2019-08-18

ഗാഡ്ഗിലിറങ്ങണം, പശ്ചിമഘട്ടത്തിന് താഴേക്ക്


അപ്രതീക്ഷിതവും അസാധാരണവുമായ പ്രളയത്തിന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അത്ര വ്യാപ്തിയില്ലെങ്കിലും പ്രളയത്തിലൂടെയും മറ്റ് ദുരിതങ്ങളിലൂടെയും കേരളം കടന്നുപോകുന്നത്. 2018ലെ പ്രളയം ഏതാണ്ടൊരു നൂറ്റാണ്ടിന് ശേഷം ആവര്‍ത്തിക്കപ്പെട്ട ഒന്നായാണ് നമ്മള്‍ പൊതുവെ പരിഗണിച്ചിരുന്നത്. അത്രയൊന്നും വേഗത്തിലൊരു ആവര്‍ത്തനം അതിനുണ്ടാകില്ലെന്നും കരുതിയിരുന്നു. ആ പ്രതീക്ഷയെ തകര്‍ത്തു കൊണ്ടാണ് വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായത്. അണക്കെട്ടുകളൊന്നും നിറയുന്നതിന് മുമ്പേ. പശ്ചിമഘട്ട പ്രദേശങ്ങളിലും അതിന്റെ ഓരങ്ങളിലുമാണ് വലിയ ദുരന്തങ്ങള്‍. അവിടെ നിന്ന് കുത്തിയൊലിച്ച വെള്ളമാണ് മലബാറിന്റെ വിവിധ പ്രദേശങ്ങളെ മുക്കിക്കളഞ്ഞത്.

എന്തായാലും ആവര്‍ത്തിക്കുന്ന വലിയ ദുരന്തങ്ങള്‍ പ്രകൃതിയില്‍ മനുഷ്യനേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് ജീവിത - വികസന രീതികളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള ചിന്തകളിലേക്ക് നയിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തെ തുടര്‍ന്നുള്ള ദിനങ്ങളിലും ഇതുണ്ടായിരുന്നുവെങ്കിലും വൈകാതെ കെട്ടടങ്ങി. ദുരന്തം ആവര്‍ത്തിച്ച സാഹചര്യത്തില്‍ അതങ്ങനെ കെട്ടടങ്ങില്ലെന്ന് കരുതാം.


അധികൃതവും അനധികൃതവുമായി നടക്കുന്ന അനിയന്ത്രിതമായ പാറപൊട്ടിക്കലും ചെങ്കല്‍ ഖനനവും ഇപ്പോഴത്തെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാണ്. പൊതു - സ്വകാര്യ മേഖലകളിലെ വികസന പദ്ധതികളുടെ പേരില്‍ നടക്കുന്ന കുന്നിടിക്കലും. ഭൂമിയുടെ ഘടന കണക്കിലെടുക്കാതെയും അതിനെ ആകെ തകിടം മറിച്ചുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മറ്റൊരു കാരണം. പുഴ കൈയേറി കൃഷി നടത്തുകയും കെട്ടിടം നിര്‍മിക്കുകയും ചെയ്തതിലൂടെ അതിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞത് വെള്ളപ്പൊക്കത്തിനുള്ള കാരണങ്ങളിലൊന്നാണ്. അനധികൃത നിര്‍മാണങ്ങളെ തകര്‍ത്ത് സ്വന്തം വഴി പുഴ തിരിച്ചെടുത്തപ്പോഴുണ്ടായ നാശനഷ്ടം ചെറുതല്ല. പെയ്ത്തുവെള്ളം ശേഖരിക്കാന്‍ പാകത്തില്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്ന നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തപ്പെട്ടതും വെള്ളമൊഴുകിപ്പോകാനുള്ള ചാലുകളൊക്കെ നികത്തപ്പെട്ടതും വെള്ളം വേഗത്തില്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. ഇപ്പറഞ്ഞ കാരണങ്ങളെല്ലാം ഏതാണ്ടെല്ലാ മലയാളികള്‍ക്കും നേരത്തെ അറിവുള്ളതാണ്, കഴിഞ്ഞ പ്രളയത്തിന് ശേഷം കൂടുതല്‍ ഓര്‍ത്തതുമാണ്.


