2015-04-13

അവിഹിതമാണ് വിഹിതം


2001-2006 യു ഡി എഫ് സര്‍ക്കാറിന്റെ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന ആദ്യപാദത്തില്‍ ധനവകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ ശങ്കരനാരായണനെതിരെ ഉയര്‍ന്നതാണ് കോഴി കോഴ ആരോപണം. പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍, നീട്ടിയും കുറുക്കിയും 'കോഴി കോഴ', 'കോഴി കോഴ' എന്ന് നിയമസഭക്കുള്ളില്‍ ആവര്‍ത്തിക്കുന്നതും കോഴിത്തൂവലുകൊണ്ട് ശങ്കരനാരായണനെ അഭിഷേകം ചെയ്യുന്ന രംഗം സൃഷ്ടിച്ച് വാര്‍ത്താ ചാനല്‍ ആവര്‍ത്തിച്ച് കാണിച്ചതുമൊക്കെ അന്നത്തെ ഓര്‍മകളാണ്. തമിഴ്‌നാട്ടില്‍ നിന്ന് കോഴിമുട്ടയും ഇറച്ചിക്കോഴിയും ഒഴുകാന്‍ തുടങ്ങിയതോടെ കേരളത്തിലെ ഫാം നടത്തിപ്പുകാര്‍ വലിയ പ്രതിസന്ധിയിലായിരുന്നു. കോഴി ഫാം തുടങ്ങാനെടുത്ത വായ്പ തിരിച്ചടക്കാനാകാതെ ചിലര്‍ ആത്മഹത്യ ചെയ്യുകവരെയുണ്ടായി. ഈ സാഹചര്യത്തിലാണ് കോഴിക്കേര്‍പ്പെടുത്തിയിരുന്ന എട്ട് ശതമാനം നികുതി തദ്ദേശീയഫാമുകള്‍ക്ക് ഒഴിവാക്കി നല്‍കി 1996 - 2001 കാലത്തെ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നികുതി ഇളവ് മൂലം അഞ്ച് കോടിയുടെ നഷ്ടം ഖജാനക്കുണ്ടാകുമെന്ന് 2000 - 2001 ബജറ്റില്‍ രേഖപ്പെടുത്തുകയും ചെയ്തു.


യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ശങ്കരനാരായണന്‍ ധനവകുപ്പ് ഏറ്റെടുക്കുകയും ചെയ്തതിന് ശേഷം കേരളത്തില്‍ ഭൂമിയുള്ള കോഴിക്കച്ചവടക്കാര്‍ നികുതിയിളവിന് അര്‍ഹതയുള്ളവരാകുമെന്ന വ്യാഖ്യാനം നികുതി വകുപ്പ് നല്‍കി. തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തില്‍ ഭൂമി പാട്ടത്തിനെടുത്ത് കോഴി വളര്‍ത്തല്‍ നടത്തുന്ന, വന്‍കിട കമ്പനികള്‍ക്ക് നികുതിയിളവിന്റെ ആനുകൂല്യം ലഭിക്കാന്‍ ഇത് കാരണമായി. ഖജനാവിന് 86 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും നികുതിയിളവ് നേടിയെടുക്കുന്നതിന് വന്‍കിട കമ്പനികള്‍ പത്ത് കോടി രൂപ കൈക്കൂലി നല്‍കിയെന്നും അത് കെ ശങ്കരനാരായണന്റെ കൈകളിലെത്തിയെന്നുമായിരുന്നു ആരോപണം. താനൊന്നുമറിഞ്ഞില്ലെന്നും നികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണ് പുതിയ വ്യാഖ്യാനം ചമച്ചതെന്നും അന്വേഷിക്കുമെന്നുമായിരുന്നു ശങ്കരനാരായണന്റെ പ്രതികരണം. അഴിമതി എന്ന് കേള്‍ക്കുന്നത് പോലും അലര്‍ജിയാണെന്ന് നടിച്ചിരുന്ന എ കെ ആന്റണി, ധനമന്ത്രിയുടെ വാദത്തെ പിന്തുണച്ചു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അന്വേഷണം നടക്കുകയോ ഉത്തരവാദികളെ കണ്ടെത്തുകയോ ഉണ്ടായില്ല. 2006 മുതല്‍ 2011 വരെ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും അന്വേഷണമുണ്ടായതായി അറിവില്ല.


