2016-06-30

ഉറപ്പ് നല്‍കുന്നു, ആത്മാഹുതി!


പ്രതിരോധം, വ്യോമയാനം, മൃഗ സംരക്ഷണം, ഭക്ഷ്യവസ്തുക്കളുടേതുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വ്യാപാരം, വാര്‍ത്താവിതരണ പ്രക്ഷേപണത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, മരുന്ന് നിര്‍മാണം എന്നിവയിലൊക്കെ നൂറ് ശതമാനമോ അതിനടുത്തോ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. കമ്പോളത്തിന്റെ അതിരുകള്‍ ഇല്ലാതാക്കിയും തന്ത്രപ്രധാന മേഖലകളിലൊക്കെ വിദേശനിക്ഷേപം അനുവദിച്ച് ഉത്പാദനം വര്‍ധിപ്പിച്ചും രാജ്യത്തെ വികസിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ അതിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം. സാമ്പത്തിക പരിഷ്‌കാരങ്ങളെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുമെന്ന് അധികാരത്തിലേറിയ ഉടന്‍ നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രഖ്യാപിച്ചിരുന്നു. അതിലേക്കുള്ള സുപ്രധാനമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.


വിദേശ നിക്ഷേപമൊഴുകുകയും അതിന് അവസരമൊരുക്കും വിധത്തില്‍ രാജ്യത്തിന്റെ നയ-നിയമ വ്യവസ്ഥകള്‍ മാറുകയും ചെയ്യാതെ വികസനമുണ്ടാകില്ലെന്ന് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരത്തെ തിരിച്ചറിഞ്ഞതാണ്. അതിനെപ്പിന്തുടര്‍ന്ന് അവരെടുത്ത നടപടികള്‍ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും ചെയ്തുവെന്ന ആക്ഷേപം ശക്തമായി നിലകൊള്ളുകയാണ്. ഇറക്കുമതി ഉദാരമായതോടെ കമ്പോളത്തില്‍ മത്സരിക്കാന്‍ സാധിക്കാതെ രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ കിതക്കുകയോ തളരുകയോ ചെയ്തു. കാര്‍ഷികോത്പന്നങ്ങള്‍ക്ക്, ഉത്പാദനച്ചലവിനൊക്കുന്ന വില ലഭിക്കാതെ കര്‍ഷകര്‍ ആത്മാഹുതിയില്‍ അഭയം പ്രാപിച്ചു. പരുത്തി മുതല്‍ നെല്ല് വരെയും റബ്ബര്‍ മുതല്‍ തേയില വരെയുമുള്ള കാര്‍ഷികോത്പന്നങ്ങളുടെ സ്ഥിതി ഇതാണ്.  രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്ന മേഖലകളിലൊക്കെ വിദേശ കമ്പനികളുടെ സാന്നിധ്യമുണ്ടായതോടെ പൊതുമേഖല എന്നത് സര്‍ക്കാര്‍ ഖജാനക്ക് നഷ്ടമുണ്ടാക്കാന്‍ മാത്രമുള്ള ഒന്നാണെന്ന നില വന്നു.


ഇതിലേറ്റം പ്രധാനം കര്‍ഷക ആത്മഹത്യകളാണ്. മഹാരാഷ്ട്രയിലും ആന്ധ്രയിലും പഞ്ചാബിലുമൊക്കെ കര്‍ഷകര്‍, കടക്കെണിയില്‍ നിന്ന് രക്ഷ നേടാന്‍ ജീവനൊടുക്കല്‍ ഉപാധിയാക്കി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴും കര്‍ഷക ആത്മഹത്യയില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ആത്മാഹുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് മാത്രം. അതിനിടയിലാണ് കൂടുതല്‍ മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്.
പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം നേരത്തെ തന്നെ അനുവദനീയമാണ്. 49 ശതമാനമായിരുന്ന പരിധി എടുത്തുകളയുകയാണ് ഇപ്പോള്‍ ചെയ്തത്. 49 ശതമാനം നിക്ഷേപ അനുമതി ഉണ്ടായിരുന്ന കാലത്ത് രാജ്യത്തിന് ഇതുവരെ സ്വായത്തമാകാത്ത അത്യന്താധുനിക സാങ്കേതിക വിദ്യ ലഭ്യമാക്കുകയാണെങ്കില്‍ മാത്രമേ അനുവദിക്കൂ എന്ന വ്യവസ്ഥയുണ്ടായിരുന്നു. പരിധി 100 ശതമാനമാക്കിയപ്പോള്‍ ദേശീയതയോട് അത്രത്തോളം പ്രതിബദ്ധതയുള്ള, രാജ്യത്തോടുള്ള സ്‌നേഹത്തില്‍ കടുകിട വെള്ളം ചേര്‍ക്കില്ലെന്ന് ആവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ വ്യവസ്ഥ ഒഴിവാക്കിക്കൊടുത്തു.


അമേരിക്കയിലെയും ഇസ്‌റാഈലിലെയും ആയുധ നിര്‍മാണക്കമ്പനികള്‍ക്ക് ഉപാധികളൊന്നും കൂടാതെ ഇന്ത്യന്‍ മണ്ണില്‍ വ്യവസായം തുടങ്ങാമെന്ന് ചുരുക്കം. ആയുധങ്ങള്‍ നിര്‍മിക്കാന്‍ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയുമൊക്കെ കമ്പനികളെത്തിയാല്‍, അവര്‍ നിര്‍മിക്കുന്ന ആയുധങ്ങളും അതിന്റെ ഘടകവസ്തുക്കളും എന്താവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന് അറിയാനുള്ള അവകാശം ആ രാജ്യങ്ങള്‍ ആവശ്യപ്പെടും. അതുകൂടി നല്‍കിയാലേ നിക്ഷേപമുണ്ടാകൂ എന്ന വ്യവസ്ഥ മുന്‍കൂറായിത്തന്നെ വെക്കാനുള്ള സാധ്യതയുമുണ്ട്. അതനുവദിക്കപ്പെട്ടാല്‍, ഇത്രയും കാലം 'ഗര്‍വോടെ കാത്തുസൂക്ഷിച്ച' അമേരിക്കയുടെ സാമന്തരാഷ്ട്രമെന്ന പദവിപോലും ഒരുപക്ഷേ, ഇല്ലാതാകും. വരുംകാലത്ത് അമേരിക്കയുടെ അപ്രഖ്യാപിത അടിമ രാഷ്ട്രമായി ഇന്ത്യന്‍ യൂണിയന്‍ മാറിയാല്‍ അത്ഭുതപ്പെടേണ്ട.


ഇതിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മരുന്നുത്പാദന മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തെയാണ്. ഈ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു സുപ്രധാന തീരുമാനം കൂടി നരേന്ദ്ര മോദി സര്‍ക്കാറെടുത്തു. ദേശീയതലത്തില്‍ അത് അത്രത്തോളം ശ്രദ്ധിക്കപ്പെട്ടുമില്ല. മരുന്നുകളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും ഉത്പാദനവും അവകളുടെ പരീക്ഷണവും രാജ്യത്ത് നിയന്ത്രിക്കപ്പെടുന്നത് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ചികിത്സക്ക് വേണ്ടിയുള്ള ഉപകരണങ്ങളുടെ പരീക്ഷണവും ഇതേ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. നിയമം കാലോചിതമായി പരിഷ്‌കരിക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു പി എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 17 ജീവന്‍രക്ഷാ മരുന്നുകളുടെ ഉത്പാദനവും വിപണനവും നിയന്ത്രിക്കാനും പൊതുവില്‍ മരുന്നുകളുടെ നിയന്ത്രണത്തിന് അതോറിറ്റിയുണ്ടാക്കാനും വ്യവസ്ഥകള്‍ ലംഘിച്ചുള്ള മരുന്നുപരീക്ഷണത്തിനുള്ള ശിക്ഷ കര്‍ക്കശമാക്കാനും ഉദ്ദേശിച്ചായിരുന്നു 2013ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച നിയമഭേദഗതി ബില്ല്. ഇതങ്ങ് പിന്‍വലിക്കാന്‍ രാജ്യത്തോടും അതുവഴി ജനങ്ങളോടും അത്രയേറെ സ്‌നേഹമുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചു.


ഇന്ത്യയിലെ മരുന്ന് നിര്‍മാണ മേഖല രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് മാത്രമല്ല, വികസ്വര - ദരിദ്ര രാഷ്ട്രങ്ങളിലെ കോടിക്കണക്കായ ജനങ്ങള്‍ക്ക് കൂടി താരതമ്യേന കുറഞ്ഞവിലക്ക് മരുന്നുകളെത്തിക്കുന്നുണ്ട്. അവിടേക്ക് കൂടുതല്‍ നിക്ഷേപമിറക്കാനൊരുങ്ങുന്ന വിദേശ കമ്പനികള്‍ക്ക് (കൂടുതലും അമേരിക്കന്‍ കമ്പനികള്‍) ഉത്പാദനത്തിലും വിപണനത്തിലും നിയന്ത്രണങ്ങള്‍ സ്വീകാര്യമല്ല. അത്തരം നിയന്ത്രണങ്ങള്‍ക്ക് ശ്രമിക്കുന്നുവെങ്കില്‍ നിക്ഷേപമിറക്കാന്‍ തങ്ങളുണ്ടാകില്ലെന്ന് പ്രധാനമന്ത്രിയുടെ വിദേശപര്യടനോത്സവങ്ങള്‍ക്കിടയില്‍ കമ്പനികളുടെ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ടാകണം. അതുകൊണ്ടാകണം നിയമഭേദഗതി ബില്ല് കൈയോടെ പിന്‍വലിച്ച് കൂറ് തെളിയിക്കാന്‍ നരേന്ദ്ര മോദി തീരുമാനിച്ചത്.


മൃഗസംരക്ഷണം, രാജ്യത്ത് ഉത്പാദിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിപണനം (ഓണ്‍ലൈന്‍ ഉള്‍പ്പെടെ) എന്നിവയിലൊക്കെ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ആഘാതം എന്താകുമെന്ന് ഭാവിയിലേ അറിയാനാകൂ. കേരളത്തില്‍ ക്ഷീരോത്പാദനം സഹകരണസംഘങ്ങളുടെ കൂട്ടായ്മയില്‍ വിജയകരമായി നിലനില്‍ക്കുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് നിലനിന്ന് പോകാന്‍ പാകത്തിലുള്ള വിലയും ലഭിക്കുന്നു. ഇത് എത്രകാലം ഈ വിധം തുടരുമെന്ന് കണ്ടറിയണം. വലിയ മൂലധനത്തിന്റെ പിന്‍ബലത്തില്‍ വന്‍കിട ഫാമുകള്‍ തുറന്ന്, കമ്പോളത്തിലേക്ക് വിദേശികളെത്തിയാല്‍ ചെറുകിട സംഘങ്ങള്‍ തുടച്ചുനീക്കപ്പെട്ടേക്കാം. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ ചെറുകിട ഉത്പാദകരും ഗ്രാമീണ കൂട്ടായ്മകളുമൊക്കെയാകും തുടച്ചുനീക്കപ്പെടുക. ആത്മാഹുതിക്കുള്ള അവസരം രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു, നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് നിസ്സംശയം പറയാം. ഇത്തരക്കാരൊക്കെ തുടച്ചുനീക്കപ്പെടുക എന്നത് ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേക്കുള്ള കുതിപ്പിന് ആക്കം കുട്ടിയേക്കാം. ജാതിയില്‍ താണവരും  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമൊക്കെയാണല്ലോ ഇത്തരം മേഖലകളില്‍ ഭൂരിപക്ഷം.





2016-06-27

ജോസഫ്, മറഡോണ, മെസി


ജോസഫ് എന്നായിരുന്നു അവന്റെ പേര്. എട്ടാം ക്ലാസ്സില്‍ മൂന്നാം കൊല്ലം. മറഡോണ എന്ന പേര് ആദ്യം കേട്ടത് അവനില്‍ നിന്നാണ്.  കറുത്ത ബോര്‍ഡ് തുടക്കാനുള്ള ഡസ്റ്റര്‍ പന്താക്കി, വലിയ ശബ്ദത്തില്‍ മറഡോണ, മറഡോണ എന്ന അലര്‍ച്ച.

അന്ന് മഴ ഇന്നത്തെപ്പോലെയായിരുന്നില്ല.

ജൂണിലായിരുന്നു മെക്‌സിക്കോയില്‍ ലോകകപ്പ്. ഇടവപ്പാതി, ഇടമുറിയാതെ നിന്നപ്പോള്‍ ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌ക്കൂളിന്റെ മൂന്നാം നിലയില്‍ ക്ലാസ് മുറികള്‍ കഴിഞ്ഞുള്ള വരാന്ത ജോസഫിന്റെ സ്റ്റേഡിയമായി. എല്ലാ ഒഴിവു സമയത്തും വരാന്തയില്‍ ഡസ്റ്റര്‍ പറന്നുനടന്നു. ഇടക്കൊന്ന് തട്ടിനോക്കാന്‍ ശ്രമിച്ചവരുടെ കാലില്‍ നിന്ന് ഡസ്റ്റര്‍ കാലുകൊണ്ട് റാഞ്ചിയെടുത്ത് അവന്‍ ആര്‍ത്തു- മറഡോണാ...

ടീച്ചറില്ലാത്ത പീരിയഡ്. ജോസഫിന്റെ കാലില്‍ ഡസ്റ്റര്‍, തൊണ്ടയില്‍ മറഡോണ... ഇംഗ്ലണ്ടിന്റെ കളിക്കാരെ ഒന്നൊന്നായി മറികടന്ന്, ഗോളി പീറ്റര്‍ ഷില്‍ട്ടനെയും കടന്ന് പന്ത് വലയിലെത്തിച്ച മറഡോണാ... ഡസ്റ്റര്‍ പറന്നു...എല്ലാ മുറികളിലും മറഡോണ മുഴങ്ങി. പിന്നെ ജോസഫ് ഹെഡ്മാസ്റ്റര്‍ അന്തപ്പന്‍ സാറിന്റെ മുറിക്ക് മുന്നില്‍ ചരലില്‍ മുട്ടുകുത്തി നിന്നു, നാല് മണിക്കുള്ള കൂട്ടമണി വരെ.

1986ല്‍ ആ കളികള്‍ അവന്‍ എവിടെ നിന്ന് കണ്ടു! അതോ വായിച്ച്, ഭാവനയില്‍ കണ്ട് ആവേശം കൊണ്ടതോ!

പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച്, അര്‍ജന്റീന ലോകകപ്പ് നേടിയതിന് ശേഷമുള്ള ദിവസങ്ങളില്‍ ജോസഫിന്റെ നാവ് അടങ്ങിയിട്ടേയില്ല. ഒറ്റക്ക് ജയിപ്പിച്ച കളികളെക്കുറിച്ച്, കൊകൊണ്ട് തൊട്ടിട്ട ഗോളിനെക്കുറിച്ച്, ബള്‍ഗേറിയക്കാരെ മുഴുവന്‍ വെട്ടിച്ചോടിയ കാലുകളെക്കുറിച്ച്...  അന്തംവിട്ട് കേള്‍വിക്കാര്‍.

അതുപോലൊരു ജയത്തെക്കുറിച്ച് ഏതെങ്കിലും ജോസഫ് പറയുന്നുണ്ടാകുമോ ലയണല്‍ മെസ്സിയുടെ കാര്യത്തില്‍.

താരതമ്യത്തിനില്ല. അതിനുള്ള അറിവുമില്ല. ജോസഫുണ്ടാക്കിയ മറഡോണയോളമെത്തുന്നില്ല മെസി.

വരുന്നു...ആണവ ഇന്ത്യാാാ...


യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളുമായുണ്ടാക്കിയ സിവിലിയന്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാക്കലും ആണവ സാമഗ്രികളുടെ വിതരണക്കാരായ രാജ്യങ്ങളുടെ സംഘടനയിലുള്ള അംഗത്വവും ഇന്ത്യന്‍ യൂനിയന്‍ ഭരിക്കുന്ന സര്‍ക്കാറുകളുടെ മുഖ്യ അജന്‍ഡയിലുള്ള വിഷയമായിട്ട് പതിറ്റാണ്ടോളമായി. സൈനികേതര ആണവ സഹകരണ കരാറുകളുടെ പ്രാബല്യത്തിലാക്കല്‍, ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ആണവ ബാധ്യതാ നിയമത്തിലെ ചില വ്യവസ്ഥകളില്‍ തട്ടിയാണ് നീണ്ടുപോയത്. പ്രതിപക്ഷത്തായിരിക്കെ ബി ജെ പിയുടെ കൂടി നിര്‍ബന്ധത്തെത്തുടര്‍ന്ന് ഉള്‍പ്പെടുത്തിയ വ്യവസ്ഥയില്‍ ഇളവ് നല്‍കി, ആണവ അപകടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് 1,500 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് നിധിയുണ്ടാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ കരാറുകളുടെ പ്രയോഗവത്കരണം സമീപകാല സാധ്യതയായി നില്‍ക്കുന്നു. ആന്ധ്രാ പ്രദേശിലും ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ നിര്‍ദേശിക്കപ്പെട്ട റിയാക്ടര്‍ പാര്‍ക്കുകളുടെ നിര്‍മാണം വൈകാതെ ആരംഭിക്കുമെന്നാണ് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇവയുടെ നിര്‍മാണത്തിനാവശ്യമായ സാമഗ്രികളുടെ കൈമാറ്റത്തിന് ആണവ സാമഗ്രികളുടെ ദാതാക്കളായ രാജ്യങ്ങളുടെ സംഘടന (ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പ് - എന്‍ എസ് ജി) ഒറ്റത്തവണ അനുമതി ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്.


നിലവില്‍ നിര്‍ദേശിക്കപ്പെട്ട റിയാക്ടറുകളുടെ നിര്‍മാണത്തിന് തടസ്സമില്ലെന്നിരിക്കെ എന്‍ എസ് ജിയില്‍ അംഗത്വം നേടിയെടുക്കാന്‍ ഇന്ത്യന്‍ യൂനിയന്‍ ഊര്‍ജിതശ്രമം തുടരുന്നത് എന്തിന് വേണ്ടിയാണ്? എന്‍ എസ് ജി അംഗത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, നിരന്തര വിദേശ സന്ദര്‍ശനം നടത്തി, ലോക നേതാക്കളെയാകെ ഇന്ത്യയുടെ ആവശ്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ച സാഹചര്യത്തില്‍ കൂടിയാണ് ഈ ചോദ്യമുയരുന്നത്. ഇന്ത്യക്ക് അംഗത്വം നേടിക്കൊടുക്കാനായി അമേരിക്ക നേരിട്ട് നയതന്ത്ര നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഉത്തരവാദിത്തമുള്ള ആണവരാഷ്ട്രമെന്ന അന്തസ്സ് സ്വന്തമാക്കാന്‍ എന്‍ എസ് ജി അംഗത്വം സഹായിക്കുമെന്നായിരിക്കും നരേന്ദ്ര മോദിയുടെ പ്രതീക്ഷ.


എ ബി വാജ്പയി പ്രധാനമന്ത്രിയായിരിക്കെ രണ്ടാമത്തെ ആയുധ പരീക്ഷണം പൊഖ്‌റാനില്‍ നടത്തി, രണ്ട് വര്‍ഷത്തിനപ്പുറം ആണവായുധ ശക്തിയായി ഇന്ത്യ മാറിയെന്ന് അന്നത്തെ അമേരിക്കന്‍ ഭരണകൂടത്തെക്കൊണ്ട് പറയിച്ചതിന് തുല്യമായ നേട്ടമായി എന്‍ എസ് ജി അംഗത്വത്തെ മോദി കാണുന്നുണ്ടാകണം. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാതെ തന്നെ രാജ്യത്തെ ഈ ഗ്രൂപ്പില്‍ അംഗമാക്കുക, അത് സാധിച്ചെടുത്ത പ്രധാനമന്ത്രി എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക, എന്‍ എസ് ജി അംഗത്വം കൂടി ലഭിച്ചാല്‍ ആണവ സാമഗ്രികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്ന എല്ലാ സമിതികളിലുമുള്‍പ്പെട്ട രാഷ്ട്രമായി ഇന്ത്യ മാറുകയും ചെയ്യും. ഡോ. മന്‍മോഹന്‍ സിംഗിന് സാധിക്കാത്തത് തനിക്ക് സാധിച്ചുവെന്ന് 'ഭായിയോ ബഹനോ...' എന്ന അഭിസംബോധനയുടെ അകമ്പടിയോടെ അവകാശപ്പെടാം. ആനന്ദലബ്ധിക്ക് ഇതിലപ്പുറമെന്ത് വേണം!


എന്‍ എസ് ജിയുടെ ഒറ്റത്തവണ അനുമതിയുടെ അടിസ്ഥാനത്തില്‍, റിയാക്ടര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കരാറുണ്ടാക്കിയിരിക്കുന്നത് അമേരിക്ക, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുമായാണ്. ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യുന്നതിനും കരാറുണ്ടാക്കിയിരിക്കുന്നു. കാല്‍ നൂറ്റാണ്ടു കാലത്തേക്ക് ഇതിലപ്പുറമൊന്നും രാജ്യത്തിന് വേണ്ടിവരില്ല, അല്ലെങ്കില്‍ ഇതിലപ്പുറമൊന്നും വഹിക്കാനുള്ള സാമ്പത്തിക ശേഷി രാജ്യത്തിനില്ല. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ആന്ധ്രാ പ്രദേശില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിന് യു എസ് കമ്പനിയായ വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് കോര്‍പ്പറേഷനും ഇന്ത്യയുടെ ആണവോര്‍ജ കോര്‍പ്പറേഷനും തമ്മില്‍ ധാരണയായത്. ഇതനുസരിച്ച് ആണവ നിലയത്തിനായി ഇന്ത്യ കണ്ടെത്തിയ സ്ഥലം പരിശോധിച്ച് പദ്ധതിയുടെ രൂപകല്‍പ്പന വെസ്റ്റിംഗ്ഹൗസ് വൈകാതെ ആരംഭിക്കും. പദ്ധതിയുടെ നിര്‍മാണത്തിനുള്ള കരാര്‍ 2017 ജൂണില്‍ ഒപ്പുവെക്കുമെന്നാണ പ്രതീക്ഷിക്കുന്നത്.


ഗുജറാത്തിലെ മിതി വിര്‍ധിയില്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതിയാണ്, അവിടുത്തെ കര്‍ഷകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ കൊവ്വദയിലേക്ക് മാറ്റിയത്. ആയിരം മെഗാവാട്ട് വീതം ഉത്പാദനശേഷിയുള്ള ആറ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിന് 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്ക്. എന്നാല്‍ ആണവ പദ്ധതി സുരക്ഷിതമാക്കുന്നതിന് പരിസരത്ത് കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. 30,000 ഏക്കറെന്നാണ് അനൗദ്യോഗിക കണക്ക്. മൂന്ന് മുതല്‍ 23 വരെ ഗ്രാമങ്ങള്‍ ഇതിനായി ഒഴിപ്പിക്കേണ്ടിവരുമെന്നും പൗരാവകാശ സംഘടനകള്‍ പറയുന്നു. മിതി വിര്‍ധിയിലും മഹാരാഷ്ട്രയിലെ ജെയ്താപൂരിലുമൊക്കെ ആണവ പാര്‍ക്കുകള്‍ക്കെതിരെ ഉയര്‍ന്നുവന്നതുപോലൊരു പ്രക്ഷോഭത്തിന്റെ സാധ്യത കൊവ്വദയിലുമുണ്ടെന്ന് സാരം. പരിസ്ഥിതി ആഘാത പഠനം, പദ്ധതിക്ക് പ്രാദേശിക ജനസഭകളുടെ അനുമതി വാങ്ങിയെടുക്കല്‍ തുടങ്ങി നിയമമനുസരിച്ചുള്ള പ്രക്രിയകള്‍ വേറെയുമുണ്ട്.


വെസ്റ്റിംഗ്ഹൗസുമായി കരാറുണ്ടാക്കുന്നതിനുള്ള അടുത്ത തടസ്സം റിയാക്ട്‌റുകളുടെ വിലയാണ്. അമേരിക്ക ഇപ്പോള്‍ നിര്‍മിക്കുന്ന റിയാക്ടറുകള്‍ക്ക് വലിയ വിലയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ നിര്‍മിക്കുന്ന റിയാക്ടറുകളുമായി താരതമ്യം ചെയ്താല്‍ മൂന്നിരട്ടി അധികം വേണ്ടിവരും. ആന്ധ്രയിലേതുള്‍പ്പെടെ അമേരിക്ക വാഗ്ദാനം ചെയ്യുന്ന 12 റിയാക്ടറുകള്‍ക്കായി 11 ലക്ഷം കോടി രൂപയോളം (ഇന്നത്തെ നിലയില്‍) ചെലവാകും. ഇത് രാജ്യത്തിന് താങ്ങാനാകുമോ എന്ന് കണ്ടറിയണം. തര്‍ക്കങ്ങളും വേണ്ട പഠനങ്ങളും പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിച്ചാല്‍ തന്നെ പദ്ധതി, 2032ല്‍ പൂര്‍ത്തിയാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. രാജ്യത്തെ നടപ്പ് രീതികള്‍ കൂടി പരിഗണിച്ചാല്‍ 2037ല്‍ പ്രതീക്ഷിച്ചാല്‍ മതിയാകും.


ഇത്രയൊക്കെ ചെലവിട്ട് നിര്‍മിക്കുന്ന റിയാക്ടറുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കിലോവാട്ടിന് 26 രൂപ വരെ വിലവരും. കൂടിയ വിലക്ക് വൈദ്യുതി വാങ്ങേണ്ടിവരുമെന്ന് ചുരുക്കം. കേരളത്തിലെ കായംകുളം താപ വൈദ്യുതി നിലയത്തില്‍ ഇന്ധനം നാഫ്തയാണ്. അവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് പതിനൊന്ന് രൂപയോളം നല്‍കണം. അതുകൊണ്ട് അവിടെ നിന്ന് വൈദ്യുതി പതിവായി വാങ്ങാന്‍ കേരളം തയ്യാറാകാറില്ല. സ്ഥിതി ഇതായിരിക്കെ ഉയര്‍ന്ന വില നല്‍കി ആണവ വൈദ്യുതി വാങ്ങാന്‍ ആര് തയ്യാറാകുമെന്ന ചോദ്യം പ്രസക്തമാണ്. ആണവ വൈദ്യുതിക്ക് കിലോവാട്ടിന് 26 രൂപവരെ നല്‍കേണ്ടിവരുമ്പോള്‍ സൗരോര്‍ജത്തെ അധിഷ്ഠിതമാക്കിയുള്ള വൈദ്യുതിക്ക് കിലോവാട്ടിന് മൂന്ന് രൂപയേ ഉണ്ടാകൂ എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.


ആണവ വൈദ്യുതിയുടെ പിറകെ ഇന്ത്യന്‍ യൂനിയന്‍ ഇത്രമാത്രം തിടുക്കപ്പെട്ട് സഞ്ചരിക്കുന്നതിന് പിറകിലെ അമേരിക്കന്‍ താത്പര്യവും പരിഗണിക്കേണ്ടതുണ്ട്. വെസ്റ്റിംഗ് ഹൗസിനും ജനറല്‍ ഇലക്ട്രിക്കല്‍സിനും റിയാക്ടര്‍ നിര്‍മാണത്തിന് നിലവില്‍ കരാറുകളൊന്നുമില്ല. ഇന്ത്യയില്‍ നിന്നുള്ള കരാര്‍ ലഭിച്ചാല്‍ ചുരുങ്ങിയത് 20 വര്‍ഷത്തേക്ക് അവര്‍ക്ക് ജോലിയായി. റിയാക്ടര്‍ നിര്‍മാണത്തിന് നേരിട്ടും അല്ലാതെയും അവിടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് ആശ്വാസമാണ്. ഫുകുഷിമ ദുരന്തത്തിന് ശേഷം ആണവപദ്ധതികളോട് ജപ്പാനും ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചത് വെസ്റ്റിംഗ്ഹൗസിന്റെ രക്ഷാകര്‍തൃ കമ്പനിയായ തോഷിബയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. അതിന്റെ ആഘാതം വെസ്റ്റിംഗ്ഹൗസ് കൂടി നേരിടുന്നുണ്ട്.


2012നും 2014നുമിടയില്‍ വെസ്റ്റിംഗ്ഹൗസിന്റെ പ്രവര്‍ത്തനനഷ്ടം 143 കോടി ഡോളറായിരുന്നു. അമേരിക്കന്‍ സര്‍ക്കാറിലേക്ക് നികുതിയൊടുക്കാന്‍ ത്രാണിയില്ലാത്ത കമ്പനിയായി വെസ്റ്റിംഗ്ഹൗസ് മാറിയെന്ന് ചുരുക്കം. ഈ അവസ്ഥയിലുള്ള കമ്പനിക്ക് 'മൃതസഞ്ജീവനി'യാണ് ശ്രീകാകുളം. ഇന്ത്യന്‍ യൂനിയന്റെ ഊര്‍ജ സ്വയംപര്യാപ്തത എന്നതിനേക്കാള്‍ വലിയ ലക്ഷ്യം ഇതായിരിക്കണം. അത് സാധിച്ചെടുക്കാന്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ഊര്‍ജിത ശ്രമങ്ങളുടെ ഭാഗമാണ് എന്‍ എസ് ജിയില്‍ ഇന്ത്യക്ക് അംഗത്വം നേടിക്കൊടുക്കാന്‍ അവര്‍ നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍.


