2016-07-21

ഗാന്ധി വധത്തില്‍ നീതിയുടെ സ്വയം സേവനം


രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) മുഖപത്രമായ ഓര്‍ഗനൈസര്‍ 1970 ജനുവരി 11ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ''നെഹ്‌റുവിന്റെ പാക്കിസ്ഥാന്‍ അനുകൂല നിലപാടിനെ പിന്തുണച്ചാണ് ഗാന്ധിജി സത്യഗ്രഹം അനുഷ്ഠിച്ചത്. ഇത് ഗാന്ധിജിയെ ജനരോഷത്തിന്റെ ഇരയാക്കി. 'ജന'ത്തെ പ്രതിനിധാനം ചെയ്ത നാഥുറാം ഗോഡ്‌സെ, ജനരോഷത്തിന്റെ ആവിഷ്‌കാരമെന്ന നിലക്ക് കൊലപാതകം ആസുത്രണം ചെയ്തു'' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കെ ആര്‍ മല്‍ക്കാനിയായിരുന്നു അന്ന് ഓര്‍ഗനൈസറിന്റെ പത്രാധിപര്‍.


ഗാന്ധി വധത്തില്‍ ശിക്ഷിക്കപ്പെട്ട, നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ കൂടിയായ ഗോപാല്‍ ഗോഡ്‌സെ 1994ല്‍ പറഞ്ഞത് ഇങ്ങനെയാണ് - ''പോകൂ, ഗാന്ധിയെ കൊല്ലൂ എന്നൊരു പ്രമേയം ആര്‍ എസ് എസ് പാസ്സാക്കിയിട്ടില്ല. പക്ഷേ, നാഥുറാമിനെ തള്ളിപ്പറയാന്‍ ആര്‍ എസ് എസ്സിന് സാധിക്കില്ല. ഹിന്ദു മഹാസഭ നാഥുറാമിനെ തള്ളിപ്പറഞ്ഞിട്ടില്ല. 1944ല്‍ നാഥുറാം ഹിന്ദു മഹാസഭയില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആര്‍ എസ് എസ്സിന്റെ ബൗദ്ധിക് കാര്യവാഹ് കൂടിയായിരുന്നു അയാള്‍. നാഥുറാം, ദത്താത്രേയ, ഞാന്‍, ഗോവിന്ദ് - ഞങ്ങള്‍ സഹോദരങ്ങളെല്ലാം - ആര്‍ എസ് എസ്സിലുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലല്ല, ആര്‍ എസ് എസ്സിലാണ് ഞങ്ങള്‍ വളര്‍ന്നത്. ആര്‍ എസ് എസ് ഉപേക്ഷിച്ചുവെന്ന് നാഥുറാം കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. ഗാന്ധി വധത്തിന് ശേഷം ഗോള്‍വള്‍ക്കര്‍ക്കും ആര്‍ എസ് എസ്സിനും ഏറെ ബുദ്ധിമുട്ടുണ്ടായതിനാലാണ് അങ്ങനെ പറഞ്ഞത്. അയാളൊരിക്കലും ആര്‍ എസ് എസ് വിട്ടിരുന്നില്ല'' - ഗാന്ധി വധത്തെക്കുറിച്ച് ഗോപാല്‍ ഗോഡ്‌സെ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിലും നാഥുറാമിന്റെ ആര്‍ എസ് എസ് ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്.


സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ജവഹര്‍ ലാല്‍ നെഹ്‌റുവിനും ശ്യാമ പ്രസാദ് മുഖര്‍ജിക്കും 1948ല്‍ എഴുതിയ കത്തുകളില്‍ പറയുന്നത് - ''സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഹിന്ദു മഹാസഭയാണ് ഗൂഢാലോചന നടത്തിയതും അത് നടപ്പാകുന്നുവെന്ന് ഉറപ്പാക്കിയതും. ആര്‍ എസ് എസ്സും ഹിന്ദു മഹാസഭയും ഗാന്ധി വധത്തെ സ്വാഗതം ചെയ്തു. ഗാന്ധിയുടെ ചിന്താരീതിയെ ശക്തമായി എതിര്‍ത്തിരുന്നവരാണ് ഇവ രണ്ടും. ആര്‍ എസ് എസ്സും ഹിന്ദു മഹാസഭയും പ്രത്യേകിച്ച് ആര്‍ എസ് എസ് രാജ്യത്ത് സൃഷ്ടിച്ച അന്തരീക്ഷമാണ് ഈ കൊടിയ ദുരന്തം സാധ്യമാക്കിയത്''


രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ആര്‍ എസ് എസ് മധുരം വിതരണം ചെയ്തിരുന്നുവെന്നതും വസ്തുതയാണ്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഗാന്ധി വധത്തെത്തുടര്‍ന്ന് കുറച്ചുകാലം ആര്‍ എസ് എസ് രാജ്യത്ത് നിരോധിക്കപ്പെടുകയും ചെയ്തിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ തുടരുന്നതിനും അനധികൃതമായി ആയുധങ്ങള്‍ ശേഖരിക്കുന്നതിനും അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധം.
പില്‍ക്കാലത്തുള്ള വിവരങ്ങളാണ് ഇതൊക്കെ. ഈ വിവരങ്ങളൊക്കെ വസ്തുതകളാണെങ്കിലും അതൊക്കെ ഇപ്പോള്‍ പറയുന്നത് സാമൂഹിക നന്മ ലക്ഷ്യമിട്ടാണോ എന്ന് വ്യക്തമാകേണ്ടതുണ്ടെന്നാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി പറയുന്നത്. ഇപ്പറയുന്നതൊക്കെ വസ്തുതകളാണെങ്കിലും നിങ്ങള്‍ പൊതുവായ കുറ്റാരോപണത്തിന് തയ്യാറാകരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.


'ഗാന്ധിയെ വധിച്ചത് ആര്‍ എസ് എസ്സിന്റെ ആളുകളാണെന്നും അതേ ആര്‍ എസ് എസ് ഇപ്പോള്‍ ഗാന്ധിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും'  രാഹുല്‍ ഗാന്ധി പ്രസംഗിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണെന്നാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍ എന്നിവരെത്തിയ നിഗമനം. ''സ്വകാര്യതയുടെ ഏറ്റവും വലിയ ശത്രു പലപ്പോഴും ചരിത്ര'മാണ് എന്നും പരമോന്നത കോടതി പറഞ്ഞുവെക്കുന്നു. ചില സംഗതികള്‍, അത് രാഷ്ട്രപിതാവിനെ വധിച്ചവരെക്കുറിച്ചുള്ളതാണെങ്കില്‍പ്പോലും സ്വകാര്യമായിരിക്കുന്നതാണ് നല്ലതെന്നും ചരിത്രത്തെ വലിയ ശത്രുവായി ഉപയോഗിച്ച് അതിനെ ആക്രമിക്കരുതെന്നുമാകണം നീതിപീഠം ഉദ്ദേശിച്ചിട്ടുണ്ടാകുക.


ഗാന്ധിയെ വധിക്കുമ്പോഴും ആര്‍ എസ് എസ്സില്‍ അംഗങ്ങളായിരുന്നു തങ്ങളെന്ന ഗോപാല്‍ ഗോഡ്‌സെയുടെ വാക്കുകളെ വിശ്വസിച്ചാല്‍ ആര്‍ എസ് എസ് അംഗങ്ങളാണ് രാഷ്ട്രപിതാവിനെ വധിച്ചത് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ തെറ്റില്ല. ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ മധുരം വിതരണം ചെയ്യാന്‍ തയ്യാറായ ഒരു സംഘടനക്ക് ഏത് വിധത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അപകീര്‍ത്തികരമാകുന്നത് എന്നത് മനസ്സിലാകുന്നുമില്ല. ഗാന്ധി വധം മഹത്തരവും രാജ്യത്തിന്റെ ഉത്തമ താത്പര്യത്തിന് യോജിച്ചതുമാണെന്ന ബോധ്യത്താലാകൂമല്ലോ തികഞ്ഞ രാജ്യസ്‌നേഹികളായ ആര്‍ എസ് എസ് അന്ന് മധുരം വിതരണം ചെയ്തിട്ടുണ്ടാകുക. അത്തരമൊരു പ്രവൃത്തിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് ആര്‍ എസ് എസ് ചെയ്യേണ്ടത്.


നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം 'ശൗര്യ ദിവസ'മായി ഹിന്ദു മഹാസഭ, ഹിന്ദു സേന, മഹാറാണ പ്രതാപ് ബറ്റാലിയന്‍ എന്നീ സംഘടനകള്‍ ആചരിച്ചിരുന്നു. അങ്ങനെ ആചരിക്കുന്നതിനെ അപലപിച്ച ആര്‍ എസ് എസ് ദാര്‍ശനികന്‍ മന്‍മോഹന്‍ വൈദ്യ, ഗോഡ്‌സെ നായകനല്ല, കോലപാതകിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ആര്‍ എസ് എസ് ഇങ്ങനെ നിലപാട് മാറ്റുകയും അവര്‍ നിയന്ത്രിക്കുന്ന  നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയും ചെയ്യുമ്പോള്‍ 'ശൗര്യ ദിവസ്' ആചരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്. ഇതേക്കുറിച്ച് പേരിനൊരു അന്വേഷണമെങ്കിലും നടന്നതായി ഇതുവരെ വിവരമില്ല. ഇതൊക്കെ നടക്കുന്നതിനിടയിലാണ് ഗാന്ധി വധത്തിലെ ആര്‍ എസ് എസ് പങ്കിനെക്കുറിച്ചുള്ള പ്രസംഗം മാപ്പപേക്ഷിച്ചില്ലെങ്കില്‍ വിചാരണ നേരിടേണ്ട കുറ്റമാണെന്ന് സുപ്രീം കോടതി വിധിക്കുന്നതും പ്രസ്താവനകള്‍ സാമൂഹികനന്മ ലാക്കാക്കിയാണോ എന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് നിരീക്ഷിക്കുന്നതും.


