2019-07-22

ഭീതിയുടെ തടവറയ്ക്ക് കാവല്‍ നില്‍ക്കുന്നവര്‍



ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) രൂപവത്കരിക്കുന്നതിനായി ആവിഷ്‌കരിച്ച നിയമവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമവും (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് - യു എ പി എ) അടക്കം സുപ്രധാന നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമം ഇതിനകം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ എന്‍ ഐ എ നിയമ ഭേദഗതി പാര്‍ലിമെന്റിന്റെ ഇരു സഭകളും അംഗീകരിച്ചുകഴിഞ്ഞു. വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഏത് ദിശയിലാണോ സഞ്ചരിക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് നേരത്തെ തന്നെയുണ്ടായിരുന്ന ആശങ്കകളെ ശരിവെക്കും വിധത്തിലുള്ളതാണ് നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍.


എന്‍ ഐ എ നിയമഭേദഗതി ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് പാസ്സാക്കിയപ്പോള്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളില്‍ ചിലതും പെരുമാറിയ രീതിയും ആശങ്ക ജനിപ്പിക്കുന്നതാണ്. അധികാരം മുന്നോട്ടു വെക്കുന്ന അജന്‍ഡകളിലെ ജനവിരുദ്ധവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുമായ വശങ്ങളെ ഉയര്‍ത്തിക്കാട്ടി എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് പകരം, നിയമഭേദഗതിയുടെ ലക്ഷ്യമായി ഭരണകൂടം മുന്നോട്ടു വെക്കുന്ന ന്യായങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാന്‍ തയ്യാറാകുകയാണ് അവര്‍. ഇത്തരം നിയമഭേദഗതികളെ എതിര്‍ത്ത് വോട്ടുചെയ്യുക വഴി ഭീകരവാദികളുടെ സംരക്ഷകരായി ചിത്രീകരിക്കപ്പെടാന്‍ തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍.


രാജ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചും ഭീകരവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ടും മനുഷ്യാവകാശങ്ങളുടെ സംരക്ഷണമെന്ന നിലപാടില്‍ നിന്ന് പിന്നാക്കമില്ലെന്ന് അറിയിക്കാനുള്ള ധൈര്യം ഈ പാര്‍ട്ടികള്‍ക്ക് ഇല്ലാതായിരിക്കുന്നു. ഇത്തരം നിയമഭേദഗതികള്‍ ലക്ഷ്യമിടുക ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിംകളെയാണെന്ന തെറ്റുദ്ധാരണയില്‍ അഭിരമിച്ച്, ഭേദഗതികളെ എതിര്‍ത്താല്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെന്ന പ്രതീതി സൃഷ്ടിക്കപ്പെടുമെന്ന ചിന്തയിലാണ് ഈ പാര്‍ട്ടികള്‍. ഭൂരിപക്ഷ വര്‍ഗീയതയെ കൂടുതല്‍ വളര്‍ത്തിയെടുത്ത്, തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കലിന് ശ്രമിക്കുന്ന സംഘ്പരിവാരത്തിന് കൂടുതല്‍ പ്രയോജനം ചെയ്യുന്നതാകും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നിലപാടുകള്‍.


