പുരി മാറും. 1984 നവംബറിലെ ആദ്യ ദിനങ്ങള്‍ക്ക് ശേഷം ശേഷിക്കുന്ന സിഖുകാരും ദളിത്, പിന്നാക്ക വിഭാഗങ്ങളും ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ തയ്യാറായാല്‍ പിന്നെ കൊയ്ത്താണ് തങ്ങള്‍ക്കെന്ന് കരുതുന്നു, റിയല്‍ എസ്റ്റേറ്റ് ലോബി. അവര്‍ക്ക് എളുപ്പത്തില്‍ ബന്ധം സ്ഥാപിക്കാനാകുന്നത് അധികാരനേട്ടത്തിന് വേണ്ടി വര്‍ഗീയവിഭജനം സാധ്യമാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയാണ്. അത്തരം ശ്രമങ്ങള്‍ ഡല്‍ഹിയില്‍ ഇനിയുമുണ്ടാകുമെന്ന് തന്നെ കരുതണം. അതാണ് പുതിയ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന സൂചന.
വംശഹത്യാനന്തര ഗുജറാത്ത്, ചങ്ങാത്ത മുതലാളിത്തത്തിന് ഗുണകരമാകുന്ന നയങ്ങള്‍ വളരുന്ന മണ്ണായിരുന്നു. സംഘര്‍ഷങ്ങളും ചങ്ങാത്ത മുതലാളിത്തവും ചേര്‍ന്ന് വളരുന്ന കാലത്തേക്ക് രാജ്യത്തെ നയിക്കാന്‍ ഒരുങ്ങുകയാകണം പുതിയ സര്‍ക്കാര്‍. അതിന്റെ പരീക്ഷണങ്ങളുടെ ടെസ്റ്റ് ഡോസാണോ ത്രിലോക്പുരി?

2014-11-03

എന്നെ വിശ്വസിക്കൂ, എന്നെ മാത്രം!



''എന്നെ വിശ്വസിക്കൂ, വിദേശ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം മുഴുവന്‍ ഞാന്‍ തിരികെക്കൊണ്ടുവരും. അതിനുള്ള ശരിയായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്'' - അമേരിക്കയുടെ പ്രസിഡന്റുമാരുടെ പാത പിന്തുടര്‍ന്ന് റേഡിയോ പ്രഭാഷണങ്ങള്‍ ആരംഭിച്ച നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണിവ. അതിസൂക്ഷ്മമായ ശബ്ദ നിയന്ത്രണത്തോടെ, വികാരതീവ്രമായാണ് കള്ളപ്പണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് എം ബി ഷായുടെ നേതൃത്വത്തിലൊരു പതിനൊന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു, അധികാരമേറ്റയുടന്‍ മോദി സര്‍ക്കാര്‍. ഇതിനപ്പുറത്ത് എന്തെങ്കിലും ഇവ്വിഷയത്തില്‍ ചെയ്തതായി അറിവില്ല. പിന്നെ ചെയ്തത്, യു പി എ സര്‍ക്കാറിന്റെ കാലത്ത് കൈമാറിക്കിട്ടിയ പട്ടികയിലെ മൂന്ന് പേരുകള്‍ പരസ്യപ്പെടുത്തിയതാണ്. ബാക്കി പേരുകള്‍ പരസ്യപ്പെടുത്താത്തതിനെന്ത് തടസ്സമെന്ന് സുപ്രീം കോടതി ചോദിച്ചപ്പോള്‍, പട്ടിക മുദ്രവെച്ച കവറില്‍ (പരസ്യപ്പെടുത്തരുതെന്ന അപേക്ഷ സഹിതം) സമര്‍പ്പിക്കുകയും ചെയ്തു. ഈ പട്ടിക, എം ബി ഷാ അധ്യക്ഷനായ കമ്മിറ്റിക്ക് സുപ്രീം കോടതി കൈമാറി. നേരത്തെ ലഭിച്ചതിനപ്പുറത്തൊന്നും പുതുതായി കിട്ടിയിട്ടില്ലെന്നും ഇതുവെച്ച് എന്തെങ്കിലും ചെയ്യാനാകുമെന്ന് തോന്നുന്നില്ലെന്നും ഷാ പറയുകയും ചെയ്തു. അതിന് ശേഷമാണ് കള്ളപ്പണത്തെക്കുറിച്ച് വികാര തീവ്രമായി പ്രധാനമന്ത്രി പ്രസംഗിച്ചത്.


