2014-12-20

പരിവര്‍ത്തിക്കുന്ന 'മദം'


മതപരിവര്‍ത്തന യജ്ഞങ്ങളുടെ നൈരന്തര്യത്തിനാണ് സംഘ് പരിവാര്‍ സംഘടനകളുടെ ശ്രമം. ആഗ്രയില്‍ ഒന്ന് കഴിഞ്ഞു. അലിഗഢിലും ഉത്തര്‍പ്രദേശിലെ മറ്റിടങ്ങളിലും മതപരിവര്‍ത്തനയജ്ഞങ്ങള്‍ നടത്തുമെന്ന പ്രഖ്യാപനങ്ങളുണ്ടായിട്ടുണ്ട്. ആളൊന്നുക്കുള്ള പരിവര്‍ത്തനച്ചെലവ് ക്രിസ്ത്യന്‍, മുസ്‌ലിം ഇനം തിരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. ഈ ചെലവ് കണ്ടെത്താന്‍ പാകത്തിലുള്ള പിരിവുകള്‍ക്കും ആഹ്വാനം ചെയ്തിരിക്കുന്നു. അതിന് പിറകെയാണ് ക്രിസ്മസ് ദിനം അടല്‍ ബിഹാരി വാജ്പയിയുടെയും മദന്‍ മോഹന്‍ മാളവ്യയുടെയും ജന്മദിനമാണെന്നതിനാല്‍ അന്നേ ദിവസം 'നല്ല ഭരണ' ദിനമായി ആഘോഷിക്കാനും കേന്ദ്ര സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ വരുന്ന സ്‌കൂളുകളില്‍ അന്ന് ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നത്.


സാധ്വി നിരഞ്ജന ജ്യോതി മുതല്‍ യോഗി ആദിത്യനാഥ് വരെയുള്ള ബി ജെ പിയിലെ തീവ്രവാദികള്‍ (തീവ്രമായി വാദിക്കുന്നവര്‍ എന്നേ അര്‍ഥമാക്കേണ്ടതുള്ളൂ) പിളര്‍ന്ന നാവുകള്‍ അടിക്കടി നീട്ടുന്നതും മിതവാദികളെന്ന് ബി ജെ പിക്കാര്‍ തന്നെ വിശേഷിപ്പിക്കുന്ന സുഷമാ സ്വരാജ് മുതല്‍ സദാനന്ദ ഗൗഡ വരെയുള്ളവര്‍ പിന്നണി പാടുന്നതും. ആരും ലക്ഷ്മണ രേഖ കടക്കരുതെന്ന് ഉപദേശിച്ച്, അരങ്ങുകൊഴുക്കുന്നത് ആസ്വദിച്ചിരിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, പൂര്‍വകാല സ്മൃതിയോടെ.


നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍, ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള വഴിയൊരുങ്ങിയിരിക്കുന്നുവെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) അഭിപ്രായപ്പെട്ടിരുന്നു. ആര്‍ എസ് എസ്സിന്റെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് അടുത്തിടെ നടത്തിയ പ്രസംഗങ്ങളിലെല്ലാം ആവര്‍ത്തിച്ചത് 'ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്രമാണ്' എന്നാണ്. ഹിന്ദുക്കള്‍ക്കിടയില്‍ സമത്വമുണ്ടാക്കാന്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സാധിക്കണമെന്നും. എല്ലാ ഹിന്ദുക്കള്‍ക്കും ഒരിടത്തു നിന്ന് വെള്ളം കുടിക്കാന്‍ സാധിക്കണം. ഒരിടത്ത് പ്രാര്‍ഥിക്കാന്‍ കഴിയണം. പൊതു സംസ്‌കാരസ്ഥലവും വേണമെന്നാണ് മോഹന്‍ ഭാഗവത് വിശദീകരിക്കുന്നത്. ആവര്‍ത്തിക്കുന്ന ഈ വാക്കുകളില്‍ നിന്ന് വേണം മതപരിവര്‍ത്തനം, പ്രകോപനപരമായ പ്രസ്താവനകള്‍, ഭഗവദ് ഗീത ദേശീയ പുസ്തകമാക്കണമെന്ന അഭിപ്രായം, ക്രിസ്മസിന് 'നല്ല ഭരണ' ദിനം ആചരിക്കാനുള്ള തീരുമാനം എന്നിവയെ സമീപിക്കാന്‍.


ജനതയെ വര്‍ഗീയമായി വിഭജിക്കാനുള്ള സംഘ് പരിവാര്‍ ശ്രമങ്ങള്‍ നേരത്തെ തന്നെ ഫലം കണ്ട് തുടങ്ങിയിരുന്നുവെങ്കിലും ബി ജെ പിയെ ഒറ്റക്ക് അധികാരത്തിലെത്തിക്കാന്‍ പാകത്തില്‍ അതിനെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചിരുന്നില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നേടിയെടുത്ത കേവല ഭൂരിപക്ഷത്തിന് പോലും അവര്‍ കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയോടും മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറിനോടുമാണ്. അത്രത്തോളം പേരുദോഷം അവരുണ്ടാക്കിയിരുന്നില്ലായെങ്കില്‍, ഒറ്റക്ക് ഭൂരിപക്ഷമെന്നതിലേക്ക് എത്താന്‍ ബി ജെ പിക്ക് സാധിക്കുമായിരുന്നില്ല. കേന്ദ്രത്തില്‍ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലും ദുര്‍ബലമായിത്തീര്‍ന്ന കോണ്‍ഗ്രസ്, സമീപകാലത്ത് ഒരു വെല്ലുവിളിയായി മുന്നിലെത്തുമെന്ന് ആര്‍ എസ് എസ് പ്രതീക്ഷിക്കുന്നില്ല. ഉത്തര്‍ പ്രദേശിലും ബീഹാറിലും പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടികളാണ് പ്രധാന വെല്ലുവിളിയെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഉത്തര്‍ പ്രദേശിലും ബീഹാറിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കാന്‍ ബി ജെ പിക്ക് കഴിയാതിരുന്നത് ഓര്‍ക്കുക.


പിന്നാക്ക, ദളിത് വിഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കുക എന്നത് മാത്രമേ അധികാരത്തുടര്‍ച്ചക്ക് കരണീയമായുള്ളൂവെന്ന് ആര്‍ എസ് എസ് തിരിച്ചറിഞ്ഞിരിക്കുന്നു. പിന്നാക്കക്കാരനായ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാനുള്ള തീരുമാനം പോലും ഇത്തരമൊരു അജണ്ട മുന്നില്‍ക്കണ്ടാണെന്ന് കരുതണം. ആര്‍ എസ് എസ്സിന് ഒരു ലക്ഷം ശാഖകളും ഒരു കോടി പ്രവര്‍ത്തകരും അഞ്ച് കൊല്ലം കൊണ്ട് പുതുതായുണ്ടാകണമെന്ന് കൂടി മോഹന്‍ ഭാഗവത് പറയുമ്പോള്‍, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘിന് പൂര്‍ണമായ നിയന്ത്രണമുള്ള ഭരണസംവിധാനവും സംഘ് പ്രവര്‍ത്തകരിലൂടെയുള്ള ഭരണനടത്തിപ്പുമാണ് ലക്ഷ്യമിടുന്നത്. പിന്നാക്ക - ദളിത് വിഭാഗങ്ങളുടെ പങ്കാളിത്തമില്ലാതെ ലക്ഷത്തിന്റെയും കോടിയുടെയും ലക്ഷ്യം സാധ്യമാകില്ല തന്നെ. 2002ലെ ഗുജറാത്ത് വംശഹത്യയുടെ ആസൂത്രണം സംഘ് പരിവാര്‍ സംഘടനകള്‍ക്കും മേല്‍നോട്ടം നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാറിനുമായിരുന്നുവെങ്കില്‍ നടത്തിപ്പിന് മുന്നില്‍ നിന്നവരില്‍ വലിയൊരു വിഭാഗം ദളിതുകളായിരുന്നു. ഗുജറാത്തിലെ ദളിത് വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി അന്നും ഇന്നും ഒട്ടും മെച്ചമല്ല, എങ്കിലും 2002ന് ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ ദളിത് വിഭാഗങ്ങളുടെ വലിയ പിന്തുണ ബി ജെ പിക്ക് ലഭിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.


ഉത്തര്‍ പ്രദേശില്‍ പലവിധത്തില്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളുടെയും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുടെയും പാര്‍ശ്വഫലമായി, പിന്നാക്ക - ദളിത് വിഭാഗങ്ങളിലേക്ക് ബി ജെ പിക്ക് കടന്നുകയറാമെന്ന് ആര്‍ എസ് എസ് കണക്ക് കൂട്ടുന്നു. ഈ കടന്നുകയറ്റത്തിന് ശേഷമേ സംഘിന് സ്വാധീനമുറപ്പിക്കാനാകൂ. വടക്ക് - കിഴക്കന്‍ മേഖലയിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ബി ജെ പിക്ക് വേരോട്ടമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കാം. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഹിന്ദു മതത്തില്‍ ചേര്‍ക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളും  ഈ അജന്‍ഡയുടെ ഭാഗം തന്നെയാണ്.


നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്താകെ നടക്കുന്നുവെന്ന് ആക്ഷേപിക്കുകയും അതിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് മിഷനറിമാരെ ആക്രമിക്കുകയും ചെയ്ത സംഘ് പരിവാര്‍ ഇപ്പോള്‍ നടത്തുന്നത് നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ഉള്ള പരിവര്‍ത്തനമാണ്. ആഗ്രയിലെ ചേരികളില്‍ പാര്‍ത്തിരുന്ന ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും കുടിയേറിയ മുസ്‌ലിംകളെ ബി പി എല്‍ കാര്‍ഡും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കണമെന്ന്, അന്നോളം അവര്‍ കാണാത്ത 'ഉന്നതര്‍' സംഘമായി എത്തി ആവശ്യപ്പെട്ടപ്പോള്‍ ചേരിവാസികളായ ഈ ദരിദ്രര്‍ക്ക് മറുത്ത് പറയാനായില്ല. മറുത്ത് പറഞ്ഞാല്‍ ചേരിയിലെ മേല്‍ക്കൂര പോലും ഇല്ലാതാകുമോ എന്ന് ഭയന്നുവെന്ന് 'പരിവര്‍ത്തന ചടങ്ങി'ല്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നുണ്ട്. ഇത്തരം പരിവര്‍ത്തന യജ്ഞങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് സംഘ് സംഘടനകള്‍ ഇപ്പോള്‍ പറയുന്നത്.


ആനുകൂല്യങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് മത പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആക്ഷേപം ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കു നേര്‍ക്ക് നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് വിദ്യാഭ്യാസത്തിനും സാമൂഹിക ഉന്നമനത്തിനും അവസരമുണ്ടാക്കാന്‍ യത്‌നിക്കുകയും അതുവഴി മതത്തിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയുമാണ് മിഷനറി പ്രവര്‍ത്തകര്‍ സാധാരണനിലയില്‍ ചെയ്യാറ്. സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് പണം നല്‍കാനും അവര്‍ മടികാട്ടാറില്ല. ഇതൊക്കെ പ്രലോഭിപ്പിച്ച് പരിവര്‍ത്തനം സാധ്യമാക്കുന്നുവെന്ന നിര്‍വചനത്തില്‍ വേണമെങ്കില്‍പ്പെടുത്താം. പക്ഷേ, അവരാരും സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പരിവര്‍ത്തിപ്പിക്കാന്‍ ഇറങ്ങിയതായി കേട്ടിട്ടില്ല. ഇവിടെ സംഘ് പരിവാര്‍ സംഘടനകള്‍ അധികാരത്തിലുള്ള സ്വാധീനം ഉയര്‍ത്തിക്കാട്ടി, ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അധികാരത്തിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി ദ്രോഹിക്കാന്‍ സാധിക്കുമെന്ന് പരോക്ഷമായി ഭീഷണിപ്പെടുത്തുക കൂടിയാണ് ഈ സംഘടനകള്‍ ചെയ്യുന്നത്. പ്രലോഭനം മാത്രമല്ല, ഭീഷണിയും 'വീട്ടിലേക്കുള്ള മടക്കം' എന്ന് സംഘ് പരിവാര്‍ വിശേഷിപ്പിക്കുന്ന ഈ പരിവര്‍ത്തന പ്രഹസനത്തിന് പിറകിലുണ്ടെന്ന് ചുരുക്കം.


ക്രിസ്തുമതത്തിലേക്കും ഇസ്‌ലാമിലേക്കുമുള്ള പരിവര്‍ത്തനങ്ങളില്‍, ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന ജാതിസമ്പ്രദായവും അതിന്റെ ഭാഗമായുള്ള അയിത്തം പോലുള്ള ദുരാചാരങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ അവസ്ഥ മാറിയിരിക്കുന്നു,  ഹിന്ദുമതം ഏവര്‍ക്കും സ്വീകാര്യമായ, തുല്യത പ്രദാനം ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നുവെന്ന തോന്നല്‍, പിന്നാക്ക - ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ജനിപ്പിക്കുന്നതിന് വേണ്ടിക്കൂടിയാണ് ആഘോഷത്തോടെയുള്ള പരിവര്‍ത്തനയജ്ഞങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നതും അതിന് വലിയ പ്രചാരം നല്‍കുന്നതും. ക്രിസ്മസ് ദിനം വാജ്പയിയുടെയും മദന്‍ മോഹന്‍ മാളവ്യയുടെയും ജന്മദിനമെന്ന നിലക്ക് 'നല്ല ഭരണ' ദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ നല്‍കുന്ന സന്ദേശം, ഇതര മത വിഭാഗങ്ങളെ ഏത് വിധത്തില്‍ പരിഗണിക്കാനാണ് മോദി സര്‍ക്കാറും സംഘ് പരിവാറും നിശ്ചയിച്ചിരിക്കുന്നത് എന്നതാണ്. വിശുദ്ധദിനങ്ങള്‍ പോലും നിയന്ത്രിക്കപ്പെടുന്ന മതവിഭാഗമായി മാറ്റുക എന്നാല്‍, അപ്രഖ്യാപിതമായ അയിത്തം കല്‍പ്പിക്കുക എന്നാണ് അര്‍ഥം. സാമൂഹികമായി ഇകഴ്ത്തപ്പെടുന്ന ഒരു വിഭാഗത്തില്‍ തുടര്‍ന്ന് പോകേണ്ടതുണ്ടോ എന്നും അവിടേക്ക് പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടോ എന്നും ആലോചിക്കാന്‍ പ്രേരിപ്പിക്കുകയും.


ഇതര മത വിഭാഗങ്ങളുടെ കാര്യത്തിലും സമാനമായ നിയന്ത്രണങ്ങള്‍ വൈകാതെ കൊണ്ടുവന്നേക്കാം. ഹിന്ദുക്കള്‍ക്കാണ് രാജ്യത്ത് മേല്‍ക്കോയ്മ എന്ന് സ്ഥാപിച്ചെടുക്കുകയും ഒരേ പരിഗണന എല്ലാ ജാതി വിഭാഗങ്ങള്‍ക്കും ഉറപ്പാക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നതിലൂടെ വര്‍ഗീയമായ ധ്രുവീകരണം കൂടുതല്‍ ആഴത്തിലാക്കാനാകുമെന്നും 'ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്ര'മെന്ന  ലക്ഷ്യത്തിലേക്ക് നടക്കാന്‍ തുടങ്ങാമെന്നും ആര്‍ എസ് എസ് കണക്ക് കൂട്ടുന്നുണ്ടാകണം. അതിന്റെ ചിഹ്നങ്ങള്‍ നിശ്ചയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഭഗവത്ഗീതയെ ദേശീയ പുസ്തകമാക്കണമെന്ന നിര്‍ദേശം. അതിന്റെ ആക്രമണോത്സുകത ആവര്‍ത്തിച്ച്, ധ്രുവീകരണത്തിന്റെ വേഗം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദു ശൗര്യത്തിന്റെയും അഭിമാനത്തിന്റെയും ഫലമായാണെന്ന പറച്ചിലുകള്‍.


ലക്ഷ്ണരേഖ ലംഘിക്കരുതെന്ന് ഉപദേശിച്ചും പ്രതിഷേധങ്ങളുണ്ടാകുമ്പോള്‍ നിയന്ത്രണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചും ഭരണകൂടം എല്ലാവിഭാഗങ്ങളുടെയും വിശ്വാസ - സംസ്‌കാരധാരകളെ തുല്യമായി കാണുന്നുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഒരു ഭാഗത്തുകൂടെ വിഷം വമിപ്പിക്കുകയും മറുഭാഗത്തുകൂടെ അല്‍പ്പം ജീവവായു നല്‍കി ആശ്വസിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണിത്. വിഷമില്ലാത്ത അന്തരീക്ഷം വേണമെങ്കില്‍ സംഘ് പരിവാറിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന ചിന്തയിലേക്ക് വിവിധ വിഭാഗങ്ങളെ എത്തിക്കാനുള്ള മാര്‍ഗം. സവര്‍ണ ഹിന്ദുത്വത്തിന്റെ കൂടാരത്തിന് പുറത്ത് തമ്പടിക്കുകയല്ലാതെ, മറ്റ് മാര്‍ഗമില്ലെന്ന തോന്നലിലേക്ക് രാജ്യത്തെ ദളിത് - പിന്നാക്ക വിഭാഗങ്ങളെ എത്തിക്കാനുള്ള മാര്‍ഗവും ഇതിലൂടെ തെളിയുമെന്ന് സംഘ് പരിവാര്‍ പ്രതീക്ഷിക്കുന്നുണ്ട്. 'വീട്ടിലേക്ക് മടങ്ങാ'നായി സംഘടിപ്പിക്കപ്പെടുന്ന യജ്ഞങ്ങളെ എതിര്‍ക്കാന്‍ ഏതെങ്കിലും വിഭാഗം തുനിഞ്ഞാല്‍, അതിലൂടെ സൃഷ്ടിക്കപ്പെടാനിടയുള്ള സംഘര്‍ഷം വലിയൊരവസരമാകും സംഘ് പരിവാറിന് തുറന്ന് കൊടുക്കുക. ഗുജറാത്തിലേതിന് സമാനമായ ലാഭവിഹിതം രാജ്യത്ത് ഉറപ്പാക്കുകയും ചെയ്‌തേക്കാം. അത്തരമൊരു സാഹചര്യം തടയാന്‍ പാര്‍ലിമെന്റിനുള്ളിലെ പ്രതിപക്ഷക്കൂട്ടായ്മ കൊണ്ട് മാത്രം സാധിക്കില്ലെന്നതും അതിനപ്പുറത്തേക്കുള്ള കൂട്ടായ്മ മരീചികയാണെന്നതുമാണ് ദുരവസ്ഥ.