ഈ കച്ചവടത്തെ 'ദേശീയത'യിലും 'രാജ്യസ്‌നേഹ'ത്തിലും മറച്ചുവെക്കാന്‍ എന്‍ എസ് ജിയിലെ അംഗത്വം സഹായിക്കുമെന്ന പ്രതീക്ഷ നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കുമുണ്ടാകും. പൊഖ്‌റാനില്‍ ആദ്യ ആണവായുധ പരീക്ഷണം നടത്താന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചതിനെത്തുടര്‍ന്ന് ആണവസാമഗ്രികളുടെ വിപണിയില്‍ ഇന്ത്യക്കുണ്ടായിരുന്ന തൊട്ടുകൂടായ്മ പൂര്‍ണമായി നീക്കാന്‍ '56 ഇഞ്ച് നെഞ്ചളവുള്ള' പ്രധാനമന്ത്രിക്ക് സാധിച്ചുവെന്ന് ഗീര്‍വാണം മുഴക്കി, ആണവോര്‍ജത്തിന്റെ പ്രയോജനമൊന്നും ലഭിക്കാനിടയില്ലാത്ത ദരിദ്രകോടികളെ വികാരഭരിതമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ.
പ്രായോഗികമായി എന്തു നടന്നുവെന്നതില്ല, പലതും നടക്കാന്‍ പോകുന്നുവെന്ന പ്രതീതിയില്‍ വീര്‍പ്പിക്കപ്പെടുന്ന ബലൂണിലാണ് ജനപിന്തുണ ഉറങ്ങുന്നത് എന്ന് ഇത്രത്തോളം മനസ്സിലാക്കിയ മറ്റൊരു നേതാവും സ്വതന്ത്ര ഇന്ത്യന്‍ യൂനിയന്‍ നിലവില്‍ വന്നതിന് ശേഷം രാജ്യം ഭരിച്ചിട്ടുണ്ടാകില്ല.


സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ ശതമാനക്കണക്കിലുള്ള വളര്‍ച്ച വലിയതോതിലുണ്ടായെന്നും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണം വലിയതോതില്‍ കുറഞ്ഞുവെന്നും (ദാരിദ്ര്യരേഖ വരയുന്നതിന്റെ മാനദണ്ഡം മാറ്റിയാണെങ്കില്‍ക്കൂടി) ഡോ. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് അവകാശപ്പെട്ടിരുന്നു. ആ ബലൂണിനെ കൂടുതല്‍ വലുതാക്കി നിര്‍ത്താന്‍ ശ്രമിക്കുന്നതിനൊപ്പമാണ്  പുതിയ ബലൂണുകളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കാറ്റുനിറക്കുന്നത്.


ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാഷ്ട്രത്തിന് എന്‍ എസ് ജി അംഗത്വം നല്‍കേണ്ടതില്ലെന്ന് ചില അംഗരാഷ്ട്രങ്ങളെങ്കിലും തത്കാലം നിലപാടെടുത്തോടെ, മോദി സര്‍ക്കാറിന്റെ ശ്രമം സോളില്‍ വിജയം കണ്ടില്ല. ഇന്ത്യക്ക് അംഗത്വം നല്‍കുകയാണെങ്കില്‍ അത് പാക്കിസ്ഥാന് കൂടി നല്‍കണമെന്നും ഇല്ലെങ്കില്‍ മേഖലയില്‍ ആണവമത്സരം വര്‍ധിക്കാനിടയുണ്ടെന്നുമുള്ള വാദം ചൈന ശക്തമായി ഉന്നയിക്കുന്ന സാഹചര്യത്തില്‍ എന്‍ എസ് ജി അംഗത്വമെന്നത് അടുത്തകാലത്തൊന്നും എത്തിപ്പിടിക്കാവുന്ന ഒന്നാണെന്ന് തോന്നുന്നുമില്ല. എങ്കിലും അംഗത്വമുറപ്പിക്കാനെന്ന പേരിലുള്ള നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങള്‍ തുടരുമെന്ന് തന്നെ കരുതണം. അടുത്ത സ്വാതന്ത്ര്യ ദിനത്തില്‍ വികാരഭരിതമായ ശബ്ദത്തില്‍ 'ആണവ ഇന്ത്യാ....' എന്ന ലക്ഷ്യം പ്രഖ്യാപിക്കാനും മതി.

2016-06-23

യോഗയിലെ പ്രാര്‍ഥനയും ഉമ്മന്റെ യോഗാഭ്യാസവും


അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമൂഹ യോഗാഭ്യാസത്തിന് തുടക്കം കുറിച്ചപ്പോള്‍, ഋഗ്വേദത്തിലെയും ബൃഹദാരണ്യകോപനിഷത്തിലെയും ശ്ലോകങ്ങള്‍ ചൊല്ലിയതില്‍ എന്താണ് തെറ്റ്? ചൊല്ലിയ ശ്ലോകങ്ങളൊക്കെ മനുഷ്യന്റെയും മനസ്സിന്റെയും ഐക്യത്തെക്കുറിച്ചാണെന്നിരിക്കെ പ്രത്യേകിച്ചും. ഇതില്‍ കേരള സംസ്ഥാനത്തെ ആരോഗ്യമന്ത്രിയും സി പി ഐ (എം)യുടെ കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ വിയോജിപ്പ് പ്രകടിപ്പിക്കേണ്ട കാര്യമുണ്ടോ? അങ്ങനെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഭൂരിപക്ഷമതം വിശുദ്ധമെന്ന് കരുതുന്ന ഗ്രന്ഥങ്ങളെ അവഹേളിക്കുകയല്ലേ മന്ത്രി ചെയ്തത്? നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകളാദി ന്യൂനപക്ഷം ഇടതു ജനാധിപത്യ മുന്നണിയെ പ്രത്യേകിച്ച് സി പി ഐ (എം) യെ പിന്തുണച്ച സാഹചര്യത്തില്‍ അവരെ കൂടുതല്‍ പ്രീതിപ്പെടുത്തുക എന്ന കുബുദ്ധിയല്ലേ ഈ വിയോജിപ്പിന് പിറകില്‍? എന്നിത്യാദിയാണ് ചോദ്യങ്ങള്‍.


നരേന്ദ്ര മോദി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരാപാടിക്ക്, ആയുഷ് മന്ത്രാലയമാണ് ചിട്ടവട്ടം തയ്യാറാക്കിയത്. ഋഗ്വേദത്തിലെയും ബൃഹദാരണ്യകോപനിഷത്തിലെയും ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ട് വേണം അഭ്യാസം തുടങ്ങാന്‍ എന്ന് നിഷ്‌കര്‍ഷിച്ചത് അതിലാണ്. അതിനോട് സി പി എം നേതാവായ മന്ത്രി വിയോജിക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ മുതല്‍പേരായ സംഘപരിവാര നേതാക്കള്‍ക്ക് ക്ഷോഭമുണ്ടാകുക സ്വാഭാവികം. മന്ത്രിയുടെ ചെയ്തി അപമാനകരമാണെന്ന് പ്രസ്താവിച്ച് അവര്‍ സംതൃപ്തിയടഞ്ഞു. പിറകെ വന്നു മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം എല്‍ എയുമായ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. മന്ത്രിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്നും അത് പിന്‍വലിക്കണമെന്നും ടിയാന്‍ ആവശ്യപ്പെട്ടു. മാപ്പുപറയണമെന്ന ആവശ്യം ഉന്നയിച്ചിെല്ലന്നേയുള്ളൂ.


ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ താഴെ രാജ്യത്തിന്റെ മുഖവാചകമെന്നോണം രേഖപ്പെടുത്തിയിരിക്കുന്നത് 'സത്യമേവ ജയതേ' എന്നാണ്. സത്യം മാത്രമേ ജയിക്കൂ എന്നര്‍ഥം വരുന്ന വാക്യത്തിന്റെ മൂലം മുണ്ഡക ഉപനിഷത്ത്. രാജ്യത്തെ പരമോന്നത നീതി പീഠം ഭഗവത്ഗീതയിലെ 'യതോ ധര്‍മഃ സ്തതോ ജയഃ' (എവിടെ ധര്‍മമുണ്ടോ അവിടെ ജയം) എന്ന പ്രയോഗമാണ് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ രാജ്യഭരണത്തിന്റെ വിഭാഗങ്ങള്‍ പലതും ആപ്തവാക്യങ്ങളായി സ്വീകരിച്ചിരിക്കുന്നത് വേദോപനിഷത്തുക്കളിലെയും പുരാണങ്ങളിലെയും പരാമര്‍ശങ്ങളെയാണ് എന്ന് കാണാം. വേദോപനിഷത്തുക്കളും പുരാണങ്ങളുമൊക്കെ ഹിന്ദു എന്ന് ഇന്ന് വ്യവഹരിക്കപ്പെടുന്ന മതത്തിന്റെ സ്വന്തമാണോ അല്ലയോ എന്നത് തര്‍ക്കവിഷയമാണ്. ഹിന്ദു മതത്തിന്റെ ഭാഗമായി ഇപ്പോഴവ വ്യവഹരിക്കപ്പെടുന്നുണ്ട് എന്ന് പറയാം.


ഇവയൊക്കെ നിലനില്‍ക്കെ ഋഗ്വേദത്തിലെയും ബൃഹദാരണ്യകോപനിഷത്തിലെയും ശ്ലോകങ്ങള്‍ ആലപിക്കുന്നതിനെ മാത്രം എതിര്‍ക്കേണ്ട കാര്യമുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. 'സത്യമേവ ജയതേ'യും 'യതോ ധര്‍മഃ സ്തതോ ജയഃ'യും സ്വീകരിക്കപ്പെടുമ്പോള്‍ ഹിന്ദുത്വ വാദം രാജ്യത്ത് ഇത്രമാത്രം ശക്തമായിരുന്നില്ല. പൊതു നന്മ പ്രഖ്യാപിക്കുന്ന ഇത്തരം പ്രയോഗങ്ങളെ ഏതെങ്കിലും മതത്തിന്റെ ഭാഗമായി ആരും കണ്ടിരുന്നില്ല, അവയൊക്കെ തങ്ങളുടെ മതത്തിന്റെ ഗ്രന്ഥങ്ങളിലെ ഉദ്ധരണികളാണ് എന്ന് ആരും അവകാശപ്പെട്ടിരുന്നുമില്ല. ഇന്ന് സ്ഥിതി അതല്ല. ഭാവിയില്‍ രൂപവത്കരിക്കുമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് അവകാശപ്പെടുന്ന ഹിന്ദു രാഷ്ട്രത്തിന്റെ ആപ്തവാക്യങ്ങളായി വേണം ഇവയെയൊക്കെ കാണാനെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. വിദ്യാഭ്യാസം, നിയമം, ശാസ്ത്ര ഗവേഷണം എന്ന് വേണ്ട സകലയിടങ്ങളിലും ഹിന്ദുത്വവത്കരണത്തിനുള്ള നീക്കങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വേണം യോഗാദിനാചരണത്തിലെ അഭ്യാസ പ്രകടനം വേദമന്ത്രങ്ങളുടെ ഉച്ചാരണത്തോടെ തുടങ്ങണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിനെ കാണാന്‍.


മതവുമായി ബന്ധമില്ലാത്ത വ്യായാമമുറയാണ് യോഗ. അതിനെ ദേശീയതയുടെ ഭാഗമായി അവതരിപ്പിക്കുകയും മതവുമായി ബന്ധിപ്പിക്കുകയുമാണ് യഥാര്‍ഥത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്. വൈകാതെ വിദ്യാലയങ്ങളുടെ പഠനപ്രക്രിയയില്‍ യോഗ ഇടം പിടിക്കും. അവിടെയും വേദമന്ത്രങ്ങളുടെ ഉച്ചാരണത്തോടെ വേണം യോഗ ആരംഭിക്കാനെന്ന വ്യവസ്ഥ കൊണ്ടുവരികയും ചെയ്യും. സംഘപരിവാരം വ്യാഖ്യാനിച്ച് ഹിന്ദു മതത്തിന്റേത് മാത്രമാക്കുന്ന വേദോപനിഷത്തുക്കളും പുരാണങ്ങളുമൊക്കെയാണ് രാജ്യം പൊതുവായി അംഗീകരിക്കുന്നത് എന്നും അതിന്റെ അര്‍ഥങ്ങള്‍ക്കനുസരിച്ചാണ് ജീവിതം ക്രമപ്പെടുത്തേണ്ടത് എന്നുമുള്ള സന്ദേശം കൂട്ടികളിലേക്ക് പകര്‍ന്നു നല്‍കുക എന്നത് എളുപ്പമാകുമെന്ന് അര്‍ഥം. അതിനുള്ള പല ശ്രമങ്ങളില്‍ ഒന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നേതൃത്വം നല്‍കിക്കൊണ്ടുള്ള യോഗദിനാചരണവും അതിന് മുന്നോടിയായുള്ള മന്ത്രോച്ചാരണവും.


നാനാത്വത്തില്‍ ഏകത്വമെന്നൊരു ആപ്തവാക്യം കൂടിയുണ്ട് ഇന്ത്യന്‍ യൂണിയന്റേതായി. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏകരാജ്യമായി നിലകൊള്ളുക എന്ന ആശയത്തില്‍ ഊന്നിക്കൊണ്ട്. അതിനെ പിഴുതെറിഞ്ഞ്, ഹിന്ദുത്വയില്‍ അധിഷ്ഠിതമായ സാമൂഹികക്രമം നിലവില്‍ വരുത്തുക അതിലൂടെ ഹിന്ദുരാഷ്ട്രം സ്ഥാപിതമാക്കുക എന്നതാണ് ആര്‍ എസ് എസ്സിന്റെ പ്രഖ്യാപിത പദ്ധതി. അതിനുള്ള വഴികളില്‍ ഒന്നായിത്തന്നെ വേണം വേദമന്ത്രോച്ചാരണങ്ങള്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവുകളെ കാണാന്‍. അതിനോട് വിയോജിക്കാന്‍ ഒരു മന്ത്രി തയ്യാറായി എങ്കില്‍ രാജ്യം ഇപ്പോഴും  അംഗീകരിക്കുന്ന നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തോട് പൂര്‍ണമായ കൂറ് അവര്‍ പുലര്‍ത്തുന്നുവെന്നാണ് അര്‍ഥം. അങ്ങനെ കൂറ് പുലര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണ് എന്ന് കുമ്മനം രാജശേഖരന് തോന്നാം. പക്ഷേ, ഉമ്മന്‍ ചാണ്ടിക്ക് തോന്നിയാലോ? രാജ്യത്തെ വര്‍ഗീയവത്കരിക്കാനുള്ള സംഘ പരിവാരത്തിന്റെ ശ്രമങ്ങളെ ചെറുക്കുമെന്ന് ഹൈക്കമാന്‍ഡ് എന്ന് പൊതുവില്‍ വ്യവഹരിക്കപ്പെടുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോള്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടിക്ക ഇത്തരം തോന്നലുകളുണ്ടാകുന്നത്.