കണക്കില്‍പ്പെടാത്തതോ നിയമവിധേയമല്ലാത്ത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതോ ആയ പണം ലീക്‌റ്റെന്‍സ്റ്റീനിലെ ബേങ്കുകളില്‍ സൂക്ഷിച്ച പതിനെട്ട് ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ജര്‍മനിയാണ് കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് കൈമാറിയത്. ഇങ്ങനെ കൈമാറിക്കിട്ടിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ പരമാവധി യത്‌നിച്ചിരുന്നു മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. പട്ടികയിലുള്ളവരില്‍ നിന്ന് നികുതിയും പിഴയുമീടാക്കാന്‍ നടപടി സ്വീകരിച്ചെന്നാണ് അന്ന് സര്‍ക്കാര്‍ വിശദീകരിച്ചത്. കാലമിത്രയായ സ്ഥിതിക്ക് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ, അവരുടെ പേരുകളൊന്നും ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. കള്ളപ്പണക്കാരുടെ കാര്യത്തില്‍ ശബ്ദത്തില്‍ കാട്ടുന്ന വികാരവും ആത്മാര്‍ഥതയും സത്യസന്ധമാണെങ്കില്‍ ആ പേരുകളെങ്കിലും മോദി സര്‍ക്കാര്‍ പുറത്തുവിടേണ്ടതല്ലേ? നിയമവിധേയമല്ലാത്ത മാര്‍ഗത്തിലൂടെ സമ്പാദിച്ച കോടികള്‍ സ്വിസ് ബേങ്കില്‍ സൂക്ഷിച്ചുവെന്നും രാജ്യത്തെ പ്രമുഖ നേതാക്കളടക്കമുള്ളവരുടെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും ആരോപിക്കപ്പെടുന്ന ഹസന്‍ അലി ഖാനെക്കുറിച്ചും കാശിനാഥ് തിപുരിയയെയും കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റവന്യൂ ഇന്റലിജന്‍സും സി ബി ഐയുമൊക്കെ അന്വേഷണം നടത്തിയിട്ട് കച്ചിത്തുരുമ്പ് പോലും ഇതുവരെ കിട്ടിയിട്ടില്ല എന്ന വസ്തുത മുന്നില്‍ നില്‍ക്കെ 'എന്നെ വിശ്വസിക്കൂ' എന്ന 'പ്രധാന സേവക'ന്റെ വാക്കുകളെ എങ്ങനെ വിശ്വസിക്കും?


