2010-08-30

സോഷ്യലിസത്തിന്‌ വഴിമാറിക്കോ!



ഭരണഘടനയില്‍ രേഖപ്പെടുത്തപ്പെട്ട പ്രകാരം സോഷ്യലിസം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യാ മഹാരാജ്യത്ത്‌ വൈകാതെ തുടങ്ങുമെന്ന്‌ തന്നെ കരുതാം. വൈകാതെ സോഷ്യലിസം സ്ഥാപിക്കപ്പെടുമെന്നും. കമ്മ്യൂണിസ്റ്റ്‌ ആശയഗതിക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും സോഷ്യലിസ്റ്റ്‌ സാമൂഹിക വ്യവസ്ഥ കൈവരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്‌തതിന്‌ നിരവധി ഉദാഹരണങ്ങള്‍ ലോകത്തുണ്ട്‌. 


സോഷ്യലിസം ലക്ഷ്യംവെച്ച്‌ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങള്‍ കമ്പോളത്തില്‍ അധിഷ്‌ഠിതമായ സാമ്പത്തിക വ്യവസ്ഥയിലേക്ക്‌ മാറിയിരിക്കുന്നു. ചൈന രണ്ട്‌ കൈയും നീട്ടി കമ്പോള സമ്പദ്‌വ്യവസ്ഥയെ സ്വാഗതം ചെയ്യുകയും വിപണികള്‍ തുറന്നുനല്‍കുകയും ചെയ്‌തു. ക്യൂബ, റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിത്തുടങ്ങി. സബ്‌സിഡികള്‍ കുറക്കുകയും വിദേശ കമ്പനികള്‍ക്ക്‌ കൂടുതല്‍ സ്വതന്ത്ര്യം അനുവദിക്കുകയുമാണ്‌ ചെയ്യുന്നത്‌. കര്‍ഷകര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ നേരിട്ട്‌ വിപണിയിലെത്തിക്കാനും ക്യൂബ അനുമതി നല്‍കിയിട്ടുണ്ട്‌. വിയറ്റ്‌നാമും മാറ്റങ്ങളുടെ പാതയിലാണ്‌. അമേരിക്കയുമായി സിവിലിയന്‍ ആണവ സഹകരണ കരാറുണ്ടാക്കുകയാണ്‌ വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം. ഏതെങ്കിലും രാജ്യവുമായി ആണവ കരാറുണ്ടാക്കാന്‍ തീരുമാനിക്കുമ്പോള്‍ മറ്റ്‌ മേഖലകളില്‍ നിന്ന്‌ തങ്ങള്‍ക്ക്‌ അനുകൂലമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ അമേരിക്ക ശ്രമിക്കാറുണ്ട്‌. അതുകൊണ്ടുതന്നെ വിയറ്റ്‌നാമില്‍ വ്യാപകമായ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌.

സോഷ്യലിസ്റ്റ്‌ സാമുഹിക ക്രമം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്‌ത്ര പ്രയോക്താക്കള്‍ പോലും കമ്പോള കേന്ദ്രീകൃത ആശയങ്ങളുടെ വക്താക്കളാവുമ്പോഴാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ സമുഹത്തിലെ അസമത്വങ്ങളെക്കുറിച്ച്‌ ആകുലപ്പെടുന്നത്‌. സാമ്പത്തിക ഉദാരവത്‌കരണവും ആഗോളവത്‌കരണവും പ്രോത്സാപ്പിക്കുന്ന എല്ലാ രാജ്യങ്ങളിലെയും നേതാക്കളുടെ ഇഷ്‌ട തോഴന്‍ മന്‍മോഹന്‍ സിംഗാണെന്ന്‌ അടുത്തിടെ ഒരു അമേരിക്കന്‍ മാസിക നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മന്‍മോഹന്‍ സിംഗിന്‌ പ്രത്യയശാസ്‌ത്ര വ്യതിചലനം സംഭവിച്ചുവോ?
മന്‍മോഹന്‍ മാത്രമല്ല, കോണ്‍ഗ്രസിലെ കിരീടാവകാശി രാഹുല്‍ ഗാന്ധിയുടെ അഭിപ്രായങ്ങളിലും പൊടുന്നനെ മാറ്റം സംഭവിച്ചു. ഒറീസയില്‍ നിയാംഗിരി കുന്നുകളില്‍ നിന്ന്‌ ബോക്‌സൈറ്റ്‌ ഖനനം ചെയ്‌തെടുക്കാന്‍ ബ്രീട്ടീഷ്‌ കമ്പനിയായ വേദാന്ത സമര്‍പ്പിച്ച 170 കോടിയുടെ പദ്ധതിക്ക്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതിനെ ആദിവാസികള്‍ നടത്തിയ സമരത്തിന്റെ വിജയമായി രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. സമരം ചെയ്‌ത്‌ വേദാന്തയെ മുട്ടുകുത്തിച്ച ആദിവാസികളെ അഭിനന്ദിക്കുകയും ചെയ്‌തു. പാവങ്ങളെ കുടിയൊഴിപ്പിച്ചല്ല വികസന പദ്ധതികള്‍ നടപ്പാക്കേണ്ടത്‌ എന്ന്‌ പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി, ആദിവാസികളുടെ ഡല്‍ഹിയിലെ പോരാളിയാണ്‌ താന്‍ എന്ന്‌ പ്രഖ്യാപിച്ചു. 



സംസ്ഥാന ഡി ജി പിമാരുടെയും രാജ്യത്തെ ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ മേധാവികളുടെയും യോഗത്തില്‍ സംസാരിക്കുമ്പോഴാണ്‌ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നത്‌ കുറ്റകൃത്യം പെരുകാന്‍ കാരണമാവുന്നുവെന്ന്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ പറഞ്ഞത്‌. ആഡംബര ഷോപ്പിംഗ്‌ മാളുകളും ഭവന നിര്‍മാണ യൂനിറ്റുകളും നഗരങ്ങളില്‍ പെരുകുകയാണെങ്കിലും പോഷകാഹാരം ലഭ്യമല്ലാത്ത കുട്ടികളുടെ ശതമാനത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാള്‍ മുന്‍പന്തിയിലാണ്‌ ഇന്ത്യയുടെ സ്ഥാനമെന്ന കാര്യം സമ്മതിക്കുകയും ചെയ്‌തു പ്രധാനമന്ത്രി. ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രിയും ഭരിക്കുന്ന മുന്നണിക്ക്‌ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ ഗാന്ധിയും ആദിവാസികളെയും ദരിദ്രരെയും കുറിച്ച്‌ ആകുലരാണ്‌ എന്ന്‌ വേണം ഈ പ്രസ്‌താവനകളില്‍ നിന്ന്‌ മനസ്സിലാക്കാന്‍. ആ നിലക്ക്‌ ദരിദ്രരുടെയും ആദിവാസി വിഭാഗങ്ങളുടെയും സാമ്പത്തിക, സാമൂഹിക നില ഭദ്രമാക്കാനുള്ള നയപരിപാടികള്‍ വൈകാതെ നടപ്പാക്കുമെന്നും കരുതണം. അത്‌ സോഷ്യലിസത്തിലേക്കുള്ള യാത്രയാവാതെ തരമില്ലല്ലോ?

ഒറീസയിലെ നിയാംഗിരിയില്‍ ബോക്‌സൈറ്റ്‌ ഖനനത്തിന്‌ വേദാന്ത കമ്പനി സമര്‍പ്പിച്ച പദ്ധതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ പ്രത്യേക താത്‌പര്യമുണ്ടായിരുന്നുവെന്നത്‌ പരസ്യമായ രഹസ്യമാണ്‌. പദ്ധതി നടത്തിപ്പിന്‌ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നത്‌ ഈ താത്‌പര്യത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. ഇപ്പോള്‍ കേന്ദ്ര, വനം പരിസ്ഥിതി മന്ത്രാലയം രണ്ടാം ഘട്ട അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ഒറീസയില്‍ കൊറിയന്‍ കുത്തകയായ പോസ്‌കോ വന്‍കിട ഉരുക്ക്‌ സംസ്‌കരണശാലയും തുറമുഖവും അടങ്ങുന്ന പദ്ധതി നടപ്പാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്‌. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്നുമുണ്ട്‌. നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക്‌ കിടപ്പാടം നഷ്‌ടമാക്കുന്ന ഈ പദ്ധതി, പരിസ്ഥിതിക്ക്‌ സൃഷ്‌ടിക്കാന്‍ ഇടയുള്ള ആഘാതം ഗൗരവമേറിയതുമാണ്‌. വേദാന്തയുടെ അലൂമിനിയം സംസ്‌കരണ ശാല നിയാംഗിരിക്ക്‌ സമീപം ആരംഭിച്ചുകഴിഞ്ഞു. ഇവിടേക്കു വേണ്ട ബോക്‌സൈറ്റ്‌ ഝാര്‍ഖണ്ഡില്‍ നിന്ന്‌ എത്തിക്കുന്നത്‌ തുടരുന്നതുകൊണ്ട്‌ പ്രയാസമില്ല. 


വേദാന്തയുടെ ഖനന പദ്ധതി തടഞ്ഞ്‌ പോസ്‌കോക്കെതിരായ എതിര്‍പ്പ്‌ തണുപ്പിക്കുക എന്ന രാഷ്‌ട്രീയമാണ്‌ കോണ്‍ഗ്രസ്‌ കളിക്കുന്നതെന്ന്‌ ആരോപണമുണ്ട്‌. എന്തായാലും വേദാന്തയുടെ ഖനന പദ്ധതിക്കെതിരെ സ്വീകരിച്ച അതേ നിലപാട്‌ പോസ്‌കോയുടെ പദ്ധതിയുടെ കാര്യത്തില്‍ സ്വീകരിക്കുമോ എന്ന്‌ വ്യക്തമാക്കേണ്ടത്‌ രാഹുല്‍ ഗാന്ധിയാണ്‌. കലിംഗ നഗറില്‍ ടാറ്റ സ്ഥാപിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരെ സമരം ചെയ്യുന്നതും ആദിവാസികളാണ്‌. അവിടെ പ്രതിഷേധക്കാരെ പോലീസ്‌ തടഞ്ഞുവെച്ച്‌ വെടിവെച്ചു കൊന്നതായി ആരോപണമുണ്ട്‌. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും ടാറ്റയുടെ പ്ലാന്റ്‌ മൂലം കിടപ്പാടം നഷ്‌ടപ്പെടുന്നവരെ സംരക്ഷിക്കാനും രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തയ്യാറാവുമോ എന്നും വ്യക്തമാവേണ്ടതുണ്ട്‌. 


ഇതൊന്നും നടപ്പാവില്ലെന്നും രാഹുലിന്റെത്‌ വെറുമൊരു രാഷ്‌ട്രീയപ്രകടനം മാത്രമാണെന്നും മനസ്സിലാക്കാന്‍ വിദര്‍ഭയിലെ കലാവതിയെക്കുറിച്ച്‌ ഓര്‍ത്താല്‍ മാത്രം മതി. അമേരിക്കയുമായുണ്ടാക്കുന്ന ആണവ കരാറിനെക്കുറിച്ച്‌ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുമ്പോഴാണ്‌ കലാവതിയുടെ കാര്യം രാഹുല്‍ സഭയില്‍ പരാമര്‍ശിച്ചത്‌. രാഹുല്‍ വാഗ്‌ദാനം ചെയ്‌തതൊന്നും ചെയ്‌തു തന്നില്ലെന്ന്‌ ആരോപിച്ച്‌ കലാവതി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ രംഗത്തുവന്നിരുന്നു. ഒരു വ്യക്തിയെ സഹായിക്കുക എന്നത്‌ രാഹുല്‍ ഗാന്ധി എന്ന നേതാവിനെ സംബന്ധിച്ച്‌ എളുപ്പമാണ്‌. അതുപോലും നടന്നില്ല എന്ന്‌ ആലോചിക്കുമ്പോള്‍ കലാവതിയിലുടെ പ്രതിനിധാനം ചെയ്യപ്പെടുന്ന വിദര്‍ഭയിലെ ആത്മഹത്യയുടെ മുനമ്പില്‍ തുടരുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങളെ രാഹുല്‍ ഗാന്ധിക്ക്‌ അഭിമുഖീകരിക്കാന്‍ കഴിയുമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. ചലച്ചിത്രങ്ങളില്‍ നായകവേഷത്തിലെത്തുന്ന താരങ്ങള്‍ ജീവിത ദുരിതങ്ങള്‍ കണ്ട്‌ അടിയിടറിപ്പോവുന്ന രംഗങ്ങളില്‍ പറയുന്ന ഡയലോഗുകളുടെ വില മാത്രമേ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക്‌ നല്‍കനാവൂ.

മന്‍മോഹന്‍ സിംഗ്‌ കൂറേക്കൂടി വലിയ നടനായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നുവെന്ന്‌. ഇക്കാര്യം കുറേക്കാലമായി ഇന്ത്യയില്‍ പാടിക്കൊണ്ടു നടക്കുന്നത്‌ ഇടതുപക്ഷ പാര്‍ട്ടികളാണ്‌. അവര്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലും ഇതേ പ്രതിഭാസം നിലവിലുണ്ട്‌. കേന്ദ്രം സ്വീകരിക്കുന്ന സാമ്പത്തിക നയത്തിന്‌ അനുസൃതമായ നയം മാത്രമേ സംസ്ഥാനങ്ങള്‍ക്ക്‌ സ്വീകരിക്കാനാവൂ എന്നും അതുകൊണ്ട്‌ തന്നെ ഇടതുപക്ഷം അധികാരത്തിലിക്കുന്നുവെന്നത്‌ കൊണ്ട്‌ മാത്രം മൂന്ന്‌ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്‌ മാറ്റമുണ്ടാവില്ലെന്നുമാണ്‌ അവര്‍ പറയുന്നത്‌. ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ഇതേ വിലാപം നടത്തുന്നുണ്ട്‌. രാജ്യത്ത്‌ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നത്‌ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ അവരുടെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്‌ ആവശ്യപ്പെടുകയും ചെയ്‌തു. നടപടികള്‍ ഉണ്ടാവുന്നുണ്ടോ ഇല്ലയോ എന്നത്‌ സംബന്ധിച്ച്‌ കൃത്യമായ അറിവില്ല. പക്ഷേ, ബിജിംഗിലേക്ക്‌ തൊഴില്‍ തേടിയെത്തുന്ന ദരിദ്ര കുടുംബങ്ങളുടെ എണ്ണം പെരുകുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

ചൈനയെപ്പോലെ സാമ്പത്തിക വളര്‍ച്ചയുടെ ശതമാനക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ്‌ ഇന്ത്യ. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള വളര്‍ച്ച നടക്കുന്നുമുണ്ട്‌. എന്നാല്‍ ഇത്‌ അനിവാര്യമായ അപകടങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. അതിലൊന്നാണ്‌ മന്‍മോഹന്‍ സിംഗ്‌ പരാമര്‍ശിച്ച കുറ്റകൃത്യങ്ങള്‍. അതിലേക്ക്‌ അദ്ദേഹത്തിന്റെ നയപരിപാടികള്‍ നല്‍കിയ സംഭാവന കൂടി പരിഗണിക്കണം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ മന്‍മോഹന്‍ സിംഗ്‌ ആദ്യം ചെയ്‌തത്‌ വായ്‌പാ വിപണി വ്യാപിപ്പിക്കുകയാണ്‌. വിദേശ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക്‌ യഥേഷ്‌ടം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌തു. ഗൃഹോപകരണ വിപണിയില്‍ ധനകാര്യ ഇടപാടുകള്‍ ആരംഭിച്ച ഈ സ്ഥാപനങ്ങള്‍ വൈകാതെ വാഹന, ഭവന നിര്‍മാണ മേഖലകളിലേക്ക്‌ കൂടി പ്രവേശിച്ചു. കുടിശ്ശികയാവുന്ന വായ്‌പകള്‍ ഈടാക്കുന്നതിന്‌ ക്വട്ടേഷന്‍ സംഘങ്ങളെ ഏര്‍പ്പെടുത്തി. മുമ്പ്‌ അധോലോക സംഘങ്ങള്‍ നടത്തിയിരുന്ന ഭീഷണിപ്പെടുത്തി പണം തട്ടുന്ന ജോലി നിയമവിധേയമാക്കുകയാണ്‌ ഈ ധനകാര്യ സ്ഥാപനങ്ങള്‍ ചെയ്‌തത്‌. അതിന്‌ വേണ്ട നിയമ സംരക്ഷണം ഡോ. മന്‍മോഹന്‍ സിംഗോ അദ്ദേഹമുള്‍പ്പെട്ട ഭരണകൂടങ്ങളോ ചെയ്‌ത്‌ കൊടുക്കുകയും ചെയ്‌തു. ഇത്‌ രാജ്യത്തെ കുറ്റകൃത്യങ്ങള്‍ ഏതളവില്‍ വര്‍ധിപ്പിച്ചുവെന്ന്‌ ആലോചിക്കണം. ഇനി ഇത്തരം സൗകര്യങ്ങള്‍ പിന്‍വലിക്കാന്‍ മന്‍മോഹന്‍ സിംഗിന്‌ സാധിക്കുമോ? 


ഇത്‌ നമുക്ക്‌ എളുപ്പത്തില്‍ മനസ്സിലാവുന്ന കാര്യം. എളുപ്പത്തില്‍ മനസ്സിലാവാത്ത സാമ്പത്തിക തട്ടിപ്പുകള്‍ എത്രമാത്രമുണ്ടാവും. ഇത്‌ ഏതൊക്കെ അളവിലുള്ള കുറ്റകൃത്യങ്ങള്‍ക്ക്‌ വഴിമരുന്നിടുന്നുണ്ടാവും. സാമ്പത്തിക പരിഷ്‌കരണങ്ങളും അത്‌ തുറന്നുകൊടുത്ത അവസരങ്ങളും ഉപയോഗപ്പെടുത്തിയല്ലേ ആദിവാസികളെ കുടിയിറക്കി വികസന പദ്ധതികള്‍ ആരംഭിക്കാന്‍ ശ്രമമുണ്ടായത്‌? അതിനെതിരായ പ്രതികരണങ്ങളുടെ സംഘടിത രൂപങ്ങള്‍ പലപ്പോഴും അക്രമാസക്തമാവുന്നുണ്ട്‌. അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും കുറ്റകൃത്യങ്ങളില്‍ അവസാനിക്കുന്നുണ്ട്‌. ഇതിനെല്ലാം തന്റെ നയങ്ങള്‍ ഉത്തരവാദിയായെന്ന്‌ ഏറ്റുപറയുകയാണോ മന്‍മോഹന്‍ സിംഗ്‌ ചെയ്യുന്നത്‌? ആവാന്‍ തരമില്ല. ഇടക്കൊരു ഏറ്റുപറച്ചിലുണ്ടാക്കുന്ന ആശയക്കുഴപ്പത്തിലൂടെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള പഴുതുണ്ടാക്കുകയാണ്‌ ബുദ്ധിമാന്റെ തന്ത്രം. മന്‍മോഹന്‍ സിംഗ്‌ ബുദ്ധിമാനല്ലെന്ന്‌ ആരും പറയില്ല. ആണവ കരാറിനെ എതിര്‍ക്കാന്‍ ചാവേറുകളായ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പോലും.

2010-08-26

ആരുടെ ബാധ്യത?



ഭൂതകാലത്തിന്റെ തടവുകാരായി നമുക്ക്‌ തുടരാന്‍ സാധിക്കില്ല'' - പാര്‍ലിമെന്റിലെ കോണ്‍ഗ്രസ്‌ അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കവെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പറയുന്നു. ഭൂതകാലത്തെ ഏതൊക്കെ സംഭവങ്ങളുടെ തടവുകാരായാണ്‌ കോണ്‍ഗ്രസും രാജ്യവും തുടരുന്നത്‌ എന്ന്‌ സോണിയ വിശദീകരിച്ചില്ല. ഭോപ്പാലിനെക്കുറിച്ച്‌ മാത്രം പറഞ്ഞു. വാതകച്ചോര്‍ച്ചയുടെ ഇരകള്‍ക്ക്‌ നീതി ലഭ്യമാക്കുന്നതില്‍ തുടര്‍ച്ചയായി വന്ന സര്‍ക്കാറുകള്‍ പരാജയപ്പെട്ടുവെന്നും അത്‌ ആദ്യം തുറന്നു പറഞ്ഞത്‌ താനാണെന്നും ഓര്‍മിപ്പിച്ച സോണിയ അവര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന്‌ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ്‌ ഭൂതകാലത്തിന്റെ തടവുകാരായി തുടരാന്‍ സാധിക്കില്ലെന്ന്‌ പ്രഖ്യാപിക്കുന്നത്‌. 


ഭൂതകാലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ വേട്ടയാടുന്ന കാര്യങ്ങള്‍ നിരവധിയാണ്‌. ജമ്മു കാശ്‌മീര്‍, അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളുടെ പേരുകള്‍ ഭൂതകാല ചെയ്‌തികളുടെ ബാക്കിയായി ഇപ്പോഴുമുണ്ട്‌. സിഖ്‌ വംശഹത്യ മുതല്‍ മാവോയിസ്റ്റ്‌ ഭീഷണിവരെ നീളുന്നതെല്ലാം ഈ പട്ടികയില്‍ വരും. ബൊഫോഴ്‌സ്‌ പോലുള്ള കോഴകളും ഇതേ പട്ടികയിലാണ്‌. ബാബരി മസ്‌ജിദിനുള്ളില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ച ഗോവിന്ദ്‌ വല്ലഭ്‌ പന്ത്‌ മുതല്‍ ആരാധനക്കും കര്‍സേവക്കും തുറന്നുകൊടുത്ത രാജീവ്‌ ഗാന്ധി വരെയും പള്ളി തകര്‍ക്കാന്‍ എല്ലാ സഹായവും ചെയ്‌തുകൊടുത്ത നരസിംഹ റാവുവരെയും ഭൂതകാലം നീളും. ഈ ഭൂതകാലങ്ങളെല്ലാം ഏറിയും കുറഞ്ഞും ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്‌. അതുകൊണ്ട്‌ ഭൂതകാലത്തിന്റെ തടവില്‍ നിന്ന്‌ സോണിയക്കും കൂട്ടര്‍ക്കും എളുപ്പത്തില്‍ മോചനമുണ്ടാവുക അസാധ്യമാണ്‌.

എങ്കിലും മോചനം നേടിയേ ഒക്കൂ എന്ന വാശി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്കുണ്ടാവുക സ്വാഭാവികം. 1984 - 89 കാലത്ത്‌ എ ബി ബൊഫോഴ്‌സ്‌ കമ്പനിയില്‍ നിന്ന്‌ ഹൊവിറ്റ്‌സര്‍ തോക്ക്‌ വാങ്ങിയതിലാണ്‌ കോടികള്‍ കോഴ വാങ്ങിയതായി ആരോപണമുണ്ടായത്‌. അന്ന്‌ തൊട്ടിന്നൊളം വന്‍ തോക്കുകള്‍ ഇന്ത്യന്‍ കരസേനക്ക്‌ വാങ്ങാനായിട്ടില്ല. കാരണം കരാര്‍ വിളിച്ചാല്‍ ആദ്യമെത്തുന്ന കമ്പനികളിലൊന്ന്‌ ബൊഫോഴ്‌സോ അതിനെ പിന്നീട്‌ ഏറ്റെടുത്ത അമേരിക്കന്‍ കമ്പനിയായ ബി എ ഇ സിസ്റ്റംസോ ആണ്‌. ഇവരെ മറികടന്ന്‌ മറ്റൊരാളെ കരാറേല്‍പ്പിക്കുക അസാധ്യം. ഭൂതകാലത്തെ കോഴ ആരോപണം നിലനില്‍ക്കുന്നതുകൊണ്ടുതന്നെ വിശ്വസിച്ച്‌ കരാറേല്‍പ്പിക്കാന്‍ ഇപ്പോള്‍ പ്രതിരോധ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന എ കെ ആന്റണി അറക്കും. ഭൂതകാലത്തിന്റെ തടവില്‍ കഴിയുകയാണ്‌ എ കെ ആന്റണി പോലും. തടവില്‍ നിന്നുള്ള മോചനത്തിന്റെ ആവശ്യകത കോണ്‍ഗ്രസ്‌ അധ്യക്ഷക്ക്‌ ബോധ്യപ്പെടാന്‍ ഇതിലപ്പുറം കാര്യം വേണ്ടതില്ല.

ഭോപ്പാലെന്ന പ്രേതത്തിന്റെ തടവില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ പുതിയ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ പാര്‍ലിമെന്റംഗങ്ങളോട്‌ ആവശ്യപ്പെട്ട സമയം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. അമേരിക്കയുമായി മന്‍മോഹന്‍ സിംഗുണ്ടാക്കിയ സിവിലിയന്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന്‌ അനിവാര്യമായ ആണവ ബാധ്യതാ ബില്ല്‌ പാസ്സാക്കാന്‍ ശ്രമിക്കുന്ന സമയം. ആണവ അപകടങ്ങളുണ്ടായാല്‍ അതിന്റെ ബാധ്യത ആര്‍ക്കായിരിക്കണം എന്ന്‌ നിയമപരമായി നിര്‍വചിക്കുകയാണ്‌ ബില്ല്‌. ആണവ കരാറിന്റെ ഭാഗമായി റിയാക്‌ടറുകളോ ആണവ സാമഗ്രികളോ വിതരണം ചെയ്യുന്ന വിദേശ കമ്പനികളെ ബാധ്യതയില്‍ നിന്ന്‌ ഒഴിവാക്കുകയാണ്‌ ഇതിന്റെ ലക്ഷ്യമെന്ന ആരോപണം നേരത്തെ തന്നെയുണ്ട്‌. ബില്ലിന്റെ കരട്‌ രൂപം ഈ ആരോപണം ശരിവെക്കുന്നതുമാണ്‌. പാര്‍ലിമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും പാര്‍ലിമെന്ററി സമിതിയുടെ പഠനത്തിന്‌ വിടുകയും ചെയ്‌ത ബില്ല്‌ സമിതിയുടെ ശിപാര്‍ശ കൂടി പരിഗണിച്ച്‌ മാറ്റം വരുത്തി കൊണ്ടുവരികയാണ്‌. ഇത്‌ കോണ്‍ഗ്രസിന്‌ ഒറ്റക്കോ യു പി എ എന്ന സഖ്യമായോ പാസ്സാക്കിയെടുക്കാന്‍ സാധിക്കില്ല. രാജ്യസഭയില്‍ യു പി എക്ക്‌ ഭൂരിപക്ഷമില്ലാത്തതാണ്‌ പ്രശ്‌നം.

ആണവ കരാറിലൊപ്പിടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായി (ഐ ഇ എ ഇ) സുരക്ഷാ മാനദണ്ഡ കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഒന്നാം യു പി എ സര്‍ക്കാറിനെ അനുവദിക്കരുതായിരുന്നുവെന്നാണ്‌ സി പി എം ഇപ്പോള്‍ വിലയിരുത്തിയിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ആണവ ബാധ്യതാ ബില്ലിന്‌ സി പി എമ്മിന്റെയോ മറ്റ്‌ ഇടതു പാര്‍ട്ടികളുടെയോ പിന്തുണ കോണ്‍ഗ്രസ്‌ നേതൃത്വം പ്രതീക്ഷിക്കുന്നില്ല. പിന്നെ പിന്തുണക്കാന്‍ സാധ്യതയുള്ളത്‌ ബി ജെ പിയാണ്‌. അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക്‌ തുടക്കമിട്ടത്‌ എ ബി വാജ്‌പയ്‌ പ്രധാനമന്ത്രിയായിരുന്ന ബി ജെ പി സര്‍ക്കാറായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയുമായുള്ള കരാര്‍ അവരുടെ കൂടി രാഷ്‌ട്രീയ ആഗ്രഹമാണ്‌. ബാധ്യതാ ബില്ലിനെ ബി ജെ പി തുണക്കുമെന്ന്‌ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്‌. കരട്‌ ബില്ലിലെ ഒന്നോ രണ്ടോ വാക്കുകളുടെ കാര്യത്തില്‍ മാത്രമേ അവര്‍ക്ക്‌ തര്‍ക്കമുണ്ടായിരുന്നുള്ളൂ. 


ചില വാക്കുകളുടെ കാര്യം ഉന്നയിച്ച്‌ ബി ജെ പി എതിര്‍പ്പ്‌ നിലനിര്‍ത്തുന്നത്‌ എന്തുകൊണ്ടാണ്‌? കരാറിനോടുള്ള എതിര്‍പ്പല്ല കാരണം. ബാധ്യതാ ബില്ല്‌ അംഗീകരിക്കപ്പെടുന്നതോടെ രക്ഷപ്പെടുന്ന വിദേശ കമ്പനികളെക്കുറിച്ചുമല്ല അവരുടെ ചിന്ത. മറിച്ച്‌ `രാജ്യസ്‌നേഹ'ത്തിന്റെയും `ദേശീയത'യുടെയും കപട വക്താക്കളായി തുടരണമെങ്കില്‍ പ്രത്യക്ഷത്തില്‍ ചില എതിര്‍പ്പുകള്‍ ഉന്നയിക്കേണ്ടതുണ്ട്‌. ആ നാടകം ഭംഗിയായി അഭിനയിച്ചു തീര്‍ക്കുകയാണ്‌ രാജീവ്‌ പ്രതാപ്‌ റൂഡിയും സുഷമ സ്വരാജുമൊക്കെ ചെയ്‌തത്‌.
ആണവ അപകടമുണ്ടായാല്‍ പരമാവധി നല്‍കേണ്ട നഷ്‌ടപരിഹാരത്തുക 1,500 കോടി രൂപയായി ഉയര്‍ത്താന്‍ സാധിച്ചുവെന്നതാണ്‌ ബി ജെ പി മുന്നോട്ടുവെക്കുന്ന പ്രധാന വാദം. ഇവിടെ ഭൂതകാലം പരിഗണിക്കേണ്ടിവരും. ഭോപ്പാല്‍ വാതകച്ചോര്‍ച്ചയുടെ ആഘാതം പരിഹരിക്കാന്‍ 25 കൊല്ലത്തിനിടെ എത്ര കോടി രൂപ ചെലവഴിച്ചു കാണും. 1,500 കോടിയില്‍ അധികം വരുമെന്ന്‌ ഉറപ്പ്‌. എന്നിട്ട്‌ ഏതുവരെ എത്തി. ഒന്നുമായിട്ടില്ലെന്ന്‌ സമ്മതിക്കുന്നത്‌ സോണിയാ ഗാന്ധിയും പി ചിദംബരവുമൊക്കെ തന്നെയാണ്‌. 



വാതകച്ചോര്‍ച്ചയേക്കാള്‍ ഭീകരമാണ്‌ ആണവ അപകടത്തെക്കുറിച്ചുള്ള ഓര്‍മ പോലും. അപകടമുണ്ടാവുന്ന സമയത്തുള്ള നാശനഷ്‌ടം മാത്രം പരിഗണിച്ചാല്‍ പോരാ. തുടര്‍ന്ന്‌ ഏത്ര ദശകം ആണവ വികിരണം അപകടം സൃഷ്‌ടിക്കുമെന്ന്‌ കൂടി കണക്കാക്കണം. മാനവ രാശിയെ മാത്രമല്ല, പ്രകൃതിയിലെ സര്‍വ ചരാചരങ്ങളെയും അത്‌ ബാധിക്കുകയും ചെയ്യും. എന്നിട്ടും അപകടമുണ്ടായാല്‍ നല്‍കേണ്ട പരമാവധി നഷ്‌ടപരിഹാരത്തുക 1,500 കോടിയായി നിജപ്പെടുത്തുന്നതിന്റെ പൊരുള്‍ എന്താണ്‌? ഭൂതകാലത്തിന്റെ തടവില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ബില്ലിന്‌ വേണ്ടി വാദിക്കുന്ന കോണ്‍ഗ്രസുകാരനും അഞ്ഞൂറില്‍ നിന്ന്‌ 1,500ലേക്ക്‌ ഉയര്‍ത്താന്‍ സാധിച്ചുവെന്ന്‌ ആശ്വസിക്കുന്ന `രാജ്യസ്‌നേഹി'കളായ ബി ജെ പിക്കാരനും ആരെയാണ്‌ രക്ഷിക്കുന്നത്‌?

നവംബറില്‍ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ആണവ കരാര്‍ പ്രാബല്യത്തിലാക്കുക! പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും പരസ്യമായും എല്‍ കെ അഡ്വാനിയും സുഷമ സ്വരാജും രഹസ്യമായും സൂക്ഷിക്കുന്ന ആഗ്രഹം ഇതാണ്‌. അതിനു ശേഷം ആദ്യം ഇന്ത്യയിലേക്ക്‌ എത്തുന്നത്‌ അമേരിക്കന്‍ കമ്പനികളായ ജനറല്‍ ഇലക്‌ട്രിക്കല്‍സും വെസ്റ്റിംഗ്‌ഹൗസുമാണ്‌. ഇവര്‍ക്ക്‌ റിയാക്‌ടറുകള്‍ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടുകഴിഞ്ഞു. ഈ കമ്പനികള്‍ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്നത്‌ ഓണക്കോടി പോലെ പുതുപുത്തന്‍ സംവിധാനങ്ങളൊന്നുമല്ല, ഇതിനകം ഈ കമ്പനികള്‍ അമേരിക്കയില്‍ സ്ഥാപിച്ച്‌ ഉപയോഗിച്ച്‌ ഉപേക്ഷിച്ച റിയാക്‌ടറുകളാണ്‌. ഇവ വിറ്റൊഴിഞ്ഞാലേ പുതിയ സംവിധാനങ്ങള്‍ അമേരിക്കയില്‍ സ്ഥാപിക്കാന്‍ ജി ഇക്കും വെസ്റ്റിംഗ്‌ഹൗസിനും സാധിക്കൂ. അത്തരത്തില്‍ കൊണ്ടുവരുന്ന ഉപകരണങ്ങള്‍ അപകടം വിതക്കാന്‍ സാധ്യത ഏറെയാണ്‌. എന്നിട്ടും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ജി ഇയെയും വെസ്റ്റിംഗ്‌ഹൗസിനെയും ഒഴിവാക്കി നിര്‍ത്തുന്നതിന്‌ വേണ്ടിയാണ്‌ ഇപ്പോഴത്തെ തര്‍ക്കം. 


ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിവാക്കി നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ ഊര്‍ജ രംഗത്ത്‌ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ തയ്യാറാവില്ലെന്ന വാദം ശക്തമാണ്‌. ഏത്‌ ഉത്തരവാദിത്വം ഒഴിവാക്കി നല്‍കിയാലും നിക്ഷേപത്തെ ആകര്‍ഷിക്കാതിരിക്കാന്‍ മന്‍മോഹന്‍ സിംഗ്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്‌ സാധിക്കില്ല. ഇവിടേക്ക്‌ നിക്ഷേപം വരുമ്പോള്‍ മാത്രമേ അമേരിക്കയിലെയോ ഫ്രാന്‍സിലെയോ റഷ്യയിലെയോ കമ്പനികള്‍ക്ക്‌ കൂടുതല്‍ വാണിജ്യ സാധ്യതകളുണ്ടാവൂ. അവര്‍ കൂടുതല്‍ പുരോഗമിക്കേണ്ടത്‌ നമ്മുടെ ആവശ്യമാണല്ലോ? അപ്പോള്‍ പിന്നെ ഭൂതകാലത്തിന്റെ തടവുകാരായി തുടരുന്നതില്‍ അര്‍ഥമില്ല തന്നെ.
യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ നിന്ന്‌ വാതകം ചോര്‍ന്നതിന്റെ പേരില്‍ കോര്‍പ്പറേഷനോ അതിനെ പിന്നീട്‌ ഏറ്റെടുത്ത ഡൗ കെമിക്കല്‍സിനോ നമ്മള്‍ ഉപരോധം ഏര്‍പ്പെടുത്താതിരുന്നത്‌ അതുകൊണ്ടാണ്‌. ഭോപ്പാലിലെ പ്ലാന്റില്‍ ഇപ്പോഴും ശേഷിക്കുന്ന വിഷ മാലിന്യം നീക്കേണ്ടതിന്റെ ഉത്തരവാദിത്വം ഡൗവിനുണ്ടെന്ന്‌ പറയാതിരിക്കുന്നതും അതുകൊണ്ടാണ്‌. 



അങ്ങനെ ഭൂതകാലത്തിന്റെ തടവില്‍ നിന്ന്‌ രക്ഷപ്പെടുന്ന പ്രക്രിയ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്‌. അതിന്‌ വേഗം പോരെന്നാണ്‌ സോണിയാ ഗാന്ധി ഓര്‍മിപ്പിക്കുന്നത്‌. ഭാവിയില്‍ ഒരു അപകടമുണ്ടായാല്‍ അത്‌ അപ്പോള്‍ നോക്കാം. ഭോപ്പാലില്‍ അപകടമുണ്ടായിട്ട്‌ വേണ്ടതൊന്നും ചെയ്‌തില്ല എന്ന പഴങ്കഥ വീണ്ടും വീണ്ടും പറഞ്ഞ്‌ സാധ്യതകള്‍ ഇല്ലാതാക്കുന്നത്‌ മണ്ടത്തരമാവും. `വന്‍മരം വീണപ്പോള്‍ കൂടെ ഒടുങ്ങിയവരു'ടെ കാര്യത്തില്‍ പിന്നീട്‌ മാപ്പ്‌ ചോദിച്ചിട്ടുണ്ട്‌. അതിലപ്പുറം എന്താണ്‌ ചെയ്യാനാവൂക? നീറുന്ന വേദനയും തുടരുന്ന അവഗണനയും സഹിയാതെ വീണ്ടും ആരെങ്കിലും തീവ്ര ചിന്തകളിലേക്ക്‌ തിരിഞ്ഞാല്‍ അത്‌ നോക്കാന്‍ ഇവിടെ മറ്റ്‌ നിയമങ്ങളുമുണ്ട്‌. അതുകൊണ്ട്‌ ഭൂതകാലത്തിന്റെ തടവുകാരാവേണ്ട ആവശ്യം നമുക്കില്ല തന്നെ.

ദുരന്തമുണ്ടാക്കാന്‍ കരുതിക്കൂട്ടി ആരെങ്കിലും എന്തെങ്കിലും ചെയ്‌താല്‍ അവരില്‍ നിന്ന്‌ നിശ്ചയമായും നഷ്‌ടപരിഹാരം ഈടാക്കണം. അതിനുള്ള വ്യവസ്ഥ ആണവ ബാധ്യതാ ബില്ലിലുണ്ട്‌. പൊതുവെ മാന്യന്‍മാരും നമ്മേക്കാള്‍ സംസ്‌കാര ചിത്തരുമായ അമേരിക്കക്കാര്‍ അങ്ങനെ മനഃപൂര്‍വം ദുരന്തം സൃഷ്‌ടിക്കാന്‍ ശ്രമിക്കില്ല തന്നെ. അഥവാ അങ്ങനെ ശ്രമിച്ചാല്‍ തന്നെ വാറന്‍ ആന്‍ഡേഴ്‌സണിന്റെയും മറ്റും കാര്യത്തിലുണ്ടായതുപോലുള്ള മഹാമനസ്‌കത കാണിക്കാന്‍ നമുക്ക്‌ അറിയുകയും ചെയ്യാം. ബൊഫോഴ്‌സ്‌ ഇടനിലക്കാരനെന്ന്‌ ആരോപിക്കപ്പെടുന്ന ഒട്ടാവിയോ ക്വത്‌റോച്ചിയെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മുന്നിലെത്തിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ഒഴിവാക്കിയതുപോലുള്ള മെയ്‌വഴക്കം കുറവല്ല താനും. അതുകൊണ്ടുതന്നെ അവസരങ്ങള്‍ ഉപയോഗിക്കുകയാണ്‌ വേണ്ടത്‌. അത്‌ ഉപയോഗിക്കാന്‍ മടിക്കുന്നവന്‍ നല്ല കലാകാരനല്ല. അവന്‌ പുരോഗതി ഉണ്ടാവുകയില്ല. അവന്‍ ഭൂതകാലത്തിന്റെ തടവുകാരനായി തുടരുക തന്നെ ചെയ്യും.

