2018-09-11

കമ്മ്യൂണിസ്റ്റ് ആരോഗ്യവും ആരോഗ്യമില്ലാത്ത നേതാക്കളും


മലയാളികളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുയാണോ കമ്മ്യൂണിസ്റ്റ് ആരോഗ്യവും കത്തോലിക്കാ ആരോഗ്യവും? അതോ മുന്നില്‍ വരുന്നതൊക്കെ തനിക്ക് ഉപയോഗിക്കാനുള്ളതാണെന്ന ചിന്തയില്‍ അഭിരമിക്കുന്ന മലയാളിയുടെ യഥാര്‍ഥ അവസ്ഥയെ പ്രതിഫലിപ്പിക്കുകയാണോ? രണ്ടായാലും അന്തസ്സോടെ ജീവിക്കാനുള്ള സഹജീവിയുടെ അവകാശത്തെ ഹനിച്ചെന്നും അവരോട് അതിക്രമം പ്രവര്‍ത്തിച്ചെന്നുമുള്ള പരാതി ഉയര്‍ന്നശേഷം സ്വന്തം ഭാഗം ന്യായീകരിക്കാനും സ്വാധീനമുപയോഗിച്ച് അന്വേഷണങ്ങളെ അട്ടിമറിക്കാനുമാണ് കമ്മ്യൂണിസ്റ്റ് ആരോഗ്യവും കത്തോലിക്കാ അരോഗ്യവും ഒരുപോലെ ശ്രമിക്കുന്നത്. പലവിധത്തിലുള്ള മറച്ചുവെക്കലുകള്‍ തന്നെയാണ് അതിനുള്ള തെളിവ്.


ഷൊര്‍ണൂര്‍ എം എല്‍ എയും സി പി എം  പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി കെ ശശി, ലൈംഗിക അതിക്രമ ആരോപണങ്ങളെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്ന് അവകാശപ്പെട്ടത് ആദ്യമെടുക്കാം. ശശിയുടെ തന്നെ വാക്കുകളെടുത്താല്‍, ചെറുതല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമാണ് ആ ദേഹത്തിന് കമ്മ്യൂണിസ്റ്റ് ആരോഗ്യം പ്രദാനം ചെയ്തത്. അങ്ങനെയാണ് പി കെ ശശി എന്ന സി പി എം പ്രവര്‍ത്തകന്‍ മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിയും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി ഐ ടി യുവിന്റെ പാലക്കാട് ജില്ലാ പ്രസിഡന്റും ഷൊര്‍ണൂര്‍ എം എല്‍ എയുമാകുന്നത്. ഏറനാട്ടിലും വള്ളുവനാട്ടിലും പിന്നീട് പാര്‍ട്ടിയിലാകെയും പി കെ ശശി ലോപിച്ച് പി കെ എസ്സാകുന്നത്. ഇ എം എസ് മുതല്‍ വി എസ് വരെയുള്ള ചുരുക്കെഴുത്തില്‍ തന്നെ ജനം തിരിച്ചറിയുന്ന നേതൃശ്രേണിയിലേക്കുള്ള തിരനോട്ടക്കാരനാകുന്നത്.


അവകാശപ്പെടുന്ന ആരോഗ്യം ആ ദേഹത്തിനുണ്ടോ എന്ന് സംശയിക്കുന്നവര്‍ക്കായി ഇതിനകം നടന്ന ചില സംഗതികള്‍. പി കെ ശശി നേരിട്ടും ഫോണിലൂടെയും ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നുവെന്ന് കാണിച്ച് വനിതാ പ്രവര്‍ത്തക സി പി എം നേതൃത്വത്തിന് പരാതി നല്‍കിയെന്നത് ഏതാണ്ട് മൂന്നാഴ്ച മുമ്പ് തന്നെ അന്തരീക്ഷത്തിലുണ്ടായിരുന്നു. സ്ഥിരീകരിക്കാന്‍ പാകത്തില്‍ യാതൊന്നും കിട്ടാഞ്ഞതിനാല്‍ വാര്‍ത്തയായില്ലെന്ന് മാത്രം. പരാതിയുടെ പകര്‍പ്പ് ജനറല്‍ സെക്രട്ടറിയുടെ മുന്നിലെത്തിയെന്നും അദ്ദേഹത്തോട് ചോദിച്ചാല്‍ സ്ഥിരീകരണമുണ്ടാകുമെന്നും ഉറപ്പുണ്ടായപ്പോഴാണ് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ വാര്‍ത്ത മിന്നിത്തുടങ്ങിയത്. അപ്പോഴും പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞത് അവ്വിധമുള്ള പരാതിയെക്കുറിച്ചൊന്നുമറിയില്ലെന്നാണ്. പിറകെ മാധ്യമങ്ങളെക്കണ്ട പി കെ ശശി, പരാതിയെക്കുറിച്ച് അറിയില്ലെന്നും പരാതി കിട്ടിയെന്ന വിവരം പാര്‍ട്ടി തന്നെ അറിയിച്ചിട്ടില്ലെന്നും അഥവാ പരാതിയുണ്ടെങ്കില്‍ തന്നെ അതില്‍ ഗൂഢാലോചനയുണ്ടെന്നും അറിയിച്ചു. പിന്നെ കണ്ടത് സംസ്ഥാനത്തെ നിയമമന്ത്രിയും സി പി എം കേന്ദ്രക്കമ്മിറ്റി അംഗവുമായ എ കെ ബാലനാണ്. പരാതിയുടെ കാര്യം അറിഞ്ഞിട്ടേയില്ലെന്നാണ് അദ്ദേഹവും പറഞ്ഞത്.