എം ബി ഷാ കമ്മിറ്റിയും മറ്റ് കാക്കത്തൊള്ളായിരം ഏജന്‍സികളും ചേര്‍ന്ന് കാര്യക്ഷമമായി അന്വേഷിക്കുമെന്നും കള്ളപ്പണക്കാരെ കണ്ടെത്തുമെന്നും ആ പണം മുഴുവന്‍ രാജ്യത്ത് തിരിച്ചെത്തിക്കുമെന്നും അതുവഴി 'പ്രധാന സേവക'ന്റെ വാഗ്ദാനം പാലിക്കപ്പെടുമെന്നും പ്രതീക്ഷിക്കുക. അക്കാലത്തിനിടെ രാജ്യത്ത് കള്ളപ്പണം ഉത്പാദിപ്പിക്കപ്പെടില്ലെന്ന് ഉറപ്പ് പറയാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുമോ? അവശ്യവസ്തുക്കളുള്‍പ്പെടെ സാധനങ്ങള്‍ പൂഴ്ത്തിവെച്ച് കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ച് സമ്പാദിക്കുന്ന അമിതലാഭം കള്ളപ്പണ സൃഷ്ടിയുടെ ഒരു വഴിയാണ്. അങ്ങനെ പൂഴ്ത്തിവെക്കുന്നവരുടെ പട്ടികയില്‍ ആരൊക്കെയുണ്ടാകും? ചില്ലറ വില്‍പ്പന മേഖലയിലേക്ക് പ്രവേശിക്കുകയും ചെറു ശൃംഖലയകളെയാകെ വിഴുങ്ങി വളരുകയും ചെയ്യുന്ന ആഭ്യന്തര കുത്തകകള്‍ ഇത്തരത്തില്‍ 'ലാഭ'മുണ്ടാക്കുന്നത് തടയാന്‍ നടപടിയെടുക്കുമോ 'പ്രധാന സേവകന്‍'? ഇത്തരക്കാര്‍ സൗജന്യമായി വിട്ടുകൊടുത്ത ഹെലിക്കോപ്റ്ററുകളും ചെറുവിമാനങ്ങളും കൂടി ഉപയോഗിച്ച് രാജ്യത്താകെ പറന്നുനടന്ന് പ്രചാരണം നടത്തിയ നരേന്ദ്ര മോദിക്ക് ചെറുവിരല്‍ ചലിപ്പിക്കാനാകില്ലെന്ന് കറകളഞ്ഞ സംഘ് പരിവാറുകാര്‍ പോലും സമ്മതിക്കും.


സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ സഹായകമായ പാര്‍ട്ടിസിപ്പേറ്ററി നോട്ട് രീതി രാജ്യത്ത് നിലവിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ രീതിയില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കപ്പെട്ടത് 2.22 ലക്ഷം കോടിയാണെന്നാണ് ഏകദേശ കണക്ക്. ഇത്തരത്തില്‍ വിപണിയിലേക്ക് എത്തുന്ന പണത്തില്‍ പകുതിയിലേറെ കള്ളപ്പണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പത്തെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ 'പ്രധാന സേവകന്' ഇക്കാര്യം ബോധ്യപ്പെടാവുന്നതേയുള്ളൂ. പാര്‍ട്ടിസിപ്പേറ്ററി നോട്ട് രീതി പിന്‍വലിച്ച് കള്ളപ്പണത്തിന്റെ ഒഴുക്കും ആ ഒഴുക്കിലൂടെയുള്ള വെളുപ്പിച്ചെടുക്കലും അവസാനിപ്പിക്കാന്‍ സാധിക്കുമോ മോദി സര്‍ക്കാറിന്?


ഉത്പാദിപ്പിക്കപ്പെടുന്ന കള്ളപ്പണം വിദേശബേങ്കുകളില്‍ സൂക്ഷിക്കുക മാത്രമല്ല, വെളുപ്പിച്ച് രാജ്യത്ത് മടക്കിയെത്തിക്കുക കൂടി ചെയ്യുന്നുണ്ട്. മൗറീഷ്യസിലോ സിംഗപ്പൂരിലോ വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത്, അത്തരം കമ്പനികളിലൂടെ ഇന്ത്യയിലെ കമ്പനിയിലേക്ക് നിക്ഷേപം നടത്തുകയാണ് ഒരു രീതി. ക്രിക്കറ്റ് വ്യവസായത്തിലെ പ്രധാന ഉത്പന്നങ്ങളിലൊന്നായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ വഴി ഐ പി എല്‍ ടീമുകളുടെ ഉടമകളായ കമ്പനികളിലേക്ക് പണമെത്തി എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിട്ട് കൊല്ലം പലതായി. അന്വേഷണം എവിടെയെങ്കിലും എത്തിയതായോ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമപ്രകാരം ആര്‍ക്കെങ്കിലുമെതിരെ കേസെടുത്തതായോ വിവരമില്ല. വികാര തീവ്രമായ ശബ്ദത്തില്‍ കള്ളപ്പണത്തെക്കുറിച്ച് പ്രസംഗിക്കുന്ന 'പ്രധാന സേവകന്‍' ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമോ? ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തുണ്ടായിരുന്നതിനാല്‍ ഈ രംഗത്തെ കളികളെക്കുറിച്ച് അല്‍പ്പജ്ഞാനായാകാന്‍ ഇടയില്ല മോദി 'സാഹെബ്'. ഖനി, ഊര്‍ജം എന്ന് തുടങ്ങി ഇന്ത്യന്‍ കുത്തകകളും വിദേശ പങ്കാളികളും വ്യവഹരിക്കുന്ന ഏതാണ്ടെല്ലാ മേഖലയിലും ഇത്തരം നിക്ഷേപങ്ങളുണ്ടാകുന്നുണ്ട്. ഇതൊക്കെ തടയാനാകുമോ മോദി സര്‍ക്കാറിന്?


