2017-07-30

പശു, കൂടാരം, ബിഹാറി


'ഒന്നിന് പിറകെ ഒന്നായി തുടച്ചുനീക്കൂ എന്നാണ് നിങ്ങള്‍ (നരേന്ദ്ര മോദി) ജനങ്ങളോട് പറയുന്നത്. നിങ്ങള്‍ വോട്ട് നേടി ജയിക്കണം, തുടച്ചുനീക്കിയല്ല. ഇത് ഏകാധിപത്യം മാത്രമല്ല, ഫാസിസം കൂടിയാണ്. ഫാസിസത്തില്‍ വിശ്വസിക്കുന്നവരുടെ ബിംബം ഹിറ്റ്‌ലറാണ്. ഹിറ്റ്‌ലര്‍ ചെയ്തത് അവരും ചെയ്യും... ഫാസിസത്തിന്റെ ഭാഷ ജനാധിപത്യത്തില്‍ ഫലം കാണില്ല'- ജെ ഡി (യു) നേതാവ് നിതീഷ് കുമാര്‍ 2013ല്‍ പറഞ്ഞതാണിത്. ഗുജറാത്തിലെ വംശഹത്യാ ശ്രമത്തിന് അധ്യക്ഷതവഹിച്ചയാളെന്ന ആരോപണം നേരിടുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പിയുമായുള്ള 17 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചതിന് പിറകെയായിരുന്നു ഈ വാക്കുകള്‍.


മതനിരപേക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ബീഹാറില്‍ ഭരണം തുടര്‍ന്ന നിതീഷ്, 2015ല്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും (ആര്‍ ജെ ഡി) കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട്, വലിയ വിജയം നേടി. ആ ഫലത്തില്‍  കൂടുതല്‍ ശ്രദ്ധേയമായത് ലാലു പ്രസാദ് യാദവിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു. 80 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ആര്‍ ജെ ഡിക്ക് സാധിച്ചു. മഹാസഖ്യത്തിന്റെ യഥാര്‍ഥ നേതാവ് ലാലുവാണെന്ന, പ്രചാരണഘട്ടത്തില്‍ തന്നെ സൃഷ്ടിക്കപ്പെട്ട പ്രതീതിക്ക് ബലമേകുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. മഹാസഖ്യത്തിന്റെ ആയുസ്സിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അന്ന് തന്നെ ഉയരാന്‍ കാരണങ്ങളിലൊന്ന് ഇതായിരുന്നു. കഴിഞ്ഞ ദിവസം സഖ്യം ഇല്ലാതായപ്പോള്‍ അതിന് പെട്ടെന്നുള്ള കാരണമായി ലാലു യാദവിന്റെ മകന്‍ തേജസ്വി യാദവിനെതിരായ അഴിമതി ആരോപണം മാറിയെന്ന് മാത്രം.


അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ സമരം ചെയ്ത് ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ നിതീഷ്, എക്കാലവും ജനതാ പരിവാറിന്റെ ഭാഗമായിരുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി നിലകൊണ്ട നേതാവുമായിരുന്നു, അധികാരമോഹത്തിന്റെ കാറ്റേല്‍ക്കും വരെ. 1996ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസും നിതീഷ് കുമാറും അടക്കമുള്ള നേതാക്കള്‍ ബി ജെ പിയുടെ സഖ്യകക്ഷിയാകുമ്പോള്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് നാല് വര്‍ഷമേ ആയിരുന്നുള്ളൂ. മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിറകെ, തീവ്ര ഹിന്ദുത്വ അജന്‍ഡകളുയര്‍ത്തി, വര്‍ഗീയധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയായിരുന്നു സംഘ്പരിവാരം. അയോധ്യയിലേക്കുള്ള രഥയാത്രയുടെ പാര്‍ശ്വങ്ങളില്‍ അരങ്ങേറിയ വലുതും ചെറുതുമായ കലാപങ്ങളുടെ ഒക്കെ പരോക്ഷ ഉത്തരവാദിത്തമുണ്ടായിരുന്ന, ഹിന്ദുത്വത്തിന്റെ തീവ്ര മുഖമായി എല്‍ കെ അഡ്വാനി നേതൃത്വത്തിലുണ്ടായിരുന്നു. ജനാധിപത്യ സങ്കല്‍പ്പമോ, സംഘ്പരിവാരം ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയോ ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ളവര്‍ ബി ജെ പിയുമായി കൈകോര്‍ക്കുമ്പോള്‍ സംഘ്പരിവാരത്തിന് ഉണ്ടാകാന്‍ ഇടയുള്ള ജനകീയ മുഖംമൂടിയെക്കുറിച്ചോ നിതീഷ് അടക്കമുള്ളവര്‍ക്ക് ചിന്തയേ ഉണ്ടായിരുന്നില്ല.


2002 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായി ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ അരങ്ങാകുകയും പോലീസിനെ നിര്‍വീര്യമാക്കി നരേന്ദ്ര മോദിയും പട്ടാളത്തെ അയക്കുന്നത് വൈകിപ്പിച്ച് എ ബി വാജ്പയിയും അക്രമികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തപ്പോഴും ചോരയില്‍ മുങ്ങിയ കൈകളിലാണ് തങ്ങള്‍ കൈ ചേര്‍ത്തുവെച്ചിരിക്കുന്നത് എന്ന  തോന്നല്‍ നിതീഷിനും സംഘത്തിനും ഉണ്ടായതുമില്ല.


ആ നിതീഷാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി ബന്ധം ഉപേക്ഷിച്ചത്. ഒരു ദശകം നീണ്ട ഭരണത്തിനെതിരെ സ്വാഭാവികമായി ഉയരാനിടയുള്ള ജനരോഷത്തെ മറികടക്കാനൊരു തന്ത്രം മാത്രമായിരുന്നു അതെന്ന് മതനിരപേക്ഷ മനസ്സുള്ളവര്‍ തിരിച്ചറിയുന്നത് ഇപ്പോഴാണെന്നേയുള്ളൂ. നരേന്ദ്ര മോദിക്കെതിരായ നിലപാടും ഫാസിസത്തിന്റെ ഭാഷ ജനാധിപത്യത്തില്‍ ഫലം കാണില്ലെന്ന പ്രസ്താവനയുമൊക്കെ അന്ന് വിളവെടുപ്പ് നടത്താനുള്ള രാഷ്ട്രീയം മാത്രമായിരുന്നു നിതീഷിന്. ഇപ്പോള്‍ ബി ജെ പിയുമായി ചേരുന്നതിലൂടെ അടുത്ത ടേമിലും ബീഹാറിന്റെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാനാകുമെന്ന കണക്കുകൂട്ടല്‍ അദ്ദേഹത്തിനുണ്ടാകണം. തേജസ്വി യാദവ് മാത്രമല്ല, ലാലു പ്രസാദ് യാദവിന്റെ മറ്റു മക്കളും അഴിമതി ആരോപണം നേരിടുന്നുണ്ട്. അഴിമതിക്കും സഖ്യകക്ഷിയിലെ കുടുംബവാഴ്ചക്കുമെതിരെ നിലപാടെടുത്തത് തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.


ഈ അവസരം നിതീഷിന് സമ്മാനിക്കാനാണ് ലാലുവിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. യജമാനന്‍ കല്‍പ്പിച്ചത് അടിമകള്‍ വേണ്ടവിധം ചെയ്തുകൊടുത്തു. ലാലു യാദവും കുടുംബാംഗങ്ങളും അഴിമതിക്കാരാണോ എന്നത് വേറെ വിഷയമായി കാണേണ്ടിവരുന്നത്, അന്വേഷണ ഏജന്‍സികളുടെ ഇടപെടലുണ്ടായത്, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്ര മോദിയുടെ നടപടിയെ നിതീഷ് കുമാര്‍ സ്വാഗതം ചെയ്തതിന് ശേഷമായിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കണം.


