2018-11-30

ജി ഡി പി ആചാരം അഥവാ ആലിന്റെ തണല്‍



മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുത്ത്, അടിസ്ഥാന വര്‍ഷമായി നിശ്ചയിച്ച വര്‍ഷത്തെ ആകെ ഉത്പാദനവുമായി തട്ടിച്ചുനോക്കി വളര്‍ച്ചാ നിരക്ക് കൂടുകയാണോ കുറയുകയാണോ എന്ന് തിട്ടപ്പെടുത്തുക എന്നത് ഒരു ആചാരമാണ്. ശ്രീധരന്‍ പിള്ളയദ്യം മുതല്‍പേരും രമേശ് ചെന്നിത്തലയദ്യം മുതല്‍പേരും പറയുന്നത് പോലെ 'യുഗായുഗാന്തരങ്ങളാ'യി പാലിച്ചുപോരുന്നതൊന്നുമല്ല, മൂലധനത്തിലും കമ്പോളത്തിലും അധിഷ്ഠിതമായ സാമ്പത്തികക്രമം വേരുപിടിച്ചു തുടങ്ങിയ കാലം മുതലുള്ള ആചാരം. ഇന്ത്യന്‍ യൂനിയനില്‍ ആചാര പ്രിയരുടെ പാര്‍ട്ടിക്കാര്‍ക്കാണ്  ഈ സാമ്പത്തിക ആചാരത്തിലും വലിയ താത്പര്യമുള്ളത്. വളര്‍ച്ചാ നിരക്കിന്റെ ശതമാനക്കണക്ക് ചൂണ്ടിക്കാട്ടി രാജ്യം മുന്നേറിയതില്‍ അഭിമാനം കൊള്ളും ശ്രീധരന്‍പിള്ളയദ്യത്തിന്റെയും രമേശ് ചെന്നിത്തലയദ്യത്തിന്റെയും പാര്‍ട്ടികള്‍. ആചാരവശാല്‍ ഇവിടെ സ്ത്രീ- പുരുഷ ഭേദമില്ല. സ്ത്രീകള്‍ക്ക് തന്നെ പ്രായത്തിലൂന്നിയുള്ള നിയന്ത്രണവുമില്ല. എട്ട് വയസ്സുള്ള പെണ്‍ കുട്ടി മുതല്‍ 70 വയസ്സുള്ള വൃദ്ധ വരെ ആര് ജോലി ചെയ്താലും ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കിലുള്‍പ്പെടും (ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന പെണ്‍കുട്ടികളുടെയും വൃദ്ധരുടെയും എണ്ണം ഔദ്യോഗിക രേഖകളില്‍ ഉണ്ടാകില്ല).


എല്ലാ ആചാരങ്ങളെയും യുക്തികൊണ്ട് വിലയിരുത്താനാകുമോ എന്ന ചോദ്യം ഇവിടെയുമുയരും. സകലതും ചൂഷണം ചെയ്തും അധികാരത്തിലുള്ള സ്വാധീനമുപയോഗപ്പെടുത്തി അവസരങ്ങള്‍ തുറന്നെടുത്തും സഹസ്ര കോടികളുടെ ലാഭം കൊയ്യുന്ന കുത്തകകളുടെയും അരയേക്കര്‍ നിലത്ത്, ഋണബാധ്യതയുടെ നുകം പേറി കൊയ്ത്തുത്സവം നടത്തുന്ന കോരന്മാരുടെയും ഉത്പാദനം ആകെച്ചേര്‍ത്താണ് കണക്കെടുപ്പ്. അതിന്റെ അടിസ്ഥാനത്തിലാണ് വളര്‍ച്ചാനിരക്ക് നിശ്ചയിക്കുക. മുട്ടില്ലാതെ അന്നം കിട്ടാത്തവര്‍, ജനസംഖ്യയുടെ പാതിയുണ്ടെങ്കിലും വളര്‍ച്ചാ നിരക്ക് രണ്ടക്കം തൊട്ടാല്‍, സമ്പല്‍ സമൃദ്ധിയായി. രാജ്യമൊട്ടാകെ ഒഴുകുന്ന പാലിലും തേനിലും മുങ്ങി മരിച്ചാല്‍ മതി, അന്നത്തിന് മുട്ടുള്ളവരെന്ന് ചുരുക്കം.


ഇന്ത്യന്‍ യൂനിയന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറ്റവുമധികം വലിയ മാന്ദ്യം നേരിട്ടതും ഒരേ ഭരണത്തിന് കീഴിലാണ്. 2004ല്‍ തുടങ്ങി 2014ല്‍ അവസാനിച്ച ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ യു പി എ ഭരണകാലം. മൂന്ന് പതിറ്റാണ്ട് മുമ്പുള്ള പാഠ്യപദ്ധതിയനുസരിച്ചാണെങ്കില്‍ ഇന്നേക്ക് മൂന്ന് പതിറ്റാണ്ടിന് ശേഷം സാമൂഹികപാഠ പുസ്തകത്തില്‍ ഒന്നാം മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ഭരണ പരിഷ്‌കാരങ്ങളും രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ഭരണപരിഷ്‌കാരങ്ങളും പ്രത്യേകം അധ്യായങ്ങളായേനേ. 2008ല്‍ അമേരിക്കയില്‍ ആരംഭിച്ച മാന്ദ്യം ആഗോളാടിസ്ഥാനത്തിലേക്ക് വളര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന് കഴിഞ്ഞതെങ്ങനെ എന്ന ചോദ്യം പത്താം ക്ലാസിലെ അവസാനപ്പരീക്ഷയില്‍ ഇടവിട്ട വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചേനേ.  മന്‍മോഹന് ശേഷം രാജ്യഭാരമേറ്റ നരേന്ദ്ര മോദിക്ക് വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കാതിരുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനാകും ഇടവിട്ട വര്‍ഷങ്ങളിലെ ചോദ്യം. ഇതേ ചോദ്യം സാമ്പത്തികശാസ്ത്ര ബിരുദത്തിന് മൂന്നാം വര്‍ഷം എഴുതുന്നവര്‍ക്കാകുമ്പോള്‍ അസംസ്‌കൃത എണ്ണ വില കുത്തനെ കുറഞ്ഞിരുന്ന ആദ്യ രണ്ട് വര്‍ഷങ്ങളില്‍പ്പോലുമെന്നതിന് പ്രത്യേക ഊന്നല്‍ നല്‍കാന്‍ സര്‍വകലാശാലാ ചോദ്യകര്‍ത്താക്കന്‍മാര്‍ നിര്‍ദേശിക്കാനും മതി.


