2018-12-17

റാഫേലിലെ ഒടിയന്‍മാര്‍


താരതമ്യ പഠനമാണ് മുഖ്യം. സാക്ഷിമൊഴികളും രേഖകളുമൊക്കെ താരതമ്യം ചെയ്ത് ന്യായാന്യായങ്ങള്‍ നിശ്ചയിക്കല്‍. സിവിലായാലും ക്രിമിനലായാലും വ്യവഹാരങ്ങളില്‍ ഇതേയുള്ളു മാര്‍ഗം. മജിസ്‌ട്രേറ്റ് കോടതി മുതല്‍ പരമോന്നത കോടതി വരെ ഇതാണ് അവലംബിത രീതി. താരതമ്യ പഠനത്തെ സഹായിക്കും വിധത്തില്‍ വാദങ്ങള്‍ നിരത്താന്‍ കക്ഷികള്‍ക്കു വേണ്ടി അഭിഭാഷകരുണ്ടാകും. കക്ഷികള്‍ക്ക് നേരിട്ട് വാദിക്കാനും അവസരമുണ്ട്. യുക്തിസഹമായ താരതമ്യത്തിന് പാകത്തില്‍ സാക്ഷിമൊഴികള്‍ ഇല്ലാതിരിക്കുക, നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് സാക്ഷികള്‍ പിന്‍മാറുക, സമഗ്രമായ പഠനത്തിന് ഉതകും വിധത്തില്‍ രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരിക്കുക, അത്തരത്തില്‍ രേഖകള്‍ കണ്ടെത്തി പ്രോസിക്യൂഷന് കൈമാറുന്നതില്‍ അന്വേഷണ ഏജന്‍സി വീഴ്ച വരുത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ വ്യവഹാരത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ വീഴ്ചകളൊക്കെ ചൂണ്ടിക്കാട്ടുന്ന പതിവുമുണ്ട് ഇന്ത്യന്‍ യൂണിയനിലെ കോടതികള്‍ക്ക്.ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറിന്റെ കാലത്ത് അരങ്ങേറിയതായി പറയുന്ന ടെലികോം കുംഭകോണക്കേസ് പരിഗണിച്ച്, സകലരെയും കുറ്റവിമുക്തരാക്കുന്ന വിധി പുറപ്പെടുവിക്കുമ്പോള്‍ കേസിനെ പിന്തുണക്കും വിധത്തില്‍ ഒരാളെങ്കിലും മൊഴി നല്‍കിയിരുന്നുവെങ്കില്‍ എന്ന് വിചാരണക്കോടതി വിലപിച്ചത് ഇത്തരുണത്തില്‍ ഓര്‍മിക്കാവുന്നതാണ്.


ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ലിമിറ്റഡില്‍ നിന്ന് പോര്‍വിമാനങ്ങള്‍ (റാഫേല്‍) വാങ്ങാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഒപ്പുവെച്ച കരാറില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. പോര്‍വിമാനങ്ങളുടെ വില താരതമ്യം ചെയ്യുക എന്നത് സുപ്രീം കോടതിയുടെ ജോലിയല്ലെന്ന് ന്യായാധിപര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു. യു പി എ സര്‍ക്കാറിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങുന്നതിനുണ്ടാക്കിയ ധാരണ പുതുക്കി, 36 വിമാനങ്ങള്‍ ദസോള്‍ട്ടില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ ആദ്യമുണ്ടായിരുന്ന ധാരണയനുസരിച്ചുള്ള വിലയേക്കാള്‍ മൂന്ന് മടങ്ങോളം കൂടിയെന്നാണ് ആരോപണങ്ങളിലൊന്ന്.


2012ല്‍ ധാരണയുണ്ടാക്കുമ്പോഴുള്ള പറഞ്ഞ വില, 2016 സെപ്തംബറില്‍ കരാറൊപ്പിടുമ്പോഴേക്കും കൂടുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, മൂന്ന് മടങ്ങോളം വില വര്‍ധിക്കുന്നതിന്റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെട്ടത്.
വില താരതമ്യം ചെയ്യണമെങ്കില്‍, 2012ലുണ്ടാക്കിയ ധാരണകളുടെ വിശദാംശങ്ങള്‍ പരിശോധിക്കണം. അന്ന് വാങ്ങാന്‍ നിശ്ചയിച്ച റാഫേല്‍ വിമാനങ്ങളില്‍ ദസോള്‍ട്ട് ഉറപ്പു നല്‍കിയിരുന്ന സാങ്കേതിക, ആയുധ സൗകര്യങ്ങളെന്തൊക്കെ എന്നത് പഠിക്കണം. 2016 സെപ്തംബറില്‍ ഒപ്പുവെച്ച കരാറനുസരിച്ചുള്ള റാഫേല്‍ വിമാനങ്ങളില്‍ കൂടുതല്‍ സാങ്കേതിക, ആയുധ സൗകര്യങ്ങളുണ്ടോ എന്ന് വിലയിരുത്തണം. കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കിയതാണോ വില കൂടാന്‍ കാരണമെന്ന് നിശ്ചയിക്കണം. അവ്വിധം താരതമ്യങ്ങള്‍ക്കൊന്നും സുപ്രീം കോടതിക്ക് സാധിക്കില്ലെന്നാണ് ബഹുമാനപ്പെട്ട ന്യായാധിപര്‍ പറഞ്ഞത്. അങ്ങനെ താരതമ്യം ചെയ്യാന്‍ പാകത്തിലുള്ള സാങ്കേതിക അറിവ് ജഡ്ജിമാര്‍ക്കുണ്ടാകുക എന്നതും പ്രയാസം.


വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പരിശോധിച്ചുവെന്നും അവരുടെ റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് (പി എ സി) മുന്നിലുണ്ടെന്നും ലഘുവിവരണം പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുക കൂടി ചെയ്തിരിക്കെ പിന്നെ എന്ത് ആലോചിക്കാന്‍? വില താരതമ്യം ചെയ്യുന്നതില്‍ സി എ ജിയെക്കഴിഞ്ഞുണ്ടോ ഏജന്‍സി ഈ ത്രിഭുവനത്തിങ്കല്‍! അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കറിവേപ്പിലയുടെ കനമില്ലാത്തത് എന്ന് കണ്ടെത്തി, പുറത്തേക്കിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.


വില വിവരം സി എ ജി പരിശോധിച്ചുവെന്നും റിപ്പോര്‍ട്ട് പി എ സിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചാല്‍ അതങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്നതിലൊരു താരതമ്യം നടത്തേണ്ടതായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നതൊക്കെ പരമാര്‍ഥമാണെന്ന് പച്ചക്കങ്ങ് വിശ്വസിക്കുക ഭൂഷണമല്ല തന്നെ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, റാഫേല്‍ ഇടപാടിനെക്കുറിച്ച് കള്ളം പറയുന്നുവെന്നാണല്ലോ പ്രധാന പരാതി. ആ കള്ളത്തിന്റെ കാരണങ്ങളില്‍ ഒന്നുമാത്രമാണ് അഴിമതിയെന്നാണല്ലോ ആരോപണം. അതേക്കുറിച്ച് പരിശോധിക്കുമ്പോള്‍, സി എ ജിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട് കോടതിക്ക്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉള്ളടക്കം എന്താണെന്ന് അറിയാനുള്ള ബാധ്യതയുമുണ്ട്.


നുണകളും അര്‍ധ സത്യങ്ങളും പ്രചരിപ്പിക്കുന്നതില്‍ മടികാട്ടാത്തവര്‍ എന്ന റെക്കോര്‍ഡ് അല്‍പ്പകാലത്തേക്കെങ്കിലും തകര്‍ക്കാനാകാത്ത വിധത്തിലാണ് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും അതിനെ പിന്തുണക്കുന്ന സംഘ്പരിവാരവും പ്രവര്‍ത്തിക്കുന്നത് എന്ന് കേട്ടുകേള്‍വിയെങ്കിലുമുണ്ടാകില്ലേ പരമോന്നത കോടതിക്ക്. ആരെയും സ്വാധീനിക്കാനുള്ള കഴിവ് ഈ സംവിധാനത്തിനുണ്ടെന്നും അത്തരം സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്നവരുണ്ടെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലേ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് അടക്കം നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയ്ക്ക് പുറത്തിറങ്ങി മാധ്യങ്ങളിലൂടെ ജനത്തെ അഭിസംബോധന ചെയ്തത്. അത്തരമൊരു സംവിധാനം നുണകളോ അര്‍ധ സത്യങ്ങളോ നിരത്താന്‍ മടി കാണിക്കില്ലെന്ന് തിരിച്ചറിയുന്നവര്‍, അവര്‍ നിരത്തുന്ന വാദങ്ങളെ മുഖവിലക്കെടുത്ത്, അന്വേഷണമേ വേണ്ടെന്ന് തീരുമാനിക്കുമ്പോള്‍ അതില്‍ സംശയങ്ങള്‍ ശേഷിക്കുക സ്വാഭാവികം.


സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും അത് പി എ സി പരിശോധിച്ചുവെന്നുമല്ല, റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അത് പി എ സി പരിശോധിക്കുമെന്നുമാണ് തങ്ങള്‍ അറിയിച്ചതെന്നും അത് കോടതി തെറ്റിദ്ധരിച്ചതാണെന്നും കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ തിരുത്തല്‍ ഹരജിയുമായി കോടതിയെ സമീപിക്കുമ്പോള്‍, പരമോന്നത കോടതിയുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണോ എന്ന് സംശയിക്കണം. സംഘ്പരിവാരത്തിന് ഇതിനകം പൂര്‍ണമായി വരുതിയിലാക്കാന്‍ സാധിക്കാത്ത നീതിന്യായ സംവിധാനത്തെ, അതിന്റെ വിശ്വാസ്യത അട്ടിമറിച്ച് പരിഹാസ്യമാക്കുകയാണോ ഉദ്ദേശ്യമെന്നും ശങ്കിക്കണം. തങ്ങള്‍ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് വായിച്ച് മനസ്സിലാക്കി തീരുമാനമെടുക്കാന്‍ സാധിക്കാത്ത സംവിധാനമാണിതെന്ന് രാജ്യത്തോട് പറയുമ്പോള്‍ മറ്റെന്താണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതെന്നും അത് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും വ്യക്തമാക്കിക്കൊണ്ട് റാഫേല്‍ ഇടപാടിനെക്കുറിച്ചൊരു അന്വേഷണത്തിന് ഉത്തരവിടാന്‍ ഇനി സുപ്രീം കോടതിക്ക് സാധിക്കില്ല തന്നെ.


റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് ലഭിച്ച, അനര്‍ഹമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്ന, നേട്ടമാണ് ആരോപണത്തിന്റെ രണ്ടാം ഖണ്ഡം. അവിടെയും താരതമ്യത്തിന് കോടതി തയ്യാറല്ല. 2012ലെ ധാരണയനുസരിച്ച് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ദസോള്‍ട്ട് ഏവിയേഷന്റെ ഇന്ത്യന്‍ പങ്കാളി. 126 വിമാനങ്ങളില്‍ 18 എണ്ണം ദസോള്‍ട്ടില്‍ നിന്ന് ഇന്ത്യ നേരിട്ട് വാങ്ങുമ്പോള്‍ ബാക്കി 108 എണ്ണം എച്ച് എ എല്‍ - ദസോള്‍ട്ട് സംയുക്ത സംരംഭം ഇന്ത്യയില്‍ നിര്‍മിക്കും. പോര്‍വിമാന നിര്‍മിതിക്കുള്ള സാങ്കേതിക വിദ്യ എച്ച് എ എല്ലിന് കൈമാറിക്കിട്ടും. ഇതൊഴിവാക്കി, നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി കരാറിലൊപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രം രൂപവത്കരിച്ച അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയതില്‍ നടപടിക്രമങ്ങളുടെ ലംഘനമൊന്നുമില്ലെന്ന് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായെന്ന് പരമോന്നത കോടതി പറയുന്നു.


കടത്തില്‍ മുങ്ങി, പൊതുമേഖലാ ബേങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ ബദ്ധപ്പെടുന്ന അനില്‍ അംബാനിക്കൊരു പിടിവള്ളി നല്‍കലാണിതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ഇന്ത്യന്‍ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ദസോള്‍ട്ട് ഏവിയേഷനായിരുന്നുവെന്നും അവര്‍ അനില്‍ അംബാനിയുടെ കമ്പനിയെ തെരഞ്ഞെടുത്തതില്‍ തെറ്റില്ലെന്നും കോടതി കണ്ടെത്തുമ്പോള്‍ അംബാനിമാരുടെ കാര്യത്തില്‍ താരതമ്യങ്ങളില്ലെന്ന് അടിവരയിടുകയാണ്.


അത്രയൊന്നും പഴകാത്ത ചരിത്രത്തില്‍ പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് വിധിക്കുമ്പോള്‍ വിലകളുടെ താരതമ്യം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് അന്നേ വ്യക്തമാക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന് പതിനേഴ് വര്‍ഷം കുറഞ്ഞ വിലക്ക് പ്രകൃതി വാതകം നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്നാണ് അന്ന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ കോടതി ഒഴിവാക്കിക്കൊടുത്തത്. അത്തരമൊരു വിധിയിലേക്ക് കാര്യങ്ങളെത്തിക്കുന്നതിനുള്ള വ്യവഹാരം നടത്തുന്നതില്‍ അനില്‍ അംബാനിയുടെ കമ്പനിയും പങ്കാളിയായിരുന്നു. ഇരു സഹോദരങ്ങളുടെയും കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിന് വിരാമമിട്ടുകൊണ്ടാണ് പ്രകൃതി വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനുണ്ടെന്ന് സുപ്രീം കോടതി വിധിച്ചത്. അതുവഴി അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് നഷ്ടമുണ്ടായെങ്കിലും വലിയ നഷ്ടമുണ്ടായത് എന്‍ ടി പി സിക്കാണ്. വൈദ്യുതി വാങ്ങുന്നവര്‍ക്കും.


അന്ന് രാജ്യം ഭരിച്ചിരുന്ന യു പി എ സര്‍ക്കാര്‍ മുകേഷ് അംബാനിക്കൊപ്പമായിരുന്നു. പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിച്ച് നല്‍കണമെന്ന മുകേഷിന്റെ ആവശ്യം അവര്‍ വേഗത്തില്‍ അംഗീകരിച്ചുകൊടുത്തു. ഇന്ന് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ മുകേഷിനും അനിലിനും ഒപ്പമുണ്ട്. മുകേഷിന്റെ മൊബൈല്‍ കമ്പനിയുടെ പരസ്യ മോഡലായി നിന്ന് 'ഡിജിറ്റല്‍ ഇന്ത്യ' എന്ന് രാജ്യസ്‌നേഹത്തിന്റെ മുദ്ര ചാര്‍ത്തിക്കൊടുത്ത പ്രധാനമന്ത്രി പ്രതിരോധ കരാറിന്റെ ഉപദംശം നല്‍കിക്കൊണ്ട് അനില്‍ അംബാനിയെ തുണക്കുന്നു. പോര്‍വിമാനക്കരാറില്‍ ഒപ്പിടാന്‍ നരേന്ദ്ര മോദി ഫ്രാന്‍സിലെത്തുന്നതന് ഒരു മാസം മുമ്പ് ഇന്ത്യന്‍ പങ്കാളി പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്‍ തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞ ദസോള്‍ട്ട്, പൊടുന്നനെ നിലപാട് മാറ്റി അനില്‍ അംബാനിയുടെ കമ്പനിയെ സ്വീകരിക്കുമ്പോള്‍ രേഖകളില്‍ കാണാത്ത അധികാരത്തിന്റെ ഇടപെടല്‍ അവിടെ ഉണ്ടാകാതെ വയ്യ. അത് മനസ്സിലാക്കാനുള്ള താരതമ്യത്തിന് മടിക്കുമ്പോള്‍ അധികാരവും മൂലധനവുമായുള്ള ചങ്ങാത്തത്തിന് ഒത്താശ ചെയ്യുകയാണ് നീതിന്യായ സംവിധാനം. ഒരാളുടെയെങ്കിലും മൊഴിയുണ്ടായിരുന്നെങ്കിലെന്ന ഔപചാരികമായ ഖേദപ്രകടനത്തിന് പോലും തയ്യാറാകാതെ.

2018-11-30

ജി ഡി പി ആചാരം അഥവാ ആലിന്റെ തണല്‍



മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുത്ത്, അടിസ്ഥാന വര്‍ഷമായി നിശ്ചയിച്ച വര്‍ഷത്തെ ആകെ ഉത്പാദനവുമായി തട്ടിച്ചുനോക്കി വളര്‍ച്ചാ നിരക്ക് കൂടുകയാണോ കുറയുകയാണോ എന്ന് തിട്ടപ്പെടുത്തുക എന്നത് ഒരു ആചാരമാണ്. ശ്രീധരന്‍ പിള്ളയദ്യം മുതല്‍പേരും രമേശ് ചെന്നിത്തലയദ്യം മുതല്‍പേരും പറയുന്നത് പോലെ 'യുഗായുഗാന്തരങ്ങളാ'യി പാലിച്ചുപോരുന്നതൊന്നുമല്ല, മൂലധനത്തിലും കമ്പോളത്തിലും അധിഷ്ഠിതമായ സാമ്പത്തികക്രമം വേരുപിടിച്ചു തുടങ്ങിയ കാലം മുതലുള്ള ആചാരം. ഇന്ത്യന്‍ യൂനിയനില്‍ ആചാര പ്രിയരുടെ പാര്‍ട്ടിക്കാര്‍ക്കാണ്  ഈ സാമ്പത്തിക ആചാരത്തിലും വലിയ താത്പര്യമുള്ളത്. വളര്‍ച്ചാ നിരക്കിന്റെ ശതമാനക്കണക്ക് ചൂണ്ടിക്കാട്ടി രാജ്യം മുന്നേറിയതില്‍ അഭിമാനം കൊള്ളും ശ്രീധരന്‍പിള്ളയദ്യത്തിന്റെയും രമേശ് ചെന്നിത്തലയദ്യത്തിന്റെയും പാര്‍ട്ടികള്‍. ആചാരവശാല്‍ ഇവിടെ സ്ത്രീ- പുരുഷ ഭേദമില്ല. സ്ത്രീകള്‍ക്ക് തന്നെ പ്രായത്തിലൂന്നിയുള്ള നിയന്ത്രണവുമില്ല. എട്ട് വയസ്സുള്ള പെണ്‍ കുട്ടി മുതല്‍ 70 വയസ്സുള്ള വൃദ്ധ വരെ ആര് ജോലി ചെയ്താലും ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കിലുള്‍പ്പെടും (ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന പെണ്‍കുട്ടികളുടെയും വൃദ്ധരുടെയും എണ്ണം ഔദ്യോഗിക രേഖകളില്‍ ഉണ്ടാകില്ല).


എല്ലാ ആചാരങ്ങളെയും യുക്തികൊണ്ട് വിലയിരുത്താനാകുമോ എന്ന ചോദ്യം ഇവിടെയുമുയരും. സകലതും ചൂഷണം ചെയ്തും അധികാരത്തിലുള്ള സ്വാധീനമുപയോഗപ്പെടുത്തി അവസരങ്ങള്‍ തുറന്നെടുത്തും സഹസ്ര കോടികളുടെ ലാഭം കൊയ്യുന്ന കുത്തകകളുടെയും അരയേക്കര്‍ നിലത്ത്, ഋണബാധ്യതയുടെ നുകം പേറി കൊയ്ത്തുത്സവം നടത്തുന്ന കോരന്മാരുടെയും ഉത്പാദനം ആകെച്ചേര്‍ത്താണ് കണക്കെടുപ്പ്. അതിന്റെ അടിസ്ഥാനത്തിലാണ് വളര്‍ച്ചാനിരക്ക് നിശ്ചയിക്കുക. മുട്ടില്ലാതെ അന്നം കിട്ടാത്തവര്‍, ജനസംഖ്യയുടെ പാതിയുണ്ടെങ്കിലും വളര്‍ച്ചാ നിരക്ക് രണ്ടക്കം തൊട്ടാല്‍, സമ്പല്‍ സമൃദ്ധിയായി. രാജ്യമൊട്ടാകെ ഒഴുകുന്ന പാലിലും തേനിലും മുങ്ങി മരിച്ചാല്‍ മതി, അന്നത്തിന് മുട്ടുള്ളവരെന്ന് ചുരുക്കം.


ഇന്ത്യന്‍ യൂനിയന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറ്റവുമധികം വലിയ മാന്ദ്യം നേരിട്ടതും ഒരേ ഭരണത്തിന് കീഴിലാണ്. 2004ല്‍ തുടങ്ങി 2014ല്‍ അവസാനിച്ച ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ യു പി എ ഭരണകാലം. മൂന്ന് പതിറ്റാണ്ട് മുമ്പുള്ള പാഠ്യപദ്ധതിയനുസരിച്ചാണെങ്കില്‍ ഇന്നേക്ക് മൂന്ന് പതിറ്റാണ്ടിന് ശേഷം സാമൂഹികപാഠ പുസ്തകത്തില്‍ ഒന്നാം മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ഭരണ പരിഷ്‌കാരങ്ങളും രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ഭരണപരിഷ്‌കാരങ്ങളും പ്രത്യേകം അധ്യായങ്ങളായേനേ. 2008ല്‍ അമേരിക്കയില്‍ ആരംഭിച്ച മാന്ദ്യം ആഗോളാടിസ്ഥാനത്തിലേക്ക് വളര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന് കഴിഞ്ഞതെങ്ങനെ എന്ന ചോദ്യം പത്താം ക്ലാസിലെ അവസാനപ്പരീക്ഷയില്‍ ഇടവിട്ട വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചേനേ.  മന്‍മോഹന് ശേഷം രാജ്യഭാരമേറ്റ നരേന്ദ്ര മോദിക്ക് വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കാതിരുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനാകും ഇടവിട്ട വര്‍ഷങ്ങളിലെ ചോദ്യം. ഇതേ ചോദ്യം സാമ്പത്തികശാസ്ത്ര ബിരുദത്തിന് മൂന്നാം വര്‍ഷം എഴുതുന്നവര്‍ക്കാകുമ്പോള്‍ അസംസ്‌കൃത എണ്ണ വില കുത്തനെ കുറഞ്ഞിരുന്ന ആദ്യ രണ്ട് വര്‍ഷങ്ങളില്‍പ്പോലുമെന്നതിന് പ്രത്യേക ഊന്നല്‍ നല്‍കാന്‍ സര്‍വകലാശാലാ ചോദ്യകര്‍ത്താക്കന്‍മാര്‍ നിര്‍ദേശിക്കാനും മതി.