2014-12-12

തണ്ടര്‍ബോള്‍ട്ടായും വന്നു പൂതം...


വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്ന് 45 കിലോമീറ്റര്‍ റോഡ് യാത്ര. പിന്നെ ജീപ്പ് മാത്രം സഞ്ചരിക്കുന്ന ഇടവഴി. അതുകഴിഞ്ഞാല്‍ ഒരു കിലോമീറ്ററോളം നടപ്പ്. കുഞ്ഞോം വനത്തോട് ചേര്‍ന്നുള്ള ചപ്പ ആദിവാസി കോളനിയിലെത്തേണ്ടത് ഇങ്ങനെയാണ്. ഇവിടെ ജീവിക്കുന്ന കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും അടിയന്തര വൈദ്യസഹായം വേണ്ടി വന്നാല്‍ ഇതേ വഴി തിരികെ സഞ്ചരിക്കേണ്ടിവരും. അവര്‍ക്ക് വേണ്ട സമയത്ത് ജീപ്പ് കിട്ടിക്കൊള്ളണമെന്നില്ല. ജീപ്പ് കിട്ടിയാല്‍ തന്നെ അതിന്റെ കൂലി നല്‍കാന്‍ കൈയില്‍ പണമുണ്ടാവണമെന്നുമില്ല. ജീപ്പ് യാത്ര അനിവാര്യമായ നാലോ അഞ്ചോ കിലോമീറ്റര്‍ ഇവര്‍ നടന്നോ, രോഗിയെ ചുമന്നോ താണ്ടേണ്ടിവരും. ഇവരുടെ കുടിലുകളിലാണ് കഴിഞ്ഞ കുറേ നാളുകളായി സി പി ഐ (മാവോയിസ്റ്റ്) യുടെ, സായുധരായ പ്രവര്‍ത്തകര്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നുവെന്ന് സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. കഴിഞ്ഞ ദിവസം ചപ്പ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ വെച്ച് തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും (മാവോയിസ്റ്റുകളെ നേരിടാന്‍ കേരള സംസ്ഥാന പോലീസ് പ്രത്യേകം പരിശീലനം നല്‍കി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നവര്‍) സി പി ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നത് ഈ പറച്ചിലിന്റെ ക്ലൈമാക്‌സാണ്.


പല പഞ്ചവത്സര പദ്ധതികള്‍ കടന്നുപോകുകയും പട്ടിക വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ പലത് നടപ്പാക്കപ്പെടുകയുമൊക്കെ കഴിഞ്ഞതിന് ശേഷമാണ് ചപ്പ കോളനി ഈ വിധമിരിക്കുന്നത്. പൊതുസമൂഹവുമായി യോജിച്ച് പോകുന്നതില്‍ ആദിവാസികള്‍ക്കുള്ള വിമുഖത, അവരുടെ പരമ്പരാഗത ജീവിതരീതി നിലനിര്‍ത്തുകയും ആ വംശം അന്യം നിന്ന് പോകാതെ നോക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത, വനവിഭവങ്ങള്‍ ശേഖരിക്കുകയോ പരമ്പരാഗത കൃഷി നടത്തുകയോ ചെയ്യുക എന്നതിനപ്പുറത്തെ തൊഴിലവസരങ്ങളിലേക്ക് അവര്‍ എത്താതിരിക്കുന്നത്- എന്നിങ്ങനെ പലതും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് തടസ്സമായി പറയാനാകും. പക്ഷേ, അവരുടെ ജൈവവ്യവസ്ഥക്ക് ദോഷമുണ്ടാക്കാത്ത വിധത്തില്‍ ഈ കോളനിയിലേക്കൊരു റോഡ് നിര്‍മിക്കുന്നതിന് ഇതൊന്നും തടസ്സമല്ല. സ്വത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ  വികസിത സമൂഹമായി വളരാന്‍ പാകത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും ഇതൊന്നും തടസ്സമല്ല. ഇത് ചപ്പ കോളനിയുടെ മാത്രം സ്ഥിതിയല്ല. ആദിവാസി വിഭാഗങ്ങളുള്ള എല്ലാ പ്രദേശങ്ങളിലേയും സ്ഥിതിയാണ്. പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്ന അട്ടപ്പാടിയുടെ കാര്യമെടുക്കുക. മരണം തുടര്‍ക്കഥയാകുമ്പോള്‍ വാര്‍ത്തയുണ്ടാകും. ഉടന്‍ ഭരണ സംവിധാനത്തിന്റെ പ്രതിനിധികളുടെ സന്ദര്‍ശനമുണ്ടാകും. പ്രതിപക്ഷത്തിന്റെ സമര/ആരോപണ പ്രഹസനങ്ങളുണ്ടാകും. ഇത് രണ്ടും അവസാനിക്കുന്നതോടെ മരണങ്ങളുടെ അടുത്ത പരമ്പരക്കുള്ള കാത്തിരിപ്പ് തുടങ്ങും.


കുഞ്ഞോം വനമേഖല, സി പി ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരുടെ ഒളിത്താവള കേന്ദ്രങ്ങളിലൊന്നാണെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കുകയും ഏറ്റുമുട്ടല്‍ നടന്നതായി തണ്ടര്‍ബോള്‍ട്ട് സംഘം ആണയിടുകയും തീവ്രവാദികളുടെ തൊപ്പിയും കുപ്പായവും കിട്ടിയെന്ന് ഉത്തര മേഖലാ ഡി ഐ ജി സര്‍ട്ടിഫൈ ചെയ്യുകയും അതിനൊക്കെ വലിയ പ്രചാരം മാധ്യമങ്ങളിലൂടെ ലഭിക്കുകയും ചെയ്തതോടെ ഇവിടങ്ങളിലേക്ക് പോലീസിനോ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കോ എളുപ്പത്തില്‍ എത്തിപ്പെടേണ്ട ആവശ്യമുണ്ടായിരിക്കുന്നു. അതുകൊണ്ട് ഇവിടങ്ങളിലേക്ക് ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. മാവോയിസ്റ്റുകളെ നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രി, നേരിടലിന് തടസ്സമായേക്കാവുന്ന ഗതാഗത പ്രശ്‌നം ഇല്ലാതാക്കാന്‍ ബദ്ധശ്രദ്ധനാകേണ്ടതുണ്ട്. മാവോയിസ്റ്റുകളക്കൊണ്ട് ചപ്പ പോലുള്ള കോളനി നിവാസികള്‍ക്ക് ഏറ്റമെളുപ്പത്തിലുണ്ടാകുന്ന നേട്ടം ഇതായിരിക്കും.


ചപ്പ കോളനിയില്‍ മാവോയിസ്റ്റുകള്‍ വന്നുംപോയുമിരിക്കുന്നുവെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഈ പോക്കുവരത്തുകാരെക്കൊണ്ട് എന്തെങ്കിലും പ്രയാസം നേരിട്ടതായി കോളനിവാസികളിലാരും ഇതുവരെ പറഞ്ഞിട്ടില്ല. കൊല്ലുമെന്ന് ഭീഷണിയുള്ളതിനാല്‍ പുറത്ത് പറയുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ബോള്‍ട്ടായും അല്ലാതെയും കോളനികളിലേക്ക് എത്തുന്ന പോലീസുകാരെക്കൊണ്ട് പ്രയാസങ്ങളുണ്ടെന്ന് പറയാന്‍ കോളനിക്കാര്‍ മടിക്കുന്നില്ല. പോലീസുകാര്‍ ഭീഷണിപ്പെടുത്താത്തതുകൊണ്ട്, കോളനിവാസികള്‍ക്ക് അത് തുറന്ന് പറയാന്‍ സാധിക്കുന്നുവെന്ന്, രാജ്യത്തെ പോലീസുകാരെക്കുറിച്ച് കേട്ടറിവുള്ളവരാരും പറയാനിടയില്ല. മാവോയിസ്റ്റ് അനുകൂലിയെന്ന മുദ്രകുത്തി ആരെയും കേസില്‍ക്കുടുക്കാന്‍ പോലീസുകാര്‍ക്ക് മടിയില്ലെന്നതിന് ജീവിക്കുന്ന തെളിവുകളുണ്ട്. അനുകൂലിയെന്ന മുദ്രക്ക് തെളിവായി ലഘുലേഖകളോ നോട്ടീസുകളോ ഒക്കെ 'കണ്ടെടുക്കുന്ന'തില്‍ പോലീസുകാര്‍ക്ക് ബുദ്ധിമുട്ടേറെയൊട്ടില്ലതാനും. എന്നിട്ടും മാവോയിസ്റ്റുകളെക്കൊണ്ടുള്ള ഉപദ്രവത്തെക്കുറിച്ച് പറയാതിരിക്കുന്ന കോളിനിവാസികള്‍ പോലീസുകാരെക്കൊണ്ടുള്ള ഉപദ്രവത്തെക്കുറിച്ച് പറയുന്നുവെങ്കില്‍ പ്രശ്‌നം ആര്‍ക്കെന്ന ചോദ്യം ഉത്തരമില്ലാതെ പ്രധാനമായി നില്‍ക്കും.