ആര്‍ എസ് എസ്സിന്റെ ഇടപെടലുകള്‍ രാജ്യത്തിന്റെ പൊതുവായ നന്മ ലക്ഷ്യമിട്ടുള്ളതാണോ എന്ന ചോദ്യം ഏതെങ്കിലും തലത്തില്‍ അഭിമുഖീകരിക്കപ്പെടുന്നുണ്ടോ? കലാപങ്ങളില്‍, സ്‌ഫോടനങ്ങളില്‍, ഇതര മതവിഭാഗങ്ങള്‍ക്ക് നേര്‍ക്ക് സംഘടിപ്പിക്കപ്പെട്ട ആസൂത്രിത അക്രമങ്ങളില്‍, രാജ്യത്തിന്റെ പൊതു ഇടങ്ങളെ കാവിവത്കരിക്കുന്നതില്‍ ഒക്കെ ആര്‍ എസ് എസ്സും അതിന്റെ പരിവാര രൂപങ്ങളും നടത്തുന്ന ശ്രമങ്ങള്‍, അതിന് ഔദ്യോഗികപരിവേഷം നല്‍കാന്‍ അധികാരം കൈയാളുന്ന രാഷ്ട്രീയരൂപം സ്വീകരിക്കുന്ന നടപടികള്‍ ഒക്കെ പൊതുവായ നന്മ ലക്ഷ്യമിട്ടുള്ളതാണോ?
മലേഗാവിലുള്‍പ്പെടെ മൂന്നിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളും സംഝോത എക്‌സ്പ്രസിനു നേര്‍ക്കുണ്ടായ ആക്രമണവും ആസൂത്രണം ചെയ്തത് ഈ സംഘടനയുടെ കേന്ദ്ര സമിതി അംഗം ഉള്‍പ്പെടെയുള്ളവരാണെന്ന് 'സ്വാമി' അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്. അതേക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ഭരണ/നീതിനിര്‍വഹണ വിഭാഗത്തിനില്ലേ? അത്തരം പരിശോധനകളുടെ അടിസ്ഥാനത്തില്‍ പൊതുനന്മക്കു വേണ്ടി ഈ സംഘടന ഏത് വിധത്തിലാണ് സംഭാവന ചെയ്യുന്നത് എന്ന് വിലയിരുത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ട്.


അതുകൊണ്ട് തന്നെ ഗാന്ധി വധത്തിലുള്‍പ്പെടെ ആര്‍ എസ് എസ്സിനുള്ള പങ്ക്, അത് നേരിട്ടല്ലായിരിക്കാം, ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധി പരിശോധിക്കേണ്ടതുണ്ട് എന്ന് കോടതി പറയുമ്പോള്‍ ആര്‍ എസ് എസ്സും അതിന്റെ നിയന്ത്രണത്തിലുള്ള ഭരണവും വിമര്‍ശത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും അതീതരാണ് എന്ന സന്ദേശമാണ് നല്‍കപ്പെടുന്നത്. അതിനെ അടിയന്തരാവസ്ഥയുടെ ലക്ഷണങ്ങളിലൊന്നായി കാണേണ്ടിയും വരും.


ഒരു സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ചുള്ള വിചാരണ നടക്കേണ്ട കേസാണിതെന്നും അതൊഴിവാക്കണമെങ്കില്‍ മാപ്പ് അപേക്ഷിക്കണമെന്നും മാത്രമാണ് സുപ്രീം കോടതി പറഞ്ഞിരുന്നത് എങ്കില്‍ അപകടമില്ലായിരുന്നു. അതിന് പകരം ഗാന്ധി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വര്‍ഷങ്ങളായുള്ള ആര്‍ എസ് എസ് വാദത്തെ സാധൂകരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് പോലെയാണ് അതിന്റെ നിരീക്ഷണങ്ങള്‍. അത് ഇക്കാലത്ത് അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന് കരുതാനാകില്ല.

2016-07-18

ബുള്ളറ്റ് + പെല്ലറ്റ് = സമാധാനം?


ഇന്ത്യന്‍ യൂനിയന്റെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള നാഗ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളില്‍ പ്രമുഖമായ നാഷനല്‍ സോഷ്യലിസ്റ്റ് കോണ്‍സില്‍ ഓഫ് നാഗാലി (ഇസാക്ക് - മുയ്‌വാ) മുമായി ഏതാണ്ട് ഒരു വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഒരു കരാറുണ്ടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാഗാലിം നേതാവ് തുയിന്‍ഗാലെങ് മുയ്‌വയും ഒപ്പുവെച്ച ഇത്, സുസ്ഥിര സമാധാനത്തിലേക്ക് വഴി തുറക്കാനുള്ള കരാറെന്ന് വിശേഷിപ്പിക്കപ്പെട്ടു. കരാറിന്റെ ഉള്ളടക്കം എന്തെന്ന് ഇതുവരെ ആരും ഔദ്യോഗികമായി രാജ്യത്തോട് പറഞ്ഞിട്ടില്ല.


നാഗ വിഭാഗങ്ങള്‍ക്ക് അവരധിവസിക്കുന്ന പ്രദേശത്ത് പരമാധികാരം വേണമെന്ന ആവശ്യത്തില്‍ നിന്ന് നാഗാലിം പിന്‍മാറിയെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പരമാവധി സ്വയംഭരണാധികാരം നല്‍കാമെന്ന വാഗ്ദാനം സ്വീകരിച്ചുവെന്നും അതിനുള്ള നടപടിക്രമങ്ങളാണ് ഇനിയങ്ങോട്ടുള്ള ചര്‍ച്ചകളിലുണ്ടാകുകയെന്നും കേന്ദ്ര സര്‍ക്കാര്‍ അനൗദ്യോഗികമായി വിശദീകരിക്കുന്നുണ്ട്. പരമാധികാരമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നാഗ വിഭാഗക്കാര്‍ക്ക് പ്രത്യേക പാസ്‌പോര്‍ട്ടും കൊടിയും വേണമെന്നത് കേവലമൊരു ആവശ്യമല്ല, അവകാശമാണെന്നും തുയിന്‍ഗാലെങ് മുയ്‌വ പറയുന്നു. പരമാധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് ചില ധാരണകള്‍ രൂപപ്പെട്ടിട്ടുണ്ട് എന്നും മുയ്‌വ കൂട്ടിച്ചേര്‍ത്തു.


പ്രത്യേക പതാകയും പാസ്‌പോര്‍ട്ടുമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിന് നാഗ വിഭാഗങ്ങള്‍ക്കുള്ള ന്യായം ഇതാണ് - ''നാഗ ജനങ്ങള്‍, സ്വയം സമ്മതിച്ച്, ഇതുവരെ ഇന്ത്യന്‍ യൂനിയന്റെ ഭാഗമായിട്ടില്ല. അവര്‍ ഇതുവരെ ഇന്ത്യന്‍ ഭരണത്തിന് കീഴിലല്ല. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ഇക്കാര്യം ഇന്ത്യന്‍ പക്ഷം തിരിച്ചറിഞ്ഞിട്ടുണ്ട്'' (മുയ്‌വയുമായുള്ള അഭിമുഖം ദി ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ചത് - രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വിരുദ്ധമായത് എഴുതി പ്രചരിപ്പിച്ചുവെന്ന കേസിന് ശ്രമിക്കാനിടയുള്ളവര്‍ക്കു വേണ്ടി.)


ഭിന്ന സ്വത്വത്തിന് ഉടമകളാണെന്ന് അവകാശപ്പെട്ട്, നാഗന്‍മാര്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍ യോജിപ്പിച്ച് പരമാധികാരമുള്ള രാജ്യമാക്കണമെന്ന് ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് തന്നെ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന കാലത്ത് തന്നെ. രാജ്യം സ്വതന്ത്രമാകുകയും ഫെഡറല്‍ ഭരണക്രമമുള്ള ഇന്ത്യന്‍ യൂനിയനാകുകയും ചെയ്ത് ഏതാണ്ട് ഏഴ് പതിറ്റാണ്ടാകുമ്പോഴും 'ഞങ്ങള്‍ സ്വയം സമ്മതിച്ച് ഇന്ത്യന്‍ യൂനിയന്റെ ഭാഗമായിട്ടില്ല' എന്ന് പറയുന്നവര്‍ ഉണ്ടെങ്കില്‍ അത് ആരുടെ പരാജയമാണ്? 'എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്, അത് ഇന്ത്യന്‍ പക്ഷം തിരിച്ചറിഞ്ഞിട്ടുണ്ട്' എന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ രാജ്യത്തിന്റെ ഭാഗമാണെന്ന ഭരണകൂടത്തിന്റെ അവകാശവാദത്തെ ഇത്രകാലമായിട്ടും ആ ജനത അംഗീകരിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇന്ത്യന്‍ യൂനിയനെന്നത് അവര്‍ക്കൊരു 'വിദേശ രാഷ്ട്ര'മാണെന്നും.


തീഷ്ണതയുടെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും ഇതേ വികാരം പങ്കുവെക്കുന്ന ഗോത്ര വിഭാഗങ്ങള്‍ വേറെയുമുണ്ട് വടക്ക് കിഴക്കന്‍ മേഖലയില്‍. ആ വികാരത്തിന് പിറകിലെ രാഷ്ട്രീയത്തെ തിരിച്ചറിയാതിരിക്കുകയോ തിരിച്ചറിഞ്ഞാല്‍ തന്നെ അംഗീകരിക്കാതിരിക്കുകയോ ആണ് ഭരണകൂടങ്ങള്‍ ചെയ്തത്. ക്രമസമാധാന പ്രശ്‌നമായി, രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന തീവ്രവാദമായി, രാജ്യത്തിനു നേര്‍ക്ക് യുദ്ധം ചെയ്യുന്ന ഭീകരവാദമായി വിശദീകരിച്ച് അതിനെ അടിച്ചമര്‍ത്താന്‍ ഉപാധികള്‍ തിരഞ്ഞു. സൈന്യത്തെ വിന്യസിക്കല്‍, അവര്‍ക്ക് പ്രത്യേക അധികാരം നല്‍കി അടിച്ചമര്‍ത്തല്‍ സുഖകരമാക്കാനുള്ള ശ്രമം ഒക്കെ അതിന്റെ ഭാഗമാണ്.


ജമ്മു കശ്മീരിന്റെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. സ്വയം സമ്മതിച്ച് ഇന്ത്യന്‍ യൂനിയന്റെ ഭാഗമായതാണെന്ന തോന്നല്‍ കശ്മീര്‍ ജനതക്കുണ്ടോ? സ്വയം നിര്‍ണയിക്കാനുള്ള അവകാശം നല്‍കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ മടി കാട്ടിയവര്‍, പിന്നീട് ഭരണഘടനയില്‍ ചേര്‍ത്ത വ്യവസ്ഥകളെ വ്യാഖ്യാനിച്ച് പ്രദേശവും ജനങ്ങളും ഇന്ത്യന്‍ യൂനിയന്റെ അവിഭാജ്യഘടകമാണെന്ന് വരുത്തി. അങ്ങനെ വരുത്തിയാല്‍ തീരുന്നതല്ല പ്രശ്‌നങ്ങളെന്നാണ് മുയ്‌വ തുറന്ന് പറയുന്നത്. കശ്മീരില്‍ ആവര്‍ത്തിക്കുന്ന സംഘര്‍ഷങ്ങള്‍ക്കെല്ലാം യഥാര്‍ഥ ഹേതുവും മറ്റൊന്നല്ല. അത് അംഗീകരിച്ചുകൊണ്ടുള്ള പരിഹാരശ്രമമേ ഫലപ്രദമാകൂ.


ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ 'സുരക്ഷാ സേന' 'ഏറ്റുമുട്ടലില്‍' വധിച്ചതാണ് നാല്‍പ്പതിലേറെപ്പേരുടെ ജീവനെടുത്ത ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പ്രത്യക്ഷത്തിലുള്ള കാരണം. സുരക്ഷാ സേനയെന്ന ഭരണകൂടത്തിന്റെ വിശേഷണത്തെ സ്വീകരിക്കാന്‍ ഇവിടുത്തുകാര്‍ക്ക് സാധിക്കില്ല. 'ഏറ്റുമുട്ടലില്‍' വധിച്ചുവെന്ന വാദവും അവര്‍ മുഖവിലക്കെടുത്തെന്ന് വരില്ല. തീവ്രവാദം ശക്തമാകുകയും സൈനിക നടപടി ആരംഭിക്കുകയും ചെയ്തതിന് ശേഷം ജമ്മു കശ്മീരില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരുടെ എണ്ണം പതിനായിരത്തില്‍ അധികമാണ്. ഇവരില്‍ ഭൂരിഭാഗവും യുവാക്കളും. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വേണമെന്ന അമ്മമാരുടെ ആവശ്യത്തിന്  പതിറ്റാണ്ടിലേറെപ്പഴക്കമുണ്ട്. സംസ്ഥാനത്ത് പലയിടത്തായി പിന്നീട് കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളില്‍ രണ്ടായിരത്തിലധികം പേരുടെ ശരീരാവശിഷ്ടങ്ങളുണ്ടായിരുന്നു. സൈന്യം നിയമത്തിന് പുറത്ത് നടത്തിയ കൊലകളുടെ സാക്ഷ്യമാണോ കൂട്ടക്കുഴിമാടം? ഇതൊക്കെ അറിയാവുന്ന, ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കിട്ടാത്ത, ഒരു ജനത 'സുരക്ഷ', 'ഏറ്റുമുട്ടല്‍'തുടങ്ങിയവ വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കാനാകില്ലല്ലോ!


തങ്ങളുടെ സമ്മതം തേടിയോ എന്ന ചോദ്യം ശേഷിക്കെ, ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച ഭരണം ജീവിതാവശ്യങ്ങളോട് മുഖം തിരിഞ്ഞുനിന്നുവെന്ന തോന്നല്‍ കൂടിയുണ്ടായാലോ? 370-ാം വകുപ്പനുസരിച്ച് അനുവദിച്ച അവകാശങ്ങള്‍ കാലക്രമേണ ഇല്ലാതാക്കിയത് ഈ തോന്നല്‍ ദൃഢീഭവിപ്പിച്ചിട്ടുമുണ്ടാകും. സൈന്യത്തിന്റെയോ അര്‍ധ സൈനിക വിഭാഗങ്ങളുടെയോ സാന്നിധ്യത്തില്‍ ജീവിക്കേണ്ടി വരിക എന്ന, ഭാഗികമായ കാരാഗൃഹവാസത്തിന്റെ മരവിപ്പ് വേറെയും. ഈ സാഹചര്യത്തെ മുതലെടുക്കാന്‍ ലക്ഷ്യമിട്ട് അതിര്‍ത്തിക്കപ്പുറത്ത് ആളുകളുമുണ്ട്. അവര്‍ക്ക് അവസരമൊരുക്കുന്ന പ്രവൃത്തിയാണ് പലപ്പോഴും നമ്മുടെ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ഭാഗത്തു നിന്നുണ്ടാകാറ് എന്നതും മറന്നുകൂട. ദുരുദ്ദേശ്യക്കാരെ അകറ്റിനിര്‍ത്തണമെങ്കില്‍ കശ്മീരിലെ ജനതയെ വിശ്വാസത്തിലെടുക്കണം, അവര്‍ക്ക് തിരിച്ച് വിശ്വാസമുണ്ടാകുകയും വേണം. അതിന് പാകത്തില്‍ എന്തെങ്കിലും ശ്രമം സമീപകാലത്ത് നടന്നിട്ടുണ്ടോ? ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറിന്റെ കാലത്ത് ചില ശ്രമങ്ങളുണ്ടായെങ്കിലും അതില്‍ തുടര്‍നടപടികളുണ്ടായില്ല.


ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാലത്ത് ജമ്മു കശ്മീരിലെ സ്ഥിതി ഏറെ മെച്ചപ്പെട്ടുവെന്ന് വിലയിരുത്തപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രപതിഭരണത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തി, ജനാധിപത്യ ഭരണത്തിന് അവസരമുണ്ടാക്കിയത് വലിയ  ചുവടുവെപ്പായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെക്കൂടി ഉള്‍പ്പെടുത്തി നടത്തിയ വട്ടമേശ സമ്മേളനം, അതിന്റെ ഭാഗമായി പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കര്‍മ സമിതികള്‍ രൂപവത്കരിച്ചത് അങ്ങനെ പ്രതീക്ഷ ജനിപ്പിക്കുന്ന പലതും ഇക്കാലത്തുണ്ടായി. ഈ സമിതികള്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചുവെങ്കിലും അതിലൊന്നു പോലും പ്രാബല്യത്തിലായില്ല.


ജമ്മു കാശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കുന്നതുള്‍പ്പെടെ ശിപാര്‍ശകള്‍ സമിതികളിലൊന്ന് നിര്‍ദേശിച്ചിരുന്നു. ഇത് നയപരമായ തീരുമാനം ആവശ്യമായതിനാല്‍ മാറ്റിവെക്കപ്പെട്ടുവെന്നത് മനസ്സിലാക്കാം. പക്ഷേ, ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശിപാര്‍ശകള്‍ നടപ്പാക്കാന്‍ തടസ്സമുണ്ടായിരുന്നില്ല. ജമ്മു കാശ്മീരിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കാന്‍ കോടികള്‍ അനുവദിച്ചുവെന്ന പ്രഖ്യാപനങ്ങളുണ്ടായി. അത്തരം പ്രഖ്യാപനങ്ങള്‍ വടക്ക് - കിഴക്കന്‍ മേഖലകളുടെ കാര്യത്തിലും ജമ്മു കശ്മീരിന്റെ കാര്യത്തിലും ഇപ്പോഴുമുണ്ടാകുന്നുണ്ട്. അതിലെത്രത്തോളം നടപ്പാകുന്നു? ഈ മേഖലകളിലെ ജനങ്ങളെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇവ സഹായിക്കുന്നുണ്ടോ?


ഈ ചോദ്യങ്ങള്‍ ശേഷിക്കുന്നുവെന്നതിന്റെ തെളിവായി കൂടി വേണം കശ്മീരിലെ ഇപ്പോഴത്തെ സംഘര്‍ഷങ്ങളെ കാണാന്‍. വാനിയുടെ മരണം അതിനൊരു ഹേതുവായി എന്ന് മാത്രം. വാനിയുടെ ഖബറടക്കച്ചടങ്ങില്‍ ലക്ഷത്തിലധികം പേര്‍ പങ്കെടുത്തുവെന്നാണ് പ്രക്ഷോഭത്തിന് ഇറങ്ങിയവരുടെ അവകാശവാദം. പതിനായിരത്തോളം പേരേ പങ്കെടുത്തുള്ളൂവെന്ന് സേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. പതിനായിരത്തോളം പേര്‍ പങ്കെടുത്തുവെങ്കില്‍, അത്രയും പേരില്‍ സ്വാധീനം ചെലുത്താന്‍ ഈ ചെറുപ്പക്കാരന് സാധിച്ചിരുന്നുവെന്നാണ് അര്‍ഥം. അത് എന്തുകൊണ്ട് എന്ന് മനസ്സിലാകണമെങ്കില്‍, പ്രശ്‌നത്തിന്റെ യഥാര്‍ഥ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധിക്കേണ്ടിവരും. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.


സ്ഥിതി ഏറെ മെച്ചപ്പെട്ടുവെന്ന് അവകാശപ്പെട്ട യു പി എ സര്‍ക്കാറും സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയത്തില്‍ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് - എ എഫ് എസ് പി എ) ഇളവു വരുത്താന്‍ തയ്യാറായിരുന്നില്ല. തിരഞ്ഞെടുത്ത പ്രദേശങ്ങളെങ്കിലും ഈ നിയമത്തിന് പുറത്താകണമെന്ന അന്നത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നിര്‍ദേശം, സൈന്യത്തിന്റെ എതിര്‍പ്പ് മൂലം നടപ്പാക്കാന്‍ സാധിച്ചില്ല. എ എഫ് എസ് പി എ, പൊതു സുരക്ഷാ നിയമം (പബ്ലിക് സേഫ്റ്റി ആക്ട് - പി എഫ് എ) തുടങ്ങിയ പ്രത്യേക നിയമങ്ങളുടെ നടപ്പാക്കല്‍ ഏത് വിധത്തില്‍ നിയന്ത്രിക്കാനാകുമെന്ന് നിലവില്‍ അധികാരത്തിലുള്ള പി ഡി പി - ബി ജെ പി സഖ്യ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ആ വഴിയിലേക്കൊരു ചര്‍ച്ചപോലും ഉണ്ടായില്ല. കശ്മീരിനെയാകെ വലച്ചതായിരുന്നു ഏതാണ്ടൊരു വര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്കം. അതില്‍ വീടും സ്വത്തുമൊക്കെ നഷ്ടപ്പെട്ടവരുടെ പുനരധിവാസവും സഖ്യ സര്‍ക്കാറിന്റെ മുഖ്യ വാഗ്ദാനമായിരുന്നു. അതിലും വലിയ പുരോഗതിയൊന്നും കൈവരിക്കാനായില്ല. സംസ്ഥാനത്തിന് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വാക്കുകളില്‍ ഒതുങ്ങി.


പ്രശ്‌നങ്ങളെ, അതിന്റെ അടിസ്ഥാന രാഷ്ട്രീയം മനസ്സിലക്കി അഭിമുഖീകരിക്കാതെ, ബുള്ളറ്റുകളും പെല്ലറ്റുകളും പ്രയോഗിച്ച് ക്രമസമാധാനം ഉറപ്പാക്കി കാശ്മീരിലെ ജീവിതം സമാധാനപൂര്‍ണമാക്കാനാകുമെന്ന് കരുതുന്നുവെങ്കില്‍ അത് മൗഢ്യമാണ്. യു പി എ സര്‍ക്കാറിന് സാധിക്കാതിരുന്നത് 'ദേശീയത'യിലും 'രാജ്യസ്‌നേഹ'ത്തിലും (ഹിന്ദുത്വ ചേര്‍ത്തത്) വിട്ടുവീഴ്ചയില്ലാത്ത നരേന്ദ്ര മോദി സര്‍ക്കാറിന് സാധിക്കുമോ? നാഗാലിം നേതാവ് തുയിന്‍ഗാലെങ് മുയ്‌വക്ക് അഭിപ്രായം തുറന്ന് പറയാനെങ്കിലും സാധിക്കുന്നുണ്ട്. അതിനുള്ള സ്വാതന്ത്ര്യം കശ്മീരികള്‍ക്കും നല്‍കുമോ നരേന്ദ്ര മോദി?

