2015-09-29

ചോറും മോരും ഡിജിറ്റലാണ്


വിവരസാങ്കേതിക വിദ്യയെ ലോകരാഷ്ട്രങ്ങള്‍ ഏത് വിധത്തില്‍ സ്വീകരിച്ച് ഉപയോഗപ്പെടുത്തുന്നുവെന്ന് കണക്കെടുത്തപ്പോള്‍ 2013ല്‍ മുന്നില്‍ നിന്നത് ഫിന്‍ലന്‍ഡായിരുന്നു. ശൃംഖല ഒരുക്കിവെച്ചതിന്റെ (ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴിയോ ഉപഗ്രഹ സംവിധാനം ഉപയോഗിച്ചോ രാജ്യത്തെല്ലായിടത്തും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുക) കണക്കെടുത്തത്, ലോക സാമ്പത്തിക ഫോറമായിരുന്നു. ഫിന്‍ലന്‍ഡിലെ 90 ശതമാനം വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. ബ്രിട്ടനില്‍ 85 ശതമാനം വീടുകളും ഇന്റര്‍നെറ്റ് ബന്ധിതമാണ്, യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ 70 ശതമാനവും. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അറുപത്തിയെട്ടാമതായിരുന്നു.


പട്ടികയില്‍ ഒന്നാം സ്ഥാനത്തു നിന്ന ഫിന്‍ലന്‍ഡിന്റെ രണ്ട് വര്‍ഷത്തിന് ശേഷമുള്ള (2015ല്‍) സ്ഥിതി ഇങ്ങനെയാണ് - തൊഴിലില്ലായ്മയുടെ നിരക്ക് ഒമ്പത് ദശാംശം നാല് ശതമാനത്തില്‍. തൊഴിലാളികളുടെ കൂലി കുറക്കുകയാണ്, 2019 ആകുമ്പോഴേക്കും അഞ്ച് ശതമാനം കുറക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില ഉയര്‍ന്ന് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ പണപ്പെരുപ്പ നിരക്കും. യൂറോ സോണ്‍ മേഖലയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുള്ളത് ഫിന്‍ലന്‍ഡിലാണ്. 2013ല്‍ അമേരിക്കയിലെ 70 ശതമാനം വീടുകളും ഇന്റര്‍നെറ്റ് ബന്ധിതമായിരുന്നുവെങ്കില്‍ 2011ല്‍ അറുപത് ശതമാനം വീടുകളെങ്കിലും അങ്ങനെയായിരുന്നു. അക്കാലത്താണ് വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം അരങ്ങേറിയത്. ഒരു ശതമാനം വരുന്ന ധനികരെയാണ് ഭരണകൂടം പ്രതിനിധാനം ചെയ്യുന്നതെന്നും 99 ശതമാനം ജനങ്ങളെ അവര്‍ കാണുന്നില്ലെന്നും കുറ്റപ്പെടുത്തിയായിരുന്നു സമരം. അഞ്ച് കോടി അമേരിക്കക്കാര്‍ ഇപ്പോഴും ദരിദ്രരായി തുടരുന്നുവെന്നാണ് 2015ലെ കണക്ക്.


വിവര സാങ്കേതിക വിദ്യയുടെ വികസനം പല സൗകര്യങ്ങളും പ്രദാനം ചെയ്യുന്നുവെന്നതില്‍ തര്‍ക്കമില്ല. പരീക്ഷാ ഫീസ് മുതല്‍ വൈദ്യുതി ചാര്‍ജ് വരെ വരിനില്‍ക്കാതെ ഒടുക്കാന്‍ ഇപ്പോള്‍ സാധിക്കുന്നത് ഇതിന്റെ ഫലമാണ്. സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വേഗത്തില്‍ അറിയുന്നതിനും അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിനും സാധിക്കും. ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കും വിധത്തിലുള്ള വ്യവസായം ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതല്‍ അവസരം തുറന്നുനല്‍കുന്ന സാമൂഹിക ശൃംഖലകളും വിവര സാങ്കേതിക വിദ്യയുടെ സൃഷ്ടിയാണ്. ഇവകളെ നല്ല രീതിയിലും അല്ലാതെയും ഉപയോഗപ്പെടുത്തുന്നവരുണ്ട്. ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കുമായി വിവര സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുന്നവരും കുറവല്ല. ഇത്തരം സംഗതികള്‍ ആസൂത്രിതമായി നടത്തുന്ന കൂട്ടങ്ങളും ധാരാളം. എങ്കിലും പൊതുവില്‍ വിവര സാങ്കേതിക വിദ്യയുടെ വികാസം, വിവരങ്ങളെ വിരല്‍ത്തുമ്പിലെത്തിക്കുകയും ഏറെ സദ്ഫലങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.


