2019-04-22

പരമോന്നത കോടതിയുടെ അധിപനോട്


ഇന്ത്യന്‍ യൂനിയന്‍ നിര്‍ണായകമായ തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ നില്‍ക്കെയാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി നല്‍കിയ പരാതി പുറത്തുവരുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അധിപന്‍, സഹപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും അതിനെ എതിര്‍ത്തതിന്റെ വിരോധത്താല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നും കുടുംബാംഗങ്ങളെ കേസില്‍ക്കുടുക്കി വേട്ടയാടുന്നുവെന്നും ആരോപിക്കുന്ന പരാതി തികഞ്ഞ ഗൗരവത്തോടെ കാണേണ്ടതാണ്. ഭരണസംവിധാനത്തിന്റെ എല്ലാ മേഖലകളെയും വര്‍ഗീയവത്കരിക്കുകയും നീതിബോധത്തിന്റെ തരിമ്പുപോലും പ്രകടിപ്പിക്കാതെ ഭരണകൂടം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ രാജ്യത്തെ പൗരന്‍മാരുടെ ഏക പ്രതീക്ഷ നീതിനിര്‍വഹണ സംവിധാനത്തിലാണ്. തൃപ്തികരമായ ഫലം പ്രദാനം ചെയ്തില്ലെങ്കില്‍പ്പോലും തങ്ങളുടെ പരാതി കേള്‍ക്കാനൊരു സംവിധാനമായി കോടതികളുണ്ടെന്ന തോന്നല്‍ പൗരന്‍മാര്‍ക്ക് വലിയ ആശ്വാസമാണ്. അത്തരം സംവിധാനങ്ങള്‍ പോലും  നികൃഷ്ടമായ ചൂഷണത്തിന്റെ വേദികളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന ധാരണ ഈ പരാതി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുതാര്യമായ അന്വേഷണം നടത്തി വസ്തുത രാജ്യത്തിന് മുമ്പാകെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.


അത്തരമൊരു സാഹചര്യം സൃഷ്ടിക്കാനുതകും വിധത്തിലാണോ ഈ പരാതി പുറത്തുവന്നതിന് ശേഷം പരമോന്നത നീതിപീഠത്തിന്റെ അധിപന്‍ പ്രവര്‍ത്തിച്ചത് എന്ന ചോദ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. തൊഴില്‍ സ്ഥലത്തുവെച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുണ്ടായാല്‍ അത് പരിഗണിക്കേണ്ട രീതി നിയമത്തില്‍ വ്യക്തമാണ്. ഓരോ സ്ഥാപനത്തിലുമുണ്ടാകേണ്ട ആഭ്യന്തര അന്വേഷണ സമിതി പരാതി ആദ്യം പരിഗണിക്കണം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ തുടര്‍ നടപടികള്‍ നിശ്ചയിക്കാനുള്ള അധികാരം ആ സമിതിക്കുണ്ട്. പരാതി സുപ്രീം കോടതി ജഡ്ജിയെക്കുറിച്ചാകയാലും പരാതി നല്‍കിയത് ആ കോടതിയിലെ ഇതര ജഡ്ജിമാര്‍ക്കാകയാലും നിയമം അനുവദിക്കും വിധത്തില്‍ ഉചിതമായ അന്വേഷണത്തിന് അവര്‍ക്ക് ഉത്തരവിടാവുന്നതുമാണ്. എന്നാല്‍ ആരോപണവിധേയനായ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ മൂന്നംഗ ബഞ്ച് അടിയന്തരമായി ചേരുകയും പരാതി അടിസ്ഥാനരഹിതമാണെന്ന ചീഫ് ജസ്റ്റിസിന്റെ വിശദീകരണം രേഖപ്പെടുത്തുകയുമാണ് ആദ്യം ചെയ്തത്. രാജ്യത്ത് നിലവിലുള്ള നിയമ വ്യവസ്ഥകളനുസരിച്ചല്ല ഈ നടപടിയെന്നതില്‍ സംശയമില്ല. താന്‍ അംഗമല്ലാത്ത സുപ്രീം കോടതിയുടെ ബഞ്ച് ചേര്‍ന്ന് പരാതി പരിഗണിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനു മുമ്പേ അടിയന്തര സിറ്റിംഗ് നടത്തി പരാതിക്കാരിയുടെ സത്യസന്ധത ചോദ്യംചെയ്തത് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ പ്രതിരോധത്തില്‍ നിര്‍ത്തുകയാണ്.