2010-08-19

ഈ `ഭീകരവാദി'യെ എന്ത്‌ ചെയ്യും



ബംഗളൂരു സ്‌ഫോടന പരമ്പരയെ സംബന്ധിച്ച ക്രിമിനല്‍ കേസ്‌. അതില്‍ ആരോപണവിധേയരായവരില്‍
31-ാം സ്ഥാനത്തുള്ളയാള്‍. അയാളെ അറസ്റ്റ്‌ ചെയ്‌ത്‌ നിയമപരമായ വിചാരണക്ക്‌ വിധേയനാക്കി കുറ്റവാളിയാണോ അല്ലയോ എന്ന്‌ തീരുമാനിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌? ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാള്‍ കോടതി നടപടികള്‍ക്ക്‌ വിധേയനായി നിരപരാധിത്വം തെളിയിക്കുകയാണ്‌ വേണ്ടത്‌. ഇത്തരമൊരാളെ അറസ്റ്റ്‌ ചെയ്യാന്‍ വൈകിക്കുന്നത്‌ എന്തിനാണ്‌? കര്‍ണാടക പോലീസ്‌ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അറസ്റ്റ്‌ ചെയ്‌ത്‌ കൈമാറാന്‍ നടപടി സ്വീകരിക്കുകയാണ്‌ കേരള പോലീസ്‌ ചെയ്യേണ്ടിയിരുന്നത്‌. പി ഡി പി ചെയര്‍മാന്‍ അബ്‌ദുന്നാസര്‍ മഅ്‌ദനിക്ക്‌ ബംഗളൂരുവിലെ കോടതി അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ച ശേഷം നമുക്കിടയില്‍ ഉയര്‍ന്ന ചില ചോദ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഇതൊക്കെയായിരുന്നു. 


മഅ്‌ദനി കേരളത്തിലെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്ര ബിന്ദുവാണെന്നും രാജ്യദ്രോഹിയാണെന്നുമുള്ള ആരോപണം സംഘ്‌പരിവാര്‍ ആവര്‍ത്തിച്ചു. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ പ്രഗ്യാ സിംഗ്‌ ഠാക്കൂറിനെയും കേണല്‍ ശ്രീകാന്ത്‌ പുരോഹിതിനെയും അറസ്റ്റ്‌ ചെയ്‌തപ്പോള്‍ കാണാതിരുന്ന മനുഷ്യാവകാശം മഅ്‌ദനിയുടെ കാര്യത്തില്‍ എന്തിന്‌ ഉന്നയിക്കുന്നുവെന്ന പ്രചാരണം മൊബൈലുകളിലൂടെ സന്ദേശങ്ങളായി പറന്നു.

ഒറ്റനോട്ടത്തില്‍ ശരിയെന്ന്‌ തോന്നുന്ന ചോദ്യങ്ങളും അഭിപ്രായങ്ങളും എസ്‌ എം എസ്സുകളും. ഇവയുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാവണമെങ്കില്‍ ആരാണ്‌ മഅ്‌ദനിയെ `തീവ്രവാദി'യാക്കിയതെന്ന്‌ അന്വേഷിക്കണം. ആരാണ്‌ മഅ്‌ദനിയെ `ഭീകരവാദി'യാക്കിയതെന്നും. ബാബരി മസ്‌ജിദ്‌ തകര്‍ത്ത്‌ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സംഘ്‌പരിവറും ബി ജെ പിയും രാജ്യത്ത്‌ വര്‍ഗീയ പ്രചാരണം ശക്തമാക്കിയ കാലം. എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ നടന്ന കുപ്രസിദ്ധമായ രഥയാത്ര. യാത്രക്കിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട്‌ നടന്ന ആസൂത്രിതമായ ആക്രമണങ്ങള്‍. അരക്ഷിതാവസ്ഥ മനസ്സില്‍ സൂക്ഷിച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ സംഭീതരായി. അന്നോളം മത പ്രഭാഷണങ്ങള്‍ മാത്രം നടത്തിയിരുന്ന മഅ്‌ദനി തന്റെ സ്വതസിദ്ധമായ ശബ്‌ദ ഗാംഭീര്യവും പ്രസംഗ പാടവവും സംഘ വര്‍ഗീയതക്കെതിരെ ഉപയോഗിക്കാന്‍ തുടങ്ങിയത്‌ അക്കാലത്താണ്‌. ബാബരി മസ്‌ജിദ്‌ കര്‍സേവക്കായി തുറന്നു കൊടുത്ത കോണ്‍ഗ്രസ്‌ സര്‍ക്കാറിനെയും അവരുടെ സഖ്യകക്ഷിയായി തുടര്‍ന്ന മുസ്‌ലിം ലീഗിനെയും അദ്ദേഹം ആക്രമിച്ചു. മഅ്‌ദനി തീവ്രവാദിയായിട്ടുണ്ടെങ്കില്‍ ഈ സാമൂഹിക സാഹചര്യത്തിന്‌ അതില്‍ പങ്കില്ലേ? ഇത്തരമൊരു സാമൂഹിക സാഹചര്യം സൃഷ്‌ടിക്കാന്‍ പാകത്തില്‍ വളഞ്ഞുനില്‍ക്കുകയും ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ നിസ്സംഗതയിലൂടെ സഹായം ചെയ്യുകയും ചെയ്‌ത ഭരണകൂടത്തിന്‌ പങ്കില്ലേ? 


ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ ശേഷം നടന്നതാണ്‌ കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര. ആ കേസില്‍ അറസ്റ്റിലായ മഅ്‌ദനി ഒമ്പത്‌ വര്‍ഷം നീണ്ട വിചാരണത്തടവിന്‌ ശേഷം കുറ്റവിമുക്തനായി പുറത്തിറങ്ങി. ഇക്കാലത്തും ഇപ്പോഴും മസ്‌ജിദ്‌ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരും സ്ഥലത്തെത്തി കര്‍സേവകരെ പ്രോത്സാഹിപ്പിച്ചവരും നിയമനിര്‍മാണ സഭകളില്‍ അംഗങ്ങളായി, മന്ത്രിമാരായി, മുഖ്യമന്ത്രിമാരായി തുടര്‍ന്നു. അതില്‍ നമ്മുടെ സംവിധാനങ്ങള്‍ക്കൊന്നും അപാകം ദര്‍ശിക്കാനാവുന്നില്ല. ഈ ഒരു സാഹചര്യം മഅ്‌ദനി തീവ്രവാദിയായിട്ടുണ്ടെങ്കില്‍ അതിന്‌ പ്രേരകമായിട്ടുണ്ടാവില്ലേ?

1993ല്‍ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന്‌ കാണിച്ച്‌ എടുത്ത കേസില്‍ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തില്‍ 1998ല്‍ മഅ്‌ദനിയെ അറസ്റ്റ്‌ ചെയ്‌ത്‌ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറിയ അന്നത്തെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ മഅ്‌ദനിയെ തീവ്രവാദിയാക്കിയിട്ടുണ്ടാവില്ലേ? മുസ്‌ലിം ജനസാമാന്യത്തിനിടയില്‍ മഅ്‌ദനി നേടിയെടുക്കാന്‍ ഇടയുള്ള സ്വാധീനം മുന്നില്‍ കണ്ട്‌ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്‌ മുമ്പും പിമ്പും അദ്ദേഹത്തെ താറടിക്കാന്‍ ശ്രമിച്ച മുസ്‌ലിം ലീഗോ? കോയമ്പത്തൂര്‍ ജയിലില്‍ കഴിയവെ തിരഞ്ഞെടുപ്പടുക്കുമ്പോഴത്തെ വോട്ട്‌ ഉറപ്പാക്കി മടങ്ങുകയും പിന്നീട്‌ പുറത്തിറങ്ങിയപ്പോള്‍ ഭീകരവാദിയെന്ന്‌ ആക്ഷേപിക്കുകയും ചെയ്‌ത കോണ്‍ഗ്രസ്‌ - യു ഡി എഫ്‌ നേതാക്കള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തീവ്രവാദം നിലനിര്‍ത്താന്‍ പ്രേരകമായിട്ടുണ്ടാവില്ലേ?

കോയമ്പത്തൂര്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ പാകപ്പിഴയുണ്ടായിട്ടുണ്ടെന്നും അത്‌ തിരുത്തുകയാണെന്നും തീവ്ര ആശയങ്ങള്‍ സ്‌ഫുരിക്കുന്ന പ്രസംഗങ്ങള്‍ നടത്തില്ലെന്നും മഅ്‌ദനി പ്രഖ്യാപിച്ചു. അതിനു ശേഷമാണ്‌ ഭീകരവാദിയെന്ന മുദ്ര കൂടുതല്‍ വ്യക്തമായി പതിപ്പിക്കാന്‍ ശ്രമമുണ്ടായത്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ സഹായിക്കുമെന്ന്‌ പ്രഖ്യാപിച്ചതോടെ മാധ്യമങ്ങളിലൂടെ രേഖകളുടെ ഒഴുക്ക്‌ തുടങ്ങി. കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ മഅ്‌ദനിയുടെ അറിവോടെയായിരുന്നു, ബംഗളൂരു സ്‌ഫോടനക്കേസില്‍ പങ്കുണ്ട്‌, ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിന്‌ ധനസമാഹരണം നടത്തുന്ന സര്‍ഫറാസ്‌ നവാസുമായി ബന്ധമുണ്ട്‌ എന്നു തുടങ്ങി ആരോപണങ്ങളുടെ നീണ്ട നിര. എല്ലാറ്റിനും തെളിവായി വിവിധയാളുകള്‍ പോലീസിന്‌ നല്‍കിയ മൊഴികളുടെ പകര്‍പ്പുകള്‍. ആരും പിന്നില്‍ നില്‍ക്കാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ടുതന്നെ മൊഴിപ്പകര്‍പ്പുകളുടെ കൂമ്പാരമായിരുന്നു. മഅ്‌ദനി ഭീകരനായി. 


തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന്‌ തോന്നിയപ്പോള്‍ അത്‌ ഏറ്റുപിടിക്കാന്‍ ആളുകളുണ്ടായി. കാശ്‌മീരില്‍ നാല്‌ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തിലും മഅ്‌ദനിക്ക്‌ ബന്ധമുണ്ടെന്ന്‌ ആരോപണമുയര്‍ന്നതോടെ എല്ലാം തികഞ്ഞു. മഅ്‌ദനിയേക്കാള്‍ വലിയ ഭീകരവാദിയെ മലയാളിക്ക്‌ ഇനി കിട്ടാനില്ലെന്ന സ്ഥിതി. അത്രയും എത്തിക്കുന്നതില്‍ മാധ്യമങ്ങളും അവരുടെ കോറസ്‌ പോലെ വര്‍ത്തിച്ച ബി ജെ പി, യു ഡി എഫ്‌ നേതാക്കളും വിജയിച്ചു. ഈ ഭീകരവാദിയെ അറസ്റ്റ്‌ ചെയ്യുന്നതില്‍ എന്തിന്‌ മടിക്കണമെന്ന ചിന്തയാണ്‌ നേരത്തെ ഉന്നയിച്ച ചോദ്യങ്ങളും അഭിപ്രായങ്ങളും പങ്ക്‌ വെക്കുന്നത്‌.

ഇതൊരു വെറും ക്രിമിനല്‍ കേസ്‌ മാത്രമാണോ? അങ്ങനെയായിരുന്നുവെങ്കില്‍ കോയമ്പത്തൂര്‍ സ്‌ഫോടനത്തിലേതും അങ്ങനെയായിരുന്നില്ലേ? എന്നിട്ടും മഅ്‌ദനിക്ക്‌ ഒമ്പത്‌ വര്‍ഷം വിചാരണത്തടവുകാരനായി കഴിയേണ്ടിവന്നു. മഅ്‌ദനിക്ക്‌ എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചുവെന്ന്‌ ആരെങ്കിലും പിന്നീട്‌ അന്വേഷിച്ചോ? ഈ കേസില്‍ ആരോപണവിധേയരായവരില്‍ 64-ാം സ്ഥാനത്തായിരുന്നു മഅ്‌ദനി ആദ്യം. പിന്നീട്‌ നാലാം സ്ഥാനത്തേക്കും പതിനാലാം സ്ഥാനത്തേക്കും തമിഴ്‌നാട്‌ പോലീസ്‌ മാറ്റി. എന്തുകൊണ്ടാണ്‌ ഇങ്ങനെ മാറ്റിയത്‌? അതിനു വേണ്ട തെളിവുകള്‍ കൃത്രിമമായി സൃഷ്‌ടിച്ചാണെന്ന്‌ കോടതി വിധി വന്നപ്പോള്‍ വ്യക്തമായി. അങ്ങനെ കൃത്രിമമായി തെളിവ്‌ സൃഷ്‌ടിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായിരുന്നു? എന്തായിരുന്നു അവരുടെ ലക്ഷ്യം? ഇതെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്‌. നീതിന്യായ സംവിധാനത്തിന്റെ പതിവ്‌ രീതി ഇങ്ങനെയാണെന്നും കേസില്‍പ്പെട്ടാല്‍ അതില്‍ നിന്ന്‌ മോചിതനാവുവോളം പീഡനം അനുഭവിക്കാന്‍ പൗരന്‍മാര്‍ ബാധ്യതപ്പെട്ടവരാണെന്നുമാണോ കരുതേണ്ടത്‌? 


ഇത്തരം നിരവധി ചോദ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ബംഗളൂരു സ്‌ഫോടനക്കേസ്‌ മഅ്‌ദനിയെ സംബന്ധിച്ച്‌ വെറുമൊരു ക്രിമിനല്‍ കേസല്ല. ഇപ്പോള്‍ 31-ാം സ്ഥാനത്തുള്ള മഅ്‌ദനി നാളെ നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ എത്താം. അതിന്‌ വേണ്ട തെളിവുകള്‍ ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. തടിയന്റവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ മഅ്‌ദനിക്ക്‌ ബംഗളൂരു സ്‌ഫോടനവുമായി ബന്ധമുണ്ടെന്നതിന്‌ തെളിവ്‌ ലഭിച്ചതെന്ന്‌ കര്‍ണാടക പോലീസ്‌ പറയുന്നു. നാളെ ഈ കേസിലെയോ മറ്റേതെങ്കിലും കേസിലെയോ ആരോപണവിധേയര്‍ മഅ്‌ദനിയെ കണ്ടിരുന്നുവെന്ന്‌ `മൊഴി നല്‍കാം'. അതോടെ ബംഗളൂരു കേസിലെ മഅ്‌ദനിയുടെ പങ്ക്‌ കൂടുതല്‍ ഗൗരവമേറിയതാവും. അല്ലെങ്കില്‍ മറ്റൊരു സംസ്ഥാനത്തെ സമാനമായ കേസില്‍ ആരോപണവിധേയരുടെ പട്ടികയില്‍ സ്ഥാനം പിടിക്കും. ഇതോടെ ഭീകരവാദിപ്പട്ടം കൂടുതല്‍ ഉറക്കും. പിന്നെ ജാമ്യാപേക്ഷകള്‍ തള്ളപ്പെടാന്‍ പ്രയാസമുണ്ടാവില്ല. ആരോപണവിധേയരുടെ `മൊഴി'യെ അടിസ്ഥാനമാക്കി കേസുകള്‍ എടുക്കരുതെന്ന സുപ്രീം കോടതിയുടെ വിധിയൊന്നും പോലീസിന്‌ ബാധകമാവില്ല. സുപ്രീം കോടതി വിധി മറികടന്ന്‌, ആരോപണവിധേയന്റെ മൊഴിയെ ആസ്‌പദമാക്കി എന്തിന്‌ കേസെടുത്തുവെന്ന്‌ ഒരു നീതിന്യായപീഠവും ചോദിക്കുകയുമില്ല.

ഇങ്ങനെയൊക്കെ നടക്കുമോ എന്ന്‌ സംശയിക്കുന്നവര്‍ക്ക്‌ തെളിവായി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ്‌ മുന്നിലുണ്ട്‌. മലേഗാവ്‌ കേസ്‌ മറ്റൊരു ഉദാഹരണം. ഈ കേസില്‍ ആദ്യം അറസ്റ്റിലായതെല്ലാം ന്യൂനപക്ഷ വിഭാഗക്കാരായിരുന്നു. അന്ന്‌ പോലീസ്‌ പറഞ്ഞത്‌ എല്ലാവരും ഇന്ത്യന്‍ മുജാഹിദീനിന്റെ പ്രവര്‍ത്തകരാണെന്നായിരുന്നു. പിന്നീട്‌ നടത്തിയ അന്വേഷണത്തിലാണ്‌ അഭിനവ്‌ ഭാരത്‌ എന്ന സംഘടനയാണ്‌ സ്‌ഫോടനത്തിന്‌ പിന്നിലെന്ന്‌ പോലീസ്‌ കണ്ടെത്തിയത്‌. സാധ്വി പ്രഗ്യാ സിംഗും കേണല്‍ പുരോഹിതുമൊക്കെ അറസ്റ്റിലാവുന്നത്‌ അതോടെയാണ്‌. അവരുടെ കാര്യത്തിലും അനന്തമായ വിചാരണത്തടവ്‌ ശരിയാണെന്ന്‌ പറയനാവില്ല. ഇവരെ അറസ്റ്റ്‌ ചെയ്‌തപ്പോള്‍ നേരത്തെ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന്‌ ആരോപിക്കപ്പെവരെ വിട്ടയച്ചു. എങ്ങനെയാണ്‌ ഇവരെ കേസില്‍ കുടുക്കിയത്‌ എന്ന കാര്യത്തില്‍ അന്വേഷണമൊന്നുമുണ്ടായില്ല. ആരെയെങ്കിലും കേസില്‍ കുടുക്കാന്‍ ബോധപൂര്‍വം ശ്രമമുണ്ടായോ എന്ന്‌ അന്വേഷിച്ചില്ല. അബദ്ധത്തില്‍ അറസ്റ്റ്‌ ചെയ്‌തതിന്‌ മാപ്പ്‌ ചോദിക്കാനെങ്കിലും തയ്യാറായിരുന്നോ? 


ഭരണകൂടത്തിനോ നീതിന്യായ സംവിധാനത്തിനോ ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടാവേണ്ടതാണ്‌. ആരെയും കേസില്‍ കുടുക്കാനും അറസ്റ്റ്‌ ചെയ്യാനും സാധിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നത്‌ ഗുണകരമല്ല. ആ അവസ്ഥ നിലനില്‍ക്കുന്നതുകൊണ്ടാണ്‌, അതനുഭവിച്ചതുകൊണ്ടാണ്‌ മഅ്‌ദനിക്ക്‌ ഇതൊരു വെറും ക്രിമിനല്‍ കേസല്ലാത്തത്‌.

വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുമ്പോള്‍ പോലും പുതിയ കുറ്റകൃത്യങ്ങളില്‍ മഅ്‌ദനി പങ്കാളിയാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കോയമ്പത്തൂര്‍ കേസില്‍ ജയിലില്‍ കിടക്കുമ്പോള്‍ നടന്ന കളമശ്ശേരി ബസ്സ്‌ കത്തിക്കലിന്റെ ഗൂഢാലോചനയില്‍ മഅ്‌ദനി `പങ്കാളിയായത്‌' അങ്ങനെയാണ്‌. ജയിലിലേക്ക്‌ സിം കാര്‍ഡ്‌ ഒളിപ്പിച്ചു കടത്തി ജയില്‍ അധികൃതരുടെ അറിവോടെയോ അല്ലാതെയോ മഅ്‌ദനി ബസ്സ്‌ കത്തിക്കാന്‍ പദ്ധതിയിട്ടവരുമായി ബന്ധപ്പെട്ടുവെന്നാണ്‌ ആരോപണം. മാധ്യമങ്ങള്‍ മൊഴിമുത്തുകളുടെ പിന്‍ബലത്തോടെ ഉയര്‍ത്തിക്കൊണ്ടുവന്ന ഈ ആരോപണത്തെ ഗൗരവത്തിലെടുക്കാന്‍ അന്വേഷണ ഏജന്‍സി തയ്യാറായില്ല. മഅ്‌ദനിക്കു മേല്‍ മറ്റൊരു കേസെടുക്കാന്‍ മടിയുണ്ടായിട്ടല്ല. അങ്ങനെ കേസെടുത്താല്‍ കോയമ്പത്തൂര്‍ ജയിലിലെ അധികൃതര്‍ കൂടി ഉത്തരവാദികളാവുമെന്നതുകൊണ്ടാണ്‌. സമാനമായ ആരോപണങ്ങള്‍ കര്‍ണാടകത്തിലെ ജയിലുകളില്‍ നിന്നുമുയരാം.

