2018-09-25

റാഫേല്‍ - വഞ്ചനയാണ് വലിയ രാജ്യസ്‌നേഹം


സ്വീഡിഷ് കമ്പനിയായ എ ബി ബൊഫോഴ്‌സില്‍ നിന്ന് ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യാ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന ആരോപണം ഉയരുന്നത് 1987ലാണ്. ഈ ഇടപാടില്‍ ഏതാണ്ട് 164 കോടി രൂപ കോഴയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നും അതില്‍ വലിയ പങ്ക് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കായിരുന്നുവെന്നും ഈ പണം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നുമായിരുന്നു ആരോപണം. ആരോപണമങ്ങനെ നിന്നു കത്തി. രാജീവ് മന്ത്രിസഭയില്‍ നിന്ന് പുറത്തുവന്ന വിശ്വനാഥ് പ്രതാപ് സിംഗും ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിനെയും നേതാവായ രാജീവ് ഗാന്ധിയെയും തികച്ചും പ്രതിരോധത്തിലാക്കി. ലോക്‌സഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി ജെ പിയും ഇതിനൊപ്പം നിന്നു. ബൊഫോഴ്‌സ് കോഴ ആരോപണവും അഴിമതിക്കെതിരെ നിലപാടെടുത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന വിശ്വനാഥ് പ്രതാപ് സിംഗിനുണ്ടായ വലിയ പ്രതിച്ഛായയും 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയെ നിഷ്‌കാസിതനാക്കി. കോണ്‍ഗ്രസിനെ പുറത്താക്കാന്‍ രൂപംകൊണ്ട വിശാല സഖ്യത്തിന്റെ ഭാഗമായി നിന്ന ബി ജെ പി ലോക്‌സഭയിലെ അംഗ സംഖ്യ രണ്ടില്‍ നിന്ന് 84ലേക്ക് ഉയര്‍ത്തി.


164 കോടി രൂപ കൈക്കൂലി വാങ്ങി, നിലവാരമില്ലാത്ത തോക്കുകള്‍ വാങ്ങിയതിലൂടെ രാജ്യസുരക്ഷ അപകടത്തിലാക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത് എന്ന് അന്ന് ബി ജെ പിയുടെ നേതാക്കളായിരുന്ന അടല്‍ ബിഹാരി വാജ്പയിയും ലാല്‍ കൃഷ്ണ അഡ്വാനിയും നിരന്തരം ആരോപിച്ചിരുന്നു. കോഴ വാങ്ങി രാജ്യസുരക്ഷ അപകടത്തിലാക്കിയ രാജീവ് ഗാന്ധി, രാജ്യദ്രോഹിയാണെന്നായിരുന്നു ഈ നേതാക്കളുടെ ആരോപണങ്ങളുടെ വ്യംഗ്യം. സംഘ്പരിവാരം ഈ പ്രചാരണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. 1998ല്‍ എ ബി വാജ്പയ് പ്രധാനമന്ത്രിയായിരിക്കെ കാര്‍ഗില്‍ യുദ്ധമുണ്ടായപ്പോള്‍ ഹോവിറ്റ്‌സര്‍ തോക്കുകള്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടു. അന്ന് കാര്‍ഗില്‍ മലനിരകളില്‍ നിന്ന് പാക് സൈന്യത്തെ തുരത്തുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് വലിയ സഹായം ചെയ്തു ഈ തോക്കുകള്‍ എന്നാണ് സൈന്യം തന്നെ അവകാശപ്പെട്ടത്. ബൊഫോഴ്‌സ് കോഴ ആരോപണം നിയമ സംവിധാനങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല, കോഴപ്പണം കൈമാറ്റം ചെയ്തുവോ എന്ന സംശയം ബലവത്തായി തുടരുന്നുവെങ്കിലും. പക്ഷേ, നിലവാരമില്ലാത്ത തോക്കുകള്‍ വാങ്ങി രാജ്യസുരക്ഷ അപകടത്തിലാക്കിയ രാജ്യദ്രോഹം, കാര്‍ഗില്‍ യുദ്ധത്തോടെ ഇല്ലാതായി.


ഈ യുദ്ധം, മറ്റൊരു ആരോപണത്തിന് വഴിയൊരുക്കി. കാര്‍ഗിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരുടെ ശരീരം നാട്ടിലെത്തിക്കുന്നതിന് അമേരിക്കന്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ ശവപ്പെട്ടികള്‍ നിലവാരമില്ലാത്തതായിരുന്നുവെന്നും അതു തന്നെ കൂടിയ വിലക്ക് വാങ്ങിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് വലിയ നഷ്ടമുണ്ടായെന്നുമായിരുന്നു ഒന്ന്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് പ്രകാരം 10 കോടി രൂപയുടെ നഷ്ടം. റഷ്യ, ദക്ഷിണാഫ്രിക്ക, ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടായെന്ന് അന്ന് ആരോപണമുണ്ടായി. എല്ലാം ചേര്‍ത്ത് 24,000 കോടി രൂപയുടെ ഇടപാട്. ഇതെച്ചൊല്ലിയുണ്ടായ കേസുകള്‍, പതിവുപോലെ തെളിവുകളുടെ അഭാവത്താല്‍ തള്ളപ്പെട്ടു.


കേസുകള്‍ ഇല്ലാതായെങ്കിലും കൊല്ലപ്പെട്ട പട്ടാളക്കാരുടെ ശരീരം, ഇറക്കുമതിചെയ്ത ശവപ്പെട്ടികളിലിരുന്ന് ജീര്‍ണിച്ചാണ് ബന്ധുക്കളുടെ മുന്നിലെത്തിയത് എന്നത് വസ്തുതയായി രാജ്യത്തിന് മുന്നിലുണ്ട്. ഒരു യുദ്ധത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ പോലും നിലവാരമില്ലാത്ത ശവപ്പെട്ടികള്‍ കൂടിയ വിലക്ക് വാങ്ങാന്‍ എ ബി വാജ്പയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ മടികാണിച്ചില്ല. അതിരുകാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ജവാന്‍മാരുടെ ശരീരം, അഴുകാതെ ബന്ധുക്കള്‍ക്ക് കൈമാറണമെന്ന നിര്‍ബന്ധം 'രാജ്യ സ്‌നേഹി'കള്‍ക്കുണ്ടായില്ലെന്ന് ചുരുക്കം.


ഇതേകാലത്താണ്, ആയുധക്കമ്പനികളുടെ ഏജന്റുമാരായി ചമഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ കൈയില്‍ നിന്ന് കൈക്കൂലി മടി കൂടാതെ വാങ്ങി ബി ജെ പിയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ബങ്കാരു ലക്ഷ്മണ്‍ 'രാജ്യ സ്‌നേഹം' തെളിയിച്ചത്. ഇവ്വിധം പല കാലങ്ങളിലായി 'രാജ്യസ്‌നേഹം' തെളിയിച്ചവരാണ് പല കാലങ്ങളില്‍ രാജ്യസുരക്ഷയെക്കുറിച്ച് ആശങ്കാകുലരാകുകയും വിജൃംഭിത രാജ്യസ്‌നേഹത്തിന്റെ മറ തീര്‍ത്ത് അധികാരമുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. കള്ളപ്പണമില്ലാതാക്കാനെന്ന പേരില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം, സംഗതി രാജ്യത്തിന്റെ ഐശ്വര്യത്തിനാണെന്നും അല്ലെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്കെന്നെ ശിക്ഷിക്കാമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചത് രാജ്യസ്‌നേഹത്തെ വിജൃംഭിച്ച് നിര്‍ത്താനുള്ള മറ്റൊരു അടവ് മാത്രമായിരുന്നു.