പഠിതാക്കാള്‍ വിവരണപ്രിയരാണെങ്കില്‍, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത് പോലുള്ള മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിന്നാക്കം പിടിച്ചുവലിച്ചതിന്റെ കഥ നീട്ടിയെഴുതും. കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയ ലോകത്തെ ആദ്യത്തെ ഭരണാധികാരിയായിരുന്നു പ്രസ്തുത നരേന്ദ്ര മോദി എന്ന് രേഖപ്പെടുത്തും. അപ്പോഴേക്കും സാമ്പത്തിക രംഗത്തെ 'മോദി പരിഷ്‌കാരങ്ങള്‍' എന്ന പേരില്‍ ഇവയൊക്കെ പ്രസിദ്ധമാകാനും മതി. വരമ്പത്ത് കൂലി വാങ്ങി പാടത്ത് ജോലിക്കിറങ്ങുന്ന ഇപ്പോഴത്തെ സ്തുതിപാഠകരാകില്ലല്ലോ വരും കാലത്തും. ആകയാല്‍ വാഴ്ത്തുപാട്ടുകള്‍ എക്കാലത്തും തുടരാന്‍ ഇടയില്ല. അധികാരം മെലിഞ്ഞാല്‍ പിന്നെ അമ്പത്തിയാറിഞ്ച് നെഞ്ചളവു കൊണ്ട് ഫലമുണ്ടാകില്ല. ആരും ഭയപ്പെടില്ലെന്ന് ചുരുക്കം. ആകെ ഭയന്ന് ആജ്ഞാനുവര്‍ത്തികളായി നിന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍കാര്‍, 2019 മെയിനു ശേഷം ചിന്ത്യം എന്ന അവസ്ഥ വന്നപ്പോള്‍ പരസ്പരം വെട്ടി പലതും വെളിവാക്കിയത് അതുകൊണ്ടല്ലേ.

അതേ സ്ഥിതി തന്നെയാകും മറ്റെല്ലായിടത്തും. സാമ്പത്തിക സൂത്രങ്ങള്‍ ഉപദേശിക്കുന്നവരില്‍ മുഖ്യനായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം ഇപ്പോഴേ പറഞ്ഞുകഴിഞ്ഞു, നോട്ട് പിന്‍വലിക്കാനെടുത്ത തിരുമാനം മനുഷ്യത്വമില്ലാത്തതായിരുന്നുവെന്ന്. അതുവഴി സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയെ നേരിട്ടുവെന്നും വളര്‍ച്ച കുറഞ്ഞുവെന്നും. അധികാരം പോകുന്നതിന് മുമ്പ് തന്നെ മുന്‍ കൂട്ടാളികള്‍ ഇവ്വിധം എഴുതിത്തുടങ്ങിയാല്‍ അധികാരത്തിന് പുറത്തായാലുള്ള കഥ പറവാനുണ്ടോ? സകല മണ്ടത്തരങ്ങളും പുറത്തുവരും. തീരുമാനമെടുത്തപ്പോള്‍ തീണ്ടാപ്പാടകലെപ്പോലും നിര്‍ത്താതിരുന്ന സഹപ്രവര്‍ത്തകര്‍ (ഇന്നത്തെ നിലയില്‍ പേരിന് മന്ത്രിസ്ഥാനമുള്ളവര്‍) പോലും പലതും പറഞ്ഞേക്കാം. യശശ്ശരീരകാലത്ത് പോലും മാനമുണ്ടാകില്ലെന്ന് ചുരുക്കം.


മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുക്കുന്ന ആചാരത്തെ മുറുകെപ്പിടിക്കുകയേ വഴിയുള്ളൂ. ഭരണം തുടങ്ങി കുറച്ചിട പിന്നിട്ടപ്പോള്‍ വളര്‍ച്ച മോശമെന്ന് റിപ്പോര്‍ട്ടുകളുണ്ടായി. മെച്ചപ്പെടുത്താനുള്ള വഴിയെന്തെന്ന് ചികഞ്ഞു. അടിസ്ഥാന വര്‍ഷം മാറ്റുക എന്നതായിരുന്നു ഒരു പോംവഴി. സഹസ്രലാഭന്‍ മുതല്‍ കോരന്‍ വരെയുള്ളവരുടെ കണക്കെടുത്ത് കഴിഞ്ഞാലും പുറത്തുണ്ട് ചിലത്. അവയൊക്കെ ചേര്‍ത്ത് ഉത്പാദനക്കണക്ക് കൂട്ടുക എന്നതായിരുന്നു രണ്ടാം വഴി. രണ്ടും സ്വീകരിക്കാന്‍ നിശ്ചയിച്ചു. പൗരാണികകാലം മുതല്‍ പവിത്രമായി കരുതപ്പെടുന്ന, ഔഷധമായി ഉപയോഗിക്കുന്ന ഗോമൂത്രത്തിന്റെ കണക്ക് ചേര്‍ത്തിട്ടുണ്ടോ ആകെ ഉത്പാദനത്തില്‍? പ്രതിവര്‍ഷം എത്ര ലിറ്റര്‍ ഗോമൂത്രം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടാകും രാജ്യത്ത്? അതൊന്നും കണക്കിലെടുക്കാതെ എന്ത് ആഭ്യന്തര ഉത്പാദനം, എന്ത് വളര്‍ച്ചാ നിരക്ക്? ചേര്‍ക്കാവുന്നതൊക്കെ ചേര്‍ത്ത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുക്കാന്‍ നിശ്ചയിച്ചു. അടിസ്ഥാന വര്‍ഷം 2011 - 12 സാമ്പത്തിക വര്‍ഷമായും നിശ്ചയിച്ചു. എന്നിട്ടും വളര്‍ച്ചാ നിരക്ക് കുറഞ്ഞു തന്നെ നിന്നു. വെറുംവാക്കും വീരവാദവും പ്രസംഗത്തിലേ പറ്റൂ. കണക്കില്‍ പ്രയാസം.


നോട്ട് പിന്‍വലിച്ചപ്പോഴത്തെ പ്രതീക്ഷ നാല് മുതല്‍ അഞ്ച് ലക്ഷം കോടി മൂല്യമുള്ള കറന്‍സി തിരിച്ചെത്തില്ലെന്നായിരുന്നു. അത്രയും തുക റിസര്‍വ് ബേങ്ക് പുതുതായി അച്ചടിച്ച് സര്‍ക്കാറിന് നല്‍കും, ആ തുക സര്‍ക്കാര്‍ ചെലവായി വിപണിയിലേക്ക് ഇറങ്ങുന്നതോടെ വളര്‍ച്ചാ നിരക്ക് കുത്തനെകൂടും. പന്ത്രണ്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ച് വികസിത രാജ്യമെന്ന ഖ്യാതി സ്വന്തമാകും. ഒന്നും നടന്നില്ല. ജി എസ് ടി നടപ്പാക്കുമ്പോഴുമുണ്ടായിരുന്നു പ്രതീക്ഷ. വെട്ടിപ്പുകളാകെ ഇല്ലാതാകും. നികുതി വരുമാനം കുത്തനെ കൂടും. അതോടെ  കൂടുതല്‍ പണം ചെലവിട്ട് വളര്‍ച്ചാ നിരക്ക് കൂട്ടാമെന്ന് മോഹിച്ചു. അതും അസ്ഥാനത്തായി. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ കരുതലായി കൈവശം വെക്കുന്ന പണമായിരുന്നു അവസാനത്തെ പ്രതീക്ഷ. അതിലൊരു മൂന്നര ലക്ഷം കോടി ആവശ്യപ്പെട്ടപ്പോള്‍ ഉര്‍ജിത് പട്ടേല്‍ പോലും എതിര്‍ത്തു. ഒന്നും കിട്ടാതായാല്‍ പിന്നെ വലുതാകാനുള്ള ഏക വഴി മറ്റുള്ളവരെ ചെറുതാക്കുക എന്നതാണ്. അതില്‍ ആചാര ലംഘനമില്ലെന്നാണ് തന്ത്രിമാരുടെ പക്ഷം.


