2012-11-27

കുരുക്ക് മുറുക്കിയതിന്റെ നാനാര്‍ഥങ്ങള്‍



രാജ്യത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി, മുംബൈ നഗരത്തില്‍ നടമാടിയ 60 മണിക്കൂര്‍ നീണ്ട സംഹാരതാണ്ഡവത്തിന്റെ നാലാം വാര്‍ഷികമെത്തുമ്പോള്‍ ചെറിയ തോതിലെങ്കിലും പ്രതികാരം ചെയ്തുവെന്ന തോന്നല്‍ അന്തരീക്ഷത്തിലുണ്ട്. ആക്രമണത്തിനിടെ പിടിയിലായ അമീര്‍ അജ്മല്‍ കസബിനെ ഏതാനും ദിവസം മുമ്പ് തൂക്കിലേറ്റിയപ്പോള്‍, ആക്രമണത്തിന്റെ ഇരകളില്‍ പലര്‍ക്കും നീതിനിര്‍വഹണത്തിന്റെ ഉചിതമായ രീതിയായി അനുഭവപ്പെട്ടു. രാജ്യത്തിനെതിരെ ആക്രമണം നടത്തി 166 പേരുടെ ജീവനൊടുക്കിയ സംഘത്തിലൊരുവനെയെങ്കിലും തൂക്കിലേറ്റാന്‍ സാധിച്ചതിനെ അഭിമാനമായി കാണുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരം കുറ്റവാളികളെ തൂക്കിലേറ്റിയാല്‍ പോര, ഇഞ്ചിഞ്ചായി കൊല്ലുകയാണ് വേണ്ടത് എന്ന വൈകാരിക പ്രതികരണങ്ങളും കുറവല്ല. ഇതെല്ലാം ചേരുന്നതാണ് തെരുവില്‍ പടക്കം  പൊട്ടിച്ചും മധുര പലഹാരം വിതരണം  ചെയ്തും തൂക്കിലേറ്റല്‍ ആഘോഷിച്ച ജനങ്ങള്‍. തിന്‍മക്കു മേല്‍ നന്മ നേടുന്ന അന്തിമ വിജയത്തെ പ്രത്യാശയോടെ കാണുകയും അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പൊതു ബോധം. യഥാര്‍ഥത്തില്‍ നന്മയുടെ പക്ഷത്തു നില്‍ക്കാത്തവര്‍ പോലും ഈ കൈയടിയുടെ ഭാഗഭാഗാക്കും. ഒരു മാറ്റിനി ആള്‍ക്കൂട്ടത്തിന്റെ പൊതുബോധ നിലവാരം മാത്രമേ പലപ്പോഴും അതിനുണ്ടാകൂ. അതുകൊണ്ടാണ് കസബിനെ കഴുവേറ്റിയത്, അന്തരിച്ച നേതാവ് ബാല്‍ താക്കറെക്കുള്ള ആദരാഞ്ജലിയായി ശിവസേനാ നേതാക്കള്‍ വ്യഹരിച്ചത്. ഏത് തരം വിദ്വേഷത്തിന്റെ ഉത്പന്നമായിരുന്നോ കസബ്, അത്തരം വിദ്വേഷത്തിന്റെ ഉത്പാദകരില്‍ ഒരാള്‍ക്കുള്ള ആദരാഞ്ജലി!


കസബ് എന്ന കൊടും കുറ്റവാളിക്ക് നിയമം അനുശാസിക്കും വിധത്തിലുള്ള വിചാരണ ഉറപ്പാക്കാന്‍ രാജ്യത്തെ നീതിന്യായ സംവിധാനം ശ്രമിച്ചുവെന്ന് സാമാന്യമായി ധരിക്കാം. വിചാരണക്കോടതിയിലും ബോംബെ ഹൈക്കോടതിയിലും കസബിന് അഭിഭാഷകന്റെ സേവനം ലഭ്യമാക്കിയിരുന്നു. സുപ്രീം കോടതിയില്‍ കസബിന്റെ ഭാഗത്തുണ്ടായിരുന്നത് പ്രമുഖ അഭിഭാഷകനായ രാജു രാമചന്ദ്രനാണ്. പാക്കിസ്ഥാന്‍ പൗരനായ, അതിനിഷ്ഠുരമായ കൂട്ടക്കുരുതിയില്‍ പങ്കാളിയായ ഒരാള്‍ക്ക് ഇതിലധികം നിയമസഹായം വേറെ ഏതെങ്കിലും രാജ്യത്ത് ലഭിക്കുമോ എന്ന് സംശയം. ഇവിടെ പ്രകടിപ്പിച്ച വിശാലമായ നീതിബോധം ശിക്ഷ നടപ്പാക്കുന്ന സമയത്ത് ഭരണകൂടം കാട്ടിയോ എന്നതില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്.
പ്രസിഡന്റിന് സമര്‍പ്പിക്കപ്പെട്ട ദയാഹരജി തള്ളപ്പെട്ടാലും ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രമിക്കാനുള്ള അവകാശം കുറ്റവാളിക്കുണ്ടെന്നതാണ് കീഴ്‌വഴക്കം. അതിന്റെ തെളിവുകള്‍ ജീവനോടെയും അല്ലാതെയും നമ്മുടെ മുന്നിലുണ്ട്.


പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന് ഗുഢാലോചന നടത്തിയെന്ന കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട കെഹാര്‍ സിംഗിന്റെ ദയാഹരജി തള്ളപ്പെട്ടപ്പോള്‍, തനിക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കാന്‍ പ്രസിഡന്റിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യം കെഹാര്‍ സിംഗ് ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി, ദയാഹരജി വീണ്ടും പരിഗണിക്കാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. രണ്ടാമതും ദയാഹരജി തള്ളിയപ്പോള്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസില്‍ തൂക്കുകയറിന്റെ നിഴലില്‍ കഴിയുന്ന ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍, ദയാഹരജി തള്ളിയതോടെ കോടതിയെ സമീപിച്ചു. ദയാഹരജിയില്‍ തീരുമാനമെടുക്കുന്നതിന് വര്‍ഷങ്ങളെടുത്തുവെന്നും അത്രയും കാലം വധശിക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞത്, തൂക്കിലേറ്റുന്നതിനേക്കാള്‍ വലിയ ശിക്ഷയാണെന്നുമാണ് ഇവരുടെ വാദം. ഈ ഹരജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്.


ഇത്തരത്തില്‍ നിയമം നല്‍കുന്ന ആനുകൂല്യങ്ങള്‍ കസബിന് നിഷേധിക്കപ്പെട്ടതിനെയാണ് നിയമജ്ഞര്‍ ചോദ്യം ചെയ്യുന്നത്. കസബ് എത്ര വലിയ കുറ്റവാളിയായാലും നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ഉയര്‍ന്ന നീതിബോധം നിലനിര്‍ത്തുന്ന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്ന് ഇവര്‍ പറയുന്നു. ദയാഹരജി തള്ളിയെന്ന വിവരം കസബിനെ നേരത്തെ അറിയിച്ച്,നിയമപരമായി ലഭ്യമായ അവസാന അവസരം പ്രയോജനപ്പെടുത്താന്‍ സൗകര്യം നല്‍കണമെന്നാണ് വാദം.


രാജ്യത്തിനെതിരെ യുദ്ധം ചെയ്ത, 166 പേരുടെ ജീവനെടുത്ത ഭീകരരുടെ സംഘത്തില്‍ അംഗമായിരുന്ന കസബിന് നിയമപരമായ എല്ലാ അവകാശങ്ങളും ലഭ്യമാക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം തീവ്ര രാജ്യസ്‌നേഹികളും ദേശീയവാദികളും ഉന്നയിച്ചേക്കാം. ഒരു കൊടുംഭീകരന് നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി വാദിക്കുന്നത് രാജ്യദ്രോഹമാണെന്ന ആരോപണവും ഉയര്‍ന്നേക്കാം. പക്ഷേ, ദയാഹരജി തള്ളിയത് മുതല്‍ തൂക്കിലേറ്റുന്നത് വരെയുള്ള കാര്യങ്ങള്‍ പൂര്‍ണമായും രഹസ്യമാക്കി വെച്ച്, ഓപ്പറേഷന്‍ എക്‌സ് എന്ന പേരിട്ട്, യുദ്ധകാലാടിസ്ഥാനത്തില്‍ ശിക്ഷ നടപ്പാക്കുന്ന സ്ഥിതി ഭാവിയില്‍ ആവര്‍ത്തിക്കപ്പെട്ടാലോ? നിരപരാധികളും നിസ്സഹായരുമായ നിരവധി യുവാക്കളെ ഭീകരാക്രമണക്കേസില്‍പ്പെടുത്തി ജയിലില്‍ അടച്ചതിന്റെ കഥകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അത്തരത്തിലൊരു കേസിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ശിക്ഷ നടപ്പാക്കി നാം വിജയം ആഘോഷിച്ചത് എങ്കിലോ? കേണല്‍ ശ്രീകാന്ത് പുരോഹിതോ പ്രഗ്യാ സിംഗോ കുറ്റാരോപിതരായ കേസുകളില്‍ ഭാവിയില്‍ ഇത്തരത്തില്‍ ശിക്ഷ നടപ്പാക്കലുണ്ടായാലോ?


അനാവശ്യ കീഴ്‌വഴക്കം സൃഷ്ടിക്കുമ്പോള്‍ അത് ഭാവിയിലുണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ആലോചിക്കേണ്ട ബാധ്യത ഭരണ നേതൃത്വത്തിലുള്ളവര്‍ക്ക് വേണ്ടതുണ്ട്. തനിക്ക് ലഭിച്ചത് പോലീസ് പരിശീലനമാണെന്നും അതുകൊണ്ട് കാര്യങ്ങള്‍ രഹസ്യമാക്കിവെച്ചുവെന്നും വിശദീകരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് ഈ ആലോചനയുണ്ടായില്ല. അല്ലെങ്കില്‍ അത്തരമൊരു ആലോചന ഇപ്പോഴത്തെ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നിശ്ചയിച്ചിട്ടുണ്ടാകണം.
അഴിമതി ആരോപണങ്ങളുടെ ഘോഷയാത്ര അരങ്ങേറുമ്പോള്‍, ജനശ്രദ്ധ തിരിക്കാനുള്ള ഉപാധിയായി ഈ വധശിക്ഷ നടപ്പാക്കലിനെ കോണ്‍ഗ്രസ് നേതൃത്വം കണ്ടിട്ടുണ്ടാകണം. അത് മനസ്സിലാക്കിയാണ് പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ യു പി എ സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന ആരോപണം ബി ജെ പി ഉന്നയിച്ചത്.


ഈ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന ബി ജെ പി, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ വധിച്ച കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ബല്‍വന്ത് സിംഗ് രജോണയുടെ കാര്യം പരാമര്‍ശിക്കുന്നതേയില്ല. ബി ജെ പിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ നല്‍കിയ ദയാഹരജി പരിഗണിച്ചാണ് രജോണയുടെ വധശിക്ഷ മാറ്റിവെക്കപ്പെട്ടത്. രജോണയെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് അകാലികളുമായുള്ള സഖ്യം തകരാറിലാക്കി രാഷ്ട്രീയ നഷ്ടമുണ്ടാക്കാന്‍ ബി ജെ പി തയ്യാറാകുമോ? സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിംഗിനെ വധിച്ച കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍ക്ക് വേണ്ടി അതേ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നയാള്‍ (രാഷ്ട്രീയഭേദമുണ്ടാകാം) ദയാഹരജി നല്‍കുന്നതിലെ ധാര്‍മികത ചോദ്യം ചെയ്യാന്‍ ബി ജെ പി തയ്യാറായിട്ടുണ്ടോ?


ദയാഹരജി തള്ളിയത് മുതല്‍ തൂക്കു കയറ് മുറുകും വരെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സാധിച്ചതിലും ഭംഗം കൂടാതെ നടത്താനായതിലും അഭിമാനം കൊള്ളുന്നുണ്ട് നമ്മുടെ ഭരണകൂടം. എന്നാല്‍ അത്രത്തോളം അഭിമാനാര്‍ഹമാണോ കാര്യങ്ങള്‍. വിധി നടപ്പാക്കാന്‍ പോകുകയാണെന്ന് ലോകത്തോട് തുറന്നു പറയാതിരുന്നത് ഭീരുത്വമല്ലാതെ മറ്റെന്താണ്? വിധി നടപ്പാക്കുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാകുമെന്ന ഭയം കോണ്‍ഗ്രസിനും യു പി എ സര്‍ക്കാറിനുമുണ്ടായിരുന്നോ? അങ്ങനെയെങ്കില്‍ അമേരിക്കന്‍ സാമ്രാജ്യത്വം  സൃഷ്ടിച്ച്, വ്യാപിപ്പിച്ച് നിലനിര്‍ത്തുന്ന ഫോബിയ, പുറത്തു പ്രകടമാകുന്നതിലും വലിയ അളവില്‍ നമ്മുടെ ഭരണകൂടത്തെ ബാധിച്ചിരിക്കുന്നുവെന്ന് കരുതണം. മുന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ കസബിനെ കൈയാളാക്കിയവര്‍ പൊട്ടിത്തെറികള്‍ സംഘടിപ്പിച്ച് പ്രതികരിക്കുമെന്ന് ഭയന്നിരുന്നോ? അങ്ങനെയാരെങ്കിലും പദ്ധതിയിട്ടാല്‍ അത് മുന്‍കൂട്ടി അറിയാനും പ്രതിരോധിക്കാനുമുള്ള ത്രാണി കഴിഞ്ഞ നാല് വര്‍ഷം കൊണ്ടെങ്കിലും നേടിയെടുത്തില്ലേ നമ്മുടെ രാജ്യം? മറുപടി പറയേണ്ടത് സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്.


പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയെയും പോലും കാര്യങ്ങളറിയിച്ചില്ലെന്ന് സാഭിമാനം പറയുന്ന ആഭ്യന്തര മന്ത്രി. അമേരിക്കയെ പരോക്ഷമായെങ്കിലും കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നുവെന്നാണ് ഏറ്റവുമൊടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ആ ദൗത്യം ഭംഗിയായി നിറവേറ്റിയത്രെ. ആശ്വസിക്കാം, പ്രധാനമന്ത്രി അറിഞ്ഞില്ലെങ്കിലും അമേരിക്കന്‍ ഭരണകൂടം കാര്യങ്ങളറിഞ്ഞിരുന്നുവല്ലോ!