അത്തരം അടവുകളുടെ സാഹചര്യത്തില്‍ വേണം ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍ നിന്ന് പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ മാറ്റം വരുത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ കാണാന്‍. 126 വിമാനങ്ങള്‍ക്ക് ദസോള്‍ട്ടിന് കരാര്‍ കൊടുക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ പറക്കുന്ന പാകത്തില്‍ 18 എണ്ണം വാങ്ങാനാണ് നിശ്ചയിച്ചത്. ബാക്കി 108 എണ്ണം ഹിന്ദുസ്ഥാന്‍ എയ്‌റോനോടിക്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയില്‍ നിര്‍മിക്കാനും. അതായത് റാഫേല്‍ എന്ന പോര്‍ വിമാനം നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ എച്ച് എ എല്ലിന് ലഭിക്കുമെന്ന് അര്‍ഥം. 2015 ഏപ്രിലില്‍ നരേന്ദ്ര മോദി ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തി കരാര്‍ പുതുക്കുന്നതിന് ഒരു മാസം മുമ്പ് വരെ ഇതായിരുന്നു സ്ഥിതി. ദസോള്‍ട്ട് ഏവിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എറിക് ട്രാപ്പിയര്‍ 2015 മാര്‍ച്ച് 25ന് വാര്‍ത്താസമ്മേളനം നടത്തി കരാര്‍ 95 ശതമാനവും പൂര്‍ത്തിയായെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെയും എച്ച് എ എല്ലിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പാര്‍ശ്വങ്ങളിലുണ്ടായിരുന്നു. 15 ദിവസത്തിന് ശേഷം നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.


എച്ച് എ എല്ലിന്റെ സ്ഥാനത്ത് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനി വന്നു. കരാര്‍ പ്രഖ്യാപിക്കുന്നതിന് പന്ത്രണ്ട് ദിവസം മുമ്പ് മാത്രം അനില്‍ അംബാനി തട്ടിക്കൂട്ടിയ കമ്പനിയും ദസോള്‍ട്ടും സംയുക്ത സംരംഭമുണ്ടാക്കുമെന്നും റാഫേല്‍ പോര്‍ വിമാനങ്ങള്‍ക്ക് വേണ്ട ഘടകങ്ങള്‍ അവിടെ നിര്‍മിക്കുമെന്നും തീരുമാനിക്കപ്പെട്ടു. പ്രതിരോധ മേഖലയില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയെ പോര്‍ വിമാനങ്ങളുടെ നിര്‍മാണത്തില്‍ ദശകങ്ങളുടെ പരിചയ സമ്പത്തുള്ള ദസോള്‍ട്ട് പങ്കാളിയാക്കിയത് യാതൊരു സമ്മര്‍ദവുമില്ലാതെയാണെന്ന് വിശ്വസിക്കാന്‍ ഒരു നേരം അന്നാഹാരം കഴിക്കുന്നവര്‍ക്കൊന്നും സാധിക്കില്ല. അതാണ് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡെ, ഇന്ത്യയുടെ സമ്മര്‍ദഫലമായാണ് സംയുക്ത കമ്പനിയുടെ പങ്കാളിയായി റിലയന്‍സിനെ തിരഞ്ഞെടുത്തത് എന്ന് തുറന്നു പറഞ്ഞതും. കരാര്‍ മാറ്റാന്‍ നിശ്ചയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ. അപ്പോള്‍ പിന്നെ ഫ്രാന്‍ഷ്യസ് ഹോളന്‍ഡെ, പറഞ്ഞ സമ്മര്‍ദം നമ്മുടെ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നാകണം ഉണ്ടായിട്ടുണ്ടാകുക. അംബാനി, അദാനി, എസ്സാര്‍ തുടങ്ങിയ ഗ്രൂപ്പുകളുടെ തലവന്‍മാരെ വിദേശ സന്ദര്‍ശനത്തിലൊക്കെ കൂടെക്കൂട്ടാന്‍ മറക്കാത്ത, മുകേഷ് അംബാനിയുടെ കമ്പനിയുടെ പരസ്യമോഡലാകാന്‍ മടിക്കാത്ത നരേന്ദ്ര മോദി അനില്‍ അംബാനിയുടെ കമ്പനിക്കു വേണ്ടി സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകില്ലെന്ന് വിശ്വസിക്കാന്‍ അത്രക്കധികം വിജൃംഭിതമായ 'രാജ്യസ്‌നേഹം' വേണം.


ഈ വകയില്‍ രാജ്യത്തിനുണ്ടായ നഷ്ടം കണക്കിലെടുക്കുമ്പോള്‍ രാജ്യസ്‌നേഹം അത്രക്കധികം വിജൃംഭിക്കുന്നുമില്ല. എച്ച് എ എല്ലിനെ വിമാന നിര്‍മാണ പങ്കാളായായി നിശ്ചയിച്ചിരുന്നുവെങ്കില്‍ പോര്‍വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ രാജ്യത്തിന് ലഭിക്കുമായിരുന്നു. ആഭ്യന്തരമായി പോര്‍വിമാനം നിര്‍മിക്കുന്ന എച്ച് എ എല്ലിന് അത് വലിയ ഊര്‍ജമാകുമായിരുന്നു. ഇന്ത്യന്‍ വ്യോമ സേനക്ക് പോര്‍വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാനുള്ള ത്രാണി എച്ച് എ എല്‍ ആര്‍ജിച്ചിരുന്നുവെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം പോര്‍ വിമാനങ്ങളുടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യക്ക് സ്ഥാനവും കിട്ടുമായിരുന്നു. നിലവില്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങി ഏതാനും രാജ്യങ്ങള്‍ മാത്രം നേടിയെടുക്കുന്ന കരാറുകളില്‍ മത്സരിക്കാന്‍ എച്ച് എ എല്ലിന് സാധിക്കുമായിരുന്നു. ആ അവസരം ഇല്ലാതാക്കി അനില്‍ അംബാനിയുടെ കമ്പനിയെ ദസോള്‍ട്ടിന്റെ പങ്കാളിയാക്കി ഘടകങ്ങള്‍ നിര്‍മിക്കാനുള്ള കമ്പനിക്ക് വഴി തുറക്കുമ്പോള്‍ ഇന്ത്യന്‍ യൂനിയന്റെ വലിയ അവസരങ്ങളാണ് 'രാജ്യ സ്‌നേഹി' ഇല്ലാതാക്കിയത്. വരുമാന സാധ്യത മാത്രമല്ല, വലിയ തൊഴിലവസര സാധ്യത കൂടിയാണ് ഇല്ലാതാക്കിയത്. ബൊഫോഴ്‌സ്, ശവപ്പെട്ടി കുംഭകോണങ്ങളിലും വ്യാജ കമ്പനിയില്‍ നിന്ന് ബങ്കാരു ലക്ഷ്മണ്‍ കൈക്കൂലി കൈനീട്ടി വാങ്ങിയ കേസിലും ഇല്ലാത്ത കൊടിയ വഞ്ചന ഇവിടെയുണ്ട്.