മുന്‍കാലത്തെ അടിസ്ഥാനപ്പെടുത്തിയാണ് വളര്‍ച്ചാ നിരക്ക്. 2003 -04 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കി 2013 - 14 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കാം. 2007 - 08 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയും 2013 - 14 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കാം. അങ്ങനെ മുന്‍കാലത്തെ അടിസ്ഥാനപ്പെടുത്തി വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കുന്നതാണല്ലോ ആചാരം. അങ്ങനെ നിര്‍ണയിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് രണ്ടക്കം കടന്നത് ഒരൊറ്റത്തവണ മാത്രമാണ്. 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ - 10.3 ശതമാനം. ഇതടക്കം 2005 - 06 മുതല്‍ 2011 -12 വരെ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ശരാശരി വളര്‍ച്ച 7.75 ശതമാനം. 2014 മുതല്‍ ഇന്നുവരെ രാജ്യം ഭരിച്ച അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന്റെ കാലത്തെ ശരാശരി വളര്‍ച്ച 7.35 ശതമാനം. ശതമാനക്കണക്കില്‍ ദശാംശം നാലേ കുറവുള്ളൂ. പക്ഷേ അത് കറന്‍സിക്കണക്കിലാക്കുമ്പോള്‍ ലക്ഷം കോടി വരും.


ഭാവിയില്‍ സാമൂഹികപാഠ, സാമ്പത്തിക ശാസ്ത്ര ചോദ്യപ്പേപ്പറുകളില്‍ ഉണ്ടാകാന്‍ ഇടയുള്ള മാനഹാനി ഒഴിവാക്കാനെന്ത് മാര്‍ഗം. സ്വയം വലുതാകാന്‍ കഴിയില്ലെങ്കില്‍ വലിയവനെ ചെറുതാക്കണം. 2011 - 12 സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി വളര്‍ച്ചാ നിരക്ക് കണക്കാക്കാന്‍ നിശ്ചയിച്ചു. ആണ്ടോടാണ്ട് വളര്‍ച്ചാ നിരക്ക് കണക്കാക്കണം, അടിസ്ഥാനവര്‍ഷവുമായി താരതമ്യം ചെയ്താകണം വളര്‍ച്ചാ നിരക്ക് നിശ്ചയിക്കേണ്ടത് എന്നേ ആചാരമുള്ളൂ. അടിസ്ഥാനവര്‍ഷം മുമ്പുള്ളതോ പിമ്പുള്ളതോ ആകേണ്ടത് എന്നത് തന്ത്രിക്ക് തീരുമാനിക്കാം. ആചാരത്തെയും തന്ത്രിയുടെ തീരുമാനത്തെയും എ ഐ സി സി ചോദ്യംചെയ്താലും രമേശ് ചെന്നിത്തലയദ്യം ചോദ്യം ചെയ്യില്ല. കോണ്‍ഗ്രസിന് സീറ്റുകിട്ടുമെന്ന് ഇപ്പോഴുമുറപ്പുള്ള ഏക സംസ്ഥാനത്തെ നേതാവാണ് അദ്ദേഹം. അതിനാല്‍ അദ്ദേഹം പറയുന്നതാണ് പ്രമാണം.


2011-12നെ അടിസ്ഥാനമാക്കി കീഴോട്ട് അളന്നപ്പോള്‍ 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്തുണ്ടായത് 8.5 ശതമാനം വളര്‍ച്ച മാത്രം. 2005 - 06 മുതല്‍ 2011 - 12 വരെയുള്ള വര്‍ഷങ്ങളിലെ ശരാശരി വളര്‍ച്ചാ നിരക്ക് 6.82 ശതമാനം മാത്രം. സാമ്പത്തിക കാര്യത്തില്‍ മന്‍മോഹനേക്കാള്‍ വലുപ്പം നരേന്ദ്ര മോദിക്കാണെന്ന് തെളിയിക്കാന്‍ ഇതില്‍പ്പരമെന്ത് വേണം. ഭാവിയിലും യശശ്ശരീരകാലത്തുമുണ്ടാകാന്‍ ഇടയുള്ള മാനഹാനി ഒഴിഞ്ഞു.


മേല്‍ക്കോയ്മ ഉറപ്പിക്കാനുള്ളതാണ് ആചാരങ്ങള്‍. പണം കൊണ്ടും പദവി കൊണ്ടും താഴ്ത്തി നിര്‍ത്തപ്പെട്ടവര്‍ക്കു മേലുള്ള കോയ്മ ഉറപ്പിക്കാനുള്ളത്. ഇവിടെയും അതേ ഉദ്ദേശിക്കുന്നുള്ളൂ. രാജ്യം കൂടുതല്‍ വളര്‍ന്നത് അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന് കീഴിലാണെന്ന വ്യാജം നിര്‍മിച്ച് വിതരണം ചെയ്യുമ്പോള്‍ ഗുജറാത്ത് മാതൃകയെന്ന വ്യാജം വിതരണം ചെയ്തപ്പോഴുണ്ടായത് പോലുള്ള നേട്ടമാണ് ലക്ഷ്യം. അത് ലാക്കാക്കിയുള്ള പല ആചാരങ്ങളില്‍ ഒന്നാണ് ഈ വളര്‍ച്ചാ നിരക്ക് കണക്കാക്കലും.


2018-11-06

പ്രധാന്‍ മന്ത്രി വിത്തു കുത്തി തിന്നല്‍ യോജന


പണമില്ല. തീരെയില്ലെന്നല്ല. അന്നന്നത്തെ കാര്യങ്ങള്‍ നടന്നുപോകും. അതിനപ്പുറത്തുള്ളത് പ്രയാസം. കുറേ കാര്യങ്ങള്‍ കടം വാങ്ങി നിവര്‍ത്തിക്കുന്നു. പക്ഷേ, പൊങ്ങച്ചത്തിനൊപ്പിച്ച് ഒന്നും നടക്കുന്നില്ല. അക്കാര്യം പുറമേക്ക് പറയാന്‍ വയ്യ. രാജ്യം സാമ്പത്തികശക്തിയാകാന്‍ കുതിക്കുന്നുവെന്നും വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുന്ന കാലം അകലെയല്ലെന്നുമാണല്ലോ വീരവാദം. ഖജാനയില്‍ വേണ്ടത്ര പണമില്ലെന്ന് എങ്ങനെ പറയും?