അത്തരം അറിവോ ഓര്‍മയോ നമ്മുടെ പതിവ് ചിന്താ രീതികളെയോ വികസന സങ്കല്‍പ്പങ്ങളെയോ മാറ്റുന്നില്ല എന്നതാണ് വസ്തുത. ദുരന്തത്തിന്റെ വേദനകള്‍ ഒട്ടൊന്ന് ഒടുങ്ങുകയും കണ്ണീര്‍ച്ചാലുകള്‍ ഉണങ്ങുകയും ചെയ്യുന്നതോടെ നഷ്ടപരിഹാരമോ പുനരധിവാസമോ വേഗത്തില്‍ നടക്കാത്തതിന്റെ അസംതൃപ്തികളിലേക്ക് മാത്രമായി നമ്മള്‍ ചുരുങ്ങും. അതൊക്കെ വേഗത്തില്‍ നടക്കുമ്പോള്‍ തന്നെ ഇനിയൊരു പ്രകൃതിക്ഷോഭമുണ്ടാകാതിരിക്കാന്‍ പാകത്തില്‍, അഥവാ ഉണ്ടായാല്‍ തന്നെ ജീവജാലങ്ങള്‍ക്കുണ്ടാകുന്ന നാശം പരമാവധി കുറക്കാന്‍ സഹായകമാകുന്ന വിധത്തില്‍ പുനര്‍ നിര്‍മാണവും വികസന പദ്ധതികളും ആവിഷ്‌കരിക്കണമെന്ന ചിന്ത സമാന്തരമായി ചരിക്കേണ്ടതുണ്ട്.
അതുണ്ടാകുന്നില്ല എന്നതാണ് പരമാര്‍ഥം.


കഴിഞ്ഞ പ്രളയകാലത്ത് മലയാളികളുടെ മനോവീര്യത്തെ ഉയര്‍ത്തി നിര്‍ത്താന്‍ പാകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആശയവിനിമയം വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. അതില്‍ ചിലപ്പോഴെങ്കിലും പരിസ്ഥിതിക്ക് ഇണങ്ങും വിധത്തിലുള്ള വികസന കാഴ്ചപ്പാടിലേക്ക് മാറേണ്ടതിനെക്കുറിച്ച്, ദുരന്ത മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ച് ഒക്കെ പറഞ്ഞിരുന്നു. അതിനനുസരിച്ചാണോ നമ്മള്‍ നവകേരള നിര്‍മാണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ മഴകള്‍, ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്താന്‍ എന്തെങ്കിലും ശ്രമം ഇക്കാലയളവില്‍ നടന്നിട്ടുണ്ടോ? അങ്ങനെ നടക്കുകയും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിവ് നല്‍കിയിരുന്നോ എന്നും പരിശോധിക്കണം. ഇതൊക്കെ നിക്ഷിപ്തമായ രാഷ്ട്രീയ താത്പര്യങ്ങളുദ്ദേശിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് പുറത്ത് നടക്കേണ്ട കാര്യമാണ്.