സാങ്കേതിക വിദ്യ കൈമാറാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ ദസോള്‍ട്ട് ഏവിയേഷന് അവരുടെ കച്ചവട സാധ്യത നിലനിര്‍ത്തിക്കൊടുക്കുകയാണ് ചെയ്തത്. പോര്‍വിമാന നിര്‍മാതാക്കളായ വന്‍കിടക്കാര്‍ക്ക് അവരുടെ കോയ്മ തുടരാന്‍ വഴിയൊരുക്കുകയും. അതിന് എത്ര കോടി കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകും? സമ്മര്‍ദം ചെലുത്തിയ പുമാന്‍ നേരിട്ട് വാങ്ങിയെന്ന ആരോപണമൊന്നുമില്ലെങ്കിലും ആ ദേഹത്തോട് ഒട്ടിനില്‍ക്കുന്നവരുടെയോ ആ ദേഹത്തിന്റെ പാര്‍ട്ടിയുടെയോ ഒക്കെ അക്കൗണ്ടുകളിലേക്ക് പണമെത്തിയിട്ടുണ്ടാകണം. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്നാണ് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് പറഞ്ഞതെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നതിന്റെ അര്‍ഥം അവിടെയാണ്.
കള്ളത്തരത്തിന്റെ വിടവിനെ നുണകൊണ്ട് അടയ്ക്കാനാണ് മോദി സര്‍ക്കാറിലെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ശ്രമിച്ചത്. എച്ച് എ എല്ലിന്റെ അവസ്ഥ മോശമാണെന്നും ദസോള്‍ട്ട് മുന്നോട്ടുവെച്ച നിര്‍മാണ കരാറിലെ വ്യവസ്ഥകളോട് യോജിക്കാന്‍ എച്ച് എ എല്ലിന് സാധിച്ചില്ലെന്നുമാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. എച്ച് എ എല്ലിന്റെ തലപ്പത്തു നിന്ന് ഏതാനും ആഴ്ച മുമ്പ് മാത്രം ഇറങ്ങിയ ടി സുവര്‍ണ രാജു, പ്രതിരോധ മന്ത്രിയുടെ വാദം തെറ്റാണെന്ന് പറയുമ്പോള്‍ പൊളിയുന്നത് നുണയും തെളിയുന്നത് കള്ളത്തരവുമാണ്. മുന്‍കാലം മുതല്‍ തന്നെ നുണയും കള്ളത്തരവും 'രാജ്യ സ്‌നേഹ'ത്തിന്റെ അടയാളങ്ങളാക്കിയവര്‍ക്ക് ഇതും അലങ്കാരമാകുമെന്നതില്‍ തര്‍ക്കം വേണ്ട. ആകയാല്‍ അധികാരി കള്ളത്തരം കാട്ടുന്നുവെന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാകുമെന്ന് ഉറപ്പ്.


നടത്തിക്കൊണ്ടിരുന്ന കച്ചവടങ്ങളാകെ പൊട്ടി, വിജയ് മല്യയോടും അദാനിയോടും മത്സരിക്കാന്‍ പാകത്തില്‍ കടത്തിന്റെ കുടിശ്ശിക വളര്‍ത്തിവെച്ചിരിക്കുന്ന അനില്‍ അംബാനിക്ക് ഈ 'രാജ്യ സ്‌നേഹ'ത്തിന്റെ പരിലാളനം ഒരു പക്ഷേ തുണയായേക്കും. ആ പരിലാളനത്തിന് വേണ്ടി അംബാനി കൊടുത്ത പടിയെത്ര എന്നത് രഹസ്യം.

2018-09-18

ദേശക്കൂറില്‍ ചാലിച്ചൊരു പെരുപ്പിക്കല്‍


കള്ളപ്പണമൊന്നാകെ ഇല്ലാതാകുന്നതോടെ സ്ഥാപിതമാകുന്ന മധുരമനോജ്ഞ രാജ്യം. അവിടെ കള്ളനോട്ട് കൂടി ഇല്ലാതാകുകയും ഭീകരവാദികള്‍ക്ക് പണം കിട്ടാതിരിക്കുകയും കൂടി ചെയ്താലോ! സമ്പല്‍ സമൃദ്ധിക്ക് പിന്നെന്ത് വേണം? 2016 നവംബര്‍ എട്ടിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുള്ള പ്രഖ്യാപനം നടത്തുമ്പോള്‍ പരമാധികാരി പങ്കുവെച്ച സ്വപ്‌നം ഇതായിരുന്നു. ഇപ്പറഞ്ഞതൊന്നും നടപ്പായില്ലെങ്കില്‍ നിങ്ങളെന്റെ ജീവനെടുത്തോളൂ എന്ന് രാജ്യത്തെ ജനങ്ങളോട് വികാരാധീനനാകുകയും ചെയ്തു, പ്രഹസനത്തിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ആവര്‍ത്തിച്ച്. അവ്വിധം നാട്ടുകാരുടെ സമ്പത്ത് മുഴുവന്‍ ചെറുകാലത്തേക്കെങ്കിലും പിടിച്ചെടുക്കുകയും അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുമ്പോള്‍, ബേങ്ക് വായ്പകള്‍ തിരിച്ചടക്കാതെ കിട്ടാക്കടത്തിന്റെ വലുപ്പം വര്‍ധിപ്പിക്കുന്ന വ്യവസായ പ്രമുഖരുടെ പട്ടിക പരമാധികാരിയുടെ ഓഫീസില്‍ ഭദ്രമായിരിപ്പുണ്ടായിരുന്നു. ഈ തുക തിരിച്ചെടുക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ശിപാര്‍ശകളും അന്നത്തെ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ റഘുറാം രാജന്‍ നല്‍കിയിരുന്നു. അതിന്‍മേല്‍ ഒരു നടപടിയും സ്വീകരിക്കാതെയാണ് കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന പേരില്‍ ജനങ്ങളെ ബന്ദിയാക്കാന്‍ പരമാധികാരി നിശ്ചയിച്ചത്. വേറൊരു റിപ്പോര്‍ട്ട് കൂടി അത്തരുണത്തില്‍ അധികാരിയുടെ പരിഗണനയിലുണ്ടായിരുന്നു. രാജ്യത്ത് കള്ളപ്പണത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം നടക്കുന്നത് ഏത് വിധത്തിലാണെന്ന് വിശദീകരിക്കുന്നത്.


