2018-09-18

ദേശക്കൂറില്‍ ചാലിച്ചൊരു പെരുപ്പിക്കല്‍


കള്ളപ്പണമൊന്നാകെ ഇല്ലാതാകുന്നതോടെ സ്ഥാപിതമാകുന്ന മധുരമനോജ്ഞ രാജ്യം. അവിടെ കള്ളനോട്ട് കൂടി ഇല്ലാതാകുകയും ഭീകരവാദികള്‍ക്ക് പണം കിട്ടാതിരിക്കുകയും കൂടി ചെയ്താലോ! സമ്പല്‍ സമൃദ്ധിക്ക് പിന്നെന്ത് വേണം? 2016 നവംബര്‍ എട്ടിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുള്ള പ്രഖ്യാപനം നടത്തുമ്പോള്‍ പരമാധികാരി പങ്കുവെച്ച സ്വപ്‌നം ഇതായിരുന്നു. ഇപ്പറഞ്ഞതൊന്നും നടപ്പായില്ലെങ്കില്‍ നിങ്ങളെന്റെ ജീവനെടുത്തോളൂ എന്ന് രാജ്യത്തെ ജനങ്ങളോട് വികാരാധീനനാകുകയും ചെയ്തു, പ്രഹസനത്തിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ആവര്‍ത്തിച്ച്. അവ്വിധം നാട്ടുകാരുടെ സമ്പത്ത് മുഴുവന്‍ ചെറുകാലത്തേക്കെങ്കിലും പിടിച്ചെടുക്കുകയും അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുമ്പോള്‍, ബേങ്ക് വായ്പകള്‍ തിരിച്ചടക്കാതെ കിട്ടാക്കടത്തിന്റെ വലുപ്പം വര്‍ധിപ്പിക്കുന്ന വ്യവസായ പ്രമുഖരുടെ പട്ടിക പരമാധികാരിയുടെ ഓഫീസില്‍ ഭദ്രമായിരിപ്പുണ്ടായിരുന്നു. ഈ തുക തിരിച്ചെടുക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ശിപാര്‍ശകളും അന്നത്തെ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ റഘുറാം രാജന്‍ നല്‍കിയിരുന്നു. അതിന്‍മേല്‍ ഒരു നടപടിയും സ്വീകരിക്കാതെയാണ് കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന പേരില്‍ ജനങ്ങളെ ബന്ദിയാക്കാന്‍ പരമാധികാരി നിശ്ചയിച്ചത്. വേറൊരു റിപ്പോര്‍ട്ട് കൂടി അത്തരുണത്തില്‍ അധികാരിയുടെ പരിഗണനയിലുണ്ടായിരുന്നു. രാജ്യത്ത് കള്ളപ്പണത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം നടക്കുന്നത് ഏത് വിധത്തിലാണെന്ന് വിശദീകരിക്കുന്നത്.


വസ്തുത കണക്കിലെടുക്കുന്നതില്‍ പരമാധികാരിക്ക് പണ്ടേയില്ല താത്പര്യം. പെരുപ്പിച്ച് കാണിക്കുന്നതിലും ഇല്ലാത്തത് പറയുന്നതിലും വിദ്വേഷം വളര്‍ത്തുന്നതിലുമാണ് പ്രാഗത്ഭ്യം. സംഘ പാരമ്പര്യവും അതായിരുന്നു, ഉത്പത്തി മുതല്‍. പെരുപ്പിച്ചെടുത്ത രാജ്യസ്‌നേഹമായിരുന്നു അന്നത്തെയും ഇന്നത്തെയും മുഖ്യ മൂലധനം. ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് എതിരിട്ടോ എന്ന സംശയത്താല്‍ ആന്‍ഡമാനിലെ ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് രാജാധികാരത്തോട് പലകുറി മാപ്പുചോദിക്കാന്‍ മടികാണിക്കാതിരുന്ന ആചാര്യന്റെ രാജ്യസ്‌നേഹം. അതങ്ങനെ രേഖയായി ചരിത്രത്തില്‍ കിടക്കുമ്പോഴും ദേശക്കൂറില്‍ മുമ്പന്തിയിലാണെന്ന് ആവര്‍ത്തിച്ചിരുന്നു സംഘപരിവാരം. രാഷ്ട്രപിതാവിനെ സംഘ ബന്ധു വെടിവെച്ചിട്ടപ്പോള്‍ മധുരപലഹാരം വിതരണം ചെയ്യാന്‍ മടിക്കാതെ വീണ്ടും തെളിയിച്ചിരുന്നു രാജ്യസ്‌നേഹം. അതവിടെ രേഖയായി നിലനില്‍ക്കുമ്പോഴും ദേശക്കൂറ് ആവര്‍ത്തിച്ചു. ഈ പെരുപ്പിച്ച് പറയലിലൂടെ രാജ്യസ്‌നേഹത്തിന്റെ കുത്തക ഏറ്റെടുക്കാനും രാജ്യസ്‌നേഹമെന്നാല്‍ ഹിന്ദു രാഷ്ട്രത്തോടുള്ള സ്‌നേഹമാണെന്ന് സ്ഥാപിച്ചെടുക്കാനുമായിരുന്നു ശ്രമം. അതിപ്പോഴും തുടരുന്നുണ്ട്.


രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്ന പെരുപ്പിച്ചുകാട്ടല്‍ മറ്റൊന്നാണ്. അംബാനി മുതല്‍ അദാനി വരെയുള്ളവര്‍ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണതെന്ന് അദ്ദേഹം പറയുന്നു. ഊര്‍ജോത്പാദന മേഖലയിലുള്ള നിക്ഷേപം പ്രയോജനപ്പെടുത്തിയാണ് പെരുപ്പിച്ചുകാട്ടലും വെളുപ്പിക്കലും തടസ്സമില്ലാതെ നടത്തുക. മേല്‍പ്പറഞ്ഞ കമ്പനികള്‍ക്കൊക്കെ ഊര്‍ജോദ്പാദന മേഖലയില്‍ നിക്ഷേപമുണ്ട്. ഗുജറാത്തിലെ പദ്ധതിയില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് പാക്കിസ്ഥാന് വില്‍ക്കാന്‍ വരെ പദ്ധതിയിട്ടിരുന്നു അദാനി. എന്തായാലും ഇത്തരം പദ്ധതികളിലേക്ക് വേണ്ട ഉപകരണങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതിചെയ്യും. ഇറക്കുമതിച്ചെലവ് കൂട്ടിക്കാണിക്കും. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയാണ് ഉപകരണത്തിന്റെ യഥാര്‍ഥ വിലയെങ്കില്‍ ബില്ലില്‍ രണ്ട് ലക്ഷം രൂപ കാണിക്കും. അത്രയും തുക രാജ്യത്തു നിന്ന് പുറത്തേക്ക് കടക്കും. ഉപകരണം വിറ്റ കമ്പനിക്ക് ഒരു ലക്ഷം രൂപയും കൂടുതല്‍ തുകക്ക് ബില്ല് നല്‍കിയതിന്റെ കമ്മീഷനും മാത്രമേ നല്‍കൂ. ബാക്കി തുക ഇന്ത്യാ മഹാരാജ്യത്ത് നികുതിയൊടുക്കേണ്ടാത്ത സമ്പാദ്യമായി, കള്ളപ്പണം സൂക്ഷിക്കാന്‍ ഇടമുള്ള വിദേശത്തെ ബേങ്കുകളില്‍ വിശ്രമിക്കും. ഈ പണം, ആവശ്യം വരുമ്പോള്‍ നേരിട്ടോ അല്ലാതെയോ ഉള്ള വിദേശ നിക്ഷേപമായി ഇന്ത്യാ മഹാരാജ്യത്ത് തിരിച്ചെത്തുകയും ചെയ്യും. വര്‍ഷം മുഴുവന്‍ വിയര്‍പ്പൊഴുക്കുന്നവന്‍, നികുതിലേശം കുറഞ്ഞോട്ടെ എന്ന് കരുതി കണക്കില്‍ക്കാണിക്കുന്ന ചില്ലറ തിരിമറിയല്ല ഇത്. കോടിക്കണക്കിന് രൂപ, നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്തി കള്ളപ്പണക്കൂമ്പാരമുണ്ടാക്കുന്ന വലിയ ഇടപാടാണ്.



ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവഗണിച്ചാണ്, രാജ്യത്തെ സാധാരണക്കാരെ മുഴുവന്‍ തെരുവിലേക്ക് തള്ളിക്കൊണ്ടും ചെറുകിട ഇടത്തരം കാര്‍ഷിക - വ്യാവസായിക മേഖലകളെയാകെ തകര്‍ത്തുകൊണ്ടും നോട്ട് പിന്‍വലിക്കാന്‍ പരമാധികാരി തയ്യാറായത്. എന്നിട്ടങ്ങോട്ട് പെരുപ്പിച്ച് കാട്ടലും. പിന്‍വലിച്ച നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടി വരും. ഇതില്‍ മൂന്നോ നാലോ ലക്ഷം കോടിയുടെ നോട്ട് തിരികെ ബേങ്കുകളില്‍ എത്തില്ല. അതോടെ അത്രയും കറന്‍സി പുതുതായി വിപണിയിലിറക്കാന്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യക്ക് സാധിക്കും. അതോടെ അത്രയും തുക കൂടുതലായി വികസനപദ്ധതികളില്‍ നിക്ഷേപമാകും. രാജ്യത്തെ പിന്നെ പിടിച്ചാല്‍കിട്ടില്ല എന്നിത്യാദി പെരുപ്പിച്ച് പറയലുകള്‍. അവസാനത്തെ കണക്ക് ഇനിയും വന്നിട്ടില്ല. വന്ന കണക്കുകളനുസരിച്ചാണെങ്കില്‍ പിന്‍വലിച്ചതിനേക്കാള്‍ അധികം കറന്‍സി ബേങ്കുകളില്‍ തിരിച്ചെത്തി എന്ന് കരുതണം. കള്ളപ്പണം വെളുപ്പിക്ക മാത്രമല്ല, കള്ളനോട്ട് മാറിനല്‍കാന്‍ കൂടി അവസരമുണ്ടാക്കി പരമാധികാരി. എന്നിട്ടാണ് കള്ളനോട്ട് തുടച്ചുനീക്കി, ഡിജിറ്റല്‍ ഇക്കണോമിയിലെക്ക് മാറി, ആദായനികുതി റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം കൂടി തുടങ്ങിയ നേട്ടങ്ങളുടെ പെരുക്കപ്പെട്ടിക.


അപ്പോഴും കിട്ടാക്കടം വരുത്തിയവരുടെ പട്ടിക പമാധികാരിക്കു മുന്നിലുണ്ടായിരുന്നു. 2016 നവംബര്‍ എട്ടിനാണല്ലോ നോട്ട് പിന്‍വലിച്ച 'ധീരോദാത്ത' നടപടിയുണ്ടായത്. കേന്ദ്ര സര്‍ക്കാറിന്റെ തന്നെ കണക്കനുസരിച്ച് 2016 ഡിസംബര്‍ അവസാനം രാജ്യത്തെ ബേങ്കുകളിലെ ആകെ കിട്ടാക്കടം 6,14,872 കോടിയായിരുന്നു. നോട്ട് പിന്‍വലിച്ചപ്പോള്‍ ബേങ്കുകളിലേക്ക് തിരിച്ചെത്തില്ലെന്ന് വിശ്വസിച്ച കള്ളപ്പണത്തിന്റെ മൂല്യം മൂന്ന് മുതല്‍ നാല് വരെ ലക്ഷം കോടിയായിരുന്നു. അതിന്റെ ഏതാണ്ട് ഇരട്ടിത്തുകയുടെ കിട്ടാക്കടം അവഗണിച്ചാണ് നോട്ട് പിന്‍വലിക്കാന്‍ നിശ്ചയിച്ചത്. അന്നുണ്ടായിരുന്ന കിട്ടാക്കടത്തില്‍ വലിയൊരളവ് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ വായ്പകളുടെ പാര്‍ശ്വഫലമാണെന്നാണ് ബി ജെ പി വാദം. അത് ശരിയുമാണ്.