1962ലെ ആണവോര്‍ജ നിയമം, 1967ലെ യു എ പി എ എന്നിവ നിര്‍വചിക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള അധികാരമാണ് എന്‍ ഐ എക്ക് ഉണ്ടായിരുന്നത്. ഇതില്‍ മാറ്റം വരുത്തുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. മനുഷ്യക്കടത്ത്, കള്ള നോട്ട്, ആയുധങ്ങളുടെ നിയമവിരുദ്ധമായ നിര്‍മാണവും വിതരണവും, സൈബര്‍ മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനം എന്നിവ ഇനി മുതല്‍ എന്‍ ഐ എക്ക് നേരിട്ട് അന്വേഷിക്കാനാകും. 1908ലെ സ്ഫോടക വസ്തു നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന കുറ്റകൃത്യങ്ങളും എന്‍ ഐ എയുടെ പരിധിയില്‍ വരും. എന്‍ ഐ എ ഏറ്റെടുക്കുന്ന കേസുകളുടെ അന്വേഷണച്ചുമതല ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. ഇത് മാറ്റി ഇന്‍സ്പെക്ടര്‍ റാങ്കിലെ ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല നല്‍കാനും നിയമഭേദഗതി ലക്ഷ്യമിടുന്നു. അന്വേഷണച്ചുമതലയുള്ള എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക്, സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥര്‍ക്കുള്ള എല്ലാ അധികാരവും പ്രദാനം ചെയ്യുകയാണ് നിയമ ഭേദഗതി. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് രാജ്യത്തിന് പുറത്ത് നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള അധികാരവും എന്‍ ഐ എക്ക് ഉണ്ടാകും. (മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ആ രാജ്യത്തിന്റെ അനുവാദമില്ലാതെ എന്‍ ഐ എ എങ്ങനെ അന്വേഷിക്കുമെന്ന് യുക്തിസഹമായി വിശദീകരിക്കപ്പെട്ടിട്ടില്ല)


ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് യു എ പി എയില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഭേദഗതി. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളെ നിരോധിക്കാനാണ് നിലവില്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാറിന് അധികാരമുള്ളത്. പുതിയ ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ വ്യക്തികള്‍ക്കു മേല്‍ നിരോധനം ഏര്‍പ്പെടുത്താനും അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഭരണകൂടത്തിന് സാധിക്കും. ഇത്തരം നടപടികള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കുന്നുണ്ട്. 


വ്യക്തികളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നതിന് അവര്‍ ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമില്ല. ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നവരെന്ന് ഭരണകൂടത്തിന് തോന്നിയാല്‍ മാത്രം മതിയാകും. ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന പ്രതീതി ഭരണകൂടത്തിന് ജനിപ്പിക്കും വിധത്തിലുള്ള എഴുത്ത്, അത്തരം സംഘടനകളില്‍ ഏതെങ്കിലുമൊന്നിനെക്കുറിച്ചുള്ള പുസ്തകമോ ലഘുലേഖയോ കൈവശം വെക്കല്‍ ഒക്കെ, ഈ നിയമഭേദഗതി പ്രാബല്യത്തിലാകുന്നതോടെ ഭീകരവാദിയെന്ന മുദ്ര ചാര്‍ത്തുന്നതിന് കാരണാകാം. ഭരണകൂടത്തെ, അവരുടെ തീവ്ര വര്‍ഗീയ അജന്‍ഡകളെ എതിര്‍ക്കുന്നവരെ ലക്ഷ്യമിടാന്‍ വരും കാലത്ത് നിഷ്പ്രയാസം സാധിക്കുമെന്ന് ഉറപ്പ്. എന്‍ ഐ എ നിയമ ഭേദഗതിയിലൂടെ നല്‍കപ്പെടുന്ന അമിതാധികാരങ്ങള്‍ യു എ പി എ ഭേദഗതിയോടെ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ കൂടുതല്‍ മാരകമാകുകയും ചെയ്യും.


പൗരന്മാരെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുക എന്നത് ഫാസിസവും ഏകാധിപത്യവും ഫലപ്രദമായി ഉപയോഗിക്കുന്ന തന്ത്രമാണ്. വംശഹത്യാ ശ്രമത്തിലൂടെയും വ്യാജ ഏറ്റുമുട്ടല്‍ പരമ്പരകളിലൂടെയും സൃഷ്ടിച്ചെടുത്ത ഭീതിയുടെ അന്തരീക്ഷം ഗുജറാത്തിലെ ഭരണത്തുടര്‍ച്ചക്ക് നരേന്ദ്ര മോദിയും സംഘവും ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഈ മാതൃക രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള ശ്രമം 2014ല്‍ കേന്ദ്രാധികാരം കൈയാളിയ കാലം മുതല്‍ തുടങ്ങുകയും ചെയ്തു. സംഘ്പരിവാര്‍ ബന്ധമുള്ള ചെറു സംഘങ്ങള്‍ രാജ്യത്ത് പലയിടങ്ങളിലും അഴിച്ചുവിട്ട ആക്രമണങ്ങള്‍ ആ ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയുള്ളതായിരുന്നു. അത്തരം ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയവര്‍ പലവിധത്തില്‍ ലക്ഷ്യമിടപ്പെട്ടതിന്റെ പിറകിലും ഭയപ്പെടുത്തുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. നിയമനിര്‍മാണങ്ങളിലൂടെ കൂടുതല്‍ ഭയപ്പെടുത്തുകയാണ് ഇപ്പോള്‍.


സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുക എന്നതും സംഘ്പരിവാറിന്റെ അജന്‍ഡയാണ്. അത് പല മാര്‍ഗങ്ങളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്‍ ഐ എ - യു എ പി എ ഭേദഗതികളിലൂടെയും ഇത് സാധിച്ചെടുക്കുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറുകളുടെ അറിവോ സമ്മതമോ കൂടാതെ ഏത് കേസും എന്‍ ഐ എക്ക് ഏറ്റെടുക്കാവുന്ന സ്ഥിതിയാണ് പുതിയ ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ ഉണ്ടാകുക. മനുഷ്യക്കടത്തുമായോ കള്ളനോട്ട് വ്യാപനവുമായോ സ്ഫോടക വസ്തു നിയമത്തിന്റെ ലംഘനവുമായോ ഏത് സംസ്ഥാനത്തെയും ഏത് കേസിനെയും ബന്ധിപ്പിക്കുക പ്രയാസമുള്ള കാര്യമല്ല. അന്വേഷണം നടത്തുന്ന എന്‍ ഐ എ ഉദ്യോഗസ്ഥന് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ എല്ലാ അധികാരവുമുണ്ടാകുമെന്ന് വ്യവസ്ഥ ചെയ്തതോടെ സംസ്ഥാന പോലീസ് മേധാവിയുടെയോ സംസ്ഥാന സര്‍ക്കാറിന്റെയോ നിര്‍ദേശമില്ലാതെ തന്നെ എന്‍ ഐ എയുടെ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനുള്ള ബാധ്യത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വന്നുചേരും. ഫലത്തില്‍ സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷണ സംവിധാനം എന്‍ ഐ എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥ വൈകാതെ നിലവില്‍ വരുമെന്ന് ചുരുക്കം.


മനുഷ്യാവകാശങ്ങളുടെ മാത്രമല്ല, ഫെഡറല്‍ ഭരണ സമ്പ്രദായത്തിന്റെ കൂടി കടക്കല്‍ കത്തിവെക്കുന്ന നിയമഭേദഗതികളാണ് എന്‍ ഐ എയുടെയും യു എ പി എയുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത്ര ഗുരുതരമായ, വരും കാലത്ത് വലിയ ആഘാതങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ള നിയമഭേദഗതികളെന്ന തിരിച്ചറിവ് ഏറ്റവുമാദ്യം ഉണ്ടാകേണ്ടിയിരുന്നത് എന്‍ ഐ എ രൂപവത്കരിക്കുന്നതിനായി നിയമം കൊണ്ടുവന്ന കോണ്‍ഗ്രസിനായിരുന്നു. അത് തിരിച്ചറിയുന്നുവെന്ന മട്ടിലാണ് പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചയില്‍ അവരുടെ പ്രതിനിധികള്‍ സംസാരിച്ചതും. എന്നാല്‍ എന്‍ ഐ എ ഭേദഗതി ബില്ല് വോട്ടിനിട്ടപ്പോള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത് എന്നത് അവരുടെ വാക്കുകളിലെ ആത്മാര്‍ഥതയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബില്ല് വോട്ടിനിടാന്‍ തീരുമാനിക്കുമ്പോള്‍ 'ഭീകരവാദത്തിനെതിരായ നീക്കങ്ങളെ ആരാണ് അനുകൂലിക്കുന്നത് എന്നും ആരാണ് എതിര്‍ക്കുന്നത് എന്നും രാജ്യം അറിയട്ടെ' എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു.