വസ്തുത കണക്കിലെടുക്കുന്നതില്‍ പരമാധികാരിക്ക് പണ്ടേയില്ല താത്പര്യം. പെരുപ്പിച്ച് കാണിക്കുന്നതിലും ഇല്ലാത്തത് പറയുന്നതിലും വിദ്വേഷം വളര്‍ത്തുന്നതിലുമാണ് പ്രാഗത്ഭ്യം. സംഘ പാരമ്പര്യവും അതായിരുന്നു, ഉത്പത്തി മുതല്‍. പെരുപ്പിച്ചെടുത്ത രാജ്യസ്‌നേഹമായിരുന്നു അന്നത്തെയും ഇന്നത്തെയും മുഖ്യ മൂലധനം. ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് എതിരിട്ടോ എന്ന സംശയത്താല്‍ ആന്‍ഡമാനിലെ ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് രാജാധികാരത്തോട് പലകുറി മാപ്പുചോദിക്കാന്‍ മടികാണിക്കാതിരുന്ന ആചാര്യന്റെ രാജ്യസ്‌നേഹം. അതങ്ങനെ രേഖയായി ചരിത്രത്തില്‍ കിടക്കുമ്പോഴും ദേശക്കൂറില്‍ മുമ്പന്തിയിലാണെന്ന് ആവര്‍ത്തിച്ചിരുന്നു സംഘപരിവാരം. രാഷ്ട്രപിതാവിനെ സംഘ ബന്ധു വെടിവെച്ചിട്ടപ്പോള്‍ മധുരപലഹാരം വിതരണം ചെയ്യാന്‍ മടിക്കാതെ വീണ്ടും തെളിയിച്ചിരുന്നു രാജ്യസ്‌നേഹം. അതവിടെ രേഖയായി നിലനില്‍ക്കുമ്പോഴും ദേശക്കൂറ് ആവര്‍ത്തിച്ചു. ഈ പെരുപ്പിച്ച് പറയലിലൂടെ രാജ്യസ്‌നേഹത്തിന്റെ കുത്തക ഏറ്റെടുക്കാനും രാജ്യസ്‌നേഹമെന്നാല്‍ ഹിന്ദു രാഷ്ട്രത്തോടുള്ള സ്‌നേഹമാണെന്ന് സ്ഥാപിച്ചെടുക്കാനുമായിരുന്നു ശ്രമം. അതിപ്പോഴും തുടരുന്നുണ്ട്.


രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്ന പെരുപ്പിച്ചുകാട്ടല്‍ മറ്റൊന്നാണ്. അംബാനി മുതല്‍ അദാനി വരെയുള്ളവര്‍ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണതെന്ന് അദ്ദേഹം പറയുന്നു. ഊര്‍ജോത്പാദന മേഖലയിലുള്ള നിക്ഷേപം പ്രയോജനപ്പെടുത്തിയാണ് പെരുപ്പിച്ചുകാട്ടലും വെളുപ്പിക്കലും തടസ്സമില്ലാതെ നടത്തുക. മേല്‍പ്പറഞ്ഞ കമ്പനികള്‍ക്കൊക്കെ ഊര്‍ജോദ്പാദന മേഖലയില്‍ നിക്ഷേപമുണ്ട്. ഗുജറാത്തിലെ പദ്ധതിയില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് പാക്കിസ്ഥാന് വില്‍ക്കാന്‍ വരെ പദ്ധതിയിട്ടിരുന്നു അദാനി. എന്തായാലും ഇത്തരം പദ്ധതികളിലേക്ക് വേണ്ട ഉപകരണങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതിചെയ്യും. ഇറക്കുമതിച്ചെലവ് കൂട്ടിക്കാണിക്കും. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയാണ് ഉപകരണത്തിന്റെ യഥാര്‍ഥ വിലയെങ്കില്‍ ബില്ലില്‍ രണ്ട് ലക്ഷം രൂപ കാണിക്കും. അത്രയും തുക രാജ്യത്തു നിന്ന് പുറത്തേക്ക് കടക്കും. ഉപകരണം വിറ്റ കമ്പനിക്ക് ഒരു ലക്ഷം രൂപയും കൂടുതല്‍ തുകക്ക് ബില്ല് നല്‍കിയതിന്റെ കമ്മീഷനും മാത്രമേ നല്‍കൂ. ബാക്കി തുക ഇന്ത്യാ മഹാരാജ്യത്ത് നികുതിയൊടുക്കേണ്ടാത്ത സമ്പാദ്യമായി, കള്ളപ്പണം സൂക്ഷിക്കാന്‍ ഇടമുള്ള വിദേശത്തെ ബേങ്കുകളില്‍ വിശ്രമിക്കും. ഈ പണം, ആവശ്യം വരുമ്പോള്‍ നേരിട്ടോ അല്ലാതെയോ ഉള്ള വിദേശ നിക്ഷേപമായി ഇന്ത്യാ മഹാരാജ്യത്ത് തിരിച്ചെത്തുകയും ചെയ്യും. വര്‍ഷം മുഴുവന്‍ വിയര്‍പ്പൊഴുക്കുന്നവന്‍, നികുതിലേശം കുറഞ്ഞോട്ടെ എന്ന് കരുതി കണക്കില്‍ക്കാണിക്കുന്ന ചില്ലറ തിരിമറിയല്ല ഇത്. കോടിക്കണക്കിന് രൂപ, നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്തി കള്ളപ്പണക്കൂമ്പാരമുണ്ടാക്കുന്ന വലിയ ഇടപാടാണ്.



ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവഗണിച്ചാണ്, രാജ്യത്തെ സാധാരണക്കാരെ മുഴുവന്‍ തെരുവിലേക്ക് തള്ളിക്കൊണ്ടും ചെറുകിട ഇടത്തരം കാര്‍ഷിക - വ്യാവസായിക മേഖലകളെയാകെ തകര്‍ത്തുകൊണ്ടും നോട്ട് പിന്‍വലിക്കാന്‍ പരമാധികാരി തയ്യാറായത്. എന്നിട്ടങ്ങോട്ട് പെരുപ്പിച്ച് കാട്ടലും. പിന്‍വലിച്ച നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടി വരും. ഇതില്‍ മൂന്നോ നാലോ ലക്ഷം കോടിയുടെ നോട്ട് തിരികെ ബേങ്കുകളില്‍ എത്തില്ല. അതോടെ അത്രയും കറന്‍സി പുതുതായി വിപണിയിലിറക്കാന്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യക്ക് സാധിക്കും. അതോടെ അത്രയും തുക കൂടുതലായി വികസനപദ്ധതികളില്‍ നിക്ഷേപമാകും. രാജ്യത്തെ പിന്നെ പിടിച്ചാല്‍കിട്ടില്ല എന്നിത്യാദി പെരുപ്പിച്ച് പറയലുകള്‍. അവസാനത്തെ കണക്ക് ഇനിയും വന്നിട്ടില്ല. വന്ന കണക്കുകളനുസരിച്ചാണെങ്കില്‍ പിന്‍വലിച്ചതിനേക്കാള്‍ അധികം കറന്‍സി ബേങ്കുകളില്‍ തിരിച്ചെത്തി എന്ന് കരുതണം. കള്ളപ്പണം വെളുപ്പിക്ക മാത്രമല്ല, കള്ളനോട്ട് മാറിനല്‍കാന്‍ കൂടി അവസരമുണ്ടാക്കി പരമാധികാരി. എന്നിട്ടാണ് കള്ളനോട്ട് തുടച്ചുനീക്കി, ഡിജിറ്റല്‍ ഇക്കണോമിയിലെക്ക് മാറി, ആദായനികുതി റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം കൂടി തുടങ്ങിയ നേട്ടങ്ങളുടെ പെരുക്കപ്പെട്ടിക.


