കഥ 2009ലേതാണ്. രാജ്യം വീണ്ടും വീണ്ടും ഭരിക്കേണ്ട പുമാന്‍, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും മുഹമ്മദ് അലി ജിന്നയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ധിരുഭായ് അംബാനിയെന്ന് പില്‍ക്കാലം അറിയപ്പെട്ട ധിരാജ്‌ലാല്‍ ഹിരാചന്ദ് അംബാനിയുമൊക്കെ ജനിച്ചു വളര്‍ന്ന നാട് വീണ്ടും വീണ്ടും ഭരിച്ച കാലം. വീണ്ടും വീണ്ടും ഭരിച്ച എന്ന് വായിക്കുമ്പോള്‍ സമകാലിക സമൂഹത്തിലെ വാര്‍ത്തകളുമായുള്ള നിരന്തര സമ്പര്‍ക്കം മൂലം വീണ്ടും വീണ്ടും പീഡിപ്പിച്ച എന്നോ മറ്റോ ആര്‍ക്കെങ്കിലും തോന്നിയാല്‍ ലേഖകന് ഉത്തരവാദിത്തമില്ല. ഗാന്ധി മുതല്‍ അംബാനി വരെയുള്ളവരുടെ നാട് ഭരിച്ച കാലവും പില്‍ക്കാലം രാജ്യം ഭരിക്കുന്ന കാലവും ബലാത്സംഗ സമൃദ്ധമായ വംശഹത്യാ ശ്രമമുള്‍പ്പെടെ പലവിധ പീഡനങ്ങളാല്‍ സമ്പുഷ്ടമാകയാല്‍ വീണ്ടും വീണ്ടും പീഡിപ്പിച്ച എന്ന തോന്നല്‍ ഉണ്ടായിപ്പോകുകയും ചെയ്യും.
2009ല്‍ ഗുജറാത്തിലെ ഭീകരവിരുദ്ധ സേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥര്‍ക്ക് സവിശേഷമായ ഒരു ദൗത്യം ലഭിച്ചു. 'സാഹെബി'ന്റെ നിര്‍ദേശമനുസരിച്ച് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന നേതാവിന്റെ കല്‍പ്പന. അതേ നേതാവാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി. ദൗത്യം നിസ്സാരമായിരുന്നു. ഒരു യുവതിയെ നിരീക്ഷിക്കണം. എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു അങ്ങനെ സര്‍വതും. യുവതിയുടെ സ്‌നേഹ ബന്ധത്തില്‍ സവിശേഷ നിരീക്ഷണവും ആവശ്യപ്പെട്ടിരുന്നു. കൗമാര കാലത്തെ വിവാഹം അവസാനിപ്പിച്ച ശേഷം ബ്രഹ്മചാരിയായ നേതാവിന് യുവതിയുടെ സ്‌നേഹ ബന്ധത്തില്‍ എന്തുകാര്യം എന്ന ചോദ്യം പ്രസക്തമല്ല. എന്തായാലും രണ്ട് മാസത്തോളം യുവതിയുടെ നീക്കങ്ങള്‍ ഭീകരവിരുദ്ധ സേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. അവരുടെ ഫോണ്‍ കോളുകളൊക്കെ ചോര്‍ത്തി. ഇതെല്ലാം നിയമവിരുദ്ധമായിട്ടായിരുന്നു. യുവതി കര്‍ണാടകത്തിലേക്ക് പോയപ്പോഴൊക്കെ, അക്കാലം അവിടം ഭരിച്ച ബി എസ് യെദ്യൂരപ്പ സര്‍ക്കാറിനോട് വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയോട് അത്രക്ക് കൂറ് അന്നും ഇന്നും ഇല്ലെങ്കിലും നിയമ വിധേയമല്ലാത്ത നിരീക്ഷണത്തിന് അന്ന് കര്‍ണാടക സര്‍ക്കാര്‍ വിസമ്മതിച്ചുവെന്നാണ് കഥ.
നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ സംഭാഷണം പിന്നീട് ചോര്‍ന്നു. നിരീക്ഷണ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ഭരിച്ച നേതാവുമായി ഉദ്യോഗസ്ഥര്‍ നടത്തിയ സംഭാഷണവും ചോര്‍ന്നു. കേസും കൂട്ടവുമായി. നിരീക്ഷണം തന്റെ ആവശ്യപ്രകാരമായിരുന്നുവെന്ന് യുവതിയുടെ പിതാവ് മാധ്യമങ്ങളെയും കോടതിയെയും അറിയിച്ചു. തന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായിരുന്നു പോലീസ് നിരീക്ഷണമെന്ന് യുവതി തന്നെ പിന്നെ പറഞ്ഞു. അതോടെ സംഗതി തീര്‍ന്നു. യുവതിയുടെ കുടുംബത്തിന് ഗുജറാത്ത് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനര്‍ഹമായ സഹായം ലഭിച്ചുവെന്ന ആരോപണം പിറകെ എത്തി. എന്തായാലും എന്തിനായിരുന്നു നിരീക്ഷണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇനി വ്യക്തമാകുകയുമില്ല.