കുഞ്ഞോം വനത്തിലുണ്ടെന്ന് പറയുന്ന മാവോയിസ്റ്റുകളില്‍ കേരള പോലീസ് ചിത്ര സഹിതവും അല്ലാതെയും നല്‍കിയ പട്ടികയിലുള്ളവരുണ്ടാകാമെന്നും അവര്‍ വനത്തിലൂടെ കുറ്റിയാടിയിലേക്കിറങ്ങാനിടയുണ്ടെന്നും പറഞ്ഞാണ് താഴ്‌വരയിലും തെരച്ചില്‍ ആരംഭിച്ചത്. താഴ്‌വരയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്വാറിക്കുനേര്‍ക്ക് മുന്‍കാലത്ത് നടന്ന ആക്രമണവും അതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മാവോയിസ്റ്റുകള്‍ പുറപ്പെടുവിച്ച ദൃശ്യ - അച്ചടി സന്ദേശങ്ങളും ഓര്‍മയിലുള്ളതിനാല്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടുവെന്നതിന് തെളിവായി പക്രന്തളത്തു നിന്ന് വെടിയൊച്ച ഉയര്‍ന്നതായി ആകാശവീഥിയില്‍ അരുളപ്പാടുമുണ്ടായി.  രാജ്യത്തെ ഭരണ സംവിധാനങ്ങളെയാകെ ഒളിച്ച്, വനാന്തരത്തില്‍ നിന്ന് വനാന്തരങ്ങളിലേക്ക് യാത്ര തുടരുന്ന മാവോയിസ്റ്റുകള്‍, തെരയുന്ന ബോള്‍ട്ട് സംഘാംഗങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആനന്ദാതിരേകത്താല്‍ വെടിയുതിര്‍ത്തുവെന്ന റിപ്പോര്‍ട്ട്, എല്ലാ വിവരങ്ങളും മുന്‍കൂട്ടി അറിയുന്ന ഇന്റലിജന്‍സ് വിഭാഗക്കാരില്‍പ്പോലും ഉള്‍പ്പുളകമുണ്ടാക്കിയത്രെ!


കേരളത്തിലെത്ര ക്വാറികളുണ്ട്? അതില്‍ അധികൃതമെത്ര, അനധികൃതമെത്ര? കണക്ക് കൃത്യമായുണ്ട് സംസ്ഥാന സര്‍ക്കാറിന്റെ പക്കല്‍. പലജാതി വ്യവഹാരങ്ങളുടെ ഭാഗമായി ഈ കണക്ക് ഉന്നത നീതിപീഠത്തിന്റെ മുന്നില്‍ എത്തിയിട്ടുമുണ്ട്. എന്നിട്ടും അനധികൃതങ്ങള്‍ അധികൃതങ്ങളേക്കാള്‍ വേഗത്തിലും താളത്തിലും പ്രവര്‍ത്തിക്കുന്നു. ഈ ഖനന പ്രക്രിയ, പരിസരവാസികള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ച് പരാതികളുടെ പ്രളയമുണ്ട്. പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠനങ്ങളുണ്ട്. ഇല്ലാതാകുന്ന ജൈവവൈവിധ്യം വരുംതലമുറകള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ച് മുന്നറിയിപ്പുകളുമുണ്ട്. എന്നിട്ടും അനധികൃതങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാറുകള്‍ തയ്യാറാകാറില്ല. അതിന് കാരണമെന്തെന്ന് അറിയണമെങ്കില്‍ പത്തനംതിട്ടയിലെ ക്വാറികളാല്‍ സമൃദ്ധമായ പഞ്ചായത്തിലെത്തിയാല്‍ മതി. പഞ്ചായത്തംഗങ്ങളുടെയൊക്കെ സ്വത്ത് നാല് വര്‍ഷം കൊണ്ട് പലമടങ്ങ് ഇരട്ടിച്ചു.

അനധികൃത ക്വാറികള്‍, അത് നടത്തുന്നതിന് ഭരണതലത്തില്‍ നിന്ന് ലഭിക്കുന്ന ഒത്താശ, അതിന് വേണ്ടി നല്‍കപ്പെടുന്ന കൈക്കൂലി, ക്വാറികള്‍ അനധികൃതമായതുകൊണ്ട് തന്നെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ വെട്ടിക്കപ്പെടുന്ന നികുതി എന്നിങ്ങനെ പല കാരണങ്ങളാല്‍ വിപണി, അധോലോകത്തേതാണ്. അതുകൊണ്ട് തന്നെ ക്രയവിക്രയം ചെയ്യപ്പെടുന്ന പണം കള്ളപ്പണമാണ്.


അനധികൃത പ്രവര്‍ത്തനങ്ങളേയും അധോലോക വിപണിയേയും സംരക്ഷിക്കാന്‍ യാതൊരു മടിയും കാട്ടാത്ത ഭരണകൂടമാണ്, അനധികൃത ക്വാറിക്കു നേര്‍ക്ക് ആക്രമണം നടത്തിയെന്നതിന്റെ പേരില്‍ മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെടുന്നവരുടെ പേരില്‍ (അവരാണെന്നതിന് അവരുടെ അവകാശവാദമല്ലാതെ പോലീസിന്റെ പക്കല്‍ തെളിവൊന്നുമില്ലെന്നാണ് ഇതുവരെയുള്ള വിവരം) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ക്കുമേലല്ലേ ഈ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തേണ്ടത് എന്ന് തിരികെച്ചോദിക്കരുത്. കാരണം, ആ ചോദ്യം മാവോയിസ്റ്റുകളെ ന്യായീകരിക്കുന്നതും അവരെ ഭരണകൂടം ഭീകരവാദികളായി പ്രഖ്യാപിച്ചിരിക്കയാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതുമാകും.


സംസ്ഥാനത്തെ ആദിവാസിക്കുട്ടികളൊഴിച്ചാല്‍, ബാക്കി പ്രദേശങ്ങളൊക്കെ ഏറെക്കുറെ നഗരവത്കരിക്കപ്പെടുകയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലങ്ങളെ ആവോളം പാനം ചെയ്യാന്‍ പാകത്തില്‍ ജനം പാകപ്പെടുകയും ചെയ്തതാണ് കേരളം. ഇതിനകം കിട്ടിയതിന് പുറത്തുള്ള സുഖസൗകര്യങ്ങളെന്തൊക്കെ എന്ന് അന്വേഷിക്കുന്നതില്‍ മുഴുകിക്കഴിയുന്ന ജനതയും പീഡനക്കേസില്‍ പ്രതികളാകാന്‍ മത്സരിക്കുന്ന പുരുഷന്‍മാരുമുള്ള നാട്. അവര്‍ക്കിടയില്‍ സായുധ വിപ്ലവത്തിന്റെ വിത്ത് പാകാന്‍ മാവോയിസ്റ്റുകളെത്തുമെന്ന് പ്രതീക്ഷിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അബദ്ധമാണ്. അഥവാ എത്തിയാല്‍ തന്നെ, അവരെ ഒറ്റുകൊടുത്ത് ഭരണകൂടം പ്രഖ്യാപിച്ച പാരിതോഷം കൈപ്പറ്റാന്‍ വരിനില്‍ക്കും നമ്മുടെ ജനം. ചപ്പ പോലുള്ള കോളനികളിലൊക്കെ, സി പി ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ വന്നുപോയിട്ടുണ്ടാകാം. ഉള്ളതിലോരി കോളനിവാസികള്‍ കൊടുത്തിട്ടുമുണ്ടാകാം. അത് മാവോയിസ്റ്റുകളാണെന്ന് അറിഞ്ഞിട്ടോ, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് 'ഞാളു'ടെ ദുരിതം മാറി, നല്ലകാലം വരുമെന്ന് പ്രതീക്ഷിച്ചിട്ടോ ആകണമെന്നില്ല. അലഞ്ഞെത്തി, അന്നം ചോദിക്കുന്നവര്‍ക്ക് മുന്നില്‍ ഇല്ലെന്ന് പറയാനുള്ള പ്രയാസം കൊണ്ടാകണം. അല്ലെങ്കില്‍ ഇവരുടെ പക്കലുണ്ടെന്ന് പറയുന്ന തോക്കു കണ്ട് ഭയന്നിട്ടാകണം. കാട്ടില്‍ വേട്ടക്കോ കഞ്ചാവ് കൃഷിക്കോ ഇറങ്ങിയവര്‍ തോക്കുമായെത്തിയാലും ഇവര്‍ അന്നം കൊടുത്തുപോകും. അട്ടപ്പാടി മലനിരകളില്‍ കഞ്ചാവ് കൃഷിക്കിറങ്ങിയവര്‍ (ഇതിനും ഭരണകൂടത്തിന്റെ ഒത്താശ ഇല്ലെന്ന് കരുതാനാകില്ല) ഊരുകളിലെ സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ സമ്മാനിച്ച് മടങ്ങുന്നത് പഴങ്കഥയല്ലാത്തതിനാല്‍ ഈ സാധ്യതയും കാണാതിരിക്കാനാകില്ല.