പഠിതാക്കാള്‍ വിവരണപ്രിയരാണെങ്കില്‍, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത് പോലുള്ള മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിന്നാക്കം പിടിച്ചുവലിച്ചതിന്റെ കഥ നീട്ടിയെഴുതും. കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയ ലോകത്തെ ആദ്യത്തെ ഭരണാധികാരിയായിരുന്നു പ്രസ്തുത നരേന്ദ്ര മോദി എന്ന് രേഖപ്പെടുത്തും. അപ്പോഴേക്കും സാമ്പത്തിക രംഗത്തെ 'മോദി പരിഷ്‌കാരങ്ങള്‍' എന്ന പേരില്‍ ഇവയൊക്കെ പ്രസിദ്ധമാകാനും മതി. വരമ്പത്ത് കൂലി വാങ്ങി പാടത്ത് ജോലിക്കിറങ്ങുന്ന ഇപ്പോഴത്തെ സ്തുതിപാഠകരാകില്ലല്ലോ വരും കാലത്തും. ആകയാല്‍ വാഴ്ത്തുപാട്ടുകള്‍ എക്കാലത്തും തുടരാന്‍ ഇടയില്ല. അധികാരം മെലിഞ്ഞാല്‍ പിന്നെ അമ്പത്തിയാറിഞ്ച് നെഞ്ചളവു കൊണ്ട് ഫലമുണ്ടാകില്ല. ആരും ഭയപ്പെടില്ലെന്ന് ചുരുക്കം. ആകെ ഭയന്ന് ആജ്ഞാനുവര്‍ത്തികളായി നിന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍കാര്‍, 2019 മെയിനു ശേഷം ചിന്ത്യം എന്ന അവസ്ഥ വന്നപ്പോള്‍ പരസ്പരം വെട്ടി പലതും വെളിവാക്കിയത് അതുകൊണ്ടല്ലേ.

അതേ സ്ഥിതി തന്നെയാകും മറ്റെല്ലായിടത്തും. സാമ്പത്തിക സൂത്രങ്ങള്‍ ഉപദേശിക്കുന്നവരില്‍ മുഖ്യനായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം ഇപ്പോഴേ പറഞ്ഞുകഴിഞ്ഞു, നോട്ട് പിന്‍വലിക്കാനെടുത്ത തിരുമാനം മനുഷ്യത്വമില്ലാത്തതായിരുന്നുവെന്ന്. അതുവഴി സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയെ നേരിട്ടുവെന്നും വളര്‍ച്ച കുറഞ്ഞുവെന്നും. അധികാരം പോകുന്നതിന് മുമ്പ് തന്നെ മുന്‍ കൂട്ടാളികള്‍ ഇവ്വിധം എഴുതിത്തുടങ്ങിയാല്‍ അധികാരത്തിന് പുറത്തായാലുള്ള കഥ പറവാനുണ്ടോ? സകല മണ്ടത്തരങ്ങളും പുറത്തുവരും. തീരുമാനമെടുത്തപ്പോള്‍ തീണ്ടാപ്പാടകലെപ്പോലും നിര്‍ത്താതിരുന്ന സഹപ്രവര്‍ത്തകര്‍ (ഇന്നത്തെ നിലയില്‍ പേരിന് മന്ത്രിസ്ഥാനമുള്ളവര്‍) പോലും പലതും പറഞ്ഞേക്കാം. യശശ്ശരീരകാലത്ത് പോലും മാനമുണ്ടാകില്ലെന്ന് ചുരുക്കം.


മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുക്കുന്ന ആചാരത്തെ മുറുകെപ്പിടിക്കുകയേ വഴിയുള്ളൂ. ഭരണം തുടങ്ങി കുറച്ചിട പിന്നിട്ടപ്പോള്‍ വളര്‍ച്ച മോശമെന്ന് റിപ്പോര്‍ട്ടുകളുണ്ടായി. മെച്ചപ്പെടുത്താനുള്ള വഴിയെന്തെന്ന് ചികഞ്ഞു. അടിസ്ഥാന വര്‍ഷം മാറ്റുക എന്നതായിരുന്നു ഒരു പോംവഴി. സഹസ്രലാഭന്‍ മുതല്‍ കോരന്‍ വരെയുള്ളവരുടെ കണക്കെടുത്ത് കഴിഞ്ഞാലും പുറത്തുണ്ട് ചിലത്. അവയൊക്കെ ചേര്‍ത്ത് ഉത്പാദനക്കണക്ക് കൂട്ടുക എന്നതായിരുന്നു രണ്ടാം വഴി. രണ്ടും സ്വീകരിക്കാന്‍ നിശ്ചയിച്ചു. പൗരാണികകാലം മുതല്‍ പവിത്രമായി കരുതപ്പെടുന്ന, ഔഷധമായി ഉപയോഗിക്കുന്ന ഗോമൂത്രത്തിന്റെ കണക്ക് ചേര്‍ത്തിട്ടുണ്ടോ ആകെ ഉത്പാദനത്തില്‍? പ്രതിവര്‍ഷം എത്ര ലിറ്റര്‍ ഗോമൂത്രം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടാകും രാജ്യത്ത്? അതൊന്നും കണക്കിലെടുക്കാതെ എന്ത് ആഭ്യന്തര ഉത്പാദനം, എന്ത് വളര്‍ച്ചാ നിരക്ക്? ചേര്‍ക്കാവുന്നതൊക്കെ ചേര്‍ത്ത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുക്കാന്‍ നിശ്ചയിച്ചു. അടിസ്ഥാന വര്‍ഷം 2011 - 12 സാമ്പത്തിക വര്‍ഷമായും നിശ്ചയിച്ചു. എന്നിട്ടും വളര്‍ച്ചാ നിരക്ക് കുറഞ്ഞു തന്നെ നിന്നു. വെറുംവാക്കും വീരവാദവും പ്രസംഗത്തിലേ പറ്റൂ. കണക്കില്‍ പ്രയാസം.


നോട്ട് പിന്‍വലിച്ചപ്പോഴത്തെ പ്രതീക്ഷ നാല് മുതല്‍ അഞ്ച് ലക്ഷം കോടി മൂല്യമുള്ള കറന്‍സി തിരിച്ചെത്തില്ലെന്നായിരുന്നു. അത്രയും തുക റിസര്‍വ് ബേങ്ക് പുതുതായി അച്ചടിച്ച് സര്‍ക്കാറിന് നല്‍കും, ആ തുക സര്‍ക്കാര്‍ ചെലവായി വിപണിയിലേക്ക് ഇറങ്ങുന്നതോടെ വളര്‍ച്ചാ നിരക്ക് കുത്തനെകൂടും. പന്ത്രണ്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ച് വികസിത രാജ്യമെന്ന ഖ്യാതി സ്വന്തമാകും. ഒന്നും നടന്നില്ല. ജി എസ് ടി നടപ്പാക്കുമ്പോഴുമുണ്ടായിരുന്നു പ്രതീക്ഷ. വെട്ടിപ്പുകളാകെ ഇല്ലാതാകും. നികുതി വരുമാനം കുത്തനെ കൂടും. അതോടെ  കൂടുതല്‍ പണം ചെലവിട്ട് വളര്‍ച്ചാ നിരക്ക് കൂട്ടാമെന്ന് മോഹിച്ചു. അതും അസ്ഥാനത്തായി. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ കരുതലായി കൈവശം വെക്കുന്ന പണമായിരുന്നു അവസാനത്തെ പ്രതീക്ഷ. അതിലൊരു മൂന്നര ലക്ഷം കോടി ആവശ്യപ്പെട്ടപ്പോള്‍ ഉര്‍ജിത് പട്ടേല്‍ പോലും എതിര്‍ത്തു. ഒന്നും കിട്ടാതായാല്‍ പിന്നെ വലുതാകാനുള്ള ഏക വഴി മറ്റുള്ളവരെ ചെറുതാക്കുക എന്നതാണ്. അതില്‍ ആചാര ലംഘനമില്ലെന്നാണ് തന്ത്രിമാരുടെ പക്ഷം.


മുന്‍കാലത്തെ അടിസ്ഥാനപ്പെടുത്തിയാണ് വളര്‍ച്ചാ നിരക്ക്. 2003 -04 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കി 2013 - 14 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കാം. 2007 - 08 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയും 2013 - 14 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കാം. അങ്ങനെ മുന്‍കാലത്തെ അടിസ്ഥാനപ്പെടുത്തി വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കുന്നതാണല്ലോ ആചാരം. അങ്ങനെ നിര്‍ണയിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് രണ്ടക്കം കടന്നത് ഒരൊറ്റത്തവണ മാത്രമാണ്. 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ - 10.3 ശതമാനം. ഇതടക്കം 2005 - 06 മുതല്‍ 2011 -12 വരെ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ശരാശരി വളര്‍ച്ച 7.75 ശതമാനം. 2014 മുതല്‍ ഇന്നുവരെ രാജ്യം ഭരിച്ച അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന്റെ കാലത്തെ ശരാശരി വളര്‍ച്ച 7.35 ശതമാനം. ശതമാനക്കണക്കില്‍ ദശാംശം നാലേ കുറവുള്ളൂ. പക്ഷേ അത് കറന്‍സിക്കണക്കിലാക്കുമ്പോള്‍ ലക്ഷം കോടി വരും.


ഭാവിയില്‍ സാമൂഹികപാഠ, സാമ്പത്തിക ശാസ്ത്ര ചോദ്യപ്പേപ്പറുകളില്‍ ഉണ്ടാകാന്‍ ഇടയുള്ള മാനഹാനി ഒഴിവാക്കാനെന്ത് മാര്‍ഗം. സ്വയം വലുതാകാന്‍ കഴിയില്ലെങ്കില്‍ വലിയവനെ ചെറുതാക്കണം. 2011 - 12 സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി വളര്‍ച്ചാ നിരക്ക് കണക്കാക്കാന്‍ നിശ്ചയിച്ചു. ആണ്ടോടാണ്ട് വളര്‍ച്ചാ നിരക്ക് കണക്കാക്കണം, അടിസ്ഥാനവര്‍ഷവുമായി താരതമ്യം ചെയ്താകണം വളര്‍ച്ചാ നിരക്ക് നിശ്ചയിക്കേണ്ടത് എന്നേ ആചാരമുള്ളൂ. അടിസ്ഥാനവര്‍ഷം മുമ്പുള്ളതോ പിമ്പുള്ളതോ ആകേണ്ടത് എന്നത് തന്ത്രിക്ക് തീരുമാനിക്കാം. ആചാരത്തെയും തന്ത്രിയുടെ തീരുമാനത്തെയും എ ഐ സി സി ചോദ്യംചെയ്താലും രമേശ് ചെന്നിത്തലയദ്യം ചോദ്യം ചെയ്യില്ല. കോണ്‍ഗ്രസിന് സീറ്റുകിട്ടുമെന്ന് ഇപ്പോഴുമുറപ്പുള്ള ഏക സംസ്ഥാനത്തെ നേതാവാണ് അദ്ദേഹം. അതിനാല്‍ അദ്ദേഹം പറയുന്നതാണ് പ്രമാണം.


2011-12നെ അടിസ്ഥാനമാക്കി കീഴോട്ട് അളന്നപ്പോള്‍ 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്തുണ്ടായത് 8.5 ശതമാനം വളര്‍ച്ച മാത്രം. 2005 - 06 മുതല്‍ 2011 - 12 വരെയുള്ള വര്‍ഷങ്ങളിലെ ശരാശരി വളര്‍ച്ചാ നിരക്ക് 6.82 ശതമാനം മാത്രം. സാമ്പത്തിക കാര്യത്തില്‍ മന്‍മോഹനേക്കാള്‍ വലുപ്പം നരേന്ദ്ര മോദിക്കാണെന്ന് തെളിയിക്കാന്‍ ഇതില്‍പ്പരമെന്ത് വേണം. ഭാവിയിലും യശശ്ശരീരകാലത്തുമുണ്ടാകാന്‍ ഇടയുള്ള മാനഹാനി ഒഴിഞ്ഞു.


മേല്‍ക്കോയ്മ ഉറപ്പിക്കാനുള്ളതാണ് ആചാരങ്ങള്‍. പണം കൊണ്ടും പദവി കൊണ്ടും താഴ്ത്തി നിര്‍ത്തപ്പെട്ടവര്‍ക്കു മേലുള്ള കോയ്മ ഉറപ്പിക്കാനുള്ളത്. ഇവിടെയും അതേ ഉദ്ദേശിക്കുന്നുള്ളൂ. രാജ്യം കൂടുതല്‍ വളര്‍ന്നത് അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന് കീഴിലാണെന്ന വ്യാജം നിര്‍മിച്ച് വിതരണം ചെയ്യുമ്പോള്‍ ഗുജറാത്ത് മാതൃകയെന്ന വ്യാജം വിതരണം ചെയ്തപ്പോഴുണ്ടായത് പോലുള്ള നേട്ടമാണ് ലക്ഷ്യം. അത് ലാക്കാക്കിയുള്ള പല ആചാരങ്ങളില്‍ ഒന്നാണ് ഈ വളര്‍ച്ചാ നിരക്ക് കണക്കാക്കലും.


2018-11-06

പ്രധാന്‍ മന്ത്രി വിത്തു കുത്തി തിന്നല്‍ യോജന


പണമില്ല. തീരെയില്ലെന്നല്ല. അന്നന്നത്തെ കാര്യങ്ങള്‍ നടന്നുപോകും. അതിനപ്പുറത്തുള്ളത് പ്രയാസം. കുറേ കാര്യങ്ങള്‍ കടം വാങ്ങി നിവര്‍ത്തിക്കുന്നു. പക്ഷേ, പൊങ്ങച്ചത്തിനൊപ്പിച്ച് ഒന്നും നടക്കുന്നില്ല. അക്കാര്യം പുറമേക്ക് പറയാന്‍ വയ്യ. രാജ്യം സാമ്പത്തികശക്തിയാകാന്‍ കുതിക്കുന്നുവെന്നും വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുന്ന കാലം അകലെയല്ലെന്നുമാണല്ലോ വീരവാദം. ഖജാനയില്‍ വേണ്ടത്ര പണമില്ലെന്ന് എങ്ങനെ പറയും?


കൈവശമുള്ള പണത്തിനാണെങ്കില്‍ വിലയിടിവ്. രാജ്യാതിര്‍ത്തിക്ക് പുറത്തു നിന്ന് വാങ്ങുന്നതിനൊക്കെ കൂടുതല്‍ പണം നല്‍കണം. ഏറ്റവുമധികം വാങ്ങേണ്ടത് അസംസ്‌കൃത എണ്ണയാണ്. അതിന് തന്നെ വില കൂടി. പുറമെയാണ് പണത്തിന്റെ വിലയിടിവ്. കൂടുതല്‍ പണം നല്‍കി എണ്ണ വാങ്ങി വില്‍ക്കുമ്പോള്‍ കൈ നഷ്ടം വരാതെ നോക്കണം. സ്വന്തം പോക്കറ്റിന് നഷ്ടമുണ്ടാകാതെ നോക്കുന്നതിനേക്കാള്‍ പ്രധാനമാണ്, ഇന്ധനം വില്‍ക്കുന്ന പാവപ്പെട്ട കോടീശ്വരന്മാര്‍ക്ക് നഷ്ടം വരാതെ നോക്കുക എന്നത്. അതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ക്കൊക്കെ വില കൂട്ടാന്‍ പറഞ്ഞു. അതങ്ങനെ കൂട്ടിക്കൂട്ടി പോകുമ്പോഴാണ് അഞ്ചിടത്ത് തിരഞ്ഞെടുപ്പ് വന്നത്. ഇന്ധന വില കൂടിയാല്‍, അവശ്യ വസ്തുക്കളുടെയൊക്കെ വില ഉയരും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അതങ്ങനെ കൂടിയാല്‍ വോട്ട് കിട്ടില്ല. അതിനാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടുന്നത് തത്കാലം നിര്‍ത്തി. കൈ നഷ്ടം വന്നുതുടങ്ങി. വലിയ തിരഞ്ഞെടുപ്പ് വരാനിക്കുന്നതിനാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില ഇനിയങ്ങോട്ട് കൂട്ടാനാകില്ല. കൈ നഷ്ടം കൂടുമെന്ന് ചുരുക്കം.


മൊത്തത്തില്‍ കണക്കൊപ്പിച്ച് ബജറ്റ് അവതരിപ്പിക്കുക എന്നത് ആചാരമാണ്. അതനുസരിച്ച് വരുത്താവുന്ന ധനക്കമ്മിക്ക് നിയന്ത്രണമുണ്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം. ഏതാണ്ട് ആറ് ലക്ഷം കോടി രൂപ. ഇതിന്റെ 94.7 ശതമാനം ആഗസ്റ്റ് അവസാനമായപ്പോഴേക്കും എത്തിക്കഴിഞ്ഞു. ധനവര്‍ഷത്തില്‍ ബാക്കിയായ ഏഴ് മാസത്തില്‍ സാധ്യമാകുന്ന അധികച്ചെലവ് 5.3 ശതമാനം മാത്രം. പതിവ് ചെലവുകള്‍ നടത്തിയാല്‍ തന്നെ ധനക്കമ്മി കുതിച്ചുയരുമെന്ന് ഉറപ്പ്. അതിന് പിറകെയാണ് ഇന്ധനവില നിയന്ത്രിച്ച് നിര്‍ത്തുന്നതിന് വേണ്ടിവരുന്ന പണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൊതുവിപണിയിലേക്ക് ഇറങ്ങുന്ന പണം വലിയ തോതില്‍ കുറയുമെന്ന് ചുരുക്കം. പൊങ്ങച്ചപ്പദ്ധതികള്‍ക്ക് ഇതിനകം കിട്ടിയിരുന്ന നാമമാത്രമായ പണം പോലും ഇനിയങ്ങോട്ട് കിട്ടില്ല.


സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമൊഴുക്ക് കുറഞ്ഞാല്‍ കമ്പോളത്തില്‍ പണം കുറയും. കമ്പോളത്തില്‍ പണം കുറഞ്ഞാല്‍ വാങ്ങല്‍ കുറയും, വാങ്ങല്‍ കുറഞ്ഞാല്‍ നിര്‍മാണം/ഉത്പാദനം കുറയും. ഇപ്പോള്‍ തന്നെയുള്ള മുരടിപ്പ് കൂടും. ഈ സ്ഥിതിക്ക് ചെറിയ മാറ്റമെങ്കിലുമുണ്ടാകണമെങ്കില്‍ ബേങ്കുകളില്‍ നിന്ന് വായ്പയായി കൂടുതല്‍ പണം എത്തണം. അത് നടക്കണമെങ്കില്‍ ബേങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ സാധിക്കണം. വന്‍കിടക്കാരുടെ കിട്ടാക്കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയതിന് ശേഷവും രാജ്യത്തെ പ്രമുഖ ബേങ്കുകളുടെ കിട്ടാക്കടത്തോത് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഇനിയും വായ്പ നല്‍കിയാല്‍ ബേങ്കുകളുടെ സാമ്പത്തിക ഭദ്രത തകരുമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ വലിയ വായ്പകള്‍ പുതുതായി നല്‍കുന്നതില്‍ നിന്ന് ബേങ്കുകളെ വിലക്കുകയും ചെയ്തു.


ഇതിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കുക ചെറുകിട - ഇടത്തരം വ്യവസായ, വാണിജ്യ സ്ഥാപനങ്ങളാണ്. അത്തരം സ്ഥാപനങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലേക്ക് വലിയ സംഭാവന നല്‍കുന്നത്, ഏറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നത്. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നോട്ട് പിന്‍വലിച്ചതും ജി എസ് ടി തിരക്കിട്ട് നടപ്പാക്കിയതും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആവശ്യത്തിന് വായ്പ കൂടി കിട്ടാത്ത സ്ഥിതി കൂടിയുണ്ടായാല്‍ പ്രതിസന്ധി രൂക്ഷമാകും. അത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കും, തൊഴില്‍ നഷ്ടത്തിനും കാരണമാകും. വൈകിയാണെങ്കിലും ഈ പ്രശ്‌നം കേന്ദ്ര സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് 59 മിനുട്ടുകൊണ്ട് വായ്പ എന്ന പുതിയ പദ്ധതി ദീപാവലി സമ്മാനമെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പക്ഷേ, ഈ പദ്ധതിയനുസരിച്ച് വായ്പ ലഭിക്കുക മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന, നിലവിലുള്ള വായ്പകളുടെ തിരിച്ചടവൊക്കെ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ്. പ്രതിസന്ധിയിലുള്ളവയ്ക്ക് കരകയറാനുള്ള അവസരം ദീപാവലി സമ്മാനത്തിലില്ല തന്നെ.


സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമൊഴുക്ക് കുറയുകയും ബേങ്കുകളില്‍ നിന്നുള്ള വായ്പയുടെ ഒഴുക്ക് നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യം പൊടുന്നനെ ഉണ്ടായതല്ല. 2014 മെയില്‍ എന്‍ ഡി എ അധികാരത്തിലെത്തിയ ശേഷം അധികാരമൊന്നാകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കേന്ദ്രീകരിക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതിരിക്കുകയും ചെയ്തതോടെ, വിവിധ തലങ്ങളിലുള്ള ആസൂത്രണം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി. മന്ത്രാലയങ്ങള്‍ക്കോ സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കോ തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ സാധിക്കാതെയുമായി. ഇപ്പോള്‍ അഭിമൂഖീകരിക്കുന്ന വലിയ പ്രതിസന്ധിയുടെ മുഖ്യ കാരണം ഇതാണ്.


ബേങ്കുകളുടെ കിട്ടാക്കടത്തിന്റെ കണക്കും കുടിശ്ശിക വരുത്തിയ വന്‍കിടക്കാരുടെ പട്ടികയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് ധനമന്ത്രാലയത്തിനും കൊടുത്തു. കുടിശ്ശിക പിരിച്ചെടുത്ത് ബേങ്കുകളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്തില്ല നമ്മുടെ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നതിനാല്‍ ധനമന്ത്രാലയം, രഘുറാം രാജന്റെ റിപ്പോര്‍ട്ട് തുറന്നുപോലും നോക്കാതെ ഭദ്രമായി സൂക്ഷിച്ചു. കുടിശ്ശിക വരുത്തിയവരില്‍ ഭൂരിഭാഗവും നരേന്ദ്ര മോദിയ്ക്ക് വേണ്ടപ്പെട്ടവരാകയാലാണ്, നടപടിയെടുത്ത് അവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചതെന്ന് ആരോപണമുണ്ട്. പട്ടികയിലുള്ള വേണ്ടപ്പെട്ടവരെ മാറ്റിനിര്‍ത്തി ബാക്കിയുള്ളവര്‍ക്കെതിരെ മാത്രം നടപടിക്ക് നിര്‍ദേശിക്കാനാകില്ലല്ലോ! കുടിശ്ശികക്കാരില്‍ മുമ്പന്തിയിലുള്ള വ്യവസായ പ്രമുഖന്റെ കമ്പനിയെ പ്രതിരോധക്കരാറിന്റെ ഭാഗമായി സഹായിക്കുകയും ചെയ്തു പ്രധാനമന്ത്രിയെന്ന ആരോപണവും ഉയരുകയാണ്.