`എന്തുകൊണ്ട്‌ മഅ്‌ദനി, മറ്റാരുമില്ലല്ലോ' എന്ന്‌ ചോദ്യമുണ്ടാവാം. ഇത്രയുമധികം ലക്ഷണയുക്തനായ മറ്റൊരാളെ കിട്ടാനില്ല എന്നതാണ്‌ ഉത്തരം. രാഷ്‌ട്രീയ പാര്‍ട്ടികള്‍, സംഘ പരിവാര്‍, മാധ്യമങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന്‌ അത്രയധികം കെട്ടിപ്പൊക്കിയിരിക്കുന്ന ഈ ഭീകരവാദി പ്രതിച്ഛായ. മറ്റ്‌ ആരോപണവിധേയ സംഘടനകളിലൊന്നും ഈ പാകത്തിലൊരാളെ ചൂണ്ടിക്കാട്ടാനില്ല. ഒരു സംഘടനയെ അത്‌ എത്ര ചെറുതാണെങ്കിലും ഒറ്റക്ക്‌ നിയന്ത്രിക്കാന്‍ സാധിക്കുന്നവരുമില്ല. അറസ്റ്റ്‌ ചെയ്യാനെത്തുന്നവരുടെ മേല്‍ മണ്ണ്‌ നുള്ളിയിടാന്‍ പോലും പി ഡി പി പ്രവര്‍ത്തകര്‍ തയ്യാറാവരുതെന്ന മഅ്‌ദനിയുടെ പ്രസ്‌താവന അപ്പടി അനുസരിക്കപ്പെട്ടപ്പോള്‍ തെളിഞ്ഞത്‌ അതാണ്‌. ഒരു മുന്‍കരുതലെടുക്കല്‍ കൂടിയായിരുന്നു ഇത്‌. ജാമ്യം ലഭിച്ച്‌ മഅ്‌ദനി കേരളത്തിലെത്തിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന്‌ ഭാവിയില്‍ ആരും കോടതിയില്‍ സത്യവാങ്‌മൂലം നല്‍കാതിരിക്കാനുള്ള മുന്‍കരുതല്‍.

മാധ്യമ പാഠം:

ബി ജെ പിയുടെ അടുത്ത പത്ത്‌ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കാന്‍ നേതൃത്വം നിയോഗിച്ച സമിതിയുടെ അധ്യക്ഷനാണ്‌ രാജീവ്‌ ചന്ദ്രശേഖര്‍. മലയാളത്തില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലില്‍ മഅ്‌ദനിയുടെ അറസ്റ്റിനെക്കുറിച്ചും ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തെക്കുറിച്ചും പ്രത്യേക പരിപാടി. അതില്‍ അവതാരക പറയുന്നു ``അന്‍വാര്‍ശ്ശേരിയിലെ നാടകം നീണ്ടതോടെ ബുദ്ധിമുട്ടിലായത്‌ മാധ്യമ പ്രവര്‍ത്തകരാണ്‌. ഭക്ഷണവും വെള്ളവുമില്ലാതെ നട്ടംതിരിഞ്ഞു, പ്രാഥമിക ആവശ്യം നിറവേറ്റാന്‍ പോലും കഴിയാതെ. അതും പി ഡി പി പ്രവര്‍ത്തകരുടെ മധ്യത്തില്‍.'' ഇവിടെ ധ്വനിപ്പിക്കുന്ന പ്രധാന കാര്യം പി ഡി പി പ്രവര്‍ത്തകര്‍ എന്ന കൂട്ടത്തിന്റെ `നികൃഷ്‌ടത'യെക്കുറിച്ചാണ്‌. അവരെ നമ്മുടെ സമൂഹത്തിന്റെ ഭാഗമായി കാണാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ നിന്നാണ്‌ ഈ വാചകം ജനിക്കുന്നത്‌. ആ മനോനിലയെക്കുറിച്ച്‌ നേരത്തെ ബോധ്യം വന്നുവെന്നതാണ്‌ മഅ്‌ദനിയെപ്പോലെയുള്ളവര്‍ക്ക്‌ പറ്റിയ തെറ്റ്‌. അത്‌ തിരുത്തണമെങ്കില്‍ അവതാരകയുടെ മനോനില ആദ്യം മാറണം. കുറഞ്ഞത്‌ അവിടെ നിന്ന്‌ ജനിക്കുന്ന വികൃതാശയങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയെങ്കിലും വേണം.

2010-08-18

ജനതതിയുടെ കോടതി!



പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഉത്തരവ്‌ ഹൈക്കോടതി ശരിവെച്ചു. നേരത്തെ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്‌ത്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജി ജസ്റ്റിസുമാരായ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ തള്ളുകയായിരുന്നു. ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായരുടെ ആദ്യത്തെ ഉത്തരവ്‌ പുറത്തുവന്നപ്പോള്‍ തന്നെ വിവിധ കോണുകളില്‍ നിന്ന്‌ പ്രതിഷേധം ഉയര്‍ന്നിരുന്നു. `ഇത്തരം വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്ന ശുംഭന്‍മാര്‍' എന്ന്‌ പരിഹസിച്ചതിന്റെ പേരില്‍ സി പി എം നേതാവ്‌ എം വി ജയരാജന്‍ കോടതിയലക്ഷ്യ നടപടി നേരിടുകയും ചെയ്യുന്നു. 


വിധി പുനപ്പരിശോധിക്കാന്‍ നല്‍കിയ ഹരജി, ഉത്തരവ്‌ പുറപ്പെടുവിച്ച ജഡ്‌ജി കൂടി അടങ്ങുന്ന ബഞ്ച്‌ പരിഗണിക്കുന്നതിലെ ഔചിത്യക്കുറവ്‌ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത്‌ പരിഗണിച്ചില്ല. ഉത്തരവ്‌ പുറപ്പെടുവിക്കാമെങ്കില്‍ അത്‌ പുന:പരിശോധിക്കാനും കഴിയുമെന്ന നിലപാടാണ്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ സ്വീകരിച്ചത്‌. ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്‌ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള നിയമ യുദ്ധം തുടരുമെന്ന്‌ വ്യക്തമാക്കുകയാണ്‌.

ഒറ്റ നോട്ടത്തില്‍ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ പുറപ്പെടുവിക്കുകയും അദ്ദേഹമുള്‍പ്പെട്ട ബഞ്ച്‌ ശരിവെക്കുകയും ചെയ്‌ത ഉത്തരവ്‌ ജനപ്രിയമാണെന്ന്‌ പറയേണ്ടിവരും. പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത്‌ മൂലമുണ്ടാകാന്‍ ഇടയുള്ള ഗതാഗത തടസ്സം ഇല്ലാതാവും. ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാന്‍ കഴിയും. പൊതുകാര്യങ്ങള്‍ക്കായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നവരെ ന്യായീകരിക്കാമെങ്കിലും ഇത്‌ മറ്റുള്ളവരുടെ മൗലികാവകാശങ്ങളും സഞ്ചാര സ്വാതന്ത്ര്യവും ഹനിക്കുന്നതാവരുതെന്ന്‌ കോടതി ചൂണ്ടിക്കാട്ടുമ്പോള്‍ അതില്‍ നീതിന്യായ വിചാരത്തിന്റെ സൗന്ദര്യം ദര്‍ശിക്കുകയുമാവാം. 


പക്ഷേ, ഈ കോടതി വിധിയിലെ അരാഷ്‌ട്രീയത കാണാതിരുന്നുകൂട. അതിനായി ഏതാനും ദിവസം മുമ്പ്‌ ഇതേ ഹൈക്കോടതി നടത്തിയ മറ്റ്‌ ചില നിരീക്ഷണങ്ങള്‍ പരിശോധിക്കാം. ജസ്റ്റിസുമാരായ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനുമടങ്ങുന്ന ബഞ്ച്‌ തന്നെയാണ്‌ ഈ നിരീക്ഷണങ്ങള്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്‌.

സംസ്ഥാനത്ത്‌ റോഡ്‌ വികസനത്തിനെതിരെ വ്യാപാരി സമൂഹത്തില്‍ നിന്ന്‌ സമ്മര്‍ദമുണ്ടായാല്‍ പദ്ധതി ഉപേക്ഷിച്ച്‌ ഗ്രാമീണ ഹൈവേകള്‍ നിര്‍മിക്കുകയാണ്‌ വേണ്ടതെന്നായിരുന്നു നിരീക്ഷണം. റോഡ്‌ വികസനത്തിന്‌ കെട്ടിടങ്ങള്‍ പൊളിക്കുന്നത്‌ ഒഴിവാക്കാം, ഗ്രാമീണ ഹൈവെയാകുമ്പോള്‍ ചെലവ്‌ കുറയും- തുടങ്ങിയ സൗകര്യങ്ങളും കോടതി ചൂണ്ടിക്കാട്ടി. പാതയോരങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന യോഗങ്ങള്‍ നിരോധിക്കാന്‍ മുന്‍കൈ എടുക്കുന്ന കോടതിക്ക്‌ റോഡ്‌ വികസനത്തിന്‌ അനിവാര്യമായി വേണ്ടിവരുന്ന ഘട്ടത്തില്‍ വ്യാപാരികളെ ഒഴിപ്പിക്കുകയും കെട്ടിടങ്ങള്‍ പൊളിക്കുകയും ചെയ്യുന്നതില്‍ അതിയായ മനോവിഷമമുണ്ടെന്ന്‌ വേണം മനസ്സിലാക്കാന്‍. 


തെരുവോരങ്ങളിലെ യോഗങ്ങള്‍ മൂലമുണ്ടാവുന്ന ഗതാഗത തടസ്സം ആശുപത്രിയിലേക്ക്‌ കൊണ്ടുപോവുന്ന രോഗിയുടെ ജീവന്‍ പോലും അപകടത്തിലാക്കാമെന്ന്‌ ചൂണ്ടിക്കാട്ടുന്നുണ്ട്‌ കോടതി. പക്ഷേ, അത്യാധുനിക സൗകര്യമുള്ള ആശുപത്രികളില്‍ ഭൂരിഭാഗവും നഗരങ്ങളിലാണെന്നും അവിടേക്ക്‌ വേണ്ടത്ര ഗതാഗത സൗകര്യമൊരുക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. അതുകൊണ്ടാണല്ലോ വ്യാപാരികളില്‍ നിന്ന്‌ എതിര്‍പ്പുണ്ടാവുന്ന പശ്ചാത്തലത്തില്‍ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കുന്നത്‌. ശക്തമായ സമ്മര്‍ദമുയര്‍ത്താന്‍ സാമ്പത്തിക ശേഷിയുള്ള സംഘടിത വ്യാപാരി സമൂഹം നഗരങ്ങളിലാണല്ലോ ഉണ്ടാവുക. ഒരിടത്ത്‌ ജനങ്ങളുടെ സൗകര്യം ഉറപ്പാക്കാന്‍ യോഗങ്ങള്‍ നിരോധിക്കണമെന്ന്‌ ഉത്തരവിടുന്ന കോടതി മറ്റൊരിടത്ത്‌ വ്യാപാരികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടൊഴിവാക്കാന്‍ റോഡ്‌ വികസന പദ്ധതി ഉപേക്ഷിക്കണമെന്ന്‌ പറയുന്നു. ഈ വൈരുധ്യം നീതിന്യായ സംവിധാനത്തെ ബാധിച്ച അരാഷ്‌ട്രീയതയുടെ ആഴം വ്യക്തമാക്കുന്നുണ്ട്‌.

തങ്ങള്‍ക്കു മുന്നിലെത്തുന്ന കേസുകളില്‍ ഇരുപക്ഷവും നിരത്തുന്ന തെളിവുകളും വാദമുഖങ്ങളും പഠിച്ച്‌ ന്യായാന്യായങ്ങള്‍ നിര്‍ണയിക്കുക എന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ ജഡ്‌ജിമാരുടെ ജോലി. പക്ഷേ, അതിനര്‍ഥം താന്‍ കൂടി ഉള്‍ക്കൊള്ളുന്ന സമൂഹത്തെക്കുറിച്ച്‌ ചിന്തിക്കുകയേ വേണ്ട എന്നല്ലല്ലോ? അത്തരമൊരു ചിന്തയേ ഇല്ലെന്ന്‌ ജസ്റ്റിസുമാരായ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനും ഉള്‍പ്പെട്ട ബഞ്ചിന്റെ മറ്റു ചില അഭിപ്രായങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. പാതയോരങ്ങളിലെ യോഗം നിരോധിച്ച വിധി സര്‍ക്കാര്‍ ചോദ്യം ചെയ്‌തതിനെ കോടതി വിമര്‍ശിക്കുന്നുണ്ട്‌. ജനങ്ങള്‍ക്ക്‌ ദ്രോഹകരമാവുന്ന ഉത്തരവിന്‌ വേണ്ടി കോടതിയെ സമീപിച്ച സര്‍ക്കാറിന്‌ കനത്ത പിഴ ചുമത്തേണ്ടതാണെങ്കിലും പൊതുജനങ്ങളുടെ പണം തന്നെയാണ്‌ കോടതിച്ചെലവായി നല്‍കേണ്ടിവരിക എന്നതിനാല്‍ ഒഴിവാക്കുന്നുവെന്നാണ്‌, ഔദാര്യപൂര്‍വം ജസ്റ്റിസുമാര്‍ പറഞ്ഞത്‌. എന്താണ്‌ സര്‍ക്കാര്‍? അതെങ്ങനെ സംഭവിക്കുന്നു? എന്ന അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയാത്തവരാവില്ലല്ലോ ജഡ്‌ജിമാര്‍. 


ജനായത്ത ഭരണക്രമമെന്ന ഭരണഘടനാ വിവക്ഷയുടെ പ്രായോഗിക രൂപം മാത്രമാണ്‌ സര്‍ക്കാര്‍. രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്ക്‌ ഉതകുന്ന ആശയങ്ങളാണ്‌ എന്ന പൂര്‍ണ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികള്‍ യോജിച്ച്‌ സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളുമുണ്ടാവുന്നു. അവര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ വിലയിരുത്തി അയ്യഞ്ച്‌ കൊല്ലം കൂടുമ്പോള്‍ ജനങ്ങള്‍ അവര്‍ക്കിഷ്‌ടമുള്ളവരെ തിരഞ്ഞെടുക്കുന്നു. അവരാണ്‌ സര്‍ക്കാറെന്ന അമൂര്‍ത്ത സങ്കല്‍പ്പത്തിന്റെ മൂര്‍ത്ത രൂപങ്ങളായി നമ്മുടെ മുന്നിലുണ്ടാവുക. ഇതേ പ്രക്രിയയില്‍ പങ്കാളികളാവുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയുടെയോ പ്രതിനിധികളാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‌ വിലങ്ങുതടിയാവുമെന്ന്‌ കരുതുന്ന ഒരു ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നതിനെ ഇത്ര വലിയ ആക്ഷേപമായി കാണുന്നതില്‍ അര്‍ഥമെന്താണുള്ളത്‌? 


നീതിന്യായ സംവിധാനത്തിന്റെ ചുമതല ഏല്‍പ്പിക്കേണ്ടവരെ നിശ്ചയിക്കുന്നതില്‍ ഈ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അടങ്ങുന്ന സര്‍ക്കാറിന്‌ കൂടി പങ്കുമുണ്ട്‌. എല്ലാറ്റിനും ജനായത്ത സ്വഭാവമുണ്ടെന്ന്‌ അര്‍ഥം. ആലുവ റെയില്‍വേ സ്റ്റേഷനു മുന്നില്‍ പൊതുയോഗങ്ങള്‍ നടത്തുന്നത്‌ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിച്ച്‌ സംസ്ഥാനത്തെമ്പാടും പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ പാടില്ലെന്ന്‌ വിധിക്കും മുമ്പ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്ന ഭരണ, രാഷ്‌ട്രീയ, സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച്‌ ആലോചിക്കേണ്ടതല്ലേ? ഇത്തരമൊരു സംവിധാനം നിലവില്‍ വരാന്‍ പിന്നിടേണ്ടിവന്ന വഴികള്‍ ഓര്‍ക്കേണ്ടതല്ലേ?

പാതയോരത്തെ പൊതുയോഗങ്ങള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന കേവല യുക്തി മാത്രമല്ല ഇത്തരം വിധികള്‍ക്ക്‌ പിന്നില്‍. രാഷ്‌ട്രീയത്തോടും അതില്‍ ഭാഗമാകുന്നവരോടും വരേണ്യ ശ്രേണിയില്‍പ്പെട്ടവര്‍ പുലര്‍ത്തുന്ന മനോഭാവം കൂടി ഇതില്‍ പ്രതിഫലിക്കുന്നുണ്ട്‌. വെറും കവല പ്രസംഗക്കാര്‍, അവരുടെ വാക്ക്‌ കേട്ട്‌ വഴി തെറ്റരുതെന്ന്‌ ഉപദേശിക്കുന്നവരുടെ മനോഭാവം. പാതയോരങ്ങളില്‍ യോഗം നടത്താതെ രാഷ്‌ട്രീയ പ്രവര്‍ത്തനം സാധ്യമല്ലേ എന്ന ചോദ്യം പ്രസക്തമാണ്‌. പക്ഷേ, ചില സമയങ്ങളില്‍ പാതയോരങ്ങളെ പ്രക്ഷുബ്‌ധമാക്കുക എന്നത്‌ അനിവാര്യമായി വരും. ഇത്തരം പ്രക്ഷുബ്‌ധമാക്കലുകളുടെ തെളിവുകള്‍ ചരിത്രത്തില്‍ അസംഖ്യമുണ്ട്‌. 


നമ്മുടെ വരേണ്യ വര്‍ഗം മാതൃകയായി ചൂണ്ടിക്കാട്ടുന്ന അമേരിക്കയിലും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലും ഇപ്പോഴും അത്തരം സംഭവങ്ങളുണ്ടാകുന്നുമുണ്ട്‌. വ്യാപാര മേഖലയിലെ കുത്തക നിലനിര്‍ത്താനുതകുന്ന തീരുമാനങ്ങളെടുക്കാനായി വന്‍ ശക്തികള്‍ യോഗം ചേരുമ്പോള്‍ വേദിക്ക്‌ പുറത്ത്‌ തെരുവില്‍ പോലീസിന്റെ കണ്ണീര്‍ വാതകത്തെയും ബാറ്റണ്‍ പ്രയോഗത്തെയും ജല പീരങ്കിയെയും പ്രതിരോധിച്ച്‌ ആയിരങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നത്‌ ചില സങ്കല്‍പ്പങ്ങള്‍ മനസ്സിലുള്ളതുകൊണ്ടാണ്‌. അത്തരം സങ്കല്‍പ്പങ്ങളുടെ പ്രകടനം തന്നെയാണ്‌ ഇവിടെയും തെരുവോരങ്ങളില്‍ നടക്കുന്നത്‌. അതില്‍ കാപട്യക്കാരുണ്ടാവാം. ചിലത്‌ പ്രകടനപരത മാത്രമായിരിക്കാം. അത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിഞ്ഞ്‌ ഒഴിവാക്കിക്കോളും. അതിന്‌ നീതിന്യായ സംവിധാനത്തിന്റെ തീട്ടൂരം ആവശ്യമില്ല. അത്തരം ഒഴിവാക്കലുകള്‍ക്കും ധാരാളം ഉദാഹരണങ്ങളുണ്ട്‌.

