പില്‍ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പായിരുന്ന ബര്‍ണാഡിനോസ് ബച്ചനെല്ലിയുടെ പിന്തുണയോടെ 'പള്ളിക്കൊപ്പം പള്ളിക്കൂടം' എന്ന ആശയം നടപ്പാക്കാനൊരുങ്ങിയത് രണ്ട് നൂറ്റാണ്ട് മുമ്പാണ്. ആളെണ്ണം കൊണ്ടോ സമ്പത്ത് കൊണ്ടോ ക്രൈസ്തവ സഭ(കള്‍) ഇന്ന് കാണുന്നതിന്റെ ആയിരത്തിലൊരംശം പോലുമില്ലാതിരുന്ന കാലത്ത്. ജാതി വ്യവസ്ഥ, അതിന്റെ എല്ലാ ക്രൂരതകളോടും നിലനിന്ന കാലത്ത്, ജാതി ഭേദമില്ലാതെ ഏവര്‍ക്കും പഠനാവസരമുണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ക്രിസ്തുമതത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും അതുവഴി സഭയെ വളര്‍ത്താനും പ്രേഷിത പ്രവര്‍ത്തനം മാത്രം മതിയാകില്ലെന്ന ദീര്‍ഘവീക്ഷണത്തിന്റെ കൂടി ഭാഗമായി വേണം പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന ആശയത്തെ കാണാന്‍. ന്യൂനപക്ഷമെന്ന നിലക്ക്, സ്വന്തം സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങളുടെ കണക്കിനെക്കുറിച്ചല്ല, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സ്വന്തം പ്രവര്‍ത്തനത്തിലൂടെ ചെറിയ അവസരങ്ങളെങ്കിലും തുറന്നു കൊടുക്കേണ്ടതിനെക്കുറിച്ചാകണം പ്രാഥമികമായി ചാവറയച്ചന്‍ ആലോചിച്ചിട്ടുണ്ടാകുക. ന്യൂനപക്ഷ വിഭാഗമെന്ന നിലക്കുള്ള അവകാശം നേടിയെടുക്കുന്നതിന് സഭയും കുഞ്ഞാടുകളും നടത്തുന്ന 'വലിയ പ്രവര്‍ത്തനം' കാണുമ്പോള്‍ ഓര്‍ത്തുപോയതാണ്.
ആ 'വലിയ പ്രവര്‍ത്തനം' ഒരുപക്ഷേ, ഏറ്റവും നന്നായി അറിയാവുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായിരിക്കും. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അരങ്ങേറിയ വിമോചന സമരത്തില്‍ സഭക്കുള്ള പങ്ക് ചെറുതായിരുന്നില്ലല്ലോ. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള അവകാശം കോടതിമുഖാന്തിരം സഭ ഉറപ്പിച്ചെടുത്തപ്പോള്‍, അത് നിലനില്‍ക്കേണ്ടതായിരിക്കെ തന്നെ, സാമൂഹിക പരിഷ്‌കരണത്തിനുള്ള ശ്രമങ്ങളുടെ വേഗം കുറക്കുക എന്ന പാര്‍ശ്വഫലം കൂടിയുണ്ടായിട്ടുണ്ട്. പിന്നീട് ആ 'വലിയ പ്രവര്‍ത്തന'ത്തിന്റെ തിക്താനുഭവമുണ്ടായത് 2001ല്‍ മുഖ്യമന്ത്രിപദമേറ്റ എ കെ ആന്റണിക്കാണ്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള നയപരമായ തീരുമാനമെടുത്തപ്പോള്‍ രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന സമവാക്യം ആവര്‍ത്തിച്ചിരുന്നു എ കെ ആന്റണി. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന മാനേജ്‌മെന്റുകള്‍ അമ്പത് ശതമാനം സീറ്റ് മെറിറ്റില്‍ മുന്നിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി നീക്കിവെക്കുമെന്നും സര്‍ക്കാര്‍ ഫീസില്‍ അവര്‍ക്ക് പഠനാവസരം നല്‍കുമെന്നുമായിരുന്നു സങ്കല്‍പ്പം. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് മുതലിറക്കാനുദ്ദേശിക്കുന്നവരൊക്കെ ഇത് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണി ആവര്‍ത്തിച്ചത്. നയം അംഗീകരിച്ച് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ നിലവില്‍ വന്നതിന് പിറകെ ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണത്തില്‍ കൈകടത്താന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സഭ മാനേജ് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. അതിന്‍മേല്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായുണ്ടായ കോടതി വിധിയുടെ തുടര്‍ച്ചയിലാണ് നമ്മളിപ്പോഴും കാണുന്ന അനിശ്ചിതാവസ്ഥ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തുണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ അനുവദിക്കപ്പെട്ട അവകാശങ്ങളെ ലാഭമെടുപ്പിനുള്ള ഉപാധിയായി വിനിയോഗിക്കാന്‍ ക്രൈസ്തവസഭകള്‍ മടിച്ചിട്ടില്ലെന്ന് ചുരുക്കം. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറില്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്വാശ്രയ കോളജുകളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവന്നപ്പോള്‍ രണ്ടാം വിമോചന സമരമെന്ന ഭീഷണി മുഴക്കിയതും ക്രൈസ്തവ സഭയുടെ നേതാക്കളാണ്. സമുദായവും സമൂഹവും എങ്ങനെ മുന്നോട്ടുപോകണമെന്നതില്‍ ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചനോ പിന്‍ഗാമികള്‍ക്കോ ഉണ്ടായിരുന്ന ദര്‍ശനം സ്ഥാപനങ്ങളായി മാറിയ സഭകള്‍ക്ക് കൈമോശം വന്നതിന്റെ തെളിവുകളായി ഇതിനെയൊക്കെ കാണണം. കച്ചവട താത്പര്യങ്ങളുടെ സംരക്ഷണത്തിന് വര്‍ഗീയതയെ ഫലപ്രദമായി ഉപയോഗിച്ചതിന്റെയും.
