മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുത്ത്, അടിസ്ഥാന വര്‍ഷമായി നിശ്ചയിച്ച വര്‍ഷത്തെ ആകെ ഉത്പാദനവുമായി തട്ടിച്ചുനോക്കി വളര്‍ച്ചാ നിരക്ക് കൂടുകയാണോ കുറയുകയാണോ എന്ന് തിട്ടപ്പെടുത്തുക എന്നത് ഒരു ആചാരമാണ്. ശ്രീധരന്‍ പിള്ളയദ്യം മുതല്‍പേരും രമേശ് ചെന്നിത്തലയദ്യം മുതല്‍പേരും പറയുന്നത് പോലെ 'യുഗായുഗാന്തരങ്ങളാ'യി പാലിച്ചുപോരുന്നതൊന്നുമല്ല, മൂലധനത്തിലും കമ്പോളത്തിലും അധിഷ്ഠിതമായ സാമ്പത്തികക്രമം വേരുപിടിച്ചു തുടങ്ങിയ കാലം മുതലുള്ള ആചാരം. ഇന്ത്യന്‍ യൂനിയനില്‍ ആചാര പ്രിയരുടെ പാര്‍ട്ടിക്കാര്‍ക്കാണ് ഈ സാമ്പത്തിക ആചാരത്തിലും വലിയ താത്പര്യമുള്ളത്. വളര്‍ച്ചാ നിരക്കിന്റെ ശതമാനക്കണക്ക് ചൂണ്ടിക്കാട്ടി രാജ്യം മുന്നേറിയതില്‍ അഭിമാനം കൊള്ളും ശ്രീധരന്‍പിള്ളയദ്യത്തിന്റെയും രമേശ് ചെന്നിത്തലയദ്യത്തിന്റെയും പാര്‍ട്ടികള്‍. ആചാരവശാല്‍ ഇവിടെ സ്ത്രീ- പുരുഷ ഭേദമില്ല. സ്ത്രീകള്‍ക്ക് തന്നെ പ്രായത്തിലൂന്നിയുള്ള നിയന്ത്രണവുമില്ല. എട്ട് വയസ്സുള്ള പെണ്‍ കുട്ടി മുതല്‍ 70 വയസ്സുള്ള വൃദ്ധ വരെ ആര് ജോലി ചെയ്താലും ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കിലുള്‍പ്പെടും (ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന പെണ്‍കുട്ടികളുടെയും വൃദ്ധരുടെയും എണ്ണം ഔദ്യോഗിക രേഖകളില്‍ ഉണ്ടാകില്ല).
എല്ലാ ആചാരങ്ങളെയും യുക്തികൊണ്ട് വിലയിരുത്താനാകുമോ എന്ന ചോദ്യം ഇവിടെയുമുയരും. സകലതും ചൂഷണം ചെയ്തും അധികാരത്തിലുള്ള സ്വാധീനമുപയോഗപ്പെടുത്തി അവസരങ്ങള്‍ തുറന്നെടുത്തും സഹസ്ര കോടികളുടെ ലാഭം കൊയ്യുന്ന കുത്തകകളുടെയും അരയേക്കര്‍ നിലത്ത്, ഋണബാധ്യതയുടെ നുകം പേറി കൊയ്ത്തുത്സവം നടത്തുന്ന കോരന്മാരുടെയും ഉത്പാദനം ആകെച്ചേര്‍ത്താണ് കണക്കെടുപ്പ്. അതിന്റെ അടിസ്ഥാനത്തിലാണ് വളര്‍ച്ചാനിരക്ക് നിശ്ചയിക്കുക. മുട്ടില്ലാതെ അന്നം കിട്ടാത്തവര്‍, ജനസംഖ്യയുടെ പാതിയുണ്ടെങ്കിലും വളര്‍ച്ചാ നിരക്ക് രണ്ടക്കം തൊട്ടാല്‍, സമ്പല്‍ സമൃദ്ധിയായി. രാജ്യമൊട്ടാകെ ഒഴുകുന്ന പാലിലും തേനിലും മുങ്ങി മരിച്ചാല്‍ മതി, അന്നത്തിന് മുട്ടുള്ളവരെന്ന് ചുരുക്കം.
