2016-03-21

രാജ്യസ്‌നേഹികളുടെ വാഹനവും പട്ടിക്കുഞ്ഞുങ്ങളും


'എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല പക്ഷേ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്' - ഇന്ന് പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്ര മോദി 2001ല്‍ പറഞ്ഞതാണിത്. 2002ലെ വംശഹത്യാനന്തരം മോദി ഗുജറാത്തില്‍ നടത്തിയ ഗൗരവ് യാത്രയില്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങളിലൊന്ന് 'എന്താ, നിങ്ങളെല്ലാവരും കൊലപാതകികളാണോ?' എന്നതായിരുന്നു. വംശഹത്യക്ക് ഗുജറാത്തിലെ ഹിന്ദുത്വവാദികള്‍ ഉത്തരവാദികളാണെന്ന പ്രചാരണത്തെ നേരിടുന്നതിനായിരുന്നു ഈ ചോദ്യം. തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണം  'മിയാ മുശര്‍റഫു'മാര്‍ക്കെതിരെ പ്രതികരിക്കണമെന്നായിരുന്നു. അന്ന് പാക്കിസ്ഥാന്റെ പ്രസിഡന്റായിരന്ന മുശര്‍റഫിന്റെ കുടുംബാംഗങ്ങളാണ് ഗുജറാത്തിലെ മുസ്‌ലിംകളെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. രാജ്യത്തെ പരമാധികാരപദത്തിലേക്ക് മത്സരിക്കാന്‍ ശ്രമം തുടങ്ങിയതിന് ശേഷം നല്‍കിയ അഭിമുഖത്തില്‍, ഗുജറാത്ത് വംശഹത്യയെ നരേന്ദ്ര മോദി പരാമര്‍ശിച്ചത് ഇങ്ങിനെയാണ്: 'ഓടുന്ന കാറിനടിയില്‍പെട്ട് പട്ടിക്കുഞ്ഞ് മരിച്ചാല്‍, അതില്‍ സഞ്ചരിക്കുന്ന യാത്രക്കാരന്‍ എങ്ങനെയാണ് ഉത്തരവാദിയാകുക?'


ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ച് അടുത്തകാലത്ത് നരേന്ദ്ര മോദി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളാണ് അദ്ദേഹത്തിന്റെ പഴയ നിലപാടുകള്‍ ഓര്‍മിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ആഗോള സൂഫി പണ്ഡിതരുടെ സംഗമത്തില്‍ ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും മതത്തിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ മതവിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു. വര്‍ഗീയതയുടെ എല്ലാ ആസുരതയെയും ഉപയോഗപ്പെടുത്തി അധികാരം ഉറപ്പിച്ച നേതാവ്, രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായത്തില്‍, ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന അധികാരസ്ഥാനത്തെത്തിയതോടെ നിലപാട് മയപ്പെടുത്തിയെന്ന് വേണമെങ്കില്‍ കരുതാം. പ്രധാനമന്ത്രി പദത്തിലെത്തിയതോടെ ആ പദവിയോട് നീതിപുലര്‍ത്തും വിധത്തില്‍ തന്റെ അഭിപ്രായങ്ങള്‍ മാറ്റിയതാണെന്നും കരുതാം. അല്ലെങ്കില്‍, രാജ്യത്തിനകത്തും പുറത്തുമുള്ള മോശം പ്രതിച്ഛായ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വിഭാഗങ്ങളോടും മമത പുലര്‍ത്താന്‍ വ്രതമെടുത്തതുമാകാം. ഇതിലേതായാലും നരേന്ദ്ര മോദിയോ അദ്ദേഹത്തിന്റെ വേരുകള്‍ ആഴ്ന്ന് നില്‍ക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘോ (ആര്‍ എസ് എസ്) ന്യൂനപക്ഷങ്ങളിലോ സമൂഹം മതനിരപേക്ഷമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരിലോ വിശ്വാസം ജനിപ്പിക്കുന്നുണ്ടെന്ന് കരുതാനാകില്ല.