വിമോചനസമര കാലത്ത് സവര്‍ണ വര്‍ഗീയതയുമായി കൈകോര്‍ത്ത സഭാ നേതൃത്വം സംഘ്പരിവാരം ശക്തിയാര്‍ജിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ അതിന്റെ അജന്‍ഡകളെ ഏറ്റെടുക്കാന്‍ മടികാണിച്ചിട്ടുമില്ല. ലവ് ജിഹാദ് എന്ന വ്യാജം സംഘ്പരിവാരവുമായി ബന്ധമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഘടനകളും പ്രചരിപ്പിച്ച് തുടങ്ങിയപ്പോള്‍ കേരളത്തില്‍ അതേറ്റെടുക്കാന്‍ മുന്നില്‍ സഭാ നേതൃത്വമുണ്ടായിരുന്നു. സംഗതി വ്യാജമെന്ന് പോലീസും കോടതിയുമൊക്കെ പറഞ്ഞതിന് ശേഷവും തുടരുന്ന ആ പ്രചാരണത്തെ ഇപ്പോഴും സജീവമാക്കി നിര്‍ത്തുന്നതില്‍ അറിഞ്ഞോ അറിയാതെയോ സഭക്കുള്ള പങ്ക് ചെറുതല്ല. സംഘ്പരിവാറിന്റെ അജന്‍ഡയോടുള്ള അനുരാഗത്തിന്റെ തുടര്‍ച്ചയായി വേണം, രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങളില്‍ ജനസംഖ്യാനുപാതമായ പങ്ക് ചോദിച്ചുള്ള കോടതി വ്യവഹാരവും കോടതി വിധിയെത്തുടര്‍ന്നുള്ള പ്രതികരണങ്ങളും.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നാല്‍, മുസ്‌ലിം, ക്രിസ്തുമത വിശ്വാസികള്‍ ചേര്‍ന്ന ന്യൂനപക്ഷം കേരളത്തിലെ വോട്ടര്‍മാരില്‍ ഏതാണ്ട് 45 ശതമാനം വരും. ഇവരിലൊരു വിഭാഗത്തിന്റെ പിന്തുണ കിട്ടാതെ, ബി ജെ പിക്ക് ഇവിടെ അധികാരം പിടിക്കുക അസാധ്യമാണ്. 55 ശതമാനം വരുന്ന ഹൈന്ദവര്‍ മുഴുവനായി ബി ജെ പിക്ക് വോട്ട് ചെയ്യുന്ന സ്ഥിതി ഒരുകാലത്തുമുണ്ടാകില്ലല്ലോ. മുസ്‌ലിം വിഭാഗത്തിന്റെ വിശ്വാസമാര്‍ജിക്കുക എന്നത് ബി ജെ പിയെയും സംഘ്പരിവാരത്തെയും സംബന്ധിച്ച് അസാധ്യവുമാണ്. സംഘ അജന്‍ഡയുമായി ചേര്‍ന്നുപോകാന്‍ വിമുഖത പ്രകടിപ്പിക്കാത്ത സഭാ നേതൃത്വത്തെയും അതുവഴി ആ വിശ്വാസി സമൂഹത്തെയും സ്വാധീനിക്കലേ കരണീയമായുള്ളൂ. അതിനുള്ള പല മാര്‍ഗങ്ങളിലൊന്നാണ് ഈ കോടതി വ്യവഹാരവും വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യവും.