ഇന്ത്യന്‍ യൂനിയന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറ്റവുമധികം വലിയ മാന്ദ്യം നേരിട്ടതും ഒരേ ഭരണത്തിന് കീഴിലാണ്. 2004ല്‍ തുടങ്ങി 2014ല്‍ അവസാനിച്ച ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ യു പി എ ഭരണകാലം. മൂന്ന് പതിറ്റാണ്ട് മുമ്പുള്ള പാഠ്യപദ്ധതിയനുസരിച്ചാണെങ്കില്‍ ഇന്നേക്ക് മൂന്ന് പതിറ്റാണ്ടിന് ശേഷം സാമൂഹികപാഠ പുസ്തകത്തില്‍ ഒന്നാം മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ഭരണ പരിഷ്‌കാരങ്ങളും രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ഭരണപരിഷ്‌കാരങ്ങളും പ്രത്യേകം അധ്യായങ്ങളായേനേ. 2008ല്‍ അമേരിക്കയില്‍ ആരംഭിച്ച മാന്ദ്യം ആഗോളാടിസ്ഥാനത്തിലേക്ക് വളര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന് കഴിഞ്ഞതെങ്ങനെ എന്ന ചോദ്യം പത്താം ക്ലാസിലെ അവസാനപ്പരീക്ഷയില്‍ ഇടവിട്ട വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചേനേ. മന്‍മോഹന് ശേഷം രാജ്യഭാരമേറ്റ നരേന്ദ്ര മോദിക്ക് വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കാതിരുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനാകും ഇടവിട്ട വര്‍ഷങ്ങളിലെ ചോദ്യം. ഇതേ ചോദ്യം സാമ്പത്തികശാസ്ത്ര ബിരുദത്തിന് മൂന്നാം വര്‍ഷം എഴുതുന്നവര്‍ക്കാകുമ്പോള്‍ അസംസ്‌കൃത എണ്ണ വില കുത്തനെ കുറഞ്ഞിരുന്ന ആദ്യ രണ്ട് വര്‍ഷങ്ങളില്‍പ്പോലുമെന്നതിന് പ്രത്യേക ഊന്നല്‍ നല്‍കാന്‍ സര്‍വകലാശാലാ ചോദ്യകര്‍ത്താക്കന്‍മാര്‍ നിര്‍ദേശിക്കാനും മതി.
പഠിതാക്കാള്‍ വിവരണപ്രിയരാണെങ്കില്‍, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത് പോലുള്ള മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിന്നാക്കം പിടിച്ചുവലിച്ചതിന്റെ കഥ നീട്ടിയെഴുതും. കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയ ലോകത്തെ ആദ്യത്തെ ഭരണാധികാരിയായിരുന്നു പ്രസ്തുത നരേന്ദ്ര മോദി എന്ന് രേഖപ്പെടുത്തും. അപ്പോഴേക്കും സാമ്പത്തിക രംഗത്തെ 'മോദി പരിഷ്‌കാരങ്ങള്‍' എന്ന പേരില്‍ ഇവയൊക്കെ പ്രസിദ്ധമാകാനും മതി. വരമ്പത്ത് കൂലി വാങ്ങി പാടത്ത് ജോലിക്കിറങ്ങുന്ന ഇപ്പോഴത്തെ സ്തുതിപാഠകരാകില്ലല്ലോ വരും കാലത്തും. ആകയാല്‍ വാഴ്ത്തുപാട്ടുകള്‍ എക്കാലത്തും തുടരാന്‍ ഇടയില്ല. അധികാരം മെലിഞ്ഞാല്‍ പിന്നെ അമ്പത്തിയാറിഞ്ച് നെഞ്ചളവു കൊണ്ട് ഫലമുണ്ടാകില്ല. ആരും ഭയപ്പെടില്ലെന്ന് ചുരുക്കം. ആകെ ഭയന്ന് ആജ്ഞാനുവര്‍ത്തികളായി നിന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍കാര്‍, 2019 മെയിനു ശേഷം ചിന്ത്യം എന്ന അവസ്ഥ വന്നപ്പോള്‍ പരസ്പരം വെട്ടി പലതും വെളിവാക്കിയത് അതുകൊണ്ടല്ലേ.