വംശഹത്യാ ശ്രമത്തിന് അധ്യക്ഷത വഹിച്ചുവെന്ന ആരോപണം താന്‍ മറന്നുകഴിഞ്ഞുവെന്നും അധീശത്വം അംഗീകരിച്ച് സാമന്തനാകാന്‍ തയ്യാറാണെന്നുമാണ്, ജനത്തെയാകെ വലയ്ക്കുകയും സാമ്പത്തിക മേഖലയെ മാന്ദ്യത്തിലേക്ക് നയിക്കുകയും സ്വതേ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ ആഴത്തിലേക്ക് തള്ളിയിടുകയും ചെയ്ത നോട്ട് പിന്‍വലിക്കലിനെ പ്രകീര്‍ത്തിച്ചപ്പോള്‍, നിതീഷ് അറിയിച്ചത്. (ഗുജറാത്ത് വംശഹത്യയിലെ പങ്ക് സംബന്ധിച്ച ആരോപണങ്ങള്‍ 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ നെഗറ്റീവ് പബ്ലിസിറ്റിയായി നരേന്ദ്ര മോദി ഉപയോഗപ്പെടുത്തിയതോടെ ഈ വിഷയം ഇനിയുമുന്നയിക്കുന്നതില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശയക്കുഴപ്പത്തിലായിരുന്നു. വൈകാതെ അവയില്‍ പലതും ഇക്കാര്യം  ഓര്‍ത്തതേയില്ല. വംശഹത്യാകാലത്ത് ബി ജെ പി ബന്ധത്തിലായിരുന്ന നിതീഷിന് ഇത് മറക്കേണ്ട കാര്യം പോലും ഇല്ലായിരുന്നു)


പിന്നീടങ്ങോട്ട് കാര്യങ്ങള്‍ സുഗമമായിരുന്നു. നിതീഷിനെ പ്രശംസിക്കാനുള്ള അവസരങ്ങള്‍ മോദി പാഴാക്കിയില്ല. തിരിച്ചും. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പൊതു സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിപ്പണിയുടെ തിരക്കില്‍ അമര്‍ന്ന നിതീഷ്, പിറ്റേദിവസം വിദേശരാഷ്ട്ര പ്രതിനിധിക്ക് നരേന്ദ്ര മോദിയൊരുക്കിയ വിരുന്നില്‍ ഹാജര്‍ വെച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മോദിയുടെ നോമിനിക്ക് പിന്തുണ പ്രഖ്യാപിച്ച് കൂറുമാറല്‍ വൈകില്ലെന്ന് ജനത്തെ അറിയിച്ചു. ഇതിനൊക്കെ സമാന്തരമായാണ് അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിത്യാദി ആരോപണങ്ങളുടെ പേരില്‍ ലാലുവിന്റെ മക്കള്‍ക്കെതിരെ അന്വേഷണവും കേസുകളുമുണ്ടായത്. നടപടികള്‍ക്ക് വേഗം കൂടിയത്. അനധികൃത സ്വത്ത് സമ്പാദനമെന്നത്, രാഷ്ട്രീയ നേതാക്കളെയും എതിര്‍ പാര്‍ട്ടികളെയും വരുതിയില്‍ നിര്‍ത്താനുള്ള ആയുധമായി പ്രയോഗിച്ച അനുഭവം രാജ്യത്ത് പലതുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാറുകളും എ ബി വാജ്പയിയുടെ എന്‍ ഡി എ സര്‍ക്കാറും ഇതുപയോഗിച്ചിട്ടുണ്ട്. ആ കളി ആവര്‍ത്തിക്കുകയാണ് ബീഹാറില്‍. ഇതിലൂടെ ആര്‍ ജെ ഡിയുടെ നേതൃത്വത്തെ
പ്രതിസന്ധിയിലാക്കാമെന്നും അധികാരമോഹികളായ എം എല്‍ എമാരെ മറുകണ്ടം ചാടിച്ച് ആ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കാമെന്നും നിതീഷും ബി ജെ പിയും കരുതുന്നുണ്ട്.


രാഷ്ട്രീയ പ്രതിസന്ധി നിതീഷിനെയും കാത്തിരിക്കുന്നു. ജെ ഡി (യു) പ്രസിഡന്റ് ശരദ് യാദവ് അടക്കം ഒരുകൂട്ടം നേതാക്കള്‍ നിതീഷിന്റെ ബി ജെ പി ബാന്ധവത്തെ എതിര്‍ക്കുന്നുണ്ട്. മുസ്‌ലിംകളുടെ പിന്തുണയില്‍ ജയിച്ച് നിയമസഭയിലെത്തിയ ജെ ഡി (യു) നേതാക്കള്‍ക്കൊന്നും സ്വന്തം മണ്ഡലത്തില്‍ നിന്ന് ഇനിയൊരു ജയം പ്രതീക്ഷിക്കാനാകില്ല. 1989ലെ ഭഗല്‍പൂര്‍ കലാപത്തിന്റെ ഉത്തരവാദികളെ രണ്ട് ദശകത്തിന് ശേഷം നിയമത്തിന് മുന്നിലെത്തിച്ച് ഇരകളായ മുസ്‌ലിംകള്‍ക്ക് നീതിയുറപ്പാക്കിയ നേതാവെന്ന പ്രതിച്ഛായ ആ സമുദായത്തിലെ വലിയൊരു വിഭാഗത്തെ നിതീഷിന്റെ ഉറച്ച പിന്തുണക്കാരാക്കിയിരുന്നു. അതൊക്കെ പുതിയ തീരുമാനത്തോടെ ഇല്ലാതാകും. ആര്‍ ജെ ഡിക്കാകും ഇതിന്റെ നേട്ടം. 1996ലെ ബി ജെ പിയല്ല, 2014ന് ശേഷമുള്ളത് എന്നതും എ ബി വാജ്പയിയല്ല നരേന്ദ്ര മോദിയെന്നതും നിതീഷിന് വെല്ലുവിളിയാകും.


കേവല ഭൂരിപക്ഷത്തോടെ കേന്ദ്രാധികാരം കിട്ടിയതിന് ശേഷം നടന്ന മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അതുവരെ സഖ്യത്തിലെ മുഖ്യകക്ഷിയായിരുന്ന ശിവസേനയെ വീട്ടില്‍ നിന്ന് തൊഴുത്തിലേക്ക് മാറ്റിക്കെട്ടാന്‍ ബി ജെ പിക്ക് പ്രയാസമൊന്നുമുണ്ടായില്ലെന്നത് നിതീഷിന് ഇപ്പോഴേ പഠിച്ചുവെക്കാം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ വലിയ അധികാരമൊന്നുമില്ലാത്ത രണ്ടാംകക്ഷിയായ ശിവസേനയെ, എങ്ങനെയാണ് ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നതും ഓര്‍ത്തുവെക്കാം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷിന്റെയും ജെ ഡി (യു) വിന്റെയും മേല്‍ക്കോയ്മ ഇല്ലാതാക്കാന്‍ ബി ജെ പി ശ്രമം തുടങ്ങും. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ അവരത് പൂര്‍ത്തിയാക്കുകയും ചെയ്യും. പശുവിന് കൂടാരത്തില്‍ തല കടത്താന്‍ അനുവാദം നല്‍കിയ ബീഹാറി, പശു കൂടാരം കൈയടക്കിയതുകണ്ട്  'സന്തോഷം' പ്രകടിപ്പിച്ച് നിസ്സഹായനായി പുറത്തുനില്‍ക്കുന്ന കാഴ്ച അധികം ദൂരെയല്ല.


പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ ഉയര്‍ത്തിക്കാട്ടാന്‍ പാകത്തില്‍ വലുപ്പമാര്‍ജിച്ച, പ്രധാനമന്ത്രി പദം മോഹിക്കുന്നതില്‍ എന്താണ് തെറ്റെന്ന് പരസ്യമായി ചോദിച്ച, നിതീഷ്‌കുമാര്‍, കുഴി കുഴിക്കുകയാണ്, സ്വയം വീഴാന്‍. നിതീഷിനൊപ്പം ജെ ഡി (യു) എന്ന പാര്‍ട്ടി കൂടി ഇല്ലാതാകും. ദീര്‍ഘനാളത്തെ ബി ജെ പി ബാന്ധവം, ആ പാര്‍ട്ടിയിലെ അണികളെ സംഘ് ശീലങ്ങള്‍ പരിചയിക്കാന്‍ സഹായിച്ചിട്ടുണ്ട്. അവര്‍ക്ക് ജെ ഡി (യു)വില്‍ നിന്ന് ബി ജെ പിയിലേക്കുള്ള മാറ്റം നിതീഷിന് ഇന്നലെ ഉറങ്ങി ഇന്ന് എഴുന്നേറ്റപ്പോഴുണ്ടായ മാറ്റത്തേക്കാള്‍ എളുപ്പമായിരിക്കും.


വര്‍ഗീയ ഫാസിസത്തിനെതിരായ പ്രതിപക്ഷ ഐക്യനിര എന്ന സങ്കല്‍പ്പത്തിന് ശേഷിച്ചിരുന്ന വിശ്വാസ്യത കൂടി ഇല്ലാതാക്കി എന്നതാണ് ഈ തീരുമാനത്തിലൂടെ നിതീഷ് ഇന്ത്യന്‍ യൂണിയനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം. ഇത്തരം സഖ്യങ്ങള്‍ ഈടില്ലാത്തവയാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍, ഭാവിയില്‍ ഇത്തരം സഖ്യങ്ങളുടെ സാധ്യത പോലും ഇല്ലാതാക്കുകയാണ്. അതിനെ നേരിടാനും വിശ്വാസമാര്‍ജിക്കാവുന്ന ഐക്യനിരയുണ്ടാക്കാനും തത്കാലം ആര്‍ക്കും ത്രാണിയില്ലെന്നതാണ് യാഥാര്‍ഥ്യം.


'ഒന്നിന് പിറകെ ഒന്നായി തുടച്ചു നീക്കൂ എന്നാണ് നിങ്ങള്‍ (നരേന്ദ്ര മോദി) ജനങ്ങളോട് പറയുന്നത്' എന്ന് 2013ല്‍ പറഞ്ഞ നിതീഷ് തുടച്ചുനീക്കപ്പെടാന്‍ കഴുത്ത് നീട്ടിക്കൊടുക്കുകയാണ് ഞാനും എന്റെ പാര്‍ട്ടിയും എന്നാണ് ഇപ്പോള്‍ പറയുന്നത്. മോദി കാലത്ത് ഫാസിസത്തിന്റെ ഭാഷയാണ് ജനാധിപത്യത്തില്‍ ഫലം കാണുക എന്ന് തിരിച്ചറിഞ്ഞുകൊണ്ട്.

