2015-10-25

...യെ പാഗല്‍ ദില്‍ മേരാ


''ചുപ്‌കെ ചുപ്‌കെ രാത് ദിന്‍ ആംസു ബഹാന യാദ് ഹേ
ഹം തൊ അബ് തക് ആഷിഖി കാ വൊ സമാന യാദ് ഹേ''
(രാത്രിയും പകലും വെറുതെ വെറുതെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഓര്‍മയുണ്ട്
സ്‌നേഹത്തിന്റെ ആ കാലം നമ്മള്‍ക്ക് ഓര്‍മയുണ്ട്)


സയ്യിദ് ഫസല്‍ ഉല്‍ ഹസനെ അധികമാരും അറിയാനിടയില്ല. മൗലാന ഹസ്‌റത് മൊഹാനിയെ കൂടുതല്‍ പേര്‍ അറിയും. ഇന്ത്യന്‍ യൂണിയന്റെ ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമായിരുന്ന, പൂര്‍ണമായ ഭരണഘടന ന്യൂനപക്ഷമായ മുസ്‌ലിംകളോട് വിവേചനം കാട്ടുന്നുവെന്ന് തോന്നിയതിനാല്‍ അതില്‍ ഒപ്പിടാതിരുന്ന വ്യക്തി. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് കൂട്ടിയോജിപ്പിച്ച വ്യക്തി. കോണ്‍ഗ്രസില്‍ തുടങ്ങി, കമ്മ്യൂണസത്തിലേക്ക് ചാഞ്ഞ്, ന്യൂനപക്ഷത്തോട് വിവേചനം കാട്ടുന്നുവെന്ന തോന്നലുണ്ടായിട്ടും ഇന്ത്യന്‍ യൂനിയനില്‍ തുടരാന്‍ തീരുമാനിച്ച സ്വാതന്ത്ര്യ സമര സേനാനി. ബ്രിട്ടീഷ് ഇന്ത്യയിലെ യൂനൈറ്റഡ് പ്രൊവിന്‍സസിലെ (ഇന്നത്തെ ഉത്തര്‍ പ്രദേശ്) മൊഹാനയില്‍ ജനിച്ച ഫസല്‍ ഉല്‍ ഹസന്‍, ഉര്‍ദുവില്‍ നടത്തിയ രചനകള്‍ക്ക് സ്വീകരിച്ച തൂലികാ നാമമാണ് ഹസ്‌റത് മൊഹാനി. അദ്ദേഹത്തിന്റെ കവിതയിലെ ആദ്യവരികളാണ് മേലുദ്ധരിച്ചത്.


ഈ കവിത ജനമനസ്സുകളിലേക്ക് കൂടുതല്‍ എത്തിയത് പാക്കിസ്ഥാന്‍ സ്വദേശിയായ ഗായകന്‍ ഗുലാം അലിയുടെ ഗസലായാണ്. 1982ല്‍ പുറത്തിറങ്ങിയ 'നിക്കാഹ്' എന്ന ഹിന്ദി ചിത്രത്തില്‍ ഈ ഗസല്‍ ഉള്‍പ്പെടുത്തിയിരുന്നു. അതോടെ ഗാനം കൂടുതല്‍ പ്രശസ്തമായി. 1982ല്‍ ഹിന്ദി സിനിമാലോകം ഇന്നത്തെ ബോളിവുഡായി വികസിച്ചിരുന്നില്ല. മറാത്ത മണ്ണ് മറാത്തി മക്കള്‍ക്ക് എന്ന വാദവുമായി 1966ല്‍ രൂപം കൊണ്ട ശിവസേന, തീവ്ര ഹിന്ദുത്വ വാദത്തിലേക്ക് പൂര്‍ണമായും എത്തിയിരുന്നുമില്ല 1982ല്‍. അതുകൊണ്ടാകണം ഗുലാം അലിയുടെ ശബ്ദത്തില്‍ ഈ ഗാനം സിനിമയില്‍ ഇടം പിടിച്ചിട്ടുണ്ടാകുക. ഗുലാം അലിയുടെ ശബ്ദം, പ്രതിഷേധ സുചകമായി ഭരണഘടനയില്‍ ഒപ്പിടാതിരുന്ന ഹസ്‌റത് മൊഹാനി ഉര്‍ദുവില്‍ രചിച്ച ഗാനം എന്നിങ്ങനെ പലകാരണങ്ങളുണ്ടല്ലോ എതിര്‍പ്പിന് ആധാരമാക്കാന്‍.


മണ്ണിന്റെ മക്കള്‍ വാദം ശക്തമായി ഉന്നയിക്കുകയും അതിന് ഉപാധിയായി മറാത്തി ഭാഷ ഉപയോഗിക്കുകയും മദ്രാസികളെയും (ദക്ഷിണേന്ത്യക്കാര്‍ക്ക് പൊതുവിലുള്ള വിശേഷണം) ഉത്തര്‍ പ്രദേശുകാരെയും ബിഹാറികളെയുമൊക്കെ ആട്ടിപ്പായിക്കുകയും കൂടുതല്‍ തുക ഹഫ്തയായി (കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ഗുണ്ടകളും ശിവസേനക്കാരും ഒരുപോലെ നടത്തുന്ന പിരിവ്) നല്‍കിയാല്‍ മാത്രം തുടരാന്‍ അനുവദിക്കുകയുമൊക്കെ ചെയ്യുന്ന ശിവസേന ഹിന്ദി മാധ്യമമാക്കി സിനിമയെടുത്ത് വളര്‍ന്ന ബോളിവുഡിനെ തുടരാന്‍ അനുവദിക്കുന്നുണ്ട്. അവിടെ പാക്കിസ്ഥാന്‍ കലാകാരന്‍മാര്‍ എത്തുന്നതിലേ എതിര്‍പ്പുള്ളൂ.


