2016-05-30

ദി ഇന്ത്യന്‍ റിയാലിറ്റി ഷോ


ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപമൊരുക്കിയ തിളക്കമുള്ള താത്കാലിക സ്റ്റുഡിയോ. അവിടെ നിന്ന് അഞ്ചര മണിക്കൂറോളം നീണ്ട സംപ്രേഷണം. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ പങ്കെടുത്ത സംവാദം. അത് ശ്രവിക്കാന്‍ അമിതാഭ് ബച്ചനെപ്പോലെ താരശോഭയുള്ളവരുടെ നിര. വിലയിരുത്താന്‍ റാന്‍ബാക്‌സിയുടെ മേധാവി മല്‍വീന്ദര്‍ സിംഗിനെപ്പോലുള്ളവര്‍ വേറെയും. ഏറ്റമൊടുവില്‍ പരമാധികാരി നരേന്ദ്ര മോദിയുടെ ചെറു ഭാഷണം. ''എന്റെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പട്ടികയായി നിരത്താന്‍ ഞാന്‍ ശ്രമിച്ചാല്‍, ഈ ദൂരദര്‍ശന്‍ വാലകള്‍ ഇവിടെ ഒരാഴ്ച നില്‍ക്കേണ്ടിവരു''മെന്ന് അദ്ദേഹം അവകാശപ്പെട്ടു. അഞ്ചാണ്ട് നീളുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ രണ്ടാണ്ട് കഴിയുമ്പോള്‍ നടക്കേണ്ട പുറത്താക്കല്‍ റൗണ്ട് പോലെ തോന്നി കാര്യങ്ങള്‍. സംഗതിയുടെ പേര് പാളിപ്പോയോ എന്നൊരു ശങ്ക മാത്രം. 'ഒരു പുതിയ പ്രഭാതം' എന്ന പേര് പണ്ട് ഇടപ്പള്ളി കൈരളിയില്‍ അമ്പത് പൈസ ടിക്കറ്റിന് സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ കേട്ടിരുന്ന 'സന്‍ ഉന്നീസ് സൗ സൈംതാലീസ് മേം....' എന്ന് തുടങ്ങുന്ന ഫിലിംസ് ഡിവിഷന്‍ പരിപാടികളെ ഓര്‍മിപ്പിച്ചു. ഹൈന്ദവ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് റിയാലിറ്റി ഷോയെന്നതിനാല്‍ കാലങ്ങള്‍ക്ക് മുമ്പേ ഭരണിയിലിട്ട പേര് തന്നെ ഉചിതമെന്ന് ആശ്വസിക്കാം.


വിദ്യാഭ്യാസം, വാണിജ്യം, ധനകാര്യം തുടങ്ങി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിമാരൊക്കെ സ്വന്തം നേട്ടങ്ങള്‍ വിശദീകരിച്ച് എലിമിനേഷന്‍ റൗണ്ടില്‍ രംഗത്തുവന്നിരുന്നു. മന്ത്രിസഭാ പുനസ്സംഘടന ഉടനുണ്ടാകുമെന്ന് നരേന്ദ്ര മോദിയുടെ വിശ്വസ്തനും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ കാലേക്കൂട്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുറത്താക്കല്‍ റൗണ്ടില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച് മന്ത്രി സ്ഥാനത്ത് തുടരുക എന്നത് ഏവരുടെയും ആവശ്യമായിരുന്നു. അതുകൊണ്ട് എല്ലാവരും നല്ലവണ്ണം മത്സരിച്ചു. ഒന്നിനൊന്ന് മികച്ചുനിന്നുവെന്നോ മികവില്‍ മികച്ചേരിയെ നിശ്ചയിക്കാന്‍ കാണികളും വിശാരദരും പ്രയാസപ്പെട്ടുവെന്നോ പറയാം. ഏറ്റമൊടുവില്‍ പരമാധികാരി നടത്തിയ പ്രകടനത്തിനടുത്തെത്താന്‍ ആരാലും സാധ്യമായില്ലെന്ന് സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍ പോലും സമ്മതിക്കും.


ആ പ്രകടനത്തിലെ ചില മികവുകള്‍ ഒരിക്കല്‍ക്കൂടി കണ്ടുനോക്കാം.
''എന്റെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തിയാല്‍ ദൂദര്‍ശന്‍വാലകള്‍ ഇവിടെ ഒരാഴ്ച നില്‍ക്കേണ്ടിവരു''മെന്നതാണ് പുത്തന്‍ തലമുറ സിനിമകളില്‍ നിന്ന് കടംകൊണ്ടാല്‍ പഞ്ച് ഡയലോഗ്. അതിന് മാത്രം കൊടുക്കണം പത്തിലെട്ട്. രണ്ട് കൊല്ലത്തിനിടെ അദ്ദേഹം നടത്തിയ വിദേശയാത്രകള്‍, അവിടങ്ങളിലൊക്കെ ഒപ്പുവെക്കപ്പെട്ട കരാറുകള്‍, അവിടെപ്പാര്‍ക്കുന്ന ഇന്ത്യക്കാര്‍ക്കായി നടത്തിയ സംവാദങ്ങള്‍, രാജ്യത്തുണ്ടായിരിക്കെ സ്വാതന്ത്ര്യ ദിനത്തിനും മറ്റും നടത്തിയ പ്രഭാഷണങ്ങളിലൂടെ നടത്തിയ പ്രഖ്യാപനങ്ങള്‍, തെരുവില്‍ നടത്തിയ ചൂലഭ്യാസങ്ങള്‍ എന്ന് വേണ്ട ഹിന്ദുത്വ ഭീകരവാദ ശൃംഖലകള്‍ക്ക് പങ്കുണ്ടെന്ന് ആക്ഷേപിക്കപ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വരെ ആഴ്ചയൊന്നിലേക്ക് സംഗ്രഹിക്കുക എന്നാല്‍ ശ്രമകരം തന്നെ.


2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട്, 2019 ആകുമ്പോഴേക്കും സര്‍വത്ര ശുചിത്വം, 2019 ആകുമ്പോഴേക്കും അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പുതുതായി പാചകവാതക കണക്ഷന്‍ തുടങ്ങി പ്രഖ്യാപനങ്ങളുടെ നീണ്ട നിരയുണ്ട്. മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വേറെയും. ആദ്യാദ്യം തുടങ്ങിയ പ്രഖ്യാപനങ്ങളും പദ്ധതികളും എവിടെ എത്തി നില്‍ക്കുന്നുവെന്നതില്‍ ആര്‍ക്കും തിട്ടമില്ല. പട്ടിക നിരത്തിയാല്‍ ആഴ്ചയൊന്ന് ഇവിടെ നില്‍ക്കേണ്ടിവരുമെന്നൊക്കെ ഗീര്‍വാണം മുഴക്കുന്നവര്‍ പറയുന്ന കണക്കേ മുന്നിലുള്ളൂ. നരേന്ദ്ര മോദി ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന വാരണാസി മണ്ഡലത്തിന്റെ സ്ഥിതി കണക്കിലെടുത്താല്‍ ഈ കണക്ക് വിശ്വസിക്കുക പ്രയാസം.


വ്യാഴവട്ടത്തിലേറെക്കാലം ഭരിച്ച്, വികസനത്തിന്റെ പര്യായപദമാക്കി ഗുജറാത്തിനെ മാറ്റിയെന്ന പ്രചണ്ഡ പ്രചാരണമാണ് പാര്‍ലിമെന്റിലേക്ക് മത്സരിച്ച കാലത്ത് മോദിയും സംഘവും നടത്തിയത്. സംഗതി കേരളത്തേക്കാള്‍ (മോദിയുടെ ഭാഷയില്‍ സൊമാലിയ) മോശമാണെന്ന് കേന്ദ്രം ഏറ്റവുമൊടുവില്‍ അംഗീകരിച്ച കണക്കുകള്‍ തന്നെ പറയുന്നു. ഗുജറാത്തിനെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച നാവ് തന്നെയാണ് ഇപ്പോള്‍ നേട്ടം വിളമ്പുന്നതും.
ഒരൊറ്റ ആഹ്വാനത്താല്‍ ഒരു കോടിപ്പേര്‍ പാചകവാതക സബ്ഡിസി ഉപേക്ഷിച്ചുവെന്നും പുതുതായി മൂന്ന് കോടി കുടുംബങ്ങള്‍ക്ക് പാചക വാതക കണക്ഷന്‍ നല്‍കിയെന്നും മൂന്ന് വര്‍ഷം കൊണ്ട് അഞ്ച് കോടി കുടുംബങ്ങള്‍ക്ക് കൂടി കൊടുക്കുമെന്നും പറഞ്ഞതാണ് ഈ റൗണ്ടിലെ ഏറ്റവും ജനകീയ പ്രഖ്യാപനം.