കൈവശമുള്ള പണത്തിനാണെങ്കില്‍ വിലയിടിവ്. രാജ്യാതിര്‍ത്തിക്ക് പുറത്തു നിന്ന് വാങ്ങുന്നതിനൊക്കെ കൂടുതല്‍ പണം നല്‍കണം. ഏറ്റവുമധികം വാങ്ങേണ്ടത് അസംസ്‌കൃത എണ്ണയാണ്. അതിന് തന്നെ വില കൂടി. പുറമെയാണ് പണത്തിന്റെ വിലയിടിവ്. കൂടുതല്‍ പണം നല്‍കി എണ്ണ വാങ്ങി വില്‍ക്കുമ്പോള്‍ കൈ നഷ്ടം വരാതെ നോക്കണം. സ്വന്തം പോക്കറ്റിന് നഷ്ടമുണ്ടാകാതെ നോക്കുന്നതിനേക്കാള്‍ പ്രധാനമാണ്, ഇന്ധനം വില്‍ക്കുന്ന പാവപ്പെട്ട കോടീശ്വരന്മാര്‍ക്ക് നഷ്ടം വരാതെ നോക്കുക എന്നത്. അതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ക്കൊക്കെ വില കൂട്ടാന്‍ പറഞ്ഞു. അതങ്ങനെ കൂട്ടിക്കൂട്ടി പോകുമ്പോഴാണ് അഞ്ചിടത്ത് തിരഞ്ഞെടുപ്പ് വന്നത്. ഇന്ധന വില കൂടിയാല്‍, അവശ്യ വസ്തുക്കളുടെയൊക്കെ വില ഉയരും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അതങ്ങനെ കൂടിയാല്‍ വോട്ട് കിട്ടില്ല. അതിനാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടുന്നത് തത്കാലം നിര്‍ത്തി. കൈ നഷ്ടം വന്നുതുടങ്ങി. വലിയ തിരഞ്ഞെടുപ്പ് വരാനിക്കുന്നതിനാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില ഇനിയങ്ങോട്ട് കൂട്ടാനാകില്ല. കൈ നഷ്ടം കൂടുമെന്ന് ചുരുക്കം.


മൊത്തത്തില്‍ കണക്കൊപ്പിച്ച് ബജറ്റ് അവതരിപ്പിക്കുക എന്നത് ആചാരമാണ്. അതനുസരിച്ച് വരുത്താവുന്ന ധനക്കമ്മിക്ക് നിയന്ത്രണമുണ്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം. ഏതാണ്ട് ആറ് ലക്ഷം കോടി രൂപ. ഇതിന്റെ 94.7 ശതമാനം ആഗസ്റ്റ് അവസാനമായപ്പോഴേക്കും എത്തിക്കഴിഞ്ഞു. ധനവര്‍ഷത്തില്‍ ബാക്കിയായ ഏഴ് മാസത്തില്‍ സാധ്യമാകുന്ന അധികച്ചെലവ് 5.3 ശതമാനം മാത്രം. പതിവ് ചെലവുകള്‍ നടത്തിയാല്‍ തന്നെ ധനക്കമ്മി കുതിച്ചുയരുമെന്ന് ഉറപ്പ്. അതിന് പിറകെയാണ് ഇന്ധനവില നിയന്ത്രിച്ച് നിര്‍ത്തുന്നതിന് വേണ്ടിവരുന്ന പണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൊതുവിപണിയിലേക്ക് ഇറങ്ങുന്ന പണം വലിയ തോതില്‍ കുറയുമെന്ന് ചുരുക്കം. പൊങ്ങച്ചപ്പദ്ധതികള്‍ക്ക് ഇതിനകം കിട്ടിയിരുന്ന നാമമാത്രമായ പണം പോലും ഇനിയങ്ങോട്ട് കിട്ടില്ല.


സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമൊഴുക്ക് കുറഞ്ഞാല്‍ കമ്പോളത്തില്‍ പണം കുറയും. കമ്പോളത്തില്‍ പണം കുറഞ്ഞാല്‍ വാങ്ങല്‍ കുറയും, വാങ്ങല്‍ കുറഞ്ഞാല്‍ നിര്‍മാണം/ഉത്പാദനം കുറയും. ഇപ്പോള്‍ തന്നെയുള്ള മുരടിപ്പ് കൂടും. ഈ സ്ഥിതിക്ക് ചെറിയ മാറ്റമെങ്കിലുമുണ്ടാകണമെങ്കില്‍ ബേങ്കുകളില്‍ നിന്ന് വായ്പയായി കൂടുതല്‍ പണം എത്തണം. അത് നടക്കണമെങ്കില്‍ ബേങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ സാധിക്കണം. വന്‍കിടക്കാരുടെ കിട്ടാക്കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയതിന് ശേഷവും രാജ്യത്തെ പ്രമുഖ ബേങ്കുകളുടെ കിട്ടാക്കടത്തോത് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഇനിയും വായ്പ നല്‍കിയാല്‍ ബേങ്കുകളുടെ സാമ്പത്തിക ഭദ്രത തകരുമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ വലിയ വായ്പകള്‍ പുതുതായി നല്‍കുന്നതില്‍ നിന്ന് ബേങ്കുകളെ വിലക്കുകയും ചെയ്തു.


ഇതിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കുക ചെറുകിട - ഇടത്തരം വ്യവസായ, വാണിജ്യ സ്ഥാപനങ്ങളാണ്. അത്തരം സ്ഥാപനങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലേക്ക് വലിയ സംഭാവന നല്‍കുന്നത്, ഏറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നത്. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നോട്ട് പിന്‍വലിച്ചതും ജി എസ് ടി തിരക്കിട്ട് നടപ്പാക്കിയതും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആവശ്യത്തിന് വായ്പ കൂടി കിട്ടാത്ത സ്ഥിതി കൂടിയുണ്ടായാല്‍ പ്രതിസന്ധി രൂക്ഷമാകും. അത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കും, തൊഴില്‍ നഷ്ടത്തിനും കാരണമാകും. വൈകിയാണെങ്കിലും ഈ പ്രശ്‌നം കേന്ദ്ര സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് 59 മിനുട്ടുകൊണ്ട് വായ്പ എന്ന പുതിയ പദ്ധതി ദീപാവലി സമ്മാനമെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പക്ഷേ, ഈ പദ്ധതിയനുസരിച്ച് വായ്പ ലഭിക്കുക മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന, നിലവിലുള്ള വായ്പകളുടെ തിരിച്ചടവൊക്കെ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ്. പ്രതിസന്ധിയിലുള്ളവയ്ക്ക് കരകയറാനുള്ള അവസരം ദീപാവലി സമ്മാനത്തിലില്ല തന്നെ.


സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമൊഴുക്ക് കുറയുകയും ബേങ്കുകളില്‍ നിന്നുള്ള വായ്പയുടെ ഒഴുക്ക് നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യം പൊടുന്നനെ ഉണ്ടായതല്ല. 2014 മെയില്‍ എന്‍ ഡി എ അധികാരത്തിലെത്തിയ ശേഷം അധികാരമൊന്നാകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കേന്ദ്രീകരിക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതിരിക്കുകയും ചെയ്തതോടെ, വിവിധ തലങ്ങളിലുള്ള ആസൂത്രണം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി. മന്ത്രാലയങ്ങള്‍ക്കോ സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കോ തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ സാധിക്കാതെയുമായി. ഇപ്പോള്‍ അഭിമൂഖീകരിക്കുന്ന വലിയ പ്രതിസന്ധിയുടെ മുഖ്യ കാരണം ഇതാണ്.