ഇതൊക്കെ മുന്നില്‍ നില്‍ക്കെയാണ് മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍വ സജ്ജമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്. ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ പരേതരുടെതടക്കം ചിത്രങ്ങളുമായി വാര്‍ത്തകള്‍ ഊയലാടുന്നത്. വാഗ്ദത്ത ഭൂമി എവിടെ എന്ന് ചോദിച്ച് ആദിവാസികള്‍ സെക്രട്ടേറിയറ്റ് നടയില്‍ നില്‍പ്പ് തുടരുന്നത്.!

2014-12-09

സാധ്വി നല്‍കുന്ന പാഠങ്ങള്‍!


2003ല്‍ കോഴിക്കോട്ടെ മുതലക്കുളം മൈതാനത്ത് വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര സെക്രട്ടറി ജനറള്‍ പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗം പ്രകോപനപരവും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതും ആയിരുന്നുവെന്ന് ആരോപിച്ച് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് മൂലം കോടതി തീര്‍പ്പാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. മാറാട്ട് ആദ്യമുണ്ടായ ആക്രമണത്തിന് പ്രതികാരമെന്നോണമുണ്ടായ രണ്ടാമത്തെ ആക്രമണത്തിന് ശേഷം പ്രദേശത്തു നിന്ന് ഒരു വിഭാഗം കൂട്ടത്തോടെ പുറത്താക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രവീണ്‍ തൊഗാഡിയ മുതലക്കുളത്ത് പ്രസംഗിച്ചത് എന്നത് കൊണ്ടു തന്നെ രജിസ്റ്റര്‍ ചെയ്ത കേസിന് ഗൗരവം ഏറെയുണ്ട്. പ്രസംഗിച്ചത് തൊഗാഡിയയായതുകൊണ്ടു തന്നെ അതില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താന്‍ പാകത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനും ഇടയില്ല. ഈ കേസാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതുകൊണ്ട് കോടതി തീര്‍പ്പാക്കിയെന്ന്, പത്ത് വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത്.


കോടതിയുടെ തീര്‍പ്പുണ്ടാകും മുമ്പ് തന്നെ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നതാണ് വസ്തുത. മാറാട് സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടാക്കിയ സമാധാനക്കരാറിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചതെന്നും ഇക്കാര്യം തനിക്ക് അറിവുള്ളതാണെന്നും ഇതേ മുഖ്യമന്ത്രി തന്നെ നേരത്തെ വിശദീകരിച്ചിരുന്നു. മാറാട്ടുണ്ടായ സംഘര്‍ഷം ഇല്ലാതാക്കാന്‍ പ്രദേശവാസികളും അവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ, സാമൂഹിക സംഘടനകളും തമ്മിലുണ്ടാക്കുന്ന ധാരണകളില്‍ എങ്ങനെയാണ് വര്‍ഗീയ വിദ്വേഷം വളര്‍ത്തിയെടുക്കാന്‍ പാകത്തില്‍ പ്രസംഗിച്ച പുറംനാട്ടുകാരനെതിരായ കേസ് പിന്‍വലിക്കല്‍ ഉള്‍പ്പെടുന്നത് എന്നത് വ്യക്തമല്ല. എന്തായാലും കേസ് പിന്‍വലിക്കാന്‍ ശ്രമമുണ്ടായെന്നതും ചാര്‍ജ് ഷീറ്റ് കൃത്യസമയത്ത് സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സി മെനക്കെടാതിരുന്നത് മൂലം കേസ് കോടതി തീര്‍പ്പാക്കിയെന്നതും യാഥാര്‍ഥ്യമായി നമ്മുടെ മുന്നിലുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്തുകൊണ്ട് വൈകിയെന്ന് മുഖ്യമന്ത്രി വിശദീകരണം നല്‍കിയിട്ടില്ല. കേസിലെ ആരോപണ വിധേയര്‍ കോടതിയില്‍ ഹാജരാകാതിരുന്നത് സംബന്ധിച്ച് കോടതി തന്നെ പലകുറി ഓര്‍മപ്പെടുത്തിയിട്ടും ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പോലീസ് എന്തുകൊണ്ട് ശ്രമിച്ചില്ല എന്നതിനും മുഖ്യമന്ത്രി ഉത്തരം നല്‍കുന്നില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം കോടതി മുമ്പാകെ വിശദീകരിച്ച്, കേസിന്റെ വിചാരണ നടത്താന്‍ ശ്രമിച്ചോ എന്നതിലും വിശദീകരണമില്ല.


പ്രസംഗം നടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു ഡി എഫായിരുന്നു ഭരണത്തില്‍. പിന്നീട് അഞ്ച് കൊല്ലം സി പി എമ്മിന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് ഭരിച്ചു. പിന്നെ വീണ്ടും യു ഡി എഫ് വന്നതിന് ശേഷമാണ് കോടതി കേസ് തീര്‍പ്പാക്കിയതും അതിന് മുമ്പ് പിന്‍വലിക്കാന്‍ ശ്രമം നടന്നതും. കുറ്റപത്രം സമര്‍പ്പിക്കുന്നതിലും ആരോപണവിധേയരെ ഹാജരാക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയുടെ രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസിനോ സി പി എമ്മിനോ കഴിയില്ലെന്ന് ചുരുക്കം. ക്രിമിനല്‍ കേസിനപ്പുറത്ത്, വര്‍ഗീയ വിദ്വേഷം വളര്‍ത്തി നേട്ടമുണ്ടാക്കുക എന്ന സംഘ് അജന്‍ഡയുടെ ഭാഗമാണ് ഈ പ്രസംഗമെന്ന രാഷ്ട്രീയം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന പാര്‍ട്ടികളും അതിന്റെ നേതാക്കളും വീഴ്ചകാട്ടിയെന്ന് ചുരുക്കം.


2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ പിലിഭിത്തില്‍ നിന്ന് മത്സരിച്ച വരുണ്‍ ഗാന്ധി നടത്തിയ പ്രസംഗങ്ങളില്‍ പലതും പ്രകോപനപരവും വര്‍ഗീയതയെ ആളിക്കത്തിക്കുന്നതുമായിരുന്നു. ഹിന്ദുക്കള്‍ ദുര്‍ബലരാണെന്ന് ആരും കരുതേണ്ടെന്നും ഹിന്ദുക്കള്‍ക്കെതിരെ വിരലുയര്‍ന്നാല്‍ അത് വെട്ടിനീക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നുമൊക്കെ, സഞ്ജയ് ഗാന്ധിയുടെ മകന്‍ ആക്രോശിച്ചിരുന്നു. ഇതേച്ചൊല്ലി കേസും അറസ്റ്റുമൊക്കെയുണ്ടായി. കോടതിക്ക് മുന്നില്‍ വന്നപ്പോള്‍ സാക്ഷികള്‍ കൂറുമാറി, പ്രസംഗം റെക്കോര്‍ഡ് ചെയ്ത സി ഡിയില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് വരുണിന്റെ അഭിഭാഷകര്‍ വാദിച്ചു. കേസ് ഏറെക്കുറെ അട്ടിമറിക്കപ്പെടുകയും 2014ല്‍ വരുണ്‍ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.


ഉത്തര്‍ പ്രദേശ് മായാവതിയും കേന്ദ്രം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എയും ഭരിക്കുന്ന കാലത്താണ് ഇതൊക്കെ നടന്നത്. വര്‍ഗീയവിദ്വേഷം വളര്‍ത്തുംവിധത്തില്‍ പ്രസംഗിച്ച നേതാവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാകത്തില്‍ കേസ് നടത്തിപ്പ് കാര്യക്ഷമമാക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റാന്‍ ബി എസ് പിക്കും കോണ്‍ഗ്രസിനും സാധിച്ചില്ലെന്ന് ചുരുക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തെ വര്‍ഗീയവത്കരിക്കുന്നത് തടയാന്‍ പാകത്തിലുള്ള ശക്തമായ നിയമവ്യവസ്ഥകള്‍ ജനപ്രാതിനിധ്യ നിയമത്തിലില്ലാത്തതും ഉള്ള വ്യവസ്ഥകള്‍ വേണ്ടുംവണ്ണം ഉപയോഗിക്കാനുള്ള ഇച്ഛാശക്തി തെരഞ്ഞെടുപ്പിന്റെ നടത്തിപ്പുകാര്‍ക്കില്ലാത്തതും കൂടിയായപ്പോള്‍ സംഗതികള്‍, വരുണ്‍ ഗാന്ധിയെ സംബന്ധിച്ച് എളുപ്പമായി.


പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ പേരിലുമുണ്ടായിരുന്നു സമാനമായ ആരോപണങ്ങള്‍. അത്തരം കേസുകള്‍ പലതും സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതുകൊണ്ട് തള്ളിപ്പോകുകയാണ് ചെയ്തത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ ഒമ്പതരവര്‍ഷത്തെ വിചാരണത്തടവിന് ശേഷം കുറ്റവിമുക്തനാക്കപ്പെട്ടപ്പോള്‍, താന്‍ മുന്‍കാലത്ത് നടത്തിയ പ്രസംഗങ്ങളില്‍ പലതും അതിരുവിട്ടുപോയെന്നും വികാരം വിവേകത്തെ കീഴടക്കിയ കാലത്ത് സംഭവിച്ച വീഴ്ചകളാണെന്നും ഏറ്റുപറയാനുള്ള മര്യാദ മഅ്ദനി കാട്ടിയതുകൊണ്ട് കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരുന്ന സര്‍ക്കാര്‍ നടപടിയെ ഒരു പരിധിവരെ ന്യായീകരിക്കാനാകും. തൊഗാഡിയയോ വരുണ്‍ ഗാന്ധിയോ ഒന്നും ഇത്തരമൊരു ഏറ്റുപറച്ചിലിന് തയ്യാറായില്ലെന്ന് മാത്രമല്ല, വര്‍ഗീയ വിഷം വമിപ്പിക്കുന്ന രീതി തരംകിട്ടുമ്പോഴൊക്കെ ആവര്‍ത്തിക്കുകയും ചെയ്യുന്നു.


ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം, കേന്ദ്ര മന്ത്രിയും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ജനപ്രതിനിധിയുമായ സാധ്വി നിരഞ്ജന ജ്യോതിയുടെ പ്രസംഗത്തെ കാണേണ്ടത്. ഡല്‍ഹി ഭരിക്കേണ്ടത് രാമന്റെ മക്കളാണോ അതോ പിതൃശൂന്യരാണോ എന്ന് സാധ്വി ചോദിക്കുമ്പോള്‍, കാലങ്ങളായി സംഘ്പരിവാരത്തിന്റെ നേതാക്കള്‍ പരോക്ഷമായി ചോദിച്ചിരുന്നത് പ്രത്യക്ഷത്തില്‍ വരുന്നുവെന്ന വ്യത്യാസമേ സംഭവിക്കുന്നുള്ളൂ. ഭൂരിപക്ഷ വര്‍ഗീയതയെ ഉണര്‍ത്തി വളര്‍ത്തി, അധികാരം പിടിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുക എന്നത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) രൂപവത്കരിച്ച കാലം മുതലുള്ള അജന്‍ഡയാണ്. അതിന് പാകത്തില്‍ പല സംഘടനാ രൂപങ്ങള്‍ക്കും സംഘ് നേതൃത്വം രൂപം നല്‍കിയിട്ടുണ്ട്. ഉദ്ദിഷ്ടകാര്യം നേടിക്കൊടുക്കാന്‍  പാകത്തിലുള്ളവരെ അതിന്റെ നേതൃത്വങ്ങളിലേക്ക് നിയോഗിച്ചിട്ടുമുണ്ട്. പ്രവീണ്‍ തൊഗാഡിയ, ഉമാ ഭാരതി, സാധ്വി റിതംബര, എല്‍ കെ അഡ്വാനി, നരേന്ദ്ര മോദി എന്നിങ്ങനെ ആ നേതൃപട്ടികയെ നീട്ടാനാകും. ഇവര്‍ എല്ലാവരും തന്നെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വര്‍ഗീയ ധ്രുവീകരണം സാധിച്ചെടുക്കാനുള്ള പങ്ക് വഹിച്ചിട്ടുമുണ്ട്.


അയോധ്യയിലേക്കുള്ള രഥയാത്രയും അതിന്റെ പാര്‍ശ്വങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ആസൂത്രിത കലാപവുമായിരുന്നു അഡ്വാനിയുടെ പങ്ക്. രാമക്ഷേത്ര നിര്‍മാണമാവശ്യപ്പെട്ട് നടന്ന വിവിധ പ്രചാരണ കോലാഹലങ്ങളില്‍ നടത്തിയ വിഷമേറിയ വാഗ്‌ധോരണികളായിരുന്നു ഉമാഭാരതിയുടെയും സാധ്വി റിതംബരയുടെയും പങ്ക്. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പോയി തരാതരം വര്‍ഗീയ വിഷം വമിപ്പിച്ചതാണ് പ്രവീണ്‍ തൊഗാഡിയയുടെ പങ്ക്. ഗുജറാത്തിലെ വംശഹത്യക്കും അതിന് ശേഷം നടന്ന ആസൂത്രിതമായ വ്യാജ ഏറ്റുമുട്ടലുകളുമാണ് നരേന്ദ്ര മോദിയുടെ പങ്ക്. ആ പട്ടികയില്‍ ഇത്രകാലം അറിയപ്പെടാതിരുന്ന ഒരു പേര് മാത്രമാണ് സാധ്വി നിരഞ്ജന ജ്യോതി. മുന്‍ചൊന്ന നേതാക്കളുടെ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ സാധ്വിയുടെ ഇപ്പോഴത്തെ സംഭാവന തുച്ഛമാണെന്ന് കരുതേണ്ടിവരും. പക്ഷേ, ഈ വാക്കുകള്‍ ഉച്ചരിക്കപ്പെട്ട സാഹചര്യവും കാലവും പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്.


നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ തന്നെ, കാവിവത്കരണത്തിനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള  ആശങ്കകള്‍ ഉയര്‍ന്നിരുന്നു. സാമ്പത്തിക പരിഷ്‌കരണത്തിന്റെ വേഗം കൂട്ടാനും രാജ്യത്തെ ഉത്പാദന കേന്ദ്രമായി മാറ്റാനുമൊക്കെയുള്ള പരിപാടികളെക്കുറിച്ച് ഭരണനേതൃത്വം വാചാലരാകുകയും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിനെ നിയന്ത്രിക്കാനില്ലെന്ന് ആര്‍ എസ് എസ് പറയുകയും ചെയ്തപ്പോള്‍, കാവിവത്കരണ ശ്രമങ്ങള്‍ പ്രതീക്ഷിച്ച വേഗത്തിലുണ്ടാകില്ലെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍, സംഘ് പരിവാര്‍ അജന്‍ഡകളുടെ നടപ്പാക്കലിന് വേഗം കൂടുന്നതാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ ഒഴിവാക്കി സംസ്‌കൃതം ഉള്‍പ്പെടുത്താനുള്ള ശ്രമം, പാഠ്യപദ്ധതി രാജ്യത്തിന്റെ 'യഥാര്‍ഥ ചരിത്രം' ഉള്‍ക്കൊള്ളുന്നതായി മാറ്റുന്നതിനുള്ള സംഘ് ബന്ധുക്കളുടെ ശിപാര്‍ശ, അതിനോട് ഭരണകൂടം സ്വീകരിക്കുന്ന അനുകൂല നിലപാട്, അത്തരം ചരിത്ര നിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നവരെ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത്, ശാസ്ത്ര ഗവേഷണത്തിന്റെ ഫലങ്ങളൊക്കെ ഇന്ത്യന്‍ പുരാണങ്ങളിലും വേദങ്ങളിലുമൊക്കെ പരാമര്‍ശിക്കപ്പെട്ടിരുന്നതാണെന്നുള്ള ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍, ഭഗവത് ഗീതയെ ദേശീയ പുസ്തകമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തുടങ്ങിയവയൊക്കെ അരങ്ങേറുന്നതിനിടയിലാണ് രാമന്റെ മക്കളും പിതൃശൂന്യരുമായി ജനത്തെ, മന്ത്രി വിഭജിച്ച് നിര്‍ത്തുന്നത്.


ഇനിയങ്ങോട്ട് രാജ്യത്ത് ജീവിക്കണമെങ്കില്‍ രാമന്റെ മക്കളുടെ പക്ഷത്ത് നില്‍ക്കണമെന്ന പരസ്യമായ പ്രഖ്യാപനമായി വേണം ഇതിനെ കാണാന്‍. അല്ലാത്തവരൊക്കെ രാജ്യത്തെ ഒറ്റുകൊടുക്കുന്നവരോ അനധികൃതരോ ആകുമെന്നും. തന്റെ പ്രസ്താവനക്ക് നല്‍കിയ വിശദീകരണത്തില്‍ പിതൃശൂന്യരെന്ന പ്രയോഗത്തിലൂടെ താനുദ്ദേശിച്ചത് രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെയും അനധികൃതരെയുമാണെന്ന് വ്യക്തമാക്കിയപ്പോള്‍ സന്ദേശം കുറേക്കൂടി വ്യക്തമാകുകയും ചെയ്തു. ഗ്രാമത്തില്‍ നിന്നുള്ള നേതാവാണ് സാധ്വിയെന്ന് നരേന്ദ്ര മോദി വിശദീകരിക്കുമ്പോള്‍, ഗ്രാമീണതലം മുതല്‍ പ്രവര്‍ത്തകര്‍ക്ക് സംഘ് പരിവാരം നല്‍കുന്ന പാഠം ഇതാണെന്ന് കൂടിയാണ് അര്‍ഥം. ആ പാഠങ്ങളെ കുറേക്കൂടി സമഗ്രവും സുഘടിതവും സാര്‍വത്രികവുമാക്കാനുള്ള നീക്കങ്ങള്‍ അരങ്ങേറുമ്പോഴാണ് ഇത്തരം പരസ്യ പ്രഖ്യാപനങ്ങളുണ്ടാകുന്നത്. സാധ്വിയുടെവാക്കുകളെച്ചൊല്ലി പാര്‍ലിമെന്റ് സ്തംഭിപ്പിക്കാന്‍ മുന്‍കൈ എടുത്തവര്‍, വര്‍ഗീയ വിദ്വേഷം ജനിപ്പിക്കാനുതകും വിധത്തിലുള്ള പ്രസംഗങ്ങളോട് മുന്‍കാലത്തെടുത്ത നിലപാടുകള്‍ കൂടി വിമര്‍ശ വിധേയമാക്കേണ്ടതുണ്ട്. പുതിയ പാഠങ്ങള്‍ക്കുള്ള ശ്രമങ്ങളോട് രാഷ്ട്രീയമായി പ്രതികരിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പാര്‍ലിമെന്റിലെ ബഹളത്തിനപ്പുറത്ത്, ഈ രാഷ്ട്രീയത്തെ ചെറുക്കാന്‍ മണ്ണില്‍ എന്താണ് ചെയ്യുന്നത് എന്നും.