ന്യൂനപക്ഷ അവകാശമെന്നത്, ന്യൂനപക്ഷങ്ങള്‍ക്കൊന്നാകെയുള്ളതാണ്, മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതല്ലെന്നതാണ് വ്യവഹാരത്തിന്റെ കാതല്‍. ന്യൂനപക്ഷ അവകാശമെന്ന നിലയ്ക്കല്ല, സാമ്പത്തിക - സാമൂഹിക - വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളില്‍ ചെറിയൊരു പങ്ക് പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് അനുവദിക്കാന്‍ ഭരണകൂടങ്ങള്‍ കാണിച്ച ജനാധിപത്യ മര്യാദയും അതംഗീകരിച്ച മുസ്‌ലിം സമുദായത്തിന്റെ സഹിഷ്ണുതയും വിലമതിക്കാനുള്ള മനസ്സ് സഭാ നേതൃത്വം കാണിക്കാതിരിക്കുമ്പോള്‍ വര്‍ഗീയതയുടെ വിത്തിറക്കാനുള്ള സംഘ അജന്‍ഡയോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ അവര്‍ സന്നദ്ധമാകുകയാണെന്ന് കരുതണം. ആനുകൂല്യങ്ങള്‍ ഒരു സമുദായത്തിന് മാത്രം നല്‍കുകയാണ് ഇടത് - ഐക്യ മുന്നണി സര്‍ക്കാറുകള്‍ ചെയ്തതെന്ന വ്യാജം വിളമ്പി സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ക്ക് അവസരമൊരുക്കുകയാണ് കോടതി വ്യവഹാരത്തിന് മുന്നിട്ടിറങ്ങിയവരും അതിനെ സാധൂകരിക്കുന്ന സഭാ നേതാക്കളും. ഒരു വിഷയത്തിന്റെ രണ്ടറ്റത്ത് രണ്ട് സമുദായങ്ങള്‍ നില്‍ക്കുമ്പോള്‍ രണ്ട് കൂട്ടര്‍ക്കും തൃപ്തികരമായ നിലപാട് സ്വീകരിക്കുക എന്നത് ഇടത് - ഐക്യ മുന്നണികളെ സംബന്ധിച്ച് പ്രയാസമാണ്. അത് മനസ്സിലാക്കി പയറ്റാനാണ് ബി ജെ പിയുടെ ശ്രമവും.
സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപവത്കരിച്ച പാലോളി കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് നടപ്പാക്കിയതെന്നും അത് ന്യൂനപക്ഷങ്ങള്‍ക്കൊന്നാകെ ബാധകമായിരുന്ന സംഗതിയായിരുന്നില്ലെന്നുമുള്ള വസ്തുത ഉറപ്പിച്ച് പറയേണ്ട ബാധ്യതയുണ്ട് ഇടത് മുന്നണിക്കും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനും. വിഭവങ്ങളുടെ തുല്യ വിതരണം ഉണ്ടാകാതിരുന്നത് മൂലം ഒരു വിഭാഗത്തിനുണ്ടായ പിന്നാക്കാവസ്ഥ മനസ്സിലാക്കി പരിഹരിക്കുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണെന്നും അതിലൊരു പങ്കിന് അവകാശമുന്നയിക്കാനുള്ള അര്‍ഹത മറ്റൊരു വിഭാഗത്തിനില്ലെന്നും നീതിപീഠത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വവുമുണ്ട്. രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാറാണ്. അത് രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ അവസ്ഥ പഠിക്കാന്‍ മാത്രമായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളാണ് കേരളത്തിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്നത് എന്നും തുറന്ന് പറയേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനും യു ഡി എഫിനുമുണ്ട്. വര്‍ഗീയത മറയാക്കിയുള്ള കച്ചവടവും പുതിയ കച്ചവടം ലാക്കാക്കിയുള്ള വര്‍ഗീയതയും സംരക്ഷിക്കപ്പെടേണ്ട ആചാരമല്ലെന്ന് തുറന്ന് പറയാനുള്ള സത്യസന്ധത ഇരു മുന്നണികള്‍ക്കും.
സഭാ തര്‍ക്കത്തിലിടപെട്ടും സഭക്ക് കീഴിലെ ഭൂമിക്കച്ചവട തര്‍ക്കത്തിലിടപെടാന്‍ ശ്രമിച്ചും സംബന്ധത്തിന് ശ്രമം നടത്തിയിരുന്നു സംഘ്പരിവാരം. അതിന് പുറമെയാണ് ലവ് ജിഹാദ്, മുസ്‌ലിം പ്രീണനം തുടങ്ങിയ വ്യാജങ്ങള്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചത്. അക്കാലത്ത് മൗനം ഭജിച്ച് വോട്ട്‌നഷ്ടമൊഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഇടത് - ഐക്യ മുന്നണികള്‍. കച്ചവടം പൊട്ടി, ഏക അക്കൗണ്ട് പൂട്ടിപ്പോയവര്‍ തീവ്ര വര്‍ഗീയ കൃഷിക്കൊരുങ്ങുമെന്നതില്‍ തര്‍ക്കം വേണ്ട. അത് മനസ്സിലാക്കുക എന്നത് ഇടത് - ഐക്യ മുന്നണികളുടെ പ്രഥമമായ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന് മുദ്രാവാക്യം മുഴക്കിയ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനിപ്പോള്‍ വിശുദ്ധനാണെന്ന ഓര്‍മയുണ്ടാകുക എന്നത് സഭാ നേതാക്കളുടെ മാത്രമല്ല അല്‍മായരുടെയും ഉത്തരവാദിത്വമാണ്.