അതിനൊപ്പം പ്രധാനമാണ് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം. അതേക്കുറിച്ച് പഠിക്കാനും ജീവജാലങ്ങളുടെ സംരക്ഷണത്തിന് ഉതകും വിധത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനും രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് നിയോഗിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളിലേക്ക് കേരളം കടക്കണമെന്നതാണ് ഉയര്‍ന്നുവരുന്ന പ്രധാന നിര്‍ദേശം. അത് ഗൗരവത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക്, ആറായിരത്തോളം വരുന്ന ക്വാറികള്‍ക്കാണ്. ഒപ്പം കുന്നിടിക്കലിനും. ഭൂമിയുടെ സ്വാഭാവിക ഘടന അട്ടിമറിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പശ്ചിമഘട്ടത്തിലെ മലനിരകളെ ദുര്‍ബലമാക്കുന്നുണ്ട്. പശ്ചിമഘട്ട മേഖലകളില്‍ മാത്രം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കൊണ്ട് മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആറായിരത്തോളം വരുന്ന ക്വാറികളില്‍ അധികൃതമായത് എണ്ണൂറോളമേ വരൂ. എന്തുകൊണ്ട് അനധികൃതമായി ഇത്രയും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു? ലൈസന്‍സുള്ള ക്വാറികള്‍ തന്നെയും അനുവദിക്കപ്പെട്ട പരിധിക്ക് അപ്പുറത്ത് പാറയും ചെങ്കല്ലും ഖനനം ചെയ്യുന്നത് എന്തുകൊണ്ടാണ്? കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കായി അത്രയധികം അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമുള്ളതുകൊണ്ട് എന്നാണ് ഉത്തരം. ഇത്രയൊക്കെയായിട്ടും പലപ്പോഴും കല്ലിനും ചെങ്കല്ലിനുമൊക്കെ ക്ഷാമം നേരിടുന്നുമുണ്ട്.


പശ്ചിമഘട്ടത്തിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് വേണ്ടിയല്ല, അവിടെ നിന്ന് അടര്‍ത്തിയെടുക്കുന്ന കല്ലും ചെങ്കല്ലും ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത്. ഇടനാടെന്ന് അറിയപ്പെടുന്ന കേരളത്തിലെ മധ്യവര്‍ഗം ധാരാളമായി അധിവസിക്കുന്ന മേഖലകളിലും പുഴകളുടെയും കായലുകളുടെയും കടലിന്റെയും തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലുമാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. തീരത്തോട് ചേര്‍ന്ന് നടക്കുന്ന നിര്‍മാണങ്ങളില്‍ വലിയൊരളവ് വിനോദ സഞ്ചാരത്തെ മുന്നില്‍ക്കണ്ടുള്ള വന്‍കിട നിര്‍മാണങ്ങളാണ്. ഇത്തരം നിര്‍മാണങ്ങള്‍ക്കൊക്കെ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ പശ്ചിമഘട്ടത്തിലുള്ള അപകടകരമായ ഖനനം നിയന്ത്രിക്കാന്‍ സാധിക്കുകയില്ല തന്നെ. തീര സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുടെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ അനുവാദം നിഷേധിക്കുന്ന നമ്മുടെ ഭരണസംവിധാനം വന്‍കിടക്കാര്‍ നടത്തുന്ന അനധികൃത നിര്‍മാണങ്ങളെ കണ്ടില്ലെന്ന് വെക്കുകയോ അനധികൃതമെന്ന് കണ്ടെത്തിയാല്‍ തന്നെ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഓര്‍ക്കണം. അതിലൊക്കെ മാറ്റമുണ്ടാകുക എന്നത് കൂടി അനിവാര്യമായിരിക്കുന്നു.


കേരളത്തില്‍ നിര്‍മിക്കുന്ന വീടുകളുടെ വലുപ്പം ഒരു പ്രശ്നമാണ്. ആവശ്യങ്ങള്‍ക്ക് ആനുപാതികമായല്ലാതെ നിര്‍മിക്കപ്പെടുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളും. ഇവയുടെയൊക്കെ നിര്‍മാണത്തിന് വേണ്ടിവരുന്ന അസംസ്‌കൃത വസ്തുക്കളില്‍ (കല്ല്, ചെങ്കല്ല്, പാറപ്പൊടി) ഭൂരിഭാഗവും പശ്ചിമഘട്ടത്തെ തുരന്നെടുക്കുന്നതാണ്. ഇഷ്ടികയും ചരലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതൊക്കെ തണ്ണീര്‍ത്തടങ്ങളെയും വയലുകളെയും പുഴകളെയും ഇല്ലാതാക്കിക്കൊണ്ട് നിര്‍മിക്കുന്നതോ സംഭരിക്കുന്നതോ ആണ്. പൊതു ആവശ്യത്തിനുള്ള റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ഈ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമായേ മതിയാകൂ. പക്ഷേ, അനാവശ്യമായ നിര്‍മാണങ്ങള്‍ക്കും ആഡംബരം മാത്രമുദ്ദേശിച്ചുള്ള നിര്‍മിതികള്‍ക്കും ഈ അസംസ്‌കൃത വസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കിയേ മതിയാകൂ.


