ലോക്‌സഭയിലേക്കും സംസ്ഥാന നിയമ സഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുക എന്ന നിര്‍ദേശം ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്തു തന്നെ മുന്നോട്ടുവെക്കപ്പെട്ടതാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായതോടെ ആ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചുള്ള ആലോചന തുടങ്ങിയിരിക്കുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇത് നടപ്പില്‍ വരുത്തുക എന്ന ഉദ്ദേശ്യത്തിലാകണം, അധികാരമേറ്റ ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഈ ആശയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചതിലൂടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദി സര്‍ക്കാര്‍ നല്‍കിയെന്ന പ്രതീതി ജനിപ്പിക്കാനാണ് ശ്രമിച്ചത്. ഇത്തരം യോഗങ്ങളില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ സന്നദ്ധരാകാത്ത പാര്‍ട്ടികള്‍ പൊതു വേദികളില്‍ എതിര്‍പ്പുന്നയിക്കുന്നതിനെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ആ വിമര്‍ശനത്തില്‍ നിന്ന് തന്നെ സര്‍വകക്ഷി യോഗം വിളിച്ചതിന്റെ ലാക്ക് മനസ്സിലാക്കാം.
ആ യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുക്കുകയും ഭൂരിപക്ഷവും എതിരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും ഈ നിര്‍ദേശം നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമായിരുന്നു. കാരണം, ഇത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇന്ത്യന്‍ യൂനിയനെ മതത്തില്‍ അധിഷ്ഠിതമായ ഏകധ്രുവ രാഷ്ട്രമായി മാറ്റിത്തീര്‍ക്കാന്‍ യത്‌നിക്കുന്ന അവര്‍ക്ക്, പുതുതായി നിര്‍ദേശിക്കപ്പെട്ട തിരഞ്ഞെടുപ്പ് രീതി കുറേക്കൂടി ഗുണകരമാകുമെന്ന പ്രതീക്ഷയുണ്ട്. 2014ലെയും 2019ലെയും പൊതു തിരഞ്ഞെടുപ്പുകളുടെ സ്വഭാവം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 2014ല്‍ നരേന്ദ്ര മോദിയെന്ന ഊതിവീര്‍പ്പിക്കപ്പെട്ട വ്യക്തിത്വവും അഴിമതി ആരോപണങ്ങളാല്‍ ദുര്‍ബലമായ ഭരണപക്ഷവും തമ്മിലായിരുന്നു മത്സരം. അഴിമതി ഇല്ലാതാക്കാന്‍, തൊഴിലവസരം സൃഷ്ടിക്കാന്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ ഒക്കെ കരുത്തനായ ഭരണാധികാരിയുടെ കീഴിലുള്ള ഭരണം കൊണ്ട് സാധിക്കുമെന്ന മിഥ്യാ ധാരണ സൃഷ്ടിച്ചെടുക്കുന്നതില്‍ വിജയിച്ചപ്പോള്‍ ജനവിധിയെ ഒപ്പം നിര്‍ത്താനായി. 2019ല്‍ നരേന്ദ്ര മോദിയും കരുത്താര്‍ജിച്ചു വന്ന രാഹുല്‍ ഗാന്ധിയും തമ്മിലായിരുന്നു മത്സരം. ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി, ജനങ്ങളോട് വോട്ടഭ്യര്‍ഥിച്ചത് തനിക്ക് വേണ്ടിയായിരുന്നു. തന്റെ വിജയത്തിനായി ബി ജെ പി/എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അഭ്യര്‍ഥന. അത്രത്തോളം പോയില്ലെങ്കിലും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ മത്സരവും രാഹുല്‍ ഗാന്ധിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിന്റെ നൈരന്തര്യം ആര്‍ എസ് എസ് ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോ യഥാര്‍ഥത്തിലുള്ള രാഷ്ട്രീയമോ പൊതു പരിശോധനക്ക് വിധേയമാക്കാത്ത, നേതാവായി നില്‍ക്കുന്ന വ്യക്തിയുടെ വ്യാജ വലുപ്പത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന തിരഞ്ഞെടുപ്പ്. അത്തരമൊരു സാഹചര്യത്തില്‍ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രചാരണത്തിലൂടെ എതിരാളികളെ അപ്രസക്തമാക്കാന്‍ പ്രയാസമുണ്ടാകില്ല.