പത്ത് ലക്ഷത്തിന് മേല്‍ വരുമാനമുള്ളവര്‍ക്കൊന്നും പാചക വാതക സബ്‌സിഡി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ ഗണത്തില്‍പ്പെട്ടവരെത്രയുണ്ടാകും 130 കോടി ജനസംഖ്യയുള്ള ഇന്ത്യന്‍ യൂനിയനില്‍. അത് ഒരു കോടിയില്‍ ഒതുങ്ങുമോ? നിലവിലുള്ള ശമ്പള നിലവാരമൊക്കെ കണക്കിലെടുക്കുമ്പോള്‍ ഒതുങ്ങില്ലെന്ന് മനസ്സിലാക്കാന്‍ ആദായനികുതിവകുപ്പിന്റെ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. നരേന്ദ്ര മോദിയുടെ ആഹ്വാനവശാല്‍ സബ്‌സിഡി രഹിതരായവരുടെ എണ്ണം ഒരു കോടിയേ ഉള്ളൂവെന്ന് പറഞ്ഞാല്‍ അര്‍ഥം, സര്‍ക്കാറിന്റെ മാനദണ്ഡമനുസരിച്ച് സബ്ഡിഡിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കേണ്ടവരെ മുഴുവനായി ഒഴിവാക്കാന്‍ നേതൃത്വത്തിന് '56 ഇഞ്ച്' നെഞ്ചളവുണ്ടായിട്ടും കേന്ദ്ര സര്‍ക്കാറിന് സാധിച്ചില്ല എന്നാണ്.


രണ്ട് വര്‍ഷം കൊണ്ട് മൂന്ന് കോടി വാതകകണക്ഷന്‍. ഉച്ചഭക്ഷണവും അതിന് പുറത്തൊരു രസഗുളയും സേവിച്ച് നാലും കൂട്ടി മുറുക്കി വെടിവട്ടം കൂടുന്നവര്‍ക്ക് അത്യത്ഭുതത്തിന്റെ ചിഹ്നങ്ങള്‍ ജനിപ്പിക്കാന്‍ ഇത് ധാരാളം. എണ്ണ വില കുറഞ്ഞു, പാചക വാതകത്തിന് സബ്‌സിഡിയായി നല്‍കേണ്ട തുകയും അതിനനുസരിച്ച് കുറഞ്ഞു. ഈ ഘട്ടത്തില്‍ കൂടുതല്‍ കണക്ഷനുകള്‍ നല്‍കാന്‍ പൊതു, സ്വകാര്യ മേഖലയിലെ കമ്പനികള്‍ തയ്യാറാകും. സബ്‌സിഡിയിനത്തില്‍ ഖജനാവില്‍ നിന്ന് കൂടുതല്‍ പണം ചെലവിടേണ്ട എന്നതിനാല്‍ കണക്ഷനുകള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിരോധം സര്‍ക്കാര്‍ എടുത്ത് കളയുകയും ചെയ്യും. അത് മാത്രമേ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ സംഭവിച്ചിട്ടുള്ളൂ. ആയതിനെ സ്വന്തം നേട്ടമായി ഒരു പ്രധാനമന്ത്രി എണ്ണുന്നുവെങ്കില്‍ അതിലൊരു കുറവും കാണേണ്ടതില്ല. മൂന്ന് വര്‍ഷം കൊണ്ട് അഞ്ച് കോടി കണക്ഷനുകള്‍ നല്‍കുമെന്ന പ്രഖ്യാപനം, എണ്ണ വില ഇതേ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ ഫലം കാണും. ഇങ്ങനെ കണക്ഷനുകള്‍ കൂടുമ്പോഴല്ലേ റിലയന്‍സിനും മുകേഷ് അംബാനിക്കുമൊക്കെ കൂടുതല്‍ ഗുണമുണ്ടാകുക, എങ്കിലല്ലേ മേക്ക് ഇന്‍ ഇന്ത്യയുണ്ടായി സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയാകൂ.


രണ്ട് വര്‍ഷം കൊണ്ട് വാതക മേഖലയില്‍ ഇത്രയൊക്കെ ചെയ്ത മോദിയദ്ദ്യം കൃഷ്ണ - ഗോദാവരി ബേസിനിലെ പ്രകൃതി വാതകം ഖനനം ചെയ്യുന്നതിനുള്ള ചെലവ് പെരുപ്പിച്ച് കാട്ടി ഖജാനിവിന് നഷ്ടമുണ്ടാക്കിയെന്ന് കാട്ടി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടിയാണ് എടുത്തത് എന്നറിയാന്‍ വോട്ടര്‍മാര്‍ക്ക് താത്പര്യം കാണും. കൂടുതല്‍ കണക്ഷനുകള്‍ നല്‍കുന്നതിലൂടെ നേട്ടമുണ്ടാക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് തന്നെയാണ് ഈ റിപ്പോര്‍ട്ടില്‍ ആരോപണവിധേയരുടെ സ്ഥാനത്തുള്ളത്. രണ്ട് വര്‍ഷത്തിനിടെ ആഴിമതിയാരോപണങ്ങളൊന്നും പത്രത്തലക്കെട്ടായില്ലെന്ന് അഭിമാനിക്കുന്നുണ്ട് പ്രധാനമന്ത്രി. കല്‍ക്കരിപ്പാടം ലേലത്തിലൂടെയും മറ്റും കോടികള്‍ ഖജനാവിലേക്ക് ഒഴുകിയെത്തിയെന്ന് അവകാശപ്പെടുന്നുമുണ്ട് അദ്ദേഹം.


ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയ പ്രകൃതി വാതക ഖനന ഇടപാടില്‍ റിപ്പോര്‍ട്ടൊന്നു മറിച്ചുനൊക്കാന്‍ ചെറുവിരല്‍ അനക്കില്ല നരേന്ദ്ര മോദി. ഇതേ പാടത്ത് പ്രകൃതി വാതക ഖനനം നടത്താന്‍ ഗുജറാത്ത് സര്‍ക്കാറിന് കീഴിലൊരു കമ്പനിയുണ്ടാക്കുകയും അതിലേക്ക് വ്യാജനെന്ന് കരുതുന്ന മറ്റൊരു കമ്പനിയെ കൂട്ടിച്ചേര്‍ക്കുകയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 20,000 കോടി രൂപ ഒഴുക്കി ശുദ്ധ ശൂന്യമായി നില്‍ക്കുകയും ചെയ്യുന്ന കഥയും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടായി നല്‍കിയിട്ടുണ്ട്. കൊലക്കേസുകളില്‍ ആരോപണവിധേയരായവരെ ക്രമസമാധാനച്ചുമതലയുള്ള ഡി ജി പിയായി നിയമിക്കുന്ന നാട്ടില്‍, ഖജനാവിന് 20,000 കോടി നഷ്ടപ്പെട്ടത് വലിയ കാര്യമോ? അത് പറയുന്നതേ ചിതമല്ല.


ജനതയുടെ ആരോഗ്യത്തില്‍ അത്രമാത്രം ശ്രദ്ധയുണ്ടാകയാല്‍, അവനെന്തൊക്കെ ഭക്ഷിക്കണമെന്ന് നിശ്ചയിച്ചത്, നിശ്ചയിച്ചത് തന്നെയോ ഭുജിക്കുന്നത് എന്നറിയാന്‍ അടുക്കള കയറി പരിശോധിക്കാന്‍ സംഘ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയത്, നിശ്ചയം ലംഘിക്കപ്പെട്ടാല്‍ ഗളച്ഛേദം നടത്താനോ പാക്കിസ്ഥാനിലേക്ക് നാടുകടത്തുമെന്ന ഭീഷണി മുഴക്കാനോ സ്വാതന്ത്ര്യം
 നല്‍കിയത്, ഇത്തരം പുരോഗമന, ജനാധിപത്യ അജന്‍ഡകളെ എതിര്‍ക്കാന്‍ ശ്രമിക്കുന്ന ജീവനുകളെ വേണ്ടി വന്നാല്‍ നുള്ളിയെടുക്കുമെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തിയത്, ഹിന്ദുത്വ അജന്‍ഡകളാണ് ഭൂരിപക്ഷഹിതങ്ങളെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താനും അതിനെതിര് നില്‍ക്കുന്നവരൊക്കെ രാജ്യദ്രോഹികളാണെന്ന് വരുത്താനും ശ്രമിച്ചത്, ഹിന്ദു രാഷ്ട്ര സ്ഥാപനമാണ് ലക്ഷ്യമെങ്കിലും ആ രാഷ്ട്ര സങ്കല്‍പ്പത്തില്‍ പാലിക്കപ്പെടുക വര്‍ണാശ്രമ ധര്‍മമായിരിക്കുമെന്നത് ഓര്‍മിപ്പിച്ചത്...ഒരാണ്ടു കൊണ്ട് സംഗ്രഹിക്കാനാവില്ല നേട്ടങ്ങള്‍. ഈ ഭരണമൊഴിഞ്ഞ് എത്രകാലം കഴിഞ്ഞാലാണ് ഇവയുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുക എന്നതിലും തിട്ടമില്ല.