2017-07-24

അഴിമതി വിചാര ധാര


മഹാത്മന്‍,
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച്, ഇന്ത്യന്‍ യൂണിയനില്‍ നിന്ന് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിന് അങ്ങ് ശ്രമിച്ചത്, രാജ്യം ഹര്‍ഷോന്മാദത്തോടെ സ്വീകരിക്കുകയും പുളകിതഗാത്രരായ ജനം ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ ശാന്തരായി വരിനില്‍ക്കുകയും ചെയ്തത് ലോക ചരിത്രത്തിലെ തന്നെ അപൂര്‍വതയായിരുന്നു. വധശിക്ഷ വിധിക്കാന്‍ പരമോന്നത കോടതി നിശ്ചയിച്ച മാനദണ്ഡപ്രകാരമാണെങ്കില്‍ അപുര്‍വങ്ങളില്‍ അപൂര്‍വം. അന്നാ ചെയ്ത മഹദ്കൃത്യത്തിന് ശേഷം ഇന്ത്യന്‍ യൂണിയനാകെ മാറിപ്പോയി. വിപണിയില്‍ നിന്ന് തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ യന്ത്രങ്ങള്‍ക്ക് കഴിയാത്തിടത്തോളം മാറി.


സ്വതേ ദുരിതത്തിലായിരുന്ന കര്‍ഷകര്‍, കൂടുതല്‍ ദുരിതത്തിലാകകൊണ്ട് കടമെഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി. അനുസരണമാണ് പ്രധാനമെന്നും അതിലാണ് ദേശീയതയും രാജ്യസ്‌നേഹവുമെന്ന് ഉറപ്പുള്ള അങ്ങയുടെ പ്രതിപുരുഷന്‍ മധ്യപ്രദേശിലിരുന്ന് കാഞ്ചി വലിച്ചു. തൃണസമാനരായ ആറേഴെണ്ണം ഉടനടി തീര്‍ന്നു. എന്നാലും പ്രഖ്യാപിച്ചു കടമെഴുതിത്തള്ളല്‍. അവിടെ മാത്രമല്ല മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലുമൊക്കെ. വിപണിയിലുള്ള നോട്ടൊക്കെ പിന്‍വലിച്ചതോടെ ഖജാന നിറഞ്ഞുകവിയുമെന്നും ബാങ്കുകളാകെ കരുത്താര്‍ജിച്ച് ഇന്ത്യക്കാരല്ലാത്തവര്‍ക്കുവരെ കടം നല്‍കാന്‍
പാകത്തിലാകുമെന്നുമൊക്കെയാണ് നവംബര്‍ എട്ടിന് ശേഷമുള്ള ദിനങ്ങളില്‍ അങ്ങില്‍ തുടങ്ങി ഇങ്ങ് താഴെ തെക്കേയറ്റത്തുള്ള 'ഗോ'പാലകൃഷ്ണന്‍മാര്‍ വരെ പറഞ്ഞിരുന്നത്. ഇത്ര കരുത്താര്‍ജിച്ചിട്ടും കാര്‍ഷിക കടം എഴുത്തിത്തള്ളണമെങ്കില്‍ അതിനുള്ള വെള്ളം സംസ്ഥാനങ്ങള്‍ തന്നെ വെക്കണമെന്ന് മേലധികാരത്തിലെ കണക്കപ്പിള്ള വിധിച്ചു. ആയിരവും അഞ്ഞൂറും പിന്‍വലിച്ചതോടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുമെന്ന കണക്ക് പിഴച്ചതാണോ, ഇവ്വിധം കൈകഴുകാന്‍ പ്രേരിപ്പിച്ചതെന്ന സംശയം ബലത്തില്‍ തന്നെയുണ്ട്.


പ്രഥമവും പ്രധാനവുമായി പറഞ്ഞ രണ്ട് ലക്ഷ്യങ്ങള്‍, അത് നിറവേറ്റിയെന്നതില്‍ തര്‍ക്കം വേണ്ട. അതില്‍ പരസ്യമായി തിളങ്ങിയത്, അടുത്തകാലത്തൊന്നും അധികാരം കണികാണില്ലെന്ന് ദേശീയാധ്യക്ഷന്‍ അമിത് ഷാ നേരിട്ട് വിലയിരുത്തിയ കേരളത്തിലായിരുന്നുവെന്നത് അങ്ങേക്ക് സമ്മാനിക്കുന്ന പുളകം എത്രത്തോളമായിരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ  ഇരുപത്തിയേഴായിരത്തോളം സീറ്റില്‍ ആയിരത്തഞ്ഞൂറോളം മാത്രം ജയിച്ച, 140 അംഗ നിയമസഭയില്‍ ഒരിടത്ത് മാത്രം താമര വിരിയിച്ച, പാര്‍ലിമെന്റിലേക്ക് അങ്ങയുടെ ദയാദാക്ഷിണ്യമായ നാമനിര്‍ദേശം കൊണ്ട് മാത്രം അംഗത്വം ലഭിച്ച കേരളത്തില്‍ നിന്ന് ഇത്രയും സാധിച്ചുവെങ്കില്‍ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് എന്തൊക്കെ സാധിച്ചിട്ടുണ്ടാകും! കേന്ദ്രാധികാരം കൈയാളുന്നവര്‍ എത്ര നേട്ടമുണ്ടാക്കിയിട്ടുണ്ടാകും!


കേരളത്തിലെ നേട്ടത്തെ, അറിഞ്ഞ വിവരമനുസരിച്ച്, ഇങ്ങനെ സംഗ്രഹിക്കാം. പിന്‍വലിച്ച നോട്ട് എണ്ണിത്തീര്‍ക്കാന്‍ പ്രയാസപ്പെടുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുതുതായി നോട്ട് അച്ചടിച്ചിറക്കുക ബുദ്ധിമിട്ടാണെന്ന് മനസ്സിലാക്കി തൃശൂരില്‍ (പാറമേക്കാവും തിരുവമ്പാടിയും വടക്കുംനാഥനെ സാക്ഷിയാക്കി പൂരം കൊള്ളുന്ന നാടാകയാല്‍ സ്ഥലം അങ്ങ് അറിയാതിരിക്കാന്‍ വഴിയില്ല) അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വന്തം കമ്മട്ടത്തില്‍ നോട്ട് അച്ചടിച്ചതാണ് അതില്‍ പ്രഥമം. രാജ്യസ്‌നേഹത്താല്‍ പ്രചോദിതമായ ഒന്നായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. തെറ്റായ പ്രചാരണം നടത്തുന്നവരുടെ സംതൃപ്തിക്ക് വേണ്ടി വേണമെങ്കില്‍ ഇതിനെ വ്യക്തിയധിഷ്ഠിതമായ ക്രിമിനല്‍ കുറ്റമായി പാര്‍ട്ടി കണക്കാക്കും. നോട്ട് ക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ പാകത്തില്‍ സ്വകാര്യ കമ്മട്ടം പ്രവര്‍ത്തിപ്പിക്കാതിരുന്നത് രാജ്യത്തോടുള്ള വഞ്ചനയായും കണക്കാക്കും.


മൂത്രമുള്‍പ്പെടെ ഗോക്കളുടെ അവശിഷ്ടങ്ങളുടെ ഔഷധമൂല്യം കണ്ടെത്താന്‍ കൊണ്ടുപിടിച്ച ശ്രമം അങ്ങയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടല്ലോ. ഇതിനുള്ള പഠനം കഴിഞ്ഞുവേണം മയില്‍ മുതല്‍ എലി വരെയുള്ളവയിലെ ഔഷധഗുണങ്ങള്‍ കണ്ടെത്താന്‍. അത് സാധിക്കണമെങ്കില്‍ രാജ്യത്ത് കൂടുതല്‍ ഭിഷഗ്വരന്‍മാരുണ്ടാകണം, ഗവേഷകന്‍മാരുണ്ടാകണം. അതിനുള്ള എളിയ ശ്രമമാണ് കേരളത്തിലെ  രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി (മറ്റിടങ്ങളിലെ കണക്ക് വൈകാത വരുമെന്ന് കരുതാം) മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിക്കൊടുക്കാന്‍ മുന്‍കൈ എടുത്തപ്പോള്‍ സംസ്ഥാന ബി ജെ പി ഘടകം നടത്തിയത്. ഇവിടെയും പ്രേരകഘടകം രാജ്യസ്‌നേഹം തന്നെ, സംശയം വേണ്ട. അംഗീകാരം വേഗത്തിലാക്കുക എന്ന ഉദ്ദേശ്യത്തില്‍ ഏതാനും കോടികള്‍ ആവശ്യപ്പെട്ടു, ഉദ്ദേശ്യശുദ്ധിയോടെ ഉത്തമവിശ്വാസത്തില്‍. അതുകൊണ്ട് അതിനെ അഴിമതിയായി കാണാനേ കഴിയില്ല. അങ്ങനെ കാണുന്നതും അഴിമതിയില്‍ ബി ജെ പിയുടെ സംസ്ഥാന നേതാക്കളില്‍ പലര്‍ക്കും പങ്കുണ്ടെന്ന് പറയുന്നതും തെറ്റായ പ്രചാരണമാണ് (കുപ്രചാരണമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നില്ല).


