2019-04-09

കോണ്‍ഗ്രസിനെ വൈറസ് ബാധിച്ചിട്ടുണ്ട്


വൈറസുകളുടെ പ്രഹരശേഷിയെക്കുറിച്ച് രാജ്യത്തു തന്നെ ഏറ്റം ധാരണയുള്ള ഭരണകര്‍ത്താക്കളില്‍ ഒരാളാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തെ ദീര്‍ഘകാലം പ്രതിനിധാനം ചെയ്ത അദ്ദേഹത്തിന് ബാക്ടീരിയകളുടെ പ്രഹരശേഷിയെക്കുറിച്ചും നല്ല ധാരണയുണ്ടാകും. 2017 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരം പുറത്തേക്ക് ഒഴുകിയതിന് മുഖ്യ കാരണക്കാര്‍ വൈറസും ബാക്ടീരിയയുമൊക്കെയായിരുന്നു. രോഗം മൂര്‍ച്ഛിച്ച കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ജീവശ്വാസം നല്‍കാന്‍ പോലും സാധിക്കാതിരുന്ന അനാസ്ഥക്ക് കാരണമായ വൈറസും ബാക്ടീരിയയും ഏതായിരുന്നുവെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്ന സ്ഥാപനത്തിന് പണം നല്‍കുന്നതിലുണ്ടായ വീഴ്ചയാണ് കുഞ്ഞുങ്ങളുടെ ജീവശ്വാസം മുറിച്ചത്. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതുകൊണ്ട്, ബസ്സിലും റിക്ഷയിലും കുഞ്ഞുങ്ങളുടെ ശരീരവുമായി മടങ്ങേണ്ടി വന്ന മാതാപിതാക്കളെ കണ്ടു അന്ന് രാജ്യം. അത്രയും ദയനീയമായ അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുന്നതില്‍ ദീര്‍ഘകാലം ഗോരഖ്പൂരിന്റെ പ്രതിനിധിയായിരുന്ന, പിന്നീട് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ പങ്കെന്തായിരുന്നു എന്ന ചോദ്യം ശേഷിക്കുന്നു.


കുഞ്ഞുങ്ങളുടെ കൂട്ടക്കൊലക്ക് കാരണങ്ങളിലൊന്ന് മാത്രമാണ് ഓക്സിജന്‍ ക്ഷാമം. ഗോരഖ്പൂരിലും കിഴക്കന്‍ ഉത്തര്‍പ്രദേശിലും വ്യാപകമായ അക്യൂട്ട് എന്‍സഫലൈറ്റിസ്, ജാപ്പനീസ് എന്‍സഫലൈറ്റിസ് എന്നീ വൈറസ് കാരണമായ രോഗങ്ങളും (തലച്ചോറിലുണ്ടാകുന്ന അണുബാധ) ബാക്ടീരിയ കാരണമായ സ്‌ക്രബ് ടൈഫസുമാണ് മുഖ്യ കാരണം. രോഗബാധ നിയന്ത്രിക്കാനോ അതുമൂലമുണ്ടാകുന്ന ജീവഹാനി കുറക്കാനോ നടപടികള്‍ സ്വീകരിക്കാത്ത യോഗി ആദിത്യനാഥ് അടക്കമുള്ള ഭരണ കര്‍ത്താക്കളും ജനപ്രതിനിധികളുമാണ് കുഞ്ഞുങ്ങളുടെ കൂട്ടക്കൊലക്ക് യഥാര്‍ഥത്തില്‍ ഉത്തരവാദികളായ വൈറസുകള്‍. ഉത്തരവാദിത്തമേല്‍ക്കുക എന്നത് ഭരണാധികാരികളുടെ ശീലമല്ല. അതുകൊണ്ട് ഗോരഖ്പൂരിലെ കൂട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആശുപത്രി അധികൃതരുടെ തലയില്‍ കെട്ടിവെച്ചു യോഗി ആദിത്യനാഥ് ഭരണകൂടം. എല്ലാറ്റിനും ഉത്തരവാദിയെന്ന നിലക്കൊരു 'വൈറസി'നെ കണ്ടെത്തുകയും ചെയ്തു- പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ പരമാവധി ശ്രമിക്കുകയും ആശുപത്രിയിലേക്ക് ഓക്സിജനെത്തിക്കാന്‍ സ്വന്തം നിലക്ക് ശ്രമിക്കുകയും ചെയ്ത ഡോ. കഫീല്‍ ഖാന്‍. അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കൊലക്കേസില്‍ നിയമ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് അറിവ്. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും വൈറ(സ്)ല്‍ മുഖമായത് കഫീല്‍ ഖാന്‍ മാത്രമായിരുന്നു. യോഗി ആദിത്യനാഥ് പിന്തുടരുന്ന തീവ്ര വര്‍ഗീയ നിലപാടുകള്‍ കണക്കിലെടുക്കുമ്പോള്‍ അത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ.


