2016-02-22

'രാജ്യദ്രോഹം' കരിഷ്യാമി



ജമ്മു കശ്മീരിനെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റ് 1948ല്‍ പുറത്തിറക്കിയ ധവളപത്രം പേജ് 55 ല്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു നവംബര്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുവിച്ച പ്രസ്താവന ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഇവ്വിധം പറയുന്നു - ''കശ്മീരിന്റെ വിധി അന്തിമമായി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാജാവ് കൂടി പിന്തുണച്ച ഞങ്ങളുടെ പ്രതിജ്ഞ, കശ്മീരിലെ ജനങ്ങളോട് മാത്രമുള്ളതല്ല, ലോകത്തോട് കൂടിയുള്ളതാണ്. ഞങ്ങള്‍ക്ക് അതില്‍ നിന്ന് പിന്നാക്കം പോകാനാകില്ല. ശാന്തിയും ക്രമസമാധാനവും പുനസ്ഥാപിക്കപ്പെട്ടാല്‍ ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്താന്‍ ഞങ്ങള്‍ സന്നദ്ധരാണ്. സത്യസന്ധവും നീതിപൂര്‍വവുമായ അവസരം ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവരുടെ വിധി ഞങ്ങള്‍ സ്വീകരിക്കും. ഇതിലധികം നീതിപൂര്‍വവും സത്യസന്ധവുമായ വാഗ്ദാനം എനിക്ക് ഭാവനയില്‍ കാണാന്‍ കഴിയുന്നില്ല''


1956 ജനുവരി 30ന് ഭരണഘടന നിലവില്‍ വന്നതോടെ, ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനങ്ങളുമായി യോജിച്ച് പോകാത്ത നിയമ വ്യവസ്ഥകളൊക്കെ അസാധുവായി. ഐക്യവും അഖണ്ഡതയും ഭരണഘടനയുടെ അടിസ്ഥാനഘടകമായതോടെ ജമ്മു കശ്മീരിനെക്കുറിച്ച് പുറത്തിറക്കിയ ധവളപത്രവും നിയമപരമായി ഇല്ലാതായെന്ന് വ്യാഖ്യാനിക്കാം. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതങ്ങനെ ആയിരിക്കുമെന്നും ഭരണഘടന പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തെ 1956ല്‍ ജമ്മു കശ്മീര്‍ നിയമസഭ അംഗീകരിക്കുകയും ചെയ്തു.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും ലോകത്തിനാകെയും നല്‍കിയ വാഗ്ദാനം നിലനില്‍ക്കെ, ഭരണഘടനാ വ്യവസ്ഥയിലൂടെ ആ പ്രദേശത്തെ  രാജ്യത്തിന്റെ അവിഭാജ്യഘടമാക്കി മാറ്റുന്നത് എങ്ങനെ എന്ന ചോദ്യം ഉത്തരം കിട്ടാതെ നില്‍ക്കുന്നു.


ജനാധിപത്യത്തെ ആവോളം ബഹുമാനിക്കുകയും ലോകത്തെ ഏറ്റവും വലിയ ജനായത്ത രാഷ്ട്രമെന്ന നിലയിലേക്ക് ഇന്ത്യന്‍ യൂണിയനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത നേതാക്കള്‍ തന്നെയാണ് ഈ ചോദ്യം ബാക്കിയാക്കിയതെന്ന വൈരുദ്ധ്യവും. ജമ്മു കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ ഈ ഭരണഘടനയെ അംഗീകരിച്ചുവെന്നത്, ഹിതപരിശോധനക്ക് തുല്യമാണ് എന്ന് വാദിക്കാം. നിയമസഭാംഗങ്ങളെ കണ്ടെത്താന്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കാളികളാകുന്നവര്‍ ജനസംഖ്യയുടെ അമ്പത് മുതല്‍ അറുപത് വരെ ശതമാനം മാത്രമാണ്. വോട്ടെടുപ്പിലെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വലിയ പരിശ്രമം ആരംഭിച്ചതിന് ശേഷവും. അതിന് മുമ്പത്തെ കണക്കുകള്‍ ഊഹിക്കാവുന്നതേയുള്ളൂ. അതില്‍ തന്നെ കൂടുതല്‍ അംഗങ്ങളെ വിജയിപ്പിച്ച് അധികാരത്തിലെത്തുന്ന കക്ഷിക്ക് എത്ര ശതമാനം വോട്ടുണ്ടാകും. അതിനെ ജനങ്ങളുടെയാകെ ഹിതമായി കണക്കാക്കാനാകുമോ? അത് ജനഹിതമായി കണക്കാക്കപ്പെടുന്നുവെങ്കില്‍, രാജ്യത്തും സംസ്ഥാനത്തും ഭരണത്തിലേറിയ പാര്‍ട്ടികള്‍ മുന്‍കാലത്ത് അധികാരത്തിലിരുന്ന പാര്‍ട്ടികള്‍ എടുത്ത തീരുമാനങ്ങളെയോ നടത്തിയ നിയമനിര്‍മാണങ്ങളെയോ ഇല്ലാതാക്കുന്നത് എങ്ങനെയാണ്?


ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറുകള്‍, വോട്ടെടുപ്പില്‍ പങ്കാളികളാകുന്നവരില്‍ ഭൂരിപക്ഷത്തിന്റെ മാത്രം പ്രതിനിധികളാണ്. അതുപയോഗിച്ച് രാഷ്ട്രത്തെ നയിക്കുന്നുവെന്നത് കൊണ്ടുമാത്രം അവരെടുക്കുന്ന തീരുമാനങ്ങളൊക്കെ രാജ്യതാത്പര്യം മുന്‍നിര്‍ത്തിയായിക്കൊള്ളണമെന്നില്ല, എന്തിന് അവരെ തെരഞ്ഞെടുത്തയച്ച ജനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതായിക്കൊള്ളണമെന്നുമില്ല. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ തന്നെയാണ് കരിനിയമങ്ങള്‍ പാസ്സാക്കുകയും അതുപയോഗിച്ച് ഭരണഘടനാദത്തമായ പൗരസ്വാതന്ത്ര്യം ഹനിക്കുകയും അടിയന്തരാവസ്ഥ നടപ്പാക്കുകയുമൊക്കെ ചെയ്തത്. ഭരണകൂടമെടുക്കുന്ന തീരുമാനങ്ങള്‍, ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനങ്ങളുമായി യോജിച്ചു പോകുന്നതാണോ എന്ന് പരിശോധിക്കാന്‍ ചുമതലപ്പെട്ട നീതിന്യായ സംവിധാനം ജനദ്രോഹത്തിനൊപ്പം നില്‍ക്കുകയും കടമ മറക്കുകയും ചെയ്തതിന് ഉദാഹരണങ്ങള്‍ ഏറെയുണ്ട് താനും.