പണം വാങ്ങിയാല്‍ കാര്യസാദ്ധ്യം ഉറപ്പാക്കുക എന്നത് സംഘചര്യയാണ്. അതില്‍ ഭംഗമുണ്ടായാല്‍ വഞ്ചന. വ്യക്തിയധിഷ്ഠിതമായ ക്രിമിനല്‍ കുറ്റം. പാര്‍ട്ടിയില്‍ നിന്ന് ഉടനടി പുറത്താക്കി. ഏതന്വേഷണവുമായും സഹകരിക്കാനും തീരുമാനിച്ചു. ഈ വഞ്ചനയന്വേഷിച്ച കമ്മീഷന്‍ ഒരു കാര്യം വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. ശേഖരിച്ച പണം ഡല്‍ഹിയിലെത്തിച്ചത് പെരുമ്പാവൂര്‍ സ്വദേശിയായ മുസ്‌ലിം ഹവാലക്കാരനിലൂടെയാണെന്ന്. നേരിട്ട് ഡല്‍ഹിയിലെത്തിക്കാന്‍ മാര്‍ഗമുണ്ടായിരിക്കെ, സംഗതി ഹവാലയാക്കാന്‍ ബി ജെ പി നേതാവിനെ/നേതാക്കളെ നിര്‍ബന്ധിച്ച, അവരെ വഴിതെറ്റിച്ച മുസ്‌ലിം ഹവാലക്കാരന്റെ പങ്ക് പ്രത്യേകം അന്വേഷിക്കേണ്ടതാണ്. അതുകൊണ്ടാണ് എന്‍ ഐ എ യെ തന്നെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ടത്. സംഗതി അഴിമതിയല്ലെന്ന് ഉറപ്പായിട്ടും അഴിമതിയാണെന്ന് തോന്നിപ്പിക്കും വിധത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ കമ്മീഷന്‍ അംഗങ്ങള്‍ ദേശീയബോധത്തില്‍ നിന്ന് വ്യതിചലിച്ചോ എന്നതില്‍ സംശയമുണ്ട്. റിപ്പോര്‍ട്ട് ചോരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അവരിലൊരാളെയെങ്കിലും പുറത്താക്കേണ്ടത്, ഭാവിയില്‍ ഇത്തരം വ്യതിചലനമുണ്ടാകുന്നത് തടയാന്‍ പ്രധാനമാണ്.


അഴിമതിയുടെ കാര്യത്തില്‍ ബി ജെ പിയുടെ കേരള ഘടകം മുന്നോട്ടുവെക്കുന്ന, ദേശീയതയിലും രാജ്യസ്‌നേഹത്തിലും അധിഷ്ഠിതമായ ദര്‍ശനം അങ്ങ് അംഗീകരിക്കുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ദേശീയ നേതൃത്വത്തിന്റെ പ്രതിനിധി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ ദര്‍ശനം ആവിഷ്‌കരിച്ചത് എന്നതിനാല്‍ ഇക്കാര്യം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടായി അങ്ങയെ അറിയിക്കേണ്ട ഉത്തരവാദിത്തം അമിത് ഷായില്‍ നിക്ഷിപ്തവുമാണ്. ഈ ദര്‍ശനം അംഗീകരിക്കുന്നതോടെ ടെലികോം, കല്‍ക്കരി, കോമണ്‍വെല്‍ത്ത് എന്നിങ്ങനെ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാം. പണം വാങ്ങുകയോ സര്‍ക്കാര്‍ ഖജാനക്ക് നഷ്ടം വരുത്തുകയോ ചെയ്ത ഈ ഇടപാടുകളിലൊക്കെ എല്ലാ കമ്പനികള്‍ക്കും കാര്യസാദ്ധ്യമുണ്ടായിട്ടുണ്ട്. കാര്യസാദ്ധ്യമുണ്ടായ സ്ഥിതിക്ക് വഞ്ചനാക്കുറ്റം പോലും നിലനില്‍ക്കില്ല. പുതിയ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യുക എന്നത് അടിയന്തര ബാധ്യതയാണ്. അഴിമതി എന്നത് പണവുമായി ബന്ധപ്പെട്ട സംഗതിയായതിനാല്‍ ഭേദഗതി മണി ബില്ലായി അവതരിപ്പിച്ച്, തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്ക് ഭൂരിപക്ഷം ഇപ്പോഴുമുള്ള രാജ്യസഭയെ മറികടക്കാനും സാധിക്കും.


കാര്യസാദ്ധ്യമുണ്ടായാല്‍ അഴിമതിയല്ലെന്ന ദര്‍ശനം അങ്ങ് പ്രഖ്യാപിച്ച കള്ളപ്പണത്തോടുള്ള യുദ്ധത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് എന്നതും പ്രത്യേകം ശ്രദ്ധിക്കണം. വികാരം മുറ്റി നില്‍ക്കുന്ന ശബ്ദത്തില്‍ കാലാധന്‍ എന്ന് വിശേഷിപ്പിക്കുന്ന പണത്തില്‍ വലിയൊരു ഭാഗം സൃഷ്ടിക്കപ്പെടുന്നത് അഴിമതിയിലൂടെയാണ്. കാര്യസാദ്ധ്യം ലാക്കാക്കി പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് അഴിമതിയല്ലെന്ന ദര്‍ശനം അംഗീകരിക്കപ്പെടുന്നതോടെ കള്ളപ്പണത്തിന്റെ വലിയൊരു ഭാഗം ഉടനില്ലാതാകും. നോട്ട് പിന്‍വലിക്കുക, ആദായ നികുതി നിയമം ഭേദഗതി ചെയ്യുക, ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് കൂടാതെ പരിശോധനക്ക് അനുമതി നല്‍കുക തുടങ്ങിയ വിഷമകരമായ നടപടികളിലൂടെ അങ്ങ് ഇല്ലാതാക്കാന്‍ ശ്രമിച്ച കള്ളപ്പണത്തില്‍ വലിയൊരു ഭാഗത്തെ നിമിഷനേരം കൊണ്ട് അസാധുവാക്കാന്‍ പാകത്തില്‍ ദര്‍ശനമവതരിപ്പിച്ച ബി ജെ പിയുടെ കേരള ഘടകത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.  പ്രത്യേക ദേശീയ കൗണ്‍സില്‍ വിളിച്ച് അഭിനന്ദനം ഔപചാരികമായി അറിയിക്കണം.


ദേശീയ കൗണ്‍സില്‍ വിജയിക്കുന്നതിനൊപ്പം അതിന്റെ സംഘാടകരായ പാര്‍ട്ടി നേതാക്കളും വിജയിക്കണമെന്നത് മര്യാദ. ഔദ്യോഗിക പിരിവിനൊപ്പം അനൗദ്യോഗിക പിരിവ് നടത്തിയത് അതുകൊണ്ടാണ്. അനുകരണീയമായ മാതൃകയല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ദേശീയബോധമില്ലാത്തതുകൊണ്ടും രാജ്യസ്‌നേഹത്തിന്റെ കുറവുമൊണ്ടുമാകണം. തെറ്റായ പ്രചാരണത്തിന്റെ മറ്റൊരു മുഖം. കാര്യസാദ്ധ്യമുണ്ടായിട്ടുണ്ട് എന്നതിനാല്‍ ഇവിടെ അഴിമതിയോ വഞ്ചനയോ നടന്നിട്ടില്ലെന്നത് പ്രത്യേകം സ്മരണീയമാണ്.


പിന്നെയുള്ളതൊക്കെ പഴങ്കഥകളാണ്. എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരുന്ന കാലത്ത് പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിക്കാന്‍ പണം വാങ്ങിയെന്നതാണ് അതിലൊന്ന്. പണം നല്‍കിയവര്‍ക്കൊക്കെ പമ്പോ എജന്‍സിയോ ലഭിച്ചതിനാല്‍ അഴിമതിയോ വഞ്ചനയോ ആരോപിക്കാനാകില്ല. അന്നത്തെ ഇടപാടിന് പണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ചിലരൊക്കെ ഇന്ന് സംസ്ഥാന നേതൃത്വത്തിലുണ്ട്. കാര്യസാദ്ധ്യം ഉറപ്പാക്കുക എന്നതില്‍ കവിഞ്ഞ് എന്ത് യോഗ്യതയാണ് ഉന്നത നേതൃതലങ്ങളിലേക്ക് സഞ്ചരിക്കാനുള്ള യോഗ്യത! അത് മനസ്സിലാക്കാത്തവരാണ് പഴങ്കഥകള്‍ പാടി, തെറ്റായ പ്രചാരണം നടത്തുന്നത്.