തീവ്ര ഹിന്ദുത്വമെന്ന വൈറസിനെ പടര്‍ത്തി, രാജ്യത്തെയാകെ രോഗാതുരമാക്കാനും അതുവഴി അധികാരമുറപ്പിക്കാനും ശ്രമിക്കുന്നവര്‍ 150ലധികം കുഞ്ഞുങ്ങളുടെ ജീവനെടുക്കാന്‍ പാകത്തിലേക്ക് പകര്‍ച്ചവ്യാധിയെ വളര്‍ത്തിയ അലംഭാവത്തെ മറക്കാന്‍ പോലും വര്‍ഗീയതയെന്ന വൈറസിനെ ഉപയോഗിക്കുന്നതില്‍ അത്ഭുതമില്ല. പൊതുതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ സമൂഹത്തിലേക്ക് പുതിയ വൈറസിനെ കുത്തിവെക്കാനുള്ള ശ്രമത്തിലാണ് അത്തരക്കാര്‍. അതിനുള്ള പല മാര്‍ഗങ്ങളിലൊന്നാണ് കോണ്‍ഗ്രസിനെ മുസ്ലിം ലീഗ് എന്ന വൈറസ് ബാധിച്ചുവെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായ സാഹചര്യം മുന്‍നിര്‍ത്തിയാണിത്. മുസ്ലിം ലീഗ് വെറും വൈറസല്ല. രാജ്യ വിഭജനത്തിന് ഉത്തരവാദിയായ, വിഭജനകാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഉത്തരവാദിയായ വൈറസാണെന്ന് ആദിത്യനാഥ് കൂട്ടിച്ചേര്‍ക്കുന്നു.


വിഭജനാനന്തര ഇന്ത്യയില്‍ രൂപം കൊണ്ട ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗാണ് രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാതെയല്ല യോഗി ആദിത്യനാഥ് ഇക്കാര്യം പറയുന്നത്. അതുവഴി ലക്ഷ്യമിടുന്നത് മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയെ മാത്രമല്ല. രാജ്യ ജനസംഖ്യയില്‍ 20 ശതമാനത്തോളം വരുന്ന മുസ്ലിംകളെ ആകെയാണ്. രാജ്യ വിഭജനത്തിനും അക്കാലത്തുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ആയിരക്കണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെടാനും കാരണക്കാര്‍ മുസ്ലിംകളാണെന്ന അല്ലെങ്കില്‍ മുസ്ലിംകള്‍ മാത്രമാണെന്ന വര്‍ഷങ്ങളായി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാജം വീണ്ടും വിളമ്പുകയാണ് ആദിത്യനാഥ്. പ്രധാനമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് വ്യാജം വിളമ്പാന്‍ മടിക്കാത്ത നേതാവുള്ളപ്പോള്‍ യോഗി ആദിത്യനാഥിന് ലജ്ജ തോന്നേണ്ട കാര്യമേയില്ല. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ രൂപവത്കരണകാലം മുതലുള്ള പതിവ് തുടരുന്നതില്‍ അഭിമാനിക്കുകയുമാകാം.


കോണ്‍ഗ്രസില്‍ വൈറസ് ബാധയുണ്ടായെന്നതില്‍ സംശയം വേണ്ട. അതുപക്ഷേ, ഇപ്പോഴൊന്നുമുണ്ടായതല്ല. രാജ്യം സ്വതന്ത്രമാകുന്നതിനും മുമ്പ്. ഹിന്ദുത്വവാദമുയര്‍ത്തിക്കൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ നേതാക്കളായി തുടര്‍ന്നവരിലൂടെ പകര്‍ന്നതായിരുന്നു ആ വൈറസ്. രാജ് നാരായണ്‍ ബസുവും നവ ഗോപാല്‍ മിത്രയും ബംഗാളില്‍ നിന്ന് അത് തുടങ്ങിവെച്ചു. ഹിന്ദു വരേണ്യതയില്‍ ഊന്നിക്കൊണ്ടുള്ള ദേശീയതയാണ് ഇരുവരും മുന്നോട്ടുവെച്ചത്. വരേണ്യ ഹിന്ദുക്കളുടെ രാഷ്ട്രമെന്ന ആശയം തന്നെ ബസു അവതരിപ്പിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും രണ്ട് രാജ്യമാണെന്ന ആശയം പിന്നീട് ആര്യസമാജം ഏറ്റെടുത്തു. ഭായ് പരമാനന്ദ്, ലാലാ ലജ്പത് റായ്, ഡോ. ബി എസ് മൂഞ്ചെ (ഹിറ്റ്ലറുടെ നാസി പാര്‍ട്ടിയില്‍ നിന്ന് ആര്‍ എസ് എസ് സ്വീകരിക്കേണ്ടത് കണ്ടെത്താന്‍ ജര്‍മനി സന്ദര്‍ശിച്ചയാള്‍) തുടങ്ങിയവരൊക്കെ രണ്ട് രാഷ്ട്രങ്ങളെന്ന ആശയം മുന്നോട്ടുവെച്ചവരാണ്. രാജ്യം വിഭജിക്കണമെന്ന ആശയം ആദ്യം അവതരിപ്പിച്ചവര്‍.