ബജറ്റില്‍ നികുതി വര്‍ധനയോ ഇളവോ അനുവദിക്കുകയും അത് വന്‍കിടക്കാര്‍ക്ക് ലാഭമുണ്ടാക്കാന്‍ പാകത്തില്‍ വ്യാഖ്യാനിച്ചോ മാറ്റം വരുത്തിയോ കോഴ വാങ്ങുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ കെ എം മാണിക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. ഇത് തന്നെയാണ് കെ ശങ്കരനാരായണന്‍ ധനകാര്യമന്ത്രിയായിരിക്കെ നടന്നതും. ബജറ്റിലെ നിര്‍ദേശങ്ങള്‍ കോഴക്കായി ഉപയോഗപ്പെടുത്തിയെന്ന ആരോപണം മുന്‍ അനുഭവത്തിലുള്ളതാണെന്ന് ചുരുക്കം. അതേക്കുറിച്ച് അന്വേഷിക്കാനോ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനോ തയ്യാറാകാതിരുന്ന വലത് - ഇടത് ഭരണക്കാര്‍ കെ എം മാണിക്ക് അവസരം തുറന്നിട്ടുകൊടുത്തുവെന്ന് പറയേണ്ടിവരും, അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വസ്തുതയാണെങ്കില്‍. കരിയറിലെ ആദ്യ ബജറ്റ് മുതല്‍ തന്നെ അതിനെ കോഴ സമാഹരിക്കുന്നതിനുള്ള ഉപാധിയായി മാണി ഉപയോഗിച്ചിരുന്നുവെന്ന ആക്ഷേപം പി സി ജോര്‍ജ് ഉന്നയിക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. ഒന്നും സംഭവിക്കില്ലെന്നാണ് അനുഭവജ്ഞാനം.


സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുഖ്യ ആരോപണ വിധേയ സ്ഥാനത്തുള്ള സരിതാ നായരുടെ കത്താണ് മറ്റൊന്ന്. കോഴയെന്നാല്‍ കൈമാറ്റം ചെയ്യപ്പെടുകയും യന്ത്രത്താല്‍ എണ്ണപ്പെടുകയും ചെയ്യുന്ന നോട്ടുകളോ നോട്ടുകളുടെ മൂല്യം വരുന്ന സാധന സാമഗ്രികളോ മാത്രമല്ല. അധികാരസ്ഥാനത്തിരിക്കുന്നവരില്‍ നിന്ന് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന ഏത് പ്രവൃത്തിയും കോഴയുടെ നിര്‍വചനത്തില്‍ വരും. പദ്ധതികള്‍ അനുവദിച്ച് നല്‍കാമെന്നോ വ്യവസായത്തിലെ വിഷമതകള്‍ പരിഹരിച്ച് നല്‍കാമെന്നോ ഒക്കെ പറഞ്ഞ്, എന്തെങ്കിലും സൗകര്യങ്ങള്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ ആസ്വദിക്കുന്നുവെങ്കില്‍ അതും കോഴയാണ്. ആ നിലക്ക് കത്തുകളിലെ അക്ഷരങ്ങള്‍ക്ക് വിലയുണ്ട്. ആ വിലയില്ലെങ്കില്‍, സരിതയും ആരോപണ വിധേയരായ പുരുഷ കേസരികളും പ്രായപൂര്‍ത്തി വിദ്യാഭ്യാസം നേടിയവരായതിനാല്‍ അവര്‍ക്കിടയില്‍ സംഭവിച്ചതായി പറയുന്നവ വിഹിതമോ അവിഹിതമോ എന്ന് പരതേണ്ട കാര്യമില്ല. പീഡനമോ ചൂഷണമോ നടന്നുവെങ്കില്‍ ആയതിന് നാല് വര്‍ഷത്തോളം പ്രായമായതുകൊണ്ടു തന്നെ പരാതിയുണ്ടായാല്‍ തന്നെ അവകള്‍, പ്രാഥമിക പരിശോധന പോലും കൂടാതെ മാലിന്യ സംഭരണ ബക്കറ്റിലേക്ക് തള്ളാന്‍ പോലീസിന് സാധിക്കുകയും ചെയ്യും.