അപ്പോഴും കിട്ടാക്കടം വരുത്തിയവരുടെ പട്ടിക പമാധികാരിക്കു മുന്നിലുണ്ടായിരുന്നു. 2016 നവംബര്‍ എട്ടിനാണല്ലോ നോട്ട് പിന്‍വലിച്ച 'ധീരോദാത്ത' നടപടിയുണ്ടായത്. കേന്ദ്ര സര്‍ക്കാറിന്റെ തന്നെ കണക്കനുസരിച്ച് 2016 ഡിസംബര്‍ അവസാനം രാജ്യത്തെ ബേങ്കുകളിലെ ആകെ കിട്ടാക്കടം 6,14,872 കോടിയായിരുന്നു. നോട്ട് പിന്‍വലിച്ചപ്പോള്‍ ബേങ്കുകളിലേക്ക് തിരിച്ചെത്തില്ലെന്ന് വിശ്വസിച്ച കള്ളപ്പണത്തിന്റെ മൂല്യം മൂന്ന് മുതല്‍ നാല് വരെ ലക്ഷം കോടിയായിരുന്നു. അതിന്റെ ഏതാണ്ട് ഇരട്ടിത്തുകയുടെ കിട്ടാക്കടം അവഗണിച്ചാണ് നോട്ട് പിന്‍വലിക്കാന്‍ നിശ്ചയിച്ചത്. അന്നുണ്ടായിരുന്ന കിട്ടാക്കടത്തില്‍ വലിയൊരളവ് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ വായ്പകളുടെ പാര്‍ശ്വഫലമാണെന്നാണ് ബി ജെ പി വാദം. അത് ശരിയുമാണ്.


2006 മുതല്‍ 2008 വരെയുള്ള കാലത്താണ് ബേങ്കുകള്‍ ഉദാരമായി വായ്പ നല്‍കിയത്. അക്കാലത്ത് രാജ്യം ഒമ്പത് ശതമാനത്തിനടുത്ത് വളര്‍ച്ചാ നിരക്ക് നേടിയിരുന്നു. നിരക്ക് രണ്ടക്കത്തിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ച സമയം. ഉദ്പാദനവും വിപണനവും വര്‍ധിക്കുന്ന സാഹചര്യം മുന്നില്‍ നില്‍ക്കെ ബേങ്കുകള്‍ ഉദാരമായി വായ്പ നല്‍കി. അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. പക്ഷേ, വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുകയും തിരിച്ചടവ് മുടങ്ങിയാല്‍ തിരിച്ചെടുക്കാന്‍ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തം കൂടി ബേങ്കുകള്‍ക്കുണ്ട്. അവരത് ചെയ്യാതിരുന്നാല്‍, അതിലേക്ക് പ്രേരിപ്പിക്കുക എന്ന ജോലി സര്‍ക്കാറിനമുണ്ട്. യു പി എ സര്‍ക്കാര്‍ അത് ചെയ്തില്ല എന്ന് വിശ്വസിക്കുക. 2014ല്‍ അധികാരത്തിലേറിയ, രാജ്യസ്‌നേഹത്തില്‍ മുങ്ങിത്താഴ്ന്നുനില്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനും അതിനെ പിന്തുണക്കുന്ന സംഘ പരിവാരത്തിനും കിട്ടാക്കടം പിരിച്ചെടുക്കാന്‍ എന്തായിരുന്നു മടി? അംബാനി മുതല്‍ അദാനി വരെയുള്ളവരില്‍ നിന്ന് കിട്ടാക്കടം പിരിച്ചെടുക്കാന്‍ മടി കാണിക്കുമ്പോഴും ഇക്കാലയളവില്‍ രാജ്യസ്‌നേഹത്തെക്കുറിച്ച്, സാമ്പത്തികാരോഗ്യം സംരക്ഷിച്ച് രാജ്യത്തെ ഉയര്‍ന്നുവരുന്ന സമ്പദ് ശക്തിയാക്കി മാറ്റുന്നതിനെക്കുറിച്ച് ഒക്കെ പെരുപ്പിച്ച് പറഞ്ഞിരുന്നു സംഘപരിവാരവും പരമാധികാരിയും.


വായ്പാക്കുടിശ്ശിക ഈടാക്കാന്‍ ഒന്നും ചെയ്തില്ല എന്നത്, ഈ വര്‍ധിത രാജ്യസ്‌നേഹം കണക്കിലെടുത്ത് ക്ഷമിക്കുക. ബേങ്കുകളെ പറ്റിച്ച് മുങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ട സഹായം ചെയ്തതിനോടോ? 900 കോടി തട്ടിച്ചുവെന്ന് ആരോപിച്ചാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) ആദ്യം കേസെടുത്തത്. അതിന്റെ അന്വേഷണം യു പി എ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങി നരേന്ദ്ര മോദിയുടെ കാലമായപ്പോഴേക്കും ഏതാണ്ട് 9000 കോടി രൂപയുടെ തട്ടിപ്പായി വളര്‍ന്നിരുന്നു. തട്ടിപ്പുകാരന്‍ രാജ്യം വിട്ടുപോകുന്നത് തടയാന്‍ വിമാനത്താവളങ്ങളിലൊക്കെ നോട്ടീസ് പതിച്ച് കാത്തിരുന്നു സി ബി ഐ. പാര്‍ലിമെന്റ് മന്ദിരത്തില്‍ ചെന്ന്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ട് പറയാനുള്ളതൊക്കെ പറഞ്ഞ് വിജയ് മല്യ വിമാനത്താവളത്തിലെത്തുമ്പോഴേക്കും അവിടെ പതിച്ച നോട്ടീസ് മയപ്പെടുത്തിക്കഴിഞ്ഞിരുന്നു. 15.44 ലക്ഷം കോടി മൂല്യംവരുന്ന നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് 130 കോടി വരുന്ന ജനതയെ ദുരിതക്കയത്തിലാക്കിയിട്ട് ആകെ കിട്ടിയ പ്രയോജനം 9,000 കോടി രൂപയുടേതായിരുന്നുവെന്നാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ അവസാനം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.


വിജയ് മല്യയെന്ന സാമ്പത്തിക കുറ്റവാളിയെ രാജ്യത്ത് തടഞ്ഞുവെച്ചിരുന്നുവെങ്കില്‍ ഇത്രയും തുക നിഷ്പ്രയാസം രാജ്യത്തിന്റെ ബേങ്കുകളില്‍ തിരിച്ചെത്തുമായിരുന്നു. മല്യയുടെ പണത്തിനും പ്രതാപത്തിനും മുന്നില്‍ അസ്തമിക്കുന്നതായിരുന്നു പരമാധികാരിയുടെയും സംഘപരിവാരത്തിന്റെയും രാജ്യസ്‌നേഹം. അതങ്ങനെ തെളിഞ്ഞുനില്‍ക്കെയാണ് മല്യക്ക് വായ്പ നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ കാലത്താണെന്നും പാര്‍ലിമെന്റംഗമെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് മല്യ തന്നെ കണ്ടതെന്നും വിശദീകരിച്ച് തട്ടിപ്പുകാരന്റെ വലുപ്പം പെരുപ്പിച്ചുകാട്ടി രക്ഷപ്പെടാന്‍ അരുണ്‍ ജെയ്റ്റ്‌ലി ശ്രമിക്കുന്നത്.