ഡല്‍ഹിയിലും ബീഹാറിലും റിയാലിറ്റി ഷോക്ക് വേണ്ടത്ര പിന്തുണ നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല, മുഖ്യ മത്സരാര്‍ഥി പല വേദികളില്‍ പ്രകടനം നടത്തിയിട്ടും. വംശീയതയെ വര്‍ഗീയതയോട് യോജിപ്പിച്ചൊരു പ്രകടനത്തിലൂടെ അസമില്‍ കളം പിടിക്കാന്‍ സാധിച്ചത് ഷോയില്‍ കുറേക്കൂടി ആത്മവിശ്വാസത്തോടെ പങ്കെടുക്കാന്‍ അവസരം തന്നിട്ടുണ്ട്. വരും തിരഞ്ഞെടുപ്പുകളില്‍ പയറ്റേണ്ട തന്ത്രങ്ങളെക്കുറിച്ച് ആലോചന നടക്കുന്നു. അതില്‍ വിജയം കാണാന്‍ പാകത്തില്‍ കൈയറപ്പില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നവര്‍ വേണം നേതൃത്വത്തില്‍. അതിലേക്ക് പറ്റാത്തവര്‍ പുറത്തുപോകേണ്ടിവരും.


മുഖ്യവേഷക്കാരനെ വെല്ലാന്‍ പാകത്തില്‍ ശബ്ദ ഗാംഭീര്യമോ നെഞ്ചുവലിപ്പമോ അഭിനയ ചാതുരിയോ കൈമുതലായ ആരെയും തത്കാലം കാണാനില്ല എന്നതിനാല്‍ അദ്ദേഹം റിയാലിറ്റി ഷോയില്‍ തുടരും. എലിമിനേഷന്‍ റൗണ്ടുകളില്‍ മത്സരാര്‍ഥിയായും വിധികര്‍ത്താവായും ഒരേസമയം തുടരാന്‍ ഒരു വ്യക്തിക്ക് മാത്രം അനുവാദം നല്‍കുന്ന ഏക റിയാലിറ്റി ഷോയും ഇതു തന്നെയാകും. ആകയാല്‍ എലിമിനിഷേന്‍ റൗണ്ടിന്റെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കാം. അത് അധികം വൈകില്ലെന്നാണ് അമിത് ഷാ നല്‍കുന്ന ഉറപ്പ്.


മൂന്നാണ്ടിന് അപ്പുറമുള്ള ഗ്രാന്‍ഡ് ഫിനാലെയെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങളെന്ന് നരേന്ദ്ര മോദി വാക്ക് നല്‍കിയിട്ടുണ്ട്. അതിനിടെ എന്തൊക്കെയാകും പ്രകടനങ്ങള്‍? സി എ ജിയുടെ രണ്ട് റിപ്പോര്‍ട്ടെങ്കിലും അക്കാലത്തേക്ക് വരും. അത് വേദിയിലെ പ്രകടനങ്ങളെ ബാധിക്കുമോ? മത്സരാര്‍ഥിയായിരിക്കെ വിധികര്‍ത്താവാകാനുള്ള സൗകര്യം ഗ്രാന്‍ഡ് ഫിനാലെയില്‍ ഉണ്ടാകുകയുമില്ല. സംഭവാമി  യുഗേ യുഗേ...