അങ്ങ് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന ഭൂമി ഇടപാടുകള്‍ ഈ ഘട്ടത്തില്‍ പ്രസക്തമാണ്. കണ്ണായ ഭൂമി തുച്ഛവിലക്ക് അദാനിക്കും ടാറ്റക്കുമൊക്കെ പാട്ടത്തിന് നല്‍കിയെന്നും ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം. അദാനി തുറമുഖം പണിതു, ടാറ്റ കാര്‍ കമ്പനിയുണ്ടാക്കി... അങ്ങനെ കാര്യസാദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതേക്കുറിച്ചൊന്നും അന്വേഷണം പോലുമുണ്ടായില്ല. വികസനത്തിലെ ഗുജറാത്ത് മാതൃക എന്ന് ശരിയായി പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങയുടെ മാതൃക പിന്തുടര്‍ന്ന് തന്നെയാണ് കേരള ഘടകം പുതിയ ദര്‍ശനം അവതരിപ്പിച്ചിരിക്കുന്നത് എന്നത് കൂടുതല്‍ പുളകം സമ്മാനിക്കുന്നുണ്ടാകും. കേരളത്തില്‍ അധികാരത്തിലെത്തുക എന്നത് മോഹമായി സൂക്ഷിക്കാന്‍ പോലും ത്രാണിയില്ലാത്ത നേതൃനിര വികസനരംഗത്ത് ഇത്രയും സംഭാവനകള്‍ നല്‍കുന്നുണ്ടല്ലോ എന്നതിലും അങ്ങേക്ക് അഭിമാനിക്കാം.

2017-07-10

മാരീചന്‍ (ഐ പി എസ്)


നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും പൊലീസ് ചോദ്യംചെയ്തപ്പോള്‍ സംസ്ഥാന പോലീസ് സേനയുടെ മേധാവിയായിരുന്നു ടി പി സെന്‍കുമാര്‍. ഈ കേസില്‍ അന്വേഷണ സംഘത്തില്‍ വേണ്ടത്ര ഏകോപനമില്ലെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐ ജി ദിനേന്ദ്ര കശ്യപിനെ മാറ്റി നിര്‍ത്തി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ ഡി ജി പി, ബി സന്ധ്യ നടപടികള്‍ സ്വീകരിച്ചത് ശരിയായില്ലെന്നും പോലീസ് മേധാവി സ്ഥാനത്തിരിക്കെ സെന്‍കുമാര്‍ പറഞ്ഞിരുന്നു. അന്വേഷണ സംഘത്തിന് വേണ്ടത്ര ഏകോപനം വേണമെന്ന് കാണിച്ച് പ്രത്യേക സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. പ്രമുഖ നടനെയും തോഴനായ സംവിധായകനെയും ചോദ്യംചെയ്തതോടെ വാര്‍ത്തകളുടെ വലുപ്പം വര്‍ധിച്ചു. വസ്തുതകളും നിറം ചേര്‍ത്ത ഭാവനകളും വേര്‍തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ അതൊക്കെ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതിനിടെ പൊലീസ് മേധാവി നടത്തിയ പ്രസ്താവന ഫലത്തില്‍, അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നതായിരുന്നു.


പൊലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചതിന് ശേഷം സെന്‍കുമാര്‍ തുടര്‍ച്ചയായി നല്‍കിയ അഭിമുഖങ്ങളിലെല്ലാം നേരത്തെ നടത്തിയ പരാമര്‍ശങ്ങളെ സാധൂകരിക്കും വിധത്തില്‍ സംസാരിച്ചു. നടനെയും സംവിധായകനെയും ചോദ്യംചെയ്യാന്‍ വിളിക്കുമ്പോള്‍, കേസ് കോടതിയില്‍ തെളിയിക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടായിരുന്നില്ലെന്നും അതാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും പിന്നീട് വിശദീകരിക്കുകയും ചെയ്തു. നടിക്കു നേര്‍ക്കുണ്ടായ അതിക്രമത്തിന്റെ ഗൂഢാലോചനയില്‍ നടനും സംവിധായകനും പങ്കുണ്ടോ ഇല്ലയോ എന്നതൊക്കെ അന്വേഷണത്തിലൂടെയും കോടതി നടപടികളിലൂടെയും തിരിയേണ്ടതാണെന്നതിനാല്‍ അത് മാറ്റിവെക്കാം. അന്വേഷണം സത്യസന്ധമായി നടക്കുമോ എന്ന സംശയവും നിലനിര്‍ത്താം. പക്ഷേ, അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കുന്ന സംഘത്തിന്റെ വിശ്വാസ്യത പരസ്യമായി ചോദ്യംചെയ്യാന്‍ തയ്യാറാകുന്ന പൊലീസ് മേധാവിയുടെ ഉദ്ദേശ്യത്തെ എങ്ങനെ പരിഗണിക്കണമെന്നത് പ്രധാന ചോദ്യമാണ്.


എറണാകുളം ജില്ലയിലെ പുതുവൈപ്പില്‍ സ്ഥാപിക്കുന്ന ദ്രവീകൃത പെട്രോളിയം വാകത്തിന്റെ സംഭരണി ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്നുവെന്ന് കാണിച്ച് സമരത്തിനിറങ്ങിയ നാട്ടുകാരെ പൊലീസ് തല്ലിച്ചതച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ജനം മുഴുവന്‍ കണ്ടതാണ്. അതിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണ - പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് മേധാവി സ്ഥാനത്തിരിക്കെ, ആ ദൃശ്യങ്ങള്‍ പരിശോധിച്ച സെന്‍കുമാറിന് പക്ഷേ, പൊലീസ് എന്തെങ്കങ്കിലം അതിക്രമം കാട്ടിയതായി തോന്നിയതേയില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ അതിക്രമം കാട്ടിയതിന്റെ ഒരു തെളിവ് കാട്ടിത്തരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.


ഏതാനും വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ എം ജി കോളജില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസ് ക്യാംപസിനകത്തു കടന്ന് വിദ്യാര്‍ഥികളെ നേരിടുകയും ചെയ്തപ്പോള്‍ കണ്ട സെന്‍കുമാര്‍ ഇതായിരുന്നില്ല. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന് (എ ബി വി പി) സ്വാധീനമുള്ള കോളജാണ് എം ജി. അവിടെ കയറി വിദ്യാര്‍ഥികളെ തല്ലിയ പൊലീസ് ഉദ്യോഗസ്ഥനെ കോളറിന് കുത്തിപ്പിടിച്ച് ശകാരിക്കുകയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്ന സെന്‍കുമാറിന്റെ ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


അതില്‍ നിന്ന് വേണം പുതുവൈപ്പിലെ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന സെന്‍കുമാറിനെ കാണാന്‍. പുതുവൈപ്പിലെ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ടെന്ന അദ്ദേഹത്തിന്റെ വിശദീകരണം വായിക്കാന്‍. മെട്രോ ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രിക്കു നേര്‍ക്ക് ഭീകരവാദ ഭീഷണിയുണ്ടായിരുന്നുവെന്നും ആക്രമണം സംഘടിപ്പിക്കാനുള്ള 'ടെറര്‍ മൊഡ്യൂള്‍' കൊച്ചിയിലുണ്ടായിരുന്നുവെന്നുമുള്ള അന്നത്തെ പൊലീസ് മേധാവിയുടെ വാക്കുകളെ കേള്‍ക്കാന്‍.  'നാഷനല്‍ സ്പിരിറ്റി'ന് (ദേശീയ വികാരം) എതിരായിട്ട് പോകുന്ന തീവ്രവാദത്തെയാണ് ഇല്ലായ്മ ചെയ്യേണ്ടത് എന്ന ഉറച്ച ബോധ്യം സെന്‍കുമാറിന് മുമ്പേയുണ്ട്. അതുകൊണ്ടാണ് എ ബി വി പിക്ക് സ്വാധീനമുള്ള കോളജില്‍ വിദ്യാര്‍ഥികളെ തല്ലിയ പൊലീസുകാരനെ കൈകാര്യം ചെയ്യാന്‍ മടിക്കാതിരുന്ന സെന്‍കുമാര്‍, പുതുവൈപ്പിലെ സമരക്കാരെ പൊലീസ് നേരിട്ടതിനെ ന്യായീകരിക്കുന്നത്. ജീവനും സ്വത്തിനുമുള്ള ഭീഷണി ചൂണ്ടിക്കാട്ടി സമരത്തിനിറങ്ങിയ നാട്ടുകാരുടെ വിശ്വാസ്യതയെ, തീവ്രവാദത്തിന്റെ പേരുപറഞ്ഞ് ഇല്ലാതാക്കുകയായിരുന്നു പൊലീസ് മേധാവി. നാടിന്റെ വികസനം ലാക്കാക്കി ഭരണകൂടം ആസൂത്രണം ചെയ്യുന്ന പദ്ധതികളെ എതിര്‍ക്കുക എന്നാല്‍ 'നാഷനല്‍ സ്പിരിറ്റി'ന് വിരുദ്ധം തന്നെ!


