2019-11-18

ഭരണഘടനാ വധം ആട്ടക്കഥ, വേഷം വിധേയന്‍


''ഈ സ്ഥാപനത്തെ സംരക്ഷിക്കുകയും അതിലെ സമതുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ഈ രാജ്യത്ത് ജനാധിപത്യം അതിജീവിക്കില്ലെന്ന് ഞങ്ങള്‍ നാല് പേര്‍ക്കും ഉറച്ച ബോധ്യമുണ്ട്'' - ജസ്റ്റിസുമാര്‍ ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍. കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം വിളിച്ച് ഇവര്‍ പറഞ്ഞത് സുപ്രീം കോടതിയെക്കുറിച്ചാണ്. ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ തിരഞ്ഞെടുത്ത ജഡ്ജിമാരുള്‍ക്കൊള്ളുന്ന ബഞ്ചുകളെ ഏല്‍പ്പിക്കുകയാണെന്ന ആരോപണം പ്രധാനമായി ഉന്നയിച്ചാണ് ഈ നാല് പേര്‍ ജനാധിപത്യം അപകടത്തിലാകാനുള്ള സാധ്യതയാണ് മുന്നിലെന്ന് രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖ തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം തുടരുന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം.


ഇവരില്‍ മൂന്ന് പേര്‍ നേരത്തേ വിരമിച്ചു. ജസ്റ്റിസ് ദീപക് മിശ്രയെ പിന്തുടര്‍ന്ന് ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗോഗോയ് ഈ മാസം പതിനേഴിന് വിരമിച്ചു. സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നും ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഈ സ്ഥാപനത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളോട് പറഞ്ഞ ഒരാള്‍ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും നിലനിര്‍ത്താന്‍ എന്ത് ചെയ്തുവെന്ന ചോദ്യം സ്വാഭാവികമാണ്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസായ ശേഷവും രാഷ്ട്രീയ പ്രാധാന്യമുള്ള, രാജ്യത്തിന്റെ ഭാവിയെ വലിയ തോതില്‍ സ്വാധീനിക്കാന്‍ ഇടയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന ബഞ്ചുകളിലെ ജഡ്ജിമാരെ തീരുമാനിച്ചിരുന്നത് ചീഫ് ജസ്റ്റിസ് മാത്രമായിരുന്നു. ഇക്കാര്യത്തില്‍ മുതിര്‍ന്ന ജഡ്ജിമാരുമായുള്ള കൂടിയാലോചന വേണമെന്ന താന്‍ കൂടി ഉള്‍പ്പെട്ട നാല് ജഡ്ജിമാരുടെ മുന്‍ ആവശ്യം അദ്ദേഹം ഓര്‍ത്തതേയില്ല. ജഡ്ജിമാരുടെ നിയമനത്തിലുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖ ഇപ്പോഴും തയ്യാറായിട്ടില്ല. അത് തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ യാതൊരു മനഃക്ലേശവും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കുണ്ടായില്ല. കേന്ദ്രം അലംഭാവം തുടരുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് തന്നെ നടപടിക്രമങ്ങള്‍ നിശ്ചയിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ട ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്റെ ഭരണകാലത്ത് അതിന് മിനക്കെട്ടതുമില്ല.


ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം നല്‍കിയ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയും കൊളീജിയം ശിപാര്‍ശ വീണ്ടും നല്‍കുകയും ചെയ്ത സംഭവം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ ഭരണകാലത്തുമുണ്ടായി. ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അകില്‍ ഖുറൈശിയെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കൊളീജിയം മാറ്റിയതും ഇക്കാലത്ത് തന്നെ. ഭരണകൂടമോ അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനമോ ജുഡീഷ്യറിയില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകളായി തന്നെ ഇതിനെ കാണണം. ഇത് തന്നെയാണ് കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ള ജഡ്ജിമാര്‍ സൂചിപ്പിച്ചത്. ബാഹ്യ ഇടപെടലിനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസായിരിക്കെ രഞ്ജന്‍ ഗോഗോയ് എന്തെങ്കിലും ചെയ്തതായി അറിവില്ല. മറിച്ച് നരേന്ദ്ര മോദി സര്‍ക്കാറും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘും (ആര്‍ എസ് എസ്) ആഗ്രഹിക്കും വിധത്തിലുള്ള വിധികള്‍ പുറപ്പെടുവിക്കുന്ന വിധത്തിലേക്ക് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി മാറുകയും ചെയ്തു.


വിരമിക്കുന്നതിന് തൊട്ടുമുമ്പ്, മുന്‍കാല ചീഫ് ജസ്റ്റിസുമാരെപ്പോലെ പല സുപ്രധാന കേസുകളിലും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ച് വിധി പറഞ്ഞു. ഏതാണ്ടെല്ലാ വിധികളും മോദി സര്‍ക്കാറിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതോ അവര്‍ക്ക് ആശ്വാസമേകുന്നതോ ആയിരുന്നു. പോര്‍ വിമാനമായ റാഫേല്‍ വാങ്ങാന്‍ കരാറുണ്ടാക്കുകയും റാഫേല്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന കമ്പനിയുടെ പങ്കാളി സ്ഥാനത്തു നിന്ന് എച്ച് എ എല്ലിനെ മാറ്റി അനില്‍ അംബാനിയുടെ കമ്പനിയെ നിശ്ചയിക്കുകയും ചെയ്തതില്‍ ക്രമക്കേടും അഴിമതിയുമുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയതാണ് ഒന്ന്. ഈ വിധി പുനഃപരിശോധിക്കണമെന്ന ഹരജി അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുമ്പ് തള്ളുകയും ചെയ്തു. ഇല്ലാത്ത സി എ ജി റിപ്പോര്‍ട്ട് കൂടി ചൂണ്ടിക്കാണിച്ചാണ് ആദ്യം ഹരജി തള്ളിയത്. അങ്ങനെയൊരു റിപ്പോര്‍ട്ട് കേസ് പരിഗണിക്കുമ്പോള്‍ തയ്യാറായിരുന്നില്ല എന്നത് പുനഃപരിശോധനാ ഹരജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് കണക്കിലെടുത്തില്ല. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നരേന്ദ്ര മോദി സര്‍ക്കാറിനെ ശാസിക്കാന്‍ പോലും കോടതി തയ്യാറായില്ല.


ബാബരി ഭൂമി കേസില്‍ ഭൂരിപക്ഷ മതത്തിന്റെ വിശ്വാസത്തെ ആധാരമാക്കി, ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നും അതിനായി ട്രസ്റ്റ് രൂപവത്കരിക്കണമെന്നും വിധിക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറോ സംഘ്പരിവാര്‍ സംഘടനകളോ സ്വപ്നത്തില്‍ പോലും കാണാത്ത സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കിയ ബഞ്ച്. വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കം പരിഹരിക്കുക എന്ന 'സദുദ്ദേശ്യ'ത്തിന്റെ മറപിടിച്ച് ഒരു വിയോജിപ്പിന്റെ ശബ്ദം പോലും കോടതിയില്‍ നിന്നുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിനായി. പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും (1949) പള്ളി പൊളിച്ചതും (1992) തികച്ചും നിയമ വിരുദ്ധമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ ആ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ വിധിച്ചതിലെ കൈയടക്കം ഇക്കാലം വരെ ഒരു നീതിന്യായ സംവിധാനവും പ്രകടിപ്പിച്ചിട്ടില്ല, ഇനിയങ്ങോട്ട് ഉണ്ടാകാനും ഇടയില്ല. ഇവിടെ നീതി നടപ്പാക്കാനല്ല, മറിച്ച് നീതി നിഷേധിച്ച് രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്നതിനായിരുന്നു താത്പര്യം. നീതി നടപ്പാക്കുകയും അതിന്റെ പേരില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തെ ബോധ്യപ്പെടുത്തുകയുമാണ് ശക്തമായ നീതിന്യായ സംവിധാനം ചെയ്യേണ്ടിയിരുന്നത്. അതില്‍ നിന്ന് പിന്നാക്കം പോകുമ്പോള്‍ ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുകയായിരുന്നു അദ്ദേഹം. ഫലത്തില്‍ ഭരണഘടനയെ പരാജയപ്പെടുത്തുകയും, അതിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുകയും.


ശബരിമലയില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെ തന്നെ ആ കേസില്‍ 'ആചാരാനുഷ്ഠാന വാദികള്‍' ഉന്നയിച്ച പ്രശ്നങ്ങളൊക്കെ വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടതിലുമുണ്ട് കൗതുകം. വിശാല ബഞ്ചിന്റെ പരിഗണനക്ക് വിടുന്നതിന് കാരണമായി മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും പാഴ്സി സ്ത്രീകളുടെ മതാവകാശങ്ങളും ദാവൂദി ബോറ വിഭാഗത്തിലെ ചേലാകര്‍മവും ചൂണ്ടിക്കാട്ടുക വഴി ഭൂരിപക്ഷ മതത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവര്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ആചാര സംരക്ഷണത്തിന് വഴിയൊരുക്കുകയല്ല താനെന്ന് ധ്വനിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഭരണഘടനാ ബഞ്ചിന്റെ വിധി രാജ്യത്തെ നിയമമാണെന്നിരിക്കെ, അത് നടപ്പാക്കുന്നത് തടയാന്‍ നടത്തിയ അക്രമാസക്തമായ ശ്രമങ്ങളില്‍ യാതൊരു ഖേദവുമുണ്ടായില്ല ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക്. കോടതി വിധിയനുസരിച്ച് മല ചവിട്ടാന്‍ ശ്രമിച്ച യുവതികള്‍ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളും ഭീഷണികളും കോടതിയില്‍ ചൂണ്ടിക്കാട്ടിയതിനോട് നിസ്സംഗമായി പ്രതികരിക്കാനുള്ള 'പക്വത' അദ്ദേഹം പ്രകടിപ്പിച്ചുവെന്ന് പറയാം.


ജനാധിപത്യത്തെ സംരക്ഷിക്കാനും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ നിലനിര്‍ത്താനും ഉതകുന്ന രീതിയില്‍ ഭരണഘടനയെ വ്യാഖ്യാനിക്കും വിധത്തിലേക്ക് പരമോന്നത കോടതിയെ നയിക്കാന്‍ ശ്രമിക്കാതിരുന്ന ചീഫ് ജസ്റ്റിസ് എന്ന വിശേഷണമാകും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് ചേരുക. ജനാധിപത്യത്തെ കൂടുതല്‍ അപകടത്തിലാക്കിയാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്.

2019-11-06

തുറന്ന ജയിലിലെ വാട്‌സ് ആപ് സന്ദേശങ്ങള്‍


കഥ 2009ലേതാണ്. രാജ്യം വീണ്ടും വീണ്ടും ഭരിക്കേണ്ട പുമാന്‍, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും മുഹമ്മദ് അലി ജിന്നയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ധിരുഭായ് അംബാനിയെന്ന് പില്‍ക്കാലം അറിയപ്പെട്ട ധിരാജ്‌ലാല്‍ ഹിരാചന്ദ് അംബാനിയുമൊക്കെ ജനിച്ചു വളര്‍ന്ന നാട് വീണ്ടും വീണ്ടും ഭരിച്ച കാലം. വീണ്ടും വീണ്ടും ഭരിച്ച എന്ന് വായിക്കുമ്പോള്‍ സമകാലിക സമൂഹത്തിലെ വാര്‍ത്തകളുമായുള്ള നിരന്തര സമ്പര്‍ക്കം മൂലം വീണ്ടും വീണ്ടും പീഡിപ്പിച്ച എന്നോ മറ്റോ ആര്‍ക്കെങ്കിലും തോന്നിയാല്‍ ലേഖകന് ഉത്തരവാദിത്തമില്ല. ഗാന്ധി മുതല്‍ അംബാനി വരെയുള്ളവരുടെ നാട് ഭരിച്ച കാലവും പില്‍ക്കാലം രാജ്യം ഭരിക്കുന്ന കാലവും ബലാത്സംഗ സമൃദ്ധമായ വംശഹത്യാ ശ്രമമുള്‍പ്പെടെ പലവിധ പീഡനങ്ങളാല്‍ സമ്പുഷ്ടമാകയാല്‍ വീണ്ടും വീണ്ടും പീഡിപ്പിച്ച എന്ന തോന്നല്‍ ഉണ്ടായിപ്പോകുകയും ചെയ്യും.


2009ല്‍ ഗുജറാത്തിലെ ഭീകരവിരുദ്ധ സേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥര്‍ക്ക് സവിശേഷമായ ഒരു ദൗത്യം ലഭിച്ചു. 'സാഹെബി'ന്റെ നിര്‍ദേശമനുസരിച്ച് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന നേതാവിന്റെ കല്‍പ്പന. അതേ നേതാവാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി. ദൗത്യം നിസ്സാരമായിരുന്നു. ഒരു യുവതിയെ നിരീക്ഷിക്കണം. എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു അങ്ങനെ സര്‍വതും. യുവതിയുടെ സ്‌നേഹ ബന്ധത്തില്‍ സവിശേഷ നിരീക്ഷണവും ആവശ്യപ്പെട്ടിരുന്നു. കൗമാര കാലത്തെ വിവാഹം അവസാനിപ്പിച്ച ശേഷം ബ്രഹ്മചാരിയായ നേതാവിന് യുവതിയുടെ സ്‌നേഹ ബന്ധത്തില്‍ എന്തുകാര്യം എന്ന ചോദ്യം പ്രസക്തമല്ല. എന്തായാലും രണ്ട് മാസത്തോളം യുവതിയുടെ നീക്കങ്ങള്‍ ഭീകരവിരുദ്ധ സേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. അവരുടെ ഫോണ്‍ കോളുകളൊക്കെ ചോര്‍ത്തി. ഇതെല്ലാം നിയമവിരുദ്ധമായിട്ടായിരുന്നു. യുവതി കര്‍ണാടകത്തിലേക്ക് പോയപ്പോഴൊക്കെ, അക്കാലം അവിടം ഭരിച്ച ബി എസ് യെദ്യൂരപ്പ സര്‍ക്കാറിനോട് വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയോട് അത്രക്ക് കൂറ് അന്നും ഇന്നും ഇല്ലെങ്കിലും നിയമ വിധേയമല്ലാത്ത നിരീക്ഷണത്തിന് അന്ന് കര്‍ണാടക സര്‍ക്കാര്‍ വിസമ്മതിച്ചുവെന്നാണ് കഥ.


നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ സംഭാഷണം പിന്നീട് ചോര്‍ന്നു. നിരീക്ഷണ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ഭരിച്ച നേതാവുമായി ഉദ്യോഗസ്ഥര്‍ നടത്തിയ സംഭാഷണവും ചോര്‍ന്നു. കേസും കൂട്ടവുമായി. നിരീക്ഷണം തന്റെ ആവശ്യപ്രകാരമായിരുന്നുവെന്ന് യുവതിയുടെ പിതാവ് മാധ്യമങ്ങളെയും കോടതിയെയും അറിയിച്ചു. തന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായിരുന്നു പോലീസ് നിരീക്ഷണമെന്ന് യുവതി തന്നെ പിന്നെ പറഞ്ഞു. അതോടെ സംഗതി തീര്‍ന്നു. യുവതിയുടെ കുടുംബത്തിന് ഗുജറാത്ത് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനര്‍ഹമായ സഹായം ലഭിച്ചുവെന്ന ആരോപണം പിറകെ എത്തി. എന്തായാലും എന്തിനായിരുന്നു നിരീക്ഷണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇനി വ്യക്തമാകുകയുമില്ല. 


ഭീകരവിരുദ്ധ വിഭാഗത്തിലെയും ഇന്റലിജന്‍സിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഒരു യുവതിയെ നിരന്തരമായി നിരീക്ഷിക്കാനും അവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്താനും നിയോഗിക്കാന്‍ മടിക്കാത്തവരുടെ കീഴില്‍ രാജ്യം വരുമ്പോള്‍ എന്തൊക്കെ നിരീക്ഷിക്കപ്പെടുന്നുണ്ടാകും? ആരുടെയൊക്കെ ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെടുന്നുണ്ടാകും. നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഫോണുകള്‍ ചോര്‍ത്താന്‍ ഭരണകൂടത്തിന് അനുവാദമുണ്ട്. സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും അത് സാധിക്കും. ചോര്‍ത്തേണ്ട സാഹചര്യം വ്യക്തമാക്കി സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് ആഭ്യന്തര സെക്രട്ടറിയാണ് അനുവാദം നല്‍കേണ്ടത്. അതില്‍ കുറഞ്ഞ ഉദ്യോഗസ്ഥന്റെ അനുമതിപത്രം പോരെന്ന് ചുരുക്കം. ഗുജറാത്തിലെ യുവതിയുടെ ഫോണ്‍ ചോര്‍ത്തിയത് ആഭ്യന്തര സെക്രട്ടറിയുടെ താഴെയുള്ള ഉദ്യോഗസ്ഥന്റെ അനുമതിപത്രം ആധാരമാക്കിയാണ്. ഭരണഘടനാ വ്യവസ്ഥകളെയോ ഭരണഘടനാ സ്ഥാപനങ്ങളെയോ അവഗണിക്കാന്‍ മടിക്കാത്ത ഭരണകൂടം നിലനില്‍ക്കെ, ആരുടെയും അനുവാദം വാങ്ങാതെ തന്നെ ഫോണുകള്‍ ചോര്‍ത്തപ്പെടാം.


പരമാധികാരിയായ പുമാന്‍ പരസ്യ മോഡലായി വന്ന കമ്പനി, രാജ്യത്തെ ടെലിക്കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ കുത്തക സ്ഥാപിക്കാനൊരുങ്ങുകയാണ്. ആധാറിന്റെ കാര്യത്തിലെ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് അതിന്റെ ഡാറ്റാ ബേസിലേക്ക് നേരിട്ടുള്ള ബന്ധം നല്‍കിക്കൊണ്ടാണ് ഈ കമ്പനിയെ ഭരണകൂടം സഹായിച്ചിരുന്നത്. അത്തരമൊരു കമ്പനിയുടെ വരിക്കാരുടെ ഫോണുകള്‍ അവര്‍ തന്നെ ചോര്‍ത്തി സര്‍ക്കാറിന് നല്‍കിയാല്‍ അത്ഭുതമില്ല. അല്ലെങ്കില്‍ തന്നെ ഏത് ഫോണ്‍ കോളും ചോര്‍ത്താന്‍ പാകത്തിലുള്ള സാങ്കേതിക വിദ്യ ഇസ്‌റാഈലില്‍ നിന്ന് വാങ്ങി സ്വന്തമാക്കിയിട്ടുണ്ടല്ലോ നമ്മുടെ ഭരണകൂടം. ഒരേ സമയം നടക്കുന്ന കോടിക്കണക്കിന് ഫോണ്‍ കോളുകള്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ കണ്ടെടുത്ത് ചോര്‍ത്താന്‍ പാകത്തിലുള്ള സാങ്കേതിക വിദ്യ. അതുപയോഗിച്ച് എന്തൊക്കെ ചെയ്യുന്നുണ്ടാകും?


വ്യക്തികളെ നിരീക്ഷിക്കാനും ഫോണുകള്‍ ചോര്‍ത്താനും നമ്മുടെ ഭരണകൂടത്തിന് അത്ര പ്രയാസമൊന്നുമില്ല. മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും നിരീക്ഷിക്കാനും ബുദ്ധിമുട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഒന്നായ വാട്‌സ് ആപ്പിന്റെ കാര്യത്തില്‍ മാത്രം ചില്ലറ പ്രയാസമുണ്ട്. നുണകളോ അര്‍ധ സത്യങ്ങളോ പ്രചരിപ്പിക്കാനുള്ള ആയുധമായി വാട്‌സ് ആപ്പിനെ ഫലപ്രദമായി ഉപയോഗിച്ചവര്‍, ഇതിലൂടെ നടക്കാനിടയുള്ള എതിര്‍ പ്രചാരണങ്ങളെ നിരീക്ഷിക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ചിട്ടുണ്ടാകും. ഇസ്‌റാഈല്‍ സ്ഥാപനമായ എന്‍ എസ് ഒയില്‍ നിന്ന് പെഗാസസ് എന്ന രഹസ്യം ചോര്‍ത്താനുള്ള സോഫ്റ്റ് വെയറിലേക്ക് എത്തിയത് അങ്ങനെയാകാനേ തരമുള്ളൂ. വിവിധ സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മാത്രമേ പെഗാസസ് കൈമാറിയിട്ടുള്ളൂവെന്നാണ് എന്‍ എസ് ഒ പറയുന്നത്. ചോര്‍ത്തല്‍ രഹസ്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ അതിനുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്ന കമ്പനിക്ക് കച്ചവടം വിജയകരമായി നടത്താനാകൂ.


അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മാത്രമേ പെഗാസസ് കൈമാറിയിട്ടുള്ളൂവെന്ന എന്‍ എസ് ഒയുടെ വാദം വിശ്വസിക്കേണ്ടിവരും.
മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളെയും അതിന്റെ പ്രവര്‍ത്തകരെയും സ്തുതിപാഠകരായി നിര്‍ത്തുക എന്നതിലാണ് ഭരണകൂടത്തിന് താത്പര്യം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിടുകയും. അങ്ങനെ ലക്ഷ്യമിടുന്നതിന് ഉദാഹരണങ്ങള്‍ പലത്. അവ്വിധമുള്ള ഭരണകൂടം മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കൂടി ചോര്‍ത്തിയെടുക്കാന്‍ മടിക്കില്ല തന്നെ. സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാറിതര സംഘടനാ പ്രവര്‍ത്തകരുമൊക്കെ ഈ ഭരണകൂടത്തിന്റെ ഹിറ്റ്‌ലിസ്റ്റിലാണെന്നതിന് പല ഏജന്‍സികളെ ഉപയോഗിച്ച് അവര്‍ക്കെതിരെ ഇതിനകം നടത്തിയ നീക്കങ്ങള്‍ തന്നെ തെളിവ്. അത്തരമാളുകള്‍ വാട്‌സ് ആപ്പിലൂടെ കൈമാറാനിടയുള്ള സന്ദേശങ്ങളെക്കുറിച്ച് അറിയാന്‍ ഭരണകൂടം ശ്രമിക്കാതിരിക്കുമോ? പെഗാസസ് ഉപയോഗിച്ച് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വിവരം മെയ്, സെപ്തംബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നുവെന്ന് വാട്‌സ് ആപ്പ് സംരംഭകര്‍ പറയുന്നു. ചോര്‍ത്താന്‍ തീരുമാനിച്ചവര്‍ക്ക് തന്നെ ചോര്‍ത്തല്‍ നടക്കുന്നുണ്ടെന്ന വിവരം അറിയിച്ചതില്‍ വാട്‌സ് ആപ്പ് സംരംഭകര്‍ക്ക് നിര്‍വൃതി അടയാം.


130 കോടിയിലേറെ വരുന്ന ജനം മുഴുവന്‍ കള്ളപ്പണക്കാരാണെന്ന് സംശയിച്ച് നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ഭരണകൂടം, സകലതിനെയും ആധാര്‍ ബന്ധിതമാക്കി പൗരന്‍മാരെയാകെ നിരീക്ഷണ വലയത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഭരണകൂടം, സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടം, അധികാരത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്ന് വ്യാഖ്യാനിച്ച് ശിക്ഷിക്കാന്‍ മടികാണിക്കാത്ത ഭരണകൂടം നിലനില്‍ക്കെ രാജ്യത്തൊരു തുറന്ന ജയിലിന്റെ അന്തരീക്ഷമേ ഉണ്ടാകൂ. അവിടെ പൗരന്റെ സ്വകാര്യതക്കും അഭിപ്രായ പ്രകടനത്തിനും ആശയ പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യവും ഭരണകൂടം അനുവദിക്കുന്ന അളവിലേ പാടുള്ളൂ. അതിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി മാത്രമേ പെഗാസസിനെ കാണേണ്ടതുള്ളൂ.

2019-10-23

ഭാരത (ഭീരുത്വ) രത്‌ന


വിനായക് ദാമോദര്‍ സവര്‍ക്കറെന്ന പേരിനേക്കാള്‍ പരിചിതം വീര്‍ സവര്‍ക്കറെന്നതാണ്. വീരത്വമെന്തെന്നറിയാതെ തന്നെ അങ്ങനെ അഭിസംബോധന ചെയ്യുന്നവരാണ് അധികവും. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തില്‍ കാണിച്ച അസാമാന്യ ധൈര്യത്തിന് രാഷ്ട്രം ചാര്‍ത്തിക്കൊടുത്തതാണ് പേരിന് മുന്നിലെ വിശേഷണപദമെന്ന് കരുതുന്നവരും ധാരാളമുണ്ടാകും. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് പോരടിക്കുന്ന സൈനികര്‍ക്ക് പരംവീര്‍ ചക്രമൊക്കെ നല്‍കുന്നതുപോലെ. രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ സന്നദ്ധനായ വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ് എ ബി വാജ്പേയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരിക്കെ സവര്‍ക്കറുടെ ചിത്രം പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് ആദരവ് പ്രകടിപ്പിച്ചത്. അതുപോരെന്ന തോന്നലുള്ളതു കൊണ്ടാണ് ഇപ്പോള്‍ പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.


മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്ന സമ്മാനിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന വാഗ്ദാനം. ഭാരത രത്നത്തിന് സര്‍വഥാ യോഗ്യനാണ് സവര്‍ക്കറെന്നും അര്‍ഹരായ പലര്‍ക്കും ഭാരത രത്ന സമ്മാനിക്കാന്‍ രാജ്യത്തെ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തയ്യാറായില്ലെന്നും ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറിന് ഭാരത രത്ന സമ്മാനിക്കുന്നത് വൈകിയത് അതുകൊണ്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതര ബി ജെ പി നേതാക്കളും പടിപടിയായി മൊഴിയുകയും ചെയ്തു.


സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്ന ആവശ്യമുന്നയിക്കുന്നതിനൊപ്പം ബഹുമതി വൈകിപ്പിച്ച് അംബേദ്കറെ കോണ്‍ഗ്രസ് അപമാനിച്ചെന്ന ആരോപണമുന്നയിച്ചപ്പോള്‍ ബി ജെ പി ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങളാണ്. മറാത്ത വികാരമുണര്‍ത്താന്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന ശിവജിയുടെ അനുയായിയെന്ന് സ്വയം വിശേഷിപ്പിച്ച സവര്‍ക്കര്‍ക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാന്‍ ആവശ്യപ്പെടുന്നതിലൂടെ ഒരു കാലത്ത് മറാത്ത വികാരത്തിന്റെ മൊത്തക്കച്ചവടക്കാരായിരുന്ന ശിവസേനയുടെ അവശേഷിക്കുന്ന വോട്ടുബേങ്കിനെ കൂടുതല്‍ ഭിന്നിപ്പിക്കുക എന്നതാണ് ഒന്ന്. അംബേദ്കറെ കോണ്‍ഗ്രസ് അപമാനിച്ചെന്ന ആരോപണം ഉന്നയിക്കുന്നതിലൂടെ കൂടുതല്‍ സംഘടിതമാകുന്ന ദളിത് രാഷ്ട്രീയത്തെ ആശയക്കുഴപ്പത്തിലാക്കുക എന്നതും. ഇതെത്രത്തോളം സാധിക്കുമെന്നതിലൊക്കെ തര്‍ക്കമുണ്ടാകാം. പക്ഷേ ആശയക്കുഴപ്പം സൃഷ്ടിച്ചോ അവാസ്തവങ്ങളോ അര്‍ധ വാസ്തവങ്ങളോ നുണകളോ പ്രചരിപ്പിച്ചോ മുതലെടുക്കാന്‍ സംഘ്പരിവാര ശക്തികള്‍ക്കുള്ള (പൊതുവില്‍ ഫാസിസ്റ്റുകള്‍ക്കെല്ലാമുള്ള) സവിശേഷ പ്രാവീണ്യം കണക്കിലെടുക്കുമ്പോള്‍ ലക്ഷ്യവേധം നടക്കില്ലെന്ന് കരുതേണ്ട തന്നെ.


'വീര' സവര്‍ക്കറിലേക്ക് തിരികെ വന്നാല്‍, ഭാരത രത്നത്തിന് അദ്ദേഹം എന്തുകൊണ്ടും അര്‍ഹനാണെന്ന് തന്നെ പറയേണ്ടിവരും. രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണ വിധേയനാകുകയും അത് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തത് കൊണ്ടുമാത്രം കോടതി വിട്ടയക്കുകയും ചെയ്ത വ്യക്തിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് മാത്രമേ ചോദ്യമുള്ളൂ. രാഷ്ട്രപിതാവ് വെടിയേറ്റ് വീഴുമ്പോള്‍ മധുര പലഹാരം വിതരണം ചെയ്തിരുന്നു രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവര്‍ത്തകര്‍. ഗാന്ധി വധത്തിലെ പങ്കിന്റെ പേരില്‍ ആര്‍ എസ് എസ് നിരോധിക്കപ്പെടുകയും ചെയ്തു. ആ സംഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടി രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കുമ്പോള്‍ സവര്‍ക്കറെ അല്ലാതെ ആരെയാണ് ആദരിക്കേണ്ടത്?
ലോക്സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടി നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറിയ 2014ല്‍ തന്നെ സവര്‍ക്കറെ ഭാരത രത്ന വിഭൂഷിതനാക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നതില്‍ ഖേദ പ്രകടനം നടത്തുക കൂടി വേണം.


രാഷ്ട്രപിതാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് വിധേയനായി വിചാരണ നേരിട്ടുവെന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല സവര്‍ക്കറുടെ വീരത്വം. അതങ്ങ് പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ബ്രിട്ടീഷുകാര്‍ ഭംഗിയായി പയറ്റിയതോടെ ആവര്‍ത്തിക്കപ്പെട്ട വര്‍ഗീയ കലാപങ്ങളിലൊന്നിന്റെ തുടര്‍ച്ചയില്‍ ഏതാനും കൂട്ടാളികള്‍ക്കൊപ്പം മുസ്ലിം പള്ളിക്ക് കല്ലെറിഞ്ഞ കാലത്ത്. അന്ന് പന്ത്രണ്ടാം വയസ്സില്‍ പേരിന് മുന്നില്‍ ചേര്‍ക്കപ്പെട്ടതാണത്രെ 'വീര്‍' എന്ന വിശേഷണം. അത്തരം വീരന്‍മാര്‍ക്ക് തീരെ സഹിക്കാന്‍ സാധിക്കാത്തതായിരുന്നു ആചാര ലംഘനം. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയും ഒടുങ്ങണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്ന 'മഹത്തരമായ' ആചാരത്തെ ബ്രിട്ടീഷുകാര്‍ നിരോധിച്ചത് ഹൈന്ദവ ആചാരങ്ങളെയാകെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് തിരിച്ചറിഞ്ഞ് ആചാര ലംഘകരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് വീരന്‍ നിശ്ചയിച്ചു. അങ്ങനെ തുടങ്ങിയ ബ്രിട്ടീഷ് വിരോധം, നാസിക് കളക്ടറെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കേസില്‍ അറസ്റ്റിലായി 50 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപുകളിലെ തടവറയിലെത്തിയപ്പോള്‍ അവസാനിച്ചു.


അധിനിവേശത്തോടുള്ള വിധേയത്വവും വീരത്വമെന്ന തിരിച്ചറിവുണ്ടായി. ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിര്‍ത്തത് തെറ്റായിപ്പോയെന്നും. തെറ്റ് മനസ്സിലാക്കിയാല്‍ മാപ്പ് ചോദിക്കുന്നതാണ് വീരത്വം.
ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പുചോദിച്ച് 'വീര' സവര്‍ക്കറെഴുതിയ കത്തുകള്‍ പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. ചെയ്ത തെറ്റിനൊക്കെ മാപ്പ് ചോദിക്കുക മാത്രമല്ല, പിന്നീടുള്ള 'നല്ല നടപ്പ്' വാഗ്ദാനം ചെയ്യുകയും ചെയ്തു. ഏത് ഉപാധിയും സ്വീകാര്യമെന്ന് ആവര്‍ത്തിച്ച് അറിയിച്ചു. ഏറ്റവും അവസാനമെഴുതിയ മാപ്പപേക്ഷയില്‍ വീരനായ താന്‍ മാത്രമല്ല സഹോദരനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കല്‍പ്പനകള്‍ അനുസരിച്ച് കൊള്ളാമെന്നും എവിടേക്കൊക്കെ പോകുന്നുവെന്നതും എന്തൊക്കെ ചെയ്യുന്നുവെന്നതും അധികാരികളെ യഥാസമയം അറിയിച്ചുകൊള്ളാമെന്നുമൊക്കെ സമ്മതിച്ചിരുന്നു. ഇതൊരു കീഴടങ്ങലായി വേണമെങ്കില്‍ തോന്നാം. പക്ഷേ, എവിടെയൊക്കെ പോകും, എന്തൊക്കെ ചെയ്യുമെന്നൊക്കെ മുന്‍കൂട്ടി അറിയിച്ച് സ്വാതന്ത്ര്യ സമരം നടത്തുക എന്നതിലെ വീരത്വം അതൊന്ന് വേറെയാണ്.


ആ ധൈര്യം ആരും മനസ്സിലാക്കുന്നില്ലെന്ന് തോന്നിയപ്പോള്‍ ജീവിതകഥ എഴുതി മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചു. ആത്മകഥ, ജീവചരിത്രമായി പ്രസിദ്ധീകരിക്കാനുള്ള വീരത്വവും ഒരുപക്ഷേ ആദ്യം കാട്ടിയത് സവര്‍ക്കറായിരുന്നു. ആ ജീവചരിത്രത്തിലൂടെയാണ് മറാത്ത രാജവംശ സ്ഥാപകന്‍ ശിവജിയുടെ അനുയായിയും പന്ത്രണ്ടാം വയസ്സില്‍ തന്നെ 'വീര' പട്ടം ചാര്‍ത്തിക്കിട്ടുകയും ചെയ്ത അസാമാന്യ വീരനായ 'വീര്‍ സവര്‍ക്കര്‍' പ്രതിഷ്ഠിക്കപ്പെട്ടത്. ജീവചരിത്രം യഥാര്‍ഥത്തില്‍ ആത്മകഥയായിരുന്നുവെന്ന് അതിന്റെ പ്രസാധകര്‍ തന്നെ പില്‍ക്കാലം വെളിപ്പെടുത്തിയെങ്കിലും അപ്പോഴേക്കും സവര്‍ക്കറേക്കാള്‍ വലിയ വീരന്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു, ഹിന്ദുത്വ വാദികള്‍ക്ക്.


ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ പില്‍ക്കാലം നടന്ന ശ്രമങ്ങളിലൊന്നും വീര സവര്‍ക്കറുടെ പങ്കാളിത്തം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യത്തിനുള്ള വഴി സായുധ സമരത്തിലൂടെയെന്ന് വാദിച്ച സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുണ്ടാക്കാന്‍ ഓടി നടക്കുമ്പോള്‍ ബ്രിട്ടീഷ് സൈന്യത്തിലേക്ക് ആളെക്കൂട്ടാന്‍ അശ്രാന്ത പരിശ്രമം നടത്തുകയായിരുന്നു സവര്‍ക്കര്‍. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ദര്‍ശനത്തിലുള്ള ഭാരതത്തിന് രൂപം നല്‍കാന്‍ ബ്രിട്ടീഷ് ആധിപത്യം നിലനിന്നേ മതിയാകൂ എന്ന് തിരിച്ചറിഞ്ഞിരുന്നു ആ വീരന്‍. അപ്പോള്‍ പിന്നെ സ്വാതന്ത്ര്യത്തിന് വാദിക്കുന്ന ഇന്ത്യക്കാരായ 'വിഡ്ഢി'കളെ ഇല്ലാതാക്കാനുള്ള സൈന്യത്തെ സജ്ജമാക്കുകയെന്നതല്ലാതെ വീരന്റെ ധര്‍മമെന്ത്?
ഇതിനൊക്കെയല്ലെങ്കില്‍ പിന്നെയെന്തിനാണ് ഭാരത രത്ന സമ്മാനിക്കേണ്ടത്?


പില്‍ക്കാലത്ത് ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായപ്പോഴും പണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിനെഴുതിയത് പോലൊരു കത്ത് സവര്‍ക്കര്‍ എഴുതി, സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ക്ക്. തടവിലാക്കാതെയിരുന്നാല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാലത്തോളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താതിരിക്കാം, വര്‍ഗീയത വളര്‍ത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാം എന്നൊക്കെ വാഗ്ദാനം ചെയ്തു. കൈയില്‍ വിലങ്ങ് വീഴുമെന്ന് ഉറപ്പാകുമ്പോള്‍ മാപ്പപേക്ഷിച്ച് തടി രക്ഷിക്കുന്നതാണ് വീരത്വം.


രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി മാത്രമല്ല, ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിന്റെ പിതൃത്വം പോലും സവര്‍ക്കര്‍ക്ക് അവകാശപ്പെട്ടതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ തുടര്‍ച്ചയില്‍ വീര പദവി നേടിയ സവര്‍ക്കര്‍ തന്നെയാണ് അവരുടെ തന്ത്രത്തെ പൂര്‍ണമായി നടപ്പാക്കിക്കൊടുക്കാന്‍ പാകത്തില്‍ രണ്ട് രാഷ്ട്രമെന്ന സിദ്ധാന്തം ആദ്യം അവതരിപ്പിച്ചത്. അതിനെ തെളിഞ്ഞ വര്‍ഗീയതയില്‍ വ്യാഖ്യാനിച്ച് ഹിന്ദുവും മുസല്‍മാനും രണ്ട് രാഷ്ട്രമെന്ന് പ്രഖ്യാപിച്ചത് സവര്‍ക്കറായിരുന്നു - ഹിന്ദുത്വത്തെ വിശകലനം ചെയ്തുള്ള പുസ്തകത്തില്‍. ഈ സിദ്ധാന്തമാണ് 1937ല്‍ ഹിന്ദു മഹാസഭ അവരുടെ രാഷ്ട്രീയ പ്രമേയമായി അംഗീകരിച്ചത്. അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം അനുവദിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വം നിയന്ത്രിച്ചിരുന്ന സവര്‍ണ ഹൈന്ദവര്‍ ഒരിക്കലും തയ്യാറാകില്ലെന്ന തിരിച്ചറിവില്‍ മുസ്ലിം ലീഗെന്ന രാഷ്ട്രീയ കക്ഷിയുണ്ടാക്കി ഇറങ്ങിയ മുഹമ്മദലി ജിന്നയും കൂട്ടരും രണ്ട് രാജ്യങ്ങളെന്ന ആവശ്യമുന്നയിച്ചത് പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു. ആ നിലക്ക് രാഷ്ട്രീയ സ്വയം സേവക് സംഘ് ലക്ഷ്യമിടുന്ന ഹിന്ദു രാഷ്ട്രം സ്ഥാപിതമാകുമ്പോള്‍ അതിന്റെ രാഷ്ട്രപിതാവാകാന്‍ സവര്‍ക്കറെക്കാള്‍ യോഗ്യന്‍ മറ്റാരുമില്ല തന്നെ.


ഗാന്ധി വധത്തിലെ സവര്‍ക്കറുടെ പങ്കിനെക്കുറിച്ച്, നരേന്ദ്ര മോദിയുള്‍പ്പെടെ ബി ജെ പിയുടെയും മോഹന്‍ ഭഗവത് മുതല്‍ സംഘ്പരിവാരത്തിന്റെയും നേതാക്കളൊക്കെ വാഴ്ത്തുന്ന സര്‍ദാര്‍ പട്ടേല്‍ എഴുതി വെച്ചത് ഇപ്പോഴും ഇന്ത്യന്‍ സര്‍ക്കാറിന്റെ ശേഖരത്തിലുണ്ടാകും. (അതെല്ലാം വൈകാതെ നശിപ്പിച്ച് കളയാന്‍ മോദിയും ഷായും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എഴുതുന്നത്) ഹിന്ദു മഹാസഭയില്‍ സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന തീവ്ര യാഥാസ്ഥിതിക വിഭാഗമാണ് ഗാന്ധി വധം ആസൂത്രണം ചെയ്തതും അത് നടപ്പാകുന്നുവെന്ന് ഉറപ്പാക്കിയതുമെന്നാണ് പട്ടേലിന്റെ വാക്കുകള്‍. ഇതൊരു സര്‍ട്ടിഫിക്കറ്റായെടുത്താല്‍ അത് മാത്രം മതി ഭാരത രത്നക്ക് യോഗ്യതയാകാന്‍. ഹിന്ദു -മുസ്ലിം ഐക്യത്തിനായി മരണം വരെ നിരാഹാരമനുഷ്ഠിക്കാന്‍ മടി കാണിക്കാതിരുന്ന, സവര്‍ക്കറെപ്പോലുള്ളവരുടെ ആഗ്രഹത്തിന്റെ തുടര്‍ച്ചയായിക്കൂടി പിറന്ന പാക്കിസ്ഥാന് ഇന്ത്യയുടെ ഖജനാവില്‍ നിന്ന് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട, അതിലേക്ക് അന്നത്തെ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ട്ടിഫിക്കറ്റിനപ്പുറം മറ്റെന്ത് വേണം രത്ന വിഭൂഷിതനാകാന്‍.

2019-10-21

പെരുന്നയ്ക്ക് ശൗര്യം പകരുന്നവര്‍


ഏതാണ്ട് ഒരു ദശകം മുമ്പത്തെ കഥയാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ അര്‍ഹമായ വിഹിതം നായര്‍ സമുദായത്തിന് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍ എസ് എസ്) പരിഭവം പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിലെ (രണ്ടാം യു പി എ സര്‍ക്കാര്‍) പ്രതിനിധികളെ നിശ്ചയിച്ചപ്പോഴും സമുദായത്തിന് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് കെറുവിക്കുകയും ചെയ്തു. അക്കാലം പി കെ നാരായണപ്പണിക്കരായിരുന്നു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെങ്കിലും കൈകാര്യകര്‍തൃത്വം ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. എന്തായാലും പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയും കെ പി സി സിയുടെ പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് പാഞ്ഞെത്തി.