കസബിനെ തൂക്കിലേറ്റിയതിലൂടെ അക്രമികളോട് ദയകാട്ടാത്ത നിയമസംവിധാനം രാജ്യത്തുണ്ടെന്ന മുന്നറിയിപ്പ് നല്‍കുന്നതിന് അപ്പുറത്തുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് കോണ്‍ഗ്രസിന്. നിലവില്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്നതില്‍ പരിമിതപ്പെടുമോ അത് എന്നതിലേ സംശയമുള്ളൂ. തീവ്ര ഹിന്ദുത്വയും തീവ്ര ദേശീയതയും മുഖമുദ്രയാക്കിയ സംഘ് പരിവാരം അധികാരത്തിലേക്കുള്ള മാര്‍ഗം തേടി ചില വ്യാജ ഒത്തുതീര്‍പ്പുകളുണ്ടാക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ശൂന്യത മുതലെടുക്കാനാകുമോ എന്ന ചിന്ത കോണ്‍ഗ്രസിനുണ്ടാകാം. ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും യഥാര്‍ഥ പ്രതീകങ്ങള്‍ തങ്ങളാണെന്ന ബോധ്യം ഇത്തരം മാര്‍ഗങ്ങളിലൂടെ സൃഷ്ടിക്കാമെന്നും കരുതിയിട്ടുണ്ടാകാം. പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജിയില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടത് അതുകൊണ്ടാകണം. കസബിനെ തൂക്കിലേറ്റിയതിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം അഫ്‌സല്‍ ഗുരുവിനെ ഉടന്‍ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട ബി ജെ പി, തങ്ങളുടെ പഴയ അജന്‍ഡകളില്‍ മാറ്റമുണ്ടായിട്ടില്ലെന്ന സന്ദേശം നല്‍കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉദ്ദേശ്യത്തെ അവര്‍ വ്യക്തമായി മനസ്സിലാക്കുന്നുണ്ട് എന്ന് ചുരുക്കം.


കസബിനെ തൂക്കിലേറ്റിയതോടെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാം അവസാനിക്കുന്നില്ല, മറിച്ച് പല കാര്യങ്ങളും നഷ്ടമാകുന്നുമുണ്ട്. ആക്രമണത്തിന്റെ യഥാര്‍ഥ ആസൂത്രകരെന്ന് കരുതുന്ന ലശ്കറെ ത്വയ്യിബയുടെ നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എന്തെങ്കിലും ചെയ്യാനാകുമോ നമ്മുടെ ഭരണകൂടത്തിന്? 2014ലെ തിരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടായി ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാകുകയും അതിന്റെ തലപ്പത്ത് സാക്ഷാല്‍ നരേന്ദ്ര മോഡി അവരോധിക്കപ്പെടുകയും ചെയ്താല്‍ ആസൂത്രകരെ നിയമത്തിന് മുന്നിലെത്തിക്കാനാകുമോ? അത്തരം ആസൂത്രകരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ കസബില്‍ നിന്ന് ശേഖരിക്കാന്‍ നമ്മുടെ നിയമ സംവിധാനത്തിന് ഇതിനകം സാധിച്ചോ? പാക്കിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം മുംബൈ തീരത്തെത്തി ഇത്രയും ഭീതിജനകമായ ആക്രമണം നടത്താന്‍, പ്രാദേശികമായ എന്തെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരമില്ല. പ്രാദേശിക സഹായികളെന്ന പേരില്‍ കുറ്റം ചാര്‍ത്തപ്പെട്ട സബാഉദ്ദീന്‍, ഫഹീം അന്‍സാരി എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതി വിട്ടയച്ചു. ഈ വിധി ബോംബെ ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സ്വീകരിക്കുമ്പോള്‍, യുക്തിസഹമായ ഒരു കേസാണിതെന്ന തോന്നല്‍ തങ്ങള്‍ക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഇവിടെ അന്വേഷണ ഏജന്‍സിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുക സ്വാഭാവികം. രാജ്യത്തെ നടുക്കിയ ഒരു സംഭവത്തില്‍ ഇവ്വിധത്തിലാണോ അന്വേഷണം നടത്തേണ്ടത് എന്ന ചോദ്യമാണ് കോടതികള്‍ ഉയര്‍ത്തുന്നത്; ഉത്തരമുണ്ടാകില്ലെന്ന പൂര്‍ണ ബോധ്യത്തോടെ.


ആക്രമണത്തിന് വേണ്ട സഹായങ്ങള്‍ നല്‍കിയ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്ന പാക് വംശജനായ അമേരിക്കന്‍ പൗരനെക്കുറിച്ച് നമ്മള്‍ മറന്നേ പോയിരിക്കുന്നു. സി ഐ എയുടെ കൂടി ഏജന്റായിരുന്ന ഹെഡ്‌ലി ഈ ആക്രമണത്തില്‍ വഹിച്ച യഥാര്‍ഥ പങ്കെന്തെന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും വേണ്ടാതായിരിക്കുന്നു. 'വിശ്വസ്ത' പങ്കാളിയായ അമേരിക്കയുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരങ്ങള്‍ കണ്ണടച്ചു വിശ്വസിച്ച് ആശ്വസിച്ചിരിക്കുകയാണ് ഭരണകൂടവും ആഭ്യന്തര അന്വേഷണ ഏജന്‍സികളും. കസബിനെ തൂക്കിലേറ്റുന്നതിന് മുമ്പ് തന്നെ ഉണ്ടായ ആ മറവി, ഇനി ബാക്കി കാര്യങ്ങളില്‍ കൂടി സംഭവിക്കും. മുംബൈ ആക്രമണമെന്നത് വ്യക്തിപരമായ നഷ്ടങ്ങള്‍ സംഭവിച്ചവരുടെ വേദനകളായി മാത്രം ശേഷിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ തൂക്കിലേറ്റലിന്, താത്കാലികമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറത്തുള്ള മാനം ചെറുതാകാന്‍ ഇടയില്ല. ആക്രമണത്തിന്റെ സൃഷ്ടി, അതിന്റെ സ്രഷ്ടാക്കള്‍, അതിന് സൗകര്യമൊരുക്കിയവര്‍, അവരുടെ യഥാര്‍ഥ ഉദ്ദേശ്യം എന്നിവയിലെല്ലാമുള്ള അനന്തമായ അവ്യക്തത.


2012-11-21

മിണ്ടരുത്...ശുട്ടിടുവേന്‍...



രാജ്യം ഭരണം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ്... ജനങ്ങള്‍ നേരത്തെ അനുഭവിച്ചിരുന്ന, ആസ്വദിക്കുന്നുവെന്ന് ഇപ്പോഴവര്‍ക്ക് തോന്നുന്ന സ്വാതന്ത്ര്യം ലഭ്യമാക്കിയതിന്റെ ഉത്തരവാദികളെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി. മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്നതും അതേ പാര്‍ട്ടി തന്നെ. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച് നേടിയ സ്വാതന്ത്ര്യത്തിന്റെ അതിരുകളെ പുതിയ വിഹായസ്സുകളിലേക്ക് വളര്‍ത്തുകയാണ് തങ്ങളെന്ന് അവകാശപ്പെടുന്നു കൂടിയുണ്ട് കോണ്‍ഗ്രസ്.


ഭരണവിഭാഗത്തേക്കാളേറെ ഊര്‍ജസ്വലമാണ് രാജ്യത്തെ നീതിന്യായ സംവിധാനം. തെരുവിലൊരു പ്രകടനമോ തെരുവോരത്തൊരു യോഗമോ ചേര്‍ന്നാല്‍ അത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്‍മേല്‍ നടത്തുന്ന കടന്നുകയറ്റത്തെക്കുറിച്ച് കൂലംകഷമായി ചിന്തിക്കുന്ന വിഭാഗം. സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള അത്തരം തടസ്സങ്ങളെ നിരോധിക്കാനും ആ നിരോധത്തെ വിമര്‍ശിക്കുന്നവരെ ശിക്ഷിക്കാനും മുന്‍കൈ എടുക്കുന്ന ഔന്നത്യം.


ഇവക്കിടയിലാണ് സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റില്‍ രേഖപ്പെടുത്തിയ അഭിപ്രായത്തിന്റെ പേരിലും ആ അഭിപ്രായപ്രകടനം ഇഷ്ടമായെന്ന് പറഞ്ഞതിന്റെ പേരിലും രണ്ട് പെണ്‍കുട്ടികള്‍ അറസ്റ്റിലാകുന്നത്. അഭിപ്രായസ്വാതന്ത്ര്യമോ സഞ്ചാരസ്വതന്ത്ര്യമോ എന്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും അംഗീകരിക്കാത്ത ചരിത്രത്തിന്റെ ഉടമയെക്കുറിച്ച്, ബാലസാഹെബ് കേശവ് താക്കറെ എന്ന പേര് പോലും ഉപയോഗിക്കാതെ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് കേസും അറസ്റ്റും. ഷഹീന്‍ ധാദയുടെയും രേണു ശ്രീനിവാസന്റെയും മേല്‍ ആദ്യം  ചുമത്തിയ കുറ്റം മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ പാകത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയെന്നതായിരുന്നു. ''ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിന് സ്വാഭാവിക അന്ത്യമാകുമ്പോള്‍ കടകളടച്ചും പുറത്തിറങ്ങാതെയും ജനം സ്വയം പിന്‍വലിയുന്നത് സ്വന്തമിഷ്ടപ്രകാരമല്ല, മറിച്ച് നിര്‍ബന്ധം മൂലമാണ്'' എന്നാണ് ഷഹീന്‍ ധാദ അഭിപ്രായപ്പെട്ടത്. മറ്റൊരാള്‍ രേഖപ്പെടുത്തിയ ഈ അഭിപ്രായം പങ്ക് വെക്കുക മാത്രമാണ് ചെയ്തത് എന്നും പറയപ്പെടുന്നു. മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനുള്ള ശ്രമം ഇതില്‍ എവിടെ എന്ന തോന്നല്‍ മഹാരാഷ്ട്ര പോലീസിന് പിന്നീടുണ്ടായി. കുറ്റം, പൊതു സമൂഹത്തില്‍ ഭീതി പടര്‍ത്താന്‍ സാധ്യതയുള്ള അഭിപ്രായം പ്രകടിപ്പിച്ചുവെന്നതാക്കി മാറ്റിയത് അപ്പോഴാണ്.


സഹിഷ്ണുതയുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നതിന് ഭരണകൂടവും അതിന്റെ വിവിധ കൈവഴികളും സ്വീകരിക്കുന്ന മാനദണ്ഡം എന്താണെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ അഭിപ്രായപ്രകടനങ്ങള്‍ പരിധികള്‍ ലംഘിക്കുന്നത് പതിവാണ്.  പലപ്പോഴും അത് അപകീര്‍ത്തികരമാകാറുമുണ്ട്. അത്തരത്തില്‍ ആക്രമിക്കപ്പെടുന്നവരില്‍ പ്രമുഖന്‍ ഒരു പക്ഷേ ഇന്ത്യയുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗാണ്. അപ്പോഴൊന്നുമുണ്ടാകാത്ത വിധത്തിലുള്ള പ്രതികരണം, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നത് എന്തുകൊണ്ടാണ്? 'ബാല്‍ താക്കറെയും അദ്ദേഹം രൂപം നല്‍കിയ അക്രമോത്സുക സംഘടനാ സംവിധാനവും സൃഷ്ടിച്ച ഭീതിയില്‍ ജനങ്ങള്‍ മാത്രമല്ല, ഭരണകൂടം പോലും ആഴ്ന്നതുകൊണ്ട്' എന്ന ഒരൊറ്റ മറുപടിയേ ഇതിനുള്ളൂ. അതുകൊണ്ടാണ് ചിലരുടെ കാര്യത്തില്‍ അസാധാരണമാം വിധത്തിലുള്ള സഹിഷ്ണുത ഭരണകൂടം കാട്ടുന്നത്. മറ്റ് ചിലരുടെ കാര്യത്തില്‍ മാന്യമായ വിമര്‍ശം പോലും ഉള്‍ക്കൊള്ളാതിരിക്കുന്നതും.


കാര്‍ട്ടൂണിസ്റ്റിന്റെ ജീവിതം അവസാനിപ്പിച്ച് മണ്ണിന്റെ മക്കള്‍ വാദത്തിലേക്കും തീവ്ര ഹിന്ദുത്വ വാദത്തിലേക്കും മാറിയ ശേഷം ബാല്‍ താക്കറെ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ വിദ്വേഷം വളര്‍ത്തും വിധത്തിലുള്ളത് എത്രയുണ്ടാകും? ആ അഭിപ്രായങ്ങളെയും ആഹ്വാനങ്ങളെയും മാനിച്ച് ദക്ഷിണേന്ത്യക്കാരെ ശിവസേനക്കാര്‍ ലക്ഷ്യമിട്ടപ്പോള്‍ സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന് ആരോപിച്ച് താക്കറെയെ ആരും അറസ്റ്റ്  ചെയ്തിട്ടില്ല. താക്കറെയുമായി തെറ്റി സ്വന്തം പാര്‍ട്ടിയുമായി രംഗത്തുവന്ന രാജ് താക്കറെ, ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമൊക്കെ എത്തി മുംബൈയില്‍ ഉപജീവനമാര്‍ഗം തേടിയവര്‍ക്കെതിരെ, സ്വന്തം അനുയായികളെ തിരിച്ചുവിട്ടപ്പോഴും അറസ്റ്റിന് ധൈര്യമുണ്ടായില്ല നമ്മുടെ ഭരണകൂടത്തിന്.


ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം മുംബൈയില്‍ കലാപമുണ്ടായപ്പോള്‍ ന്യൂനപക്ഷങ്ങളുടെ നേര്‍ക്ക്, ശിവസൈനികരെ തിരിച്ചുവിട്ടതിന്റെ പേരില്‍ പേരിനൊരു അറസ്റ്റുണ്ടായത് മാത്രമാണ് ഏക അപവാദം. ന്യൂനപക്ഷങ്ങളുടെ ജീവനെടുക്കാന്‍ പാകത്തില്‍ അനുയായികളില്‍ വിദ്വേഷം നിറച്ചതിന് നിയമ നടപടികളൊന്നും താക്കറെ നേരിട്ടതായി അറിവില്ല. ആറ് വര്‍ഷത്തേക്ക് വോട്ടവകാശം നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി, ജനായത്തത്തില്‍ വിശ്വസിക്കാത്ത, അഡോള്‍ഫ് ഹിറ്റ്‌ലറെ മാതൃകാപുരുഷനായി  കണ്ട, താക്കറെക്ക് ഒരലങ്കാരം മാത്രമായേ അനുഭവപ്പെട്ടിട്ടുണ്ടാകൂ.


സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് 58 പേര്‍ കൊല്ലപ്പെട്ടപ്പോള്‍, ജനങ്ങളുടെ രോഷമൊഴുകിപ്പോകാന്‍ അവസരമൊരുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാരിതിക്കാന്‍ പാകത്തില്‍ മുസ്‌ലിംകളെ പാഠം പഠിപ്പിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അഭിപ്രായപ്പെട്ടുവെന്ന ആരോപണം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുണ്ട്. ഹിന്ദുത്വ തീവ്രവാദികളുടെ വംശഹത്യാ ശ്രമത്തിനിടെ സര്‍വതും നഷ്ടപ്പെട്ട അഭയാര്‍ഥികള്‍ക്കായി ക്യാമ്പുകള്‍ നടത്തുന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ, കുട്ടികളെ പെറ്റുകൂട്ടാനുള്ള കേന്ദ്രങ്ങള്‍ തുറന്നു നല്‍കണമോ എന്ന് ചോദിച്ചതും മറ്റാരുമല്ല. 'നാമഞ്ച് നമുക്കഞ്ച്' എന്നും 'ആശങ്ക ജനിപ്പിക്കും വിധത്തില്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നവരെ പാഠം പഠിപ്പിക്കണ'മെന്നും മോഡി ആഹ്വാനം ചെയ്തപ്പോള്‍ അത് മതങ്ങള്‍ക്കിടയില്‍ ശത്രുത വര്‍ധിപ്പിക്കാനുള്ള ശ്രമമായോ പൊതു സമൂഹത്തില്‍ ഭീതി വിതക്കാനുള്ള നീക്കമായോ നമ്മുടെ ഭരണ സംവിധാനത്തിന് തോന്നിയതേയില്ല. ഗുജറാത്തിലെ ഭരണസംവിധാനം മോഡി എന്ന ഏകാധിപതിയുടെ നിയന്ത്രണത്തിലായതിനാല്‍ അത് ചലിക്കാതിരിക്കുന്നത് സ്വാഭാവികം. പക്ഷേ, ഇത്തരം പരാമര്‍ശങ്ങളുടെ പേരില്‍ മോഡിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നീതിന്യായ സംവിധാനത്തെ സമീപിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തോന്നയിത് പോലുമില്ല.


ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ എതിരാക്കി, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതികൂല ചലനമുണ്ടാക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല എന്ന് ചുരുക്കം. ഇപ്പോള്‍ താക്കറെയെ പരോക്ഷമായി പരാമര്‍ശിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിലെ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഉടന്‍ നടപടിക്ക് തയ്യാറാകുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ച് നിര്‍ത്തുക എന്നത് കൂടിയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്യുന്നത്. അല്ലെങ്കില്‍ നെറ്റ് പേജിലെ അഭിപ്രായപ്രകടനം ക്രമസമാധാന പ്രശ്‌നമൊന്നും സൃഷ്ടിക്കാതെ നോക്കാന്‍ തങ്ങള്‍ക്ക് ശേഷിയില്ലെന്ന്  പരസ്യമായി സമ്മതിക്കുകയാണ്. അല്ലെങ്കില്‍, താക്കറെയെ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊന്നും തങ്ങള്‍ അനുവദിക്കില്ലെന്ന് ദ്യോതിപ്പിച്ച്, നേതാവ് നഷ്ടമായതോടെ അനുയായിക്കൂട്ടത്തിലുണ്ടായ അനിശ്ചിതാവസ്ഥയെ അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ് പൃഥ്വിരാജ് ചവാന്‍ സര്‍ക്കാര്‍. ഇതൊന്നുമല്ലെങ്കില്‍, പതിറ്റാണ്ടിലേറെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം തുടര്‍ന്നിട്ടും താക്കറെയോടും അദ്ദേഹത്തിന്റെ  സിദ്ധാന്തങ്ങളോടും കൂറ് പുലര്‍ത്തുന്നവര്‍ മഹാരാഷ്ട്രയിലെ ഭരണ സംവിധാനത്തില്‍ സര്‍വസ്വതന്ത്രരായി തുടരുന്നുവെന്ന് സമ്മതിക്കേണ്ടിവരും. അത്തരക്കാരെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് ത്രാണിയില്ലെന്നും.


ചാര്‍മിനാറിന്റെ പരിസരത്ത്, ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന് സ്ഥലമുറപ്പിക്കാന്‍ തത്രപ്പെടുന്ന, സംഘ് പരിവാര്‍ ശക്തികള്‍ക്ക്, തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ മറപിടിച്ച് സഹായം ചെയ്തു കൊടുക്കാന്‍ ആന്ധ്രാ പ്രദേശിലെ കിരണ്‍കുമാര്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചിട്ട് ദിവസങ്ങളായതേയുള്ളൂ. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ച് നിര്‍ത്തുകയും അതിന്റെ നേട്ടം കൊയ്യുകയും ചെയ്ത ചരിത്രമാണ് കോണ്‍ഗ്രസിന്റെത്. അത് കണക്കിലെടുക്കുമ്പോള്‍ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിലെ അസഹിഷ്ണുതക്ക് വിശാലമായ അര്‍ഥങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ ഉദ്ദേശ്യങ്ങള്‍ക്കപ്പുറത്തുള്ള അര്‍ഥം. 1966ല്‍ ശിവസേന സ്ഥാപിച്ചതു മുതലിങ്ങോട്ട് വര്‍ഷങ്ങള്‍ ചെലവിട്ട് ബാല്‍ താക്കറെ സൃഷ്ടിച്ചെടുത്ത ഭീതിയുടെ തടവറ, അദ്ദേഹത്തിന്റെ കാലശേഷവും മാറ്റമില്ലാതെ തുടരുമെന്ന സന്ദേശം നല്‍കിയിരിക്കുന്നു ഈ അറസ്റ്റിലൂടെ. താക്കറെ മഹാനായിരുന്നുവെന്നും താനദ്ദേഹത്തെ യഥാര്‍ഥത്തില്‍ ബഹുമാനിക്കുന്നുവെന്നും ജാമ്യത്തിലിറങ്ങിയ ഷഹീനും രേണുവും പറയുമ്പോള്‍ തടവറയുടെ ഭിത്തിക്ക് കനമേറുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. തടവറക്ക് കനമേറുന്നതിന്റെ ഫലം ശിവസേനയോ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയോ സ്വന്തമാക്കുന്നത് വൈകാതെ കാണാനായേക്കും.


വിമര്‍ശങ്ങളുയര്‍ന്നതോടെ മഹാരാഷ്ട്ര സര്‍ക്കാറിന്റെ  നടപടികളെ  തള്ളിപ്പറഞ്ഞ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി കപില്‍ സിബല്‍ രംഗത്തുവന്നിട്ടുണ്ട്. അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര ഡി ജി പി ഉത്തരവിടുകയും ചെയ്തിരിക്കുന്നു. അറസ്റ്റിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തെ ഇല്ലാതാക്കാന്‍ ഇതൊന്നും മതിയാകില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളെ നിയന്ത്രിക്കാന്‍ നിയമ ഭേദഗതി നിര്‍ദേശിച്ചയാളാണ് മന്ത്രി കപില്‍ സിബല്‍. വിവര സാങ്കേതിക വിദ്യാ നിയമം അഭിപ്രായവ്യത്യാസം തുറന്നു പറയുന്നതിന് തടസ്സമാകരുതെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ളതുള്‍പ്പെടെയുള്ള സ്വാതന്ത്ര്യങ്ങള്‍, കപില്‍ സിബലോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ പറയുന്നതു പോലെ ലഭ്യമായിരുന്നുവെങ്കില്‍ ഷഹീനും രേണുവും തങ്ങളുടെ പ്രവൃത്തിയില്‍ ഇപ്പോള്‍ ഖേദം പ്രകടിപ്പിക്കില്ലായിരുന്നു.


വിദ്വേഷം ജനിപ്പിക്കും വിധത്തില്‍ യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ രാജ്യത്തെ നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നുവെങ്കില്‍, ഷഹീനും രേണുവും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടുമായിരുന്നു. പാതയോരത്തെ യോഗങ്ങള്‍ നിരോധിച്ച് സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തയ്യാറായ ഉന്നതമായ നീതിന്യായ ബോധം, വായമൂടിക്കെട്ടാന്‍ നിര്‍ബന്ധിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് വേവലാതിപ്പെട്ടിട്ടുണ്ടോ എന്നതിലും സംശയമുണ്ട്. വംശോന്‍മൂലനത്തിന് പ്രേരണ നല്‍കും വിധത്തില്‍ സംസാരിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തായയപ്പോള്‍ പോലും ഇടപെടാന്‍ മടിച്ചിരുന്നു ഈ ജൂഡീഷ്യല്‍ ആക്ടിവിസം. ഭരണഘടനയുടെ തൂണുകളും അതിന്റെ ഭാഗമായുള്ള  ഇതര വിഭാഗങ്ങളുമൊക്കെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമ്പോള്‍ തീവ്ര വലതുപക്ഷത്തേക്ക് ചാഞ്ഞിരിക്കുന്നോ എന്ന സംശയം ബലപ്പെടുകയാണ്.


2012-11-19

താക്കറെയുടെ അവകാശികള്‍




'അസമില്‍ ചുട്ടെരിക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെ ജീവന് പകരം ചോദിക്കു'മെന്ന പിതൃശൂന്യ സന്ദേശം കൂട്ട എസ് എം എസ്സുകളായി പറന്നപ്പോള്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്ന കാഴ്ച രാജ്യം കണ്ടത് ഏതാനും മാസം മുമ്പാണ്. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് ഉപജീവനാര്‍ഥം വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയവരുടെ മനസ്സില്‍ ഭീതി എത്രത്തോളം വളര്‍ന്ന് നില്‍ക്കുന്നുവെന്നതിന് തെളിവായിരുന്നു അത്. എന്തുകൊണ്ടാണ് ഈ ഭീതി എന്ന ചോദ്യം അന്ന് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.


ബാലാസാഹേബ് കേശവ് താക്കറെയുടെ ഭൗതിക ശരീരം ഓര്‍മയാത്തീരുമ്പോള്‍ ഭീതി ജനിപ്പിച്ച് അധികാരം കൊയ്യുക എന്ന തന്ത്രം മറവിയില്‍ നിന്ന് തിരികെയെത്തുന്നു. ഇപ്പോഴത്തെ പലായനങ്ങള്‍ പഴയ സംഭവങ്ങള്‍ ബാക്കിയാക്കിയ ഭീതിയുടെ കൂടി ഉത്പന്നമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അടിസ്ഥാന സിദ്ധാന്തം വെറുപ്പിന്റേതാണ്. വംശമഹിമയെന്ന മിഥ്യാധാരണയില്‍ കുടുങ്ങി, ജൂതരെ ഉന്‍മൂലനം ചെയ്ത അഡോള്‍ഫ് ഹിറ്റ്‌ലറെ മാതൃകാ പുരുഷനാക്കിയ ഒരാളില്‍ നിന്ന് മറ്റൊരു സിദ്ധാന്തവും പ്രതീക്ഷിക്കാനും സാധിക്കില്ല. ബാലസാഹേബിന്റെ മരണ ശേഷവും ഇങ്ങിനെ എഴുതേണ്ടിവരുന്നത് വിദ്വേഷത്തിന്റെ ആ രാഷ്ട്രീയം കുടുതല്‍ ശക്തമായി തുടരുമെന്ന സൂചനകള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നതു കൊണ്ടാണ്. ബാല്‍ താക്കറെ ജീവനോടെയിരിക്കുമ്പോള്‍ തന്നെ മരുമകന്‍ രാജ് താക്കറെ അത് കാട്ടിത്തന്നതുകൊണ്ടാണ്.


നിയതമായ അളവുകളില്‍ നിന്ന് ഭിന്നമായതാണ് കാര്‍ട്ടൂണിസ്റ്റിന്റെ അളവുകള്‍. നേരേ കാണുമ്പോള്‍ ലഭിക്കുന്നതില്‍ നിന്ന് ഭിന്നമായ അര്‍ഥം ഇത്തരം അളവുകള്‍ സൃഷ്ടിക്കും. ആസ്വാദക ശ്രദ്ധയെ ആകര്‍ഷിക്കും വിധത്തിലുള്ള അര്‍ഥങ്ങള്‍. ഫ്രീ പ്രസ് ജര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്ന ബാല്‍ താക്കറെക്ക്, സ്ഥാപനം നിര്‍ദേശിച്ച അളവുകള്‍ ബോധ്യമായതേയില്ല. കമ്മ്യൂണിസത്തോട് അനുഭാവം പ്രകടിപ്പിച്ച്, തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി വാദിച്ച്, ട്രേഡ് യൂനിയനുകളെ പ്രോത്സാഹിപ്പിച്ച ഫ്രീ പ്രസ് ജര്‍ണലിന്റെ നിലപാടുകളെ അംഗീകരിക്കാന്‍ ജന്മി - സവര്‍ണ കോയ്മ  മനസ്സില്‍ സൂക്ഷിച്ച ബാല്‍ താക്കറെ തയ്യാറാകാത്തതില്‍ അത്ഭുതമില്ല. ഫ്രീ പ്രസ് ജര്‍ണലും സ്വന്തം പ്രസിദ്ധീകരണമായ  'മാര്‍മികും' പിന്നിടുമ്പോഴേക്കും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം ബാല്‍ താക്കറെ നിശ്ചയിച്ച് കഴിഞ്ഞിരുന്നു.