2014-12-02

ഒരു സൗകര്യക്കരാര്‍


ലോക വ്യാപാര സംഘടന (വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ - ഡബ്ല്യു ടി ഒ) അതിന്റെ ചരിത്രത്തില്‍ ആദ്യമായി, ഒരു കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിലേക്ക് അടുക്കുകയാണ്. വ്യാപാര സൗകര്യ കരാര്‍ (ട്രേഡ് ഫെസിലിറ്റേഷന്‍ എഗ്രിമെന്റ് - ടി എഫ് എ) ഒപ്പിടാന്‍ അവസരമൊരുങ്ങുന്നതോടെ, പ്രസക്തി ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിയില്‍ നിന്ന് തത്കാലത്തേക്കെങ്കിലും ഡബ്ല്യു ടി ഒ രക്ഷപ്പെടുകയാണ്. 19 വര്‍ഷം നീണ്ട തര്‍ക്കങ്ങള്‍ക്കും പരിഹാരം തേടിയുള്ള കൂടിയാലോചനകള്‍ക്കും ശേഷമാണ് ടി എഫ് എക്ക് ഡബ്ല്യു ടി ഒയുടെ പൊതുസഭ അംഗീകാരം നല്‍കിയത്. അംഗരാഷ്ട്രങ്ങളുടെ സര്‍ക്കാറുകളുടെ ഔപചാരിക അംഗീകാരം കൂടി ലഭിക്കുന്നതോടെ കരാര്‍ പ്രാബല്യത്തിലാക്കാനാകും. ഇത് ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്.


ഭക്ഷ്യമേഖലക്കുള്ള സബ്‌സിഡി പത്ത് ശതമാനമായി നിജപ്പെടുത്തണമെന്നും വിപണി വില നിയന്ത്രിച്ച് നിര്‍ത്താനുള്ള ഉപാധി എന്ന നിലക്കുള്ള പൊതു സംഭരണം നിയന്ത്രിക്കണമെന്നുമുള്ള ടി എഫ് എയിലെ വ്യവസ്ഥകളെ ഇന്ത്യ ശക്തമായി എതിര്‍ത്തതായിരുന്നു കരാര്‍ അംഗീകരിക്കുന്നതിനുള്ള അവസാനത്തെ കടമ്പ. ഇക്കാര്യത്തില്‍ ഉന്നയിച്ച ആശങ്കകള്‍ ശരിവെക്കുകയും വേണ്ട ഇളവുകള്‍ നല്‍കുകയും ചെയ്താണ് ടി എഫ് എക്ക് പൊതുസഭ അംഗീകാരം നല്‍കിയതെന്ന് ഇന്ത്യയുടെ വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ അവകാശപ്പെടുന്നു. അന്താരാഷ്ട്ര വ്യാപാര കരാറുകളുടെ കാര്യത്തില്‍ രാജ്യം അടുത്തിടെ കൈവരിച്ച വലിയ വിജയമായാണ് ഇതിനെ വിശേഷിപ്പിക്കുന്നതും.


സബ്‌സിഡിത്തോത് 10 ശതമാനമായി നിജപ്പെടുത്താനും പൊതുസംഭരണം നിയന്ത്രിക്കാനുമുള്ള സമയപരിധി 2017 എന്നാണ് ബാലിയില്‍ ചേര്‍ന്ന ഡബ്ല്യു ടി ഒ സമ്മേളനം നിര്‍ദേശിച്ചിരുന്നത്. കരാര്‍ പ്രാബല്യത്തിലാക്കി നാല് വര്‍ഷം എന്ന് ഇത് പിന്നീട് ഭേദഗതി ചെയ്തു. സമാന വേവലാതി പങ്കുവെക്കുന്ന വികസ്വരരാഷ്ട്രങ്ങള്‍ക്കും അവികസിത രാഷ്ട്രങ്ങള്‍ക്കുമൊപ്പം ഇന്ത്യ ഉയര്‍ത്തിയ പ്രതിരോധത്തെത്തുടര്‍ന്ന്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സ്ഥിരം സംവിധാനമുണ്ടാകും വരെ നിലവിലുള്ള സബ്‌സിഡി, സംഭരണ രീതികള്‍ തുടരാമെന്നാണ് ഒടുവില്‍ ധാരണയായിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇത് ആശ്വാസകരവും ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരവുമായി വ്യാഖ്യാനിക്കാനാകും. അതാണ് നിര്‍മല സീതാരാമന്‍ ചെയ്യുന്നത്.


വ്യാപാര സൗകര്യ കരാര്‍ പൊതുവിലെടുക്കുമ്പോള്‍ അത് രാജ്യത്തിന് എത്രത്തോളം ഗുണകരമാകുമെന്നതിനെയും സബ്‌സിഡികള്‍ കുറച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ (യു പി എ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ചത്, നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് വേഗം പ്രാപിക്കുന്നതാണ് കാഴ്ച) നടപടികള്‍ സ്വീകകരിച്ച് വരികയാണെന്നതിനെയും കണക്കിലെടുക്കേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊരു സ്ഥിരം സംവിധാനമെന്ന പുതിയ കാഴ്ചപ്പാട് എത്രത്തോളം അമൂര്‍ത്തവും അപ്രായോഗികവുമാണെന്നതും. ഇറക്കുമതിത്തീരുവകള്‍ ഏകീകരിച്ച്, വ്യാപാരത്തിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുക എന്നത് തന്നെയാണ് ടി എഫ് എയുടെ കാതല്‍, തീരുവകള്‍ ഏകീകരിക്കുന്നതിനൊപ്പം വിപണിയിലെ മത്സരത്തിന് വിഘാതമാകുന്ന നിയന്ത്രണങ്ങള്‍ നീക്കുക എന്നതും. അതുകൊണ്ടാണ് സബ്‌സിഡികള്‍ പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം  കരാറില്‍ ഉള്‍പ്പെടുത്തിയതും. ഇതില്‍ ഭക്ഷ്യമേഖലയെ മാത്രമാണ് തത്കാലത്തേക്ക് സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കുക. മറ്റ് ഉത്പന്നങ്ങളുടെ കാര്യത്തിലൊന്നും ഇത് ബാധകമാകുകയില്ല.


കൈത്തറി ഉത്പന്നങ്ങളെ ഉദാഹരണമായി എടുക്കാം. ആഭ്യന്തര - വിദേശ കമ്പനികളുടെ ഉത്പന്നങ്ങളോടും കൊട്ടിഘോഷിക്കപ്പെടുന്ന ബ്രാന്‍ഡുകളോടും മത്സരിച്ച് വിപണി പിടിക്കാന്‍ കൈത്തറിക്ക് സാധിക്കില്ല. അതുകൊണ്ടാണ് അസംസ്‌കൃതവസ്തുക്കള്‍ക്ക് നികുതി ഇളവ് നല്‍കിയും കാലാകാലങ്ങളില്‍ റിബേറ്റ് പ്രഖ്യാപിച്ചും ഈ വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാറുകളും ഇത്തരം ശ്രമങ്ങള്‍ നടത്താറുണ്ട്. കൈത്തറി വ്യവസായത്തെ ഉപജീവിക്കുന്ന ലക്ഷക്കണക്കിനാളുകളെ പരിഗണിക്കുമ്പോള്‍ ഇത്തരം നടപടികള്‍ അനിവാര്യതയുമാണ്, ഇന്ത്യയെ സംബന്ധിച്ച്. ടി എഫ് എ പ്രാബല്യത്തിലാകുന്നതോടെ ഇത്തരം ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നേക്കാം. വലിയ ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ പാകത്തില്‍ ഉത്പാദനക്ഷമതയോ വിപണന തന്ത്രങ്ങളോ ഇല്ലാത്ത ഈ മേഖല വളരെ വേഗത്തില്‍ തകരാനിടയുണ്ട് എന്ന് ചുരുക്കം. എളുപ്പം മനസ്സിലാകാന്‍ വേണ്ടി കൈത്തറിയെ ഉദാഹരിച്ചുവെന്ന് മാത്രം, ഇതിനെ സംരക്ഷിതപ്പട്ടികയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ളതാണോ ടി എഫ് എയിലെ നിര്‍ദേശങ്ങള്‍ എന്നത് കരാറിന്റെ പൂര്‍ണരൂപം പുറത്ത് വരുമ്പോള്‍ മാത്രമേ വ്യക്തമാകൂ.