അതങ്ങനെ ആയിരിക്കെ തന്നെ പരാതിക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ ആക്ഷേപവും ഗൗരവത്തോടെ കാണേണ്ടതുണ്ട്. തന്നെ വിലക്കുവാങ്ങാന്‍ സാധിക്കാത്തതു കൊണ്ടാണ് ഇത്തരം പരാതിയുണ്ടാക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്നും ചീഫ് ജസ്റ്റിസ് പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറിയതിന് ശേഷം രാജ്യത്തെ നീതിന്യായ സംവിധാനത്തെ അട്ടിമറിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടന്നതായി ആക്ഷേപമുണ്ട്. വിചാരണക്കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള സംവിധാനങ്ങളെ വരുതിയില്‍ നിര്‍ത്താനോ തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിധികള്‍ നിര്‍മിച്ചെടുക്കാനോ ശ്രമം നടന്നുവെന്ന് രാജ്യത്തോട് തുറന്നുപറഞ്ഞത് സുപ്രീം കോടതിയിലെ തന്നെ ജഡ്ജിമാരാണ്. സുപ്രീം കോടതിയില്‍ നിന്ന് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരിലൊരാളാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.


അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രധാനപ്പെട്ട കേസുകള്‍ 'തിരഞ്ഞെടുത്ത ജഡ്ജി'മാരടങ്ങുന്ന ബഞ്ചിന് കൈമാറുന്നുവെന്ന ആരോപണമാണ് അന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ചത്. നീതിനിര്‍വഹണ സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നുവെന്നും അത് ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുമെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു. ഇത് രാജ്യത്തോട് തുറന്ന് പറയേണ്ട ഉത്തരവാദിത്തം നിറവേറ്റുകയാണ് തങ്ങളെന്നും ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകുര്‍, രഞ്ജന്‍ ഗോഗോയ് എന്നിവര്‍ പറഞ്ഞു. ആരുടെ താത്പര്യം സംരക്ഷിക്കാനാണ് പ്രധാനപ്പെട്ട കേസുകള്‍ 'തിരഞ്ഞെടുത്ത ജഡ്ജിമാര്‍' ഉള്‍ക്കൊള്ളുന്ന ബഞ്ചിന് കൈമാറി വിധികള്‍ നിര്‍മിച്ചെടുക്കുന്നത് എന്നോ ഏതൊക്കെ കേസുകളിലാണ് ഇത്തരം ഇടപെടലുകള്‍ ഉണ്ടായതെന്നോ അന്ന് വെളിപ്പെടുത്തിയിരുന്നില്ല.


ബി ജെ പി അധ്യക്ഷന്‍ ആരോപണ വിധേയസ്ഥാനത്തുണ്ടായിരുന്ന സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി താരതമ്യേന ജൂനിയറായ ജഡ്ജിയുടെ പരിഗണനക്ക് കൈമാറിയതാണ് ഒരു കേസ് എന്ന് സൂചിപ്പിച്ചത് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആയിരുന്നു. ആരുടെ താത്പര്യങ്ങളാണ് അന്നത്തെ ചീഫ് ജസ്റ്റിസ് നിറവേറ്റിക്കൊടുത്തിരുന്നത് എന്നത് ഇതില്‍ നിന്ന് വ്യക്തം. നീതിനിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ജഡ്ജിമാര്‍ സൂചിപ്പിച്ചത്.
ലൈംഗിക പീഡന പരാതിക്ക് പിറകിലുള്ള ഗൂഢാലോചനയും ഇത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയിലാണോ എന്ന് വ്യക്തമാക്കേണ്ടത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ്.


പണം നല്‍കി തന്നെ വലയിലാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അതുകൊണ്ടാണ് ഈ പരാതിയുമായി വന്നതെന്നും ഇന്നലെ സുപ്രീം കോടതിയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞിട്ടുണ്ട്. പണം നല്‍കി വലയിലാക്കാനോ മറ്റേതെങ്കിലും വിധത്തിലുള്ള സമ്മര്‍ദത്തിന് വിധേയനാക്കാനോ ശ്രമമുണ്ടായോ എന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ശ്രമിച്ചവര്‍ ആരാണെന്നും രാജ്യത്തോട് പറയേണ്ട ഉത്തരവാദിത്തമുണ്ട് രാജ്യത്തെ നീതിനിര്‍വഹണ സംവിധാനത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിക്ക്. രാജ്യം നിര്‍ണായകമായ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം അത് പറയേണ്ടതും. രാജ്യത്തെ പൗരന്‍മാര്‍ അവസാനത്തെ അത്താണിയായി കാണുന്ന പരമോന്നത നീതിപീഠത്തെ വിലക്കു വാങ്ങാനോ സമ്മര്‍ദത്തിലാഴ്ത്തി അനുകൂല വിധികളുണ്ടാക്കാനോ ശ്രമിക്കുന്നവരുണ്ടെങ്കില്‍ അവരെ തിരിച്ചറിഞ്ഞ് ജനാധിപത്യപരമായി തിരുത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്, അതിനെ വിലവെക്കുക എന്നതാണ് ഉന്നതമായ നീതിബോധം.