ജനങ്ങള്‍ക്കും ലോകത്തിനാകെയും നല്‍കിയ വാഗ്ദാനം ലംഘിച്ച ഭരണകൂടം അവരുടെ അധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെ സാധൂകരിക്കുകയാണ് ഇതര സംവിധാനങ്ങളൊന്നാകെ എന്നും പ്രദേശവാസികള്‍ക്ക് തോന്നിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. നീതിനിഷേധിക്കപ്പെട്ടവരാണ് തങ്ങളെന്ന തോന്നല്‍ വളരുകയും അതിനെ ഇല്ലാതാക്കാന്‍ ഭരണകൂടം സൈന്യശേഷി കൂടി പ്രയോഗിക്കുകയും ചെയ്താല്‍ സ്ഥിതി കൂടുതല്‍ ഗൗരവമുള്ളതാകും. ലോകത്തെവിടെയും ഇങ്ങനെ തന്നെയാണ്, ജമ്മു കശ്മീരില്‍ ഭിന്നമാകുക  പ്രയാസം. ഹിതപരിശോധന എന്ന വാഗ്ദാനം നിലനില്‍ക്കെ, ജമ്മു കശ്മീരിനെ രാജ്യത്തിന്റെ അവിഭാജ്യഘടമായി ഭരണഘടനയില്‍ രേഖപ്പെടുത്തുന്നത് ഏകപക്ഷീയമാണെന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാകണം ആ പ്രദേശത്തിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള വ്യവസ്ഥ (ഭരണഘടനയിലെ 370) ഉള്‍പ്പെടുത്തിയത്. പ്രത്യേക പദവി പ്രകാരമുള്ള അധികാരാവകാശങ്ങളില്‍ പിന്നീട് വെള്ളം ചേര്‍ക്കപ്പെട്ടതും ജമ്മു കശ്മീരിലെ ജനങ്ങളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.


പാര്‍ലിമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കപ്പെട്ട, അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും ഇന്ത്യക്കെതിരെയും മുദ്രാവാക്യമുയര്‍ന്നുവെന്ന ആരോപണത്തെ ഈ സാഹചര്യത്തില്‍ വേണം കാണാന്‍. ഹിതപരിശോധനയെന്ന വാഗ്ദാനം പാലിക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ തയ്യാറായില്ലെന്ന തോന്നല്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെങ്കില്‍ അതിനുത്തരവാദി യൂണിയന് നേതൃത്വം നല്‍കിയവര്‍ തന്നെയാണ്. വാഗ്ദാനം പാലിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതിനെ രാജ്യദ്രോഹമായി മുദ്രകുത്താനുള്ള ധാര്‍മികമോ നിയമപരമോ ആയ അവകാശം ഭരണനേതൃത്വത്തിന് ഇല്ലെന്ന് പറയേണ്ടിവരും. ജനങ്ങളോടുള്ള കര്‍ത്തവ്യം നിറവേറ്റാന്‍ രാജ്യം (രാജ്യമെന്നതിനെ ഭരണനേതൃത്വമെന്നോ ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെന്നോ ചുരുക്കി വായിക്കാവുന്നതാണ്) തയ്യാറാകുമ്പോഴേ ജനങ്ങള്‍ക്ക് അതിനോട് സ്‌നേഹമുണ്ടാകുകയുള്ളൂ.


രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന ഭീഷണിയില്‍ പിറക്കേണ്ടതല്ല രാജ്യസ്‌നേഹമെന്ന തോന്നല്‍ ഭരണകൂടങ്ങള്‍ക്ക് പൊതുവില്‍ ഉണ്ടാകാറില്ല. തങ്ങളുടെ അധികാരത്തെ അംഗീകരിച്ച് നില്‍ക്കുന്നവര്‍ മാത്രമാകും അവര്‍ക്ക് രാജ്യസ്‌നേഹികള്‍. ഹിന്ദുത്വ ഫാസിസത്തിന്റെ വക്താക്കള്‍ ഭരണം നിയന്ത്രിക്കുമ്പോള്‍ പ്രത്യേകിച്ചും. രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നവരെ മാത്രമല്ല, അങ്ങനെ ചിത്രീകരിക്കുന്നതിലെ അയുക്തിയും അന്യായവും ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നവരെയും അവര്‍ ദേശവിരുദ്ധരാക്കി മാറ്റും. അതിന്റെ തെളിവുകളാണ് ജെ എന്‍ യുവിലും പട്യാല കോടതിക്കുള്ളിലുമൊക്കെ കണ്ടത്.


മുദ്രാവാക്യം വിളിയിലേക്ക് നയിച്ച അനുസ്മരണച്ചടങ്ങിന്റെ പേരിലുമുണ്ട് രാജ്യദ്രോഹക്കുറ്റം. അത് ജെ എന്‍ യുവില്‍ മാത്രമല്ല, പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങിന്റെ  പേരിലുമുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപകന്‍ എസ് എ ആര്‍ ഗിലാനിയെ അറസ്റ്റ് ചെയ്തത് പ്രസ് ക്ലബ്ബിലെ ചടങ്ങിന്റെയും അവിടെ ഉയര്‍ന്ന മുദ്രാവാക്യത്തിന്റെയും പേരിലാണ്. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ വ്യക്തിയാണ് എസ് എ ആര്‍ ഗിലാനി. 2001ല്‍ പാര്‍ലിമെന്റിനു നേര്‍ക്കുണ്ടായ ആക്രമണം, രാജ്യത്തിന്റെ പരമാധികാരത്തിന് നേര്‍ക്കുണ്ടായ ആക്രമണമായാണ് വീക്ഷിക്കപ്പെട്ടത്. ഹിന്ദുത്വ ഫാസിസം നിഷ്‌കര്‍ഷിക്കുന്ന തോതില്‍ രാജ്യസ്‌നേഹമില്ലാത്തവര്‍ക്ക് പോലും അതിനെ അത്തരത്തിലേ കാണാനും സാധിക്കൂ. പക്ഷേ, അതില്‍ പ്രതിചേര്‍ക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരും ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്ന സംശയം അന്നും ഇന്നും ഉന്നയിക്കപ്പെടുന്നുണ്ട്.