കേരളത്തില്‍ നിന്ന്‌ വടക്കോട്ടേക്ക്‌ നീങ്ങുമ്പോള്‍ റോഡില്‍ പൊതുയോഗങ്ങളല്ല നടത്തപ്പെടുന്നത്‌. കുഴിബോംബ്‌ സ്‌ഫോടനങ്ങളാണ്‌. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്‌ ചൂഷകരുടെ കൂട്ടായ്‌മയാണെന്നും അതിനെ സായുധ മാര്‍ഗത്തിലൂടെ നിഷ്‌കാസനം ചെയ്‌ത്‌ സ്ഥിതിസമത്വത്തില്‍ അധിഷ്‌ഠിതമായ ഭരണം സ്ഥാപിക്കണമെന്നും ചിന്തിക്കുന്നവര്‍ നിലവിലുള്ള ഭരണകൂടത്തിന്റെ ഓരോ കൈവഴികളെയും നിശ്ചലമാക്കുന്നതിനാണ്‌ സ്‌ഫോടനങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. വര്‍ഷങ്ങളായി തങ്ങളുടെ ആവശ്യാവകാശങ്ങളെ ഭരണകൂടം നിഷേധിച്ചുവെന്ന്‌ കരുതുന്ന വലിയൊരു ജനത ഇവരെ പിന്തുണക്കുന്നുമുണ്ട്‌. റോഡുകളില്‍ കുഴിബോംബ്‌ സ്‌ഫോടനങ്ങള്‍ നടത്തുന്നത്‌ കോടതിക്ക്‌ നിരോധിക്കാം. നിരോധം നടപ്പാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട്‌ (ജില്ലാ കലക്‌ടര്‍) നിര്‍ദേശിക്കുകയുമാവാം. അല്ലെങ്കില്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നത്‌ നിലവിലുള്ള നിയമപ്രകാരം കുറ്റകരമാണെന്നും അതിനാല്‍ തടയേണ്ടതാണെന്നും സര്‍ക്കാറിനോട്‌ നിര്‍ദേശിക്കാം. തടഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയുമാവാം. പ്രതിഷേധങ്ങളെയും അതിന്റെ ഭാഗമായുണ്ടാവുന്ന സമര രൂപങ്ങളെയും ഇല്ലായ്‌മ ചെയ്യാന്‍ സാധിക്കില്ലെന്ന്‌ മാത്രം.

ഇത്രയും കൂടി

ആലുവ റെയില്‍വേ സ്റ്റേഷനുമുന്നില്‍ പൊതുയോഗങ്ങള്‍ നടത്തുന്നത്‌ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌ ഖാലിദ്‌ മുണ്ടപ്പിള്ളി എന്ന വ്യക്തിയാണ്‌. ആലുവ റെയില്‍വേ സ്റ്റേഷനു മുന്നില്‍ പൊതുയോഗങ്ങള്‍ നടക്കുന്നതു കൊണ്ട്‌ ഖാലിദ്‌ മുണ്ടപ്പിള്ളി എന്ന വ്യക്തിക്ക്‌ ഏതെങ്കിലും വിധത്തില്‍ ഉണ്ടായ അല്ലെങ്കില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രയാസം മൂലമാകും അദ്ദേഹം ഹരജി സമര്‍പ്പിച്ചത്‌ എന്ന്‌ കരുതുക. അദ്ദേഹം സമര്‍പ്പിച്ച ഹരജിയുടെ സാമൂഹിക പ്രസക്തി പരിഗണിച്ചാവണമല്ലോ ആലുവ റെയില്‍വേ സ്റ്റേഷനു മുന്നില്‍ മാത്രമല്ല, സംസ്ഥാനത്തെമ്പാടും പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ടാവുക. അത്തരമൊരു വിപുലമായ ആലോചന നടത്തിയ കോടതി ഹരജി സമര്‍പ്പിച്ച വ്യക്തിയെക്കുറിച്ച്‌ കൂടി കുറച്ച്‌ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത്‌ നന്നാവും. 



പത്തോ പതിനഞ്ചോ കൊല്ലം മുമ്പുവരെ വര്‍ഷത്തില്‍ പലകുറി സമരം പ്രഖ്യാപിക്കാന്‍ മുന്‍നിരയില്‍ നിന്നിരുന്നയാളായിരുന്നു ഖാലിദ്‌ മുണ്ടപ്പിള്ളി. ഇപ്പോഴും സമരം നടത്തിയും സമര ഭീഷണി മുഴക്കിയും സമ്മര്‍ദ തന്ത്രം പയറ്റുന്ന ബസ്‌ ഉടമകളുടെ സംഘത്തിന്റെ പ്രതിനിധി. മുന്‍കൂട്ടി അറിയിച്ച്‌ നടത്തുന്ന സമരങ്ങള്‍ മാത്രമല്ല, മുണ്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്‌. മിന്നല്‍ സമരങ്ങളുമുണ്ട്‌. ഇതെഴുന്നയാളടക്കം നിരവധി പേര്‍ അത്തരം സമരങ്ങളുടെ ഇരകളാണ്‌. അന്ന്‌ നിഷേധിക്കപ്പെട്ടത്‌ സഞ്ചാര സ്വാതന്ത്ര്യം തന്നെയല്ലേ? മിന്നല്‍ സമരം പ്രഖ്യാപിച്ച്‌ ആളുകളെ ബസ്സില്‍ നിന്ന്‌ ഇറക്കിവിടുമ്പോള്‍ അവര്‍ക്കുണ്ടായ പ്രയാസങ്ങള്‍ മുണ്ടപ്പിള്ളി പരിഗണിച്ചില്ലെങ്കിലും കോടതി പരിഗണിക്കണം. അത്തരത്തില്‍ ഇറക്കിവിടപ്പെട്ടവരിലും ആശുപത്രിയിലേക്ക്‌ പോകേണ്ടവരുണ്ടായിക്കാണണം. 

2010-08-12

നാടകത്തിന്റെ പാഠഭേദങ്ങള്‍

കൊലക്കേസില്‍ ആരോപണവിധേയരാവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ മടിച്ചാല്‍ എങ്ങനെ പ്രതികരിക്കും? പല മാര്‍ഗങ്ങള്‍ മുന്നില്‍ തെളിയുന്നുണ്ട്‌. പ്രതികരിക്കാന്‍ തുനിയുന്നത്‌ സംഘടിത പ്രസ്ഥാനമാണെങ്കില്‍ അവരെന്ത്‌ മാര്‍ഗം സ്വീകരിക്കും? അതിന്റെ പല രീതികളും നമ്മുടെ മുന്നിലുണ്ട്‌. കണ്ണൂരില്‍ ഒരു രാഷ്‌ട്രീയ കൊലപാതകം നടന്നുവെന്ന്‌ കരുതുക. കൊലക്കുത്തരവാദികള്‍ സി പി എമ്മുകാരാണെന്ന്‌ ബി ജെ പിയും ആര്‍ എസ്‌ എസും ആരോപിക്കുന്നു. പോലീസ്‌ നടപടിയൊന്നും സ്വീകരിക്കുന്നില്ല. പ്രതിഷേധിക്കാന്‍ ബി ജെ പി, ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ എവിടേക്കാവും മാര്‍ച്ച്‌ നടത്തുക? കണ്ണൂര്‍ പോലീസ്‌ സൂപ്രണ്ടിന്റെ ആപ്പീസിലേക്കോ സി പി എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സെന്ററിലേക്കോ? അഴിക്കോടന്‍ സെന്ററിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌ത്‌ എത്തിയാല്‍ എന്തായിരിക്കും പ്രതികരണം? നല്ല ചുട്ട അടിയെന്ന്‌ മറുപടി പറയാന്‍ സി പി എം പ്രവര്‍ത്തകര്‍ക്ക്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവരില്ല. 


ആര്‍ എസ്‌ എസ്‌ പിന്തുണയുള്ള ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ്‌ കേരളത്തില്‍ പാര്‍ട്ടിയുടെ വേരോട്ടം കൂട്ടാന്‍ ആസൂത്രണം ചെയ്യുന്ന പുതിയ വഴിയെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌. ബംഗളൂരു സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായ പി ഡി പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിയെ അറസ്റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ബി ജെ പി മാര്‍ച്ച്‌ നടത്തുന്നത്‌ അന്‍വാറുശ്ശേരിയില്‍ മഅ്‌ദനി താമസിക്കുന്ന സ്ഥലത്തേക്കാണ്‌. കൈ വെട്ട്‌ കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌ മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രത്തിലേക്കും. രണ്ടിടവും ഭീകരവാദത്തിന്റെ കേന്ദ്ര ബിന്ദുക്കളാണെന്ന പതിവ്‌ ന്യായം ആവര്‍ത്തിക്കുന്നുമുണ്ട്‌. ആണോ, അല്ലയോ എന്നത്‌ അന്വേഷിക്കുകയും കണ്ടെത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത്‌ ഭരണകൂടത്തിന്റെ ബാധ്യതയാണ്‌.
ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്‌ദനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്‌ കര്‍ണാടക പോലീസാണ്‌. വി മുരളീധരന്റെ കൂടി നേതാവായ ബി എസ്‌ യെദിയൂരപ്പ നേതൃത്വം നല്‍കുന്ന ബി ജെ പി മാത്രമടങ്ങുന്ന സര്‍ക്കാറാണ്‌ കര്‍ണാടകത്തില്‍. അവരുടെ നിയന്ത്രണത്തിലുള്ള പോലീസാണ്‌ മഅ്‌ദനിക്ക്‌ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിക്കാന്‍ കോടതിയെ സമീപിച്ചത്‌. അതനുസരിച്ച്‌ കോടതി വാറണ്ട്‌ അനുവദിക്കുകയും ചെയ്‌തു. ഈ വാറണ്ടിന്റെ കാലപരിധി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കിയതും കര്‍ണാടകയിലെ പോലീസാണ്‌. അപ്പോള്‍ അറസ്റ്റ്‌ വൈകിപ്പിക്കുന്നത്‌ ആരാണ്‌? കര്‍ണാടക പോലീസാണെങ്കില്‍ മുരളീധരനും കൂട്ടരും മാര്‍ച്ച്‌ നടത്തേണ്ടത്‌ ബംഗളൂരു പോലീസ്‌ കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രിയുടെ ഓഫീസിലേക്കാണ്‌. അല്ലെങ്കില്‍ അവിടുത്തെ ആഭ്യന്തര മന്ത്രി ബി എസ്‌ ആചാര്യയുടെ ഓഫീസിലേക്ക്‌. കൈവെട്ട്‌ കേസിലാണെങ്കില്‍ കേരളത്തിലെ ഡി ജി പിയുടെ ഓഫീസിലേക്കോ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കോ മാര്‍ച്ച്‌ നടത്താം. അതിന്‌ മിനക്കെടാതെ അന്‍വാറുശ്ശേരിയിലേക്കും മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രത്തിലേക്കും മാര്‍ച്ച്‌ നടത്താന്‍ തീരുമാനിച്ചതിന്റെ പൊരുളെന്തായിരിക്കും? 

മനസ്സിലാക്കാന്‍ പ്രയാസമില്ല. അന്‍വാറുശ്ശേരിയിലെയോ മഞ്ചേരിയിലെയോ ബി ജെ പി മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിപ്പിക്കാന്‍ പ്രയാസമൊന്നുമുണ്ടാവില്ല. അതിനുള്ള വഴികള്‍ ആരും പറഞ്ഞുകൊടുക്കേണ്ടതുമില്ല. സി പി എം ആസ്ഥാനത്തേക്ക്‌ മാര്‍ച്ച്‌ നടത്തുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്‌താല്‍ അതിന്‌ വര്‍ഗച്ചൂരുണ്ടാവും. അന്‍വാറുശ്ശേരിയിലേക്കോ മഞ്ചേരിയിലേക്കോ മാര്‍ച്ച്‌ നടത്തി സംഘര്‍ഷമുണ്ടായാല്‍ അതിന്‌ വര്‍ഗീയച്ചുവയുണ്ടാക്കാം.
ഏക ലക്ഷ്യത്തോടെ പല മേഖലകളില്‍ പുരോഗമിക്കുന്ന നാടകങ്ങളില്‍ ഒന്ന്‌ മാത്രമാണ്‌ വി മുരളീധരന്‍ പ്രഖ്യാപിച്ചത്‌. മറ്റൊന്ന്‌ അറസ്റ്റ്‌ ചെയ്യാന്‍ കര്‍ണാടക പോലീസ്‌ ഇപ്പോള്‍ സ്വീകരിച്ച നടപടികളാണ്‌. അബ്‌ദുന്നാസര്‍ മഅ്‌ദനി സര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയിട്ട്‌ ഒരാഴ്‌ചയിലേറെയായി. സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചിട്ടുമില്ല. എന്നിട്ടും അറസ്റ്റിന്‌ നടപടിയെടുക്കാന്‍ മുസ്‌ലിംകളുടെ പുണ്യമാസമായ റമസാന്‍ പിറക്കുന്നതിന്‌ രണ്ട്‌ ദിവസം മുമ്പ്‌ വരെ കാത്തിരുന്നു കര്‍ണാടക പോലീസ്‌. രണ്ട്‌ ദിവസത്തിനപ്പുറം കേരളം സന്ദര്‍ശിക്കുന്ന രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്‌ സുരക്ഷയൊരുക്കേണ്ട ചുമതലയുണ്ട്‌ സംസ്ഥാന പോലീസിന്‌. സ്വാതന്ത്ര്യ ദിനപ്പുലരിയില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടക്കുന്ന പരേഡുകളില്‍ പങ്കെടുക്കേണ്ടതും പോലീസുകാരാണ്‌. ഇവര്‍ അതിനു വേണ്ട പരിശീലനത്തിലാണ്‌. സ്വാഭാവികമായും മഅ്‌ദനിയുടെ അറസ്റ്റ്‌ നടക്കുമ്പോള്‍ ക്രമസമാധാനം പാലിക്കുന്നതിന്‌ അന്‍വാറുശ്ശേരിയിലേക്ക്‌ നിയോഗിക്കാന്‍ പോലീസിനെ സംഘടിപ്പിക്കാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാവും. അത്‌ അവര്‍ അറിയിച്ചാല്‍ കേരള പോലീസ്‌ അറസ്റ്റിന്‌ വേണ്ട സഹായം ചെയ്‌തില്ലെന്ന്‌ ആരോപിച്ച്‌ കര്‍ണാടക പോലീസിന്‌ വിജയകരമായി മടങ്ങാം. സുപ്രധാനമായ ഒരു കേസില്‍ ആരോപണവിധേയനായ ആളെ അറസ്റ്റ്‌ ചെയ്യാതെ വീണ്ടും വീണ്ടും വാറണ്ട്‌ നീട്ടുന്നതിന്‌ കോടതിയില്‍ നിന്ന്‌ ലഭിച്ച വിമര്‍ശത്തിന്‌ മുട്ടുശാന്തിയുമാവും. കേരള പോലീസ്‌ അറസ്റ്റിന്‌ സഹകരിച്ചില്ലെന്ന്‌ പറയുമ്പോള്‍ അതിലൂടെ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താന്‍ ബി ജെ പിക്ക്‌ അവസരവും കിട്ടും.
ഈ അവസരം മുന്‍കൂട്ടിക്കണ്ട്‌ കര്‍ണാടകത്തിലെ ആഭ്യന്തര മന്ത്രി വി എസ്‌ ആചാര്യ മുന്‍പേ തന്നെ പ്രസ്‌താവന ആരംഭിച്ചിട്ടുമുണ്ട്‌. മഅ്‌ദനിയുടെ അറസ്റ്റിന്‌ കേരളം സഹകരിക്കുന്നില്ലെന്ന്‌ അദ്ദേഹം ഡല്‍ഹിയിലും ബംഗളൂരുവിലും വാര്‍ത്താ ലേഖകരോട്‌ പറഞ്ഞു. ഏത്‌ തരത്തിലുള്ള സഹകരണമാണ്‌ വി എസ്‌ ആചാര്യയും കൂട്ടരും പ്രതീക്ഷിക്കുന്നത്‌ എന്ന്‌ മനസ്സിലാവുന്നില്ല. ഗുജറാത്ത്‌ പോലീസിനോട്‌ രാജസ്ഥാനിലെയും മഹാരാഷ്‌ട്രയിലെയും പോലീസുകാര്‍ സഹകരിച്ചതാവും അദ്ദേഹത്തിന്റെ മനസ്സില്‍. `കൊടും കുറ്റവാളിയായ' സുഹ്‌റാബുദ്ദീന്‍ ശൈഖിനെ അറസ്റ്റ്‌ ചെയ്യാന്‍ എസ്‌ പി നേരിട്ട്‌ പുറപ്പെടുകയും കൊല നടത്തി, ഏറ്റുമുട്ടലായി ചിത്രീകരിച്ച്‌ പട്ടും വളയും വാങ്ങുന്നതാണ്‌ രാജസ്ഥാന്‍ മോഡല്‍ സഹകരണം. മുംബൈയിലെയോ താനെയിലെയോ തെരുവുകളില്‍ അഷ്‌ടിക്ക്‌ വക തേടുന്നവരെ അറസ്റ്റ്‌ ചെയ്‌ത്‌ ഗുജറാത്ത്‌ പോലീസിന്‌ കൈമാറുന്നതാണ്‌ മഹാരാഷ്‌ട്ര മോഡല്‍. ഇവര്‍ പിന്നീട്‌ ലശ്‌കറെ ത്വയ്യിബയുടെ ഏജന്റുമാരായി അഹമ്മദാബാദിലെയോ പരിസരത്തെയോ തെരുവുകളില്‍ വെടിയേറ്റ്‌ വീഴും. പട്ടും വളയും ഗുജറാത്ത്‌ പോലീസിന്‌. ഇത്തരമൊരു സഹകരണം വി എസ്‌ ആചാര്യ പ്രതീക്ഷിച്ചുപോകുന്നതില്‍ അത്ഭുതമില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക്‌ പരിചയമുള്ള രീതി അതാണ്‌.
ഒരു സംസ്ഥാനത്ത്‌ ചാര്‍ജ്‌ ചെയ്‌ത കേസില്‍ ആരോപണ വിധേയനായ ആളെ മറ്റൊരു സംസ്ഥാനത്ത്‌ ചെന്ന്‌ അറസ്റ്റ്‌ ചെയ്യുന്നതിന്‌ നിയതമായ മാര്‍ഗങ്ങളുണ്ട്‌. അറസ്റ്റ്‌ ചെയ്‌ത്‌ കൈമാറണമെന്ന്‌ സംസ്ഥാന പോലീസിന്‌ ആവശ്യപ്പെടാം. അതിന്‌ തയ്യാറാവുന്നില്ലെങ്കില്‍ അറസ്റ്റ്‌ ചെയ്യാന്‍ തങ്ങളുടെ പോലീസ്‌ എത്തുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും ആവശ്യപ്പെടാം. അതുമല്ലെങ്കില്‍ അറസ്റ്റ്‌ ചെയ്യാന്‍ തയ്യാറായി എത്തി, പ്രദേശത്തെ പോലീസ്‌ ഉദ്യോഗസ്ഥനെ കാര്യങ്ങള്‍ ധരിപ്പിച്ച്‌ കൃത്യ നിര്‍വഹണത്തില്‍ ഏര്‍പ്പെടാം. ഇതില്‍ ആദ്യത്തെ രണ്ട്‌ മാര്‍ഗവും കര്‍ണാടക പോലീസ്‌ സ്വീകരിച്ചതായി അറിവില്ല. അറസ്റ്റ്‌ ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തുന്നുവെന്ന വിവരം അഞ്ച്‌ ദിവസം മുമ്പ്‌ കേരള പോലീസിനെ അറിയിച്ചുവെന്നാണ്‌ കര്‍ണാടകത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഏറ്റവും ഒടുവില്‍ പറഞ്ഞത്‌. അങ്ങനെയാണെങ്കില്‍ കര്‍ണാടക പോലീസ്‌ ആദ്യം കൊച്ചിയിലെത്തിയത്‌ എന്തിനാണ്‌? കേരള പോലീസിനെ അറസ്റ്റിന്റെ വിവരം അറിയിച്ചപ്പോള്‍ കൊച്ചിയിലാണ്‌ മഅ്‌ദനിയുള്ളതന്ന്‌ പറഞ്ഞിരുന്നോ? മഅ്‌ദനി കൊല്ലത്ത്‌ അന്‍വാറുശ്ശേരിയിലാണുള്ളതെന്ന്‌, `ബംഗ്ലാദേശില്‍ പോയി തടിയന്റവിട നസീറിന്റെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ പോലും ശേഷിയും ശേമുഷിയുമുള്ള' (അങ്ങനെയും റിപ്പോര്‍ട്ടുണ്ടായിരുന്നു) കര്‍ണാടക പോലീസിന്‌ അറിയാന്‍ സാധിച്ചില്ലെന്നോ?
അറസ്റ്റ്‌ ചെയ്‌ത്‌, ചോദ്യം ചെയ്‌ത്‌, അതിന്റെ കൂടി അടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടത്തി ന്യായാന്യായങ്ങള്‍ തീര്‍പ്പാക്കുകയല്ല ഇതിന്റെയൊന്നും ലക്ഷ്യമെന്ന്‌ ഉറപ്പ്‌. ആടുന്ന എല്ലാ നാടകങ്ങളുടെയും ലക്ഷ്യം ഒന്നാണ്‌. വര്‍ഗീയമായ ചേരിതിരിവ്‌ സൃഷ്‌ടിക്കുക. റമസാന്‍ പുലര്‍ന്നതിന്‌ ശേഷം അന്‍വാറുശ്ശേരിയില്‍ പോലീസ്‌ ബൂട്ടുകള്‍ അമരുകയാണെങ്കില്‍, സ്വതവേ വൈകാരികത കൂടുതല്‍ പ്രകടിപ്പിക്കുന്ന പി ഡി പിയുടെ പ്രവര്‍ത്തകര്‍ അമിതമായി പ്രതികരിച്ചേക്കും. അതൊരു പിടിവലിയിലെങ്കിലും കലാശിച്ചാല്‍ അത്രയും ഗുണം തങ്ങളുടെ രാഷ്‌ട്രീയ മേലാളന്‍മാര്‍ക്കുണ്ടെന്ന്‌ കര്‍ണാടക പോലീസ്‌ തിരിച്ചറിയുന്നുണ്ടാവണം. അല്ലെങ്കില്‍ വി എസ്‌ ആചാര്യയെപ്പോലുള്ളവര്‍ പോലീസിനെ ഉപദേശിച്ചിട്ടുണ്ടാവണം. അന്‍വാറുശ്ശേരിയിലേക്ക്‌ മാര്‍ച്ച്‌ പ്രഖ്യാപിച്ചവര്‍ കര്‍ണാടക നേതാക്കള്‍ക്ക്‌ തലയണ മന്ത്രമുപദേശിച്ചതാവാനും മതി. ഇരുമ്പഴിക്കുള്ളിലായിക്കഴിഞ്ഞാല്‍ മഅ്‌ദനിയുടെ കാര്യത്തിലുള്ള പ്രചാരണങ്ങള്‍ ഏശാതെ വരും. ഫല സിദ്ധി കുറയും. അതുകൊണ്ട്‌ അറസ്റ്റിന്‌ മുമ്പ്‌ പരമാവധി നാടകങ്ങള്‍ ഒരുക്കേണ്ടത്‌ അവര്‍ക്ക്‌ അനിവാര്യമാണ്‌. 