ഒറ്റ രാജ്യം ഒറ്റ വോട്ട് എന്ന മുദ്രാവാക്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രത്യക്ഷത്തില്‍ പ്രകടമല്ലാത്ത ഒരു സന്ദേശമുണ്ട്. അത് ഒറ്റ ദേശീയതയുടേതാണ്. തെളിച്ചു പറഞ്ഞാല്‍ ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ദേശീയതയുടേതാണ്. ആര്‍ എസ് എസ് സൈദ്ധാന്തികന്‍ മാധവ് സദാശിവ് ഗോള്‍വള്‍ക്കറുടെ വീക്ഷണത്തില്‍ ''രാജ്യമെന്നത് രാഷ്ട്രീയ - സാമ്പത്തിക അവകാശങ്ങളുടെ ഒരു ഭാണ്ഡം മാത്രമല്ല. അത് സംസ്‌കാരം കൂടി ചേര്‍ന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് ആ സംസ്‌കാരം ഹിന്ദൂയിസമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബഹുസ്വര ജനാധിപത്യമെന്ന മൃതശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മാണുക്കളാകാതെ (ബാക്ടീരിയകള്‍) ഹിന്ദു ധര്‍മോക്രസിയെ സ്വീകരിച്ച് മോക്ഷത്തിലേക്ക് ചരിക്കുന്നവരാകുകയാണ് വേണ്ടത്''.
ആ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ഹിന്ദുത്വമെന്ന ഒരൊറ്റ ചരടില്‍ ബന്ധിതമാകണം, ജാതി ഭേദം നിലനിര്‍ത്തിക്കൊണ്ടുതന്നെ. അതിനുള്ള സോഷ്യല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലായി സംഘ്പരിവാരം പരീക്ഷിച്ച് കഴിഞ്ഞു. അതിന്റെ കൂടി വിജയമാണ്, വിവിധ ജാതി വിഭാഗങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളെ പിന്തള്ളിയതിലൂടെ ബി ജെ പി നേടിയത്. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ യുനൈറ്റഡ് തുടങ്ങിയ ഇത്തരം കക്ഷികള്‍ ഭാവിയില്‍ സ്വന്തം വോട്ടു ബേങ്ക് നിലനിര്‍ത്തുമെന്ന് ആര്‍ എസ് എസ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ ജാതിഭേദം നിലനിര്‍ത്തിയും സവര്‍ണ മേല്‍ക്കോയ്മ ഉറപ്പാക്കിയും ഇവരെയെല്ലാം ഹിന്ദുത്വയുടെ ചരടില്‍ ഘടിപ്പിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. തീവ്ര ദേശീയതയുടെ മറയും രാജ്യ സുരക്ഷയെക്കുറിച്ച് കെട്ടിയുയര്‍ത്തപ്പെടുന്ന ആശങ്കയും അത് നേരിടാന്‍ കരുത്തനായ നേതാവും കരുത്തുള്ള പ്രസ്ഥാനവും വേണമെന്ന പ്രചാരണവും ഒക്കെ ചേരുമ്പോള്‍ 'ഒറ്റ രാജ്യം ഒറ്റ വോട്ട്' എന്ന രീതി സമ്പൂര്‍ണാധികാരലബ്ധിയുണ്ടാക്കുമെന്ന് അവര്‍ കരുതുന്നു.
2019ലെ പൊതു തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് മാത്രം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളും പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കൊപ്പം നിന്നു. നേതൃത്വത്തിന്റെ കരുത്തില്‍ കേന്ദ്രീകരിച്ച പൊതു തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തിസ്ഗഢിലെയും നിയമസഭാ തിരഞ്ഞെടുപ്പെങ്കില്‍ ഫലം മറിച്ചാകാനുള്ള സാധ്യത ചെറുതായിരുന്നില്ല.