'സ്വച്ഛ് ഭാരത്', 'മേക് ഇന്‍ ഇന്ത്യ' പ്രഖ്യാപനങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാവനചെയ്തതാണ് 'ഡിജിറ്റല്‍ ഇന്ത്യ'.  നരേന്ദ്ര മോദിയും കൂട്ടരും തെരുവുകളില്‍ നടത്തിയ ചൂല്‍ പ്രയോഗത്തിനപ്പുറത്ത് സ്വച്ഛ് ഭാരത് പ്രവൃത്തിപഥത്തിലേക്ക് പ്രവേശിച്ചതായി തോന്നുന്നില്ല. പദ്ധതി നടത്തിപ്പ് ഏത് വിധത്തിലെന്നതില്‍ വ്യക്തതയൊട്ടില്ലതാനും. സ്‌കൂളുകളില്‍ മൂത്രപ്പുരകളും കക്കൂസുകളും നിര്‍മിക്കുന്നതില്‍ മുന്നോട്ടുപോകാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നതും നിര്‍മാണം പൂര്‍ത്തിയായതൊക്കെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായിട്ടാണോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. സ്വച്ഛ് ഭാരതിന് പണം കണ്ടെത്തുന്നതിനായി ടെലികോം സേവനങ്ങള്‍ക്കു മേലും ഇന്ധനവിലക്കു മേലും സര്‍ചാര്‍ജ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പദ്ധതിക്ക് നീക്കിവെക്കുന്ന പണത്തില്‍ അധിക വിഹിതം കേന്ദ്ര സര്‍ക്കാറിനായിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യപ്പെടുന്നതായും.


ഇന്ത്യയെ ഉത്പാദന കേന്ദ്രമായി മാറ്റുക എന്നതായിരുന്നു മേക്ക് ഇന്‍ ഇന്ത്യ എന്ന പ്രഖ്യാപനത്തിന്റെ കാതല്‍. സ്വദേശത്തെയും വിദേശത്തെയും നിക്ഷേപകരെ ഇതിന്റെ ഭാഗമാക്കാന്‍ വാക്കുകളിലൂടെ വലിയ അധ്വാനം നരേന്ദ്ര മോദി നടത്തിയിരുന്നു. തുടരുന്ന വിദേശ യാത്രകള്‍ക്കിടയില്‍ ഓരോ രാജ്യത്തു നിന്നും മേക്ക് ഇന്‍ ഇന്ത്യയിലേക്ക് ഒഴുകാനിടയുള്ള കോടികളുടെ കണക്കുകള്‍ പ്രധാനമന്ത്രി നിരത്തി. പക്ഷേ, പ്രഖ്യാപനം നടത്തി ഒരാണ്ട് പിന്നിടുമ്പോള്‍ കോടികളൊക്കെ കണക്കുകളായി നില്‍ക്കുകയും നിര്‍മാണ മേഖല ഉണര്‍വ് പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. ചെലവ് കുറഞ്ഞ നിര്‍മാണ കേന്ദ്രമായി നേരത്തെ തന്നെ മാറുകയും വരും വര്‍ഷങ്ങളിലെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്ത ചൈനയെ ഒഴിവാക്കി നിക്ഷേപത്തിന്റെ ഒഴുക്ക് ഇന്ത്യയിലേക്ക് തിരിക്കാന്‍ പാകത്തില്‍ യാതൊന്നും വിദേശ നിക്ഷേപകര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ മേക് ഇന്‍ ഇന്ത്യ വിജയമാകുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്.


വിവര സാങ്കേതിക വിദ്യാ വ്യവസായത്തിന്റെ കാര്യത്തില്‍ ഏറെ മുന്നാക്കം നില്‍ക്കുകയും പുറം തൊഴില്‍ കരാറുകള്‍ നേടിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്ത രാജ്യമെന്ന നിലയില്‍ ഈ രംഗത്ത് ഇപ്പോഴും അവസരം ഇന്ത്യക്ക് മുന്നില്‍ തുറന്നു കിടക്കുന്നുണ്ട്. അത് ചൂഷണം ചെയ്യാനാകുമോ എന്ന ശ്രമമാണ് 'ഡിജിറ്റല്‍ ഇന്ത്യ' പ്രഖ്യാപനത്തിലൂടെ നരേന്ദ്ര മോദി നടത്തിയത്. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങി ഈ മേഖലയിലെ വമ്പന്‍മാരുടെ മേധാവികളെ കണ്ട് അവസരം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്. എന്നാല്‍ അതിനായി വ്യവസായ പ്രമുഖന്‍മാരുടെ മുമ്പില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം മുമ്പ് പലപ്പോഴുമുണ്ടായതുപോലെ ശുംഭത്തരത്തിന്റെ (കോടതികള്‍ ക്ഷമിക്കട്ടെ) വിളംബരമായി.