ഉപജീവനമാര്‍ഗം തേടി ബോംബെയിലേക്ക് കുടിയേറിയ ദക്ഷിണേന്ത്യക്കാരും (മലയാളികളുള്‍പ്പെടെ എല്ലാവരും 'മദ്രാസി'കളാണ് അന്ന്) ഗുജറാത്തികളും മറാത്തക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുകയാണെന്നായിരുന്നു താക്കറെയുടെ സിദ്ധാന്തം. രാജ്യത്തെവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും ഭരണ ഘടന നല്‍കുന്ന അവകാശം ബാല്‍ താക്കറെക്ക് മുന്നില്‍ തടസ്സമായില്ല. 1966ല്‍ രൂപവത്കരിച്ച ശിവ സേന (ശിവാജിയുടെ സൈന്യം) ബോംബെയിലെ തെരുവുകളില്‍ ദക്ഷിണേന്ത്യക്കാരെയും ഗുജറാത്തികളെയും  വേട്ടയാടി. മഹാരാഷ്ട്രയുടെ മണ്ണ് മറാത്തക്കാര്‍ക്ക്, മഹാരാഷ്ട്രയിലെ തൊഴിലവസരങ്ങള്‍ മറാത്തക്കാര്‍ക്ക് എന്നതായിരുന്നു മുദ്രാവാക്യം. രാജ്യത്തന്റെ വടക്ക് - കിഴക്കന്‍ മേഖലയിലുള്ളവര്‍ ബംഗളുരൂവില്‍ നിന്നും ചെന്നൈയില്‍ നിന്നുമൊക്കെ പലായനം ചെയ്യപ്പെടുമ്പോള്‍ അതിന്റെ അണിയറയില്‍ മണ്ണിന്റെ മക്കള്‍ വാദത്തിന്റെ അലയൊലികള്‍ കേള്‍ക്കാനാകും.


മണ്ണിന്റെ മക്കള്‍ വാദം തീവ്രമായി ഉന്നയിച്ച ബാല്‍ താക്കറെക്കും അദ്ദേഹത്തിന്റെ ശിവസേനക്കും സ്വാധീനമുറപ്പിക്കാന്‍ അവസരമൊരുക്കുന്നതില്‍, കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റേതായ പങ്ക് വഹിച്ചു. സാമ്പത്തിക തലസ്ഥാനമായി വ്യവഹരിക്കപ്പെട്ട ബോംബെയുടെ മണ്ണില്‍ തൊഴിലാളി സംഘടനകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വേരുറപ്പിക്കുന്നതില്‍ വിറളി പൂണ്ടാണ് അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ശിവസേനക്ക് പിന്തുണ നല്‍കിയത്. സി പി ഐ നേതാവായിരുന്ന കൃഷ്ണ ദേശായിയെ കൊലപ്പെടുത്തിയതോടെ സൃഷ്ടിക്കപ്പെട്ട ഭീതിയുടെ അന്തരീക്ഷം സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്തുന്നത് പിന്നീട് കണ്ടു. തൊഴിലാളി സംഘടനാ നേതാക്കള്‍ ആക്രമിക്കപ്പെടുന്നത് പതിവാകുക കൂടി  ചെയ്തതോടെ കോണ്‍ഗ്രസിന്റെ ആഗ്രഹം സഫലമായി. പക്ഷേ, അവരുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ശിവസേന വളര്‍ന്നു. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ച്, വ്യവസായികളെയും സിനിമാ  താരങ്ങളെയും ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി, അധികാരത്തിലിരിക്കുന്നവരില്‍ നിന്ന് അനര്‍ഹമായത് പിടിച്ചുവാങ്ങി...ശിവസേന  വളര്‍ന്നു. അതിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ബാല്‍ താക്കറെയും. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങിയപ്പോഴും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശിവസേനയില്‍ അന്യമായിരുന്നു. താക്കറെ പറയുന്നതായി വേദവാക്യം.


മണ്ണിന്റെ മക്കള്‍ വാദത്തില്‍ നിന്ന് തീവ്ര ഹിന്ദുത്വ വാദത്തിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ തീവ്ര ഹിന്ദുത്വ വാദത്തിന്റെ ഒരു മുഖം മൂടി മാത്രമായിരുന്നു മണ്ണിന്റെ മക്കള്‍ വാദം. മഹാരാഷ്ട്രയിലെ ഒരു മന്ദിര്‍-മസ്ജിദ് തര്‍ക്കം മുതലെടുത്താണ് ബാല്‍ താക്കറെ 1960ല്‍ സാന്നിധ്യമറിയിക്കുന്നത്. തന്റെ ലക്ഷ്യങ്ങളുടെ സാധൂകരണത്തിന് ഉതകും വിധത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം വികസിച്ചിട്ടില്ലെന്ന് മനസ്സിലാക്കി,  'മറാത്ത മാനു' വിലേക്ക് തത്കാലം ചുരുങ്ങിയതാണെന്ന് കരുതണം. ബാബരി മസ്ജിദ് നില നിന്ന സ്ഥലം രാമജന്മഭൂമിയാണെന്നും അവിടെ ക്ഷേത്രം പണിയണമെന്നുമുള്ള ആവശ്യത്തില്‍ ബി  ജെ പി തീ കയറ്റുകയും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി പി സിംഗ് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യം താക്കറെ ശരിക്ക് മുതലെടുത്തു. കോണ്‍ഗ്രസിലെയും അതില്‍ നിന്നടര്‍ന്ന് രൂപം കൊണ്ട എന്‍ സി പിയുടെയും നേതാക്കളുമായി അടുത്ത ബന്ധം നിലനിര്‍ത്തിക്കൊണ്ട് തന്നെ ശിവസേന - ബി ജെ പി സഖ്യം പ്രാവര്‍ത്തിമാക്കി. ആര് അധികാരത്തിലിരുന്നാലും 'മാതോശ്രീ'യില്‍ നിന്നുള്ള കല്‍പ്പനകള്‍ കല്ലേപ്പിളര്‍ക്കുമെന്ന് ഉറപ്പാക്കി.


മണ്ഡല്‍ വിരുദ്ധ സമരത്തെ തെരുവില്‍ ആളിക്കത്തിച്ച ശിവസേനക്കാര്‍, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം അരങ്ങേറിയ മുംബൈ കലാപത്തില്‍ സ്വന്തം പങ്ക് താക്കറെ ആഗ്രഹിച്ചലുമേറെ ഭംഗിയായി നിറവേറ്റി. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും ലക്ഷ്യമിട്ടുള്ള സംഘടിത ആക്രമണം. അതിലൂടെ സൃഷ്ടിച്ചെടുത്ത കൊടിയ ഭീതിയുടെ മറവില്‍ അധികാര സ്ഥാപനം. 2002ല്‍ ഗുജറാത്തില്‍ നരേന്ദ്ര മോഡി ആവര്‍ത്തിച്ച വംശഹത്യക്ക് പ്രേരണ ബാല്‍ താക്കറെയില്‍ നിന്നായിരുന്നുവെന്ന് വേണം കരുതാന്‍. മുംബൈ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ ശിവസേനയുടെ പങ്കിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. പക്ഷേ, രാജ്യത്തെ നിയമ, നീതി നിര്‍ഹണ സംവിധാനങ്ങള്‍ 'മാതോശ്രീ'യുടെ മുന്നിലേക്ക് എത്തിനോക്കി മടങ്ങി. പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത ബാല്‍ താക്കറെയെ എത്രയും വേഗം മോചിപ്പിച്ച്, മാതോശ്രീയുടെ സുരക്ഷിത്വത്തിലേക്ക് എത്തിക്കാന്‍ ഭരണ സംവിധാനം തന്നെ തിടുക്കം കാട്ടി. മാതോശ്രീയുടെ മുന്നില്‍ പിന്നീടൊരിക്കലും ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ നിഴല്‍ പോലും വീണില്ല. അത്തരത്തിലെന്തെങ്കിലുമുണ്ടായാല്‍ പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ശിവസേനക്കാരുടെ വികാരം ഏകോപിപ്പിക്കാന്‍ 1966 മുതലിങ്ങോട്ടുള്ള കാലം കൊണ്ട് ബാല്‍ താക്കറെക്ക് സാധിച്ചു.


ഇപ്പോള്‍ മരണാസന്നനായെന്ന വാര്‍ത്ത പരക്കുമ്പോള്‍ തന്നെ മുംബൈ തെരുവുകളില്‍ കടകള്‍ക്ക് ഷട്ടര്‍ വീണത് അതുകൊണ്ടാണ്. മരണം സ്ഥിരീകരിച്ച് വാര്‍ത്തയെത്തുമ്പോള്‍ ആരും ആഹ്വാനം ചെയ്യാതെ ഹര്‍ത്താലോ ബന്ദോ ആചരിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. നേതാവിനോടുള്ള സ്‌നേഹം മൂലം  കച്ചവടം ഉപേക്ഷിക്കുന്നതല്ല, മനസ്സുകളില്‍ സൃഷ്ടിക്കപ്പെട്ട ഭീതി മായാതെ നിലനില്‍ക്കുന്നത് മൂലം ഉപേക്ഷിച്ച് പോകുന്നതാണ്.


അത്തരം ഉപേക്ഷിക്കലുകള്‍ സ്വന്തം കുടുംബത്തിലുമുണ്ടായി. മക്കളിലൊരാള്‍ വീടുപേക്ഷിച്ചു. മറ്റൊരു മകന്‍ വാഹനാപകടത്തില്‍ മരിച്ചു. ഉദ്ധവിനെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠിച്ച് പിന്തുടര്‍ച്ചയുറപ്പാക്കിയപ്പോള്‍, അമ്മാവനേക്കാള്‍ വീറ്, മറാത്ത വാദത്തില്‍ കാട്ടിയ മരുമകന്‍ രാജ് താക്കറെ 'മാതോശ്രീ' ഉപേക്ഷിച്ചിറങ്ങി. ദക്ഷിണേന്ത്യക്കാരെയും ഗുജറാത്തികളെയും ലക്ഷ്യമിട്ട് അമ്മാവന്‍ വളര്‍ന്ന കഥകള്‍ കേട്ടുപഠിച്ച രാജ്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുണ്ടാക്കിയപ്പോള്‍ ലക്ഷ്യമിട്ടത് വടക്കേ ഇന്ത്യക്കാരായ കുടിയേറ്റക്കാരെ. ബീഹാറില്‍ നിന്നും  ഉത്തര്‍ പ്രദേശില്‍ നിന്നും അഷ്ടിക്ക് വക തേടി മുംബൈയിലെ തെരുവുകളിലെത്തിയവരുടെ ജീവന് വില പേശിക്കൊണ്ട് രാജ് പാര്‍ട്ടിയെ വളര്‍ത്തി. വദ്വേഷവും വെറുപ്പും നിറഞ്ഞ, പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ രാജ്യത്തിന്റെ വിവിധ കോടതികളില്‍ നിന്ന് വാറണ്ടുകളുണ്ടായപ്പോള്‍, അതിനെ അവഗണിച്ച് അമ്മാവന്റെ യഥാര്‍ഥ പിന്‍ഗാമി താന്‍ തന്നെയെന്ന് ഉറപ്പിച്ചു. രാജിന്റെ പിണക്കം മാറ്റി, ഉദ്ധവിനൊപ്പം നിര്‍ത്തി ശിവസേനയുടെ പ്രതാപം വീണ്ടെടുക്കാന്‍ അവസാനനാളുകളില്‍ ബാല്‍ താക്കറെ ശ്രമിച്ചിരുന്നു. തന്റെ അസാന്നിധ്യത്തില്‍ രാജിന്റെ തീവ്രതയാകും നേട്ടമുണ്ടാക്കുക എന്ന തിരിച്ചറിവ്.


അത്തരമൊരു ഏറ്റുമുട്ടലിന്റെ ഭീതി മഹാരാഷ്ട്രക്കും രാജ്യത്തിനുമുണ്ട്. ശിവസേനയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് സ്ഥാപിച്ചെടുക്കേണ്ടത് ഉദ്ധവിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ബാല്‍ താക്കറെ ഇല്ലാതായതോടെ ശിവസേനയുടെ പ്രസക്തിയില്ലാതായെന്നും ഇനിയെല്ലാം നവ നിര്‍മാണ്‍ സേനയാണെന്നും തെളിയിക്കേണ്ടത് രാജിന്റെ ആവശ്യവും. ഇവ ഏറ്റുമുട്ടാനുള്ള സാധ്യത ഏറെയാണ്. കാരണം, മണ്ണിന്റെ മക്കള്‍ - തീവ്ര ഹിന്ദുത്വ വാദങ്ങള്‍ക്കപ്പുറത്ത്, സൃഷ്ടിച്ചെടുക്കുന്ന ഭീതിയില്‍ നിന്ന് കറന്നെടുക്കുന്ന കോടികളാണ് യഥാര്‍ഥ മൂലധനം. അതിന്റെ ബലത്തിലാണ് വിശ്വസ്തരായ സൈനികരുടെ നിലനില്‍പ്പ്. എന്തിനും തയ്യാറുള്ള ഇത്തരം സൈനികരാണ് മൂലധനം ഇരട്ടിപ്പിച്ച്, സംഘടനയെ നിലനിര്‍ത്തുന്നത്. ഈ ചക്രത്തിലൊരു വിള്ളലുണ്ടാകാതെ നോക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഏറ്റുമുട്ടലിനുള്ള സാധ്യത വര്‍ധിക്കും. ഇവിടെ ഏറ്റുമുട്ടല്‍ നേരിട്ടാകില്ലെന്ന്  ഉറപ്പ്. നിസ്സഹായരായ ബീഹാറികളെയോ ഉത്തര്‍ പ്രദേശുകാരെയോ വടക്ക് - കിഴക്കന്‍ പ്രദേശ വാസികളെയോ ഒക്കെ ഇരകളാക്കിക്കൊണ്ടായിരിക്കും പടപ്പുറപ്പാട്. പിച്ചില്‍ കരിയോയിലൊഴിച്ച്, ഇന്ത്യാ - പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം മുടക്കി, ദേശീയ വികാരം വളര്‍ത്തി, വിളവെടുത്തത് പോലുള്ള താക്കറെയുടെ തന്ത്രങ്ങള്‍ മറ്റ് രീതികളില്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം.


മഹാരാഷ്ട്ര നിയമസഭയിലും ലോക് സഭയിലും ശിവ സേനയുടെ അംഗബലം താഴേക്കാണ്. ബാല്‍ താക്കറെയില്ലാതായതോടെ കൂടുതല്‍ ദുര്‍ബലമായ ശിവസേനയെ ക്ഷയിപ്പിക്കാന്‍ രാജ് ശ്രമിക്കും. അതിന് രാജ് സ്വീകരിക്കാനിടയുള്ള തന്ത്രങ്ങളാകും സ്വാധീനം നിലനിര്‍ത്തുന്നതിന് വേണ്ടി ഉദ്ധവ് സ്വീകരിക്കാനിടയുള്ള തന്ത്രങ്ങളേക്കാള്‍ ശ്രദ്ധേയമാകുക. എന്തായാലും നിയതമായ അളവുകളെ മാറ്റിമറിച്ച് ബാലസാഹേബ് സൃഷ്ടിച്ചെടുത്ത വികല വീക്ഷണങ്ങള്‍ നിലനില്‍ക്കാന്‍ തന്നെയാണ് സാധ്യത. അതിന്റെ അവകാശി ആരായാലും.