2015 മെയില്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ സെന്‍കുമാറിനെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ടുതന്നെ എല്‍ ഡി എഫിന്റെ നയങ്ങള്‍ക്കനുസരിച്ച് പൊലീസിനെ ചലിപ്പിക്കാനുള്ള കരുത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയ പിണറായി വിജയന്‍ കാണിക്കാതിരുന്നത് (പകരം നിയമിച്ച ലോക്‌നാഥ് ബഹ്‌റ എല്‍ ഡി എഫിന്റെ നയങ്ങള്‍ക്കനുസരിച്ചാണോ പൊലീസിനെ നയിച്ചത് എന്ന ചോദ്യം നിലനില്‍ക്കെത്തന്നെ) ചെറുതല്ലാത്ത അവസരം സെന്‍കുമാറിന് മുന്നില്‍ തുറന്നുനല്‍കി. സി പി എമ്മിന്റെ അജന്‍ഡകള്‍ നടപ്പാക്കാനുള്ള ശ്രമം എതിര്‍ക്കാന്‍ ഇടയുള്ള ഉദ്യോഗസ്ഥനെന്ന പ്രതിച്ഛായ. സെന്‍കുമാറിനെ മാറ്റിയത്, സര്‍ക്കാറിനെ അടിക്കാനുള്ള വടിയായി എതിര്‍ചേരി ഉപയോഗിക്കുക കൂടി ചെയ്തതോടെ ആ പ്രതിച്ഛായ ഉറച്ചു. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടി പൊലീസ് മേധാവി സ്ഥാനത്ത് സെന്‍കുമാര്‍ തിരിച്ചെത്തിയതോടെ ആ പ്രതിച്ഛായക്ക് വിശ്വാസ്യതയുടെ ആവരണം കൂടി കിട്ടി. മറുഭാഗത്ത് സര്‍ക്കാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.


ദീര്‍ഘകാലം പൊലീസിലുണ്ടായിരുന്ന, അതിന്റെ മേധാവി സ്ഥാനം അലങ്കരിച്ച, കേസന്വേഷണത്തില്‍ കീഴുദ്യോഗസ്ഥരുടെ വീഴ്ച തുറന്നുപറയാന്‍ മടിക്കാത്ത, സമരവേദികളിലെ തീവ്രവാദ സാന്നിധ്യത്തെക്കുറിച്ച് ബോധ്യമുള്ള, പ്രധാനമന്ത്രിയെ അപായപ്പെടുത്താനെത്തിയ ഭീകരവാദ മൊഡ്യൂളിനെ തടയാന്‍ പാകത്തില്‍ സുരക്ഷയൊരുക്കിയ നായകന്‍. താനാണ് ശരിയെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കെ, പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത ഏറുമെന്ന ഉറപ്പുണ്ട് അദ്ദേഹത്തിന്. ദേശീയതയെ കേന്ദ്രബിന്ദുവാക്കി തീവ്ര ഹിന്ദുത്വ വികാരമുണര്‍ത്തുമ്പോള്‍ വസ്തുതകള്‍ അപ്രസക്തമാകുന്ന കാഴ്ച രാജ്യം കണ്ടുകൊണ്ടിരിക്കെ പ്രത്യേകിച്ചും.


''മതതീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍ എസ് എസ് ഇല്ലേ എന്ന്. ഈ താരതമ്യമാണ് പ്രശ്‌നം. ആര്‍ എസ് എസ്സും ഐ എസ്സും തമ്മില്‍ താരതമ്യമില്ല. നാഷനല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്''  - സെന്‍കുമാറിന്റേതായി വന്ന അഭിപ്രായപ്രകടനങ്ങളിലൊന്ന് ഇതാണ്. ഐ എസ്, അല്‍ഖാഇദ എന്നു തുടങ്ങി പരദശം പേരുകളില്‍ അറിയപ്പെടുന്ന മതതീവ്രവാദ (ഭീകരവാദ) പ്രസ്ഥാനങ്ങള്‍ക്കെല്ലാം മുമ്പേയുണ്ട് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്). ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ പോയി, നാസി പാര്‍ട്ടിയുടെ കാര്യങ്ങള്‍ നേരിട്ട് പഠിച്ച് സാംസ്‌കാരിക ദേശീയതയെ അടിസ്ഥാന ആശയമാക്കി പ്രവര്‍ത്തന പദ്ധതിയുണ്ടാക്കിയ സംഘടന. അന്നു മുതല്‍ മതതീവ്രവാദമായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ഹിന്ദുരാഷ്ട്രവും അതിന്‍മേല്‍ സവര്‍ണര്‍ക്കുള്ള അധികാര സ്ഥാപനവുമായിരുന്നു ലക്ഷ്യം. വെറുപ്പും വിദ്വേഷവും വളര്‍ത്താനുള്ള ഒരവസരവും പാഴാക്കിയിട്ടില്ല ഇക്കാലം വരെ. രാഷ്ട്രപിതാവിന്റെ ഹത്യ മുതല്‍ പശുമാംസത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന കൊലകളില്‍ വരെ ആരോപണവിധേയരായി നില്‍ക്കുന്നു. ഇതൊക്കെ 'നാഷനല്‍ സ്പിരിറ്റി'ന് യോജിച്ചതാണോ എന്ന് ആലോചിക്കാനുള്ള ബുദ്ധിയുണ്ടാകാതിരിക്കുമോ സംസ്ഥാന പൊലീസ് മേധാവിയായി വിരമിച്ച ഐ പി എസ്സുകാരന്? ബുദ്ധിയില്ലാത്തതല്ല, അടിസ്ഥാനം വര്‍ഗീയമായതാണ് പ്രശ്‌നം. ഇത്രയുംകാലം അതൊളിച്ചുവെക്കേണ്ടതുണ്ടായിരുന്നുവെന്ന് മാത്രം.


''പശുവിന് വേണ്ടി മനുഷ്യരെക്കൊല്ലുകയാണെന്ന റമസാന്‍ പ്രസംഗത്തിന്റെ ക്ലിപ്പിംഗ് കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും....'' - സെന്‍കുമാര്‍ തുടരുന്നു. പശുവിറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ച്, കന്നുകാലികളെ കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച്, പശുവിറച്ചി കഴിക്കുന്നവരെന്ന് ആരോപിച്ച് ഒക്കെ രാജ്യത്ത് ആളുകളെ കൊല്ലുമ്പോള്‍ അങ്ങനെ സംഭവിക്കുന്നുണ്ട് എന്ന് പറയുന്നതും അത് ശരിയല്ല എന്ന് പറയുന്നതും തെറ്റാണെന്ന് കരുതുന്നയാള്‍ ഇത്രനാള്‍ നിയമപാലകനായിരുന്നു! നിയമപാലകരുടെ മേധാവിയായിരുന്നു!


ലൗ ജിഹാദ് നടക്കുന്നുവെന്ന ആരോപണമുയര്‍ന്നത് കേരളത്തില്‍ മാത്രമയിരുന്നില്ല. കര്‍ണാടകത്തില്‍, മഹാരാഷ്ട്രയില്‍, ഉത്തര്‍ പ്രദേശില്‍ ഒക്കെയുണ്ടായിരുന്നു. ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഏതെങ്കിലും ഒരിടത്ത് തെളിയിക്കപ്പെട്ടതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. കേരളത്തിലെ എല്ലാ ജില്ലകളിലെയും പോലീസ് മേധാവിമാരോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു കേരള ഹൈക്കോടതി. ലൗ ജിഹാദെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നാണ് എല്ലാവരും നല്‍കിയ റിപ്പോര്‍ട്ട്. അന്ന് കേരളത്തിലെ പൊലീസ് സേനയില്‍ ചെറുതല്ലാത്ത പദവിയിലുണ്ടായിരുന്നു ടി പി സെന്‍കുമാര്‍. തെളിവുള്ള ഏതെങ്കിലുമൊരു കേസ് ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കാമായിരുന്നു. 2015 മെയ് മുതല്‍ 2016 മെയ് വരെ ക്രമസമാധാന പാലനത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും ചുമതലയുള്ള പൊലീസ് മേധാവിയായിരുന്നുവല്ലോ? ലൗ ജിഹാദിന്റെ ഒരു കേസെങ്കിലും തെളിയിച്ചെടുക്കാമായിരുന്നുവല്ലോ? (നടിയുടെ കേസില്‍ സ്വന്തം സഹപ്രവര്‍ത്തകരുടെ വിശ്വാസ്യത തകര്‍ക്കാന്‍ ഉപയോഗിച്ച ന്യായം, കോടതിയില്‍ തെളിയിക്കാന്‍ പാകത്തിലുള്ള തെളിവുകളൊന്നും കിട്ടിയില്ലെന്ന് വേണമെങ്കില്‍ പറയാം)


1971ല്‍ തലശ്ശേരിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ അന്നത്തെ പൊലീസിന്റെ നടപടികളെ വിലയിരുത്തുന്നുണ്ട്. ''അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. പൊലീസ് സേനാംഗങ്ങളില്‍ വര്‍ഗീയതയുടെ അണുബാധയുണ്ട്'' എന്നാണ് അന്ന് കമ്മീഷന്‍ പറഞ്ഞുവെച്ചത്. വര്‍ഗീയതയുടെ അണുബാധയില്‍ നിന്ന് പൊലീസിനെ മുക്തമാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശമുള്ള ഒരു ഡസന്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുകളെങ്കിലും രാജ്യത്തുണ്ട്. ആ അന്വേഷണങ്ങള്‍ക്ക് ആധാരമായ വര്‍ഗീയ കലാപങ്ങളില്‍ ആര്‍ എസ് എസ്സിന്റെ പങ്ക് കമ്മീഷനുകള്‍ കണ്ടെത്തുന്നുമുണ്ട്. സെന്‍കുമാറിന് വേണമെങ്കില്‍ പരിശോധിച്ച് ബോധ്യപ്പെടാം. ഇത്രയും അന്വേഷണങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ശേഷവും പൊലീസ് സേനയില്‍ വര്‍ഗീയതയുടെ അണുബാധ നിലനില്‍ക്കുകയും വര്‍ധിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ സെന്‍കുമാറിനെപ്പോലുള്ള മേലുദ്യോഗസ്ഥര്‍ക്കുള്ള പങ്ക് ചെറുതാകാന്‍ ഇടയില്ല.

