2020-01-29

നരേന്ദ്ര മോദിയുടെ JANUS WORDS


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി മന്‍ കി ബാത് എന്നതില്‍ മന്‍ കി എന്നത് ചേര്‍ത്ത്, ആംഗലേയത്തില്‍ വായിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. അങ്ങനെ വായിക്കുന്നത്, പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച്, പൂര്‍വ സൂരികളെ അപമാനിക്കലാകുമെന്നതിനാലാണ് യോജിക്കാത്തത്. ചില പഴഞ്ചൊല്ലുകളും ഇതുപോലെ സമാന പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പൂര്‍വ സൂരികളെ അപമാനിക്കാന്‍ മാത്രമുണ്ടാക്കിയ പഴഞ്ചൊല്ലിനെ അനുകരിച്ചാണ് 'ചിലരുടെ കൈയിലെ ഭരണഘടന പോലെ' എന്നൊക്കെ വ്യവഹരിക്കപ്പെടുന്നത്. ഇവിടുത്തെ വിഷയം, റിപ്പബ്ലിക് ദിനത്തിലെ മന്‍ കി ബാത്താണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ആ ബാത്തില്‍ പ്രയോഗിച്ച ചില വാക്കുകളാണ്.


കോപറേറ്റീവ് ഫെഡറലിസം, ഡയലോഗ്, കണ്‍സെന്റ് ഓഫ് പീപ്പിള്‍, സെന്‍സിറ്റിവിറ്റി, കംപാഷന്‍, ബ്രദര്‍ഹുഡ്, നോണ്‍ വയലന്‍സ് എന്നിത്യാദി വാക്കുകള്‍ നരേന്ദ്ര മോദിയാല്‍ പ്രയോഗിക്കപ്പെട്ടു. കേട്ടെഴുത്ത് ആംഗലേയത്തില്‍ തന്നെയായതില്‍ ക്ഷമിക്കുക. ഇവയോരോന്നിന്റെയും അര്‍ഥമറിഞ്ഞു തന്നെയാണോ നമ്മുടെ പ്രധാനമന്ത്രി ഉപയോഗിച്ചത് എന്നതും ആ അര്‍ഥത്തില്‍ രാജ്യത്ത് പ്രയോഗിക്കപ്പെടുന്നുണ്ടോ എന്നതുമാണ് തര്‍ക്ക വിഷയം. ആ തര്‍ക്കം തന്നെയാണല്ലോ തെരുവുകളില്‍ പ്രതിഷേധമായി ഉയര്‍ന്നു നില്‍ക്കുന്നതും.


ഇന്ത്യന്‍ യൂനിയന്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത് ഫെഡറല്‍ സമ്പ്രദായത്തില്‍ അധിഷ്ഠിതമായാണ്. രാജ്യത്തെ പൊതു വിഷയങ്ങളില്‍ കേന്ദ്രാധികാരം നിലനിര്‍ത്തുമ്പോള്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുന്നതാണ് സംഗതി. സഹകരണാത്മക ഫെഡറലിസത്തെക്കുറിച്ചാണ് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറയുന്നത്. സഹകരണമെന്നാല്‍ ഇരുഭാഗത്തു നിന്നുമുണ്ടാകണം. അങ്ങനെയൊന്നുണ്ടാകുന്നുണ്ടോ എന്നത് സംശയമാണ്. കേന്ദ്രം പിന്തുടരുന്ന തീവ്ര ഹിന്ദുത്വ അജന്‍ഡകളെ എതിര്‍ക്കുകയും ആ അജന്‍ഡകളില്‍ അധിഷ്ഠിതമായ നയ - നിയമ നിര്‍മാണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്ന സഹകരണാത്മക ഫെഡറലിസം. ബി ജെ പി ഇതര പാര്‍ട്ടികള്‍, പ്രത്യേകിച്ച് സംഘ്പരിവാരത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ ഏറിയും കുറഞ്ഞും ഇതിന്റെ ഇരകളാണ്. പ്രളയ ദുരിതാശ്വാസം അനുവദിക്കാതെ, ജി എസ് ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് കേന്ദ്രം വാഗ്ദാനം ചെയ്ത പരിഹാരം നല്‍കാതെ, കടമെടുപ്പിനുള്ള പരിധി തൊടുന്യായം പറഞ്ഞ് വെട്ടിക്കുറച്ച് ഒക്കെ കേരളത്തെ ശ്വാസം മുട്ടിക്കുന്നത് ഉദാഹരണം. സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ കുറച്ചും 'സഹകരണാത്മക ഫെഡറലിസ'ത്തിന് പുതിയ മാതൃക സൃഷ്ടിക്കുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. മന്‍ കി എന്നത് ചേര്‍ത്ത് ആംഗലേയത്തില്‍ വായിക്കരുത്.