ചുരുക്കത്തില്‍ ഇപ്പോഴത്തെ അവസ്ഥക്ക് മുഖ്യ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലാതെ മറ്റാരുമല്ല. ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കണ്ണില്‍പ്പൊടിയിടാനെങ്കിലും ചിലത് ചെയ്‌തേ പറ്റൂ. വിളകള്‍ക്ക് വിലയില്ലാത്തത് കര്‍ഷകരെയാകെ ദുരിതത്തിലാക്കുകയാണ്. വലിയവായില്‍ പ്രഖ്യാപിച്ച താങ്ങുവില നല്‍കി കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കണമെങ്കില്‍ പണം വേണം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് തൊഴില്‍ ഉറപ്പാക്കി കൂലി നല്‍കണമെങ്കിലും പണം വേണം. ജനപ്രിയ പദ്ധതികള്‍ മറ്റെന്തെങ്കിലും നടപ്പാക്കണമെങ്കിലും വേണം പണം. നോട്ട് പിന്‍വലിച്ചപ്പോള്‍ പറഞ്ഞത്, കള്ളപ്പണമായി വിപണിയിലുള്ള നാല് മുതല്‍ അഞ്ച് ലക്ഷം കോടി രൂപയുടെ കറന്‍സി തിരികെ എത്തില്ലെന്നും അത്രയും തുക സര്‍ക്കാര്‍ ഖജനാവില്‍ അധികമായെത്തുമെന്നുമാണ്. ആ പണം വികസനപദ്ധതികള്‍ക്ക് ചെലവിടുമെന്നും. ഒന്നും സംഭവിച്ചില്ല. ആദായ നികുതിയിനത്തിലുള്ള വരവ് വര്‍ധിക്കുമെന്നും അന്ന് അവകാശപ്പെട്ടിരുന്നു. അതില്‍ ചെറിയ വര്‍ധനയുണ്ടായെങ്കിലും പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ വലിയ വരുമാനം ഉണ്ടായില്ല. ഏതാണ്ടെല്ലാ വിദേശരാജ്യങ്ങളും ഇക്കാലയളവില്‍ സന്ദര്‍ശിച്ച നരേന്ദ്ര മോദി, യാത്രാവസാനങ്ങളിലൊക്കെ രാജ്യത്തേക്ക് ഒഴുകാനിടയുള്ള സഹസ്ര കോടികളുടെ നിക്ഷേപത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അതും കാര്യമായുണ്ടായില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് ലക്ഷം കോടി ഖജനാവിലെത്തിക്കുമെന്ന് ഓരോ വര്‍ഷവും പറഞ്ഞിരുന്നു. കഴിയാവുന്നത്ര വിറ്റുതുലച്ചെങ്കിലും ദാരിദ്ര്യം തീര്‍ക്കാന്‍ അത് മതിയായില്ല.


ഇനിയിപ്പോള്‍ പണം കണ്ടെത്താന്‍ ഒരൊറ്റ വഴിയേയുള്ളൂ. കരുതല്‍ ധനമായി റിസര്‍വ് ബേങ്ക് കൈവശം വെക്കുന്ന പണത്തില്‍ കൈവെക്കുക. അതില്‍ വലിയൊരു ഭാഗം സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റുക. ഓരോ വര്‍ഷവും ഡിവിഡന്റായി വലിയ തുക റിസര്‍വ് ബേങ്ക് കേന്ദ്ര ഖജനാവിലേക്ക് നല്‍കാറുണ്ട്. അതിന് പുറമെയാണ് കരുതല്‍ ധനത്തിന്റെ ഭാഗം വേണമെന്ന ആവശ്യം. അതായത് വിത്ത് കുത്തി അരിയാക്കി ഊണുകഴിക്കേണ്ട അവസ്ഥയിലേക്ക് രാജ്യമെത്തി എന്ന് അര്‍ഥം. വളര്‍ച്ചയുടെ വലിയ കണക്കും സാമ്പത്തിക ശക്തിയായി വളരുന്നതിന്റെ അഭിമാനവും പങ്കുവെച്ചവര്‍ ചെലവിനായി കരുതല്‍ ധനം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍, നാലര വര്‍ഷം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം തകര്‍ത്തുവെന്നാണ് മനസ്സിലാക്കേണ്ടത്. 2008ല്‍ ലോകമാകെ സാമ്പത്തിക മാന്ദ്യത്തില്‍ അമര്‍ന്നപ്പോഴും പിടിച്ചു നിന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നാലരക്കൊല്ലം കൊണ്ട് ഈ അവസ്ഥയിലെത്തിച്ച 'വൈദഗ്ധ്യ'ത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല തന്നെ. 


പലിശ നിരക്കുള്‍പ്പെടെ ധനനയം നിശ്ചയിക്കാനുള്ള അധികാരത്തില്‍ കൈകടത്തിയപ്പോഴും തങ്ങളുടെ നിര്‍ദേശം തള്ളിക്കൊണ്ട് നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചപ്പോഴും വിധേയരായി നിന്ന റിസര്‍വ് ബേങ്കിന്, കരുതല്‍ ധനത്തില്‍ കൈവെക്കാനുള്ള ശ്രമം സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. ഹ്രസ്വകാലത്തെ നേട്ടം ലാക്കാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് ദീര്‍ഘകാലത്തില്‍ ഉണ്ടാക്കാന്‍ ഇടയുള്ള അപകടത്തെക്കുറിച്ച് ചിന്തിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് ആര്‍ ബി ഐ തുറന്നുപറഞ്ഞു. ഇത്രയും കാലം മോദിയുടെ വാക്കിന് മറുവാക്കില്ലാതിരുന്ന ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പോലും തിരിഞ്ഞുനില്‍ക്കുന്നു. ഇനിയെങ്കിലും പ്രതിരോധിച്ചില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകരുമെന്ന് പരോക്ഷമായി രാജ്യത്തോട് പറയുകയാണ് ഊര്‍ജിത് പട്ടേല്‍.


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സര്‍ക്കാറും തമ്മിലുള്ള അധികാരത്തര്‍ക്കമായി ഇതിനെ അവതരിപ്പിക്കാനാണ് സര്‍ക്കാറും സംഘ്പരിവാരവും പൊതുവില്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നയം അംഗീകരിക്കില്ലെങ്കില്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രാജിവെച്ചുപോകണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. 2008 മുതല്‍ 2014 വരെ ബാങ്കുകള്‍ നിര്‍ലോഭം വായ്പകള്‍ നല്‍കിയപ്പോള്‍ നോക്കുകുത്തിയായി നിന്ന ആര്‍ ബി ഐയാണ് കിട്ടാക്കടം പെരുകിയതിനും സാമ്പത്തിക പ്രതിസന്ധിയുണ്ടായതിനും ഉത്തരവാദിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തുന്നു. നാലര വര്‍ഷത്തെ ഭരണത്തിന് ശേഷം ഖജനാവില്‍ പണമില്ലാതെ വലയുന്ന ധനമന്ത്രിയ്ക്ക് ഉത്തരവാദിത്തം ആരുടെയെങ്കിലും ചുമലില്‍ ചാരിയേ മതിയാകൂ. പ്രതിസന്ധിയില്ല, അധികാരത്തര്‍ക്കം മാത്രമേയുള്ളൂവെന്ന് വരുത്തിത്തീര്‍ക്കേണ്ടതും അവരുടെ ആവശ്യമാണ്.

2018-11-01

നൈഷ്ഠിക നുണാചര്യം


ഇന്ത്യന്‍ യൂനിയന്റെ ആദ്യ പ്രധാനമന്ത്രിയാകേണ്ടിയിരുന്നത് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലാണ്. അത് ജവഹര്‍ ലാല്‍ നെഹ്‌റു തട്ടിയെടുക്കുകയായിരുന്നു. മഹാത്മാ ഗാന്ധിയുമായി നെഹ്‌റുവിനുണ്ടായിരുന്ന അടുപ്പമാണ് അദ്ദേഹത്തെ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാക്കിയത്. ഇത്യാദി വാദങ്ങള്‍ സംഘ്പരിവാര പ്രഭൃതികള്‍ കാലങ്ങളായി ഉന്നയിക്കുന്നതാണ്. പട്ടേല്‍, നെഹ്‌റുവിനേക്കാള്‍ മികച്ച പ്രധാനമന്ത്രിയാകുമായിരുന്നുവെന്ന് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പകാലം മുമ്പ് പറഞ്ഞിരുന്നു. ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ, സ്റ്റ്യാച്യു ഓഫ് യൂനിറ്റി എന്ന പേരില്‍ അനാച്ഛാദനം ചെയ്യുമ്പോള്‍ ഇത്തരം വാദങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ഉയരാനുള്ള സാധ്യത ഏറെയാണ്. അത് കുറേക്കൂടി നിറംപിടിപ്പിച്ച് പ്രചരിപ്പിക്കാന്‍ സംഘ്പരിവാരത്തിന്റെ താഴേത്തട്ടിലുള്ള നേതാക്കള്‍ തയ്യാറാകുകയും ചെയ്യും. പ്രചരിപ്പിക്കാന്‍ ഇടയുള്ള സംഗതികളിലൊന്ന് അടുത്തകാലത്ത് സുബ്രഹ്മണ്യന്‍ സ്വാമി തൊടുത്തതാണ്. അതിങ്ങനെയാണ് - 1946ല്‍ രാജ്യത്തുണ്ടായിരുന്ന 16 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോടും പ്രധാനമന്ത്രി ആരാകണമെന്നതില്‍ മഹാത്മാഗാന്ധി അഭിപ്രായം തേടി. ഒരു കമ്മിറ്റി മാത്രമാണ് നെഹ്‌റുവിനെ അനുകൂലിച്ചത്. 15 കമ്മിറ്റികളും സര്‍ദാര്‍ പട്ടേലിനെ പിന്തുണച്ചു. പക്ഷേ, പട്ടേലിനോട് പിന്‍വാങ്ങാന്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രായോഗിക രാഷ്ട്രീയ കാരണങ്ങളാലാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. അതോടെ പട്ടേല്‍ പിന്‍മാറുകയും നെഹ്‌റു പ്രധാനമന്ത്രിയാകുകയും ചെയ്തു.


പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ വോട്ട് രേഖപ്പെടുത്തുക എന്നത് ഒരിക്കലും നടക്കാന്‍ ഇടയില്ലാത്ത കാര്യമാണ്. ബി ജെ പിയുടെ സംസ്ഥാന യൂനിറ്റുകള്‍ വോട്ട് ചെയ്ത് നരേന്ദ്ര മോദിയെ തിരഞ്ഞെടുക്കുന്നത് പോലെ. എന്നാല്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞ കഥ കേള്‍ക്കുന്നവരില്‍, ഇത് നടക്കാന്‍ ഇടയില്ലാത്ത കാര്യമാണെന്ന് ചിന്തിക്കുന്നവര്‍ കുറവായിരിക്കും. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നുവെന്നതുമാണ് ഈ കഥയെ കുറേക്കൂടി വിശ്വാസയോഗ്യമാക്കാന്‍ പറയുന്ന മറ്റൊരു വാദം. കോണ്‍ഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നത് എ ഐ സി സി സമ്മേളനത്തിലെ പ്രതിനിധികളാണെന്നതാണ് വസ്തുത. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നെഹ്‌റുവായിരുന്നില്ല കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍, ജെ ബി കൃപലാനിയായിരുന്നു. ഇതൊന്നും സര്‍ദാര്‍ പട്ടേലിനെ അട്ടിമറിച്ച് നെഹ്‌റു പ്രധാനമന്ത്രിയായെന്ന് സ്ഥാപിക്കാനായി പ്രചരിപ്പിക്കപ്പെടുന്ന കഥകളെ ഇല്ലാതാക്കുന്നില്ല. അതിന്റെ 'വിശ്വാസ്യതയെ' ചോദ്യംചെയ്യുകയുമില്ല. 


നുണകളുടെയും അര്‍ധ സത്യങ്ങളുടെയും ഉത്പാദനവും പ്രസരണവും വിതരണവും സംഘ്പരിവാരം നടത്തുന്നതിന് ഉദാഹരണമായാണ് 'പട്ടേല്‍ പുരാണം' വിവരിച്ചത്. വലിയ കാര്യങ്ങളില്‍ മാത്രമല്ല, ചെറിയ കാര്യങ്ങളില്‍ വരെ ഇതുതന്നെയാണ് സ്ഥിതി. നുണകളും അര്‍ധ സത്യങ്ങളും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഉപകരണങ്ങളായി സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിന് തുടക്കമിടുന്ന  സംഘ്പരിവാരത്തിന് ഏതാണ്ടെല്ലാ മേഖലകളില്‍ നിന്നും പിന്തുണ ലഭിക്കുകയും ചെയ്യാറുണ്ട്. 'മുസ്‌ലിംകളെല്ലാം ഭീകരരല്ല പക്ഷേ ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സിദ്ധാന്തം സ്ഥാപിച്ചെടുക്കുന്നതില്‍ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ വഹിച്ച പങ്ക് ചെറുതല്ല. ഹിന്ദുത്വ ഭീകരവാദ ശൃംഖലകള്‍ നടത്തിയ ആക്രമണങ്ങള്‍ പോലും മുസ്‌ലിംകളുടെ ചുമലില്‍ ചാര്‍ത്തിക്കൊണ്ടാണ് അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ അവരുടെ പങ്ക് 'സ്തുത്യര്‍ഹ'മായി നിറവേറ്റിയത്.


കേരളത്തിലും കര്‍ണാടകയിലും ആരംഭിച്ച് ഉത്തരേന്ത്യയിലേക്ക് പടര്‍ന്ന 'ലവ് ജിഹാദ്' പ്രചാരണത്തിന് ആധികാരികച്ഛായ നല്‍കുന്നതില്‍ നീതിന്യായ സംവിധാനത്തിലെ ഒരാളെങ്കിലും ശ്രമിച്ചതിന് നമ്മള്‍ സാക്ഷിയാണ്. പല കാലങ്ങളിലായി, പല തലങ്ങളില്‍ നടന്ന അന്വേഷണങ്ങള്‍ക്ക് ശേഷം 'ലവ് ജിഹാദ്' എന്നത് നുണ പ്രചാരണമാണെന്ന് തെളിയിക്കപ്പെട്ടുവെങ്കിലും അതുണ്ടാക്കിയ വര്‍ഗീയമായ ധ്രുവീകരണം സംഘ്പരിവാരത്തിന് നേട്ടമുണ്ടാക്കിക്കൊടുത്തിരിക്കുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 2013ല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വര്‍ഗീയ കലാപത്തിന് കാരണങ്ങളിലൊന്ന് 'ലവ് ജിഹാദാ'യിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അവിടെ ബി ജെ പി നേടിയ വലിയ വിജയങ്ങളുടെ പിന്നാമ്പുറത്ത് മുസഫര്‍ നഗറിലൂടെ സൃഷ്ടിച്ചെടുത്ത ധ്രുവീകരണമുണ്ട്.


ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സൂപ്രീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ നുണകളുടെ പ്രളയം സൃഷ്ടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും അതിലൂടെ നേട്ടമുണ്ടാക്കാനുമാണ് സംഘ്പരിവാരം ശ്രമിക്കുന്നത്. ശബരിമല സന്നിധാനത്തേക്ക് എത്താന്‍ ശ്രമിക്കുന്ന സ്ത്രീകളെ തടയാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍, സംഘര്‍ഷം സൃഷ്ടിച്ച് പോലീസ് നടപടി ക്ഷണിച്ചുവരുത്താനും അയ്യപ്പഭക്തരെ സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. അതുപക്ഷേ അധികകാലം നീട്ടിക്കൊണ്ടുപോകാവുന്ന ഒന്നല്ല. റിവ്യു ഹരജികളില്‍ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിക്കുകയും നേരത്തെ പുറപ്പെടുവിച്ച വിധി നടപ്പാക്കണമെന്ന് ഉത്തരവിടുകയും ചെയ്താല്‍ ഇപ്പോള്‍ സംഘ്പരിവാറിനൊപ്പം നില്‍ക്കുന്ന പലരും പിന്നാക്കം പോയേക്കാം. അതോടെ തെരുവിലെ സമരത്തിന് ഊര്‍ജം കുറയും. ഹിന്ദു വോട്ടുകളെ ഏകീകരിക്കാനായി ബി ജെ പി ശ്രമിക്കുമ്പോള്‍, അവര്‍ണ വിഭാഗങ്ങളെ അടര്‍ത്തി നിര്‍ത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ സി പി എം നടത്തുന്ന ശ്രമവും തെരുവിലെ സമരത്തിന്റെ ആയുസ്സ് പരിമിതപ്പെടുത്തും. അതുകൊണ്ടുതന്നെ നുണകള്‍ ഉത്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക എന്നതില്‍ ഊന്നിക്കൊണ്ട്, തെരുവിലെ സമരത്തിന്റെ പോരായ്മയെ മറികടക്കാനാകും സംഘ്പരിവാര്‍ ശ്രമം. ദീര്‍ഘകാലാടിസ്ഥാനത്തില്‍, തെരുവിലെ അക്രമിക്കൂട്ടങ്ങളെക്കാള്‍ അപകടം വിതയ്ക്കാന്‍ പോകുന്നത് നുണകളുടെ ഉത്പാദന - വിതരണ ശൃംഖലയാണ്. തെരുവിലെ സമരത്തെ നേരിടുന്നത്ര എളുപ്പവുമല്ല ഇതിനെ ചെറുക്കുക.


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വലിയൊരളവ് ശബരിമലയില്‍ നിന്നാണ്. ഈ വരുമാനം സര്‍ക്കാര്‍ എടുത്ത്, മറ്റ് വിഭാഗങ്ങളുടെ കൂടി ക്ഷേമത്തിനായി ചെലവിടുന്നുവെന്നതാണ് കാലങ്ങളായി സംഘ്പരിവാരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണ. മറ്റേതെങ്കിലും മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ വരുമാനം ഇവ്വിധം വിനിയോഗിക്കുന്നുണ്ടോ എന്നും ചോദിക്കും. ദേവസ്വം ബോര്‍ഡിന്റെ ഖജാനയില്‍ നിന്ന് പണമെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ ഖജാനയില്‍ നിന്ന് നല്‍കുന്ന പണം കൂടി ഉപയോഗിച്ചാണ് ദേവസ്വം ബോര്‍ഡ് അതിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലെ ചെലവ് നടത്തുന്നത് എന്നും കണക്കുകള്‍ നിരത്തി പലകുറി പറഞ്ഞതാണ്. ശബരിമലയില്‍ കോടികളുടെ വരുമാനമുണ്ടാകുന്നുവെന്നത് സമ്മതിക്കുമ്പോള്‍, അവിടെ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്ന് വലിയ തുക സംസ്ഥാന സര്‍ക്കാര്‍ നീക്കിവെക്കുന്നുണ്ടെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വസ്തുത ഇതായിരിക്കെ, ശബരിമലയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുകയാണെന്ന നുണ വ്യാപകമായി പ്രചരിപ്പിക്കുകയാണ് സംഘ്പരിവാരം. കുറ്റം പറയരുതല്ലോ, നുണ പറയുകയാണെന്ന അഹങ്കാരം നേതാക്കള്‍ മുതല്‍ താഴേത്തലത്തിലുള്ള പ്രവര്‍ത്തകര്‍ വരെ ആര്‍ക്കുമില്ല.


കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ എസ് ആര്‍ ടി സി) ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് അയ്യപ്പ ഭക്തരുള്ളതുകൊണ്ടാണെന്നാണ് മറ്റൊന്ന്. കെ എസ് ആര്‍ ടി സി, സമീപകാല ചരിത്രത്തിലൊന്നും ലാഭത്തിലായിട്ടില്ല. ബാധ്യതകളെ ഏറ്റെടുത്തും കാലാകാലങ്ങളില്‍ എഴുതിത്തള്ളിയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം കൊടുത്തുമൊക്കെയാണ് അവിടെ ശമ്പളവും പെന്‍ഷനുമൊക്കെ നല്‍കിക്കൊണ്ടിരിക്കുന്നത്. അപ്പോഴാണ് മണ്ഡല - മകര വിളക്ക് കാലത്ത് എത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് വേണ്ടി സര്‍വീസ് നടത്തുന്നതുകൊണ്ടാണ് കെ എസ് ആര്‍ ടി സി ലാഭമുണ്ടാക്കുന്നത് എന്ന വ്യാജം പ്രചരിപ്പിക്കുന്നത്.
പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന വിധി നിശ്ചിത സമയത്തിനുള്ളില്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല എന്നതാണ് വേറൊന്ന്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അടിസ്ഥാന അവകാശമെന്ന് അംഗീകരിച്ച കോടതി അത് രണ്ട് കൊല്ലം കഴിഞ്ഞ് നടപ്പാക്കിയാല്‍ മതിയെന്ന് നിര്‍ദേശിക്കുമെന്ന് കരുതുന്നവര്‍, അറിവില്ലാത്തവരല്ല മറിച്ച് വ്യാജം പ്രചരിപ്പിക്കുന്നവരാണ്.


സംസ്ഥാന സര്‍ക്കാറിന് നിയമ നിര്‍മാണത്തിലൂടെ സുപ്രീം കോടതി വിധി മറികടക്കാനാകുമെന്നതാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന  മറ്റൊരു കളവ്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ചൂണ്ടിക്കാട്ടുന്ന സുപ്രീം കോടതി വിധി മറികടന്ന് നിയമ നിര്‍മാണം സാധ്യമേയല്ല. സ്ത്രീകളുടെ മൗലികാവകാശത്തെ സംരക്ഷിക്കുമ്പോള്‍ വിശ്വാസത്തിനുള്ള മൗലികാവകാശത്തെ ലംഘിക്കുകയാണ് സുപ്രീം കോടതിയെന്ന് വാദിക്കുന്ന നിയമജ്ഞന്‍ കൂടിയായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദം കണക്കിലെടുത്ത്, നടപ്പാക്കാന്‍ കഴിയാത്ത വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കരുതെന്ന് പറയുന്ന അമിത് ഷായും അമ്പത്തിയഞ്ച് ഇഞ്ച് നെഞ്ചളവുള്ള നരേന്ദ്ര മോദിയും കൂടി നിയമം നിര്‍മിച്ചുവെന്ന് കരുതുക. അത് അച്ചടിച്ച കടലാസിന്റെ വിലപോലും നല്‍കാതെ, പരമോന്നത കോടതി എടുത്ത് ചവറ്റുകുട്ടയിലിടും. പുനരുപയോഗിച്ച് ടോയ്‌ലറ്റ് പേപ്പറുണ്ടാക്കാമെന്ന മെച്ചമുണ്ട്. സ്വച്ഛ ഭാരതിന് മുതല്‍ക്കൂട്ടാകും.


ശബരിമലയിലെ ആചാരസംരക്ഷണത്തിന് വേണ്ടി വാദിച്ച ഹിന്ദു യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു, യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ച സ്ത്രീകളെ മര്‍ദിച്ചു, നാമജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുത്തു എന്ന് തുടങ്ങി നുണകളുടെയും അര്‍ധ സത്യങ്ങളുടെയും ഘോഷയാത്ര. നാമജപയാത്ര, പൊതുഗതാഗതം തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് കേസെടുക്കേണ്ടിവരും. അവ്വിധം കേസെടുക്കുമ്പോള്‍ യാത്രയില്‍ പങ്കെടുത്തത് സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കി കേസെടുക്കാനാകുമോ? കേസുകളൊക്കെയുണ്ടാകുമെന്ന് അറിയാതെ ആരെങ്കിലും നാമജപയാത്രയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍, നിയമത്തെക്കുറിച്ച് അറിവില്ല എന്നത് കുറ്റകൃത്യത്തിന് സാധൂകരണമല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ആചാര സംരക്ഷണത്തിനായി ജീവന്‍ നല്‍കാന്‍ പോലും തയ്യാറുള്ളവര്‍ ഒരു പോലീസ് കേസിന്റെ പേരില്‍ ഇത്രമാത്രം തപിക്കുന്നതെന്തിന്?