മനുഷ്യാവകാശങ്ങള്‍ക്കും രാജ്യത്തെ ഫെഡറല്‍ ഭരണക്രമത്തിനും ഈ ഭേദഗതിയുയര്‍ത്തുന്ന വെല്ലുവിളികളെ, ഭീകരവാദത്തിനെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ എതിര്‍ക്കാന്‍ തങ്ങള്‍ക്ക് രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മറിച്ച്, ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്താല്‍ ഭീകരവാദികള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരായി ചിത്രീകരിക്കപ്പെടുമെന്ന തെറ്റുദ്ധാരണക്ക് വഴിപ്പെടാനാണ് അവര്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നുള്ള ചില എം പിമാരെങ്കിലും ഈ നിലപാടിനോട് വിയോജിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ വിജയം സമ്മാനിച്ചതില്‍ പങ്കുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ (മുസ്ലിംകളുടെ) അതൃപ്തിക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതിയെ പിന്തുണച്ച് വോട്ടുചെയ്യാനുള്ള തീരുമാനത്തെ അവര്‍ എതിര്‍ത്തത്. അപ്പോഴും ഭീകരവാദവും അതിനെതിരായ നീക്കങ്ങളും മുസ്ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന ഒന്നായി കാണാനേ അവര്‍ക്ക് സാധിക്കുന്നുള്ളൂ. അതങ്ങനെ കാണണമെന്ന തീവ്ര ഹിന്ദുത്വ വക്താക്കളുടെ ആഗ്രഹം അറിഞ്ഞോ അറിയാതെയോ സാധിച്ചുകൊടുക്കുകയാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധികള്‍ ചെയ്യുന്നത്. അതുകൊണ്ടാണ് എന്‍ എ ഐ നിയമ ഭേദഗതിയെ എതിര്‍ക്കേണ്ടത് മുസ്ലിം ലീഗിന്റെ മാത്രം ബാധ്യതയല്ലെന്ന് ഇ ടി മുഹമ്മദ് ബഷീറിന് പരസ്യമായി പറയേണ്ടിവന്നതും.


കാണട്ടെ നിങ്ങളുടെ രാജ്യക്കൂറെന്ന് അമിത് ഷാ വെല്ലുവിളിക്കുമ്പോള്‍ ചൂളിപ്പോകുന്ന സ്ഥിതിയിലേക്ക് ചുരുങ്ങിയിരിക്കുന്നു കോണ്‍ഗ്രസ്. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം പേരിനെങ്കിലും ഇപ്പോഴും കോണ്‍ഗ്രസിനാണെന്നും അതിനെ ഒറ്റുകൊടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പറയാനുള്ള ചങ്കൂറ്റം ശേഷിക്കുന്നില്ല അവരില്‍. ആയകാലത്ത് അധികാരം മാത്രം ലക്ഷ്യമിട്ട് മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുകയും അതുവഴി തീവ്ര ഹിന്ദുത്വത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്തവര്‍ തകര്‍ച്ചയുടെ കാലത്തും അതേ പാത പിന്തുടരുമെന്ന് പ്രഖ്യാപിക്കുന്നതാണ് എന്‍ ഐ എ ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പില്‍ പാര്‍ലിമെന്റില്‍ കണ്ടത്.