2006 മുതല്‍ 2008 വരെയുള്ള കാലത്താണ് ബേങ്കുകള്‍ ഉദാരമായി വായ്പ നല്‍കിയത്. അക്കാലത്ത് രാജ്യം ഒമ്പത് ശതമാനത്തിനടുത്ത് വളര്‍ച്ചാ നിരക്ക് നേടിയിരുന്നു. നിരക്ക് രണ്ടക്കത്തിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ച സമയം. ഉദ്പാദനവും വിപണനവും വര്‍ധിക്കുന്ന സാഹചര്യം മുന്നില്‍ നില്‍ക്കെ ബേങ്കുകള്‍ ഉദാരമായി വായ്പ നല്‍കി. അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. പക്ഷേ, വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുകയും തിരിച്ചടവ് മുടങ്ങിയാല്‍ തിരിച്ചെടുക്കാന്‍ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തം കൂടി ബേങ്കുകള്‍ക്കുണ്ട്. അവരത് ചെയ്യാതിരുന്നാല്‍, അതിലേക്ക് പ്രേരിപ്പിക്കുക എന്ന ജോലി സര്‍ക്കാറിനമുണ്ട്. യു പി എ സര്‍ക്കാര്‍ അത് ചെയ്തില്ല എന്ന് വിശ്വസിക്കുക. 2014ല്‍ അധികാരത്തിലേറിയ, രാജ്യസ്‌നേഹത്തില്‍ മുങ്ങിത്താഴ്ന്നുനില്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനും അതിനെ പിന്തുണക്കുന്ന സംഘ പരിവാരത്തിനും കിട്ടാക്കടം പിരിച്ചെടുക്കാന്‍ എന്തായിരുന്നു മടി? അംബാനി മുതല്‍ അദാനി വരെയുള്ളവരില്‍ നിന്ന് കിട്ടാക്കടം പിരിച്ചെടുക്കാന്‍ മടി കാണിക്കുമ്പോഴും ഇക്കാലയളവില്‍ രാജ്യസ്‌നേഹത്തെക്കുറിച്ച്, സാമ്പത്തികാരോഗ്യം സംരക്ഷിച്ച് രാജ്യത്തെ ഉയര്‍ന്നുവരുന്ന സമ്പദ് ശക്തിയാക്കി മാറ്റുന്നതിനെക്കുറിച്ച് ഒക്കെ പെരുപ്പിച്ച് പറഞ്ഞിരുന്നു സംഘപരിവാരവും പരമാധികാരിയും.


വായ്പാക്കുടിശ്ശിക ഈടാക്കാന്‍ ഒന്നും ചെയ്തില്ല എന്നത്, ഈ വര്‍ധിത രാജ്യസ്‌നേഹം കണക്കിലെടുത്ത് ക്ഷമിക്കുക. ബേങ്കുകളെ പറ്റിച്ച് മുങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ട സഹായം ചെയ്തതിനോടോ? 900 കോടി തട്ടിച്ചുവെന്ന് ആരോപിച്ചാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) ആദ്യം കേസെടുത്തത്. അതിന്റെ അന്വേഷണം യു പി എ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങി നരേന്ദ്ര മോദിയുടെ കാലമായപ്പോഴേക്കും ഏതാണ്ട് 9000 കോടി രൂപയുടെ തട്ടിപ്പായി വളര്‍ന്നിരുന്നു. തട്ടിപ്പുകാരന്‍ രാജ്യം വിട്ടുപോകുന്നത് തടയാന്‍ വിമാനത്താവളങ്ങളിലൊക്കെ നോട്ടീസ് പതിച്ച് കാത്തിരുന്നു സി ബി ഐ. പാര്‍ലിമെന്റ് മന്ദിരത്തില്‍ ചെന്ന്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ട് പറയാനുള്ളതൊക്കെ പറഞ്ഞ് വിജയ് മല്യ വിമാനത്താവളത്തിലെത്തുമ്പോഴേക്കും അവിടെ പതിച്ച നോട്ടീസ് മയപ്പെടുത്തിക്കഴിഞ്ഞിരുന്നു. 15.44 ലക്ഷം കോടി മൂല്യംവരുന്ന നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് 130 കോടി വരുന്ന ജനതയെ ദുരിതക്കയത്തിലാക്കിയിട്ട് ആകെ കിട്ടിയ പ്രയോജനം 9,000 കോടി രൂപയുടേതായിരുന്നുവെന്നാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ അവസാനം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.


വിജയ് മല്യയെന്ന സാമ്പത്തിക കുറ്റവാളിയെ രാജ്യത്ത് തടഞ്ഞുവെച്ചിരുന്നുവെങ്കില്‍ ഇത്രയും തുക നിഷ്പ്രയാസം രാജ്യത്തിന്റെ ബേങ്കുകളില്‍ തിരിച്ചെത്തുമായിരുന്നു. മല്യയുടെ പണത്തിനും പ്രതാപത്തിനും മുന്നില്‍ അസ്തമിക്കുന്നതായിരുന്നു പരമാധികാരിയുടെയും സംഘപരിവാരത്തിന്റെയും രാജ്യസ്‌നേഹം. അതങ്ങനെ തെളിഞ്ഞുനില്‍ക്കെയാണ് മല്യക്ക് വായ്പ നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ കാലത്താണെന്നും പാര്‍ലിമെന്റംഗമെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് മല്യ തന്നെ കണ്ടതെന്നും വിശദീകരിച്ച് തട്ടിപ്പുകാരന്റെ വലുപ്പം പെരുപ്പിച്ചുകാട്ടി രക്ഷപ്പെടാന്‍ അരുണ്‍ ജെയ്റ്റ്‌ലി ശ്രമിക്കുന്നത്.


