2018-12-17

റാഫേലിലെ ഒടിയന്‍മാര്‍


താരതമ്യ പഠനമാണ് മുഖ്യം. സാക്ഷിമൊഴികളും രേഖകളുമൊക്കെ താരതമ്യം ചെയ്ത് ന്യായാന്യായങ്ങള്‍ നിശ്ചയിക്കല്‍. സിവിലായാലും ക്രിമിനലായാലും വ്യവഹാരങ്ങളില്‍ ഇതേയുള്ളു മാര്‍ഗം. മജിസ്‌ട്രേറ്റ് കോടതി മുതല്‍ പരമോന്നത കോടതി വരെ ഇതാണ് അവലംബിത രീതി. താരതമ്യ പഠനത്തെ സഹായിക്കും വിധത്തില്‍ വാദങ്ങള്‍ നിരത്താന്‍ കക്ഷികള്‍ക്കു വേണ്ടി അഭിഭാഷകരുണ്ടാകും. കക്ഷികള്‍ക്ക് നേരിട്ട് വാദിക്കാനും അവസരമുണ്ട്. യുക്തിസഹമായ താരതമ്യത്തിന് പാകത്തില്‍ സാക്ഷിമൊഴികള്‍ ഇല്ലാതിരിക്കുക, നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് സാക്ഷികള്‍ പിന്‍മാറുക, സമഗ്രമായ പഠനത്തിന് ഉതകും വിധത്തില്‍ രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരിക്കുക, അത്തരത്തില്‍ രേഖകള്‍ കണ്ടെത്തി പ്രോസിക്യൂഷന് കൈമാറുന്നതില്‍ അന്വേഷണ ഏജന്‍സി വീഴ്ച വരുത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ വ്യവഹാരത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ വീഴ്ചകളൊക്കെ ചൂണ്ടിക്കാട്ടുന്ന പതിവുമുണ്ട് ഇന്ത്യന്‍ യൂണിയനിലെ കോടതികള്‍ക്ക്.ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറിന്റെ കാലത്ത് അരങ്ങേറിയതായി പറയുന്ന ടെലികോം കുംഭകോണക്കേസ് പരിഗണിച്ച്, സകലരെയും കുറ്റവിമുക്തരാക്കുന്ന വിധി പുറപ്പെടുവിക്കുമ്പോള്‍ കേസിനെ പിന്തുണക്കും വിധത്തില്‍ ഒരാളെങ്കിലും മൊഴി നല്‍കിയിരുന്നുവെങ്കില്‍ എന്ന് വിചാരണക്കോടതി വിലപിച്ചത് ഇത്തരുണത്തില്‍ ഓര്‍മിക്കാവുന്നതാണ്.


ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ലിമിറ്റഡില്‍ നിന്ന് പോര്‍വിമാനങ്ങള്‍ (റാഫേല്‍) വാങ്ങാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഒപ്പുവെച്ച കരാറില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. പോര്‍വിമാനങ്ങളുടെ വില താരതമ്യം ചെയ്യുക എന്നത് സുപ്രീം കോടതിയുടെ ജോലിയല്ലെന്ന് ന്യായാധിപര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു. യു പി എ സര്‍ക്കാറിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങുന്നതിനുണ്ടാക്കിയ ധാരണ പുതുക്കി, 36 വിമാനങ്ങള്‍ ദസോള്‍ട്ടില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ ആദ്യമുണ്ടായിരുന്ന ധാരണയനുസരിച്ചുള്ള വിലയേക്കാള്‍ മൂന്ന് മടങ്ങോളം കൂടിയെന്നാണ് ആരോപണങ്ങളിലൊന്ന്.