കോടതിയുടെ സ്വാതന്ത്ര്യം വലിയ ഭീഷണി നേരിടുന്നുവെന്ന് സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. മാസങ്ങള്‍ക്ക് മുമ്പ് കോടതിക്ക് പുറത്ത് ജനങ്ങളോടായി പറഞ്ഞ അതേ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതെന്താണെന്ന് ഇനിയെങ്കിലും തുറന്നുപറയേണ്ട ബാധ്യതയുണ്ട് ചീഫ് ജസ്റ്റിസിന്. ഭരണഘടനയും അത് വാഗ്ദാനം ചെയ്യുന്ന ജനാധിപത്യ  മതനിരപേക്ഷ സങ്കല്‍പ്പങ്ങളുമൊക്കെ ഇല്ലാതാക്കും വിധത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് വാഴ്ച തുടരാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഫാസിസ്റ്റുകളാണോ കോടതിയുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുന്നത് എന്ന് വ്യക്തമാക്കേണ്ടത് ചീഫ് ജസ്റ്റിസാണ്.


ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതി, മാസങ്ങള്‍ക്ക് മുമ്പേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്പാകെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം നേരിടുന്ന റാഫേല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്ന ഹരജി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കുന്ന ബഞ്ച് പരിഗണിക്കുന്നതിനും മുമ്പ്. ഈ പരാതി ശ്രദ്ധയില്‍പ്പെടുത്തി കേന്ദ്ര ഭരണം കൈയാളുന്നവര്‍ നടത്തിയ ഭീഷണിക്ക് വഴങ്ങിയാണോ ഇല്ലാത്ത സി എ ജി റിപ്പോര്‍ട്ടിന്റെ സാക്ഷ്യം സ്വീകരിച്ച് അന്വേഷണം വേണ്ടെന്ന് ഉത്തരവിട്ട്, നരേന്ദ്ര മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ന സംശയം അസ്ഥാനത്തല്ല. റാഫേല്‍ ഇടപാട് സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന വിവരം വിധി വന്നയുടന്‍ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി സമ്പാദിച്ചത് എന്ന് തുറന്നുപറയാനോ സ്വയം ഒരു പുനഃപരിശോധനക്ക് തയ്യാറാകാനോ ചീഫ് ജസ്റ്റിസുള്‍പ്പെടുന്ന കോടതി തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ് എന്നറിയാനുള്ള അവകാശം രാജ്യത്തെ പൗരന്‍മാര്‍ക്കുണ്ട്.


തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍ വര്‍ഗീയവിഷം കലര്‍ത്തിയപ്പോള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നോക്കുകുത്തിയായി നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെടുന്ന ബഞ്ച് അടുത്തിടെ പരിഗണിച്ചിരുന്നു. കമ്മീഷന്റെ അധികാരങ്ങള്‍ നിര്‍വചിച്ച് നല്‍കേണ്ടതുണ്ടോ എന്ന രൂക്ഷമായ ചോദ്യമാണ് ഹരജി പരിഗണിച്ച ദിനം കോടതി ചോദിച്ചത്. ഇതേത്തുടര്‍ന്ന് വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ ഏതാനും നേതാക്കളെ രണ്ടോ മൂന്നോ ദിവസം പ്രചാരണത്തില്‍ നിന്ന് വിലക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. പിന്നീട് ഹരജി പരിഗണിച്ചപ്പോള്‍ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് വിലയിരുത്തി നടപടികള്‍ അവസാനിപ്പിക്കുകയാണ് കോടതി ചെയ്തത്. വര്‍ഗീയവിഷം വമിപ്പിക്കുന്നത് തടയുന്നതിന് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാതിരുന്നത്, ലൈംഗിക പീഡന പരാതി ഉയര്‍ത്തിക്കാട്ടിയുള്ള ഭീഷണിക്ക് വഴങ്ങിയാണോ എന്നതും വ്യക്തമാക്കപ്പെടേണ്ടതാണ്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനെ വിമര്‍ശിച്ച്, ദൈവത്തിന്റെ പേരുപറഞ്ഞാല്‍ അറസ്റ്റുചെയ്യുകയാണെന്ന പെരുംനുണ പ്രധാനമന്ത്രി സ്ഥാനത്തിന്റെ വലുപ്പം പോലും മറന്ന് പ്രചരിപ്പിച്ച്, വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന നരേന്ദ്ര മോദിയെ തടയാന്‍ പാകത്തിലൊരു നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ സാധിക്കാതെ പോയത് സമ്മര്‍ദങ്ങളുടെ ഫലമാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല, യുവര്‍ ഓണര്‍.