സാങ്കേതിക സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം സാധ്യമാക്കുകയും കയറ്റുമതി ലാക്കാക്കിയുള്ള വ്യാവസായികോത്പാദനം നടത്തുകയും ചെയ്യുന്ന, വികസിത രാഷ്ട്രങ്ങള്‍ക്കാണ് ടി എഫ് എ ഗുണകരമാകുക എന്നത് പകല്‍ പോലെ വ്യക്തമാണ്. അവരുടെ ഉത്പന്നങ്ങള്‍ വികസ്വര, അവികസിത രാഷ്ട്രങ്ങളുടെ വിപണികളിലേക്ക് ഒഴുക്കാന്‍ പാകത്തിലാകും ഇറക്കുമതിത്തീരുവകളുടെ നിജപ്പെടുത്തല്‍. മറ്റ് ആഭ്യന്തര നിയന്ത്രണങ്ങളുടെ അഭാവവും വികസിത രാഷ്ട്രങ്ങളിലെ കമ്പനികളെയാകും തുണക്കുക. ടി എഫ് എ പ്രാബല്യത്തിലാകുന്നതോടെ ലക്ഷം കോടി ഡോളറിന്റെ നേട്ടമാണ് രാജ്യങ്ങള്‍ക്കാകെയുണ്ടാകുക എന്നാണ് ലോക വ്യാപാര സംഘടനയുടെ കണക്ക്. ഇതില്‍ സിംഹഭാഗവും കയറ്റുമതിയില്‍ ആധിപത്യം നേടിയ വികസിത രാജ്യങ്ങള്‍ക്ക് തന്നെയാകും. തീരുവ ഏകീകരിക്കുന്നതിലൂടെ ലഭിക്കുന്ന ഈ നേട്ടത്തന്റെ ചെറുഭാഗം മാത്രം ലഭിക്കുന്ന വികസ്വര, അവികസിത രാഷ്ട്രങ്ങള്‍, ആഭ്യന്തര വ്യവസായ - വ്യാപാര സ്ഥാപനങ്ങളുടെ പ്രതിസന്ധി മൂലമുണ്ടാകുന്ന കെടുതി സഹിക്കേണ്ടിയും വരും.


ചെറുകിട - ഇടത്തരം കമ്പനികളെയാണ് ടി എഫ് എ  ഏറെ സഹായിക്കുക എന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെയും ഡബ്ല്യു ടി ഒയുടെയും നേതാക്കള്‍ പറയുന്നത്. വന്‍കിട കമ്പനികളുടെ കാര്യത്തില്‍, സ്വതന്ത്ര വ്യാപാരത്തിലുള്ള തടസ്സങ്ങള്‍ ലോക വ്യാപാര സംഘടനയുടെ ഔദ്യോഗിക കരാറുകളില്ലാതെ തന്നെ സാധ്യമായിട്ടുണ്ട്.  സര്‍ക്കാറുകള്‍ പരസ്പരം ഒപ്പുവെച്ച കരാറുകളും നിക്ഷേപമാകര്‍ഷിക്കുന്നതിനായി വിവിധ സര്‍ക്കാറുകള്‍ കാലാകാലങ്ങളില്‍ അനുവദിച്ച ഇളവുകളും വന്‍കിട കമ്പനികള്‍ക്ക് സഹായകമാണ്. അതിന്റെ തുടര്‍ച്ച ഇടത്തരം - ചെറുകിട കമ്പനികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ടി എഫ് എയുടെ പ്രധാന ഉദ്ദേശ്യം.


ആഭ്യന്തര കുത്തകകളോടും നിയന്ത്രണങ്ങളോടെയാണെങ്കിലും പ്രവേശം അനുവദിക്കപ്പെട്ട വന്‍കിട വിദേശ കമ്പനികളോടും മത്സരിക്കാനാകാതെ, തളര്‍ന്ന് കിടക്കുകയാണ് ഇന്ത്യയില്‍ ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍. വിദേശത്തെ ചെറുകിട - ഇടത്തരം കമ്പനികളുടെ ഉത്പന്നങ്ങള്‍ വിപണിയിലേക്ക് എത്തുന്നതോടെ ആഭ്യന്തര സ്ഥാപനങ്ങളുടെ സ്ഥിതി കൂടുതല്‍ ദയനീയമാകാനാണ് സാധ്യത. സാങ്കേതിക രംഗത്ത് ആര്‍ജിച്ച വൈദഗ്ധ്യം തികവാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍, വിദേശ കമ്പനികളെ സഹായിക്കും. സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പാകത്തിലുള്ള നിക്ഷേപം നടത്താന്‍ ശേഷിയില്ലാത്ത ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക്, ഇവയോട് മത്സരിക്കുക എളുപ്പമാകില്ല തന്നെ.


ശക്തമായ സമ്മര്‍ദം ചെലുത്തി, ഇന്ത്യ വലിയ നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന ഭക്ഷ്യ സുരക്ഷാ മേഖലയിലും സമീപ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഭക്ഷ്യോത്പന്നങ്ങളുടെയും ഉത്പാദന സാമഗ്രികളുടെയും സബ്‌സിഡി സംബന്ധിച്ച്, സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വേഗം കൂടിയ കാലത്ത് രൂപപ്പെട്ട മാറിയ ചിന്താഗതിയാണ് പ്രധാന കാരണം. പെട്രോളിന് പുറമെ ഡീസലിന്റെയും വില നിര്‍ണയാധികാരം കമ്പോളത്തിന് വിട്ടുകൊടുത്ത നരേന്ദ്ര മോദി സര്‍ക്കാര്‍, പാചക വാതക സബ്‌സിഡി പരിമിതപ്പെടുത്താന്‍ ആലോചിക്കുകയാണ്. അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ കുറവ് ഡീസല്‍, പെട്രോള്‍ വിലകളെ ഇപ്പോള്‍ താഴേക്ക് നയിക്കുന്നുണ്ട്. പക്ഷേ, അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്ന മുറക്ക് രാജ്യത്ത് ഇന്ധന വില കൂടും. ഇത് രാസവളത്തിന്റെ ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കും. സബ്‌സിഡികള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്ന സമ്പ്രദായം വ്യാപിപ്പിക്കുകയും രാസവളത്തിന്റെ സബ്‌സിഡി പരിമിതപ്പെടുത്തുകയും ചെയ്യുന്നതോടെ, വിപണിയില്‍ ഭക്ഷ്യോത്പന്ന വില വര്‍ധിക്കും. ഭക്ഷ്യ വസ്തുക്കളുടെ സബ്‌സിഡി പരിമിതപ്പെടുത്താനുള്ള നീക്കം ഇതിന് പുറമെയാണ്. അത് കൂടി നടപ്പാകുന്നതോടെ, പൊതു വിപണിയിലൂടെ വിതരണം ചെയ്യുന്നതിന് സംഭരിച്ച് സൂക്ഷിക്കേണ്ട ധാന്യത്തിന്റെ അളവ് കുറക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കും.


ഭക്ഷ്യവസ്തുക്കളുടെ സബ്‌സിഡി നാല് വര്‍ഷത്തിനകം പത്ത് ശതമാനമായി ചുരുക്കുക എന്ന നിര്‍ദേശത്തെ, എതിര്‍ക്കുകയും ഭക്ഷ്യ സുരക്ഷക്ക് സ്ഥിരം സംവിധാനമാകും വരെ സബ്‌സിഡി തുടരാനുള്ള അവകാശം നേടിയെടുക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സബ്‌സിഡികള്‍ പരിമിതപ്പെടുത്തുന്നതിലൂടെ, ഈ ഇനത്തില്‍ ആകെ നല്‍കുന്ന തുക പത്ത് ശതമാനത്തില്‍ താഴെയാക്കാന്‍ നാല് വര്‍ഷം പോലും കേന്ദ്ര സര്‍ക്കാറിന് വേണ്ടിവരില്ല. ആധാര്‍ തുടരുകയും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി ആരംഭിക്കുകയും ചെയ്തത് സബ്‌സിഡിപ്പണം ഉപഭോക്താവിന് നേരിട്ട് എത്തിക്കുക എന്ന രീതി എല്ലായിടത്തേക്കും വ്യാപിപ്പിക്കാനാണെന്ന് കരുതണം. ഇത് രണ്ടും ചേരുന്നതോടെ വലിയ വിഭാഗത്തെ, ദാരിദ്ര്യ രേഖക്ക് മുകളിലാണെന്ന കാരണത്തില്‍ സബ്‌സിഡി വേലിക്ക് പുറത്തേക്ക് നിര്‍ത്താന്‍ എളുപ്പവുമാണ്.


19 വര്‍ഷം നീണ്ട തര്‍ക്കത്തിനൊടുവില്‍ വ്യാപാര സൗകര്യ കരാറിന്റെ കാര്യത്തില്‍ ധാരണയുണ്ടാക്കുന്നതിന് ലോക വ്യാപാര സംഘടനയെ സഹായിക്കും വിധത്തില്‍ നിലപാടെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാട് അംഗീകരിപ്പിക്കാന്‍ സാധിച്ചുവെന്ന അവകാശവാദം, ദരിദ്രരും ഇടത്തരക്കാരുമായ 100 കോടിയോളം പേരെ ആശ്വസിപ്പിക്കാനുള്ള വാക്ക് മാത്രം. യഥാര്‍ഥത്തില്‍ വാദിച്ച് ജയിക്കുകയല്ല, തന്ത്രപരമായ ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് ഇന്ത്യാ സര്‍ക്കാര്‍ ചെയ്തത്. കരാറിന്റെ ആഘാതം ജനം അനുഭവിക്കാന്‍ തുടങ്ങുന്ന കാലത്തോളം ഈ ഒത്തുതീര്‍പ്പ്, വലിയ വിജയമാണെന്ന വാദം ആവര്‍ത്തിക്കാന്‍ സര്‍ക്കാറിന് സാധിക്കുകയും ചെയ്യും.