ബേങ്കുകളുടെ കിട്ടാക്കടത്തിന്റെ കണക്കും കുടിശ്ശിക വരുത്തിയ വന്‍കിടക്കാരുടെ പട്ടികയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് ധനമന്ത്രാലയത്തിനും കൊടുത്തു. കുടിശ്ശിക പിരിച്ചെടുത്ത് ബേങ്കുകളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്തില്ല നമ്മുടെ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നതിനാല്‍ ധനമന്ത്രാലയം, രഘുറാം രാജന്റെ റിപ്പോര്‍ട്ട് തുറന്നുപോലും നോക്കാതെ ഭദ്രമായി സൂക്ഷിച്ചു. കുടിശ്ശിക വരുത്തിയവരില്‍ ഭൂരിഭാഗവും നരേന്ദ്ര മോദിയ്ക്ക് വേണ്ടപ്പെട്ടവരാകയാലാണ്, നടപടിയെടുത്ത് അവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചതെന്ന് ആരോപണമുണ്ട്. പട്ടികയിലുള്ള വേണ്ടപ്പെട്ടവരെ മാറ്റിനിര്‍ത്തി ബാക്കിയുള്ളവര്‍ക്കെതിരെ മാത്രം നടപടിക്ക് നിര്‍ദേശിക്കാനാകില്ലല്ലോ! കുടിശ്ശികക്കാരില്‍ മുമ്പന്തിയിലുള്ള വ്യവസായ പ്രമുഖന്റെ കമ്പനിയെ പ്രതിരോധക്കരാറിന്റെ ഭാഗമായി സഹായിക്കുകയും ചെയ്തു പ്രധാനമന്ത്രിയെന്ന ആരോപണവും ഉയരുകയാണ്.


ചുരുക്കത്തില്‍ ഇപ്പോഴത്തെ അവസ്ഥക്ക് മുഖ്യ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലാതെ മറ്റാരുമല്ല. ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കണ്ണില്‍പ്പൊടിയിടാനെങ്കിലും ചിലത് ചെയ്‌തേ പറ്റൂ. വിളകള്‍ക്ക് വിലയില്ലാത്തത് കര്‍ഷകരെയാകെ ദുരിതത്തിലാക്കുകയാണ്. വലിയവായില്‍ പ്രഖ്യാപിച്ച താങ്ങുവില നല്‍കി കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കണമെങ്കില്‍ പണം വേണം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് തൊഴില്‍ ഉറപ്പാക്കി കൂലി നല്‍കണമെങ്കിലും പണം വേണം. ജനപ്രിയ പദ്ധതികള്‍ മറ്റെന്തെങ്കിലും നടപ്പാക്കണമെങ്കിലും വേണം പണം. നോട്ട് പിന്‍വലിച്ചപ്പോള്‍ പറഞ്ഞത്, കള്ളപ്പണമായി വിപണിയിലുള്ള നാല് മുതല്‍ അഞ്ച് ലക്ഷം കോടി രൂപയുടെ കറന്‍സി തിരികെ എത്തില്ലെന്നും അത്രയും തുക സര്‍ക്കാര്‍ ഖജനാവില്‍ അധികമായെത്തുമെന്നുമാണ്. ആ പണം വികസനപദ്ധതികള്‍ക്ക് ചെലവിടുമെന്നും. ഒന്നും സംഭവിച്ചില്ല. ആദായ നികുതിയിനത്തിലുള്ള വരവ് വര്‍ധിക്കുമെന്നും അന്ന് അവകാശപ്പെട്ടിരുന്നു. അതില്‍ ചെറിയ വര്‍ധനയുണ്ടായെങ്കിലും പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ വലിയ വരുമാനം ഉണ്ടായില്ല. ഏതാണ്ടെല്ലാ വിദേശരാജ്യങ്ങളും ഇക്കാലയളവില്‍ സന്ദര്‍ശിച്ച നരേന്ദ്ര മോദി, യാത്രാവസാനങ്ങളിലൊക്കെ രാജ്യത്തേക്ക് ഒഴുകാനിടയുള്ള സഹസ്ര കോടികളുടെ നിക്ഷേപത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അതും കാര്യമായുണ്ടായില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് ലക്ഷം കോടി ഖജനാവിലെത്തിക്കുമെന്ന് ഓരോ വര്‍ഷവും പറഞ്ഞിരുന്നു. കഴിയാവുന്നത്ര വിറ്റുതുലച്ചെങ്കിലും ദാരിദ്ര്യം തീര്‍ക്കാന്‍ അത് മതിയായില്ല.


ഇനിയിപ്പോള്‍ പണം കണ്ടെത്താന്‍ ഒരൊറ്റ വഴിയേയുള്ളൂ. കരുതല്‍ ധനമായി റിസര്‍വ് ബേങ്ക് കൈവശം വെക്കുന്ന പണത്തില്‍ കൈവെക്കുക. അതില്‍ വലിയൊരു ഭാഗം സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റുക. ഓരോ വര്‍ഷവും ഡിവിഡന്റായി വലിയ തുക റിസര്‍വ് ബേങ്ക് കേന്ദ്ര ഖജനാവിലേക്ക് നല്‍കാറുണ്ട്. അതിന് പുറമെയാണ് കരുതല്‍ ധനത്തിന്റെ ഭാഗം വേണമെന്ന ആവശ്യം. അതായത് വിത്ത് കുത്തി അരിയാക്കി ഊണുകഴിക്കേണ്ട അവസ്ഥയിലേക്ക് രാജ്യമെത്തി എന്ന് അര്‍ഥം. വളര്‍ച്ചയുടെ വലിയ കണക്കും സാമ്പത്തിക ശക്തിയായി വളരുന്നതിന്റെ അഭിമാനവും പങ്കുവെച്ചവര്‍ ചെലവിനായി കരുതല്‍ ധനം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍, നാലര വര്‍ഷം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം തകര്‍ത്തുവെന്നാണ് മനസ്സിലാക്കേണ്ടത്. 2008ല്‍ ലോകമാകെ സാമ്പത്തിക മാന്ദ്യത്തില്‍ അമര്‍ന്നപ്പോഴും പിടിച്ചു നിന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നാലരക്കൊല്ലം കൊണ്ട് ഈ അവസ്ഥയിലെത്തിച്ച 'വൈദഗ്ധ്യ'ത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല തന്നെ. 