2012-11-16

പുതിയൊരു 'തര്‍ക്ക പ്രദേശ'ത്തിന് മേല്‍ക്കൂര പണിയുമ്പോള്‍


പ്ലേഗ് ഒഴിഞ്ഞതിന്റെ സ്മാരകം - മുഹമ്മദ് ഖുലി ഖുത്തബ് ഷാ 1591ല്‍ സ്ഥാപിച്ച നാല് കൂറ്റന്‍ സ്തൂപങ്ങളുടെ ചരിത്രം ഇതാണ്. ഒരു നഗരത്തിന്റെയും ദേശത്തിന്റെയും രാജ്യത്തിന്റെയും പ്രതീകമായി ചാര്‍മിനാര്‍ പിന്നീട് മാറി. സംസ്‌കാര സമ്പന്നതയുടെയും പൈതൃകത്തിന്റെയുമൊക്കെ തെളിവായി ഇത് ഉയര്‍ത്തിക്കാട്ടപ്പെട്ടു. 400 വര്‍ഷത്തിനിപ്പുറം ചാര്‍മിനാറിനെ മറയാക്കി മറ്റൊരു പ്ലേഗിന്റെ സാധ്യത തേടുകയാണ് ചിലര്‍. ഇത്തരം  പ്ലേഗിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളോട് കൂറു കാട്ടുകയും അതിനെ അധികാരമുറപ്പിക്കാനുള്ള വളമായി ഉപയോഗിക്കുകയും ചെയ്ത ചരിത്രമുള്ളവര്‍ ഹൈദരാബാദില്‍ അത് ആവര്‍ത്തിക്കാനും ശ്രമിക്കുന്നു.

ഭാഗ്യലക്ഷ്മി ദേവാലയമെന്ന് അവകാശപ്പെടുന്ന, ചാര്‍മിനാറിനോട് ചേര്‍ന്നുള്ള ഇടത്തിന് താത്കാലിക മേല്‍ക്കൂരയുണ്ടാക്കാന്‍, ദീപാവലിയോടടുത്ത ദിവസങ്ങളില്‍ നീക്കം നടന്നതും അതിന് ആന്ധ്രാ പ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അനുവാദം നല്‍കിയതും രാജ്യത്തെ മതനിരപേക്ഷ മനസ്സുകളെ പലതും ഓര്‍മിപ്പിക്കുന്നുണ്ടാകണം. എങ്ങനെയാണ് വ്രണങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത് എന്നും അതില്‍ക്കുത്തി പുണ്ണാക്കുന്നത് എങ്ങനെ എന്നും.


ഭാഗ്യലക്ഷ്മി ക്ഷേത്രമായി പരിഗണിക്കപ്പെടുന്ന സ്ഥലത്ത് കഴിഞ്ഞമാസം 30നും 31നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എല്ലാം രാത്രിയുടെ മറവില്‍.  പുരാവസ്തു ഗവേഷണ വകുപ്പ് സംരക്ഷിത സ്മാരകമാക്കിയ ഒരു കെട്ടിടത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. 200 മീറ്റര്‍ ചുറ്റളവില്‍ നിര്‍മാണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. നിയമങ്ങള്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ ചാര്‍മിനാറിന്റെ ഭിത്തിയോട് ചേര്‍ന്ന്, ഇരുട്ടിന്റെ മറവില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമം നടന്നതിന്റെ ലക്ഷ്യമെന്ത്? 30ന് രാത്രി നടന്ന ശ്രമങ്ങള്‍ മാലോകരെല്ലാം അറിഞ്ഞതിന് ശേഷവും അവിടെ സുരക്ഷാ ക്രമീകരണമേര്‍പ്പെടുത്താന്‍ ആന്ധ്രാ സര്‍ക്കാര്‍ തയ്യാറായില്ല. 31ന് രാത്രി വീണ്ടും നിര്‍മാണ പ്രവൃത്തികള്‍ തുടര്‍ന്നു. രാത്രിയുടെ മറവില്‍, നിയമവിരുദ്ധമായ നിര്‍മാണത്തിന് ഭരണകൂടം മൗനാനുവാദം നല്‍കിയെങ്കില്‍ അവരുടെ ഉദ്ദേശ്യമെന്ത്?


31ന് രാത്രി നിര്‍മാണം തടയാന്‍ ഒരു സംഘമെത്തി. ചെറിയ കല്ല് പോലും വലിയ ഓളങ്ങള്‍ സൃഷ്ടിക്കാറുള്ള ഹൈദരാബാദിലെ ഏറെ ദുര്‍ബലമായ സാമുദായിക സന്തുലിതാവസ്ഥ, സംഘര്‍ഷഭരിതമാകാന്‍ ഇതിലപ്പുറം ഒന്നും വേണ്ടിവന്നില്ല. ഇത്തരം നിര്‍മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എം ഐ എം) എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചു. പൈതൃകമായി സംരക്ഷിക്കുന്ന ചാര്‍മിനാറിന് തകരാറൊന്നും സംഭവിക്കരുതെന്ന് എടുത്തുപറഞ്ഞ കോടതി, ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് നിര്‍ദേശിച്ചു.


തല്‍സ്ഥിതി തുടരാനുള്ള നിര്‍ദേശം നടപ്പാക്കുകയാണെന്ന പേരില്‍ ടാര്‍പായ കൊണ്ട് താത്കാലിക മേല്‍ക്കൂര പണിയാനാണ് കിരണ്‍ കുമാര്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചത്. അനധികൃത നിര്‍മാണത്തിനുള്ള ശ്രമം തടയാന്‍ ശ്രമിച്ചവര്‍ക്ക് ഔദ്യോഗിക പിന്തുണയോടെയുള്ള നിര്‍മാണം മറുപടിയായി ലഭിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു. സംഘര്‍ഷം ഏറ്റുമുട്ടലിലേക്കും കല്ലേറിലേക്കുമൊക്കെ വളര്‍ന്നു. ചെറിയ ഭൂരിപക്ഷം മാത്രമുള്ള കിരണ്‍കുമാര്‍ റെഡ്ഢി സര്‍ക്കാറിനും കേവല ഭൂരിപക്ഷമില്ലാത്ത ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനുമുള്ള പിന്തുണ പിന്‍വലിക്കാന്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എം ഐ എം) തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. എം ഐ എമ്മിന്റെ പിന്തുണ കോണ്‍ഗ്രസിന് അത്യാവശ്യമായതിനാല്‍ അനുരഞ്ജന ശ്രമങ്ങള്‍ ഉടനുണ്ടാകും. ഹൈദരാബാദ് ശാന്തമായ വ്യവസായ ഹബ്ബായി പുര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യും. പക്ഷേ, ചാര്‍മിനാറിന് സമീപത്തുള്ള വിത്തില്‍ വെള്ളമൊഴിച്ചത് മൂലമുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ക്ക് എന്ത് മറുപടിയാകും കോണ്‍ഗ്രസ് പിന്നീട് പറയുക.


ലോക്‌സഭയില്‍ 44 എം പിമാരാണ് ആന്ധ്രയില്‍ നിന്നുള്ളത്. 2004ലും 2009ലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ട് ഈ സംസ്ഥാനം. കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കുന്നതില്‍ കൈയയഞ്ഞ സംഭാവന. വൈ എസ് രാജശേഖര റെഡ്ഢിയുടെ മരണം, മകന്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ അധികാരമോഹവും തുടര്‍ന്നുള്ള പുറത്തുപോക്കും, ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യത്തെ അനുകൂലിച്ചുയര്‍ന്ന അക്രമാസക്ത സമരം, വിഭജനത്തിനെതിരെ ഇതര പ്രദേശങ്ങളിലുണ്ടായ ജനവികാരം എന്നിങ്ങനെ പലകാരണങ്ങളാല്‍ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയും ആടിയുലയുകയാണ്.


കിരണ്‍ കുമാര്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോ എന്ന് തിട്ടമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. തെലുങ്കാന രാഷ്ട്ര സമിതിയും വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസും സൃഷ്ടിക്കാനിടയുള്ള ആഘാതം അത്ര വലുതാണ്, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍. ഇവരുമായി കൂട്ടുചേര്‍ന്ന് ബി ജെ പി ശക്തിയാര്‍ജിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇവിടെ പയറ്റാവുന്ന തന്ത്രം, ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുക എന്നതാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. തല്‍സ്ഥിതി തുടരണം എന്ന  കോടതിയുടെ നിര്‍ദേശം പാലിക്കാനെന്ന പേരില്‍ മേല്‍ക്കൂര കെട്ടാന്‍ അനുവാദം നല്‍കരുത് (അത് ഒരു ടാര്‍പോളിന്‍ വലിച്ചുകെട്ടലാണെങ്കില്‍പ്പോലും) എന്ന ആഭ്യന്തര മന്ത്രിയുടെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശത്തെ മറികടന്ന്, മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി പ്രവര്‍ത്തിച്ചത് ഒന്നും കാണാതെയായിരിക്കില്ലല്ലോ!


ബാബരി മസ്ജിദ് ഉദാഹരണമായി മുന്നിലുണ്ട്. മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടത് 1949ലെ ഒരു രാത്രിയിലാണ്. ഇവ നീക്കം  ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു, യുനൈറ്റഡ് പ്രൊവിന്‍സസിന്റെ (ഇന്നത്തെ ഉത്തര്‍ പ്രദേശ്) മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന് കത്തെഴുതിയിരുന്നു. വിഗ്രങ്ങള്‍ നീക്കം ചെയ്യുന്നത് വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് മറുപടി നല്‍കി, ഭൂരിപക്ഷ സമുദായത്തെ പിണക്കാതെ നോക്കി ഗോവിന്ദ് വല്ലഭ് പന്ത്. വര്‍ഷങ്ങള്‍ക്കിപ്പുറം ബാബരി മസ്ജിദിനുള്ളില്‍ കര്‍സേവക്കും ശിലാന്യാസത്തിനും അനുവാദം നല്‍കിയത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ്. ബാബരി മസ്ജിദിനെ തകര്‍ത്തെറിഞ്ഞ കര്‍സേവ നടക്കുമ്പോള്‍ പി വി നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. ഹിന്ദുത്വ വര്‍ഗീയതയുടെ അസന്തുഷ്ടിക്ക് കാരണമാകുന്ന തീരുമാനങ്ങളെടുക്കുന്നതില്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും എക്കാലത്തും പിന്നാക്കമായിരുന്നുവെന്ന് ചുരുക്കം. അതുതന്നെ ഹൈദരാബാദിലും ആവര്‍ത്തിക്കുന്നതുകൊണ്ടാണ് ചാര്‍മിനാറിന്റെ ഓരത്ത് പാതിരാത്രി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.


അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി പണിതത് എന്ന വാദം ശക്തമായി ഉന്നയിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ക്ക് സാധിച്ചിരുന്നു. അതിനൊരു സാധൂകരണമായി മസ്ജിദിനുള്ളില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇവിടെ ചാര്‍മിനാറിന്റെ കാര്യത്തില്‍ അത്തരം വാദങ്ങള്‍ക്കൊന്നും സാധ്യതയില്ല. പ്ലേഗ് ബാധ അവസാനിച്ചതിന്റെ സ്മരണക്ക് കെട്ടിടം നിര്‍മിച്ചത്, ഭാഗ്യലക്ഷ്മി ക്ഷേത്രം തകര്‍ത്താണെന്ന് വാദിക്കുക എളുപ്പവുമല്ല. 1992ല്‍ പുരാവസ്തുവകുപ്പ് ചാര്‍മിനാറിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ ഭാഗ്യലക്ഷ്മി ക്ഷേത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയത് ഏറെ പ്രസക്തമാണ്. ചാര്‍മിനാറിനോട് ചേര്‍ന്ന ഭാഗം ഭാഗ്യലക്ഷ്മി ക്ഷേത്രമായി പരിഗണിക്കാന്‍ തുടങ്ങിയിട്ട് പത്തോ  പന്ത്രണ്ടോ വര്‍ഷമേ ആയിട്ടുള്ളൂവെന്ന് അന്നവര്‍ വ്യക്തമാക്കി.  പ്രമുഖ ചരിത്രകാരന്‍മാരാരും ക്ഷേത്രം നിലനിന്നിരുന്നുവെന്ന വാദത്തെ പിന്തുണക്കുന്നില്ല.


1979ലാണ് ഭാഗ്യലക്ഷ്മി ക്ഷേത്രത്തെച്ചൊല്ലിയുള്ള ആദ്യത്തെ സംഘര്‍ഷം. മസ്ജിദും മദ്‌റസയുമൊക്കെ പ്രവര്‍ത്തിക്കുന്ന ചാര്‍മിനാറിനോട് ചേര്‍ന്ന് ക്ഷേത്രമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ നടന്ന ശ്രമം ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. അവഗണിക്കപ്പെട്ട് കിടന്നിരുന്ന ക്ഷേത്രത്തെ പുനരുദ്ധരിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ വര്‍ഗീയവാദികളായ ന്യൂനപക്ഷക്കാര്‍ എതിര്‍ക്കുന്നുവെന്ന പ്രചാരണം ഇതോടെ ഹിന്ദുത്വവാദികള്‍ ആംഭിച്ചു. വസ്തുത മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍, ഗോവിന്ദ് വല്ലഭ്  പന്തുമാരുടെ പിന്‍മുറക്കാര്‍ തയ്യാറായില്ല. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാകുന്നത്. ഒരു ടാര്‍പായ വലിച്ചുകെട്ടുന്നതിനെ ന്യൂനപക്ഷങ്ങള്‍ ഇത്രമാത്രം എതിര്‍ക്കുന്നത് എന്തിനെന്നാണ് പൊതുവില്‍ ചോദിക്കപ്പെടുക. ആ ചോദ്യം പൊതുവായി ചോദിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെക്കൊണ്ടെത്തിക്കാന്‍ സാധിച്ചുവെന്നതാണ് സംഘ് പരിവാരത്തിന്റെ വിജയം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് മനസ്സിലാക്കി തന്ത്രം മെനയുമ്പോള്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും സംഘ്പരിവാറിന് ഭാവിയിലെ കൊയ്ത്ത് ഉറപ്പിച്ച് നല്‍കുകയാണ്. ഇപ്പോഴത്തെ സംഭവത്തിന് ശേഷം ഭാഗ്യലക്ഷ്മിയെ ദര്‍ശിക്കാന്‍ ചാര്‍മിനാറിന് സമീപം രൂപപ്പെടുന്ന നീണ്ട നിരകള്‍ ഭാവിയിലേക്കുള്ള ചൂണ്ടാണിയാണ്.