ഇതുപോലൊരു പെരുപ്പിക്കലാണ് നീരവ് മോദിയും മാതുലന്‍ മെഹുല്‍ ചോക്‌സിയും നടത്തിയത്, 2011 മുതലിങ്ങോട്ടുള്ള വര്‍ഷങ്ങളിലായി. വിദേശത്തു നിന്ന് രത്‌നങ്ങളും വജ്രവും ഇറക്കുമതി ചെയ്യുന്നതിന്, പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ ഈടുപത്രം (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) ഉപയോഗപ്പെടുത്തി ഏതാണ്ട് 12,000 കോടി രൂപ തട്ടിയെടുത്തു. 2011ല്‍ ആരംഭിച്ച തട്ടിപ്പ് പുറത്തുവന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം. ഏറ്റവുമധികം തട്ടിപ്പ് നടന്നത് 2017 - 18 സാമ്പത്തിക വര്‍ഷത്തിലാണ്. അതായത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു പി എ അധികാരത്തിലിരിക്കെ ആരംഭിച്ച തട്ടിപ്പ് നരേന്ദ്ര മോദി അധികാരത്തിലിരിക്കെ കൂടുതര്‍ ഊര്‍ജിതമായി. മോദിയും മാതുലനും 2011ല്‍ നേടിയ 90 ദിവസം കാലാവധിയുള്ള ഈടുപത്രങ്ങള്‍ പലതും 2017ല്‍ പുതുക്കിയെടുത്തു. ഇറക്കുമതിയുടെ മറവില്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നതും അതിലൂടെ കള്ളപ്പണത്തിന്റെ ഉത്പാദനം നടക്കുന്നതും സംബന്ധിച്ച റിപ്പോര്‍ട്ട് പരമാധികാരിയുടെ പരിഗണനക്ക് വന്നിരുന്നു, നീരവ് ഏറ്റവുമധികം തട്ടിപ്പ് നടത്തിയ 2017 -18 സാമ്പത്തിക വര്‍ഷത്തിന് മുമ്പ്. എന്നിട്ടും അന്വേഷിക്കാനോ ബേങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ തയ്യാറായില്ല പരമാധികാരി.


റാഫേല്‍ ഇടപാടില്‍, പെരുപ്പിച്ച് കാട്ടലിലൂടെ കള്ളപ്പണം ഉത്പാദിപ്പിക്കുന്ന വ്യവസായികളുടെ കമ്പനികള്‍ക്ക് പ്രതിരോധ കരാറുകള്‍ സംഘടിപ്പിച്ച് നല്‍കുന്നതില്‍, പൊതുമേഖലാ കമ്പനിക്ക് നല്‍കിയ കരാറുകള്‍ റദ്ദുചെയ്യുന്നതില്‍ അങ്ങനെ എവിടെയൊക്കെ അധികാരി, ദല്ലാളായി മാറിയെന്നതില്‍ വ്യക്തതയില്ല. ഇതെല്ലാം രാജ്യത്തോടുള്ള സ്‌നേഹത്തിന്റെ ആധിക്യത്താലാണെന്ന പെരുപ്പിക്കലില്‍ ഒട്ടും കുറവില്ല. പെരുപ്പിച്ച് പറയലുകളിലൂടെ സംഘടിപ്പിക്കപ്പെടുന്ന വലിയ തട്ടിപ്പുകളും വഞ്ചനകളും മറയ്ക്കാന്‍ ദേശക്കൂറിനെക്കുറിച്ചുള്ള പെരുപ്പിച്ച് പറയലുകള്‍, അതിന്റെ മറവില്‍ സൃഷ്ടിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍, തുടര്‍ന്ന് ആസൂത്രണം ചെയ്യുന്ന വര്‍ഗീയകലാപങ്ങള്‍ ഒക്കെ തുണയായും. അധികാരികളും വന്‍കിടക്കാരും സഞ്ചരിക്കുന്ന കാറുകളുടെ അടിയില്‍പ്പെടുന്ന പട്ടിക്കുഞ്ഞുങ്ങളുടെ കരച്ചില്‍, പെരുപ്പിച്ച് പറയലുകളില്‍ മുങ്ങിപ്പോകുകയും ചെയ്യും.

2018-09-11

കമ്മ്യൂണിസ്റ്റ് ആരോഗ്യവും ആരോഗ്യമില്ലാത്ത നേതാക്കളും


മലയാളികളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുയാണോ കമ്മ്യൂണിസ്റ്റ് ആരോഗ്യവും കത്തോലിക്കാ ആരോഗ്യവും? അതോ മുന്നില്‍ വരുന്നതൊക്കെ തനിക്ക് ഉപയോഗിക്കാനുള്ളതാണെന്ന ചിന്തയില്‍ അഭിരമിക്കുന്ന മലയാളിയുടെ യഥാര്‍ഥ അവസ്ഥയെ പ്രതിഫലിപ്പിക്കുകയാണോ? രണ്ടായാലും അന്തസ്സോടെ ജീവിക്കാനുള്ള സഹജീവിയുടെ അവകാശത്തെ ഹനിച്ചെന്നും അവരോട് അതിക്രമം പ്രവര്‍ത്തിച്ചെന്നുമുള്ള പരാതി ഉയര്‍ന്നശേഷം സ്വന്തം ഭാഗം ന്യായീകരിക്കാനും സ്വാധീനമുപയോഗിച്ച് അന്വേഷണങ്ങളെ അട്ടിമറിക്കാനുമാണ് കമ്മ്യൂണിസ്റ്റ് ആരോഗ്യവും കത്തോലിക്കാ അരോഗ്യവും ഒരുപോലെ ശ്രമിക്കുന്നത്. പലവിധത്തിലുള്ള മറച്ചുവെക്കലുകള്‍ തന്നെയാണ് അതിനുള്ള തെളിവ്.


ഷൊര്‍ണൂര്‍ എം എല്‍ എയും സി പി എം  പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി കെ ശശി, ലൈംഗിക അതിക്രമ ആരോപണങ്ങളെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്ന് അവകാശപ്പെട്ടത് ആദ്യമെടുക്കാം. ശശിയുടെ തന്നെ വാക്കുകളെടുത്താല്‍, ചെറുതല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമാണ് ആ ദേഹത്തിന് കമ്മ്യൂണിസ്റ്റ് ആരോഗ്യം പ്രദാനം ചെയ്തത്. അങ്ങനെയാണ് പി കെ ശശി എന്ന സി പി എം പ്രവര്‍ത്തകന്‍ മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിയും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി ഐ ടി യുവിന്റെ പാലക്കാട് ജില്ലാ പ്രസിഡന്റും ഷൊര്‍ണൂര്‍ എം എല്‍ എയുമാകുന്നത്. ഏറനാട്ടിലും വള്ളുവനാട്ടിലും പിന്നീട് പാര്‍ട്ടിയിലാകെയും പി കെ ശശി ലോപിച്ച് പി കെ എസ്സാകുന്നത്. ഇ എം എസ് മുതല്‍ വി എസ് വരെയുള്ള ചുരുക്കെഴുത്തില്‍ തന്നെ ജനം തിരിച്ചറിയുന്ന നേതൃശ്രേണിയിലേക്കുള്ള തിരനോട്ടക്കാരനാകുന്നത്.