പലിശ നിരക്കുള്‍പ്പെടെ ധനനയം നിശ്ചയിക്കാനുള്ള അധികാരത്തില്‍ കൈകടത്തിയപ്പോഴും തങ്ങളുടെ നിര്‍ദേശം തള്ളിക്കൊണ്ട് നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചപ്പോഴും വിധേയരായി നിന്ന റിസര്‍വ് ബേങ്കിന്, കരുതല്‍ ധനത്തില്‍ കൈവെക്കാനുള്ള ശ്രമം സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. ഹ്രസ്വകാലത്തെ നേട്ടം ലാക്കാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് ദീര്‍ഘകാലത്തില്‍ ഉണ്ടാക്കാന്‍ ഇടയുള്ള അപകടത്തെക്കുറിച്ച് ചിന്തിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് ആര്‍ ബി ഐ തുറന്നുപറഞ്ഞു. ഇത്രയും കാലം മോദിയുടെ വാക്കിന് മറുവാക്കില്ലാതിരുന്ന ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പോലും തിരിഞ്ഞുനില്‍ക്കുന്നു. ഇനിയെങ്കിലും പ്രതിരോധിച്ചില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകരുമെന്ന് പരോക്ഷമായി രാജ്യത്തോട് പറയുകയാണ് ഊര്‍ജിത് പട്ടേല്‍.


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സര്‍ക്കാറും തമ്മിലുള്ള അധികാരത്തര്‍ക്കമായി ഇതിനെ അവതരിപ്പിക്കാനാണ് സര്‍ക്കാറും സംഘ്പരിവാരവും പൊതുവില്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നയം അംഗീകരിക്കില്ലെങ്കില്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രാജിവെച്ചുപോകണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. 2008 മുതല്‍ 2014 വരെ ബാങ്കുകള്‍ നിര്‍ലോഭം വായ്പകള്‍ നല്‍കിയപ്പോള്‍ നോക്കുകുത്തിയായി നിന്ന ആര്‍ ബി ഐയാണ് കിട്ടാക്കടം പെരുകിയതിനും സാമ്പത്തിക പ്രതിസന്ധിയുണ്ടായതിനും ഉത്തരവാദിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തുന്നു. നാലര വര്‍ഷത്തെ ഭരണത്തിന് ശേഷം ഖജനാവില്‍ പണമില്ലാതെ വലയുന്ന ധനമന്ത്രിയ്ക്ക് ഉത്തരവാദിത്തം ആരുടെയെങ്കിലും ചുമലില്‍ ചാരിയേ മതിയാകൂ. പ്രതിസന്ധിയില്ല, അധികാരത്തര്‍ക്കം മാത്രമേയുള്ളൂവെന്ന് വരുത്തിത്തീര്‍ക്കേണ്ടതും അവരുടെ ആവശ്യമാണ്.

2018-11-01

നൈഷ്ഠിക നുണാചര്യം


ഇന്ത്യന്‍ യൂനിയന്റെ ആദ്യ പ്രധാനമന്ത്രിയാകേണ്ടിയിരുന്നത് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലാണ്. അത് ജവഹര്‍ ലാല്‍ നെഹ്‌റു തട്ടിയെടുക്കുകയായിരുന്നു. മഹാത്മാ ഗാന്ധിയുമായി നെഹ്‌റുവിനുണ്ടായിരുന്ന അടുപ്പമാണ് അദ്ദേഹത്തെ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാക്കിയത്. ഇത്യാദി വാദങ്ങള്‍ സംഘ്പരിവാര പ്രഭൃതികള്‍ കാലങ്ങളായി ഉന്നയിക്കുന്നതാണ്. പട്ടേല്‍, നെഹ്‌റുവിനേക്കാള്‍ മികച്ച പ്രധാനമന്ത്രിയാകുമായിരുന്നുവെന്ന് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പകാലം മുമ്പ് പറഞ്ഞിരുന്നു. ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ, സ്റ്റ്യാച്യു ഓഫ് യൂനിറ്റി എന്ന പേരില്‍ അനാച്ഛാദനം ചെയ്യുമ്പോള്‍ ഇത്തരം വാദങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ഉയരാനുള്ള സാധ്യത ഏറെയാണ്. അത് കുറേക്കൂടി നിറംപിടിപ്പിച്ച് പ്രചരിപ്പിക്കാന്‍ സംഘ്പരിവാരത്തിന്റെ താഴേത്തട്ടിലുള്ള നേതാക്കള്‍ തയ്യാറാകുകയും ചെയ്യും. പ്രചരിപ്പിക്കാന്‍ ഇടയുള്ള സംഗതികളിലൊന്ന് അടുത്തകാലത്ത് സുബ്രഹ്മണ്യന്‍ സ്വാമി തൊടുത്തതാണ്. അതിങ്ങനെയാണ് - 1946ല്‍ രാജ്യത്തുണ്ടായിരുന്ന 16 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോടും പ്രധാനമന്ത്രി ആരാകണമെന്നതില്‍ മഹാത്മാഗാന്ധി അഭിപ്രായം തേടി. ഒരു കമ്മിറ്റി മാത്രമാണ് നെഹ്‌റുവിനെ അനുകൂലിച്ചത്. 15 കമ്മിറ്റികളും സര്‍ദാര്‍ പട്ടേലിനെ പിന്തുണച്ചു. പക്ഷേ, പട്ടേലിനോട് പിന്‍വാങ്ങാന്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രായോഗിക രാഷ്ട്രീയ കാരണങ്ങളാലാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. അതോടെ പട്ടേല്‍ പിന്‍മാറുകയും നെഹ്‌റു പ്രധാനമന്ത്രിയാകുകയും ചെയ്തു.


പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ വോട്ട് രേഖപ്പെടുത്തുക എന്നത് ഒരിക്കലും നടക്കാന്‍ ഇടയില്ലാത്ത കാര്യമാണ്. ബി ജെ പിയുടെ സംസ്ഥാന യൂനിറ്റുകള്‍ വോട്ട് ചെയ്ത് നരേന്ദ്ര മോദിയെ തിരഞ്ഞെടുക്കുന്നത് പോലെ. എന്നാല്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞ കഥ കേള്‍ക്കുന്നവരില്‍, ഇത് നടക്കാന്‍ ഇടയില്ലാത്ത കാര്യമാണെന്ന് ചിന്തിക്കുന്നവര്‍ കുറവായിരിക്കും. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നുവെന്നതുമാണ് ഈ കഥയെ കുറേക്കൂടി വിശ്വാസയോഗ്യമാക്കാന്‍ പറയുന്ന മറ്റൊരു വാദം. കോണ്‍ഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നത് എ ഐ സി സി സമ്മേളനത്തിലെ പ്രതിനിധികളാണെന്നതാണ് വസ്തുത. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നെഹ്‌റുവായിരുന്നില്ല കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍, ജെ ബി കൃപലാനിയായിരുന്നു. ഇതൊന്നും സര്‍ദാര്‍ പട്ടേലിനെ അട്ടിമറിച്ച് നെഹ്‌റു പ്രധാനമന്ത്രിയായെന്ന് സ്ഥാപിക്കാനായി പ്രചരിപ്പിക്കപ്പെടുന്ന കഥകളെ ഇല്ലാതാക്കുന്നില്ല. അതിന്റെ 'വിശ്വാസ്യതയെ' ചോദ്യംചെയ്യുകയുമില്ല. 