കര്‍ണാടകത്തില്‍ ബി ജെ പിയെ വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച റെഡ്ഢി സഹോദരന്‍മാര്‍, നിയമവിരുദ്ധമായി ഇരുമ്പയിര് കടത്തി കോടികള്‍ സമ്പാദിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. കര്‍ണാടകയില്‍ നിന്നും ആന്ധ്രാ പ്രദേശില്‍ നിന്നും അധികൃതമായും അനധികൃതമായും ഖനനം ചെയ്‌തെടുത്ത അയിര്, സ്വന്തം ഉടമസ്ഥതയില്‍ വിദേശത്തുള്ള കമ്പനിക്ക് നികുതി വെട്ടിച്ച് കുറഞ്ഞ വിലക്ക് വില്‍ക്കുകയാണ് ജനാര്‍ദന, കരുണാകര, സോമശേഖര റെഡ്ഢിമാര്‍ ചെയ്തിരുന്നത്. വിദേശ കമ്പനി അന്താരാഷ്ട്ര വിപണിയില്‍ കൂടിയ വിലക്ക് വിറ്റ് ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. രാജ്യത്തിനകത്ത് നികുതി വെട്ടിപ്പ് നടത്തിയതിനാണ് റെഡ്ഢിമാര്‍ ഇപ്പോള്‍ കേസ് നേരിടുന്നത്. വിദേശത്ത് കമ്പനി തുറന്ന് നടത്തിയ കള്ളക്കച്ചവടത്തിന്റെ പേരില്‍ ഇവരെ നിയമത്തിന് മുന്നില്‍ നിര്‍ത്താനാകുമോ?


വൈ എസ് രാജശേഖര റെഡ്ഢി ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായിരിക്കെ ഹൈദരാബാദിലെയും പരിസര പ്രദേശങ്ങളിലെയും കണ്ണായ ഭൂമി വന്‍കിട കമ്പനികള്‍ക്ക് ചുളുവിലക്ക് കൈമാറാന്‍ അവസരമൊരുക്കിയതിന് പ്രതിഫലമായി കിട്ടിയ കോടികളുടെ പേരിലാണ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ ഇടപാടില്‍ കമ്പനികള്‍ക്കുണ്ടായ അനര്‍ഹമായ നേട്ടം കള്ളപ്പണത്തിന്റെ കോളത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. അങ്ങനെ രേഖപ്പെടുത്തി കമ്പനികള്‍ക്കെതിരെ നടപടി ആരംഭിക്കാന്‍ ഇച്ഛാശക്തിയുണ്ടാകുമോ മോദി സര്‍ക്കാറിന്? ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുട്ടിടിക്കും മോദി 'സാഹെബി'ന്. കാരണം അത്തരം ഇടപാടുകള്‍ക്കൊക്കെ അവസരം തുറന്ന് നല്‍കുന്ന നയമാണ് രാജ്യത്ത് വര്‍ഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആ നയങ്ങളുടെ നടപ്പാക്കലിന്റെ വേഗം കൂട്ടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് പാകത്തിന് തൊഴില്‍ നിയമങ്ങളിലടക്കം കൂടുതല്‍ ഭേദഗതി വരുത്താനും. അതിനിടക്ക്, കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് വ്യവസായികള്‍ക്ക് പിറകെ എത്തിയാല്‍, 'മേക്ക് ഇന്‍ ഇന്ത്യ' വാചാടോപത്തിനിടയിലും താഴേക്ക് വളരുന്ന ഇന്ത്യന്‍ ഉത്പാദന - നിര്‍മാണ മേഖലയെ വീണ്ടും തളര്‍ത്തുകയാകും ഫലം. ജപ്പാനും അമേരിക്കയുമൊക്കെ സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലേക്ക് ഒഴുകുമെന്ന് മോദി തന്നെ പ്രഖ്യാപിച്ച സഹസ്ര കോടികള്‍ (അവകാശവാദം ശരിയോ എന്നത് അഞ്ച് വര്‍ഷത്തിന് ശേഷമേ പരിശോധിക്കാനാകൂ) ഇങ്ങോട്ട് എത്താതിരിക്കുകയും ചെയ്യും.