ജനാധിപത്യം നിലനില്‍ക്കുന്നത് തന്നെ 'ഡയലോഗ്' (സംവാദം) അനുവദിക്കപ്പെടുന്ന അന്തരീക്ഷത്തിലാണ്. ബി ജെ പിക്ക് ഭൂരിപക്ഷമുള്ള ലോക്സഭയിലും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും സംവാദമനുവദിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകുന്നുണ്ടോ? 2019ല്‍ വര്‍ധിത വീര്യത്തോടെ അധികാരത്തിലേറിയ ശേഷം വേണ്ട സംവാദങ്ങളൊന്നും നടത്താതെ പാസ്സാക്കപ്പെട്ട നിയമങ്ങളുടെ എണ്ണം മാത്രം മതി തെളിവായി. സംവാദമെന്നാല്‍ ഭരണകൂടത്തിന്റെയോ അതിന്റെ ശക്തിസ്രോതസ്സായ സംഘ്പരിവാരത്തിന്റെയോ അഭിപ്രായങ്ങളെ ഏറ്റുപാടലല്ല. അതിലുള്ള വിയോജിപ്പ് പ്രകടിപ്പിക്കല്‍ കൂടിയാണ്. അങ്ങനെ വിയോജിക്കുന്നവരോട് ഭരണകൂടവും സംഘ്പരിവാരവും സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ദിനേന ജനം കാണുന്നുണ്ട്. വിയോജിക്കുന്നവരെ ഇല്ലാതാക്കാന്‍ പോലും മടിക്കുന്നില്ല. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഷാഹിന്‍ ബാഗില്‍ ഒത്തുകൂടിയവരെക്കുറിച്ച് പ്രധാനമന്ത്രിക്കൊപ്പം മന്ത്രിസഭയില്‍ ഇരുന്നമരുന്നവര്‍ പറയുന്ന കാര്യങ്ങള്‍ 'ഡയലോഗി'ന് ഉദാഹരണമാണ്. വിയോജിപ്പുന്നയിക്കുന്നവരെ 'ഡയലോഗി'ന് ക്ഷണിക്കുക എന്നതാണ് പരിഷ്‌കൃത ജനാധിപത്യത്തിലെ രീതി. ഏതെങ്കിലും പ്രശ്നത്തില്‍ ആരെയെങ്കിലും ഡയലോഗിന് ക്ഷണിച്ചിട്ടുണ്ടോ എന്ന് ഓര്‍മ കിട്ടുന്നില്ല. മന്‍ കി ബാത് എന്നത് ചേര്‍ത്ത്, ആംഗലേയത്തില്‍ വായിക്കരുത്.


കണ്‍സെന്റ്ഓഫ് പീപ്പിള്‍ എന്നാല്‍ ജനസമ്മതി. രണ്ട് തിരഞ്ഞെടുപ്പുകളില്‍ ആകെ വോട്ട് ചെയ്തവരില്‍ 30 മുതല്‍ 40 വരെ ശതമാനം പേരുടെ പിന്തുണ നേടിയതാണ് ഉദ്ദേശിച്ചതെങ്കില്‍ പ്രശ്നമില്ല. രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ജനസമ്മതിയുടെ അടിസ്ഥാനത്തിലാണെന്നാണ് ഉദ്ദേശിച്ചതെങ്കില്‍ പിന്നൊന്നും പറയാനില്ല. തിരഞ്ഞെടുപ്പുകളില്‍ പിറകില്‍പ്പോയിട്ടും അധികാരം പിടിക്കാന്‍ നടത്തിയ കളികളുടെ കഥ വടക്ക് കിഴക്കു മുതല്‍ കന്നഡം വരെ നീളുന്നതാണ്. അതും ജനസമ്മതിയാണെന്ന് വേണമെങ്കില്‍ വാദിക്കാം. തീവ്ര ഹിന്ദുത്വ അജന്‍ഡകളെ പിന്തുണക്കുന്ന ഭൂരിപക്ഷ മതാംഗങ്ങളുടെ സമ്മതി മാത്രമാണ് ജനസമ്മതിയെങ്കില്‍ പിന്നെ തര്‍ക്കമില്ല. അതില്‍പ്പെടാത്തവരെയൊക്കെ ഒഴിവാക്കിയാല്‍ ജനസമ്മതി സമ്പൂര്‍ണമാകും.