വിചാരണക്കാലത്തിന്റെ വലിയൊരു പങ്കും അഫ്‌സല്‍ ഗുരുവിന് അഭിഭാഷകനുണ്ടായിരുന്നില്ല. പിന്നീട് ലഭ്യമായ നിയമസഹായത്തില്‍, അഫ്‌സല്‍ ഗുരു തൃപ്തനുമായിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ നീതിന്യായ സംവിധാനത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും പരിഹാരമുണ്ടായില്ല. ഗൂഢാലോചനയില്‍ പങ്കാളിയായതിന് തെളിവായി അന്വേഷണ ഏജന്‍സി നിരത്തിയ കാര്യങ്ങളുടെ വിശ്വാസ്യതയും ചോദ്യംചെയ്യപ്പെട്ടു. ഗൂഢാലോചനക്ക് നേരിട്ട് തെളിവ് കിട്ടുക പ്രയാസമാണെന്ന് നിരീക്ഷിച്ചാണ് സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്ത് അഫ്‌സല്‍ ഗുരുവിന് കോടതി വധശിക്ഷ വിധിക്കുന്നത്. അങ്ങനെ വിധിക്കുമ്പോഴും രാജ്യത്തെ ഞെട്ടിക്കുകയും നിരവധി പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റവാളിക്ക് വധശിക്ഷ നല്‍കിയാലേ സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനാകൂ എന്ന്  പരമോന്നത കോടതി പറഞ്ഞുവെച്ചു.


പരമോന്നത കോടതിയുടെ നടപടികള്‍ കീഴ്‌വഴക്കങ്ങളാണ്. അത് രാജ്യത്തെ നിയമമായി മാറേണ്ടതുമാണ്. സമുഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ കൂടിയാണ് പ്രതിക്ക് വധശിക്ഷ വിധിക്കുന്നത് എന്ന് പരമോന്നത കോടതി പറയുമ്പോള്‍ വരുംകാല കേസുകളില്‍ ഇതൊരു കീഴ്‌വഴക്കമാകാമെന്ന സന്ദേശം കൂടി നല്‍കും. സമൂഹത്തിന്റെ പൊതുബോധത്തെ ആരാണ് നിര്‍വചിച്ചിരിക്കുന്നത്? വധശിക്ഷക്ക് അനുകൂലമാണ് പൊതുബോധമെന്ന് പരമോന്നത കോടതി എങ്ങനെ നിര്‍ണയിച്ചു? എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊപ്പം പൊതു ബോധത്തെ തൃപ്തിപ്പെടുത്തുക എന്നതാണോ വസ്തുതകളും തെളിവുകളും കണക്കിലെടുത്ത് നീതി നടപ്പാക്കുകയാണോ പരമോന്നത കോടതിയുടെ ജോലി എന്ന ചോദ്യം ശക്തമായി തന്നെ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് 'ജുഡീഷ്യറി നടപ്പാക്കിയ കൊലപാതക'മാണ് അഫ്‌സല്‍ ഗുരുവിന്റേത് എന്ന വിമര്‍ശമുയര്‍ന്നത്.


കോടതി വിധികളെയും തീരുമാനങ്ങളെയും ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളെയും വിശകലനം ചെയ്യാനും വിമര്‍ശിക്കാനുമുള്ള അവകാശം പൗരന്‍മാര്‍ക്ക് ഭരണഘടന നല്‍കിയിട്ടുണ്ട്. വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ വിമര്‍ശിക്കുമ്പോഴോ അവരെ ലക്ഷ്യമിടുമ്പോഴോ മാത്രമേ അത് കോടതിയലക്ഷ്യമോ കുറ്റകൃത്യമോ ആയി മാറുന്നുള്ളൂ. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ വിധിച്ച ജഡ്ജിമാരെ ആരും കുറ്റപ്പെടുത്തിയിട്ടില്ല. ആ തീരുമാനത്തിന്റെ നിയമസാധുതയും അതിനൊപ്പം പ്രകടിപ്പിച്ച അഭിപ്രായത്തിന്റെ യുക്തിരാഹിത്യവും ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്തിട്ടുള്ളൂ. അത് നടാടെയുണ്ടായത് ജെ എന്‍ യുവിലല്ല. വധശിക്ഷ നടപ്പാക്കുമ്പോള്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറായിരുന്നു അധികാരത്തില്‍. ദയാഹരജി തള്ളാനെടുത്ത തീരുമാനം, ഹരജി തള്ളിയതിന് ശേഷം ശിക്ഷ നടപ്പാക്കുന്നതിന് കാട്ടിയ തിടുക്കം, ശിക്ഷ നടപ്പാക്കുന്ന വിവരം ബന്ധുക്കളെപ്പോലും അറിയിക്കാതെ രഹസ്യമാക്കിവെച്ചതിലെ കൊടിയ കുടിലത എന്നിവയും അന്ന് വിമര്‍ശിക്കപ്പെട്ടു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ മറവ് ചെയ്തതിലെ മനുഷ്യത്വമില്ലായ്മയും ചൂണ്ടിക്കാണിക്കപ്പെട്ടു. വധശിക്ഷ തുടരേണ്ടതുണ്ടോ എന്ന ചര്‍ച്ചകളെ വീണ്ടും സജീവമാക്കുകയും ചെയ്തു. ഇതൊന്നും രാജ്യദ്രോഹക്കുറ്റമായി അക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ടില്ല. അന്ന് അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടിരുന്നുവെങ്കില്‍ 'രാജ്യദ്രോഹി'കളെക്കൊണ്ട് രാജ്യത്തെ ജയിലുകള്‍ നിറയുമായിരുന്നു.


അഫ്‌സല്‍ ഗുരു ജീവനോടെയിരിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് യു പി എ സര്‍ക്കാറിന്റെ കാലത്ത് പ്രചരിപ്പിച്ച സംഘ പരിവാരം അധികാരത്തെ നിയന്ത്രിക്കുന്നുവെന്നതാണ് ഇപ്പോഴുണ്ടായ മാറ്റം. ദേശ സ്‌നേഹികളെ തീരുമാനിക്കുന്നത് തങ്ങളാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ പല രൂപത്തില്‍ സംഘ പരിവാറും അവരുടെ ഭരണകൂടവും ശ്രമിക്കുന്നുണ്ട്. സംഘ പരിവാറിന്റെ തീരുമാനങ്ങളെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവരൊക്കെ ദേശദ്രോഹികളാണെന്ന സന്ദേശം. മാട്ടിറച്ചി കഴിക്കുന്നവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്ന് പ്രഖ്യാപിക്കുന്നതും, ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലുന്നതുമൊക്കെ അതിന്റെ ഉപാധികളാണ്.  


ജനങ്ങളെ ഭീതിയുടെ നിഴലിലാക്കാനാണ് ഫാസിസം എപ്പോഴും ശ്രമിക്കുക. അപ്പോഴാണ് അധികാരം സുരക്ഷിതമാകുന്നതെന്ന് അവര്‍ കരുതുന്നു. അതിനുള്ള പല നീക്കങ്ങളിലൊന്നാണ് ജെ എന്‍ യുവിന്റെ പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വിഷയവും സ്ഥലവും മാറും. ഈ നീക്കങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

അപകടകരമായ കീഴ്‌വഴക്കങ്ങള്‍!