ലൈംഗിക പീഡന പരാതിയില്‍ നിയമം അനുശാസിക്കും വിധത്തില്‍ സുതാര്യമായ അന്വേഷണത്തിന് വിധേയനാകാനുള്ള ഉത്തരവാദിത്തം ചീഫ് ജസ്റ്റിസ് സ്ഥാനത്താണ് ഇരിക്കുന്നത് എന്നതുകൊണ്ട് ഇല്ലാതാകുന്നില്ല. അതിന് സന്നദ്ധമാകുന്നതിനൊപ്പം നീതിനിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ആരെന്നും അവരെന്തൊക്കെ ചെയ്തുവെന്നും പറയാനുള്ള ആര്‍ജവം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ ചെയ്തികള്‍ക്ക് വശംവദനായി അനുകൂല വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അതും രാജ്യത്തോട് പറയണം. നീതിനിര്‍വഹണ സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുമെന്ന് കോടതിക്ക് പുറത്തിറങ്ങി ജനങ്ങളോട് പറഞ്ഞത് ഇപ്പോള്‍ താങ്കളോട് തിരിച്ച് പറയുകയാണ്. ജനാധിപത്യം സംരക്ഷിക്കാനുള്ള അവസരത്തിന്റെ അഞ്ച് ഘട്ടങ്ങള്‍ ഇനി ബാക്കിയുണ്ടെന്ന് ഓര്‍മിപ്പിക്കുകയും.



മൂലക്കല്ല്  - ഒരു കാലത്ത് നരേന്ദ്ര മോദിയോളമോ അതിലധികമോ വലുപ്പമുണ്ടായിരുന്ന രാഷ്ട്രീയ സ്വയം സേവകായിരുന്നു സഞ്ജയ് ജോഷി. മോദിക്ക് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ വിശ്വസ്തന്‍. കേശുഭായ് പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നരേന്ദ്ര മോദി എത്തിയതോടെ സഞ്ജയ് ജോഷിക്ക് കാലക്കേടായി. ഗുജറാത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. അക്കാലം മുംബൈയിലാണ് ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടിവ് അരങ്ങേറിയത്. വേദിയുടെ കവാടത്തില്‍ ഒരു സി ഡി വിതരണം ചെയ്യപ്പെട്ടു. സഞ്ജയ് ജോഷിയെ അപകീര്‍ത്തിപ്പെടുത്തുന്ന ലൈംഗിക ദൃശ്യങ്ങളടങ്ങിയ സി ഡി. വിതരണം ചെയ്തത് ഗുജറാത്ത് പോലീസിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. സി ഡി കൃത്രിമമായി നിര്‍മിച്ചതാണെന്ന് പരിശോധിച്ച് ബോധ്യപ്പെടുമ്പോഴേക്കും സഞ്ജയ് ജോഷി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പുറംതള്ളപ്പെട്ടിരുന്നു. പിന്നീടൊരു തിരിച്ചുവരവ് സാധ്യമായതുമില്ല. മുംബൈയിലെ ദേശീയ സമ്മേളന വേദിക്ക് മുന്നില്‍ സി ഡി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത് അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന 'കരുത്തനാ'ണെന്ന് പില്‍ക്കാലം പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുകയും ചെയ്തു. ലൈംഗികാപവാദങ്ങളുടെ നിര്‍മാണവും വിതരണവും അതുപയോഗിച്ചുള്ള കാര്യസാധ്യവുമൊക്കെ ശീലമുള്ളവര്‍ പരമാധികാര സ്ഥാനത്തുണ്ടാകുമ്പോള്‍ ഗൂഢാലോചനയെന്ന ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ആരോപണത്തെ തള്ളിക്കളയാനാകില്ല. പരാതി കാണിച്ച് ഭീഷണിപ്പെടുത്തി കാര്യസാധ്യത്തിനുള്ള സാധ്യതയും.

