ഇന്ത്യന്‍ യൂനിയന്റെ ആദ്യ പ്രധാനമന്ത്രിയാകേണ്ടിയിരുന്നത് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലാണ്. അത് ജവഹര്‍ ലാല്‍ നെഹ്‌റു തട്ടിയെടുക്കുകയായിരുന്നു. മഹാത്മാ ഗാന്ധിയുമായി നെഹ്‌റുവിനുണ്ടായിരുന്ന അടുപ്പമാണ് അദ്ദേഹത്തെ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാക്കിയത്. ഇത്യാദി വാദങ്ങള്‍ സംഘ്പരിവാര പ്രഭൃതികള്‍ കാലങ്ങളായി ഉന്നയിക്കുന്നതാണ്. പട്ടേല്‍, നെഹ്‌റുവിനേക്കാള്‍ മികച്ച പ്രധാനമന്ത്രിയാകുമായിരുന്നുവെന്ന് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പകാലം മുമ്പ് പറഞ്ഞിരുന്നു. ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ, സ്റ്റ്യാച്യു ഓഫ് യൂനിറ്റി എന്ന പേരില്‍ അനാച്ഛാദനം ചെയ്യുമ്പോള്‍ ഇത്തരം വാദങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ഉയരാനുള്ള സാധ്യത ഏറെയാണ്. അത് കുറേക്കൂടി നിറംപിടിപ്പിച്ച് പ്രചരിപ്പിക്കാന്‍ സംഘ്പരിവാരത്തിന്റെ താഴേത്തട്ടിലുള്ള നേതാക്കള്‍ തയ്യാറാകുകയും ചെയ്യും. പ്രചരിപ്പിക്കാന്‍ ഇടയുള്ള സംഗതികളിലൊന്ന് അടുത്തകാലത്ത് സുബ്രഹ്മണ്യന്‍ സ്വാമി തൊടുത്തതാണ്. അതിങ്ങനെയാണ് - 1946ല്‍ രാജ്യത്തുണ്ടായിരുന്ന 16 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോടും പ്രധാനമന്ത്രി ആരാകണമെന്നതില്‍ മഹാത്മാഗാന്ധി അഭിപ്രായം തേടി. ഒരു കമ്മിറ്റി മാത്രമാണ് നെഹ്‌റുവിനെ അനുകൂലിച്ചത്. 15 കമ്മിറ്റികളും സര്‍ദാര്‍ പട്ടേലിനെ പിന്തുണച്ചു. പക്ഷേ, പട്ടേലിനോട് പിന്‍വാങ്ങാന്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രായോഗിക രാഷ്ട്രീയ കാരണങ്ങളാലാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. അതോടെ പട്ടേല്‍ പിന്‍മാറുകയും നെഹ്‌റു പ്രധാനമന്ത്രിയാകുകയും ചെയ്തു.
പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ വോട്ട് രേഖപ്പെടുത്തുക എന്നത് ഒരിക്കലും നടക്കാന്‍ ഇടയില്ലാത്ത കാര്യമാണ്. ബി ജെ പിയുടെ സംസ്ഥാന യൂനിറ്റുകള്‍ വോട്ട് ചെയ്ത് നരേന്ദ്ര മോദിയെ തിരഞ്ഞെടുക്കുന്നത് പോലെ. എന്നാല്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞ കഥ കേള്‍ക്കുന്നവരില്‍, ഇത് നടക്കാന്‍ ഇടയില്ലാത്ത കാര്യമാണെന്ന് ചിന്തിക്കുന്നവര്‍ കുറവായിരിക്കും. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നുവെന്നതുമാണ് ഈ കഥയെ കുറേക്കൂടി വിശ്വാസയോഗ്യമാക്കാന്‍ പറയുന്ന മറ്റൊരു വാദം. കോണ്‍ഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നത് എ ഐ സി സി സമ്മേളനത്തിലെ പ്രതിനിധികളാണെന്നതാണ് വസ്തുത. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നെഹ്‌റുവായിരുന്നില്ല കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍, ജെ ബി കൃപലാനിയായിരുന്നു. ഇതൊന്നും സര്‍ദാര്‍ പട്ടേലിനെ അട്ടിമറിച്ച് നെഹ്‌റു പ്രധാനമന്ത്രിയായെന്ന് സ്ഥാപിക്കാനായി പ്രചരിപ്പിക്കപ്പെടുന്ന കഥകളെ ഇല്ലാതാക്കുന്നില്ല. അതിന്റെ 'വിശ്വാസ്യതയെ' ചോദ്യംചെയ്യുകയുമില്ല.