നാട്ടിലാകെ സോളാര്‍ എന്ന പരിപാടി നടപ്പാക്കാന്‍ ലക്ഷ്യമിടുകയും അതിന്റെ ചുമതല സരിതയുടെ കമ്പനിയായ ടീം സോളാറിന് കൈമാറാന്‍ ആലോചിക്കുകയും ചെയ്തിരുന്നോ എന്നതാണ് പ്രധാന പ്രശ്‌നം. പുതുതായി നിര്‍മിക്കുന്ന വീടുകള്‍ക്കും വാണിജ്യ - വ്യവസായ സ്ഥാപനങ്ങള്‍ക്കും സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കി, നിയമം കൊണ്ടുവരികയും അതിന്റെ നടപ്പിപ്പിന് സര്‍ക്കാറിന്റെ ഏജന്‍സിയായി ടീം സോളാറിനെ ചുമതലപ്പെടുത്താനും ആലോചനയുണ്ടായിരുന്നോ എന്നതാണ് അറിയേണ്ടത്. അങ്ങനെയെങ്കില്‍ ആരോപണവിധേയരില്‍ പ്രമുഖരായി ഇപ്പോള്‍ കാണുന്ന സരിതയോ ബിജു രാധാകൃഷ്ണനോ മണിലാലോ ആവില്ല, അധികാരസ്ഥാനത്തുള്ളവരോ അവരില്‍ സ്വാധീനമുള്ളവരോ ആവും ടീം സോളാറിന്റെ യഥാര്‍ഥ മുതലാളിമാര്‍. അതുകൊണ്ട് തന്നെ റോസ് ഹൗസിലും ലോധി റോഡിലെ വസതിയിലും നടന്നതായി പറയുന്ന സംഗതികളേക്കാള്‍ പ്രധാനം, സംസ്ഥാന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന് നല്‍കിയെന്ന് പറയുന് കോഴയെക്കുറിച്ചുള്ള പരാമര്‍ശത്തിനാണ്. ഈ വലിയ പദ്ധതി നടപ്പാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തില്‍ സരിതയും അതിന് അനുമതി കൊടുക്കുന്നതിനുള്ള ഉപാധിയെന്ന നിലയില്‍ പുരുഷ കേസരികളും ലൈംഗിക ഇടപാടുകളില്‍ ഏര്‍പ്പെട്ടുവെന്നാണെങ്കില്‍ അതും കോഴയായി തന്നെ പരിഗണിക്കേണ്ടിവരും.


ഈ ഇടപാടുകളുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തിയാണ്, സോളാര്‍ പദ്ധതിയുടെ പേരില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ പണം തിരികെക്കൊടുക്കാനുളള മൂലധനം സരിതയും സംഘവും കണ്ടെത്തിയതെങ്കില്‍, സ്രോതസ്സ് വ്യക്തമാക്കാന്‍ സാധിക്കാത്ത പണമാണ് പുരുഷ കേസരിമാര്‍ കൈമാറിയതെന്ന് ശങ്കാലേശം കൂടാതെ പറയാം. അതേക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ കോഴയിടപാട് നടന്നുവെങ്കില്‍ അതൊക്കെ ശ്രദ്ധയില്‍ നില്‍ക്കാതിരിക്കുക എന്ന ഗൂഢലക്ഷ്യം, സോളാര്‍ പുറത്തുവന്ന കാലം മുതല്‍ അഭ്യൂഹമായി നിലനില്‍ക്കുകയും ഇപ്പോള്‍ പ്രത്യക്ഷമാകുകയും ചെയ്ത കത്തിനും അതിന്റെ ഉള്ളടക്കത്തിനുമുണ്ട്.
ബാര്‍, ബജറ്റ് കോഴയാരോപണങ്ങളിലും ഇതേ സ്ഥിതി കാണാനാകും.


ബാര്‍ കോഴയില്‍ മാണിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയെങ്കിലുമുണ്ടായി. ഇതേ ഇനത്തില്‍ ആരോപണ വിധേയരായ മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ അതുണ്ടായില്ല. മാണിക്കെതിരായ ബജറ്റ് കോഴയാരോപണങ്ങള്‍ വേഗത്തിലുള്ള പരിശോധന പോലും വേണ്ടെന്ന് നിശ്ചയിച്ചിരിക്കുന്നു സര്‍ക്കാര്‍. അതിനെയെല്ലാം പാര്‍ശ്വത്തിലേക്ക് നീക്കി, പി സി ജോര്‍ജിനെ വിപ്പ് സ്ഥാനത്തു നിന്ന് മാറ്റിയതും (ആ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എടുത്ത സമയം പോലും ജനശ്രദ്ധ പൂര്‍ണമായും ഇതിലേക്ക് തിരിക്കാന്‍ പാകത്തില്‍ നാടകീയത സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തിലല്ലേ എന്ന് സംശയിക്കണം) തുടര്‍ന്ന് കേരള കോണ്‍ഗ്രസി (എം) ല്‍ അരങ്ങേറുന്ന പിളര്‍ന്ന് വളരാനുള്ള ശ്രമങ്ങളും മുഖ്യ സ്ഥാനത്തേക്ക് വന്നിരിക്കുന്നു. എം എല്‍ എ സ്ഥാനം നഷ്ടമാകാതിരിക്കുക എന്ന കേവല ലക്ഷ്യം കൈവരിക്കണമെങ്കില്‍ കേരള കോണ്‍ഗ്രസി (എം)ല്‍ നിന്ന് പുറത്താക്കിക്കിട്ടണം. അതിന് വേണ്ടിയുള്ള പ്രകോപനസൃഷ്ടി മാത്രമായി ജോര്‍ജിന്റെ ആരോപണങ്ങളെ ജനം കാണുന്ന സ്ഥിതിയുണ്ടാകുകയും ചെയ്തു. കോഴയാരോപണമുയര്‍ന്നാല്‍ അന്വേഷിക്കേണ്ട പ്രാഥമിക കാര്യങ്ങളെങ്കിലും രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജിലന്‍സ് ചെയ്യുന്നുണ്ടോ എന്നതില്‍ ജാഗ്രത കാട്ടാന്‍ പോലും ആരും മിനക്കെടുന്നുമില്ല.