2019-04-09

കോണ്‍ഗ്രസിനെ വൈറസ് ബാധിച്ചിട്ടുണ്ട്


വൈറസുകളുടെ പ്രഹരശേഷിയെക്കുറിച്ച് രാജ്യത്തു തന്നെ ഏറ്റം ധാരണയുള്ള ഭരണകര്‍ത്താക്കളില്‍ ഒരാളാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തെ ദീര്‍ഘകാലം പ്രതിനിധാനം ചെയ്ത അദ്ദേഹത്തിന് ബാക്ടീരിയകളുടെ പ്രഹരശേഷിയെക്കുറിച്ചും നല്ല ധാരണയുണ്ടാകും. 2017 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരം പുറത്തേക്ക് ഒഴുകിയതിന് മുഖ്യ കാരണക്കാര്‍ വൈറസും ബാക്ടീരിയയുമൊക്കെയായിരുന്നു. രോഗം മൂര്‍ച്ഛിച്ച കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ജീവശ്വാസം നല്‍കാന്‍ പോലും സാധിക്കാതിരുന്ന അനാസ്ഥക്ക് കാരണമായ വൈറസും ബാക്ടീരിയയും ഏതായിരുന്നുവെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്ന സ്ഥാപനത്തിന് പണം നല്‍കുന്നതിലുണ്ടായ വീഴ്ചയാണ് കുഞ്ഞുങ്ങളുടെ ജീവശ്വാസം മുറിച്ചത്. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതുകൊണ്ട്, ബസ്സിലും റിക്ഷയിലും കുഞ്ഞുങ്ങളുടെ ശരീരവുമായി മടങ്ങേണ്ടി വന്ന മാതാപിതാക്കളെ കണ്ടു അന്ന് രാജ്യം. അത്രയും ദയനീയമായ അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുന്നതില്‍ ദീര്‍ഘകാലം ഗോരഖ്പൂരിന്റെ പ്രതിനിധിയായിരുന്ന, പിന്നീട് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ പങ്കെന്തായിരുന്നു എന്ന ചോദ്യം ശേഷിക്കുന്നു.


കുഞ്ഞുങ്ങളുടെ കൂട്ടക്കൊലക്ക് കാരണങ്ങളിലൊന്ന് മാത്രമാണ് ഓക്സിജന്‍ ക്ഷാമം. ഗോരഖ്പൂരിലും കിഴക്കന്‍ ഉത്തര്‍പ്രദേശിലും വ്യാപകമായ അക്യൂട്ട് എന്‍സഫലൈറ്റിസ്, ജാപ്പനീസ് എന്‍സഫലൈറ്റിസ് എന്നീ വൈറസ് കാരണമായ രോഗങ്ങളും (തലച്ചോറിലുണ്ടാകുന്ന അണുബാധ) ബാക്ടീരിയ കാരണമായ സ്‌ക്രബ് ടൈഫസുമാണ് മുഖ്യ കാരണം. രോഗബാധ നിയന്ത്രിക്കാനോ അതുമൂലമുണ്ടാകുന്ന ജീവഹാനി കുറക്കാനോ നടപടികള്‍ സ്വീകരിക്കാത്ത യോഗി ആദിത്യനാഥ് അടക്കമുള്ള ഭരണ കര്‍ത്താക്കളും ജനപ്രതിനിധികളുമാണ് കുഞ്ഞുങ്ങളുടെ കൂട്ടക്കൊലക്ക് യഥാര്‍ഥത്തില്‍ ഉത്തരവാദികളായ വൈറസുകള്‍. ഉത്തരവാദിത്തമേല്‍ക്കുക എന്നത് ഭരണാധികാരികളുടെ ശീലമല്ല. അതുകൊണ്ട് ഗോരഖ്പൂരിലെ കൂട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആശുപത്രി അധികൃതരുടെ തലയില്‍ കെട്ടിവെച്ചു യോഗി ആദിത്യനാഥ് ഭരണകൂടം. എല്ലാറ്റിനും ഉത്തരവാദിയെന്ന നിലക്കൊരു 'വൈറസി'നെ കണ്ടെത്തുകയും ചെയ്തു- പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ പരമാവധി ശ്രമിക്കുകയും ആശുപത്രിയിലേക്ക് ഓക്സിജനെത്തിക്കാന്‍ സ്വന്തം നിലക്ക് ശ്രമിക്കുകയും ചെയ്ത ഡോ. കഫീല്‍ ഖാന്‍. അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കൊലക്കേസില്‍ നിയമ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് അറിവ്. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും വൈറ(സ്)ല്‍ മുഖമായത് കഫീല്‍ ഖാന്‍ മാത്രമായിരുന്നു. യോഗി ആദിത്യനാഥ് പിന്തുടരുന്ന തീവ്ര വര്‍ഗീയ നിലപാടുകള്‍ കണക്കിലെടുക്കുമ്പോള്‍ അത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ.