2012ല്‍ ധാരണയുണ്ടാക്കുമ്പോഴുള്ള പറഞ്ഞ വില, 2016 സെപ്തംബറില്‍ കരാറൊപ്പിടുമ്പോഴേക്കും കൂടുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, മൂന്ന് മടങ്ങോളം വില വര്‍ധിക്കുന്നതിന്റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെട്ടത്.
വില താരതമ്യം ചെയ്യണമെങ്കില്‍, 2012ലുണ്ടാക്കിയ ധാരണകളുടെ വിശദാംശങ്ങള്‍ പരിശോധിക്കണം. അന്ന് വാങ്ങാന്‍ നിശ്ചയിച്ച റാഫേല്‍ വിമാനങ്ങളില്‍ ദസോള്‍ട്ട് ഉറപ്പു നല്‍കിയിരുന്ന സാങ്കേതിക, ആയുധ സൗകര്യങ്ങളെന്തൊക്കെ എന്നത് പഠിക്കണം. 2016 സെപ്തംബറില്‍ ഒപ്പുവെച്ച കരാറനുസരിച്ചുള്ള റാഫേല്‍ വിമാനങ്ങളില്‍ കൂടുതല്‍ സാങ്കേതിക, ആയുധ സൗകര്യങ്ങളുണ്ടോ എന്ന് വിലയിരുത്തണം. കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കിയതാണോ വില കൂടാന്‍ കാരണമെന്ന് നിശ്ചയിക്കണം. അവ്വിധം താരതമ്യങ്ങള്‍ക്കൊന്നും സുപ്രീം കോടതിക്ക് സാധിക്കില്ലെന്നാണ് ബഹുമാനപ്പെട്ട ന്യായാധിപര്‍ പറഞ്ഞത്. അങ്ങനെ താരതമ്യം ചെയ്യാന്‍ പാകത്തിലുള്ള സാങ്കേതിക അറിവ് ജഡ്ജിമാര്‍ക്കുണ്ടാകുക എന്നതും പ്രയാസം.


വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പരിശോധിച്ചുവെന്നും അവരുടെ റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് (പി എ സി) മുന്നിലുണ്ടെന്നും ലഘുവിവരണം പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുക കൂടി ചെയ്തിരിക്കെ പിന്നെ എന്ത് ആലോചിക്കാന്‍? വില താരതമ്യം ചെയ്യുന്നതില്‍ സി എ ജിയെക്കഴിഞ്ഞുണ്ടോ ഏജന്‍സി ഈ ത്രിഭുവനത്തിങ്കല്‍! അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കറിവേപ്പിലയുടെ കനമില്ലാത്തത് എന്ന് കണ്ടെത്തി, പുറത്തേക്കിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.


വില വിവരം സി എ ജി പരിശോധിച്ചുവെന്നും റിപ്പോര്‍ട്ട് പി എ സിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചാല്‍ അതങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്നതിലൊരു താരതമ്യം നടത്തേണ്ടതായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നതൊക്കെ പരമാര്‍ഥമാണെന്ന് പച്ചക്കങ്ങ് വിശ്വസിക്കുക ഭൂഷണമല്ല തന്നെ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, റാഫേല്‍ ഇടപാടിനെക്കുറിച്ച് കള്ളം പറയുന്നുവെന്നാണല്ലോ പ്രധാന പരാതി. ആ കള്ളത്തിന്റെ കാരണങ്ങളില്‍ ഒന്നുമാത്രമാണ് അഴിമതിയെന്നാണല്ലോ ആരോപണം. അതേക്കുറിച്ച് പരിശോധിക്കുമ്പോള്‍, സി എ ജിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട് കോടതിക്ക്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉള്ളടക്കം എന്താണെന്ന് അറിയാനുള്ള ബാധ്യതയുമുണ്ട്.


നുണകളും അര്‍ധ സത്യങ്ങളും പ്രചരിപ്പിക്കുന്നതില്‍ മടികാട്ടാത്തവര്‍ എന്ന റെക്കോര്‍ഡ് അല്‍പ്പകാലത്തേക്കെങ്കിലും തകര്‍ക്കാനാകാത്ത വിധത്തിലാണ് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും അതിനെ പിന്തുണക്കുന്ന സംഘ്പരിവാരവും പ്രവര്‍ത്തിക്കുന്നത് എന്ന് കേട്ടുകേള്‍വിയെങ്കിലുമുണ്ടാകില്ലേ പരമോന്നത കോടതിക്ക്. ആരെയും സ്വാധീനിക്കാനുള്ള കഴിവ് ഈ സംവിധാനത്തിനുണ്ടെന്നും അത്തരം സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്നവരുണ്ടെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലേ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് അടക്കം നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയ്ക്ക് പുറത്തിറങ്ങി മാധ്യങ്ങളിലൂടെ ജനത്തെ അഭിസംബോധന ചെയ്തത്. അത്തരമൊരു സംവിധാനം നുണകളോ അര്‍ധ സത്യങ്ങളോ നിരത്താന്‍ മടി കാണിക്കില്ലെന്ന് തിരിച്ചറിയുന്നവര്‍, അവര്‍ നിരത്തുന്ന വാദങ്ങളെ മുഖവിലക്കെടുത്ത്, അന്വേഷണമേ വേണ്ടെന്ന് തീരുമാനിക്കുമ്പോള്‍ അതില്‍ സംശയങ്ങള്‍ ശേഷിക്കുക സ്വാഭാവികം.


സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും അത് പി എ സി പരിശോധിച്ചുവെന്നുമല്ല, റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അത് പി എ സി പരിശോധിക്കുമെന്നുമാണ് തങ്ങള്‍ അറിയിച്ചതെന്നും അത് കോടതി തെറ്റിദ്ധരിച്ചതാണെന്നും കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ തിരുത്തല്‍ ഹരജിയുമായി കോടതിയെ സമീപിക്കുമ്പോള്‍, പരമോന്നത കോടതിയുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണോ എന്ന് സംശയിക്കണം. സംഘ്പരിവാരത്തിന് ഇതിനകം പൂര്‍ണമായി വരുതിയിലാക്കാന്‍ സാധിക്കാത്ത നീതിന്യായ സംവിധാനത്തെ, അതിന്റെ വിശ്വാസ്യത അട്ടിമറിച്ച് പരിഹാസ്യമാക്കുകയാണോ ഉദ്ദേശ്യമെന്നും ശങ്കിക്കണം. തങ്ങള്‍ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് വായിച്ച് മനസ്സിലാക്കി തീരുമാനമെടുക്കാന്‍ സാധിക്കാത്ത സംവിധാനമാണിതെന്ന് രാജ്യത്തോട് പറയുമ്പോള്‍ മറ്റെന്താണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതെന്നും അത് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും വ്യക്തമാക്കിക്കൊണ്ട് റാഫേല്‍ ഇടപാടിനെക്കുറിച്ചൊരു അന്വേഷണത്തിന് ഉത്തരവിടാന്‍ ഇനി സുപ്രീം കോടതിക്ക് സാധിക്കില്ല തന്നെ.


റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് ലഭിച്ച, അനര്‍ഹമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്ന, നേട്ടമാണ് ആരോപണത്തിന്റെ രണ്ടാം ഖണ്ഡം. അവിടെയും താരതമ്യത്തിന് കോടതി തയ്യാറല്ല. 2012ലെ ധാരണയനുസരിച്ച് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ദസോള്‍ട്ട് ഏവിയേഷന്റെ ഇന്ത്യന്‍ പങ്കാളി. 126 വിമാനങ്ങളില്‍ 18 എണ്ണം ദസോള്‍ട്ടില്‍ നിന്ന് ഇന്ത്യ നേരിട്ട് വാങ്ങുമ്പോള്‍ ബാക്കി 108 എണ്ണം എച്ച് എ എല്‍ - ദസോള്‍ട്ട് സംയുക്ത സംരംഭം ഇന്ത്യയില്‍ നിര്‍മിക്കും. പോര്‍വിമാന നിര്‍മിതിക്കുള്ള സാങ്കേതിക വിദ്യ എച്ച് എ എല്ലിന് കൈമാറിക്കിട്ടും. ഇതൊഴിവാക്കി, നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി കരാറിലൊപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രം രൂപവത്കരിച്ച അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയതില്‍ നടപടിക്രമങ്ങളുടെ ലംഘനമൊന്നുമില്ലെന്ന് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായെന്ന് പരമോന്നത കോടതി പറയുന്നു.