നുണകളുടെയും അര്‍ധ സത്യങ്ങളുടെയും ഉത്പാദനവും പ്രസരണവും വിതരണവും സംഘ്പരിവാരം നടത്തുന്നതിന് ഉദാഹരണമായാണ് 'പട്ടേല്‍ പുരാണം' വിവരിച്ചത്. വലിയ കാര്യങ്ങളില്‍ മാത്രമല്ല, ചെറിയ കാര്യങ്ങളില്‍ വരെ ഇതുതന്നെയാണ് സ്ഥിതി. നുണകളും അര്‍ധ സത്യങ്ങളും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഉപകരണങ്ങളായി സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിന് തുടക്കമിടുന്ന സംഘ്പരിവാരത്തിന് ഏതാണ്ടെല്ലാ മേഖലകളില്‍ നിന്നും പിന്തുണ ലഭിക്കുകയും ചെയ്യാറുണ്ട്. 'മുസ്‌ലിംകളെല്ലാം ഭീകരരല്ല പക്ഷേ ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സിദ്ധാന്തം സ്ഥാപിച്ചെടുക്കുന്നതില്‍ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ വഹിച്ച പങ്ക് ചെറുതല്ല. ഹിന്ദുത്വ ഭീകരവാദ ശൃംഖലകള്‍ നടത്തിയ ആക്രമണങ്ങള്‍ പോലും മുസ്‌ലിംകളുടെ ചുമലില്‍ ചാര്‍ത്തിക്കൊണ്ടാണ് അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ അവരുടെ പങ്ക് 'സ്തുത്യര്‍ഹ'മായി നിറവേറ്റിയത്.
കേരളത്തിലും കര്‍ണാടകയിലും ആരംഭിച്ച് ഉത്തരേന്ത്യയിലേക്ക് പടര്‍ന്ന 'ലവ് ജിഹാദ്' പ്രചാരണത്തിന് ആധികാരികച്ഛായ നല്‍കുന്നതില്‍ നീതിന്യായ സംവിധാനത്തിലെ ഒരാളെങ്കിലും ശ്രമിച്ചതിന് നമ്മള്‍ സാക്ഷിയാണ്. പല കാലങ്ങളിലായി, പല തലങ്ങളില്‍ നടന്ന അന്വേഷണങ്ങള്‍ക്ക് ശേഷം 'ലവ് ജിഹാദ്' എന്നത് നുണ പ്രചാരണമാണെന്ന് തെളിയിക്കപ്പെട്ടുവെങ്കിലും അതുണ്ടാക്കിയ വര്‍ഗീയമായ ധ്രുവീകരണം സംഘ്പരിവാരത്തിന് നേട്ടമുണ്ടാക്കിക്കൊടുത്തിരിക്കുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 2013ല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വര്‍ഗീയ കലാപത്തിന് കാരണങ്ങളിലൊന്ന് 'ലവ് ജിഹാദാ'യിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അവിടെ ബി ജെ പി നേടിയ വലിയ വിജയങ്ങളുടെ പിന്നാമ്പുറത്ത് മുസഫര്‍ നഗറിലൂടെ സൃഷ്ടിച്ചെടുത്ത ധ്രുവീകരണമുണ്ട്.
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സൂപ്രീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ നുണകളുടെ പ്രളയം സൃഷ്ടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും അതിലൂടെ നേട്ടമുണ്ടാക്കാനുമാണ് സംഘ്പരിവാരം ശ്രമിക്കുന്നത്. ശബരിമല സന്നിധാനത്തേക്ക് എത്താന്‍ ശ്രമിക്കുന്ന സ്ത്രീകളെ തടയാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍, സംഘര്‍ഷം സൃഷ്ടിച്ച് പോലീസ് നടപടി ക്ഷണിച്ചുവരുത്താനും അയ്യപ്പഭക്തരെ സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. അതുപക്ഷേ അധികകാലം നീട്ടിക്കൊണ്ടുപോകാവുന്ന ഒന്നല്ല. റിവ്യു ഹരജികളില്‍ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിക്കുകയും നേരത്തെ പുറപ്പെടുവിച്ച വിധി നടപ്പാക്കണമെന്ന് ഉത്തരവിടുകയും ചെയ്താല്‍ ഇപ്പോള്‍ സംഘ്പരിവാറിനൊപ്പം നില്‍ക്കുന്ന പലരും പിന്നാക്കം പോയേക്കാം. അതോടെ തെരുവിലെ സമരത്തിന് ഊര്‍ജം കുറയും. ഹിന്ദു വോട്ടുകളെ ഏകീകരിക്കാനായി ബി ജെ പി ശ്രമിക്കുമ്പോള്‍, അവര്‍ണ വിഭാഗങ്ങളെ അടര്‍ത്തി നിര്‍ത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ സി പി എം നടത്തുന്ന ശ്രമവും തെരുവിലെ സമരത്തിന്റെ ആയുസ്സ് പരിമിതപ്പെടുത്തും. അതുകൊണ്ടുതന്നെ നുണകള്‍ ഉത്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക എന്നതില്‍ ഊന്നിക്കൊണ്ട്, തെരുവിലെ സമരത്തിന്റെ പോരായ്മയെ മറികടക്കാനാകും സംഘ്പരിവാര്‍ ശ്രമം. ദീര്‍ഘകാലാടിസ്ഥാനത്തില്‍, തെരുവിലെ അക്രമിക്കൂട്ടങ്ങളെക്കാള്‍ അപകടം വിതയ്ക്കാന്‍ പോകുന്നത് നുണകളുടെ ഉത്പാദന - വിതരണ ശൃംഖലയാണ്. തെരുവിലെ സമരത്തെ നേരിടുന്നത്ര എളുപ്പവുമല്ല ഇതിനെ ചെറുക്കുക.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വലിയൊരളവ് ശബരിമലയില്‍ നിന്നാണ്. ഈ വരുമാനം സര്‍ക്കാര്‍ എടുത്ത്, മറ്റ് വിഭാഗങ്ങളുടെ കൂടി ക്ഷേമത്തിനായി ചെലവിടുന്നുവെന്നതാണ് കാലങ്ങളായി സംഘ്പരിവാരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണ. മറ്റേതെങ്കിലും മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ വരുമാനം ഇവ്വിധം വിനിയോഗിക്കുന്നുണ്ടോ എന്നും ചോദിക്കും. ദേവസ്വം ബോര്‍ഡിന്റെ ഖജാനയില്‍ നിന്ന് പണമെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ ഖജാനയില്‍ നിന്ന് നല്‍കുന്ന പണം കൂടി ഉപയോഗിച്ചാണ് ദേവസ്വം ബോര്‍ഡ് അതിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലെ ചെലവ് നടത്തുന്നത് എന്നും കണക്കുകള്‍ നിരത്തി പലകുറി പറഞ്ഞതാണ്. ശബരിമലയില്‍ കോടികളുടെ വരുമാനമുണ്ടാകുന്നുവെന്നത് സമ്മതിക്കുമ്പോള്‍, അവിടെ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്ന് വലിയ തുക സംസ്ഥാന സര്‍ക്കാര്‍ നീക്കിവെക്കുന്നുണ്ടെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വസ്തുത ഇതായിരിക്കെ, ശബരിമലയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുകയാണെന്ന നുണ വ്യാപകമായി പ്രചരിപ്പിക്കുകയാണ് സംഘ്പരിവാരം. കുറ്റം പറയരുതല്ലോ, നുണ പറയുകയാണെന്ന അഹങ്കാരം നേതാക്കള്‍ മുതല്‍ താഴേത്തലത്തിലുള്ള പ്രവര്‍ത്തകര്‍ വരെ ആര്‍ക്കുമില്ല.
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ എസ് ആര്‍ ടി സി) ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് അയ്യപ്പ ഭക്തരുള്ളതുകൊണ്ടാണെന്നാണ് മറ്റൊന്ന്. കെ എസ് ആര്‍ ടി സി, സമീപകാല ചരിത്രത്തിലൊന്നും ലാഭത്തിലായിട്ടില്ല. ബാധ്യതകളെ ഏറ്റെടുത്തും കാലാകാലങ്ങളില്‍ എഴുതിത്തള്ളിയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം കൊടുത്തുമൊക്കെയാണ് അവിടെ ശമ്പളവും പെന്‍ഷനുമൊക്കെ നല്‍കിക്കൊണ്ടിരിക്കുന്നത്. അപ്പോഴാണ് മണ്ഡല - മകര വിളക്ക് കാലത്ത് എത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് വേണ്ടി സര്‍വീസ് നടത്തുന്നതുകൊണ്ടാണ് കെ എസ് ആര്‍ ടി സി ലാഭമുണ്ടാക്കുന്നത് എന്ന വ്യാജം പ്രചരിപ്പിക്കുന്നത്.
പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന വിധി നിശ്ചിത സമയത്തിനുള്ളില്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല എന്നതാണ് വേറൊന്ന്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അടിസ്ഥാന അവകാശമെന്ന് അംഗീകരിച്ച കോടതി അത് രണ്ട് കൊല്ലം കഴിഞ്ഞ് നടപ്പാക്കിയാല്‍ മതിയെന്ന് നിര്‍ദേശിക്കുമെന്ന് കരുതുന്നവര്‍, അറിവില്ലാത്തവരല്ല മറിച്ച് വ്യാജം പ്രചരിപ്പിക്കുന്നവരാണ്.