ഇതൊക്കെ സംഭവിക്കുന്നത് 2018 സെപ്തംബര്‍ നാലിനാണ്.
പക്ഷേ, പരാതിയുണ്ടെന്നും അത് കിട്ടിയിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും സെപ്തംബര്‍ നാലിന് തന്നെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനറല്‍ സെക്രട്ടറി ഉറപ്പിച്ച കാര്യം ഇല്ലെന്ന് പറയാന്‍ സംസ്ഥാന സെക്രട്ടറിക്കാകില്ലല്ലോ! ആയതിനാല്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ കോടിയേരി ബാലകൃഷ്ണനും പരാതിയുണ്ടെന്ന് പറയേണ്ടിവന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നതിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത് ഇങ്ങനെയാണ്. ആഗസ്റ്റ് 14ന് പരാതി കിട്ടി. പരാതിക്കാരിയെ സംസ്ഥാന സെക്രട്ടറി നേരിട്ട് കേട്ടു. പി കെ ശശിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതിയെയും എ കെ ബാലനെയും അന്വേഷണത്തിനുള്ള കമ്മിറ്റിയായി നിയോഗിച്ചു. അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത് ആഗസ്ത് 31നാണ്. ജനറല്‍ സെക്രട്ടറിക്ക് പരാതികിട്ടുന്നതിന് മുമ്പ്, പരാതി കിട്ടിയെന്ന കാര്യം അദ്ദേഹം മാധ്യമങ്ങളോട് പറയുന്നതിന് മുമ്പ് സംസ്ഥാന കമ്മിറ്റി നടപടി തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനക്കമ്മിറ്റിക്ക് ജാഗ്രതക്കുറവുണ്ടായിട്ടില്ല!


അപ്പോള്‍ പിന്നെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് സി കെ രാജേന്ദ്രനും എ കെ ബാലനും സെപ്തംബര്‍ നാലിന് പറഞ്ഞത് കളവാകണം. തനിക്കെതിരെ പരാതിയുണ്ടെങ്കില്‍ അതില്‍ ഗൂഢാലോചനയുണ്ടെന്ന് സെപ്തംബര്‍ നാലിന് പി കെ ശശി പറഞ്ഞതില്‍ കളവിനപ്പുറത്തെ കളിയുണ്ടാകണം. വനിതാ പ്രവര്‍ത്തകയുടെ പരാതി, ആരോരുമറിയാതെ ഒതുക്കിത്തീര്‍ക്കാനും അതിനു ശേഷം പരാതിയുണ്ടായതിന് പിറകിിെഗൂഢാലോചന കണ്ടെത്താനും നേതൃത്വം തീരുമാനിച്ചിട്ടുണ്ടാകണം. നേതാക്കളുടെ കളവും ആരോപണവിധേയന്റെ കളവിനപ്പുറത്തെ കളിയും അതുകൊണ്ടാകണം. പരാതിയുണ്ടെന്നത് ജനറല്‍ സെക്രട്ടറി പരസ്യമായി പറഞ്ഞതിന് ശേഷം മാധ്യമങ്ങളെക്കണ്ട പി കെ ശശി, പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പരസ്യമാക്കുന്ന ചില വിവരദോഷികളെക്കുറിച്ച് പരാമര്‍ശിച്ചു. ഈ 'ധൈര്യ'മാണ് ശശിയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം.