2016-07-11

കൊല: പ്രത്യേക അധികാരമുള്ളതും ഇല്ലാത്തതും


ജൂലൈ 10നും 11നും ഇടക്കുള്ള രാത്രിയിലാണ് തങ്ജാം മനോരമയുടെ കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ വീട്ടിലേക്ക് അസം റൈഫിള്‍സ് പതിനേഴാം ബറ്റാലിയനിലെ സൈനികര്‍ അതിക്രമിച്ച് കടന്നത്. വാതില്‍ തകര്‍ത്ത് അകത്തുകടന്നവര്‍ മനോരമയെ വലിച്ചിഴച്ച് പുറത്തെത്തിച്ചു. സ്വന്തം വീടിന് മുന്‍വശത്തെ പോര്‍ച്ചില്‍ വെച്ച് മനോരമ ഉപദ്രവിക്കപ്പെട്ടു. ഭയം കൊണ്ട് ഇല്ലാതായിപ്പോയ ശബ്ദത്തില്‍ 'അറിയില്ല', 'അറിയില്ല' എന്ന് മനോരമ പറഞ്ഞത് ഇന്നും ഓര്‍മയിലുണ്ട് ഇളയ സഹോദരന്‍ തങ്ജാം ബസുവിന്.
അസം റൈഫിള്‍സ് രജിസ്റ്റര്‍ ചെയ്ത രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ തുടരുന്നു - ''പല സ്ഥലങ്ങളിലേക്കും മനോരമയെ തെളിവെടുപ്പിനായി കൂട്ടിക്കൊണ്ടുപോയി. മനോരമയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചൈനയില്‍ നിര്‍മിച്ച ഗ്രനേഡുകളും എ കെ 47 തോക്കും കണ്ടെടുക്കാനായി. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ മനോരമയുടെ നേര്‍ക്ക് 'സുരക്ഷാ' ഭടന്‍മാര്‍ വെടിയുതിര്‍ത്തു. വെടിയേറ്റ് രക്തം വാര്‍ന്ന് മനോരമ മരിച്ചു.''


മണിപ്പൂരില്‍ ജില്ലാ സെഷന്‍സ് ജഡ്ജായി വിരമിച്ച സി ഉപേന്ദ്ര സിംഗായിരുന്നു ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ അധ്യക്ഷന്‍. 2004 ഡിസംബറില്‍ ഉപേന്ദ്ര സിംഗ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് - ''സൈനികരുടെ കസ്റ്റഡിയില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകമാണ് ഇത്. ക്രൂരവും ദയാരഹിതവുമായ ആക്രമണങ്ങള്‍ക്ക് മനോരമ വിധേയയാക്കപ്പെട്ടു. ലൈംഗിക അതിക്രമമുള്‍പ്പെടെ. നിസ്സഹായാവസ്ഥയിലാണ് അവള്‍ക്കു നേര്‍ക്ക് വെടിയുതിര്‍ക്കപ്പെട്ടത്. ശരീരത്തിലേറ്റ 16 ബുള്ളറ്റുകളില്‍ ഒന്നു മാത്രമേ കാലില്‍ ഏറ്റുള്ളൂ. ജനനേന്ദ്രിയത്തിലും അരക്കെട്ടിലുമൊക്കെ വെടിയുണ്ടയേറ്റിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചതാണെന്ന കഥ നുണയാണ്. വസ്തുത കണ്ടെത്താന്‍ ശ്രമിക്കുക എന്നത് മാത്രമായിരുന്നു അന്വേഷണ കമ്മീഷന്റെ ദൗത്യം. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിലെ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് - എ എഫ് എസ് പി എ) വ്യവസ്ഥകളെ ഉപയോഗിച്ച് കമ്മീഷന്റെ പ്രവര്‍ത്തനത്തെ തടയാന്‍ അസം റൈഫിള്‍സ് പരമാവധി ശ്രമിച്ചിരുന്നു. ഈ നിയമത്തിലെ ആറാം വകുപ്പ് നല്‍കുന്ന പരിമിതമായ അധികാരം ഉപയോഗിച്ച് മാത്രമായിരുന്നു കമ്മീഷന്റെ പ്രവര്‍ത്തനം.''


മനോരമയെ സൈനികര്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ ശേഷം വെടിവെച്ചുകൊന്നതാണെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ മണിപ്പൂരുകാര്‍ക്ക് മനസ്സിലായിരുന്നു. സൈന്യത്തെയും അവര്‍ക്കുള്ള പ്രത്യേക അധികാരങ്ങളെയും ഭയക്കുന്നവര്‍ അത് പരസ്യമായി പറയാനോ പ്രതിഷേധിക്കാനോ തയ്യാറായില്ല. സൈന്യത്തെയും അവര്‍ക്കുള്ള പ്രത്യേക അധികാരത്തെയും ചോദ്യംചെയ്യണമെന്ന് നിശ്ചയിച്ചവര്‍ പ്രതിഷേധിച്ചു. ഏതാനും സ്ത്രീകള്‍ സൈനിക ക്യാമ്പിന് മുന്നില്‍ നഗ്നരായി പ്രകടനം നടത്തി, 'ഞങ്ങളെ ബലാത്സംഗം ചെയ്യൂ പട്ടാളക്കാരേ' എന്ന ബാനറുമായി. നാണമുള്ള ഭരണ സംവിധാനവും അതിന് കീഴിലുള്ള സൈന്യവുമായിരുന്നുവെങ്കില്‍ അന്ന് തന്നെ പ്രത്യേക അധികാരങ്ങള്‍ കൈയൊഴിഞ്ഞ്, കൊടും ക്രൂരത നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സംവിധാനമൊരുക്കി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരുമായിരുന്നു.


ഒന്നുമുണ്ടായില്ല. പ്രത്യേക അധികാരങ്ങള്‍ ഇല്ലാതായാല്‍ ക്ഷീണിച്ച് പോകുന്ന സൈനികരെക്കുറിച്ചും ആ ക്ഷീണം രാജ്യസുരക്ഷക്ക് ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ചും പടനായകര്‍ പ്രബന്ധങ്ങള്‍ ചമച്ചു. വിഭവ സമൃദ്ധമായ അമൃതേത്തിന് ശേഷം രുചിയാസ്വദിക്കാന്‍ ചുണ്ടിന്‍മേല്‍ നാവാടുന്നത് പോലെ, പ്രബന്ധങ്ങള്‍ക്കടിയില്‍ മന്ത്രിപുംഗവന്‍മാരുടെ കരവടിവ് തെളിഞ്ഞു. ഇക്കാലത്തിനിടെ മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരങ്ങള്‍ പലകുറി നടപ്പാക്കപ്പെട്ടു. കര്‍ഫ്യു ലംഘിച്ച് പുറത്തിറങ്ങിയതിന്റെ പേരില്‍, ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടയാളുടെ കൈവശം ആയുധമുണ്ടായിരുന്നോ എന്ന സംശയത്തിന്റെ പേരില്‍, സൈനികരെ കണ്ടപ്പോള്‍ പുറം തിരിഞ്ഞ് നടന്നവന്‍/നടന്നവള്‍ തീവ്രവാദിയാണോ എന്ന ശങ്കയുടെ പേരില്‍ ഒക്കെ നിരപരാധികളുടെ ചോര തെരുവില്‍ ഒഴുകി. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ  വൈരമോ കൂടുതല്‍ ഉയരത്തിലേക്കുള്ള കയറ്റത്തിനുള്ള ഉപായമോ രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കാനുള്ള മറയോ ഒക്കെയായി മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു.


വെടിവെച്ച് കൊന്നശേഷം ഏറ്റുമുട്ടലായി ചിത്രീകരിച്ചുവെന്ന ആരോപണം, മണിപ്പൂരില്‍ മാത്രം നേരിടുന്നത് ഔദ്യോഗികമായി 1,528 കേസുകളിലാണ്. അവയിലൊക്കെ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ്, മനുഷ്യ ജീവന്റെ വില ഭരണകൂടത്തെയും സൈന്യത്തെയും സുപ്രീം കോടതി ഓര്‍മിപ്പിച്ചത്. തീവ്രവാദിയോ കൊടുംകുറ്റവാളിയോ ആയാലും സാഹചര്യം ആവശ്യപ്പെടുന്നതിലധികം പ്രഹരശേഷി ഉപയോഗപ്പെടുത്തി ജീവനെടുക്കുന്നതിലും നിരോധനാജ്ഞ നിലനില്‍ക്കുന്നിടത്ത് പുറത്തിറങ്ങിയയാളെ കൈവശം ആയുധമുണ്ടായിരുന്നുവെന്ന ഒറ്റക്കാരണത്താല്‍ വെടിവെച്ചിടുന്നതിലും സൈന്യത്തെ വിലക്കുകയാണ് സുപ്രീം കോടതി. പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന ഏത് നിയമത്തിന്റെ അകമ്പടി, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാ വ്യവസ്ഥയുടെ പിറകിലേ നില്‍ക്കൂവെന്ന് ഓര്‍മിപ്പിക്കുമ്പോള്‍ ഇത്തരം നിഷ്ഠുരതകള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിലവിലുള്ള തടസ്സങ്ങള്‍ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കണം.


സി പി ഐ മാവോയിസ്റ്റ് നേതാവായിരുന്ന ചേറുകുരി രാജ്കുമാറിനെ (ആസാദ്) വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന ആരോപണം പരിഗണിക്കവെ, സ്വന്തം മക്കളുടെ ചോര കൈകളില്‍ പുരളുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ടെന്ന് പരമോന്നത കോടതി അഭിപ്രായപ്പെട്ടിട്ട് അഞ്ച് വര്‍ഷത്തോളമായിട്ടുണ്ടാകും. ആസാദിനെ ഏറ്റുമുട്ടലില്‍ വധിച്ചതാണെന്ന് തീര്‍പ്പാക്കിയതോടെ കോടതിയുടെ പരമാര്‍ശങ്ങളുടെ രൂക്ഷത നേര്‍പ്പിക്കപ്പെട്ടു. കാലാന്തരത്തില്‍ പൂര്‍ണമായും ലയിപ്പിക്കപ്പെടുകയും ചെയ്തു. അതിനു ശേഷം 'സുരക്ഷാ' സേനകള്‍ നടത്തിയ ഏറ്റുമുട്ടലുകളില്‍ എത്രയെണ്ണം സംവിധാനം ചെയ്യപ്പെട്ടവയായിരുന്നുവെന്ന് ആരും ചികഞ്ഞിട്ടുണ്ടാകാന്‍ ഇടയില്ല.