അതങ്ങനെ ഒഴിവാക്കപ്പെട്ടാല്‍ തന്നെ പശ്ചിമഘട്ടത്തെ പിളര്‍ക്കുന്ന സ്ഫോടനങ്ങളുടെ എണ്ണം കുറയും. തണ്ണീര്‍ത്തടങ്ങളുടെയും പുഴകളുടെയും നാശമുറപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് വേഗം കുറയും. കൃത്യമായ വ്യവസ്ഥകളോടെയും കര്‍ക്കശമായ നിരീക്ഷണത്തോടെയും അനുവദിക്കപ്പെടുന്ന ഖനന പ്രവൃത്തികൊണ്ട് തന്നെ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തിലുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. അത്തരം സാധ്യതകള്‍ തേടുമെന്ന് കഴിഞ്ഞ പ്രളയകാലത്തെ ആശയവിനിമയങ്ങളില്‍ മുഖ്യമന്ത്രി പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിലേക്കൊന്നും പോകാതെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തുള്ള പരമ്പരാഗത നിര്‍മാണ രീതികള്‍ തുടരുകയാണ് നമ്മള്‍ ചെയ്യുന്നത്.


മാധവ് ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണത്തിന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അത് ആ പ്രദേശത്തിന് മാത്രം ബാധകമായ ഒന്നായാണ് പൊതുവില്‍ മലയാളികള്‍ കണ്ടത്. അതങ്ങനെയല്ലെന്ന് മനസ്സിലാക്കാനുള്ള ഒരവസരം കൂടിയാണ് ഇപ്പോഴുണ്ടായ ദുരന്തങ്ങള്‍. അങ്ങനെ മനസ്സിലാക്കാന്‍ ഇനിയെങ്കിലും തയ്യാറുണ്ടെങ്കില്‍ സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ച് ആലോചനകളുണ്ടാകണം. അനധികൃത നിര്‍മാണങ്ങളെ കൃത്യമായ ഇടവേളകളില്‍ (ഓരോ തവണ ഭരണം മാറുമ്പഴും) ക്രമപ്പെടുത്തി നല്‍കുന്ന പതിവും അവസാനിപ്പിക്കണം.


ഒരു കുടുംബത്തിന് പരമാവധി സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് അപ്പുറത്തുള്ളത് പോലെ വീടുകള്‍ ആവശ്യമുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കണം. അങ്ങനെ ചിന്തിക്കാന്‍ ജനത്തെ പ്രേരിപ്പിക്കുന്നതില്‍ രാസത്വരകമായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തമുണ്ട് മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജീവനെക്കുറിച്ച് ആശങ്കയുള്ള ഭരണകൂടത്തിന്, ആശങ്കയുണ്ടെങ്കില്‍. ഭരണകൂടത്തെ ആ വിധത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കാനുള്ള കടമയുണ്ട് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന, അവരുടെ ദുരിതങ്ങളിലൊക്കെ ഒപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും. അല്ലെങ്കില്‍ ആവര്‍ത്തിക്കുന്ന ദുരിതങ്ങളില്‍ ഒപ്പം നില്‍ക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പുനരധിവാസത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കാനും മാത്രമേ തുടര്‍ന്നും സാധിക്കൂ.