സോളാറിലായാലും ബാറിലായാലും വലിയ ബഹളങ്ങള്‍ സൃഷ്ടിക്കും വിധത്തിലുള്ള വാര്‍ത്തകള്‍ ചമക്കപ്പെടുക മാത്രമാണ് സംഭവിക്കുന്നത്. ബഹളങ്ങള്‍ക്കിടെ, സ്വന്തം തടി രക്ഷിച്ചെടുക്കുന്നു ഭരണപക്ഷം. ഈ ബഹളങ്ങള്‍ ധാരാളം മതി, 2016 മെയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയമുണ്ടാകാനെന്ന പൂര്‍ണ വിശ്വാസത്തില്‍ പ്രതിപക്ഷവും. ആ സുന്ദര സ്വപ്‌നം യാഥാര്‍ഥ്യമായാല്‍, ഈ ആരോപണങ്ങളിലൊക്കെ അന്വേഷണമുണ്ടാകുമെന്നും വസ്തുതകള്‍ പുറത്തുവരുമെന്നും കരുതാമോ? കോഴി മുതല്‍പേരായ പൂര്‍വകാല കോഴയാരോപണങ്ങളുടെ ഗതി നോക്കുമ്പോള്‍ പ്രതീക്ഷ വേണ്ട. അന്നേക്ക്, ബഹളങ്ങള്‍ക്ക് പുതിയ വഹകളുണ്ടാകും. മെര്‍ക്കിസ്റ്റണ്‍ മുതല്‍ പൂമുടല്‍ വരെ മാതൃകകളില്‍. അപ്പോള്‍ പിന്നെ ആരെങ്കിലും ബാറിലേക്കോ സോളാറിലേക്കോ നോക്കുമോ?


ആയതിനാല്‍ മാണിക്കെതിരെ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസും സോളാര്‍ ഇടപാടിനെക്കുറിച്ച് നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണവും  വേണ്ടെന്നുവെക്കാന്‍ ഭരണ - പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് തീരുമാനമെടുക്കേണ്ടതാണ്. അങ്ങനെയെങ്കില്‍ അന്വേഷണ പ്രഹസനങ്ങള്‍ക്കും അതിനുശേഷം അന്തമായി നീളുന്ന നിയമനടപടികള്‍ക്കുമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാകുന്ന തുകയെങ്കിലും ലാഭിക്കാനാകും. പാമൊലിന്‍ പോലൊരു പാഞ്ചാലീ വസ്ത്രമായി ഈ കേസുകള്‍ ശേഷിക്കുന്നതുകൊണ്ട് ജനത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകില്ല തന്നെ. ആര്‍ ബാലകൃഷ്ണ പിള്ള, ഗണേഷ് കുമാര്‍, പി സി ജോര്‍ജ് തുടങ്ങിയവര്‍ അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന് പുറപ്പെടുന്ന കാലം കലിയുടേതാകാതെ തരവുമില്ല. അഷ്ടിക്ക് വകയില്ലാത്തവന്റെ പോക്കറ്റിലെ പത്തെങ്കില്‍ പത്ത് വാങ്ങിയെടുക്കുന്ന സംവിധാനത്തെ നിസ്സംഗമായി വളമിട്ട് വളര്‍ത്തി വലുതാക്കിയവര്‍ക്കും അത് നിലനിര്‍ത്തിക്കൊണ്ടുപോകുന്നവര്‍ക്കും, നടുക്കണ്ടം തിന്നുന്നവന് പട്ടും വളയും നല്‍കി ആദരിക്കാനാണ് വിധി. ബഹളങ്ങളിലും ആഘോഷങ്ങളിലും കാണിയായി നിന്ന് ആനന്ദിപ്പാനും.