തീവ്ര ഹിന്ദുത്വമെന്ന വൈറസിനെ പടര്‍ത്തി, രാജ്യത്തെയാകെ രോഗാതുരമാക്കാനും അതുവഴി അധികാരമുറപ്പിക്കാനും ശ്രമിക്കുന്നവര്‍ 150ലധികം കുഞ്ഞുങ്ങളുടെ ജീവനെടുക്കാന്‍ പാകത്തിലേക്ക് പകര്‍ച്ചവ്യാധിയെ വളര്‍ത്തിയ അലംഭാവത്തെ മറക്കാന്‍ പോലും വര്‍ഗീയതയെന്ന വൈറസിനെ ഉപയോഗിക്കുന്നതില്‍ അത്ഭുതമില്ല. പൊതുതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ സമൂഹത്തിലേക്ക് പുതിയ വൈറസിനെ കുത്തിവെക്കാനുള്ള ശ്രമത്തിലാണ് അത്തരക്കാര്‍. അതിനുള്ള പല മാര്‍ഗങ്ങളിലൊന്നാണ് കോണ്‍ഗ്രസിനെ മുസ്ലിം ലീഗ് എന്ന വൈറസ് ബാധിച്ചുവെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായ സാഹചര്യം മുന്‍നിര്‍ത്തിയാണിത്. മുസ്ലിം ലീഗ് വെറും വൈറസല്ല. രാജ്യ വിഭജനത്തിന് ഉത്തരവാദിയായ, വിഭജനകാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഉത്തരവാദിയായ വൈറസാണെന്ന് ആദിത്യനാഥ് കൂട്ടിച്ചേര്‍ക്കുന്നു.


വിഭജനാനന്തര ഇന്ത്യയില്‍ രൂപം കൊണ്ട ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗാണ് രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാതെയല്ല യോഗി ആദിത്യനാഥ് ഇക്കാര്യം പറയുന്നത്. അതുവഴി ലക്ഷ്യമിടുന്നത് മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയെ മാത്രമല്ല. രാജ്യ ജനസംഖ്യയില്‍ 20 ശതമാനത്തോളം വരുന്ന മുസ്ലിംകളെ ആകെയാണ്. രാജ്യ വിഭജനത്തിനും അക്കാലത്തുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ആയിരക്കണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെടാനും കാരണക്കാര്‍ മുസ്ലിംകളാണെന്ന അല്ലെങ്കില്‍ മുസ്ലിംകള്‍ മാത്രമാണെന്ന വര്‍ഷങ്ങളായി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാജം വീണ്ടും വിളമ്പുകയാണ് ആദിത്യനാഥ്. പ്രധാനമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് വ്യാജം വിളമ്പാന്‍ മടിക്കാത്ത നേതാവുള്ളപ്പോള്‍ യോഗി ആദിത്യനാഥിന് ലജ്ജ തോന്നേണ്ട കാര്യമേയില്ല. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ രൂപവത്കരണകാലം മുതലുള്ള പതിവ് തുടരുന്നതില്‍ അഭിമാനിക്കുകയുമാകാം.


കോണ്‍ഗ്രസില്‍ വൈറസ് ബാധയുണ്ടായെന്നതില്‍ സംശയം വേണ്ട. അതുപക്ഷേ, ഇപ്പോഴൊന്നുമുണ്ടായതല്ല. രാജ്യം സ്വതന്ത്രമാകുന്നതിനും മുമ്പ്. ഹിന്ദുത്വവാദമുയര്‍ത്തിക്കൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ നേതാക്കളായി തുടര്‍ന്നവരിലൂടെ പകര്‍ന്നതായിരുന്നു ആ വൈറസ്. രാജ് നാരായണ്‍ ബസുവും നവ ഗോപാല്‍ മിത്രയും ബംഗാളില്‍ നിന്ന് അത് തുടങ്ങിവെച്ചു. ഹിന്ദു വരേണ്യതയില്‍ ഊന്നിക്കൊണ്ടുള്ള ദേശീയതയാണ് ഇരുവരും മുന്നോട്ടുവെച്ചത്. വരേണ്യ ഹിന്ദുക്കളുടെ രാഷ്ട്രമെന്ന ആശയം തന്നെ ബസു അവതരിപ്പിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും രണ്ട് രാജ്യമാണെന്ന ആശയം പിന്നീട് ആര്യസമാജം ഏറ്റെടുത്തു. ഭായ് പരമാനന്ദ്, ലാലാ ലജ്പത് റായ്, ഡോ. ബി എസ് മൂഞ്ചെ (ഹിറ്റ്ലറുടെ നാസി പാര്‍ട്ടിയില്‍ നിന്ന് ആര്‍ എസ് എസ് സ്വീകരിക്കേണ്ടത് കണ്ടെത്താന്‍ ജര്‍മനി സന്ദര്‍ശിച്ചയാള്‍) തുടങ്ങിയവരൊക്കെ രണ്ട് രാഷ്ട്രങ്ങളെന്ന ആശയം മുന്നോട്ടുവെച്ചവരാണ്. രാജ്യം വിഭജിക്കണമെന്ന ആശയം ആദ്യം അവതരിപ്പിച്ചവര്‍.