ജാമ്യമാണ് ചട്ടം, ജയില്‍ അപവാദമാണ് എന്നത് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നാണ്. ആരോപണവിധേയനായ വ്യക്തി, കുറ്റവാളിയാണോ അല്ലയോ എന്ന് വിചാരണ ചെയ്ത് തീരുമാനിക്കും മുമ്പ് ശിക്ഷ അനുഭവിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തിലാണ് നീതിന്യായ സംവിധാനം ഈ മാനദണ്ഡം പിന്തുടരുന്നത്. ടെലികോം സ്‌പെക്ട്രം അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുണിടെക്ക് വയര്‍ലെസ് എം ഡി സഞ്ജയ് ചന്ദ്ര, സ്വാന്‍ ടെലികോം ഡയറക്ടര്‍ വിനോദ് ഗോയങ്ക, റിലയന്‍സ് ഉദ്യോഗസ്ഥരായ ഹരി നായര്‍, ഗൗതം ദോഷി, സുരേന്ദ്ര പിപാര എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച് ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എച്ച് എല്‍ ദത്തു എന്നിവരടങ്ങിയ ബഞ്ച് ഈ തത്വം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു ഏതാനും വര്‍ഷം മുമ്പ്.


ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്. പതിവനുസരിച്ചാണെങ്കില്‍ ജാമ്യം നല്‍കാനാകാത്ത കുറ്റം. പക്ഷേ,  രാജ്യദ്രോഹം ചുമത്താവുന്ന കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും കനയ്യ കുമാറിനുണ്ട്. ആ അവകാശം പ്രയോജനപ്പെടുത്താന്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയെ സമിപീച്ചപ്പോള്‍ രാജ്യസ്‌നേഹികളെന്ന് സ്വയം അവകാശപ്പെടുന്ന ഒരു കൂട്ടം അഭിഭാഷകരും ബി ജെ പിയുടെ എം എല്‍ എയും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന്  നീതിന്യായ സംവിധാനത്തെ കൈയേറുന്ന കാഴ്ചയാണ് കണ്ടത്. ഹരജി പരിഗണിക്കുന്നത് പോലും തടസ്സപ്പെടുത്തുകയും കനയ്യ കുമാറിനെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും കൈയേറ്റം ചെയ്യുകയുമുണ്ടായി. കോടതിക്കുള്ളിലും പുറത്തുമുണ്ടായ അസാധാരണ സംഭവങ്ങളെ ഗൗരവത്തിലെടുക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് ആദ്യം കോടതിക്കുള്ളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം നിയന്ത്രിച്ചു സുപ്രീം കോടതി. പിന്നീട് പട്യാല കോടതിയുടെ പ്രവര്‍ത്തനം തത്കാലത്തേക്ക് നിര്‍ത്തിവെക്കാനും കോടതി ഒഴിപ്പിക്കാനും നിര്‍ദേശിച്ചു. സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ജെ ചെലമേശ്വര്‍, ഡല്‍ഹി പോലീസ് കമ്മീഷണറെ നേരിട്ട് വിളിച്ച് സ്ഥിതിഗതി ആരാഞ്ഞുവെന്നും ക്രമസമാധാനനിലയില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി. അവിടെ തീര്‍ന്നു ഉയര്‍ന്ന ന്യായാസനത്തിന്റെ ഇടപെടല്‍.


ഇതിന് ശേഷമാണ് ജാമ്യഹരജിയുമായി കനയ്യ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എ എം സപ്രെ എന്നിവരടങ്ങിയ ബഞ്ച് കീഴ്‌ക്കോടതികളെ മറികടന്ന് നേരിട്ട് സുപ്രീം കോടതിയില്‍ ജാമ്യ ഹരജി സമര്‍പ്പിക്കുന്നതും അത് പരിഗണിക്കപ്പെടുന്നതും അപകടകരമായ കീഴ്‌വഴക്കമാണെന്ന് അഭിപ്രായപ്പെട്ടു. അത്തരമൊരു കീഴ്‌വഴക്കം സൃഷ്ടിക്കരുതെന്ന ഉയര്‍ന്ന നീതിന്യായബോധം നമ്മുടെ ന്യായാധിപന്‍മാര്‍ പ്രകടിപ്പിച്ചു. ഇത്രത്തോളം ഉയര്‍ന്ന ബോധം പട്യാല ഹൗസ് കോടതിയില്‍ അരങ്ങേറിയ അക്രമങ്ങളുടെ കാര്യത്തിലുണ്ടായോ എന്നതില്‍ സംശയമുണ്ട്.
കീഴ്‌ക്കോടതികളെ മറികടന്ന് ജാമ്യഹരജി പരിഗണിക്കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കലാണെങ്കില്‍ കനയ്യ കുമാറിന്റെ ജാമ്യ ഹരജി ആദ്യം പരിഗണിക്കേണ്ടത് പട്യാല ഹൗസിലെ ജില്ലാ കോടതിയിലാണ്. അവിടെ ഹരജി പരിഗണിക്കാവുന്ന സാഹചര്യം ആദ്യം സൃഷ്ടിക്കണം. അതിന് പാകത്തില്‍ പരമോന്നത കോടതി എന്തെങ്കിലും ചെയ്‌തോ?


സംഘ്പരിവാര്‍ അനുകൂലികളായ അഭിഭാഷകരും അവര്‍ക്കൊപ്പം ചേര്‍ന്ന പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കോടതി കൈയേറുക മാത്രമല്ല ചെയ്തത്, ജാമ്യഹരജി നിഷ്പക്ഷമായി പരിഗണിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുക കൂടിയാണ്. പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കേണ്ടത്, രാജ്യത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ അനിവാര്യമാണെന്ന് നിരീക്ഷിച്ച നീതിന്യായ സംവിധാനത്തെ, ആ പ്രതിയെ അനുസ്മരിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ചുവെന്ന ആരോപിക്കപ്പെടുന്നവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഓര്‍മിപ്പിക്കുക കൂടിയാണ് 'രാജ്യ സ്‌നേഹി'കളുടെ സംഘം ചെയ്തത്. കോടതി നടപടി നിര്‍ത്തിവെച്ചതുകൊണ്ടോ വളപ്പില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചതുകൊണ്ടോ ഇല്ലാതാക്കാവുന്നതല്ല ഈ സാഹചര്യം.