1960ല്‍ ഇരുപതാം വയസ്സില്‍ കുല്‍ പാക്കിസ്ഥാന്‍ മ്യൂസിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്തതോടെയാണ് ഗുലാം അലി പ്രശസ്തിയിലേക്ക് ഉയരുന്നത്. ലോകത്താകെയുള്ള പ്രഗത്ഭ സംഗീതജ്ഞര്‍ പങ്കെടുത്ത പരിപാടി. അതില്‍ ഇന്ത്യയില്‍ നിന്ന് കഥക് നര്‍ത്തകന്‍ ഗോപി കൃഷ്ണയും ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗിരിജാ ദേവിയും പങ്കെടുത്തിരുന്നു. വിഭജനവും അതിനെത്തുടര്‍ന്ന് അരങ്ങേറിയ സമാനതകളില്ലാത്ത ക്രൂരതകളുടെയും മുറിവ് ഇത്രത്തോളം ഉണങ്ങുന്നതിന് മുമ്പായിരുന്നു ഈ കോണ്‍ഫറന്‍സ് എന്നത് ഓര്‍ക്കുക. 1947ല്‍ തന്നെ ഒരു യുദ്ധം കഴിഞ്ഞു. 1965ലെ യുദ്ധത്തിലേക്ക് വഴിയൊരുക്കും വിധത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയുമായിരുന്നു. ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നുവെന്ന ആരോപണം ഇന്ത്യ ഉന്നയിച്ചിരുന്നു. കശ്മീരിനു മേലുള്ള അവകാശം ഉറപ്പിക്കാനുള്ള അതിര്‍ത്തി കടന്നുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ നിരന്തരം നടത്തുകയും ചെയ്തിരുന്നു.


നയതന്ത്ര ബന്ധം കച്ചവടവുമായി ബന്ധിതമാകുകയോ ജനാധിപത്യ ബോധം ഇത്രമാത്രം വികസിക്കുകയോ ചെയ്തിരുന്നില്ല. ജനായത്തം ഇന്ത്യയില്‍ പച്ചപിടിച്ചിരുന്നുവെങ്കിലും പാക്കിസ്ഥാനിലേത് കരിഞ്ഞ സ്ഥിതിയിലുമായിരുന്നു. ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാന്റെ ഏകാധിപത്യമായിരുന്നു നടപ്പ്. ആ സാഹചര്യത്തില്‍പ്പോലും ഗോപി കൃഷ്ണനും ഗിരിജാ ദേവിക്കും പാക്കിസ്ഥാനിലെ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നതിന് പ്രയാസമുണ്ടായില്ല. തടയുമെന്ന് ആരും പ്രഖ്യാപിച്ചുമില്ല. പില്‍ക്കാലത്തൊന്നും ഇന്ത്യയിലെ ഏതെങ്കിലും കലാകാരനെ തടയുമെന്ന പ്രഖ്യാപനം പാക്കിസ്ഥാനിലെ ഏതെങ്കിലും സംഘടന നടത്തിയതായി ഓര്‍മയിലില്ല.


മഹാരാഷ്ട്രയുടെ സമ്പദ് വ്യവസ്ഥയെ പൊതുവിലും മുംബൈയുടേതിനെ പ്രത്യേകിച്ചും താങ്ങിനിര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട് ബോളിവുഡ് സിനിമാ വ്യവസായം. ബോളിവുഡില്‍ നിന്ന് പടച്ചിറക്കുന്ന ഏത് തട്ടുപൊളിപ്പന്‍ ചിത്രത്തിനും മുടക്കുമുതല്‍ തിരിച്ച് കിട്ടുന്നതിന് സഹായിക്കുന്നുണ്ട് പാക്കിസ്ഥാനിലെ കാണികള്‍. ഇന്ത്യന്‍ സിനിമകള്‍ കാണരുതെന്ന് മതപണ്ഡിതര്‍ ഇടക്കിടെ നിര്‍ദേശം നല്‍കാറുണ്ടെങ്കിലും അതൊന്നും ജനം കാര്യമായെടുക്കാറില്ല. മതപണ്ഡിതര്‍ക്ക് സിനിമകളോടുള്ള പൊതുവിലാണ് എതിര്‍പ്പ്. ഇന്ത്യന്‍ സിനിമകള്‍ കൂടുതലായി സ്വീകരിക്കപ്പെടുന്നതിനാല്‍ അവര്‍ പേരെടുത്ത് പറയുന്നുവെന്ന് മാത്രം. ചില സിനിമകള്‍ അവിടുത്തെ സര്‍ക്കാര്‍ നിരോധിക്കാറുണ്ട്. പുര്‍ണമായ നിരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാറില്ല. ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കാനാകില്ലെന്ന് അവിടുത്തെ കോടതികള്‍ പലവട്ടം ഉത്തരവിട്ടിട്ടുമുണ്ട്.


ഇന്ത്യയുമായുള്ള ബന്ധത്തില്‍ തര്‍ക്കവിധേയമെന്ന് തങ്ങള്‍ കരുതുന്ന വിഷയങ്ങള്‍ ഏതൊക്കെ എന്നതില്‍ പാക്കിസ്ഥാന് കൃത്യമായ ധാരണയുണ്ട്. അതിനോട് ബന്ധപ്പെടുമെന്ന് അവര്‍ കരുതാത്ത ഒന്നിലും നിയന്ത്രണങ്ങളോ നിരോധമോ ഏര്‍പ്പെടുത്താനോ തടയുമെന്ന് പ്രഖ്യാപിച്ച് ആകെ രാജ്യത്തിന്റെ മുഖത്ത് നിഴല്‍ വീഴ്ത്താനോ അവര്‍ ശ്രമിക്കുന്നില്ല. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുന്നതില്‍ അവിടുത്തെ സംഘടനകള്‍ പിന്നാക്കമാണ് എന്ന് ഇതിന് അര്‍ഥമില്ല. പാക്കിസ്ഥാന്‍ വിരുദ്ധ വികാരം ഇവിടെ ജനിപ്പിക്കുന്നതിനോട് മത്സരിക്കാന്‍ പാകത്തില്‍ അത് അവിടെയുമുണ്ട്. പക്ഷേ, ജനാധിപത്യ സമ്പ്രദായം രൂഢമൂലമായെന്ന് കരുതുന്ന ഇന്ത്യന്‍ യൂനിയനില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് പക്ഷേ, തര്‍ക്കവിധേയമെന്ന് കരുതുന്ന വിഷയങ്ങള്‍ക്ക് പുറത്തുള്ളവയോട് സഹിഷ്ണുത കാട്ടുക എന്നതിലേക്ക് പോലും വളരാനായിട്ടില്ല. അതുകൊണ്ടാണ് അവര്‍ ക്രിക്കറ്റ് പിച്ച് കുത്തിപ്പറിക്കാനും കളിക്കാരെ തടയാനും പാക്കിസ്ഥാന്‍ മുന്‍ മന്ത്രിയുടെ പുസ്തകം പ്രകാശനം ചെയ്യാന്‍ ശ്രമിക്കുന്നവരെ കരി ഓയിലില്‍ കളിപ്പിക്കാനും തയ്യാറാകുന്നത്. അതുകൊണ്ട് തന്നെയാണ് ഫാഷിസ്റ്റുകള്‍ എന്ന് ഇവയെ വിളിക്കുന്നതും. ഗുലാം അലിയെ തടയുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നത് വരെയുള്ള വിഷയങ്ങളില്‍ നിരാശയുണ്ടെങ്കിലും സംസ്ഥാന വിഷയമായതിനാല്‍ ഇടപെടാനാകുന്നില്ലെന്ന് പ്രധാനമന്ത്രി പരിതപിച്ച് നില്‍ക്കുമ്പോള്‍ അത് ഫാഷിസ്റ്റുകള്‍ക്കുള്ള ഒത്താശയാണ്.