മനോരമയെ കൊലപ്പെടുത്തിയ കേസില്‍ 2004 ഡിസംബറില്‍ സമര്‍പ്പിച്ച വസ്തുതാന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെടുന്നത് കൃത്യം പത്ത് വര്‍ഷത്തിന് ശേഷമാണ്. എന്തുകൊണ്ടിത്ര കാലതാമസമെന്ന് വ്യാജ ഏറ്റുമുട്ടലുകളില്‍ അന്വേഷണം വേണമെന്ന് നിര്‍ബന്ധിക്കുമ്പോള്‍ സുപ്രീം കോടതി പരിശോധിക്കേണ്ടതല്ലേ? നിസ്സഹായരായ മനുഷ്യര്‍ ഒരു ഭാഗത്തും സൈന്യമോ ഭരണകൂടമോ പൊലീസോ ഒക്കെ മറുഭാഗത്തോ ഉള്ള കേസുകളിലൊക്കെ കാലതാമസമോ അതുവഴിയുള്ള അന്വേഷണ അട്ടിമറിയോ രാജ്യത്ത് പതിവാണെന്നത് കൂടി പരമോന്നത നീതിപീഠം ഓര്‍ക്കേണ്ടതാണ്. ഈ അവസ്ഥയിലേക്ക് നീതിന്യായ സംവിധാനം എത്തിപ്പെടുന്നതില്‍ പരമോന്നത നീതിപീഠത്തിന്റെ പങ്ക് എത്രത്തോളമുണ്ടെന്നതും വിലയിരുത്തപ്പെടേണ്ടതാണ്. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിന്റെ ഭരണഘടനാ സാധുത പലതവണ കോടതികള്‍ (പരമോന്നതം ഉള്‍പ്പെടെ) ശരിവെച്ചിട്ടുണ്ട്. അപ്പോഴൊന്നും ആ വ്യവസ്ഥകളെ മറയാക്കി ഒടുക്കപ്പെടുന്ന 'നിസ്സാര ജീവനു'കള്‍ക്ക് ഭരണഘടന നല്‍കുന്ന സംരക്ഷണം ഉറപ്പാക്കണമെന്ന തോന്നല്‍ ഉണ്ടായിരുന്നില്ലല്ലോ?


ഈ റിപ്പോര്‍ട്ട് നേരത്തെ പരിഗണിക്കപ്പെടുകയും ന്യായാന്യായങ്ങള്‍ പരിശോധിച്ച് കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്തിരുന്നുവെങ്കില്‍ 'ഏറ്റുമുട്ടലുകളു'ടെ ഔദ്യോഗിക കണക്കില്‍ അല്‍പ്പമെങ്കിലും കുറവുണ്ടാകുമായിരുന്നില്ലേ? പ്രത്യേക അധികാരം നല്‍കുന്ന നിയമത്തില്‍ മാറ്റം വേണമെന്ന് 2013ല്‍ ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ കമ്മിറ്റി നിര്‍ദേശിച്ചപ്പോള്‍ അതിന്‍മേല്‍ അനുകൂലമായൊരു ചിന്ത ഭരണ നേതൃത്വത്തില്‍ നിന്നുണ്ടാകുമായിരുന്നില്ലേ?


മണിപ്പൂരിലും വടക്ക് കിഴക്കന്‍ മേഖലയിലെ ഇതര സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും സൈന്യം അനുഭവിക്കുന്ന പ്രത്യേക അധികാരങ്ങള്‍, ഒരു നിലക്കും നിയന്ത്രിക്കാവതല്ലെന്ന തോന്നലില്‍ പ്രാദേശിക സര്‍ക്കാറുകളൊക്കെ നിസ്സംഗ വേഷം കെട്ടുകയാണ് ചെയ്തിരുന്നത്.   ചെറിയ എതിര്‍പ്പുകള്‍ ഉന്നയിച്ച ജമ്മു കശ്മീരിന്റെ ശബ്ദം കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയതിന് പിറകില്‍ ആ പ്രദേശവും അവിടുത്തെ ന്യൂനപക്ഷ സാന്നിധ്യവും കാരണമായിട്ടുണ്ട്. പക്ഷേ, മറ്റിടങ്ങളിലെ സര്‍ക്കാറുകള്‍ കൂടി കുറേക്കൂടി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍, അമിതാധികാര പ്രയോഗത്തില്‍ നിന്ന് സൈനിക വിഭാഗങ്ങള്‍ ഒട്ടൊക്കെ വിട്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. അതിലേക്കൊക്കെ  സുപ്രീം കോടതിയുടെ വൈകിയാണെങ്കിലുമുള്ള ഇടപെടല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. അതോ മക്കളുടെ ചോര കൈകളിലില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തെ ഓര്‍മിപ്പിച്ചതുപോലുള്ളൊരു കടത്തുകഴിക്കലായി ഇതും മാറുമോ?


പ്രത്യേക അധികാരങ്ങളുടെ അകമ്പടി കൂടാതെ രാജ്യത്ത് അരങ്ങേറിയ നിയമത്തിന് പുറത്തുള്ള കൊലകളെക്കൂറിച്ച് കൂടി ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനിടെ സുവര്‍ണ ക്ഷേത്രത്തിന്റെ ചുവരിനോട് ചേര്‍ത്ത്, വരിയായി നിര്‍ത്തി ബുള്ളറ്റഭിഷേകം നടത്തിയത്, ഇന്ദിരാ വധത്തിന് ശേഷം അധികാരത്തിന്റെ തുണയോടെ സിഖുകാര്‍ വേട്ടയാടപ്പെട്ടത്, ചോദ്യം ചെയ്യലിനെന്ന പേരില്‍ പോലീസുകാര്‍ കൂട്ടിക്കൊണ്ടുപോയ സിഖ് യുവാക്കള്‍ പിന്നീട് 'ഏറ്റുമുട്ടലു'കളില്‍ കൊല്ലപ്പെട്ടത് അങ്ങനെ പലതും. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളില്‍ നിന്നും 'ഏറ്റുമുട്ടല്‍' കൊലകളുടെ കഥകള്‍ ഉയര്‍ന്നു. അതിലെത്രയെണ്ണത്തില്‍ നെല്ലും പതിരും തെളിഞ്ഞുവെന്നത് കൂടി പരിശോധിക്കപ്പെടണം.


നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2002 മുതല്‍ 2006 വരെയുള്ള കാലത്ത് ഗുജറാത്തിലുണ്ടായത് മുപ്പതോളം ഏറ്റുമുട്ടലുകളാണ്. അതില്‍ പലതും ഭരണകൂടത്തിന്റെ കൈകളില്‍ പുരണ്ട മക്കളുടെ ചോരയാണെന്ന ആരോപണം നിലനില്‍ക്കുന്നു. ഇവയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ സുപ്രീം കോടതി തന്നെ നിയോഗിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആ കമ്മിറ്റി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷമൊന്ന് കഴിയുകയും ചെയ്തു. ഇവയില്‍ ചിലതിലെങ്കിലും അന്വേഷണം നടക്കുകയും ചില പോലീസ് ഉദ്യോഗസ്ഥരെ ആരോപണവിധേയരാക്കി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അവ വിചാരണക്കെടുക്കുമ്പോഴേക്കും ഈ കേസുകളില്‍ കറുത്തതാടിക്കും വെളിത്ത താടിക്കുമുള്ള പങ്ക് സംബന്ധിച്ച ആരോപണങ്ങളില്‍ തെളിവില്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. അതിന് പാകത്തില്‍ കേസുകള്‍ നടത്തുന്നു.


നീതി വൈകുന്നത് അത് നിഷേധിക്കുന്നതിന് തുല്യമാണെന്നാണ് ആപ്തവാക്യം. നിയമനടപടികള്‍ വൈകുമ്പോള്‍, നീതി വൈകുക മാത്രമല്ല, അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഏറുക കൂടിയാണ് ചെയ്യുന്നത്, പ്രത്യേക അധികാരമുള്ളിടത്തും ഇല്ലാത്തിടത്തും. പ്രത്യേക അധികാരങ്ങള്‍, നിയമബാഹ്യമായി ലഭിക്കുന്ന രാജ്യത്ത് പ്രത്യേകിച്ചും. ആകയാല്‍ സുപ്രീം കോടതി വിധി പ്രത്യേക അധികാരമുള്ളിടത്തും ഇല്ലാത്തിടത്തും പ്രസക്തമാണ്, വിധിവാക്യങ്ങളുടെ അന്തസ്സത്തയുള്‍ക്കൊണ്ട് നടപ്പാക്കപ്പെടുമെങ്കില്‍.

2016-07-04

പ്രകടന-അവലോകനാര്‍ത്ഥമിദം ശരീരം


ഭരണം രണ്ടാണ്ട് പിന്നിട്ട ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിസഭാംഗങ്ങളുടെ പ്രകടനം വിലയിരുത്തുകയും പൊതുവില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായാണ്, വടക്കേക്കൂട്ടാല നാരായണന്‍ നായരെ കടമെടുത്താല്‍, വിശേഷാല്‍ പരുന്തുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിലയിരുത്തല്‍ മാത്രമുദ്ദേശിച്ച് ചേര്‍ന്ന യോഗം നാല് മണിക്കൂറും 45 മിനുട്ടും നീണ്ടു നിന്നതായും. സമയക്രമം മുഹൂര്‍ത്തം, ഘടികം, കാല ഭിന്നങ്ങളിലാണ് രേഖപ്പെടുത്തേണ്ടതെങ്കിലും ദേശീയ വൃത്താന്ത പത്രകാര്‍ ഇപ്പോഴും മണിക്കൂര്‍, മിനുട്ട് പ്രയോഗം തുടരുന്നുണ്ട്. ഇത്തരം പ്രയോഗങ്ങളൊക്കെ വരും നാളുകളില്‍ പരിഷ്‌കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുക. സമയദൈര്‍ഘ്യത്തിന് ഇത്രയും പ്രാധാന്യം കൈവരാന്‍ കാരണമുണ്ട്. 1947 ആഗസ്ത് 14ന് അര്‍ധരാത്രി രാജ്യം സ്വതന്ത്രമായതിന് ശേഷം ഇന്നോളം ഇത്രയും ദൈര്‍ഘ്യമുള്ള യോഗം മോദിയല്ലാതൊരു പ്രധാനമന്ത്രിയും വിളിച്ചുചേര്‍ത്തിട്ടില്ലെന്ന് ഭക്ഷ്യ - ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  മാത്രമോ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ഉത്കടമായ താത്പര്യത്തോടെയാണ് യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തതെന്നും അദ്ദേഹം പറയുന്നു.