കോണ്‍ഗ്രസിന്റെ കേരള ഘടകത്തെ മുന്‍കാലത്ത് പിന്തുണച്ചിരുന്ന ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം ബി ജെ പിക്ക് വോട്ടുചെയ്തുവെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഹിന്ദു വിഭാഗത്തിന്റെ പിന്തുണ തിരിച്ചെടുക്കാനുള്ള തന്ത്രമെന്ന നിലക്കാണോ ഉമ്മന്‍ ചാണ്ടിയുടെ നീക്കം? അങ്ങനെ അദ്ദേഹം കരുതുന്നുവെങ്കില്‍ അതിലും വലിയ രാഷ്ട്രീയ മണ്ടത്തരമില്ല. കാലങ്ങളായി തങ്ങള്‍ പ്രചരിപ്പിക്കുന്നതൊക്കെ ശരിയാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിക്ക് പോലും ബോധ്യപ്പെട്ടിരിക്കുന്നുവെന്ന് സംഘപരിവാരത്തിന് വാദിക്കാന്‍ അവസരമുണ്ടാകുക മാത്രമേ ചെയ്യൂ. കോണ്‍ഗ്രസിന്റെ വോട്ടുചോര്‍ച്ച വര്‍ധിക്കാനും. ഇതിനകം കോണ്‍ഗ്രസുമായ അകന്ന ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ അകലുകയും ചെയ്യും.


അഭിപ്രായദൃഢത രാഷ്ട്രീയത്തില്‍ അനിവാര്യമായിരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടിമാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഹിന്ദുത്വ അജണ്ടകളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കാനാണ് തീരുമാനമെങ്കില്‍ അത് എല്ലാതലങ്ങളിലും വേണം. സി പി എം നേതാവായ മന്ത്രിയാണ് എതിര്‍ക്കുന്നത് എങ്കില്‍ ഹിന്ദുത്വ അജണ്ടയും ന്യായീകരിക്കത്തക്കതാണ് എന്ന് വന്നാല്‍ ചോരുക ശേഷിക്കുന്ന വിശ്വാസ്യതയാണ്. സമുദായങ്ങളെ അടുപ്പിച്ചും അകറ്റിയും നിയമസഭയില്‍ കേവലഭൂരിപക്ഷത്തിലേക്ക് എത്താമെന്ന ചിന്തയില്‍ തുടരുകയാണ് ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍. സമുദായക്കൃഷി നടത്തി വിളവെടുക്കാന്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ ശ്രമം സംഘ പരിവാരം നടത്തുന്നുണ്ട് എന്നത് കാണാതിരിക്കുകയോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നവര്‍. അടിസ്ഥാന രാഷ്ട്രീയ ദര്‍ശനങ്ങളുമായി ചേര്‍ന്നുനില്‍ക്കാനും അത് താഴേത്തലത്തിലേക്ക് എത്തിക്കാനും ഉമ്മന്‍ ചാണ്ടിമാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരെ ചുമതലക്കാരാക്കേണ്ടതുണ്ടോ എന്ന് ഹൈക്കമാന്‍ഡ് ആലോചിക്കണം, അതിന് ത്രാണിയുണ്ടെങ്കില്‍. ഇല്ലെങ്കില്‍ കോഴിക്കോട്ടെ കോണ്‍ഗ്രസുകാര്‍ തോല്‍വി അന്വേഷിച്ചെത്തിയ ഉപസമിതിയെ അറിയിച്ചത് പോലെ, പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍.


കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവിനെ തൃണം പോലെ തള്ളിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ധൈര്യം പിണറായി കാട്ടിയിരുന്നുവെങ്കില്‍ കെ കെ ശൈലജക്ക് ഇവ്വിധം പ്രതികരിക്കേണ്ടി വരില്ലായിരുന്നു. അതോ പരിപാടി സംഘടിപ്പിച്ച് അതില്‍ തന്നെ എതിര്‍പ്പ് അറിയിക്കാന്‍ തീരുമാനിച്ചതാണോ കൂടുതല്‍ ധീരത!

2016-06-22

രാജന്റെ അസഹിഷ്ണുത, മോദിയുടേതും


ധനനയം തീരുമാനിക്കുന്നതില്‍ ആര്‍ക്കാണ് മേല്‍ക്കൈ? റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യക്കാണോ കേന്ദ്ര ധനമന്ത്രാലയത്തിനാണോ? ഈ തര്‍ക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സര്‍ക്കാറിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ചുള്ള ധനനയം ആവിഷ്‌കരിക്കാന്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ തയ്യാറാകാതിരുന്ന കാലത്തൊക്കെ ബേങ്കിന്റെ ഗവര്‍ണര്‍ സ്ഥാനത്തിരുന്നവര്‍ വിമര്‍ശമേറ്റുവാങ്ങിയിട്ടുണ്ട്. നിലവില്‍ ആര്‍ ബി ഐ ഗവര്‍ണറായ രഘുറാം രാജനെതിരെ നരേന്ദ്ര മോദി സര്‍ക്കാറും അതിന്റെ സഹയാത്രികരും കുറ്റപത്രം ചമച്ചതിന്റെ കാരണവും മറ്റൊന്നല്ല.


ഡോ. മന്‍മോഹന്‍ സിംഗ് റിസര്‍വ് ബേങ്ക് ഗവര്‍ണറും പ്രണാബ് കുമാര്‍ മുഖര്‍ജി ധനമന്ത്രിയുമായിരുന്ന 1983 - 84 കാലത്തും ഇതുപോലെ തര്‍ക്കങ്ങളുണ്ടായിരുന്നു. അന്നും പരിഷ്‌കാരത്തിന്റെ പക്ഷത്തായിരുന്നു മന്‍മോഹന്‍. ഇടക്കാലത്ത് ഇന്ദിരാ ഗാന്ധിയെ ആവേശിച്ച സോഷ്യലിസ്റ്റ് സങ്കല്‍പ്പം കുറച്ചേറെ സ്വാധീനിച്ചതിനാലും സമ്മിശ്ര സമ്പദ് വ്യവസ്ഥയുടെ പാരമ്പര്യത്തെ കുടഞ്ഞുകളയാനുള്ള മടിയാലും പ്രണാബ് എതിര്‍ പക്ഷത്തുനിന്നു. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് 1985ല്‍ മന്‍മോഹന്‍ പുറത്തുപോയപ്പോള്‍ അതിന് പിന്നില്‍ പ്രണാബിന്റെ 'കറുത്ത'കരങ്ങള്‍ കണ്ടവരും അന്ന് കുറവായിരുന്നില്ല. പിന്നീട് 1991ല്‍ ധനമന്ത്രി സ്ഥാനമേറ്റെടുത്ത മന്‍മോഹന്‍ സിംഗ്, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വേഗം കൂട്ടിയപ്പോള്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷ സ്ഥാനത്ത് പ്രണാബുണ്ടായിരുന്നു. മന്‍മോഹന്‍ പ്രധാനമന്ത്രിയായിരിക്കെ ധനമന്ത്രാലയത്തിന്റെ ചുമതലയിലും. സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം അത്രത്തോളം ബാധിക്കാതെ രാജ്യത്തെ കാക്കണമെങ്കില്‍ പരമ്പരാഗത സാമ്പത്തിക നയത്തില്‍ ചിലതൊക്കെ സ്വീകരിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് മന്‍മോഹനുണ്ടായതിനാല്‍ പ്രണാബ് ധനമന്ത്രിയായിരുന്ന കാലത്ത് വലിയ തര്‍ക്കങ്ങളുണ്ടായില്ല.


രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാനകാലത്ത്, ചിദംബരം ധനവകുപ്പിലേക്ക് തിരിച്ചെത്തിയതിന് ശേഷം, ആര്‍ ബി ഐ ഗവര്‍ണറായിരുന്ന ഡി സുബ്ബറാവുവും ധനമന്ത്രാലയവും തമ്മില്‍ വലിയ ശീതയുദ്ധമുണ്ടായി. മൊത്തം ആഭ്യന്തര ഉത്പാദത്തിന്റെ (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് - ജി ഡി പി) വളര്‍ച്ചാത്തോത് ഉയര്‍ത്താന്‍ പാകത്തിലുള്ള ധനനയം സ്വീകരിക്കണമെന്നതായിരുന്നു ചിദംബരത്തിന്റെ ആവശ്യം. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകള്‍ (റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം തുടങ്ങിയവ) കുറച്ച് വിപണിയിലേക്ക് കൂടുതല്‍ പണമൊഴുക്കുന്നതിനോട് സുബ്ബറാവു യോജിച്ചിരുന്നില്ല. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പാകത്തില്‍ വിപണിയില്‍ ഇടപെടാനോ പല കാരണങ്ങളാല്‍ (അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ) തടസ്സപ്പെട്ടു കിടക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ പാകത്തില്‍ നടപടികള്‍ സ്വീകരിക്കാനോ സാധിക്കാത്ത സര്‍ക്കാര്‍ ധനനയത്തില്‍ മാറ്റം വരുത്തി വിപണിയിലേക്ക് പണമൊഴുക്കണമെന്ന് പറയുന്നതിലെ യുക്തി രാഹിത്യമാണ് സുബ്ബറാവു ചൂണ്ടിക്കാട്ടിയത്. സുബ്ബറാവുവിന് ശേഷം ഗവര്‍ണര്‍ സ്ഥാനത്തേക്ക് രഘുറാം രാജനെ കൊണ്ടുവന്നത് യു പി എ സര്‍ക്കാറാണ്. സുബ്ബറാവുവിന്റെ പാതയില്‍ വലിയ മാറ്റമൊന്നും രഘുറാം രാജന്‍ വരുത്തിയില്ല എന്നതാണ് വാസ്തവം.


2014 മെയില്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേരിട്ടുള്ള വിദേശനിക്ഷേപം കൂടുതല്‍ മേഖലകളില്‍ അനുവദിക്കല്‍, നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടും വിധത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്തല്‍ തുടങ്ങി പലതും മുന്നോട്ടുവെക്കപ്പെട്ടു. സ്വച്ഛ് ഭാരത് മുതല്‍ സ്റ്റാര്‍ട്ട് അപ് - സ്റ്റാന്‍ഡ് അപ് ഇന്ത്യ വരെയുള്ള, ശബ്ദമുഖരിതമായ, പ്രഖ്യാപനങ്ങള്‍ വേറെയും. എന്നാല്‍ ഇതൊന്നും സമ്പദ് വ്യവസ്ഥയെ ഊര്‍ജസ്വലമാക്കാന്‍ പര്യാപ്തമായില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന കണക്കുകളും കാണിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ നടപ്പാക്കാന്‍ പാകത്തില്‍ നിക്ഷേപകരുടെ പക്കലേക്ക് പണമൊഴുകാന്‍ ഉതകുന്നതായില്ല രഘുറാം രാജന്‍ പിന്തുടര്‍ന്ന കര്‍ശനമായ ധനനയം. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുക എന്നത് പ്രാഥമിക കര്‍ത്തവ്യമായെടുത്ത രഘുറാം രാജന്‍, അത് താഴ്ന്ന നിലയിലായിട്ടും, അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് നിരക്കുകള്‍ കുറക്കാന്‍ മടി കാട്ടി. വിലക്കയറ്റം പിടിച്ചുനിര്‍ത്തി, പണപ്പെരുപ്പ നിരക്ക് കുറക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാലത്തിനിടെ യാതൊന്നും ചെയ്തില്ല എന്ന് കൂടിയാണ് ഇതിന് അര്‍ഥം. മൊത്ത വ്യാപാരവുമായി ബന്ധപ്പെട്ട പണപ്പെരുപ്പ നിരക്ക് പൂജ്യത്തില്‍ താഴെ എത്തിയപ്പോഴും  ചില്ലറ വിപണിയുമായി ബന്ധപ്പെട്ട പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു തന്നെ നിന്നുവെന്നത് ഇതിന് തെളിവുമാണ്.


വേണ്ടത്ര ആലോചനയോ ആസൂത്രണമോ ഇല്ലാതെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അതെങ്ങനെ നടപ്പാക്കുമെന്നതില്‍ ധാരണയില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അവകളിലേക്ക് നിക്ഷേപമെത്തുക പ്രയാസം. നിരക്കുകള്‍ കുറച്ച്, വായ്പയെടുക്കാന്‍ പ്രേരണ നല്‍കിയിരുന്നുവെങ്കിലും ഇതിലപ്പുറമൊന്നും സംഭവിക്കുമായിരുന്നില്ല. കണക്കിലെങ്കിലും പണപ്പെരുപ്പ നിരക്ക് കുറഞ്ഞുനില്‍ക്കട്ടെയെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഭാവിയില്‍ കൂടുതല്‍ നിക്ഷേപസാധ്യതയുണ്ടാകുമെന്നും കണക്ക് കൂട്ടിയ രഘുറാം രാജന്‍ തന്നെയാണ് ഇവിടെ കേമന്‍. രാജ്യത്തെ ദരിദ്ര ജനകോടികളുടെ ക്ഷേമത്തിനായി ആര്‍ ബി ഐ ഗവര്‍ണര്‍ എന്തെങ്കിലും ചെയ്തുവെന്ന് ഇതിന് അര്‍ഥമില്ല. അതദ്ദേഹത്തിന്റെ പരിഗണനാ വിഷയമേ അല്ല താനും. സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം വെളിവാക്കും വിധത്തില്‍ ധനനയം ആവിഷ്‌കരിച്ചതിലൂടെ, ഒരു പരിധിവരെ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ താത്പര്യം തന്നെയാണ് രഘുറാം രാജന്‍ സംരക്ഷിച്ചത്.