2019-07-01

ഒരു രാജ്യം ഒരു വോട്ട് അഥവാ ഹിന്ദു ധര്‍മോക്രസി


ലോക്‌സഭയിലേക്കും സംസ്ഥാന നിയമ സഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുക എന്ന നിര്‍ദേശം ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്തു തന്നെ മുന്നോട്ടുവെക്കപ്പെട്ടതാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായതോടെ ആ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചുള്ള ആലോചന തുടങ്ങിയിരിക്കുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇത് നടപ്പില്‍ വരുത്തുക എന്ന ഉദ്ദേശ്യത്തിലാകണം, അധികാരമേറ്റ ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഈ ആശയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചതിലൂടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദി സര്‍ക്കാര്‍ നല്‍കിയെന്ന പ്രതീതി ജനിപ്പിക്കാനാണ് ശ്രമിച്ചത്. ഇത്തരം യോഗങ്ങളില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ സന്നദ്ധരാകാത്ത പാര്‍ട്ടികള്‍ പൊതു വേദികളില്‍ എതിര്‍പ്പുന്നയിക്കുന്നതിനെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ആ വിമര്‍ശനത്തില്‍ നിന്ന് തന്നെ സര്‍വകക്ഷി യോഗം വിളിച്ചതിന്റെ ലാക്ക് മനസ്സിലാക്കാം.


ആ യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുക്കുകയും ഭൂരിപക്ഷവും എതിരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും ഈ നിര്‍ദേശം നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമായിരുന്നു. കാരണം, ഇത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇന്ത്യന്‍ യൂനിയനെ മതത്തില്‍ അധിഷ്ഠിതമായ ഏകധ്രുവ രാഷ്ട്രമായി മാറ്റിത്തീര്‍ക്കാന്‍ യത്‌നിക്കുന്ന അവര്‍ക്ക്, പുതുതായി നിര്‍ദേശിക്കപ്പെട്ട തിരഞ്ഞെടുപ്പ് രീതി കുറേക്കൂടി ഗുണകരമാകുമെന്ന പ്രതീക്ഷയുണ്ട്. 2014ലെയും 2019ലെയും പൊതു തിരഞ്ഞെടുപ്പുകളുടെ സ്വഭാവം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 2014ല്‍ നരേന്ദ്ര മോദിയെന്ന ഊതിവീര്‍പ്പിക്കപ്പെട്ട വ്യക്തിത്വവും അഴിമതി ആരോപണങ്ങളാല്‍ ദുര്‍ബലമായ ഭരണപക്ഷവും തമ്മിലായിരുന്നു മത്സരം. അഴിമതി ഇല്ലാതാക്കാന്‍, തൊഴിലവസരം സൃഷ്ടിക്കാന്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ ഒക്കെ കരുത്തനായ ഭരണാധികാരിയുടെ കീഴിലുള്ള ഭരണം കൊണ്ട് സാധിക്കുമെന്ന മിഥ്യാ ധാരണ സൃഷ്ടിച്ചെടുക്കുന്നതില്‍ വിജയിച്ചപ്പോള്‍ ജനവിധിയെ ഒപ്പം നിര്‍ത്താനായി. 2019ല്‍ നരേന്ദ്ര മോദിയും കരുത്താര്‍ജിച്ചു വന്ന രാഹുല്‍ ഗാന്ധിയും തമ്മിലായിരുന്നു മത്സരം. ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി, ജനങ്ങളോട് വോട്ടഭ്യര്‍ഥിച്ചത് തനിക്ക് വേണ്ടിയായിരുന്നു. തന്റെ വിജയത്തിനായി ബി ജെ പി/എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അഭ്യര്‍ഥന. അത്രത്തോളം പോയില്ലെങ്കിലും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ മത്സരവും രാഹുല്‍ ഗാന്ധിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു.


ഇത്തരമൊരു സാഹചര്യത്തിന്റെ നൈരന്തര്യം ആര്‍ എസ് എസ് ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോ യഥാര്‍ഥത്തിലുള്ള രാഷ്ട്രീയമോ പൊതു പരിശോധനക്ക് വിധേയമാക്കാത്ത, നേതാവായി നില്‍ക്കുന്ന വ്യക്തിയുടെ വ്യാജ വലുപ്പത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന തിരഞ്ഞെടുപ്പ്. അത്തരമൊരു സാഹചര്യത്തില്‍ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രചാരണത്തിലൂടെ എതിരാളികളെ അപ്രസക്തമാക്കാന്‍ പ്രയാസമുണ്ടാകില്ല.