യോഗത്തില്‍ സചിവകാര്യദര്‍ശിമാര്‍ സചിത്ര വിശദീകരണം നല്‍കുകയുണ്ടായി. ആകെ മൊത്തം 113 താളുകള്‍ നീണ്ടു സചിത്ര വിശദീകരണമെന്നും യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് ലഭിച്ച രഹസ്യ വിവരമായി പരുന്തുകള്‍ പറയുന്നു. ഇനിയങ്ങോട്ട് മൂന്ന് മാസത്തിലൊരിക്കല്‍ ഇത്തരം യോഗങ്ങള്‍ വിളിച്ച് വിലയിരുത്തലുകള്‍ നടത്തി, ഭരണം കാര്യക്ഷമമാക്കാനാണ് പ്രധാനമന്ത്രിയുടെ പരിപാടിയെന്നും ഇവര്‍ കാതോടു കാതോരം അറിയിച്ചിട്ടുണ്ട്. അതിനപ്പുറത്തൊരു ശബ്ദമുണ്ടായാല്‍ പ്രധാനമന്ത്രി ക്ഷുഭിതനാകുമോ എന്ന ശങ്ക തീവ്രമാണെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


ഭരണത്തില്‍ രണ്ടാണ്ട് പിന്നിട്ടുവെന്നാല്‍ ശേഷിക്കുന്നത് മൂന്നാണ്ടാണ് എന്നാണ് അര്‍ഥം. അതില്‍ തന്നെ അവസാന കൊല്ലത്തെ ബജറ്റവതരണം ഒരു വഹയാണ്. ഫെബ്രുവരി അവസാനിക്കും മുമ്പ് ബജറ്റും മെയ് അവസാനിക്കും മുമ്പ് തിരഞ്ഞെടുപ്പും വരും. അത്തരം ബജറ്റുകളില്‍ പറയുന്നതൊക്കെ വായ്ക്കരി പോലെ രുചിനോക്കാന്‍ സാധിക്കാത്തവയാണെന്ന് ജനത്തിനാകെ മനസ്സിലായിക്കഴിഞ്ഞു. ബാക്കിയുള്ളത് രണ്ട് ബജറ്റുകള്‍. അവകളില്‍ വേണം വോട്ട് ചാര്‍ത്തുമ്പോള്‍ ജനത്തിന്റെ മനസ്സില്‍ വിരിയാന്‍ പാകത്തിലുള്ള ചിലതൊക്കെ പ്രഖ്യാപിക്കാന്‍. അതിനുള്ള സമയം വേഗത്തില്‍ ആഗതമാകയാല്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുതകുന്ന ചില കാര്യങ്ങളൊക്കെ ചെയ്യാന്‍ അധികം സമയം ബാക്കിയില്ലെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടാകണം.


നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി ചില മേഖലകളില്‍ നൂറും മറ്റുചില മേഖലകളില്‍ നൂറിനടുത്തുമൊക്കെയാക്കിയത് ആ കരുതലിന്റെ ഭാഗമായാണ്. സ്വകാര്യമേഖലക്ക് കൈമാറുകയോ പൂട്ടുകയോ ചെയ്യേണ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക നിതി ആയോഗ് തയ്യാറാക്കിയിട്ടുണ്ട്, അതിന്‍മേലൊരു തീരുമാനമെടുക്കണം. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് നിലവിലുള്ള നഷ്പരിഹാര - പുനരധിവാസ വ്യവസ്ഥകള്‍, അതിലെന്ത് മാറ്റമുണ്ടാക്കാനാകുമോ എന്ന് ആലോചിക്കണം. വായ്പയുടെ തിരിച്ചടവ് കുടിശ്ശികയാക്കിയെന്ന പേരില്‍ വിജയ് മല്യ മുതല്‍ ഗൗതം അദാനി വരെയുള്ള വ്യവസായ പ്രമുഖര്‍ മനപ്രയാസം അനുഭവിക്കുന്നുണ്ട്, അതെങ്ങനെ തീര്‍ക്കാമെന്ന് ചിന്തിക്കണം.


ഗുജറാത്തിലെ മുന്ദ്രയില്‍ തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും സ്ഥാപിച്ചപ്പോള്‍ പരിസ്ഥിതിനാശമുണ്ടാക്കിയതിന് അദാനി ഗ്രൂപ്പിന് മേല്‍ ചുമത്തിയ 200 കോടി രൂപയുടെ പിഴ ഒഴിവാക്കിയത് ഇത്തരം കുടിശ്ശികകളുടെ ശല്യമൊഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതുപോലെ ചെയ്യാനാവുന്ന ചെറിയ കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യണം. അതുകൊണ്ടാണ് കൂടുതല്‍ പ്രഖ്യാപനങ്ങളൊന്നും വേണ്ടെന്നും പ്രകടനപത്രികയിലും കഴിഞ്ഞ ബജറ്റുകളിലും നടത്തിയ പ്രഖ്യാപനങ്ങള്‍  പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞത്. പ്രകടനപത്രിക പരിചയപ്പെടുത്താന്‍ 2014ല്‍ രാജ്യത്ത് തലങ്ങും വിലങ്ങും സഞ്ചരിച്ചത് അദാനി ഗ്രൂപ്പിന്റെ വിമാനത്തിലായിരുന്നുവെന്നത് ഓര്‍ക്കുന്നവര്‍ക്കൊക്കെ പത്രികയില്‍ പറഞ്ഞത് നടപ്പാക്കുന്നതില്‍ ഇനിയും അലംഭാവമരുതെന്ന തിടുക്കം മനസ്സിലാകും.


അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിന് ആനുപാതികമായി പെട്രോളിന്റെയോ ഡീസലിന്റെയോ പാചകവാതകത്തിന്റെയോ വില കുറക്കുമെന്നോ, അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നോ, അതിന് തടസ്സമായി നില്‍ക്കുന്ന പൂഴ്ത്തിവെപ്പ് കുത്തകയാക്കിയവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നോ ഏറെ താഴ്ത്തിവരച്ചിരിക്കുന്ന രേഖയുടെ താഴെ ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുന്നവരെ രേഖക്ക് മുകളിലേക്ക് കുത്തിയുയര്‍ത്തുമെന്നോ ഒന്നും അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമുണ്ടാകില്ല. ഇത്തരം സംഗതികളെക്കുറിച്ച് തലപുകയ്ക്കുന്ന ഏതാനും കോടികള്‍ രാജ്യത്തുണ്ടെന്നും അവരും വോട്ടര്‍മാരാണെന്നതും ഓര്‍ക്കിതിരിക്കുന്നില്ല. അവര്‍ക്കുള്ള സൗജന്യ പ്രഖ്യാപനങ്ങള്‍ ഏത് വിലക്ക് മറികടന്നും നടത്താവുന്നതേയുള്ളൂ. അത് പ്രഖ്യാപനങ്ങളായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുണ്ടാകുമെന്ന് മാത്രം.


വിളനാശം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇന്‍ഷ്വറന്‍സ് പുതുതായൊന്നു തുടങ്ങിയിരുന്നു. പോയകാലത്ത് നടപ്പാക്കിയ ഇന്‍ഷ്വറന്‍സുകളുടെയൊക്കെ ദോഷം തീര്‍ത്തതാണെന്ന പ്രഖ്യാപനത്തോടെ. ഒടുവിലെ കണക്ക് (അനൗദ്യോഗികം) ഇപ്രകാരമാണ്. 2014 മെയ് മുതല്‍ 2015 ഏപ്രില്‍ വരെയുള്ള കാലത്ത് രാജ്യത്ത് കടബാധ്യത മൂലം ആത്മാഹുതി ചെയ്ത കര്‍ഷകരുടെ എണ്ണം 1,306. പോയ വര്‍ഷത്തെ അപേക്ഷിച്ച് ശതമാനക്കണക്കിലുള്ള വര്‍ധന 40 ശതമാനം. സാമ്പത്തിക പരിഷ്‌കരണത്തിന്റെ വേഗം കൂട്ടിയ കാലം മുതല്‍ എന്ത് കാര്യവും വളര്‍ച്ചാ വേഗത്തിന്റെ തോതില്‍ വേണം കണക്കാക്കാന്‍. അതിന്റെ ശതമാനം പറയുകയും വേണം. ആത്മാഹുതിയുടെ കാര്യത്തിലും പരിഷ്‌കാരം കുറയ്ക്ക വയ്യ.


2015ല്‍ വളര്‍ച്ചക്ക് വീണ്ടും വേഗം കൂടി. ഒക്‌ടോബര്‍ വരെ മഹാരാഷ്ട്രയില്‍ മാത്രമുണ്ടായത് 2590 കര്‍ഷക ആത്മഹത്യകള്‍. ഡിസംബര്‍ 31 വരെ 3228 പേര്‍ ജീവനൊടുക്കി, ഋണമുക്തരായി. വര്‍ഷാന്ത്യ രൊക്കബാക്കി (അനൗദ്യോഗികം) ഇതുവരെ ലഭ്യമല്ലാത്തതിനാല്‍ ശതമാനക്കണക്ക് രേഖപ്പെടുത്താന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഇങ്ങനെ നിത്യനിദാനത്തിന്റെ കണക്ക് മാത്രം അറിയാവുന്നവര്‍ ജനസംഖ്യയില്‍ ചെറുതല്ലാത്ത ശതമാനമുണ്ട്. അവര്‍ ഇടഞ്ഞാലും അത് വോട്ടില്‍ പ്രതിഫലിക്കാതിരിക്കാനുള്ളതാണ് ധ്രുവീകരണ വിദ്യ.


മാട്ടിറച്ചി മുതല്‍ ലവ് ജിഹാദ് വരെയും പാക്കിസ്ഥാന്‍ മുതല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് വരെയും പല ഉപാധികളുണ്ട് ഇത് സാധിച്ചെടുക്കാന്‍. വേണമെങ്കില്‍  അക്രമങ്ങളോ രക്തച്ചൊരിച്ചിലോ സൃഷ്ടിക്കുകയുമാകാം. അതിനുള്ള സാധ്യത നിലനിര്‍ത്തും വിധത്തില്‍ നേതാക്കളുടെ പ്രസ്താവനകള്‍ അനുസ്യൂതമായുണ്ട്. മാട്ടിറച്ചി സൂക്ഷിച്ചതിന്റെ പേരില്‍ തല്ലിക്കൊല, മാടിനെ കടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ മര്‍ദനമോ ചാണകം തീറ്റിക്കലോ ഒക്കെയായി, പ്രവര്‍ത്തകര്‍ അന്തരീക്ഷം സജീവമാക്കി നിര്‍ത്തുന്നുമുണ്ട്. അതിലും അവലോകനയോഗം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടാകണം. അല്ലെങ്കില്‍ അതാകണം മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ തൃപ്തികരമാക്കുന്നത്. മാനവ വിഭവ ശേഷി മുതല്‍ ആഭ്യന്തരം വരെയും വാണിജ്യം മുതല്‍ ഉപരിതല ഗതാഗതം വരെയുമുള്ള വകുപ്പുകളുടെ സഹായമില്ലാതെ ഈ അന്തരീക്ഷ സൃഷ്ടി സാധ്യമല്ലല്ലോ.


കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള പ്രധാനപ്പെട്ട 47 വകുപ്പുകളുടെ പ്രവര്‍ത്തനം യോഗത്തില്‍ കൂലംകഷമായി വിലയിരുത്തപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടങ്ങളിലെ സചിവകാര്യദര്‍ശിമാരാണ് സചിത്ര വിശദീകരണം സമര്‍പ്പിച്ചത്. ഇത്രയും പ്രധാന വകുപ്പുകള്‍ ഇപ്പോഴും സര്‍ക്കാറിന്റെ ഭരണശ്രേണിയിലുണ്ടെന്ന് രാജ്യമോര്‍ത്തത് ഈ അവലോകനയോഗത്തിന് ശേഷമായിരിക്കണം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം രാജ്യം ഒന്നോ രണ്ടോ വകുപ്പുകളുടെയും അവകളുടെ മന്ത്രിമാരുടെയും കാര്യമേ കേട്ടിട്ടുള്ളൂ. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെക്കുറിച്ച് നാല് തവണ കേട്ടു. രണ്ട് തവണ ബജറ്റ് അവതരിപ്പിച്ചപ്പോഴും പിന്നെ ബജറ്റിനുള്ള പൊതു ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞപ്പോഴും.