രാജ്യം രണ്ടാക്കണമെന്ന് പറഞ്ഞില്ലെങ്കിലും ഹിന്ദുത്വയെ ദേശീയതയുമായി ബന്ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു ബാലഗംഗാധര തിലക്, മദന്‍ മോഹന്‍ മാളവ്യ, എന്‍ സി കേല്‍ക്കര്‍ തുടങ്ങിയവര്‍. ഹിന്ദുത്വ വാദികളായ ഇവരില്‍ പലരും കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായിരുന്നു, ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖരായി കണക്കാക്കപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരിക്കെ ഹിന്ദു മഹാസഭയുടെ പല സമ്മേളനങ്ങളിലും അധ്യക്ഷത വഹിച്ചു മദന്‍ മോഹന്‍ മാളവ്യ. ചുരുക്കത്തില്‍ കോണ്‍ഗ്രസിലേക്ക് ഹിന്ദുത്വ വൈറസ് പടര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരാണ് ഇവര്‍. ഇതിന്റെയൊക്കെ തുടര്‍ച്ചയിലാണ് ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ ദ്വിരാഷ്ട്ര വാദം ഉന്നയിക്കുന്നതും ആര്‍ എസ് എസ് മേധാവിയായിരുന്ന ഗോള്‍വാക്കര്‍ അതിനെ പിന്തുണക്കുന്നതും.


കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് അതിവേഗം പെരുകുകയും നേതൃത്വത്തില്‍ അര്‍ഹമായ പങ്കാളിത്തം മുസ്ലിംകള്‍ക്ക് നിഷേധിക്കുകയും ചെയ്തതോടെ അതൃപ്തരായോ ആശങ്കപൂണ്ടോ ആണ് മുഹമ്മദലി ജിന്നയെപ്പോലുള്ളവര്‍ പുറത്തിറങ്ങി മുസ്ലിം ലീഗിന് രൂപം നല്‍കുന്നത്. യോഗി ആദിത്യനാഥ് ഇപ്പോഴും നേതാവായി അംഗീകരിക്കുന്ന എല്‍ കെ അദ്വാനിയെപ്പോലുള്ള തീവ്ര ഹിന്ദുത്വവാദി പോലും മതനിരപേക്ഷ നേതാവെന്ന് വിശേഷിപ്പിച്ചയാളായിരുന്നു മുഹമ്മദലി ജിന്ന. മുസ്ലിം ലീഗ് രൂപവത്കരിച്ച് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് 1940ലാണ് പ്രത്യേക രാജ്യമെന്ന ആവശ്യം മുസ്ലിം ലീഗ് ഉന്നയിക്കുന്നത്. അതിന് മുമ്പ് 1937ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെ വി ഡി സവര്‍ക്കര്‍ രണ്ട് രാഷ്ട്രങ്ങളായി മാറണമെന്ന ആവശ്യം ഔദ്യോഗികമായി തന്നെ ഉന്നയിച്ചു. 'ചില അപ്രിയ വസ്തുതകളെ ധൈര്യപൂര്‍വം നമ്മള്‍ അഭിമുഖീകരിക്കണം. ഇന്ന് ഇന്ത്യയെ ഏകീകരിക്കപ്പെട്ട രാജ്യമായി കണക്കാക്കാനാകില്ല. ഇതിനുള്ളില്‍ രണ്ട് രാജ്യങ്ങളുണ്ട്. ഹിന്ദുക്കളുടേതും മുസ്ലിംകളുടേതും'- ഇതായിരുന്നു സവര്‍ക്കറുടെ പ്രഖ്യാപനം.