സെന്‍സിറ്റിവിറ്റി, കംപാഷന്‍, ബ്രദര്‍ഹുഡ് മൂന്നും ചേര്‍ന്നു നില്‍ക്കുന്നതാണ്. സംവേദനക്ഷമത, അനുകമ്പ, സാഹോദര്യം. ഇതെല്ലാം നിറഞ്ഞു നില്‍ക്കുന്നതാണ് 2014 മുതലിങ്ങോട്ട് നരേന്ദ്ര മോദിയാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യന്‍ യൂനിയന്‍! സംഘ്പരിവാര്‍ ബന്ധമുള്ള ആള്‍ക്കൂട്ടങ്ങളുടെ ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ പ്രകടിപ്പിച്ച സംവേദനക്ഷമതയും അനുകമ്പയും പ്രസിദ്ധം. അക്രമികളെ ന്യായീകരിക്കാനും കേസുകള്‍ അട്ടിമറിച്ച് അവരെ രക്ഷിച്ചെടുക്കാനും കാണിച്ച അനുകമ്പ അനുകരണീയം. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് സമൂഹത്തെ വിഭജിക്കാന്‍ കാണിച്ച കൈയടക്കത്തില്‍ കണ്ട സാഹോദര്യം പ്രശംസനീയം. 2002ലെ വംശഹത്യാ ശ്രമത്തിന്റെ കാലത്ത് പോലീസിനെ നിഷ്‌ക്രിയമാക്കിയും പട്ടാളമിറങ്ങുന്നത് വൈകിപ്പിച്ചും അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയ സംവേദനക്ഷമതയും സാഹോദര്യവും അത്യപൂര്‍വം.


ബാക്കിയുള്ളത് നോണ്‍ വയലന്‍സാണ്. അഹിംസ. അത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ജാമിഅ മില്ലിയ്യയില്‍ പോലീസും സംഘ്പരിവാര പ്രവര്‍ത്തകരും ചേര്‍ന്ന് നേരിട്ടത് അഹിംസയില്‍ അധിഷ്ഠിതമായ രീതിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധക്കാരെ നേരിട്ടപ്പോഴും അഹിംസ വിട്ടൊരു കളിയുണ്ടായില്ല പോലീസിനോ സംഘ്പരിവാര പ്രവര്‍ത്തകര്‍ക്കോ. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍, ഇരുട്ടിന്റെ മറവില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച എ ബി വി പി പ്രവര്‍ത്തകരും സ്വീകരിച്ചത് അഹിംസയുടെ പാതയാണ്. അവര്‍ക്ക് അവസരമൊരുക്കുകയും പിന്നീട് അക്രമികളെ പിടികൂടാന്‍ മടിക്കുകയും ചെയ്ത അമിത് ഷായുടെ പോലീസ് അഹിംസയുടെ പ്രതീകമാണ്. മന്‍ കി ബാത് എന്നത് ചേര്‍ത്ത് ആംഗലേയത്തില്‍ വായിക്കരുത്. 


സംവേദനക്ഷമതയോടെ, അനുകമ്പ പ്രകടിപ്പിച്ച്, സാഹോദര്യം നിലനിര്‍ത്തി, സംവാദങ്ങളിലൂടെ ജനസമ്മതി ആര്‍ജിച്ച്, അഹിംസയിലൂടെ സഹകരണാത്മക ഫെഡറലിസം നടപ്പാക്കുന്നതിനെ ചിലര്‍ ഫാസിസമെന്ന് വിശേഷിപ്പിക്കും. അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന പരമാധികാരിയെ അത് അല്‍പ്പം പോലും മനക്ലേശത്തിലാക്കരുത്. മതനിരപേക്ഷ ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കൊക്കെ മന്‍ കി ബാത് മനസ്സിലാകും! അങ്ങേക്ക് ഈ വാക്കുകളൊക്കെ അറിയാമല്ലോ എന്ന തിരിച്ചറിവില്‍ പുളകിതഗാത്രരാകുകയും ചെയ്യും!