സംസ്ഥാന സര്‍ക്കാറിന് നിയമ നിര്‍മാണത്തിലൂടെ സുപ്രീം കോടതി വിധി മറികടക്കാനാകുമെന്നതാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു കളവ്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ചൂണ്ടിക്കാട്ടുന്ന സുപ്രീം കോടതി വിധി മറികടന്ന് നിയമ നിര്‍മാണം സാധ്യമേയല്ല. സ്ത്രീകളുടെ മൗലികാവകാശത്തെ സംരക്ഷിക്കുമ്പോള്‍ വിശ്വാസത്തിനുള്ള മൗലികാവകാശത്തെ ലംഘിക്കുകയാണ് സുപ്രീം കോടതിയെന്ന് വാദിക്കുന്ന നിയമജ്ഞന്‍ കൂടിയായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദം കണക്കിലെടുത്ത്, നടപ്പാക്കാന്‍ കഴിയാത്ത വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കരുതെന്ന് പറയുന്ന അമിത് ഷായും അമ്പത്തിയഞ്ച് ഇഞ്ച് നെഞ്ചളവുള്ള നരേന്ദ്ര മോദിയും കൂടി നിയമം നിര്‍മിച്ചുവെന്ന് കരുതുക. അത് അച്ചടിച്ച കടലാസിന്റെ വിലപോലും നല്‍കാതെ, പരമോന്നത കോടതി എടുത്ത് ചവറ്റുകുട്ടയിലിടും. പുനരുപയോഗിച്ച് ടോയ്‌ലറ്റ് പേപ്പറുണ്ടാക്കാമെന്ന മെച്ചമുണ്ട്. സ്വച്ഛ ഭാരതിന് മുതല്‍ക്കൂട്ടാകും.
ശബരിമലയിലെ ആചാരസംരക്ഷണത്തിന് വേണ്ടി വാദിച്ച ഹിന്ദു യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു, യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ച സ്ത്രീകളെ മര്‍ദിച്ചു, നാമജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുത്തു എന്ന് തുടങ്ങി നുണകളുടെയും അര്‍ധ സത്യങ്ങളുടെയും ഘോഷയാത്ര. നാമജപയാത്ര, പൊതുഗതാഗതം തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് കേസെടുക്കേണ്ടിവരും. അവ്വിധം കേസെടുക്കുമ്പോള്‍ യാത്രയില്‍ പങ്കെടുത്തത് സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കി കേസെടുക്കാനാകുമോ? കേസുകളൊക്കെയുണ്ടാകുമെന്ന് അറിയാതെ ആരെങ്കിലും നാമജപയാത്രയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍, നിയമത്തെക്കുറിച്ച് അറിവില്ല എന്നത് കുറ്റകൃത്യത്തിന് സാധൂകരണമല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ആചാര സംരക്ഷണത്തിനായി ജീവന്‍ നല്‍കാന്‍ പോലും തയ്യാറുള്ളവര്‍ ഒരു പോലീസ് കേസിന്റെ പേരില്‍ ഇത്രമാത്രം തപിക്കുന്നതെന്തിന്?
നുണ ഉത്പാദനത്തിന്റെ ക്ഷമതയും അതിന്റെ പ്രസരണ - വിതരണ വേഗവും കണക്കിലെടുക്കുമ്പോള്‍ വസ്തുത ബോധ്യപ്പെടുത്തല്‍ അത്ര എളുപ്പമല്ല. 15 പ്രദേശ് കമ്മിറ്റികള്‍ പിന്തുണച്ച സര്‍ദാര്‍ പട്ടേലിനെ ഒഴിവാക്കി നെഹ്‌റുവിനെ ആദ്യ പ്രധാനമന്ത്രിയാക്കിയെന്ന വ്യാജം നടപടിക്രമങ്ങളെക്കുറിച്ച് അത്രയൊന്നും ജ്ഞാനമില്ലാത്തവരെ ഏതളവിലാണോ തെറ്റിദ്ധരിപ്പിക്കുക, അതിന്റെ പതിന്മടങ്ങ് അളവിലാണ് വിശ്വാസം, ആചാരം എന്നിവയിലൂന്നിയുള്ള നുണകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുക. വിശ്വാസികളുടെ വികാരത്തിനൊപ്പം നില്‍ക്കുന്നുവെന്ന ജാമ്യത്തില്‍, സുപ്രീം കോടതി വിധിയുടെ മറപിടിച്ച് നടക്കുന്ന ഒളിയുദ്ധത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസും യു ഡി എഫും നുണയുടെ വിഷ വിത്തുകള്‍ക്ക് കൂടിയാണ് വളമിടുന്നത്. അത് വളരുമ്പോള്‍, സുപ്രീം കോടതി വിധിയെ പിന്തുണക്കുന്നവര്‍ക്ക് മാത്രമാകില്ല വിഷം തീണ്ടുക.
No comments:
Post a Comment