അവകാശപ്പെടുന്ന ആരോഗ്യം ആ ദേഹത്തിനുണ്ടോ എന്ന് സംശയിക്കുന്നവര്‍ക്കായി ഇതിനകം നടന്ന ചില സംഗതികള്‍. പി കെ ശശി നേരിട്ടും ഫോണിലൂടെയും ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നുവെന്ന് കാണിച്ച് വനിതാ പ്രവര്‍ത്തക സി പി എം നേതൃത്വത്തിന് പരാതി നല്‍കിയെന്നത് ഏതാണ്ട് മൂന്നാഴ്ച മുമ്പ് തന്നെ അന്തരീക്ഷത്തിലുണ്ടായിരുന്നു. സ്ഥിരീകരിക്കാന്‍ പാകത്തില്‍ യാതൊന്നും കിട്ടാഞ്ഞതിനാല്‍ വാര്‍ത്തയായില്ലെന്ന് മാത്രം. പരാതിയുടെ പകര്‍പ്പ് ജനറല്‍ സെക്രട്ടറിയുടെ മുന്നിലെത്തിയെന്നും അദ്ദേഹത്തോട് ചോദിച്ചാല്‍ സ്ഥിരീകരണമുണ്ടാകുമെന്നും ഉറപ്പുണ്ടായപ്പോഴാണ് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ വാര്‍ത്ത മിന്നിത്തുടങ്ങിയത്. അപ്പോഴും പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞത് അവ്വിധമുള്ള പരാതിയെക്കുറിച്ചൊന്നുമറിയില്ലെന്നാണ്. പിറകെ മാധ്യമങ്ങളെക്കണ്ട പി കെ ശശി, പരാതിയെക്കുറിച്ച് അറിയില്ലെന്നും പരാതി കിട്ടിയെന്ന വിവരം പാര്‍ട്ടി തന്നെ അറിയിച്ചിട്ടില്ലെന്നും അഥവാ പരാതിയുണ്ടെങ്കില്‍ തന്നെ അതില്‍ ഗൂഢാലോചനയുണ്ടെന്നും അറിയിച്ചു. പിന്നെ കണ്ടത് സംസ്ഥാനത്തെ നിയമമന്ത്രിയും സി പി എം കേന്ദ്രക്കമ്മിറ്റി അംഗവുമായ എ കെ ബാലനാണ്. പരാതിയുടെ കാര്യം അറിഞ്ഞിട്ടേയില്ലെന്നാണ് അദ്ദേഹവും പറഞ്ഞത്.


ഇതൊക്കെ സംഭവിക്കുന്നത് 2018 സെപ്തംബര്‍ നാലിനാണ്.
പക്ഷേ, പരാതിയുണ്ടെന്നും അത് കിട്ടിയിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും സെപ്തംബര്‍ നാലിന് തന്നെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനറല്‍ സെക്രട്ടറി ഉറപ്പിച്ച കാര്യം ഇല്ലെന്ന് പറയാന്‍ സംസ്ഥാന സെക്രട്ടറിക്കാകില്ലല്ലോ! ആയതിനാല്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ കോടിയേരി ബാലകൃഷ്ണനും പരാതിയുണ്ടെന്ന് പറയേണ്ടിവന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നതിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത് ഇങ്ങനെയാണ്. ആഗസ്റ്റ് 14ന് പരാതി കിട്ടി. പരാതിക്കാരിയെ സംസ്ഥാന സെക്രട്ടറി നേരിട്ട് കേട്ടു. പി കെ ശശിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതിയെയും എ കെ ബാലനെയും അന്വേഷണത്തിനുള്ള കമ്മിറ്റിയായി നിയോഗിച്ചു. അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത് ആഗസ്ത് 31നാണ്. ജനറല്‍ സെക്രട്ടറിക്ക് പരാതികിട്ടുന്നതിന് മുമ്പ്, പരാതി കിട്ടിയെന്ന കാര്യം അദ്ദേഹം മാധ്യമങ്ങളോട് പറയുന്നതിന് മുമ്പ് സംസ്ഥാന കമ്മിറ്റി നടപടി തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനക്കമ്മിറ്റിക്ക് ജാഗ്രതക്കുറവുണ്ടായിട്ടില്ല!


അപ്പോള്‍ പിന്നെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് സി കെ രാജേന്ദ്രനും എ കെ ബാലനും സെപ്തംബര്‍ നാലിന് പറഞ്ഞത് കളവാകണം. തനിക്കെതിരെ പരാതിയുണ്ടെങ്കില്‍ അതില്‍ ഗൂഢാലോചനയുണ്ടെന്ന് സെപ്തംബര്‍ നാലിന് പി കെ ശശി പറഞ്ഞതില്‍ കളവിനപ്പുറത്തെ കളിയുണ്ടാകണം. വനിതാ പ്രവര്‍ത്തകയുടെ പരാതി, ആരോരുമറിയാതെ ഒതുക്കിത്തീര്‍ക്കാനും അതിനു ശേഷം പരാതിയുണ്ടായതിന് പിറകിിെഗൂഢാലോചന കണ്ടെത്താനും നേതൃത്വം തീരുമാനിച്ചിട്ടുണ്ടാകണം. നേതാക്കളുടെ കളവും ആരോപണവിധേയന്റെ കളവിനപ്പുറത്തെ കളിയും അതുകൊണ്ടാകണം. പരാതിയുണ്ടെന്നത് ജനറല്‍ സെക്രട്ടറി പരസ്യമായി പറഞ്ഞതിന് ശേഷം മാധ്യമങ്ങളെക്കണ്ട പി കെ ശശി, പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പരസ്യമാക്കുന്ന ചില വിവരദോഷികളെക്കുറിച്ച് പരാമര്‍ശിച്ചു. ഈ 'ധൈര്യ'മാണ് ശശിയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം.


ലൈംഗിക അതിക്രമത്തെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ പരാതി പാര്‍ട്ടിയുടെ ആഭ്യന്തര രഹസ്യമാണെന്നാണ് അതുവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ കരുതിയിരുന്നത് എന്ന് ചുരുക്കം. പരാതിക്കാരി പാര്‍ട്ടി നേതൃത്വത്തെ മാത്രമേ സമീപിച്ചിട്ടുള്ളൂവെന്നതു കൊണ്ട്, ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ചുള്ള പരാതി അതും ജനപ്രതിനിധിയെക്കുറിച്ചുള്ളത് പാര്‍ട്ടി രഹസ്യമാകുന്നതെങ്ങനെ എന്ന് ശശി മുതല്‍ മുകളിലേക്കുള്ള നേതാക്കള്‍ വിശദീകരിക്കുന്നത് നന്നാകും. പാര്‍ട്ടിയുടെ പ്രവര്‍ത്തകയോട് അതിക്രമം കാണിക്കാന്‍ മടിക്കാത്ത നേതാവ്/ജനപ്രതിനിധി അത്രയൊന്നും ത്രാണിയില്ലാത്ത, പരാതിയുണ്ടായാല്‍പ്പോലും പറയാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയുള്ള സാധാരണ പ്രജയോട് എങ്ങനെ പെരുമാറുമെന്ന് ആലോചിക്കാനുള്ള ഉത്തരവാദിത്തം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും സംസ്ഥാന സെക്രട്ടറിക്കും ഇതര മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. അങ്ങനെ ആലോചിക്കുന്നതില്‍ നിന്ന് അവരെ വിലക്കുന്നതാണ് ശശിയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം.