ഗുജറാത്തിലെ പാല്‍ ശീതീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുമ്പോഴുണ്ടായ അനുഭവം മോദി വിവരിച്ചു. ''അവിടെ ആദിവാസി സ്ത്രീകള്‍ മൊബൈല്‍ ഫോണുപയോഗിച്ച് ചിത്രങ്ങളെടുത്തിരുന്നു. ചിത്രങ്ങള്‍ കൊണ്ട് എന്തുചെയ്യുമെന്ന് ഞാന്‍ ചോദിച്ചു. തിരികെപ്പോയി ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി പ്രിന്റ് എടുക്കുമെന്ന് അവര്‍ പറഞ്ഞു. മറുപടി കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഡിജിറ്റല്‍ ലോകത്തിന്റെ ഭാഷ അവര്‍ക്ക് പരിചിതമാണ്.'' ഇത് കേട്ടിരുന്ന വ്യവസായ പ്രമുഖരും അത്ഭുതപ്പെട്ടിട്ടുണ്ടാകണം. ഇപ്പാകത്തില്‍ നില്‍ക്കുന്ന കമ്പോളത്തിലേക്കാണോ തങ്ങളെ ക്ഷണിക്കുന്നത് എന്നതാകും അത്ഭുതത്തിന് കാരണം. ആദിവാസി സ്ത്രീകള്‍ തിരികെ വീട്ടിലെത്തി, കമ്പ്യൂട്ടറിലേക്ക് ചിത്രം പകര്‍ത്തി പ്രിന്റ് എടുക്കുമെന്ന്, ഇന്ത്യയിലെ ആദിവാസികളെക്കുറിച്ച് കേട്ടറിവുള്ളവരാരും വിശ്വസിക്കാന്‍ ഇടയില്ല തന്നെ. സ്വന്തം ഭൂമിയില്‍ നിന്ന് പറിച്ചെറിയപ്പെടുന്ന, ഉപജീവനമെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്ന, പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്നത് തുടര്‍ക്കഥയായ ഒരു വിഭാഗത്തിലെ സ്ത്രീകള്‍ മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി, കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി പ്രിന്റ് എടുത്ത് സൂക്ഷിക്കുന്നു!


ആറ് ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിച്ചാലുണ്ടാകുന്ന വിപ്ലവത്തെക്കുറിച്ചും നരേന്ദ്ര മോദി വാചാലനായി. കര്‍ഷകര്‍ക്ക് കമ്പോളത്തിലെ വില അപ്പപ്പോള്‍ അറിയാം, പുതിയ കൃഷിരീതികള്‍ എളുപ്പത്തില്‍ മനസ്സിലാക്കാം. കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ ഇനിയെന്ത് വേണ്ടൂ! കടക്കെണി മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകരുടെ എണ്ണം ദിനേന വര്‍ധിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് 'ഡിജിറ്റല്‍ ഇന്ത്യ'യിലെ കര്‍ഷകരുടെ സാധ്യതകളെക്കുറിച്ച് വാചാലനാകുന്നത്. ഇനിയിതൊക്കെ സംഭവിച്ചുവെന്ന് കരുതുക, വിപണി തുറന്ന് നല്‍കിയതിലൂടെ ഒഴുകിയെത്തുന്ന ഉത്പന്നങ്ങളോട് കമ്പോളത്തില്‍ മത്സരിക്കാന്‍ ഈ കര്‍ഷകര്‍ക്ക് സാധിക്കുമോ? വില കുറച്ച് സംഭരണം നടത്തുകയും പൂഴ്ത്തിവെച്ച് വില ഉയര്‍ത്തുകയും ചെയ്യുന്ന കുത്തക കമ്പനികളുടെ മുന്നില്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാനാകുമോ? ഇവകളെ ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കാന്‍ 'ഡിജിറ്റല്‍ പ്രധാനമന്ത്രി'ക്ക് സാധിക്കുമോ? ''നിങ്ങള്‍ക്ക് ഇനി ഞങ്ങളെ പറ്റിക്കാനാകില്ല, എന്റെ കൈയില്‍ ത്രീ ജി (ഇനിയങ്ങോട്ട് ഫോര്‍ ജി) യുണ്ടല്ലോ'' എന്ന ഇന്റര്‍നെറ്റ് സേവനദാതാവിന്റെ പരസ്യത്തില്‍ മയങ്ങുന്ന ഒരാളായി മാറുന്നു ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ പ്രധാനമന്ത്രി.


സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ക്കടലാസുകളില്‍ കുടുങ്ങിക്കിടക്കുന്ന രാജ്യത്തെ സാധാരണക്കാരനെ മോചിപ്പിക്കാന്‍ 'ഡിജിറ്റല്‍ ഇന്ത്യ' വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിലൂടെ വലിയൊരളവുവരെ ഇത് സാധിക്കും. പക്ഷേ, ജനസംഖ്യയില്‍ വലിയൊരു വിഭാഗം നിരക്ഷരരായി തുടരുന്ന രാജ്യത്ത്, വലിയൊരു വിഭാഗത്തിന് പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും അവസരമില്ലാത്ത അവസ്ഥയില്‍ ഡിജിറ്റല്‍ സമ്പ്രദായത്തിലൂടെ സേവനങ്ങള്‍ ആസ്വദിക്കാനും വ്യക്തിഗത വിവരങ്ങളുടെ ഡിജിറ്റല്‍ ശേഖരമുണ്ടാക്കാനും സാധിക്കുക എത്രകാലത്തിന് ശേഷമാകും? ജനസംഖ്യയില്‍ വലിയൊരു വിഭാഗം ദാരിദ്ര്യത്തില്‍ തുടരുകയും സാമൂഹിക നീതിയുടെ അടുത്തൊന്നും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഭരണാധികാരിയുടെ മുന്‍ഗണനയില്‍ വരേണ്ടത് എന്താണ്? പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി മൊബൈല്‍ ആപ് തുടങ്ങിയെന്നും അതിലൂടെ ജനങ്ങളുമായി അടുത്തിടപഴകാനും അവരുടെ നിര്‍ദേശങ്ങളും പരാതികളും പഠിക്കാന്‍ സാധിക്കുന്നുണ്ടെന്നുമാണ് വ്യവസായ പ്രമുഖരോട് നരേന്ദ്ര മോദി പറഞ്ഞത്. മൊബൈല്‍ ആപ്പിലൂടെ ലഭിച്ച പരാതികളില്‍ എത്രയെണ്ണത്തിനാണ് ഇക്കാലത്തിനിടെ പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചത് എന്നറിയില്ല. ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയില്ലാത്തതുകൊണ്ട് അന്നത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എത്രപേര്‍ പങ്കുവെച്ചുവെന്നും അറിയില്ല.


ഭരണത്തിന്റെ രീതി മാറ്റാന്‍, അകറ്റിനിര്‍ത്തപ്പെടുന്നവരെയും ദുര്‍ബലരെയുമൊക്കെ ശൃംഖലയുടെ ഭാഗമാക്കി രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപം മാറ്റാന്‍, പ്രതീക്ഷയുടെ പുറമ്പോക്കില്‍ മാത്രം നിന്നിരുന്ന ലക്ഷക്കണക്കായ ആളുകളുടെ ജീവിതം മാറ്റിമറിക്കാന്‍ ഒക്കെ 'ഡിജിറ്റല്‍ ഇന്ത്യ' പ്രാവര്‍ത്തികമാകുന്നതിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞുവെച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളുമൊക്കെ പരിഹരിക്കാന്‍ ഇതിലപ്പുറം മികച്ചതൊന്ന് ഇല്ലെന്ന് ചുരുക്കം. ഡിജിറ്റലാകുന്നതില്‍ ഏറെ മുന്നിലുള്ള ഫിന്‍ലന്‍ഡിന്റെയും അമേരിക്കയുടെയും സ്ഥിതി തുടക്കത്തില്‍ വിവരിച്ചത് കൂടി പരിഗണിച്ചാല്‍ ഇതിലപ്പുറം മറ്റൊന്നില്ല തന്നെ. പാലും തേനും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ എത്തുന്ന ഇന്ത്യ, അതാണ് ആര്‍ഷ സങ്കല്‍പ്പമെന്നും വേദകാലത്ത് സംന്യാസിമാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടി പറഞ്ഞാല്‍...