മനുഷ്യര്‍ക്കിടയില്‍ വെറുപ്പു വളര്‍ത്തി, അധികാരം കൊയ്യാന്‍ മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി യത്‌നിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭിന്നരൂപങ്ങളില്‍ നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കാനാകുമോ? അവര്‍ക്ക് സ്‌നേഹത്തിന്റെ കാലങ്ങളെക്കുറിച്ച് ഓര്‍മകളുണ്ടാകുമോ? അധികാരം കൈയാളി എന്നതു കൊണ്ട് ബി ജെ പി ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനവും അക്രമങ്ങള്‍ ചില സംഘടനകളുടെ ഉത്തരവാദിത്തവും മാത്രമായി മാറുമോ?


ജാതിക്കോമരങ്ങള്‍ ചുട്ടെരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശരീരം ഇവിടെ രാജവീഥിയില്‍ കിടക്കുന്നു. സംസ്ഥാന വിഷയമായതിനാല്‍ പ്രധാനമന്ത്രി നിരാശനും നിസ്സഹായനുമായി തുടരുമെന്ന് പ്രതീക്ഷിക്കാം. ആര്‍ എസ് എസ്സിലെയും ബി ജെ പിയിലെയും സഹപ്രവര്‍ത്തകനാണ്  ഹരിയാനയിലെ മുഖ്യമന്ത്രിയെന്നതിനാല്‍ ദീര്‍ഘ മൗനവും പ്രതീക്ഷിക്കാം. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചോ മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചോ ഒരു നീണ്ട പ്രഭാഷണം തുടര്‍ന്നുണ്ടാകും.

വീണ്ടും ഗുലാം അലി പാടുന്നു,

യെ ദില്‍, യെ പാഗല്‍ ദില്‍ മേരാ...




2015-10-20

കൊല്ലണം സര്‍, മീന്‍ പിടിക്കുന്നവനെയും


മഹാത്മന്‍,
വൈവിധ്യം, സഹിഷ്ണുത, ബഹുസ്വരത എന്നീ അടിസ്ഥാന മൂല്യങ്ങളാണ് രാജ്യത്തെ യോജിപ്പിച്ച് നിര്‍ത്തിയതെന്നും അവയൊരിക്കലും ഇല്ലാതാകരുതെന്നുമുള്ള രാഷ്ട്രപതിയുടെ സന്ദേശം ദിശാബോധം നല്‍കുന്ന തത്വമാണെന്ന് താങ്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവല്ലോ.  ദാരിദ്ര്യത്തോടാണോ മുസ്‌ലിംകളോടാണോ പോരടിക്കേണ്ടത് എന്ന് ഹിന്ദുക്കളും ഹിന്ദുക്കളോടാണോ ദാരിദ്ര്യത്തോടാണോ പോരടിക്കേണ്ടത് എന്ന് മുസ്‌ലിംകളും തീരുമാനിക്കണമെന്നും നല്ല ജീവിതത്തിന് നന്ന്, മുസ്‌ലിംകളും ഹിന്ദുക്കളും ദാരിദ്ര്യത്തോട് പോരടിക്കുന്നതാണെന്നും താങ്കള്‍ പറയുകയുണ്ടായി.


പശുവിനെ കൊല്ലുകയോ പശു മാംസം ഭക്ഷിക്കുകയോ ചെയ്തുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ അമ്പതു വയസ്സുകാരനെ തല്ലിക്കൊന്ന സംഭവം വാര്‍ത്തയാകുകയും പശുവിനു വേണ്ടി കൊല്ലാനും ചാകാനും തയ്യാറെന്ന് താങ്കളുടെ പക്ഷത്തുള്ള ചിലര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത്, ദിവസങ്ങളുടെ മൗനത്തിനൊടുവില്‍ രാഷ്ട്രപതി പരസ്യമായി പ്രതികരിച്ചതിന് ശേഷമാണ് അങ്ങയുടെ സുഭാഷിതമുണ്ടായത്. താങ്കളുടേതായി മുന്‍കാലത്തുണ്ടായ സുഭാഷിതങ്ങളും പൂര്‍വാനുഭവങ്ങളും ഈ പ്രസ്താവനയെ മുഖവിലക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നില്ല. എങ്കിലും പദവി പ്രധാനമന്ത്രിയുടേതാകയാല്‍ വാക്കുകള്‍ക്ക് ഗൗരവം  കല്‍പ്പിക്കാതെയും വയ്യല്ലോ?


ദാരിദ്ര്യത്തോട് പോരടിക്കാനാണ് ഹിന്ദുക്കളും മുസ്‌ലിംകളും തയ്യാറാകേണ്ടത് എന്ന് താങ്കള്‍ പറയുമ്പോള്‍ അതില്‍ എന്തിനൊക്കെ അനുവാദമുണ്ടാകുമെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ജനങ്ങള്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് പോലും സംഘ്പരിവാരമാകയാലാണ് ഈ സംശയം.