പശ്ചിമഘട്ടത്തെ പരിസ്ഥിതി പ്രാധാന്യമനുസരിച്ചുള്ള മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിച്ചത്. അത്തരം പ്രദേശങ്ങളില്‍ നടക്കേണ്ട നിര്‍മാണ/വികസന പ്രവൃത്തികള്‍ തീരുമാനിക്കാനുള്ള അവകാശം ജനകീയ കമ്മിറ്റികള്‍ക്ക് നല്‍കാനും. ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞതിനപ്പുറത്തുള്ള കാര്യങ്ങള്‍ ചിന്തിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു. ഭൂമിയുടെ ഘടന, ജലത്തിന്റെ ലഭ്യത, നീരൊഴുക്കിനുള്ള വഴികള്‍ എന്നിങ്ങനെ ജീവജാലങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായ ഘടകങ്ങളെ ആധാരമാക്കി കേരളത്തെ തന്നെ വിവിധ സോണുകളാക്കി തിരിക്കേണ്ട ഘട്ടം.


നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മാപ്പ് ചെയ്ത് പട്ടിക പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം ഒരു ദശകമായിട്ടും നടപ്പാക്കാത്ത ഭരണകൂടവും പ്രളയകാലത്ത് പോലും കൈക്കൂലി വാങ്ങി വയല്‍ തരംമാറ്റി കരഭൂമിയാക്കി നല്‍കുന്ന ഉദ്യോഗസ്ഥ സംവിധാനവും പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചോ അതിനപ്പുറത്തുള്ള സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചോ ആലോചിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. ദുരിതം അനുഭവിച്ച ജനങ്ങളും അവരെ രക്ഷിക്കാന്‍ ഓടിയടുത്ത ആയിരങ്ങളും അതൊക്കെ കണ്ട് കണ്ണുനനഞ്ഞവരുമുണ്ട്. അവരിലൊരു ചെറിയ പ്രതീക്ഷവെക്കാം, തത്കാലം.

2019-08-04

രോഷം കൊണ്ട് രോഷം തണുപ്പിക്കുന്ന സുപ്രീം കോടതി


ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് അടക്കവയ്യാത്ത രോഷത്തോടെ ചോദിക്കുകയാണ് സുപ്രീം കോടതി. ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലെ മാഖി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടിയും കുടുംബവും 2017 ജൂണ്‍ നാലിന് ശേഷം അനുഭവിക്കുന്ന കൊടിയ ക്രൂരതകള്‍ വിവരിക്കപ്പെട്ടപ്പോഴാണ് ഇത്തരമൊരു ചോദ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന് ചോദിക്കേണ്ടിവന്നത്. പ്രതിഭാഗത്തിന്റെയോ സര്‍ക്കാറുകളുടെയോ ഭാഗം കേള്‍ക്കാതെ തന്നെ ചില സുപ്രധാന തീരുമാനങ്ങള്‍ സുപ്രീം കോടതി എടുക്കുകയും ചെയ്തു. അഞ്ച് കേസുകളുടെ വിചാരണ ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയതാണ് അതില്‍ പ്രധാനം. വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുക, നഷ്ടപരിഹാരമെന്ന നിലക്ക് 25 ലക്ഷം രൂപ അടിയന്തരമായി നല്‍കുക, ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി അയച്ച കത്ത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ അലംഭാവമുണ്ടായോ എന്ന് അന്വേഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സുപ്രീം കോടതി നല്‍കി.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിംഗ് സെനഗര്‍ ബലാത്സംഗം ചെയ്തുവെന്ന കേസാണ് ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയ ഒന്നാമത്തെ കേസ്. ഈ പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയാണ് രണ്ടാമത്തേത്. ആയുധ നിയമപ്രകാരം കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്ത്. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണ് മൂന്നാമത്തെ കേസ്. കുല്‍ദീപ് സിംഗ് സെനഗറുമായി ബന്ധമുള്ളവരുടെ മര്‍ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പിതാവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ട്. ബലാത്സംഗത്തിന് ഇരയാക്കിയത് കുല്‍ദീപ് സിംഗ് സെനഗറാണെന്ന് പരസ്യമായി പറഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. സെനഗറിന്റെ സഹോദരനും കൂട്ടാളികളുമാണ് ഈ കേസില്‍ പ്രതിസ്ഥാനത്ത്. ഇതാണ് വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുന്ന നാലാമത്തെ കേസ്. ഈ പെണ്‍കുട്ടിയും രണ്ട് ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ സംഭവമാണ് അഞ്ചാമത്തെ കേസ്. ഇതില്‍ രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 14 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു കോടതി.