അതേ സ്ഥിതി തന്നെയാകും മറ്റെല്ലായിടത്തും. സാമ്പത്തിക സൂത്രങ്ങള്‍ ഉപദേശിക്കുന്നവരില്‍ മുഖ്യനായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം ഇപ്പോഴേ പറഞ്ഞുകഴിഞ്ഞു, നോട്ട് പിന്‍വലിക്കാനെടുത്ത തിരുമാനം മനുഷ്യത്വമില്ലാത്തതായിരുന്നുവെന്ന്. അതുവഴി സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയെ നേരിട്ടുവെന്നും വളര്‍ച്ച കുറഞ്ഞുവെന്നും. അധികാരം പോകുന്നതിന് മുമ്പ് തന്നെ മുന്‍ കൂട്ടാളികള്‍ ഇവ്വിധം എഴുതിത്തുടങ്ങിയാല്‍ അധികാരത്തിന് പുറത്തായാലുള്ള കഥ പറവാനുണ്ടോ? സകല മണ്ടത്തരങ്ങളും പുറത്തുവരും. തീരുമാനമെടുത്തപ്പോള്‍ തീണ്ടാപ്പാടകലെപ്പോലും നിര്‍ത്താതിരുന്ന സഹപ്രവര്‍ത്തകര്‍ (ഇന്നത്തെ നിലയില്‍ പേരിന് മന്ത്രിസ്ഥാനമുള്ളവര്‍) പോലും പലതും പറഞ്ഞേക്കാം. യശശ്ശരീരകാലത്ത് പോലും മാനമുണ്ടാകില്ലെന്ന് ചുരുക്കം.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുക്കുന്ന ആചാരത്തെ മുറുകെപ്പിടിക്കുകയേ വഴിയുള്ളൂ. ഭരണം തുടങ്ങി കുറച്ചിട പിന്നിട്ടപ്പോള്‍ വളര്‍ച്ച മോശമെന്ന് റിപ്പോര്‍ട്ടുകളുണ്ടായി. മെച്ചപ്പെടുത്താനുള്ള വഴിയെന്തെന്ന് ചികഞ്ഞു. അടിസ്ഥാന വര്‍ഷം മാറ്റുക എന്നതായിരുന്നു ഒരു പോംവഴി. സഹസ്രലാഭന്‍ മുതല്‍ കോരന്‍ വരെയുള്ളവരുടെ കണക്കെടുത്ത് കഴിഞ്ഞാലും പുറത്തുണ്ട് ചിലത്. അവയൊക്കെ ചേര്‍ത്ത് ഉത്പാദനക്കണക്ക് കൂട്ടുക എന്നതായിരുന്നു രണ്ടാം വഴി. രണ്ടും സ്വീകരിക്കാന്‍ നിശ്ചയിച്ചു. പൗരാണികകാലം മുതല്‍ പവിത്രമായി കരുതപ്പെടുന്ന, ഔഷധമായി ഉപയോഗിക്കുന്ന ഗോമൂത്രത്തിന്റെ കണക്ക് ചേര്‍ത്തിട്ടുണ്ടോ ആകെ ഉത്പാദനത്തില്‍? പ്രതിവര്‍ഷം എത്ര ലിറ്റര്‍ ഗോമൂത്രം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടാകും രാജ്യത്ത്? അതൊന്നും കണക്കിലെടുക്കാതെ എന്ത് ആഭ്യന്തര ഉത്പാദനം, എന്ത് വളര്‍ച്ചാ നിരക്ക്? ചേര്‍ക്കാവുന്നതൊക്കെ ചേര്‍ത്ത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുക്കാന്‍ നിശ്ചയിച്ചു. അടിസ്ഥാന വര്‍ഷം 2011 - 12 സാമ്പത്തിക വര്‍ഷമായും നിശ്ചയിച്ചു. എന്നിട്ടും വളര്‍ച്ചാ നിരക്ക് കുറഞ്ഞു തന്നെ നിന്നു. വെറുംവാക്കും വീരവാദവും പ്രസംഗത്തിലേ പറ്റൂ. കണക്കില്‍ പ്രയാസം.