ദേവാസുരന്‍മാര്‍ ചേര്‍ന്ന് പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതാണ് കാമധേനു എന്നാണ് വിശ്വാസം. അതിന്റെ ക്ലോണു (പകര്‍പ്പുകള്‍) കളായി കണക്കാക്കുന്നതിനാല്‍ ഗോക്കളെ കൊല്ലുന്നത് പാപമാണെന്നും വിശ്വസിക്കപ്പെടുന്നു. കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന ന്യായം ഇവിടെ പ്രയോഗിക്കുന്നില്ല. ആകയാല്‍ ഇറച്ചിക്കായി പശുക്കളെയും പൂരകമായ കാളകളെയും കൊല്ലുന്നത് പാപമായി. അതിനാല്‍ രാജ്യത്ത് പലേടത്തും നിയമം മൂലം നിരോധിച്ചു. പക്ഷേ, മാംസാവശ്യത്തിനായി പോത്തിനെ കൊല്ലുന്നതിന് തടസ്സമില്ല, പോത്തിറച്ചി വില്‍ക്കുന്നതിനും. യമധര്‍മന്റെ വാഹനമാണ് പോത്ത് എന്നാണ് വിശ്വാസം. ഇഹലോകത്തിലെ വിവിധ ആശ്രമങ്ങള്‍ പൂര്‍ത്തിയാക്കി, മോക്ഷ പ്രാപ്തിയാകുന്നതാണല്ലോ മരണം. മോക്ഷത്തിലേക്ക് ജനങ്ങളെ നയിക്കാന്‍ യമധര്‍മനെത്തുന്നത് പോത്തിന്റെ പുറത്തേറിയാണ്. ദേവവാഹനത്തെ ഇറച്ചിക്കായി കൊല്ലുന്നത് ചിതമല്ല തന്നെ.


മാട്ടിറച്ചി നിരോധിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതിഷേധിച്ച്, വിശ്വാസരഹിതരായ കമ്മ്യൂണിസ്റ്റുകള്‍ മാട്ടിറച്ചി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനോട് വിയോജിച്ച് കേരളത്തില്‍ പന്നിയിറച്ചി ആഘോഷം സംഘടിപ്പിക്കാന്‍ താങ്കളുടെ ആശയധാരയോട് യോജിച്ചു നില്‍ക്കുന്ന ചിലര്‍ തയ്യാറായതായി വാര്‍ത്തകളുണ്ടായിരുന്നു. പന്നി എന്നാല്‍ വരാഹം അഥവാ സൂകരം. ദശാവതാരങ്ങളിലൊന്ന്. പാലാഴി കടഞ്ഞപ്പോഴുയര്‍ന്നുവന്ന കാമധേനുവിനേക്കാള്‍ മേലെയാണ് വിഷ്ണുവിന്റെ നേരിട്ടുള്ള അവതാരമായ സൂകരത്തിന്റെ സ്ഥാനമെന്ന് താങ്കള്‍ സമ്മതിക്കുമല്ലോ? സൂകരത്തിന്റെ ഇറച്ചി കൊണ്ട് ആഘോഷം നടത്തിയത് ആരെന്ന് കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കുക എന്നത് ഇത്തരുണത്തില്‍ തീര്‍ത്തും സംഗതമാണ്. മാത്രമല്ല, മാംസാവശ്യത്തിനായി സൂകരത്തെ കൊല്ലുന്നത് അടിയന്തരമായി തടയണം. സൂകര മാംസം കൈവശം വെക്കുന്നവരെ തടവില്‍ വെക്കാന്‍ പാകത്തിലുള്ള നിയമ നിര്‍മാണത്തിന് മുന്‍കൈ എടുക്കുകയും വേണം.


കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന സൂകരങ്ങളെ വെടിവെക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്ന് സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കട്ടെ. കൃഷ്ണനും രാമനുമുള്ള അവതാരപ്പട്ടികയിലുള്‍പ്പെട്ട ഒന്നിനെ വെടിവെച്ചുകൊല്ലാന്‍ അനുവാദം നല്‍കുന്ന സര്‍ക്കാറോ? അതിന് എങ്ങനെയാണ് അധികാരത്തില്‍ തുടരാന്‍ സാധിക്കുക? തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദേശിക്കണം. അത്തരമൊരു തീരുമാനമെടുത്തതിന് ഉചിതമായ പ്രായച്ഛിത്ത ക്രിയകള്‍ നിര്‍ദേശിക്കുകയുമാകാം.


അവതാരങ്ങളില്‍ അടുത്തത് മത്സ്യമാണ്. നിര്‍ലോഭം പിടികൂടി, ഭക്ഷണവസ്തുവാക്കുന്നു ഈ അവതാരത്തെ. ദീര്‍ഘകാലം കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തിലിരുന്ന പശ്ചിമ ബംഗാളില്‍ ബ്രാഹ്മണരാണത്രെ, മത്സ്യഭോജനത്തില്‍ മുമ്പന്തിയില്‍. കടല്‍, കായല്‍, നദി, കുളം എന്നിവിടങ്ങളില്‍ നിന്നൊക്കെ പിടികൂടി, ലേലം  വിളിച്ച് വില്‍ക്കുകയാണ്. ഇതില്‍പ്പരം നിന്ദ വേറെന്തുള്ളൂ. ഉടന്‍ നിരോധിക്കേണ്ടതാണെന്നതില്‍ തര്‍ക്കം വേണ്ട. കൂര്‍മാവതാരത്തെയും മാംസാവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്, അത്രത്തോളം വ്യാപകമല്ലെങ്കിലും. നിരോധ നിയമം ഇവിടെയും അനിവാര്യം തന്നെ.


ഗോവധനിരോധം പരിസ്ഥിതി സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ദാര്‍ശനികന്‍ എം ജി വൈദ്യ പറഞ്ഞത് താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ? പരിസ്ഥിതി സംരക്ഷണത്തില്‍ സൂകര, മത്സ്യ, കൂര്‍മങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് സംഘ് നേതാക്കള്‍ക്ക് നിശ്ചയമായും അറിവുണ്ടാകും. ആയതിനാല്‍ അതു കൂടി ന്യായമായി വെക്കാവുന്നതാണ്. പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോവധം തടയണമെന്ന് പറയുമ്പോള്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിന് വേണ്ട ഇതര മാര്‍ഗങ്ങള്‍ കൂടി അവലംബിക്കേണ്ടതുണ്ട്.