2016-05-21

സിദ്ധാര്‍ഥില്‍ നിന്ന് ഉമ്മനിലേക്കുള്ള ദൂരം


അഞ്ചാണ്ട് കൂടുമ്പോള്‍ മുന്നണിയെ മാറിപ്പരീക്ഷിക്കുക എന്ന പതിവ് കേരളം ഇത്തവണയും തെറ്റിച്ചില്ല. ഒ രാജഗോപാലിലൂടെ ബി ജെ പി നിയമസഭയില്‍ ആദ്യമായി പ്രാതിനിധ്യം നേടിയെന്ന നിര്‍ണായകവും അപകടകരവുമായ മാറ്റം മാത്രം. ഇടതുപക്ഷത്തിന്റെ വിജയത്തിനും ബി ജെ പിയുടെ നിയമസഭാ പ്രവേശനത്തിനും അവരുടെ വലിയ മുന്നേറ്റത്തിനും മുഖ്യ ഉത്തരവാദി അഞ്ച് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി യു ഡി എഫിനെയും കോണ്‍ഗ്രസിനെയും നയിച്ച ഉമ്മന്‍ ചാണ്ടിയാണ്. പാളിച്ചകളില്‍ വലിയൊരു പങ്കില്‍ ഭാഗഭാക്കായ കേരള കോണ്‍ഗ്രസും അതിന്റെ നേതാവ് കെ എം മാണിയും പാളിച്ചകളിലൊക്കെ ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച മുസ്‌ലിം ലീഗ് നേതൃത്വവും കൂട്ടുത്തരവാദികളും.
നേമത്തെ ജയത്തിന് പുറത്ത് സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളില്‍ ബി ജെ പിയോ അവരുടെ സഖ്യകക്ഷിയോ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. അതില്‍ മഞ്ചേശ്വരമൊഴിച്ചുള്ളിടത്തൊക്കെ യു ഡി എഫിന്റെ വോട്ടാണ് ചോര്‍ന്നത്. മഞ്ചേശ്വരത്ത് ബി ജെ പി രണ്ടാം സ്ഥാനത്തെത്താന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായെന്നത് ഓര്‍ക്കുക. അവിടെ ബി ജെ പിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ച സി പി എമ്മായിരുന്നുവെന്നതും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച മലമ്പുഴയിലും ചാത്തന്നൂരിലും അവര്‍ക്ക് കിട്ടിയത് മൂന്നാം സ്ഥാനമാണ്. പുതുക്കാട്, കുണ്ടറ പോലുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് രണ്ടാം സ്ഥാനം നിലനിര്‍ത്താനായത് ആയിരത്തോളം വോട്ടുകളുടെ ബലത്തില്‍ മാത്രം.
സംസ്ഥാനത്തെ 37 മണ്ഡലങ്ങളില്‍ ബി ജെ പിക്ക് 25,000ത്തില്‍ അധികം വോട്ടുണ്ട്. അമ്പതോളം മണ്ഡലങ്ങളില്‍ 15,000ത്തിനും 25,000ത്തിനും ഇടയില്‍ വോട്ട് കിട്ടി. 28 മണ്ഡലങ്ങളില്‍ പതിനായിരത്തിലേറെ വോട്ട് നേടാന്‍ ബി ജെ പിക്ക് സാധിച്ചു. ഇതില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും ചോര്‍ന്നത് കോണ്‍ഗ്രസ് വോട്ടുകളാണ്. കൊല്ലം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വലിയ ഭൂരിപക്ഷം നേടിക്കൊടുത്തത് ബി ജെ പിയോ അവരുടെ സഖ്യകക്ഷികളോ പിടിച്ച കോണ്‍ഗ്രസ്/യു ഡി എഫ് വോട്ടുകളാണ്. ചാലക്കുടി മണ്ഡലം ഉദാഹരണമായി എടുക്കാം. പൊതുവില്‍ കോണ്‍ഗ്രസ് അനുകൂല മണ്ഡലമായ ഇവിടെ 2006ലും 2011ലും സി പി എമ്മിലെ ബി ഡി ദേവസ്യയാണ് വിജയിച്ചത്. ഇക്കുറി ബി ഡി ദേവസ്സി ഇരുപതിനായിരത്തിലേറെ വോട്ടിന്റെ വിജയം നേടുമ്പോള്‍ അവിടെ മത്സരിച്ച ബി ഡി ജെ എസ് (എന്‍ ഡി എ) സ്ഥാനാര്‍ഥി നേടിയത് 26,229 വോട്ടാണ്. 2006ലും 2011ലും അയ്യായിരത്തില്‍ താഴെ വോട്ടിന് വിജയിച്ച ദേവസ്സിക്ക് ഇരുപതിനായിരത്തിലേറെ ഭൂരിപക്ഷം ഇക്കുറി കിട്ടിയത് കോണ്‍ഗ്രസ് വോട്ടുകള്‍ എന്‍ ഡി എ പക്ഷത്തേക്ക് ഒഴുകിയതു കൊണ്ട് കൂടിയാണ്. ഇതേ പ്രതിഭാസം മറ്റ് പല മണ്ഡലങ്ങളിലും കാണാം.
ഇടുക്കിയിലും കോട്ടയം ജില്ലയിലെ ചില മണ്ഡലങ്ങളിലും ഇടത് വോട്ടുകള്‍ എന്‍ ഡി എയിലേക്ക് ചോര്‍ന്നിട്ടുണ്ട്. ഇതുപക്ഷേ, കുറച്ചൊക്കെ തിരിച്ചെടുക്കാന്‍ അധികാരം ഇടത് മുന്നണിയെയും സി പി എമ്മിനെയും സഹായിച്ചേക്കും. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് സ്ഥിതി അതല്ല. അധികാരം നഷ്ടപ്പെടുകയും ഇനി അധികാരത്തിലെത്താനുള്ള സാധ്യത കുറവാണെന്ന് തിരിച്ചറിയുകയും ചെയ്താല്‍ അവിടെ നിന്നുള്ള മണ്ണൊലിപ്പിന് വേഗം കൂടും. നേമത്ത് ജയിക്കുകയും ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത ബി ജെ പി, തോല്‍ക്കാന്‍ മത്സരിക്കുന്ന പാര്‍ട്ടിയെന്ന പഴയ പ്രതിച്ഛായ മാറ്റിയിരിക്കുന്നു. അതും കോണ്‍ഗ്രസില്‍ നിന്നുള്ള ഒഴുക്കിന്റെ വേഗം കൂട്ടും. ഇത് തത്കാലം കോണ്‍ഗ്രസിനെ മാത്രമേ ബാധിക്കൂവെങ്കിലും വൈകാതെ ലീഗിനെയും കേരള കോണ്‍ഗ്രസിനെയുമൊക്കെ പിടികൂടാം. യു ഡി എഫിന്റെ ഭാഗമായി അധികാരത്തിലെത്തുന്നുവെന്നത് കൊണ്ടുകൂടിയാണ് മുസ്‌ലിം ലീഗിന്റെ പിന്നില്‍ ജനം അണിനിരക്കുന്നത്. അതില്ലാതാകുന്നുവെന്ന് കണ്ടാല്‍, അവിടെ നിന്നും ഒഴുക്കുണ്ടാകും. കേരള കോണ്‍ഗ്രസാകട്ടെ ബി ജെ പിയുമായി സഖ്യമുണ്ടാക്കാന്‍ എത്രകാലം കാത്തിരിക്കുമെന്നതേ അറിയാനുള്ളൂ. ജോസ് കെ മാണിയുടെ കേന്ദ്ര മന്ത്രിസഭാ പ്രവേശനത്തിന് കളമൊരുങ്ങിയാല്‍ കെ എം മാണി, എന്‍ ഡി എ പാളയത്തിലെത്താന്‍ സാധ്യത ഏറെ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനോട്, തീവ്ര ഹിന്ദുത്വ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും സമരസപ്പെട്ടു നില്‍ക്കാന്‍ മടിയില്ലാത്ത, സഭാ നേതൃത്വം മാണിയുടെ ഈ നീക്കത്തിന് കുട പിടിക്കുകയും ചെയ്യും.
ഈ അവസ്ഥയിലേക്ക് കേരള രാഷ്ട്രീയത്തെ നയിക്കുക എന്ന ദൗത്യമാണ് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നിറവേറ്റിയത്. പാറ്റൂര്‍ മുതല്‍ ബാര്‍ വരെ നീളുന്ന അഴിമതികളും സോളാര്‍ തട്ടിപ്പിലെ പങ്കാളിത്തവും വലിയ കഥകളായപ്പോള്‍ തെളിവെവിടെ എന്ന് ചോദിച്ച് കേരളത്തിനു നേര്‍ക്ക് കൊഞ്ഞനം കുത്തുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഈ വക സംഗതികളെ ശക്തമായി എതിര്‍ക്കാനോ അഴിമതികളും ക്രമക്കേടുകളും യഥാസമയം പുറത്തുകൊണ്ടുവരാനോ ത്രാണിയില്ലാതെ നിന്നു പ്രതിപക്ഷം. ഇത് ബി ജെ പിക്ക് അവസരം തുറന്നിട്ടു. വെള്ളാപ്പള്ളി നടേശനെക്കൊണ്ട് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയും കാളിദാസ ഭട്ടതിരിപ്പാട് മുതല്‍ സി കെ ജാനു വരെയുള്ളവരെ അണിനിരത്തിയും ബി ജെ പി പുതിയ സമുദായ സമവാക്യം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചു. അതിന് ബലമേകാനാണ് പല വിധത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്.
ഭൂരഹിതരായ ദളിത് പിന്നാക്ക വിഭാഗങ്ങളും പട്ടിക വിഭാഗങ്ങളും അവഗണിക്കപ്പെടുന്നുവെന്ന വസ്തുത നിലനില്‍ക്കെയാണ് വന്‍കിടക്കാര്‍ക്കും തോട്ടമുടമകള്‍ക്കുമൊക്കെ വഴിവിട്ട് ഭൂമി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. തങ്ങള്‍ സൃഷ്ടിച്ചെടുത്ത പുതിയ സമുദായ സമവാക്യത്തിലൂടെ ഇതിനെ മുതലെടുക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ കൂടി ഫലമാണ് പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്/യു ഡി എഫ് വോട്ടുകളിലുണ്ടായ ചോര്‍ച്ച. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി കോണ്‍ഗ്രസും സഖ്യകക്ഷികളും പലേടത്തും ബാന്ധവമുണ്ടാക്കിയിരുന്നു. അതിന്റെ പരമാവധി പ്രയോജനം ബി ജെ പി ഉണ്ടാക്കിയെങ്കിലും ബി ജെ പി വോട്ടുകളൊന്നും കോണ്‍ഗ്രസിനോ സഖ്യകക്ഷികള്‍ക്കോ ലഭിച്ചിരുന്നില്ല. തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് വോട്ടുകളിലേക്ക് ബി ജെ പി കടന്നുകയറിയെന്നതും വ്യക്തമായിരുന്നു. എന്നാല്‍ ഇതൊന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചാല്‍ തന്നെയും അതിനെയൊക്കെ ഇല്ലാതാക്കും വിധത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനം. അഴിമതി ആരോപണം നേരിട്ടവരെ മത്സരരംഗത്തു നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമം പോലും തടഞ്ഞ്, ഭരണ വിരുദ്ധ വികാരത്തെ ജ്വലിപ്പിച്ച് നിര്‍ത്താനും അതിലൊരു പങ്ക് ബി ജെ പിയുടെ പക്ഷത്തേക്ക് എത്തിക്കാനും ഉമ്മന്‍ ചാണ്ടി അക്ഷീണം യത്‌നിച്ചു. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസും എന്‍ ഡി എയും (ബി ജെ പി) തമ്മിലാണ് മുഖ്യമത്സരമെന്ന് അരുവിക്കര മാതൃകയില്‍ പ്രസംഗിച്ച് സംഘപക്ഷത്തെ കുറേക്കൂടി 'നിയമവിധേയ'മാക്കുകയും ചെയ്തു ഉമ്മന്‍ ചാണ്ടി. അതിന്റെയൊക്കെ ഫലാണ് ബി ജെ പിയും സഖ്യകക്ഷികളും നേടിയെടുത്ത വോട്ട്.
നേമത്തെ വിജയത്തിലും കോണ്‍ഗ്രസില്‍ നിന്ന് ചോര്‍ന്ന വോട്ട് വലിയ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും അതില്‍ വലിയൊരു പങ്ക് ഒ രാജഗോപാല്‍ എന്ന വ്യക്തിക്കുണ്ട്. പലകുറി വിജയത്തോടടുത്ത പരാജയം അനുഭവിക്കേണ്ടി വന്ന മുതിര്‍ന്ന പൗരനോട് ജനങ്ങള്‍ക്കുണ്ടായ അനുതാപവും ആ വിജയത്തിലൊരു ഘടകമാണ്. ജനവിധി അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിക്കുന്നുണ്ട്. അതൊരു സ്വാഭാവിക പ്രതികരണം മാത്രമായി കൂട്ടിയാല്‍ മതിയാകും. ഉമ്മന്‍ ചാണ്ടി സ്വന്തം നിലപാടുകളില്‍ എന്തെങ്കിലും വിധത്തിലുള്ള മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്. അതിനെ അംഗീകരിച്ചാണ് കോണ്‍ഗ്രസും യു ഡി എഫും ഇനിയും മുന്നോട്ടുപോകുന്നതെങ്കില്‍ കേരള സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും അവസാനത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നുവെന്ന ചരിത്രം അവശേഷിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് പഠിക്കേണ്ടിവരും. പശ്ചിമ ബംഗാളിലെ അവസാനത്തെ മുഖ്യമന്ത്രി സിദ്ധാര്‍ഥ ശങ്കര്‍ റേ ആയിരുന്നുവെന്ന് അവിടുത്തെ കോണ്‍ഗ്രസുകാര്‍ പഠിക്കുന്നത് പോലെ.
ചിലയിടങ്ങളിലെങ്കിലും വോട്ട് ചോര്‍ന്നത് ഇടതു പക്ഷത്തിന് പ്രത്യേകിച്ച് സി പി എമ്മിനുമുള്ള മുന്നറിയിപ്പാണ്. കോഴിക്കോട് കുറ്റിയാടിയിലുണ്ടായ പരാജയവും പേരാമ്പ്രയിലുണ്ടായ പരാജയത്തോടടുത്ത വിജയവും അവര്‍ക്കുള്ള പാഠമാണ്. ചെറുതല്ലാത്ത ഭരണ വിരുദ്ധ തരംഗമുണ്ടായിട്ടും പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ അഴീക്കോട്ട് താരപദവിയുള്ള സ്ഥാനാര്‍ഥിക്കുണ്ടായ പരാജയവും അവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. വിജയത്തിന്റെ ലഹരിയില്‍ അവരതിന് തയ്യാറാകുന്നില്ലെങ്കില്‍, മണ്ണൊലിപ്പിന്റെ സാധ്യതകള്‍ ഒരിടത്ത് മാത്രമുള്ളതല്ലല്ലോ?  പലവിധത്തില്‍ പുറത്തുവന്ന ആരോപണങ്ങള്‍ ഏറ്റുപാടുക എന്ന ജോലിയാണ് പ്രതിപക്ഷത്തിരിക്കെ ഇടതു പക്ഷം കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്തത്. ഈ ആരോപണങ്ങളുടെയൊക്കെ വസ്തുതകള്‍ പുറത്തുകൊണ്ടുവരിക എന്ന ഉത്തരവാദിത്വം ഭരണത്തിലേറുമ്പോള്‍ അവര്‍ക്കുണ്ട്. പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളുടെ നീണ്ട പട്ടികയും. ഇതിലൊക്കെ എന്ത് നിലപാടെടുക്കുന്നുവെന്നതിനെക്കൂടി ആശ്രയിച്ചിരിക്കും അവിടെ നിന്നുള്ള മണ്ണൊലിപ്പിന്റെ ഗതിയും വേഗവും.