2015-09-07

മാരാര് മരിച്ചത് നന്നായി


ഹസ്തിനപുരിയിലെ രാജാവും മരുമകനുമായ വിചിത്രവീര്യനു വേണ്ടി അംബയെയും അംബികയെയും അംബാലികയെയും തട്ടിക്കൊണ്ടുവരുന്ന ഭീഷ്മര്‍. സാല്വ രാജാവിനെ മനസ്സാവരിച്ചിരുന്നുവെന്ന് തുറന്നു പറയുന്ന അംബ. സാല്വ രാജാവിന്റെ സമീപത്തേക്ക് അംബയെ അയക്കുന്ന ഭീഷ്മര്‍. മറ്റൊരാള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന സാല്വന്‍. തന്റെ ദുരിതത്തിനെല്ലാം കാരണം ഭീഷ്മരെന്ന് വിലയിരുത്തി, അദ്ദേഹത്തെ വധിക്കാന്‍ നിശ്ചയമെടുക്കുന്ന അംബ. അവര്‍ക്കുവേണ്ടി ആയുധമെടുക്കുന്ന പരശുരാമന്‍. വ്യാസസൃഷ്ടമായ മഹാഭാരതത്തിലെ പാത്രങ്ങളെ അധികരിച്ച് കുട്ടികൃഷ്ണ മാരാര്‍ എഴുതിയ ഭാരതപര്യടനത്തില്‍ ഭീഷ്മരെയും ദശാവതാരത്തില്‍ ഒന്നെന്ന് വിശ്വസിക്കുന്ന പരശുരാമനെയും ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്.


ഭീഷ്മനെ വധിക്കുക എന്ന നിശ്ചയത്തില്‍ ഇറങ്ങിപ്പുറപ്പെടുന്ന അംബ ആദ്യമെത്തുന്നത് സന്യാസിമാരുടെ നികടത്തിലാണ്. യൗവനയുക്തയും സുന്ദരിയുമായ അംബയെ ആശ്രമത്തില്‍ താമസിക്കാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്നായിരുന്നു സന്യാസിമാരുടെ തീരുമാനം.  അതിനിടയിലാണ് പരശുരാമന്‍ ആശ്രമത്തിലേക്ക് എത്തുന്നതും അംബ അദ്ദേഹത്തോട് തന്റെ അവസ്ഥ വിവരിക്കുന്നതും. ക്ഷത്രിയവധം 21 വട്ടം പൂര്‍ത്തിയാക്കി, ആയുധം താഴെവെച്ച പരശുരാമന്‍, അംബക്കു വേണ്ടി ഭീഷ്മരോട് സംസാരിക്കാമെന്നും വഴങ്ങുന്നില്ലെങ്കില്‍ യുദ്ധം ചെയ്ത് വധിക്കാമെന്നും വാക്കുനല്‍കുന്നു. യൗവനയുക്തയും സുന്ദരിയുമായ അംബയെ ആശ്രമത്തില്‍ താമസിപ്പിക്കുന്നത് ഉചിതമാകില്ലെന്ന സംന്യാസിമാരുടെ തീരുമാനത്തെയും ആയുധം താഴെവെക്കുന്നുവെന്ന പ്രതിജ്ഞ ഉപേക്ഷിച്ച് ഭീഷ്മരുമായി ഏറ്റുമുട്ടാന്‍ പരശുരാമന്‍ എടുക്കുന്ന തീരുമാനത്തെയും വിമര്‍ശബുദ്ധ്യാ സമീപിക്കുന്നുണ്ട് കുട്ടികൃഷ്ണമാരാര്‍.


വര്‍ഷങ്ങള്‍ തപം ചെയ്ത് സ്വായത്തമാക്കിയ സംയമത്തിന്, അംബയുടെ സാമീപ്യം ഇളക്കം തട്ടിക്കുമോ എന്ന ഭയം കൂടി സന്യാസിമാരുടെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കുട്ടിക്കൃഷ്ണമാരാര്‍ സൂചിപ്പിക്കുന്നു. ഇനി ആയുധമെടുക്കില്ലെന്ന തീരുമാനം മാറ്റാന്‍ വൃദ്ധതാപസിയും അവതാരപുരുഷനുമായ പരശുരാമന്‍ തീരുമാനിച്ചതില്‍, അംബയുടെ യൗവന ലാവണ്യം കാരണമായിട്ടുണ്ടോ എന്ന് സന്ദേഹിക്കുകയും ചെയ്യുന്നു. ദൃഢപ്രതിജ്ഞകളില്‍ നിന്ന് പിന്മാറാനുള്ള പ്രേരണകളെയൊന്നാകെ തള്ളിക്കൊണ്ട്, സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനിന്ന ഭീഷ്മരെയും പരശുരാമനെയും താരമ്യം ചെയ്യുന്നുമുണ്ട് കുട്ടികൃഷ്ണ മാരാര്‍. പരശുരാമനെക്കാള്‍ യശോധാവള്യം, ഭീഷ്മനാണെന്ന് പറയുമ്പോഴും പ്രതിജ്ഞകളില്‍ ഉറച്ച്, കീര്‍ത്തി സമ്പാദിക്കാനുള്ള ശ്രമം ഭീഷ്മര്‍ നടത്തുന്നുവോ എന്ന സംശയം മാരാര്‍ ഉന്നയിക്കുകയും ചെയ്യുന്നു.