നീതി നിര്‍വഹണം വേഗത്തിലാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സുപ്രീം കോടതി സ്വീകരിച്ചുവെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കും കുടുംബത്തിനുമൊപ്പം, ഏതാണ്ട് ഏകപക്ഷീയമായി തന്നെ, നിന്നുകൊണ്ട് ഇത്തരമൊരു അവസ്ഥക്ക് കാരണക്കാരായ ഭരണ സംവിധാനങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചുവെന്നും വിലയിരുത്താം. 2017 ജൂണില്‍ കുല്‍ദീപ് സിംഗ് സെനഗറിന്റെ ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നത് വരെ ആ പെണ്‍കുട്ടിയും കുടുംബവും നേരിടേണ്ടി വന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ വിവരിക്കപ്പെട്ടപ്പോള്‍ ഏതൊരു മനുഷ്യനുമുണ്ടാകാവുന്ന രോഷവും ദുഃഖവുമാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കുമുണ്ടായത്. അതുകൊണ്ടാണ് പ്രതിഭാഗത്തിന് പറയാനുള്ളത് കേള്‍ക്കാതെയും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം തേടാതെയുമുള്ള കര്‍ശന നിര്‍ദേശങ്ങള്‍.


ഈ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യാം. പരാതിക്കാര്‍ക്ക് വേഗത്തില്‍ നീതി ലഭിക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം. അപ്പോഴും രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ വിചാരണയെക്കുറിച്ച് മാത്രമാണ് സുപ്രീം കോടതി സംസാരിക്കുന്നത്. ആ കേസുകളിലേക്ക് കാര്യങ്ങള്‍ എങ്ങനെ എത്തി എന്ന പരിശോധന ആവശ്യമാണെന്ന് കോടതിക്ക് തോന്നുന്നതേയില്ല. 2017 ജൂണില്‍ കുല്‍ദീപ് സിംഗ് സെനഗര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ ദേഹത്തിന്റെ പേര് പരസ്യമായി പറഞ്ഞതിന് ഒരാഴ്ചക്ക് ശേഷം പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഇതിനിടയില്‍ കുല്‍ദീപ് സിംഗിനെതിരെ പരാതിയുമായി ഉത്തര്‍പ്രദേശ് പോലീസിനെ പെണ്‍കുട്ടി സമീപിച്ചിരുന്നു. കേസെടുത്ത് നിയമം അനുശാസിക്കുന്ന നടപടികളിലേക്ക് കടക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നുവെങ്കില്‍ ആ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാകേണ്ടി വരില്ലായിരുന്നു. ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെ എന്ന് കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്തം ഭരണകൂടം നിര്‍വഹിക്കാതിരിക്കുമ്പോള്‍ അതിലിടപെടേണ്ട ചുമതല നീതി പീഠത്തിനില്ലേ?