നുണകളുടെയും അര്‍ധ സത്യങ്ങളുടെയും ഉത്പാദനവും പ്രസരണവും വിതരണവും സംഘ്പരിവാരം നടത്തുന്നതിന് ഉദാഹരണമായാണ് 'പട്ടേല്‍ പുരാണം' വിവരിച്ചത്. വലിയ കാര്യങ്ങളില്‍ മാത്രമല്ല, ചെറിയ കാര്യങ്ങളില്‍ വരെ ഇതുതന്നെയാണ് സ്ഥിതി. നുണകളും അര്‍ധ സത്യങ്ങളും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഉപകരണങ്ങളായി സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിന് തുടക്കമിടുന്ന  സംഘ്പരിവാരത്തിന് ഏതാണ്ടെല്ലാ മേഖലകളില്‍ നിന്നും പിന്തുണ ലഭിക്കുകയും ചെയ്യാറുണ്ട്. 'മുസ്‌ലിംകളെല്ലാം ഭീകരരല്ല പക്ഷേ ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സിദ്ധാന്തം സ്ഥാപിച്ചെടുക്കുന്നതില്‍ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ വഹിച്ച പങ്ക് ചെറുതല്ല. ഹിന്ദുത്വ ഭീകരവാദ ശൃംഖലകള്‍ നടത്തിയ ആക്രമണങ്ങള്‍ പോലും മുസ്‌ലിംകളുടെ ചുമലില്‍ ചാര്‍ത്തിക്കൊണ്ടാണ് അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ അവരുടെ പങ്ക് 'സ്തുത്യര്‍ഹ'മായി നിറവേറ്റിയത്.


കേരളത്തിലും കര്‍ണാടകയിലും ആരംഭിച്ച് ഉത്തരേന്ത്യയിലേക്ക് പടര്‍ന്ന 'ലവ് ജിഹാദ്' പ്രചാരണത്തിന് ആധികാരികച്ഛായ നല്‍കുന്നതില്‍ നീതിന്യായ സംവിധാനത്തിലെ ഒരാളെങ്കിലും ശ്രമിച്ചതിന് നമ്മള്‍ സാക്ഷിയാണ്. പല കാലങ്ങളിലായി, പല തലങ്ങളില്‍ നടന്ന അന്വേഷണങ്ങള്‍ക്ക് ശേഷം 'ലവ് ജിഹാദ്' എന്നത് നുണ പ്രചാരണമാണെന്ന് തെളിയിക്കപ്പെട്ടുവെങ്കിലും അതുണ്ടാക്കിയ വര്‍ഗീയമായ ധ്രുവീകരണം സംഘ്പരിവാരത്തിന് നേട്ടമുണ്ടാക്കിക്കൊടുത്തിരിക്കുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 2013ല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വര്‍ഗീയ കലാപത്തിന് കാരണങ്ങളിലൊന്ന് 'ലവ് ജിഹാദാ'യിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അവിടെ ബി ജെ പി നേടിയ വലിയ വിജയങ്ങളുടെ പിന്നാമ്പുറത്ത് മുസഫര്‍ നഗറിലൂടെ സൃഷ്ടിച്ചെടുത്ത ധ്രുവീകരണമുണ്ട്.


ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സൂപ്രീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ നുണകളുടെ പ്രളയം സൃഷ്ടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും അതിലൂടെ നേട്ടമുണ്ടാക്കാനുമാണ് സംഘ്പരിവാരം ശ്രമിക്കുന്നത്. ശബരിമല സന്നിധാനത്തേക്ക് എത്താന്‍ ശ്രമിക്കുന്ന സ്ത്രീകളെ തടയാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍, സംഘര്‍ഷം സൃഷ്ടിച്ച് പോലീസ് നടപടി ക്ഷണിച്ചുവരുത്താനും അയ്യപ്പഭക്തരെ സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. അതുപക്ഷേ അധികകാലം നീട്ടിക്കൊണ്ടുപോകാവുന്ന ഒന്നല്ല. റിവ്യു ഹരജികളില്‍ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിക്കുകയും നേരത്തെ പുറപ്പെടുവിച്ച വിധി നടപ്പാക്കണമെന്ന് ഉത്തരവിടുകയും ചെയ്താല്‍ ഇപ്പോള്‍ സംഘ്പരിവാറിനൊപ്പം നില്‍ക്കുന്ന പലരും പിന്നാക്കം പോയേക്കാം. അതോടെ തെരുവിലെ സമരത്തിന് ഊര്‍ജം കുറയും. ഹിന്ദു വോട്ടുകളെ ഏകീകരിക്കാനായി ബി ജെ പി ശ്രമിക്കുമ്പോള്‍, അവര്‍ണ വിഭാഗങ്ങളെ അടര്‍ത്തി നിര്‍ത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ സി പി എം നടത്തുന്ന ശ്രമവും തെരുവിലെ സമരത്തിന്റെ ആയുസ്സ് പരിമിതപ്പെടുത്തും. അതുകൊണ്ടുതന്നെ നുണകള്‍ ഉത്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക എന്നതില്‍ ഊന്നിക്കൊണ്ട്, തെരുവിലെ സമരത്തിന്റെ പോരായ്മയെ മറികടക്കാനാകും സംഘ്പരിവാര്‍ ശ്രമം. ദീര്‍ഘകാലാടിസ്ഥാനത്തില്‍, തെരുവിലെ അക്രമിക്കൂട്ടങ്ങളെക്കാള്‍ അപകടം വിതയ്ക്കാന്‍ പോകുന്നത് നുണകളുടെ ഉത്പാദന - വിതരണ ശൃംഖലയാണ്. തെരുവിലെ സമരത്തെ നേരിടുന്നത്ര എളുപ്പവുമല്ല ഇതിനെ ചെറുക്കുക.


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വലിയൊരളവ് ശബരിമലയില്‍ നിന്നാണ്. ഈ വരുമാനം സര്‍ക്കാര്‍ എടുത്ത്, മറ്റ് വിഭാഗങ്ങളുടെ കൂടി ക്ഷേമത്തിനായി ചെലവിടുന്നുവെന്നതാണ് കാലങ്ങളായി സംഘ്പരിവാരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണ. മറ്റേതെങ്കിലും മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ വരുമാനം ഇവ്വിധം വിനിയോഗിക്കുന്നുണ്ടോ എന്നും ചോദിക്കും. ദേവസ്വം ബോര്‍ഡിന്റെ ഖജാനയില്‍ നിന്ന് പണമെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ ഖജാനയില്‍ നിന്ന് നല്‍കുന്ന പണം കൂടി ഉപയോഗിച്ചാണ് ദേവസ്വം ബോര്‍ഡ് അതിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലെ ചെലവ് നടത്തുന്നത് എന്നും കണക്കുകള്‍ നിരത്തി പലകുറി പറഞ്ഞതാണ്. ശബരിമലയില്‍ കോടികളുടെ വരുമാനമുണ്ടാകുന്നുവെന്നത് സമ്മതിക്കുമ്പോള്‍, അവിടെ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്ന് വലിയ തുക സംസ്ഥാന സര്‍ക്കാര്‍ നീക്കിവെക്കുന്നുണ്ടെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വസ്തുത ഇതായിരിക്കെ, ശബരിമലയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുകയാണെന്ന നുണ വ്യാപകമായി പ്രചരിപ്പിക്കുകയാണ് സംഘ്പരിവാരം. കുറ്റം പറയരുതല്ലോ, നുണ പറയുകയാണെന്ന അഹങ്കാരം നേതാക്കള്‍ മുതല്‍ താഴേത്തലത്തിലുള്ള പ്രവര്‍ത്തകര്‍ വരെ ആര്‍ക്കുമില്ല.


കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ എസ് ആര്‍ ടി സി) ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് അയ്യപ്പ ഭക്തരുള്ളതുകൊണ്ടാണെന്നാണ് മറ്റൊന്ന്. കെ എസ് ആര്‍ ടി സി, സമീപകാല ചരിത്രത്തിലൊന്നും ലാഭത്തിലായിട്ടില്ല. ബാധ്യതകളെ ഏറ്റെടുത്തും കാലാകാലങ്ങളില്‍ എഴുതിത്തള്ളിയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം കൊടുത്തുമൊക്കെയാണ് അവിടെ ശമ്പളവും പെന്‍ഷനുമൊക്കെ നല്‍കിക്കൊണ്ടിരിക്കുന്നത്. അപ്പോഴാണ് മണ്ഡല - മകര വിളക്ക് കാലത്ത് എത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് വേണ്ടി സര്‍വീസ് നടത്തുന്നതുകൊണ്ടാണ് കെ എസ് ആര്‍ ടി സി ലാഭമുണ്ടാക്കുന്നത് എന്ന വ്യാജം പ്രചരിപ്പിക്കുന്നത്.
പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന വിധി നിശ്ചിത സമയത്തിനുള്ളില്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല എന്നതാണ് വേറൊന്ന്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അടിസ്ഥാന അവകാശമെന്ന് അംഗീകരിച്ച കോടതി അത് രണ്ട് കൊല്ലം കഴിഞ്ഞ് നടപ്പാക്കിയാല്‍ മതിയെന്ന് നിര്‍ദേശിക്കുമെന്ന് കരുതുന്നവര്‍, അറിവില്ലാത്തവരല്ല മറിച്ച് വ്യാജം പ്രചരിപ്പിക്കുന്നവരാണ്.


സംസ്ഥാന സര്‍ക്കാറിന് നിയമ നിര്‍മാണത്തിലൂടെ സുപ്രീം കോടതി വിധി മറികടക്കാനാകുമെന്നതാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന  മറ്റൊരു കളവ്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ചൂണ്ടിക്കാട്ടുന്ന സുപ്രീം കോടതി വിധി മറികടന്ന് നിയമ നിര്‍മാണം സാധ്യമേയല്ല. സ്ത്രീകളുടെ മൗലികാവകാശത്തെ സംരക്ഷിക്കുമ്പോള്‍ വിശ്വാസത്തിനുള്ള മൗലികാവകാശത്തെ ലംഘിക്കുകയാണ് സുപ്രീം കോടതിയെന്ന് വാദിക്കുന്ന നിയമജ്ഞന്‍ കൂടിയായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദം കണക്കിലെടുത്ത്, നടപ്പാക്കാന്‍ കഴിയാത്ത വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കരുതെന്ന് പറയുന്ന അമിത് ഷായും അമ്പത്തിയഞ്ച് ഇഞ്ച് നെഞ്ചളവുള്ള നരേന്ദ്ര മോദിയും കൂടി നിയമം നിര്‍മിച്ചുവെന്ന് കരുതുക. അത് അച്ചടിച്ച കടലാസിന്റെ വിലപോലും നല്‍കാതെ, പരമോന്നത കോടതി എടുത്ത് ചവറ്റുകുട്ടയിലിടും. പുനരുപയോഗിച്ച് ടോയ്‌ലറ്റ് പേപ്പറുണ്ടാക്കാമെന്ന മെച്ചമുണ്ട്. സ്വച്ഛ ഭാരതിന് മുതല്‍ക്കൂട്ടാകും.


ശബരിമലയിലെ ആചാരസംരക്ഷണത്തിന് വേണ്ടി വാദിച്ച ഹിന്ദു യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു, യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ച സ്ത്രീകളെ മര്‍ദിച്ചു, നാമജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുത്തു എന്ന് തുടങ്ങി നുണകളുടെയും അര്‍ധ സത്യങ്ങളുടെയും ഘോഷയാത്ര. നാമജപയാത്ര, പൊതുഗതാഗതം തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് കേസെടുക്കേണ്ടിവരും. അവ്വിധം കേസെടുക്കുമ്പോള്‍ യാത്രയില്‍ പങ്കെടുത്തത് സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കി കേസെടുക്കാനാകുമോ? കേസുകളൊക്കെയുണ്ടാകുമെന്ന് അറിയാതെ ആരെങ്കിലും നാമജപയാത്രയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍, നിയമത്തെക്കുറിച്ച് അറിവില്ല എന്നത് കുറ്റകൃത്യത്തിന് സാധൂകരണമല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ആചാര സംരക്ഷണത്തിനായി ജീവന്‍ നല്‍കാന്‍ പോലും തയ്യാറുള്ളവര്‍ ഒരു പോലീസ് കേസിന്റെ പേരില്‍ ഇത്രമാത്രം തപിക്കുന്നതെന്തിന്?


നുണ ഉത്പാദനത്തിന്റെ ക്ഷമതയും അതിന്റെ പ്രസരണ - വിതരണ വേഗവും കണക്കിലെടുക്കുമ്പോള്‍ വസ്തുത ബോധ്യപ്പെടുത്തല്‍ അത്ര എളുപ്പമല്ല. 15 പ്രദേശ് കമ്മിറ്റികള്‍ പിന്തുണച്ച സര്‍ദാര്‍ പട്ടേലിനെ ഒഴിവാക്കി നെഹ്‌റുവിനെ ആദ്യ പ്രധാനമന്ത്രിയാക്കിയെന്ന വ്യാജം   നടപടിക്രമങ്ങളെക്കുറിച്ച് അത്രയൊന്നും ജ്ഞാനമില്ലാത്തവരെ ഏതളവിലാണോ തെറ്റിദ്ധരിപ്പിക്കുക, അതിന്റെ പതിന്മടങ്ങ് അളവിലാണ് വിശ്വാസം, ആചാരം എന്നിവയിലൂന്നിയുള്ള നുണകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുക. വിശ്വാസികളുടെ വികാരത്തിനൊപ്പം നില്‍ക്കുന്നുവെന്ന ജാമ്യത്തില്‍, സുപ്രീം കോടതി വിധിയുടെ മറപിടിച്ച് നടക്കുന്ന ഒളിയുദ്ധത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസും യു ഡി എഫും നുണയുടെ വിഷ വിത്തുകള്‍ക്ക് കൂടിയാണ് വളമിടുന്നത്. അത് വളരുമ്പോള്‍, സുപ്രീം കോടതി വിധിയെ പിന്തുണക്കുന്നവര്‍ക്ക് മാത്രമാകില്ല വിഷം തീണ്ടുക.