2015-04-09

ചോര കൊണ്ട് ഭരിക്കുന്നവര്‍


''സ്വന്തം മക്കളുടെ ചോര കൈകളില്‍ പുരണ്ടിട്ടില്ലെന്ന് ഭരണകൂടം ഉറപ്പാക്കേണ്ടതുണ്ട്'' - സി പി ഐ (മാവോയിസ്റ്റ്) നേതാവ് ആസാദ് എന്നറിയപ്പെട്ട ചേറുകുരി രാജ് കുമാറിനെയും മാധ്യമപ്രവര്‍ത്തകന്‍ ഹേമചന്ദ്ര പാണ്ഡെയെയും ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന ആന്ധ്രാ പ്രദേശ് പോലീസിന്റെ വാദം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠം പറഞ്ഞ വാക്കുകളാണിത്. ആന്ധ്രാ പ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തിയായ ആദിലാബാദിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇവരെ വധിച്ചുവെന്നായിരുന്നു പോലീസിന്റെ വാദം. ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങളൊന്നും സ്ഥലത്തുണ്ടായിരുന്നില്ല. ആസാദിന്റെയും പാണ്ഡെയുടെയും ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ഏറെ അടുത്തുനിന്നാണ് വെടിയേറ്റിരിക്കുന്നത് എന്ന് കണ്ടെത്തി. വെടിയുണ്ട തുളഞ്ഞുകയറിയതിന് ചുറ്റും പൊള്ളിയിരുന്നു. അടുത്തുനിന്ന് വെടിയേറ്റാലാണ് ഇങ്ങനെ സംഭവിക്കുക എന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു.
പരമോന്നത നീതിപീഠത്തെ അലങ്കരിച്ചവര്‍, തീവ്രവും വൈകാരികവുമായ അഭിപ്രായ പ്രകടനം നടത്തിക്കൊണ്ടാണ് ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാന്‍ സി ബി ഐയെ ചുമതലപ്പെടുത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം സി ബി ഐ നല്‍കിയ റിപ്പോര്‍ട്ട്, യഥാര്‍ഥത്തിലൊരു ഏറ്റുമുട്ടല്‍ നടന്നുവെന്നും അതിലാണ് ആസാദും പാണ്ഡെയും കൊല്ലപ്പെട്ടത് എന്നുമാണ്. ഇക്കാര്യത്തില്‍ ആന്ധ്രാ പ്രദേശ് പോലീസ് പറയുന്നത് വസ്തുതയാണെന്നും സി ബി ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ക്ക് സി ബി ഐ നല്‍കിയ വിശദീകരണം എന്തെന്ന് അറിയില്ല. എന്തായാലും അന്തിമ റിപ്പോര്‍ട്ട് സൂക്ഷ്മമായി വിലയിരുത്തിയെന്ന് അവകാശപ്പെട്ട് പരമോന്നത നീതിപീഠം, അത് സ്വീകരിക്കുന്നതായി അറിയിച്ചു.


സ്വന്തം മക്കളുടെ ചോര കൈകളില്‍ പുരണ്ടിട്ടില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഓര്‍മിപ്പിച്ച നീതിപീഠത്തിന്, രണ്ട് വര്‍ഷത്തിനിപ്പുറം മാവോയിസ്റ്റ് വധിക്കപ്പെട്ടത് യഥാര്‍ഥ ഏറ്റുമുട്ടലില്‍ തന്നെയെന്ന് അംഗീകരിക്കുകയാണ് ആഭ്യന്തര സുരക്ഷക്കും അഖണ്ഡതക്കും വേണ്ടതെന്ന് തോന്നിക്കാണുമോ? ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ നടന്നുവെന്ന് പോലീസ് പറയുന്ന ഏറ്റുമുട്ടലിന്റെ കാര്യത്തിലും വലിയ സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് പോലീസ് അവകാശപ്പെട്ട യുവാക്കളെ, പിടികൂടിയ ശേഷം മുട്ടുകുത്തിച്ച് നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ആക്ഷേപമുണ്ടായി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഈ ആക്ഷേപത്തെ ബലപ്പെടുത്തും വിധത്തിലായിരുന്നു. ബട്‌ലഹൗസ് സംഭവത്തിനിടെ ഡല്‍ഹി പോലീസിലെ 'ഏറ്റുമുട്ടല്‍ വിദഗ്ധനായ' ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മക്ക് വെടിയേല്‍ക്കുകയും അദ്ദേഹം പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ നടന്നത് ഏറ്റുമുട്ടലെന്ന പോലീസ് വാദത്തിന് വിശ്വാസ്യത ഏറിയിരുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയപ്പോഴാണ് പോലീസ് വാദങ്ങള്‍ക്ക് ശക്തമായ എതിര്‍വാദങ്ങളുണ്ടായത്.