2010-08-10

തമിഴ്‌ പേച്ച്‌ തടയുമ്പോള്‍



ഡോ. ചരണ്‍ ദാസ്‌ മഹന്ത്‌ പണ്ഡിതനാണ്‌. ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്തതിന്‌ ശേഷം ശാസ്‌ത്രേതര വിഷയത്തിലും ബിരുദാനന്തര ബിരുദമെടുത്തു. പിന്നെ നിയമ ബിരുദം. ഇതും പോരാഞ്ഞ്‌ പി എച്ച്‌ ഡിയും. അങ്ങനെയാണ്‌ പേരിനു മുന്നില്‍ ഡോക്‌ടര്‍ എന്ന വിശേഷണ പദം സ്വന്തമാക്കിയത്‌. മധ്യപ്രദേശിലെ ബര്‍ക്കത്തുല്ല സര്‍വകലാശാലയിലായിരുന്നു പഠനകാലത്തില്‍ ഏറെയും. ഇത്രയും പഠനത്തിന്‌ ശേഷം അദ്ദേഹം തൊഴിലായി സ്വീകരിച്ചത്‌ കാര്‍ഷികവൃത്തിയും സാമൂഹിക സേവനവുമായിരുന്നു. ഇപ്പോള്‍ ഛത്തീസ്‌ഗഢിലെ കോര്‍ബ മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായാണ്‌ അദ്ദേഹം മത്സരിച്ചത്‌. 


ഉയര്‍ന്ന വിദ്യാഭ്യാസത്തിന്‌ അവസരം ലഭിച്ച മഹന്ത്‌ തന്റെ പ്രവര്‍ത്തന പന്ഥാവായി കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തത്‌ ആലോചിക്കാതെയാവില്ല. ദേശീയതലത്തില്‍ പടര്‍ന്നു പന്തലിച്ച്‌ കിടക്കുന്ന കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിന്‌ മാത്രമേ ജാതി, മത, വര്‍ണ, ഭാഷാ ഭേദമില്ലാതെ ഇന്ത്യയെ ഒരുപോലെ കാണാനാവൂ എന്ന്‌ ധരിച്ചിട്ടുണ്ടാവണം, 1954ല്‍ ഭൂജാതനായ ചരണ്‍ ദാസ്‌ മഹന്ത്‌. രാഷ്‌ട്രീയത്തില്‍ ഒതുങ്ങുന്നില്ല ഈ വ്യക്തിത്വം. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌. കബീര്‍ ദാസിന്റെ കൃതികളെക്കുറിച്ച്‌ അഗാധമായ അറിവുണ്ട്‌. ലോക്‌ സഭയിലെത്തും മുമ്പ്‌ മധ്യപ്രദേശ്‌ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌, അവിടെ മന്ത്രിയുമായി. ഛത്തീസ്‌ഗഢ്‌ സംസ്ഥാനം രൂപവത്‌കരിച്ചതിന്‌ ശേഷം പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്നു. ഛത്തീസ്‌ഗഢിന്‌ ഇപ്പോഴൊരു പ്രത്യേകത കൂടിയുണ്ട്‌, കേന്ദ്ര സര്‍ക്കാര്‍ ഭീകര പ്രസ്ഥാനമായി പ്രഖ്യാപിച്ച സി പി ഐ (മാവോയിസ്റ്റ്‌) ക്ക്‌ ഏറ്റവും അധികം സ്വാധീനമുള്ള സംസ്ഥാനമാണത്‌. സംസ്ഥാനത്തെ പകുതിയിലേറെ സ്ഥലങ്ങളിലും ഇലയനങ്ങണമെങ്കില്‍ മാവോയിസ്റ്റുകള്‍ വിചാരിക്കണം.

ചരണ്‍ ദാസ്‌ മഹന്തിന്റെ വ്യക്തി ചരിത്രവും ഛത്തീസ്‌ഗഢിന്റെ സമകാലികാവസ്ഥയും മുന്നില്‍വെച്ചുവേണം ലോക്‌സഭയില്‍ ഡി എം കെ നേതാവും രാസവസ്‌തു, വളം മന്ത്രിയുമായ എം കെ അഴഗിരി അപമാനിക്കപ്പെട്ടതിനെ വിലയിരുത്താന്‍. ചരണ്‍ ദാസ്‌ മഹന്തിന്റെ ചോദ്യത്തിനാണ്‌ ഒന്നേകാല്‍ വര്‍ഷത്തിനിടെ ആദ്യമായി അഴഗിരി മറുപടി നല്‍കിയത്‌. അതിനെ കളിയാക്കിക്കൊണ്ട്‌ മഹന്ത്‌ സഭയില്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌ `എന്റെ ചോദ്യം ഇന്ന്‌ സഭയില്‍ ഉന്നയിക്കപ്പെടുന്നവയുടെ പട്ടികയില്‍ ആദ്യമെത്തിയതില്‍ ഞാന്‍ ഭാഗ്യവാനാണ്‌. മന്ത്രിയുടെ ആദ്യത്തെ മറുപടി എന്റെ ചോദ്യത്തിലായതിലും ഞാന്‍ ഭാഗ്യവാനാണ്‌.' ഇവിടെ അഴഗിരി എന്ന വ്യക്തി മാത്രമല്ല അപമാനിക്കപ്പെടുന്നത്‌. തമിഴ്‌ എന്ന ഭാഷകൂടിയാണ്‌. ആ ഭാഷയിലൂടെ ഒരു ജനതയുടെ സംസ്‌കാരം കൂടിയാണ്‌. അത്‌ മനസ്സിലാക്കാന്‍ പണ്ഡിതനായ ഡോ. ചരണ്‍ ദാസ്‌ മഹന്തിന്‌ സാധിക്കാത്തതുകൊണ്ടാണ്‌ അദ്ദേഹം അഴഗിരിയെ കളിയാക്കാന്‍ തയ്യാറായത്‌. 


ക്യാബിനറ്റ്‌ മന്ത്രിയായപ്പോള്‍ തന്നെ ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളില്‍ തനിക്ക്‌ പ്രാവീണ്യം പോരെന്നും അതുകൊണ്ട്‌ ചോദ്യോത്തരവേളയില്‍ തമിഴില്‍ മറുപടി നല്‍കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ അഴഗിരി ലോക്‌സഭാ സ്‌പീക്കറെ സമീപിച്ചിരുന്നു. എന്നാല്‍ ചോദ്യോത്തരവേളയില്‍ ഇംഗ്ലീഷ്‌, ഹിന്ദി ഇതര ഭാഷ ഉപയോഗിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്ന്‌ പാര്‍ലിമെന്റിന്റെ ഇരുസഭകളിലെയും ചോദ്യോത്തര വേളകളില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ അഴഗിരി തീരുമാനിച്ചു. ചോദ്യത്തിന്‌ മറുപടി പറയാന്‍ മന്ത്രിയില്ലാത്തത്‌ ചൂണ്ടിക്കാട്ടി ഭാരത ദേശീയതയുടെ `കുത്തക' കൈയാളുന്ന ബി ജെ പിയുടെ അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. ഇതേത്തുടര്‍ന്ന്‌ സ്‌പീക്കര്‍ തന്നെ മുന്നോട്ടുവെച്ച പരിഹാര നിര്‍ദേശമനുസരിച്ചാണ്‌ കഴിഞ്ഞ ദിവസം അഴഗിരി മറുപടി നല്‍കിയത്‌. നേരത്തെ നല്‍കുന്ന ചോദ്യത്തിന്‌ ഇംഗ്ലീഷില്‍ എഴുതിത്തയ്യാറാക്കിയ മറുപടി അഴഗിരി വായിക്കുക, അംഗങ്ങള്‍ ഉന്നയിക്കുന്ന ഉപചോദ്യങ്ങള്‍ക്ക്‌ സഹമന്ത്രി ശ്രീകാന്ത്‌ ജേന മറുപടി നല്‍കുക എന്നതായിരുന്നു സ്‌പീക്കര്‍ നിര്‍ദേശിച്ച പോംവഴി.

ഒന്നേകാല്‍ വര്‍ഷമായി പാര്‍ലിമെന്റിന്റെ ഇരുസഭകളിലെയും ചോദ്യോത്തര വേളകളില്‍ നിന്ന്‌ അഴഗിരി വിട്ടുനിന്നത്‌ പ്രതിഷേധത്തിന്റെ സൂചകമാണെന്ന്‌ പോലും നമ്മള്‍ മനസ്സിലാക്കിയില്ല. ലോകഭാഷയെന്ന അനൗദ്യോഗിക അംഗീകാരം ഇംഗ്ലീഷിനുണ്ടെങ്കിലും അത്‌ നമ്മളെ സംബന്ധിച്ച്‌ അധിനിവേശത്തിന്റെ ബാക്കിപത്രം കൂടിയാണ്‌. രാജ്യത്ത്‌ ഭൂരിപക്ഷം ആളുകള്‍ സംസാരിക്കുന്നത്‌ ഹിന്ദിയാണെന്ന നിലക്ക്‌ അതിന്‌ രാഷ്‌ട്രഭാഷ എന്ന പദവി നല്‍കിയിട്ടുണ്ട്‌. ഇവ രണ്ടും മാത്രമേ പാര്‍ലിമെന്റിലെ ചോദ്യോത്തര വേളയില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിര്‍ബന്ധത്തിനെതിരായ പ്രതിഷേധമായി വേണം അഴഗിരിയുടെ വിട്ടുനില്‍ക്കലിനെ കാണാന്‍. പാര്‍ലിമെന്റ്‌ സമ്മേളനത്തിന്റെ ഇതര സമയങ്ങളിലെല്ലാം പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്‌. അത്‌ തത്സമയം പരിഭാഷപ്പെടുത്തി അംഗങ്ങളുടെ ചെവിയിലെത്തിക്കാന്‍ സാങ്കേതിക സംവിധാനവുമുണ്ട്‌. എന്നിട്ടും ചോദ്യോത്തര വേളയില്‍ ഇംഗ്ലീഷ്‌, ഹിന്ദി ആധിപത്യം നിലനില്‍ക്കുന്നു. ഇത്‌ മറികടക്കുന്നതിനെക്കുറിച്ച്‌ ഇക്കാലത്തിനിടെ ആലോചനകളൊന്നുമുണ്ടായില്ല. അതായത്‌ ചിലയിടങ്ങളിലെങ്കിലും ആധിപത്യം നിലനില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധി ഭരണകൂടത്തിന്‌ ഉണ്ടെന്ന്‌ തോന്നുന്നു.

544 അംഗ ലോക്‌സഭയിലെ 39 സീറ്റുകള്‍ തമിഴ്‌നാട്ടില്‍ നിന്നാണ്‌. ഭാഷയോട്‌ അവര്‍ക്കുള്ള അതിരുകടന്ന ആഭിമുഖ്യം പ്രസിദ്ധവുമാണ്‌. ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുകൊണ്ട്‌ 1963ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. അതിനെതിരെ തമിഴ്‌നാട്ടിലുയര്‍ന്ന പ്രക്ഷോഭം അതിരൂക്ഷമായിരുന്നു. 1965ല്‍ തമിഴ്‌നാട്ടില്‍ ഉയര്‍ന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അന്ന്‌ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ കൊല്ലപ്പെട്ടത്‌ നൂറുകണക്കിനാളുകളാണ്‌. ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന്റെ കൂടി ബലത്തിലാണ്‌ മുമ്പു തന്നെ സജീവമായിരുന്ന ദ്രാവിഡ പ്രസ്ഥാനം തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുന്നത്‌. 1967ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിരുദുനഗര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കാമരാജ നാടാര്‍ പോലും പരാജയത്തിന്റെ രുചിയറിഞ്ഞിരുന്നു. ഭാഷയോടുള്ള വികാരം ദ്രാവിഡ പ്രസ്ഥാനങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്നുമുണ്ട്‌. അടുത്തിടെ കോയമ്പത്തൂരില്‍ നടന്ന ലോക ക്ലാസിക്കല്‍ തമിഴ്‌ സമ്മേളനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായിരുന്നുവെന്നാണ്‌ അഴഗിരിയുടെ പിതാവും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായ എം കരുണാനിധി പറഞ്ഞത്‌. ഇതൊരു സാധാരണ രാഷ്‌ട്രീയക്കാരന്റെ പതിവ്‌ വാചകമായി തെറ്റിദ്ധരിക്കേണ്ടതില്ല. ജീവിതം മുഴുവന്‍ തമിഴ്‌ ഭാഷക്കും സംസ്‌കാരത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച നേതാവിന്റെ വാക്കുകളായി കാണണം.

യൂനിയന്‍ ഓഫ്‌ ഇന്ത്യയിലെ യൂനിയന്‍ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ (ഭാഷ, പ്രദേശം, സംസ്‌കാരം എന്നിവയിലുള്ള ഭിന്നതകളുടെ കൂട്ടായ്‌മയെ പ്രതിനിധാനം ചെയ്യാനാണ്‌ രാജ്യത്തിന്റെയും സര്‍ക്കാറിന്റെയും പേര്‌ ഇത്തരത്തില്‍ വിവക്ഷിക്കുന്നത്‌) പ്രമുഖമായ ഭാഷയെ (ഭാഷകളെ) രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയുടെ ഒരു സെഷനില്‍ നിന്നെങ്കിലും ഒഴിവാക്കി നിര്‍ത്തുക എന്നാല്‍ അത്‌ അവഗണനയുടെ പ്രതീകം തന്നെയാണ്‌. പ്രക്ഷോഭങ്ങളുടെ പിടിയില്‍ അമര്‍ന്ന ജമ്മു കാശ്‌മീരിലെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം സാമ്പത്തിക പാക്കേജിലൂടെയല്ല, രാഷ്‌ട്രീയമായ ആശയവിനിമയത്തിലൂടെയാണെന്ന്‌ മുഖ്യമന്ത്രി ഉമര്‍ അബ്‌ദുല്ലക്ക്‌ പറയേണ്ടിവരുന്നതും പി ചിദംബരത്തിനെപ്പോലുള്ള നേതാക്കള്‍ക്ക്‌ അത്‌ ഏറ്റുപറയേണ്ടിവരുന്നതും എന്തുകൊണ്ടാണ്‌? ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റുകളുടെ വാക്കുകള്‍ക്ക്‌ വിലകല്‍പ്പിക്കാന്‍ ആദിവാസികള്‍ തയ്യാറായത്‌ വര്‍ഷങ്ങളായി അവരെ ഭരണകൂടം അവഗണിച്ചതുകൊണ്ടാണെന്ന്‌ വിലയിരുത്തപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? 


തമിഴ്‌ ഈഴം സ്ഥാപിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴത്തിന്‌ (എല്‍ ടി ടി ഇ) ഡി എം കെയുടെ പിന്തുണ ലഭിച്ചിരുന്നുവെന്നത്‌ വെറും ആരോപണമല്ല. എം ഡി എം കെ, തമിഴ്‌ നാഷനല്‍ മൂവ്‌മെന്റ്‌ തുടങ്ങിയ സംഘടനകള്‍ പ്രകടമായിത്തന്നെ എല്‍ ടി ടി ഇയെ പിന്തുണച്ചിരുന്നു, ഇപ്പോഴും പിന്തുണക്കുന്നു. ശ്രീലങ്കയിലെ തമിഴ്‌ ജനതയുടെ (ഭാഷയെച്ചൊല്ലിയാണ്‌ അവിടെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌) അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുക എന്നതിനപ്പുറത്ത്‌ തമിഴ്‌ ദേശീയത എന്ന തിരിച്ചറിവ്‌ ഈ പിന്തുണയുടെ പിന്നാമ്പുറത്തുണ്ടെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല.

ജനാധിപത്യ സമ്പ്രദായത്തിലെ പ്രാതിനിധ്യ സ്വഭാവം എന്നത്‌ അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും അതിലൂടെ പാര്‍ലിമെന്റിലും നിയമസഭകളിലും എത്തുന്ന പ്രതിനിധികളിലും ഒതുങ്ങുന്നില്ല. ഭാഷ, സംസ്‌കാരം, വംശം, ഗോത്രം തുടങ്ങി നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ക്കെല്ലാമുള്ള അര്‍ഹിക്കുന്ന പരിഗണന കൂടിയാണത്‌. അത്‌ നിഷേധിക്കപ്പെടുന്നുവെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള അധികാരത്തിന്‌ വേണ്ടി വാദങ്ങളുയരുന്നത്‌. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സര്‍ക്കാറും ഇപ്പോഴത്തെ രണ്ടാം യു പി എ സര്‍ക്കാറും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്‌ സാമ്പത്തിക മേഖലയില്‍ പ്രത്യേക പരിഗണന നല്‍കി എന്നത്‌ വസ്‌തുതയാണ്‌. എന്ത്‌ പദ്ധതിയായാലും അല്‍പ്പം വിഹിതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ അനുവദിച്ചു. എന്നിട്ടും രാഷ്ട്രീയ ഭിന്നതയും സ്വയംഭരണാധികാരമെന്ന ആവശ്യവും ഇല്ലാതാക്കാനായില്ല. പരിഗണന എന്ത്‌ എന്നത്‌ പ്രധാനമാണ്‌. അതുകൊണ്ടാണ്‌ കാശ്‌മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാമ്പത്തിക പാക്കേജല്ല, രാഷ്‌ട്രീയമായ ആശയവിനിമയമാണ്‌ വേണ്ടതെന്ന്‌ ഉമര്‍ അബ്‌ദുല്ല പറയുന്നതും ചിദംബരം തലയാട്ടി അംഗീകരിക്കുന്നതും.