'ലവ് ജിഹാദ്' എന്ന് ആരോപിച്ച് അക്രമം അഴിച്ചുവിട്ടപ്പോള്‍, ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ചും പശുക്കളെ കടത്തിയെന്ന് ആരോപിച്ചും ആളുകളെ കൊന്നപ്പോള്‍, തീവ്ര ഹിന്ദുത്വയുടെ അടിസ്ഥാനമായ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നുവെന്ന കുറ്റത്തിന് ധാബോല്‍ക്കര്‍ മുതല്‍ കല്‍ബുര്‍ഗിവരെയുള്ളവരെ വധിച്ചപ്പോള്‍, ഹിന്ദുത്വം നിഷ്‌കര്‍ഷിക്കുന്ന ദേശീയതയെ അംഗീകരിക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്ന് ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഒക്കെ നരേന്ദ്ര മോദി മൗനം പാലിച്ചു. കല്‍ബുര്‍ഗി വധിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രിയായിരുന്നിട്ടും. രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരിക്കുന്നയാള്‍ എന്ന നിലയില്‍ ഈ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികളൊക്കെ ആവശ്യപ്പെട്ടിട്ടും മൗനം ഭഞ്ജിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വിവിധതലങ്ങളില്‍ അസഹിഷ്ണുത വര്‍ധിച്ചുവരുന്നത് രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയപ്പോഴും മിണ്ടാട്ടമുണ്ടായില്ല. അസഹിഷ്ണുത അവസാനിപ്പിക്കാന്‍ പാകത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കണമെന്ന തോന്നല്‍ അദ്ദേഹത്തിന് ഉണ്ടായതുമില്ല. അതുകൊണ്ടുതന്നെ ആത്മാര്‍ഥതയില്ലാത്ത വാക്കുകള്‍ അര്‍ഥരഹിതമായ ശബ്ദങ്ങളായി അന്തരീക്ഷത്തില്‍ അവസാനിക്കുക മാത്രമേ ഉണ്ടാകൂ.


അര്‍ഥരഹിതമായ ശബ്ദങ്ങള്‍ക്കൊപ്പം അക്രമോത്സുകമായ വര്‍ഗീയതയും അഭിപ്രായങ്ങളെ നിയന്ത്രിക്കാനുള്ള ഫാസിസ്റ്റ് നടപടികളും തുടരുന്നുമുണ്ട്. ഉര്‍ദു എഴുത്തുകാര്‍ക്ക് ദേശീയ ഉര്‍ദു കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകളാണ് ഒടുവിലത്തെ ഉദാഹരണം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഉര്‍ദു കൗണ്‍സില്‍, ഈ ഭാഷയിലെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും മറ്റും ധനസഹായം നല്‍കുന്നുണ്ട്. സര്‍ക്കാറിന്റെ നയങ്ങള്‍ക്കും രാജ്യ താത്പര്യങ്ങള്‍ക്കും എതിരല്ല തന്റെ രചനകള്‍ എന്ന് സത്യവാങ്മൂലം നല്‍കിയാലേ ഇനിമേല്‍ ധനസഹായം നല്‍കൂ എന്നാണ് ഉര്‍ദു കൗണ്‍സില്‍ വെച്ചിരിക്കുന്ന നിബന്ധന. സത്യവാങ്മൂലം രണ്ട് പേര്‍ സാക്ഷ്യപ്പെടുത്തുകയും വേണം.
രാജ്യത്തിന്റെ ഖജാനയില്‍ നിന്ന് ധനസഹായം സ്വീകരിച്ച് പ്രസിദ്ധം ചെയ്യുന്ന രചനകളില്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായതുണ്ടാകരുതെന്ന് വ്യവസ്ഥചെയ്യുന്നതില്‍ അയുക്തിയുണ്ടോ എന്ന് ആര്‍ക്കും തോന്നാം? രാജ്യതാത്പര്യം എന്താണ് എന്നതും രാജ്യതാത്പര്യത്തിന് വിരുദ്ധമായത് എന്താണ് എന്നതും എങ്ങനെ നിര്‍വചിക്കുമെന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യം ചോദിക്കുന്നത് പോലും രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്നാണ് സംഘ പരിവാര്‍ മതം. രാജ്യതാത്പര്യമെന്തെന്ന് അറിയാത്ത പൗരന്‍മാര്‍ രാജ്യത്തുണ്ടാകാന്‍ പാടില്ലല്ലോ!


സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമല്ല രചനകള്‍ എന്ന് സത്യവാങ്മൂലം നല്‍കുന്നതിനേക്കാള്‍ എളുപ്പം ഇനി മേല്‍ എഴുതുന്നില്ല എന്ന് സത്യവാങ്മൂലം നല്‍കുന്നതാണ്. ഏത് അഭിപ്രായവും സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാകാന്‍ ഇടയുള്ളതാണ് കാലം. സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുന്ന അഭിപ്രായം രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ പ്രയാസമില്ലാത്ത കാലവും. ആകയാല്‍ ഇത്തരം സത്യവാങ്മൂലം, രണ്ട് പേരുടെ സാക്ഷ്യപ്പെടുത്തലോടെ നല്‍കണമെന്ന നിബന്ധന, ഉര്‍ദുവില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പുസ്തകങ്ങളൊന്നും ഇനി പ്രസിദ്ധം ചെയ്യേണ്ടതില്ലെന്ന പ്രഖ്യാപനമാണ്. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നും നേര്‍ക്കുനേര്‍ പറയാറില്ല, അതിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും നടക്കില്ലെന്ന് ഉറപ്പാക്കാന്‍ പാകത്തില്‍ കെണിയൊരുക്കുകയേ ഉള്ളൂ.