2016-05-17

മലേഗാവിലെ മറിമായങ്ങള്‍


മലേഗാവ് സ്‌ഫോടനക്കേസില്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) സമര്‍പ്പിച്ച കുറ്റപത്രം തര്‍ക്ക വിഷമായിട്ടുണ്ട്. കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് (സാധ്വി) പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഒഴിവാക്കാനുള്ള എന്‍ ഐ എയുടെ തീരുമാനം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാറിന്റെ സമ്മര്‍ദത്തിന്റെ ഫലമാണെന്ന ആരോപണം ശക്തമായി ഉയരുന്നു. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, പട്ടാളത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ രമേശ് ഉപാധ്യായ എന്നിവരടക്കം പത്ത് പേരെ ആരോപണ വിധേയരുടെ സ്ഥാനത്ത് നിലനിര്‍ത്തിയെങ്കിലും ഇവര്‍ക്കുമേല്‍ സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന നിയമം (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് - എം സി ഒ സി എ) ചുമത്തുന്നില്ലെന്ന് എന്‍ ഐ എ അറിയിക്കുന്നു.


നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ പ്രവര്‍ത്തകരാല്‍ സംഘടിപ്പിക്കപ്പെട്ടതാണ് മലേഗാവ് സ്‌ഫോടനങ്ങളെന്നാണ് മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗം നേരത്തെ എത്തിയിരുന്ന നിഗമനം. 2006ലെ സ്‌ഫോടനത്തിന്റെ ഉത്തരവാദികളെന്ന് ആരോപിച്ച് മുസ്‌ലിംകളായ ഏതാനും ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. 2008ല്‍ മലേഗാവിലുണ്ടായ രണ്ടാമത്തെ സ്‌ഫോടനത്തിന് ശേഷമാണ് മഹാരാഷ്ട്ര പോലീസിലെ ഭീകര വിരുദ്ധ വിഭാഗം, ഹേമന്ദ് കര്‍ക്കറെയായിരുന്നു നേതൃത്വത്തില്‍, പ്രജ്ഞാ സിംഗ് ഠാക്കൂറിലേക്കും കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിലേക്കും രമേശ് ഉപാധ്യായയിലേക്കുമൊക്കെ എത്തുന്നത്.  പ്രജ്ഞാ സിംഗ് ഠാക്കൂറിനെയും കേണല്‍ പുരോഹിതിനെയും 2008ല്‍ അറസ്റ്റ് ചെയ്തു.


'മുസ്‌ലിംകളെല്ലാം ഭീകരവാദികളല്ല, പക്ഷേ, ഭീകരവാദികളെല്ലാം മുസ്‌ലിംകളാ'ണെന്ന മോദി വാക്യത്തിലൊരു മാറ്റമോ? ഹിന്ദുത്വ ഭീകരവാദ ശൃംഖലയെന്ന പ്രയോഗത്തെ സംശയത്തോടെ കണ്ടവര്‍ക്ക് മുന്നിലേക്കാണ് 2010 ഡിസംബറില്‍ (സ്വാമി) അസിമാനന്ദയുടെ കുറ്റസമ്മത മൊഴി എത്തുന്നത്. മലേഗാവില്‍ മാത്രമല്ല, ഹൈദരാബാദിലെ മക്ക മസ്ജിദിലും അജ്മീറിലെ ദര്‍ഗയിലും സംഝോത എക്‌സ്പ്രസിലും സ്‌ഫോടനങ്ങള്‍ നടത്തിയത് ഹിന്ദുത്വ ഭീകരവാദ ശൃംഖലയാണെന്ന് അസിമാനന്ദ് ഏറ്റുപറഞ്ഞു. ആക്രമണങ്ങളുടെ ആസൂത്രണത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഉയര്‍ന്ന നേതാവായ ഇന്ദ്രേഷ് കുമാറിന് പങ്കുണ്ടെന്നും അസിമാനന്ദ പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. ആര്‍ എസ് എസ്സിന്റെ ഇപ്പോഴത്തെ മേധാവി മോഹന്‍ ഭാഗവതിന് പോലും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത വിവരം അറിയാമായിരുന്നുവെന്ന് അസിമാനന്ദ പിന്നീട് മാധ്യമ പ്രവര്‍ത്തകയോട് സംസാരിക്കവെ പറഞ്ഞു.


ഈ കേസുകളില്‍ വെള്ളം ചേര്‍ക്കാനും സംഘപരിവാറിന് അതുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാനുമുള്ള ശ്രമം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിറകെ ആരംഭിച്ചു. മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സല്യാനോട് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് അതിന് മുന്നോടിയായാണ്. സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പുകള്‍ മലേഗാവ് കേസിലെ ആരോപണ വിധേയര്‍ക്കു മേല്‍ ചുമത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കണമെന്നാണ് എന്‍ ഐ എ രോഹിണി സല്യാനോട് ആവശ്യപ്പെട്ടത്. അത് ശരിവെക്കുന്നു എന്‍ ഐ എ ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രം. ആരോപണ വിധേയനായ വ്യക്തി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നല്‍കുന്ന മൊഴി സാധുവാണെന്നാണ് സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന നിയമത്തിലെ വ്യവസ്ഥ. കരിനിയമമെന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മഹാരാഷ്ട്രയില്‍ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സ്‌ഫോടനക്കേസില്‍ ആരോപണ വിധേയരായവരെ ആ നിയമത്തിന്റെ പിടിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുമ്പോള്‍, അവരെ രക്ഷിച്ചെടുക്കാന്‍ എന്‍ ഐ എ ശ്രമിക്കുന്നുവെന്ന് തന്നെ കരുതണം.


തെളിവില്ലെന്ന കാരണം പറഞ്ഞ്, പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ആരോപണ വിധേയരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ ഹിന്ദുത്വ ഭീകരവാദ ശൃംഖലയെ സംഘപരിവാര്‍ നേതൃത്വവുമായി ബന്ധിപ്പിക്കാനുള്ള കണ്ണി മുറിച്ചുകളയുകയാണ് എന്‍ ഐ എ ചെയ്യുന്നത്. ഈ ബന്ധത്തിന് തെളിവായിരുന്ന സുനില്‍ ജോഷിയെന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ നേരത്തെ തന്നെ ഇല്ലാതാക്കിയിരുന്നു. ആ കേസില്‍ ആരോപണ വിധേയരുടെ സ്ഥാനത്തുണ്ട് പ്രജ്ഞാ സിംഗ് ഠാക്കൂര്‍. ആ കേസിലുമൊരു പാഠഭേദം അന്വേഷണ ഏജന്‍സി ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞു. പ്രജ്ഞാ സിംഗിനോട് അപമര്യാദയായി പെരുമാറാന്‍ സുനില്‍ ജോഷി ശ്രമിച്ചുവെന്നും അതില്‍ രോഷം പൂണ്ടാണ് കൊല നടത്തിയതെന്നുമാണ് കണ്ടെത്തല്‍. സംഘപരിവാരവുമായി ബന്ധിപ്പിക്കാന്‍ ശേഷിക്കുന്നത് ഈ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ രാമചന്ദ്ര കല്‍സാന്‍ഗ്രെയും സന്ദീപ് ഡാങ്കെയുമാണ്. ഇവര്‍ ഇനിയും പിടികിട്ടാപ്പുള്ളികളായി തുടരുമെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ഭരണം ധാരാളം മതിയാകും. സുനില്‍ ജോഷിയുടെ വഴിയിലേക്ക് ഇവരെ പറഞ്ഞുവിടാന്‍ പ്രയാസവുമില്ല. അത്തരമൊരു ഭയം നിലനില്‍ക്കുന്നതുകൊണ്ടാണ് ഈ കേസുകളിലൊക്കെ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തന്നെ കഴിയാന്‍ അസിമാനന്ദ തീരുമാനിച്ചത്.


ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സാക്ഷികളുടെ മൊഴി മാറ്റിക്കുന്നതില്‍ സംഘപരിവാരത്തിനും അവര്‍ നയിക്കുന്ന ഭരണ സംവിധാനത്തിനുമുള്ള കഴിവ് ഗുജറാത്ത് വംശഹത്യാ കേസുകളില്‍ കണ്ടതാണ്. അന്വേഷണത്തെ അട്ടിമറിക്കാന്‍ പോലീസ് സംവിധാനത്തെ എങ്ങനെ ഉപയോഗിക്കണമെന്നതിലും ഗുജറാത്ത് മാതൃക മുന്നിലുണ്ട്. ഇതിനെയൊക്കെ അതിജീവിച്ച് കേസ് കോടതിയിലെത്തിയാല്‍ വിചാരണ ഏത് വിധത്തില്‍ അട്ടിമറിക്കണമെന്നതിനും ഗുജറാത്ത് തന്നെയാണ് മാതൃക. പ്രോസിക്യൂഷന്റെ വാദമുഖങ്ങള്‍ ആരോപണ വിധേയരുടെ അഭിഭാഷകരുടെ കൈകളിലേക്ക് മുന്‍കൂട്ടി എത്തിച്ച്, പ്രതിരോധം തീര്‍ക്കും. ഗുജറാത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന തുഷാര്‍ മേത്ത, വംശഹത്യാ കേസുകളുടെ വിവരങ്ങള്‍ ഗുരുമൂര്‍ത്തിക്കും ആരോപണ വിധേയരുടെ അഭിഭാഷകര്‍ക്കും കൈമാറിയതിന് തെളിവായി ഇ മെയില്‍ സന്ദേശങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ആകയാല്‍ ഹിന്ദുത്വ ഭീകരവാദ ശൃംഖലക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസുകളൊക്കെ വൈകാതെ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുമെന്ന് തന്നെ കരുതണം. അതിനൊരു തുടക്കമാണ് മലേഗാവിലെ കുറ്റപത്രം.


സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന് പിറകിലെ ലശ്കറെ ത്വയ്യിബ ബന്ധത്തിന് തെളിവ് തേടി അമേരിക്കയിലേക്ക് കത്തെഴുതി കാത്തിരിക്കുകയാണ് എന്‍ ഐ എ മേധാവി എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ സത്യം പുറത്തുവരുമെന്ന് കരുതുകയോ നീതി നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുയോ വേണ്ടതില്ല.


ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത് കൂടി വിലയിരുത്തപ്പെടണം. 2008ലാണ് പ്രജ്ഞാ സിംഗ് ഠാക്കൂറും കേണല്‍ പുരോഹിതും അറസ്റ്റിലാകുന്നത്. അസിമാനന്ദയുടെ കുറ്റസമ്മത മൊഴി വരുന്നത് 2010 ഡിസംബറിലും. 2008 മുതല്‍ ആറ് വര്‍ഷം ഇന്ത്യന്‍ യൂനിയന്‍ ഭരിച്ചത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറാണ്. ആഭ്യന്തരം കൈകാര്യം ചെയ്തത് പി ചിദംബരവും സുശീല്‍ കുമാര്‍ ഷിന്‍ഡെയും. 2010ല്‍ അസിമാനന്ദയുടെ കുറ്റസമ്മത മൊഴി വന്നതിന് ശേഷവും നാല് വര്‍ഷത്തോളം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണമുണ്ടായിരുന്നു രാജ്യത്ത്. ഇക്കാലമത്രയും മഹാരാഷ്ട്ര ഭരിച്ചത് കോണ്‍ഗ്രസ് - എന്‍ സി പി സഖ്യമായിരുന്നു. മലേഗാവ് മുതല്‍ സംഝോത വരെ ആക്രമണങ്ങള്‍ നടത്തിയവരെയോ അതിന്റെ ആസൂത്രണത്തില്‍ പങ്കാളികളായവരെയോ കണ്ടെത്താനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ക്ക് ഉണ്ടായില്ല.


ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തവരില്‍ ആര്‍ എസ് എസ്സിന്റെ കേന്ദ്ര സമിതിയംഗം ഇന്ദ്രേഷ് കുമാറുണ്ടായിരുന്നുവെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ അസിമാനന്ദ പറഞ്ഞതിന് ശേഷവും ഉത്തരവാദിത്തത്തോടെ അന്വേഷണം നടത്തണമെന്ന തോന്നല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോ ചിദംരബരാദി ഭരണകര്‍ത്താക്കള്‍ക്കോ ഉണ്ടായില്ല. ആര്‍ എസ് എസ്സിനെയും ഹിന്ദുത്വ തീവ്രവാദത്തെയും ശക്തമായി എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ദിഗ്‌വിജയ് സിംഗ് മുതല്‍ എ കെ ആന്റണി വരെയുള്ളവര്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നേതൃത്വത്തില്‍ അന്നുമുണ്ടായിരുന്നു. പക്ഷേ, ഹിന്ദുത്വ ഭീകരവാദ ശൃംഖലയുടെ വേരുകള്‍ കണ്ടെത്തണമെന്നും രാജ്യത്തെയാകെ ആവേശിക്കാന്‍ പാകത്തില്‍ ശക്തമാകുന്ന വര്‍ഗീയ ഫാഷിസത്തിന്റെ ഭീഷണിയെ ഇല്ലാതാക്കാന്‍ അതുപകാരപ്പെടുമെന്നും ആ നേതാക്കള്‍ക്ക് തോന്നിയതേയില്ല. അഥവാ തോന്നിയിട്ടുണ്ടെങ്കില്‍ തന്നെ അവശേഷിക്കുന്ന ഹിന്ദു വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന ഭയത്തില്‍ അവരതിന് തയ്യാറായില്ല. എന്തിന് ബോംബ് സ്ഥാപിക്കാനുള്ള യാത്രക്കിടെ പൊട്ടിത്തെറിയുണ്ടായി സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകര്‍ ഗോവയില്‍ കൊല്ലപ്പെട്ട കേസില്‍ പോലും അന്വേഷണം കാര്യക്ഷമമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഭരണകൂടത്തിന് സാധിച്ചില്ല. അത് സാധിച്ചിരുന്നുവെങ്കില്‍ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി തുടങ്ങിയ ജീവനുകളെങ്കിലും സംരക്ഷിക്കാമായിരുന്നു.


ഹിന്ദുത്വ ഭീകരവാദത്തിന്റെ ഫലമെന്ന് ആരോപിക്കപ്പെടുന്ന കേസുകള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് വിലപിക്കുന്നുണ്ട് ദിഗ്‌വിജയ് സിംഗ് മുതല്‍ ചിദംബരം വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍. വര്‍ഗീയ ഫാഷിസമെന്ന വലിയ വിപത്ത് രാജ്യം നേരിടുന്നുവെന്ന് എ കെ ആന്റണി പേര്‍ത്തും പേര്‍ത്തും പറയുന്നു. ഫാഷിസത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാകാന്‍ അനുവദിക്കരുതെന്ന് ഈ  തിരഞ്ഞെടുപ്പുകാലത്ത് കേരളത്തില്‍ നടന്നു പറഞ്ഞു ആന്റണി. വര്‍ഗീയ ഫാസിസത്തിന് വേരുറപ്പിക്കാന്‍ അവസരം നല്‍കിയവര്‍ ഇപ്പോള്‍ വിലപിക്കുമ്പോള്‍ അതില്‍ ആത്മാര്‍ഥതയുണ്ടെന്ന് കരുതുക വയ്യ. നഷ്ടപ്പെട്ട അധികാരം തിരികെപ്പിടിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ ഈ വിലാപങ്ങള്‍ക്ക് പിറകിലുള്ളൂ.  അതിനൊരവസരം നല്‍കും വിധത്തിലാകുമോ അന്വേഷണ ഏജന്‍സികളെ നരേന്ദ്ര മോദിയും കൂട്ടരും ഉപയോഗിക്കുക എന്നത് കാത്തിരുന്ന് കാണാം. ഹിന്ദുത്വ ഭീകരവാദക്കേസുകളില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കാനുള്ള ഇച്ഛാശക്തി കാട്ടാതെ, സംഘപരിവാരത്തിന് അവസരം തുറന്നുനല്‍കിയ കോണ്‍ഗ്രസ്, അഴിമതിക്കേസുകളുടെ കൂമ്പാരം അവര്‍ക്കുപയോഗിക്കാന്‍ ശേഷിപ്പിച്ചാണല്ലോ കളമൊഴിഞ്ഞത്!