ഡല്‍ഹി പോലീസ് കമ്മീഷണറെ വിളിച്ച് ക്രമസമാധാന നിലയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച സുപ്രീം കോടതി, അക്രമത്തിന് നേതൃത്വം നല്‍കിയവരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ചതായി വിവരമില്ല. അക്രമാസക്തമായ പ്രകടനം രണ്ട് കുറി അരങ്ങേറിയപ്പോഴും ഡല്‍ഹി പോലീസ് കൈയുംകെട്ടി നോക്കി നിന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചതായി വിവരമില്ല. ഭരണകൂടത്തിന്റെ ഇംഗിതമറിഞ്ഞ് അക്രമികള്‍ക്ക് അവസരം നല്‍കാന്‍ പാകത്തില്‍ പോലീസ് നോക്കിനില്‍ക്കുമ്പോള്‍ കോടതി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുന്നതിനേക്കാള്‍ പ്രധാനം ക്രമസമാധാനം ഉറപ്പാക്കാന്‍ പാകത്തില്‍ പ്രവര്‍ത്തിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയാണ്. നീതിന്യായ നിര്‍വഹണം നിഷ്പക്ഷമായി നിര്‍വഹിക്കാന്‍ പാകത്തില്‍ കോടതിക്ക് പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്ന് അവരോട് ആവശ്യപ്പെടലാണ്. അതിന് പകരം കോടതി നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ പറയുമ്പോള്‍ യഥാസമയം ജാമ്യഹരജി പരിഗണിക്കപ്പെടുക എന്ന ആരോപണവിധേയന്റെ അവകാശം ഇല്ലാതാക്കപ്പെടും. കീഴ്‌ക്കോടതികളെ മറികടക്കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ഓര്‍മിപ്പിക്കുന്നവര്‍ക്ക് കീഴ്‌ക്കോടതികളില്‍ നിയമമനുശാസിക്കും വിധത്തിലുള്ള നടപടിക്രമങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടിയുണ്ട്.


മാധ്യമ പ്രവര്‍ത്തകരെയും ജെ എന്‍ യു വിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ ബി ജെ പിയുടെ എം എല്‍ എ ഒ പി ശര്‍മ കൂടിയുണ്ടായിരുന്നു. പാക്കിസ്ഥാന് മുദ്രാവാക്യം വിളിക്കുന്നവരെ തല്ലുന്നതിലോ കൊല്ലുന്നതിലോ തെറ്റൊന്നുമില്ലെന്ന് ശര്‍മ പിന്നീട് പറയുകയും ചെയ്തു. നിയമ നിര്‍മാണത്തിന് ചുമതലപ്പെട്ട, ആ നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള വ്യക്തി നിയമവാഴ്ചയെ വെല്ലുവിളിക്കുകയും അതിനെ മറികടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തത് തുടക്കത്തില്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഡല്‍ഹി പോലീസ് ചെയ്തത്. പിന്നീട് പേരിനൊരു കേസെടുത്തു, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഭക്ഷണം വാങ്ങിക്കൊടുത്ത് പറഞ്ഞയക്കുകയും ചെയ്തു. സംഗതികള്‍ ഇവ്വിധം പുരോഗമിച്ചപ്പോഴും നിയമപരിപാലനം ഇങ്ങനെയല്ല വേണ്ടത് എന്ന് പോലീസിനോട് പറയാന്‍ പരമോന്നത കോടതിക്ക് തോന്നിയില്ല. പട്യാല കോടതിയിലെ സ്ഥിതി അറിയാന്‍ മുതിര്‍ന്ന അഭിഭാഷകരടങ്ങുന്ന സംഘത്തെ സുപ്രീം കോടതി തന്നെ നിയോഗിച്ചിരുന്നു. അവര്‍ കോടതിക്ക് റിപ്പോര്‍ട്ടും നല്‍കി. എന്നിട്ടും കോടതി നടപടികളെ തടയുകയും അവിടെ ഹാജരാക്കിയ ആരോപണവിധേയനെ അടക്കം കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവങ്ങളില്‍ ശക്തമായെന്തെങ്കിലും പറയാന്‍ സുപ്രീം കോടതി തയ്യാറായില്ല. നിയമം അനുശാസിക്കുന്ന മാര്‍ഗത്തില്‍ ചരിക്കാന്‍ ചുമതലപ്പെട്ടവരാണ് അഭിഭാഷകരെന്നും അതിനെ മറികടന്ന് നിയമം കൈയിലെടുക്കാന്‍ അവര്‍ ശ്രമിക്കുന്നത് അനുവദിക്കാനാകില്ലെന്നെങ്കിലും പറയാന്‍ പരമോന്നത നീതിപീഠം മടിച്ചു.


ജാമ്യമാണ് ചട്ടമെങ്കില്‍ അതിന് ശ്രമിക്കാനുള്ള സ്വാതന്ത്ര്യം ഏത് കൊടിയ കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്കുമുണ്ട്. അതിനുള്ള അവസരം ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, അത് ചെറിയ കാലയളവിലേക്കാണെങ്കില്‍ കൂടി, ആപ്തവാക്യങ്ങളുടെ പ്രഘോഷണം വിശ്വാസ്യത ജനിപ്പിക്കില്ല തന്നെ. സി പി ഐ (മാവോയിസ്റ്റ്) നേതാവ് ആസാദിനെ (ചേറുകുരി രാജ്കുമാര്‍) വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെ, സ്വന്തം മക്കളുടെ ചോര കൈകളില്‍ പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഇതേ സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിരുന്നു. ഏറ്റുമുട്ടല്‍ കൊലകള്‍ ആസാദില്‍ തുടങ്ങിയതല്ല, ആസാദില്‍ അവസാനിച്ചിട്ടുമില്ല. ഏതെങ്കിലുമൊരു കേസില്‍ നിജസ്ഥിതി പുറത്തുവരുന്ന സാഹചര്യം ഇന്നോളമുണ്ടായിട്ടില്ല. ഏറ്റുമുട്ടല്‍ കൊലകളില്‍ ആരോപണവിധേയരായ ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ ഏജന്‍സി ഒത്താശ ചെയ്തതുകൊണ്ടോ പ്രോസിക്യൂഷന്‍ അയഞ്ഞ നിലപാട് സ്വീകരിച്ചതുകൊണ്ടോ കുറ്റവിമുക്തരായി വിലസുകയും ചെയ്യുന്നു. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ ഏറ്റുമുട്ടലുകളെക്കുറിച്ച് (ഏതാണ്ടെല്ലാറ്റിനെക്കുറിച്ചും വ്യാജ ഏറ്റുമുട്ടലെന്ന ആരോപണമുണ്ട്) അന്വേഷണം നടത്താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി തന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതിന്റെ അന്വേഷണം ഏതു ഘട്ടത്തിലായെന്ന് ആര്‍ക്കും തിട്ടമില്ല. കമ്മിറ്റിയെ നിയോഗിച്ച സുപ്രീം കോടതി പോലും അതിന്റെ പ്രവര്‍ത്തന പുരോഗതി പിന്നീട് ആരാഞ്ഞതായി വിവരമില്ല.