രാജ്യം രണ്ടാക്കണമെന്ന് പറഞ്ഞില്ലെങ്കിലും ഹിന്ദുത്വയെ ദേശീയതയുമായി ബന്ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു ബാലഗംഗാധര തിലക്, മദന്‍ മോഹന്‍ മാളവ്യ, എന്‍ സി കേല്‍ക്കര്‍ തുടങ്ങിയവര്‍. ഹിന്ദുത്വ വാദികളായ ഇവരില്‍ പലരും കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായിരുന്നു, ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖരായി കണക്കാക്കപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരിക്കെ ഹിന്ദു മഹാസഭയുടെ പല സമ്മേളനങ്ങളിലും അധ്യക്ഷത വഹിച്ചു മദന്‍ മോഹന്‍ മാളവ്യ. ചുരുക്കത്തില്‍ കോണ്‍ഗ്രസിലേക്ക് ഹിന്ദുത്വ വൈറസ് പടര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരാണ് ഇവര്‍. ഇതിന്റെയൊക്കെ തുടര്‍ച്ചയിലാണ് ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ ദ്വിരാഷ്ട്ര വാദം ഉന്നയിക്കുന്നതും ആര്‍ എസ് എസ് മേധാവിയായിരുന്ന ഗോള്‍വാക്കര്‍ അതിനെ പിന്തുണക്കുന്നതും.


കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് അതിവേഗം പെരുകുകയും നേതൃത്വത്തില്‍ അര്‍ഹമായ പങ്കാളിത്തം മുസ്ലിംകള്‍ക്ക് നിഷേധിക്കുകയും ചെയ്തതോടെ അതൃപ്തരായോ ആശങ്കപൂണ്ടോ ആണ് മുഹമ്മദലി ജിന്നയെപ്പോലുള്ളവര്‍ പുറത്തിറങ്ങി മുസ്ലിം ലീഗിന് രൂപം നല്‍കുന്നത്. യോഗി ആദിത്യനാഥ് ഇപ്പോഴും നേതാവായി അംഗീകരിക്കുന്ന എല്‍ കെ അദ്വാനിയെപ്പോലുള്ള തീവ്ര ഹിന്ദുത്വവാദി പോലും മതനിരപേക്ഷ നേതാവെന്ന് വിശേഷിപ്പിച്ചയാളായിരുന്നു മുഹമ്മദലി ജിന്ന. മുസ്ലിം ലീഗ് രൂപവത്കരിച്ച് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് 1940ലാണ് പ്രത്യേക രാജ്യമെന്ന ആവശ്യം മുസ്ലിം ലീഗ് ഉന്നയിക്കുന്നത്. അതിന് മുമ്പ് 1937ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെ വി ഡി സവര്‍ക്കര്‍ രണ്ട് രാഷ്ട്രങ്ങളായി മാറണമെന്ന ആവശ്യം ഔദ്യോഗികമായി തന്നെ ഉന്നയിച്ചു. 'ചില അപ്രിയ വസ്തുതകളെ ധൈര്യപൂര്‍വം നമ്മള്‍ അഭിമുഖീകരിക്കണം. ഇന്ന് ഇന്ത്യയെ ഏകീകരിക്കപ്പെട്ട രാജ്യമായി കണക്കാക്കാനാകില്ല. ഇതിനുള്ളില്‍ രണ്ട് രാജ്യങ്ങളുണ്ട്. ഹിന്ദുക്കളുടേതും മുസ്ലിംകളുടേതും'- ഇതായിരുന്നു സവര്‍ക്കറുടെ പ്രഖ്യാപനം.


