2018-10-08

അയ്യപ്പ തിന്തകതോം, വോട്ട് തിന്തകതോം...


വിശ്വാസികളുടെ പ്രവാഹം കൊണ്ടോ വരുമാനത്തിലെ ധാരാളിത്തം കൊണ്ടോ അത്രയൊന്നും പ്രശസ്തമല്ല. എങ്കിലും കുറവല്ലാത്ത സ്ഥാനമുണ്ട്. സംഗതിവശാല്‍ എന്തെങ്കിലും കാണാതെ പോകുകയും അന്വേഷിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്താല്‍ ഒരു വഴിപാട് നേര്‍ന്നാല്‍ മതി, കാണാതെ പോയത് കിട്ടുമെന്നാണ് വിശ്വാസം. അവ്വിധം ശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന ദേവീ ക്ഷേത്രം. തന്ത്രി, മേല്‍ശാന്തി, കീഴ് ശാന്തിമാര്‍ ഒക്കെ വിധിയാംവണ്ണം. നിലവിലെ മേല്‍ശാന്തിക്കൊരു പുറം വരായ്കയുണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഏജന്റ് എന്ന നിലയില്‍. മരണാനന്തരം ആനന്ദം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ദൈവസങ്കല്‍പ്പത്തോട് അടുത്തുനില്‍ക്കുന്ന മേല്‍ശാന്തിയുടെ ഉത്തരവാദിത്തം കൂടിയാണല്ലോ. ആകയാല്‍ എല്‍ ഐ സി കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന വിവിധ ആനന്ദ പോളിസികള്‍ വാങ്ങിക്കാന്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരെ പ്രേരിപ്പിക്കുക എന്നത് മേല്‍ശാന്തി സ്വന്തം ഉത്തരവാദിത്തമായി കാണുന്നു.


ദേവീകടാക്ഷമുള്ള പോളിസികള്‍ സ്വന്തമാക്കാന്‍ ചിലരൊക്കെ തയ്യാറായി. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ദൈവ വിശ്വാസികളെല്ലാം എല്‍ ഐ സി പോളിസികളില്‍ വിശ്വസിച്ച് കൊള്ളണമെന്നില്ല. പോളിസികളില്‍ വിശ്വാസമുള്ളവരെല്ലാം ഇടനിലക്കാരനായി മേല്‍ശാന്തിയെ നിശ്ചയിച്ച് കൊള്ളണമെന്നുമില്ല. ആകയാല്‍ കുറച്ച് പേര്‍ മാറി നിന്നു. എന്തായാലും മേല്‍ശാന്തിയില്‍ നിന്ന് കൈ തൊടാതെ പോളിസി വാങ്ങിയവരും അല്ലാത്തവരുമായി ക്ഷേത്രത്തിലെ സ്ഥിരം ദര്‍ശകര്‍ വിഭജിക്കപ്പെട്ടു. മേല്‍ശാന്തിയുടെ ഇടനിലയില്‍ പോളിസി വഴിപാട് കഴിച്ചവര്‍ക്കൊക്കെ പിന്നിടുള്ള ദിനങ്ങളില്‍ പ്രത്യേക പരിഗണന. പ്രത്യേകം പ്രസാദം. അവരുടെ വഴിപാടുകള്‍ നേരത്തെ കഴിച്ചുകിട്ടും. അല്ലാത്തവര്‍ അല്‍പ്പം കാത്തിരിക്കണം. ശ്രീകോവിലിന് സമീപത്തുവന്നാല്‍ മേല്‍ ശാന്തിയുടെ ശുദ്ധി കളങ്കപ്പെടുത്താന്‍ ശ്രമിച്ചോ എന്ന മട്ടിലുള്ള നോട്ടം, ചിലപ്പോഴൊക്കെ ശകാരവും.