ഹനുമാന്‍ സേനക്കാര്‍ ഭീഷണിമുഴക്കുകയും സംഘ്പരിവാറിന്റെ അസഹിഷ്ണുത അതിരുകള്‍ ലംഘിക്കുകയും ചെയ്യുന്ന ഇക്കാലത്തെങ്ങാനുമാണ് കുട്ടികൃഷ്ണ മാരാര്‍ ജീവിച്ചിരുന്നതെങ്കില്‍! സര്‍വസംഗ പരിത്യാഗികളായ സന്യാസിമാരെ, വികാരങ്ങള്‍ക്കടിപ്പെടാനിടയുള്ളവരായി ചിത്രീകരിച്ചതിന്റെ പേരില്‍ ക്രൂശിക്കപ്പെടുമായിരുന്നോ? അവതാരപുരുഷന്‍മാരില്‍ ഒരാളെന്ന് വിശ്വസിക്കപ്പെടുന്ന പരശുരാമന്‍, പ്രതിജ്ഞയുപേക്ഷിക്കാന്‍ തീരുമാനിച്ചത്, അംബയുടെ യൗവന ലാവണ്യത്തില്‍ മനംമയങ്ങിയാണെന്ന് ദ്യോതിപ്പിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുമായിരുന്നോ? ഹിന്ദുവും അതില്‍ തന്നെ സവര്‍ണനുമായതിനാല്‍ മാരാര്‍ക്ക് വിമര്‍ശങ്ങളൊക്കെ ആകാമെന്ന് സേനക്കാര്‍ തീരുമാനിക്കുമായിരുന്നോ?


സാഹിത്യകാരനും വിമര്‍ശകനുമായ എം എം ബഷീര്‍, രാമായണത്തെ അധികരിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ ഭീഷണിക്കിരയായ പശ്ചാത്തലത്തിലാണ് ഭാരതപര്യടനത്തെക്കുറിച്ച് ഓര്‍ത്തത്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നുവെങ്കില്‍കൂടി രാമായണം പൊതുവില്‍ പരിഗണിക്കപ്പെടുന്നത് ഇതിഹാസ കാവ്യമെന്ന നിലക്കാണ്. അത് പലവിധം വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. വാത്മീകീ രാമായണത്തില്‍ 'വില്ലനാ'യ രാവണനെ നായകനാക്കി സൃഷ്ടികളുണ്ടായി. സീതയെ കേന്ദ്രീകരിച്ചുള്ള രചനകളുണ്ടായി, രാമന്‍ പാലിച്ചുവെന്ന് പറയുന്ന രാജനീതി ശരിയോ എന്ന ചോദ്യം ഇത്തരം രചനകള്‍ ഉയര്‍ത്തുകയും ചെയ്തു. വാത്മീകി വിരചിതമായ രാമായണമോ അതിലെ നായകപാത്രമായ രാമനോ വിമര്‍ശത്തിന് അതീതമായ ഒന്നായിരുന്നില്ല. പിന്നെ എം എം ബഷീറൊരു ലേഖനപരമ്പരയെഴുതുമ്പോള്‍ ഭീഷണിയുമായി രംഗത്തുവരുന്നതിന്റെ കാരണമെന്ത്? 'ഹിന്ദു ദൈവ'മായ രാമനെ വിമര്‍ശിക്കാന്‍ ഒരു മുസ്‌ലിം മുതിരുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് ഉദ്ദേശ്യം. ഇത്തരം പ്രചാരണത്തിന് ഉതകുന്ന അന്തരീക്ഷം നിലവിലുണ്ടെന്ന് മനസ്സിലാക്കുകയും അത് രാഷ്ട്രീയലാഭമുണ്ടാക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരുമാണ് ഇവര്‍.