ഈ ഒഴുക്കിനെ തടയാന്‍ തത്കാലം ത്രാണിയുള്ളത് തലപ്പൊക്കമുള്ള പ്രാദേശിക നേതാക്കളുടെ കീഴില്‍ കരുത്തോടെ നില്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമാണ്. ഒഡീഷയില്‍ നവീന്‍ പട്‌നായിക്, പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി, ആന്ധ്രാ പ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഢി അല്ലെങ്കില്‍ ചന്ദ്ര ബാബു നായിഡു, തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു, തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ എന്നിങ്ങനെ പട്ടിക ചുരുക്കാം. പിന്നെ ബി ജെ പിക്ക് വേര് ഇനിയും വേണ്ടത്ര ആഴ്ത്താന്‍ സാധിക്കാത്ത കേരളവും. അതില്‍ ഭൂരിഭാഗവും അധികാര നഷ്ടമോ നേതാവിന്റെ അഭാവമോ ഉണ്ടാകുന്നതോടെ തകര്‍ന്നടിയുന്നവയാണ്. തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഇതിനകം പ്രകടിപ്പിക്കുന്നവയും. ഒറ്റ രാജ്യം ഒറ്റ വോട്ട് എന്ന മുദ്രാവാക്യത്തെ ഒറ്റ പാര്‍ട്ടി, ഒറ്റ നേതാവ് എന്ന് പൂരിപ്പിച്ച് അവതരിപ്പിക്കുമ്പോള്‍ രാഷ്ട്രീയ - സാമ്പത്തിക പ്രശ്‌നങ്ങളുടെ ഭാണ്ഡങ്ങളുമായി അതിനെ നേരിടുക എളുപ്പമാകില്ല തന്നെ. പാര്‍ലിമെന്ററി ജനാധിപത്യം പേരില്‍ ശേഷിപ്പിക്കുകയും അധികാരം മുഴുവന്‍ ഒരാളില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന അപ്രഖ്യാപിത 'പ്രസിഡന്‍ഷ്യല്‍' സമ്പ്രദായത്തിലേക്ക് നീങ്ങാനാണ് സംഘ്പരിവാരത്തിന്റെ ശ്രമം.
ഇതിന് പുറമേക്ക് പറയുന്ന ന്യായങ്ങള്‍ രണ്ടാണ്. സംസ്ഥാന നിയമ സഭകളിലേക്ക് പ്രത്യേകം തിരഞ്ഞെടുപ്പുകള്‍ നടത്തുമ്പോഴുണ്ടാകുന്ന ഭാരിച്ച ചെലവ് ഒഴിവാകുമെന്നതാണ് ഒന്ന്. അടിക്കടി തിരഞ്ഞെടുപ്പുകളുണ്ടാകുകയും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുകയും ചെയ്യുമ്പോള്‍ വികസന പരിപാടികള്‍ നടപ്പാക്കുന്നതിന് തടസ്സമുണ്ടാകുന്നുവെന്നതാണ് രണ്ടാമത്തേത്. ജനങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ ബോധ്യപ്പെടുന്നതാണ് ഈ രണ്ട് വാദങ്ങളും. യഥാര്‍ഥത്തില്‍ അവരെ കബളിപ്പിക്കുന്നതും. ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെലവിടാവുന്ന തുക തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ പല മടങ്ങ് പ്രചാരണത്തിനായി ചെലവഴിക്കപ്പെടും. ഒരു ലോക്‌സഭാ മണ്ഡലത്തില്‍ അനുവദിച്ച തുകയുടെ പത്തോ നൂറോ മടങ്ങ് ചെലവിടുന്നുണ്ടെന്നാണ് കണക്ക്. ഈ പ്രവണത നിയന്ത്രിച്ചാല്‍ തന്നെ തിരഞ്ഞെടുപ്പിന് വേണ്ടിവരുന്ന ചെലവ് വലിയ തോതില്‍ കുറയും. അതിന് തയ്യാറാകാതിരിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജാനയിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ പാകത്തില്‍ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ആവിഷ്‌കരിക്കുകയും ചെയ്തവരാണ് തിരഞ്ഞെടുപ്പ് ചെലവ് വര്‍ധിക്കുന്നതില്‍ മനംനൊന്ത് ഒരു രാജ്യം ഒരു വോട്ട് എന്ന് വിലപിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് കമ്മീഷന്‍ ചെലവിടുന്നത് രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമാണ്. സുതാര്യവും വിശ്വാസ യോഗ്യവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം നിലനില്‍ക്കണമെന്ന് ജനം ആഗ്രഹിക്കുന്നിടത്തോളം കാലം ആ ചെലവ് വഹിക്കാന്‍ അവര്‍ക്ക് മനഃക്ലേശമുണ്ടാകില്ല. ജനങ്ങളുടെ പണം കൈകാര്യം ചെയ്യാന്‍ അവര്‍ ചുമതലപ്പെടുത്തുന്ന കണക്കപ്പിള്ളമാര്‍ തത്കാലം അതേക്കുറിച്ച് അത്രത്തോളം വേവലാതിപ്പെടേണ്ടതില്ല.