ഇപ്പോള്‍ വലിച്ച് കെട്ടുന്ന ഒരു ടാര്‍പായ, നാളെ അവകാശ സ്ഥാപനമാകുമെന്നും മറ്റന്നാള്‍ അടിസ്ഥാന ശിലയാകുമെന്നും തിരിച്ചറിയുന്നു ന്യൂനപക്ഷങ്ങള്‍. ആ തിരിച്ചറിവ് അനുഭവത്തില്‍ നിന്നാണ്. അതുകൊണ്ടാണ് 1979 മുതലിങ്ങോട്ട് പലകുറി അവര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. അത് ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസത്തോടോ അവരുടെ ദേവതയോടോ ഉള്ള എതിര്‍പ്പല്ല, മറിച്ച് തങ്ങളുടെ അടിവേര് വരെ തോണ്ടാവുന്ന വിധത്തില്‍ അരങ്ങേറിയേക്കാവുന്ന അട്ടിമറികളെക്കുറിച്ചുള്ള ഭീതിയാണ്. വര്‍ഗീയ ചേരിതിരിവ് ശക്തമാണ് ഹൈദരാബാദില്‍. അതുകൊണ്ടാണ് ചെറിയ കല്ല് പോലും വലിയ ഓളങ്ങള്‍ സൃഷ്ടിക്കുന്നത്. കാരണങ്ങള്‍ പലതുണ്ട്. ന്യൂനപക്ഷമായ മുസ്‌ലിംകള്‍, ആന്ധ്രയുടെ തലസ്ഥാനവും സാമ്പത്തിക കേന്ദ്രവുമായ ഹൈദരാബാദില്‍ സ്വാധീന ശക്തിയാണെന്നത് അതില്‍ ഒരു കാരണം. ഈ സാമ്പത്തിക മുന്നാക്കാവസ്ഥ തകര്‍ക്കുക എന്നത് കൂടിയാണ് സൃഷ്ടിക്കപ്പെടുന്ന സംഘര്‍ഷത്തിന്റെ ലക്ഷ്യം. അതിന് അവസരമൊരുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ നല്‍കിയ രാഷ്ട്രീയ സന്ദേശം ആ പാര്‍ട്ടിക്ക് മനസ്സിലായില്ലെന്ന് വേണം കരുതാന്‍.


ദക്ഷിണേന്ത്യയില്‍ വിരിഞ്ഞ ആദ്യത്തെ താമര തണ്ട് ചീഞ്ഞ് അഴുകിത്തുടങ്ങുമ്പോള്‍ പുതിയൊരു വഴി കാണേണ്ടതുണ്ട് സംഘ് പരിവാരത്തിന്. ഒരു ക്ഷേത്രം കാക്കാനുള്ള സമരവും അതിന്റെ ഭാഗമായി സൃഷ്ടിച്ചെടുക്കാവുന്ന വര്‍ഗീയ സംഘര്‍ഷവും - പലയിടത്ത് പരീക്ഷിച്ച് വിജയിച്ച ഈ വഴിയേക്കാള്‍ മികച്ച മറ്റെന്തുണ്ട് സംഘ് പരിവാരത്തിന് മുന്നില്‍.


2012-11-12

അംബാനിമാര്‍ക്ക് നാണക്കേടില്ല!!!



കള്ളപ്പണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടുമെത്തുകയാണ്. മൂന്ന് ദശാബ്ദത്തിന് മുമ്പ് സ്വിസ് ബേങ്ക് എന്ന പ്രയോഗം അത്ര പരിചിതമായിരുന്നില്ല, എങ്കില്‍ ഇപ്പോഴത് സുപരിചിതമാണ്. ആ വ്യത്യാസം മാത്രമേയുള്ളൂ. സ്വീഡിഷ് കമ്പനിയായ എ ബി ബൊഫോഴ്‌സില്‍ നിന്ന് ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങിയപ്പോള്‍ കമ്മീഷനായി കോടികള്‍ കൈമറിഞ്ഞുവെന്നും അത് സൂക്ഷിച്ചത് സ്വിസ് ബേങ്കിലെ അക്കൗണ്ടിലാണെന്നുമായിരുന്നു മൂന്ന് ദശകം മുമ്പുയര്‍ന്ന ആരോപണം. അന്ന് തൊട്ടിന്നോളം കള്ളപ്പണം സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന വിവിധ രാജ്യങ്ങളെക്കുറിച്ചും അവിടെ ഇന്ത്യക്കാര്‍ സൂക്ഷിച്ചിരിക്കുന്ന കണക്കില്ലാത്ത പണത്തെക്കുറിച്ചും വാര്‍ത്തകള്‍ക്ക് പഞ്ഞമുണ്ടായില്ല. ആ പണത്തിന്റെ അളവെത്ര? അത് രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ സ്വീകരിച്ച വഴിയെന്ത്? കള്ളപ്പണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പയറഞ്ഞാഴി എന്നായിരുന്നു ഇന്ത്യാ ഭരണകൂടത്തിന്റെ മറുപടി.


ഹോങ്കോംഗ് ആന്‍ഡ് ഷാങ്‌ഹൈ ബേങ്കിംഗ് കോര്‍പ്പറേഷന്റെ (എച്ച് എസ് ബി സി) സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാഖകളില്‍ മുകേഷ് - അനില്‍ അംബാനിമാര്‍ക്ക് 100 കോടി രൂപ വീതവും കോണ്‍ഗ്രസ് എം പിയായ അനു ടാന്‍ഡന് 125 കോടി രൂപയും അവരുടെ ഭര്‍ത്താവായിരുന്ന സന്ദീപ് ടാന്‍ഡന് (പരേതന്‍) 125 കോടി രൂപയും നിക്ഷേപമുണ്ടെന്ന് അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ നായകന്‍ അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചു. കള്ളപ്പണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, ചെറിയ ഇടവേളക്ക് ശേഷം, കൊഴുക്കാന്‍ ഇതാണ് കാരണമായത്. ആരോപണം തങ്ങളുടെ സല്‍ക്കീര്‍ത്തിയെ കളങ്കപ്പെടുത്താനുദ്ദേശിച്ചുള്ളതാണെന്ന് അംബാനിമാര്‍ പ്രതികരിച്ചു. പണവും പ്രശസ്തിയുമുള്ളവരെ കരിവാരിത്തേക്കുക എന്നത് ജീവിത വ്രതമായി എടുത്തയാളാണ് കെജ്‌രിവാളെന്നും അത്തരക്കാരന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും മറുപടി നല്‍കി. അംബാനിമാര്‍ക്കെതിരെ ആരോപണമുയര്‍ന്നാല്‍ പൊടുന്നനെ പ്രതികരിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്. മുകേഷ് - അനില്‍ അംബാനിമാര്‍ എത്രത്തോളം മഹത്തുക്കളാണെന്ന് കൂടുതല്‍ അറിയുന്നത് ആ പാര്‍ട്ടിക്കാണെന്നതിനാല്‍.


റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ 5,00 കോടിയും റിലയന്‍സിന്റെ കീഴിലുള്ള മോടെക്ക് സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ 2,100 കോടിയും ബാലന്‍സുണ്ട്, ജെറ്റ് എയര്‍വെയ്‌സിന്റെ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ അക്കൗണ്ടില്‍ 80 കോടിയുണ്ട് തുടങ്ങിയ ആരോപണങ്ങളും കെജ്‌രിവാള്‍ ഉന്നയിക്കുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള എല്ലാ സഹായവും എച്ച് എസ് ബി സി ബേങ്ക് ചെയ്തുകൊടുക്കുന്നുവെന്നും ആരോപണമുണ്ട്. സല്‍പ്പേരിന് കളങ്കമുണ്ടായെന്ന് ആരോപിച്ച് കോടതി വ്യവഹാരത്തിന് തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയും എച്ച് എസ് ബി സി ബേങ്കും.


എച്ച് എസ് ബി സിയുടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാഖയില്‍ പണം സൂക്ഷിച്ചിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഫ്രാന്‍സ് കൈമാറിയിരുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമായി എഴുന്നൂറോളം പേരുകളുണ്ട് ആ പട്ടികയില്‍. ലഭ്യമായ പത്ത് പേരുകള്‍ പുറത്തുവിടുന്നുവെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. ഫ്രാന്‍സില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, അതൊന്നും പുറത്തു പറയാന്‍ അന്താരാഷ്ട്ര കരാറുകള്‍ സമ്മതിക്കില്ല. കള്ളപ്പണം സൂക്ഷിച്ചവരില്‍ നിന്ന് നികുതി ഈടാക്കാന്‍ മാത്രമേ കരാറുകള്‍ പ്രകാരം അനുമതിയുള്ളൂ. നികുതി ഈടാക്കുന്നതോടെ കള്ളപ്പണം വെള്ളപ്പണമായി മാറുമെന്നാണ് സര്‍ക്കാറിന്റെ വാദം. നികുതി ഈടാക്കുന്നതോടെ വിശുദ്ധി കൈവരുന്നതാണോ ഈ പണം? കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ നിര്‍ദേശിക്കുന്ന അന്താരാഷ്ട്ര കരാറുകളുണ്ടെങ്കില്‍ (ഇരട്ട നികുതി ഒഴിവാക്കല്‍ കരാറാണ് അതില്‍ പ്രധാനം) അത് അനുസരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടോ?


ലീക്‌റ്റെന്‍സ്റ്റീനെന്ന ദ്വീപ് രാഷ്ട്രത്തിലെ ബേങ്കുകളില്‍ പണം സൂക്ഷിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ജര്‍മനി കൈമാറിയപ്പോഴും ഇതേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ജര്‍മനി കൈമാറിയ പട്ടിക പരസ്യപ്പെടുത്തിയാല്‍ ഇതര രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതിന് അത് തടസ്സമാകുമെന്നായിരുന്നു അന്നത്തെ ധനമന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ വാദം. അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥ, കൂടുതല്‍ വിവരം ലഭിക്കുന്നതിന് തടസ്സമാകല്‍ എന്നിവ മാത്രമാണ് വിവരങ്ങള്‍ രഹസ്യമാക്കിവെക്കുന്നതിനുള്ള കാരണങ്ങളെന്ന് കരുതാനാകില്ല. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിച്ചു നല്‍കുന്നതില്‍ വര്‍ഷങ്ങളോളം 'സ്തുത്യര്‍ഹ'മായ സേവനം അനുഷ്ഠിച്ച ഹസന്‍ അലി ഖാനും കാശിനാഥ് തപുരിയയും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ കോണ്‍ഗ്രസ് നേതാക്കളായ രണ്ട് മുഖ്യമന്ത്രിമാരുടെ (പിന്നീട് ഇഹലോകവാസം വെടിഞ്ഞു) അനധികൃത സമ്പാദ്യം വെളുപ്പിച്ച് നല്‍കിയതിനെക്കുറിച്ചു പറഞ്ഞിരുന്നു. കള്ളപ്പണക്കാരില്‍ ഇങ്ങനെ രാഷ്ട്രീയ നേതാക്കളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍, അവര്‍ക്ക് നിക്ഷേപമുള്ള സ്ഥാപനങ്ങള്‍ എന്നിങ്ങനെ പലതും പട്ടികയിലുണ്ടാകാം. അതെല്ലാം പുറത്തുവന്നാല്‍ മുകേഷിനെക്കുറിച്ച്


ആരോപണമുയര്‍ന്നപ്പോഴുണ്ടായതിനേക്കാള്‍ വലിയ മനോവിഷമം കോണ്‍ഗ്രസ് പാര്‍ട്ടിക്കും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനുമുണ്ടാകും. എന്തിന് കള്ളപ്പണത്തെക്കുറിച്ച് കുറഞ്ഞ കാലം വേവലാതി കൊണ്ട ബി ജെ പിക്ക് പോലും പൊള്ളാം.   വിവരങ്ങള്‍ രഹസ്യമായിരിക്കേണ്ടതിന്റെ പ്രാധാന്യമിതാണ്.


ഏത് വിധത്തിലാണ് ഈ പണം ഉത്പാദിപ്പിക്കപ്പെടുന്നത് എന്നത് കൂടി പരിശോധിച്ചാലേ നികുതിയൊടുക്കുന്നതോടെ ഇല്ലാതാകുന്ന കുറ്റമാണോ ഇത് വ്യക്തമാകൂ. ഒരു സ്രോതസ്സ് അഴിമതിയാണ്. ക്രമവിരുദ്ധമായത് ചെയ്യുന്നതിന് ലഭിക്കുന്ന കോഴ, വന്‍കിട കരാറുകളില്‍ നിക്ഷിപ്ത താത്പര്യങ്ങളുടെ സംരക്ഷണം ലാക്കാക്കി നടത്തുന്ന ഇടപെടലിന് പ്രതിഫലമായ കമ്മീഷന്‍, പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തി നേടുന്ന  കൊള്ള ലാഭം എന്നിങ്ങനെ പല രൂപത്തിലാണ് ഉത്പാദനം നടക്കുന്നത്. റിലയന്‍സ് പോലുള്ള സ്ഥാപനങ്ങളുടെ കാര്യത്തിലാകുമ്പോള്‍ കള്ളപ്പണത്തിന്റെ ഉത്പാദനം രാജ്യത്തെ എല്ലാ സാധാരണക്കാരുടെയും ചെലവിലായിരിക്കും. ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന കൃഷ്ണ - ഗോദാവരി ബേസിനിലെ പ്രകൃതി വാതക ഖനനം മാത്രം മതി തെളിവായിട്ട്. രാജ്യത്തിന്റെ പ്രകൃതി സ്രോതസ്സ് ചൂഷണം ചെയ്യുന്നതിന് വേണ്ടിവരുന്ന നിക്ഷേപത്തിന് ആനുപാതികമായ ലാഭം കമ്പനിയുണ്ടാക്കുന്നത് ചോദ്യം ചെയ്യാനാകില്ല. പക്ഷേ, ഖനനം ആരംഭിക്കുന്നതിന് വേണ്ടിവന്ന നിക്ഷേപത്തിന്റെ തോത് പെരുപ്പിച്ച് കാട്ടി അനര്‍ഹമായ ലാഭമുണ്ടാക്കുകയാണെങ്കിലോ?