 സ്വിറ്റ്‌സര്‍ലന്‍ഡിലെയോ ലീക്‌റ്റെന്‍സ്റ്റീനിലെയോ കേമാന്‍ ദ്വീപുകളിലെയോ ബേങ്ക് അക്കൗണ്ടുകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ഉടമകളും അവരുമായി നാഭീനാള ബന്ധം പുലര്‍ത്തുന്നവരുമാണ് രാജ്യത്തിന്റെ  സാമ്പത്തിക അധികാരം കൈയാളുന്നത്. അവര്‍ തന്നെയാണ് ഭരണത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് എച്ച് എസ് ബി സി ബേങ്കില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നുവെന്ന ആരോപണം നേരിടുന്ന അംബാനിമാര്‍, നരേന്ദ്ര മോദിയുടെ മേക് ഇന്‍ ഇന്ത്യ പ്രഖ്യാപന വേദിയില്‍ വിശിഷ്ടാതിഥികളായത്. അധികാരവും ഭരണവും ഇവ്വിധമായിരിക്കുകയും നയ, നിയമങ്ങള്‍ അതിന് കൂടുതല്‍ യോജിച്ചതാക്കാന്‍ ശ്രമം നടക്കുകയും ചെയ്യുമ്പോള്‍ അനധികൃത സമ്പാദ്യത്തെക്കുറിച്ചോ അതിന്റെ ഉറവിടത്തെക്കുറിച്ചോ ഈ സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. വികാരതീവ്രമായ ശബ്ദത്തില്‍ പ്രസംഗിക്കുകയും ദേശക്കൂറുള്ള നേതാവ്, പരമാധികാരിയായി ഇരിക്കുകയാണെന്ന വ്യാജബോധം ജനങ്ങളില്‍ സൃഷ്ടിക്കുകയും മാത്രമാണ് കരണീയമായുള്ളത്. അത് സമര്‍ഥമായി ചെയ്യുന്നുണ്ട് 'പ്രഥമ സേവകന്‍' എന്നതില്‍ സംശയം വേണ്ട. പ്രഖ്യാപിക്കുന്ന ഓരോ പദ്ധതിയിലും അതിന്റെ മുദ്ര കാണാം.


ഇതിനപ്പുറത്ത് നടക്കുന്ന പലതും ഈ ബഹളത്തില്‍ മുങ്ങിപ്പോകും. സംഘ അജന്‍ഡക്കനുസരിച്ച് ചരിത്രത്തെ മാറ്റിയെടുക്കുന്നതും ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങളെ സംഘവത്കരിക്കുന്നതും പാഠപുസ്തകങ്ങളുടെ കാവിവത്കരണവുമൊക്കെ. അതിലേക്ക് ശ്രദ്ധതിരിക്കേണ്ട പ്രതിപക്ഷം കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ് മോദിക്കും കൂട്ടര്‍ക്കും. അത് മനസ്സിലാക്കി തന്നെയാണ് കള്ളപ്പണത്തെക്കുറിച്ച് വികാരതീവ്രമായി 'പ്രധാന സേവകന്‍' സംസാരിക്കുന്നത്, 'എന്നെ വിശ്വസിക്കൂ' എന്ന് ആഹ്വാനം ചെയ്യുന്നത്.