ആ സമയം കേരളം ഭരിച്ചിരുന്ന വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനും ഏതാണ്ട് അതേസമയം പെരുന്നയിലെത്തിയിരുന്നു. ദേവസ്വം ബോര്‍ഡുകളുടെ രൂപവത്കരണത്തില്‍ എന്‍ എസ് എസ് നേതൃത്വത്തിന്റെ അഭിപ്രായം തേടുകയായിരുന്നു കടന്നപ്പള്ളിയുടെ സന്ദര്‍ശനോദ്ദേശ്യം. മന്ത്രിയുടെ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതാകാം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ അന്നും ഇന്നും നിയന്ത്രിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്ദര്‍ശനം പൊടുന്നനെയായിരുന്നു. സമുദായത്തെ അവഗണിച്ചുവെന്ന് പെരുന്നയിലെ ആശാന്‍മാര്‍ പൊരുന്നിയപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതെയായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. എന്‍ എസ് എസ് നേതൃത്വം കെറുവിച്ചാല്‍ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന (അബദ്ധ) ധാരണ മാത്രമാണ് ഇവരെ നയിച്ചത് എന്ന് വ്യക്തം. എന്‍ എസ് എസ്സിന്റെ സമ്മേളനം പ്രമാണിച്ച്, 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച കേരള യാത്ര മാറ്റിവെക്കാന്‍ പോലും ആലോചിച്ച രമേശ് ചെന്നിത്തല, സമുദായ നേതൃത്വം അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുമ്പോള്‍ ഉലഞ്ഞു പോകുക സ്വാഭാവികം.


ദേവസ്വം ബോര്‍ഡുകള്‍ എങ്ങനെ രൂപവത്കരിക്കണമെന്നതില്‍ നിയമമനുശാസിക്കുന്ന മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ച് രൂപവത്കരിക്കുന്ന ബോര്‍ഡ് നിയമപ്രകാരം നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മതിയാകും. എന്നിട്ടും എന്‍ എസ് എസ് നേതൃത്വത്തിന്റെ അഭിപ്രായം തേടാന്‍ മന്ത്രി നേരിട്ടെത്തിയത് എന്തുകൊണ്ടാകും? കടന്നപ്പള്ളി രാമചന്ദ്രന്റെ വ്യക്തിപരമായ തീരുമാനമനുസരിച്ചോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ (എസ്) തീരുമാനമനുസരിച്ചോ ആകില്ല ഈ സന്ദര്‍ശനം. മറിച്ച് മന്ത്രിസഭയെ നിയന്ത്രിക്കുന്ന എല്‍ ഡി എഫിന്റെയും എല്‍ ഡി എഫിനെ നിയന്ത്രിക്കുന്ന സി പി ഐ (എം) യുടെയും തീരുമാനമനുസരിച്ചല്ലാതെ വരാന്‍ തരമില്ല.

സംബന്ധോദ്യുക്തരായ നമ്പൂതിരിമാരുടെ ചൂട്ടുകറ്റ പാളുന്നത് കാണുമ്പോള്‍ വാതിലോടാമ്പല്‍ നീക്കേണ്ടിവന്നിരുന്ന നായര്‍ കുടുംബങ്ങളുടെ ദുര്‍ഗതി മാറ്റാനും സമുദായത്തിലെ പുതു തലമുറക്ക് വിദ്യാഭ്യാസത്തിനും സാമൂഹിക - സാമ്പത്തിക പുരോഗതിക്കും വഴിയൊരുക്കാനും വേണ്ടിയാണ് മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ്സിന് രൂപം നല്‍കിയത്. നായര്‍ സമുദായത്തേക്കാള്‍ മോശമാണ് താഴേത്തട്ടിലുള്ള മറ്റ് സമുദായങ്ങളുടെ സ്ഥിതിയെന്ന ബോധ്യം അന്നദ്ദേഹത്തിനുണ്ടായിരുന്നു. അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വൈക്കം ക്ഷേത്രത്തിലേക്കുള്ള പാതകളിലൂടെ സഞ്ചരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ അദ്ദേഹം പങ്കെടുത്തത് അതുകൊണ്ടാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് വഴിതുറന്ന ജാതി വ്യവസ്ഥക്കെതിരായ സമരത്തിന്റെ ഭാഗമായതും.

എന്നാല്‍ 1957ല്‍ അധികാരത്തിലേറിയ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ ഭൂപരിഷ്‌കരണത്തിനും വിദ്യാഭ്യാസ പരിഷ്‌കരണത്തിനും നിയമങ്ങള്‍ കൊണ്ടുവന്നതോടെ മന്നത്തിന്റെ നിലപാട് മാറി. കിട്ടാവുന്ന ജാതി മത സംഘടനകളെ കൂട്ടിപ്പിടിച്ച്, കോണ്‍ഗ്രസിന്റെ സമൂല പങ്കാളിത്തത്തോടെ അരങ്ങേറിയ വിമോചന സമരത്തിന്റെ സര്‍വ സൈന്യാധിപനായി അദ്ദേഹം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. മുന്‍കാലത്ത് സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മന്നവും എന്‍ എസ് എസ്സും പിന്നീട് തികഞ്ഞ ജനാധിപത്യ വിരുദ്ധതയുടെയും സവര്‍ണ മേല്‍ക്കോയ്മ ഉദ്‌ഘോഷിക്കുന്ന വര്‍ഗീയതയുടെയും ഒപ്പമായി. വിമോചന സമരകാലത്തെ ഈ പാരമ്പര്യമാണ് പിന്നീട് എന്‍ എസ് എസ് ഏതാണ്ടെല്ലായിപ്പോഴും പിന്തുടര്‍ന്നത്. ആ സംഘടനയെ പ്രീണിപ്പിക്കാനോ പിണക്കാതെ നോക്കാനോ ആണ് പില്‍ക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുള്‍പ്പെടെ ശ്രമിച്ചതും. വിമോചന സമരത്തിന്റെ നേതൃപദവിയിലുണ്ടായിരുന്നതു കൊണ്ട് കോണ്‍ഗ്രസിന് അതൊരു അനിവാര്യതയുമായി. 


പരിഭവം തീര്‍ക്കാനും ഇംഗിതം അറിയാനും പെരുന്നയിലേക്ക് പാഞ്ഞെത്തിയ രാഷ്ട്രീയ നേതൃത്വം തന്നെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ലാത്ത വലുപ്പം എന്‍ എസ് എസ് മേധാവിമാര്‍ക്ക് നല്‍കിയത്. അതിന്റെ തുടര്‍ച്ചയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരില്‍ 45 ശതമാനം നായര്‍ സമുദായാംഗങ്ങളാണെന്നും അവരുടെ വോട്ട് ശബരിമലയിലെ ആചാര സംരക്ഷണത്തിന് (വിശ്വാസ സംരക്ഷണമെന്നേ ജി സുകുമാരന്‍ നായര്‍ പറയൂ. വിശ്വാസവും ആചാരവും തമ്മിലുള്ള അന്തരമറിയാത്ത സമുദായാംഗങ്ങള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങട്ടെ) ഉതകും വിധത്തില്‍ നിലപാടെടുത്തവര്‍ക്കായിരിക്കുമെന്നും പ്രഖ്യാപിക്കുമ്പോള്‍ ഇല്ലാത്ത വലുപ്പം ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ് എന്‍ എസ് എസ് നേതൃത്വം.

2011ലെയും 2016ലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ തരക്കേടില്ലാത്ത ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലവും. ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നതിന് ഈ കണക്കുകള്‍ തന്നെ ധാരാളം. വോട്ടര്‍ പട്ടികയിലെ നായര്‍ സമുദായാംഗങ്ങളുടെ കണക്ക് പരിഗണിച്ച്, വട്ടിയൂര്‍ക്കാവില്‍ (പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം) ആ സമുദായത്തിലെ അംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കുന്നതാണ് മുന്നണികളുടെ പതിവ്. അതിലൊരു മാറ്റം ഇക്കുറി ഇടതു മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി ഐ (എം) വരുത്തിയതോടെ മത്സരരംഗത്ത് ശേഷിക്കുന്ന നായന്‍മാരില്‍ 'ആഢ്യത്വം' കല്‍പ്പിക്കപ്പെടുന്നവനായിരിക്കും സമുദായാംഗങ്ങളുടെ വോട്ട് എന്നതുമുറപ്പ്. ആചാര സംരക്ഷണക്കാര്‍ക്ക് പിന്തുണയെന്ന് പ്രഖ്യാപിച്ച്, വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കരയോഗാംഗങ്ങളോട് നിര്‍ദേശിക്കുമ്പോള്‍ സുനിശ്ചിതമായ വിജയത്തിന്റെ മുഖ്യ ഉത്തരവാദിത്തം എന്‍ എസ് എസ്സില്‍ ഉറപ്പിക്കുക എന്ന തന്ത്രമേ സുകുമാരന്‍ നായര്‍ക്കുള്ളൂ. അതുവഴി വിലപേശല്‍ ശക്തി കൂട്ടുക എന്നതും. അഥവാ വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ മറ്റ് ജാതി - മത ശക്തികളെല്ലാം യോജിച്ച് നായരെ തോല്‍പ്പിച്ചുവെന്ന് വിലപിച്ച് സമുദായ വികാരം ജ്വലിപ്പിക്കാന്‍ ശ്രമിക്കുകയുമാകാം. 


നേരിട്ടും അല്ലാതെയും രാഷ്ട്രീയത്തില്‍ ഇടപെടുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ സമുദായ കാര്‍ഡ് കളിക്കുകയും ചെയ്യുന്നതില്‍ എന്‍ എസ് എസ്സിനോളം വരില്ല മറ്റൊരു സംഘടനയും. ശക്തമായ വോട്ടു ബേങ്കെന്ന ഇവരുടെ അവകാശവാദത്തില്‍ കഴമ്പൊന്നുമില്ലെന്ന് ഓരോ തിരഞ്ഞെടുപ്പിലും തെളിയുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ പെരുന്ന പ്രണാമത്തില്‍ കുറവുണ്ടാകുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി 2016ല്‍ എല്‍ ഡി എഫ് അധികാരത്തിലേറിയ ശേഷം, പെരുന്നയിലേക്ക് ഇടതുവശം ചേര്‍ന്നുള്ള യാത്രകള്‍ കുറഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്.


എങ്കിലും ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലെ പത്ത് ശതമാനം മുന്നാക്ക സംവരണവും, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന നിലപാടും, യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ നിശ്ചയിച്ചപ്പോള്‍ ജി സുകുമാരന്‍ നായരുടെ മകള്‍ സുജാതയെ മാത്രം നിലനിര്‍ത്തിയതുമൊക്കെ എന്‍ എസ് എസ് നേതൃത്വത്തെ അനുനയിപ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് പെരുന്നയിലെത്തി വണങ്ങാത്തതിലുള്ള അരിശം പക്ഷേ, ഇതുകൊണ്ടൊന്നും തീരുന്നതല്ല. 
കണിച്ചുകുളങ്ങര ദേവസ്വത്തിലെത്തി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാമെങ്കില്‍ സവര്‍ണനായ തന്നെ കാണാന്‍ പെരുന്നയില്‍ വന്നാലെന്തെന്ന ചിന്ത, മന്നം സമാധിയില്‍ ചെരുപ്പിട്ട് കയറിയെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ 'മുട്ടുകുത്തിച്ച' കാര്യസ്ഥന്‍മാര്‍ക്കുണ്ടാകുക സ്വാഭാവികം. മന്നം സമാധിക്ക് മുന്നില്‍ വന്നുനിന്ന് താന്‍ ആശീര്‍വദിച്ച നാമജപ ഘോഷയാത്രയെ അവഗണിച്ച്, ശബരിമലയുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രിയോട് ക്ഷമിക്കുക അസാധ്യവുമാണ്. അതിലും വലുതാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുണ്ടാക്കി തലപ്പത്ത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാറിനെയും ഇരുത്തിയപ്പോഴുണ്ടായ രോഷം. അതിനൊക്കെ പ്രതികാരം ചെയ്‌തെന്ന് പൊതു സമൂഹത്തിന് മുന്നില്‍ വീമ്പിളക്കാന്‍ വട്ടിയൂര്‍ക്കാവിലോളം എളുപ്പവഴി വേറെയില്ല.

ആചാര സംരക്ഷണത്തിന് നിലപാടെടുത്തു എന്ന പേരില്‍ പിന്തുണ പ്രഖ്യാപിക്കപ്പെട്ടതിലും എന്‍ എസ് എസ് കരയോഗങ്ങള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ വേദിയായതിലും അത്യുത്സാഹം കൊള്ളുന്നുണ്ട് കോണ്‍ഗ്രസ് നേതാക്കള്‍. തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബി ഡി ജെ എസ് എന്ന പാര്‍ട്ടി എന്‍ ഡി എ മുന്നണിയില്‍ തുടരുകയും ആ പാര്‍ട്ടിയുമായി അടുത്ത ബന്ധമാണ് തങ്ങള്‍ക്കിപ്പോഴുമെന്ന് ബി ജെ പി നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന കാലത്തോളമേ പെരുന്നയില്‍ നിന്നുള്ള ശരിദൂരം കെ പി സി സി ആസ്ഥാനത്തേക്കുണ്ടാകൂ. അത് മാറിയാല്‍ ശരിദൂരം ഭാവി മുഖ്യമന്ത്രിയുടെ ഓഫീസിന് വരെ സ്ഥലമിട്ട തിരുവനന്തപുരത്തെ ബി ജെ പി ഓഫീസിലേക്കാകും. ജന്മിയായ നമ്പൂതിരിയുടെ കാര്യസ്ഥമാണ് പാരമ്പര്യം. അധികാരമുള്ള സവര്‍ണന്റെ കാര്യസ്ഥത്തിലാണ് ഭാവി. അതിലേക്ക് സമുദായത്തെ നയിക്കാനുദ്ദേശിക്കുന്നവരുടെ ഇടത്താവളം മാത്രമാണ് വട്ടിയൂര്‍ക്കാവ്.

2019-10-14

ഭഗവാനില്‍ നിന്ന് ഭാഗവതുമാരിലേക്ക് എത്തുന്ന ആള്‍ക്കൂട്ടം


ആര്‍ഷ ഭാരതത്തില്‍ ആള്‍ക്കൂട്ട ആക്രമണമോ? അതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ചൈനയുടെ പ്രസിഡന്റ് സി ജിന്‍പിംഗിനെയും വലത്തും ഇടത്തുമിരുത്താന്‍ കരുത്തുള്ള നേതാവ് രാജ്യം ഭരിക്കുമ്പോള്‍! പുരാണ നാടകങ്ങളിലെപ്പോലെ അസംഭവ്യമെന്ന് ഗര്‍ജിക്കേണ്ടിവരും. അത്തരം സംഗതികള്‍ നടക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ആര്‍ഷ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ്. ആള്‍ക്കൂട്ട ആക്രമണമെന്ന പ്രയോഗത്തിന്റെ ഉദയം വൈദേശിക മത ഗ്രന്ഥങ്ങളില്‍ നിന്നാണ്. മഗ്ദലന മറിയത്തെ കല്ലെറിഞ്ഞു കൊല്ലാന്‍ ആള്‍ക്കൂട്ടം തീരുമാനിച്ചതിനെക്കുറിച്ച് പറയുന്നത് ബൈബിളാണ്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്ന് വിധിച്ച് മറിയത്തിന്റെ ജീവന്‍ രക്ഷിച്ച യേശു ക്രിസ്തുവിന് കുരിശു മരണം വിധിക്കപ്പെടുമ്പോള്‍ അവനെ ക്രൂശിക്കൂ എന്ന് ആര്‍ത്തലച്ച ആള്‍ക്കൂട്ടവും ബൈബിളിലേതാണ്.


അതിനാല്‍ നീതിന്യായ വിചാരണക്ക് പുറത്ത് ശിക്ഷവിധിക്കാന്‍ പാകത്തിലുള്ള ആള്‍ക്കൂട്ടമോ വിധിക്കപ്പെട്ട ശിക്ഷ വേഗത്തില്‍ നടപ്പാക്കാന്‍ ആക്രോശിക്കുന്ന ആള്‍ക്കൂട്ടമോ ആര്‍ഷ ഭാരതത്തിന്റെ സൃഷ്ടിയേയല്ല! ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്ന് പറയുന്നതോ അത്തരം ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുന്നതോ ആര്‍ഷ ഭാരതത്തെ അവഹേളിക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗം തന്നെ. അത്തരക്കാര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം, വിചാരണ ചെയ്ത് ശിക്ഷിക്കണം. ബീഹാറിലെ മുസഫര്‍പൂര്‍ കോടതി ഈ വഴിക്ക് സ്വീകരിച്ച നടപടികള്‍ എല്ലാവരും മാതൃകയാക്കേണ്ടതുമാണ്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിതമായി നടക്കുന്ന ശ്രമങ്ങളെ ചൂണ്ടിക്കാണിച്ച, അത്തരം ശ്രമങ്ങളെ രാജ്യദ്രോഹമായി കാണണമെന്ന് നിയമ പാലന - നീതി നിര്‍വഹണ സംവിധാനത്തോട് പരോക്ഷമായി ആവശ്യപ്പെട്ട രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘചാലകിന്റെ അഭിപ്രായത്തോട് 'രാജ്യസ്നേഹി'കള്‍ക്ക് യോജിക്കാതെ തരമില്ല.


സര്‍ സംഘ ചാലക് മോഹന്‍ ഭഗവത് എന്തുകൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടുവെന്നത് വര്‍ത്തമാന കാലത്തിലും ആര്‍ എസ് എസ് മഹത്തരമായി കാണുന്ന പുരാണേതിഹാസങ്ങളുടെ കാലത്തിലും പരിശോധിക്കപ്പെടേണ്ടതാണ്. വര്‍ത്തമാന കാലത്ത്, എന്നുവെച്ചാല്‍ 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേവല ഭൂരിപക്ഷത്തോടെ കേന്ദ്രാധികാരം പിടിച്ച കാലം മുതലിങ്ങോട്ട് പല കാരണങ്ങളാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറിയതായി ആരോപണമുണ്ട്. അതിലേറെയും ഗോരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ്. കശാപ്പിനായി കാലികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നോ മാംസത്തിനായി പശുവിനെ കശാപ്പ് ചെയ്തുവെന്നോ ഗോമാംസം സൂക്ഷിച്ചുവെന്നോ ഒക്കെ ആരോപിച്ച് അരങ്ങേറിയവ. ഗോമാംസം ഭക്ഷിക്കുന്നവരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കൈകാര്യം ചെയ്യുകയും അതിനിടയില്‍ കൊലക്കത്തിക്ക് പാളിയ സംഭവവുമുണ്ട്. ഇതിനെയൊക്കെ ആള്‍ക്കൂട്ട ആക്രമണമായി ചിത്രീകരിച്ച് 'ഭാരത'ത്തിന്റെ യശോധാവള്യത്തിന് മേല്‍ കരി തേക്കുന്നതിനോട് യാതൊരു യോജിപ്പുമില്ല. കാരണം ഇവയൊന്നും പൊടുന്നനെ ഒന്നിക്കുന്ന ആള്‍ക്കൂട്ടം പ്രകോപിതരായി നടത്തുന്ന ആക്രമണമല്ല തന്നെ.


ഗോ സംരക്ഷണത്തിനെന്ന പേരില്‍ ഗുണ്ടകളെ സജ്ജരാക്കുന്നതും അവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നതും തികച്ചും ആസൂത്രിതമായാണ്. അവരെ വെറും ആള്‍ക്കൂട്ടങ്ങളെന്ന് വിശേഷിപ്പിക്കുമ്പോള്‍ ഗോ സംരക്ഷണത്തിനെന്ന പേരില്‍ ഗുണ്ടകളെ സൃഷ്ടിക്കുന്നതിന്റെ ലക്ഷ്യത്തില്‍ വെള്ളം ചേര്‍ക്കുകയാണ് ചെയ്യുന്നത്. അതില്‍പ്പരം ആര്‍ഷ ഭാരതത്തിന് അപകീര്‍ത്തികരമായി മറ്റെന്തുണ്ട്? ഗോ സംരക്ഷണമെന്നതിനെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമായി വളര്‍ത്തിയെടുത്ത്, ന്യൂനപക്ഷങ്ങളും ദളിതുകളും ഗോ വധത്തിന് മടിക്കാത്തവരാണെന്ന ധാരണ വളര്‍ത്തി, അവരെ ആക്രമിച്ച്, വെറുപ്പ് വളര്‍ത്തി അധികാരം നിലനിര്‍ത്താന്‍ സംഘടിതമായി ശ്രമം നടക്കുന്നതിനെ ആള്‍ക്കൂട്ട ആക്രമണമെന്ന് ചുരുക്കിക്കാണാനേ സാധിക്കില്ല!


മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദു രാഷ്ട്രമാക്കാന്‍ പല തലങ്ങളില്‍ നടക്കുന്ന ശ്രമങ്ങളില്‍ ഒന്നായ 'ഗോ സംരക്ഷണ യജ്ഞ'ത്തെ ആള്‍ക്കൂട്ട ആക്രമണമെന്ന പൊതു സംജ്ഞക്ക് കീഴില്‍ ഉള്‍പ്പെടുത്തുന്നതിനെ ഒരു നിലക്കും അംഗീകരിക്കാനുമാകില്ല. അതുകൊണ്ടാണ് ആ ശ്രമത്തെ ആര്‍ എസ് എസ് മേധാവി എതിര്‍ക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്നതാണ് ഇതൊക്കെ എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം. അതിനെ ഉള്‍ക്കൊള്ളാന്‍ പാകത്തിലേക്ക് 'രാജ്യ സ്നേഹി'കളായി മാറാന്‍ ജനത തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലാണ് ഊന്നല്‍. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പാര്‍ലിമെന്റില്‍ പ്രസംഗിച്ചാല്‍ പോര, തടയാന്‍ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രിയെ തെര്യപ്പെടുത്താന്‍ ശ്രമിച്ചവരുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തീരുമാനിച്ചപ്പോള്‍ നീതിന്യായ സംവിധാനം പ്രകടിപ്പിച്ചതും ഇതേ വികാരമാണ്. (കേസ് ഒഴിവാക്കാന്‍ പിന്നീട് തീരുമാനിച്ചത് ഗൗരവത്തിലെടുക്കേണ്ട. നല്‍കേണ്ട സന്ദേശം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ ചുവടല്‍പ്പം പിറകിലേക്ക് വലിക്കുന്നതില്‍ തെറ്റില്ലെന്നാണ് ചതുരുപായക്കാരുടെ പ്രമാണം)


രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ നാഥുറാം ഗോഡ്സെ വെടിവെച്ചുകൊന്നുവെന്ന വിവരമറിഞ്ഞപ്പോള്‍ ആര്‍ എസ് എസ്സിന്റെ നാഗ്പൂര്‍ ആസ്ഥാനത്ത് ആഘോഷങ്ങള്‍ അരങ്ങേറിയെന്നാണ് അക്കാലം അവിടം സന്ദര്‍ശിച്ച വാര്‍ത്താ ഏജന്‍സിയുടെ ലേഖകന്‍ ഓര്‍മിക്കുന്നത്. ഗാന്ധിയെ വധിച്ചെന്ന വിവരമറിഞ്ഞപ്പോള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മധുരപലഹാരം വിതരണം ചെയ്തുവെന്ന് രേഖപ്പെടുത്തിവെച്ചത്, സാക്ഷാല്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലാണ്. സംഘ് പാരമ്പര്യത്തിലെ ഇളകാത്ത കണ്ണിയായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ നരേന്ദ്ര മോദി മുതലിങ്ങോട്ടുള്ള തീവ്രഹിന്ദുത്വ വാദികളെല്ലാം ശ്രമിക്കുന്ന അതേ സര്‍ദാര്‍ പട്ടേല്‍. ആള്‍ക്കൂട്ട ആക്രമണത്തിലല്ല, ആസൂത്രിതമായ അക്രമത്തിലാണ് താത്പര്യമെന്നും അത്തരം അക്രമത്തിന് വേണ്ടി ആക്രോശിക്കുന്നതിലല്ല ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് ശേഷമുള്ള ആഘോഷത്തിലാണ് താത്പര്യമെന്നും മനസ്സിലാക്കാന്‍ ഇതിലപ്പുറമെന്ത് വേണം.


സ്വാതന്ത്ര്യാനന്തരം രാജ്യത്ത് അരങ്ങേറിയ ചെറുതും വലുതുമായ വര്‍ഗീയ കലാപങ്ങളില്‍ ഏതാണ്ടെല്ലാറ്റിന്റെയും ആസൂത്രണത്തില്‍ ആര്‍ എസ് എസ്സിന് പങ്കുണ്ടെന്ന് എഴുതി വെച്ചിരിക്കുന്നത് തുടര്‍ന്ന് നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകളിലാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളിലല്ല, സംഘര്‍ഷങ്ങള്‍ ആസൂത്രിതമായി സൃഷ്ടിച്ച് അതിന്റെ വര്‍ഗീയ ലാഭം കൊയ്യുക എന്നതിലാണ് താത്പര്യമെന്നതിന് ഇതിലപ്പുറം തെളിവെന്ത് വേണം. 2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തിലും സംഗതി ഭിന്നമായിരുന്നില്ല. ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് നിര്‍ദേശിച്ച്, പോലീസിനെ നിര്‍വീര്യമാക്കി നിര്‍ത്തി, കണ്‍ട്രോള്‍ റൂമിലേക്ക് മന്ത്രിമാരെ നിയോഗിച്ച് അക്രമികള്‍ക്ക് തുറന്ന അവസരമുണ്ടാക്കിക്കൊടുത്ത് സംഘടിപ്പിക്കപ്പെട്ട വംശഹത്യാ ശ്രമത്തെ, ആള്‍ക്കൂട്ടത്തിന്റെ രോഷം പൊട്ടിയൊഴുകിയതാണെന്ന് ചിത്രീകരിച്ചാല്‍ അംഗീകരിക്കാനാകുമോ? കൂട്ടക്കുരുതി തടയാന്‍ ഉടന്‍ പട്ടാളത്തെ ഇറക്കണമെന്ന രാഷ്ട്രപതിയുടെ നിര്‍ദേശം തള്ളിക്കളഞ്ഞത്, അരങ്ങേറുന്നത് ആള്‍ക്കൂട്ട ആക്രമണമല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ!  ഇതൊക്കെയിങ്ങനെ മുന്നില്‍ നില്‍ക്കെ, ആള്‍ക്കൂട്ട ആക്രമണമെന്ന പദമുപയോഗിച്ച് 'ഭാരത'ത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ സര്‍ സംഘ ചാലക് നോക്കിനില്‍ക്കുവതെങ്ങനെ?


ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം വൈദേശിക മത ഗ്രന്ഥത്തിലാണെന്ന വാദവും അംഗീകരിക്കപ്പെടണം. ആര്‍ഷ ഭാരതത്തിന്റെ അടിസ്ഥാനമെന്ന നിലക്ക് സംഘ്പരിവാരം വ്യാഖ്യാനിക്കുന്ന പുരാണേതിഹാസങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണമെന്ന് വ്യാഖ്യാനിക്കാവുന്ന സംഗതികളുണ്ടോ എന്നറിയില്ല. പക്ഷേ, അധികാരമുറപ്പിക്കാന്‍ നടത്താവുന്ന ഏത് നീച കൃത്യങ്ങളുടെയും ഉദാഹരണങ്ങള്‍ അവിടെ കാണാം. അതില്‍ മനുഷ്യനെന്നോ ദേവനെന്നോ വ്യത്യാസവുമില്ല. ഭാരത വംശത്തിന്റെ പിന്‍മുറക്കാരെന്ന് അവകാശപ്പെട്ട പാണ്ഡവരെ ഇല്ലാതാക്കാന്‍ പിതൃസഹോദര പുത്രന്‍മാര്‍ ആസൂത്രണം ചെയ്ത ഹീന കൃത്യങ്ങള്‍ നിരവധി. വിഷം കൊടുത്തത് മുതല്‍ അരക്കില്ലത്തില്‍ ചുട്ടെരിക്കാന്‍ ശ്രമിച്ചത് വരെ. കള്ളച്ചൂതില്‍ തോല്‍പ്പിച്ച് രാജ്യം പിടിച്ചെടുത്തതും (എന്‍ഫോഴ്സ്മെന്റിനെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെയും ആദായ നികുതി വകുപ്പിനെയും കരുക്കളാക്കി ഇപ്പോള്‍ നടക്കുന്ന ചൂതിലും കള്ളക്കളിയില്ലെന്ന് പറയാനാകില്ലല്ലോ) ദാസിയായി വ്യാഖ്യാനിച്ച് ദ്രൗപദിയെ രാജസഭയിലേക്ക് വിളിപ്പിച്ച് വസ്ത്രാക്ഷേപത്തിന് മുതിര്‍ന്നതും ആര്‍ഷ ഭാരതേതിഹാസത്തിന്റെ ഭാഗമല്ലോ! ആ വസ്ത്രാക്ഷേപശ്രമം പോലും ആള്‍ക്കൂട്ട ആക്രമണമല്ല, അധികാരം പിടിച്ചവരുടെ ആഹ്ലാദ പ്രകടനമായിരുന്നു.

ഈ അനീതികള്‍ക്കെല്ലാമുള്ള മറുപടിയാണല്ലോ കുരുക്ഷേത്രം. യുദ്ധമാരംഭിക്കാനിരിക്കെ പിതാമഹന്‍മാരോടും ഗുരുക്കന്‍മാരോടും യുദ്ധം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ, തളര്‍ന്ന അര്‍ജുനന് കരുത്തേകാന്‍ ശ്രീകൃഷ്ണന്‍ നടത്തിയ ദീര്‍ഘ പ്രഭാഷണമാണല്ലോ ഭഗവദ് ഗീത. ഇവരെയൊക്കെ വധിച്ച് പ്രതികാരം ചെയ്യലും അധികാരം പിടിക്കലുമാണ് പ്രധാനമെന്നാണല്ലോ പഠിപ്പിച്ചത്. അതിലെ ന്യായത്തെ സംശയിക്കാതിരിക്കാം. ഗുരുവിനെക്കൊല്ലാന്‍ അര്‍ധ നുണ പറയാന്‍ ഉപദേശിക്കുന്ന, സഹോദരീ ഭര്‍ത്താവിനെ വധിക്കാന്‍ സൂര്യനെ മറച്ച് അസ്തമയം സൃഷ്ടിച്ച് നല്‍കുന്ന, നിരായുധനായ എതിരാളിയുടെ കണ്ഠത്തിലേക്ക് അസ്ത്രമയക്കാന്‍ നിര്‍ദേശിക്കുന്ന, യുദ്ധമര്യാദകള്‍ ലംഘിച്ച് പ്രതിയോഗിയുടെ തുടക്കടിക്കാന്‍ കല്‍പ്പിക്കുന്ന ഭഗവാനുമുണ്ട് ഇതിഹാസത്തില്‍. അഭിസാരികയെന്ന് ആരോപിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആക്രോശിച്ച ആള്‍ക്കൂട്ടത്തെ പരാമര്‍ശിച്ച, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ എന്ന് നിര്‍ദേശിച്ച ബൈബിളിനേക്കാള്‍ നുണകളും അര്‍ധ സത്യങ്ങളും വ്യാജ നിര്‍മിതികളും നിയമലംഘനങ്ങളും അധികാര ലബ്ധിക്കുപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന ഇതിഹാസമാണ് സംഘ്പരിവാരത്തിന് കൂടുതല്‍ യോജിക്കുക. അതുകൊണ്ടാണ് അവര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെ വൈദേശിക മത പരാമര്‍ശമുപയോഗിച്ച് 'ഭാരത'ത്തെ അപകീര്‍ത്തിപ്പെടുത്തരുത് എന്ന് ആവശ്യപ്പെടുന്നത്. ഭാരതത്തിന്റെ 'കീര്‍ത്തി' അവരുദ്ദേശിക്കും വിധത്തില്‍ വര്‍ധിപ്പിക്കാനുതകും വിധത്തില്‍ ഉപയോഗിക്കാവുന്ന പലതും വ്യാഖ്യാനിച്ചെടുക്കാവുന്ന പുരാണേതിഹാസങ്ങള്‍ മുന്നിലിരിക്കെ പ്രത്യേകിച്ചും.

നുണകള്‍ക്കും അര്‍ധ സത്യങ്ങള്‍ക്കും വ്യാജ നിര്‍മിതികള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും ഇതിഹാസകാരന് ന്യായങ്ങളുണ്ട്. ധര്‍മ സംസ്ഥാപനാര്‍ഥം സംഭവിക്കേണ്ടത് സംഭവിച്ചേ മതിയാകൂ എന്ന ന്യായം. തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ സ്ഥാപനം മാത്രം ലക്ഷ്യമിടുന്ന, അതിന് വേണ്ടത് സംഭവിപ്പിക്കാന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ ഭഗവതുമാര്‍ക്ക് ഇതിഹാസകാരന്റെ ന്യായങ്ങള്‍ ബാധകമല്ല. ആ ന്യായങ്ങള്‍ മനസ്സിലാകാത്തവര്‍ക്ക് ബൈബിളിന്റെ ന്യായം മനസ്സിലാകുമെന്ന പ്രതീക്ഷ വേണ്ട.

ഒന്നുറപ്പിക്കാം, 'ഭാരത'ത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്ല. പുരാണത്തിലും ചരിത്രത്തിലും വര്‍ത്തമാനത്തിലും വെറുപ്പ് വളര്‍ത്താനും ഭയം വിതക്കാനും ഉദ്ദേശിച്ചുള്ള ആസൂത്രിത ആക്രമണങ്ങളും ഹത്യകളും മാത്രമേയുള്ളൂ. അധികാരമുറപ്പിക്കാന്‍ സഹായിക്കുന്ന അത്തരം ക്രിയകളാണ് പുതിയ ഭഗവതുമാരുടെ ഹിതം. അതാണ് പ്രഘോഷിക്കപ്പെട്ടതും.

2019-09-03

പൗരകുല സൃഷ്ടിയിലെ സംഘ അജണ്ട


മനുഷ്യനും പൗരനും തമ്മില്‍ എന്താണ് വ്യത്യാസം?

ബെഡ് കോഫിയോളം മാത്രം വളര്‍ന്ന പ്രഭാതത്തില്‍ പൊടുന്നനെ ഉയര്‍ന്ന ചോദ്യം. അത്തരമൊരു ചോദ്യം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം കൗതുകമായിരുന്നു. പിന്നെയാണ് ഉത്തരം എത്രമാത്രം സങ്കീര്‍ണമാണെന്ന് ആലോചിച്ചത്. എങ്കിലും ആദ്യമുണ്ടായത് ഒരു മറുചോദ്യമായിരുന്നു - 'എന്താ ഇപ്പോഴിങ്ങനെയൊരു ചോദ്യം'.

''ഒരു സ്വപ്നം കണ്ടു. പുലര്‍കാലത്ത് കണ്ട സ്വപ്നം ഫലിക്കുമെന്നാണല്ലോ! ഞാനൊരു ഫോറം പൂരിപ്പിക്കുകയായിരുന്നു. അതിലൊരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങളിലൊന്ന് തിരഞ്ഞെടുക്കണമായിരുന്നു. മനുഷ്യന്‍/പൗരന്‍ എന്നായിരുന്നു ഉത്തരങ്ങള്‍. ഏത് തിരഞ്ഞെടുക്കണമെന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലായാണ് ഉണര്‍ന്നത്''

മറു ചോദ്യത്തിന് ഉത്തരമായി. പക്ഷേ, യഥാര്‍ഥ ചോദ്യത്തിന് എന്ത് ഉത്തരം? മനുഷ്യനും പൗരനും തമ്മില്‍ വ്യത്യാസമുണ്ടോ എന്ന ആലോചന ഇതുവരെയുണ്ടായിട്ടില്ല. കേരളത്തില്‍ 45 ആണ്ട് ജീവിച്ച ഒരാള്‍ക്ക് ഇത്തരമൊരു ആലോചന നടത്തേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ലല്ലോ.

ഉത്തരം ലളിതമാണെന്ന മുഖവുരയോടെയാണ് തുടങ്ങിയത്. മനുഷ്യന്‍ മനുഷ്യനാണ്. എല്ലായിടത്തും അതങ്ങനെയാണ്. പൗരന്‍ ഓരോ രാജ്യാതിര്‍ത്തിയുടെയും അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെടും. അമേരിക്കന്‍ ഐക്യനാടുകളില്‍ ജീവിക്കുന്ന മനുഷ്യര്‍ അവിടുത്തെ പൗരന്‍മാരാകും. ഇന്ത്യന്‍ യൂനിയനില്‍ താമസിക്കുന്നവര്‍ ഇവിടുത്തെ പൗരന്‍മാരും. അതാണ് മനുഷ്യനും പൗരനും തമ്മിലുള്ള വ്യത്യാസം.

പറഞ്ഞു നിര്‍ത്തിയപ്പോള്‍ സംശയങ്ങള്‍ ചോദ്യങ്ങളായി വീണ്ടും. ഒരു രാജ്യത്ത് ജീവിക്കുന്നുവെന്നതു കൊണ്ട് അവിടുത്തെ പൗരനാകണമെന്നില്ലല്ലോ? ഇല്ല, ആ രാജ്യത്ത് ജനിച്ചവര്‍ക്കാണ് സ്വാഭാവികമായും അവിടെ പൗരത്വം ലഭിക്കുക. അല്ലെങ്കില്‍ പിന്നെ ഭരണകൂടം പൗരത്വം അനുവദിക്കണം. ജനനം കൊണ്ട് മാത്രം പൗരത്വം ലഭിക്കാത്ത രാജ്യങ്ങളുമുണ്ടല്ലോ? ഉണ്ട്, ജനനം കൊണ്ട് പൗരത്വം ലഭിക്കാത്ത രാജ്യങ്ങളുമുണ്ട്. അവിടുത്തെ പൗരന്‍മാരായവരുടെ കുഞ്ഞുങ്ങളെ മാത്രമേ അത്തരം രാജ്യങ്ങള്‍ സ്വന്തം പൗരന്മാരായി പരിഗണിക്കൂ.

പൗരന്‍മാരല്ലാത്ത മനുഷ്യരോ? ചോദ്യങ്ങളുടെ എണ്ണം കൂടുകയാണ്, കനവും. അങ്ങനെയുള്ളവരുണ്ടോ? ചോദ്യകര്‍ത്താവ് ആത്മഗതം പോലെ തുടര്‍ന്നു - എല്ലാ മനുഷ്യരും ഏതെങ്കിലും രാജ്യത്തെ പൗരന്‍മാരായിരിക്കുമല്ലോ?
ആകണം. മറുപടി പറഞ്ഞു തുടങ്ങുമ്പോള്‍ പല ചിന്തകളായിരുന്നു മനസ്സില്‍. പല കാരണങ്ങളാല്‍ രാജ്യം വിട്ടുപോയവര്‍ ധാരാളം. ഇപ്പോഴും ആയിരങ്ങള്‍ ഇങ്ങനെ പലായനം ചെയ്യുന്നു. ഫലസ്തീന്‍, ബര്‍മ, ഇറാഖ്, സിറിയ എന്നിങ്ങനെ പല രാജ്യങ്ങളില്‍ നിന്ന് ഓടിപ്പോകേണ്ടിവന്നവര്‍. ലോകത്തിന് മുന്നിലെ അഭയാര്‍ഥികള്‍. അഭയാര്‍ഥികളാണെങ്കിലും അവര്‍ക്കൊക്കെ ഒരു പൗരത്വം നിലവിലുണ്ട്.

പൗരന്‍മാരല്ലാത്ത മനുഷ്യരുണ്ടാകുമോ? ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. നിങ്ങള്‍ ഈ രാജ്യത്തെ പൗരനല്ലെന്ന് നാളെ നമ്മളോട് ഈ ഭരണകൂടം പറഞ്ഞാല്‍ എന്തുചെയ്യും?

പൗരത്വം തെളിയിക്കാന്‍ നമ്മുടെ പക്കല്‍ രേഖകളുണ്ടല്ലോ? ജനന സര്‍ട്ടിഫിക്കറ്റുണ്ട്, എസ് എസ് എല്‍ സി പുസ്തകമുണ്ട്, റേഷന്‍ കാര്‍ഡുണ്ട്, പാസ്സ്പോര്‍ട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാര്‍ നമ്പറുണ്ട്. ഇതിലപ്പുറമെന്ത് വേണം. മറുപടി പറഞ്ഞു കഴിഞ്ഞപ്പോള്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടി വന്നു. ഇപ്പറഞ്ഞവയൊക്കെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഭരണകൂടമാണല്ലോ? നിങ്ങളുടെ രേഖകളൊന്നും സ്വീകാര്യമല്ലെന്ന് അവര്‍ പറഞ്ഞാല്‍! പിന്നെ കോടതിയേ ശരണമുള്ളൂ. അവിടെയും ഭരണകൂടത്തിനാണ് മേല്‍ക്കൈ. സ്വീകാര്യമായ രേഖകളല്ല ഇവയെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് എളുപ്പമാണ്. അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് കേരളത്തിലുള്ളവര്‍ക്ക് തത്കാലം പ്രതീക്ഷിക്കാം. എന്നാല്‍ അത്തരമൊരു അവസ്ഥ വന്നുകൂടെന്നില്ല.