ഹിന്ദു വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോള്‍പ്പോലും സാഹിത്യകൃതി എന്ന അസ്തിത്വം രാമായണത്തിനും മഹാഭാരതത്തിനുമൊക്കെയുണ്ട്. വിശാലമായ ഭാവനയിലുള്ള അതിരറ്റ വിശ്വാസം മൂലമാണ് ഇതിലില്ലാത്തതൊന്നും മറ്റെവിടെയുമുണ്ടാകില്ലെന്ന് മഹാഭാരത കര്‍ത്താവ് പ്രഖ്യാപിച്ചത്. അത്തരമൊരു പ്രഖ്യാപനം നടത്തുമ്പോള്‍ തുടര്‍ന്നുവരുന്ന തലമുറകള്‍ക്കൊക്കെ വ്യാഖ്യാനിക്കാനുള്ള അനുമതി കൂടിയാണ് രചയിതാവ് നല്‍കുന്നതും. അത്തരം സ്വാതന്ത്ര്യങ്ങള്‍ക്കൊക്കെ വിലങ്ങിടുക എന്നതാണ്, ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയെന്ന് അവകാശപ്പെടുന്ന സംഘ്പരിവാരം ഇക്കാലത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ചെറിയ ഉദാഹരണമാണ് എം എം ബഷീറിനുണ്ടായ അനുഭവം.


രാമായണത്തെയോ മഹാഭാരതത്തെയോ ഒക്കെ, മതത്തിനുള്ളിലേക്ക് പരിമിതപ്പെടുത്തുകയും അവകളെ കൈകാര്യം ചെയ്യാനുള്ള അവകാശം മതത്തിനുള്ളിലുള്ളവര്‍ക്കു മാത്രമായി ചുരുക്കുകയും ചെയ്യാനാണ് ശ്രമം. അതിന് പുറത്തുള്ളവര്‍ കൈകാര്യം ചെയ്യുമ്പോള്‍, 'നമ്മുടെ' ദൈവങ്ങളെയും അവരുടെ ചരിതങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ അന്യമതസ്ഥര്‍ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ച് വര്‍ഗീയത വളര്‍ത്തിയെടുക്കാനും. 'ഭഗവാന്‍ കാലുമാറുന്നു', 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' തുടങ്ങിയ സര്‍ഗസൃഷ്ടികള്‍ക്കെതിരെ നീക്കങ്ങളുണ്ടായപ്പോള്‍ സമുഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടാനുള്ള ശ്രമങ്ങളോട് ജാഗ്രത പുലര്‍ത്തപ്പെട്ടിരുന്നു. 'ഈ മേത്തനാരാ രാമായണത്തെക്കുറിച്ച് എഴുതാന്‍' എന്ന തോന്നലിനാണ് പുതിയ കാലത്ത് പ്രാമുഖ്യം. അത്തരമൊരു അവസ്ഥ, കേരളത്തില്‍പ്പോലും സൃഷ്ടിച്ചെടുക്കുന്നതില്‍ സംഘ് പരിവാരം വിജയിച്ചിരിക്കുന്നുവെന്ന് ചുരുക്കം. രാമായണത്തെക്കുറിച്ചെഴുതാന്‍ ബഷീറിന് അവകാശമുണ്ടെന്ന് വാദിച്ച്, 'അജ്ഞാത'രുടെ ആക്രമണത്തിനോ ഹനുമാന്‍ സേനക്കാരുടെ അസഭ്യവര്‍ഷത്തിനോ വിധേയരാകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടാകണം.


വിവിധ മേഖലകളിലെ കാവിവത്കരണശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നുണ്ട്. വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘ ബന്ധുക്കളെ  കുടിയിരുത്തിക്കൊണ്ടിരിക്കയാണ്. ആര്‍ എസ് എസ് ബന്ധമുള്ളവര്‍ പട്ടികയിലില്ലെന്ന കാരണത്താല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം മാറ്റിവെക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചതായി വാര്‍ത്ത പുറത്തുവരുന്നുണ്ട്. വിദ്യാഭ്യാസത്തെ 'ഭാരതവത്കരിക്കണ'മെന്ന് ആര്‍ എസ് എസ് നിര്‍ദേശം നല്‍കുമ്പോള്‍ കാവിവത്കരണത്തിന് വേഗം കൂട്ടണമെന്ന ആജ്ഞയായി വേണം കാണാന്‍.  അത് പാലിക്കപ്പെടുമ്പോള്‍ എതിര്‍പ്പുന്നയിക്കുന്നവരെ നേരിടുന്ന രീതിയും കടുക്കും. ഹംപി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍, പ്രൊഫ. എം എം കല്‍ബുര്‍ഗിയെ 'അജ്ഞാതര്‍' വധിച്ചത് അടുത്തിടെയാണ്. കൊലപാതകത്തെ സ്വാഗതം ചെയ്ത ബജ്‌രംഗ്ദള്‍ നേതാവ്, ഹിന്ദുത്വത്തെ അപമാനിക്കുന്നവര്‍ക്കുള്ള വിധി ഇതാണെന്ന് കുറിക്കുകയും അടുത്ത ഇര യാഥാസ്ഥിതികത്വത്തെ എതിര്‍ക്കുന്ന പ്രൊഫ. കെ എസ് ഭഗവാനാണെന്ന് പറയുകയും ചെയ്തു. ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യം പൂര്‍ണമാക്കാന്‍ പാകത്തിലുള്ള പ്രവൃത്തിയാണ് തുടരേണ്ടതെന്ന് ധരിക്കുകയും ചെയ്യുന്നുണ്ട് ഇക്കൂട്ടര്‍.