മനുഷ്യാവകാശ കമ്മീഷനും കോടതികളുമൊക്കെ, ബട്‌ല ഹൗസിലേത് യഥാര്‍ഥ ഏറ്റുമുട്ടല്‍ തന്നെയായിരുന്നുവെന്ന നിഗമനത്തിലാണ് എത്തിയത്. മോഹന്‍ ചന്ദ് ശര്‍മയെ വധിച്ചതടക്കം കുറ്റങ്ങള്‍ക്ക് ഒരാളെ കോടതി ശിക്ഷിക്കുകയും ചെയ്തു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍, നടന്നത് ഏറ്റുമുട്ടലല്ലെന്ന് നീതിപീഠം കണ്ടെത്തിയാല്‍, അത് പോലീസ് നടത്തിയ കുറ്റകൃത്യമെന്നതിനപ്പുറത്ത് ഇത്തരം സംഗതികള്‍ സൃഷ്ടിക്കുന്നതിന് വലിയ ഗൂഢാലോചന തന്നെ നടക്കുന്നുവെന്നും യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന് നേര്‍ക്കുതന്നെ നിറയൊഴിക്കുന്ന സ്ഥിതിയുണ്ടെന്നും വരും. വലിയ കോലാഹലമുണ്ടാകുന്ന കേസുകളുടെ കാര്യത്തില്‍, നീതി നടപ്പാക്കാന്‍ പാകത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കുകയും ആത്യന്തികമായി ഭരണകൂടത്തിന്റെ ഇംഗിതം നടപ്പാക്കിക്കൊടുക്കുകയുമാണോ നീതിപീഠം എന്ന് സംശയിക്കേണ്ടിവരുന്നു. തീവ്രവും വൈകാരികവുമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കുകയും ഉയരുന്ന രോഷത്തിന്റെ വലിയൊരു ഭാഗം അതില്‍ അലിഞ്ഞുപോകുകയും ചെയ്യുന്നുണ്ട്. ഏറ്റുമുട്ടല്‍ പോലെ, രാജ്യസ്‌നേഹമോ ദ്രോഹമോ കൂടി ഉള്‍ക്കൊള്ളുന്ന കേസുകളില്‍ മാത്രമല്ല, ഉന്നതരുള്‍പ്പെട്ട കോഴ/അധികാരദുര്‍വിനിയോഗം/ചൂഷണം തുടങ്ങിയ വ്യവഹാരങ്ങളിലും ഇത്തരം അഭിപ്രായ പ്രകടനങ്ങളോ നിരീക്ഷണങ്ങളോ ഒക്കെ വലിയ വാര്‍ത്തകളാകാറുണ്ട്.


തെലങ്കാനകൂടി ഉള്‍ക്കൊണ്ട ആന്ധ്രാപ്രദേശിലാണ് ആസാദും പാണ്ഡെയും ജഡങ്ങളായത്. അവ്വിധമുള്ള ആന്ധ്രാ പ്രദേശായിരിക്കെയാണ് സുഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും ഹൈദരാബാദില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് ഗുജറാത്ത് പോലീസിന് കൈമാറുന്നത്. സുഹ്‌റാബുദ്ദീന്‍ പിന്നീട് അഹമ്മദാബാദിലെ തെരുവില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരവാദിയുടെ ശരീരമായി. കൗസര്‍ബിക്ക് എന്തുസംഭവിച്ചുവെന്ന് നിയമപ്രകാരം ഇതുവരെ വെളിവായിട്ടില്ല. കൊലപ്പെടുത്തി, ചുട്ടുകരിച്ച് പുഴയിലൊഴുക്കിയെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുഹ്‌റാബുദ്ദീനെയും കൗസര്‍ബിയെയും ആന്ധ്രാ പോലീസ് പിടികൂടി ഗുജറാത്ത് പോലീസിന് കൈമാറുന്നതിന് സാക്ഷിയായ തുള്‍സി റാം പ്രജാപതി പിന്നീട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജയിലില്‍ നിന്ന് ഗുജറാത്തിലെ കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിനില്‍വെച്ച് പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രജാപതിയെ പോലീസ് വെടിവെച്ചുകൊന്നുവെന്നാണ് കഥ.


സാദിഖ് ജമാല്‍, ഇശ്‌റത്ത് ജഹാന്‍, ജാവീദ് ഗുലാം ശൈഖ് എന്ന് തുടങ്ങി പേരുള്ളതും ഇല്ലാത്തതുമായ നിരവധിപേര്‍ ഗുജറാത്തിലെ റോഡുകളില്‍ ഏറ്റുമുട്ടലുകളില്‍ വധിക്കപ്പെട്ടു. ഇവയൊക്കെ അരങ്ങേറി പതിറ്റാണ്ട് പിന്നിട്ടിട്ടും അന്വേഷണവും വിചാരണയുമൊന്നും കഴിഞ്ഞിട്ടില്ല. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരൊക്കെ സര്‍വീസില്‍ തിരികെ പ്രവേശിക്കുകയോ സ്വസ്ഥമായി വിരമിക്കുകയോ ചെയ്തിരിക്കുന്നു. ഡി ജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍ തുടങ്ങി ഏതാനും പേര്‍ക്ക് കുറച്ചധികം കാലം വിചാരണത്തടവുകാരായി കഴിയേണ്ടിവന്നുവെന്ന് മാത്രം.