ലൈംഗിക അതിക്രമത്തെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ പരാതി പാര്‍ട്ടിയുടെ ആഭ്യന്തര രഹസ്യമാണെന്നാണ് അതുവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ കരുതിയിരുന്നത് എന്ന് ചുരുക്കം. പരാതിക്കാരി പാര്‍ട്ടി നേതൃത്വത്തെ മാത്രമേ സമീപിച്ചിട്ടുള്ളൂവെന്നതു കൊണ്ട്, ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ചുള്ള പരാതി അതും ജനപ്രതിനിധിയെക്കുറിച്ചുള്ളത് പാര്‍ട്ടി രഹസ്യമാകുന്നതെങ്ങനെ എന്ന് ശശി മുതല്‍ മുകളിലേക്കുള്ള നേതാക്കള്‍ വിശദീകരിക്കുന്നത് നന്നാകും. പാര്‍ട്ടിയുടെ പ്രവര്‍ത്തകയോട് അതിക്രമം കാണിക്കാന്‍ മടിക്കാത്ത നേതാവ്/ജനപ്രതിനിധി അത്രയൊന്നും ത്രാണിയില്ലാത്ത, പരാതിയുണ്ടായാല്‍പ്പോലും പറയാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയുള്ള സാധാരണ പ്രജയോട് എങ്ങനെ പെരുമാറുമെന്ന് ആലോചിക്കാനുള്ള ഉത്തരവാദിത്തം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും സംസ്ഥാന സെക്രട്ടറിക്കും ഇതര മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. അങ്ങനെ ആലോചിക്കുന്നതില്‍ നിന്ന് അവരെ വിലക്കുന്നതാണ് ശശിയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം.


ചെറുതല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള, ജനപ്രതിനിധി ലൈംഗിക അതിക്രമക്കേസില്‍ ആരോപണവിധേയനാകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന തോന്നലുമുണ്ടായിക്കാണണം കോടിയേരി മുതല്‍ ബൃന്ദ കാരാട്ട് വരെയുള്ള നേതാക്കള്‍ക്ക്. പരാതി രഹസ്യമാക്കിവെച്ച്, ഏതെങ്കിലും വിധത്തില്‍ ഒതുക്കിത്തീര്‍ക്കുന്നതാണ് പാര്‍ട്ടിയുടെ പ്രതിച്ഛായയെ കൂടുതല്‍ ബാധിക്കുക എന്ന് മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് മനസ്സിലാകേണ്ടതാണ്. അങ്ങനെ മനസ്സിലായിരുന്നുവെങ്കില്‍ പരാതി ലഭിച്ചയുടന്‍ അക്കാര്യം തുറന്നുപറയുമായിരുന്നു, അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും പ്രഖ്യാപിക്കുമായിരുന്നു. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ നിയമ സംവിധാനത്തിന് കൈമാറുമെന്ന് ജനത്തോട് പറയുമായിരുന്നു. രണ്ടാഴ്ചക്കാലം അതൊന്നുമുണ്ടാകാതെ നോക്കാന്‍ കഴിഞ്ഞുവെന്നതാണ്, ഭീഷണിയോ പ്രലോഭനമോ തരാതരം പോലെ ഉപയോഗിക്കാനുള്ള സമയം, പാര്‍ട്ടി നേതൃത്വത്തെ മൗനമുദ്രിതമാക്കാന്‍ സാധിച്ചുവെന്നതാണ് പി കെ ശശിയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം.