നുണ ഉത്പാദനത്തിന്റെ ക്ഷമതയും അതിന്റെ പ്രസരണ - വിതരണ വേഗവും കണക്കിലെടുക്കുമ്പോള്‍ വസ്തുത ബോധ്യപ്പെടുത്തല്‍ അത്ര എളുപ്പമല്ല. 15 പ്രദേശ് കമ്മിറ്റികള്‍ പിന്തുണച്ച സര്‍ദാര്‍ പട്ടേലിനെ ഒഴിവാക്കി നെഹ്‌റുവിനെ ആദ്യ പ്രധാനമന്ത്രിയാക്കിയെന്ന വ്യാജം   നടപടിക്രമങ്ങളെക്കുറിച്ച് അത്രയൊന്നും ജ്ഞാനമില്ലാത്തവരെ ഏതളവിലാണോ തെറ്റിദ്ധരിപ്പിക്കുക, അതിന്റെ പതിന്മടങ്ങ് അളവിലാണ് വിശ്വാസം, ആചാരം എന്നിവയിലൂന്നിയുള്ള നുണകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുക. വിശ്വാസികളുടെ വികാരത്തിനൊപ്പം നില്‍ക്കുന്നുവെന്ന ജാമ്യത്തില്‍, സുപ്രീം കോടതി വിധിയുടെ മറപിടിച്ച് നടക്കുന്ന ഒളിയുദ്ധത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസും യു ഡി എഫും നുണയുടെ വിഷ വിത്തുകള്‍ക്ക് കൂടിയാണ് വളമിടുന്നത്. അത് വളരുമ്പോള്‍, സുപ്രീം കോടതി വിധിയെ പിന്തുണക്കുന്നവര്‍ക്ക് മാത്രമാകില്ല വിഷം തീണ്ടുക.

2018-10-23

സംഘ അടുപ്പില്‍ വിറക് തിരുകുന്നവര്‍


ഹിന്ദുത്വ വര്‍ഗീയവാദികളില്‍ നിന്ന് ഇന്ത്യന്‍ യൂനിയനെ രക്ഷിക്കാനും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്താനുമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) വിശ്രമമില്ലാതെ യത്‌നിക്കുന്നത് എന്നാണ് ആ പാര്‍ട്ടിയുടെ അധ്യക്ഷനായ രാഹുല്‍ ഗാന്ധി മുതല്‍ ഇവിടെ തെക്കേയറ്റത്ത് പ്രദേശ് അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെയുള്ളവര്‍ ആണയിടുന്നത്. രാജ്യത്തിന്റെ സാമൂഹിക, സാമുദായിക, സാമ്പത്തിക ഘടനകളെയൊക്കെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങാന്‍ സമയമായെന്ന് വിശ്വസിക്കുകയും ചെയ്യുന്ന സംഘ്പരിവാരം, വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടാനുള്ള ഒരവസരവും നഷ്ടപ്പെടുത്താതിരിക്കുകയും ജനത്തെ ഭീതിയുടെ തടവറയില്‍ അടക്കുന്നതിന് നിയമത്തിനകത്തും പുറത്തുമുള്ള മാര്‍ഗങ്ങളൊക്കെ അവലംബിക്കുകയും ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി മുതല്‍ മുല്ലപ്പള്ളി വരെയുള്ളവരുടെ വാക്കുകളെ വിശ്വസിക്കാന്‍ മതനിരപേക്ഷ നിലപാടെടുക്കുന്നവരൊക്കെ നിര്‍ബന്ധിതരാകുന്നു.


നയപരവും രാഷ്ട്രീയവുമായ എതിര്‍പ്പുകള്‍ തത്കാലം മാറ്റിവെച്ച് കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനോ ധാരണകളുണ്ടാക്കുന്നതിനോ സന്നദ്ധരാണെന്ന് ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അപ്പോഴും ഹിന്ദുത്വ വര്‍ഗീയവാദികളെ പുറന്തള്ളി, അധികാരം പിടിക്കുക എന്നതിനപ്പുറത്ത് രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്തുക എന്നതില്‍ കോണ്‍ഗ്രസിന് എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന സംശയം ശക്തമാണ്. തീവ്ര ഹിന്ദുത്വത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വം, ഭാവിയില്‍ തീവ്ര ഹിന്ദുത്വത്തിന്റെ സമ്പൂര്‍ണാധിപത്യത്തിന് കാരണമാകുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും കോണ്‍ഗ്രസ് സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടുകള്‍ ഏത് വിധത്തിലാണ് സംഘ്പരിവാരത്തെ വളര്‍ത്തിയത് എന്നതും അവരുടെ തീവ്ര അജന്‍ഡകളെ മുഖ്യ വിഷയമായി വളര്‍ത്തിയത് എന്നതും അത്രയൊന്നും പഴകാത്ത ചരിത്രമാണ്. അതിന്റെ വീര്യം കൂടിയ ആവര്‍ത്തനത്തിന് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തന്ത്രങ്ങള്‍ വഴിവെച്ചേക്കാം.


ശബരിമലയില്‍ പ്രായഭേദം കൂടാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി വിധിച്ചതോടെ, അതിലൊരു ധ്രുവീകരണ സാധ്യത കണ്ട് രംഗത്തെത്തിയ സംഘ്പരിവാരത്തിന് വളമിടുകയും വെള്ളമൊഴിക്കുകയും ചെയ്യുന്ന കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നമ്മുടെ മുന്നിലുണ്ട്. സുപ്രീംകോടതി വിധിയെ വിശാലാര്‍ത്ഥത്തില്‍ ശരിവെക്കുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം, വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിനുണ്ടെന്ന് വിശദീകരിച്ച് തലയൂരുകയാണ്.


തത്കാലത്തേക്കുള്ള ലാഭം മുന്‍നിര്‍ത്തി നിലപാട് സ്വീകരിക്കുന്നത് ഭാവിയില്‍ സംഘ്പരിവാറിന്റെ പരിപ്പ് വേവിക്കാനുള്ള വിറകായി മാറുമെന്ന്, മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പറഞ്ഞുകൊടുക്കാന്‍ പോലും സാധിക്കാത്ത വിധത്തിലായിരിക്കുന്നു കോണ്‍ഗ്രസിന്റെ നേതൃത്വം. അതങ്ങനെ ആയതാണെന്ന് കരുതുക വയ്യ. തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദു ഹിന്ദുത്വത്തെ ആയുധമാക്കുന്ന അഖിലേന്ത്യാ നയം തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും മുതല്‍ ബെന്നി ബെഹ്‌നാന്‍ വരെ തുടരുന്നത്.


 ശബരിമലയെ തത്കാലം വിടാം. ഒരു കൊല്ലത്തിനിടെ നടന്ന ഗുജറാത്ത്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണക്കാലം പരിശോധിക്കാം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണം ആരംഭിച്ചത് അവിടങ്ങളിലെ പ്രസിദ്ധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടിക്കൊണ്ടാണ്. കര്‍ണാടകത്തില്‍ വിവിധ മഠങ്ങളുടെ അധിപതികളായ 'സ്വാമി'മാരെ സന്ദര്‍ശിച്ച് വണങ്ങാനും രാഹുല്‍ മടി കാണിച്ചില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തുന്ന രാഹുലിന്റെ മുഖ്യ ഇനങ്ങളിലൊന്ന് ക്ഷേത്ര സന്ദര്‍ശനമാണ്. ശിവ ഭക്തനെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഹുല്‍,


ഹൈന്ദവരുടെ പ്രതിനിധി കൂടിയാണ് താനെന്നും അവരുടെ വികാരങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് തന്റേതെന്നുമുള്ള സന്ദേശം പരോക്ഷമായി നല്‍കുകയാണ് ചെയ്യുന്നത്. വിശ്വാസി എന്ന നിലയിലുള്ള രാഹുലിന്റെ പ്രകടനങ്ങളെ തള്ളിപ്പറയാന്‍ സാധിക്കില്ല. പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രകടനങ്ങള്‍ മൃദു ഹിന്ദുത്വ സമീപനത്തിന്റെ പ്രതിഫലനമായി മാത്രമേ കണക്കാക്കാനാകൂ. മതനിരപേക്ഷതയെക്കുറിച്ച്, അത് നിലനില്‍ക്കേണ്ടത് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് എത്രത്തോളം പ്രധാനമാണെന്നതിനെക്കുറിച്ച്, ബഹുസ്വര സമൂഹമായി രാജ്യം തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തിയും നിലവിലുള്ള അധികാരികള്‍ പിന്തുടരുന്ന നയങ്ങള്‍ ഏതുവിധത്തിലാണ് ജനത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നത് എന്ന് മനസ്സിലാക്കിക്കൊടുത്തും രാഷ്ട്രീയ വിജയം നേടാനുള്ള ത്രാണി പാര്‍ട്ടിക്കോ അതിന്റെ നേതൃനിരക്കോ ഇല്ലെന്ന തിരിച്ചറിവിന്റെ കൂടി ഭാഗമാണ് ഈ മൃദു ഹിന്ദുത്വം.


ബാബ്‌രി മസ്ജിദ് നിലനിന്ന ഭൂമിയുടെ കാര്യത്തില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകരില്‍ ഒരാളായിരുന്നു കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍. ഈ കേസില്‍ 2019ലെ പൊതു തിരെഞ്ഞെടുപ്പിന് മുമ്പ് വിധി പറയുന്നത്, വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ ആക്കം കൂട്ടുമെന്ന് അഭിപ്രായപ്പെട്ട വ്യക്തി. ബാബ്‌രി കേസിലെ അപ്പീല്‍ പരിഗണിക്കുന്നതിന് മുമ്പ് 1994ലെ ഭരണഘടനാ ബഞ്ചിന്റെ വിധിയിലെ പരാമര്‍ശം (ഇസ്‌ലാമില്‍ പ്രാര്‍ഥനക്ക് പള്ളി അനിവാര്യമല്ലെന്ന പരാമര്‍ശം) പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വഖഫ് ബോര്‍ഡിന്റെ ഭാഗം വാദിക്കാന്‍ വക്കാലെടുത്തതും കപില്‍ സിബലായിരുന്നു. പക്ഷേ, അവസാനനിമിഷം സിബല്‍ വക്കാലത്ത് ഉപേക്ഷിച്ചു. ബാബ്‌രി കേസില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ വക്കാലത്തുമായി കോണ്‍ഗ്രസ് നേതാവ് പോകുന്നത് ഭൂരിപക്ഷ സമുദായത്തെ അടുപ്പിക്കാനുള്ള ശ്രമങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയ പാര്‍ട്ടി നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് സിബല്‍ വക്കാലത്ത് ഒഴിഞ്ഞത് എന്ന് വിലയിരുത്തലുണ്ടായി.


ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ നിരയില്‍ നിന്ന താന്‍ അദ്ദേഹം നയിക്കുന്ന ബഞ്ചില്‍ വാദിക്കാന്‍ പോകില്ലെന്ന് തീരുമാനിച്ചുവെന്നും അതിനാലാണ് ഒഴിവായതെന്നും സിബല്‍ വിശദീകരിച്ചിരുന്നു. സംഗതി യുക്തിസഹം തന്നെ. പക്ഷേ അതുമാത്രമായിരുന്നോ കാരണമെന്ന ചോദ്യം രാമക്ഷേത്രവുമായി ബന്ധപ്പെട്ട ശശി തരൂരിന്റെ പ്രസ്താവനയോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണത്തോടെ ഉയരുന്നു.


പള്ളി പൊളിച്ചിടത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കളില്‍ ഭൂരിപക്ഷം ഒരുപക്ഷേ ആഗ്രഹിക്കുന്നുണ്ടാകാം, പക്ഷേ നല്ല ഹിന്ദുക്കള്‍ അങ്ങനെ ആഗ്രഹിക്കില്ലെന്നാണ് ശശി തരൂര്‍ അടുത്തിടെ പറഞ്ഞത്. ഈ അഭിപ്രായത്തെ ബി ജെ പിയുടെയും ഇതര സംഘ്പരിവാരത്തിന്റെയും പ്രഭൃതികള്‍ വിമര്‍ശിക്കുക സ്വാഭാവികം. ശ്രദ്ധേയമായത്, തരൂരിനെ വേഗത്തില്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യറായതാണ്. തരൂരിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് അതിനെ തുണക്കുന്നില്ലെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. അയോധ്യയില്‍ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധിയെയാണ് കോണ്‍ഗ്രസ് അംഗീകരിക്കുക എന്നും വ്യക്തമാക്കി. (ശബരിമലയുടെ കാര്യത്തിലെടുത്ത വിശ്വാസികളുടെ വഴി, ഭാവിയിലുണ്ടാകുമോ എന്നതില്‍ തിട്ടമില്ല) ഇത്രയും പറഞ്ഞപ്പോള്‍ 1992 ഡിസംബര്‍ ആറ് വരെ അവിടെ ബാബ്‌രി മസ്ജിദ് നിലനിന്നിരുന്നുവെന്നതോ അതിനെ ധ്വംസിക്കാനും അതുവഴി വര്‍ഗീയധ്രുവീകരണമുണ്ടാക്കാനും സംഘ്പരിവാരം അരനൂറ്റാണ്ടോളം കാലം യത്‌നിച്ചുവെന്നതോ വസ്തുതയായി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നിലുണ്ടായില്ല. നേതൃത്വം തള്ളിപ്പറഞ്ഞതോടെ വികല വ്യാഖ്യാനങ്ങള്‍ക്ക് വഴിവെക്കുന്ന പരാമര്‍ശം നടത്തരുതായിരുന്നുവെന്ന ഖേദപ്രകടനവുമായി രംഗത്തെത്തിയ തരൂര്‍, എല്‍ കെ അഡ്വാനിയിലെയും എ ബി വാജ്പയിയിലെയും 'നല്ല ഹിന്ദു'ക്കളെ ചൂണ്ടിക്കാട്ടി മൃദുഹിന്ദുത്വത്തിന്റെ മേലങ്കി അണിയുന്നു.


വര്‍ഗീയ ഫാഷിസ്റ്റുകളുടെ അജന്‍ഡകളെ എതിര്‍ക്കുക എന്നത് മതനിരപേക്ഷ സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന ചിന്ത, കോണ്‍ഗ്രസ് നേതൃത്വത്തിന് പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. ഇവ്വിധമുള്ള പാര്‍ട്ടി, ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയില്‍, ഹിന്ദുത്വ വര്‍ഗീയതയെ അധികാരത്തില്‍ നിന്ന് പുറംതള്ളിയാലും തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ക്ക് കൂടുതല്‍ വേരാഴ്ത്താനുള്ള അന്തരീക്ഷം അവശേഷിപ്പിക്കുകയാണ് ചെയ്യുക.
അതിന് ഏറ്റവും വലിയ തെളിവ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന്റെ വാക്കുകളാണ്. ''യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കുമ്പോള്‍ മുതല്‍ രാജ്യത്തെല്ലായിടത്തും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിട്ടുണ്ട്. അന്നൊക്കെ പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചിരുന്നത് ഹിന്ദു മത വിശ്വാസികളായ സ്ഥാനാര്‍ഥികളാണ്. 95 ശതമാനവും. ഇപ്പോള്‍ 20 ശതമാനം സ്ഥാനാര്‍ഥികളേ തന്നെ വിളിക്കാറുള്ളൂ.''


കോണ്‍ഗ്രസിന്റെ പലതലങ്ങളിലുള്ള നേതാക്കള്‍ ഈ വാക്കുകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കളെയാണ് ക്ഷണിക്കാറെന്നും അതില്‍ മതം നോക്കാറില്ലെന്നും അവര്‍ പറയുന്നു. ആ വിശദീകരണത്തില്‍ യുക്തിയുണ്ടെങ്കിലും വസ്തുത ഗുലാം നബി ആസാദിന്റെ വാക്കുകളായി നില്‍ക്കുന്നു. ഹിന്ദു മത വിശ്വാസികളായ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രചാരണത്തിന് മുസ്‌ലിംകളായ നേതാക്കളെ വിളിക്കേണ്ടെന്ന തീരുമാനമൊന്നും കോണ്‍ഗ്രസ് നേതൃത്വം എടുത്തിട്ടുണ്ടാകില്ല. പക്ഷേ, ശീലം അതായിരിക്കുന്നു. ഭൂരിപക്ഷ മതത്തിന്റെ ഇംഗിതങ്ങള്‍ക്ക് ഇണങ്ങും വിധത്തില്‍ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുന്നതാണ് അധികാരം നല്‍കുക എന്നാണ് ആ പാര്‍ട്ടിയുടെ 'തിരിച്ചറിവ്'. അതിനനുസരിച്ചുള്ള ഒഴിവാക്കലുകള്‍ മനഃപൂര്‍വ്വമല്ലാതെ കോണ്‍ഗ്രസില്‍ നടക്കുമ്പോള്‍, മനഃപൂര്‍വമായ ഒഴിവാക്കലുകളിലൂടെ ഹിന്ദു രാഷ്ട്രത്തിന് ശ്രമിക്കുന്ന സംഘപരിവാരത്തില്‍ നിന്നുള്ള ദൂരം കുറഞ്ഞുവരികയാണ്.


സ്വാതന്ത്ര്യ സമരകാലത്തുമുണ്ടായിരുന്നു ഇത്തരം ഒഴിവാക്കലുകള്‍, കോണ്‍ഗ്രസില്‍. ആ പാര്‍ട്ടിയിലെ മൃദു ഹിന്ദുത്വ വാദികളുടെ മുന്‍കൈയില്‍. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ 'ധര്‍മ'മാണ് കോണ്‍ഗ്രസ് പിന്തുടരേണ്ടത് എന്ന് പില്‍ക്കാലം വാദിച്ചത് അവരാണല്ലോ. സംഘ്അജന്‍ഡകള്‍ക്ക് വേരുറപ്പിക്കാന്‍ അവസരമൊരുക്കിയത് അവരാണല്ലോ. അതില്‍ മുമ്പന്റെ ഉടമസ്ഥാവകാശമാണല്ലോ പില്‍ക്കാലം സംഘ്പരിവാരം ഏറ്റെടുത്തത്. ആ ദേഹത്തിന്റെ വലിയ പ്രതിമയാണല്ലോ ഗുജറാത്തിലെ വഡോദരക്ക് സമീപം നര്‍മദാ അണക്കെട്ടിന് അഭിമുഖമായി ഉയര്‍ന്നിരിക്കുന്നത്. അന്ന് വിതച്ചത് കൊയ്യാന്‍ സംഘ്പരിവാരത്തിന് ദശകങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അവരുടെ കൃഷിക്ക് മൃദു ഹിന്ദുത്വ നിലപാടിലൂടെ വെള്ളവും വളവും ഇപ്പോള്‍ നല്‍കിയാല്‍, വലിയ വിളവെടുപ്പിന് ദശകം പോലും വേണ്ടിവരില്ല.


2018-10-08

അയ്യപ്പ തിന്തകതോം, വോട്ട് തിന്തകതോം...


വിശ്വാസികളുടെ പ്രവാഹം കൊണ്ടോ വരുമാനത്തിലെ ധാരാളിത്തം കൊണ്ടോ അത്രയൊന്നും പ്രശസ്തമല്ല. എങ്കിലും കുറവല്ലാത്ത സ്ഥാനമുണ്ട്. സംഗതിവശാല്‍ എന്തെങ്കിലും കാണാതെ പോകുകയും അന്വേഷിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്താല്‍ ഒരു വഴിപാട് നേര്‍ന്നാല്‍ മതി, കാണാതെ പോയത് കിട്ടുമെന്നാണ് വിശ്വാസം. അവ്വിധം ശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന ദേവീ ക്ഷേത്രം. തന്ത്രി, മേല്‍ശാന്തി, കീഴ് ശാന്തിമാര്‍ ഒക്കെ വിധിയാംവണ്ണം. നിലവിലെ മേല്‍ശാന്തിക്കൊരു പുറം വരായ്കയുണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഏജന്റ് എന്ന നിലയില്‍. മരണാനന്തരം ആനന്ദം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ദൈവസങ്കല്‍പ്പത്തോട് അടുത്തുനില്‍ക്കുന്ന മേല്‍ശാന്തിയുടെ ഉത്തരവാദിത്തം കൂടിയാണല്ലോ. ആകയാല്‍ എല്‍ ഐ സി കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന വിവിധ ആനന്ദ പോളിസികള്‍ വാങ്ങിക്കാന്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരെ പ്രേരിപ്പിക്കുക എന്നത് മേല്‍ശാന്തി സ്വന്തം ഉത്തരവാദിത്തമായി കാണുന്നു.


ദേവീകടാക്ഷമുള്ള പോളിസികള്‍ സ്വന്തമാക്കാന്‍ ചിലരൊക്കെ തയ്യാറായി. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ദൈവ വിശ്വാസികളെല്ലാം എല്‍ ഐ സി പോളിസികളില്‍ വിശ്വസിച്ച് കൊള്ളണമെന്നില്ല. പോളിസികളില്‍ വിശ്വാസമുള്ളവരെല്ലാം ഇടനിലക്കാരനായി മേല്‍ശാന്തിയെ നിശ്ചയിച്ച് കൊള്ളണമെന്നുമില്ല. ആകയാല്‍ കുറച്ച് പേര്‍ മാറി നിന്നു. എന്തായാലും മേല്‍ശാന്തിയില്‍ നിന്ന് കൈ തൊടാതെ പോളിസി വാങ്ങിയവരും അല്ലാത്തവരുമായി ക്ഷേത്രത്തിലെ സ്ഥിരം ദര്‍ശകര്‍ വിഭജിക്കപ്പെട്ടു. മേല്‍ശാന്തിയുടെ ഇടനിലയില്‍ പോളിസി വഴിപാട് കഴിച്ചവര്‍ക്കൊക്കെ പിന്നിടുള്ള ദിനങ്ങളില്‍ പ്രത്യേക പരിഗണന. പ്രത്യേകം പ്രസാദം. അവരുടെ വഴിപാടുകള്‍ നേരത്തെ കഴിച്ചുകിട്ടും. അല്ലാത്തവര്‍ അല്‍പ്പം കാത്തിരിക്കണം. ശ്രീകോവിലിന് സമീപത്തുവന്നാല്‍ മേല്‍ ശാന്തിയുടെ ശുദ്ധി കളങ്കപ്പെടുത്താന്‍ ശ്രമിച്ചോ എന്ന മട്ടിലുള്ള നോട്ടം, ചിലപ്പോഴൊക്കെ ശകാരവും.