ചന്ദനക്കൊള്ളക്കാരായ 20 പേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് ആന്ധ്രാ പ്രദേശില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെയും  നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പ്രവര്‍ത്തകരുള്‍പ്പെടെ ഏതാനും പേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് തെലങ്കാനയില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെയും മേല്‍ വിവരിച്ച സാഹചര്യങ്ങളില്‍ക്കൂടി വേണം കാണാന്‍. ചന്ദനക്കൊള്ളക്കാരുടെ കാര്യത്തില്‍ ജാതി, സമുദായം, സംസ്ഥാനം എന്നിവയുള്‍പ്പെടെ ഘടകങ്ങള്‍ കൂടിയുണ്ടെന്ന് കരുതപ്പെടുന്നു. തെലങ്കാനയിലേത്, വര്‍ഗീയ രാഷ്ട്രീയത്തിന്റെ മുന്നോട്ടുപോക്ക് ലാക്കാക്കിയുള്ള സൂക്ഷ്മ നിര്‍മിതിയാണെന്ന് സംശയിക്കേണ്ടിവരും. രണ്ട് സംഭവങ്ങളാണ് തെലങ്കാനയിലുണ്ടായത്. ഒരു ബസ് സ്റ്റേഷനില്‍വെച്ച് രണ്ട് പോലീസുകാരെ വെടിവെച്ചിട്ടശേഷം രക്ഷപ്പെട്ട സിമി പ്രവര്‍ത്തകരായ രണ്ട് പേരെ, മറ്റൊരിടത്തുവെച്ചുണ്ടായ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നതാണ് ആദ്യ സംഭവം. രണ്ടിടത്തുമായി നാല് പോലീസുകാരും കൊല്ലപ്പെട്ടു. ബസ് സ്റ്റേഷനില്‍ പോലീസുകാര്‍ക്കു നേരെ വെടിയുതിര്‍ത്ത അക്രമികള്‍ തന്നെയാണോ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടത് എന്നതില്‍ തിട്ടമില്ല. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടുപേരും സിമി പ്രവര്‍ത്തകരാണെന്ന് പോലീസ് ആദ്യം പ്രചരിപ്പിച്ചുവെങ്കിലും ഇവര്‍ കൊള്ളസംഘത്തിലെ അംഗങ്ങളാണെന്നാണ് തെലങ്കാന ആഭ്യന്തര മന്ത്രി എന്‍ നരസിംഹ റെഡ്ഢി പിന്നീട് അറിയിച്ചത്. ഭീകരവാദികളാണോ തീവ്രവാദികളാണോ കൊള്ളക്കാരാണോ എന്ന് അറിയുന്നതിന് മുമ്പ് തന്നെ സിമിയുടെ പ്രവര്‍ത്തകരാണെന്ന 'വിവരം' പോലീസ് പ്രചരിപ്പിച്ചത് എന്തിനാണ്? സിമിയുടെ പ്രവര്‍ത്തകരാണ് എന്ന് വിശദീകരിച്ചാല്‍ ഏറ്റുമുട്ടല്‍ കൊലക്ക് സാധൂകരണമാകുമെന്ന തോന്നല്‍ പോലീസില്‍ നിലനില്‍ക്കുന്നുവെന്ന് വേണം കരുതാന്‍.


രണ്ടാമത്തെ സംഭവത്തില്‍ അഞ്ച് പേരാണ് മരിച്ചത്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രാഥമിക കൃത്യം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ട സിമി പ്രവര്‍ത്തകന്റെ കൈവിലങ്ങ് അഴിച്ചുനല്‍കിയെന്നും അയാള്‍ പോലീസിന്റെ പക്കല്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വെടിവെച്ചതിലാണ് അഞ്ച് പേര്‍ മരിച്ചതെന്നും തെലങ്കാന പോലീസ് പറയുന്നു. അഞ്ച് പേരെ ഹൈദരാബാദിലെ കോടതിയിലേക്ക് കൊണ്ടുപോയ പോലീസ് വാഹനത്തില്‍ (എയ്‌ക്കെറിന്റെ മിനി ബസ്സ്) 17 പോലീസുകാരുണ്ടായിരുന്നു കാവലിന്. വിചാരണത്തടവുകാരില്‍ ആരുടെയും കൈവിലങ്ങ് പൂര്‍ണമായി അഴിച്ചുമാറ്റിയിട്ടില്ല. മിനി ബസ്സിനുള്ളില്‍ വെച്ചാണ് തോക്കുപിടിച്ചുവാങ്ങാന്‍ ശ്രമമുണ്ടായതും ഏറ്റുമുട്ടലുണ്ടായതും. ഇവര്‍ വാഹനത്തില്‍ കയറിയത് മുതല്‍ അതിനുള്ളില്‍ തുപ്പുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്ത് പോലീസുകാരെ പ്രകോപിപ്പിച്ചിരുന്നുവെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ പറയുന്നു. അഞ്ച് പേരുടെ നിരന്തര അധിക്ഷേപം 17 പോലീസുകാര്‍ സഹിച്ചിരുന്നുവെന്നും പിന്നീട് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ അനുവാദം തേടിയപ്പോള്‍ അനുവദിച്ചുവെന്നും വിശ്വസിക്കുക പ്രയാസം. ഇന്ത്യന്‍ യൂനിയനിലെ വിവിധ സംസ്ഥാനങ്ങളിലെ പോലീസുകാരെ ഒരിക്കലെങ്കിലും നേരിട്ടു കണ്ടിട്ടുള്ളവര്‍ വിശ്വസിക്കില്ല. പഴയ ആന്ധ്രാ പ്രദേശിലെയും ഇപ്പോഴത്തെ തെലങ്കാനയിലെയും പോലീസുകാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും.