കടത്തില്‍ മുങ്ങി, പൊതുമേഖലാ ബേങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ ബദ്ധപ്പെടുന്ന അനില്‍ അംബാനിക്കൊരു പിടിവള്ളി നല്‍കലാണിതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ഇന്ത്യന്‍ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ദസോള്‍ട്ട് ഏവിയേഷനായിരുന്നുവെന്നും അവര്‍ അനില്‍ അംബാനിയുടെ കമ്പനിയെ തെരഞ്ഞെടുത്തതില്‍ തെറ്റില്ലെന്നും കോടതി കണ്ടെത്തുമ്പോള്‍ അംബാനിമാരുടെ കാര്യത്തില്‍ താരതമ്യങ്ങളില്ലെന്ന് അടിവരയിടുകയാണ്.


അത്രയൊന്നും പഴകാത്ത ചരിത്രത്തില്‍ പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് വിധിക്കുമ്പോള്‍ വിലകളുടെ താരതമ്യം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് അന്നേ വ്യക്തമാക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന് പതിനേഴ് വര്‍ഷം കുറഞ്ഞ വിലക്ക് പ്രകൃതി വാതകം നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്നാണ് അന്ന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ കോടതി ഒഴിവാക്കിക്കൊടുത്തത്. അത്തരമൊരു വിധിയിലേക്ക് കാര്യങ്ങളെത്തിക്കുന്നതിനുള്ള വ്യവഹാരം നടത്തുന്നതില്‍ അനില്‍ അംബാനിയുടെ കമ്പനിയും പങ്കാളിയായിരുന്നു. ഇരു സഹോദരങ്ങളുടെയും കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിന് വിരാമമിട്ടുകൊണ്ടാണ് പ്രകൃതി വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനുണ്ടെന്ന് സുപ്രീം കോടതി വിധിച്ചത്. അതുവഴി അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് നഷ്ടമുണ്ടായെങ്കിലും വലിയ നഷ്ടമുണ്ടായത് എന്‍ ടി പി സിക്കാണ്. വൈദ്യുതി വാങ്ങുന്നവര്‍ക്കും.


അന്ന് രാജ്യം ഭരിച്ചിരുന്ന യു പി എ സര്‍ക്കാര്‍ മുകേഷ് അംബാനിക്കൊപ്പമായിരുന്നു. പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിച്ച് നല്‍കണമെന്ന മുകേഷിന്റെ ആവശ്യം അവര്‍ വേഗത്തില്‍ അംഗീകരിച്ചുകൊടുത്തു. ഇന്ന് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ മുകേഷിനും അനിലിനും ഒപ്പമുണ്ട്. മുകേഷിന്റെ മൊബൈല്‍ കമ്പനിയുടെ പരസ്യ മോഡലായി നിന്ന് 'ഡിജിറ്റല്‍ ഇന്ത്യ' എന്ന് രാജ്യസ്‌നേഹത്തിന്റെ മുദ്ര ചാര്‍ത്തിക്കൊടുത്ത പ്രധാനമന്ത്രി പ്രതിരോധ കരാറിന്റെ ഉപദംശം നല്‍കിക്കൊണ്ട് അനില്‍ അംബാനിയെ തുണക്കുന്നു. പോര്‍വിമാനക്കരാറില്‍ ഒപ്പിടാന്‍ നരേന്ദ്ര മോദി ഫ്രാന്‍സിലെത്തുന്നതന് ഒരു മാസം മുമ്പ് ഇന്ത്യന്‍ പങ്കാളി പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്‍ തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞ ദസോള്‍ട്ട്, പൊടുന്നനെ നിലപാട് മാറ്റി അനില്‍ അംബാനിയുടെ കമ്പനിയെ സ്വീകരിക്കുമ്പോള്‍ രേഖകളില്‍ കാണാത്ത അധികാരത്തിന്റെ ഇടപെടല്‍ അവിടെ ഉണ്ടാകാതെ വയ്യ. അത് മനസ്സിലാക്കാനുള്ള താരതമ്യത്തിന് മടിക്കുമ്പോള്‍ അധികാരവും മൂലധനവുമായുള്ള ചങ്ങാത്തത്തിന് ഒത്താശ ചെയ്യുകയാണ് നീതിന്യായ സംവിധാനം. ഒരാളുടെയെങ്കിലും മൊഴിയുണ്ടായിരുന്നെങ്കിലെന്ന ഔപചാരികമായ ഖേദപ്രകടനത്തിന് പോലും തയ്യാറാകാതെ.

No comments:

Post a Comment