ഉര്‍ദുവില്‍ രചന നടത്തിയിരുന്ന/നടത്തുന്ന ഇന്ത്യന്‍ യൂണിയനിലെ പൗരന്‍മാരില്‍ 90 ശതമാനത്തിലധികം മുസ്‌ലിംകളാണ്. അവരാരും ഇനി എഴുതാന്‍ മെനക്കെടേണ്ടതില്ല. എന്തെഴുതിയാലും അതിലൊരു സര്‍ക്കാര്‍ നയ വിരുദ്ധതയോ രാജ്യതാത്പര്യ വിരുദ്ധതയോ കണ്ടെത്തുക എളുപ്പമാണ്. സത്യവാങ്മൂല ലംഘനത്തിന് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയുണ്ടാകാം. 'വിരുദ്ധത'യുണ്ടാകില്ലെന്ന സത്യവാങ്മൂലത്തിന് സാക്ഷ്യം നിന്നവര്‍ക്കും ശിക്ഷ അനുഭവിക്കാവുന്നതാണ്. ആകയാല്‍ എഴുതാന്‍ മെനക്കെടാതിരിക്കലാകും ഉചിതം. സര്‍ക്കാര്‍ ധനസഹായത്തോടെ പ്രസിദ്ധം ചെയ്യുന്നവയുടെ കാര്യത്തില്‍ മാത്രമേ തത്കാലം നിബന്ധനകള്‍ ബാധകമാകുന്നുള്ളൂ. ഭാവിയില്‍ ഏത് തരം രചനകള്‍ക്കും ഇത് ബാധകമാകാം. 'താത്പര്യ വിരുദ്ധത' ഉണ്ടാകില്ലെന്ന സത്യവാങ്മൂലം പ്രസാധകര്‍ നല്‍കണമെന്ന വ്യവസ്ഥ വൈകാതെ വരുമെന്ന് പ്രതീക്ഷിക്കണം. ഉര്‍ദുവിന്റെ കാര്യത്തിലെ ഈ നിബന്ധന നാളെ എല്ലാ ഭാഷകളിലേക്കും എത്തുകയും ചെയ്യും. അല്ലെങ്കില്‍ ഉര്‍ദുവിന് ഏര്‍പ്പെടുത്തിയ നിബന്ധന നല്‍കുന്ന സന്ദേശം ഉള്‍ക്കൊണ്ട് രാജ്യത്തെ എഴുത്തുകാരും പ്രസാധകരും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തും. നിബന്ധനകളില്ലാതിരുന്ന കാലത്ത് പെരുമാള്‍ മുരുകനെക്കൊണ്ട് എഴുത്തുനിര്‍ത്തിക്കാന്‍ സാധിച്ച സംഘപരിവാരത്തിന് നിബന്ധനകള്‍ പുതിയ അവസരം തുറന്ന് നല്‍കുമെന്നും കരുതണം.


സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും നിയന്ത്രിക്കപ്പെടുന്നുണ്ട്. സ്വയം സേവകരുടെ വേഷം പരിഷ്‌കരിക്കാനുള്ള സംഘ നേതൃത്വത്തിന്റെ തീരുമാനത്തെ അധികരിച്ച് പുറത്തിറങ്ങിയ കാര്‍ട്ടൂണ്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചതിന് രണ്ട് യുവാക്കളെ ഏതാനും ദിവസം മുമ്പ് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍ സംഘ ചാലക് മോഹന്‍ ഭഗവതിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നൊക്കെ ആരോപിച്ചാണ് അറസ്റ്റ്. സര്‍ക്കാറിന്റെ നയം തീരുമാനിക്കുന്ന, രാജ്യതാത്പര്യം നിര്‍ണയിക്കുന്ന ആര്‍ എസ് എസ്സിന്റെ മേധാവിയെ ഹസിക്കും വിധത്തില്‍ വരക്കുന്നതും അത് പങ്കുവെക്കുന്നതും 'താത്പര്യങ്ങള്‍ക്ക്' വിരുദ്ധമാകാതെ തരമില്ലല്ലോ!


'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാനാകില്ലെന്ന് പറഞ്ഞ പ്രതിനിധിയെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ബി ജെ പി - ശിവസേന സഖ്യത്തിന് ഭൂരിപക്ഷമുള്ള മഹാരാഷ്ട്ര നിയമസഭ തീരുമാനിച്ചതും വരാനിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി വേണം കാണാന്‍. 'ജയ് ഹിന്ദ്' എന്നേ താന്‍ പറയൂ എന്നാണ് വാരിസ് പത്താന്‍ നിയമസഭയില്‍ പറഞ്ഞത്. ഭാരത് മാതാ കീ ജയ് എന്ന് പറയാന്‍ വിസമ്മതിക്കുന്ന എം എല്‍ എയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആഭ്യന്തര സഹമന്ത്രി രഞ്ജിത് പാട്ടീല്‍ അവതരിപ്പിക്കുകയും ബി ജെ പി, ശിവസേന, കോണ്‍ഗ്രസ്, എന്‍ സി പി അംഗങ്ങള്‍ പിന്തുണക്കുകയുമായിരുന്നു. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ തയ്യാറാകാത്തത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന ബി ജെ പി - ശിവസേനാ നിലപാടിനെ എതിര്‍പ്പൊന്നും കൂടാതെ തുണക്കാന്‍ കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും പ്രതിനിധികള്‍ സന്നദ്ധരായി. സംഘ താത്പര്യമാണ് രാജ്യ താത്പര്യമെന്നും അവര്‍ നിഷ്‌കര്‍ഷിക്കുന്നത് അനുസരിക്കുന്നതാണ് രാജ്യ സ്‌നേഹമെന്നും അംഗീകരിച്ചുകൊടുക്കുകയാണ് കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും പ്രതിനിധികള്‍ ചെയ്തത്. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാന്‍ മടി കാട്ടാത്ത കോണ്‍ഗ്രസും അതില്‍ നിന്ന് ഉരുവമെടുത്ത എന്‍ സി പിയും തീവ്ര വര്‍ഗീയതയുടെ കാലത്തും അതില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല എന്നത് ഭീതിപ്പെടുത്തുന്നതാണ്.


അക്രമങ്ങള്‍ക്ക് തുടക്കമിടാന്‍ പാകത്തിലുള്ള തീവ്ര അജന്‍ഡകള്‍ സംഘ പരിവാരം പുറത്ത് നടപ്പാക്കുമ്പോള്‍, ഭരണകൂടം അതിനെതിരെ ഉയരാവുന്ന എതിര്‍പ്പുകള്‍ക്ക് തടയിട്ടുകൊണ്ടിരിക്കുകയാണ്. അടുപ്പില്‍ വേവുന്നത് എന്തെന്ന് പരിശോധിക്കാനുള്ള അവകാശം സംഘപരിവാരം സ്ഥാപിച്ചെടുക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ അവസരങ്ങളില്ലെന്ന് ഉറപ്പാക്കുകയാണ് ഭരണകൂടം. പുസ്തക പ്രസാധനത്തില്‍, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനത്തില്‍, നിയമസഭയിലെ പ്രവര്‍ത്തനത്തില്‍ ഒക്കെ അത് പ്രതിഫലിക്കുന്നു.
ഭിന്നാഭിപ്രായങ്ങളെ ഇല്ലാതാക്കി, ജനാധിപത്യത്തെ ഗില്ലറ്റിനിലേക്ക് എത്തിക്കുകയും ഒപ്പം ദര്‍ശനങ്ങള്‍ വിളമ്പുകയും ചെയ്യുക എന്നതും ഫാസിസത്തിന്റെ തന്ത്രമാണ്. എല്ലാവരോടും മമത കാട്ടുകയും എല്ലാ മത വിഭാഗങ്ങളുടെയും ദര്‍ശനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന ഭരണ സംവിധാനത്തെ വൃഥാ ഭര്‍ത്സിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സംഘ പരിവാരത്തിന് വാദിക്കാം.  രാജ്യ താത്പര്യത്തിന് യോജിക്കാത്ത ഭര്‍ത്സനങ്ങള്‍ തുടരുന്നവര്‍ ആക്രമിക്കപ്പെടുകയോ ഭരണസംവിധാനത്തിന്റെ നടപടികള്‍ക്ക് വിധേയരാകുകയോ ചെയ്താല്‍, അതിന് ആരെങ്കിലും കുറ്റവാളിയാകേണ്ടതുണ്ടോ? എന്താ നിങ്ങളെല്ലാം കുറ്റവാളികളാണോ എന്ന് മോദിക്ക് ചോദിക്കാം. രാജ്യസ്‌നേഹത്തിന്റെ വാഹനത്തിലാണ് സംഘ പരിവാറുകാരുടെ യാത്ര. അതിനടിയില്‍ പട്ടിക്കുഞ്ഞുങ്ങള്‍ പെട്ടാല്‍ സഞ്ചാരികള്‍ കുറ്റക്കാരല്ല!