ചില സംസ്ഥാനങ്ങളിലെങ്കിലും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കയാലും പാതിമാത്രം സംസ്ഥാനമായ ഡല്‍ഹിയോട് നിരന്തരം കലഹിക്കയാലും ആഭ്യന്തര മന്ത്രിയെക്കുറിച്ച് പലകുറി കേട്ടു. വാണിജ്യം, വ്യവസായം, ഉപരിതലഗതാഗതം, ഗ്രാമവികസനം, പഞ്ചായത്തി രാജ്, വനം - പരിസ്ഥിതി, ഖനി, ഊര്‍ജം എന്ന് വേണ്ടി മറ്റ് പല വകുപ്പുകളിലെയും മന്ത്രിമാരെക്കുറിച്ച് രണ്ട് വര്‍ഷത്തിനിടെ കാര്യമായെന്തെങ്കിലും കേട്ടോ എന്നതില്‍ സംശയമുണ്ട്. പഞ്ചായത്തി രാജ് വകുപ്പാകട്ടെ, ബജറ്റ് വിഹിതം വെട്ടിക്കുറക്കപ്പെട്ടതിനാല്‍ എപ്പോള്‍ വേണമെങ്കിലും പൂട്ടിപ്പോകാമെന്ന സ്ഥിതിയിലുമാണ്.


ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മാത്രമാണ് പേരു വേണ്ടത്ര കേള്‍പ്പിക്കാന്‍ യോഗമുണ്ടായത്. പിന്നെ സുഷമ സ്വരാജിനും. ബജറ്റ് അവതരിപ്പിച്ചപ്പോള്‍, രാജ്യത്തുള്ള ആകെ പദ്ധതികളില്‍ മുടങ്ങിക്കിടക്കുന്നവ 12.3 ശതമാനമായി ഉയര്‍ന്നുവെന്ന 2016 മാര്‍ച്ചിലെ കണക്ക് വന്നപ്പോള്‍ (മുടങ്ങിക്കിടക്കുന്നവക്കുള്ള ആകെ ചെലവ് 11.36 ലക്ഷം കോടി), ചരക്ക് - സേവന നികുതി ഉടന്‍ നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചപ്പോള്‍, ലളിത് മോദി മുതല്‍ മല്യ വരെയുള്ളവരുടെ കാര്യത്തില്‍ വിശദീകരണങ്ങള്‍ നല്‍കിയപ്പോള്‍ ഒക്കെ ജെയ്റ്റ്‌ലിയദ്ദ്യത്തിനെ ജനം കണ്ടു, കേട്ടു. രണ്ടാണ്ടിനിടെ പലകുറി നരേന്ദ്ര മോദി വിദേശപര്യടനത്തിന് പോയി. അപ്പോഴൊക്കെ ജനം സുഷമ സ്വരാജിനെ ഓര്‍ത്തു. മോദി നേരിട്ട് വിദേശകാര്യം കൈകാര്യം ചെയ്യുമ്പോള്‍ പേരിനെന്തിന് മന്ത്രിയെന്ന് അത്ഭുതം കൂറി. അവലോകനത്തിലെ അപൂര്‍വതയും കാര്യക്ഷമതയും ചൂണ്ടിക്കാട്ടിയപ്പോഴാണ് ദീര്‍ഘ ഇടവേളക്ക് ശേഷം രാം വിലാസ് പസ്വാനെന്നയാള്‍ മന്ത്രിസഭയിലുണ്ടെന്ന് ജനം ഓര്‍ത്തിട്ടുണ്ടാകുക.


ഇത്യാദി മന്ത്രിമാരെ അവലോകനം ചെയ്യാന്‍ നാല് മണിക്കൂറും നാല്‍പ്പത്തിയഞ്ച് മിനുട്ടും ചെലവിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാര്യങ്ങളെക്കുറിച്ച് യാതൊരു ജ്ഞാനവുമില്ലെന്ന് കരുതേണ്ടിവരും. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടന്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കിയത് അങ്ങേക്ക് ഓര്‍മയുണ്ടാകുമല്ലോ. നയപരമായ കാര്യങ്ങളൊക്കെ പ്രധാനമന്ത്രിയുടെ കീഴിലാണെന്നാണ് വകുപ്പു വിഭജന രേഖയിലുള്ളത്. അവ്വിധത്തില്‍ അധികാരം കേന്ദ്രീകരിക്കപ്പെട്ടാല്‍ പിന്നെ ഇതര മന്ത്രാലയങ്ങള്‍ക്കൊന്നും കാര്യമായി പ്രവര്‍ത്തിക്കേണ്ടി വരില്ല. മേലാവില്‍ നിന്നുള്ള ഉത്തരവുകളില്‍ തുല്യം ചാര്‍ത്തി കീഴേക്ക് അയക്കേണ്ട ജോലിയേ ഉണ്ടാകൂ. അതാണ് ഇക്കാലത്തിനിടെ ഈ മന്ത്രാലയങ്ങളില്‍ ഭൂരിഭാഗവും ചെയ്തിട്ടുള്ളതും. അതിനെ അവലോകനം ചെയ്ത് തൃപ്തി രേഖപ്പെടുത്തിയെന്നാകില്‍ - ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണെന്ന ഗീതാവാക്യം കൂടി ഓര്‍ക്കാം.

2016-07-01

വെറുതെ ചില 'ധവള' ചിന്തകള്‍


സമ്പദ് വ്യവസ്ഥയെക്കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ സമര്‍പ്പിച്ച ധവളപത്രം ഒരേസമയം വസ്തുതാവിവരണവും മുന്‍കൂര്‍ ജാമ്യാപേക്ഷയുമാണ്. ഒരേസമയം സാമ്പത്തിക നയ പ്രസ്താവനയും രാഷ്ട്രീയ പ്രസ്താവനയുമാണത്. 2001ല്‍ അധികാരത്തിലേറിയ എ കെ ആന്റണി സര്‍ക്കാറും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ധവളപത്രം പുറത്തിറക്കിയിരുന്നു. 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന നായനാര്‍ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ടി ശിവദാസമേനോന്റെ മേല്‍നോട്ടത്തില്‍ നടന്ന ധനകാര്യ മാനേജുമെന്റ് പരിതാപകരമായിരുന്നുവെന്ന് സി പി ഐ (എം) നേതാക്കള്‍ പോലും സമ്മതിക്കും. സര്‍ക്കാറിന്റെ അവസാനകാലത്ത് ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പോലുമുള്ള പണം ട്രഷറിയിലുണ്ടായില്ലെന്നത് അക്കാലത്തെ സംബന്ധിച്ച് അതിശയോക്തിയല്ല. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് 99 സീറ്റില്‍ വിജയം സമ്മാനിച്ചതിന് പിന്നില്‍ ഈ ധനകാര്യ 'മാനേജുമെന്റ്' വലിയ പങ്ക് വഹിക്കുകയും ചെയ്തിരുന്നു.പ്രത്യക്ഷത്തത്തില്‍ അത്രത്തോളം പ്രതിസന്ധിയില്ലെങ്കിലും 2011ല്‍ അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016ല്‍ അധികാരമൊഴിയുമ്പോള്‍ വലിയ സാമ്പത്തിക പ്രയാസമാണ് അവശേഷിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ധനവകുപ്പ് കൈകാര്യം ചെയ്ത കെ എം മാണി, 'നിസ്തുല'മായ സംഭാവനയാണ് നല്‍കിയിട്ടുള്ളതും. സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താനെങ്കിലും പാലിക്കേണ്ട കുറഞ്ഞ അച്ചടക്കം പോലും പാലിക്കാന്‍ കെ എം മാണിയോ അദ്ദേഹം ഉള്‍പ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറോ തയ്യാറായിരുന്നില്ല എന്നതാണ് അതിന് അടിസ്ഥാന കാരണം.


നികുതി-നികുതിയേതര വിഭാഗങ്ങളിലായി സമാഹരിക്കപ്പെടുന്ന പണത്തിന്റെ 90 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെന്‍ഷന്‍ മറ്റ് ഭരണച്ചെലവുകള്‍ എന്നിവ നിറവേറ്റാണ് കേരളം ചെലവിടുന്നത്. ഈ രീതി ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഖജനാവിലേക്കുള്ള പ്രധാന സ്രോതസ്സായ നികുതി വരുമാനം കുറഞ്ഞാല്‍, മൂലധനച്ചെലവിലേക്ക് (വിവിധ പദ്ധതികളുടെ നടത്തിപ്പിനുള്ളത്) മാറ്റിവെക്കുന്നതും അതിനായി വായ്പയെടുക്കുന്നതുമൊക്കെ നിത്യനിദാനച്ചെലവിലേക്ക് എടുക്കും. അതും കാലങ്ങളായുള്ള പതിവാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായതുമില്ല.


2006ല്‍ അധികാരത്തിലേറിയ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ നികുതി വരുമാനം 17.5 ശതമാനമായിരുന്നുവെങ്കില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ അത് 12 ശതമാനത്തിലേക്ക് ചുരുങ്ങി. കൂടുതല്‍ മേഖലകള്‍ നികുതിക്ക് വിധേയമാകുകയും ചില മേഖലകളിലെങ്കിലും നികുതി വര്‍ധിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഈ ചുരുങ്ങല്‍ എന്നത് സ്ഥിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. വരുമാനം കുറഞ്ഞുവെങ്കിലും  പദ്ധതി/പദ്ധതിയേതര ചെലവുകള്‍ നിയന്ത്രിക്കാനോ മുന്‍ഗണനാക്രമമനുസരിച്ച് കേന്ദ്രീകരിക്കാനോ ധനമന്ത്രിയോ സര്‍ക്കാരോ ശ്രമിച്ചതുമില്ല. കെ എം മാണി അവതരിപ്പിച്ച ബജറ്റുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. തോന്നും പോലെ പദ്ധതികള്‍ പ്രഖ്യാപിക്കുക, അത് നടപ്പാക്കാന്‍ പാകത്തിലുള്ള വിഹിതം അനുവദിക്കാതിരിക്കുക,   ബജറ്റില്‍ അനുവദിച്ച വിഹിതം പദ്ധതിക്ക് കൈമാറാന്‍ പാകത്തിലുള്ള വരുമാനം കണ്ടെത്താതിരിക്കുക തുടങ്ങിയവയാണ് ആ ബജറ്റുകളുടെ മുഖമുദ്ര. അത്തരത്തിലുള്ള ധനകാര്യ മാനേജുമെന്റ് കേരളത്തെ എവിടെയാണോ എത്തിക്കുക അവിടെത്തന്നെയാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നതും.