നോട്ട് പിന്‍വലിച്ചപ്പോഴത്തെ പ്രതീക്ഷ നാല് മുതല്‍ അഞ്ച് ലക്ഷം കോടി മൂല്യമുള്ള കറന്‍സി തിരിച്ചെത്തില്ലെന്നായിരുന്നു. അത്രയും തുക റിസര്‍വ് ബേങ്ക് പുതുതായി അച്ചടിച്ച് സര്‍ക്കാറിന് നല്‍കും, ആ തുക സര്‍ക്കാര്‍ ചെലവായി വിപണിയിലേക്ക് ഇറങ്ങുന്നതോടെ വളര്‍ച്ചാ നിരക്ക് കുത്തനെകൂടും. പന്ത്രണ്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ച് വികസിത രാജ്യമെന്ന ഖ്യാതി സ്വന്തമാകും. ഒന്നും നടന്നില്ല. ജി എസ് ടി നടപ്പാക്കുമ്പോഴുമുണ്ടായിരുന്നു പ്രതീക്ഷ. വെട്ടിപ്പുകളാകെ ഇല്ലാതാകും. നികുതി വരുമാനം കുത്തനെ കൂടും. അതോടെ കൂടുതല്‍ പണം ചെലവിട്ട് വളര്‍ച്ചാ നിരക്ക് കൂട്ടാമെന്ന് മോഹിച്ചു. അതും അസ്ഥാനത്തായി. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ കരുതലായി കൈവശം വെക്കുന്ന പണമായിരുന്നു അവസാനത്തെ പ്രതീക്ഷ. അതിലൊരു മൂന്നര ലക്ഷം കോടി ആവശ്യപ്പെട്ടപ്പോള്‍ ഉര്‍ജിത് പട്ടേല്‍ പോലും എതിര്‍ത്തു. ഒന്നും കിട്ടാതായാല്‍ പിന്നെ വലുതാകാനുള്ള ഏക വഴി മറ്റുള്ളവരെ ചെറുതാക്കുക എന്നതാണ്. അതില്‍ ആചാര ലംഘനമില്ലെന്നാണ് തന്ത്രിമാരുടെ പക്ഷം.
മുന്‍കാലത്തെ അടിസ്ഥാനപ്പെടുത്തിയാണ് വളര്‍ച്ചാ നിരക്ക്. 2003 -04 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കി 2013 - 14 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കാം. 2007 - 08 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയും 2013 - 14 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കാം. അങ്ങനെ മുന്‍കാലത്തെ അടിസ്ഥാനപ്പെടുത്തി വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കുന്നതാണല്ലോ ആചാരം. അങ്ങനെ നിര്‍ണയിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് രണ്ടക്കം കടന്നത് ഒരൊറ്റത്തവണ മാത്രമാണ്. 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ - 10.3 ശതമാനം. ഇതടക്കം 2005 - 06 മുതല്‍ 2011 -12 വരെ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ശരാശരി വളര്‍ച്ച 7.75 ശതമാനം. 2014 മുതല്‍ ഇന്നുവരെ രാജ്യം ഭരിച്ച അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന്റെ കാലത്തെ ശരാശരി വളര്‍ച്ച 7.35 ശതമാനം. ശതമാനക്കണക്കില്‍ ദശാംശം നാലേ കുറവുള്ളൂ. പക്ഷേ അത് കറന്‍സിക്കണക്കിലാക്കുമ്പോള്‍ ലക്ഷം കോടി വരും.