ഭീകരവിരുദ്ധ വിഭാഗത്തിലെയും ഇന്റലിജന്‍സിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഒരു യുവതിയെ നിരന്തരമായി നിരീക്ഷിക്കാനും അവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്താനും നിയോഗിക്കാന്‍ മടിക്കാത്തവരുടെ കീഴില്‍ രാജ്യം വരുമ്പോള്‍ എന്തൊക്കെ നിരീക്ഷിക്കപ്പെടുന്നുണ്ടാകും? ആരുടെയൊക്കെ ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെടുന്നുണ്ടാകും. നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഫോണുകള്‍ ചോര്‍ത്താന്‍ ഭരണകൂടത്തിന് അനുവാദമുണ്ട്. സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും അത് സാധിക്കും. ചോര്‍ത്തേണ്ട സാഹചര്യം വ്യക്തമാക്കി സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് ആഭ്യന്തര സെക്രട്ടറിയാണ് അനുവാദം നല്‍കേണ്ടത്. അതില്‍ കുറഞ്ഞ ഉദ്യോഗസ്ഥന്റെ അനുമതിപത്രം പോരെന്ന് ചുരുക്കം. ഗുജറാത്തിലെ യുവതിയുടെ ഫോണ്‍ ചോര്‍ത്തിയത് ആഭ്യന്തര സെക്രട്ടറിയുടെ താഴെയുള്ള ഉദ്യോഗസ്ഥന്റെ അനുമതിപത്രം ആധാരമാക്കിയാണ്. ഭരണഘടനാ വ്യവസ്ഥകളെയോ ഭരണഘടനാ സ്ഥാപനങ്ങളെയോ അവഗണിക്കാന്‍ മടിക്കാത്ത ഭരണകൂടം നിലനില്‍ക്കെ, ആരുടെയും അനുവാദം വാങ്ങാതെ തന്നെ ഫോണുകള്‍ ചോര്‍ത്തപ്പെടാം.
പരമാധികാരിയായ പുമാന്‍ പരസ്യ മോഡലായി വന്ന കമ്പനി, രാജ്യത്തെ ടെലിക്കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ കുത്തക സ്ഥാപിക്കാനൊരുങ്ങുകയാണ്. ആധാറിന്റെ കാര്യത്തിലെ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് അതിന്റെ ഡാറ്റാ ബേസിലേക്ക് നേരിട്ടുള്ള ബന്ധം നല്‍കിക്കൊണ്ടാണ് ഈ കമ്പനിയെ ഭരണകൂടം സഹായിച്ചിരുന്നത്. അത്തരമൊരു കമ്പനിയുടെ വരിക്കാരുടെ ഫോണുകള്‍ അവര്‍ തന്നെ ചോര്‍ത്തി സര്‍ക്കാറിന് നല്‍കിയാല്‍ അത്ഭുതമില്ല. അല്ലെങ്കില്‍ തന്നെ ഏത് ഫോണ്‍ കോളും ചോര്‍ത്താന്‍ പാകത്തിലുള്ള സാങ്കേതിക വിദ്യ ഇസ്‌റാഈലില്‍ നിന്ന് വാങ്ങി സ്വന്തമാക്കിയിട്ടുണ്ടല്ലോ നമ്മുടെ ഭരണകൂടം. ഒരേ സമയം നടക്കുന്ന കോടിക്കണക്കിന് ഫോണ്‍ കോളുകള്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ കണ്ടെടുത്ത് ചോര്‍ത്താന്‍ പാകത്തിലുള്ള സാങ്കേതിക വിദ്യ. അതുപയോഗിച്ച് എന്തൊക്കെ ചെയ്യുന്നുണ്ടാകും?