വലിയ സമ്മര്‍ദത്തെ തുടര്‍ന്നാണ് എം എല്‍ എക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റിലായി ജയിലില്‍ അടക്കപ്പെട്ട എം എല്‍ എക്ക് അവിടെക്കിടന്നുകൊണ്ട് പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്താന്‍ പ്രയാസമുണ്ടായില്ല. സംസ്ഥാന ഡി ജി പിക്കും മുഖ്യമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിനുമുള്‍പ്പെടെ സാധ്യമായ എല്ലായിടങ്ങളിലും ആ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. അതിലൊന്നും നടപടികളുണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം, ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് ചോദിക്കുന്ന സുപ്രീം കോടതിക്കുണ്ട്. ചീഫ് ജസ്റ്റിസിന് അയച്ച പരാതി എന്തുകൊണ്ടാണ് യഥാസമയം ശ്രദ്ധയില്‍പ്പെടുത്താതിരുന്നത് എന്നതില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല പരിശോധന. അവ്വിധമുള്ള പരിശോധനക്ക് നിര്‍ദേശിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യാതിരിക്കുമ്പോള്‍ സമ്പത്തും അധികാരത്തില്‍ സ്വാധീനവുമുള്ളവര്‍ക്ക് ആരെയും ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും രാജ്യത്ത് എക്കാലത്തുമുള്ള അവസരം ഇനിയും തുടര്‍ന്നു കൊള്ളട്ടെ എന്ന നിലപാട് ന്യായാസനങ്ങളും തുടരുകയാണ്.


ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ തുടങ്ങി സമാജ്‌വാദി പാര്‍ട്ടിയിലൂടെ ബി ജെ പിയിലെത്തിയ കുല്‍ദീപ് സിംഗ് സെനഗറിന് അധികാരത്തിലുള്ള സ്വാധീനം തന്നെയാണ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന, നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പലകുറി ആക്രമിക്കാനും കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമിക്കാനും ധൈര്യം നല്‍കിയത്. ആ ധൈര്യം പ്രദാനം ചെയ്യുന്നതില്‍ ഇപ്പോള്‍ ഉത്തര്‍ പ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി ജെ പിക്കുമുള്ള പങ്ക് നീതിപീഠം കാണാതെ പോകുമ്പോള്‍ ഇതൊരു വ്യക്തിയും കുടുംബാംഗങ്ങളും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ കുറ്റകൃത്യം മാത്രമായി ലഘൂകരിച്ച് കാണുകയാണ്. അവിടെ പ്രതികള്‍ മാത്രമാണ് നിയമത്തിന് മുന്നിലുണ്ടാകുക. പ്രതികള്‍ക്ക് സകല സഹായവും ചെയ്ത, അവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നിന്ന ഭരണ സംവിധാനങ്ങളും അതിന്റെ നേതാക്കളും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. നിയമത്തിന്റെ കരങ്ങള്‍ അവരിലേക്ക് കൂടി നീളണമെന്ന ആഗ്രഹം നീതിപീഠത്തിന് പലപ്പോഴും ഉണ്ടാകാറില്ലെന്നതാണ് അനുഭവം.


ഗുജറാത്ത് വംശഹത്യാ ശ്രമത്തിനിടെ അരങ്ങേറിയ കൊടും ക്രൂരതകളില്‍ എടുത്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ടതില്‍ ഭൂരിഭാഗവും അക്രമത്തിന്റെ കൈയാളുകളായവരാണ്. അതിന്റെ ആസൂത്രകര്‍ ശിക്ഷിക്കപ്പെട്ടത് അപൂര്‍വം. ആസൂത്രകരിലേക്ക് അന്വേഷണം നീളാത്തതില്‍, ആസൂത്രകരുടെ ഇംഗിതത്തിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പരാമര്‍ശിക്കാത്തതില്‍ ഒന്നും ഒരു ന്യായാസനവും ആശങ്കപ്പെട്ടിട്ടില്ല. അതേ രീതിയിലാണ് ഉന്നാവോ കേസും കൈകാര്യം ചെയ്യപ്പെടുന്നത്.