വളര്‍ച്ചാ നിരക്ക് കണക്കാക്കുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി രാജ്യം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വളര്‍ച്ച കൈവരിക്കുകയാണെന്ന് നരേന്ദ്ര മോദിയും സംഘവും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് രഘുറാം രാജന്‍ തുറന്ന് പറഞ്ഞു. കണ്ണുകാണാത്തവരുടെ ലോകത്ത് ഒറ്റക്കണ്ണന്‍ രാജാവാണ് എന്നത് പോലെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, കൊട്ടിഘോഷിക്കപ്പെടുന്ന വളര്‍ച്ചാ നിരക്ക് വിശ്വസിക്കേണ്ടതില്ലെന്നും സമ്പദ് രംഗം പ്രതിസന്ധി തരണം ചെയ്തിട്ടില്ലെന്നും നിക്ഷേപത്തിന് പറ്റിയ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നുമാണ് വ്യക്തമാക്കിയത്. അവകാശവാദങ്ങളില്‍ മയങ്ങി നിക്ഷേപമിറക്കാന്‍ ആലോചിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്, അതില്‍ അന്നന്നത്തെ അന്നത്തിന് വിയര്‍പ്പൊഴുക്കുന്നവര്‍ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കോര്‍പ്പറേറ്റുകളുടെ താത്പര്യം തന്നെയാണ് ആര്‍ ബി ഐ ഗവര്‍ണര്‍ മുന്‍നിര്‍ത്തിയത് എന്ന് പറഞ്ഞത് അതുകൊണ്ടാണ്.


സഹിഷ്ണുതയുടെയും സംവാദത്തിന്റെയും അന്തരീക്ഷം വിജയം കൈവരിക്കുന്നതിന് ഇന്ത്യന്‍ യൂനിയനെ ഏത് വിധത്തിലാണ് സഹായിച്ചത് എന്ന് ഡല്‍ഹി ഐ ഐ ടിയില്‍ നടത്തിയ പ്രഭാഷണത്തില്‍ രഘുറാം രാജന്‍ പറഞ്ഞിരുന്നു. പണത്തിന്റെ വരവും പോക്കും നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടയാള്‍, അതിന്റെ അതിരുകള്‍ ലംഘിച്ച് സഹിഷ്ണുതയെക്കുറിച്ച് സംസാരിച്ചാല്‍ സഹിക്കുമോ സംഘ പരിവാരത്തിന്! സഹിഷ്ണുതയും സംവാദത്തിന്റെ അന്തരീക്ഷവും ചോദ്യംചെയ്യപ്പെടുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സൂചിപ്പിക്കുമ്പോള്‍, സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആഗോള നിക്ഷേപക സമൂഹത്തിന് നല്‍കുന്നത്. നരേന്ദ്ര മോദിക്കോ സുബ്രഹ്മണ്യ സ്വാമിക്കോ ശേഷിക്കുന്ന സംഘപരിവാരത്തിനോ പൊറുക്കാവതല്ല ഇതും. സഹിഷ്ണുതയുടെയും സംവാദത്തിന്റെയും അന്തരീക്ഷം തിരികെക്കൊണ്ടുവരിക എന്നത് അജന്‍ഡയിലേ ഇല്ലാതിരിക്കെ, അതിനെതിരെ പറയുന്നവരെ മാറ്റിനിര്‍ത്തുക എന്നത് മാത്രമേ കരണീയമായുള്ളൂ. അതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതും.


രാജന്റെ കാര്‍മികത്വത്തില്‍ അരങ്ങേറിയ മറ്റൊന്ന് കിട്ടാക്കടങ്ങളുടെ കണക്കെടുപ്പാണ്. രാജ്യത്തെ ബേങ്കുകളുടെ ആസ്തികളുടെ നിലവാരം പരിശോധിക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചതോടെ കിട്ടാക്കടങ്ങളുടെ കണക്ക് സമര്‍പ്പിക്കാന്‍ ബേങ്കുകള്‍ നിര്‍ബന്ധിതരായി. 2015 ഡിസംബറില്‍ നാല് ലക്ഷം കോടിയായിരുന്നു കിട്ടാക്കടം. കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആറ് ലക്ഷം കോടിയായി. ഇത്രയും തുക കിട്ടാക്കടമായത് എങ്ങനെ? ആരാണ് കുടിശ്ശിക വരുത്തിയത്? കുടിശ്ശിക വരുത്തിയവര്‍ക്ക് പിന്നെയും കടം കൊടുക്കാന്‍ ബേങ്കുകള്‍ തയ്യാറായോ? തുടങ്ങിയ ചോദ്യങ്ങള്‍ ഉയരാന്‍ ഈ നടപടി കാരണമായി. കിട്ടാക്കടത്തിന് ഉത്തരവാദികളായവര്‍ ആരൊക്കെ എന്ന് പരസ്യമാക്കണമെന്ന് കോടതികള്‍ പറയുന്ന സ്ഥിതിയുണ്ടായി. കാര്‍ഷിക വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവന്റെ കൂരക്കുമേല്‍ ജപ്തി നോട്ടീസ് പതിക്കുമ്പോള്‍, വിജയ് മല്യ മുതല്‍ ഗൗതം അദാനി വരെയുള്ളവര്‍ കോടികള്‍ തിരിച്ചടക്കാതെ സസുഖം വാഴുന്നതിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവരുന്നത് നരേന്ദ്ര മോദി സര്‍ക്കാറിന് (മുന്‍കാല സര്‍ക്കാറുകള്‍ക്കും) സഹിക്കാവതല്ല.


രഘുറാം രാജനെയൊന്ന് നിയന്ത്രിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി ശ്രമിച്ചിരുന്നു. ധനനയം തീരുമാനിക്കാനുള്ള  അധികാരം ആര്‍ ബി ഐ ഗവര്‍ണറില്‍ നിന്ന് മാറ്റി സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിച്ചത്. ഇതിനായി നിയമം കൊണ്ടുവരാന്‍ ശ്രമിച്ചുവെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പിന്‍വാങ്ങി. അധികാരങ്ങളില്ലാത്ത ആലങ്കാരിക പദവിയില്‍ രഘുറാം രാജനെ ഇരുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് രണ്ടാമൂഴം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അമേരിക്കന്‍ പൗരത്വം, അന്താരാഷ്ട്ര നാണയ നിധിയിലുണ്ടായിരുന്ന സ്ഥാനം, 2008ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് 2005ല്‍ തന്നെ അമേരിക്കയുടെ കേന്ദ്ര ബേങ്കിന് (ഫെഡറല്‍ റിസര്‍വ്) മുന്നറിയിപ്പ് നല്‍കിയ ധിഷണ ഒക്കെ പരിഗണിക്കുമ്പോള്‍ രണ്ടാമൂഴം നല്‍കാതിരിക്കുന്നത് ഉചിതമോ എന്ന ശങ്ക ഇടക്കാലത്തേക്ക് ഉണ്ടായെങ്കിലും അതിലും മേലെയാണ് അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളുടെ നിലനില്‍പ്പ് എന്നതിലേക്ക് മോദിയും സംഘവും വേഗത്തിലെത്തി. അതിലേക്ക് നിസ്തുലമായ സംഭാവന, അവസാന റൗണ്ടില്‍ സാമ്പത്തിക വിദഗ്ധന്‍ കൂടിയായി അറിയപ്പെടുന്ന സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയെന്ന് മാത്രം.


ധനവിനിയോഗത്തിന്റെ സൂക്ഷ്മ, സ്ഥൂല തീരുമാനങ്ങളെടുക്കുന്ന ഈ ഇടത്തില്‍ ഒരു കാലത്തും ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് വലിയ സ്ഥാനമൊന്നുമില്ല, തീരുമാനങ്ങളുടെ ആഘാതം അനുഭവിക്കുക എന്ന വലിയ പങ്ക് ഒഴിച്ചാല്‍. അതുകൊണ്ട് തന്നെ ഈ തര്‍ക്കവും രണ്ടാമൂഴ നിഷേധവും അവന്റെ/അവളുടെ ദൈനംദിനത്തെ ബാധിക്കില്ല. സമ്പദ് നയത്തിന്റെ കാര്യത്തില്‍ സ്വന്തം പക്ഷത്താണെന്ന ഉറപ്പുള്ളയാള്‍ പോലും എതിര്‍പ്പുന്നയിച്ചാല്‍ സഹിഷ്ണുതയുണ്ടാകില്ലെന്ന് നരേന്ദ്ര മോദി ഭരണകൂടം ആവര്‍ത്തിക്കുമ്പോള്‍ അത് ഈ സാധാരണക്കാരുടെ കൂടി പ്രശ്‌നമായി മാറും. അതേക്കുറിച്ച് മുന്‍കൂട്ടി ഓര്‍മിപ്പിച്ചുവെന്നതിനാല്‍ രഘുറാം രാജന്‍ കോണ്‍ഗ്രസിന്റെ ചാരനാണെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണത്തില്‍ കഴമ്പുണ്ട്!

2016-06-13

56 ഇഞ്ച് @ അമേരിക്കന്‍ കോണ്‍ഗ്രസ്


ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണം ഇതിനകം വലിയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. പ്രഭാഷണത്തിനിടെ കോണ്‍ഗ്രസിലെ അംഗങ്ങള്‍ പലകുറി എഴുന്നേറ്റു നിന്ന് കൈയടിച്ച് പോയി. പ്രഭാഷണാനന്തരം മോദിയദ്ദേഹത്തിന്റെ കൈപിടിക്കാനും തൊട്ടുമുത്താനുമൊക്കെ സായിപ്പന്‍മാര്‍ തിക്കുംതിരക്കും കൂട്ടിയതായും ചിത്ര-ദൃശ്യങ്ങളാല്‍ ഇന്ത്യന്‍ ജനതക്കും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ ശ്രദ്ധാപൂര്‍വം വീക്ഷിച്ചിരുന്ന ഇതര ജനതകള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. രണ്ടാണ്ട് മുമ്പ് അധികാരത്തിലേറിയ അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രി ഇതിനകം ലോകരാഷ്ട്രങ്ങളിലൊക്കെ സ്വാധീനം ചെലുത്താന്‍ പാകത്തിലുള്ള നായകനായി വളര്‍ന്നുവെന്നും അതിന്റെ തെളിവാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ കണ്ട അപൂര്‍വതകളൊക്കെയെന്നും സംഘ്പരിവാറിന്റെ പ്രവര്‍ത്തകരൊക്കെ അവകാശപ്പെടുന്നുണ്ട്.


അവകാശത്തിന് അര്‍ഹതയില്ലാതില്ല. അധികാരമേറ്റ് രണ്ടാണ്ട് പിന്നിടുമ്പോഴേക്കും ഒരുമാതിരിപ്പെട്ട വിദേശ രാഷ്ട്രങ്ങളിലെല്ലാം നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഭൂമിയുടെ, ഇന്ത്യയുള്‍ക്കൊള്ളുന്ന അര്‍ധഗോളത്തിന്റെ മറുപുറത്തുള്ള രാഷ്ട്രങ്ങളിലേതിലേക്കെങ്കിലുമാണ് യാത്രയെങ്കില്‍ പോകും വഴിക്കോ വരും വഴിക്കോ അമേരിക്കയിലിറങ്ങി ശീതീകരിച്ച കോള കഴിക്കാതെ മടങ്ങാറ് പതിവില്ല തന്നെ. അവിടെയിറങ്ങിയാല്‍പ്പിന്നെ വെള്ളക്കൊട്ടാരം കാണാതെ പോരുന്നതെങ്ങനെ? ആകയാല്‍ രണ്ടാണ്ടിനിടെ നാല് തവണ ബരാക് ഒബാമയെ അമേരിക്കയില്‍ വെച്ചു തന്നെ കണ്ടു. ഇതിനിടയില്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് കയറി പ്രസംഗിച്ചു. പ്രസിദ്ധമായ പ്രഭാഷണങ്ങള്‍ വേറെയുമുണ്ടായി, ബ്രിട്ടീഷ് പാര്‍ലിമെന്റിലടക്കം. എന്നിട്ടും അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് കൈയടി വാങ്ങുക എന്ന മോഹം ബാക്കിയായി നിന്നു. അതാണ് ഇപ്പോള്‍ സാധിച്ചെടുത്തത്. ഗുജറാത്ത് വംശഹത്യയുടെയും അതിന്റെ ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതിന്റെയും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് ദീര്‍ഘകാലം അമേരിക്കന്‍ മണ്ണിലേക്ക് വിസ നിഷേധിച്ച ഭരണകൂടം, ആനയിച്ച് ആദരിച്ച് അവരുടെ പരമാധികാര സഭയില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കുമ്പോള്‍ ഒരു പകരം വീട്ടലിന്റെ സുഖം ഏതു വൈരാഗിക്കുമുണ്ടാകുമല്ലോ?


ഒരു രാഷ്ട്രത്തിന്റെ പരമാധികാരി മറ്റൊരു രാഷ്ട്രത്തിന്റെ പരമാധികാര സഭയെ അഭിസംബോധന ചെയ്യുമ്പോള്‍ പഴുതില്ലാത്ത മുന്നൊരുക്കമുണ്ടാകും. എന്ത് പറയണം, എങ്ങനെ പറയണം എന്നതിലൊക്കെ കണിശതവരുത്തും. പറയുമ്പോഴുള്ള മുഖഭാവം, കൈകളുടെ ചലനം ഒക്കെ എങ്ങനെ വേണമെന്നതില്‍ വേണമെങ്കില്‍ പരിശീലനവുമാകാം. പുതിയ കാലത്ത് ഇതൊക്കെ പ്രധാനമാണ്. ഇതൊക്കെ ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെ പ്രത്യക്ഷ പ്രതീകമായാണ് വിദേശികള്‍ വിലയിരുത്തുക. അതില്‍ നിന്നാണ് അവര്‍ ഇന്ത്യയില്‍ എത്ര കഴഞ്ച് വിശ്വാസം അര്‍പ്പിക്കണമെന്നൊക്കെ തീരുമാനിക്കുക. അതുകൊണ്ട് തന്നെ കെട്ടിലും മട്ടിലുമൊക്കെ ചെറുതല്ലാത്ത ചില കാര്യങ്ങളുണ്ട്. അതു കണ്ടറിഞ്ഞ് കളിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. എന്നാല്‍ ഇത് പുതിയ കാര്യമാണോ? അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന മട്ടിലാണ് ചിലരൊക്കെ മോദിയുടെ പ്രഭാഷണത്തെ കാണുന്നത്. ഇത്രയും ധീരമായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിച്ച മറ്റൊരു ഇന്ത്യന്‍ നേതാവുണ്ടോ? ഇത്രയേറെ സ്വീകരിക്കപ്പെട്ട (കൈപിടിക്കലും തൊട്ടുമുത്തലും) മറ്റൊരു നേതാവുണ്ടോ? എന്നിത്യാദി ചോദ്യങ്ങളാണ് സംഘ്പരിവാരം തൊടുക്കുന്നത്. ശരിയല്ലേ എന്ന തോന്നല്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ പ്രേരിപ്പിക്കുന്ന ചോദ്യങ്ങള്‍.