രണ്ട് രാഷ്ട്രങ്ങളെന്ന വാദം രൂപപ്പെട്ടതും ആ ആവശ്യത്തിന് കരുത്തേകിയതും ആദ്യം പരസ്യമായി ഉന്നയിച്ചതും ഹിന്ദുത്വവാദികളായിരുന്നു. ആ നിലക്ക് മുസ്ലിംകളെ (ക്രിസ്ത്യാനികളെയും) പുറന്തള്ളി ഹിന്ദുക്കളുടേത് മാത്രമായ രാജ്യമെന്ന വര്‍ഗീയ ആശയത്തിന്റെ വൈറസ് കോണ്‍ഗ്രസിലേക്കും അതുവഴി പൊതു സമൂഹത്തിലേക്കും കടത്തിവിട്ട ഹിന്ദുത്വ വാദികളാണ് വിഭജനത്തിന്റെയും അതിന്റെ ഭാഗമായുണ്ടായ കൂട്ടക്കുരുതികളുടെയും യഥാര്‍ഥ ഉത്തരവാദികള്‍. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ യൂനിയനില്‍ സംഘടിപ്പിക്കപ്പെട്ട പല വര്‍ഗീയ കലാപങ്ങള്‍ക്കും സംഘ്പരിവാര്‍ വിത്തിട്ടത്, രാജ്യ വിഭജനത്തിന്റെ ഉത്തരവാദികളായ മുസ്ലിംകള്‍ എന്ന അവാസ്തവം ആസൂത്രിതമായി വളര്‍ത്തിയെടുത്തുകൊണ്ടായിരുന്നു.


പാക്കിസ്ഥാന്‍ രൂപമെടുത്തതിന് ശേഷവും ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്ന വിശ്വാസത്തിന്റെ തുടര്‍ച്ചയിലോ മറ്റ് ഭൗതിക സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാലോ ഇന്ത്യന്‍ യൂനിയനില്‍ തുടരുകയും അതിന്റെ വ്യവസ്ഥകളോട് കൂറുപുലര്‍ത്തുകയും ചെയ്ത മുസ്ലിംകളെ മുഴുവന്‍ 'രാജ്യ വിരുദ്ധരു'ടെ പട്ടികയില്‍ നിര്‍ത്തുകയും അതുവഴി ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തിയെടുക്കാന്‍ യത്നിക്കുകയുമാണ് ഹിന്ദു മഹാസഭയിലൂടെയും ജനസംഘത്തിലൂടെയും ബി ജെ പിയിലൂടെയും തരാതരം പോലെ രൂപവത്കരിച്ച പരിവാര്‍ സംഘടനകളിലൂടെയും ആര്‍ എസ് എസ് ചെയ്തത്.


സ്വാതന്ത്ര്യത്തിന് മുമ്പേ ബാധിച്ച വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ പോയതും ആര്‍ എസ് എസ്സിന്റെ ശ്രമങ്ങള്‍ക്ക് വളംവെക്കുന്നതായി. കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുടര്‍ന്ന മൃദു ഹിന്ദുത്വ നിലപാടുകള്‍, തീവ്ര ഹിന്ദുത്വത്തിലേക്ക് ആളെക്കൂട്ടാനാണ് ഉപകരിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലാക്കിയ ഗോവധ നിരോധനം, പുതിയ കാലത്ത് സംഘ്പരിവാരം ഏത് വിധത്തിലാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം ആലോചിച്ചാല്‍ അപകടത്തിന്റെ ആഴം മനസ്സിലാകും. കന്നുകാലി കൈമാറ്റത്തിന് ദേശസുരക്ഷാ നിയമം ചുമത്തിയും പശു സംരക്ഷണത്തിന് കൂടുതല്‍ ഗോശാലകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കുന്നതിന് ഹിന്ദുത്വ വര്‍ഗീയതയെ തന്നെ ഉപയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം അമ്പലങ്ങളില്‍ നിന്ന് തുടങ്ങാന്‍ തീരുമാനിക്കുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നമിടുന്നത് മറ്റൊന്നല്ല. മുസ്ലിം ലീഗുമായുള്ള സഖ്യം ദശകങ്ങളായി തുടരുന്നതാണെന്നും അഭിമാനത്തോടെ ആ ബന്ധം തുടരുമെന്നും യോഗി ആദിത്യനാഥിന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ തയ്യാറാകാത്തത്, ശക്തി ക്ഷയിച്ചെങ്കിലും, വൈറസ് ഇപ്പോഴും ആ പാര്‍ട്ടിയുടെ ശരീരത്തില്‍ തുടരുന്നതുകൊണ്ടാണ്. അത് പൂര്‍ണമായും ഭേദപ്പെടുത്താന്‍ പാകത്തിലുള്ള ശക്തിയായി ഇതുവരെ വളര്‍ന്നിട്ടില്ല ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്.


No comments:

Post a Comment