ഖനനം, വനം കൈയേറ്റം, മണലെടുപ്പ്, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍ എന്ന് വേണ്ട പരിസ്ഥിതി നാശത്തിന് കാരണങ്ങള്‍ പലതുണ്ട്. നിരോധമാണ് സംരക്ഷണത്തിന് പറ്റിയമാര്‍ഗമെന്നതിനാല്‍ സകലതും നിരോധിക്കാന്‍ ആര്‍ എസ് എസ് വൈകാതെ ആവശ്യപ്പെടുമെന്നും താങ്കള്‍ അത് നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. അല്ലെങ്കിലും ഭൂമി ദേവിയാണെന്നല്ലോ വിശ്വാസം. രാമപത്‌നിയുടെ ജനനത്തിന് ഹേതുവും. അതിന്‍മേല്‍ ഇത്തരം ക്രൂരതകള്‍ പാടുള്ളതല്ല. അവതാരപുരുഷന്റെ സഹോദരന്‍ ഘലം (കലപ്പ) ഉപയോഗിച്ചിട്ടുണ്ടെന്നതിനാല്‍ അതു മാത്രം അനുവദിക്കാം. ദേവിയുടെ മാറില്‍ യന്ത്രശിഖരങ്ങള്‍ ആഴ്ത്തുന്ന കൃഷിരീതികള്‍ ആകമാനം തടയണം. പരിസ്ഥിതി സംരക്ഷണത്തില്‍ ഈ തടക്കും വലിയ പങ്കുണ്ടെന്ന് ആര്‍ എസ് എസ് ദാര്‍ശനികര്‍ക്ക് അറിയാവുന്നതാണ്.


ഭക്ഷണം ലാക്കാക്കിയുള്ളതല്ലാത്ത ഹിംസകളുമുണ്ട്. ദേവവാഹനമാണ് എലിയെന്നാണ് വിശ്വാസം, വലിയ വൈരുദ്ധ്യം അതിലുണ്ടെങ്കിലും. കെണിവെച്ച് പിടിച്ച് വെള്ളത്തില്‍ മുക്കിയും വിഷം വെച്ചുമൊക്കെയാണ് കൊല്ലുന്നത്. എതിര്‍ക്കേണ്ടതുണ്ടോ എന്നതില്‍ മറുചോദ്യമില്ല. ശിവന് ആഭരണമാണ് സര്‍പ്പം. അങ്ങോട്ടുപദ്രവിക്കുമെന്ന തോന്നലുണ്ടാകുമ്പോഴേ കടിക്കാറുള്ളൂ. കണ്ടാല്‍ കൊല്ലും ജനം. വിശ്വാസിക്ക് പൊറുപ്പിക്കാമോ? ധര്‍മപുത്രര്‍ക്കൊപ്പം നേരിട്ട് സ്വര്‍ഗ പ്രവേശം കിട്ടിയ ചരം ഒന്നേയുള്ളൂ, നായ. അതും അലഞ്ഞുതിരിഞ്ഞെത്തിയ ഇനം.  വധം പാടുമോ? ഇല്ലെന്നതില്‍ തര്‍ക്കം വേണ്ട. അതുകൊണ്ടു തന്നെ കൊല്ലാമോ ഇല്ലയോ എന്ന തര്‍ക്കത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കേണ്ട കാര്യവുമില്ല. കാറിനടിയില്‍ പട്ടിക്കുട്ടിപെട്ടാല്‍ കാറില്‍ സഞ്ചരിക്കുന്നയാളിന് എന്തുത്തരവാദിത്തമെന്ന് അങ്ങ് തന്നെ നേരത്തേ ചോദിച്ചിട്ടുണ്ടല്ലോ, അത്തരം അപകടങ്ങളെ ഈ പട്ടികയില്‍ നിന്നൊക്കെ ഒഴിവാക്കി നിര്‍ത്താവുന്നതാണ്.


രാഷ്ട്രപതി ഉദ്ദേശിച്ചതിനേക്കാളേറെ വൈവിധ്യമുണ്ടാകും ഇതൊക്കെ നടപ്പായാല്‍. ഇത്തരം നിരോധങ്ങള്‍ക്കൊക്കെ നിയമമുണ്ടാകുക എന്നതു തന്നെ വലിയൊരു വൈവിധ്യമാണ്. ഇവ്വിധം വധങ്ങളൊക്കെ അരങ്ങേറുന്ന രാജ്യങ്ങളുമായി അകലം പാലിക്കാന്‍ കൂടി തീരുമാനിച്ചാല്‍, അതും വൈവിധ്യമാകും. ഇതില്‍പ്പരം സഹിഷ്ണുത ഉണ്ടാകാനുമില്ല. സസ്യലതാദികളൊഴികെ ചരങ്ങളോടെല്ലാം സഹിഷ്ണുത. ബഹുസ്വരത പുലരാന്‍ ഇതിലധികം മറ്റെന്തെങ്കിലും ചെയ്യുനാവുമോ? ഇതങ്ങ് നടപ്പാകുന്നതോടെ മനുഷ്യരൊക്കെ, ജാതിമത ഭേദമില്ലാതെ സമന്‍മാരായി മാറും. ദാരിദ്ര്യത്തോട് മാത്രം പോരടിക്കുന്നവരായി. കലപ്പകൊണ്ട് മാത്രം കൃഷിയിറക്കാവുന്ന, മത്സ്യമാംസാദികള്‍ ലഭ്യമല്ലാത്ത സുന്ദര സമൂഹത്തില്‍ മറ്റെന്തെങ്കിലിനോടും പോരടിക്കാനുള്ള സമയം മനുഷ്യര്‍ക്കുണ്ടാകില്ല. ഏത് വിശ്വാസത്തിന്റെ ഭാഗമെന്നതോരാതെ, അന്നത്തിനായി ആഗ്രഹിക്കും. ആഗ്രഹം നടക്കാത്തവരുടെ അടുത്തേക്കൊക്കെ പോത്ത് വേഗത്തിലെത്തും. പോത്ത് വധം നിരോധിച്ചിരിക്കുന്നതിനാല്‍ എല്ലാവരുടെ പക്കലേക്കുമെത്താന്‍ പാകത്തില്‍ അവ ധാരാളമുണ്ടാകുകയും ചെയ്യും.  


'പലരും പല പ്രസ്താവനകളും നടത്തുന്നു, എല്ലാം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. ഞാന്‍ തന്നെ അത്തരം പ്രസ്താവന നടത്തിയാലും നിങ്ങള്‍ വിശ്വസിക്കരുത്' എന്ന് കൂടി അങ്ങ് പറഞ്ഞിരുന്നുവല്ലോ. നിരോധങ്ങളുടെ പുതിയകാലം പുലര്‍ന്നാല്‍ പിന്നെ പശുവിന് വേണ്ടി കൊല്ലാനും ചാകാനും തയ്യാറാണെന്നൊന്നും ആരും പ്രസ്താവന നടത്തില്ല. നിരോധം ലംഘിക്കുന്നവരെ നേരിടുക എന്നത് പിന്നെ നിയമപരമായ ബാധ്യതയാകുമല്ലോ. ദാദ്രിയിലുണ്ടായത് പോലുള്ള അനിഷ്ടങ്ങള്‍ ആവര്‍ത്തിക്കില്ല, ആവര്‍ത്തിച്ചാലും അത് നിയമപരമായിരിക്കകയും ചെയ്യും.