ഇതങ്ങനെയങ്ങ് തുടര്‍ന്നാല്‍, കാലാന്തരത്തില്‍, മേല്‍ശാന്തിയുടെ കൈയില്‍ നിന്ന് പോളിസി വണങ്ങി വാങ്ങുക എന്നത് ഇവിടുത്തെ ആചാരമായി മാറാന്‍ സാധ്യത ഏറെയാണ്. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍, ദേവീകടാക്ഷത്തിനായി, മേല്‍ശാന്തിയുടെ പക്കല്‍ നിന്ന് എല്‍ ഐ സിയുടെ പോളിസികള്‍ വാങ്ങുന്നത് ഉത്തമമെന്ന് കിംവദന്തി പടരും. പോളിസി വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കും. അവ്വിധം പോളിസി വാങ്ങുന്നവര്‍ ദീര്‍ഘായുസ്സുള്ളവരായി മാറിയതിന്റെ കഥകളുണ്ടാകും. മേല്‍ശാന്തിയുടെ പക്കല്‍ നിന്ന് പോളിസി വാങ്ങിയതില്‍ ആയിരം പൂര്‍ണചന്ദ്രന്‍മാരെ കാണാതെ മണ്‍മറഞ്ഞവര്‍ കുറവെന്നതിന് സാക്ഷ്യങ്ങളുണ്ടാകും. അതോടെ മേല്‍ശാന്തിയില്‍ നിന്നുള്ള എല്‍ ഐ സി പോളിസി, ആചാരമായി മാറാനുള്ള സാധ്യത ചെറുതല്ല.


ദൈവനിഷേധമല്ല. വിശ്വാസങ്ങളെ വ്രണപ്പെടുത്തുക എന്നത് ഉദ്ദേശ്യവുമല്ല. എല്‍ ഐ സി ഏജന്റ് കൂടിയായ ക്ഷേത്രമേല്‍ശാന്തി, പോളിസി വില്‍പ്പനയിലൂടെ ലക്ഷാധിപതിയോ കോടിപതിയോ ആകാന്‍ നടത്തുന്ന ശ്രമം നേരിട്ട് അറിയാവുന്നതുകൊണ്ട് കുറിച്ചതാണ്. അത്തരം താത്പര്യങ്ങള്‍ ആചാരമായി വളരാനുള്ള സാധ്യത തള്ളിക്കളയാവതല്ല എന്ന് പറഞ്ഞുവെന്ന് മാത്രം.


പ്രശസ്തര്‍ ദിനേന എത്തുന്നതുകൊണ്ട് പ്രസിദ്ധമായ മറ്റൊരു ക്ഷേത്രത്തില്‍, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്ഥിരമായി പോയിരുന്നു. അന്നതിന് ഇപ്പോഴുള്ള പ്രശസ്തിയില്ല. ദര്‍ശനത്തിന് എത്തുന്നത് കൈവിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ക്ഷേത്രമുറ്റത്ത് പ്രാവുകള്‍ക്കായി വലിയ കൂടുണ്ടായിരുന്നു. അരിയെറിഞ്ഞാല്‍ പ്രാവുകള്‍ കൂട്ടത്തോടെ മുറ്റത്തിറങ്ങും. മനോഹരമായ കാഴ്ച. പ്രാവുകളെ അടുത്തുകാണാമെന്നതിനാല്‍ കുട്ടികള്‍ വല്ലപ്പോഴും അരിയെറിയുമായിരുന്നു. കാലക്രമത്തില്‍ പ്രാവുകള്‍ക്ക് അരിയെറിയുന്നത് ക്ഷേത്ര ദര്‍ശനത്തിന്റെ ഭാഗമായി മാറി. പ്രാവുകള്‍ക്ക് നല്‍കാന്‍ അരി വാങ്ങാന്‍ കിട്ടും. ഏതാണ്ടൊരു ആചാരം പോലെയായിരിക്കുന്നു പ്രാവുകള്‍ക്ക് അന്നം നല്‍കല്‍. 


ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ രൂപപ്പെടുന്നതും അത് വ്യാപാരാധിഷ്ഠിതമായി വളരുന്നതും ഇങ്ങനെയൊക്കെയാണ്. 'യുഗ'ങ്ങളുടെയും (ബി ജെ പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാക്കുകളനുസരിച്ച്) 'സംവത്സരങ്ങളു'ടെയും (കെ പി സി സിയുടെ മുന്‍ പ്രസിഡന്റ് കെ മുരളീധരന്റെ വാക്കുകളനുസരിച്ച്) പഴക്കമുള്ളതായി പറയപ്പെടുന്ന ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം, സുപ്രീം കോടതി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് ഉയര്‍ത്തിക്കൊണ്ടുവരുന്ന, വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളാണ് മേല്‍പ്പറഞ്ഞതൊക്കെ ഓര്‍മിപ്പിച്ചത്.


ഇതിലേറ്റം നാടകീയവും ദുരുപദിഷ്ടവും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) നിലപാടാണ്. പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനുള്ള വിലക്ക് ചോദ്യംചെയ്തുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ദശകത്തിലധികമായി. ഇക്കാലയളവില്‍ ലിംഗഭേദമോ മറ്റ് നിയന്ത്രണങ്ങളോ ഇല്ലാതെ എല്ലാവര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്തി പ്രാര്‍ഥിക്കാന്‍ അവസരമുണ്ടാകണമെന്നാണ് ആര്‍ എസ് എസ് പരസ്യമായി പറഞ്ഞിരുന്നത്. സകല സംഘങ്ങളുടെയും ചാലകനായ മോഹന്‍ ഭാഗവത് തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും അതിലൊരു വര്‍ഗീയ പ്രീണന സാധ്യത കേരളത്തിലെ പരിവാര്‍ ബന്ധുക്കള്‍ കാണുകയും അത് ഏറ്റെടുക്കാന്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തീരുമാനിക്കുകയും ചെയ്തതോടെ ആര്‍ എസ് എസ് നിലപാട് മാറ്റി. 'ആചാര'ങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ വിശ്വാസികള്‍ക്കുണ്ടാകുന്ന മനഃപ്രയാസം കാണാതെ പോകാന്‍ പറ്റില്ലെന്നായി.


ഏതാണ്ട് ഇതേ ഗാനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യം ഒറ്റക്ക് ആലപിച്ച് തുടങ്ങിയത്. പിന്നീട് കോണ്‍ഗ്രസിലെ ഇതര നേതാക്കളൊക്കെ ചേര്‍ന്നതൊരു സംഘഗാനമാക്കി. തിരഞ്ഞെടുപ്പ് വിജയവും അധികാരലബ്ധിയും ലാക്കാക്കി മൃദുഹിന്ദുത്വ നിലപാടുകള്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ള കോണ്‍ഗ്രസിനെ സംബന്ധിച്ച് അതിന്റെ നേതാക്കള്‍ ഇവ്വിധം പ്രവര്‍ത്തിക്കുന്നതില്‍ അത്ഭുതമില്ല. രമേശ് ചെന്നിത്തലയും കെ പി സി സിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും 'പന്തളം രാജ കുടുംബ'ത്തെ സന്ദര്‍ശിച്ച് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. 'രാജ കുടുംബ'ത്തിന്റെ ആശങ്കകള്‍ തള്ളിക്കളയാവതല്ലെന്ന് നേതാക്കള്‍ ശങ്കാലേശമില്ലാതെ പ്രസ്താവിച്ചു. രാജവാഴ്ചയും കോളനിവാഴ്ചയും അവസാനിച്ച് ജനാധിപത്യം പുലര്‍ന്നിട്ട് ഏഴ് ദശകം പിന്നിട്ടത് ഈ നേതാക്കള്‍ക്ക് ഇപ്പോഴും ബോധ്യപ്പെട്ടതായി തോന്നുന്നില്ല. പ്രിവിപഴ്‌സ് അവസാനിപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ നാമം അകമ്പടിയായുള്ള കോണ്‍ഗ്രസിലെ അംഗങ്ങളാണ് തങ്ങളെന്നെങ്കിലും ഓര്‍ക്കാന്‍ ഇവര്‍ക്ക് തോന്നിയതുമില്ല.


സുപ്രീം കോടതി വിധി വന്നയുടന്‍, വിശ്വാസികളുടെ വികാരത്തെ ഹനിക്കുകയാണ് സംസ്ഥാനത്തെ പിണറായി വിജയന്‍ സര്‍ക്കാറെന്ന് ആരോപിച്ച രമേശ് ചെന്നിത്തല, ശബരിമലയുടെ കാര്യത്തില്‍ സി പി എമ്മിനും ആര്‍ എസ് എസ്സിനും ഒരു നിലപാടാണ് എന്ന് കുറ്റപ്പെടുത്തിയിരുന്നു. ആര്‍ എസ് എസ് നിലപാട് മാറ്റുകയും ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ ശ്രീധരന്‍ പിള്ള യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തതോടെ ചെന്നിത്തല അടക്കം കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതാക്കളുടെയും ആര്‍ എസ് എസ്സിന്റെയും നിലപാട് ഒന്നായി മാറി. ഇവര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍, സകലതിനും ഉത്തരവാദി മുഖ്യമന്ത്രി പിണറായിവിജയനാണ്. അമേരിക്കയില്‍ ചികിത്സകഴിഞ്ഞെത്തിയ പിണറായി വിജയന്‍, ഒരു ദിനം രാവിലെ അലക്കിത്തേച്ച വെള്ള വസ്ത്രങ്ങള്‍ ധരിച്ച്, മുടി നിരതെറ്റാതെ ചീകിയൊതുക്കി, സെക്രട്ടേറിയറ്റിലെ കസേരയില്‍ വന്നിരുന്ന്, പതിവ് ഗൗരവം (ധാര്‍ഷ്ട്യമെന്നും വായിക്കാം) ഒരു പുഞ്ചിരിക്കണം വന്ന് തെറ്റിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, ഒരുത്തരവങ്ങ് ഇറക്കി - ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്കൊക്കെ പ്രവേശനം അനുവദിച്ചുകൊണ്ട്.


സംഘ്പരിവാരവും കോണ്‍ഗ്രസ് നേതാക്കള്‍ സംഘമായും പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നത് ഏതാണ്ടിതാണ്. ഈ ആവര്‍ത്തനവിരസതയില്‍ ശബരിമല അയ്യപ്പനോടുള്ള ഭക്തിയോ നൈഷ്ഠിക ബ്രഹ്മചര്യത്തിലുള്ള അചഞ്ചലമായ വിശ്വാസമോ ആചാരങ്ങള്‍ നിലനിര്‍ത്തി വിശ്വാസികളുടെ വികാരം സംരക്ഷിക്കാനുള്ള തൃഷ്ണയോ ഒന്നുമില്ല. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റുമാര്‍ഗമൊന്നുമില്ലാത്ത ഘട്ടത്തില്‍, അതിന്റെ പേരില്‍ ധ്രുവീകരണമുണ്ടായി വോട്ടായി മാറുകയാണെങ്കില്‍ നടുത്തുണ്ടം കിട്ടണമെന്ന അത്യാര്‍ത്തി മാത്രം. മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് വര്‍ഗീയത വളര്‍ത്താന്‍ കളമൊരുക്കിയ ഹിന്ദു മഹാസഭയുടെ പിന്‍ഗാമികളായ, മസ്ജിദ് തകര്‍ത്ത് അധികാരത്തിലേക്ക് വഴി തുറന്ന ബി ജെ പിക്കാര്‍ക്കും അവര്‍ക്ക് വളമേകുന്ന സംഘ്പരിവാര്‍ സംഘടനകള്‍ക്കും വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ അവസരമൊരുക്കിയ ഗോവിന്ദ് വല്ലഭ് പന്ത് മുതല്‍ ആദ്യം ആരാധനക്കും പിന്നീട് കര്‍സേവക്കും മസ്ജിദിന്റെ വാതിലുകള്‍ തുറന്നുകൊടുത്ത രാജീവ് ഗാന്ധി, നരസിംഹറാവു പ്രഭൃതികള്‍ വരെയുള്ളവരുടെ പാരമ്പര്യം പേറുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും തികച്ചും ചേരുന്നതാണ് ചോരവീണാലും വേണ്ടില്ല എന്നതില്‍ ആധാരമായ ഈ അത്യാര്‍ത്തി.


മേല്‍പ്പത്തൂരിന് വിഭക്തിയായിരുന്നു പ്രധാനം. കടുകട്ടിയായ സംസ്‌കൃതത്തില്‍ ചിട്ടവട്ടങ്ങളും ആചാരങ്ങളുമൊന്നും മറികടക്കാത്ത കവനം. സാക്ഷാല്‍ നാരായണനെക്കുറിച്ച് എഴുതുമ്പോള്‍ പോലും. പൂന്താനത്തിന് പ്രധാനം ഭക്തിയായിരുന്നു. ജ്ഞാനപ്പാന ഭാഷാ കാവ്യം. സംസ്‌കൃതത്തിന്റെ ആചാരങ്ങളും അലങ്കാരങ്ങളുമില്ലാത്തത്. മേല്‍പ്പത്തൂര്‍ ഭട്ടതിരി, ഭാഷാ കാവ്യം നോക്കിത്തിരുത്തുകയോ! ഈ അഹങ്കാരത്തെ മേല്‍പ്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടമെന്ന് ശ്രീകൃഷ്ണന്‍ തിരുത്തിയെന്നാണ് ഐതീഹ്യം. ശ്രീധരന്‍പിള്ള, ചെന്നിത്തലാദികളുടെ വിഭക്തിയേക്കാള്‍ അയ്യപ്പസ്വാമിക്ക് പ്രിയംകരം ഭക്തിയായിരിക്കും. അതുകൊണ്ടാണല്ലോ വിലക്ക് നിലനില്‍ക്കെ ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതുവെന്ന് പരസ്യമായി പറഞ്ഞ നടിക്ക് കോട്ടമൊന്നുമുണ്ടാകാതിരിക്കുന്നത്. ദീര്‍ഘകാലം തന്ത്രിയായിരുന്ന വ്യക്തി, ആഗ്രഹങ്ങളുടെ ഇരയായി മാനച്ചേതത്തിനും വ്യവഹാരങ്ങള്‍ക്കും വിധേയനായത്.


ശബരിമലയിലെ മേല്‍ശാന്തിയെ നിശ്ചയിക്കുന്നതിനും ആചാരമുണ്ടായിരുന്നു. 1970ല്‍ ആ ആചാരം മാറ്റിയത്, മേല്‍ശാന്തി നിയമനത്തെച്ചൊല്ലിയുയര്‍ന്ന അഴിമതി ആരോപണത്തെത്തുടര്‍ന്നാണ്. അയ്യപ്പനെ പൂജിക്കാന്‍ മേല്‍ശാന്തിയെ നിശ്ചയിക്കുന്നതിന് കൈക്കൂലി വാങ്ങിയിരുന്നതിനേക്കാള്‍, കൈക്കൂലി നല്‍കി മേല്‍ശാന്തിപ്പട്ടം സ്വന്തമാക്കിയിരുന്നതിനേക്കാള്‍ വലിയ പാപമൊന്നും ഭക്തിയുള്ളവര്‍ പ്രായഭേദമില്ലാതെ വരുന്നതുകൊണ്ട് സംഭവിക്കാനില്ല. അപേക്ഷ സ്വീകരിച്ച്, അഭിമുഖം നടത്തി, ചുരുക്കപ്പട്ടിക തയ്യാറാക്കി, അതില്‍ നിന്ന് നറുക്കെടുത്താണ് ഇപ്പോള്‍ മേല്‍ ശാന്തി നിയമനം. നറുക്കിനപ്പുറത്തുള്ള പണക്കിലുക്കങ്ങളെക്കുറിച്ച് മേല്‍ശാന്തിയാകാന്‍ ശ്രമിക്കുന്നവര്‍ക്കൊക്കെ അറിയാം. മേല്‍ശാന്തിക്ക് നിശ്ചയിക്കാവുന്ന കീഴ്ശാന്തിമാരുടെ പട്ടികക്കുമുണ്ട് പണത്തൂക്കത്തിന്റെ പകിട്ട്. വിഭക്തിയുടെ ഈ മേല്‍പ്പത്തൂരന്‍മാരെ അകറ്റിനിര്‍ത്തുന്നതാണ് അയ്യപ്പന്റെ നിഷ്ഠ. 

No comments:

Post a Comment