അത്തരം ആരോഗ്യങ്ങളുടെ സംരക്ഷണമാണോ പരാതിക്കാരിക്ക് നീതി ഉറപ്പാക്കാന്‍ പാകത്തില്‍ തുറന്ന നിലപാടുകള്‍ സ്വീകരിക്കുന്നതാണോ ഉചിതമെന്ന് ഇനിയെങ്കിലും ഈ പാര്‍ട്ടി ആലോചിക്കട്ടെ. പരാതിക്കാരിയെപ്പോലുള്ള ആയിരങ്ങളാണ് ഈ പാര്‍ട്ടിയെ നിലനിര്‍ത്തുന്നത്, അവരുള്ളതുകൊണ്ടാണ് പി കെ ശശിമാര്‍ പി കെ എസ്സുമാരും നേതാക്കളും ജനപ്രതിനിധികളുമൊക്കെയാകുന്നത്. അവരോട് ഉത്തരവാദിത്തം കാണിക്കുന്നതാണ് സി പി എമ്മിന്റെ ആരോഗ്യത്തിന് നല്ലതും. വൈകിയാണെങ്കിലും നിഷ്പക്ഷമായ അന്വേഷണവും അതില്‍ പരാതിക്കാരിക്ക് അതൃപ്തിയുണ്ടെങ്കില്‍ ഏത് സംവിധാനത്തെയും സമീപിക്കാമെന്നുള്ള ഉറപ്പും അങ്ങനെ സമീപിച്ചാല്‍ പാര്‍ട്ടിയും സര്‍ക്കാറും ഒപ്പമുണ്ടാകുമെന്ന വാഗ്ദാനവും സി പി എം നല്‍കിയിട്ടുണ്ട്. അത്രയെങ്കിലും പറയുന്ന മറ്റൊരു പാര്‍ട്ടിയും നിലവിലില്ല എന്നതില്‍ അവര്‍ക്ക് ആശ്വസിക്കുകയുമാകാം.


ഇതുതന്നെയാണ് കത്തോലിക്കാ ആരോഗ്യവും. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കന്യാസ്ത്രീ, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിക്കും ഒക്കെ നല്‍കിയ പരാതികളിന്‍മേല്‍ നടപടിയൊന്നുമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ കത്തോലിക്കാ ആരോഗ്യം. കന്യാസ്ത്രീ തന്നെ പോലീസില്‍ പരാതി നല്‍കിയതിന് ശേഷവും തനിക്ക് പരാതിയൊന്നും കിട്ടിയില്ലെന്ന് കര്‍ദിനാളിനെക്കൊണ്ട് പറയിപ്പിച്ച ആരോഗ്യം. പോലീസില്‍ പരാതി കൊടുക്കുമ്പോള്‍ നേരത്തെ തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പറയരുതെന്നും അങ്ങനെ പറഞ്ഞാല്‍ പരാതി കിട്ടിയിട്ടില്ലെന്ന് താന്‍ പറയുമെന്നും കര്‍ദിനാളിനെക്കൊണ്ട് പറയിപ്പിക്കാന്‍ ശേഷിയുള്ള ആരോഗ്യം.


75 നാള്‍ നീണ്ട അന്വേഷണത്തിന് ശേഷവും അറസ്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ പോലീസിനെ വിലക്കുന്ന, അറസ്റ്റിന് നിര്‍ദേശം നല്‍കുന്നതില്‍ നിന്ന് പിണറായി സര്‍ക്കാറിനെ തടയുന്ന, ബലാത്സംഗക്കേസിലെ പ്രതിയെ പിടികൂടണമെന്ന് പരസ്യമായി ആവശ്യപ്പെടാന്‍ സംസ്ഥാനത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ധൈര്യം നല്‍കാത്ത കത്തോലിക്കാ ആരോഗ്യം. ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് തെരുവില്‍ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ പിന്തുണക്കുമോ എന്നത് പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് 'സാക്ഷാല്‍' കാനം രാജേന്ദ്രനെക്കൊണ്ട് പറയിപ്പിച്ച ആരോഗ്യം.


ഈ ആരോഗ്യങ്ങള്‍ അരങ്ങുവാഴുമ്പോഴാണ്, സഭയും സര്‍ക്കാറും അനീതി കാട്ടുന്നുവെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ഏതാനും കന്യാസ്ത്രീകള്‍ തെരുവില്‍ പ്രതിഷേധിക്കാന്‍ തയ്യാറായത്. സഭ പുറത്താക്കിയാല്‍ സ്വന്തം കുടുംബം പോലും അവലംബമായുണ്ടാകില്ലെന്ന് അറിയാമായിരുന്നിട്ടും അവര്‍ കാണിക്കുന്ന ധൈര്യം, വിപ്ലവപ്പാര്‍ട്ടിയിലെ പുരുഷ - വനിതാ പ്രഭൃതികള്‍ക്കുണ്ടായില്ലല്ലോ! തെരുവില്‍ പ്രതിഷേധിക്കേണ്ട, സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പായെങ്കിലും ആരോഗ്യമുള്ള കമ്മ്യൂണിസ്റ്റായില്ലല്ലോ! ശശിയുടെ കാര്യത്തിലുമില്ല, ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിലുമില്ല. അതു തന്നെയാണ് കമ്മ്യൂണിസ്റ്റ് - കത്തോലിക്കാ ആരോഗ്യങ്ങളുടെ രഹസ്യം.

No comments:

Post a Comment