രാഷ്ട്രപതി ഉദ്ദേശിച്ച വൈവിധ്യം നിലനില്‍ക്കുന്ന, സഹിഷ്ണുത പുലരുന്ന, ബഹുസ്വരതക്ക് ഇടമുള്ള ഇന്നത്തെ അവസ്ഥ പല സ്വാതന്ത്ര്യങ്ങള്‍ക്കും അവസരം നല്‍കുന്നുണ്ട്. അതൊക്കെ ഓര്‍മിപ്പിക്കാനും ആസ്വദിക്കണമെന്ന് നിര്‍ബന്ധിക്കാനും ആളേറെയുണ്ട് താനും. എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും പരിധിയുണ്ടെന്ന് മറന്നുപോകുന്ന ആളുകള്‍. ജനം രാഷ്ട്രത്തിന് വേണ്ടിയാണെന്നും രാഷ്ട്രം ജനത്തിന് വേണ്ടിയല്ലെന്നും മനസ്സിലാകാത്ത വഹകള്‍. അതിനൊക്കെയൊരു മാറ്റത്തിന് ആദ്യം മാറേണ്ടത് ഭക്ഷണരീതിയാണ്. മനുഷ്യ സ്വഭാവം ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രീയ പഠനങ്ങളുണ്ട്. ആകയാല്‍ ഭക്ഷണ രീതി ആദ്യം. പിന്നെ വേഷം, ഭാഷ, ആചാരം എന്നിവയിലേക്ക് കടക്കാം. വൈവിധ്യങ്ങള്‍ ലാക്കാക്കിയുള്ള നിരോധങ്ങള്‍ അവിടെയുമാകാം. വിശ്വാസത്തോടും ഐതീഹ്യത്തോടും ബന്ധിപ്പിച്ച് നിരോധങ്ങള്‍ക്ക് അടിത്തറ പണിയുക പ്രയാസമുള്ളതല്ല തന്നെ. അതിനുള്ള ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്. ശൂന്യാകാശ യാത്രക്കുള്ള സാങ്കേതികവിദ്യ മുതല്‍ ആണവായുധ നിര്‍മിതി വരെയുള്ളവ വേദകാലത്തേയുണ്ടായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കല്‍.


അങ്ങനെയങ്ങ് പോന്നാല്‍, സുബ്രഹ്മണ്യന്‍ സ്വാമി പരസ്യമായി ആവശ്യപ്പെടുകയും ആര്‍ എസ് എസ് ആഗ്രഹിക്കുകയും ചെയ്യുന്ന വിധത്തില്‍ രാജ്യത്തെ ജനങ്ങളൊക്കെ, ഹിന്ദു പാരമ്പര്യമുള്ളവരായി മാറും. ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് ഇതിലും നല്ലൊരു മാര്‍ഗം ഇനി തെളിയാനില്ല തന്നെ. ആകയാല്‍, അങ്ങയുടെ വാക്കുകളെ ഉദ്ദിഷ്ട അര്‍ഥത്തില്‍ തന്നെ ഗ്രഹിക്കുന്നുവെന്ന് അറിയിക്കട്ടെ.

2015-10-19

'സംശുദ്ധി'ക്ക് ചില തെളിവുകള്‍


പ്രിയപ്പെട്ട നരേന്ദ്രഭായ്,
ഞാന്‍ നേരത്തെ അയച്ച കരട് ദയവായി അവഗണിക്കുക.
ഞാന്‍ ഇന്നലെ പറഞ്ഞത് പോലെ പുതിയ കരട് അയക്കുന്നു. ചില നിര്‍ദേശങ്ങള്‍ ഇവയാണ്.
*ഭാഷ മെച്ചപ്പെടുത്തണം.
*ആവര്‍ത്തനം ഒഴിവാക്കണം, ചില ആവര്‍ത്തനങ്ങള്‍ അനിവാര്യമാണെങ്കിലും.
*എല്ലാറ്റിലെയും വസ്തുതകള്‍ പരിശോധിച്ച് ഉറപ്പാക്കണം ....
*32-ാം ഖണ്ഡികയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ അമിത് ഭായ് തരണം.
*അവസാന ഖണ്ഡികയുടെ കരട് ഞാന്‍ തയ്യാറാക്കാം ....


2010 മാര്‍ച്ച് 30ന് എസ് ഗുരുമൂര്‍ത്തി, നരേന്ദ്ര മോദിക്ക് അയച്ച ഇ മെയിലിന്റെ ഉള്ളടക്കമാണിത്. അമിത് ഷാ, രാം ജെത്മലാനി, മഹേഷ് ജെത്മലാനി എന്നിവര്‍ക്കും ഗുരുമൂര്‍ത്തി ഈ വിഷയത്തില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഗുജറാത്തില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായിരുന്ന തുഷാര്‍ മേഹ്ത, സംഘ സൈദ്ധാന്തികനായി അറിയപ്പെടുന്ന എസ് ഗുരുമൂര്‍ത്തിക്ക് അയച്ച സന്ദേശങ്ങളുടെ തുടര്‍ച്ചയാണ് ഈ മെയിലുകള്‍.


2002ലെ ഗുജറാത്ത് വംശഹത്യക്കിടെ അരങ്ങേറിയ ഒമ്പത് കൊടും ക്രൂരതകളെക്കുറിച്ച് സി ബി ഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയും റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുകയും ചെയ്ത കാലത്താണ് ഇതൊക്കെ നടക്കുന്നത്.


ഗുജറാത്ത് സര്‍ക്കാറില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന വിജയ് ബധേക, തുഷാര്‍ മേത്തക്ക് അയച്ച ഒരു മെയില്‍ കൂടി പരിശോധിക്കാം. ഈ മെയില്‍ ഗുരുമൂര്‍ത്തിക്ക് തുഷാര്‍ മേത്ത കൈമാറുകയും ചെയ്തിട്ടുണ്ട്.