തീവ്രവാദത്തിന്റെ വിളനിലവും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവുമായ പാക്കിസ്ഥാനെ സഹായിക്കുന്ന അമേരിക്കയുടെ നിലപാടിനെ അവരുടെ കോണ്‍ഗ്രസില്‍ വെച്ച് വിമര്‍ശിച്ചതാണ് മോദിയുടെ ധീരപ്രവൃത്തിയില്‍ ഏറ്റം മികച്ചത്. പാക്കിസ്ഥാന്റെ പേരു പറയാതെ കോണ്‍ഗ്രസ് മുമ്പാകെ തീവ്രവാദത്തില്‍ അവരുടെ ഉത്തരവാദിത്തം എടുത്തുകാട്ടിയത് രണ്ടാമത്തേത്. ഭീകരവാദത്തിന് നല്ലത്, ചീത്ത എന്നീ രണ്ട് മുഖങ്ങളില്ലെന്ന് തുറന്നടിച്ച് ഭീകരതയെ നേരിടുന്നതില്‍ അമേരിക്ക പുലര്‍ത്തുന്ന ഇരട്ടത്താപ്പിനെ തുറന്നുകാട്ടിയെന്നതാണ് മൂന്നാമത്തെ ധീരപ്രവൃത്തി. എന്നാല്‍ ഈ അഭിപ്രായപ്രകടനങ്ങളൊന്നും പുതുമയല്ലെന്ന് അമേരിക്കയുടെ നിലപാടുകളോട് ഇന്ത്യന്‍ നേതാക്കള്‍ കാലാകാലം നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. 2005ല്‍ അമേരിക്കയുമായി സിവിലിയന്‍ ആണവ സഹകരണ കരാര്‍ ഒപ്പിട്ടതിന് ശേഷം ഡോ. മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ നടത്തിയ പ്രസംഗത്തിലും ഏതാണ്ട് ഇതേ കാര്യങ്ങളൊക്കെയുണ്ട്. കുറേക്കൂടി മികച്ച നയതന്ത്ര ഭാഷ ഉപയോഗിച്ചിരുന്നുവെന്ന് മാത്രം.


ഭീകരതയുടെ എല്ലാ നാമ്പുകളെയും ഒരുപോലെ കാണണമെന്നും ജനാധിപത്യ രാഷ്ട്രങ്ങള്‍ ഇതുമൂലം നേരിടുന്ന പ്രയാസങ്ങള്‍ ചെറുതല്ലെന്നും അന്ന് മന്‍മോഹന്‍ സിംഗ് പറയുമ്പോഴും അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ കൈയടിച്ചിരുന്നു. ഭീകരതക്കെതിരായ നടപടികള്‍ തിരഞ്ഞെടുത്ത ഇടങ്ങളില്‍ മാത്രമായി ചുരുക്കരുതെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞപ്പോള്‍ നല്ലത്, ചീത്ത എന്ന വേര്‍തിരിവ് ഇക്കാര്യത്തിലില്ലെന്നും എല്ലായിടത്തുള്ളതിനെയും ഒരുപോലെ നേരിടണമെന്നും ഭീകരതയെ സഹായിക്കുന്നവരെ സാമ്പത്തികമായി പിന്തുണക്കുന്ന നിലപാട് ശരിയല്ലെന്നുമൊക്കെ തന്നെയാണ് പറഞ്ഞുവെച്ചത്. അത് മറ്റൊരു ഭാഷയില്‍ ആവര്‍ത്തിക്കുക മാത്രമേ ഇപ്പോഴത്തെ പ്രധാനമന്ത്രി ചെയ്തിട്ടുള്ളൂ.


ജാതി, മതം, ഭാഷ ഇവയിലെ വൈവിധ്യം, ഇതിനൊക്കെ അര്‍ഹിക്കുന്ന അംഗീകാരം നല്‍കുകയും എല്ലാവരെയും ഒരുപോലെ കാണുകയും ചെയ്യുന്ന ജനാധിപത്യമുള്‍പ്പെടെ ഇന്ത്യന്‍ യൂനിയന്റെ പ്രത്യേകതകള്‍, അതിന്റെ ഭരണഘടനയുടെ ഗരിമ, ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ഭരണകൂടം ചെയ്യുന്ന അശ്രാന്തശ്രമങ്ങള്‍ എന്ന് തുടങ്ങി ഇപ്പറഞ്ഞ നേട്ടങ്ങളിലൊക്കെ എത്തുന്നതില്‍ അമേരിക്കന്‍ സമ്പ്രദായം വഹിച്ച പങ്കിനുള്ള പ്രകീര്‍ത്തനം ഒക്കെയുണ്ടായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രഭാഷണത്തിലും. രാജീവ് ഗാന്ധിയും പി വി നരസിംഹ റാവുവും എ ബി വാജ്പയിയുമൊക്കെ അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളെ അഭിസംബോധന ചെയ്തപ്പോഴും ഇതൊക്കെ പറഞ്ഞിട്ടുണ്ട്.


രാജീവ് ഗാന്ധി സംസാരിക്കുമ്പോള്‍ ഇന്ത്യാ മഹാരാജ്യം സമ്പത്തിക പരിഷ്‌കരണം ആരംഭച്ചിട്ടേയുണ്ടായിരുന്നുള്ളൂ. നരസിംഹ റാവു സംസാരിക്കുമ്പോള്‍ അതിന്റെ ഗതിവേഗം കൂട്ടിയിട്ടുണ്ടായിരുന്നു. രണ്ടാമത്തെ പൊഖ്‌റാന്‍ പരീക്ഷണത്തിന് ശേഷം ഊര്‍ജാവശ്യത്തിനുള്ള ആണവ പദ്ധതികള്‍ക്ക് വേണ്ട സഹായം തേടാന്‍ ആലോചിക്കുമ്പോഴാണ് എ ബി വാജ്പയി യു എസ് കോണ്‍ഗ്രസില്‍ എത്തിയത്. അതിനുള്ള കരാറില്‍ ഒപ്പുവെച്ച ശേഷം ഉപ്പു തൊട്ടു കര്‍പ്പൂരം വരെ സകല കച്ചവടത്തിലും പങ്കാളിത്തമുണ്ടാകണമെന്ന് പ്രാര്‍ഥിക്കുന്നതായിരുന്നു ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം. ഇതൊക്കെ തന്നെയാണ് നരേന്ദ്ര മോദിയും പറഞ്ഞിരിക്കുന്നത്. കച്ചവടത്തിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മുന്നില്‍ കുറേക്കൂടി ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം എന്ന് പറയാം.


2022 ആകുമ്പോഴേക്കും 100 കോടി ജനങ്ങള്‍ക്ക് ബ്രോഡ്ബാന്‍ഡ് സൗകര്യമെത്തിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് നരേന്ദ്ര മോദി അമേരിക്കന്‍ കോണ്‍ഗ്രസില്‍ പറയുമ്പോള്‍ ഇതിന് ആവശ്യമായത്ര ഉപഗ്രഹ/ഭുതല സൗകര്യങ്ങളൊരുക്കുക എന്ന വലിയ ജോലി ഇവിടെ ചെയ്യാന്‍ ബാക്കിയുണ്ട്, അതിലേക്ക് നേരിട്ടോ അല്ലാതെയോ പണമിറക്കിയാല്‍ ലാഭമെടുക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന് അറിയിക്കുകയാണ്.
100 സ്മാര്‍ട്ട് നഗരങ്ങള്‍ നിര്‍മിക്കുക ലക്ഷ്യമാണെന്ന് പറയുമ്പോള്‍, സ്മാര്‍ട്ടാകുക എന്നതിന് വേണ്ട നിര്‍മാണങ്ങള്‍ക്കൊക്കെ നിങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാക്കാമെന്നാണ് അര്‍ഥം. റോഡ്, റെയില്‍, തുറമുഖം എന്ന് വേണ്ട അടിസ്ഥാന സൗകര്യമെന്ന നിര്‍വചനത്തിന് കീഴില്‍ വരുന്ന സകലതിലും നിക്ഷേപമിറക്കാന്‍ സ്വാഗതം. ലാഭമെടുക്കാന്‍ വേണ്ട സൗകര്യങ്ങളൊക്കെ ചെയ്യുന്ന ഇടനിലക്കാരന്റെ റോളില്‍ താനുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു നരേന്ദ്ര മോദി. രാജീവ് ഗാന്ധിയില്‍ തുടങ്ങി മന്‍മോഹന്‍ സിംഗ് വരെയുള്ള പിന്തുടര്‍ച്ചക്കാരൊക്കെ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്ത് തുടങ്ങുകയോ ചെയ്തത് താന്‍ കൂറേക്കൂടി ഭംഗിയാക്കി തരാമെന്ന് പറയുകയാണ് യഥാര്‍ഥത്തില്‍ നരേന്ദ്ര മോദി ചെയ്യുന്നത്.


അതില്‍ അമ്പത്തിയാറിഞ്ച് നെഞ്ചിന്റെ ഊക്കിനോ ഭീകരതയുടെ കാര്യത്തില്‍ തുറന്നഭിപ്രായം പ്രകടിപ്പിക്കാന്‍ കാട്ടിയ ധൈര്യത്തിനോ വലിയ സ്ഥാനമൊന്നുമില്ല. ഏത് ഭിന്നാഭിപ്രായത്തെയും ക്ഷമയോടെ കേട്ടിരിക്കുക എന്നതാണ് കച്ചവടത്തിന് നല്ലത് എന്ന് അമേരിക്കക്കാരന്‍ നേരത്തെ തന്നെ പഠിച്ചതാണ്. കോര്‍പ്പറേറ്റ് ലോബികളുടെ പ്രതിനിധികളാണെന്ന് തുറന്ന് പറയുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എത് ഭിന്നാഭിപ്രായത്തെ സഹിച്ചും തുറന്ന് കിട്ടാനിടയുള്ള വലിയ കമ്പോളത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കാന്‍ കാത്തിരിക്കും. ആ കമ്പോളത്തിലേക്ക് കോട്ടും സ്യൂട്ടുമിട്ടിറങ്ങിയാല്‍ കൈപൊള്ളാതെ തിരികെക്കയറാമെന്ന് ഉറപ്പ് നല്‍കുന്ന നേതാവിന്റെ കൈപിടിക്കാനും കൈമുത്താനും അവര്‍ മത്സരിക്കുകയും ചെയ്യും.


ഇത്ര ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ കമ്പോളത്തെ അവതരിപ്പിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുന്നുവെങ്കില്‍, അതില്‍ വിശ്വാസമര്‍പ്പിക്കാന്‍ അമേരിക്കയിലെ വ്യവസായികളും അവരുടെ പ്രതിനിധികളായ പാര്‍ലിമെന്റംഗങ്ങളും തയ്യാറാകുന്നുവെങ്കില്‍ മോദിയും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ രോമാഞ്ചംകൊള്ളുന്ന സംഘ്പരിവാരവും നന്ദി അറിയിക്കേണ്ടത് ഒന്നും രണ്ടും യു പി എ സര്‍ക്കാറില്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിനോടാണ്. അമേരിക്കയില്‍ തുടങ്ങി ലോകത്താകെ വ്യാപിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുരടിപ്പിന് പുറത്തുനിര്‍ത്തിയത് മന്‍മോഹന്‍ സിംഗിന്റെ ബുദ്ധിയായിരുന്നു. കമ്പോളത്തിലും മത്സരത്തിലും അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുമ്പോള്‍ തന്നെ അതിലെ മാന്ദ്യത്തെ നേരിടണമെങ്കില്‍ പൊതുഖജാനയില്‍ നിന്ന് പണമിറക്കുകയാണ് വേണ്ടതെന്ന് ആദ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചയാള്‍ മന്‍മോഹന്‍ സിംഗായിരുന്നു. ആ ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചതിന് രാഷ്ട്രീയ കാരണങ്ങള്‍ വേറെയുമുണ്ടാകാം. എങ്കിലും അദ്ദേഹം അതു ചെയ്തതിന്റെ കൂടി ഫലമാണ് ഇന്ന് വലിയ ആത്മവിശ്വാസത്തോടെ വാക്കുകള്‍ പ്രയോഗിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുന്നത്.


2005ല്‍ മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിന്റെ ആശയത്തില്‍ ഒരു മാത്ര വ്യത്യാസമില്ല മോദി അടുത്തിടെ നടത്തിയ പ്രസംഗത്തില്‍. ജനാധിപത്യവും സഹിഷ്ണുതയും 2005ലെ സൗമ്യശബ്ദത്തില്‍ പ്രതിഫലിച്ചിരുന്നുവെങ്കില്‍ 2016ല്‍ അത് അര്‍ഥമില്ലാത്ത വാക്കുകളായി പ്രതിധ്വനിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്ന വലിയ വ്യത്യാസമുണ്ട്. ജനാധിപത്യമെന്നത് അധിനിവേശമോ അധീശത്വത്തെ അംഗീകരിപ്പിക്കലോ ഒക്കെയായി മനസ്സിലാക്കുന്ന ഭരണകൂടത്തിന്റെ മുന്നില്‍ ഈ വ്യത്യാസം അത്ര പ്രസക്തമാകുകയുമില്ല.

2016-06-09

പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷകരോട്‌


പൊതുവിദ്യാഭ്യാസം, അതുറപ്പാക്കാനുള്ള സൗകര്യങ്ങള്‍ ഇവയൊക്കെ വീണ്ടും വലിയ ചര്‍ച്ചയാകുകയാണ് കേരളത്തില്‍. സ്‌ക്കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ പാകത്തില്‍ വിദ്യാര്‍ഥികള്‍ പ്രവേശം നേടാതിരുന്ന സാഹചര്യത്തില്‍ മൂന്നോ നാലോ എയിഡഡ് സ്‌ക്കൂളുകള്‍ പൂട്ടാന്‍ മാനേജുമെന്റുകള്‍ തീരുമാനിക്കുകയും അതിന് യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കുകയും അനുമതി അംഗീകരിച്ച് സ്‌ക്കൂളുകള്‍ പൂട്ടാന്‍ കോടതി ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ചേ അടങ്ങൂവെന്ന വാശിയിലോ അധികാരത്തിലെത്തിയ ഉടന്‍ സ്‌ക്കൂളുകള്‍ പൂട്ടുന്നത് മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിച്ചേക്കുമോ എന്ന ആശങ്കയാലോ ഇതിനകം പൂട്ടിയവയൊക്കെ ഏറ്റെടുക്കുക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നു. ബാക്കിയുള്ളവ പൂട്ടാതിരിക്കാന്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ വേണ്ട ഭേദഗതി കൊണ്ടുവരാനും നിശ്ചയിച്ചിട്ടുണ്ട്.