നിലനില്‍ക്കുന്ന സംവിധാനം ജനനന്മയും സാമൂഹിക പുരോഗതിയും ലാക്കാക്കി പ്രവര്‍ത്തിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നതില്‍ വിജയിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. അതിലൂടെ ജനതക്ക് സംവിധാനത്തിലുള്ള  വിശ്വാസം നിലനിര്‍ത്തുകയും. ഏതാണ്ട് അതേ രീതിയിലാണ് നീതിന്യായ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത് എന്ന് കരുതേണ്ടിവരും. അഴിമതി, വ്യാജ ഏറ്റുമുട്ടല്‍, ഭരണകൂടം  പ്രതിസ്ഥാനത്തു നില്‍ക്കുന്ന അതിക്രമങ്ങള്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ ന്യായാസനങ്ങളില്‍ നിന്നുയരുന്ന അഭിപ്രായ പ്രകടനങ്ങള്‍ നിലനില്‍ക്കുന്ന സംവിധാനത്തില്‍ വിശ്വാസം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമുള്ളതാണ്. കേസുകളിലെ തീര്‍പ്പുകള്‍ പലപ്പോഴും ഈ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വിരുദ്ധമായിരിക്കും. ലഭ്യമാകുന്ന തെളിവുകളെ അടിസ്ഥാനമാക്കിയേ കോടതികള്‍ക്ക് തീരുമാനമെടുക്കാനാകൂ എന്ന ന്യായം ഇത്തരം ഘട്ടങ്ങളില്‍ ന്യായാസനങ്ങള്‍ക്ക് പറയാനുമുണ്ടാകും. ഒരു സംഗതിയുണ്ടാകുമ്പോഴുണ്ടാകുന്ന ജനരോഷത്തിന് തടയിടാന്‍ അഭിപ്രായ പ്രകടനങ്ങള്‍ സഹായിക്കുകയും ചെയ്യും. ജെ എന്‍ യുവില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസിന്റെ മറപിടിച്ച് അരങ്ങേറിയ അതിക്രമങ്ങളുടെ കാര്യത്തിലും ഇതേ നിലപാടാണ് പരമോന്നത നീതിപീഠം സ്വീകരിച്ചത് എന്ന് തോന്നുന്നു.


നീതി നടപ്പാക്കിയാല്‍ മാത്രം പോര നടപ്പായെന്ന ബോധ്യം സൃഷ്ടിക്കുകയും വേണമെന്ന് കൂടിയുണ്ട് ആപ്തവാക്യമായി. അതുണ്ടായില്ലെന്ന ബോധ്യവും നടപ്പായത് അനീതിയാണെന്ന തോന്നലുമാണ് ഇപ്പോഴത്തെ രാജ്യദ്രോഹ ആരോപണത്തിന് ഇടയാക്കിയ രണ്ട് പ്രശ്‌നങ്ങളിലുമുള്ളത്. അതിനെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന ഭരണകൂടം, പതിവ് പോലെ അടിച്ചമര്‍ത്തിന് യുക്തമായ വഴികള്‍ സ്വീകരിക്കുന്നു. അതിനോടുള്ള രോഷത്തെ നിയന്ത്രിച്ചുനിര്‍ത്തുക എന്ന കര്‍ത്തവ്യം നീതിന്യായ സംവിധാനവും നിര്‍വഹിക്കുന്നു. ഹിന്ദുത്വ ഫാസിസത്തോടുള്ള സന്ധി ഏതൊക്കെ തലങ്ങളിലാണാവോ? അവിടെ ചട്ടങ്ങളും ആപ്തവാക്യങ്ങളുമൊക്കെ ഏട്ടിലെ പശു മാത്രമാവും.

2016-02-15

'രാജ്യദ്രോഹി'കളുടെ ലോകം


തീവ്രവാദത്തിന്റെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും ഒളിയിടമായി ഹൈദരാബാദ് സര്‍വകലാശാല മാറിയിരിക്കുന്നുവെന്നും ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ ഭണ്ഡാരു ദത്താത്രേയ, മാനവവിഭവശേഷി മന്ത്രിയായ സ്മൃതി ഇറാനിക്കു നല്‍കിയ കത്തില്‍ പറഞ്ഞത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍, തീവ്രവാദവും ദേശവിരുദ്ധ രാഷ്ട്രീയവും തടയുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തുടരെ സന്ദേശങ്ങളയച്ചു. തുടര്‍ന്ന് സര്‍വകലാശാല സ്വീകരിച്ച നടപടികളാണ് രോഹിത് വെമുലയെന്ന ചെറുപ്പക്കാരനെ ആത്മാഹുതിയിലേക്ക് തള്ളിവിട്ടത്. ജനനം മുതല്‍ അധകൃതനായ ഒരുവനെ, ഭരണകൂടവും അതിന്റെ വിധേയരായ സര്‍വകലാശാല അധികൃതരും ലക്ഷ്യമിടാന്‍ തീരുമാനിച്ചപ്പോള്‍ ആത്മാഹുതി കൊണ്ട് പ്രതിക്രിയ ചെയ്യാനായിരുന്നു തീരുമാനം. ആ നിലക്ക് ആത്മാഹുതിയായല്ല, ഭരണകൂടങ്ങള്‍ ചേര്‍ന്ന് നടപ്പാക്കിയ പാതകമായി വേണം ഇതിനെ കാണാന്‍.


രോഹിതിന്റെ ആത്മാഹുതി ഇല്ലായിരുന്നുവെങ്കില്‍ തീവ്രവാദവും ദേശവിരുദ്ധ രാഷ്ട്രീയവും പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തി ഹൈദരാബാദ് സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ഥികളെ ഭരണകൂടം തുറുങ്കിലടച്ചേനേ. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെയോ (എ ബി വി പി) പ്രാദേശിക ബി ജെ പി നേതാക്കളുടെയോ കേന്ദ്രമന്ത്രി സ്ഥാനം അലങ്കരിക്കുന്ന നേതാക്കളുടെയോ പരാതികളുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാനോ അതിന് തെളിവുകള്‍ ചമക്കാനോ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് പ്രയാസമേതുമില്ല.