ഇതങ്ങനെയങ്ങ് തുടര്‍ന്നാല്‍, കാലാന്തരത്തില്‍, മേല്‍ശാന്തിയുടെ കൈയില്‍ നിന്ന് പോളിസി വണങ്ങി വാങ്ങുക എന്നത് ഇവിടുത്തെ ആചാരമായി മാറാന്‍ സാധ്യത ഏറെയാണ്. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍, ദേവീകടാക്ഷത്തിനായി, മേല്‍ശാന്തിയുടെ പക്കല്‍ നിന്ന് എല്‍ ഐ സിയുടെ പോളിസികള്‍ വാങ്ങുന്നത് ഉത്തമമെന്ന് കിംവദന്തി പടരും. പോളിസി വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കും. അവ്വിധം പോളിസി വാങ്ങുന്നവര്‍ ദീര്‍ഘായുസ്സുള്ളവരായി മാറിയതിന്റെ കഥകളുണ്ടാകും. മേല്‍ശാന്തിയുടെ പക്കല്‍ നിന്ന് പോളിസി വാങ്ങിയതില്‍ ആയിരം പൂര്‍ണചന്ദ്രന്‍മാരെ കാണാതെ മണ്‍മറഞ്ഞവര്‍ കുറവെന്നതിന് സാക്ഷ്യങ്ങളുണ്ടാകും. അതോടെ മേല്‍ശാന്തിയില്‍ നിന്നുള്ള എല്‍ ഐ സി പോളിസി, ആചാരമായി മാറാനുള്ള സാധ്യത ചെറുതല്ല.


ദൈവനിഷേധമല്ല. വിശ്വാസങ്ങളെ വ്രണപ്പെടുത്തുക എന്നത് ഉദ്ദേശ്യവുമല്ല. എല്‍ ഐ സി ഏജന്റ് കൂടിയായ ക്ഷേത്രമേല്‍ശാന്തി, പോളിസി വില്‍പ്പനയിലൂടെ ലക്ഷാധിപതിയോ കോടിപതിയോ ആകാന്‍ നടത്തുന്ന ശ്രമം നേരിട്ട് അറിയാവുന്നതുകൊണ്ട് കുറിച്ചതാണ്. അത്തരം താത്പര്യങ്ങള്‍ ആചാരമായി വളരാനുള്ള സാധ്യത തള്ളിക്കളയാവതല്ല എന്ന് പറഞ്ഞുവെന്ന് മാത്രം.


പ്രശസ്തര്‍ ദിനേന എത്തുന്നതുകൊണ്ട് പ്രസിദ്ധമായ മറ്റൊരു ക്ഷേത്രത്തില്‍, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്ഥിരമായി പോയിരുന്നു. അന്നതിന് ഇപ്പോഴുള്ള പ്രശസ്തിയില്ല. ദര്‍ശനത്തിന് എത്തുന്നത് കൈവിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ക്ഷേത്രമുറ്റത്ത് പ്രാവുകള്‍ക്കായി വലിയ കൂടുണ്ടായിരുന്നു. അരിയെറിഞ്ഞാല്‍ പ്രാവുകള്‍ കൂട്ടത്തോടെ മുറ്റത്തിറങ്ങും. മനോഹരമായ കാഴ്ച. പ്രാവുകളെ അടുത്തുകാണാമെന്നതിനാല്‍ കുട്ടികള്‍ വല്ലപ്പോഴും അരിയെറിയുമായിരുന്നു. കാലക്രമത്തില്‍ പ്രാവുകള്‍ക്ക് അരിയെറിയുന്നത് ക്ഷേത്ര ദര്‍ശനത്തിന്റെ ഭാഗമായി മാറി. പ്രാവുകള്‍ക്ക് നല്‍കാന്‍ അരി വാങ്ങാന്‍ കിട്ടും. ഏതാണ്ടൊരു ആചാരം പോലെയായിരിക്കുന്നു പ്രാവുകള്‍ക്ക് അന്നം നല്‍കല്‍. 


ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ രൂപപ്പെടുന്നതും അത് വ്യാപാരാധിഷ്ഠിതമായി വളരുന്നതും ഇങ്ങനെയൊക്കെയാണ്. 'യുഗ'ങ്ങളുടെയും (ബി ജെ പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാക്കുകളനുസരിച്ച്) 'സംവത്സരങ്ങളു'ടെയും (കെ പി സി സിയുടെ മുന്‍ പ്രസിഡന്റ് കെ മുരളീധരന്റെ വാക്കുകളനുസരിച്ച്) പഴക്കമുള്ളതായി പറയപ്പെടുന്ന ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം, സുപ്രീം കോടതി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് ഉയര്‍ത്തിക്കൊണ്ടുവരുന്ന, വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളാണ് മേല്‍പ്പറഞ്ഞതൊക്കെ ഓര്‍മിപ്പിച്ചത്.


ഇതിലേറ്റം നാടകീയവും ദുരുപദിഷ്ടവും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) നിലപാടാണ്. പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനുള്ള വിലക്ക് ചോദ്യംചെയ്തുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ദശകത്തിലധികമായി. ഇക്കാലയളവില്‍ ലിംഗഭേദമോ മറ്റ് നിയന്ത്രണങ്ങളോ ഇല്ലാതെ എല്ലാവര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്തി പ്രാര്‍ഥിക്കാന്‍ അവസരമുണ്ടാകണമെന്നാണ് ആര്‍ എസ് എസ് പരസ്യമായി പറഞ്ഞിരുന്നത്. സകല സംഘങ്ങളുടെയും ചാലകനായ മോഹന്‍ ഭാഗവത് തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും അതിലൊരു വര്‍ഗീയ പ്രീണന സാധ്യത കേരളത്തിലെ പരിവാര്‍ ബന്ധുക്കള്‍ കാണുകയും അത് ഏറ്റെടുക്കാന്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തീരുമാനിക്കുകയും ചെയ്തതോടെ ആര്‍ എസ് എസ് നിലപാട് മാറ്റി. 'ആചാര'ങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ വിശ്വാസികള്‍ക്കുണ്ടാകുന്ന മനഃപ്രയാസം കാണാതെ പോകാന്‍ പറ്റില്ലെന്നായി.


ഏതാണ്ട് ഇതേ ഗാനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യം ഒറ്റക്ക് ആലപിച്ച് തുടങ്ങിയത്. പിന്നീട് കോണ്‍ഗ്രസിലെ ഇതര നേതാക്കളൊക്കെ ചേര്‍ന്നതൊരു സംഘഗാനമാക്കി. തിരഞ്ഞെടുപ്പ് വിജയവും അധികാരലബ്ധിയും ലാക്കാക്കി മൃദുഹിന്ദുത്വ നിലപാടുകള്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ള കോണ്‍ഗ്രസിനെ സംബന്ധിച്ച് അതിന്റെ നേതാക്കള്‍ ഇവ്വിധം പ്രവര്‍ത്തിക്കുന്നതില്‍ അത്ഭുതമില്ല. രമേശ് ചെന്നിത്തലയും കെ പി സി സിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും 'പന്തളം രാജ കുടുംബ'ത്തെ സന്ദര്‍ശിച്ച് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. 'രാജ കുടുംബ'ത്തിന്റെ ആശങ്കകള്‍ തള്ളിക്കളയാവതല്ലെന്ന് നേതാക്കള്‍ ശങ്കാലേശമില്ലാതെ പ്രസ്താവിച്ചു. രാജവാഴ്ചയും കോളനിവാഴ്ചയും അവസാനിച്ച് ജനാധിപത്യം പുലര്‍ന്നിട്ട് ഏഴ് ദശകം പിന്നിട്ടത് ഈ നേതാക്കള്‍ക്ക് ഇപ്പോഴും ബോധ്യപ്പെട്ടതായി തോന്നുന്നില്ല. പ്രിവിപഴ്‌സ് അവസാനിപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ നാമം അകമ്പടിയായുള്ള കോണ്‍ഗ്രസിലെ അംഗങ്ങളാണ് തങ്ങളെന്നെങ്കിലും ഓര്‍ക്കാന്‍ ഇവര്‍ക്ക് തോന്നിയതുമില്ല.


സുപ്രീം കോടതി വിധി വന്നയുടന്‍, വിശ്വാസികളുടെ വികാരത്തെ ഹനിക്കുകയാണ് സംസ്ഥാനത്തെ പിണറായി വിജയന്‍ സര്‍ക്കാറെന്ന് ആരോപിച്ച രമേശ് ചെന്നിത്തല, ശബരിമലയുടെ കാര്യത്തില്‍ സി പി എമ്മിനും ആര്‍ എസ് എസ്സിനും ഒരു നിലപാടാണ് എന്ന് കുറ്റപ്പെടുത്തിയിരുന്നു. ആര്‍ എസ് എസ് നിലപാട് മാറ്റുകയും ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ ശ്രീധരന്‍ പിള്ള യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തതോടെ ചെന്നിത്തല അടക്കം കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതാക്കളുടെയും ആര്‍ എസ് എസ്സിന്റെയും നിലപാട് ഒന്നായി മാറി. ഇവര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍, സകലതിനും ഉത്തരവാദി മുഖ്യമന്ത്രി പിണറായിവിജയനാണ്. അമേരിക്കയില്‍ ചികിത്സകഴിഞ്ഞെത്തിയ പിണറായി വിജയന്‍, ഒരു ദിനം രാവിലെ അലക്കിത്തേച്ച വെള്ള വസ്ത്രങ്ങള്‍ ധരിച്ച്, മുടി നിരതെറ്റാതെ ചീകിയൊതുക്കി, സെക്രട്ടേറിയറ്റിലെ കസേരയില്‍ വന്നിരുന്ന്, പതിവ് ഗൗരവം (ധാര്‍ഷ്ട്യമെന്നും വായിക്കാം) ഒരു പുഞ്ചിരിക്കണം വന്ന് തെറ്റിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, ഒരുത്തരവങ്ങ് ഇറക്കി - ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്കൊക്കെ പ്രവേശനം അനുവദിച്ചുകൊണ്ട്.


സംഘ്പരിവാരവും കോണ്‍ഗ്രസ് നേതാക്കള്‍ സംഘമായും പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നത് ഏതാണ്ടിതാണ്. ഈ ആവര്‍ത്തനവിരസതയില്‍ ശബരിമല അയ്യപ്പനോടുള്ള ഭക്തിയോ നൈഷ്ഠിക ബ്രഹ്മചര്യത്തിലുള്ള അചഞ്ചലമായ വിശ്വാസമോ ആചാരങ്ങള്‍ നിലനിര്‍ത്തി വിശ്വാസികളുടെ വികാരം സംരക്ഷിക്കാനുള്ള തൃഷ്ണയോ ഒന്നുമില്ല. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റുമാര്‍ഗമൊന്നുമില്ലാത്ത ഘട്ടത്തില്‍, അതിന്റെ പേരില്‍ ധ്രുവീകരണമുണ്ടായി വോട്ടായി മാറുകയാണെങ്കില്‍ നടുത്തുണ്ടം കിട്ടണമെന്ന അത്യാര്‍ത്തി മാത്രം. മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് വര്‍ഗീയത വളര്‍ത്താന്‍ കളമൊരുക്കിയ ഹിന്ദു മഹാസഭയുടെ പിന്‍ഗാമികളായ, മസ്ജിദ് തകര്‍ത്ത് അധികാരത്തിലേക്ക് വഴി തുറന്ന ബി ജെ പിക്കാര്‍ക്കും അവര്‍ക്ക് വളമേകുന്ന സംഘ്പരിവാര്‍ സംഘടനകള്‍ക്കും വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ അവസരമൊരുക്കിയ ഗോവിന്ദ് വല്ലഭ് പന്ത് മുതല്‍ ആദ്യം ആരാധനക്കും പിന്നീട് കര്‍സേവക്കും മസ്ജിദിന്റെ വാതിലുകള്‍ തുറന്നുകൊടുത്ത രാജീവ് ഗാന്ധി, നരസിംഹറാവു പ്രഭൃതികള്‍ വരെയുള്ളവരുടെ പാരമ്പര്യം പേറുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും തികച്ചും ചേരുന്നതാണ് ചോരവീണാലും വേണ്ടില്ല എന്നതില്‍ ആധാരമായ ഈ അത്യാര്‍ത്തി.


മേല്‍പ്പത്തൂരിന് വിഭക്തിയായിരുന്നു പ്രധാനം. കടുകട്ടിയായ സംസ്‌കൃതത്തില്‍ ചിട്ടവട്ടങ്ങളും ആചാരങ്ങളുമൊന്നും മറികടക്കാത്ത കവനം. സാക്ഷാല്‍ നാരായണനെക്കുറിച്ച് എഴുതുമ്പോള്‍ പോലും. പൂന്താനത്തിന് പ്രധാനം ഭക്തിയായിരുന്നു. ജ്ഞാനപ്പാന ഭാഷാ കാവ്യം. സംസ്‌കൃതത്തിന്റെ ആചാരങ്ങളും അലങ്കാരങ്ങളുമില്ലാത്തത്. മേല്‍പ്പത്തൂര്‍ ഭട്ടതിരി, ഭാഷാ കാവ്യം നോക്കിത്തിരുത്തുകയോ! ഈ അഹങ്കാരത്തെ മേല്‍പ്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടമെന്ന് ശ്രീകൃഷ്ണന്‍ തിരുത്തിയെന്നാണ് ഐതീഹ്യം. ശ്രീധരന്‍പിള്ള, ചെന്നിത്തലാദികളുടെ വിഭക്തിയേക്കാള്‍ അയ്യപ്പസ്വാമിക്ക് പ്രിയംകരം ഭക്തിയായിരിക്കും. അതുകൊണ്ടാണല്ലോ വിലക്ക് നിലനില്‍ക്കെ ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതുവെന്ന് പരസ്യമായി പറഞ്ഞ നടിക്ക് കോട്ടമൊന്നുമുണ്ടാകാതിരിക്കുന്നത്. ദീര്‍ഘകാലം തന്ത്രിയായിരുന്ന വ്യക്തി, ആഗ്രഹങ്ങളുടെ ഇരയായി മാനച്ചേതത്തിനും വ്യവഹാരങ്ങള്‍ക്കും വിധേയനായത്.


ശബരിമലയിലെ മേല്‍ശാന്തിയെ നിശ്ചയിക്കുന്നതിനും ആചാരമുണ്ടായിരുന്നു. 1970ല്‍ ആ ആചാരം മാറ്റിയത്, മേല്‍ശാന്തി നിയമനത്തെച്ചൊല്ലിയുയര്‍ന്ന അഴിമതി ആരോപണത്തെത്തുടര്‍ന്നാണ്. അയ്യപ്പനെ പൂജിക്കാന്‍ മേല്‍ശാന്തിയെ നിശ്ചയിക്കുന്നതിന് കൈക്കൂലി വാങ്ങിയിരുന്നതിനേക്കാള്‍, കൈക്കൂലി നല്‍കി മേല്‍ശാന്തിപ്പട്ടം സ്വന്തമാക്കിയിരുന്നതിനേക്കാള്‍ വലിയ പാപമൊന്നും ഭക്തിയുള്ളവര്‍ പ്രായഭേദമില്ലാതെ വരുന്നതുകൊണ്ട് സംഭവിക്കാനില്ല. അപേക്ഷ സ്വീകരിച്ച്, അഭിമുഖം നടത്തി, ചുരുക്കപ്പട്ടിക തയ്യാറാക്കി, അതില്‍ നിന്ന് നറുക്കെടുത്താണ് ഇപ്പോള്‍ മേല്‍ ശാന്തി നിയമനം. നറുക്കിനപ്പുറത്തുള്ള പണക്കിലുക്കങ്ങളെക്കുറിച്ച് മേല്‍ശാന്തിയാകാന്‍ ശ്രമിക്കുന്നവര്‍ക്കൊക്കെ അറിയാം. മേല്‍ശാന്തിക്ക് നിശ്ചയിക്കാവുന്ന കീഴ്ശാന്തിമാരുടെ പട്ടികക്കുമുണ്ട് പണത്തൂക്കത്തിന്റെ പകിട്ട്. വിഭക്തിയുടെ ഈ മേല്‍പ്പത്തൂരന്‍മാരെ അകറ്റിനിര്‍ത്തുന്നതാണ് അയ്യപ്പന്റെ നിഷ്ഠ. 

2018-09-25

റാഫേല്‍ - വഞ്ചനയാണ് വലിയ രാജ്യസ്‌നേഹം


സ്വീഡിഷ് കമ്പനിയായ എ ബി ബൊഫോഴ്‌സില്‍ നിന്ന് ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യാ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന ആരോപണം ഉയരുന്നത് 1987ലാണ്. ഈ ഇടപാടില്‍ ഏതാണ്ട് 164 കോടി രൂപ കോഴയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നും അതില്‍ വലിയ പങ്ക് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കായിരുന്നുവെന്നും ഈ പണം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നുമായിരുന്നു ആരോപണം. ആരോപണമങ്ങനെ നിന്നു കത്തി. രാജീവ് മന്ത്രിസഭയില്‍ നിന്ന് പുറത്തുവന്ന വിശ്വനാഥ് പ്രതാപ് സിംഗും ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിനെയും നേതാവായ രാജീവ് ഗാന്ധിയെയും തികച്ചും പ്രതിരോധത്തിലാക്കി. ലോക്‌സഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി ജെ പിയും ഇതിനൊപ്പം നിന്നു. ബൊഫോഴ്‌സ് കോഴ ആരോപണവും അഴിമതിക്കെതിരെ നിലപാടെടുത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന വിശ്വനാഥ് പ്രതാപ് സിംഗിനുണ്ടായ വലിയ പ്രതിച്ഛായയും 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയെ നിഷ്‌കാസിതനാക്കി. കോണ്‍ഗ്രസിനെ പുറത്താക്കാന്‍ രൂപംകൊണ്ട വിശാല സഖ്യത്തിന്റെ ഭാഗമായി നിന്ന ബി ജെ പി ലോക്‌സഭയിലെ അംഗ സംഖ്യ രണ്ടില്‍ നിന്ന് 84ലേക്ക് ഉയര്‍ത്തി.


164 കോടി രൂപ കൈക്കൂലി വാങ്ങി, നിലവാരമില്ലാത്ത തോക്കുകള്‍ വാങ്ങിയതിലൂടെ രാജ്യസുരക്ഷ അപകടത്തിലാക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത് എന്ന് അന്ന് ബി ജെ പിയുടെ നേതാക്കളായിരുന്ന അടല്‍ ബിഹാരി വാജ്പയിയും ലാല്‍ കൃഷ്ണ അഡ്വാനിയും നിരന്തരം ആരോപിച്ചിരുന്നു. കോഴ വാങ്ങി രാജ്യസുരക്ഷ അപകടത്തിലാക്കിയ രാജീവ് ഗാന്ധി, രാജ്യദ്രോഹിയാണെന്നായിരുന്നു ഈ നേതാക്കളുടെ ആരോപണങ്ങളുടെ വ്യംഗ്യം. സംഘ്പരിവാരം ഈ പ്രചാരണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. 1998ല്‍ എ ബി വാജ്പയ് പ്രധാനമന്ത്രിയായിരിക്കെ കാര്‍ഗില്‍ യുദ്ധമുണ്ടായപ്പോള്‍ ഹോവിറ്റ്‌സര്‍ തോക്കുകള്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടു. അന്ന് കാര്‍ഗില്‍ മലനിരകളില്‍ നിന്ന് പാക് സൈന്യത്തെ തുരത്തുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് വലിയ സഹായം ചെയ്തു ഈ തോക്കുകള്‍ എന്നാണ് സൈന്യം തന്നെ അവകാശപ്പെട്ടത്. ബൊഫോഴ്‌സ് കോഴ ആരോപണം നിയമ സംവിധാനങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല, കോഴപ്പണം കൈമാറ്റം ചെയ്തുവോ എന്ന സംശയം ബലവത്തായി തുടരുന്നുവെങ്കിലും. പക്ഷേ, നിലവാരമില്ലാത്ത തോക്കുകള്‍ വാങ്ങി രാജ്യസുരക്ഷ അപകടത്തിലാക്കിയ രാജ്യദ്രോഹം, കാര്‍ഗില്‍ യുദ്ധത്തോടെ ഇല്ലാതായി.


ഈ യുദ്ധം, മറ്റൊരു ആരോപണത്തിന് വഴിയൊരുക്കി. കാര്‍ഗിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരുടെ ശരീരം നാട്ടിലെത്തിക്കുന്നതിന് അമേരിക്കന്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ ശവപ്പെട്ടികള്‍ നിലവാരമില്ലാത്തതായിരുന്നുവെന്നും അതു തന്നെ കൂടിയ വിലക്ക് വാങ്ങിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് വലിയ നഷ്ടമുണ്ടായെന്നുമായിരുന്നു ഒന്ന്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് പ്രകാരം 10 കോടി രൂപയുടെ നഷ്ടം. റഷ്യ, ദക്ഷിണാഫ്രിക്ക, ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടായെന്ന് അന്ന് ആരോപണമുണ്ടായി. എല്ലാം ചേര്‍ത്ത് 24,000 കോടി രൂപയുടെ ഇടപാട്. ഇതെച്ചൊല്ലിയുണ്ടായ കേസുകള്‍, പതിവുപോലെ തെളിവുകളുടെ അഭാവത്താല്‍ തള്ളപ്പെട്ടു.


കേസുകള്‍ ഇല്ലാതായെങ്കിലും കൊല്ലപ്പെട്ട പട്ടാളക്കാരുടെ ശരീരം, ഇറക്കുമതിചെയ്ത ശവപ്പെട്ടികളിലിരുന്ന് ജീര്‍ണിച്ചാണ് ബന്ധുക്കളുടെ മുന്നിലെത്തിയത് എന്നത് വസ്തുതയായി രാജ്യത്തിന് മുന്നിലുണ്ട്. ഒരു യുദ്ധത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ പോലും നിലവാരമില്ലാത്ത ശവപ്പെട്ടികള്‍ കൂടിയ വിലക്ക് വാങ്ങാന്‍ എ ബി വാജ്പയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ മടികാണിച്ചില്ല. അതിരുകാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ജവാന്‍മാരുടെ ശരീരം, അഴുകാതെ ബന്ധുക്കള്‍ക്ക് കൈമാറണമെന്ന നിര്‍ബന്ധം 'രാജ്യ സ്‌നേഹി'കള്‍ക്കുണ്ടായില്ലെന്ന് ചുരുക്കം.


ഇതേകാലത്താണ്, ആയുധക്കമ്പനികളുടെ ഏജന്റുമാരായി ചമഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ കൈയില്‍ നിന്ന് കൈക്കൂലി മടി കൂടാതെ വാങ്ങി ബി ജെ പിയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ബങ്കാരു ലക്ഷ്മണ്‍ 'രാജ്യ സ്‌നേഹം' തെളിയിച്ചത്. ഇവ്വിധം പല കാലങ്ങളിലായി 'രാജ്യസ്‌നേഹം' തെളിയിച്ചവരാണ് പല കാലങ്ങളില്‍ രാജ്യസുരക്ഷയെക്കുറിച്ച് ആശങ്കാകുലരാകുകയും വിജൃംഭിത രാജ്യസ്‌നേഹത്തിന്റെ മറ തീര്‍ത്ത് അധികാരമുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. കള്ളപ്പണമില്ലാതാക്കാനെന്ന പേരില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം, സംഗതി രാജ്യത്തിന്റെ ഐശ്വര്യത്തിനാണെന്നും അല്ലെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്കെന്നെ ശിക്ഷിക്കാമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചത് രാജ്യസ്‌നേഹത്തെ വിജൃംഭിച്ച് നിര്‍ത്താനുള്ള മറ്റൊരു അടവ് മാത്രമായിരുന്നു.