ഭരണകൂടം സംശയത്തിന്റെ നിഴലിലാക്കിയ പൗരത്വവുമായി ദീര്‍ഘകാലം ജീവിച്ച ലക്ഷക്കണക്കിനാളുകള്‍. അവരില്‍ 19,06,657 പേര്‍ പൗരത്വമില്ലാത്തവരായി നില്‍ക്കുകയാണ് ഇപ്പോള്‍. അസാമിലെ ഈ നിസ്സഹായര്‍ക്ക് ഇനി ട്രൈബ്യൂണലിനെ സമീപിക്കാം. ദേശീയ പൗരത്വപ്പട്ടിക തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകളില്‍ കവിഞ്ഞതൊന്നും ട്രൈബ്യൂണലിന് മുന്നില്‍ ഇവര്‍ക്ക് സമര്‍പ്പിക്കാന്‍ ഉണ്ടാകില്ല. പൗരത്വപ്പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ അസാമിലെ 40 ലക്ഷം പേരാണ് പുറത്തായത്. അവസാന പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് കരടില്‍ നിന്ന് പുറത്തായവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ പാകത്തിലുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമാണ് 19 ലക്ഷത്തിലേറെപ്പേര്‍ ഈ രാജ്യത്തെ പൗരന്‍മാരല്ലെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 19 ലക്ഷത്തില്‍ നിന്ന് വലിയ കുറവൊന്നും ട്രൈബ്യൂണലിലെ അപ്പീലുകളില്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ചുരുക്കം.

ആഭ്യന്തര സംഘര്‍ഷങ്ങളോ അധിനിവേശം ഉദ്ദേശിച്ചുള്ള ആക്രമണങ്ങളോ ഒക്കെയാണ് അഭയാര്‍ഥികളെ സൃഷ്ടിക്കാറുള്ളത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ അവരവരുടെ നാട്ടിലേക്ക് മടക്കി അയക്കാന്‍ ഓരോ രാജ്യങ്ങളും നടപടികള്‍ സ്വീകരിക്കാറുമുണ്ട്. അത്തരത്തിലുള്ള മനുഷ്യന്‍മാര്‍ക്കൊക്കെ പേരിനെങ്കിലും ഒരു പൗരത്വമുണ്ട്, സ്വന്തം നാടെന്ന് പറഞ്ഞ് മടങ്ങിപ്പോകാന്‍ ഒരിടമുണ്ട്. അസാമില്‍ നിന്ന് പുറന്തള്ളപ്പെടാന്‍ പോകുന്ന ആളുകള്‍ക്ക് അങ്ങനെയൊന്നില്ല എന്നതാണ് നടുക്കുന്ന വസ്തുത. പല തലമുറകളായി ഈ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പോലും പൗരന്‍മാരല്ലാതായി മാറിയിരിക്കുന്നു. അസാം നിയമസഭയില്‍ മുമ്പ് അംഗങ്ങളായിരുന്ന ചിലര്‍ പോലും ഇപ്പോള്‍ നാടില്ലാത്തവരാണ്. സ്വന്തം നാട്ടുകാരെ, പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ച് പുറത്താക്കാന്‍ നടപടിയെടുത്ത ഒരു പക്ഷേ, ലോകത്തെ ആദ്യ രാജ്യമെന്ന 'ബഹുമതി' ഇന്ത്യന്‍ യൂനിയന് നേടിക്കൊടുക്കാനുള്ള ധൃതിയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.


വര്‍ഗീയ രാഷ്ട്രീയമല്ലാതെ മറ്റൊന്ന് ഈ ധൃതിക്ക് പിറകിലില്ല. അതിനുള്ള വഴി അവര്‍ക്ക് ഒരുക്കിക്കൊടുത്തത് കോണ്‍ഗ്രസാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയം വര്‍ഗീയ ധ്രുവീകരണത്തിലൂടെ സ്വാധീനമുറപ്പിക്കാനുപയോഗിച്ച ഏതാണ്ടെല്ലാ ആയുധങ്ങളും സംഭാവന ചെയ്തത് കോണ്‍ഗ്രസാണല്ലോ!
സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ തുടര്‍ന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വടക്കു കിഴക്കന്‍ മേഖലയെ വലിയ തോതില്‍ പരിഗണിച്ചിരുന്നില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഭരണകൂടം പ്രത്യേകിച്ചൊന്നും ചെയ്യാതിരുന്നതിന്റെ ഫലമായിരുന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളര്‍ന്നുവന്ന തീവ്ര നിലപാടുള്ള സംഘടനകള്‍. അസാമില്‍ ഓള്‍ അസം സ്റ്റുഡന്റ്സ് യൂനിയനായിരുന്നു കേന്ദ്ര വിരുദ്ധ സമരത്തിന്റെ മുന്‍പന്തിയില്‍. ഇന്ത്യന്‍ യൂനിയനില്‍ നിന്ന് വേറിട്ട്, സ്വതന്ത്ര പ്രദേശമാകണമെന്ന ആവശ്യം പോലും അവരുയര്‍ത്തിയിരുന്നു. അസാം സ്വത്വത്തില്‍ അധിഷ്ഠിതമായ ഈ സംഘടന മുഖ്യമായും ഉന്നയിച്ച മറ്റൊരു പ്രശ്നം അസാമിലേക്കുള്ള അനധികൃത കുടിയേറ്റമായിരുന്നു. പ്രധാനമായും ബംഗ്ലാദേശില്‍ നിന്നുള്ളത്. കുടിയേറ്റക്കാരെന്ന് സംശയിക്കുന്നവരെ ആക്രമിക്കാനും സംഘടന മടിച്ചിരുന്നില്ല. ഇത് അസാമിനെ പലപ്പോഴും ചോരയില്‍ കുളിപ്പിച്ചു.


1984ല്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാര്‍ അസാം സ്റ്റുഡന്റ്സ് യൂനിയനുമായി സന്ധി സംഭാഷണം നടത്തി. അതിലാണ് അസാമിന് സവിശേഷമായി ഉണ്ടായിരുന്ന ദേശീയ പൗരത്വപ്പട്ടിക (1951ലേത്) പരിഷ്‌കരിക്കാമെന്ന ഉപാധി അംഗീകരിച്ചത്. 1971 മാര്‍ച്ച് 24ന് ശേഷം കുടിയേറിയവരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. ഉടമ്പടിയില്‍ ഒപ്പുവെച്ചെങ്കിലും പട്ടിക പുതുക്കി, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുക എന്നത് എളുപ്പമല്ലെന്ന് കോണ്‍ഗ്രസിന് വൈകാതെ ബോധ്യപ്പെട്ടു. അതിനാല്‍ ഇതിനുള്ള നടപടികള്‍ പിന്നീടുവന്ന സര്‍ക്കാറുകള്‍ സ്വീകരിച്ചില്ല.


വര്‍ഗീയ ധ്രുവീകരണത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ബി ജെ പി ഇതൊരു അജന്‍ഡയായി എടുത്തിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ പുറം തള്ളുക എന്നതിന്റെ മറവില്‍ അസാമിലെ മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിടുക എന്നതായിരുന്നു ഉദ്ദേശ്യം. അനധികൃതമായി താമസിക്കുന്ന മുസ്ലിംകളുടെ എണ്ണം വളരെ വലുതാണെന്ന് പ്രചരിപ്പിക്കുക വഴി രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള വേഗം കൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ അവസാന ഘട്ടമെത്തുകയാണ്. പക്ഷേ, ഒഴിവാക്കപ്പെടുന്നവരില്‍ മുസ്ലിംകളോളം ഹിന്ദുക്കളുമുണ്ടെന്ന് വന്നതോടെ തങ്ങളുടെ അജന്‍ഡ പൂര്‍ണമായി നടപ്പാക്കാന്‍ പാകത്തിലല്ല അന്തിമ പട്ടിക എന്ന് ബി ജെ പി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് പൗരത്വ പട്ടികയില്‍ പാളിച്ചകളുണ്ടെന്ന ആരോപണവുമായി അതിന്റെ നേതാക്കള്‍ തന്നെ രംഗത്തുവരുന്നത്. പട്ടിക കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിക്കുന്നതും.


നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ച് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന ഹിന്ദു, ജൈന, പാഴ്സി, ബുദ്ധ മതങ്ങളില്‍ പെട്ടവര്‍ക്കും ക്രിസ്തുമത വിശ്വാസികള്‍ക്കും പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് അസാമിലെ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം അനുവദിക്കുമെന്നും ബി ജെ പി പറയുന്നു. മുസ്ലിംകളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുക എന്നതായിരുന്നു പൗരത്വ പട്ടിക പരിഷ്‌കരണത്തിന്റെ ലക്ഷ്യമെന്ന് ഇതിലും പച്ചയായി പറയാന്‍ സാധിക്കില്ല.
സംശയിക്കപ്പെടുന്ന പൗരത്വവുമായി ദീര്‍ഘകാലം കഴിയേണ്ടിവരിക, കരട് പട്ടികയില്‍ പേരില്ലാതെ വന്നതോടെ പൗരത്വം സ്ഥാപിച്ചെടുക്കാന്‍ നെട്ടോട്ടമോടേണ്ടി വരിക, അവസാനപ്പട്ടികയില്‍ പേരില്ലാതെ വന്നതോടെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരിക - ലക്ഷക്കണക്കിന് മനുഷ്യര്‍ അനുഭവിച്ച/അനുഭവിച്ചു കൊണ്ടിരിക്കുന്ന തീവ്രമായ മാനസിക സംഘര്‍ഷം നമ്മള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ എത്രയോ വലുതായിരിക്കും. ഭരണകൂടം ഒരുക്കുന്ന വലിയ ജയിലുകളിലേക്ക് എന്നാണ് മാറേണ്ടിവരിക എന്ന് മാത്രമേ അവര്‍ ആലോചിക്കുന്നുണ്ടാകൂ. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ആചാര മര്യാദകള്‍ എന്തൊക്കെയായിരിക്കുമെന്നും. ഒരിടത്തെയും പൗരന്‍മാരല്ലാതായി മാറുന്ന ഈ നിസ്സഹായര്‍ക്ക് മുന്നില്‍ മറ്റെന്ത് സാധ്യത?


വര്‍ഗീയ ഫാസിസത്തിന് മുന്നില്‍ മനുഷ്യന്‍മാരില്ല. അവരുടെ അജന്‍ഡകളെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ സന്നദ്ധരാകേണ്ട പൗരന്‍മാര്‍ മാത്രമേയുള്ളൂ. രാജ്യമെന്നാല്‍ ഭരണകൂടമെന്നും രാജ്യക്കൂറെന്നാല്‍ ഭരണകൂടത്തോടുള്ള കൂറെന്നും വിശ്വസിക്കേണ്ടവര്‍. അസാം മാതൃകയിലുള്ള പട്ടികാ നിര്‍മാണം രാജ്യത്താകെ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. മാട്ടിറച്ചിയുടെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലാന്‍ അവകാശമുണ്ടെന്ന് അംഗീകരിക്കുന്ന 'പൗരന്‍മാര്‍' മാത്രമടങ്ങുന്ന പട്ടികയാണ് സങ്കല്‍പ്പത്തില്‍. ചോദ്യത്തിന് ഉത്തരമായി - ഇന്ത്യന്‍ യൂനിയനില്‍ മനുഷ്യനും പൗരനും തമ്മില്‍ ഏറെ അന്തരമുണ്ട്. മനുഷ്യനോ പൗരനോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട കാലം കാത്തിരിക്കാം.


2019-08-18

ഗാഡ്ഗിലിറങ്ങണം, പശ്ചിമഘട്ടത്തിന് താഴേക്ക്


അപ്രതീക്ഷിതവും അസാധാരണവുമായ പ്രളയത്തിന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അത്ര വ്യാപ്തിയില്ലെങ്കിലും പ്രളയത്തിലൂടെയും മറ്റ് ദുരിതങ്ങളിലൂടെയും കേരളം കടന്നുപോകുന്നത്. 2018ലെ പ്രളയം ഏതാണ്ടൊരു നൂറ്റാണ്ടിന് ശേഷം ആവര്‍ത്തിക്കപ്പെട്ട ഒന്നായാണ് നമ്മള്‍ പൊതുവെ പരിഗണിച്ചിരുന്നത്. അത്രയൊന്നും വേഗത്തിലൊരു ആവര്‍ത്തനം അതിനുണ്ടാകില്ലെന്നും കരുതിയിരുന്നു. ആ പ്രതീക്ഷയെ തകര്‍ത്തു കൊണ്ടാണ് വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായത്. അണക്കെട്ടുകളൊന്നും നിറയുന്നതിന് മുമ്പേ. പശ്ചിമഘട്ട പ്രദേശങ്ങളിലും അതിന്റെ ഓരങ്ങളിലുമാണ് വലിയ ദുരന്തങ്ങള്‍. അവിടെ നിന്ന് കുത്തിയൊലിച്ച വെള്ളമാണ് മലബാറിന്റെ വിവിധ പ്രദേശങ്ങളെ മുക്കിക്കളഞ്ഞത്.

എന്തായാലും ആവര്‍ത്തിക്കുന്ന വലിയ ദുരന്തങ്ങള്‍ പ്രകൃതിയില്‍ മനുഷ്യനേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് ജീവിത - വികസന രീതികളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള ചിന്തകളിലേക്ക് നയിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തെ തുടര്‍ന്നുള്ള ദിനങ്ങളിലും ഇതുണ്ടായിരുന്നുവെങ്കിലും വൈകാതെ കെട്ടടങ്ങി. ദുരന്തം ആവര്‍ത്തിച്ച സാഹചര്യത്തില്‍ അതങ്ങനെ കെട്ടടങ്ങില്ലെന്ന് കരുതാം.


അധികൃതവും അനധികൃതവുമായി നടക്കുന്ന അനിയന്ത്രിതമായ പാറപൊട്ടിക്കലും ചെങ്കല്‍ ഖനനവും ഇപ്പോഴത്തെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാണ്. പൊതു - സ്വകാര്യ മേഖലകളിലെ വികസന പദ്ധതികളുടെ പേരില്‍ നടക്കുന്ന കുന്നിടിക്കലും. ഭൂമിയുടെ ഘടന കണക്കിലെടുക്കാതെയും അതിനെ ആകെ തകിടം മറിച്ചുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മറ്റൊരു കാരണം. പുഴ കൈയേറി കൃഷി നടത്തുകയും കെട്ടിടം നിര്‍മിക്കുകയും ചെയ്തതിലൂടെ അതിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞത് വെള്ളപ്പൊക്കത്തിനുള്ള കാരണങ്ങളിലൊന്നാണ്. അനധികൃത നിര്‍മാണങ്ങളെ തകര്‍ത്ത് സ്വന്തം വഴി പുഴ തിരിച്ചെടുത്തപ്പോഴുണ്ടായ നാശനഷ്ടം ചെറുതല്ല. പെയ്ത്തുവെള്ളം ശേഖരിക്കാന്‍ പാകത്തില്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്ന നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തപ്പെട്ടതും വെള്ളമൊഴുകിപ്പോകാനുള്ള ചാലുകളൊക്കെ നികത്തപ്പെട്ടതും വെള്ളം വേഗത്തില്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. ഇപ്പറഞ്ഞ കാരണങ്ങളെല്ലാം ഏതാണ്ടെല്ലാ മലയാളികള്‍ക്കും നേരത്തെ അറിവുള്ളതാണ്, കഴിഞ്ഞ പ്രളയത്തിന് ശേഷം കൂടുതല്‍ ഓര്‍ത്തതുമാണ്.


അത്തരം അറിവോ ഓര്‍മയോ നമ്മുടെ പതിവ് ചിന്താ രീതികളെയോ വികസന സങ്കല്‍പ്പങ്ങളെയോ മാറ്റുന്നില്ല എന്നതാണ് വസ്തുത. ദുരന്തത്തിന്റെ വേദനകള്‍ ഒട്ടൊന്ന് ഒടുങ്ങുകയും കണ്ണീര്‍ച്ചാലുകള്‍ ഉണങ്ങുകയും ചെയ്യുന്നതോടെ നഷ്ടപരിഹാരമോ പുനരധിവാസമോ വേഗത്തില്‍ നടക്കാത്തതിന്റെ അസംതൃപ്തികളിലേക്ക് മാത്രമായി നമ്മള്‍ ചുരുങ്ങും. അതൊക്കെ വേഗത്തില്‍ നടക്കുമ്പോള്‍ തന്നെ ഇനിയൊരു പ്രകൃതിക്ഷോഭമുണ്ടാകാതിരിക്കാന്‍ പാകത്തില്‍, അഥവാ ഉണ്ടായാല്‍ തന്നെ ജീവജാലങ്ങള്‍ക്കുണ്ടാകുന്ന നാശം പരമാവധി കുറക്കാന്‍ സഹായകമാകുന്ന വിധത്തില്‍ പുനര്‍ നിര്‍മാണവും വികസന പദ്ധതികളും ആവിഷ്‌കരിക്കണമെന്ന ചിന്ത സമാന്തരമായി ചരിക്കേണ്ടതുണ്ട്.
അതുണ്ടാകുന്നില്ല എന്നതാണ് പരമാര്‍ഥം.


കഴിഞ്ഞ പ്രളയകാലത്ത് മലയാളികളുടെ മനോവീര്യത്തെ ഉയര്‍ത്തി നിര്‍ത്താന്‍ പാകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആശയവിനിമയം വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. അതില്‍ ചിലപ്പോഴെങ്കിലും പരിസ്ഥിതിക്ക് ഇണങ്ങും വിധത്തിലുള്ള വികസന കാഴ്ചപ്പാടിലേക്ക് മാറേണ്ടതിനെക്കുറിച്ച്, ദുരന്ത മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ച് ഒക്കെ പറഞ്ഞിരുന്നു. അതിനനുസരിച്ചാണോ നമ്മള്‍ നവകേരള നിര്‍മാണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ മഴകള്‍, ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്താന്‍ എന്തെങ്കിലും ശ്രമം ഇക്കാലയളവില്‍ നടന്നിട്ടുണ്ടോ? അങ്ങനെ നടക്കുകയും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിവ് നല്‍കിയിരുന്നോ എന്നും പരിശോധിക്കണം. ഇതൊക്കെ നിക്ഷിപ്തമായ രാഷ്ട്രീയ താത്പര്യങ്ങളുദ്ദേശിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് പുറത്ത് നടക്കേണ്ട കാര്യമാണ്.


അതിനൊപ്പം പ്രധാനമാണ് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം. അതേക്കുറിച്ച് പഠിക്കാനും ജീവജാലങ്ങളുടെ സംരക്ഷണത്തിന് ഉതകും വിധത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനും രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് നിയോഗിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളിലേക്ക് കേരളം കടക്കണമെന്നതാണ് ഉയര്‍ന്നുവരുന്ന പ്രധാന നിര്‍ദേശം. അത് ഗൗരവത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക്, ആറായിരത്തോളം വരുന്ന ക്വാറികള്‍ക്കാണ്. ഒപ്പം കുന്നിടിക്കലിനും. ഭൂമിയുടെ സ്വാഭാവിക ഘടന അട്ടിമറിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പശ്ചിമഘട്ടത്തിലെ മലനിരകളെ ദുര്‍ബലമാക്കുന്നുണ്ട്. പശ്ചിമഘട്ട മേഖലകളില്‍ മാത്രം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കൊണ്ട് മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആറായിരത്തോളം വരുന്ന ക്വാറികളില്‍ അധികൃതമായത് എണ്ണൂറോളമേ വരൂ. എന്തുകൊണ്ട് അനധികൃതമായി ഇത്രയും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു? ലൈസന്‍സുള്ള ക്വാറികള്‍ തന്നെയും അനുവദിക്കപ്പെട്ട പരിധിക്ക് അപ്പുറത്ത് പാറയും ചെങ്കല്ലും ഖനനം ചെയ്യുന്നത് എന്തുകൊണ്ടാണ്? കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കായി അത്രയധികം അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമുള്ളതുകൊണ്ട് എന്നാണ് ഉത്തരം. ഇത്രയൊക്കെയായിട്ടും പലപ്പോഴും കല്ലിനും ചെങ്കല്ലിനുമൊക്കെ ക്ഷാമം നേരിടുന്നുമുണ്ട്.


പശ്ചിമഘട്ടത്തിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് വേണ്ടിയല്ല, അവിടെ നിന്ന് അടര്‍ത്തിയെടുക്കുന്ന കല്ലും ചെങ്കല്ലും ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത്. ഇടനാടെന്ന് അറിയപ്പെടുന്ന കേരളത്തിലെ മധ്യവര്‍ഗം ധാരാളമായി അധിവസിക്കുന്ന മേഖലകളിലും പുഴകളുടെയും കായലുകളുടെയും കടലിന്റെയും തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലുമാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. തീരത്തോട് ചേര്‍ന്ന് നടക്കുന്ന നിര്‍മാണങ്ങളില്‍ വലിയൊരളവ് വിനോദ സഞ്ചാരത്തെ മുന്നില്‍ക്കണ്ടുള്ള വന്‍കിട നിര്‍മാണങ്ങളാണ്. ഇത്തരം നിര്‍മാണങ്ങള്‍ക്കൊക്കെ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ പശ്ചിമഘട്ടത്തിലുള്ള അപകടകരമായ ഖനനം നിയന്ത്രിക്കാന്‍ സാധിക്കുകയില്ല തന്നെ. തീര സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുടെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ അനുവാദം നിഷേധിക്കുന്ന നമ്മുടെ ഭരണസംവിധാനം വന്‍കിടക്കാര്‍ നടത്തുന്ന അനധികൃത നിര്‍മാണങ്ങളെ കണ്ടില്ലെന്ന് വെക്കുകയോ അനധികൃതമെന്ന് കണ്ടെത്തിയാല്‍ തന്നെ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഓര്‍ക്കണം. അതിലൊക്കെ മാറ്റമുണ്ടാകുക എന്നത് കൂടി അനിവാര്യമായിരിക്കുന്നു.