കാവിവത്കരണത്തിന്റെ മറുപുറമാണ്, അതിന്റെ ഉള്ളടക്കങ്ങളെ വിമര്‍ശബുദ്ധ്യാ സമീപിക്കുന്നവരെ നിശ്ശബ്ദരാക്കുക എന്നത്. അതില്‍ ഭേദം കാട്ടാറില്ല, ഫാസിസ്റ്റുകളെന്നതിന് ബജ്‌രംഗ്ദള്‍ നേതാവിന്റെ കുറിപ്പ് തെളിവാണ്. തീവ്രഹിന്ദുത്വത്തിന് വിധേയരാകുന്നവരും എതിര്‍ക്കുന്നവരും എന്ന രണ്ട് പക്ഷമേ അവര്‍ക്ക് മുന്നിലുള്ളൂ. അതുകൊണ്ടു തന്നെ കുട്ടികൃഷ്ണ മാരാര്‍, ഇക്കാലത്താണ് ഭാരതപര്യടനം എഴുതിയിരുന്നതെങ്കില്‍ ഹിന്ദുവെന്നതോ സവര്‍ണനെന്നതോ ഘടകമാകുമായിരുന്നില്ലെന്ന് കരുതണം. ദശാവതാരങ്ങളില്‍ ഒന്നെന്ന് വിശ്വസിക്കുന്ന പരശുരാമനെ അംബയുടെ യൗവനലാവണ്യത്തില്‍ സ്വാധീനിക്കപ്പെട്ടവനായി ചിത്രീകരിച്ചതിന് മാരാര്‍ പിഴമൂളേണ്ടിവന്നേനേ. മാരാര്‍ മണ്‍മറഞ്ഞുവെങ്കിലും ഭാരതപര്യടനം നിലനില്‍ക്കുന്നുണ്ട്. പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ ഹനുമാന്‍ സേനക്കാര്‍ക്ക് മടിതോന്നേണ്ട കാര്യമില്ല, കൂട്ടിയിട്ട് കത്തിക്കുകയുമാകാം. ചുരുക്കംചില പ്രസ്താവനകള്‍ക്കപ്പുറത്ത് എതിര്‍പ്പുയരില്ലെന്ന് ഉറപ്പ്.


രാമായണത്തെക്കുറിച്ച് എഴുതിയത് എം എം ബഷീറാകകൊണ്ട്, ഭീഷണിക്കിറങ്ങാന്‍ രണ്ട് വട്ടം ആലോചിക്കേണ്ടിവന്നിട്ടുണ്ടാകില്ല ഹനുമാന്‍ സേനക്കാര്‍ക്ക്. ബഷീറാകകൊണ്ട് തന്നെയാണ് ഭീഷണി ചോദ്യംചെയ്യേണ്ടതില്ലെന്ന് പ്രബുദ്ധ സമൂഹം എളുപ്പത്തില്‍ തീരുമാനിച്ചതും. താനൊരു മുസല്‍മാന്‍ മാത്രമാണെന്ന് എഴുപത്തിയഞ്ചാം വയസ്സില്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് ലേഖന പരമ്പര പൂര്‍ത്തിയാക്കേണ്ടെന്ന് എം എം ബഷീര്‍ തീരുമാനിച്ചതും. ഭീഷണിക്കാര്‍ക്ക് ധൈര്യമേറുന്നു. മറ്റുള്ളവരില്‍ ചിലര്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ വികസനവാഗ്ദാനങ്ങളില്‍ മയങ്ങി, ഇത്തരം ഭീഷണികളെയൊന്നും കാര്യമാക്കേണ്ടതില്ലെന്ന മനോഭാവത്തിലേക്ക് എത്തിയിരിക്കുന്നു. ചിലര്‍, ഭീതിയുടെ നിഴലിലായിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ നിസ്സംഗരും. ഫാസിസത്തിന് വളരാന്‍ ഇതിലും വളക്കൂറുള്ള മണ്ണില്ല തന്നെ.