2017-07-03

ജി എസ് ടിയില്‍ അപകടമുണ്ട്, കെട്ടകാലത്ത് പ്രത്യേകിച്ചും


ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് - ജി എസ് ടി) പ്രാബല്യത്തിലായിരിക്കുന്നു. വേണ്ട തയ്യാറെടുപ്പുകളൊന്നും കൂടാതെ. പുതിയ രീതിയനുസരിച്ച് വാണിജ്യ ഇടപാടുകള്‍ നടത്തണമെങ്കില്‍ ജി എസ് ടി നെറ്റ്‌വര്‍ക്ക് എന്ന രാജ്യമാകെ ബന്ധിപ്പിക്കുന്ന ശൃംഖലയില്‍ രജിസ്റ്റര്‍ ചെയ്ത് നമ്പറെടുക്കണം. രാജ്യത്തെ മുപ്പത് ശതമാനത്തോളം വ്യാപാര- വാണിജ്യ- സേവന ദാതാക്കള്‍ക്കും ഈ നമ്പര്‍ കിട്ടിയിട്ടില്ല. ഇതില്ലാതെ എങ്ങനെ ഇടപാടുകള്‍ നടത്തുമെന്ന തിട്ടം ഈ സ്ഥാപനങ്ങള്‍ക്കില്ല. രജിസ്‌ട്രേഷന്‍ നടപടികള്‍ എത്ര  നാള്‍ കൊണ്ട് പൂര്‍ത്തിയാകുമെന്നും അറിയില്ല. പുതിയ നികുതി സമ്പ്രദായം നടപ്പാകുമ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ ഏത് വിധത്തിലാകണമെന്നതിലും വ്യക്തതയില്ല.

നികുതിയാകെ ഓണ്‍ലൈന്‍ സമ്പ്രദായത്തിലേക്ക് മാറുന്നതോടെ എക്‌സൈസ്, വില്‍പ്പന നികുതി വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ ജോലിയെന്താണ് എന്നതിലും പൂര്‍ണ തീര്‍പ്പായിട്ടില്ല. പൊതു വില്‍പ്പന നികുതി സമ്പ്രദായത്തില്‍ നിന്ന് മൂല്യ വര്‍ധിത സമ്പ്രദായത്തിലേക്ക് രാജ്യം മാറിയത് രണ്ട് ദശകം മുമ്പാണ്. അന്നും ഇതുപോലുള്ള ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും സമയമെടുത്താണ് കാര്യങ്ങള്‍ വ്യവസ്ഥാപിതമായതെന്നുമാണ് ജി എസ് ടിയെ നേരത്തെ മുതല്‍ സ്വാഗതം ചെയ്യുകയും അതു നടപ്പാക്കുന്നത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നും അവകാശപ്പെടുന്ന ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. സമയമെടുത്താലും കാര്യങ്ങള്‍ വ്യവസ്ഥാപിതമാകുമെന്ന് പ്രതീക്ഷിക്കുക.


തയ്യാറെടുപ്പുകള്‍ പൂര്‍ണമായിട്ടില്ല, അതിനാല്‍ ജി എസ് ടി നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി തന്നെ ഈ ആവശ്യം ഉന്നയിച്ചു. എന്നിട്ടും ജൂലൈ ഒന്നിന് തന്നെ ഇത് പ്രാബല്യത്തിലാക്കണമെന്ന നിര്‍ബന്ധം കേന്ദ്ര സര്‍ക്കാര്‍ കാണിച്ചു. മുമ്പ് പലകുറി തീയതി നിശ്ചയിക്കുകയും മാറ്റിവെക്കുകയും ചെയ്തതാണ്. പുതിയ സമ്പ്രദായത്തിലേക്ക് മാറുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം തുടരുന്നതു കൊണ്ടാണ് അന്നൊക്കെ മാറ്റിവെക്കോണ്ടി വന്നത്. ആ തര്‍ക്കമൊക്കെ പരിഹരിച്ചു, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകളും നിശ്ചയിച്ചു. അതുകൊണ്ട് നടപടി ക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കി പുതിയ നികുതി സമ്പ്രദായം പ്രാബല്യത്തിലാക്കുന്നിതിന് പ്രയാസമുണ്ടായിരുന്നില്ല. അതിനായി കാത്തുനില്‍ക്കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല.


നിലവിലെ സമ്പ്രദായം അനുസരിച്ച് നികുതിക്കു മേല്‍ നികുതി നല്‍കുകയാണ് ജനങ്ങളെന്നും ആ ബാധ്യതയില്‍ നിന്ന് അവരെ എത്രയും വേഗം മോചിപ്പിക്കണമെന്നുമുള്ള സദുദ്ദേശ്യം വേണമെങ്കില്‍ ഇവിടെ കാണാം. അതോ തീരുമാനമെടുത്താല്‍ എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും കൃത്യസമയത്ത് നടപ്പാക്കാനുള്ള ഇച്ഛാശക്തി തങ്ങള്‍ക്കുണ്ടെന്ന് കാണിച്ചുകൊടുക്കാനുള്ള ശ്രമമോ? നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരമായി ജി എസ് ടി നടപ്പാക്കലിനെ മാറ്റിയെന്ന് കരുതണം. വന്‍കിട കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അവസരമൊരുക്കുക എന്ന ഉദ്ദേശ്യം കൂടി ഈ തിടുക്കത്തിന് കാരണമാണ്.


2016 നവംബര്‍ എട്ടിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രഹരം ഏല്‍പ്പിച്ചത്  രാജ്യത്തെ ചെറുകിട ഇടത്തരം വ്യാപാര - വ്യവസായ - നിര്‍മാണ സ്ഥാപനങ്ങള്‍ക്കു മേലായിരുന്നു. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധിക്കാതെ ഉത്പാദനം നിര്‍ത്തിവെക്കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായി. ക്രയവിക്രയം കുറഞ്ഞത് വ്യാപാര സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി. പിന്‍വലിച്ചതിന് പകരം ഏര്‍പ്പെടുത്തിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച മൂല്യത്തിന് തുല്യമായി ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ല. ക്രയവിക്രയം പഴയ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.


ആ സമയത്ത് ജി എസ് ടി പ്രാബല്യത്തില്‍ വരുത്തി, വിപണിയെ വീണ്ടും സ്തംഭനാവസ്ഥയിലേക്ക് എത്തിക്കുമ്പോള്‍ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ വീണ്ടും പ്രതിസന്ധിയിലാകും. തുടര്‍ച്ചയായുണ്ടാകുന്ന വിപണി മാന്ദ്യത്തെ അതിജീവിച്ച് പിടിച്ചുനില്‍ക്കാന്‍ എത്ര പേര്‍ക്ക് സാധിക്കുമെന്നത് കണ്ടറിയണം. ഈ അവസ്ഥയുടെ ഗുണമുണ്ടാകുക, ഇതിനകം ജി എസ് ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി തടസ്സം കൂടാതെ ക്രയവിക്രയം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്കാണ്. പ്രത്യേകിച്ച് ഏതാണ്ടെല്ലാ സാമഗ്രികളുടെയും ചില്ലറ വില്‍പ്പനയിലേക്ക് തിരിഞ്ഞിരിക്കുന്ന റിലയന്‍സ് മുതല്‍ ടാറ്റ വരെയുള്ളവക്കും ബഹു ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പനയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിന്റെ (യു പി എ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ അനുമതിയെ അന്ന് ബി ജെ പി എതിര്‍ത്തിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ അനുമതി തുടരാനാണ് തീരുമാനിച്ചത്) ആനൂകുല്യത്തില്‍ ഇന്ത്യയിലേക്ക് പ്രവേശിച്ച ബഹു രാഷ്ട്ര കമ്പനികള്‍ക്കുമാണ്.