കേരളത്തില്‍ നിര്‍മിക്കുന്ന വീടുകളുടെ വലുപ്പം ഒരു പ്രശ്നമാണ്. ആവശ്യങ്ങള്‍ക്ക് ആനുപാതികമായല്ലാതെ നിര്‍മിക്കപ്പെടുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളും. ഇവയുടെയൊക്കെ നിര്‍മാണത്തിന് വേണ്ടിവരുന്ന അസംസ്‌കൃത വസ്തുക്കളില്‍ (കല്ല്, ചെങ്കല്ല്, പാറപ്പൊടി) ഭൂരിഭാഗവും പശ്ചിമഘട്ടത്തെ തുരന്നെടുക്കുന്നതാണ്. ഇഷ്ടികയും ചരലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതൊക്കെ തണ്ണീര്‍ത്തടങ്ങളെയും വയലുകളെയും പുഴകളെയും ഇല്ലാതാക്കിക്കൊണ്ട് നിര്‍മിക്കുന്നതോ സംഭരിക്കുന്നതോ ആണ്. പൊതു ആവശ്യത്തിനുള്ള റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ഈ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമായേ മതിയാകൂ. പക്ഷേ, അനാവശ്യമായ നിര്‍മാണങ്ങള്‍ക്കും ആഡംബരം മാത്രമുദ്ദേശിച്ചുള്ള നിര്‍മിതികള്‍ക്കും ഈ അസംസ്‌കൃത വസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കിയേ മതിയാകൂ.


അതങ്ങനെ ഒഴിവാക്കപ്പെട്ടാല്‍ തന്നെ പശ്ചിമഘട്ടത്തെ പിളര്‍ക്കുന്ന സ്ഫോടനങ്ങളുടെ എണ്ണം കുറയും. തണ്ണീര്‍ത്തടങ്ങളുടെയും പുഴകളുടെയും നാശമുറപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് വേഗം കുറയും. കൃത്യമായ വ്യവസ്ഥകളോടെയും കര്‍ക്കശമായ നിരീക്ഷണത്തോടെയും അനുവദിക്കപ്പെടുന്ന ഖനന പ്രവൃത്തികൊണ്ട് തന്നെ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തിലുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. അത്തരം സാധ്യതകള്‍ തേടുമെന്ന് കഴിഞ്ഞ പ്രളയകാലത്തെ ആശയവിനിമയങ്ങളില്‍ മുഖ്യമന്ത്രി പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിലേക്കൊന്നും പോകാതെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തുള്ള പരമ്പരാഗത നിര്‍മാണ രീതികള്‍ തുടരുകയാണ് നമ്മള്‍ ചെയ്യുന്നത്.


മാധവ് ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണത്തിന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അത് ആ പ്രദേശത്തിന് മാത്രം ബാധകമായ ഒന്നായാണ് പൊതുവില്‍ മലയാളികള്‍ കണ്ടത്. അതങ്ങനെയല്ലെന്ന് മനസ്സിലാക്കാനുള്ള ഒരവസരം കൂടിയാണ് ഇപ്പോഴുണ്ടായ ദുരന്തങ്ങള്‍. അങ്ങനെ മനസ്സിലാക്കാന്‍ ഇനിയെങ്കിലും തയ്യാറുണ്ടെങ്കില്‍ സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ച് ആലോചനകളുണ്ടാകണം. അനധികൃത നിര്‍മാണങ്ങളെ കൃത്യമായ ഇടവേളകളില്‍ (ഓരോ തവണ ഭരണം മാറുമ്പഴും) ക്രമപ്പെടുത്തി നല്‍കുന്ന പതിവും അവസാനിപ്പിക്കണം.


ഒരു കുടുംബത്തിന് പരമാവധി സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് അപ്പുറത്തുള്ളത് പോലെ വീടുകള്‍ ആവശ്യമുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കണം. അങ്ങനെ ചിന്തിക്കാന്‍ ജനത്തെ പ്രേരിപ്പിക്കുന്നതില്‍ രാസത്വരകമായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തമുണ്ട് മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജീവനെക്കുറിച്ച് ആശങ്കയുള്ള ഭരണകൂടത്തിന്, ആശങ്കയുണ്ടെങ്കില്‍. ഭരണകൂടത്തെ ആ വിധത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കാനുള്ള കടമയുണ്ട് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന, അവരുടെ ദുരിതങ്ങളിലൊക്കെ ഒപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും. അല്ലെങ്കില്‍ ആവര്‍ത്തിക്കുന്ന ദുരിതങ്ങളില്‍ ഒപ്പം നില്‍ക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പുനരധിവാസത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കാനും മാത്രമേ തുടര്‍ന്നും സാധിക്കൂ.


പശ്ചിമഘട്ടത്തെ പരിസ്ഥിതി പ്രാധാന്യമനുസരിച്ചുള്ള മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിച്ചത്. അത്തരം പ്രദേശങ്ങളില്‍ നടക്കേണ്ട നിര്‍മാണ/വികസന പ്രവൃത്തികള്‍ തീരുമാനിക്കാനുള്ള അവകാശം ജനകീയ കമ്മിറ്റികള്‍ക്ക് നല്‍കാനും. ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞതിനപ്പുറത്തുള്ള കാര്യങ്ങള്‍ ചിന്തിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു. ഭൂമിയുടെ ഘടന, ജലത്തിന്റെ ലഭ്യത, നീരൊഴുക്കിനുള്ള വഴികള്‍ എന്നിങ്ങനെ ജീവജാലങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായ ഘടകങ്ങളെ ആധാരമാക്കി കേരളത്തെ തന്നെ വിവിധ സോണുകളാക്കി തിരിക്കേണ്ട ഘട്ടം.


നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മാപ്പ് ചെയ്ത് പട്ടിക പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം ഒരു ദശകമായിട്ടും നടപ്പാക്കാത്ത ഭരണകൂടവും പ്രളയകാലത്ത് പോലും കൈക്കൂലി വാങ്ങി വയല്‍ തരംമാറ്റി കരഭൂമിയാക്കി നല്‍കുന്ന ഉദ്യോഗസ്ഥ സംവിധാനവും പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചോ അതിനപ്പുറത്തുള്ള സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചോ ആലോചിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. ദുരിതം അനുഭവിച്ച ജനങ്ങളും അവരെ രക്ഷിക്കാന്‍ ഓടിയടുത്ത ആയിരങ്ങളും അതൊക്കെ കണ്ട് കണ്ണുനനഞ്ഞവരുമുണ്ട്. അവരിലൊരു ചെറിയ പ്രതീക്ഷവെക്കാം, തത്കാലം.

2019-08-04

രോഷം കൊണ്ട് രോഷം തണുപ്പിക്കുന്ന സുപ്രീം കോടതി


ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് അടക്കവയ്യാത്ത രോഷത്തോടെ ചോദിക്കുകയാണ് സുപ്രീം കോടതി. ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലെ മാഖി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടിയും കുടുംബവും 2017 ജൂണ്‍ നാലിന് ശേഷം അനുഭവിക്കുന്ന കൊടിയ ക്രൂരതകള്‍ വിവരിക്കപ്പെട്ടപ്പോഴാണ് ഇത്തരമൊരു ചോദ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന് ചോദിക്കേണ്ടിവന്നത്. പ്രതിഭാഗത്തിന്റെയോ സര്‍ക്കാറുകളുടെയോ ഭാഗം കേള്‍ക്കാതെ തന്നെ ചില സുപ്രധാന തീരുമാനങ്ങള്‍ സുപ്രീം കോടതി എടുക്കുകയും ചെയ്തു. അഞ്ച് കേസുകളുടെ വിചാരണ ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയതാണ് അതില്‍ പ്രധാനം. വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുക, നഷ്ടപരിഹാരമെന്ന നിലക്ക് 25 ലക്ഷം രൂപ അടിയന്തരമായി നല്‍കുക, ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി അയച്ച കത്ത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ അലംഭാവമുണ്ടായോ എന്ന് അന്വേഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സുപ്രീം കോടതി നല്‍കി.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിംഗ് സെനഗര്‍ ബലാത്സംഗം ചെയ്തുവെന്ന കേസാണ് ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയ ഒന്നാമത്തെ കേസ്. ഈ പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയാണ് രണ്ടാമത്തേത്. ആയുധ നിയമപ്രകാരം കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്ത്. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണ് മൂന്നാമത്തെ കേസ്. കുല്‍ദീപ് സിംഗ് സെനഗറുമായി ബന്ധമുള്ളവരുടെ മര്‍ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പിതാവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ട്. ബലാത്സംഗത്തിന് ഇരയാക്കിയത് കുല്‍ദീപ് സിംഗ് സെനഗറാണെന്ന് പരസ്യമായി പറഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. സെനഗറിന്റെ സഹോദരനും കൂട്ടാളികളുമാണ് ഈ കേസില്‍ പ്രതിസ്ഥാനത്ത്. ഇതാണ് വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുന്ന നാലാമത്തെ കേസ്. ഈ പെണ്‍കുട്ടിയും രണ്ട് ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ സംഭവമാണ് അഞ്ചാമത്തെ കേസ്. ഇതില്‍ രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 14 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു കോടതി.


നീതി നിര്‍വഹണം വേഗത്തിലാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സുപ്രീം കോടതി സ്വീകരിച്ചുവെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കും കുടുംബത്തിനുമൊപ്പം, ഏതാണ്ട് ഏകപക്ഷീയമായി തന്നെ, നിന്നുകൊണ്ട് ഇത്തരമൊരു അവസ്ഥക്ക് കാരണക്കാരായ ഭരണ സംവിധാനങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചുവെന്നും വിലയിരുത്താം. 2017 ജൂണില്‍ കുല്‍ദീപ് സിംഗ് സെനഗറിന്റെ ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നത് വരെ ആ പെണ്‍കുട്ടിയും കുടുംബവും നേരിടേണ്ടി വന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ വിവരിക്കപ്പെട്ടപ്പോള്‍ ഏതൊരു മനുഷ്യനുമുണ്ടാകാവുന്ന രോഷവും ദുഃഖവുമാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കുമുണ്ടായത്. അതുകൊണ്ടാണ് പ്രതിഭാഗത്തിന് പറയാനുള്ളത് കേള്‍ക്കാതെയും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം തേടാതെയുമുള്ള കര്‍ശന നിര്‍ദേശങ്ങള്‍.


ഈ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യാം. പരാതിക്കാര്‍ക്ക് വേഗത്തില്‍ നീതി ലഭിക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം. അപ്പോഴും രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ വിചാരണയെക്കുറിച്ച് മാത്രമാണ് സുപ്രീം കോടതി സംസാരിക്കുന്നത്. ആ കേസുകളിലേക്ക് കാര്യങ്ങള്‍ എങ്ങനെ എത്തി എന്ന പരിശോധന ആവശ്യമാണെന്ന് കോടതിക്ക് തോന്നുന്നതേയില്ല. 2017 ജൂണില്‍ കുല്‍ദീപ് സിംഗ് സെനഗര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ ദേഹത്തിന്റെ പേര് പരസ്യമായി പറഞ്ഞതിന് ഒരാഴ്ചക്ക് ശേഷം പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഇതിനിടയില്‍ കുല്‍ദീപ് സിംഗിനെതിരെ പരാതിയുമായി ഉത്തര്‍പ്രദേശ് പോലീസിനെ പെണ്‍കുട്ടി സമീപിച്ചിരുന്നു. കേസെടുത്ത് നിയമം അനുശാസിക്കുന്ന നടപടികളിലേക്ക് കടക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നുവെങ്കില്‍ ആ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാകേണ്ടി വരില്ലായിരുന്നു. ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെ എന്ന് കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്തം ഭരണകൂടം നിര്‍വഹിക്കാതിരിക്കുമ്പോള്‍ അതിലിടപെടേണ്ട ചുമതല നീതി പീഠത്തിനില്ലേ?


വലിയ സമ്മര്‍ദത്തെ തുടര്‍ന്നാണ് എം എല്‍ എക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റിലായി ജയിലില്‍ അടക്കപ്പെട്ട എം എല്‍ എക്ക് അവിടെക്കിടന്നുകൊണ്ട് പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്താന്‍ പ്രയാസമുണ്ടായില്ല. സംസ്ഥാന ഡി ജി പിക്കും മുഖ്യമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിനുമുള്‍പ്പെടെ സാധ്യമായ എല്ലായിടങ്ങളിലും ആ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. അതിലൊന്നും നടപടികളുണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം, ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് ചോദിക്കുന്ന സുപ്രീം കോടതിക്കുണ്ട്. ചീഫ് ജസ്റ്റിസിന് അയച്ച പരാതി എന്തുകൊണ്ടാണ് യഥാസമയം ശ്രദ്ധയില്‍പ്പെടുത്താതിരുന്നത് എന്നതില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല പരിശോധന. അവ്വിധമുള്ള പരിശോധനക്ക് നിര്‍ദേശിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യാതിരിക്കുമ്പോള്‍ സമ്പത്തും അധികാരത്തില്‍ സ്വാധീനവുമുള്ളവര്‍ക്ക് ആരെയും ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും രാജ്യത്ത് എക്കാലത്തുമുള്ള അവസരം ഇനിയും തുടര്‍ന്നു കൊള്ളട്ടെ എന്ന നിലപാട് ന്യായാസനങ്ങളും തുടരുകയാണ്.


ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ തുടങ്ങി സമാജ്‌വാദി പാര്‍ട്ടിയിലൂടെ ബി ജെ പിയിലെത്തിയ കുല്‍ദീപ് സിംഗ് സെനഗറിന് അധികാരത്തിലുള്ള സ്വാധീനം തന്നെയാണ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന, നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പലകുറി ആക്രമിക്കാനും കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമിക്കാനും ധൈര്യം നല്‍കിയത്. ആ ധൈര്യം പ്രദാനം ചെയ്യുന്നതില്‍ ഇപ്പോള്‍ ഉത്തര്‍ പ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി ജെ പിക്കുമുള്ള പങ്ക് നീതിപീഠം കാണാതെ പോകുമ്പോള്‍ ഇതൊരു വ്യക്തിയും കുടുംബാംഗങ്ങളും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ കുറ്റകൃത്യം മാത്രമായി ലഘൂകരിച്ച് കാണുകയാണ്. അവിടെ പ്രതികള്‍ മാത്രമാണ് നിയമത്തിന് മുന്നിലുണ്ടാകുക. പ്രതികള്‍ക്ക് സകല സഹായവും ചെയ്ത, അവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നിന്ന ഭരണ സംവിധാനങ്ങളും അതിന്റെ നേതാക്കളും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. നിയമത്തിന്റെ കരങ്ങള്‍ അവരിലേക്ക് കൂടി നീളണമെന്ന ആഗ്രഹം നീതിപീഠത്തിന് പലപ്പോഴും ഉണ്ടാകാറില്ലെന്നതാണ് അനുഭവം.


ഗുജറാത്ത് വംശഹത്യാ ശ്രമത്തിനിടെ അരങ്ങേറിയ കൊടും ക്രൂരതകളില്‍ എടുത്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ടതില്‍ ഭൂരിഭാഗവും അക്രമത്തിന്റെ കൈയാളുകളായവരാണ്. അതിന്റെ ആസൂത്രകര്‍ ശിക്ഷിക്കപ്പെട്ടത് അപൂര്‍വം. ആസൂത്രകരിലേക്ക് അന്വേഷണം നീളാത്തതില്‍, ആസൂത്രകരുടെ ഇംഗിതത്തിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പരാമര്‍ശിക്കാത്തതില്‍ ഒന്നും ഒരു ന്യായാസനവും ആശങ്കപ്പെട്ടിട്ടില്ല. അതേ രീതിയിലാണ് ഉന്നാവോ കേസും കൈകാര്യം ചെയ്യപ്പെടുന്നത്.


2012ല്‍ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത് രാജ്യത്താകെ വലിയ രോഷത്തിന് കാരണമായിരുന്നു. നിയമങ്ങളില്‍ മാറ്റം വരുത്തുന്നതടക്കം നടപടികളെടുക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കും വിധത്തില്‍ പ്രതിഷേധമുയര്‍ന്നു. പ്രതിഷേധം പ്രകടിപ്പിക്കാവുന്ന ജനാധിപത്യമല്ല രാജ്യത്തുള്ളത് എന്ന് തിരിച്ചറിയുന്നതു കൊണ്ടും ഭയത്തിന്റെ ആവരണം അത്രക്ക് കനത്തതായതുകൊണ്ടുമാകണം ഉന്നാവോ കേസിനെ തുടര്‍ന്ന് തെരുവിലെ പ്രതികരണങ്ങള്‍ വളരെ പരിമിതമായിരുന്നു.

എങ്കിലും പുറത്തുവന്ന വിവരങ്ങള്‍ ജനമനസ്സില്‍ രോഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉറപ്പ്. അതിനെ തണുപ്പിക്കുക എന്ന ഒറ്റക്കാര്യമേ സുപ്രീം കോടതിയുടെ 'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന രോഷപ്രകടനത്തിലൂടെയും തുടര്‍ന്നുള്ള നിര്‍ദേശങ്ങളിലൂടെയും നടക്കുക. അത് ഒരു പരിധിവരെ  ഈ അതിക്രമങ്ങള്‍ക്കെല്ലാം അരുനില്‍ക്കുകയും ആരോപണ വിധേയര്‍ക്ക്, പെണ്‍കുട്ടിയെയും കുടുംബത്തെയും വേട്ടയാടാന്‍ സൗകര്യമൊരുക്കുകയും ചെയ്തവര്‍ക്ക് ആശ്വാസവുമാണ്. സുപ്രീം കോടതി പറഞ്ഞതനുസരിച്ച് എല്ലാം ചെയ്യുന്നുണ്ടല്ലോ/ചെയ്തുവല്ലോ എന്ന് ന്യായം നിരത്താനാകും. 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ഉത്തരവ്, രേഖയായി പുറത്തിറങ്ങും മുമ്പ് പെണ്‍കുട്ടിയുടെ മാതാവിന് പണം കൈമാറാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറായത്, പരമോന്നത നീതിപീഠം നല്‍കിയ രക്ഷാ മാര്‍ഗത്തെ അവര്‍ കൃത്യമായി മനസ്സിലാക്കുന്നതുകൊണ്ടാണ്.


'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന് കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തി ജനങ്ങളോട് പരോക്ഷമായി ചോദിച്ച നാല് ന്യായാധിപന്‍മാരുടെ കൂട്ടത്തില്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുമുണ്ടായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്തിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ സാധ്യതയുള്ള ജഡ്ജിമാരടങ്ങുന്ന ബഞ്ചിലേക്ക് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൈമാറിയതായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവരെ പ്രകോപിപ്പിച്ച ഏറ്റവുമൊടുവിലത്തെ സംഗതി. കേസുകള്‍ അട്ടിമറിക്കുന്നതില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവരും ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവരും നടത്തുന്ന ശ്രമങ്ങള്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുമെന്നും അത് ആത്യന്തികമായി ജനാധിപത്യത്തെയാണ് ഇല്ലാതാക്കുക എന്നും അന്നവര്‍ പറഞ്ഞിരുന്നു.


ഉന്നാവോ കേസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും നിസ്സഹായരായ മനുഷ്യരെ നിരന്തരം ക്രൂരതകള്‍ക്ക് ഇരയാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിച്ചവര്‍ക്ക് രക്ഷാമാര്‍ഗം ഒരുക്കുകയും ചെയ്യുമ്പോള്‍ 'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ഒരു ദിവസത്തെ വലിയ തലക്കെട്ടിനപ്പുറത്ത് പൊള്ളയായി നില്‍ക്കും. കോടതിക്ക് പുറത്തിറങ്ങി ജനങ്ങളോട് പറഞ്ഞ കാര്യങ്ങളിലെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

2019-07-22

ഭീതിയുടെ തടവറയ്ക്ക് കാവല്‍ നില്‍ക്കുന്നവര്‍



ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) രൂപവത്കരിക്കുന്നതിനായി ആവിഷ്‌കരിച്ച നിയമവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമവും (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് - യു എ പി എ) അടക്കം സുപ്രധാന നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമം ഇതിനകം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ എന്‍ ഐ എ നിയമ ഭേദഗതി പാര്‍ലിമെന്റിന്റെ ഇരു സഭകളും അംഗീകരിച്ചുകഴിഞ്ഞു. വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഏത് ദിശയിലാണോ സഞ്ചരിക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് നേരത്തെ തന്നെയുണ്ടായിരുന്ന ആശങ്കകളെ ശരിവെക്കും വിധത്തിലുള്ളതാണ് നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍.