അത്തരം അടവുകളുടെ സാഹചര്യത്തില്‍ വേണം ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍ നിന്ന് പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ മാറ്റം വരുത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ കാണാന്‍. 126 വിമാനങ്ങള്‍ക്ക് ദസോള്‍ട്ടിന് കരാര്‍ കൊടുക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ പറക്കുന്ന പാകത്തില്‍ 18 എണ്ണം വാങ്ങാനാണ് നിശ്ചയിച്ചത്. ബാക്കി 108 എണ്ണം ഹിന്ദുസ്ഥാന്‍ എയ്‌റോനോടിക്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയില്‍ നിര്‍മിക്കാനും. അതായത് റാഫേല്‍ എന്ന പോര്‍ വിമാനം നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ എച്ച് എ എല്ലിന് ലഭിക്കുമെന്ന് അര്‍ഥം. 2015 ഏപ്രിലില്‍ നരേന്ദ്ര മോദി ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തി കരാര്‍ പുതുക്കുന്നതിന് ഒരു മാസം മുമ്പ് വരെ ഇതായിരുന്നു സ്ഥിതി. ദസോള്‍ട്ട് ഏവിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എറിക് ട്രാപ്പിയര്‍ 2015 മാര്‍ച്ച് 25ന് വാര്‍ത്താസമ്മേളനം നടത്തി കരാര്‍ 95 ശതമാനവും പൂര്‍ത്തിയായെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെയും എച്ച് എ എല്ലിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പാര്‍ശ്വങ്ങളിലുണ്ടായിരുന്നു. 15 ദിവസത്തിന് ശേഷം നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.


എച്ച് എ എല്ലിന്റെ സ്ഥാനത്ത് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനി വന്നു. കരാര്‍ പ്രഖ്യാപിക്കുന്നതിന് പന്ത്രണ്ട് ദിവസം മുമ്പ് മാത്രം അനില്‍ അംബാനി തട്ടിക്കൂട്ടിയ കമ്പനിയും ദസോള്‍ട്ടും സംയുക്ത സംരംഭമുണ്ടാക്കുമെന്നും റാഫേല്‍ പോര്‍ വിമാനങ്ങള്‍ക്ക് വേണ്ട ഘടകങ്ങള്‍ അവിടെ നിര്‍മിക്കുമെന്നും തീരുമാനിക്കപ്പെട്ടു. പ്രതിരോധ മേഖലയില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയെ പോര്‍ വിമാനങ്ങളുടെ നിര്‍മാണത്തില്‍ ദശകങ്ങളുടെ പരിചയ സമ്പത്തുള്ള ദസോള്‍ട്ട് പങ്കാളിയാക്കിയത് യാതൊരു സമ്മര്‍ദവുമില്ലാതെയാണെന്ന് വിശ്വസിക്കാന്‍ ഒരു നേരം അന്നാഹാരം കഴിക്കുന്നവര്‍ക്കൊന്നും സാധിക്കില്ല. അതാണ് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡെ, ഇന്ത്യയുടെ സമ്മര്‍ദഫലമായാണ് സംയുക്ത കമ്പനിയുടെ പങ്കാളിയായി റിലയന്‍സിനെ തിരഞ്ഞെടുത്തത് എന്ന് തുറന്നു പറഞ്ഞതും. കരാര്‍ മാറ്റാന്‍ നിശ്ചയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ. അപ്പോള്‍ പിന്നെ ഫ്രാന്‍ഷ്യസ് ഹോളന്‍ഡെ, പറഞ്ഞ സമ്മര്‍ദം നമ്മുടെ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നാകണം ഉണ്ടായിട്ടുണ്ടാകുക. അംബാനി, അദാനി, എസ്സാര്‍ തുടങ്ങിയ ഗ്രൂപ്പുകളുടെ തലവന്‍മാരെ വിദേശ സന്ദര്‍ശനത്തിലൊക്കെ കൂടെക്കൂട്ടാന്‍ മറക്കാത്ത, മുകേഷ് അംബാനിയുടെ കമ്പനിയുടെ പരസ്യമോഡലാകാന്‍ മടിക്കാത്ത നരേന്ദ്ര മോദി അനില്‍ അംബാനിയുടെ കമ്പനിക്കു വേണ്ടി സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകില്ലെന്ന് വിശ്വസിക്കാന്‍ അത്രക്കധികം വിജൃംഭിതമായ 'രാജ്യസ്‌നേഹം' വേണം.


ഈ വകയില്‍ രാജ്യത്തിനുണ്ടായ നഷ്ടം കണക്കിലെടുക്കുമ്പോള്‍ രാജ്യസ്‌നേഹം അത്രക്കധികം വിജൃംഭിക്കുന്നുമില്ല. എച്ച് എ എല്ലിനെ വിമാന നിര്‍മാണ പങ്കാളായായി നിശ്ചയിച്ചിരുന്നുവെങ്കില്‍ പോര്‍വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ രാജ്യത്തിന് ലഭിക്കുമായിരുന്നു. ആഭ്യന്തരമായി പോര്‍വിമാനം നിര്‍മിക്കുന്ന എച്ച് എ എല്ലിന് അത് വലിയ ഊര്‍ജമാകുമായിരുന്നു. ഇന്ത്യന്‍ വ്യോമ സേനക്ക് പോര്‍വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാനുള്ള ത്രാണി എച്ച് എ എല്‍ ആര്‍ജിച്ചിരുന്നുവെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം പോര്‍ വിമാനങ്ങളുടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യക്ക് സ്ഥാനവും കിട്ടുമായിരുന്നു. നിലവില്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങി ഏതാനും രാജ്യങ്ങള്‍ മാത്രം നേടിയെടുക്കുന്ന കരാറുകളില്‍ മത്സരിക്കാന്‍ എച്ച് എ എല്ലിന് സാധിക്കുമായിരുന്നു. ആ അവസരം ഇല്ലാതാക്കി അനില്‍ അംബാനിയുടെ കമ്പനിയെ ദസോള്‍ട്ടിന്റെ പങ്കാളിയാക്കി ഘടകങ്ങള്‍ നിര്‍മിക്കാനുള്ള കമ്പനിക്ക് വഴി തുറക്കുമ്പോള്‍ ഇന്ത്യന്‍ യൂനിയന്റെ വലിയ അവസരങ്ങളാണ് 'രാജ്യ സ്‌നേഹി' ഇല്ലാതാക്കിയത്. വരുമാന സാധ്യത മാത്രമല്ല, വലിയ തൊഴിലവസര സാധ്യത കൂടിയാണ് ഇല്ലാതാക്കിയത്. ബൊഫോഴ്‌സ്, ശവപ്പെട്ടി കുംഭകോണങ്ങളിലും വ്യാജ കമ്പനിയില്‍ നിന്ന് ബങ്കാരു ലക്ഷ്മണ്‍ കൈക്കൂലി കൈനീട്ടി വാങ്ങിയ കേസിലും ഇല്ലാത്ത കൊടിയ വഞ്ചന ഇവിടെയുണ്ട്.


സാങ്കേതിക വിദ്യ കൈമാറാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ ദസോള്‍ട്ട് ഏവിയേഷന് അവരുടെ കച്ചവട സാധ്യത നിലനിര്‍ത്തിക്കൊടുക്കുകയാണ് ചെയ്തത്. പോര്‍വിമാന നിര്‍മാതാക്കളായ വന്‍കിടക്കാര്‍ക്ക് അവരുടെ കോയ്മ തുടരാന്‍ വഴിയൊരുക്കുകയും. അതിന് എത്ര കോടി കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകും? സമ്മര്‍ദം ചെലുത്തിയ പുമാന്‍ നേരിട്ട് വാങ്ങിയെന്ന ആരോപണമൊന്നുമില്ലെങ്കിലും ആ ദേഹത്തോട് ഒട്ടിനില്‍ക്കുന്നവരുടെയോ ആ ദേഹത്തിന്റെ പാര്‍ട്ടിയുടെയോ ഒക്കെ അക്കൗണ്ടുകളിലേക്ക് പണമെത്തിയിട്ടുണ്ടാകണം. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്നാണ് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് പറഞ്ഞതെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നതിന്റെ അര്‍ഥം അവിടെയാണ്.
കള്ളത്തരത്തിന്റെ വിടവിനെ നുണകൊണ്ട് അടയ്ക്കാനാണ് മോദി സര്‍ക്കാറിലെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ശ്രമിച്ചത്. എച്ച് എ എല്ലിന്റെ അവസ്ഥ മോശമാണെന്നും ദസോള്‍ട്ട് മുന്നോട്ടുവെച്ച നിര്‍മാണ കരാറിലെ വ്യവസ്ഥകളോട് യോജിക്കാന്‍ എച്ച് എ എല്ലിന് സാധിച്ചില്ലെന്നുമാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. എച്ച് എ എല്ലിന്റെ തലപ്പത്തു നിന്ന് ഏതാനും ആഴ്ച മുമ്പ് മാത്രം ഇറങ്ങിയ ടി സുവര്‍ണ രാജു, പ്രതിരോധ മന്ത്രിയുടെ വാദം തെറ്റാണെന്ന് പറയുമ്പോള്‍ പൊളിയുന്നത് നുണയും തെളിയുന്നത് കള്ളത്തരവുമാണ്. മുന്‍കാലം മുതല്‍ തന്നെ നുണയും കള്ളത്തരവും 'രാജ്യ സ്‌നേഹ'ത്തിന്റെ അടയാളങ്ങളാക്കിയവര്‍ക്ക് ഇതും അലങ്കാരമാകുമെന്നതില്‍ തര്‍ക്കം വേണ്ട. ആകയാല്‍ അധികാരി കള്ളത്തരം കാട്ടുന്നുവെന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാകുമെന്ന് ഉറപ്പ്.


നടത്തിക്കൊണ്ടിരുന്ന കച്ചവടങ്ങളാകെ പൊട്ടി, വിജയ് മല്യയോടും അദാനിയോടും മത്സരിക്കാന്‍ പാകത്തില്‍ കടത്തിന്റെ കുടിശ്ശിക വളര്‍ത്തിവെച്ചിരിക്കുന്ന അനില്‍ അംബാനിക്ക് ഈ 'രാജ്യ സ്‌നേഹ'ത്തിന്റെ പരിലാളനം ഒരു പക്ഷേ തുണയായേക്കും. ആ പരിലാളനത്തിന് വേണ്ടി അംബാനി കൊടുത്ത പടിയെത്ര എന്നത് രഹസ്യം.

2018-09-18

ദേശക്കൂറില്‍ ചാലിച്ചൊരു പെരുപ്പിക്കല്‍


കള്ളപ്പണമൊന്നാകെ ഇല്ലാതാകുന്നതോടെ സ്ഥാപിതമാകുന്ന മധുരമനോജ്ഞ രാജ്യം. അവിടെ കള്ളനോട്ട് കൂടി ഇല്ലാതാകുകയും ഭീകരവാദികള്‍ക്ക് പണം കിട്ടാതിരിക്കുകയും കൂടി ചെയ്താലോ! സമ്പല്‍ സമൃദ്ധിക്ക് പിന്നെന്ത് വേണം? 2016 നവംബര്‍ എട്ടിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുള്ള പ്രഖ്യാപനം നടത്തുമ്പോള്‍ പരമാധികാരി പങ്കുവെച്ച സ്വപ്‌നം ഇതായിരുന്നു. ഇപ്പറഞ്ഞതൊന്നും നടപ്പായില്ലെങ്കില്‍ നിങ്ങളെന്റെ ജീവനെടുത്തോളൂ എന്ന് രാജ്യത്തെ ജനങ്ങളോട് വികാരാധീനനാകുകയും ചെയ്തു, പ്രഹസനത്തിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ആവര്‍ത്തിച്ച്. അവ്വിധം നാട്ടുകാരുടെ സമ്പത്ത് മുഴുവന്‍ ചെറുകാലത്തേക്കെങ്കിലും പിടിച്ചെടുക്കുകയും അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുമ്പോള്‍, ബേങ്ക് വായ്പകള്‍ തിരിച്ചടക്കാതെ കിട്ടാക്കടത്തിന്റെ വലുപ്പം വര്‍ധിപ്പിക്കുന്ന വ്യവസായ പ്രമുഖരുടെ പട്ടിക പരമാധികാരിയുടെ ഓഫീസില്‍ ഭദ്രമായിരിപ്പുണ്ടായിരുന്നു. ഈ തുക തിരിച്ചെടുക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ശിപാര്‍ശകളും അന്നത്തെ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ റഘുറാം രാജന്‍ നല്‍കിയിരുന്നു. അതിന്‍മേല്‍ ഒരു നടപടിയും സ്വീകരിക്കാതെയാണ് കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന പേരില്‍ ജനങ്ങളെ ബന്ദിയാക്കാന്‍ പരമാധികാരി നിശ്ചയിച്ചത്. വേറൊരു റിപ്പോര്‍ട്ട് കൂടി അത്തരുണത്തില്‍ അധികാരിയുടെ പരിഗണനയിലുണ്ടായിരുന്നു. രാജ്യത്ത് കള്ളപ്പണത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം നടക്കുന്നത് ഏത് വിധത്തിലാണെന്ന് വിശദീകരിക്കുന്നത്.


വസ്തുത കണക്കിലെടുക്കുന്നതില്‍ പരമാധികാരിക്ക് പണ്ടേയില്ല താത്പര്യം. പെരുപ്പിച്ച് കാണിക്കുന്നതിലും ഇല്ലാത്തത് പറയുന്നതിലും വിദ്വേഷം വളര്‍ത്തുന്നതിലുമാണ് പ്രാഗത്ഭ്യം. സംഘ പാരമ്പര്യവും അതായിരുന്നു, ഉത്പത്തി മുതല്‍. പെരുപ്പിച്ചെടുത്ത രാജ്യസ്‌നേഹമായിരുന്നു അന്നത്തെയും ഇന്നത്തെയും മുഖ്യ മൂലധനം. ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് എതിരിട്ടോ എന്ന സംശയത്താല്‍ ആന്‍ഡമാനിലെ ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് രാജാധികാരത്തോട് പലകുറി മാപ്പുചോദിക്കാന്‍ മടികാണിക്കാതിരുന്ന ആചാര്യന്റെ രാജ്യസ്‌നേഹം. അതങ്ങനെ രേഖയായി ചരിത്രത്തില്‍ കിടക്കുമ്പോഴും ദേശക്കൂറില്‍ മുമ്പന്തിയിലാണെന്ന് ആവര്‍ത്തിച്ചിരുന്നു സംഘപരിവാരം. രാഷ്ട്രപിതാവിനെ സംഘ ബന്ധു വെടിവെച്ചിട്ടപ്പോള്‍ മധുരപലഹാരം വിതരണം ചെയ്യാന്‍ മടിക്കാതെ വീണ്ടും തെളിയിച്ചിരുന്നു രാജ്യസ്‌നേഹം. അതവിടെ രേഖയായി നിലനില്‍ക്കുമ്പോഴും ദേശക്കൂറ് ആവര്‍ത്തിച്ചു. ഈ പെരുപ്പിച്ച് പറയലിലൂടെ രാജ്യസ്‌നേഹത്തിന്റെ കുത്തക ഏറ്റെടുക്കാനും രാജ്യസ്‌നേഹമെന്നാല്‍ ഹിന്ദു രാഷ്ട്രത്തോടുള്ള സ്‌നേഹമാണെന്ന് സ്ഥാപിച്ചെടുക്കാനുമായിരുന്നു ശ്രമം. അതിപ്പോഴും തുടരുന്നുണ്ട്.


രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്ന പെരുപ്പിച്ചുകാട്ടല്‍ മറ്റൊന്നാണ്. അംബാനി മുതല്‍ അദാനി വരെയുള്ളവര്‍ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണതെന്ന് അദ്ദേഹം പറയുന്നു. ഊര്‍ജോത്പാദന മേഖലയിലുള്ള നിക്ഷേപം പ്രയോജനപ്പെടുത്തിയാണ് പെരുപ്പിച്ചുകാട്ടലും വെളുപ്പിക്കലും തടസ്സമില്ലാതെ നടത്തുക. മേല്‍പ്പറഞ്ഞ കമ്പനികള്‍ക്കൊക്കെ ഊര്‍ജോദ്പാദന മേഖലയില്‍ നിക്ഷേപമുണ്ട്. ഗുജറാത്തിലെ പദ്ധതിയില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് പാക്കിസ്ഥാന് വില്‍ക്കാന്‍ വരെ പദ്ധതിയിട്ടിരുന്നു അദാനി. എന്തായാലും ഇത്തരം പദ്ധതികളിലേക്ക് വേണ്ട ഉപകരണങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതിചെയ്യും. ഇറക്കുമതിച്ചെലവ് കൂട്ടിക്കാണിക്കും. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയാണ് ഉപകരണത്തിന്റെ യഥാര്‍ഥ വിലയെങ്കില്‍ ബില്ലില്‍ രണ്ട് ലക്ഷം രൂപ കാണിക്കും. അത്രയും തുക രാജ്യത്തു നിന്ന് പുറത്തേക്ക് കടക്കും. ഉപകരണം വിറ്റ കമ്പനിക്ക് ഒരു ലക്ഷം രൂപയും കൂടുതല്‍ തുകക്ക് ബില്ല് നല്‍കിയതിന്റെ കമ്മീഷനും മാത്രമേ നല്‍കൂ. ബാക്കി തുക ഇന്ത്യാ മഹാരാജ്യത്ത് നികുതിയൊടുക്കേണ്ടാത്ത സമ്പാദ്യമായി, കള്ളപ്പണം സൂക്ഷിക്കാന്‍ ഇടമുള്ള വിദേശത്തെ ബേങ്കുകളില്‍ വിശ്രമിക്കും. ഈ പണം, ആവശ്യം വരുമ്പോള്‍ നേരിട്ടോ അല്ലാതെയോ ഉള്ള വിദേശ നിക്ഷേപമായി ഇന്ത്യാ മഹാരാജ്യത്ത് തിരിച്ചെത്തുകയും ചെയ്യും. വര്‍ഷം മുഴുവന്‍ വിയര്‍പ്പൊഴുക്കുന്നവന്‍, നികുതിലേശം കുറഞ്ഞോട്ടെ എന്ന് കരുതി കണക്കില്‍ക്കാണിക്കുന്ന ചില്ലറ തിരിമറിയല്ല ഇത്. കോടിക്കണക്കിന് രൂപ, നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്തി കള്ളപ്പണക്കൂമ്പാരമുണ്ടാക്കുന്ന വലിയ ഇടപാടാണ്.



ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവഗണിച്ചാണ്, രാജ്യത്തെ സാധാരണക്കാരെ മുഴുവന്‍ തെരുവിലേക്ക് തള്ളിക്കൊണ്ടും ചെറുകിട ഇടത്തരം കാര്‍ഷിക - വ്യാവസായിക മേഖലകളെയാകെ തകര്‍ത്തുകൊണ്ടും നോട്ട് പിന്‍വലിക്കാന്‍ പരമാധികാരി തയ്യാറായത്. എന്നിട്ടങ്ങോട്ട് പെരുപ്പിച്ച് കാട്ടലും. പിന്‍വലിച്ച നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടി വരും. ഇതില്‍ മൂന്നോ നാലോ ലക്ഷം കോടിയുടെ നോട്ട് തിരികെ ബേങ്കുകളില്‍ എത്തില്ല. അതോടെ അത്രയും കറന്‍സി പുതുതായി വിപണിയിലിറക്കാന്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യക്ക് സാധിക്കും. അതോടെ അത്രയും തുക കൂടുതലായി വികസനപദ്ധതികളില്‍ നിക്ഷേപമാകും. രാജ്യത്തെ പിന്നെ പിടിച്ചാല്‍കിട്ടില്ല എന്നിത്യാദി പെരുപ്പിച്ച് പറയലുകള്‍. അവസാനത്തെ കണക്ക് ഇനിയും വന്നിട്ടില്ല. വന്ന കണക്കുകളനുസരിച്ചാണെങ്കില്‍ പിന്‍വലിച്ചതിനേക്കാള്‍ അധികം കറന്‍സി ബേങ്കുകളില്‍ തിരിച്ചെത്തി എന്ന് കരുതണം. കള്ളപ്പണം വെളുപ്പിക്ക മാത്രമല്ല, കള്ളനോട്ട് മാറിനല്‍കാന്‍ കൂടി അവസരമുണ്ടാക്കി പരമാധികാരി. എന്നിട്ടാണ് കള്ളനോട്ട് തുടച്ചുനീക്കി, ഡിജിറ്റല്‍ ഇക്കണോമിയിലെക്ക് മാറി, ആദായനികുതി റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം കൂടി തുടങ്ങിയ നേട്ടങ്ങളുടെ പെരുക്കപ്പെട്ടിക.


അപ്പോഴും കിട്ടാക്കടം വരുത്തിയവരുടെ പട്ടിക പമാധികാരിക്കു മുന്നിലുണ്ടായിരുന്നു. 2016 നവംബര്‍ എട്ടിനാണല്ലോ നോട്ട് പിന്‍വലിച്ച 'ധീരോദാത്ത' നടപടിയുണ്ടായത്. കേന്ദ്ര സര്‍ക്കാറിന്റെ തന്നെ കണക്കനുസരിച്ച് 2016 ഡിസംബര്‍ അവസാനം രാജ്യത്തെ ബേങ്കുകളിലെ ആകെ കിട്ടാക്കടം 6,14,872 കോടിയായിരുന്നു. നോട്ട് പിന്‍വലിച്ചപ്പോള്‍ ബേങ്കുകളിലേക്ക് തിരിച്ചെത്തില്ലെന്ന് വിശ്വസിച്ച കള്ളപ്പണത്തിന്റെ മൂല്യം മൂന്ന് മുതല്‍ നാല് വരെ ലക്ഷം കോടിയായിരുന്നു. അതിന്റെ ഏതാണ്ട് ഇരട്ടിത്തുകയുടെ കിട്ടാക്കടം അവഗണിച്ചാണ് നോട്ട് പിന്‍വലിക്കാന്‍ നിശ്ചയിച്ചത്. അന്നുണ്ടായിരുന്ന കിട്ടാക്കടത്തില്‍ വലിയൊരളവ് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ വായ്പകളുടെ പാര്‍ശ്വഫലമാണെന്നാണ് ബി ജെ പി വാദം. അത് ശരിയുമാണ്.