രണ്ട് രാഷ്ട്രങ്ങളെന്ന വാദം രൂപപ്പെട്ടതും ആ ആവശ്യത്തിന് കരുത്തേകിയതും ആദ്യം പരസ്യമായി ഉന്നയിച്ചതും ഹിന്ദുത്വവാദികളായിരുന്നു. ആ നിലക്ക് മുസ്ലിംകളെ (ക്രിസ്ത്യാനികളെയും) പുറന്തള്ളി ഹിന്ദുക്കളുടേത് മാത്രമായ രാജ്യമെന്ന വര്‍ഗീയ ആശയത്തിന്റെ വൈറസ് കോണ്‍ഗ്രസിലേക്കും അതുവഴി പൊതു സമൂഹത്തിലേക്കും കടത്തിവിട്ട ഹിന്ദുത്വ വാദികളാണ് വിഭജനത്തിന്റെയും അതിന്റെ ഭാഗമായുണ്ടായ കൂട്ടക്കുരുതികളുടെയും യഥാര്‍ഥ ഉത്തരവാദികള്‍. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ യൂനിയനില്‍ സംഘടിപ്പിക്കപ്പെട്ട പല വര്‍ഗീയ കലാപങ്ങള്‍ക്കും സംഘ്പരിവാര്‍ വിത്തിട്ടത്, രാജ്യ വിഭജനത്തിന്റെ ഉത്തരവാദികളായ മുസ്ലിംകള്‍ എന്ന അവാസ്തവം ആസൂത്രിതമായി വളര്‍ത്തിയെടുത്തുകൊണ്ടായിരുന്നു.


പാക്കിസ്ഥാന്‍ രൂപമെടുത്തതിന് ശേഷവും ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്ന വിശ്വാസത്തിന്റെ തുടര്‍ച്ചയിലോ മറ്റ് ഭൗതിക സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാലോ ഇന്ത്യന്‍ യൂനിയനില്‍ തുടരുകയും അതിന്റെ വ്യവസ്ഥകളോട് കൂറുപുലര്‍ത്തുകയും ചെയ്ത മുസ്ലിംകളെ മുഴുവന്‍ 'രാജ്യ വിരുദ്ധരു'ടെ പട്ടികയില്‍ നിര്‍ത്തുകയും അതുവഴി ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തിയെടുക്കാന്‍ യത്നിക്കുകയുമാണ് ഹിന്ദു മഹാസഭയിലൂടെയും ജനസംഘത്തിലൂടെയും ബി ജെ പിയിലൂടെയും തരാതരം പോലെ രൂപവത്കരിച്ച പരിവാര്‍ സംഘടനകളിലൂടെയും ആര്‍ എസ് എസ് ചെയ്തത്.


സ്വാതന്ത്ര്യത്തിന് മുമ്പേ ബാധിച്ച വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ പോയതും ആര്‍ എസ് എസ്സിന്റെ ശ്രമങ്ങള്‍ക്ക് വളംവെക്കുന്നതായി. കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുടര്‍ന്ന മൃദു ഹിന്ദുത്വ നിലപാടുകള്‍, തീവ്ര ഹിന്ദുത്വത്തിലേക്ക് ആളെക്കൂട്ടാനാണ് ഉപകരിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലാക്കിയ ഗോവധ നിരോധനം, പുതിയ കാലത്ത് സംഘ്പരിവാരം ഏത് വിധത്തിലാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം ആലോചിച്ചാല്‍ അപകടത്തിന്റെ ആഴം മനസ്സിലാകും. കന്നുകാലി കൈമാറ്റത്തിന് ദേശസുരക്ഷാ നിയമം ചുമത്തിയും പശു സംരക്ഷണത്തിന് കൂടുതല്‍ ഗോശാലകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കുന്നതിന് ഹിന്ദുത്വ വര്‍ഗീയതയെ തന്നെ ഉപയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം അമ്പലങ്ങളില്‍ നിന്ന് തുടങ്ങാന്‍ തീരുമാനിക്കുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നമിടുന്നത് മറ്റൊന്നല്ല. മുസ്ലിം ലീഗുമായുള്ള സഖ്യം ദശകങ്ങളായി തുടരുന്നതാണെന്നും അഭിമാനത്തോടെ ആ ബന്ധം തുടരുമെന്നും യോഗി ആദിത്യനാഥിന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ തയ്യാറാകാത്തത്, ശക്തി ക്ഷയിച്ചെങ്കിലും, വൈറസ് ഇപ്പോഴും ആ പാര്‍ട്ടിയുടെ ശരീരത്തില്‍ തുടരുന്നതുകൊണ്ടാണ്. അത് പൂര്‍ണമായും ഭേദപ്പെടുത്താന്‍ പാകത്തിലുള്ള ശക്തിയായി ഇതുവരെ വളര്‍ന്നിട്ടില്ല ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്.