മൂലധന നിക്ഷേപമായി ആദ്യം കണക്കാക്കിയത് 240 കോടി ഡോളര്‍. ഇത് പിന്നീട് നാലിരട്ടി വര്‍ധിപ്പിച്ച് 880 കോടി ഡോളറാക്കി. പെരുപ്പിച്ച കണക്ക് അനുവദിച്ച് നല്‍കിയ സര്‍ക്കാര്‍ റിലയന്‍സിന്റെ അനര്‍ഹമായ ലാഭമെടുക്കലിന് അവസരമൊരുക്കി. ഇത്തരം അവസരമൊരുക്കലിന് കൈമാറ്റം ചെയ്യപ്പെട്ട കോടികള്‍ കള്ളപ്പണമാകുമ്പോള്‍, അനര്‍ഹമായുണ്ടാക്കുന്ന ലാഭവും അതേ ഇനത്തിലാകും. വാതക വില സംബന്ധിച്ച് നേരത്തെയുണ്ടാക്കിയ ധാരണാ പത്രങ്ങള്‍ മാറ്റിയെഴുതാനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് പിന്നീട് സമ്മര്‍ദം ചെലുത്തിയത്. നേരത്തെ നിശ്ചയിച്ചതിന്റെ ഇരട്ടി വിലക്ക് വാതകം വില്‍ക്കാന്‍ അനുവാദം ലഭിച്ചു. പ്രകൃതി വിഭവത്തിന് വില നിശ്ചയിക്കാന്‍ സര്‍ക്കാറിന്  അധികാരമുണ്ടെന്ന് വിധിച്ച പരമോന്നത നീതിപീഠവും വിധി വന്നതിന് പിറകെ വില വര്‍ധിപ്പിച്ച് നല്‍കാന്‍ ഉത്സാഹിച്ച കേന്ദ്ര മന്ത്രിസഭാ സമിതിയും റിലയന്‍സിന് തുണയായി. നേരത്തെ നിശ്ചയിച്ച വില, യുക്തിയുടെ പിന്‍ബലമില്ലാത്ത ന്യായങ്ങള്‍ നിരത്തി വര്‍ധിപ്പിച്ചെടുത്ത് കോടികള്‍ സമാഹരിക്കുമ്പോള്‍ അത് വെള്ളപ്പണമോ കള്ളപ്പണമോ? ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന വാതകം കൂടിയ വിലക്ക് വാങ്ങി കമ്പനിയുടെ ലാഭത്തിലേക്ക് മുതല്‍ക്കൂട്ടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാധാരണക്കാരുടെ വീക്ഷണത്തിലാണെങ്കില്‍ അത് കള്ളപ്പണം തന്നെ. നികുതി ഈടാക്കി വെളിപ്പിക്കാവുന്നതാണ് ഈ പണമെന്ന് ആരെങ്കിലും വാദിക്കുന്നുണ്ടെങ്കില്‍ അവര്‍ ഈ  മാഫിയയുടെ കണ്ണികളാകാതെ തരമില്ല തന്നെ.


നിക്ഷേപം പെരുപ്പിച്ച് കാട്ടി, ഉത്പന്ന വില സ്വന്തമിഷ്ടത്തിന് അനുസരിച്ച് വര്‍ധിപ്പിച്ചെടുത്ത് ലാഭമുണ്ടാക്കുന്ന ഇത്തരം കമ്പനികളുടെ കാര്യത്തില്‍ കണക്ക് പരിശോധന പോലും പാടില്ലെന്ന് വാദിക്കുന്ന ഭരണകൂടമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) പരിശോധന വേണമെന്ന വ്യവസ്ഥ പാലിക്കണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ജയ്പാല്‍ റെഡ്ഢിക്ക് എണ്ണ മന്ത്രാലയത്തിന്റെ ചുമതല നഷ്ടമായി. പകരം വന്ന വീരപ്പ മൊയ്‌ലി കണക്ക് പരിശോധനക്ക് അനുവാദം നല്‍കി. പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക് പരിശോധന വേണ്ടെന്നും നിര്‍ദേശിച്ചു. സി എ ജിയുടെ പരിശോധനകള്‍ക്ക് ഉപാധികള്‍ മുന്നോട്ടുവെച്ച് തങ്ങള്‍ എത്രത്തോളം വലിയവരാണെന്ന് റിലയന്‍സ് സ്ഥാപിക്കുകയും ചെയ്തു.


സ്വിറ്റ്‌സര്‍ലന്‍ഡിലെയോ ലീക്‌റ്റെന്‍സ്റ്റീനിലെയോ കേമാന്‍ ദ്വീപുകളിലെയോ ബേങ്ക് അക്കൗണ്ടുകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ഉടമകളാണ് രാജ്യത്തിന്റെ ഭരണ സമ്പ്രദായത്തെ നിയന്ത്രിക്കുന്നത്. ഈ പണത്തെ, മൗറീഷ്യസിലോ മറ്റോ രജിസ്റ്റര്‍ ചെയ്യുന്ന വ്യാജ കമ്പനികളിലൂടെ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപമായി എത്തിച്ച് അവര്‍ വെളുപ്പിച്ചെടുക്കുകയും ചെയ്യും. നികുതി നല്‍കാതെയുള്ള ഇത്തരം വെളുപ്പിക്കലുകള്‍ക്ക് അനുവാദം നല്‍കുന്ന ഭരണകൂടം അനധികൃത സമ്പാദ്യത്തെക്കുറിച്ചോ അതിന്റെ ഉറവിടത്തെക്കുറിച്ചോ അന്വേഷിക്കുമെന്ന് കരുതുന്നത് മൗഢ്യമാകും. വിദേശ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ മുഖാന്തിരം ഇത്തരം പണം ബോംബെ, ഡല്‍ഹി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്ക് പ്രവഹിപ്പിച്ച്, ലാഭമെടുത്ത് മടങ്ങുന്നുമുണ്ട്. അതിനും വേണ്ട സൗകര്യങ്ങള്‍ നമ്മുടെ ഭരണകൂടം ചെയ്ത് കൊടുത്തിരിക്കുന്നു.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ രജിസ്റ്റര്‍ ചെയ്യാതെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടപെടാന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള അനുവാദം, സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗം മാത്രമല്ല. അത്തരം സൗകര്യങ്ങളൊക്കെ കള്ളപ്പണത്തിന്റെ ഉത്പാദകര്‍ക്കും സൂക്ഷിപ്പുകാര്‍ക്കും ചെയ്തു കൊടുക്കുന്ന ഭരണകൂടം അതേക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുമോ? ഇപ്പോള്‍ അരവിന്ദ് കെജ്‌രിവാള്‍ പുറത്തുവിട്ട പട്ടിക പോലും, മുകേഷ് അംബാനിയോ എച്ച് എസ് ബി സി ബേങ്കോ നല്‍കുന്ന അപകീര്‍ത്തിക്കേസുകളുടെ വിചാരണ ഘട്ടമാകുമ്പോഴേക്കും അന്തരീക്ഷത്തില്‍ ലയിച്ച് തീര്‍ന്നിട്ടുണ്ടാകും.

സമ്പത്തും സ്വാധീനവുമുള്ള പ്രശസ്തരെ അപകീര്‍ത്തിപ്പെടുത്താനല്ല, പ്രകീര്‍ത്തിച്ച് സമ്പത്തുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അതുണ്ടാക്കുന്ന പാരതന്ത്ര്യം അമൃതിനോളം മഹത്തരമാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കുമുണ്ട്. ആ നിലവാരത്തിലേക്ക് ഉയരാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക എന്നതേ ചെയ്യാനുള്ളൂ. നാണം കെട്ടും പണമുണ്ടാക്കിയാല്‍...നാണക്കേടാ പണം തീര്‍ത്തിടും...

2012-11-08

ആരുടെ തിരഞ്ഞെടുപ്പ്? ആരുടെ പ്രസിഡന്റ്?



നാടകീയമാക്കുക എന്നാല്‍ സംഭവങ്ങള്‍ക്ക് ഇല്ലാത്ത വലിപ്പം സൃഷ്ടിക്കുക എന്നത്  കൂടിയാണ്. മനോരഞ്ജകമായി മാറിയാല്‍ കാണികള്‍, യാഥാര്‍ഥ്യം മറന്ന് നാടകത്തില്‍ ലയിക്കും. അതാണ് നാടകകര്‍ത്താവിന്റെ വിജയം. ബരാക് ഒബാമക്ക് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമൂഴം ലഭിക്കുമ്പോള്‍ രംഗങ്ങള്‍ മനോരഞ്ജകമാക്കി മാറ്റി നാടകം വിജയിപ്പിച്ചതിന്റെ ഹരമുണ്ടാകും അതിന്റെ ആസൂത്രകര്‍ക്ക്. ഇന്നലെ വോട്ടെണ്ണല്‍ അവസാനിക്കുവോളം നാടകീയത നിലനിര്‍ത്താന്‍ സാധിച്ചു. അഭിപ്രായ സര്‍വേകളുടെ ഫലങ്ങള്‍ മുതല്‍ സാന്‍ഡി ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വരെ ഇതിന് ഉപയോഗിക്കപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മലയാളത്തിലെ ഏറ്റവും ചെറിയ ദിനപത്രം വരെ വലിയക്ഷരം നിരത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചതിന്റെ ഗുണമെന്താണ്?


ദക്ഷിണാഫ്രിക്കയിലോ ബ്രിട്ടനിലോ ആണ്  ഇത്തരമൊരു തിരഞ്ഞെടുപ്പ് മത്സരം നടന്നത് എങ്കില്‍ ഇത്രയധികം നാടകീയത സൃഷ്ടിക്കപ്പെടുകയും അത് മലയാളത്തില്‍ വലിയക്ഷരത്തിന് യോഗ്യമാകുകയും ചെയ്യുമായിരുന്നോ?
അമേരിക്കയുടെ പ്രസിഡന്റ് എന്നാല്‍ ലോകത്തിന്റെയാകെ പ്രസിഡന്റാണ്. ഭൂഗോളത്തിലുണ്ടാകുന്ന സകല പ്രശ്‌നങ്ങളിലും ഇടപെടാനും ആയുധമുപയോഗിച്ച് പോലും പരിഹാരത്തിന് ശ്രമിക്കാനും ലൈസന്‍സുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റ് സര്‍വചരാചരങ്ങളുടെയും പ്രസിഡന്റാകാതെ തരമില്ലല്ലോ! യാങ്കി പഴമനസ്സിന്റെ ഈ ഊറ്റംകൊള്ളലിന്, ലോക ജനതയുടെ മനസ്സില്‍ ഇടമില്ലാതായോ എന്ന സംശയം ഇപ്പോഴുണ്ട്.


ഖജനാവ് കാലിയാകുകയും കടം പെരുകകയും ചെയ്ത് ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് ഇപ്പോഴുമില്ലേ എന്ന് ഇടക്കിടെ തടവി നോക്കേണ്ട സാഹചര്യം വന്നതിനാല്‍ സംശയം ബലവത്താണ്. അതുകൊണ്ടു തന്നെ വോട്ടെടുപ്പില്‍ പങ്കാളികളാകുന്നത് അമേരിക്കക്കാരാണെങ്കില്‍ കൂടി, മത്സരത്തിന് സാര്‍വദേശീയ പരിവേഷം സൃഷ്ടിച്ച്, തിരഞ്ഞെടുക്കപ്പെടുന്നത് തങ്ങളുടെ ഭാഗധേയം കൂടി നിര്‍ണയിക്കാന്‍ നിയുക്തനായയാളാണെന്ന തോന്നല്‍ സൃഷ്ടിക്കുക - ആ തന്ത്രം വിജയകരമായി നടപ്പാക്കപ്പെട്ടിരിക്കുന്നുവെന്ന് വീതം വെക്കപ്പെട്ട വോട്ടിന്റെ അവസാന കണക്കില്‍ വ്യക്തമാണ്. ഷേവിംഗ് ബ്ലേഡും കവിളും തമ്മിലുള്ള അകലമേ വിജയിയും പരാജിതനും തമ്മിലുണ്ടാകൂ എന്ന പ്രവചനങ്ങളെ അട്ടിമറിച്ച് ഇലക്ടറല്‍ കോളജിലെ 303 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ഒബാമ അനായാസ വിജയം നേടിയിരിക്കുന്നു.


2008ല്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ജനപിന്തുണ കുറഞ്ഞ പ്രസിഡന്റെന്ന റെക്കോര്‍ഡുമായി ജോര്‍ജ് ബുഷ് (ജൂനിയര്‍) വൈറ്റ് ഹൗസിലെ കസേരയിലിരിക്കെ, മത്സരിക്കാനിറങ്ങിയ റിപ്പബ്ലിക്കന്‍ ജോണ്‍ മെക്കയിനെന്ന ദുര്‍ബലനെ പരാജയപ്പെടുത്തുമ്പോള്‍ ഇലക്ടറല്‍ കോളജില്‍ 365 അംഗങ്ങളുടെ പിന്തുണയാണ് ഒബാമ നേടിയത്. അധികാരത്തിലേറിയതിനു ശേഷമുള്ള നാല് വര്‍ഷം ഒബാമയെ സംബന്ധിച്ച് അത്രത്തോളം ഗുണകരമായിരുന്നില്ല. അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങളും വഹിച്ച് ഇറാഖില്‍ നിന്ന് ശവപ്പെട്ടികളെത്തുന്നത് കുറക്കാനായെങ്കിലും അഫ്ഗാനിസ്ഥാനില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങള്‍ ബോധ്യപ്പെട്ട്, ജോര്‍ജ് ബുഷ് (ജൂനിയര്‍) പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ ഖജനാവിനെ എത്രത്തോളം കാലിയാക്കിയെന്ന് മനസ്സിലാക്കി നടപടികള്‍ സ്വീകരിച്ചപ്പോള്‍ എതിര്‍പ്പുകള്‍ ശക്തമായി.


നികുതി പരിഷ്‌കരണത്തിന് സമയമെടുത്തു. തൊഴിലില്ലായ്മ പരിഹരിക്കാനായി സ്വീകരിച്ച നടപടികള്‍ ഫലം കണ്ടില്ല. പുറം തൊഴില്‍ കരാറുകള്‍ കുറക്കാന്‍ ശ്രമിച്ചപ്പോള്‍, അതുവരെ തോളില്‍ കൈയിട്ട് നിന്ന മന്‍മോഹന്‍ സിംഗ് വരെ നീരസം കാട്ടി. സാമുഹിക സുരക്ഷാ പദ്ധതികള്‍ വ്യാപിപ്പിക്കാനും ബേങ്കുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ നിയന്ത്രണം ഉറപ്പാക്കാനും ശ്രമിച്ചപ്പോള്‍ ഇടതു പക്ഷക്കാരനെന്ന ദുഷ്‌പേര് കേട്ടു. മുതലാളിത്ത സമ്പദ് വ്യവസ്ഥ പിന്തുടരുന്ന ഭരണകൂടത്തിന്റെ മുകളിലിരിക്കുന്നയാള്‍ക്ക് ഇതിലും വലിയൊരു ദുഷ്‌പേര് കേള്‍ക്കാനുണ്ടോ?