ഭാവിയില്‍ സാമൂഹികപാഠ, സാമ്പത്തിക ശാസ്ത്ര ചോദ്യപ്പേപ്പറുകളില്‍ ഉണ്ടാകാന്‍ ഇടയുള്ള മാനഹാനി ഒഴിവാക്കാനെന്ത് മാര്‍ഗം. സ്വയം വലുതാകാന്‍ കഴിയില്ലെങ്കില്‍ വലിയവനെ ചെറുതാക്കണം. 2011 - 12 സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി വളര്‍ച്ചാ നിരക്ക് കണക്കാക്കാന്‍ നിശ്ചയിച്ചു. ആണ്ടോടാണ്ട് വളര്‍ച്ചാ നിരക്ക് കണക്കാക്കണം, അടിസ്ഥാനവര്‍ഷവുമായി താരതമ്യം ചെയ്താകണം വളര്‍ച്ചാ നിരക്ക് നിശ്ചയിക്കേണ്ടത് എന്നേ ആചാരമുള്ളൂ. അടിസ്ഥാനവര്‍ഷം മുമ്പുള്ളതോ പിമ്പുള്ളതോ ആകേണ്ടത് എന്നത് തന്ത്രിക്ക് തീരുമാനിക്കാം. ആചാരത്തെയും തന്ത്രിയുടെ തീരുമാനത്തെയും എ ഐ സി സി ചോദ്യംചെയ്താലും രമേശ് ചെന്നിത്തലയദ്യം ചോദ്യം ചെയ്യില്ല. കോണ്‍ഗ്രസിന് സീറ്റുകിട്ടുമെന്ന് ഇപ്പോഴുമുറപ്പുള്ള ഏക സംസ്ഥാനത്തെ നേതാവാണ് അദ്ദേഹം. അതിനാല്‍ അദ്ദേഹം പറയുന്നതാണ് പ്രമാണം.
2011-12നെ അടിസ്ഥാനമാക്കി കീഴോട്ട് അളന്നപ്പോള്‍ 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്തുണ്ടായത് 8.5 ശതമാനം വളര്‍ച്ച മാത്രം. 2005 - 06 മുതല്‍ 2011 - 12 വരെയുള്ള വര്‍ഷങ്ങളിലെ ശരാശരി വളര്‍ച്ചാ നിരക്ക് 6.82 ശതമാനം മാത്രം. സാമ്പത്തിക കാര്യത്തില്‍ മന്‍മോഹനേക്കാള്‍ വലുപ്പം നരേന്ദ്ര മോദിക്കാണെന്ന് തെളിയിക്കാന്‍ ഇതില്‍പ്പരമെന്ത് വേണം. ഭാവിയിലും യശശ്ശരീരകാലത്തുമുണ്ടാകാന്‍ ഇടയുള്ള മാനഹാനി ഒഴിഞ്ഞു.
മേല്‍ക്കോയ്മ ഉറപ്പിക്കാനുള്ളതാണ് ആചാരങ്ങള്‍. പണം കൊണ്ടും പദവി കൊണ്ടും താഴ്ത്തി നിര്‍ത്തപ്പെട്ടവര്‍ക്കു മേലുള്ള കോയ്മ ഉറപ്പിക്കാനുള്ളത്. ഇവിടെയും അതേ ഉദ്ദേശിക്കുന്നുള്ളൂ. രാജ്യം കൂടുതല്‍ വളര്‍ന്നത് അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന് കീഴിലാണെന്ന വ്യാജം നിര്‍മിച്ച് വിതരണം ചെയ്യുമ്പോള്‍ ഗുജറാത്ത് മാതൃകയെന്ന വ്യാജം വിതരണം ചെയ്തപ്പോഴുണ്ടായത് പോലുള്ള നേട്ടമാണ് ലക്ഷ്യം. അത് ലാക്കാക്കിയുള്ള പല ആചാരങ്ങളില്‍ ഒന്നാണ് ഈ വളര്‍ച്ചാ നിരക്ക് കണക്കാക്കലും.
No comments:
Post a Comment