2006 മുതല്‍ 2008 വരെയുള്ള കാലത്താണ് ബേങ്കുകള്‍ ഉദാരമായി വായ്പ നല്‍കിയത്. അക്കാലത്ത് രാജ്യം ഒമ്പത് ശതമാനത്തിനടുത്ത് വളര്‍ച്ചാ നിരക്ക് നേടിയിരുന്നു. നിരക്ക് രണ്ടക്കത്തിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ച സമയം. ഉദ്പാദനവും വിപണനവും വര്‍ധിക്കുന്ന സാഹചര്യം മുന്നില്‍ നില്‍ക്കെ ബേങ്കുകള്‍ ഉദാരമായി വായ്പ നല്‍കി. അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. പക്ഷേ, വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുകയും തിരിച്ചടവ് മുടങ്ങിയാല്‍ തിരിച്ചെടുക്കാന്‍ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തം കൂടി ബേങ്കുകള്‍ക്കുണ്ട്. അവരത് ചെയ്യാതിരുന്നാല്‍, അതിലേക്ക് പ്രേരിപ്പിക്കുക എന്ന ജോലി സര്‍ക്കാറിനമുണ്ട്. യു പി എ സര്‍ക്കാര്‍ അത് ചെയ്തില്ല എന്ന് വിശ്വസിക്കുക. 2014ല്‍ അധികാരത്തിലേറിയ, രാജ്യസ്‌നേഹത്തില്‍ മുങ്ങിത്താഴ്ന്നുനില്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനും അതിനെ പിന്തുണക്കുന്ന സംഘ പരിവാരത്തിനും കിട്ടാക്കടം പിരിച്ചെടുക്കാന്‍ എന്തായിരുന്നു മടി? അംബാനി മുതല്‍ അദാനി വരെയുള്ളവരില്‍ നിന്ന് കിട്ടാക്കടം പിരിച്ചെടുക്കാന്‍ മടി കാണിക്കുമ്പോഴും ഇക്കാലയളവില്‍ രാജ്യസ്‌നേഹത്തെക്കുറിച്ച്, സാമ്പത്തികാരോഗ്യം സംരക്ഷിച്ച് രാജ്യത്തെ ഉയര്‍ന്നുവരുന്ന സമ്പദ് ശക്തിയാക്കി മാറ്റുന്നതിനെക്കുറിച്ച് ഒക്കെ പെരുപ്പിച്ച് പറഞ്ഞിരുന്നു സംഘപരിവാരവും പരമാധികാരിയും.


വായ്പാക്കുടിശ്ശിക ഈടാക്കാന്‍ ഒന്നും ചെയ്തില്ല എന്നത്, ഈ വര്‍ധിത രാജ്യസ്‌നേഹം കണക്കിലെടുത്ത് ക്ഷമിക്കുക. ബേങ്കുകളെ പറ്റിച്ച് മുങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ട സഹായം ചെയ്തതിനോടോ? 900 കോടി തട്ടിച്ചുവെന്ന് ആരോപിച്ചാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) ആദ്യം കേസെടുത്തത്. അതിന്റെ അന്വേഷണം യു പി എ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങി നരേന്ദ്ര മോദിയുടെ കാലമായപ്പോഴേക്കും ഏതാണ്ട് 9000 കോടി രൂപയുടെ തട്ടിപ്പായി വളര്‍ന്നിരുന്നു. തട്ടിപ്പുകാരന്‍ രാജ്യം വിട്ടുപോകുന്നത് തടയാന്‍ വിമാനത്താവളങ്ങളിലൊക്കെ നോട്ടീസ് പതിച്ച് കാത്തിരുന്നു സി ബി ഐ. പാര്‍ലിമെന്റ് മന്ദിരത്തില്‍ ചെന്ന്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ട് പറയാനുള്ളതൊക്കെ പറഞ്ഞ് വിജയ് മല്യ വിമാനത്താവളത്തിലെത്തുമ്പോഴേക്കും അവിടെ പതിച്ച നോട്ടീസ് മയപ്പെടുത്തിക്കഴിഞ്ഞിരുന്നു. 15.44 ലക്ഷം കോടി മൂല്യംവരുന്ന നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് 130 കോടി വരുന്ന ജനതയെ ദുരിതക്കയത്തിലാക്കിയിട്ട് ആകെ കിട്ടിയ പ്രയോജനം 9,000 കോടി രൂപയുടേതായിരുന്നുവെന്നാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ അവസാനം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.


വിജയ് മല്യയെന്ന സാമ്പത്തിക കുറ്റവാളിയെ രാജ്യത്ത് തടഞ്ഞുവെച്ചിരുന്നുവെങ്കില്‍ ഇത്രയും തുക നിഷ്പ്രയാസം രാജ്യത്തിന്റെ ബേങ്കുകളില്‍ തിരിച്ചെത്തുമായിരുന്നു. മല്യയുടെ പണത്തിനും പ്രതാപത്തിനും മുന്നില്‍ അസ്തമിക്കുന്നതായിരുന്നു പരമാധികാരിയുടെയും സംഘപരിവാരത്തിന്റെയും രാജ്യസ്‌നേഹം. അതങ്ങനെ തെളിഞ്ഞുനില്‍ക്കെയാണ് മല്യക്ക് വായ്പ നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ കാലത്താണെന്നും പാര്‍ലിമെന്റംഗമെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് മല്യ തന്നെ കണ്ടതെന്നും വിശദീകരിച്ച് തട്ടിപ്പുകാരന്റെ വലുപ്പം പെരുപ്പിച്ചുകാട്ടി രക്ഷപ്പെടാന്‍ അരുണ്‍ ജെയ്റ്റ്‌ലി ശ്രമിക്കുന്നത്.


ഇതുപോലൊരു പെരുപ്പിക്കലാണ് നീരവ് മോദിയും മാതുലന്‍ മെഹുല്‍ ചോക്‌സിയും നടത്തിയത്, 2011 മുതലിങ്ങോട്ടുള്ള വര്‍ഷങ്ങളിലായി. വിദേശത്തു നിന്ന് രത്‌നങ്ങളും വജ്രവും ഇറക്കുമതി ചെയ്യുന്നതിന്, പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ ഈടുപത്രം (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) ഉപയോഗപ്പെടുത്തി ഏതാണ്ട് 12,000 കോടി രൂപ തട്ടിയെടുത്തു. 2011ല്‍ ആരംഭിച്ച തട്ടിപ്പ് പുറത്തുവന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം. ഏറ്റവുമധികം തട്ടിപ്പ് നടന്നത് 2017 - 18 സാമ്പത്തിക വര്‍ഷത്തിലാണ്. അതായത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു പി എ അധികാരത്തിലിരിക്കെ ആരംഭിച്ച തട്ടിപ്പ് നരേന്ദ്ര മോദി അധികാരത്തിലിരിക്കെ കൂടുതര്‍ ഊര്‍ജിതമായി. മോദിയും മാതുലനും 2011ല്‍ നേടിയ 90 ദിവസം കാലാവധിയുള്ള ഈടുപത്രങ്ങള്‍ പലതും 2017ല്‍ പുതുക്കിയെടുത്തു. ഇറക്കുമതിയുടെ മറവില്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നതും അതിലൂടെ കള്ളപ്പണത്തിന്റെ ഉത്പാദനം നടക്കുന്നതും സംബന്ധിച്ച റിപ്പോര്‍ട്ട് പരമാധികാരിയുടെ പരിഗണനക്ക് വന്നിരുന്നു, നീരവ് ഏറ്റവുമധികം തട്ടിപ്പ് നടത്തിയ 2017 -18 സാമ്പത്തിക വര്‍ഷത്തിന് മുമ്പ്. എന്നിട്ടും അന്വേഷിക്കാനോ ബേങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ തയ്യാറായില്ല പരമാധികാരി.


റാഫേല്‍ ഇടപാടില്‍, പെരുപ്പിച്ച് കാട്ടലിലൂടെ കള്ളപ്പണം ഉത്പാദിപ്പിക്കുന്ന വ്യവസായികളുടെ കമ്പനികള്‍ക്ക് പ്രതിരോധ കരാറുകള്‍ സംഘടിപ്പിച്ച് നല്‍കുന്നതില്‍, പൊതുമേഖലാ കമ്പനിക്ക് നല്‍കിയ കരാറുകള്‍ റദ്ദുചെയ്യുന്നതില്‍ അങ്ങനെ എവിടെയൊക്കെ അധികാരി, ദല്ലാളായി മാറിയെന്നതില്‍ വ്യക്തതയില്ല. ഇതെല്ലാം രാജ്യത്തോടുള്ള സ്‌നേഹത്തിന്റെ ആധിക്യത്താലാണെന്ന പെരുപ്പിക്കലില്‍ ഒട്ടും കുറവില്ല. പെരുപ്പിച്ച് പറയലുകളിലൂടെ സംഘടിപ്പിക്കപ്പെടുന്ന വലിയ തട്ടിപ്പുകളും വഞ്ചനകളും മറയ്ക്കാന്‍ ദേശക്കൂറിനെക്കുറിച്ചുള്ള പെരുപ്പിച്ച് പറയലുകള്‍, അതിന്റെ മറവില്‍ സൃഷ്ടിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍, തുടര്‍ന്ന് ആസൂത്രണം ചെയ്യുന്ന വര്‍ഗീയകലാപങ്ങള്‍ ഒക്കെ തുണയായും. അധികാരികളും വന്‍കിടക്കാരും സഞ്ചരിക്കുന്ന കാറുകളുടെ അടിയില്‍പ്പെടുന്ന പട്ടിക്കുഞ്ഞുങ്ങളുടെ കരച്ചില്‍, പെരുപ്പിച്ച് പറയലുകളില്‍ മുങ്ങിപ്പോകുകയും ചെയ്യും.

2018-09-11

കമ്മ്യൂണിസ്റ്റ് ആരോഗ്യവും ആരോഗ്യമില്ലാത്ത നേതാക്കളും


മലയാളികളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുയാണോ കമ്മ്യൂണിസ്റ്റ് ആരോഗ്യവും കത്തോലിക്കാ ആരോഗ്യവും? അതോ മുന്നില്‍ വരുന്നതൊക്കെ തനിക്ക് ഉപയോഗിക്കാനുള്ളതാണെന്ന ചിന്തയില്‍ അഭിരമിക്കുന്ന മലയാളിയുടെ യഥാര്‍ഥ അവസ്ഥയെ പ്രതിഫലിപ്പിക്കുകയാണോ? രണ്ടായാലും അന്തസ്സോടെ ജീവിക്കാനുള്ള സഹജീവിയുടെ അവകാശത്തെ ഹനിച്ചെന്നും അവരോട് അതിക്രമം പ്രവര്‍ത്തിച്ചെന്നുമുള്ള പരാതി ഉയര്‍ന്നശേഷം സ്വന്തം ഭാഗം ന്യായീകരിക്കാനും സ്വാധീനമുപയോഗിച്ച് അന്വേഷണങ്ങളെ അട്ടിമറിക്കാനുമാണ് കമ്മ്യൂണിസ്റ്റ് ആരോഗ്യവും കത്തോലിക്കാ അരോഗ്യവും ഒരുപോലെ ശ്രമിക്കുന്നത്. പലവിധത്തിലുള്ള മറച്ചുവെക്കലുകള്‍ തന്നെയാണ് അതിനുള്ള തെളിവ്.


ഷൊര്‍ണൂര്‍ എം എല്‍ എയും സി പി എം  പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി കെ ശശി, ലൈംഗിക അതിക്രമ ആരോപണങ്ങളെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്ന് അവകാശപ്പെട്ടത് ആദ്യമെടുക്കാം. ശശിയുടെ തന്നെ വാക്കുകളെടുത്താല്‍, ചെറുതല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമാണ് ആ ദേഹത്തിന് കമ്മ്യൂണിസ്റ്റ് ആരോഗ്യം പ്രദാനം ചെയ്തത്. അങ്ങനെയാണ് പി കെ ശശി എന്ന സി പി എം പ്രവര്‍ത്തകന്‍ മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിയും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി ഐ ടി യുവിന്റെ പാലക്കാട് ജില്ലാ പ്രസിഡന്റും ഷൊര്‍ണൂര്‍ എം എല്‍ എയുമാകുന്നത്. ഏറനാട്ടിലും വള്ളുവനാട്ടിലും പിന്നീട് പാര്‍ട്ടിയിലാകെയും പി കെ ശശി ലോപിച്ച് പി കെ എസ്സാകുന്നത്. ഇ എം എസ് മുതല്‍ വി എസ് വരെയുള്ള ചുരുക്കെഴുത്തില്‍ തന്നെ ജനം തിരിച്ചറിയുന്ന നേതൃശ്രേണിയിലേക്കുള്ള തിരനോട്ടക്കാരനാകുന്നത്.


അവകാശപ്പെടുന്ന ആരോഗ്യം ആ ദേഹത്തിനുണ്ടോ എന്ന് സംശയിക്കുന്നവര്‍ക്കായി ഇതിനകം നടന്ന ചില സംഗതികള്‍. പി കെ ശശി നേരിട്ടും ഫോണിലൂടെയും ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നുവെന്ന് കാണിച്ച് വനിതാ പ്രവര്‍ത്തക സി പി എം നേതൃത്വത്തിന് പരാതി നല്‍കിയെന്നത് ഏതാണ്ട് മൂന്നാഴ്ച മുമ്പ് തന്നെ അന്തരീക്ഷത്തിലുണ്ടായിരുന്നു. സ്ഥിരീകരിക്കാന്‍ പാകത്തില്‍ യാതൊന്നും കിട്ടാഞ്ഞതിനാല്‍ വാര്‍ത്തയായില്ലെന്ന് മാത്രം. പരാതിയുടെ പകര്‍പ്പ് ജനറല്‍ സെക്രട്ടറിയുടെ മുന്നിലെത്തിയെന്നും അദ്ദേഹത്തോട് ചോദിച്ചാല്‍ സ്ഥിരീകരണമുണ്ടാകുമെന്നും ഉറപ്പുണ്ടായപ്പോഴാണ് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ വാര്‍ത്ത മിന്നിത്തുടങ്ങിയത്. അപ്പോഴും പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞത് അവ്വിധമുള്ള പരാതിയെക്കുറിച്ചൊന്നുമറിയില്ലെന്നാണ്. പിറകെ മാധ്യമങ്ങളെക്കണ്ട പി കെ ശശി, പരാതിയെക്കുറിച്ച് അറിയില്ലെന്നും പരാതി കിട്ടിയെന്ന വിവരം പാര്‍ട്ടി തന്നെ അറിയിച്ചിട്ടില്ലെന്നും അഥവാ പരാതിയുണ്ടെങ്കില്‍ തന്നെ അതില്‍ ഗൂഢാലോചനയുണ്ടെന്നും അറിയിച്ചു. പിന്നെ കണ്ടത് സംസ്ഥാനത്തെ നിയമമന്ത്രിയും സി പി എം കേന്ദ്രക്കമ്മിറ്റി അംഗവുമായ എ കെ ബാലനാണ്. പരാതിയുടെ കാര്യം അറിഞ്ഞിട്ടേയില്ലെന്നാണ് അദ്ദേഹവും പറഞ്ഞത്.


ഇതൊക്കെ സംഭവിക്കുന്നത് 2018 സെപ്തംബര്‍ നാലിനാണ്.
പക്ഷേ, പരാതിയുണ്ടെന്നും അത് കിട്ടിയിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും സെപ്തംബര്‍ നാലിന് തന്നെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനറല്‍ സെക്രട്ടറി ഉറപ്പിച്ച കാര്യം ഇല്ലെന്ന് പറയാന്‍ സംസ്ഥാന സെക്രട്ടറിക്കാകില്ലല്ലോ! ആയതിനാല്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ കോടിയേരി ബാലകൃഷ്ണനും പരാതിയുണ്ടെന്ന് പറയേണ്ടിവന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നതിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത് ഇങ്ങനെയാണ്. ആഗസ്റ്റ് 14ന് പരാതി കിട്ടി. പരാതിക്കാരിയെ സംസ്ഥാന സെക്രട്ടറി നേരിട്ട് കേട്ടു. പി കെ ശശിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതിയെയും എ കെ ബാലനെയും അന്വേഷണത്തിനുള്ള കമ്മിറ്റിയായി നിയോഗിച്ചു. അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത് ആഗസ്ത് 31നാണ്. ജനറല്‍ സെക്രട്ടറിക്ക് പരാതികിട്ടുന്നതിന് മുമ്പ്, പരാതി കിട്ടിയെന്ന കാര്യം അദ്ദേഹം മാധ്യമങ്ങളോട് പറയുന്നതിന് മുമ്പ് സംസ്ഥാന കമ്മിറ്റി നടപടി തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനക്കമ്മിറ്റിക്ക് ജാഗ്രതക്കുറവുണ്ടായിട്ടില്ല!


അപ്പോള്‍ പിന്നെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് സി കെ രാജേന്ദ്രനും എ കെ ബാലനും സെപ്തംബര്‍ നാലിന് പറഞ്ഞത് കളവാകണം. തനിക്കെതിരെ പരാതിയുണ്ടെങ്കില്‍ അതില്‍ ഗൂഢാലോചനയുണ്ടെന്ന് സെപ്തംബര്‍ നാലിന് പി കെ ശശി പറഞ്ഞതില്‍ കളവിനപ്പുറത്തെ കളിയുണ്ടാകണം. വനിതാ പ്രവര്‍ത്തകയുടെ പരാതി, ആരോരുമറിയാതെ ഒതുക്കിത്തീര്‍ക്കാനും അതിനു ശേഷം പരാതിയുണ്ടായതിന് പിറകിിെഗൂഢാലോചന കണ്ടെത്താനും നേതൃത്വം തീരുമാനിച്ചിട്ടുണ്ടാകണം. നേതാക്കളുടെ കളവും ആരോപണവിധേയന്റെ കളവിനപ്പുറത്തെ കളിയും അതുകൊണ്ടാകണം. പരാതിയുണ്ടെന്നത് ജനറല്‍ സെക്രട്ടറി പരസ്യമായി പറഞ്ഞതിന് ശേഷം മാധ്യമങ്ങളെക്കണ്ട പി കെ ശശി, പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പരസ്യമാക്കുന്ന ചില വിവരദോഷികളെക്കുറിച്ച് പരാമര്‍ശിച്ചു. ഈ 'ധൈര്യ'മാണ് ശശിയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം.


ലൈംഗിക അതിക്രമത്തെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ പരാതി പാര്‍ട്ടിയുടെ ആഭ്യന്തര രഹസ്യമാണെന്നാണ് അതുവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ കരുതിയിരുന്നത് എന്ന് ചുരുക്കം. പരാതിക്കാരി പാര്‍ട്ടി നേതൃത്വത്തെ മാത്രമേ സമീപിച്ചിട്ടുള്ളൂവെന്നതു കൊണ്ട്, ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ചുള്ള പരാതി അതും ജനപ്രതിനിധിയെക്കുറിച്ചുള്ളത് പാര്‍ട്ടി രഹസ്യമാകുന്നതെങ്ങനെ എന്ന് ശശി മുതല്‍ മുകളിലേക്കുള്ള നേതാക്കള്‍ വിശദീകരിക്കുന്നത് നന്നാകും. പാര്‍ട്ടിയുടെ പ്രവര്‍ത്തകയോട് അതിക്രമം കാണിക്കാന്‍ മടിക്കാത്ത നേതാവ്/ജനപ്രതിനിധി അത്രയൊന്നും ത്രാണിയില്ലാത്ത, പരാതിയുണ്ടായാല്‍പ്പോലും പറയാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയുള്ള സാധാരണ പ്രജയോട് എങ്ങനെ പെരുമാറുമെന്ന് ആലോചിക്കാനുള്ള ഉത്തരവാദിത്തം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും സംസ്ഥാന സെക്രട്ടറിക്കും ഇതര മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. അങ്ങനെ ആലോചിക്കുന്നതില്‍ നിന്ന് അവരെ വിലക്കുന്നതാണ് ശശിയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം.


ചെറുതല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള, ജനപ്രതിനിധി ലൈംഗിക അതിക്രമക്കേസില്‍ ആരോപണവിധേയനാകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന തോന്നലുമുണ്ടായിക്കാണണം കോടിയേരി മുതല്‍ ബൃന്ദ കാരാട്ട് വരെയുള്ള നേതാക്കള്‍ക്ക്. പരാതി രഹസ്യമാക്കിവെച്ച്, ഏതെങ്കിലും വിധത്തില്‍ ഒതുക്കിത്തീര്‍ക്കുന്നതാണ് പാര്‍ട്ടിയുടെ പ്രതിച്ഛായയെ കൂടുതല്‍ ബാധിക്കുക എന്ന് മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് മനസ്സിലാകേണ്ടതാണ്. അങ്ങനെ മനസ്സിലായിരുന്നുവെങ്കില്‍ പരാതി ലഭിച്ചയുടന്‍ അക്കാര്യം തുറന്നുപറയുമായിരുന്നു, അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും പ്രഖ്യാപിക്കുമായിരുന്നു. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ നിയമ സംവിധാനത്തിന് കൈമാറുമെന്ന് ജനത്തോട് പറയുമായിരുന്നു. രണ്ടാഴ്ചക്കാലം അതൊന്നുമുണ്ടാകാതെ നോക്കാന്‍ കഴിഞ്ഞുവെന്നതാണ്, ഭീഷണിയോ പ്രലോഭനമോ തരാതരം പോലെ ഉപയോഗിക്കാനുള്ള സമയം, പാര്‍ട്ടി നേതൃത്വത്തെ മൗനമുദ്രിതമാക്കാന്‍ സാധിച്ചുവെന്നതാണ് പി കെ ശശിയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം.


അത്തരം ആരോഗ്യങ്ങളുടെ സംരക്ഷണമാണോ പരാതിക്കാരിക്ക് നീതി ഉറപ്പാക്കാന്‍ പാകത്തില്‍ തുറന്ന നിലപാടുകള്‍ സ്വീകരിക്കുന്നതാണോ ഉചിതമെന്ന് ഇനിയെങ്കിലും ഈ പാര്‍ട്ടി ആലോചിക്കട്ടെ. പരാതിക്കാരിയെപ്പോലുള്ള ആയിരങ്ങളാണ് ഈ പാര്‍ട്ടിയെ നിലനിര്‍ത്തുന്നത്, അവരുള്ളതുകൊണ്ടാണ് പി കെ ശശിമാര്‍ പി കെ എസ്സുമാരും നേതാക്കളും ജനപ്രതിനിധികളുമൊക്കെയാകുന്നത്. അവരോട് ഉത്തരവാദിത്തം കാണിക്കുന്നതാണ് സി പി എമ്മിന്റെ ആരോഗ്യത്തിന് നല്ലതും. വൈകിയാണെങ്കിലും നിഷ്പക്ഷമായ അന്വേഷണവും അതില്‍ പരാതിക്കാരിക്ക് അതൃപ്തിയുണ്ടെങ്കില്‍ ഏത് സംവിധാനത്തെയും സമീപിക്കാമെന്നുള്ള ഉറപ്പും അങ്ങനെ സമീപിച്ചാല്‍ പാര്‍ട്ടിയും സര്‍ക്കാറും ഒപ്പമുണ്ടാകുമെന്ന വാഗ്ദാനവും സി പി എം നല്‍കിയിട്ടുണ്ട്. അത്രയെങ്കിലും പറയുന്ന മറ്റൊരു പാര്‍ട്ടിയും നിലവിലില്ല എന്നതില്‍ അവര്‍ക്ക് ആശ്വസിക്കുകയുമാകാം.


ഇതുതന്നെയാണ് കത്തോലിക്കാ ആരോഗ്യവും. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കന്യാസ്ത്രീ, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിക്കും ഒക്കെ നല്‍കിയ പരാതികളിന്‍മേല്‍ നടപടിയൊന്നുമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ കത്തോലിക്കാ ആരോഗ്യം. കന്യാസ്ത്രീ തന്നെ പോലീസില്‍ പരാതി നല്‍കിയതിന് ശേഷവും തനിക്ക് പരാതിയൊന്നും കിട്ടിയില്ലെന്ന് കര്‍ദിനാളിനെക്കൊണ്ട് പറയിപ്പിച്ച ആരോഗ്യം. പോലീസില്‍ പരാതി കൊടുക്കുമ്പോള്‍ നേരത്തെ തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പറയരുതെന്നും അങ്ങനെ പറഞ്ഞാല്‍ പരാതി കിട്ടിയിട്ടില്ലെന്ന് താന്‍ പറയുമെന്നും കര്‍ദിനാളിനെക്കൊണ്ട് പറയിപ്പിക്കാന്‍ ശേഷിയുള്ള ആരോഗ്യം.