ഒറ്റ രാജ്യം ഒറ്റ വോട്ട് എന്ന മുദ്രാവാക്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രത്യക്ഷത്തില്‍ പ്രകടമല്ലാത്ത ഒരു സന്ദേശമുണ്ട്. അത് ഒറ്റ ദേശീയതയുടേതാണ്. തെളിച്ചു പറഞ്ഞാല്‍ ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ദേശീയതയുടേതാണ്. ആര്‍ എസ് എസ് സൈദ്ധാന്തികന്‍ മാധവ് സദാശിവ് ഗോള്‍വള്‍ക്കറുടെ വീക്ഷണത്തില്‍ ''രാജ്യമെന്നത് രാഷ്ട്രീയ - സാമ്പത്തിക അവകാശങ്ങളുടെ ഒരു ഭാണ്ഡം മാത്രമല്ല. അത് സംസ്‌കാരം കൂടി ചേര്‍ന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് ആ സംസ്‌കാരം ഹിന്ദൂയിസമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബഹുസ്വര ജനാധിപത്യമെന്ന മൃതശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മാണുക്കളാകാതെ (ബാക്ടീരിയകള്‍) ഹിന്ദു ധര്‍മോക്രസിയെ സ്വീകരിച്ച് മോക്ഷത്തിലേക്ക് ചരിക്കുന്നവരാകുകയാണ് വേണ്ടത്''.


ആ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ഹിന്ദുത്വമെന്ന ഒരൊറ്റ ചരടില്‍ ബന്ധിതമാകണം, ജാതി ഭേദം നിലനിര്‍ത്തിക്കൊണ്ടുതന്നെ. അതിനുള്ള സോഷ്യല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലായി സംഘ്പരിവാരം പരീക്ഷിച്ച് കഴിഞ്ഞു. അതിന്റെ കൂടി വിജയമാണ്, വിവിധ ജാതി വിഭാഗങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളെ പിന്തള്ളിയതിലൂടെ ബി ജെ പി നേടിയത്. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ യുനൈറ്റഡ് തുടങ്ങിയ ഇത്തരം കക്ഷികള്‍ ഭാവിയില്‍ സ്വന്തം വോട്ടു ബേങ്ക് നിലനിര്‍ത്തുമെന്ന് ആര്‍ എസ് എസ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ ജാതിഭേദം നിലനിര്‍ത്തിയും സവര്‍ണ മേല്‍ക്കോയ്മ ഉറപ്പാക്കിയും ഇവരെയെല്ലാം ഹിന്ദുത്വയുടെ ചരടില്‍ ഘടിപ്പിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. തീവ്ര ദേശീയതയുടെ മറയും രാജ്യ സുരക്ഷയെക്കുറിച്ച് കെട്ടിയുയര്‍ത്തപ്പെടുന്ന ആശങ്കയും അത് നേരിടാന്‍ കരുത്തനായ നേതാവും കരുത്തുള്ള പ്രസ്ഥാനവും വേണമെന്ന പ്രചാരണവും ഒക്കെ ചേരുമ്പോള്‍ 'ഒറ്റ രാജ്യം ഒറ്റ വോട്ട്' എന്ന രീതി സമ്പൂര്‍ണാധികാരലബ്ധിയുണ്ടാക്കുമെന്ന് അവര്‍ കരുതുന്നു. 


2019ലെ പൊതു തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് മാത്രം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളും പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കൊപ്പം നിന്നു. നേതൃത്വത്തിന്റെ കരുത്തില്‍ കേന്ദ്രീകരിച്ച പൊതു തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തിസ്ഗഢിലെയും നിയമസഭാ തിരഞ്ഞെടുപ്പെങ്കില്‍ ഫലം മറിച്ചാകാനുള്ള സാധ്യത ചെറുതായിരുന്നില്ല.