2012ല്‍ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത് രാജ്യത്താകെ വലിയ രോഷത്തിന് കാരണമായിരുന്നു. നിയമങ്ങളില്‍ മാറ്റം വരുത്തുന്നതടക്കം നടപടികളെടുക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കും വിധത്തില്‍ പ്രതിഷേധമുയര്‍ന്നു. പ്രതിഷേധം പ്രകടിപ്പിക്കാവുന്ന ജനാധിപത്യമല്ല രാജ്യത്തുള്ളത് എന്ന് തിരിച്ചറിയുന്നതു കൊണ്ടും ഭയത്തിന്റെ ആവരണം അത്രക്ക് കനത്തതായതുകൊണ്ടുമാകണം ഉന്നാവോ കേസിനെ തുടര്‍ന്ന് തെരുവിലെ പ്രതികരണങ്ങള്‍ വളരെ പരിമിതമായിരുന്നു.

എങ്കിലും പുറത്തുവന്ന വിവരങ്ങള്‍ ജനമനസ്സില്‍ രോഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉറപ്പ്. അതിനെ തണുപ്പിക്കുക എന്ന ഒറ്റക്കാര്യമേ സുപ്രീം കോടതിയുടെ 'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന രോഷപ്രകടനത്തിലൂടെയും തുടര്‍ന്നുള്ള നിര്‍ദേശങ്ങളിലൂടെയും നടക്കുക. അത് ഒരു പരിധിവരെ  ഈ അതിക്രമങ്ങള്‍ക്കെല്ലാം അരുനില്‍ക്കുകയും ആരോപണ വിധേയര്‍ക്ക്, പെണ്‍കുട്ടിയെയും കുടുംബത്തെയും വേട്ടയാടാന്‍ സൗകര്യമൊരുക്കുകയും ചെയ്തവര്‍ക്ക് ആശ്വാസവുമാണ്. സുപ്രീം കോടതി പറഞ്ഞതനുസരിച്ച് എല്ലാം ചെയ്യുന്നുണ്ടല്ലോ/ചെയ്തുവല്ലോ എന്ന് ന്യായം നിരത്താനാകും. 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ഉത്തരവ്, രേഖയായി പുറത്തിറങ്ങും മുമ്പ് പെണ്‍കുട്ടിയുടെ മാതാവിന് പണം കൈമാറാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറായത്, പരമോന്നത നീതിപീഠം നല്‍കിയ രക്ഷാ മാര്‍ഗത്തെ അവര്‍ കൃത്യമായി മനസ്സിലാക്കുന്നതുകൊണ്ടാണ്.


'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന് കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തി ജനങ്ങളോട് പരോക്ഷമായി ചോദിച്ച നാല് ന്യായാധിപന്‍മാരുടെ കൂട്ടത്തില്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുമുണ്ടായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്തിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ സാധ്യതയുള്ള ജഡ്ജിമാരടങ്ങുന്ന ബഞ്ചിലേക്ക് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൈമാറിയതായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവരെ പ്രകോപിപ്പിച്ച ഏറ്റവുമൊടുവിലത്തെ സംഗതി. കേസുകള്‍ അട്ടിമറിക്കുന്നതില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവരും ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവരും നടത്തുന്ന ശ്രമങ്ങള്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുമെന്നും അത് ആത്യന്തികമായി ജനാധിപത്യത്തെയാണ് ഇല്ലാതാക്കുക എന്നും അന്നവര്‍ പറഞ്ഞിരുന്നു.


ഉന്നാവോ കേസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും നിസ്സഹായരായ മനുഷ്യരെ നിരന്തരം ക്രൂരതകള്‍ക്ക് ഇരയാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിച്ചവര്‍ക്ക് രക്ഷാമാര്‍ഗം ഒരുക്കുകയും ചെയ്യുമ്പോള്‍ 'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ഒരു ദിവസത്തെ വലിയ തലക്കെട്ടിനപ്പുറത്ത് പൊള്ളയായി നില്‍ക്കും. കോടതിക്ക് പുറത്തിറങ്ങി ജനങ്ങളോട് പറഞ്ഞ കാര്യങ്ങളിലെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.