75 നാള്‍ നീണ്ട അന്വേഷണത്തിന് ശേഷവും അറസ്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ പോലീസിനെ വിലക്കുന്ന, അറസ്റ്റിന് നിര്‍ദേശം നല്‍കുന്നതില്‍ നിന്ന് പിണറായി സര്‍ക്കാറിനെ തടയുന്ന, ബലാത്സംഗക്കേസിലെ പ്രതിയെ പിടികൂടണമെന്ന് പരസ്യമായി ആവശ്യപ്പെടാന്‍ സംസ്ഥാനത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ധൈര്യം നല്‍കാത്ത കത്തോലിക്കാ ആരോഗ്യം. ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് തെരുവില്‍ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ പിന്തുണക്കുമോ എന്നത് പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് 'സാക്ഷാല്‍' കാനം രാജേന്ദ്രനെക്കൊണ്ട് പറയിപ്പിച്ച ആരോഗ്യം.


ഈ ആരോഗ്യങ്ങള്‍ അരങ്ങുവാഴുമ്പോഴാണ്, സഭയും സര്‍ക്കാറും അനീതി കാട്ടുന്നുവെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ഏതാനും കന്യാസ്ത്രീകള്‍ തെരുവില്‍ പ്രതിഷേധിക്കാന്‍ തയ്യാറായത്. സഭ പുറത്താക്കിയാല്‍ സ്വന്തം കുടുംബം പോലും അവലംബമായുണ്ടാകില്ലെന്ന് അറിയാമായിരുന്നിട്ടും അവര്‍ കാണിക്കുന്ന ധൈര്യം, വിപ്ലവപ്പാര്‍ട്ടിയിലെ പുരുഷ - വനിതാ പ്രഭൃതികള്‍ക്കുണ്ടായില്ലല്ലോ! തെരുവില്‍ പ്രതിഷേധിക്കേണ്ട, സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പായെങ്കിലും ആരോഗ്യമുള്ള കമ്മ്യൂണിസ്റ്റായില്ലല്ലോ! ശശിയുടെ കാര്യത്തിലുമില്ല, ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിലുമില്ല. അതു തന്നെയാണ് കമ്മ്യൂണിസ്റ്റ് - കത്തോലിക്കാ ആരോഗ്യങ്ങളുടെ രഹസ്യം.

2018-08-27

ചിലത് പൊളിച്ചുപണിയാനുമുണ്ട്


'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്ക'മെന്ന് മുന്‍കാലത്ത് സാന്ദര്‍ഭികമായും ഇപ്പോള്‍ നിരന്തരവും പരാമര്‍ശിക്കുന്നത് ഒട്ടൊക്കെ കാല്‍പ്പനികമായാണ്. വെള്ളപ്പൊക്കത്തെ അതീജീവിച്ചവരെന്ന തോന്നലാണ് തൊണ്ണൂറ്റൊമ്പതിനെ (ഇംഗ്ലീഷ് കലണ്ടറനുസരിച്ച് 1924) കാല്‍പ്പനികമാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. മഴയെക്കുറിച്ച്, ജലവിതാനത്തിലുണ്ടായ ഉയര്‍ച്ചയെക്കുറിച്ച്, അതുണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ച്, സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ നടത്തിയ യത്‌നത്തെക്കുറിച്ച് ഒക്കെ പൂര്‍ണ വിവരങ്ങള്‍ ലഭ്യവുമല്ല. അതുകൊണ്ടുകൂടിയാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം കാല്‍പ്പനികം കൂടിയായി മാറുന്നത്.
2018 അങ്ങനെയല്ല. വസ്തുനിഷ്ഠ വിവരങ്ങളായി, ചിത്രങ്ങളും ദൃശ്യങ്ങളുമായി ഏതാണ്ട് മുഴുവന്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ 2018ലെ വെള്ളപ്പൊക്കം നമ്മളെ സംബന്ധിച്ച് വലിയ ആലോചനകള്‍ക്ക്, അതിന്റെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തിന് പ്രേരകമാകേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് എന്നിവയൊഴികെ ജില്ലകളെല്ലാം മഴയുടെ, വെള്ളപ്പൊക്കത്തിന്റെ, കുത്തൊഴുക്കിന്റെ, ഉരുള്‍പൊട്ടലിന്റെ ഒക്കെ തീവ്രത അനുഭവിച്ച് കഴിഞ്ഞിരിക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തി ഇത്രത്തോളമായത് എന്തുകൊണ്ടെന്ന ചോദ്യമാണ് ആദ്യം പരിശോധിക്കപ്പെടേണ്ടത്? വ്യാപ്തി കുറക്കാന്‍ നമുക്ക് ഏതെങ്കിലും വിധത്തില്‍ സാധിക്കുമായിരുന്നോ എന്നതും.

കാലാവസ്ഥ

കാലാവസ്ഥയിലെ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപഗ്രഹ സഹായം ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കാലാവസ്ഥാ പ്രവചനം കൃത്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നിരവധി ഉപഗ്രഹങ്ങള്‍ ഇന്നുണ്ടുതാനും. എന്നിട്ടും മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കി, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍കരുതലെടുക്കാന്‍ പാകത്തിലുള്ള വിവരങ്ങള്‍ സമാഹരിക്കാന്‍ നമ്മുടെ കാലാവസ്ഥാ വിഭാഗത്തിന് ഇപ്പോഴും സാധിക്കുന്നില്ല എന്നത് വലിയ പോരായ്മയാണ്. കേരളത്തെ സംബന്ധിച്ച്, വേനല്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ മഴ തുടങ്ങിയിരുന്നു ഇക്കുറി. കാലവര്‍ഷത്തിന്റെ ആരംഭത്തെ സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. സാധാരണ കാലവര്‍ഷമെന്ന അറിയിപ്പാണ് ആദ്യമുണ്ടായത്, പിന്നീട് പതിവില്‍ ലഭിക്കുന്നതിനേക്കാള്‍ 15 ശതമാനത്തോളം അധികം മഴ ലഭിക്കുമെന്നും അറിയിച്ചു.  മെയ് രണ്ടാം വാരം മുതല്‍ ആഗസ്റ്റ് മൂന്നാം വാരം വരെ കേരളത്തിലുണ്ടായത് ഈ പ്രവചനത്തിന്റെ നൂറു ശതമാനം അധികം മഴയായിരുന്നു.


സാധാരണ മണ്‍സൂണിന് പുറത്ത്, ബംഗാള്‍ ഉള്‍ക്കടലിലും മറ്റും രൂപംകൊണ്ട ന്യൂനമര്‍ദങ്ങളുടെ ഫലവും ഇതിന് കാരണമായിട്ടുണ്ട്. ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത, അതുവഴി ഉണ്ടാകാന്‍ ഇടയുള്ള മഴയുടെ ആധിക്യം എന്നിവ സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കാന്‍ കാലാവസ്ഥാ വകുപ്പിന് സാധിച്ചില്ല. രൂപംകൊണ്ട ന്യൂനമര്‍ദം എത്രദിവസം കരുത്തോടെ നില്‍ക്കുമെന്ന് കൃത്യമായി കണക്കാക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞതുമില്ല. അതുകൊണ്ടാണ് മൂന്ന് ദിവസത്തേക്ക് കനത്ത മഴ എന്ന മുന്നറിയിപ്പ് ആദ്യം നല്‍കിയ അവര്‍, ആ സമയപരിധി അവസാനിക്കുമ്പോഴേക്ക് വീണ്ടും രണ്ട് ദിവസത്തേക്കോ മൂന്ന് ദിവസത്തേക്കോ മൂന്നറിയിപ്പുകള്‍ നല്‍കിയത്. ഈ സാഹചര്യം പ്രളയ സാധ്യത മുന്‍കൂട്ടി കാണുന്നതിനും അതിനനുസരിച്ച് സംസ്ഥാനത്തെ അണക്കെട്ടുകളിലെ വെള്ളം നിയന്ത്രിത അളവില്‍ പുറത്തേക്ക് തള്ളി, വലിയ കുത്തൊഴുക്കുണ്ടാകുന്നത് തടയാനും കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു.

വൈദ്യുതി ബോര്‍ഡും അണക്കെട്ടുകളുടെ മാനേജുമെന്റും

മഴയുടെ തീവ്രതയെക്കുറിച്ചും തുടര്‍ച്ചയെക്കുറിച്ചും കാലാവസ്ഥാ വിഭാഗത്തില്‍ നിന്ന് കൃത്യമായ വിവരം ലഭിക്കാതിരുന്നത് വൈദ്യുതി ബോര്‍ഡിന്റെയും അണക്കെട്ടുകള്‍ മാനേജ്‌ചെയ്യുന്ന അതോറിറ്റിയുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നൊരുക്കങ്ങളെ ബാധിച്ചു. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പാകത്തില്‍ അണക്കെട്ടുകളില്‍ പരമാവധി വെള്ളം സംഭരിക്കുക എന്നതിനാണ് കേരള സംസ്ഥാന വിദ്യത്ച്ഛക്തി ബോര്‍ഡിന്റെ മുന്‍ഗണന. അതിനനുസരിച്ചാവണം അസാധാരണമായ മഴക്കാലത്തും അവര്‍ തന്ത്രമാവിഷ്‌കരിച്ചിട്ടുണ്ടാകുക. ഇടമലയാറിലും പെരിങ്ങള്‍ക്കുത്തിലും ഇടുക്കിയിലും അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നതും എല്ലായിടത്തു നിന്നും ഒരേസമയം വലിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവന്നതും അതുകൊണ്ടാണ്. ഇടമലയാറിലെയും ഇടുക്കിയിലെയും വെള്ളം ഒരുമിച്ചെത്തിയതാണ് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ചത്.


അണക്കെട്ടുകള്‍ മാനേജുചെയ്യുന്ന അതോറിറ്റി ഏറ്റവും ദയനീയമായി പരാജയപ്പെട്ടതിന്റെ ദൂഷ്യം ഏറെ അനുഭവിച്ചത് പന്തളം, ചെങ്ങന്നൂര്‍ പ്രദേശങ്ങളിലും കുട്ടനാട്ടിലുമായിരുന്നു. പിന്നെ പാലക്കാട്ടും വയനാടും. ആ പരാജയത്തിന്റെയും ഒരു കാരണം കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തില്‍ നിന്ന് കൃത്യമായ മുന്നറിയിപ്പുകള്‍ ലഭിക്കാത്തതാണ്. പരാധീനതയുണ്ടായിരിക്കെ തന്നെ, അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച്, കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടിവരുമെന്നും മഴമൂലം നിറഞ്ഞുകിടക്കുന്ന പമ്പയിലേക്ക് കൂടുതല്‍ വെള്ളമെത്തുന്നത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ബാധ്യത അവര്‍ക്കുണ്ടായിരുന്നു.

ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി സ്വീകരിച്ചത് പോലുള്ള മുന്‍കരുതല്‍ നടപടികള്‍ പമ്പയുടെയും അച്ചന്‍കോവിലിന്റെയും മണിമലയാറിന്റെയും തീരങ്ങളില്‍ സ്വീകരിക്കണമായിരുന്നു. അതുണ്ടായില്ല എന്നതും വൈകി ലഭിച്ച ജാഗ്രതാ അറിയിപ്പുകളോട് അവിടങ്ങളില്‍ താമസിക്കുന്നവര്‍ ഏറെക്കുറെ നിസ്സംഗമായി പ്രതികരിച്ചതും പന്തളത്തും ചെങ്ങന്നൂരിലും അപ്പര്‍ കുട്ടനാട്ടിലും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കുമുണ്ടായ നാശനഷ്ടം ഒഴിവാക്കാനാകില്ലായിരുന്നുവെങ്കിലും, ജംഗമ സ്വത്തുവകകള്‍ക്കുണ്ടായ നാശം കുറച്ചുകൊണ്ടുവരാന്‍ അല്‍പ്പം നേരത്തെയുള്ള ജാഗ്രത കൊണ്ട് സാധിക്കുമായിരുന്നു.

ദുരന്തനിവാരണ അതോറിറ്റി

കാലാവസ്ഥാ വിഭാഗം, വൈദ്യുതി ബോര്‍ഡ്, അണക്കെട്ടുകളുടെ മാനേജുമെന്റ് അതോറിറ്റി എന്നിവയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതീക്ഷിക്കാവുന്ന പ്രളയത്തിന്റെ വ്യാപ്തി മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തമാണ് ദുരന്ത നിവാരണ അതോറിറ്റിക്കുള്ളത്. ഈ മൂന്ന് ഏജന്‍സികളുടെ ഭാഗത്തുമുണ്ടായ വീഴ്ചകള്‍ ദുരന്ത നിവാരണത്തെ പ്രതികൂലമായി ബാധിച്ചു. മുന്‍കൂട്ടി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാനാകാതെ, ദുരന്തമുണ്ടായതിന് ശേഷമുള്ള രക്ഷാ പ്രവര്‍ത്തനത്തിലേക്ക് അതോറിറ്റിക്ക് ചുരുങ്ങേണ്ടിവന്നു. അവിടെപ്പോലും അവശ്യം വേണ്ട സംവിധാനങ്ങളുടെ കുറവ് അവരെ വലച്ചു.

രക്ഷാ പ്രവര്‍ത്തനത്തിന് സേനാ വിഭാഗങ്ങളെ നിയോഗിക്കണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യത്തോട് തുടക്കത്തില്‍ തണുപ്പന്‍മട്ടില്‍ പ്രതികരിച്ച കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയും പ്രതിരോധ മന്ത്രാലയവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു. പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കി, സ്വയം നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്തമുള്ള കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയാണ് (നിയമപ്രകാരം അതവരുടെ ബാധ്യതയാണ്) ഇവ്വിധം പെരുമാറിയത്.

ഇവിടെയാണ് സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി മത്സ്യത്തൊഴിലാളികളും നാട്ടുകാരും സര്‍വവും മറന്ന് രംഗത്തുവന്നത്. പലമേഖലകളില്‍ വൈദഗ്ധ്യം നേടിയവരേക്കാള്‍ എളുപ്പത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. ജീവനുകള്‍ രക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെ എന്നതില്‍ പഠിച്ചുണ്ടാക്കുന്ന വൈദഗ്ധ്യത്തേക്കാള്‍ പ്രായോഗികമായ അറിവ് പ്രധാനമാണെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. അവരില്ലായിരുന്നുവെങ്കില്‍ ആള്‍നാശം ഏറെ വലുതാകുമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കോസ്റ്റ്ഗാര്‍ഡ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍, ഉത്തരാഖണ്ഡിലെയും മറ്റും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, പറഞ്ഞത് കേരളമല്ലായിരുന്നുവെങ്കില്‍ മരണ സംഖ്യ പതിനായിരമെങ്കിലുമാകുമായിരുന്നുവെന്നാണ്. അത്രയും ഗുരുതരമായ സാഹചര്യത്തെയാണ് മറികടന്നത് എന്ന് ചുരുക്കം.

മുന്‍കാല വീഴ്ചകളുടെ സംഭാവന

അണകളുടെ ബാഹുല്യവും മഴയുടെ അളവിലുണ്ടായ കുറവും സംസ്ഥാനത്തെ ഏതാണ്ടെല്ലാ പുഴകളിലെയും വെള്ളമൊഴുക്ക് കുറച്ചിട്ടുണ്ട്. വേനലില്‍ വരണ്ടുണങ്ങുന്ന സ്ഥിതി. മെലിഞ്ഞ പുഴയുടെ തീരങ്ങള്‍ കൈയേറാന്‍ നമ്മളാരും മടി കാണിച്ചില്ല. ആദ്യം കൃഷിയിറക്കി, പിന്നെ വീടു പണിതു, വൈകാതെ റിസോര്‍ട്ടുകളും ഹോട്ടലുകളും ഫഌറ്റുകളുമുയര്‍ത്തി. മലകള്‍ ഇടിക്കാനും അധികൃതമായും അനധികൃതമായും ക്വാറികള്‍ തുടങ്ങാനും മടിച്ചില്ല നമ്മള്‍. ചെരിച്ച് ചെത്താവുന്ന മലഞ്ചെരിവുകളിലൊക്കെ വീടുകളും റിസോര്‍ട്ടുകളുമുയര്‍ന്നു. ഇതൊക്കെ കണ്ടിട്ടും കാണാത്ത മട്ടുനടിച്ചു നമ്മുടെ ഭരണ സംവിധാനങ്ങള്‍. നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ച്, ഇവയെ ക്രമവത്കരിച്ചുനല്‍കാന്‍ മടികാണിച്ചതുമില്ല. നഗരങ്ങളിലെ അനധികൃത നിര്‍മാണങ്ങള്‍ പിഴയീടാക്കി ക്രമവത്കരിച്ച് കൊടുക്കാന്‍ ഈ സര്‍ക്കാറും തൊട്ടു മുമ്പത്തെ യു ഡി എഫ് സര്‍ക്കാറും നടത്തിയ ശ്രമം ചെറുതായിരുന്നില്ല. ഇത്തരം ക്രമവത്കരിക്കലുകള്‍ നിയമം ലംഘിച്ചുള്ള കൂടുതല്‍ നിര്‍മാണങ്ങള്‍ നടത്താന്‍ പ്രേരകമാകുകയാണെന്ന ചിന്ത ഭരണാധികാരികള്‍ക്ക് ഇക്കാലം വരെ ഉണ്ടായിട്ടുമില്ല.


1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈയേറിയവര്‍ക്കൊക്കെ പട്ടയം നല്‍കുമെന്ന പ്രഖ്യാപനം പതിറ്റാണ്ടുകള്‍ക്കിപ്പുറവും നടപ്പാക്കിത്തീര്‍ന്നിട്ടില്ല. ഇപ്പോഴും പട്ടയവിതരണങ്ങള്‍ മേളകളായി അരങ്ങേറുന്നു. ഇതിങ്ങനെ പൂര്‍ത്തിയാകാതെ കിടക്കുന്നത് കൂടുതല്‍ കൈയേറ്റങ്ങള്‍ക്കും കുടിയേറ്റങ്ങള്‍ക്കും കാരണമാകുന്നുവെന്നതാണ് വസ്തുത. അതൊന്നും പട്ടയ വിതരണം പൂര്‍ത്തിയാക്കണമെന്ന തോന്നല്‍ ഭരണാധികാരികളിലോ അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലോ ഉണ്ടാക്കുന്നില്ല. അതിന്റെയൊക്കെ ഫലം കൂടിയാണ് മഴ കനത്തപ്പോള്‍ ഉരുള്‍പൊട്ടലായും മണ്ണിടിച്ചിലായും നമ്മള്‍ കണ്ടത്. അണമുറിഞ്ഞൊഴുകിയ ജലം കരുത്തായപ്പോള്‍ പുഴകള്‍ അവയുടെ സ്ഥലം തിരിച്ചെടുക്കാനാണ് ശ്രമിച്ചത്. അവിടങ്ങളിലൊക്കെ നിര്‍മാണങ്ങള്‍ നടത്തി തടസ്സങ്ങളുണ്ടാക്കിയവരാണ് പുഴകളെ വഴിമാറിയൊഴുകാന്‍ നിര്‍ബന്ധിതമാക്കിയത്.


ഏതാണ്ട് ഇതേ അവസ്ഥയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നകാര്യത്തിലുമുണ്ടായത്. ഇക്കാര്യത്തില്‍ നേരത്തെയുണ്ടാക്കിയ നിയമത്തില്‍ പലകുറി ഇളവ് നല്‍കുകയും പിഴയീടാക്കി ക്രമവത്കരിക്കുകയും ചെയ്തതിലൂടെ കൂടുതല്‍ ഇടങ്ങള്‍ നികത്തപ്പെടുന്ന സ്ഥിതിയുണ്ടായി. അസാധാരണമാം വിധം പെയ്തിറങ്ങിയ വെള്ളത്തെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുണ്ടായിരുന്ന വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയതോടെ വെള്ളം കിട്ടിയ പഴുതുകളിലൂടെ ഉയര്‍ന്നൊഴുകി. അതിലേക്കാണ് പുഴ വെള്ളവും അണ തുറന്നുവിട്ട അധിക വെള്ളവും ചേര്‍ന്നത്. ഒഴുകിയെത്തിയ വെള്ളത്തിന് ഒഴുക്കില്ലാതായതോടെ ചോര്‍ന്നുപോകാന്‍ പോലും പറ്റാത്ത സ്ഥിതിയുമുണ്ടായി. നാശനഷ്ടങ്ങളുടെ വ്യാപ്തി വര്‍ധിക്കാന്‍ അതും കാരണമായി.

ആ നിലയ്ക്ക് ഇന്ന് കേരളം നേരിടുന്ന ദുരന്തം മനുഷ്യ നിര്‍മിതം തന്നെയാണ്. അതിന് ഭരണാധികാരികളെ പഴിക്കുന്നതിനൊപ്പം സ്വയം പഴിക്കുക കൂടി വേണം മലയാളികള്‍.


തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്ന ഓര്‍മയില്‍ നിന്ന് 2018ലെ വെള്ളപ്പൊക്കമെന്ന യാഥാര്‍ഥ്യത്തിലേക്ക് എത്തുമ്പോള്‍ ഒരുപാട് സംഗതികള്‍ നമ്മളെ തുറിച്ചുനോക്കുന്നുണ്ട്. നമ്മള്‍ തന്നെ സൃഷ്ടിച്ച, നമ്മുടെ തന്നെ ഭരണകൂടങ്ങള്‍ പലകാരണങ്ങളാല്‍ (അഴിമതി, സ്വാധീനം, സ്വജനപക്ഷപാതം ഒക്കെയുണ്ട്) കണ്ണടച്ച് വളര്‍ത്തിയ പലതും. മുന്‍കാലങ്ങളില്‍ ഒറ്റക്കും തെറ്റക്കുമുണ്ടായ ദുരന്തങ്ങള്‍ മുന്നറിയിപ്പായിരുന്നു. അതില്‍ സഹതപിച്ച് നിഷ്‌ക്രിയരായിരുന്ന സമൂഹത്തിന്റെ മേലാണ് പ്രളയജലമൊഴുകിയത്, കുന്നുകള്‍ അടര്‍ന്നുവീണത്. ഇത് മനസ്സിലാക്കിയുള്ള പുനര്‍ നിര്‍മാണത്തിന് ഭരണകൂടം തയ്യാറാകുകയും അതു മനസ്സിലാക്കി പ്രതികരിക്കാന്‍ നമ്മള്‍ സന്നദ്ധരാകുകയും ചെയ്താലേ വരാനിരിക്കുന്ന ദുരന്തങ്ങളുടെ ആഘാതം കുറക്കാനാകൂ. പ്രളയത്തെ തോല്‍പ്പിക്കാന്‍, വിഷമത്തിലായവരെ സഹായിക്കാന്‍ ഒക്കെയായി രൂപമെടുത്ത കൂട്ടായ്മയുടെ അടുത്ത ഉത്തരവാദിത്തം അതാണ്.