ഈ ഒഴുക്കിനെ തടയാന്‍ തത്കാലം ത്രാണിയുള്ളത് തലപ്പൊക്കമുള്ള പ്രാദേശിക നേതാക്കളുടെ കീഴില്‍ കരുത്തോടെ നില്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമാണ്. ഒഡീഷയില്‍ നവീന്‍ പട്‌നായിക്, പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി, ആന്ധ്രാ പ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഢി അല്ലെങ്കില്‍ ചന്ദ്ര ബാബു നായിഡു, തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു, തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ എന്നിങ്ങനെ പട്ടിക ചുരുക്കാം. പിന്നെ ബി ജെ പിക്ക് വേര് ഇനിയും വേണ്ടത്ര ആഴ്ത്താന്‍ സാധിക്കാത്ത കേരളവും. അതില്‍ ഭൂരിഭാഗവും അധികാര നഷ്ടമോ നേതാവിന്റെ അഭാവമോ ഉണ്ടാകുന്നതോടെ തകര്‍ന്നടിയുന്നവയാണ്. തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഇതിനകം പ്രകടിപ്പിക്കുന്നവയും. ഒറ്റ രാജ്യം ഒറ്റ വോട്ട് എന്ന മുദ്രാവാക്യത്തെ ഒറ്റ പാര്‍ട്ടി, ഒറ്റ നേതാവ് എന്ന് പൂരിപ്പിച്ച് അവതരിപ്പിക്കുമ്പോള്‍ രാഷ്ട്രീയ - സാമ്പത്തിക പ്രശ്‌നങ്ങളുടെ ഭാണ്ഡങ്ങളുമായി അതിനെ നേരിടുക എളുപ്പമാകില്ല തന്നെ. പാര്‍ലിമെന്ററി ജനാധിപത്യം പേരില്‍ ശേഷിപ്പിക്കുകയും അധികാരം മുഴുവന്‍ ഒരാളില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന അപ്രഖ്യാപിത 'പ്രസിഡന്‍ഷ്യല്‍' സമ്പ്രദായത്തിലേക്ക് നീങ്ങാനാണ് സംഘ്പരിവാരത്തിന്റെ ശ്രമം.


ഇതിന് പുറമേക്ക് പറയുന്ന ന്യായങ്ങള്‍ രണ്ടാണ്. സംസ്ഥാന നിയമ സഭകളിലേക്ക് പ്രത്യേകം തിരഞ്ഞെടുപ്പുകള്‍ നടത്തുമ്പോഴുണ്ടാകുന്ന ഭാരിച്ച ചെലവ് ഒഴിവാകുമെന്നതാണ് ഒന്ന്. അടിക്കടി തിരഞ്ഞെടുപ്പുകളുണ്ടാകുകയും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുകയും ചെയ്യുമ്പോള്‍ വികസന പരിപാടികള്‍ നടപ്പാക്കുന്നതിന് തടസ്സമുണ്ടാകുന്നുവെന്നതാണ് രണ്ടാമത്തേത്. ജനങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ ബോധ്യപ്പെടുന്നതാണ് ഈ രണ്ട് വാദങ്ങളും. യഥാര്‍ഥത്തില്‍ അവരെ കബളിപ്പിക്കുന്നതും. ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെലവിടാവുന്ന തുക തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ പല മടങ്ങ് പ്രചാരണത്തിനായി ചെലവഴിക്കപ്പെടും. ഒരു ലോക്‌സഭാ മണ്ഡലത്തില്‍ അനുവദിച്ച തുകയുടെ പത്തോ നൂറോ മടങ്ങ് ചെലവിടുന്നുണ്ടെന്നാണ് കണക്ക്. ഈ പ്രവണത നിയന്ത്രിച്ചാല്‍ തന്നെ തിരഞ്ഞെടുപ്പിന് വേണ്ടിവരുന്ന ചെലവ് വലിയ തോതില്‍ കുറയും. അതിന് തയ്യാറാകാതിരിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജാനയിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ പാകത്തില്‍ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ആവിഷ്‌കരിക്കുകയും ചെയ്തവരാണ് തിരഞ്ഞെടുപ്പ് ചെലവ് വര്‍ധിക്കുന്നതില്‍ മനംനൊന്ത് ഒരു രാജ്യം ഒരു വോട്ട് എന്ന് വിലപിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് കമ്മീഷന്‍ ചെലവിടുന്നത് രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമാണ്. സുതാര്യവും വിശ്വാസ യോഗ്യവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം നിലനില്‍ക്കണമെന്ന് ജനം ആഗ്രഹിക്കുന്നിടത്തോളം കാലം ആ ചെലവ് വഹിക്കാന്‍ അവര്‍ക്ക് മനഃക്ലേശമുണ്ടാകില്ല. ജനങ്ങളുടെ പണം കൈകാര്യം ചെയ്യാന്‍ അവര്‍ ചുമതലപ്പെടുത്തുന്ന കണക്കപ്പിള്ളമാര്‍ തത്കാലം അതേക്കുറിച്ച് അത്രത്തോളം വേവലാതിപ്പെടേണ്ടതില്ല.