കോഴിക്കോട്ടെയും മലപ്പുറത്തെയും തൃശൂരെയും സ്‌ക്കൂളുകളെ പഠനത്തിനായി ആശ്രയിച്ച കുട്ടികളെ സംബന്ധിച്ച് ഈ തീരുമാനം പ്രയോജനപ്രദമാണ്. കുറഞ്ഞ ചിലവില്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കുന്ന കേന്ദ്രങ്ങള്‍ നിലനില്‍ക്കണമെന്ന ജനകീയ തീരുമാനത്തിലേക്ക് സര്‍ക്കാറെത്തുന്നുവെന്ന തോന്നലും സൃഷ്ടിക്കപ്പെട്ടേക്കാം. ഭാവി പരിഗണിക്കുമ്പോള്‍ ഇത് യുക്തിസഹമാണെന്ന് പറയുക വയ്യ. അതിന് പലകാരണങ്ങളുണ്ട്.


സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ ഇവയാണ് പൊതുവിദ്യാഭ്യാസ സൗകര്യങ്ങളായി പരിഗണിക്കപ്പെടുന്നത്. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഇവക്ക് സാധിക്കാതെ വരികയും കമ്പോളത്തില്‍ മത്സരിക്കാനുള്ള ശേഷി കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ പാകത്തില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ യഥേഷ്ടം നിലവില്‍ വരികയും ചെയ്തതോടെയാണ് കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന്റെ ഇരകളാക്കുന്നതില്‍ നിന്ന് ഭൂരിഭാഗം രക്ഷിതാക്കളും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. പൊതു സ്ഥാപനങ്ങളിലെ പഠന സമ്പ്രദായവും കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്‌ക്കൂളുകള്‍ പ്രദാനം ചെയ്യുന്ന പഠന സമ്പ്രദായവും തമ്മില്‍ വലിയ അന്തരവുമുണ്ട്. ഈ അന്തരവും പൊതു വിദ്യാലയങ്ങളെ ഉപേക്ഷിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു. ഇതിലൊക്കെ മാറ്റമുണ്ടാകാതെ സ്‌ക്കൂള്‍ ഏറ്റെടുത്ത് നിലനിര്‍ത്തിയതുകൊണ്ട് എന്ത് പ്രയോജനം?


വിദ്യാഭ്യാസം മൗലിക അവകാശമാക്കി നിയമം നിലവിലുള്ള രാജ്യമാണിത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി നിശ്ചിത ശതമാനം സീറ്റുകള്‍ എല്ലാ വിദ്യാലയങ്ങളും മാറ്റിവെക്കണമെന്ന് ആ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിലവില്‍ പൂട്ടിയ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സമീപത്തുള്ള വിദ്യാലയങ്ങളില്‍ പഠനാവസരം ഒരുക്കാവുന്നതേയുള്ളൂ. അതിന് ശ്രമിക്കാന്‍ ആരും മെനക്കെട്ടു കണ്ടില്ല. മറിച്ച് സ്‌ക്കൂള്‍ പൂട്ടുന്നുവെന്ന ഗൃഹാതുരത്വം കലര്‍ന്ന വൈകാരികതക്ക് അടിപ്പെടുകയാണുണ്ടായത്. സര്‍ക്കാര്‍ ഏറ്റെടുത്ത് തുറക്കുന്ന ഈ സ്‌ക്കൂളുകളിലേക്ക് അടുത്ത വര്‍ഷം കൂടുതല്‍ കുട്ടികള്‍ പഠനത്തിന് എത്തുമോ എന്ന് ഉറപ്പില്ല. കുട്ടികളെ ഈ സ്‌ക്കൂളില്‍ പ്രവേശിപ്പിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കും വിധത്തില്‍ ഇവിടങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമോ എന്നും അറിയില്ല. കോഴിക്കോട്ടും മലപ്പുറത്തും തൃശൂരൂമൊക്കെ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ എത്ര പേര്‍ തങ്ങളുടെ കുട്ടികള്‍ക്കോ ബന്ധുക്കളുടെ കുട്ടികള്‍ക്കോ വേണ്ടി ഈ സ്‌ക്കൂളിനെ ആശ്രയിക്കും?


ഇത്തരം സ്‌ക്കൂളുകളിലേക്ക് കുട്ടികളെ അയക്കാന്‍ നിര്‍ബന്ധിതരാകുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണ്.    അത്തരക്കാരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ പാകത്തില്‍ പൊതു വിദ്യാലയങ്ങള്‍ നിലനില്‍ക്കണമെന്ന നിര്‍ബന്ധമാണോ വേണ്ടത് അതോ ഈ കുഞ്ഞുങ്ങള്‍ക്ക് നിയമപ്രകാരം അര്‍ഹതയുള്ള മെച്ചപ്പെട്ട സൗകര്യം അനുവദിക്കാന്‍ യത്‌നിക്കുകയാണോ വേണ്ടത്?


പത്ത് വര്‍ഷം മുമ്പത്തെ കണക്കെടുത്താല്‍, ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന കുഞ്ഞുങ്ങളുടെ എണ്ണം അഞ്ച് മുതല്‍ ആറ് വരെ ലക്ഷമായിരുന്നു. ഈ വര്‍ഷം പ്രവേശനം നേടിയത് മൂന്ന് ലക്ഷത്തില്‍ അല്‍പ്പം അധികം മാത്രവും. കുടുംബങ്ങള്‍ ചെറുതാകുന്നത് കൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ ഈ തോത് കുറയാന്‍ തന്നെയാണ് സാധ്യത. അഞ്ച് മുതല്‍ ആറ് വരെ ലക്ഷം പുതിയ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ വേണ്ട സൗകര്യം പൊതു ആയാലും സ്വകാര്യം ആയാലും സംസ്ഥാനത്ത് ഇനി ആവശ്യമില്ലെന്നതാണ് യാഥാര്‍ഥ്യം. ആവശ്യമായ പഠന സൗകര്യം ഉണ്ടാകുകയും അത് അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്നതാകുകയുമാണ് വേണ്ടത്. അതിലേക്കാണ് ദീര്‍ഘ വീക്ഷണമുള്ള രാഷ്ട്രീയ - ഭരണ നേതൃത്വം ലക്ഷ്യമിടേണ്ടത്. അതിന് പകരം കേവല വൈകാരികതയില്‍ രമിക്കുന്നത് അപക്വമായ തീരുമാനങ്ങള്‍ക്കും ഫലമില്ലാത്ത ചെലവുകള്‍ക്കും മാത്രമേ വഴിവെക്കൂ.


കോഴിക്കോട് മലാപ്പറമ്പിലെ സ്‌ക്കൂള്‍ ഏറ്റെടുക്കണമെങ്കില്‍, ജല്ലാ കളക്ടറുടെ കണക്കനുസരിച്ച്, സ്ഥല വില മാത്രം അഞ്ച് കോടിയിലേറെ വേണ്ടിവരും. മറ്റിടങ്ങളിലെ ആസ്തി ഏറ്റെടുക്കലിനും ഇത്രയൊക്കെ വേണ്ടി വന്നേക്കാം. ഇവിടങ്ങളിലെ അധ്യാപകരെയൊക്കെ സര്‍ക്കാര്‍ സര്‍വീസില്‍ എടുക്കേണ്ടിവരും. അത് സാധ്യമായില്ലെങ്കില്‍ ഈ അധ്യാപകരെ ബാങ്കിലേക്ക് മാറ്റി, പകരം ആളെ നിയമിക്കണം. അങ്ങനെയാണെങ്കില്‍ ബാധ്യത ഇരട്ടിക്കും. ഇത്രയും തുകയുണ്ടെങ്കില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നതാണ് ആലോചിക്കേണ്ടത്.


കുട്ടികള്‍ കുറവാണ്, ലാഭമില്ല എന്നിവ കാരണങ്ങളായുള്ള സകല സ്‌ക്കൂളുകളും പൂട്ടണമെന്ന് ഇതിന് അര്‍ഥമില്ല. മറ്റ് വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളില്‍ കുട്ടികള്‍ കുറവാണെങ്കിലും ലാഭമുണ്ടാക്കുന്നില്ലെങ്കിലും വിദ്യാലയങ്ങള്‍ നിലനിര്‍ത്തേണ്ടിവരും. അവ പൂട്ടാന്‍ മാനേജുമെന്റുകള്‍ ശ്രമിച്ചാല്‍ സര്‍ക്കാറിന് ഏറ്റെടുക്കേണ്ടിയും വരും. നടത്തിപ്പിലെ ലാഭത്തിന് അപ്പുറത്ത് ഈ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ സമൂഹത്തിനാകെ കിട്ടുന്ന വലിയ ലാഭത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത് എന്ന പുതിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അഭിപ്രായം ഇവിടെ പ്രസക്തവുമാകും.


മറ്റ് സൗകര്യങ്ങള്‍ ലഭ്യമായ, അവിടങ്ങളില്‍ പ്രവേശനം നേടാന്‍ കുട്ടികള്‍ക്ക് നിയമപരമായ അവകാശം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന കേവലന്യായം മുന്‍നിര്‍ത്തി തീരുമാനങ്ങളെടുക്കുന്നത് തത്കാലത്തേക്ക് കൈയടി നേടിക്കൊടുക്കുമെന്ന് മാത്രം. വന്‍കിട സ്വകാര്യ സ്‌ക്കൂളുകള്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കുകയും അവിടങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവേശം നേടാനുള്ള അവസരം ഉറപ്പാക്കുകയും അങ്ങനെ പ്രവേശനം നേടുന്നവര്‍ക്ക് തൊട്ടുകുടായ്മ അനുഭവിക്കേണ്ടിവരില്ലെന്ന് ഉറപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.


പൊതുവായ പാഠ്യപദ്ധതിയോ പഠന സമ്പ്രദായമോ കേരളത്തില്‍ (രാജ്യത്തൊരിടത്തും) നിലവിലില്ല. കമ്പോളത്തില്‍ മത്സരിക്കാനുള്ള  യോഗ്യത തുല്യമായി ആര്‍ജിക്കാന്‍ പാകത്തിലുള്ളതല്ല വിദ്യാഭ്യാസരംഗം. ഏകീകൃത പാഠ്യപദ്ധതിയും ബോധന സമ്പ്രദായവുമൊക്കെ നിലവില്‍ വരികയും അതില്‍ മികവോടെ മുന്നോട്ടുനീങ്ങാന്‍ പൊതുവിദ്യാലയങ്ങള്‍ സജ്ജമാകുകയും ചെയ്യുക എന്നതാണ് പ്രധാനം. അതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നതിന്റെ ലക്ഷ്യമാകേണ്ടത്.

2016-06-06

ഗുല്‍ബര്‍ഗയിലെ 'പട്ടിക്കുഞ്ഞുങ്ങള്‍'


ഗുജറാത്ത് വംശഹത്യക്കിടെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ അരങ്ങേറിയ, 69 ജീവനെടുത്ത, കൂട്ടക്കുരുതിയില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് അഹമ്മദാബാദിലെ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നു. സുപ്രീം കോടതി നിയോഗിച്ച, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ചുഴിഞ്ഞന്വേഷിച്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നൃശംസകൃത്യം അരങ്ങേറി 14 വര്‍ഷത്തിന് ശേഷം ഇത്രയും പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ ആരോപണവിധേയരുടെ സ്ഥാനത്തുണ്ടായിരുന്ന 36 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. ആരോപണവിധേയരായിരുന്ന അഞ്ച് പേര്‍ ഇക്കാലത്തിനിടെ മരിച്ചു. ഒരാള്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്.


പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ ലഹളകളും ആസൂത്രിതമായി നടപ്പാക്കിയ വംശഹത്യകളും കുറവല്ല ഇന്ത്യന്‍ യൂനിയന്റെ ചരിത്രത്തില്‍. അതില്‍ ഭൂരിഭാഗത്തിലും ആരോപണവിധേയര്‍ രക്ഷപ്പെട്ടതാണ് ചരിത്രം. ലഹളകളും വംശഹത്യകളും ആസൂത്രണം ചെയ്തവര്‍ ഒരിക്കല്‍പ്പോലും നിയമത്തിന് മുന്നില്‍ എത്തിയിട്ടുമില്ല. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 24 പേര്‍ കുറ്റക്കാരായി തെളിയിക്കപ്പെട്ടത് വലിയ കാര്യമായി തന്നെ കാണാം. ഇവിടെയും കൂട്ടക്കുരുതി ആസൂത്രണം ചെയ്തവരോ അതിന് ഒത്താശ ചെയ്തവരോ പ്രതിപ്പട്ടികയിലില്ല. 69 പേരുടെ ജീവനെടുത്ത ക്രൂരതക്ക് പിറകില്‍ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞിട്ടുമുണ്ട്.


ഇന്ത്യന്‍ യൂനിയന്റെ ചരിത്രത്തില്‍ പലതു കൊണ്ടും ശ്രദ്ധേയമായതാണ് ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊല കേസ്. 2002 ഫെബ്രുവരി അവസാനത്തിലും മാര്‍ച്ച് ആദ്യത്തിലുമായി അരങ്ങേറിയ ഗുജറാത്ത് വംശഹത്യക്ക് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ഒത്താശയുണ്ടായിരുന്നുവെന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നുണ്ട്. പോലീസിനെ നിഷ്‌ക്രിയമാക്കി അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത്, അതിന് വേണ്ടി രണ്ട് മന്ത്രിമാരെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിച്ചത്, അതിനു ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ മുന്‍കൈ എടുത്തത്, കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് അങ്ങനെ നീതിന്യായ സംവിധാനത്തിന് സ്വീകരിക്കാവുന്ന തെളിവുകള്‍ ഇല്ലാത്ത, (ഇല്ലാതാക്കിയ) ആരോപണങ്ങള്‍ നിരവധിയുണ്ട് നരേന്ദ്ര മോദി, അമിത് ഷാ പ്രഭൃതികള്‍ക്കു നേര്‍ക്ക്. ഈ ആരോപണങ്ങളെക്കുറിച്ച് ഔപചാരികമായ അന്വേഷണം നടക്കാന്‍ ഇടയായെന്നതാണ് ഗുല്‍ബര്‍ഗ സൊസൈറ്റി കേസിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയ കാരണങ്ങളില്‍ ഒന്ന്. അതുകൊണ്ട് കൂടിയാണ് ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിക്ക് പിറകില്‍ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ പ്രധാനമാകുന്നതും.