മദ്രാസ് ഐ ഐ ടിയിലെ വിദ്യാര്‍ഥികള്‍ രൂപവത്കരിച്ച അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനെ (എ പി എസ് സി) ഐ ഐ ടി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ (പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു) രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) മുഖമാസികയായ ഓര്‍ഗനൈസര്‍ മുഖപ്രസംഗം എഴുതിയിരുന്നു. ക്യാംപസുകളെ ചുവപ്പുവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സ്റ്റഡി സര്‍ക്കിളെന്നും ഹിന്ദുവിരുദ്ധവും ഭാരതവിരുദ്ധവുമായ വിഭാഗീയ തത്വശാസ്ത്രം പ്രചരിപ്പിക്കാനുള്ള വേദിയാണ് ഇതെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തി. എ പി എസ് സിയെക്കുറിച്ച് അജ്ഞാതന്‍ നല്‍കിയ പരാതി, കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഐ ഐ ടി അധികൃതര്‍ തീരുമാനിച്ചത്. അജ്ഞാതന്റെ പരാതിയും അതിന്‍മേല്‍ നടപടി സ്വീകരിക്കാനുള്ള മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ശിപാര്‍ശയും സംഘ്പരിവാര്‍ ആസൂത്രിതമായ ഒന്നായിരുന്നോ എന്ന സംശയം അന്നേ ഉയര്‍ന്നിരുന്നു.


ഇപ്പോള്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളിലാണ് ദേശവിരുദ്ധത ആരോപിക്കപ്പെടുന്നത്. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ സര്‍വകലാശാലയിലൊരു ചടങ്ങ് സംഘടിപ്പിക്കാന്‍ ശ്രമം നടന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ രംഗത്തുവന്ന എ ബി വി പി നരേന്ദ്ര മോദി സര്‍ക്കാറിനാല്‍ നിയമിക്കപ്പെട്ട വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിന് പരാതി നല്‍കി. ചടങ്ങിന് വിലക്കേര്‍പ്പെടുത്താന്‍ കാലതാമസമുണ്ടായില്ല. വിലക്ക് ലംഘിച്ച് ഏതാനും വിദ്യാര്‍ഥികള്‍ ചടങ്ങ് പ്രഖ്യാപിച്ച് പോസ്റ്റര്‍ പതിച്ചു. ചടങ്ങ് സംഘടിപ്പിക്കാന്‍ ശ്രമിച്ചു അതിനിടയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണമുണ്ട്. അതിന്റെ പേരില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറുള്‍പ്പെടെ ഏഴ് പേരെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലീസ്, കണ്ടാലയറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് കാത്തിരിക്കുന്നു. എല്ലാവര്‍ക്കും മേലുണ്ട് രാജ്യദ്രോഹക്കുറ്റം.


കുറ്റം രാജ്യദ്രോഹമാകയാലും ഹൈദരാബാദിലെയും മദ്രാസിലെയും പോലെ തീവ്രവാദവും ഭാരതവിരുദ്ധമായ വിഭാഗീയ തത്വശാസ്ത്രം പ്രകടിപ്പിക്കലുമാകയാല്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കുന്നതാണ് നല്ലതെന്ന് രാജ്‌നാഥ് സിംഗിന്റെ വരുതിയിലുള്ള ഡല്‍ഹി പോലീസിന് ഇതിനകം തന്നെ തോന്നിത്തുടങ്ങിയിട്ടുണ്ട്. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കപ്പെട്ട വ്യക്തിക്ക് വേണ്ടി സംഘം ചേരാന്‍ ശ്രമിക്കണമെങ്കില്‍ ആ വ്യക്തിയുമായി ബന്ധമുണ്ടാകാതെ തരമില്ല. ആ വ്യക്തിയുമായി ബന്ധമുണ്ടെങ്കില്‍ പാര്‍ലിമെന്റ് ആക്രമണം ആസൂത്രണം ചെയ്തവരുമായി ബന്ധമില്ലാതെ നിവൃത്തിയില്ല തന്നെ. മുദ്രാവാക്യധാരികളില്‍ കശ്മീര്‍ സ്വദേശികള്‍ കൂടിയുണ്ടെങ്കില്‍ സംശയം ലേശവുമില്ല. തീവ്രവാദത്തില്‍ നിന്ന് ഭീകരവാദത്തിന്റെ തലത്തിലേക്ക് കാര്യങ്ങള്‍ ഉയരേണ്ട സമയമായിരിക്കുന്നു. അതിനാല്‍ അന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് - യു എ പി എ) ചുമത്താന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുമാണ്. രാജ്‌നാഥും ഡല്‍ഹി പോലീസും വൈകിയാല്‍ ആര്‍ എസ് എസ് സൈദ്ധാന്തികരാരെങ്കിലും ഉപദേശിക്കണം.


മദ്രാസിലൊരു സംഘടനക്ക് നിരോധമേര്‍പ്പെടുത്താനാണ് ശ്രമിച്ചത്. ഹൈദരാബാദില്‍ അത്തരം സംഘടനകളുടെ ഭാഗമായവരെ നേരിട്ട് ലക്ഷ്യമിടാന്‍ ശ്രമിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യ/കൊലപാതകം ഇല്ലായിരുന്നുവെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള അറസ്റ്റ് അവിടെത്തന്നെയുണ്ടാകുമായിരുന്നു. സംഘ്പരിവാരത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പോലീസല്ല ഹൈദരാബാദില്‍ ഇപ്പോഴുമുള്ളത്. തെലങ്കാന രാഷ്ട്ര സമിതിയുടെ നിയന്ത്രണത്തിലുള്ള പോലീസിനു മേലേക്ക് കേന്ദ്ര മന്ത്രാലയങ്ങള്‍ വഴി തിട്ടൂരമെത്തിക്കണമായിരുന്നു  സംഘ്പരിവാരത്തിന്. എന്നിട്ടും എ ബി വി പി നേതാവിനെ മര്‍ദിച്ചുവെന്ന പരാതി വാസ്തവമാണെന്ന് എഴുതാന്‍ അവര്‍ മടികാട്ടി. ഡല്‍ഹിയില്‍ പോലീസ് നേരിട്ട് നിയന്ത്രണത്തിലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തലും പ്രതികളെത്തേടി സര്‍വകലാശാല വളപ്പിനുള്ളില്‍ അഴിഞ്ഞാടലും കനയ്യകുമാറിനെ അറസ്റ്റ് ചെയ്യലും മണിക്കൂറുകള്‍ക്കുള്ളില്‍ സാധിച്ചു.


ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇവയൊന്നും. ഭരണസംവിധാനം ഉപയോഗിച്ചും അല്ലാതെയും, ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ സംഘ്പരിവാരം നടത്തുന്ന ശ്രമങ്ങള്‍. ഭീതിയുടെ നിഴലിന് കീഴിലേക്ക് ജനത്തെയാകെ എത്തിക്കാന്‍ പാകത്തില്‍ നടത്തുന്ന പ്രവൃത്തികള്‍, പ്രസ്താവനകള്‍. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറുന്നത്. ഇന്ദിരാ പ്രിയദര്‍ശിനി, ഏകാധിപതിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ കാലത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യം വിളംബരം ചെയ്ത കാലത്തും പ്രതിഷേധങ്ങളുടെ ജ്വാലയുയര്‍ത്തുന്നതില്‍ നമ്മുടെ ക്യാംപസുകള്‍ വലിയ പങ്കുവഹിച്ചിരുന്നു. അന്ന് ജനതാപരിവാറിലെ യുവരക്തമായിരുന്നവരാണ് ഇന്ന് കൈകോര്‍ത്തുനിന്ന് ബീഹാറില്‍ മോദി - അമിത് ഷാ അച്ചുതണ്ടിനെയും അതിനെ മുന്‍നിര്‍ത്തി ഓടാന്‍ ശ്രമിച്ചിരുന്ന സംഘ്പരിവാരത്തെയും തടയിട്ടത്.


പാര്‍ലിമെന്റിനകത്തും പുറത്തുമുള്ള പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ദാര്‍ശനികമായ ഒരടിത്തറ, സംഘ്പരിവാരത്തെ നേരിടുന്നതിന് ആവശ്യമുണ്ട്. പുരാണത്തെയും ചരിത്രത്തെയും സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയോ അവകളെ സ്വന്തം ആവശ്യങ്ങള്‍ക്കായി വ്യാഖ്യാനിക്കുകയോ സംഘ്പരിവാരം ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പ്രായോഗിക രാഷ്ട്രീയത്തിലെ നിലപാടുകളും ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ ത്രാണിയുള്ള കക്ഷികളുമായി യോജിക്കലും നരേന്ദ്ര മോദിയെയോ ബി ജെ പിയോ അധികാരത്തിന് പുറത്താക്കാന്‍ ഒരുപക്ഷേ സഹായിച്ചേക്കാം. പക്ഷേ, കൂടുതല്‍ വീര്യമുള്ള വിഷവുമായാവും അവര്‍ തിരിച്ചെത്താന്‍ ശ്രമിക്കുക. ആ വിഷം പ്രയോഗിക്കാന്‍ ത്രാണിയുള്ള പുതിയ നേതാക്കളെ അവര്‍ രംഗത്തിറക്കും. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയേക്കാള്‍, ഗുജറാത്ത് വംശഹത്യയേക്കാള്‍ മാരകമായ മറ്റൊന്ന് സൃഷ്ടിക്കാനും അതിന്റെ സ്രഷ്ടാക്കളെ രാഷ്ട്ര നേതാക്കളായി ഉയര്‍ത്തിക്കാട്ടാനും ദേശീയതയെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കാനും മടിയുണ്ടാകില്ല. ആഭ്യന്തര - വിദേശ കുത്തകകളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമ്പോള്‍ അവര്‍ക്കത് നിഷ്പ്രയാസം.


മലേഗാവ് മുതല്‍ സംഝോത വരെ നീണ്ട ആക്രമണങ്ങളില്‍ പങ്കാളികളെന്ന് അന്വേഷണ ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നവര്‍ക്ക് മേല്‍ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് ചുമത്തിയത് നീക്കാന്‍ ഭരണ നേതൃത്വം പഴുതന്വേഷിക്കുകയും അവര്‍ ദേശീയവാദികളും രാജ്യസ്‌നേഹികളുമായി തുടരുകയും ചെയ്യുന്ന വൈരുധ്യത്തിലാണ് ഇന്ത്യന്‍ യൂണിയനിലെ ജനങ്ങള്‍ ജീവിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ കൊന്നുവെന്ന കേസില്‍ കുറ്റാരോപിതനായിരുന്ന അമിത് ഷാ സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി പരിഗണിച്ചപ്പോള്‍ വേണ്ടവിധം വാദിക്കേണ്ടെന്ന് സി ബി ഐക്ക് നിര്‍ദേശം നല്‍കിയ രാജ്യസ്‌നേഹികള്‍ ഭരിക്കുന്ന നാട്. അവിടെ രാജ്യദ്രോഹവും രാജ്യസ്‌നേഹവം ഭരണകൂടം നിശ്ചയിക്കുന്നത് മാത്രമായിരിക്കും. ഭരണനേതൃത്വത്തെയോ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെയോ അവരുടെ വിദ്യാര്‍ഥി വിഭാഗത്തെയോ വിമര്‍ശിക്കുന്നതോ എതിര്‍ക്കുന്നതോ രാജ്യദ്രോഹമോ ദേശവിരുദ്ധ പ്രവൃത്തിയോ ആകും. ഇന്ദിരയാണ് ഇന്ത്യ, എന്ന് മുമ്പൊരിക്കലുയര്‍ന്ന മുദ്രാവാക്യം, മോദിയാണ് ഇന്ത്യ എന്ന് അദ്ദേഹത്തിന്റെ വാഗ് - പ്രവൃത്തികളാലും ഹിന്ദുത്വവാദികളുടേത് മാത്രമാണ് ഇന്ത്യയെന്ന് സംഘ്പരിവാര പ്രവൃത്തികളാലും ഉദ്‌ഘോഷിക്കപ്പെടുന്നു. പ്രായോഗിക രാഷ്ട്രീയത്തിലെ എതിരാളികളെ നേരിടുന്നതിനേക്കാള്‍ പ്രയാസമുണ്ട് തങ്ങളെ താത്വികമായി നേരിടാന്‍ അടിത്തറയൊരുക്കുന്നവരെ എന്ന് ഈ മുദ്രാവാക്യ പ്രയോക്താക്കള്‍ തിരിച്ചറിയുന്നുണ്ട്. അതിന്റെ ഭാഗമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന പ്രവൃത്തികള്‍.


ഏത് വിദ്യാര്‍ഥിയും രാജ്യദ്രോഹക്കേസില്‍ അകപ്പെടാനിടയുണ്ട്, ഏത് വിദ്യാര്‍ഥിയും ദേശവിരുദ്ധ ശക്തികളുമായി ബന്ധമുള്ളവനാണെന്ന് ചിത്രീകരിക്കപ്പെടാന്‍ ഇടയുണ്ട് എന്നുവന്നാല്‍ പുതുതലമുറ എളുപ്പത്തില്‍ കീഴടങ്ങിക്കൊള്ളുമെന്ന ധാരണയിലാണ് നമ്മുടെ ഭരണ നേതൃത്വം.