വികസന പരിപാടികളുടെ നടത്തിപ്പിന് തടസ്സമാകുന്നുവെന്ന രണ്ടാമത്തെ ന്യായം ഒട്ടും നിലനില്‍ക്കുന്നതല്ല. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത് പോലെയല്ല രാജ്യം ഭരിക്കുന്ന രാഷ്ട്രീയ ശക്തികള്‍ (ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യക്തികള്‍) നയം ആവിഷ്‌കരിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ വികസന പരിപാടികള്‍ക്ക് രൂപം നല്‍കുന്നതും. അതിനൊക്കെയാണ് ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതികളും വാര്‍ഷിക പദ്ധതി തയ്യാറാക്കലും അതിന് അംഗീകാരം നല്‍കലുമൊക്കെയുണ്ടായിരുന്നത്.


അതൊക്കെ ഇല്ലാതാക്കി നീതി ആയോഗിന് രൂപം നല്‍കിയവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കാനും അതിനനുസരിച്ച് വികസന പരിപാടികള്‍ രൂപം നല്‍കി നടപ്പാക്കാനും സാധിക്കാതെ വരുന്നുവെങ്കില്‍ അതിന് മാതൃകാ പെരുമാറ്റച്ചട്ടത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആസൂത്രണവും അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതി രൂപവത്കരണവും നിര്‍ത്തിയെങ്കിലും ആണ്ടോടാണ്ട് റെയിലും ചേര്‍ത്ത് പൊതു ബജറ്റ് അവതരിപ്പിച്ച് പാസ്സാക്കുന്നുണ്ടല്ലോ. അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ ഒരുകാലത്തും തടസ്സമായിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചവ നടപ്പാക്കുന്നതിനോ നടപ്പാക്കുന്നവ തുടരുന്നതിനോ തടസ്സവുമില്ല. അവ്വിധമെന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ മാറ്റം വരുത്തി വികസന പരിപാടികള്‍ നടപ്പാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്.


അതിനൊന്നും മെനക്കെടാതെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ അട്ടിമറിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ലക്ഷ്യം ഏകാധിപത്യമോ ഏകകക്ഷിയാധിപത്യമോ ആയി മാറുന്ന സമ്പൂര്‍ണാധികാരല്ലാതെ മറ്റൊന്നല്ല. ഡെമോക്രസിയെ 'ഹിന്ദു ധര്‍മോക്രസി' കൊണ്ട് ആദേശം ചെയ്യുക എന്ന ആര്‍ എസ് എസ്സിന്റെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവട്. 'ഹിന്ദു ധര്‍മോക്രസി'യില്‍ ഇടമില്ലാത്തവരെ പുറംതള്ളാനുള്ള ശ്രമങ്ങള്‍ ഇതിന് സമാന്തരമായി ഉണ്ടാകുമെന്ന് തന്നെ കരുതണം.