എന്‍ ഐ എ നിയമഭേദഗതി ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് പാസ്സാക്കിയപ്പോള്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളില്‍ ചിലതും പെരുമാറിയ രീതിയും ആശങ്ക ജനിപ്പിക്കുന്നതാണ്. അധികാരം മുന്നോട്ടു വെക്കുന്ന അജന്‍ഡകളിലെ ജനവിരുദ്ധവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുമായ വശങ്ങളെ ഉയര്‍ത്തിക്കാട്ടി എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് പകരം, നിയമഭേദഗതിയുടെ ലക്ഷ്യമായി ഭരണകൂടം മുന്നോട്ടു വെക്കുന്ന ന്യായങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാന്‍ തയ്യാറാകുകയാണ് അവര്‍. ഇത്തരം നിയമഭേദഗതികളെ എതിര്‍ത്ത് വോട്ടുചെയ്യുക വഴി ഭീകരവാദികളുടെ സംരക്ഷകരായി ചിത്രീകരിക്കപ്പെടാന്‍ തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍.


രാജ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചും ഭീകരവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ടും മനുഷ്യാവകാശങ്ങളുടെ സംരക്ഷണമെന്ന നിലപാടില്‍ നിന്ന് പിന്നാക്കമില്ലെന്ന് അറിയിക്കാനുള്ള ധൈര്യം ഈ പാര്‍ട്ടികള്‍ക്ക് ഇല്ലാതായിരിക്കുന്നു. ഇത്തരം നിയമഭേദഗതികള്‍ ലക്ഷ്യമിടുക ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിംകളെയാണെന്ന തെറ്റുദ്ധാരണയില്‍ അഭിരമിച്ച്, ഭേദഗതികളെ എതിര്‍ത്താല്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെന്ന പ്രതീതി സൃഷ്ടിക്കപ്പെടുമെന്ന ചിന്തയിലാണ് ഈ പാര്‍ട്ടികള്‍. ഭൂരിപക്ഷ വര്‍ഗീയതയെ കൂടുതല്‍ വളര്‍ത്തിയെടുത്ത്, തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കലിന് ശ്രമിക്കുന്ന സംഘ്പരിവാരത്തിന് കൂടുതല്‍ പ്രയോജനം ചെയ്യുന്നതാകും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നിലപാടുകള്‍.


1962ലെ ആണവോര്‍ജ നിയമം, 1967ലെ യു എ പി എ എന്നിവ നിര്‍വചിക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള അധികാരമാണ് എന്‍ ഐ എക്ക് ഉണ്ടായിരുന്നത്. ഇതില്‍ മാറ്റം വരുത്തുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. മനുഷ്യക്കടത്ത്, കള്ള നോട്ട്, ആയുധങ്ങളുടെ നിയമവിരുദ്ധമായ നിര്‍മാണവും വിതരണവും, സൈബര്‍ മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനം എന്നിവ ഇനി മുതല്‍ എന്‍ ഐ എക്ക് നേരിട്ട് അന്വേഷിക്കാനാകും. 1908ലെ സ്ഫോടക വസ്തു നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന കുറ്റകൃത്യങ്ങളും എന്‍ ഐ എയുടെ പരിധിയില്‍ വരും. എന്‍ ഐ എ ഏറ്റെടുക്കുന്ന കേസുകളുടെ അന്വേഷണച്ചുമതല ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. ഇത് മാറ്റി ഇന്‍സ്പെക്ടര്‍ റാങ്കിലെ ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല നല്‍കാനും നിയമഭേദഗതി ലക്ഷ്യമിടുന്നു. അന്വേഷണച്ചുമതലയുള്ള എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക്, സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥര്‍ക്കുള്ള എല്ലാ അധികാരവും പ്രദാനം ചെയ്യുകയാണ് നിയമ ഭേദഗതി. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് രാജ്യത്തിന് പുറത്ത് നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള അധികാരവും എന്‍ ഐ എക്ക് ഉണ്ടാകും. (മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ആ രാജ്യത്തിന്റെ അനുവാദമില്ലാതെ എന്‍ ഐ എ എങ്ങനെ അന്വേഷിക്കുമെന്ന് യുക്തിസഹമായി വിശദീകരിക്കപ്പെട്ടിട്ടില്ല)


ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് യു എ പി എയില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഭേദഗതി. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളെ നിരോധിക്കാനാണ് നിലവില്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാറിന് അധികാരമുള്ളത്. പുതിയ ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ വ്യക്തികള്‍ക്കു മേല്‍ നിരോധനം ഏര്‍പ്പെടുത്താനും അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഭരണകൂടത്തിന് സാധിക്കും. ഇത്തരം നടപടികള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കുന്നുണ്ട്. 


വ്യക്തികളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നതിന് അവര്‍ ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമില്ല. ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നവരെന്ന് ഭരണകൂടത്തിന് തോന്നിയാല്‍ മാത്രം മതിയാകും. ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന പ്രതീതി ഭരണകൂടത്തിന് ജനിപ്പിക്കും വിധത്തിലുള്ള എഴുത്ത്, അത്തരം സംഘടനകളില്‍ ഏതെങ്കിലുമൊന്നിനെക്കുറിച്ചുള്ള പുസ്തകമോ ലഘുലേഖയോ കൈവശം വെക്കല്‍ ഒക്കെ, ഈ നിയമഭേദഗതി പ്രാബല്യത്തിലാകുന്നതോടെ ഭീകരവാദിയെന്ന മുദ്ര ചാര്‍ത്തുന്നതിന് കാരണാകാം. ഭരണകൂടത്തെ, അവരുടെ തീവ്ര വര്‍ഗീയ അജന്‍ഡകളെ എതിര്‍ക്കുന്നവരെ ലക്ഷ്യമിടാന്‍ വരും കാലത്ത് നിഷ്പ്രയാസം സാധിക്കുമെന്ന് ഉറപ്പ്. എന്‍ ഐ എ നിയമ ഭേദഗതിയിലൂടെ നല്‍കപ്പെടുന്ന അമിതാധികാരങ്ങള്‍ യു എ പി എ ഭേദഗതിയോടെ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ കൂടുതല്‍ മാരകമാകുകയും ചെയ്യും.


പൗരന്മാരെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുക എന്നത് ഫാസിസവും ഏകാധിപത്യവും ഫലപ്രദമായി ഉപയോഗിക്കുന്ന തന്ത്രമാണ്. വംശഹത്യാ ശ്രമത്തിലൂടെയും വ്യാജ ഏറ്റുമുട്ടല്‍ പരമ്പരകളിലൂടെയും സൃഷ്ടിച്ചെടുത്ത ഭീതിയുടെ അന്തരീക്ഷം ഗുജറാത്തിലെ ഭരണത്തുടര്‍ച്ചക്ക് നരേന്ദ്ര മോദിയും സംഘവും ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഈ മാതൃക രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള ശ്രമം 2014ല്‍ കേന്ദ്രാധികാരം കൈയാളിയ കാലം മുതല്‍ തുടങ്ങുകയും ചെയ്തു. സംഘ്പരിവാര്‍ ബന്ധമുള്ള ചെറു സംഘങ്ങള്‍ രാജ്യത്ത് പലയിടങ്ങളിലും അഴിച്ചുവിട്ട ആക്രമണങ്ങള്‍ ആ ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയുള്ളതായിരുന്നു. അത്തരം ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയവര്‍ പലവിധത്തില്‍ ലക്ഷ്യമിടപ്പെട്ടതിന്റെ പിറകിലും ഭയപ്പെടുത്തുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. നിയമനിര്‍മാണങ്ങളിലൂടെ കൂടുതല്‍ ഭയപ്പെടുത്തുകയാണ് ഇപ്പോള്‍.


സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുക എന്നതും സംഘ്പരിവാറിന്റെ അജന്‍ഡയാണ്. അത് പല മാര്‍ഗങ്ങളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്‍ ഐ എ - യു എ പി എ ഭേദഗതികളിലൂടെയും ഇത് സാധിച്ചെടുക്കുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറുകളുടെ അറിവോ സമ്മതമോ കൂടാതെ ഏത് കേസും എന്‍ ഐ എക്ക് ഏറ്റെടുക്കാവുന്ന സ്ഥിതിയാണ് പുതിയ ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ ഉണ്ടാകുക. മനുഷ്യക്കടത്തുമായോ കള്ളനോട്ട് വ്യാപനവുമായോ സ്ഫോടക വസ്തു നിയമത്തിന്റെ ലംഘനവുമായോ ഏത് സംസ്ഥാനത്തെയും ഏത് കേസിനെയും ബന്ധിപ്പിക്കുക പ്രയാസമുള്ള കാര്യമല്ല. അന്വേഷണം നടത്തുന്ന എന്‍ ഐ എ ഉദ്യോഗസ്ഥന് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ എല്ലാ അധികാരവുമുണ്ടാകുമെന്ന് വ്യവസ്ഥ ചെയ്തതോടെ സംസ്ഥാന പോലീസ് മേധാവിയുടെയോ സംസ്ഥാന സര്‍ക്കാറിന്റെയോ നിര്‍ദേശമില്ലാതെ തന്നെ എന്‍ ഐ എയുടെ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനുള്ള ബാധ്യത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വന്നുചേരും. ഫലത്തില്‍ സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷണ സംവിധാനം എന്‍ ഐ എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥ വൈകാതെ നിലവില്‍ വരുമെന്ന് ചുരുക്കം.


മനുഷ്യാവകാശങ്ങളുടെ മാത്രമല്ല, ഫെഡറല്‍ ഭരണ സമ്പ്രദായത്തിന്റെ കൂടി കടക്കല്‍ കത്തിവെക്കുന്ന നിയമഭേദഗതികളാണ് എന്‍ ഐ എയുടെയും യു എ പി എയുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത്ര ഗുരുതരമായ, വരും കാലത്ത് വലിയ ആഘാതങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ള നിയമഭേദഗതികളെന്ന തിരിച്ചറിവ് ഏറ്റവുമാദ്യം ഉണ്ടാകേണ്ടിയിരുന്നത് എന്‍ ഐ എ രൂപവത്കരിക്കുന്നതിനായി നിയമം കൊണ്ടുവന്ന കോണ്‍ഗ്രസിനായിരുന്നു. അത് തിരിച്ചറിയുന്നുവെന്ന മട്ടിലാണ് പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചയില്‍ അവരുടെ പ്രതിനിധികള്‍ സംസാരിച്ചതും. എന്നാല്‍ എന്‍ ഐ എ ഭേദഗതി ബില്ല് വോട്ടിനിട്ടപ്പോള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത് എന്നത് അവരുടെ വാക്കുകളിലെ ആത്മാര്‍ഥതയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബില്ല് വോട്ടിനിടാന്‍ തീരുമാനിക്കുമ്പോള്‍ 'ഭീകരവാദത്തിനെതിരായ നീക്കങ്ങളെ ആരാണ് അനുകൂലിക്കുന്നത് എന്നും ആരാണ് എതിര്‍ക്കുന്നത് എന്നും രാജ്യം അറിയട്ടെ' എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു.


മനുഷ്യാവകാശങ്ങള്‍ക്കും രാജ്യത്തെ ഫെഡറല്‍ ഭരണക്രമത്തിനും ഈ ഭേദഗതിയുയര്‍ത്തുന്ന വെല്ലുവിളികളെ, ഭീകരവാദത്തിനെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ എതിര്‍ക്കാന്‍ തങ്ങള്‍ക്ക് രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മറിച്ച്, ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്താല്‍ ഭീകരവാദികള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരായി ചിത്രീകരിക്കപ്പെടുമെന്ന തെറ്റുദ്ധാരണക്ക് വഴിപ്പെടാനാണ് അവര്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നുള്ള ചില എം പിമാരെങ്കിലും ഈ നിലപാടിനോട് വിയോജിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ വിജയം സമ്മാനിച്ചതില്‍ പങ്കുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ (മുസ്ലിംകളുടെ) അതൃപ്തിക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതിയെ പിന്തുണച്ച് വോട്ടുചെയ്യാനുള്ള തീരുമാനത്തെ അവര്‍ എതിര്‍ത്തത്. അപ്പോഴും ഭീകരവാദവും അതിനെതിരായ നീക്കങ്ങളും മുസ്ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന ഒന്നായി കാണാനേ അവര്‍ക്ക് സാധിക്കുന്നുള്ളൂ. അതങ്ങനെ കാണണമെന്ന തീവ്ര ഹിന്ദുത്വ വക്താക്കളുടെ ആഗ്രഹം അറിഞ്ഞോ അറിയാതെയോ സാധിച്ചുകൊടുക്കുകയാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധികള്‍ ചെയ്യുന്നത്. അതുകൊണ്ടാണ് എന്‍ എ ഐ നിയമ ഭേദഗതിയെ എതിര്‍ക്കേണ്ടത് മുസ്ലിം ലീഗിന്റെ മാത്രം ബാധ്യതയല്ലെന്ന് ഇ ടി മുഹമ്മദ് ബഷീറിന് പരസ്യമായി പറയേണ്ടിവന്നതും.


കാണട്ടെ നിങ്ങളുടെ രാജ്യക്കൂറെന്ന് അമിത് ഷാ വെല്ലുവിളിക്കുമ്പോള്‍ ചൂളിപ്പോകുന്ന സ്ഥിതിയിലേക്ക് ചുരുങ്ങിയിരിക്കുന്നു കോണ്‍ഗ്രസ്. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം പേരിനെങ്കിലും ഇപ്പോഴും കോണ്‍ഗ്രസിനാണെന്നും അതിനെ ഒറ്റുകൊടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പറയാനുള്ള ചങ്കൂറ്റം ശേഷിക്കുന്നില്ല അവരില്‍. ആയകാലത്ത് അധികാരം മാത്രം ലക്ഷ്യമിട്ട് മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുകയും അതുവഴി തീവ്ര ഹിന്ദുത്വത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്തവര്‍ തകര്‍ച്ചയുടെ കാലത്തും അതേ പാത പിന്തുടരുമെന്ന് പ്രഖ്യാപിക്കുന്നതാണ് എന്‍ ഐ എ ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പില്‍ പാര്‍ലിമെന്റില്‍ കണ്ടത്.

2019-07-01

ഒരു രാജ്യം ഒരു വോട്ട് അഥവാ ഹിന്ദു ധര്‍മോക്രസി


ലോക്‌സഭയിലേക്കും സംസ്ഥാന നിയമ സഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുക എന്ന നിര്‍ദേശം ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്തു തന്നെ മുന്നോട്ടുവെക്കപ്പെട്ടതാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായതോടെ ആ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചുള്ള ആലോചന തുടങ്ങിയിരിക്കുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇത് നടപ്പില്‍ വരുത്തുക എന്ന ഉദ്ദേശ്യത്തിലാകണം, അധികാരമേറ്റ ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഈ ആശയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചതിലൂടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദി സര്‍ക്കാര്‍ നല്‍കിയെന്ന പ്രതീതി ജനിപ്പിക്കാനാണ് ശ്രമിച്ചത്. ഇത്തരം യോഗങ്ങളില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ സന്നദ്ധരാകാത്ത പാര്‍ട്ടികള്‍ പൊതു വേദികളില്‍ എതിര്‍പ്പുന്നയിക്കുന്നതിനെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ആ വിമര്‍ശനത്തില്‍ നിന്ന് തന്നെ സര്‍വകക്ഷി യോഗം വിളിച്ചതിന്റെ ലാക്ക് മനസ്സിലാക്കാം.


ആ യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുക്കുകയും ഭൂരിപക്ഷവും എതിരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും ഈ നിര്‍ദേശം നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമായിരുന്നു. കാരണം, ഇത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇന്ത്യന്‍ യൂനിയനെ മതത്തില്‍ അധിഷ്ഠിതമായ ഏകധ്രുവ രാഷ്ട്രമായി മാറ്റിത്തീര്‍ക്കാന്‍ യത്‌നിക്കുന്ന അവര്‍ക്ക്, പുതുതായി നിര്‍ദേശിക്കപ്പെട്ട തിരഞ്ഞെടുപ്പ് രീതി കുറേക്കൂടി ഗുണകരമാകുമെന്ന പ്രതീക്ഷയുണ്ട്. 2014ലെയും 2019ലെയും പൊതു തിരഞ്ഞെടുപ്പുകളുടെ സ്വഭാവം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 2014ല്‍ നരേന്ദ്ര മോദിയെന്ന ഊതിവീര്‍പ്പിക്കപ്പെട്ട വ്യക്തിത്വവും അഴിമതി ആരോപണങ്ങളാല്‍ ദുര്‍ബലമായ ഭരണപക്ഷവും തമ്മിലായിരുന്നു മത്സരം. അഴിമതി ഇല്ലാതാക്കാന്‍, തൊഴിലവസരം സൃഷ്ടിക്കാന്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ ഒക്കെ കരുത്തനായ ഭരണാധികാരിയുടെ കീഴിലുള്ള ഭരണം കൊണ്ട് സാധിക്കുമെന്ന മിഥ്യാ ധാരണ സൃഷ്ടിച്ചെടുക്കുന്നതില്‍ വിജയിച്ചപ്പോള്‍ ജനവിധിയെ ഒപ്പം നിര്‍ത്താനായി. 2019ല്‍ നരേന്ദ്ര മോദിയും കരുത്താര്‍ജിച്ചു വന്ന രാഹുല്‍ ഗാന്ധിയും തമ്മിലായിരുന്നു മത്സരം. ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി, ജനങ്ങളോട് വോട്ടഭ്യര്‍ഥിച്ചത് തനിക്ക് വേണ്ടിയായിരുന്നു. തന്റെ വിജയത്തിനായി ബി ജെ പി/എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അഭ്യര്‍ഥന. അത്രത്തോളം പോയില്ലെങ്കിലും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ മത്സരവും രാഹുല്‍ ഗാന്ധിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു.


ഇത്തരമൊരു സാഹചര്യത്തിന്റെ നൈരന്തര്യം ആര്‍ എസ് എസ് ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോ യഥാര്‍ഥത്തിലുള്ള രാഷ്ട്രീയമോ പൊതു പരിശോധനക്ക് വിധേയമാക്കാത്ത, നേതാവായി നില്‍ക്കുന്ന വ്യക്തിയുടെ വ്യാജ വലുപ്പത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന തിരഞ്ഞെടുപ്പ്. അത്തരമൊരു സാഹചര്യത്തില്‍ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രചാരണത്തിലൂടെ എതിരാളികളെ അപ്രസക്തമാക്കാന്‍ പ്രയാസമുണ്ടാകില്ല.


ഒറ്റ രാജ്യം ഒറ്റ വോട്ട് എന്ന മുദ്രാവാക്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രത്യക്ഷത്തില്‍ പ്രകടമല്ലാത്ത ഒരു സന്ദേശമുണ്ട്. അത് ഒറ്റ ദേശീയതയുടേതാണ്. തെളിച്ചു പറഞ്ഞാല്‍ ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ദേശീയതയുടേതാണ്. ആര്‍ എസ് എസ് സൈദ്ധാന്തികന്‍ മാധവ് സദാശിവ് ഗോള്‍വള്‍ക്കറുടെ വീക്ഷണത്തില്‍ ''രാജ്യമെന്നത് രാഷ്ട്രീയ - സാമ്പത്തിക അവകാശങ്ങളുടെ ഒരു ഭാണ്ഡം മാത്രമല്ല. അത് സംസ്‌കാരം കൂടി ചേര്‍ന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് ആ സംസ്‌കാരം ഹിന്ദൂയിസമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബഹുസ്വര ജനാധിപത്യമെന്ന മൃതശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മാണുക്കളാകാതെ (ബാക്ടീരിയകള്‍) ഹിന്ദു ധര്‍മോക്രസിയെ സ്വീകരിച്ച് മോക്ഷത്തിലേക്ക് ചരിക്കുന്നവരാകുകയാണ് വേണ്ടത്''.


ആ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ഹിന്ദുത്വമെന്ന ഒരൊറ്റ ചരടില്‍ ബന്ധിതമാകണം, ജാതി ഭേദം നിലനിര്‍ത്തിക്കൊണ്ടുതന്നെ. അതിനുള്ള സോഷ്യല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലായി സംഘ്പരിവാരം പരീക്ഷിച്ച് കഴിഞ്ഞു. അതിന്റെ കൂടി വിജയമാണ്, വിവിധ ജാതി വിഭാഗങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളെ പിന്തള്ളിയതിലൂടെ ബി ജെ പി നേടിയത്. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ യുനൈറ്റഡ് തുടങ്ങിയ ഇത്തരം കക്ഷികള്‍ ഭാവിയില്‍ സ്വന്തം വോട്ടു ബേങ്ക് നിലനിര്‍ത്തുമെന്ന് ആര്‍ എസ് എസ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ ജാതിഭേദം നിലനിര്‍ത്തിയും സവര്‍ണ മേല്‍ക്കോയ്മ ഉറപ്പാക്കിയും ഇവരെയെല്ലാം ഹിന്ദുത്വയുടെ ചരടില്‍ ഘടിപ്പിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. തീവ്ര ദേശീയതയുടെ മറയും രാജ്യ സുരക്ഷയെക്കുറിച്ച് കെട്ടിയുയര്‍ത്തപ്പെടുന്ന ആശങ്കയും അത് നേരിടാന്‍ കരുത്തനായ നേതാവും കരുത്തുള്ള പ്രസ്ഥാനവും വേണമെന്ന പ്രചാരണവും ഒക്കെ ചേരുമ്പോള്‍ 'ഒറ്റ രാജ്യം ഒറ്റ വോട്ട്' എന്ന രീതി സമ്പൂര്‍ണാധികാരലബ്ധിയുണ്ടാക്കുമെന്ന് അവര്‍ കരുതുന്നു. 