ഇത്തരം കമ്പനികള്‍ക്ക് മുന്നില്‍ ജി എസ് ടി തുറന്നിടുന്ന അവസരം ഇത് മാത്രമല്ല. ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങി സംഭരിച്ച് ഒരു കേന്ദ്രത്തില്‍ നിന്ന് വിപണന ശൃംഖലകളിലേക്ക് എത്തിക്കാന്‍ കൂടുതല്‍ സൗകര്യം ഈ കമ്പനികള്‍ക്ക് പുതിയ സമ്പ്രദായം തുറന്നിടും.  മുമ്പ് ഓരോ സംസ്ഥാനത്തെയും നികുതിക്കനുസരിച്ച് വില രേഖപ്പെടുത്തി പ്രത്യേകം പ്രത്യേകം പാക്കറ്റുകളിലാക്കി വിപണനത്തിന് എത്തിക്കേണ്ടതുണ്ടായിരുന്നുവെങ്കില്‍ അത് ഒഴിവാകുകയാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന താങ്ങുവില അടിസ്ഥാനത്തിലുള്ള സംഭരണം എക്കാലത്തും പാളുന്നതാകയാല്‍ കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലക്ക് ഉത്പന്നങ്ങള്‍ വാങ്ങിയെടുക്കാന്‍ ഈ കമ്പനികള്‍ക്ക് സാധിക്കും. ചില്ലറ വില്‍പ്പന ശാലകളിലേക്കുള്ള വിതരണം മൊത്തത്തില്‍ നടത്തുകയുമാകാം.


അസംഘടിത മേഖലയിലെ ചില്ലറ വില്‍പ്പന ശാലകളിലേക്ക് ഉത്പന്നങ്ങളെത്തുക പല കൈമറിഞ്ഞാണ്. ഓരോ കൈമറിയലിലും വില വര്‍ധിക്കുകയും ചെയ്യും. ഇതൊഴിവാകുന്നുവെന്നത് കൊണ്ട് ഉത്പന്നങ്ങള്‍ വിലകുറച്ച് വില്‍ക്കാന്‍ കുത്തക കമ്പനികള്‍ക്ക് സാധിക്കും. അവരതിന് മെനക്കെടുക കൂടി ചെയ്താല്‍ വിപണിയൊന്നാകെ അവരുടെ കൈകളില്‍ എത്തുന്നകാലം അകലെയല്ല. ഭാവിയില്‍ ഉത്പന്ന വില നിര്‍ണയിക്കാനുള്ള അധികാരം പൂര്‍ണമായി ഈ കമ്പനികളുടെ കൈകളിലേക്ക് നല്‍കുക കൂടിയാണ് ജി എസ് ടിയിലൂടെ കേന്ദ്രം ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഒരിടപെടലും സാധ്യമാകുകയുമില്ല.  പല നികുതികള്‍ ഒഴിവാകുകയും നികുതിക്ക് മേലുള്ള നികുതി ഇല്ലാതാകുകയും ചെയ്യുന്നതിലൂടെ ഉത്പന്ന വില കുറയുമെന്ന് ജനം വിശ്വസിക്കുമ്പോള്‍, വില നിശ്ചയിക്കാനുള്ള അധികാരം കുത്തകകള്‍ക്ക് തീറെഴുന്നത് ഭാവിയില്‍ ഉണ്ടാക്കാനിടയുള്ള അപകടത്തെക്കുറിച്ച് ആരും തത്കാലം ചിന്തിക്കില്ല. അതുകൊണ്ടാണ് പുതിയ സമ്പ്രദായം കേരളത്തിന് വരുമാനം കൂട്ടാനിടയുണ്ടെന്ന് ഇടതുനയത്തില്‍ വ്യതിചലനമില്ലാത്ത തോമസ് ഐസക്ക് ആവര്‍ത്തിക്കുന്നത്.


നികുതിക്കുമേല്‍ നികുതിയില്‍ നിന്ന് ജനത്തെ സംരക്ഷിക്കാന്‍ കച്ചകെട്ടിയ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയില്‍ നിന്ന് നീക്കി നിര്‍ത്തി. പെട്രോള്‍ ലിറ്ററൊന്നിന് 20 രൂപയിലധികം എക്‌സൈസ് നികുതിയായി കേന്ദ്രം പിരിക്കുന്നു. ഇതുകൂടി ചേര്‍ത്തുള്ള വിലയിന്‍മേല്‍ സംസ്ഥാനങ്ങള്‍ വില്‍പ്പന നികുതി ചുമത്തുമ്പോള്‍ 14 രൂപയോളം ലിറ്ററിന് വീണ്ടും കൂടും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ എക്‌സൈസ് നികുതി പലതവണ കൂട്ടിയിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍.  അതുകൊണ്ടാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതികള്‍ ഇത്രയും ഉയര്‍ന്നത്. ഇന്ധന വില കൂടുന്നത് അനുസരിച്ച് ട്രാന്‍സ്‌പോട്ടേഷന്‍ ചെലവ് കൂടും അതിനനുസരിച്ച് ഉത്പന്നവിലയും കൂടും. ഉത്പന്നവില കുറയണമെന്ന ആഗ്രഹമാണ് ഏകീകൃതനികുതിയിലേക്ക് മാറുന്നതിന് യഥാര്‍ത്ഥ കാരണമെങ്കില്‍ ഈ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തേണ്ടത് പെട്രോളിയം ഉത്പന്നങ്ങളെയായിരുന്നു. അതിന് തയ്യാറാകാതിരിക്കുകയും ഉത്പന്നങ്ങളുടെ വിലയിന്‍മേല്‍ സര്‍ക്കാറിന് യാതൊരു നിയന്ത്രണവുമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ കൊള്ളലാഭത്തിന് അവസരമുറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.


ഈ ലാഭമുറപ്പാക്കലില്‍ വിപണിയുടെ അധികാരം കമ്പനികളില്‍ കേന്ദ്രീകരിക്കുമ്പോള്‍ സാമ്പത്തിക അധികാരം പൂര്‍ണമായും കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമാകുകയാണ്. സംസ്ഥാനങ്ങള്‍ക്ക് തനത് വരുമാന സ്രോതസ്സുകള്‍ ഇനി തീര്‍ത്തും പരിമിതമാണ്. അതായത് കേന്ദ്രത്തില്‍ നിന്നുള്ള ജി എസ് ടി വിഹിതത്തെ ആശ്രയിച്ച് മാത്രം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ട അവസ്ഥയിലേക്ക് സംസ്ഥാനങ്ങളുടെ അധികാരം ചുരുങ്ങും. കേരളത്തിലെ കോഴിക്കച്ചവടക്കാരെ സംരക്ഷിക്കുന്നതിനാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കോഴികള്‍ക്ക് കേരളം പ്രവേശന നികുതി ഏര്‍പ്പെടുത്തിയത്. ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് പിന്നീട് സുപ്രീം കോടതി വിധിക്കുകയും ചെയ്തു. ഇനി മേല്‍, ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഇത്തരം സംരക്ഷണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആര്‍ക്കും സാധിക്കാതെ വരും.


ഇന്ത്യന്‍ യൂണിയന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ ഭരിച്ചിരുന്ന കാലത്ത് കേന്ദ്ര അവഗണനക്കെതിരായ സമരങ്ങള്‍ ഇവിടെ സജീവമായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പുലര്‍ത്തിയിരുന്ന ജനാധിപത്യ മര്യാദ പ്രതീക്ഷിക്കാന്‍ സാധിക്കാത്ത സര്‍ക്കാറാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളത് എന്നതിന് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിനോട് അവര്‍ സ്വീകരിക്കുന്ന നിലപാട് തന്നെ ഉദാഹരണം.  അത്തരം നിലപാടുകള്‍ കേരളം പോലെ ബി ജെ പിക്ക് ഇനിയും ചുവടുറപ്പിക്കാന്‍ ഇടം കിട്ടാത്ത സംസ്ഥാനങ്ങളോട് സ്വീകരിക്കാനുള്ള സാധ്യത ഏറെയാണ്. അതിന് സാമ്പത്തിക അധികാരത്തെ ഉപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയുമാണ്.


സ്റ്റേറ്റ് ബേങ്കുകളെ ലയിപ്പിച്ചതിന് പിറകെ മറ്റ് ചില ബേങ്കുകളെ കൂടി ലയിപ്പിക്കാന്‍ കേന്ദ്രം ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ പ്രക്രിയ എളുപ്പത്തിലാക്കുന്നതിന് പുതിയ കോര്‍പ്പറേഷന്‍ രൂപവത്കരിക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുമുണ്ട്. അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അത്തരമൊരു സാഹചര്യത്തില്‍ ജി എസ് ടിയിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുന്നതിന് വലിയ പ്രാധാന്യമുണ്ട്. വര്‍ഗീയ ഫാസിസത്തിന്റെ അടിത്തറയുള്ള ഏകാധിപത്യ പ്രവണതക്ക്  ആക്കം കൂട്ടുകയാണ് ഏകീകൃത നികുതി സമ്പ്രദായം. വിലകുറയുമെന്ന പ്രചാരണങ്ങള്‍ അതിന് തത്ക്കാലം മറയിടുന്നുവെന്ന് മാത്രം.