വ്യക്തികളെ നിരീക്ഷിക്കാനും ഫോണുകള്‍ ചോര്‍ത്താനും നമ്മുടെ ഭരണകൂടത്തിന് അത്ര പ്രയാസമൊന്നുമില്ല. മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും നിരീക്ഷിക്കാനും ബുദ്ധിമുട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഒന്നായ വാട്‌സ് ആപ്പിന്റെ കാര്യത്തില്‍ മാത്രം ചില്ലറ പ്രയാസമുണ്ട്. നുണകളോ അര്‍ധ സത്യങ്ങളോ പ്രചരിപ്പിക്കാനുള്ള ആയുധമായി വാട്‌സ് ആപ്പിനെ ഫലപ്രദമായി ഉപയോഗിച്ചവര്‍, ഇതിലൂടെ നടക്കാനിടയുള്ള എതിര്‍ പ്രചാരണങ്ങളെ നിരീക്ഷിക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ചിട്ടുണ്ടാകും. ഇസ്‌റാഈല്‍ സ്ഥാപനമായ എന്‍ എസ് ഒയില്‍ നിന്ന് പെഗാസസ് എന്ന രഹസ്യം ചോര്‍ത്താനുള്ള സോഫ്റ്റ് വെയറിലേക്ക് എത്തിയത് അങ്ങനെയാകാനേ തരമുള്ളൂ. വിവിധ സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മാത്രമേ പെഗാസസ് കൈമാറിയിട്ടുള്ളൂവെന്നാണ് എന്‍ എസ് ഒ പറയുന്നത്. ചോര്‍ത്തല്‍ രഹസ്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ അതിനുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്ന കമ്പനിക്ക് കച്ചവടം വിജയകരമായി നടത്താനാകൂ.
അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മാത്രമേ പെഗാസസ് കൈമാറിയിട്ടുള്ളൂവെന്ന എന്‍ എസ് ഒയുടെ വാദം വിശ്വസിക്കേണ്ടിവരും.
മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളെയും അതിന്റെ പ്രവര്‍ത്തകരെയും സ്തുതിപാഠകരായി നിര്‍ത്തുക എന്നതിലാണ് ഭരണകൂടത്തിന് താത്പര്യം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിടുകയും. അങ്ങനെ ലക്ഷ്യമിടുന്നതിന് ഉദാഹരണങ്ങള്‍ പലത്. അവ്വിധമുള്ള ഭരണകൂടം മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കൂടി ചോര്‍ത്തിയെടുക്കാന്‍ മടിക്കില്ല തന്നെ. സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാറിതര സംഘടനാ പ്രവര്‍ത്തകരുമൊക്കെ ഈ ഭരണകൂടത്തിന്റെ ഹിറ്റ്‌ലിസ്റ്റിലാണെന്നതിന് പല ഏജന്‍സികളെ ഉപയോഗിച്ച് അവര്‍ക്കെതിരെ ഇതിനകം നടത്തിയ നീക്കങ്ങള്‍ തന്നെ തെളിവ്. അത്തരമാളുകള്‍ വാട്‌സ് ആപ്പിലൂടെ കൈമാറാനിടയുള്ള സന്ദേശങ്ങളെക്കുറിച്ച് അറിയാന്‍ ഭരണകൂടം ശ്രമിക്കാതിരിക്കുമോ? പെഗാസസ് ഉപയോഗിച്ച് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വിവരം മെയ്, സെപ്തംബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നുവെന്ന് വാട്‌സ് ആപ്പ് സംരംഭകര്‍ പറയുന്നു. ചോര്‍ത്താന്‍ തീരുമാനിച്ചവര്‍ക്ക് തന്നെ ചോര്‍ത്തല്‍ നടക്കുന്നുണ്ടെന്ന വിവരം അറിയിച്ചതില്‍ വാട്‌സ് ആപ്പ് സംരംഭകര്‍ക്ക് നിര്‍വൃതി അടയാം.
130 കോടിയിലേറെ വരുന്ന ജനം മുഴുവന്‍ കള്ളപ്പണക്കാരാണെന്ന് സംശയിച്ച് നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ഭരണകൂടം, സകലതിനെയും ആധാര്‍ ബന്ധിതമാക്കി പൗരന്‍മാരെയാകെ നിരീക്ഷണ വലയത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഭരണകൂടം, സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടം, അധികാരത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്ന് വ്യാഖ്യാനിച്ച് ശിക്ഷിക്കാന്‍ മടികാണിക്കാത്ത ഭരണകൂടം നിലനില്‍ക്കെ രാജ്യത്തൊരു തുറന്ന ജയിലിന്റെ അന്തരീക്ഷമേ ഉണ്ടാകൂ. അവിടെ പൗരന്റെ സ്വകാര്യതക്കും അഭിപ്രായ പ്രകടനത്തിനും ആശയ പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യവും ഭരണകൂടം അനുവദിക്കുന്ന അളവിലേ പാടുള്ളൂ. അതിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി മാത്രമേ പെഗാസസിനെ കാണേണ്ടതുള്ളൂ.
No comments:
Post a Comment