ഗുല്‍ബര്‍ഗ സൊസൈറ്റി ഒരു ഹൗസിംഗ് കോളനിയാണ്. കൂട്ടക്കുരുതി അരങ്ങേറിയ ദിവസം പതിനായിരത്തോളം പേര്‍ കോളനിക്ക് മുന്നില്‍ തടിച്ച് കൂടിയിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് പോലീസ് കണ്‍ട്രോള്‍ റൂമിലെ രേഖകള്‍ പ്രകാരം നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ പേരുണ്ടായിരുന്നു. 2008 വരെ ഗുജറാത്ത് പോലീസാണ് ഈ കേസ് അന്വേഷിച്ചത്. സംഘ്പരിവാരവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പി എന്‍ ബാരറ്റ് എന്ന ഉദ്യോഗസ്ഥനായിരുന്നു ആദ്യം അന്വേഷണച്ചുമതല. ആറ് വര്‍ഷത്തിനിടെ കേസന്വേഷണം എങ്ങുമെത്തിയില്ല. തെളിവുകള്‍ ഇല്ലാതാക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനുമുള്ള ശ്രമം തടയേതുമില്ലാതെ തുടരുകയും ചെയ്തു. സമാനമായ സംഭവങ്ങള്‍ അരങ്ങേറിയ മറ്റ് എട്ടു കേസുകള്‍ ഗുല്‍ബര്‍ഗ സൊസൈറ്റിക്കൊപ്പം പ്രത്യേക സംഘത്തെ എല്‍പ്പിക്കാന്‍ സുപ്രീം കോടതി തയ്യാറായത് ഈ സാഹചര്യത്തിലാണ്. ആ അന്വേഷണത്തിനൊടുവില്‍ 66 പേര്‍ ആരോപണ വിധേയരായി. 69 പേര്‍ കൊല്ലപ്പെട്ട, അതിലേറെപ്പേര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ, വലിയതോതില്‍ സ്വത്ത് നശിപ്പിക്കപ്പെട്ട സംഭവത്തില്‍ 66 പേരേ ആരോപണ വിധേയരുടെ സ്ഥാനത്തുണ്ടായുള്ളൂവെന്നത് അന്വേഷണത്തിന്റെ കാര്യക്ഷമത എത്രത്തോളമെന്ന് വ്യക്തമാക്കുന്നുണ്ട്.  ഗുജറാത്ത് പോലീസ് തയ്യാറാക്കിയ ആരോപണ വിധേയരുടെ പട്ടിക പ്രത്യേക അന്വേഷണം സംഘം സ്വീകരിച്ചുവെന്ന് കരുതണം. സംഘ്പരിവാര നേതാക്കളെ പരമാവധി ഒഴിവാക്കിക്കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായെന്ന് സംശയിക്കണം. അതുകൊണ്ടാകണം ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ പോയത്. ഇതിലപ്പുറത്തുള്ള അന്വേഷണം ഇനി അസാധ്യമാകയാല്‍ വിചാരണക്കോടതി വിധിക്കു മേലുള്ള അപ്പീലുകളിലെ തീരുമാനങ്ങള്‍ക്ക് കാത്തിരിക്കാം. വംശഹത്യാക്കേസുകളിലെ പ്രോസിക്യൂഷന്‍ രേഖകള്‍ പ്രതികളുടെ അഭിഭാഷകര്‍ക്കും സംഘ്പരിവാര്‍ ബുദ്ധിജീവികള്‍ക്കും ചോര്‍ത്തി നല്‍കിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകര്‍ മേല്‍ക്കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരാകാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റക്കാരുടെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മതം.


ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിയില്‍ ഇരയാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ഐസാന്‍ ജഫ്‌രിയുടെ വിധവ സാകിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് വംശഹത്യയിലുള്ള പങ്ക് അന്വേഷിച്ച പ്രത്യേക സംഘം ചില പ്രധാന നിഗമനങ്ങളില്‍ എത്തിയിരുന്നു അവയില്‍ ചിലത് താഴെ പറയുന്നു.


1. ഗുല്‍ബര്‍ഗ സൊസൈറ്റിയിലും മറ്റിടങ്ങളിലും മുസ്‌ലിംകള്‍ക്കു നേര്‍ക്ക് ആസുരമായ ആക്രമണം നടന്നു. സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ച പ്രതികരണമല്ല ഉണ്ടായത്. ഗുല്‍ബര്‍ഗ സൊസൈറ്റി, നരോദ പാട്ടിയ തുടങ്ങിയ സ്ഥലങ്ങളിലെ സാഹചര്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കാന്‍ മുഖ്യമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാവുമെന്ന വാദമാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. (പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് -  പേജ് 69)
മോദിയുടെ പ്രസ്താവനയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ആര്‍ കെ രാഘവന്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ് - ''ഗോധ്രയിലെയും പരിസര പ്രദേശങ്ങളിലെയും ചില ആളുകള്‍ കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുള്ളവരാണെന്ന അഭിപ്രായം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് വ്യാപകമായ പ്രത്യാഘാതത്തിന് കാരണമായി. ഹിന്ദു - മുസ്‌ലിം സംഘര്‍ഷം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു അഭിപ്രായം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്''.


 2. ഗുജറാത്ത് മന്ത്രിസഭയിലെ രണ്ട് മുതിര്‍ന്ന അംഗങ്ങളെ - അശോക് ഭട്ട്, ഐ കെ ജഡേജ - അഹമ്മദാബാദ് സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂമിലും സംസ്ഥാന പോലീസ് കണ്‍ട്രോള്‍ റൂമിലും നിയോഗിച്ചു. കലാപം നടക്കുന്ന സമയത്തായിരുന്നു ഇത്. കൃത്യമായ ദൗത്യമൊന്നും നല്‍കാതെയാണ് ഇവരെ കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിച്ചത്. പോലീസിന്റെ ജോലിയില്‍ ഇടപെടാനും തെറ്റായ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനും ഉദ്ദേശിച്ചാണ് ഇവരെ നിയോഗിച്ചതെന്ന അഭ്യൂഹം ശക്തമാകാന്‍ ഇത് കാരണമായി. മോദിക്കായിരുന്നു അന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല എന്നത് ഈ തീരുമാനത്തിന് അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടെന്ന സംശയം ശക്തമാക്കുന്നു.
(നരോദ ഗാവ്, നരോദ പാട്ടിയ എന്നിവിടങ്ങളിലെ കൂട്ടക്കുരുതി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വി എച്ച് പി നേതാവ് ജയ്ദീപ് പട്ടേലുമായി അശോക് ഭട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് ഭട്ടിന്റെ സെല്‍ ഫോണിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാണ്. ആഭ്യന്തര സഹമന്ത്രിയായിരുന്ന ഗോര്‍ധന്‍ സദാപിയയുമായും ഭട്ട് ബന്ധപ്പെട്ടിരുന്നു. അഹമ്മദാബാദിലെ കൂട്ടക്കൊലകള്‍ക്ക് പിന്നില്‍ സദാപിയയുണ്ടായിരുന്നുവെന്നാണ് എസ് ഐ ടി ഇപ്പോള്‍ സംശയിക്കുന്നത്.)


3. വംശഹത്യാ സമയത്ത് നിഷ്പക്ഷ നിലപാടെടുക്കുകയും കൂട്ടക്കുരുതികള്‍ തടയുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അപ്രധാനമായ സ്ഥലങ്ങളിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥലംമാറ്റി. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ ഉദ്യോഗസ്ഥര്‍ ചെറുത്തതിന് തൊട്ടുപിറകെയാണ് സ്ഥലം മാറ്റമുണ്ടായത്. അതുകൊണ്ട് തന്നെ ഇവ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ആര്‍ കെ രാഘവന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


4. കലാപ സമയത്ത് വയര്‍ലെസ് സെറ്റുകളിലൂടെ പോലീസുകാര്‍ നടത്തിയ ആശയവിനിമയം സംബന്ധിച്ച രേഖകളെല്ലാം ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചു. കലാപസമയത്തെ ക്രമസമാധാന പാലനം സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച യോഗത്തിന്റെ മിനുട്‌സോ മറ്റ് രേഖകളോ ഒന്നും  സൂക്ഷിച്ചിട്ടില്ല.


5. പ്രധാനപ്പെട്ട കലാപക്കേസുകളില്‍ വി എച്ച് പി, ആര്‍ എസ് എസ് എന്നിവയുമായി ബന്ധമുള്ള അഭിഭാഷകരെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചതെന്ന് എസ് ഐ  ടി സ്ഥിരീകരിക്കുന്നു. ഇവരുടെ രാഷ്ട്രീയ ബന്ധം മാത്രമാണ് നിയമനത്തിന് പ്രധാനമായും പരിഗണിച്ചത് എന്നത് വ്യക്തമാണ്.


6. 2002 ഫെബ്രുവരി 28ന് ഉച്ചക്ക് 12 മണിവരെ നരോദയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ പോലീസ് തയ്യാറായില്ല. അഹമ്മദാബാദ് നഗരത്തിലെ മെഘാനി നഗറില്‍ (ഗുല്‍ബര്‍ഗ സൊസൈറ്റി ഉള്‍ക്കൊള്ളുന്ന പ്രദേശം) അന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. അപ്പോഴേക്കും രണ്ടിടത്തും സ്ഥിതി തീര്‍ത്തും വഷളായിരുന്നു.


7. നരോദ പാട്ടിയ, ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലകളെക്കുറിച്ച് സംസ്ഥാന പോലീസ് നടത്തിയ അന്വേഷണം തീര്‍ത്തും അലംഭാവ പൂര്‍ണമായിരുന്നുവെന്ന് എസ് ഐ ടി കണ്ടെത്തി. ആക്രമണത്തില്‍ ഉള്‍പ്പെട്ട സംഘ്പരിവാര്‍ നേതാക്കളുടെയും ബി ജെ പി നേതാക്കളുടെയും സെല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അവര്‍ തയ്യാറായില്ല. വി എച്ച് പി പ്രസിഡന്റ് ജയദീപ് പട്ടേല്‍, മന്ത്രിയായിരുന്ന മായ കൊദ്‌നാനി എന്നിവരാണ് ഇവരില്‍ പ്രമുഖര്‍. സെല്‍ഫോണ്‍ രേഖകള്‍ പരിശോധിച്ച് തെളിവായി ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇവരുടെ പങ്കാളിത്തം തെളിയിക്കപ്പെടുമായിരുന്നു.


8. പോലീസിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെക്കുറിച്ച് എസ് ഐ ടി അന്വേഷണം നടത്തുന്നുണ്ട്. അക്രമങ്ങളില്‍ ഇവര്‍ക്കുള്ള പങ്കാണ് അന്വേഷിക്കുന്നത്. അഹമ്മദാബാദിലെ മുന്‍ ജോയിന്റ് കമ്മീഷണര്‍ എം കെ ടാണ്ഠന്റെ അധികാര പരിധിയില്‍ വരുന്ന പ്രദേശത്ത് 200 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം കൃത്യനിര്‍വഹണത്തില്‍ മനഃപൂര്‍വം വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. (അക്രമങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തിന് സ്ഥാനക്കയറ്റങ്ങള്‍ ലഭിച്ചു. 2007 ജൂണില്‍ എ ഡി ജി പിയായാണ് വിരമിച്ചത്.) ഇദ്ദേഹത്തിന്റെ ജൂനിയറായ മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി ബി ഗോണ്ടിയ അറിഞ്ഞുകൊണ്ട് കൂട്ടക്കൊലക്ക് അനുവാദം നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഡ്യൂട്ടി ചെയ്തിരുന്നുവെങ്കില്‍ നൂറ് കണക്കിന് മുസ്‌ലിംകള്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് എസ് ഐ ടി പറയുന്നു. ഇതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കു മേല്‍ ചുമത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചില്ല.


9. അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്ന ഗോര്‍ധന്‍ സദാപിയക്ക് അക്രമങ്ങളില്‍ പങ്കുണ്ടെന്നതിന് എസ് ഐ ടിക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. (സദാപിയ നേരിട്ട് മോദിക്കാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്)


ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി നാളിതുവരെ സ്വീകരിച്ചതായി അറിവില്ല. എം കെ ടാണ്ഠന്‍, പി ബി ഗോണ്ടിയ തുടങ്ങി, കുരുതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ നിയമത്തിന് മുന്നില്‍ എത്തിയതേയില്ല. അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ (നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നതും ആനന്ദി ബെന്‍ പട്ടേലിന്റെ നേതൃത്വത്തില്‍ നിലവിലുള്ളതും) എന്തുകൊണ്ട് തയ്യാറായില്ലെന്ന ചോദ്യം ആരും ഉന്നയിച്ചതുമില്ല.


ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കാട്ടിയ അലംഭാവവും കേസ് ആദ്യം അന്വേഷിച്ച ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥര്‍ കാട്ടിയ കൃത്യവിലോപവും പരാമര്‍ശിച്ചിട്ടുണ്ടാവില്ലേ? അങ്ങനെ പരാമര്‍ശമില്ലെങ്കില്‍ തന്നെ, ഈ കുരുതി തടയാന്‍ പോലീസ് എന്തൊക്കെ ചെയ്തുവെന്ന ചോദ്യം കോടതിയില്‍ നിന്ന് ഉയരേണ്ടതല്ലേ? അതൊന്നുമുണ്ടാകാതിരിക്കുമ്പോള്‍ വര്‍ഗീയ ഫാസിസത്തിന്റെ ഇംഗിതം സഫലീകരിക്കുന്നതായി നിയമപാലന, നീതിനിര്‍വഹണ സംവിധാനങ്ങള്‍ മാറിയെന്ന് വിശ്വസിക്കേണ്ടിവരും. ആ വിശ്വാസം, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളിലുള്ള വിശ്വാസരാഹിത്യമായി മാത്രമേ വളരുകയുള്ളൂ. വംശഹത്യക്ക് അധ്യക്ഷതവഹിച്ചുവെന്ന ആരോപണം നേരിടുന്നവര്‍ പരമാധികാരികളായി വിഹരിക്കുന്ന കാലത്ത് പ്രത്യേകിച്ചും.


തലക്കെട്ടിന് കടപ്പാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി