ഹിന്ദുത്വ വര്‍ഗീയവാദികളില്‍ നിന്ന് ഇന്ത്യന്‍ യൂനിയനെ രക്ഷിക്കാനും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്താനുമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) വിശ്രമമില്ലാതെ യത്‌നിക്കുന്നത് എന്നാണ് ആ പാര്‍ട്ടിയുടെ അധ്യക്ഷനായ രാഹുല്‍ ഗാന്ധി മുതല്‍ ഇവിടെ തെക്കേയറ്റത്ത് പ്രദേശ് അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെയുള്ളവര്‍ ആണയിടുന്നത്. രാജ്യത്തിന്റെ സാമൂഹിക, സാമുദായിക, സാമ്പത്തിക ഘടനകളെയൊക്കെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങാന്‍ സമയമായെന്ന് വിശ്വസിക്കുകയും ചെയ്യുന്ന സംഘ്പരിവാരം, വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടാനുള്ള ഒരവസരവും നഷ്ടപ്പെടുത്താതിരിക്കുകയും ജനത്തെ ഭീതിയുടെ തടവറയില്‍ അടക്കുന്നതിന് നിയമത്തിനകത്തും പുറത്തുമുള്ള മാര്‍ഗങ്ങളൊക്കെ അവലംബിക്കുകയും ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി മുതല്‍ മുല്ലപ്പള്ളി വരെയുള്ളവരുടെ വാക്കുകളെ വിശ്വസിക്കാന്‍ മതനിരപേക്ഷ നിലപാടെടുക്കുന്നവരൊക്കെ നിര്‍ബന്ധിതരാകുന്നു.
നയപരവും രാഷ്ട്രീയവുമായ എതിര്‍പ്പുകള്‍ തത്കാലം മാറ്റിവെച്ച് കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനോ ധാരണകളുണ്ടാക്കുന്നതിനോ സന്നദ്ധരാണെന്ന് ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അപ്പോഴും ഹിന്ദുത്വ വര്‍ഗീയവാദികളെ പുറന്തള്ളി, അധികാരം പിടിക്കുക എന്നതിനപ്പുറത്ത് രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്തുക എന്നതില്‍ കോണ്‍ഗ്രസിന് എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന സംശയം ശക്തമാണ്. തീവ്ര ഹിന്ദുത്വത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വം, ഭാവിയില്‍ തീവ്ര ഹിന്ദുത്വത്തിന്റെ സമ്പൂര്‍ണാധിപത്യത്തിന് കാരണമാകുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും കോണ്‍ഗ്രസ് സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടുകള്‍ ഏത് വിധത്തിലാണ് സംഘ്പരിവാരത്തെ വളര്‍ത്തിയത് എന്നതും അവരുടെ തീവ്ര അജന്‍ഡകളെ മുഖ്യ വിഷയമായി വളര്‍ത്തിയത് എന്നതും അത്രയൊന്നും പഴകാത്ത ചരിത്രമാണ്. അതിന്റെ വീര്യം കൂടിയ ആവര്‍ത്തനത്തിന് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തന്ത്രങ്ങള്‍ വഴിവെച്ചേക്കാം.
ശബരിമലയില്‍ പ്രായഭേദം കൂടാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി വിധിച്ചതോടെ, അതിലൊരു ധ്രുവീകരണ സാധ്യത കണ്ട് രംഗത്തെത്തിയ സംഘ്പരിവാരത്തിന് വളമിടുകയും വെള്ളമൊഴിക്കുകയും ചെയ്യുന്ന കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നമ്മുടെ മുന്നിലുണ്ട്. സുപ്രീംകോടതി വിധിയെ വിശാലാര്‍ത്ഥത്തില്‍ ശരിവെക്കുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം, വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിനുണ്ടെന്ന് വിശദീകരിച്ച് തലയൂരുകയാണ്.
തത്കാലത്തേക്കുള്ള ലാഭം മുന്‍നിര്‍ത്തി നിലപാട് സ്വീകരിക്കുന്നത് ഭാവിയില്‍ സംഘ്പരിവാറിന്റെ പരിപ്പ് വേവിക്കാനുള്ള വിറകായി മാറുമെന്ന്, മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പറഞ്ഞുകൊടുക്കാന്‍ പോലും സാധിക്കാത്ത വിധത്തിലായിരിക്കുന്നു കോണ്‍ഗ്രസിന്റെ നേതൃത്വം. അതങ്ങനെ ആയതാണെന്ന് കരുതുക വയ്യ. തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദു ഹിന്ദുത്വത്തെ ആയുധമാക്കുന്ന അഖിലേന്ത്യാ നയം തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും മുതല്‍ ബെന്നി ബെഹ്‌നാന്‍ വരെ തുടരുന്നത്.
ശബരിമലയെ തത്കാലം വിടാം. ഒരു കൊല്ലത്തിനിടെ നടന്ന ഗുജറാത്ത്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണക്കാലം പരിശോധിക്കാം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണം ആരംഭിച്ചത് അവിടങ്ങളിലെ പ്രസിദ്ധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടിക്കൊണ്ടാണ്. കര്‍ണാടകത്തില്‍ വിവിധ മഠങ്ങളുടെ അധിപതികളായ 'സ്വാമി'മാരെ സന്ദര്‍ശിച്ച് വണങ്ങാനും രാഹുല്‍ മടി കാണിച്ചില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തുന്ന രാഹുലിന്റെ മുഖ്യ ഇനങ്ങളിലൊന്ന് ക്ഷേത്ര സന്ദര്‍ശനമാണ്. ശിവ ഭക്തനെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഹുല്‍,
ഹൈന്ദവരുടെ പ്രതിനിധി കൂടിയാണ് താനെന്നും അവരുടെ വികാരങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് തന്റേതെന്നുമുള്ള സന്ദേശം പരോക്ഷമായി നല്‍കുകയാണ് ചെയ്യുന്നത്. വിശ്വാസി എന്ന നിലയിലുള്ള രാഹുലിന്റെ പ്രകടനങ്ങളെ തള്ളിപ്പറയാന്‍ സാധിക്കില്ല. പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രകടനങ്ങള്‍ മൃദു ഹിന്ദുത്വ സമീപനത്തിന്റെ പ്രതിഫലനമായി മാത്രമേ കണക്കാക്കാനാകൂ. മതനിരപേക്ഷതയെക്കുറിച്ച്, അത് നിലനില്‍ക്കേണ്ടത് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് എത്രത്തോളം പ്രധാനമാണെന്നതിനെക്കുറിച്ച്, ബഹുസ്വര സമൂഹമായി രാജ്യം തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തിയും നിലവിലുള്ള അധികാരികള്‍ പിന്തുടരുന്ന നയങ്ങള്‍ ഏതുവിധത്തിലാണ് ജനത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നത് എന്ന് മനസ്സിലാക്കിക്കൊടുത്തും രാഷ്ട്രീയ വിജയം നേടാനുള്ള ത്രാണി പാര്‍ട്ടിക്കോ അതിന്റെ നേതൃനിരക്കോ ഇല്ലെന്ന തിരിച്ചറിവിന്റെ കൂടി ഭാഗമാണ് ഈ മൃദു ഹിന്ദുത്വം.
ബാബ്‌രി മസ്ജിദ് നിലനിന്ന ഭൂമിയുടെ കാര്യത്തില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകരില്‍ ഒരാളായിരുന്നു കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍. ഈ കേസില്‍ 2019ലെ പൊതു തിരെഞ്ഞെടുപ്പിന് മുമ്പ് വിധി പറയുന്നത്, വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ ആക്കം കൂട്ടുമെന്ന് അഭിപ്രായപ്പെട്ട വ്യക്തി. ബാബ്‌രി കേസിലെ അപ്പീല്‍ പരിഗണിക്കുന്നതിന് മുമ്പ് 1994ലെ ഭരണഘടനാ ബഞ്ചിന്റെ വിധിയിലെ പരാമര്‍ശം (ഇസ്‌ലാമില്‍ പ്രാര്‍ഥനക്ക് പള്ളി അനിവാര്യമല്ലെന്ന പരാമര്‍ശം) പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വഖഫ് ബോര്‍ഡിന്റെ ഭാഗം വാദിക്കാന്‍ വക്കാലെടുത്തതും കപില്‍ സിബലായിരുന്നു. പക്ഷേ, അവസാനനിമിഷം സിബല്‍ വക്കാലത്ത് ഉപേക്ഷിച്ചു. ബാബ്‌രി കേസില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ വക്കാലത്തുമായി കോണ്‍ഗ്രസ് നേതാവ് പോകുന്നത് ഭൂരിപക്ഷ സമുദായത്തെ അടുപ്പിക്കാനുള്ള ശ്രമങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയ പാര്‍ട്ടി നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് സിബല്‍ വക്കാലത്ത് ഒഴിഞ്ഞത് എന്ന് വിലയിരുത്തലുണ്ടായി.
ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ നിരയില്‍ നിന്ന താന്‍ അദ്ദേഹം നയിക്കുന്ന ബഞ്ചില്‍ വാദിക്കാന്‍ പോകില്ലെന്ന് തീരുമാനിച്ചുവെന്നും അതിനാലാണ് ഒഴിവായതെന്നും സിബല്‍ വിശദീകരിച്ചിരുന്നു. സംഗതി യുക്തിസഹം തന്നെ. പക്ഷേ അതുമാത്രമായിരുന്നോ കാരണമെന്ന ചോദ്യം രാമക്ഷേത്രവുമായി ബന്ധപ്പെട്ട ശശി തരൂരിന്റെ പ്രസ്താവനയോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണത്തോടെ ഉയരുന്നു.
പള്ളി പൊളിച്ചിടത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കളില്‍ ഭൂരിപക്ഷം ഒരുപക്ഷേ ആഗ്രഹിക്കുന്നുണ്ടാകാം, പക്ഷേ നല്ല ഹിന്ദുക്കള്‍ അങ്ങനെ ആഗ്രഹിക്കില്ലെന്നാണ് ശശി തരൂര്‍ അടുത്തിടെ പറഞ്ഞത്. ഈ അഭിപ്രായത്തെ ബി ജെ പിയുടെയും ഇതര സംഘ്പരിവാരത്തിന്റെയും പ്രഭൃതികള്‍ വിമര്‍ശിക്കുക സ്വാഭാവികം. ശ്രദ്ധേയമായത്, തരൂരിനെ വേഗത്തില്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യറായതാണ്. തരൂരിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് അതിനെ തുണക്കുന്നില്ലെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. അയോധ്യയില്‍ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധിയെയാണ് കോണ്‍ഗ്രസ് അംഗീകരിക്കുക എന്നും വ്യക്തമാക്കി. (ശബരിമലയുടെ കാര്യത്തിലെടുത്ത വിശ്വാസികളുടെ വഴി, ഭാവിയിലുണ്ടാകുമോ എന്നതില്‍ തിട്ടമില്ല) ഇത്രയും പറഞ്ഞപ്പോള്‍ 1992 ഡിസംബര്‍ ആറ് വരെ അവിടെ ബാബ്‌രി മസ്ജിദ് നിലനിന്നിരുന്നുവെന്നതോ അതിനെ ധ്വംസിക്കാനും അതുവഴി വര്‍ഗീയധ്രുവീകരണമുണ്ടാക്കാനും സംഘ്പരിവാരം അരനൂറ്റാണ്ടോളം കാലം യത്‌നിച്ചുവെന്നതോ വസ്തുതയായി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നിലുണ്ടായില്ല. നേതൃത്വം തള്ളിപ്പറഞ്ഞതോടെ വികല വ്യാഖ്യാനങ്ങള്‍ക്ക് വഴിവെക്കുന്ന പരാമര്‍ശം നടത്തരുതായിരുന്നുവെന്ന ഖേദപ്രകടനവുമായി രംഗത്തെത്തിയ തരൂര്‍, എല്‍ കെ അഡ്വാനിയിലെയും എ ബി വാജ്പയിയിലെയും 'നല്ല ഹിന്ദു'ക്കളെ ചൂണ്ടിക്കാട്ടി മൃദുഹിന്ദുത്വത്തിന്റെ മേലങ്കി അണിയുന്നു.
വര്‍ഗീയ ഫാഷിസ്റ്റുകളുടെ അജന്‍ഡകളെ എതിര്‍ക്കുക എന്നത് മതനിരപേക്ഷ സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന ചിന്ത, കോണ്‍ഗ്രസ് നേതൃത്വത്തിന് പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. ഇവ്വിധമുള്ള പാര്‍ട്ടി, ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയില്‍, ഹിന്ദുത്വ വര്‍ഗീയതയെ അധികാരത്തില്‍ നിന്ന് പുറംതള്ളിയാലും തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ക്ക് കൂടുതല്‍ വേരാഴ്ത്താനുള്ള അന്തരീക്ഷം അവശേഷിപ്പിക്കുകയാണ് ചെയ്യുക.
അതിന് ഏറ്റവും വലിയ തെളിവ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന്റെ വാക്കുകളാണ്. ''യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കുമ്പോള്‍ മുതല്‍ രാജ്യത്തെല്ലായിടത്തും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിട്ടുണ്ട്. അന്നൊക്കെ പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചിരുന്നത് ഹിന്ദു മത വിശ്വാസികളായ സ്ഥാനാര്‍ഥികളാണ്. 95 ശതമാനവും. ഇപ്പോള്‍ 20 ശതമാനം സ്ഥാനാര്‍ഥികളേ തന്നെ വിളിക്കാറുള്ളൂ.''
കോണ്‍ഗ്രസിന്റെ പലതലങ്ങളിലുള്ള നേതാക്കള്‍ ഈ വാക്കുകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കളെയാണ് ക്ഷണിക്കാറെന്നും അതില്‍ മതം നോക്കാറില്ലെന്നും അവര്‍ പറയുന്നു. ആ വിശദീകരണത്തില്‍ യുക്തിയുണ്ടെങ്കിലും വസ്തുത ഗുലാം നബി ആസാദിന്റെ വാക്കുകളായി നില്‍ക്കുന്നു. ഹിന്ദു മത വിശ്വാസികളായ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രചാരണത്തിന് മുസ്‌ലിംകളായ നേതാക്കളെ വിളിക്കേണ്ടെന്ന തീരുമാനമൊന്നും കോണ്‍ഗ്രസ് നേതൃത്വം എടുത്തിട്ടുണ്ടാകില്ല. പക്ഷേ, ശീലം അതായിരിക്കുന്നു. ഭൂരിപക്ഷ മതത്തിന്റെ ഇംഗിതങ്ങള്‍ക്ക് ഇണങ്ങും വിധത്തില്‍ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുന്നതാണ് അധികാരം നല്‍കുക എന്നാണ് ആ പാര്‍ട്ടിയുടെ 'തിരിച്ചറിവ്'. അതിനനുസരിച്ചുള്ള ഒഴിവാക്കലുകള്‍ മനഃപൂര്‍വ്വമല്ലാതെ കോണ്‍ഗ്രസില്‍ നടക്കുമ്പോള്‍, മനഃപൂര്‍വമായ ഒഴിവാക്കലുകളിലൂടെ ഹിന്ദു രാഷ്ട്രത്തിന് ശ്രമിക്കുന്ന സംഘപരിവാരത്തില്‍ നിന്നുള്ള ദൂരം കുറഞ്ഞുവരികയാണ്.
സ്വാതന്ത്ര്യ സമരകാലത്തുമുണ്ടായിരുന്നു ഇത്തരം ഒഴിവാക്കലുകള്‍, കോണ്‍ഗ്രസില്‍. ആ പാര്‍ട്ടിയിലെ മൃദു ഹിന്ദുത്വ വാദികളുടെ മുന്‍കൈയില്‍. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ 'ധര്‍മ'മാണ് കോണ്‍ഗ്രസ് പിന്തുടരേണ്ടത് എന്ന് പില്‍ക്കാലം വാദിച്ചത് അവരാണല്ലോ. സംഘ്അജന്‍ഡകള്‍ക്ക് വേരുറപ്പിക്കാന്‍ അവസരമൊരുക്കിയത് അവരാണല്ലോ. അതില്‍ മുമ്പന്റെ ഉടമസ്ഥാവകാശമാണല്ലോ പില്‍ക്കാലം സംഘ്പരിവാരം ഏറ്റെടുത്തത്. ആ ദേഹത്തിന്റെ വലിയ പ്രതിമയാണല്ലോ ഗുജറാത്തിലെ വഡോദരക്ക് സമീപം നര്‍മദാ അണക്കെട്ടിന് അഭിമുഖമായി ഉയര്‍ന്നിരിക്കുന്നത്. അന്ന് വിതച്ചത് കൊയ്യാന്‍ സംഘ്പരിവാരത്തിന് ദശകങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അവരുടെ കൃഷിക്ക് മൃദു ഹിന്ദുത്വ നിലപാടിലൂടെ വെള്ളവും വളവും ഇപ്പോള്‍ നല്‍കിയാല്‍, വലിയ വിളവെടുപ്പിന് ദശകം പോലും വേണ്ടിവരില്ല.
No comments:
Post a Comment