2019ലെ പൊതു തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് മാത്രം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളും പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കൊപ്പം നിന്നു. നേതൃത്വത്തിന്റെ കരുത്തില്‍ കേന്ദ്രീകരിച്ച പൊതു തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തിസ്ഗഢിലെയും നിയമസഭാ തിരഞ്ഞെടുപ്പെങ്കില്‍ ഫലം മറിച്ചാകാനുള്ള സാധ്യത ചെറുതായിരുന്നില്ല.


ഈ ഒഴുക്കിനെ തടയാന്‍ തത്കാലം ത്രാണിയുള്ളത് തലപ്പൊക്കമുള്ള പ്രാദേശിക നേതാക്കളുടെ കീഴില്‍ കരുത്തോടെ നില്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമാണ്. ഒഡീഷയില്‍ നവീന്‍ പട്‌നായിക്, പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി, ആന്ധ്രാ പ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഢി അല്ലെങ്കില്‍ ചന്ദ്ര ബാബു നായിഡു, തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു, തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ എന്നിങ്ങനെ പട്ടിക ചുരുക്കാം. പിന്നെ ബി ജെ പിക്ക് വേര് ഇനിയും വേണ്ടത്ര ആഴ്ത്താന്‍ സാധിക്കാത്ത കേരളവും. അതില്‍ ഭൂരിഭാഗവും അധികാര നഷ്ടമോ നേതാവിന്റെ അഭാവമോ ഉണ്ടാകുന്നതോടെ തകര്‍ന്നടിയുന്നവയാണ്. തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഇതിനകം പ്രകടിപ്പിക്കുന്നവയും. ഒറ്റ രാജ്യം ഒറ്റ വോട്ട് എന്ന മുദ്രാവാക്യത്തെ ഒറ്റ പാര്‍ട്ടി, ഒറ്റ നേതാവ് എന്ന് പൂരിപ്പിച്ച് അവതരിപ്പിക്കുമ്പോള്‍ രാഷ്ട്രീയ - സാമ്പത്തിക പ്രശ്‌നങ്ങളുടെ ഭാണ്ഡങ്ങളുമായി അതിനെ നേരിടുക എളുപ്പമാകില്ല തന്നെ. പാര്‍ലിമെന്ററി ജനാധിപത്യം പേരില്‍ ശേഷിപ്പിക്കുകയും അധികാരം മുഴുവന്‍ ഒരാളില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന അപ്രഖ്യാപിത 'പ്രസിഡന്‍ഷ്യല്‍' സമ്പ്രദായത്തിലേക്ക് നീങ്ങാനാണ് സംഘ്പരിവാരത്തിന്റെ ശ്രമം.


ഇതിന് പുറമേക്ക് പറയുന്ന ന്യായങ്ങള്‍ രണ്ടാണ്. സംസ്ഥാന നിയമ സഭകളിലേക്ക് പ്രത്യേകം തിരഞ്ഞെടുപ്പുകള്‍ നടത്തുമ്പോഴുണ്ടാകുന്ന ഭാരിച്ച ചെലവ് ഒഴിവാകുമെന്നതാണ് ഒന്ന്. അടിക്കടി തിരഞ്ഞെടുപ്പുകളുണ്ടാകുകയും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുകയും ചെയ്യുമ്പോള്‍ വികസന പരിപാടികള്‍ നടപ്പാക്കുന്നതിന് തടസ്സമുണ്ടാകുന്നുവെന്നതാണ് രണ്ടാമത്തേത്. ജനങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ ബോധ്യപ്പെടുന്നതാണ് ഈ രണ്ട് വാദങ്ങളും. യഥാര്‍ഥത്തില്‍ അവരെ കബളിപ്പിക്കുന്നതും. ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെലവിടാവുന്ന തുക തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ പല മടങ്ങ് പ്രചാരണത്തിനായി ചെലവഴിക്കപ്പെടും. ഒരു ലോക്‌സഭാ മണ്ഡലത്തില്‍ അനുവദിച്ച തുകയുടെ പത്തോ നൂറോ മടങ്ങ് ചെലവിടുന്നുണ്ടെന്നാണ് കണക്ക്. ഈ പ്രവണത നിയന്ത്രിച്ചാല്‍ തന്നെ തിരഞ്ഞെടുപ്പിന് വേണ്ടിവരുന്ന ചെലവ് വലിയ തോതില്‍ കുറയും. അതിന് തയ്യാറാകാതിരിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജാനയിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ പാകത്തില്‍ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ആവിഷ്‌കരിക്കുകയും ചെയ്തവരാണ് തിരഞ്ഞെടുപ്പ് ചെലവ് വര്‍ധിക്കുന്നതില്‍ മനംനൊന്ത് ഒരു രാജ്യം ഒരു വോട്ട് എന്ന് വിലപിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് കമ്മീഷന്‍ ചെലവിടുന്നത് രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമാണ്. സുതാര്യവും വിശ്വാസ യോഗ്യവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം നിലനില്‍ക്കണമെന്ന് ജനം ആഗ്രഹിക്കുന്നിടത്തോളം കാലം ആ ചെലവ് വഹിക്കാന്‍ അവര്‍ക്ക് മനഃക്ലേശമുണ്ടാകില്ല. ജനങ്ങളുടെ പണം കൈകാര്യം ചെയ്യാന്‍ അവര്‍ ചുമതലപ്പെടുത്തുന്ന കണക്കപ്പിള്ളമാര്‍ തത്കാലം അതേക്കുറിച്ച് അത്രത്തോളം വേവലാതിപ്പെടേണ്ടതില്ല.


വികസന പരിപാടികളുടെ നടത്തിപ്പിന് തടസ്സമാകുന്നുവെന്ന രണ്ടാമത്തെ ന്യായം ഒട്ടും നിലനില്‍ക്കുന്നതല്ല. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത് പോലെയല്ല രാജ്യം ഭരിക്കുന്ന രാഷ്ട്രീയ ശക്തികള്‍ (ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യക്തികള്‍) നയം ആവിഷ്‌കരിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ വികസന പരിപാടികള്‍ക്ക് രൂപം നല്‍കുന്നതും. അതിനൊക്കെയാണ് ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതികളും വാര്‍ഷിക പദ്ധതി തയ്യാറാക്കലും അതിന് അംഗീകാരം നല്‍കലുമൊക്കെയുണ്ടായിരുന്നത്.


അതൊക്കെ ഇല്ലാതാക്കി നീതി ആയോഗിന് രൂപം നല്‍കിയവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കാനും അതിനനുസരിച്ച് വികസന പരിപാടികള്‍ രൂപം നല്‍കി നടപ്പാക്കാനും സാധിക്കാതെ വരുന്നുവെങ്കില്‍ അതിന് മാതൃകാ പെരുമാറ്റച്ചട്ടത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആസൂത്രണവും അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതി രൂപവത്കരണവും നിര്‍ത്തിയെങ്കിലും ആണ്ടോടാണ്ട് റെയിലും ചേര്‍ത്ത് പൊതു ബജറ്റ് അവതരിപ്പിച്ച് പാസ്സാക്കുന്നുണ്ടല്ലോ. അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ ഒരുകാലത്തും തടസ്സമായിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചവ നടപ്പാക്കുന്നതിനോ നടപ്പാക്കുന്നവ തുടരുന്നതിനോ തടസ്സവുമില്ല. അവ്വിധമെന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ മാറ്റം വരുത്തി വികസന പരിപാടികള്‍ നടപ്പാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്.


അതിനൊന്നും മെനക്കെടാതെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ അട്ടിമറിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ലക്ഷ്യം ഏകാധിപത്യമോ ഏകകക്ഷിയാധിപത്യമോ ആയി മാറുന്ന സമ്പൂര്‍ണാധികാരല്ലാതെ മറ്റൊന്നല്ല. ഡെമോക്രസിയെ 'ഹിന്ദു ധര്‍മോക്രസി' കൊണ്ട് ആദേശം ചെയ്യുക എന്ന ആര്‍ എസ് എസ്സിന്റെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവട്. 'ഹിന്ദു ധര്‍മോക്രസി'യില്‍ ഇടമില്ലാത്തവരെ പുറംതള്ളാനുള്ള ശ്രമങ്ങള്‍ ഇതിന് സമാന്തരമായി ഉണ്ടാകുമെന്ന് തന്നെ കരുതണം.

2019-06-27

'നുണകളാല്‍ ആരാധിക്കപ്പെടുന്ന പിശാചുകള്‍...'


ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ ഭാഗമായ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിയില്‍ നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഹ്‌സാന്‍ ജഫ്‌രിയുടെ ഭാര്യ സാകിയ ജഫ്‌രി നല്‍കിയ പരാതി 2011 സെപ്തംബറില്‍ സുപ്രീം കോടതി തീര്‍പ്പാക്കി. സി ബി ഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും ഇതിനെ അധികരിച്ച് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൈമാറാനും അവിടെ കേസ് പരിഗണിക്കാനുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. തനിക്കെതിരായ ആരോപണങ്ങള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞതിന് തുല്യമാണിതെന്ന് കാണിച്ച് അന്ന് നരേന്ദ്ര മോദി ഗുജറാത്തിലെ ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി. ഇതിന് ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് മറുപടിയെഴുതി. ബറോഡയിലെ എം എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഭുചുംഗ് സോനം എഴുതിയ കവിത ഉദ്ധരിച്ചാണ് സഞ്ജീവ് ഭട്ടിന്റെ കത്ത് അവസാനിക്കുന്നത്.
അതിലെ അവസാന വരികള്‍ ഇങ്ങനെയാണ്:

''നിങ്ങളെന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം
ഞാന്‍ പൊരുതും
സത്യം എന്നിലുണ്ട്
ഞാന്‍ പൊരുതും
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്
ഞാന്‍ പൊരുതും
അവസാന ശ്വാസം വരെ
ഞാന്‍ പൊരുതും
നുണകള്‍ കൊണ്ട്
നിങ്ങള്‍ തീര്‍ത്ത കൊട്ടാരം
തകര്‍ന്ന് വീഴും വരെ
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തിന്റെ
മാലാഖക്ക് മുന്നില്‍ മുട്ടുകുത്തും വരെ...’''


നുണകള്‍ കൊണ്ടാരാധിക്കപ്പെടുന്ന പിശാചിന്റെ പിടിയില്‍ രാജ്യത്തിന്റെ നീതിന്യായ സംവിധാനം കൂടി അമര്‍ന്നുവോ എന്ന സംശയം ജനിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ പോലീസ് സര്‍വീസിന്റെ ഭാഗമായിരുന്ന സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. ഹോട്ടല്‍ മുറിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന കേസില്‍ വിചാരണ നേരിടാന്‍ പോകുന്നത്. നുണകളാല്‍ ആരാധിക്കപ്പെടുന്ന പിശാചിന്റെ പിടി അത്രമേല്‍ ശക്തമാകയാല്‍ സഞ്ജീവ് ഭട്ട് തടവറയില്‍ നിന്ന് പുറത്തെത്തുമെന്ന് കരുതാന്‍ വയ്യ.


2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച് ചില കാര്യങ്ങളെങ്കിലും പുറംലോകത്തെ അറിയിച്ച ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. വംശഹത്യാ ശ്രമം നടക്കും മുമ്പ് നരേന്ദ്ര മോദിയുടെ വിശ്വസ്ത ഉദ്യോഗസ്ഥരില്‍ ഒരാളും. അതുകൊണ്ടാണല്ലോ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് മരിച്ച 58 പേരുടെ ശരീരം അഹമ്മദാബാദില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെക്കാന്‍ തീരുമാനിച്ചതിന് പിറകെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലേക്ക് സഞ്ജീവ് ഭട്ടിനെയും വിളിച്ചത്. ആ യോഗത്തിലാണല്ലോ ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് നരേന്ദ്ര മോദി നിര്‍ദേശിച്ചതായി ആരോപണമുള്ളത്. അക്കാര്യം പിന്നീട് പരസ്യപ്പെടുത്തിയെന്നതാണല്ലോ സഞ്ജീവ് ഭട്ടിനെ വേട്ടയാടാനുള്ള കാരണവും. 


വേട്ടയുടെ ആദ്യ നടപടിയായിരുന്നു 1990ലെ കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കല്‍. നേരത്തെ നിഷേധിച്ച പ്രോസിക്യൂഷന്‍ അനുമതി 2011ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ തന്നെ നല്‍കി. ഭട്ടിനെ പോലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അത് സാധിച്ചത് 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഒന്നേകാല്‍ വര്‍ഷമെത്തുമ്പോഴാണ്. മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരായില്ലെന്ന് ചൂണ്ടിക്കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച പുറത്താക്കല്‍ ശിപാര്‍ശ, നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഈ പിരിച്ചുവിടലിന് ശേഷമാണ് കസ്റ്റഡി മരണക്കേസില്‍ വിചാരണ തുടങ്ങുന്നത്.


1990ല്‍ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് നടന്ന അക്രമാസക്തമായ രഥയാത്ര, ബീഹാറില്‍ വെച്ച് ലാലു പ്രസാദ് യാദവ് സര്‍ക്കാര്‍ തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന്റെ പിറകെ ഗുജറാത്തിലെ ജാംനഗറില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ 133 പേരില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങി രണ്ടാഴ്ച കഴിഞ്ഞ് മരിച്ചത് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്ന മര്‍ദനം മൂലമാണെന്നും അന്ന് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടിന് ഈ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് കേസ്. ഈകേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന ആദ്യ തീരുമാനം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത് എന്ന ചോദ്യം നീതിന്യായ സംവിധാനത്തിന് മുന്നില്‍ പ്രസക്തമായില്ല. വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഏകാധിപത്യത്തില്‍ യുക്തിസഹമായ ചോദ്യങ്ങള്‍ക്ക് സ്ഥാനമില്ലല്ലോ.


പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മുന്നൂറോളം പേരില്‍ കോടതിയിലെത്തിയത് 30 പേര്‍ മാത്രം. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ സാക്ഷികളായി ഹാജരായെങ്കിലും അവര്‍ക്കാകെ പറയാനുണ്ടായിരുന്നത് അറിയില്ലെന്നും ഓര്‍മയില്ലെന്നും മാത്രം. കസ്റ്റഡി മര്‍ദനത്തില്‍ മരിച്ചെന്ന് പറയപ്പെടുന്നയാള്‍ക്ക് ശരീരത്തിന് പുറത്തോ അകത്തോ പരുക്കേറ്റതായി കണ്ടെത്തിയിട്ടില്ലെന്ന പരിശോധനാ ഫലം കോടതി പരിഗണിച്ചതേയില്ല. മൃതദേഹ പരിശോധന നടത്തിയ ഡോക്ടറെ വിസ്തരിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. നിശ്ചിത തീയതിക്കകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം അക്ഷരം പ്രതി പാലിക്കാന്‍ വിചാരണക്കോടതിയുടെ ജഡ്ജി തയ്യാറായി.


സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാതെയും അവശ്യം വേണ്ട രേഖകള്‍ പരിശോധിക്കാതെയും വിചാരണ പൂര്‍ത്തിയാക്കി വിധി പറയുക എന്നതാണോ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുക എന്നതുകൊണ്ട് സുപ്രീം കോടതി ഉദ്ദേശിച്ചത്? ആകണം. ഇല്ലെങ്കില്‍ പതിനൊന്ന് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ അപേക്ഷ സുപ്രീം കോടതി തള്ളിക്കളയില്ലായിരുന്നുവല്ലോ! ഈ വിധി, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കുന്ന അപ്പീലുകള്‍ പരിഗണിക്കുമ്പോള്‍ സഞ്ജീവ് ഭട്ടിന് തിരിച്ചടിയാകാനാണ് സാധ്യത.


1990ല്‍ നടന്നുവെന്ന് പറയുന്ന കസ്റ്റഡി മരണക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് 21 വര്‍ഷത്തിന് ശേഷം 2011ല്‍. വിചാരണ പൂര്‍ത്തിയാകുന്നത് 28 വര്‍ഷത്തിന് ശേഷം 2019ല്‍. സഞ്ജീവ് ഭട്ട് നിര്‍ദേശിച്ച പതിനൊന്ന് സാക്ഷികളെക്കൂടി വിസ്തരിച്ച് വിധി പറയാന്‍ തീരുമാനിച്ചാല്‍ ഇനിയും വൈകുക ഏതാനും ആഴ്ചകളോ മാസങ്ങളോ ആയിരിക്കും. 28 വര്‍ഷം വൈകിയ നീതി ഏതാനും ആഴ്ചകളോ മാസങ്ങളോ കൂടി നീളരുതെന്ന് തീരുമാനിച്ച സുപ്രീം കോടതിയിലെ ബഹുമാന്യരായ ജസ്റ്റിസുമാര്‍ ഇന്ദിരാ ബാനര്‍ജിയും അജയ് രസ്‌തോഗിയും രാജ്യാധികാരം കൈയാളുന്നവരുടെ താത്പര്യങ്ങള്‍ക്ക് വിധേയരായതാണോ എന്ന സംശയം ന്യായമായും ഉയരും.


ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് ഹിതകരമല്ലാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പലവിധത്തില്‍ ലക്ഷ്യമാക്കപ്പെട്ടിട്ടുണ്ട്. 2002ലെ ഗുജറാത്ത് വംശഹത്യാ കാലത്ത് ഭാവ്‌നഗറില്‍ നാനൂറോളം പേരെ (ഭൂരിഭാഗവും കുട്ടികള്‍) അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത് അന്ന് അവിടെ ചുമതലയുണ്ടായിരുന്ന രാഹുല്‍ ശര്‍മ എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ തീരുമാനമായിരുന്നു. അക്രമികള്‍ക്കു നേര്‍ക്ക് വെടിവെക്കാന്‍ ഉത്തരവിട്ടു രാഹുല്‍ ശര്‍മ. വെടിവെപ്പില്‍ കൊല്ലപ്പെട്ടതിലധികവും ഹിന്ദുക്കളായിരുന്നുവെന്നതിന്റെ പേരില്‍ അന്നുതൊട്ടിന്നോളം രാഹുല്‍ ശര്‍മ, നരേന്ദ്ര മോദിയുടെ കണ്ണിലെ കരടാണ്. വകുപ്പുതല നടപടികള്‍ പലത് നേരിട്ടു. ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് ശര്‍മ, ഐ പി എസ്സുകാരനായ ജ്യേഷ്ഠനോടുള്ള പകയുടെ ഇരയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും സഹ മന്ത്രിയായിരുന്ന അമിത് ഷായുടെയും നിയമവിരുദ്ധമായ ഉത്തരവുകള്‍ നടപ്പാക്കാന്‍ ജ്യേഷ്ഠന്‍ കുല്‍ദീപ് ശര്‍മ തയ്യാറാകാത്തതാണ് തങ്ങളെ ലക്ഷ്യമിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് പ്രദീപിന്റെ വാദം. സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച് അമിത് ഷായുടെ അറസ്റ്റിലേക്ക് കാര്യങ്ങളെ എത്തിച്ച ഐ പി എസ് ഉദ്യോഗസ്ഥന്‍ രജനീഷ് റായ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 2018ലാണ്.


ഗുജറാത്തിനെ മാതൃകയാക്കൂ എന്ന്, നരേന്ദ്ര മോദി പരമാധികാരിയാകുന്നതിന് ഏറെക്കാലം മുമ്പ് എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിക്കാന്‍ മടികാണിക്കാതിരുന്ന സുപ്രീം കോടതിയുടെ പിന്‍മുറക്കാര്‍, പുതിയ മാതൃകകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ അത്ഭുതമില്ല. അത് അധികാരത്തോട് വിയോജിക്കുന്ന, ഭരണകര്‍ത്താക്കളുടെ ക്രമക്കേടുകളെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള മുന്നറിയിപ്പാണ്. നുണകളാല്‍ ആരാധിക്കപ്പെടുന്ന പിശാചിന് വഴങ്ങിക്കൊടുക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പ്. അവിടെ സത്യത്തിന്റെ മാലാഖയെത്തുമെന്ന് പ്രതീക്ഷിക്കുന്ന സഞ്ജീവ് ഭട്ടുമാരുടെ എണ്ണം കുറയുകയാണ്. അതുകൊണ്ടാണ് ഈ വേട്ടക്ക് രാജ്യം മൗനം കൊണ്ട് അനുമതി നല്‍കുന്നത്. വിധിക്കപ്പെട്ട ശിക്ഷയേക്കാള്‍ ഭയപ്പെടുത്തുന്നത് ഈ നിസ്സംഗതയാണ്.