സര്‍,
ഒമ്പത് വലിയ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ട് ഇതിനൊപ്പമുണ്ട്. വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അയക്കുന്നത്. ഒമ്പത് കേസുകളിലെയും കുറ്റപത്രത്തിന്റെ വിശദാംശങ്ങളും മരണങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കും ഇതിനൊപ്പമുണ്ട്.


ഗുജറാത്തില്‍ നിരപരാധികളെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കാന്‍ ശ്രമിച്ച കേസുകള്‍ അട്ടിമറിക്കാന്‍ ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ അമിത് ഷാ ശ്രമിക്കുന്നുവെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുഷാര്‍ മേത്തയുടെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നതുള്‍പ്പെടെ രണ്ട് കേസുകള്‍ സഞ്ജീവ് ഭട്ടിനെതിരെ നിലവിലുണ്ട്. അതിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ കേസുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കി. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ സി ബി ഐയില്‍ നിന്ന് സ്വതന്ത്ര അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും അതിനാല്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാണ് പുതുതായി ആവശ്യപ്പെട്ടത്. രണ്ട് ആവശ്യങ്ങളും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ച് തള്ളിക്കളഞ്ഞു.


ഹരജി തള്ളിക്കൊണ്ട് സഞ്ജീവ് ഭട്ടിന്റെ കാര്യത്തില്‍ കോടതി നടത്തിയ നിരീക്ഷണങ്ങളാണ് മേല്‍ ഉദ്ധരിച്ചതടക്കം, തുഷാര്‍ മേത്തയും ഗുരുമൂര്‍ത്തിയും അമിത് ഷാക്കും നരേന്ദ്ര മോദിക്കും ജെത്മലാനിമാര്‍ക്കും അയക്കുകയും മറുപടി സ്വീകരിക്കുകയും ചെയ്ത നിരവധിയായ ഇ മെയിലുകള്‍ പ്രസക്തമാകുന്നത്. ശുദ്ധമായ കൈകളോടെയല്ല സഞ്ജീവ് ഭട്ട് കോടതിയെ സമീപിച്ചത് എന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു. എതിര്‍രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായും സര്‍ക്കാറിതര സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുമായും സഞ്ജീവ് ഭട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ട്. സര്‍ക്കാറിതര സംഘടനകള്‍, സഞ്ജീവ് ഭട്ടിനെ പഠിപ്പിച്ചുവിട്ടിരിക്കുന്നു. വസ്തുതകള്‍ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമായിരുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുതായിരുന്നു. സഞ്ജീവ് ഭട്ട് അയച്ച ഇ മെയില്‍ സന്ദേശങ്ങളെക്കുറിച്ച് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് രേഖപ്പെടുത്തിക്കൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ കോടതി നടത്തിയത്. സര്‍ക്കാറിനെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്, നര്‍മദ ബചാവോ ആന്ദോളന്റെ നേതാവിന്, മാധ്യമങ്ങള്‍ക്ക് ഒക്കെ സഞ്ജീവ് അയച്ച മെയിലുകളാണ് ഗുജറാത്ത് സര്‍ക്കാര്‍ ഹാജരാക്കിയത്.


സഞ്ജീവ് ഭട്ടിന്റെ മെയിലുകള്‍ സര്‍ക്കാര്‍ എങ്ങനെ കൈവശപ്പെടുത്തി എന്നറിയില്ല. ഹാക്ക് ചെയ്തതാകാം. ഐ പി എസ് ഉദ്യോഗസ്ഥനയക്കുന്ന (പുറത്താക്കപ്പെട്ടത് ഇപ്പോഴാണല്ലോ) മെയിലുകളെല്ലാം സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടോ എന്ന് അറിയില്ല. ഉദ്യോഗസ്ഥരയക്കുന്ന മെയിലുകളുടെയെല്ലാം (അത് വ്യക്തിപരമാണെങ്കില്‍ കൂടി) പകര്‍പ്പ് സര്‍ക്കാറിന് വെക്കണമോ എന്ന വ്യവസ്ഥ ഗുജറാത്തിലുണ്ടോ എന്നും അറിയില്ല. എന്തായാലും സര്‍ക്കാര്‍ ഹാജരാക്കിയ വിവരങ്ങളില്‍ പരമോന്നത നീതിപീഠത്തിലെ പരമോന്നത ന്യായാധിപര്‍ക്ക് സംശയമേതുമുണ്ടായില്ല. തുഷാര്‍ മേത്തയുടെ ഇ മെയിലുകളുടെ കാര്യത്തില്‍ സന്ദേഹമൊന്നും കോടതിക്കില്ല തന്നെ.


മേത്തയെ അനാവശ്യമായി തര്‍ക്കത്തിലേക്ക് വലിച്ചിഴക്കുകയാണ്. അമിത് ഷായുടെ അഭിഭാഷകരുമായി കുറ്റകരമായ ബന്ധം തുഷാറിനുണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കണ്‍വീനര്‍ കുടിയായ എസ് ഗുരുമൂര്‍ത്തിയില്‍ നിന്ന് തുഷാര്‍ മേത്ത ഉപദേശം തേടിയത് നീതി നിര്‍വഹണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് കേസ് നടത്തേണ്ടത് ഗുജറാത്ത് സര്‍ക്കാറാണ്. വംശഹത്യക്ക് അധ്യക്ഷത വഹിച്ച ഭരണകൂടം തന്നെ ഇരകളുടെ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന വൈരുദ്ധ്യം ഉണ്ടെങ്കിലും.