ഹൈദരാബാദിലെ മക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തിന്റെ പേരില്‍ ന്യൂനപക്ഷ സമുദായത്തിലെ നിരവധി ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച ചരിത്രമുണ്ട് ഈ പോലീസിന്. ഇവരെല്ലാം നിരപരാധികളായിരുന്നുവെന്ന് കോടതി കണ്ടെത്തിയതിന് ശേഷം, ഹൈദരാബാദില്‍ മറ്റൊരു സ്‌ഫോടനമുണ്ടായപ്പോള്‍ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്ത നിരപരാധികളെത്തേടിച്ചെന്ന ചരിത്രവുമുണ്ടിവര്‍ക്ക്. അവര്‍ ന്യൂനപക്ഷ വിഭാഗക്കാരായ അഞ്ച് പേരുടെ അധിക്ഷേപം സഹിച്ചിരുന്നുവെന്ന് വിശ്വസിക്കാനാകുമോ? മിനി ബസിനുള്ളില്‍ ഒരു കൈയെങ്കിലും വിലങ്ങിനകത്തുള്ള അഞ്ച് പേരും 17 പോലീസുകാരും ഏറ്റുമുട്ടുകയും ഒടുവില്‍ അഞ്ച് പേരുടെ മരണത്തിന് കാരണമായ വെടിവെപ്പുണ്ടാകുകയും ചെയ്തിട്ടും വാഹനത്തിന് പുറത്തേക്ക് ഒരാള്‍ പോലും എത്തിയില്ല. തിരക്കേറിയ ഹൈവേയുടെ ഓരത്ത് പകല്‍ പത്തുമണിക്ക് ഇത്രയും സംഘര്‍ഷമുണ്ടായിട്ടും പോലീസുകാര്‍ പുറത്തെത്തി മേലുദ്യോഗസ്ഥരെ വിളിച്ചറിയിക്കുവോളം സംഭവങ്ങളൊന്നും ആരുമറിഞ്ഞുമില്ല.!


കൊല്ലപ്പെട്ടവരില്‍ ഒരാളായ വിഖാറുദ്ദീന്‍ അഹ്മദ്, സിമിയുടെ മുന്‍ പ്രവര്‍ത്തകനാണെന്നും മക്ക മസ്ജിദ് സ്‌ഫോടനത്തിന് ശേഷം തീവ്രവാദ സംഘടനക്ക് രൂപം നല്‍കിയെന്നും പോലീസ് ഉദ്യോഗസ്ഥരെ പകല്‍ വെളിച്ചത്തില്‍ കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനാണെന്നും പോലീസ് പറയുന്നു. ഇതൊക്കെ നിയമപ്രകാരമുള്ള വിചാരണയിലൂടെ തെളിയിക്കപ്പെടേണ്ടതാണ്. തെളിയിക്കപ്പെട്ടാല്‍ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കേണ്ടതുമാണ്. പക്ഷേ, നിയമവ്യവസ്ഥക്ക് പുറത്തുനിന്ന് പോലീസ് ശിക്ഷ നടപ്പാക്കിയോ എന്ന ചോദ്യമാണ് ഉയരുന്നത്. അങ്ങനെ നടപ്പാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് മറ്റ് രാഷ്ട്രീയ താത്പര്യങ്ങളുണ്ടോ എന്നതും. ഗുജറാത്തില്‍ അധികാരത്തുടര്‍ച്ച ലാക്കാക്കി വിജയകരമായി നടപ്പാക്കിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, തെലുങ്കു മണ്ണില്‍ വേരുറപ്പിക്കുന്നതിന് വേണ്ടി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? മികച്ച വിളവിന് മക്കളുടെ ചോരയോളം മികച്ചൊരു വളമില്ലെന്ന് തിരിച്ചറിഞ്ഞതാണ് ഭരണകൂടം. അതോര്‍മിപ്പിച്ചുകൊണ്ടുതന്നെ ഭരണകൂടത്തെ സംരക്ഷിക്കുന്ന നിയമ - നീതി നിര്‍വഹണ സംവിധാനങ്ങളുണ്ടെങ്കില്‍ പിന്നെ, രുധിരയജ്ഞത്തിന് മടികാട്ടേണ്ടതുണ്ടോ?