തമിഴില്‍ മറുപടി പറയാനുള്ള അഴഗിരിയുടെ ആവശ്യം അംഗീകരിക്കപ്പെടാതിരിക്കുകയും പാര്‍ലിമെന്ററി സംവിധാനത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി പ്രവര്‍ത്തിക്കേണ്ടിവരികയും ചെയ്‌തപ്പോഴാണ്‌ ഡോ. ചരണ്‍ ദാസ്‌ മഹന്തിനെപ്പോലെയുള്ളവര്‍ കളിയാക്കാന്‍ രംഗത്തുവരുന്നത്‌. വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മഹന്ത്‌ ഇതിന്‌ മുതിരുമ്പോള്‍ അത്‌ ആ പ്രസ്ഥാനത്തിന്റെ തന്നെ കാഴ്‌ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുണ്ട്‌. സ്വാതന്ത്ര്യത്തിന്‌ ശേഷമുള്ളതില്‍ ഒരു ദശകം ഒഴിവാക്കി നിര്‍ത്തിയാല്‍ ബാക്കി മുഴുവന്‍ അധികാരത്തിലിരുന്നത്‌ കോണ്‍ഗ്രസ്സാണല്ലോ.

2010-08-07

കല്‍മാഡിക്കൂട്ടങ്ങള്‍



കളി എന്നത്‌ വെറും കളിയല്ലെന്ന ബോധ്യത്തിന്‌ കാലപ്പഴക്കമുണ്ട്‌. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ടീമുകള്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ അത്‌ ക്രിക്കറ്റ്‌ നയതന്ത്രമായി വിലയിരുത്തപ്പെടാറുണ്ട്‌. പാക്‌ ടീം മത്സരിക്കുന്നു എന്ന കാരണം കൊണ്ട്‌ ക്രിക്കറ്റ്‌ പിച്ച്‌ കുത്തിക്കീറാനും കരി ഓയില്‍ ഒഴിക്കാനും ശിവസേനയെപ്പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ തയ്യാറാവുമ്പോള്‍ അത്‌ വര്‍ഗീയതയുടെ പ്രത്യക്ഷ പ്രകടനമാവുന്നു. ആന്‍ഡ്രൂ സൈമണ്ട്‌സിനെ ചിത്രത്തില്‍ വാല്‌ വരച്ചുചേര്‍ക്കാന്‍ ഇന്ത്യന്‍ കാണികള്‍ മെനക്കെടുമ്പോള്‍ അതിന്‌ വംശീയാധിക്ഷേപത്തിന്റെ ചുവയുണ്ടാവും. ഇത്‌ സമകാലിക ചരിത്രമാണെങ്കില്‍ ഒളിംപിക്‌ ട്രാക്കില്‍ നേടിയെടുത്ത സ്വര്‍ണങ്ങള്‍ കൊണ്ട്‌ ഹിറ്റ്‌ലറുടെ ആഢ്യരക്ത സിദ്ധാന്തത്തെ പുച്ഛിച്ച ജെസ്സി ഓവന്‍സിനെപ്പോലുള്ളവര്‍ മുന്‍കാലത്തുണ്ട്‌. 


രാജ്യാതിര്‍ത്തികളെയും വര്‍ഗ, വര്‍ണ വ്യത്യാസങ്ങളെയും ഇല്ലാതാക്കി മാനവകുലത്തിലെ ഒരുമ ഉയര്‍ത്തിക്കാട്ടുക എന്നതാണ്‌ എല്ലാ കായിക ഉത്സവങ്ങളുടെയും അടിസ്ഥാന ചിന്താഗതി. എന്നാല്‍ അതിനപ്പുറത്തുള്ള രാഷ്‌ട്രിയവും ചേരിതിരിവും മേല്‍ക്കോയ്‌മാ പ്രകടനങ്ങളും ഈ മാമാങ്കങ്ങളുടെ അകമ്പടിയാണ്‌. ഉത്സവങ്ങളുടെ ഒരുക്കങ്ങള്‍ക്കിടയില്‍ പുറംതള്ളപ്പെടുന്നവരും കുറവല്ല. ബീജിംഗ്‌ ഒളിംപിക്‌സിന്‌ ചൈന ഒരുങ്ങിയപ്പോള്‍ പുറത്താക്കപ്പെട്ടത്‌ അഷ്‌ടിക്ക്‌ വകതേടി മഹാനഗരത്തിന്റെ ഓരങ്ങളിലേക്ക്‌ കുടിയേറിയ ആയിരക്കണക്കിനാളുകളാണ്‌. പുറംതള്ളുന്ന കാര്‍ബണ്‍ വാതകത്തിന്റെ തോത്‌ ചൂണ്ടിക്കാട്ടി ചൈനക്കുമേല്‍ സമ്മര്‍ദമേറ്റാന്‍ അക്കാലത്ത്‌ അമേരിക്ക ശ്രമിച്ചത്‌ ബീജിംഗ്‌ ഒളിംപിക്‌സിലെ രാഷ്‌ട്രീയ മുഖമായിരുന്നു. ചൈനീസ്‌ തെരുവുകളില്‍ ഓടുന്ന വാഹനങ്ങള്‍ കാര്‍ബണ്‍ വാതകത്തിന്റെ പേരില്‍ ഒഴിവാക്കപ്പെടുമ്പോള്‍ പകരം വെക്കപ്പെടുക അമേരിക്കന്‍ കമ്പനികളുടെ ഉത്‌പന്നങ്ങളായിരിക്കുമെന്ന ഉറപ്പ്‌ അമേരിക്കക്കുണ്ടായിരുന്നു. കാര്‍ബണ്‍ വാതക രാഷ്‌ട്രീയത്തിന്റെ കച്ചവടക്കണ്ണ്‌.

ഇന്ത്യാ മഹാരാജ്യം മറ്റൊരു കായിക മാമാങ്കത്തിന്റെ ഒരുക്കത്തിലാണ്‌. ഒക്‌ടോബര്‍ മൂന്ന്‌ മുതല്‍ 14 വരെ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ. 54 രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ കോമണ്‍വെല്‍ത്ത്‌. ഇതില്‍ 52 എണ്ണവും ബ്രിട്ടീഷ്‌ സാമ്രാജ്യത്തില്‍ `സൂര്യനസ്‌തമിക്കാതിരുന്ന കാലത്ത്‌' അടിമകളായിരുന്നു. കോളനിവത്‌കരണത്തില്‍ നിന്ന്‌ രാജ്യങ്ങളോരോന്നായി മോചനം നേടിയപ്പോള്‍ പൂര്‍വകാല അടിമകളുടെ സംഘടന രൂപവത്‌കരിക്കുന്നത്‌ ഗുണകരമാവുമെന്ന്‌ ബ്രിട്ടന്‌ തോന്നി. അതിന്റെ ഫലമാണ്‌ കോമണ്‍വെല്‍ത്ത്‌ ഗ്രൂപ്പ്‌. ഇംപീരിയല്‍ കോണ്‍ഫറന്‍സ്‌ തുടങ്ങി മുമ്പ്‌ തന്നെ നിലവിലിരുന്ന സംഘടനാ രൂപത്തിന്‌ പുതിയ സാഹചര്യത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തുകയാണ്‌ ചെയ്‌തത്‌. ബ്രിട്ടന്റെ രാജ്ഞിയാണ്‌ ഇന്നും സംഘടനയുടെ തലപ്പത്ത്‌. 


 പരോക്ഷമായെങ്കിലും ബ്രിട്ടനിലെ രാജ്ഞിയെ അംഗരാഷ്‌ട്രങ്ങള്‍ അംഗീകരിക്കുന്ന സ്ഥിതി. വ്യാപാരത്തിലൂടെ ആരംഭിച്ച്‌ സൈനികമായി പൂര്‍ത്തിയാക്കിയ അധിനിവേശം, സ്വാതന്ത്ര്യം നേടിയ ശേഷവും അടിമകള്‍ക്കു മേല്‍ പരോക്ഷമായി നിലനിര്‍ത്താന്‍ ഇത്തരം സംഘടനാ രൂപങ്ങള്‍ സഹായിക്കുന്നുണ്ടാവണം. വ്യാപാരം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ മേല്‍ക്കോയ്‌മ തുടരണമെങ്കില്‍ സൗഹൃദം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്‌. അതിനുള്ള മാര്‍ഗം കൂടിയാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ എന്ന ഉത്സവാഘോഷങ്ങള്‍. അത്‌ പൂര്‍വാധികം ഭംഗിയാക്കാനുള്ള ശ്രമത്തിലാണ്‌ ഇന്ത്യയിലെ ഭരണകൂടം.

ഇത്തരം ഉത്സവങ്ങള്‍ അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌ എന്നത്‌ കാണാതിരുന്നുകൂടാ. കോമണ്‍ വെല്‍ത്ത്‌ ഗെയിംസ്‌ എത്തുമ്പോഴേക്കും ഡല്‍ഹിയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ നാല്‌ വര്‍ഷം മുമ്പേ ശ്രമം തുടങ്ങി. കൂടുതല്‍ മെച്ചപ്പെട്ട കായിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും നടപടികള്‍ സ്വീകരിച്ചു. ഇതെല്ലാം രാജ്യത്തിന്‌ ഗുണകരമാവുമെന്ന്‌ പ്രതീക്ഷിക്കാം. പക്ഷേ, ഇത്തരം നടപടികള്‍ ചില പാര്‍ശ്വഫലങ്ങള്‍ കൂടി സൃഷ്‌ടിക്കാറുണ്ട്‌. അതേക്കുറിച്ച്‌ ആരും അധികം വ്യാകുലപ്പെടാറില്ലെന്ന്‌ മാത്രം. 1982ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡ്‌ രാജ്യം വലിയ രീതിയില്‍ ആഘോഷിച്ച ഒന്നായിരുന്നു. കായിക താരങ്ങള്‍ക്ക്‌ പാര്‍ക്കാനൊരുക്കിയ ഏഷ്യാഡ്‌ ഗ്രാമം കുറച്ചുകാലം കൗതുകക്കാഴ്‌ചയായിരുന്നു. പിന്നീട്‌ ഈ ഗ്രാമത്തിലെ കെട്ടിടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കാനുമായി. പക്ഷെ, ഏഷ്യാഡ്‌ ഗ്രാമം സ്ഥാപിച്ചപ്പോള്‍ അവിടെ നിന്ന്‌ പുറന്തള്ളപ്പെട്ട ആയിരങ്ങളെക്കുറിച്ച്‌ ആരും ആലോചിച്ചിരുന്നില്ല. ഇപ്പോള്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ സൗകര്യങ്ങളൊരുക്കുമ്പോഴും ഇത്തരത്തില്‍ പുറന്തള്ളല്‍ നടക്കുന്നുണ്ട്‌. 


രാജ്യതലസ്ഥാനത്തിന്റെ സമ്പല്‍സമൃദ്ധിയുടെ അവശിഷ്‌ടങ്ങളില്‍ നിന്ന്‌ ഉപജീവനം തേടിയിരുന്ന പതിനായിരക്കണക്കിനാളുകള്‍ ഒഴിവാക്കപ്പെടുകയാണ്‌. ഗെയിംസിന്‌ ഒരുക്കുന്ന സൗകര്യങ്ങളുടെ പേരിലും നഗര സൗന്ദര്യവത്‌കരണത്തിന്റെ പേരിലും. ഇത്തരത്തില്‍ പുറന്തള്ളപ്പെടുന്നതില്‍ ഭൂരിഭാഗവും സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരാണ്‌. അതില്‍ തന്നെ പട്ടിക ജാതി, വര്‍ഗ വിഭാഗക്കാര്‍ ധാരാളമുണ്ടാവും. ഭരണകൂടം ഇത്തരക്കാരെ ഒഴിവാക്കുന്നത്‌, അവരുടെ ക്ഷേമത്തിനായി നീക്കിവെക്കപ്പെട്ട പണം ഉപയോഗിച്ച്‌ തന്നെയാണെന്നതാണ്‌ വലിയ വൈരുധ്യം.

പട്ടിക വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച 750 കോടിയോളം രൂപയാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ ഡല്‍ഹി സര്‍ക്കാര്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റി ചെലവഴിച്ചത്‌. ഇത്‌ ആരോപണമാണെന്നും വസ്‌തുതയല്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ പറയുന്നുണ്ട്‌. എന്നാല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക്‌ ഡല്‍ഹി സര്‍ക്കാര്‍ തന്നെ നല്‍കിയ മറുപടിയിലാണ്‌ ഈ വിവരം വ്യക്തമാക്കിയത്‌ എന്നതിനാല്‍ ഷീലാ ദീക്ഷിതിന്റെ വാക്കുകള്‍ വിശ്വസിക്കുക പ്രയാസമാണ്‌. പട്ടിക വിഭാഗങ്ങളുടെ സാമൂഹികമായ ഉന്നമനത്തിന്‌ വേണ്ടിയാണ്‌ പ്രത്യേക ഫണ്ട്‌ അനുവദിക്കുന്നത്‌. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കാന്‍, വീടില്ലാത്തവര്‍ക്ക്‌ വീടുവെച്ച്‌ നല്‍കാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ സൗകര്യങ്ങളൊരുക്കുമ്പോള്‍ നീക്കം ചെയ്യപ്പെടുന്നവരില്‍ പട്ടിക വിഭാഗക്കാരുണ്ടെങ്കില്‍ അവര്‍ക്ക്‌ വേണ്ട സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കാന്‍ പോലും ഈ പണം ഉപയോഗിക്കാമായിരുന്നു. പക്ഷേ, ആ പണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വകമാറ്റി, ഇരകളെ ആട്ടിപ്പായിക്കാനാണ്‌ നമ്മുടെ ഭരണകൂടം തയ്യാറായത്‌. നമ്മുടെ ഭരണകൂടത്തിന്റെ മുന്‍ഗണനാക്രമം ഒരിക്കല്‍കൂടി വ്യക്തമാക്കപ്പെടുക കൂടിയാണ്‌ ഇവിടെ.

പണം വകമാറ്റിയത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ തുമ്പ്‌ മാത്രമേ ആകുന്നുള്ളൂ. നിര്‍മാണ പ്രവൃത്തികളില്‍ നടന്ന കൊടിയ അഴിമതികളെക്കുറിച്ച്‌ സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഗെയിംസിന്‌ മുന്നോടിയായി നടന്ന ബാറ്റണ്‍ റിലേയുടെ സംഘാടനത്തിന്റെ ചുമതല ടെന്‍ഡര്‍ വിളിക്കാതെ ബ്രിട്ടീഷ്‌ കമ്പനിക്ക്‌ കൈമാറിയത്‌ പിന്നീട്‌ പുറത്തുവന്നു. ഇത്‌ ചെറിയ ഇടപാടിന്റെ കാര്യം. മത്സരങ്ങളുടെ സംപ്രേഷണാവകാശം പോലുള്ള വന്‍ ഇടപാടുകള്‍ ബാക്കി കിടക്കുന്നു. അതിലൊക്കെ എന്തൊക്കെ നടന്നിട്ടുണ്ടെന്നത്‌ ഒരുപക്ഷേ, പുറത്തുവരാന്‍ പോലും പോകുന്നില്ല. ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വാഭാവികമായിട്ടും ദുരദര്‍ശനായിരിക്കും. മറ്റ്‌ രാജ്യങ്ങളിലേതോ? ക്രിക്കറ്റ്‌ പോലെ വന്‍ പ്രേക്ഷക പിന്തുണ ലഭിക്കില്ലെന്നതിനാല്‍ സംപ്രേഷണത്തിന്റെ കാര്യത്തിലും മറ്റും ചില പരിമിതികളുണ്ടാവാം. പക്ഷേ, കരാറുകള്‍ ഉണ്ടാവാതിരിക്കില്ലല്ലോ?

ഐ പി എല്‍ എന്ന കോടികള്‍ മറിയുന്ന ക്രിക്കറ്റ്‌ മത്സരത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തുവന്നിട്ട്‌ അധികം നാളുകളായിട്ടില്ല. ടീമുടമസ്ഥരും സംഘാടകരും എല്ലാം ഒന്നായ കച്ചവടക്കൂട്ടായ്‌മയുടെ ഉത്‌പന്നമായിരുന്നു ഇതുവരെ നടന്ന ഐ പി എല്ലുകള്‍ എന്ന്‌ വ്യക്തമാവുകയാണ്‌. മത്സരം സംപ്രേഷണം ചെയ്യാന്‍ കരാറെടുത്ത കമ്പനികളുടെ ഓഹരി ഉടമകളിലും മത്സരനടത്തിപ്പുകാരുണ്ടായിരുന്നു. ഒരു കമ്പനിക്ക്‌ കരാര്‍ നല്‍കുക, അവരില്‍ നിന്ന്‌ കൂടിയ തുകക്ക്‌ മറ്റൊരു കമ്പനി ഏറ്റെടുക്കുക, ഈ കമ്പനിയില്‍ നിന്ന്‌ സംപ്രേഷണാവകാശം ആദ്യത്തെ കമ്പനി തിരികെ വാങ്ങുക തുടങ്ങിയ പല വിനോദങ്ങളും ഇടക്ക്‌ നടന്നുവെന്ന്‌ ഐ പി എല്‍ സംബന്ധിച്ച്‌ പുറത്തുവന്ന വിവരങ്ങള്‍ പറഞ്ഞുതരുന്നു. എല്ലാ ഇടപാടുകളിലും ലാഭം കൊയ്യുന്നത്‌ ഒരേ ആളുകള്‍ തന്നെയാണ്‌. ഇവിടെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ കാര്യത്തിലും മറിച്ചൊന്നുമല്ല സംഭവിക്കുന്നത്‌. 


പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത്‌ തുടരുന്ന സുരേഷ്‌ കല്‍മാഡി എന്ന കോണ്‍ഗ്രസ്‌ നേതാവാണ്‌ സംഘാടക സമിതിയുടെ ചെയര്‍മാന്‍. മഹാരാഷ്‌ട്രയില്‍ നിന്നുള്ള ലോക്‌സഭാംഗം. ഇദ്ദേഹത്തിന്‌ രാഷ്‌ട്രീയ, ഭരണ നേതൃത്വങ്ങളിലുള്ള സ്വാധീനം ഉപയോഗിക്കാതെ കോടികളുടെ ഈ അഴിമതി നടക്കുമെന്ന്‌ വിശ്വസിക്കുക പ്രയാസം. ഐ പി എല്ലില്‍ കോടികളുടെ തട്ടിപ്പ്‌ നടത്തിയവര്‍ക്കുമുണ്ടായിരുന്നു രാഷ്‌ട്രീയ നേതാക്കളുടെ തണല്‍. പക്ഷേ, അഴിമതി പുറത്തായതോടെ എല്ലാം ചില വ്യക്തികളില്‍ കേന്ദ്രീകരിച്ചു. ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌ നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ലളിത്‌ മോഡിയുടെ ഓഫീസില്‍ നിന്ന്‌ ലാപ്‌ടോപും രേഖകളുമായി കടന്ന, വിജയ്‌ മല്യയുടെ മകളെക്കുറിച്ച്‌ പിന്നീട്‌ ആരും അന്വേഷിച്ചതുപോലുമില്ല. അത്രക്കാണ്‌ പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം.
ഇപ്പോള്‍ സുരേഷ്‌ കല്‍മാഡിയെ തള്ളിപ്പറഞ്ഞ്‌ കൈ കഴുകാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം ശ്രമിക്കുന്നത്‌. ഗെയിംസ്‌ നടത്തിപ്പിന്റെ ചുമതല സംഘാടക സമിതിക്കാണ്‌. ആ നിലക്ക്‌ അവിടെ നടക്കുന്നതിനൊക്കെ ഉത്തരവാദിത്വം അവര്‍ക്കാണ്‌. 



ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടി സംഘാടക സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ കല്‍മാഡി നല്‍കുമെന്നാണ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ കഴിഞ്ഞ ദിവസം പറഞ്ഞത്‌. ഇതൊരുതരം രക്ഷപ്പെടലാണ്‌. കോണ്‍ഗ്രസിന്റെ തണലുപയോഗിച്ച്‌ വളരുകയും ആ തണലുപയോഗിച്ച്‌ സ്വാധീനശക്തി ഉണ്ടാക്കിയെടുക്കുകയും ചെയ്‌തയാളാണ്‌ സുരേഷ്‌ കല്‍മാഡി. ആ സ്വാധീന ശക്തി ഉപയോഗിച്ച്‌ ക്രമക്കേടുകള്‍ കാട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്‌ കൂടിയാണ്‌. കായികം, വിദേശകാര്യം, നഗരാസൂത്രണം തൂടങ്ങി സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ നടത്തിപ്പില്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്‌. അവരൊന്നുമറിയാതെ സംഘാടകസമിതി അഴിമതി നടത്തിയെന്നാണ്‌ കോണ്‍ഗ്രസ്‌ പറയുന്നതെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്നത്‌ ഈ വകുപ്പുകളുടെ കാര്യക്ഷമതയാണ്‌. അതിന്റെ തലപ്പത്തിരിക്കുന്നവരുടെ കാര്യശേഷിയാണ്‌.

2010-08-02

ചോര പുരളാത്തവര്‍ കുറവ്‌



സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ച്‌ കൊന്ന്‌ ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസില്‍ അഞ്ച്‌ വര്‍ഷത്തിനു ശേഷം സത്യം പുറത്തുവരുമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണം ഗുജറാത്ത്‌ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത്‌ ഷായുടെ അറസ്റ്റില്‍ എത്തി നില്‍ക്കുന്നു. രാജസ്ഥാനില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ബി ജെ പി നേതാവ്‌ കടാരിയ, പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ഓം മാത്തൂര്‍ എന്നിവരെ സി ബി ഐ ചോദ്യം ചെയ്യുമെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍. സംസ്ഥാന വേര്‍തിരിവ്‌ കൂടാതെ രാഷ്‌ട്രീയത്തിലെയും പോലീസിലെയും ഉന്നതര്‍ ചേര്‍ന്നുള്ള കുറ്റവാളികളുടെ ശൃംഖല സജീവമായിരുന്നുവെന്നാണ്‌ ഇതിനകം പുറത്തുവന്ന കാര്യങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാന്‍. ഗുജറാത്ത്‌ വംശഹത്യയിലെ കേസുകളില്‍ നടന്നതുപോലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും വശപ്പെടുത്താന്‍ ഈ കേസിലും ശ്രമിച്ചുവെന്നും വ്യക്തമായിട്ടുണ്ട്‌. അതിന്റെ തെളിവുകള്‍ റെക്കോഡ്‌ ചെയ്‌ത ദൃശ്യങ്ങളുടെ രൂപത്തില്‍ നമ്മുടെ മുന്നിലെത്തി.

സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ചുകൊന്ന്‌ ഏറ്റുമുട്ടലായി ചിത്രീകരിച്ചു, ഭാര്യ കൗസര്‍ ബിയെ കൊലപ്പെടുത്തി ചുട്ടെരിച്ചു എന്ന്‌ എഴുതുമ്പോഴുള്ളതിനേക്കാള്‍ വലിയ ഭീകരത ഈ കേസിനുണ്ട്‌. സുഹ്‌റാബുദ്ദീന്‍ ശൈഖിന്റെ ജീവിതത്തെക്കുറിച്ചും സംശയാസ്‌പദമായ വിവരങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നത്‌. രാജസ്ഥാനിലെ മാര്‍ബിള്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ അംഗമായിരുന്നു ഇയാളണെന്നാണ്‌ വിവരം. ഇതില്‍ അംഗമായിരുന്നു പിന്നീട്‌ കൊല്ലപ്പെട്ട തുള്‍സി റാം പ്രജാപതിയും. ഇതേ `ബിസിനസ്സ്‌' തന്നെയാണ്‌ ബി ജെ പി നേതാവ്‌ അമിത്‌ ഷായും ഐ പി എസ്‌ ഉദ്യോഗസ്ഥരായ അഭയ്‌ ചുദസാമ, ഡി ജി വന്‍സാര എന്നിവരും നടത്തിയിരുന്നത്‌. പങ്കുകച്ചവടക്കാര്‍. ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരായിരുന്നതുകൊണ്ട്‌ ആളുകളെ ഭീഷണിപ്പെടുത്താന്‍ അഭയ്‌ ചുദസാമക്കും ഡി ജി വന്‍സാരക്കും പ്രയാസമുണ്ടായിക്കാണില്ല. 


`ബിസിനസ്സ്‌' വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജസ്ഥാനിലെ മാര്‍ബിള്‍ വ്യവസായികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ്‌ സുഹ്‌റാബുദ്ദീന്‍ ശൈഖ്‌ കടന്നുവരുന്നത്‌. തുടക്കത്തില്‍ സുഹ്‌റാബുദ്ദീനെ ഉപയോഗിച്ച ഇവര്‍ പിന്നീട്‌ അയാളെ ഇല്ലാതാക്കി നേരിട്ട്‌ `ബിസിനസ്സ്‌' നടത്താന്‍ തീരുമാനിച്ചു. അതിന്‌ കണ്ടുപിടിച്ച വഴിയായിരുന്നു ഏറ്റുമുട്ടല്‍. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെത്തിയ സുഹ്‌റാബുദ്ദീന്‍ ശൈഖ്‌ എന്ന ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന്‌ വാര്‍ത്ത വരാന്‍ അധികം വൈകിയില്ല.
ആര്‍ക്കും സംശയമുണ്ടായില്ല. രാജസ്ഥാനിലെ ഉദയ്‌പൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന തുള്‍സി റാം പ്രജാപതിക്കൊഴിച്ച്‌. അഭയ്‌ ചുദസാമയുടെയും ഡി ജി വന്‍സാരയുടെയും പ്രവൃത്തികളെക്കുറിച്ച്‌ നല്ല അറിവുണ്ടായിരുന്ന പ്രജാപതിക്ക്‌ സുഹ്‌റാബുദ്ദീനെ കൊലപ്പെടുത്തിയതാണെന്നും കൗസര്‍ ബിയെ ഇല്ലാതാക്കിയിട്ടുണ്ടാവുമെന്നും വ്യക്തമായിരുന്നു. അധികം വൈകാതെ വെടിയുണ്ടകള്‍ തന്നെ തേടിയെത്തുമെന്നും അറിയാമായിരുന്നു. അതുകൊണ്ടാണ്‌ തന്നെ ഗുജറാത്ത്‌ പോലീസ്‌ കൊല്ലാന്‍ ശ്രമിക്കുമെന്ന്‌ ഭയക്കുന്നതായി കാണിച്ച്‌ അയാള്‍ കോടതിക്ക്‌ കത്തയച്ചത്‌. 



ഭീഷണിപ്പെടുത്തി പണം തട്ടല്‍, കൊലപാതകം എന്നീ കേസുകളില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയുന്ന ഒരാളുടെ കത്ത്‌ ആര്‌ വിശ്വസിക്കാന്‍? ഈ കത്തെഴുതി എട്ട്‌ മാസം കഴിയുമ്പോള്‍ പ്രജാപതി പോലീസുകാരുടെ വെടിയേറ്റ്‌ മരിച്ചു. ഉദയ്‌പൂര്‍ ജയിലില്‍ നിന്ന്‌ അഹമ്മദാബാദിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരും വഴി പ്രജാപതിയെ രക്ഷപ്പെടുത്താന്‍ സഹ കുറ്റവാളികള്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രജാപതിയെയും വധിച്ചുവെന്നാണ്‌ പോലീസ്‌ പറഞ്ഞ കഥ. പ്രജാപതിയുടെ കത്തിനെക്കുറിച്ച്‌ അറിഞ്ഞ സുഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‌ ചില സംശയങ്ങളുണ്ടായി. അതിനകം സുഹ്‌റാബുദ്ദീനെ ഗുജറാത്ത്‌ പോലീസ്‌ പിടികൂടി വെടിവെച്ച്‌ കൊന്നതാണെന്ന അഭ്യൂഹം വാര്‍ത്തകളായി പുറത്തുവന്നിരുന്നു. റുബാബുദ്ദീന്‍ നടത്തിയ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ ആദ്യം ഗുജറാത്തിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും (സി ഐ ഡി) സുപ്രീം കോടതി ഉത്തരവനുസരിച്ച്‌ സി ബി ഐയും അന്വേഷിക്കുകയായിരുന്നു.

ഒരു കേസില്‍ വസ്‌തുത പുറത്തുവരുന്നു എന്നത്‌ മാത്രമല്ല ഇവിടെ സംഭവിക്കുന്നത്‌. ആരോപണവിധേയരില്‍ നാല്‌ പേര്‍ ഐ പി എസ്‌ ഉദ്യോഗസ്ഥരാണ്‌. അഭയ്‌ ചുദസാമ, ഡി ജി വന്‍സാര എന്നിവരെ കൂടാതെ രാജ്‌കുമാര്‍ പാണ്ഡ്യന്‍, എം എന്‍ ദിനേശ്‌ എന്നിവര്‍. അസിസ്റ്റന്റ്‌ കമ്മീഷണറായിരുന്ന നരേന്ദ്ര കെ അമീന്‍ തുടങ്ങി താഴേക്കിടയിലുള്ളവരടക്കം ആറ്‌ പോലീസുകാര്‍ വേറെയും. ഇതില്‍ എം എന്‍ ദിനേശ്‌ രാജസ്ഥാന്‍ കേഡറിലുള്ള ഉദ്യോഗസ്ഥനാണ്‌. തുള്‍സി റാം പ്രജാപതിയെ വധിച്ച കേസ്‌ അന്വേഷിക്കുന്ന ഗുജറാത്ത്‌ സി ഐ ഡി വിഭാഗം അറസ്റ്റ്‌ ചെയ്‌തതിലും രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥരുണ്ട്‌. സുഹ്‌റാബുദ്ദീനെയും കൗസര്‍ ബിയെയും തുള്‍സി റാം പ്രജാപതിയെയും ഗുജറാത്ത്‌ പോലീസ്‌ തട്ടിക്കൊണ്ടുവരുന്നത്‌ ആന്ധ്രാ പ്രദേശിലെ ഹൈദരാബാദില്‍ നിന്നാണ്‌. സംസ്ഥാനത്തിന്‌ പുറത്ത്‌ പോയി അറസ്റ്റുകള്‍ നടത്തുമ്പോള്‍ അവിടുത്തെ പോലീസിനെ അറിയിക്കണമെന്നാണ്‌ ചട്ടം. അവിടുത്തെ പോലീസിനെ അറിയിച്ചിരുന്നോ അവിടെ നിന്നുള്ള ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കാളിയായിട്ടുണ്ടോ എന്നത്‌ വ്യക്തമായിട്ടില്ല.

മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയവരുമായി ഏറ്റുമുട്ടുകയും അവരെ വധിക്കുകയും ചെയ്‌ത പത്ത്‌ സംഭവങ്ങള്‍ ഡി ജി വന്‍സാരയുടെ സര്‍വീസ്‌ ബുക്കില്‍ സ്വര്‍ണ വര്‍ണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിലൊന്ന്‌ ഇശ്‌റത്‌ ജഹാന്‍, മലയാളിയായ ജാവീദ്‌ ഗുലാം ശൈഖ്‌ എന്നിവരടക്കം നാല്‌ പേരെ വെടിവെച്ച്‌ കൊന്നതാണ്‌. വെടിവെച്ച്‌ കൊന്ന്‌ ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെന്ന ശക്തമായ ആരോപണം ഈ കേസില്‍ നിലനില്‍ക്കുന്നു. ഇശ്‌റതിനെയും ജാവീദ്‌ ശൈഖിനെയും മഹാരാഷ്‌ട്ര പോലീസിലെ ചില ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുവന്ന്‌ വന്‍സാര അടക്കമുള്ള ഗുജറാത്തിലെ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറിയതാണെന്ന്‌ ആരോപണമുണ്ട്‌. സുഹ്‌റാബുദ്ദീന്‍ ശൈഖ്‌ കേസില്‍ പുറത്തുവന്ന വിവരങ്ങള്‍ പരിഗണിച്ചാല്‍ ഈ സാധ്യത തള്ളിക്കളയാനാവില്ല. ഏറ്റുമുട്ടല്‍ വിദഗ്‌ധരുടെ നീണ്ട ശ്രേണിയുള്ളതാണ്‌ മഹാരാഷ്‌ട്ര പോലീസിലും. ഇത്‌ മാത്രമല്ല വന്‍സാരയുടെ നേതൃത്വത്തില്‍ നടന്ന മറ്റ്‌ എട്ട്‌ ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ചും പുനരന്വേഷണം ആവശ്യമായി വരും.

പരസ്‌പരബന്ധിതമായ സംസ്ഥാനാന്തര `ഏറ്റുമുട്ടല്‍ ശൃംഖല' നിലനില്‍ക്കുന്നുണ്ടെന്ന്‌ തന്നെ സംശയിക്കണം. ഏറ്റുമുട്ടലില്‍ വധിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും ബി ജെ പിയുടെ നേതാക്കളെ ആക്രമിക്കാനും ഹിന്ദു ആരാധനാലയങ്ങളോ ഹിന്ദുത്വ സംഘടനകളുടെ ഓഫീസുകളോ തകര്‍ക്കാനും ലക്ഷ്യമിട്ടെത്തുന്ന ലശ്‌കറെ ത്വയ്യിബ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകരെന്നാണ്‌ പറഞ്ഞിരുന്നത്‌. നാഗ്‌പൂരിലെ ആര്‍ എസ്‌ എസ്‌ ആസ്ഥാനം ആക്രമിക്കാനെത്തിയ ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു എന്ന മഹാരാഷ്‌ട്ര പോലീസിന്റെ അവകാശവാദത്തെക്കുറിച്ച്‌ ഉയര്‍ന്ന സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌.
ഏറ്റുമുട്ടലുകള്‍ തുടരുകയും ജ്ഞാതരും അജ്ഞാതരുമായവര്‍ കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നേട്ടങ്ങളുണ്ട്‌. ആരെയും എപ്പോഴും വെടിവെച്ചിടാന്‍ മടിയില്ലാത്തവന്‍ എന്ന പ്രതിച്ഛായ സൃഷ്‌ടിക്കുന്നതിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതുപോലുള്ള `ബിസിനസ്സു'കള്‍ കൂടുതല്‍ സുഗമവും ആദായകരവുമായി മുന്നോട്ടുകൊണ്ടുപോകാനാവും. 



സര്‍വീസില്‍ ലഭിക്കുന്ന സ്ഥാനക്കയറ്റം പുറമെ. സ്ഥാനക്കയറ്റം നല്‍കേണ്ടവര്‍ തന്നെ കുറ്റകൃത്യത്തിന്‌ നേതൃത്വം നല്‍കാനുണ്ടാവുമ്പോള്‍ കുറേക്കൂടി എളുപ്പവുമാവുന്നു. ഇതിന്റെയെല്ലാം അപ്പുറത്ത്‌ കൈ നനഞ്ഞോ നനയാതെയോ നേട്ടമുണ്ടാക്കുന്നത്‌ ബി ജെ പിയടങ്ങുന്ന സംഘപരിവാറാണ്‌. രാജ്യസ്‌നേഹത്തിലുറച്ചും ദേശീയ ബോധം വളര്‍ത്തിയും പ്രവര്‍ത്തിക്കുന്ന തങ്ങളുടെ നേതാക്കളെയും സ്ഥാപനങ്ങളെയും ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന്‌ പ്രചരിപ്പിക്കാന്‍ അവര്‍ക്ക്‌ സാധിക്കുന്നു. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും മുസ്‌ലിം നാമധാരികളായതിനാല്‍ ആ സമുദായത്തിനെ കൂടുതല്‍ കൂടുതല്‍ സംശയത്തിന്റെ നിഴലിലാക്കാനും സാധിക്കുന്നു. പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ചെല്ലും ചെലവും നല്‍കി വളര്‍ത്തി അധോലോക സംഘങ്ങളെപ്പോലെ നിലനിര്‍ത്തുന്നതിന്റെ നേട്ടം അമിത്‌ ഷാമാര്‍ക്ക്‌ മാത്രമല്ലെന്ന്‌ ചുരുക്കം. അതിന്റെ ഗുണം നരേന്ദ്ര മോഡിക്കുണ്ട്‌. ഷായെയും മോഡിയെയും ന്യായീകരിക്കുന്ന അഡ്വാനി മുതല്‍ രവിശങ്കര്‍ പ്രസാദ്‌ വരെയുള്ള നേതാക്കള്‍ക്കുണ്ട്‌. അവരെ രാഷ്‌ട്രീയ കരുക്കളാക്കി നിയന്ത്രിക്കുന്ന ആര്‍ എസ്‌ എസ്സിനുണ്ട്‌. 


സ്‌ഫോടനങ്ങള്‍ സൃഷ്‌ടിച്ച്‌ കുറ്റം മറ്റുള്ളവരില്‍ ചുമത്തി സംശയങ്ങള്‍ പടര്‍ത്താനുള്ള പദ്ധതിക്ക്‌ ഇന്ത്യന്‍ പോലീസിലെ മാത്രമല്ല സൈന്യത്തിലെ വരെ പ്രതിനിധികള്‍ പിന്തുണ നല്‍കിയിരുന്നുവെന്നാണ്‌ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്‌. ഇതുപോലൊരു ആസൂത്രണം ഇത്തരം ഏറ്റുമുട്ടലുകള്‍ക്ക്‌ പിന്നിലും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.

സുഹ്‌റാബുദ്ദീന്‍ ശൈഖ്‌ കേസില്‍ ക്രൈം ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട്‌ നശിപ്പിച്ചു കളയാന്‍ എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചത്‌ ഡി ജി പിയായിരുന്ന പി സി പാണ്ഡെയും അമിത്‌ ഷായും പങ്കെടുത്ത യോഗത്തില്‍ വെച്ചാണെന്ന്‌ ഐ പി എസ്‌ ഉദ്യോഗസ്ഥയായ ഗീത ജോറി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്‌. 2002ലെ വംശഹത്യ നടക്കുമ്പോള്‍ അഹമ്മദാബാദ്‌ പോലീസ്‌ കമ്മീഷണറായിരുന്നു പി സി പാണ്ഡെ. വംശഹത്യക്ക്‌ എല്ലാ സഹായവും നല്‍കിയിരുന്നു പി സി പാണ്ഡെ എന്ന്‌ ആരോപണമുണ്ട്‌. ഇക്കാലത്ത്‌ അഹമ്മദാബാദിലും പരിസരത്തുമൊക്കെയായി വിവിധ ചുമതലകളില്‍ ഉണ്ടായിരുന്നവരാണ്‌ ഡി ജി വന്‍സാരയും അഭയ്‌ ചുദസാമയുമൊക്കെ. നരേന്ദ്ര മോഡി, അമിത്‌ ഷാ, ഗോര്‍ധന്‍ സദാപിയ തുടങ്ങിയവരുടെ ഇംഗിതങ്ങള്‍ സാധിച്ചുകൊടുക്കാന്‍ അന്ന്‌ അവര്‍ നിന്നു കൊടുത്തിട്ടുണ്ടാവില്ലേ? കൊടുംക്രൂരതകളുടെ ചരിത്രത്തിലേക്കുള്ള വാതില്‍ തുറക്കുകയാവാം സുഹ്‌റാബുദ്ദീന്‍ ശൈഖ്‌ കേസ്‌. തുടരമ്പേഷണം നടത്തി വസ്‌തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ധൈര്യം ഭരണകൂടത്തിനുണ്ടാവുമോ എന്നതില്‍ മാത്രമാണ്‌ സംശയം. അതൃപ്‌തികരമായ ചോദ്യങ്ങള്‍ നരേന്ദ്ര മോഡി നേരിടേണ്ടിവരുമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ ഷക്കീല്‍ അഹമ്മദ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുള്ള ഇച്ഛാശക്തി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വലുള്ള സര്‍ക്കാറിനുണ്ടാവുമോ?