2006 - 07 സാമ്പത്തിക വര്‍ഷം മുതല്‍ 2010 - 11 സാമ്പത്തിക വര്‍ഷം വരെ കേരളം എടുത്ത കടം 28,798.05 കോടി രൂപയാണ്. 2011 -12 മുതല്‍ 2015 - 16 വരെ എടുത്തത് 65,971.15 കോടിയും. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്, പ്രഖ്യാപിച്ച (പഴയതും പുതിയതും) പദ്ധതികളുടെ തുടര്‍ പ്രവൃത്തികള്‍, ദൈനംദിന ചെലവുകളിലുണ്ടായ വലിയ വര്‍ധന എന്നിവയൊക്കെ കണക്കിലെടുത്താലും കടത്തിന്റെ തോതിലുണ്ടായത് കുത്തനെയുള്ള കയറ്റമാണ്. ആ പണം ഉത്പാദനക്ഷമമായ മാര്‍ഗത്തിലേക്ക് തിരിച്ചുവിടാന്‍ മുന്‍കാലങ്ങളിലെപ്പോലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറും ശ്രദ്ധിച്ചില്ല.


കേരള സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മൂലധനച്ചെലവിന്റെ വളര്‍ച്ചാനിരക്ക് ഉയര്‍ന്നു നിന്നത് 2006-11 കാലത്തായിരുന്നു. 2011 - 16 കാലത്ത് അതില്‍ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ച ദേശീയശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഉയര്‍ച്ചയില്‍ തുടരുകയും ചെയ്തു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഇക്കാലയളവില്‍ വലിയ നഷ്ടം രേഖപ്പെടുത്തിയെന്നതും ശ്രദ്ധിക്കണം. ഉത്പാദനരംഗത്ത് കാര്യമായൊന്നും ചെയ്യാതെ തന്നെ വലിയ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നുവെങ്കില്‍ ഉപഭോഗത്തില്‍ കേരളം അത്രത്തോളം മുന്നോട്ടുപോയെന്നാണ് അര്‍ഥം. അതിന് പാകത്തിലുള്ള വ്യവസായ, വാണിജ്യ വികാസമാണ് ഉണ്ടായതെന്നും. ഈ രീതിയിലൊരു മാറ്റമുണ്ടാക്കാതെ, സമ്പദ് വ്യവസ്ഥയെ കണക്കുകളില്‍ ഭദ്രമാക്കിയതുകൊണ്ട് പ്രയോജനമുണ്ടോ എന്നതാണ് ധവള പത്രം മുന്നോട്ടുവെക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. അതിന് പാകത്തില്‍ എന്തെങ്കിലും പുതിയ സര്‍ക്കാറിന്റെ മുന്‍ഗണനയിലുണ്ടോ എന്നതും.


നികുതി വരുമാനത്തിലുണ്ടായ വലിയ കുറവ് ധവളപത്രത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഊര്‍ജിതമായ പിരിവുണ്ടാകാത്തത് മാത്രമല്ല ഇതിന് കാരണം. നികുതി കുടിശ്ശിക ഈടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തോന്നിയപോലെ സ്റ്റേ അനുവദിച്ചത്, ചില നികുതികളെങ്കിലും മുന്‍കാല പ്രാബല്യത്തോടെ ഇളവ് ചെയ്ത് നല്‍കി, ഖജനാവിന് നഷ്ടമുണ്ടാക്കുകയും സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുകയും ചെയ്തത്, നിയമതടസ്സങ്ങളൊന്നുമില്ലാതിരുന്നിട്ടും പിരിച്ചെടുക്കാവുന്ന നികുതി കുടിശ്ശിക ഖജനാവിലേക്ക് എത്തിക്കാതിരുന്നത് (ഈ തുക തന്നെ 6,000 കോടി വരുമത്രെ) എന്നിങ്ങനെ പലകാരണങ്ങളുണ്ട്. ഇതിനൊക്കെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് ഉത്തരവാദികളായവര്‍ ഉണ്ടാകുമല്ലോ? കോടികള്‍ ഖജനാവിന് നഷ്ടമാക്കിക്കൊണ്ട് ഉദ്ദിഷ്ടകാര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍, അതിന് ഉപകാരസ്മരണയുണ്ടാകാതെ വരില്ലല്ലോ? അത്തരം ഉപകാ(ഹാ)രങ്ങള്‍ അഴിമതിയുടെ പരിധിയില്‍ വരില്ലേ? അത്തരത്തിലെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യുക എന്നത് ധവളപത്രകാരന്റെ ചുമതലയാണ്. 'പോസ്റ്റ്‌മോര്‍ട്ടത്തിനൊന്നും ഞാന്‍ ശ്രമിക്കുന്നില്ല, ഭാവിയിലേക്ക് നോക്കുകയാണ്' എന്ന് പറഞ്ഞൊഴിയുമ്പോള്‍ അഴിമതിക്കാരുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണമൊരുക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക് ചെയ്യുന്നത്.


നികുതികള്‍ മുന്‍കാല പ്രാബല്യത്തോടെ ഇളവ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം മുന്‍ ധനമന്ത്രി കെ എം മാണി ബജറ്റിലൂടെയാണ് ചെയ്തത്. അതിന് പിറകില്‍ അഴിമതിയുണ്ടെങ്കില്‍ അതിന്റെ പ്രധാന ഉത്തരവാദി അദ്ദേഹം തന്നെയാകണം. അതൊന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനില്ലെന്ന് പറയുമ്പോള്‍ അഴിമതിയോട് മാത്രമല്ല, അത് മുഖമുദ്രയാക്കിയെന്ന് ഇടതുപക്ഷം പറയുന്ന രാഷ്ട്രീയത്തോട് കൂടിയാണ് ധനമന്ത്രി സന്ധി ചെയ്യുന്നത്. ബജറ്റ് വിറ്റുവെന്ന ആരോപണം കെ എം മാണിക്കെതിരെ ഉന്നയിച്ചവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് എന്ന് മറന്നുപോകുന്നത്, നിസ്സാരമായ ഒന്നായി കാണാന്‍ സാധിക്കില്ല തന്നെ.


ധവളപത്രം നല്‍കുന്ന വസ്തുതകളെ കണക്കിലെടുക്കുമ്പോള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളവും അതിന്റെ കുടിശ്ശികയും അടക്കമുള്ള ഭരണച്ചെലവിന്റെ ബാധ്യതകള്‍ നിറവേറ്റാന്‍ പാകത്തില്‍ നികുതി പിരിവ് ഊര്‍ജിതമാക്കി സമ്പദ് വ്യവസ്ഥയെ കണക്കിലെങ്കിലും സ്ഥിരതയുള്ളതാക്കണമെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും. അത്രയും കാലം വികസന പദ്ധതികള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകും? കൂടുതല്‍ കടമെടുക്കേണ്ടിവരും. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തിലധികം കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കില്ലെന്നതിനാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ (നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞതുപോലെ സര്‍ക്കാറിന് കീഴില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയോ ചില പദ്ധതികള്‍ നടപ്പാക്കാന്‍ മാത്രമായി ഏജന്‍സികള്‍ രൂപീകരിച്ചുമൊക്കെ) വായ്പയെടുക്കും. ആ വായ്പകള്‍ പോലും നിര്‍ദിഷ്ട പദ്ധതികള്‍ക്ക് മാത്രമായി വിനിയോഗിക്കപ്പെടുമോ എന്ന് ഉറപ്പുമില്ല.

കടമെടുക്കുന്നത് വലിയ അപരാധമായി കാണേണ്ടതില്ല, കടമെടുക്കുന്ന തുക ഉത്പാദനക്ഷമമായി ഉപയോഗിച്ചാല്‍ മതിയെന്ന് തോമസ് ഐസക്ക് വാദിച്ച 2006 മുതല്‍ 2011വരെയുള്ള കാലത്തും വായ്പകള്‍ മൂലധനച്ചെലവ് മാത്രമായി പരിണമിച്ചില്ല എന്നത് കൂടി പരിഗണിച്ചാല്‍, ഇപ്പോഴത്തെ പരിതാപാവസ്ഥയില്‍ അത് എത്രത്തോളം സാധ്യമാകുമെന്നത് വലിയ ചോദ്യമായി നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് ഈ വസ്തുതാ വിവരണത്തെ മുന്‍കൂര്‍ജാമ്യമായി കൂടി കാണേണ്ടിവരുന്നത്.


ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാറും കെ എം മാണിയും പിന്തുടര്‍ന്ന സാമ്പത്തിക നടപടികളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതിലൊരു മാറ്റമുണ്ടാകുമെന്ന ഉറപ്പ് തോമസ് ഐസക്കിനുണ്ട്. അതുകൊണ്ടാണ് അതൊരു നയപ്രസ്താവനയാകുന്നത്. ധനകാര്യ മാനേജുമെന്റില്‍ അച്ചടക്കമുണ്ടാകും, ബജറ്റിന് പുറത്തുള്ള പദ്ധതി പ്രഖ്യാപനങ്ങളും അതിന്റെ നടത്തിപ്പും പരിമിതപ്പെടും. വിഭവ സമാഹാരണം ഊര്‍ജിതപ്പെടുത്താന്‍ നടപടിയുണ്ടാകുകയും ചെയ്യും. പക്ഷേ, ഇതൊക്കെ രോഗലക്ഷണത്തിനുള്ള ചികിത്സ മാത്രമേ ആകുകയുള്ളൂ, തത്കാലമെങ്കിലും. രോഗം, വര്‍ഷങ്ങളുടെ ദുഃശീലം കൊണ്ട് സമ്പാദിച്ചതാണ്. അതിനെ തീഷ്ണമാക്കും വിധത്തില്‍ പ്രവര്‍ത്തിച്ചതാണ് കെ എം മാണിയും സംഘവും ചെയ്ത കുറ്റം.


തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും നിത്യനിദാനച്ചെലവിനായി കടപ്പത്രമിറക്കി 1,800 കോടി രൂപ പൊതുവിപണിയില്‍ നിന്ന് കടമെടുത്തിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. അതിലെ ബാക്കിയാണ് തോമസ് ഐസക്ക് താക്കോലേറ്റെടുക്കുമ്പോള്‍ ഖജനാവിലുണ്ടായിരുന്നത്. അതുവെച്ചാണ് ഖജനാവില്‍ മിച്ചമുണ്ടായിരുന്നുവെന്ന് കെ എം മാണിയും ഇതര യു ഡി എഫ് നേതാക്കളും അവകാശപ്പെടുന്നത്്. ഇത് ജനത്തെ അറിയിക്കുകയും വര്‍ധിച്ച കടവും പൂജ്യം സമ്പാദ്യവുമായാണ് ഭരണം തുടങ്ങിയിരിക്കുന്നത് എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നതുകൊണ്ടാണ് ധവളപത്രം രാഷ്ട്രീയ പ്രസ്താവനയാകുന്നത്. ഇക്കാലം വരെ നടന്ന വഴികളില്‍ നിന്ന് വലിയ മാറ്റമൊന്നും വരുംകാലത്തുണ്ടാകില്ലെന്നും ഈ രാഷ്ട്രീയ പ്രസ്താവന പറഞ്ഞുതരുന്നുണ്ട്.