2016-05-11

ആരോടാണ് ഉമ്മന്റെ മത്സരം


കേരള നിയമസഭയുടെ പതിനാലാം പതിപ്പിലെ ജനപ്രതിനിധികളെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ തന്നെ  അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടുപലകയാണെന്ന് അഭിപ്രായപ്പെട്ടവരുണ്ടായിരുന്നു. അരുവിക്കരയിലുണ്ടായത് കേരളത്തിലങ്ങോളമിങ്ങോളം ആവര്‍ത്തിക്കുമെന്നും ആയതിനാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരും ഉറച്ചുവിശ്വസിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തിലധികം വോട്ടിന് ശബരീനാഥന്‍ വിജയിച്ചത് യു ഡി എഫിന് പൊതുവെയും കോണ്‍ഗ്രസിന് പ്രത്യേകിച്ചും അമിത ആത്മവിശ്വാസമുണ്ടാക്കിയെന്നും അതില്‍ ചില്ലറ അപകടമുണ്ടെന്നുമാണ് എ കെ ആന്റണിയെപ്പോലുള്ളവര്‍ പറഞ്ഞത്. കോണ്‍ഗ്രസിലെയും യു ഡി എഫിലെയും കൂട്ടായ്മയുടെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഭരണമികവിന്റെയും ഫലമായി അരുവിക്കരയെ വിശേഷിപ്പിച്ച കെ പി സി സി  പ്രസിഡന്റ് വി എം സുധീരന്‍, ഈ വിജയം ആവര്‍ത്തിക്കാന്‍ പാകത്തില്‍ ഐക്യം നിലനില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടു. തന്ത്രജ്ഞര്‍ അങ്ങനെയാണ്, എന്തും ഉപാധികളോടെ മാത്രമേ പറയൂ.


ഇടതുപക്ഷം പ്രത്യേകിച്ച് സി പി എം അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ഒട്ടും ചകിതരായില്ല. ബി ജെ പി ഏഴായിരത്തിലധികം വോട്ട് മാത്രം നേടിയ 2011ല്‍ ഇടത് മുന്നണിക്ക് കിട്ടിയ വോട്ടിനേക്കാള്‍ നൂറ് വോട്ടോളം 2015ല്‍ കൂടുതല്‍ കിട്ടിയെന്നും ആകയാല്‍ തങ്ങളുടെ വോട്ട് ബേങ്ക് ഇളക്കം കൂടാതെ നിലനില്‍ക്കുന്നുണ്ടെന്നും ആശ്വസിച്ചു. 2011ലെ അരുവിക്കരയെ 2015ലെ അരുവിക്കരയുമായി താരതമ്യം ചെയ്താല്‍ ഐക്യ ജനാധിപത്യ മുന്നണിക്കു വേണ്ടി മത്സരിച്ച കോണ്‍ഗ്രസിലെ ശബരീനാഥന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചതിലെ പ്രധാന ഘടകം പിതാവ് ജി കാര്‍ത്തികേയന്റെ മരണം അവിടുത്തെ വോട്ടര്‍മാരില്‍ സൃഷ്ടിച്ച വികാരമായിരുന്നു.


2011ല്‍ പോള്‍ ചെയ്തതിനേക്കാള്‍ 26,000 വോട്ട് അധികം ചെയ്തു, 2015ല്‍, അരുവിക്കരയില്‍. ബി ജെ പിയോട് അനുഭാവം പുലര്‍ത്തുകയും അവര്‍ക്ക് ജയ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞ് ബൂത്തിലേക്ക് ചെല്ലാന്‍ മെനക്കെടാതിരിക്കുകയും ചെയ്തിരുന്നവരില്‍ വലിയൊരു പങ്ക് 2015ലെ ഉപതെരഞ്ഞെടുപ്പില്‍ ബൂത്തിലെത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ പല വിധ ആരോപണങ്ങള്‍ ഉയരുന്നു, ആരോപണങ്ങള്‍ക്ക് ഊര്‍ജമേകാന്‍ പാകത്തില്‍ രേഖകളുണ്ടെന്ന് അവകാശപ്പെട്ട് ചില ബി ജെ പി നേതാക്കള്‍ രംഗത്തുവരുന്നു, നിയമസഭയില്‍ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന സി പി എം 'ഒത്തുതീര്‍പ്പ് സമര'ങ്ങള്‍ നടത്തുന്നതായി ആരോപണമുയരുന്നു, സര്‍വോപരി അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റില്‍ ഒ രാജഗോപാല്‍ തന്നെ വരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 'ചരിത്ര ജയം നേടി'യെന്ന് മാധ്യമങ്ങളോട് പറഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ പതിനയ്യായിരം വോട്ടിന്റെ പരാജയമാണുണ്ടായതെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ ഒ രാജഗോപാല്‍. കേരളത്തില്‍ കെ ജി മാരാര്‍ കഴിഞ്ഞാല്‍ ബി ജെ പിക്ക് അവതരിപ്പിക്കാന്‍ സാധിക്കുന്ന ഏറ്റവും സ്വീകാര്യമായ മുഖം. യഥാര്‍ഥ പ്രതിപക്ഷം തങ്ങളാണെന്ന ബി ജെ പിയുടെ പ്രചാരണം, രാജഗോപാലെന്ന വ്യക്തി, തിരഞ്ഞെടുപ്പേതായാലും പരാജയപ്പെടാന്‍ രാജേട്ടനുണ്ടാകുമെന്ന തോന്നലുളവാക്കിയ സഹതാപം, ഇവയൊക്കെ ബി ജെ പിയുടെ വോട്ട് പലമടങ്ങ് വര്‍ധിക്കാന്‍ കാരണമായി.


ഇതിനൊപ്പം പ്രധാനമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബി ജെ പിക്കു വേണ്ടി അരുവിക്കരയില്‍ നടത്തിയ പ്രചാരണം. മുന്നണി സ്ഥാനാര്‍ഥിയുടെ ജയവും അതുവഴി സര്‍ക്കാറിനുള്ള ജനപിന്തുണ തെളിയിക്കലും ലക്ഷ്യമിട്ടാണ് അരുവിക്കരയില്‍ പോരാട്ടം യു ഡി എഫും ബി ജെ പിയും തമ്മിലാണെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത്. പ്രതിപക്ഷമായ ഇടതു ജനാധിപത്യ മുന്നണിയും അതിന് നേതൃത്വം നല്‍കുന്ന സി പി എമ്മും അപ്രസക്തമാകുകയാണെന്ന രാഷ്ട്രീയ ദൂത് ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. ബി ജെ പിയോട് അനുഭാവം പുലര്‍ത്തുന്ന, ജയസാധ്യതയില്ലെന്ന വിലയിരുത്തലില്‍ പോളിംഗ് ബൂത്തിലേക്ക് എത്താതിരിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തെ രാജഗോപാലിന്റെ ഉറച്ച വോട്ടായി പരിവര്‍ത്തിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ  ഈ പ്രസ്താവനക്ക് സാധിച്ചു.


പലകാരണങ്ങളാല്‍ സി പി എമ്മില്‍ നിന്ന് അകന്നവര്‍, ഇടത് അനുഭാവികളായിരിക്കെ തന്നെ ബി ജെ പിക്ക് ഒരവസരം നല്‍കേണ്ടതല്ലേ എന്ന ചിന്ത പേറുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ രാജഗോപാലിന് വോട്ടുചെയ്യാനൊരു ഉത്തേജനമായി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ അതി ഗംഭീരമായി പോരടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇടത് മുന്നണി, അതിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് ചുക്കാന്‍ പിടിച്ച് പിണറായി വിജയന്‍, പ്രത്യക്ഷ പ്രചാരണത്തിന് നായകനായി വി എസ് അച്യുതാനന്ദന്‍ - എന്നിട്ടും പ്രധാന മത്സരം ബി ജെ പിയുമായാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയണമെങ്കില്‍ സ്ഥിതി അവ്വിധമായിട്ടുണ്ടെന്ന തോന്നല്‍ ഹൈന്ദവ വോട്ടര്‍മാരുടെ പഴമനസ്സില്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. പ്രധാന എതിരാളി ബി ജെ പിയായെന്ന് ഉമ്മന്‍ ചാണ്ടി പറയുമ്പോള്‍ യു ഡി എഫിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അരുവിക്കരയിലെ ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കും തോന്നിയിട്ടുണ്ടാകണം.


പതിനാലാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള പ്രധാന പോര് നടക്കുന്ന ഈ ഘട്ടത്തിലും യു ഡി എഫിന്റെ പ്രധാന എതിരാളി ബി ജെ പിയും അവര്‍ നേതൃത്വം നല്‍കുന്ന എന്‍ ഡി എയുമാണെന്ന തരത്തില്‍ ഉമ്മന്‍ ചാണ്ടി പ്രസ്താവന നടത്തിയിട്ടുണ്ട്. സംഗതി വളച്ചൊടുച്ചിതാണെന്ന് അദ്ദേഹം പറയുമെങ്കിലും അദ്ദേഹത്തിന്റേതായി പുറത്തുവന്ന വാക്കുകള്‍ അരുവിക്കരയിലേതിന് ഏറെക്കുറെ സമാനമാണ്.  സംഘ്പരിവാര്‍ സംഘടനകള്‍ ആസൂത്രിതമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജന്‍ഡകളെയോ അതിനുള്ള ശ്രമത്തില്‍ അവരുത്പാദിപ്പിക്കുന്ന അസഹിഷ്ണുതയെയോ നമ്മുടെ മുഖ്യമന്ത്രി ശക്തമായി എതിര്‍ത്തതായി തിരുവിതാംകൂറിന്റെ സമീപകാല രേഖകളിലൊന്നും കാണാനില്ല. വര്‍ഗീയ ഫാസിസ്റ്റുകളെ എതിര്‍ക്കലാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നൊക്കെ കൃത്രിമമായി സൃഷ്ടിക്കുന്ന വിക്കലിന്റെ അകമ്പടിയോടെ പറഞ്ഞിട്ടുണ്ടാകാമെന്ന് മാത്രം. ഹിന്ദുത്വ അജന്‍ഡകളെ അത്രത്തോളം ശക്തമായി എതിര്‍ത്ത പാരമ്പര്യമല്ല കോണ്‍ഗ്രസിന്റേത്. മൃദു ഹിന്ദുത്വത്തെ സ്വീകരിക്കലോ തീവ്ര ഹിന്ദുത്വയുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കലോ ഒക്കെ മുന്‍കാലത്ത് കോണ്‍ഗ്രസിന്റെ ശീലമായിരുന്നു. ഇപ്പോള്‍ വേരില്ലാതായിപ്പോകുമെന്ന ഘട്ടത്തില്‍ സംഘ്പരിവാറിനും അവരുടെ രാഷ്ട്രീയ രൂപമായ ബി ജെ പിക്കും അതിന് നേതൃത്വം നല്‍കുന്ന നരേന്ദ്ര മോദിക്കുമൊക്കെ എതിരെ ശക്തമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായിരിക്കുന്നു.


എന്നിട്ടും കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് വീറ് പോര, സംഘ്പരിവാരത്തെ എതിര്‍ക്കാന്‍. രമേശ് ചെന്നിത്തലയോ വി എം സുധീരനോ വി എസ് അച്യുതാനന്ദനെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ ആയിരത്തിലൊരംശം മോദിക്കു നേര്‍ക്ക് ചെലവിടാറില്ല. കോപ്റ്റര്‍ അഴിമതിയില്‍ തന്റെ പേര് വലിച്ചിഴച്ചില്ലായിരുന്നുവെങ്കില്‍ എ കെ ആന്റണി പോലും ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ, സംഘ്പരിവാര ഫാസിസത്തിനെതിരെ എന്തെങ്കിലും പറയുമായിരുന്നോ എന്ന് സംശയം.


അരുവിക്കരക്ക് ശേഷം നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ഫലം സൂക്ഷ്മമായി പരിശോധിച്ചാല്‍ ബി ജെ പി വളരുമ്പോള്‍ ഇടതുപക്ഷത്തിന്റെ വോട്ടുകളില്‍ വലിയ വിള്ളലുണ്ടാകുമെന്ന വിലയിരുത്തലില്‍ വലിയ പാളിച്ചയുണ്ടെന്ന് കാണാം. എല്‍ ഡി എഫിന്റെ വോട്ടിലേക്ക് കടന്നുകയറിയ അവര്‍ പലേടത്തും യു ഡി എഫിന്റെ വോട്ടുബേങ്ക് തകര്‍ത്തുകളഞ്ഞു. കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങള്‍ ഉദാഹരണങ്ങളാണ്. കോണ്‍ഗ്രസിനും യു ഡി എഫിനും ഹൈന്ദവ സമുദായത്തില്‍ നിന്ന് ലഭിച്ചിരുന്ന വോട്ടുകള്‍ ഇക്കുറി കുറയുമെന്ന് തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ഫലത്തില്‍ നിന്ന് വ്യക്തം.


തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ന്യൂനപക്ഷം ഇടതിനൊപ്പം നിന്നിരുന്നു. ക്രൈസ്തവരുടെ അകമഴിഞ്ഞ പിന്തുണ യു ഡി എഫിന് ലഭിച്ചുവെന്ന് കരുതാനും വയ്യ. ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് തീര്‍ത്തും പ്രധാനമാണ് ഈ അവസ്ഥ. ഹിന്ദു വോട്ടുകളില്‍ വലിയൊരു ഭാഗം അടരുകയും മുസ്‌ലിം ന്യൂനപക്ഷം ഇടത് ആഭിമുഖ്യം തുടരുകയും ക്രൈസ്തവര്‍ പതിവ് ആഭിമുഖ്യം കാട്ടാതിരിക്കുകയും ചെയ്താല്‍ പരാജയം ഉറപ്പാകും. അതിനൊരു തടയിടലാണ് മത്സരം യു ഡി എഫും ബി ജെ പിയും തമ്മിലാണെന്ന പ്രസ്താവന. ബി ജെ പിയെ പരാജയപ്പെടുത്തണമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ യു ഡി എഫിനൊപ്പം നില്‍ക്കണമെന്നാണ് പ്രസ്താവനയുടെ ഒരു വ്യംഗ്യം. അതുണ്ടാകുകയും അരുവിക്കരയിലേത് പോലെ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുകയും ചെയ്താല്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് മാത്രം ജയിക്കുന്ന മുപ്പതോളം മണ്ഡലങ്ങളില്‍ സ്ഥിതി യു ഡി എഫിന് അനുകൂലമാകുമെന്ന് ഉറപ്പ്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇത്രകാലം പയറ്റിത്തെളിഞ്ഞ ഉമ്മന്‍ ചാണ്ടിക്ക് ഇത് മാനത്ത് എഴുതിയത് പോലെ വ്യക്തം. സ്വന്തം പക്ഷത്തിന്റെ വിജയമുറപ്പാക്കാനുള്ള തന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കുള്ള സ്വാതന്ത്ര്യം ആര്‍ക്കും ചോദ്യംചെയ്യാനും സാധിക്കില്ല. തന്ത്രങ്ങളുടെ പൊള്ളത്തരം ജനങ്ങളിലെത്തിക്കാന്‍ പാകത്തിലുള്ള പ്രചാരണം നടത്തുക എന്നതേ എതിരാളികള്‍ക്ക് മാര്‍ഗമുള്ളൂ.


യു ഡി എഫും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്യവും ചില മണ്ഡലങ്ങളിലെങ്കിലും ഇങ്ങനെയാണ് മത്സരമെന്ന എ കെ ആന്റണിയുടെ പാഠഭേദവും കുമ്മനം രാജശേഖരനും കൂട്ടര്‍ക്കും വലിയ അവസരം തുറന്നുനല്‍കുന്നുവെന്നത് കാണാതിരുന്നു കൂട. ബി ജെ പിയെ പരാജയപ്പെടുത്താനുള്ള വോട്ടുകളില്‍ വിള്ളല്‍ വീഴാനുള്ള സാധ്യതയാണത്. അങ്ങനെ വിള്ളലുണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിന് പാകത്തിലുള്ള പ്രചാരണം ഉമ്മന്‍ ചാണ്ടി നടത്തുകയും ചെയ്യുന്നുവെങ്കില്‍ കേരളത്തില്‍ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം അദ്ദേഹം ഒരുക്കിക്കൊടുത്തിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. തിരികെ ചിലത് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട് എന്നും.


അരുവിക്കരയിലേതു പോലൊരു ഒറ്റപ്പെട്ട കച്ചവടമല്ല നിയമസഭാ തിരഞ്ഞെടുപ്പെന്ന് മനസ്സിലാക്കേണ്ട ആവശ്യം ഉമ്മന്‍ ചാണ്ടിക്ക് തത്കാലമില്ല. ഏതുവിധേനയും അധികാരത്തില്‍ തിരിച്ചെത്തുക എന്നതേ നോക്കേണ്ടതുള്ളൂ. ഇടതുപക്ഷത്തെ ഇലകൊഴിയുന്നതാണ് തങ്ങള്‍ക്ക് വളമാകുക എന്ന് കരുതുന്ന സംഘ്പരിവാരത്തിനും പ്രിയംകരമാകുക ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളാകും. കോണ്‍ഗ്രസും യു ഡി എഫും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയും കുനിഞ്ഞ ശിരസ്സുമായി ജനങ്ങളുടെ മുന്നില്‍ നില്‍ക്കരുതെന്ന് കരുതുകയും ചെയ്യുന്നവര്‍ പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ താത്കാലിക ലാഭത്തിന് അപ്പുറത്തേക്ക് ചിന്തിക്കേണ്ടിവരും.