ചെറുതല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള, ജനപ്രതിനിധി ലൈംഗിക അതിക്രമക്കേസില്‍ ആരോപണവിധേയനാകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന തോന്നലുമുണ്ടായിക്കാണണം കോടിയേരി മുതല്‍ ബൃന്ദ കാരാട്ട് വരെയുള്ള നേതാക്കള്‍ക്ക്. പരാതി രഹസ്യമാക്കിവെച്ച്, ഏതെങ്കിലും വിധത്തില്‍ ഒതുക്കിത്തീര്‍ക്കുന്നതാണ് പാര്‍ട്ടിയുടെ പ്രതിച്ഛായയെ കൂടുതല്‍ ബാധിക്കുക എന്ന് മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് മനസ്സിലാകേണ്ടതാണ്. അങ്ങനെ മനസ്സിലായിരുന്നുവെങ്കില്‍ പരാതി ലഭിച്ചയുടന്‍ അക്കാര്യം തുറന്നുപറയുമായിരുന്നു, അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും പ്രഖ്യാപിക്കുമായിരുന്നു. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ നിയമ സംവിധാനത്തിന് കൈമാറുമെന്ന് ജനത്തോട് പറയുമായിരുന്നു. രണ്ടാഴ്ചക്കാലം അതൊന്നുമുണ്ടാകാതെ നോക്കാന്‍ കഴിഞ്ഞുവെന്നതാണ്, ഭീഷണിയോ പ്രലോഭനമോ തരാതരം പോലെ ഉപയോഗിക്കാനുള്ള സമയം, പാര്‍ട്ടി നേതൃത്വത്തെ മൗനമുദ്രിതമാക്കാന്‍ സാധിച്ചുവെന്നതാണ് പി കെ ശശിയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം.


അത്തരം ആരോഗ്യങ്ങളുടെ സംരക്ഷണമാണോ പരാതിക്കാരിക്ക് നീതി ഉറപ്പാക്കാന്‍ പാകത്തില്‍ തുറന്ന നിലപാടുകള്‍ സ്വീകരിക്കുന്നതാണോ ഉചിതമെന്ന് ഇനിയെങ്കിലും ഈ പാര്‍ട്ടി ആലോചിക്കട്ടെ. പരാതിക്കാരിയെപ്പോലുള്ള ആയിരങ്ങളാണ് ഈ പാര്‍ട്ടിയെ നിലനിര്‍ത്തുന്നത്, അവരുള്ളതുകൊണ്ടാണ് പി കെ ശശിമാര്‍ പി കെ എസ്സുമാരും നേതാക്കളും ജനപ്രതിനിധികളുമൊക്കെയാകുന്നത്. അവരോട് ഉത്തരവാദിത്തം കാണിക്കുന്നതാണ് സി പി എമ്മിന്റെ ആരോഗ്യത്തിന് നല്ലതും. വൈകിയാണെങ്കിലും നിഷ്പക്ഷമായ അന്വേഷണവും അതില്‍ പരാതിക്കാരിക്ക് അതൃപ്തിയുണ്ടെങ്കില്‍ ഏത് സംവിധാനത്തെയും സമീപിക്കാമെന്നുള്ള ഉറപ്പും അങ്ങനെ സമീപിച്ചാല്‍ പാര്‍ട്ടിയും സര്‍ക്കാറും ഒപ്പമുണ്ടാകുമെന്ന വാഗ്ദാനവും സി പി എം നല്‍കിയിട്ടുണ്ട്. അത്രയെങ്കിലും പറയുന്ന മറ്റൊരു പാര്‍ട്ടിയും നിലവിലില്ല എന്നതില്‍ അവര്‍ക്ക് ആശ്വസിക്കുകയുമാകാം.


ഇതുതന്നെയാണ് കത്തോലിക്കാ ആരോഗ്യവും. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കന്യാസ്ത്രീ, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിക്കും ഒക്കെ നല്‍കിയ പരാതികളിന്‍മേല്‍ നടപടിയൊന്നുമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ കത്തോലിക്കാ ആരോഗ്യം. കന്യാസ്ത്രീ തന്നെ പോലീസില്‍ പരാതി നല്‍കിയതിന് ശേഷവും തനിക്ക് പരാതിയൊന്നും കിട്ടിയില്ലെന്ന് കര്‍ദിനാളിനെക്കൊണ്ട് പറയിപ്പിച്ച ആരോഗ്യം. പോലീസില്‍ പരാതി കൊടുക്കുമ്പോള്‍ നേരത്തെ തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പറയരുതെന്നും അങ്ങനെ പറഞ്ഞാല്‍ പരാതി കിട്ടിയിട്ടില്ലെന്ന് താന്‍ പറയുമെന്നും കര്‍ദിനാളിനെക്കൊണ്ട് പറയിപ്പിക്കാന്‍ ശേഷിയുള്ള ആരോഗ്യം.


75 നാള്‍ നീണ്ട അന്വേഷണത്തിന് ശേഷവും അറസ്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ പോലീസിനെ വിലക്കുന്ന, അറസ്റ്റിന് നിര്‍ദേശം നല്‍കുന്നതില്‍ നിന്ന് പിണറായി സര്‍ക്കാറിനെ തടയുന്ന, ബലാത്സംഗക്കേസിലെ പ്രതിയെ പിടികൂടണമെന്ന് പരസ്യമായി ആവശ്യപ്പെടാന്‍ സംസ്ഥാനത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ധൈര്യം നല്‍കാത്ത കത്തോലിക്കാ ആരോഗ്യം. ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് തെരുവില്‍ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ പിന്തുണക്കുമോ എന്നത് പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് 'സാക്ഷാല്‍' കാനം രാജേന്ദ്രനെക്കൊണ്ട് പറയിപ്പിച്ച ആരോഗ്യം.


ഈ ആരോഗ്യങ്ങള്‍ അരങ്ങുവാഴുമ്പോഴാണ്, സഭയും സര്‍ക്കാറും അനീതി കാട്ടുന്നുവെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ഏതാനും കന്യാസ്ത്രീകള്‍ തെരുവില്‍ പ്രതിഷേധിക്കാന്‍ തയ്യാറായത്. സഭ പുറത്താക്കിയാല്‍ സ്വന്തം കുടുംബം പോലും അവലംബമായുണ്ടാകില്ലെന്ന് അറിയാമായിരുന്നിട്ടും അവര്‍ കാണിക്കുന്ന ധൈര്യം, വിപ്ലവപ്പാര്‍ട്ടിയിലെ പുരുഷ - വനിതാ പ്രഭൃതികള്‍ക്കുണ്ടായില്ലല്ലോ! തെരുവില്‍ പ്രതിഷേധിക്കേണ്ട, സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പായെങ്കിലും ആരോഗ്യമുള്ള കമ്മ്യൂണിസ്റ്റായില്ലല്ലോ! ശശിയുടെ കാര്യത്തിലുമില്ല, ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിലുമില്ല. അതു തന്നെയാണ് കമ്മ്യൂണിസ്റ്റ് - കത്തോലിക്കാ ആരോഗ്യങ്ങളുടെ രഹസ്യം.