വികസന പരിപാടികളുടെ നടത്തിപ്പിന് തടസ്സമാകുന്നുവെന്ന രണ്ടാമത്തെ ന്യായം ഒട്ടും നിലനില്‍ക്കുന്നതല്ല. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത് പോലെയല്ല രാജ്യം ഭരിക്കുന്ന രാഷ്ട്രീയ ശക്തികള്‍ (ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യക്തികള്‍) നയം ആവിഷ്‌കരിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ വികസന പരിപാടികള്‍ക്ക് രൂപം നല്‍കുന്നതും. അതിനൊക്കെയാണ് ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതികളും വാര്‍ഷിക പദ്ധതി തയ്യാറാക്കലും അതിന് അംഗീകാരം നല്‍കലുമൊക്കെയുണ്ടായിരുന്നത്.
അതൊക്കെ ഇല്ലാതാക്കി നീതി ആയോഗിന് രൂപം നല്‍കിയവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കാനും അതിനനുസരിച്ച് വികസന പരിപാടികള്‍ രൂപം നല്‍കി നടപ്പാക്കാനും സാധിക്കാതെ വരുന്നുവെങ്കില്‍ അതിന് മാതൃകാ പെരുമാറ്റച്ചട്ടത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആസൂത്രണവും അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതി രൂപവത്കരണവും നിര്‍ത്തിയെങ്കിലും ആണ്ടോടാണ്ട് റെയിലും ചേര്‍ത്ത് പൊതു ബജറ്റ് അവതരിപ്പിച്ച് പാസ്സാക്കുന്നുണ്ടല്ലോ. അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ ഒരുകാലത്തും തടസ്സമായിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചവ നടപ്പാക്കുന്നതിനോ നടപ്പാക്കുന്നവ തുടരുന്നതിനോ തടസ്സവുമില്ല. അവ്വിധമെന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ മാറ്റം വരുത്തി വികസന പരിപാടികള്‍ നടപ്പാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്.
അതിനൊന്നും മെനക്കെടാതെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ അട്ടിമറിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ലക്ഷ്യം ഏകാധിപത്യമോ ഏകകക്ഷിയാധിപത്യമോ ആയി മാറുന്ന സമ്പൂര്‍ണാധികാരല്ലാതെ മറ്റൊന്നല്ല. ഡെമോക്രസിയെ 'ഹിന്ദു ധര്‍മോക്രസി' കൊണ്ട് ആദേശം ചെയ്യുക എന്ന ആര്‍ എസ് എസ്സിന്റെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവട്. 'ഹിന്ദു ധര്‍മോക്രസി'യില്‍ ഇടമില്ലാത്തവരെ പുറംതള്ളാനുള്ള ശ്രമങ്ങള്‍ ഇതിന് സമാന്തരമായി ഉണ്ടാകുമെന്ന് തന്നെ കരുതണം.
No comments:
Post a Comment