ഇതുപോലൊരു പെരുപ്പിക്കലാണ് നീരവ് മോദിയും മാതുലന്‍ മെഹുല്‍ ചോക്‌സിയും നടത്തിയത്, 2011 മുതലിങ്ങോട്ടുള്ള വര്‍ഷങ്ങളിലായി. വിദേശത്തു നിന്ന് രത്‌നങ്ങളും വജ്രവും ഇറക്കുമതി ചെയ്യുന്നതിന്, പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ ഈടുപത്രം (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) ഉപയോഗപ്പെടുത്തി ഏതാണ്ട് 12,000 കോടി രൂപ തട്ടിയെടുത്തു. 2011ല്‍ ആരംഭിച്ച തട്ടിപ്പ് പുറത്തുവന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം. ഏറ്റവുമധികം തട്ടിപ്പ് നടന്നത് 2017 - 18 സാമ്പത്തിക വര്‍ഷത്തിലാണ്. അതായത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു പി എ അധികാരത്തിലിരിക്കെ ആരംഭിച്ച തട്ടിപ്പ് നരേന്ദ്ര മോദി അധികാരത്തിലിരിക്കെ കൂടുതര്‍ ഊര്‍ജിതമായി. മോദിയും മാതുലനും 2011ല്‍ നേടിയ 90 ദിവസം കാലാവധിയുള്ള ഈടുപത്രങ്ങള്‍ പലതും 2017ല്‍ പുതുക്കിയെടുത്തു. ഇറക്കുമതിയുടെ മറവില്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നതും അതിലൂടെ കള്ളപ്പണത്തിന്റെ ഉത്പാദനം നടക്കുന്നതും സംബന്ധിച്ച റിപ്പോര്‍ട്ട് പരമാധികാരിയുടെ പരിഗണനക്ക് വന്നിരുന്നു, നീരവ് ഏറ്റവുമധികം തട്ടിപ്പ് നടത്തിയ 2017 -18 സാമ്പത്തിക വര്‍ഷത്തിന് മുമ്പ്. എന്നിട്ടും അന്വേഷിക്കാനോ ബേങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ തയ്യാറായില്ല പരമാധികാരി.


റാഫേല്‍ ഇടപാടില്‍, പെരുപ്പിച്ച് കാട്ടലിലൂടെ കള്ളപ്പണം ഉത്പാദിപ്പിക്കുന്ന വ്യവസായികളുടെ കമ്പനികള്‍ക്ക് പ്രതിരോധ കരാറുകള്‍ സംഘടിപ്പിച്ച് നല്‍കുന്നതില്‍, പൊതുമേഖലാ കമ്പനിക്ക് നല്‍കിയ കരാറുകള്‍ റദ്ദുചെയ്യുന്നതില്‍ അങ്ങനെ എവിടെയൊക്കെ അധികാരി, ദല്ലാളായി മാറിയെന്നതില്‍ വ്യക്തതയില്ല. ഇതെല്ലാം രാജ്യത്തോടുള്ള സ്‌നേഹത്തിന്റെ ആധിക്യത്താലാണെന്ന പെരുപ്പിക്കലില്‍ ഒട്ടും കുറവില്ല. പെരുപ്പിച്ച് പറയലുകളിലൂടെ സംഘടിപ്പിക്കപ്പെടുന്ന വലിയ തട്ടിപ്പുകളും വഞ്ചനകളും മറയ്ക്കാന്‍ ദേശക്കൂറിനെക്കുറിച്ചുള്ള പെരുപ്പിച്ച് പറയലുകള്‍, അതിന്റെ മറവില്‍ സൃഷ്ടിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍, തുടര്‍ന്ന് ആസൂത്രണം ചെയ്യുന്ന വര്‍ഗീയകലാപങ്ങള്‍ ഒക്കെ തുണയായും. അധികാരികളും വന്‍കിടക്കാരും സഞ്ചരിക്കുന്ന കാറുകളുടെ അടിയില്‍പ്പെടുന്ന പട്ടിക്കുഞ്ഞുങ്ങളുടെ കരച്ചില്‍, പെരുപ്പിച്ച് പറയലുകളില്‍ മുങ്ങിപ്പോകുകയും ചെയ്യും.

No comments:

Post a Comment