സര്‍ക്കാറിന്റെ ഭാഗമായി നിന്ന് കേസുകള്‍, പരാതിക്കാരന്റെ ഭാഗത്തുനിന്ന് നടത്തേണ്ടയാളാണ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍. വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ, അമിത് ഷാ ആഭ്യന്തര വകുപ്പിന്റെ സഹമന്ത്രിയായിരിക്കെ ആരോപണമുണ്ടായിരുന്നു. അത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയതു കൊണ്ടാണല്ലോ ഒമ്പത് കേസുകളുടെ അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കാന്‍ സുപ്രീം കോടതി തന്നെ തീരുമാനിച്ചത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയും തെളിവുകള്‍ നശിപ്പിച്ചും കേസുകള്‍ അട്ടമറിക്കുന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ സാഹിറ ശൈഖിന്റെയും ബില്‍ക്കിസ് ബാനുവിന്റെയും കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തെ കോടതികളിലേക്ക് മാറ്റിയത്. ഇതൊക്കെ മുന്നില്‍ നില്‍ക്കെ എസ് ഗുരുമൂര്‍ത്തിയില്‍ നിന്ന് ഉപദേശം തേടാനും കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകളുടെ കരട് തയ്യാറാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടാനും തുഷാര്‍ മേത്ത തയ്യാറായതില്‍ അപാകമൊന്നുമില്ലെന്നാണ് പരമോന്നത കോടതിക്ക് തോന്നുന്നതെങ്കില്‍, അതില്‍പ്പരം ശുംഭത്തരം (എം വി ജയരാജന് കടപ്പാട്) ഇല്ല തന്നെ. ഇന്ത്യന്‍ യൂനിയനില്‍ നിയമജ്ഞരുടെ കുലം കുറ്റിയറ്റുപോയതു കൊണ്ടാണല്ലോ ഗുരുമൂര്‍ത്തിയില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ തുഷാര്‍ മേത്ത തയ്യറായത്. ഏറ്റവും കുറഞ്ഞത്, ഗുരമൂര്‍ത്തിയെക്കൊണ്ട് കരട് തയ്യാറാക്കിക്കുന്ന ഒരാളെ എന്തിനാണ് ഗുജറാത്ത് സര്‍ക്കാര്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിലനിര്‍ത്തിയത് എന്നെങ്കിലും കോടതിക്ക് ആലോചിക്കാമായിരുന്നു.


വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലൊന്നും നരേന്ദ്ര മോദിയോ അമിത് ഷായോ നേരിട്ട് ആരോപണവിധേയരല്ല. പക്ഷേ, ഭൂരിപക്ഷത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അവസരമൊരുക്കുന്നതിന് വേണ്ടി പോലീസ് സേനയെ നിര്‍വീര്യമാക്കി നിര്‍ത്തുന്നതില്‍ നരേന്ദ്ര മോദി പങ്കുവഹിച്ചുവെന്ന ആക്ഷേപം പൊതു മണ്ഡലത്തിലുണ്ട്. നീതി നടപ്പായാല്‍ മാത്രം പോര, നടപ്പായത് നീതിയാണെന്ന് ജനത്തിന് ബോധ്യപ്പെടുകയും വേണമെന്നാണല്ലോ ആപ്തവാക്യം. അങ്ങനെയിരിക്കെ നരേന്ദ്ര മോദിയെയും അമിത് ഷായെയും അറിയിച്ച് തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കോടതികള്‍ നടപ്പാക്കുന്നത് നീതി തന്നെയാണെന്ന് എങ്ങനെ ബോധ്യപ്പെടും. നരോദ പാട്ടിയയിലെ കൂട്ടക്കുരുതിയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിച്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെട്ടതാണ് ഗുജറാത്തിലെ മുന്‍ മന്ത്രി മായാ കൊദ്‌നാനി. അവര്‍ക്കു വേണ്ടി വാദിക്കാന്‍ കോടതിയില്‍ ഹാജരായത് രാം ജെത്മലാനിയായിരുന്നു. ബി ജെ പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് ജെത്മലാനി. വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ രാം ജെത്മലാനിക്ക് പഠിക്കാന്‍ കൊടുക്കുന്നത് തീര്‍ത്തും നിര്‍ദോഷമാണെന്ന് കരുതാനാകുമോ?


രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാറിതര സംഘടനയുടെ പ്രതിനിധിയായ സ്ത്രീ എന്നിവര്‍ക്കൊക്കെയാണ് സഞ്ജീവ് ഭട്ട് മെയില്‍ അയച്ചിരിക്കുന്നത് എന്നാണ് കോടതിയുടെ വാക്കുകളില്‍ തന്നെയുള്ളത്. ടീസ്ത സെതല്‍വാദ്, മൃണാളിനി സാരാഭായ് എന്നിവരെയൊക്കെയാകണം സര്‍ക്കാറിതര സംഘടനയുടെ പ്രതിനിധിയായ സ്ത്രീ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ ഒരാളുടെയെങ്കിലും നിരന്തര ശ്രമമാണ് വംശഹത്യയുമായി ബന്ധപ്പെട്ട ചില കേസുകളിലെങ്കിലും  നീതി നടപ്പാകാന്‍ കാരണമെന്നത് നീതി പീഠം മനഃപൂര്‍വം മറന്നുപോയി.  ഭരണകൂടത്തിന്റെ ഭാഗമായുള്ളവര്‍, അതിലൊരാള്‍ ഇന്ന് ഏകാധിപത്യ സ്വഭാവം കാട്ടിക്കൊണ്ട് രാജ്യത്തെ പരമോന്നത അധികാര കേന്ദ്രത്തിലിരിക്കുന്നു, പ്രത്യേക സംഘം തയ്യാറാക്കിയ കുറ്റപത്രമുള്‍പ്പെടെയുള്ളവ വാക്കാല്‍ നിര്‍ദേശിച്ച് രഹസ്യമായി ചോര്‍ത്തിക്കൊടുക്കുകയും അത് പഠിച്ച് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് കുറ്റകരമായ ഒന്നായി കാണുന്നില്ലെങ്കില്‍, ഭരണത്തിന് പുറത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും സര്‍ക്കാറിതര സംഘടനകളുമായും അവയുടെ അഭിഭാഷകരുമായും വിവരങ്ങള്‍ കൈമാറുന്നത് എങ്ങനെ കുറ്റകരമാകും? അങ്ങനെ ആശയ വിനിമയം നടത്തിയതുകൊണ്ട് എങ്ങനെയാണ് ഒരാളുടെ കൈകള്‍ ശുദ്ധമല്ലാതെയാകുന്നത്?
ന്യായമായ ചില സംശയങ്ങള്‍ക്ക് ഇവിടെ ഇടം കിട്ടുന്നു. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യമെന്നത്, അധികാരം കൈയാളുന്നവരുടെ സ്വാതന്ത്ര്യത്തോട് ബന്ധപ്പെട്ടതാണോ? ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം എന്ന് കഴിഞ്ഞ ദിവസം ഭരണഘടനാ ബഞ്ച് ഭൂരിപക്ഷവിധിയിലൂടെ ഊറ്റം കൊണ്ടത് ഈ സ്വാതന്ത്ര്യത്തെക്കുറിച്ചാണോ?