പ്രതിസന്ധി നേരിടാനായി കടം വാങ്ങി. പൊതുകടം ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 85 ശതമാനത്തോളമെത്തിയപ്പോള്‍ അക്കാലം വരെ ഉപദേഷ്ടാക്കളായി നിന്നവര്‍ പിന്‍വാങ്ങി. വായ്പാ തിരിച്ചടവ് മുടങ്ങി രാജ്യം കടത്തിന്റെ കുടിശ്ശികക്കാരനാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിട്ടു പോലും മൊത്തം കടത്തിന്റെ പരിധിയുയര്‍ത്തി സഹായിക്കാന്‍ റിപ്പബ്ലിക്കന്‍മാര്‍ തയ്യാറായില്ല. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ചിലത് മാറ്റിവെക്കാന്‍ സമ്മതിച്ചതിന് ശേഷമാണ് കടത്തിന്റെ പരിധിയുയര്‍ത്താന്‍ സമ്മതിച്ചത്. കടത്തിന്‍മേല്‍ കടം കയറി മുടിഞ്ഞ ഗ്രീസിനോട് രാജ്യത്തെ താരതമ്യപ്പെടുത്തുന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി. സമ്പത്ത് മുഴുവന്‍ ജനസംഖ്യയുടെ ഒരു ശതമാനം കൈവശം വെക്കുകയാണെന്ന് ആരോപിച്ചും 99 ശതമാനത്തിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടും പിടിച്ചെടുക്കല്‍ പ്രസ്ഥാനക്കാര്‍ തെരുവുകളില്‍ തമ്പടിച്ചത് പുറമെ.


വായ്പയെടുക്കാനുള്ള ശേഷി കുറച്ച് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് പ്രഖ്യാപനം നടത്തിയതോടെ ഓഹരി വിപണികള്‍ കൂപ്പ് കുത്തി. ഈ അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിട്ടയാളെന്ന ആരോപണമാണ് ബരാക് ഒബാമ നേരിട്ടത്. ജോര്‍ജ് ബുഷ് സൃഷ്ടിച്ചു നല്‍കിയത് പോലൊരു അനുകൂല അന്തരീക്ഷമല്ല, മറിച്ച് പ്രതികൂലമായ അന്തരീക്ഷമാണ് ഉണ്ടായിരുന്നത് എന്ന് അര്‍ഥം. എന്നിട്ടും 303 ഇലക്ടറല്‍ വോട്ട് നേടാനായെങ്കില്‍ അത് അനായാസ വിജയമെന്ന് തന്നെ പറയേണ്ടിവരും. ഫ്‌ളോറിഡയിലെ ഫലം വരാനുമിരിക്കുന്നു.


ഇത് മനസ്സിലാക്കാന്‍ സര്‍വേ ഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്ന് വിശ്വസിക്കുക പ്രയാസം. ഏജന്‍സികളുടെ കണക്കുകള്‍ വസ്തുനിഷ്ഠമായിരുന്നുവെന്നും അവസാന നിമിഷം ആഞ്ഞടിച്ച സാന്‍ഡി ചുഴലിക്കാറ്റ് കൈകാര്യം ചെയ്യുന്നതില്‍ പ്രസിഡന്റ് കാട്ടിയ മികവ് ജനമനസ്സിലെ ഏതിര്‍ വികാരങ്ങളെയാകെ പറത്തിക്കളഞ്ഞുവെന്നും വിശ്വസിക്കുന്നത് യുക്തിസഹമാകില്ല. അപ്പോള്‍ പിന്നെ ജനവികാരമളക്കുന്നതില്‍ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്ന് കരുതണം. സ്വയം സംഭവിച്ചതല്ല, മനഃപൂര്‍വമുണ്ടാക്കിയതാണെന്ന് വേണം തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് മനസ്സിലാക്കാന്‍. 71.2 കോടി ഡോളര്‍ ചെലവിട്ട്  ഒബാമയും മിറ്റ് റോംനീയും സംഘടിപ്പിച്ച പ്രചാരണ മഹോത്സവമാണ് അന്തരീക്ഷ സൃഷ്ടിയില്‍ മുഖ്യം. ബാക്കി ജോലിയാണ് അഭിപ്രായ സര്‍വേ സംഘാടകരായ ഏജന്‍സികളും അമേരിക്കന്‍ മാധ്യമങ്ങളും ചേര്‍ന്ന് നിര്‍വഹിച്ചത്. അതില്‍ അഭിരമിച്ച ആഗോള മാധ്യമങ്ങള്‍, തിരഞ്ഞെടുപ്പുത്സവത്തിന് മുമ്പും പിമ്പും അമേരിക്കയെന്ന പാപ്പര്‍ സൃഷ്ടിക്കാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിച്ചതേയില്ല.


അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് രംഗത്ത് യഥാര്‍ഥത്തില്‍ നടന്ന, സംസ്‌കാരസമ്പന്നരെന്ന് അവകാശപ്പെടുന്നവരുടെ മനസ്സില്‍ അടിഞ്ഞിരിക്കുന്ന വെറുപ്പിന്റെയും വംശീയ വിദ്വേഷത്തിന്റെയും പ്രകടനം കണ്ടതുമില്ല.
ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ 2007ല്‍ ഒബാമ ശ്രമം തുടങ്ങിയ അന്നു മുതല്‍ അദ്ദേഹത്തിന്റെ മതമേതെന്ന ചോദ്യം ഉയരുന്നതാണ്. ക്രിസ്തുമതത്തിലുള്ള തന്റെ വിശ്വാസം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. അഞ്ച് വര്‍ഷത്തിനിപ്പുറം ഇത് വീണ്ടും പ്രചാരണ രംഗത്തുയര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വെള്ളമനസ്സുകാര്‍ക്ക് മടിയുണ്ടായില്ല. ബരാക് ഒബാമ പിതൃശൂന്യനെന്ന ആരോപണമുയര്‍ത്തുക വഴി, പാവം സ്ത്രീയുടെ ജീവിതത്തില്‍ കരിനിഴല്‍ പടര്‍ത്തുകയും ചെയ്തു. ഈ ചരിത്രം പേറുന്ന പാതി കറുത്ത വര്‍ഗക്കാരനായ ഒരാളെ വീണ്ടും പ്രസിഡന്റാക്കണോ എന്നതായിരുന്നു ഉന്നയിക്കപ്പെട്ട ചോദ്യം. മിറ്റ് റോംനീയെന്ന മോര്‍മണിന്, ഒബാമയെ ശക്തമായ മത്സരത്തിലേക്ക് എത്തിക്കാന്‍ ഇത്തരം ചോദ്യങ്ങള്‍ സഹായിച്ചുവെന്ന വിലയിരുത്തല്‍ കൂടിയുണ്ടാകുമ്പോള്‍ ലോകത്തെ നിയന്ത്രിക്കുന്നുവെന്ന് അവകാശപ്പെടുകയും അഭിമാനിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ മനസ്സിലെ മാലിന്യത്തിന്റെ അളവ് ബോധ്യപ്പെടും. ഇത്തരം നീച തന്ത്രങ്ങളെ മറച്ചുവെച്ചാണ് മത്സരം 'ക്ലോസ് കോളാ'ണെന്ന് സര്‍വേകള്‍ ഉദ്‌ഘോഷിച്ചത്.


അമേരിക്കയുടെ ആഭ്യന്തര സമ്പദ്ഘടനയെ മെച്ചപ്പെടുത്താന്‍ എന്ത് നടപടികളാണ് ഒബാമ തുടര്‍ന്ന് സ്വീകരിക്കാന്‍ പോകുന്നത് എന്നതിലോ എന്തൊക്കെ ബദല്‍ മാര്‍ഗങ്ങളാണ് മിറ്റ് റോംനി മുന്നോട്ടുവെക്കുന്നത് എന്നതിലോ ആരും താത്പര്യം പ്രകടിപ്പിച്ചില്ല. അത്തരം വിവരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിരുന്നുവെങ്കില്‍ അമേരിക്ക അകപ്പെട്ടിരിക്കുന്ന അതിഭയാനകമായ കടത്തിന്റെ ആഴം ലോകത്തിന് ബോധ്യപ്പെടും. കടത്തിന്‍മേല്‍ കെട്ടിയുയര്‍ത്തപ്പെട്ട ഗോപുരത്തിനെ ആശ്രയിക്കുന്നത് അപകടമാണെന്ന് ഇതര രാഷ്ട്രങ്ങള്‍ മനസ്സിലാക്കും. ഈ ഗോപുരത്തിലെ  മുഖ്യ ഘടകങ്ങളായ കൊടികെട്ടിയ കമ്പനികളെല്ലാം പാപ്പരാണെന്ന് തിരിച്ചറിയും. പല്ല് നഷ്ടപ്പെട്ട പാമ്പിനെ ആര് വിലവെക്കും. അത്തരമൊരു അവസ്ഥയുണ്ടാകരുത് എങ്കില്‍ മത്സരത്തിന്റെ കടുപ്പത്തെക്കുറിച്ച് മാത്രം ചര്‍ച്ചകള്‍ നടക്കണം. അതിന് പാകത്തിലൊരു അന്തരീക്ഷം ആഗോള തലത്തില്‍ സൃഷ്ടിക്കുന്നതില്‍ നാടകകര്‍ത്താവ് വിജയിച്ചിരിക്കുന്നു.


വിജയി ഒബാമയായാലും റോംനീയയാലും ആഗോള വിഭവങ്ങളെ മുഴുവന്‍ ചൂഷണം ചെയ്ത് സ്വന്തം സമ്പത്ത് വര്‍ധിപ്പിക്കുക (ഇപ്പോഴത്തെ അവസ്ഥയില്‍ കടത്തിന്റെ ഭാരം കുറക്കുക) എന്ന നയത്തില്‍ മാറ്റമുണ്ടാകില്ലെന്നത് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ഉറപ്പാണ്. ഇറാഖും അഫ്ഗാനിസ്ഥാനും പിന്നിട്ട് ഇറാനെയോ ഉത്തര കൊറിയയെയോ സുഡാനെയോ ഒക്കെ അവര്‍ ലക്ഷ്യമിട്ടേക്കാം. സ്വന്തം സൈന്യത്തെ ഇറക്കിത്തന്നെയാകണമെന്നില്ല. ആഭ്യന്തര കലാപം സൃഷ്ടിക്കുന്നതിന് ആയുധവും പണവും സംഭാവന ചെയ്താകാം. പാക്കിസ്ഥാനിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് നിരന്തരം പറന്ന് ആക്രമണം നടത്തുന്ന ആളില്ലാവിമാനങ്ങള്‍ മറ്റു ചില പ്രദേശങ്ങളിലേക്ക് കൂടി പറന്നേക്കാം. ആയുധങ്ങളോ ആണവ  ഉപകരണങ്ങളോ വാഗ്ദാനം ചെയ്ത് കമ്പോളങ്ങള്‍ തുറന്നു നല്‍കാന്‍ നിര്‍ബന്ധം ചെലുത്തും. സബ്‌സിഡികള്‍ വെട്ടിക്കുറക്കാന്‍ പ്രേരിപ്പിച്ച് സ്വന്തം ഉത്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുകയും ചെയ്യും. ഊഹ വിപണികളില്‍ ഇടപെടുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പാക്കി ആഭ്യന്തര കമ്പനികളുടെ വിളവെടുപ്പ് സമൃദ്ധമാക്കുകയും ചെയ്യും.


ഈ ഊറ്റിയെടുക്കലിന് ചങ്കെടുപ്പോടെ നേതൃത്വം നല്‍കേണ്ടയാളെ കണ്ടെത്താനുള്ള മത്സരത്തെയാണ് കണ്ണിമ ചിമ്മാതെ നമ്മളുള്‍പ്പെടെയുള്ളവര്‍ നോക്കിയിരുന്നത്. അങ്ങനെ നോക്കിയിരിക്കാന്‍ നമ്മെ പ്രേരിപ്പിച്ചുവെന്നതിലാണ് അവന്റെ വിജയം, അതാണ് കമ്പോളങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നതും. ഒബാമയും റോംനീയും കൂടി ചെലവിട്ട 71.2 കോടി ഡോളറിന്റെ  യഥാര്‍ഥ ഉടമകളില്‍ വാള്‍മാര്‍ട്ടിനെപ്പോലുള്ള കമ്പനികളുണ്ട്. സംഭാവന നല്‍കിയവന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒബാമ വരും നാളുകളില്‍ തത്രപ്പെടുമ്പോള്‍ അതിന്റെ അനുരണനങ്ങള്‍ ഇന്ത്യയിലെ തെരുവുകളിലുമുണ്ടാകും.


ഒബാമ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതോടെ അമേരിക്കയിലെ ആരോഗ്യ രക്ഷാ പദ്ധതി വ്യാപിപ്പിക്കാന്‍ ശ്രമമുണ്ടാകുമെന്ന് ഉറപ്പ്. നിലവില്‍ ഇന്‍ഷ്വറന്‍സിന്റെ പരിധിയിലില്ലാത്ത മൂന്ന് കോടി പൗരന്‍മാര്‍ക്ക് മുഴുവന്‍ ആരോഗ്യ രക്ഷാ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. 2.8 ലക്ഷം കോടി ഡോളര്‍ ചെലവ് വരുന്ന ഈ പദ്ധതിയെ അടിമുടി ഉടച്ചു വാര്‍ക്കുമ്പോള്‍ വന്‍ തുക ബാധ്യതയായുണ്ടാകും. അതു മൂലം ഖജനാവിലുണ്ടാകുന്ന കുറവ് പരിഹരിക്കപ്പെടുന്നതിന് നമ്മുടെതുള്‍പ്പെടെ കമ്പോളങ്ങളെയാകും ആശ്രയിക്കുക. അത് പൂര്‍ണമായി അറിഞ്ഞുകൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലത്തെ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഭരണ സംവിധാനം സ്വാഗതം ചെയ്യുന്നത്. അതേക്കുറിച്ചൊന്നുമോര്‍ക്കാതെ ഒരു അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ഹരം നാം പങ്കിടുകയും ചെയ്യുന്നു.